അദ്ധ്യായം 21-30
അദ്ധ്യായം - 21.
വേണു എത്തുമ്പോള്‍ പത്മിനി മാത്രമേ വീട്ടിലുള്ളു. വീടിന്‍റെ മുന്‍വശത്ത് ചാരുകസേലയില്‍ പത്രം വായിച്ചിരിക്കുകയായിരുന്നു അവര്‍. മുറ്റത്ത് ആളെത്തിയതൊന്നും അവരുടെ ശ്രദ്ധയില്‍പെട്ടിട്ടില്ല. അത്ര ശ്രദ്ധിച്ചുള്ള വായനയിലാണ് ഓപ്പോളെന്ന് വേണുവിന്ന് മനസ്സിലായി. ആ നിമിഷം അയാള്‍ക്കൊരു കുസൃതി തോന്നി.
''ഇന്നൊരു വിരുന്നുകാരനുണ്ടേ''അയാള്‍ വിളിച്ചുപറഞ്ഞു. വേണുവിന്‍റെ വാക്കുകള്‍ കേട്ടതും പത്മിനി പത്രം താഴ്ത്തിപ്പിടിച്ച് മുഖമുയര്‍ത്തി. ഒരു നിമിഷം അവരുടെ മുഖത്ത് മിന്നിമറഞ്ഞത് വിസ്മയമോ, സന്തോഷമോ, അമ്പരപ്പോ അതോ അതെല്ലാംകൂടിയ ഭാവമോ ആയിരുന്നു. അവര്‍ പത്രം ടീപ്പോയിയിലിട്ട് എഴുന്നേറ്റു.
മുടിയിഴകളില്‍ ചിലത് വെളുത്തുതുടങ്ങിയെങ്കിലും റോസ് കളറിലുള്ള ജാക്കറ്റും സെറ്റുമുണ്ടും വേഷ്ടിയും ധരിച്ച ഓപ്പോളുടെ സൌന്ദര്യത്തിന്ന് ഇപ്പോഴും കുറവും വന്നിട്ടില്ല. ചന്ദക്കുറിയുടെ നടുവിലെ കുങ്കുമപ്പൊട്ട് മുമ്പും ഒപ്പോള്‍ക്ക് ഇഷ്ടമായിരുന്നതായി വേണു ഓര്‍ത്തു. ആകെയുള്ള ഒരുമാറ്റം ഓപ്പോള്‍ കണ്ണട ഉപയോഗിച്ചു തുടങ്ങി എന്നതാണ്. സ്വര്‍ണ്ണ നിറത്തില്‍ ഫ്രെയിമുള്ള അത് അവര്‍ക്ക് ഭംഗി കൂട്ടുന്നുണ്ട്.
''കേറി വാ''പത്മിനി ചിരിച്ചുകൊണ്ട് സ്വാഗതം പറഞ്ഞു. കാര്‍ഷെഡ്ഡിന്ന് മുന്നില്‍ ചെരുപ്പുകള്‍ അഴിച്ചിട്ട് പടവുകള്‍ കയറി. കുറെവര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടുപേരും കണുന്നത്. പത്മിനിയുടെ മനസ്സ് സ്നേഹത്തില്‍ കുതിര്‍ന്നു.
വലിയമ്മയുടെ മകനാണെങ്കിലും തന്നേക്കാള്‍ രണ്ടുവയസ്സിന്ന് ഇളയവനായ വേണു കൂടപ്പിറപ്പിനെപ്പോലെയായിരുന്നു. സ്വന്തം സഹോദരനേക്കാള്‍ അവനാണ് എന്നും കൂടുതല്‍ സ്നേഹിച്ചത്. വിവാഹം കഴിഞ്ഞ് ആറേഴ് കൊല്ലം കഴിഞ്ഞിട്ടാണ് രോഗിയായിരുന്ന വലിയമ്മ വേണുവിനെ പ്രസവിച്ചത്. അതോടെ അവര്‍ കിടപ്പിലായി. വേണുവിന്ന് ഒന്നര വയസ്സായപ്പോള്‍ വലിയമ്മ മരിച്ചു.
''നിന്നെ കാണാന്‍ പറ്റാണ്ടെത്തന്നെ ചത്തുപോണ്ടി വരുംന്ന് ഞാന്‍ വിചാരിച്ചിരുന്നതാണ്''പത്മിനി പറഞ്ഞു''എത്രകൊല്ലായി കണ്ടിട്ട്. നിനക്കെങ്ങിനെ ഞങ്ങള്യോക്കെ കാണാതെ ഇത്രകാലം ഇരിക്കാന്‍ കഴിഞ്ഞു''. വേണു ഒന്നും മിണ്ടിയില്ല.
ഇപ്പോഴും വരണമെന്ന് വിചാരിച്ചിരുന്നതല്ല. കമ്പിനിയിലെ പ്രൊഡക്ഷന്‍ എഞ്ചിനീയറായ കൂട്ടുകാരന്‍ മാരിമുത്തു നിര്‍ബന്ധിച്ച് പറഞ്ഞയച്ചതാണ്. വയസ്സാവുമ്പോള്‍ ബന്ധുക്കളുടെ അടുത്ത് താമസിക്കണമത്രേ. മരത്തിന്ന് വേര് ബലം, മനുഷ്യന്ന് ബന്ധുബലം എന്നൊരു തത്വവും അവന്‍ പറഞ്ഞു. ഒടുവില്‍ കുറച്ചുകാലം നാട്ടില്‍ നിന്നിട്ട് ശരിയാവുന്നില്ലെങ്കില്‍ തിരിച്ചു വരും എന്നു പറഞ്ഞ് പുറപ്പെട്ടതാണ്.
''ഇങ്ങോട്ട് ഇഷ്ടമില്ലാത്ത നിന്നെ എന്തിനാ സ്നേഹിക്കുണത് എന്ന് എനിക്ക് ചിലപ്പൊ തോന്നാറുണ്ട്''പത്മിനി കണ്ണുതുടച്ചുകൊണ്ട് പറഞ്ഞു''എന്‍റെ അമ്മ മരിച്ചപ്പോള്‍ വന്നുപോയ ആളാണ്. അന്യനാട്ടില്‍ ഉള്ളപ്പൊ നിനക്ക് വിചാരിച്ചപോലെ വരാന്‍ പറ്റീലാ എന്ന് സമാധാനിക്കാം. മദിരാശീല് നീ എത്തിയിട്ട് കൊല്ലം എത്ര്യായി. ഇന്നേവരെ തിരിഞ്ഞുനോക്ക്യോ''.
''അതേ ഓപ്പോളേ''വേണു എന്തോ പറയാന്‍ ഒരുങ്ങി.
''നീ ഒരക്ഷരം പറയണ്ടാ. കിട്ടുണ്ണി എഴുത്തയക്കാറുള്ളതും അവിടെവന്ന് നിന്നെ കണ്ട് പണം വാങ്ങീരുന്നതും ഒക്കെ എനിക്കറിയാം. ഈശ്വരന്‍ കടാക്ഷിച്ച് എനിക്കിപ്പൊ ഈ വീട്ടില് എല്ലാം ഉണ്ട്. എന്നാലും അതല്ലല്ലോ. എന്‍റേന്ന് വിചാരിച്ചിരുന്നിട്ട് ആ നിനവ് നിനക്ക് തിരിച്ചിങ്ങോട്ടില്ല എന്ന് ആലോചിക്കുമ്പൊ സങ്കടം സഹിക്കാണ്ടെ തൊണ്ടപൊട്ടും. ചിലപ്പൊക്കെ എനിക്ക് തോന്നും നിങ്ങള് ഏട്ടനും അനിയനും ഒറ്റക്കയ്യാണ്, ഞാന്‍ മാത്രേ വേണ്ടാത്തതായിട്ട് ഉള്ളൂന്ന്. അല്ലെങ്കില്‍ ഒരു ഇന്‍ലന്‍ഡ് വാങ്ങി രണ്ടുവരി കുറിച്ചിട്ട് അയക്കില്ലേ''.
''ഞാന്‍ ആര്‍ക്കും എഴുതാറില്ല ഓപ്പോളേ''വേണു പറഞ്ഞു.
''വേണ്ടാ. അതന്യാ നല്ലത്. ആരായിട്ടും ഒരുബന്ധൂം വേണ്ടാ. അങ്ങോട്ടൊരു കത്തയച്ചാലോന്ന് ആയിരം തവണ ഞാന്‍ ആലോചിച്ചിട്ടുണ്ട്. വെറുതെ കത്തയച്ച് അയാളെ താന്‍ ബുദ്ധിമുട്ടിക്കണ്ടാ, എവിടേങ്കിലും ആ സാധു സമാധാനത്തോടെ കഴിഞ്ഞോട്ടേന്ന് വിശ്വേട്ടന്‍ പറയാറുള്ളതോണ്ടാണ് ഞാന്‍ എഴുതാഞ്ഞത്''.
''ഞാന്‍ എന്നും നിങ്ങള്യോക്കെ ഓര്‍ക്കും''വേണു പറഞ്ഞു''നിങ്ങളൊക്കെ അല്ലാതെ ആരാ എനിക്കുള്ളത്''.
''ദൈവാധീനം. മനസ്സിലെങ്കിലും ആ തോന്നലുണ്ടല്ലോ''പത്മിനി അകത്തു ചെന്ന് ചായയും ബിസ്ക്കറ്റും കൊണ്ടുവന്നു.
''വിശ്വേട്ടന്‍ എത്തുമ്പൊ സന്ധ്യാവും. ഇവിടെ ഞാനും പണിക്കാരി പെണ്ണുങ്ങളും മാത്രേള്ളു. നീ വരുണ വിവരം എനിക്കറിയില്ലല്ലോ. എന്തെങ്കിലും ഉണ്ടാക്കാന്‍ ഏല്‍പ്പിച്ചിട്ട് ഞാന്‍ വരാം. അതുവരെ നീ വിശ്രമിച്ചോ''പത്മിനി അകത്തേക്ക് പോയി.
തളത്തിന്ന് തൊട്ടടുത്ത മുറിയാണ് വേണുവിന്ന് ഒരുക്കിയിരുന്നത്. അകത്തുചെന്ന് ബാഗ് അലമാറയില്‍ വെച്ചു. വസ്ത്രം മാറി, തിരിഞ്ഞു നോക്കുമ്പോള്‍ വാതിലിന്നുതൊട്ടുമുകളിലായി ചെറിയമ്മയുടെ ഫോട്ടോ കണ്ടു. ഈ മുറിയിലാണ് അവസാനകാലത്ത് ചെറിയമ്മ താമസിച്ചിരുന്നത്. കിടപ്പിലാവുന്നതുവരെ അവര്‍ കിട്ടുണ്ണിയുടെകൂടെ തറവാട്ടിലായിരുന്നു. അച്ഛനും അമ്മയ്ക്കും വയസ്സായാല്‍ നോക്കണ്ടത് പെണ്‍മക്കളാണ്, അല്ലാതെ ആണ്‍മക്കളുടെ ഭാര്യമാരല്ല എന്നുപറഞ്ഞ് ചെറിയമ്മയെ കിട്ടുണ്ണി ഇവിടേക്ക് എത്തിച്ചതായി അവന്‍തന്നെ ആ കാലത്ത് പറഞ്ഞിട്ടുണ്ട്.
വേണു ചെറിയമ്മയുടെ ഫോട്ടോവിന്ന് മുമ്പില്‍ ചെന്നുനിന്നു. ഒരുപക്ഷെ തന്നോട് അവര്‍ വേര്‍തിരിവ് കാണിച്ചിട്ടുണ്ടാവാം. എന്നാലും അവരല്ലേ കുട്ടിക്കാലത്ത് തന്നെ ഊട്ടിവളര്‍ത്തിയത്. അതിന്‍റെ കടപ്പാട് ഒരിക്കലും അവസാനിക്കില്ല.
വേണു മുറ്റത്തിറങ്ങി, ചുറ്റും കണ്ണോടിച്ചു. എത്ര വലിയ പുരയിടമാണ്. ഗെയിറ്റുമുതല്‍ മുറ്റംവരെയുള്ള കോണ്‍ക്രീറ്റ് വഴിയുടെ രണ്ടുവശത്തും വിസ്തൃതമായ പൂന്തോട്ടങ്ങളുണ്ട്. തെങ്ങും കവുങ്ങും പ്ലാവും മാവും പുളിയും കൂടാതെ പല തരത്തിലുള്ള എന്തൊക്കേയൊ മരങ്ങള്‍ തൊടിയില്‍ കാണാനുണ്ട്. മുമ്പ് കണ്ടതില്‍ കൂടുതലായിട്ട് ഒന്നു രണ്ട് എടുപ്പുകള്‍കൂടി ഉയര്‍ന്നിട്ടുണ്ട്. ചിലപ്പോള്‍ വിശ്വേട്ടന്‍റെ വക്കീലാഫീസോ, ഔട്ട് ഹൌസോ ഒക്കെയാവും അതെല്ലാം. എന്തായാലും വിശ്വേട്ടന്‍റെ പ്രതാപം മുഴുവന്‍ ഈ വീടില്‍നിന്നുതന്നെ മനസ്സിലാവും.
''എന്താ നീ നോക്കുണത്''പത്മിനി എത്തി. എന്തൊക്കെയോ മാറ്റങ്ങള്‍ വീടിന്ന് വന്നതായി തോന്നുന്നുവെന്ന് വേണു അവരോടു പറഞ്ഞു.
''മുമ്പുണ്ടായിരുന്ന പത്തായപ്പുര വിശ്വേട്ടന്‍ പൊളിച്ചു. അവിടെ ഒരു കുളംകുഴിച്ചു. മൂപ്പര്‍ക്ക് ദിവസൂം നീന്തണോത്രേ. ഡോക്ടര്‍ മേനോന്‍ പ്രത്യേകം ഏല്‍പ്പിച്ചതാണെന്നാ പറയുണത്. എന്തായാലും വിശ്വേട്ടന്‍ വീട് കുളംകോരി എന്നുപറഞ്ഞ് കളിയാക്കാന്‍ എനിക്കൊരു കാരണം കിട്ടി'' പത്മിനി ചിരിച്ചു.
''വീടു കുളംതോണ്ടി എന്നുപറഞ്ഞുകേട്ടിട്ടേള്ളൂ . ഇവിടെ ശരിക്കും അത് നടന്നു അല്ലേ ഓപ്പോളേ'' വേണു ചിരിയില്‍ പങ്കുചേര്‍ന്നു.
''എന്തിനാ വെറുതെ നട്ടുച്ചവെയില് കൊള്ളുണത്, കുറച്ചുദിവസത്തേക്ക് നിന്നെ ഇവിടുന്നുപോവാന്‍ ഞാന്‍ സമ്മതിക്കില്ല, സ്ഥലോക്കെ വിസ്തരിച്ച് പിന്നെകാണാം. ഇപ്പൊ വാ. നമുക്ക് ഊണുകഴിക്കാന്‍ പോവാം''പത്മിനി മുമ്പെ അകത്തേക്ക് നടന്നു. പുറകെ വേണുവും.
അദ്ധ്യായം - 22.
എന്തൊരു വലിയ ഊണുമുറി. ചെറിയൊരു സദ്യതന്നെ ഇതിനകത്തു വെച്ച് നടത്താം എന്ന് വേണു മനസ്സില്‍ കണക്കാക്കി. നല്ലഭംഗിയുള്ള കസേലകളും ഊണ്‍മേശയും. വിശ്വേട്ടന്‍റെ അവസ്ഥക്ക് എന്തുകൊണ്ടും യോജിച്ചതുതന്നെ. വേണുവിനോടൊപ്പം പത്മിനിയും ഉണ്ണാനിരുന്നു. ചോറുവിളമ്പിയത് ഒരു പണിക്കാരിയാണ്. ഇല നിറയെ വിഭവങ്ങള്‍ നിരന്നിട്ടുണ്ട്. ഇന്നെന്താ വല്ല വിശേഷദിവസമാണോ?
''നീ മത്സ്യോ മാംസോ ഒക്കെ കഴിക്കാറുണ്ടോ''പത്മിനി ചോദിച്ചു. ഇല്ലെന്ന് വേണു തലയാട്ടി.
''ഇവിടേയും അങ്ങിനെത്തന്ന്യാണ്''പത്മിനി പറഞ്ഞു''മുമ്പ് ഞാനതെല്ലാം കഴിച്ചിരുന്നു. വിശ്വേട്ടന്‍ ആ വക്യോന്നും കഴിക്കില്ല. അതോടെ ഞാനും നിര്‍ത്തി. ഇപ്പൊ അതിന്‍റെ നാറ്റം മതി ഛര്‍ദ്ദിക്കാന്‍''. ഭക്ഷണം കഴിഞ്ഞ് മുറ്റത്തേക്കിറങ്ങി വേണു ഒരു സിഗററ്റ് കത്തിച്ചു. അടുക്കളയില്‍ പെങ്ങള്‍ പണിക്കാരോട് എന്തോ സംസാരിച്ചുകൊണ്ടുനില്‍ക്കുകയാണ്. കുട്ടിക്കാലം മുതല്‍ക്ക് ഓപ്പോളേ എന്നേ അവരെ വിളിക്കാറുള്ളു. ഇല്ലെങ്കില്‍ അവര്‍ ദേഷ്യപ്പെടും. ഞാനല്ലെടാ നിന്നേക്കാള്‍ മൂത്തത് എന്ന ചോദ്യം ആ നിമിഷം ഉയരും. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു.
''സിഗററ്റ് വലിച്ച് കേറ്റിക്കോ. ആരോഗ്യത്തിന്ന് ബഹുവിശേഷാണ് എന്നാ ഞാന്‍ കേട്ടിട്ടുള്ളത്''എന്നുപറഞ്ഞുകൊണ്ട് പത്മിനിയെത്തി. വേണു പാതിവലിച്ച കുറ്റി നിലത്തിട്ട് കാലുകൊണ്ട് ചവിട്ടികെടുത്തി. അതോടെ പത്മിനി വല്ലാതായി.
''എന്തിനാ നീയത് കളഞ്ഞത്. വലിക്കായിരുന്നു. ഞാന്‍ നിന്നോട് വെറുതെ പറഞ്ഞതല്ലേ''അവര്‍ പറഞ്ഞു.
''സാരൂല്യാ ഓപ്പോളേ''വേണു ചിരിച്ചു.
ഉച്ചയുറക്കം പതിവില്ലെങ്കില്‍ ഉമ്മറത്തിരുന്ന് കുറെനേരം എന്തെങ്കിലും സംസാരിക്കാമെന്ന് പത്മിനി പറഞ്ഞു. വേണു സമ്മതിച്ചു. കിട്ടുണ്ണിയുടെ കാര്യം അവതരിപ്പിക്കാന്‍പറ്റിയ സന്ദര്‍ഭമാണ് ഇതെന്ന് വേണു ചിന്തിച്ചു. എന്തൊക്കെയായാലും അവര്‍ രണ്ടുപേരും ഒരേ വയറ്റില്‍ കിടന്നവരാണ്. അവര്‍ തമ്മില്‍ സ്ഥിരമായ പിണക്കം പാടില്ല.
വിശ്വേട്ടന്‍റെ ജോലിത്തിരക്കുകളും, ഭര്‍ത്താവിനോടൊപ്പം ഇംഗ്ലണ്ടില്‍ കഴിയുന്ന മകളുടേയും പേരക്കുട്ടിയുടേയും വിശേഷങ്ങളും പത്മിനി വര്‍ണ്ണിച്ചു, ഒപ്പം പേരക്കുട്ടിയെ കൊതിതീര്‍ന്ന് കാണാന്‍ സാധിക്കാത്ത വിഷമവും. ക്രമേണ സംഭാഷണം മകന്‍ മുരളിധരന്‍റെ കാര്യത്തിലെത്തി. അച്ഛന്‍റെ പാത പിന്‍തുടര്‍ന്ന് അവനും വക്കീലായിരിക്കുന്നു. വിശ്വേട്ടന്‍റെ കീഴിലായിരുന്നു ആദ്യമൊക്കെ പ്രാക്ടീസ്. ഇപ്പോള്‍ അവന്‍ സ്വന്തമായി പ്രാക്ടീസ് ചെയ്യുന്നു. നല്ല പേരാണ് അവനും, ഇഷ്ടംപോലെ കേസും ഉണ്ട്. മകന്‍റെ കല്യാണം മോഹിച്ച വിധത്തില്‍ നടത്താന്‍ കഴിയാത്തതിലുള്ള വിഷമം പത്മിനി മറച്ചുവെച്ചില്ല.
''എന്‍റെ മകന് എന്തിന്‍റെ കുറവുണ്ടായിട്ടാണ് അവന്‍റെ മകള്‍ക്ക് അവന്‍ പോരാന്ന് ആ പ്രമാണി കണക്കാക്ക്യേത്. അല്‍പ്പന് അര്‍ത്ഥം കിട്ട്യാല്‍ അര്‍ദ്ധരാത്രിക്കും കുടപിടിക്കും. അതന്നെ''പത്മിനി പറഞ്ഞു''വേറെ നല്ല പെണ്‍കുട്ട്യേള് ഇല്ലാഞ്ഞിട്ടല്ല. പക്ഷെ കുട്ടിക്കാലത്തേ പറഞ്ഞുപറഞ്ഞ് ആ പെണ്ണിനെക്കുറിച്ചുള്ള നിനവാണ് അവന്‍റെ ഉള്ളില്. അവളുടെ കല്യാണം കഴിഞ്ഞിട്ട് മതി ആലോചന എന്നാ ഇപ്പൊ അവന്‍ പറയുണത്''
കിട്ടുണ്ണിയോടുള്ള വിദ്വേഷം മുഴുവന്‍ പത്മിനിയുടെ വാക്കുകളില്‍ നിറഞ്ഞുനിന്നു. ''ഇവിടെ നിന്നിട്ടാണ് അവന്‍ ട്രെയിനിങ്ങിന്ന് പോയി സ്കൂള്‍മാഷായത്. തറവാട് ഭാഗംകഴിഞ്ഞ് അമ്മടെവീതം കയ്യില്‍ കിട്ടുണതുവരെ ആ ദ്രോഹി അമ്മേ കൂടെനിര്‍ത്തി. അമ്മക്ക് തീരെ വയ്യാണ്ടായപ്പൊ ഇനി നീ നോക്കിക്കോന്നുപറഞ്ഞ് ഇവിടെ എത്തിച്ചു. പറഞ്ഞിട്ട് കാര്യൂല്ല, അമ്മക്ക് അങ്ങനെത്തന്നെ വേണം. അമ്മാതിരി പണ്യാണ് അമ്മ ചെയ്തത്. താന്താന്‍ നിരന്തരം ചെയ്തുള്ള കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂന്ന് നീ കേട്ടിട്ടില്ലേ
''അതിന് ചെറിയമ്മ അത്ര വല്യേപാപോന്നും ചെയ്തിട്ടില്ലല്ലോ''വേണു പറഞ്ഞു.
''നിന്നെ പറഞ്ഞിട്ട് കാര്യൂല്ല. അന്നും ഇന്നും നീ തനിപൊട്ടനാണ്. ആരെന്ത് ചെയ്താലും മനസ്സിലാവില്ല. കണ്ടാലും കൊണ്ടാലും അറിയാത്ത സാധനം. അമ്മ നിന്നോടു ചെയ്ത ദ്രോഹം ആലോചിച്ചാല്‍ അവരെപ്പറ്റി ഒറ്റ നല്ല വാക്ക് നീ പറയില്ല''പത്മിനി പറഞ്ഞു.
''കഴിഞ്ഞത് കഴിഞ്ഞില്ലേ. ഇനി അത് മനസ്സില്‍ വെച്ചോണ്ടിരിക്കണോ''.
''എന്നാലും ഉള്ളത് ഉള്ളപോലെ പറയണം''പത്മിനി തുടര്‍ന്നു''അതാ ശരി. കുടുംബസ്വത്തില്‍ അമ്മയ്ക്കും ഞങ്ങള്‍ രണ്ട് മക്കള്‍ക്കും ഉള്ള അത്ര ഓഹരി നിനക്ക് ഒറ്റയ്ക്ക് കിട്ടണ്ടതാണ്. എന്നിട്ട് പഠിപ്പിക്കാന്‍ കയ്യില്‍ പണൂല്യാന്ന് പറഞ്ഞ് കുട്ടീലേ നിന്നെ അന്യനാട്ടിലേക്ക് ആട്ടിവിട്ടു. നീ അവിടെ പണിചെയ്ത് സമ്പാദിച്ചത് മുഴുവന്‍ അമ്മയും മകനുംകൂടി ഓരോരോ ആവശ്യംപറഞ്ഞ് നിന്‍റേന്ന് തട്ടിപ്പറിച്ചു. നല്ലോണം ഒന്നാലോചിച്ച് നോക്ക്. നിനക്കുവേണ്ടി എന്തെങ്കിലും ഇവര് ചെയ്തിട്ടുണ്ടോ. അമ്മയ്ക്ക് അവനെ മാത്രേ ഇഷ്ടൂണ്ടായിരുന്നുള്ളു. എന്നെകൂടി അത് കുറച്ചേ ഉണ്ടായിരുന്നുള്ളു. ഭാഗത്തിന്‍റെ സമയത്ത് നിനക്ക് നല്ലസ്ഥിത്യല്ലേ, അവനല്ലേ ബുദ്ധിമുട്ട്, നീ നിന്‍റെ വീതത്തില്‍ കിട്ടുണ സ്വത്ത് അവന് കൊടുക്ക് എന്ന് അമ്മ എന്നോട് പറഞ്ഞിരുന്നു. വിശ്വേട്ടന്‍ അതിന്ന് എതിരൊന്നും പറഞ്ഞില്ല. എന്നാല്‍ നിനക്കുള്ളത് സൂത്രത്തില്‍ കൈക്കലാക്കാന്‍ നോക്കിയപ്പോള്‍ വിശ്വേട്ടന്‍ സമ്മതിച്ചില്ല. അങ്ങിന്യാണെങ്കില്‍ ഭാഗംനടക്കില്ല എന്ന് മൂപ്പര് പറഞ്ഞപ്പൊ നിവര്‍ത്തീല്യാതെ സ്വത്തില്‍ വലിയമ്മക്കും നിനക്കും ഉള്ളവീതം നിന്‍റെ പേരിലാക്കി. അത് നോക്കാന്‍ കിട്ടുണ്ണ്യെ എല്‍പ്പിച്ചില്ല. അല്ലെങ്കില്‍ അവന്‍ അതുംകൂടി ശാപ്പിട്ടിട്ടുണ്ടാവും. ഒരു മേസ്ത്ര്യേവെച്ച് ഞങ്ങള് നിന്‍റെ കൃഷി നടത്തിച്ചു. ചിലവൊക്കെ എഴുതിവെക്കും. കൊയ്ത് നെല്ല് വിറ്റാല്‍ ചിലവു കഴിച്ച് ബാക്കീള്ള പണം നിന്‍റെ പേരിലിടും. എന്നെങ്കിലും നീ വരുമ്പൊ ആ പണം എല്‍പ്പിക്കാലോ എന്ന് വിചാരിച്ചാണ് അതൊക്കെ ചെയ്തുവന്നത്. ആ വിദ്വാന്‍ തീരെ പാവാണ്. അതിനെ തെണ്ടാന്‍ വിടാന്‍ പാടില്ല എന്നാ വിശ്വേട്ടന്‍ പറയാറ്.
വേണുവിന് അതൊന്നും വലിയ കാര്യമായി തോന്നിയില്ല. എത്രയോപണം ഈ കൈകളിലൂടെ വന്നുപോയി. അന്നൊന്നും സ്വത്തിനോട് തോന്നാത്ത താല്‍പ്പര്യം ഇനിയിപ്പോള്‍ എന്തിനാണ്. കിട്ടുണ്ണി തന്നെ ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. വിദ്വേഷത്തിന്‍റെ കൊടുമുടി തന്‍റെ വാക്കുകള്‍കൊണ്ട് ഉരുകി തീര്‍ന്നാലോ. കരിഞ്ഞുപോയ സ്നേഹത്തിന്‍റെ നാമ്പുകള്‍ ഒരിക്കല്‍കൂടി തളിര്‍ത്താലോ. അതിന്ന് തയ്യാറെടുത്ത് വേണു പതുക്കെ പത്മിനിയെ ഓപ്പോളേ എന്നു വിളിച്ചു.
അദ്ധ്യായം - 23
''അപ്പൊ ആ കഴുവേറിടെ വക്കാലത്തും ആയിട്ടാണ്നീ വന്നത് അല്ലേ?'' കിട്ടുണ്ണിയോടുള്ള അലോഹ്യം മറക്കണമെന്ന് വേണു പറഞ്ഞതും പത്മിനി പ്രതികരിച്ചു''അവന് നേരിട്ടുവന്ന് എന്നോടിതു പറയാനുള്ള ധൈര്യൂല്യാ. ആട്ടി ഞാനവന്‍റെ കണ്ണുപൊട്ടിക്കും. അവനത് നന്നായിട്ടറിയാം. അപ്പോ ചീട്ടാളുക്കൊരു മൂട്ടാള് എന്നുപറഞ്ഞ് നിന്നെ ഇങ്ങോട്ടയച്ചു''.
തുടക്കത്തിലെ സംഗതികള്‍ പാളി എന്ന് വേണു മനസ്സിലാക്കി. ഓപ്പോളെ എങ്ങിനെയാണ് പറഞ്ഞ് സമാധാനിപ്പിക്കുക. കടുത്ത ദേഷ്യത്തിലാണ്. അവര്‍. അനുനയങ്ങളൊന്നും ഇവിടെ വിലപ്പോവില്ല. അനുജന്‍ ചതിയനും സ്വന്തംകാര്യം നോക്കുന്നവനും, വാക്കിന് വിലയില്ലാത്തവനും കീഴ്ക്കെട മറന്നുപെരുമാറുന്നവനും ആണെന്ന് പത്മിനി അവകാശപ്പെട്ടു. തലമറന്ന് എണ്ണതേക്കാന്‍ അവനെ കഴിച്ചേ ഈ ലോകത്തില്‍ ആളുള്ളു.
''നിനക്കെന്താ അവന്‍റെ കാര്യത്തിലിത്ര താല്‍പ്പര്യം''പത്മിനി ചോദിച്ചു'' പണക്കാരനായപ്പൊ അവന് നമ്മളെ കണ്ണില്‍ പിടിക്കുണില്ല. പെങ്ങളടെ മകനെ വേണ്ടാ. പക്ഷെ പെങ്ങളെ വേണം. അത് എന്തിനാന്ന് അറിയ്വോ നിനക്ക്''. വേണു അറിയില്ലെന്ന് സമ്മതിച്ചു.
''ഭാഗം കഴിഞ്ഞപ്പൊ എന്‍റെ കൃഷിഭൂമി ഞാനവന് ഒഴിമുറിവെച്ചു കൊടുത്തു''പത്മിനി പറഞ്ഞു''അമ്മ കെഞ്ചിപറഞ്ഞതോണ്ടാ ഞാനത് ചെയ്തത്. പക്ഷെ തറവാട്ടിലെ എന്‍റെ ഓഹരി ഞാന്‍ വിട്ടുകൊടുത്തില്ല. വല്ലപ്പോഴും അവിടെ കയറി ചെല്ലണച്ചാല്‍ അന്യനെപ്പോലെ പോണ്ടി വരില്ലേന്ന് വിശ്വേട്ടന്‍ അന്ന് പറഞ്ഞുതന്നത് എത്രനന്നായി''. ഇപ്പോള്‍ വേണുവിന്ന് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി. പെങ്ങള് കേസ്സിന്ന് പുറപ്പെട്ടാല്‍ ഇരിക്കുന്ന സ്ഥലത്തിന്‍റെ പകുതി കൊടുക്കേണ്ടിവരും ഈ നിലയില്‍ പെങ്ങളെ പിണക്കാതിരിക്കേണ്ടത് കിട്ടുണ്ണിയുടെ ആവശ്യമാണ്. അല്ലാതെ സ്നേഹം കൊണ്ടൊന്നുമാവില്ല.
''എനിക്ക് ഇതൊന്നും അറിയില്ലട്ടോ ഓപ്പോളേ''വേണു പറഞ്ഞു''പിന്നെ നിങ്ങള് ഒരുവയറ്റില്‍ കിടന്നോരല്ലേ. പിണങ്ങി നടക്കണ്ടാ എന്നേ ഞാന്‍ കരുതീട്ടുള്ളു''.
''അത് നിന്‍റെ മനസ്സിന്‍റെ ഗുണം. നല്ലതേ നിന്‍റെ മനസ്സില്‍ തോന്നൂ''. ഇപ്പോള്‍ ഈ വിഷയം സംസാരിക്കുന്നത് നിര്‍ത്തി പിന്നീട് നല്ലനേരംനോക്കി ഒന്നും കൂടി പറഞ്ഞുനോക്കാമെന്ന് വേണു കരുതി.
********************************************
ഉച്ചതിരിഞ്ഞതും സരോജിനി വേണുവിനെ കാണാന്‍ മനസാ ഒരുങ്ങി. അഞ്ചുമണി ആയിട്ടുവേണം അയ്യര്‍കുളത്തില്‍ച്ചെന്ന് മേല്‍ക്കഴുകി മന്ദത്ത് തൊഴുതിട്ട് വരാന്‍. ഏത് നേരത്താ വേണ്വോട്ടന്‍ വര്വാ എന്നറിയില്ലല്ലൊ.
അകത്തെ മുറിയിലെ മരത്തിന്‍റെ പെട്ടി തുറന്നുനോക്കി. കരമങ്ങിയ മൂന്ന് നാല് മുണ്ടുകളും വേഷ്ടികളും മാത്രമെ അതിനകത്തുള്ളു. അതെങ്ങിനെ, വല്ലപ്പോഴും തുണി വാങ്ങണ്ടേ. കഴിഞ്ഞ ഓണത്തിന്ന് മക്കുരാവുത്തരുടെ കയ്യില്‍നിന്നും കുറച്ചുതുണികള്‍ കടം വാങ്ങിയതാണ്. മാസം എട്ടൊമ്പത് കഴിഞ്ഞുവെങ്കിലും ഇനിയും അന്നുവാങ്ങിയകടം കൊടുത്തുതീര്‍ത്തിട്ടില്ല. അയാളൊരു സാധുമനുഷ്യനായതുകൊണ്ട് വീട്ടില്‍വന്ന് പണം ചോദിച്ചു ബുദ്ധിമുട്ടിക്കുന്നില്ല.
നല്ല കുറച്ചുതുണിത്തരങ്ങള്‍ വേണമെന്ന് സരോജിനിക്ക് ആഗ്രഹം തോന്നി. പറ്റിയാല്‍ കിളിപ്പച്ചനിറത്തില്‍ ഒരുസാരിയും. വേണ്വേട്ടന് ഇഷ്ടപ്പെട്ടനിറം കിളിപ്പച്ചയാണ്. കൂട്ടത്തില്‍ നല്ലതുനോക്കി ഒരുജോഡി വസ്ത്രം അവള്‍ പുറത്തെടുത്തുവെച്ചു. മേല്‍കഴുകിയിട്ട് മാറ്റാനാണ്.
രസം മങ്ങിതുടങ്ങിയ കണ്ണാടിയും ചീര്‍പ്പുമായി വീടിന്‍റെ പുറകിലേക്ക് ചെന്നു. അഴിച്ചിട്ട മുടിയിലൂടെ ചീര്‍പ്പ് ഓടിതുടങ്ങി. കൊഴിഞ്ഞ് ചീര്‍പ്പില്‍ കൊരുത്ത മുടികള്‍ ചുരുട്ടി മുണ്ടില്‍തിരുകി വെച്ചു. എത്രനീളത്തില്‍ മുടി ഉണ്ടായിരുന്നതാണ്. എല്ലാം പോയില്ലേ. മനസ്സില്‍ ഒരു തേങ്ങലുയര്‍ന്നു.
കണ്ണാടിയില്‍ നോക്കി മുടി നടുവെടുത്ത് ചീകി. അവിടവിടെ ഓന്നോരോ മുടിയിഴകള്‍ വെളുത്തു തുടങ്ങിയിരിക്കുന്നു. നെടുവീര്‍പ്പോടെ തന്‍റെ യൌവനം അവസാനിക്കാറായി എന്നവള്‍ ഓര്‍ത്തു. പാഴായിപ്പോയ ഒരു യൌവനം. ഈശ്വരന്‍ തനിക്ക് ഒരു ജീവിതം തരാന്‍ പോകുന്നത് വളരെ വൈകിയാണെന്ന് ഉള്ളിലൊരു തോന്നല്‍ ഉടലെടുത്തു.
കമ്പിനിയില്‍ അഞ്ചടിക്കുന്നതിന്നുമുമ്പ് സരോജിനി അയ്യര്‍കുളത്തിലേക്ക് പോവാനൊരുങ്ങി.
''നേരം ആയോ മേല്‍ കഴുകാന്‍ പോവാന്‍''നാണുനായര്‍ ചോദിച്ചു.
കുറച്ചു കഴിയുമ്പോഴേക്കും ഇടിയും മഴയും വന്നേക്കുമെന്നും അതിന്നു മുമ്പ് പോയി മേല്‍കഴുകി വന്നില്ലെങ്കില്‍ പിന്നെ പറ്റാതെ വരും എന്നും പറഞ്ഞ് സരോജിനി നടന്നു. കുളത്തിലെ വെള്ളത്തിന് ഇളംചൂട് തോന്നി. വേഗം വിഴുപ്പുവസ്ത്രങ്ങള്‍ തിരുമ്പിയെടുത്തു, മേല്‍കഴുകി മന്ദത്ത് എത്തിയപ്പോള്‍ ആരോ വിളക്കു വെച്ചിരിക്കുന്നു. നടക്കല്‍നിന്ന് നന്നായി തൊഴുതു. ദേവി തനിക്ക് വൈകാതെ ഒരു അഭയം തരുമെന്ന് സരോജിനി സ്വയം ആശ്വസിച്ചു.
സരോജിനി തിരിച്ചുവരുമ്പോള്‍ നാണുനായര്‍ മുറ്റത്ത് വടക്കോട്ടും നോക്കി നില്‍ക്കുകയാണ്. പാവം, വേണ്വോട്ടന്‍റെ വരവും കാത്തു നില്‍ക്കുകയാവും. ഇത്തിരി കഴിയുമ്പോഴെക്കും വേണ്വോട്ടന്‍ എത്തും, എത്താതിരിക്കില്ല. ഈറന്‍മാറ്റി ഭസ്മക്കുറി ഇടാന്‍ ഒരുങ്ങിയപ്പോഴാണ്, കുങ്കുമംതൊട്ടാലോ എന്ന തോന്നലുണ്ടായത്.
''മഴ പെയ്യുംന്ന്തോന്നുണില്യ, ഞാന്‍ പോയി മന്ദാടിയാരെ ഒന്ന് കണ്ടിട്ട് വരട്ടെ മോളേ''കുങ്കുമചെപ്പ് തിരയുമ്പോള്‍ പുറത്തുനിന്നും അച്ഛന്‍ പറയുന്നതുകേട്ടു.
''അച്ഛന്‍ പോയനേരത്ത് വേണ്വോട്ടന്‍ വന്നാലോ''സരോജിനി ചോദിച്ചു.
''ഇന്നുണ്ടാവില്ല''നാണുനായര്‍ പറഞ്ഞു''അവന്‍ നാല് ദിവസത്തേക്ക് പത്മിനിയമ്മടെ വീട്ടിലേക്ക് പോയി. വന്നിട്ട് ഇങ്ങോട്ട് ഇറങ്ങാന്ന് പറഞ്ഞിട്ടുണ്ട്''.
സരോജിനിക്ക് അച്ഛനോട് ഈര്‍ഷ്യതോന്നി. ഈ വിവരം എന്തേ കല്‍പ്പിച്ചു കൂട്ടി മറച്ചുവെച്ചു. കാത്തിരുന്നതെല്ലാം വെറുതെയായി. കുങ്കുമചെപ്പ് തിരയുന്നതുനിര്‍ത്തി. ഒരുനുള്ള് ഭസ്മം എടുത്ത് അവള്‍ നെറ്റിയില്‍തൊട്ടു.
***************************
വൈകുന്നേരം അഞ്ചര ആയപ്പോഴേക്ക് മുറ്റത്ത് ഒരു കാറ് വന്നുനിന്നു. പത്മിനി അകത്തുനിന്നും ഇറങ്ങിവന്നു. അവര്‍ ഒരുങ്ങിപുറപ്പെട്ടിട്ടുണ്ട്.
''വേഗം പോയി കയ്യും കാലും മുഖൂം കഴുകി വേഷം മാറ്റ്''എന്നവര്‍ വേണുവിനോട് പറഞ്ഞു. വേണു മിഴിച്ചുനിന്നു.
''എന്താ നോക്കിക്കൊണ്ട് നില്‍ക്കുണത്. അമ്പലത്തിലിക്ക് പോവാനാ'' അതുകേട്ടതോടെ വേണുവും ഒരുങ്ങി.
ഡ്രൈവര്‍ പിന്നിലെ വാതില്‍ തുറന്നുകൊടുത്തു. പത്മിനി കയറി ഒരു വശത്തേക്ക് നീങ്ങി. വേണുവിനോട് അതേ സീറ്റിലിരിക്കാന്‍ പറഞ്ഞു. വണ്ടി നീങ്ങിത്തുടങ്ങി.
''എപ്പൊഴാ മടങ്ങി ചെല്ലാന്‍ പറഞ്ഞിരിക്കുണത്''പത്മിനി ഡ്രൈവറോട് ചോദിച്ചു.
''സാറ് ചെറിയ സാറിന്‍റെകൂടെ വന്നോളും. അമ്മടെ ആവശ്യം കഴിഞ്ഞ് കാറ് ഷെഡ്ഡിലിട്ട് പൊയ്ക്കൊള്ളാന്‍ പറഞ്ഞു''അയാള്‍ അറിയിച്ചു
അമ്പലത്തിലേക്കുള്ള റോഡിലേക്ക് തിരിയുന്നതിന്നുമുമ്പുള്ള ജങ്ഷനില്‍ കാറുനിര്‍ത്താന്‍ പത്മിനി ഡ്രൈവറോട് ആവശ്യപ്പെട്ടു. വണ്ടിയില്‍നിന്ന് ഇറങ്ങുമ്പോള്‍ അവര്‍ വേണുവിനോട് കൂടെചെല്ലാന്‍ ആവശ്യപ്പെട്ടു. ഒരു തുണിക്കടയിലേക്കാണ് അവര്‍ ചെന്നത്. എന്താണ് വാങ്ങുന്നതെന്ന് വേണു ശ്രദ്ധിച്ചു.
''ഭഗവതിക്ക് ചാര്‍ത്താനുള്ള പട്ടുവേണം''പത്മിനി സെയില്‍സ്മാനോട് പറഞ്ഞു.
''ഇത് എന്തിനാണെന്ന് നിനക്കറിയ്വോ''പണംകൊടുത്ത് സാധനം വാങ്ങി കടയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ പത്മിനി വേണുവിനോടു ചോദിച്ചു. ഓപ്പോളുടെ മുഖത്തേക്ക് അയാള്‍ ചോദ്യഭവത്തില്‍ നോക്കി
''സത്യം പറയാലോ, കുറച്ചായി നിന്നെ കാണണംന്ന് മനസ്സിലൊരു മോഹം. നിനക്കുവേണ്ടി ഞങ്ങളാരും ഒന്നും ചെയ്തില്ലല്ലോ എന്ന കുറ്റബോധൂം മനസ്സിലുണ്ട്. ഒന്ന് മദിരാശിവരെ പോയിട്ടുവന്നലോ എന്ന് പല പ്രാവശ്യം ഞാന്‍ വിശ്വേട്ടനോട് ചോദിച്ചിട്ടുണ്ട്. അയാളടെ മനസ്സിലുള്ളത് എന്താന്നറിയാതെ പോയിട്ടെന്താ ചെയ്യാ എന്നുമറുപടി പറയും. നിന്നെ എന്‍റെ മുമ്പിലെത്തിച്ചാല്‍ ഭഗവതിക്ക് പട്ടുചാര്‍ത്താന്ന് കഴിഞ്ഞ ചൊവ്വാഴ്ച നേര്‍ന്നതേ ഉള്ളു. ഇന്ന് മുപ്പട്ട് വെള്ളിയാഴ്ചതന്നെ ഭഗവതി നിന്നെ എന്‍റെ അടുത്തെത്തിച്ചു''. പത്മിനിയുടെ വാക്കുകള്‍കേട്ട് വേണു കോരിത്തരിച്ചു. ഈ ലോകത്ത് തന്നെ സ്നേഹിക്കാനും ആളുണ്ട് എന്ന തോന്നല്‍ അയാളുടെ മനസ്സില്‍ ചലനങ്ങളുണ്ടാക്കി. പാവാടക്കാരിയായ ചേച്ചിയുടെ നിഴലായി നടന്ന വള്ളിട്രൌസറിട്ട ബാലനായി അയാള്‍ മാറി. അമ്പലത്തില്‍ വലിയ തിരക്കൊന്നുമില്ല. പുതുമഴയില്‍ മുളച്ച പുല്ല് തിരുമുറ്റത്തില്‍ പരവതാനി വിരിച്ചിരുന്നു. ചുറ്റുവിളക്കുകളില്‍നിന്ന് ഒഴുകിവീണ എണ്ണയും കരിയും ചുവരിനെ പൊയ്മുഖം അണിയിച്ചിട്ടുണ്ട്. ഷര്‍ട്ടഴിച്ച് കൈത്തണ്ടയില്‍ തൂക്കി പത്മിനിയോടൊപ്പം വേണു അകത്തേക്ക് കടന്നു. ദീപാരാധന തുടങ്ങുന്നതേയുള്ളു. പത്മിനി പട്ട് നടക്കല്‍ വെച്ചു, ഒപ്പം കയ്യില്‍ സൂക്ഷിച്ച എണ്ണകുപ്പിയും ചന്ദനത്തിരികളും.
''തിരുമേനി, ഒരു പുഷ്പാഞ്ഞലി കഴിക്കണം. വേണുഗോപാലന്‍. ഉത്രം നക്ഷത്രം''പത്മിനി പറഞ്ഞു''പിന്നെ പതിനൊന്നുദിവസം ഇതേപേരില് കടുമധുരം പായസൂം പുഷ്പാജ്ഞലിയും നെയ് വിളക്കും കഴിക്കണം. പ്രസാദം വാങ്ങാനൊന്നും ആരും വര്വേണ്ടാവില്ല. അത് ഇവിടെ വരുണ കുട്ടികള്‍ക്ക് കൊടുത്തോളു. അവരത് കഴിച്ച് സന്തോഷിച്ചാല്‍ ദേവി അനുഗ്രഹിച്ചോളും''.
തൊഴുതിറങ്ങുമ്പോഴേക്കും ഇരുട്ടു പരന്നുകഴിഞ്ഞിരുന്നു. ആകാശം നനഞ്ഞുകുതിര്‍ന്ന കാര്‍മേഘങ്ങളിലെ വെള്ളം പിഴിഞ്ഞുകളയാന്‍ തുടങ്ങി. പുറത്ത് ഡ്രൈവര്‍ കുടയുമായി കാത്ത് നില്‍പ്പുണ്ട്. ഒരുകുടക്കീഴില്‍ ആങ്ങളയും പെങ്ങളും കാറിനടുത്തേക്ക് നീങ്ങി.
അദ്ധ്യായം - 24.
പത്മിനിയും വേണുവും വീടെത്തുമ്പോഴേക്കും വക്കീലും മകനും എത്തിയിരുന്നു. മുറ്റത്ത് കാര്‍ കണ്ടതേ ''എന്താപ്പോ അച്ഛനും മകനും ഇത്രനേരത്തെ എത്ത്യേത്''എന്ന് പത്മിനി അത്ഭുതപ്പെട്ടു. വിശ്വേട്ടന്‍ ചാരുകസേലയില്‍ കിടക്കുന്നു. മകന്‍ അടുത്തൊരുകസേലയില്‍ പത്രം വായിച്ചിരിപ്പാണ്.
''താന്‍ വന്നതല്ലേ എന്നുകരുതി വന്ന ആളുകളെ ഓരോന്നൊക്കെ പറഞ്ഞ് മടക്കി അയച്ചിട്ട് വരുമ്പൊ പെങ്ങളും ആങ്ങളീംകൂടി സര്‍ക്കീട്ട് പോയി അല്ലേ''വക്കീല്‍ ചോദിച്ചു.
''കാറയയ്ക്കാന്‍ ഫോണ്‍ചെയ്തപ്പൊ വേണുവന്നതും അമ്പലത്തില്‍ പോണകാര്യൂം ഞാന്‍ പറഞ്ഞല്ലോ''പത്മിനി പറഞ്ഞു.
''അറിയിച്ചില്ലാന്ന് ഞാന്‍ പറഞ്ഞില്ലല്ലോ''വക്കീല്‍ അതിനെപ്പറ്റി കൂടുതല്‍ പറയാന്‍ നിന്നില്ല. ആണുങ്ങള്‍ വിശേഷങ്ങള്‍ പങ്കിടുമ്പോള്‍ പത്മിനി വസ്ത്രം മാറ്റി ട്രേയില്‍ ചായകപ്പുകളുമായി കടന്നുവന്നു.
''എന്തിനാ ഉണ്ണാന്‍ നേരത്തൊരു ചായ''വക്കീല്‍ ചോദിച്ചു.
''നമുക്ക് ഇത്തിരി വൈകീട്ട് ഉണ്ണാം''പത്മിനി പറഞ്ഞതോടെ എല്ലാവരും അതെടുത്തു.
''എന്താ ഇനി തന്‍റെ ഉദ്ദേശം''വക്കീല്‍ ചോദിച്ചു''ഇനീം ദേശാന്തരം മതി എന്നുവെച്ച് വല്ല നാട്ടിലും ചെന്ന് കിടക്കാനാണോ അതൊ സ്വസ്ഥായിട്ട് ഒരുഭാഗത്ത് കൂടാനാണോ ഭാവം''.
മദിരാശിയിലേക്ക് ഇനി തിരിച്ചു പോവുന്നില്ലെന്നും നാട്ടില്‍ത്തന്നെ കൂടാനാണ് തന്‍റെ ഉദ്ദേശം എന്നും വേണു പറഞ്ഞപ്പോള്‍ അതെതായാലും നന്നായി എന്ന് വക്കീല്‍ അഭിപ്രായപ്പെട്ടു. അത്താഴംകഴിഞ്ഞ് പൂമുഖത്ത് എല്ലാവരും ഇരുന്നു.
''പത്മിന്യേ, നമുക്ക് ഇയാളടെ കാര്യത്തില്‍ ചില തീരുമാനങ്ങളൊക്കെ എടുക്കണം''വക്കീല്‍ പറഞ്ഞു''വേണൂന് ഒന്നും ചെയ്തില്ല എന്നൊരു ഈഷല് തന്‍റെ മനസ്സിലുണ്ടല്ലോ, അത് തീര്‍ക്കാന്‍പറ്റ്യേ അവസരാണ് ഇത്''. തന്‍റെ ജീവിതം ഒരുകടവിലേക്ക് അടുപ്പിക്കുന്നതിന്നുള്ള രൂപരേഖ തയ്യാറാക്കുന്നത് വേണു നിസ്സംഗതയോടെ നോക്കിയിരുന്നു.
''ഒക്കെ വിശ്വേട്ടന്‍ നിശ്ചയിച്ചാ മതി. എന്നേക്കാള്‍ വിവരം വിശ്വേട്ടന്ന് ഉണ്ടല്ലോ''പത്മിനി ഉത്തരവാദിത്വം ഭര്‍ത്തവിനെ ഏല്‍പ്പിച്ചു.
''അതേയ്, നമ്മള് എന്തെങ്കിലും പദ്ധതി ആസൂത്രണം ചെയ്യുണതിന്ന് മുമ്പ് തന്‍റെ ആങ്ങള ഇയാളടെ കാര്യത്തില്‍ എന്തെങ്കിലും കണ്ടിട്ടുണ്ടോന്ന് അറിയണ്ടേ''വിശ്വേട്ടന്‍ പറഞ്ഞു''പണ്ടേ അതിബുദ്ധീള്ള ആളല്ലേ''.
''ഓ, അങ്ങിന്യോന്നും ഉണ്ടാവില്യാന്നേ''പത്മിനി പറഞ്ഞു''കിട്ടുണ്ണിക്ക് അവന്‍റെ ഒറ്റകാര്യേള്ളു. ഇവന് എന്തായാല്‍ അവനെന്താ?''
''എന്നാലും അന്വേഷിച്ചുന്നേ ഉള്ളു''
''നിന്‍റെ കാര്യത്തില്‍ അവന്‍ വല്ല അഭിപ്രായം പറയുണ്ടായോ''പത്മിനി വേണുവിനോട് ചോദിച്ചു.
തനിക്ക് ഒരുവിവാഹബന്ധം കിട്ടുണ്ണി കണ്ടെത്തിയതും, അതു നടന്നാല്‍ തന്‍റെ പേരില്‍ ഒരു ഹൈസ്കൂള്‍ കിട്ടുമെന്ന് പറഞ്ഞതും, മാനേജരായി കിട്ടുണ്ണി സ്കൂള്‍ നോക്കിനടത്താമെന്ന് പറഞ്ഞതും വേണു വിവരിച്ചു. വിശ്വേട്ടന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു.
''ഞാന്‍ അപ്പോഴും പറഞ്ഞില്ലേ തന്‍റെ ആങ്ങള എന്തെങ്കില്വോക്കെ കണ്ടു വെച്ചിട്ടുണ്ടാവുംന്ന്''അയാള്‍ പറഞ്ഞു''കുറുക്കന്‍ ചത്താലും അതിന്‍റെ കണ്ണ് കോഴിക്കൂട്ടില്‍തന്നെ എന്നുപറയുണത് വെറുതേല്ല''.
''എന്നിട്ട് നീയെന്താ പറഞ്ഞത്''പത്മിനി ചോദിച്ചു''ശരീന്ന് സമ്മതിച്ചൊ''. താന്‍ അഭിപ്രായമൊന്നും പറഞ്ഞില്ലെന്ന് വേണു അറിയിച്ചു.
''നോക്ക്വാ ആ കള്ളന്‍റെ ഒരുബുദ്ധി''പത്മിനി പറഞ്ഞു''ഇത്രകാലം ഇവന്‍ കഷ്ടപ്പെട്ട് സമ്പാദിച്ചത് മുഴുവന്‍ ഓരോന്ന് പറഞ്ഞ് തട്ടിപ്പറിച്ചു. ഇപ്പൊ ഏട്ടനെ വിറ്റ് സ്കൂള്‍ കൈക്കലാക്കണം''ഒന്നുനിര്‍ത്തി അവര്‍ തുടര്‍ന്നു'' എന്തിനാ അവനെ കുറ്റംപറയുണത്. ഇവന്‍റെ കൊള്ളരുതായ്മകൊണ്ടല്ലേ. അവന് ബോദ്ധിച്ചതൊക്കെ ചെയ്യുന്ന്. സ്വന്തംകാര്യം നോക്കാന്‍ പ്രാപ്തി ഇല്ലാത്തോനാ ഇവന്‍''.
''താനെന്തിനാ ഇയാളെ കുറ്റം പറയുന്നത്''വിശ്വേട്ടന്‍ പറഞ്ഞു''നിങ്ങളടെ കുടുംബത്തില്‍ മനസ്സാക്ഷീള്ള ഒരേ ഒരാള്‍ ഇയാള്‍ മാത്രമാണ്. കല്യാണം കഴിഞ്ഞ അന്നുമുതല്‍ ഞാന്‍ കാണാന്‍ തുടങ്ങ്യേതല്ലേ എല്ലാരേം''.
''നീ കല്യാണം കഴിക്ക്വേ, സ്കൂള്‍ വാങ്ങ്വേ, എന്ത് വേണച്ചാലും ചെയ്തോ'' പത്മിനി പറഞ്ഞു''പക്ഷെ ഒരുകാര്യം ഞാന്‍ പറയാം, അവനെ വിശ്വസിച്ച് സ്കൂളെങ്ങാനും അവന്‍റെകയ്യില്‍ ഏല്‍പ്പിച്ചാല്‍ നിന്‍റെകാര്യം അധോഗതീം വെള്ളിയാഴ്ചീം ഒന്നിച്ചാവും''. കല്യാണം കഴിക്കുന്ന കാര്യം താന്‍ ഒട്ടും ചിന്തിച്ചിട്ടില്ലെന്ന് വേണു പറഞ്ഞു.
''പിന്നെന്താ ജീവിതകാലം മുഴുവന്‍ സന്യസിക്കാനാണോ നിന്‍റെ ഭാവം. സ്നേഹിച്ച ഒരുത്തി മരിച്ചൂന്ന് വെച്ചിട്ട്''
''എല്ലാം അറിഞ്ഞിട്ട് താന്‍ ഇയാളെ കുറ്റപ്പെടുത്ത്വാ''പത്മിനി അത്രയും പറയുമ്പോഴെക്കും ഭര്‍ത്താവ് ഇടപെട്ടു.
''ഒക്കെ ഓരോ യോഗാണ്''പത്മിനി പറഞ്ഞു''നിന്‍റെ മോഹം എന്‍റടുത്ത് പറയായിരുന്നു. അത് ചെയ്തില്ല. ആരോടും ഒന്നുംപറയാതെ എല്ലാം നീ മനസ്സില്‍ കൊണ്ടുനടന്നു''.
''സത്യം പറയാലോ വേണൂ, താനും മാലതിയും തമ്മിലുള്ള അടുപ്പം ഞാന്‍ അറിഞ്ഞിരുന്നില്ല. അല്ലെങ്കില്‍ മാധവന്‍ നായരോട് സംസാരിച്ച് ഞാനത് നടത്തി തന്നേനെ''വക്കീലും പറഞ്ഞു. കുറച്ചുനേരത്തേക്ക് ആരും ഒന്നും പറഞ്ഞില്ല.
''അതു പറഞ്ഞിട്ട് കാര്യൂല്യാ. ഇനി മേലാലിക്ക് എന്താ വേണ്ടത് എന്ന് ചിന്തിക്ക്യാ. വിശ്വേട്ടന്‍ കാര്യങ്ങള് പറയട്ടെ''.
ഭാഗപ്രകാരംകിട്ടിയ പത്തിരുപത്തഞ്ച്പറ നെല്‍കൃഷിയും, ചെറിയൊരു തെങ്ങിന്‍ തോട്ടവും, കളപ്പുരയും വേണുവിന്‍റെ പേരിലുണ്ടെന്നും, അതില്‍ നിന്ന് ഇതുവരെകിട്ടിയ ആദായം ബാങ്കില്‍ ഇട്ടിട്ടുണ്ടെന്നും ഇനി അതെല്ലാം നോക്കിനടത്തി ഒരിടത്ത് കഴിഞ്ഞുകൂടാമെന്നും വക്കീല്‍ വേണുവിനോട് പറഞ്ഞു.
''ഒരുകാര്യം ഇപ്പൊതന്നെ ഞാന്‍ പറയാം''പത്മിനി ഇടപെട്ടു''ഇത്രകാലം നിന്‍റെ മുതല് അന്യാധീനപ്പെടാതെ ഞങ്ങള് നോക്കിനടത്തി. ഇനി കയ്യില്‍ കിട്ട്യേതും ആ കള്ളനെ ഏല്‍പ്പിച്ചുക്കൊടുത്ത് നീ ദീവാളി കുളിക്കണ്ടാ. ജീവിച്ചിരിക്കുണേടത്തോളം കാലം ഞാനതിന്ന് സമ്മതിക്കില്ല''. തന്‍റെകൂടെ കഴിഞ്ഞൊള്ളാന്‍ കിട്ടുണ്ണി പറഞ്ഞതായി വേണു വെളിപ്പെടുത്തി.
''അതൊക്കെ എന്തോ ലാക്ക് കണ്ടിട്ടാണ്. അല്‍പ്പം ഇഷ്ടക്കേട് തോന്ന്യാല്‍ മതി, അവന്‍ നിന്നെ അടിച്ചിറക്കും. ഓര്‍മ്മവെച്ചോ''പത്മിനി പറഞ്ഞു'' നിനക്ക്എന്‍റെകൂടെ ഇവിടെ നിക്കാലോ. വിശ്വേട്ടന് അതൊരു സഹായം ആവും ചെയ്യും''. തന്‍റെ ജീവിതം ഏതെല്ലാമോ വഴികളിലൂടെ ഒഴുകാന്‍ തുടങ്ങുന്നതായി വേണുവിന് തോന്നി.
''ഇനി നമുക്ക് നാളെരാവിലെ സംസാരിക്കാം''പത്മിനി പറഞ്ഞു''വേണു ദാ ഉറക്കം തൂങ്ങാന്‍ തുടങ്ങി, അല്ലെങ്കിലും അത്താഴം ഉണ്ടിട്ട് ഒരുകാര്യം നിശ്ചയിച്ചാല്‍ അക്കാര്യം നാടക്കില്ലാന്നാ പഴമക്കാര് പറയാറ്''. കാര്യം ശരിയാണ്. ഉറക്കം കണ്‍പോളകളില്‍ ഇടംതേടി കഴിഞ്ഞു.
''എന്നാല്‍ അങ്ങിനെ ചെയ്യേല്ലേ''എന്നു പറഞ്ഞ് വക്കീലും എഴുന്നേറ്റു. രാവിലെ കാണിച്ച മുറിയിലേക്ക് വേണുചെന്നു. സ്ഥലംമാറി കിടന്നാല്‍ ഉണ്ടാവുന്ന ഉറക്കക്കുറവൊന്നും അയാള്‍ക്ക് തോന്നിയില്ല. പതിവിലും നന്നായി വേണു ഉറങ്ങി
***************************************
ഉച്ചഭാഷിണിയിയിലൂടെ ഒഴുകിയെത്തിയ ഭക്തിഗാനം കേട്ട് ഉണര്‍ന്നു. അധികം ദൂരെയല്ലാത്ത ശിവക്ഷേത്രത്തില്‍നിന്നാണ് അത്. മുമ്പൊരിക്കല്‍ അവിടെപോയ ഓര്‍മ്മയുണ്ട്. ഭഗവാനെ ഒന്നുചെന്ന് തൊഴുതാലോ എന്ന് മനസ്സില്‍ തോന്നി. പെട്ടെന്ന് പല്ലുതേപ്പും കുളിയും കഴിച്ച് ഉമ്മറത്തെത്തി. വിശ്വേട്ടന്‍ പത്രംനോക്കി ഇരിക്കുന്നു.
''അല്ലാ, താന്‍ എങ്ങട്ടാ കാലത്ത് ഇത്രനേരത്തെ ഒരുങ്ങി പുറപ്പെട്ടിട്ട്'' അയാള്‍ വേണുവിനോട് ചോദിച്ചു.
''അമ്പലത്തില്‍ തൊഴാനാണ്''വേണു മറുപടിനല്‍കി.
''അതു നന്നായി, തന്നോട് ചിലകാര്യങ്ങള്‍ പറയാനുണ്ട്''വക്കീല്‍ പറഞ്ഞു ''ഇനി തൊഴുത് വന്നിട്ടാകാം അതൊക്കെ''. വക്കീലിന്നുള്ള ചായയുമായി പത്മിനി എത്തി.
''നീ എഴുന്നേറ്റതറിഞ്ഞില്ല. ഇരിക്ക് ചായ കൊണ്ടുവരാം''അവര്‍ പറഞ്ഞു
''ഇപ്പൊ വേണ്ടാ. തൊഴുതുവന്ന ശേഷമാകാം''വേണു അമ്പലത്തിലേക്ക് പോവാനൊരുങ്ങി. പത്മിനി അയാള്‍ക്ക് വഴി പറഞ്ഞുകൊടുത്തു.
പൂജക്കാരന്‍ ഒരുവൃദ്ധനാണ്. തീര്‍ഥവും പ്രസാദവും നല്‍കി. നടക്കല്‍ ദക്ഷിണയായി വെച്ച പണത്തില്‍ തൊട്ട് അദ്ദേഹം വേണുവിന്‍റെ നേരെ കൈകള്‍ ഉയര്‍ത്തി ആശീര്‍വദിച്ചു.
''എവിടുന്നാ, ആരാന്ന് മനസ്സിലായില്ല, മുമ്പ് കണ്ട ഓര്‍മ്മ തോന്നുണില്യാ'' അദ്ദേഹം പറഞ്ഞു. താന്‍ ആരാണെന്ന് വേണു അറിയിച്ചു. വിശ്വേട്ടന്‍റെ പേര് കേട്ടതും തിരുമേനി അകത്തേക്കുനോക്കി ഒന്നുതൊഴുതു. ''ശംഭൊ, മഹാദേവാ'' അയാള്‍ ഉറക്കെ വിളിച്ചു.
ക്ഷേത്രത്തില്‍ നടവരവ് തീരെ ഇല്ലെന്നും, പൂജ മുടങ്ങാതെ നടക്കുന്നത് വക്കീലിന്‍റെ ഔദാര്യംകൊണ്ടാണെന്നും, മാസംതോറും തനിക്ക് ശമ്പളം തരുന്നത് അദ്ദേഹമാണെന്നും, തിരുമേനി പറഞ്ഞു. പൂജ കഴിഞ്ഞിട്ടേ പോകാവൂ എന്നുപറഞ്ഞ് അദ്ദേഹം ശ്രീകോവിലിലേക്ക് കയറി.
തൊഴാന്‍ ആളില്ലെങ്കിലും പൂജ വിസ്തരിച്ചുതന്നെയാണ്. ഇങ്ങോട്ടു വരുമ്പോള്‍ വേഗം തിരിച്ചുചെല്ലാമെന്നാണ് കരുതിയിരുന്നത്. ഇനി നട തുറന്നേ പോകാനാവൂ. സമയം ഇഴഞ്ഞുനീങ്ങി. ശ്രീകോവിലിന്നു മുമ്പില്‍ വേണു കൈകൂപ്പി കാത്തുനിന്നു. തിരിച്ചെത്തുമ്പോള്‍ വക്കീലാപ്പീസിന്നു മുന്നില്‍ ധാരാളം ആളുകള്‍. മരുമകനും വിശ്വേട്ടനും കക്ഷികളുമായി കേസുകാര്യങ്ങള്‍ ആലോചിക്കുകയാണ്. വേണു അകത്തേക്ക് ചെന്നു.
''നെന്നേം കാത്ത് ഇത്തറനേരം വിശ്വേട്ടന്‍ ഇരുന്നു''പത്മിനി പറഞ്ഞു ''കോടതീല് ചെല്ലുണതിന്നുമുമ്പ് വന്ന ആളുകള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാനുള്ളതാണ്. ഇനി അയാളെ കാത്തിരുന്നാല്‍ പറ്റില്ല എന്നുപറഞ്ഞ് ദാ ഇപ്പൊ എറങ്ങ്യേതേ ഉള്ളു''.
ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ പത്മിനി തീരുമാനങ്ങള്‍ വിശദീകരിച്ചു. ഇനിമുതല്‍ വേണു കൃഷിസ്ഥലത്ത് ഇടയ്ക്കൊക്കെ ചെല്ലണം. എപ്പോഴും പണിക്കാരോടൊപ്പം നില്‍ക്കണമെന്നല്ല. കാര്യസ്ഥന്‍ രാമന്‍നായരെ ഒഴിവാക്കുകയൊന്നുമില്ല. അയാള്‍ എല്ലാം നോക്കി നടത്തിക്കോളും. ഉടമസ്ഥനായിട്ട് വല്ലപ്പോഴും ചെന്നാല്‍ മതി. ഒരു കളപ്പുരയുള്ളത് പനമ്പട്ട മേഞ്ഞതാണ്. അതുമാറ്റി ഓടാക്കിക്കും. അത്യാവശ്യം സൌകര്യങ്ങളും അവിടെ ഉണ്ടാക്കും. വല്ലപ്പോഴും ഒന്ന് നടുചായ്ക്കണമെന്ന് തോന്ന്യാല്‍ ദൂരെപോകാതെ കഴിഞ്ഞല്ലോ. നാളെ വിശ്വേട്ടന്ന് ഒഴിവാണ്. മഴപെയ്ത് പുഴേല് വെള്ളംകൂടീലെങ്കില്‍ എല്ലാര്‍ക്കൂംകൂടി അവിടേല്ലാം ഒന്നുചെന്ന് നോക്കീട്ട് വരാം. വേണു എല്ലാം മൂളികേട്ടു.
അദ്ധ്യായം - 25.
പിറ്റേന്നുതന്നെ വേണുവിന്‍റെ കൃഷിയും സ്ഥലങ്ങളും നോക്കികാണാന്‍ വിശ്വനാഥന്‍ വക്കീലും പത്മിനിയമ്മയും വേണുവും ഡ്രൈവറുംകൂടി ചെന്നു. കാര്യസ്ഥന്‍ രാമന്‍നായരോട് വൈകുന്നേരംതന്നെ പറഞ്ഞ് ശട്ടം കെട്ടിയിരുന്നു. പുഴവക്കത്ത് കാറുനിര്‍ത്തി എല്ലാവരും ഇറങ്ങി.
''മുട്ടിന്ന് മേപ്പട്ട് വെള്ളൂണ്ട്''അവിടെ കാത്തുനിന്ന രാമന്‍നായര്‍ പറഞ്ഞു.
''എന്നാല്‍ ഞാന്‍ വരുണില്യാ''പത്മിനി ഒഴിവാകാന്‍ നോക്കി.
''അതൊന്നും സാരൂല്യാടോ, താനും വരൂ''വക്കീല്‍ നിര്‍ബന്ധിച്ചതോടെ പത്മിനിയും പുഴയിലേക്കിറങ്ങി.
മുളച്ചുവന്ന നെല്‍ചെടികള്‍ മണ്ണിനെ പച്ചച്ചേല ഉടുപ്പിച്ചിരിക്കുന്നു. എല്ലാ വയല്‍വരമ്പുകളും ചെത്തിവൃത്തിയാക്കിയിട്ടുണ്ട്. ആകപ്പാടെ കാണാന്‍ ഒരു ഐശ്വര്യം തോന്നി.
''ഇന്നെന്താ പണ്യോന്നും ഇല്ലേ''പത്മിനി ചോദിച്ചു.
കര്‍ഷകതൊഴിലാളികളുടെ സമ്മേളനം ആയതിനാല്‍ പണിക്കാരെല്ലാം അതിന്ന് പോയിരിക്കുകയാണെന്ന് രാമന്‍നായര്‍ അറിയിച്ചു. വേണുവിന്ന് അത്ഭുതംതോന്നി. കൃഷിപ്പണിക്ക് വരുന്നവര്‍ക്കും സംഘടനയും ജാഥയും സമ്മേളനവും ഒക്കെയുണ്ടെന്ന് അയാള്‍ ആദ്യമായി അറിയുകയാണ്.
''ആരാ ഇപ്പൊ പണിക്കാരടെ തലവനായിട്ട്''വക്കീല്‍ ആരാഞ്ഞു.
''ചാമീന്ന് പേരുള്ള ഒരുവിദ്വാനുണ്ട്''രാമന്‍ നായര്‍ പറഞ്ഞു''ഇങ്കിട്ട് വിളിച്ചാല്‍ അങ്കിട്ട് പോകും. അത്ര നല്ലസ്വഭാവം. കള്ളു കുടിക്കാനും തമ്മില്‍തല്ല് കൂടാനും മാത്രേ അവന് നേരൂള്ളൂ''ഒന്ന് നിര്‍ത്തി അയാള്‍ തുടര്‍ന്നു''ഞാന്‍ കൂട്ടിപറയ്യാണെന്ന് തോന്നരുത്. മുതലാളിമാര് ഇങ്കിട്ട് വരുണുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പൊ, അതിനെന്താ ഞാന്‍ മോര് പാര്‍ന്ന് നാലുതിരീട്ടവിളക്ക് കത്തിച്ച് കൂട്ടിക്കോണ്ടുവരാന്‍ നിക്കണോന്നാ ആ വിദ്വാന്‍ തിരിച്ച് ചോദിച്ചത്''
എത്രയോ കാലങ്ങള്‍ക്കുശേഷം വേണു പാടങ്ങള്‍ മുഴുവനും ചുറ്റിക്കണ്ടു, അതും തികഞ്ഞ നിസ്സംഗതയോടെ. തനിക്കുമാത്രം അവകാശപ്പെട്ടവയാണ് അവയെല്ലാം എന്ന തോന്നല്‍ അയാളില്‍ ഉണ്ടായില്ല. ഒരു കാഴ്ചക്കാരനെ പോലെ അയാള്‍ എല്ലാവരുടേയും ഒപ്പം നടന്നു.
''ഇതൊക്കെ നിന്‍റെ മുതലാണ്''പത്മിനി അയാളോട് പറഞ്ഞു''ഞങ്ങള്‍ വെറും നോക്കിനടത്തിപ്പുകാരാണ്''.
''എനിക്കെന്തിനാ ഓപ്പോളേ ഇതൊക്കെ''വേണു താല്‍പ്പര്യരാഹിത്യം പ്രകടിപ്പിച്ചു.
''ഇതാ ഇപ്പോ നന്നായത്, അവനവന്‍റെ സ്വത്ത് എന്തിനാണെന്ന് ഒരാള് പറയുണത് ആദ്യായിട്ടാണ് ഞാന്‍ കേള്‍ക്കണത്. ഇതെങ്ങാനും ആ കിട്ടുണ്ണി കേള്‍ക്കണം, ഇരുചെവി അറിയുംമുമ്പ് അവനിതൊക്കെ കൈക്കലാക്കും'' പത്മിനി പറഞ്ഞു .
നിറയെ കായ്ച്ചുനില്‍ക്കുന്ന തെങ്ങുകളും, ഇടയ്ക്കോരോ കവുങ്ങും വേലിയോരത്ത് പലവിധത്തിലുള്ള ഫലവൃഷങ്ങളും ഒക്കെക്കൂടിയുള്ള തോട്ടം വേണുവിന്‍റെ കണ്ണ് കുളിര്‍പ്പിച്ചു. ഇതെല്ലാം നോക്കി എത്രനേരം വേണമെങ്കിലും രസിച്ചിരിക്കാമെന്ന് വേണു ചിന്തിച്ചു. തോട്ടത്തില്‍ നിന്നും ഇറങ്ങി അവര്‍ കളപ്പുരയിലേക്ക് നടന്നു. രാമന്‍നായര്‍ തന്‍റെ കയ്യിലുള്ള തുണിസ്സഞ്ചിയില്‍നിന്നും താക്കോലെടുത്ത് പടിതുറന്നു.
കളപ്പുരയ്ക്ക് മുന്നിലെ ഷെഡ്ഡില്‍ കരിയും നുകവും കൈക്കോട്ടുകളും സൂക്ഷിച്ചുവെച്ചിരിക്കുന്നു. കുട്ടിക്കാലത്ത് ചില ഒഴിവുദിവസങ്ങളില്‍ പാടത്തെ പണിനോക്കാന്‍ ചെല്ലും. കന്നുപൂട്ട് നടക്കുന്ന സമയങ്ങളില്‍ പണിക്കാരുടെ സമ്മതത്തോടെ കയ്യില്‍ മുടിയന്‍കോലുമായി കരിയില്‍ പിടിച്ചുകൊണ്ട് കന്നുകളുടെ പുറകെനടക്കും. ഭൂതകാലത്തിലെ ആ നല്ല നിമിഷങ്ങള്‍ വേണുവിന്‍റെ മനസ്സില്‍ ഓടിയെത്തി. അറിയാതെ അയാള്‍ കലപ്പയുടെ പിടിയിലൊന്നു തൊട്ടുനോക്കി.
''അതൊക്കെ വെറുതെ വെച്ചിരിക്ക്യാണ്. ഒന്നും ഉപയോഗിക്കാറില്ല, ഇന്നത്തെകാലത്ത് എല്ലാരും ട്രാക്ടര്‍കൊണ്ടല്ലേ പൂട്ടുണത്''രാമന്‍ നായര്‍ പറഞ്ഞു. കളപ്പുരയും പരിസരവും വേണുവിന്ന് ഇഷ്ടപ്പെട്ടു. അന്നത്തെ കളപ്പുരയല്ല ഇപ്പോഴുള്ളത്. പഴയത് നിലംപൊത്തിക്കാണും. ഓലമേഞ്ഞ മേല്‍കൂരയും മണ്‍ചുമരുകളും ആയിരുന്നു പഴയതിന്. ഇത് വെട്ടുകല്ലില്‍ കെട്ടിപ്പൊക്കി ചെത്തിത്തേക്കാതെയുള്ളതാണ്. വക്കീലും ഭാര്യയും രാമന്‍ നായരോടൊപ്പം പുരയ്ക്കകത്തേക്ക് കയറി. വേണു ഉമ്മറകോലായില്‍ തന്നെയിരുന്നു.
പത്മിനി ഓപ്പോളും കിട്ടുണ്ണിയും പണ്ടും ഇങ്ങോട്ട് അധികം വരാറില്ല. പശുക്കളെ മേയ്ക്കാന്‍ പറഞ്ഞാല്‍ അവര്‍ രണ്ടാളും പുസ്തകമെടുക്കും. മാടുകളേയുംകൊണ്ട് ഒറ്റയ്ക്കാണ് ഇങ്ങോട്ട് വരാറ്. കളപ്പുരതൊടിയില്‍ അവയെ മേയാന്‍വിട്ട് പിള്ളക്കോലായയില്‍ മനോരാജ്യം കണ്ട് കിടക്കും. എല്ലാ ദുഃഖങ്ങളും അതോടെ ഇല്ലാതാവും. അന്നൊക്കെ ഇതാണ് സ്വര്‍ഗ്ഗം എന്ന് തോന്നിയിരുന്നു. ഇവിടെത്തന്നെ സ്ഥിരതാമസമാക്കിയാലോ എന്ന ചിന്ത പെട്ടെന്ന് അയാളുടെ മനസ്സില്‍ ഉദിച്ചു. വിശ്വേട്ടന്‍ പറഞ്ഞതുപോലെ ഈ പുര ഓട് മേയുകയൊന്നും വേണ്ടാ. വെയിലും മഴയും കൊള്ളാതെ കിടക്കാന്‍ ഇതൊക്കെതന്നെ ധാരാളം. ഓപ്പോളോട് ഈ കാര്യം സൌകര്യം നോക്കി പറയണമെന്ന് വേണു ഉറപ്പിച്ചു. പുഴവക്കത്തുവരെ കാര്യസ്ഥന്‍ വന്നു. യാത്രതിരിക്കുംമുമ്പ് വേണു പത്മിനിയുടെ അടുത്തുചെന്നു.
''ഓപ്പോളെ, ഞാനൊരു കാര്യം പറയട്ടെ''വേണു ചോദിച്ചു.
''ങും''പത്മിനി അയാളെ നോക്കി.
''ഏതായാലും ഇതുവരെ വന്നതല്ലേ''വേണു പറഞ്ഞു''പോണവഴിക്ക് നമുക്ക് കിട്ടുണ്ണിടെ വീട്ടിലൊന്ന് ചെന്നാലോ''
''എന്നെക്കൊണ്ടൊന്നും പറയിക്കേണ്ടാ''പത്മിനി ക്ഷോഭിച്ചു''മിണ്ടാതെ കാറില്‍ കേറിക്കോ''. പൊടിപറത്തി കാര്‍ മുന്നോട്ടുപാഞ്ഞു.
***************************
ഉച്ചവരെ കച്ചവടം ഒട്ടും നടന്നില്ല. അതിന്നുശേഷം മക്കുരാവുത്തര്‍ വിചാരിച്ചതിലും ഏറെ വില്‍പനനടന്നു. പകുതിഭാരം കുറഞ്ഞതിന്‍റെ സന്തോഷത്തില്‍ അയാള്‍ സൈക്കിളില്‍ മടക്കയാത്ര തുടങ്ങി. ''വെട്രിമീതു വെട്രിവന്ത് എന്നൈ തേടും .......''അയാളുടെ ചുണ്ടില്‍ പഴയൊരു തമിഴ് സിനിമാപ്പാട്ടിന്‍റെ ഈരടികള്‍ തത്തിക്കളിച്ചു. എം. ജി. ആറിന്‍റെ കടുത്ത ആരാധകനാണ് രാവുത്തര്‍. പട്ടിണിപ്പാവങ്ങളുടെ കണ്ണീരൊപ്പാനായി ജനിച്ച മഹാനാണ് അദ്ദേഹം. ഒരു മണിക്കൂര്‍ സൈക്കിള്‍ ചവിട്ടിയാല്‍ ഇഷ്ടതാരത്തിന്‍റെ നാട്ടിലെത്താം. പറഞ്ഞിട്ടെന്താ കാര്യം, ഒന്നു കാണാനും കൂടിയുള്ള യോഗം ഇല്ലല്ലോ. വെള്ളിത്തിരയില്‍ പാവങ്ങള്‍ക്കുവേണ്ടി ഏഴൈത്തോഴന്‍ നടത്തിയ പരാക്രമങ്ങളോര്‍ത്ത് രാവുത്തര്‍ സൈക്കിള്‍ ചവിട്ടി.
മന്ദത്തിന്ന് അടുത്തെത്തിയപ്പോള്‍ പാതയിലെ അടര്‍ന്നുനിന്ന മെറ്റലില്‍ തട്ടി സൈക്കിളിന്‍റെ ടയര്‍ പഞ്ചറായി. ഇനി എന്താണ് ചെയ്യുക. തുണിത്തരങ്ങള്‍ കുറച്ചേ ഉള്ളുവെങ്കിലും സൈക്കിളിന്ന് നല്ല ഭാരമുണ്ട്. എങ്ങിനെ ഇതിനെ ഉന്തിക്കൊണ്ട് സൈക്കിള്‍കടവരെ എത്തിക്കും എന്നാലോചിക്കുമ്പോള്‍ മായന്‍കുട്ടി വരുന്നത് കണ്ടു. നേരത്തെ കൊടുത്ത മുണ്ടൊക്കെ ചുറ്റി വൃത്തിയായിട്ടാണ് വരവ്.
''ആലുപ്പോ, എന്താ സൈക്കിള് പഞ്ചറായോ''അവന്‍ ചോദിച്ചു. രാവുത്തര്‍ തലയാട്ടി.
''കടവരെക്ക് സൈക്കിള്‍ ഉന്തിത്താടാ''അയാള്‍ അവനോട് പറഞ്ഞു.
''നിങ്ങള് ബേജാറാവാണ്ടിരിക്കിന്‍''മായന്‍കുട്ടി ഹാന്‍ഡില്‍ബാറില്‍ പിടിച്ച് സൈക്കിള്‍ ഉരുട്ടിക്കൊണ്ടുനടന്നു. രാവുത്തര്‍ പുറകേയും. അവര്‍ അയ്യര്‍ കുളത്തിന്ന് അടുത്തെത്തിയപ്പോള്‍ കിട്ടുണ്ണിമാഷ് എതിരെ വരുന്നു.
''എന്താപ്പൊ രണ്ടാളും കൂട്യാണോ കച്ചോടത്തിന്ന് പോവാറ്''മാഷ് ചോദിച്ചു. ആ വാക്കുകളില്‍ അടങ്ങിയ പുച്ഛരസം രാവുത്തര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാനായി.
''നമുക്കൊക്കെ വയസ്സായില്ലേ മാഷേ''രാവുത്തര്‍ പറഞ്ഞു''പഴേപോലെ ഒന്നിന്നുംവയ്യ. അപ്പൊ ഇവനെ കൂടെകൂട്ട്യേതാണ്. കൂലിക്കൊന്ന്വോല്ലാ. ഞങ്ങള് പങ്കുകച്ചോട്വാണ്. ഒപ്പൊപ്പം മുതലുമുടക്കും ഒപ്പൊപ്പം ലാഭം എടുക്കും''. കിട്ടുണ്ണിക്ക് മുഖത്ത് അടികിട്ടിയപോലെ ആയി. അയാള്‍ ഒരു ഇളിഞ്ഞചിരി പാസ്സാക്കി.
''അതുനന്നായി. അല്ലെങ്കിലും നിങ്ങള് തമ്മില് നല്ല ജോഡിപ്പൊരുത്തൂണ്ട്'' കിട്ടുണ്ണി ഉറക്കെ ചിരിച്ചു.
''ഇന്ന് നിങ്ങക്ക് മക്കാറാക്കാന്‍ വേറെ ആരേം കിട്ടീലാ അല്ലെ മാഷേ'' രാവുത്തര്‍ നടക്കാനൊരുങ്ങി.
''ഒന്ന് നില്‍ക്കിന്‍. നിങ്ങളെ കാണണംന്ന് വിചാരിച്ച് ഇരിക്യായിരുന്നു'' മാഷ്പറഞ്ഞു''ഒരു കാര്യം സംസാരിക്കാനുണ്ട്''.
''എന്താച്ചാല്‍ പറഞ്ഞോളിന്‍''രാവുത്തര്‍നിന്നു. മായന്‍കുട്ടി സൈക്കിളും പിടിച്ച് അരികെയും.
''രാവുത്തരേ, ഞാനും നമ്മടെ രാഘവനുംകൂടി പാലക്കാട് ടൌണില് ഒരു ചിട്ടിക്കമ്പിനി തുടങ്ങാന്‍ പോണൂട്ടോ''കിട്ടുണ്ണി പറഞ്ഞു''നിങ്ങടെ മക്കള്‍ അയച്ചുതരുണ പണം അതിലിട്ടോളിന്‍. പണം നഷ്ടപ്പെടൂല്യാ. നല്ല പലിശ കിട്ടുംചെയ്യും. പരിചയം ഉള്ളോര്‍ക്ക് ഗുണം കിട്ടിക്കോട്ടെ എന്നുവെച്ച് പറയുണതാ''
''അമ്പട കള്ളാ''രാവുത്തര്‍ മനസ്സില്‍പറഞ്ഞു''ഇതിനാണല്ലേ നിങ്ങള് എന്നെ കാണണംന്നു പറഞ്ഞത്''. അയാള്‍ മറുപടി ഒന്നും പറഞ്ഞില്ല.
''എന്താ രാവുത്തരെ, നിങ്ങളൊന്നും മിണ്ടാത്തത്''കിട്ടുണ്ണി മാഷ് ചോദിച്ചു ''ഞങ്ങളെ വിശ്വാസം ഇല്ലാഞ്ഞിട്ടാണോ''.
ഇനി മിണ്ടാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒരൊറ്റ പറച്ചിലോടുകൂടി ഈ വിഷയം മുടിക്കണം. ഇനിയൊരിക്കല്‍ ഇതുംപറഞ്ഞ് ഒരു വര്‍ത്തമാനം വേണ്ടാ.
''ഏയ്, അതൊന്ന്വോല്ല മാഷേ, അത് പറ്റില്ല. വേറൊന്നും കൊണ്ടല്ല''മക്കു രാവുത്തര്‍ പറഞ്ഞു''മുസല്‍മാന് പണം പലിശക്ക് കൊടുക്കാന്‍ പാടില്ല. കച്ചോടം ചെയ്ത് ജീവിക്കാനേ നമ്മളോട് പറഞ്ഞിട്ടുള്ളു''. മാഷക്ക് ഒന്നും പറയാനില്ല.
''കൊടത്തിലോ, ഭരണീലോ ഇട്ടുവെച്ച പണം വല്ല കള്ളന്മാരും കട്ടിട്ട് പോവാതെ നോക്കിക്കോളിന്‍''എന്നയാള്‍ പറഞ്ഞു.
''പോസ്റ്റാപ്പീസ് പൊളിഞ്ഞാലെ എന്‍റെ കുട്ട്യോളുടെ മൊതല് പോവൂ''എന്നു പറഞ്ഞ് രാവുത്തര്‍ നടന്നു. പണം പണം എന്ന ഒറ്റ ചിന്തമാത്രേ ഈ ഹറാം പിറന്നോന് ഉള്ളു എന്നയാള്‍ മനസ്സില്‍ കരുതുകയും ചെയ്തു. ഇര ഓടി രക്ഷപ്പെട്ടതില്‍ നിരാശനായ വിശക്കുന്ന കടുവയെപ്പോലെ കിട്ടുണ്ണിമാഷ് രാവുത്തരെ ശപിച്ച് നടക്കാന്‍ തുടങ്ങി.
അദ്ധ്യായം 26.
രാധാകൃഷ്ണന്‍ ഉച്ചയ്ക്ക് വീട്ടിലെത്തുമ്പോള്‍ മുന്‍വശത്തെ വാതില്‍ അടഞ്ഞുകിടപ്പാണ്. ഗെയിറ്റ് തുറന്നിട്ടുണ്ട്. ബുള്ളറ്റ് സൈഡ്സ്റ്റാന്‍റിലിട്ടു. ഭക്ഷണംകഴിഞ്ഞ ഉടനെ മടങ്ങിപോവണം.
മുറ്റത്ത് കാലെടുത്തുവെച്ചതും ഒരു യുദ്ധക്കളത്തില്‍ എത്തിയ പ്രതീതി തോന്നി. അരുമയോടെ താലോലിച്ചുവളര്‍ത്തിയ പൂച്ചെടികളാകെ കന്നു തിന്ന് നശിപ്പിച്ചിരിക്കുന്നു. ഏതെല്ലാമോ സ്ഥലത്തുനിന്നും സംഘടിപ്പിച്ചു കൊണ്ടുവന്നവയാണ് അവയെല്ലാം. കുറെയൊക്കെ മുമ്പ് ഊട്ടിയില്‍നിന്ന് വാങ്ങിക്കൊണ്ടുവന്നതാണ്. അലങ്കാരത്തിന്നുവേണ്ടി അരമതിലില്‍ വെച്ച പൂച്ചട്ടികള്‍ ഏതാണ്ടെല്ലാംതന്നെ കോണ്‍ക്രീറ്റ് നടപ്പാതയില്‍ പൊട്ടിച്ചിതറി കിടപ്പുണ്ട്. അവിടം മുഴുവന്‍ മണ്ണും പൂച്ചട്ടികള്‍ പൊട്ടിയ കഷ്ണങ്ങളും ചെടികളുടെ അവശിഷ്ടങ്ങളും വീണ് അലങ്കോലപ്പെട്ടിരിക്കുന്നു.
കാളിങ്ങ്ബെല്‍ അടിച്ചപ്പോള്‍ വാതില്‍ തുറന്നത് അമ്മയാണ്. മനസ്സില്‍ നിറഞ്ഞിരുന്ന ദേഷ്യം മുഴുവന്‍ അവരോട് തീര്‍ത്തു.
''തീനും കുടീം കഴിഞ്ഞ് നട്ടുച്ചക്ക് മട്ടമലച്ച് കെടന്ന് ഒറങ്ങിക്കോളിന്‍. ഇവിടെ എന്താ നടന്നത് എന്ന് അറിയ്യോ''. ചുറ്റിലും കണ്ണോടിച്ച് മാധവി തലയില്‍ കൈവെച്ചു.
''അച്ഛന്‍ ഉച്ചനേരത്ത് ഗെയിറ്റും തുറന്നിട്ട് പാടത്തേക്ക് പോയിട്ടുണ്ടാവും. വിതച്ചത് മുളച്ച് വന്നിട്ടേ ഉള്ളു. ഇനി കൊയ്ത് കറ്റ വീടെത്തുണതുവരെ മിനുട്ടിന് മിനുട്ടിന് പാടത്തേക്ക് ചെല്ലണം. ആരെടെ കന്നാണാവോ അകത്തു കടന്ന് ഇതൊക്കെ കടിച്ച് നശിപ്പിച്ചിച്ചിരിക്യാ''അവര്‍ തന്നത്താന്‍ പറഞ്ഞു.
കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ കടന്നുവന്നത് ആ നേരത്താണ്. ഗെയിറ്റ് തുറന്നിട്ട് പുറത്തുപോയി അന്യന്‍റെ കന്നുവന്ന് പൂന്തോട്ടം നശിപ്പിച്ചതിന്ന് വേണ്ടത്ര കേട്ടു. താനല്ല പടി തുറന്നിട്ടത് എന്നു പറഞ്ഞത് രണ്ടാളും അംഗീകരിച്ചില്ല. പിന്നിലെ തൊടിയില്‍നിന്ന് വാഴക്കൈകള്‍ ഒടിയുന്ന ശബ്ദംകേട്ടതും മാധവി അങ്ങോട്ടുചെന്നു. തൊഴുത്തില്‍ കെട്ടിയിരുന്ന ഒരുവണ്ടിക്കാള കെട്ടഴിഞ്ഞു ചെന്ന് വാഴതിന്നുകയാണ്.
''ഇങ്ങിട്ട് വരിന്‍''മാധവി ഉറക്കെ വിളിച്ചു''നിങ്ങടെ വണ്ടിക്കാളയാണ് ഒക്കെ തിന്നു നശിപ്പിച്ചത്'' എഴുത്തശ്ശന്‍ ചെന്നു നോക്കി. വലത്ത് കെട്ടുന്ന കാള വാഴക്കൈ കടിച്ചുവലിക്കുകയാണ്. കള്ള ലക്ഷണം. എത്ര തിന്നാലും മതിയാവില്ല. തൊഴുത്തിലെ പുല്ലുവട്ടിയില്‍ ഒരു ചുമട് പുല്ല് കിടപ്പുണ്ട്. അപ്പോഴാണ് ശനിയന്‍റെ ആര്‍ത്തികാട്ടല്. അയാള്‍ കാളയെ ആട്ടിത്തെളിച്ച് തൊഴുത്തിലെത്തിച്ചു. കയറെടുത്ത് അതിന്‍റെ കഴുത്തില്‍ കെട്ടിയശേഷം ഒരുമുടിയന്‍ കോല് മുറിയുന്നതുവരെ തല്ലി. തിരിച്ച് ഉമ്മറത്തേക്ക് നടന്നു. പേരമകന്‍ ദേഷ്യത്തിലാണ്. അവനെ സമാധാനിപ്പിക്കണം. രാധാകൃഷ്ണന്‍ മുറ്റത്തുനിന്നും അനങ്ങിയിട്ടില്ല. മാധവി വഴിയിലുള്ള ചട്ടിപ്പൊട്ടുകള്‍ പെറുക്കി കൂട്ടുകയാണ്.
''പോയത് പോട്ടെടാ വേശമകനെ''എഴുത്തശ്ശന്‍ പറഞ്ഞു''നമുക്ക് ഇതിലും നല്ല ചെടികള് വെച്ചുപിടിപ്പിക്കാം''. ആ അനുനയം ഒട്ടും ഫലിച്ചില്ല.
''മിണ്ടാതെ എന്‍റെ മുമ്പിന്ന് കടന്ന് പൊയ്‌ക്കോളിന്‍''രാധാകൃഷ്ണന്‍ ചീറി ''എനിക്ക് വരുണ ദേഷ്യത്തിന് ഞാന്‍ വല്ലതും പറയും''.
മാധവിയത് ഏറ്റുപിടിച്ചു. ഒന്നിന് പുറകെ ഒന്നായി കുറ്റപ്പെടുത്തലുകള്‍ ഉയര്‍ന്നു. എവിടേയോവെച്ച് എഴുത്തശ്ശന്ന് നിയന്ത്രണം നഷ്ടമായി. അത് സ്വാഭാവികമാണ്. കതനയുടെ മരുന്നില്‍ തീ കത്തികേറുന്നപോലെയാണ് വാഗ്വാദം. ഒടുവില്‍ ഒരുപൊട്ടിത്തെറിയിലാണ് അത് എത്തുക.
''ഇനി ഒരക്ഷരം പറഞ്ഞാല്‍ ഞാന്‍ ആട്ടി വെളീലാക്കും''എഴുത്തശ്ശന്‍റെ ഒച്ച ഉയര്‍ന്നു''ഈ കാണുന്നതൊക്കെ ഞാന്‍ സമ്പാദിച്ചതാണ്, അല്ലാണ്ടെ നിന്‍റെ തന്തടെ വീട്ടിന്ന് കൊണ്ടുവന്നതല്ല''.
അമ്മയും മകനും അതുകേട്ട് ഞെട്ടി. ഇന്നേവരെ എന്തുപറഞ്ഞാലും ഒന്നും മിണ്ടാതെ കേട്ടുനില്‍ക്കാറുള്ള മനുഷ്യനാണ്. ഇപ്പോള്‍ തിരിച്ചു പറയാന്‍ തുടങ്ങി. രാധാകൃഷ്ണന്‍ അമ്മയെ നോക്കി. ആ സ്ത്രീ എന്താണ് വേണ്ടത് എന്നറിയാതെ മിഴിച്ചുനില്‍ക്കുകയാണ്. ഒന്നും പറയാതെ അവന്‍ ബൈക്ക് ഓടിച്ച് തിരിച്ചുപോയി. കരഞ്ഞുകൊണ്ട് മാധവി അകത്തേക്കും. മകനും അമ്മയും പോയതോടെ എഴുത്തശ്ശന്‍ മുറ്റത്തിരുന്ന് മണ്ണും ചെടിച്ചട്ടികള്‍ പൊട്ടിയതും പൂച്ചെടികളുടെ അവശിഷ്ടങ്ങളും മാറ്റിത്തുടങ്ങി. പറഞ്ഞത് ഇത്തിരി കൂടിപ്പോയെന്ന് അയാള്‍ക്ക് തോന്നി. ഒന്നും വേണ്ടിയിരുന്നില്ല. വേണമെന്നുവെച്ചിട്ട് പറഞ്ഞതല്ല. പക്ഷെ വായില്‍നിന്ന് അങ്ങിനെ വന്നു പോയി. അല്ലെങ്കിലും എത്രനേരമാണ് ഒക്കെ കേട്ടോണ്ട് ഇരിക്കുക. ഇനി മില്ലില്‍നിന്ന് വേലായുധന്‍കുട്ടി എത്തിയാല്‍ എന്താ ഉണ്ടാവുക ആവോ. ആകെ അസ്വസ്ഥത തോന്നുന്നു.
വേലായുധന്‍കുട്ടി വരുന്നതുംകാത്ത് ഉമ്മറത്തുതന്നെ ഇരുന്നു. എല്ലാം അവനെ പറഞ്ഞുമനസ്സിലാക്കണം. കേള്‍ക്കുമോ ആവോ. സ്വതവെ ഭാര്യ പറയുന്നതിന്ന് ഒരുചുവട് അപ്പുറം അവന്‍ മാറ്റിചവിട്ടില്ല. അതുപോലെ മകന്‍ പറയുന്നത് മാത്രമാണ് ശരി എന്നാണ് അവന്‍റെ ന്യായം. കൂട്ടവും കുറിയും ഒന്നും ഇല്ലാതെ കഴിഞ്ഞാല്‍ മതിയായിരുന്നു. മേലാല് വേവിച്ച നെല്ലിന്‍റത്രപോലും വായ പൊളിക്കില്ല. ഇന്നെന്തോ അങ്ങിനെ പറ്റി. ഇതും വെച്ച് ആ പെണ്ണ് ഇറങ്ങിപ്പോയാല് ആകെ നാണക്കേടാവും. സഹിക്കുന്ന വിഷമം ആരും അറിയില്ല. പറഞ്ഞത് മാത്രമേ നാട്ടുകാര്‍ അറിയൂ. അകത്ത് ഫോണ്‍ അടിക്കുന്ന ശബ്ദംകേട്ടു. ഈ ഒരു മാരണം ഇല്ലാത്ത കുറവേയുള്ളു. പൊടുന്നനെ ഒച്ച നിലച്ചു. മാധവി മുകളിലെ ഫോണ്‍ എടുത്തിട്ടുണ്ടാവും. ആരാ വിളിച്ചത് ആവോ. ആരായാലും നമുക്കെന്താ.
സ്കൂള്‍വിട്ട് കുട്ടികള്‍ പോയിത്തുടങ്ങി. അകലെനിന്ന് കാറിന്‍റെ ഇരമ്പം കേട്ടു. പടികടന്ന് കാറ് എത്തുമ്പോഴേക്കും എണീറ്റുനിന്നു.
''എനിക്കൊരു കാര്യം പറയാനുണ്ട്''ഇറങ്ങിവരുന്ന മകനോട് പറഞ്ഞു.
''മര്യാദക്ക് എന്‍റെ മുമ്പിന്ന് കടന്ന് പൊയ്ക്കോളിന്‍''ഒറ്റ വര്‍ത്തമാനമേ അവന്‍ പറഞ്ഞുള്ളു. വാതില്‍തുറന്ന് മകന്‍ അകത്തേക്ക് കടന്ന ഉടനെ അകത്തുനിന്ന് ഉച്ചത്തില്‍ കരച്ചിലുയര്‍ന്നു. മാധവിയാണ്. ഇനി ഉള്ളതും ഇല്ലാത്തതും ഒക്കെ പറഞ്ഞുകൊടുക്കും. അല്ലെങ്കിലേ ദേഷ്യത്തിലാണ് വരവ്. പെണ്ണിന്‍റെ കൂട്ടംകേട്ട് എന്തൊക്കെയാണ് ചെയ്യുക എന്നറിയില്ല.
കമ്പിനിപ്പണിമാറി ജോലിക്കാര്‍ സൈക്കിളില്‍ വീടുകളിലേക്ക് മടങ്ങാന്‍ തുടങ്ങി. സമയം അഞ്ചര കഴിഞ്ഞു. ഇത്തിരി കഴിയുമ്പോള്‍ അയ്യപ്പന്‍ കാവില്‍ കോളാമ്പിയില്‍ പാട്ട് വെക്കും. പാടത്ത് ഒന്നുകൂടി നോക്കി കുളത്തിലേക്ക് ചെല്ലണം. കാലും മുഖവും കഴുകി ചെന്ന് ദീപാരാധന തൊഴുകണം. അതിന്നുമുമ്പ് കന്നിന്ന് വൈക്കോല്‍ ഇട്ടുകൊടുക്കണം. മിണ്ടാപ്രാണിയെ ഇന്ന് കുറെ തല്ലി. ബുദ്ധിയുണ്ടെങ്കില്‍ അത് ഇങ്ങിനെ ചെയ്യ്വോ.
വണ്ടിപ്പുരയിലേക്ക് പോകാന്‍ ഒരുങ്ങുമ്പോഴേക്കും വേലായുധന്‍കുട്ടി അകത്തുനിന്നും ഇറങ്ങിവന്നു. കയ്യില്‍ വലിയൊരുപെട്ടി. പുറകില്‍ രണ്ടു കയ്യിലും ഓരോ ബാഗുമായി മാധവിയും കടന്നുവന്നു. ഒന്നും മിണ്ടാതെ അവര്‍ കാറില്‍ കയറി യാത്രയാവാന്‍ ഒരുങ്ങിയതാണ്.
''എങ്ങോട്ടാ നിങ്ങള് പോണത്''പുറകെചെന്ന് അവരോടു ചോദിച്ചു. മാധവി മിണ്ടിയില്ല എന്നുമാത്രമല്ല തിരിഞ്ഞൊന്ന് നോക്കുകപോലും ചെയ്തില്ല.
''ഞങ്ങള് എവിടെ പോയാല്‍ നിങ്ങള്‍ക്കെന്താ, നിങ്ങടെ വീടല്ലെ ഇത്'' വേലായുധന്‍കുട്ടി പറഞ്ഞു''ആട്ടിപടി കടത്തുണതിന്ന് മുമ്പ് ഞങ്ങള്‍ പോണൂ''
കുപ്പന്‍കുട്ടി എഴുത്തശ്ശന്ന് വാക്കുകള്‍ കിട്ടിയില്ല. അയാള്‍ പകച്ച് അവിടെത്തന്നെ നിന്നു. കാര്‍ പുക വിസര്‍ജ്ജിച്ച് മുന്നോട്ടു നീങ്ങി. മാധവിയുടെ മുഖത്ത് വിജയിയുടെ മന്ദസ്മിതം വിരിഞ്ഞു.
കണ്ണില്‍നിന്നും കാര്‍ മറയുന്നതുവരെ കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ ഉമ്മറത്ത് അതിനെത്തന്നെ നോക്കിനിന്നു. പൊടുന്നനെ ഈ ലോകത്ത് താന്‍ ഒറ്റപ്പെട്ടതുപോലെ അയാള്‍ക്ക് തോന്നി. നല്ല ഒരുവാക്ക് വീട്ടിലുള്ളവരാരും തന്നോട് പറയാറില്ലെങ്കിലും, മകനും കുടുംബവും ഒക്കെയായി എഴുത്തശ്ശന്‍ നല്ല സുഖത്തിലാണ് കഴിയുയുന്നതെന്നേ നാട്ടുകാര്‍ കരുതിയിട്ടുള്ളു. ആ നല്ല പേര് ഇന്നത്തോടെ ഇല്ലാതാവുന്നു.
മകനെ വളര്‍ത്തിയതിന്‍റെ പ്രയാസങ്ങള്‍ അവനിപ്പോള്‍ ഒട്ടും അറിയുന്നില്ല. കുട്ടിയായിരുന്ന കാലംതൊട്ടേ അവനെ നോക്കാന്‍ തുടങ്ങിയതാണ്. എന്നും പത്മാവതിക്ക് അസുഖമായിരുന്നു. അവളുടെ ശരീരം മെലിയാന്‍ തുടങ്ങി. എപ്പോള്‍ നോക്കിയാലും നിര്‍ത്താത്ത കുരതന്നെ. ഒടുവിലാണ് അവള്‍ക്ക് ക്ഷയമായിരുന്നു എന്നറിയുന്നത്. ക്ഷയം പകരുന്ന സുഖക്കേടാണ്, കുട്ടിയെ അമ്മയുടെ അടുത്ത് വിടരുത് എന്ന് എല്ലാവരും പറഞ്ഞിരുന്നു. പാടത്ത് പണിക്ക് ചെല്ലുമ്പോള്‍ മകനെ ഒക്കത്തെടുക്കും. തണലത്ത് എന്തെങ്കിലും വിരിച്ച് അതിലിരുത്തിയാണ് പാടത്തിറങ്ങുക. മകന്‍ സ്കൂളില്‍ പോവാന്‍ തുടങ്ങിയശേഷമാണ് അവന്‍റെ അമ്മ മരിച്ചത്.
''നിനക്ക് ചെറുപ്പാണ്. ഇനീം എത്ര്യോകാലം ജീവിക്കണം. വേറൊന്ന് കെട്ടിക്കോ. വയസ്സാവുമ്പൊ മകന്‍ നിന്നെ നോക്കീന്ന് വരില്ല''അച്ഛനന്ന് പറഞ്ഞുതന്നത് ഈയിടെയായി ഇടയ്ക്കൊക്കെ ഓര്‍ക്കാറുണ്ട്. ആ വാക്കുകള്‍ ഇപ്പോള്‍ ശരിയായി.
ഏതെങ്കിലും ഒരുപെണ്ണിനെ കെട്ടിക്കൊണ്ടു വന്നാല്‍ ഓമനക്കുട്ടനെ അവള്‍ ഉപദ്രവിച്ചാലോ എന്നൊരു തോന്നല്‍ അന്ന് ഉള്ളിലുണ്ടായിരുന്നു. കൂടാതെ മണ്മറഞ്ഞു പോയ പത്മാവതിയോടുള്ള സ്നേഹവും കല്യാണത്തില്‍നിന്ന് വിലക്കി. എഴുത്തശ്ശന്‍ ഓര്‍മ്മകളില്‍ മുഴുകി ഒരേനില്‍പ്പാണ്.
''ഞാന്‍ പോണൂ''പണിക്കാരി ഉമ്മറപ്പടിയിറങ്ങി.
''എവിടയ്ക്ക്''
''എന്‍റെ വീട്ടിലിക്ക്. ഞാനിനി ഇവിടെ നില്‍ക്കുണില്യാ''.
''അതിന് ഞാന്‍ നിന്നോട് പോവാന്‍ പറഞ്ഞ്വോ''അവളോടു ചോദിച്ചു.
''നിങ്ങള് പറഞ്ഞില്ലെങ്കിലും ഉടമസ്ഥന്‍ പറഞ്ഞു, അവരല്ലേ എന്നെ ഇവിടെ പണിക്ക് നിര്‍ത്തീരിക്കിണത്''ഗെയിറ്റ് തുറന്ന് അവള്‍ ഇറങ്ങിപ്പോയി.
അദ്ധ്യായം - 27.
രാധാകൃഷ്ണന്‍ തിരിച്ച് ജോലിസ്ഥലത്തേക്കുചെന്നില്ല. മുറിവേറ്റ മനസ്സ് നീറിക്കൊണ്ടിരുന്നു. ലാളിച്ചു വളര്‍ത്തിയ പിഞ്ചുകുട്ടികള്‍ മരിച്ചാല്‍ തോന്നുന്നപോലുള്ള സങ്കടം. എത്ര കഷ്ടപ്പെട്ട് ഓരോ ഇടത്തുനിന്നും കോണ്ടുവന്ന് പിടിപ്പിച്ചതാണ് അതൊക്കെ. ഒക്കെ നശിക്കാന്‍ കാരണം അയാള്‍ ഒറ്റ മനുഷ്യനാണ്. എല്ലാം കഴിഞ്ഞിട്ട് അമ്മയെ വീട്ടില്‍നിന്ന് അടിച്ചിറക്കും എന്നൊരു താക്കീതും. അച്ഛനെ മാത്രം ആലോചിച്ചിട്ടാണ്. നാട്ടുകാരെക്കൊണ്ട് അച്ഛനെ കുറ്റംപറയിക്കാന്‍ പാടില്ലല്ലോ. അല്ലെങ്കില്‍ ആ കിഴട്ടുശവത്തിനെ മര്യാദ പടിപ്പിച്ചേനെ. പാതയോരത്തെ തണലില്‍ ബുള്ളറ്റ് നിര്‍ത്തി. അച്ഛന്‍ എത്തിയ ഉടനെ അമ്മ വീട്ടിലേക്ക് പോവും. അവര്‍ക്ക് അത്രയേറെ വിഷമം തോന്നിയിട്ടുണ്ട്. കെട്ടിക്കൊണ്ടുവന്ന ശേഷം അയാള്‍ ഒരിക്കല്‍പോലും സ്നേഹത്തോടെ അമ്മയെ വിളിച്ചിട്ടില്ല എന്നാണ് അമ്മ പറയാറുള്ളത്. എപ്പോള്‍ നോക്കിയാലും കൃഷി, കന്ന് എന്ന വിചാരമേ ഉള്ളു. പെങ്ങളുടെ കല്യാണം കഴിഞ്ഞ് കൊല്ലം ആറായി. ഇന്നേവരെ അയാള്‍ അളിയന്‍റെ വീട്ടിലേക്ക് കാലെടുത്ത് കുത്തിയിട്ടില്ല. അവള്‍ക്കൊരു കുഞ്ഞു ജനിച്ചിട്ടും കാണാന്‍ ചെന്നില്ല. ഇവിടെ വരുമ്പോള്‍ കാണാലോ എന്നുപറഞ്ഞ് അതും ഒഴിവാക്കി.
നല്ല വിശപ്പ് തോന്നുന്നു. ഉച്ച ഭക്ഷണം കഴിക്കാന്‍ ചെന്നതായിരുന്നു. അത് ഈ രീതിയിലായി. വല്ല ഹോട്ടലിലും കയറി എന്തെങ്കിലും കഴിക്കണം. എന്നിട്ട് സുകുമാരനെ ചെന്നുകാണണം. ഏതു വിഷമവും അവനെ കണ്ടാല്‍ മാറും, എല്ലാ പ്രശ്നത്തിന്നും അവന്‍റെ കയ്യില്‍ എന്തെങ്കിലും പരിഹാരം കാണും. വണ്ടിയില്‍ കയറിയപ്പോഴാണ് ആദ്യം സുകുമാരനെ പോയി കാണാം എന്ന തോന്നലുണ്ടായത്. ഇപ്പോഴാണെങ്കില്‍ അവന്‍ വീട്ടില്‍ കാണും.
രാധാകൃഷ്ണന്‍ വീട്ടിലെത്തിയപ്പോള്‍ സുകുമാരന്‍ അവിടെയില്ല. ഇന്ന് അവന്‍റെ പിറന്നാളാണത്രേ. എല്ലാവരും അവനെ കാത്തിരിക്കുകയാണ്. ഈ നേരം നോക്കി ഇങ്ങോട്ടുപോന്നത് അബദ്ധമായി. പിന്നെ ഒരിക്കല്‍ വരാമെന്നു പറഞ്ഞ് തിരിച്ചുപോവാനൊരുങ്ങി.
''ഇത്രടംവരെ വന്നിട്ട് ഉണ്ണാതെ പോവാന്‍ പറ്റില്ല''എന്ന് സുകുമാരന്‍റെ അമ്മ നിര്‍ബന്ധിച്ചപ്പോള്‍ അവിടെതന്നെ കൂടി. ഏറെനേരം കഴിഞ്ഞില്ല കറുത്ത ഫിയറ്റ് മുറ്റത്തുവന്നു നിന്നു. ചിരിച്ചുകൊണ്ട് സുകുമാരന്‍ ഇറങ്ങി.
ഊണുകഴിഞ്ഞ് കൈകഴുകി വരുമ്പോള്‍ തനിക്ക് ഒരു പ്രധാനപ്പെട്ടകാര്യം പറയാനുണ്ടെന്ന് രാധാകൃഷ്ണന്‍ സുഹൃത്തിനോട് പറഞ്ഞു. ശരി എന്നു പറഞ്ഞ് രാധാകൃഷ്ണനേയുംകൂട്ടി സുകുമാരന്‍ മുകളിലത്തെ നിലയിലെ സ്വന്തം മുറിയിലേക്ക് നടന്നു. വിരിച്ചിട്ടകട്ടിലില്‍ അയാളിരുന്നു, ഡ്രസ്സിങ് ടേബിളിന്ന് മുന്നിലെ കസേല തൊട്ടടുത്തേക്ക് വലിച്ചിട്ട് രാധാകൃഷ്ണനും.
''എനിക്ക് പിറന്നാളിലൊന്നും തീരെ താല്‍പ്പര്യമില്ല. പിന്നെ വീട്ടുകാര്‍ക്ക് വേണമെങ്കില്‍ ആഘോഷിച്ചോട്ടെ''സുകുമാരന്‍ പറഞ്ഞു''നമുക്കെന്താ ചേതം''രാധാകൃഷ്ണന്‍ ഒന്നും മിണ്ടിയില്ല. എങ്ങിനെ തുടങ്ങണമെന്ന ആലോചനയിലായിരുന്നു അയാള്‍.
''നിനക്കെന്തോ പറയാനുണ്ടെന്ന്പറഞ്ഞല്ലോ''സുകുമാരന്‍ ചോദിച്ചതോടെ നേരെ വിഷയത്തിലേക്ക് കടന്നു. പൊന്നുപോലെ വളര്‍ത്തിയ ചെടികള്‍ നശിച്ചുപോയതും, അത് നിസ്സാരമായി മുത്തച്ഛന്‍ കണക്കിലെടുത്തതും, അമ്മയെ വീട്ടില്‍നിന്ന് പുറത്താക്കും എന്നു പറഞ്ഞതും വിശദമായി വര്‍ണ്ണിച്ചു.
''ഇതാപ്പൊ ഇത്ര വലിയ കാര്യം''സുകുമാരന്‍ പറഞ്ഞു''പോവാന്‍ പറ. ഞാന്‍ എന്തോ വലിയ ആനകാര്യമാണെന്ന് വിചാരിച്ചു''.
അതോടെ രാധാകൃഷ്ണന്ന് മതിയായി. കൂട്ടുകാരനില്‍നിന്ന് അല്‍പ്പം ആശ്വാസംതേടി വന്നതാണ്. ഇമ്മാതിരി തണുത്ത പ്രതികരണമാണ് ഉണ്ടാവുക എന്നറിഞ്ഞാല്‍ ഇങ്ങോട്ട് വരില്ലായിരുന്നു. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ രാധാകൃഷ്ണന്‍ എഴുന്നേറ്റു.
''പിന്നെ കാണാം''എന്നുപറഞ്ഞ് അയാള്‍ പോവാനൊരുങ്ങി.
''പോവാന്‍ വരട്ടെ''സുകുമാരന്‍ പറഞ്ഞു''എനിക്കെന്താ പറയാനുള്ളത് എന്ന് കേട്ടില്ലല്ലോ. അതുകൂടി കേട്ടിട്ട് പൊയ്ക്കോ''. രാധകൃഷ്ണന്‍ അത് കേള്‍ക്കാന്‍ വീണ്ടും ഇരുന്നു.
''ആദ്യം ഇതൊന്ന് അകത്താക്ക്. എന്നിട്ട് ക്ഷമയോടെ കേള്‍ക്ക്''അയാള്‍ അലമാരയില്‍നിന്ന് ബ്രാണ്ടിക്കുപ്പിയെടുത്ത് അതില്‍നിന്ന് കുറച്ച് ഒരു ഗ്ലാസ്സിലൊഴിച്ച് വെള്ളവും ചേര്‍ത്തി കൂട്ടുകാരന്ന് നീട്ടി. കൈനീട്ടി അത് വാങ്ങി ഒറ്റവീര്‍പ്പിന്ന് രാധാകൃഷ്ണന്‍ അകത്താക്കി.
''നോക്ക്. നിന്‍റെ മനസ്സിലുള്ള വിഷമം എനിക്കറിയാം. എന്തിനാണ് നീ വന്നത് എന്നും അറിയാം''സുകുമാരന്‍ തുടര്‍ന്നു''നിനക്കാവശ്യം ഇനി എന്തുചെയ്യണം എന്നതിനെപ്പറ്റി ഒരഭിപ്രായമാണ്. അതറിയാതെ നിനക്ക് മനസ്സമാധാനത്തോടെ ഇവിടുന്ന് പോവാന്‍ കഴിയ്വോ''. സാധിക്കില്ല എന്ന മട്ടില്‍ രാധാകൃഷ്ണന്‍ തലയാട്ടി
''ഇനി കാര്യങ്ങള്‍ ഒന്നുകൂടി പരിശോധിച്ചുനോക്ക്. ആര് കേട്ടാലും നിന്‍റെ കിഴവന്‍ പറഞ്ഞതാണ് ന്യായം എന്നേ പറയുള്ളു. നീ വെച്ച പൂച്ചെടികള്‍ അയാളുടെ കന്ന് കടിച്ചുനശിപ്പിച്ചു. അത് സമ്മതിച്ചു. അതിന്ന് ഇത്രയേറെ കൂട്ടൂംകുറീം ഉണ്ടാക്കണോ. വേറെ ചെടികള്‍ വെച്ചാല്‍ പോരേ എന്നല്ലേ പുറമെയുള്ളവര്‍ പറയുക''സുകുമാരന്‍ പറഞ്ഞുനിര്‍ത്തി.
രാധാകൃഷ്ണന്‍ അയാളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
''അടുത്തത് അച്ഛനും അമ്മയും വീടുവിട്ട് പോവുന്ന കാര്യം''സുകുമാരന്‍ ആ വിഷയത്തിലേക്ക് കടന്നു''എന്താ അതിന്‍റെ ആവശ്യം. അവര്‍ക്കുംകൂടി അവകാശപ്പെട്ട സ്വത്തല്ലേ. ആ കിഴവനോട് പോയി പണിനോക്കാന്‍ പറയ്. അല്ലാതെന്താ? എന്‍റെ നോട്ടത്തില്‍ നിന്‍റെ കാഴ്ചപ്പാടാണ് മാറേണ്ടത്''. ഒന്നും മനസ്സിലാവാത്തമട്ടില്‍ രാധാകൃഷ്ണന്‍ സുഹൃത്തിനെ നോക്കിയിരുന്നു.
''ഞാന്‍ പറയുന്നത് നീ ശ്രദ്ധിച്ചു കേള്‍ക്ക്''സുകുമാരന്‍ ആരംഭിച്ചു'' ഈ ലോകത്ത് എല്ലാം അതാതിന്‍റെ രീതിയിലങ്ങിനെ സംഭവിക്കുകയാണ്. ആ കാര്യങ്ങളെ നമ്മള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ നമ്മള്‍ക്ക് അനുകൂലമായി കൊണ്ടുവരുന്നതിലാണ് മിടുക്കുവേണ്ടത്''.
''ഇതൊന്നും എനിക്ക് മനസ്സിലാവില്ല''.
''അങ്ങിനെ എളുപ്പത്തില്‍ ഒഴിഞ്ഞുമാറണ്ടാ..... നീയൊന്ന് ആലോചിച്ചു നോക്ക്. സുവോളജി എടുത്ത് പഠിച്ച നീ എന്തായി. കൂറയും തവളയും കീറിപ്പഠിച്ച നിനക്ക് ഒരു കോഴിയെ കൊന്ന് വെടുപ്പാക്കാന്‍ അറിയ്വോ. ഇല്ല. നല്ലോണം മാര്‍ക്ക് ഉള്ളവര് കണക്കും ഫിസിക്സും കെമിസ്റ്റ്രിയും ഒക്കെ എടുത്തു. മാര്‍ക്ക് കുറവായവര്‍ എക്കണോമിക്സോ ലാംഗ്വേജോ കോമേഴ്സോ എടുത്തു. കഷ്ടിച്ചുജയിച്ച ഞാന്‍ മറ്റൊന്നും കിട്ടാത്തതോണ്ട് ബി.എ. ഫിലോസഫിക്ക് ചേര്‍ന്നു. എന്നുവെച്ച് ഞാന്‍ താടിയും മുടിയും നീട്ടി കാവി ഉടുത്ത് സന്യസിക്കാന്‍ പോയോ. അതുമില്ല. കല്ലും മണലും സിമന്‍റും കമ്പിയുംകൊണ്ട് നീ ജീവിതം കെട്ടിപ്പൊക്കുന്നു. കള്ളുഷാപ്പും, ചാരായക്കടയും, ബ്രാണ്ടിഷോപ്പും, സിനിമതിയ്യേറ്ററും, ബസ്സ് സര്‍വീസും ഒക്കെയായി ഞാനും പ്രമാണിയായി. എന്താ നമ്മള്‍ അങ്ങിനെയായത്. നമുക്ക് കിട്ടിയ അവസരങ്ങള്‍ നമ്മള്‍ ഉപയോഗിക്കുന്നു. ഞാന്‍ പഠിച്ചത് ഇതല്ലല്ലോ എന്നുപറഞ്ഞ് വെറുതെ ഇരിക്കുന്നില്ല. അതന്നെ കാരണം'' അയാള്‍ അല്‍പ്പനേരം കൂട്ടുകാരനെ നോക്കിയിരുന്നു. രാധകൃഷ്ണന്‍ ശ്രദ്ധിക്കുന്നില്ല എന്നയാള്‍ക്ക് തോന്നി.
''നീ ശ്രദ്ധിക്കുന്നുണ്ടോ''സുകുമാരന്‍ ചോദിച്ചു. രാധകൃഷ്ണന്‍ ഉവ്വെന്ന് തലയാട്ടി.
''കുറച്ചുകൂടി നീ അറിയാനുണ്ട്''അയാള്‍ തുടര്‍ന്നു''മനുഷ്യര് പൊതുവെ മൂന്ന് തരക്കാരാണ്. ദയ, സ്നേഹം, സത്യസന്ധത എന്നൊക്കെ പറയുന്ന ഗുണങ്ങളുള്ള ഒരു കൂട്ടരുണ്ട്. അവര് ഒരുതെറ്റും ചെയ്യില്ല. പക്ഷെ നൂറ് ആളുകളെ നോക്ക്യാല്‍ ഇങ്ങനത്തെ മൂന്നോ നാലോ എണ്ണത്തിനെ മാത്രമേ കാണാന്‍ പറ്റു. ഇനി വേറൊരുകൂട്ടര്‍ സ്വന്തം കാര്യസാധ്യത്തിന്നുവേണ്ടി വഞ്ചനയോ, കളവോ, കൊലപാതകമോ എന്തുവേണമെങ്കിലും ചെയ്യും. ഭാഗ്യത്തിന് ഇവരും എണ്ണത്തില്‍ തീരെ കുറവാണ്. ഈ രണ്ടുകൂട്ടരേയും ഒഴിവാക്കിയാല്‍ നൂറില്‍ തൊണ്ണൂറ് എണ്ണത്തിനേയും വിശ്വസിക്കാന്‍ കൊള്ളില്ല. അവര് അവസരത്തിനൊത്ത് പെരുമാറും''.
''ഇതും എന്‍റെ വീട്ടിലെ പ്രശ്നവും തമ്മിലെന്താ ബന്ധം''രാധാകൃഷ്ണന്‍ അസ്വസ്ഥനായി.
''ഉണ്ടല്ലോ''സുകുമാരന്‍ ചിരിച്ചു''ഇനി നിന്‍റെ വീട്ടിലെ കാര്യംതന്നെ നോക്ക്. നിന്‍റെ അച്ഛനെ ആലോചിച്ചിട്ടാണ് നീയൊക്കെ ആ കാരണവര്‍ കാണിക്കുന്ന തോന്ന്യാസങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത് എന്ന് നീ പറഞ്ഞു. അതായത് നീ നിന്‍റെ അച്ഛനുവേണ്ടി സഹിക്കുകയാണ് എന്നര്‍ത്ഥം . ഞാന്‍ ഈ പറഞ്ഞത് ശരിയല്ലേ''.
''അതെ''രാധാകൃഷ്ണന്‍ സമ്മതിച്ചു.
''നീ ചിന്തിച്ചതുപോലെ നിന്‍റെ അച്ഛന്‍ ചിന്തിച്ചാല്‍ വീട്ടില്‍ പിന്നെ പ്രശ്നം വല്ലതുമുണ്ടോ. ഇല്ല. പക്ഷെ നിനക്ക് നിന്‍റെ അച്ഛനോട് തോന്നുന്ന കടപ്പാട് നിന്‍റെ അച്ഛന് അയാളുടെ അച്ഛനോടില്ല. ഉണ്ടെങ്കില്‍ അയാള്‍ ഭാര്യപറഞ്ഞ ഉടനെ പെട്ടിയുംതൂക്കി ഇറങ്ങിപോവില്ല''.
''അപ്പോള്‍ തെറ്റ് എന്‍റെ അച്ഛന്‍റെ ഭാഗത്താണ് എന്നര്‍ത്ഥം''.
''അങ്ങിനെ ഞാന്‍ പറഞ്ഞിട്ടില്ല. നീ മുഴുവന്‍ കേള്‍ക്കാഞ്ഞിട്ടാണ്''അയാള്‍ തുടര്‍ന്നു''ഇനി നിന്‍റെ അച്ഛന്‍റെ കാഴ്ചപ്പാടില്‍ കാര്യങ്ങള്‍ വിലയിരുത്തി നോക്ക്. ഒരു ഭാഗത്തുള്ളത് ഭാര്യയും മകനും. മറുഭാഗത്ത് എണ്‍പത്താറു വയസ്സുകഴിഞ്ഞ അച്ഛന്‍. എന്നുവേണമെങ്കിലും ആ മനുഷ്യന്‍ മരിക്കാം. ഇനി അയാള്‍ കുറെകാലംകൂടി ജീവിച്ചിരുന്നാലും ആ വയസ്സനെക്കൊണ്ട് നിന്‍റെ അച്ഛന്ന് എന്തെങ്കിലും സുഖസൌകര്യങ്ങള്‍ നല്‍കാന്‍ കഴിയ്വോ''.
''അതുണ്ടാവില്ല''
''അതാ ഞാന്‍ പറഞ്ഞത്. അപ്പോള്‍ നിന്‍റെ അച്ഛന്‍റെ എല്ലാ സുഖങ്ങള്‍ക്കും ഭാര്യവേണം. വയസ്സാവുമ്പോള്‍ പരിചരിക്കാന്‍ മകന്‍ വേണം. അച്ഛന്‍ വേണോ മറ്റുള്ളവര്‍ വേണോ എന്ന് തിരഞ്ഞെടുക്കേണ്ട ഘട്ടംവന്നപ്പോള്‍ ഗുണകരമായത് അയാള്‍ തിരഞ്ഞെടുത്തു. വളര്‍ത്തിവലുതാക്കിയ അച്ഛനെ അയാള്‍ ഈസിയായി തഴഞ്ഞില്ലേ? നിന്‍റെ അച്ഛന്‍ അവസരവാദിയാണെന്ന് പറഞ്ഞാല്‍ നീ സമ്മതിക്ക്വോ?''
''ഇല്ല''എന്ന് രാധാകൃഷ്ണന്‍ അറിയിച്ചു.
''ഇനി എന്‍റെ കാര്യം പറയാം. നീ ആ പ്രാന്തന്‍ മായന്‍കുട്ടിയെ കണ്ടിട്ടില്ലേ? അവന്‍റെ അമ്മ മീനാക്ഷി ചെറുപ്പത്തില്‍ ഈ വീട്ടില്‍ പണിക്ക് നിന്നിരുന്നു. എന്‍റെ കാരണോര് അയമ്മക്ക് കൊടുത്ത സമ്മാനമാണ് അവന്‍ എന്നൊരു വര്‍ത്തമാനം മുമ്പ് കേട്ടിട്ടുണ്ട്. എന്നുവെച്ച് ഞാന്‍ മായന്‍കുട്ടിയെ ഏട്ടാ എന്നുവിളിച്ച് കൂടെ കൊണ്ടുനടക്കുന്നുണ്ടോ''.
''ഇല്ല''രാധാകൃഷ്ണന്‍റെ മുഖം ആദ്യമായി തെളിഞ്ഞു. അവന്‍ ചിരിച്ചു
''കാര്യം കഴിഞ്ഞപ്പോള്‍ എന്‍റെ അച്ഛന്‍ ആ സ്ത്രീയെ തഴഞ്ഞു. അത് ആ മനുഷ്യന്‍റെ സാമര്‍ത്ഥ്യം. അവനെക്കൊണ്ട് ബുദ്ധിമുട്ടില്ലാത്തതുകൊണ്ട് ഞാനും മിണ്ടാതെ ഇരിക്കുന്നു. ഈ സ്വത്തില്‍ അവകാശവും പറഞ്ഞ് അവന്‍ വന്നാല്‍ ഞാന്‍ വെറുതെ ഇരിക്ക്വോ. ഇല്ലല്ലോ. ഇതൊക്കെയാണ് ഞാന്‍ നേരത്തെ പറഞ്ഞപോലെ സ്വന്തംകാര്യം മാത്രം നോക്കിയിട്ട് സമയത്തിന്ന് യോജിച്ചപോലെ പെരുമാറുന്നവിധം''.
രാധാകൃഷ്ണന്‍ ഒരക്ഷരം മിണ്ടാതെ കേട്ടിരിക്കുകയാണ്. സുകുമാരന്‍റെ ചിന്താഗതികളാണ് ശരി എന്നയാള്‍ക്ക് തോന്നി.
''ഈ ലോകത്തുള്ള സര്‍വ്വജീവജാലങ്ങള്‍ക്കും ഏറ്റവും പ്രധാനം സ്വന്തം നിലനില്‍പ്പുതന്നെയാണ്. അതിന്നുമുമ്പില്‍ മറ്റു യാതൊന്നിനും പരിഗണന നല്‍കാനാവില്ല. ഒരു മാന്‍ എന്തെങ്കിലും തെറ്റു ചെയ്തിട്ടാണോ സിംഹം അതിനെ കൊന്നുതിന്നുന്നത്. സിംഹത്തിന്ന് സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ മാനിനെ കൊന്നേപറ്റു. മനസ്സില്‍ ദയയും വെച്ചിരുന്നാല്‍ സിംഹത്തിന്ന് ഭക്ഷണം കിട്ടില്ല. മനുഷ്യന്മാരുടെ കാര്യത്തിലും ഇതൊക്കെ തന്നെയാണ് ഉള്ളത്. മറ്റുള്ളവര്‍ക്ക് നിസ്സാരമെന്ന് തോന്നാവുന്ന ചിലതൊക്കെ നിനക്ക് വലിയ കാര്യങ്ങളാണ്. അതുകാരണം നീ ആ കാര്‍ണോരെ വെറുക്കുന്നു. അയാളെ ശല്യക്കാരനായി കാണുന്നു. ഞാന്‍ അതിന്‍റെ തെറ്റും ശരിയും നോക്കുന്നില്ല. എന്താ കാരണം. തെറ്റും ശരിയും ഒക്കെ ആപേക്ഷികമായ കാര്യങ്ങളാണ്. നിന്‍റെ ശരി മറ്റൊരാള്‍ക്ക് തെറ്റാവാം''.
''എനിക്കൊന്നും മനസ്സിലാവുന്നില്ല. എങ്കിലും ബാക്കികൂടി പറയ്''.
''എടാ, ഈ ജീവിതം എന്നുപറഞ്ഞാല്‍ ചെങ്കുത്തായ ഒരുമലേന്ന് തിക്കി തിരക്കി ആളുകള്‍ ഇറങ്ങുന്ന മാതിരിയാ. ആരെങ്കിലും വീണാല്‍ പെട്ടു. മറ്റുള്ളവര്‍ ആ ശരീരം ചവിട്ടുപടിയാക്കി ഇറങ്ങിപോവും. അതുകൊണ്ട് ഒരിക്കലും വീഴാതെ നോക്കിനടക്ക്വാ. അതെ ചെയ്യാനുള്ളു''. സുകുമാരന്‍ പറഞ്ഞുനിര്‍ത്തി.
രാധകൃഷ്ണന്ന് ഒന്നും മനസ്സിലായില്ല. ഇനി എന്തു ചെയ്യണം എന്നത് ഇപ്പോഴും അവ്യക്തം.
''ആ കിഴവനെ ഒഴിവാക്കി നിങ്ങള്‍ക്ക് മാത്രം ആ വീട്ടില്‍ കൂടണം. അതല്ലേ നിനക്കുവേണ്ടു. അതിനൊക്കെ വഴിയുണ്ട്''സുകുമാരന്‍ പറഞ്ഞു''അത് ഞാന്‍ പറഞ്ഞുതരാം. പക്ഷെ അതിന്നുമുമ്പ് നിന്‍റെ മനസ്സിലെ വിഷമം മാറണം. നമുക്ക് ടൌണില്‍ ചെന്ന് ബാറിലൊന്ന് കയറാം. പിന്നെ ഒരു സിനിമക്കും''.
രണ്ടുപേരും പോവാനിറങ്ങി. കറുത്ത ഫിയറ്റ് അപ്സര ബാര്‍ അറ്റാച്ച്ഡ് ഹോട്ടല്‍ ലക്ഷ്യമാക്കി ഓടി.
അദ്ധ്യായം - 28.
വഴിനീളെ മാധവിയുടെ ആവലാതികള്‍കേട്ട് വേലായുധന്‍കുട്ടി മടുത്തു. ചോദിച്ചതിനൊന്നും മറുപടി പറയാത്തതിന്ന് ദേഷ്യപ്പെട്ടിരിക്കുകയാണ് അവള്‍. പറഞ്ഞതൊക്കെ അംഗീകരിക്കണം. ഇല്ലെങ്കില്‍ മുഖംവീര്‍പ്പിച്ച് ഒരു ഇരിപ്പാണ്. ദേഷ്യംവന്നപ്പോള്‍ അച്ഛന്‍ എന്തെങ്കിലും പറഞ്ഞു എന്നു വെച്ച് ഇത്രയേറെ ഒച്ചപ്പാടുണ്ടാക്കേണ്ട കാര്യമില്ല. പറഞ്ഞിട്ടെന്താ കാര്യം. കുഴിയിലേക്ക് കെട്ടിയെടുക്കാറായിട്ടും കാരണോര് വേണ്ടാത്ത പണിയേ ചെയ്യുള്ളു. രാധകൃഷ്ണന്ന് അയാളെ കാണുന്നതുതന്നെ വെറുപ്പാണ്.
ഫോണ്‍ ചെയ്ത് പറഞ്ഞപ്പോഴേ മാധവിയോട് കാര്യമാക്കേണ്ടാ എന്ന് പറഞ്ഞുനോക്കി. കേള്‍ക്കണ്ടേ. നിങ്ങള്‍ക്ക് നിങ്ങളുടെ അച്ഛന്‍ അത്രക്ക് വലുതാണെങ്കില്‍ അയാളീം കെട്ടിപിടിച്ച് ഇരുന്നോളിന്‍. എന്‍റെ വഴിക്ക് ഞാന്‍ പോവും എന്നവള്‍ പറഞ്ഞു. ബഹുവാശിക്കാരിയാണ്. പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യും. അവളെ പിണക്കിയാല്‍ സംഗതികള്‍ കുഴയും. ഇപ്പോള്‍ പറഞ്ഞതുപോലെ ചെയ്താല്‍ രണ്ടുദിവസം കഴിഞ്ഞ് ചൂടൊന്ന് ആറുമ്പോള്‍ നയത്തില്‍ പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരാം.
എന്തൊക്കെ ആയാലും നാട്ടുകാരുടെ മുമ്പില്‍ കുറച്ചിലായി. വയസ്സായ അച്ഛനെ ഒറ്റയ്ക്കാക്കി കെട്ട്യോളുടെ പിന്നാലെ ചെന്നു എന്നവര്‍ പറയും. വേറെ വഴിയില്ലല്ലോ. ചെണ്ടയ്ക്ക് ഒരുഭാഗത്ത് തല്ലുകൊണ്ടാല്‍ മതി, മദ്ദളത്തിന്ന് രണ്ടുഭാഗത്തും തല്ലുകൊള്ളണം. അങ്ങിനത്തെ അവസ്ഥയാണ് തന്‍റേത്. പോരാത്തതിന്ന് എന്തുകാര്യത്തിന്നും അമ്മയുടെ ഭാഗത്താണ് മകന്‍ നില്‍ക്കാറ്. അച്ഛന്‍ അതൊന്നും മനസ്സിലാക്കുന്നില്ല. മകന്‍റെ വിഷമങ്ങള്‍ അച്ഛന്‍ മനസ്സിലാക്കിയിരുന്നാല്‍ കുറച്ച് അടങ്ങി ഒതുങ്ങി കൂട്ടൂംകുറീം ഉണ്ടാക്കാതെ മര്യാദക്ക് ഒരിടത്ത് ഇരിക്കും. ഇപ്പോഴും തനിക്ക് പതിനാറ് വയസ്സാണ് എന്നാണ് അച്ഛന്‍റെ ഭാവം. അഞ്ചാറുമാസം മുമ്പ് വണ്ടിയും കാളയും വില്‍ക്കാനിരുന്നതാണ്. മകന്‍ രാധാകൃഷ്ണന്‍ കൂട്ടുകാരുമായി വീട്ടിലേക്ക് വരുമ്പോള്‍ ഗെയിറ്റില്‍ നിന്ന് മുറ്റത്തേക്കുള്ള കോണ്‍ക്രീറ്റ് വഴിയില്‍ ചാണകം കിടക്കുന്നതു കണ്ടിട്ട് കന്നിനെ വില്‍ക്കാന്‍ അന്നവന്‍ ആളെ കൂട്ടിക്കൊണ്ടുവന്നു. പറഞ്ഞ വിലതരാനും വന്നവര്‍ ഒരുക്കമായി. അച്ഛന്‍ ഒരാള്‍ അന്നതിനെ എതിര്‍ത്തു.
''നിങ്ങള് ചാവുമ്പൊ കാലന്‍റെ കോട്ടേലിക്ക് കാളവണ്ടീല് കേറിട്ടാണോ പോണത്. അതാലോചിച്ച് വിഷമിക്കേണ്ടാ. ഞങ്ങള് കെട്ടിപ്പൊതിഞ്ഞ് പുഴംപള്ളേലിക്ക് എടുത്തോളും''അന്നത് പറയേണ്ടി വന്നു. കന്നിനെ വില്‍ക്കാന്‍ അന്ന് സമ്മതിച്ചിരുന്നുവെങ്കില്‍ ഇന്നത്തെ ഈ സംഭവം ഉണ്ടാവില്ലായിരുന്നു. ഇടയ്ക്ക് മാധവിയെ ഒളിഞ്ഞുനോക്കി. അവള്‍ മുഖംവീര്‍പ്പിച്ച് ഒരേ ഇരുപ്പാണ്.
''കൊക്കില്‍ ഒതുങ്ങുണത് കൊത്ത്യാല്‍ മതി, ഇല്ലെങ്കില്‍ പിന്നീട് നീ തന്ന്യാ വിഷമിക്യാ''അവളെ കല്യാണം ആലോചിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞതാണ്. അന്നതിന്ന് ചെവികൊടുത്തില്ല. വീട്ടുകാരുടെ ഉയര്‍ന്ന സാമ്പത്തികനിലയും പെണ്ണിന്‍റെ ഭംഗിയും തൊലിവെളുപ്പുംമാത്രം കണക്കിലെടുത്തതിന്‍റെ ഫലം ഇന്ന് അനുഭവിക്കുന്നു. കയറിചെല്ലുമ്പോള്‍ അളിയന്മാരുടെ മുഖഭാവം കാണണം. അല്ലങ്കിലേ അവര്‍ക്ക് തന്നെ തീരെവിലയില്ല. ഇതുകൂടി കേട്ടാല്‍
മുറ്റത്ത് കാര്‍ നിര്‍ത്തി. ഡോര്‍തുറന്ന് ബാഗുകളെടുത്ത് മാധവി ഇറങ്ങി നടന്നു. ഡിക്കിയില്‍നിന്ന് പെട്ടിയെടുത്ത് അവളുടെ പുറകെനടന്നു.
**************************
അരണ്ട വെളിച്ചത്തിലിരുന്ന് നിറഞ്ഞ പാനപാത്രത്തില്‍ രാധാകൃഷ്ണന്‍ തന്‍റെ സങ്കടങ്ങളെ മുക്കിക്കൊന്നു. സുകുമാരന്‍ പറഞ്ഞതാണ് സത്യം എന്ന വസ്തുത അയാള്‍ തിരിച്ചറിഞ്ഞു. ഏതുകാര്യത്തിലും വല്ലാതെയങ്ങിനെ വേവലാതിപ്പെടാന്‍ പാടില്ല. വീട്ടിലെ പ്രശ്നങ്ങള്‍ ഇത്ര ഗൌരവമായി എടുത്ത് ബഹളം വെക്കേണ്ടിയിരുന്നില്ല. അമ്മയെ ഇടപെടുത്തിയതാണ് ഏറ്റവും വലിയ തെറ്റ്. അതാണല്ലോ അമ്മയോട് കടന്നുപോവാന്‍ അയാള്‍ പറഞ്ഞത്. ഓര്‍ത്തപ്പോള്‍ വീണ്ടും ദേഷ്യം ഇരച്ചുകയറി.
ആ മനുഷ്യനോട് ആര്‍ക്കും ഒത്തുപോവാനാവില്ല. കുറെ പണിചെയ്യും, അനാവശ്യമായി ഒന്നും ചിലവാക്കില്ല, ഒന്നും ആവശ്യപ്പെട്ട് വീട്ടുകാരെ ബുദ്ധിമുട്ടിക്കില്ല. അങ്ങിനെയൊക്കെ ആണെങ്കിലും കുടുംബത്തിലെ ഒരംഗം എന്ന നിലയ്ക്ക് പെരുമാറുന്ന പതിവ് അയാള്‍ക്കില്ല. ഞാനും എന്‍റെ കാര്യവും അത്രമാത്രം.
സുകുമാരന്‍റെ മുത്തച്ഛന്‍ ജീവിച്ചിരുന്നകാലത്ത് പലപ്പോഴും അവന്‍റെ വീട്ടില്‍ ചെന്നിട്ടുണ്ട്. കയറിചെല്ലുന്ന ഇടത്ത് ചാരുകസേലയില്‍ കിടന്ന് വീട്ടില്‍ ചെന്നുകയറുന്ന എല്ലാവരോടും ചിരിച്ച് വര്‍ത്തമാനം പറഞ്ഞ് ആരും ഇഷ്ടപ്പെടുന്ന ഒരു നല്ല മനുഷ്യന്‍. അങ്ങിനെയൊക്കെയല്ലേ ഒരാള്‍ വയസ്സാവുമ്പോള്‍ പെരുമാറേണ്ടത്. ഇത് കന്നിന്‍റെകൂടെ കിടന്നുറങ്ങി, അതിന്‍റെ ചാണകം വാരി. വല്ലാത്തൊരു ജന്മം. ശരിക്കൊരു മൃഗംതന്നെ. വീട്ടില്‍ വന്നെത്തുന്ന കൊള്ളാവുന്ന ആര്‍ക്കെങ്കിലും മുത്തച്ഛനാണെന്നു പറഞ്ഞ് അയാളെ പരിചയപ്പെടുത്താന്‍ പറ്റുമോ?
''എന്താ നീ വല്ലാതെ ആലോചിച്ച് കൂട്ടുന്നത്''സുകുമാരന്‍ ചോദിച്ചു''ആ കിഴവനെക്കൊണ്ടുള്ള ശല്യം എങ്ങിനെ ഇല്ലാതാക്കണമെന്നാണോ?''
അതെയെന്ന മട്ടില്‍ രാധാകൃഷ്ണന്‍ തലയാട്ടി.
''അതിനൊക്കെ പലപല വഴികള്‍ ഉണ്ട്''സുകുമാരന്‍ പറഞ്ഞു തുടങ്ങി ''ആര്‍ക്കും ആ കിഴവനോട് വൈകാരികമായ അടുപ്പം ഇല്ലാത്തതിനാല്‍ വേണമെങ്കില്‍ അയാളെ തട്ടിക്കളയാം. പ്രായമായതിനാല്‍ സ്വാഭാവിക മരണമാണെന്നേ ആളുകള്‍ കരുതു. പക്ഷെ ഒരുകാര്യം. പിടിക്കപ്പെടാത്ത രീതിയില്‍ വേണം ചെയ്യാന്‍. ഇല്ലെങ്കില്‍ വെളുക്കാന്‍തേച്ചത് പാണ്ടാവും . കൊലക്കുറ്റത്തിന്ന് അഴി എണ്ണേണ്ടതായും വരും. ഒരുപക്ഷെ അതൊന്നും പ്രശ്നമായി എന്ന് വരില്ല, കയ്യില്‍ കാശും നല്ലൊരു വക്കീലും ഉണ്ടെങ്കില്‍ കേസില്‍ നിന്നൊക്കെ പുഷ്പംപോലെ ഊരിവരാം''.
''കൊല്ലാനോ? അയ്യോ. അതൊന്നുംവേണ്ടാ''രാധാകൃഷ്ണന്ന് ആ നിര്‍ദ്ദേശം സ്വീകാര്യമായില്ല. എത്രയായാലും ഒരാളെ, അതും വീട്ടിലെതന്നെ ഒരാളെ ഇല്ലായ്മ ചെയ്യുന്ന കാര്യം ആലോചിക്കാന്‍ പോലും കഴിയില്ല. അയാള്‍ അത് തുറന്ന് പറഞ്ഞു.
''അങ്ങിനെ ചെയ്യണം എന്നല്ല ഞാന്‍ പറഞ്ഞത്, അതൊരു മാര്‍ഗ്ഗമാണെന്ന് പറഞ്ഞു എന്നേ ഉള്ളു''സുകുമാരന്‍ അടുത്തവഴി പറഞ്ഞുതുടങ്ങി. നമുക്ക് മദ്ധ്യസ്ഥനായി ഒരാളെ കിഴവന്‍റെ അടുത്തേക്ക് അയച്ചാലോ''.
''എന്തിന്''.
''നമ്മുടെ ആവശ്യങ്ങള്‍ അയാള്‍ മുഖാന്തരം കാര്‍ണ്ണോരെ അറിയിക്കാം. ആ തൊഴുത്തും വണ്ടിപ്പുരയും വീട്ടുവളപ്പില്‍നിന്ന് മാറ്റണം എന്നല്ലെയുള്ളു. ആരുകേട്ടാലും ന്യായമായ ആവശ്യമാണ്. ചെലപ്പൊ കാര്‍ണ്ണോര് അതിന്ന് സമ്മതിക്കും''.
''എനിക്ക് തോന്നുണില്ല. അങ്ങിനത്തെ ആളല്ല ആ കിഴവന്‍''.
''ശരി. ഇനി അതും പറ്റില്ലെങ്കില്‍ മിണ്ടാതെ കുറച്ചുദിവസം നിങ്ങളൊക്കെ മാറിത്താമസിക്കുക. എത്രദിവസം അയാള്‍ ഒറ്റയ്ക്ക് കഴിയും? നിങ്ങളുടെ കാല്‍കീഴില്‍ ശരണം പറഞ്ഞ് മുത്തന്‍ എത്തും. അന്ന് എല്ലാ കാര്യങ്ങളും ആവശ്യപ്പെടാം, വേണച്ചാല്‍ അടങ്ങിഒതുങ്ങി കഴിയാന്‍ വേറേയും ചില നിബന്ധനകള്‍ വെക്കാം. പക്ഷെ അതിന് കുറച്ചുദിവസം ക്ഷമിക്കണം''.
മൂന്നാമത്തെ രീതിയാണ് രാധാകൃഷ്ണന്ന് മനസ്സില്‍ ഏറെപിടിച്ചത്. പക്ഷെ കുറച്ചുദിവസം എവിടെ കഴിയും. അമ്മയുടെ വീട്ടില്‍പോയി നില്‍ക്കാന്‍ വയ്യ. അമ്മാമന്മാര്‍ക്ക് പണ്ടേ അച്ഛനെ തീരെ മതിപ്പില്ല. ഇനി എന്തെങ്കിലും പറഞ്ഞ് അവരോടും തെറ്റേണ്ടി വന്നാല്‍. അതും മോശമാവില്ലേ? എന്താ അതിനൊരു വഴി. അവന്‍ സുഹൃത്തിനോട് ആ പ്രശ്നം പറഞ്ഞു.
''ഇതിനൊക്കെ എന്തെല്ലാം വഴിയുണ്ട്''സുകുമാരന്‍ പറഞ്ഞു''ഒന്നുകില്‍ നീ എന്‍റെകൂടെ കൂടിക്കോ, അതുവയ്യെങ്കില്‍ കുറച്ചുദിവസത്തേക്ക് ടൌണില്‍ ഒരു ലോഡ്ജില്‍ കഴിയ്, ഈ രണ്ടുവഴിയും പറ്റില്ലെങ്കില്‍ നമുക്ക് കുറച്ചു ദിവസത്തേക്ക് ഒരു യാത്ര പോവാം, ഊട്ടിക്കോ, ബോംബക്കോ അല്ലെങ്കില്‍ ഗോവയ്ക്കൊ എവിടേക്കാച്ചാല്‍ അവിടേക്ക്''.
മഴ തുടങ്ങുന്നതോടെ കോണ്ട്രാക്ട് പണികള്‍ നില്‍ക്കും . ഇപ്പോഴെ നിലച്ച മാതിരിയാണ്. ഒന്നു കറങ്ങിവരാന്‍ പറ്റിയ സമയമാണിത്. സുകുമാരന്‍ പറയുന്നതുപോലെ ചെയ്യാം. പക്ഷെ അച്ഛനോ?
''ഞാന്‍ റെഡി''രാധാകൃഷ്ണന്‍ പറഞ്ഞു''എവിടേക്ക് വേണച്ചാലും നമുക്ക് പോവാം, ഇപ്പോഴെങ്കില്‍ ഇപ്പോള്‍. പക്ഷെ അച്ഛന്‍''.
''അതാലോചിച്ച് നീ വിഷമിക്കണ്ടാ. അങ്കിളിന്‍റെ താമസകാര്യമല്ലേ. അതിന്ന് ഞാനെന്‍റെ അച്ഛനോടു പറഞ്ഞ് എന്തെങ്കിലും വഴിയുണ്ടാക്കാം''കൂട്ടുകാര്‍ അന്യോന്യം കൈകൊടുത്തു. ബാറില്‍നിന്നിറങ്ങി അവര്‍ തിയ്യേറ്ററിലേക്ക് വിട്ടു.
അദ്ധ്യായം - 29.
ചുറ്റുപാടും ഇരുട്ട് പരന്നതൊന്നും കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ അറിഞ്ഞില്ല. ഒരുപക്ഷെ മനസ്സിനകത്തെ ഇരുട്ട് പുറമെയുള്ള ഇരുട്ടിനെ മറച്ചതാവണം. തെങ്ങിന്‍തോപ്പില്‍ കൂടണയാന്‍ കലപിലകൂട്ടി വന്നിരുന്ന കാക്കകളുടെ ഒച്ച നിലച്ചിട്ടുണ്ട്. അടുത്തൊന്നും ഒരൊറ്റ മനുഷ്യജീവിയില്ല. കുറച്ചുനേരം ആരോടെങ്കിലും സംസാരിച്ചിരിക്കണമെന്ന് കലശലായ മോഹംതോന്നി. ജീവനുള്ളവയായി രണ്ട് വണ്ടിക്കാളകള്‍ മാത്രമേ വീട്ടുവളപ്പിലുള്ളു എന്ന സത്യം ഓര്‍മ്മവന്നു. പണിക്കാരിപ്പെണ്ണ് വാതില്‍പൂട്ടി പൂട്ടില്‍ത്തന്നെ താക്കോല്‍ വെച്ചിട്ടുണ്ട്. അതുമെടുത്ത് പുറകിലെ വണ്ടിപ്പുരയിലേക്ക് നടന്നു.
വണ്ടിപ്പുരയോട് ചേര്‍ന്നുള്ള തൊഴുത്തില്‍ കയറിനോക്കി. കാളകള്‍ രണ്ടും അയവിറക്കിക്കൊണ്ട് നില്‍പ്പാണ്. പുല്ലുവട്ടിയില്‍ ഒരു ഇഴ വൈക്കോല്‍ ഇല്ല. തൊഴുത്തിന്ന് പിന്നാലത്തെ വൈക്കോല്‍കുണ്ടയില്‍നിന്ന് വൈക്കോല്‍ എടുത്തുവന്നു. നന്നാല് കന്നുവീതമെങ്കിലും രണ്ടിനും കൊടുത്തില്ലെങ്കില്‍ അവറ്റക്ക് വയറിന്‍റെ ഓരം നിറയാന്‍കൂടി തികയില്ല. കൂടുതല്‍ ഇടുന്നതും ശരിയല്ല. കുറെ വൈക്കോല്‍ വലിച്ച് തൊഴുത്തിലിട്ട് ചാണകവുമായി കലര്‍ത്തി കേടുവരുത്തി കളയും. കന്നിക്കൊയ്ത്ത് കഴിയുന്നവരെ എത്തേണ്ടതാണ്. പുല്ലുവട്ടിയുടെ തിണ്ടില്‍ മൂരികളേയും നോക്കിയിരുന്നു. ക്രമേണ മനസ്സ് ശാന്തമായി. അത്താഴം കഴിക്കാറുള്ള സമയമായി. വിശന്നിട്ട് വലയുന്നു. പണ്ടാണെങ്കില്‍ നേരത്തോട് നേരം ഒന്നും കഴിച്ചില്ലെങ്കിലും ഒന്നും തോന്നില്ല. ഇനി അതുംപറഞ്ഞ് ഒരിടത്ത് ഇരിക്കാനല്ലേ പറ്റു. പണിക്കാരിപെണ്ണ് പോവുമ്പോള്‍ വണ്ടിപ്പുരയിലെ ചോറ്റുപാത്രത്തില്‍ കഞ്ഞിയൊഴിച്ചുവെച്ചിട്ടുണ്ടാവും. അതെടുത്ത് കഴിക്കാം.
ചോറ്റുപാത്രം എടുത്തപ്പോള്‍ കനംതോന്നിയില്ല. തുറന്നുനോക്കിയപ്പോള്‍ കാലി. അപ്പോള്‍ പെണ്ണ് കഞ്ഞി ഒഴിച്ചുവെക്കാതെയാണ് പോയത്. എന്താ വേണ്ടത് എന്നറിയുന്നില്ല. ഈ രാത്രി എങ്ങിനെ കഴിച്ചുകൂട്ടും. ഇന്നുവരെ ഒരാളുടെ അടുത്തും ഒരുവയറ് ചോറ് തരണമെന്നു ചോദിച്ചു ചെല്ലേണ്ട ഗതികേട് വന്നിട്ടില്ല. അല്ലെങ്കിലും ഈ നേരത്തിനി എവിടെചെന്ന് വല്ലതും വാങ്ങികഴിക്കും.
സമയം ചെല്ലുന്തോറും പരവേശം കൂടിക്കൂടി വന്നു. ഒന്നും കഴിക്കാതെ ഒരുനിമിഷം കഴിയാന്‍ പറ്റില്ല എന്നഅവസ്ഥയായിട്ടുണ്ട്, കൈകാലുകള്‍ തളരുകയാണോ? താക്കോല്‍കൂട്ടമെടുത്ത് ഇരുട്ടത്ത് മുന്‍വശത്തേക്ക് ചെന്നു. മാറിമാറി കുറെ താക്കോല്‍ പൂട്ടിലിട്ട് തിരിച്ചെങ്കിലും തുറന്നില്ല. ഇനിയൊന്നും ചെയ്യാനില്ല. വണ്ടിപ്പുരയിലേക്ക് തിരിച്ചുനടന്നു. പായ നിവര്‍ത്തി കിടന്നു. വിശപ്പും മനോവിഷമവുംകൂടി ഉറക്കത്തെ അകറ്റി നിര്‍ത്തി. എന്തെങ്കിലും ചെത്തം കേള്‍ക്കുന്നുണ്ടോ. പുല്ലുവട്ടിയില്‍ ഇട്ടു കൊടുത്ത വൈക്കോല്‍ മൂരികള്‍ വലിച്ചുതിന്നുന്ന ഒച്ച കേള്‍ക്കാനുണ്ട്. കയത്തംകുണ്ടില്‍ വെള്ളം കുത്തിയൊഴുകി ചാടുന്ന ശബ്ദം അതിന്ന് ശ്രുതി മീട്ടുന്നു. വണ്ടിപ്പുരക്കുള്ളില്‍ അല്‍പ്പം വെളിച്ചംതൂകി ഒരുമിന്നാമിനുങ്ങ് പറന്നുനടക്കുന്നുണ്ട്. അയാള്‍ മുകളിലേക്കു നോക്കി മലര്‍ന്ന് കിടന്നു.
********************************
സരോജിനി കാലത്തുതന്നെ കുളിക്കാന്‍ പോയതുകാരണം നാണുനായര്‍ കുളിക്കാന്‍ പോവുന്നത് വൈകി. കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ കുളത്തിലെ കുളിയും അമ്പലത്തില്‍ചെന്ന് തൊഴുകലും കഴിഞ്ഞ് വീട്ടിലേക്ക് പോയി കാണുമെന്ന് നാണുനായര്‍ വിചാരിച്ചു. എല്ലാദിവസവും തന്‍റെ കുളിയും തിരുമ്പലും ഒക്കെ കഴിയാറാവുമ്പോഴാണ് എഴുത്തശ്ശന്‍ പാടം നോക്കി കഴിഞ്ഞ് കുളിക്കാന്‍ കുളത്തിലെത്തുക. ഏതായാലും മകളുടെ കുളിയും തൊഴുകലുംനടക്കട്ടെ. നേരത്തെ എത്തിയിട്ട് എന്താകാര്യം. മകള്‍ വല്ലതും വെച്ചൊരുക്കണ്ടേ.
സരോജിനി എത്തിയതും അയാള്‍ തോര്‍ത്തുമായി ഇറങ്ങി. പുഴയിറങ്ങി കയറുമ്പോള്‍ എഴുത്തശ്ശനുണ്ട് എതിരെ വരുന്നു. കണ്ടിട്ട് കുളിച്ചമാതിരി തോന്നുന്നില്ല.
''എന്താ പറ്റീത്, കുപ്പന്‍കുട്ടി കുളിച്ചില്ലേ''നാണുനായര്‍ ചോദിച്ചു.
''ഞാന്‍ നിങ്ങളെ അന്വേഷിച്ച് വീട്ടിലിക്ക് വരാന്‍ നില്‍ക്ക്വായിരുന്നു'' ചോദിച്ചതിനല്ല എഴുത്തശ്ശന്‍ മറുപടിപറഞ്ഞത്.
നാണുനായര്‍ക്ക് പരിഭ്രമമായി. ഇന്നുവരെ എഴുത്തശ്ശന്‍റെ കയ്യില്‍നിന്ന് ഒരുപൈസ കടംവാങ്ങിയിട്ടില്ല. പണത്തിന്‍റെ കാര്യത്തില്‍ മൂപ്പര് ബഹു കണിശക്കാരനാണ്. വല്ലതും വാങ്ങി സമയത്തിന് തിരിച്ചുകൊടുക്കാന്‍ പറ്റാതെ വന്നാല്‍ ഉള്ള ലോഹ്യം അലോഹ്യമാവും. അതുവേണ്ടാ.
''എന്താ വിശേഷിച്ച്''നായര്‍ ചോദിച്ചു. എഴുത്തശ്ശന്‍ ഒന്നും മിണ്ടിയില്ല. നായരുടെ കയ്യുംപിടിച്ച് അയാള്‍ പുഴക്കരയിലെ കൂറ്റന്‍കരിവാകയുടെ തണലിലേക്ക് നടന്നു. എന്തോ ഒരു വല്ലാത്ത ഭാവം ആ മുഖത്തുള്ളതായി നാണുനായര്‍ക്ക് തോന്നി. എഴുത്തശ്ശന്‍ നായരുടെ കയ്യ് തന്‍റെ കണ്ണിനോട് ചേര്‍ത്തുപിടിച്ചു. ആ മിഴികളില്‍ ഈര്‍പ്പമുള്ളതായി നായര്‍ക്ക് തോന്നി.
''എന്താ കുപ്പന്‍കുട്ട്യേ ഇത്''അയാളുടെ ശബ്ദംവിറച്ചു. തന്‍റെ കൂട്ടുകാരന്ന് എന്തോ പറ്റിയിട്ടുണ്ട്. ഇന്നുവരെ മൂപ്പരെ സങ്കടപ്പെട്ട് കണ്ടിട്ടില്ല. ഇനി വല്ല അത്യാപത്തും പറ്റിയിട്ടുണ്ടാവുമോ. ദുഃഖം ഉള്ളതൊന്നും കേള്‍പ്പിക്കല്ലേ അയ്യപ്പാ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു. വാകത്തണലില്‍ വെറും നിലത്ത് എഴുത്തശ്ശന്‍ പടിഞ്ഞിരുന്നു. അയാള്‍ ആകെ തളര്‍ന്നതുപോലെ തോന്നി.
''നിങ്ങളും ഇരിക്കിന്‍''അയാള്‍ നാണുനായരോട് പറഞ്ഞു.
നിലത്ത് തോര്‍ത്തുവിരിച്ച് നായര്‍ അതിലിരുന്നു. കുറച്ച് നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല. എങ്ങിനെ തുടങ്ങണമെന്ന് എഴുത്തശ്ശന്‍ ആലോചിക്കുകയായിരുന്നു. നാണുനായരാകട്ടെ ആകാംക്ഷയുടെ മുള്‍മുനയിലും.
നിശ്ശബ്ദത ഭഞ്ജിച്ചത് എഴുത്തശ്ശനായിരുന്നു. തലേന്ന് നടന്ന സംഭവങ്ങള്‍ മാത്രമല്ല, വളരെകാലമായി താന്‍ അനുഭവിച്ചുവരുന്ന അവഗണനയുടെ കഥകള്‍ മുഴുവന്‍ ചുരുളഴിഞ്ഞു. നാണുനായര്‍ അത്ഭുതതോടെ എല്ലാം കേട്ടിരുന്നു. ഭാഗ്യവാനാണ് എന്ന് ഇന്നുവരെ താന്‍ വിശ്വസിച്ചിരുന്ന സുഹൃത്ത് സഹിച്ച വിഷമതകള്‍ സങ്കല്‍പ്പിക്കാന്‍കൂടി കഴിയുന്നില്ല. ആരേയും ഇന്നുവരെ ഇയാള്‍ ഒന്നും അറിയിച്ചില്ലല്ലൊ.
''ഇനി ഞാനെന്താണ് ചെയ്യണ്ടത്. ഒരുനിവര്‍ത്തിമാര്‍ഗ്ഗം പറഞ്ഞുതരിന്‍'' എഴുത്തശ്ശന്‍ നാണുനായരോട് ആവശ്യപ്പെട്ടു.
എന്തു പറയണമെന്ന് തനിക്കറിയില്ല. എന്നാലോ മൂപ്പരുടെ കാര്യത്തില്‍ ഒഴിഞ്ഞുമാറാനും വയ്യ. വല്ലാത്തൊരു അവസ്ഥയിലായി. കുറച്ചുനേരം കഴിഞ്ഞു.
''നമുക്കൊരു കാര്യം ചെയ്യാം. കുളികഴിഞ്ഞ് അയ്യപ്പനെ തൊഴുതിട്ട് വീട്ടിലിക്ക് പോവാം. വല്ലതുംകഴിച്ച് അവിടെ ഇരുന്ന് ആലോചിച്ച് എന്തെങ്കിലും പോംവഴികാണാം''നായര്‍ നിര്‍ദ്ദേശിച്ചു.
അച്ഛനോടൊപ്പം കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ വരുന്നത് സരോജിനി കണ്ടു. പതിവില്ലാത്തതാണല്ലോ ഈ വരവ് എന്നവള്‍ മനസ്സിലോര്‍ത്തു.
''വിശന്നിട്ടു വയ്യാ. ഞങ്ങള്‍ രണ്ടാള്‍ക്കും കഞ്ഞി വിളമ്പ്''നാണുനായര്‍ മകളോട് പറഞ്ഞു
സരോജിനി കൂട്ടുകാര്‍ക്ക് കഞ്ഞിവിളമ്പി. ഉപ്പേരിയും തേങ്ങചമ്മന്തിയും ഉണ്ടാക്കിയത് നന്നായി. ഇല്ലെങ്കില്‍ മാനക്കേടായേനെ. എഴുത്തശ്ശന്‍ വയറ് നിറയെ കഴിച്ചു. സരോജിനി വീണ്ടും വിളമ്പാന്‍ ചെന്നപ്പോഴും തടഞ്ഞില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടുവറ്റ് തിന്നതാണ്.
''നിങ്ങള് ഇത്തിരി കാറ്റുകൊണ്ട് കിടക്കിന്‍. എന്താ വേണ്ടതേന്ന് ഞാന്‍ ആലോചിക്കട്ടെ''എന്നുപറഞ്ഞ് നാണുനായര്‍ തിണ്ടില്‍ പായ വിരിച്ചിട്ട് സുഹൃത്തിനെ വിശ്രമിക്കാന്‍ ക്ഷണിച്ചു. നിമിഷങ്ങള്‍ക്കകം ഒരു കൊച്ചു കുഞ്ഞിനെപ്പോലെ എഴുത്തശ്ശന്‍ കിടന്നുറങ്ങി .
അദ്ധ്യായം-30.
നാണുനായര്‍ വിളിച്ചപ്പോഴാണ് കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ ഉണര്‍ന്നത്. നേരം വല്ലാതെ വൈകിയിരിക്കുന്നു. ഈശ്വരാ, പാടത്ത് കന്നോ മാടോ ഇറങ്ങിയിട്ടുണ്ടാവുമോ? പിടഞ്ഞെണീറ്റ് പോവാനൊരുങ്ങി.
''എവെടെക്കാ നിങ്ങളിങ്ങനെ തുറുക്കംപിടിച്ച് പായാന്‍ നിക്കുണത്'' നാണുനായര്‍ ചോദിച്ചു.
''പാടത്ത് കന്നോ മാടോ ഇറങ്ങീട്ടുണ്ടോന്ന് നോക്കണം, തൊഴുത്തില്‍ കെട്ടീട്ടുള്ള കന്നിന് വെള്ളൂം വൈക്കോലും കൊടുക്കണം. അങ്ങിനെ നൂറുകൂട്ടം പണികള്‍ ചെയ്യാന്‍ കിടക്കുണുണ്ട് അതൊന്നും ചിന്തിക്കാതെ ഞാന്‍ കിടന്നുറങ്ങി''എഴുത്തശ്ശന്‍ പറഞ്ഞു''പോയിട്ടെല്ലാം ഒന്ന് വെക്കം തീര്‍ക്കട്ടെ. അതൊക്കെ കഴിഞ്ഞ് നിങ്ങളെ പിന്നെ വന്ന് കണ്ടോളാം''.
നാണുനായര്‍ അതിന്ന് സമ്മതിച്ചില്ല. ഊണുകഴിഞ്ഞിട്ടേ പോകാവൂ എന്ന് ശഠിച്ചു. എഴുത്തശ്ശന്‍ എതിരൊന്നും പറഞ്ഞില്ല. അയാള്‍ കിണ്ടിയില്‍നിന്ന് വെള്ളമെടുത്ത് കയ്യുംകാലും മുഖവും കഴുകി. നാണുനായരുടെ പുറകെ ഇടനാഴിയിലേക്ക് ചെന്നു. സരോജിനി നാക്കിലയില്‍ ചോറുവിളമ്പി. ഉള്ളി സാമ്പാറും, കായയും ചേനയും കൂടിയുള്ള മെഴുക്കുപുരട്ടിയും, നാരങ്ങ ഉപ്പിലിട്ടതും, പപ്പടവും ഒക്കെക്കൂടി സമൃദ്ധമായ ഊണ് രണ്ടാളും കഴിച്ചു. ആണുങ്ങള്‍ ഊണുകഴിച്ച് എഴുന്നേറ്റപ്പോള്‍ സരോജിനി ഉണ്ണാനിരുന്നു. എഴുത്തശ്ശന്‍റെ പേരുപറഞ്ഞിട്ടാണെങ്കിലും വളരെ നാളുകള്‍ക്കുശേഷം ഇന്നാണ് രുചിയോടെ വല്ലതും തിന്നുന്നത്.
''അപ്പഴേ നിങ്ങള് എന്നോട് പറഞ്ഞകാര്യം മറന്ന്വോ''നായര്‍ ചോദിച്ചു. കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ ഒന്നും മിണ്ടിയില്ല. നായര്‍ എന്തു പറയുമെന്ന ആലോചനയിലായിരുന്നു അയാളും. ഇതുപോലെയുള്ള ഒരു അവസ്ഥ ഇതിന്നുമുമ്പ് ഉണ്ടായിട്ടില്ല. കുടുംബത്തില്‍ തന്നെയാണ് കുഴപ്പം. പോറ്റി വളര്‍ത്തി വലുതാക്കിയ മകന് തന്നെ വേണ്ടെങ്കില്‍ പിന്നെ ആരെയാണ് കാത്തിരിക്കേണ്ടത്. കെഞ്ചിക്കൊണ്ട് പിന്നാലെ പോവാനൊന്നും ആവില്ല. അതിലും ഭേദം ജീവന്‍ വേണ്ടെന്ന് വെക്കുന്നതാണ്.
''ഞാന്‍ ഒരുകാര്യം പറഞ്ഞാ നിങ്ങള് തെറ്റിദ്ധരിക്കരുത്''നാണുനായര്‍ പറഞ്ഞുതുടങ്ങി''കാര്യം നിങ്ങടെ മകനാണെങ്കിലും അവരൊക്കെ വല്യേ ആള്‍ക്കാരാണ്. എന്നെപ്പോലത്തെ ഒരു അശു അവരടടുത്ത് മദ്ധ്യസ്ഥം പറയാന്‍ ചെന്നാല് അവര്‍ക്ക് കണ്ണില്‍ പിടിക്ക്വോ. തരത്തിന്ന് ചേര്‍ന്നവര്‍ തമ്മില്‍ സംസാരിച്ചാലല്ലേ കാര്യംമുറിയൂ. നമ്മടെ ദേശത്തില് രാഘവനോ കിട്ടുണ്ണിമാഷോ ഒക്കെ അല്ലേ ഇപ്പഴത്തെ വല്യേ ആള്‍ക്കാര്. നമുക്ക് അവരെക്കൊണ്ട് മകന്‍റടുത്ത് സംസാരിപ്പിച്ചാലോ''എഴുത്തശ്ശന്‍ ഒന്നും പറഞ്ഞില്ല. താന്‍ പറഞ്ഞത് തെറ്റായിപ്പോയോ എന്ന് നായര്‍ക്ക് തോന്നി.
''എന്താ നിങ്ങള് ഒരക്ഷരം മിണ്ടാത്തത്''നാണുനായര്‍ ചോദിച്ചു.
''ബാക്കികൂടി പറഞ്ഞോളിന്‍''എഴുത്തശ്ശന്‍ ആവശ്യപ്പെട്ടു.
''കുപ്പന്‍കുട്ടിടെ വണ്ടീം മൂരീം ഒന്നും അവര്‍ക്ക് തീരെ പറ്റുണുണ്ടാവില്യാ. നമക്കതങ്ങിട്ട് വേണ്ടാന്ന് വെച്ചൂടെ''നായര്‍ അടുത്ത നിര്‍ദ്ദേശവുംവെച്ചു.
''അപ്പൊ എന്‍റെ ഇഷ്ടത്തിന്ന് നിറുത്തിയ വണ്ടീം കാളയും വില്‍ക്കണം. എന്നിട്ട് അവന്‍റേയും അവളുടേയും കാലില് ചെന്ന് വീഴണം. അതിന്നും അന്യന്‍റെ മദ്ധ്യസ്ഥത വേണം''എഴുത്തശ്ശന്‍ ചോദിച്ചു''ഇതൊക്ക്യേല്ലേ നിങ്ങളെന്നോട് പറഞ്ഞോണ്ട് വരുണത്''. നാണുനായര്‍ ഒന്നും മിണ്ടിയില്ല. പറഞ്ഞത് വേണ്ടായിരുന്നു എന്നയാള്‍ക്ക് തോന്നി.
''കൂട്ടീം കിഴിച്ചും നോക്കുമ്പൊ നിങ്ങള് പറഞ്ഞതന്ന്യാ ശരി. അവരുടെ ദേഷ്യംതീര്‍ക്കാന്‍ ചെലപ്പൊ അതൊക്കെവേണ്ടിവരും. എന്നാലും എന്തൊ എനിക്കതങ്ങിട്ട് ബോധിക്കിണില്യാ''എഴുത്തശ്ശന്‍ പറഞ്ഞു''അതിന്ന് തക്ക തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല''.
കൂട്ടുകാര്‍ക്കിടയില്‍ മൂന്നാമനായി നിശബ്ദത കടന്നുവന്നു. മൂടിക്കെട്ടിയ അന്തരീക്ഷം വേവുംചൂടും ഉയര്‍ത്തി. അടമഴ തുടങ്ങാറായി. അതിന്നുമുമ്പ് ചിലതെല്ലാം ചെയ്തുതീര്‍ക്കാനുണ്ട്.
''എന്നിട്ട് എന്താ നിങ്ങടെ തീരുമാനം''നായര്‍ ആരാഞ്ഞു.
''ഇന്നലെ രാത്രിതന്നെ മേലാല്‍ എന്തുചെയ്യണംന്ന് ഞാന്‍ ആലോചിച്ചു വെച്ചിട്ടുണ്ട്. അത് ചെയ്യുണതിന്നുമുമ്പ് നിങ്ങളോടൊന്ന് ചോദിച്ചൂന്നേള്ളു'' എഴുത്തശ്ശന്‍ പറഞ്ഞു''ആരോടും ഒരുവാക്ക് ചോദിക്കാതെ തന്നിഷ്ടം പോലെ ചെയ്തൂന്ന് നാളെ എനിക്ക് തോന്നാന്‍ പാടില്ലല്ലോ''. നാണുനായര്‍ കൂട്ടുകാരന്‍ പറയുന്നതുകേട്ടിരുന്നു
''നോക്കിന്‍, ഒന്നേ ഉള്ളൂങ്കില്‍ ഒലക്ക കൊണ്ട് തല്ലി വളര്‍ത്തണം എന്നാ പഴമക്കാര് പറയാറ്. ഞാനങ്ങനെ ചെയ്തില്ല. തള്ളീല്ലാത്ത കുട്ട്യല്ലെ എന്നുകരുതി ഞാനവനെ ലാളിച്ചു. മുതിര്‍ന്നപ്പൊ ഞാന്‍ അവന്‍റെ എല്ലാ ഇഷ്ടങ്ങള്‍ക്കും സമ്മതംമൂളി. ഇനി പറഞ്ഞിട്ട് കാര്യൂല്യാ''കൂട്ടുകാരനോട് എഴുത്തശ്ശന്‍ മനസ്സുതുറന്നു.
''അതിന് നിങ്ങളെ ആരും കുറ്റം പറയില്ല''.
''അന്യന്‍റെ പാടം പാട്ടത്തിനെടുത്ത് കൊത്തീംകിളച്ചും പണിതു. എന്നും അരിഷ്ടിച്ച് കഴിഞ്ഞതുകാരണം പത്തുകാശ് കയ്യില്‍ വെക്കാനുണ്ടായി. ഈശ്വരന്‍ വിചാരിച്ച് നിയമം മാറ്യേപ്പൊ പത്തമ്പത് പറ കൃഷിഭൂമി കയ്യില്‍വന്നു. പുഴവക്കത്ത് തരിശായി കിടന്നസ്ഥലം ചുളുവിലയ്ക്ക് കിട്ട്യേപ്പൊ അതുവാങ്ങി. പുഴേന്ന് ഒറ്റയ്ക്ക് കൊടത്തില്‍ വെള്ളം ഏറ്റികൊണ്ടുവന്ന് നനച്ച് വളര്‍ത്ത്യേതാണ് തെങ്ങിന്‍തൈകളൊക്കെ. ഇന്നവിടെ ഇല്ലാത്ത വല്ലതൂണ്ടോ. പലജാതി മാവുകള്, പ്ലാവ്, പുളി, പറങ്കിമൂച്ചി, നെല്ലി ഒക്കെ ഉണ്ട്. വീട്ടാവശ്യം കഴിഞ്ഞ് ബാക്കീള്ളത് വിറ്റ് പണാക്കും. ഒക്കെ മകന് വേണ്ടിയാണ് ഉണ്ടാക്കികൂട്ട്യേത്''എഴുത്തശ്ശന്‍ നെടുവീര്‍പ്പിട്ടു.
''ഓ, അതൊക്കെ എല്ലാരുക്കും അറിയാം. നിങ്ങള് സഹിച്ച കഷ്ടപ്പാട് കണ്ട ആളല്ലേ ഞാന്‍''നായര്‍ കൂട്ടുകാരന്‍ പറഞ്ഞത് ശരിവെച്ചു.
''സമ്പാദിച്ചത് മകന്‍ ധൂര്‍ത്തടിച്ച് കളഞ്ഞു എന്നൊന്നും പറയാന്‍ പറ്റില്ല. ഒരു നെല്ലരവ് മില്ല് അവന് ഉണ്ടാക്കികൊടുത്തു. അതില്‍നിന്ന് അവന്‍ പൊങ്ങി. അരിക്ക് ക്രാക്കി വന്നപ്പൊ കരിഞ്ചന്തേല്‍കൂടി അവനും സമ്പാദിച്ചുകൂട്ടി. പക്ഷെ അതിന്ന് അസ്ഥിവാരൂട്ടത് ആരാണ്. ഞാന്‍. അങ്ങിനത്തെ എന്നെ ഇപ്പൊ മകന് വേണ്ടാണ്ടായി. പോണത് പോട്ടെ. അതിനെക്കുറിച്ച് സങ്കടപ്പെടാനൊന്നും ഞാനില്ല. എനിക്ക് എന്‍റെ വഴി''. അയാള്‍ തോര്‍ത്തെടുത്ത് ഇറങ്ങാനൊരുങ്ങി. പടിവരെപോയി മടങ്ങി വന്നു.
''നോക്കിന്‍ നാണ്വാരെ, നിങ്ങളേക്കാള്‍ ഒന്നൊന്നര വയസ്സിന്ന് മൂത്തതാണ് ഞാന്‍. ഇന്നുവരെ കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ ആരുടേങ്കിലും മുമ്പില്‍ തല കുമ്പിട്ട് നിന്നതായി കേട്ടിട്ടുണ്ടോ''അയാള്‍ ചോദിച്ചു. ഇല്ലെന്ന് നാണുനായര്‍ തലയാട്ടി.
''പോയ മാനം ആര്‍ക്കും കയറിട്ട് വലിച്ച് കൊണ്ടുവരാന്‍ പറ്റില്ല. അത് പോയത് തന്നെ''എഴുത്തശ്ശന്‍ പറഞ്ഞു''എനിക്കിനി എന്തായാല്‍ എന്താ. വാലില്ലാത്ത മൂരിക്ക് പ്രിക്കകടി ഇല്ലല്ലോ. അപ്പൊ ചിലതൊക്കെ ഞാനും നിശ്ചയിച്ചിട്ടുണ്ട്. ഞാന്‍ ഒരുത്തന്‍റെ കാലും പിടിക്കാന്‍ പോണില്ല. എന്‍റെ വണ്ടിപ്പുര പൊളിച്ചെടുത്തുകൊണ്ടുപോയി ഞാന്‍ കറ്റക്കളത്തില്‍ കെട്ടും. നാഴി അരി അവിടെവെച്ച് തിളപ്പിച്ചു കഴിച്ച് ഞാന്‍ ഒറ്റക്കങ്ങിട്ട് കഴിയും. മകനും കുടുംബൂം വീട്ടില്‍വന്ന് ഇരിക്ക്വോ, ഇരിക്കാതിരിക്ക്വോ എന്താ സൌകര്യംച്ചാല്‍ അതുപോലെ ചെയ്തോട്ടെ. ഞാനൊന്നും ചോയ്ക്കാനും പോണില്ല പറയാനും പോണില്ല''.
''എന്താ നിങ്ങള് പറയുണത്''നായര്‍ ചോദിച്ചു''നടുപ്പാടത്ത് വണ്ടിപ്പുരേം തൊഴുത്തും ഉണ്ടാക്കി അതില്‍ ഒറ്റയ്ക്ക് താമസിക്ക്യേ. തലനരച്ച പാമ്പുണ്ട് അവടൊക്ക്യെ''.
''ഒരു പാമ്പും ചേമ്പും എന്നെ ഒന്നുംചെയ്യില്ല''എഴുത്തശ്ശന്‍ പറഞ്ഞു''എന്‍റെ യോഗം അങ്ങിന്യാണ് എന്നുവെച്ചാല്‍ അങ്കിട്ട് പോട്ടെ . സങ്കടപ്പെടാന്‍ ഈ ഭൂമീല് എനിക്കാരൂല്യാ''.
നാണുനായര്‍ അസ്വസ്ഥനായി. രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, മാളികമുകളേറിയ മന്നന്‍റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍ എന്ന വരികള്‍ അയാള്‍ തന്‍റെ മനസ്സില്‍ ഓര്‍ത്തു. ഭഗവാനെ വല്ലാതെകണ്ട് പരീക്ഷിക്കാതെ എന്നെ അങ്കിട്ട് കൊണ്ടുപോണേ എന്നയാള്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു.
''എനിക്ക് നിങ്ങളെക്കൊണ്ട് ഒരുസഹായം കൂടി വേണം''എഴുത്തശ്ശന്‍ പറഞ്ഞു''നമ്മടെ വിശ്വനാഥന്‍വക്കീലിനെ ഒന്നുകാണണം. ഒരു പ്രമാണം ഉണ്ടാക്കണം. അദ്ദേഹത്തിന്ന് എന്നെ നന്നായി അറിയും. മൂപ്പരടെ ഭാര്യ കിട്ടുണ്ണിമാഷടെ പെങ്ങളല്ലേ. അവരുടെ പാട്ടക്കണ്ടം അല്ലേ ഇപ്പൊ എന്‍റെ കൈവശത്തില്‍''.
''എന്താ ഇപ്പൊ ഇത്ര തിരക്കിട്ട് ഒരുപ്രമാണം ഉണ്ടാക്കാന്‍''നാണുനായര്‍ ചോദിച്ചു.
''എന്തു സാധനവും അതിനെ ഇഷ്ടപ്പെടാത്തവര്‍ക്ക് കൊടുക്കാന്‍ പാടില്ല. അവര്‍ക്കതില്‍ താല്‍പ്പര്യംകാണില്ല. മകനും കുടുംബത്തിനും കൃഷീച്ചാല്‍ അത്തൂം ചതുര്‍ത്ഥീം ആണ്. അതുകൊണ്ട് ഒരുതരി മണ്ണ് ഞാന്‍ അവര്‍ക്ക് കൊടുക്കുണില്ല. ഞാനത് എനിക്ക് ഇഷ്ടപ്പെട്ട ആരക്കെങ്കിലും കൊടുക്കും'' എഴുത്തശ്ശന്‍ മനസ്സിലിരുപ്പ് വ്യക്തമാക്കി.
''നിങ്ങള് ഇപ്പൊ വേണ്ടാത്തതിനൊന്നും നിക്കണ്ടാ, ഒരു കോപംകൊണ്ട് അങ്ങോട്ട് ചാടിയാല്‍ ഇരുകോപംകൊണ്ട് ഇങ്ങോട്ട് ചാടാമോ എന്ന് കേട്ടിട്ടില്ലേ''നാണുനായര്‍ പറഞ്ഞുനോക്കി. അതൊന്നും എഴുത്തശ്ശനില്‍ ഏറ്റില്ല.
''ഞാന്‍ എന്‍റെ കൃഷീം ഭൂമീം തോട്ടൂം ഒക്കെ നിങ്ങടെ പേരില് എഴുതാനാ പോണത്''അയാള്‍ പറഞ്ഞു''എനിക്കിപ്പൊ വേണ്ടപ്പെട്ടതായിട്ട് നിങ്ങള് ഒരാള് മാത്രേ ഉള്ളു''.
നാണുനായര്‍ക്ക് തന്‍റെ ചെവികളെ വിശ്വസിക്കാനായില്ല. ഇക്കണ്ട സ്വത്ത് മുഴുവന്‍ തന്‍റെ പേരിലാക്കുകയോ. ഒരു ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ട് കഴിഞ്ഞു. അന്നൊന്നും അന്യന്‍റെ മുതലിനോട് ആശ തോന്നിയിട്ടില്ല. ഇനി കണ്ണടയാന്‍ നേരത്ത് ആരാന്‍റെ ഒന്നും തനിക്ക് വേണ്ടാ. കൂടെ നടന്ന് പറ്റിച്ചു എന്ന ദുഷ്പ്പേരും വരില്ലല്ലോ. അയാള്‍ എഴുത്തശ്ശന്‍റെ നേരെ കൈകൂപ്പി.
''ഒന്നും തോന്നരുത്''അയാള്‍ വിക്കി''അര്‍ഹതീല്ലാത്ത ഒരുമുതലും എനിക്ക് വേണ്ടാ. നാളെ മേലാലുക്ക് അതൊരു വിനശ്ചതി ആവും''.
''ശരി''എഴുത്തശ്ശന്‍ ഒന്ന് ഇരുത്തി മൂളി''നിങ്ങക്ക് വേണ്ടെങ്കില്‍ വേണ്ടാ. ഞാന്‍ അതൊക്കെ അയ്യപ്പന്‍കാവിലേക്ക് എഴുതിവെക്കും. ഭഗവാന്‍റെ നേദ്യത്തിനുള്ള അരിക്ക് മുട്ടുവരില്ലല്ലോ''.
പടികടന്ന് എഴുത്തശ്ശന്‍ വെയിലിലേക്ക് ഇറങ്ങി. കുറച്ച് അലുമിനിയം പാത്രങ്ങള്‍ വാങ്ങണമെന്നും തൊഴുത്തും വണ്ടിപ്പുരയും പൊളിച്ചിട്ട് കറ്റക്കളത്തില്‍ കെട്ടാന്‍ പണിക്കാരെ ഏര്‍പ്പാടാക്കണമെന്നും അയാള്‍ നിശ്ചയിച്ചു.
നേരം നാലുമണി ആയിട്ടേയുള്ളു. സരോജിനികൊടുത്ത ചായയുംകുടിച്ച് നാണുനായര്‍ ഉമ്മറത്തിരിക്കുകയാണ്. അകലെനിന്നുതന്നെ കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ തിരക്കിട്ട് വരുന്നതുകണ്ടു. തലയില്‍ ഒരു കുട്ടിച്ചാക്കുണ്ട്, കയ്യില്‍ ഒരു വീര്‍ത്തസഞ്ചിയും. ഇതെന്താപ്പൊ ഇങ്ങിനെ ഒരുവരവ് എന്ന് അയാള്‍ ആലോചിച്ചു. ഇവിടുന്ന് പോയിട്ട് ഏറെനേരം ആയിട്ടില്ലല്ലോ. എഴുത്തശ്ശന്‍ സഞ്ചി കോലായില്‍വെച്ചു. അതിനടുത്ത് കുട്ടിച്ചാക്കും.
''മകളെ ഇങ്കിട്ട് വിളിക്കിന്‍, ഇതൊക്കെ അകത്ത് കൊണ്ട്വോയിവെക്കട്ടെ''. നാണുനായര്‍ അന്തംവിട്ടു. ഇന്നുവരെ ഒരുസാധനം മൂപ്പരുടെ കയ്യോണ്ട് കിട്ടിയിട്ടില്ല.
''എന്താ ഇതൊക്കെ''എന്നയാള്‍ ചോദിച്ചു.
''സഞ്ചീല്നിറച്ച് പച്ച പയറാണ്. കൊറെ ഉപ്പേരി ഉണ്ടാക്കിക്കോട്ടെ, ബാക്കി ഉണക്കി കൊണ്ടാട്ടൂം''എഴുത്തശ്ശന്‍ പറഞ്ഞു''കുട്ടിച്ചാക്കില് പച്ചമത്തനും കുമ്പളങ്ങീം വെണ്ടക്കീം വഴുതിനിങ്ങീം അവരക്കീം ഉണ്ട്, കൂട്ടാന്‍വെച്ച് കൂട്ടിക്കോളിന്‍''. ശബ്ദംകേട്ട് സരോജിനി ഇറങ്ങിവന്നു.
''കുട്ട്യേ, ഇതൊക്കെ എടുത്ത് അകത്ത് വെക്ക്''എഴുത്തശ്ശന്‍ പറഞ്ഞു. സരോജിനി ഓരോന്നായി അകത്തെത്തിച്ചു. വേണ്വോട്ടന്‍ കാലുവെച്ചത് നല്ല നേരത്താണ്. അവള്‍ മനസ്സില്‍ പറഞ്ഞു. അതോടെ വീട്ടില് നിറഞ്ഞ് നിറഞ്ഞ് വരുന്നുണ്ട്. ഒഴിഞ്ഞ സഞ്ചിയും ചാക്കും ഒരുകയ്യിലും മറ്റേ കയ്യില്‍ ഒരു ഗ്ലാസ്സ് ചായയുമായി അവള്‍ തിരിച്ചെത്തി.
''ചായീം കാപ്പീം ഒന്നും കുടിക്കാറില്ല, പക്ഷെ മോള് സന്തോഷത്തോടെ വെച്ചു നീട്ടുന്നത് വേണ്ടാന്ന് പറയില്ല''എഴുത്തശ്ശന്‍ അതുവാങ്ങി''സത്യം പറയാലോ, എന്‍റെ കെട്ട്യോള് പത്മാവതി ദെണ്ണായിട്ട് കെടപ്പിലായതില്‍ പിന്നെ സ്നേഹത്തോടെ ഒരുപിടി വറ്റും ഒരുഗ്ലാസ്സ് വെള്ളൂം ഇന്നാണ് എനിക്ക് കിട്ടുണത്''
നാണുനായര്‍ അത്ഭുതത്തോടെ നോക്കിയിരിക്കുകയാണ്. ഒറ്റദിവസം കൊണ്ട് തന്‍റെ കൂട്ടുകാരന് എത്രയേറെ മാറ്റമാണ് വന്നിരിക്കുന്നത് എന്ന് അയാളോര്‍ത്തു. എഴുത്തശ്ശനത് മനസ്സിലായി.
''എന്താ ഇതൊക്കെ എന്ന് നിങ്ങള് ആലോചിക്കുണുണ്ടാവും''അയാള്‍ പറഞ്ഞു''ഇന്നലെവരെ ഞാന്‍ കഷ്ടപ്പെട്ട് ഓരോന്ന് ഉണ്ടാക്കി ഊറ്റിപ്പിടിച്ച് മകന് കൂട്ടിവെച്ചു. ഇനി അതില്ല. ഇനിമേലാല്‍ എന്നെക്കൊണ്ടാവുണത് ചോദിക്കുണോരൊക്കൊക്കെ കൊടുക്കും. ചത്തുപോവാന്‍ നേരത്ത് ഒരു പുണ്യം ആവട്ടെ''.
ഊണു കഴിഞ്ഞ് പോവുന്ന വഴിക്ക് മൂന്നു നാല് അലുമിനിയ പാത്രങ്ങള്‍ വാങ്ങിയതും, വണ്ടിപ്പുരയും തൊഴുത്തും പൊളിച്ച് കറ്റക്കളത്തില്‍ അത് കെട്ടാന്‍ ആളെ ഏല്‍പ്പിച്ചതും, രണ്ടുവണ്ടി വെട്ടുകല്ല് ഏര്‍പ്പാടാക്കിയതും എല്ലാം എഴുത്തശ്ശന്‍ കൂട്ടുകാരനോട് പറഞ്ഞു.
''ഇനി കുറച്ചുംകൂടി പണം വേണ്ടിവരും, തേങ്ങവിറ്റപണം കിട്ടാനുണ്ട്, അതിനൊന്നും നില്‍ക്കുണില്ല. നാളെ രാവിലെ രാഘവന്‍റെ ബാങ്ക് വരെ പോയി വേണ്ട പൈസ എടുക്കണം''. സഹകരണ ബാങ്കിനെ പറ്റിയാണ് എഴുത്തശ്ശന്‍ പറഞ്ഞത് എന്ന് നാണുനായര്‍ക്ക്മനസ്സിലായി. രാഘവന്‍ അതിന്‍റെ പ്രസിഡണ്ടാണ്.
''കുത്തീരുന്ന് വര്‍ത്താനം പറയാനൊന്നും നേര്വോല്യാ. പോയിട്ട് പിടിപ്പത് പണീണ്ട്''എഴുത്തശ്ശന്‍ പറഞ്ഞു''പിന്നെ നാളെ രാവിലെ കുളീംകഴിഞ്ഞ് ഇങ്ങോട്ടോടണ്ടാ. തൊഴുത്തിന് സ്ഥലം കാണാന്‍ ആശാരി വരും. അപ്പൊ നിങ്ങളൊന്ന് എന്‍റെകൂടെ നിക്കണം''.
ഒഴിഞ്ഞ ചാക്കും സഞ്ചിയും കയ്യിലെടുത്ത് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനായി എഴുത്തശ്ശന്‍ തിരക്കിട്ടിറങ്ങി
Comments
Post a Comment