അദ്ധ്യായം 101-110
അദ്ധ്യായം - 101.
''നിനക്ക് മില്ലില്‍ചെന്ന് പിത്തന ഉണ്ടാക്കണ്ട വല്ലകാര്യൂണ്ടായിരുന്നോ'' സുകുമാരന്‍ അല്‍പ്പം ദേഷ്യത്തില്‍ ആയിരുന്നു''അതെങ്ങനെ എവിടെ ചെന്നാലും എന്തെങ്കിലും കുണ്ടാമണ്ടി ഉണ്ടാക്കാതെ നീ മടങ്ങാറുണ്ടോ''.
''ഇതാപ്പൊ നന്നായത്''പാഞ്ചാലി തന്‍റെഭാഗം ന്യായീകരിച്ചു''ഞാന്‍ മില്ലില്‍ നിങ്ങള് ഉണ്ടോന്ന് നോക്കാന്‍ ചെന്നതാ. എന്നെ അവിടെനിന്ന് ആട്ടിത്തല്ലി വെളിയിലാക്ക്യേതുംപോരാ ഇപ്പൊകുറ്റം എനിക്കായി. ഇത് നല്ലകൊടുമ''.
''എന്നെ കാണാന്‍ അവരടെ മില്ലിലേക്ക് ചെല്ലണ്ട ആവശ്യം എന്താ. വേറെ സ്ഥലോന്നും ഇല്ലേ''.
''നിങ്ങള് ആ മില്ലില്‍ചെന്ന് ഇരിക്കാറുള്ളതല്ലേ. പോരാത്തതിന്ന് അയാള് നിങ്ങടെ ചങ്ങാത്യാണ് എന്നല്ലേ നിങ്ങള് എന്നോട് പറഞ്ഞിട്ടുള്ളത്. ഞാന്‍ അതോണ്ടല്ലേ അവിടെ ചെന്നത്''.
''ഇനി അതൊന്നും പറഞ്ഞിട്ട് കാര്യൂല്യാ. എപ്പഴും ആളും ആള്‍ത്തരൂം അറിഞ്ഞ് പെരുമാറണം. ഇപ്പൊത്തന്നെ ഞാന്‍ അവന്‍റെ മുമ്പില്‍ ഒന്നും അല്ലാതായി. ഒരുവിധം അടിയും കാലുംപിടിച്ചിട്ടാ പെണക്കം മാറ്റ്യേത്''.
''അയാള് അത്ര വല്യേ പ്രമാണി ആണെങ്കില്‍ പോവാന്‍ പറയിന്‍. അവന്‍റെ ചിലവിലൊന്നും അല്ലല്ലോ നിങ്ങള് കഴിയുണത്''.സുകുമാരന്‍ ചുറ്റുപാടും കണ്ണോടിച്ചു. ഭാഗ്യത്തിന്ന് അടുത്തെങ്ങും ആരുമില്ല. മലമ്പള്ളയിലുള്ള ഷെഡ്ഡിലേക്ക് വരാന്‍ പറഞ്ഞേല്‍പ്പിച്ചിട്ട് ഈ മൂധേവി റോഡുവക്കത്ത് കാത്തുനില്‍ക്കുകയാണ്.
''നീ വേഗം കാറില്‍ കേറ്. നമ്മടെ പതിവുസ്ഥലത്ത് ചെന്നിട്ടു മതി ബാക്കി വര്‍ത്തമാനം''. മണ്ണുറോഡിലൂടെ കാര്‍ മെല്ലെ നീങ്ങി.
''നീ ആ പെണ്ണിനോട് സംസാരിച്ചോ''സുകുമാരന്‍ ചോദിച്ചു.
''കല്യാണിടെ അടുത്തോ''.
''ങാ. അതന്നെ''.
''അതിന് വയംപോലെ അവളെ കണ്ട് കിട്ടണ്ടേ''.
''നീ ഒന്ന് ഉഷാറ് വെക്ക്. എന്താ വേണ്ടേച്ചാല്‍ ചോദിച്ചോ. പക്ഷെ കാര്യം നടക്കണം''.
''അല്ല ഞാനൊന്ന് ചോദിച്ചോട്ടെ''പാഞ്ചാലി ചോദിച്ചു'നാട്ടിലുള്ള എല്ലാ പെണ്ണുങ്ങളേം നിങ്ങക്ക് വേണംന്ന് എന്താ ഇത്ര നിര്‍ബന്ധം''.
''അതൊക്കെ ഒരു രസം അല്ലേടി. എത്രകാലം ഇതൊക്ക്യായിട്ട് നടക്കും. കല്യാണംകഴിഞ്ഞ് പെണ്ണും കുട്ട്യേളും ആയാല്‍ ഒക്കെ തീരില്ലേ. പിന്നെ വല്ലപ്പോഴും കഴിഞ്ഞതൊക്കെ ആലോചിച്ച് രസിക്കാം. അല്ലാണ്ടെന്താ'' സുകുമാരന്‍ പറഞ്ഞു''ഇനി നിന്നോടൊരു കാര്യം ഞാന്‍ ചോദിക്കട്ടെ. എത്രയെത്ര ആണുങ്ങളടെകൂടെ നീ കഴിയുണുണ്ട്. ഞാന്‍ അതില് വല്ല അസൂയയും കാട്ടിയിട്ടുണ്ടോ''.
''അതും ഇതുംകൂടി കൂട്ടികൊഴക്കണ്ടാ. ഗതികേടോണ്ടാ ഞാന്‍ ഇങ്ങിനെ നടക്കുണത്''ഒരുനിമിഷം അവള്‍ നിര്‍ത്തി ആരോടെന്നില്ലാതെ പറഞ്ഞു ''നിങ്ങള് ആണുങ്ങള്‍ക്ക് ഒരിക്കലും പെണ്ണുങ്ങളടെ മനസ്സറിയില്ല. ഏത് പൊലയാടിടെ മനസ്സിലും ഏതെങ്കിലും ആണിനോട് സ്നേഹൂണ്ടാവും. ഏത് ആണിന്‍റെ കൂടെ കഴിയുമ്പഴും ഇഷ്ടൂള്ള ആളിന്‍റെ മുഖാണ് ആ നേരം പെണ്ണിന്‍റെ മനസ്സില് ഉണ്ടാവ്വാ. അറിയ്യോ നിങ്ങക്ക്''. ആ തത്വ ശാസ്ത്രം സുകുമാരന്ന് മനസ്സിലായില്ല.
****************************
''വേണ്വോ, ഞാനൊരുകാര്യം പറഞ്ഞാല്‍ നിനക്ക് എന്തെങ്കിലും തോന്ന്വോ''സങ്കോചത്തോടെയാണ് എഴുത്തശ്ശന്‍ ആ പറഞ്ഞത്.
''എന്താ അമ്മാമേ ഇത്. അമ്മാമയ്ക്ക് എന്ത് വേണങ്കിലും എന്നോട് പറയാലോ''വേണു പറഞ്ഞു.
''അതറിയാഞ്ഞിട്ടല്ല. എന്നാലും''.
ഓപ്പോളുടെ വീട്ടിലേക്ക് പോവാന്‍ ഒരുങ്ങിയതാണ് വേണു. മരുമകന്‍റെ കല്യാണം കഴിയുന്നതുവരെ അവിടെ കൂടണമെന്നാണ് അയാളുടെ ഉദ്ദേശം. ശബരിമലയില്‍നിന്ന് കൊണ്ടുവന്ന പ്രസാദങ്ങളും തിരിച്ചു വരുന്നതുവരെ ഇടാനുള്ള വസ്ത്രങ്ങളും അടങ്ങിയ പെട്ടി കളപ്പുരയുടെ തിണ്ടിലുണ്ട്.
''നോക്ക്. ഒന്നരാടം ദിവസം രാത്രി നീ ഇങ്കിട്ട് പോര്''എഴുത്തശ്ശന്‍ പറഞ്ഞു ''ഇത്രതോനെ ദിവസം നിന്നെ കാണാണ്ടെ ഇരിക്കാന്‍ എനിക്ക് വയ്യാഞ്ഞിട്ടാ'' ആ വാക്കുകളില്‍ നിറഞ്ഞ സ്നേഹം വേണുവിന്ന് മനസ്സിലായി.
''അതിനെന്താ വിരോധം. ഞാന്‍ വരാലോ''.
''എന്നാല്‍ ഇറങ്ങിക്കോ''എഴുത്തശ്ശന്‍ പറഞ്ഞു. ചാമി പെട്ടി കയ്യിലെടുത്തു.
''എന്നാ ഇവന്‍ അങ്കിട്ട് വരണ്ടത്''എഴുത്തശ്ശന്‍ ചോദിച്ചു.
''ഞാന്‍ ഓപ്പോളടടുത്തു ചോദിച്ചിട്ട് വിവരം പറയാം. ഏതായാലും വിശ്വേട്ടന്‍ ഇന്ന് ഇവിടക്ക് പമ്പ്സെറ്റ് കൊടുത്തയക്കും. അത് വരുമ്പോള്‍ ചാമി ഇല്ലാണ്ടെ പറ്റില്ലല്ലോ''.
ചാമിയുടെ പുറകെ വേണു റോഡിലേക്ക് കയറുമ്പോള്‍ കിട്ടുണ്ണി കാറില്‍ പോകുന്നു. അടുത്തെത്തിയപ്പോള്‍ വാഹനം വേഗത കുറച്ചു. കിട്ടുണ്ണി തല പുറത്തേക്കിട്ട് വേണുവിനെ ഒന്നുനോക്കി. ഒന്നും പറയാതെ പോവുകയും ചെയ്തു.
''എന്നെ കണ്ടിട്ടാവും മൂപ്പര് മുതലാള്യേ കണ്ടഭാവം കാട്ടാതെ പോയത്'' ചാമി പറഞ്ഞു. വേണു ഒന്നു മൂളിയതേയുള്ളു.
ചാമി തിരിച്ചെത്തുമ്പോള്‍ എഴുത്തശ്ശന്‍ കളപ്പുരതിണ്ടില്‍ തോര്‍ത്തു മുണ്ടും വിരിച്ച് കിടക്കുകയാണ്.
''കുപ്പ്വോച്ചോ, വയ്യായ എന്തെങ്കിലും ഉണ്ടോ''അവന്‍ ചോദിച്ചു.
''ഒന്നൂല്യാ. കാറ്റുംകൊണ്ട് കിടന്നതാണ്''.
''പമ്പ്സെറ്റ് വെള്ളപ്പാറ കടവിന്ന് ഇങ്കിട്ട് കൊണ്ടുവരാന്‍ കാളവണ്ടി ഏര്‍പ്പാടാക്കണ്ടേ''.
''ആദ്യം സാധനം എത്തട്ടെ. എന്നിട്ട് മതി കാളവണ്ടി വേണോ വേണ്ട്യോന്ന് ആലോചിക്കാന്‍''.
''അധികം ഓടി പഴകീട്ടില്ലാത്തതാണെന്നാ മുതലാളി പറഞ്ഞത്''.
''മുമ്പ് കോലോത്തോരക്ക് ഒരു പമ്പുണ്ടായിരുന്നു''എഴുത്തശ്ശന്‍ പറഞ്ഞു ''ഒരുപാട് പ്രാവശ്യം ഇവിടെകൊണ്ടുവന്ന് ഞാന്‍ കണ്ടിട്ടുണ്ട്''.
''ചെലപ്പൊ ഞാനും കണ്ടിട്ടുണ്ടാവും''.
''യുദ്ധത്തിന്‍റെ കാലത്ത് വാങ്ങ്യേതാത്രേ. ഇടത്തോട്ടേക്ക് തിരിയുണ ഒരു സാധനം. കമ്പ്രഷന്‍ ഇല്ലാത്തതിന്‍റെ ഒരുകുഴപ്പേ അതിനുള്ളു''. ചാമി മൂളി കേട്ടു.
''അതിന്ന് എന്താ ചെയ്യാന്ന് നിനക്ക് നിശ്ചൂണ്ടോ. ആ പമ്പില് ഒരു കുറ്റീണ്ട്. ആ കുറ്റി ഊരി തുണ്യേക്കൊണ്ട് ഒരുതിരി ഉണ്ടാക്കി എണ്ണ നനച്ച് അതില്‍ വെച്ച് കത്തിക്കും. എന്നിട്ട് കുറ്റി തൊളേല്‍ ഉറപ്പിച്ച് രണ്ട് മിനുട്ട് കഴിഞ്ഞ് തിരിച്ച് സ്റ്റാര്‍ട്ടാക്ക്യാല്‍ പമ്പ് നരി പിടിക്ണപോലെ പിടിക്കും''.
''പമ്പ് വന്നതും നമുക്ക് കയത്തംകുണ്ടില്‍ വെക്കണം''ചാമി പറഞ്ഞു ''ഉള്ള വെള്ളം വറ്റുമ്പഴയ്ക്കും അടിച്ച് നിറയ്ക്കണം''.
''നീ എവിടയ്ക്കും പോണ്ടാ. പമ്പ് വരുമ്പോള്‍ ആളില്ലെങ്കില്‍ ശര്യാവില്ല''. താന്‍ എവിടേക്കും പോവില്ലെന്ന് ചാമി സമ്മതിച്ചു.
************************************
വേണു ഗേറ്റിന്നടുത്തെത്തുമ്പോഴേക്കും കാറെത്തി. മാവിന്‍ചുവട്ടില്‍ അത് നിര്‍ത്തിയതും ഓപ്പോളും രാധയും ഇറങ്ങി.
''ഇന്നലേന്നെ നീ എത്തുംന്ന് ഞാന്‍ നിരീച്ചു.പിന്നെ നിന്നെ കാണാഞ്ഞപ്പൊ യാത്രാക്ഷീണം ആവുംന്ന് കരുതി''പത്മിനി പറഞ്ഞു.
''കാര്‍ത്തികവിളക്ക് കണ്ടിട്ട് പോവ്വാന്ന് അമ്മാമ പറഞ്ഞു. അതാ ഇന്നേക്ക് ആക്ക്യേത്''വേണു പറഞ്ഞു''എവിടേക്കാ ഇത്രനേര്‍ത്തെ രണ്ടാളുംകൂടി യാത്ര പോയത്''.
''അതൊന്നും പറയണ്ടാ. ഇവളടെ ഏട്ടന്മാരെ ക്ഷണിക്കണ്ടേ. കുറച്ചുനേരം കഴിഞ്ഞാല്‍ അച്ഛനും മകനും അവരോരടെ കാറ് കൊണ്ടുപോകും. അതിന്നുമുമ്പ് ആ കാര്യം നടത്താന്ന് വിചാരിച്ചു''.
''അവിടുന്ന് വരുമ്പൊ ഓപ്പോള് രാധേ കൂടെകൂട്ടി അല്ലേ''.
''അവള് നീ വന്നുപോയതിന്‍റെ പിറ്റേദിവസംവന്നു. പിന്നെ ഇവിടേന്നെ ആയിരുന്നു. ഇവളെ ഞാന്‍ തുണയ്ക്ക് കൂട്ട്യേതാ''. വിശ്വേട്ടനും മകനും പുറപ്പെട്ടുകഴിഞ്ഞിരുന്നു.
''താന്‍ ഇരിക്ക്''വക്കീല്‍ പറഞ്ഞു''എനിക്ക് കോടതീല്‍ ചെല്ലുണതിന്ന് മുമ്പ് ഒന്നുരണ്ടു ദിക്കില്‍ ചെല്ലാനുണ്ട്. വര്‍ത്തമാനോക്കെ വന്നിട്ടാവാം''. അവര്‍ ഇറങ്ങി. സ്ത്രീകള്‍ അകത്തേക്ക് ചെന്നപ്പോള്‍ വേണു പത്രം കയ്യിലെടുത്തു.
''ഏട്ടാ, കാപ്പി കുടിക്കാന്‍ വിളിക്കുണൂ''രാധ വന്നു പറഞ്ഞു. അവളുടെ പുറകെ വേണു അകത്തേക്ക് ചെന്നു. ആഹാരം വിളമ്പി പത്മിനി കാത്തിരിക്കുകയാണ്.
''നീയും ഇരുന്നോടി''അവര്‍ രാധയോട് പറഞ്ഞു.
''വേണ്ടാ, ഏട്ടന്‍റെ കഴിഞ്ഞോട്ടെ''.
''ഇവന് നിന്‍റെ നായരെപോലെ അങ്ങിനെത്തെ വലിപ്പൂം വല്യേകെടേം ഒന്നൂല്യാ. നീ ഇരുന്നോടി''അവര്‍ നിര്‍ബന്ധിച്ചു. രാധ മടിച്ചുമടിച്ച് ഒരു കസേലയില്‍ ഇരുന്നു.
''ഞാന്‍ ഇങ്കിട്ട് വരുണവഴിക്ക് കിട്ടുണ്ണ്യേ കണ്ടു''വേണു പറഞ്ഞു''അവന്‍ എങ്കിട്ടോ കാറില്‍ പോണൂ''.
''എന്നിട്ട് നിന്നോട് എന്തെങ്കിലും പറഞ്ഞോ''പത്മിനി ചോദിച്ചു.
''കാറ് നിര്‍ത്തീല്ലാ. പുറത്തേക്ക് തലയിട്ട് എന്നെ നന്നായിട്ടൊന്ന് നോക്കി''.
''അവന്‍റെ പത്രാസ്സിന്ന് നീ പോരല്ലോ. അതാവും നിര്‍ത്താഞ്ഞത്''.
''അതൊന്ന്വോല്ല. ഉള്ളുക്കുള്ളെ മൂപ്പര്‍ക്ക് ഇപ്പൊ ഏട്ടനോട് ശത്രുത്യാണ്'' രാധ പറഞ്ഞു.
''അത് എന്തിനാടി. ഇവന്‍ നിന്‍റെ കെട്ട്യോനെ വല്ലതും കാട്ട്വോ പറയ്യോ ചെയ്തിട്ടുണ്ടോ''.
''അതൊന്ന്വോല്ല കാരണം. ഒന്നാമത് ഏട്ടന്‍ നാട്ടില് സ്ഥിരതാമസം ആക്കുംന്ന് മൂപ്പര് കരുതീട്ടില്ല. മാനേജരടെ പെങ്ങളെ ഏട്ടനെക്കൊണ്ട് കെട്ടിച്ച് സ്കൂള്‍ ഏട്ടന്‍റെ ആക്ക്വാ. ഏട്ടന്‍ മദിരാശീലിക്ക് ഭാര്യേംകൂട്ടി പോയാല്‍ അത് കൈക്കലാക്കാംന്ന് കരുതി. അത് നടക്കാത്തതിന്‍റെ ദേഷ്യാണ്''.
''അവന്‍റെ ആട്ടത്തിന് ഇവന്‍ നിക്കാത്തതിന്‍റെ ദേഷ്യം. നല്ല മനസ്ഥിതി''.
''അതുപോട്ടെ, മക്കള് വിളിച്ച് വല്ലതും പറഞ്ഞോ''വേണു രാധയോട് ചോദിച്ചു.
''രാധ ഇവിടെ വന്നശേഷം ഞാന്‍ അവളടെ മൂന്ന് മക്കളേം ഫോണില്‍ വിളിച്ചു കൊടുത്തു''പത്മിനി പറഞ്ഞു''അവരവളോട് എന്താ പറഞ്ഞത് എന്ന് അറിയണോ''.
''എന്താ കുട്ട്യേള് പറഞ്ഞത്''.
''മൂത്തവളെ വിളിച്ചപ്പോള്‍ അച്ഛന് കാശിന്‍റെ തിമിരാണ്. ഒറ്റയ്ക്കിരുന്ന് മടുക്കുമ്പൊ തന്നെ ശരിയാവുംന്ന് പറഞ്ഞു''.
''അതുശരി. നല്ല മകളന്നെ''.
''രണ്ടാമത്തെ മകള്‍ എനിക്ക് ഇതിലൊന്നും പറയാനില്ലാന്നാ പറഞ്ഞത്. മൂന്ന് കുട്ട്യേളേംവെച്ച് അന്യനാട്ടില്‍ കഴിയുണതിന്‍റെ വിഷമം എനിക്കേ അറിയൂ. വയസ്സുകാലത്ത് നിങ്ങക്ക് ഒന്നിച്ചിരിക്കാന്‍ വയ്യെങ്കില്‍ എന്താ വേണ്ടത്ച്ചാല്‍ ചെയ്തോളിന്‍. നിങ്ങളായി, നിങ്ങടെ പാടായി. ഞാന്‍ തിരിഞ്ഞ് നോക്കില്ലാന്ന് അവള്‍ പറഞ്ഞു''.
''പൊള്ളാച്ചീലെ മകളടെ കാര്യം അങ്ങിന്യായി. ഇനി ഡോക്ടറോ''.
''രണ്ടാളും കൌണ്‍സിലിങ്ങിന്ന് ചെല്ലണംന്നാ അവളടെ അഭിപ്രായം''.
''ചുരുക്കത്തില്‍ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ആരും ഇല്ലാന്ന് ചുരുക്കം''.
''എന്നാ എനിക്കും തോന്നുണത്''.
''ഓപ്പോളേ, ഇതിങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ. എങ്ങിനേങ്കിലും ഇവരടെ പ്രശ്നം തീര്‍ക്കണ്ടേ. അതിന് ഞാന്‍ എന്താ ചെയ്യണ്ടത്''വേണു ചോദിച്ചു.
''കാപ്പികുടി കഴിഞ്ഞില്ലേ. ഇനി ഉമ്മറത്ത് ചെന്നിരുന്ന് പേപ്പറ് വായിക്ക്''.
പത്മിനി പറഞ്ഞതു കേട്ടപ്പോള്‍ രാധയ്ക്ക് ചിരിപൊട്ടി.
അദ്ധ്യായം - 102.
നട്ടുച്ചവെയിലുംകൊണ്ട് വേണു വരുന്നതു കണ്ടപ്പോള്‍ത്തന്നെ എന്തോ ഒരുപന്തികേട് എഴുത്തശ്ശന്ന് തോന്നി.
''ഇന്നും നാളേം ഞാന്‍ വരില്ല, മറ്റന്നാള്‍ വൈകുന്നേരത്തേ തിരിച്ചുവരൂ'' എന്നു പറഞ്ഞ് രാവിലെ പോയ ആളാണ് നട്ടുച്ചയ്ക്ക് കയറിവരുന്നത്, എന്താണാവോ കാരണം .
''എന്താ വേണ്വോ, വിശേഷിച്ചെന്തെങ്കിലും ഉണ്ടോ ഇത്രപെട്ടെന്ന് വരാന്‍'' എഴുത്തശ്ശന്‍ ചോദിച്ചു.
''ഏയ് ഒന്നും ഇല്ല. എന്നാലോ ചെറിയൊരുകാര്യം ഉണ്ടേനും''.
''മുതലാളി നല്ലോണം വെശര്‍ത്തിട്ടുണ്ട്. കുടിക്കാന്‍ വല്ലതും വേണോ''ചാമി ചോദിച്ചു.
''ചുക്കുവെള്ളം അല്ലാതെ എന്താ ഇവിടെ ഉള്ളത്''.
''ഞാന്‍ പോയി എളന്നന്‍ ഇട്ടിട്ട് വരാം''തളപ്പും എടുത്ത് കളപ്പുരയുടെ പുറകിലുള്ള തോട്ടത്തിലേക്ക് ചാമി നടന്നു.
''എന്താടാ വേണ്വോ, വിശേഷിച്ചുണ്ടായത്. നീ കാര്യം പറ''എഴുത്തശ്ശന്‍ ആകാംക്ഷയുടെ മുള്‍മുനയിലാണ്.
''പണ്ടത്തെ ഒരുകൂട്ടുകാരനെ ഇന്നാള് കണ്ടു. എന്‍റെയും സുന്ദരന്‍റീംകൂടെ സ്കൂളില്‍ പഠിച്ച ഒരു രാമകൃഷ്ണന്‍. ഞങ്ങളൊക്കെ അവനെ രാമുന്നാ വിളിക്കാറ്. വിശ്വേട്ടന്‍റെ കാറ് വര്‍ക്ക്ഷോപ്പിലേക്ക് കൊണ്ടുപോയപ്പൊ ഞാനും കൂടെപോയിരുന്നു. അവിടെവെച്ചാ ആ പഴയ ചങ്ങാത്യേ ഞാന്‍ കണ്ടത്''.
''എന്‍റെ ഈശ്വരാ''എഴുത്തശ്ശന്‍ നെടുവീര്‍പ്പിട്ടു''ഞാന്‍ എന്തോന്ന് നിരീച്ചു''.
''അതിനുശേഷം ഓപ്പോളുടെ വീട്ടില്‍ വെറുതെ ഇരുന്ന് മുഷിയുമ്പൊ ഞാന്‍ വര്‍ക്ക് ഷോപ്പിലേക്ക് ചെല്ലും. നടക്കാനുള്ള ദൂരേ ഉള്ളു. ഞങ്ങള് പലതും പറഞ്ഞോണ്ടിരിക്കും''.
''എന്നിട്ട്''.
''രമൂന്‍റെ സ്വന്തം വര്‍ക്ക്ഷോപ്പാണ്. പത്തിരുപത്തഞ്ച് പണിക്കാരുണ്ട്. സ്വന്തായി നാലഞ്ച് കാറുകള്‍ വാടകയ്ക്ക് ഓടുണുണ്ട്. വര്‍ക്ക്ഷോപ്പിന്ന് രണ്ടുനാഴിക ദൂരത്ത് സ്വന്തം വീടും സ്ഥലവും ഒക്കീണ്ട്''.
''ങും. മക്കളും കുട്ട്യേളും ഒന്നൂല്യേ. അതുകൂടി പറ''.
''ഒറ്റ മകളേള്ളു. അവളെ കല്യാണം കഴിച്ചുകൊടുത്തു. കുടുംബത്തോടെ ഹൈദരാബാദിലാണ് അവള്‍''.
''അപ്പൊ ബാദ്ധ്യത ഇല്ലാത്ത സുഖജീവിതം അല്ലേ''.
''അമ്മാമേ, ഈശ്വരന്‍ ആര്‍ക്കും തികച്ചുകൊടുക്കില്ലല്ലോ. രാമൂന്‍റെ ഭാര്യ എട്ടുമാസം മുമ്പ് പെട്ടെന്ന് മരിച്ചു''.
''അയ്യോ. കഷ്ടം''.
''അനാഥനെമാതിര്യാണ് കഴിയുണതെന്നുപറഞ്ഞ് അവന്‍ കുറെകരഞ്ഞു. നോക്കാന്‍ ആളില്ല. രണ്ടാംകല്യാണം കഴിക്കാന്‍ അവനെ വേണ്ടപ്പെട്ടോര് നിര്‍ബന്ധിക്കുണുണ്ട്''.
''അത് നല്ലതന്നെ. വയസ്സാന്‍കാലത്ത് മകള്‍ വന്ന് അവനെ നോക്കുംന്ന് ഉറപ്പില്ലല്ലോ''.
''എല്ലാം കേട്ടപ്പൊ നാണുമാമടെ മകള്‍ സരോജിനിടെ കാര്യം ഓര്‍മ്മ വന്നു. ഓപ്പോളുക്കും വിശ്വേട്ടനും രാമൂനെ അറിയും. നല്ല ഒന്നാന്തരം സ്വഭാവാണ് എന്ന് അവരുംകൂടി പറഞ്ഞപ്പൊ ഇന്ന് ഞാന്‍ അവനോട് സരോജിനിടെ കാര്യം സംസാരിച്ചു. അവന് ഇഷ്ടാണ് എന്ന് കേട്ടപ്പോള്‍ ഉടനെ വിവരം പറയാംന്നുവെച്ച് ഞാന്‍ നേരെ ഇങ്കിട്ട് പോന്നു''. എഴുത്തശ്ശന്‍റെ മനസ്സിലൂടെ ഒരു ഇടിവാള്‍ കടന്നുപോയി.
''എന്താ നീ പറഞ്ഞോണ്ട് വരുണത്''.
''കുട്ടിക്കാലം മുതല്‍ക്കേ അവള് എനിക്കൊരു കൊച്ചനുജത്ത്യായിരുന്നു. സുന്ദരന്‍റെകൂടെ അവന്‍റെ വീട്ടില്‍ചെല്ലുമ്പൊക്കെ അവള് തോളത്തേക്ക് ചാടികേറും. അന്നവള്‍ക്ക് ഒന്നോ ഒന്നര്യോ വയസ്സാണ്. സുന്ദരനോ നാണുമാമ്യോ എന്തിന് അമ്മായി വിളിച്ചാപോലും എന്‍റെടുത്തുന്ന് കുട്ടി പോവില്ല. ഞാന്‍ വീട്ടിലേക്ക് പോവാന്‍ പുറപ്പെടുമ്പൊ അവര് മേത്തുന്ന് പിടിച്ചുവലിച്ച് എടുക്കണം. എന്നും അവളടെ കരച്ചില് കേട്ടോണ്ടാണ് ഞാന്‍ പോവാറ്''. എഴുത്തശ്ശന്‍ ഒന്നും മിണ്ടിയില്ല. അയാളുടെ മനസ്സിലെ സ്വപ്നങ്ങള്‍ കരിയുകയാണ്.
''അമ്മാമ പറയൂ, എന്‍റെ പെങ്ങളുകുട്ടിക്ക് ജീവിതം ഉണ്ടാക്കണ്ടത് എന്‍റെ കടമല്യേ''. ആ വാക്കുകള്‍ എഴുത്തശ്ശന്‍റെ മനസ്സില്‍ കൊണ്ടു.
''നീ പറഞ്ഞതൊക്കെ ശര്യാണ്. എന്നാലും''.
''രാമു രണ്ടാംകെട്ടുകാരനാണെന്ന് വിചാരിച്ചിട്ടാണോ''.
''അതൊന്ന്വോല്ല''.
''പിന്നെന്താ പണച്ചിലവുവരും എന്നുവെച്ചിട്ടാ. അതു കണക്കാക്കണ്ടാ. കല്യാണം നടത്താനുള്ള പണോക്കെ എന്‍റേലുണ്ട്. വേണ്ടിവന്നാല് എന്‍റെ സര്‍വ്വസ്വത്തും ഞാന്‍ അവള്‍ക്കുവേണ്ടി ചെലവാക്കും. എനിക്കൊരു ജീവിതം ഉണ്ടാക്കി തന്നത് നാണുമാമ്യാണ്''.
''ശരി. കല്യാണം കഴിഞ്ഞാല്‍ നാണുനായര് ഒറ്റയ്ക്കാവില്ലേ''.
''അങ്ങിനെ വരില്ല. ഭാര്യ മരിച്ചതില്‍ പിന്നെ വീട്ടിലേക്ക് പോയിട്ടില്ലാന്നാ രാമു പറഞ്ഞത്. അതുവിറ്റിട്ട് വേറെ എവിടെങ്കിലും കൂടണം എന്നവന്‍ വിചാരിച്ചിരിക്ക്യാണ്. ഇവിടെ കഴിയാന്‍ അവന് സന്തോഷേ ഉണ്ടാവൂ''. എഴുത്തശ്ശന്‍ ഒന്നും പറഞ്ഞില്ല. അയാളുടെ മനസ്സില്‍ ചില തീരുമാനങ്ങള്‍ ഉണ്ടായിക്കഴിഞ്ഞു.
''മുടി ഇത്തിരി പോയിട്ടുണ്ടെങ്കിലും ചെക്കന്‍ നല്ലോണം വെളുത്തിട്ടാണ്. കാഴ്ചയ്ക്ക് അവര് നല്ലയോജിപ്പുണ്ടാവും. അതാ ഞാന്‍ ഈ ആലോചന കൊണ്ടുവന്നത്''.
''അതൊക്കെ ആലോചിച്ചു ചെയ്യണ്ട കാര്യങ്ങളാണ്. ധൃതികൂട്ടാന്‍ വരട്ടെ. ആദ്യം നീ മരുമകന്‍റെ കല്യാണം കഴിഞ്ഞിട്ട് വാ. അപ്പൊ വേണ്ടപോലെ ആലോചിച്ച് ചെയ്യാം''.
ഇളന്നീരുമായി പിന്നിലൂടെവന്ന് എല്ലാം കേട്ടുനിന്ന ചാമി നിറഞ്ഞകണ്ണ് തോര്‍ത്തുമുണ്ടുകൊണ്ട് തുടച്ചു. ഇളന്നീര്‍ കുടിച്ചുകഴിഞ്ഞപ്പോള്‍ വേണു എഴുന്നേറ്റു.
''ഓപ്പോളോട് പറയാണ്ടെ പോന്നതാണ്. അന്വേഷിക്കുമ്പോഴേക്കും ചെല്ലട്ടെ''. എഴുത്തശ്ശനും എഴുന്നേറ്റു.
''ഞാന്‍ പറഞ്ഞത് തെറ്റായോ അമ്മാമേ''വേണു ഒന്നുകൂടി ചോദിച്ചു.
''ഇല്ല. ഞാന്‍ ആലോചിച്ച് വേണ്ടത് ചെയ്യാന്ന് പറഞ്ഞില്ലേ. നീ ഇപ്പൊ പോ''.
''അതുമതി. രാമൂനും തിരക്കില്ല. ഭാര്യമരിച്ച് കൊല്ലം തികയട്ടെ എന്നാ പറഞ്ഞത്''.
''ഞാനും കൂടെവരുണുണ്ട്''എന്നു പറഞ്ഞ് ചാമി കൂടെപുറപ്പെട്ടു.വഴിക്ക് അവരൊന്നും സംസാരിച്ചില്ല. ചാമിയുടെ മനസ്സുമുഴുവന്‍ വേണുവിനെ പറ്റിയുള്ള ചിന്തകളായിരുന്നു. തന്‍റെ മുതലാളി സരോജിനിയമ്മയെ കല്യാണം കഴിച്ച് സന്തോഷത്തോടെ കഴിയുന്നത് അവന്‍ സ്വപ്നം കണ്ടിരുന്നു. എല്ലാം അവസാനിച്ചു. ആരുമില്ലാതെ കഴിയാനാവും മൂപ്പരടെ യോഗം.
''മുതലാളി''പെട്ടെന്ന് ചാമി വിളിച്ചു''മരിക്കുണത് വരെ ഞാനുണ്ടാവും മുതലാളിക്ക് തുണക്കാരനായിട്ട്''. ഏതോ ഒരു ആവേശത്തില്‍ അവന്‍ വേണുവിന്‍റെ കയ്യില്‍ കയറിപിടിച്ചു. ആ കയ്യില്‍ സ്നേഹത്തിന്‍റെ ചൂട് നിറയെയുണ്ടെന്ന് വേണു അറിഞ്ഞു.
******************************
വേണുവിനെ യാത്രയയക്കാന്‍ ചെന്ന ചാമി തിരിച്ചുവരുന്നതും കാത്ത് വേലപ്പന്‍ വഴിവക്കത്തെ മൂച്ചിചോട്ടില്‍ നിന്നു. ആകെകൂടി മനസ്സിലൊരു വിഷമം. സങ്കടങ്ങള്‍ പറയാനുള്ളത് ചാമിയോട് മാത്രമാണ്. വൈകാതെ ചാമി എത്തി.
''എന്താണ്ടാ നീ ഇവിടെ നിക്കുണത്''ചാമി ചോദിച്ചു.
''നിന്നെ കാത്തിട്ടന്നെ. മുതലാളിടെകൂടെ കൂട്ടുമുക്കിലേക്ക് നീ പോണത് കണ്ടു. മടങ്ങിവരുമ്പൊ കാണാലോന്നുവെച്ച് നിന്നു''.
''എന്താ കാര്യം''.
''കുറച്ചായിട്ട് എന്‍റെ ദേഹത്തിന്ന് തീരെവയ്യാ. വലത്തെകയ്യ് മുഴുവന്‍ ഒരു തരിപ്പും വേദനീം. അതോണ്ട് ഒന്നും ചെയ്യാന്‍ പാങ്ങില്ല''.
''അതെന്താ പറ്റ്യേത്. നിനക്ക് വല്ല ഡോക്ടറേം കാണിക്കായിരുന്നില്ലെ''.
''നമ്മടെ കുട്ടികൃഷ്ണന്‍ വൈദ്യരെ കാണിച്ചു. വാതം പിടിച്ചതാണ് എന്നും പറഞ്ഞ് കഷായൂം കുഴമ്പും തന്നു. മോന്തിക്ക് അതും പുരട്ടി കുറെനേരം നിന്നിട്ട് ചുടുവെള്ളം പാരണം''.
''മാരണക്രിയ ആയല്ലോടാ''.
''ഒന്നും പറയണ്ടാ. ഉള്ള തൊഴിലുംകൊണ്ട് കഴിയാന്‍ പറ്റില്ലാന്ന് ആയി''.
''പണി ചെയ്യുണതും മരുന്ന് കഴിക്കുണതും തമ്മിലെന്താണ്ടാ ബന്ധം. പകല് ജോലി ചെയ്യണം. പണികഴിഞ്ഞിട്ട് വൈദ്യര് പറഞ്ഞ മട്ടില് തൈലംപുരട്ടി നിന്നോ''.
''രണ്ടുനേരം കന്നിന് പുല്ലരിയണം. പരുത്തിക്കൊട്ട അരയ്ക്കണം. വെറുതെ കന്ന് കച്ചോടം എന്നും പറഞ്ഞ് നടന്നാ മത്യോ. കയ്യനങ്ങി പണിചെയ്യാന്‍ പറ്റില്ലെങ്കില്‍ കഴിഞ്ഞില്ലേ''.
''പെണ്‍കുട്ടി ഇല്ലേ അതൊക്കെ ചെയ്യാന്‍''.
''അവള് ആവുന്നമട്ടില് പുല്ലരിഞ്ഞിട്ടും പീടീല്‍പോയിട്ടും പരുത്തിക്കൊട്ട അരച്ചിട്ടും ഒക്കെ എന്നെ സഹായിക്കും. കുടീല്‍തന്നെ അവള്‍ക്ക് പിടിപ്പത് പണീണ്ട്. അതിന്‍റെകൂടെ ഇതൊക്കെ ചെയ്യാന്‍ എവിട്യാ നേരം''.
''എന്നിട്ട് നീ എന്താ കാട്ടാന്‍ പോണത്''.
''ഉള്ള കന്നിനേം മാടിനേം ഒക്കെ കിട്ടിയ വിലയ്ക്ക് വില്‍ക്ക്വാ. അതോടെ ആ വരുമ്പടി നിലക്കും. അതാ സങ്കടം''.
''അതൊന്നും വേണ്ടാടാ. നമുക്ക് എന്തെങ്കിലൊരുവഴി കാണാ''.
''എനിക്ക് ആകപ്പാടെ എന്താ ചെയ്യണ്ട് എന്ന് ഒരുനിശ്ചം ഇല്ല്യാണ്ടായി''.
''ബേജാറ് ആവണ്ടാടാ. ഒരുവഴി കാണാന്ന് ഞാന്‍ പറഞ്ഞില്ലേ''.
''ഇതിനൊക്കെ പൊറമെ പെണ്ണിന്‍റെ കാര്യം ആലോചിക്കുമ്പൊ എനിക്ക് ഒരു തൊയിരം ഇല്ലാണ്ടായി''.
''എന്താ അവള്‍ക്ക് കുഴപ്പം''. മകള്‍ക്ക് പ്രായം ആയി, അവളുടെ മേല്‍ ഒരുകണ്ണ് വേണം എന്നൊക്കെ ജാനുത്തള്ള പറഞ്ഞത് വേലപ്പന്‍ വിസ്തരിച്ചു.
''ആ തള്ളടെ കരണക്കുറ്റിക്ക് ഒന്ന് കൊടുക്ക്വാ വേണ്ടത്''ചാമിക്ക് ദേഷ്യം വന്നു''നമ്മടെ കുട്ട്യേപ്പറ്റി വല്ലതും പറഞ്ഞുണ്ടാക്ക്യാല്‍ ആ നാവ് ഞാന്‍ പിടുങ്ങും''.
''ഇതാ നിന്‍റടുത്ത് ഒന്നും പറയാത്തത്''വേലപ്പന്‍ പറഞ്ഞു''എന്തെങ്കിലും ഒരുകാര്യം കേള്‍ക്കുണതിന്ന് മുന്നെ നിനക്ക് ഈറ വരും. പറഞ്ഞ സംഗതി ശര്യോ തെറ്റോ എന്നൊന്നും നോക്കില്ല''.
''ഇങ്ങിന്യാണോ കാര്യം പറയണ്ടത്''ചാമി ചീറി''കെട്ടിച്ച് വിടാനുള്ള പെണ്ണാണ്. ആവശ്യൂല്ലാതെ എന്തെങ്കിലും പുരാതി പറഞ്ഞുണ്ടാക്ക്യാല്‍ നല്ലനിലയ്ക്ക് ഒരു കുടിയപ്പാട് വരില്ല''.
''തള്ള അതല്ലടാ പറഞ്ഞത്. തള്ളയ്ക്ക് അവളെ വിശ്വാസാണ്. നമ്മടെ മകള് അറിഞ്ഞുകൊണ്ട് ഒരുതെറ്റും ചെയ്യില്ല. എന്നാലും എന്തെങ്കിലും കാര്യത്തിന്ന് വീട്ടിന്ന് വെളീല് അയയ്ക്കുമ്പൊ ഒരുതുണ ഉണ്ടാവണംന്നാ പറഞ്ഞത്''.
''അങ്ങിനെ മനുഷ്യന് തിരിയുണ മട്ടില് പറ''ചാമി പറഞ്ഞു''എന്നാ പിന്നെ തള്ളയ്ക്ക് അവളടെകൂടെ തുണയ്ക്ക് പൊയ്ക്കൂടേ''.
''അടുത്തൊക്കെ തള്ളപൊവും. മില്ലിലേക്കോ പീടീലിക്കോ പോവുമ്പഴാ തൊന്തരവ്''.
''അതിന് അവളെ പീടീലിക്കും മില്ലിലിക്കും അയക്കണ്ടാ''.
''അപ്പൊ കന്നിന് തവിടോ പിണ്ണാക്കോ പരുത്തിക്കൊട്ട്യോ വേണച്ചാല്‍ ആര് വാങ്ങികൊണ്ടു വരും''.
''വേണച്ചാല്‍ അതൊക്കെ ഞാന്‍ ചെയ്യില്ലേ''.
''നീ ഒന്നും പറഞ്ഞ് ഒരു വഴിക്ക് പോവും. നിന്നേം കാത്തിരുന്നാല് എന്‍റെ കന്നൊക്കെ പട്ടിണികിടന്ന് ചാവും''. അതുകേട്ട് ചാമി ചിരിച്ചു.
''പറ്റ്യേ ഒരാളെ ഞാന്‍ നിനക്ക് ഏര്‍പ്പാടാക്കാം. വേണ്ടതൊക്കെ അവന്‍ ചെയ്തോളും''.
''ആരാ ആള്''.
''നമ്മടെ മായന്‍കുട്ടി''. വേലപ്പന്‍ ഉറക്കെ ചിരിച്ചു.
''നല്ല പഷ്ട് കക്ഷി. പോര്‍ത്തിക്കാരനായിട്ട് അയയ്ക്കാന്‍ നീ ആ പ്രാന്തനെ തന്നെ കണ്ടുള്ളു അല്ലേ''.
''നീ ഞാന്‍ പറയുണത് കേക്ക്''ചാമി പറഞ്ഞു''അവന്‍റെ സൂക്കടൊക്കെ മാറി. എന്‍റെ മുതലാളി അവനെ ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങി കൊടുത്തു. ഇപ്പൊ അവന്‍ ഉഷാറായി''. വേലപ്പന്‍ വിശ്വാസംവരാത്ത മട്ടില്‍ ചാമിയെ നോക്കിനിന്നു.
''നീ വെറുതെ മിഴിക്കണ്ടാ. ഞാന്‍ പറഞ്ഞത് സത്യാണ്''ചാമി പറഞ്ഞു.
''എന്നാ നന്നായി. അനാഥയ്ക്ക് ദൈവം തുണ എന്ന് പറഞ്ഞ മാതിര്യായി'' വേലപ്പന്‍ പറഞ്ഞു''ആ അപ്പാവി നിന്‍റെ മുതലാളിടെ സഹായംകൊണ്ട് നന്നാവട്ടെ''.
''ഇപ്പൊ നിനക്ക് മനസ്സിലായോ''ചാമി പറഞ്ഞു''നാളെ മുതല്‍ രാവിലേം വൈകുന്നേരൂം അവന്‍ പുല്ലരിഞ്ഞ് നിന്‍റെ കുടീല് എത്തിക്കും. പീടീന്ന് വല്ലതും വാങ്ങണച്ചാല്‍ അതിനും നീ അവനെ അയച്ചൊ''. വേലപ്പന്ന് സന്തോഷമായി.
''നിനക്ക് കാശ് വല്ലതും വേണോടാ''ചാമി ചോദിച്ചു.
''ഇപ്പൊന്നും വേണ്ടാ''.
''എന്നാലും ഇത് വെച്ചോ''ബെല്‍ട്ടില്‍ കയ്യിട്ട് കിട്ടിയ പണം വേലപ്പന്‍റെ കയ്യില്‍ പിടിപ്പിച്ചു. വേലപ്പന്‍ വീട്ടിലേക്കും ചാമി കളപ്പുരയിലേക്കും നടന്നു. എഴുത്തശ്ശന്‍ പടിക്കാലും ചാരി നില്‍പ്പുണ്ട്.
''അവന് ബസ്സ് കിട്ട്യോടാ''അയാള്‍ ചോദിച്ചു.
''ഉവ്വ്. അപ്പത്തന്നെ കിട്ടി. വരുമ്പൊ വേലപ്പനെ കണ്ടു. അതാ ഇത്തിരി വൈക്യേത്''.
''നിന്‍റെ മുതലാളി എന്തിനാ വന്നതേന്ന് അറിയ്യോ''.
''മുതലാളി കുപ്പ്വോച്ചന്‍റടുത്ത് പറയുണതൊക്കെ ഞാന്‍ കേട്ടു''അവന്‍ പറഞ്ഞു''എനിക്ക് സങ്കടം വരുണുണ്ട്''.
''എന്തിനാ സങ്കടപ്പെടുണത്. കല്യാണം ഒറപ്പിച്ചിട്ടൊന്നൂല്യല്ലോ. അവന്‍ വരട്ടെ. അവനെക്കൊണ്ടന്നെ അവളെ കെട്ടിക്ക്യാ''.
''മൂപ്പര് കേള്‍ക്ക്വോ''.
''എന്താ കേള്‍ക്കാണ്ടെ. പറയുംപോലെ പറഞ്ഞാ കേള്‍ക്കും. ഇതുവരെ അവനെ പറഞ്ഞുനടത്താന്‍ പറ്റ്യേ ആളുണ്ടായില്ല. അതാ പറ്റ്യേത്''.
''എനിക്ക് സന്തോഷായി''..
''മുമ്പാണെങ്കില്‍ അതുംപറഞ്ഞ് നിനക്ക് കുടിക്കായിരുന്നു അല്ലേടാ''. ചാമി ഒന്നും പറഞ്ഞില്ല. അവന്‍ ചെറുതായൊന്ന് ചിരിച്ചു.
*************************
''ഇതിന്‍റെ എടേല്‍ നീ എങ്കിട്ടാ പോയത്. വര്‍ക്ക് ഷാപ്പിലിക്ക് ഞാന്‍ ആളെ അയച്ചപ്പൊ അവിടുന്ന് നീ എപ്പഴോ പോയീന്നാണല്ലോ അവര് പറഞ്ഞത്'' വീട്ടിലെത്തിയ വേണുവിനോട് പത്മിനി ചോദിച്ചു.
''ഒന്നു കളപ്പുരവരെ പോയി''.
''പെട്ടെന്ന് ചെല്ലാന്‍ മാത്രം എന്താ അവിടെ ഇത്ര അര്‍ജ്ജന്‍റ് കാര്യം''. വേണു കാര്യങ്ങള്‍ വിശദീകരിച്ചു.
''ആരുടേങ്കിലും കല്യാണം നടത്താന്‍ ഓടിനടന്നോ. അവനോന് അങ്ങിനെ ഒരു ചിന്ത ഇല്ലല്ലോ''. ആ പറഞ്ഞത് വേണു കേട്ടില്ലാന്ന് നടിച്ചു.
അദ്ധ്യായം - 103.
ഡ്രൈവര്‍ വരുന്നതുംനോക്കി കിട്ടുണ്ണി പടിക്കല്‍ നില്‍ക്കുമ്പോഴാണ് അകലെനിന്ന് കേശവന്‍നായര്‍ വരുന്നത് കണ്ടത്. സ്കൂള്‍ മാനേജരെ കണ്ട് അയാളുടെ പെങ്ങളെ കല്യാണം കഴിക്കാന്‍ താന്‍ ഒരുക്കമാണ് എന്നറിയിക്കാന്‍ അയാളെ എല്‍പ്പിച്ചിട്ട് കുറച്ചുദിവസമായി. നേരെ ചെന്ന് ചോദിക്കാന്‍ മടിയുണ്ടായിട്ടല്ല. എങ്കിലും ഇതിനൊക്കെ ഒരു മൂന്നാമന്‍ ഉള്ളത് നല്ലതാണ്.
''എത്ര ദിവസായി ഞാന്‍ നിങ്ങളെ ഒരുകാര്യം ഏല്‍പ്പിച്ചിട്ട്. നിങ്ങള് മറന്നിട്ടുണ്ടാവുംന്ന് കരുതി''കിട്ടുണ്ണി അയാളെ കണ്ടതും പറഞ്ഞു.
''ഇതോടെ നാലാമത്തെപ്രാവശ്യാണ് ഞാന്‍ നിങ്ങളെ തെരഞ്ഞുവരുണത്. എപ്പൊ നോക്ക്യാലും പടി പൂട്ടികെടക്കുണുണ്ടാവും''അയാള്‍ പറഞ്ഞു ''പിന്നെങ്ങിന്യാ ഞാന്‍ വിവരം തര്വാ''.
''അതുപോട്ടെ പോയ കാര്യം എന്തായി''.
''അവരെന്നെ തല്ലീലാന്നേയുള്ളു. ഉള്ള ഭാര്യേ ഉപേക്ഷിക്കുംമുമ്പ് വേറൊരു പെണ്ണിനെ നോക്കുന്നോനെ ഞങ്ങള്‍ക്ക് വേണ്ടാന്ന് പറഞ്ഞു. പത്തുദിവസം കൂടെകൊണ്ടുനടന്ന് ഞങ്ങളടെ പെങ്ങളെ ആ വിദ്വാന്‍ ഉപേക്ഷിക്കില്യാന്ന് ആരു കണ്ടൂ എന്നാ ചോദിച്ചത്''.
''അത്ര വല്യേ പ്രമാണിമാരാച്ചാല്‍ എനിക്കും വേണ്ടാ''.
''ശരി. വേണ്ടെങ്കില്‍ വേണ്ടാ. എനിക്ക് തരാനുള്ളത് തന്നാ ഞാനെന്‍റെ വഴിക്ക് പോവാം''.
''നിങ്ങള്‍ക്ക് എന്ത് തരാനാ. കാര്യംനടത്ത്യാല്‍ ആയിരം ഉറുപ്പിക തരാന്ന് കരുതി. നിങ്ങളെക്കൊണ്ട് അതിന് പറ്റീലല്ലോ''.
''അതൊന്നും നടക്കില്ല. പണ്യേടുത്താല്‍ കൂലി കിട്ടണം. അതു കിട്ടാതെ ഞാന്‍ പോവില്ല. നാട്ടിന്ന് പത്താളെ ഞാന്‍ കൂട്ടിക്കൊണ്ട് വരും. എന്താ വേണ്ടേന്ന് അവര് തീരുമാനിക്കട്ടെ''.
നടക്കാതെപോയ ആലോചന നാട്ടുകാരറിഞ്ഞാല്‍ മാനക്കേടാണ്. വല്ലതും കൊടുത്ത് ലോഹ്യത്തില്‍ പറഞ്ഞയക്കുന്നതാണ് നല്ലത് എന്ന് കിട്ടുണ്ണിക്ക് തോന്നി.
''ഒന്നും പറയണ്ടാ. ഞാനൊരു നൂറുറുപ്പിക തരും. സന്തോഷത്തോടെ അത് വാങ്ങ്വാ''. കേശവന്‍നായര്‍ക്ക് കിട്ടുണ്ണി ആ പറഞ്ഞത് തീരെ ഇഷ്ടപ്പെട്ടില്ല. ആള്‍ക്കാരെ പറ്റിച്ചിട്ട് ഇഷ്ടംപോലെ പണം ഉണ്ടാക്കി കൂട്ടീട്ടുള്ള ആളാണ്. എന്നിട്ടാണ് ഈ കെഞ്ചന്‍ പിച്ചക്കാശ് വെച്ചുനീട്ടുന്നത്. കിട്ടുണ്ണിയെ ഒന്ന് പെടുത്തണമെന്ന് അയാള്‍ നിശ്ചയിച്ചു
''നൂറുറുപ്പ്യോ. ആദ്യായിട്ടാണ് കേശവന്‍ വല്ലോരടേം വായില് കെടക്കുണ കേള്‍ക്കാന്‍ പാടില്ലാത്തതൊക്കെ കേള്‍ക്കുണത്. അതിന് നിങ്ങളാ കാരണം. രണ്ടും പറയുണില്യാ. രണ്ടായിരം ഉറുപ്യ തരിന്‍. ഞാന്‍ പൊയ്ക്കോളാം''.
''രണ്ടായിരം ഉറുപ്യോ. കിട്ടുംപോലെ വാങ്ങിക്കോളിന്‍''കിട്ടുണ്ണിയുടെ സ്വരം ഉയര്‍ന്നു.
''അങ്ങനേച്ചാല്‍ അങ്ങനെ. പോണവഴിക്ക് ഞാന്‍ ഈ അംശത്തെ എല്ലാ വീട്ടിലും ചെല്ലും. ഉണ്ടായത് എല്ലാരോടും പറയും. ഞാന്‍ വിളിച്ചാലും ന്യായംപറയാന്‍ ആരെങ്കില്വോക്കെ ഉണ്ടാവ്വോലോ''. അയാള്‍ തിരിഞ്ഞു നടന്നു. കിട്ടുണ്ണിയുടെ ഉള്ളൊന്നുവിറച്ചു. പറഞ്ഞപോലെ ഇയാള്‍ പോയി നാട്ടുകാരെ വിവരം അറിയിച്ചാല്‍ പിന്നെ തൂങ്ങിച്ചാവുന്നതാണ് നല്ലത്. ഏത് കഷ്ടകാലം പിടിച്ച സമയത്താണോ ഇങ്ങിനെയൊരു ദല്ലാളെ കാര്യം ഏല്‍പ്പിക്കാന്‍ തോന്നിയത്.
''നില്‍ക്കിനേ''കിട്ടുണ്ണി വിളിച്ചു''നിങ്ങള് ചോദിച്ച പണം ഇപ്പോത്തന്നെ തരാം''അയാള്‍ അകത്തുചെന്ന് ഉടനെ പണവുമായി തിരിച്ചെത്തി.
''ഇതാ ചോദിച്ച രണ്ടായിരം. ഈ കാര്യം മൂന്നാമതൊരാള്‍ അറിയരുത്'' അയാള്‍ പറഞ്ഞു.
''ഹേയ്. ഒരു മനുഷ്യപ്രാണി അറിയില്ല''കേശവന്‍നായര്‍ പണം വാങ്ങി കണ്ണില്‍ മുട്ടിച്ച് പോക്കറ്റിലിട്ടു.
''ഇപ്പൊ തൃപ്ത്യായല്ലോ''കിട്ടുണ്ണി ചോദിച്ചു.
''ഓ, സന്തോഷായി.എന്നാ ഞാന്‍ ഇറങ്ങ്വാ''അയാള്‍ യാത്ര പറഞ്ഞിറങ്ങി. പലവട്ടം അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഒരുകല്യാണം കഴിപ്പിച്ചാല്‍ ഒരു മുണ്ടും ഷര്‍ട്ടിന്‍റേതുണീം പത്തോ ഇരുന്നൂറോ ഉറുപ്പികയും ആണ് കിട്ടാറ്. അത്ര വലിയകൂട്ടരാവുമ്പൊ അഞ്ഞൂറോ ആയിരമോ തരും. നാല് ചീത്ത കേട്ടാലെന്താ, ഇതന്നെ ലാഭം എന്നയാള്‍ മനസ്സിലോര്‍ത്തു.
****************************
''ഏയ്, നാണ്വാരേ''എഴുത്തശ്ശന്‍ കൂട്ടുകാരനെ പടിക്കല്‍നിന്ന് വിളിച്ചു.
''അച്ഛന്‍ ഇവിടീല്യാ''സരോജിനി ഉള്ളില്‍നിന്ന് പറയുന്നത് കേട്ടു. അയാള്‍ പാടത്തേക്ക് നടന്നു. അരമണിക്കൂറാവുമ്പോഴേക്ക് നാണുനായര്‍ അയാളെ തിരഞ്ഞെത്തി.
''എന്നെ അന്വേഷിച്ചൂന്ന് പറഞ്ഞു''.
''നിങ്ങള് എവിടെപോയി കിടക്ക്വായിരുന്നു''.
''ആഴ്ചപാങ്ങൂള്ള ദിവസോല്ലേ ഇന്ന്. മന്ദത്ത് ചെന്ന് തൊഴുകാന്ന് നിരീച്ചു. ആട്ടെ, എന്തിനാ എന്നെ അന്വേഷിച്ചത്''.
''ചന്തം കാണാന്‍''
''എന്നാ ഞാന്‍ പോയി മുട്യോക്കെ ചീകി ഇത്തിരി പൌഡറിട്ടിട്ട് വരാം''.
''നല്ല കോലൂണ്ടാവും. അതുപോട്ടെ. ആ രാവുത്തരെ കണ്ട്വോ. ചൂളടെ പണി എന്തായി''.
''വരുണവഴിക്ക് ഞാനയാളെ കണ്ടു. ചൂളടെ പണി നാളെ തുടങ്ങുംന്നാ പറഞ്ഞത്''.
''ആരാ പണിക്കാര്''.
''തെക്കുമുറീലെ മുരുകനും അവന്‍റെ പണിക്കാരും. പുഴമ്പള്ളേല് ചൂള ഇട്ടാല് വെള്ളത്തിന്ന് സൌകര്യം ആവുംന്ന് പറഞ്ഞു''.
''അപ്പൊ അമ്മിണ്യേമ്മയ്ക്കോ''.
''അയമ്മയ്ക്ക് വേണ്ടതും രാവുത്തര് ഉണ്ടാക്കിക്കും. തല്‍ക്കാലം പൈസ അയാള് കൊടുത്തോളും''.
''പെര പണിയാന്‍ അയമ്മടേല് കാശ് കാണ്വോ''.
''വീട്ടിന്ന് ഓഹരി കിട്ട്വോന്ന് നോക്കാന്‍ മരുമകന്‍ ചെക്കന്‍ ഇന്ന് രാവിലെ നാട്ടിലിക്ക് പോയിട്ടുണ്ട്. കിട്ടീലെങ്കില്‍ റബ്ബറ് വെക്കുണസ്ഥലം വില്‍ക്കാന്ന് പറഞ്ഞ് ആരോടെങ്കിലും അഡ്വാന്‍സ് വാങ്ങുംന്നാ പറഞ്ഞത്''.
''ചെക്കന്‍ മിടുക്കനാണല്ലോ''.
''നസ്രാണ്യല്ലേ. സാമര്‍ത്ഥ്യം ഇല്ലാണ്ടെ വര്വോ''.
''തൊടങ്ങി ജാതിക്കൂട്ടം കൂടാന്‍. അതെന്താടോ മറ്റുള്ളോര്‍ക്ക് സാമര്‍ത്ഥ്യം ഇല്ലാന്നുണ്ടോ''.
''ഞാനൊന്നും പറഞ്ഞില്ല്യേ''നാണുനായര്‍ കൈകൂപ്പി.
****************************************
ഉച്ചഭക്ഷണം കഴിഞ്ഞ് വേണു വിശ്രമിക്കുന്ന നേരത്ത് പത്മിനി അയാളുടെ അടുത്തെത്തി.
''ഇന്നലെ രാത്രി കിടക്കുമ്പൊ ഞാനൊരു കാര്യം ആലോചിച്ചു. അതൊന്ന് സംസാരിക്കണംന്നുവെച്ച് വന്നതാണ്''.
''എന്താ ഓപ്പോളേ അത്''വേണു പിടഞ്ഞെണീറ്റൂ.
''ഇന്നലെ നട്ടുച്ചയ്ക്ക് നീ കളപ്പുരേല് പോയിവന്നപ്പൊ ഞാന്‍ പറഞ്ഞത് ഓര്‍മ്മീണ്ടോ. മറ്റുള്ളോരെ കല്യാണം കഴിപ്പിക്കാന്‍ നടക്കുണ നിനക്ക് സ്വന്തം കാര്യത്തില് അങ്ങിന്യോരു ചിന്ത വേണ്ടല്ലോന്നു പറഞ്ഞത്''.
''ഉവ്വ്. അത് ഓപ്പോള് വെറുതെ പറഞ്ഞതാണെന്ന് എനിക്കറിയില്യേ''.
''ഞാന്‍ വെറുതെ പറഞ്ഞതൊന്ന്വോല്ല. നിനക്ക് ആ കുട്ട്യേ കെട്ടിക്കൂടേ. അത് പറ്റില്ലെങ്കില്‍ വിശ്വേട്ടന്‍റടുത്ത് പറഞ്ഞ് വേറെ നോക്കിക്കാം''.
''ഒന്നും വേണ്ടാ ഓപ്പോളേ, എനിക്ക് ഈ ജന്മത്ത് കല്യാണം വേണ്ടാ''.
''അങ്ങിനെ പറഞ്ഞാല്‍ പറ്റില്ല. മാലത്യേ ആലോചിച്ചിട്ടാണോ നീയിങ്ങിനെ ഒറ്റയ്ക്ക് കഴിയുണത്''. വേണു മറുപടിയൊന്നും പറഞ്ഞില്ല. പത്മിനി ആ മുഖത്തുനിന്ന് പലതും വായിച്ചെടുത്തു.
''എനിക്കും അവളെ ഇഷ്ടായിരുന്നു. എന്തു ഭംഗീം സ്വഭാവഗുണൂം ഉള്ള കുട്ട്യായിരുന്നു അവള്. മാലതി ഇങ്ങിനെ ചെയ്യുംന്ന് ഒട്ടും കരുതീലാ''.
''കഴിഞ്ഞത് ആലോചിച്ചിട്ട് എന്താ ഓപ്പോളേ കാര്യം''.
''കാര്യോന്നൂല്യാ. എസ്റ്റേറ്റിന്ന് പുറപ്പെടുംമുമ്പ് ഒരുവാക്ക് നീ ഫോണ്‍ ചെയ്തു പറഞ്ഞാല്‍ വിശ്വേട്ടന്‍ ആ കല്യാണം മുടക്ക്യേനെ. നിനക്കത് അന്ന് തോന്നീലാ''.
''അവളുടെ യോഗം അതാവും. ഞാന്‍ കാരണം മരിക്കാനാവും അവളുടെ വിധി''.
''വയ്യാണ്ടെ ആവുണകാലത്ത് നീ ഒറ്റയ്ക്ക് കഴിയാന്‍ പാടില്ല. അതാ ഞാന്‍ പറയുണ്''.
''എന്ന് വയ്യായ വരുണ്വോ അന്ന് ഞാന്‍ ഓപ്പോളടടുത്ത് വരും''. ആ നിമിഷം വേണു ഓപ്പോളുടെ കയ്യില്‍പിടിച്ചുകൊണ്ട് പറഞ്ഞു''സത്യാണ് ഓപ്പോളേ ഇത്''. പത്മിനി പിന്നെയൊന്നും പറഞ്ഞില്ല. അല്‍പ്പനേരം കൂടി അവിടെയിരുന്ന് കണ്ണുതുടച്ചിട്ട് അവര്‍ എഴുന്നേറ്റുപോയി.
അദ്ധ്യായം - 104.
''എന്താണ്ടാ ചാമ്യേ,നീ വെതറ് കടി പിടിച്ചപോലെ നടക്കുണത്. കാര്യം എന്താച്ചാ പറ''രാവിലെ കളപ്പുരയില്‍നിന്ന് വീട്ടില്‍പോയി വന്നശേഷം ചാമിയെ അസ്വസ്ഥനായിട്ടാണ് എഴുത്തശ്ശന്‍ കണ്ടത്.
''ഒന്നൂല്യാ കുപ്പ്വോച്ചോ''അവന്‍ പറഞ്ഞു.
''അല്ല. എന്തോ ഉണ്ട്. നിന്‍റെ പരുങ്ങല് കണ്ടാല്‍ എനിക്കറിയില്ലേ''.
''കയ്യില്‍ ഇത്തിരി കാശുണ്ടായിരുന്നത് മാമന്‍ മരിച്ചവിവരം പറയാന്‍ വന്നവന്‍റെ കയ്യില്‍ ബന്ധുമ കൊടുത്തയച്ചു''അവന്‍ പറഞ്ഞു.
''ആരാ, കോമ്പ്യാണോടാ ചത്തത്''.
''തെന്നെ''.
''അവന്‍റെ കെട്ട്യോളല്ലേ ഇന്നാള് ചത്തത്. അന്ന് നീ ബന്ധുമ കൊടുത്തില്ലേ''.
''കൊടുത്തു''ചാമി പറഞ്ഞു''കോമ്പിയപ്പന്‍ മരിച്ച് മറദാനം കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞിട്ടാണ് പറയാന്‍ ആള് വന്നത്. നമ്മടെ മര്യാദയ്ക്ക് എന്‍റെ കയ്യിലുള്ളത് കൊടുത്തുവിട്ടു. ആകപ്പാടെ എനിക്കവിടെ കാണാനായിട്ട് ആ ഒരാളേ ഉണ്ടായിരുന്നുള്ളു. അയാള് പോയി. പിന്നെ ആരെ കാണാനാ ഞാന്‍ പോണത്. അതോണ്ട് പോയില്ല''.
''അവസരം വല്ലതും നടത്ത്വോടാ''.
''കേമായിട്ട് നടത്തുണൂന്നാ പറഞ്ഞത്. ഇരിക്കുമ്പൊ നാഴി വെള്ളത്തിന്ന് ഉപകാരൂല്യാത്ത മക്കള് ചത്തിട്ട് അവസരം നടത്താഞ്ഞിട്ടാണ്''. ചാമി നീട്ടിത്തുപ്പി.
''അത് ശരി. പിന്നെ എന്തിനാ നിനക്കിപ്പൊ കാശ്''.
''ഒരാള് വയ്യാണ്ടെ കെടക്കുണുണ്ട്. ഡോക്ടറെ കാട്ടാനാണ്''.
''ആരാടാ ആള്''. ചാമി ഒന്നുപരുങ്ങി.
''ഞാന്‍ അറിയാന്‍ പാടില്ലാത്ത ആളാണോ''.
''വക്കാണിക്കരുത്''ചാമി പറഞ്ഞു''കാളുക്കുട്ടി ദീനംവന്ന് കിടക്ക്വാണ്''.
''ആ തേവിടിശ്ശിക്ക് വയ്യെങ്കില്‍ നിനക്കെന്താ. നാട്ടിലെ സര്‍വ്വ ആണുങ്ങളും കേറി നിരങ്ങ്യേ പെണ്ണാണ് അവള്. അവര്‍ക്കൊന്നും ഇല്ലാത്ത തിക്കുമുട്ട് നെനക്കെന്തിനാ''.
''എന്നാലും അവള്‍ ക്ക് ആരൂല്യാത്താ''.
''ആ പൊലയാട്യേതന്നെ ശുശ്രൂഷിക്കാന്‍ ചെല്ലണോടാ''.
''അവള് മോശക്കാര്യാണ്. സമ്മതിച്ചു. പക്ഷെ ഞാനോ. എന്നെപ്പോലൊരു തെമ്മാട്യേ നടന്ന നാട്ടില് കാണാന്‍ കിട്ട്വോ. എന്തൊക്കെ തപ്പ് ഞാന്‍ കാട്ടി കൂട്ടീട്ടുണ്ട്. അതൊക്കെ നോക്കുമ്പൊ അവള് പാവാണ്. നേരെ നോക്കാന്‍ ആളില്ലാത്തതോണ്ട് ഇങ്ങിന്യായി. എന്നാലും ആരക്കെങ്കിലും കെടുതല വരുണതൊന്നും അവള് ചെയ്തിട്ടില്ല. പിന്നെ അവളടെകൂടെ ഞാനും കുറെ കഴിഞ്ഞതാ. അത് മറക്കാന്‍ പാടില്ല''. അതോടെ എഴുത്തശ്ശന് ഉത്തരം മുട്ടി.
''നിനക്ക് എത്ര പണം വേണം''അയാള്‍ ചോദിച്ചു.
''ഒരു ഇരുന്നൂറ് ഉറുപ്പിക ഉണ്ടാവ്വോ''.
''ഇന്നാ പിടിച്ചോ''എഴുത്തശ്ശന്‍ പണം നല്‍കി.
''കായ വെട്ടി വിറ്റതിന്‍റെ പണം കിട്ടാനുണ്ട്''ചാമി പറഞ്ഞു''കിട്ട്യേതും തരാം''.
''ഞാന്‍ ചോയ്ച്ചില്ലല്ലോ. നീ ചെന്ന് എന്താ വേണ്ടത്ച്ചാല്‍ ചെയ്തിട്ട് വാ''.
എഴുത്തശ്ശന്‍ ചാമി പോവുന്നതും നോക്കിയിരുന്നു. ഇവനെ എനിക്ക് മനസ്സിലാവുണില്യാ. അയാള്‍ ഓര്‍ത്തു. കാര്യംകഴിഞ്ഞതും മൂടുംതട്ടി ആളുകള്‍ ഇറങ്ങി പോവുന്നതാണ് പതിവ്. ആ സ്ഥാനത്ത് ഇവന്‍. പുറമേക്ക് മുരടനാണെങ്കിലും അവന്‍റെ ഉള്ള് നിറയെ നന്മയാണ്.
******************************
''ആരെയൊക്ക്യാ വേണ്വോ നീ കല്യാണത്തിന്ന് വിളിച്ചിട്ടുള്ളത്''വേണു പത്മിനിയുടെ ചോദ്യത്തിന്ന് മറുപടിയൊന്നും പറഞ്ഞില്ല. സത്യത്തില്‍ അയാള്‍ ആരേയും വിളിച്ചിരുന്നില്ല.
''ചോദിച്ചത് കേട്ടില്ലേ''പത്മിനി ആവര്‍ത്തിച്ചു''മരുമകന്‍റെ കല്യാണത്തിന്ന് നീ എത്ര ആളെ വിളിച്ചൂന്നാ ചോദിച്ചത്''.
''സത്യം പറയാലോ ഓപ്പോളേ''വേണു പറഞ്ഞു''അങ്ങിന്യോരു കാര്യം ഞാന്‍ ഇതുവരെ ആലോചിച്ചിട്ടേയില്ല. ആരേം വിളിച്ചിട്ടൂല്യാ''.
''നീ അന്യനെമാതിരി പെരുമാറുണത് സങ്കടാണ്. പറഞ്ഞില്ലാന്ന് വേണ്ടാ''. വേണുവിന്ന് ഒന്നും പറയാനുണ്ടായിരുന്നില്ല.
''അവിടെ നിനക്ക് പരിചയക്കാരായി ആരൊക്കീണ്ട്''കുറച്ചുസമയം കഴിഞ്ഞപ്പോള്‍ പത്മിനി ചോദിച്ചു''ആ എഴുത്തശ്ശനും നാണുനായരും ഉള്ളത് എനിക്കറിയാം. പണിക്ക് വന്നപ്പൊ ചാമ്യോട് കല്യാണത്തിന്ന് വരാന്‍ ഞാന്‍ പറഞ്ഞിട്ടൂണ്ട്''.
''പിന്നെ അവടീള്ളത് പൂജക്കാരനും, വാരരും, അമ്മിണിയമ്മീം ആണ്. എന്‍റെ പരിചയക്കാര് എന്ന് പറയാന്‍ ഗുരുസ്വാമി രാജന്‍മേനോനും സ്വാമിനാഥനും തുണിക്കാരന്‍ രാവുത്തരും മാത്രേള്ളു. അമ്മാമടെ ഒരു പേരക്കുട്ടീണ്ട്. അയാളേം കണ്ട പരിചയൂണ്ട്''.
''എന്നാ നാളെത്തന്നെ അവരെ ക്ഷണിക്കണം. നിന്‍റെകൂടെ ഞാനുംവരാം''.
''ഓപ്പോള് ബുദ്ധിമുട്ടണ്ടാ. നാളെ ഞാന്‍ പോയി അവരെ വിളിച്ചോളാം''.
''എന്നാ നിനക്ക് കാര്യപ്രാപ്തി ഉണ്ടായി കാണ്വാ. എല്ലാറ്റിനും മൂട്ടിന്ന് ഉന്തി തള്ളാന്‍ ആള് വേണച്ചാല്‍ ഇത്തിരി ബുദ്ധിമുട്ടും''. അതിനും വേണുവിന്ന് ഒന്നും പറയാനില്ലായിരുന്നു.
''കല്യാണത്തിയ്യതി അടുത്തു. നാളെത്തന്നെ വിളിക്കണ്ടോരെ വിളിക്കണം. ക്ഷണക്കത്ത് ഞാനെടുത്തു തരാം''.
''നാളെ ഞാന്‍ ആ പണി തീര്‍ത്തോളാം''വേണു സമ്മതിച്ചു.
അദ്ധ്യായം - 105.
''തിരുവാതിരയ്ക്ക് ഇനി അധികദിവസൂല്യാ. അതിന്ന് മുമ്പ് എന്തൊക്കെ പണി ചെയ്യാന്‍ കെടക്കുണു''എഴുത്തശ്ശന്‍ ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ പറയാന്‍ തുടങ്ങി''വേലി കെട്ടല് കഴിക്കണം. മുറ്റം മണ്ണിട്ട് പൊതുക്കിയിട്ട് അഴക് പിടിക്കണം. എന്നിട്ട് ചാണകം മെഴുകണം. ഇതൊക്കെ എങ്ങിനെ തീര്‍ക്കുംന്ന് എനിക്ക് നിശ്ച്യൂല്ലാണ്ടായി''.
''നിങ്ങള് കമാന്ന് മിണ്ടാണ്ടിരിക്കിന്‍ കുപ്പ്വോച്ചാ. അതൊക്കെ നമുക്ക് ശഠേന്ന് ചെയ്യിപ്പിക്കാലോ''ചാമിക്ക് അതൊന്നും പ്രശ്നമേ അല്ല.
''നീ പറയുണത് കേട്ടാല്‍ ഒക്കെ എളുപ്പം നടക്കുണ മാതിര്യാണ്. എന്തോ എനിക്കത്ര വിശ്വാസം പോരാ''.
''തൊടീലെ പരുവേല് ഒരുകൂട്ടം കട്ട പിടിച്ചിട്ടുണ്ട്. ഉണങ്ങുംമുമ്പ് അത് എന്തായാലും വെട്ടണം. അതോടെ വേലിപ്പണിക്ക് മുള്ളായില്ലേ''.
''മുള്ള് കിട്ട്യാ മത്യോടാ. കെട്ടി തീരണ്ടേ''.
''കുപ്പ്വോച്ചന്‍റെ നോട്ടത്തില് എത്ര ആളടെ പണി കാണുണുണ്ട്''.
''വണ്ടിപ്പുരടേം കളപ്പുരടേം വേലികെട്ടണം. നാണ്വാരുടെ സ്ഥലത്തിന്‍റേം വേണ്ടേ''.
''അതും വേണോലോ''.
''എല്ലാംകൂടി ഇത്തിരിദൂരം വേലികെട്ടണ്ടി വരും''.
''അപ്പൊ നാലഞ്ചാള് വന്നാല്‍ എത്ര ദിവസത്തെ പണി കാണും''.
''അത്രേ പണിക്കാര് ഉള്ളൂച്ചാല്‍ തിരുവാതിര കഴിഞ്ഞാലും പണി തീരില്ല. ഒക്കെ നോക്കിനിന്ന് നേരം കളയും''.
''എന്നാല്‍ ഞാന്‍ ചെന്ന് കരാറ്പണിക്ക് ആളെ വിളിച്ചോട്ടെ. അതാവുമ്പൊ നമുക്ക് നോക്കിനിക്കാതേം കഴിഞ്ഞു''.
''കരാറ് കൊടുക്കുണതോണ്ട് കൊഴപ്പം ഒന്നൂല്യാ. പക്ഷെ അവര് ശരിക്ക് വാരി പിടിക്കാതെ എക്കേടോ കെട്ടുപോട്ടേന്ന മട്ടില് ചെയ്തിട്ട് പോവാന്‍ പാടില്ല''.
''അതൊന്നും ചെയ്യാന്‍ ഞാന്‍ സമ്മതിക്കില്ല. മര്യാദയ്ക്ക് പണി ചെയ്താലേ കാശ് കൊടുക്കൂ''.
''എന്നാല്‍ നീ ചെന്ന് ഏര്‍പ്പാടാക്കിക്കോ''. ചാമി അപ്പോള്‍ത്തന്നെ പോയി.
എഴുത്തശ്ശന്‍ കളപ്പുരയുടെ തിണ്ടില്‍ തോര്‍ത്തുവിരിച്ച് കിടന്നു. നാണു നായരെ കാണാനില്ല. അയാളുണ്ടെങ്കില്‍ വല്ലതും സംസാരിച്ചിരിക്കാന്‍ ആളായേനെ. മിണ്ടാനും പറയാനും ആളില്ലെങ്കില്‍ ഒരു രസമില്ല. വേണു ഉള്ളപ്പോഴും ഒരുപാട് വര്‍ത്തമാനം ഉണ്ടാവാറില്ല. അധിക സമയവും അവന്‍ പേപ്പറും പുസ്തകവും നോക്കിയിരിക്കും. അല്ലെങ്കില്‍ റേഡിയോ വെച്ച് എന്തെങ്കിലും വര്‍ത്തമാനം പറയുന്നത് കേള്‍ക്കും. എപ്പഴെങ്കിലും കുറച്ചുനേരം സിനിമപ്പാട്ട് വെച്ചാലായി. നാണുനായരുടെ മകള് എപ്പഴും സിനിമാപ്പാട്ട് വെക്കും. ചേരിന്‍ ചോട്ടില്‍ നിന്നാല്‍ കേള്‍ക്കുണ മാതിരി നല്ല ഒച്ചയിലാണ് ആ കുട്ടി പാട്ട് വെക്കാറ്. മുമ്പൊന്നും പാട്ട് കേള്‍ക്കുന്ന ശീലം ഉണ്ടായിരുന്നില്ല. എന്നാല്‍ ഈയിടെയായി ഇടയ്ക്കൊക്കെ സിനിമാ പാട്ട് കേള്‍ക്കണം എന്ന മോഹം തുടങ്ങിയിട്ടുണ്ട്.
വേണുവിന്‍റെ കാര്യം ആലോചിക്കുമ്പോഴാണ് സങ്കടം. വളരെ ചുരുങ്ങിയ കാലംകൊണ്ട് അവന്‍ സ്വന്തം ആളെപ്പോലെയായി. ഇപ്പോള്‍ മകനോടുള്ള വാത്സല്യമാണ് തനിക്ക് അവനോടുള്ളത്. കല്യാണം കഴിച്ച് കുടുംബമായി അവന്‍ കഴിയുന്നത് കാണാന്‍ ഒരുപാട് മോഹിച്ചതാണ്. എന്നിട്ട് ഒടുവില്‍. തെരക്കൊഴിഞ്ഞ് അവന്‍ വരട്ടെ. ഒക്കെ ശരിയാക്കണം. എഴുത്തശ്ശന്‍ ഒരു ദീര്‍ഘശ്വാസം വിട്ടു.
******************************
''എന്താ, അമ്മാമ ഉറങ്ങ്വാണോ''എന്ന വേണുവിന്‍റെ ചോദ്യംകേട്ടു വേഗം പിടഞ്ഞെണീറ്റു. വേണുവിന്‍റെ കയ്യില്‍ ചെറുതല്ലാത്ത ഒരുപൊതി കണ്ടു.
''നീയെന്താ പോന്നത്. കല്യാണതിരക്കൊക്കെ ആയില്യേ അവിടെ''അയാള്‍ ചോദിച്ചു.
''എന്‍റെ മരുമകന്‍റെ കല്യാണത്തിന്ന് നിങ്ങള്യോക്കെ ഞാന്‍ ക്ഷണിക്കണ്ടേ. അതിന് വന്നതാണ് അമ്മാമേ''വേണു തിണ്ടില്‍ ഇരുന്നു.
''കുപ്പന്‍കുട്ട്യേ, വക്കീലിന്‍റെ മകന്‍റെ കല്യാണത്തിന്ന് നമ്മള്യോന്നും വേണു വിളിക്ക്യണ്ടാവില്ലാ. അവരൊക്കെ വല്യേ ആള്‍ക്കാരല്ലേ''എന്ന് ഇന്നാള് ഒരിക്കല്‍ നാണുനായര്‍ പറഞ്ഞതും''ജീവനുണ്ടെങ്കില്‍ അവന്‍ നമ്മളെ വിളിക്കാണ്ടിരിക്കില്ല''എന്ന് മറുപടി പറഞ്ഞതും എഴുത്തശ്ശന്‍ ഓര്‍ത്തു.
''നീ ഒരു കാര്യം അറിഞ്ഞോ''എഴുത്തശ്ശന്‍ ആ സംഭവം വേണുവിനോട് പറഞ്ഞു. വേണുവിന്ന് കടുത്ത കുറ്റബോധം തോന്നി. എല്ലാവരും വരാന്‍ ഒരുങ്ങിയിട്ടുണ്ട്. ഇവരെ ക്ഷണിച്ചില്ലായിരുന്നുവെങ്കില്‍ എന്നെന്നേക്കും അതൊരു കുറവായേനെ.
''ആര്യോക്ക്യാ ക്ഷണിക്കുണത്''അയാള്‍ ചോദിച്ചു.
''ഒന്നാമത് അമ്മാമയെ''.
''നീ പറഞ്ഞില്ലെങ്കിലും ഞാനെത്തും. പിന്നെ ആര്യോക്ക്യാ''.
''രണ്ടാമത് നമ്മടെ ചാമി. നാണുമാമടെ വീട്ടില്‍ പറയണം. പിന്നെ നമ്മടെ മേനോന്‍സ്വാമി, സ്വാമിനാഥന്‍. വാരരീം പൂജക്കാരനീംകൂടി വിളിക്കണം എന്നുണ്ട്. അമ്മിണിയമ്മടെ വീട്ടിലും ഒന്ന് പറഞ്ഞാലോ''.
''നിശ്ചയായിട്ടും പറയണം. നമ്മളൊക്കെ അടുത്തടുത്ത് കഴിയുണോരല്ലേ. ആ രാവുത്തരുക്കും ഒരുകത്ത് കൊടുക്ക്''.
''അത് ആലോചിച്ചതാണ്. പിന്നെ അമ്മാമടെ പേരക്കുട്ട്യേം വിളിക്കണം. അവരെ എവിടെ ചെന്നാലാ കാണാന്‍ സാധിക്ക്യാ. ''.
''അതിന്ന് നീ പോവ്വോന്നും വേണ്ടാ. എന്‍റേല് രണ്ട് കത്ത് വിലാസം എഴുതി തന്നാ മതി. ഞാനത് എത്തിച്ചുകൊടുത്തോളാം''.
''ഇവിടുത്തെ നാലുവീട്ടിലും ഇപ്പൊത്തന്നെ ഞാന്‍ പറഞ്ഞിട്ട് വരാം''വേണു എഴുന്നേറ്റു. കുറച്ചുകഴിഞ്ഞതും ചാമിയെത്തി.
''എന്താ കുപ്പ്വോച്ചാ, തിണ്ടില് ഒരുപൊതി''അവന്‍ ചോദിച്ചു.
''നിന്‍റെ മുതലാളി വന്നിട്ടുണ്ട്. അവന്‍ വെച്ചിട്ടുപോയതാ. നോക്കാനൊന്നും പോയില്യാ''.
''എന്നിട്ട് ആളെവിടെ''.
''കല്യാണം പറയാന്‍ പോയിട്ടുണ്ട്. ഇപ്പൊ വരും''.
''കുടിക്കാന്‍ വല്ലതും വേണ്ടി വര്വോ''.
''എന്തായാലും നീ ഇത്തിരി കാപ്പി വെക്ക്. എനിക്കും വേണംന്നുണ്ട്''. ചാമി അടുപ്പ് കത്തിക്കാന്‍ തുടങ്ങി.
''നീ പോയകാര്യം എന്തായി''എഴുത്തശ്ശന്‍ ചോദിച്ചു.
''ഇന്ന് വൈകുന്നേരം ആള് വരും. കരാറ് പറഞ്ഞ് ഉറപ്പിച്ചാല്‍ നാളെ പണി തുടങ്ങും''.
''അവര് പറയുണതന്നെ കരാറ്. നമ്മളെന്തെങ്കിലും ചുരുക്കാന്‍ നോക്ക്യാല്‍ പറ്റില്ലാന്നും പറഞ്ഞ് വന്ന വഴിക്കന്നെ അവര് പോവും''.
ചാമി കാപ്പിവെച്ചു കഴിഞ്ഞിട്ടേ വേണു എത്തിയുള്ളു.
''നാണുമാമ വര്‍ത്തമാനം പറഞ്ഞിരുത്തി''വേണു പറഞ്ഞു''അതാ ഇത്ര വൈക്യേത്''.
''അയാള്‍ക്കെന്താ. ആരേങ്കിലും വര്‍ത്തമാനത്തിന്ന് കിട്ട്യാല്‍ പിന്നെ വിട്ടാക്കില്ല''.
''എന്താ നിന്‍റെ പൊതീല്''കാപ്പി കുടിക്കുമ്പോള്‍ എഴുത്തശ്ശന്‍ ചോദിച്ചു.
''ഞാനത് മറന്നു. ഇത് ചാമിക്കുള്ളതാണ്''. വേണു പൊതിതുറന്നു.
''ഈ ഷര്‍ട്ടും മുണ്ടും ചാമിക്ക് കൊടുക്ക് എന്നപറഞ്ഞ് ഓപ്പോള് തന്നതാണ്. അവിടുത്തെ പണിതീര്‍ത്ത് പോരുണ സമയത്ത് നേരിട്ട് കൊടുക്കണംന്ന് വിചാരിച്ചതാണെന്നാ പറഞ്ഞത്''. നീലക്കരമുണ്ടും അതേ നിറത്തിലുള്ള ഷര്‍ട്ടും ചാമിക്കുനേരെ നീട്ടി.
''ഇത് ഞാന്‍ വാങ്ങ്യേണ്. കല്യാണത്തിന്ന് ഓപ്പോള് എനിക്ക് വാങ്ങ്യേ ഷര്‍ട്ടുതുണി കണ്ടപ്പൊ ചാമിക്കും അതേമാതിരി തുണി വാങ്ങണംന്നു തോന്നി''തൂവെള്ള ഷര്‍ട്ടും മുണ്ടും ചാമി വാങ്ങി കണ്ണില്‍ മുട്ടിച്ചു.
''ഒരുസാധനം വാങ്ങാന്‍ നിനക്കറിയില്ല''എഴുത്തശ്ശന്‍ പറഞ്ഞു''വെള്ള തുണി ഇവനൊന്നും പറ്റില്ല. എളുപ്പം ചള്യാക്കും ''.
''അത് സാരൂല്യാ കുപ്പ്വോച്ചാ''ചാമി പറഞ്ഞു''മുതലാളിതന്ന തുണി ഞാന്‍ എടുക്കും. തമ്പ്രാട്ടി കൊടുത്തയച്ച തുണി ഞാന്‍ നമ്മടെ മായന്‍കുട്ടിക്ക് കൊടുക്കും. പാവം. അവന് നല്ലതൊന്നൂല്യാ'. ആ മനസ്സിലെ നന്മ വേണു അറിഞ്ഞു.
അദ്ധ്യായം - 106.
കറുത്തഫിയറ്റ് ഷെഡ്ഡില്‍ നിര്‍ത്തി സുകുമാരനിറങ്ങി. ഓഫീസിന്ന് മുമ്പില്‍ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമായി ഏഴെട്ടുപേര്‍ നില്‍ക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. ഏതെങ്കിലും ബസ്സ് ആക്സിഡന്‍റ് ആയിട്ടുണ്ടാവുമോ? ഇവര്‍ക്ക് ചവിട്ടിപ്പിടിച്ചുപോയി വല്ലവന്‍റേയും മേത്ത് കയറ്റുകയേ വേണ്ടു. ബാക്കി പൊല്ലാപ്പുകള്‍ തീര്‍ക്കാനുള്ള പ്രയാസങ്ങള്‍ കുറച്ചൊന്നുമല്ല. സുകുമാരന്‍ കയറി ചെല്ലുന്നതുകണ്ട് ജീവനക്കാര്‍ ഒതുങ്ങിനിന്നു.
''എന്താ എല്ലാരുംകൂടി ഇവിടെ''അയാള്‍ ചോദിച്ചു.
''അതേയ്, മുതലാളി, ചെറ്യേരു പ്രശ്നൂണ്ട്''കണ്ടക്ടര്‍ മുകുന്ദന്‍ പറഞ്ഞു
''എന്താ വല്ലോന്‍റെ നെഞ്ഞത് വണ്ടി കേറ്റ്യോ''.
''അതല്ല. നമ്മടെ 1632 മണ്ണാര്‍ക്കാട്ന്ന് 9 മണിക്കുള്ള ട്രിപ്പ് വരുമ്പൊ ഒരു ചെക്കന്‍ ഠാണാവിന്ന് കോളേജിലേക്ക് കേറി. അബു കണ്‍സക്ഷന്‍കാര്‍ഡ് ചോദിച്ചപ്പൊ ചെക്കന്‍റേല്‍ ഐഡന്‍റിറ്റി കാര്‍ഡില്ല. ഫുള്‍ചാര്‍ജ്ജ് തരണംന്ന് പറഞ്ഞപ്പൊ ചെക്കന്‍ കൊടുത്തില്ല. ഒന്നുംരണ്ടും പറഞ്ഞ് അത് തര്‍ക്കായി. ഒടുക്കം അബു അവനെ വണ്ടീന്ന് ഇറക്കിവിട്ടു''.
''ആവൂ. എന്ത് കുണ്ടാമണ്ടിയാണോന്ന് ഞാന്‍ വിചാരിച്ചു''.
''കഴിഞ്ഞില്ല മുതലാളീ. ആ ചെക്കന്‍ യൂണിയന്‍ നേതാവാണത്രേ. അവന്‍ അടുത്ത ബസ്സിന്ന് കേറി കോളേജില്‍ ചെന്ന് പിള്ളരെകൂട്ടി. അപ്പോഴാണ് നമ്മുടെ 5617 പെരിന്തല്‍മണ്ണേലിക്ക് പോണത്. പിള്ളര് കൂട്ടംചേര്‍ന്ന് ആ വണ്ടി കോളേജ് പടിക്കില് തടുത്തുനിര്‍ത്തി കല്ലെറിഞ്ഞ് ചില്ല് തകര്‍ത്തു. ഡ്രൈവര്‍ കൃഷ്ണേട്ടന്‍ തലപൊട്ടി ആസ്പത്രീലായി. കല്ലേറില്‍ അഞ്ചാറ് പാസഞ്ചേഴ്സിനും പരുക്കുണ്ട്''.
''എന്നിട്ട് ബസ്സെവിടെ''.
''പിള്ളര് വണ്ടിക്ക് തീ വെക്കുംമുമ്പ് വര്‍ക്ക്ഷോപ്പിന്ന് ജോണേട്ടന്‍ ചെന്ന് വണ്ടി ഓടിച്ച് ഇങ്കിട്ട് കൊണ്ടുവന്നു. ഷെഡ്ഡില് നിര്‍ത്തീട്ടുണ്ട്''.
''എന്നിട്ടെന്തേ എനിക്ക് വിവരം തന്നില്ല''.
''വീട്ടിലേക്ക് വിളിച്ചപ്പൊ മുതലാളിമാര് പോന്നൂന്ന് പറഞ്ഞു''.
സുകുമാരന്‍ പണിക്കാരോടൊപ്പം ചെന്നു. ബസ്സിന്‍റെ നാല് ചില്ലുകളും തകര്‍ന്നിട്ടുണ്ട്. കല്ലുകൊണ്ടോ മറ്റോ കുത്തി ബോഡി ഞളുക്കിയിട്ടുണ്ട്. അയാള്‍ക്ക് സങ്കടംതോന്നി. പുതിയ ബസ്സാണ്. ലൈനില്‍ ഓടാന്‍ തുടങ്ങി ഒരുമാസംപോലും ആയില്ല. എത്ര ഭംഗിയുള്ള വണ്ടിയായിരുന്നു. കണ്ണ് നിറയെ അതിന്‍റെ ചന്തംകണ്ട് കൊതിതീര്‍ന്നിട്ടില്ല. അതിന്നുമുമ്പ് അതിനെ നശിപ്പിച്ചു.
''കൃഷ്ണന്‍ എന്ത് പണ്യാണ് ചെയ്തത്. ഏറുകൊണ്ട് തല പൊട്ട്യേപ്പൊ വണ്ടി സ്റ്റാര്‍ട്ടാക്കി മുമ്പിട്ട് എടുക്കണ്ടേ. അഞ്ചെട്ടെണ്ണം ആട്ടങ്ങ പൊട്ടുണ മാതിരി അതിന്‍റെ അടീല്‍പെട്ട് റോഡില്‍ ചത്ത് വീണെങ്കില്‍ എനിക്കിത്ര സങ്കടം തോന്നില്ല''.
''മുതലാളി, അപ്പൊ അത് കേസ്സാവില്ലേ''ആരോ ചോദിച്ചു.
''മോട്ടോര്‍ അപകടത്തിന്ന് ഡ്രൈവറെ തൂക്കിക്കൊല്ലാനൊന്നും കോടതി വിധിക്കില്ല''.
''ഇനി എന്താ ചെയ്യണ്ടത്. പോലീസില്‍ വിവരം കൊടുക്കണ്ടേ''.
സുകുമാരന്‍റെ സിരകളിലൂടെ കോപം ഒഴുകി. ഇനി ഒരാളും ഇത്തരം തെമ്മാടിത്തരം ചെയ്യരുത്. ആണത്തമുള്ളവന്‍ ആരുടെ മുമ്പിലും തോറ്റു കൊടുക്കാന്‍ പാടില്ല. എതിര്‍ക്കാന്‍ ശ്രമിക്കുന്ന ഒന്നും ബാക്കി വരരുത്. പുല്‍ക്കൊടിയെപോലെ സകലതിനേയും നുള്ളി കളയണം. തന്‍റെ കാല്‍ ചുവട്ടില്‍ ഈ ലോകം ഒതുങ്ങി നില്‍ക്കണം.
''കേസ്സ് കൊടുക്കുംമുമ്പ് ചിലതൊക്കെ ചെയ്യാനുണ്ട്. നമ്മടെ തിയേറ്ററിന്ന് മുമ്പില്‍ ബ്ലാക്കില്‍ ടിക്കറ്റ് വില്‍ക്കുന്ന കച്ചറ പാര്‍ട്ടീസില്ലേ. ആരെങ്കിലും ചെന്ന് അവരെ കൂട്ടീട്ട് വരിന്‍. പത്തുപന്ത്രണ്ട് ജാക്കിലിവറ് റെഡ്യാക്കി വെക്ക്. രണ്ടാള് ചെന്ന് പത്തിരുപത് കുപ്പി ബ്രാണ്ടീം വാങ്ങീട്ട് വാ''. പത്തുമിനുട്ടിനകം എല്ലാം ഒരുങ്ങി. റൌഡികള്‍ വിദേശമദ്യം യഥേഷ്ടം രുചിച്ചു.
''നിങ്ങള് നേരെ കോളേജിലേക്ക് ചെന്നോളിന്‍ . അവിടെ കാണുന്ന ഒരു വണ്ടിയും ബാക്കിവെക്കാന്‍ പാടില്ല. സൈക്കിളോ, സ്കൂട്ടറോ. മോട്ടോര്‍ സൈക്കിളോ, കാറോ എന്തായാലും തല്ലിപൊട്ടിച്ചോളിന്‍. അത് കഴിഞ്ഞിട്ട് സകല പിള്ളരേം നന്നായി പെരുമാറിക്കോ. കയ്യോ കാലോ ഒടിച്ചോളിന്‍. പക്ഷെ കൊല്ലാന്‍ പാടില്ല''.
''എങ്ങന്യാ ഞങ്ങള് പോണ്ടത്''.
''ജോണേ, പിള്ളര് എറിഞ്ഞു പൊട്ടിച്ച ആ ബസ്സ് തന്നെ എടുത്തോ. സകല എണ്ണത്തിനും നല്ല അസ്സല് പെട കൊടുക്കണം. പെടാന്ന് പറഞ്ഞാല്‍ നല്ല കസവിട്ട പെട ആയിരിക്കണം '.
സംഘം പോയതോടെ സുകുമാരന്‍ ഓഫീസിലേക്ക് കയറി. ഇനി എന്താണ് ചെയ്യേണ്ടത് എന്നതായി ആലോചന. കോളേജില്‍ ഉണ്ടാവാന്‍ പോവുന്ന പ്രശ്നം പോലീസറിഞ്ഞാല്‍ ഇടപെടും. ഒന്നും ചെയ്യാന്‍ പറ്റാതെ വരും. അതിന്നുമുമ്പ് വല്ലതും ചെയ്യണം. ഡെപ്യൂട്ടി സൂപ്രണ്ട് അച്ഛന്ന് വേണ്ടപ്പെട്ട ആളായത് നന്നായി. കര്‍ഷക സമാജം മീറ്റിങ്ങിന്ന് ചെന്ന അച്ഛനെ കൂട്ടി ഡെപ്യൂട്ടിയെ പോയി കാണണം. ഫിയറ്റിന്‍റെ താക്കോലെടുത്ത് സുകുമാരന്‍ ഇറങ്ങി.
***********************************
''നിങ്ങള് ചെയ്തത് കുറെ കടന്ന് പോയി''ഡി. വൈ. എസ്. പി. പറഞ്ഞു ''എന്തെങ്കിലും കംപ്ലൈന്‍റ് ഉണ്ടെങ്കിലത് ഞങ്ങളെ അറിയിച്ചാല്‍ പോരെ. അല്ലാതെ നിയമം കയ്യിലെടുക്ക്വാണോ വേണ്ടത്''. അദ്ദേഹത്തിന്‍റെ വീട്ടിലെ സ്വീകരണ മുറിയില്‍ ഭരണകക്ഷി എം. എല്‍. എ. യോടൊപ്പം രാഘവനും സുകുമാരനും കോളേജില്‍ നടന്ന സംഭവവികാസങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയിലാണ്.
''കണ്‍സെക്ഷന്‍ കാര്‍ഡ് കയ്യിലില്ലാത്ത ഒരു സ്റ്റൂഡന്‍റിനോട് ഫുള്‍ ചാര്‍ജ്ജ് ചോദിച്ചതിന്ന് കണ്ണില്‍കണ്ട ബസ്സ് എറിഞ്ഞ് തകര്‍ക്കുന്നത് നിയമത്തിന്ന് നിരക്കുന്നതാണോ സാര്‍''സുകുമാരന്‍ മടികൂടാതെ ചോദിച്ചു.
''കുട്ടികള്‍ ചെയ്തത് ശരിയാണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. നിങ്ങളുടെ ബസ്സ് എറിഞ്ഞവന്‍റെ പേരിലൊരു പരാതി തന്നാല്‍ പോരെ. അവന്‍റെ പേരില്‍ വേണ്ട നടപടി ഞങ്ങള് എടുക്കില്ലേ''
''എന്ത് നടപടിയാ സാറേ. വിദ്യാര്‍ത്ഥികളെ തൊട്ടു കളിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ എന്ന മുദ്രാവാക്യം കേള്‍ക്കണ്ട താമസം കേസ്സ് തീരും. ഞാനും കോളേജിലൊക്കെ പഠിച്ചുവന്ന ആളാണ്. എന്താ ഉണ്ടാവുക എന്ന് എനിക്കറിയില്ലേ''.
''സാര്‍''ഡി. വൈ. എസ്.പി എം. എല്‍. എ യോട് പറഞ്ഞു''ഈ കുട്ടി കാര്യം മനസ്സിലാക്കാതെ ഓരോന്ന് പറയ്യാണ്. കുറ്റം ചെയ്തവരെ മാത്രമല്ല, കോളേജില്‍ കയറി സകല കുട്ടികളേയും മര്‍ദ്ദിച്ചു. വഴിയില്‍കൂടി പോയ ആള്‍ക്കാരെകൂടി കൈകാര്യം ചെയ്തിട്ടുണ്ട്. അതുപോരാഞ്ഞിട്ട് കോളേജ് വളപ്പില്‍ ഉണ്ടായിരുന്ന സകല വാഹനങ്ങളും അടിച്ച് പൊളിക്കുകയും, ക്ലാസ്സ് മുറികളിലെ ജനാലചില്ലുകള്‍ പൊട്ടിക്കുകയും ചെയ്തു. കൂട്ടത്തില്‍ പോര്‍ട്ടിക്കോയില്‍ നിര്‍ത്തിയിരുന്ന പ്രിന്‍സിപ്പാളിന്‍റെ കാറും നശിപ്പിച്ചു''. എം.എല്‍.എ.യ്ക്ക് മറുപടി പറയാന്‍ സുകുമാരന്‍ അവസരം നല്‍കിയില്ല.
''സാറെ. പ്രകടനം നടത്തുന്നവരുടെ നേരെ പോലീസ് വെടിവെച്ചത് കൊണ്ട് മരചുവട്ടില്‍ ബസ്സ് കാത്ത്നിന്ന യാത്രക്കാരന്‍ മരിച്ച സംഭവം ഈ നാട്ടില്‍ ഉണ്ടായിട്ടില്ലേ. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തില്‍ പൊലീസ് കുറ്റം ചെയ്യാത്ത ആളുകളെ മര്‍ദ്ദിക്കാറില്ലേ. ഇതും അതുപോലെ പറ്റിയതാണ്''.
മകന്‍ നിര്‍ഭയം കാര്യങ്ങള്‍ പറയുന്നതുകേട്ട് രാഘവന് മതിപ്പ് തോന്നി. ഇതറിഞ്ഞുവെങ്കില്‍ താന്‍ മദ്ധ്യസ്ഥം പറയാനായി എം. എല്‍. എ.യെ വിളിക്കുമായിരുന്നില്ല. അയാളാണെങ്കിലോ ഒരക്ഷരം മിണ്ടാതെ എല്ലാം കേട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഡെപ്യൂട്ടി സൂപ്രണ്ടിന്‍റെ ഭാര്യ ചായയുമായി എത്തി.
''മാഡം''രാഘവന്‍ വിളിച്ചു''ഇപ്പൊ കാറിന്ന് തകരാറൊന്നുമില്ലല്ലോ. വല്ലതും ഉണ്ടെങ്കില്‍ പറയണം. ഇനി നന്നാക്കാനൊന്നും മിനക്കെടണ്ടാ. നമുക്കത് മാറ്റാം''. അവരൊന്ന് പുഞ്ചിരിച്ചു.
''ഇവിടുത്തെ ആളോട് ഞാന്‍ പറയാറുണ്ട്. പിന്നെ ആവാന്നാ എപ്പഴും മറുപടി''.
''അടുത്ത ആഴ്ച വേറെ വണ്ടി ഇവിടെ എത്തും''രാഘവന്‍ ഉറപ്പു നല്‍കി. ഒഴിഞ്ഞ കപ്പുകളുമായി അവര്‍ അകത്തേക്ക് ചെന്നു.
''ഞാനെന്താ ചെയ്യേണ്ടത്. നിങ്ങളന്നെ പറഞ്ഞോളിന്‍''ഡി.വൈ.എസ്.പി. ചോദിച്ചു.
''ഇരുകൂട്ടര്‍ക്കും തകരാറ് വരാത്തവിധത്തില്‍ പ്രശ്നം പരിഹരിക്കണം'' എം. എല്‍. എ. അഭിപ്രായപ്പെട്ടു''ഭാഗ്യത്തിന്ന് വിദ്യാര്‍ത്ഥി യൂണിയനും തൊഴിലാളി സംഘടനയും നമ്മടെ പാര്‍ട്ടിടേതാണ്''.
''എന്നാല്‍ പിന്നെ നിങ്ങള്‍ക്കന്നെ തീര്‍ത്തൂടെ. പോലീസിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട വല്ലകാര്യൂണ്ടോ''.
''ഒരുകാര്യം ചെയ്യൂ സാറേ''സുകുമാരന്‍ പറഞ്ഞു''പിള്ളരുടെ പേരില്‍ കേസ്സെടുക്കണ്ടാ. ഞങ്ങളടെ ഭാഗത്തുന്ന് കണ്ടാലറിയുന്ന നൂറ് പേരുടെ പേരില്‍ ഒരുകേസ്സ് ചാര്‍ജ്ജ്ചെയ്തോള്ളൂ. കോടതിയില്‍ കേസ്സ് തള്ളി പൊയ്ക്കോളും''. ഡി. വൈ. എസ്. പി. ഒന്നുപുഞ്ചിരിച്ചു.
''നിനക്ക് ഇത്ര നന്നായി കാര്യം പറയാന്‍ പറ്റുംച്ചാല്‍ പിന്നെ എന്തിനാ അയാളെ തുണയ്ക്ക് വിളിച്ചത്''പാര്‍ട്ടി ഓഫീസില്‍ എം. എല്‍. എ. യെ ഇറക്കിവിട്ട് തിരികെ പോവുമ്പോള്‍ രാഘവന്‍ മകനോട് ചോദിച്ചു.
''അച്ഛനത് അറിയാഞ്ഞിട്ടാണ്. ആരേയും അധികം വിശ്വസിക്കാന്‍ പാടില്ല. പ്രത്യേകിച്ച് പൊലീസിനെ. കൈതമുള്ളുപോലെയാണ് അവര്‍. മേല്‍പ്പോട്ടും കീഴ്പ്പോട്ടും ഉഴിയാന്‍ പറ്റാത്ത ജാതി. അധികാരം കയ്യിലുള്ളവര്‍ വല്ലതും പറഞ്ഞാല്‍ അവര്‍ക്ക് അനുസരിക്കാതിരിക്കാന്‍ പറ്റില്ല. എന്തെങ്കിലും ഒരു ആവശ്യത്തിന്ന് മറ്റുള്ളവര്‍ ചെല്ലുമ്പോള്‍ സ്നേഹവും കടപ്പാടും അവര്‍ കണക്കിലെടുക്കുമെന്ന് ഉറപ്പില്ല. അതാണ് ഞാന്‍ ആ ഉണ്ണാമനെ കൂട്ടിന്ന് വിളിച്ചത്''.
''ഡെപ്യൂട്ടിയുടെ കാര്യത്തില്‍ അങ്ങിനെ വരില്ല. നമ്മള്‍ എന്തൊക്കെ കൊടുത്തതാണ്. ചെയ്ത ഉപകാരങ്ങള്‍ക്ക് വല്ല കണക്കൂണ്ടോ''.
''എത്ര നല്ല ഭക്ഷണം കഴിച്ചാലും തൊണ്ടേന്ന് താഴോട്ട് ഇറങ്ങിയാല്‍ അതിന്‍റെ രുചിപോവും. അതുപോലെ എന്തെങ്കിലും കൊടുക്കുമ്പൊഴേ ഇവര്‍ക്കൊക്കെ അതിനെക്കുറിച്ചുള്ള ഓര്‍മ്മയുണ്ടാവൂ. എളുപ്പത്തില്‍ മറക്കാന്‍ പറ്റുന്നത് ചെയ്ത ഉപകാരങ്ങളാണ്''.
മകന്‍റെ തത്വശാസ്ത്രം കേട്ട് രാഘവന്‍ അത്ഭുതപ്പെട്ടു. ഫിയറ്റ് ഓഫീസിന്ന് മുന്നിലെത്തി.
അദ്ധ്യായം - 107.
''എന്തിനാ നട്ടപ്പൊരി വെയിലുംകൊണ്ട് അച്ചാലും പിച്ചാലും നടക്കുണത്'' വെയിലുംകൊണ്ട് കയറിവന്ന എഴുത്തശ്ശനോട് നാണുനായര്‍ ചോദിച്ചു.
''പണിനടക്കുമ്പൊ മിണ്ടാണ്ടിരിക്കാന്‍ കഴിയ്യോ. അതോണ്ട് വെയിലൊന്നും സാരാക്കില്ല''.
''നിങ്ങള് പറയുണത് കേട്ടാല്‍ വീടുപണി നടക്കുണത് നിങ്ങക്ക് വേണ്ടീട്ടാണ് എന്ന് തോന്ന്വോലോ. വീട് രാവുത്തരടെ മക്കള്‍ക്കും അമ്മിണ്യേമ്മയ്ക്കും അല്ലേ. ചെങ്കല്ല് ചൂളടെ പണിനടക്കുണതും അവര് രണ്ട് കൂട്ടരുക്കുംവേണ്ടി. ഇതിന് നിങ്ങളെന്തിനാ ഇത്രകണ്ട് പാട് പെടുണത്''.
''ആളാല്‍ കഴിയുന്ന ഉപകാരം എന്ന് കേട്ടിട്ടില്ലേ. അതാ ഞാന്‍ ചെയ്യുണത്''.
''ഒരു കാര്യം ഞാന്‍ പറയാലോ. അവനോന്‍റെ കാര്യം നോക്കീട്ടേ എന്തും ചെയ്യാവൂ. അല്ലെങ്കില്‍ കിടപ്പിലായാല്‍ ആരും ഉണ്ടാവില്ല''. എഴുത്തശ്ശന്ന് ആ ഉപദേശം അത്ര പിടിച്ചില്ല.
''മുമ്പ് ഞാനും നിങ്ങള് ആലോചിക്കുണ മട്ടില് വിചാരിച്ചിരുന്നു. എന്നാല്‍ ആ തോന്നല് തെറ്റാണെന്ന് അനുഭവത്തില് ബോദ്ധ്യായി''.
''ഞാന്‍ എന്‍റെ കാര്യം നോക്കീട്ടേ എന്നും വല്ലതും ചെയ്യുള്ളു. അതോണ്ട് വല്ലവന്‍റേം കാര്യത്തിന്ന് ഇറങ്ങി ഉള്ള സമാധാനം പോയീന്ന് തോന്നില്ല''.
''നായരെ, നിങ്ങളന്നെ അത് പറയണം''എഴുത്തശ്ശന്‍ പറഞ്ഞു''ഒരുകാര്യം ചോദിച്ചോട്ടെ. നിങ്ങടെ വീട് കയ്യിന്ന് പോയത് മറന്നിട്ടില്ലല്ലോ. നിങ്ങള് പറഞ്ഞ മട്ടില് അന്ന് ഞങ്ങളൊക്കെ ഞങ്ങളടെ കാര്യംനോക്കി നിങ്ങളെ തിരിഞ്ഞുനോക്കാതെ ഇരുന്നൂച്ചാല്‍ ഇപ്പൊ നിങ്ങടെ ഗതി എന്താവും''. നാണുനായരുടെ മുഖത്ത് കുത്തിയാല്‍ ചോര ഇല്ലാത്ത മട്ടായി.
**************************************
പാഞ്ചാലി ഒരാഴ്ചയോളം ശ്രമിച്ചിട്ടും കല്യാണിയെ കാണാനൊത്തില്ല. നിത്യവും വൈകുന്നേരം പീടികയിലോ മില്ലിലോ കല്യാണി ചെല്ലുന്നതും കാത്ത് വഴിവക്കത്ത് നില്‍ക്കും. ഈ ദിവസങ്ങളിലൊന്നും കല്യാണി വരാത്തതിനാല്‍ അവള്‍ക്ക് എന്തോ അസുഖമുണ്ടെന്ന് പാഞ്ചാലിക്ക് തോന്നി.
പാതയിലൂടെ പണികഴിഞ്ഞ് വീടുകളിലേക്ക് പോവുന്ന ആളുകളാണ് അധികവും. പണീം തൊരൂം ഇല്ലാതെ സെറ്റുകൂടി നടക്കുന്ന പിള്ളര് തന്നെ നോക്കി ഓരോന്ന് പറയുന്നത് പാഞ്ചാലി കേട്ടില്ല എന്നു നടിച്ചു. അന്യനെ വേദനിപ്പിക്കാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം. ആരോ എന്തോ പറയട്ടെ. ശ്രദ്ധിക്കാതിരുന്നാല്‍ മതിയല്ലോ. സുകുമാരേട്ടനെക്കൊണ്ടാണ് ഇപ്പോള്‍ ഏറെ തൊന്തരവ്. മൂപ്പര് എന്തെങ്കിലും കാര്യം മനസ്സില്‍ വിചാരിച്ചാല്‍ അത് കൈകൂടുന്നത് വരെ അതേ നിനവായിരിക്കും . ഇപ്പോള്‍ ആളക്ക് കല്യാണിയിലാണ് കമ്പം. അവളെ കണ്ട് സംസാരിച്ച് വിവരം പറയാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ആ പെണ്ണിനെ കണ്ടില്യാന്ന് പറഞ്ഞാല്‍ അത് നീ മനസ്സ് വെക്കാഞ്ഞിട്ടാണെന്ന് കുറ്റം പറയും. വളവുതിരിഞ്ഞ് മായന്‍കുട്ടി വരുന്നതുകണ്ടു. ചെക്കന്‍ ഒരു കയ്യില്‍ ഒരു സഞ്ചി തൂക്കിപിടിച്ചിട്ടുണ്ട്. തലയില്‍ വലിയൊരു ചാക്കുകെട്ടുണ്ട്. എവിടേക്കാണാവോ പ്രാന്തന്‍ ഇതൊക്കെ ഏറ്റിക്കൊണ്ടുപോണത്.
''എന്താടാ ചാക്കിലും സഞ്ചീലും''അവന്‍ അടുത്തെത്തിയപ്പോള്‍ ചോദിച്ചു.
''ചാക്കില് ഗോതമ്പ്തവിട്. സഞ്ചീല് കടലപിണ്ണാക്കും പീടിക സാമാനൂം''.
''എവിടക്കാ ഇതൊക്കെ''.
''വേലപ്പേട്ടന്‍റെ വീട്ടിലിക്ക്''.
''അപ്പൊ കല്യാണി ഇതൊന്നും വാങ്ങാന്‍ വരാറില്ലേ''.
''ഇല്ല. ഇപ്പൊ ഞാനാ ഇതൊക്കെ വാങ്ങിക്കൊടുക്കുണത്''.
''അവള്‍ക്കെന്താ സൂക്കട് വല്ലതൂണ്ടോ''.
''സൂക്കട് ഒന്നൂല്യാ. കന്നുകള്‍ക്ക് പുല്ലരിഞ്ഞ് കൊടുക്കാനും പീടീല്‍ ചെന്ന് സാമാനം വാങ്ങികൊടുക്കാനും ചാമ്യേട്ടന്‍ എന്നെ ഏല്‍പ്പിച്ചതാണ്''.
''അപ്പൊ ഇനി അവള്‍ പീടീലിക്ക് വരില്ല''.
''അത് പറയാന്‍ പറ്റില്ല. എനിക്ക് പറ്റാത്തദിവസം അവള്‍ വരും''. പെട്ടെന്ന് പാഞ്ചാലിയുടെ മനസ്സില്‍ ഒരു ആശയം ഉടലെടുത്തു. ഇവന്‍ ചെന്നില്ലെങ്കില്‍ കല്യാണി പീടികയിലേക്ക് വരും. അതിന് ഇവന്‍ പോവാതിരിക്കണം.
''മായന്‍ കുട്ട്യേ''പാഞ്ചാലി വിളിച്ചു''എന്തിനാടാ നീ വല്ലോരുക്കുംവേണ്ടി ഇതൊക്കെ ചെയ്യുണത്''.
''വല്ലോരുക്കും അല്ലല്ലോ. വേലപ്പേട്ടന്ന് വേണ്ടീട്ടല്ലേ''.
''പറയുണത് കേട്ടാല്‍ തോന്നും വേലപ്പേട്ടന്‍ നിന്‍റെ അമ്മായപ്പനാണെന്ന്. നിനക്ക് വേറെ തൊരോന്നും ഇല്ലേടാ ചെക്കാ''.
''ചാമ്യേട്ടന്‍ പറഞ്ഞ് ഏല്‍പ്പിച്ചതാ. അത് ഞാന്‍ മുടക്കില്ല''.
''വെറുത്യല്ലാ നിന്നെ എല്ലാരും പ്രാന്തന്‍ന്ന് വിളിക്കുണത്''.
''പ്രാന്തന്‍ നിന്‍റെ അപ്പനാണ്''. അതും പറഞ്ഞ് മായന്‍കുട്ടി നടന്നകന്നു.
അദ്ധ്യായം - 108.
എന്തായാലും ഇന്ന് കല്യാണിയെ കണ്ടിട്ടേ ബാക്കിയുള്ളു എന്ന് പാഞ്ചാലി ഉറപ്പിച്ചു. നേരം പത്തുമണി കഴിഞ്ഞു. പുല്ലരിയാന്‍ പോവാത്തതിനാല്‍ കല്യാണി കുറച്ചുകഴിയുമ്പോള്‍ തിരുമ്പിക്കുളിക്കാന്‍ ചെല്ലും. മുമ്പൊക്കെ സന്ധ്യനേരത്താണ് അവള്‍ കുളിക്കുക. പള്ളികടവിന്‍റെ താഴത്താണ് എന്നും അവള്‍ കുളിക്കാറ്. തുണിതിരുമ്പാന്‍ പറ്റിയ ഒരു കരിമ്പാറയുണ്ട് അവിടെ. പൂവരശ് മരങ്ങള്‍ പുഴയിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന അവിടെ എപ്പോഴും തണലായിരിക്കും. കുറച്ചുകഴിഞ്ഞ് ഇറങ്ങാം. പാഞ്ചാലി ഉമ്മറപ്പടിയില്‍ ദൂരത്തേക്കും നോക്കി ഇരുന്നു.
''നിനക്ക് പറ്റില്ലെങ്കില്‍ പറ, ഞാന്‍ എന്‍റെ വഴി നോക്കാ''മെന്ന് തലേന്ന് സുകുമാരേട്ടന്‍ പറഞ്ഞതാണ്. അതുവരെ കയ്യില്‍നിന്ന് പത്ത് പൈസ തരില്ലാ എന്നുകൂടി കേട്ടതോടെ മനസ്സില്‍ വല്ലാത്തവേദന തോന്നി. പരമ ദുഷ്ടന്‍. തന്നെ ഈ നിലയ്ക്കാക്കിയിട്ട് ഒന്നും തരാതെ ഒഴിഞ്ഞുമാറാന്‍ നോക്കുന്നു.
ഒമ്പതാംക്ലാസ്സില്‍ പഠിപ്പവസാനിപ്പിച്ച് ചര്‍ക്കക്ലാസ്സില്‍ ചേര്‍ന്ന് അധികം ദിവസമായില്ല. സുകുമാരേട്ടന്‍ ആ കാലത്ത് കോളേജില്‍ പഠിക്കുകയാണ്. അന്നേ ആള് വിളഞ്ഞ വിത്താണ്. ചര്‍ക്ക ക്ലാസ്സിന്ന് പോണനേരം നോക്കി വഴിയില്‍ സൈക്കിളുമായി കാത്തുനില്‍ക്കും. അടുത്തെത്തുമ്പോള്‍ ആള് പുറകെ വന്ന്''കറുത്ത പെണ്ണേ, കരിങ്കുഴലീ''എന്നുപാടും. വലിയവീട്ടിലെ മക്കളോട് പെരുമാറുമ്പോള്‍ നമ്മള്‍ അല്‍പ്പം താണുകൊടുക്കണം എന്ന് ചര്‍ക്ക ക്ലാസ്സിന്ന് വന്നിരുന്ന ചേച്ചിയാണ് പറഞ്ഞു തന്നത്. തിരിച്ചൊന്നും പറയാതെ കണ്ടില്ലാ കേട്ടില്ലാ എന്നുവെച്ച് കുറച്ചുകാലം നടന്നു. പിന്നെ കുറേശ്ശെ സംസാരിച്ചു തുടങ്ങി.
''എന്‍റെ കൂടെ നാളെ പാലക്കാട്ടേക്ക് വര്വോ. ഒരു സിനിമ കണ്ടിട്ട് വരാം'' എന്ന് ആദ്യം പറഞ്ഞപ്പോള്‍ പരിഭ്രമം തോന്നി. മൂന്ന് നാല് തവണ അതേ ചോദ്യം കേട്ടപ്പോള്‍ ഒരുദിവസം കൂടെചെന്നു. സിനിമ തുടങ്ങി ഇരുട്ടായി. എന്തൊക്കെയാണ് പിന്നെ സുകുമാരേട്ടന്‍ കാട്ടിയത്. അത് ഓര്‍ത്തപ്പോള്‍ ശരീരത്തില്‍ കുളിര് കോരിയിടുന്നപോലെ. അതാണ് ആദ്യത്തെ അനുഭവം. പിന്നീടങ്ങോട്ട് എന്തെല്ലാം കാര്യങ്ങള്‍. ആദ്യമൊക്കെ ജീവനായിരുന്നു.
''നിനക്ക് ഞാന്‍ അഞ്ചുപറ കണ്ടം തരുന്നുണ്ട്. ഉള്ളകാലം ചോറുണ്ണാന്‍ എന്‍റെ വകയായിട്ട് ഇരിക്കട്ടെ''എന്നുപറഞ്ഞ ആളാണ്. അന്നത്ര ബുദ്ധി പോയില്ല. മനസ്സ് നിറയെ സ്നേഹമായിരുന്നു.
''എനിക്ക് കണ്ടൂം കൃഷീം ഒന്നും വേണ്ടാ. ഈ സ്നേഹം മാത്രം മതി''എന്നു പറഞ്ഞത് അതുകൊണ്ടാണ്. ശരി, എന്നാല്‍ ഇതിരിക്കട്ടെ എന്നു പറഞ്ഞ് ഒരുപവന്‍റെ സ്വര്‍ണ്ണമാല വാങ്ങി ആ കയ്യുകൊണ്ട് കഴുത്തില്‍ ഇട്ടു തന്നു. പാഞ്ചാലി ആ മാലയില്‍ പിടിച്ചു. ആ കാലം എന്നോ പോയി. ഇന്നലെ പറഞ്ഞ വാക്കുകള്‍ മനസ്സില്‍ കിടന്ന് പൊള്ളുന്നു. കാശിന്നുവേണ്ടി നീ കാര്യം വൈകിക്കുകയാണെന്ന് മുഖത്തുനോക്കി പറയാന്‍ എങ്ങിനെ കഴിഞ്ഞു. അങ്ങിനെ ഇതുവരെ പെരുമാറിയിട്ടില്ലല്ലോ. സുകുമാരേട്ടന്‍റെ മോഹങ്ങള്‍ സാധിച്ചുകൊടുത്തിട്ടേയുള്ളു. പഠിപ്പ് കഴിഞ്ഞശേഷം പല സ്ഥലത്തേക്കും സുകുമാരേട്ടന്‍ കൂടെകൊണ്ടുപോയിരുന്നു. അത്തരത്തില്‍ ഒരു യാത്രയിലാണ് വേറൊരു തെറ്റില്‍ വീണത്.
''പാഞ്ചാലികുട്ട്യേ. ഇന്നൊരു വിട്ടുവീഴ്ച ചെയ്യണം''എന്ന് പറഞ്ഞപ്പോള്‍ കാര്യം മനസ്സിലായില്ല. ''എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാള്‍ ഇവിടീണ്ട്. അയാളെ നീ ഒന്ന് സന്തോഷിപ്പിച്ചുവിടണം''എന്ന് പറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി. സുകുമാരേട്ടന്ന് അയാളെക്കൊണ്ട് എന്തോ സാധിക്കാനുണ്ടെന്നും എതിര്‍ക്കരുത് എന്നും പടിപ്പടി പറഞ്ഞപ്പോള്‍ വീണുപോയി. പിന്നീട് പല അവസരങ്ങളിലായി പലര്‍ക്കും വഴിപ്പെട്ടു. അപ്പോഴേക്കും നാട്ടില്‍ ചീത്ത പേരായി. പെണ്ണുങ്ങള്‍ കാണുമ്പോള്‍ അകന്നുമാറിത്തുടങ്ങി. ആണുങ്ങള്‍ പുച്ഛത്തോടെനോക്കും. ഒരുജോലിക്കും പോവാന്‍ പറ്റാത്ത അവസ്ഥയായി. പിന്നെ കുത്തഴിഞ്ഞ മട്ടിലങ്ങിനെ കഴിഞ്ഞു. വല്ലപ്പോഴും സുകുമാരേട്ടനെ കാണും. എന്തെങ്കിലും തരും. പഴയ താല്‍പ്പര്യം കുറഞ്ഞ സമയത്താണ് മറ്റു പെണ്‍കുട്ടികളെ അടുപ്പിക്കാന്‍ ആവശ്യപ്പെട്ടത്. ''ഞാനോ കേടുവന്നു. ഇനി ഒരു പെണ്ണിന്‍റെ ജീവിതം കെടുക്കാന്‍ ഞാനില്ല'' എന്നുപറഞ്ഞ് ഒഴിഞ്ഞുമാറി. പണത്തിന്ന് ബുദ്ധിമുട്ട് വന്നതോടെ ആ തീരുമാനവും മാറ്റി. തെറ്റ് ചെയ്ത് പണംനേടി കല്യാണം കഴിച്ചുപോയ മിടുക്കികള്‍ക്കിടയില്‍ ഒന്നും നേടാന്‍ പറ്റാത്ത ആളായി മാറി. കൂട്ടിക്കൊടുപ്പുകാരി എന്ന പേരുകിട്ടിയത് മാത്രം ലാഭം.
കല്യാണി വളയുന്ന മട്ടിലല്ല എന്നുതോന്നുന്നു. അവള്‍ക്ക് നല്ല അടക്കവും ഒതുക്കവും ഉണ്ട്. അവളുടെ അപ്പന്‍ മാട്ടുകച്ചവടം നടത്തി കൈനിറയെ സമ്പാദിക്കുന്നുണ്ട്. വലിയപ്പന്ന് സ്വന്തമായി കൃഷിയുണ്ട്. അയാള്‍ക്ക് പെണ്ണും കുട്ടിയും ഒന്നുമില്ല. വല്ലതും ഉണ്ടെങ്കില്‍ അവള്‍ക്കാണ് കിട്ടുക. ഈ പരിപാടിക്കൊന്നും അവളെ കിട്ടുമെന്ന് തോന്നുന്നില്ല. എന്തായാലും ഏറ്റതല്ലേ. ഒന്നിച്ച് സിനിമക്ക് പോവാമെന്ന് അവളോട് പറഞ്ഞുനോക്കും . പറ്റിയില്ലെങ്കില്‍ സുകുമാരേട്ടനോട് ആ വിവരം പറഞ്ഞ് ഒഴിയും. അതിന് പിണങ്ങിയാലും വിരോധമില്ല. ഈ നിലയില്‍ ഏറെക്കാലം ജീവിക്കാന്‍ ആവില്ല. മേലാല്‍ കഴിഞ്ഞുകൂടാന്‍ എന്തെങ്കിലും വക തരാന്‍ പറയണം. കേട്ടില്ലെങ്കിലോ. അതിനും വഴിയുണ്ട്. നാലാള്‍ കൂടുന്ന ദിക്കില്‍വെച്ച് നല്ലത് നാല് പറഞ്ഞ് നാറ്റിക്കും. പാഞ്ചാലി മെല്ലെ എഴുന്നേറ്റു. ചെരുപ്പില്‍ കാല് തിരുകുമ്പോള്‍ വള്ളി പൊട്ടിയതായി കണ്ടു. കുറെ കാലമായി വാങ്ങിയിട്ട്. എന്തെങ്കിലും കാശ് കിട്ടിയിട്ടു വേണം പുതുതൊന്ന് വാങ്ങാന്‍ . പണ്ടൊക്കെ സുകുമാരേട്ടന്‍ പുതിയ ചെരിപ്പുകള്‍ വാങ്ങിക്കൊണ്ടു തരുമായിരുന്നു.
ഇടവഴിയിലെ ഉരുളന്‍ കല്ലുകളില്‍ ചവിട്ടുമ്പോള്‍ കാലിന്നടിയില്‍ തുളച്ച് കയറുന്ന വേദനയാണ്. പാതയിലേക്ക് കയറിയപ്പോള്‍ വറച്ചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വീണ മാതിരി. മെറ്റലിട്ട പാതയ്ക്ക് പൊള്ളുന്ന ചൂടുണ്ട്. ഓരത്തുള്ള ഉണങ്ങിത്തുടങ്ങിയ പുല്ലില്‍ ചവിട്ടി നടന്നു.
കടവില്‍നിന്ന് ആരോ തുണി തിരുമ്പുന്ന ശബ്ദം കേള്‍ക്കാനുണ്ട്. കരിനൊച്ചി കൊണ്ടുള്ള വേലിക്കരികില്‍ ചെന്ന് നോക്കി. കടവില്‍ തുണി അലക്കുന്നത് കല്യാണിയാണ്. പുഴയിലേക്ക് ഇറങ്ങാന്‍ നോക്കുമ്പോള്‍ കുളിച്ച് തലമുടി വേര്‍പെടുത്തുന്ന ജാനുത്തള്ളയെ കണ്ടു. അതിന്‍റെ വായില്‍നിന്ന് വല്ലതും കേള്‍ക്കുംമുമ്പ് സ്ഥലം വിടണം. പാഞ്ചാലി തിരിഞ്ഞുനടന്നു.
******************************
പറഞ്ഞതില്‍നിന്ന് ഒരുദിവസംകൂടി കഴിഞ്ഞാണ് വേലിപ്പണി ചെയ്യാമെന്ന് സമ്മതിച്ച ആളെത്തിയത്.
''ഇന്നലെ വൈകുന്നേരം ഇവിടെ വന്ന് കരാറ് ഉറപ്പിക്കും, ഇന്ന് രാവിലെ പണിക്ക് വരും എന്നാണല്ലോ ചാമി പറഞ്ഞത്'' എഴുത്തശ്ശന്‍ അയാളോട് പറഞ്ഞു.
''അങ്ങിനെതന്ന്യാ ഞാന്‍ വിചാരിച്ചത്. ഒരുദിക്കില്‍ തൊട്ടുവെച്ച പണി തീര്‍ക്കണ്ടേ. അതാ വൈക്യേത്''.
''പറഞ്ഞ വാക്ക് ആദ്യംതന്നെ തെറ്റിച്ചു. തിരുവാതിരയ്ക്ക് മുമ്പ് പണി തീര്‍ത്ത് കിട്ടണം''.
''ശരി. എവിട്യാ പരുവക്കൂട്ടം''.
''ദാ. ചാമി ഇപ്പൊ എത്തും. എന്നിട്ട് പോയാല്‍ പോരെ''. വന്നയാള്‍ അത് സമ്മതിച്ചു. അല്‍പ്പനേരത്തിനകം ചാമിയെത്തി.
''ഇന്നലെ വരാന്ന് പറഞ്ഞിട്ട് വരാഞ്ഞപ്പോള്‍ നീ ഞങ്ങളെ വള്ളികെട്ടി വിട്ടതാണോന്ന് തോന്നി''ചാമി പറഞ്ഞു.
''ചാമ്യേട്ടോ. ആരോട് ആ പണി കാട്ട്യാലും നിങ്ങളോട് ഞാനത് കാട്ടുംന്ന് തോന്നുണുണ്ടോ''വന്നയാള്‍ പറഞ്ഞു.
''അതല്ലേ ഞാന്‍ നിന്നെത്തന്നെ വിളിച്ചത്''. മുളക്കൂട്ടത്തിന്നരികിലേക്ക് അവര്‍ ചെല്ലുമ്പോള്‍ എതിരെ നാണുനായര്‍ വരുന്നു.
''എവിടേക്കാ പോണത്''അയാള്‍ ചോദിച്ചു.
''വേലി കെട്ടണ്ടേ. മുള്ള് നോക്കാന്‍ പോവ്വാണ്''ചാമി പറഞ്ഞു.
''എവിട്യാ വേലി കെട്ടുണത്''നാണുനായര്‍ക്ക് അത് അറിയണം.
''നിങ്ങടെ തലേല്‍ക്കൂടി''എഴുത്തശ്ശന്‍ പറഞ്ഞു''എന്തൊക്കെ അറിയണം നിങ്ങക്ക്''.
''ദേഷ്യപ്പെടണ്ടാ. വെറുതെ ചോദിച്ചൂന്നേ ഉള്ളു''നായര്‍ പറഞ്ഞു.
''കളപ്പുരടെ വേലി കെട്ടണം. പിന്നെ വണ്ടിപ്പെരടേം തോട്ടത്തിന്‍റീം ഒക്കെ കെട്ടണം. മൂത്താരുടെ വീടിന്‍റീം കെട്ടണോലോ''ചാമി ശരിയായ ഉത്തരം നല്‍കി.
''ഒക്കെക്കൂടി ഒരുപാട് കാശ് വരില്ലേ''. നായര് ആ പറഞ്ഞത് എഴുത്തശ്ശന്ന് പിടിച്ചില്ല.
''ഒരുകാര്യം ചെയ്യിന്‍''അയാള്‍ പറഞ്ഞു''കയ്യില് തോനെ കെട്ടിയിരുപ്പ് ഉണ്ടല്ലോ. പത്തോ അയ്യായിരോ തരിന്‍. കാര്യം നടത്തട്ടെ''.
''എന്‍റേല് ചെമ്പിന്‍റെ തുട്ട് ഇല്ലാന്ന് കണ്ടിട്ടല്ലേ നിങ്ങള് ഈ പറഞ്ഞത്'' നായര്‍ പരിഭവം പറഞ്ഞു.
''എന്നാല്‍ മിണ്ടാണ്ടെ മൂടിക്കൊണ്ട് ഇരിക്കിന്‍''.
''ഇപ്പൊ വെട്ടാന്‍ തോന്ന്യേത് നന്നായി. ഇല്ലെങ്കില്‍ പരുവ മുഴുവനും ഒണങ്ങി പോയിട്ടുണ്ടാവും''പരുവക്കുട്ടം നോക്കിയിട്ട് പണിക്കാരന്‍ പറഞ്ഞു.
''പരുവടെ ചോട്ടില് കട്ടേരി കിടക്കുണുണ്ടാവും''നാണുനായര്‍ പറഞ്ഞു ''കുറച്ച് കിട്ട്യാല്‍ എന്തെങ്കിലും ഉണ്ടാക്കി തിന്നായിരുന്നു''.
''ഇത്ര അരിശ തോന്നാന്‍ പറ്റ്യോരു സാധനൂം''എഴുത്തശ്ശന്‍ പറഞ്ഞു ''എന്ത് തിന്നാലാ നിങ്ങളുടെ കുക്ഷി തൂര്വാ. വല്ലാത്തൊരു ആര്‍ത്തി പണ്ടാരം''.
''ആര്‍ത്തി ഉണ്ടായിട്ടല്ല. കട്ടേരി എപ്പഴും കിട്ട്വോ. ഏതെങ്കിലും കാലത്തല്ലേ മുള പൂക്കുള്ളു. വളരെ മുമ്പ് കഴിച്ചതാ. ഇപ്പഴും അതിന്‍റെ രുചി നാവിന്ന് പോയിട്ടില്ല''.
''പണ്ടത്തെകാലത്ത് നാട്ടില് ക്ഷാമൂണ്ടായിരുന്നു. അന്നുകാലത്ത് ആളുകള്‍ കിട്ടുണതൊക്കെ തിന്നും. ഇന്ന് അതാണോ കാലം. മൊളടെ അരി അവിടെ കിടന്നോട്ടെ. അണ്ണീം കിളീം തിന്ന് വയറ് നിറച്ചോട്ടെ''.
''എനിക്ക് വിരോധൂണ്ടായിട്ടല്ല. എന്നാലും ഒരു മോഹം''.
''ചാമ്യേ''എഴുത്തശ്ശന്‍ വിളിച്ചു''കുറച്ച് കട്ടേരി അടിച്ചുവാരി നീ ഈ നായര്‍ക്ക് കൊടുക്ക്. അത് തിന്നാണ്ടെ അയാളുടെ വയറ്റിലെ കുട്ടിടെ ചെകിട് പഴുക്കണ്ടാ''. നേര്‍ത്തകാറ്റില്‍ മുളങ്കൂട്ടം അതുകേട്ട് പൊട്ടിച്ചിരിച്ചു.
അദ്ധ്യായം - 109.
''എവിടേക്കാ കുട്ട്യേ നീ വാതിലും പൂട്ടീട്ട് പോയത്''നാണുനായര്‍ കയറി വന്നതും മകളോട് ചോദിച്ചു''വേലി കെട്ടുണ ഇടത്തിന്ന് ഇത്തിരി മുതുക് ചായ്ക്കാന്ന് വിചാരിച്ച് വന്നതാ ഞാന്‍. നിന്നെ കാത്തുനിന്നു മടുത്തപ്പൊ നേരെ കളപ്പുരടെ തിണ്ടില് ചെന്നുകിടന്നു''.
''ഞാന്‍ പുത്തന്‍പുരേലെ വാരസ്യാരുടടുത്ത് ചെന്നതാ''സരോജിനി പറഞ്ഞു ''വീട്ടിലെ വെപ്പും പണീം കഴിഞ്ഞാല് പെണ്ണുങ്ങളൊക്കെ അവിടെ കൂടാന്ന് വെച്ചിട്ടുണ്ട്. കുറെനേരം വല്ലതും മിണ്ടീം പറഞ്ഞും ഇരിക്കാലോ''.
''നിങ്ങള് പെണ്ണുങ്ങളൊക്കെക്കൂടി മഹിളാസമാജം തുടങ്ങീന്ന് പറ''.
''അതൊന്ന്വോല്ല. എത്രനേരാ ഇങ്ങിനെ കൂട്ടിലിട്ട കിള്യേപ്പോലെ കഴിയ്യാ. അതോണ്ട് പണീല്യാത്തപ്പൊ ചെല്ലുണതാ''.
''കാര്യം അമ്പലവാസികളൊക്കെത്തന്ന്യാണ്. പക്ഷെ എന്താ അവരടെ സ്വഭാവം എന്നറിയില്ലല്ലോ. നോക്കീം കണ്ടും ഒക്കെ നിന്നാ നല്ലത്. ഞാന്‍ പറഞ്ഞില്യാന്ന് വേണ്ടാ.''
''അച്ഛന് എല്ലാവരിലും കുറ്റം കാണാനാ വാസന. ഒന്നാന്തരം സ്വഭാവാണ് വാരസ്യാരടെ. പുരാണം ഒക്കെ നല്ല നിശ്ചംണ്ട്. ഞാനും അമ്മിണ്യേമ്മീം പൂജക്കാരന്‍കുട്ടിടെ അമ്മീം അവര് പറയുണ കഥകളും കേട്ട് ഇരിക്കും ''.
''ഈശ്വരാധീനം. കഥീം പുരാണൂം ഒക്കെ ആയത് നന്നായി. അല്ലാണ്ടെ പെണ്ണുങ്ങളൊക്കെ വട്ടം തട്ടിയിരുന്ന് അവള് ഇങ്ങന്യാണ്, ഇവള് അങ്ങന്യാണ് എന്ന കുറ്റം പറച്ചിലല്ലല്ലോ''.
''അമ്പലത്തിന്‍റെ ചുറ്റോടും തെച്ചീം തുളസീം വെച്ചത് അച്ഛന്‍ കണ്ട്വോ. ഒക്കെ അവര് വെച്ചതാ''.
''ചൊട്ടച്ചാണ് നീളേ ഉള്ളൂച്ചാലും ആ സ്ത്രീ ഒരുമിനുട്ട് ഒരിടത്ത് ഇരിക്കില്ല എപ്പൊ നോക്ക്യാലും എന്തെങ്കിലും പണി ചെയ്യുണത് കാണാം''.
''അമ്പലകുളത്തിന്ന് വെള്ളം കൊണ്ടുവന്നിട്ടാ ചെട്യോളൊക്കെ നനക്കുണത്. വല്യേകുടത്തില്‍ വെള്ളം ഏറ്റാന്‍ അയമ്മക്ക് പറ്റില്ല. ചെറ്യേ ബക്കറ്റില്‍ എത്ര പ്രാവശ്യം ഏറ്റീട്ട് വരണം. ഞങ്ങള് ഈ രണ്ട് കുടം വെള്ളം കൊണ്ടു വന്ന് കൊടുക്കും. ഒരു സഹായം ആയിക്കോട്ടേ''.
''അതൊക്കെ നല്ലതന്നെ. ഇപ്പൊ അമ്പലമുറ്റം അസ്സലായിട്ടുണ്ട്''.
''അല്ലെങ്കിലും നല്ല വൃത്തീം വെടിപ്പും ഉണ്ട് അയമ്മയ്ക്ക്. പൂ പറിക്കാന്‍ ഞങ്ങളൊക്കെ കൂടും. തുളസിലോ മറ്റൊ കൂമന്‍ തുപ്പ്യേത് കണ്ടാല്‍ അത് എടുക്കാന്‍ സമ്മതിക്കില്ല''.
''ഈശ്വരവിശ്വസം ഉള്ളോര് അങ്ങന്യാണ്''.
''അവര് മാല കെട്ട്ണത് കണ്ടോണ്ട് ഇരിക്കാന്‍ തോന്നും. എന്തൊരു കൈ വേഗത്യാണ്''.
''അത് അങ്ങിനെ ആവ്വാണ്ടിരിക്ക്യോ. അവരുടെ കുലത്തൊഴിലല്ലേ''.
''വരാന്‍ കാലത്ത് ഒരുസഞ്ചീല് കുറച്ച് പൂളക്കിഴങ്ങ് തന്നു''.
''അതിന് അവിടെ എവിട്യാ കിഴങ്ങുള്ളത്''.
''പുഴമ്പള്ളേല് പറിക്കുണുണ്ട്. വാരര് ചെന്ന് വാങ്ങീട്ട് വന്നതാത്രേ''.
''അടുപ്പില്‍ കനലുണ്ടെങ്കില്‍ ഒന്ന് ചുടാനിട്. ബാക്കി നുറുക്കി മഞ്ഞളും ഉപ്പുംകൂട്ടി പുഴുങ്ങാം''.
''കുറച്ച് പച്ചരീം കിഴങ്ങുംകൂടി ആട്ടുകല്ലില്‍ അരച്ച് ഊറ്റപ്പം ചുടാംന്ന് വിചാരിച്ചതാ''.
''അതു നന്നായി. അഞ്ചാറ് മുരിങ്ങടെ ഇലകൂടി ഇട്ട് വെളിച്ചെണ്ണ തുളിച്ച് മൂപ്പിച്ചാല്‍ നല്ല സ്വാദുണ്ടാവും''.
''അച്ഛന് ഞാന്‍ ഒന്ന് അടുപ്പില്‍ ഇട്ടിട്ടു വരട്ടെ''. സരോജിനി കിഴങ്ങ് ചുടാന്‍ അടുക്കളയിലേക്ക് പോയി. നാണുനായര്‍ ചാരുകസേലയില്‍ കിടന്നു. വീടു പണി സമയത്ത് വേണു ആശാരിയോട് പറഞ്ഞ് ഉണ്ടാക്കി തന്നതാണ്. നാളെ അവന്‍റെ മരുമകന്‍റെ കല്യാണമാണ്. കല്യാണത്തിന്ന് സരോജിനി വരുമോ ആവോ. ആ കാര്യം അവളോട് ചോദിക്കാനും മറന്നു.
''കുട്ട്യേ''നാണുനായര്‍ മകളെ വിളിച്ചു''വേണൂന്‍റെ മരുമകന്‍റെ കല്യാണം നാളേല്ലേ. നീ പോരുണില്ലേ''.
''ഞാനില്ല''അകത്തുനിന്നുള്ള മറുപടി പെട്ടന്നായിരുന്നു.
''നീ ഇവിടെ വാ''. സരോജിനി എത്തി.
''എന്താ നിനക്ക് എന്‍റെകൂടെ വന്നാല്. പണ്ടത്തെ മാതിരി ഒന്നും അല്ലല്ലോ ഇപ്പഴത്തെ അവസ്ഥ. ഈശ്വരന്‍ കടാക്ഷിച്ച് നല്ല തുണീം മണീം ഒക്കീണ്ട്. കയ്യും കഴുത്തും മുടക്കാന്‍ പണ്ടൂം ഉണ്ട്''.
''അച്ഛന്‍ പോയിട്ട് വന്നാ മതി''.
''മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാനും വയറു നിറയെ സ്വാദുള്ള ഭക്ഷണം കഴിക്കാനും ഒക്കെ ഒരുയോഗം വേണം''.
''ഞാന്‍ യോഗം ഇല്ലാത്തോളാണെന്ന് അച്ഛനറിയില്ലേ''.ആ വാക്കുകള്‍ക്ക് മുമ്പില്‍ നാണു നായര്‍ മൂകനായി.
***************************
മകളും മരുമകനും പേരക്കുട്ടിയും എത്തിയതോടെ വക്കീലിന്‍റെ വീട്ടില്‍ ഒന്നുകൂടി തിരക്കായി. വേണു സദാസമയം ബഹളങ്ങളില്‍ നിന്നൊക്കെ ഒഴിഞ്ഞ് തന്‍റെ മുറിയില്‍ ചടഞ്ഞുകൂടും. ഭക്ഷണം കഴിക്കുന്നതിന്നോ വല്ലപ്പോഴും ഓപ്പോള്‍ വിളിച്ചാലോ മാത്രമേ അയാള്‍ പുറത്തിറങ്ങു.
വിവാഹദിവസം അടുക്കുന്തോറും വിശ്വനാഥന്‍ വക്കീലിന്‍റെ വീട്ടില്‍ അതിഥികളുടേയും സന്ദര്‍ശകരുടേയും പ്രവാഹമായിരുന്നു. പത്മിനി എല്ലാദിക്കിലും ഓടിനടന്ന് വന്നവരെ ഉപചാരപൂര്‍വ്വം സ്വീകരിച്ചു. വക്കീല്‍ വന്നവരോട് സംസാരിച്ച് പൂമുഖത്തിരിക്കും. സന്ദര്‍ശകരില്‍ മിക്കവരേയും തനിക്ക് പരിചയമില്ലെന്ന് വേണുവിന്ന് മനസ്സിലായി. എങ്കിലും ബന്ധുക്കള്‍ എത്തുമ്പോള്‍ പത്മിനി വേണുവിനെ വിളിക്കും.
''ഇത് ആരാന്ന് നിനക്കറിയ്വോ വേണൂ. നമ്മടെ വേശചേച്ചിടെ മകളാണ്. ഭര്‍ത്താവിന്‍റെ കൂടെ ബോമ്പേലാ അവള്. ഈ കല്യാണത്തിന്ന് വേണ്ടി വന്നതാണ്'' എന്നോ
''പരമേശ്വരമാമേ നിനക്ക് ഓര്‍മ്മീണ്ടോ. മാമടെ മൂത്ത മകനാണ്. നിന്‍റെ അതേ പേരന്നെ. വേണ്വോട്ടന്‍ ഹെഡ്മാഷായിരുന്നു''എന്നോ ഒക്കെ പറഞ്ഞ് പരിചയപ്പെടുത്തും. വേണു പുഞ്ചിരിതൂകി കൈകൂപ്പും.
''കുട്ടീലേ അവന്‍ നാട്ടിന്ന് പോയതാ. മടങ്ങിവന്നിട്ട് അഞ്ചാറ് മാസേ ആയുള്ളു. അതാ അവനത്ര പരിചയം പോരാത്തത്''എന്ന് പത്മിനി വേണുവിനെപ്പറ്റി പറയും.
''അപ്പൊഴേ പത്മിന്യേ നിന്‍റെ നേരെ താഴെ ഒരുത്തനുണ്ടല്ലോ, കിട്ടുണ്ണി. അവനെ ഇവിട്യോന്നും കാണാനില്ലല്ലൊ''എന്ന് മുതിര്‍ന്ന ഒരു സ്ത്രീ ചോദിച്ചപ്പോള്‍ പത്മിനി ഒന്നുപരുങ്ങി.
''നല്ല കാലത്തേ ഇങ്കിട്ട് വിളിച്ചാല്‍ അങ്കിട്ട് പോണതാണ് അവന്‍റെ രീതി. വിളിക്കാനല്ലേ ഞങ്ങള്‍ക്ക് പറ്റൂ, കയ്യില്‍ പിടിച്ചു വലിച്ചോണ്ടു വരാന്‍ പറ്റ്വോ''പത്മിനി സംഭാഷണം അവസാനിപ്പിച്ചു. ആ രംഗം വേണുവിന്ന് വല്ലായ്മ തോന്നിച്ചു. ഓപ്പോളടെ മനസ്സില്‍ നല്ല ഖേദമുണ്ട് പുറത്ത് അത് കാണിക്കുന്നില്ല എന്നേയുള്ളു. എന്തൊക്കെയാണെങ്കിലും ഇത്തരം ഒരു അവസരത്തില്‍ കിട്ടുണ്ണി മാറി നിന്നത് നന്നായില്ല എന്ന് വേണു ഓര്‍ത്തു.
എന്നാല്‍ വേണുവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് കല്യാണതലേന്നാള്‍ കിട്ടുണ്ണിയെത്തി. ഉച്ചതിരിഞ്ഞ നേരം. പന്തലില്‍ കുറച്ച് ആളുകളുണ്ട്. വേണു ഒരുകസേലയിലിരുന്ന് എല്ലാം നോക്കി കാണുകയാണ്. കിട്ടുണ്ണി അപ്പോഴാണ് എത്തുന്നത്. വന്നപാടെ അയാള്‍ വേണുവിന്‍റെ തൊട്ടടുത്ത കസേലയില്‍ ചെന്നിരുന്നു.
''വാ, അകത്തുചെന്ന് ഓപ്പോളേം വിശ്വേട്ടനേം കാണാം''വേണു പറഞ്ഞു.
''വരട്ടെ. ഇത്തിരി കഴിഞ്ഞിട്ടാവാം''കിട്ടുണ്ണി പറഞ്ഞു''വരില്ലാന്ന് ഞാന്‍ നിശ്ചയിച്ചതാണ്. നാളെ നാട്ടുകാര് മരുമകന്‍റെ കല്യാണത്തിന് നിങ്ങളെ ക്ഷണിച്ചില്ലേന്ന് ചോദിച്ചാല്‍ നാണക്കേടാവില്ലേ. അതാ പോന്നത്''.
''അതേതായാലും നന്നായി. രണ്ടുകൂട്ടര്‍ക്കും മറ്റുള്ളോരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയണ്ടി വരില്ലല്ലോ''.
''അവളടെ വീട്ടില്‍ ക്ഷണിച്ചിട്ടുണ്ടോ''. രാധയുടെ വീട്ടുകാരെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് വേണുവിന്ന് മനസ്സിലായി. ഓപ്പോള്‍ നേരിട്ട് ചെന്ന് അവരെ ക്ഷണിച്ചുവെന്നും കുറച്ചുദിവസമായി രാധ ഇവിടെയാണെന്നും ഉള്ള വിവരം വേണു പറഞ്ഞു.
''എന്‍റെ കെട്ടുപാടില്‍ നിന്ന് ഇറങ്ങ്യേതല്ലേ. ഇഷ്ടം പോലെ ചെയ്തോട്ടെ. എന്തായാലും ആങ്ങള്യോടുള്ള അലോഹ്യം അവളടെ ബന്ധുക്കളോട് കാണിച്ചില്ലല്ലോ. അത് നന്നായി. ഇല്ലെങ്കില്‍ എന്നെന്നേക്കും അതൊരു കുറച്ചിലായിട്ടങ്ങിനെ കിടക്കും''.
''നമുക്ക് അകത്ത് പോകാം''വേണു പറഞ്ഞു''വന്നിട്ട് അന്യരെപോലെ പന്തലില്‍തന്നെ ഇരുന്നൂന്ന് പറയിക്കരുത്''. കിട്ടുണ്ണി എതിര്‍പ്പൊന്നും പറയാതെ വേണുവിന്‍റെ പിന്നാലെ നടന്നു. വിശ്വേട്ടനോടൊപ്പം പ്രമുഖ അഭിഭാഷകരും ജഡ്ജിമാരും ആണ് പൂമുഖത്ത് ഉണ്ടായിരുന്നത്.
''എന്‍റെ അളിയന്മാരാണ്''വക്കീല്‍ പരിചയപ്പെടുത്തി. വേണു കൈകൂപ്പി. അതിഥികള്‍ പ്രത്യഭിവാദ്യം ചെയ്തു.
''ഞങ്ങള്‍ ഓപ്പോളുടെ അടുത്തൊന്ന് ചെല്ലട്ടെ''വേണു പറഞ്ഞു. കിട്ടുണ്ണിയെ കണ്ടതും പത്മിനിയുടെ മുഖത്ത് അത്ഭുതമാണ് നിഴലിച്ചത്. ഇനി ഇങ്ങോട്ട് കടക്കില്ല എന്നു പറഞ്ഞ് ഇറങ്ങിപ്പോയ ആളാണ്. ഇന്നേവരെ വരികയോ ഒരന്വേഷണം നടത്തുകയോ ഉണ്ടായില്ല. എന്നാലും ആള്‍ക്കാരെകൊണ്ട് പറയിപ്പിക്കാന്‍ അവസരം ഉണ്ടാക്കാതെ എത്തിയല്ലോ.
''നീയിപ്പൊ എത്ത്യേതേ ഉള്ളൂ''പത്മിനി കുശലംചോദിച്ചു.
''കുറച്ച് നേരായി''കിട്ടുണ്ണി പറഞ്ഞു''ഞങ്ങള് വെളീല് സംസാരിച്ചിരുന്നു''.
''ഞാന്‍ അറിഞ്ഞില്യാട്ടോ. വാ കാപ്പി കുടിക്കാം''പത്മിനി ഡൈനിങ്ങ് റൂമിലേക്ക് നടന്നു. മേശപ്പുറത്ത് പലഹാരങ്ങള്‍ പലതും നിരന്നു.
''എനിക്കൊരു ചായമാത്രം മതി''കിട്ടുണ്ണി പറഞ്ഞു''ഞാന്‍ ഇതൊന്നും തിന്നാറില്ല''. സന്ധ്യമയങ്ങുവോളം കിട്ടുണ്ണി വക്കീലിന്‍റെ വീട്ടില്‍ തങ്ങി. ചായകുടിച്ചശേഷം പന്തലില്‍ തിരിച്ചെത്തിയ അയാള്‍ അതിഥികളില്‍ പലരോടും സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. അയാളുടെ ഉറക്കെയുള്ള വര്‍ത്തമാനവും എല്ലാകാര്യത്തിലും അഭിപ്രായം പറയുന്ന രീതിയും വേണു നോക്കിയിരുന്നു.
''ഇനി ഞാന്‍ ഇറങ്ങ്വാണ് ട്ടോ''കിട്ടുണ്ണി വേണുവിനോട് പറഞ്ഞു''നാളെ കാലത്ത് എത്താം''
''ഓപ്പോളോടും വിശ്വേട്ടനോടും പറഞ്ഞിട്ട് പോ''വേണു പറഞ്ഞു.
ഇരുവരും അകത്തേക്ക് ചെന്നു. വന്ന പ്രമുഖരില്‍ പലരും ഇതിനകം പോയിക്കഴിഞ്ഞിരുന്നു. വക്കീലും പത്മിനിയും എന്തോ കാര്യമായ സംഭാഷണത്തിലാണ്.
''കിട്ടുണ്ണി പോവ്വാണത്രേ''വേണു പറഞ്ഞു.
''പോവ്വേ''പത്മിനി ചോദിച്ചു''ഇന്യല്ലേ ഇവിടെ വേണ്ടത്''.
''ഞാന്‍ രാവിലെ നേരത്തെ എത്താം''.
''വന്ന ആള്‍ക്കാര്‍ക്കൊക്കെകൂടി ചെറ്യോരു സദ്യടെവട്ടം ഉണ്ടാക്കീട്ടുണ്ട്. ഊണ് കഴിച്ചിട്ട് പോയാ പോരേ''.
''എനിക്കിത്തിരി തിടുക്കൂണ്ട്. മാത്രോല്ല ഞാന്‍ ഊണ് കഴിക്കുണ സമയം ആയിട്ടൂല്യാ''. കിട്ടുണ്ണി ഇറങ്ങാന്‍ ഒരുങ്ങി.
''ഡ്രൈവറോട് അവിടെ കൊണ്ടുവിടാന്‍ പറയാം''വക്കീല്‍ പറഞ്ഞു.
''വേണ്ടാ. എന്‍റെ കാറ് പുറത്ത് റോഡില് നില്‍ക്കുണുണ്ട്''. കിട്ടുണ്ണി നടന്നു.
''എന്തോ കാട്ടിക്കോട്ടേ''പത്മിനി പറഞ്ഞു''തെളിച്ചവഴിക്ക് പോയില്ലെങ്കില്‍ പോയ വഴിക്ക് തെളിക്യാ''. അവരുടെ ഇടയിലേക്ക് രാധ എത്തി.
''മൂപ്പര് വരാതിരിക്കില്യാന്ന് എനിക്ക് അപ്പഴും ഉറപ്പുണ്ട്, നാലാള് കൂടുന്ന ദിക്കില് ഞെളിഞ്ഞ് നില്‍ക്കാന്‍ മോഹൂള്ള ആളാ. പറയുംപോലെ ഒറ്റപ്പെട്ട് നിക്കാനുള്ള ചങ്കൂറ്റം ഒന്നൂല്യാ''.
''അയാള് കാണിക്കുണത് മുഴുവന്‍ ഒരുതരം വേഷക്കെട്ടാണ്''വക്കീല്‍ തന്‍റെ അളിയന്‍റെ പ്രവര്‍ത്തിയെ വിലയിരുത്തി.
അദ്ധ്യായം - 110.
കല്യാണദിവസം നേരം പുലരുമ്പോഴേക്കും കിട്ടുണ്ണിയെത്തി. അയാളുടെ കാറിന്‍റെ ശബ്ദം കേട്ടാണ് ഗെയിറ്റ് തുറന്നതുതന്നെ. കല്യാണ ചടങ്ങുകളില്‍ ആദ്യാവസാനക്കാരനായി അയാള്‍ നിന്നു. ഒടുവില്‍ രാത്രിയിലെ ഭക്ഷണം കൂടി കഴിഞ്ഞിട്ടാണ് അയാള്‍ വീട്ടിലേക്ക് പുറപ്പെട്ടത്.
''ഇനി ഞാന്‍ ഇറങ്ങട്ടെ''അയാള്‍ യാത്ര പറഞ്ഞു''നാളെ കുട്ട്യേള് ഇവിടെ എത്തുമ്പഴക്ക് ഞാനെത്താം''.
''പോവ്വേ, നല്ല കാര്യായി''പത്മിനി എതിര്‍പ്പറിയിച്ചു''കുട്ടികളെ വിരുന്ന് കൂട്ടീട്ട് വരാന്‍ ചെല്ലേണ്ടവനാണ് നീ. രാവിലെ നേരത്തെ ഇറങ്ങണ്ടതാ. അതോണ്ട് ഇന്ന് നീ ഇവിടെ കൂട്യാ മതി''.
''ഞാന്‍ ഡ്രസ്സൊന്നും എടുത്തിട്ടില്ല''.
''എല്ലാം ഇവിടീണ്ട്. രാധേ കൂട്ടീട്ടുപോയി ഞാന്‍ വാങ്ങിവെച്ചിരുന്നു''.
''ഞാന്‍ സമയത്തിന് എത്ത്യാല്‍ പോരേ ഏടത്തി''.
''അതുപോരാ. എല്ലാം കഴിഞ്ഞിട്ട് നീ ഇവിടുന്ന് പോയാ മതി''പത്മിനി സമ്മതിച്ചില്ല''പിന്നെ ഒരുകാര്യം. നമ്മള് വൈകുന്നേരത്തെ പാര്‍ട്ടിക്കാണ് പുറമേള്ള ആള്വോളെ ക്ഷണിച്ചിട്ടുള്ളത്. പാര്‍ട്ടി നടക്കുണ സമയത്ത് എല്ലാ ദിക്കിലും നിന്‍റെ നോട്ടം ഉണ്ടാവണം. ഒക്കെകൂടി വിശ്വേട്ടന്ന് സാധിച്ചൂന്ന് വരില്ല. ക്ഷണിച്ചിട്ട് ചെന്ന് അവര് കണ്ടഭാവം നടിച്ചില്യാന്ന് നാളെ മേലാല്‍ ഒരാളും പറയാനുള്ള ഇടവരരുത്''. കിട്ടുണ്ണി സമ്മതിച്ചു.
''ഒരു കാര്യം ചെയ്യ്. വേണു വന്നാല്‍ അമ്മടെ അറേലാണ് കിടക്കാറ്'' പത്മിനി തുടര്‍ന്നു''നീയും അവന്‍റെകൂടെ അവിടെ കൂടിക്കോ. ഞങ്ങള്‍ പെണ്ണുങ്ങള് എല്ലാരുംകൂടി മോളിലെ തളത്തിലാണ് കിടക്കുണത്''.
കിട്ടുണ്ണി ചുമരോരംചേര്‍ന്ന് കട്ടിലില്‍ കിടന്നു. തൊട്ടിപ്പുറത്ത് വേണുവും. കുട്ടിക്കാലത്ത് രണ്ടാളും ഒന്നിച്ചുകിടന്നുറങ്ങിയതാണെന്ന് വേണു ഓര്‍ത്തു അതിനുശേഷം ഇന്നാണ് ഒരേ കട്ടിലില്‍ കിടക്കുന്നത്. അയാളുടെ മനസ്സില്‍ ചിന്തകള്‍ ചേക്കേറി.
ഇന്നലെവരെ ആങ്ങളയും പെങ്ങളും വാശിയും വൈരാഗ്യവും ആയി കഴിഞ്ഞവരാണ്. എത്ര പെട്ടെന്നാണ് അതെല്ലാം തീര്‍ന്നത്. ഇത്രയേ ഉള്ളു മനുഷ്യമനസ്സിന്‍റെ സ്ഥിതി.
''ഏട്ടന്‍ ഉറക്കായോ''കിട്ടുണ്ണി ചോദിക്കുന്നതുകേട്ടു.
''ഇല്ല''.
''അവള് ഏട്ടനോട് വല്ലതും പറഞ്ഞ്വോ?''
''ആര്. രാധ്യോ''.
''അതെ. അവളന്നെ''.
''എന്നോടൊന്നും പറഞ്ഞില്ല. എന്താ നീ അങ്ങിനെ ചോദിക്കാന്‍''.
''ഒന്നൂല്യാ. കുറച്ച് ദിവസായിട്ട് രണ്ടാളും ഇവടീള്ളതല്ലേ. എന്നെപ്പറ്റി അവള് ഏട്ടനോട് വല്ലതും പറഞ്ഞ്വോന്ന് അറിയാന്‍ ചോദിച്ചതാ''. വേണു ഒന്നും മിണ്ടിയില്ല. തന്നെക്കുറിച്ച് ഭാര്യ എന്തെങ്കിലും പറഞ്ഞുവോ എന്നറിയാന്‍ കിട്ടുണ്ണിക്ക് ആകാംക്ഷയുണ്ട്. രാധയോടുള്ള സമീപനത്തില്‍ വല്ല മാറ്റവും വന്നിട്ടുണ്ടാവുമോ. രണ്ടുപേര്‍ക്കും മറക്കാനും പൊറുക്കാനും സാധിക്കുമെങ്കില്‍ അതിനുള്ള കളം ഒരുക്കികൊടുക്കണം. കിട്ടുണ്ണിയുടെ മനസ്സിലിരുപ്പ് അതിന്നുമുമ്പ് അറിയണം.
''കിട്ടുണ്ണീ, ഞാനൊരു കാര്യം ചോദിച്ചോട്ടെ''.
''എന്താ ഏട്ടാ''.
''നീയും രാധയും തമ്മിലുള്ള പിണക്കം പറഞ്ഞുതീര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചുനോക്ക്യോ''.
''ഇല്ല. എന്‍റെ ഭാഗം സംസാരിക്കാന്‍ ആരാ ഉള്ളത്''.
''മക്കള്‍ ഇടപെട്ടില്ലേ''.
''ഒക്കെ കണക്കന്നെ. സ്വന്തംകാര്യം മാത്രേ എല്ലാര്‍ക്കും വലുതായിട്ടുള്ളു. ഞാന്‍ മൂന്നുമക്കളേം ഈ വിവരം അറിയിച്ചിരുന്നു. അച്ഛനും അമ്മേം തമ്മില്‍ അലോഹ്യം ആണെങ്കില് രണ്ടാളുംകൂടിതന്നെ സംസാരിച്ച് അത് തീര്‍ത്തോളിന്‍. ഞങ്ങളെ അതിലിക്ക് വലിച്ചിഴക്കണ്ടാ എന്നാ അവരുടെ മറുപടി''.
''ചെറ്യോളും അങ്ങനെ പറഞ്ഞ്വോ. അവളല്ലേ നിന്‍റെ ഓമനക്കുട്ടി''.
''അവള്‍ പറഞ്ഞത് എന്താന്ന് അറിയ്യോ. എന്ന് നിങ്ങള് പിണക്കം തീര്‍ന്ന് ഒന്നാവുന്ന്വോ അന്ന് എന്നെ വിളിച്ചാ മതി, അല്ലെങ്കില്‍ വിളിക്കണ്ടാന്നാ കല്‍പ്പിച്ചത്''.
''രാധടെ ഏട്ടന്മാര് സംസാരിക്കാന്‍ വന്ന്വോ''.
''ആരും വന്നില്ല. ഇന്ന് കല്യാണത്തിന്ന് വന്നിട്ട് മൂന്നാളും എന്നെ കാണാത്ത ഭാവം നടിച്ചുനിന്നു''.
''ഇങ്ങിനെ പോയാല്‍ നന്നോ. എന്തെങ്കിലും ചെയ്യണ്ടേ''.
''വേണം. ആരാ അതിന് മുമ്പിട്ട് ഇറങ്ങാനുള്ളത്''.
''ആളൊക്കെ ഉണ്ടാവും. അതിന് മുമ്പ് എനിക്ക് ചിലത് ചോദിക്കാനുണ്ട്''.
''ഏട്ടന്‍ ചോദിച്ചോളൂ''. ഏട്ടന്‍ എന്ന സംബോധന അവനില്‍നിന്നു കേട്ടിട്ട് കുറച്ചു നാളായി, ഇന്ന് ഓരോ വാക്കിനൊപ്പവും അത് ചേര്‍ക്കുന്നുണ്ട്. അതിനര്‍ത്ഥം കിട്ടുണ്ണി കീഴടങ്ങാനുള്ള മട്ടാണ് എന്നല്ലേ.
''നിങ്ങടെ രണ്ട് പെണ്‍കുട്ട്യോളുടെ കല്യാണം കഴിഞ്ഞതാണ്. ഇങ്ങിനെ നിങ്ങള്‍ പിണങ്ങി നില്‍ക്കുണ കാര്യം മരുമക്കളടെ ബന്ധുക്കളോ മറ്റോ അറിഞ്ഞാല് കുറച്ചിലാണ്. പോരാത്തതിന്ന് ഒരു കുട്ടിടെ കല്യാണംകൂടി നടത്താനുണ്ട്. അച്ഛനും അമ്മേം തമ്മില്‍തല്ലി വേറിട്ട് കഴിയുണൂന്ന് കേട്ടാല്‍ അവള്‍ക്ക് നല്ലൊരു തറവാട്ടിന്ന് ആലോചന വര്വോ''.
''എനിക്കും അത് അറിയാഞ്ഞിട്ടല്ല. എന്‍റെ ഭാഗത്തിന്ന് ഇന്നേവരെ ഒരു തെറ്റും ഉണ്ടായിട്ടില്ല. എന്തെങ്കിലും ഒരുവാക്ക് എന്‍റെ വായിന്ന് വീഴണ്ട താമസേള്ളു അപ്പഴക്കുംവരും എടുത്തടിച്ച മട്ടില്‍ അവളടെ മറുപടി. അത് കേള്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യം തന്നെവരും''.
''എന്തൊക്കെ പറഞ്ഞാലും രാധ ആളൊരു പാവാണ്. ഒന്ന് ആലോചിച്ച് നോക്ക്, മുമ്പ് നമുക്ക് ഇന്നത്തെ സ്ഥിത്യോന്നും ഉണ്ടായിരുന്നില്ല. അവളും കുറെ കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട്. അന്നൊക്കെ അവള്‍ എന്തെങ്കിലും മുറുമുറുപ്പ് കാണിച്ചിട്ടുണ്ടോ''.
''അങ്ങിനെ ചെയ്തൂന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല''.
''അത് വേണം ഇത് വേണം എന്നുപറഞ്ഞ് നിന്നെ ശല്യപ്പെടുത്താറുണ്ടോ''.
''ഒരൊറ്റ സാധനം വേണംന്ന് പറയാറില്ല. എന്തെങ്കിലും ഞാന്‍ അറിഞ്ഞ് വാങ്ങീട്ട് ചെന്നാല്‍ എന്തിനേ ഇതൊക്കെ വാങ്ങി വേണ്ടാണ്ടെ കയ്യിലുള്ള പണം കളയുണത് എന്നേ പറയാറുള്ളു''.
''നിന്നോട് ചോദിക്കാണ്ടെ തോന്ന്യേപോലെ പണം ചിലവാക്ക്വേ, നിന്‍റെ മുതല് നീ അറിയാണ്ടെ ആരക്കെങ്കിലും കൊടുക്ക്വേ ചെയ്യാറുണ്ടോ''
''അങ്ങിന്ന്യോന്നും ഉണ്ടായിട്ടില്ല''.
''ചോദിക്കാന്‍ പാടില്ലാത്തതാണ്. എന്നാലും ചോദിക്ക്യാണ്. അവള്‍ക്ക് എന്തെങ്കിലും നടപടി ദൂഷ്യം ഉള്ളതായി നിനക്ക് തോന്നീട്ടുണ്ടോ''.
''അയ്യേ. അതൊന്നൂല്യാ''.
''അതായത് രാധടെഭാഗത്ത് കാര്യായ തെറ്റൊന്നും ഇല്ലാ എന്നര്‍ത്ഥം''.
''ഞാന്‍ പറഞ്ഞില്ലേ, മിണ്ട്യാല്‍ തര്‍ക്കുത്തരം പറയും. അതന്നെ കുഴപ്പം''.
''കിട്ടുണ്ണി. തനി തങ്കംപോലത്തെ പെണ്ണാണ് രാധ. പിന്നെ നിന്നെപ്പോലെ അവള്‍ക്കും കാണില്ലേ അഭിപ്രായോക്കെ. നീയത് അംഗീകരിക്കണം. ഞാന്‍ പറഞ്ഞത് മാത്രം ശരി, അത് തന്നെ ന്യായം എന്ന തോന്നല്‍ പാടില്ല. ഞാന്‍ പറയുണത് ശര്യാന്ന് തോന്നുണൂണ്ടോ''.
''ഉവ്വ്. ശര്യാണ്''.
''അതനുസരിച്ച് മേലാല്‍ പെരുമാറില്ലേ''.
''ശരി. അങ്ങിനെ ചെയ്യാം''.
''എന്നാല്‍ ഈ കല്യാണത്തിരക്കൊന്ന് കഴിയട്ടെ. ഞാനും ഓപ്പോളുംകൂടി രാധടടുത്ത് സംസാരിക്കാം''.
''ഏട്ടന്‍ സംസാരിച്ചാ പോരെ. ഏടത്ത്യേക്കൊണ്ട് പറയിപ്പിക്കണോ''.
''അതിനെന്താ വിരോധം''.
''ഈ കാര്യത്തിന്ന് വേണ്ടി ഞാന്‍ കല്യാണത്തിന്ന് വന്നതാണെന്ന് ഏടത്തി കരുതില്ലേ''.
''ഇതാ പറഞ്ഞത്. ഒക്കെ നിന്‍റെ വേണ്ടാത്ത ഓരോ തോന്നലാണ്. നീ കണ്ടില്ലേ കല്യാണത്തിന്ന് നീ വന്നതില്‍ ഓപ്പോള്‍ക്കുള്ള സന്തോഷം''.
''അത് ശര്യാണ്''.
''എന്നാ നീ സമാധാനമായിട്ട് ഉറങ്ങിക്കോ. നിനക്ക് ഞങ്ങളൊക്കീണ്ട്''.
ആ വാക്കുകളില്‍ നിറഞ്ഞ സാന്ത്വനസ്പര്‍ശം അനുഭവിച്ച് കിട്ടുണ്ണി മയക്കത്തിലേക്ക് കടന്നു.
Comments
Post a Comment