Monday, April 4, 2011

നോവല്‍ - അദ്ധ്യായം - 130.

മീന ചൂടില്‍ ഭൂമി വെന്തു നീറി. വരമ്പോരത്തെ പുല്ല് മുഴുവന്‍ കരിഞ്ഞ് ഇല്ലാതായി. പലരുടേയും ശരീരം വിയര്‍പ്പ് കുരുകൊണ്ട് നിറഞ്ഞു. കണ്ണില്‍ ദീനം പരക്കെ പടര്‍ന്നു പിടിച്ചു.

'സരോജിനിക്ക് കണ്ണില്‍ ദീനം വന്നിരിക്കുണു' നാണു നായര്‍ പറഞ്ഞു ' നാഴി വെള്ളം തിളപ്പിച്ച് തരുന്നത് മുടങ്ങ്വോന്നാ എന്‍റെ പേടി '.

'ഇളന്നീര്‍ കുഴമ്പ് വാങ്ങി ഒറ്റിക്കിന്‍ ' എഴുത്തശ്ശന്‍ ഉപദേശിച്ചു ' കുറച്ചൊക്കെ ഭേദം കിട്ടും '.

'എനിക്കാണെച്ചാല്‍ വിശര്‍പ്പ് കുരു വന്നിട്ട് ചൊറിഞ്ഞിട്ട് വയ്യ. മാന്തി മാന്തി ഞാന്‍ തോറ്റു '.

'അരിക്കാടി വെള്ളം തൂത്ത് കളയണ്ടാന്ന് മകളെ പറഞ്ഞ് ഏല്‍പ്പിക്കിന്‍. അത് കൊഴുക്കനെ മേലില് പുരട്ടി കുറച്ച് കഴിഞ്ഞ് കുളിക്കിന്‍. അതല്ലെങ്കിലോ ചാമിയോട് പനയില്‍ നിന്ന് ഇളന്നന്‍ വെട്ടി തരാന്‍ പറയിന്‍. വിയര്‍പ്പ് കുരു ഉള്ളോടത്ത് ഇളന്നന്‍റെ വെള്ളം തേച്ചാ മതി. ഭേദാവും '.

'അത് വേണ്ടാ. മുണ്ടിലും തുണീലും ഒക്കെ കറ വീഴും '.

വേനലിനെ കുറിച്ചുള്ള ആവലാതിയേ എവിടേയും കേള്‍ക്കാനുള്ളു. പത്ത് മണിയാവുമ്പോഴേക്കും പാറ ചുട്ട് പഴുക്കും. പിന്നീട് വീശുന്നത് തീകാറ്റാണ്. ഉച്ചയോട് കൂടി അതും നിലയ്ക്കും. പിന്നെ വിശറി കയ്യില്‍ നിന്ന് വെക്കാനാവില്ല.

'എപ്പൊ പോയ മഴയാണ് ഇത് ' എഴുത്തശ്ശന്‍ പറഞ്ഞു ' മകര മാസത്തില്‍ മഴ പെയ്യാഞ്ഞപ്പോള്‍ സന്തോഷിച്ചു. മഴ പെയ്താല്‍ മരുന്നും കൂടി കിട്ടില്ലാ, കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പേലും ചോറ്. പണ്ടൊക്കെ അങ്ങിനേയാ പറയാറ്. പക്ഷെ ഈ കുംഭത്തില് തുള്ളി തുപ്പീലല്ലോ '.

വെള്ളപ്പാറ കടവില്‍ വെള്ളം കണി കാണാന്‍ കൂടിയില്ല. പുഴ കടന്നു വരുന്നോര്‍ക്ക് എളുപ്പമായി. കാലിലെ ചെരിപ്പ് അഴിക്കേണ്ട ആവശ്യമില്ല.

'പുഴേല്‍ എന്താ ഒരു വെള്ളം. കഴുത്തിനറ്റം ഉണ്ട് ' കന്നാലി പിള്ളേര്‍ തമ്മില്‍ പറയും ' തുണി തിരുമ്പുന്ന ഭാഗത്ത് തല കീഴയി നിന്ന് നോക്കെടാ ' എന്ന അനുബന്ധവും ഒപ്പമുണ്ടാവും .

'എന്താ രണ്ടാളും കൂടി ചേരിന്‍ ചോട്ടില് ' ചാമിയെത്തി.

'വീട്ടിന്‍റെ ഉള്ളില് ഇരിക്കാന്‍ വയ്യ ' നാണു നായര്‍ പറഞ്ഞു ' ഇവിടെ നിന്നാല്‍ എപ്പഴെങ്കിലും ഒരു കാറ്റ് കിട്ടും '.

'കറുപ്പന്‍ വെളിച്ചപ്പാട് തെണ്ടാന്‍ വരുണുണ്ട് ' ചാമി പറഞ്ഞു ' നായമ്മാരുടെ തറേലാണ് ഇപ്പൊ. അവിടുത്തെ കഴിഞ്ഞാ ഇങ്ങോട്ടാ വരും എന്ന് പറഞ്ഞു. ഇക്കൊല്ലം നാലഞ്ച് വീടായില്ലേ ഇവിടെ '.

മീന ഭരണിക്ക് കൊടുങ്ങല്ലൂരിലേക്ക് പോവുന്ന വെളിച്ചപ്പാടന്മാര്‍ വീട് വീടാന്തരം ചെന്ന് വഴിപാട് വാങ്ങും. ഭസ്മം നല്‍കും. ചിലപ്പോള്‍ കല്‍പ്പനയും കൊടുക്കും.

'വേണുവിനോട് അര ഉറുപ്പിക കാശ് കൊടുക്കാന്‍ പറ ' നാണു നായര്‍ പറഞ്ഞു.

'അത് പോരാ ' എഴുത്തശ്ശന്‍ തിരുത്തി ' മൂന്ന് ഇടങ്ങഴി നെല്ലും, കുറച്ച് കുരുമുളകും, അഞ്ചാറ് കഷ്ണം മഞ്ഞളും കൊടുക്കണം. പിന്നെ ഒന്നേ കാല്‍ ഉറുപ്പിക വാളുമ്മേല്‍ പണം വെക്കും വേണം, അതൊന്നും വേണൂന് അറിയില്ല '.

മറ്റുള്ളവരേയും കൂട്ടി അയാള്‍ കളപ്പുരയിലേക്ക് നടന്നു. വൈകാതെ വെളിച്ചപ്പാട് എത്തി. അരമണിയോടും കാലിലെ ചിലങ്കയോടുമൊപ്പം കയ്യിലെ തിളങ്ങുന്ന വാള്‍ കലപില കൂട്ടിക്കൊണ്ടിരുന്നു. ചുവന്ന പട്ടുടുത്ത് അതുകൊണ്ടു തന്നെ ഞൊറി കെട്ടിയിട്ടുണ്ട്. ശിരസ്സിലെ മുറിപ്പാടില്‍ മഞ്ഞള്‍പൊടി പുരണ്ടിരിക്കുന്നു.

എഴുത്തശ്ശന്‍ അകത്ത് ചെന്ന് ഒരു കുണ്ടു മുറത്തില്‍ നെല്ല് അളന്നെടുത്തു. അതും ന്യൂസ്പേപ്പര്‍ കീറിയതില്‍ കുരുമുളകും കുറച്ച് മഞ്ഞള്‍ കഷ്ണങ്ങളുമായി ഭക്ത്യാദരവോടെ ഉമ്മറത്തിണ്ടില്‍ വെച്ചു. വെളിച്ചപ്പാടിന്‍റെ സഹായി നെല്ല് കയ്യിലുള്ള ചാക്കില്‍ കൊട്ടി. ചാക്കുസഞ്ചിയില്‍ പൊതിക്കെട്ടും നിക്ഷേപിച്ചു.

അരയില്‍ തൂക്കിയ സഞ്ചിയെടുത്ത് അതില്‍ നിന്നും വെളിച്ചപ്പാട് ഭസ്മം എടുത്ത് എല്ലാവര്‍ക്കും നല്‍കി. മുന്നിലേക്ക് നീട്ടിയ വാളിന്നുമേല്‍ വേണു ഒന്നേകാല്‍ ഉറുപ്പിക വെച്ചു, എഴുത്തശ്ശനും നാണുനായരും ചാമിയും ഓരോരോ നാണയങ്ങളും.

'തമ്പാട്ട്യേ ' എഴുത്തശ്ശന്‍ വേണുവിനെ ചൂണ്ടിക്കാണിച്ച് പറഞ്ഞു ' ഇവിടെ ഒരു കല്‍പ്പന കൊടുക്കിന്‍ '.

'കാലക്കേടുണ്ട് ' വെളിച്ചപ്പാട് വേണുവിന്‍റെ തലയില്‍ കൈ വെച്ച് പറഞ്ഞു ' സൂക്ഷിക്കണം '.

'എന്താ അതിന് ചെയ്യണ്ട് ' എഴുത്തശ്ശന്ന് പരിഭ്രമമായി.

വെളിച്ചപ്പാട് വാള് നിവര്‍ത്തി പിടിച്ച് വേണുവിന്‍റെ ശിരസ്സില്‍ മൂന്ന് പ്രാവശ്യം മെല്ലെ അടിച്ചു.

'ഭയപ്പെടണ്ടാ ' അയാള്‍ ആശ്വസിപ്പിച്ചു ' പൂപ്പ് കേട് കൂടാതെ അമ്മ നോക്കിക്കോളും '.

വെളിച്ചപ്പാടും സഹായിയും പടി കടന്നു പോയി.

'എന്താ ആ പറഞ്ഞതിന്‍റെ അര്‍ത്ഥം 'എഴുത്തശ്ശന്‍ ചോദിച്ചു' വീണ് കിടപ്പായിട്ട് എണീട്ടേ ഉള്ളു. ഇനി എന്താ വരാന്‍ പോണത് ആവോ '.

'നിങ്ങള് മിണ്ടാണ്ടിരിക്കിന്‍ 'നാണുനായര്‍ പറഞ്ഞു' അയാളാരാ. ദൈവോന്ന്വൊല്ലല്ലോ. മനുഷ്യനെ ഓരോന്ന് പറഞ്ഞ് പറ്റിക്ക്വേന്നെ '.

'ദൈവദോഷം പറയണ്ടാ. ഒന്നൂല്യെങ്കിലും അയാള് ദേവിടെ കോമരം അല്ലേ '

'ഇപ്പൊ ഇങ്ങിനെ നടക്കുന്നതൊന്നും കണക്കാക്കണ്ടാ. ഭരണി കഴിഞ്ഞ് വന്നാല്‍ അയാള് എങ്ങിന്യാ കഴിയ്യാ എന്ന് നിങ്ങള്‍ക്കറിയ്യോ '.

'എനിക്ക് നിശ്ചയൂല്യാ '.

'പണം പലിശയ്ക്ക് കൊടുക്കലാ പണി. പോരാത്തതിന്ന് കള്ളും വെള്ളൂം കുടിച്ച് നടക്കും ചെയ്യും '.

'നിങ്ങക്ക് എങ്ങിന്യാ അതൊക്കെ അറിയിണത് '.

'ഒരിക്കല് പണത്തിന്ന് ഇത്തിരി ബുദ്ധിമുട്ട് വന്നപ്പൊ ഞാന്‍ അയാളുടെ അടുത്ത് ഒരു ഇരുപത്തഞ്ച് ഉറുപ്പിക കൈവായ്പ്പ ചോദിച്ചു. പത്തിന് കാല് പലിശ കൊടുക്കാന്ന് പറഞ്ഞിട്ടും തന്നില്ല. കടം കൊടുത്താല്‍ തിരിച്ച് കിട്ട്വോന്ന് ഉറപ്പില്ലാത്ത ആള്‍ക്കാരുക്ക് കൊടുക്കില്ലാ എന്ന് പറഞ്ഞു '.

'മൂത്താര് പറയിണ മാതിരി കുടിച്ച് വട്ടത്തിരിഞ്ഞ് നടക്കിണ ആളല്ല കറുപ്പന്‍ പൂശാരി ' ചാമി ഇടപെട്ടു ' വെലി വെക്കാനോ, ബാധ ഒഴിപ്പിക്കാനോ ചെല്ലുന്നോടത്ത് കോഴീം ചാരായൂം ഒക്കെ ഉണ്ടാവും. അപ്പൊ മൂപ്പര് ലേശം കുടിക്കും. അല്ലാണ്ടെ കയ്യിന്ന് കാശ് ഇറക്കി കുടിക്കിണ എടവാട് ഇല്ല '.

'നമ്മള് ആലോചിക്കണ്ടാ ' എഴുത്തശ്ശന്‍ പറഞ്ഞു' വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരുന്നാല്‍ മതി '.

അതോടെ ആ വിഷയം അവസാനിച്ചു.

*******************************************

'കുറുമ്പിയാട് മേക്കുന്നോര് വന്നിട്ടുണ്ട്. പട്ടിയിടാനുണ്ടാവ്വോന്ന് ചോദിച്ചു ' വെള്ളം ചോദിച്ചു വന്ന കന്നു മേക്കുന്ന കുട്ടികളിലൊരാള്‍ വേണുവിനോട് പറഞ്ഞു.

'എനിക്ക് അറിയില്ല. അമ്മാമയോടോ ചാമിയോടോ ചോദിക്കണം '.

'അതും പറഞ്ഞിട്ട് ഇരുന്നാല്‍ അവര് അവരുടെ വഴിക്ക് പോവും ' കുട്ടികള്‍ അത് പറഞ്ഞതോടെ വേണുവിന്ന് അങ്കലാപ്പായി. പടിക്കല്‍ വന്ന് വടക്കോട്ടേക്ക് നോക്കി. ചേരിന്‍ ചുവട്ടില്‍ ആരുമില്ല.

'ആരേണ് നിങ്ങള് നോക്കുണത്' ഒരു ചെക്കന്‍ ചോദിച്ചു 'ചാമിയേട്ടനെയാണെങ്കില്‍ ചിലപ്പൊ മൂപ്പര് നെല്ലിച്ചോട്ടില്‍ ഉണ്ടാവും '.

വാതില്‍ പൂട്ടി ഉന്നുവടിയുമായി വേണു മെല്ലെ നടന്നു. കുട്ടികള്‍ പറഞ്ഞത് പോലെ ചാമി നെല്ലിച്ചുവട്ടില്‍ നില്‍ക്കുന്നുണ്ട്. കരിങ്കല്ലത്താണിയുടെ മുകളില്‍ എഴുത്തശ്ശന്‍ ഇരിക്കുന്നു.

'വയ്യാത്തോടത്ത് എന്തിനാ നീ ഈ വെയിലത്ത് വന്നത് ' എഴുത്തശ്ശന്‍ ചോദിച്ചു.

'ആട് മേക്കുന്നോര് വന്നിട്ടുണ്ടെന്ന് പിള്ളര് പറഞ്ഞു. പട്ടി ഇടണോന്ന് ചോദിച്ചൂ എന്നാ പറഞ്ഞത് '.

'ചാമ്യേ ' എഴുത്തശ്ശന്‍ വിളിച്ചു ' നീ വേഗം ചെന്ന് അവരെ കളപ്പുരയിലേക്ക് വിളിച്ചിട്ട് വാ. അപ്പഴെക്കും ഞങ്ങള് എത്താം '.

ചാമി വേഗത്തില്‍ നടന്നു , പുറകില്‍ എഴുത്തശ്ശനും വേണുവും. കളപ്പുരയില്‍ അവരെത്തി അല്‍പ്പ സമയം കഴിഞ്ഞതും ചാമി ആട് മേക്കുന്നവനുമായി എത്തി.

'എത്ര ആടുണ്ടടോ ' എഴുത്തശ്ശന്‍ ചോദിച്ചു. തമിഴന്‍ മിണ്ടാതെ നിന്നു.

'നൂറ്റമ്പത് ' ചാമിയാണ് പറഞ്ഞത് ' അവര് നാലാളുണ്ട് '.

'ആളക്ക് ഇരുന്നാഴി അരി കൊടുക്കാന്ന് പറ. പതിനഞ്ച് ഉറുപ്പികയും '.

'ഇരുപത്തഞ്ച് ചോദിച്ചു '.

'അത് ജാസ്തിയാണ്. രണ്ടും വേണ്ടാ. ഇരുപത് ആക്ക്. അങ്ങിനെ ആണെങ്കില്‍ കുളക്കണ്ടത്തിന്‍റെ മോളിലെ പാടത്ത് പട്ടിയിടീക്ക് '.

ചാമി തമിഴനെ കൂട്ടി നടന്നു.

'അമ്മാമേ, എന്തിനാ അരി കൊടുക്കുന്നത് ' വേണു ചോദിച്ചു.

'അവര്‍ക്ക് ആഹാരം വെക്കാന്‍ ' എഴുത്തശ്ശന്‍ പറഞ്ഞു ' കാശ് മേഞ്ചെലവിനാണ് '.

'ഇതോണ്ട് എങ്ങിനേയാ അവര്‍ കഴിയുന്നത് '.

'അതിന് മാത്രം എന്താ അവര്‍ക്ക് ചിലവ്. രണ്ട് നേരത്തെ ആഹാരത്തിന്നുള്ള അരി കൃഷിക്കാരുടേന്ന് കിട്ടും. ആടിനെ മേച്ചിട്ട് എത്ത്യാല്‍ അരി കഴുകി ചോറ് വെക്കും, കൂട്ടാനായിട്ട് ഉള്ളീം തക്കാളീം ഉപ്പും മുളകും ഇട്ടിട്ട് ഒരു കൊള്ളുപുളിയും. കൂട്ടത്തില് ആറേഴ് കോലാട് ഉണ്ടാവും. കുറുമ്പിയാടിന്ന് ഒരു ദൂഷ്യൂണ്ട്. അത് തല താഴ്ത്തി നടക്ക്വേ ഉള്ളു. കോലാടാണ് വഴി കാണിച്ച് മുമ്പേ നടക്കാന്‍. സന്ധ്യ കഴിഞ്ഞതും കൊള്ളുപുളിയും കോലാടിന്‍റെ പാലും ചോറ്റിലൊഴിച്ച് ചെറുചൂടില്‍ അതങ്ങിട്ട് കഴിച്ചിട്ട് കിടക്കും ' എഴുത്തശ്ശന്‍ വിവരിച്ചു 'പകലന്തിയോളം വെയിലും കൊണ്ടു നടക്കുന്നതല്ലേ. കിടക്കുമ്പഴക്കും അവര് ഉറങ്ങും. ഇതൊക്കെത്തന്നെ രാവിലീം ആഹാരം. അതോണ്ടെന്താ. മുതലാളി കൊടുക്കുന്ന ശമ്പളം വക്കും പൊട്ടും മുറിയാതെ അവരുടെ വീട്ടിലെത്തും '.

'എന്നാലും കഷ്ടം തന്നെ അവരുടെ ജീവിതം '.

ആരക്കാ കഷ്ടം ഇല്ലാത്തത്. അവരുടെ ആരോഗ്യം നമ്മക്ക് ഇല്ല. ഒരു ചീരാപ്പോ പനിയോ ഇവര്‍ക്ക് വരില്ല. ഒരു കാര്യം കൂടീണ്ട്. സ്വന്തം ആടുകളുള്ളവര് ഇവരുടെ എടേല് ഉണ്ട് '.

'ഞാനൊന്ന് നോക്കീട്ട് വരാമെ 'ന്നു പറഞ്ഞ് എഴുത്തശ്ശന്‍ നടന്നു. വേണു പുസ്തകം കയ്യിലെടുത്തു.

അകലെ നിന്ന് വിമാനത്തിന്‍റെ ശബ്ദം കേട്ടു തുടങ്ങി.











4 comments:

  1. വായിക്കുന്നുണ്ട് ട്ടോ. കഴിഞ്ഞ അധ്യായവും ഇതും ഒന്നിച്ചാ വായിച്ചതു്.

    ReplyDelete
  2. Jazmikkutty,

    ഒരു പാട് സന്തോഷമുണ്ട്.

    Typist I എഴുത്തുകാരി,

    വളരെ സന്തോഷം. ഇനി വെറും 3 അദ്ധ്യായങ്ങള്‍ മാത്രമേയുള്ളു.

    ReplyDelete
  3. തൃശ്ശൂരില്‍ ജോലി ചെയ്യുമ്പോള്‍ ഊതിക്കൊണ്ടു ഒരു കാറ്റ് വരുന്നത് അനുഭവിച്ചിട്ടുണ്ട്. ചുണ്ടൊക്കെ വരഞ്ഞു പൊട്ടും .. അത് പാലാക്കാടന്‍ ചുരമിറങ്ങി വരുന്ന കാറ്റാണെന്ന് തൃശ്ശൂരുള്ള കൂട്ടുകാര്‍ പറയാറുണ്ട്‌.

    മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിയും. കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പേലും മാണിക്ക്യം എന്ന് ഞങ്ങടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്..



    വൈകാതെ വെളിച്ചപ്പാട് എത്തി. അരമണിയോടും കാലിലെ ചിലങ്കയോടുമൊപ്പം കയ്യിലെ തിളങ്ങുന്ന വാള്‍ കലപില കൂട്ടിക്കൊണ്ടിരുന്നു. ചുവന്ന പട്ടുടുത്ത് അതുകൊണ്ടു തന്നെ ഞൊറി കെട്ടിയിട്ടുണ്ട്. ശിരസ്സിലെ മുറിപ്പാടില്‍ മഞ്ഞള്‍പൊടി പുരണ്ടിരിക്കുന്നു.
    ഈ കാഴ്ച ഞാന്‍ കണ്ടിട്ടേയില്ല സിനിമയിലെ പീ ജെ ആന്റണി യെ കണ്ടതല്ലാതെ.

    ReplyDelete