Tuesday, March 29, 2011

നോവല്‍ - അദ്ധ്യായം - 129.

ഒന്നര മാസത്തെ വിശ്രമം കഴിഞ്ഞ് ഡോക്ടറെ ചെന്നു കണ്ടപ്പോള്‍ എല്ലാം ശരിയായി എന്നാണ് അയാള്‍ വേണുവിനോട് പറഞ്ഞത്.

' ദിവസവും കുറച്ച് ദൂരം നടക്കണം. എന്തെങ്കിലും പ്രയാസം തോന്നുന്നുണ്ടെങ്കില്‍ എന്നെ വന്ന് കാണണം. ഊന്നി നടക്കാന്‍ ഒരു വാക്കിങ്ങ് സ്റ്റിക്ക് കയ്യില്‍ വെച്ചോളൂ ' ഡോക്ടര്‍ പറഞ്ഞു.

' നമുക്ക് രണ്ടാള്‍ക്കും കൂടി ദിവസവും വൈകുന്നേരം കുറെ ദൂരം നടക്കാം ' മേനോന്‍ പറഞ്ഞു
' ഓരോന്ന് സംസാരിച്ച് നടക്കുമ്പോള്‍ മുഷിപ്പോ വേദനയോ തോന്നില്ല '.

പക്ഷെ ചാമി അത് സമ്മതിച്ചില്ല. മുതലാളിയുടെ കൂടെ താന്‍ നടക്കാം എന്ന് അവന്‍ ശാഠ്യം പിടിച്ചു.

' എന്തായാലും അമ്മ്യാര് മനസ്സറിഞ്ഞ മാതിരി ഒരു ഊന്നുവടി തന്നിട്ടുണ്ട്. അതും കുത്തി നടന്നോ ' എന്ന് എഴുത്തശ്ശനും പറഞ്ഞു.

ഞായറാഴ്ച വക്കീലും പത്മിനിയും മകനും മരുമകളും കളപ്പുരയിലെത്തി.

' നീ അങ്ങോട്ട് വന്നില്ല. അപ്പൊ ഇവിടെ വന്ന് കണ്ടോളാം എന്ന് കരുതി ' പത്മിനി പരിഭവം പറഞ്ഞു.

' ഇടയ്ക്കൊക്കെ വേദന തോന്നുന്നുണ്ട്. നല്ലോണം ഭേദായിട്ട് കുറച്ചു ദിവസം ഞാന്‍ ഓപ്പോളുടെ അടുത്ത് വന്ന് താമസിക്കുന്നുണ്ട് ' വേണു പറഞ്ഞു.

' അന്ന് വെള്ളക്കാക്ക മലര്‍ന്ന് പറക്കും '.

' നോക്കിക്കോളൂ. ഒരു മാസം കഴിഞ്ഞാല്‍ ഞാന്‍ അവിടെ എത്തും '.

' നീയൊന്ന് നടക്ക്. ഞാനൊന്ന് കാണട്ടെ ' പത്മിനി പറഞ്ഞു.

വേണു വടിവാള്‍ ഊന്നി മുറ്റത്ത് നടന്നു. പത്മിനിയും മറ്റുള്ളവരും അത് നോക്കി നിന്നു.

' നടുക്കുമ്പൊ വലത്തെ കാലിന്‍റെ ചതുക്ക് ഒന്നും കൂടി കൂടിയിട്ടുണ്ടോന്ന് എനിക്കൊരു സംശയം ' പത്മിനി പറഞ്ഞു.

' എന്ത് വിഡ്ഡിത്തരമാണ് താനീ പറയുന്നത്. നടന്ന് നടന്ന് കാല് ശരിയാവണം. അതിന് മുമ്പ് കേറി ഓരോന്ന് എഴുന്നള്ളിക്കണ്ടാ ' വക്കീലിന്ന് ഭാര്യ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല.

' വേഗം ഭേദാവാന്‍ ഗുരുവായൂരപ്പന്ന് വെള്ളിടെ ഒരു കാല് ഞാന്‍ വഴിപാട് നേര്‍ന്നിട്ടുണ്ട് ' പത്മിനി പറഞ്ഞു ' എന്‍റെ പ്രാര്‍ത്ഥന ഭഗവാന്‍ കേക്കാണ്ടിരിക്കില്ല '.

കുറച്ച് കഴിഞ്ഞപ്പോള്‍ വിരുന്നുകാര്‍ പോവാനൊരുങ്ങി.

' ഇത്തിരി സുഖം തോന്നിയാല്‍ അങ്ങോട്ട് വാ. ഞാന്‍ കാറ് അയക്കാം ' പോവുമ്പോള്‍ പത്മിനി പറഞ്ഞു.

വേണു തല കുലുക്കി.

നാല് നാലര മണിയാവുമ്പോഴേക്കും വേണുവിനെ നടക്കാന്‍ കൊണ്ടു പോവാനായി ചാമി ഒരുങ്ങി നില്‍ക്കും. ആദ്യമൊക്കെ കളപ്പുരയില്‍ നിന്ന് അമ്പലം വരെ പോയി തിരിച്ചു പോരുകയായിരുന്നു പതിവ്. പിന്നെ പിന്നെ വെള്ളപ്പാറ കടവ് കടന്ന് പഞ്ചായത്ത് പാതയിലൂടെ റോഡ് വരെ നടക്കും. ചാമിക്ക് പീടികയില്‍ നിന്ന് വല്ലതും വാങ്ങാനുണ്ടാവും. വേണുവിന് പാക്കറ്റ് കണക്കില്‍ സിഗററ്റുകളും.

ആ നടപ്പിന്നിടയില്‍ ചാമി പല കാര്യങ്ങളും പറയും. വേണു അതെല്ലാം മൂളി കേള്‍ക്കും.

' തെരുവത്തെ പള്ളിനേര്‍ച്ചയ്ക്ക് കുപ്പ്വോച്ചാന്‍ ഒരു നിവൃത്തി ഉണ്ടെങ്കില്‍ പോകാണ്ടിരിക്കില്ല. മുതലാളിക്ക് വയ്യാത്തതോണ്ടാണ് പോവാഞ്ഞത് ' ഒരു ദിവസം അവന്‍ പറഞ്ഞു.

' അമ്മാമടെ അടുത്ത് പൊയ്ക്കോളാന്‍ ഞാന്‍ പറഞ്ഞതായിരുന്നു ' വേണു പറഞ്ഞു ' എല്ലാവര്‍ക്കും കൂടി അടുത്ത കൊല്ലം പോകാമെന്നാണ് അമ്മാമ പറഞ്ഞത് '.

' എനിക്കും അതാ സന്തോഷം . മുതലാളിക്ക് വേലയ്ക്കും പൂരത്തിന്നും പോവാന്‍ ഇഷ്ടാണോ '.

വേണു ' അതെ 'യെന്ന് പറഞ്ഞു.

' പൂരം കാണണച്ചാല്‍ തൃശ്ശൂര്‍ പൂരം കാണണം. കുടമാറ്റൂം മേളവും ആനകളും വെടിക്കെട്ടും ഒക്കെ കൂടി എന്താ പറയണ്ട്, കണ്ടാല്‍ മതിയാവില്ല '.

' ചാമി പൂരത്തിന്ന് പോയിട്ടുണ്ടോ '.

' പിന്നില്ലാണ്ടെ. പക്ഷെ ഇത്തിരി കഴിച്ചിട്ട് ഞാന്‍ എവിടെയെങ്കിലും കിടക്കും. ചിലപ്പൊ വെടി പൊട്ട്യാലെ എണീക്കൂ '.

' അത് നന്നായി ' വേണു ചിരിച്ചു ' പിന്നെ എവിടെയൊക്കെ ചെല്ലും '.

' പുതുശ്ശേരി വെടിക്ക് പോവാറുണ്ട്. ഇക്കൊല്ലത്തെ വെടി കഴിഞ്ഞു. പിന്നെ കാവശ്ശേരി പൂരത്തിന്നും
നെന്മാറ വേലയ്ക്കും പോവും. നെന്മാറവേലയ്ക്ക് രണ്ടു കൂട്ടരുടേം ആനപ്പന്തലൊക്കെ കാണണ്ട കൂട്ടത്തിലാണ് '.

' എപ്പൊഴാ ആ വേല '.

' മീനമാസത്തിലാ. എന്നാന്ന് അറിയില്ല ' ഒരു നിമിഷം ആലോചിച്ച ശേഷം ' മുതലാളി ഇക്കൊല്ലം വേല കാണാന്‍ വര്വോ ' അവന്‍ ചോദിച്ചു.

' എനിക്ക് കാണണം എന്ന് മോഹമുണ്ട് ' വേണു പറഞ്ഞു ' തിരക്കില്‍ ചെല്ലാനാ മടി '.

' അത് സാരൂല്യാ. എത്ര തിരക്കിലും ഞാന്‍ കൂട്ടീട്ട് പോവാം '.

'' അപ്പോഴേക്കും കാലിലെ അസുഖം മാറില്ലേ '.

' എന്താ സംശയം ' ചാമി പറഞ്ഞു ' ഇക്കുറി വടക്കന്തറ കാവില് വേലയുണ്ട്. അതിന് പോണം. വേണച്ചാല്‍ മണപ്പുള്ളിക്കാവിലെ വേലയ്ക്കും പറക്കോട്ട് കാവിലെ താലപ്പൊലിക്കും പോവാം '.

' കാറ് വിളിച്ച് എല്ലാവര്‍ക്കും കൂടി ഇതൊക്കെ ചെന്ന് കാണണം . നാട്ടില്‍ ഇരുന്നിട്ട് ഒന്നും കണ്ടില്ലെങ്കില്‍
മോശമല്ലേ '.

' അതന്ന്യാ എനിക്കും പറയാനുള്ളത് ' ചാമി പറഞ്ഞു ' ഇനീം എന്തൊക്കെ കാണാന്‍ കെടക്കുണൂ. കണ്യാര്‍
കളിണ്ട്, പൊറാട്ടും കളിണ്ട്, മാരിയമ്മടെ കോവിലില് കുംഭക്കളീണ്ട്. മോഹം ഉണ്ടെങ്കില്‍ നമുക്ക് അതൊക്കെ ചെന്ന് കാണാം '.

' നോക്കട്ടെ.അമ്മാമ എന്താ പറയുക എന്ന് അറിയില്ല '.

' മുതലാളി വിളിച്ചാല്‍ കുപ്പ്വോച്ചന്‍ തലേല്‍ കെട്ടി ആദ്യം ഇറങ്ങും. മൂപ്പരുക്ക് മുതലാളിയെ അത്ര ഇഷ്ടാ '.

വേണു ചിരിച്ചു.

' മുതലാളിക്ക് വയ്യാത്തതോണ്ട് എന്താ വേണ്ടത് എന്ന് അറിയില്ല. കൊല്ലാവധി കൊടുങ്ങല്ലൂര് ഭരണിക്ക് പോണ പതിവുണ്ട് എനിക്ക് '.

' ചാമി പൊയ്ക്കോളൂ ' വേണു പറഞ്ഞു ' എനിക്ക് കുറെ ഭേദം ആയല്ലോ. പോരാത്തതിന് കല്യാണി എന്‍റെ പേരില് കൊടുങ്ങല്ലൂരമ്മയ്ക്ക് വഴിപാട് നേര്‍ന്നിട്ടുണ്ടല്ലോ '.

' അപ്പൊ രണ്ട് ദിവസം ആരാ നടക്കാന്‍ തുണയ്ക്ക് വര്വാ '.

' ആരെങ്കിലും ഉണ്ടാവും. നമ്മുടെ മേനോന്‍റെ അടുത്ത് പറയാം '.

' മൂപ്പരെ ബുദ്ധിമുട്ടിക്കണ്ടാ. ഞാന്‍ മായന്‍കുട്ട്യേ ഏര്‍പ്പാടാക്കാം. അവന്‍ വന്ന് കൂട്ടിക്കൊണ്ട് പോവും '.

വേണു അത് സമ്മതിച്ചു.

************************************************

കിഴക്കോട്ട് പോവുന്ന വിമാനത്തിന്‍റെ ശബ്ദം കേട്ടപ്പോള്‍ വേണു വായന നിര്‍ത്തി. സമയം അറിയാനുള്ള ഒരു ഉപാധിയായി വിമാനത്തിന്‍റെ ശബ്ദം മാറിയിരിക്കുന്നു. ഇനി കുറെ നേരം കാറ്റുംകൊണ്ട് ഉമ്മറത്തിരിക്കലാണ് പതിവ്.

വേണുവിന്‍റെ കാലിലെ തകരാറ് ഭേദപ്പെട്ട ശേഷം എഴുത്തശ്ശന്‍ കാലത്തെ ആഹാരം കഴിഞ്ഞാല്‍
പുറത്തേക്ക് ഇറങ്ങും. പുരകള്‍ പണിയുന്ന ദിക്കില്‍ ചെന്നിരിക്കും. ഉച്ച ഊണിനേ പിന്നെ വരാറുള്ളു.

' എത്ര നേരം എന്നു വെച്ചിട്ടാ ഇങ്ങിനെ മിണ്ടാണ്ടെ കുത്തിരിക്ക്യാ ' അയാള്‍ പറയും.

കൊയ്ത്ത് കഴിഞ്ഞ പാടത്ത് കന്നുമേക്കാന്‍ എത്തിയ പിള്ളേര്‍ പൊരി വെയില്‍ വക വെക്കാതെ കുട്ടിയും
പുള്ളും കളിക്കുന്നതും നോക്കി ഇരുന്നു. ഇടയ്ക്ക് വെച്ച് കളി നിര്‍ത്തി പിള്ളേര്‍ കളപ്പുര മുറ്റത്തെത്തി.

' കുറച്ച് വെള്ളം തര്വോ ' ഒരുത്തന്‍ ചോദിച്ചു.

വേണു അകത്ത് നിന്ന് ഒരു പാത്രം കൊണ്ടു വന്നു കൊടുത്തു.

' ഇത് പോരാ ' കൂട്ടത്തില്‍ വലിയവന്‍ പറഞ്ഞു ' ഞങ്ങള് എല്ലാരുക്കും നല്ല ദാഹംണ്ട് '.

അരിക് കോലായില്‍ മണല്‍ വിരിച്ച് അതിന്ന് മീതെ മണ്‍കൂജയില്‍ കുടിവെള്ളം വെച്ചിട്ടുണ്ട്. എത്ര ചൂടുള്ള കാലത്തും മണ്‍കൂജയിലെ വെള്ളം തണുത്തിരിക്കും. വേണു അത് എടുത്തു കൊള്ളാന്‍ പറഞ്ഞു. വെള്ളം കുടി കഴിഞ്ഞതും പിള്ളേര്‍ തൊടിയില്‍ പരതാന്‍ തുടങ്ങി.

' പിന്നാലെ സീതാരങ്ങ പഴുത്ത് നിക്കുണുണ്ട്. ഞങ്ങള് പൊട്ടിച്ച് തിന്നോട്ടെ ' അടുത്ത ആവശ്യവും
വേണു അംഗീകരിച്ചു. സീതാരങ്ങയും കൊയ്യക്കായയും വലിച്ച് സംഘം കലപില കൂട്ടി പുറത്തേക്ക് പോയി.

വേണു തന്നിലേക്ക് തന്നെ വലിഞ്ഞു. മൂന്നര പതിറ്റാണ്ടിന്ന് മുമ്പ് ജീവിതത്തിന്ന് സ്വയം തിരശീല വലിച്ചിട്ട മാലതി മനസ്സില്‍ എത്തുകയായി.

വേണു ഉമ്മറത്ത് പുസ്തകം വായിച്ച് ഇരിക്കുകയാണ്. കളപ്പുരയുടെ മുന്നിലെ ആലയുടെ സ്ഥാനത്ത് വിവിധ തരം പൂച്ചെടികളുള്ള പൂന്തോട്ടമാണ് ഉള്ളത്. സ്കൂള്‍ കഴിഞ്ഞ് വരുന്ന മാലതി ടീച്ചറുടെ നെറ്റിയിലൂടെ വിയര്‍പ്പ് ചാലുകള്‍ ഊര്‍ന്ന് ഇറങ്ങുന്നുണ്ട്.

" എന്താ വേണ്വോട്ടാ ഇത് ' മാലതിയുടെ ശബ്ദത്തില്‍ അല്‍പ്പം പരിഭവമുണ്ടോ?

' എന്തേ ' വേണു പുസ്തകത്തില്‍ നിന്ന് തലയുയര്‍ത്തി.

' ഇത് കണ്ട്വോ. പൂച്ചെടികള്‍ മുഴുവന്‍ ആട് തിന്നു ' അവര്‍ പറഞ്ഞു ' ഓരോ ദിക്കിന്ന് എത്ര കഷ്ടപ്പെട്ട് ഞാന്‍ കൊണ്ടു വന്ന് വെച്ചതാ. ഒന്ന് നോക്കായിരുന്നില്ലേ '.

' കന്ന് മേക്കുന്ന കുട്ടികള്‍ പടി തുറന്നിട്ടതാവും ' വേണു പറഞ്ഞു.

' നാളെ അവിറ്റ വന്നാല്‍ നാല് പൂശ കൊടുക്കണം ' മാലതിക്ക് അരിശം തീരുന്നില്ല. അപ്പോള്‍ വേണുവിന്ന് ഒരു തമാശ തോന്നി.

' ബെഞ്ചിന്‍റെ മീതെ കേറ്റി നിര്‍ത്ത്യാല്‍ പോരെ ' അയാള്‍ ചോദിച്ചു.

' അത് എന്നെ കളിയാക്കിയതാണ് ' മാലതി പറഞ്ഞു ' വയറില് പിടിച്ചിട്ട് ഇങ്ങിനെ തിരുമ്പ്വാ വേണ്ടത് '.

മാലതി വേണുവിന്‍റെ വയറ്റില്‍ ചെറുതായൊന്ന് പിടിച്ചു. അയാള്‍ക്ക് ഇക്കിളി തോന്നി. ചുണ്ടില്‍ ചിരി പൊട്ടി. ആ സന്തോഷത്തിന്നിടയിലാണ് നാണു നായര്‍ കടന്നു വന്നത്.

' എന്താ നീ ഒറ്റയ്ക്കിരുന്ന് ചിരിക്കിണത് ' അയാള്‍ ചോദിച്ചു.

'ഒന്നൂല്യാ നാണുമാമേ ' വേണു എഴുന്നേല്‍ക്കാനൊരുങ്ങി.

' വേണ്ടാ. നീ അവിടെ ഇരുന്നോ ' നാണു നായര്‍ പറഞ്ഞു ' എന്‍റെ കൂടെ ആരാ വന്നിട്ടുള്ളത് എന്ന് നിനക്ക് അറിയ്യൊ '.

വേണു നോക്കുമ്പോള്‍ കറുത്ത് തടിച്ച് മുഴുവന്‍ കഷണ്ടിയായ ഒരാള്‍ നാണു നായരുടെ പുറകിലുണ്ട്. ആളെ അയാള്‍ക്ക് മനസ്സിലായില്ല.

' ഓര്‍മ്മ വരുന്നില്ല ' വേണു പറഞ്ഞു.

ആഗതന്‍ മുറിക്കയ്യന്‍ ഷര്‍ട്ടിന്‍റെ കയ്യ് ഒന്നു കൂടി മേല്‍പ്പോട്ടാക്കി. പൊള്ളലേറ്റതിന്‍റെ വടു നീളത്തില്‍
കിടപ്പുണ്ട്.

' സുന്ദരന്‍ ' വേണു പറഞ്ഞു.

' അപ്പൊ ഓര്‍മ്മയുണ്ട് '.

എങ്ങിനെ മറക്കാനാവും. ബാല്യകാലത്തെ ഏറ്റവും അടുത്ത കൂട്ടുകാരന്‍. പുഴയില്‍ മുങ്ങി മരിക്കാറായ ദിവസം. വിവരം അറിഞ്ഞ പാടെ സുന്ദരന്‍റെ അമ്മ കാണാന്‍ ഓടിയെത്തിയതാണ്. ക്ഷോഭിച്ച് നില്‍ക്കുന്ന ചെറിയമ്മയ്ക്ക് അവര്‍ കാണാനെത്തിയതൊന്നും ഇഷ്ടപ്പെട്ടില്ല.

' മകന്‍ പുഴയില്‍ മുക്കി കൊല്ലാന്‍ നോക്കി. അമ്മ ചത്ത്വോന്ന് നോക്കാന്‍ വന്നതാണോ ' എന്നാണ്
ചെറിയമ്മ ചോദിച്ചത്. അപമാനിതയായി മടങ്ങി പോയ അവര്‍ ചട്ടുകം അടുപ്പിലിട്ട് എന്നെന്നേക്കും
ഓര്‍ക്കാനുള്ള ഒരു സമ്മാനം മകന്ന് നല്‍കി.

' അച്ഛന്‍ പൊയ്‌ക്കോളൂ ' സുന്ദരന്‍ പറഞ്ഞു ' ഞങ്ങള് കുറച്ച് നേരം സംസാരിച്ചിരിക്കട്ടെ '.

' ഞാന്‍ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് ആവിണില്യേ ' അയാള്‍ പോയി.

' എത്ര കൊല്ലായി നമ്മള് കണ്ടിട്ട് ' സുന്ദരന്‍ പറഞ്ഞു ' താന്‍ നാട് വിട്ട ശേഷം പഠിച്ച് വലിയ ആളായി എന്ന് കേട്ടു. ബാക്കിയൊന്നും അറിയില്ല '.

' പല വേഷങ്ങള്‍ കെട്ടി നോക്കി ' വേണു പറഞ്ഞു ' മോഹിച്ചതൊന്നും കിട്ടിയില്ല. ആഗ്രഹിക്കാത്ത പലതും
കിട്ടുകയും ചെയ്തു '.

' അതന്ന്യാടോ ജീവിതം. വിചാരിച്ച മാതിരി കഴിയാന്‍ പറ്റിയാല്‍ മനുഷ്യന്‍ ഈശ്വരനെ ഓര്‍ക്ക്വോ '.

സംഭാഷണത്തിന്‍റെ ചുരുള്‍ അഴിഞ്ഞുകൊണ്ടേ ഇരുന്നു.

' മോഹിച്ചിട്ടല്ല ' സുന്ദരന്‍ പറഞ്ഞു ' എനിക്കും നാട്ടിന്ന് മാറി താമസിക്കേണ്ടി വന്നു '.

' പട്ടാളത്തില്‍ നിന്ന് പിരിഞ്ഞു വന്നതും സുന്ദരന്‍റെ ചുറ്റുപാടുകളുമൊക്കെ നാണുമാമ പറഞ്ഞിരുന്നു '.

' വയസ്സായ അച്ഛനേയും പെങ്ങളേയും ഉപേക്ഷിച്ച് ഞാന്‍ ദൂരെ ചെന്ന് സുഖിച്ച് കഴിയുന്നു എന്ന് തനിക്ക് തോന്നിയോ '.

' ഇല്ല. എല്ലാ പ്രാരബ്ധങ്ങള്‍ക്കിടയിലും താന്‍ വല്ലതുമൊക്കെ കൊടുത്ത് സഹായിക്കാറുണ്ടെന്ന് നാണുമാമ പറഞ്ഞിരുന്നു. വീട്ടിലുള്ള അവകാശം ഒഴിമുറി വെച്ച് കൊടുത്തത് കൂടി പറഞ്ഞിട്ടുണ്ട് '.

' ഒഴിമുറി വെച്ച് കൊടുത്തതല്ല. നിര്‍ബന്ധിച്ച് എഴുതി വാങ്ങിയതാണ് '.

സുന്ദരന്‍ കടന്നുപോയ കാലത്തിലേക്ക് തിരിഞ്ഞു. പട്ടാളത്തില്‍ കൂടെ ജോലിക്ക് ചേര്‍ന്ന ആളാണ് ശങ്കരന്‍ കുട്ടി. അച്ഛന്‍ മരിച്ചു പോയി. അമ്മയും ഒരു അനുജത്തിയും മാത്രമേ ബന്ധുക്കളായിട്ടുള്ളു. താമസിക്കാന്‍ നല്ലൊരു വീടുപോലുമില്ല. ജോലി ചെയ്ത് സമ്പാദിച്ച് വേണം എല്ലാം ഉണ്ടാക്കാന്‍, എന്നിട്ടു വേണം പെങ്ങളെ നല്ലൊരാള്‍ക്ക് കല്യാണം കഴിച്ചു കൊടുക്കാന്‍. ഏറെ മോഹങ്ങളുണ്ടായിരുന്നു അവന്. ഞാന്‍ പറഞ്ഞില്ലേ , ആഗ്രഹിക്കുന്നതൊന്നും കിട്ടി എന്ന് വരില്ലാന്ന്. അത് തന്നെ പറ്റി അവനും. ഒരു പനി വന്നതാണ് തുടക്കം. മെല്ലെമെല്ലെ ശങ്കരന്‍ കുട്ടി മരണത്തിലേക്ക് കടന്നു പോയി.

' സുന്ദരാ, എന്‍റെ പെങ്ങളു കുട്ടി ' അതായിരുന്നു അവന്‍റെ അവസാന വാക്കുകള്‍.

അടുത്ത ലീവിന്ന് വന്നപ്പോള്‍ ശങ്കരന്‍ കുട്ടിയുടെ വീട്ടില്‍ പോയി. കേട്ടതിലും വെച്ച് കഷ്ടമായ ചുറ്റുപാട്. പിന്നെ ആലോചിച്ചില്ല. ആ കുട്ടിയെ കല്യാണം കഴിക്കാന്‍ നിശ്ചയിച്ചു.

അച്ഛന്ന് എതിര്‍പ്പ് ഉണ്ടായിരുന്നില്ല. പക്ഷെ അമ്മ സമ്മതിച്ചില്ല. ഭേദപ്പെട്ട വീട്ടില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ സ്ത്രീധനം വാങ്ങി എന്നെ ക്കൊണ്ട് കല്യാണം കഴിപ്പിക്കണമെന്നായിരുന്നു അമ്മയുടെ മോഹം. അതിന്ന് ഞാന്‍ സമ്മതിച്ചില്ല. ലീവ് കഴിഞ്ഞ് പോകുന്നതിന്ന് മുമ്പ് അവളെ കെട്ടി. അതോടെ വീട്ടില്‍ നിന്ന് അകന്നു. വീടിന്‍റെ അവകാശം പെണ്ണുങ്ങള്‍ക്കാണ് എന്നും പറഞ്ഞ് ഒട്ടും സ്വൈരം തരാതായി. ഒടുവില്‍
ഞാന്‍ എന്‍റെ ഓഹരി വിട്ടു കൊടുത്തു.

' ആ വീടിന്‍റെ കാര്യം അറിഞ്ഞില്ലേ '.

' ഉവ്വ്. ഒന്നും ആലോചിക്കാതെ അച്ഛന്‍ ഓരോന്ന് ചെയ്യും. ശാന്തയ്ക്ക് കല്യാണാലോചന വന്നപ്പോള്‍ ഞാന്‍ അന്വേഷിച്ചു. കയ്യിരിപ്പ് നന്നല്ലാത്ത ആളാണ് എന്നാ കേട്ടത്. വിവരം പറഞ്ഞപ്പോള്‍ നീ നിന്‍റെ കാര്യം നോക്കി നടന്നാല്‍ മതി എന്ന് അമ്മ പറഞ്ഞു. അച്ഛന്‍ അത് മൂളി കേട്ടു. ഞാന്‍ സരോജിനിക്ക് എന്‍റെ ഒരു കൂട്ടുകാരന്‍റെ ആലോചന കൊണ്ടു വന്നതാണ്. പട്ടാളക്കാരന്‍ പറ്റില്ലാ എന്നും പറഞ്ഞ് അന്നത് വേണ്ടെന്ന് വെച്ചു. നമ്മളുടെ സ്ഥിതിയ്ക്ക് കലക്ടര്‍ വരും എന്ന് വിചാരിച്ചിട്ടുണ്ടാവും. ഓഹരി വേണ്ടാന്ന് എഴുതി കൊടുത്തത് ശരി തന്നെ. അതോണ്ട് എന്തെങ്കിലും ചെയ്യും മുമ്പ് ഒരു അഭിപ്രായം
ചോദിക്കാന്‍ പാടില്ലാന്ന് ഉണ്ടോ '.

' അതൊക്കെ പോട്ടെ ' വേണു പറഞ്ഞു ' ഇപ്പോള്‍ ഒരു ആലോചന ഒത്തു വന്നിട്ടുണ്ട്. എന്താ അഭിപ്രായം '.

' സന്തോഷം. വൈകിയാണെങ്കിലും അവള്‍ക്ക് ഒരു ജീവിതം കിട്ടുന്നത് നല്ലതന്നെ. പോരാത്തതിന്ന് രാമൂനെ പണ്ടേക്ക് പണ്ടെ അറിയാലോ. പക്ഷെ ഒന്നുണ്ട് ' സുന്ദരന്‍ ഒന്ന് നിര്‍ത്തി.

' എന്താ പറയൂ '.

' കല്യാണത്തിന്ന് എന്തെങ്കിലും തന്ന് സഹായിക്കാന്‍ എനിക്ക് കഴിവില്ല. മോഹം ഇല്ലാഞ്ഞിട്ടല്ല '.

' അതൊരു പ്രശ്നം ആക്കണ്ടാ. അവള് എന്‍റേയും പെങ്ങളാണ്. ആ കാര്യം ഞാന്‍ നോക്കിക്കോളാം '.

' എന്നാല്‍ അടുത്ത പടിയിലേക്ക് കടക്കാം '.

' നാണു മൂത്താരുടെ മകന്‍ വന്നൂന്ന് കേട്ടു ' ചാമി ഉമ്മറത്ത് പ്രത്യക്ഷപ്പെട്ടു.

' ഇതുതന്നെ ആള് ' വേണു പരിചയപ്പെടുത്തി.

' നിങ്ങളും കൂടി ഇങ്ങിട്ട് പോരിന്‍ ' ചാമി ക്ഷണിച്ചു ' നമുക്ക് ഒന്നിച്ച് കൂടാലോ '.

സുന്ദരന്‍ ചിരിച്ചു.

' ചാമി, സരോജിനിയോട് ചായ ഉണ്ടാക്കാന്‍ പറയ്യോ '.

' ഇപ്പൊ തന്നെ പറയാം. എന്നിട്ട് വേണം കുപ്പ്വോച്ചനോട് മൂപ്പര് വന്ന വിവരം പറയാന്‍ ' ചാമി പോയി.

' കേട്ടില്ലെ ചാമി പറഞ്ഞത് '.

' എനിക്കും അവിടെ നിന്ന് മാറണം എന്നുണ്ട് '.

സുന്ദരന്‍ മനസ്സിലുള്ള പരിപാടികള്‍പറഞ്ഞു. ജോലിയിലുള്ളപ്പോള്‍ ഒരു വീട് ഉണ്ടാക്കിയതെ മുതല് എന്ന് പറയാനുള്ളു. അന്ന് കൈനീട്ടം കാശിന്ന് സ്ഥലം കിട്ടി. ഇപ്പോള്‍ ചുറ്റുപാടും നിറയെ പീടികകളും
പെട്രോള്‍ പമ്പും സിനിമാ തിയേറ്ററും ഒക്കെ ആയി. മോഹ വിലയ്ക്ക് അത് വാങ്ങാന്‍ ആളുണ്ട്. ഉള്ള സമ്പാദ്യം കൊണ്ട് രണ്ട് പെണ്‍മക്കളെ കല്യാണം കഴിപ്പിച്ച് അയച്ചു. ഇനി ഒന്നുള്ളതിനെ പറഞ്ഞയക്കാന്‍
വീട് വില്‍ക്കണം . കല്യാണ ചിലവ് കഴിച്ച് മിച്ചം കൊണ്ട് വേറെ എവിടേക്കെങ്കിലും മാറി താമസിക്കണം. പറ്റുമെങ്കില്‍ വില കുറവുള്ള സ്ഥലത്ത് കുറച്ച് ഏറെ ഭൂമി കിട്ടിയാല്‍ എന്തെങ്കിലും കൃഷി ചെയ്യാം. പെന്‍ഷന്‍ കിട്ടുന്നതുകൊണ്ട് ഒന്നിനും മതിയാകുന്നില്ല. ഒന്ന് രണ്ട് ദിക്കില്‍ രാത്രി വാച്ച്‌മാനായി നിന്നു. കളവ് കൂടുതലായപ്പോള്‍ ഒറ്റയ്ക്ക് രണ്ട് സ്ത്രീകളെ വീട്ടിലാക്കി പോവാന്‍ ഭയം. ഇപ്പോള്‍ സിനിമാ തിയേറ്ററില്‍ ടിക്കറ്റ് കീറാന്‍ നില്‍ക്കുന്നുണ്ട്. അതായതോണ്ട് പത്ത് മണിക്ക് മുമ്പ് വീടെത്താം.

' എന്നാല്‍ ഇങ്ങോട്ട് വരൂ ' വേണു പറഞ്ഞു ' ബാക്കീയുള്ള ജീവിതം നമുക്കൊക്കെ ഒന്നിച്ച് കഴിയാം '.

സുന്ദരന്‍ സമ്മത ഭാവത്തില്‍ തലയാട്ടി. ചാമി ചോറ്റു പാത്രത്തില്‍ ചായയുമായി എത്തി , പുറകെ നാണു നായരും എഴുത്തശ്ശനും .

3 comments:

 1. വായിച്ചു കൊണ്ടെ ഇരിക്കുന്നു.
  നോവല്‍ അവസാനിക്കാന്‍ ഇനി കുറച്ചു കൂടി അല്ലെ ഉള്ളൂ?
  ആശംസകള്‍!!

  ReplyDelete
 2. ഞാന്‍ ; ഗന്ധര്‍വ്വന്‍,

  അതെ. നോവല്‍ അവസാനിക്കാറായി. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന്ന് നന്ദി.

  ReplyDelete
 3. ആരും ഇല്ലാതിരുന്ന സ്ഥലത്ത് വേണുവിനും എഴുത്തശ്ശനും കൂട്ടായി ഒരു പാട് ആഉകള്‍ എത്തുന്നു.. ഏകാന്തതയ്ക്ക് അവസാനം ആവുന്നു....
  എവിടെ പോയാലും കുട്ടിക്കാലം ഓര്‍മയില്‍ വരുമ്പോള്‍ സ്വന്തം നാട് പുറകോട്ടു പിടിച്ചു വലിക്കും

  ReplyDelete