അദ്ധ്യായം 141-142

 അദ്ധ്യായം - 141. 


പത്തുമണിയോടെ സബ്ഇന്‍സ്പെക്ടര്‍ ആസ്പത്രിയിലെത്തി.


"ആരാ മില്ലിന്‍റെ ഓണര്‍''അയാള്‍ ചോദിച്ചു. രാധാകൃഷ്ണന്‍ അടുത്തു ചെന്നു


''നിങ്ങളോട് ചിലത് ചോദിക്കാനുണ്ട്''. ആസ്പത്രി വളപ്പിലെ മരത്തിന്ന് ചുവട്ടില്‍ നിര്‍ത്തിയിരുന്ന ജീപ്പിന്‍റെ അടുത്തേക്ക് അവര്‍ നടന്നു.


''എന്താ സംഭവം''. രാധാകൃഷ്ണന്‍ നടന്നതെല്ലാം വിവരിച്ചു.


''സംഭവത്തിന്ന് സാക്ഷികള്‍ ആരൊക്കീണ്ട്''.


''ഒന്ന് വെട്ടുകൊണ്ട വേണു അങ്കിള്‍''


''ഇപ്പഴത്തെ ചുറ്റുപാടില്‍ അയാളെ സാക്ഷിയാക്കാന്‍ പറ്റില്ല. അയാള്‍ രക്ഷപ്പെട്വോന്ന് ഉറപ്പില്ല''.


''പിന്നെ ഞാന്‍''.


''നിങ്ങളാണ് പ്രധാന സാക്ഷി. ഇനി ആരുണ്ട്''. അവന്‍ മായന്‍കുട്ടിയുടെ പേര് പറഞ്ഞു.


''അവന്‍റെ ഡീറ്റേയില്‍സ് പറ''. രാധാകൃഷ്ണന്‍ അറിയാവുന്ന വിവരങ്ങള്‍ പറഞ്ഞു.


''താനെന്താ മനുഷ്യനെ കളിയാക്ക്വാ. പൊട്ടനേം പ്രാന്തനേം സാക്ഷിയാക്കീട്ട് വേണം കോടതീന്ന് എനിക്ക് വല്ലതും കിട്ടാന്‍''. രാധാകൃഷ്ണന്‍ മറുപടി ഒന്നും മിണ്ടിയില്ല.


''ആ പെണ്ണില്ലേ അവളോ''ഇന്‍സ്പെക്ടര്‍ ചോദിച്ചു.


''അവളും എല്ലാം കണ്ടതാണ്''.


''പക്ഷെ കോടതീല്‍ ചെല്ലുമ്പോള്‍ താനാണ് ചെയ്തത് എന്നു പറഞ്ഞാലോ''. അങ്ങിനെയുണ്ടാവില്ലെന്ന് രാധാകൃഷ്ണന്‍ ഉറപ്പ് നല്‍കി.


''വെട്ടാന്‍ ഉപയോഗിച്ച വാള് എവിടീണ്ട്''.


''മില്ലിലുണ്ടാവും''.


''ഞങ്ങള്‍ സംഭവസ്ഥലം പരിശോധിച്ചിട്ടാ ഇങ്കിട്ട് വരുണത്. അവിടെ വാളും വടീം  ഒന്നൂല്യാ''. 


''സാര്‍, സംഭവം നടന്നതും ഞാന്‍ പരിക്കേറ്റ ആളേംകൊണ്ട് ഇവിടക്ക് വന്നതാണ്. പിന്നെ ഞാന്‍ മില്ലിലേക്ക് ചെന്നിട്ടില്ല''.


''എന്താടോ വാളും വടീം കൂടി കാശിക്ക് പോയിട്ടുണ്ടാവ്വോ. താന്‍ സ്ഥലം വിട്ടതും വിവരം അറിഞ്ഞുവന്ന തന്‍റെ അച്ഛന്‍ വന്ന് മില്ലും പടീം പൂട്ടീട്ട് പോയീന്നാ പറഞ്ഞത്. ഞങ്ങള് ചെന്നൂന്ന് അറിഞ്ഞ് അയാള്‍ വന്ന് തുറന്നു തന്നിട്ടാ അകത്ത് കേറി നോക്ക്യേത്. അതിന്‍റെടേല്‍ അത് എവിടെ പോയി. എങ്ങിന്യേങ്കിലും സാധനം തേടിപിടിച്ച് ഞങ്ങളെ ഏല്‍പ്പിച്ചോ. ഇല്ലെങ്കില്‍ താന്‍ വിവരം മനസ്സിലാക്കും''. 


''ഞാനത് നോക്കിയെടുത്ത് തരാം സാര്‍''.


''തരാന്ന് പറഞ്ഞാ പോരാ, തരണം''അയാള്‍ പറഞ്ഞു''ഇതൊന്ന് കഴിയട്ടെ നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്. നീ സുകുമാരനെ തല്ലിച്ചതച്ചു അല്ലേ. അവന്‍ ഞങ്ങടെ ഡി.വൈ.എസ്.പി. ക്ക് വേണ്ടപ്പെട്ട ആളാ. ഒരു പരാതി എഴുതി വാങ്ങി നിന്നെ ഞാന്‍ പിടിച്ച് അകത്താക്കും''. ആസ്പത്രിവളപ്പില്‍നിന്ന് ജീപ്പ് പുറത്തേക്കിറങ്ങി.


''ഇന്‍സ്പെക്ടര്‍ പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി എന്തൊക്ക്യാണ് ചോദിച്ചത്''തിരിച്ചെത്തിയ രാധാകൃഷ്ണനോട് രാജന്‍മേനോന്‍ ചോദിച്ചു. ചോദിച്ച കാര്യങ്ങളും അവയ്ക്കു താന്‍ നല്‍കിയ മറുപടികളും അവന്‍ വിശദീകരിച്ചു.


''എന്തെങ്കിലും പ്രശ്നം ഉണ്ടാവ്വോ അങ്കിള്‍''അവന്‍ ചോദിച്ചു.


''അതാലോചിച്ച് വിഷമിക്കേണ്ടാ. അതൊക്കെ കൈകാര്യംചെയ്യാന്‍ പറ്റ്യേ ആളുകള് നമുക്കുണ്ട്''മേനോന്‍ രാധാകൃഷ്ണന്‍റെ തോളില്‍ കൈവെച്ചു ''അതിലും വലുതാണ് വേണൂന്‍റെ ജീവന്‍. അതിലൊരു തീരുമാനൂണ്ടാവട്ടെ. എന്നിട്ടുമതി ബാക്കി കാര്യങ്ങള്‍ ചിന്തിക്കാന്‍''. 


''ട്രിഗറില്‍ വിരലമര്‍ന്നാല്‍ പന്ത്രണ്ട് പൊട്ടുണ ഉഗ്രന്‍ സാധനംഎന്‍റേലുണ്ട്. വേണുവങ്കിളിന്ന് എന്തെങ്കിലും സംഭവിച്ചാല്‍ സത്യമായിട്ടും ഞാനവന്‍റെ തിരുനെറ്റീലിക്ക് അതോണ്ട് പൊട്ടിക്കും''.


''ഒരിക്കലും അങ്ങിനെ ചിന്തിക്കരുത്''മേനോന്‍ അയാളെ വിലക്കി''വിധി പ്രസ്താവിക്കേണ്ടതും നടപ്പാക്കേണ്ടതും നമ്മളല്ല. എല്ലാം കാണുണ ഒരാള്‍ മുകളിലിരിപ്പുണ്ട്. അദ്ദേഹം വേണ്ടപോലെ കൈകാര്യം ചെയ്തോളും'' 

********************************

ഉച്ച തിരിഞ്ഞതും ചാമിയും വേലപ്പനുമെത്തി. കണ്ണാടിയിലെ വീട്ടില്‍ചെന്ന് സന്ധ്യയാവുമ്പോഴേക്കും പോവാമെന്ന് എല്ലാവരും നിര്‍ബന്ധിച്ചതാണ്. പിന്നൊരുദിവസം വരാമെന്നു പറഞ്ഞ് നേരെ പോന്നു. ബസ്സ്സ്റ്റോപ്പില്‍ അവര്‍ ഇറങ്ങിയതും പെട്ടിക്കടക്കാരന്‍ വിളിച്ചു. വിവരം അറിഞ്ഞതും ചാമി തളര്‍ന്നമട്ടില്‍ നിലത്തിരുന്നു.


''എന്‍റെ മകളെ''എന്നു വിളിച്ചു കരഞ്ഞുകൊണ്ട് വേലപ്പന്‍ പുരയിലേക്ക് ഓടി. അകലെനിന്നും പാലക്കാട്ടേക്കുള്ള ബസ്സിന്‍റെ ഇരമ്പല്‍ കേട്ടു. ചാമി മെല്ലെ എഴുന്നേറ്റ് ബസ്സിന്ന് കൈകാണിച്ചു.

*******************************************

ഭക്ഷണംകഴിഞ്ഞ് സുകുമാരന്‍ എഴുന്നേറ്റതും ലക്ഷ്മി എച്ചില്‍പ്പാത്രങ്ങള്‍ പെറുക്കികഴുകാനിട്ടു. ബാക്കിവന്ന ചോറും കറികളും ഓലക്കിണ്ണത്തില്‍ വിളമ്പി അവള്‍ കഴിക്കാനിരുന്നു. ഉമ്മറത്തുനിന്ന് റേഡിയോവിലെ പാട്ട് കേള്‍ക്കാനില്ല. മുതലാളിക്കുട്ടി അങ്ങന്യാണ്. ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് തോട്ടത്തിലെ ഷെഡ്ഡിന്നുമുമ്പിലിട്ട ബെഞ്ചില്‍ കിടന്നുറങ്ങുന്ന സമയത്തു മാത്രമേ പാട്ട് നിര്‍ത്തുള്ളു. അല്ലാത്തപ്പൊ പാട്ടോട് പാട്ടന്നെ. കുറെനേരം കേട്ടാല്‍ മതിവരില്ലേ. വെറുതെയിരുന്ന് മടുത്തിട്ടാവും പാട്ടും കേട്ടോണ്ട് കിടക്കുണത്. ആളും മനുഷ്യനും ഇല്ലാത്ത ഈ മലമ്പള്ളേല് ഒറ്റയ്ക്ക് കഴിയണ്ടി വന്നത് മുതലാളിക്കുട്ടിടെ കാലക്കേടന്നെ. വേണംന്നുവെച്ച് അയാളെ വെട്ട്യേതല്ല എന്നാ കുട്ടി പറയുണത്. എന്തായാലും ആ അപ്പാവി ചാവാണ്ടിരുന്നാല്‍ മത്യായിരുന്നു ആഹാരം കഴിഞ്ഞതും ലക്ഷ്മി എഴുന്നേറ്റ് പാത്രങ്ങള്‍ കഴുകിവെച്ചു. 


മുറ്റത്തുവന്നു നോക്കി. മുതലാളിക്കുട്ടി നല്ല ഉറക്കത്തിലാണ്. നെറയെ മരങ്ങളുള്ളതോണ്ട് നല്ലകാറ്റുണ്ട്. അതുംകൊണ്ട് കിടന്നാല്‍ ആരായാലും ഉറങ്ങിപ്പോവും. പോരാത്തതിന്ന് നല്ലോണം കുടിച്ചിട്ടുണ്ടാവും. അതാണ് ചോറ് ഉള്ളില് ചെന്നപ്പഴയ്ക്കും മട്ടമലച്ച് ഉറങ്ങ്യേത്. കുട്ടിക്ക് നല്ലവേദന ഉണ്ടാവും. അതാ അത് കുടിക്കുണത്. അത്ര തല്ലത് കൊണ്ടിട്ടുണ്ട്. ഏടത്ത്യേ, വൈക്കോല്‍ തല്ലുണ വട്യേക്കൊണ്ട് എന്നെ തല്ലീന്ന് പറഞ്ഞ് കാട്ടിത്തന്നു. തെളുതെളേ വെളുത്ത ദേഹത്ത് അങ്ങന്നെ അടികൊണ്ട് കല്ലച്ച അടയാളം കിടക്കുണുണ്ട്. ഉള്ളില്‍ സങ്കടം തോന്നുണുണ്ട്. കുട്ടി ആയിരിക്കുമ്പൊ എത്ര അതിനെ ഏറ്റിക്കൊണ്ട് നടന്നതാണ്.


കുട്ട്യേ പറഞ്ഞിട്ട് കാര്യൂല്യാ. വേണ്ടാത്തതിന്ന് വാസനീള്ള കുട്ട്യാണ്ന്ന് കണ്ടാല്‍ നേരത്തെ പിടിച്ച് കെട്ടിക്കണം. അപ്പൊ സ്വത്തും മുതലും ചന്തൂം നോക്കിനടന്ന് വൈകിച്ചാ ഇങ്ങിനീരിക്കും. ഒരുപെണ്ണിനെ കൊണ്ടുനടന്ന് കൊല്ലിച്ച് അത് എങ്ങിന്യോക്ക്യോ ഒഴിവാക്ക്യേതാ. അപ്പഴയ്ക്കാ ഇത്. അപ്പന്‍റെ ഗുണം തന്ന്യാണ് മകനും. വീട്ടില് പണിക്കുനിന്ന മീനാക്ഷിക്ക് വയറ്റിലുണ്ടാക്കി ഞാനൊന്നും അറിഞ്ഞില്ല എന്ന മട്ടില് കയ്യൊഴിഞ്ഞ ആളാണ് അപ്പന്‍. പാവം മീനാക്ഷി. കെട്ട്യോനില്ലെങ്കിലും ഒരു ഞരമ്പിനെ ദൈവം കൊടുത്തു. പണിയെടുത്ത് നോക്കാറാവുമ്പഴയ്ക്കും അതിന്ന് പ്രാന്തായി. ചെക്കനെക്കുറിച്ച് ആലോചിച്ചതും അവന് വൈകുന്നേരം തിന്നാന്‍ കൊണ്ടുപോയി കൊടുക്കാമെന്ന് ഏറ്റകാര്യം ഓര്‍മ്മവന്നു.


രാവിലെ ഇങ്കിട്ട് വരുണവഴിയാണ്. പുഴമ്പള്ളേല് വെയിലും കാഞ്ഞ്  മായന്‍കുട്ടി ഇരിക്കുണു. എന്താണ്ടാ ചെക്കാ കാട്ടുണ്ന്ന് ചോദിച്ചപ്പൊ ആമ വര്വോന്ന് നോക്ക്വാണെന്ന് പറഞ്ഞു. വെള്ളൂല്യാത്ത പൊഴേല് എവിടുന്നാ ആമ. 


''ലക്ഷ്മ്യേടത്ത്യേ, നിങ്ങള് എങ്കിട്ടാ''നടക്കാന്‍ തുടങ്ങ്യേപ്പൊ ചെക്കന്‍ ചോദിച്ചു. മലമ്പള്ളേലെ തോട്ടത്തിലിക്കാണെന്ന് പറഞ്ഞപ്പൊ ഞാന്‍ കൂടെവന്നാല്‍ തിന്നാന്‍ എന്തെങ്കിലും കിട്ട്വോന്ന് ചെക്കന്‍ കേട്ടു. ഇവിടെ തിന്നാന്‍ എന്താ ഉള്ളത്. പണിമാറി വരുമ്പൊ പഴച്ചക്ക കിട്ട്യാല്‍ ചൊള വലിച്ച് കൊണ്ടുക്കൊടുക്കാന്ന് പറഞ്ഞിട്ടുണ്ട്, കിട്ട്യാല്‍ അഞ്ചാറ് മാങ്ങാപ്പഴൂം കൊടുക്കണം. എന്തെങ്കിലും തിന്ന് വിശപ്പ് മാറ്റിക്കോട്ടെ.


എന്തുവേണമെന്ന് ആലോചിച്ച് കുറച്ചുനേരം നിന്നു. വെറുതെനിന്നാല്‍ ശരിയാവില്യാ. കൊറെപണി ചെയ്തുതീര്‍ക്കാന്‍ ബാക്കികിടക്കുണുണ്ട്. കര്‍ക്കിടക പ്ലാവില് ഇടിച്ചക്ക ഉണ്ടെങ്കില്‍ നാലഞ്ചെണ്ണം വലിച്ചിട്ടു വരാന്‍ പറഞ്ഞിട്ടുണ്ട്. ചക്ക പഴുക്കുണ കാലത്താണ് അതില്‍ ഇടിച്ചക്ക ഉണ്ടാവ്വാ. പഴുക്കാറായ ഒട്ടുമാങ്ങ ഉണ്ടെങ്കില്‍ അതും വലിക്കണം. വെറുതെ ഇവിടെ നിര്‍ത്തി അണ്ണീം കിളീം തിന്നുപോണ്ടാ. അത് കഴിഞ്ഞിട്ടുവേണം തൊടീല് വീണുകിടക്കുണ തേങ്ങ പെറുക്കി ഷെഡ്ഡിന്‍റെ പിന്നാലെ ഇടാന്‍. അകത്തു നിന്ന് കൊട്ടയുമെടുത്ത് ഷെഡ്ഡിന്‍റെ പുറകിലെ തൊടിയിലേക്ക് നടന്നു.


ഇടിച്ചക്കയും മാങ്ങയും പറിച്ച് കൊട്ടയിലാക്കിയശേഷം തേങ്ങ പെറുക്കി തൊടിയിലൂടെ നടന്നു. ഒരു തലക്കിന്ന് തുടങ്ങി ഒരുതലേല് എത്താന്‍ രാവിലെതൊട്ട് മോന്ത്യാവുംവരെ നടക്കണം. ആവുണത് പെറുക്കികടത്താം. ബാക്കി അവിടെന്യെ കിടക്കട്ടെ. വടക്കെ അറ്റത്ത് വേലിപൊളിഞ്ഞു കിടക്കുണുണ്ട്. പന്നി പൊളിച്ചതോ, മനുഷ്യര് പൊളിച്ചതോന്ന് അറിയില്ല. ചക്കപ്പഴത്തിന്‍റെ വാസന കേട്ടാല്‍ പന്നീം ആനേം ഒക്കെ വരും.  


ഉമ്മറത്തിന്ന് എന്തോ ചെത്തം കേള്‍ക്കുണുണ്ടോ. ഏയ്, കേള്‍ക്കാന്‍ വഴീല്ല. മുതലാളിക്കുട്ടി നല്ല ഉറക്കത്തിലാണ്. വീണ്ടും വീണ്ടും ശബ്ദം കേട്ടപ്പൊ സംശയം തോന്നി. തേങ്ങ പെറുക്കല്‍ നിര്‍ത്തി ഉമ്മറത്തേക്ക് നടന്നു. 


ഉറങ്ങിക്കിടക്കുന്ന മുതലാളിക്കുട്ടിടെ തലേല് രാവിലെ കണ്ട വടികൊണ്ട് മായന്‍കുട്ടി ഊക്കോടെ തല്ലുന്നതാണ് കണ്ടത്. 


''എന്താടാ നീ കാട്ടുണ്''എന്നു ചോദിച്ചുകൊണ്ട് വരുമ്പോഴേക്കും അവന്‍ വടി അവിടെ തന്നെയിട്ട് ബെഞ്ചില്‍ ചാരിവെച്ച ചോരയൊലിക്കുന്ന വാള്  കയ്യിലെടുത്ത് ഓടി. അടുത്തു ചെന്നപ്പോള്‍ മുതലാളിക്കുട്ടിടെ കഴുത്തിലെ മുറിവില്‍നിന്ന് ചോര ചീറ്റിതെറിക്കുന്നതാണ് കണ്ടത്. മഹാപാപി കുട്ടിടെ തല വടികൊണ്ട് തല്ലി തകര്‍ത്തിരിക്കുന്നു.  ഒലിച്ചിറങ്ങിയ ചോര നിലത്ത് പടര്‍ന്നു കിടപ്പുണ്ട്. 


''എന്താണ്ടാ മകനേ നിന്‍റെ അപ്പന്‍റടുത്തും അമ്മടടുത്തും ഞാന്‍ പറയ്യാ'' ലക്ഷ്മി ഉച്ചത്തില്‍നിലവിളിച്ചു. പിന്നെ മുതലാളിക്കുട്ടിക്ക് സംഭവിച്ച ദുരന്തം അവന്‍റെ വീട്ടുകാരെ അറിയിക്കാന്‍ അവള്‍ കരഞ്ഞുകൊണ്ട് അവിടെനിന്ന് ഓടി.

**************************************

നേരം മൂന്ന് മൂന്നര ആയിട്ടേയുള്ളു. അങ്ങാടിയില്‍ അധികം ആളുകളില്ല. മായന്‍കുട്ടി റോഡിലൂടെ വടക്കുനിന്ന് വരികയാണ്. ഉടുത്തമുണ്ട് കീറി കൊടിയാക്കി വാളില്‍കെട്ടി തൂക്കിയിട്ടുണ്ട്.


''എന്താടാ നിന്‍റെ കയ്യില്'' ബീഡിവലിച്ച് പീടികത്തിണ്ടില്‍ റോഡിലേക്കും നോക്കി ഇരിക്കുന്ന സൈക്കിള്‍ക്കടക്കാരന്‍ നാവുണ്ണി ചോദിച്ചു.


''കൊടി. നിങ്ങക്കെന്താ കണ്ണ് കണ്ടൂടെ. മൂത്താര് നടക്കാന്‍ പോവുമ്പൊ കുത്തിനടക്കുണ വടിടെ ഉള്ളിലെ വാളാ ഇത്''


''എന്താണ്ടാ അതില്  ചോപ്പ് നിറം''.


''അഞ്ച് തലീള്ള പാമ്പിനെ ഞാന്‍ വെട്ടിക്കൊന്നു. അതിന്‍റെ ചോര ആയതാ''.


''നെന്‍റെ കയ്യില് വാളല്ലേ ഉള്ളൂ. വടി ഇല്ലല്ലോ''.


''നാവുണ്ണ്യേട്ടോ, പാമ്പിന്‍റെ കഴുത്ത് വെട്ടിമുറിച്ചിട്ട് ഞാന്‍ ആ വട്യോണ്ട് അതിന്‍റെ നിറുകമണ്ട തല്ലിപ്പൊളിച്ചു''.


''എന്നിട്ട് ആ വട്യേവിടെ''.


''പുത്തികെട്ട മനുഷ്യാ. പാമ്പിനെകൊന്നവടി ആരെങ്കിലും കയ്യില്‍ വെക്ക്വോ. ഞാനത്  പാമ്പിന്‍റെ അടുത്തന്നെ ഇട്ടു. കുഴിച്ചു മൂടുമ്പൊ ഒന്നിച്ച് കുഴിച്ചു മൂടിക്കോട്ടെ''.


''കഷ്ടം. ചെക്കന്‍റെ പ്രാന്തൊക്കെ മാറ്യേതായിരുന്നു''നാവുണ്ണി ആത്മഗതം ചെയ്തു''പിന്നീം തുടങ്ങീന്നാ തോന്നുണ്''. 


അദ്ധ്യായം - 142. 


നാലുമണി കഴിഞ്ഞതും പത്മിനി മകനോടൊപ്പം ആസ്പത്രിയിലെത്തി.


''എന്തിനാ താന്‍ അമ്മേ കൊണ്ടുവന്നത്''വക്കീല്‍ മകനോട് ചോദിച്ചു              ''ഇവിടെ അഡ്മിറ്റ് ചെയ്യാനാണോ''. വേണുവിന്ന് ആപത്ത് സംഭവിച്ച വിവരം അറിഞ്ഞതും പത്മിനി മോഹാലസ്യപ്പെട്ട് വീണിരുന്നു. മയക്കം തെളിഞ്ഞമുതല്‍ കരച്ചില്‍തന്നെ. രാത്രിയാവുമ്പോഴേക്കും രക്തസമ്മര്‍ദ്ദം കൂടി. അതോടെ ഇന്‍ജെക്ഷനെടുത്ത് ഉറക്കിക്കിടത്തി. നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ കഴിഞ്ഞാലേ എന്തെങ്കിലും പറയാനാവൂ, അതിന്ന് ശേഷമേ വേണുവിനെ കാണാന്‍പറ്റു എന്നുപറഞ്ഞ് വീട്ടിലിരുത്തിയതാണ്.


''ഞാന്‍ പറഞ്ഞുനോക്കി''മുരളി പറഞ്ഞു''എനിക്കിപ്പൊത്തന്നെ പോണം എന്നുപറഞ്ഞ് ഒരേ വാശി''. വക്കീല്‍ പത്മിനിയെ നോക്കി. പാവം. മുഖം കരഞ്ഞ് വീര്‍ത്തിട്ടുണ്ട്. വല്ലാതെ ക്ഷീണിച്ച ലക്ഷണം തോന്നുന്നു. ശരിക്ക് ഭക്ഷണമൊന്നും കഴിച്ചിട്ടുണ്ടാവില്ല.


''എന്തിനാടോ താന്‍ കഷ്ടപ്പെട്ട് പോന്നത്''വക്കീല്‍ ചോദിച്ചു''ഞാന്‍ ഇവിടെ തന്നെയുണ്ടല്ലോ''. കാലത്ത് വീട്ടില്‍ചെന്ന് കുളിയും ഭക്ഷണവും കഴിഞ്ഞു വരുന്നതൊഴിച്ചാല്‍ ബാക്കി സമയം മുഴുവന്‍ വക്കീല്‍ ആസ്പത്രിയില്‍ തന്നെയാണ്. വിവരം അന്വേഷിച്ച് വക്കീലിന്‍റെ പരിചയക്കാരായ ഒട്ടേറെ പേര്‍ എത്തും.


''വിശ്വേട്ടന്‍ ഇല്ലാഞ്ഞിട്ടല്ല. എനിക്ക് ഒരു മനസ്സമാധാനൂം  ഇല്ല''പത്മിനി പറഞ്ഞു.


''ഓരോന്ന് ആലോചിച്ച് വയ്യാതാവണ്ടാ. ഇങ്ങിനെ പോയാല്‍ ആങ്ങളടെ ഒപ്പം താനും ഇവിടെ കിടക്കണ്ടിവരും''.


''എനിക്കതൊന്നും സാരൂല്യാ. വേണച്ചാല്‍ എന്‍റെ ജീവന്‍ എടുത്തിട്ട് ഈശ്വരന്‍ അവനെ രക്ഷിച്ചോട്ടെ. എനിക്ക് അതില്‍പ്പരം സന്തോഷം ഉണ്ടാവാനില്ല''.


''വെറുതെ വേണ്ടാത്തത് ഓരോന്ന് പറയണ്ടാ''വക്കീല്‍ ശാസിച്ചു. കുറച്ചു നേരം അവര്‍ മിണ്ടാതെ ബെഞ്ചിലിരുന്നു. പിന്നെ എഴുന്നേറ്റ് വക്കീലിനെ സമീപിച്ചു.


''നാല്‍പ്പത്തെട്ട് മണിക്കൂര്‍ കഴിഞ്ഞാലേ പറയാന്‍ പറ്റൂന്നല്ലേ അനിയന്‍ പറഞ്ഞത്. ആ സമയം ആവാറായില്ലേ''.


''താനെന്തൊക്ക്യാ ഈ പറയുണത്. ടൈംപീസില്‍ അലാറംവെച്ച് ഉറക്കം ഉണരുണപോലത്തെ കാര്യാണോ ഇത്. വിശേഷിച്ച് വല്ലതും ഉണ്ടെങ്കില്‍ ഡോക്ടര്‍ പറയില്ലേ''.


''ചന്ദ്രമോഹന്‍ ഇല്ലാഞ്ഞിട്ടല്ല. എങ്കിലും അനിയന്‍ ഉണ്ടായിരുന്നൂച്ചാല്‍ ഒന്നുകൂടി സമാധാനം ആയേനെ''.


''ചെയ്യേണ്ടതെല്ലാം ചെയ്തിട്ടാണ് അവന്‍ മടങ്ങിപ്പോയത്. മണിക്കൂറിന്ന് മണിക്കൂറിന്ന് വിവരംചോദിച്ചറിഞ്ഞ് ഡോക്ടര്‍മാര്‍ക്ക് വേണ്ടതൊക്കെ പറഞ്ഞു കൊടുക്കുണൂണ്ട്. വേണൂന്‍റെ നല്ലോണം ഭേദായിട്ട് നിനക്ക് പോയാ പോരേന്ന് ഞാന്‍ ചോദിച്ചതാ. അവന്‍ ശരീന്ന് സമ്മതിക്കും ചെയ്തതാണ്. ആ നേരം നോക്കീട്ടാ അവന് ഡെല്‍ഹീന്ന് ഒരുകാള് വന്നത്. അവിടെ ഏതോ ഒരു മന്ത്രി അത്യാസന്ന നെലേലാണത്രേ. അയാളെ നോക്കാന്‍വേണ്ടി ഉടനെ പോണ്ടിവന്നു. നാലുദിവസം കഴിഞ്ഞാല്‍ അവന്‍ വീണ്ടും വരും. അപ്പൊ കുഴപ്പോന്നൂല്ലെങ്കില്‍ ഒരു ഓപ്പറേഷന്‍ കൂടി ചെയ്യണ്ടിവരുംന്ന് പറഞ്ഞു''.


''അതിനുള്ള സൌകര്യോക്കെ ഇവിടെണ്ടാവ്വോ''.


''ഈ സൌകര്യത്തിലല്ലേ ഇത്രേം ചെയ്തത്. വല്ലഭന് പുല്ലും ആയുധം എന്ന ചൊല്ലുപോലെ ആണെന്നാ വിജയനെപ്പറ്റി ചന്ദ്രമോഹന്‍ പറഞ്ഞത്''


'''അപ്പൊ നാലുദിവസത്തേക്ക് പേടിക്കണ്ട അല്ലേ ''.


''വെറുതെ ഓരോന്ന് ചോദിക്കുണനേരം ഭഗവാനെ പ്രാര്‍ത്ഥിക്കൂ. രാവിലെ കൂടി ചന്ദ്രമോഹനെ കണ്ടു. പ്രധാനപ്പെട്ട ഭാഗങ്ങള്‍ക്കൊന്നും കേട് പറ്റീട്ടില്ല എന്നാ പറഞ്ഞത്. തലേലത്തെ മുറിവ് മാത്രാണ് പ്രശ്നം''.


പത്മിനി ചുറ്റുപാടും നോക്കി. കളപ്പുരയില്‍നിന്ന് ആരേയും കാണാനില്ല.


''കളപ്പുരേലെ ഇവന്‍റെ കൂട്ടുകാരാരും ഇല്ലേ ഇവിടെ''അവര്‍ ചോദിച്ചു.


''നാണുനായരേം  എഴുത്തശ്ശനേം കൂടെള്ളോര് ഇവിടക്ക് വരാന്‍ സമ്മതിച്ചില്ല. വയസ്സായോരല്ലേ. ഇവിടെ വന്നിട്ട് എന്തെങ്കിലും വയ്യായ വന്നാലോന്നു വിചാരിച്ച് ഒഴിവാക്ക്യേതാ''വക്കീല്‍ പറഞ്ഞു''രാജന്‍ മേനോനും സ്വാമിനാഥനും മില്ലിന്‍റെ ഉടമസ്ഥന്‍റെ മകന്‍ ചെറുപ്പകാരനും സദാ സമയൂം ഇവിടീണ്ട്. പൊലീസുകാര്‍ക്ക് വേണൂനെ വെട്ട്യേ വാള്  കിട്ടീല്ല. അതു നോക്കിയെടുക്കാന്‍വേണ്ടി ആ കുട്ടി പോയിരിക്ക്യാണ്. മറ്റേ രണ്ടാളും എന്തോ കാര്യത്തിന് ഇപ്പൊ പുറത്തുപോയതേള്ളു. ആളായിട്ട് സാറിവിടീരുന്നാ മാത്രം മതി, ബാക്ക്യേല്ലാം ഞങ്ങളായി എന്നും പറഞ്ഞ് എല്ലാറ്റിനും അവരാണ് മുമ്പില്‍''.


''ചാമി വന്നില്ലേ''പത്മിനിക്ക് പരിചയം ചാമിയേയാണ്.


''ഇന്നലെ വൈകുന്നേരം എത്തി''വക്കീല്‍ മറുപടി നല്‍കി''വന്ന് കുറച്ച് കഴിഞ്ഞതും ഇവിടുന്ന് ഇറങ്ങി മുറ്റത്തെ കരിവാകടെ ചോട്ടില്‍ചെന്ന് കീഴാലുംകുമ്പിട്ട് ഇരുന്നതാണ്. ഇതുവരെ അവിടുന്ന് എണീറ്റിട്ടും ഇല്ല. ഒന്നും കഴിച്ചിട്ടും ഇല്ല''.


''ദിവസം ഒന്ന് കഴിഞ്ഞില്ലേ അവന്‍ എത്തീട്ട്. നിര്‍ബന്ധിച്ച് എന്തെങ്കിലും ആഹാരം കഴിപ്പിക്കായിരുന്നില്ലേ''പത്മിനി ചോദിച്ചു.


''നിര്‍ബന്ധിക്കാത്ത കേടൊന്നും ഇല്ല. മാറിമാറി ഓരോരുത്തരും ചെന്ന് അവനോട് പറഞ്ഞു. മുതലാളി കണ്ണ് മിഴിച്ചിട്ടേ എന്തെങ്കിലും കഴിക്കൂ എന്നും പറഞ്ഞ് ആ വിദ്വാന്‍ ഒറ്റ ഇരിപ്പാണ്''.


''പാവം. അവന്‍റെ പ്രാര്‍ത്ഥന കേട്ടിട്ടെങ്കിലും ഈശ്വരന്‍ കണ്ണ് മിഴിക്കട്ടെ'' പത്മിനി ബെഞ്ചില്‍ കിടന്നു.

**********************

''ചായ തണുത്തു''സരോജിനി പറഞ്ഞു''ഇങ്ങനെ ഒന്നും കഴിക്കാണ്ടെ ഇരുന്നാലോ''.


''ഒന്നും വേണ്ടാ''എഴുത്തശ്ശന്‍ പറഞ്ഞു. രണ്ടുദിവസം അയാളില്‍ രണ്ടു ദശാബ്ദക്കാലത്തെ വാര്‍ദ്ധക്യം ചൊരിഞ്ഞിട്ടുണ്ട്.


''വേണ്വോട്ടന്‍ വരുമ്പഴയ്ക്ക് നിങ്ങള് രണ്ടാളേം ആസ്പത്രീലിക്ക് കൊണ്ടു പോണ്ടി വര്വോന്നാ എന്‍റെ പേടി''സരോജിനി പറഞ്ഞു''ഞാന്‍ കുറെ ചീത്ത പറഞ്ഞപ്പൊ അച്ഛന്‍ ഒര്യാതി ഇത്തിരി കഞ്ഞിടെ വെള്ളം കുടിച്ചു. ഈ ചായ മടിക്കാണ്ടെ കുടിക്കൂ''. സരോജിനിയുടെ നിര്‍ബന്ധം സഹിക്കാഞ്ഞപ്പോള്‍ എഴുത്തശ്ശന്‍ ഗ്ലാസ്സ് കയ്യിലെടുത്തു.


''രാത്രീക്ക് കഞ്ഞിവെക്കുണുണ്ട്. അതുംകൊണ്ട് ഞാനും അച്ഛനും സന്ധ്യ കഴിഞ്ഞാ വരാട്ടോ''. എഴുത്തശ്ശന്‍ ഒന്നും പ്രതികരിച്ചില്ല.


''ആസ്പത്രീലെ വിവരം എങ്ങിന്യാ നമ്മള് അറിയ്യാ''അയാള്‍ ചോദിച്ചു.


''അമ്മിണ്യമ്മടെ മരുമകന്‍ അവിടക്ക് പോയിട്ടുണ്ട്. പൂജാക്കാരന്‍ നമ്പൂരിക്കുട്ടീം അവിടീണ്ടാവും. വിശേഷിച്ച് ഒന്നൂല്യെങ്കില്‍ അവര് രാത്രി വര്വോലോ''. 


''എന്താ കുട്ട്യേ നിന്‍റെ കണ്ണും മുഖൂം വല്ലാണ്ടിരിക്കുണത്. ഇന്ന് കുളിച്ചില്ലേ നീയ്യ്''എഴുത്തശ്ശന്‍ ഒഴിഞ്ഞ ഗ്ലാസ്സ് നീട്ടി.


''ഉവ്വ്. വേണ്വോട്ടന്‍റെ ആയസ്സിന്ന് കേടൊന്നും പറ്റാണ്ടിരിക്കാന്‍വേണ്ടി ഇന്ന് ഞാന്‍ ഉപവാസാണ്. ശിവന് ധാരയും പിന്‍വിളക്കും വെക്കാന്‍  നമ്പൂരി കുട്ടിടെ കയ്യില് ശിവന്‍റെ അമ്പലത്തിലിക്ക് ഒന്നേകാലുറുപ്പിക കൊടുത്തയക്കും ചെയ്തു. ഉപവാസായതോണ്ട് എണ്ണ തേച്ചില്ല. അതാ ഇങ്ങിനെ ഇരിക്കുണ്''.


''അവന്‍റെ ജീവന് ആപത്ത് വല്ലതുംവര്വോ എന്‍റെ കുട്ട്യേ. എനിക്ക് അവനെ ഒരുനോക്ക് കാണണംന്നുണ്ട്''എഴുത്തശ്ശന്‍ കരച്ചിലിന്‍റെ വക്കത്തെത്തി.


''ഒന്നൂണ്ടാവില്ല. തമ്പാട്ടി പറഞ്ഞപോലെ ഇതും വേണ്വോട്ടന്‍ തപ്പിച്ചു വരും. എനിക്കുറപ്പുണ്ട്''


''നന്നായി. അവനെ ഗുരുവായൂരില്‍ തൊഴുകിക്കാന്ന് ഞാന്‍ നേര്‍ച്ച നേര്‍ന്നിട്ടുണ്ട്''.


''രാവുത്തര് ദൂരെ എവിടുത്ത്യോ പള്ളീലിക്ക് നേര്‍ച്ച നേര്‍ന്നിട്ടുണ്ടെന്ന് അച്ഛനോട് രാവിലെ പറയുണത് കേട്ടൂ''.


''എല്ലാരുംകൂടി പ്രാര്‍ത്ഥിച്ച് അവന്‍ കേടുകൂടാതെ മടങ്ങിവരട്ടെ''.


''വരും. ഉറപ്പായിട്ട് വരും''സരോജിനി പോവനൊരുങ്ങി.


''നിക്ക്. എന്‍റെ മനസ്സില്‍ കിടക്കാത്തതോണ്ട് ചോദിക്യാണ്''എഴുത്തശ്ശന്‍ മടിച്ചുമടിച്ച് പറഞ്ഞു''ഒരാളക്ക് ഒരു ഉപദ്രവംചെയ്യാത്ത ആളാ നമ്മടെ വേണു. എന്നിട്ടും അവന് ഇങ്ങിന്യോരു അവസ്ഥ വന്നതോണ്ട് എന്‍റെ മനസ്സില് തോന്ന്യേതാണ്. ചോദിക്കുമ്പൊ ഒന്നും തോന്നണ്ടാ''.


''ഒന്നും തോന്നില്ല. എന്താച്ചാല്‍ ചോദിച്ചോളൂ''.


''അവനെക്കൊണ്ട് നിനക്കൊരു പൊടവ തരീക്കണം എന്ന് എനിക്കൊരു മോഹൂണ്ടായിരുന്നു. അതൊന്നും നടന്നില്ല. അത് കാരണം നിന്‍റെ ഉള്ളില് എന്തെങ്കിലും സങ്കടൂണ്ടോ''.


''എന്‍റെ മനസ്സിലും അങ്ങിന്യോരു പൊട്ടത്തരം തോന്നീരുന്നു''സരോജിനി പറഞ്ഞു''നൂറുജന്മം കഴിഞ്ഞാലും വേണ്വോട്ടന്‍റെ ഉള്ളില് മാലതിചേച്ചി മാത്രേ ഉണ്ടാവൂന്ന് അറിഞ്ഞപ്പൊ ഞാനാ മോഹം മനസ്സിന്ന് മായ്ച്ചു''. 


''എനിക്ക് സമാധാനായി. നെന്‍റെ മനസ്സ് വിഷമിപ്പിച്ചതിന് അവന് ശാപം കിട്ടീട്ടുണ്ടാവ്വോ എന്നൊരു ശങ്ക എനിക്കുണ്ടായിരുന്നു''


''മുപ്പത്തിമുക്കോടി ദൈവങ്ങളാണെ എന്‍റെ വേണ്വോട്ടന്ന് ദോഷംവരുണ ഒന്നും ഞാന്‍ ഇന്നേവരെ വിചാരിച്ചിട്ടില്ല. മാത്രോല്ല വേണ്വോട്ടന്‍ എന്‍റെ സ്വന്തം കൂടപ്പിറപ്പാണ് എന്നാ ഞാനിപ്പൊ കരുതണത്''.


''അതുമതി. അവന്‍ കേടുകൂടാതെ വരട്ടെ. നെന്‍റെ കല്യാണം ഞങ്ങള് നല്ല ഭംഗ്യായി നടത്തും. ചിലതൊക്കെ ഞങ്ങള് തീരുമാനിച്ചിട്ടുണ്ട്''


''ഇന്ന് മഴ പെയ്യുംന്ന് തോന്നുണു. അത്രയ്ക്ക് പുഴുക്കം തോന്നുണുണ്ട്''. സരോജിനി വീട്ടിലേക്ക് നടന്നു.

********************************

''ആരാ ചാമി''നേഴ്സ് വന്നു ചോദിച്ചു.


''എന്തേ''മേനോനാണ് അടുത്തേക്ക് ചെന്നത്.


''പേഷ്യന്‍റ് കണ്ണുതുറന്നു''അവര്‍ പറഞ്ഞു''ചാമി എവിടേന്നു ചോദിച്ചു''.


''അവര്‍ തമ്മിലുള്ള സ്നേഹബന്ധം കണ്ട്വോ''സ്വാമിനാഥന്‍ മേനോനോട് പറഞ്ഞു''ബോധംവീണതും അന്വേഷിച്ചത് ആര്യാണെന്ന് കണ്ടില്ലേ''.


''എന്ത് ആവശ്യത്തിന്നും വേണു അയാളെയല്ലേ വിളിക്കാറ്. ഉപബോധ മനസ്സില്‍ ആ പേര് പതിഞ്ഞു കിടപ്പുണ്ടാവും''മേനോന്‍ വിശദീകരണം നല്‍കി. 


''ഇനിയെന്താ ചെയ്യണ്ട്''.


''വേണു സംസാരിച്ചല്ലോ. അതുമതി. സംസാരിച്ചാല്‍ പേടിക്കണ്ടാ എന്നല്ലേ  വിജയന്‍ ഡോക്ടറ് പറഞ്ഞത്. ബാക്കി കാര്യങ്ങള്‍ അദ്ദേഹം നോക്കിക്കോളൂം''.

 

ആരോ ചാമിയെ വിളിക്കാന്‍ പുറത്തേക്കോടി.


******************************************


മുരുകമലയുടെ മുന്നില്‍ പൂത്തിരി കത്തിച്ചും മാലപ്പടക്കം പൊട്ടിച്ചും പ്രകൃതി വേനല്‍മഴയെ വരവേറ്റു. ആകാശം കൈ നിറയെ ആലിപ്പഴം വാരിച്ചൊരിഞ്ഞു. കരിഞ്ഞചെടികളേയും പുല്‍ക്കൊടികളേയും പച്ചപ്പ് ചാര്‍ത്താന്‍ മഴ ആര്‍ത്തലച്ച് പെയ്തിറങ്ങി.


( അവസാനിച്ചു )


Comments