അദ്ധ്യായം 131-140

 അദ്ധ്യായം - 131.  


മകരചൊവ്വ ദിവസം എഴുത്തശ്ശന്‍ ശങ്കരനെ കണ്ടു. മുമ്പ് പണിക്കുനിന്ന രക്കന്‍റെ മൂത്തമകനാണ് ശങ്കരന്‍. ചൊവ്വായൂട്ടിന്ന് എത്തിയതായിരുന്നു അവന്‍.


''നിന്‍റെ അപ്പന്‍ രക്കന്‍ ഇപ്പഴും ഉണ്ടോടാ''എഴുത്തശ്ശന്‍ അവനെ വിളിച്ച് ചോദിച്ചു.


''ഉണ്ട്. നിങ്ങളാല്‍ ചിലരുടെ കുരുത്തംകൊണ്ട് കേടില്ലാതെ അങ്ങിനെ പോണൂ''.


''ഇപ്പൊ എവിട്യാ അവന്‍റെ താമസം''.


''ഒടുക്കത്തെ അനിയന്‍ രാമന്‍റെ കൂടെ ഒലവക്കോടാണ്''.


''ആ ചെക്കന് റെയില്‍വെയിലല്ലേടാ പണി''.


''അതെ. ഗ്യാങ്ങിലാണ്''.


''രക്കന്‍ ഇങ്കിട്ടൊക്കെ വരാറുണ്ടോ. ഇശ്ശി കാലായി ഞാനവനെ കണ്ടിട്ട്. എനിക്കവനെ കാണണംന്നൊരു മോഹൂണ്ട്''.


''കുറ്യേയി അപ്പന്‍ ഇങ്കിട്ട് വന്നിട്ട്. രാമന്‍റെ മകള്‍ക്ക് ആലത്തൂരിന്ന് ഒരു കല്യാണാലോചന വന്നിട്ടുണ്ട്. ആ കാര്യം സംസാരിക്കാന്‍ ഞായറാഴ്ച അവന്‍ വരും. അന്ന് അപ്പനും കൂടേണ്ടാവും''.


''വന്നാല്‍ വിവരം താ. ഞാന്‍ വന്ന് കണ്ടോളാം''.


''അയ്യോ. അതൊന്നും വേണ്ടാ. അപ്പന്‍ ഇങ്കിട്ട് വരും''.


''ഞാന്‍ കളപ്പുരേലുണ്ടാവും''എഴുത്തശ്ശന്‍ പറഞ്ഞുനിര്‍ത്തി. 


പറഞ്ഞതുപോലെ ഞായറാഴ്ചകാലത്ത് രക്കന്‍ കളപ്പുരയിലെത്തി. വാസ്തവത്തില്‍ എഴുത്തശ്ശന്‍ അയാളെ കാത്തിരിക്കുകയായിരുന്നു. പടിക്കല്‍ എത്തിയ രക്കനെ എഴുത്തശ്ശന്‍ ചെന്ന് സ്വീകരിച്ചു.


''ഞാന്‍ ഉച്ച്യാവുമ്പോ വരാം''എന്നു പറഞ്ഞ് ശങ്കരന്‍ പോവാനൊരുങ്ങി.


''ഉച്ചക്കൊന്നും വരണ്ടാ. വൈകുന്നേരത്തെ ഇവനെ ഞാന്‍ വിട്ടാക്കൂ'' എഴുത്തശ്ശന്‍ പറഞ്ഞു. രക്കനെ ഉമ്മറത്തിണ്ടിലിരുത്തി എഴുത്തശ്ശന്‍ പ്രാതല്‍ വിളമ്പി.


''ഇപ്പൊന്നും വേണ്ടാ. ഞാന്‍ കഴിച്ചതാണ്''രക്കന്‍ ഭക്ഷണം വേണ്ട എന്നു  പറഞ്ഞു.


''നീ കഴിച്ചിട്ടൊക്കെ ഉണ്ടാവും. പക്ഷെ നിന്‍റെ കൂട്യേരുന്ന് ഇത്തിരി കഞ്ഞ്യേങ്കിലും കുടിക്കണംന്ന് എന്‍റെ മനസ്സിലൊരു മോഹം''.


''അത് ഇല്ലാണ്ടിരിക്ക്യോ''രക്കന്‍റെ മുഖം സന്തോഷംകൊണ്ട് വിടര്‍ന്നു ''കാവല്‍ചാളേല് ഒന്നിച്ചിരുന്ന് എത്ര കഞ്ഞികുടിച്ചതാ നമ്മള് രണ്ടാളും''.


''അന്നത്തെകാര്യം ഒന്നും പറയണ്ടാ. എനിക്ക് പത്ത് മുപ്പത്തിരണ്ട് വയസ്സുണ്ടാവും. നിനക്ക് ഇരുപതോ ഇരുപത്തൊന്നോ. രണ്ടാളടേം കല്യാണം കഴിഞ്ഞിരുന്നു. എന്നിട്ടും രാത്ര്യാവാന്‍ കാത്തിരിക്കും, കാവല്‍ ചാളേല് ഒത്തുകൂടാന്‍. അവിടെ എത്ത്യാല്‍ നിന്‍റ്യൊരു പാട്ടുണ്ട്. എത്ര കേട്ടാലും മത്യാവില്യാ''.


''ഇന്നത്തെ കുട്ട്യേളക്ക് അത് വല്ലതും അറിയ്യോ. നിങ്ങള് കഥ പറയും. ഞാന്‍ അതുംകേട്ടോണ്ട് നേരം വെളുക്കുംവരെ ഇരിക്കും''.


''രണ്ടാള്‍ക്കും ഉറക്കം എന്നത് ഉണ്ടാവില്ല''.


''ഉറങ്ങാന്‍ പാട്വോ. പന്നി വന്നാലറിയണ്ടേ''. രണ്ടുപേരും ആഹാരം കഴിഞ്ഞ് എഴുന്നേറ്റു. എഴുത്തശ്ശന്‍ രക്കനെ അകത്തേക്ക് കൂട്ടിച്ചെന്ന് വേണുവിന്ന് പരിചയപ്പെടുത്തി.


''വേണ്വോ, ഇതാണ് ഞാന്‍ നിന്നോട് പറഞ്ഞ രക്കന്‍. വന്നിട്ട് കുറച്ച് നേരായി. നീ മയങ്ങ്വാണോന്ന് തോന്നീട്ട് വിളിക്കാതിരുന്നതാ''. വേണു രക്കനെ കൈകൂപ്പി അഭിവാദ്യംചെയ്തു.


''ഈ കളപ്പുരടെ ഉടമസ്ഥനാണ്. ഞാന്‍ ഇവിടെ കൂടുണൂന്നേള്ളു'' എഴുത്തശ്ശന്‍ പറഞ്ഞു.


''അപ്പൊ നിങ്ങടെ വീട്''. എഴുത്തശ്ശന്‍ എല്ലാ വിവരങ്ങളും പറഞ്ഞു.


''മക്കള് നോക്കാന്‍ ഭാഗ്യംവേണം''രക്കന്‍ പറഞ്ഞു.


''മക്കള് വല്യേകൊട്ടാരം പണിത് കൊലുവിലിരുത്തണം എന്നൊന്നും ഒരു അപ്പനും തോന്നില്ല. വയറ് വിശന്ന് കടയുമ്പൊ ഇത്തിരി കഞ്ഞിടെ വെള്ളം, കൊട്ടിപ്പെടഞ്ഞ് വീഴാന്‍ പോവുമ്പൊ ഒരു താങ്ങ്. അത്രേ വേണ്ടൂ''.


''എത്ര കഷ്ടപ്പെട്ടാ മക്കളെ വളര്‍ത്തി വലുതാക്ക്വാ. വയസ്സാവുമ്പൊ അവര്  കയ്യൊഴിയുണത് എത്ര സങ്കടാണ്''.


''പറഞ്ഞിട്ട് കാര്യൂലാടാ. തലേലെഴുത്ത് നന്നാവണം.  തരൂം പിടിക്കും ഒന്നും വേണ്ടാ. നല്ലവാക്കും പറയണ്ടാ. മൊഖത്തുനോക്കി എതിര്‍ത്ത് പറയാതിരുന്നാ ഖേദം തോന്നില്ല''.


''സങ്കടപ്പെടണ്ടാ. അവര് ചെയ്തതിനുള്ള കൂലി അവര് വാങ്ങിക്കോളും''.


''എന്തോ എനിക്ക് തോന്നുണില്യാ. എന്‍റെ മാറത്ത് ചാരിക്കിടന്നിട്ടാണ് എന്‍റപ്പന്‍ കണ്ണടച്ചത്. അമ്മേം ഞാന്‍ നല്ലോണം നോക്കീട്ടാ മരിപ്പിച്ചത്. എന്നിട്ടെന്തായി. ഒറ്റ മകനേള്ളൂ. അവനെന്നെ വേണ്ടാതായില്യേ''.


''അത് കഴിഞ്ഞ ജന്മത്തിലെ ദോഷം ആയിക്കൂടായില്യാ. പക്ഷെ ഈ ജന്മം ചെയ്യുണതിന്ന് ഈ ജന്മത്തന്നെ കൂലികിട്ടും. ചെലപ്പൊ നമ്മള് കാണാന്‍ ഉണ്ടാവില്യാന്ന് മാത്രം''.


''നോക്ക്, ഇക്കുറി ശബരിമലയ്ക്ക് പോയിരുന്നു. മരിച്ചുപോയോര്‍ക്ക് പമ്പേല് വെലീടിണത് കണ്ടപ്പൊ രാമേശ്വരത്തുപോയി എന്‍റെ അപ്പനും അമ്മയ്ക്കും വെലീടണംന്ന് എനിക്കൊരു മോഹം. ഇവന് നടക്കാന്‍ പറ്റുമ്പൊ ഞങ്ങള് പോവും''. 


''അങ്ങനെ നല്ലത് ചെയ്യുമ്പൊ അതിന്‍റെ ഗുണം കിട്ടും''.


''അത് സത്യം. മകന്‍ എന്നെ കൈവിട്ടു. അപ്പഴയ്ക്കും ദൈവം ഇതാ നിന്‍റെ മകന്‍ന്ന് പറഞ്ഞ് ഇവനെ എനിക്ക് തന്നു. ചാവുമ്പൊ ഒരുതുള്ളി വെള്ളം തരാന്‍ എനിക്ക് ഇവന്‍ മതി''. വേണുവിന്‍റെ മനസ്സ് നിറഞ്ഞു തുളുമ്പി.


 ''ഈ വീട്ടില് പിന്നെ ആരാ ഉള്ളത്''രക്കന്‍ അന്വേഷിച്ചു.


''ഞാനും പണിക്കാരന്‍ ചാമീം . പിന്നെ ഒരു മേനോനുണ്ട്. മൂപ്പര് ഇന്ന് ഒരുവഴിക്ക് പോയതാണ്''.


''അപ്പൊ കെട്ട്യോളും കുട്ട്യേളും''വേണുവിനെ ഉദ്ദേശിച്ച് രക്കന്‍ ചോദിച്ചു. ഒന്നുമില്ലെന്ന് എഴുത്തശ്ശന്‍ ആംഗ്യം കാട്ടി.


''ഞങ്ങള് വെളീല് പോയിനിന്ന് ഇത്തിരിനേരം  പഴമ്പുരാണം പറഞ്ഞോട്ടെ'' അയാള്‍ വേണുവിനോട് ചോദിച്ചു.


''ഇവിടെ ഇരുന്ന് പറഞ്ഞോളൂ. എനിക്കും കേള്‍ക്കാലോ''.


''രക്കാ, നീ ആ വാതില്‍പടീല് ഇരുന്നോ''എഴുത്തശ്ശന്‍ പറഞ്ഞു''ഇവന്‍ ഒറ്റയ്ക്കിരുന്ന് മടുക്കണ്ടാ''. രക്കന്‍ വാതിലും ചാരി നിലത്തിരുന്നു. പുല്ലുപായ നാലായി മടക്കി നിലത്തിട്ട് എഴുത്തശ്ശനും ഇരുന്നു.


''നിന്‍റെ കെട്ട്യോള് പെട്ടയ്ക്ക് വിശേഷിച്ച് വയ്യായ ഒന്നും ഇല്ലല്ലോടാ'' എഴുത്തശ്ശന്‍ കുടുംബവിശേഷം അന്വേഷിച്ചു.


''സുഖായിട്ട് കഴിയുണൂ. ചെക്കന്‍ പണിക്ക് പോണ്ടാന്നൊക്കെ പറയും. കേള്‍ക്കില്ല. രാവിലെ നേരത്തെ ഒരു വീട്ടില് പാത്രം മോറാനും മുറ്റം അടിക്കാനും പോവും. കൊയ്യാനും കറ്റപിടിക്കാനും ഒന്നും അവള്‍ക്ക് വയ്യ. എന്നാലും നടീലിനും കള വലിയ്ക്കാനും പോവും''.


''നല്ലകാലത്ത് എങ്ങനെ പണിചെയ്ത ആളാ അവള്. ഇപ്പഴും അവള്‍ക്ക് ആ നെനവായിരിക്കും''.


''അതൊന്നും ആലോചിച്ചാല്‍ അന്തം കിട്ടില്ല. ആ കാലത്ത് നേരം വെളുക്കും മുമ്പ് അവളെണീക്കും. ചപ്പോച വറോ അടിച്ചുകൂട്ട്യേത് കത്തിച്ച് കഞ്ഞി വെക്കും. കുട്ട്യേളക്ക് കൊടുത്ത് കഴിച്ചൂ കഴിച്ചില്ലാ എന്ന് മട്ടില് ഇത്തിരി മോന്തി നേരത്തിന് പണിക്കെത്താന്‍ ഓട്ടാണ്. അതുപോലെ മോന്ത്യാമ്പൊ പണികഴിഞ്ഞ് കൂലി കിട്ട്യാല്‍ അതുംകൊണ്ട് മാറ്റംവാങ്ങാന്‍ പീടീലിക്ക് ഒരുപോക്കുണ്ട്''.


''അതെന്താ അമ്മാമേ മാറ്റം വാങ്ങ്വാന്ന് പറഞ്ഞാല്‍''.


''ഇന്നത്തെപ്പോലെ അന്ന് കൂലി പണായിട്ട് കിട്ടില്ല. നെല്ലേ കിട്ടൂ. അതിന്ന് രണ്ടോ നാലോ നാഴി നെല്ല് പീടികേല്‍ കൊടുത്ത് മല്ലീം മുളകും വെറ്റില മുറുക്കാനും ചിലപ്പൊ ഉണക്ക നങ്കിമീനും വാങ്ങും. അതിനാ മാറ്റം വാങ്ങ്വാന്ന് പറയുണത്''. 


''അതും കഴിഞ്ഞ് തോട്ടിലോ പുഴേലോ ഒന്ന് മുങ്ങീട്ട് വീടെത്തുമ്പൊ നേരം ഇരുട്ടാവും''രക്കന്‍ തുടര്‍ന്നു''എന്നിട്ട് വേണം അന്ന് കിട്ട്യേ നെല്ല് വറത്ത് കുത്തി അര്യാക്കി കഞ്ഞിവെക്കാന്‍ . അത് കുടിച്ച് കിടക്കുമ്പൊ നേരം പാതിര ആവും''. 


മുമ്പുകാലത്ത് കര്‍ഷകതൊഴിലാളി സ്ത്രീകള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ കുറച്ചൊന്നുമല്ലെന്ന് വേണു ഓര്‍ത്തു. അയാളത് പറയുകയും ചെയ്തു.


''നിനക്കറിയണോ''എഴുത്തശ്ശന്‍ പറഞ്ഞു''ഇതിനും പുറമ്യാണ് ഒന്നും രണ്ടും കൊല്ലം കൂടുമ്പൊ ഉണ്ടാവാറുള്ള പ്രസവങ്ങള്. പണിക്ക് വന്ന ദിക്കിന്ന് പേറ്റുനോവ് തുടങ്ങുമ്പൊ പുരേലിക്ക് ഓടിചെന്ന് അവര് പ്രസവിക്കും. കുറച്ചുദിവസം കഴിഞ്ഞാ പണിക്ക് പോവാനും തുടങ്ങും''.


''ആണുങ്ങള്‍ക്കെന്താ കഷ്ടപ്പാടിന്ന് കമ്മി. നേരം പുലരുമ്പൊ പണിക്ക് എത്ത്യാല്‍ ഇരുട്ടാവുണത് വരെ പണ്യാണ്. അതിനും പുറമെ വെള്ളം തേവാനും കാവല് കിടക്കാനും ചെല്ലണം''പുരുഷന്മാര്‍ അനുഭവിച്ച കഷ്ടതകളെ കുറച്ചു കാണാന്‍ രക്കന് വയ്യ.


''നമ്മടെ കാലത്ത് പണിക്കാരന്‍ കൃഷിക്കാരന്‍ എന്ന വേറ് കൂറ് ഉണ്ടോ. രണ്ടുകൂട്ടരും കൂടി പണി ചെയ്യുണു, ഉള്ളതോണ്ട് സന്തോഷിച്ച് കഴിയുണൂ''.  


''രണ്ടുകൂട്ടക്കാരുക്കും എന്നും ദാരിദ്രം തന്നെ''.


''അന്നും കൊടേംപിടിച്ച് വരമ്പത്ത് നില്‍ക്കുണ കുടിയാന്മാരുണ്ട്''. 


''ഉവ്വുവ്വ്. അങ്ങനത്തെ കൃഷിക്കാരാ കരപിടിക്കാതെ പോയത്''.


''നിനക്ക് ഓര്‍മ്മ ഉണ്ടോടാ നമ്മള് തോട്ടിലും പുഴേലും കെടകെട്ടി വെള്ളം തേകി നനച്ചത്''എഴുത്തശ്ശന്‍ ചോദിച്ചു.


''പിന്നില്ലാണ്ടെ. എട്ടടി പത്തടി നീട്ടത്തിലുള്ള മുളകഷ്ണങ്ങള്‍ മണ്ണില്‍ അടിച്ചെറക്കും. പിന്നെ തൂപ്പുംതോലുംവെട്ടി അതിന്ന് മുമ്പില് അടുക്കും. ഒരുഭാഗത്ത് കൂടി വെള്ളം പോവാന്‍ വഴി വിട്ടിട്ട് അടച്ചുകെട്ട്യേതിന്‍റെ മേലെ നന്നായിട്ട് ചേറ് പൊതിയും. ഒടുക്കം വെള്ളം പോണ വഴികൂടി അടയ്ക്കും. അണക്കെട്ടുപോലെ അതില് വെള്ളംനെറയും. ഒരുതുള്ളി വെള്ളം ചോരില്ല. ''. ആ നാടന്‍ എഞ്ചിനീയറിങ്ങ് രീതി വേണുവിന്ന് നന്നെ പിടിച്ചു.


''പിന്നെ വെള്ളം തേക്കാണ്. കുണ്ടുമുറത്തിന്‍റെ രണ്ടുഭാഗത്തും ഓരോ മുളക്കഷ്ണം കെട്ടി ഉറപ്പിച്ച് വെക്കും. അതില് ഈരണ്ട് കയറ് രണ്ട് ഭാഗത്തും ഇടും. രണ്ടാള് അതില്‍ പിടിച്ചിട്ട് വെള്ളംതേക്കും. ഒരുപമ്പും അതിന്‍റെടുത്ത് വരില്ല'' എഴുത്തശ്ശന്‍ പോയ കാലത്തെ പണികള്‍ അനുസ്മരിച്ചു.


''കുട്ട്യേ കേക്കണോ''രക്കന്‍ വേണുവിനോട് പറഞ്ഞു''ഒരു തേക്ക് കൊട്ടക്ക് നാലാളുണ്ടാവും. രണ്ടാളടെ കയ്യ് തളര്‍ന്നാല്‍ പിന്നത്തെ രണ്ടാള് തേകാന്‍ തുടങ്ങും. ഒരു നാഴിക രണ്ടു നാഴിക കഴിയുമ്പൊ വയ്യാണ്ടാവും. നമ്മടെ ഈ മൂപ്പരക്ക് ക്ഷീണം എന്നൊന്ന് ഇല്ല. ആര് കയറ് മാറ്റിയാലും മൂപ്പര് മാറില്ല''.


''പറഞ്ഞിട്ടെന്താ കാര്യം. ആ കാലോക്കെ പോയില്ലേ''എഴുത്തശ്ശന്‍ ചിരിച്ചു


''അന്നത്തെപ്പോലത്തെ കൃഷിക്കാര് വല്ലോരും ഇന്നു കാലത്തുണ്ടോ. എന്തിനാ പറയുണത്, അന്നത്തെ വല്ല ചടങ്ങും ഇന്നുണ്ടോ''.


''അത് ശര്യാ''എഴുത്തശ്ശന്‍ പറഞ്ഞു''മുമ്പൊക്കെ വിഷുദിവസം ചാലിടും. കണ്ടത്തിന്‍റെ മൂലയ്ക്കലാ പൂജ. അവിലും പൊരീം പഴൂം വെല്ലൂം ഒക്കെ പൂജയ്ക്ക് വെക്കും. പണിക്കാരില്‍ മൂത്ത ആളാണ് പൂജ ചെയ്യാ. പൂജ കഴിഞ്ഞാല് വിത്ത് വിതയ്ക്കും. ചിലര് കുറച്ച് ദൂരും ഓരര കന്ന് പൂട്ടും. പടക്കം പൊട്ടിക്കും. ആക്കപ്പാടെ കാണണ്ട കൂട്ടത്തിലാ ചാലിടല്''.


''അത് പോലെത്തന്ന്യാ നെറീം  പുത്തിരീം. വാവ് കഴിഞ്ഞ ഞായറാഴ്ച നിറക്കാനും അമ്മാമന്‍റെ മകളെ സംബന്ധം ചെയ്യാനും നാളും മുഹൂര്‍ത്തം നോക്കണ്ടാന്ന് പറയും''രക്കന്‍റെ ഓര്‍മ്മയില്‍ പഴയകാലത്തെ ചടങ്ങുകള്‍ എത്തി.


''നെല്ലിന്‍റെ വിളഞ്ഞ കതിര് മുറിച്ച് ഉഴിഞ്ഞ വള്ളിടെ ഒപ്പം നാക്കിലേല് വെച്ച് പണിക്കാരന്‍ കൊണ്ടുവന്നു പടിക്കല്‍ വെക്കും . അവിടെവെച്ച് നാളികേരം ഉടച്ച് കതിരില്‍ വെള്ളം ഒഴിക്കും . നിലവിളക്ക് കത്തിച്ചു പിടിച്ച് വീട്ടുകാരി മുമ്പില്‍ നടക്കും. കാരണോര് നാക്കില തലേലേറ്റി ഒപ്പം നടക്കും. അതിന്‍റെ പിന്നാലെ എല്ലാരുംകൂടി നിറ നിറ പൊലി പൊലി എന്നും പറഞ്ഞ് കതിര് വീട്ടിന്‍റെ ഉള്ളിലിക്ക് കൊണ്ടുവരും. പീഠത്തില്‍ അതുവെച്ച് പൂജിക്കും. വാതിലില് അരിമാവുകൊണ്ട് അണിയും. എന്നിട്ട് അതില് ഒരോ കതിര് ചാണകംവെച്ച് ഒട്ടിക്കും'' എഴുത്തശ്ശന്‍ വിവരിച്ചു ''അതുപോലെ ചെറുപുത്തിരീം വല്യേ പുത്തിരീം ഉണ്ടാവും''.


''എന്തിനാ പറയുണത്. ഉച്ചാറല് കഴിഞ്ഞില്ലേ. വല്ലോരും അറിഞ്ഞ്വോ അത്. ഉച്ചാറല്‍ ദിവസം വിത്തും നെല്ലും മനുഷ്യര് കയ്യോണ്ട് തൊട്വോ''രക്കന് അതായിരുന്നു സങ്കടം.


''പണ്ടൊക്കെ ഉച്ചാറലിന്ന് എണ്ണപ്പൊതീണ്ടാക്കും''എഴുത്തശ്ശന്‍ പറഞ്ഞു ''എന്തൊരു സ്വാദാ അതിന്. അരിമാവും നാളികേരപൂളും ചക്കരപാനീം കൂടി ഇളക്കി വാഴടെല കുമ്പിള് കുത്തി അതിലൊഴിച്ച് ആവീല്‍വെച്ച് വേവിക്കും. അങ്ങിന്യാണ് എണ്ണപ്പൊതി ഉണ്ടാക്ക്വാ. ചക്കരയ്ക്ക് പകരം ചിലര് വെല്ലം ഉരുക്കി ഒഴിച്ച് ഉണ്ടാക്കും''.


''പാലക്കാടിന്ന് പടിഞ്ഞാട്ട് ചെന്നാല് ഈ മാസം കതിര് വേല എന്നൊരു ഉത്സവൂണ്ട്''രക്കന്‍ പറഞ്ഞു''നെല്ലിന്‍റെ കതിര് വട്ടത്തില്‍ മെടഞ്ഞ് കതിര്‍ക്കുലേം  പനമ്പട്ടകൊണ്ട് കൂടും ഉണ്ടാക്കും. വേല കഴിഞ്ഞ് കൊണ്ടുവരുണ കതിര്‍ക്കുലേം കൂടും അവിടത്തെ തമ്പ്‌രാന്‍ വീട്വേളില് കെട്ടിത്തൂക്കും''.


''അതൊക്കെ ഒരു ഐശ്വര്യം തന്ന്യാണേ''എഴുത്തശ്ശന്‍ പറഞ്ഞു''ഞാന്‍ പത്മാവതിടെ വീട്ടില് അത് കണ്ടിട്ടുണ്ട്. ഇന്ന് കതിര് മെടയാന്‍ അറിയുണ വല്ലോരും നാട്ടിലുണ്ടോ''. ഉമ്മറത്ത് ഒരു ശബ്ദം കേട്ടപ്പോള്‍ രക്കന്‍ നോക്കി. അയാള്‍ക്ക് വന്ന ആളെ മനസ്സിലായില്ല.


''ആരാന്ന് മനസ്സിലായില്ല''അയാള്‍ പറഞ്ഞു. എഴുത്തശ്ശന്‍ ചെന്നുനോക്കി.  ചാമിയാണ് വന്നിരിക്കുന്നത്.


''എന്താടാ നിന്‍റെ തോര്‍ത്തില്''അയാള്‍ ചോദിച്ചു.


''തൊവരയ്ക്ക്യാണ്''ചാമി പറഞ്ഞു.


''നല്ലോണം വേവുണ ചേന പറിച്ചതുണ്ട്. അതും തുവരമണീംകൂടി മിഴുക്ക് പുരട്ടി ഉണ്ടാക്കാന്‍ പറ. ഇന്ന് ഉച്ചയ്ക്ക് ഉണ്ണാന്‍ ഒരാളും കൂടീണ്ട്''.


''ആരാ വന്നിരിക്കുണത്''.


''അതൊക്കെ പറയാടാ. നീ അത് കൊണ്ടുക്കൊടുത്ത് എളുപ്പം വാ''. ചാമി നാണുനായരുടെ വീട്ടിലേക്ക് നടന്നു.


''ഉമ്മറത്ത് നല്ല തണുവുണ്ട്''രക്കന്‍ പറഞ്ഞു''അതോണ്ട് വെയിലിന്‍റെ ചൂട് അറിയുണില്യാ''.


''ഇത് പട്ടപ്പുര്യായിരുന്നു''എഴുത്തശ്ശന്‍ പറഞ്ഞു''അപ്പൊ വീട്ടിന്‍റെ ഉള്ളിലും അസ്സല് തണുപ്പായിരുന്നു. ഇന്നാളാണ് മേല്‍പ്പുര പൊളിച്ച് ഓടിട്ടത്''.


''പണ്ടത്തെ ഞങ്ങടെ കൂട്ടക്കാരടെ ചാള ഓര്‍മ്മീണ്ടോ. അധികം ഉയരം ഉണ്ടാവില്ല. ഉമ്മറത്തിന്ന് നോക്ക്യാല്‍ വാതില്‍ക്കല് നിക്കുണോരെകൂടി കാണില്ല. എന്നാലും ഒരുഗുണൂണ്ട്. ഇടീം മഴീം കാറ്റും വെയിലും ഒന്നും ചാളടെ ഉള്ളില് അറിയില്ല. പോരാഞ്ഞിട്ട് അകത്ത് ഏത് നേരത്തും നല്ല തണുവായിരിക്കും''.


''അത് നിലത്തിന്‍റെ ഗുണംകൊണ്ടാണ്''.


''അധികം ആള്‍ക്കാരും നിലം ചാണകം മെഴുകും. ചുണ്ണാമ്പ് നീറ്റ്യേതും ചിരട്ടക്കരീംകൂടി കലക്കി ഒഴിച്ച് മിനുസ്സൂള്ള കല്ലോണ്ട് ഉരച്ച് ചിലര് നിലം മിനുപ്പിക്കും. കാവി ഇടുന്നോരും ഉണ്ട്''.


''ഒക്കെ പോയി അല്ലേടാ രക്കാ''.


''സിമിന്‍റ് വന്നതോടെ എല്ലാം മാറി. സിമിന്‍റിട്ട നിലത്തില് ചവിട്ടി നടന്നിട്ട് മനുഷ്യന് വാതകടച്ചില് മാറ്യേ നേരം ഇല്ലാണ്ടായി''.


''കാലം മാറുമ്പൊ കോലൂം മാറും. അല്ലാണ്ടെന്താ''. വിമാനത്തിന്‍റെ ശബ്ദം അകലെനിന്ന് കേട്ടുതുടങ്ങി. തൂക്കുപാത്രത്തില്‍ ചായയും കയ്യിലൊരു പൊതിയുമായി ചാമിയെത്തി.


''എന്താടാ ചാമ്യേ, പൊതീല്''എഴുത്തശ്ശന്‍ ചോദിച്ചു.


''തിന്നാനുള്ളതാണെന്നാ പറഞ്ഞത്''.


''നീ ചായ നാല് ഗ്ലാസ്സില്‍ ഒഴിക്ക്. പൊതി ഇങ്കിട്ട് താ''. അയാള്‍ പൊതി ഏറ്റുവാങ്ങി. അതിനകത്ത് മുറുക്കും മനോഹരവും ആയിരുന്നു. 


''ഇത് കഴിച്ചോളിന്‍''കീറക്കടലാസ്സില്‍ നാലുപേര്‍ക്കും പലഹാരങ്ങള്‍ കുറേശ്ശെ മാറ്റിവെച്ചശേഷം അയാള്‍ ബാക്കി പൊതിഞ്ഞുവെച്ചു.


''ചാമ്യേ. ഇത് രക്കന്‍. നല്ലകാലത്ത് ഇവിടത്തെ പാടത്ത് പണിക്ക് ഇവനും കെട്ട്യോളും വന്നിട്ടുണ്ട്''.


'ഇപ്പൊ എവിട്യാ താമസം''ചാമി ചോദിച്ചു. ചായകുടി കഴിയുന്നതുവരെ രക്കനുമായി അവന്‍  സംസാരിച്ചിരുന്നു.


''കുറച്ചുനേരം നീ ഇവിടെ ഇരിക്ക്ട്ടോ. ഞങ്ങളൊന്ന് നടന്നിട്ട് വരട്ടെ''. ചാമിയെ വേണുവിന്ന് തുണയാക്കി വൃദ്ധന്മാര്‍ നടന്നു. കയത്തംകുണ്ടും പാടങ്ങളും നോക്കിക്കഴിഞ്ഞശേഷം അവര്‍ ചേരിന്‍ചുവട്ടിലെത്തി.


''ഇതിലേക്കൂടി എത്ര നടന്നതാണ്''രക്കന്‍ പറഞ്ഞു''ചെലപ്പൊക്കെ ഞാന്‍ അതും നിനച്ചോണ്ട് ഇരിക്കും''.


''അല്ലെങ്കിലും പെറന്ന മണ്ണിന്‍റെ അത്ര വര്വോ ഏത് സ്ഥലൂം''.


''ഇവിടെ ഒരുതുണ്ട് ഭൂമീണ്ടെങ്കില്‍ പനമ്പട്ട്യോണ്ട് കുത്തിമറച്ച് ഒരു ചാള പണിത്  കഴിയായിരുന്നൂന്ന് പെട്ട എപ്പഴും പറയും. പറഞ്ഞിട്ടെന്താ. ഈ മണ്ണില് ചവിട്ടി നില്‍ക്കാന്‍കൂടി ഒരുകഷ്ണം സ്ഥലം ഇല്ലാണ്ടെ പോയില്ലേ''.


''നീ കാര്യായിട്ട് പറയുണതാണോ''എഴുത്തശ്ശന്‍ ചോദിച്ചു.


''സത്യം. എപ്പഴും അവള് പറയും''.


''എന്നാ നീ അവളേംകൂട്ടി പോന്നോ. നിനക്ക് വേണ്ടസ്ഥലം ഞാന്‍ തരാം''.


''അതിനൊക്കെ തോനെ കാശാവില്ലേ''.


''നോക്ക്, കാശിനോ പണത്തിനോ വേണ്ടീട്ടല്ല  നിനക്ക് സ്ഥലം തരുണത്. വെള്ളപ്പാറകടവിന്ന് കേറിവരുണ ഭാഗത്ത് ഒരുനീളീണ്ട്. ആ സ്ഥലം നീ എടുത്ത് ചാളകെട്ടിക്കോ. കുത്തിമറയ്ക്ക്യോന്നുംവേണ്ടാ. ചുമര് കെട്ടാന്‍ വേണ്ട പൊട്ടക്കല്ല് ഞാന്‍ എടവാടാക്കി തരാം. അതാവുമ്പൊ കളപ്പെരടെ തിണ്ടില്‍ കെടന്ന് നോക്ക്യാല്‍ എനിക്ക് നിന്നെ കാണാലോ''. 


''എന്നാ വിഷൂന് മുമ്പ് ചാളകെട്ടി ഞങ്ങള് താമസം തൊടങ്ങും''.


''അതിന് മകന്‍ നിങ്ങളെ വിട്വോടാ''.


''വയസ്സായ അപ്പനീം അമ്മേം ആരു നോക്കണംന്ന് ഇപ്പൊത്തന്നെ ഒരു കൂട്ടൂണ്ട്. എത്ര്യായാലും മക്കളക്ക് ഞങ്ങളൊരു ഭാരം തന്നേല്ലേ''.


''എല്ലാരടെ മക്കളും ഒരുപോലെ തന്നെ അല്ലേടാ''.


''മൂത്ത മകന് ഞങ്ങളെ ഇഷ്ടാണ്. പക്ഷെ അവന്‍റെ പെണ്ണും എന്‍റെ കെട്ട്യോളും തമ്മില്‍ ചേരില്ല. വെറുതെ നമ്മള് കാരണം അവന്‍റെ കുടുംബം കുട്ടിച്ചോറാവണ്ടാ. തീരെ പറ്റാണ്ടെ വന്നാല്‍ രണ്ടാളുംകൂടി നാടുവിട്ട് പോവാംന്നാ മനസ്സില്''.


''അതൊന്നും വേണ്ടാ. നീയിങ്ങിട്ട് പോന്നോ. നിനക്ക് ഞാനുണ്ട്''അയാള്‍ രക്കന്‍റെ കയ്യില്‍പ്പിടിച്ചു


 അദ്ധ്യായം - 132.


ഒന്നരമാസത്തെ വിശ്രമംകഴിഞ്ഞ് ഡോക്ടറെ ചെന്നുകണ്ടപ്പോള്‍ എല്ലാം ശരിയായി എന്നാണ് അയാള്‍ വേണുവിനോട് പറഞ്ഞത്.


''ദിവസവും കുറച്ചുദൂരം നടക്കണം. എന്നിട്ട് എന്തെങ്കിലും പ്രയാസം തോന്നുന്നുണ്ടെങ്കില്‍ എന്നെ വന്ന് കാണണം. ഊന്നി നടക്കാന്‍ നിങ്ങള്‍ ഒരുവാക്കിങ്ങ് സ്റ്റിക്ക് കയ്യില്‍ വെച്ചോളൂ''ഡോക്ടര്‍ പറഞ്ഞു.


''നമുക്ക് ദിവസവും  വൈകുന്നേരം കുറെദൂരം നടക്കാം''മേനോന്‍ പറഞ്ഞു''ഓരോന്ന് സംസാരിച്ചുകൊണ്ട് നടക്കുമ്പോള്‍ മുഷിപ്പോ വേദനയോ തോന്നില്ല''. പക്ഷെ ചാമി അത് സമ്മതിച്ചില്ല. മുതലാളിടെ കൂടെ ഞാന്‍ നടക്കാം എന്നവന്‍ ശാഠ്യംപിടിച്ചു.


''എന്തായാലും അമ്മ്യാര് മനസ്സറിഞ്ഞമാതിരി ഊന്നുവടി തന്നിട്ടുണ്ട്. അതുംകുത്തി നടന്നോ''എഴുത്തശ്ശന്‍ പറഞ്ഞു. ഞായറാഴ്ച വക്കീലും പത്മിനിയും മകനും മരുമകളും കളപ്പുരയിലെത്തി.


''നീ അങ്ങോട്ട് വന്നില്ല. അപ്പൊ ഇവിടെവന്ന് കണ്ടോളാംന്ന് കരുതി'' പത്മിനി പരിഭവം പറഞ്ഞു.


''ഇടയ്ക്കൊക്കെ വേദന തോന്നുണുണ്ട്. നല്ലോണം ഭേദായിട്ട് കുറച്ചു ദിവസം ഞാന്‍ ഓപ്പോളുടെ അടുത്തുവന്ന് താമസിക്കുണുണ്ട്''വേണു പറഞ്ഞു.


''അന്ന് വെള്ളക്കാക്ക മലര്‍ന്ന് പറക്കും''.


''നോക്കിക്കോളൂ. ഒരുമാസം കഴിഞ്ഞാല്‍ ഞാനവിടെ എത്തും''.


''നീയൊന്ന് നടക്ക്. ഞാന്‍ കാണട്ടെ'' പത്മിനി പറഞ്ഞു. വേണു വടിവാള്‍ ഊന്നി മുറ്റത്ത് നടന്നു. പത്മിനിയും മറ്റുള്ളവരും അത് നോക്കിനിന്നു.


''നടുക്കുമ്പൊ വലത്തെ കാലിന്‍റെ ചതുക്ക് ഒന്നുംകൂടി കൂടീട്ടുണ്ടോന്ന് എനിക്കൊരു സംശയം''പത്മിനി പറഞ്ഞു.


''എന്ത് വിഡ്ഡിത്തരാണ് താനീ പറയുണത്. ഇങ്ങിനെ നടന്ന് നടന്ന് കാല് ശര്യാവണം. അതിന്നുമുമ്പ് താന്‍ കേറി ഓരോന്ന് എഴുന്നള്ളിക്കണ്ടാ'' വക്കീലിന്ന് ഭാര്യ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല.


''വേഗം ഭേദാവാന്‍ ഗുരുവായൂരപ്പന് വെള്ളിടെ ഒരുകാല് വഴിപാട് വെക്കാന്ന് നേര്‍ന്നിട്ടുണ്ട്''പത്മിനി പറഞ്ഞു''എന്‍റെ പ്രാര്‍ത്ഥന ഭഗവാന്‍ കേക്കാണ്ടിരിക്കില്ല''. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ വിരുന്നുവന്നവര്‍ പോവാനൊരുങ്ങി.


''ഇത്തിരി സുഖം തോന്ന്യാല്‍ അങ്കിട്ട് വാ. ഞാന്‍ കാറയക്കാം''പത്മിനി പോവാന്‍ നേരത്ത് പറഞ്ഞു. വേണു തല കുലുക്കി.


***********************************


നാല് നാലര മണിയാവുമ്പോഴേക്കും ചാമി വേണുവിനെ നടക്കാന്‍ കൊണ്ടു പോവാനായി ഒരുങ്ങിനില്‍ക്കും. ആദ്യമൊക്കെ കളപ്പുരയില്‍ നിന്ന് അമ്പലംവരെ പോയി തിരിച്ചുപോരുകയായിരുന്നു പതിവ്. പിന്നെ പിന്നെ നടത്തം വെള്ളപ്പാറകടവ് കടന്ന് പഞ്ചായത്ത് പാതയിലൂടെ മെയിന്‍ റോഡ് വരെ ആയി. ചാമിക്ക് പീടികയില്‍നിന്ന് വല്ലതും വാങ്ങാനുണ്ടാവും. വേണുവിന്ന് പാക്കറ്റ് കണക്കില്‍ സിഗററ്റുകളും.


ആ നടപ്പിന്നിടയില്‍ ചാമി പല കാര്യങ്ങളും പറയും. വേണു അതെല്ലാം മൂളി കേള്‍ക്കും.


''തെരുവത്തെ പള്ളിനേര്‍ച്ചയ്ക്ക് കുപ്പ്വോച്ചാന്‍ ഒരു നിവൃത്തീണ്ടെങ്കില്‍ പോവാണ്ടിരിക്കില്ല. മുതലാളിക്ക് വയ്യാത്തതോണ്ടാണ് പോവാഞ്ഞത്'' ഒരുദിവസം അവന്‍ പറഞ്ഞു.


''അമ്മാമടടുത്ത് പൊയ്ക്കോളാന്‍ ഞാന്‍ പറഞ്ഞതായിരുന്നു''വേണു പറഞ്ഞു''എല്ലാരുക്കും കൂടി അടുത്തകൊല്ലം പോവാംന്നാ അമ്മാമ ആ കാര്യം സൂചിപ്പിച്ചപ്പൊ പറഞ്ഞത്''.


''എനിക്കും അതാ സന്തോഷം. മുതലാളിക്ക് വേലയ്ക്കും പൂരത്തിന്നും പോവാന്‍ ഇഷ്ടാണോ''. വേണു അതെയെന്ന് പറഞ്ഞു.


''പൂരം കാണണച്ചാല്‍ തൃശ്ശൂര്‍ പൂരം കാണണം. കുടമാറ്റൂം ആനകളും മേളൂം വെടിക്കെട്ടും ഒക്കെകൂടി എന്താന്നാ പറയണ്ട്, കണ്ടാ മത്യാവില്ല''.


''ചാമി പൂരത്തിന് പോയിട്ടുണ്ടോ''.


''പിന്നില്ലാണ്ടെ. പക്ഷെ ഇത്തിരി കഴിച്ചിട്ട് ഞാന്‍ എവിടേങ്കിലും കിടക്കും. ചിലപ്പൊ വെടി പൊട്ട്യാലെ എണീക്കൂ''.


''അതു നന്നായി. ബഹളം കാണാതെ കഴിഞ്ഞല്ലോ''വേണു ചിരിച്ചു''പിന്നെ എവിട്യോക്കെ ചെല്ല്വാ''.


''പുതുശ്ശേരി വെടിക്ക് പോവാറുണ്ട്. ഇക്കൊല്ലത്തെ വെടി കഴിഞ്ഞു. പിന്നെ കാവശ്ശേരി പൂരത്തിന്നും നെന്മാറ വേലയ്ക്കും പോവും. നെന്മാറ വേലയ്ക്ക് രണ്ടുകൂട്ടരുടേം ആനപ്പന്തലൊക്കെ കാണണ്ട കൂട്ടത്തിലാണ്''.


''എപ്പഴാ ആ വേല''.


''മീനമാസത്തിലാ. എന്നാന്ന് അറിയില്ല''ഒരു നിമിഷം ആലോചിച്ചശേഷം ''മുതലാളി ഇക്കൊല്ലം വേല കാണാന്‍ വര്വോ''എന്നവന്‍ ചോദിച്ചു.


''എനിക്ക് കാണണംന്ന് മോഹൂണ്ട്''വേണു പറഞ്ഞു''തിരക്കില്‍ ചെല്ലാനാ മടി''.


''അത് സാരൂല്യാ. എത്ര വല്യേതിരക്കിലും ഞാന്‍ കൂട്ടീട്ട് പോവാം''.


''അപ്പഴക്കും കാലിലെ അസുഖം മാറില്ലേ''.


''എന്താ മുതലാളീ സംശയം''ചാമി പറഞ്ഞു ''ഇക്കുറി വടക്കന്തറകാവില് വേലീണ്ട്. നമുക്കതിന് പോണം. വേണച്ചാല്‍ മണപ്പുള്ളിക്കാവിലെ വേല, പറക്കോട്ട് കാവിലെ താലപ്പൊലി, ചിനക്കത്തൂര്‍പൂരം ഒക്കെ നമുക്കു പോയി കാണാം''.


''എപ്പഴാ ഇതൊക്കെ ഉണ്ടാവ്വാ''.


''ചെലതൊക്കെ ആവാറായി. ഇക്കൊല്ലം പറ്റുംന്ന് തോന്നുണില്യാ. തൃശുര്‍ പൂരത്തിന്ന് പോവാം. ബാക്ക്യോക്കെ അടുത്തകൊല്ലം''. 


''കാറ് വിളിച്ച് എല്ലാരുക്കുംകൂടി ഇതൊക്കെ ചെന്ന് കാണണം. നാട്ടില്‍ ഇരുന്നിട്ട് ഒന്നും കണ്ടില്ലെങ്കില്‍ മോശോല്ലേ''.


''അതന്ന്യാ എനിക്കും പറയാനുള്ളത്. ഇനീം എന്തൊക്കെ നാട്ടില് കാണാന്‍ ബാക്കി കെടക്കുണൂ. കണ്യാര്‍കളിണ്ട്, പൊറാട്ടും കളിണ്ട്, മാരിയമ്മടെ കോവിലില് കുംഭക്കളീണ്ട്. കാണണംന്ന് മോഹൂണ്ടെങ്കില്‍ നമുക്ക് അതൊക്കെ ചെന്ന് കാണാം''.


''നോക്കട്ടെ.അമ്മാമ എന്താ പറയ്യാ എന്നറിയില്ല''.


''മുതലാളി വിളിച്ചാല്‍ കുപ്പ്വോച്ചന്‍ തലേല്‍കെട്ടി ആദ്യം ഇറങ്ങും. മൂപ്പരക്ക് മുതലാള്യേ അത്രയ്ക്ക് ഇഷ്ടാ''. വേണു ചിരിച്ചു.


''മുതലാളിക്ക് വയ്യാത്തതോണ്ട് എന്താവേണ്ടത് എന്നറിയില്ല. കൊല്ലാവധി എനിക്ക് കൊടുങ്ങല്ലൂര് ഭരണിക്ക് പോണ പതിവുണ്ട്''.


''ചാമി പൊയ്ക്കോളൂ. എനിക്ക് കുറെ ഭേദായിട്ടുണ്ടല്ലോ''വേണു പറഞ്ഞു ''പോരാത്തതിന് കൊടുങ്ങല്ലൂരമ്മയ്ക്ക് എന്‍റെപേരില് കല്യാണി വഴിപാട് നേര്‍ന്നിട്ടൂണ്ട്. അതവിടെ എത്തിക്കണ്ടേ''.


''അപ്പൊ രണ്ട് ദിവസം ആരാ നടക്കാന്‍ തുണയ്ക്ക് വര്വാ''.


''ആരെങ്കിലും ഉണ്ടാവും. നമ്മുടെ മേനോന്‍റെടുത്ത് പറയാം''.


''മൂപ്പരെ ബുദ്ധിമുട്ടിക്കണ്ടാ. ഞാന്‍ മായന്‍കുട്ട്യേ ഏര്‍പ്പാടാക്കാം. അവന്‍ വന്ന് കൂട്ടിക്കൊണ്ട് പോയ്ക്കോളും''. വേണു അത് സമ്മതിച്ചു.


വെള്ളപ്പാറകടവ് കടന്ന് ഇരുവരും മുകളിലേക്ക് കയറി. അകലെ ചേരിന്‍ചോട്ടില്‍ എഴുത്തശ്ശനും നാണുനായരും നില്‍ക്കുന്നുണ്ട്. അമ്പലത്തിലേക്ക് പോവാന്‍ മേനോനെ കാത്തുനില്‍ക്കുകയാവും.


''കുപ്പ്വോച്ചന്‍ ഈ കാണുണ സ്ഥലം മിനിഞ്ഞാന്ന് വന്ന ആളക്ക് വെറുതെ കൊടുക്ക്വാണത്രേ. അയാളോട് ചാള കെട്ടീട്ട് ഇരുന്നോളാന്‍ പറഞ്ഞൂന്ന് എന്നോട് പറഞ്ഞു''. ഇരുവരും നീളിയിലേക്ക് നോക്കിക്കൊണ്ടുനിന്നു. മണല്‍വിരിച്ചതുപോലെയുള്ള നിലത്ത് അടയ്ക്കാമണിയന്‍ ചെടികള്‍ ഇഷ്ടംപോലെ വളര്‍ന്നിരിക്കുന്നു. കള്ളുപ്പാനികള്‍ ചുമന്നുകൊണ്ട് മാനം മുട്ടുന്ന നാലഞ്ചുകരിമ്പനകള്‍ വരമ്പത്ത് നില്‍പ്പുണ്ട്. 


''അമ്മാമ എന്നോടും പറഞ്ഞു. നല്ലകാലത്ത് അവര് രണ്ടാളുംകൂടി ഒന്നിച്ച് കുറെകാലം പണിചെയ്തിരുന്നൂന്ന് പറഞ്ഞു''വേണു പറഞ്ഞു ''അവരടെ  സ്നേഹം കണ്ടിട്ട് എനിക്ക് അത്ഭുതംതോന്നി. മനുഷ്യര് തമ്മില് ഇത്രയ്ക്ക് സ്നേഹൂണ്ടാവ്വോ''.


''കുപ്പ്വോച്ചന്‍ ഉള്ളില് സ്നേഹൂള്ള ആളാ. പറഞ്ഞിട്ടെന്താ ആ മൂപ്പരുക്ക് അത്രയ്ക്കത്രയ്ക്ക് വാശീണ്ട്. മകന്‍റെ കൂട്ടംകൂട്യാല്‍ ഒരക്ഷരം ഇപ്പഴും ആ മനുഷ്യന്‍ മിണ്ടില്ല''.


''ഒക്കെ ശര്യാവും ചാമി. കുറച്ചുകാലം കഴിയട്ടെ. പേരക്കുട്ടിടെ കല്യാണം വരുമ്പൊ രണ്ടാള്‍ക്കും യോജിക്കാതെ കഴിയ്യോ''.


''യോജിച്ചുകണ്ടാ മതി. എത്ര്യായാലും അപ്പനും മകന്വോല്ലേ''. അകലെ നിന്ന് നാണുനായര്‍ കൈകൊട്ടി വിളിച്ചു. അവര്‍ വീണ്ടും നടന്നുതുടങ്ങി.


അദ്ധ്യായം - 133.


കിഴക്കോട്ടുപോവുന്ന വിമാനത്തിന്‍റെ ശബ്ദം കേട്ടപ്പോള്‍ വേണു വായന നിര്‍ത്തി. സമയം അറിയാനുള്ള ഒരു ഉപാധിയായി വിമാനത്തിന്‍റെ ശബ്ദം മാറിയിരിക്കുന്നു. ഇനി കുറെനേരം കാറ്റുംകൊണ്ട് ഉമ്മറത്തിരിക്കലാണ് പതിവ്.


വേണുവിന്‍റെ കാലിലെ തകരാറ് ഭേദപ്പെട്ടശേഷം എഴുത്തശ്ശന്‍ കാലത്തെ ആഹാരം കഴിഞ്ഞാല്‍ പുറത്തേക്കിറങ്ങും. പുരകള്‍ പണിയുന്ന ദിക്കില്‍ ചെന്നിരിക്കും. പിന്നെ ഉച്ചയ്ക്ക് ഉണ്ണാനേ വരാറുള്ളു.


''എത്രനേരം എന്നു വെച്ചിട്ടാ ഇങ്ങിനെ മിണ്ടാണ്ടെ കുത്തിരിക്ക്യാ''അയാള്‍ പറയും''പണി നോക്കിക്കൊണ്ടിരുന്നാല്‍ നേരംപോവും''.


''എങ്ങെനീണ്ട് പണ്യോക്കെ''പുറപ്പെടാനൊരുങ്ങിയ എഴുത്തശ്ശനോട് വേണു ചോദിച്ചു


''ഈണ്ടെഴഞ്ഞ് നീങ്ങുണു. പണിചെയ്യുന്നോര്‍ക്ക് കൈവേഗത തീരെ പോരാ. അതൊക്കെ സ്വാമിനാഥന്‍റെ പണിക്കാര്. ഒന്നില്‍ ചില്വാനം മാസംകൊണ്ടല്ലേ അവര് നാണ്വാരടെ വീട് പണിതത്''.


കൊയ്ത്ത് കഴിഞ്ഞപാടത്ത് കന്നുമേക്കാന്‍ എത്താറുള്ള പിള്ളേര്‍ പൊരി വെയില്‍ വകവെക്കാതെ കുട്ടിയുംപുള്ളും കളിക്കുകയാണ്. വേണു അതും നോക്കിയിരുന്നു. ഇടയ്ക്കുവെച്ച് കളിനിര്‍ത്തി പിള്ളേര്‍ കളപ്പുരമുറ്റത്തെത്തി.


''കുറച്ച് വെള്ളം തര്വോ''ഒരുത്തന്‍ ചോദിച്ചു. വേണു അകത്തുനിന്ന് ഒരു പാത്രം വെള്ളം കൊണ്ടുവന്നു കൊടുത്തു.


''ഇത് പോരാ''കൂട്ടത്തില്‍ വലിയവന്‍ പറഞ്ഞു''ഞങ്ങള് എല്ലാരുക്കും നല്ല ദാഹംണ്ട്''. 


അരിക് കോലായില്‍ മണല്‍ വിരിച്ച് അതിന്ന് മീതെ മണ്‍കൂജയില്‍ കുടി വെള്ളം വെച്ചിട്ടുണ്ട്. എത്ര ചൂടുള്ള കാലത്തും മണ്‍കൂജയിലെ വെള്ളം തണുത്തിരിക്കും. വേണു അത് എടുത്തുകൊള്ളാന്‍ പറഞ്ഞു. വെള്ളം കുടി കഴിഞ്ഞതും പിള്ളേര്‍ തൊടിയില്‍ പരതാന്‍ തുടങ്ങി.


''തൊടീല് സീതാരങ്ങ പഴുത്ത് നിക്കുണുണ്ട്. ഞങ്ങള് പൊട്ടിച്ച് തിന്നോട്ടെ'' പിള്ളേരുടെ അടുത്ത ആവശ്യവും വേണു അംഗീകരിച്ചു. സീതാരങ്ങയും കൊയ്യക്കായയും വലിച്ച് സംഘം കലപിലകൂട്ടി പുറത്തേക്ക് പോയി.


വെള്ളപ്പാറകടവിന്‍റെ അടുത്തുനിന്ന് ബുള്ളറ്റിന്‍റെ ശബ്ദം വേണു കേട്ടു. രാധാകൃഷ്ണനായിരിക്കുമോ അതെന്ന് അയാള്‍ക്ക് സംശയം തോന്നി. അയാള്‍ കടവിലേക്ക് നോക്കി. അത് മറ്റാരോ ആണ്. ബുള്ളറ്റ് കടവും   കടന്ന് മെറ്റലിട്ട റോഡിലൂടെ പാഞ്ഞു. കാറ്റുംകൊണ്ട് ഉമ്മറത്തിണ്ടില്‍  അയാളിരുന്നു


അവസാനമായി താന്‍ ബുള്ളറ്റ് ഓടിച്ചത് മാലതിയുടെ കത്ത് കിട്ടിയതും വയനാട്ടില്‍നിന്ന് പോന്നപ്പോഴായിരുന്നുവെന്ന് വേണു ഓര്‍ത്തു. അത് അവസാനത്തെ ബൈക്ക് യാത്രയായിരുന്നു.


വേണു തന്നിലേക്കുതന്നെ വലിഞ്ഞു. മൂന്നരപതിറ്റാണ്ടുമുമ്പ് ജീവിതത്തിന്ന് സ്വയം തിരശീല വലിച്ചിട്ട മാലതി മനസ്സില്‍ എത്തുകയായി. ഉമ്മറത്ത് ഒരു പുസ്തകത്തില്‍ ലയിച്ച് വേണു ഇരിക്കുകയാണ്. കളപ്പുരയുടെ മുന്നിലെ ആലയുടെ സ്ഥാനത്ത് വിവിധതരം പൂച്ചെടികള്‍ നിറഞ്ഞ പൂന്തോട്ടമാണ് ഉള്ളത്. സ്കൂള്‍ വിട്ടുവരുന്ന മാലതിടീച്ചറുടെ നെറ്റിയില്‍കൂടി വിയര്‍പ്പു ചാലുകള്‍ ഊര്‍ന്നിറങ്ങുന്നുണ്ട്.


"എന്താ വേണ്വോട്ടാ ഇത്''മാലതിയുടെ ശബ്ദത്തില്‍ പരിഭവമുണ്ടോ?


''എന്തേ''വേണു പുസ്തകത്തില്‍നിന്ന് തലയുയര്‍ത്തി.


''ഇതു കണ്ട്വോ. പൂച്ചെടികള്‍ മുഴുവന്‍ ആട് തിന്നു''അവര്‍ പറഞ്ഞു ''ഓരോദിക്കിന്ന് എത്ര കഷ്ടപ്പെട്ട് ഞാന്‍ കൊണ്ടുവന്ന് വെച്ചതാ. ഒന്ന് നോക്കായിരുന്നില്ലേ''.


''കന്നുമേക്കുണ കുട്ട്യേള് പടി തുറന്നിട്ടതാവും''വേണു പറഞ്ഞു.


''നാളെ അവറ്റ വന്നാല്‍ നാല് പൂശ കൊടുക്കണം''മാലതിക്ക് അരിശം തീരുന്നില്ല. അപ്പോള്‍ വേണുവിന്ന് ഒരു തമാശ തോന്നി.


''ബെഞ്ചിന്‍റെ മീതെ കേറ്റി നിര്‍ത്ത്യാല്‍ പോരെ''അയാള്‍ ചോദിച്ചു.


''അതെന്നെ കളിയാക്ക്യേതാണ്''മാലതി പറഞ്ഞു''വയറില് പിടിച്ചിട്ട് ഇങ്ങിനെ തിരുമ്പ്വാ വേണ്ടത്''.


മാലതി വേണുവിന്‍റെ വയറ്റില്‍ ചെറുതായൊന്ന് പിടിച്ചു. അയാള്‍ക്ക് ഇക്കിളിതോന്നി. ചുണ്ടില്‍ ചിരിപൊട്ടി. ആ സന്തോഷത്തിന്നിടയിലാണ് നാണുനായര്‍ കടന്നുവന്നത്.


''എന്താ നീ ഒറ്റയ്ക്കിരുന്ന് ചിരിക്കുണത്''അയാള്‍ ചോദിച്ചു.


''ഒന്നൂല്യാ നാണുമാമേ''വേണു എഴുന്നേല്‍ക്കാനൊരുങ്ങി.


''വേണ്ടാ. നീ അവിടെ ഇരുന്നോ''നാണുനായര്‍ പറഞ്ഞു''ആരാ എന്‍റെകൂടെ വന്നിട്ടുള്ളത്ന്ന് നിനക്കറിയ്യോ''. വേണു നോക്കുമ്പോള്‍ കറുത്ത് തടിച്ച് മുഴുവന്‍ കഷണ്ടിയായ ഒരാള്‍ നാണുനായരുടെ തൊട്ടുപുറകിലുണ്ട്. വേണുവിന്ന് ആളെ മനസ്സിലായില്ല.


''ഓര്‍മ്മ വരുണില്ല''വേണു പറഞ്ഞു. ആഗതന്‍ മുറിക്കയ്യന്‍ ഷര്‍ട്ടിന്‍റെ കയ്യ് ഒന്നുകൂടി മേല്‍പ്പോട്ടാക്കി. പൊള്ളലേറ്റതിന്‍റെ വടു നീളത്തില്‍ കിടപ്പുണ്ട്.


''സുന്ദരന്‍''വേണു പറഞ്ഞു.


''അപ്പൊ എന്നെ ഓര്‍മ്മീണ്ട്''.


എങ്ങിനെ മറക്കാനാവും. ബാല്യകാലത്തെ ഏറ്റവും അടുത്ത കൂട്ടുകാരന്‍. പുഴയില്‍ മുങ്ങിമരിക്കാറായ ദിവസം സന്ധ്യക്ക് വിവരം അറിഞ്ഞപാടെ സുന്ദരന്‍റെ അമ്മ കാണാനായി ഓടിയെത്തിയതാണ്. ക്ഷോഭിച്ചുനില്‍ക്കുന്ന ചെറിയമ്മയ്ക്ക് അവര്‍ കാണാനെത്തിയതൊന്നും ഇഷ്ടപ്പെട്ടില്ല.


''മകന്‍ പൊഴേല്‍ മുക്കിക്കൊല്ലാന്‍ നോക്കി. അമ്മ ചത്ത്വോന്ന് നോക്കാന്‍ വന്നതാണോ''എന്നാണ് ചെറിയമ്മ ചോദിച്ചത്. അപമാനിതയായി മടങ്ങി പ്പോയ അവര്‍ ചട്ടുകം അടുപ്പിലിട്ട് എന്നെന്നേക്കും ഓര്‍ക്കാനുള്ള ഒരു സമ്മാനം മകന്ന് നല്‍കി.


''അച്ഛന്‍ പൊയ്‌ക്കോളൂ''സുന്ദരന്‍ പറഞ്ഞു''ഞങ്ങള് കുറച്ചുനേരം വല്ലതും സംസാരിച്ചിരിക്കട്ടെ '.


''ഞാന്‍ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് ആവിണില്യേ''അയാള്‍ പോയി.


''എത്ര കൊല്ലായി നമ്മള് കണ്ടിട്ട്''സുന്ദരന്‍ പറഞ്ഞു''താന്‍ നാട് വിട്ടശേഷം പഠിച്ച് വല്യേ ആളായിന്ന് കേട്ടു. ബാക്ക്യോന്നും അറിയില്ല''.


''പല വേഷങ്ങള്‍ ഞാന്‍ കെട്ടിനോക്കി''വേണു പറഞ്ഞു ''മോഹിച്ചതൊന്നും കിട്ടീല്ല. ആഗ്രഹിക്കാത്ത പലതും കിട്ടുംചെയ്തു''.


''അതന്ന്യാടോ ജീവിതം. വിചാരിച്ച മാതിരി കഴിയാന്‍ പറ്റ്യാല്‍ മനുഷ്യന്‍ ഈശ്വരനെ ഓര്‍ക്ക്വോ''. സംഭാഷണത്തിന്‍റെ ചുരുള്‍ അഴിഞ്ഞുകൊണ്ടേ ഇരുന്നു.


''മോഹിച്ചിട്ടല്ല''സുന്ദരന്‍ പറഞ്ഞു''എനിക്കും നാട്ടിന്ന് മാറിതാമസിക്കണ്ടി വന്നു''.


''പട്ടാളത്തിന്ന് പിരിഞ്ഞുവന്നതും സുന്ദരന്‍റെ ചുറ്റുപാടുകളുമൊക്കെ നാണുമാമ പറഞ്ഞിരുന്നു''.


''വയസ്സായ അച്ഛനേം പെങ്ങളേം ഉപേക്ഷിച്ച് ഞാന്‍ ദൂരെ ഒരിടത്ത് ചെന്ന് സുഖിച്ച് കഴിയുണൂന്ന് തനിക്ക് തോന്ന്യോ''.


''ഇല്ല. എല്ലാ പ്രാരബ്ധങ്ങള്‍ക്കിടയിലും താന്‍ വല്ലതുമൊക്കെ കൊടുത്ത് സഹായിക്കാറുണ്ടെന്ന് നാണുമാമ പറഞ്ഞിരുന്നു. വീട്ടിലെ അവകാശം ഒഴിമുറിവെച്ച് കൊടുത്തതുകൂടി പറഞ്ഞിട്ടുണ്ട്''.


''ഒഴിമുറിവെച്ച് കൊടുത്തതല്ല. നിര്‍ബന്ധിച്ച് എഴുതി വാങ്ങ്യേതാണ്''.


സുന്ദരന്‍ കടന്നുപോയ കാലത്തിലേക്ക് തിരിഞ്ഞു. പട്ടാളത്തില്‍ തന്‍റെ കൂടെ ജോലിക്ക് ചേര്‍ന്ന ആളാണ് ശങ്കരന്‍കുട്ടി. അവന്‍റെ അച്ഛന്‍ മരിച്ചു പോയി. അമ്മയും ഒരു അനുജത്തിയും മാത്രമേ ബന്ധുക്കളായിട്ടുള്ളു. അവര്‍ക്ക് താമസിക്കാന്‍ നല്ലൊരു വീടുപോലുമില്ല. ജോലിചെയ്ത് സമ്പാദിച്ച് വേണം എല്ലാം ഉണ്ടാക്കാന്‍, എന്നിട്ടുവേണം പെങ്ങളെ നല്ലൊരാള്‍ക്ക് കല്യാണം കഴിച്ചു കൊടുക്കാന്‍. അവന് ഏറെ മോഹങ്ങളുണ്ടായിരുന്നു. ഞാന്‍ പറഞ്ഞില്ലേ, ആഗ്രഹിക്കുന്നതൊന്നും കിട്ടീന്ന് വരില്ലാന്ന്. അതുതന്നെ അവനും പറ്റി . ഒരു പനി വന്നതാണ് തുടക്കം. മെല്ലെമെല്ലെ ശങ്കരന്‍കുട്ടി മരണത്തിലേക്ക് കടന്നുപോയി.


''സുന്ദരാ, എന്‍റെ പെങ്ങളുകുട്ടി''അതായിരുന്നു അവന്‍റെ അവസാന വാക്കുകള്‍. അടുത്ത ലീവിന്ന് വന്നപ്പോള്‍ ശങ്കരന്‍കുട്ടിയുടെ വീട്ടില്‍ പോയി. കേട്ടതിലുംവെച്ച് കഷ്ടമായ ചുറ്റുപാടായിരുന്നു. ശങ്കരന്‍കുട്ടി അവസാനമായി പറഞ്ഞ വാക്കുകള്‍ മനസ്സിലെത്തി. പിന്നെ യാതൊന്നും ആലോചിച്ചില്ല. ആ കുട്ടിയെ കല്യാണം കഴിക്കാന്‍ നിശ്ചയിച്ചു.


അച്ഛന്ന് എതിര്‍പ്പുണ്ടായിരുന്നില്ല. പക്ഷെ അമ്മ സമ്മതിച്ചില്ല. ഭേദപ്പെട്ട വീട്ടില്‍നിന്ന് ഒരു പെണ്‍കുട്ടിയെ സ്ത്രീധനം വാങ്ങി എന്നെക്കൊണ്ട് കല്യാണം കഴിപ്പിക്കണമെന്നായിരുന്നു അമ്മടെ മോഹം. അതിന്ന് ഞാന്‍ സമ്മതിച്ചില്ല. ലീവ് കഴിഞ്ഞു പോകുന്നതിന്നുമുമ്പ് അവളെ കെട്ടി. അതോടെ വീട്ടില്‍നിന്ന് അകന്നു. വീടിന്‍റെ അവകാശം പെണ്ണുങ്ങള്‍ക്കാണ് എന്നും പറഞ്ഞ് ഒട്ടും സ്വൈരം തരാതായി. ഒടുവില്‍ ഞാന്‍ എന്‍റെ ഓഹരി വിട്ടുകൊടുത്തു.


''ആ വീടിന്‍റെ കാര്യം അറിഞ്ഞില്ലേ''.


''ഉവ്വ്. ഒന്നും ആലോചിക്കാതെ അച്ഛന്‍ ഓരോന്ന് ചെയ്യും. ശാന്തയ്ക്ക് ഈ കല്യാണാലോചന വന്നപ്പൊ ഞാന്‍ അന്വേഷിപ്പിച്ചു. കയ്യിരിപ്പ് നന്നല്ലാത്ത ആളാണ് എന്നാ വിവരം കിട്ട്യേത്.  അതുപറഞ്ഞപ്പോള്‍ നീ നിന്‍റെ കാര്യം നോക്കിനടന്ന ആളല്ലേ, ഈ കാര്യത്തില്‍ എന്തുവേണംന്ന് എനിക്കറിയാം എന്ന് അമ്മ പറഞ്ഞു. അച്ഛനത് മൂളികേട്ടു. ഞാന്‍ സരോജിനിക്ക് എന്‍റെ ഒരു കൂട്ടുകാരന്‍റെ ആലോചന കൊണ്ടുവന്നതാണ്. പട്ടാളക്കാരന്‍ പറ്റില്ലാ എന്നു പറഞ്ഞ് അമ്മ അന്നത് വേണ്ടാന്ന് വെച്ചു. നമ്മളുടെ സ്ഥിതിയ്ക്ക് കലക്ടര്‍ വരും എന്ന് വിചാരിച്ചിട്ടുണ്ടാവും. ഓഹരി വേണ്ടാന്ന് എഴുതി കൊടുത്തത് ശര്യേന്നെ. അതോണ്ട് എന്തെങ്കിലും ചെയ്യുംമുമ്പ് എന്നോടൊരു അഭിപ്രായം ചോദിക്കാന്‍ പാടില്ലാ എന്നുണ്ടോ''.


''അതൊക്കെ പോട്ടെ''വേണു പറഞ്ഞു''ഇപ്പോള്‍ ഒരു ആലോചന ഒത്തു വന്നിട്ടുണ്ട്. എന്താ അഭിപ്രായം''.


''സന്തോഷം. വൈകിയാണെങ്കിലും അവള്‍ക്കൊരു ജീവിതം കിട്ടുണത് നല്ലതന്നെ. പോരാത്തതിന്ന് രാമൂനെ പണ്ടേക്ക് പണ്ടെ അറിയുണതല്ലേ.  പക്ഷെ ഒന്നുണ്ട്''സുന്ദരന്‍ ഒന്നുനിര്‍ത്തി.


''എന്താ പറയൂ''.


''കല്യാണത്തിന്ന് എന്തെങ്കിലും തന്ന് സഹായിക്കാന്‍ എനിക്ക് കഴിവില്ല. മോഹം ഇല്ലാഞ്ഞിട്ടല്ല''.


''അതൊരു പ്രശ്നം ആക്കണ്ടാ. അവള് എന്‍റേം  പെങ്ങളാണ്. ആ കാര്യം ഞാന്‍ നോക്കിക്കോളാം''.


''എന്നാല്‍ അടുത്ത പടിയിലേക്ക് കടന്നോളൂ''.


''നാണുമൂത്താരുടെ മകന്‍ വന്നൂന്ന് കേട്ടു''ചാമി ഉമ്മറത്ത് പ്രത്യക്ഷപ്പെട്ടു.


''ഇതന്നെ ആള്''വേണു പരിചയപ്പെടുത്തി.


''നിങ്ങളുംകൂടി ഇങ്കിട്ട് പോരിന്‍. നമുക്കിവിടെ ഒന്നിച്ച് കൂടാലോ''ചാമി സുന്ദരനെ ക്ഷണിച്ചു. സുന്ദരന്‍ ചിരിച്ചു.


''ചാമി, സരോജിനിയോട് ചായ ഉണ്ടാക്കാന്‍ പറയ്യോ''.


''ഇപ്പൊതന്നെ പറയാം. എന്നിട്ട് വേണം കുപ്പ്വോച്ചനോട് ഈ മൂപ്പര് വന്ന വിവരം പറയാന്‍''ചാമി പോയി.


''കേട്ടില്ലേ ചാമി പറഞ്ഞത്''.


''എനിക്കും അവിടന്ന് മാറണംന്നുണ്ട്''.


സുന്ദരന്‍ മനസ്സിലുള്ള പരിപാടികള്‍പറഞ്ഞു. ജോലിയിലുള്ളപ്പോള്‍ ഒരു വീട് ഉണ്ടാക്കിയതെ മുതല് എന്ന് പറയാനുള്ളു. അന്ന് കൈനീട്ടം കാശിന്ന് സ്ഥലംകിട്ടി. ഇപ്പോള്‍ ചുറ്റുപാടും നിറയെ പീടികകളും പെട്രോള്‍ പമ്പും സിനിമാ തിയേറ്ററും ഒക്കെ ആയി. മോഹവിലയ്ക്ക് ആ സ്ഥലം വാങ്ങാന്‍ ആളുണ്ട്. ഉള്ള സമ്പാദ്യംകൊണ്ട് രണ്ട് പെണ്‍മക്കളെ കല്യാണം കഴിച്ച് അയച്ചു. ഇനി ഒന്നുള്ളതിനെ പറഞ്ഞയക്കാന്‍ വീട് വില്‍ക്കണം. കല്യാണം കഴിഞ്ഞ് മിച്ചം ഉള്ളതോണ്ട് വേറെ എവിടേക്കെങ്കിലും താമസം ആക്കണം. പറ്റുമെങ്കില്‍ വിലകുറവുള്ള സ്ഥലത്ത് കുറച്ചധികം ഭൂമി കിട്ട്യാല്‍ നന്ന്. എന്തെങ്കിലും കൃഷി ചെയ്ത് ജീവിക്കണം. പെന്‍ഷന്‍ കിട്ടുന്ന തുകകൊണ്ട് ഒന്നിനും മതിയാകുന്നില്ല. ഒന്ന് രണ്ട് ദിക്കില്‍ രാത്രി വാച്ച്‌മാനായി നിന്നു. കളവ് കൂടുതലായപ്പോള്‍ ഒറ്റയ്ക്ക് രണ്ട് സ്ത്രീകളെ വീട്ടിലാക്കി പോവാന്‍ ഭയമായി. ഇപ്പോള്‍ വീടിനടുത്തുള്ള സിനിമാ തിയേറ്ററില്‍ ടിക്കറ്റ് കീറാന്‍ നില്‍ക്കുന്നുണ്ട്. അതായതോണ്ട് പത്തുമണിക്കുമുമ്പ് വീടെത്താം.


''എന്നാല്‍ ഇങ്കിട്ട് വരൂ''വേണു പറഞ്ഞു''ബാക്കീള്ള ജീവിതം ഇവിടെ ഞങ്ങളോടൊപ്പം ഒന്നിച്ച് കഴിയാം''. സുന്ദരന്‍ സമ്മതഭാവത്തില്‍ തലയാട്ടി. ചാമി ചോറ്റുപാത്രത്തില്‍ ചായയുമായി എത്തി, പുറകെ നാണുനായരും എഴുത്തശ്ശനും .


അദ്ധ്യായം - 134.


മീനചൂടില്‍ ഭൂമി വെന്തുനീറി. വരമ്പോരത്തെ പുല്ലുമുഴുവന്‍ ഉണങ്ങി കരിഞ്ഞ് ഇല്ലാതായി. പലരുടേയും ശരീരമാസകലം വിയര്‍പ്പു കുരു നിറഞ്ഞു. നാട്ടിലാകെ കണ്ണില്‍ദീനം പടര്‍ന്നുപിടിച്ചു.


''സരോജിനിക്ക് കണ്ണില്‍ദീനം വന്നിരിക്കുണു''നാണുനായര്‍ പറഞ്ഞു'' നാഴി വെള്ളം തിളപ്പിച്ച് തരുന്നത് മുടങ്ങ്വോന്നാ എന്‍റെ പേടി''.


''ഇളന്നീര്‍കുഴമ്പ് വാങ്ങി കണ്ണില് ഒറ്റിക്കിന്‍''എഴുത്തശ്ശന്‍ ഉപദേശിച്ചു ''കുറച്ചൊക്കെ ഭേദം കിട്ടും''.


''എനിക്കാണെച്ചാല്‍ വിശര്‍പ്പ് കുരു വന്നിട്ട് ചൊറിഞ്ഞിട്ട് വയ്യ. മാന്തി മാന്തി ഞാന്‍ തോറ്റു''.


''അരിക്കാടി വെള്ളം തൂത്ത് കളയണ്ടാന്ന് മകളെ പറഞ്ഞ് ഏല്‍പ്പിക്കിന്‍. അത് കൊഴുക്കനെ മേത്തുപുരട്ടി കുറച്ച് കഴിഞ്ഞ് ചെറുപയര്‍ അരച്ചത് തേച്ചു കുളിക്കിന്‍. അതല്ലെങ്കിലോ ചാമ്യോട് പനേന്ന് ഒരുകുല ഇളന്നന്‍ വെട്ടിത്തരാന്‍ പറയിന്‍. വിയര്‍പ്പ് കുരു ഉള്ളോടത്ത് ഇളന്നന്‍റെ വെള്ളം തേച്ചാ മതി. ഭേദാവും''.


''അത് വേണ്ടാ. മുണ്ടിലും തുണീലും ഒക്കെ കറ വീഴും''.


വേനലിനെ കുറിച്ചുള്ള ആവലാതിയേ എവിടേയും കേള്‍ക്കാനുള്ളു. പത്തുമണിയാവുമ്പോഴേക്കും പാറ ചുട്ടുപഴുക്കും. പിന്നെ വീശുന്നത് തീകാറ്റാണ്. ഉച്ചയോടുകൂടി അതും നിലയ്ക്കും. പിന്നെ വിശറി കയ്യില്‍ നിന്ന് വെക്കാനാവില്ല.


''എപ്പൊപോയ മഴ്യാണ് ഇത്''എഴുത്തശ്ശന്‍ പറഞ്ഞു''മകരമാസത്തില്‍ മഴ പെയ്യാഞ്ഞപ്പോള്‍ സന്തോഷിച്ചു. മകരത്തില്‍ മഴ പെയ്താല്‍ മരുന്നുംകൂടി കിട്ടില്ലാ, കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പേലും ചോറ് എന്നാ പണ്ടൊക്കെ  പറയാറ്. പക്ഷെ കുംഭത്തില് തുള്ളി തുപ്പീലല്ലോ''. വെള്ളപ്പാറ കടവില്‍ വെള്ളം കണികാണാന്‍ കൂടിയില്ല. അതിനാല്‍ പുഴകടന്നു വരുന്നവര്‍ക്ക് എളുപ്പമായി. കാലിലെ ചെരിപ്പ് അഴിക്കേണ്ട ആവശ്യമില്ല.


''പുഴേല്‍ എന്താ ഒരുവെള്ളം. കഴുത്തറ്റൂണ്ട്''കന്നാലിപിള്ളേര്‍ തമ്മില്‍ പറയും''തുണി തിരുമ്പുണഭാഗത്ത് തലകീഴയി നിന്നാല് സംഗതി ശര്യാ'' എന്നൊരു അനുബന്ധവും ഒപ്പമുണ്ടാവും .


''എന്താ രണ്ടാളുംകൂടി ചേരിന്‍ ചോട്ടില്''ചാമിയെത്തി.


''വീട്ടിന്‍റുള്ളില് ഇരിക്കാന്‍ വയ്യ''നാണുനായര്‍ പറഞ്ഞു''ഇവിടെ നിന്നാ എപ്പഴെങ്കിലും ഒരുകാറ്റ് കിട്ടും''.


''കറുപ്പന്‍ വെളിച്ചപ്പാട് ഇങ്ങിട്ട് തെണ്ടാന്‍ വരുണുണ്ട്''ചാമി പറഞ്ഞു      ''നായമ്മാരുടെ തറേലാണ് ഇപ്പൊ. അവിടുത്തെ കഴിഞ്ഞാ ഇങ്കിട്ട് വരും എന്ന് പറഞ്ഞു. ഇക്കൊല്ലം നാലഞ്ച് വീടായില്ലേ ഇവിടെ''. മീനഭരണിക്ക് കൊടുങ്ങല്ലൂരിലേക്ക് പോവുന്ന വെളിച്ചപ്പാടന്മാര്‍ വീടുവീടാന്തരം ചെന്ന് വഴിപാട് വാങ്ങും, ഭസ്മംനല്‍കും, ചിലപ്പോള്‍ കല്‍പ്പന കൊടുക്കുകയും ചെയ്യും .


''വേണുവിനോട് അര ഉറുപ്പിക കാശ് കൊടുക്കാന്‍ പറ''നാണുനായര്‍ പറഞ്ഞു.


''അത് പോരാ''എഴുത്തശ്ശന്‍ തിരുത്തി''മൂന്നിടങ്ങഴി നെല്ലും, കുറച്ച് കുരുമുളകും, അഞ്ചാറ് കഷ്ണം മഞ്ഞളും കൊടുക്കണം. ഒന്നേ കാല്‍ ഉറുപ്പിക വാളുമ്മേല്‍ പണം വെക്കുംവേണം, അതൊന്നും വേണൂന് അറിയില്ല''.


മറ്റുള്ളവരേയുംകൂട്ടി അയാള്‍ കളപ്പുരയിലേക്ക് നടന്നു. വൈകാതെ വെളിച്ചപ്പാടെത്തി. അരമണിയോടും കാലിലെ ചിലങ്കയോടുമൊപ്പം കയ്യിലെ തിളങ്ങുന്ന വാള്‍ കലപില കൂട്ടുന്നുണ്ട്. ചുവന്ന പട്ടുടുത്ത് അതുകൊണ്ടുതന്നെ ഞൊറി കെട്ടിയിട്ടുണ്ട്. ശിരസ്സിലെ മുറിപ്പാടില്‍ മഞ്ഞള്‍പൊടി പുരണ്ടിരിക്കുന്നു. എഴുത്തശ്ശന്‍ അകത്തുചെന്ന് ഒരു കുണ്ടുമുറത്തില്‍ നെല്ലളന്നെടുത്തു. അതും ന്യൂസ്പേപ്പര്‍ കീറിയതില്‍ കുരുമുളകും കുറച്ച് മഞ്ഞള്‍ കഷ്ണങ്ങളുമായി ഭക്ത്യാദരവോടെ ഉമ്മറത്തിണ്ടില്‍വെച്ചു. വെളിച്ചപ്പാടിന്‍റെ സഹായി നെല്ല് കയ്യിലുള്ള ചാക്കില്‍ കൊട്ടി. ചാക്കുസഞ്ചിയില്‍ പൊതിക്കെട്ടും നിക്ഷേപിച്ചു.


അരയില്‍തൂക്കിയ സഞ്ചിയില്‍നിന്നും വെളിച്ചപ്പാട് ഭസ്മമെടുത്ത് മുന്നില്‍ കണ്ട എല്ലാവര്‍ക്കും അത് നല്‍കി. മുന്നിലേക്ക് നീട്ടിയ വാളിന്നുമേല്‍ വേണു ഒന്നേകാല്‍ ഉറുപ്പിക വെച്ചു, എഴുത്തശ്ശനും നാണുനായരും ചാമിയും ഓരോരോ നാണയങ്ങളും.


''തമ്പാട്ട്യേ''എഴുത്തശ്ശന്‍ വേണുവിനെ ചൂണ്ടിക്കാണിച്ച് പറഞ്ഞു''ഇവിടെ ഒരുകല്‍പ്പന കൊടുക്കിന്‍''.


''കാലക്കേടുണ്ട്''വെളിച്ചപ്പാട് വേണുവിന്‍റെ തലയില്‍ കൈവെച്ചു പറഞ്ഞു ''സൂക്ഷിക്കണം''.


''എന്താ അതിന് ചെയ്യണ്ട്''എഴുത്തശ്ശന്ന് പരിഭ്രമമായി. വെളിച്ചപ്പാട് വാള് നിവര്‍ത്തിപിടിച്ച് വേണുവിന്‍റെ ശിരസ്സില്‍ മൂന്നുപ്രാവശ്യം മെല്ലെ അടിച്ചു.


''അപകടം വന്നു നേരെമുമ്പില് നിക്കിണുണ്ട്. എന്നാലും ഭയപ്പെടണ്ടാ'' അയാള്‍ ആശ്വസിപ്പിച്ചു''ഒരുപൂപ്പുകേടും കൂടാതെ അമ്മ കാപ്പാത്തും'' വെളിച്ചപ്പാടും സഹായിയും പടികടന്നുപോയി.


''എന്താ ആ പറഞ്ഞതിന്‍റെ അര്‍ത്ഥം''എഴുത്തശ്ശന്‍ ചോദിച്ചു''വീണ് കിടപ്പായിട്ട് എണീട്ടേള്ളു. ഇനി എന്താ വരാന്‍ പോണത് ആവോ''.


''നിങ്ങള് മിണ്ടാണ്ടിരിക്കിന്‍''നാണുനായര്‍ പറഞ്ഞു''അയാളാരാ. ദൈവോ. മനുഷ്യനെ ഓരോന്ന് പറഞ്ഞ് പറ്റിക്ക്യേന്നെ''.


''ദൈവദോഷം പറയണ്ടാടോ നായരേ. ഒന്നൂല്യെങ്കിലും അയാള് ദേവിടെ കോമര്വോല്ലേ''


''ഇപ്പൊ ഇങ്ങിനെ നടക്കുന്നതൊന്നും കണക്കാക്കണ്ടാ. ഭരണി കഴിഞ്ഞ് വന്നാല് അയാള് എങ്ങിന്യാ കഴിയ്യാന്ന് നിങ്ങള്‍ക്കറിയ്യോ''.


''എനിക്ക് നിശ്ചയൂല്യാ''.


''പണം പലിശയ്ക്ക് കൊടുക്കലാ പണി. പോരാത്തതിന്ന് കള്ളും വെള്ളൂം കുടിച്ച് നടക്കും ചെയ്യും''.


''നിങ്ങക്ക് എങ്ങിന്യാ അതൊക്കെ അറിയുണത്''.


''ഒരിക്കല് പണത്തിന്ന് ഇത്തിരി ബുദ്ധിമുട്ട് വന്നപ്പൊ ഞാന്‍ അയാളടെ അടുത്ത് ഒരു ഇരുപത്തഞ്ച് ഉറുപ്പിക കൈവായ്പ്പ ചോദിച്ചു. പത്തിന് കാല് പലിശ കൊടുക്കാന്ന് പറഞ്ഞിട്ടും തന്നില്ല. കടംകൊടുത്താ തിരിച്ച് കിട്ട്വോന്ന് ഉറപ്പില്ലാത്തോരക്ക് കൊടുക്കില്ലാന്നാ പറഞ്ഞത്''.


''മൂത്താര് പറയണ മാതിരി കുടിച്ച് വട്ടത്തിരിഞ്ഞ് നടക്കുണ ആളല്ല പൂശാരി''ചാമി ഇടപെട്ടു''ബാധകൂട്യേത് ഒഴിപ്പിക്കാനോ വെലി വെക്കാനോ,  ചെല്ലുന്നോടത്ത് കോഴീം ചാരായൂം ഒക്കെ ഉണ്ടാവും.   അപ്പൊ ആ മൂപ്പര് ലേശം കുടിക്കും. അല്ലാണ്ടെ കയ്യിന്ന് കാശെറക്കി കുടിക്കുണ എടവാടില്ല''.


''നമ്മളത് ആലോചിക്കണ്ടാ''എഴുത്തശ്ശന്‍ പറഞ്ഞു''വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരുന്നാ മതി''. അതോടെ ആ വിഷയം അവസാനിച്ചു.

**********************************

''കുറുമ്പ്യാട് മേക്കുണോര് വന്നിട്ടുണ്ട്. പട്ടിയിടാനുണ്ടാവ്വോന്ന് ചോദിച്ചു ''വെള്ളം ചോദിച്ചുവന്ന കന്നുമേക്കുന്ന കുട്ടികളിലൊരാള്‍ വേണുവിനോട് പറഞ്ഞു.


''എനിക്കറിയില്ല. അമ്മാമ്യോടോ ചാമ്യോടോ ചോദിക്കണം''.


''അതുംപറഞ്ഞിട്ട് ഇരുന്നാല്‍ അവര് അവരടെവഴിക്ക് മടങ്ങിപോവും'' കുട്ടികള്‍ അതുപറഞ്ഞതോടെ വേണുവിന്ന് അങ്കലാപ്പായി. പടിക്കല്‍ വന്ന് വടക്കോട്ടേക്ക് നോക്കി. ചേരിന്‍ചുവട്ടില്‍ ആരുമില്ല.


''ആര്യാണ് നോക്കുണത്''ഒരുവന്‍ ചോദിച്ചു''ചാമ്യേട്ടനെ ആണെങ്കില്‍ ചിലപ്പൊ മൂപ്പര് നെല്ലിച്ചോട്ടിലുണ്ടാവും''. കളപ്പുരയുടെ വാതില്‍പൂട്ടി ഉന്നുവടിയുമായി വേണു മെല്ലെനടന്നു. കുട്ടികള്‍ പറഞ്ഞപോലെ ചാമി നെല്ലിച്ചോട്ടില്‍ നില്‍പ്പുണ്ട്. തൊട്ടടുത്ത് കരിങ്കല്ലത്താണിയുടെ മുകളില്‍ എഴുത്തശ്ശന്‍ ഇരിക്കുന്നു.


''വയ്യാത്തോടത്ത് എന്തിനാ നീ ഈ വെയിലത്ത് വന്നത്''എഴുത്തശ്ശന്‍ ചോദിച്ചു.


''ആട് മേക്കുണോര് വന്നിട്ടുണ്ടെന്ന് പിള്ളര് പറഞ്ഞു. പട്ടി ഇടണോന്ന് ചോദിച്ചൂന്നാ പറഞ്ഞത്''.


''ചാമ്യേ''എഴുത്തശ്ശന്‍ വിളിച്ചു''വേഗംചെന്ന് അവരെ നീ കളപ്പുരേലിക്ക്  വിളിച്ചിട്ട് വാ. ഞങ്ങള് അപ്പഴക്കും എത്താം''. ചാമി വേഗത്തില്‍ നടന്നു, പുറകില്‍ എഴുത്തശ്ശനും വേണുവും. കളപ്പുരയില്‍ അവരെത്തി അല്‍പ്പ സമയം കഴിഞ്ഞതും ചാമി ആട് മേക്കുന്നവനുമായി എത്തി.


''എത്ര ആടുണ്ടടോ''എഴുത്തശ്ശന്‍ ചോദിച്ചു. തമിഴന്‍ മിണ്ടാതെനിന്നു.


''നൂറ്റമ്പത്''ചാമിയാണ് പറഞ്ഞത്''അവര് നാലാളുണ്ട്''.


''ആളക്ക് ഇരുന്നാഴി അരിയും പതിനഞ്ച് ഉറുപ്പികയും കൊടുക്കാന്ന് പറ''. 


''അവര് ഇരുപത്തഞ്ച് ചോദിച്ചു''.


''അത് ജാസ്തിയാണ്. രണ്ടും വേണ്ടാ. ഇരുപത് ആക്ക്. അങ്ങിനെ ആണെങ്കില്‍ കുളക്കണ്ടത്തിന്‍റെ മോളിലെ പാടത്ത് പട്ടിയിടീക്ക്''.             ചാമി തമിഴനെകൂട്ടി നടന്നു.


''അമ്മാമേ, എന്തിനാ അരി കൊടുക്കുണത്''വേണു ചോദിച്ചു.


''അവരടെ ആഹാരത്തിന്ന്''എഴുത്തശ്ശന്‍ പറഞ്ഞു''നമ്മള് കൊടുക്കുണ കാശ് മേഞ്ചെലവിനാണ്''.


''ഇതോണ്ട് എങ്ങിന്യാ അവര് കഴിയുണത്''.


''അതിന് മാത്രം എന്താ അവര്‍ക്ക് ചിലവ്. രണ്ട് നേരത്തെ കഞ്ഞിക്കുള്ള അരി കൃഷിക്കാരുടേന്ന് കിട്ടും. ആടിനെ മേച്ചിട്ട് എത്ത്യാല്‍ അരികഴുകി ചോറ് വെക്കും, കൂട്ടാനായിട്ട് ഉള്ളീം തക്കാളീം ഉപ്പും മുളകും ഇരുന്നാഴി കൊള്ളും ഇട്ടിട്ട് ഒരു കൊള്ളുപുളീണ്ടാക്കും. കൂട്ടത്തില് ആറേഴ് കോലാട് ഉണ്ടാവും. കുറുമ്പിയാടിന് ഒരു ദൂഷ്യൂണ്ട്. അത് തല താഴ്ത്തീട്ടാ നടക്ക്വാ. കോലാടാണ് അവയ്ക്ക് വഴി കാണിച്ച് മുമ്പേ നടക്കാന്‍. ഉണ്ടാക്കിവെച്ച കൊള്ളുപുളീം കോലാടിന്‍റെപാലും സന്ധ്യകഴിഞ്ഞതും ചോറ്റിലൊഴിച്ച് ചെറുചൂടില്‍ അതങ്കിട്ട് കഴിച്ചിട്ട് കിടക്കും''എഴുത്തശ്ശന്‍ വിവരിച്ചു ''പകലന്ത്യോളം വെയിലുംകൊണ്ട് നാടുനീളെ നടക്കുണതല്ലേ. ക്ഷീണം കൊണ്ട് കിടക്കുമ്പഴക്കും അവരുറങ്ങും. ഇതൊക്കെത്തന്നെ രാവിലീം ആഹാരം. അതോണ്ടെന്താ. മുതലാളി കൊടുക്കുണ ശമ്പളം വക്കുംപൊട്ടും മുറിയാതെ അവരടെ വീട്ടിലെത്തും''.


''എന്നാലും കഷ്ടംതന്നെ അവരടെ ജീവിതം''.


''ആരക്കാ കഷ്ടൂല്യാത്തത്. അവരടെ ആരോഗ്യം നമ്മക്കില്ല. ഒരു ചീരാപ്പോ പന്യോ ഇവര്‍ക്ക് വരില്ല. ഒരു കാര്യം കൂടീണ്ട്. സ്വന്തം ആടുകളുള്ളോര് ഇവരടെ എടേലുണ്ട്''എഴുത്തശ്ശന്‍ എഴുന്നേറ്റു. 


പണിനടക്കുന്നോടത്ത് പോയി നോക്കീട്ട് വരാമെന്നു പറഞ്ഞ് അയാള്‍ നടന്നു. വേണു ഷെല്‍ഫ് തുറന്ന് ഒരുപുസ്തകം കയ്യിലെടുത്തു. അകലെ നിന്ന് വിമാനത്തിന്‍റെ ശബ്ദം കേട്ടുതുടങ്ങി.


അദ്ധ്യായം - 135.


''മിണ്ടാണ്ടെ വീട്ടില് കുത്തിരുന്ന് നിങ്ങള് സമ്പാദിച്ച് കൊണ്ടുവരുണതിന്ന് ഓഹരി പറ്റിത്തിന്നാന്‍ എനിക്ക് മടീണ്ട്''ചാമായി ഒരുദിവസം സന്ധ്യക്ക് എല്ലാവരോടുമായി പറഞ്ഞു.


''അതെന്താ ചാമായേ, ഞങ്ങളാരെങ്കിലും നിന്നോട് മുഖക്കറുപ്പ് കാട്ട്യോ'' ദേവൂട്ടി ചോദിച്ചു.


''അയ്യോ. ഇല്ലാത്തത് പറയാന്‍ പാടില്ല. ഇന്നേവരെ ഒരാളും ഒന്നും പറയും കാട്ടും ഉണ്ടായിട്ടില്ല''ചാമായി പറഞ്ഞു''എന്നാലും  വെറുതെ ഇരിക്ക്യാന്‍ എനിക്കൊരു മടി''.


''നിങ്ങക്ക് പണിക്ക് പോവാന്‍ വയ്ക്കോ''കണ്ണന്‍ ചോദിച്ചു''അതിനുള്ള കാലോക്കെ കഴിഞ്ഞില്ലേ''.


''എന്നാലും ആവുണത് ചെയ്യണംന്ന് തോന്നുണുണ്ട്''.


''എന്താ നിങ്ങക്ക് വയ്ക്കാ''.


''നിങ്ങളൊക്കെ പണിക്ക് പോയാല്‍ ഇവിടത്തെ മുറ്റം അടിച്ച് വാരാം. പാത്രങ്ങള് മോറാം. തോണ്ടിപ്പാനി തന്നാല്‍ വെള്ളംകോരി നിറയ്ക്കാം. പണിമാറി വരുമ്പൊ പെണ്ണുങ്ങള്‍ക്ക് ഒരുകയ്യാക്കം കിട്ടില്ലേ''.


''ആവൂ. ഞാന്‍ എന്തോന്ന് വിചാരിച്ചു''ദേവൂട്ടി പറഞ്ഞു''ഇതാച്ചാല്‍ നാളെമുതല് നീ ആവുണതൊക്കെചെയ്തോ''. അതിന്ന് ചാമായി ഒന്നും പറഞ്ഞില്ല. അയാള്‍ എന്തോ ആലോചിച്ചുകൊണ്ടിരുന്നു.


''എന്താ നീ ഒന്നും മിണ്ടാത്തത്''ദേവൂട്ടി അന്വേഷിച്ചു.


''ഒരു വഴിപാട് ബാക്കീണ്ട്. പാഞ്ചാലി നേര്‍ന്നതാ''.


''എന്താന്ന് പറ. നമുക്കത് നടത്താലോ''. ചാമായിയുടെ മനസ്സിലൂടെ ആ രംഗങ്ങള്‍ കടന്നുപോയി. രാത്രി കഞ്ഞികുടിക്കാനിരുന്നതാണ്. വേണ്ടത്ര ചാരായം കിട്ടാത്തതിന്‍റെ വിഷമം മനസ്സ് നിറച്ചുണ്ട്. അതിനിടയിലാണ് മകള്‍ സംഭാഷണം തുടങ്ങിയത്.


''അപ്പാ, നമുക്ക് എവിടക്കെങ്കിലും പോവാം''അവള്‍ പറഞ്ഞു''ഇവിടെ നമ്മളെ സഹായിക്കാന്‍ ആരൂല്യാ. എവിടേങ്കിലും ചെന്ന് ഞാന്‍ കിട്ടുണ പണിചെയ്ത് അപ്പനെ നോക്കിക്കോളാം''.


''തലേം മുലേം ഉള്ളതോണ്ട് കാരൂല്യാ. പെണ്ണുങ്ങളായാല്‍ സാമര്‍ത്ഥ്യം വേണം. നിനക്ക് അതില്ല''അപ്പോള്‍ വായില്‍ വന്നത് അതാണ്.


''എന്തൊക്ക്യാ നിങ്ങള് പറയുണത്''.


''ഞാന്‍ പറയും. നീ വേണ്ട മട്ടില് നടന്നാല്‍ എനിക്ക് കുപ്പിക്കണക്കില്‍ നല്ല മുന്ത്യേത് കിട്ടും. ഇപ്പൊഴോ? ഒരു വസ്തൂന് കൊള്ളാത്ത പട്ടച്ചാരായം. അതും തൊണ്ട നനയാന്‍ തികയില്ല''.


''നിങ്ങടെ കള്ളുകുടി നിന്നാല്‍ കൊടുങ്ങല്ലൂരമ്മയ്ക്ക് അഞ്ചുറുപ്പിക വഴിപാട് ഞാനെത്തിക്കാം''കണ്ണ് തുടച്ചുകൊണ്ടാണ് അവള്‍ പറഞ്ഞത്.


''ചത്ത് മണ്ണിന്‍റെ അടീല്‍ പുഴുവരിച്ച് കിടക്കുണ എന്‍റെ മകളടെ പേരില്‍ കൊടുങ്ങല്ലൂരമ്മയ്ക്ക് ഒരുകടം വേണ്ടാ''ചാമായി പറഞ്ഞുനിര്‍ത്തി.


''അതിനൊക്കെ വഴീണ്ട്''കണ്ണന്‍ പറഞ്ഞു''നാളെ മറ്റന്നാളായിട്ട് ആളുകള് ഭരണിക്ക് പോവാന്‍ തുടങ്ങും. ആരുടേങ്കിലും കയ്യില്‍ കൊടുത്ത് വിടാം''.

*************************

''താനാരം തന്നാരം ദേവി, താനാരം തന്നാരോ....''. മുളങ്കോലുകൊണ്ടുള്ള കൊട്ടിന്‍റേയും വെളിച്ചപ്പാടന്മാരുടെ അരമണിയുടേയും വാളുകളിലെ മണികളുടേയും ചിലങ്കകളുടേയും ഒച്ചയോടുമൊപ്പം പാതയിലൂടെ ചെറുസംഘങ്ങളായി പോവുന്ന കൊടുങ്ങല്ലൂര്‍ ഭരണിക്കാരുടെ പാട്ട് വെള്ളപ്പാറ കടവ് കടന്നെത്തി.


''ആള്വേള് ഭരണിക്ക് പോയിതുടങ്ങി. എപ്പഴാ ചാമ്യേ നീ പോണത്''നാണു നായര്‍ അന്വേഷിച്ചു.


''നാളെ ഉച്ച തിരിഞ്ഞിട്ട് പുറപ്പെടും''അവന്‍ മറുപടി നല്കി.


''ആരൊക്കെ ഉണ്ടെടാ നിന്‍റെ കൂടെ''എഴുത്തശ്ശന് അറിയേണ്ടത് അതാണ്.


''ഞാന്‍ ഇക്കുറി ഇവിടുത്തെ ആള്വേളുടെ ഒപ്പം പോണില്ല''ചാമി പറഞ്ഞു ''അപ്പന്‍റെ ചെറ്യേപെങ്ങളെ കണ്ണാടിക്ക് കെട്ടിച്ചുകൊടുത്തിട്ടുണ്ട്. അയമ്മ വെളിച്ചപ്പാടാണ്. അവരടെ കൂട്യാണ് കൊല്ലാവധി നമ്മടെ വേലപ്പന്‍ പോവാറ്. ഞാനും അവരടെ കൂട്യാണ് പോണത്''.


''ഇവിടുന്ന് വിട്ട് ഞങ്ങടെ കണ്ണ് തപ്പിച്ചാല്‍ കുടിച്ച് ബോധംകെട്ട് പാത ചാലില്‍ കിടക്ക്വോടാ നീയ്യ്''എഴുത്തശ്ശന്‍ ചോദിച്ചു.


''ഇല്ല. ഒറപ്പായിട്ടും ഇല്ല''ചാമി പറഞ്ഞു''ഒരു പുത്തിമോശത്തിന്ന് തപ്പ് പറ്റണ്ടാന്ന് കരുതീട്ടാ ഞാന്‍ ഇവിടത്തെ ആള്‍ക്കാരെ വിട്ട് വേലപ്പന്‍റെ കൂടെ പോണത്''. പിറ്റേന്ന് പത്തുമണിയോടെ ചാമി ഒരുങ്ങി പുറപ്പെട്ട് എത്തി. മരുമകന്‍റെ കല്യാണത്തിന്ന് ഇടാന്‍ വേണു വാങ്ങിക്കൊടുത്ത വെള്ളഷര്‍ട്ടും മുണ്ടുമാണ് വേഷം.


''പ്രാന്ത കുപ്പണ്ണാ''എഴുത്തശ്ശന്‍ പറഞ്ഞു''ഇമ്മാതിരി വെള്ളമുണ്ടും ഷര്‍ട്ടും ആയിട്ട് ആരെങ്കിലും കൊടുങ്ങല്ലൂര്‍ ഭരണിക്ക് പോവ്വോടാ. അവിടുന്ന് നീ മടങ്ങി വരുമ്പഴയ്ക്ക് പൂഴീം മഞ്ഞപ്പൊടീം ആയിട്ട് ഷര്‍ട്ടും മുണ്ട്വോക്കെ നാനായിധാവില്യേ''.


''എന്‍റൊരു മോഹാണ്. മുതലാളിതന്ന കുപ്പായം ഇട്ടിട്ട് പോണംന്ന്''ചാമി പറഞ്ഞു  വേണു നൂറിന്‍റെ രണ്ടു നോട്ടുകള്‍ ചാമിക്ക് കൈമാറി.  അതു വാങ്ങി കണ്ണില്‍തൊടുവിച്ച് അവന്‍ ബെല്‍ട്ടിലെ പേഴ്സിലിട്ടു.


''നടക്കട്ടെ. വേലപ്പന്‍ കാത്ത് നിക്കുണുണ്ടാവും. ഞാന്‍ ചെന്നിട്ട് വേണം കണ്ണാടിക്ക് പോകാന്‍''.


''നിക്കെടാ ചാമ്യേ''എഴുത്തശ്ശന്‍ മടിശ്ശീലയില്‍നിന്ന് പത്തുറുപ്പിക എടുത്ത് വേണുവിന്‍റെ തലയ്ക്ക് ചുറ്റും മൂന്നുവട്ടം ഉഴിഞ്ഞ് ചാമിയുടെ നേരെ നീട്ടി''ഇത് നീ തൃപ്പടീമ്പില് വെക്കണം''. ചാമി അത് വാങ്ങി.


 ''ഇനി വന്നിട്ട് കാണാം''അവന്‍ നടന്നകന്നു.


''നല്ല സ്ഥായീള്ള ചെക്കനാണ് അവന്‍''നാണുനായര്‍ പറഞ്ഞു''എന്നാലും ഇത്രതോനെ പണം നീ അവന് കൊടുക്കാന്‍ പാടില്യായിരുന്നു''.


''നാണുമാമേ, ഞാന്‍ സമ്പാദിക്കുണത് കാത്തിരിക്കാന്‍ എനിക്ക് ഭൂമീല് ആരാ ഉള്ളത്''വേണു പറഞ്ഞു''അപ്പൊ എന്‍റെ കയ്യിലുള്ളത് എനിക്ക് ഇഷ്ടൂള്ളോരക്ക് കൊടുക്കുണു. അതിലെന്താ തെറ്റ്''.

*********************************

ഉച്ചഭക്ഷണം കഴിഞ്ഞതും എഴുത്തശ്ശന്‍ തിണ്ടില്‍ തോര്‍ത്തുവിരിച്ചു കിടന്നു. അകത്ത് പുസ്തകം വായിച്ചു കിടന്ന വേണുവും  മയക്കത്തിലേക്ക് മെല്ലെ വഴുതിവീണു. അയാളുടെ മനസ്സിലേക്ക് എന്തെല്ലാമോ കാഴ്ചകള്‍ കടന്നു വരാന്‍ തുടങ്ങി.


വേണുവും ചാമിയും ഒരുയാത്രയിലാണ്. ഇടയ്ക്ക് എവിടേയോവെച്ച് ചാമിയെ കാണാതായി. വേണു ഒറ്റയ്ക്ക് യാത്ര തുടര്‍ന്നു. ഏതെല്ലാമോ അപരിചിതമായ ഇടങ്ങളിലൂടെയാണ് അയാള്‍ നടക്കുന്നത്. വിളഞ്ഞു കിടക്കുന്ന നെല്‍പ്പാടങ്ങളും,തെങ്ങിന്‍തോപ്പുകളും കടന്ന് അയാള്‍ നീങ്ങി. വെട്ടുകല്ലില്‍ തീര്‍ത്ത മതിലുകളും, മനയ്ക്കലെ കുളവും കാണുന്നുണ്ട്. വെള്ളാരന്‍കല്ലുകളും മണലും നിറഞ്ഞ അടിഭാഗത്തിന്ന് മുകളിലായി കുളത്തിലെ തെളിഞ്ഞ വെള്ളം. കുളത്തിന്‍റെ നടുവിലൊരു ആമ്പല്‍പൂവ് വിരിഞ്ഞ് നില്‍പ്പുണ്ട്. മേല്‍ത്തട്ടില്‍ എഴുത്തശ്ശന്‍ ചാതികള്‍ വരയ്ക്കുന്ന വൃത്തങ്ങളെ തെളിനീരിന്നടിയിലൂടെ നീന്തി കളിക്കുന്ന ചെറുമീനുകള്‍ അനക്കുന്നില്ല.


ഇപ്പോള്‍ കാഴ്ച മാറി. തീരെ ചെറിയൊരു പുഴയിലെ വെള്ളത്തിലൂടെ വേണു നടക്കുകയാണ്. ഒഴുക്കിന്ന് ഒപ്പമാണ് അയാള്‍ നടന്നുനീങ്ങുന്നത്. തെളിഞ്ഞവെള്ളത്തില്‍ പുഴയുടെ ഇരുവശങ്ങളിലുമുള്ള തെങ്ങുകളുടെ നിഴല്‍ പെരുമ്പാമ്പുകള്‍ ഇഴയുന്നതുപോലെ കാണാം. വെള്ളത്തിന്‍റെ നിറം ക്രമേണ ചുവപ്പുനിറമായി. ഒടുവിലത് രക്തവര്‍ണ്ണമായി പരിണമിച്ചു. ആര്‍ത്തലച്ച് ഒഴുകുന്ന ചോരപ്പുഴ. കാണുന്നതെല്ലാം ചുവപ്പുനിറം പൂണ്ടു. പരിഭ്രമത്തോടെ വേണു എഴുന്നേറ്റു. ആകെ വിയര്‍ത്തു കുളിച്ചിരിക്കുന്നു. ഉമ്മറത്ത് അമ്മാമയും നാണുമാമയും സംസാരിക്കുന്നത് കേള്‍ക്കാനുണ്ട്. വേണു അങ്ങോട്ടുചെന്നു.


''എന്താ വേണ്വോ, വല്ലാണ്ടെ ഇരിക്കുണ്. വയ്യായ വല്ലതും തോന്നുണുണ്ടോ. അതോ എന്തെങ്കിലും സ്വപ്നം കണ്ട് പേടിച്ച്വോ''എഴുത്തശ്ശന്‍ ചോദിച്ചു. വേണു താന്‍കണ്ട സ്വപ്നം വിവരിച്ചു.


''ചോപ്പ് നിറം സ്വപ്നം കണ്ടാല്‍ ചോര കാണും''നാണുനായര്‍ പറഞ്ഞു ''സൂക്ഷിച്ച് നടന്നോ. ആപത്ത് വരുണതിന്‍റെ ലക്ഷണാണോന്നാ എനിക്ക് സംശയം''.


''ഓരോന്ന് പറഞ്ഞ് മനുഷ്യനെ പേടിപ്പിക്കാണ്ടെ ഒരുഭാഗത്ത് മിണ്ടാണ്ടെ മൂടിക്കൊണ്ടിരിക്കിനേ''എഴുത്തശ്ശന്‍ അയാളെ ശാസിച്ചു''അല്ലെങ്കിലേ മനുഷ്യന്‍ മനസ്സമാധാനം ഇല്ലാണ്ടെ ഇരിക്ക്യാണ്''. പടികടന്ന് മായന്‍കുട്ടി എത്തി.


''നടക്കാന്‍ പോവ്വല്ലേ''അവന്‍ ചോദിച്ചു.


''ഈ പൊരിവെയിലത്തോ''എഴുത്തശ്ശനാണ് മറുപടി പറഞ്ഞത്.


''എനിക്ക് ഇത് കഴിഞ്ഞിട്ടുവേണം മില്ലില്‍ചെന്ന് തവിട് വാങ്ങാന്‍''.


''ലേശംനേരം നില്‍ക്ക്''നാണുനായര്‍ പറഞ്ഞു''ചായകുടി കഴിഞ്ഞതും പൊയ്ക്കോളിന്‍''.


''എന്നാ ഞാന്‍ പോയി ചായ വാങ്ങീട്ട് വരട്ടെ''. എഴുത്തശ്ശന്‍ സമ്മതിച്ചു. മായന്‍കുട്ടി ചായ വാങ്ങാന്‍ പുറപ്പെട്ടു.


അദ്ധ്യായം - 136.


രാധാകൃഷ്ണന്‍ എത്തുമ്പോഴും കാറിന്‍റെ പണി കഴിഞ്ഞിരുന്നില്ല. തുറന്നു വെച്ച ബോണറ്റിലേക്ക് തലതാഴ്ത്തി മെക്കാനിക്ക് രാമേട്ടന്‍ അതിനകത്ത് എന്തോ ചെയ്യുകയാണ്.


''ഇനീം കഴിഞ്ഞില്ലേ''രാധാകൃഷ്ണന്‍ ചോദിച്ചു.


''അഞ്ച് മിനുട്ട്. ഇപ്പൊ തരാം''തലപൊക്കാതെ മെക്കാനിക്ക് പറഞ്ഞു


രാധാകൃഷ്ണന്ന് വല്ലാത്ത അസ്വസ്ഥത തോന്നി. മില്ലില്‍ പണിക്കാരാരും ഇല്ല. കൊടുങ്ങല്ലൂര്‍ഭരണിക്ക് പോവാനും പോവുന്നവരെ വഴിക്കൂട്ടി അയയ്ക്കാനുമായി എല്ലാവരും ലീവിലാണ്. വാച്ച്‌മാന്‍ പൊന്നുമണി  രണ്ടുദിവസമായി വന്നിട്ട്. അയാളുടെ മരുമകന്‍റെ അനുജന്‍, പടക്കം ഉണ്ടാക്കുമ്പോള്‍ തീ പിടിച്ച് അത്യാസന്നനിലയില്‍ ആസ്പത്രിയിലാണ്. അയാളെ കാണാന്‍പോയ പൊന്നുമണി എന്നുവരുമെന്ന് ഒരുറപ്പും ഇല്ല. നാലുമണിക്കുമുമ്പ് ഞാനെത്താം, അതുവരെ ഉമ്മറത്തിരിക്കണം എന്ന് പണിക്കാരി കാര്‍ത്ത്യായനിയെ പറഞ്ഞേല്‍പ്പിച്ചിട്ടാണ് പോന്നത്. ആ തള്ളയ്ക്ക് സന്ധ്യക്കുമുമ്പ് വീട്ടിലെത്തണം. മില്ല് പുട്ടിയിട്ടുവന്നാല്‍ മതിയായിരുന്നു. എങ്കില്‍ സൌകര്യംപോലെ തിരിച്ചു പൊയാല്‍ മതി. അഞ്ചുമണിക്കുള്ള സൈറണ്‍ മുഴങ്ങിയിട്ടേ കാറ് കിട്ടിയുള്ളു. അയാള്‍ ആക്സിലറേറ്റര്‍ ചവിട്ടിയമര്‍ത്തി.


************************************


''ആ ചെക്കന്‍ മുതലാള്യേ നടക്കാന്‍ കൂട്ടീട്ട് പോയിട്ടുണ്ടാവും. എപ്പഴാ വര്വാന്ന് അറിയില്ല''കല്യാണി ജാനു മുത്തിയോട് പറഞ്ഞു''അവന്‍ എത്തുമ്പഴക്കും മില്ലടയ്ക്കും. ഇന്ന് തവിട് കിട്ടുംന്ന് തോന്നുണില്ല''.


''ഇന്നെക്ക് കൊടുക്കാന്‍ ഉണ്ടോടി ഇവിടെ''ജാനുമുത്തി ചോദിച്ചു''നമുക്ക് നാളെ ചെക്കനെക്കൊണ്ട് വാങ്ങിക്കാം''.


''ഒരുതരി തവിടില്ല ഇവിടെ. കറക്കുണ മാടിന് കൊടുക്കാണ്ടിരിക്കാനും പറ്റില്ല''.


''അപ്പന്‍ കൊടുങ്ങല്ലൂരിലേക്ക് പോവുംമുമ്പ് നിനക്ക് തവിട് തീര്‍ന്ന കാര്യം പറയായിരുന്നില്ലേ''.


''അതെങ്ങിനെ. മായന്‍കുട്ടി വാങ്ങിത്തരുംന്നല്ലേ കരുത്യേത്''.


''എന്‍റെ മകള് ഒരുകാര്യം ചെയ്യ്. ഇരുട്ടാവുമ്പഴക്ക് തുമ്മന്ന് ചെന്ന് തവിട് വാങ്ങീട്ട് വാ''.


കല്യാണി പൈസയും ചാക്കും എടുത്തു. വിളക്ക് വെക്കാന്‍ എണ്ണയില്ല. അപ്പന്‍ കൊടുങ്ങല്ലൂരിന്ന് വരുന്നതുവരെ സന്ധ്യക്ക് വിളക്ക് വെക്കണം. കാലിക്കുപ്പികൂടിയെടുത്ത് കല്യാണി ഇറങ്ങി. ആലിന്‍റെ മുകളില്‍നിന്ന് തോട്ടിലേക്ക് പറന്നുപോയ കഴുകന്‍റെ നിഴല്‍ അവളുടെ മുന്നില്‍വീണു. ആരെങ്കിലും ചത്ത കന്നിനെ തോട്ടുവക്കത്ത് ഇട്ടുകാണുമെന്ന് അവള്‍ കരുതി.


*********************************************


മില്ലിനകത്ത് മതിലിനോട് ചേര്‍ന്നുള്ള മരച്ചുവട്ടില്‍ ലാംബ്രട്ട നിര്‍ത്തി സുകുമാരന്‍ ഇറങ്ങിചെന്നു. വരാന്തയില്‍നിന്ന് അകത്തോട്ടുകയറുന്ന വാതില്‍പടിയില്‍ കാര്‍ത്ത്യായിനി ഇരിക്കുന്നത് അവന്‍ കണ്ടു. ഓഫീസ് പൂട്ടിയിരിക്കുകയാണ്.


''ഏടത്ത്യേ, ഇന്നെന്താ ആരൂല്യേ ഇവിടെ''അയാള്‍ ചോദിച്ചു.


മില്ല് ആരംഭിച്ച കാലംമുതല്‍ അവിടെ പണി ചെയ്തുവരുന്ന ആളാണ് കാര്‍ത്ത്യായിനി. കുട്ടിക്കാലം മുതലെ സുകുമാരന്‍ രാധാകൃഷ്ണനെ കാണാന്‍ മില്ലില്‍ വരാറുണ്ട്. അവരോട് അന്നുമുതലുള്ള അടുപ്പവും സ്നേഹവുമാണ് അവനുള്ളത്.


''ഒന്നും പറയണ്ടാ എന്‍റെ കുട്ട്യേ''കാര്‍ത്ത്യായിനി പറഞ്ഞു ''കുറെ ആളുകള് കൊടുങ്ങല്ലൂര് ഭരണിക്ക് പോകാനായിട്ട്  ലീവാക്കി. പിന്നെ കുറച്ച് ആളുകള് പോണോരെ വഴിക്കൂട്ടാനുംനിന്നു. പുഴുങ്ങ്യേ നെല്ല് കുറച്ച് ഉണക്കാനുണ്ടായിരുന്നു. ഉണക്ക് ശര്യായില്ലെങ്കില്‍ അത് പൊടിയും. അതോണ്ടാ ഞാന്‍ വന്നത്. ഉച്ചവരെ ഒരു പെണ്ണുംകൂടി ഉണ്ടായിരുന്നു. കുട്ട്യേ ഡോക്ടറെ കാണിക്കണംന്നും പറഞ്ഞ് അവള്‍ പോയി''.


''എവിടെ നിങ്ങടെ മുതലാളിമാര്''.


''വല്യേമുതലാളി ഇന്നിങ്കിട്ട് വന്നിട്ടേയില്ല. ചെറ്യേ ആള് പാലക്കാട്ടേക്ക് പോവും ചെയ്തു. നാല് മണിക്ക് എത്താന്നാ എന്‍റടുത്ത് പറഞ്ഞത്. ഇത്ര നേരം ആയിട്ടും കാണാനില്ല''മുറുക്കാന്‍ വായില്‍തിരുകിയശേഷം അവര്‍ പറഞ്ഞു''എനിക്കാണച്ചാല്‍ ഇന്നിത്തിരി നേരത്തെ പോണ്ടതാണ്''.


''ഏടത്തി പൊയ്ക്കോളിന്‍. രാധാകൃഷ്ണന്‍ വരുണവരെ ഞാനിവിടെ ഇരുന്നോളാം''.


''അത് വേണ്ടാ. എന്നെ വക്കാണിക്കും''.


''അതുവിചാരിച്ച് വിഷമിക്കണ്ടാ. ഞാന്‍ പറഞ്ഞിട്ടാ ഏടത്തി പോയത് എന്ന് പറയാം. പിന്നെ ഒരക്ഷരം പറയില്ല''. കാര്‍ത്ത്യായിനി പിന്നേയും മടിച്ചുനിന്നു.


''ധൈര്യായിട്ട് പൊയ്ക്കോളിന്‍''സുകുമാരന്‍ പറഞ്ഞു. അതോടെ അവര്‍ അകത്തുചെന്ന് ചോറ്റുപാത്രം എടുത്തുവന്നു.


''ഇന്നെന്താ കാറ് കാണാത്തത്''അവര്‍ ചോദിച്ചു.


''എന്‍റെ കാറ് അച്ഛന്‍ ഒരാള്‍ക്ക് ഗുരുവായൂര് പോവാന്‍ കൊടുത്തു. അതാ ഞാന്‍ അച്ഛന്‍റെ സ്കൂട്ടറില്‍ വന്നത്''.


കാര്‍ത്ത്യായിനി ഗെയിറ്റ് കടന്നുപോയി. വരാന്തയിലെ സ്റ്റീല്‍കസേലയില്‍ രാധാകൃഷ്ണനേയും കാത്ത് സുകുമാരന്‍ ഇരുന്നു.


 അദ്ധ്യായം - 137.


പഞ്ചായത്ത് പാതകഴിഞ്ഞ് റോഡിലേക്ക് കയറിയപ്പോള്‍  മില്ലില്‍ചെന്ന് തവിട് വാങ്ങേണ്ടകാര്യം മായന്‍കുട്ടിക്ക് ഓര്‍മ്മവന്നു.


''മൂത്താരേ''അവന്‍ വിളിച്ചു''നിങ്ങള് മെല്ലെ നടന്ന് വര്വോ. ഞാന്‍ ഓടി ചെന്ന് മില്ലിന്ന് ഒരുചാക്ക് തവിട് വാങ്ങിവെക്കട്ടെ''.


''അതിന് ചാക്ക് എടുത്തിട്ടില്ലല്ലോ''.


''സാരൂല്യാ. നാളെ കൊടുക്കാന്ന് പറഞ്ഞ് അവിടുന്ന് മേടിക്കാം''.


''എന്നാല്‍ ചെന്നോളൂ''. മായന്‍കുട്ടി മില്ലിലേക്ക് ഓടി.

***************************************

കല്യാണി വരുന്നതുകണ്ടപ്പോള്‍ സുകുമാരന്ന് തോന്നിയ ആഹ്ലാദത്തിന്ന് അളവില്ല. എത്ര കാലമായി ഇവളെ ഒറ്റയ്ക്കൊന്ന് കാണാന്‍ കൊതിച്ചു തുടങ്ങിയിട്ട്. ഭാഗ്യത്തിന്ന് ഒരു മനുഷ്യജീവി അടുത്തൊന്നുമില്ല.


മില്ല് തുറന്നിട്ടുണ്ടെങ്കിലും സുകുമാരനല്ലാതെ മറ്റാരേയും കാണാനില്ല. കല്യാണിക്ക് നേരിയ ഭയം തോന്നി. ഇയാള് അത്ര നല്ല ആളല്ല.


''എന്താ കുട്ടി''സുകുമാരന്‍ ചോദിച്ചു. ആ വാക്കുകളിലെമര്യാദ അവള്‍ക്ക് കുറച്ചൊരു ധൈര്യംനല്‍കി.


''ആരൂല്യേ ഇവിടെ''അവള്‍ ചോദിച്ചു.


''ഞാനിവിടെ ഇരിക്കുണത് കാണുണില്യേ''അയാള്‍ ചിരിച്ചു''കുട്ടിക്കെന്താ വേണ്ടത്''.


''തവിട്''.


''എവിട്യാ ഉള്ളത് എന്നറിയ്യോ''. അവള്‍ തലയാട്ടി.


''എന്നാല്‍ പോയി എടുത്തോളൂ''. കല്യാണി ചാക്കുമായി അകത്തേക്ക് നടന്നു. അവള്‍ അകത്തേക്കു പോവുന്നത് നോക്കി സുകുമാരന്‍ ഇരുന്നു. കുറച്ചുകാലമായി മനസ്സില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സാധിക്കാനുള്ള മുഹൂര്‍ത്തം ആയിരിക്കുന്നു. ചിലപ്പോള്‍ ആദ്യം കുറച്ചുനേരം എതിര്‍പ്പ് കാണിച്ചേക്കും. അത് മറികടന്നാല്‍ മതി. നാണക്കേട് ഭയന്ന് ഒരുപെണ്ണും വിവരം മറ്റാരോടും പറയില്ല. അയാള്‍ കസേലയില്‍നിന്ന് എഴുന്നേറ്റു

*******************************

മില്ലിലേക്കുപോയ മായന്‍കുട്ടി ഓടിവരുന്നതാണ് വേണു കണ്ടത്.


''മൂത്താരേ, വേഗം ഓടിവരിന്‍''അവന്‍ വിളിച്ചു പറഞ്ഞു''രാഘവന്‍ മുതലാളിടെ മകന്‍ നമ്മടെ കല്യാണ്യേ കേറിപിടിച്ചിരിക്കുണൂ. അവിടെ പിടീം വലീം ആണ്''.


''അവര് എവിടേണ്ട്''മുമ്പെനടക്കുന്ന മായന്‍കുട്ടിയോട് വേണു ചോദിച്ചു.


''മില്ലില്''ഇരുവരും നടത്തത്തിന്ന് വേഗത കൂട്ടി. 


''എന്നിട്ടെന്താ തടയാന്‍ ചെല്ലാതെ മായന്‍കുട്ടി ഓടിവന്നത്''.


''അയാളടെ കയ്യില്‍ തോക്കുണ്ടാവും. അതോണ്ടെന്നെ വെടിവെക്കും''.


''വെടിവെക്ക്വേ, എന്താ അങ്ങിനെ തോന്നാന്‍''.


''സ്കൂളില്‍ പോണകാലത്ത് അവന്‍റെ അച്ഛനാണ് എന്‍റെ അപ്പന്‍ എന്ന് കുട്ട്യേള് പറഞ്ഞ് കേട്ടിരുന്നു. കുറച്ച് വലുതായപ്പോള്‍ എനിക്കത് ചോദിക്കണംന്ന് തോന്നി. ചെന്നപ്പൊ തോക്കുംഎടുത്തോണ്ടാ അവന്‍ വന്നത്''. 


''ആരും ഒന്നുംചെയ്യില്ല. ഇങ്കിട്ട് ചെയ്താല്‍ അങ്കിട്ടുംചെയ്യണം. ഇപ്പൊ ധൈര്യായിട്ട് ചെല്ലൂ''അവന്‍റെ ഒപ്പമെത്താന്‍ വേണുവിന്ന് ആയില്ല.


*****************************


മതിലിന്നുപുറത്ത് പാതയോരത്ത് കാര്‍നിര്‍ത്തി രാധാകൃഷ്ണന്‍ ഇറങ്ങി. മില്ല് പൂട്ടിയിട്ട് വേഗം വീട്ടിലേക്ക് പോണം. നോക്കുമ്പോള്‍ മുന്‍ഭാഗത്തെ വാതില്‍ അടച്ചിട്ടില്ല. മില്ലിന്ന് കാവല്‍ ഏല്‍പ്പിച്ച കാര്‍ത്ത്യായിനിയമ്മയെ കാണാനുമില്ല. മരച്ചുവട്ടില്‍ സുകുമാരന്‍റെ അച്ഛന്‍റെ സ്കൂട്ടര്‍ നില്‍ക്കുന്നു. രാധാകൃഷ്ണന്‍ മില്ലിലേക്ക് നടന്നു.


അകത്തുനിന്ന് ഏതോ പെണ്ണിന്‍റെ കരച്ചില്‍ കേള്‍ക്കാനുണ്ട്. ധൃതിയില്‍ അങ്ങോട്ടു ചെന്നു. തവിട് സൂക്ഷിക്കുന്ന മുറിയില്‍ നിന്നാണ് കരച്ചില്‍. വാതില്‍ തള്ളിത്തുറന്ന് കടന്നപ്പോള്‍ കണ്ടകാഴ്ച അയാളെ അമ്പരപ്പിച്ചു. കല്യാണി മിക്കവാറും വിവസ്ത്രയാക്കപ്പെട്ടു കഴിഞ്ഞു. അവളെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിലാണ് സുകുമാരന്‍. രണ്ടുപേരും തമ്മില്‍ മല്‍പ്പിടുത്തം നടക്കുകയാണ്. രാധാകൃഷ്ണന്‍റെ ക്ഷമയുടെ നെല്ലിപ്പടി ഇളകി. കാക്കയെ ആട്ടാന്‍വെച്ച വടി അയാള്‍ കയ്യിലെടുത്തു.


പിന്നീട് നടന്നതൊന്നും സ്വബോധത്തോടെയായിരുന്നില്ല. വടി നിരവധി തവണ സുകുമാരന്‍റെ ദേഹത്ത് പതിഞ്ഞു. അയാള്‍ പറഞ്ഞതൊന്നും രാധാകൃഷ്ണന്‍റെ ചെവിയിലെത്തിയില്ല. ഏതോ ഒരു നിമിഷത്തില്‍ സുകുമാരന്‍ വടിയില്‍ കേറിപിടിച്ചു. പിന്നെ ശരിക്കും കയ്യാങ്കളിയായി. കല്യാണി പേടിച്ചരണ്ട് ഒരുമൂലയില്‍ കരഞ്ഞുകൊണ്ടുനിന്നു.


 അദ്ധ്യായം - 138.


മായന്‍കുട്ടി വാതില്‍ക്കല്‍നിന്നു. വേണു കയറിചെല്ലുമ്പോള്‍ പൊരിഞ്ഞ അങ്കമാണ്. രണ്ടുപേരേയും പിടിച്ചുമാറ്റാനായി അയാള്‍ ഇടയ്ക്ക് കയറി. ഉന്തും തള്ളിന്നുമിടയില്‍ അടുക്കിവെച്ച ചാക്കുകെട്ടിനിടയിലേക്ക് വേണു മറിഞ്ഞുവീണു. കയ്യിലുള്ള ഊന്നുവടി തെറിച്ചുപോയി. വടിയില്‍നിന്ന് ഊരി താഴെവീണ വാള്‍ സുകുമാരന്‍റെ കണ്ണില്‍പ്പെട്ടു. അയാള്‍ പെട്ടെന്നത് കരസ്ഥമാക്കി. രാധാകൃഷ്ണനോടുള്ള അമര്‍ഷം അവന്‍റെയുള്ളില്‍ നീറി പുകഞ്ഞു നില്‍ക്കുന്നുണ്ട് വാളുമായി അയാള്‍ പ്രതിയോഗിയുടെ നേരെ തിരിഞ്ഞു.


വേണു നോക്കുമ്പോള്‍ സുകുമാരന്‍ രാധാകൃഷ്ണനെ ആക്രമിക്കാന്‍ ഒരുങ്ങുകയാണ്. വരാന്‍ പോവുന്ന ആപത്ത് അയാളെ ചകിതനാക്കി. എങ്ങിനെയെങ്കിലും രാധാകൃഷ്ണനെ ആപത്തില്‍നിന്ന് രക്ഷിക്കണം. അയാള്‍ അവര്‍ക്കിടയിലേക്ക് കയറി.


വയറ്റിലൂടെ എന്തോ തുളഞ്ഞ് കയറുന്നതായി വേണുവിന് അനുഭവപ്പെട്ടു. വലത്തുകൈകൊണ്ട് വയറ്റിലമര്‍ത്തി അയാള്‍ നോക്കുമ്പോള്‍ സുകുമാരന്‍ രാധാകൃഷ്ണനെ വെട്ടാനായുകയാണ്. ഒരുവട്ടംകൂടി വേണു നിരായുധന്ന് സ്വയം രക്ഷാകവചമായി. തലയുടെ ഇടത്തുഭാഗത്തായി വെട്ടേറ്റ അയാള്‍ വീണു. 


കല്യാണിയുടെ കരച്ചില്‍ കുറേക്കൂടി ഉച്ചത്തിലായി. രാധാകൃഷ്ണന്‍ വേണുവിനെ കടന്നുപിടിച്ചു. മുറിവായിലൂടെ ചുടുചോര ഒഴുകുകയാണ്. ഒരുനിമിഷം അയാളൊന്ന് പതറി. സുകുമാരന്‍ വാള്‍ വലിച്ചെറിഞ്ഞു. അവിടെനിന്ന് എങ്ങിനെയെങ്കിലും രക്ഷപ്പെടാനുള്ള വെമ്പലായിരുന്നു അയാളുടെ മനസ്സു മുഴുവന്‍. അയാള്‍ പുറത്തേക്കോടി.


മായന്‍കുട്ടി ഒന്നേ നോക്കിയുള്ളു. അവന്‍റെ മൂത്താര് ചോരയില്‍ മുങ്ങി കിടക്കുകയാണ്. ചോര അവനെ അസ്വസ്ഥനാക്കി. തലയ്ക്കകത്ത് നൂറു നൂറ് പാമ്പുകള്‍ ഇഴയുന്നതുപോലെ അവനു തോന്നി. വതില്‍ക്കല്‍നിന്ന തന്നെ തള്ളിമാറ്റി ഓടുന്ന സുകുമാരനെ അവന്‍ കണ്ടു. ഉണ്ണികൃഷ്ണന്‍ തലയില്‍ ചവിട്ടിനില്‍ക്കുന്ന അഞ്ചുതലയുള്ള പാമ്പ്  തന്‍റെ മുന്നിലൂടെ ധൃതിയില്‍ ഇഴഞ്ഞുപോവുന്നതായി അവന് തോന്നി. വല്യോരുമുണ്ടന്‍ വടി കിട്ട്യാല്‍ അതോണ്ട് പാമ്പിന്‍റെ തലമണ്ട തല്ലിപ്പൊളിക്കണമെന്ന് അവന്‍ നിശ്ചയിച്ചു.

*******************************************

രാധാകൃഷ്ണന്‍ വേണുവിനെ കാറില്‍ കയറ്റി ബഹളംകേട്ട് ഓടികൂടിയ രണ്ടുമൂന്നുപേരെ സഹായത്തിന്നുകൂട്ടി നേരെ പാലക്കാട്ടേക്ക് വിട്ടു. രാജന്‍ മേനോന്‍റെ വീടിനടുത്ത് കാറെത്തിയപ്പോള്‍ വേണുവിന്‍റെ വിവരം അയാളെ അറിയിക്കണമെന്ന് അവന് തോന്നി. സന്ധ്യാദീപം കത്തിച്ചുവെച്ച വീടിന്‍റെ പൂമുഖത്ത് മേനോന്‍ ഇരിപ്പുണ്ട്.


''അങ്കിള്‍''രാധാകൃഷ്ണന്‍ വിളിച്ചു''ഇപ്പൊതന്നെ ഷര്‍ട്ടിട്ട് എന്‍റൊപ്പം ഇറങ്ങൂ''.


''എന്താ ഇത്ര അത്യാവശ്യമായിട്ട്......''മേനോന്‍ ചോദിച്ചു.


''സംസാരിച്ചുനില്‍ക്കാന്‍ സമയൂല്യാ. വേണു അങ്കിളിന് വെട്ടുകൊണ്ടു. നമുക്ക് എത്രീം പെട്ടെന്ന് ആസ്പത്രീലെത്തിക്കണം''.


കാറില്‍ കയറിയശേഷമാണ് മേനോന്‍ വിവരം അറിഞ്ഞത്. അയാള്‍ നോക്കിയപ്പോള്‍ വേണു ഉച്ചത്തില്‍ ശ്വാസംവലിക്കുകയാണ്. ബോധം നഷ്ടപ്പെട്ടിരിക്കുന്നു. മുറിവുകളിലൂടെ രക്തം കുതിച്ചൊഴുകി പിന്നിലെ സീറ്റില്‍ ഇരുന്നവരുടെ വസ്ത്രങ്ങളെ കുതിര്‍ത്തിട്ടുണ്ട്.


''തലയിലും വയറ്റിലും വലിയ മുറിവുണ്ടല്ലോ''മേനോന്‍ പറഞ്ഞു ''വേണുവിനെ ആസ്പത്രിയില്‍ എത്തിച്ചതും വേണ്ടപ്പെട്ടവരെ വിവരം അറിയിക്കണം''.


കാര്‍ നീങ്ങിയതും ആരോ ഓടിച്ചെന്ന് സ്വാമിനാഥനെ വിവരം അറിയിച്ചു. കളപ്പുരയിലേക്കും വിവരം പറയാന്‍ ആള് പോയി. അയാള്‍ വക്കീലിന്‍റെ വീട്ടിലേക്ക് ഫോണ്‍വിളിച്ച് വേണുവിന്‍റെ വിവരം അറിയിച്ചശേഷം കുറെ പണവുമെടുത്ത് ഇറങ്ങി.


''പറ്റുണോര് എന്‍റെകൂടെ വരിന്‍''അയാള്‍ പറഞ്ഞു''ചിലപ്പൊ ചോരടെ ആവശ്യം വരും''. ആരൊക്കെയോ കാറില്‍ തിക്കികയറി.

*************************

''എന്‍റെ മകള് കരയണ്ടാ''ജാനുമുത്തി കല്യാണിയെ ആശ്വസിപ്പിച്ചു''നിനക്ക് ഒന്നും പറ്റീലല്ലോ''.


''എന്നാലും എന്‍റെ മുത്ത്യേ, എങ്ങനെ ഞാന്‍ മനുഷ്യന്മാരുടെ മൊകത്ത് നോക്കും''പെണ്‍കുട്ടി തേങ്ങിക്കരഞ്ഞു.


''കരയണ്ട മകളേ. നീ അവനെ എതിര്‍ത്ത് നിന്നില്ലേ. അല്ലാണ്ടെ അവന്‍റെ തെമ്മാടിത്തരത്തിന്ന് നിന്നു കൊടുത്തില്ലല്ലോ. അതു മതി''പെണ്‍കുട്ടിയെ മുത്തി ആശ്വസിപ്പിച്ചു''എന്‍റെ ചാമി കൊടുങ്ങല്ലൂരിന്ന് ഇങ്കിട്ട് വരട്ടെ. ആ നായിന്‍റെ മോനെ അവന്‍ കൊത്തിനുറുക്കി കഷ്ണാക്കും''പെണ്‍കുട്ടിക്കും അതായിരുന്നു ഏക ആശ്വാസം.


*************************************************


രാധാകൃഷ്ണന്‍റെ കാര്‍ പാലക്കാട് ജില്ല ആസ്പത്രിയിലെത്തി അഞ്ചു മിനുട്ട് കഴിയുമ്പോഴേക്കും സ്വാമിനാഥനും പരിവാരങ്ങളുമെത്തി. അയാള്‍ നേരെ കാഷ്വാലിറ്റിയിലേക്ക് ഓടിച്ചെന്നു. രാധാകൃഷ്ണന്‍ ഒരുബെഞ്ചില്‍ ഇരിപ്പാണ്. അവന്‍റെ മുഖം കരഞ്ഞു വീര്‍ത്തിട്ടുണ്ട്. രാജന്‍മേനോന്‍ ഡോക്ടറെ കണ്ടു സംസാരിച്ച് പുറത്തേക്ക് വരുന്നുണ്ടായിരുന്നു.


''എങ്ങനീണ്ട്, ഡോക്ടര്‍ എന്താ പറഞ്ഞത്''സ്വാമിനാഥന്‍ ചോദിച്ചു.


''ആഴത്തിലുള്ള മുറിവുകളാണ് പറ്റീട്ടുള്ളത്. കുറെയധികം രക്തം വാര്‍ന്നു പോയിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്''അയാള്‍ പറഞ്ഞു ''എത്രനേരം വേണു ജീവിക്കുംന്നേ നോക്കാനുള്ളു''.


രാധാകൃഷ്ണന്‍റെ കരച്ചില്‍ കുറെക്കൂടി ഉച്ചത്തിലായി. അയാള്‍ മേനോനെ കെട്ടിപ്പിടിച്ചു.


''എന്താ ഈ കാണിക്കുന്നത്''മേനോന്‍ അവനെ ശാസിച്ചു''മോളിലൊരു ശക്തീണ്ട്. നല്ലവണം പ്രാര്‍ത്ഥിയ്ക്കൂ.ഇപ്പൊ വേണൂന്ന് വേണ്ടി അതേ ചെയ്യാനുള്ളു''.


പോര്‍ട്ടിക്കോയില്‍ ഒരു കാറ് വന്നുനിന്നു. അതില്‍നിന്നൊരാള്‍ ഇറങ്ങി വേഗത്തില്‍ അവരുടെ മുന്നിലൂടെപോയി.


''ഡി.എം.ഓ. വന്നിരിക്കുണൂ''ആരോ പറയുന്നത് അവര്‍ കേട്ടു.


 അദ്ധ്യായം - 139.


''ഇതുവരെ നടന്ന മാതിരി ആവും ഇത് എന്ന് രാഘവന്‍ കരുതണ്ടാ'' പൊലീസ് സൂപ്രണ്ട് ഫോണിലൂടെ പറഞ്ഞു''നിങ്ങടെ മകന്‍ ഇടയ്ക്ക് ഓരോന്ന് ഒപ്പിക്കും. എന്നിട്ട് അയാളെ രക്ഷിക്കാന്‍ ഞാന്‍ പെടാപ്പാട് പെടണം. ഈ പ്രാവശ്യം അത് നടക്കില്ല''. അദ്ദേഹം വീട്ടിലെത്തി ഏറെ കഴിയുന്നതിന്ന് മുമ്പാണ് ഫോണ്‍ വന്നത്. ഭര്‍ത്താവ് സംസാരിക്കുന്നത് ഭാര്യ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആരോടാണ് സംസാരിക്കുന്നത് എന്ന് അവര്‍ക്ക് മനസ്സിലായില്ല.


''നിങ്ങള്‍ക്ക് സംഭവത്തിന്‍റെ ഗൌരവം അറിയാഞ്ഞിട്ടാണ്. ആ പെണ്ണിനെ ആളെവിട്ടുകൊല്ലിച്ച് പൊഴേലിട്ടു. അവര്‍ക്ക് സ്വാധീനം ഇല്ലാത്തതോണ്ട് കേസ്സ് ഒതുക്കിതീര്‍ക്കാന്‍ പറ്റി. ഇത് അങ്ങന്യാണോ. ആക്രമിക്കപ്പെട്ട ആള്‍ നിസ്സാരനല്ല. അയാളടെ അളിയന്‍ പേരെടുത്ത വക്കീലാണ്. എന്തെങ്കിലും ചെയ്ത് എന്‍റെ തൊപ്പി കളയാന്‍ ഞാനില്ല''.  വേണ്ടപ്പെട്ട ആരോ കേസ്സില്‍ കുടുങ്ങിയിട്ടുണ്ട്, ആരായാലും കുറച്ചു കഴിയുമ്പോള്‍ അറിയും എന്ന് സരസ്വതിയമ്മ മനസ്സില്‍ കരുതി.


''എവിടെ പോയി ഒളിച്ചിട്ടും കാര്യം ഒന്നൂല്യാ. വെട്ടുകൊണ്ട ആള് ചാവാതിരിക്കാന്‍ ദൈവത്തിന്‍റെടുത്ത് പ്രാര്‍ത്ഥിക്കിന്‍. അയാള്‍ക്ക് വല്ലതും പറ്റ്യാല്‍ തൂക്കുകയര്‍ ഒഴിവായാലും ജീവപര്യന്തം ഉറപ്പാ''. സംഭാഷണം നീണ്ടുപോയി.


''ഇപ്പൊ ദൂരെമാറി താമസിക്കാനൊന്നും നില്‍ക്കണ്ടാ. വീട്ടില്‍ കൂടാന്‍ വയ്യെങ്കില്‍ വേറെ എവിടേങ്കിലും കഴിഞ്ഞോട്ടെ. അന്വേഷിക്കുമ്പൊ ആളെ കിട്ടണം. അതുവരെ ഞാന്‍ നോക്കിക്കോളാം''. ഫോണ്‍ താഴെവെച്ച് അയാള്‍ നോക്കിയത് ഭാര്യയുടെ മുഖത്ത്. ചോദിക്കുന്നതിന്നുമുമ്പെ അയാള്‍ ഉത്തരം നല്‍കി.


''രാഘവനാണ് ഇപ്പൊ വിളിച്ചത്. അയാളടെ മകന്‍ ഒരാളെ വെട്ടി. വെട്ടേറ്റ ആളടെ നില സീരിയസ്സാണ് എന്നാ പറഞ്ഞത്''.


''ഈ കുട്ടി എന്ത് കണ്ടിട്ടാ വേണ്ടാത്തതിനൊക്കെ പുറപ്പെടുണത്''അവര്‍ ചോദിച്ചു.


''അച്ഛന്‍റെ പണം കണ്ടിട്ട്. അല്ലാണ്ടെന്താ''.


''അനുഭവിക്കട്ടെ. സഹായിക്കാന്‍ ചെന്നിട്ട് നിങ്ങള്‍ക്ക് കുഴപ്പോന്നും വരാതെ സൂക്ഷിച്ചോളിന്‍. പെന്‍ഷനാവാന്‍ ഇനി അധിക കാലൂല്യാ''. ഭിത്തിയിലിരുന്ന പല്ലി അതുകേട്ടു ചിലച്ചു.

*********************************

''അയാള്‍ എന്താ പറഞ്ഞ്ന്ന് അറിയണോ''രാഘവന്‍ ക്ഷോഭംകൊണ്ട് പൊട്ടിത്തെറിച്ചു''ഇങ്ങിനെ ഇടയ്ക്കിടയ്ക്ക് ഓരോ കേസ്സും കൂട്ടൂം ഉണ്ടാക്ക്യാല്‍ സഹായിക്കാന്‍ പറ്റില്ലാന്ന്''.


''എനിക്ക് കേള്‍ക്കണ്ടാ അയളടെ വര്‍ത്തമാനം''രാഘവന്‍റെ ഭാര്യക്ക്  കോപംവന്നു''ലോഹ്യം പറഞ്ഞ് ചിരിച്ചു കാണിച്ചിട്ട് എന്തൊക്കെ  നമ്മടേന്ന് വാങ്ങി. ആവശ്യം വന്നപ്പൊ പണ്ട് അങ്ങാടീല്‍ കണ്ട പരിചയംകൂടി ഇല്യാ''.


''എന്തിനാ അയാളെ കുറ്റം പറയുണത്. നമ്മടെ പുത്രന്‍റെ സ്വഭാവഗുണം കൊണ്ടല്ലേ എനിക്ക് ഇതൊക്കെ കേള്‍ക്കണ്ടി വന്നത്''.


''സ്വഭാവ മഹിമ പറയാന്‍ പറ്റ്യോരു യോഗ്യന്‍.  നിങ്ങള് കല്യാണം കഴിയുണതിന്ന് മുമ്പ് കാണിച്ചിട്ടുള്ള തോന്ന്യവാസങ്ങള് കുറച്ചൊക്കെ ഞാനും കേട്ടിട്ടുണ്ട്''. അതോടെ രാഘവന്‍റെ വായ അടഞ്ഞു.


''വെട്ടുകൊണ്ട ആള് മരിച്ചില്ലെങ്കില്‍ വലിയ പ്രശ്നം വരാതെ നോക്കാം. ഇല്ലെങ്കില്‍ ബുദ്ധിമുട്ടുംന്നാ സൂപ്രണ്ട് സാര്‍ പറയുന്നത്''.


''അവന്‍റെ അടുത്ത് എങ്കിട്ടെങ്കിലും മാറിനില്‍ക്കാന്‍ പറയണോ''ഭാര്യ ചോദിച്ചു.


''അതൊന്നും വേണ്ടാ. വിളിക്കുമ്പൊ ആളെ കിട്ടുണ ദിക്കിലേ പോകാവൂ എന്ന് പറഞ്ഞിട്ടുണ്ട്''.


''എന്നാലേ, മലമ്പള്ളേലെ നമ്മുടെ തോട്ടത്തില് കൂടിക്കോട്ടെ. രാവിലെ ലക്ഷ്മിടെ കയ്യില് അവനുള്ള ആഹാരം എത്തിക്കാം. പണിക്ക് പോണ മാതിരി അവള് ചെന്നാമതി. അതാവുമ്പോ ഇരുചെവി അറിയില്ല. രാത്രി കണ്ടന്‍ കാവലിന്ന് പോവ്വോലോ. അവന്‍റേല് രാത്രീക്കുള്ളത് പൊത്യാക്കി നമുക്ക് കൊടുത്തുവിടാം''. രാഘവന്‍ മറുപടിയൊന്നും പറഞ്ഞില്ല. വരാന്‍ പോവുന്ന ഭവിഷ്യത്തിനെ എങ്ങിനെ നേരിടണമെന്നറിയാതെ അയാള്‍ വിഷമിക്കുകയായിരുന്നു.

*************************************

''സംഭവം കഴിഞ്ഞിട്ട് മണിക്കൂര്‍ ഒന്നാവുണു. ഇങ്ങിനെ തുലാക്കട്ട നോക്കി മലര്‍ന്ന് കിടന്നാ മത്യോ. മകനെ കേസ്സിന്ന് രക്ഷിക്കണ്ടേ'' ഭാര്യയുടെ ചോദ്യം രാഘവനെ ചിന്തകളില്‍നിന്ന് ഉണര്‍ത്തി. ഡി.വൈ.എസ്.പി. യ്ക്ക് ഫോണ്‍ ചെയ്തശേഷം അയാള്‍ കിടപ്പുമുറിയില്‍ വന്നുകിടന്ന കിടപ്പാണ് . 


''എന്താ വേണ്ടത്. പറയൂ''അയാള്‍ തീരെ താല്പ്പര്യമില്ലാതെ ചോദിച്ചു


''നിങ്ങള്‍ക്ക് വേണ്ടപ്പെട്ട ആളല്ലെ കിട്ടുണ്ണിമാഷ്. അയാള് വിചാരിച്ചാല്‍ നമ്മടെ മകനെ കേസ്സിന്ന് രക്ഷപ്പെടുത്താന്‍ പറ്റില്ലേ'' 


''എനിക്ക് മനസ്സിലായില്യാ''അയാള്‍ പറഞ്ഞു.


''അല്ല. നമ്മുടെ കിട്ടുണ്ണിമാഷ് വിചാരിച്ചാല്‍ കേസ്സ് ഒതുക്കിത്തീര്‍ക്കാന്‍ പറ്റില്ലേന്ന്''.


''അതെങ്ങന്യാ അയാള്‍ക്ക് പറ്റ്വാ''.


''വെട്ടുകൊണ്ടത് ആയാളുടെ ബന്ധ്വോല്ലേ''.


''അതെ. അയാളടെ വല്യേമ്മടെ മകന്‍''.


''ആ മനുഷ്യന് മക്കളും കുട്ട്യോളും ഒന്നൂല്യല്ലോ''.


''ഇല്ല. ഒറ്റത്തട്യാണ്''.


''അപ്പൊ കേസ്സിന് പോവാന്‍ ആളുണ്ടാവില്ല''.


''അവിട്യാ തെറ്റ്യേത്. കിട്ടുണ്ണ്യാരടെ പെങ്ങളുണ്ട്. അയമ്മടെ ഭര്‍ത്താവ് ഒന്നാംനമ്പര്‍ വക്കീലാണ്''.


''വക്കീലന്മാര്‍ക്ക് കാശല്ലേ വേണ്ടത്. അയാള്‍ക്ക് എന്താ വേണ്ടത്ച്ചാല്‍ കൊടുക്കാലോ''.


''അയാള് നമ്മടേന്ന് പണം വാങ്ങുംന്ന് തോന്നുണുണ്ടോ''.


''അതിനല്ലേ കിട്ടുണ്ണിമാഷ്. അയാള് അളിയനെ പറഞ്ഞ് സമ്മതിപ്പിക്കട്ടെ''.


''എന്തോ അതൊന്നും നടക്കുംന്ന് തോന്നുണില്യാ. എന്നാലും ഒന്നു പറഞ്ഞു നോക്കട്ടെ''.


''എന്തു പറഞ്ഞാലും ആദ്യംതന്നെ എതിര് പറയുണ പരിപാടി നിര്‍ത്തിന്‍. എന്നിട്ട് നല്ല മനസ്സോടെ പറഞ്ഞുനോക്കിന്‍''.


''എന്നാ അങ്ങിനെ ആവട്ടെ''അയാള്‍ എഴുന്നേറ്റ് ഫോണ്‍ ചെയ്യാന്‍ പോയി. 


''എന്താ പറഞ്ഞത്''തിരിച്ചുവന്ന രാഘവനോട് ഭാര്യ ചോദിച്ചു.


''മാഷ് സ്ഥലത്തില്ല. വന്നതും എന്നെ വിളിക്കാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്''.


''സുകൂന്‍റെ ദേഹത്തങ്ങന്നെ അടികൊണ്ട് തെണര്‍ത്ത അടയാളൂണ്ട്. തൈലം പുരട്ടി ചുടുവെള്ളംകൊണ്ട് ഒപ്പിയെടുക്കട്ടെ. നേര്‍ത്തെ ചോറ് കൊടുത്തിട്ട്  കണ്ടന്‍റൊപ്പം അവനെ തോട്ടത്തിലിക്ക് അയക്കണം''ഭാര്യ പോവുന്നതും നോക്കി രാഘവന്‍ നിന്നു. 


അദ്ധ്യായം - 140. 


പുറത്തുവന്നുനിന്ന കാറില്‍നിന്ന് വിശ്വനാഥന്‍ വക്കീലും മകനും ഇറങ്ങി. പോര്‍ട്ടിക്കൊ കടന്ന് അവര്‍ അകത്തെത്തി.


''വേണൂന്ന് എങ്ങനീണ്ട്''വക്കീല്‍ പരിഭ്രമത്തോടെ ചോദിച്ചു.


''സീരിയസ്സാണ് എന്നുപറഞ്ഞാല്‍ പോരാ, വളരെ വളരെ സീരിയസ്സാണ്'' മേനോന്‍ പറഞ്ഞു''ആദ്യം നോക്കിയ ഡോക്ടര്‍മാര്‍ കൈവിട്ട മട്ടിലാണ് പറഞ്ഞത്. എന്തായാലും കുറച്ചുമുമ്പ് ഡി.എം.ഓ. വന്നുനോക്കി. പുള്ളി പറഞ്ഞിട്ടാണെന്നു തോന്നുന്നു വേണുവിനെ ഓപ്പറേഷന്‍ തിയ്യേറ്ററിലേക്ക് കൊണ്ടുപോയി.  ആദ്യം ബ്ലഡ് വരുന്നത് നിര്‍ത്തട്ടേ. ബാക്കി കാര്യങ്ങള്‍ അതുകഴിഞ്ഞിട്ട് എന്നാണ് അദ്ദേഹം പറഞ്ഞത്''.


''ഡി.എം.ഓ ചന്ദ്രമോഹന്‍ എന്‍റെ ഇളയമ്മടെ മകളടെ ഭര്‍ത്താവാണ്. ആദ്യം ഞാന്‍ ആ അളിയനെയാണ് വിളിച്ചത്''.


''ഈശ്വരാധീനം അങ്ങിനെയൊരാളുണ്ടായത്''രാജന്‍ മേനോന്‍ പറഞ്ഞു'' അതായിരിക്കും അദ്ദേഹം നേരിട്ടെത്തി വേണ്ടതൊക്കെ പെട്ടെന്നുതന്നെ ചെയ്തത്. എന്നാലും വിദഗ്ദ്ധചികിത്സയ്ക്ക് വേണുവിനെ വേറെ നല്ല ഏതെങ്കിലും ഡോക്ടറെ കാണിക്കണ്ടേ''


''മേനോന്‍''വക്കീല്‍ വിളിച്ചു''കഷ്ടകാലത്തിന്‍റെ എടേല് ഒരുനല്ലകാലം എന്ന് പറയാറില്ലേ. അതുപോലെ ഒരു കാര്യൂണ്ടായി. എന്‍റെ അനുജന്‍ വിജയന്‍ സര്‍ജ്ജന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ന് രാവിലെ കൊയമ്പത്തൂരില്‍ എത്തീട്ടുണ്ട്. ഇങ്കിട്ട് പുറപ്പെടുമ്പൊ ഞാന്‍ അവനെ വിളിച്ച് വേണൂന്‍റെ വിവരങ്ങള്‍ പറഞ്ഞു. അയാള്‍ ഇവിടക്ക് അപ്പൊതന്നെ പുറപ്പെട്ടിട്ടുണ്ട്''.


''വിജയന്‍ ഡോക്ടര്‍ ബോമ്പേയിലല്ലേ''.


''ആയിരുന്നു. കുറച്ചായി അവന്‍ ഡെല്‍ഹീലാണ്''


''ജീവന്‍റെ ഒരുതുമ്പ് ദേഹത്ത് ബാക്കിയുണ്ടെങ്കില്‍ വിജയന്‍ ഡോക്ടര്‍ ആ രോഗിയെ തൊടാന്‍ കാലനെ സമ്മതിക്കില്ല എന്നാണ് പറയാറ്''.


''എന്തായാലും രണ്ടു മണിക്കൂറിനുള്ളില്‍ അവനെത്തും. എന്നിട്ടു മതി എന്തെങ്കിലും തീരുമാനിക്കാന്‍''.


''കേന്ദ്രമന്ത്രിമാരേം  സിനിമാതാരങ്ങളേം കോടീശ്വരന്മാരേം  ഒക്കെ ചികിത്സിക്കുന്ന ആളാണ് വിജയന്‍ ഡോക്ടര്‍. അതറിയില്ലേ''മേനോന്‍ സ്വാമിനാഥനോട് ചോദിച്ചു.


''പേപ്പറില്‍ ഇന്നാള് ഡോക്ടറെക്കുറിച്ചൊരു ലേഖനൂണ്ടായിരുന്നു. അത്  ഞാന്‍ വായിച്ചതാണ്''. സ്വാമിനാഥന്‍ പറഞ്ഞു. വിശ്വനാഥന്‍ വക്കീലും മകനും അകത്തേക്ക് നടന്നു, രാധാകൃഷ്ണനും സ്വാമിനാഥനും മേനോനും ബെഞ്ചിലിരുന്നു.


ഒരുമണിക്കൂര്‍ കഴിഞ്ഞതും ഒരു ബെന്‍സ് കാര്‍ ആസ്പത്രി മുറ്റത്ത് വന്നുനിന്നു. ഡോര്‍ തുറന്നിറങ്ങിയ ഡോക്ടര്‍ വിജയനെ ഓ.പി.യിലെ ഡോക്ടര്‍മാര്‍ ഓടിവന്ന് ഓപ്പറേഷന്‍ തിയ്യേറ്ററിലേക്ക് കൂട്ടിക്കൊണ്ടു നടന്നു.


''സ്വാമിയേ ശരണമയ്യപ്പ''കണ്ണടച്ച് ധ്യാനിച്ചശേഷം മേനോന്‍ പറഞ്ഞു ''ധര്‍മ്മശാസ്താവ് കനിഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ ഇന്ന് വിജയന്‍ഡോക്ടര്‍ ഇവിടെ എത്തില്ലായിരുന്നു''.


രാത്രി പതിനൊന്നോടെയാണ് വിജയന്‍ ഡോക്ടര്‍ പുറത്തേക്കു വന്നത്. കൂടെ ഡി.എം.ഓ. ചന്ദ്രമോഹനും ഉണ്ടായിരുന്നു. വിശ്വനാഥന്‍ വക്കീല്‍ അവരുടെ അടുത്തേക്കുചെന്നു. 


''ഏട്ടാ, പെട്ടെന്ന് ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. നാല്‍പ്പത്തെട്ട് മണിക്കൂര്‍ കഴിയണം. എന്നാലേ പറയാനാവൂ''വിജയന്‍ ഡോക്ടര്‍ പറഞ്ഞു''ലെറ്റസ് ഹോപ് ഫോര്‍ ദി ബെസ്റ്റ്''.


''എവിടക്കെങ്കിലും കൊണ്ടുപോയാലോ''വക്കീല്‍ ചോദിച്ചു.


''ഈ അവസ്ഥയിലോ? അത് അപകടം ക്ഷണിച്ചുവരുത്തലാവും. ഇവിടെ ചന്ദ്രേട്ടനുണ്ടല്ലോ. പിന്നെന്താ പേടിക്കാന്‍''.


''വിശ്വേട്ടന്‍ ഒന്നോണ്ടും വിഷമിക്കേണ്ടാ''ഡി.എം.ഓ. പറഞ്ഞു''എല്ലാ തിരക്കും  മാറ്റിവെച്ച് വിജയന്‍ എന്നോടൊപ്പം ഉണ്ടാവും''.


''വിശ്വേട്ടാ, ഇനി ഞാന്‍ ചന്ദ്രേട്ടന്‍റെ കൂടെപോയി അല്‍പ്പം റെസ്റ്റ് ചെയ്യട്ടെ. എന്തെങ്കിലും വേണച്ചാല്‍ വിളിച്ചോളാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ആ നിമിഷം ഞങ്ങളെത്തും''.


''സത്യം പറ''വക്കീല്‍ അനിയനോട് പറഞ്ഞു''ആള് രക്ഷപ്പെട്വോ''.


''രക്ഷപ്പെടും എന്നന്യാ തോന്നുണ്. അതിനുവേണ്ടീട്ടല്ലേ ഞങ്ങള്‍ ഇത്രനേരം പ്രയത്നിച്ചത്. അതല്ല പ്രശ്നം. രക്ഷപ്പെട്ടാലും എന്തായിരിക്കും വേണൂന്‍റെ അവസ്ഥ എന്നറിയില്ല''.


''എന്നുവെച്ചാല്‍''.


''തലയ്ക്ക് വെട്ടേറ്റില്ലേ. ബോധംതെളിഞ്ഞ് സംസാരിക്ക്യേ ചോദിച്ചതിന്ന് പ്രതികരിക്ക്യേ ചെയ്താല്‍ പേടിക്കണ്ടാ. അല്ലെങ്കില്‍ മരണംവരെ ഒന്നും അറിയാത്ത കിടപ്പാവും''.


ഡി.എം.ഓ. ചന്ദ്രമോഹനും ഡോക്ടര്‍ വിജയനും കാറില്‍കയറി. വക്കീല്‍ അടുത്തുകണ്ട ബെഞ്ചിലിരുന്നു.

************************************

കിട്ടുണ്ണിമാഷ് എത്തുമ്പോള്‍ രാത്രി പന്ത്രണ്ട് കഴിഞ്ഞു.


''വക്കീലേട്ടാ, ഞാന്‍ തിരുവനന്തപുരത്തിന്ന് എത്ത്യേതേ ഉള്ളൂ. വിവരം അറിഞ്ഞതും ഇങ്കിട്ട് പോന്നൂ''അയാള്‍ പറഞ്ഞു''എന്താ ഡോക്ടര്‍മാര്‍ പറഞ്ഞത്''. 


''നാല്‍പ്പത്തെയെട്ട് മണിക്കൂര്‍ കഴിഞ്ഞാലേ എന്തെങ്കിലും പറയാന്‍ പറ്റൂ എന്നാ പറഞ്ഞത്''വക്കീല്‍ പറഞ്ഞു''വിജയന്‍ ഇവിടെ എത്തീട്ടുണ്ട്'' 


''ഉവ്വോ. അതു നന്നായി''കിട്ടുണ്ണി പറഞ്ഞു''ആരു വന്നിട്ടും കാര്യൂല്യാ. യോഗൂണ്ടെങ്കിലേ രക്ഷപ്പെടൂ''. വക്കീല്‍ അയാളെ തറപ്പിച്ചുനോക്കി.


''കൊയമ്പത്തൂരിലേക്കോ, കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കോ കൊണ്ടുപോവ്വേണ്ടി വര്വോ''.


''എനിക്കറിയില്ല''വക്കീലിന്ന് മടുത്തിരുന്നു.


''ഞാന്‍ പോയി ഒന്നന്വേഷിച്ചുനോക്കട്ടെ. ചിലപ്പൊ എന്‍റെ മകളടെകൂടെ പഠിച്ച വല്ലോരും ഉണ്ടാവും''. അതു പറഞ്ഞുപോയ കിട്ടുണ്ണിമാഷ് പിന്നീട് എത്തുന്നത് പുലര്‍ച്ചെനേരത്താണ്. വന്നെത്തിയതും അയാള്‍ വിശ്വനാഥന്‍ വക്കീലിനെ സമീപിച്ചു.


''വക്കീലേട്ടാ, ഒന്നുവരൂ. എനിക്കൊരു കാര്യം പറയാനുണ്ട്''. ആളൊഴിഞ്ഞ ഇടനാഴിയില്‍ അവര്‍ നിന്നു.


''ഒക്കെ ഓരോരുത്തരുടെ തലേലെഴുത്താണ് എന്ന് കരുത്യാ മതി''അയാള്‍ പറഞ്ഞു''പോണോര് പോവും. ഇരിക്കുണ ആള്‍ക്കാരടെ കാര്യോല്ലേ നോക്കണ്ടത്''.


''എന്താ താന്‍ പറഞ്ഞോണ്ട് വരുണത്''.


''വെട്ട്യേ പയ്യന്‍ നമുക്ക് വേണ്ടപ്പെട്ട ആളാണ്''.


''അതിലും വേണ്ടപ്പെട്ട ആളല്ലേ അങ്കിട്ടോ ഇങ്കിട്ടോ എന്നറിയാതെ അകത്ത് കിടക്കുണത്''.


''അത് ശര്യാണ്. എന്നാലും കേസ്സിലും കൂട്ടത്തിലും പെടാതെ അവനെ രക്ഷിക്കണം. എന്താ വേണ്ടത്ച്ചാല്‍ വക്കീലേട്ടന്‍ പറഞ്ഞാമതി. ഞാന്‍ പറഞ്ഞുവാങ്ങി എത്തിച്ചോളാം''. 


''എന്നെ വിലയ്ക്ക് വാങ്ങാന്ന് താന്‍ വിചാരിച്ച്വോ''വക്കീലിന്‍റെ വലത്തു കൈപ്പത്തി കിട്ടുണ്ണിയുടെ കവിളില്‍ പതിച്ചു.


''അതല്ല. ഞാന്‍ വിചാരിച്ചത്..'' കിട്ടുണ്ണി കവിളില്‍ തലോടി. 


''മതി വിസ്തരിച്ചത്. കടന്നുപൊയ്ക്കോ ഇവിടുന്ന്''വക്കീലിന്‍റെ സ്വരം കടുത്തിരുന്നു''ഇനിമേലാല്‍ തന്നെ എന്‍റെ കണ്‍മുമ്പില്‍ കണ്ടുപോവരുത്''.  ഒന്നും പറയാതെ കിട്ടുണ്ണിമാഷ് ഇറങ്ങിപ്പോയി.


Comments