അദ്ധ്യായം 61-70
അദ്ധ്യായം - 61.
വിസ്മയങ്ങള്‍ നിറച്ച ചെപ്പ് തുറന്നുവെച്ചാണ് ക്ഷേത്രത്തിലെ ദേവപ്രശ്നം അവസാനിച്ചത്.ദേവന്‍റെ അനിഷ്ടം,ക്ഷേത്രകാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ വരുത്തിയ ലോപങ്ങള്‍, അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ജ്യോതിഷത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിശകലനംചെയ്യുന്നതാണ് ദേവപ്രശ്നം എന്നാണ് എല്ലാവരും കരുതിയത്.
''ഇങ്ങന്യോക്കെ പറയുംന്ന് ഞാന്‍ സ്വപ്നത്തില്‍കൂടി വിചാരിച്ചിട്ടില്ല'' നാണുനായര്‍ തന്‍റെ മനസ്സില്‍ തോന്നിയത് തുറന്നുപറഞ്ഞു.
''എന്തായാലും അവരെ സമ്മതിക്കണം''രാജന്‍ മേനോന്‍ പറഞ്ഞു''ഈ സ്ഥലത്തിന്‍റെ ചരിത്രമാണ് കഴിഞ്ഞ മൂന്നുദിവസംകൊണ്ട് അനാവരണം ചെയ്തത്''.
ദേവപ്രശനം കഴിഞ്ഞതിന്‍റെ പിറ്റേന്നുകാലത്ത് പ്രശ്നത്തില്‍ പറഞ്ഞ കാര്യങ്ങളെ അവലോകനം ചെയ്യാനായി അമ്പലമുറ്റത്ത് പ്രവര്‍ത്തകര്‍ ഒത്തുകൂടിയതാണ്.
''പറഞ്ഞതെല്ലാം നമ്മളെല്ലാവരും കേട്ടതാണ്. ഇനി പുതുതായി വല്ലതും ഉണ്ടോ പറയാനായിട്ട്''റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ ഗോപാലമേനോന്‍ ചോദിച്ചു.
''പണിക്കന്മാര് പറയുണതൊക്കെ എല്ലാരും കേട്ടോണ്ടിരുന്നു. ഇടയ്ക്ക് ആരൊക്ക്യോ ചില സംശയങ്ങള്‍ ചോദിക്ക്വേണ്ടായി. അവരതിനൊക്കെ മറുപടി പറയും ചെയ്തു''പോസ്റ്റ് മാസ്റ്ററായി പിരിഞ്ഞ കൃഷ്ണന്‍കുട്ടി ഇടപെട്ടു''സത്യം പറഞ്ഞാല്‍ അതൊക്കെ എല്ലാരും അപ്പൊത്തന്നെ മറന്നിട്ടുണ്ടാവും''.
''ഓരോരുത്തരും തോന്ന്യേപോലെ ഓരോന്ന് പറയാന്‍ തുടങ്ങ്യാല്‍ പറ്റില്ല''സ്വാമിനാഥന്‍ പറഞ്ഞു''എല്ലാ കാര്യങ്ങളും മേനോന്‍സ്വാമി എഴുതീട്ടുണ്ട്. അതു വായിച്ചിട്ട് നമുക്ക് ഓരോന്നായി ചിന്തിക്കാം''.
''അതന്യാ ശരി. എന്നാലേ ഒന്നും വിട്ടുപോവാണ്ടിരിക്കൂ''എഴുത്തശ്ശനും പറഞ്ഞു. മേനോന്‍ ബാഗില്‍ നിന്നൊരു നോട്ടുപുസ്തകം എടുത്തു.
''ഇതില്‍ രാശിയും കാര്യങ്ങളും ഒന്നും ഞാന്‍ എഴുതിയിട്ടില്ല. അതെല്ലാം ജോത്സ്യന്മാരടെ ചാര്‍ത്തിലുണ്ട്. അവര്‍ പറഞ്ഞ കാര്യങ്ങളുടെ ചുരുക്കം മാത്രമേ ഇതില് എഴുതിയിട്ടുള്ളു''എന്ന മുഖവുരയോടുകൂടി മേനോന്‍ പറഞ്ഞുതുടങ്ങി.
''ഈ ക്ഷേത്രത്തിന്ന് ആയിരകണക്കിന്ന് കൊല്ലത്തെ പഴക്കമൊന്നും ഇല്ല. നശിച്ചുപോയ മറ്റൊരു ക്ഷേത്രത്തിന്‍റെ ദോഷങ്ങള്‍ മാറ്റാന്‍വേണ്ടി ആരോ ഉണ്ടാക്കിയ അമ്പലമാണ്ഇത്''മേനോന്‍ തലയുയര്‍ത്തി. ''ആ കാര്യങ്ങള്‍ വഴിയേ വായിച്ചുവരാനുണ്ട്.അതോ അത് ഇപ്പൊത്തന്നെ വായിക്കണോ''.
''അതൊക്കെ അതാത് സ്ഥലത്ത് എത്തുമ്പോള്‍ എല്ലാരും അറിഞ്ഞാ മതി'' കേള്‍വിക്കാരില്‍ ചിലര്‍ പറഞ്ഞതോടെ മേനോന്‍ വായന തുടര്‍ന്നു. ''ഈ ക്ഷേത്രത്തില്‍ വിപുലമായ രീതിയില്‍ ഉത്സവങ്ങളോ, ആഘോഷങ്ങളോ മുമ്പും നടത്തിയിട്ടില്ല''.
''ആ പറഞ്ഞത് ശര്യാണ്''എഴുത്തശ്ശന്‍ പറഞ്ഞു''എനിക്കിപ്പൊ വയസ്സ് എണ്‍പത്താറായി. ഉത്സവോ വേല്യോ ഒന്നും എന്‍റെ ഓര്‍മ്മേല് ഇവിടെ കണ്ടിട്ടില്ല''.
''ഈ ക്ഷേത്രത്തില്‍ ദേവീസാന്നിദ്ധ്യം ഉണ്ടെന്നു സങ്കല്‍പ്പിച്ച് മതില്‍കെട്ടിന്ന് വെളിയിലൊരുഭാഗത്ത് ഇലച്ചീന്തില്‍ ദേവിക്ക് നിവേദ്യം വെക്കാറുണ്ട് എന്നും, ഗതികിട്ടാതെ ക്ഷേത്രത്തില്‍ കൂടിയിട്ടുള്ള ചില പ്രേതാത്മാക്കള്‍ അത് അശുദ്ധമാക്കുന്നതിനാല്‍ അത് ദേവിക്ക് കിട്ടാതെ വരുന്നുണ്ടെന്നും അതിനാല്‍ ദേവിയുടെ അപ്രീതി ഉണ്ടെന്നും കാണുന്നു''.
''ഇതിനെപ്പറ്റി ആര്‍ക്കെങ്കിലും വല്ലതും അറിയ്വോ''ആരോ ചോദിച്ചു.
''എന്‍റെ ഓര്‍മ്മേലുള്ള ഒരുകാര്യം പറയാം''എഴുത്തശ്ശന്‍ പറഞ്ഞു''എന്‍റെ നല്ല പ്രായത്തില്‍ നടന്നതാ. അമ്പലകുളത്തില് കുളിക്കാന്‍വന്ന ഏതോ ഒരു പെണ്‍കിടാവിന് അപസ്മാരം ഇളകി കുളത്തില്‍വീണു. പിടിച്ചു കേറ്റാന്‍ ചാട്യേ അനുജത്തീം അവളും കുളത്തില് മുങ്ങിമരിച്ചു. പിന്നെ പണ്ടേതോ കാലത്ത് ഇവിടുത്തെ ഒരു വാരസ്യാര് കുട്ടീം പൂജക്കാരനും തമ്മില്‍ ചിറ്റം ഉണ്ടായീന്നോ, അബദ്ധം പറ്റി വയറ്റിലുണ്ടായപ്പൊ പെണ്ണ് മഞ്ഞറളിക്കായ അരച്ച് കുടിച്ച് തിടപ്പള്ളിടെ ഉള്ളില്‍ കെടന്ന് മരിച്ചൂന്നോ ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട്''.
''ഏതായാലും ആ പ്രേതങ്ങളെ വേര്‍പാട് ചെയ്യണം''.
''നമുക്കത് ഉടനെ ചെയ്യാം. വൈകിക്കണ്ടാ''സ്വാമിനാഥന്‍ അഭിപ്രായം പറഞ്ഞു.
''ഭാരതഖണ്ഡത്തിന്‍റെ ചെറിയ പതിപ്പാണ് ഈ സ്ഥലം. ഇവിടെ ഒമ്പത് ജലാശയങ്ങളുണ്ട്. ഫലഭൂയിഷ്ടമാണ് ഈ പ്രദേശം . എന്നാലും ഇവിടെ ജനങ്ങള്‍ താമസിക്കില്ല. അടുത്തകാലത്തായി മാറ്റങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങിയിട്ടുണ്ട്. ദേവന്‍റെ അനിഷ്ടങ്ങള്‍ ഇല്ലാതാവാനുള്ള സമയമായി. ചിലരൊക്കെ ഇവിടെ താമസിക്കാനും തുടങ്ങി. പക്ഷെ അവരൊന്നും ശരിയായ കുടുംബജീവിതം ഉള്ള ആളുകളല്ല''.
''പണിക്കന്മാരാരും ഈ കാര്യം വിസ്തരിച്ച് പറഞ്ഞുതന്നില്ല''ആരോ ഒരാള്‍ പ്രതികരിച്ചു
''ഞാന്‍ ഇതിനെക്കുറിച്ച് ഇന്നലെ രാത്രി മുഴുവന്‍ ആലോചിച്ചു. എനിക്ക് തോന്നിയ കാര്യങ്ങള്‍ പറയാം. ഈ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്'' മേനോന്‍ വായന നിര്‍ത്തി വിശദീകരിക്കാന്‍ തുടങ്ങി''ഇനി എല്ലാവരും ഈ സ്ഥലത്തിന്‍റെ കിടപ്പിനെക്കുറിച്ച് ഒന്ന് ആലോചിക്കിന്‍. ഒരുഭാഗത്ത് മുരുകമല. മറ്റുമൂന്ന് ഭാഗത്തേയും തൊട്ടുരുമ്മിക്കൊണ്ട് പുഴ ഒഴുകുണു. മലയുടെ ചോട്ടിന്ന് കിഴക്കോട്ട് ഒഴുകിവരുന്ന പുഴ വെള്ളപ്പാറകടവിന്‍റെ അടുത്തെത്തുമ്പോള്‍ പടിഞ്ഞാട്ടേക്ക് തിരിയും. പിന്നെ അത് ഒന്നരനാഴിക ചെല്ലുമ്പൊ വീണ്ടും കിഴക്കോട്ടാവും. ഇടയിലുള്ള നമ്മുടെ സ്ഥലത്തിന്ന് മാപ്പില്‍ കാണുണ ഭാരതത്തിന്‍റെ രൂപമല്ലേ. ആലോചിച്ച് നോക്കിന്‍''. അത് ശരിയാണെന്ന് മറ്റുള്ളവര്‍ക്ക് ബോദ്ധ്യമായി.
''ഒമ്പത് ജലാശയങ്ങള്‍ ഇവിടെയുണ്ടോ, മണ്ണിന്ന് ഫലപുഷ്ടിയുണ്ടോ എന്ന കാര്യങ്ങളൊക്കെ നമ്മടെ എഴുത്തശ്ശന്‍ പറയട്ടെ''.
''കനാല് വരുന്നതിന്ന് മുപ്പിട്ട് ഞാന്‍ ഈ കുളങ്ങളിലൊക്കെ ചെന്ന് വെള്ളം തിരിച്ചിട്ടുണ്ട്. പറഞ്ഞപോലെ ഒമ്പത് കുളങ്ങളുണ്ട് ഈ ഭാഗത്ത്. അതില് വലുത് മലടെ ചോട്ടിലുള്ള മായന്‍കൊളാണ്. കാട്ടിന്ന് മാന്‍കൂട്ടം ഇറങ്ങി അതിന്ന് വെള്ളം കുടിക്കും. പിന്നെപിന്നെ വെടിക്കാര് വന്ന് അവറ്റകളെ കൊന്നൊടുക്കി. ഒരുകാലത്തും ആ കുളത്തിലെ വെള്ളം വറ്റില്ല. അതിന്‍റെ ചോട്ടിലെ കണ്ടങ്ങളില്‍ മുന്നൂറ്റിയറുപത്തഞ്ച് ദിവസൂം വെള്ളം കാണും. പിന്നെ മണ്ണ്. പറയാനില്ല, അത് പൊന്ന് വിളയുണ മണ്ണാണ്''.
''ഇനി താമസിക്കുന്ന ആളുകളുടെ കാര്യം നോക്കിയാലോ'' മേനോന്‍ പറഞ്ഞു''പണ്ടുകാലത്ത് ആരെങ്കിലും ഈ ദിക്കില്‍ താമസിച്ചിട്ടുണ്ടോ''. ഇല്ലായെന്ന് എല്ലാവരും സമ്മതിച്ചു.
''ആരാണ് ഇവിടെ ആദ്യം താമസം തുടങ്ങ്യേത്''.
''ഞാന്‍ തന്നെ''എഴുത്തശ്ശന്‍ സമ്മതിച്ചു''പിന്നെ വേണൂം ചാമീം''.
''ഒടുക്കം ഞാനും കൂട്ടത്തില്‍കൂടീ അല്ലേ''മേനോന്‍ ചിരിച്ചു''പോരല്ലോ , വല്ലപ്പോഴും കേറി വരുന്ന മായന്‍കുട്ടികൂടി ഉണ്ടല്ലോ. ഇനി പറയിന്‍, ഇതില്‍ ആരാണ് മര്യാദയ്ക്ക് ഒരു കുടുംബമായി കഴിഞ്ഞുകൂടുന്നത്''. വിസ്മയം എല്ലാ മനസ്സുകളിലും ചേക്കേറി.
''നമ്മളാരും അത്രയ്ക്കൊന്നും കടന്ന് ചിന്തിച്ചിട്ടില്ല''സ്വാമിനാഥന്‍ പറഞ്ഞു''ആലോചിച്ചു നോക്കുമ്പൊ ഓരോന്നും അതിശയംതന്നെ''.
കുറച്ചുനേരത്തേക്ക് ആരും ഒന്നുംസംസാരിച്ചില്ല. രാജന്‍മേനോന്‍ ഒടുവില്‍ പുസ്തകത്തിലേക്കുതന്നെ മടങ്ങി.
ഈ ക്ഷേത്രത്തിന്ന് അഭിമുഖമായി നാലുകാതം അകലെയായി ചുറ്റുമുള്ള ഭാഗത്തേക്കാള്‍ പൊക്കംകൂടിയതും ആരും കടന്നുചെല്ലാതെ കിടക്കുന്നതും ആയ ഒരുസ്ഥലമുണ്ട്. ശിവന്‍റേയും വിഷ്ണുവിന്‍റേയും പ്രതിഷ്ഠകളുള്ള ക്ഷേത്രം അവിടെ ഉണ്ടായിരുന്നു. ആ ക്ഷേത്രം നശിപ്പിക്കുകയും നിരവധി പേരെ അവിടെവെച്ച് കൊന്നൊടുക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഏതോ കാലത്ത് ആ ദോഷം മനസ്സിലാക്കി പരിഹാരമായിട്ട് ഉണ്ടാക്കിയതാണ് ഈ അയ്യപ്പക്ഷേത്രം.
''വടക്കുമുറിഭാഗത്തുള്ള ചുടലകുന്നാണോ ആ സ്ഥലംന്ന് ചോദിച്ചപ്പൊ അതന്യാണെന്ന് പ്രശ്നത്തില്‍ തെളിഞ്ഞിരുന്നു''ദേവപ്രശ്നത്തിനിടെ താന്‍ ചൂണ്ടിക്കാണിച്ചതിനെ ജോത്സ്യന്മാര്‍ അംഗീകരിച്ചത് നാണുനായര്‍ ഓര്‍മ്മപ്പെടുത്തി.
''ഈ പറഞ്ഞപോലെ പടയോട്ടം ഉണ്ടായപ്പോള്‍ നശിച്ചതായിരിക്കാം ആ ക്ഷേത്രം. ഇങ്ങിനെയൊരു ക്ഷേത്രം ഉണ്ടാക്കാനുള്ള കാരണം അതാവും. ശിവനും വിഷ്ണുവിന്നും പകരം ശൈവ വൈഷ്ണവ സങ്കല്‍പ്പമായ അയ്യപ്പനെ പ്രതിഷ്ഠിച്ചതാവും''മേനോന്‍ നിഗമനത്തിലെത്തി .
''പടയോട്ടം ഉണ്ടായിട്ടുണ്ട്. അക്കരേല് പൊളിഞ്ഞ കുതിരലായത്തിന്‍റെ ബാക്കി കുറെകല്ല് കിടക്കുണുണ്ടല്ലോ. അത് പടയോട്ടകാലത്ത് നശിപ്പിച്ച ലായത്തിന്‍റെ തെളിവാണ്''കൃഷ്ണന്‍കുട്ടി ആ പറഞ്ഞതിനെ പിന്താങ്ങി.
''ചത്തകുട്ടിടെ ജാതകം നോക്കീട്ട് എന്താ കാര്യം. ഇനി ചെയ്യാനുള്ളത് ചെയ്യണം. അതാ എനിക്ക് പറയാനുള്ളത്''അതുവരെ മിണ്ടാതിരുന്ന ഉടമസ്ഥന്‍ നമ്പൂതിരി ആദ്യമായി തന്‍റെ അഭിപ്രായം അറിയിച്ചു.
''അതിന്ന് നമ്മളെല്ലാരും കുളിച്ച് ഈറനണിഞ്ഞ് വിളിച്ചു ചൊല്ലി പ്രായശ്ചിത്തം ചെയ്യണം. രണ്ടു ദേവന്മാര്‍ക്കും സ്വര്‍ണ്ണനാണയങ്ങള്‍ സമര്‍പ്പിക്കണം''മേനോന്‍ പറഞ്ഞുതുടങ്ങി''പിന്നെ എല്ലാരും ഉച്ചത്തില്‍ നാമം ജപിച്ച്, ദീപം തെളിയിച്ച് കയ്യില്‍പിടിച്ച് ക്ഷേത്രനടയ്ക്കല്‍നിന്നും ചുടലകുന്നുവരെ ചെല്ലണം. അവിടെ ഊണും ഉറക്കവും ഇല്ലാതെ തന്നെത്തന്നെ മറന്ന് അലയുന്ന ഒരുമനുഷ്യനെ കാണാനാവും. എങ്കിലേ നമ്മളുടെ ശ്രമത്തിന്ന് ഭഗവാന്‍റെ അനുഗ്രഹമുണ്ടെന്ന് ഉറപ്പിക്കാനാവൂ''.
''നമുക്കൊന്നും മനസ്സിലാവുണില്ല''ഉടമസ്ഥന്‍ നമ്പൂതിരി ഇടപെട്ടു'' അവിടെ ഈ പറഞ്ഞ മട്ടില് വല്ല സന്യാസീം ഉണ്ടാവ്വോ''.
''ചൊടലകുന്നില് മനുഷ്യര്‍ക്ക് കേറാന്‍പാടില്ലാന്നാ ചെറുപ്പംമുതലേ ഞാന്‍ കേട്ടിട്ടുള്ളത്. അവിടെ നിധിയുണ്ടെന്നോ അത് കാക്കാന്‍ തലേല് പൂവുള്ള സര്‍പ്പം കാവലുണ്ടെന്നോ ആരെങ്കിലും ചെന്നാല്‍ അത് വിഷം തെറിപ്പിച്ച് ഭസ്മമാക്കി മാറ്റുമെന്നോ ഒക്ക്യാണ് കേട്ടുകേള്‍വി'' ഗോപാലമേനോന്‍ പറഞ്ഞു.
''ആരെങ്കിലും അവിടെ ചെന്നൂന്ന് കേട്ടിട്ടുണ്ടോ''വേണു ചോദിച്ചു.
''പോലീസിനെ തപ്പിച്ച് ആരോ ഒരിക്കല്‍ അവിടെ ഒളിക്കാന്‍ ചെന്നൂന്നും അയാളെ പിന്നെ കാണാതായീന്നും ഒക്കെ കേട്ടിട്ടുണ്ട്. പോലീസുകാര് തല്ലി കൊന്ന് കത്തിച്ചതാണെന്നും മനുഷ്യന്മാര് പറഞ്ഞിരുന്നു''എഴുത്തശ്ശന്‍ ആ കാര്യത്തില്‍ തനിക്കുള്ള അറിവ് പങ്കുവെച്ചു.
''അതു കഴിഞ്ഞിട്ട് എത്രകാലം ആവുംന്നാ തോന്നുണത്''.
''കാലം ശ്ശി ആയിട്ടുണ്ട്. സ്വാതന്ത്ര്യംകിട്ടുണതിന്ന് പത്തമ്പത് കൊല്ലം മുന്നെ നടന്നതാണ് അതൊക്കെ. എനിക്കന്ന് പതിനഞ്ചോ പതിനാറോ വയസ്സാണ്''.
''അടുത്തതായി ദ്രവ്യസമര്‍പ്പണത്തിനെപറ്റി ആലോചിക്കണം. രണ്ടുസ്വര്‍ണ്ണ നാണയങ്ങള്‍ വേണം. അതിനെന്താ വഴി''.
''ഒരുപവന്‍ ഉടമസ്ഥന്‍ തരട്ടെ''എഴുത്തശ്ശന്‍ പറഞ്ഞു''ഒന്ന് കമ്മിറ്റിക്കാരും''
''അതു വേണ്ടാ. ഒന്ന് ഞാന്‍ തരാം''സ്വാമിനാഥന്‍ ആ കാര്യം ഏറ്റു.
അന്നു വൈകുന്നേരംതന്നെ ആ ചടങ്ങ് നടത്താമെന്നു തീരുമാനിച്ച് യോഗം പിരിഞ്ഞു.
**************************************
വൈകീട്ട് മടങ്ങിയെത്താമെന്നു പറഞ്ഞു പാലക്കാട്ടേക്ക് പോയ ഭര്‍ത്താവ് അരമണിക്കൂറിനകം തിരിച്ചെത്തിയപ്പോള്‍ രാധയ്ക്ക് എന്തോ പന്തികേട് തോന്നി.
''താനിവിടെ വാടോ''മുറ്റത്തുകെട്ടിയ അയയില്‍ തുണികള്‍ ഉണങ്ങാനിടുന്ന രാധയെ അയാള്‍ വിളിച്ചു.
''ഇതൊക്കെ ഇട്ടിട്ട് പോരേ''അവള്‍ ചോദിച്ചു.
''അതൊക്കെ പിന്നെ ഇടാന്നേ''. രാധ പണിനിര്‍ത്തി കയറിവന്നു. കിട്ടുണ്ണി പൂമുഖത്തെ ചാരുകസേലയില്‍ ഇരുന്നു, അതിന്‍റെ അടുത്തായി സ്റ്റൂളില്‍ രാധയും.
''കേട്ടില്ലേ വിശേഷം. ഒക്കെ തട്ടിപ്പാന്ന് ഞാനന്നേ പറഞ്ഞില്ലേ''
''എനിക്ക് മനസ്സിലായില്ല''.
''ഒക്കെ വിസ്തരിച്ചു പറയാടോ. ദേവപ്രശ്നത്തില്‍ ചുടലക്കുന്നിന്‍റെ മേലെ വിഷ്ണുവിനും ശിവനും ക്ഷേത്രം ഉണ്ടായിരുന്നു. ലഹളക്കാര് അതൊക്കെ നശിപ്പിച്ചു, നാട്ടുകാരെ അവിടെവെച്ച് കൊന്നു എന്നൊക്കെ പറഞ്ഞൂത്രേ''.
''അങ്ങിനെയൊക്കെ നടന്നു കാണ്വോ''.
''എവിടെ. ഇതൊക്കെ വെറും ചപ്പടാച്ച്യല്ലേ. നുണപറഞ്ഞു കൂട്ട്യാലേ കൈനിറയെ കാശ് കിട്ടൂ. പ്രശ്നം നോക്കാന്‍ വന്നോര്‍ക്ക് തിരിച്ച് നാല് ചോദ്യം ചോദിക്കാന്‍ പറ്റ്യേ ആരും ഇല്ലാന്ന് മനസ്സിലായിട്ടുണ്ടാവും''.
''മേനോനും വേണ്വോട്ടനും ഒക്കെ പഠിപ്പും അറിവും ഉള്ളോരല്ലേ''.
''നല്ല കഥ. കയ്യും പൊക്കി സിന്ദാബാദ് വിളിച്ചുനടന്ന ആളാണ് മേനോന്‍. മറ്റെ ആളടെ കാര്യം പറയണ്ടല്ലോ. മുട്ടേന്ന് വിരിയുംമുമ്പ് അന്യനാട്ടില്‍ ചെന്നതാ. ഇവിടുത്തെ വല്ലകാര്യൂം അയാള്‍ക്ക് അറിയ്വോ''. രാധ ഒന്നും പറഞ്ഞില്ല.
''ചുടലക്കുന്നിന്‍റെ കഥ നിനക്ക് ഞാന്‍ പറഞ്ഞു തരാം. എന്‍റെ കുട്ടിക്കാലത്ത് അമ്മ എനിക്കത് പറഞ്ഞുതന്നിട്ടുണ്ട്''.
''എന്താദ്''.
''പണ്ടേതോ മഹര്‍ഷി തപസ്സിരുന്ന സ്ഥലാണ് അതത്രേ. ഒരുദിവസം ഏതോ രാക്ഷസന്‍ ആ വഴി വരുമ്പൊ തപസ്സിരിക്കുന്ന മഹര്‍ഷ്യേ കണ്ടൂന്നോ, തിന്നാനായി അയാളെ പിടിച്ച് വായിലിട്ടൂന്നോ, തപസ്സിന്‍റെ ശക്തീല് രാക്ഷസന്‍ വെണ്ണീറായി മാറീന്നോ അവന്‍റെ ശരീരത്തിന്ന് മഹര്‍ഷി പുറത്തുകടന്നൂന്നോ ഒക്ക്യാണ് ഐതിഹ്യം. അവന്‍റെ ശരീരം വെണ്ണീറായത് കുമിഞ്ഞുകൂടീട്ട് കുന്നായീന്നും മഹര്‍ഷിടെ തപസ്സിന്‍റെ ചൂട് അവിടെ ഇന്നും ഉള്ളതോണ്ടാണ് ആരും അവിടെകേറി ചെല്ലാത്തത് എന്നുമാണ് സങ്കല്‍പ്പം. ഒന്ന് ആലോചിച്ച് നോക്കുമ്പോള്‍ അതല്ലേ ശരി''.
''പ്രശ്നത്തില്‍ പറഞ്ഞതന്ന്യാ ശരീന്ന് എനിക്ക് തോന്നുണു. മറ്റത് വെറുതെ കെട്ടികൂട്ട്യേ കഥ്യാവും''.
''അല്ലെങ്കിലും കുരുത്തംകെട്ട മൂധേവിക്ക് ഞാന്‍ പറഞ്ഞത് ബോധിക്കില്ല'' കിട്ടുണ്ണിക്ക് ദേഷ്യംവന്നു.
''ഞാനൊന്ന് ചോദിക്കട്ടെ. ആരെങ്കിലും ചുടലക്കുന്നിന്‍റെ മുകളിലിക്ക് കേറി ചെന്നാലോ''രാധ ചോദിച്ചു.
''ആ നിമിഷം ആ ആള് കരിഞ്ഞ് ഭസ്മാവും''.
''എന്നാല്‍ എനിക്കൊന്ന് കയറണം''.
''അതെന്തിനാ''.
''എളുപ്പത്തില്‍ ഈ നരകത്തിന്ന് രക്ഷപ്പെടാലോ''. മനസ്സിലാവാത്ത മട്ടില്‍ കിട്ടുണ്ണി രാധയെ ഒന്നുനോക്കി.
അദ്ധ്യായം - 62.
ഉച്ചതിരിഞ്ഞതും എത്തിക്കൊള്ളാമെന്ന് ഉറപ്പുപറഞ്ഞിട്ടാണ് യോഗം കഴിഞ്ഞശേഷം എല്ലാവരും പിരിഞ്ഞത്. എഴുത്തശ്ശനും നാണുനായരും വേണുവും മേനോനും കളപ്പുരയിലേക്ക് നടന്നു. വലിയവരമ്പത്തേക്ക് എത്താറായപ്പോള്‍ പുറകിലൊരു ഒച്ചകേട്ടു. ആരോ കൈകൊട്ടുന്നതാണ്. എല്ലാവരും നിന്നു. പുറകിലായി സ്വാമിനാഥന്‍ വേഗത്തില്‍ വരുന്നു.
''എന്തേ വല്ലതും മറന്ന്വോ''എഴുത്തശ്ശന്‍ ചോദിച്ചു.
''മറന്നിട്ടൊന്ന്വോല്ലാ. ഇത്തിരിനേരം നിങ്ങളോട് സംസാരിച്ചിരിക്കണംന്ന് തോന്നി''. അഞ്ചുപേരും കളപ്പുരയില്‍ എത്തി.
''എന്താ കുടിക്കാനെടുക്കേണ്ടത്''വേണു ചോദിച്ചു.
''ഓ, അങ്ങിന്യോന്നൂല്യാ. സ്നേഹത്തോടെ എന്തുകിട്ട്യാലും കുടിക്കും''.
''ഇവിടെ ഇഷ്ടംപോലെ തരാന്‍ അതു മാത്രേള്ളു''എഴുത്തശ്ശന്‍ പറഞ്ഞു.
''അതെനിക്ക് മനസ്സിലായി. മറ്റെല്ലാ സാധനൂം പണം കൊടുത്താല്‍ കിട്ടും. ആത്മാര്‍ത്ഥമായ സ്നേഹം മാത്രേ വാങ്ങാന്‍ കിട്ടാത്തതുള്ളു''വേണു അകത്തേക്ക് ചെന്ന് വെള്ളം തിളയ്ക്കാന്‍ വെച്ചിട്ട് തിരിച്ചുവന്നു.
''സത്യം പറഞ്ഞാല്‍ നിങ്ങള്യോക്കെ കാണാന്‍ തുടങ്ങ്യേതോടെ മനസ്സില്‍ എന്തോ ഒരിത്'' സ്വാമിനാഥന്‍ പറഞ്ഞു''നിങ്ങള്‍ എല്ലാരേയും വളരെ മുമ്പേ പരിചയപ്പെടണ്ടതായിരുന്നു എന്നൊരുതോന്നല്''.
''ഇതുതന്നെയാണ് ഞങ്ങള്‍ക്കും പറയാനുള്ളത്. പൊതുകാര്യത്തിന്ന് ഇറങ്ങുന്ന പലരും കയ്യിട്ട് വാരണം എന്ന ഉദ്ദേശം ഉള്ളോരായിട്ടാണ് കണ്ടു വരാറുള്ളത്. എന്നാല്‍ സ്വാമിനാഥന്‍ ആവശ്യപ്പെടാതെതന്നെ കയ്യയച്ച് പണം ചിലവഴിക്കുന്നു. അതുകണ്ടിട്ട് എനിക്ക് അത്ഭുതം തോന്നീട്ടുണ്ട്'' മേനോന്‍ സത്യം പറഞ്ഞു.
''അതൊന്നും അത്ര വല്യേകാര്യാക്കണ്ടാ. ഭഗവാന്‍ അറിഞ്ഞ് തന്നതിന്ന് കുറച്ചൊക്കെ നല്ലകാര്യത്തിന്ന് ചിലവാക്കുണൂന്ന് കരുത്യാ മതി''.
''ഒരുകാര്യം ചോദിച്ചാ എന്തെങ്കിലും തോന്ന്വോ''നാണുനായര്‍ ചോദിച്ചു.
''ഏയ്. ഇല്ല. എന്തായാലും ചോദിച്ചോളൂ''.
''പഴേ കെട്ടിടം പൊളിക്കുണ സമയത്ത് നിധി കിട്ടീട്ടുണ്ട്, അതാ ഇത്രകാശ് ചിലവാക്കുണത് എന്നൊക്കെ ആളുകള് പറഞ്ഞുകേക്കുണുണ്ട്. അതില്‍ എന്തെങ്കിലും വാസ്തവൂണ്ടോ''.
''ആനക്കാര്യത്തിന്‍റെ എടേലാ നിങ്ങടെ ഒരു ചേനക്കാര്യം. ഒരുകാര്യം പറഞ്ഞോണ്ടിരിക്കുണതിന്‍റെ എടേല് കേറി വേണ്ടാത്ത ഓരോന്ന് പറയാന്‍ നിക്കണ്ടാ''എഴുത്തശ്ശന്‍ നാണുനായരെ ശാസിച്ചുവെങ്കിലും സ്വാമിനാഥന്‍ ഒന്ന് ചിരിച്ചതേയുള്ളു.
''പഴയ തറവാടുകള് പൊളിക്കുണ സമയത്ത് ചിലര്‍ക്കൊക്കെ നിധി കിട്ടി എന്ന് ഞാനും പറഞ്ഞു കേട്ടിട്ടുണ്ട്''അയാള്‍ പറഞ്ഞു''ഒരിക്കല്‍ ഒരുമന പൊളിച്ചപ്പൊ തട്ടുപലകയ്ക്ക് മീതെ ഒരുനൂല് കനത്തില്‍ ചെമ്പ് പലക ഇട്ടിരുന്നത് കിട്ടി എന്നും അതോടെ മന പൊളിക്കാനായി വാങ്ങ്യേ ആള് കോടീശ്വരനായീന്നും വേറൊരു ശ്രുതീം ഉണ്ട്. അങ്ങിന്യോന്നും എനിക്ക് കിട്ടീട്ടില്ല. എന്നാലോ പ്രതീക്ഷിക്കാതെ ചിലത് കയ്യില്‍ തടഞ്ഞിട്ടൂണ്ട്''.
''അപ്പൊ നിങ്ങക്കും എന്തോകാര്യായിട്ട് കിട്ടിട്ടുണ്ട് അല്ലേ''നാണുനായര്‍ അടുത്തസംശയം ചോദിച്ചു.
''ഞാന്‍ പറഞ്ഞില്ലേ, എനിക്ക് നിധ്യോന്നും കിട്ടീട്ടില്ല. എന്നുവെച്ച് ലാഭം കിട്ടീട്ടില്ല എന്നല്ല. ചുരുങ്ങ്യേ കാശിന് വാങ്ങ്യേ ഒരു പത്തായപുരേല് മുഴുവന്‍ നല്ല കരിവീട്ടിടെ സാധനങ്ങളായിരുന്നു. അസ്സലൊരു കോളാണ് അന്ന് ഒത്തത്. പിന്നെ ഒരിക്കല്‍ പൊളിച്ച ഒരുവീട്ടിന്ന് കൊത്തുപണീള്ള ഒരുവാതില് കിട്ടി. അതു കൊടുത്തപ്പൊ ആ വീടിന്ന് മൊത്തത്തില് ഞാന്‍ കൊടുത്തതിനേക്കാളും പണം കിട്ടി. ചിലപ്പൊ അങ്ങിന്യോക്കെ വല്ലതും കൈകൂടും''.
''കാശ് ഉള്ളതോണ്ട് മാത്രം എന്താ കാര്യം. ചിലവാക്കാന്‍കൂടി തോന്നണ്ടേ. എന്തൊക്കെ പേരും പെരുമേം കിട്ടും എന്നുവെച്ചാലും പലരും കയ്യിന്ന് തുട്ടിറക്കാന്‍ മടിയ്ക്കും''എഴുത്തശ്ശന്‍ പറഞ്ഞു.
''അവിട്യാണ് തെറ്റു പറ്റ്യേത്. എനിക്കൊരു പബ്ലിസിറ്റി കിട്ടാന്‍വേണ്ടി ചെയ്യുണതല്ല ഒന്നും. എന്‍റെ അമ്മയ്ക്കുവേണ്ടി സമര്‍പ്പിക്കുണതാണെന്നേ കരുതുണുള്ളു''. ഏതോ ആലോചനകളിലേക്ക് അയാള്‍ കൂപ്പുകുത്തി. ആ മുഖത്ത് എന്തൊക്കെയോ ഭാവങ്ങള്‍ മിന്നിമറഞ്ഞു. കര്‍ചീഫെടുത്ത് ആ മനുഷ്യന്‍ കണ്ണുതുടച്ചു.
''എന്താദ്. എന്താ പറ്റീത്''എഴുത്തശ്ശന്‍ ചോദിച്ചു. കുറച്ചു സമയത്തേക്ക് മറുപടിയൊന്നും ഉണ്ടായില്ല. വേണു എഴുന്നേറ്റ് സ്വാമിനാഥന്‍റെ അടുത്തു ചെന്നു. അയാളുടെ വലത്തുകൈ സ്വാമിനാഥന്‍റെ തോളില്‍ വിശ്രമിച്ചു.
''അമ്മേക്കുറിച്ച് ഓര്‍മ്മവന്നാല്‍ ഇന്നും എന്‍റെ മനസ്സ് തേങ്ങും. അമ്മേ കഴിഞ്ഞേ മറ്റൊരു ദൈവൂള്ളു'' സ്വാമിനാഥന്‍റെ ചുണ്ടുകള്‍ വിറച്ചു.
''ഇന്നത്തെകാലത്ത് അങ്ങിനെ ആലോചിക്കുണോര് നന്നെ കമ്മ്യാണ്'' എഴുത്തശ്ശന്‍ പറഞ്ഞു''അമ്മേം അച്ഛനീം മക്കള്‍ക്ക് വേണ്ടാത്ത കാലാണ് ഇത്. എന്‍റെ കാര്യംതന്നെ നോക്കിന്‍. എനിക്ക് എണ്‍പത്താറ് വയസ്സായി. ഇപ്പൊ മകനും കുടുംബത്തിനും എന്നെ വേണ്ടാ. എനിക്ക് അതിലൊട്ട് സങ്കടൂം ഇല്യാ''.
''ചിന്തിക്കാന്‍ കഴിവില്ലാത്തോരേ അങ്ങിനെ പെരുമാറൂ. ലോകത്ത് പെറ്റ അമ്മേ കഴിഞ്ഞേ മറ്റൊന്നുള്ളു''സ്വാമിനാഥന്‍ പറഞ്ഞു''ഒരു കാലത്തും ആരും ആരുടേം അമ്മേ നിന്ദിക്കരുത്. ഈ അമ്പലകമ്മിറ്റീല് എന്‍റെ അമ്മേ ആക്ഷേപിച്ച് നിങ്ങളോട് ചിലര് സംസാരിച്ചതായി അറിഞ്ഞു. തരം കിട്ടുണ ഇടത്തൊക്കെ ആ സംഗതി വിളമ്പിക്കൊണ്ട് നടക്കലാ അവരടെ പണി''. കുറച്ചുനേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. സ്വാമിനാഥന്‍റെ ചുണ്ടുകളില്‍നിന്ന് വാക്കുകള്‍ മെല്ലെ ഉതിര്‍ന്നുവീണു.
''നാല് ആണുങ്ങള്‍ക്ക് ഭാര്യയായി ഇരുന്നോള്‍, നാണൂം മാനൂം ഇല്ലാത്ത ജാതി. എന്‍റെ അമ്മേപ്പറ്റി ഇതൊക്ക്യെല്ലേ അവര് പറഞ്ഞിട്ടുണ്ടാവ്വാ. വാസ്തവത്തില്‍ എന്‍റെ അമ്മ എന്ത് തെറ്റാ ചെയ്തത്. മുമ്പുകാലത്ത് ഞങ്ങടെ സമുദായത്തില് അതാണ് രീതി. അതനുസരിച്ച് അമ്മ ജീവിച്ചു. അത് തെറ്റാണോ''.
''അതൊരു കുറവായി ഞങ്ങളാരും കാണൂന്നില്ല''മേനോന്‍ ആശ്വസിപ്പിച്ചു.
''അത് നിങ്ങടെ മനസ്സിന്‍റെ നന്മ''സ്വാമിനാഥന്‍ പറഞ്ഞു''കുട്ടിക്കാലം തൊട്ടേ ഇതിന്‍റെപേരില്‍ പലരും കളിയാക്ക്യേത് ഞാന്‍ സഹിച്ചിട്ടുണ്ട്. അമ്മ്യോട് വെറുപ്പാണ് അന്നൊക്കെ ഉള്ളില് തോന്ന്യേത്. മുതിര്‍ന്നപ്പൊ ആ വെറുപ്പ് മാറി ആദരവായി''.
''അതെന്താ അങ്ങിന്യൊരു മനംമാറ്റം വരാന്‍''നാണുനായര്‍ ചോദിച്ചു.
''അറിവും വിവരവും കൂടി. കാര്യങ്ങള് മനസ്സിലായി. അതന്നെ''. അയാള്‍ എന്താണ് പറയുന്നത് എന്നറിയാന്‍ മറ്റുള്ളവര്‍ കാതോര്‍ത്തിരുന്നു.
''നമ്മള്‍ ആണുങ്ങള്‍ക്ക് ഒരു ദൂഷ്യൂണ്ട്''സ്വാമിനാഥന്‍ തുടര്‍ന്നു''എല്ലാം കൊണ്ടുനടക്കുണത് നമ്മളാണ് എന്ന തോന്നല് നമുക്കുണ്ട്. എന്നാല്‍ ആരെങ്കിലും പെണ്ണുങ്ങളടെ കാര്യം ആലോചിച്ചിട്ടുണ്ടോ. ഒരുദിവസം അടുക്കളേന്ന് ഉമ്മറത്തേക്കും തിരിച്ച് അകത്തേക്കും അവര് എത്ര ചാല് നടക്കണം. കുറച്ചുകൃഷീം കന്നുംകൂടി ഉണ്ടെങ്കിലോ. അച്ചാലും പിച്ചാലും ഒരു ദിവസം ഒരു സ്ത്രീ നടക്കുണ ദൂരം ഒന്നിച്ചുകൂട്ട്യാല്‍ പാലക്കാട്ടുന്ന് കൊയമ്പത്തൂരെത്തും''.
''അത് ശര്യാണ്''.
''അത് മാത്രാണോ. വീട്ടിലെ സകല ആള്‍ക്കാരടേം മുണ്ടും തുണീം തിരുമ്പണം, അവര്‍ക്കൊക്കെ വെച്ചുവിളമ്പണം. കുട്ട്യേളുണ്ടെങ്കില്‍ അവറ്റ്യേളെ നോക്കണം. എന്നിട്ട് കൂട്ടാനില് ഇത്തിരി ഉപ്പോ മുളകോ കൂട്യാല്‍ അതിന്ന് കുറ്റംപറച്ചിലും കേക്കണം. ചിലര് വീട്ടുകാര്യേ കുറ്റംപറയാന്‍ എന്തെങ്കിലും കാരണം നോക്കി നടക്കും''.
''ഈ പറഞ്ഞത് അപ്പിടി സത്യാണ്''നാണുനായര്‍ പറഞ്ഞു''എന്‍റെ നല്ല കാലത്ത് ഞാനും ഭാര്യേ ഇഷ്ടംപോലെ ചീത്തപറഞ്ഞിട്ടുണ്ട്. അവള് പോയപ്പൊ ചെയതൊക്കെ തെറ്റായിപ്പോയീന്ന് എനിക്ക് ബോദ്ധ്യംവന്നു. കണ്ണുള്ളപ്പൊ ആരും കണ്ണിന്‍റെവെല അറിയില്ല''. വേണു അകത്തുചെന്ന് പ്ലേറ്റില്‍ ചായഗ്ലാസുകളുമായി എത്തി. എല്ലാവര്‍ക്കും ചായ കൊടുത്ത് ഒരുകപ്പ് ചായ കയ്യില്‍വെച്ച് ചുവരുംചാരി അയാള്‍ തിണ്ണയിലിരുന്നു.
''ഒരാണിന്‍റെ ഇഷ്ടത്തിനൊത്തു പോവാന്‍തന്നെ പെണ്ണിന്ന് ഒരുപാട് കഷ്ടം വേണ്ടിവരും. അപ്പൊ നാല് ആണുങ്ങളെ ഒരുപോലെ വെറുപ്പിക്കാതെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ എന്‍റെ അമ്മ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവും. എന്‍റെ അമ്മേ മഹാഭാരതത്തിലെ പാഞ്ചാലിക്ക് ഒപ്പാണ് ഞാന്‍ കാണാറ്''. സ്വാമിനാഥന്‍റെ മനസ്സിലെ സങ്കടങ്ങള്‍ മറ്റുള്ളവര്‍ ഉള്‍ക്കൊണ്ടു.
''എന്താ ഇനിയത്തെ പരിപാടി''കുറച്ചുസമയത്തിന്നുശേഷം മേനോന്‍ ചോദിച്ചു.
''വീട്ടിലിക്ക് പോണം. വൈകുന്നേരം നേരത്തെ എത്തണ്ടതല്ലേ''. അയാള്‍ എഴുന്നേറ്റു. കൂടെ മറ്റുള്ളവരും. പടിക്കലെത്തിയപ്പോള്‍ സ്വാമിനാഥന്‍ ഒന്നുനിന്നു.
''ഗോപിനായരും കൃഷ്ണത്തരകനും വന്ന വിവരം ഞാനറിഞ്ഞു. അവര് എന്താ പറഞ്ഞിട്ടുണ്ടാവ്വാന്ന് എനിക്ക് ഊഹിക്കാനാവും . അപ്പൊ മുതല് തുടങ്ങ്യേതാണ് മനസ്സിലൊരു വിങ്ങല്. ഇപ്പൊ അത് മാറി''.
''ആ രണ്ടെണ്ണത്തിനും പിടിപ്പത് കൊടുത്തിട്ടാണ് ഞങ്ങള് ഇവിടുന്ന് പറഞ്ഞയച്ചത്'' എഴുത്തശ്ശന്‍ പറഞ്ഞു.
''എന്നാല്‍ അതായിരിക്കും ഇപ്പോ അവരെ ഇങ്ങോട്ടൊന്നും കാണാത്തത്. ഒരുകാര്യം ഞാന്‍ പറയട്ടെ. കൊടുത്തത് പാടിക്കൊണ്ട് നടക്ക്വാണ് എന്ന് തോന്നരുത്''.
''അങ്ങിനെ ഒന്നുമില്ല. എന്താ സംഗതി. പറയൂ, കേള്‍ക്കട്ടെ'' മേനോന്‍ തിരക്കി.
''തരകന്‍റെ മകന് പഠിക്കാന്‍ വകീല്ലാതെ സഹായം ചോദിച്ച് വന്നിരുന്നു. കോളേജിലെ പഠിപ്പ് കഴിയുണവരെക്ക് എല്ലാ ചിലവും ചെയ്യാന്ന് ഞാന്‍ ഏറ്റതാണ്. കുറച്ചുകാലം കൊടുക്കും ചെയ്തു. അപ്പഴക്കും കോളേജില് എന്തോ കുരുത്തക്കേട് കാട്ട്യേതിന്ന് ചെക്കനെ അവിടേന്ന് പുറത്താക്കി. ആ കുറ്റം അവര് എന്‍റെ പെരടീലാക്കി. ഞാന്‍ പറഞ്ഞിട്ടാ അവനെ കോളേജിന്ന് വെളീലാക്ക്യേത് എന്നാ തരകന്‍റെ പറച്ചില്''.
''പാലുകൊടുത്ത കയ്യില് കൊത്തുണ വക''നാണുനായര്‍ പറഞ്ഞു''ആട്ടെ, തൊരപ്പന്‍ എന്തിനാ പെണങ്ങ്യേ''.
''ഗോപിനായരടെ മകന് ഒരു പണിവാങ്ങി കൊടുക്കണംന്ന് അയാള്‍ എന്‍റെ പുറകെ നടന്ന് പറഞ്ഞപ്പൊ വേണ്ടപ്പെട്ട ഒരാളടെ സ്ഥാപനത്തില് ഞാന്‍ ജോലി തരപ്പെടുത്തികൊടുത്തു. അവിടന്ന് കുറെ പണം തട്ടിച്ച് ആ ചെക്കന്‍ നാട്ടിന്ന് മുങ്ങി. മകളടെ കല്യാണത്തിന് സഹായം ചോദിച്ച് വന്നപ്പൊ ഞാന്‍ നായരോട് ഈ കാര്യം സംസാരിച്ചു. തന്‍റെ മകന്‍റെ ഭാഗത്ത് തെറ്റില്ല, അവര് കല്‍പ്പിച്ചുകൂട്ടി ഓരോന്ന് പറഞ്ഞുണ്ടാക്ക്വാണ് എന്നൊക്കെ പറഞ്ഞ് ദേഷ്യപ്പെട്ടിട്ടാണ് അയാള് പോയത്. അതിനുശേഷം എന്നെ കുറ്റംപറഞ്ഞ് നടപ്പാണ് രണ്ടുംകൂടി''.
''അവറ്റ്യേളെ കടന്ന് പോവാന്‍ പറയിന്‍. അന്യനെ കുറ്റംപറയാന്‍ പറ്റ്യേ യോഗ്യന്മാര്''എഴുത്തശ്ശന്‍ പറഞ്ഞു.
''എന്നാല്‍ ഞാന്‍ ഇറങ്ങട്ടെ. എല്ലാകാര്യത്തിനും ഞാന്‍ നിങ്ങളടെ ഒപ്പം ഉണ്ടാവും''. അയാള്‍ പോവുന്നതും നോക്കി മറ്റുള്ളവര്‍ നിന്നു.
*****************
''ഞാന്‍ അപ്പഴും പറഞ്ഞതാ ഇതൊക്കെ ഒരുതരം പറ്റിക്കലാണെന്ന്'' കിട്ടുണ്ണി രാധ കേള്‍ക്കെപറഞ്ഞു. പ്രതികരണത്തിന്ന് കാത്തിട്ട് ഒന്നും കാണുന്നില്ല.
''നൂറ്റൊന്നാളുകള് കുളിച്ച് ശുദ്ധായി ഈറനുടുത്ത് നാമംചൊല്ലിക്കൊണ്ട് ചുടലക്കുന്നിലിക്ക് പോയി. കത്തിച്ച നിലവിളക്കുംപിടിച്ച് കുപ്പന്‍കുട്ടി എഴുത്തശ്ശനാണ് മുമ്പില്'' ഇത്തവണ രാധ ശ്രദ്ധിക്കുന്നുണ്ടോ എന്നൊരു സംശയം.
''ഊണും ഉറക്കൂം ഇല്യാണ്ടെ സ്വയം മറന്ന് കഴിയുണ ആളെ കുന്നില് കാണുംന്നാത്രേ ജോത്സ്യത്തില് പറഞ്ഞത്. വല്ല മഹര്‍ഷ്യോ മറ്റൊ കുന്നിറങ്ങിവന്ന് അനുഗ്രഹിക്കുംന്നാ ഭോഷന്മാര് കരുത്യേത്''.
''എന്നിട്ട് ആരേം കണ്ടില്ലേ''രാധ മൌനം മുറിച്ചു.
''ഉവ്വ്. എല്ലാരും പ്രാര്‍ത്ഥിച്ച് നില്‍ക്കുമ്പൊ കുന്നിറങ്ങി വരുണൂ ഒരു മഹാന്‍''.
''മഹാനോ. ആരാ അത്''.
''ആ പ്രാന്തന്‍ മായന്‍കുട്ടി''.
''സ്വബോധം ഉള്ളോര്‍ക്കല്ലേ ചുടലക്കുന്നിലേക്ക് പോവാന്‍ പേടീള്ളത്. ബുദ്ധിസ്ഥിരത ഇല്ലാത്തോന്ന് എവടെ വേണച്ചാലും എപ്പഴും ചെല്ലാലോ. ഒന്നാലോചിച്ചാല്‍ പ്രശ്നവിചാരത്തില്‍ പറഞ്ഞത് ശര്യായി. ഊണും ഉറക്കൂം ഇല്യാണ്ടെ എല്ലാം മറന്ന് നടക്കുന്നോനല്ലേ അവന്‍''.
''വേണച്ചാല്‍ അങ്ങനീം വ്യാഖ്യാനിക്കാം. വീണത് വിദ്യ എന്നല്ലേ''എന്തോ കിട്ടുണ്ണി എതിര്‍ത്തൊന്നും പറഞ്ഞില്ല.
അദ്ധ്യായം - 63.
''ആരാ''പടികടന്ന് മുറ്റത്തു വന്നുനിന്ന ആളോട് വേണു ചോദിച്ചു. മുമ്പ് കണ്ടിട്ടുള്ള ആളല്ല.
''പാടത്ത് കോഴ്യേ എറക്കിക്കോട്ടേ''.
''ഇറക്കിക്കോളൂ. അതിനെന്തിനാ സമ്മതം ചോദിക്കുണ്''.
''മുട്ട വേണോ, പണം വേണോ''.
''എനിക്കറിയില്ല. ചാമ്യോട് ചോദിച്ചോളൂ''.
''ശരി''അയാള്‍ മടങ്ങിപ്പോയി.
അല്‍പ്പം കഴിഞ്ഞപ്പോള്‍ കൊയ്ത്തുകഴിഞ്ഞ പാടത്തിന്‍റെ വരമ്പിലൂടെ എഴുത്തശ്ശന്‍ വരുന്നതുകണ്ടു. കിണ്ടിയിലെ വെള്ളം ഒഴിച്ച് കാല്‍കഴുകി അയാള്‍ ഉമ്മറതിണ്ണയില്‍ പടിഞ്ഞിരുന്നു.
''ആരാ ഇപ്പൊ വന്നിട്ട് പോയത്''.
''പാടത്ത് കോഴ്യേ എറക്കിക്കോട്ടേന്നു ചോദിച്ച് വന്നതാണ്''.
''എന്നിട്ട് നീയെന്താ പറഞ്ഞത്''.
''ഇതിനൊക്കെ എന്തിനാ സമ്മതം ചോദിക്കുണത് എന്ന് ചോദിച്ചപ്പൊ മുട്ട വേണോ, പണം വേണോന്ന് ഇങ്കിട്ട് ചോദിച്ചു. എനിക്കറിയില്ല, ചാമി വരുമ്പൊ ചോദിച്ചോളൂന്ന് ഞാനും പറഞ്ഞു''.
''നിനക്കറിയാഞ്ഞിട്ടാണ്. കൊയ്ത്തുകഴിഞ്ഞ പാടത്തെ ചളീല് തമിഴര് താറാവിനെ മേക്കാന്‍വരും. കൊഴിഞ്ഞുവീണ നെല്ലും, ഞണ്ടും ഒക്കെ അവ കൊത്തിത്തിന്നും. അതിന് പകരം താറാമുട്ട്യോ പണമോ എന്താ വേണ്ടച്ചാല്‍ തരും. അതുപോലെ വേനല്‍കാലത്ത് ചെമ്മര്യാടിനെ പാടത്ത് മേക്കാന്‍ കൊണ്ടുവരും. അവരതിന് പണോന്നും തരില്ല. ചെമ്മര്യാടിന്‍റെ കാട്ടൂം മൂത്രൂം ഒക്കെ നല്ലവളോല്ലേ. പാടത്ത് വളം കിട്ടിക്കോട്ടേന്ന് കരുതി ചിലര് രാത്രില് ചെമ്മര്യാടിനെ പാടത്ത് കിടത്താന്‍പറയും. അതിനവര്‍ക്ക് അരീം കാശും ഒക്കെ അങ്കിട്ട് കൊടുക്കണം''.
''ഇങ്ങിനെ നമുക്ക് കാശോ മുട്ട്യോ തന്നാല്‍ അവര്‍ക്ക് ജീവിക്കാന്‍ വല്ലതും കിട്ട്വോ''.
''അതെന്തിനാ നമ്മള് നോക്കുണത്. താറാക്കോഴ്യേ കൊയ്തകണ്ടത്തില്‍ ഇറക്ക്യാല്‍ അതിലെ വളപ്പശിമപോവും . അവരടെ കോഴിക്ക് തീറ്റകിട്ടും പകരം കൃഷിക്കാരന് എന്തെങ്കിലും ഒന്ന് കിട്ടണ്ടേ''. രണ്ടാളും ആ കാര്യം സംസാരിച്ചിരിക്കുന്നതിന്നിടയില്‍ ചാമിയെത്തി.
''കോഴിക്കാരന്‍ വന്ന്വോ''അവന്‍ ചോദിച്ചു. നടന്ന കാര്യങ്ങള്‍ എഴുത്തശ്ശന്‍ പറഞ്ഞു.
''അതുനന്നായി. അല്ലെങ്കില്‍ അവര് മുതലാള്യേ പറ്റിക്കും''.
''എന്നാലും ചാമ്യേ''എഴുത്തശ്ശന്‍ പറഞ്ഞു''അമ്പലത്തിന്‍റെ കാര്യങ്ങളടെ തിരക്കില്‍ കൊയ്ത്തും പണീം അലങ്കോലാവ്വോന്ന് കരുത്യേതാണ്. നീ ഒറ്റയ്ക്ക് എല്ലാം നടത്തി. പോര്‍ത്തിക്കാരനെ കിട്ട്വാണച്ചാല്‍ നിന്നെപോലെ ഒരുത്തനെ കിട്ടണം''.
''നിങ്ങളാല്‍ ചിലരടെ കുരുത്തംകൊണ്ടാണ് പോക്കണക്കേട് കൂടാതെ ഒക്കെ സമാളിക്കാന്‍ കഴിഞ്ഞത്''ചാമി പറഞ്ഞു.
''ട്രാക്ടറോ, കന്നോ വിളിച്ചിട്ട് രണ്ട് ചാല് പൂട്ടിച്ചിട്. താളുകുറ്റ്യോക്കെ അളിയട്ടെ''.
''അതൊക്കെ ഏര്‍പ്പാടാക്കി കഴിഞ്ഞു. ഇന്ന് വൈകുന്നേരോ നാളെ നേരം വെളുക്കുമ്പഴോ വണ്ടി എത്തും. നമ്മടെ അഞ്ചുപറ കണ്ടം നാലുചാല് ഞാന്‍ പൂട്ടിക്കും. രണ്ട് കൂട്ടര്‍ക്കും വേണ്ടവിത്ത് ഇടണ്ടേ''.
''നമ്മടെ ആവശ്യത്തിന് വേണ്ട വിത്ത് ഉണ്ടോടാ ഇവിടെ''.
''ഇഷ്ടംപോലീണ്ട്. ഒന്നുംകൂടി കാറ്റത്തിട്ട് കുറുംചാത്തനൊക്കെ കളഞ്ഞ് വെയിലുംകൊള്ളിച്ച് ഞാന്‍ സൂക്ഷിച്ച് വെച്ചിരുന്നു. ഇന്നലെ അതെടുത്ത് വെള്ളത്തിലിട്ടുവെച്ചു. ഇന്ന് മോന്തിക്ക് വെള്ളം ഊറ്റികളഞ്ഞിട്ട് അത് ചാക്കിലാക്കി കെട്ടി മുകളില് ഒരുകല്ല് വെക്കണം. അതേ ചെയ്യാനുള്ളു''.
''പറയുമ്പഴക്കും നീ ഒക്കെ വേണ്ടമാതിരി ചെയ്തല്ലോ''.
''നിങ്ങള് രണ്ടാളും എന്‍റെകൂടെ പരിയംപുറത്തേക്ക് വരിന്‍''ചാമി മുമ്പേ പുറകിലേക്ക് നടന്നു. വേണുവും എഴുത്തശ്ശനും പുറകെ ചെന്നു. വീടിന്ന് പിന്നിലെ ചായ്‌പ്പില്‍വെച്ച മണ്‍തൊട്ടികളില്‍ വെള്ളംനിറച്ച് അതില്‍ നെല്ല് മുളയ്ക്കാനിട്ടിരിക്കുന്നു.
''ഇത് മതിയാവ്വോടാ ചാമ്യേ''എഴുത്തശ്ശന്‍ ചോദിച്ചു.
''കുപ്പ്വോച്ചന്‍ മിണ്ടാണ്ടിരിക്കിന്‍. ഇതൊന്ന് മുളച്ച് പൊന്തട്ടെ. ഞാറ്റില് സള്‍ഫേറ്റിന്‍റെ പൊടി ഒന്ന് തൂളിച്ച് കൊടുത്താല്‍ നാല് ദിവസംകൊണ്ട് ടപ്പേന്ന് ഞാറ് പൊങ്ങും. നമ്മടെ കണ്ടം നട്ടിട്ട് ബാക്കിവരും''.
''ബാക്ക്യോന്നും വരണ്ടാ. തികഞ്ഞാ മതി. നടുണനേരത്ത് ഞാറ്റിന്ന് വക്കല് വന്നാല്‍ മനസ്സുമുട്ടാവും''.
''ഞാനല്ലേ പറയുണത്. നട്ടിട്ട് പത്ത് മുട്യേങ്കിലും ബാക്കി വന്നില്ലെങ്കില്‍ നിങ്ങളെന്നെ ഇതാ ഇങ്ങിനെ വിളിച്ചോളിന്‍'' ചാമി വിരല്‍ ഞൊടിച്ചു കാട്ടി.
''ഇപ്പൊ നെല്ലിനൊക്കെ എന്താണ്ടാ ചാമ്യേ വെല''എഴുത്തശ്ശന്‍ അടുത്ത ചോദ്യം ചാമിയോട് ചോദിച്ചു.
''എനിക്ക് അറിയാന്‍ പാടില്ല. നാളെ നെല്ല് പിടിക്കാന്‍വരുണ നായരോട് കേട്ടിട്ട് പറയാം''.
''നീയെന്താ ചെയ്യാന്‍ ഉദ്ദേശം''എഴുത്തശ്ശന്‍ വേണുവിനോട് ചോദിച്ചു'' ഞാന്‍ നെല്ല് കൊടുക്കുണകൂട്ടത്തില്‍ നീ കൊടുക്കുണ്വോ, അതോ പിന്നെ വേറെ വല്ലോര്‍ക്കും കൊടുക്കുണ്വോ''.
''അമ്മാമേ''വേണു പറഞ്ഞു''ഇത്രകാലം നടന്നതുപോലെത്തന്നെ ഇനീം കാര്യങ്ങളൊക്കെ നടക്കട്ടെ. ഓപ്പോളാണ് എല്ലാം നിശ്ചയിച്ചിരുന്നത്. അതുപോലെത്തന്നെ മതി''.
''എന്തായാലും ഏറെദിവസം ആ നെല്ല് വെച്ചോണ്ടിരിക്കണ്ടാ. മഴേത്ത് കൊയ്തെടുത്ത നെല്ലാണ്. അത് ഓര്‍മ്മവേണം''.
''ഞാന്‍ നാളെത്തന്നെ ഓപ്പോളേ കാണാന്‍ ചെല്ലുണുണ്ട്''.
''വലിയ തമ്പ്രാട്ടി ചെല്ലാന്‍ പറഞ്ഞൂന്ന് മൊതലാള്യോട് പറയാന്‍ ഇന്നലെ മൂത്താര് പറയ്വേണ്ടായി''.
''എന്നിട്ട് ഇപ്പഴാടാ പറയുണ്''എഴുത്തശ്ശന്‍ ചോദിച്ചു.
''തിരക്കിന്‍റെ എടേല് ഞാനത് മറന്നു''.
''എന്നാല്‍ നീ പോയി കണ്ടിട്ടു വാ''എഴുത്തശ്ശന്‍ വേണുവിനോട് പറഞ്ഞു ''പത്മിനിയമ്മടെ അടുത്ത് എന്തിനാ ആ നായരെ ഇങ്കിട്ട് വിടുണത് എന്നു ചോദിക്ക്. ഒറ്റ ഉപകാരൂല്യാ അതിനെക്കൊണ്ട്''.
''ഞാന്‍ പറയാന്‍ മറന്നതാണ്.''വേണു പറഞ്ഞു''നിനക്ക് ചാമീല്യേ. പിന്നെ എന്തിനാ രാമന്‍നായര്. അയാള് ഇവിടെ നിന്നാല്‍ വല്ല വിളിച്ചതിനും പറഞ്ഞതിനും ആളാവും എന്ന് ഓപ്പോള് പറഞ്ഞിരുന്നു''.
''എന്നിട്ട് നീയെന്താ പറഞ്ഞത്''
''ഓപ്പോളുടെ ഇഷ്ടംപോലെ ചെയ്തോളാന്‍ പറഞ്ഞു''.
''എന്നാല്‍ നാളെ ചെല്ലുമ്പോള്‍ അയാളെ അവിടെ നിര്‍ത്തിക്കോളാന്‍ പറ''. വേണു തലകുലുക്കി.
********************************
പാടങ്ങളുടെ വരമ്പുകള്‍ ചെത്തി വെടുപ്പാക്കി ചേറിട്ട് പൊതിയുന്ന പണി തുടങ്ങിയിരുന്നു. രണ്ടുപേര്‍ ചാമിക്കൊപ്പം പണിയുന്നുണ്ട്. എഴുത്തശ്ശന്‍റെ പാടത്ത് പണി ചെയ്യുന്നതിന്ന് നാലഞ്ചുപേരുണ്ട്. കളപ്പുരത്തൊടിയിലും തോട്ടത്തിലുമുള്ള ശീമകൊന്നയുടേയും ആവശ്യമില്ലാത്ത മരങ്ങളുടേയും ഇലകള്‍നിറഞ്ഞ ചില്ലകള്‍ വെട്ടിയെടുത്ത് കെട്ടാക്കി പെണ്ണുങ്ങള്‍ പാടത്ത് തൂപ്പും തോലും ഇടാന്‍ കടത്തുകയാണ്. എഴുത്തശ്ശന്‍റെ പണിക്കാരികള്‍ വണ്ടിപ്പുരക്ക് ചുറ്റുമുള്ള തൂപ്പ് അയര്‍ക്കുന്ന ജോലിയിലാണ്.
''നോക്ക് വേണ്വോ''എഴുത്തശ്ശന്‍ പറഞ്ഞു''ആ പെണ്ണുങ്ങളുടെ ഈണ്ട് എഴഞ്ഞുള്ള നടപ്പ് കാണുമ്പഴേ എനിക്ക് കലി വരും. പണി ചെയ്യാണ്ടെ എങ്ങന്യാ സമയം ആക്ക്വാന്നാ ഇവറ്റേളടെ ഉള്ളില്''. ഏതാനുംനിമിഷം കഴിയുമ്പോഴേക്കും എഴുത്തശ്ശന്ന് ഇരിപ്പുറക്കാതായി.
''ഞാനൊന്ന് ചെന്ന് നോക്കട്ടെ. നീ വരുണുണ്ടോ''അയാള്‍ ചോദിച്ചു.
വേണു ഇല്ലെന്ന് തലയാട്ടി. എഴുത്തശ്ശന്‍ പടികടന്ന് പോയി. കസേലയില്‍ ദൂരേക്ക് നോക്കി വേണു ഇരുന്നു. പുഴകടന്നുവന്ന ഇളംകാറ്റ് അയാളുടെ കണ്ണുപൊത്തി.
''എന്താ നേരംകെട്ട നേരത്ത് ഒരു ഉറക്കം''. ശബ്ദംകേട്ട് വേണു ഉണര്‍ന്നു. രാജന്‍മേനോനും സ്വാമിനാഥനും മുന്നില്‍ നില്‍ക്കുന്നു.
''കേറി ഇരിയ്ക്കൂ''അയാള്‍ അവരെ ക്ഷണിച്ചു.
''കുറച്ചുമുമ്പ് അങ്ങാടീല്‍വെച്ച് ഞാന്‍ മേനോന്‍സ്വാമ്യേ കണ്ടു. ഇന്ന് രാത്രി എനിക്ക് തിരുവനന്തപുരത്തേക്ക് പോവാനുണ്ട്'' സ്വാമിനാഥന്‍ പറഞ്ഞു''എലക്ഷനൊക്കെ വരാന്‍ പോവ്വല്ലേ. പാര്‍ട്ടിടെ കുറെ പരിപാടീണ്ട്. ചിലപ്പൊ ഒരാഴ്ച കഴിഞ്ഞേ മടങ്ങിവരാന്‍ പറ്റു. അതിന്നുമുമ്പ് കുറച്ചുനേരം മൂന്നാളുക്കുംകൂടി സംസാരിച്ചിരിക്കാം എന്നുതോന്നി'' .
''അതു നന്നായി''.
''മാഷെ''സ്വാമിനാഥന്‍ പറഞ്ഞു''നാളെ ലോറീല് ഓടു കൊണ്ടുവന്ന് വെള്ളപ്പാറകടവിന്‍റെ മുകളിലെതിട്ടില്‍ ഇറക്കിവെക്കും. ആളെ വിട്ട് മുഴുവനും കടത്തി അമ്പലമുറ്റത്ത് അടുക്കിവെക്കണം. മറ്റന്നാള്‍ ഓട് മേച്ചില് തുടങ്ങണം. ഒറ്റമാസംകൊണ്ട് ചെത്തിത്തേപ്പും നിലംപണീം തീര്‍ത്ത് ഇരിക്കാറാക്കണം''.
''ഞങ്ങള് രണ്ടാളും ഒപ്പൂണ്ടാവും''വേണു ഏറ്റു. സ്വാമിനാഥന്‍ ചുറ്റും നോക്കി.
''മാഷേ, നമുക്കൊരു കാര്യം ചെയ്താലോ''അയാള്‍ പറഞ്ഞു'' ഓടുമേയാന്‍ പാകത്തില് ഈ പെരടെ പണി ചെയ്തിട്ടുണ്ടല്ലോ. നമുക്ക് ഇതങ്കിട്ട് ഓട് മേയാം. കോമണ്‍ വെല്‍ത്തിന്‍റെ നല്ല ഫസ്റ്റ് ക്ലാസ്സ് ഓടുണ്ട്. പഴേതാണെന്ന് വെച്ച് മോശാണെന്നൊന്നും കരുതണ്ടാ. അത്ര നല്ല സാധനം ഈ കാലത്ത് കിട്ടാനില്ല''. പുര മേയാന്‍ വേണ്ട ഓട് ഓപ്പോളുടെ വീട്ടിലുണ്ടെന്നും, മഴ കഴിഞ്ഞതും പട്ടമാറ്റി ഓട് മേയാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും വേണു പറഞ്ഞു.
''നമ്മളിപ്പോള്‍ ഉണ്ടാക്കുണ കെട്ടിടത്തിന്‍റെ പണി തീരാറായി. കഴകക്കാരോ ശാന്തിക്കാരനോ വേറെ വല്ല ജോലിക്കാരോ ആര് വേണച്ചാലും അവിടെ താമസിച്ചോട്ടെ. ഇനി ഈ കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. അമ്പലംപണി അധികം വൈകാതെ കഴിയും. മണ്ഡലമാസം ആവുമ്പഴേക്കും എല്ലാം തീരും''.
''നമ്മള്‍ വീണ്ടും ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയിലെത്തും എന്നല്ലേ അതിന്‍റെ അര്‍ത്ഥം''മേനോന്‍ ചോദിച്ചു.
''ഞാനൊരു കാര്യം പറയട്ടെ''വേണു പറഞ്ഞു''ഞാന്‍ നിങ്ങളുട്യോക്കെ ഒപ്പം ക്ഷേത്രകാര്യങ്ങള്‍ക്ക് നില്‍ക്കുണൂന്നേ ഉള്ളു. എന്‍റെ മനസ്സില് വേറെ ചില മോഹൂണ്ട്''.
''ആഹാ, വേണൂനും മോഹങ്ങളുണ്ടല്ലേ. എന്താദ്''മേനോന്‍ തിരക്കി.
''ക്ഷേത്രകാര്യങ്ങളില്‍ എനിക്ക് താല്‍പ്പര്യൂല്ല എന്നല്ല ഞാന്‍ പറഞ്ഞതിന്ന് അര്‍ത്ഥം''വേണു സ്വന്തം മനസ്സ് തുറന്നു''അത് വേണ്ടതന്ന്യാണ്. അതിന്‍റെ കൂടെ ഈ നാട്ടിലെ ജനങ്ങള്‍ക്ക് ഗുണംകിട്ടുണ എന്തെങ്കിലും ചെയ്തൂടെ എന്നൊരു ആഗ്രഹം എന്‍റെ മനസ്സിലുണ്ട്''.
''എന്താ വേണു ഉദ്ദേശിക്കിണത്''മേനോന്‍ ചോദിച്ചു.
''സാക്ഷരതടെ കാര്യത്തില്‍ നമ്മടെ നാട് മുന്നിലാണ് എന്ന് പറഞ്ഞു കേള്‍ക്കാറുണ്ട്. ഞാന്‍ നോക്കുമ്പൊ സ്ക്കൂളിന്‍റെ പടികടക്കാതെ കന്നു മേച്ചുനടക്കുണ എത്ര കുട്ട്യേളാണ് ഇവടീള്ളത്. അവര്‍ക്ക് നാലക്ഷരം പഠിക്കാന്‍ സംവിധാനം ഉണ്ടാക്കണ്ടേ. അതുപോലെ ആര്‍ക്കെങ്കിലും വല്ല അസുഖൂം വന്നാല്‍ ഈ നാട്ടില് ചികിത്സാസൌകര്യം ഉണ്ടോ. അടുത്ത പടി ഈ പറഞ്ഞതിനൊക്കെ ശ്രമിച്ചൂടെ''.
''ചൂഷിതരും ചൂഷകരും ഇല്ലാത്ത സമത്വസുന്ദരലോകം സ്വപ്നം കണ്ട് നടന്നവനാണ് ഞാന്‍''മേനോന്‍ പറഞ്ഞു''എന്നിട്ട് കണ്ണിന്‍റെ മുമ്പിലുള്ള ജനങ്ങളുടെ കഷ്ടപ്പാടൊന്നും എന്‍റെ മനസ്സിലെത്തിയില്ലല്ലോ''.
''ഇതിനെക്കുറിച്ച് ആലോചിക്കാന്‍ എല്ലാരേം വിളിക്കണ്ടാ. എതിര് പറയാന്‍ മാത്രേ ആളുണ്ടാവൂ''സ്വാമിനാഥന്‍ പറഞ്ഞു
''ആദ്യം നമുക്ക് വലിയ നിലയ്ക്കൊന്നും പോണ്ടാ''മേനോന്‍ പറഞ്ഞു'' എന്‍റെ സുഹൃത്ത് ഒരുഡോക്ടറുണ്ട്. എന്നെപോലെതന്നെ തലതിരിഞ്ഞ ഒരുസാധനം. സേവനം എന്നുപറഞ്ഞാല്‍ കക്ഷിക്ക് ഒരുതരം ഹരമാണ്. പുള്ളിയെ ഇവിടെ എത്തിക്കാനുള്ള മാര്‍ഗ്ഗം ഞാനൊന്ന് നോക്കട്ടെ''.
''സ്കൂളില്‍ പോകാത്തവര്‍ക്കായി രാത്രിനേരത്ത് നമുക്കൊരു ക്ലാസ്സ് തുടങ്ങ്യാലോ. അതിനാവുമ്പൊ ആരുടെ സഹായൂം ചോദിച്ച് പോണ്ടാ. നമുക്കന്നെ വല്ലതും പറഞ്ഞുകൊടുക്കാം. തല്‍ക്കാലം ഇവിടത്തന്നെ ക്ലാസ്സ് നടത്താം. എന്താ വിരോധൂണ്ടോ''വേണു ചോദിച്ചു.
''നല്ല കാര്യായി. എന്താ വിരോധം. ഒറ്റക്കെട്ടായി നമുക്കിതൊക്കെ ചെയ്യാം''.
''ചെറുപ്പത്തില്‍ നാലക്ഷരം പഠിക്കാന്‍ ഞാനനുഭവിച്ച കഷ്ടപ്പാട് ചെറുതല്ല. ആര്‍ക്കെങ്കിലും വല്ലതും പറഞ്ഞുകൊടുക്കാന്‍ സാധിച്ചാല്‍ അതിനപ്പുറം ഒരു പുണ്യം കിട്ടാനില്ല'' വേണുവിന്‍റെ വാക്കുകളില്‍ കുട്ടിക്കാലത്ത് സഹിച്ച വേദന തെളിഞ്ഞുനിന്നു.
''പഠിപ്പിക്കാനൊന്നും എന്നെക്കൊണ്ട് പറ്റില്ല''സ്വാമിനാഥന്‍ പറഞ്ഞു ''അത് കഴിച്ച് ബാക്കി എന്ത് വേണച്ചാലും എന്നോട് ചോദിക്കാന്‍ മടിക്കണ്ടാ. സര്‍ക്കാറിന്ന് എന്തെങ്കിലും കിട്ട്വോന്ന് ഞാനുംനോക്കാം''.
''അമ്പലത്തില്‍ തുടങ്ങി നമ്മള്‍ എവിട്യോക്ക്യോ എത്തി''വേണു പറഞ്ഞു ''എന്നാലോ, ഇതൊക്കെ തമ്മില്‍ ഒരുബന്ധൂം ഇല്ല''.
''എന്താ ഇല്ലാതെ''രാജന്‍ മേനോന്‍ പറഞ്ഞു''ദേഹമാണ് സമൂഹം എന്ന് കരുതിയാല്‍ അമ്പലംപോലുള്ള ആത്മീയകേന്ദ്രങ്ങള്‍ ദേഹിയാണ്. രണ്ടും കൂടി ചേര്‍ന്നാലേ ജീവന്‍റെ ചലനം ഉണ്ടാവൂ''. ചോറ് വാങ്ങിക്കാനുള്ള പാത്രങ്ങളെടുക്കാന്‍ ചാമിയെത്തി.
''എന്നാല്‍ ഞാന്‍ ഇറങ്ങട്ടെ''സ്വാമിനാഥന്‍ എഴുന്നേറ്റു.
അദ്ധ്യായം - 64.
പത്മിനിയെ കാണാന്‍ പിറ്റേന്നുകാലത്തേ വേണു പുറപ്പെട്ടു. നേരത്തെ എഴുന്നേറ്റുകുളിച്ചതും ഇറങ്ങി. അമ്പലത്തില്‍ തൊഴാനൊന്നും നിന്നില്ല. പൂജക്കാരന്‍കുട്ടി എത്താന്‍ വൈകും. വിശ്വനാഥന്‍വക്കീല്‍ പേപ്പറും നോക്കി ഉമ്മറത്ത് ഇരിക്കുമ്പോഴാണ് വേണു എത്തിയത്.
''എന്താടോ നേരത്തേന്നെ. വിശേഷിച്ച് വല്ലതൂണ്ടോ''അദ്ദേഹം ചോദിച്ചു.
''ഏയ്. വിശേഷോന്നൂല്യാ. വിശ്വേട്ടന്‍ കോടതീലിക്ക് ഇറങ്ങുമ്പഴേക്കും എത്ത്യാല്‍ കാണാലോന്നു വിചാരിച്ചു''.
''അതു നന്നായി''
''എവിടെ ഓപ്പോള്''
''ഇവിടെ വാടോ''അകത്തേക്കുതിരിഞ്ഞ് വക്കീല്‍ ഭാര്യയെ വിളിച്ചു. പത്മിനി പുറത്തേക്ക് വരുമ്പോള്‍ വേണു വക്കീലിന്ന് അഭിമുഖമായി ഇരിക്കുകയാണ്.
''നീ എപ്പഴേ എത്തീത്. അവിടെ പ്രത്യേകിച്ചൊന്നും ഇല്ലല്ലോ''എന്നവര്‍ ചോദിച്ചു. താന്‍ വെറുതെവന്നതാണെന്നും അളിയന്‍ ജോലിക്ക് ഇറങ്ങും മുമ്പ് വന്ന് കാണാമെന്ന് കരുതി കാലത്തേ പുറപ്പെട്ടതാണെന്നും വേണു അറിയിച്ചു.
''ഓണത്തിന്‍ നാള് ഇവിടെവന്ന് ഉച്ചക്ക് കൈനനച്ച് അമ്പലത്തില്‍ കുറച്ച് കാര്യൂണ്ട്ന്നും പറഞ്ഞ് അപ്പഴയ്ക്കപ്പഴേ പോയ ആളാണ്. ആഴ്ച രണ്ട് കഴിഞ്ഞു നീ ഈ വഴിക്ക് വന്നിട്ട്. കാര്യസ്ഥന്‍റെടുത്ത് ഞാന്‍ ദിവസൂം ചോദിക്കും. പകലന്ത്യോളം അമ്പലത്തിലാണ് നിന്‍റെ താമസം എന്നാണ് അയാള്‍ പറയാറ്. ആ തിരക്കിന്‍റെ എടേല് നിനക്ക് ഇവിടുത്തെ കാര്യം ഓര്‍ക്കാന്‍ എവിട്യാ സമയം''.
''താനെന്താടോ ഇങ്ങിനെ. ഒരാള് വന്നുകേറ്യാല്‍ തുടങ്ങും ഓരോരൊ കുറ്റം പറയാന്‍''.
''അതേ, അവന്‍ എന്‍റെ അനിയനായതോണ്ടാ ഞാന്‍ ഇതൊക്കെ പറയുണത്. എനിക്ക് അതിന്നുള്ള അധികാരൂണ്ട്''. വക്കില്‍ കുളിച്ചൊരുങ്ങി വരുന്നതു വരെ വേണു പത്രപാരായണത്തില്‍ മുഴുകി. എല്ലാവരും ഒന്നിച്ചാണ് പ്രാതല്‍ കഴിക്കാനിരുന്നത്.
''കോണ്ട്രാക്ടര്‍ രാമചന്ദ്രനോട് ഇവിടീള്ള ഓട് മുഴുവന്‍ കടത്തി എത്രയും പെട്ടെന്ന് കളപ്പുര മേയാന്‍ ഏര്‍പ്പാടാക്കീട്ടുണ്ട്''വക്കീല്‍ പറഞ്ഞു''ആ പണി അടുത്ത ആഴ്ച ചെയ്യാന്ന് അയാള്‍ ഏറ്റിട്ടുണ്ട്. മൂത്തകരിമ്പനടെ തുലാക്കട്ട ഇട്ടിട്ടുണ്ട്. പുരപ്പുറത്ത് ഓടിടുണകൂട്ടത്തില്‍ നമുക്ക് പ്ലാവിന്‍റെ പലക്യോണ്ട് തട്ടടിപ്പിച്ചാലോ''. വേണു ഒന്നു മൂളിയതേയുള്ളു.
''നിനക്കെന്താ ഒരു താല്‍പ്പര്യം ഇല്ലാത്ത മാതിരി''പത്മിനി ചോദിച്ചു.
''ഏയ്, അങ്ങിന്യോന്നൂല്യാ''.
''കൊയ്ത്തൊക്കെ എങ്ങനീണ്ട്''.
''തെറ്റില്ല. നല്ലോണം നെല്ല് കിട്ടി എന്നാ ചാമി പറഞ്ഞത്''.
''എത്ര ചാക്ക് നെല്ല് കിട്ടി''.
''അതൊന്നും എനിക്കറിയില്ല. കണക്കൊക്കെ ചാമിക്കേ അറിയൂ''.
''ഒന്നാന്തരം കൂട്ടാണ് നീ കൂട്യേത്. പണിക്കാരനാണ് കണക്കും കാര്യൂം ഒക്കെ നിശ്ചയംന്ന്. പിന്നെന്തിനാ നീ അവിടെ താമസിക്കുണത്''. വേണു മറുപടിയൊന്നും പറഞ്ഞില്ല.
''നെല്ലൊക്കെ കൊടുത്ത്വോ''.
''ഇല്ല. ആ കാര്യം പറയാനാ വന്നത്''.
''എന്താ''.
''പഴേപോലെ നെല്ലൊക്കെ കൊടുത്തോളൂ. എന്നിട്ട് എന്താ വേണ്ടത്ച്ചാല്‍ ചെയ്തോളൂ''.
''അതുപറ്റില്ല. ഇത്രകാലം നീ നാട്ടില്‍ ഇല്ലാത്തതോണ്ട് ഞങ്ങളെല്ലാം വേണ്ട പോലെ നോക്കി നടത്തി. ഇപ്പൊ നീ സ്ഥലത്തുണ്ടല്ലോ. അവനവന്‍റെ മുതല് അവനവന്‍റെ ഇഷ്ടംപോലെ ചെയ്യാനുള്ളതാണ്''.
''ഓപ്പോളേ, എനിക്ക് ഇതിലൊന്നും അശേഷം താല്‍പ്പര്യം തോന്നുണില്ല. ഇനീള്ളകാലം ഇവിടെ സമാധാനത്തോടെ കഴിഞ്ഞുകൂടണംന്നേ എനിക്ക് മോഹൂള്ളു''.
''അതൊക്കെ ആയിക്കോ. പക്ഷെ ഇനി മുതല് നിന്‍റെ സ്വത്ത് ഞങ്ങള് കൈകാര്യംചെയ്താല്‍ നാട്ടുകാര് വല്ലതും പറയും. ഞങ്ങള് എല്ലാം തട്ടിപ്പറിച്ചൂന്ന് വെറുതെ ആളുകളെകൊണ്ട് പറയിപ്പിക്കണോ''.
''ഓപ്പോളേ, അങ്ങിന്യാണെങ്കില്‍ ഞാന്‍ മദിരാശിക്കന്നെ തിരിച്ച് പോവാം'' വേണു പറഞ്ഞു. വക്കീലും പത്മിനിയും മകനും അത്ഭുതത്തോടെ അയാളെ നോക്കി.
''എന്നിട്ട് ഇതൊക്കെ എന്താ ചെയ്യണ്ടത്''.
''എന്ത് വേണച്ചാലും ചെയ്തോളൂ. ആര്‍ക്കും വേണ്ടെങ്കില്‍ കിട്ടുണ്ണിക്ക് കൊടുത്തോളൂ. അയാള്‍ക്കത് വേണംന്നുണ്ട്''.
''അതിനല്ലല്ലോ ഇത്രകാലം ഞങ്ങള്‍ പൊന്നുപോലെ എല്ലാം നോക്കി നടത്ത്യേത്. എന്നെങ്കിലും നീ വരുമ്പൊ തിരിച്ചേല്‍പ്പിക്കണം എന്നന്യാ ഞങ്ങളടെ ആഗ്രഹം''.
''ഓപ്പോളേ, ഞാന്‍ പറഞ്ഞില്ലേ, എനിക്ക് ഇതൊന്നും കൈകാര്യം ചെയ്യാന്‍ പ്രാപ്തീല്യാ, വേണംന്ന് ആഗ്രഹൂം ഇല്ല. മരിക്കുണതുവരെ കഴിയാനുള്ള വക ദൈവം തന്നിട്ടുണ്ട്. അതുമതി. എനിക്കുള്ള വീതം ആണെന്നു പറഞ്ഞ് എല്ലാം തന്ന് ഓപ്പോള് എന്നെ കയ്യൊഴിയാണെങ്കില്‍ നാളത്തന്നെ ഞാന്‍ മടങ്ങി പൊയ്ക്കോളാം''.
''ഇനി അതും പറഞ്ഞ് താന്‍ മദിരാശീലിക്കൊന്നും പോണ്ടാ. നമുക്ക് ആലോചിച്ച് വേണ്ടത് ചെയ്യാം''വക്കീല് സമാധാനിപ്പിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ വക്കീല്‍ ജോലിക്ക് പോവനൊരുങ്ങി.
''വേണു, താന്‍ ഇന്നന്നെ പോവാന്‍ ഉദ്ദേശൂണ്ടോ''വേണുവിനോട് അദ്ദേഹം ചോദിച്ചു. പിറ്റേന്ന് വൈകീട്ടേ താന്‍ തിരിച്ചുപോവുന്നുള്ളു എന്ന് വേണു അറിയിച്ചു.
''അതു നന്നായി. എനിക്ക് തന്നോട് ചിലകാര്യങ്ങള്‍ സംസാരിക്കാനുണ്ട്'' അദ്ദേഹം ഇറങ്ങി. അടുക്കളക്കാരികാള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി പത്മിനി വേണുവിന്‍റെ അടുത്തെത്തി.
''എന്‍റെ കുട്ടി, നീ സത്യം പറയ്''അവര്‍ വേണുവിനോട് പറഞ്ഞു''നിനക്ക് ഞങ്ങളോടൊക്കെ ഉള്ളില് ദേഷ്യൂണ്ടോ, കുട്ടിക്കാലം മുതല്‍ക്ക് നിന്നെ നട തള്ളി വിട്ടതിന്''.വേണു ചിരിച്ചു.
''എന്തൊക്ക്യാ ഈ ഓപ്പോള് പറയുണത്. എനിക്ക് അന്നും ഇന്നും സ്നേഹിക്കാനായിട്ട് നിങ്ങളൊക്ക്യെല്ലേ ഉള്ളു. എന്നെങ്കിലും ഞാന്‍ അങ്ങന്യല്ലാതെ പെരുമാറീട്ടുണ്ടോ''.
''അതൊന്നൂല്യാ. എന്നാലും ഒറ്റയ്ക്ക് കഴിയാനുള്ള നിന്‍റെ തീരുമാനം കാണുമ്പൊ എനിക്കങ്ങിനെ തോന്നുണുണ്ട്''. വേണു ഒന്നും പറഞ്ഞില്ല.
''ഒരു കാര്യം പറയണംന്ന് ശ്ശി കാലായി മനസ്സില് കൊണ്ടുനടക്കുണു. വല്യേമ്മ മരിച്ചശേഷം നിന്നെ നോക്കി രക്ഷിക്കേണ്ട ചുമതല എന്‍റെ അമ്മയ്ക്കായിരുന്നു. അമ്മ അത് ചെയ്തില്ല. അവര് നിന്നെ നല്ലോണം ദ്രോഹിച്ചിട്ടുണ്ട്. പഠിപ്പ് തീരുംമുമ്പ് വീട്ടിന്ന് ആട്ടിവിട്ടു. അന്നൊക്കെ നിനക്കുവേണ്ടി അമ്മ്യോട് ഒരുപാട് പറഞ്ഞ് നോക്കീട്ടുണ്ട്. കാര്യോന്നും ഉണ്ടായില്ല. ചിലപ്പൊ എന്നെ ചീത്തപറയും. പലപ്പഴും തല്ലീട്ടും ഉണ്ട്. അപ്പോഴൊക്കെ മിണ്ടാണ്ടിരിക്കാനേ എനിക്ക് കഴിഞ്ഞിട്ടുള്ളു. എന്നാലും നിന്നെ ഓര്‍ത്ത് ഞാന്‍ ഒരുപാട് കരഞ്ഞിട്ടുണ്ട്''.
''ഓപ്പോളുടെ സ്നേഹം എനിക്കറിയാം. ചെറ്യേമ്മ അങ്ങിനെ ചെയ്തൂന്ന് വെച്ച് എനിക്ക് വിരോധോന്നൂല്യാ. കുറെ ചോറ് തന്നിട്ടും കുളിപ്പിച്ചിട്ടും ഒക്കെ ഉള്ളതല്ലേ''.
''അത് നിന്‍റെ മനസ്സിന്‍റെ ഗുണംകൊണ്ട് പറയ്യാണ്. കിട്ടുണ്ണ്യേക്കാളും എന്നെ നീയാണ് സ്നേഹിച്ചിട്ടുള്ളത്. എനിക്കത് നന്നായിട്ടറിയാം. ഒരു വയറ്റില്‍ തീര്‍ന്ന അവന് അന്നും ഇന്നും അവന്‍റെ കാര്യേള്ളു''.
''അതൊക്കെ ഓരോരുത്തരുടെ സ്വഭാവോല്ലേ ഓപ്പോളേ. നമ്മളെന്തിനാ കുറ്റം പറയുണത്''.
''ഇവിടെ ഒരാള് മകന്‍റെ നിശ്ചയത്തിന്നും കല്യാണത്തിനും അളിയനെ വിളിക്കണംന്ന് പറഞ്ഞ് ഒറ്റകാലിലാണ് നില്‍പ്പ്. എനിക്കില്ലാത്ത ബന്ധം നിങ്ങള്‍ക്കുണ്ടോ എന്നുചോദിച്ച് ഞാന്‍ ഒരുവിധത്തില്‍ ഒതുക്കി നിര്‍ത്ത്യേതാ''.
''ഒരുകാര്യം പറഞ്ഞാല്‍ ഓപ്പോള് എന്നോട് ദേഷ്യപ്പെടരുത്''വേണു പറഞ്ഞു''വീട്ടിലൊരു അവസരം വരുമ്പൊ അവനെ ഒഴിവാക്കുണത് ഭംഗ്യാണോ. മറ്റുള്ളവര്‍ എന്താ പറയ്യാ''.
''നീയും അതന്യാണോ പറഞ്ഞോണ്ട് വരുണത്. ഒരു കാര്യം. ആരെന്ത് പറഞ്ഞാലും എനിക്കൊരു ചുക്കൂല്യാ. എന്നെ വേണ്ടാത്ത അനിയനെ എനിക്കും വേണ്ടാ''.
''അങ്ങിനെ വാശി പിടിക്കരുത് ഓപ്പോളേ. എത്ര്യായാലും ഒരേ വയറ്റില്‍ കിടന്നോരല്ലെ നിങ്ങള് രണ്ടാളും''.
''വിശ്വേട്ടനും ഇതന്നേ പറയുണ്. എനിക്കവന്‍റെ പേര് കേള്‍ക്കുണതേ അത്തൂം ചതുര്‍ത്ഥീം കാണുണ മാതിര്യാണ്. ഒരു വള്ളി പിടിച്ച് പോന്നതിന്‍റെ സ്ഥായിയൊന്നും അവനില്ല''.
''പോട്ടെ ഓപ്പോളേ, നല്ലൊരുകാര്യം നടക്കുമ്പൊ അവന്‍റെ മനസ്താപം വലിച്ചുവെക്കണ്ടാ. നമ്മടെ കുട്ടിക്ക് അതോണ്ട് ഒരുദോഷം ഉണ്ടാവണ്ടാ''.
''നിങ്ങളൊക്കെ എന്ത് വേണച്ചാലും ചെയ്തോളിന്‍. എന്നോടൊന്നും ആരും ചോദിക്കണ്ടാ''പത്മിനി വിഷയം അവസാനിപ്പിച്ചു.
''ഇവിടുത്തെ വിശേഷങ്ങള്‍ക്ക് കിട്ടുണ്ണിയെ വിളിക്കണം എന്നാണ് എന്‍റെ മനസ്സില്‍. എന്താ തന്‍റെ അഭിപ്രായം''രാത്രി ഉണ്ണാനിരിക്കുമ്പോള്‍ വക്കീല്‍ ഈ കാര്യം വീണ്ടും എടുത്തിട്ടു. പത്മിനിയോട് പറഞ്ഞതൊക്കെ വേണു ആവര്‍ത്തിച്ചു.
''കേട്ട്വോടോ വേണു പറഞ്ഞത്. അയാളെ അങ്ങിനെ ഒഴിവാക്കാന്‍ പാടില്ല''.
''നിങ്ങള് അളിയനും അളിയനുംകൂടി അവനെ ക്ഷണിക്ക്വേ സല്‍ക്കരിക്ക്വേ എന്ത് വേണച്ചാലും ചെയ്തോളിന്‍. ഞാന്‍ അവനെ വിളിക്കാനും വരില്ല, ഒന്നും ഒട്ട് മിണ്ടാനും പോവില്ല''.
''ആവൂ, അത്ര്യേങ്കിലും സമ്മതിച്ചല്ലോ''എന്ന് ഇരുവരും സമാധാനിച്ചു.
അദ്ധ്യായം - 65.
അമ്പലത്തില്‍ പുതിയൊരു ശാന്തിക്കാരനെ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ പറ്റിയ ഒരാളെ താന്‍ അയക്കാമെന്ന് ഉടമസ്ഥന്‍ തിരുമേനി ഏറ്റിരുന്നു. നല്ല പഠിപ്പൊക്കെ ഉള്ള ആളാണ്, പൂജാദി കര്‍മ്മങ്ങളൊക്കെ നന്നായി അറിയും, സംസാരിച്ചുനോക്കി പറ്റുമെന്ന് നിങ്ങള്‍ക്കൊക്കെ തോന്നിയാല്‍ നമുക്കയാളെ ജോലിക്ക് എടുക്കാം എന്നൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. അമ്പലത്തില്‍ അത്യാവശ്യം ആളുകള്‍ തൊഴാന്‍ വന്നു തുടങ്ങി. മണ്ഡലകാലമായാല്‍ വരുന്നവരുടെ എണ്ണം ഇനിയും കൂടും. മുട്ടുശാന്തിക്ക് വരുന്ന കുട്ടി തീരെപോരാ.
''എനിക്ക് നൂറ്റെട്ട് കൂട്ടം കാര്യങ്ങളുണ്ട് ഇന്ന് ചെയ്യാനായിട്ട്. ഇന്നലെ രാത്രി യാത്രേലായതോണ്ട് ഒരുപോള കണ്ണടക്കാന്‍ പറ്റീല്ല. പാര്‍ട്ടി കാര്യത്തിന്ന് വേണ്ടി ഒരാഴ്ച്ച അലഞ്ഞതിന്‍റെ ക്ഷീണം നല്ലോണൂണ്ട്. ശാന്തിക്കാരനോട് സംസാരിക്കാന്‍ എല്ലാകമ്മിറ്റിക്കാരും ഉണ്ടാവണംന്ന് ഉടമസ്ഥന്‍ പറഞ്ഞതോണ്ട് മാത്രം ഞാന്‍ വന്നതാണ്''സ്വാമിനാഥന്‍ അക്ഷമ പ്രകടിപ്പിച്ചു.
''എട്ടരയ്ക്ക് മുമ്പ് ആളെത്തുംന്നല്ലേ പറഞ്ഞത്. അതിന്ന് ഇനീം സമയം കെടക്കുണൂ''എഴുത്തശ്ശന്‍ പറഞ്ഞു.
''എന്തൊക്ക്യാ തലസ്ഥാനത്ത് പുത്യേ വിശേഷങ്ങള്''മേനോന് അതാണ് അറിയേണ്ടത്.
''എലക്ഷന്‍ വരുണൂ. അതന്നെ പ്രധാനവാര്‍ത്ത''.
''എന്തിനാ നിങ്ങള് ഇങ്ങിനെ ഒരു തുക്കടാ പാര്‍ട്ടീല് നിക്കുണത്''നാണു നായര്‍ ചോദിച്ചു''അതിന്ന് പകരം കോണ്‍ഗ്രസ്സിലോ, കമ്യൂണിസ്റ്റിലോ ചേര്‍ന്നാല്‍ ഒരു നെലേല് എത്തില്ലേ''.
''നിങ്ങള്‍ക്ക് അറിഞ്ഞൂടാഞ്ഞിട്ടാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടീല് ചേരണം എന്നു വെച്ചാല്‍ അതത്ര എളുപ്പ്വോല്ല. അവര് നമ്മടെ ജാതകൂം പഞ്ചാംഗൂം വരെ നോക്കീട്ടേ മെമ്പര്‍ഷിപ്പ് തരുള്ളു. പുതുതായി വരുന്നവന്‍ എങ്ങനത്തെ ആളാണ്, പാര്‍ട്ടിടെ നയങ്ങള്‍ക്ക് എതിരായി എന്തെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ, പാര്‍ട്ടിടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാറുണ്ടോ എന്നൊക്കെ ലോക്കല്‍ കമ്മിറ്റി സൂക്ഷ്മമായി പരിശോധിക്കും. എന്നിട്ട് അംഗത്വം കിട്ട്യാലോ, ഒരുനെലേല് എത്തണംച്ചാല്‍ ഇത്തിരി പാടുപെടണം''.
''എന്നാ പിന്നെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നൂടേ''.
''നല്ല കാര്യായി. അവിടെ നിരനിരയായി കിടക്കുണുണ്ട് നേതാക്കന്മാര് . നമ്മള് ചെന്നാലേ ഒടുക്കത്തെ ഒന്നാമനാവും. കിണഞ്ഞ് ശ്രമിച്ചാല്‍ വല്ല മണ്ഡലം കമ്മിറ്റില് കേറികൂടാം. അതിനപ്പുറത്തേക്ക് അത്ര എളുപ്പത്തില്‍ കടക്കാന്‍ പറ്റില്ല''.
''അപ്പൊ തിരക്കില്ലാത്ത ഇടംനോക്കി ചെന്നൂന്ന് സാരം''.
''സത്യം അതാണ്. നമ്മുടെ നാട്ടില് എന്നും കൂട്ടുകക്ഷിഭരണം മാത്രോല്ലേ ഉണ്ടാവൂ. ഏതെങ്കിലും വല്യേ പാര്‍ട്ടിടെ കൂടെനിന്ന് അവരടെ സഹായത്തോടെ ജയിച്ച് കുറച്ച് സീറ്റ് നേടണം. അതുകഴിഞ്ഞാല്‍ വില പേശലായി. കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ ചെറ്യേ പാര്‍ട്ടികളില്‍ അംഗമാവുണതാണ് നല്ലത്. പിന്നെ വേറൊരുകാര്യം കൂടീണ്ട്'' അയാള്‍ നിര്‍ത്തി.
''അതെന്താ'' എല്ലാവര്‍ക്കും അതറിയാന്‍ ആകാംക്ഷയായി.
''തിരഞ്ഞെടുപ്പ് കമ്മിറ്റിണ്ടാക്കുമ്പൊ ചെറ്യേപാര്‍ട്ടിക്കാര്‍ക്കും കിട്ടും പ്രാതിനിധ്യം. മുഖ്യമന്ത്രി പങ്കെടുക്കുണ ചടങ്ങില്‍കൂടി ചെറ്യേപാര്‍ട്ടിടെ പ്രതിനിധിക്ക് വേദീലാണ് സ്ഥാനം. നേരെമറിച്ച് വല്യേ പാര്‍ട്ടീലെ ഇടത്തരം നേതാവിന്ന് അവിടെ കേറാന്‍കൂടി ഒക്കില്ല''.
രാഷ്ട്രീയം പറഞ്ഞിരിക്കുന്നതിന്നിടയില്‍ അകലെനിന്നും വരമ്പിലൂടെ ഒരു ടി വി. എസ്. ഓടി അടുക്കുന്നതു കണ്ടു. അമ്പലമതിലിന്നരുകില്‍ വാഹനം നിര്‍ത്തി ഒരു ചെറുപ്പക്കാരന്‍ ഇറങ്ങിവന്നു. പാന്‍റും ഷര്‍ട്ടുമാണ് വേഷം. മുഖത്ത് കൂളിങ്ങ് ഗ്ലാസ്സ്. കയ്യിലൊരു ചെറിയ ഹാന്‍ഡ് ബാഗുണ്ട്. അയാള്‍ അവര്‍ക്കുനേരെ നടന്നടുത്തു.
''ആരാ''എഴുത്തശ്ശന്‍ ചോദിച്ചു.
''ഇവിടെ പൂജക്ക് ഒരാളെ ആവശ്യൂണ്ട്, കമ്മിറ്റിക്കാരെ ചെന്നുകാണണം എന്നു പറഞ്ഞ് മനയ്ക്കല്‍നിന്ന് അയച്ചിട്ട് വന്നതാണ്''.
''അതുവ്വ്. ആരാ പൂജക്കാരന്‍''.
''ഞാന്‍ തന്നെ''. എല്ലാവര്‍ക്കും അത്ഭുതം തോന്നി. പൂജയ്ക്ക് വന്ന ആള്‍ തന്നയാണോ ഇത്. വേണു ആഗതനെ ശ്രദ്ധിച്ചു. ആ ചെറുപ്പക്കാരന്‍റെ മുഖത്ത് ആത്മവിശ്വാസം തെളിഞ്ഞുകാണാനുണ്ട്.
''എങ്ങന്യാ ഈ വഴി മനസ്സിലായത്''എഴുത്തശ്ശന്‍ ചോദിച്ചു.
''ചോദിച്ചറിഞ്ഞു. പുഴടെ അക്കരെ വണ്ടിവെച്ചിട്ട് ഇറങ്ങി കടക്കാംന്ന് വെച്ചാല്‍ അതിന് ഈ വേഷം പറ്റില്ല. നനയും. അപ്പോള്‍ ഇത്തിരി ദൂരം കൂട്യാലും പാലം ചുറ്റി വരാംന്ന് വെച്ചു. നാല് കിലോമീറ്റര്‍ദൂരം അത്ര അധികോന്ന്വോല്ല. അഞ്ചാറിടത്ത് കഴായ ഉള്ളത് മാത്രേ വിഷമൂള്ളു''.
''ഇപ്പൊ എവിടേക്കാ പോണത്''.
''ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിക്കാന്‍. അവിടുന്ന് കിട്ടുന്നതോണ്ട് തികയില്ല. ട്യൂഷന്‍ എടുക്കാച്ചാല്‍ പഠിക്കാന്‍ വരുണ കുട്ടികള് പലേ ക്ലാസ്സില്‍ ഉള്ളോരായിരിക്കും. അത് ബുദ്ധിമുട്ടാണ്. അപ്പൊ പിന്നെ അറിയുണ ഈ തൊഴില്‍ ചെയ്യാന്ന് കരുതി''.
''ഇവിടുന്ന് അത്രക്ക് വരുമ്പടികിട്ടുംന്ന് തോന്നുണുണ്ടോ''.
''അതില്ല. ട്യൂട്ടോറിയല്‍ കോളേജില്‍നിന്ന് കിട്ടുണതിന്ന് പുറമേ കുറച്ചും കൂടി വരുമാനം. അത്രേ ഞാനും കണക്കാക്കുണുള്ളു''.
''അപ്പൊ ശാന്തിപ്പണീം പഠിപ്പിക്കലും ഒന്നിച്ച് കൊണ്ടുപോവാംന്നാണോ വിചാരിക്കുണത്''.
''അതെ. അതാ മനസ്സില്''.
''ഇവിടെ സ്ഥിരം ഒരാള് വേണംന്നാ ഉദ്ദേശം. എപ്പഴെങ്കിലും വന്നിട്ട് പോവാന്‍ പറ്റുണ പണ്യാണോ അമ്പലത്തിലെ''.
''എനിക്ക് വിരോധൂല്യാ. മുഴുവന്‍ നേരൂം ഇവിടത്തന്നെ കൂടാം. പക്ഷെ അതിനനുസരിച്ചുള്ള ശമ്പളം തരണ്ടിവരും''.
''നിങ്ങള് ആള് മോശക്കാരനല്ലല്ലോ''.
''മോശക്കാരനായാല്‍ ഈ ലോകത്ത് ജീവിക്കാന്‍ പറ്റില്ലല്ലോ''.
''എന്നാലും ഈ പണിക്കൊക്കെ പ്രതിഫലംചോദിച്ച് വാങ്ങാന്‍ പാടുണ്ടോ''.
''എന്തേ പാടില്ലാന്ന് തോന്നാന്‍. ഒരു പനി വന്നിട്ട് ഡോക്ടറടെ അടുത്ത് ചെന്നാല്‍ അയാള് പറഞ്ഞ ഫീസ് കൊടുക്കാതെ പരിശോദിക്കില്ലല്ലോ. എന്തെങ്കിലും കേസുംകൊണ്ട് ഒരു വക്കീലിന്‍റെടുത്ത് ചെന്നാല്‍ മതി. മുടിപ്പിച്ച് തരും. അതൊന്നും തെറ്റല്ലെങ്കില്‍ ഞാന്‍ ചോദിച്ചതും തെറ്റല്ല''.
''ഈശ്വരാ, കാലംപോയ പോക്കേ''നാണുനായരുടെ ആത്മഗതം അല്‍പ്പം ഉച്ചത്തിലായി.
''ശര്യാണ്. കാലം മാറി. അത്ര വല്യേസമ്പന്നരൊന്നും അല്ലെങ്കിലും കഴിഞ്ഞു കൂടാനുള്ള വക്യോക്കെ ഇല്ലത്തുണ്ടായിരുന്നു. നിങ്ങള് പറഞ്ഞ കാലം പോണ കൂട്ടത്തില്‍ അതൊക്കെ തട്ടിപ്പറിച്ചോണ്ട് പോയി. ഇന്നതൊക്കെ വല്ലോനും അനുഭവിക്കുണു. വീട്ടില് വയസ്സായ അച്ഛനും അമ്മേം ഉണ്ട്. താഴെ ഒരു അനുജത്തീം. രക്ഷിതാക്കളെ നോക്കണം. അനുജത്ത്യേ പഠിപ്പിക്കണം. അവളെ നല്ലൊരുത്തനെ ഏല്‍പ്പിക്കണം. അതിന്ന് സമ്പാദിക്കാതെ പറ്റില്ലല്ലോ''.
''ആട്ടെ, എത്രവരെ പഠിച്ചിട്ടുണ്ട്''നാണുനായര്‍ക്ക് അതറിയണം.
''ശാന്തിക്കരന്‍റെ പണിക്ക് പഠിപ്പ് ഒരു കാര്യാല്ലാന്നാ കരുത്യേത്. അതോണ്ട് ഞാന്‍ സര്‍ട്ടിഫിക്കറ്റൊന്നും എടുത്തിട്ടില്ല''.
''കുട്ടീ , സര്‍ട്ടിഫിക്കറ്റൊന്നും നോക്കാനല്ല ചോദിച്ചത്''മേനോന്‍ പറഞ്ഞു'' അറിഞ്ഞിരിക്കാലോന്ന് വിചാരിച്ച് ചോദിച്ചതാ''.
''അതോണ്ട് വൈഷമ്യം ഒന്നൂല്യാ. ഡിഗ്രീണ്ട്. പിന്നെ ബി.എഡും''.
''മാഷുപ്പണിക്കൊന്നും ശ്രമിച്ചില്ലേ''.
''നല്ല മാര്‍ക്ക് വാങ്ങി ജയിച്ചാല്‍ ജോലിക്ക് ബുദ്ധിമുട്ടില്ലാന്നാ പഠിക്കുണ കാലത്ത് വിചാരിച്ചിരുന്നത്. എത്രമാര്‍ക്ക് കിട്ടീട്ടും കാര്യൂല്യാ, തിരുമൂല്‍ കാഴ്ച വെക്കാന്‍ നല്ലോണം കയ്യിലുണ്ടാവണം, എന്നാലേ ജോലി കിട്ടൂ എന്നൊക്കെ പിന്നീടാ അറിഞ്ഞത്. എന്‍റെ കുടുംബത്തില്‍ അതിന്നുള്ള വകീല്യാ. അന്യനാട്ടില്‍ ചെന്നാല്‍ വല്ല പണീം കിട്ടുംന്ന് എല്ലാവരും പറയുണുണ്ട്. ചിലപ്പൊ ബോംബേലോ മദിരാശിയിലോ ചെന്നാല്‍ കിട്ടും . അപ്പോള്‍ അച്ഛനും അമ്മക്കും അനുജത്തിക്കും ആരാ ഉള്ളത്. ദൈവം കടാക്ഷിച്ച് എന്നെങ്കിലും പി. എസ്. സി. എഴുതി കിട്ട്യാല്‍ രക്ഷപ്പെടും. അതുവരെ ഇങ്ങിന്യോക്കെ കഴിയണം''.
ആ ചെറുപ്പക്കാരനോട് എല്ലാവര്‍ക്കും ബഹുമാനമാണ് തോന്നിയത്. ആള് ഉത്തരവാദിത്വബോധം ഉള്ളവനാണ്. വളച്ചുകെട്ടില്ലാതെ കാര്യം തുറന്നു പറയുന്നവനും .
''പൂജാദികളൊക്കെ പഠിച്ചിട്ടുണ്ടോ''.
''ഉവ്വ്. നന്നെ ചെറുപ്പത്തിലേ എല്ലാം വശാക്കീട്ടുണ്ട്''.
''ഇന്നത്തെ കാലത്ത് ഇതോണ്ട് എന്തെങ്കിലും കിട്ടാറുണ്ടോ''.
''ഞാന്‍ പറഞ്ഞില്ലേ പഴയകാലം അല്ലാന്ന്. ജനങ്ങള്‍ക്ക് മുമ്പത്തെക്കാളും ഭക്തി കൂടീട്ടുണ്ട് എന്നാ അച്ഛന്‍ പറയാറ്. ഗണപതി ഹോമം, സുദര്‍ശന ഹോമം, നാഗപൂജ, ഭഗവത് സേവ എന്നിവയൊക്കെ ചെയ്യണംന്നു പറഞ്ഞ് ധാരാളം ആളുകള്‍ വരാറുണ്ട്. അതാതിന്ന് വേണ്ട സാധനങ്ങളുടെ ചാര്‍ത്ത് എഴുതി കൊടുക്കും. ദക്ഷിണ ഇത്ര വേണംന്ന് ആദ്യംതന്നെ പറയും. എല്ലാം കഴിഞ്ഞ് അതിന്ന് കൂട്ടംകൂടാന്‍ നിക്കണ്ടല്ലോ''.
''അത് നല്ലതന്നെ''.
''കിട്ടുണ സാധനങ്ങളും പണവുംകൊണ്ട് കഷ്ടപ്പാടില്ലാതെ കഴിഞ്ഞു കൂടുന്നു. പണ്ട് ഞങ്ങള്‍ക്ക് സ്വത്തുണ്ടായിരുന്നുന്ന് പറഞ്ഞോണ്ട് ഇരുന്നാല്‍ ഇപ്പഴത്തെ വിശപ്പ് മാറില്ലല്ലോ''.
''നിങ്ങളെ ഞങ്ങള്‍ക്ക് ബോധിച്ചു. തിരുമേനിയോട് പറയാം''മേനോന്‍ പറഞ്ഞു.
''ഒന്നും തോന്നരുത്. ഞാന്‍ എന്‍റെ കാര്യം പറഞ്ഞൂന്നേ ഉള്ളു. ജോലീല് ആത്മാര്‍ത്ഥത ഉറപ്പിക്കാം. രാവിലീം വൈകുന്നേരൂം സമയത്തിനെത്തും. പഠിപ്പിക്കാന്‍ പോണംന്ന് വിചാരിച്ച് പൂജ ഏഹോ എന്നൊന്നും ആക്കില്ല. ശ്രീകോവിലിന്‍റെ ഉള്ളിലിരുന്ന് മന്ത്രം ജപിക്കുണതിന്ന് പകരം ക്ലാസില്‍ പഠിപ്പിക്കാനുള്ളത് ആലോചിച്ചിരുന്നാല്‍ അത് തെറ്റ്. അത് ഞാന്‍ ചെയ്യില്ല. ഇവിടെ ഞാന്‍ പൂജക്കാരന്‍. ട്യൂട്ടോറിയലില്‍ ചെന്നാല്‍ മാഷ്. രണ്ടും ഒരുപോലെ നന്നാക്കണം എന്നാ മനസ്സില്''.
''ഈശ്വരന്‍ അതിന് സഹായിക്കട്ടെ''.
അയാള്‍ യാത്ര പറഞ്ഞിറങ്ങി. വരമ്പിലൂടെ ടി. വി. എസ് പോവുന്നതും നോക്കി അവര്‍ ഇരുന്നു.
അദ്ധ്യായം - 66.
മഴ പിന്‍വലിഞ്ഞശേഷം സുഖകരമായ കാലാവസ്ഥയാണ്. കളപ്പുരയിലെ പനമ്പട്ടമാറ്റി ഓടുമേഞ്ഞു. നേരത്തെയുള്ള കരിമ്പനകൊണ്ടുള്ള തുലാക്കട്ട നിരത്തിയിരുന്നതില്‍ പ്ലാവിന്‍റെ പലകകൊണ്ട് തട്ടടിച്ചതോടെ ആ പണിയും തീര്‍ന്നു. മുക്കോടില്‍ കാറയിട്ടതോടെ വീടിന്ന് മൊത്തത്തില്‍ ഒരുഭംഗി കൈവന്നു.
സന്ധ്യമയങ്ങിയാല്‍ കുറെകുട്ടികളും കുറച്ചുമുതിര്‍ന്നവരും സ്ലേറ്റുമായി കളപ്പുരയിലെത്തും. മണ്ണെണ്ണവിളക്കിന്‍റെ വെട്ടത്തില്‍ പിന്നെ ക്ലാസ്സാണ്. അത്താഴത്തിന്ന് സമയമാവുമ്പോഴേ അതവസാനിക്കൂ.
രണ്ടാംപഞ്ചയ്ക്ക് നട്ട നെല്‍ചെടികള്‍ കരിഞ്ഞാറുപേര്‍ന്ന് ചിനച്ചു തുടങ്ങി. അമ്പലംപണിയും വായനയും കഴിഞ്ഞ് ബാക്കിയുള്ള പകല്‍ സമയത്ത് വേണു പാടത്തുചെല്ലാന്‍ തുടങ്ങി. എഴുത്തശ്ശന്‍റെ നിര്‍ബന്ധവും ചാമിയുടെ പ്രേരണയുമാണ് അതിന്ന് കാരണം .
''അമ്മാമേ''ഒരുദിവസം വേണു എഴുത്തശ്ശനോട് പറഞ്ഞു''നിങ്ങളടെ കൂടെ പാടത്ത് നോക്കാന്‍വന്ന് ഇപ്പോള്‍ എനിക്കും ഇടയ്ക്ക് ഇതൊക്കെ വന്നു നോക്കീല്ലെങ്കില്‍ എന്തോ ഒരു കുറവുപോലെ തോന്നുണുണ്ട്''.
''അപ്പൊ നീയൊരു കൃഷിക്കാരനായി''എഴുത്തശ്ശന്‍ പറഞ്ഞു''കൃഷിക്കാരന് വിള ഇറക്ക്യേദിവസംതൊട്ട് കൊയ്ത്തുകഴിയുണ വരെ ഓരോനിമിഷൂം ചെട്യേളുടെ വളര്‍ച്ച നോക്കിനില്‍ക്കാതിരിക്കാനാവില്ല. മക്കളുടെ കയ്യോ കാലോ വളരുണത് എന്ന് അച്ഛനും അമ്മേം നോക്കുണപോലെ കൃഷിക്കാര് പഞ്ച വളരുണത് നോക്കും''.
''ഒക്കെ ഒരു ശീലാവാനുണ്ട്''ചാമി പറഞ്ഞു''പിന്നെ ഒരുനേരം ഞാന്‍ വന്നില്ലെങ്കിലും മൊതലാളി ഒക്കെ നോക്കിനടത്തും''.
''അതിന് എന്നെ പിരിഞ്ഞ് എങ്കിട്ടെങ്കിലും പോവാന്‍ ഞാന്‍ ചാമ്യേ സമ്മതിച്ചിട്ടുവേണ്ടേ''.
വയലിലെ വെള്ളത്തില്‍ എഴുത്തശ്ശന്‍ ചാതികള്‍ വട്ടത്തില്‍ കറങ്ങുന്നുണ്ട്. ചേരിന്‍റെ തണലില്‍ പുഴക്കാറ്റുംകൊണ്ട് നില്‍ക്കാന്‍ ബഹുസുഖം. ഏത് എയര്‍കണ്ടീഷണറിനും ഇത്രസുഖം പകരാനാവില്ലെന്ന് വേണു ഓര്‍ത്തു
''കുപ്പ്വൊച്ചോ, നമുക്ക് ഇത്തിരി പൊടി ഇടണ്ടേ''ചാമി ചോദിച്ചു.
''വരെട്ടെടാ. അടിവളം ഇട്ടത് പിടിച്ചുകഴിഞ്ഞിട്ടില്ല. തോരെ തോരെ വളം കൊണ്ട്വോയി കൊട്ടീട്ട് എന്താ ഗുണം. പഞ്ച മദാളിച്ച് വീഴും. നെല്ലൊന്നും കിട്ടില്ല''.
''അത് ശര്യാണ്. നെല്ലിന്‍റെ കറുപ്പ് വിട്ടിട്ടില്ല''.
''നോക്ക് വേണ്വോ''എഴുത്തശ്ശന്‍ പറഞ്ഞു''ഇപ്പൊ വളം ഇട്ടതിന്‍റെ പശിമ തീര്‍ന്നാല് ഇലയ്ക്കൊക്കെ ഒരു മഞ്ഞനെറം വരും. അത് കണ്ടതും പൊടി ഇടണം''.
''അമ്മാമേ , ഇത്തിരി അധികം ഇട്ടൂന്ന് വെച്ച് എന്താ ദോഷം''.
''നീയ് രാവിലെ എത്ര ഇഡ്ളി തിന്നും''എഴുത്തശ്ശന്‍ ചോദിച്ചു.
''നാല്. ചിലപ്പോള്‍ അഞ്ചെണ്ണം''വേണു പറഞ്ഞു.
''ഒരു നാല്‍പ്പതെണ്ണം വെളമ്പീന്ന് വെക്ക്. എന്താ ചെയ്യാ''.
''കൂടിയാല്‍ ഒന്നോ രണ്ടോ എണ്ണംകൂടി അധികംതിന്നും. ബാക്കി വേണ്ടാന്ന് വെക്കും''.
''അതന്യാ ഈ കാര്യത്തിലും. ചെടിക്ക് വേണ്ട വളത്തിന്ന് ഒരു കണക്കുണ്ട്. കൂടുതലായാല്‍ അത് ഉപകാരം ഇല്ലാണ്ടെ പോവും''. ആകാശമേലാപ്പില്‍ വെളുത്തവരയിട്ട് യന്ത്രപ്പക്ഷി പറന്നുപോയി.
''എന്താണ്ടാ ചാമ്യേ. വല്ലാണ്ടെ ദാഹം തോന്നുണു''എഴുത്തശ്ശന്‍ പറഞ്ഞു'' വെയിലിന് അസ്സല് ചൂടുണ്ട്''.
''കുപ്പ്വോച്ചോ അതൊന്ന്വല്ലാ സംഗതി. നിങ്ങള് രാവിലെ ദോശ്യല്ലേ തിന്നത്. അതാവും. നമുക്കൊക്കെ കഞ്ഞീം വെള്ളച്ചോറും കഴിക്കുണതാ പഴക്കം''.
''നമുക്ക് കളപ്പുരയിലേക്ക് പോയാലോ''വേണു ചോദിച്ചു.
''വേണ്ടാ. ഇവിടെനിന്നാല്‍ ഒഴിഞ്ഞകാറ്റ് കിട്ടും. പഞ്ചീം കാണാം. ഒരു ഭാഗത്ത് ചെന്നിരിക്കണ്ട താമസം കണ്ണ് തന്നെഅടഞ്ഞോളും. പിന്നെ രാത്രി കണ്ണില്‍കുത്ത്യാല്‍ ഉറക്കം വരില്ല. പോരാത്തതിന് ചെക്കന്മാര് കന്ന് മേച്ച് മടങ്ങി വരാറായി. നോക്കി നിന്നില്ലെങ്കില്‍ കന്നിനെ പഞ്ചേല് ചാടിക്കും''.
''ഞാന്‍ പോയി വെള്ളം കൊണ്ടുവരാം''ചാമി പറഞ്ഞു. അപ്പോഴാണ് തലയില്‍ ഉണക്കചുള്ളലിന്‍റെ കെട്ടുമേന്തി വെള്ളച്ചി വരുന്നത്.
''എന്താടി ഇന്ന് പണിയൊന്നൂല്യേ''എഴുത്തശ്ശന്‍ ചോദിച്ചു.
''പൊള്ളകള പൊന്തി വരുണുണ്ട്. ഒരാഴ്ച കഴിഞ്ഞാലേ വലിക്കാന്‍ നീട്ടം ഉണ്ടാവൂ''അവള്‍ മറുപടി നല്‍കി.
''നീ കളപ്പുരേല്‍ചെന്ന് ഒരു തോണ്ടിപാനീല് കൊറച്ച് വെള്ളംകൊണ്ടു വാ''.
''ഏതോ ഒരു മൊട്ടച്ചി കൊളപ്പുരടെ തിണ്ടിമ്പില് കെടന്നുറങ്ങുണൂ''എന്ന വാര്‍ത്തയുമായിട്ടാണ് അവള്‍ വെള്ളവുമായി തിരികെവന്നത്. മൂന്നാളും മുഖത്തോട് മുഖം നോക്കി. വെള്ളച്ചി പറഞ്ഞ രൂപത്തിലുള്ള ആരേയും അവര്‍ക്ക് ഓര്‍മ്മവന്നില്ല. ചിലപ്പോള്‍ ഭിക്ഷ യാചിച്ചുവന്ന വല്ലവരും ആവുമോ. എങ്കില്‍ ആ സ്ത്രീക്ക് തിണ്ണയില്‍ കയറി കിടക്കാന്‍ ധൈര്യം തോന്ന്വോ.
''ഞാന്‍ പോയി അതിനെ അവിടുന്ന് ആട്ടിവിടാം''എന്നുപറഞ്ഞ് ചാമി പോവാനൊരുങ്ങി.
''വേണ്ടാ, ഞാന്‍ ചെന്ന് നോക്കിയിട്ട് ഇപ്പൊത്തന്നെ വരാം''എന്നുപറഞ്ഞ് വേണു കളപ്പുരയിലേക്ക് നടന്നു.
കളപ്പുരയുടെ ഉമ്മറതിണ്ടില്‍ പ്രായംചെന്ന ഒരുസ്ത്രി കിടക്കുന്നു. വെള്ള ചേലയാണ് വേഷം. തല മുണ്ഡനം ചെയ്തിട്ടുണ്ട്. പെരുങ്കായത്തിന്‍റെ ഒരു സഞ്ചി അരികിലായി വെച്ചിരിക്കുന്നു.
.
''ആരാ, എന്താ ഇവിടെ കിടക്കുണത്''വേണു ചോദിച്ചു. കിടന്ന ഇടത്തു നിന്ന് വൃദ്ധ പിടഞ്ഞെണീറ്റു, കൈകള്‍ കൂപ്പി വേണുവിനെ തൊഴുതു.
''ഞാന്‍ പാര്‍വതി അമ്മാള്‍. മുമ്പ് തമ്പുരാനെ കാണാന്‍ വന്നിട്ടുണ്ട്. അന്ന് എനിക്ക് നൂറ് ഉറുപ്പിക തന്ന് സഹായിച്ചിട്ടുണ്ട്''. വേണുവിന്ന് അതോടെ ഓര്‍മ്മ വന്നു. അന്നത്തെ രൂപമല്ല ഇന്നുള്ളത്. അന്ന് പച്ചചേലയൊക്കെ ചുറ്റി വെളുത്തമുടി ചീകികെട്ടി സീമന്തരേഖയില്‍ കുങ്കുമംചാര്‍ത്തി നല്ല ഐശ്വര്യം തോന്നിച്ചിരുന്നു.
''എന്താ വേണ്ടത്''വേണു ചോദിച്ചു.
''ഒന്നും വേണ്ടീട്ടല്ല''വൃദ്ധ പറഞ്ഞു''അന്ന് തമ്പുരാന്‍ തന്ന പണംകൊണ്ട് സ്വാമിയെ ചികിത്സിക്കാന്ന് വിചാരിച്ചതാ. ഒന്നും വേണ്ടാ. അതോണ്ട് നിനക്ക് പത്ത് ദിവസത്തേക്ക് അരിവാങ്ങി കഞ്ഞിവെച്ചു കഴിച്ചൂടെ. എന്ത് ചികിത്സിച്ചിട്ടും ഒരു കാര്യൂല്യാ. എനിക്കിനി അധികം നാളില്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറി''.
''എന്നിട്ട് മരുന്നൊന്നും വാങ്ങീലേ''.
''അതൊന്നും വേണ്ടി വന്നില്ല. സ്വാമി പറഞ്ഞതുപോലെത്തന്നെ ആയി. ഒരാഴ്ച തികച്ചും കഴിഞ്ഞില്ല. നേരം പുലര്‍ന്നപ്പോള്‍ സ്വാമി വിളിച്ചിട്ട് മിണ്ടുണില്ല. ഉറക്കത്തിലേ പോയി. ഭാഗ്യവാന്‍''. പാര്‍വതി അമ്മാള്‍ ചേലയുടെ തലപ്പുകൊണ്ട് മുഖം അമര്‍ത്തിതുടച്ചു. എന്തോ ആലോചിച്ച് അവര്‍ കുറെനേരം ഇരുന്നു.
''ഗ്രാമക്കാരൊക്കെകൂടി ശവദഹനം നടത്തി. ക്രിയകളും ചെയ്യിച്ചു. അതോടെ എല്ലാവരും ഒഴിഞ്ഞു. കുറച്ച് ദിവസം അടുത്തുള്ളവര് വന്നിട്ടുണ്ടായിരുന്നു. ഇപ്പൊ ആരും വരാറില്ല''. വേണുവിന് മനസ്സില്‍ വേദനതോന്നി. ജീവിതസായാഹ്നത്തില്‍ അനാഥയായി കഴിയാനാണ് അവരുടെ യോഗം.
''പകലന്ത്യോളം എവിടേങ്കിലും ഒക്കെ ചെന്നിട്ട് സമയംപോവും. രാത്രി ആയാലാണ് കഷ്ടം. ഓരോന്ന് ആലോചിച്ച് കിടക്കും. ഒറ്റപ്പോള കണ്ണടയ്ക്കാന്‍ പറ്റാറില്ല''അവര്‍ സങ്കടങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു.
''വയസ്സായീച്ചാലും ഞാനും ഒരു മനുഷ്യജീവ്യേല്ലേ. ചെലപ്പൊ മഠത്തിന്‍റെ മുറ്റത്തുന്ന് രാത്രിനേരത്ത് ശബ്ദംകേള്‍ക്കും. എന്താ ചെയ്യാ. നാരായണാന്ന് ജപിച്ച് കണ്ണടച്ച് കിടക്കും''.
''വെള്ളോ വല്ലതും വേണോ''വേണു അന്വേഷിച്ചു.
''ഒന്നും വേണ്ടാ''അവര്‍ തുടര്‍ന്നു''ചില രാത്രീല് സ്വാമി എന്‍റെടുത്ത് വരും, പാര്‍വതീന്നും വിളിച്ചിട്ട്. ഇരിക്കുമ്പൊ എന്നെ സ്നേഹിച്ചിട്ടേ ഉള്ളു. പക്ഷെ മരിച്ചതിന്നുശേഷം എന്താ ഉള്ളില് എന്ന് നമുക്ക് അറിയില്ലല്ലൊ. ഇരിക്കുമ്പൊ സ്നേഹിച്ചോര് മരിച്ചാല്‍ വെറുക്കുംന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്''.
''അമ്മയ്ക്ക് കൂട്ടിന് ആരൂല്യേ''.
''ആരൂല്യാ. ഭഗവാന്‍തന്നെ തുണ''.
''രാത്രി അടുത്തവീട്ടില് ചെന്ന് കിടന്നൂടേ''.
''അതിനൊക്കെ ശ്രമിച്ചു. ഇപ്പൊ കിടക്കുണതില് വിരോധം ഉണ്ടായിട്ടല്ല , കുറച്ചുകാലം കഴിഞ്ഞ് നിങ്ങള് വയ്യാതെ കിടപ്പിലായാല്‍ അതൊക്കെ ബുദ്ധിമുട്ടാവും എന്നുപറഞ്ഞ് ആരും സമ്മതിക്കുണില്ല''. വൃദ്ധയുടെ വിഷമങ്ങളോര്‍ത്ത് വേണു ഇരുന്നു. വാര്‍ദ്ധക്യകാലത്തെ ഏകാന്തത അസഹ്യമാണ്. എന്തൊരു ക്രൂരമായ വിധിയാണ് അവരുടേത്.
''ഞാനൊരു കാര്യം ചോദിച്ചാല്‍ തമ്പുരാന്‍ എന്നോട് ദേഷ്യപ്പെട്വോ''അവര്‍ ചോദിച്ചു''എനിക്ക് ഈ തിണ്ടില് കിടന്നുറങ്ങാനുള്ള സമ്മതം തര്വോ. ഒന്നും തരണ്ടാ. ഞാന്‍ ആരോടെങ്കിലും പിച്ചതെണ്ടി വല്ലതും ഉണ്ടാക്കി കഴിച്ചോളാം''.
''ഇത്തിരി ആഹാരം തരുണതില്‍ വിരോധം ഒന്നും ഉണ്ടായിട്ടല്ല''വേണു പറഞ്ഞുനിര്‍ത്തും മുമ്പേ അവര്‍ ഇടപെട്ടു.
''ഞാന്‍ എന്നെകൊണ്ട് ആവുണ പണ്യോക്കെ ചെയ്യാം. പാത്രം കഴുകി തരാം, മുറ്റം അടിക്കാം. തുണി തിരുമ്പാം. സമ്മതാച്ചാല്‍ ശമയലും ചെയ്യാം. പക്ഷെ ഇറച്ചീം മീനും ഒന്നും ആവില്യാ. അതൊന്നും ചെയ്ത് ശീലിച്ചിട്ടില്ല''.
''അപ്പോള്‍ മഠം''.
''കൊടുക്കുണൂന്ന് പറഞ്ഞാല്‍ വാങ്ങാന്‍ ഇഷ്ടംപോലെ ആള് ഗ്രാമത്തില്‍ തന്നീണ്ട്. പക്ഷെ എല്ലാവരും വിലകുറച്ചേ ചോദിക്കൂ. എന്ത് കിട്ട്യാലും അത് ഞാന്‍ തമ്പുരാന്‍റെ കയ്യില്‍ തരാം''.
അങ്ങിനെ ആവാമെന്നോ, ആവില്ലെന്നോ പറയാനാവാതെ വേണു ഇരുന്നു. പാര്‍വതി അമ്മാളിന്‍റെ ദുരിതം മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചിരിക്കുന്നു. ഓര്‍മ്മവെക്കുന്നതിന്ന് മുമ്പ് മണ്‍മറഞ്ഞ തന്‍റെ അമ്മയാണ് ഇത്തരം അവസ്ഥയിലെങ്കില്‍ എന്ന തോന്നല്‍ അയാളുടെ ഉള്ളില്‍ കടന്നു.
''എന്താ ഒന്നും പറയാത്തത്''പാര്‍വതി അമ്മാളിന്‍റെ ശബ്ദം വേണുവിനെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തി.
''ഹേയ്, ഓരോന്ന് ആലോചിച്ചിരുന്നതാണ്''.
''എനിക്ക് തല ചായ്ക്കാനൊരിടം തര്വോ''.
''വിഷമിക്കണ്ടാ''വേണു പറഞ്ഞു''എന്തിനും ഒരു വഴികാണും. ഇപ്പോള്‍ പൊയ്ക്കോളൂ. മഠമൊന്നും വില്‍ക്കണ്ടാ. പോരണം എന്ന് തോന്നിയാല്‍ പോന്നോളൂ. ഇവിടെകൂടാം. ഒരുമകന്‍റെ അടുത്താണെന്ന് വിചാരിച്ചാല്‍ മതി''.
''ഈശ്വരാ''പാര്‍വതി അമ്മാള്‍ മേല്‍പ്പോട്ട് നോക്കി കയ്യുയര്‍ത്തി''ഞാന്‍ പെറ്റില്ലെങ്കിലെന്താ, ഇത്ര നല്ലമനസ്സുള്ള ഒരുപുത്രനെ ഭഗവാന്‍ തന്നല്ലോ. അതുമതി''.
അവര്‍ കണ്ണ് തുടച്ചു. മെല്ലെ എഴുന്നേറ്റുചെന്ന് വേണുവിന്‍റെ ശിരസ്സില്‍ കൈവെച്ചു. ആ കൈകള്‍ വിറച്ചിരുന്നു.
****************************************
''എന്താ വേണ്വോ ഈ പറയുണത്. ആ മൊട്ടച്ചി അമ്മ്യാരേ നമ്മടെകൂടെ പാര്‍പ്പിക്കാന്നോ. നീ വെറുതെ വഴീല്‍കൂടി പോണ വയ്യാവേലി വലിച്ച് തലേല്‍ കേറ്റിവെക്കണ്ടാ''പാടത്തുനിന്നു വന്ന എഴുത്തശ്ശനോട് പാര്‍വതി അമ്മാളുടെ ആവശ്യത്തെക്കുറിച്ച് വേണു പറഞ്ഞതിന്നുള്ള പ്രതികരണം ഇങ്ങിനെ ആയിരുന്നു.
''അമ്മാമേ, ഞാനും ഈ പറഞ്ഞ ഭവിഷ്യത്തുകളെക്കുറിച്ച് ആലോചിച്ചു. എന്നാലും അവരുടെ കഷ്ടപ്പാട് കേട്ടപ്പോള്‍''വേണു അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
''ഈ ലോകത്ത് കഷ്ടപ്പാടുള്ള എല്ലാരേയും സഹായിക്കാന്‍ നമ്മളെക്കൊണ്ട് ആവ്വോ. അതൊക്കെ ഓരോരുത്തരുടെ തലവിധ്യാണെന്ന് കരുതി നമ്മള് സമാധാനിക്കണം''.
''എനിക്കതിന് കഴിഞ്ഞില്ല അമ്മാമേ''വേണു പറഞ്ഞു''എനിക്ക് എന്‍റെ അമ്മേ കണ്ട ഓര്‍മ്മീല്ല. ബുദ്ധി ഉറയ്ക്കുണതിന്നുമുമ്പ് എന്‍റമ്മ പോയി. എന്നാലും ഇന്നും ഞാനെന്‍റെ അമ്മേക്കുറിച്ച് ഓര്‍ക്കാറുണ്ട്. ആ സ്ത്രീടെ സ്ഥാനത്ത് എന്‍റെ അമ്മ്യാണ് കിടക്കാനൊരിടം ചോദിച്ചുവന്നെതെങ്കില്‍ എന്താചെയ്യാ എന്നാലോചിച്ചപ്പോള്‍ പിന്നൊന്നും തോന്നീലാ''.
''നിന്‍റെ മനസ്ഥിത്യേ കുറ്റം പറയുണില്ല. മനുഷ്യരില്‍ ഇന്നത്തെ കാലത്ത് ഈ ഗുണം കാണില്ല. പക്ഷെ മറ്റുള്ളോര് അത് മനസ്സിലാക്കില്ല''.
''ആര് എന്ത് വേണമെങ്കിലും വിചാരിച്ചോട്ടെ. നമ്മള് നല്ലതാ ചെയ്യുണത് എന്ന് നമുക്ക് ബോദ്ധ്യായാല്‍ പോരേ''.
''അതൊന്നും പോരാ. ആ അമ്മ്യാരേ കൂടെനിര്‍ത്തീത് അതിന്‍റെ കാലശേഷം സ്വത്തൊക്കെ തട്ടാനാണെന്ന് പറഞ്ഞുണ്ടാക്ക്യാലോ''.
''പറയുന്നോര് പോയി ചാവട്ടെ. മറ്റുള്ളോരെ പേടിച്ച് നല്ലകാര്യം ചെയ്യാന്‍ പാടില്ലാന്നു വെക്കണോ'' കേട്ടുനിന്ന ചാമി തന്‍റെ അഭിപ്രായം പറഞ്ഞു.
''എന്നിട്ട് എപ്പൊ വരാനാ നീ പറഞ്ഞത്''.
''തീരെനിവര്‍ത്തീല്യാന്ന് തോന്നുമ്പൊ പോന്നോളൂന്നേ ഞാന്‍ പറഞ്ഞുള്ളു''.
''അത് മത്യേല്ലോ. എന്ന് വേണച്ചാലും കെട്ടുംഭാണ്ഡൂം ആയിട്ടത് ഇങ്ങിട്ട് എത്തിക്കോളും''.
''അവര് വരുണൂച്ചാല്‍ വന്നോട്ടെ''ചാമി അഭിപ്രായം പറഞ്ഞു''നമുക്ക് അമ്പലമുറ്റം അടിച്ച് വാരിക്കാന്‍ ഒരാളായി. ഒരുപിടി നേദ്യച്ചോറ് ആ തള്ളയ്ക്ക് കൊടുത്താല് അതിന്‍റെ രണ്ട് നേരത്തെ പാട് കഴിയും. രാത്രി അത് ഇവിടെ വേണച്ചാല്‍ ഇവിടെ കെടന്നോട്ടെ, അല്ലെങ്കിലോ അയമ്മ പൂജക്കാരടെകൂടെ പുത്യേകെട്ടിടത്തില് കൂടിക്കോട്ടേ''
''ഞാനൊന്നും പറയുണില്യാ. എന്താച്ചാല്‍ നിങ്ങള് തീരുമാനിച്ചോളിന്‍''.
''അമ്മാമയ്ക്ക് വിരോധം വല്ലതൂണ്ടോ''.
''എനിക്ക് വിരോധം ഒന്നൂല്യാട്ടോ''എഴുത്തശ്ശന്‍ പറഞ്ഞു''അവരും നമ്മളെപ്പോലെ ഒരു അഗതി. എവിടേങ്കിലും മനസ്സമാധാനത്തോടെ കിടന്നുറങ്ങിക്കോട്ടെ''. കളപ്പുര വേറൊരു അന്തേവാസിയെകൂടി ഉള്‍ക്കൊള്ളാന്‍ തയ്യാറായി.
അദ്ധ്യായം 67.
ഞായറാഴ്ച രാവിലെ വേണു ഒരുങ്ങിനിന്നു. എട്ടര ആവുമ്പോഴേക്കും വിശ്വേട്ടന്‍ വെള്ളപ്പാറകടവില്‍ എത്താമെന്ന് പറഞ്ഞിട്ടുണ്ട്. കിട്ടുണ്ണി എവിടെയെങ്കിലും പോവുന്നതിന്നുമുമ്പ് ചെന്നുകാണണം. തലേദിവസം വിശ്വേട്ടന്‍ കിട്ടുണ്ണിയെ വിളിക്കാന്‍ വരുന്നകാര്യം രാമന്‍നായര്‍ വന്ന് അറിയിച്ചിരുന്നു. ആ വിവരം വേണു എഴുത്തശ്ശനോട് പറയുകയും ചെയ്തു.
''നിങ്ങടെ ഓരോ പോക്കണക്കേട്. ഒരു നല്ലകാര്യത്തിന് ആ കഴുവേറ്യേ വിളിക്കാന്‍ മനുഷ്യന്‍ മെനക്കെട്വോ. ഞാന്‍ ഒന്നുംപറയാന്‍ വരുണില്യേ. നിങ്ങടെ കുടുംബകാര്യത്തില്‍ എനിക്ക് തലയിടാന്‍ പാടില്ല''എഴുത്തശ്ശന്‍ അങ്ങിനെയാണ് മറുപടി പറഞ്ഞത്. മണി എട്ടുകഴിഞ്ഞു.
''മൂപ്പര് വന്ന് കാത്തുനില്‍ക്കാന്‍ എടവരുത്തണ്ടാ , നീ ഇത്തിരിനേരത്തെ എറങ്ങിക്കോ''എഴുത്തശ്ശന്‍ പറഞ്ഞതോടെ വേണു ഇറങ്ങി. വെള്ളപ്പാറ കടവില്‍ വേണു എത്തിയതും വിശ്വനാഥന്‍ വക്കീലിന്‍റെ കാറും എത്തി.
''താനിവിടെ എന്നെ കാത്തുനില്‍ക്കാന്‍ തുടങ്ങീട്ട് ഒരുപാട് സമയായോ'' വക്കീല്‍ ചോദിച്ചു. താന്‍ എത്തിയതേയുള്ളുവെന്ന് വേണു അറിയിച്ചു. കാര്‍ കിട്ടുണ്ണിയുടെ വീട്ടിലെത്തി. ശബ്ദംകേട്ട് കിട്ടുണ്ണി ഇറങ്ങിവന്നത് തല തോര്‍ത്തിക്കൊണ്ടായിരുന്നു. അയാള്‍ നന്നായൊന്ന് ചിരിച്ച് അവരെ അകത്തേക്ക് ക്ഷണിച്ചു.
''വക്കീലേട്ടാ, എന്തോ ഒരുവിശേഷം ഉള്ളപോലെ തോന്നുണുണ്ടല്ലോ'' കിട്ടുണ്ണി പറഞ്ഞു.
''ഉണ്ട്. അതു പറയാനാ ഞങ്ങള്‍ വന്നത്''വക്കീല്‍ പറഞ്ഞു''മകനൊരു കല്യാണം ശര്യായി. കുട്ടിക്കും അവനും ഒരേ തൊഴില്. കൊള്ളാവുന്ന ബന്ധാണ്. നിശ്ചയം നടത്താന്ന് വിചാരിക്കുണൂ. ഈ വരുണ പത്താം തിയ്യതിക്കാണ് സംഗതി. താന്‍ രാധയും കുട്ട്യേളും ഒക്ക്യായി നേരത്തെ എത്തണം''.
''അതു പിന്നെ ചോദിക്കാനുണ്ടോ''കിട്ടുണ്ണി പറഞ്ഞു''ഈശ്വരനിശ്ചയം ഇതാണ്. നമ്മള് എന്തൊക്കെ കണക്ക് കൂട്ട്യാലും മുകളില്‍ ഒരാള്‍ എല്ലാം ഉറപ്പിച്ചിട്ടുണ്ടാവും. അതല്ലേ നടക്കൂ''. വക്കീലൊന്ന് മൂളി. ഒരു ഇഷ്ടക്കേട് ആ മൂളലില്‍ നിഴലിച്ചുവോ എന്ന് വേണുവിന്ന് തോന്നി.
''നാളെതന്നെ ഞാന്‍ അവിടേക്ക് വരുണുണ്ട്. നിശ്ചയത്തിന്ന് ഇനി അധിക ദിവസം ഇല്ലല്ലോ. എന്തൊക്കെ ചെയ്യണം, ആര്യോക്കെ വിളിക്കണം എന്ന് ആലോചിക്കണ്ടേ''.
''പിന്നെന്താ, അങ്ങിന്യേല്ലേ വേണ്ടത്''എന്ന് വക്കിലും പറഞ്ഞു. എത്ര പെട്ടെന്നാണ് അസ്വാരസ്യത്തിന്‍റെ മഞ്ഞ് ഉരുകിപോയത് എന്ന് വേണു അത്ഭുതപ്പെട്ടു. രാധ ചായയുമായി എത്തി.
''വിവരോക്കെ അറിഞ്ഞല്ലോ. നേരത്തെ എത്തി വെണ്ടതൊക്കെ ചെയ്തു തരണംട്ടോ''വക്കീല്‍ അവരോട് പറഞ്ഞു. അവര്‍ ചിരിച്ചു.
''ചേച്ചിക്ക് സുഖം തന്ന്യേല്ലേ''രാധ ചോദിച്ചു''ഞാന്‍ അന്വേഷിച്ചൂന്ന് പറയണംട്ടോ'' ചായകുടി കഴിഞ്ഞതും ഇരുവരും ഇറങ്ങി.
''എനിക്ക് അറിയാന്‍ പാടില്ലാണ്ടെ ചോദിക്ക്യാണ്. എന്‍റെ പെങ്ങളടെ കുട്ടിടെ കല്യാണത്തിന്ന് എന്നെ ക്ഷണിക്കാന്‍ വക്കീലേട്ടന് അന്യന്മാരെ വിളിച്ചു കൂട്ടിക്കൊണ്ടുവരണ്ട കാര്യം എന്താണ്'' കിട്ടുണ്ണി ഭാര്യയെ നോക്കി.
''നിങ്ങളടെ സ്വഭാവത്തിന്‍റെ ഗുണംകൊണ്ടന്നെ''രാധ അകത്തേക്ക് ചെന്നു.
***********************************
വേലപ്പന്‍ കയത്തംകുണ്ടിന്നടുത്ത് പുല്ലരിഞ്ഞുകൊണ്ടിരുന്നപ്പോഴാണ്, ചാമി വണ്ടിപ്പുരയിലേക്ക് ചെല്ലുന്നതുകണ്ടത്. പുല്ലരിയുന്നത് നിര്‍ത്തി അവന്‍ പുറകെ ചെന്നു. പ്രത്യേകിച്ച് ഒരു ആവശ്യം ഉണ്ടായിട്ടല്ല, ചാമി എന്തിനാണ് പോവുന്നത് എന്നറിയാനുള്ള ആകാംക്ഷ മാത്രമേ അതിന്ന് പുറകില്‍ ഉണ്ടായിരുന്നുള്ളു. ചാമി കുണ്ടയില്‍നിന്ന് വൈക്കോലെടുത്ത് മൂരികള്‍ക്ക് കൊടുക്കുന്നതാണ് അയാള്‍ കണ്ടത്.
''നീയാണോ ഇവിടുത്തെ കന്നിന്ന് തീറ്റകൊടുക്കുണത്''അവന്‍ ചോദിച്ചു.
''കുപ്പ്വോച്ചന്‍ അമ്പലം പണി നോക്കാന്‍ ചെന്നാല്‍ ചിലപ്പൊക്കെ വരാന്‍ വൈകും. അപ്പോള്‍ ഇത് രണ്ടെണ്ണത്തിനെ ഞാന്‍ പൊഴേല് കൊണ്ടുപോയി കഴുകികൊണ്ടുവന്ന് കെട്ടും, വൈക്കോലിട്ടു കൊടുക്കും, വെള്ളംകാട്ടും. മിണ്ടാപ്രാണ്യേളല്ലേ അവറ്റ''.
''അതു നന്നായി. മുമ്പേ കൂലികിട്ടാത്ത പണ്യേല്ലേ നെനക്ക് ഇഷ്ടം''.
''എല്ലാം കാശും പണൂം കിട്ട്യാലേ ചെയ്യൂന്നുപറഞ്ഞ് ഇരിക്കാന്‍ പാട്വോ. കണ്ടില്ലാ, കേട്ടില്ലാന്നുവെച്ച് ചിലതൊക്കെ ചെയ്യണ്ടി വരില്ലേ''.
''അതു ശര്യാണ്. എന്നാലല്ലേ ഒടലോടെ സ്വര്‍ഗ്ഗത്തില്‍ ചെല്ലൂ''. ചാമി ഒന്നും പറഞ്ഞില്ല.
''നീയെന്താ ഇന്ന് വെളുക്കുമ്പഴേ പുല്ലരിയാന്‍ ഇറങ്ങ്യേത്''ചാമി ചോദിച്ചു.
''ഉച്ചതിരിഞ്ഞാല്‍ എനിക്കൊരു ദിക്കിലിക്ക് പോവാനുണ്ട്. ഒരാള്‍ക്ക് രണ്ട് പോത്തിനെ വാങ്ങണം''.
''ഇന്ന് പുല്ലരിയാന്‍ നിക്കാന്‍ എനിക്ക് പറ്റില്ല''ചാമി പറഞ്ഞു''പാടത്ത് കള വലിക്കാന്‍ ആളുവരും''.
''ഞാന്‍ ഒരുകാര്യം ചോദിച്ചോട്ടെ. എന്തിനാ വയസ്സാന്‍ കാലത്ത് നിന്‍റെ എഴുത്തച്ചന്‍ വണ്ടീം കാളേം വെച്ചോണ്ടിരിക്കുണത്. ഇതൊക്കെ വിറ്റ് തൊലച്ചിട്ട് അയാള്‍ക്ക് തൊയിരത്തോടെ ഇരുന്നൂടേ''.
''നല്ല കൂത്തായി. ഇതിന്ന് വേണ്ടീട്ടല്ലെ മൂപ്പര് വീട് വിട്ട് ഇറങ്ങ്യേത്''ചാമി പറഞ്ഞു. വേലപ്പന്‍ കാളകളുടെ അടുത്ത് ചെന്നുനോക്കി. അതിന്നുശേഷം വണ്ടിയുടേയും.
''ഇപ്പൊ ഭാരം കേറ്റാന്‍ വണ്ടി കൊണ്ടുപോണുണ്ടോ''.
''എവിടുന്ന്. ഒന്നാമത് പണ്ടത്തെപോലെ അധികം ആരും ഭാരംകേറ്റാന്‍ കാളവണ്ടി വിളിക്കാറില്ല. പത്തോ മുവ്വായിരോ ചെങ്കല്ല് വാങ്ങുന്നോര് കൂടി ലോറീലാ കടത്ത്വാ. കാശും ലാഭം, സമയൂം കുറവ്''.
''പിന്നെ എന്തിനാ ഈ പണ്ടാരങ്ങളെ കെട്ടി തീറ്റുണത്''.
''ആ, എനിക്കറിയില്ല. ഒക്കെ മൂപ്പരുടെ ഓരോരോ കേനക്കേട്''.
''മൂര്യേളെ ഇങ്ങിനെ കെട്ടീട്ട് തീറ്റ്യാല്‍ അവറ്റ ഒന്നിനും കൊള്ളാണ്ടാവും. പിന്നെ അറക്കാന്‍ കൊടുക്കാനേ പറ്റു''.
''ഉടമസ്ഥന്‍ എന്താ വേണ്ട്ച്ചാല്‍ ചെയ്തോട്ടെ. നമുക്കെന്താ കാര്യം''.
''നീ ഒരു കാര്യം ചെയ്യ്. അപ്പൂനോട് ഇതൊക്കെ പറഞ്ഞ് കൊട്. ഇതിനെ ഞാന്‍ നല്ലവിലയ്ക്ക് വിറ്റ് തരാം. നിര്‍ബന്ധാണെങ്കില്‍ എളമ്പ് നോക്കി രണ്ടെണ്ണത്തിനെ വാങ്ങിക്കോട്ടെ. പെരുത്ത ഉരുപ്പടി ഒഴിവാകുംചെയ്യും, കയ്യില് പത്ത് കാശുംവരും''.
''നീ കച്ചോടം നടത്താന്‍ വന്നതാ''.
''നീ ഇങ്ങിട്ട് വരുണത് കണ്ടപ്പൊ പിന്നാലെ വന്നു. അല്ലാണ്ടെ കച്ചോടം ചെയ്യാനൊന്നും വന്നതല്ല''.
''എന്നാ മിണ്ടാണ്ടിരി''. വേലപ്പന്‍ വണ്ടി സുസൂക്ഷ്മം നിരീക്ഷിച്ചു. വണ്ടി ആകപ്പാടെ തരക്കേടില്ല. കൊടുത്താല്‍ അസ്സല് വില കിട്ടും. എന്തെങ്കിലും പറഞ്ഞ് വില്‍പ്പിക്കണം. തരക് കിട്ടുന്ന ഏര്‍പ്പാടാണ്.
''ചാമ്യേ. ഭാരംകേറ്റാനൊന്നും ഈ വണ്ടി എടുക്കാറില്ല എന്നല്ലേ പറഞ്ഞത്. പിന്നെന്താ ഇതിന്‍റെ ഉപയോഗം''.
''മൂപ്പര് കൊല്ലാവധി പല്ലഞ്ചാത്തനൂരിലെ പള്ളിനേര്‍ച്ചയ്ക്ക് പോവും. പിന്നെ മലയപോതിടെ അടുത്തും. അതിനേ വണ്ടി എടുക്കൂ''.
''അതിനും വേണ്ടി ഇത് നിര്‍ത്തുണത് പ്രാന്താണ്''.
''നെനക്കെന്താ നഷ്ടം. അയാളടെ മുതല്. അയാളടെ ഇഷ്ടംപോലെ അയാള് ചെയ്തോട്ടെ''. മൂരികള്‍ക്ക് വെള്ളംകാട്ടി വൈക്കോലിട്ടതും ചാമി ഇറങ്ങി, കൂടെ വേലപ്പനും.
''ഞാന്‍ ഒരുകാര്യം പറഞ്ഞാല്‍ നീ വക്കാണിക്ക്വോ''നടക്കുന്നതിന്നിടെ വേലപ്പന്‍ ചോദിച്ചു.
''കേള്‍ക്കാണ്ടെ എന്താ ഞാന്‍ പറയ്വാ''.
''നീ മൂപ്പരോട് പറഞ്ഞ് വണ്ടീം കാളേം വില്‍പ്പിക്ക്. ഞാനൊരു സവാരി വണ്ടീം മൂരീം മൂപ്പരക്ക് വാങ്ങികൊടുക്ക്വാ''.
''എടാ കള്ളാ, നീ പറയാന്‍ വരുംമുമ്പ് ഇതേ പറയൂന്ന് എനിക്ക് തോന്നി. പശു വാല് പൊക്കുണത് എന്തിനാന്നറിയാന്‍ പണിക്കരുടെ അടുത്ത് ചെല്ലണോ''.
വേലപ്പന്ന് ലജ്ജ തോന്നി. എങ്ങിനെയെങ്കിലും പറഞ്ഞ് സമ്മതിപ്പിച്ചാല്‍ കുറച്ച് കാശ് കയ്യില്‍വരും. അത് ആലോചിച്ചിട്ടാണ് . മുടപ്പല്ലൂരില് ഒരു വീട്ടില്‍ ഒരു സവാരിവണ്ടി വെറുതെ നില്‍ക്കുന്നുണ്ട്. കാറും മോട്ടോര്‍ സൈക്കിളും ഒക്കെ ആയപ്പോള്‍ വേണ്ടാതായ സാധനം. നക്കാപ്പിച്ച കാശ് വല്ലതും കൊടുത്താ മത്യാവും. സ്ഥലം ഒഴിവാക്കി കിട്ട്യാ മതി എന്നാണ് വീട്ടുകാര് പറഞ്ഞത്. മൂരികുട്ടികളെ ഇഷ്ടംപോലെ കിട്ടാനുമുണ്ട്.
''നെനക്ക് ഒരുവാക്കിന്‍റെ ചിലവെ ഉള്ളൂ. നടന്നാല്‍ എനിക്ക് പത്ത് കാശ് തടയും''.
''എന്നെക്കൊണ്ടൊന്നും പറ്റില്ല''എന്ന് പറഞ്ഞുവെങ്കിലും കുപ്പ്വോച്ചനോട് പറഞ്ഞ് നോക്കാമെന്ന് ചാമി മനസ്സില്‍ കരുതി.
അന്ന് വൈകീട്ട് വണ്ടിപ്പുരയില്‍വെച്ച് കുപ്പന്‍കുട്ടി എഴുത്തശ്ശനോട് ചാമി ഈ കാര്യം സംസാരിച്ചു.
''നീ പറയുണത് കാര്യംതന്നെ''എഴുത്തശ്ശന്‍ പറഞ്ഞു''പാടത്തേക്ക് വളൂം ചാണകൂം കടത്താന്‍വേണ്ടി നിര്‍ത്ത്യേതാണ് ഇത്. അന്നൊക്കെ പത്തര കന്നാണ് തൊഴുത്തില് ഉണ്ടാവ്വാ. പോരാത്തതിന്ന് എരുമീം മാടും മൂന്നോ നാലോ കുട്ട്യേളും. തലച്ചുമടായി പാടത്തിക്ക് വളം കടത്തീട്ട് എത്തില്ല''.
''ആ കാലം പോയില്ലേ. ഇന്ന് ചാക്കുപടിക്ക് വളംകൊണ്ടുവന്ന് പാടത്ത് കൊട്ട്യാല്‍ മത്യേലോ''.
''എന്തിനാ ഇതൊക്കേന്ന് ചില സമയത്ത് എനിക്കും തോന്നാറുണ്ട്. പക്ഷെ പള്ളിനേര്‍ച്ചയ്ക്ക് കാളവണ്ടീല് പോവുമ്പൊ ഒരന്തസ്സുണ്ട്''.
''അതിനല്ലേ നമ്മള് സവാരിവണ്ടി വാങ്ങുണത്''.
''എന്നാ നെന്‍റെ ഇഷ്ടംപോലെ ചെയ്തോ. കയ്യിന്ന് പത്ത് പൈസ കൂട്ടാന്‍ ഞാനില്ല''.
''അതൊന്നുംകൂടാതെ ഞാന്‍ നോക്കട്ടെ''. വേലപ്പന്ന് ഒരു ഉപകാരം ചെയ്യാന്‍ കഴിഞ്ഞതില്‍ ചാമിക്ക് സന്തോഷംതോന്നി.
അദ്ധ്യായം - 68.
''ഇനീപ്പൊ ഇവിടെ കാര്യായിട്ട് പണ്യോന്നും ഇല്ലല്ലോ. എന്തിനാ ഞാന്‍ പകലന്ത്യോളം ഇവിടെ വന്ന് വെറുതെ നില്‍ ക്കുണത്. എല്ലാ ദിവസൂം വൈകുന്നേരം വന്ന് പൂജ കഴിഞ്ഞ് മടങ്ങിപോവാം. അതുപോരെ'' എന്നുപറഞ്ഞ് നാണു നായര്‍ കുറച്ചൊന്ന് പിന്‍വാങ്ങിയിട്ട് ഏതാനും ദിവസങ്ങളായി. അയാള്‍ പറഞ്ഞത് ശരിയാണ്. അമ്പലത്തിനോടു ചേര്‍ന്ന് സ്വാമിനാഥന്‍റെ വകയായി നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയായി. അമ്പലത്തിന്‍റെ അറ്റകുറ്റപണികളും ഏതാണ്ടൊക്കെ ചെയ്തുകഴിഞ്ഞു.
''പകലന്ത്യോളം ചുരുണ്ടുമൂടി കെടക്കാന്‍വേണ്ടീട്ടാ വരാത്തത്. അല്ലാതെ അയാള്‍ക്കെന്താ പണി''എഴുത്തശ്ശന്‍ കൂട്ടുകാരന്‍റെ പിന്‍മാറ്റത്തിന്നുള്ള കാരണം കണ്ടെത്തി. ദിവസവും രാവിലേയും ഉച്ചയ്ക്കും ചാമി നാണുനായരുടെ വീട്ടില്‍ചെന്ന് ആഹാരം കൊണ്ടുവരും. ആ വഴി കിട്ടുന്ന വരുമാനം ആ കുടുംബത്തിന്ന് വലിയൊരു ആശ്വാസമായി. അല്ലലില്ലാതെ ജീവിക്കാന്‍ തുടങ്ങിയതോടെ സരോജിനിക്ക് ഒന്നുകൂടി യുവത്വം വന്നപോലെ തോന്നിച്ചു.
പാടത്ത് കളവലിക്കുന്ന പണിക്കാരേയും ശ്രദ്ധിച്ച് എഴുത്തശ്ശന്‍ മുഴുവന്‍ നേരവും പണ്ടത്തെപ്പോലെ പാടത്ത് നില്‍ക്കാറില്ല. ഇടയ്ക്കൊന്ന് ചെന്നു നോക്കും. വേണുവിനോടും ചാമിയോടും ഓരോന്ന് സംസാരിച്ച് ചേരിന്‍ ചുവട്ടില്‍ നില്‍ക്കും.
കിട്ടുണ്ണിയെ ക്ഷണിച്ചതിന്നുശേഷം തിരിച്ചെത്തിയ വേണു കളവലിക്കുന്ന പണിക്കാരെയും നോക്കിനില്‍ക്കുന്ന എഴുത്തശ്ശനേയും ചാമിയേയും കണ്ട് അവരുടെ അടുത്തെത്തി.
''ക്ഷണിക്കാന്‍ ചെന്നിട്ട് ആ വിദ്വാന്‍ നിങ്ങടടുത്ത് എന്തെങ്കിലും വികടം പറഞ്ഞ്വോ'' എഴുത്തശ്ശന്‍ ചോദിച്ചു.
''കിട്ടുണ്ണിക്ക് സന്തോഷായി. തെറ്റായിട്ടൊന്നും അവന്‍ പറഞ്ഞില്ല. മാത്രോല്ല നാളെ ചെന്ന് ക്ഷണിക്കണ്ടോരുടെ ലിസ്റ്റ് ഉണ്ടാക്കാംന്ന് പറഞ്ഞിട്ടൂണ്ട്''.
''നല്ല കാര്യം. നിന്നോട് ലോഹ്യം പറഞ്ഞ്വോ''.
''ഇല്ല. ആ തിരക്കില് വിട്ടുപോയതാവും''.
''അതൊന്നും ആവില്ല. ഉള്ളുക്കുള്ളെ അത്രയ്ക്കേ ഉണ്ടാവൂ''.
''അതിന് ഞാന്‍ അവന് ദോഷംവരുണ ഒന്നും ചെയ്തിട്ടില്ലല്ലോ''.
''എന്തിനാ ദോഷം ചെയ്യുണ്. അവന്‍ പറഞ്ഞ കല്യാണത്തിന്ന് നീ സമ്മതം പറഞ്ഞ്വോ. ഇല്യാ. ഈ സ്ഥലം വിറ്റിട്ട് അവന്‍റെ ഭൂമിടെ അടുത്ത് സ്ഥലം വാങ്ങാന്ന് പറഞ്ഞു. അത് നീ കേട്ട്വോ. അതൂല്യാ. പിന്നെ എങ്ങിന്യാടോ അവന് നിന്നോട് സ്നേഹൂണ്ടാവ്വാ''.
''അയാളെ കടന്ന് പോവാന്‍ പറയിന്‍. അയാളക്ക് മുതലാള്യേ വേണ്ടെങ്കി മുതലാളിക്ക് അയാളേം വേണ്ടാ''ചാമി വേണുവിന്നുവേണ്ടി പറഞ്ഞു. ആ സംഭാഷണം കിട്ടുണ്ണിയുടെ ദോഷവശങ്ങളിലേക്ക് നീണ്ടു. നിശ്ശബ്ദനായി വേണു എല്ലാം കേട്ടുനിന്നു. അകലെനിന്ന് ഒരു ചെറുപ്പക്കാരന്‍ അവരുടെ നേരെ വരുന്നത് കണ്ടതോടെ സംഭാഷണം നിലച്ചു.
''ആരാണ്ടാ ചാമ്യേ ആ വരുണത്''എഴുത്തശ്ശന്‍ ചോദിച്ചു.
''മുമ്പ് കണ്ടിട്ടുള്ള ആളല്ല''.
''എന്താണാവോ വരവിന്‍റെ ഉദ്ദേശം''.
''അമ്മാമേ, ചിലപ്പൊ കളവലിക്കാന്‍വന്ന ആരേങ്കിലും കാണാന്‍ വരുണതാവും. നമ്മളെ കണ്ടപ്പൊ അന്വേഷിക്കാന്‍ അയാള് ഇങ്കിട്ട് തിരിഞ്ഞതാവണം''. ആഗതന്‍ അവര്‍ക്ക് മുന്നില്‍ എത്തി.
''ആരാ കുപ്പന്‍കുട്ടി എഴുത്തശ്ശന്‍'' അയാള്‍ ചോദിച്ചു.
''ഞാനാ, എന്താ വേണ്ടത്''.
''നാണുനായരടെ വീട്ടില്‍ പൊരിഞ്ഞ ലഹളനടക്കുണു. വിവരം നിങ്ങളെ അറിയിക്കാന്‍ പറഞ്ഞയച്ചതാണ്''.
''ലഹള്യോ? എന്താ കാര്യം''.
''അയാളുടെ വീട് ആരക്കോ വിറ്റ്വോത്രേ. അത് ഒഴിഞ്ഞ് കൊടുക്കണംന്ന് പറഞ്ഞാണ് ശണ്ഠ''അതുപറഞ്ഞ് വന്നയാള്‍ നടന്നു.
''നായര് എപ്പഴാ വീട് വിറ്റത്''എഴുത്തശ്ശന്‍ ചോദിച്ചു''നമ്മളോടൊന്നും പറഞ്ഞില്ലല്ലോ''.
''അമ്മാമേ , ഇതിലെന്തോ ചതീണ്ട്''വേണു പറഞ്ഞു''നമുക്കൊന്ന് ചെന്ന് നോക്ക്യാലോ''.
''അവര്‍ക്ക് ആളില്ലാന്നുവെച്ച് ആരെങ്കിലും അവരോട് ലഹളകൂടാന്‍ വന്നതാണെങ്കില്‍ വന്നോര് നേരെ മടങ്ങിപോവില്ല''എന്നുപറഞ്ഞ് ചാമി കൂടെ കൂടി. പുഴകടന്നതും രാജന്‍ മേനോന്‍ മുമ്പിലെത്തി.
''എവിടേക്കാ ഈ നേരത്ത് എല്ലാരുംകൂടി പോണത്''അയാള്‍ ചോദിച്ചു. എഴുത്തശ്ശന്‍ വിവരങ്ങള്‍ പറഞ്ഞു.
''എന്നാല്‍ ഞാനും വരുന്നു''എന്നുപറഞ്ഞ് മേനോനും കൂട്ടത്തില്‍ ചേര്‍ന്നു.
സംഘം വീട്ടില്‍ കയറിചെല്ലുമ്പോള്‍ വീടിന്‍റെ മുറ്റത്തും പടിക്കലുമായി പുരുഷാരം കാഴ്ച കണ്ട് നില്‍ക്കുന്നു. വീട്ടുസാധനങ്ങള്‍ കുറെയേറെ പുറത്ത് ചിതറി കിടക്കുന്നു. നാണുനായര്‍ പുളിമരചോട്ടില്‍ കീഴാലും കുമ്പിട്ട് ഇരിപ്പാണ്. കരഞ്ഞുംകൊണ്ട് സരോജിനി അടുത്തു നില്‍പ്പുണ്ട്.
''എന്താ നാണ്വാരേ ഇതൊക്കെ' എഴുത്തശ്ശന്‍ ചോദിച്ചു.
''എനിക്കൊന്നും അറിയില്ലാ. ഞങ്ങള് വീട് വിറ്റൂന്നും പറഞ്ഞ് ഇറക്കി വിടാന്‍ വന്നതാണ്. നാണംകെട്ട് ഞാനിനി ഇരിക്കുണില്യാ. ഞാനും മകളും തൂങ്ങി ചാവും''.
''പൊട്ടത്തരം പറയാതിരിക്കിന്‍. എന്തിനും ഒരു വഴീല്ലേ''.
''എന്ത് വഴി. ഇവിടുന്ന് ഇറങ്ങിയാല്‍ പെരുവഴീന്യേ ആശ്രയം''.
''അതൊന്നും വേണ്ടിവരില്ല''. മേനോനും വേണുവും ഉമ്മറത്തേക്ക് ചെന്നു. ഒരു മദ്ധ്യവയസ്കന്‍ തിണ്ണയില്‍ ഇരിക്കുന്നുണ്ട്. വെളുത്ത് തടിച്ച ശരീരം, ഭംഗിയായി ചികിവെച്ച മുടി, വെള്ളഷര്‍ട്ടും മുണ്ടും, വലത്തുകയ്യില്‍ ഒരു തോല്‍ബാഗ്. ആകപ്പാടെ ഒരു യോഗ്യന്‍.
''നിങ്ങളാണോ ഈ വീട് വാങ്ങി എന്ന് പറയുന്ന ആള്‍''മേനോന്‍ ചോദിച്ചു.
''പറയുണ ആളൊന്ന്വോല്ല. ഞാന്‍ തന്ന്യാ വാങ്ങ്യേത്''.
''അതിന് ഇവരിത് വിറ്റിട്ടില്ലല്ലോ''.
''ഈ സ്ഥലത്തിന്‍റെ ഉടമസ്ഥന്‍റെ പേര് നാണുനായര് എന്നാണോ''
''അതെ''.
''സുന്ദരനും ശാന്തേം സരോജിനീം ഇദ്ദേഹത്തിന്‍റെ മക്കളാണല്ലോ''.
''അതെ''.
''സുന്ദരന്‍ കുറെമുമ്പ് മറ്റുള്ളോര്‍ക്ക് അയാളടെ അവകാശം ഒഴിമുറി വെച്ച് കൊടുത്തിട്ടുണ്ട്. അറിയ്വോ നിങ്ങള്‍ക്ക്''.
''അറിയില്ല''.
''എന്നാലേ അങ്ങിനീണ്ട്. ബാക്കി നാണുനായരും രണ്ട് പെണ്‍മക്കളും മാത്രം. സ്ഥലത്തിന്ന് വിലകെട്ടി കരാര്‍ എഴുതിതന്ന് അഡ്വാന്‍സ് അവര് മൂന്നാളുംകൂടി വാങ്ങീട്ടുണ്ട്. പിന്നെ പല തവണ്യായി ഏതാണ്ട് വില മുഴുവനായി വാങ്ങികഴിഞ്ഞു. കാലാവധി ആയിട്ടും റജിസ്റ്റര്‍ ചെയ്ത് തരാത്തതോണ്ടാ ഇത് വേണ്ടിവന്നത്''.
''മുദ്രപത്രം കയ്യിലുണ്ടോ''.
'''ഇല്ലാതെ ഇതിന് ഇറങ്ങില്ലല്ലോ '.
''എന്നാലും സാധനങ്ങള്‍ വലിച്ചുവാരി പുറത്തിടാന്‍ പാടില്ലായിരുന്നു''.
''അതൊന്നും ഞാന്‍ ചെയ്യിച്ചതല്ല. നാണുനായരടെ മരുമകനാണ് ഇതൊക്കെ എടുത്ത് വെളീലിട്ടത്''.
''എന്നിട്ട് അയാളെവിടെ''.
''ഇപ്പൊ വരാന്നും പറഞ്ഞ് എന്നെ ഇവിടെ ഇരുത്തീട്ട് പോയി''. ഇനി എന്ത് വേണമെന്ന് ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ കരുണാകരന്‍ കടന്നുവന്നു.
''എന്താ എല്ലാരുംകൂടി നില്‍ക്കുണത്. വല്ല പൂരോ മറ്റൊ ഉണ്ടോ ഇവിടെ. കടന്ന് പൊയ്ക്കോ എല്ലാരും''അയാള്‍ അലറി. എഴുത്തശ്ശനും സംഘവും ഒഴികെ മറ്റെല്ലാവരും പടിക്ക് വെളിയിലേക്ക് ഇറങ്ങി.
''ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്കും ബാധകാണ്. നോക്കി നിക്കാതെ സ്ഥലം വിടിന്‍'' .
''നാണുനായര്‍ക്ക് എന്തോ പ്രശ്നമുണ്ട് എന്നറിഞ്ഞ് ഞങ്ങള്‍ വന്നതാണ്'' മേനോന്‍ പറഞ്ഞു''വിശദവിവരങ്ങള്‍ അറിഞ്ഞിട്ടേ ഞങ്ങള് പോവൂ''.
''എന്നാല്‍ കേട്ടോളിന്‍. എന്‍റെ ഭാര്യക്കുംകൂടി അവകാശപ്പെട്ട സ്വത്താ ഇത്. ഞങ്ങള്‍ ഭാഗം ചോദിച്ചു. വീട് വിറ്റ് പണം എടുത്തോളാന്‍ പറഞ്ഞ് ഇവര് രണ്ടാളും മുദ്രപ്പത്രത്തില്‍ ഒപ്പിട്ട് തന്നിട്ടുണ്ട്''.
''നുണ''നാണുനായര്‍ പ്രാഞ്ചിപ്രാഞ്ചി മുന്നോട്ട് വന്നു''ഇവന്‍ പറയുണത് മുഴുവന്‍ പൊള്യാണ്. മകളടെ കല്യാണം നടത്താന്‍ വേണ്ടി ബാങ്കിന്ന് കടം വാങ്ങാനാണ് എന്നുപറഞ്ഞിട്ടാണ് മുദ്രപേപ്പറില്‍ ഒപ്പിടീപ്പിച്ചത്. കല്യാണം കഴിഞ്ഞതും കടംവീട്ടാന്നും പറഞ്ഞിരുന്നു''.
''ആവശ്യം വരുമ്പൊ ആരും ഇത്തിരി നൊണ്യോക്കെ പറയും. നിങ്ങള് മര്യാദയ്ക്ക് ഭാഗം തന്നാല്‍ ഞാനീ പണി ചെയ്യോ''.
''അപ്പോള്‍ താന്‍ കല്‍പ്പിച്ചുകൂട്ടി ചെയ്തതാണ് ഇതൊക്കെ''മേനോന് ദേഷ്യംവന്നു''എന്നാലും നിങ്ങള്‍ ഇവരെ ഇങ്ങിനെ വഞ്ചിക്കാന്‍ പാടില്ലായിരുന്നു''.
''ഇവിറ്റേളടെടുത്ത് ഇതൊന്നും ചെയ്താല്‍ പോരാ. അത്ര പെറുക്യേളാണ് രണ്ടെണ്ണൂം''.
''നോക്കൂ. വേണ്ടാത്തതൊന്നും പറയരുത്''വേണു ഇടപെട്ടു''കാര്യം മാത്രം പറഞ്ഞാ പോരെ''.
''താനാരാ ഇവളുടെ സംബന്ധക്കാരനാണോ. ഇവള് തനിക്ക് ചോറുണ്ടാക്കി കൊടുത്തയക്കുണ കാര്യം ഞാന്‍ അറിയുണുണ്ട്''.
''മൂത്താരേ. വേണ്ടാത്ത കൂട്ടം നിര്‍ത്തിക്കോളിന്‍. വായില്‍ കൊള്ളുണത് പറഞ്ഞാ മതി''വേണുവിനെ പറഞ്ഞത് ചാമിയ്ക്ക് സഹിക്കാനായില്ല.
''കൂട്ടികൊടുക്കാന്‍ നില്‍ക്കുണോനല്ലേടാ നീ. എന്‍റടുത്ത് വര്‍ത്തമാനം പറയാന്‍ നീ ആയിട്ടില്ല''കരുണാകരന്‍ ചാമിയോട് തട്ടികയറി.
ഉള്ളിലെരോഷം ചാമിയുടെ വലത്ത് കയ്യിലേക്ക് പ്രവഹിച്ചു. കണ്ണടച്ച് തുറക്കുന്നതിന്ന് മുമ്പ് അടിപൊട്ടി. വെട്ടിയിട്ടതുപോലെ കരുണാകരന്‍ നിലത്തുവീണു.
''ഇനി ഒരുവാക്ക് നീ പറഞ്ഞാല്‍ ഒറ്റകുത്തിന്ന് ഞാന്‍ തീര്‍ക്കും''ചാമി ബെല്‍ട്ടില്‍നിന്നും കത്തിയൂരി. എഴുത്തശ്ശന്‍ അവനെ കയറിപിടിച്ചു
''കുത്താനും കൊല്ലാനും ഒന്നുംനിക്കണ്ടാ. മര്യാദവഴിക്ക് നമുക്ക് കാര്യം പറഞ്ഞുതീര്‍ക്കാം''അയാള്‍ പറഞ്ഞു.
''നിങ്ങള് എന്നെ ആളെവിട്ട് തല്ലിച്ചൂ അല്ലേ''വീണദിക്കില്‍നിന്ന് എഴുന്നേറ്റ് പൊടിതട്ടി കരുണാകരന്‍ നാണുനായരോട് പറഞ്ഞു''നിങ്ങള്‍ക്ക് ഞാന്‍ വെച്ചിട്ടുണ്ട്''.
''ഇനി നീ ഈ വഴിക്ക് വന്നൂന്ന് കേട്ടാല്‍ അന്നാണ് നിന്‍റെ അവസാനം''ചാമി മുന്നറിയിപ്പ് നല്‍കി.
''വീട് ഒഴിപ്പിച്ച് ഞാന്‍ നിങ്ങളെ ഏല്‍പ്പിച്ചു''കരുണാകരന്‍ വീട് വാങ്ങിയ ആളോട് പറഞ്ഞു''ഇനി മേല്‍കൊണ്ട് വേണ്ടത് നിങ്ങളന്നെ ചെയ്തോളിന്‍'' അയാള്‍ ഇറങ്ങിപ്പോയി. ഇനി ഒന്നേ ചെയ്യാനുള്ളു. എങ്ങിനെയെങ്കിലും വീട് തിരിച്ചു വാങ്ങിക്കുക. നാലാളുംകൂടി വീടുവാങ്ങിയ ആളോട് സംഭാഷണത്തിന്ന് ചെന്നു.
''വാങ്ങ്യേ തുക പലിശസഹിതം തിരിച്ചുനല്‍കാം, വീട് തിരിച്ചുതരണം'' മേനോന്‍ പറഞ്ഞുനോക്കി.
തന്‍റെ പേര് ബാലചന്ദ്രന്‍ നായര്‍ എന്നാണെന്നും, സ്ഥലംവാങ്ങി മറിച്ചു വില്‍ക്കുന്ന ആളാണ് താനെന്നും ഈ വീടും പറമ്പും വേറൊരാള്‍ക്ക് മറിച്ചു വിറ്റതിനാല്‍ ആ കാര്യം നടക്കില്ലെന്നും അയാള്‍ അറിയിച്ചു. വീടിന്‍റെ വിലയില്‍ ബാക്കി കൊടുക്കാനുള്ള തുക വൈകാതെ നാണു നായരെ ഏല്‍പ്പിക്കാമെന്നും, താമസിക്കാന്‍ പറ്റിയ വേറൊരുസ്ഥലം കണ്ടെത്തുന്നതിന്ന് മൂന്നുമാസത്തെ സമയം കൊടുക്കാമെന്നും സമ്മതിച്ച് അയാള്‍ സ്ഥലംവിട്ടു. ചാമി മുറ്റത്തെ സാധനങ്ങള്‍ പെറുക്കിയെടുത്ത് അകത്തുവെച്ചു.
''നാണ്വാരേ, വിഷമിക്കാണ്ടിരിക്കിന്‍. ഞങ്ങള് നാട്ടില്‍ ഉള്ളേടത്തോളം കാലം നിങ്ങള് വീടില്ലാതെ തെണ്ടണ്ടി വരില്ല''എഴുത്തശ്ശന്‍ കൂട്ടുകാരനെ ആശ്വസിപ്പിച്ചു. നാലുപേരും പടിയിറങ്ങി.
''ചാമ്യേ, ഇന്ന് ആ കുട്ടി ഒന്നുംവെച്ചിട്ടുണ്ടാവില്ല. നീ ചെന്ന് രണ്ടാളുക്കും വല്ലതും വാങ്ങികൊടുത്ത് നമുക്കും വല്ലതും വാങ്ങീട്ട് വാ''എഴുത്തശ്ശന്‍ അവനെ അയച്ചു. വെയിലിന്ന് കടുത്തചൂട്. എഴുത്തശ്ശന്‍ തോര്‍ത്തുമുണ്ട് തലയിലിട്ടു.
''ഇനി അവര് അവിടെ കിടന്ന് ബുദ്ധിമുട്ടാന്‍ പാടില്ല. എങ്ങിനേങ്കിലും ഒരു ഐങ്കോല്‍ പുര തല്ലിത്തറച്ച് ഉണ്ടാക്കികൊടുക്കണം''എഴുത്തശ്ശന്‍ അടുത്ത പദ്ധതി ആവിഷ്ക്കരിച്ചു.
************************************
വൈകുന്നേരമായപ്പോള്‍ വേണുവിന്ന് നാണുനായരെ ചെന്നുകണ്ട് അയാളെ ആശ്വസിപ്പിക്കണമെന്നൊരു തോന്നലുണ്ടായി. അയാളത് എഴുത്തശ്ശനോട് പറഞ്ഞു.
''നീ ചെന്ന് അന്വേഷിച്ചിട്ട് വാ. എനിക്ക് നടക്കാനൊരു മടി''എഴുത്തശ്ശന്‍ ഒഴിവായി. സന്ധ്യയാവുമ്പോഴേക്ക് മടങ്ങിയെത്താമെന്ന ധാരണയില്‍ വേണു പുറപ്പെട്ടു. ചില ദിവസങ്ങളില്‍ വൈകുന്നേരമായാല്‍ ഇടിയും മിന്നലും അകമ്പടിയായി തുലാവര്‍ഷം എത്താറുണ്ട്. എന്തോ ഇന്ന് ഭാഗ്യത്തിന് മഴക്കോളില്ല.
വേണുവിനെ കണ്ടതും നാണുനായര്‍ കരയാന്‍ തുടങ്ങി. സരോജിനിയുടെ ഏങ്ങലടികള്‍ അകത്തുനിന്നും കേള്‍ക്കാനുണ്ട്.
''എന്താ നിങ്ങള് രണ്ടാളും ചെയ്യുണത് . കരയാന്‍ മാത്രം എന്താ ഉണ്ടായ്യേ'' വേണു ചോദിച്ചു.
''നീയെന്താ പറയുണത്. എണ്ണീട്ട് മൂന്ന് മാസത്തെ സമയേള്ളു. അത് കഴിഞ്ഞാ ഈ വീട് വിട്ട് ഇറങ്ങണം. ഒരു പെണ്‍കുട്ടീംകൊണ്ട് ഞാന്‍ എങ്കിട്ട് ചെല്ലും''.
''നാണുമാമ ഒട്ടും പരിഭ്രമിക്കണ്ടാ. നാണൂമാമയ്ക്ക് ഒരു വീടുണ്ടാക്കാന്‍ ഞങ്ങള് തീരുമാനിച്ചിട്ടുണ്ട്. ഒന്നും പറ്റീല്ലെങ്കില്‍ എന്‍റെ കളപ്പുര ഞാന്‍ നിങ്ങള്‍ക്ക് ഒഴിഞ്ഞുതരും''.
''അതൊക്കെ ചെയ്താല്‍ നാട്ടുകാര് വല്ലതും പറയും''.
''ആരെന്ത് വേണെങ്കിലും പറഞ്ഞോട്ടെ. എനിക്ക് ഇഷ്ടൂള്ളോര്‍ക്ക് എന്‍റെ സ്വത്ത് ഞാന്‍ കൊടുത്തു. അത്രേന്നെ''.
''നിങ്ങളൊക്കെകൂടി ഈ സാധുക്കള്‍ക്ക് എന്തെങ്കിലും ചെയ്ത് തരിന്‍. എനിക്ക് ഒന്നിനും ത്രാണീല്യാ''. വേണു കുറച്ചുനേരംകൂടി ഇരുന്നു.
''ഇന്ന് ഒന്നും ഉണ്ടാക്കാന്‍ പറ്റീലാ''വേണു ഇറങ്ങുമ്പോള്‍ സരോജിനി പറഞ്ഞു''നാളെ ഞാന്‍ നേരത്തെ ശര്യാക്കി കൊടുത്തയക്കാം''
''അതൊന്നും സാരൂല്യാ. സമാധാനമായിട്ട് ഇരിയ്ക്കൂ''വേണു ഇറങ്ങി. മന്ദത്തില്‍ ദേവിയെ തൊഴാനായി കുറച്ചുപേര്‍ നില്‍പ്പുണ്ട്. ദേവിയുടെ മുന്നില്‍ ചെന്ന് വേണു തൊഴുതു.
''കിട്ടുണ്യാരുടെ ഏട്ടനാണല്ലേ. മുമ്പുകണ്ട് പരിചയൂല്യാ''കൂട്ടത്തില്‍ ഒരു വയസ്സന്‍ പറഞ്ഞു.
''അതെ. ഞാന്‍ വളരെക്കാലം അന്യനാട്ടിലായിരുന്നു''വേണു സമ്മതിച്ചു.
''അയ്യപ്പന്‍കാവ് പുതുക്കി പണിയാന്‍ മുമ്പില്‍ നില്‍ക്കുന്ന ആളാണെന്ന് കേട്ടു. നന്നായി. മനുഷ്യരായാല്‍ എന്തെങ്കിലും നല്ലത് ചെയ്യണം''. വേണു യാത്രപറഞ്ഞു പുറപ്പെട്ടു.
''കിട്ടുണ്യാരുടെ ശീലം അല്ലാന്ന് തോന്നുണു. കുറച്ച് വിനയം ഒക്കീണ്ട്'' പുറകില്‍നിന്ന് ആരോ വിലയിരുത്തുന്നത് കേട്ടു. വെള്ളപ്പാറകടവിന്ന് സമീപത്തുവെച്ച് വേണു കിട്ടുണ്ണിയെ കണ്ടു.
''എവിടുന്നാ ഈ നേരത്ത്''കിട്ടുണ്ണി ചോദിച്ചു.
''നാണുമാമടെ വീട്ടില്‍ ചെന്നതാണ്''.
''ഞാന്‍ ഒക്കെ അറിയുണുണ്ട്. വെറുതെ എന്തിനാ ആള്‍ക്കാരെകൊണ്ട് വല്ലതും പറയിപ്പിക്കുണത്''.
''എന്താ ആള്‍കാര് പറയുണത്''.
''ഞാന്‍ തെളിച്ച് പറയണോ''.
''ങാ. എന്നാലല്ലേ മനസ്സിലാവൂ''.
''അത്രയ്ക്ക് ഇഷ്ടാണച്ചാല് ആ പെണ്ണിന് ഒരു പുടവ കൊടുത്ത് കൂടെ താമസിപ്പിക്ക്വാ. പേരുദോഷം വരുത്തണംന്ന് നിര്‍ബന്ധൂണ്ടോ''.
''എന്‍റെ മനസ്സില്‍ അങ്ങിന്യോരു ചിന്തീല്യാ''.
''പിന്നെ പിന്നെ. പാണ്ടിനാട്ടില് വല്ല ചെട്ടിച്ചീംകെട്ടി കഴിയായിരുന്നില്ലേ. അതാണെങ്കില്‍ നാട്ടിലാരും അറിയില്ല. സ്വന്തം നാട്ടില്‍ കൊള്ളരുതായ്മ ചെയ്യാന്‍ തുടങ്ങ്യാല്‍ ഞങ്ങള്‍ക്കുംകൂടി മാനക്കേടുണ്ട്. വെറുത്യേല്ലാ ഞാന്‍ നല്ലൊരു ആലോചന കൊണ്ടുവന്നപ്പൊ സമ്മതിക്കാഞ്ഞത്''.
കിട്ടുണ്ണി നടന്നകന്നു. മനസ്സില്‍ ഒരിക്കലും കടന്നുവരാത്ത കാര്യമാണ് അവന്‍ പറയുന്നത്. ആ വാക്കുകള്‍ ചെവിക്കൊള്ളേണ്ട കാര്യമില്ല. ചേമ്പിലയുടെ മുകളില്‍ വീണ വെള്ളംപോലെ കിട്ടുണ്ണിയുടെ ആരോപണം വേണുവിനെ സ്പര്‍ശിക്കാതെ കടന്നുപോയി.
അദ്ധ്യായം - 69.
വിശ്വനാഥന്‍ വക്കീല്‍ കോടതിയിലേക്ക് പോയികഴിഞ്ഞ ശേഷമാണ് കിട്ടുണ്ണി എത്തിയത്. കോളിങ്ങ് ബെല്ലിന്‍റെ ശബ്ദംകേട്ട് ഉമ്മറത്തുവന്ന പണിക്കാരിക്ക് ആളെ മനസ്സിലായില്ല.
''ആരാ''അവള്‍ ചോദിച്ചു.
''ഇവിടുത്തെ ആളന്നെ. കൂടെപിറന്നോന്‍ കാണാന്‍ വന്നിട്ടുണ്ടെന്ന് അകത്ത് ചെന്ന് പറ''. അവള്‍പോയി അല്‍പ്പസമയം കഴിഞ്ഞതും പത്മിനി കടന്നു വന്നു. കിട്ടുണ്ണി ഉമ്മറത്തെ ചാരുകസേരയില്‍ കിടക്കുകയാണ്. പത്മിനിയുടെ മുഖത്ത് ഒട്ടും വെളിച്ചം തോന്നിയില്ല.
''വക്കീലേട്ടനെവിടെ''കിട്ടുണ്ണി ചോദിച്ചു.
''കോടതീക്ക് പോയി''.
''ഇന്നലെ എന്നെ കാണാന്‍ വന്നിരുന്നു. നിശ്ചയത്തിനെ സംബന്ധിച്ച ചില കാര്യങ്ങള്‍ സംസാരിക്കാന്‍ ഇന്ന് വരാന്ന് ഞാന്‍ ഏറ്റത്താണ്. കുറച്ചു നേരം കാത്തിരിക്കുംന്ന് കരുതി''.
''എന്നോടൊന്നും പറഞ്ഞില്ല''.
''ആര്യോക്കെ വിളിച്ചു . ഇനി ആര്യോക്കെ വിളിക്കാനുണ്ട് എന്നൊക്കെ വല്ല നിശ്ചൂണ്ടോ''.
''എനിക്കതൊന്നും അറിയില്ല. ആണുങ്ങള് ചെയ്യണ്ട കാര്യങ്ങളില്‍ ഞാന്‍ ഇടപെടാറില്ല''.
''ഞാന്‍ എന്തെങ്കിലും ചെയ്യാനുണ്ടോ''.
''വിശ്വേട്ടനോട് ചോദിക്കണം''.
''പിന്നെ ഒരുകാര്യം ആദ്യമേ പറയാം. അമ്മാമന്‍റെ സ്ഥാനത്ത് ഞാനാണ് വേണ്ടതെങ്കില്‍ മറ്റാരും ആ നിലയ്ക്ക് നില്‍ക്കരുത്''.
''എന്താ അങ്ങിനെ പറയാന്‍''.
''ഇന്നലെതന്നെ വക്കീലേട്ടന്‍ അയാളെ കൂട്ടീട്ടാ വന്നത്. നമ്മള് ആങ്ങളേം പെങ്ങളും ഒന്നാവുണത് അയാള്‍ക്ക് സഹിക്കില്ല''.
''വേണൂനെക്കുറിച്ചാണോ പറഞ്ഞത്''.
''അതേന്നന്നെ കൂട്ടിക്കോളൂ''.
''എന്നാലേ അവനെ ഒഴിവാക്കി എനിക്ക് ഒരുത്തന്‍റെ ബന്ധൂം വേണ്ടാ''.
''അപ്പൊ ആരാ ഒരേ വയറ്റില്‍ കിടന്ന് പിറന്നത് '.
''ഒരുവയറ്റില്‍ കിടന്നത് അത്രവല്യേ കാര്യായിട്ട് എനിക്ക് തോന്നുണില്യാ. സ്നേഹംകൊണ്ട് നോക്ക്യാല്‍ അവനാണ് എന്‍റെ കൂടപ്പിറപ്പ്''.
''പിന്നെന്തിനാ എന്നെ വിളിച്ചത്''.
''മാലോകരെ ബോധിപ്പിക്കാന്‍''.
''അതിന് നിങ്ങള് വേറെ ആളെ നോക്കിക്കോളിന്‍''കിട്ടുണ്ണി ഇറങ്ങി നടന്നു.
*************************************
''അമ്മാമ വണ്ടീം കാളേം കൊടുക്കുണൂന്ന് കേട്ടു''എഴുത്തശ്ശനോട് വേണു ചോദിച്ചു.
''നമ്മടെ ചാമി ചോദിച്ചു. ഒന്നാലോചിച്ചാല്‍ കൊടുക്കുണതാ നല്ലതേന്ന് എനിക്കും തോന്നി''.
''അതെന്താ അമ്മാമേ. ഇതൊന്നും വില്‍ക്കാന്‍ പറ്റില്യാന്ന് വെച്ചിട്ടല്ലേ വീടുവിട്ട് ഇറങ്ങ്യേത്''.
''അതൊക്കെ ശര്യാണ്. എന്നാലും''.
''എന്തേ, ഒരു എന്നാലുംന്നു തോന്നാന്‍''.
''നിന്നോട് പറയാണ്ടിരിക്കാന്‍ പറ്റില്ല. പ്രായോക്കെ ആയി. കുറച്ചായിട്ട് പഴേപോലെ ഒന്നിനും വയ്യാ. ചാമിടെ സഹായം ഉള്ളതോണ്ടാ മൂര്യേളെ കഴുകുണതും കെട്ടുണതും''.
''പെട്ടെന്നെന്താ ഇങ്ങിനെ വയ്യാതായീന്ന് തോന്നാന്‍''.
''മുമ്പൊക്കെ നോല്‍മ്പ് എടുക്കുണ മാതിര്യാണ് ആഹാരം. കാലത്താച്ചാല്‍ വെള്ളച്ചോറ്. ഉച്ചയ്ക്ക് കഞ്ഞി. രാത്രിക്ക് ഉച്ചത്തേതിന്‍റെ ബാക്കി വന്നത്. കൂട്ടനൊന്നും കിട്ടീന്ന് വരില്ലാ. രണ്ട് കല്ല് ഉപ്പിട്ട് ഒരു മുളകും കൂട്ടി അത് കഴിക്കും. പകലന്ത്യോളം പൊരിഞ്ഞ പണി. അതോണ്ട് എന്താ, ദേഹത്ത് കൊഴുപ്പ് ഒട്ടുംനിക്കില്ലാ. ഇപ്പൊ അങ്ങന്യാണോ. ആ പെണ്‍കുട്ടി നന്നായി ഉണ്ടാക്കി കൊടുത്തയയ്ക്കും. വായക്ക് രുചി തോന്നുണതോണ്ട് വാരി വലിച്ച് തിന്നും ചെയ്യും. നടപ്പും പണീം കുറയും ചെയ്തു''.
''നാല് ദിവസം നല്ലോണം നടന്നാ തീരുണ കൊഴുപ്പേ കാണൂ''.
''കഷ്ടപ്പെട്ട് ആരക്കാ സമ്പാദിക്കുണത് എന്ന തോന്നല്‍ വന്നപ്പൊ പണി ചെയ്യാനും മടി വന്നു. നമുക്ക് ആരെങ്കിലും ഉണ്ട്, അവരക്ക് വല്ലതും ഉണ്ടാക്കിവെക്കണം എന്ന നെനവ് ഉണ്ടെങ്കിലല്ലേ ഒരു ഉഷാറ് തോന്നൂ''.
''എന്താ അമ്മാമക്ക് മകനെ കാണണംന്ന് തോന്നുണുണ്ടോ''.
''ഏയ്. ഇങ്കിട്ടില്ലാച്ചാ പിന്നെ അങ്കിട്ട് എന്തിനാ. എങ്കിലും ഞാനും ഒരു മനുഷ്യനല്ലേ. ചിലപ്പക്കെ ഓരോന്ന് ആലോചിക്കും''.
''അമ്മാമ സമ്മതിച്ചാല്‍ ഞാന്‍ വേലായുധന്‍കുട്ട്യേ കണ്ട് സംസാരിക്കാം''.
''അതൊന്നും വേണ്ടാ. കോപിച്ച് വീട്ടിന്ന് ഇറങ്ങിപോയിട്ട് എന്തായീ, ഗതി കെട്ടിട്ട് മടങ്ങി വന്നില്ലേ എന്ന് ഞാന്‍ പറയിക്കണോ. എനിക്ക് അവരാരും വേണ്ടാ. നിങ്ങളോക്കെ ഇല്യേ എന്‍റെ കൂട്ടത്തില്''.
''വണ്ടീം കാളേം വിറ്റിട്ട് പുതിയ സവാരിവണ്ടി വാങ്ങുണൂന്ന് ചാമി പറഞ്ഞു''.
''അവന്‍ പറഞ്ഞപ്പൊ വേണ്ടാന്ന് പറഞ്ഞില്ലാന്നേള്ളൂ. ഇപ്പൊ അതൊന്നും വാങ്ങില്ല''.
''പിന്നെ ഇത് വിറ്റിട്ട്''.
''ആ കാശ് അമ്പലത്തിലെ നടയ്ക്കല് വെക്കും. ഈ ജന്മത്ത് ഇന്യൊരു മോഹൂല്യാ''.
''പിന്നെന്താ അമ്മാമടെ ഉള്ളിലുള്ളത്''.
''ഇന്നലെ നാണുനായരുടെ വീട്ടിന്ന് വരുമ്പൊ ഞാന്‍ നിങ്ങളോട് പറഞ്ഞത് വെറുതേല്ലാ. ആ കുട്ടിക്ക് കുറച്ചുസ്ഥലം കൊടുക്കണം. അതെന്‍റെ ഉള്ളിലെ മോഹാണ്. കളപ്പുര ഉണ്ടാക്കണംന്ന് വെച്ച് ഒരുതുണ്ട് സ്ഥലം കുറെമുമ്പ് പണംകൊടുത്ത് എന്‍റെ പേരില് ഞാന്‍ വാങ്ങീട്ടുണ്ട്. ഈ കാണുണ ബാക്കി ഭൂമ്യോക്കെ കാശും പണൂം കൊടുത്തിട്ട് വാങ്ങ്യേതൊന്ന്വോല്ല. ദൈവം കടാക്ഷിച്ച് വെറുതെ കിട്ടുമ്പോലെ കിട്ടി. വീട്ടിന്ന് ഇറങ്ങ്യേ കാലത്ത് ഈ സ്ഥലം മുഴുവന്‍ അവര്‍ക്ക് കൊടുക്കണംന്ന് കരുത്യേതാ. അന്ന് ആ നായര് സമ്മതിച്ചില്ല. ഇപ്പൊ അവര്‍ക്ക് കേറികിടക്കാന്‍ ഒരിടം ഇല്ല. ചെറുങ്ങനെ ഒരു പുരവെച്ച് കെട്ടീട്ട് കൂടിക്കോട്ടെ''. വേണുവിന്ന് സന്തോഷം തോന്നി. കഷ്ടപ്പാടില്‍ അവരെ സഹായിക്കാന്‍ ഒരാളെങ്കിലും മുന്നോട്ട് വന്നല്ലോ.
''അതു നന്നായി. ഞാന്‍ കളപ്പുര അവര്‍ക്ക് ഒഴിഞ്ഞു കൊടുക്കണംന്ന് കരുത്യേതാ. നമുക്ക് ഏത് പീടികതിണ്ണേലും കിടക്കാലോ''.
''ഒരു കണക്കിന് ഇതൊക്കെ നിങ്ങടെ മുതലാണ്. തറവാട് വക സ്ഥലം പാട്ടത്തിന്ന് കിട്ട്യേതാ. നിയമം മാറ്യേപ്പൊ എന്‍റെ കൈവശത്തിലായി. പണംകൊടുത്ത് വങ്ങ്യേത് കിട്ടുണ്ണ്യാരുടെ അമ്മടേന്നാ. അതും എന്‍റെ കൈവശം ഉണ്ടായിരുന്നതന്ന്യാ. നിയമം വരും മുമ്പാ അത് വാങ്ങ്യേത്. അതാ നമ്മടെ മുമ്പറത്തെ തൊടി''.
''എന്നാലും അമ്മാമക്ക് നല്ല മനസ്സുള്ളതോണ്ടാ കൊടുക്കാന്‍ തോന്നുണത്''.
''നീ ഒരു ഉപകാരം ചെയ്യണം. വിശ്വനാഥന്‍ വക്കീലിനോട് ഈ കാര്യം ഒന്ന് അന്വേഷിക്കണം. നാളെ മേലാല്‍ അവര്‍ക്കൊരു പൊല്ലാപ്പ് ഉണ്ടാവരുത്. അത് കഴിഞ്ഞ് നമ്മടെ സ്വാമിനാഥനോട് പറഞ്ഞ് എന്തെങ്കിലും ഒന്ന് വെച്ച് കെട്ടി കൊടുക്കണം. നമ്മള് പറഞ്ഞാല്‍ ലാഭം ഒന്നും നോക്കാതെ അവനത് ചെയ്തുതരും . മനസ്സലിവ് ഉള്ള ആളാ അവന്‍''. ആ കാര്യത്തില്‍ താന്‍ വേണ്ടത് ചെയ്തോളാമെന്ന് വേണു ഉറപ്പ് നല്‍കി.
''ഞാന്‍ പറഞ്ഞ നമ്മടെ മുമ്പറത്തെ തൊടി പെണ്‍കുട്ടിടെ പേരില് എഴുതി കൊടുക്കണംന്നാ മോഹം. സ്ഥലം ഇത്തിരി കമ്മ്യാണ്. പത്തിരുപത് സെന്‍റേ ഉണ്ടാവു. എന്നാലും മൂന്ന് നാല് മൂച്ചീം ഒരു പ്ലാവും പുളീം എട്ടുപത്ത് തെങ്ങും ഒക്കെ ആയിട്ട് ഒരു വീടിന്ന് വേണ്ടതൊക്കെ അതിലുണ്ട്. അതല്ലാ ഇനി കുറെകൂടി സ്ഥലം വേണച്ചാലോ അവര് പൊറ്റക്കണ്ടത്തിന്ന് വേണ്ടത് എടുത്തോട്ടെ. പക്ഷെ അതില് അനുഭവം ഒന്നൂല്യാ''.
''ആദ്യത്തേതാ നല്ലത്. നമ്മള് രണ്ടുകൂട്ടരും അയല്‍പക്കത്ത് ഉണ്ടല്ലോ. പിന്നെ കൂടുതല്‍ സ്ഥലം കിട്ടീട്ട് അവര്‍ക്ക് എന്താ കാര്യം. നോക്കി നടത്താന്‍ ആള് വേണ്ടേ. പക്ഷെ എനിക്കതല്ല സംശയം''.
''അതെന്താ''.
''അമ്മാമ കൊടുക്കാന്ന് വെച്ചാലും മകന്‍ സമ്മതിക്കണ്ടേ''.
''എനിക്ക് ഒരുത്തന്‍റീം സമ്മതം വേണ്ടാ. ഞാന്‍ സമ്പാദിച്ചതാ ഇത് . എന്‍റെ പേരിലാ ഇതൊക്കെ. എനിക്ക് ഇഷ്ടോള്ളോര്‍ക്ക് ഞാന്‍ കൊടുക്കും. അത് തടയാന്‍ ആരക്കും പറ്റില്ലാ. ഇഷ്ടദാനം കൊടുക്കാച്ചാല്‍ കിട്ടുന്ന ആളോ കൊടുക്കുന്ന ആളോ പണം അടക്കണംന്നുണ്ടോ. നിയമം എങ്ങിന്യാന്ന് അറിയാന്‍ പാടില്ലല്ലോ''.
''അത് എഴുത്തുകാരോട് ചോദിച്ചാല്‍ പോരെ''.
''പോരാഞ്ഞിട്ടല്ല. പത്ത് ചിലവാക്കണ്ട ദിക്കില്‍ നൂറ് ചിലവാക്കിക്കും അവറ്റ. അതാ വക്കീലിനോട് ചോദിക്കാന്‍ പറഞ്ഞത്''.
''ബാലചന്ദ്രന്‍ നായര് വീടിന്‍റെ ബാക്കി പണം നാണുമാമയ്ക്ക് കൊടുക്കാന്ന് സമ്മതിച്ചതല്ലേ. മൂപ്പരത് കയ്യില്‍ വെച്ചോട്ടെ. പുര പണിയ്ക്കുള്ള പണം ഞാന്‍ തരാം''.
''മുഴോനൊന്നും നീ കയ്യിന്ന് എടുക്കണ്ടാ. കുറച്ച് അയാളും എടുക്കട്ടെ. ബാക്കി വല്ലതും ഉണ്ടെങ്കില്‍ കയ്യില്‍ വെച്ചോട്ടെ. ചത്ത് പോവുമ്പൊ മകള്‍ക്ക് എന്തെങ്കിലും ഒക്കീണ്ട് എന്ന സമാധാനത്തില് മൂപ്പരുക്ക് പോവാലോ''. പിറ്റേന്നുതന്നെ ഓപ്പോളുടെ വീട്ടിലേക്ക് ചെല്ലാമെന്ന് വേണു ഏറ്റു.
അദ്ധ്യായം -70.
''അളിയനെ കാര്യായിട്ട് പോയി ക്ഷണിച്ചല്ലോ. എന്നിട്ടെന്തായി''വക്കീല്‍ വന്നതും പത്മിനി ചോദിച്ചു.
''എന്താ സംഗതി''അദ്ദേഹത്തിന്‍റെ വാക്കുകളില്‍ ആകാംക്ഷ നിഴലിച്ചു.
''ജാത്യാലുള്ളത് തൂത്താല്‍ പോവ്വോ. അതന്നെ''.
''താന്‍ കാര്യം പറയൂ''. കിട്ടുണ്ണി വന്നതും സംസാരിച്ച് മുഷിഞ്ഞ് ഇറങ്ങി പോയതും പത്മിനി വിവരിച്ചു.
''എന്നിട്ട് തനിക്കെന്താ തോന്ന്യേത്''.
''എന്‍റെ മനസ്സുപോലെത്തന്നെ ആയി. ആ കുരുത്തംകെട്ടോന്‍റെ മുഖദര്‍ശനം വേണ്ടാന്ന് കരുതീരുന്നതാ ഞാന്‍. അങ്ങിനെത്തന്നെ വന്നു''.
''കുടിക്കാന്‍ എന്തെങ്കിലും കൊടുക്കായിരുന്നില്ലേ''.
''ചൂലുംകെട്ടോണ്ട് രണ്ട് കൊടുക്ക്വാ വേണ്ടീര്‍ന്നത്. ഞാനത് ചെയ്തില്ല''.
''ഇനി നാടുനീളെ അതും പറഞ്ഞോണ്ട് നടക്കും''.
''നാട്ടുകാര്‍ക്ക് അറിയാത്തതാ അവന്‍റെ സ്വഭാവം''.
''വേണൂനെ വല്ലതും പറയ്വോ ആ വിദ്വാന്‍''.
''അവന്‍റെ വായില് നാവില്ലേ തിരിച്ച് പറയാന്‍''.
''നല്ല കഥ . ആ മഹാന്‍ ഇന്നേവരെ ഒരാളെ വല്ലതും പറഞ്ഞതായി താന്‍ കേട്ടിട്ടുണ്ടോ''.
''അവനെ ഇതില്‍ കൂട്ടികെട്ട്യാല്‍ ഞാന്‍ ചെന്ന് നന്നായിട്ട് നാല് പറയും. എനിക്ക് പേട്യോന്നൂല്യാ''.
''അതൊന്നും വേണ്ടിവരില്ല. ഒരുചൂടിന് ഇറങ്ങി പോയീന്നേള്ളു. വരും അയാള്‍ വരാതിരിക്കില്ല''.
''വിശ്വേട്ടന്‍ അതും കണക്കാക്കി ഇരുന്നോളൂ. എവിടെ കൊസ്രാക്കൊള്ളി ഉണ്ടാക്കണംന്ന് നോക്കി നടക്കുണോനാ അവന്‍''.
''ആകാശം വീഴുണൂന്ന് കേള്‍ക്കുമ്പഴേക്കും ഉണ്ണിത്തണ്ടുംകൊണ്ട് നമ്മള് മുട്ട് കൊടുക്കാന്‍ പോണോ. അയാള്‍ എന്താ ചെയ്യാന്ന് നോക്കാലോ'' വക്കീല്‍ ആ സംഭാഷണം അവസാനിപ്പിച്ചു.
************************************
കളവലി തുടങ്ങിയതോടെ കാലത്ത് പത്തും പതിനഞ്ചും സ്ത്രീകളടങ്ങുന്ന സംഘങ്ങള്‍ പുഴ കടന്നുവരും. വെള്ളപ്പാറയിലിരുന്ന് ആ വഴി ചെല്ലുന്ന പെണ്ണുങ്ങളോടെല്ലാം മായന്‍കുട്ടി കുശലംചോദിക്കും. ഏറ്റവും ഒടുവില്‍ എത്തുന്ന കൂട്ടരോടൊപ്പം അവനും നടക്കും.
''ഏടത്ത്യേ. ആരക്കെങ്കിലും മുറുക്കാന്‍ വാങ്ങണച്ചാല്‍ പറഞ്ഞോളിന്‍. ഞാന്‍ കടേല്‍പോയി വാങ്ങീട്ട് വരാം''തന്‍റെ സേവനസന്നദ്ധത അവന്‍ വെളിപ്പെടുത്തും.
''വെളിച്ചാമ്പൊതന്നെ മുറുക്ക്വോടാ ചെക്കാ. പാടത്തിറങ്ങി കള വലിക്കാന്‍ തുടങ്ങീട്ടില്ല. അതിന്ന് മുമ്പ് മെനക്കെടാന്‍ നിന്നാല്‍ ആട്ട് കേള്‍ക്കും. ഞങ്ങള് ചായയ്ക്ക് പോവുമ്പൊ വാങ്ങിക്കോളാം''.
''അപ്പൊ ഞാന്‍ എന്താ ചെയ്യണ്ട്''.
''നീ മുണ്ടാണ്ടെ അവിടെ കുത്തിരുന്നോ. അല്ലച്ചാല്‍ ചേരിന്‍റെ ചോട്ടില്‍ ചെന്ന് കെടന്നോ''.
''മോള്‍പാടത്ത് പെണ്ണുങ്ങള് കള വലിക്കുണുണ്ട്. ഞാന്‍ അങ്കിട്ട് പോട്ടെ''.
''എന്തോ ചെയ്യ്''.
''ചായ കുടിക്കാന്‍ പോവുമ്പൊ എന്നീം വിളിക്കണം''.
''അതൊന്നും പറ്റില്ല. നീ സമയത്തിന് വന്നാ ചായീം കടീം വങ്ങിത്തരും''.
''ഞാന്‍ ദാ ഇപ്പൊ എത്തും''. മായന്‍കുട്ടി അതുംപറഞ്ഞ് പുറപ്പെട്ടു.
''ആ പൊട്ടചെക്കന്‍ എന്താ പറഞ്ഞോണ്ടിരുന്നത്''എന്നുചോദിച്ച് ചാമി എത്തി.
''മുറുക്കാന്‍ വാങ്ങീട്ട് വരണോന്ന് ചോദിച്ചതാ''ഒരുവള്‍ പറഞ്ഞു.
''അല്ലെങ്കിലും അവന് പെണ്ണുങ്ങളുടെ അടുത്ത് നിക്കാനാ ഇഷ്ടം''.
''നിങ്ങള് ആണുങ്ങള് അവനെ വേണ്ടാണ്ടെ വക്കാണിക്കും. അതന്നെ നിങ്ങടെ അടുത്ത് അവന്‍ വരാത്തത്''.
''അതൊന്ന്വോല്ലാ. പ്രാന്തനാണച്ചാലും പ്രായം അതല്ലേ. കുമരി പെണ്ണുങ്ങളെ കാണുമ്പൊ ചെക്കന് ഒരു ഇണ്ട്രസ്സ് വരും ''.
''നീ വേണ്ടാത്ത ഓരോന്ന് പറയാതെകണ്ട് പോ''പ്രായംചെന്ന വള്ളിക്കുട്ടി ചാമിയെ ശാസിച്ചു.
***********************************
''മേനോന്‍ സ്വാമീ, എനിക്ക് ഒരുകാര്യം പറയാനുണ്ട്''അമ്പലത്തില്‍നിന്ന് കളപ്പുരയിലേക്ക് നടക്കുമ്പോള്‍ വേണു പറഞ്ഞു. എഴുത്തശ്ശന്‍ നേരത്തെ പോയിരുന്നു.
''എന്താ വേണൂ''.
''എന്‍റെ മനസ്സില്‍ തോന്ന്യേ ശങ്ക്യാണ്. ഉറപ്പ് പറയാന്‍ പറ്റില്ല. ചിലപ്പൊ വെറും തോന്നലാണെങ്കിലോ''.
''എന്തായാലും പറയൂ''.
''നമ്മുടെ അമ്മാമടെ മനസ്സില്‍ എന്തോ ചിലതൊക്കെ ഉണ്ട്''.
''എന്താദ്''.
''മകനെ കാണണംന്ന് മനസ്സില്‍ മോഹൂണ്ടോന്നൊരു സംശയം''.
''എന്‍റെ അയ്യപ്പാ''മേനോന്‍ പറഞ്ഞു''ഒക്കെ ഭഗവാന്‍റെ ഒരു ലീലാവിലാസം എന്നല്ലാതെ എന്താ ഞാനിതിന്ന് പറയണ്ടത്''. ഇത്തവണ വേണുവിനായി ആകാംക്ഷ.
''എന്തേ അങ്ങനെ പറയാന്‍''അയാള്‍ ചോദിച്ചു.
''വേറൊരാള്‍ക്കും ഇതുപോലൊരു മോഹമുണ്ട്. എങ്ങിനെ തുടങ്ങണം എന്നറിയാതെ ഇരിക്ക്യാണ്''.
''ആരാ ആള്''.
''വേറെ ആര്വോല്ല. മൂപ്പരടെ പേരമകന്‍ തന്നെ''. രാധാകൃഷ്ണന്ന് മനസ്സില്‍ കുറ്റബോധമുള്ളതും എഴുത്തശ്ശനെ കാണണമെന്നവന്‍ ആഗ്രഹിക്കുന്നതും അറിഞ്ഞ വേണുവിന്‍റെ ഉള്ളുനിറഞ്ഞു.
''അമ്മാമേ വീട്ടിന്ന് ഇറക്കി വിടാന്‍ മുമ്പനായി നിന്നത് ആ കുട്ട്യാണ് എന്നാണല്ലോ കേട്ടത്''.
''അല്ലാന്ന് ആരാ പറഞ്ഞത്. മനുഷ്യന്‍റെ മനസ്സിന്ന് മാറ്റം വരാന്‍ പാടില്ലാ എന്നുണ്ടോ''.
''ചെറുപ്പം മുതല്‍ക്കേ ഉണ്ടായിരുന്ന മനോഭാവം അത്രപെട്ടെന്ന് മാറാന്‍ കഴിയ്യോ''.
''പെട്ടെന്നൊന്നും അല്ല. ഒരു പാട് ഉപദേശിച്ചിട്ടാ മാറ്റം ഉണ്ടായത്''.
രാജന്‍മേനോന്‍റെ വീടിനടുത്തുള്ള കലുങ്ക് പുതുക്കിപണിയുന്ന ജോലി രാധാകൃഷ്ണനായിരുന്നു. അതിന്ന് കൊണ്ടുവന്ന കമ്പിയും സിമന്‍റും മേനോന്‍റെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. ആ അടുപ്പം ക്രമേണ വളര്‍ന്നു. എഴുത്തശ്ശനുമായുള്ള ബന്ധം അറിഞ്ഞതോടെ പൊട്ടിപ്പോയ ഇഴകള്‍ കോര്‍ക്കണമെന്ന് ഒരുമോഹം തോന്നി. അതിന്നായി പരിശ്രമിച്ചു. ഫലം ഏതാണ്ട് ഉറപ്പായി.
''അവന്‍റെ മനസ്സ് മാറ്റാന്‍ കുറെ കഷ്ടപ്പെട്ടു അല്ലേ''.
''ഏയ്. അങ്ങന്യോന്നൂല്യാ. എല്ലാ മനുഷ്യരും സ്വതവേ നല്ലവരാണെന്ന് ഞാന്‍ എപ്പോഴും പറയാറില്ലേ. സാഹചര്യമാണല്ലോ കേട് വരുത്തുന്നത്. വേണ്ടാത്തത് പറഞ്ഞുകൊടുക്കുന്ന കൂട്ടുകെട്ടാണ് അവന്‍റേത്. സ്വന്തം വീട്ടിലും നല്ലത് ചൊല്ലി കൊടുക്കാന്‍ ആളില്ല. അതാണ് ആ കുട്ടിയുടെ ഭാഗത്ത് തെറ്റുപറ്റാന്‍ കാരണം''.
''എന്നിട്ട് ഇപ്പൊ മാറ്റംവന്ന്വോ''.
''പിന്നെല്ലാണ്ടെ. എണ്‍പത്താറാമത്തെ വയസ്സിലും ആണത്തത്തോടെ ഒറ്റയ്ക്ക് കഴിയാന്‍ തന്‍റേടം കാണിച്ച മുത്തശ്ശനെ ആദരിക്കുകയാണ് വേണ്ടതെന്ന് അവനെ ബോദ്ധ്യപ്പെടുത്തി. മുത്തശ്ശന്‍ കഷ്ടപ്പെടുന്നത് തനിക്കുവേണ്ടി സമ്പാദിക്കാനാണെന്ന് ഓര്‍ക്കാന്‍ അവനെ പഠിപ്പിച്ചു. മുത്തശ്ശനെ ചെന്നുകണ്ട് കാല്‍ക്കല്‍ വീണ് മാപ്പ് ചോദിക്കണം എന്നു പറഞ്ഞ് നടപ്പാണ് ഇപ്പോള്‍''.
''പിന്നെന്തേ ഇതുവരെ അലോഹ്യം തീര്‍ക്കാന്‍ ശ്രമിച്ചില്ലാ''.
''അമ്മാമയുടെ മനസ്സിലിരുപ്പ് അറിയില്ലല്ലോ. നല്ല വീറുംവാശീം ഉള്ള ആളാണ്. എതിരു പറഞ്ഞാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് അനങ്ങാതിരുന്നു''.
''അമ്മാമടെ മനസ്സ് അറിഞ്ഞില്ലേ. ഇനി പേരക്കുട്ട്യേ കൂട്ടിക്കോണ്ട് വന്നൂടേ''.
''വരട്ടെ. നല്ലോണം ഊതി പഴുപ്പിച്ചാലേ പൊന്നിന് തിളക്കംകിട്ടൂ എന്ന് കേട്ടിട്ടില്ലേ. സ്നേഹത്തിന്‍റെ കാര്യത്തിലും അത് ശരിയാണ്''.
''എപ്പഴാ പറ്റ്യേ സമയം''.
''മണ്ഡലം ആരംഭിച്ചാല്‍ മലയ്ക്ക് മാല ഇടാന്‍ തുടങ്ങും. ആ കുട്ടിക്കും എന്‍റെകൂടെ വരണംന്നുണ്ട്. ആ സമയത്ത് ഞാന്‍ അമ്പലത്തിലിക്ക് ആ കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് അവരെ ഒന്നിപ്പിക്കാം''. അതുമതിയെന്ന് വേണുവും സമ്മതിച്ചു.
Comments
Post a Comment