Sunday, November 14, 2010

നോവല്‍ - അദ്ധ്യായം - 105.

' എന്തിനാ ഈ നട്ടപ്പൊരി വെയിലും കൊണ്ട് അച്ചാലും പിച്ചാലും നടക്കുന്നത് ' വെയിലും കൊണ്ട് കയറി
വന്ന എഴുത്തശ്ശനോട് നാണു നായര്‍ ചോദിച്ചു.

' പണി നടക്കുമ്പൊ മിണ്ടാണ്ടിരിക്കാന്‍ കഴിയ്യോ. അതോണ്ട് വെയിലൊന്നും സാരാക്കില്ല '.

' നിങ്ങള് പറയുന്നത് കേട്ടാല്‍ വീട് പണി നടക്കുന്നത് നിങ്ങക്കാണ് എന്ന് തോന്ന്വോലോ. രാവുത്തരുടെ
മക്കളക്കും അമ്മിണിയമ്മയ്ക്കും ആണ് വീട് പണി. ചെങ്കല്ല് ചൂളടെ പണി നടക്കുന്നതും അവര് രണ്ട്
കൂട്ടക്കാരുക്കും വേണ്ടി. ഇതിന്ന് നിങ്ങളെന്തിനാ ഇത്ര കണ്ട് പാട് പെടുന്നത് '.

' ആളാല്‍ കഴിയുന്ന ഉപകാരം എന്ന് കേട്ടിട്ടില്ലേ. അതാ ഞാന്‍ ചെയ്യുന്നത് '.

' ഒരു കാര്യം പറയാലോ. അവനോന്‍റെ കാര്യം നോക്കീട്ടേ എന്തും ചെയ്യാവൂ. അല്ലെങ്കില്‍ കിടപ്പിലായാല്‍
ആരും ഉണ്ടാവില്ല '.

എഴുത്തശ്ശന്ന് ആ ഉപദേശം അത്ര പിടിച്ചില്ല.

' മുമ്പ് ഞാനും നിങ്ങള് ആലോചിക്കുന്ന മട്ടില് വിചാരിച്ചിരുന്നു. അത് തെറ്റാണെന്ന് അനുഭവത്തില് ബോദ്ധ്യായി '.

' എന്‍റെ കാര്യം നോക്കീട്ടേ ഞാന്‍ എന്നും വല്ലതും ചെയ്യുള്ളു. അതോണ്ട് വല്ലവന്‍റേം കാര്യത്തിന്ന് ഇറങ്ങി
ഉള്ള മനസ്സമാധാനം പോയീ എന്ന് തോന്നീട്ടില്ല '.

' നായരെ, നിങ്ങളന്നെ അത് പറയണം ' എഴുത്തശ്ശന്‍ പറഞ്ഞു ' ഒരു കാര്യം ചോദിച്ചോട്ടെ. നിങ്ങളുടെ വീട്
കയ്യിന്ന് പോയത് മറന്നിട്ടില്ലല്ലോ. നിങ്ങള്‍ പറഞ്ഞ മട്ടില് അന്ന് ഞങ്ങളൊക്കെ ഞങ്ങളുടെ കാര്യം നോക്കി
ഇരുന്നൂച്ചാല്‍ നിങ്ങളുടെ ഗതി എന്താവും '.

നാണു നായരുടെ മുഖത്ത് കുത്തിയാല്‍ ചോര ഇല്ലാത്ത മട്ടായി.

**************************************************

പാഞ്ചാലി ഒരാഴ്ചയോളം ശ്രമിച്ചിട്ടും കല്യാണിയെ കാണാനൊത്തില്ല. നിത്യവും വൈകുന്നേരം
പീടികയിലോ മില്ലിലോ കല്യാണി ചെല്ലുന്നതും കാത്ത് വഴി വക്കത്ത് നില്‍ക്കും. ഈ ദിവസങ്ങളില്‍
ഒന്നും കല്യാണി വരാത്തതിനാല്‍ അവള്‍ക്ക് എന്തോ അസുഖമുണ്ടെന്ന് പാഞ്ചാലിക്ക് തോന്നി.

പാതയിലൂടെ പണി കഴിഞ്ഞ് വീടുകളിലേക്ക് പോവുന്ന ആളുകളാണ് അധികവും. പണിയും തൊരവും
ഇല്ലാതെ സെറ്റ് കൂടി നടക്കുന്ന പിള്ളര് തന്നെ നോക്കി ഓരോന്ന് പറയുന്നത് പാഞ്ചാലി കേട്ടില്ലാന്ന് നടിച്ചു. അന്യനെ വേദനിപ്പിക്കാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം. ആരോ എന്തോ പറയട്ടെ. ശ്രദ്ധിക്കാതിരുന്നാല്‍
മതിയല്ലോ. സുകുമാരേട്ടനെ കൊണ്ടാണ് ഏറെ തൊന്തരവ്. മൂപ്പര് എന്തെങ്കിലും ഒരു കാര്യം മനസ്സില്‍
വിചാരിച്ചാല്‍ അത് കൈ കൂടുന്നത് വരെ അതേ നിനവായിരിക്കും . ഇപ്പോള്‍ കല്യാണിയിലാണ് കമ്പം.
അവളെ കണ്ട് സംസാരിച്ച് വിവരം പറയാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. പെണ്ണിനെ കണ്ടില്യാന്ന് പറഞ്ഞാല്‍ അത്
നീ മനസ്സ് വെക്കാഞ്ഞിട്ടാണെന്ന് കുറ്റം പറയും.

വളവ് തിരിഞ്ഞ് മായന്‍കുട്ടി വരുന്നത് കണ്ടു. തലയില്‍ ഒരു ചാക്കും കയ്യില്‍ തൂക്കി പിടിച്ച സഞ്ചിയും.
പ്രാന്തന്‍ ചെക്കന്‍ ഇതൊക്കെ എറ്റിക്കൊണ്ട് എവിടേക്കാണ്.

അവന്‍ അടുത്തെത്തിയപ്പോള്‍ ' എന്താടാ ചാക്കിലും സഞ്ചിയിലും ' എന്ന് ചോദിച്ചു.

' ചാക്കില്‍ ഗോതമ്പ് തവിട്. സഞ്ചിയില്‍ കുറച്ച് കടല പിണ്ണാക്കും പീടിക സാമാനൂം '.

' എവിടേക്കാ ഇതൊക്കെ '.

' വേലപ്പേട്ടന്‍റെ വീട്ടിലിക്ക് '.

' അപ്പൊ കല്യാണി വരാറില്ലേ '.

' ഇല്ല. ഇപ്പൊ ഞാനാ ഇതൊക്കെ വാങ്ങി കൊടുക്കുന്നത് '.

' അവള്‍ക്കെന്താ സൂക്കട് വല്ലതും ഉണ്ടോ '.

' സൂക്കട് ഒന്നൂല്യാ. പുല്ലരിഞ്ഞ് കൊടുക്കാനും പീടീല്‍ ചെല്ലാനും ചാമ്യേട്ടന്‍ ഏല്‍പ്പിച്ചതാണ് '.

' അപ്പോള്‍ ഇനി അവള്‍ വരില്ല '.

' അത് പറയാന്‍ പറ്റില്ല. എനിക്ക് പറ്റാത്ത ദിവസം അവള്‍ വരും '.

പെട്ടെന്ന് മനസ്സില്‍ ഒരു ആശയം ഉടലെടുത്തു.

' മായന്‍ കുട്ട്യേ ' പാഞ്ചാലി വിളിച്ചു ' എന്തിനാടാ നീ വല്ലോരുക്കും വേണ്ടി ഇതൊക്കെ ചെയ്യുണത് '.

' വല്ലോരുക്കും ഒന്നും അല്ലല്ലോ. വേലപ്പേട്ടന്ന് വേണ്ടിയല്ലേ '.

' പറയിണത് കേട്ടാല്‍ തോന്നും വേലപ്പേട്ടന്‍ നിന്‍റെ അമ്മായിഅപ്പനാനെന്ന്. നിനക്ക് വേറെ തൊരം ഒന്നും
ഇല്ലേടാ ചെക്കാ '.

' ചാമ്യേട്ടന്‍ പറഞ്ഞ് ഏല്‍പ്പിച്ചതാ. ഞാന്‍ മുടക്കില്ല '.

' വെറുതെയല്ലാ നിന്നെ എല്ലാരും പ്രാന്തന്‍ എന്ന് വിളിക്കിണത് '.

' പ്രാന്തന്‍ നിന്‍റെ അപ്പനാണ് '.

അതും പറഞ്ഞ് മായന്‍കുട്ടി നടന്നകന്നു.

Wednesday, November 10, 2010

നോവല്‍ - അദ്ധ്യായം - 104.

' ആരെയൊക്കെയാ വേണ്വോ നീ കല്യാണത്തിന്ന് വിളിച്ചിട്ടുള്ളത് ' പത്മിനിയുടെ ചോദ്യത്തിന്ന് വേണു മറുപടിയൊന്നും പറഞ്ഞില്ല.

അയാള്‍ ആരേയും വിളിച്ചിരുന്നില്ല.

' ചോദിച്ചത് കേട്ടില്ലേ ' പത്മിനി ആവര്‍ത്തിച്ചു ' മരുമകന്‍റെ കല്യാണത്തിന്ന് നീ എത്ര ആളുകളെ വിളിച്ചൂന്നാ ചോദിച്ചത് '.

' സത്യം പറയാലോ ഓപ്പോളേ ' വേണു പറഞ്ഞു ' ഞാന്‍ ആരേയും വിളിച്ചിട്ടില്ല '.

' അതെന്താ നീ അങ്ങിനെ ചെയ്തത് '.

' ഞാന്‍ ആ കാര്യം ആലോചിച്ചില്ല '.

' നീ അന്യനെ മാതിരി പെരുമാറുന്നത് സങ്കടാണ്. പറഞ്ഞില്ലാന്ന് വേണ്ടാ '.

വേണുവിന്ന് ഒന്നും പറയാനുണ്ടായിരുന്നില്ല.

' അവിടെ നിനക്ക് പരിചയക്കാരായി ആരൊക്കെയുണ്ട് ' കുറച്ച് നേരത്തിന്ന് ശേഷം പത്മിനി ചോദിച്ചു
' എഴുത്തശ്ശനും നാണു നായരും ഉള്ളത് എനിക്കറിയാം. പണിക്ക് വന്നപ്പൊ ഞാന്‍ തന്നെ ചാമിയോട് കല്യാണത്തിന്ന് വരാന്‍ പറഞ്ഞിട്ടുണ്ട് '.

' പിന്നെ അവിടെ ഉള്ളത് പൂജക്കാരനും , വാരിയരും , അമ്മിണിയമ്മയും ആണ്. പരിചയക്കാരെന്ന്
പറയാന്‍ രാജന്‍ മേനോനും സ്വാമിനാഥനും തുണിക്കാരന്‍ രാവുത്തരും മാത്രേ ഉള്ളു '.

' എന്നാല്‍ നാളെ തന്നെ അവരെ ക്ഷണിക്കണം. നിന്‍റെ കൂടെ ഞാനും വരാം '.

' ഓപ്പോള് ബുദ്ധിമുട്ടണ്ടാ. നാളെ ഞാന്‍ പോയി അവരെ വിളിച്ചോളാം '.

' എന്നാ നിനക്ക് കാര്യപ്രാപ്തി ഉണ്ടായി കാണ്വാ. എല്ലാറ്റിനും മൂട്ടിന്ന് ഉന്തി തള്ളാന്‍ ആള് വേണച്ചാല്‍
ഇത്തിരി ബുദ്ധിമുട്ടും '.

അതിനും വേണുവിന്ന് ഒന്നും പറയാനില്ലായിരുന്നു.

++++++++++++++++++++++++++++++++++

' ചാമ്യേട്ടോ , എനിക്ക് രണ്ട് മുണ്ട് വാങ്ങി തരിന്‍ ' മായന്‍കുട്ടി ചോദിച്ചപ്പോള്‍ ചാമിക്ക് അതിശയമാണ് തോന്നിയത്.

' എന്താടാ ഇപ്പൊ മുണ്ട് വേണംന്ന് തോന്നല് വരാന്‍ '.

' ഇതും ഇട്ടോണ്ട് പീടിലിക്ക് പോവുമ്പോള്‍ ഓരോരുത്തര് സായ്പ്പ് വരുണൂന്ന് പറഞ്ഞ് കളിയാക്കാന്‍
തുടങ്ങും ' ധരിച്ച പാന്‍റിനെ കാണിച്ച് അവന്‍ പറഞ്ഞു ' പോരാത്തതിന്ന് പാടത്ത് പണി ചെയ്യാന്‍ ഇത്
കൊള്ളില്ല '.

' വാങ്ങി തന്ന മുണ്ടോക്കെ നീ കീറി കൊടി കെട്ടി നടന്നതോണ്ടല്ലേ മുതലാളിടേന്ന് നിനക്ക് ഇത് വാങ്ങി
തന്നത് '.

' എനിക്ക് വെളിവില്ലാത്തതോണ്ടല്ലേ അങ്ങിനെ ചെയ്തത് '.

' ഇനി വാങ്ങി തരുന്ന മുണ്ടും നീ കീറി കളയില്ലേ '.

' ദൈവത്താണെ ഞാന്‍ ഇനി അമ്മാതിരി പണി ചെയ്യില്ല '.

എന്നാല്‍ നളെത്തന്നെ മുണ്ട് വാങ്ങി കൊടുക്കാമെന്ന് ചാമിയും പറഞ്ഞു.

******************************************************

' എന്താണ്ടാ കോയു നീയും കെട്ട്യോളും ഈ വഴിക്ക് ' ചേരിന്‍ ചോട്ടില്‍ കാറ്റും കൊണ്ട് നിന്നിരുന്ന എഴുത്തശ്ശന്‍ അതിലെ കടന്നു പോവുന്നവരോട് ചോദിച്ചു.

' കയത്തം കുണ്ടില്‍ ചെന്ന് കുറച്ച് കൈതടെ ഓല വെട്ടി ഉണ്ടാക്കണം. മെത്തപ്പായ നെയ്യാനാണ് '.

' ഓലപ്പായ നെയ്ത് നിര്‍ത്ത്യോടാ '.

' ഇല്ല. ഇപ്പൊ മെത്തപ്പായയ്ക്കാ ആള്‍ക്കാര് കൂടുതല്‍ '.

' എന്താ നിന്‍റെ ചെക്കനും പെണ്‍കുട്ടീം പഠിക്കാന്‍ വരാത്തത് '.

' അവിറ്റേളക്ക് ചൊറീം ചെരങ്ങും വന്നു. അതാ വരാത്തത് '.

' അതോണ്ട് പഠിപ്പ് മുടക്കണ്ടാ. പണ്ടത്തെ കാലമൊന്നും അല്ല ഇപ്പോഴത്തേത്. പഠിപ്പ് ഇല്ലെങ്കില്‍ പട്ടിക്ക്
സമം '.

' അടുത്ത് നല്ല സ്കൂളുണ്ടെങ്കില്‍ അയക്കാം എന്നുണ്ടായിരുന്നു. ദിവസം നാല് നാഴിക നടന്ന് പഠിക്കാന്‍
പറഞ്ഞാല്‍ പിള്ളര് പോവില്ല '.

' ആ കാലം ഒക്കെ പൊയി. നല്ല ഒരു സ്കൂള് വരുന്നു. നീ ചെന്ന് നോക്ക് ' എഴുത്തശ്ശന്‍ പുഴക്കരയില്‍
പുതുതായി പണിത കെട്ടിടം ചൂണ്ടിക്കാട്ടി പറഞ്ഞു ' രണ്ട് മുറിയും വരാന്തയും മാത്രേ ഉള്ളൂച്ചാലും
നല്ല ഒന്നാന്തരം കെട്ടിടം. രണ്ട് മുറി കൂടി പണിത് സര്‍ക്കാര്‍ വക സ്കൂളാക്കും എന്നാ സ്വാമിനാഥന്‍
പറയിണത്. മേനോന്‍ സ്വാമിക്കും വേണൂനും കുറച്ച് തിരക്കായതോണ്ട് പൂജക്കാരന്‍ നമ്പൂരി കുട്ടീം
അമ്മിണിയമ്മടെ മരുമകനും ആണ് കുറച്ചായിട്ട് പഠിപ്പിക്കുന്നത്. സ്കൂളായി കഴിഞ്ഞാല്‍ നാലഞ്ച്
മാഷന്മാരുക്ക് ജോലി കിട്ടും. അതും ഒരു ഗുണം അല്ലേ '.

' അതൊക്കെ നാട്ടിലിക്ക് നല്ലതന്നെ ' കോയു സമ്മതിച്ചു.

' അതാ ഞാനും പറഞ്ഞത്. എനിക്ക് എണ്‍പത്താറ് വയസ്സായി. ഇനി എന്ത് ഉണ്ടായിട്ടും എനിക്കൊരു
കാര്യൂല്യാ എന്ന് വിചാരിച്ചാല്‍ നന്നോ. മേലാല്‍ ഉണ്ടാവുന്ന മക്കളെങ്കിലും നന്നാവട്ടെ '.

പിള്ളേര്‍ക്ക് കുറച്ച് ഭേദമായാല്‍ സ്കൂളിലയക്കാമെന്ന് കോയു സമ്മതിച്ചു.

' അവിറ്റയ്ക്ക് എന്തെങ്കിലും മരുന്ന് കൊടുത്ത്വോടാ '.

' ബുധനാഴ്ച ചന്ത കഴിഞ്ഞാല് വല്ലതും കുറച്ച് കാശ് കയ്യില്‍ തടയും. എന്നിട്ടു വേണം പിറ്റേ ദിവസം
രണ്ടിനേം ഡോക്ടറെ കാണിക്കാന്‍ '.

' അതൊന്നും വേണ്ടാടാ. മരുന്ന് പീടീല്‍ ചെന്ന് കുറച്ച് ഗന്ധകൂം കരിഞ്ചീരകൂം വാങ്ങി പൊടിക്ക്. അതില്‍
നിന്ന്കുറച്ചെടുത്ത് ഓടന്‍ കിണ്ണത്തിലാക്കി വെളിച്ചെണ്ണയും ഒഴിച്ച് വെയിലത്ത് വെച്ച് ചൂടാക്ക്. എന്നിട്ട്
ചൊറിയും ചിരങ്ങും വയറത്താളി കുത്തി ചതച്ചതോണ്ട് നന്നായി കഴുകി ആ എണ്ണ കോഴി തൂവലോണ്ട്
തോരെ തോരെ പുരട്ടി കൊടുക്ക്. എന്നിട്ട് ചൊറീം ചിരങ്ങും മാറീലെങ്കില്‍ എന്നോട് പറ '.

' അത്രേ ഉള്ളൂച്ചാല്‍ ഇന്നന്നെ ചെയ്യാം '.

കോയുവും കെട്ട്യോളും കൈതപൊന്തയുടെ പുറകില്‍ മറഞ്ഞു. മുകളിലൂടെ വിമാനം ഇരമ്പി കൊണ്ട്
പറന്ന് പോയി. എഴുത്തശ്ശന്‍ കളപ്പുരയിലേക്ക് നടന്നു.

നോവല്‍ - അദ്ധ്യായം - 103.

വേണുവിനെ യാത്ര അയക്കാന്‍ ചെന്ന ചാമി തിരിച്ച് വരുന്നതും കാത്ത് വേലപ്പന്‍ വഴി വക്കത്തെ മൂച്ചി
ചോട്ടില്‍ നിന്നു. ആകെ കൂടി മനസ്സില്‍ ഒരു വിഷമം. സങ്കടങ്ങള്‍ പറയാനുള്ളത്ചാമിയോട് മാത്രമാണ്.
ഏറെ വൈകാതെ ചാമി എത്തി.

' എന്താണ്ടാ നീ ഇവിടെ നിക്കിണത് ' ചാമി ചോദിച്ചു.

' നിന്നെ കാത്തിട്ടന്നെ. മുതലാളിടെ കൂടെ കൂട്ടുമുക്കിലേക്ക് നീ പോവുന്നത് കണ്ടു. മടങ്ങി വരുമ്പൊ
കാണാലോ എന്ന് വെച്ച് നിന്നു '.

' എന്താ കാര്യം '.

' കുറച്ചായിട്ട് ദേഹത്തിന്ന് തീരെ വയ്യാ. വലത്തെ കയ്യ് മുഴുവന്‍ ഒരു തരിപ്പും വേദനീം. അതോണ്ട് ഒന്നും ചെയ്യാന്‍ പാങ്ങില്ല '.

' അതെന്താ പറ്റീത്. നിനക്ക് വല്ല ഡോക്ടറേം കാണിക്കായിരുന്നില്ലെ '.

' നമ്മടെ കുട്ടികൃഷ്ണന്‍ വൈദ്യരെ കാണിച്ചു. വാതം പിടിച്ചതാണ് എന്നും പറഞ്ഞ് കഷായൂം കുഴമ്പും
തന്നു. വൈകുന്നേരം അതും പുരട്ടി നിന്നിട്ട് ചുടുവെള്ളം പാരണം '.

' മാരണക്രിയ ആയല്ലോടാ '.

' ഒന്നും പറയണ്ടാ. ഉള്ള തൊഴിലും കൊണ്ട് കഴിയാന്‍ പറ്റില്ലാന്ന് ആയി '.

' പണി ചെയ്യുന്നതും മരുന്ന് കഴിക്കുന്നതും തമ്മിലെന്താണ്ടാ ബന്ധം. പകല് ജോലി ചെയ്യണം. പണി
കഴിഞ്ഞിട്ട് വൈദ്യര് പറഞ്ഞ മട്ടില് തൈലം പുരട്ടി നിന്നോ '.

' രണ്ട് നേരം കന്നിന് പുല്ല് അരിയണം. പരുത്തിക്കൊട്ട അരയ്ക്കണം. വെറുതെ കന്ന് കച്ചോടം എന്നും
പറഞ്ഞ് നടന്നാല്‍ മത്യോ. കയ്യനങ്ങി പണി ചെയ്യാന്‍ പറ്റില്ലെങ്കില്‍ കഴിഞ്ഞില്ലേ '.

' പെണ്‍കുട്ടി ഇല്ലേ അതൊക്കെ ചെയ്യാന്‍ '.

' അവള് ആവുന്ന മാതിരി പുല്ലരിഞ്ഞിട്ടും പീടീല്‍ പോയിട്ടും പരുത്തിക്കൊട്ട അരച്ചിട്ടും ഒക്കെ എന്നെ
സഹായിക്കും. കുടീല്‍ തന്നെ അവള്‍ക്ക് പിടിപ്പത് പണി ഉണ്ട്. അതിന്‍റെ കൂടെ ഇതൊക്കെ ചെയ്യാന്‍
എവിടെയാ നേരം '.

' എന്നിട്ട് നീ എന്താ കാട്ടാന്‍ പോണത് '.

' ഉള്ള കന്നിനേം മാടിനേം ഒക്കെ കിട്ടിയ വിലയ്ക്ക് വില്‍ക്ക്വാ. അതോടെ ആ വരുമ്പടി നിലക്കും '.

' അതൊന്നും വേണ്ടാ. നമുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം '.

' എനിക്ക് ആകപ്പാടെ എന്താ ചെയ്യണ്ട് എന്ന് ഒരു നിശ്ചം ഇല്ല്യാണ്ടായി '.

' ബേജാറ് ആവണ്ടെടാ. ഒരു വഴി കാണാന്ന് ഞാന്‍ പറഞ്ഞില്ലേ '.

' ഇതിനൊക്കെ പൊറമെ പെണ്ണിന്‍റെ കാര്യം ആലോചിക്കുമ്പൊ ഒരു തൊയിരം ഇല്ലാണ്ടായി '.

' എന്താ അവള്‍ക്ക് കുഴപ്പം '.

മകള്‍ക്ക് പ്രായം ആയി , അവളുടെ മേല്‍ ഒരു കണ്ണ് വേണം എന്നൊക്കെ ജാനു തള്ള പറഞ്ഞത് വേലപ്പന്‍ വിസ്തരിച്ചു.

' ആ തള്ളടെ കരണക്കുറ്റിക്ക് ഒന്ന് കൊടുക്ക്വാ വേണ്ടത് ' ചാമിക്ക് ദേഷ്യം വന്നു ' നമ്മടെ കുട്ട്യേ പറ്റി
വല്ലതും പറഞ്ഞുണ്ടാക്ക്യാല്‍ ആ നാവ് ഞാന്‍ പിടുങ്ങും '.

' ഇതാണ് നിന്‍റെ അടുത്ത് ഒന്നും പറയാത്തത് ' വേലപ്പന്‍ പറഞ്ഞു ' എന്തെങ്കിലും കേള്‍ക്കുന്നതിന്ന്
മുന്നെ നിനക്ക് ഈറ വരും. പറഞ്ഞത് കാര്യമാണോ എന്നൊന്നും നോക്കില്ല '.

' ഇങ്ങിനെയാണോ പറയേണ്ടത് ' ചാമി ചീറി ' കെട്ടിച്ച് വിടാനുള്ള പെണ്ണാണ്. ആവശ്യം ഇല്ലാതെ എന്തെങ്കിലും പുരാതി പറഞ്ഞുണ്ടാക്ക്യാല്‍ നല്ല നിലയ്ക്ക് ഒരു കുടിയപ്പാട് വരില്ല '.

' അതല്ല തള്ള പറഞ്ഞത്. അവര്‍ക്ക് അവളെ വിശ്വാസമാണ്. അറിഞ്ഞു കൊണ്ടൊരു തെറ്റും അവള്‍
ചെയ്യില്ല. എന്നാലും എന്തെങ്കിലും കാര്യത്തിന്ന് വീട്ടിന്ന് വെളിയില്‍ അയയ്ക്കുമ്പോള്‍ ഒരു തുണ
ഉണ്ടാവണം എന്നാ പറഞ്ഞത് '.

' അങ്ങിനെ മനുഷ്യന്ന് തിരിയുന്ന മട്ടില് പറ ' ചാമി പറഞ്ഞു ' എന്നാ പിന്നെ തള്ളയ്ക്ക് അവളുടെ കൂടെ തുണയ്ക്ക് പൊയ്ക്കൂടേ '.

' അടുത്തൊക്കെ തള്ള പൊവും . മില്ലിലേക്കോ പീടികയിലേക്കോ പോവുമ്പോഴാണ് തൊന്തരവ് '.

' അതിന്ന് അവളെ പീടികയിലിക്കും മില്ലിലേക്കും അയക്കണ്ടാ '.

' അപ്പൊ തവിടോ പിണ്ണാക്കോ പരുത്തിക്കൊട്ട്യോ വേണച്ചാല്‍ ആര് വാങ്ങി കൊണ്ടു വരും '.

' വേണച്ചാല്‍ അതൊക്കെ ഞാന്‍ ചെയ്യില്ലേ '.

' നീ ഒന്നും പറഞ്ഞ് ഒരു വഴിക്ക് പോവും. നിന്നേം കാത്തിരുന്നാല്‍ എന്‍റെ കന്നൊക്കെ പട്ടിണി കിടന്ന്
ചാവും '.

ചാമി ചിരിച്ചു.

' പറ്റിയ ഒരാളെ ഞാന്‍ ഏര്‍പ്പാടാക്കാം . വേണ്ടതൊക്കെ അവന്‍ ചെയ്തോളും '.

' ആരാ അത് '.

' നമ്മടെ മായന്‍കുട്ടി '.

വേലപ്പന്‍ ഉറക്കെ ചിരിച്ചു.

' നല്ല പഷ്ട് കക്ഷി. പോര്‍ത്തിക്കാരനായിട്ട് അയയ്ക്കാന്‍ ആ പ്രാന്തനെ തന്നെ കണ്ടുള്ളു അല്ലേ '.

' നീ ഞാന്‍ പറയുണത് കേക്ക് ' ചാമി പറഞ്ഞു ' അവന്‍റെ സൂക്കടൊക്കെ മാറി. എന്‍റെ മുതലാളി അവനെ
ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങി കൊടുത്തു. ഇപ്പൊ അവന്‍ ഉഷാറായി '.

വേലപ്പന്‍ വിശ്വാസം വരാത്ത മട്ടില്‍ നോക്കി നിന്നു.

' നീ വെറുതെ മിഴിക്കണ്ടാ. ഞാന്‍ പറഞ്ഞത് സത്യാണ് ' ചാമി പറഞ്ഞു.

' എന്നാല്‍ അത് നന്നായി. അനാഥയ്ക്ക് ദൈവം തുണ എന്ന് പറഞ്ഞ മാതിരി ആയി ' വേലപ്പന്‍ പറഞ്ഞു
' ആ അപ്പാവി നിന്‍റെ മുതലാളിടെ സഹായം കൊണ്ട് നന്നാവട്ടെ '.

' ഇപ്പൊ മനസ്സിലായല്ലോ ' ചാമി പറഞ്ഞു ' നാളെ മുതല്‍ രാവിലേം വൈകുന്നേരൂം അവന്‍ പുല്ലരിഞ്ഞ്
നിന്‍റെ കുടീല്‍ എത്തിക്കും. പീടീന്ന് വല്ലതും വാങ്ങണച്ചാല്‍ അതിനും നീ അവനെ അയച്ചൊ '.

വേലപ്പന്ന് സന്തോഷമായി.

' നിനക്ക് കാശ് വല്ലതും വേണോടാ ' ചാമി ചോദിച്ചു.

' ഇപ്പൊ ഒന്നും വേണ്ടാ '.

' എന്നാലും ഇത് വെച്ചോ ' ബെല്‍ട്ടില്‍ കയ്യിട്ട് കിട്ടിയ പണം ചാമി വേലപ്പന്‍റെ കയ്യില്‍ പിടിപ്പിച്ചു.

വേലപ്പന്‍ വീട്ടിലേക്കും ചാമി കളപ്പുരയിലേക്കും നടന്നു.

++++++++++++++++++++++++++++++++++++++++

' ഇതിന്‍റെ എടേല്‍ നീ എങ്ങോട്ടാ പോയത്. വര്‍ക്ക് ഷാപ്പിലേക്ക് ഞാന്‍ ആളെ അയച്ചപ്പൊ അവിടുന്ന് പോയീന്നാണല്ലോ പറഞ്ഞത് ' വീട്ടിലെത്തിയ വേണുവിനോട് പത്മിനി ചോദിച്ചു.

' ഒന്ന് കളപ്പുര വരെ പോയി '.

' എന്താ അവിടെ ഇത്ര അര്‍ജ്ജന്‍റ് കാര്യം '.

വേണു കാര്യങ്ങള്‍ വിശദീകരിച്ചു.

' ആരുടെയെങ്കിലും കല്യാണം നടത്താന്‍ ഓടി നടന്നോ. അവനോന് അങ്ങിനെ ഒരു ചിന്ത ഇല്ലല്ലോ '.

ആ പറഞ്ഞത് വേണു കേട്ടില്ലാന്ന് നടിച്ചു.

Monday, November 1, 2010

നോവല്‍ - അദ്ധ്യായം - 102.

നട്ടുച്ച വെയിലും കൊണ്ടുകൊണ്ട് വേണു വരുന്നത് കണ്ട് എഴുത്തശ്ശന്ന് എന്തോ ഒരു പന്തികേട് തോന്നി.
' ഇന്നും നാളെയും ഞാന്‍ വരില്ല, മറ്റന്നാള്‍ വൈകുന്നേരത്തേ തിരിച്ച് വരൂ ' എന്നും പറഞ്ഞ് രാവിലെ പോയ
ആളാണ് ഉച്ചയ്ക്ക് തിരിച്ചെത്തുന്നത്, എന്താണാവോ കാരണം .

' എന്താ വേണ്വോ, വിശേഷിച്ച് എന്തെങ്കിലും ഉണ്ടോ ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഏയ് ഒന്നും ഇല്ല. എന്നാലോ ചെറിയൊരു കാര്യം ഉണ്ടായിട്ടുണ്ട് '.

' മുതലാളി നല്ലോണം വെശര്‍ത്തിട്ടുണ്ട്. കുടിക്കാന്‍ വല്ലതും വേണോ ' ചാമി ചോദിച്ചു.

' എന്താ ഉള്ളത് '.

' ഞാന്‍ പോയി എളന്നന്‍ ഇട്ടിട്ട് വരാം ' ചാമി തളപ്പും എടുത്ത് കളപ്പുരയുടെ പുറകിലുള്ള തോട്ടത്തിലേക്ക്
നടന്നു.

' എന്താടാ വിശേഷിച്ച്. കാര്യം പറ ' എഴുത്തശ്ശന്‍ ആകാംക്ഷയുടെ മുള്‍മുനയിലാണ്.

' പണ്ടത്തെ ഒരു കൂട്ടുകാരനെ ഇന്നാള് കണ്ടു. എന്‍റെയും സുന്ദരന്‍റേയും കൂടെ സ്കൂളില്‍ പഠിച്ച രാമചന്ദ്രന്‍.
ഞങ്ങള് രാമു എന്നാണ് അവനെ വിളിച്ചിരുന്നത്. വിശ്വേട്ടന്‍റെ കാറ് വര്‍ക് ഷോപ്പിലേക്ക് കൊണ്ടു പോയപ്പൊ ഞാനും കൂടെ പോയിരുന്നു. അവിടെ വെച്ചാണ് ആ പഴയ ചങ്ങാതിയെ കണ്ടത് '.

' എന്‍റെ ഈശ്വരാ ' എഴുത്തശ്ശന്‍ നെടുവീര്‍പ്പിട്ടു ' ഞാന്‍ എന്തോന്ന് നിരീച്ചു '.

' അതിന്ന് ശേഷം ഓപ്പോളുടെ വീട്ടില്‍ വെറുതെയിരുന്ന് മുഷിയുമ്പോള്‍ ഞാന്‍ വര്‍ക്ക് ഷോപ്പിലേക്ക് ചെല്ലും. നടക്കാനുള്ള ദൂരേ ഉള്ളു. ഞങ്ങള് പലതും പറഞ്ഞിരിക്കും '.

' എന്നിട്ട് '.

' വര്‍ക് ഷോപ്പ് രാമുവിന്‍റെ സ്വന്തം ആണ്. പത്തിരുപത് പണിക്കാരുണ്ട്. സ്വന്തമായി നാലഞ്ച് കാറുകള്‍ വാടകക്ക് ഓടുന്നുണ്ട്. രണ്ട് നാഴിക ദൂരത്ത് വീടും സ്ഥലവും ഒക്കെയുണ്ട് '.

' ങും. ബാക്കീം കൂടി പറ '.

' ഒറ്റ മകളെ ഉള്ളു. അവളെ കല്യാണം കഴിച്ച് കൊടുത്തു. കുടുംബത്തോടെ ഹൈദരാബാദിലാണ് അവള്‍ '.

' അപ്പൊ ബാദ്ധ്യത ഒന്നും ഇല്ലാത്ത സുഖജീവിതം അല്ലേ '.

' ഈശ്വരന്‍ ആര്‍ക്കും തികച്ച് കൊടുക്കില്ലല്ലോ. രാമുവിന്‍റെ ഭാര്യ എട്ട് മാസം മുമ്പ് പെട്ടെന്ന് മരിച്ചു '.

' അയ്യോ. കഷ്ടം '.

' അനാഥനെ മാതിരിയാണ് കഴിയുന്നതെന്നും പറഞ്ഞ് അവന്‍ കരഞ്ഞു. രണ്ടാം കല്യാണം കഴിക്കാന്‍
വേണ്ടപ്പെട്ടോര് അവനെ നിര്‍ബന്ധിക്കുന്നുണ്ട് '.

' അത് നല്ലതന്നെ. വയസ്സാന്‍ കാലത്ത് മകള്‍ വന്ന് നോക്കുംന്ന് ഉറപ്പില്ലല്ലോ '.

' എല്ലാം കേട്ടപ്പോള്‍ നാണുമാമടെ മകള്‍ സരോജിനിടെ കാര്യം എനിക്ക് ഓര്‍മ്മ വന്നു. ഓപ്പോളുക്കും
വിശ്വേട്ടനും രാമുവിനെ അറിയും. നല്ല ഒന്നാന്തരം സ്വഭാവമാണ് എന്ന് അവരും കൂടി പറഞ്ഞപ്പോള്‍ ഞാന്‍ അവനോട് സരോജിനിയുടെ കാര്യം ഇന്ന് സംസാരിച്ചു. അവന്ന് ഇഷ്ടമാണ് എന്ന് കേട്ടപ്പോള്‍ വിവരം പറയാം എന്ന് വെച്ച് നേരെ ഇങ്ങോട്ട് പോന്നു '.

എഴുത്തശ്ശന്‍റെ മനസ്സിലൂടെ ഒരു ഇടിവാള്‍ കടന്ന് പോയത് പോലെ തോന്നി.

' എന്താ നീ പറഞ്ഞോണ്ട് വരുന്നത് '.

' കുട്ടിക്കാലം മുതല്‍ക്കേ അവള് എനിക്ക് കൊച്ച് അനുജത്തിയായിരുന്നു. സുന്ദരന്‍റെ കൂടെ അവന്‍റെ വീട്ടില്‍
ചെല്ലുമ്പോഴെല്ലാം അവള്‍ എന്‍റെ തോളത്തേക്ക് ചാടി കേറും. അന്ന് അവള്‍ക്ക് ഒന്നോ ഒന്നരയോ വയസ്സാണ്. സുന്ദരനോ നാണുമാമയോ എന്തിന് അമ്മായി വിളിച്ചാല്‍ പോലും എന്‍റെ അടുത്തിന്ന് കുട്ടി പോവില്ല. ഞാന്‍ വീട്ടിലേക്ക് പോവാന്‍ പുറപ്പെടുമ്പോള്‍ മേത്ത് നിന്ന് പിടിച്ച് വലിച്ച് എടുക്കണം. അവളുടെ കരച്ചില് കേട്ടിട്ടേ എന്നും പോവാന്‍ പറ്റു '.

എഴുത്തശ്ശന്‍ ഒന്നും മിണ്ടിയില്ല. അയാളുടെ മനസ്സിലെ സ്വപ്നങ്ങള്‍ കരിയുകയാണ്.

' അമ്മാമേ, എന്‍റെ പെങ്ങള്‍ക്ക് ഒരു ജീവിതം ഉണ്ടാക്കേണ്ടത് എന്‍റെ കടമയല്ലേ '.

ആ വാക്കുകള്‍ എഴുത്തശ്ശന്‍റെ മനസ്സില്‍ കൊണ്ടു.

' നീ പറഞ്ഞത് ശരിയാണ്. എന്നാലും '.

' രണ്ടാം കെട്ടുകാരനാണെന്ന് വിചാരിച്ചിട്ടാണോ '.

' അതല്ല '

' പിന്നെന്താ പണച്ചിലവ് ഉണ്ടാവും എന്ന് വെച്ചിട്ടാണോ. അത് കണക്കാക്കണ്ടാ. എന്‍റെ സര്‍വ്വ സ്വത്തും
അവള്‍ക്ക് വേണ്ടി ഞാന്‍ ചിലവാക്കും. എനിക്ക് ഒരു ജീവിതം ഉണ്ടാക്കി തന്നത് നാണുമാമയാണ് '.

' ശരി. കല്യാണം കഴിഞ്ഞാല്‍ നാണു നായര് ഒറ്റയ്ക്കാവില്ലേ '.

' അങ്ങിനെ വരില്ല. ഭാര്യ മരിച്ചതില്‍ പിന്നെ രാമു വീട്ടിലേക്ക് പോയിട്ടില്ലാന്നാ പറഞ്ഞത്. അത് വിറ്റ് വേറെ എവിടെയെങ്കിലും കൂടണം എന്ന് വിചാരിച്ചിരിക്കുകയാണ്. ഇവിടെ കഴിയാന്‍ അവന്ന് സന്തോഷേ ഉള്ളു '.

എഴുത്തശ്ശന്‍ ഒന്നും പറഞ്ഞില്ല.

' മുടി ഇത്തിരി പോയിട്ടുണ്ടെങ്കിലും നല്ലോണം വെളുത്തിട്ടാണ്. കാഴ്ചയ്ക്ക് അവര് നല്ല യോജിപ്പുണ്ടാവും. അതാ ഞാന്‍ ഈ ആലോചന കൊണ്ടു വന്നത് '.

'വേണൂ, ഒരു സത്യം ഞാന്‍ പറയട്ടെ ' എഴുത്തശ്ശന്‍ പറഞ്ഞു ' അവളെ നിന്നെ കൊണ്ട് കെട്ടിക്കണംന്ന് ഞാന്‍
ആലോചിക്കാന്‍ തുടങ്ങീട്ട് കുറച്ചായി. ജീവിത കാലം മുഴ്വോന്‍ നീ ഒറ്റയ്ക്കാവില്ലേ എന്നാ ഇപ്പൊഴത്തെ
എന്‍റെ സങ്കടം '.

' കൈ നീട്ടിയാല്‍ തൊടാവുന്ന അകലത്ത് എന്‍റെ മാലതിയുണ്ടല്ലോ ' എന്ന് പറയണമെന്ന് തോന്നിയെങ്കിലും
' എനിക്ക് നിങ്ങളൊക്കെയില്ലേ ' എന്നും പറഞ്ഞ് വേണു ഒഴിഞ്ഞു.

ഇളന്നീരുമായി പിന്നിലൂടെ വന്ന് എല്ലാം കേട്ടു നിന്ന ചാമി നിറഞ്ഞ കണ്ണ് തോര്‍ത്ത് മുണ്ടു കൊണ്ട് തുടച്ചു.

ഇളന്നീര് കുടിച്ച് കഴിഞ്ഞപ്പോള്‍ വേണു എഴുന്നേറ്റു.

' ഓപ്പോളോട് പറയാതെ പോന്നതാണ്. അന്വേഷിക്കുമ്പോഴേക്കും ചെല്ലട്ടെ '.

എഴുത്തശ്ശനും എഴുന്നേറ്റു.

' ഞാന്‍ പറഞ്ഞത് തെറ്റായോ അമ്മാമേ ' വേണു ചോദിച്ചു.

' ഇല്ല. ഞാന്‍ ആലോചിച്ച് വേണ്ടത് ചെയ്യാം. ധൃതി കൂട്ടണ്ടാ '.

' അത് മതി. രാമുവിനും തിരക്കില്ല. ഭാര്യ മരിച്ച് കൊല്ലം തികയട്ടെ എന്നാണ് പറഞ്ഞത് '.

' ഞാനും കൂടെ വരുന്നുണ്ട് ' എന്നും പറഞ്ഞ് ചാമി കൂടെ പുറപ്പെട്ടു.

വഴിക്ക് അവരൊന്നും സംസാരിച്ചില്ല. ചാമിയുടെ മനസ്സ് മുഴുവന്‍ വേണുവിനെ കുറിച്ചുള്ള ചിന്തകളായിരുന്നു. മുതലാളി സരോജിനിയമ്മയെ കല്യാണം കഴിച്ച് സന്തോഷത്തോടെ കഴിയുന്നത് അവന്‍ സ്വപ്നം കണ്ടിരുന്നു. അതെല്ലാം അവസാനിച്ചു. ആരും ഇല്ലാതെ കഴിയാനാവും മൂപ്പരുടെ യോഗം.

' മുതലാളി ' പെട്ടെന്ന് ചാമി വിളിച്ചു ' മരിക്കുന്നത് വരെ ഞാനുണ്ടാവും മുതലാളിക്ക് തുണക്കാരനായിട്ട് '.

ഒരു ആവേശത്തില്‍ അവന്‍ വേണുവിന്‍റെ കയ്യില്‍ കേറി പിടിച്ചു. ആ കയ്യില്‍ സ്നേഹത്തിന്‍റെ ചൂട് ഉണ്ടെന്ന് വേണു അറിഞ്ഞു.

നോവല്‍ - അദ്ധ്യായം - 101.

' മില്ലില്‍ ചെന്നിട്ട് പിത്തന ഉണ്ടാക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ നിനക്ക് ' സുകുമാരന്‍
അല്‍പ്പം ദേഷ്യത്തില്‍ തന്നെയായിരുന്നു ' അതെങ്ങനെ എവിടെ ചെന്നാലും എന്തെങ്കിലും
കുണ്ടാമണ്ടി ഉണ്ടാക്കാതെ നീ മടങ്ങി പോരാറുണ്ടോ '.

' ഇതാപ്പൊ നന്നായത് ' പാഞ്ചാലി തന്‍റെ ഭാഗം ന്യായീകരിച്ചു ' നിങ്ങള് ഉണ്ടോന്ന് നോക്കാന്‍ മില്ലില്‍
ചെന്നതാ ഞാന്‍. അവിടെ നിന്ന് ആട്ടി തല്ലി വെളിയിലാക്കിയതും പോരാ ഇപ്പൊ കുറ്റം എനിക്കായി.
ഇത് നല്ല കൊടുമ '.

' എന്നെ കാണാന്‍ അവരുടെ മില്ലിലേക്ക് ചെല്ലണ്ട ആവശ്യം എന്താ. വേറെ സ്ഥലം ഒന്നും ഇല്ലേ '.

' നിങ്ങള് മില്ലില്‍ ചെന്ന് ഇരിക്കാറുള്ളതല്ലേ. പോരാത്തതിന്ന് അയാള് നിങ്ങളുടെ ചങ്ങാതിയാണ്
എന്നല്ലേ എന്നോട് പറഞ്ഞിട്ടുള്ളത്. അതോണ്ടല്ലേ ഞാന്‍ അവിടെ ചെന്നത് '.

' ഇനി അതൊന്നും പറഞ്ഞിട്ട് ഒന്നൂല്യാ. എപ്പൊഴും ആളും ആള്‍ത്തരൂം അറിഞ്ഞ് പെരുമാറണം. ഇപ്പൊ
തന്നെ ഞാന്‍ അവന്‍റെ മുമ്പില്‍ ഒന്നും അല്ലാതായി. ഒരു വിധം അടിയും കാലും പിടിച്ചിട്ടാ പെണക്കം
മാറ്റിയത് '.

' അത്ര വലിയ പ്രമാണി ആണെങ്കില്‍ പോവാന്‍ പറയിന്‍. അവന്‍റെ ചിലവിലൊന്നും അല്ലല്ലോ നിങ്ങള്
കഴിയുണത് '.

സുകുമാരന്‍ ചുറ്റും നോക്കി. ഭാഗ്യത്തിന്ന് അടുത്തെങ്ങും ആരുമില്ല. മലമ്പള്ളയിലുള്ള ഷെഡ്ഡിലേക്ക് വരാന്‍ പറഞ്ഞിട്ട് മൂധേവി റോഡ് വക്കത്ത് കാത്ത് നില്‍ക്കുകയാണ്.

' കാറില്‍ കേറ്. നമ്മടെ പതിവ് സ്ഥലത്ത് ചെന്നിട്ട് മതി ബാക്കി വര്‍ത്തമാനം '.

മണ്ണു റോഡിലൂടെ കാര്‍ മെല്ലെ നീങ്ങി.

' നീ ആ പെണ്ണിനോട് സംസാരിച്ചോ ' സുകുമാരന്‍ ചോദിച്ചു.

' കല്യാണിടെ അടുത്തോ '.

' ങാ. അതന്നെ '.

' അതിന്ന് വയം പോലെ അവളെ കണ്ട് കിട്ടണ്ടേ '.

' നീ ഒന്ന് ഉഷാറ് വെക്ക്. എന്താ വേണ്ടേച്ചാല്‍ ചോദിച്ചോ. കാര്യം നടക്കണം '.

' അല്ല ഞാന്‍ ഒന്ന് ചോദിച്ചോട്ടെ ' പാഞ്ചാലി ചോദിച്ചു ' നാട്ടിലെ എല്ലാ പെണ്ണുങ്ങളേം നിങ്ങക്ക് വേണം
എന്ന് എന്താ ഇത്ര നിര്‍ബന്ധം '.

' അതൊക്കെ ഒരു രസം അല്ലേടി. എത്ര കാലം ഇതൊക്കെ ആയി നടക്കും. കല്യാണം കഴിഞ്ഞ്പെണ്ണും
കുട്ട്യേളും ആയാല്‍ ഒക്കെ തീരില്ലേ . പിന്നെ വല്ലപ്പോഴും കഴിഞ്ഞതൊക്കെ ആലോചിച്ച് രസിക്കാം.
അല്ലാണ്ടെ എന്താ ' സുകുമാരന്‍ പറഞ്ഞു ' ഇനി ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ. എത്ര ആണുങ്ങളുടെ
കൂടെ നീ കഴിയുന്നുണ്ട്. ഞാന്‍ അതില് വല്ല അസൂയയും കാട്ടീട്ടുണ്ടോ '.

' അതും ഇതും കൂട്ടി കൊഴക്കണ്ടാ. ഗതികേടോണ്ടാ ഞാന്‍ ഇങ്ങിനെ നടക്കുന്നത് ' ഒരു നിമിഷം അവള്‍
നിര്‍ത്തി ആരോടെന്നില്ലാതെ പറഞ്ഞു ' നിങ്ങള് ആണുങ്ങള്‍ക്ക് പെണ്ണുങ്ങളുടെ മനസ്സ് അറിയില്ല. ഏത് പൊലയാടിച്ചിടെ മനസ്സിലും ഏതെങ്കിലും ഒരു ആണിനോട് സ്നേഹം ഉണ്ടാവും. ഏത് ആണിന്‍റെ
കൂടെ കഴിയുമ്പഴും ഇഷ്ടപ്പെട്ട ആളിന്‍റെ മുഖമാണ് പെണ്ണിന്‍റെ മനസ്സില്‍ ഉണ്ടാവുക '.

ആ തത്വശാസ്ത്രം സുകുമാരന്ന് മനസ്സിലായില്ല.

+++++++++++++++++++++++++++++++++++++++++++++

' ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നിനക്ക് എന്തെങ്കിലും തോന്ന്വോ ' സങ്കോചത്തോടെയാണ് എഴുത്തശ്ശന്‍
ആ പറഞ്ഞത്.

' എന്താ അമ്മാമേ ഇത്. അമ്മാമയ്ക്ക് എന്നോട് എന്ത് വേണമെങ്കിലും പറയാലോ ' വേണു പറഞ്ഞു.

' അത് അറിയാഞ്ഞിട്ടല്ല. എന്നാലും '.

കാലത്തെ ഓപ്പോളുടെ വീട്ടിലേക്ക് പോവാന്‍ ഒരുങ്ങിയതാണ് വേണു. മരുമകന്‍റെ കല്യാണം കഴിയുന്നത്
വരെ അവിടെ കൂടണമെന്നാണ് ഉദ്ദേശം. ശബരിമലയില്‍ നിന്ന് കൊണ്ടു വന്ന പ്രസാദങ്ങളും വേണുവിന്‍റെ വസ്ത്രങ്ങളും അടങ്ങിയ പെട്ടി കളപ്പുരയുടെ തിണ്ടില്‍ ഇരിപ്പുണ്ട്.

' നോക്ക്. ഒന്നരാടം ദിവസം രാത്രി ഇങ്ങോട്ട് പോര് ' എഴുത്തശ്ശന്‍ പറഞ്ഞു ' ഇത്ര തോനെ ദിവസം നിന്നെ കാണാതെ ഇരിക്കാന്‍ എനിക്ക് വയ്യാ '.

ആ വാക്കുകളില്‍ നിറഞ്ഞ സ്നേഹം വേണുവിന്ന് മനസ്സിലായി.

' അതിനെന്താ വിരോധം. ഞാന്‍ വരാലോ '.

' എന്നാല്‍ ഇറങ്ങിക്കോ ' എഴുത്തശ്ശന്‍ പറഞ്ഞു. ചാമി പെട്ടി കയ്യിലെടുത്തു.

' എന്നാ ഇവന്‍ അങ്ങോട്ട് വരുന്നത് ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഞാന്‍ ഓപ്പോളുടെ അടുത്ത് ചോദിച്ച് വിവരം പറയാം. ഏതായാലും ഇന്ന് വിശ്വേട്ടന്‍ ഇവിടേക്ക് പമ്പ്
സെറ്റ് കൊടുത്തയക്കും. അത് വരുമ്പോള്‍ ചാമി ഇല്ലാതെ പറ്റില്ല '.

റോഡിലേക്ക് കയറാറാവുമ്പോള്‍ കിട്ടുണ്ണി കാറില്‍ പോകുന്നു. അടുത്തെത്തിയപ്പോള്‍ വാഹനം വേഗത
കുറച്ചു. കിട്ടുണ്ണി തല പുറത്തേക്കിട്ട് വേണുവിനെ ഒന്ന് നോക്കി. ഒന്നും പറയാതെ പോവുകയും ചെയ്തു.

' എന്നെ കണ്ടിട്ടാവും മൂപ്പര് കണ്ട ഭാവം ഇല്ലാതെ പോയത് ' ചാമി പറഞ്ഞു. വേണു ഒന്ന് മൂളിയതേയുള്ളു.

ചാമി തിരിച്ചെത്തുമ്പോള്‍ എഴുത്തശ്ശന്‍ കളപ്പുര തിണ്ടില്‍ തോര്‍ത്തും വിരിച്ച് കിടക്കുകയാണ്.

' കുപ്പ്വോച്ചോ, വയ്യായ എന്തെങ്കിലും ഉണ്ടോ ' അവന്‍ ചോദിച്ചു.

' ഒന്നൂല്യാ. കാറ്റും കൊണ്ട് കിടന്നതാണ് '.

' ഒരു കാളവണ്ടി ഏര്‍പ്പാടാക്കണോ പമ്പ് സെറ്റ് വെള്ളപ്പാറ കടവിന്ന് കൊണ്ടു വരാന്‍ '.

' സാധനം എത്തട്ടെ. എന്നിട്ട് മതി '.

' അധികം പഴക്കം ഇല്ലാത്തതാണെന്നാ മുതലാളി പറഞ്ഞത് '.

' മുമ്പ് കോലോത്തോരക്ക് ഒരു പമ്പ് ഉണ്ടായിരുന്നു ' എഴുത്തശ്ശന്‍ പറഞ്ഞു ' ഒരുപാട് പ്രാവശ്യം ഇവിടെ
കൊണ്ടു വന്ന് ഞാന്‍ കണ്ടിട്ടുണ്ട് '.

' ചെലപ്പൊ ഞാനും കണ്ടിട്ടുണ്ടാവും'.

' യുദ്ധത്തിന്‍റെ കാലത്ത് വാങ്ങ്യേതാത്രേ. ഇടത്തോട്ട് തിരിയുന്ന ഒരു സാധനം. കമ്പ്രഷന്‍ ഇല്ലാത്തതിന്‍റെ ഒരു
കുഴപ്പേ അതിനുള്ളു '.

ചാമി മൂളി കേട്ടു.

' അതിന്ന് എന്താ ചെയ്യാന്ന് നിനക്ക് നിശ്ചം ഉണ്ടോ. ആ പമ്പില് ഒരു കുറ്റി ഉണ്ട് . അത് ഊരി തുണ്യേക്കൊണ്ട്
ഒരു തിരി ഉണ്ടാക്കി എണ്ണ നനച്ച് അതില്‍ വെച്ച് കത്തിക്കും. എന്നിട്ട് കുറ്റി തൊളേല്‍ ഉറപ്പിച്ച് രണ്ട് മിനുട്ട് കഴിഞ്ഞ് തിരിച്ച് സ്റ്റാര്‍ട്ടാക്ക്യാല്‍ പമ്പ് നരി പിടിക്കുന്ന പോലെ പിടിക്കും '.

'പമ്പ് വന്നതും നമുക്ക് കയത്തം കുണ്ടില്‍ വെക്കണം ' ചാമി പറഞ്ഞു ' ഉള്ള വെള്ളം വറ്റുമ്പഴയ്ക്കും അടിച്ച് നിറയ്ക്കണം '.

' നീ എവിടയ്ക്കും പോണ്ടാ. പമ്പ് വരുമ്പോള്‍ ആളില്ലെങ്കില്‍ ശരിയാവില്ല '.

താന്‍ എവിടേക്കും പോവില്ലെന്ന് ചാമി സമ്മതിച്ചു.

വേണു ഗേറ്റിന്നടുത്തെത്തുമ്പോഴേക്കും കാറെത്തി. മുറ്റത്തെ മാവിന്‍ ചുവട്ടില്‍ അത് നിര്‍ത്തിയതും ഓപ്പോളും
രാധയും ഇറങ്ങി.

' ഇന്നലെ തന്നെ നീ വരുമെന്ന് നിരീച്ചു ' പത്മിനി പറഞ്ഞു ' കാണാഞ്ഞപ്പോള്‍ യാത്രാക്ഷീണം ആവുംന്ന് കരുതി '.

' എവിടേക്കാ ഇത്ര നേര്‍ത്തെ പോയത് ' വേണു ചോദിച്ചു.

' അതൊന്നും പറയണ്ടാ. ഇവളുടെ ഏട്ടന്മാരെ ക്ഷണിക്കണം. കുറച്ച് കഴിഞ്ഞാല്‍ കാറ് അച്ഛനും മകനും കൂടി
കൊണ്ടുപോകും. അതിന്ന് മുമ്പ് ആ കാര്യം നടത്താന്ന് വിചാരിച്ചു '.

' രാധയെ അവിടുന്ന് വരുമ്പൊ കൂടെ കൂട്ടി അല്ലേ '.

' അവള് നീ വന്ന് പോയതിന്‍റെ പിറ്റേന്ന് വന്നു. ഞാന്‍ തുണയ്ക്ക് കൂട്ട്യേതാ '.

വിശ്വേട്ടനും മകനും പുറപ്പെട്ട് കഴിഞ്ഞിരുന്നു.

' താന്‍ ഇരിക്ക് ' വക്കീല്‍ പറഞ്ഞു ' എനിക്ക് കോടതീല്‍ ചെല്ലുന്നതിന്ന് മുമ്പ് ഒന്ന് രണ്ട് ദിക്കില്‍ ചെല്ലാനുണ്ട്. വര്‍ത്തമാനമൊക്കെ വന്നിട്ടാവാം '.

അവര്‍ ഇറങ്ങി. സ്ത്രീകള്‍ അകത്തേക്ക് ചെന്നപ്പോള്‍ വേണു പത്രം കയ്യിലെടുത്തു.

' ഏട്ടാ , കാപ്പി കുടിക്കാന്‍ വിളിക്കുന്നൂ ' രാധ വന്ന് പറഞ്ഞു. വേണു അവര്‍ക്ക് പുറകെ ചെന്നു.

ആഹാരം വിളമ്പി പത്മിനി കാത്തിരിക്കുകയാണ്.

' നീയും ഇരുന്നോടി ' എന്ന് അവര്‍ രാധയോട് പറഞ്ഞു.'

' വേണ്ടാ, ഏട്ടന്‍റെ കഴിഞ്ഞോട്ടെ '.

' അവന്ന് നിന്‍റെ നായരെ പോലെ അങ്ങിനെത്തെ വലിപ്പൂം വല്യേ കെടേം ഒന്നും ഇല്ലാ. നീ ഇരുന്നോ ' അവര്‍ നിര്‍ബന്ധിച്ചു.

രാധ മടിച്ച് മടിച്ച് ഇരുന്നു.

' ഞാന്‍ ഇങ്ങോട്ട് പോരുമ്പോള്‍ കിട്ടുണ്ണ്യേ കണ്ടു ' വേണു പറഞ്ഞു ' എങ്ങോട്ടോ കാറില്‍ പോണൂ '.

' എന്നിട്ട് നിന്നോട് എന്തെങ്കിലും പറഞ്ഞോ ' പത്മിനി ചോദിച്ചു.

' കാറ് നിര്‍ത്തീല്ലാ. പുറത്തേക്ക് തലയിട്ട് എന്നെ നന്നായിട്ടൊന്ന് നോക്കി '.

' അവന്‍റെ പത്രാസ്സിന്ന് നീ പോരല്ലോ '.

' മക്കള് വിളിച്ച് വല്ലതും പറഞ്ഞോ ' വേണു രാധയോട് ചോദിച്ചു.

' രാധ ഇവിടെ വന്ന ശേഷം ഞാന്‍ മൂന്ന് മക്കളേം ഫോണില്‍ വിളിച്ച് കൊടുത്തു ' പത്മിനി പറഞ്ഞു 'അവര് അവളോട് എന്താ പറഞ്ഞത് എന്ന് അറിയണോ '.

' എന്താ കുട്ട്യേള് പറഞ്ഞത് '.

' മൂത്തവളെ വിളിച്ചപ്പോള്‍ അച്ഛന്ന് കാശിന്‍റെ തിമിരാണ്. ഒറ്റയ്ക്ക് ഇരുന്ന് മടുക്കുമ്പൊ തന്നെ ശരിയാവുംന്ന് പറഞ്ഞു '.

' അത് ശരി '.

' രണ്ടാമത്തെ മകള്‍ എനിക്ക് ഇതിലൊന്നും പറയാനില്ല എന്നാ പറഞ്ഞത്. വയസ്സ് കാലത്ത് ഒന്നിച്ചിരിക്കാന്‍
വയ്യെങ്കില്‍ നിങ്ങളായി, നിങ്ങളുടെ പാടായി. ഞാന്‍ തിരിഞ്ഞ് നോക്കില്ലാന്ന് പറഞ്ഞു '.

' അപ്പോള്‍ ഡോക്ടറോ '.

' രണ്ടാളും കൌണ്‍സിലിങ്ങിന്ന് ചെല്ലണം എന്നാ അവളുടെ അഭിപ്രായം '.

' ചുരുക്കത്തില്‍ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ആരും ഇല്ലാന്ന് ചുരുക്കം '.

' എന്നാ എനിക്കും തോന്നുന്നത് '.

' ഓപ്പോളേ, ഇത് ഇങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ. ഞാന്‍ ഇപ്പൊ എന്താ വേണ്ടത് ' വേണു ചോദിച്ചു.

' കാപ്പി കുടി കഴിഞ്ഞില്ലേ. ഇനി ഉമ്മറത്ത് ചെന്നിരുന്ന് പേപ്പറ് വായിക്ക് '.

പത്മിനി ആ പറഞ്ഞത് കേട്ടപ്പോള്‍ രാധയ്ക്ക് ചിരി പൊട്ടി.