അദ്ധ്യായം 71-80

 അദ്ധ്യായം - 71.


പിറ്റേന്ന് ആദ്യത്തെ ബസ്സിന്നുതന്നെ വേണു പുറപ്പെട്ടു. വക്കിലിനോട് കാര്യം പറഞ്ഞ് എങ്ങിനേയെങ്കിലും സംഗതി ശരിപ്പെടുത്തണമെന്ന് ശട്ടം കെട്ടിയിട്ടാണ് എഴുത്തശ്ശന്‍ വേണുവിനെ അയച്ചത്. പണിക്കാരി ഗെയിറ്റ് തുറന്ന് മുറ്റമടിക്കാന്‍ തുടങ്ങുന്നതേയുള്ളു. അവള്‍ പരിചയം കാണിച്ച് പുഞ്ചിരിച്ചു.


''ഓപ്പോള്‍ അമ്പലത്തിലിക്കോ മറ്റോ പോയിട്ടുണ്ടോ''.


''ഇല്ല. ഇപ്പൊ എണീറ്റിട്ടേള്ളു''. വേണു വന്നവിവരം പറയാനായി അവള്‍ അകത്തേക്ക് പോയി. ഉമ്മറത്ത് പത്രങ്ങള്‍ അടുക്കിവെച്ചിട്ടുണ്ട്. അയാള്‍ അതില്‍നിന്ന് ഒരെണ്ണമെടുത്തു.


''എന്താടാ വിശേഷിച്ച്. അവന്‍ നിന്നെ വല്ലതുംപറഞ്ഞ്വോ''പത്മിനി വന്നത് അങ്ങിനെ ചോദിച്ചുകൊണ്ടാണ് .


"ആര്. ഓപ്പോള് ആര്യാ ഉദ്ദേശിച്ചത്''.


''കിട്ടുണ്ണി തമ്പുരാന്‍. അല്ലാതാരാ''.


''ഏയ്. ഞങ്ങള് തമ്മില്‍ കണ്ടിട്ടില്ല''.


''കുറെ സമാധാനം''.


''എന്താ ഓപ്പോളേ അങ്ങനെ ചോദിച്ചത്''.


''ഒക്കെ പറയാനുണ്ട്. ഞാന്‍ കുളിച്ച് വിളക്കുവെക്കട്ടെ. വിശ്വേട്ടന്‍ യോഗ കഴിഞ്ഞ് വരാറായി. പേപ്പറ് വായന കഴിഞ്ഞ് കുളിച്ചുവരുമ്പഴക്കും പൂജാമുറീല് വിളക്ക് കാണണം. ഇല്ലെങ്കില്‍ ദേഷ്യം വരും''. അധികം വൈകാതെ വക്കീലെത്തി.


''വിശേഷിച്ചൊന്നും ഇല്ലല്ലോ''അയാള്‍ ചോദിച്ചു. വേണു എഴുത്തശ്ശന്‍ പറഞ്ഞയച്ച കാര്യങ്ങള്‍ വിശദീകരിച്ചു.


''ഇതില് അത്രവല്യേ പ്രശ്നോന്നും ഇല്ല. അയാള്‍ വിലകൊടുത്തു വാങ്ങ്യേ സ്ഥലം അവര്‍ക്ക് കൊടുത്തോട്ടെ''വക്കീല്‍ പറഞ്ഞു''പണം കൊടുത്തിട്ടാണ് വാങ്ങ്യേതെന്ന് ആധാരത്തില്‍ കാണിച്ചാ മതി. എന്നിട്ട് അവരുടേന്ന് പണം വാങ്ങാതിതിരിക്യാ. അതുപോരേ''. അങ്ങിനെ ചെയ്യിക്കാമെന്ന് വേണു ഏറ്റു.


''കിട്ടുണ്ണി ഇന്നലെ വന്നിട്ടുണ്ടായിരുന്നു. പെങ്ങളുമായി ഒന്നും രണ്ടും പറഞ്ഞ് പിണങ്ങിപ്പോയി''.


''ഓപ്പോള്‍ക്ക് അവന്‍റെ ശീലം അറിയില്ലേ''വേണു പറഞ്ഞു''അവനോട് അതിനനുസരിച്ച് നിന്നാല്‍ കൂട്ടം കൂടാതെ കഴിക്കായിരുന്നല്ലോ''.


''എനിക്കതിന് സൌകര്യം ഇല്ലെങ്കിലോ''എന്ന് ചോദിച്ചുംകൊണ്ടാണ് പത്മിനി ചായയുമായി വന്നത് ''അവന്‍റെ കൂട്ടംകേട്ടപ്പോള്‍ ആട്ടി പടി കടത്താനാണ് തോന്ന്യേത്. വിശ്വേട്ടനെ ആലോചിച്ച് മാത്രാണ് ഞാന്‍ മിണ്ടാതിരുന്ന്''.


''എന്താ ഓപ്പോളേ അവന്‍ പറഞ്ഞത്''.


''അമ്മാമന്‍റെ സ്ഥാനത്ത് അവന്‍ നില്‍ക്കണംച്ചാല്‍ മറ്റാരും പാടില്ലാന്ന് പറഞ്ഞു''.


''അതിനാരും ഇവിടെ വരാനില്ലല്ലോ''.


''ഇല്ലേ. പിന്നെ നീ ആരാ''.


''അവന്‍ എന്നെ അങ്ങിനെ പറയില്ല''.


''മണ്ടശ്ശിരോമണി. നിന്നെ തന്ന്യാ അവന്‍ പറഞ്ഞത്. നീ വന്നാല്‍ അവന്‍ വരില്ലാന്ന് പറഞ്ഞു''.


''അങ്ങിനെയാണച്ചാല്‍ അവന്‍ വന്നോട്ടെ. ഞാന്‍ വരുണില്യാന്ന് വെച്ചാ പോരെ''.


''അത് പറ്റില്ല. എനിക്ക് നിന്നെ കഴിച്ചേ അവനുള്ളു. കാര്യം ഒരുവയറ്റില് കിടന്നതാണെങ്കിലും എന്നും അവനെന്നെ വേദനിപ്പിച്ചിട്ടേ ഉള്ളു. എന്നെ സ്നേഹിച്ചത് നീയാണ്''.


''ഞാന്‍ നാട്ടിലിക്ക് വന്നത് അബദ്ധം ആയീന്ന് തോന്നുണു''.


''ഒരു അബദ്ധൂല്യാ. ഇഷ്ടപ്പെട്ടിട്ടൊന്ന്വോല്ല അവനെ വിളിച്ചത്. ഉമ്മറപ്പടി കേറുമ്പഴക്കും ഓരോനിയമങ്ങള്‍ പറയാന്‍തുടങ്ങി. എന്തായാലും ഒടുക്കം തമ്മില്‍തല്ലീട്ടേ പിരിയൂ. അത് ഇത്തിരി നേരത്തെ ആയി''.


''നമ്മളടെ ഭാഗത്ത് ഒരുതെറ്റൂല്യാ''വക്കീല്‍ പറഞ്ഞു''നമ്മള് ചെന്ന് വിളിച്ചു. വന്നു നടത്തി തരണ്ടത് അയാളടെ ചുമതല. അയാളത് ചെയ്തില്ലെങ്കില്‍ വേണ്ടാ''.


''ഞാന്‍ ചെന്ന് ഒന്നുംകൂടി പറയണോ''വേണു ചോദിച്ചു.


''അങ്ങിനെ കിഴിഞ്ഞ് കാലുപിടിക്കാനൊന്നും പോണ്ടാ''എന്ന് പത്മിനി മറുപടി പറഞ്ഞു. 


''അതന്യാ എന്‍റീം അഭിപ്രായം''വക്കീല്‍ ഭാര്യയെ അനുകൂലിച്ചു.


വക്കീല്‍ ദിനചര്യകളിലേക്ക് കടന്നു, പത്മിനി വീട്ടുകാര്യങ്ങളിലേക്കും. വേണു തനിച്ചായി.


***********************************


രാത്രി മുഴുവന്‍ ഓരോന്ന് ആലോചിച്ച് കിടപ്പാണ്. ഈശ്വരാ, ഇങ്ങിനെ ഒരു വിധി ഞങ്ങള്‍ക്ക് വരുത്ത്യേലോ എന്ന് ആലോചിക്കുമ്പോഴേക്കും  സങ്കടം വരും. മകള്‍ കാണാതെ വിങ്ങിക്കരയും. അവളെ വേദനിപ്പിക്കാന്‍ പാടില്ല. രണ്ട് രാത്രിയും ഒരു പകലും എങ്ങിനെ പോയി എന്നറിയില്ല. 


നേരം പുലര്‍ന്നതേയുള്ളു. അയാള്‍ പുറപ്പെട്ടു. അമ്പലകുളത്തില്‍ കുളിച്ച് അയ്യപ്പനെ നന്നായി തൊഴുത് പ്രാര്‍ത്ഥിക്കണം. അദ്ദേഹം അല്ലാതെ ആരാ സഹായിക്കാനുള്ളത്. പിന്നെ വേണുവിനേയും എഴുത്തശ്ശനേയും ചെന്നു കാണണം. പേടിക്കണ്ടാ, ഒക്കെ ശരിയാക്കാം എന്നു പറഞ്ഞ് പോയതാണ് അവര്‍ .


എഴുത്തശ്ശന്‍ കുളകടവില്‍ തന്നെയുണ്ട്. ഉടുത്തമുണ്ട് കുത്തിപ്പിഴിയുന്ന തിരക്കില്‍ അയാള്‍ നാണുനായരെ കണ്ടില്ല. ഒന്നു ചുമച്ച് നായര്‍ തന്‍റെ സാന്നിദ്ധ്യം അറിയിച്ചു.


''തന്‍റെ കാര്യം ആലോചിച്ചോണ്ടിരിക്കുമ്പഴാ താന്‍ എത്ത്യേത്'' എഴുത്തശ്ശന്‍ പറഞ്ഞു.


''എവിടെ നമ്മടെ വേണു''നായര്‍ അന്വേഷിച്ചു.


''അവന്‍ പെങ്ങളടെ വീട്ടിലിക്ക് പോയി''.


''വിശേഷിച്ച് എന്തെങ്കിലും''.


''അതൊക്കെ പറയാം. നിങ്ങളിന്നലെ എവിട്യായിരുന്നു''.


''എന്താ വേണ്ട്ന്ന് ഒരുനിശ്ചം ഇല്ലാതെ മനോവേദനീം തിന്ന് ഇരുന്നു. വീട്ടിന്ന് വെളീല് ഇറങ്ങീട്ടില്ല''.


''മനസ്സ് വേദനിച്ചിട്ട് ഇനി എന്താകാര്യം. ഒന്നും ആലോചിക്കാതെ നിങ്ങള് ഓരോന്ന് ചെയ്യും. വെറും മുദ്രകടലാസില് ഒപ്പിട്ട് കൊടുത്തൂന്ന് അന്ന് പറഞ്ഞപ്പഴേ വേണു പറഞ്ഞതാ എന്തെങ്കിലും കൊഴപ്പം ഉണ്ടാവുംന്ന്. അപ്പൊ എന്താ പറഞ്ഞത്. അങ്ങിനെ ഒന്നും വരില്ലാന്ന്. എന്നിട്ടെന്തായി''.


''അതൊന്നും പറഞ്ഞിട്ട് കാര്യൂല്യാ. അവനോന്‍റെ ആള്‍ക്കാര് ചതിക്കുംന്ന് ആരെങ്കിലും കരുത്വോ''.


''കാലം അങ്ങിനത്തതാ. പത്ത് കാശ് കിട്ടുംന്ന് വെച്ചാല്‍ ഒരാളെ കൊല്ലാനും മടിക്കില്ല''.


''ഇപ്പൊ അത് ബോദ്ധ്യായി''.


''ഇന്യേങ്കിലും സൂക്ഷിച്ച് പെരുമാറിന്‍''.


''ഇനി എന്താ സൂക്ഷിക്കാന്‍. പറഞ്ഞ അവധി കഴിഞ്ഞാല്‍ അവര് ചട്ടീം കലൂം വാരി പുറത്തിടും. ഒന്നുകില്‍ വല്ല പീടികതിണ്ണ, അല്ലെങ്കിലോ അഞ്ചാറ് മഞ്ഞറളിക്കായ അരച്ച് കലക്കി രണ്ടാളുംകൂടി കുടിക്ക്യാ''.


''അപ്പഴും വേണ്ടാത്ത ബുദ്ധ്യേ നിങ്ങള്‍ക്ക് വരൂ''.


''അല്ലാണ്ടെ ഞാന്‍ എന്താ ചെയ്യാ. നിങ്ങളന്നെ പറയിന്‍. കയ്യില്‍ ചില്ലി കാശില്യാ. വേറെ സ്വത്തോ മുതലോ ഒന്നൂല്യാ. മേപ്പട്ടക്ക് നോക്ക്യാല്‍ ആകാശം, കീപ്പട്ട് നോക്ക്യാല്‍ ഭൂമി. അതല്ലേ എന്‍റെ അവസ്ഥ''.


''സ്ഥലൂം വീടും ഒക്കെ ഉണ്ടാവും. പക്ഷെ അത് മകളടെ പേരിലാവും, നിങ്ങളടെ പേരിലാവില്ല''.


''എന്തൊക്ക്യാ നിങ്ങള് ഈ പറയുണ്''. എഴുത്തശ്ശന്‍ നായരോട് ഉദ്ദേശം വെളിപ്പെടുത്തി. ആ കാര്യത്തിന്നാണ് വേണുപോയത് എന്നറിഞ്ഞതോടെ വേനല്‍മഴ പെയ്തിറങ്ങിയ മണ്ണിനെപോലെ നായരുടെ മനംകുളിര്‍ത്തു.


''എന്‍റെ അയ്യപ്പാ''ആ സാധു അമ്പലത്തിന്നുനേരെ നോക്കി തൊഴുതു


''എന്താ ഞാന്‍ പറയണ്ട്''തിരിഞ്ഞ് എഴുത്തശ്ശനോടായി അയാള്‍ പറഞ്ഞു ''നിങ്ങള്‍ക്ക് കോടികോടി പുണ്യം കിട്ടും'' .


''അത് നിങ്ങളന്നെ വെച്ചോളിന്‍. മൊടക്കം കൂടാതെ വേഗം സംഗതി കൈ കൂടി കിട്ടാന്‍ നല്ലോണം പ്രാര്‍ത്ഥിക്കിന്‍''. കുളികഴിഞ്ഞ് സുഹൃത്തുക്കള്‍ അമ്പലത്തിലേക്ക് നടന്നു.


നോവല്‍ - അദ്ധ്യായം 72.


ദീപാരാധന തൊഴാന്‍ എത്തണം എന്ന ആലോചനയിലാണ് വേണു മടങ്ങി വന്നത്. ബസ്സിറങ്ങി മെല്ലെ നടന്നു. കുറച്ചുദിവസമായി കാലിന്ന് അല്‍പ്പം വേദന തോന്നാന്‍ തുടങ്ങിയിട്ട്.


''എന്താ വേണ്വോ നിനക്ക് മുമ്പത്തേക്കാളും നൊണ്ടല് കൂടീട്ടുണ്ടോ''എന്ന് ഇടയ്ക്ക് എഴുത്തശ്ശന്‍ ചോദിക്കും. കാലം ഏറെ കഴിഞ്ഞിട്ടും പണ്ടത്തെ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ കാല് വല്ലപ്പോഴും പണിമുടക്കാറുണ്ട്. അത്താണിയുടെ അടുത്തെത്തുമ്പോള്‍ കിട്ടുണ്ണി എതിരെ വരുന്നു. ഏതോ രണ്ടുപേര്‍ കൂടെയുണ്ട്. വേണു അവരെനോക്കി ചിരിച്ചു. കിട്ടുണ്ണി നിന്നു.


''കുറച്ചു ദിവസായി നിങ്ങളോട് രണ്ട് വര്‍ത്തമാനം പറയണംന്ന് വെച്ചിട്ട്'' കിട്ടുണ്ണി പറഞ്ഞു.


''എന്താ കാര്യം''വേണു ചോദിച്ചു.


''ഞങ്ങള് ആങ്ങളീം പെങ്ങളീം തമ്മില്‍ തെറ്റിക്കാന്‍ നടക്ക്വാണോ നിങ്ങള്''.


''എന്താ നീ പറയുണ്. ഞാന്‍ ഒന്നിനും പോയിട്ടില്ല. ഇനി അങ്ങിനത്തെ ഒരു കാര്യത്തിനൊട്ട് പോവും ഇല്ലാ''.


''പിന്നെ ഇങ്ങനീണ്ടോ ഒരു മഹാന്‍. വക്കീലേട്ടന്‍റെകൂടെ നിങ്ങള് വീട്ടില് ക്ഷണിക്കാന്‍ വന്നപ്പഴേ ഞാന്‍ ആലോചിച്ചതാ''അയാള്‍ പറഞ്ഞു'' ഞാന്‍ ഇന്നലെ അവിടെ ചെന്നപ്പൊ പുഴുപ്പട്ട്യേ ആട്ടുണതുപോലെ അവരെന്നെ ആട്ടിയിറക്കി''. 


രാവിലെ ഓപ്പോള്‍ എല്ലാം പറഞ്ഞതാണ്. സ്വന്തം വായിലെ നാവിന്‍റെ ദോഷം കാരണം സംഭവിച്ചതാണ്. എന്നിട്ട് കുറ്റം മറ്റുള്ളവര്‍ക്കും.


''നീ ഒരാവശ്യൂം ഇല്ലാണ്ടെ എന്നെ കുറ്റപ്പെടുത്ത്വാണ്''.


''എനിക്കെല്ലാം നന്നായിട്ടറിയാം. ഒരുകാര്യം ഞാന്‍ ഇപ്പഴേ പറയാം. വല്ല കുണ്ടാമണ്ടീം ഉണ്ടാക്ക്യാല്‍ എന്‍റെ ശരിക്കുള്ള സ്വഭാവം താനറിയും''.


കിട്ടുണ്ണി കൂടെയുള്ളവരോടൊപ്പം നടന്നുനീങ്ങി. എന്തെന്നറിയാതെ വേണു കളപ്പുരയിലേക്കും.


******************************


''എന്താണ്ടാ ചാമ്യേ, നിന്‍റെ മുതലാളീനെ ആ കിട്ടുണ്ണിമാഷ് വഴീല് വെച്ച് വക്കാണിച്ചൂന്ന് പറഞ്ഞുകേട്ടല്ലോ''ബീഡിവാങ്ങാന്‍ പീടികയില്‍ചെന്ന ചാമിയോട് ശങ്കരന്‍ ചോദിച്ചു.


''എന്താ സംഗതി''.


''നിന്‍റെ മുതലാളി മാഷടെ പെങ്ങളീം അയാളിംകൂടി പറഞ്ഞുതെറ്റിച്ചൂന്നോ എന്തോ പറഞ്ഞിട്ടാണ് വക്കാണിച്ചത് എന്നാ കേട്ടത്''.


''ആരാ നിന്നോടിത് പറഞ്ഞത്''.


''മാഷടെകൂടെ ഉണ്ടായിരുന്ന കുറിപിരിവുകാരന്‍ മൂത്താര് ഇതുംപറഞ്ഞ് ദാ ഇപ്പൊ ഇവിടുന്ന് പോയിട്ടേള്ളു''.


''എന്‍റെ മുതലാളി അങ്ങിനത്തെ ആളല്ലാ. മൂപ്പരും ഉണ്ട് , മൂപ്പരുടെ കാര്യൂം ഉണ്ട്. ഒരാളുടെ അടുത്ത് ഒന്നിന്നും ചെല്ലില്ല, വേണ്ടാത്തകൂട്ടം കൂടാറൂല്യാ''.


''അതൊന്നും എനിക്കറിയില്ല. മേലാല്‍ എന്തെങ്കിലും കാട്ട്യാല്‍ മാഷ് നിന്‍റെ മുതലാള്യേ പാഠം പഠിപ്പിക്കുംന്ന് പറഞ്ഞിട്ടാത്രേ പോയത്''. എന്നാല്‍ എനിക്കതൊന്ന് കാണണമെന്ന് ചാമിയും കരുതി.


**************************************


''മാഷുണ്ടോ ഇവിടെ''ഉമ്മറത്തുകണ്ട രാധയോട് ചാമി ചോദിച്ചു.


''ഇല്ലാ. ഒരുസ്ഥലംവരെ പോയതാണ്''.


''എപ്പഴാ വര്വാ''.


''എത്താറായി''.


ശരി എന്നു പറഞ്ഞ് ചാമി പുറത്തിറങ്ങി. പാതയില്‍നിന്നും കിട്ടുണ്ണിയുടെ വീട്ടിലേക്ക് തിരിയുന്ന ദിക്കില്‍ ചാമി നിന്നു. ഏറെ നേരം ആവുന്നതിന്നു മുമ്പ് കിട്ടുണ്ണിയെത്തി.


''മാഷേ, ഒന്നവിടെ നിക്കിന്‍''ചാമി പറഞ്ഞു''നിങ്ങള് എന്‍റെ മുതലാള്യോട് എന്തോ പറഞ്ഞൂന്ന് കേട്ടു. എന്താ സംഗതി''.


''എനിക്ക് തോന്നിയത് ഞാന്‍ ആരോടും പറയും. താനാരാ ചോദിക്കാന്‍''.


''ഞാനാരോ ആവട്ടെ. ആ സാധൂനെ വെറുതെ വല്ലതും പറയണോ. ആ അപ്പാവി അതിന്‍റെ പാടുംനോക്കി കഴിഞ്ഞോട്ടെ''.


''ഞാനും നിന്‍റെ മുതലാളീം തമ്മിലുള്ളത് ഞങ്ങള് തമ്മില്‍ തീര്‍ത്തോളാം. കൂലിപ്പണിക്ക് വരുണ കൊമ്പാളന്‍ അതില് ഇടപെടാന്‍ വരണ്ടാ''.


''നിന്നെ ഞാന്‍ ഇത്രകാലം മാഷ് എന്നാ വിളിച്ചിട്ടുള്ളത്. ഇനി അതില്ല'' ചാമിയുടെ സ്വരം ഉയര്‍ന്നു''എടാ, നായരേ. ഞാന്‍ കൊമ്പാളന്‍ തന്ന്യാ. സമ്മതിച്ചു. പക്ഷെ  നിണക്ക് നീ ആരോ ആണ് എന്ന തെമ്പുണ്ട്. അതാ കൂലിപ്പണിക്കാരന്‍ മോശക്കാരനാണ് എന്ന് നിണക്ക് തോന്നുണത്. ആ കണ്ണുത്തെളിവ് എന്‍റടുത്ത് വേണ്ടാ. ഇനി എന്‍റെ മൊതലാള്യേ വല്ലതും പറഞ്ഞാല്‍ നീ വിവരോറിയും''.


''ഒന്നും അറിയാനില്ല. എനിക്ക് തോന്ന്യാല്‍ ഇനീം ഞാന്‍ പറയും


''അത് മനസ്സില്‍ വെച്ചാ മതി. മുതലാളി പാവാണെന്ന് കണ്ട് ഒരുപാട് മേക്കെട്ട് കേറാന്‍ നിക്കണ്ടാ. തടി വെടക്കാവും''.


''പിന്നെ പിന്നെ. അതിന് ഈ നാട്ടില് ആണുങ്ങള് വേറെ ജനിക്കണം''.


''അത് വെറും തോന്നലാണ്. ആണാണെങ്കില്‍ നീ ഒന്നുംകൂടി മൊതലാള്യേ വല്ലതുംപറഞ്ഞുനോക്ക്. നാട്ടില് ആണുങ്ങളുണ്ടോന്ന് അപ്പൊ അറിയാ''.


''എന്നാ നീ കേട്ടോ. നിന്‍റെ മുതലാളി വേണു ഒന്നിനുംകൊള്ളാത്ത ആണും പെണ്ണും കെട്ടവനാണ്. എന്താ നീ ചെയ്യാ. ഞാനൊന്ന് കാണട്ടെ''. 


ചാമിക്ക് അത്രയേ വേണ്ടിയിരുന്നുള്ളു. തന്‍റെ ആണത്തത്തിനെതിരായ വെല്ലുവിളിയാണത്. പകരം ചോദിക്കാതെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. കിട്ടുണ്ണി ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. കിട്ടുണ്ണിയുടെ അടിവയറ് നോക്കി ചാമി ഒറ്റചവിട്ട്. അയാള്‍ പാതയില്‍നിന്നു തെറിച്ച് താഴെ പാടത്ത് ചെന്നുവീണു.


''ഇപ്പൊ അറിഞ്ഞോ നാട്ടില് ആണുങ്ങള് ഉണ്ടെന്ന്''ചാമി ചോദിച്ചു.


കിട്ടുണ്ണി പിടഞ്ഞെഴുന്നേറ്റു. വസ്ത്രം മുഴുവന്‍ ചേറില്‍ മുങ്ങിയിട്ടുണ്ട്. തന്‍റെ നിലയും വിലയും എല്ലാം നഷ്ടപ്പെട്ടതായി അയാള്‍ക്ക് തോന്നി.


''നിന്നെ ഞാന്‍''അയാള്‍ പറഞ്ഞുനിര്‍ത്തി.


''പോലീസില്‍ കൊടുക്കുംന്നല്ലേ. പറ്റുംച്ചാല്‍ ചെയ്തോ. പക്ഷെ തിരിച്ച് ഞാന്‍ ഇറങ്ങിവന്നാലുണ്ടല്ലോ, ഈ കത്തി നിന്‍റെ പള്ളേല് കേറ്റും. ആ സെക്കണ്ടില് നെന്‍റെ ഉശിറ് കശപിശോന്ന് പോവും''.


''എന്നെ കുത്തിക്കൊന്നിട്ട് നിനക്ക് സുഖായി കഴിയാന്ന് കരുതുണുണ്ടോ''.


''നായരേ, നിനക്ക് ഭാര്യീം കുട്ട്യേളും പേരക്കുട്ട്യേളും സന്തുബന്ധുക്കളും കാറും വല്യേപത്തായപ്പുരേം നാട് നെറയെ ഭൂമീം കാശും ഒക്കീണ്ട്''ചാമി പറഞ്ഞു''എനിക്ക് അപ്പനൂല്യാ, അമ്മീല്യാ, കെട്ട്യോളൂല്യാ, കുട്ട്യേളൂല്യാ, മക്കളൂല്യാ. കേസ്സ് കഴിഞ്ഞിട്ട് എന്നെ കയറില്‍ തൂക്ക്യാല്‍ സങ്കടപ്പെടാനും ആളില്യാ. പോയാ നിനക്ക് പോയി. എനിക്ക് പോവാനൊന്നൂല്യാ''.


മേല്‍പ്പോട്ടും കീഴ്പ്പോട്ടും നോക്കാത്ത ഒരുവനാണ് എതിരാളിയെന്ന് കിട്ടുണ്ണിക്ക് മനസ്സിലായി. ഇവനോട് വേണ്ടാത്തതിന്ന് നിന്നാല്‍ നഷ്ടം തനിക്കാവും.


''ഇനി ഞാന്‍ ആ മൂപ്പരോട് ഒന്നിനും നില്‍ക്കില്ല. അതുപോരെ''അയാള്‍ ചോദിച്ചു.


''പോരാ''ചാമി പറഞ്ഞു''നാളെ രാവിലെ നിങ്ങള് ചെന്ന് മൂപ്പരെ കാണണം. എന്നിട്ട് ഇന്ന് വേണ്ടാത്തത് പറഞ്ഞതിന്ന് തെറ്റ് പറയണം''.


അത് മാനക്കേടാവും എന്ന് കിട്ടുണ്ണി ഓര്‍ത്തു. അയാള്‍ ഒന്നും മിണ്ടിയില്ല.


''പറ്റില്ലാന്നുണ്ടോ''ചാമി ചോദിച്ചു''ഇന്ന് കിട്ട്യേത് നമ്മള് രണ്ടാളും മാത്രേ അറിഞ്ഞിട്ടുള്ളു. ബാക്കീള്ളത് നാലാള് കാണച്ചലെ ഞാന്‍ തരും''.


''ശരി ഞാന്‍ ചെന്ന് തെറ്റുപറഞ്ഞോളാം''കിട്ടുണ്ണി ഏറ്റു.


''അതാ നല്ലത്''. ചാമി വടക്കോട്ട് നടന്നു. അവന്‍ പോവുന്നതും നോക്കി കിട്ടുണ്ണിനിന്നു. ഇരുള്‍ പരന്നുതുടങ്ങി. അയാള്‍ മെല്ലെ വീട്ടിലേക്കുനീങ്ങി.


 അദ്ധ്യായം 73.


''അമ്മാമേ, ഞാന്‍ മദിരാശീലിക്ക് മടങ്ങി പോവ്വാണ്''വക്കീലിനെ കാണാന്‍പോയി മടങ്ങിവന്നതും വേണു എഴുത്തശ്ശനോട് പറഞ്ഞു.


''ഇതെന്താ ഇത്ര പെട്ടെന്ന് ഇങ്ങനെ തോന്നാന്‍''.


''ഒന്നൂല്യാ. വെറുതെ ആള്‍ക്കാരടെ കണ്ണില്‍ കരടായിട്ട് എന്തിനാ ഇവിടെ കഴിയുണ്''.


''എനിക്കൊന്നും മനസ്സിലാവുണില്യാ. എന്താച്ചാല്‍ നീ തുറന്നുപറയ്''.


''ഞാന്‍ ഇവിടെ വരുണതിന്ന് മുമ്പോ അതിന്ന് ശേഷോ കിട്ടുണ്ണിടടുത്ത് ഒന്നിനും പോയിട്ടില്ല. പക്ഷെ അവന് എന്നോടെന്തോ പകീള്ള  മട്ടിലാണ് പെരുമാറ്റം''.


''അതിന് നിനക്കെന്താ. കണ്ടില്യാ കേട്ടില്യാന്നുവെച്ച് ഇരുന്നാ പോരെ''.


''അതിനും സമ്മതിക്കുണില്ലല്ലോ'' വഴിയില്‍വെച്ച് കിട്ടുണ്ണിയെ കണ്ടു മുട്ടിയതും അവന്‍ ക്ഷോഭിച്ച് സംസാരിച്ചതും വേണു വിസ്തരിച്ചു.


''അമ്മാമ അറിയ്വോ. ഓപ്പോളോട് മകന്‍റെ കല്യാണനിശ്ചയത്തിന് അവനെ വിളിക്കണംന്ന് ഞാനാ പറഞ്ഞത്. അതിന് അവരെന്നോട് ദേഷ്യപ്പെട്ടു. എന്നിട്ടും എനിക്കാ കുറ്റം''.


''ഞാന്‍ പറഞ്ഞില്ലേ, നീ മിണ്ടാണ്ടിരി. തനി കഴുവേറ്യാണ് അവന്‍''.


''കണ്ടാലല്ലേ കുറ്റംപറയൂ. കാണാത്ത ദിക്കില് കഴിഞ്ഞാ പിന്നെ പ്രശ്നം ഉണ്ടാവില്ലല്ലോ''.


''ആരെങ്കിലും എന്തെങ്കിലും പറഞ്ഞൂന്ന് വെച്ച് നീ അങ്ങിനെ നാടുവിട്ട് പോവ്വോന്നും വേണ്ടാ. നമുക്കും നാലാളുണ്ടാവും ഭാഗം പറയാന്‍''.


''ഞാന്‍ എന്നും അവനെ സ്നേഹിച്ചിട്ടേള്ളു. ചോദിക്കുമ്പോക്കെ എന്‍റെ കയ്യിലുള്ളത് കൊടുത്തിട്ടൂണ്ട്. എന്നിട്ടും എന്നോടവന്‍ വിദ്വേഷം മാത്രേ കാട്ടാറുള്ളു''.


''നീ ക്ഷമിയ്ക്ക്. ആ കള്ളനോട് ഞാന്‍ ചോദിക്കാം. അവന്‍റെ തെമ്പൊന്നും എന്‍റടുത്ത് നടക്കില്ല''.


അസ്വസ്ഥമായ മനസ്സോടെ വേണു ഇരുന്നു. തലയ്ക്ക് കയ്യുംവെച്ച് തിണ്ടിലെ പുല്ലുപായില്‍ എഴുത്തശ്ശന്‍ കിടന്നു. പക്ഷികള്‍ കൂട്ടമായി ചേക്കേറാന്‍ പോയിത്തുടങ്ങി. അകലെ തെളിഞ്ഞ ആകാശത്തിന്‍റെ പടിഞ്ഞാറെ ചെരുവില്‍ ചെഞ്ചായംകൊണ്ട് വരച്ചിട്ട ചിത്രങ്ങളെല്ലാം മങ്ങിക്കഴിഞ്ഞു. വെള്ളപ്പാറകടവിന്നപ്പുറത്ത് തെരുവ് വിളക്കുകള്‍ പ്രകാശം ചൊരിഞ്ഞു. കയ്യിലേന്തിയ ബാറ്റണ്‍ പകല്‍ രാത്രിയ്ക്ക് കൈ മാറാനൊരുങ്ങി.


''ദീപാരാധനടെ സമയംകഴിഞ്ഞു. നിന്‍റെ കാര്യം ആലോചിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല. നമുക്ക് നടയടയ്ക്കുംമുമ്പ് പോയി തൊഴുതിട്ട് വരാം''  എഴുത്തശ്ശന്‍ എഴുന്നേറ്റു. ടോര്‍ച്ചുമായി വേണു അയാളുടെകൂടെയിറങ്ങി. അമ്പലത്തില്‍നിന്ന് മിക്കവരും പോയികഴിഞ്ഞു.


''എന്തേ വരാന്‍ വൈക്യേത്. നട അടയ്ക്കാറായി. ഇന്ന് വരുണുണ്ടാവില്ല എന്നു കരുതി''വാരിയര്‍ ലോഹ്യംപറഞ്ഞു.


''ഭഗവാനേ, ആര്‍ക്കും എന്നോട് അപ്രിയം തോന്നരുതേ''ദീപപ്രഭയില്‍ മുങ്ങിനില്‍ക്കുന്ന ദേവനെ നോക്കി വേണു പ്രാര്‍ത്ഥിച്ചു. കളപ്പുരയില്‍ തിരിച്ചെത്തുമ്പോള്‍ ചാമി എത്തിയിരിക്കുന്നു. ഉമ്മറത്ത് കമ്പിറാന്തല്‍ കത്തിച്ചുവെച്ചിട്ടുണ്ട്. ഇരുവരും അകത്തേക്കുചെന്നു. അടുപ്പില്‍വെച്ച അലുമിനിയം പാത്രത്തിന്നടിയില്‍ തീനാമ്പുകള്‍ താളംചവിട്ടുകയാണ്.


''നീ എപ്പഴേ എത്ത്യേ''എഴുത്തശ്ശന്‍ ചാമിയോട് ചോദിച്ചു.


''ഇത്തിരി നേരായി. വന്നതും കഞ്ഞിയ്ക്ക് അരീട്ടു''.


''അത് നന്നായി''. ആരും ഒന്നും സംസാരിച്ചില്ല. മൂന്ന് പേരുടേയും മനസ്സില്‍ എന്തെല്ലാമോ പെറ്റുപെരുകി.


''അറിഞ്ഞോടാ ചാമ്യേ ഇന്നത്തെ സംഭവം''എഴുത്തശ്ശന്‍ സംഭാഷണത്തിന്ന് തുടക്കംക്കുറിച്ചു.


''എന്താദ്''.


''കിട്ടുണ്ണിമാഷ് നമ്മടെ വേണൂന്‍റടുത്ത് തമ്മില്‍തല്ലിന്ന് ചെന്ന്വോത്രേ''.


''എന്തിനേ''.


''അവന് പ്രത്യേകിച്ച് കാരണം വല്ലതുംവേണോ. സാധുക്കളുടെ അടുത്തല്ലേ അവനൊക്കെ മേക്കട്ട് കേറാന്‍ പറ്റൂ''. വേണു പറഞ്ഞതൊക്കെ അയാള്‍ ആവര്‍ത്തിച്ചു.


''മുതലാളി മിണ്ടാണ്ടിരിക്കുമ്പഴാണ്  അയാള് ഏളുതത്തരം കാട്ടുണത്. ആരെടാന്ന് ചോദിച്ചാല്‍ ഞാനാടാന്ന് അങ്കിട്ട് പറയണം. എന്നാല്‍  ഒരുത്തനും ഒന്നിനും വരില്ല''.


''അവന്‍ പറഞ്ഞതുകേട്ട് നിന്‍റെ മുതലാളി മദിരാശിക്ക് മടങ്ങിപോണൂന്നാ പറയുണ്''.


''ഏയ്. അതൊന്നും വേണ്ടാ. കിട്ടുണ്ണിമാഷ് മുതലാള്യേ വേണ്ടാത്തത് പറഞ്ഞൂച്ചാല്‍ അയാളിവിടെ വന്ന് തപ്പുപറയും. അതുപോരെ''.


''അതെന്താ, നീ അവനോട് ശേഷംചോദിക്കാന്‍ പോവ്വാണോ''.


''അതൊക്കെ കയ്യോടെ കഴിഞ്ഞു''. പീടികയില്‍വെച്ച് വിവരം അറിഞ്ഞതും കിട്ടുണ്ണിയെ കാത്തുനിന്ന് ചോദിച്ചതും ചാമി പറഞ്ഞു.


''ഇതല്ലാണ്ടെ നീ വല്ല വിവരക്കേടും കാട്ട്യോടാ''.


''അയ്യേ, അങ്ങിനെ ഒന്നൂല്യാ. തര്‍ക്കുത്തരം പറഞ്ഞോണ്ട് വന്നപ്പൊ ഞാന്‍ അടിവയറ് നോക്കി ഒരുചവിട്ട് കൊടുത്തു. അയാള് താഴെ പാടത്ത് ചെന്നു വീണു. അത്രേന്നെ''.


''ഇനി അത് വല്ല മെനക്കേടും ആവ്വോടാ''.


''ഒന്നൂണ്ടാവില്ല. നേരം വെളുക്കുമ്പൊത്തന്നെ മുതലാള്യേ വന്നുകണ്ട് തപ്പ് പറയണംന്ന് ഞാന്‍ പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ട്. അയാളത് ചെയ്യും''.


''പൊലീസിലോ മറ്റോ ചെന്ന് പറയ്വോ''.


''ഏയ്. അതിന്നുള്ള ധൈര്യംകാണില്ല. അങ്ങിനെ വല്ലതും ചെയ്താല്‍ എന്‍റെ കത്തി വരിപ്പളേല് കേറ്റുംന്നുംകൂടി പറഞ്ഞിട്ടുണ്ട്''.


''നീയാണെടാ ആണ്‍കുട്ടി''. എഴുത്തശ്ശന്‍ ചാമിയെ അഭിനന്ദിച്ചു. 


''കുപ്പ്വോച്ചോ, ഒന്നും ചെയ്യണംന്ന് വെച്ചിട്ട് ചെന്നതല്ല ഞാന്‍. അയാള് തരം തെറ്റി വര്‍ത്തമാനം പറഞ്ഞതും കണക്കാക്കില്ല. പക്ഷെ ഇനീം തൊള്ളേല്‍ തോന്ന്യേത് ഞാന്‍ പറയുംന്ന് അയാള് പറഞ്ഞാ കേട്ടിട്ടു പോരാന്‍ പാട്വോ. അപ്പൊ ഏളുതത്തരം കൂടും. മുതലാള്യേ കണ്ടാല്‍ ഇനീം വല്ലതും പറയും. അതാ എപ്പഴും ഓര്‍മ്മവരാന്‍ ഒന്നു കൊടുത്തത്'' 


''നിനക്കിപ്പൊ സമാധാനായല്ലോ''എഴുത്തശ്ശന്‍ തിരിഞ്ഞ് വെണുവിനെ നോക്കി ചോദിച്ചു. വേണു ഒന്നും പ്രതികരിച്ചില്ല.


''എന്താ നീ ഇത്രകണ്ട് ആലോചിക്കുണ്''എഴുത്തശ്ശന്‍ ചോദിച്ചു.


''ഉയരത്തിന്ന് വീണിട്ട് കിട്ടുണ്ണിക്ക് വല്ലതും പറ്റീട്ടുണ്ടാവ്വോ''. വേണുവിന്‍റെ വാക്കുകള്‍ കേട്ട് ഇരുവരും ചിരിച്ചു.


''നീ ചെന്ന് അനിയന് കുഴമ്പ് പുരട്ടി ഉഴിഞ്ഞു കൊടുക്ക്''എഴുത്തശ്ശന്‍ പരിഹസിച്ചു.


''കുപ്പ്വോച്ചോ, മുതലാളിക്ക് ആരും സങ്കടപ്പെടുണത് കാണാന്‍ വയ്യ. അതാ സംഗതി''.


''ഇന്നത്തെ കാലത്ത് മനുഷ്യര് ഇത്രകണ്ട് നന്നാവാന്‍ പാടില്ല. അത് കേടാണ്'' എഴുത്തശ്ശന്‍ വേണുവിനൊരു ഉപദേശം നല്‍കി .


ആ പറഞ്ഞത് ശരിവെച്ചുകൊണ്ട് വേപ്പുമരത്തിലിരുന്ന കൂമന്‍ ഒന്നുമൂളി.


****************************


''എങ്ങന്യാ മേലാസകലം ചേറായത്''കിട്ടുണ്ണിയെ നോക്കി രാധ ചോദിച്ചു.


''ഒന്നും പറയണ്ടാ. ഒരബദ്ധം പറ്റീന്ന് പറഞ്ഞാ മത്യേല്ലോ''.


''അബദ്ധോ, എന്തേ പറ്റ്യേത്''.


''ഞാന്‍ ഇങ്കിട്ട് വരുമ്പൊ നമ്മടെ കണ്ടത്തില് നല്ല വല്യേരണ്ട് കണ്ണന്‍ മീന്‍. വെള്ളത്തില്‍ കിടന്ന് പിടക്കുണത് കണ്ടപ്പൊ ഒരു പൂതി തോന്നി. അതിനെ പിടിക്കാന്നുവെച്ച് പാതേന്ന് താഴത്തെവരമ്പത്തേക്കൊന്ന് ചാടി. ചെരിപ്പ് വഴുക്കി പാടത്ത് വീണു''.


''എന്നിട്ട് മീനെവിടെ''.


''എണീക്കുമ്പഴക്കും അത് സ്ഥലംവിട്ടില്ലേ''.


''വയസ്സാന്‍കാലത്ത് വേണ്ടാണ്ടെ ദേഹം കേടുവരുത്താന്‍ നോക്കണ്ടാ. കയ്യോ കാലോ ഒടിഞ്ഞ് കിടപ്പിലായാല്‍  ബുദ്ധിമുട്ടാവും''.


''നീ ഇത്തിരി വെള്ളം ചൂടാക്ക്. ഇതൊക്കെ കഴുകി ഒന്ന് കുളിക്കണം''.


''മുണ്ടും തുണീം ഒന്നും ചെയ്യണ്ടാ. അത് ഞാന്‍ കഴുകിക്കോളാം. മേല് കഴുക്യാ മതി''.


കുളിമുറിയില്‍നിന്നുവന്ന് വസ്ത്രം മാറി കിട്ടുണ്ണി ഉമ്മറത്തിരുന്നു. ആകെ കൂടി അസ്വസ്ഥത. വെറുതെ വേണ്ടാത്തതിന്ന് ചെന്ന് വല്ലവന്‍റേയും കയ്യില്‍ ഇരിക്കുന്നത് വാങ്ങിക്കെട്ടി. ഇന്നേവരെ തന്‍റെ നേര്‍ക്ക് കൈചൂണ്ടി ഒരാള് വര്‍ത്തമാനംപറഞ്ഞിട്ടില്ല. എന്നിട്ട് വെറുമൊരു കൂലിക്കാരന്‍റെ കയ്യില്‍ നിന്ന്. പോരാത്തതിന്ന് ഒരു വെല്ലുവിളിയും. ആലോചിക്കുമ്പോള്‍ സംഗതി ഇനി കൂടുതല്‍ വഷളാക്കണ്ടാ എന്നാണ് തോന്നുന്നത്. അവന്‍ പറഞ്ഞതു പോലെ അവന് ഒന്നും നഷ്ടപ്പെടാനില്ല. നാലാളറിഞ്ഞാല്‍ തനിക്കാണ് കുറച്ചില് .


''എന്താ വല്ലാണ്ടെ ഒരാലോചന'' രാധയ്ക്ക് കിട്ടുണ്ണിയുടെ മൌനത്തിന്‍റെ അര്‍ത്ഥം മനസ്സിലായില്ല. വായ തപ്പ് കൂടാതെ പറഞ്ഞുംകൊണ്ടിരിക്കുന്ന ആളാണ്. അധികപക്ഷം ആരേയെങ്കിലും കുറ്റം പറച്ചിലാവും.


''ഞാന്‍ ഏട്ടന്‍റെ കാര്യം ആലോചിക്ക്യാണ്''.


''എന്താ ഏട്ടന്ന്''.


''ഒന്നൂല്യാ. നന്നായിക്കോട്ടെന്നു കരുതി ഞാന്‍ നല്ലത് പറഞ്ഞാല്‍  മൂപ്പര്‍ക്കത് തലേല് കേറില്ല. കളപ്പുരേം പാടൂം  വിറ്റിട്ട് നമ്മടെ പാടത്തിന്‍റടുത്ത് കൃഷി വാങ്ങിക്കോളാന്‍ ഞാന്‍ പറഞ്ഞു. നമ്മുടെ നോട്ടം കിട്ട്വോലോന്ന് വെച്ച് പറഞ്ഞതാ. കേട്ടില്ല''.


''മൂപ്പര്‍ക്ക് ഒറ്റയ്ക്ക് കൂടാനാവും ഇഷ്ടം''.


''ആയിക്കോട്ടേ. സ്കൂള്‍മാനേജരടെ പെങ്ങളെ കല്യാണംകഴിക്കുണ കാര്യം പറഞ്ഞതും കേട്ടില്ല. എത്ര നല്ലകേസാ അത്''.


''ഏട്ടന് പഴേ ഓര്‍മ്മ മനസ്സിന്ന് വിട്ട് മാറീട്ടുണ്ടാവില്ല. അതാവും കാരണം'' 


''വയ്യാത്തകാലം ആവുമ്പൊ എന്തുചെയ്യും. ആരാ നോക്കാന്‍. അതെല്ലാം ആലോചിക്കണ്ടേ''.


''അത് ശര്യാണ്. ലോഹ്യത്തില്‍ പറഞ്ഞ് മനസ്സിലാക്ക്യാല്‍ ചിലപ്പൊ കേള്‍ക്കും''.


''ഏതിനും ഞാന്‍ നാളെ നേരില്‍ചെന്ന് കാണുണുണ്ട്''. ഭര്‍ത്താവിന്ന് നല്ല ബുദ്ധി തോന്നിയതില്‍ രാധ സന്തോഷിച്ചു.


 അദ്ധ്യായം 74.


''കുറച്ച് ദിവസായി നിന്‍റെ പെരുമാറ്റത്തില്‍ ഒരു വ്യത്യാസം കാണാന്‍ തുടങ്ങീട്ട്''സുകുമാരന്‍ പറഞ്ഞു''ഇങ്ങിനെയൊന്നുമല്ല നമ്മള്‍ കഴിഞ്ഞു വന്നത്''. രാധാകൃഷ്ണന്‍ ഒന്നും മറുപടി പറയാതെ വെറുതെയൊന്ന് ചിരിച്ചതേയുള്ളു. മോട്ടോറും ഹള്ളറുംതമ്മില്‍ ബന്ധിപ്പിക്കുന്ന ബെല്‍ട്ട് ശബ്ദമുണ്ടാക്കി കറങ്ങിക്കൊണ്ടിരുന്നു. കുറച്ചായി മില്ലിലെ കാര്യങ്ങള്‍ രാധാകൃഷ്ണനാണ് നോക്കാറ്. ആളെ കാണിക്കാനെന്ന മട്ടില്‍ ദിവസവും രാവിലേയോ വൈകുന്നേരമോ വേലായുധന്‍കുട്ടി മില്ലുവരെ ഒന്നുവന്ന് കുറച്ചുനേരംനിന്ന് വീട്ടിലേക്ക് തിരിച്ചുപോകും. കാണുന്നവരെല്ലാം തന്നെ അച്ചിക്കോന്തന്‍ എന്നു വിളിക്കുന്നുണ്ടോ എന്ന സംശയം ഉടലെടുത്തിട്ട് കുറച്ചായി. ഒരുകാര്യത്തിലും താല്‍പ്പര്യമില്ലാത്ത മട്ടിലായി അയാള്‍.


''എന്താ ഞാന്‍ പറഞ്ഞത് നീ കേട്ടില്ല എന്നുണ്ടോ''സുകുമാരന്‍ വീണ്ടും ചോദിച്ചു''അതോ മറുപടി പറയണ്ടാന്നു വെച്ചിട്ടോ''.


''അതൊന്ന്വോല്ല. കുറച്ച് നാളായി വീട്ടില്‍ തീരെ സ്വൈരം കിട്ടാറില്ല''.


''അതിനിപ്പൊ പ്രത്യേകിച്ചെന്താ കാരണം''.


''മുത്തശ്ശനോട് പിണങ്ങി വീടുവിട്ടുപോന്ന അന്നുമുതല്‍ അച്ഛനും അമ്മേം തമ്മില്‍ തീരെ മിണ്ടാറില്ല. അച്ഛന്‍ കൊള്ളരുതാത്തോനായതോണ്ടാണ് ഇങ്ങിനെ വന്നത് എന്ന് അമ്മ. അമ്മടെ കൂട്ടംകേട്ട് നടന്നതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണംന്ന് അച്ഛന്‍. ഒളിഞ്ഞും തെളിഞ്ഞും പലദിക്കില്‍ വെച്ച് പലരും കുറ്റപ്പെടുത്തുന്നതുകേട്ട് അച്ഛന്‍റെ  മനസ്സ് തകര്‍ന്നിട്ടുണ്ട്''.


''എന്താ നിന്‍റെ നിലപാട്''.


''അച്ഛന്‍ പറഞ്ഞതില്‍ കാര്യൂണ്ട് എന്നാ എന്‍റെ അഭിപ്രായം''.


''എന്നിട്ട് നീയെന്താ ചെയ്തത്''.


''നമുക്ക് പറയുന്നതിന്നൊരു പരിമിതീല്യേ. കുറെ പറഞ്ഞുനോക്കി. അയമ്മടെ മനസ്സ് മാറില്ല. ഇപ്പൊ ഞാനും അവരെ തഴഞ്ഞു. അവര് പറയുന്നതൊന്നും കേള്‍ക്കാറില്ല. സംസാരിക്കാന്‍ പോവാറൂല്യാ''.


''ഇതങ്ങനെവിട്ടാല്‍ പറ്റില്ലല്ലോ. നിനക്ക് അമ്മാമന്മാരോട് ഈ കാര്യം പറയായിരുന്നില്ലേ''.


''പറയാന്‍ പറ്റ്യേ വര്‍ഗ്ഗം. മൂള എന്ന സാധനം  അവറ്റടെ തലേലില്ല. അമ്മടെ കൂടപ്പിറപ്പ്വേളല്ലേ അവര്. പിന്നെ എത്രകണ്ട് നന്നാവും''.


''നിന്‍റെ പെങ്ങളെക്കോണ്ട് ഒന്ന് സംസാരിപ്പിക്ക്. പെണ്‍കുട്ട്യേള്‍ക്കാണ് അമ്മമാരുടെ അടുത്ത് സ്വാധീനം''.


''അവള്‍ അമ്മടെ തനിപകര്‍പ്പാണ്. എനിക്കൊരു കുട്ടീണ്ടായിട്ട് അയാള്‍ കാണാന്‍ വന്നില്ല എന്നാ മുത്തശ്ശനെപ്പറ്റി അവളടെ പരാതി''.


''മുത്തശ്ശന്‍റെ കാര്യത്തില്‍ അവള്‍ ഇടപെടണംന്ന് പറയുന്നില്ല. അച്ഛനും അമ്മയും തമ്മിലുള്ള അഭിപ്രായവ്യത്യാസം പറഞ്ഞുതീര്‍ത്തൂടേ''.


''അവര്‍ തമ്മിലുള്ള അകല്‍ച്ചടെ മുഖ്യകാരണം മുത്തശ്ശനാണ്. എങ്ങിനെ സംസാരിച്ച് തുടങ്ങ്യാലും ഒടുവില്‍ ആ വിഷയത്തില്‍ ചെന്നെത്തും''.


''എന്താ നിന്‍റെ അടുത്ത നടപടി''.


''ഒന്ന് ശബരിമലക്ക് പോണം. വന്നശേഷം ചിലതൊക്കെ ചെയ്യാനുണ്ട്''.


''മലയ്ക്ക് പോവ്വാണച്ചാല്‍ ഞാനും വരാം. ശനിയാഴ്ച വൈകുന്നേരം ഗുരുവായൂരിന്ന് മാലയിടാം. അപ്പൊത്തന്നെ കെട്ടുനിറച്ച് മലയ്ക്ക്. നേരം പുലരുമ്പോള്‍ പമ്പേലെത്തും. കുളിച്ച് മല കേറണം. തൊഴുത ഉടനെ ഇറങ്ങ്യാല്‍ ഉച്ചയ്ക്കുമുമ്പ് താഴത്തെത്തും. പമ്പേല് ഒന്നുംകൂടി കുളിച്ച് മാല ഊരാം. പിന്നെ നമുക്ക് വീട്ടിലേക്കോ, ബാറിലേക്കോ എവിടേക്ക് വേണച്ചാലും പോവാം''.


''ഞാന്‍ അതിനില്ല. മാലീട്ട് ഒരുമണ്ഡലകാലം വൃതോടുത്ത് കെട്ടുനിറച്ച് പോവാനാ ഉദ്ദേശം''.


''അതോണ്ട് പ്രത്യേകിച്ച് ഒന്നൂല്യാ. ഒക്കെ നിന്‍റെ ഓരോ തോന്നലാണ്''.


പണിക്കാര്‍ ജോലി അവസാനിപ്പിച്ച് പോയികഴിഞ്ഞു. തുലാമാസം മുതല്‍ നേരത്തെ ഇരുട്ടാവും. രാധാകൃഷ്ണന്‍ ഓഫീസ്മുറിയുടെ ജനാലകള്‍ അടയ്ക്കാന്‍ തുടങ്ങി.


''തവിട് തര്വോ''വാതില്‍ക്കല്‍ ഒരു പെണ്‍ശബ്ദം. നോക്കുമ്പോള്‍ കല്യാണി.


''നീയെന്താ ഇത്ര വൈക്യേത്''അയാള്‍ ചോദിച്ചു.


''ആ തള്ള കൂടെവരുണുണ്ട് എന്ന് പറഞ്ഞപ്പൊ കാത്തുനിന്നു. ഒടുക്കം ഇന്നിനി ഞാനില്യാന്നു പറഞ്ഞ് എന്നെ ഒറ്റയ്ക്കാക്കി''.


''വേഗം വാ''എന്നുപറഞ്ഞ് രാധാകൃഷ്ണന്‍ മില്ലിന്‍റെ വാതില്‍ തുറന്ന് അകത്തുചെന്നു, ചാക്കുമായി കല്യാണി പുറകേയും. തവിടിന്‍ ചാക്കേറ്റി കല്യാണി പോയി. അവള്‍ നല്‍കിയ കാശും കയ്യില്‍വെച്ച് വാതിലുംപൂട്ടി അയാള്‍ ഓഫീസ് മുറിയിലേക്ക് ചെന്നു,


''ഏതാടാ ആ അപ്സരസ്സ്. കാണാന്‍ കൊള്ളാലോ''സുകുമാരന്‍ ചോദിച്ചു.


''കല്യാണി''രാധാകൃഷ്ണന്‍ ഒറ്റവാക്കില്‍ മറുപടി ഒതുക്കി.


''ആളെങ്ങിനെ. ചൂണ്ടേല് കൊത്ത്വോ''.


''ആ കളി അവളോട് വേണ്ടാ. നല്ല മര്യാദക്കാരി കുട്ട്യാണവള്‍''.


''പിന്നെ. വളച്ചാല്‍ വളയാത്ത ഉരുപ്പടി വല്ലതൂണ്ടോ ഈ ലോകത്ത്''.


''അവളെ വേണ്ടാത്തത് പറയരുത്''രാധാകൃഷ്ണന്ന് കൂട്ടുകാരന്‍റെ വാക്കുകള്‍ ഇഷ്ടപ്പെട്ടില്ല. അതിന്‍റെ നീരസം അയാളുടെ വാക്കുകളില്‍ നിഴലിച്ചു.


''നീ സ്വകാര്യസ്വത്താക്കി വെച്ചതാണെങ്കില്‍ ഞാന്‍ ഇടപെടില്ല. നീ ഒറ്റയ്ക്ക് അനുഭവിച്ചോ''.


''നിര്‍ത്ത്. വേണ്ടാത്തകൂട്ടം ഇനി കൂടരുത് ''.


''എന്നേ നീ പുണ്യവാളനായത്. നമ്മള്‍ രണ്ടാളുംകൂടി എത്ര എണ്ണത്തിന്‍റെ അടുത്ത് ചെന്നിട്ടുണ്ട്''.


''ഇല്ലാ എന്ന് പറയുണില്യാ. തൊഴിലായി ഇരിക്കുന്നവരാ അവരൊക്കെ. ഇവള് അതുപോല്യല്ല. ഇന്നുവരെ നാട്ടില് വേണ്ടാത്ത പണിക്ക് ഞാന്‍ പോയിട്ടില്ല. ഇനി അതിന് എന്നെ കാക്കണ്ടാ''.


''എന്നാല്‍ വേണ്ടാ''. മില്ല് പൂട്ടി ഇരുവരും പുറത്തിറങ്ങി. സുകുമാരന്‍റെ കാറും രാധാകൃഷ്ണന്‍റെ മോട്ടോര്‍സൈക്കിളും മുന്നോട്ടുനീങ്ങി. പടിക്കല്‍ നിന്ന കാവല്‍ക്കാരന്‍ സല്യൂട്ടടിച്ചു. 


റോഡില്‍ കയറിയ കാര്‍ പടിഞ്ഞാറോട്ട് കുതിച്ചു,  മോട്ടോര്‍സൈക്കിള്‍ കിഴക്കോട്ടും.


***************************


''സ്വാമിനാഥനെ ഈ വഴിക്ക് കാണാറേ ഇല്ലല്ലോ. ഈ കണക്കിന് പോയാല്‍ നാണുനായരടെ വീടുപണി എന്താവും''എഴുത്തശ്ശന്‍ തന്‍റെ മനസ്സിലെ ശങ്ക കൂട്ടുകാരോട് പങ്കുവെച്ചു.


''തിരക്കുള്ള സമയാണെന്ന് ഇന്നാള് നമ്മളോട് പറഞ്ഞതല്ലേ''മേനോന്‍ കാരണം കണ്ടെത്തി.


''തിരുവന്തപുരത്തേക്ക് പോയിട്ടുണ്ടാവ്വോ''വേണുവിന്ന് അതാണ് ആശങ്ക.


''ഏയ്. ഇന്ന് രാവിലെകൂടി കാറില്‍പോവുന്നത് കണ്ടു''മേനോന്‍ പറഞ്ഞു ''ആള് സ്ഥലത്തുണ്ട്''.


''എന്നാ നാളെരാവിലെ നമുക്ക് അങ്ങോട്ടുചെന്ന് അയാളെ കാണാം''വേണു അഭിപ്രായപ്പെട്ടു .


''ഞാന്‍ വേണോ, മൂന്നാള് കൂടി ചെന്നിട്ട് കാര്യം മുടങ്ങണ്ടാ''എഴുത്തശ്ശന്‍ ഒഴിവാകാന്‍ നോക്കി.


''അമ്മാമ വരണം''വേണു പറഞ്ഞു''അമ്മാമടടുത്ത് പറ്റില്ലാന്ന് അയാള്‍ പറയില്ല''. 


 കിട്ടുണ്ണിയെ പ്രതീക്ഷിച്ചുകൊണ്ടായിരുന്നു വേണു പിറ്റേന്ന് കാലത്ത് എഴുന്നേറ്റത്. 


''കണ്ണുമിഴിക്കുമ്പഴയ്ക്കും അവന്‍ വരോന്ന്വൊല്ല. വരുമ്പഴയ്ക്കും നമുക്ക് സ്വാമിനാഥനെ കണ്ടിട്ടുവരാം. എന്നിട്ട് കുളിച്ചാ മതി''എന്ന് എഴുത്തശ്ശന്‍ പറഞ്ഞതുകൊണ്ടാണ് വേണുപോയത്. രാജന്‍മേനോന്‍ വഴിയില്‍ കാത്തു നിന്നിരുന്നു. അവര്‍ വീട്ടില്‍ ചെന്നുകയറുമ്പോള്‍ സ്വാമിനാഥന്‍ എങ്ങോട്ടോ ഇറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.


''എന്താ മൂന്നാളുംകൂടി''അയാള്‍ ചോദിച്ചു.


''നമ്മടെ നാണുനായര്‍ക്ക് ഇവരുടെ അടുത്തായി ഒരു പുരപണിയണം. ആ കാര്യം പറയാനാണ് വന്നത്''മേനോന്‍ വിഷയം അവതരിപ്പിച്ചു.


''ഇപ്പൊ ആകെകൂടി തിരക്ക് പിടിച്ച സമയാണ്. നാലഞ്ച് വീടുകള്‍ പണി തീര്‍ത്ത് ഉടമസ്ഥരെ ഏല്‍പ്പിക്കാനുണ്ട്. പറഞ്ഞ സമയത്ത് വീടിന്‍റെ പണി തീര്‍ത്ത് കൊടുത്താലല്ലേ എനിക്ക് പണം ചോദിക്കാന്‍ പറ്റൂ''സ്വാമിനാഥന്‍ ഇങ്ങിനെയാണ് പ്രതികരിച്ചത്. മേനോനും വേണുവും മുഖത്തോടു മുഖം നോക്കി.


''കുട്ട്യേ, നിനക്ക് തിരക്കൊക്കെ ഉണ്ടാവും. അത് അറിയാഞ്ഞിട്ടല്ല ഞങ്ങള് പറയുണത്. എന്നാലും അതിന്‍റെ എടേല്‍ക്കൂടി അയാളെ സഹായിക്കണം''.


''എന്നാല്‍ ഇത് അമ്പലത്തിന്‍റെ അടുത്ത് കെട്ടിടം പണിയുമ്പൊ നിങ്ങള്‍ക്ക് പറയായിരുന്നില്ലേ. കൂട്ടത്തിലതും ഞാന്‍ ചെയ്ത് കൊടുക്ക്വായിരുന്നല്ലോ. നായര്‍ക്ക് ഇപ്പഴാണോ ബുദ്ധിവന്നത്''. നാണുനായരുടെ ഭാഗത്ത് വന്ന വീഴ്ചയല്ല അതെന്നും,അയാള്‍ വഞ്ചിക്കപ്പെട്ടതാണെന്നുമുള്ള വിവരങ്ങള്‍ അറിഞ്ഞതോടെ സ്വാമിനാഥന്‍റെ മനസ്സുമാറി.


''ഇന്നത്തെകാലത്ത് ഒരു മനുഷ്യനെ വിശ്വസിക്കാന്‍ പാറ്റില്യാന്നായി'' അയാള്‍ പറഞ്ഞു''സൂത്രത്തില്‍ മുദ്രകടലാസില്‍ ഒപ്പ് വങ്ങിച്ച് ആളെ പറ്റിച്ചത് സ്വന്തം മകളടെ ഭര്‍ത്താവ്. അയാളടെ കഷ്ടകാലം''. എത്ര കഷ്ടപ്പെട്ടാലും പെട്ടെന്ന് പണിതീര്‍ത്ത് കൊടുക്കാമെന്ന് സ്വാമിനാഥന്‍ സമ്മതിച്ചു.


''ഒരു മുറീം അടുക്കളീം പോരേ''എഴുത്തശ്ശന്‍ ചോദിച്ചു.


''അതെന്ത് വീടാണ്. അത്യാവശ്യം സൌകര്യോക്കെ വേണ്ടേ''സ്വാമിനാഥന്‍ പറഞ്ഞു.


''പത്തടി സമചതുരത്തില്‍ ഒരു മുറി. ഉമ്മറത്തൊരു പൂമുഖം. പിന്നാലെ ചെറുക്കനെ ഒരടുക്കള. എടേലായി രണ്ടേകാല്‍ കോല്‍ വീതീല് ഒരുനടവഴി'' മേനോന്‍ പ്ലാന്‍ അവതരിപ്പിച്ചു''അതിനന്നെ അയാളടെ കയ്യില്‍ ഉണ്ടാവില്ല. എല്ലാരുംകൂടി ചെയ്ത് കൊടുക്കാന്ന് വെച്ചിട്ടാ''.


''പത്തിരുപത് സെന്‍റ് സ്ഥലം ഞാന്‍ കൊടുക്കും. വീട് വേണൂന്‍റെ വക എന്നാ നിശ്ചയിച്ചത്. ഇപ്പൊ ഗുരുസ്വാമി പണിക്കൂലി കുറച്ചെന്തെങ്കിലും ചെയ്യാന്ന് പറഞ്ഞിട്ടുണ്ട്''എഴുത്തശ്ശന്‍ അറിയിച്ചു


''എന്തെങ്കിലും ഞാനും ചെയ്യാം''സ്വാമിനാഥന്‍ സന്നദ്ധത പ്രകടിപ്പിച്ചു''ആ നായര് നമ്മടെ കൂട്ടത്തില്‍പ്പെട്ട ആളല്ലേ. അയാള് കഷ്ടത്തിലായാല്‍ നമ്മള് സഹായിക്കണ്ടേ''.


''അതൊന്നും ഇല്ലെങ്കിലും വിരോധൂല്യാ. എങ്ങിനേങ്കിലും ആ ചങ്ങാത്യേ മഴീം വെയിലും കൊള്ളാതെ ഒരിടത്തിരുത്തണം. അതിനൊരു സഹായം. അത്രേവേണ്ടു''. താന്‍ വന്ന് സ്ഥലംനോക്കി നിശ്ചയിക്കാമെന്ന് സ്വാമിനാഥന്‍ പറഞ്ഞു. 


''എന്നാല്‍ നിങ്ങടെ യാത്ര വൈകിക്കുണില്യാ''എന്നുപറഞ്ഞ് വന്നവരും ഇറങ്ങി.


 അദ്ധ്യായം 75.


സ്വാമിനാഥനെ കണ്ട് തിരിച്ചു കളപ്പുരയിലെത്തിയതും എഴുത്തശ്ശന്‍ കുളിക്കാന്‍ പോവാനൊരുങ്ങി

  

''നമ്മള്‍ കുളിക്കാന്‍ പോണനേരത്ത് കിട്ടുണ്ണി വന്നാലോ''കുളിക്കാന്‍ അമ്പല കുളത്തിലേക്ക് പുറപ്പെടുമ്പോള്‍ വേണു എഴുത്തശ്ശനോട് ചോദിച്ചു.


''വന്നാലെന്താ. അവിടെവിടേങ്കിലും ഇരുന്നോട്ടെ. കുളത്തിലേക്ക് നമ്മള്‍ സ്ഥിരതാമസത്തിനൊന്നും അല്ലല്ലോ പോണത്''എഴുത്തശ്ശന്‍ മുമ്പേ നടന്നു. കിട്ടുണ്ണിയെ കുറെനേരം ഇരുത്തി മുഷിപ്പിക്കണമെന്ന് അയാളുടെ ഉള്ളില്‍ ഉണ്ടായിരുന്നു. കുളിയും തൊഴലും കഴിഞ്ഞ് എത്തിയപ്പോഴും കിട്ടുണ്ണി എത്തിയിട്ടില്ല.


''അവന്‍ വന്നുപോയിട്ടുണ്ടാവ്വോ അമ്മാമേ''വേണു ചോദിച്ചു.


''നിങ്ങള് വെള്ളപ്പാറകടവ് കേറുമ്പൊ ഞാന്‍ എത്ത്യേതാണ്. ഇത്രനേരം ഞാന്‍ ചേരിന്‍റെ ചോട്ടില് തന്ന്യായിരുന്നു. ആരും ഇങ്കിട്ട് വന്നിട്ടില്ല''ചാമി പറഞ്ഞു.


''അവന്‍ പറഞ്ഞ് പറ്റിച്ചതായിരിക്കും''എഴുത്തശ്ശനും പറഞ്ഞു.


''എങ്കില്‍ അയാള് ചാമിടെ ശരിക്കുള്ള സ്വഭാവം അറിയും''ആഹാരം വിളമ്പിവെക്കുന്നതിന്നിടയില്‍ ചാമി പറഞ്ഞു. 


ഇടയ്ക്കിടയ്ക്ക് കിട്ടുണ്ണി വരുന്നുണ്ടോ എന്ന് വെള്ളപ്പാറ കടവിലേക്ക് നോക്കിക്കൊണ്ട് മൂന്നാളും  ഭക്ഷണം കഴിച്ചു. പാത്രം മോറിവെച്ച് ചാമി പാടത്തേക്ക് പോയി. പേപ്പറുംവായിച്ച് വേണു ഇരുന്നു.


''വേണ്വോ, നീ റേഡിയോവില് നല്ലരണ്ട് പാട്ട് വെക്ക്. കേട്ടോണ്ട് കെടക്കട്ടെ''  എഴുത്തശ്ശന്‍ തിണ്ടില്‍ പായ നിവര്‍ത്തി. പണ്ടത്തെ തമിഴ് സിനിമപാട്ടുകള്‍ അന്തരീക്ഷത്തില്‍ അലിയാന്‍ തുടങ്ങി. നേരം കടന്നുപോയി. ആകാശത്തു കൂടി വിമാനം പറന്നുപോകുന്ന ശബ്ദംകേട്ടു.


''നേരം പോയത് അറിഞ്ഞില്ല''എഴുത്തശ്ശന്‍ എഴുന്നേറ്റു''ആ കള്ളന്‍ ഇനി വരില്ലാന്നെന്ന്യാ എനിക്ക് തോന്നുണത്''അയാള്‍ അതുപറയുമ്പോഴേക്കും വെള്ളപ്പാറകടവ് കടന്ന് വരുന്ന കിട്ടുണ്ണിയെ വേണു കണ്ടു.


''അമ്മാമേ, അവന്‍ വരുണുണ്ട്''വേണു പറഞ്ഞു.


''നിങ്ങള് രണ്ടാളുംകൂടി വര്‍ത്തമാനം പറയുന്നോടത്ത് ഇരിക്കുണില്യാ. ഞാന്‍ പരിയമ്പുറത്ത് പോയി നില്‍ക്കാം. അവനെന്താ പറയുണതേന്ന് എനിക്ക് കേള്‍ക്കുംചെയ്യാലോ''. എഴുത്തശ്ശന്‍ എഴുന്നേറ്റ് കളപ്പുരയുടെ പുറകിലേക്ക് ചെന്നു. പടികടന്ന് കിട്ടുണ്ണി വന്നതും വേണു എഴുന്നേറ്റു.


''ഇരിക്ക്''കസേല ചൂണ്ടി വേണു പറഞ്ഞു.


''വേണ്ടാ, ഏട്ടന്‍ കസേലേല് ഇരുന്നോളൂ, ഞാന്‍ തിണ്ടില്‍  ഇരിക്കാം. ഇവിട്യാണെങ്കില്‍ നല്ല കാറ്റും കിട്ടും''കിട്ടുണ്ണി പറഞ്ഞു''ങാ, ഞാന്‍ ശ്രദ്ധിച്ചില്ല. കളപ്പുര ഓട് മേഞ്ഞപ്പൊ ജോറായല്ലോ''.


''കുറച്ചു ദിവസായി ഓടുമേഞ്ഞിട്ട്. നീ ഇരിക്ക്, ചായ ഉണ്ടാക്കട്ടെ''.


''ഒന്നും വേണ്ടാ, ഇത്തിരി തിരക്കുണ്ട്. വേഗം പോണം'.


''എവിടയ്ക്കാ തിരക്കിട്ട് പോണത്''.


''മലമ്പള്ളേല് ചെല്ലണം. മുകളില് അമ്പലത്തിന്‍റെ പണിനടക്കുണുണ്ട്. എന്‍റെ കണ്ണും ദൃഷ്ടീം എത്തീലെങ്കില്‍ ഒന്നും ശര്യാവില്ല'' ഷര്‍ട്ടിന്‍റെ ബട്ടന്‍സഴിച്ച് അയാള്‍ നെഞ്ചത്തേക്ക് ഊതി.


''വല്ലാത്ത ചൂട്. മഴ മാറാന്‍ കാത്തുനിന്നപോലെ''കിട്ടുണ്ണി തുടര്‍ന്നു''ഒരു കാര്യം പറയാനായിട്ടാണ് ഞാനിപ്പൊ ഇങ്കിട്ട് പോന്നത്''.


''എന്താദ്''.


''ഒന്നൂല്യാ. ഇന്നലെ ഏട്ടനോട് പറഞ്ഞത് തെറ്റായീന്ന് പിന്നീട് തോന്നി. ഏട്ടന്‍ പറഞ്ഞിട്ടൊന്നും ആവില്ല അയമ്മ എന്നോട് ദേഷ്യം കാട്ട്യേത്. അല്ലെങ്കിലും ആ പെണ്ണുമ്പിള്ളയ്ക്ക് ഇത്തിരി തലക്കനം കൂടുതലുണ്ട്. വല്യേ വക്കീലിന്‍റെ ഭാര്യേല്ലേ. അതിന്‍റെ ഹുങ്കൃത്യാണ്''.


''അതൊന്നും കണക്കാക്കണ്ടാ. എത്ര്യായാലും ഓപ്പോള് നിന്‍റെ മൂത്തതല്ലേ പോരാത്തതിന്ന് വിശ്വേട്ടന്‍ വന്ന് വിളിച്ചില്ലേ''.


''അതൊക്കെ കണക്കാക്കീട്ടാ ഞാന്‍ ചെന്നത്. അവരടെ മനസ്സില് ഇപ്പഴും ദേഷ്യാണെന്ന് കണ്ടപ്പഴാ മനസ്സിലായത്''.


''ഓപ്പോള് എന്തോ പറയട്ടെ. നിശ്ചയത്തിനും കല്യാണത്തിനും നീയും കുടുംബൂം പങ്കെടുക്കണം. അത് കഴിഞ്ഞശേഷം നിങ്ങളന്യോന്യം കാണണംന്നോ ഒന്നിച്ചുകൂടണംന്നോ ഞാന്‍ പറയില്ല. ആ കാര്യം നിങ്ങള് രണ്ടുകൂട്ടരുംകൂടി തീരുമാനിച്ചോളിന്‍. അവസരങ്ങള്‍ക്ക് മാറിനിന്നാല്‍ ആളുകള് ശ്രദ്ധിക്കും. പിന്നെ അതന്നെ പറഞ്ഞുംകൊണ്ട് നടക്കും''.


''അതന്യാ എനിക്കും വേണ്ടത്. നാണം കെടട്ടെ രണ്ടെണ്ണൂം. ഒരു ആങ്ങള ഉള്ളത് അവസരത്തിന്ന് കൂടീല്യാന്ന് പറഞ്ഞാല്‍ നാട്ടുകാര് ആസനംകൊണ്ട് ചിരിക്കും''.


''അങ്ങിനെ വരുത്തണ്ടാ. നീ ക്ഷമിയ്ക്ക്''.


''ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ ഏട്ടന്‍ കേള്‍ക്ക്വോ''.


''എന്താ പറ. എന്നെങ്കിലും ഞാന്‍ നിന്നെ വിട്ടുനിന്നിട്ടുണ്ടോ''.


''ഇല്ല. എനിക്കതറിയാം. അതല്ലേ ചോദിച്ചത്''.


''ശരി. എന്താച്ചാല്‍ പറയ്''.


''നിശ്ചയത്തിന്ന് ഞാനും കുടുംബവും ചെല്ലില്ലാന്ന് നിശ്ചയിച്ചു. ഏട്ടനും പങ്കുകൊള്ളരുത്. നമ്മള്‍ രണ്ടാളും വിട്ടുനിന്നാല്‍ എങ്ങിനെ ആവുംന്ന് കാണാലോ''. 


ഇരുട്ടടി കിട്ടിയപോലെ വേണുവിന്ന് തോന്നി. കുളം കലക്കുന്ന ഇടപാടാണ് ഇവന്‍റെ കയ്യിലുള്ളത്. തന്നോട് ഓപ്പോളുക്കും വിശ്വേട്ടനും അപ്രിയം ഇല്ല എന്നു മാത്രമല്ല സ്നേഹം മാത്രമേയുള്ളു. അര്‍ഹതപ്പെട്ട സ്വത്തുക്കള്‍ ഇത്ര കാലം അന്യാധീനപ്പെടാതെ കാത്തുസൂക്ഷിച്ച് തിരിച്ചേല്‍പ്പിച്ചു. മാത്രമല്ല ഇത്രയും കാലത്തെ ആദായം നിക്ഷേപമാക്കി സൂക്ഷിച്ചുവെച്ചിട്ടുമുണ്ട്. വേണ്ടവിധത്തില്‍ സംരക്ഷിക്കാനായില്ല എന്ന ഖേദമേ അവര്‍ക്കുള്ളു. ഈ അവസ്ഥയില്‍ അവരെ വിട്ടുനില്‍ക്കുക എന്നത് ചിന്തിക്കാനാവില്ല.


''എന്താ ഏട്ടന്‍ ഒന്നും മിണ്ടാത്തത്''.


''ഒരുകാരണൂം കൂടാതെ ഞാന്‍ മാറിനിന്നാല്‍ അതൊരു തെറ്റാവില്ലേ''.


''അത് ശരി. എല്ലാരുംകൂടി എന്നെ ഒറ്റയാക്കാനാ ഭാവം അല്ലേ''. വേണു എന്തെങ്കിലും പറയുന്നതിന്നുമുമ്പ് എഴുത്തശ്ശന്‍ പുറകില്‍നിന്നു വന്നു.


''വേണ്വോ, ചാമി വരുണുണ്ട്. എന്താ അവന്‍റടുത്ത് പറയണ്ട്''അയാള്‍ ചോദിച്ചു.


''അതേ, ഏട്ടന്‍ എന്താ ഇഷ്ടംന്നുവെച്ചാല്‍ ചെയ്തോളൂ. എനിക്ക് ഒരു വിരോധൂല്യാ''കിട്ടുണ്ണി പറഞ്ഞു''ഞാന്‍ പോണൂ. മലമ്പള്ളേല് ആളുകള് എന്നെ കാത്തുനില്‍ക്കുണുണ്ടാവും. വീട്ടില്‍ ചെന്നിട്ട് വേണം അങ്കിട്ട് പോവാന്‍''. അയാള്‍ പടി കടന്നുപോയി.


''കുരുത്തംകെട്ടോന്‍റെ ബുദ്ധി കണ്ടില്ലേ. എന്തായാലും കഴുവേറിക്ക് ചാമ്യേ നല്ല പേടീണ്ട്. അവന്‍റെ പേര് കേള്‍ക്കുമ്പഴയ്ക്കും പറപറന്നു''എഴുത്തശ്ശന്‍ ചിരിച്ചു. വെള്ളപ്പാറകടവ് കടന്ന് കിട്ടുണ്ണി മറയുന്നതും നോക്കി വേണു ഉമ്മറത്തിണ്ടിലിരുന്നു.


**************************


''അമ്മാമേ, ഞാനെന്താ വേണ്ടത്''വേണു എഴുത്തശ്ശനോട് ചോദിച്ചു. വൈകുന്നേരം ചായ കുടിച്ചുകൊണ്ടിരിക്കുയാണ് ഇരുവരും. 


''എന്താ സംഗതീന്ന് പറ''.


''കിട്ടുണ്ണി വന്ന് പറഞ്ഞത് അമ്മാമ കേട്ടല്ലോ. നിശ്ചയത്തിന് അവനും കുടുംബൂം വിട്ടുനിന്നാല്‍ മോശാവില്യേ. ഓപ്പോളടെ ഉടപ്പിറന്നോന്‍ അവനല്ലേ''.


''അതിനിപ്പൊ എന്താ ചെയ്യാ. അവനുംകൂടി അത് തോന്നണ്ടേ''.


''ഞാന്‍ ഓപ്പോളെകണ്ട് ഒന്നുകൂടി സംസാരിച്ച് നോക്കട്ടെ. അവനെ വേറിട്ട് നിര്‍ത്തുണത് സങ്കടൂള്ള കാര്യാണ്''.


''എന്ത് പ്രാന്താ നീ പറയുണത്. അവര് മാറ്റി നിര്‍ത്ത്യേതോ, അവന്‍ മാറി നിന്നതോ ഏതാ ശരി''.


''അവന്‍ പറഞ്ഞ കാര്യം സമ്മതിച്ചാ മാറിനില്‍ക്കില്ലല്ലോ''.


''കല്യാണത്തിന്ന് നീ ചെല്ലരുത് എന്നല്ലേ അവന്‍റെ ആവശ്യം''.


''അതല്ല. കല്യാണത്തിന്ന് ഞാന്‍ ചെല്ലുണതിനൊന്നും അവന്‍ വിരോധം പറഞ്ഞിട്ടില്ല. അമ്മാമന്‍റെ സ്ഥാനത്ത് നിക്കണ്ടത് അവനാവണം എന്നേ പറഞ്ഞിട്ടുള്ളു. അതല്ലേ ന്യായം''.


''നീ ഇതും പറഞ്ഞ് പത്മിനിയമ്മടെ അടുത്ത് ചെല്ല്. ചൂലും കെട്ടോണ്ട് അടുത്ത അടി നിനക്കാ കിട്ട്വാ''.


''എന്തായാലും ഞാന്‍ നാളെ ഓപ്പോളെ ചെന്ന് കാണും. ഞാന്‍ പറഞ്ഞാ കേള്‍ക്കാതിരിക്കില്ല''.


''നടന്നത് മുഴുവന്‍ നീ പറയ്. അവന്‍ നിന്‍റെ അടുത്ത് ലഹളക്ക് വന്നതും ചാമിടെ വക കിട്ട്യേതും ഇവിടെ തെറ്റ് പറയാന്‍ വന്നതും ഒക്കെ പറയ്. അനുജന്‍റെ സ്വഭാവം മുഴുവനങ്കിട്ട് അറിയട്ടെ''.


''അമ്മാമേ, അതൊക്കെ കഴിഞ്ഞില്ലേ. ഇനി അതെല്ലാം ഓപ്പോളുടടുത്ത് എഴുന്നള്ളിച്ച് ഉള്ള ദേഷ്യം കൂട്ടാന്‍ പാട്വോ''.


''ഞാന്‍ പറയാണച്ചാല്‍ നടന്ന സകലതും നീ അവിടെചെന്ന് അറിയിക്കണം. ഞാനാണച്ചാല്‍ അതേ ചെയ്യൂ''.


''എനിക്ക് അതിന് തോന്നുണില്യാ അമ്മാമേ''.


''എന്നാല്‍ നിനക്ക് ബോധിച്ചപോലെ ചെയ്തോ. എന്നെങ്കിലും ഈ വിവരം അവരറിയും. അപ്പൊ നീ കുറ്റക്കാരനാവും''.


''അത് സാരൂല്യ''.


''നീ എന്ത് പറഞ്ഞാലും എനിക്ക് വിരോധൂല്യാ, ആ കഴുവേറിക്ക് ഞാന്‍ വെച്ചിട്ടുണ്ട്''. അമ്പലത്തില്‍നിന്ന് ശംഖുനാദം കേട്ടു.


''വാ, നമുക്ക് തൊഴാന്‍ പോവാം''എഴുത്തശ്ശന്‍ എഴുന്നേറ്റു.


****************************************


''നോക്കൂ, എല്ലാരുംകൂടി എന്നെ ഒറ്റയ്ക്കാക്കി''കിട്ടുണ്ണി രാധയോട് സങ്കടം  പറഞ്ഞു. രാവിലെ ഏട്ടനെ കാണാന്‍ പോണൂ എന്നുപറഞ്ഞ് ഇറങ്ങിപ്പോയ ആളാണ്. വന്നുകയറുന്നത് ത്രിസന്ധ്യക്ക്.


''എന്തേ അങ്ങിനെ തോന്നാന്‍''.


''എനിക്ക് ആ പത്മിനി തമ്പ്രാട്ടിടെ അഹങ്കാരം ഒന്ന് തീര്‍ക്കണംന്ന് മോഹം തോന്നീരുന്നു''.


''ഏടത്ത്യേ പറ്റ്യാ പറയുണതേന്ന് ഓര്‍മ്മീണ്ടോ''.


''ഒരു ഏടത്തി വെച്ചിരിക്കുണു. അവളെ ഒരുപാഠം പഠിപ്പിക്കണംന്ന് വിചാരിച്ചതാ. നിശ്ചയത്തിനും കല്യാണത്തിനും എല്ലാരും ഒന്നിച്ച്  മാറിനിന്ന് അവറ്റേളെ നാറ്റിക്കണം. അതിനെങ്ങിനെ എല്ലാരും ഒപ്പം നില്‍ക്കണ്ടേ''.


''ആരാ കൂടെനില്‍ക്കാത്. നിങ്ങള് പോവാന്‍പാടില്യാന്ന് പറഞ്ഞു. ഞാന്‍ എതിര് പറഞ്ഞ്വോ''.


''അതല്ലടോ. ഈ കാര്യം ഞാന്‍ ഏട്ടനോട് പറഞ്ഞു. അയാള്‍ക്ക് അവരെ വിട്ട് നില്‍ക്കാന്‍ പറ്റില്ലാത്രേ''.


''ഏട്ടനും ഏടത്തീം തമ്മില്‍ വിരോധം ഒന്നൂല്യല്ലോ. പിന്നെ എന്തിനാ മാറി നില്‍ക്കുണത്''.


''അതെന്ന്യാ പറഞ്ഞത്. കാര്യംവന്നപ്പൊ ഞാന്‍ ഒറ്റയ്ക്കായി''.


''വേണ്ടാണ്ടെ ഓരോകാര്യം പറഞ്ഞിട്ടല്ലേ. അവര് അവരടെ മര്യാദയ്ക്ക് വിളിച്ചു. നിശ്ചയത്തിനുചെന്ന് ചടങ്ങുംകൂടി ഊണുംകഴിച്ച് പൊടീംതട്ടി ഇറങ്ങ്യാ മത്യായിരുന്നല്ലോ. അപ്പൊ ഞാനാ പ്രമാണീന്ന് കാട്ടാന്‍ നിങ്ങക്ക് പറ്റില്ലല്ലോ''.


''തനിക്ക് വേണച്ചാല്‍ പോയി നക്കിത്തിന്നിട്ട് പോന്നോ''.


''എനിക്ക് അത്രക്ക് അരിശ്യോന്നും ഇല്ല. വേണച്ചാല്‍ ഞാന്‍ ഉണ്ടാക്കി കഴിച്ചോളും''.


''അവരടെ ജോഡിക്ക് പറ്റ്യാ ആളാ താനും. ഗുണംപിടിക്കാത്ത വക''.


''ഇതെന്ത് കൊടുമ്യാണ്. വഴീല്‍ പോണ ശണ്ഠേ വാരി കെട്ടെടി മുണ്ടേ എന്ന് പറഞ്ഞ മാതിരി''. രാധയ്ക്ക് ശുണ്ഠി വന്നു. കിട്ടുണ്ണി പിന്നെ ഒന്നും പറഞ്ഞില്ല.


 അദ്ധ്യായം 76.


''ഇങ്ങിനെ പിടിവാശി വേണോ ഓപ്പോളേ''പത്മിനിയോട് വേണു കെഞ്ചി. കിട്ടുണ്ണി തന്നെ കാണാന്‍ വന്നതിന്‍റെ പിറ്റേന്ന് വേണു ഓപ്പോളെ കാണാന്‍ ചെന്നതായിരുന്നു. കിട്ടുണ്ണിയും കുടുംബവും മരുമകന്‍റെ നിശ്ചയത്തിന്ന് വരാനിടയില്ലെന്നും, അവന്‍ ആവശ്യപ്പെട്ടരീതിയില്‍ കല്യാണത്തിന്ന് അവനെ മുമ്പില്‍നിര്‍ത്തി പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം  നാട്ടുകാരുടെ മുമ്പിലത് കുറച്ചില്‍ ആവുമെന്നുമുള്ള കാര്യങ്ങള്‍ പത്മിനിയെ അറിയിച്ച് കിട്ടുണ്ണിയോട് അവര്‍ക്കുള്ള അലോഹ്യം സംസാരിച്ച് തീര്‍ക്കുന്നതിന്നു വേണ്ടി എത്തിയതാണ് അയാള്‍.


''അവന് വാശി ആവാം, എനിക്ക് പാടില്ല. അതെന്താ ന്യായം. അവനല്ലേ ഇളയവന്‍. എന്നിട്ട് ഞാന്‍ അവന്‍റെ കാലുപിടിക്കണംന്നാ മോഹംച്ചാല്‍ അത് നടക്കില്ല''.


''ആരും താണുപോവും വേണ്ടാ, അവനോന്‍റെ നില കളയും വേണ്ടാ. പത്താള് കൂടുണസമയത്ത് ഒന്നിച്ച് നില്‍ക്കാന്‍ ഒരുവിട്ടുവീഴ്ച. അത്രേ ഞാന്‍ പറയുണുള്ളു''.


''എന്‍റെ സമ്മതം നോക്കണ്ടാ. പക്ഷെ വിശ്വേട്ടന്ന് വിരോധൂണ്ടെങ്കില്‍ ഒരു യോജിപ്പും ഉണ്ടാവില്ല. അവന്‍ ഇവിടെവന്ന് പറഞ്ഞതൊന്നും മൂപ്പര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല''.


''ഓപ്പോള് ഒന്ന് സമ്മതം മൂള്യാല്‍ മാത്രം മതി. വിശ്വേട്ടനെ ഞാന്‍ പറഞ്ഞ് സമ്മതിപ്പിച്ചോളാം''.


''ഞാന്‍ ഒന്നും പറയാന്‍ വരുണില്യാ. നീ ആയി നിന്‍റെ അളിയനായി. എന്താ വേണ്ടത്ച്ചാല്‍ ചെയ്തോളിന്‍''.


''വിശ്വേട്ടന്‍ വരാന്‍ വൈകുന്നേരാവില്യേ''.


''ഇന്ന് ഉച്ചയ്ക്ക് എത്തുംന്ന് പറഞ്ഞിരുന്നു''. വക്കീല്‍ വരുന്നതും കാത്ത് വേണു ഇരുന്നു, നിശ്ചയത്തിന്‍റെ ഒരുക്കങ്ങള്‍ വിസ്തരിച്ച് പത്മിനിയും. 


''നിശ്ചയത്തിന് നിനക്കും വിശ്വേട്ടനും ഒരുപോലത്തെ ചന്ദനകളര്‍ ഷര്‍ട്ടും കോടിക്കളര്‍ മുണ്ടും മതീന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്''.


''അപ്പൊ കല്യാണത്തിനോ''വേണു വെറുതെ ചോദിച്ചു.


''കല്യാണത്തിന്നും വിരുന്നുകൂട്ടി വരുന്നതിന്നും നിനക്ക് കസവ് മുണ്ടും ജുബ്ബേം മതി. നിനക്കത് ഇഷ്ടാവില്യേ''. 


''നല്ല ഭംഗീണ്ടാവും. പള്ളത്തില്‍ കായ്കറിക്ക് കണ്ണ് തട്ടാണ്ടിരിക്കാന്‍ കുത്തിനിര്‍ത്താം. കരിങ്കണ്ണാ നോക്കണേ എന്ന് ബോര്‍ഡ് എഴുതിച്ച് കഴുത്തില്‍ തൂക്ക്യാമതി''.


''അത്ര മോശം പറയാനൊന്നൂല്യാ. എപ്പൊ നോക്ക്യാലും ഒരു നരച്ച പാന്‍റ് ഉണ്ട്. അത് ഊരിവെച്ചാല്‍ കാവിമുണ്ട്. നല്ലൊരുവേഷത്തില്‍ നിന്നെ ഞാന്‍ കണ്ടിട്ടില്യാ''.


''സൌകര്യംനോക്കി ഇടുണതാണ്. അല്ലാതെ മറ്റൊന്ന്വോല്ല''. കാറ് ഗെയിറ്റ് കടന്നുവന്ന് മുറ്റത്ത് നിന്നു. വക്കീല്‍ ഇറങ്ങിവന്നു.


''താന്‍ എത്ത്യോ. ഒന്ന് കാണണംന്ന് വിചാരിച്ചിരുന്നതാ''. മൂന്നുപേരുടെ  മനസ്സിലും ഒരേവിഷയം നിറഞ്ഞുനിന്നിരുന്നു. എങ്കിലും ആരും ഭക്ഷണം കഴിക്കുമ്പോള്‍ ഒന്നും സംസാരിച്ചില്ല. എങ്ങിനെ സംഭാഷണം തുടങ്ങണം എന്ന ആലോചനയിലായിരുന്നു വേണു. ആദ്യംതന്നെ എതിര്‍പ്പ് പറഞ്ഞാല്‍ സംഗതി എളുപ്പമാവില്ല. കൈകഴുകി മൂന്നുപേരും ഉമ്മറത്തെത്തി.


''വിശ്വേട്ടന്‍ എന്നെ കാണണംന്ന് വിചാരിച്ചൂന്ന് പറഞ്ഞു. എന്താ കാര്യം'' വേണു തുടക്കമിട്ടു.


''ഉവ്വ്. അതിന്നുമുമ്പ് വേണു വന്നത് എന്തിനാന്ന് പറയൂ''. പത്മിനിയോട് ആവശ്യപ്പെട്ടതെല്ലാം വേണു ഒന്നുകൂടി ആവര്‍ത്തിച്ചു.


''കിട്ടുണ്ണി വേണൂനെ വല്ലതും പറഞ്ഞ്വോ''.


''ഏയ്. കാര്യായിട്ട് ഒന്നും പറഞ്ഞില്ല''. വക്കീല്‍ ഒന്ന് ചിരിച്ചു.


''എന്തിനാ വേണൂ, താന്‍ നടന്നകാര്യങ്ങള്‍ മറച്ചുവെക്കുണത്. അവിടെ കഴിഞ്ഞതൊക്കെ രാമന്‍നായര്‍ ഫോണ്‍ചെയ്ത് പറഞ്ഞു. കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ അയാളെ പോയിക്കണ്ട് സര്‍വ്വതും പറഞ്ഞിട്ട് വിവരം എന്നെ അറിയിക്കണംന്ന് പറഞ്ഞതാത്രേ''. വേണു വല്ലാതായി.


 ''എല്ലാം പറഞ്ഞിട്ട് അലോഹ്യം ഒന്നുംകൂടി കൂട്ടണ്ടാന്നുവെച്ചിട്ടാ ഞാന്‍ പറയാഞ്ഞത്''അയാള്‍ സ്വയം ന്യായീകരിച്ചു.


''എന്താ അവിടെ ഉണ്ടായതേന്ന് തനിക്കറിയണോ''വക്കീല്‍ തിരിഞ്ഞു ഭാര്യയെ നോക്കി. നടന്നസംഭവങ്ങള്‍ ഒന്നൊഴിയാതെ സകലതും അവരുടെ മുന്നില്‍ വെളിവാക്കപ്പെട്ടു. പത്മിനി കൈകൊട്ടി ഉറക്കെ ചിരിച്ചു.


''നീ ചെന്ന് നിന്‍റെ പണിക്കാരനെ ഇങ്ങട്ടയയ്ക്ക്. എനിക്ക് അവനൊരു ഓണപ്പെട കൊടുക്കണം''.


''വേണൂ''വക്കീല്‍ വിളിച്ചു''താന്‍ തീരെ പാവാണെന്ന് എനിക്ക് പണ്ടേ അറിയാം. പക്ഷെ ഇത്രക്ക് സാധുവാണെന്ന് കണക്കാക്കീല്ല. തന്‍റെ മനസ്സ് വളരെ വലുതാണ്. എന്നാല്‍ ഞങ്ങളടെ കാര്യം അതല്ല. കിട്ടുണ്ണി ചെയ്തത് കേട്ടപ്പൊ ഞാനും അയാളെ വെറുത്തു. പത്മിനി പറഞ്ഞതുപോലെ ആ വിദ്വാന്‍ വരണ്ടാ''. വക്കീല്‍ അറത്തുമുറിച്ച് പറഞ്ഞതോടെ വേണുവിന്‍റെ പ്രതീക്ഷകള്‍ വാടി. മനസ്സില്‍ ഒരുവിങ്ങലുമായി അയാള്‍ തിരിച്ചുപോന്നു.


******************


കുറച്ചുകാലത്തിന്നുശേഷം നാണുനായര്‍ വീണ്ടും അമ്പലത്തിലേക്ക് വന്നു തുടങ്ങി. 


 ''ആ വിവരംകെട്ട നായരടെ കയ്യില്‍കൊടുത്താല്‍ ഇതും അയാള്‍ കളഞ്ഞു കുളിക്കും''എന്നു പറഞ്ഞ് സരോജിനിയുടെ പേരില്‍ സ്ഥലം മാറ്റിയതിന്‍റെ ആധാരം എഴുത്തശ്ശന്‍ വേണുവിനെയാണ് ഏല്‍പ്പിച്ചത്. പുരപണിക്ക് പഴയ സാധനങ്ങള്‍ എടുത്താല്‍ പോരെ എന്ന് സ്വാമിനാഥന്‍ ചോദിച്ചതിന്ന് ധാരാളം എന്ന ഒറ്റവാക്കില്‍ എഴുത്തശ്ശന്‍ സമ്മതം മൂളി.


''നാണ്വാരേ. അടുത്ത ആഴ്ച മുതല്‍ നിങ്ങള് ദിവസൂം രാവിലെ ഇവിടെ എത്തിക്കോളണം''എഴുത്തശ്ശന്‍ കല്‍പ്പന പുറപ്പെടുവിച്ചു''വീട് പണി ചെയ്യുണത് നിങ്ങള്‍ക്ക് പാര്‍ക്കാനാണ്. ഞങ്ങള്‍ രണ്ടാള്‍ക്കും പാടത്ത് പിടിപ്പത് പണീണ്ട്. അതിന്‍റെ എടേല്‍ വീടുപണി നോക്കിനില്‍ക്കാന്‍ നേരം കിട്ടീന്ന് വരില്ല''.


''ഞാന്‍ എന്ത് വേണച്ചാലും ചെയ്തോളാം. സാധനങ്ങള്‍ കടത്താനോ എടുത്ത് കൊടുക്കാനോ മറ്റൊ വേണങ്കില്‍ സരോജിന്യേ വരാനും പറയാം''.


''താനെന്താ ആ കുട്ട്യേ കൂലിപ്പണിക്ക് വിടാന്‍ പോവ്വാണോ''.


''അല്ല. ആളാല്‍ കഴിയുണത് ചെയ്യാലോന്നു വെച്ചിട്ടാ''.


''എന്നാലെ തന്നോട് പറഞ്ഞത് ചെയ്താ മതി. ആ കുട്ട്യേ ഇതിലിക്ക് ഇഴുത്ത് വലിക്കണ്ടാ''.


''ഞാന്‍ നേരം വെളുക്കുമ്പൊ ഇക്കരക്ക് വന്നാല്‍ ഇരുട്ടായിട്ടേ മടങ്ങി പോവൂ. അതുപോരെ''അയാള്‍ ചോദിച്ചു. അന്ന് ദീപാരാധന കഴിഞ്ഞ ശേഷമാണ് നാണുനായര്‍ മടങ്ങിപോയത്. ചാമി അയാള്‍ക്ക് അകമ്പടി സേവിച്ചു.


രണ്ടുപേരും മാത്രമായപ്പോള്‍ ഇതേ പറ്റി എഴുത്തശ്ശന്‍ വേണുവിനോട് സംസാരിച്ചു.


''നാണ്വാരോട് കുട്ടിക്കാലം മുതല്‍ക്കുള്ള ചങ്ങാതിത്തരാണ്. നായര് കൊയമ്പത്തൂരിലെ മില്ലിലെ പണിവിട്ട് വന്നശേഷം നിത്യൂം രണ്ടാളും കാണും. വണ്ടിപ്പുരപണിയാന്‍ തുടങ്ങ്യേമുതല്‍ക്ക് പകല് മുഴുവന്‍ ആ വിദ്വാന്‍ ഒപ്പൂണ്ടായിരുന്നു. അതുകഴിഞ്ഞ ഉടനെ അമ്പലത്തിന്‍റെ കാര്യം തുടങ്ങി. അപ്പഴുംകൂടെതന്നെ. മൂപ്പര് നാട്ടുവര്‍ത്തമാനം തുടങ്ങ്യാല്‍ നേരം പോണ കഥ അറിയില്ല. കുറച്ചായിട്ട് നായര് ഇങ്കിട്ടിക്ക് വരാതായപ്പൊ എന്തോ വിഷമം. മനുഷ്യന് അന്യോന്യം വിഷമം പറയാനും ആശ്വാസം കൊടുക്കാനും ആരെങ്കിലും ഒരാള് വേണ്ടെ. ഒരേ പ്രായക്കാരാവുമ്പോള്‍ അതിനൊക്കെ ഒരുസുഖൂണ്ട്. അതാ അയാളോട് നിത്യം ഇവിടെവന്ന് പണി നോക്കി നില്‍ക്കണംന്ന് പറയാന്‍ കാരണം. ഒന്നൂല്യെങ്കിലും കാണാനും കുറെനേരം വര്‍ത്തമാനം പറയാനും ഒക്കെ ഒരാളാവില്ലേ''. 


സൌഹൃദത്തിന്‍റെ വഴികളോര്‍ത്ത് വേണു മനസ്സില്‍ പുഞ്ചിരിച്ചു. പിറ്റേന്നു രാവിലെ നായര്‍ എത്തി. എഴുത്തശ്ശന്‍ പാടത്തെ പണിയും നോക്കി ചേരിന്‍ ചുവട്ടിലാണ്. വേണു ഒരുപുസ്തകവുമായി കളപ്പുരയിലും. നാണുനായര്‍ കൂട്ടുകാരനെ തേടിയെത്തി.


''തമ്പ്രാക്കന്മാരുടെ ഭാഗക്കേസ് തീര്‍ന്നൂന്നാ കേട്ടത്. ഭാഗിച്ച് കിട്ടുണസ്ഥലം ഓരോരുത്തരും പെട്ടവിലയ്ക്ക് വിറ്റുതുലയ്ക്കും''താന്‍ കേട്ടവാര്‍ത്ത നാണുനായര്‍ കൂട്ടുകാരനെ അറിയിച്ചു.


''പത്തിരുപത് കൊല്ലം കേസ്സ് നടന്നതല്ലേ. പലര്‍ക്കും മടുത്തിട്ടുണ്ടാവും''  എഴുത്തശ്ശന്‍  പറഞ്ഞു.


''ഒരു ചക്കചുളടെ പേരില്‍ തുടങ്ങ്യേ കേസ്സാണ്''നായര്‍ക്ക് തന്‍റെ അറിവ് വെളിപ്പെടുത്തിയേ പറ്റു''അതൊന്ന് തീര്‍ന്നുകിട്ടാന്‍വേണ്ടി ഓരോരുത്തര് ഈശ്വരനെ വിളിച്ചിട്ടുണ്ട്''.


''എന്താദ് സംഗതി''.


''കേട്ടോളിന്‍ വിസ്തരിച്ച് പറയാനുണ്ട്''നാണുനായര്‍ പറഞ്ഞുതുടങ്ങി.


തറവാട് തൊടിയില്‍നിന്ന് കോടികായ്ച്ച പഴച്ചക്ക ജോലിക്കാരന്‍ കൊണ്ടു വന്നതാണ്. പണിക്കാരി അത് മുറിച്ചപ്പോ ഒരുകുട്ടി അതില്‍നിന്ന് ഒരുചുള എടുത്തു. മറ്റൊരു തായ് വഴിയില്‍പ്പെട്ട കുട്ടി അത് തട്ടിയെടുത്തു. അവനെ ആദ്യത്തെ കുട്ടിയുടെ അമ്മ ഒന്നുതല്ലി. കുട്ടികള്‍ തമ്മിലുണ്ടായ ആ പ്രശ്നം തറവാട്ടിലെ സ്ത്രീകള്‍ ഏറ്റെടുത്തു, അവരില്‍നിന്ന് പുരുഷന്മാരും. എന്താ പറയണ്ട്. നേരത്തെ ഒളിഞ്ഞ് കിടന്നരുന്ന പല അഭിപ്രായവ്യത്യാസങ്ങള്‍ കൂടിയായപ്പോള്‍ സംഗതി ചൂടായി. തറവാട് കേസ്സ് ആരംഭിച്ചതും ഭരണം റിസീവറടെ കയ്യിലായി. ആഡംബരത്തോടെ ജീവിച്ചവര്‍ പട്ടിണിയിലേക്ക് നീങ്ങി. എന്നിട്ടും വീറിനും വാശിക്കും കുറവുണ്ടായില്ല. ഒരുകൂട്ടര്‍ ഒരു കോടതിയില്‍ ജയിച്ചാല്‍ മറുഭാഗം അപ്പീല്‍ പോകും. ഈ പോരിന്നിടയില്‍ മഹാലക്ഷ്മി പടികടന്നുപോയത് ആരും അറിഞ്ഞില്ല. ഭൂരിഭാഗം സ്വത്തും  നഷ്ടപ്പെട്ടു. ഭാഗിക്കാറായപ്പോഴേക്കും മുമ്പുണ്ടായിരുന്ന സ്വത്തിന്‍റെ നേര്‍ പകുതിയായി.


''അത് അങ്ങിന്യേ വരൂ. എവിടെ കലഹത്തിന്‍റെ വിത്ത് കുത്തീട്ട്വോ അവിടെ ഉണ്ടായിരുന്നത് മുച്ചൂടും പോയിട്ട് അപ്പേം തൃത്താവും മുളയ്ക്കും''.


''കുറെഭൂമി നിങ്ങടെ സ്ഥലത്തിന്‍റെ അടുത്താണ്. അത് ആരാ വാങ്ങ്വാന്ന് അറിയില്ല''.


''പോക്കണംകെട്ട വല്ലോനും വാങ്ങ്യാ നമ്മക്ക് പെഴപ്പാവും . എപ്പഴും അയല് നന്നാവണം. അല്ലെങ്കില് മനസ്സമാധാനം കിട്ടില്ല''. 


''സ്ഥലത്തിന്‍റെ ആള്‍ക്കാരോട് എന്താ ചെയ്യാന്‍ പോണേന്ന് ചോദിക്കണോ''.


''ചോദിക്കാം. എന്താ അവരടെ ഉദ്ദേശംന്ന് അറിയാലോ''.


ആ ദൌത്യവുമായി നാണുനായര്‍ മടങ്ങി.


**************************************


''അമ്മാമേ, നിശ്ചയത്തിന്‍റെ രണ്ടുദിവസം മുമ്പ് എത്തണംന്നാ ഓപ്പോള് പറഞ്ഞത്. എന്താ വേണ്ടത്''പാടത്തുനിന്ന് എത്തിയ എഴുത്തശ്ശനോട് വേണു പറഞ്ഞു..


''ഇതിലെന്താ ഇത്ര ചോദിക്കാനുള്ളത്. പോയി വേണ്ടതൊക്കെ ചെയ്തു കൊടുത്തിട്ട് വാ''.


''ഞാന്‍ ഇന്ന് വൈകുന്നേരം പോവ്വാണ്''.


''രണ്ടുദിവസത്തിക്ക് വേണ്ട തുണിയൊക്കെ എടുത്തുവെച്ചോ''.


''ഒക്കെ ബാഗിലാക്കീട്ടുണ്ട്''.


''വക്കീലിനോട് ഞാന്‍ അന്വേഷിച്ചൂന്ന് പറയ്. നമുക്ക് ഉപകാരം ചെയ്ത ആളല്ലേ''. വേണു സമ്മതിച്ചു.


അദ്ധ്യായം - 77.


''ഇവിടെ ആരൂല്യേ''മുറ്റത്തുനിന്ന് ആരോ വിളിക്കുന്നതുകേട്ടു. വിളമ്പി വെച്ച ചോറില്‍ എഴുത്തശ്ശന്‍ കൈ വെച്ചതേയുള്ളു. അയാള്‍ എഴുന്നേറ്റ് ചെന്ന് നോക്കിയപ്പോള്‍ ഉമ്മറത്ത് പൊക്കംകുറഞ്ഞ് കൃശഗാത്രിയായ     ഒരുസ്ത്രീ നില്‍ക്കുന്നത് കണ്ടു. മുടി മിക്കവാറും നരച്ചിട്ടുണ്ട്. മുണ്ടും ജാക്കറ്റുമാണ് വേഷം. ഒരു തോര്‍ത്തുമുണ്ട് മേത്ത് ഇട്ടിട്ടുണ്ട്.


''ആരാ, എന്താ വേണ്ടത്''അയാള്‍ ചോദിച്ചു.


''കുപ്പന്‍കുട്ടി എഴുത്തശ്ശനുണ്ടോ ഇവിടെ''.


''ഉണ്ട്. ഞാന്‍ തന്നെ ആള്''.


''ഊണു കഴിക്ക്യാണോ''.


''അതെ. എന്താ പറഞ്ഞോളൂ''.


''ശരി അതുകഴിയട്ടെ. ഞാന്‍ കാത്തുനില്‍ക്കാം''. തിണ്ണയില്‍ ഇരുന്നോളാന്‍  പറഞ്ഞതുകേള്‍ക്കാതെ അവര്‍ മുറ്റത്തെ വേപ്പിന്‍തണലില്‍ ചെന്നുനിന്നു. എഴുത്തശ്ശന്‍ കിണ്ണംമോറി കൈകഴുകിവരുന്നതുവരെ അവര്‍ അവിടെ ഒരേനില്‍പ്പായിരുന്നു.


''ഇങ്കിട്ട് വരിന്‍''എഴുത്തശ്ശന്‍ അവരെ ക്ഷണിച്ചു. ചെറുതായൊന്ന് ചിരിച്ച് അവര്‍ മുന്നോട്ടുവന്നു.


''ആരാ, എവിടുന്നാ, എന്താ വന്നത്''ചോദ്യങ്ങളെല്ലാം ഒന്നിച്ചായി.


''നാണുനായര് പറഞ്ഞിട്ട് വന്നതാണ്''. എഴുത്തശ്ശന് കാര്യം പിടികിട്ടിയില്ല.


''എന്താ കാര്യം''അയാള്‍ ചോദിച്ചു.


''സ്ഥലം വില്‍ക്കുണകാര്യം പറയാനാണ്''.


''വന്നകാലില്‍തന്നെ നില്‍ക്കാതെ ഇങ്കിട്ട് കേറി ഇരിക്കിന്‍''എഴുത്തശ്ശന്‍ ക്ഷണിച്ചു. മടിച്ചുമടിച്ച് അവര്‍ തിണ്ടിന്‍റെ ഒരറ്റത്തിരുന്നു.


''ഇനി പറയിന്‍, എന്താ ഞാന്‍ ചെയ്യണ്ടത്''.


''കുറച്ചുസ്ഥലം ഭാഗിച്ച് കിട്ടീട്ടുണ്ട്, നിങ്ങടെ കണ്ടത്തിന്‍റെ തൊട്ടതാണ്. ഇവിടെവന്ന് പറഞ്ഞാല്‍ വാങ്ങുംന്ന് നാണുനായര്‍ പറഞ്ഞു''.


''ചാവാറാവുമ്പഴാ ഞാനിനി സ്ഥലം വാങ്ങാമ്പോണത്''എഴുത്തശ്ശന്‍ ഉറക്കെ ചിരിച്ചു. അവര്‍ വല്ലാതായി.


''എന്നാല്‍ ഞാന്‍ പോട്ടെ''അവര്‍ എഴുന്നേറ്റു.


''ഒരുകാര്യം സംസാരിക്കാന്‍ വന്നിട്ട് മുഴുവനാക്കാതെ മടങ്ങി പോവ്വാണോ'' എഴുത്തശ്ശന്‍ പറഞ്ഞു''എനിക്ക് വേണ്ടെങ്കിലും പറ്റ്യേ ഒരാളെ നിങ്ങള്‍ക്ക് ഏര്‍പ്പാടാക്കി തന്നാല്‍ പോരെ''.


''എടുത്തടിച്ചപോലെ വേണ്ടാന്ന് പറഞ്ഞപ്പോള്‍ നിന്നിട്ട് കാര്യൂല്യാന്ന് വിചാരിച്ചു''. ആ സമയത്താണ് വേണു എത്തിയത്.


''നിശ്ചയം കഴിഞ്ഞ് നീ ഇന്നലെത്തന്നെ വരുംന്ന് വിചാരിച്ചു. ഇപ്പൊ ഇതാ ഈ നട്ടുച്ചനേരത്ത്''.


''ഇന്ന് പോയാ മതീന്ന് ഓപ്പോളക്ക് നിര്‍ബ്ബന്ധം''വേണു പറഞ്ഞു''രാവിലെ നേരത്തെ ഇറങ്ങ്യേതാ. ഒരു ഇംഗ്ലീഷ് സിനിമ കാണണംന്ന് തോന്നി. കുറെ കാലായി കണ്ടിട്ട്. അതാ വൈക്യേത്''.


''നിനക്ക് ഉണ്ണണ്ടേ''.


''ഞാന്‍ ഹോട്ടലിന്ന് കഴിച്ചു''.


''എന്നാല്‍ പോയി മുണ്ടുമാറ്റിക്കോ''.


''ആരാ ഇവര്''.


''നാണുനായര്‍ പറഞ്ഞയച്ചതാ. നമ്മടെ സ്ഥലത്തിന്‍റെ തൊട്ടു മോളിലത്തെ  സ്ഥലം ഇവരട്യാണ് . അത് കൊടുക്കുണകാര്യം പറയാനാ വന്നത്''. വേണു അകത്തേക്കുകയറി


''എത്ര സ്ഥലൂണ്ട് കൊടുക്കാന്‍''എഴുത്തശ്ശന്‍ ആ സ്ത്രീയോടു ചോദിച്ചു.


''അത് എനിക്കറിയില്ല. ഭാഗം കഴിഞ്ഞിട്ടേള്ളു. അതിന്‍റെ കടലാസ്സ് ഇനീം കയ്യില്‍ കിട്ടീട്ടില്യാ''.


''ആരാ നിങ്ങടെ കാര്യം നോക്കാനുള്ളത്''. ആ സ്ത്രീ ദൈന്യതയോടെ ഒന്നു ചിരിച്ചു. എന്നിട്ട് മുകളിലേക്ക് നോക്കി. 


''ദാ അവിടേണ്ട്. ഈശ്വരന്‍''കാവിമുണ്ട് ചുറ്റി തോര്‍ത്തും തോളിലിട്ട് വേണു വന്ന് എഴുത്തശ്ശന്‍റെ അരികിലിരുന്നു.


''അതെന്തേ. നിങ്ങക്ക് ഭര്‍ത്താവോ ആങ്ങളരോ ഒന്നൂല്യേ''.


''മൂത്ത ഒരാങ്ങളീണ്ടായിരുന്നു. എനിക്ക് പത്തുപതിനെട്ട് വയസ്സുള്ളപ്പോ ഏട്ടന്‍  മരിച്ചു. രാത്രി ഉറങ്ങാന്‍കിടന്നതാ. രാവിലെ മരിച്ചുകിടക്കുണതാ കണ്ടത്. പിന്നെ ഉള്ളത് അമ്മ്യാണ്. ഏട്ടന്‍ മരിച്ച് കൊല്ലം തികയുംമുമ്പേ അമ്മീം പോയി. നാടടക്കം അമ്മദെണ്ണം വന്നതില്‍ അമ്മീം പെട്ടു''.


''ഭര്‍ത്താവ്''.


''അമ്മ മരിച്ച് തൊണ്ണൂറ് കഴിഞ്ഞതും കുടുംബത്തിലെ കാരണോര് എന്നെ ഒരു സംബന്ധക്കാരന് പിടിച്ചുകൊടുത്തു. പത്തമ്പത് വയസ്സ് പ്രായൂള്ള  ഒരാള്. പോലീസിലായിരുന്നു ആ ആളക്ക് ജോലി. എന്‍റെ കോലത്തിന്ന് നല്ല ആലോചന്യോന്നും വരില്ലാന്ന് പറഞ്ഞിട്ടാ അങ്ങനെ ചെയ്തത്. മൂപ്പര് ആദ്യകാലത്ത് വല്ലപ്പഴും വീട്ടില് വരും. ചിലപ്പൊ വല്ലതുംതരും. ഉണ്ണാനും ഉടുക്കാനും തറവാട്ടില്‍ ഉള്ളതോണ്ട് ഒന്നും തന്നില്ലെങ്കിലും എനിക്ക് ഒന്നും തോന്നീട്ടില്ല. പക്ഷെ ഒരു കുട്ടി ഉണ്ടായശേഷം അയാള് ഞങ്ങളെ തിരിഞ്ഞു നോക്കീട്ടില്ല'' '.


''ആ കുട്ടി''.


''മകളായിരുന്നു''.


''എന്തേ ഇപ്പഴില്ലേ''.


''ഉണ്ട്. പക്ഷെ അവള് ഒരബദ്ധം കാട്ടി''.


അവര്‍ ആ കഥ വര്‍ണ്ണിച്ചു. പഠിക്കാന്‍  മിടുക്കിയൊന്നുമല്ലെങ്കിലും മകള്‍ പത്താംക്ലാസ്സ് പാസ്സായി. തറവാട് ഭാഗക്കേസ്സിലാണ്. ഒരു ഓട്ടമുക്കാല് കയ്യില്‍ എടുക്കാനില്ല. പിന്നെ എങ്ങിനെ അവളെ പഠിപ്പിക്കും. ഒന്ന് രണ്ട് കല്യാണാലോചന വന്നു. വെറും കയ്യോണ്ട് മുഴംവെക്കാന്‍ പറ്റില്ലല്ലോ. ഭാഗം കഴിഞ്ഞതും കിട്ടുണത് അങ്ങന്നെ തന്നോളാം. കല്യാണത്തിന്ന് വേണ്ട പണംതന്ന് സഹായിക്കണംന്നുപറഞ്ഞ്  തറവാട്ടിലെ എല്ലാരോടും കെഞ്ചി. ആരും സഹായിച്ചില്ല''. അവര്‍ കണ്ണീരൊപ്പി.


''മകള്‍ക്ക് എന്താ പറ്റ്യേത് എന്നു പറഞ്ഞില്ല''.


''കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ചര്‍ക്കക്ലാസ്സില്‍ ചേര്‍ന്ന് നൂലുണ്ടാക്കാന്‍ മകള്‍ പോയിതുടങ്ങി. അതിന്‍റെ എടേല് പെണ്‍കുട്ടി ഒരാളെ കണ്ടുകൂടി.   റജിസ്റ്റര്‍ കല്യാണം കഴിച്ച് അവള്‍ അവന്‍റെകൂടെ പോയി''.


''അപ്പോള്‍ നിങ്ങള്‍ക്ക് മകളും മരുമകനും ഒക്കീണ്ട്. അവരിപ്പൊ നിങ്ങടെ അടുത്ത് വരാറില്ലേ''.


''അതെങ്ങന്യാണ്. അവന്‍ സ്വജന്വോല്ല. കൃസ്ത്യാനി ചെക്കനാണ്. തെക്ക് ഏതോ നാട്ടിന്ന് റബ്ബറ് വെട്ടാന്‍ വന്ന ആളാ''.


''അവരിപ്പൊ എവിട്യാ''.


''കുറച്ചുകാലം സ്കൂളിന്‍റെ അടുത്ത് ഒരു വാടകവീട് എടുത്ത് അവിടെ ആയിരുന്നു. പിന്നെ പണത്തിന്ന് ബുദ്ധിമുട്ടായപ്പൊ ആ വീട് ഒഴിഞ്ഞു കൊടുത്തു. ഇപ്പൊ മലമ്പള്ളടെ ചോട്ടില്‍ പാതവക്കത്ത് കുടില് കെട്ടി കഴിയുണു''.


''മക്കളൊന്നും ആയില്യേ''.


''ഒന്നുപെറ്റു. തൊണ്ണൂറ് തികയുണതിന്ന് മുമ്പ് കുട്ടി പോയി''. അവര്‍ കണ്ണ് തുടച്ചു''അവള്‍ക്ക് ഒന്നുംകൊടുക്കാന്‍ എനിക്കായില്യാ''. 


''അതെന്തേ''.


''കല്യാണം ആരേയും അറിയിക്കാതെ നടത്തീലേ. അവളെ ചെന്ന് കണ്ടൂന്ന് കേട്ടാല്‍ വീട്ടിന്ന് അടിച്ചിറക്കും എന്ന് തറവാട്ടിലെ ആണുങ്ങള്‍ പറഞ്ഞാല്‍  ഞാനെന്താ ചെയ്യാ. എന്നാലും പെറ്റവയറല്ലേ. എന്‍റെ മകള് ആസ്പത്രീല് പെറ്റു കിടക്കുന്നതറിഞ്ഞിട്ട് ഞാന്‍ കാണാന്‍ചെന്നു. ആകെ ഉണ്ടായിരുന്നത് കമ്മലാണ്. കാല്പൊട്ടി അത് ഇടാറുംഇല്ല. ഞാനത് അവള്‍ക്ക് കൊടുത്തു''.


''എന്തിനാ ആ കുട്ടിക്ക് പൊട്ടിയ കമ്മല്''.


''അവന് വരുമ്പടി കമ്മ്യാണ്. പ്രസവചിലവിന്ന് ഉപകാരം ആയിക്കോട്ടെ എന്നു കരുതി''അവര്‍ സ്വരംതാഴ്ത്തി അടക്കംപറഞ്ഞു നിര്‍ത്തി. അയമ്മ കണ്ണുതുടയ്ക്കുന്നത് വേണു കണ്ടു. അയാള്‍ക്ക് വല്ലാത്ത സങ്കടം തോന്നി. ഓരോരുത്തര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ എന്തെല്ലാമാണ്. ലോകത്തിലെ സര്‍വ്വദുഃഖങ്ങളും ചിലരെ തിരഞ്ഞുപിടിച്ച് ഏല്‍പ്പിക്കുന്നതാണോ?


''സ്ഥലംവിറ്റ് കിട്ടുണത് മകള്‍ക്ക് കൊടുക്കണം. പിന്നെ ഒരുകടം ബാക്കീണ്ട്. അതും വീട്ടണം''.


''ആര്‍ക്കാ കൊടുക്കാനുള്ളത്. എത്ര്യാ സംഖ്യ''.


''കുട്ടി മരിച്ച് കുറച്ചുകഴിഞ്ഞതും മകള് കിടപ്പിലായി. മൊലേല് പാല് നിറഞ്ഞ് നീരുവന്നതാ. സന്നികേറി. ഇങ്കിട്ട് കിട്ടുംന്ന് കരുത്യേതല്ല. വല്ലതും കൊടുത്ത് സഹായിക്കാന്ന് വെച്ചാല്‍ എന്‍റേല് വല്ലതൂണ്ടോ''. ഇടയ്ക്കിടെ മൂക്കുചീറ്റുകയും കണ്ണുതുടക്കുകയും ചെയ്തുകൊണ്ട് ആ സ്ത്രീ തുടര്‍ന്നു ''ആകെ സങ്കടം പറയാനുള്ളത് നാണുനായരടെ മകള്‍ സരോജിനിടെ അടുത്താണ്. കുളത്തില്‍ കുളിക്കാന്‍ ചെല്ലുണ സമയത്ത് കണ്ട പരിചയം മാത്രേ ഉള്ളു. അവര്‍ക്കും അത്രയ്ക്ക് മാത്രം കഴിവടം ഒന്നൂല്യാ. എന്നിട്ടും തിരിച്ച് കിട്ട്വോന്ന് ഒരു ഉറപ്പും ഇല്ലാതെ എന്നെ അവര് സഹായിച്ചു''. അടുത്ത വാക്കുകള്‍ക്കായി വേണു കാതോര്‍ത്തു.


''എങ്ങിനെ സഹായിച്ചൂന്നാ നിങ്ങള് പറയുണത്''.


''നാണുനായരടെ ഭാര്യ മരിച്ചദിവസം അവരുടെ കഴുത്തിന്ന് ഊരിവെച്ച താലിമാല ഞാന്‍ മരിക്കുണതുവരെ ഇത് കളയില്യാന്നും പറഞ്ഞ് അയാള് വീട്ടില് സൂക്ഷിച്ചുവെച്ചിരുന്നു. ഇത് കൊണ്ടുപോയി വിറ്റ് നിങ്ങടെ മകളെ ചികിത്സിച്ചോളിന്‍ എന്നുപറഞ്ഞ് അതെടുത്ത് എന്‍റെ കയ്യില്‍തന്നു. ഞാനും സരോജിനീം കൂട്യാണ് അതുവിറ്റ് പണൂണ്ടാക്കി മരുമകന്‍റെ കയ്യില്‍ കൊടുത്തത്''. വീണ്ടും ആ സ്ത്രീ ഏതോ ആലോചനകളില്‍ മുഴുകി.


''വീട്ട്യാലും വീടാത്ത കടാണ് അത്. പക്ഷെ കയ്യില്‍ കാശ് കിട്ടുമ്പോള്‍ അത് മടക്കി കൊടുക്കണ്ടേ''.


നാണുനായര്‍ ചെയ്തതില്‍ ഇരുവര്‍ക്കും എന്തൊന്നില്ലാത്ത സന്തോഷം തോന്നി. പട്ടിണികിടന്ന സമയത്തും ഒരു സ്മാരകംപോലെ സൂക്ഷിച്ചത് അന്യന്‍റെ സങ്കടം മാറ്റാന്‍ ദാനം ചെയ്തിരിക്കുന്നു.


''എത്ര ചന്തൂള്ള കുട്ട്യായിരുന്നു എന്‍റെ മകള്. ഇപ്പൊ മുട്യോക്കെ മൊട്ടയടിച്ച് മെലിഞ്ഞ് കോലംകെട്ടു''ആ സ്ത്രീ വിതുമ്പി.


''നിങ്ങള് കരയണ്ടാ''എഴുത്തശ്ശന്‍ ആശ്വസിപ്പിച്ചു''ഒക്കെ ശര്യാവും''.


''എനിക്കിത്തിരി വെള്ളം കുടിക്കാന്‍ തര്വോ''എന്ന അവരുടെ ചോദ്യമാണ് മറ്റുള്ളവരെ ഉണര്‍ത്തിയത്. വേണുകൊടുത്ത വെള്ളം ഒറ്റവീര്‍പ്പിന്ന് അവര്‍ അകത്താക്കി.


''കേസ്സ് നീട്ടിനീട്ടി പോയതോണ്ടല്ലേ ഉള്ള മുതല് കുറെ പോയത്. നിങ്ങക്കത് തീര്‍ക്കണംന്ന് പറയായിരുന്നില്ലേ''.


''നല്ല കഥ്യായി. ഞാനോ വലുത് നീയോ വലുത് എന്നമട്ടിലായിരുന്നു രണ്ട് കൂട്ടരും. അതിന്‍റെ എടേല് ഗതീല്ലാത്ത ഞങ്ങളാല്‍ ചിലര് പെട്ടു. എന്നോട് വല്യേമ്മടെ താവഴിക്കാര് കേസ്സ് കൊടുക്കുമ്പൊ ഒരുകടലാസ്സില്‍ ഒപ്പിടാന്‍ പറഞ്ഞു. അങ്ങിനെ എന്തെങ്കിലും ചെയ്താല്‍ വീട്ടിന്ന് ആട്ടി പുറത്താക്കും എന്ന് അമ്മാമന്‍. അതു പേടിച്ചിട്ട് ഞാന്‍ ഒപ്പിട്ടില്ല. അതോടെ വലിയമ്മടെ മക്കളും എന്നോട് മിണ്ടാണ്ടായി''.


''വല്ലാത്ത ആള്‍ക്കാരാ നിങ്ങടെ കുടുംബക്കാര്. മനുഷ്യത്വം ഇല്ലാത്ത വക. ആരും ഇല്ലാത്തോരടടുത്ത് ഇങ്ങിന്യാ പെരുമാറ്വാ''.


''ഞാന്‍ സഹിച്ച ദുരിതത്തിന്ന് കണക്കില്ല. ഭാഗകേസ്സ് കൊടുത്തതില്‍ പിന്നെ തറവാട്ടില്‍ വെപ്പും തീനും വെവ്വേറ്യായി. കഴിവുള്ളവരൊക്കെ വയറ് നിറച്ച് ആഹാരം കഴിച്ച് കിടക്കുമ്പൊ അതേ തറവാട്ടിലെ ഞാന്‍ മാത്രം പട്ടിണി കിടന്നിട്ടുണ്ട്. പക്ഷെ അതൊന്ന്വല്ല സങ്കടം. അറിഞ്ഞുംകൊണ്ട് ഒരുദ്രോഹം ഞാന്‍ ആരക്കും ചെയ്തിട്ടില്ല. എന്നിട്ടും കുടുംബക്കാരിന്ന് ഇത്രകാലം നല്ലൊരുവാക്ക് കേട്ടിട്ടില്ല. ബുദ്ധിവെച്ച അന്നുമുതല്‍ കുള്ളി, ഉറുണ്ണാസ്സ് എന്നൊക്ക്യാണ് എല്ലാരും വിളിച്ചുകേട്ടിട്ടുള്ളത്. പിന്നെ പൊട്ടി, പ്രാന്തി എന്നൊക്ക്യായി വിളിക്കല്. ചോദിക്കാനും പറയാനും ആളും നാഥനും ഇല്ലാത്തോരടെ മേത്ത് എല്ലാരുക്കും കാറിത്തുപ്പാം''.


''അത് അങ്ങിനെതന്ന്യാണ്. എളുപ്പംകണ്ടാല്‍ മനുഷ്യര് ചവിട്ടിപൂത്തും''.


''അവരൊക്കെ പറയുണപോലെ ഞാനൊരു പൊട്ടാക്കാള്യോന്ന്വല്ല. മൂന്നാം ക്ലാസ്സേ പഠിപ്പുള്ളൂച്ചാലും എനിക്ക് ആളേം ആള്‍ത്തരൂം ഒക്കെ അറിയും. അതുകണ്ടിട്ടേ ഞാന്‍ നിക്കാറുള്ളു. ബുദ്ധീം വകതിരിവും ഉണ്ടന്ന് കണ്ടാല്‍ ഒറ്റക്കാര്‍ക്ക് ശത്രുക്കള് കൂടും. അത് കൂടാതെ കഴിഞ്ഞല്ലോ''. അവരുടെ പ്രായോഗികബുദ്ധിയില്‍ വേണുവിന്ന് മതിപ്പുതോന്നി.


''പെണ്ണുങ്ങളായാല്‍  നാഥനുണ്ടാവണം. അല്ലെങ്കില്‍ എന്‍റെ ഗത്യാവും. ഒരുമരം ഇല്ലാതെ വള്ളിക്ക് മേപ്പട്ട് കേറി പോവാന്‍ ആവ്വോ. നിലത്ത് പടര്‍ന്ന് അത് വരുണോന്‍റേം പോണോന്‍റേം ചവിട്ട് കൊള്ളും'' അവര്‍ ഒരുതത്ത്വം പറഞ്ഞു.


''കഴിഞ്ഞത് വിടിന്‍. ഇനി മേപ്പട്ടുള്ള കാര്യം നമുക്ക് ആലോചിക്കാം'' എഴുത്തശ്ശന്‍ പറഞ്ഞു''എന്തിനാ സ്ഥലം വില്‍ക്കുണത്. ഇവിടെ താമസം ആക്കിക്കൂടേ''.


''അയ്യോ, അതെങ്ങന്യാ നടക്ക്വാ. എനിക്ക് ഒറ്റയ്ക്ക് കഴിയാനൊന്നും ആവില്ല''.


''നിങ്ങള് മകളേം മരുമകനേംകൂട്ടീ ഇവിടെവന്ന് കുടുംബായിട്ട് കഴിയിന്‍''.


''അതിന് മരുമകന്‍ വേറെ ജാതീല് പെട്ട ആളായില്ലേ. അമ്പലൂം ഈശ്വരനും ഒക്കെ ആയി നടക്കുണ നിങ്ങളടെ എടേല് അവനെ താമസിക്കാന്‍ നിങ്ങള് സമ്മതിക്ക്വോ''.


''ഈശ്വരനേം ദൈവത്തേം ഒക്കെ ഉണ്ടാക്ക്യേത് നമ്മള് മനുഷ്യന്മാരാ. ഇന്ന ആളെ കൂടെ പാര്‍പ്പിക്ക് എന്നോ പാര്‍പ്പിക്കാന്‍  പാടില്ലാന്നോ ഒരുദൈവൂം പറയില്ല. അതൊക്കെ മനുഷ്യര് ഉണ്ടാക്കുന്ന നിയമങ്ങളാ''.


''അപ്പൊ നിങ്ങടെ കൂട്ടത്തില്‍ എന്‍റെ മകളെ കൂട്ട്വോ''.


''എന്താ സംശയം. ഇവിടെ ഒറ്റ ജാത്യേള്ളൂ. മനുഷ്യജാതി''.


''ഹാവൂ. സമാധാനായി. എല്ലാം വിറ്റ് മകള്‍ക്ക് കൊടുത്തിട്ട് ഈ ജീവിതം വേണ്ടാന്ന് വെക്കണംന്ന് കരുത്യേതാ. നിങ്ങളെ മാതിരി നല്ല മനസ്സുള്ള ആള്‍ക്കാരടെ സഹായം കിട്ടുംച്ചാല്‍ ആ മഹാപാപം ചെയ്യാണ്ടെ കഴിയും''. ഭാഗപത്രത്തിന്‍റെ പകര്‍പ്പ് വാങ്ങി വരാന്‍ വേണു അവരെ ഉപദേശിച്ചു. ജീവനുള്ളകാലം വേണ്ട സഹായം നല്‍കാമെന്ന് എഴുത്തശ്ശനും ഏറ്റു. ആ സ്ത്രീ എഴുന്നേറ്റു.


''കടലാസുംകൊണ്ട് വരുമ്പൊ മകളേം മരുമകനേം കൂടെകൊണ്ടുവരിന്‍'' എഴുത്തശ്ശന്‍ പറഞ്ഞു''ഞങ്ങള്‍ക്ക് അവരെ ഒന്ന് കാണാലോ''.


അവര്‍ പടികടന്ന് പോയതും എഴുത്തശ്ശന്‍ ഒരു നെടുവീര്‍പ്പിട്ടു. അതിന്‍റെ പ്രതിദ്ധ്വനി വേണുവിന്‍റെ ഹൃദയത്തില്‍നിന്ന് ഉയര്‍ന്നു.


****************************


''അമ്മാമേ, അവരടെ കഥ കേട്ടപ്പൊ സങ്കടം വന്നു''ആ സ്ത്രി കണ്ണില്‍നിന്ന് മറഞ്ഞപ്പോള്‍ വേണു പറഞ്ഞു''അറിഞ്ഞോണ്ട് അയമ്മ ആര്‍ക്കും ഒരു ദ്രോഹൂം ചെയ്തിട്ടില്ല. എന്നിട്ടും അവര്‍ക്കുണ്ടായത് കഷ്ടപ്പാട് മാത്രം''.


''അത് അങ്ങിന്യാണ് വേണ്വോ''എഴുത്തശ്ശന്‍ പറഞ്ഞു''ചെയ്ത പണിക്കുള്ള കൂലി കിട്ടണ്ടേ''. 


''എനിക്ക് മനസ്സിലായില്ല''.


''രാവിലെ പണിക്ക് ആള് വന്നാല്‍ വൈകുന്നേരം അവര് പോവുമ്പൊ അവര്‍ക്ക് നമ്മള് കൂലി കൊടുക്കില്ലേ. അതേമാതിരി ചെയ്തുകൂട്ട്യേ പാപത്തിന്നുള്ള കൂല്യാവും കിട്ടുണത്''.


''അതിന്ന് അയമ്മ ആര്‍ക്കും ഒരു ഉപദ്രവൂം ചെയ്തിട്ടില്ലല്ലോ''


''ചിലദിവസം പണിമാറി കഴിഞ്ഞിട്ട് കൂലിവാങ്ങാന്‍ നിക്കാണ്ടെ ചിലര് പോവും. അന്നത്തെകൂലി പിറ്റേദിവസം നമ്മള് അവര്‍ക്ക് കൊടുക്കില്ലേ. അതുപോലെ മുജ്ജന്മത്തില്‍ അനുഭവിക്കാന്‍ വിട്ടുപോയത് ഈ ജന്മത്ത് അനുഭവിക്ക്യാവണം.ഇല്ലെങ്കില്‍ എന്‍റീം നെന്‍റീം കാര്യംനോക്ക്. നമ്മള് ഈ ജന്മം ഒരാളേം ദ്രോഹിച്ചിട്ടില്ല. വയസ്സാന്‍ കാലത്ത് ഞാന്‍ ഒറ്റക്കാരനായി. നീയോ, ബുദ്ധി ഒറച്ച അന്നുമുതല്‍ ആരും ഇല്ലാത്ത അനാഥന്‍ ''. രണ്ടുപേരും ആലോചനകളില്‍ മുഴുകിയിരുന്നു. നേരം കടന്നുപോവുന്നത് ഇരുവരും അറിഞ്ഞില്ല


''വേണ്വോ, നിശ്ചയം ഒക്കെ എങ്ങിനീണ്ടായിരുന്നു''കുറെ കഴിഞ്ഞപ്പോള്‍ എഴുത്തശ്ശന്‍ ചോദിച്ചു''അത് ചോദിക്കാന്‍ മറന്നു''.


''ഗംഭീരായി അമ്മാമേ''വേണു പറഞ്ഞു''ഒരുബസ്സും പത്തുപന്ത്രണ്ടു കാറും നിറയെ ആള്‍ക്കാര് പോയിരുന്നു''.


''പണ്ടോ പണോ വല്ലതും ചോദിച്ച്വോ''.


''അങ്ങിനത്തെ വര്‍ത്തമാനം ഉണ്ടായില്ല. ആ കൂട്ടം വേണ്ടാന്ന് ഓപ്പോള് നേരത്തെ പറഞ്ഞിരുന്നു''.


''അല്ലെങ്കിലും അവര്‍ക്കെന്തിനാ സ്വത്ത്. പണം കായ്ക്കുണ മരോല്ലേ ആ വക്കീല്. ആട്ടെ. അവരടെ ആങ്ങള കിട്ടുണ്ണിമാഷ് വന്ന്വോ''


''ഉവ്വ്. ഓപ്പോളടെ വീട്ടിലേക്കൊന്നും വന്നില്ല. നിശ്ചയത്തിന്‍റെ ചടങ്ങ് നടക്കുമ്പൊ അവിടെവന്ന് മുഖം കാണിച്ചു. ഉണ്ണാന്‍ നില്‍ക്കാതെ സ്ഥലം വിടുംചെയ്തു''.


''കൂടെ ഭാര്യോ കുട്ട്യേളോ മറ്റോ വന്ന്വോ''.


''ഇല്ല. കിട്ടുണ്ണി ഒറ്റയ്ക്കാ വന്നത്. രാധയ്ക്ക് സുഖൂല്യാതെ ആസ്പത്രീല് കിടക്ക്വാണ്ന്ന് ആരോടോ പറഞ്ഞൂന്ന് കേട്ടു''.


''അങ്ങിന്യോന്നും ഉണ്ടാവില്ല. എന്താ സംഗതീന്നറിയാന്‍ വന്നതാവും ആ കൊശവന്‍. ഏതായാലും അവരെ അവമാനിച്ചപോലെ ആയി''.


''അതന്യാ ഓപ്പോളും പറഞ്ഞത്. കല്യാണത്തിന്ന് അവനെ വിളിക്കണ്ടാന്ന് പറയും ചെയ്തു''.


''നന്നായി അത്. അവനില്ലാതെ കല്യാണം മുടങ്ങ്വോന്ന് കാണാലോ''.


''പക്ഷെ വന്ന് മുഖംകാട്ട്യേ അവസ്ഥയ്ക്ക് ഒരുക്ഷണക്കത്ത് തപാലില്‍ അയക്കുംന്ന് വിശ്വേട്ടന്‍ പറഞ്ഞു. ചെന്ന് ക്ഷണിക്കാന്‍ പോവില്ലാന്ന് നിശ്ചയിച്ചു''.


''അത് ആ മഹാന്‍റെ നന്മ''. പടികടന്ന് ചാമിയെത്തി. അവനോടൊപ്പം പാടം നോക്കാന്‍ എഴുത്തശ്ശന്‍ എഴുന്നേറ്റു.


 അദ്ധ്യായം - 78.


''എന്താണ്ടാ കണ്ടമുത്താ നീ ഈ വഴിക്കൊക്കെ''കയത്തംകുണ്ടില്‍ കുളിച്ചുകൊണ്ടിരുന്ന ചാമി തന്നെ കാണാത്തിയ ബാല്യകാലത്തെ കൂട്ടുകാരനോട് ചോദിച്ചു. കണ്ടമുത്തനാണ് ചാമിയുടെ മൂത്തച്ചിയെ കെട്ടിയത്.


''അമ്മായിടെ കാര്യം ഏതാണ്ട് തീരാറായി. നിന്നോട് വിവരം പറയാന്‍ എന്നെ പറഞ്ഞയച്ചതാ''.


''മക്കളൊക്കെ അടുത്തില്ലേ''.


''ഒറ്റൊന്ന് വന്ന് തള്ളേ ഒരുകണ്ണ് നോക്കീട്ടില്ല. കെട്ട്യോനും കെട്ട്യോളും ഒറ്റയ്ക്കന്നെ. ഒരു നായ്ചാത്തനില്ല തിരിഞ്ഞുനോക്കാന്‍''.


''മൂപ്പര് ഒരുദിവസം കാണാന്‍ വന്നിരുന്നു. അമ്മായ്യേ ആസ്പത്രീലിക്ക് കൊണ്ടുപോണം. കയ്യില്‍ കാശില്ല എന്നൊക്കെ അന്ന് പറഞ്ഞു''.


''നീ പണംകൊടുത്തകാര്യം മാമന്‍ എന്നോട് പറയ്വേണ്ടായി. അതുംകൊണ്ട് പാലക്കാട് വല്യേ ആസ്പത്രീല് കുറച്ചുദിവസം കിടത്തി. ഒടുവില്‍ അവര് മടക്കികൊണ്ടുപൊയ്ക്കോളാന്‍ പറഞ്ഞിട്ടാണ് കൊണ്ടുവന്നത്''.


''ഇനി എന്താ ചെയ്യണ്ട്. വല്യേഡോക്ടര്‍മാരെ വല്ലോരേം കാട്ടണോ''.


''ഒന്നും വേണ്ടാ. ഒരുമിടിപ്പ് മാത്രേള്ളു. എപ്പൊ വേണച്ചാലും തീരും''.


''നീ പൊയ്ക്കോ. ഞാന്‍ പണിമാറീട്ട് വരാം''.


''ഉശിരോടെ കാണണംന്നുണ്ടെങ്കില്‍ എന്‍റൊപ്പം വന്നോ. ഇല്ലെങ്കില്‍ ശവം കാണണ്ടിവരും''.


''പള്ള്യാലില്‍ ഞാന്‍ കുറെ വാഴ വെച്ചിട്ടുണ്ട്. കൂലികൊടുത്ത് പള്ളം വെക്കാന്‍ കുറെകുഴീം എടുത്തു. ഇപ്പൊ എന്‍റെ കയ്യില്‍ കാശൊന്നൂല്യാ. വല്ലതും പറ്റീച്ചാല്‍ എന്തെങ്കിലും കൊടുക്കണ്ടേ''.


''അത് എന്താ വേണ്ടത്ച്ചാല്‍ സൌകര്യംപോലെ ചെയ്തോ. എനിക്കതില്‍ ഒന്നും പറയാനില്ല''. കണ്ടമുത്തന്‍ പോവാനൊരുങ്ങി.


''മുതലാളി ഉണ്ടെങ്കില്‍ കാശ് വല്ലതും ചോദിക്ക്യായിരുന്നു. മൂപ്പര് രാവിലെ പെങ്ങളടെ വീട്ടിലേക്ക് പോയി''. എഴുത്തശ്ശന്‍ അപ്പോള്‍ സ്ഥലത്തെത്തി.


''നിന്നെ അന്വേഷിച്ച് ഇയാള്‍ വന്ന കാര്യം പറയാന്‍ വന്നതാ ഞാന്‍. എന്താ സംഗതി''. ചാമി കാര്യം അറിയിച്ചു.


''എന്നാല്‍ നീ വെക്കം പോയിട്ട് വാ''എഴുത്തശ്ശന്‍ പറഞ്ഞു.


''എന്തെങ്കിലും വേണച്ചാല്‍ എന്‍റേല് ഒന്നൂല്യാ. മുതലാളി വന്നാല്‍ വല്ലതും വാങ്ങീട്ട് പോവാന്ന് വെച്ചിട്ടാ''.


''മുതലാളിതന്നെ കാശ് തന്നാലേ പറ്റൂന്നുണ്ടോ. എന്താ വേണ്ട്ന്ന് പറയ്. ഞാന്‍ തരാം''.


''ഒരു പത്തിരുന്നൂറ് ഉറുപ്പിക വേണ്ടീര്‍ന്നു''.


''ഇരുന്നൂറിന്ന് മുന്നൂറ് പിടിച്ചോ''എഴുത്തശ്ശന്‍ അരയില്‍തൂക്കിയ തുണി സഞ്ചിയില്‍നിന്ന് പണമെടുത്തു. 


ചാമിയും കണ്ടമുത്തനും എത്തുമ്പോള്‍ അമ്മാമന്‍റെ കുടിലിന്നു മുമ്പില്‍ മൂന്നുനാല് ആളുകളുണ്ട്.


''എന്തായി''കണ്ടമുത്തന്‍ ചോദിച്ചു.


''ഒന്നും ആയിട്ടില്ല. എപ്പൊ വേണച്ചാലും ആവും''ആരോ മറുപടി പറഞ്ഞു.


''അകത്ത് ആരുണ്ട്''.


''കോമ്പിയും നിന്‍റെ കെട്ട്യോളും ഉണ്ട്. ആണ്‍മക്കളാരും വരില്ലാന്ന് തീര്‍ത്തു പറഞ്ഞു''.


''എളേച്ച്യോ''.


''മകള് പെറ്റിട്ട് പത്തുദിവസേ ആയിട്ടുള്ളു. അതോണ്ട് വരാന്‍ പറ്റില്ലാത്രേ''. അതുനന്നായി.ചാമി മനസ്സിലോര്‍ത്തു. ഇല്ലെങ്കില്‍ താലികെട്ടി സ്വന്തമാക്കിയ പെണ്ണിനെ വേറൊരുത്തന്‍റെ കൂടെ കാണേണ്ടി വന്നേനേ .


''അകത്തുചെന്ന് കണ്ടോ''കൂട്ടത്തിലൊരു വയസ്സന്‍ ചാമിയോട് പറഞ്ഞു. കണ്ടമുത്തന്‍റെ പുറകിലായി ചാമി അകത്തേക്ക് കയറി. ഓലപ്പായയില്‍ ചുള്ളിക്കമ്പുപോലെ ഒരു സ്ത്രീരൂപം കിടക്കുന്നുണ്ട്. ഉയര്‍ന്നു താഴുന്ന മാറിന്‍റെ ചലനം ജീവനുണ്ടെന്ന് വെളിപ്പെടുത്തി.


''നിന്‍റെ കയ്യോണ്ട് ഒരുതുള്ളി വെള്ളംകൊടുക്ക്''കോമ്പിയപ്പന്‍ ചാമിയോട് പറഞ്ഞു. മുക്കില്‍വെച്ച മണ്‍കുടത്തില്‍നിന്ന് ചാമി ഒരുകുടന്ന വെള്ളം എടുത്ത് വായില്‍ ഇറ്റിച്ചു. ആ കണ്ണുകള്‍ ഒന്നു തുറന്നു. മിഴികള്‍ രണ്ടും മേല്‍പ്പോട്ടു മറിഞ്ഞു. ശ്വാസം നിലച്ചു. കുടിലിനകത്ത് കോമ്പിയുടേയും മകളുടേയും കരച്ചിലുയര്‍ന്നു. ചാമി വെളിയിലേക്കിറങ്ങി.


''അവന്‍റെ കയ്യിന്ന് വെള്ളം കിട്ടണംന്ന് ഒരുകടം ബാക്കീണ്ടാവും. അതാ ഇതുവരെ കിടന്നത്''ആരോ പറഞ്ഞു.


''അല്ലെങ്കിലും അവര് രണ്ടാള്‍ക്കും അവനോട് അലോഹ്യം ഉണ്ടായിട്ടില്ല.  പെണ്ണിന്‍റെ നെഗളിപ്പ് കാരണം അവന്‍ തീര്‍ത്തിട്ട് പോയതല്ലേ''.


മുറ്റത്ത് അനന്തരനടപടികളെക്കുറിച്ച് ആലോചനയായി. കിടക്കപുണ്ണ്  വന്ന് ദേഹം അളിഞ്ഞിട്ടുണ്ട്. ആരും വരാനില്ലാത്തതിനാല്‍ ഇനിവെച്ച് താമസിപ്പിക്കണ്ടാ എന്ന അഭിപ്രായം ഉയര്‍ന്നു. ശവം തറവാട് വക തൊടിയില്‍ മറവുചെയ്യാമെന്ന ധാരണയായി. മുതിര്‍ന്നവര്‍ ചെന്ന് മറവ് ചെയ്യാനുള്ള സ്ഥലം നിശ്ചയിച്ചു. കണ്ടമുത്തന്‍ ചെന്ന് കൈക്കോട്ട് കൊണ്ടുവന്നു. ചാമി അത് ഏറ്റുവാങ്ങി. വരണ്ട മണ്ണില്‍ കൈക്കോട്ട് പതിച്ചു.


''ഇപ്പൊ ഇത് കയ്യില്‍വെക്കിന്‍. അവസരത്തിന്ന് എന്താ വേണ്ടത്ച്ചാല്‍ ചെയ്യാം'' ഇറങ്ങാന്‍ സമയത്ത് പണം കോമ്പിയപ്പനെ ഏല്‍പ്പിച്ച് ചാമി പറഞ്ഞു.


''അവസരോന്നും വേണ്ടാ. മക്കള് തിരിഞ്ഞ് നോക്കാത്തപ്പോ എന്തിനാ അവസരം നടത്തുണത്. ഞാന്‍ കണ്ണടയ്ക്കുണവരെ എപ്പഴങ്കിലും നീ ഒരുകണ്ണ് വന്ന് കണ്ടാ മതി''. ചാമി ഇറങ്ങിനടന്നു.


*********************


നാണുനായര്‍ക്കുള്ള പുരയുടെ പണിതുടങ്ങി. നായരോടൊപ്പം മിക്കവറും സമയം വേണുവും എഴുത്തശ്ശനും പണിസ്ഥലത്തുണ്ടാവും. പണത്തിന്‍റെ കാര്യമൊന്നും ആരും പറയാറില്ല. ഒരുദിവസം നാണുനായര്‍ ഒരു പൊതി വേണുവിന്‍റെ നേരെ വെച്ചുനീട്ടി.


''എന്താദ് നാണുമാമേ''വേണു ചോദിച്ചു.


''ഇത് നിയ്യ് കയ്യില്‍ വെച്ചോ. പണച്ചിലവുള്ളതല്ലേ. എന്തിനെങ്കിലും വേണ്ടി വരും''. എഴുത്തശ്ശനാണ് പൊതി വാങ്ങി തുറന്നത്. നോക്കുമ്പോള്‍ അതില്‍ സ്വര്‍ണ്ണപണ്ടമാണ്.


''എന്താഹേ ഇത്''എഴുത്തശ്ശന്‍ ചോദിച്ചു.


''ഓണത്തിന് സരോജിനി ഉണ്ടാക്ക്യേതാണ്. വേണു അവള്‍ക്ക് കൊടുത്ത കാശോണ്ടന്ന്യാ ഉണ്ടാക്കിച്ചത്. ഇപ്പൊ ഇത് കയ്യില്‍ വെച്ചോണ്ട് നിങ്ങളെ ബുദ്ധിമുട്ടിക്കുണത് ശര്യാണോ''.


''നായരേ,നിങ്ങള് എന്‍റെ വായിന്ന് വല്ലതുംവീഴ്ത്തും''എഴുത്തശ്ശന് ദേഷ്യം വന്നു''നിങ്ങളോട് ഞങ്ങള് എന്തെങ്കിലും ചോദിച്ച്വോ''.


''നാണുമാമേ, ഈ സ്വര്‍ണ്ണം മുഴുവനും സരോജിനിക്കന്നെ കൊടുക്കൂ. ആ കുട്ടി മോഹിച്ച് ഉണ്ടാക്ക്യേതല്ലേ''വേണുവും പറഞ്ഞു.


''നിങ്ങളാല്‍ ചിലരോട് എന്താ പറയണ്ട് എന്ന് അറിയാണ്ടായി''ഗദ്ഗദം നാണുനായരുടെ വാക്കുകളെ വിഴുങ്ങി.


കഴുക്കോല് പണിയുന്ന ആശാരിമാര്‍ മഴുകൊണ്ട് മരത്തില്‍ ആഞ്ഞാഞ്ഞ് മേടി.


  അദ്ധ്യായം - 79.


''ഇത്തിരീശ്ശെ പുഴുക്കേട് ഉണ്ടല്ലോടാ ചാമ്യേ''പാടം നോക്കാനിറങ്ങിയ എഴുത്തശ്ശന്‍ ചാമിയോട് പറഞ്ഞു.''പുഴുക്കേട് നല്ലോണം ആവുമ്പഴക്ക് നമുക്ക് മരുന്നടിച്ചാലോ''.


''കൂടാണ്ട് കഴിയില്ല കുപ്പ്വോച്ചോ. പഞ്ച ഒന്ന് ചിനച്ച് പൊങ്ങുമ്പഴയ്ക്കും മുടിപ്പിക്കാനായിട്ട് വന്നോളും''. വേണുവിന്ന് അത് പുതുമയായിരുന്നു. പുഴുക്കേട് എന്നാല്‍ എന്താണെന്നോ അതിന്ന് അടിക്കുന്ന മരുന്ന് ഏതാണ് എന്നോ അയാള്‍ക്ക് അറിയില്ലായിരുന്നു.


''എന്താ അമ്മാമേ ഈ പുഴുക്കേടും മരുന്നും ഒക്കെ''അയാള്‍ ചോദിച്ചു.


''മനുഷ്യന് സൂക്കട് വരില്ലേ. അതേ മാതിരി നെല്ലിന് വരുണ കേടാണ് ഇത്. നന്നെ ചെറ്യേ പ്രാണ്യേളാണ് നെല്ലിനെ കേട് വരുത്തുണത്. സമയത്തിന്ന് മരുന്നടിച്ച് അവറ്റകളെ നശിപ്പിക്കണം. അല്ലെങ്കില്‍ കൊയ്യാന്‍ കണ്ടത്തില്‍  നെല്ലൊന്നും ഉണ്ടാവില്ല''. ബാക്കി വിശദീകരിച്ചത് ചാമിയാണ്.


''പുഴൂനെ കൊല്ലാന്‍ ഒറ്റമരുന്നേള്ളു. എന്‍ഡ്രിന്‍. അതൊരുകുപ്പി വാങ്ങി ബക്കറ്റിലെ വെള്ളത്തില്‍ കലക്കി കുറ്റിപ്പമ്പില്‍ നിറച്ചിട്ട് പാടത്ത് ഒറ്റ അടി. പുഴു മാത്രോല്ല അതിന്‍റെ അപ്പനുംകൂടി ചാവും''. എഴുത്തശ്ശന്‍ ചിരിച്ചു.


''നീ പുഴന്‍റെ അപ്പനെ കണ്ടിട്ടുണ്ടോടാ ചാമ്യേ''അയാള്‍ ചോദിച്ചു. ചാമി ഒന്നും പറഞ്ഞില്ല.


''ഒന്ന് ശര്യാണ്''എഴുത്തശ്ശന്‍ പറഞ്ഞു''അതടിച്ചാല്‍ പാടത്തിലെ സകല ഞണ്ടും ഞവുഞ്ഞും അതിനെ കൊത്തിതിന്നുണ പരുന്തും കൊറ്റീം ഒക്കെ ചാവും''. ചേരിന്‍റെ ചുവട്ടില്‍ മൂവരും നിന്നു. എഴുത്തശ്ശന്‍റെ മനസ്സില്‍ പഴയകാലത്തെ കൃഷിരീതികള്‍ കടന്നുവന്നു.


''പണ്ടൊക്കെ ഇന്നത്തെപോലെ അത്രകണ്ട് പുഴുക്കേടുണ്ടാവാറില്ല. നെല്ലില് പാലുണ്ടാവുണ കാലത്ത് ചാഴിക്കേടുണ്ടാവും''എഴുത്തശ്ശന്‍ തുടര്‍ന്നു''അത് വന്നുപെട്ടാല്‍ ചണ്ടേ ബാക്കികിട്ടൂ''.


''ചാഴിക്ക് മരുന്നടിക്കാറുണ്ടോ''വേണു ചോദിച്ചു.


''അന്നുകാലത്ത് എവിട്യാ മരുന്ന്. കാടത്തുണ്യോണ്ട് ചാക്കുപോലെ ഒരു സഞ്ചി തുന്നും. അതിന്‍റെ വായഭാഗം തുന്നികൂട്ടാതെ പൊളിച്ചുവെക്കും. സഞ്ചിടെ വായടെ രണ്ടുഭാഗത്തും ഒരോ കമ്പുവെച്ചുകെട്ടി പാടത്തിറങ്ങി അതുവീശി പണിക്കാര് ചാഴിയെ പിടിച്ചുകൊല്ലും. നിന്‍റെ കുട്ടിക്കാലത്ത് നീയും അത് കണ്ടിട്ടുണ്ടാവും. ഓര്‍മ്മ കിട്ടാഞ്ഞിട്ടാണ്''.


''ഇങ്ങിനെ വിഷം അടിക്കുണത് കേടല്ലേ അമ്മാമേ''.


''ഒക്കെ അകത്ത് ചെന്നാല്‍ കേടന്നെ. ഞങ്ങടെ നല്ലകാലത്ത് പാടത്ത് ആരും സള്‍ഫേറ്റോ യൂറിയോ ഒന്നും എറിയില്ല. നല്ലോണം തൂപ്പുംതോലും വെട്ടി പാടത്തിടും. പോരാഞ്ഞിട്ട് ചാണകൂം. ആ കാലത്ത് ഇന്നത്തെ മാതിരി വിഷം അടിക്കില്ല. അതോണ്ടല്ലേ ഈ പ്രായത്തിലും  എന്‍റെ തടിയ്ക്ക് കേടൊന്നും ഇല്ലാത്തത്''.


''നമുക്ക് നാണുമാമടെ അടുത്ത് ചെന്നാലോ. മൂപ്പര് വര്‍ത്തമാനം പറയാന്‍ ആളില്ലാതെ വിഷമിക്കുണുണ്ടാവും''.


''പണിക്കാരുടെ അടുത്ത് ലച്ചറിന്ന് നിന്ന് അയാള് പണി മെനക്കെടുത്ത്വോ എന്നാ എന്‍റെ പേടി''.


''ചോറ് വാങ്ങാന്‍ ചെല്ലുമ്പൊ എന്തെങ്കിലും കൊണ്ടുപോവാനുണ്ടോ'' എഴുത്തശ്ശനോട് ചാമി ചോദിച്ചു.


''അത്യാവശ്യം വല്ല കൂട്ടാന്‍ വെക്കാനോ അര്യോ കൊണ്ടുപോയാ മതി. പത്ത് ദിവസത്തിനുള്ളില്‍ അവര് ഇങ്കിട്ട് വരും. വേണ്ടാണ്ടെ ഓരോ സാധനങ്ങള് അവിടെ കൊണ്ടുപോയി നിറച്ചുവെച്ചാല്‍ നീതന്നെ അപ്പൊ ഇങ്കിട്ടും ഏറ്റണ്ടിവരും''.


അവര്‍ കയറിചെല്ലുമ്പോള്‍ ഉമ്മറതിണ്ടില്‍  വാതില്‍പലക നിവര്‍ത്തി വെച്ച് നാണുനായര്‍ അതില്‍ കിടന്ന് സുഖമായി ഉറങ്ങുകയാണ്.


''ഇയാള്‍ക്ക് എപ്പോഴൂണ്ട് ഒരു ഉറക്കം. കുംഭകര്‍ണ്ണന്‍റെ അളിയനാണോ ആവോ''എഴുത്തശ്ശന്‍ ചങ്ങാതിയെ കുലുക്കിവിളിച്ചു. കണ്ണുംതിരുമ്മി നാണുനായര്‍ എഴുന്നേറ്റു.


''എന്താ ഹേ. ഇതെന്താ നട്ടപാതിര്യാണോ കെടന്നൊറങ്ങാന്‍''എഴുത്തശ്ശന്‍ ചോദിച്ചു.


''ഉമ്മറത്ത് നല്ല കാറ്റ്''നാണുനായര്‍ പറഞ്ഞു''കുറച്ചുനേരം ഇരുന്നാ മതി. തന്നെ കണ്ണടഞ്ഞ് പോവും''. എഴുത്തശ്ശനും വേണുവും അകത്തേക്ക് ചെന്നു നോക്കി. ചവിട്ടിക്കുഴച്ച മണ്ണ് ചുമരില്‍ തേച്ചുപിടിപ്പിക്കുകയാണ്.


''മാറി നിന്നോളിന്‍''തേപ്പുപണി ചെയ്യുന്ന ആള്‍ പറഞ്ഞു''ഇല്ലെങ്കില്‍ മേത്ത് മണ്ണാവും''.


''ഇനി എത്ര ദിവസം വേണ്ടിവരും''എഴുത്തശ്ശന്‍ ചോദിച്ചു.


''അങ്ങിനെ പറയാന്‍ പറ്റില്ല. ചെയ്ത് തീരണ്ടേ. എന്നാലും ഈ ആഴ്ച പണി തീര്‍ത്തുപോണംന്നാ മുതലാളി പറഞ്ഞിട്ടുള്ളത്. വേറെ ഒന്നുരണ്ട് അര്‍ജന്‍റ് പണികള് തീര്‍ക്കാനുണ്ട്''.


അവര്‍ പുറത്തിറങ്ങി. നാണുനായര്‍ കൊടുവാള്‍കൊണ്ട് വേലിയ്ക്കലുള്ള മഞ്ഞപ്പാവിട്ട വെട്ടുകയാണ്.


''താന്‍ വെറുതെ കയ്യോ കാലോ വെട്ടിമുറിക്കാന്‍ നിക്കണ്ടാ''എഴുത്തശ്ശന്‍ പറഞ്ഞു''അതവിടെ നിന്നാല്‍ എന്താ കൊഴപ്പം''.


''ഒരു ഗുണൂം ഇല്ലാത്തതാണ് മഞ്ഞപ്പാവിട്ട. വെട്ടിയിട്ട് ഉണങ്ങികിട്ട്യാല്‍ വിറകിന് പറ്റും''.


''നിങ്ങള് ഒരുഭാഗത്ത് വന്നിരിക്കിന്‍. ചാമി വരട്ടെ. അവനെക്കൊണ്ട് ഞാന്‍ മുറിപ്പിക്കാം''. വാതില്‍പലകയില്‍ മൂന്നുപേരും ഇരുന്നു.


''ഇന്നലെവൈകുന്നേരം അമ്മിണ്യമ്മ വന്നിരുന്നു''നാണുനായര്‍ പറഞ്ഞു.


''ഏത് അമ്മിണ്യമ്മ''എഴുത്തശ്ശന്ന് ആളെ മനസ്സിലായില്ല.


''സ്ഥലം വില്‍ക്കുണ കാര്യം സംസാരിക്കാന്‍ നിങ്ങടെ അടുത്ത് വന്നില്ലേ. ആ സ്ത്രീ''. അപ്പോഴാണ് അന്ന് വര്‍ത്തമാനം പറഞ്ഞിരുന്നിട്ടും അവരുടെ പേര് ചോദിച്ചില്ലല്ലോ എന്ന് എഴുത്തശ്ശന്‍ ഓര്‍ക്കുന്നത്.


''അവരെന്താ പറഞ്ഞത്''അയാള്‍ ചോദിച്ചു.


''എനിക്ക് അവരുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഇങ്ങനത്തെ ആള്‍ക്കാരേ ആദ്യായിട്ട് കാണ്വാണത്രേ അവര്. മൂപ്പത്ത്യാര് ചെന്ന് മകളേം മരുമകനേം കണ്ടിരിക്കുണു. അവര്‍ക്കൊക്കെ നിങ്ങളെ വളരെ ഇഷ്ടായീന്ന് പറഞ്ഞു. ഇന്ന് അവരൊക്കെ ഇങ്കിട്ട് വരുണുണ്ട്''.


''എന്നിട്ട് ഈ കാര്യം എന്തേ താന്‍ ഇത്രനേരം പറഞ്ഞില്ല''.


''ഓരോന്ന് ആലോചിച്ച് ഞാനത് മറന്നു''.


''നിങ്ങളെ പറഞ്ഞിട്ട് കാര്യൂല്യാ. അരണക്കാളിടെ ജന്മാണ് നിങ്ങടെ''. അല്‍പ്പനേരം അവരവിടെ നിന്നു. പിന്നെ കളപ്പുരയിലേക്ക് മടങ്ങി.


''എന്താഹേ നിങ്ങടെ ആള്‍ക്കാരെ കാണാത്തത്. വരില്യാന്നുണ്ടാവ്വോ'' നാലുമണിയായിട്ടും അമ്മിണിയമ്മയേയും കുടുംബത്തിനേയും കാണാഞ്ഞപ്പോള്‍ എഴുത്തശ്ശന്‍ ചോദിച്ചു.


''വരും. വരാണ്ടിരിക്കില്ല''.


''എന്താ അനുഗ്രഹിക്ക്യാണോ. അന്ന് ഉച്ചക്ക് ഉണ്ണുന്ന നേരത്താ ആ സ്ത്രി വന്നത്. ഇപ്പൊ സമയം എത്രയീന്ന് അറിയ്യോ''.


''നിങ്ങള് പൊരിച്ചില് കൂട്ടണ്ടാ. അവര്‍ക്ക് മകളൊക്കെ വന്നിട്ട് വേണ്ടേ വരാന്‍''.പറഞ്ഞിരിക്കുമ്പോഴേക്കും അമ്മിണിയമ്മ വെള്ളപ്പാറകടവ് കടന്നുവരുന്നത് കണ്ടു. കൂടെ ഒരു ചെറുപ്പക്കാരനും ഉണ്ട്.


''അതാ അവര് വരുണുണ്ട്. ആ സ്ത്രീയും കൂടെ ഒരു ചെറുപ്പക്കാരനും  ഉണ്ട്''വേണു പറഞ്ഞു.


''ഞാന്‍ പറഞ്ഞില്ലേ അമ്മിണ്യമ്മ വരാതിരിക്കില്യാന്ന്''നാണുനായര്‍ക്ക് സമാധാനമായി.


''ചാമ്യേ ഇത്തിരി ചായക്ക് വെള്ളം തെളപ്പിക്കടാ. അന്നേ അയമ്മക്ക് ഒന്നും കൊടുത്തില്ല''.


''ചായടൊപ്പം കടിക്കാന്‍ എന്തെങ്കിലും വാങ്ങിക്കണ്ടേ''നാണുനായര്‍ക്ക് അതാണ് അറിയേണ്ടത്.


''പഴംപൊരീം വടേം കാരാസാമാനൂം ഒക്കെ വാങ്ങിവെച്ചിട്ടുണ്ട്''ചാമി എല്ലാം മുന്‍കൂട്ടി ചെയ്തുകഴിഞ്ഞിരിക്കുന്നു. അമ്മിണിയമ്മ നേരത്തെ കണ്ടതിനേക്കാള്‍ പ്രസന്നവതിയാണ്.


''ഇതാണ് മരുമകന്‍''അവര്‍ പറഞ്ഞു. ഇളംനീല ഷര്‍ട്ടും കാപ്പി കളറില്‍ പാന്‍റും ഇട്ട ചെറുപ്പക്കാരന്‍. വലിയ തടിയോ പൊക്കമോ ഇല്ല. ഇരു നിറമാണെങ്കിലും ആളൊരു സുമുഖനാണ്.


''അപ്പൊ മകള്''.


''തലേലെ മുട്യോക്കെ പോയതോണ്ട് വെളീലിക്ക് ഇറങ്ങാന്‍ അവള്‍ക്ക് നാണക്കേടാ. അതാ കൂടെ വരാഞ്ഞത്''.


''മോന്‍, എവിട്യാ നിന്‍റെ വീട്''എഴുത്തശ്ശന്‍ ചെറുപ്പക്കരനോട് ചോദിച്ചു.


''അങ്ങ് എരുമേലിക്കടുത്താ. ശബരിമലയ്ക്ക് ആ വഴിയാ അയ്യപ്പന്മാര്‍ പോകാറ്''.


''വിവരം ഒക്കെ ഇവര് അന്ന് പറഞ്ഞിരുന്നു. ഇവിടെ ഉള്ളത് നല്ല മണ്ണാ. വെള്ളത്തിനും ബുദ്ധിമുട്ടില്ല. ഞങ്ങടെ ഒപ്പംകൂടാന്‍ വിരോധൂണ്ടോ''.


അമ്മിണിയമ്മയാണ് മറുപടി  പറഞ്ഞത്. കല്യാണത്തിന്നുശേഷം മകളും മരുമകനും വാടകക്ക് താമസിച്ചിരുന്നു. ആ കാലത്ത് ആരൊക്കേയോ പല തവണ അവിടെചെന്ന് അവരെ ഭീഷണിപ്പെടുത്തി. നല്ല തറവാട്ടില്‍ പിറന്ന കുട്ടിയെ സംബന്ധം ചെയ്തിട്ട് ഈ നാട്ടില്‍ കഴിയാന്‍ സമ്മതിക്കില്ലാ എന്ന് പറയുകയുണ്ടായി. പേടിച്ചിട്ടാണ് മലമ്പള്ളേലിക്ക് താമസം മാറ്റിയത്.


''എന്താ ഇനിയത്തെ ഉദ്ദേശം''.


''കൂനന്‍പാറടെ അപ്പുറത്ത് മലഞ്ചോട്ടില്‍ കുറെസ്ഥലം ഭാഗംവെച്ച് കിട്ടീന്ന് പറഞ്ഞു. ഞങ്ങള് അവിടെ താമസ്സിച്ചാലോ എന്ന് വിചാരിച്ചതാണ്''.


''ആന ഇറങ്ങുണ സ്ഥലോല്ലേ അത്. സമാധാനത്തോടെ അവിടെ കഴിയാന്‍ സാധിക്ക്വോ''.


''നാട്ടിലെ മനുഷ്യരെക്കാളും ഭേദം കാട്ടാനകള് തന്നെ. അവ വല്ലപ്പോഴും മാത്രമേ ഉപദ്രവിക്കൂ. മനുഷ്യന്മാരെപോലെ എന്നുംവന്ന് ശല്യം ചെയ്യില്ല''.


''എന്നിട്ട് അങ്ങോട്ട് പോവാനാ വിചാരിക്കുണ്''.


''അപ്പോഴാണ് അമ്മ വന്ന് നിങ്ങളൊക്കെ സഹായിക്കുമെന്ന് പറഞ്ഞത്. എന്നാല്‍ ഇവിടെ കൂടാന്ന് വിചാരിച്ചു''.


''അത് നന്നായി. ഇവിടെ ആരുടേം ശല്യൂണ്ടാവില്ല''.


''ഞങ്ങള്‍ ആര്‍ക്കും ഒരു ഉപദ്രവവുംകൂടാതെ ഒതുങ്ങികഴിഞ്ഞോളാം''.


''അതൊന്നും ചോദിച്ചില്ലല്ലോ. ആളും മനുഷ്യനും നിറഞ്ഞ് ഇവിടം  നല്ല സ്ഥലാവണം. ഞങ്ങള്‍ക്ക് അത്രേള്ളു. ആട്ടെ മലഞ്ചുവട്ടിലെ ഭൂമി എന്താ ചെയ്യുണത്''.


''നാട്ടില് വിവരം കൊടുത്താല്‍ ആരെങ്കിലുംവന്ന് സ്ഥലം വാങ്ങിച്ചോളും. വീട് പണിയാനുള്ള പണം അതിന്ന് കിട്ടും''.


''അതുവരെ എവിടെ കഴിയുംന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടീം കിട്ടുണില്ല'' അമ്മിണിയമ്മ പറഞ്ഞു''തറവാട് ഭാഗത്തില്‍ കിട്ട്യേകൂട്ടര്    അത് പൊളിച്ച് വില്‍ക്കുംന്നാ കേട്ടത്''.


''അതാലോചിച്ച് ബേജാറാവണ്ടാ. എനിക്കിവിടെ ഒരു വണ്ടിപ്പെരേണ്ട്. പേരന്നേ ഉള്ളു. ഇപ്പൊ വണ്ടീം ഇല്യാ മൂരീം ഇല്യാ. വേണു വന്നതില്‍ പിന്നെ ഞങ്ങള് മൂന്നാളുംകൂടി ഇവിടെ തന്ന്യാ കൂടുണത്. പുരപണി കഴിയുണത് വരെ നിങ്ങള് അവിടെ കൂടിക്കോളിന്‍''. എഴുത്തശ്ശന്‍റെ ഉദാരമായ സമീപനം അവരുടെ മനസ്സിലെ വിഷമതകളെല്ലാം അകറ്റി. ചായകുടി കഴിഞ്ഞ് എല്ലാവരുംകൂടി അമ്മിണിയമ്മക്ക് ഭാഗിച്ചുകിട്ടിയ കൃഷിസ്ഥലങ്ങള്‍ ചെന്നുനോക്കി.


''ഇപ്പൊ കൃഷീട്ടത് കൊയ്തിട്ടേ ഞങ്ങള്‍ക്ക് പാടത്ത് എന്തെങ്കിലും ചെയ്യാന്‍ പാടൂന്ന് പറയുണു''അമ്മിണിയമ്മ പറഞ്ഞു.


''ഭാഗിച്ച് കിട്ട്യേതല്ലെ. പിന്നെന്താ''.


''ഓരോ കൊല്ലത്തേക്ക് കൃഷി ചെയ്തോളാന്‍ റിസീവറ് ലേലം ചെയ്ത് കൊടുക്കുണതാ. ഇട്ടവിളവ് കൊയ്യുണവരെ കൃഷിസ്ഥലം ലേലംവിളിച്ച ആളടെ കയ്യിലാണ്''.


''അപ്പൊ നിങ്ങടെ പറമ്പോ''.


''അത് ലേലം ചെയ്തിട്ടില്ല''.


''നന്നായി. പുര പണിയണച്ചാല്‍ ചെയ്യാലോ''. പാടത്തുനിന്ന് വരുമ്പോള്‍ അമ്മിണിയമ്മ കളപ്പുരയിലേക്ക് കയറിയില്ല. 


''ഇനീപ്പൊ കേറുണില്ലാ. ഇരുട്ടാവുമ്പഴേക്ക് ഞങ്ങള് പോട്ടെ''കളപ്പുരയുടെ പടിക്കലെത്തിയപ്പോള്‍ അവര്‍ പോവാനൊരുങ്ങി. അമ്പലത്തില്‍നിന്ന് ഉയര്‍ന്ന ശംഖൊച്ച അപ്പോള്‍ അവിടേക്ക് കടന്നുവന്നു.


അദ്ധ്യായം - 80.


നാണുനായര്‍ പണിസ്ഥലത്തേക്ക് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് മക്കു രാവുത്തര്‍ കടന്നുവരുന്നത്.


''ഇന്നല്യാണ് ഞാന്‍ വിവരങ്ങളൊക്കെ അറിഞ്ഞത്. ഞങ്ങളെല്ലാരുംകൂടി നാഗൂരിലിക്കും ഏര്‍വാടിലിക്കും പോയിരുന്നു''രാവുത്തര്‍ പറഞ്ഞു ''ഒടുവില്‍ മരുമകന്‍ നിങ്ങള് രണ്ടാളേം പാതപള്ളേലിക്ക് ഇറക്കിവിട്ടു അല്ലേ''. നാണുനായര്‍ കണ്ണുതുടച്ചു.


''ആരെന്ത് ചെയ്താലും പടച്ചോന്‍ കൈവിട്ടില്ലല്ലോ. അത് മതി. ആ ഹറാം പെറന്നോന്‍ കാരണം ആരോടും സമാധാനം പറയണ്ടാത്ത വേറൊരു പുര കിട്ടീല്ലേ''.


''ഒക്കെ എഴുത്തശ്ശനും വേണൂം കൂട്ടരുംകൂടി ചെയ്ത സഹായം. അയ്യപ്പന്‍ അവര്‍ക്കത് തോന്നിച്ചു''.


''മനുഷ്യന് എല്ലാകാലും ഒരുപോലെ ഇരിക്കില്ല. കുറെകാലം കഷ്ടപ്പാട് അനുഭവിക്കുമ്പോ അള്ളാഹു ഒരുവഴി കാണിച്ച് തരും''. രാവുത്തര്‍ പറഞ്ഞത് നാണുനായര്‍ തലകുലുക്കി സമ്മതിച്ചു.


''എന്താ കുറച്ചായിട്ട് ഈ വഴിക്കൊന്നും കാണാത്തത്. ഓണത്തിന്ന് തുണി തന്നിട്ട് പോയതല്ലേ''.


''അത് കഴിഞ്ഞതും നോമ്പ് തുടങ്ങി. വാപ്പ നോമ്പ് പിടിച്ചിട്ട് സൈക്കിള്‍ ചവിട്ടിപോണ്ടാന്ന് പിള്ളര് എഴുതി. അവര്‍ക്ക് വെഷമം തോന്നണ്ടാന്ന് ഞാനും വിചാരിച്ചു. പെരുന്നാളിന്ന് പിള്ളര് വരുംചെയ്തു. നേരത്തെ പറഞ്ഞപോലെ എല്ലാരുംകൂടി യാത്ര പോവുംചെയ്തു''.


''അതുപറ്റി. അപ്പൊ ഇക്കൊല്ലത്തെ പെരുനാള് കെങ്കേമായിട്ടുണ്ടാവും''.


''എല്ലാം അള്ളാന്‍റെ കൃപ''.  തനിക്ക് വീട് പണിയുന്ന കാര്യം നാണുനായര്‍ വിശദീകരിച്ചു.


''ഒരു മുറീം അടുക്കളീം ആയാല്‍ ധാരാളം മതി. വേണൂനാണ് അത് പോരാത്തത്. അത്യാവശ്യം സൌകര്യം ഇല്ലാഞ്ഞാല്‍ പറ്റില്ലാന്ന് അവന് ഒരേ നിര്‍ബന്ധം''.


''നല്ല മനസ്ഥിതീള്ള ആളാണ് ആ മൂപ്പര്. ഒറ്റ പ്രാവശ്യം കണ്ടപ്പഴക്കും  എനിക്കത് മനസ്സിലായി, അന്ന് എന്‍റെ മനസ്സിലൊരുമോഹം തോന്ന്യേതാ''.


''എന്താദ്''.


''അയാളെക്കോണ്ട് നിങ്ങടെ മകളടെ പുടമുറി കഴിപ്പിച്ചാലോന്ന്''.


''ഞങ്ങള്‍ക്ക് മോഹം ഇല്ലാഞ്ഞിട്ടല്ല. ഇങ്കിട്ട് എന്തെങ്കിലും പറയാണ്ടെ കെട്ടിക്കേറി എന്‍റെ മകളെ കല്യാണം കഴിക്കേന്ന് പറയാന്‍ പാട്വോ''.


''നിങ്ങള് നേരിട്ട് പറയണ്ടാ. മൂപ്പരോട് പറയാന്‍ പറ്റ്യേ ആരെങ്കിലും പറയട്ടെ''.


''അതിന് എനിക്കാരാ ഉള്ളത്''.


''നിങ്ങടെ കൂട്ടുകാരന്‍ എഴുത്തശ്ശനില്ലേ. അയാള് പറയട്ടെ''.


'' ഈ കാര്യം ഞാന്‍ എങ്ങന്യാ അയാളോട് പറയ്യാ. മൂപ്പര്‍ക്ക് വല്ലതും തോന്ന്യാലോ''.


''ഇങ്ങിനെ വിചാരിച്ചോണ്ടിരുന്നാല്‍ മകള് വീട്ടിലും ഇരിക്കും. അയാള് അയാളുടെ പെരേലും''. നാണുനായര്‍ക്ക് മറുപടി ഇല്ലാതായി.


''നിങ്ങക്ക് വയ്യെങ്കില്‍ പറയിന്‍. ഞാന്‍ മൂപ്പരോട് ചോദിച്ചറിഞ്ഞോളാം'' രാവുത്തര്‍ ദൌത്യം ഏറ്റെടുക്കാന്‍ തയ്യാറായി.


''അയ്യോ അതൊന്നും വേണ്ടാ. അവന് വല്ലതും തോന്നും. പറ്റുംച്ചാല്‍ നിങ്ങള് എഴുത്തശ്ശനോട് ഒന്ന് സൂചിപ്പിക്കിന്‍''. രാവുത്തര്‍ അങ്ങിനെ ചെയ്യാമെന്ന് സമ്മതിച്ചു.


''ആട്ടെ, എന്നേക്കാ പുതിയ വീട്ടില് താമസം തൊടങ്ങുണത്''.


''വീടുപണി ഏതാണ്ട് തീര്‍ന്നു. നെലം സിമന്‍റും ചൊമന്ന കാവീംകൂടി തേച്ച് മിനുപ്പിക്കലാണ്. അതുംകൂടി കഴിഞ്ഞാല്‍ പിറ്റേന്ന് മാറും''.


''നമുക്ക് ഒരു ഇല ചോറ് ഉണ്ടാവില്ലേ''.


''എന്താ സംശയം. ആദ്യം വിളിക്കുണത് നിങ്ങളേല്ലേ''. സരോജിനി രണ്ട് ഗ്ലാസ്സ് ചായയുമായി എത്തി. നാണുനായര്‍ ഒരെണ്ണംവാങ്ങി രാവുത്തര്‍ക്ക് കൊടുത്തു. ഒന്ന് വാങ്ങി ഇരിക്കുന്നതിന്ന് അടുത്തുംവെച്ചു.


''പുത്യേ വീട്ടില്‍ താമസം ആക്കാന്‍ പോണൂ അല്ലേ''രാവുത്തര്‍ കുശലം ചോദിച്ചു. സരോജിനി ഒന്ന് ചിരിച്ചതേയുള്ളു. വര്‍ത്തമാനം കേള്‍ക്കാന്‍ നില്‍ക്കാതെ അവള്‍ അകത്തേക്ക് പോയി.


''നമ്മക്കും പുത്യേരു വീട് പണിയണംന്നുണ്ട്''രാവുത്തര്‍ പറഞ്ഞു.


''നിങ്ങക്കെന്താ പ്രയാസം. പെട്ട്യോട് ചോദിച്ചാ പോരെ''.


''കാശിന് ബുദ്ധിമുട്ട് ഉണ്ടായിട്ടല്ല. പാകത്തിനൊരുസ്ഥലം കിട്ടണ്ടേ''.


''അപ്പൊ വീട് നില്‍ക്കുണ സ്ഥലോ''.


''അതല്ലേ കുഴപ്പം. ധനുമാസം തുടങ്ങ്യാല്‍ കിണറ്റില് വെള്ളം കാണില്ല. പിന്നെ എടവപ്പാതി ആവണം വെള്ളത്തിന്. അതുവരെ അരനാഴിക ദൂരത്തിന്ന് സൈക്കിളില് വെള്ളം കടത്തണം. പറ്റ്യേ സ്ഥലം കിട്ട്യാല്‍ അവിടെ രണ്ട് ചെക്കന്മാര്‍ക്കും ഓരോ പുരവെച്ച് കെട്ടണംന്നുണ്ട്''.


''നിങ്ങള് വല്ല സ്ഥലൂം കണ്ട് വെച്ചിട്ടുണ്ടോ''.


''പാകത്തിന് ഒന്നും കാണാനില്ല''.


''ഞാനൊരു കാര്യം പറയട്ടെ. നിങ്ങള് ഞങ്ങടെ അടുത്ത് കൂടുണ്വോ. അവിട്യാണെങ്കില്‍ ഇഷ്ടംപോലെ സ്ഥലൂണ്ട്. വെള്ളത്തിനും പഞ്ചൂല്യാ''.


''സംഗതി തെറ്റില്ല. പക്ഷെ നമ്മള് മുസല്‍മാനല്ലേ. നിങ്ങടെ എടേല്‍ കഴിയാന്‍ സമ്മതിക്ക്വോ''.


''മിണ്ടാണ്ടിരിക്കിന്‍. ഏതെല്ലാം കൂട്ടക്കാരാ നമ്മടെ നാട്ടിലുള്ളത്. എല്ലാരും ഒന്നിച്ച് കഴിയുണില്യേ. അതുപോലെ അവിടെ എല്ലാ കൂട്ടക്കാരേം ഒന്നിച്ച് കൂട്ടണംന്നാ മേനോനും വേണൂം എഴുത്തശ്ശനും ഒക്കെ പറയുണത്''.


''അങ്ങിന്യാച്ചാല്‍ നിങ്ങള് ഭൂമി ഏര്‍പ്പാടാക്കിന്‍. കുറച്ച് കൃഷീം വേണം. പിള്ളരുക്ക് അങ്ങന്യൊരു മോഹം കൂടീണ്ട്''.


''ശരി നോക്കട്ടെ''നാണുനായര്‍ ഏറ്റു.


''കൂട്ടത്തില്‍ ഒരാള്‍ക്കുംകൂടി നോക്കിക്കോളിന്‍''. 


''അതാരാ ആള്''


''നമ്മടെ ചെട്ട്യാര്''.


''വള വില്‍ക്കാന്‍ നടക്കുണ ചെട്ടി''.


''അയാളന്നെ. മുമ്പേ എന്നോട് പറഞ്ഞുവെച്ചതാ''.


''എത്ര വേണ്ടിവരും''.


''പത്തോ പതിനഞ്ചോ സെന്‍റ്''.


''എന്നാ അതും ശര്യാക്കാം''.


''മറ്റന്നാള് ഞാന്‍ വരാം. അപ്പഴയ്ക്ക് അറിഞ്ഞുവെക്കിന്‍''രാവുത്തര്‍ എഴുന്നേറ്റു.


************************************


സന്ധ്യക്ക് അമ്പലത്തിലേക്കുതൊഴാന്‍ വന്ന സ്വാമിനാഥന്‍ നാണു നായരുടെ വീടു പണി നോക്കാന്‍ ചെന്നു. ജോലിക്കാരെല്ലാം പണിമാറി പോയിരുന്നു. ചാമി വേലിക്കരികിലുള്ള മഞ്ഞപ്പാവിട്ട മുറിക്കുന്ന തിരക്കിലാണ്. അതും നോക്കി എഴുത്തശ്ശനും നാണുനായരും മുറ്റത്ത് നില്‍ക്കുന്നുണ്ട്.


''പണി എത്രകണ്ട് ആയി''സ്വാമിനാഥന്‍ ചോദിച്ചു.


''ഏതാണ്ട് കഴിയാറായി''എഴുത്തശ്ശന്‍ പറഞ്ഞു.


''ഈയാഴ്ച തീര്‍ക്കണംന്ന് നിങ്ങള്‍ പറഞ്ഞതായി പണിക്കാരന്‍ പറഞ്ഞു.  ''നാണുനായര്‍ ബാക്കികൂടി പറഞ്ഞു.


''ശര്യാണ്. ഒരുപാട് പണികള് ബാക്കിവെച്ചിട്ടാ ഇത് ചെയ്യുണ്''. മൂന്നുപേരും അകത്തുചെന്ന് പണികള്‍ പരിശോദിച്ചു.


''എന്താ, തൃപ്തി ആയില്ലേ''സ്വാമിനാഥന്‍ നാണുനായരോട് ചോദിച്ചു.


''ഊക്കായി. സ്വപ്നത്തില് ഞാന്‍ നിരീച്ചിട്ടില്യാ ഇങ്ങിനെ ഒരു വീട്ടില് താമസിക്കാന്‍ പറ്റുംന്ന്''.


''ദൈവം വിചാരിച്ചാല്‍ ഇത്രേള്ളൂ''.


''ഞാനൊരു സംശയം ചോദിക്ക്യാണ്''നാണുനായര്‍ ചോദിച്ചു''നമ്മടെ ഈ നാട്ടില് ഇത്രതോനെ വീടുപണീണ്ടോ''.


''ഇവിട്യോ. നല്ല കഥ്യായി. കൊല്ലത്തില്‍ നാലോ അഞ്ചോ വീട് പണിയും. അതൊക്കെ ഉടമസ്ഥന്മാര് തന്നത്താന്‍ ചെയ്യിക്കും''.


''പിന്നെന്താ തിരക്കിട്ട് കുറെ വീടിന്‍റെ പണിതീര്‍ക്കാന്‍ കിടക്കുണൂന്ന് പറഞ്ഞത്''.


''അതു ശരി. ഈ നാട്ടില് വീടുപണി തീര്‍ക്കാനുണ്ട് എന്ന് നിങ്ങളോട് ആരാ പറഞ്ഞത് ''സ്വാമിനാഥന്‍ ചോദിച്ചു''പണീള്ളത് ടൌണിലാണ്. അവിടെ ഉദ്യോഗസ്ഥന്മാര് ലോണെടുത്ത് വീടുകെട്ടും. ബിസിനസ്സുകാര് ബംഗ്ലാവ് പണിയും. അവര്‍ക്ക് പണിക്കാരെ അന്വേഷിക്കാനോ നോക്കി നിക്കാനോ നേരംകിട്ടില്ല. അപ്പൊ കോണ്ട്രാക്റ്റ് കൊടുക്കും. അങ്ങിനത്തെ പണികളാ ഞാന്‍ ചെയ്തു കൊടുക്കുണ്''.


''തനിക്ക് എന്തൊക്കെ അറിയണം''എഴുത്തശ്ശന്ന് ദേഷ്യം വന്നു.


''പോട്ടെ, നമ്മടെ ആളല്ലേ''സ്വാമിനാഥന്‍ ഇടപെട്ടു.


''നമുക്ക് അമ്പലത്തിലിക്ക് പോവ്വാ''എഴുത്തശ്ശന്‍ പറഞ്ഞു''മേനോനും വേണൂം ചെന്നിട്ടുണ്ടാവും''. 


മഴു എടുത്തുവെക്കാന്‍ ചാമി കളപ്പുരയിലേക്ക് നടന്നു, മറ്റുള്ളവര്‍ അമ്പലത്തിലേക്കും. 


Comments

Popular posts from this blog

അദ്ധ്യായം 141-142

അദ്ധ്യായം 131-140

അദ്ധ്യായം 1-10

അദ്ധ്യായം 41-50