അദ്ധ്യായം 31-40

 അദ്ധ്യായം-31.


വെള്ളിയാഴ്ചകളില്‍ മക്കുരാവുത്തര്‍ കച്ചവടത്തിന്ന് പോകാറില്ല. അന്ന് വീട്ടിലിരിക്കും. ഉച്ചയ്ക്ക് പള്ളിവരെ ഒന്നുചെല്ലും. അതിനാല്‍ ആ ദിവസം അയാള്‍ അല്‍പ്പം വൈകിയാണ് എഴുന്നേല്‍ക്കാറ്. വെള്ളിയാഴ്ച വൈകി എഴുന്നേറ്റ് പ്രഭാതകര്‍മ്മങ്ങള്‍ കഴിച്ച് ആഹാരത്തിന്നായി ഒരുങ്ങുമ്പോള്‍ അകലെ മുളക്കൂട്ടവും കഴിഞ്ഞ് ഇടവഴിയിലൂടെ കിട്ടുണ്ണിമാഷ് വരുന്നത് അയാള്‍ കണ്ടു. ഒപ്പം ബ്രോക്കര്‍ കബീറുമുണ്ട്. ആരെ കാണാനാണപ്പാ ഈ ചങ്ങാതിമാര് ഈ വഴിക്കുവരുന്നത് എന്ന് അത്ഭുതംതോന്നി. പടിക്കാലും പിടിച്ച് കബീര്‍ അകത്തേക്ക് എത്തിനോക്കി. 


 ''ആള് ഉമ്മറത്തന്നീണ്ട്''രാവുത്തരെകണ്ടതും അവന്‍ പറഞ്ഞു. 


കിട്ടുണ്ണിമാഷ് നന്നായി ഒന്ന് ചിരിച്ചുംകൊണ്ട് അകത്തേക്ക് കയറിവന്നു. തോളിലെ തോര്‍ത്തെടുത്ത് പ്ലാസ്റ്റിക്ക് മെടഞ്ഞ കസേല തുടച്ച് രാവുത്തര്‍ മാഷെ ഇരിക്കാന്‍ ക്ഷണിച്ചു.


 ''എന്താപ്പൊ രണ്ടാളുംകൂടി ഇങ്ങോട്ടേക്കൊക്കെ''അയാള്‍ ചോദിച്ചു.


''നിങ്ങളെ കാണാന്‍ വരാന്‍ പ്രത്യേകിച്ച് കാരണം വല്ലതും വേണോ''മാഷ് പറഞ്ഞു''ഉപകാരൂള്ള ഒരുകാര്യം ചെയ്യാന്‍ പറ്റുമ്പൊ അത് വേണ്ടപ്പെട്ട  അളുകള്‍ക്കല്ലേ ചെയ്യണ്ടത്''. രാവുത്തര്‍ക്ക് ഒന്നുംമനസ്സിലായില്ല. അയാള്‍ വിവരം തെളിച്ചുപറയാന്‍ ആവശ്യപ്പെട്ടു.


''ഒരുസ്ഥലം കൊടുക്കാനുണ്ടേന്ന്  മാഷ് പറഞ്ഞപ്പൊ ഞാന്‍ മൂപ്പരെ പിടിച്ച പിട്യാലെ ഇങ്ങട്ട് കൂട്ടിക്കൊണ്ട് വന്നതാണ്''കബീര്‍ പറഞ്ഞു''നിങ്ങള് മുമ്പൊരിക്കല്‍ പാകംപോലെ വല്ലസ്ഥലൂം കൊടുക്കാനുണ്ടെങ്കില്‍ വിവരം പറയാന്‍ എന്നെ ഏല്‍പ്പിച്ചത് ഓര്‍മ്മീണ്ടോ'' 


ബാക്കി കാര്യങ്ങള്‍ കിട്ടുണ്ണിമാഷാണ്സംസാരിച്ചത്. മുരുകമലയുടെ താഴത്ത് കിഴക്കുമാറി കുറെയധികം സ്ഥലംകിടപ്പുണ്ട്. നല്ല ഒന്നാന്തരം മണ്ണ്. കൊത്തും കിളയും ഏല്‍ക്കാതെ കിടക്കുന്ന ആസ്ഥലം പണിയെടുത്ത് വെടുപ്പാക്കിയാല്‍ പൊന്നു വിളയിക്കാം. ഉടമസ്ഥന്‍ വളരെ വേണ്ടപ്പെട്ട ആളാണ്. താന്‍ ഒരുവാക്ക് പറഞ്ഞാല്‍ അയാള്‍ അത് തട്ടികളയില്ല. ആ ബന്ധംവെച്ച് തീരെ ചുളുവുവിലയ്ക്ക് കച്ചോടം നടത്തിത്തരാം. പിന്നെ ഒരുകാര്യൂണ്ട്. കൊടുക്കുന്ന പണത്തിന്‍റെ നൂറിന് അഞ്ചുവെച്ച് എനിക്ക് കമ്മിഷന്‍ തരണം. കബീറിന്നുള്ളത് വേറെയും കാണണം . 


അപ്പോള്‍ അതാണ് സംഗതി. നേരം വെളുത്തപ്പോള്‍ത്തന്നെ പത്ത് കാശ് ഉണ്ടാക്കാനുള്ള പരിപാടിയും ആയിട്ടാണ് വരവ്. ഇയാള്‍ക്ക് എന്തിന്‍റെ കുഴപ്പമാണ്. ഇട്ടുമൂടാനുള്ള സ്വത്തുണ്ട്. എന്നിട്ടും പണത്തിനോടുള്ള ആക്രാന്തം തീരുന്നില്ല.


രാവുത്തരുടെ ഭാര്യ ചായയുമായി വന്നു. അത് ഊതികുടിച്ചുകൊണ്ട്   മാഷ് തുടര്‍ന്നു. ഇനി വിസ്തരിച്ച് പറഞ്ഞുതരാം. ഇരുപത്തയ്യായിരോ അമ്പതിനായിരോ എത്ര്യാണെച്ചാല്‍ നിങ്ങളത് മുന്‍കൂര്‍ കൊടുത്ത് ഒരു കരാറാക്ക്വാ. ആറുമാസോ, ഒരുകൊല്ലോ എത്രവേണങ്കിലും പ്രമാണം ഉണ്ടാക്കാന്‍ കാലാവധിവെക്കാം. ആ സ്ഥലത്ത് നല്ല ഒന്നാന്തരം തേക്കും പലജാതി മരങ്ങളും ഉണ്ട്. അത് മുഴുവന്‍ മുറിച്ച് വിറ്റോളിന്‍ . ഭൂമിടെ വില അതോടെ മുതലാവും. പിന്നെ കിട്ടുണതൊക്കെ ലാഭം.


കേട്ടപ്പോള്‍ തരക്കേടില്ലെന്ന് രാവുത്തര്‍ക്ക് തോന്നി. പക്ഷെ ഇതിനൊക്കെ ഇറങ്ങിയാല്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ എന്ന് ഉള്ളിലൊരു ഭയം. അയാളത് മറച്ചുവെച്ചില്ല.


''ഒരു പ്രശ്നൂം വരാനില്ല. നമ്മള് പാസ്സൊക്കെ വാങ്ങി മര്യാദക്ക് മരം മുറിക്കാന്‍ ചെന്നാല്‍ കാര്യം നടന്നില്ലാന്ന് വരും. ഫോറസ്റ്റ്കാര്‍ക്ക് വല്ല കൈമടക്കും കൊടുത്ത് മുറിച്ചുമാറ്റ്യാല്‍ ഒരു കുഴപ്പൂം വരില്ല''മാഷ് പരിഹാരം കണ്ടെത്തി.


എന്താണ് വേണ്ടത് എന്ന ആശയക്കുഴപ്പത്തിലായി രാവുത്തര്‍. എന്നാല്‍ അത് അധികംനേരം നീണ്ടുനിന്നില്ല.


''പിന്നെ ഒരു കാര്യം പറഞ്ഞില്ലാന്ന് വേണ്ടാ. ഫോറസ്റ്റുകാര് ആ സ്ഥലം വനഭൂമ്യാണെന്ന് പറഞ്ഞ് ഉടമസ്ഥനുമായി ഒരു കേസുണ്ട്. അതൊന്നും അത്രപേടിക്കാനില്ല. ഏതെങ്കിലുംകേസില്‍ ഗവര്‍മ്മെണ്ട് ജയിച്ചിട്ടുണ്ടോ'' കിട്ടുണ്ണിമാസ്റ്ററുടെ വാക്കുകള്‍ രാവുത്തരെ നിരുത്സാഹപ്പെടുത്തി. ആ ഇടപാടില്‍നിന്ന് ഒഴിയാന്‍ അയാള്‍ തീരുമാനിച്ചു.


''നമ്മള് മക്കളോടൊന്ന് ആലോചിക്കട്ടെ. അതുകഴിഞ്ഞിട്ട് വിവരംതരാം'' അയാള്‍ അവരെ തിരിച്ചയച്ചു.


**********************************


''അച്ഛന്‍ എന്തെങ്കിലും കഴിച്ചിട്ട് കുളിക്കാന്‍ ചെന്നാ മതി''രാവിലെ തോര്‍ത്തും എടുത്ത് ഇറങ്ങാന്‍നേരം നാണുനായരോട് സരോജിനി പറഞ്ഞു''തൊഴുത്തിനും വണ്ടിപ്പുരക്കും കുറ്റിതറയ്ക്കുണ സമയത്ത് കൂടെനില്‍ക്കണംന്ന് ഇന്നലെ എഴുത്തശ്ശന്‍ വന്നപ്പൊ പറഞ്ഞതല്ലേ''. 


''അതുവേണോ, അയ്യപ്പന്‍കാവില് പോയി തൊഴുകുണതല്ലേ, കുളിക്കാണ്ടെ വല്ലതും കഴിക്കണോ''എന്നയാള്‍ പറഞ്ഞെങ്കിലും മകള്‍ നിര്‍ബന്ധിച്ചപ്പോള്‍ അല്‍പ്പം കഞ്ഞികുടിച്ചിട്ടാണ് ഇറങ്ങിയത്. അമ്പലക്കടവില്‍ എഴുത്തശ്ശന്‍ കുളിയും കഴിഞ്ഞ് കാത്തുനില്‍പ്പാണ്.


 ''വേഗം കുളികഴിക്കിന്‍''അയാള്‍ പറഞ്ഞു''ആശാരി എത്തുമ്പളെക്കും നമുക്ക് എത്തണ്ടേ''.


കുളികഴിഞ്ഞ് അമ്പലത്തിലും തൊഴുത് കൂട്ടുകാര്‍ പുറപ്പെട്ടു. തൊഴുത്തും വണ്ടിപ്പുരയും പണിയാന്‍ ഉദ്ദേശിച്ച സ്ഥലം ചെത്തിക്കോരി വെടുപ്പാക്കി വെച്ചിട്ടുണ്ട്. ഒരു ഓരം അടച്ച് നെല്ലുചിക്കിയതുപോലെ കരിമ്പാറ പരന്ന് കിടക്കുന്നു. കൊയ്ത ചുരുട്ടുകള്‍ മെതിക്കാനും, വൈക്കോല്‍ ഉണക്കാനും ഉള്ള സൌകര്യം നോക്കിയിട്ടാണ് ഇവിടെ കറ്റക്കളം ആക്കിയത്. ഇവിടം വരെ വണ്ടിവരാനുള്ള വഴിയുണ്ട്. മെതിച്ചുകിട്ടുന്നനെല്ലും വൈക്കോലും കൊണ്ടുപോവാന്‍ വാഹനം എത്തുന്നതിന്ന് തന്നത്താന്‍ വരമ്പ് വീതികൂട്ടി എഴുത്തശ്ശന്‍തന്നെ ഉണ്ടാക്കിയ വഴി. ഇവിടുന്നങ്ങോട്ട് കയംവരേക്കും മലയടിവാരംവരേക്കും പാടവരമ്പേയുള്ളു


നാണുനായര്‍ പരിസരം നല്ലവണ്ണം ശ്രദ്ധിച്ചു. ചുറ്റുവട്ടാരത്തൊന്നും ആളും മനുഷ്യനും ഇല്ല. കയത്തംകുണ്ട് മുതല്‍ മലയടിവാരംവരെ ആളൊഴിഞ്ഞ പ്രദേശമാണ്. എഴുത്തശ്ശന് അസാദ്ധ്യ ധൈര്യംതന്നെ. ആരെങ്കിലും രാത്രി നേരത്ത് വന്ന് തല്ലിക്കൊന്നിട്ടാല്‍ ഒരു മനുഷ്യന്‍റെ കുട്ടി അറിയില്ല. രാവും പകലും ഈ നടുപ്പാടത്ത് കുറെ കരിമ്പനകള്‍മാത്രം കൂട്ടിനുണ്ടാവും.


''പണിക്കാരെ ഒന്നും കാത്തുനിന്നില്ല, ഇന്നലെ വന്നെത്ത്യേതും ഞാന്തന്നെ പുല്ലൊക്കെ ചെത്തി വെടുപ്പാക്കി''എഴുത്തശ്ശന്‍ പറഞ്ഞു. മൂപ്പര് ഉറച്ചിട്ട് തന്നെയാണ്. ഒരുകാര്യം നിരീച്ചാല്‍ അതു നടത്തീട്ടേ  ഈ ചങ്ങാതിക്ക് ബാക്കി കാര്യൂള്ളു എന്ന് നാണുനായര്‍ മനസ്സിലോര്‍ത്തു. 


''പണിക്കാര് വരുമ്പഴക്കും വല്ലതും കഴിക്കാം''പടിക്കാലില്‍ തൂക്കിയ  ചാക്കുസഞ്ചി എഴുത്തശ്ശന്‍ എടുത്തു. മരത്തിന്‍റെ തണല് നോക്കി പാറയില്‍ ഒരിടത്ത് എഴുത്തശ്ശന്‍ ഇരുന്നു. പിച്ചളചോറ്റുപാത്രവും ഓലക്കിണ്ണങ്ങളും സ്പൂണുകളും എടുത്തുനിരത്തി.


 ''വരിനേ, പണിക്കാര് എത്തുമ്പഴക്കും നമുക്ക് ഇത്തിരിശ്ശെ കഞ്ഞി മോന്താം''അയാള്‍ നാണുനായരെ ക്ഷണിച്ചു. വേണ്ടെന്ന് പറഞ്ഞിട്ടും എഴുത്തശ്ശന്‍ സമ്മതിച്ചില്ല. ഒടുവില്‍ നാണുനായരും കൂടി.


അരിമുളകും ഉള്ളിയും കൂടി ചതച്ചതില്‍ വെളിച്ചെണ്ണ ഒഴിച്ചതും കൂട്ടി ഇരുവരും പൊടിയരികഞ്ഞികുടിച്ചു. ഏറെവൈകാതെ ആശാരിയും പണിക്കാരുമെത്തി. അവര്‍തന്നെ പൂജയ്ക്കാവശ്യമായ സാധനങ്ങള്‍ കൊണ്ടുവന്നിരുന്നു.


എഴുത്തശ്ശനും കൂട്ടുകാരനും പൂജ നോക്കിനിന്നു. അവിലും മലരും പഴവും ശര്‍ക്കരയും വെച്ചു. ഓട്ടുകിണ്ടിയില്‍ വെള്ളം നിറച്ചുവെച്ചു. തുളസിയും തെച്ചിയും ചെമ്പരുത്തിയും അര്‍ച്ചിക്കപ്പെട്ടു. നാളികേരം ഉടച്ചതോടെ പൂജ തീര്‍ന്നു. എഴുത്തശ്ശന്‍ പറഞ്ഞ കണക്കിന്ന് സ്ഥാനം നോക്കി കുറ്റിയടിച്ചു. 


 ''ഇനി നാണ്വാര്പൊയ്ക്കോളിന്‍, വെറുതെ വെയിലുംകൊണ്ട് നിക്കണ്ടാ'' എല്ലാം കഴിഞ്ഞപ്പോള്‍ എഴുത്തശ്ശന്‍ നാണുനായരോട് പറഞ്ഞു. 


പണിക്കാരെക്കൊണ്ട് ജോലി ചെയ്യിക്കാനുള്ളതുകൊണ്ടും, വേഗം കെട്ടി തീര്‍ക്കാന്‍ വെട്ടുകല്ല് ഏല്‍പ്പിച്ചത് എത്താറായതുകൊണ്ടും തനിക്ക് കൂടെ വരാനാവില്ലെന്നും ഉച്ചയ്ക്ക് ഉണ്ണാന്‍ വരുമെന്നും, നാലുദിവസത്തേക്ക് തനിക്കുവേണ്ടി കഷ്ടപ്പെടാന്‍ മകളോട് പറയണമെന്നും നാണുനായരോട് എഴുത്തശ്ശന്‍ പറഞ്ഞു. അതെല്ലാം സമ്മതിച്ച് നാണുനായര്‍ പടിയിറങ്ങി. ജോലിക്കാരോടൊപ്പം എഴുത്തശ്ശന്‍ പണികളില്‍ മുഴുകി.


ഉച്ചയ്ക്ക് ഉണ്ണാന്‍ വരുമ്പോള്‍ തലേന്നത്തെപോലെ എഴുത്തശ്ശന്‍ ഒരു കുട്ടിച്ചാക്കും ചുമന്ന്, സഞ്ചിയും തൂക്കിയാണ് വന്നത്. നാണുനായര്‍ ഭക്ഷണം കഴിക്കാതെ അയാളെ കാത്തിരിക്കുകയായിരുന്നു.


''എന്താ ഇന്നും ഒരുചാക്കും സഞ്ചീം ഒക്ക്യായിട്ട്''അയാള്‍ ചോദിച്ചു. 


''ചാക്കില് പത്തിരുപത് നാളികേരാണ്''എഴുത്തശ്ശന്‍ പറഞ്ഞു''സഞ്ചീല് കുറച്ച് അരീം''.


''ഇങ്ങന്യായാല്‍ നിങ്ങള് കൊറെ ബുദ്ധിമുട്ട്വോലോ'' 


''നോക്കിന്‍, നിങ്ങടെ അവസ്ഥ എനിക്ക് നന്നായിട്ടറിയും''എഴുത്തശ്ശന്‍ പറഞ്ഞു''നേരത്തും കാലത്തും ആ കുട്ടി വെച്ചുവിളമ്പി തരുണതന്നെ വല്യേകാര്യം. ഞാന്‍ പറയാലോ,  എങ്ങിനേങ്കിലും അതിനൊരു നല്ല കാലംവരും''. അകത്തുനിന്ന് സരോജിനി ആ വാക്കുകള്‍ കേട്ടു. തന്‍റെ സങ്കല്‍പ്പങ്ങളുമായി അവളതിനെ ചേര്‍ത്തുവായിച്ചു.


അദ്ധ്യായം - 32.


എഴുത്തശ്ശനെ സഹായിക്കാനെന്നമട്ടില്‍ കാലവര്‍ഷം തിരശ്ശീലക്ക് പിന്നില്‍ ഒളിച്ചിരുന്നു. മകീരത്തില്‍ മതിമറന്ന് പെയ്യും എന്നാണ് ചൊല്ല്. അതൊക്കെ വെറുതെ. ഞാറ്റുവേല പകുതി ആവാറായി. പാടത്തെ കാര്യം കഷ്ടംതന്നെ. മുളപൊട്ടി വന്ന നെല്‍ചെടികളുടെ അറ്റം കരിവാളിച്ചുതുടങ്ങി.


''ഇനീപ്പൊ മഴ പെയ്താലും എനിക്കൊരു വിരോധൂല്യാ''ഒരുദിവസം എഴുത്തശ്ശന്‍ അമ്പലക്കടവില്‍വെച്ച് നാണുനായരോട് പറഞ്ഞു''ചെയ്ത പണി നനഞ്ഞ് കേടുവരുംന്ന് വേവലാതിപ്പെടാനില്ല. നാല് തൂണിലാണ് തൊഴുത്തും വണ്ടിപ്പൊരേം കെട്ടിപൊക്ക്യേത്ച്ചാലും ഇന്നലെ അതുരണ്ടും പട്ടമേഞ്ഞു. ഇനി വെട്ടുകല്ലോണ്ട് ചുറ്റോടുചുറ്റും മറയ്ക്കണം. ആ, അത് മഴപെയ്താലുംചെയ്യാലോ''.


''അപ്പോ ഇനി ആശാരിമാര് വരില്ലേ''.


''വരാതെ പറ്റില്ലല്ലോ. തൊഴുത്തില് പുല്ലിടാന്‍ സൌകര്യം ഉണ്ടാക്കണ്ടേ. മാത്രോല്ല വണ്ടിപ്പുര അടച്ചുകെട്ടുമ്പൊ പേരിനെങ്കിലും ഒരുവാതിലും ജനലും വെക്കണ്ടേ. കാളവണ്ടി നിര്‍ത്തി ബാക്കിവരുണ സ്ഥലത്ത് ഒരു കുത്തുപടിയിട്ട് എനിക്ക് കിടക്കാലോ. പിന്നെ കൊയ്തുകിട്ടുണ നെല്ല്   ഒരുമുക്കില് കൊട്ടുംചെയ്യാം ''.


''കുറ്റിയടിക്കുമ്പൊ എന്തിനാപ്പാ ഇത്ര വല്യേ വണ്ടിപ്പുരാന്ന് എനിക്ക് തോന്നി. ചോദിച്ചാല് എന്തെങ്കിലും തോന്ന്വോന്നു വിചാരിച്ച് മിണ്ടീലാ'' നാണുനായര്‍ പറഞ്ഞു.


''എടോ, എന്തുചെയ്യുമ്പഴും പലകാര്യങ്ങളും മുന്‍കൂട്ടി കാണാനുണ്ട്. ഇനി എനിക്കുവേണ്ടി ഒരു പെരപണിയല് ഉണ്ടാവില്ല. അപ്പൊ ചാവുണവരെ എനിക്ക് കഴിച്ചുകൂട്ടണ്ടേ''.


കുറച്ചുദിവസമായി നാണുനായര്‍ക്കും ഒരുതൊഴിലായിരുന്നു. രാവിലെ കുളിച്ചു തൊഴുതുവന്നതും കൂട്ടുകാരന്‍ പണിചെയ്യിക്കുന്ന സ്ഥലത്തേക്ക് തിരിക്കും. എഴുത്തശ്ശന്നുള്ള ഭക്ഷണം അയാള്‍ കയ്യില്‍ കരുതും. ഉച്ചയ്ക്ക് പണിക്കാര്‍ ജോലിനിര്‍ത്തിയാല്‍ രണ്ടുപേരുംകൂടി ഉണ്ണാന്‍ വീട്ടിലെത്തും. 


 ''നാണ്വാരേ, നിങ്ങള് ഇത്തിരി കിടന്നോളിന്‍''എന്നുപറഞ്ഞ് സരോജിനി കൊടുത്ത ആഹാരം കഴിച്ചുകഴിഞ്ഞതും സുഹൃത്ത് മടങ്ങിപോവും.


ആറേഴുദിവസംകൊണ്ട് പണി പൂര്‍ത്തിയായി. ഇനി കിടപ്പുംകൂടി പുതിയ സ്ഥലത്തേക്ക് മാറ്റുകയേവേണ്ടു. തൊഴുത്ത് പൊളിച്ച അന്നുമുതല്‍ കന്നിനെ കുറ്റിയടിച്ച് കെട്ടിയിട്ടതാണ്. അവറ്റ കാറ്റുംവെയിലും കൊണ്ട് തൊടിയില്‍ നില്‍ക്കുകയാണ്. പുതിയ തൊഴുത്തില്‍ മൂരികളെ വൈകാതെ കയറ്റണം.


''നാളെക്ക് നാളെ ഇങ്കിട്ട് മാറ്യാലോ എന്നാ ഞാന്‍ വിചാരിക്കിണത്'' എഴുത്തശ്ശന്‍ നാണുനായരോട് പറഞ്ഞു''മഴ എപ്പഴക്കാ താഴത്തേക്ക് വീഴണ്ടത് എന്നും പറഞ്ഞാ നില്‍ക്കുണത്''.


''അങ്ങന്യങ്കിട്ട് ചെയ്യാന്‍പാട്വോ''നായര്‍ പറഞ്ഞു''ഇതിനൊക്കെ നാളും ദിവസൂം നോക്കണ്ടേ''.


''എന്നാ ചാവുണത് എന്നും കാത്ത് ഇരിക്യാണ് ഞാന്‍. വാണുവര്‍ദ്ധിച്ച് കുട്ടീം മക്കളും ആയിട്ട് ഇരിക്കണച്ചാലല്ലേ നാളും നക്ഷത്രവും ഒക്കെ നോക്കണ്ടു''എഴുത്തശ്ശന്‍ അങ്ങിനെ പറഞ്ഞുവെങ്കിലും, ജോത്സ്യനെ കാണാനുള്ള ചുമതല കൂട്ടുകാരനെത്തന്നെ ഏല്‍പ്പിച്ചു. ഉച്ചഭക്ഷണം കഴിഞ്ഞതും എഴുത്തശ്ശന്‍ പോയി. നാണുനായര്‍ ഒന്നു നടുനിവര്‍ത്തി. നാലുമണിക്കുമുമ്പ് അയാള്‍ എഴുന്നേറ്റു. 


''ഞാന്‍ ഇപ്പൊ വരാം''മകളോട് പറഞ്ഞ് അയാള്‍ മുറ്റത്തേക്കിറങ്ങി.


''അച്ഛന്‍ ഈ നേരത്ത് എവിടേക്കാ പോണത്''മകള്‍ ആരാഞ്ഞു. പുതിയ വണ്ടിപ്പുരയിലേക്ക് എഴുത്തശ്ശന് താമസംമാറാന്‍ നല്ലദിവസം നോക്കാന്‍ പണിക്കരെ കാണാന്‍ പോവുകയാണെന്ന് അയാള്‍ മറുപടി നല്‍കി.


''അച്ഛന്‍ ഒരു മിനുട്ട് നില്‍ക്കൂട്ടോ''എന്നുപറഞ്ഞ് സരോജിനി അകത്തേക്ക് ചെന്നു. മരത്തിന്‍റെ പെട്ടിയില്‍ സൂക്ഷിച്ചിട്ടുള്ള തന്‍റെ തലക്കുറിപ്പ് അവള്‍ കടലാസ്സില്‍ പൊതിഞ്ഞെടുത്തു. ഉമ്മറത്ത് കാത്തുനിന്ന അച്ഛന്‍റെ കയ്യില്‍ അവളത് കൊടുത്തു.


''എന്താ ഇത്''നാണുനായര്‍ തിരക്കി. 


തന്‍റെ ജാതകക്കുറിപ്പാണ് പൊതിയില്‍ ഉള്ളതെന്നും ജോത്സ്യനെകൊണ്ട് അച്ഛന്‍ അതുകൂടിയൊന്ന് നോക്കിക്കണമെന്നും സരോജിനി പറഞ്ഞു. 


''എന്താ ഈ പെണ്ണിന് പറ്റ്യേത്''അതുംവാങ്ങി പടികടന്നുപോവുമ്പോള്‍ നാണുനായര്‍ ചിന്തിച്ചു.


അമ്പതാംവയസ്സിന്‍റെ പടിക്കലെത്തിയ തനിക്ക് ഒരുജാതകം എഴുതിച്ച് തരാന്‍കൂടി വീട്ടുകാര്‍ക്ക് ഇതുവരെ കഴിഞ്ഞില്ല. ജനനസമയംകുറിച്ച തലക്കുറിവെച്ചാണ് വല്ലപ്പോഴും ഫലം നോക്കിച്ചിട്ടുള്ളത്. ഇരുപത് വയസ്സ് മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് ആറു മാസത്തിന്നുള്ളില്‍ അല്ലെങ്കില്‍ ഒരുകൊല്ലത്തിനകം കല്യാണം നടക്കുമെന്ന്. പണിക്കര് പറഞ്ഞപോലെ ഒന്നും നടന്നില്ല. കഴിഞ്ഞത് കഴിഞ്ഞു. ഇനിയെങ്കിലും ജീവിതത്തില്‍ ഒരു മേല്‍ഗതി ഉണ്ടാവില്ലേ? അത്തരം ഒരു പ്രവചനവും കാത്ത് സരോജിനി ഇരുന്നു.


*****************************


ഒരാഴ്ചയിലേറെയായി വീട്ടില്‍നിന്ന് ഇറങ്ങിവന്നിട്ട്. ഇതിനകം അച്ഛന്‍ തിരക്കിവരുമെന്ന് വേലായുധന്‍കുട്ടി കരുതിയിരുന്നതാണ്. ഇടക്കിടക്ക് മാധവി ഓരോ കുത്തുവാക്ക് പറയും. വയസ്സായ അച്ഛനെ നേരാമാര്‍ഗ്ഗം നടത്താന്‍ കഴിവില്ലാതെ ഇരിക്കുന്ന വീടും വിട്ട് പെണ്ണിന്‍റെ വീട്ടില്‍ സുഖ താമസത്തിന്ന് വന്നിരിക്കുന്നു എന്നവള്‍ പറയുമ്പോള്‍ നാണക്കേടുകൊണ്ട് ഒരക്ഷരം മറുത്തു പറയാന്‍ പറ്റാതായി. എന്തോ ഭാഗ്യമെന്നേ പറയേണ്ടു ഈ തവണ അളിയന്മാര്‍ ഒന്നും പറയുന്നില്ല. രാധാകൃഷ്ണന്‍ ഉണ്ടെങ്കില്‍ അവനോടെങ്കിലും സങ്കടംപറയാമായിരുന്നു. വേലായുധന്‍കുട്ടി രാവിലെ പുറത്തേക്കിറങ്ങാനൊരുങ്ങി. ഇത്രയുംദിവസം മില്ലിലേക്ക് ചെന്നിട്ടില്ല. അവിടുത്തെ കാര്യങ്ങള്‍ എന്തൊക്കെയാണോ എന്നറിയില്ല. എങ്ങിനെ നാട്ടുകാരുടെ മുഖത്തുനോക്കും എന്ന വിഷമത്തിലായിരുന്നു ഇതുവരെ. ഇടയ്ക്ക് മില്ലില്‍നിന്ന് മേസ്ത്രിവരും. നിത്യവും ഫോണ്‍ ചെയ്യാറുമുണ്ട്. വീട്ടിലെ കാര്യങ്ങള്‍ ചോദിക്കണമെന്നുണ്ടായിരുന്നു. എങ്ങിനെയാണ് നില വിട്ട് പണിക്കാരനോട് ഇത്തരം കാര്യങ്ങള്‍ ചോദിക്കുന്നത്. നാട്ടില്‍നിന്നും വന്നതേ തെറ്റി. ഭാര്യയെ സമാധാനിപ്പിക്കാന്‍ അതല്ലാതെ മറ്റൊരുമാര്‍ഗ്ഗം ഉണ്ടായിരുന്നില്ലല്ലൊ. ആഹാരംകഴിഞ്ഞ് വേഷംമാറി പുറപ്പെടുമ്പോള്‍ എങ്ങോട്ടാണെന്ന് മാധവി അന്വേഷിച്ചു. മില്ലിലേക്ക് പോവുകയാണെന്ന് അവളോടു പറഞ്ഞു. 


'ആ വഴിക്ക് ചെന്ന് അച്ഛനെ ഒന്ന് കണ്ടിട്ട് വന്നോളിന്‍, ഇത്ര ദിവസം ആയില്ലേ. കാണാതെ കണ്ണ് പൊരിയിണുണ്ടാവും''അവള്‍ പറഞ്ഞത് കേട്ടില്ലെന്ന് നടിച്ചു. രണ്ടുകയ്യുംകൂടി തല്ലിയാലല്ലേ ശബ്ദം ഉണ്ടാവൂ.


കാറ് ഷെഡ്ഡില്‍ കയറ്റിനിര്‍ത്തി. ഓഫീസിലേക്ക് ഇറങ്ങിചെല്ലുമ്പോള്‍ മുറ്റത്ത് പുഴുങ്ങിയ നെല്ല് ഉണക്കാനിട്ടത് ചിക്കിക്കൊണ്ടിരുന്ന സ്ത്രീകള്‍ എന്തോ അടക്കംപറഞ്ഞ് ചിരിക്കുന്നതുപോലെതോന്നി. അച്ചിക്കോന്തന്‍ എന്ന് പറയുകയായിരിക്കും. കാണാത്തഭാവത്തില്‍ കയറിചെന്നു.


കണക്കുപിള്ള ശിവന്‍ മുമ്പില്‍ കൊണ്ടുവന്നുവെച്ച നെല്ലിന്‍റെ വരവും അരിയുടെ വില്‍പ്പനയും എഴുതിയ റജിസ്റ്ററുകളിലൂടെ അലസമായി ഒന്ന് കണ്ണോടിച്ചു. ഒന്നിലും മനസ്സ് നില്‍ക്കുന്നില്ല. പിണങ്ങി പോന്നതാണെങ്കിലും അച്ഛന്‍റെ വിവരങ്ങള്‍ അറിയണമെന്നു തോന്നുന്നുണ്ട്. ഒന്ന് നേരിട്ടുചെന്ന് അന്വേഷിച്ചാലോ. അല്ലെങ്കില്‍വേണ്ടാ. മാധവി അതെങ്ങാനും അറിഞ്ഞാല്‍ മതി. പിന്നെ അതിനാവും കുറ്റപ്പെടുത്തല്‍. ഫോണടിച്ചപ്പോള്‍ റിസീവര്‍ എടുത്തു. മറുവശത്ത് രാഘവനാണ്.


 ''പിള്ളരടെ  വിവരം വല്ലതൂണ്ടോ''അയാള്‍ ആദ്യംതന്നെ ചോദിച്ചത് മക്കളുടെ കാര്യമാണ്. രാധാകൃഷ്ണനും രാഘവന്‍റെ മകന്‍ സുകുമാരനും യാത്രപോയതാണ്. ഇല്ല എന്നറിയിച്ചു.


''താന്‍ അച്ഛനോട് പിണങ്ങി വീടുവിട്ടിറങ്ങീന്ന്കേട്ടു. അതെന്തോ ആവട്ടെ. താന്‍ നാട്ടുകാരോട് മുഴുവന്‍ അലോഹ്യത്തിലാണോ. തനിക്കൊന്ന് ഫോണ്‍ ചെയ്യായിരുന്നില്ലേ. വീട്ടിലെ വിവരങ്ങള്‍ എന്തൊക്ക്യാ''രാഘവന്‍ ഒറ്റയടിക്ക് ചോദ്യങ്ങളുതിര്‍ത്തു.


ഇതുതന്നെ പറ്റിയ സന്ദര്‍ഭമെന്ന് വേലായുധന്‍കുട്ടി കണക്കാക്കി. വീട്ടില്‍ നിന്നും ഇറങ്ങിയശേഷം അവിടുത്തെ കാര്യങ്ങള്‍ ഒന്നും അറിഞ്ഞിട്ടില്ല എന്നും സാധിക്കുമെങ്കില്‍ വിവരങ്ങള്‍ അന്വേഷിച്ച് അറിയിക്കണമെന്നും അയാള്‍ രാഘവനോട് ആവശ്യപ്പെട്ടു. ഒരുമണിക്കൂറിനകം വിവരങ്ങള്‍ അന്വേഷിച്ചു പറയാമെന്നുപറഞ്ഞ് രാഘവന്‍ ഫോണ്‍വെച്ചു.



അദ്ധ്യായം 33.


കുറച്ചുദിവസത്തെ താമസത്തിന്നുശേഷം വേണു ഓപ്പോളുടെ വീട്ടില്‍നിന്ന് തിരിച്ചുപോന്നു. വൈകീട്ട് വേണു വീട്ടിലെത്തുമ്പോള്‍ കിട്ടുണ്ണി വീട്ടിലില്ല. സന്ധ്യയോടെയാണ് അയാള്‍ വന്നത്.


''ഏട്ടന്‍ കൃഷിയും കളപ്പുരയും നോക്കാന്‍ അവരോടൊപ്പം വന്നൂന്ന് കേട്ടു. എന്തേ അവരെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരാഞ്ഞത്''എന്നായി ആദ്യത്തെ ചോദ്യം. താന്‍ വിളിച്ചുവെന്നും ഓപ്പോള്‍ ഇവിടേക്ക് വരില്ല എന്ന് ശാഠ്യം പിടിച്ചതാണെന്നും വേണു അറിയിച്ചു.


''അതെങ്ങന്യാ, ഇവിടുന്ന് ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അതു മൂളി കേള്‍ക്കും, അവിടെ അവര് എന്തെങ്കിലും പറഞ്ഞാല്‍ അതിനും ഒന്ന് മൂളും. അല്ലാതെ ഏട്ടന് ആരോടെങ്കിലും കാര്യംപറയാന്‍ അറിയ്വോ''കിട്ടുണ്ണി കുറ്റപ്പെടുത്തി .


തന്നോട് പെങ്ങള്‍ക്കുള്ള അലോഹ്യം കുറച്ചെങ്കിലും കുറഞ്ഞുവോ എന്നു മാത്രമേ കിട്ടുണ്ണിക്ക് അറിയേണ്ടതായിട്ടുള്ളു. അതില്ല എന്നറിഞ്ഞതോടെ കക്ഷി പിന്നീടൊന്നും ചോദിച്ചില്ല. പെങ്ങളുടെ വിശേഷങ്ങള്‍ കിട്ടുണ്ണി അന്വേഷിക്കുമെന്ന് വേണു കരുതിയത് വെറുതെയായി.


 ''കല്യാണക്കാര്യത്തില്‍ ഏട്ടന്‍ എന്തെങ്കിലും തീരുമാനം എടുത്ത്വോ'' പിറ്റേന്നുരാത്രി ഭക്ഷണം കഴിഞ്ഞ് ഉമ്മറത്തിരിക്കുമ്പോള്‍ കിട്ടുണ്ണി വേണുവിനോട് ചോദിച്ചു. ഇല്ല എന്നമറുപടി അയാളെ ചൊടിപ്പിച്ചു.


''അതേയ്. വേണങ്കിലും വേണ്ടെങ്കിലും പെട്ടെന്നൊരു മറുപടി തരണം. എനിക്ക് മര്യാദക്കാരുടെ അടുത്ത് നീട്ടി നീട്ടി പറയാന്‍ പറ്റില്ല''.


''എന്‍റെ കാര്യോക്കെ നിനക്കറിയാലോ, ഇനി ഈ വയസ്സാന്‍ കാലത്ത് എനിക്ക് പെണ്ണും പിടക്കോഴീം ഒന്നുംവേണ്ടാ''വേണു തീര്‍ത്തുപറഞ്ഞു.


''വേണ്ടെങ്കില്‍ വേണ്ടാ, എനിക്കൊന്നൂല്യാ. വയ്യാതെ കിടപ്പിലായാല്‍ ആര് നോക്കുംന്നാ വിചാരം. ഇവിടെ ഒരുത്തി ഉള്ളതിന്ന് അവനവന്‍റെ കാര്യം നോക്കാനെ വയ്യാ. അല്ലെങ്കിലും അന്യപുരുഷന്മാരുടെ കാര്യങ്ങളൊക്കെ ഏതെങ്കിലും സ്ത്രീകള്‍ നോക്ക്വോ''.


സ്വരത്തില്‍ നിറഞ്ഞ ഇഷ്ടക്കേട് വേണു തിരിച്ചറിഞ്ഞു. താന്‍ ഇവിടെ ഒരു അധികപ്പറ്റാണ്. ഇവിടെനിന്ന് ഇറങ്ങിയാല്‍ ഓപ്പോളുടെ അടുത്തുചെല്ലാം. പക്ഷെ അതും എത്രദിവസത്തേക്ക്. അവര്‍ക്കും നീരസം തോന്നിക്കൂടാ എന്നില്ലല്ലൊ. എന്തായാലും സ്വന്തമായി ഒരുതാവളം ഉണ്ടായേ മതിയാവൂ.


രാത്രി കിടക്കുമ്പോള്‍ വേണു അതേക്കുറിച്ചുതന്നെ ആലോചിച്ചുകിടന്നു. മദിരാശിയിലേക്കുതന്നെ തിരിച്ചുപോയാലോ എന്നുതോന്നി. അപ്പോഴാണ് മനുഷ്യര് വയസ്സുകാലത്ത് അവനവന്‍റെ നാട്ടില്‍തന്നെ കഴിഞ്ഞുകൂടണം എന്ന മാരിമുത്തുവിന്‍റെ വാക്കുകള്‍ ഓര്‍മ്മ വന്നത്. തനിക്ക് പ്രിയപ്പെട്ട തന്‍റെ കളപ്പുരയിലേക്ക് എത്രയും പെട്ടെന്ന് താമസം മാറണമെന്ന് വേണു ഉറപ്പിച്ചു.


''കൃഷ്യോക്കെ ചെന്ന് നോക്കീതല്ലേ, എങ്ങനീണ്ട്''അടുത്തദിവസം കാപ്പി കുടിക്കാനിരിക്കുമ്പോള്‍ കിട്ടുണ്ണി ചോദിച്ചു, 


''തരക്കേടില്ല''എന്ന ഒറ്റവാക്കില്‍ മറുപടി ഒതുക്കി.


''ഏട്ടന്‍ ഒരു കാര്യംചെയ്യൂ, അതൊക്കെ അങ്ങട്ട് വില്‍ക്കൂ''കിട്ടുണ്ണി പറഞ്ഞു''അവിടെ പുഴകടന്ന് പോകാനൊക്കെ പാടാണ്. ശരിക്ക് നോട്ടം കിട്ടില്ല. നമുക്ക് ഇക്കരെ എന്‍റെ കൃഷിടെ അടുത്ത് കുറച്ചുഭൂമി വാങ്ങാം. അങ്ങിന്യായാല്‍ എനിക്ക് അതുംകൂടി എളുപ്പം നോക്കിനടത്താലോ''  വേണു എതിരൊന്നും പറഞ്ഞില്ല.


''എനിക്ക് ഇന്നന്നെ ഓപ്പോളുടെ അടുത്തൊന്ന് പോകണ''മെന്ന് അയാള്‍ പറഞ്ഞുനിര്‍ത്തി.


************************************


പുതിയ പാര്‍പ്പിടത്തിലേക്ക് കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ താമസം മാറ്റി. പിറ്റേന്ന് കിട്ടുണ്ണിമാഷും രാഘവനുംകൂടി അയാളെ കാണാന്‍ചെന്നു. കാലത്തെ അമ്പലകുളത്തിലുള്ള കുളിയും അയ്യപ്പനെ തൊഴലും പാടം നോക്കലും കഴിഞ്ഞെത്തി ആഹാരം കഴിക്കാനിരുന്ന നേരം.


''ഒറ്റയ്ക്ക് കഴിക്കാനൊന്നും നോക്കണ്ടാട്ടോ. ഞങ്ങള് രണ്ടുവിരുന്നുകാര് വന്നിട്ടുണ്ടേ''പുറത്തുനിന്ന് ഒച്ചകേട്ട് നോക്കാനൊരുങ്ങുമ്പോഴേക്ക് അവര്‍ അകത്തേക്ക്കയറി. കയ്യിലെടുത്ത ഓലക്കിണ്ണം താഴെവെച്ചു. തോളിലെ തോര്‍ത്തുകൊണ്ട് കുത്തുപടി തുടച്ച് അതിഥികളെ ഇരിക്കാന്‍ ക്ഷണിച്ചിട്ട് എഴുത്തശ്ശന്‍ രണ്ടടി പുറകോട്ട് മാറിനിന്നു.


 ''ഇത് പറ്റില്ല. വയസിന് മൂത്ത നിങ്ങള് നില്‍ക്കുമ്പൊ ഞങ്ങള് രണ്ടാള് ഇരിക്കുണത് ശര്യല്ല'' കിട്ടുണ്ണിമാഷ് അതു പറഞ്ഞപ്പോള്‍ എഴുത്തശ്ശന്‍ തൂണില്‍ ചാരി നിലത്ത് കുന്തിച്ചിരുന്നു. രാഘവനാണ് കാര്യത്തിലേക്ക് കടന്നത്. 


''ഞങ്ങള് ഏതാണ്ടൊക്കെ പറഞ്ഞുകേട്ടു, എന്താന്ന് അന്വേഷിക്കാന്‍ വേണ്ടി വന്നതാ''. 


എഴുത്തശ്ശന്‍ ഒന്നും മിണ്ടിയില്ല. വേലായുധന്‍കുട്ടിക്കുവേണ്ടി സന്ധി പറയാന്‍ വന്നതാണ്. അവര്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേട്ട് മറുപടി പറഞ്ഞാല്‍ മതിയല്ലോ. 


''ഞങ്ങള് ചോദിച്ചതിന്ന് മറുപടി ഒന്നും പറഞ്ഞില്ല''രാഘവന്‍ വിഷയം ഓര്‍മ്മിപ്പിച്ചു.


''അതിന് നിങ്ങളെന്താ കേട്ടത് എന്ന് എനിക്കറിയില്ലല്ലോ''എന്നുപറഞ്ഞ് എഴുത്തശ്ശന്‍ ഒഴിവായി. രാഘവനും കിട്ടുണ്ണിമാഷും മുഖത്തോടുമുഖം നോക്കി. ആര് തുടങ്ങണം എന്ന സംശയത്തിലായി അവര്‍.


കിട്ടുണ്ണിമാഷ് മെല്ലെ പറഞ്ഞു തുടങ്ങി. എന്തോ നിസ്സാരകാര്യത്തിന്ന് മരുമകളെ എഴുത്തശ്ശന്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ടു എന്നും വിവരം അന്വേഷിച്ച് ചെന്ന മകനോടും വീട് വിട്ടുപോവാന്‍ പറഞ്ഞു എന്നും നാട്ടില് മുഴുവന്‍ പാട്ടായിട്ടുണ്ട്. കുടുംബത്തിനൊട്ടാകെ പേരുദോഷം വരുത്തുന്ന പണിയാണ് ഇതൊക്കെ. പേരക്കുട്ടി ഉള്ളതിന് കല്യാണം കഴിച്ച് ഒരു പെണ്‍കുട്ടിയെ ആ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരാനുള്ള പ്രായമൊക്കെയായി. നടന്ന കാര്യങ്ങള്‍  പുറത്തറിഞ്ഞാല്‍ നല്ലൊരു കുടുംബത്തിന്ന് അവനൊരുപെണ്ണ് കിട്ടില്ല. 


മാധവിയുടെ ആങ്ങളമാര്‍ നല്ല ആളുകളായത് നന്നായി, ഇല്ലെങ്കില്‍ അവര് ശേഷം ചോദിക്കാന്‍ വന്നേനെ എന്ന് രാഘവനും പറഞ്ഞു. ആ പറഞ്ഞത് എഴുത്തശ്ശന്ന് ഒട്ടും ഇഷ്ടപ്പെട്ടില്ല.


''ഒരുത്തനും ന്യായംപറയാന്‍ എന്‍റെടുത്ത് വരില്ല''എഴുത്തശ്ശന്‍ പറഞ്ഞു ''പെണ്ണുങ്ങളെ വളര്‍ത്തണ്ടപോലെ വളര്‍ത്തണം. അല്ലാത്തതിന്‍റെ കുറ്റം കൊണ്ടാണ് ഇതൊക്കെ നടന്നത്. കുറച്ചുകാലേ പത്മാവതി എന്‍റെകൂടെ കഴിഞ്ഞുള്ളു. അന്നൊന്നും അവള്‍ എന്‍റെ അച്ഛന്‍റെ മുമ്പില്‍ നേരെനിന്ന് വര്‍ത്തമാനം പറഞ്ഞിട്ടില്ല. അതാ പെണ്ണുങ്ങള്. ഈ സാധനം കല്യാണം കഴിഞ്ഞ് വന്നശേഷം ഒരൊറ്റദിവസം മര്യാദക്ക് പെരുമാറീട്ടില്ല. ഏതോ സ്വര്‍ഗ്ഗത്തിന്നും ഇറങ്ങിവന്ന ഉര്‍വശ്യാണെന്നാ അവളടെ ഭാവം കണ്ടാല്‍. എനിക്ക് ആരുടേം സ്നേഹൂം ബഹുമാനൂം ഒന്നും ഒട്ടുംവേണ്ടാ. പുച്ഛത്തോടെ പെരുമാറാതിരുന്നാ മതി. എന്നാല്‍ അവളത് ചെയ്തില്ല''. രാഘവനും കിട്ടുണ്ണിമാഷും ഒന്നും പറഞ്ഞില്ല. നിമിഷങ്ങള്‍ കടന്നുപോയി. 


''ഇനി അതൊന്നും പറഞ്ഞിട്ട് കാര്യൂല്യാ, കഴിഞ്ഞത് കഴിഞ്ഞു''രാഘവന്‍ പറഞ്ഞു''ഇനി അങ്ങോട്ട് എന്താ വേണ്ടതേന്ന് ആലോചിക്ക്യാണ് ഇപ്പൊ ചെയ്യണ്ടത്''.


''എന്താ വേണ്ടത് എന്ന് നിങ്ങളന്നെ പറഞ്ഞോളിന്‍''എഴുത്തശ്ശന്‍ പറഞ്ഞു ''പറയുണകാര്യം എനിക്കുംകൂടി ബോധിക്കണം. എന്നാലേ ഞാനത് കേട്ട് വേണ്ടത് ചെയ്യൂ''.


''ഒരുകാര്യം ചെയ്യിന്‍''കിട്ടുണ്ണിമാഷ് നിര്‍ദ്ദേശിച്ചു''ഇനി തെറ്റും ശരീം ഒന്നും നോക്കീട്ട് കാര്യൂല്യാ. അതൊക്കെ അങ്കിട്ടും ഇങ്കിട്ടും പറയാനുണ്ടാവും. നിങ്ങള് മരുമകളോട് കടന്ന് പോവാന്‍ പറഞ്ഞത് വല്യോരു തെറ്റന്നെ. അതോണ്ട് നിങ്ങളന്നെ ചെന്ന് അവരോട് വരാന്‍ പറയണം. അതില്‍ മാനക്കേടൊന്നും ഇല്ല'. 


മനസ്സില്‍ തികട്ടിവന്ന ദേഷ്യംമുഴുവന്‍ എഴുത്തശ്ശന്‍ കടിച്ചമര്‍ത്തി. വീട്ടില്‍ മദ്ധ്യസ്ഥം പറയാന്‍ വന്നവരെ താന്‍ അപമാനിച്ചു എന്ന് വരുത്തരുതല്ലോ. അടുത്ത ഊഴം രാഘവന്‍റെ ആയിരുന്നു.


 ''നിങ്ങള്‍ക്ക് വയസ്സും പ്രായൂം ഒക്കെ ആയില്ലേ. ഇനി അവര് തരുണത് വാങ്ങിക്കഴിച്ച് രാമ, രാമാന്ന് ജപിച്ച് കഴിയുണതാ നല്ലത്. പത്തുദിവസം കിടപ്പിലായാല്‍ നോക്കാന്‍ മകനും ഭാര്യയും പേരമക്കളും മാത്രേ ഉണ്ടാവൂ. ബാക്കി എല്ലാരുക്കും നോക്കി നിക്കാനേ കഴിയൂ. നിങ്ങള് മരിച്ചാലും വേണ്ടതൊക്കെ ചെയ്യാന്‍ അവര് വേണം. കേറി ചെല്ലുമ്പൊ മരുമകളടെ വീട്ടുകാര്‍ മുഖത്തടിച്ച മാതിരി നിങ്ങളോട് വല്ലതുംപറയാതെ വേലായുധന്‍കുട്ടി നോക്കിക്കോളും''അതു കേട്ടതോടെ എഴുത്തശ്ശന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു.


''ഞാന്‍ ചെന്ന് അവരടെ കാലുപിടിക്കണംന്നാണോ നിങ്ങള്‍ എന്നോട് പറയുണത്''അയാള്‍ ചോദിച്ചു. അതല്ല തങ്ങള്‍ ഉദ്ദേശിച്ചതെന്നും മകനും അവന്‍റെ കുടുംബത്തിനും ഉണ്ടായ മനോവിഷമം തീര്‍ക്കാന്‍ പറ്റിയ ഒരു മാര്‍ഗ്ഗം പറഞ്ഞതാണെന്നും ഇരുവരും പറഞ്ഞു. എഴുത്തശ്ശന്‍ മുറ്റത്തേക്ക് ഒന്ന് നീട്ടിത്തുപ്പി.


''എനിക്കതിന് മനസ്സില്ലെങ്കിലോ, പോയി ആ മൂധേവ്യോടും അവളടെ ആണുംപെണ്ണും കെട്ട്യോനോടും  കുപ്പന്‍കുട്ടി കഴിയുണത് അവരെ ഒന്നും നമ്പീട്ടല്ലാന്ന് പറഞ്ഞോളിന്‍. ശങ്കരനെഴുത്തശ്ശന്‍റെ മകന്‍ ആണായിട്ട് പിറന്നു, ആണായിട്ട് വളര്‍ന്നു, ആണായിട്ട് ചാവുംചെയ്യും'' ഒന്ന് നിര്‍ത്തിയിട്ട് അയാള്‍ വീണ്ടും പറഞ്ഞു''എല്ലാരുംകൂടി ഇറങ്ങിപ്പോയ ദിവസം ഞാനൊന്ന് പതറി, അത് സത്യം. പിന്നെ ആലോചിച്ചപ്പൊ അതിലൊന്നും കാര്യൂല്യാന്ന് ബോദ്ധ്യായി. ജനിക്കുണതും ഒറ്റയ്ക്കാണ്, ചാവുണതും ഒറ്റയ്ക്കാണ്. പിന്നെ എടേലുള്ള സമയം ഒറ്റയ്ക്കന്നെ കഴിഞ്ഞാലെന്താ''. 


കിട്ടുണ്ണിമാഷക്കും രാഘവനും എന്താണ് പറയേണ്ടത് എന്ന് അറിയാത്ത മട്ടായി. ഇരുവരും മുഖത്തോടുമുഖം നോക്കി.


''ഇത്തിരീംകൂടി എനിക്ക് പറയാനുണ്ട്''എഴുത്തശ്ശന്‍ തുടര്‍ന്നു''ചത്താല്‍ എന്താ ചെയ്യാന്ന് ചോദിച്ചല്ലോ. കെട്ടിപ്പൊതിഞ്ഞ് കൊണ്ടുപോവാന്‍ നാല്മൊഴം ജഗന്നാഥന്‍ വേണം. അതിനുള്ള പണം മക്കുരാവുത്തരടെ കയ്യില്‍ ഞാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. കുഴിവെട്ടി അതിലിട്ട് തട്ടിമൂടാന്‍ ചാമ്യേ എടവാടാക്കീട്ടൂണ്ട്. ഞാന്‍ ചത്താല്‍ അവനോ, അവളോ, അവരടെ ആരെങ്കിലും ആള്‍ക്കാരോ വരുംചെയ്യരുത് എന്നെ കാണുംചെയ്യരുത്. ദേഹത്തിന് വയ്യാതായി കിടന്നാ എന്താ ചെയ്യേണ്ടത് എന്നും നന്നായി ആലോചിച്ചിട്ടുണ്ട്. ഒരുകുപ്പി എന്‍ഡ്രിന്‍ ഞാന്‍ വാങ്ങി കരുതി വെക്കും . കിടപ്പിലാവുംന്ന് തോന്ന്യാല്‍ അന്ന് അതെടുത്ത് കുടിക്കും. അത്രേന്നെ''. കിട്ടുണ്ണിമാഷും രാഘവനും എഴുന്നേറ്റു.


 ''ഞങ്ങള്‍ ഇറങ്ങ്വാ''മാഷ് പറഞ്ഞു''വേലായുധന്‍കുട്ട്യോട് വല്ലതും പറയണോ''.


''ചോദിച്ച അവസ്ഥക്ക് പറയാം''എഴുത്തശ്ശന്‍ തുടര്‍ന്നു''വീട് നില്‍ക്കുണ സ്ഥലം എന്‍റെ പേരിലാണ് ഉള്ളത്. എന്നാലും അവനതില്‍ കുറെകാശ് ഇറക്കീട്ടുണ്ട്. അതോണ്ട് വീട് അവനെടുത്തോട്ടെ. പക്ഷെ അതുപൂട്ടി താക്കോല് പൂട്ടിലും തിരുകിവെച്ച് രണ്ടാളുംകൂടി ഇറങ്ങി പോയതാണ്. ഒരുപഴുക്കടയ്ക്കടെ തൊണ്ടുംകൂടി ഞാന്‍ അതിനകത്തിന്ന് എടുത്തിട്ടില്ല. ആ അവസ്ഥയ്ക്ക് ഞങ്ങള് വെച്ചിട്ടുപോയ അത് കണ്ടില്ല, ഇത് കണ്ടില്ല എന്നൊന്നും നാളെ എപ്പഴെങ്കിലും കേള്‍ക്കാന്‍ എനിക്കാവില്ല. അതോണ്ട് സാധനങ്ങളെല്ലാം കിട്ടിബോധിച്ചൂന്ന് ഒരുകച്ചീട്ട് എഴുതി ഒപ്പിട്ട് നിങ്ങള് രണ്ടാളും സാക്ഷി ഒപ്പിട്ടുതന്നാല്‍ വീടിന്‍റെ താക്കോല് ഞാന്‍ തരാം. അല്ലാതെ എനിക്കാരോടും ഒന്നും പറയാനും ഇല്ല, കേള്‍ക്കാനും ഇല്ല''. എന്നാല്‍ അങ്ങിനെയാവട്ടെ എന്നുപറഞ്ഞ് മദ്ധ്യസ്ഥര്‍ മടങ്ങി. 


എഴുത്തശ്ശന്‍ കഞ്ഞിവിളമ്പി കുടിക്കാനിരുന്നു.



അദ്ധ്യായം 34


തോട്ടത്തില്‍ ഒരു മൂച്ച് കിളകഴിഞ്ഞു. ഒരാഴ്ചയിലേറെയായി തെങ്ങിന്‍ തടങ്ങള്‍ തുരന്ന് തൂപ്പുംതോലും നിറയ്ക്കലാണ് പണി. ഇടയ്ക്ക് പാടത്ത് ഒന്നു കണ്ണോടിക്കണം. വല്ല കന്നോമാടോ ഇറങ്ങിയാല്‍ കാണില്ല. കൈക്കോട്ട് തെങ്ങിന്‍ചുവട്ടില്‍തന്നെയിട്ട് ചാമി പുറപ്പെട്ടു. തോട്ടത്തിന്‍റെ പടിയടച്ചിട്ട് വഴിയിലേക്കിറങ്ങി.


പൂഴിമണല്‍ വാരിപ്പൂശിയ വഴിയുടെ ഇരുവശവും കമ്മ്യൂണിസ്റ്റ് പച്ച മുളച്ചു പൊങ്ങിയിട്ടുണ്ട്. പച്ചക്കരമുണ്ട് നെയ്യാന്‍ കൈക്കോളന്‍ നൂല് പാവിട്ടപോലെ വഴി നീണ്ടുകിടന്നു. പാടത്തും വരമ്പിലും കുളമ്പിന്‍റെ അടയാളം കാണാനുണ്ട്. ആരോ പാടത്ത് കന്നിനെ ഇറക്കിയിട്ടുണ്ട്. കയത്തംകുണ്ടുവരെ ചെന്നു. പുഴമ്പള്ളയില്‍ കൂളന്മാരെ മേയാന്‍വിട്ട് പിള്ളേര്‍ വെള്ളത്തില്‍ നീന്തിത്തുടിച്ച് രസിക്കുകയാണ്. ചാമിയുടെ നാവില്‍നിന്ന് നല്ല ഒന്നാന്തരംതെറി ഉയര്‍ന്നുപൊങ്ങി. നീന്തല്‍ നിര്‍ത്തി പിള്ളേര്‍ കരയക്കുകയറി. കൂട്ടത്തില്‍ മുതിര്‍ന്നവന്‍റെ ചെവിക്ക് കയറി പിടിച്ചു. 


''ഇനി നീയൊക്കെ കന്നിനെവിട്ട് കളിക്കാന്‍ പോയാല്‍ തലകീഴായി പിടിച്ച് ഞാന്‍ കയത്തില്‍ മുക്കും''എന്നൊരു താക്കീതും കൊടുത്ത്''ആട്ടിക്കൊണ്ട് പോവിനെടാ നായ്ക്കളേ'' എന്നൊരു കല്പനയും നല്‍കി. കന്നുകളേയും ആട്ടി നനഞ്ഞവേഷത്തോടെ പിള്ളേര്‍ പോയി.


ചാമി തിരിച്ചുനടന്നു. ചേരിന്‍റെ പടിഞ്ഞാറോട്ടുള്ള വരമ്പുനിറയെ പയറ് കുത്തിയിട്ടിട്ടുണ്ട്. അതെങ്ങാനും കന്ന് കടിച്ചിട്ടുണ്ടോ എന്നുനോക്കി. ഭാഗ്യത്തിന്ന് ഇങ്ങോട്ട് കന്നുകള്‍ വന്നിട്ടില്ല. പയറിന്‍റെ ഇല വലിച്ചു കൊണ്ടുവരാന്‍ കുറച്ചുദിവസമായി കല്യാണി പറയാന്‍ തുടങ്ങിയിട്ട്. പയറിന്‍റെ ഇല നന്നായി കൊത്തിയരിഞ്ഞ് വേവിച്ച് അരിപ്പൊടിയിട്ട് ഉപ്പേരി ഉണ്ടാക്കാനാണ്. കഞ്ഞിയ്ക്ക് പയറിന്‍റെ ഇല ഉപ്പേരിവെച്ചത് നല്ലകൂട്ടാണ്. അയാള്‍ തോര്‍ത്തഴിച്ച് നിലത്തുവിരിച്ചു. പറിച്ചെടുത്ത ഇലകള്‍ അതിലിട്ടു.


വേനല്‍പള്ളംവെച്ചതില്‍ അഞ്ചാറ് വെണ്ടയും വഴുതിനയും ബാക്കി നില്‍പ്പുണ്ട്. കായ കുറഞ്ഞെങ്കിലും ചിലപ്പോള്‍ വല്ലതും കിട്ടും. കുട്ടി അതോണ്ട് കൂട്ടാന്‍വെച്ചോട്ടെ. കായകള്‍ വലിച്ച് തോര്‍ത്തില്‍കെട്ടി ചാമി ബീഡിക്ക് തീ കൊടുത്തു. അപ്പോഴാണ് ദൂരെനിന്ന് വേലപ്പന്‍ വരുന്നത് കണ്ടത്. നല്ല വെശയിലാണ് നടപ്പ്. എന്താപ്പൊ ഇത്ര തിടുക്കപ്പെട്ട് വരാന്‍ എന്നാലോചിച്ച് ചേരിന്‍ചോട്ടിലേക്ക് നടന്നു.


''നിന്‍റെ മൊതലാളന്മാര് ഇന്നലെ ഇങ്ങോട്ട് വന്ന്വോ''വന്നപാടെ വേലപ്പന്‍ ചോദിച്ചു.


''ആ''ചാമി കൈ മലര്‍ത്തി.


''എന്നിട്ടാണോ ആ മൂത്താര് മൊതലാളിമാര് വരുണവിവരം നെന്നോട് പറഞ്ഞൂന്നും, അതിന് മോരൊഴിച്ച് വിളക്ക് വെക്കണോന്ന് നീ കേട്ടൂന്നും അയാള്‍ കല്യാണ്യോട് പറഞ്ഞത്''.


''ഓ, ആരോ വന്നോട്ടെ പൊയ്ക്കോട്ടെ, നമുക്കെന്താ കാര്യം. ഇവിടെ പണി ചെയ്യണം കൂലി വാങ്ങണം. അത്രേന്നെ''.


''ഇതൊക്കെ കേക്കുമ്പൊ എനിക്ക് നല്ല ഈറ വരുണുണ്ട്. നീ മൂത്തതായി പോയില്ലേ. ഇല്ലെങ്കില്‍ ഞാന്‍ അടിച്ച് ചെകിട് മൂളിച്ചെന്നെ''.


''അതിനെന്താ, നീ തൊട്ടുതലേല് വെച്ച് രണ്ടു തല്ല് തന്നോ. ഞാന്‍ മൊകിറ് കാട്ടിത്തരാം''.


''എന്നാലും നെനക്ക് മര്യാദക്ക് പെരുമാറികൂടാ അല്ലേ''.


''അതൊന്നും സാരൂല്യാ. ഇനി വരുമ്പൊ കണ്ടാപ്പോരേ, നീ ആ അരിവാള് ഇങ്ങിട്ട് താ. ഞാന്‍ പുല്ലരിഞ്ഞ് തരാം''.


''വേണ്ടാ, ഞാന്‍ തന്നെ അരിഞ്ഞോളാം''വേലപ്പന്‍ പറഞ്ഞു.


''നായ കിതക്കു ണപോലെ നീ കിതക്കുണുണ്ട്, മിണ്ടാണ്ടെ ഒരുഭാഗത്ത് ഇരിക്ക്''എന്നുപറഞ്ഞ് ചാമി അരിവാള് വാങ്ങി പുല്ലരിയാന്‍ തുടങ്ങി.


*************************************


''ഞാനൊരു കാര്യംപറഞ്ഞാലത് വല്യേപ്പന്‍ അപ്പനോട് പറയ്വോ''കാലത്ത് ചാമിക്ക് ചായകൊടുത്തുകഴിഞ്ഞപ്പോള്‍ കല്യാണി ചോദിച്ചു.


''എന്താണ്ടി മകളെ, നീ പറഞ്ഞോ. എന്‍റെ ലക്ഷ്മിക്കുട്ടി ആരോടെങ്കിലും ഒരു കാര്യം പറയണ്ടാന്ന്പറഞ്ഞാല്‍ പിന്നെ ഈ വല്യേപ്പന്‍ മൂച്ച് വിട്വോ''.


ഒരുനറുക്ക് ചേര്‍ന്നത് വിളിച്ച് ആ പണം വല്യേപ്പനെ ഏല്‍പ്പിച്ചാല്‍ ഒരു റേഡിയോ വാങ്ങികൊടുക്കുമോ എന്നാണ് കല്യാണിക്ക് അറിയേണ്ടത്. ബാറ്ററിയില്‍ പാടുന്നത് വേണം. ഏറെകാലത്തെ ഒരു ആഗ്രഹമാണ് ഒരു റേഡിയോ വാങ്ങണമെന്നത്. അപ്പന്‍ അതിന്ന് സമ്മതിക്കില്ല. വല്യേപ്പന്‍ വാങ്ങിതരുണപോലെ കൊണ്ടുവന്ന് തന്നാല്‍മതി . അപ്പനോട് അങ്ങിനെ പറയുകയും വേണം.


''ഇങ്ങിന്യൊരുമോഹം മനസ്സില്‍ വെച്ചിട്ട് എന്താണ്ടി മകളെ വല്യേപ്പനോട് നീ ഇതുവരെ പറയാഞ്ഞത്''ചാമി ചോദിച്ചു.


''നറുക്ക് കഴിയാറാവുമ്പൊ വിളിക്കാന്ന് വെച്ചിട്ടാ. അപ്പൊ വിളിക്കാന്‍ തൊകനെ ആള് കാണില്ല''കുട്ടി പറഞ്ഞു''കാശ് കൈക്കൂടിയിട്ട് പറയാന്ന് വിചാരിച്ചിട്ടാ''.


''വെറുതെ നറുക്കൊന്നും നഷ്ടത്തില്‍ വിളിക്കാന്‍ പോണ്ടാ. കഴിയുമ്പോള്‍ കിട്ട്യാ മതി''ചാമി കല്യാണിയെ ഉപദേശിച്ചു.


അദ്ധ്യായം - 35.


വേണു തിരിച്ചെത്തിയപ്പോള്‍ പത്മിനിക്ക് അത്ഭുതമാണ് തോന്നിയത്. പത്തുദിവസം കഴിഞ്ഞ് വരാമെന്നും പറഞ്ഞുപോയ ആളാണ്. ഇതാ അതിന്നുമുമ്പേ തിരിച്ചെത്തിയിരിക്കുന്നു.


 ''ഇതെന്താ പറ്റ്യേത്. നീയല്ലേ പത്തീസംകഴിയും വരാനെന്ന് പറഞ്ഞത്'' അവര്‍ ചോദിച്ചു.


''ഒന്നൂല്യാ. ഇന്നന്നെ വന്നാലോന്നുതോന്നി''വേണു പറഞ്ഞു. പത്മിനി ചായ ഉണ്ടാക്കാന്‍ പണിക്കാരെ വിളിച്ചുപറഞ്ഞു.


 ''കുറച്ച് കഴിഞ്ഞാല്‍ ഉണ്ണാറായില്ലേ, ഓപ്പോളേ, ഇപ്പൊ ചായ വേണ്ടാ'' വേണു അതൊഴിവാക്കി. ഭക്ഷണം കഴിഞ്ഞിരിക്കുമ്പോള്‍ വേണു തന്‍റെ മനോഗതം അറിയിക്കാനൊരുങ്ങി.


 ''ഞാന്‍ കളപ്പുരേല് താമസം തുടങ്ങ്യാലോന്ന് ആലോചിക്ക്യാണ്. എന്താ ഓപ്പോളടെ അഭിപ്രായം''അയാള്‍ ചോദിച്ചു.

 

''എന്താടാ നിനക്ക് പറ്റ്യേത്. ഒരാള്‍ക്ക് കഴിയാന്‍വേണ്ട സൌകര്യം വല്ലതും അവിടീണ്ടോ? ഒരുകാര്യം ഞാന്‍ ഇപ്പഴേ പറയാം, ഇത്രകാലം ടൌണില്‍ എല്ലാ സൌകര്യങ്ങളോടുംകൂടി കഴിഞ്ഞ നിനക്ക് ഒരുദിവസം തികച്ച്  നാട്ടുമ്പുറത്തെ ആ പട്ടപ്പുരേല് കഴിയാന്‍ പറ്റില്ല''.


ഉള്ളസൌകര്യത്തില്‍ താന്‍ അവിടെ കൂടാമെന്നും ആ സ്ഥലം ശരിക്കും ഇഷ്ടപ്പെട്ടുവെന്നും കുറച്ചുകാലം അവിടെ താമസിക്കണമെന്നുണ്ടെന്നും  വേണു പറഞ്ഞു. 


''അതെന്താച്ചാല്‍ ആയിക്കോ. പക്ഷെ, എന്തിനും വിശ്വേട്ടന്‍റെ അടുത്തൊന്ന് ചോദിച്ചിട്ട് മതി''പത്മിനി അര്‍ദ്ധസമ്മതം നല്‍കി. ബാക്കി കാര്യങ്ങള്‍ രാത്രിയാണ് സംസാരിച്ചത്.


 ഇവിടുത്തെ പത്തായപ്പുര പൊളിച്ചുപണിയാന്‍ തുടങ്ങുന്നതിന്നുമുമ്പ് കളപ്പുര നന്നാക്കാന്‍ തുടങ്ങി''വക്കീല്‍ പറഞ്ഞു''പഴയപുര പൊളിച്ച് വെട്ടുകല്ലില്‍ കെട്ടിപ്പൊക്കി, ഉത്തരൂം കഴിക്കോലും പട്ടികീം ഒക്കെ പുതിയതാക്കി. ഓട് വാങ്ങാന്‍ നിന്നപ്പഴാണ് പത്തായപ്പുര പൊളിച്ചാല്‍ ഓട് കിട്ടില്ലേന്ന തോന്നലുണ്ടായത്. അതോണ്ട് തല്‍ക്കാലം പട്ടമേഞ്ഞു. പിന്നെ ഓടാക്കാന്‍ മിനക്കെട്ടതൂല്യാ''


''ഏതുപണിയും ഒറ്റയടിക്ക് ചെയ്തുതീര്‍ത്താല്‍ അത് തീരും, അല്ലെങ്കിലോ അതവിടെ കിടക്കും''പത്മിനി ആ പറഞ്ഞതിനെ ന്യായീകരിച്ചു.


''പത്തായപ്പുര പൊളിച്ച ഓടില്‍നിന്ന് കുറച്ച് ഞാന്‍ നമ്മടെ കാര്യസ്ഥന്‍ രാമന്‍നായര്‍ക്ക് അയാളടെ വീട് നന്നാക്കാന്‍കൊടുത്തു. എന്നാലും കുറെ ബാക്കിയിരിപ്പുണ്ട്. അവിടുത്തെ ആവശ്യത്തിന്ന് അതൊക്കെ മതി. അടമഴ കഴിഞ്ഞിട്ട് അതുകൊണ്ടുപോയി മേഞ്ഞുതരാന്‍ ഞാന്‍ കരാറുകാരനോട് പറയാം''വക്കീല്‍  പറഞ്ഞു.


പിറ്റേന്ന് എല്ലാവരും പോയിക്കഴിഞ്ഞ് വേണു ഒറ്റക്കായപ്പോള്‍ പത്മിനി അയാളെ സമീപിച്ചു.


''ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ നീ സത്യംപറയ്വോ''മുഖവുരയായി അവര്‍ ചോദിച്ചു.


'''ഓപ്പോളടെ അടുത്ത് ഞാന്‍ നുണപറയുംന്ന് തോന്നുണുണ്ടോ''വേണു തിരിച്ചുചോദിച്ചു.


''എന്നാല്‍ പറ കിട്ടുണ്ണി നിന്നോട് എന്തെങ്കിലും ഇഷ്ടക്കേട് കാണിച്ച്വോ''


കല്യാണം വേണ്ടെന്ന് പറഞ്ഞപ്പോള്‍ കിട്ടുണ്ണിയുടെ പെരുമാറ്റത്തില്‍ കണ്ട പ്രകടമായ നീരസവും, കൃഷിയും തോട്ടവും കളപ്പുരയും വിറ്റ് അയാളുടെ കൃഷിസ്ഥലത്തിന്നടുത്ത് ഭൂമി വാങ്ങിക്കാമെന്ന നിര്‍ദ്ദേശം വെച്ചതും വേണു മടിച്ചുമടിച്ച് പറഞ്ഞു.


''കണ്ടോ, ഞാനന്നേ പറഞ്ഞില്ലേ അവന്‍റെ സ്നേഹം കാണിക്കല്‍ ഒന്നും നീ വിശ്വസിക്കരുതെന്ന്''.


''ഓപ്പോളെ, ഞാന്‍ ഇപ്പൊത്തന്നെ കളപ്പുരയിലേക്ക് താമസം മാറാമെന്ന് പറഞ്ഞതില്‍ ഒരുകാര്യം കൂടീണ്ട്''വേണു പറഞ്ഞു.


''എന്താത്'' .


''അവിടുത്തെ മട്ടുകാണുമ്പോള്‍ അധികകാലം കിട്ടുണ്ണിടെകൂടെ എനിക്ക് കഴിഞ്ഞുകൂടാന്‍ പറ്റുംന്ന് തോന്നുണില്യാ. ഇവിടെവന്ന് താമസിച്ചാലോ, വേണ്വോട്ടന്‍ വന്നിട്ട് ആങ്ങളേം  പെങ്ങളേം  തമ്മില്‍ തെറ്റിച്ചൂന്ന് അവന് നാട് മുഴുവന്‍  പറഞ്ഞുനടക്കാന്‍ ഒരുവിഷയം ആവും ചെയ്യും. പേരിന് ഞാന്‍  അവിടെ താമസം തുടങ്ങ്യാല്‍, എനിക്ക് ഓപ്പോളടെ അടുത്ത് വന്ന് താമസിക്കുകയും ചെയ്യാം, കളപ്പുരേല് ഒറ്റയ്ക്കാണ് താമസംന്ന് പറയും ചെയ്യാം''. അതൊരു നല്ല തീരുമാനമാണെന്ന് പത്മിനിക്കും തോന്നി. 


''അവനെ പേടിച്ചിട്ടൊന്നും അല്ല വെറുതെ നിനക്കൊരുചീത്തപ്പേര് വരണ്ടാന്ന് കരുതീട്ടാണ് ഞാന്‍ സമ്മതിക്കുണത്''അവര്‍ പറഞ്ഞു.''പിന്നെ മഴ മാറ്യാല്‍ അടുത്ത ദിവസം കളപ്പുരടെ പട്ട മാറ്റി ഓടുമേഞ്ഞ് നന്നാക്കാം''പത്മിനി ഉറപ്പുനല്‍കി. താമസം മാറുന്നതിന്ന് മുന്നോടിയായി തനിക്ക് ചില സാധനങ്ങള്‍ വാങ്ങിക്കാനുണ്ടെന്ന് വേണു പറഞ്ഞു.


''അതിനെന്താ വൈകുന്നേരം ഡ്രൈവറോട് കാറ്വായിട്ട് വരാന്‍ പറയാം,  നിന്‍റെകൂടെ ഞാനും വരാം''.


പായയും തലയണയും പുതപ്പും വാങ്ങാന്‍ പത്മിനി സമ്മതിച്ചില്ല. ഞാന്‍ അതൊക്കെ അവിടെ എത്തിച്ചോളാമെന്ന് അവര്‍ പറഞ്ഞു. അതല്ലാതെ വേറെ എന്തെങ്കിലും വേണച്ചാല്‍ വാങ്ങിച്ചൊ എന്ന അനുമതിയും നല്‍കി.


കളപ്പുരയില്‍ കറണ്ടില്ല. അടുത്തൊന്നും ഇലക്ട്രിസിറ്റി എത്തിയിട്ടുമില്ല. ഒരു കമ്പിറാന്തലും മേശവിളക്കും വേണു വാങ്ങി. ചാരിക്കിടക്കാന്‍ ഒരു ചാരുകസേലയും. മഹാഭാരതം, രാമായണം, ഭാഗവതം, ഭഗവത് ഗീത എന്നിവയോടൊപ്പം കുറെയേറെ നോവലുകളും വേദാന്തപുസ്തങ്ങളും വേണു വാങ്ങികൂട്ടി.


''നിനക്ക് ഇപ്പഴും പണ്ടത്തെപ്പോലെ പുസ്തകം വാങ്ങുണ ഭ്രമം മാറീട്ടില്ല അല്ലേ''പത്മിനി ചോദിച്ചു''മദിരാശീല്‍ വന്ന് നിന്നെ കണ്ടിട്ട് പോന്നാല്‍ . വേണ്വോട്ടന്ന് കിട്ടുണ പൈസ മുഴുവന്‍ വേണ്ടാതെ കുറെ പുസ്തകങ്ങള്‍ വാങ്ങി തീര്‍ക്കുന്നുണ്ടെന്ന് കിട്ടുണ്ണി മുമ്പൊക്കെ പറയാറുണ്ട്''. വേണു ഒന്നു ചിരിച്ചു. 


''ഓപ്പോളേ, മുടക്കുണ പൈസയ്ക്ക് എന്തെങ്കിലും ഒരു സുഖം കിട്ടുണത് പുസ്തകങ്ങളില്‍നിന്നു മാത്രേള്ളൂ''വേണു പറഞ്ഞു''എനിക്ക് ഒന്നുംകൂടി മദിരാശീക്ക് പോണം. അവിടെ ഞാന്‍ താമസിക്കുന്നോടത്ത് കുറച്ചധികം പുസ്തകങ്ങളും ചില്ലറ സാധനങ്ങളൂണ്ട്. അതൊക്കെ കൊണ്ടുവരണം''.


''കൊണ്ടുവന്നോ. ഇനി അതില്ലാത്ത കുറവ് വേണ്ടാ''പത്മിനി പറഞ്ഞു ''ഈ വാങ്ങിക്കൂട്ട്യേ പുസ്തകോക്കെ ഏതു കാലത്താ വായിച്ചു തീര്വാ. ഇത്തിരി നേരം പുസ്തകം നോക്ക്യാല്‍ എനിക്കു മടുക്കും. പുസ്തകം വായിക്കാറേ ഇല്ല. എന്നിട്ടും കുറച്ചായി കണ്ണട വേണ്ടിവന്നു. ഇനി വായിക്കാന്‍ തുടങ്ങി അത് സോഡാഗ്ലാസ്സ്പോലത്തേത് ആവണ്ടാ''. വേണുവിന്ന് മനസ്സിലൊരു തമാശ തോന്നി.


''സത്യം പറയാലോ ഓപ്പോളേ. ഈ കണ്ണടകൂടി ഇട്ടപ്പൊ ഓപ്പോളേ കണ്ടാല്‍ ഒരു കോളേജ് പ്രൊഫസ്സറാണന്നേ തോന്നു''അയാള്‍ ചിരിച്ചു.


''പോടാ, നിന്‍റൊരു തമാശേംകൊണ്ട്''പത്മിനി പറഞ്ഞു''അതിനൊക്കെ നല്ല ബുദ്ധിവേണം. പത്താംക്ലാസ്സ് മൂന്നുപ്രാവശ്യം എഴുതി, മൂന്നു പ്രാവശ്യൂം ഞാന്‍ തോറ്റമ്പി. കിട്ടുണ്ണി എങ്ങിന്യോ തപ്പിപ്പൊത്തി ആ കടമ്പ കടന്നു'' പത്മിനി പറഞ്ഞു''അമ്മമാര് നല്ലത് ചെയ്യണം. എന്നാലേ മക്കള് നന്നാവൂ''.


''അതെന്താ ഓപ്പോള് അങ്ങിനെ പറഞ്ഞത്''.


''നീ പഠിക്കാന്‍ മിടുക്കനായിരുന്നു. എപ്പഴും ക്ലാസ്സില്‍ ഒന്നാമന്‍. അമ്മ ഞങ്ങളെ പഠിക്കാനിരുത്തി നിന്നെ കന്നുമേക്കാന്‍ അയക്കും. എന്നാലും      നീ പഠിച്ചു ജയിക്കും. എന്നിട്ടും ഒട്ടും ദയകാണിക്കാതെ പഠിച്ചു വലിയ ആളാവണ്ട നിന്നെ വീട്ടിന്ന് ആട്ടിമുടുക്കി''.


''അതൊന്നും സാരൂല്യാ. ഞാന്‍ പഠിച്ച് ഒരുനിലയില്‍ എത്തീലേ''.


''അത് നിന്‍റെ മിടുക്കോണ്ടാണ്''പത്മിനി പറഞ്ഞു''അല്ലെങ്കില്‍ ഈശ്വരന്‍റെ സഹായംകൊണ്ട് എന്ന് കണക്കാക്കിക്കോ. അനാഥയ്ക്ക് ദൈവം തുണ എന്ന് പറയാറില്ലേ''. 


രാത്രി ഭക്ഷണംകഴിക്കാനിരുന്നപ്പോള്‍ പത്മിനി ഉണ്ടായ കാര്യങ്ങളെല്ലാം വിവരിച്ചു. കളപ്പുരയിലേക്ക് താമസംമാറുന്ന കാര്യത്തില്‍ വിശ്വനാഥന്‍ വക്കീലും അനുകൂലമായ തീര്‍പ്പുകല്‍പ്പിച്ചതോടെ ആ കാര്യത്തില്‍ ഒരു തീരുമാനമായി.



നോവല്‍ - 36.


ഉച്ചയ്ക്കുമുമ്പ് പാടത്ത് അടിവളം ഇടാനുണ്ട്. പിന്നെ പണിയൊന്നും ഇല്ല. പാലക്കാട് ചെന്ന് കുട്ടിക്ക് റേഡിയോ വാങ്ങികൊടുക്കണം എന്ന് ചാമി ഉറപ്പിച്ചു. കാര്യസ്ഥന്‍ രാമന്‍നായര്‍ വരാനൊന്നും കാത്തുനിന്നില്ല. കളപ്പുരയില്‍ചെന്ന് വളച്ചാക്കും മുറവും എടുത്ത് പാടത്തേക്കിറങ്ങി.


കഴായകള്‍കെട്ടി തൂപ്പുകുത്തി പൊടിയിട്ടു. വളം ഇട്ടിട്ടുണ്ട്, തുറക്കരുത് എന്ന് ആളുകളെ അറിയിക്കാനാണ് കഴായ കെട്ടിയതിന്ന് മുകളിലായി തൂപ്പുകുത്തുന്നത്. പണിതീര്‍ന്നതും കയത്തിലിറങ്ങി കുളിച്ചു. വീട്ടില്‍ ചെന്ന് മുണ്ടും ഷര്‍ട്ടും മാറി വേഗം നടന്നു. ബസ്സുകാത്തു നില്‍ക്കുമ്പോള്‍ വേലപ്പന്‍ വരുന്നതുകണ്ടു.


 ''എവിടേക്കാടാ നീ പോണത്''ചാമി ചോദിച്ചു. പാലക്കാട്ടങ്ങാടിയില്‍ ചെന്ന് ഒരോ ചാക്ക് കടലപ്പിണ്ണാക്കും ഗോതമ്പ് തവിടും വാങ്ങിക്കണം. വണ്ടിക്കാരന്‍ ചന്ദ്രനെ ഏല്‍പ്പിച്ചാല്‍ സാധനംവീടെത്തും. സകലചിലവും കഴിഞ്ഞാലും നാട്ടില്‍നിന്ന് വാങ്ങുന്നതിനേക്കാള്‍ വല്ലതും ലാഭംകിട്ടും വേലപ്പന്‍ തന്‍റെ ഉദ്ദേശം വെളിപ്പെടുത്തി. പാലക്കാടെത്തിയതും ചാമിക്ക് ഹോട്ടലില്‍ കയറി ആഹാരം കഴിക്കണം.


 ''എന്തിനാ വേണ്ടാണ്ടെ പണം കളയുണത്''വേലപ്പന്‍ ഒഴിവാക്കാന്‍ നോക്കി. 


''നീ മിണ്ടാതിരിക്ക്. തിന്നാണ്ടെ കുടിക്കാണ്ടെ ഉണ്ടാക്കിവെച്ചിട്ട് ചത്തുപോവുമ്പൊ നീയത് നിന്‍റെകൂടെ കൊണ്ടുപോവ്വോ''ചാമി വേലപ്പനേയുംകൂട്ടി ഹോട്ടലിലേക്ക് കയറി.


വലിയങ്ങാടിയിലേക്ക് വേലപ്പനോടൊപ്പം ചാമിയും ചെന്നു. പിണ്ണാക്കും തവിടും ബില്ലാക്കി കാശുകൊടുത്ത് വേലപ്പന്‍ ചന്ദ്രനെ ഏല്‍പ്പിച്ചു.


''ഇനി നിനക്ക് എന്തെങ്കിലും പരിപാടീണ്ടോടാ''ചാമി ചോദിച്ചു. തനിക്ക് ഒന്നുംചെയ്യാനില്ല എന്നയാള്‍ ചാമിയെ അറിയിച്ചു.


''എന്നാല്‍ എന്‍റെകൂടെ വാ''എന്നുപറഞ്ഞ് ചാമി വേലപ്പനെകൂട്ടി നടന്നു.


അമ്പരപ്പോടെയാണ് വേലപ്പന്‍ റേഡിയോകടയില്‍ കയറിയത്. എന്താണ് ഉദ്ദേശമെന്ന് ചാമി ആ നിമിഷംവരെ പറഞ്ഞിരുന്നില്ല. പല വിധത്തിലും തരത്തിലുമുള്ള റേഡിയോകള്‍ നിരത്തിവെച്ചിരിക്കുന്നത് കണ്ട് അയാള്‍ അന്ധാളിച്ചുനിന്നു.


''നമുക്കെന്താ ഇവിടെ കാര്യം''അയാള്‍ ചാമിയോട് ചോദിച്ചു.


 ''റേഡിയോ വാങ്ങാന്‍തന്നെ''. 


ഏതുതരം റേഡിയോവാണ് വേണ്ടതെന്ന് സെയില്‍സ്മാന്‍ ചോദിച്ചതിന്ന് ബാറ്ററിയില്‍ പാടുന്നതാവണം, നല്ലഒച്ച കേള്‍ക്കണം എന്നീ ആവശ്യങ്ങള്‍ മാത്രമാണ് ചാമി ഉന്നയിച്ചത്. 


പീടികക്കാരന്‍ ഒരുറേഡിയോ പ്രവര്‍ത്തിപ്പിച്ച് കാണിച്ചപ്പോള്‍ രണ്ടാളും സാകൂതം നോക്കിനിന്നു. അയാള്‍ വിശദീകരിച്ച സാങ്കേതിക കാര്യങ്ങള്‍  ഇരുവര്‍ക്കും മനസ്സിലായില്ല.  


''എന്തിനാ നീയിത് വാങ്ങ്യേത്''പണംകൊടുത്ത് സാധനംവാങ്ങി കടയുടെ വെളിയില്‍ എത്തിയപ്പോള്‍ വേലപ്പന്‍ ചോദിച്ചു.


''എന്‍റെ ലക്ഷ്മിക്കുട്ടിക്ക് കൊടുക്കാന്‍''.


''പെണ്ണിന്‍റെ കൂട്ടംകേട്ട് ഓരോന്നൊക്കെ വാങ്ങികൊടുത്ത് നീ അതിനെ കേട് വരുത്തും''.


''അവള് കേടൊന്നും ആവില്ല. മഹാലക്ഷ്മ്യാണ് എന്‍റെ ലക്ഷ്മിക്കുട്ടി''.


''കെട്ടിച്ച് വിടേണ്ട പെണ്ണാണ് അത്. എങ്ങിന്യാ പത്തുറുപ്പിക ഉണ്ടാക്കി ഒരുത്തന്‍റെ കയ്യില്‍ പിടിച്ച് കൊടുക്വാ എന്ന വേവലാത്യാണ് എനിക്ക്''.


''അത് വിചാരിച്ച് നീ ബേജാറാവണ്ടാ. ഞാന്‍ ജീവനോടെ ഇരുന്നാ മതി. അവളെ കെട്ടിച്ച് വിടാനുള്ള മുതലൊക്കെ എന്‍റേലുണ്ട്. കുട്ടിടെ കല്യാണം ഒറപ്പിച്ചാല്‍ ഞാന്‍ അതൊക്കെ വില്‍ക്കും. അഞ്ച് പറ പൊറ്റകണ്ടവും ഒരു പുരയും വിറ്റാല്‍ കൈനെറയെ പണംവരും. കുട്ടീനെ ചന്തംപോലെ കെട്ടിച്ച് വിടുംചെയ്യും. നോക്ക്, കണ്ടൂംകൃഷീം ഉണ്ടായിട്ടും ഇന്നും ഞാന്‍ കൂലിപ്പണിക്ക് പോണില്ലേ. അതൊക്കെ വിറ്റുപോയാലും പണിയെടുത്ത് സുഖായി കഴിയും''. 


തന്‍റെ മകളുടെ കാര്യത്തില്‍ ചാമിക്കുള്ള താല്‍പ്പര്യം വേലപ്പന്‍റെ മനസ്സില്‍ കൊണ്ടു.


''നീ അവളടെ വല്യേപ്പനല്ലേ. നിന്‍റെ ഇഷ്ടംപോലെ ചെയ്തോ. ഞാനൊന്നും പറയാന്‍ വരുണില്ല'' വേലപ്പന്‍ കീഴടങ്ങി. ജനത്തിരക്കിലലിഞ്ഞ് അവര്‍ ബസ്സ് സ്റ്റാന്‍ഡിലേക്ക് നീങ്ങി.


************************************


കൃഷ്ണനുണ്ണിമാഷും രാഘവനും കുപ്പന്‍കുട്ടി എഴുത്തശ്ശനെ സന്ദര്‍ശിച്ച് പോയതിന്നുശേഷം ഒരാഴ്ച കടന്നുപോയി. താക്കോല്‍ ചോദിച്ച് ആരും വന്നില്ല. എഴുത്തശ്ശന്‍ ആ കാര്യം പാടെവിസ്മരിച്ചു.


തിരുവാതിരഞാറ്റുവേല പുണര്‍തത്തിന്ന് വഴിമാറികഴിഞ്ഞു. മഴക്കാലം അതിന്‍റെ തീവ്രതയിലെത്തി. കനത്തമഴയെ ആദരിച്ച് പുഴനിറഞ്ഞൊഴുകി. പുഴവെള്ളത്തെ കൈത്തോടുകള്‍ കൃഷിഭൂമികളിലേക്കെത്തിക്കുകയാണ്. എഴുത്തശ്ശന്‍റെ വണ്ടിപ്പുരയും തൊഴുത്തും അടങ്ങുന്ന താമസസ്ഥലത്തിന്ന് ചുറ്റും കലക്കവെള്ളം നിറഞ്ഞു. അയാള്‍ ഒരുതുരുത്തില്‍ ഒറ്റപ്പെട്ട മട്ടില്‍ വണ്ടിപ്പുരയിലൊതുങ്ങിക്കൂടി. ചിനച്ചുവരുന്ന നെല്‍ചെടികള്‍ മൂന്നാലു ദിവസമായി വെള്ളത്തിന്നടിയിലാണ്. പതിവുപോലെ പാടത്ത് നോക്കാന്‍ ചെല്ലാറില്ല. നാണുനായര്‍ ഇക്കരയിലേക്ക് വന്നിട്ട് നാളേറെയായി. നേരെ അമ്പലക്കുളത്തില്‍ചെന്നു കുളിച്ച് അമ്പലത്തില്‍കേറി അയ്യപ്പനെ തൊഴുത് തിരിച്ചുപോരും. ആദ്യം മൂരികള്‍ക്ക് വൈക്കോലിട്ടുകൊടുക്കും. തണുപ്പ് കാലമായതിനാല്‍ അവറ്റയ്ക്ക് കൊടുക്കാനുള്ള വെള്ളം ചൂടാക്കും.


രാവിലെ ഒരുപാത്രം കഞ്ഞി വെക്കും. മൂന്നുനേരം അതുതന്നെ കുടിക്കും. കുറച്ചുദിവസമെങ്കിലും നന്നായിവെച്ചു വിളമ്പിതന്ന നാണുനായരുടെ മകളെ ഓര്‍ക്കും. വരുന്നഓണത്തിന്ന് ആ കുട്ടിക്ക് എന്തെങ്കിലും വാങ്ങി കൊടുക്കണം. അവളുടെ തണ്ടിക്കുള്ള പെണ്ണുങ്ങളെല്ലാം കല്യാണം കഴിഞ്ഞ് മക്കളും പേരക്കുട്ടികളുമായി കഴിയുന്നു. എന്നാല്‍ അവളുടെ കാര്യോ? ഇന്നും കല്യാണം കഴിയാതെ ആ കുട്ടി കൂടുന്നു. നാണു നായര്‍ മകള്‍ക്ക് മംഗല്യയോഗം ഇല്ല എന്ന് പണിക്കര് പറഞ്ഞു എന്ന് സമാധാനിച്ചിരിക്കുകയാണ് . വാസ്തവം അതൊന്നും ആവില്ല. അതിന്‍റെ നല്ലകാലത്ത് നിറയെ ആലോചനകള്‍ വന്നിരുന്നു. ഒരുവിധം ഒത്തുവന്ന ആലോചനകളൊന്നും നായര്‍ക്ക് പിടിച്ചില്ല. നല്ലനിലയ്ക്കുള്ളത് വേണമെന്നുപറഞ്ഞ് പെണ്ണിനെ ഇഷ്ടപ്പെട്ടുവന്ന ആളുകളെ ഒഴിവാക്കി. വലിയനിലയില്‍നിന്ന് വന്നവര്‍ ചോദിച്ചത് കൊടുക്കാന്‍ അയാള്‍ക്ക് കഴിഞ്ഞതുമില്ല.


ഓരോരുത്തരുടേയും തലയില്‍ ഈശ്വരന്‍ ഓരോന്ന് കുറിച്ചിട്ടിട്ടുണ്ടാവും. അതല്ലാതെ വേറൊന്ന് വരില്ലല്ലോ. പെട്ടെന്ന് സ്വന്തംകാര്യം എഴുത്തശ്ശന്‍റെ മനസ്സിലെത്തി. വയസ്സ് എണ്‍പത്താറ് കഴിഞ്ഞു. സുഖമായി ജീവിക്കാന്‍ ആവശ്യമായതെല്ലാം സമ്പാദിച്ചു. പറഞ്ഞിട്ടെന്താ? അനുഭവയോഗം ഇല്ല. രുചിയോടെ വല്ലതും ഉണ്ടാക്കി തരാന്‍ ഒരാളില്ല. കഷ്ടപ്പെട്ടു വളര്‍ത്തിയ മകന് വേണ്ടാതായി. അവന് വേണ്ടിയാണ് മറ്റൊരുകല്യാണം കഴിക്കാതെ കഴിഞ്ഞുകൂടിയത്. അതൊക്കെ അവന്‍ മറന്നു. കല്യാണംകഴിഞ്ഞതോടെ അവന്‍ പെണ്ണിന്‍റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന പെണ്‍കോന്തനായി. 


മനസ്സില്‍ കൂട്ടിയുംകിഴിച്ചുംകൊണ്ട് ഒറ്റമുറിയുടെ വാതില്‍ക്കല്‍ ഇരുന്ന എഴുത്തശ്ശന്‍, തിരിമുറിയാതെ പെയ്യുന്ന മഴയുംകൊണ്ട് താഴത്തെ പാടത്ത് മീന്‍ പിടിക്കാന്‍ നോക്കുന്ന ചാമിയെകണ്ടു. തനിപൊട്ട ചെക്കന്‍. വല്ലാത്ത പ്രാന്താണ് ഇവന് എന്ന് മനസ്സില്‍ ചിന്തിച്ചിരിക്കുമ്പോള്‍, വെള്ളം നിറഞ്ഞ പാടത്തിന്‍റെ വരമ്പിലൂടെ വണ്ടിപ്പുരയിലേക്ക് ചാമി നടന്നുവരുന്നതു കണ്ടു.


''എന്താണ്ടാ പൊട്ടചക്രാന്ത്യേ, കരിങ്കന്നുംകൂടി കൊള്ളാത്ത ഈ മഴയും കൊണ്ട് തെക്കും വടക്കും തിരിഞ്ഞുനടക്കുണത്''എഴുത്തശ്ശന്‍ ചോദിച്ചു.


''കുപ്പ്വോച്ചോ, ഇതിന്‍റെ ഒരുരസം പറഞ്ഞാല്‍ നിങ്ങക്ക് മനസ്സിലാവില്ല. അത് കൊണ്ടന്നെ അറിയണം''ചാമി പറഞ്ഞു''ഇനി ഇങ്ങിനത്തെ ഒരു മഴേംകൊണ്ട് നടക്കണച്ചാല് അടുത്തകൊല്ലം വരണ്ടേ''. 


ചാമി തിണ്ടിലേക്ക് കയറിനിന്നു. കൈപ്പത്തികൊണ്ട് തലയിലെവെള്ളം വടിച്ചിറക്കി. മുടിക്ക് നീളം ഇല്ലാത്തതോണ്ട് കാര്യം എളുപ്പായി എന്ന് കരുതുകയുംചെയ്തു.


''എറേല് കീറത്തോര്‍ത്ത് കെടക്കുണുണ്ട്. എടുത്ത് തലേംമേലും തോര്‍ത്തി തിണ്ണേല് കുത്തിരിക്ക്''എഴുത്തശ്ശന്‍ അതിഥേയന്‍റെ മര്യാദകാട്ടി.


''എന്‍റെ തീപ്പെട്ടി മഴനനഞ്ഞു കുട്ടിച്ചോറായി. നിങ്ങള് ഉള്ളിന്ന് തീപ്പെട്ടി ഒന്ന് എടുത്ത് തരിന്‍''ചാമി ആവശ്യപ്പെട്ടു. എഴുത്തശ്ശന്‍റെ കയ്യില്‍നിന്ന് തീപ്പെട്ടി വാങ്ങി ബീഡികത്തിച്ച് ആഞ്ഞാഞ്ഞ് വലിച്ച് പുകവിട്ടു.


''നല്ല കണ്ണനും മൊയ്യും ഒക്കെ കലക്കവെള്ളത്തില്‍പ്പെട്ട് മയങ്ങി പാടത്ത് കേറീട്ടുണ്ട്. എട്ട് പത്ത് എണ്ണംകിട്ടി. ഇതാ ഇത്രശ്ശീണ്ട് ഓരോന്ന്. നിങ്ങക്ക് അത് പിടിക്കില്ലല്ലോ. അതാ കോമ്പലേല്‍കോര്‍ത്ത മീന് പടിക്കല് തൂക്കീട്ട് വന്നത്''. ഭാര്യ പത്മാവതി മരിച്ചശേഷം എഴുത്തശ്ശന്‍ മത്സ്യമാംസാദികള്‍ പാടെ ഉപേക്ഷിച്ചതാണ്. ഇപ്പോള്‍ മീനിന്‍റെ നാറ്റംമതി ഓക്കാനിക്കാന്‍.


''നെന്‍റെ പുതിയ മൊതലാളി വന്നൂന്ന് കേട്ടല്ലോ. ആളെങ്ങിനീണ്ടെടാ''.


''സത്യം പറയാലോ, ഇങ്ങിന്യൊരു പാവത്തിനെ കാണാന്‍ കിട്ടില്ല''.


വിശ്വനാഥന്‍ വക്കീലിനെ കാണാന്‍ നാണുനായരെകൂട്ടി താന്‍ ചെന്നതും , വക്കീലിന്‍റെ ഭാര്യപത്മിനിയമ്മ തന്നെ നാണുനായരോടൊപ്പം അകത്ത് ക്ഷണിച്ചിരുത്തിയതും, തന്‍റെ അനുജന്‍ കളപ്പുരയില്‍ താമസംതുടങ്ങുന്നു എന്നുപറഞ്ഞതും എന്തെങ്കിലും സഹായം വേണ്ടിവന്നാല്‍ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടതുമെല്ലാം എഴുത്തശ്ശന്‍ പറഞ്ഞു.


''കുപ്പ്വോച്ചോ, മൊതലാളി വന്നദിവസം എനിക്കൊരു പുത്തിമോശം പറ്റി. കേക്കണോ നിങ്ങക്ക്''ചാമി പറഞ്ഞുതുടങ്ങി''തെങ്ങിന്‍തോട്ടത്തില് ഞാന്‍ കിളച്ചോണ്ട് നില്‍ക്കുമ്പഴാണ് കാര്യസ്ഥന്‍ രാമന്‍നായര് വന്ന് എന്നോട് മുതലാളി കളപ്പുരേല് എത്തീട്ടുണ്ട്, നിന്നെ ആ മൂപ്പരക്ക് ഒന്നുകാണണം എന്നുണ്ട് എന്നും പറഞ്ഞ് വന്നത്. എടുത്ത വായക്ക് ആവശ്യം ഉള്ളോര് ഇങ്കിട്ട് വന്ന് കാണട്ടെ എന്ന് ഞാനും പറഞ്ഞു. അയാള്‍ പോയി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ആരാ ചാമി എന്നു ചോദിച്ചുംകൊണ്ട് ഒരാളുണ്ട് വരുണു. മൊതലാളി ആണെന്ന് ആരും പറയില്ല. കാപ്പിപൊടിടെ കളറില്‍ ഒരു കുപ്പായം ഇട്ടിട്ടുണ്ട്. ഒരുപഴയ ഒറ്റമുണ്ടാണ് ചുറ്റീട്ടുള്ളത്. മൂപ്പരടെ അവസ്ഥയ്ക്ക് എങ്ങനത്തെ തുണി വേണച്ചാലും വാങ്ങിചുറ്റിക്കൂടേ''.


''ചാമ്യേ,നിറക്കുടം തുളുമ്പില്യാന്ന് നീ കേട്ടിട്ടില്ലേ''എഴുത്തശ്ശന്‍ പറഞ്ഞു ''ഞാന്‍ വളരെമുമ്പന്നെ നിന്‍റെ മുതലാള്യേപ്പറ്റി കേട്ടിട്ടുണ്ട്. തന്തേം തള്ളേം ഇല്യാണ്ടെ അനാഥനായിവളര്‍ന്ന കുട്ട്യാണത്രേ. അതിനെ കിട്ടുണ്ണിമാഷടെ തള്ള്യാണ് നോക്ക്യേത്''.


''നിങ്ങള് ബാക്കീംകൂടി കേള്‍ക്കിന്‍''ചാമി തുടര്‍ന്നു''ആരാ ഇയാള് എന്ന് ആലോചിക്കുമ്പോഴാണ് ഞാന്‍ പുതിയ ആളാണ് ഇവിടെ താമസിക്കാന്‍ വരുണുണ്ട്, ചാമിടെ സഹായം ഉണ്ടാവണം എന്നൊക്കെ പറഞ്ഞത്. ഞാന്‍ നായരോട് പറഞ്ഞതൊക്കെ വേണ്ടികെടന്നിലാന്നായി. അത്രയ്ക്ക് സാധു. എന്താ ഞാന്‍ ചെയ്യണ്ട് എന്ന് ചോദിച്ചപ്പോള്‍ എവട്യാ പേപ്പറ് കിട്ട്വാന്നു കേട്ടു. മലയാളൂം ഇംഗ്ലീഷും തമിഴും പേപ്പറുകള് വേണോത്രേ. അത് വാങ്ങികൊടുക്ക്വോന്ന് ചോദിച്ചു. എന്തിനാ എല്ലാംകൂടി വായിക്കുണത് എന്ന് എനിക്ക് അറിയാന്‍ പാടില്ലാപ്പാ''.


''ആള് പരമസാധു ആണെന്ന് നാണുനായരും പറഞ്ഞു. കുട്ടിക്കാലത്ത് കൂടെ കൂട്ടിക്കൊണ്ടുപോയി പണിവാങ്ങി കൊടുത്തത് അയാളാണെന്നാ എന്നോട് പറഞ്ഞത്. ഇത്രകാലം കഴിഞ്ഞിട്ടും മറക്കാതെ നിന്‍റെ മുതലാളി അയാളെ ചെന്നു കണ്ട്വോത്രേ''എഴുത്തശ്ശന്‍  പറഞ്ഞു'' പോരാഞ്ഞിട്ട് പേഴ്സ് തുറന്ന് എണ്ണൂറ്റിച്ചില്വാനം ഉറുപ്പിക എടുത്ത് നായര്‍ക്ക് കൊടുത്തൂന്ന് നായരന്നെ എന്നോട് പറഞ്ഞു. ഇങ്ങിനെ മനസ്സലിവുള്ളോരെ നടന്നനാട്ടില്‍ കാണാന്‍ കിട്ടില്ല''. ചാമിക്കും അതില്‍ തര്‍ക്കമില്ല. 


''കുപ്പ്വോച്ചോ, മുതലാളി തിരിച്ച് പോവാന്‍നേരം കളപ്പുരവരെ ഞാന്‍ തുണയ്ക്ക് പോയി. വഴിനീളെ കൃഷ്യേപ്പറ്റി ഞാന്‍ പറഞ്ഞതൊക്കെ   മൂളികേട്ടു. ഒരക്ഷരം എന്നോട് ഇങ്കിട്ട് ചോദിച്ചില്ല. ഇറങ്ങാന്‍നേരം മദിരാശീല് പോയിട്ട് വന്ന് കാണാന്നു പറഞ്ഞ് പേഴ്സിന്ന് നൂറിന്‍റെ ഒരുനോട്ടെടുത്ത് എനിക്ക് തന്നു''.


''ഇതാ പറഞ്ഞത് ഒരാളെ കാണുണതിന്ന് മുന്നെ അയാളെപ്പറ്റി നമ്മള് മനസ്സിലൊന്നും കണക്കാക്കാന്‍ പാടില്ലാന്ന്''എഴുത്തശ്ശന്‍ പറഞ്ഞു.


അദ്ധ്യായം 37.


മിഥുനമാസം അവസാനിക്കാന്‍ മൂന്നേമൂന്ന് ദിവസമേ ബാക്കിയുള്ളു. അന്നുവരെ വേണു എത്തിയില്ല. കര്‍ക്കിടകമാസം തുടങ്ങിയാല്‍ താമസം മാറാന്‍ പാടില്ല. ഈശ്വരകാര്യങ്ങള്‍ക്ക് കര്‍ക്കിടകമാസം വിശേഷമാണ്. കര്‍ക്കിടകസംക്രാന്തിക്ക് ചേട്ടയെ കളയും. പിറ്റേദിവസംമുതല്‍ കാലത്ത് ശിവോതിയെ വെക്കും. ഒരുമാസംകൊണ്ട് രാമായണം വായിച്ച് കാലം കൂട്ടും. എന്നിരുന്നാലും, ഗൃഹപ്രവേശം, വിവാഹം തുടങ്ങിയ മംഗള കര്‍മ്മങ്ങളൊന്നും കര്‍ക്കിടകമാസത്തില്‍ നടത്താറില്ല.


തിടുക്കപ്പെട്ട് താമസം മാറ്റണം എന്നും പറഞ്ഞ് മദിരാശിയിലേക്ക് പോയ വിദ്വാന്‍ ആ കാര്യം മറന്നൂന്ന് തോന്നുന്നു. ഇനി വന്നിട്ട് എപ്പഴാ അവന്‍ കളപ്പുരയിലേക്ക് മാറുണത്. സമയത്തിന്ന് വന്നില്ലെങ്കില്‍ ചിങ്ങമാസത്തില്‍ മാറിക്കോട്ടേ, അപ്പഴാണെങ്കില്‍ മഴക്കാലൂം തീര്വോലോ എന്ന് പത്മിനി തീരുമാനിച്ചു. ഉച്ചയോടെ വേണു എത്തി. തല മുണ്ഡനം ചെയ്തിരിക്കുന്നു. 


 ''ഇതെന്താ ഇങ്ങിന്യൊരു വേഷം. എന്തേ ഇത്രദിവസം വൈകീത്''വേണു  വന്നപാടെ ഓപ്പോള്‍ അന്വേഷിച്ചു. കൂടെപണിയെടുത്ത ചിലരോടൊപ്പം താന്‍ തിരുപ്പതിയില്‍ പോയിരുന്നുവെന്നും അതാണ് വരാന്‍ വൈകാനും തലമൊട്ടയടിക്കാനും കാരണമെന്നും വേണു അറിയിച്ചു.


 ''നിന്‍റെ ഓരോ ഇതേ''പത്മിനി മൂക്കത്ത് വിരല്‍വെച്ചു. വൈകുന്നേരം വേണു താന്‍ കളപ്പുരയിലേക്ക് എപ്പോഴാണ് താമസം മാറേണ്ടത് എന്ന് അന്വേഷിച്ചു.


''ഇതാപ്പൊ നന്നായത്. എപ്പൊഴാ പോണ്ടതെന്ന് നീയല്ലേ നിശ്ചയിക്കേണ്ട്'' പത്മിനി പറഞ്ഞു ''പക്ഷെ ഒരു കാര്യൂണ്ട്. മിഥുനമാസം ഇനി രണ്ടേ രണ്ട് ദിവസ്സേ ബാക്കീള്ളു. കര്‍ക്കിടകമാസം പിറന്നാല്‍ പോവാന്‍ പറ്റില്ല. പിന്നെ ചിങ്ങമാസത്തിലേ താമസംമാറുണ കാര്യം ആലോചിക്കണ്ടു''. എങ്കില്‍ നാളെത്തന്നെ കളപ്പുരയിലേക്ക് മാറുന്നൂ എന്ന് വേണു പറഞ്ഞു.


 ''എനിക്ക് ഒന്നും പറയാനാവില്യേ, എന്താച്ചാല്‍ നീ ചെയ്തോ''എന്ന ഒരു പകുതിസമ്മതം വേണുവിന്ന് കിട്ടി. പോവുംമുമ്പ്  ഒരു സ്റ്റൌവ്, കുറച്ച് പഞ്ചസാര, കാപ്പിപ്പൊടി, പാല്‍പ്പൊടി എന്നിവയൊക്കെ വാങ്ങണമെന്ന് വേണു അറിയിച്ചു. കാലത്ത് ഒരുകാപ്പി കുടിക്കുന്ന ശീലമുണ്ട്.


''എന്നിട്ട് നീ ഇവിടെ വന്നതില്‍ പിന്നെ കാപ്പി കുടിച്ചിട്ടേ ഇല്ലല്ലോ. ഞാന്‍ എപ്പഴും ചായ തരും. നീ അത് വാങ്ങി കുടിക്കും ചെയ്യും''. ഒരുസ്ഥലത്ത് ചെന്നാല്‍ അവിടുത്തെ സൌകര്യത്തിനൊത്ത് ജീവിക്കണമെന്നും, സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് സ്ഥാനം കൊടുക്കാന്‍ പാടില്ലെന്നും ഉള്ളതുകൊണ്ടാണ് ഒന്നും പറയാതിരുന്നത്. ഒലവക്കോട് വണ്ടിയിറങ്ങിയപ്പോള്‍ ഒരു കപ്പ് കാപ്പി കുടിച്ചതാണ് പിന്നെ തിരിച്ചുപോവുമ്പോഴാണ് കാപ്പികുടിച്ചത് എന്നുകൂടി വേണു പറഞ്ഞു.


''എന്നാലും സ്വന്തം പെങ്ങളടെ വീട് അന്യസ്ഥലമായി കണക്കാക്ക്യേല്ലോ''  പത്മിനി പരിഭവംപറഞ്ഞു. പിറ്റേന്നുരാവിലെ വേണു കളപ്പുരയിലേക്ക് പുറപ്പെട്ടു. 


''ഒരു ചെറിയ നിലവിളക്കുംകൂടി കൊണ്ടുപൊയ്ക്കോ. സന്ധ്യക്ക് അത് കത്തിച്ച് വെക്കാലോ''പത്മിനി പറഞ്ഞു. 


ഉള്ളില്‍ സദാ ഒരുദീപം എരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മറ്റൊന്ന് വേണോ എന്ന് ചിന്തിച്ചുവെങ്കിലും വേണു അത് പറഞ്ഞില്ല.


******************************


 ''എന്നാ മുതലാളി വര്വാ''എന്ന് വേണു മദിരാശിയിലേക്ക് പോയശേഷം രാമന്‍നായരെ കാണുമ്പോഴൊക്കെ ചാമി ചോദിക്കാന്‍ തുടങ്ങി. കുറച്ചു ദിവസംമുമ്പ് ഉടമസ്ഥന്‍ കൃഷിസ്ഥലം കാണാന്‍ ഇങ്ങോട്ട് വരുന്ന കാര്യം പറഞ്ഞപ്പോള്‍ തര്‍ക്കുത്തരം പറഞ്ഞവനാണ് ഇവന്‍. ഇനി മനസ്സിലെന്ത് കണ്ടിട്ടാണാവോ ഈ അന്വേഷണം.


''അയാള് സൌകര്യൂള്ളപ്പോള്‍ വരട്ടെടാ, നമുക്കെന്താ''നായര്‍ ചോദിച്ചത് ചാമി കേട്ടില്ലെന്ന് നടിച്ചു. ഇനി അതിനെക്കുറിച്ച് ഒന്നും രണ്ടും പറഞ്ഞ് വാക്കുതര്‍ക്കം ഉണ്ടാക്കണ്ടാ. തന്‍റെ സ്വഭാവഗുണം മുതലാളി അറിയണ്ട.


പണിമാറി കുറച്ചുനേരത്തെ പോവാമെന്ന് കരുതി. മക്കളും കുട്ട്യേളും  ഇല്ലാത്ത പാറുവമ്മ പനിപിടിച്ച് കിടപ്പാണ്. ഒരു മനുഷ്യന്‍ തിരിഞ്ഞു നോക്കാനില്ല. എന്തെങ്കിലും മരുന്നും കുറച്ച് കഞ്ഞിടെവെള്ളൂം അതിന്ന് കൊണ്ടുപോയി കൊടുക്കണം. ലക്ഷ്മിക്കുട്ടി മോന്ത്യാവുമ്പോഴേക്ക് കഞ്ഞി വെച്ചിട്ടുണ്ടാവും. ചാമി കൈക്കോട്ട് കളപ്പുരയില്‍വെച്ച് തിരിയുമ്പോള്‍ രാമന്‍ നായര്‍ നില്‍ക്കുന്നു. ഉച്ചക്ക് മടങ്ങിപ്പോയ ആളാണ്. ഇപ്പൊഴെന്താ ഇയാളിവിടെ എന്ന് ആലോചിച്ചു.


''മൊതലാളി താമസം ആക്കാന്‍ വന്നിട്ടുണ്ട്. കൊറെ സാധനങ്ങളൊക്കെ കൊണ്ടുവന്നിട്ടുണ്ട്. നീ വേഗം പുഴക്കരേല് കാറ് നില്‍ക്കുണസ്ഥലത്തു ചെന്ന് അതൊക്കെ ഇങ്കിട്ട് എടുത്തോണ്ടുവാ''. പെട്ടെന്ന് ചാമിയുടെ സിരകളിലൂടെ പുതിയൊരു ഊര്‍ജ്ജം ഒഴുകി. അവന്‍ പുഴക്കരയിലേക്ക് ഓടി.


കാറിന്നടുത്ത് നില്‍ക്കുന്ന വേണുവിനെ ചാമിക്ക് പെട്ടെന്ന് മനസ്സിലായില്ല. ഇതേതാ മൊട്ടത്തലയന്‍ വന്നിരിക്കുന്നത് എന്ന് വിചാരിച്ചു. സൂക്ഷിച്ച് നോക്കിയപ്പോഴാണ് ആളെ മനസ്സിലായത്.


''തിരുപ്പതിയിലേക്ക് പോയിട്ടുണ്ടായിരുന്നു. അവിടെ പോയപ്പോള്‍ മുടി ഇറക്കിയതാണ്''വേണു പറഞ്ഞു.


''അതെന്തായാലും നന്നായി''ചാമി ഉറക്കെ ചിരിച്ചു''ഇപ്പൊ മൊതലാളീം പണിക്കാരനും ഒരുപോലായി''. മിനുട്ടുവെച്ച് സാധനങ്ങളെല്ലാം ചാമി കളപ്പുരയിലെത്തിച്ചു. ചൂലെടുത്ത് അടിച്ചുവാരി. എല്ലാം ഒരുവിധം ഓരോസ്ഥാനത്ത് അടുക്കിവെച്ചു.


''നാളെ മുതല്‍ക്ക് ഞാന്‍ ഇവിടേക്ക് മേലന്വേഷണത്തിന്ന് വരണോ''രാമന്‍ നായര്‍ ചോദിച്ചു.


''അതെന്താ അങ്ങിനെ ചോദിച്ചത്''വേണു തിരിച്ചുചോദിച്ചു


''ഇത്രകാലം ഉടമസ്ഥനില്ലാതെ കിടന്നതാ. ഇപ്പൊ ആളായില്ലേ''.


''ഞാന്‍ വന്നതുകൊണ്ട് വരാതിരിക്കേണ്ടാ. ഇതുവരെ കഴിഞ്ഞപോലെ ഒക്കെ ചെയ്തോളൂ. അല്‍പ്പം വിശ്രമമൊക്കെയായി ഇവിടെകൂടാനാണ് ഞാന്‍ വന്നത്''. രാമന്‍നായര്‍ ഒന്നുതൊഴുത് ഇറങ്ങിപ്പോയി. മുരുകമല സന്ധ്യാനാമം കേള്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.


 ''മൂപ്പര് പണിപോവ്വോ എന്ന ബേജാറിലാണ്''ചാമി പറഞ്ഞു.


''എന്തിനാ ബേജാറാവുണത്. ഞാന്‍  കൃഷിചെയ്ത് കുറെയധികം  പണം ഉണ്ടാക്കണം എന്നുവിചാരിച്ച് വന്നതല്ല. ഒരു വിരുന്നുകാരനെപ്പോലെ വെറുതെ ഇങ്ങോട്ടുവന്നതാണ്. വാസ്തവംപറഞ്ഞാല്‍ ഇങ്ങിനെ കുറച്ചു സ്ഥലം എന്‍റെ പേരിലുണ്ട് എന്നറിയുന്നതന്നെ ഇവിടെ വന്നശേഷമാണ്''. 


''അപ്പൊ പാടത്ത് പണി എടുപ്പിക്കാനൊന്നും വരില്ല''.


''ഇല്ല. ചാമി വിളിച്ചാല്‍ ചിലപ്പൊ തുണയ്ക്ക് വരും. അത്രേന്നെ''.


ചാമിക്ക് തന്‍റെ കാതുകളെ വിശ്വസിക്കാനായില്ല. ഇതെന്താ ഇങ്ങിനെ ഒരു മനുഷ്യന്‍. ഇങ്ങിനേയും ആളുകളുണ്ടോ. അവന്‍റെ മനസ്സില്‍ സ്നേഹമോ ബഹുമാനമോ എന്തൊക്കേയോ വന്നു നിറഞ്ഞു. മക്കളൊന്നും ഇല്ലാത്ത തള്ളയ്ക്ക് മരുന്നും കഞ്ഞീം കൊടുത്തിട്ട് ഓടിവരാമെന്ന് പറഞ്ഞ് ചാമി പോയി. 


കയ്യിലൊരു ചാക്കുസഞ്ചിയും കിടക്കാനുള്ള പായയും പുതപ്പുമായിട്ടാണ് അവന്‍ തിരികെ വന്നത്. ചാക്കുസഞ്ചിയില്‍നിന്ന് എന്തോ ചില പൊതികള്‍ അവന്‍ പുറത്തെടുത്തു.


''അഞ്ചാറ് പൊറോട്ട വാങ്ങീട്ടുണ്ട്, നാലഞ്ച് ചപ്പാത്തീം''അവന്‍ പറഞ്ഞു ''കൂട്ടി തിന്നാന്‍ ഉരുളക്കിഴങ്ങ് കറീം വാങ്ങീട്ടുണ്ട്''. 


''ഇതു മുഴുവന്‍ എനിക്കോ''വേണു അന്തം വിട്ടു.


''മുതലാളിക്ക് വേണ്ടത് കഴിച്ച് ബാക്കീണ്ടെങ്കില്‍ ഞാന്‍ തിന്നാം''.


''എനിക്ക് രണ്ടു ചപ്പാത്തി മാത്രം മതി. ബാക്കി ചാമി എടുത്തോളൂ''വേണു പറഞ്ഞു.


''അത് പറ്റില്ല. വയറ് നെറച്ച് തിന്നില്ലെങ്കില്‍ മുതലാളി ക്ഷീണിക്കും''അവന്‍ മൂന്നുചപ്പാത്തി വേണുവിന്‍റെ മുന്നിലെ ഇലയിലേക്ക് നീക്കിവെച്ചു''ഇത് മുഴുക്കെ മുതലാളി തിന്നില്ലെങ്കില്‍ ഞാനിന്ന് ഒന്നും കഴിക്കില്ല''. ചാമിയുടെ കരുതല്‍ വേണുവിനെ സന്തോഷിപ്പിച്ചു.


''എന്നെ ഇത്രയ്ക്ക് സ്നേഹിക്കുന്ന ചാമിക്ക് ഞാന്‍ പകരം എന്താ തരണ്ട്'' അയാള്‍ ഉള്ളിലെ തോന്നല്‍ തുറന്നുപറഞ്ഞു.


''എനിക്ക് ഒന്നും വേണ്ടാ. മുതലാളിടെ ഈ സ്നേഹം മാത്രംമതി''. ചാമി വേണുവിന്ന് കിടക്കാനുള്ള സൌകര്യമൊരുക്കി. 


 ''എന്‍റെ കിടപ്പ് ഇനി മുതല്‍ ഇവിട്യാണ്. മുതലാള്യേ ഒറ്റയ്ക്ക് വിട്ട് ഞാന്‍ എങ്കിട്ടും പോവില്ല''അവന്‍ വേണുവിനോടു പറഞ്ഞു.


കയത്തംകുണ്ടിന്നടുത്തുള്ള ചേരുമരത്തിലിരുന്ന് ഒരു കൂമന്‍ അതു കേട്ട മട്ടില്‍ ഒന്നുമൂളി.


അദ്ധ്യായം.38.


''ആ ചെക്കന്‍ എന്തെങ്കിലും കഴിച്ചിട്ടുണ്ടോ ആവോ, കിട്ടുണ്ണിടെ വീട്ടിന്ന് വല്ലതും കൊടുത്തിട്ടുണ്ടോന്നും അറിയില്ല''രാത്രി ഉണ്ണാനിരുന്നപ്പോള്‍ പത്മിനി പറഞ്ഞു.


''ഇത്രകാലം അയാള് കഴിഞ്ഞുകൂടീല്ലേ, നമ്മളാരെങ്കിലും അന്വേഷിച്ചോ, അതുപോലെ കഴിഞ്ഞോളും''വക്കീല്‍ പറഞ്ഞു.


''ഇത്രകാലം അവന്‍ ഇങ്ങിനെ ഒറ്റപ്പെട്ട സ്ഥലത്തായിരുന്നില്ലല്ലോ കഴിഞ്ഞത്. കുറെയായിട്ട് അവനെ കണ്ടിട്ടില്ല. ഇപ്പൊ മുമ്പില് വന്നു കണ്ടതല്ലേ. അവന്‍ ചോറില്ലാതെ കഷ്ടപ്പെടുന്നൂന്ന് വിചാരിക്കുമ്പൊ''.


''ഇപ്പൊന്താ ഇങ്ങിനെ തോന്നാന്‍''.


''നോക്കി സംരക്ഷിക്കാന്‍ ഭാര്യീം മക്കളുംഒന്നും ഇല്ലല്ലോ അവന്. അതാ ഇത്ര ഖേദം''.


''അയാളന്നെ വേണ്ടാന്ന് വെച്ചിട്ടല്ലേ''.


''അതൊക്കെ നമുക്ക് പറയാം. മാലതി മരിച്ചശേഷം ആരെങ്കിലും അവനെ നിര്‍ബന്ധിച്ചോ. ഇല്യാ. കല്യാണംകഴിഞ്ഞാല്‍ അവന്‍റെ വരുമ്പടി നില്‍ക്കും എന്ന് കണ്ടിട്ട് ആരും ആ കാര്യം പറഞ്ഞില്ല''.  മൌനം ഊണുമേശയിലെ മറ്റൊരു വിഭവമായി മാറി.


''പന്ത്രണ്ടാമത്തെ വയസ്സില്‍ കൊയമ്പത്തൂരില് പണിക്ക് ചെന്നതാ. പേപ്പറ് വില്‍കലാണ് പണി. മാസം തികഞ്ഞ് നാണുനായരുടെകൂടെ വരുമ്പോള്‍ കയ്യിലൊരു പൊതി. ഓപ്പോളക്കാണെന്നും പറഞ്ഞ് തന്നു. തുറന്നപ്പൊ ഒരു പാവാടത്തുണി. എന്നെ അങ്ങിനെ സ്നേഹിച്ചതാ അവന്‍''. പത്മിനിയുടെ കണ്ണില്‍നിന്ന് വെള്ളം ഉതിര്‍ന്നു.


''അയ്യേ, താനെന്താ കുട്ട്യേളെപോലെ''വക്കീല്‍ അവരുടെ മുതുകില്‍ കൈ വെച്ചു

*************************

കാലത്തെഴുന്നേറ്റതും വേണു പ്രഭാതകര്‍മ്മങ്ങള്‍ കഴിച്ച് സ്റ്റൌവില്‍ കാപ്പിക്ക് വെള്ളം തിളക്കാന്‍വെച്ച് ചാറല്‍മഴയും നോക്കിയിരുന്നു. പേപ്പര്‍ വാങ്ങിയിട്ടുവരാമെന്നു പറഞ്ഞ് ചാമി പോയതേയുള്ളു. രാത്രി കിടന്നപായ ചുരുട്ടി ഒരുമൂലയില്‍ വെച്ചിട്ടുണ്ട്. നിത്യവും അങ്ങോട്ടും ഇങ്ങോട്ടും ഏറ്റിക്കൊണ്ടുനടക്കാന്‍ വയ്യാ എന്നുപറഞ്ഞ് വെച്ചതാണ്.


എത്രവേഗത്തിലാണ് മനുഷ്യരുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുന്നത്. അടിസ്ഥാനപരമായി എല്ലാ മനുഷ്യരും നല്ലവരാണെന്ന തന്‍റെ തോന്നല്‍ ശരിയാണെന്ന് ഇപ്പോള്‍ ഒന്നുകൂടി ഉറപ്പായി. കാര്യസ്ഥന്‍ രാമന്‍നായര്‍ പറഞ്ഞത് ചാമി ശത്രുവിനെപോലെയാണ് താനുള്‍പ്പടെ എല്ലാവരേയും കാണുന്നത് എന്നാണ്. ജന്മിയോടുള്ള തൊഴിലാളിയുടെ ഒടുങ്ങാത്ത പക മനസ്സിലുള്ളതാണ് അതിന്നുപിന്നില്‍. പക്ഷെ പിന്നീട് എന്താണ് ഉണ്ടായത്. ഒരു പ്രാവശ്യമേ കണ്ടുള്ളു, സംസാരിച്ചു, അന്യോന്യം പരിചയപ്പെട്ടു. അനവധികാലത്തെ ബന്ധമുള്ളപോലെയാണ് അയാള്‍ പെരുമാറിയത്.


കാപ്പിപ്പൊടിയിട്ട് തിളപ്പിച്ചവെള്ളം വേണു അരിച്ചെടുത്തു. രണ്ടുസ്പൂണ്‍ പഞ്ചസാരയും പാല്‍പ്പൊടിയും ചേര്‍ത്ത് ആറ്റിതുടങ്ങിയപ്പോള്‍ മുറ്റത്ത് ആരുടേയോ ശബ്ദംകേട്ടു. വന്നുനോക്കുമ്പോള്‍ നല്ല അരോഗദൃഡഗാത്രനായ പ്രായംചെന്ന ഒരാള്‍. വേണുവിന്ന് ആളെ മനസ്സിലായില്ല. കാലന്‍കുട മടക്കി വാതിലോരത്ത് ചാരിവെച്ചിട്ട് ആഗതന്‍ പടവിലേക്ക് കയറി നിന്നു.


''ഞാന്‍ കുപ്പന്‍കുട്ടി എഴുത്തശ്ശന്‍. നിങ്ങള് ഇങ്കിട്ട് താമസം മാറുണൂന്ന് പത്മിനിയമ്മ പറഞ്ഞിരുന്നു''അയാള്‍ പറഞ്ഞു. അതോടെ വേണുവിന്ന് ആളെ മനസ്സിലായി. കളപ്പുരയില്‍ താമസിക്കാന്‍ ചെന്നാല്‍ തന്‍റെകാര്യം അന്വേഷിക്കാന്‍ നാണുമാമനേയും എഴുത്തശ്ശനേയും ഏല്‍പ്പിച്ച വിവരം ഓപ്പോള്‍ പറഞ്ഞിരുന്നു.


''ഞാന്‍ അവിടെവന്ന് കാണാനിരുന്നതാണ്. ചാമി വന്നിട്ട് അയാളേയും കൂട്ടി പോരാന്ന് വിചാരിച്ചു''വേണുതൊഴുകയ്യോടെ എഴുത്തശ്ശനെ അകത്തേക്ക് കയറിയിരിക്കാന്‍ ക്ഷണിച്ചു.


കേട്ടതുപോലെതന്നെ യോഗ്യനായ മനുഷ്യന്‍. സ്കൂള്‍ പഠിപ്പ് തീരുംമുമ്പ് ആള് പണിതേടി നാടുവിട്ടു. പിന്നെ തന്നത്താന്‍ പഠിച്ച് വലിയ ആളായി. എന്നാലോ അതിന്‍റെ ഒരുഭാവവും ഇല്ല. വേണുവിനെക്കുറിച്ച് അയാളുടെ മനസ്സില്‍ അഭിപ്രായം രൂപപെടുകയായിരുന്നു.


''അതാ, അവിട്യാണ് എന്‍റെ താമസം''വേണു എഴുത്തശ്ശന്‍ കൈചൂണ്ടിയ ഭാഗത്തേക്ക് നോക്കി.


''വീട് എന്നൊന്നും പറയാന്‍ പറ്റില്ല''എഴുത്തശ്ശന്‍ പറഞ്ഞു''എനിക്കൊരു കാളവണ്ടീണ്ട്. അത് നിര്‍ത്താന്‍ കെട്ട്യേതാ. ബാക്കിഭാഗം തടുത്ത് നാല് രണ്ട് നാല് രണ്ട് വലുപ്പത്തില്‍ ഒരു മുറി പണിയിച്ചു. ഒരു ഓരത്തായിട്ട് ഒരടുപ്പ് കുത്തീട്ടുണ്ട്. ഒരു കുത്തുപടി ഉള്ളതിനെ വാതില് കടക്കു ണ ദിക്കില്‍ ഇട്ടു. അതിലാണ് എന്‍റെ കിടപ്പ്. ബാങ്കിലെ കണക്കുപുസ്തകൂം സ്ഥലങ്ങളുടെ ആധാരൂം ഒരുപെട്ടീലാക്കി അതിന്‍റെ ചോട്ടില് വെച്ചിട്ടുണ്ട്. കൊയ്ത് നെല്ലു വന്നാല്‍ അകത്ത് കൊട്ടീട്ട് പുറത്ത് വണ്ടീല് കേറി കെടക്കാംന്നാ ഉദ്ദേശം''.


എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന അയാളുടെ സ്വഭാവം വേണുവിന്ന് ഇഷ്ടമായി.


''നിങ്ങള് ഇങ്കിട്ട് വരുന്നതുംകാത്ത് ഞങ്ങള്‍ ഇരിക്യായിരുന്നു''അയാള്‍  പറഞ്ഞു''ഇന്നലെ എപ്പളേ എത്ത്യേത്''. വേണു വിവരം പറഞ്ഞു.


''അപ്പൊ രാത്രീല് ഭക്ഷണത്തിന്ന് എന്താ ചെയ്ത്''


ചാമി രാത്രി വരുമ്പോള്‍ ഹോട്ടലില്‍നിന്ന് രണ്ടാള്‍ക്കുള്ള ടിഫിന്‍ വാങ്ങി പൊതിഞ്ഞുകൊണ്ടുവന്നു എന്നും ബുദ്ധിമുട്ടൊന്നും തോന്നിയില്ല എന്നും വേണു അറിയിച്ചു.


''ഇന്നത്തെ കാര്യോ''


കാപ്പി ഉണ്ടാക്കി. ഇനി കുളത്തില്‍ചെന്ന് വിസ്തരിച്ചൊന്ന് കുളിക്കണം . അതുകഴിഞ്ഞുവന്നിട്ട് കുറച്ചുകഴിഞ്ഞാല്‍ പുറത്തേക്കിറങ്ങും. എവിടെ നിന്നെങ്കിലും വല്ലതും കഴിക്കണം. കിട്ടുണ്ണിയുടെ വീട്ടിലൊന്ന് കേറണം. ഇന്നലെ ഇങ്ങോട്ടുമാറിയ കാര്യം അവനോട് പറയാന്‍ പറ്റിയില്ല.


''എന്താ ഇങ്ങിനെ പറയുണത് എന്ന് തോന്നെണ്ടാ . ആ മനുഷ്യന്‍ നമ്മളെ പോലൊന്ന്വൊല്ല. തനിച്ചൊരു തന്‍കാര്യകാരനാണ്''. വേണു ഒന്നുമൂളി. ഇതിനകം അയാള്‍ രണ്ട് ഗ്ലാസ്സില്‍ കാപ്പി പകര്‍ന്നെടുത്തു. എഴുത്തശ്ശന്ന് ഒന്നുകൊടുത്ത് മറ്റേതുമായി ചാരുപടിയിലിരുന്നു. എഴുത്തശ്ശന്‍ കാപ്പി ഊതി കുടിച്ചുതുടങ്ങി. ഇതൊന്നും പതിവില്ലാത്തതാണ്. പക്ഷെ ഈ കുട്ടി സ്നേഹത്തോടെ തന്നത് വേണ്ടെന്ന് പറയാന്‍ പറ്റില്ല.


''ഞാന്‍ കഞ്ഞി വെക്കാറുണ്ട്. മൂന്നുനേരം അതന്നെയാണ് കഴിക്കാറ്. വിരോധൂല്യെങ്കില്‍ എന്‍റെകൂടെ കൂടാട്ടോ''.


അതിനെന്താ വിരോധം എന്ന് വേണു ഭംഗിവാക്ക് പറഞ്ഞു. ഭക്ഷണത്തിന്‍റെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യണം. മുമ്പ് കുറെകാലം തന്നത്താന്‍ ആഹാരം ഉണ്ടാക്കിക്കഴിച്ചിട്ടുണ്ട്. വേണമെങ്കില്‍ ഇനിയും അതാവാം.


''പിന്നെ പുഴയ്ക്ക് ഇക്കരെ ഈ ഭാഗത്ത് നമ്മള് രണ്ട് മനുഷ്യജീവികളെ ഉള്ളു. ബാക്കി ഉള്ളോരൊക്കെ മലടെ ചോട്ടിലാണ്''. വേണു തലയാട്ടി.


''ഒരു വരമ്പിന്‍റെ ദൂരേ ഉള്ളു നമ്മള് താമസിക്കുണ സ്ഥലങ്ങള്‍ക്ക്. ഒരു ശ്രദ്ധ്യോക്കെ അന്യോന്യംവേണം. എന്താവശ്യം ഉണ്ടെങ്കിലും എന്നോട് പറയാന്‍ മടിക്കണ്ടാ''. വേണു ശരിയെന്ന് തലയാട്ടി


''എത്രകാലം ഞാന്‍ ഉണ്ടാവുംന്ന് പറയാന്‍ പറ്റില്ല. എനിക്ക് വയസ്സ് എണ്‍പത്താറായി. ഇരിക്കുണ കാലം ഒരുവീടുപോലെ കൂടാല്ലേ''.


വേണു സമ്മതിച്ചു. എന്നാല്‍ പിന്നെവരാമെന്നു പറഞ്ഞ് എഴുത്തശ്ശന്‍ കാലന്‍കുടയും എടുത്തുനടന്നു.


***********************

എഴുത്തശ്ശന്‍ പോയശേഷം വേണു അമ്പലകുളത്തിലേക്ക് ചെന്നു. കുളിച്ച് അമ്പലത്തില്‍ ചെന്ന് തൊഴാന്‍ നോക്കുമ്പോള്‍ നട അടച്ചിരിക്കുന്നു. എട്ടു മണിക്കു മുമ്പ് നടയടക്കുന്ന പതിവുണ്ടോ ആവോ. അടുത്ത് എവിടേയും ഒരാളേയും കാണാനില്ല.


കുട്ടിക്കാലത്ത് അമ്പലത്തിലേക്ക് വന്നിരുന്നത് ഓര്‍മ്മ വന്നു. പൂജക്കാരന്‍ നമ്പൂരിക്ക് പുറമെ മാല കെട്ടാന്‍ മര്വോളമ്മയും ശംഖ് ഊതാനും ചെണ്ട കൊട്ടാനുമായി ഒരു വയസ്സന്‍ മാരാരും അന്നുണ്ടായിരുന്നു. കടുമധുരം പായസം, ഇടിച്ചു പിഴിഞ്ഞ പായസം, പാല്‍ പായസം, വെള്ളനിവേദ്യം, തൃമധുരം, അപ്പം എന്നിങ്ങനെ പലനിവേദ്യങ്ങള്‍ ഉണ്ടായിരിക്കും. അമ്പല പരിസരത്ത് എവിടെയെങ്കിലും തന്നെ കണ്ടാല്‍ മര്വോളമ്മ മാടിവിളിക്കും. ദേഹത്തോട് ചേര്‍ത്തു നിര്‍ത്തി എന്തെങ്കിലും പ്രസാദം തരും. അമ്മയുടെ അടുത്ത കൂട്ടുകാരിയായിരുന്നുവത്രേ അവര്‍.


വേണു കളപ്പുരയിലെത്തുമ്പോഴേക്കും ചാമി അവിടെ എത്തിയിരുന്നു. മുറ്റം അടിച്ചുവാരുകയാണ് കക്ഷി.


''സാധനങ്ങളൊക്കെ പുറത്ത് വെച്ചിട്ട് പോയാല്‍ തിരിച്ചു വരുമ്പൊ കണ്ടില്ലാന്ന് വരും''അവന്‍ പറഞ്ഞു''ഞാന്‍ നോക്കുമ്പൊ കണ്ണടീം വാച്ചും തിട്ടില് മറന്നു വെച്ചിട്ട് പോയിരിക്കുണു''.


''ആരാ  ഇതൊക്കെ എടുക്കാന്‍ വര്വാ''


''നല്ല കഥ. കണ്ണ് തെറ്റ്യാല്‍ കിട്ട്യേതും എടുത്ത് സ്ഥലം വിടുണ ആളുകളാ നാട്ടിലുള്ളത്. ഒരൊറ്റ എണ്ണത്തിനെ വിശ്വസിക്കാന്‍ കൊള്ളില്ല''.


വേണു അകത്തുചെന്ന് വസ്ത്രംമാറി വരുമ്പോഴേക്കും ചാമി ഇറയത്ത് വെച്ച പൊതി അഴിച്ച് മുറിച്ചുവെച്ച നാക്കിലയില്‍ വിളമ്പി. കുറ്റിപ്പുട്ടും കടലക്കറിയും. മരുന്നുകുപ്പി കഴുകി വൃത്തിയാക്കി അതില്‍ ചായയും കൊണ്ടുവന്നിട്ടുണ്ട്.


''ഇത് മുഴുവന്‍ എനിക്കോ'' വേണു ചോദിച്ചു''ചാമി ഒരിലകൂടി എടുത്ത് ഒപ്പൊപ്പം വിളമ്പൂ. രണ്ടാളക്കുംകൂടി കഴിക്കാം''. താന്‍ ആഹാരം കഴിച്ചിട്ട് വന്നതാണെന്ന് ചാമി പറഞ്ഞുവെങ്കിലും വേണു സമ്മതിച്ചില്ല. 


''ചായ നന്നായോ''ചാമി ചോദിച്ചു''എന്‍റെ മകള് ലക്ഷ്മിക്കുട്ടി ഉണ്ടാക്കി തന്നു വിട്ടതാ'' 


ഉവ്വ് എന്ന മട്ടില്‍ വേണു തലയാട്ടി. വീട്ടില്‍ ചെല്ലുമ്പോള്‍ ചായ ഇഷ്ടമായി എന്ന് താന്‍ പറഞ്ഞതായി മകളോടു പറയാന്‍ വേണു ചാമിയെ ഏല്‍പ്പിച്ചു. ഭക്ഷണംകഴിഞ്ഞ് രണ്ടുപേരും എഴുന്നേറ്റു.


''ഇന്യേന്താ പരിപാടി''എന്ന ചാമിയുടെ ചോദ്യതിന്ന് അക്കരെചെന്ന് കിട്ടുണ്ണിയെ കാണാനുണ്ടെന്ന് മറുപടി നല്‍കി.


''എന്നാല്‍ ഇന്നലത്തെപോലെ ഞാന്‍ കയ്യില്‍ പിടിച്ച് പുഴ കടത്തിവിടാം. വെള്ളത്തിന് നല്ല തട്ടുണ്ട്. കാലിന്ന് ബലം ഇല്ലാത്തതല്ലേ'' എന്നായി ചാമി.


വേണു വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ കിട്ടുണ്ണി എവിടേക്കോ പോവാന്‍ ഒരുങ്ങുകയാണ്


 ''ഇരിക്കൂ''എന്നു പറഞ്ഞ് എന്തൊക്കേയോ കുറെകടലാസ്സുകള്‍ ബാഗില്‍ ഒതുക്കിവെച്ചുകൊണ്ടിരുന്നു.


''ഞാന്‍ ഇന്നലെ കളപ്പുരേലിക്ക് താമസം മാറ്റി''വേണു പറഞ്ഞു.


''അതൊക്കെ ഞാനറിഞ്ഞു. പെങ്ങളടെ ഉപദേശം ആയിരിക്കും അല്ലേ''


''അതൊന്ന്വോല്ല കുറച്ചുകാലം അവിടെ കൂടാന്ന് വെച്ചു, അത്രേള്ളൂ'' വേണു പറഞ്ഞതിന്ന് കിട്ടുണ്ണി ഒന്നമര്‍ത്തി മൂളി.


''എന്തോ ചെയ്തോളൂ, നല്ലതേ ഞാന്‍ പറഞ്ഞുതരൂ, കേട്ട് നടന്നാല്‍ അതിന്‍റെ ഗുണം നിങ്ങള്‍ക്കന്നെ''ആ വാക്കുകളില്‍ അനിഷ്ടം കലര്‍ന്നിരുന്നതുപോലെ വേണുവിന്ന് തോന്നി. രാധ ഇറങ്ങി വന്നു.


 ''ഏട്ടന്‍ കാലത്ത് വല്ലതുംകഴിച്ചോ''അവര്‍  ചോദിച്ചു. ചാമി ആഹാരവും ചായയും കൊണ്ടുവന്നുതന്ന കാര്യം വേണു പറഞ്ഞു. കിട്ടുണ്ണി ഉറക്കെ ചിരിച്ചു.


 ''പുതിയ പുതിയ പരിഷ്ക്കാരങ്ങളൊക്കെ തുടങ്ങിവെച്ചു അല്ലേ'' അയാള്‍ ചോദിച്ചു. കഥയറിയാതെ ആട്ടം കാണുന്നപോലെയായി വേണുവിന്ന്.


''എന്താത്''അയാള്‍ തിരക്കി.


''കീഴ്ക്കെട നടക്കാത്ത ഓരോ കാര്യങ്ങള്‍ കേട്ടപ്പോള്‍ ഞാന്‍  അറിയാതെ ചിരിച്ചതാണേ''.


''കാര്യം എന്താച്ചാല്‍ പറ''


''കീഴ് ജാതിക്കാരുടെ കയ്യിന്ന് ഇതിന്നുമുമ്പ് ആഹാരം വാങ്ങി തിന്നുണ പതിവൊന്നും ഉണ്ടായിട്ടില്ല. തീണ്ടലും തൊടാന്‍ പാടില്യായീം നിന്നൂന്ന് വെച്ച് അവരുടെ കയ്യിന്ന് വാങ്ങിതിന്നണം എന്നില്ലല്ലോ''.


ഒന്നുരണ്ട് ഇടങ്ങളില്‍ ചെല്ലാനുണ്ടെന്നു പറഞ്ഞ് വേണു എഴുന്നേറ്റു. എനിക്കും ഒരുസ്ഥലംവരെ പോകാനുണ്ടെന്ന് കിട്ടുണ്ണിയും പറഞ്ഞു.


അദ്ധ്യായം 39.


വിശ്വനാഥന്‍വക്കീലിനെ കാണാന്‍വേണ്ടി നാണുനായര്‍ പോയതുമുതല്‍ സരോജിനി വേണ്വോട്ടന്‍റെ വിശേഷങ്ങളറിയാനുള്ള കാത്തിരിപ്പിലാണ് പത്മിനിയമ്മയുടെ വീട്ടിലേക്ക് പോയിരിക്കുകയാണെന്ന് അച്ഛന്‍ ഇന്നാള് പറഞ്ഞതാണ്. നിഴലുപോലെ ഒന്നു മിന്നിമറഞ്ഞ് കടന്നുപോയി. ഓരോ ദിവസവും വരുമെന്നുവിചരിച്ച് കാത്തിരുന്നത് മിച്ചം. സരോജിനി ഒരു നിമിഷം മാറിചിന്തിക്കാന്‍ തുടങ്ങി. 


എന്തിനാണ് വേണ്വോട്ടനെ കുറ്റം പറയുന്നത്. തന്‍റെ മനസ്സില്‍ തോന്നുന്നതു പോലെ ഇങ്ങോട്ട് അത്തരത്തില്‍ ഒരു സ്നേഹം ഇല്ലെങ്കിലോ. ഇതൊക്കെ തന്‍റെ മനസ്സിന്‍റെ വെറും തോന്നലുകള്‍ മാത്രമാണെങ്കിലോ. ആ തരത്തില്‍ ചിന്തിക്കാന്‍ ഒരിക്കലും തനിക്കാവില്ലെന്ന് സരോജിനിക്ക് ബോദ്ധ്യമായി.


എല്ലാം അച്ഛന്‍ വരുത്തിവെച്ച വിനയാണ്. എന്നെങ്കിലും വേണു വന്നാല്‍ അവനെക്കൊണ്ട് സരോജിനിയുടെ കഴുത്തില്‍ താലി കെട്ടിക്കും, അവന്‍ തന്‍റെ വാക്ക് തട്ടികളയില്ല എന്നൊക്കെ പറയുന്നതുകേട്ട് മനസ്സില്‍ പൊട്ടി മുളച്ച ഒരാഗ്രഹം. മുങ്ങിത്താഴാന്‍ പോകുന്നനേരത്ത് ഒരു വൈക്കോല്‍ തുമ്പില്‍ പിടികിട്ടിയ മാതിരിയായിരുന്നു. കുറച്ചുനാളായി എഴുത്തശ്ശനും ഇങ്ങോട്ടൊന്നും വരാറില്ല. അയാള്‍ വണ്ടിപ്പുരയിലേക്ക് താമസംമാറ്റിയ അന്ന് തുടങ്ങിയതാണ് തോരാത്ത ഈ മഴ. 


അച്ഛന്‍ അമ്പലകുളത്തില്‍ കുളിക്കാന്‍ പോവുന്നത് നിര്‍ത്തി. മഴ ഇല്ലാത്ത നേരംനോക്കി അയ്യര്‍കുളത്തില്‍ ചെന്നൊന്ന് മുങ്ങീട്ടുവരും. ഇടയ്ക്ക് രണ്ട് ദിവസം''എനിക്ക് കുളിരുണൂ''എന്നുപറഞ്ഞ് അതും മുടക്കി. മഴകൊണ്ട് വല്ല പനീം വരുത്തി വെച്ചാലോ എന്നാലോചിച്ച് മേല്‍കഴുകാന്‍ ഇത്തിരി ചുടുവെള്ളം പട്ടകത്തിച്ച് ഉണ്ടാക്കിക്കൊടുത്തു.


ആകാശം വീണ്ടും കരിപിടിച്ച കമ്പിറാന്തലിന്‍റെ ചില്ലുപോലെ മൂടിക്കെട്ടി. ഇന്നലെ ഉച്ചയ്ക്കുശേഷം തീരെ മഴപെയ്തിട്ടില്ല. അതാണ് എഴുത്തശ്ശനും അച്ഛനുംകൂടി രാവിലെത്തന്നെ വക്കീലിനെ കാണാന്‍ പോയത്. പ്രമാണം എഴുതാന്‍ കഴിഞ്ഞാഴ്ച കൊടുത്തിരുന്നത് വാങ്ങാനാണെന്നാ പറഞ്ഞത്. ഉണ്ണാറാവുമ്പഴക്കും എത്താന്ന് പറഞ്ഞിട്ടുണ്ട്. ചിലപ്പൊ എഴുത്തശ്ശനും ഉണ്ണാനുണ്ടാവും. എന്തെങ്കിലും ഉണ്ടാക്കി വെക്കണം.


തൊടിയില്‍നിന്ന് കിളച്ചെടുത്ത ചേമ്പിന്‍കിഴങ്ങുണ്ട്. മഴവന്നതിന്നുശേഷം അച്ഛന്‍ സംഭാരം കുടിക്കുന്നത് നിര്‍ത്തിയതുകൊണ്ട് മോരും ഇരിപ്പുണ്ട്. കുമ്പളങ്ങ കഷ്ണവും ചേമ്പിന്‍ കിഴങ്ങും ചേര്‍ത്ത് ഒരു മോരുപാര്‍ന്ന കൂട്ടാനുണ്ടാക്കാം. രണ്ടാമതിന്ന് പച്ചമത്തന്‍കൊണ്ട് ഓലനും. സരോജിനി അടുക്കളയിലേക്ക് കയറി.


പത്തരമണിക്കുള്ള വിമാനം കാര്‍മേഘങ്ങള്‍ക്കിടയിലൂടെ പറന്നുപോയി. ചോറുംകൂട്ടാനും ഉണ്ടാക്കിയതും സരോജിനി കുളിക്കാന്‍പുറപ്പെട്ടു. ഇന്ന് തിരുമ്പാനൊന്നും എടുക്കുന്നില്ല. മഴപെയ്യുംമുമ്പ് വീട്ടില് തിരിച്ചെത്തണം. കുളത്തിന്‍റെ തെക്കെയറ്റത്ത് ആരോ പോത്തിനെതേച്ചുകഴുകുന്നുണ്ട്. എത്ര പറഞ്ഞാലും മനുഷ്യന്മാര് കുളിക്കുന്ന കുളത്തിലേ ഇവരൊക്കെ കന്നിനെ കഴുകൂ. പത്തടിദൂരം അധികം നടന്നാല്‍ പുഴയായി. ആര്‍ക്കും ഉപദ്രവം ഉണ്ടാക്കാണ്ടെ കന്നിനെ കഴുകാം.


കുളികഴിയുന്ന നേരംനോക്കി മഴ തുടങ്ങി. ഈറന്‍തുണി വാരിചുറ്റി. തോര്‍ത്ത് തലയിലൂടെ ഇട്ടു. ചരല് വാരി മുഖത്തെറിയുന്നപോലെ മഴ പെയ്യുന്നു. സോപ്പുമെടുത്ത് വേഗത്തില്‍ വീട്ടിലേക്ക് നടന്നു. ദൂരെനിന്നു തന്നെ പടി തുറന്നിട്ടത് കണ്ടു. അച്ഛന്‍ എത്തിയിട്ടുണ്ടാവും.


പിള്ളകോലായില്‍ കൂട്ടുകാര്‍ ഇരിക്കുന്നു. സരോജിനി സോപ്പുപെട്ടിയില്‍ നിന്ന് താക്കോലെടുത്ത് വാതില്‍ തുറന്നു.


''നല്ലോണം തല തോര്‍ത്തിക്കോ. വല്ല ചീരാപ്പും വരണ്ടാ''നാണുനായര്‍ മകളോട് പറഞ്ഞു.


ഈറന്‍മാറുന്ന നേരത്ത് പുറത്തുനിന്നുള്ള സംഭാഷണം സരോജിനിയുടെ ചെവിയിലെത്തി. ആരോ താമസംമാറുന്ന കാര്യമാണ് സംസാരിക്കുന്നത്. നനഞ്ഞമുടി നന്നായിതോര്‍ത്തിക്കഴിഞ്ഞ് ഇഴകള്‍ വേര്‍പെടുത്തിക്കൊണ്ട് അവള്‍ പുറത്തേക്കുവന്നു.


''ആരാ അച്ഛാ താമസംമാറുണത്''അവള്‍ ചോദിച്ചു.


''നമ്മടെ വേണു കളപ്പുരയിലേക്ക് താമസം മാറ്യേത്രേ''.


''അവിടെ ഒറ്റയ്ക്കോ''.


''അല്ലാതെ പിന്നെ. അവന് പെണ്ണും കുട്ടീം ഒന്നുല്യാന്ന് നെനക്കറിയില്ലേ''.


''കഴിഞ്ഞ ആഴ്ച ഞങ്ങള് ചെന്നപ്പഴേ വക്കീലിന്‍റെ ഭാര്യ പത്മിനിയമ്മ എന്നെ വിളിച്ചിരുന്നു. അനിയന്‍ കളപ്പുരേലിക്ക് താമസം മാറ്റുണുണ്ട്, എപ്പഴും ഒരു കണ്ണും ദൃഷ്ടീം ഉണ്ടാവണം എന്ന് പറയ്യേണ്ടായി''ബാക്കി എഴുത്തശ്ശന്‍ പറഞ്ഞു.


''എന്നിട്ട് ഈ അച്ഛന്‍ ഇവിടെ ഒന്നും പറഞ്ഞില്ലല്ലോ''സരോജിനി പരിഭവം പറഞ്ഞു.


''ആ കാര്യം തീരെ ഓര്‍മ്മീണ്ടായിരുന്നില്ലന്‍റെ കുട്ട്യേ''നാണുനായര്‍ പറ്റിയ തെറ്റ് സമ്മതിച്ചു.


''എന്നാ വേണ്വേട്ടന്‍ ഇങ്ങിട്ട് മാറ്യേത്''.


''ഇന്നലെ വൈകുന്നേരം''എഴുത്തശ്ശന്‍ പറഞ്ഞു''ഇന്നുരാവിലെ ഞാന്‍ മൂപ്പരെ കാണുംചെയ്തു''. 


ദാഹിച്ച് തൊണ്ടവരണ്ട്, ഒരിറക്ക് വെള്ളത്തിന്ന് കൊതിച്ചുനില്‍ക്കുന്ന ഒരുവന് ഒരുതടാകം കൈവന്നതുപോലെ സരോജിനിക്കുതോന്നി.


''കുറച്ചായിട്ട് ഇപ്പൊ നടന്നത് കുറച്ചുകഴിഞ്ഞാല്‍ ഓര്‍മ്മീണ്ടാവില്ല'' നാണുനായര്‍ തന്‍റെ ഓര്‍മ്മക്കുറവിനെ പഴിച്ചു.


''കുട്ട്യേ, ഇന്നെനിക്ക് ചോറുവേണ്ടാട്ടോ. കഞ്ഞീണ്ടാക്കിവെച്ചിട്ടുണ്ട്'' എഴുത്തശ്ശന്‍ പറഞ്ഞു''അത്വോല്ലാ,കടേല് വളം എത്തീട്ടുണ്ടോന്ന് അന്വേഷിക്കും വേണം''അയാള്‍ കുടയുമെടുത്ത് മുറ്റത്തേക്കിറങ്ങി.


''എന്നാ വേഗം ചെന്നോളിന്‍''നാണുനായര്‍ പറഞ്ഞു''അടുത്ത മഴ തുടങ്ങുമ്പഴേക്കും എത്താലോ''.


''അതിനല്ലെടോ എന്‍റെ കയ്യില് കുടേള്ളത്''അയാള്‍ നടക്കാന്‍ തുടങ്ങി.

**************

വേണു കിട്ടുണ്ണിയുടെ വീടിന്‍റെ പടികടന്ന് പുറത്തേക്കിറങ്ങി. പെട്ടെന്നു തിരിച്ചെത്തിയാല്‍ ചാമിക്ക് എന്തെങ്കിലും തോന്നുമോ എന്ന് അയാള്‍ക്ക് തോന്നി. ഇനി എന്തുവേണമെന്ന് അയാള്‍ ആലോചിച്ചു. നാണുമാമയുടെ വീട്ടിലേക്ക് പോയാലോ എന്ന തോന്നല്‍ മനസ്സിലെത്തി.


പുഴയോട് കിന്നാരവുംപറഞ്ഞ് നീണ്ടുനിവര്‍ന്ന് കിടക്കുന്ന പാതയിലൂടെ നടന്നു. കരകവിഞ്ഞൊഴുകിയ പുഴ കൂട്ടുകാരനെ ചെമ്മണ്ണ് പൂശിയിട്ടാണ് ഇറങ്ങിപോയത്. മണ്ണുറോഡിലെ ചെറിയ കുഴികളിലെല്ലാം ചളിവെള്ളം നിറഞ്ഞിരിക്കുന്നു.


കൂനന്‍ പാറയുടെ ചുവട്ടിലെത്തുമ്പോഴേക്കും മഴ ചാറിത്തുടങ്ങി. വേണു കുട നിവര്‍ത്തി.  കരിമ്പാറയിലൂടെ ചെറിയ നീര്‍ച്ചാലുകളായി മഴവെള്ളം  കീഴോട്ട് ഉരുതി കളിക്കുകയാണ്. ഒരുകുടന്ന വെള്ളവുമായിവന്ന കാറ്റ് വേണുവിന്‍റെ മുഖംകഴുകി കടന്നുപോയി.


പടിതുറന്ന് അകത്തേക്ക് കയറി. ഉമ്മറത്ത് ആരേയും കാണാനില്ല. ഒന്നു ചുമച്ച് ശബ്ദമുണ്ടാക്കി. അകത്തുനിന്നും സരോജിനി വാതില്‍ക്കലെത്തി,


''അച്ഛാ, വേണ്വോട്ടന്‍''നിധികിട്ടിയ സന്തോഷം അവളുടെ വാക്കുകളില്‍ തുളുമ്പിനിന്നിരുന്നു. അകത്തുനിന്നും നാണുനായരെത്തി. മേലാകെ മൂടി പുതച്ചിരിക്കുന്നു.


''നീയെന്താ മുടി മുഴുവന്‍ ക്ഷൌരം ചെയ്ത് കളഞ്ഞത്''എന്നയാള്‍ ചോദിച്ചു, വെള്ളം വെടിയാനായി പിള്ളക്കോലായില്‍ നനഞ്ഞ കുട വെച്ചിട്ട് വേണു അകത്തേക്ക് കയറി.


തിരുപ്പതിയിലേക്ക് ഓര്‍ക്കാപ്പുറത്ത് യാത്ര പോയതും, തലത്തലേന്നാള്‍ ഓപ്പോളുടെ വീട്ടിലെത്തിയതും, തലേദിവസം കളപ്പുരയിലേക്ക് താമസം മാറിയതും എല്ലാം വേണു വിവരിച്ചു,


''ഒക്കെ ഞങ്ങളറിഞ്ഞു''നാണുനായര്‍ പറഞ്ഞു''രാവിലെ  കുപ്പന്‍കുട്ടീം ഞാനുംകൂടി വക്കീലിനെ കാണാന്‍ ചെന്നിരുന്നു. അപ്പൊ വേണു താമസം മാറ്യേകാര്യം അയാള് പറഞ്ഞു. ഞങ്ങള് പത്മിനിയമ്മെ ചെന്ന് കാണും ചെയ്തു''. 


''നാണുമാമ എന്താ പുതച്ചിരിക്കുണത്''.


''വയ്യാ എന്‍റെ അപ്പേ. പോയി വന്നപ്പൊ ഒരുകുളിര്''.


സരോജിനി ചായയുമായി എത്തി. സംഭാഷണത്തിന്നിടയില്‍ എഴുത്തശ്ശന്‍ കാണാനെത്തിയ കാര്യം വേണു പറഞ്ഞു.


''കുപ്പന്‍കുട്ടി പറയ്യേണ്ടായി. നല്ല തന്‍റേടൂള്ള ആളാണ് ആ മനുഷ്യന്‍''നായര്‍ കൂട്ടുകാരനെക്കുറിച്ച് വിസ്തരിച്ചു''കൊല്ലുംന്ന് പറഞ്ഞ് ഒരാള് വന്നാല്‍ പറ്റുംച്ചാല്‍ ചെയ്തോ എന്നു പറയുണ പ്രകൃതം''. 


തുടര്‍ന്ന് എഴുത്തശ്ശന്‍റെ കഥ മുഴുവന്‍ അനാവരണംചെയ്തു. സമയം കടന്നുപോയത് ആരും അറിഞ്ഞില്ല. 


''ഇനി ഊണ് കഴിച്ചിട്ട് പോരേ വര്‍ത്തമാനം''എന്നുപറഞ്ഞ് സരോജിനി വന്നു. 


പുല്ലുപായ മടക്കിയിട്ട് ആണുങ്ങള്‍ ഉണ്ണാനിരുന്നു. സരോജിനി വിളമ്പിയിട്ട് മാറിനിന്നു.


 ''കൂട്ടാനൊക്കെ വേണ്വോട്ടന് ഇഷ്ടായിട്ടുണ്ടാവില്ല''അവള്‍ പറഞ്ഞു.


''നന്നായിട്ടുണ്ട്. ഒന്നാന്തരം കൂട്ടാന്‍''


സരോജിനിക്ക് മനസ്സ് നിറഞ്ഞു. ഇന്നലെ രാത്രി ഭക്ഷണത്തിന്ന് എന്താ കിട്ടിയത് എന്നവള്‍ അന്വേഷിച്ചു. രാത്രിയും കാലത്തും ചാമി ഭക്ഷണം എത്തിച്ച കാര്യം വേണു പറഞ്ഞു.


''വേണ്വോട്ടന്‍ അങ്ങിനെ കഷ്ടപ്പെടണ്ടാ. ഞാന്‍ സമയത്തിന് ഒക്കെ ഉണ്ടാക്കി തരാം''


അതൊക്കെ ബുദ്ധിമുട്ടാവുമെന്ന് വേണു പറഞ്ഞു. പോരാത്തതിന് കൂടെ ചാമിയുണ്ട്. എഴുത്തശ്ശനും കൂടെ കൂടാമെന്ന് പറയുന്നുണ്ട്.


അതൊന്നും സാരമില്ല. എല്ലാരുക്കും വേണ്ട ആഹാരം ഉണ്ടാക്കാന്‍ തനിക്ക് സന്തോഷമേയുള്ളു എന്ന് സരോജിനി അറിയിച്ചു. വണ്ടിപ്പുര പണിയുന്ന സമയത്ത് എഴുത്തശ്ശന്‍ ഉണ്ണാന്‍ വന്നിരുന്നകാര്യം നാണുനായരും പറഞ്ഞു. എന്നിട്ടും വേണു ഒന്നും പറഞ്ഞില്ല.


''ഞങ്ങള്‍ പാവങ്ങളായതോണ്ടാവും വേണ്വോട്ടന്‍ മടി കാണിക്കുണത്  അല്ലേ''സരോജിനി ചോദിച്ചു. അവളുടെ വാക്കുകള്‍ തേങ്ങലുപോലെ അയാള്‍ക്ക് തോന്നി.


''നിനക്ക് വേണ്ടി കഷ്ടപ്പെടാന്‍ ബാദ്ധ്യത ഉള്ളോരല്ലേ ഞങ്ങള്''നാണുനായര്‍  കൂടി ചോദിച്ചതോടെ വേണുവിന്ന് വാക്കുകള്‍ ഇല്ലാതായി.


സരോജിനിക്ക് വിഷമമില്ലെങ്കില്‍ തനിക്ക് വിരോധമൊന്നുമില്ലെന്നും മഴക്കാലം കഴിഞ്ഞാല്‍ ഇവിടെവന്ന് കഴിച്ചുപോകാമെന്നും അതുവരെ ചാമി വന്ന് വാങ്ങിക്കൊണ്ട് വരുമെന്നും വേണു പറഞ്ഞു.


ഇത് വിലയായി കാണരുത്, സാധനങ്ങള്‍ വാങ്ങിച്ചോളൂ എന്നു പറഞ്ഞ് വേണു കുറച്ചുനോട്ടുകള്‍ നാണുനായരുടെ നേരെനീട്ടി.


''ഒക്കെ അവളുടെ കയ്യില്‍ കൊടുത്തോ. നെനക്ക് കൊടുക്കാനും അവളക്ക് വാങ്ങാനും അധികാരൂണ്ട്''അയാള്‍ പറഞ്ഞു. 


വേണു സരോജിനിയുടെ കയ്യില്‍ പണംകൊടുത്തു. അതുവാങ്ങി കണ്ണോടു ചേര്‍ത്തു പിടിച്ചശേഷം അവള്‍ വേണുവിന്‍റെ കാലുതൊട്ട് വന്ദിച്ചു.


''ഞാന്‍ ഇറങ്ങ്വാണ്. കാലത്തും ഉച്ചയ്ക്കും ചാമി ഇവിടെ വന്ന് ഭക്ഷണം വാങ്ങിക്കൊണ്ട് പോകും. രാത്രി ഞങ്ങള് മൂന്നാളുംകൂടി കഞ്ഞിവെച്ചു കുടിച്ചോളാം''.


''ഒക്കെ നിന്‍റെ ഇഷ്ടം പോലെ''.


''വേണ്വോട്ടന് രാവിലെക്ക് എന്താ ഉണ്ടാക്കേണ്ടത്''സരോജിനി തിരക്കി.


എന്ത് ഉണ്ടാക്കി കൊടുത്തയച്ചാലും താനത് സന്തോഷത്തോടെ കഴിക്കും എന്ന് വേണു പറഞ്ഞത് അവളെ ആനന്ദിപ്പിച്ചു.


''മണി മൂന്നാവാറായി. ഇനി ഞാന്‍ ചെല്ലട്ടെ''വേണു കുടയും എടുത്ത് ഇറങ്ങി.


അദ്ധ്യായം40.


രാധകൃഷ്ണന്‍ യാത്രകഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കേട്ട വിവരങ്ങള്‍ അയാളെ വല്ലാതെ അമ്പരപ്പിച്ചു. കാരണവര്‍ നടുപ്പാടത്ത് പുതിയൊരു വണ്ടിപ്പുരയും തൊഴുത്തും ഉണ്ടാക്കി അതില്‍ താമസം ആയിക്കഴിഞ്ഞു. കേട്ടാല്‍ കേട്ടവരൊക്കെ അച്ഛന്‍റെ കൊള്ളരുതായ്മയേയും പേരക്കുട്ടിയും മരുമകളും വയസ്സായ ആളോട് മോശമായി പെരുമാറിയതിനേയും കുറ്റം പറയുന്നുണ്ട്. ചിലരൊക്കെ മുഖത്തുനോക്കി നിങ്ങളൊക്കെ മനുഷ്യന്‍റെ വര്‍ഗ്ഗത്തില്‍പ്പെട്ടവരാണോ എന്ന് ചോദിക്കുകയുണ്ടായി. നാട്ടുകാരുടെ കണ്ണില്‍ മൂന്നുപേരും പരമദുഷ്ടരാണ്. ഏതായാലും ഇനിയൊരിക്കലും നാട്ടില്‍ തലയുയര്‍ത്തിനടക്കാന്‍ പറ്റില്ല. സംഗതികള്‍ അത്രകണ്ട് വഷളായി  എന്ന് അവന് ബോദ്ധ്യമായി.


മകനെത്തിയത് വേലായുധന്‍കുട്ടിക്ക് കുറച്ചൊരു മനസ്സമാധാനമായി. ഇനിമുതല്‍ തന്‍റെ ഭാഗം കേള്‍ക്കാന്‍ മകനെങ്കിലും കൂടെ ഉണ്ടല്ലോ എന്ന ആശ്വാസത്തിലാണ് അയാള്‍. 


''എന്തൊക്ക്യാണ് അച്ഛാ ഞാനീ കേള്‍ക്കുണത്''മില്ലിലും പണിസ്ഥലത്തും ചുറ്റിത്തിരിഞ്ഞ് വൈകുന്നേരമെത്തിയ മകന്‍ അയാളോടുചോദിച്ചു''ആ വയസ്സന്‍ ഒറ്റയ്ക്ക് താമസം തുടങ്ങ്യേത്രേ. ഇതുവരെ നിങ്ങള് അയാളെപ്പറ്റി എന്തെങ്കിലും അന്വേഷിച്ച്വോ''.


കൃഷ്ണനുണ്ണി മാസ്റ്ററും രാഘവനുംകൂടി അച്ഛനെ കാണാന്‍ചെന്നതും, അച്ഛന്‍ അവരോടു പറഞ്ഞ വര്‍ത്തമാനവും ഒക്കെ അയാള്‍ മകനെ അറിയിച്ചു.


''എന്നിട്ട് അച്ഛനെന്താ നിശ്ചയിച്ചത്''രാധാകൃഷ്ണന്‍ അന്വേഷിച്ചു.


''ഞാനെന്താ ചെയ്യാ. നിന്‍റെ അമ്മ ഒരേവാശീലാണ്. മുത്തശ്ശന്‍ ഇവിടെ വന്ന് മാപ്പുപറയാണ്ടെ അങ്ങോട്ടില്ല എന്നാ ഇപ്പഴും പറയുണത്''.


''ഈ അമ്മക്ക് പ്രാന്താ. അതുംപറഞ്ഞുംകൊണ്ടിരുന്നാല്‍ ഇരിക്ക്യേന്നേ ഉണ്ടാവൂ''.


''പിന്നെ ഞാനെന്താ വേണ്ടതേന്ന് നീതന്നെ പറ''.


താന്‍ അമ്മയോട് ഇതേക്കുറിച്ച് സംസാരിച്ചോളാമെന്നും, ബന്ധുവീട്ടില്‍ അധികദിവസം കഴിയുന്നത് വിലകുറഞ്ഞ ഏര്‍പ്പാടാണെന്നും, കൂട്ടുകാര്‍ മുഖാന്തിരം അച്ഛന്‍ ഒരു രശീതി ഒപ്പിട്ടുകൊടുത്ത് വീടിന്‍റെ താക്കോല്‍ വാങ്ങണമെന്നും, വിളിക്കുമ്പോള്‍ കൂടെവരാന്‍ അമ്മ തയ്യാറായില്ലെങ്കില്‍ അവരെ ഇവിടെ വിട്ടിട്ട് നമ്മള്‍ രണ്ടാളുംപോകുമെന്നും രാധാകൃഷ്ണന്‍ വേലായുധന്‍കുട്ടിയോട് തന്‍റെ തീരുമാനം അറിയിച്ചു. മകന്‍ അമ്മയോട് പിന്നീട് ഈ കാര്യങ്ങള്‍ സംസാരിച്ചു. 


''എന്‍റെ പേര് മാധവീന്നാണെങ്കില്‍ അയാള് വന്ന് തെറ്റുപറഞ്ഞല്ലാണ്ടെ ഞാനിനി അങ്ങോട്ടില്ല''മാധവി തറപ്പിച്ചുപറഞ്ഞു.


''നിങ്ങള്‍ക്ക് ശുദ്ധ നൊസ്സാണ്. അയാള് വേറെ വണ്ടിപ്പുര ഉണ്ടാക്കി അങ്ങോട്ട് താമസം മാറി. നമ്മളെ ആരേയും കാണണ്ടാന്നാ അയാള് പറയുണത്. പിന്നെ നിങ്ങളെ വന്നുകണ്ട് കാല് പിടിക്കാന്‍ വേറെ വല്ലോരീം നോക്കണം''. അങ്ങിനെയാണെങ്കില്‍ താന്‍ വരില്ലാ എന്ന്   മാധവി പറഞ്ഞതോടെ മകന്‍റെ ഭാവംമാറി.


''നിങ്ങള്‍ക്ക് പണ്ടേ കുറച്ചുകൂടുതലുണ്ട്. അത് അച്ഛന്‍റെ കൊള്ളരുതായ്മ കൊണ്ടാണ്. അടിച്ച് ഏപ്പക്കുറ്റിമൂളിച്ചാല്‍ നിങ്ങടെ സൂക്കട് നില്‍ക്കും. ആ പാവത്തിന് അതിന്ന് കഴിവില്ല. അതാണ് നിങ്ങള്‍ ഇത്ര മേപ്പട്ട് പോണത്. ഒരുകാര്യം ഞാന്‍ പറയാം. താക്കോല് വാങ്ങി ഞാന്‍ അച്ഛനേം കൂട്ടി അങ്കിട്ട് പോവും . അമ്മാമന്‍മാരുടെ സൌജന്യത്തില്‍കൂടാന്‍ എന്നെ കിട്ടില്ല''.


''പിന്നെ ഞാനെന്താ വേണ്ടത്''


''വേണച്ചാല്‍ ഞങ്ങടെകൂടെ അങ്കിട്ട് വരാം. അല്ലെങ്കിലോ ഇവിടെ തന്നെ കൂടിക്കോളിന്‍. അവരവിടുന്ന് ആട്ടിവിടുമ്പോള്‍ അങ്കിട്ട് പോന്നോളിന്‍. എപ്പഴായാലും ഇനി അങ്കിട്ട് വന്നാലും ഇതുവരെ കഴിഞ്ഞതുപോലെ കഴിയാനൊന്നും പറ്റില്ല. ഞാന്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അത് അനുസരിച്ച് അടങ്ങിഒതുങ്ങി കഴിഞ്ഞോളണം. വെറുതെ നാട്ടുകാരുടെ മുമ്പില് നാണംകെട്ട് നില്‍ക്കാന്‍ എന്നെക്കൊണ്ടാവില്ല''.


''പിന്നെ പിന്നെ''എന്ന് ഗമയില്‍ പറഞ്ഞുവെങ്കിലും മറ്റൊരുമാര്‍ഗ്ഗവും തന്‍റെ മുമ്പിലില്ലെന്ന് മാധവിക്കുബോദ്ധ്യമായി. മകനന്ന് അച്ഛനോടും  അറത്തുമുറിച്ച് സംസാരിച്ചു.


''സത്യം പറഞ്ഞാല്‍ എനിക്കിപ്പൊ നിങ്ങടെ അച്ഛനോട് ബഹുമാനമാണ് തോന്നുണത്. അയാള് ഈ എണ്‍പത്താറാമത്തെ വയസ്സിലും ആണത്തം കാട്ടി. അങ്ങേര്‍ക്ക് എങ്ങനെ നിങ്ങളെപോലൊരു മണ്ണുണ്ണി ഉണ്ടായീന്നാ എന്‍റെ സംശയം''.


വേലായുധന്‍കുട്ടി തലതാഴ്ത്തി. മകനാണെങ്കിലും കാര്യംപറയുമ്പോള്‍ അംഗീകരിക്കണം. തന്‍റേടത്തോടെ പെരുമാറേണ്ട സമയത്തൊക്കെ താന്‍ തികഞ്ഞ പരാജയമായിരുന്നു. ഭാര്യയോടുള്ള അമിതമായ സ്നേഹം അവളെ എതിര്‍ക്കുന്നതില്‍നിന്ന് വിലക്കി.


''ഞാന്‍ അച്ഛനെ വേദനിപ്പിക്കാന്‍ പറയുണതല്ല'' രാധാകൃഷ്ണന്‍ പറഞ്ഞു   ''ഭാര്യേം  മക്കളേം  ഒരു ലെവലില്‍ നിര്‍ത്തണം. അല്ലെങ്കില്‍ അവര് തലേല്‍ കേറി ഭരിക്കും. അത് കണ്ടിട്ട് കണ്ടില്ലാന്ന് നടിക്കണ്ടി വരുംചെയ്യും''.


അന്നുതന്നെ രാധാകൃഷ്ണന്‍ രാഘവനേയും കൃഷ്ണനുണ്ണിമാസ്റ്ററേയും ചെന്നുകണ്ടു. പിറ്റേന്ന് താന്‍ അച്ഛനെക്കൊണ്ട് രശീതി ഒപ്പിട്ടുവാങ്ങി കൊണ്ടുവരാമെന്നും, വീടിന്‍റെ താക്കോല്‍ വാങ്ങിത്തരണമെന്നും അവന്‍ ആവശ്യപ്പെട്ടു. ഇവന്‍ ആള് മോശക്കാരനല്ലെന്ന് ഇരുവര്‍ക്കും തോന്നി.


**********************


പിറ്റേന്ന് ഉച്ചയ്ക്കുമുമ്പന്നെ വേലായുധന്‍കുട്ടി ഒപ്പിട്ട രശീതിയുമായി രാധാകൃഷ്ണന്‍ രാഘവനെ സമീപിച്ചു. അയാളത് വായിച്ചുനോക്കി.


''ഇതിന്‍റെ ഒന്നും ആവശ്യൂണ്ടായിരുന്നില്ല. നിങ്ങളടെ പോക്കണക്കേട് കൊണ്ടാ ഇതൊക്കെ വേണ്ടിവന്നത്''രാധാകൃഷ്ണന്‍ അത് സമ്മതിച്ചു.


''ഞങ്ങള്‍ക്കും അപ്പനും അമ്മേം ഭാര്യേം ഒക്കീണ്ട്. എന്തെങ്കിലും കുഴപ്പൂം ഉണ്ടോ. ഇല്ല. ഒക്കെ ഓരോരുത്തരുടെ സ്ഥാനത്ത് അവരവരെ വെക്കണം. വേലായുധന്‍കുട്ടിക്ക് അതറിയില്ല''. മേലാല്‍ എല്ലാറ്റിലും തന്‍റെ കണ്ണും ശ്രദ്ധയും ഉണ്ടായിരിക്കുമെന്ന് രാധാകൃഷ്ണന്‍ അറിയിച്ചു.


''എങ്കില്‍ നിങ്ങള്‍ക്കന്നെ നല്ലത്''. കിട്ടുണ്ണിമാഷേയുംകൂട്ടി എഴുത്തശ്ശനെ ചെന്നുകണ്ട് താക്കോല് വാങ്ങാമെന്നും നാലുമണിക്കുശേഷം വന്ന് താക്കോല് വാങ്ങിപൊയ്ക്കോ എന്നും പറഞ്ഞ് രാഘവന്‍ അവനെ അയച്ചു. 


പറഞ്ഞ സമയത്തന്നെ രാധാകൃഷ്ണന്‍ ഹാജരായി. അതിന്നുമുമ്പുതന്നെ രാഘവനും കിട്ടുണ്ണിമാഷുംകൂടി എഴുത്തശ്ശനെ ചെന്നുകണ്ടിരുന്നു. രശീതി വാങ്ങി മടക്കി അയാള്‍ പഴയൊരു ട്രങ്ക്പെട്ടിക്കുള്ളില്‍ വെച്ചു. അതില്‍ സൂക്ഷിച്ചുവെച്ചിരുന്ന താക്കോലെടുത്ത് മദ്ധ്യസ്ഥരെ ഏല്‍പ്പിച്ചു.


''ഞങ്ങളെന്തെങ്കിലും പറയാനോ ചെയ്യാനോ ഉണ്ടോ''രാഘവന്‍ ചോദിച്ചു.


''ഉണ്ട്''എഴുത്തശ്ശന്‍ പറഞ്ഞു''നാളെ മേലാലിക്ക് കഴിഞ്ഞതൊക്കെ മറന്ന് ലോഹ്യത്തിലാവണംന്നുപറഞ്ഞ് ആരും എന്‍റടുത്ത് വരരുത്''.


''ശരി ആ കാര്യം ഞങ്ങള്‍ വേലായുധന്‍കുട്ട്യോട്പറഞ്ഞോളാം''കിട്ടുണ്ണി മാഷ് പറഞ്ഞു''നിങ്ങള്‍ക്ക് ഞങ്ങളോട് അലോഹ്യം ഒന്നും ഇല്ലല്ലോ''.


''എന്തിന്. അലോഹ്യം തോന്നാന്‍ നിങ്ങള് എന്നെ വേണ്ടാത്തത് പറയ്യേ, എന്‍റെ മുതല് തട്ടിപ്പറിച്ചെടുക്ക്വേ ഒന്നും ഉണ്ടായിട്ടില്ലല്ലോ. പിന്നെന്തിനാ എനിക്ക് നിങ്ങളോട് അലോഹ്യം''അയാള്‍ തുടര്‍ന്നു''നിങ്ങള് രണ്ടാളും ചെറുപ്പാണ്. അതോണ്ട് നിങ്ങളടെ നല്ലതിന്നുവേണ്ടി ഞാന്‍ ഒരുകാര്യം പറയ്യാണ്. നാളെ മേലാല്‍ ആര്‍ക്കെങ്കിലുംവേണ്ടി മദ്ധ്യസ്ഥം പറയാന്‍ പുറപ്പെടുംമുമ്പ് രണ്ടുഭാഗത്തും ഉള്ളോരെപ്പറ്റി നല്ലോണം മനസ്സിലാക്കി വെക്കണം. അല്ലാതെ ആണുംപെണ്ണുംകെട്ടോരുടെ വക്കാലത്തുംകൊണ്ട് ആണുങ്ങളുടെ അടുത്ത് ചെല്ലരുത്''. 


രണ്ടുപേര്‍ക്കും മുഖത്ത് അടിയേറ്റതുപോലെയായി. ഒന്നും മിണ്ടാതെ അവര്‍ ഇറങ്ങിനടന്നു


 ''നിങ്ങളുടെ കുടുംബകാര്യം പറഞ്ഞ് ഇനിയൊരിക്കലും നീ ഇങ്ങോട്ട് വരരുത്''താക്കോല്‍ രാധാകൃഷ്ണനെ ഏല്‍പ്പിച്ച രാഘവന്‍ തറപ്പിച്ചു പറഞ്ഞു.


താക്കോലുമായി ചെന്നതും വീട്ടിലേക്ക് പോവാന്‍ ഒരുങ്ങിക്കൊള്ളാന്‍ രാധാകൃഷ്ണന്‍ അച്ഛനോടും അമ്മയോടും പറഞ്ഞു.


''ഇന്ന് ഇപ്പൊ നേരം ഇത്ര്യായില്ലേ. തൃസന്ധ്യനേരത്ത് ഞാന്‍ ഇവിടുന്ന് ഇറങ്ങില്ല''മാധവി പറഞ്ഞു.


''നിങ്ങള് നേരൂം മുഹൂര്‍ത്തൂം ഒക്കെനോക്കി സൌകര്യംപോലെ വന്നാ മതി. ഞാന്‍ ഇപ്പൊ അങ്കിട്ട് പോവും''തിരിഞ്ഞ് വേലായുധന്‍കുട്ടിയെ നോക്കി''നിങ്ങള് അച്ചിവീട്ടില്‍ കൂടുണൂച്ചാല്‍ കൂടിക്കോളിന്‍. അല്ലെങ്കിലോ ഈ നിമിഷം എന്‍റൊപ്പം ഇറങ്ങണം''. വേലായുധന്‍കുട്ടി അകത്തുചെന്ന് തന്‍റെ സാധനങ്ങളടങ്ങിയ ബാഗുമായി തിരിച്ചെത്തി. 


''ഒരുമിനുട്ട് നില്‍ക്കിന്‍. ഞാനും പോരുണൂ''അച്ഛനും മകനും പടവുകള്‍ ഇറങ്ങുമ്പോള്‍ മാധവി പറഞ്ഞു. ഇതെല്ലാംനോക്കിക്കൊണ്ട് അമ്മാമന്മാര്‍ പൂമുഖത്തിരിപ്പുണ്ട്. രാധാകൃഷ്ണന്‍ അവരുടെ അടുത്തേക്കുചെന്നു.


''ഞങ്ങടെ വീട്ടില്‍ പല പ്രശ്നങ്ങളും ഉണ്ടാവും. അപ്പഴൊക്കെ അമ്മ ചാടിപുറപ്പെട്ട് ഇങ്കിട്ട് പോന്നാല്‍ അവരടെ മുമ്പില്‍ നിങ്ങള്‍ പടികൊട്ടി അടക്കണം. കെട്ടിച്ചുവിട്ട പെണ്ണിന് പിന്നെ തറവാട്ടില്‍ സ്ഥാനം ഇല്യാന്ന് അറിയാലോ. വരുമ്പഴൊക്കെ സ്വീകരിക്കാന്‍ നിന്നാല്‍ പെങ്ങള് ഒത്ത കൂത്ത്പോലെ നടക്കും''. ആരും ഒന്നും പറഞ്ഞില്ല. മാധവി ഇറങ്ങിവന്ന് കാറില്‍ കയറി. വേലായുധന്‍കുട്ടിയുടെ കയ്യില്‍നിന്നും താക്കോല്‍ വാങ്ങി രാധാകൃഷ്ണന്‍ കാര്‍ സ്റ്റാര്‍ട്ടാക്കി. വാഹനം മുന്നോട്ട് നീങ്ങിയപ്പോള്‍ ഒരു ചിരി അവന്‍റെ ചുണ്ടില്‍പടര്‍ന്നു. വേലായുധന്‍കുട്ടി മുമ്പിലെ സീറ്റില്‍ ചാരി കിടന്നു. വലിയൊരു ഭാരം മനസ്സില്‍നിന്ന് ഇറക്കിവെച്ചതുപോലെ അയാള്‍ക്ക് തോന്നി.


കാറിന്‍റെ ചില്ലില്‍വീണു പൊട്ടിച്ചിതറുന്ന മഴത്തുള്ളികളെ വൈപ്പര്‍ തട്ടി മാറ്റിക്കൊണ്ടിരുന്നു.


Comments