അദ്ധ്യായം 91-100

 അദ്ധ്യായം - 91.


കയത്തംകുണ്ടിലെ പുല്‍ത്തിട്ടില്‍വെച്ച പമ്പ്സെറ്റ് ഡീസല്‍ കുടിച്ച് പുക തുപ്പിത്തുടങ്ങി. പുകക്കുഴലിന്ന് മുന്നിലെ പുല്‍കൊടികള്‍ വിറകൊണ്ടു. മേലേവരമ്പില്‍ ഉണ്ടാക്കിയ ചാലുവരെ നീണ്ടുകിടക്കുന്ന പൈപ്പിന്‍റെ തല ഭാഗത്തുനിന്നും വെള്ളം കുതിച്ചുചാടുന്നത് നോക്കാനായി ചാമി ചെന്നു. ഏതാനും മിനുട്ടുകള്‍ കഴിഞ്ഞിട്ടും വെള്ളമെത്തിയില്ല.


''കുപ്പ്വോച്ചോ, ഇതില് വെള്ളം വരുണില്യാ''അവന്‍ വിളിച്ചുപറഞ്ഞു. എഴുത്തശ്ശന്‍ പമ്പ് നിര്‍ത്തി.


''ഇങ്കിട്ട് വാ, കൊഴലില്‍ വെള്ളം ഉണ്ടാവില്ല''അയാള്‍ പറഞ്ഞു. ചാമി പമ്പിനടുത്തെത്തി.


''കുട്ടിമാളു കേട് വന്നിട്ടുണ്ടാവും''അവന്‍ പറഞ്ഞു''ഞാന്‍ നെറച്ച് വെള്ളം ഒഴിച്ചതാ''.


''എന്താ ഈ കുട്ടിമാളു''വേണുവിന് ചാമി പറഞ്ഞത് മനസ്സിലായില്ല.


''വെള്ളത്തിന്‍റെ അടീല് കെടക്കണ മൊന്തപോലത്തെ സാധനം ഇല്ലേ. അതാ'' ചാമി  വിശദീകരിച്ചു. വേണുവിന്ന് ചിരിവന്നു.


''ചാമി, അതിന് ഫുട് വാള്‍വ് എന്നാണ് പറയണ്ടത്''.


''എന്ത് കുന്തോ ആവട്ടെ. വെള്ളം എടുക്കാന്‍ തുടങ്ങ്യാമതി''.


''നീ പോയി ഒരുകൊട്ട ചാണകം കൊണ്ടുവാ''എഴുത്തശ്ശന്‍ പറഞ്ഞു''അത് വെള്ളത്തില്‍ കലക്കി വളവെള്ളം കൊഴലില്‍ ഒഴിച്ചാ മതി. ഏത് പമ്പും വെള്ളം എടുത്തോളും''. ചാണകത്തിന്നായി ചാമി പോയി.


''നമ്മടെ പൊറ്റകണ്ടത്തിന്‍റെ അപ്പറത്തുള്ള മുഴുവന്‍ സ്ഥലൂം രാവുത്തര് വാങ്ങും. അയാളടെ മക്കള്‍ക്ക് അവിടെ പുര പണിയണംന്ന് മോഹൂണ്ട്. വെണ്‍മാടം പണിയണംന്നാ അയാളുടെ ചെക്കന്മാരുടെ മോഹം. കറണ്ട് കിട്ട്വോന്ന് എന്നോടു ചോദിച്ചു''.


''എന്താ കിട്ടാണ്ടെ. പുഴടെ അക്കരെവരെ കറണ്ടുണ്ടല്ലോ. മൂന്ന് നാല് പോസ്റ്റ് ഇട്ടാ പോരെ''.


''ബാക്കികിടക്കുണ സ്ഥലംകൂടി ഇക്കൊല്ലം വിറ്റുപോവുംന്നാ പറയുണ്. പത്തിരുപത്തിയഞ്ച് വീടുകൂടി വരുംന്നാ നമ്മടെ നായരടെ കണക്ക്''.


''ഈ കാര്യം മേനോന്‍സ്വാമി പറഞ്ഞിരുന്നു. ആരൊക്ക്യോ അയാളോട് അഭിപ്രായം ചോദിച്ചൂന്ന് പറഞ്ഞു''


''പറഞ്ഞ് പറഞ്ഞ് ഈ സ്ഥലം ഒരുടൌണുപോലെ ആവുംന്ന് തോന്നുണു. ഒന്നൂല്യാത്തോടത്ത് ഇപ്പൊത്തന്നെ നാലഞ്ച് വീടായി. അടുത്തകൊല്ലം ഉണ്ടാവാന്‍ പോണത് വേറെ. സാമിനാഥന്‍റെ വക ഒരു സ്കൂള്‍ വരാന്‍ പോണു. മേനോന്‍സ്വാമി ഏതോ ഡോക്ടറെ കൊണ്ടുവരും ആസ്പത്രി തുടങ്ങും എന്നൊക്കെ പറയുണുണ്ട്. കറണ്ടുംകൂടി വന്നാല്‍ എല്ലാം തികഞ്ഞു''.


''അങ്ങന്യേല്ലേ അമ്മാമേ ഒരോസ്ഥലം നന്നാവുണത്''.


''അതേയതേ. എപ്പൊ അയ്യപ്പന്‍റെ അമ്പലം നന്നാക്കാന്‍ ഒരുങ്ങ്യോ അന്ന് ഈ സ്ഥലത്തിന്‍റെ കേട് തീര്‍ന്നു''. ചാമി ചാണകവുമായി എത്തി. മണ്‍കുടത്തില്‍ ചാണകവെള്ളം കലക്കി കുഴല് നിറച്ചു. പമ്പ് ഓടിച്ചതോടെ വെള്ളം ചാടി.


''ഞാന്‍ പറഞ്ഞില്ലേ. ഇത്രേള്ളു സൂക്കട്. ചാമി പറഞ്ഞ ആ കുട്ടിമാളൂന്‍റെ ഉള്ളില് തോലിന്‍റെ ഒരു സാധനനൂണ്ട്. പഴകുമ്പൊ അതിന്‍റെ ശക്തി കെടും. ഒഴിച്ചവെള്ളം അടീല്‍കൂടി താഴത്തേക്ക് ഒഴുകിപോവും ചെയ്യും. ആരോ അതിന് കണ്ടുപിടിച്ചസൂത്രാ ഈ പണി''. കന്നുമേയ്ക്കാനെത്തിയ പിള്ളേര്‍ പൈപ്പിലൂടെ വരുന്ന പരല്‍മീനുകളെ പിടിയ്ക്കാനായി ചാലിലിറങ്ങി.


''ചാടിക്കളിച്ച് ചാലിന്‍റെ തിണ്ട് പൊട്ടിച്ചാല്‍ നിങ്ങടെ കയ്യും കാലും ഞാന്‍ തല്ലി ഒടിക്കും''ചാമി ഭീഷണി മുഴക്കി. എഴുത്തശ്ശന്‍ തോളത്തിട്ട തോര്‍ത്തു മുണ്ട് വെള്ളത്തില്‍ മുക്കി പിഴിഞ്ഞ് മേല് മുഴുവന്‍ തുടച്ചു.


''എന്താ ഒരു വെയില്. തീപോലെ പൊള്ളുണു''അയാള്‍ പറഞ്ഞു.


''ആദ്യം പാറക്കുളം നിറക്ക്യെല്ലേ''ചാമി ചോദിച്ചു''എന്നിട്ട് പോരെ പഞ്ച നനയ്ക്കാന്‍''.


''അതാ നല്ലത്. അപ്പൊ രണ്ട് പമ്പും ഒന്നിച്ച് ഓടിക്കാം. ഒറ്റ അടിക്ക് എല്ലാ പാടത്തും വെള്ളം പരത്താനും പറ്റും''.


''ചാമ്യേട്ടോ, കുളത്തിലാ വെള്ളം ചാടുണത്''ചാലിലൂടെനടന്ന പിള്ളേരില്‍ മുതിര്‍ന്നവന്‍ വിളിച്ചു പറഞ്ഞു''കണ്ടത്തിലിക്ക് തുറക്കണോ''.


''നീ മിണ്ടാണ്ടെ പോയാ മതി. അതൊക്കെ ഞങ്ങള് നോക്കിക്കോളാം''. മൂന്നുപേരും മെല്ലെ നടന്നു. ചേരിന്‍റെ തണലില്‍ അവര്‍ നിന്നു.


''വയ്യാ. കയ്യും കാലും കൊഴയുണൂ''എഴുത്തശ്ശന്‍ കിതച്ചു.


''നമുക്ക് കളപ്പുരേല്‍ ചെന്ന് കുറച്ച് വിശ്രമിക്കാം''വേണു പറഞ്ഞു.


''അതൊന്നും വേണ്ടാ. മിഷ്യന്‍ ഓടുമ്പൊ എവിടേങ്കിലും പോയി കിടക്കാന്‍ പാടില്ല. ഇടക്കിടയ്ക്ക് ചെന്നുനോക്കണം''.


''ഞാനിവിടെ നിന്നോളാം. നിങ്ങള് രണ്ടാളും പൊയി കിടന്നോളിന്‍''ചാമി ചുമതലയേറ്റു.


''അവിടെ ചെന്നാലും ഇതന്ന്യാവും മനസ്സില് നെനവ്. കിടന്നാല് കിടക്ക കൊള്ളില്ല''.


''എന്നാല്‍ ഒരു കസേല ഇങ്കിട്ട് കൊണ്ടുവരട്ടെ''വേണു ചോദിച്ചു.


''അയ്യേ. എന്തിനാ അത്. ഞാന്‍ ഇവിടെ ഇരുന്നോളാം''എഴുത്തശ്ശന്‍ വെറുംനിലത്ത് പടിഞ്ഞിരുന്നു.


''മുണ്ടില്‍ പൊടി ആവില്ലേ അമ്മാമേ''.


''ഓ, കറുപ്പുമുണ്ടില്‍ എന്തായാലെന്താ''. അകലെനിന്ന് വിമാനത്തിന്‍റെ ഇരമ്പല്‍ കേട്ടുതുടങ്ങി.


''ചാമ്യേ. നീ സരോജിനിടെ അടുത്ത് പോയി ഇത്തിരി സംഭാരം വാങ്ങീട്ട് വാ''. ചാമി പോയി.


''നല്ല മനസ്സുള്ള ചെക്കനാ അവന്‍. ഇത്രകാലം തെണ്ട്യോപ്പി ആയി നടന്നതാ. നിന്‍റെ കൂടെ കൂട്യേ പിന്ന്യാ അവന്‍ മരാദ്യക്കാരനായത്''.


''അമ്മാമ പറയാറുള്ളപോലെ നന്നാവാനും കേട് വരാനും ഒരോ സമയം ഉണ്ട് അല്ലേ''.


''എന്താ സംശയം. എല്ലാറ്റിനും ഓരോ സമയം ഉണ്ട്. നിന്‍റെ കാര്യത്തിലും ചിലതൊക്കെ എന്‍റെ മനസ്സില്‍ ഉണ്ട്. സമയാവട്ടെ പറയാന്‍ എന്നുവെച്ച് ഇരിക്ക്യാണ് '.


''എന്താ അമ്മാമേ , എന്തായാലും പറഞ്ഞോളൂ. മടിക്കണ്ടാ''.


''ഇപ്പൊ അതിന്നുള്ള സമയം ആയിട്ടില്ല. നമ്മള് മലയ്ക്ക് പോയി വരട്ടെ. എന്നിട്ടാവാം''. കയ്യിലൊരു തൂക്കുപാത്രവുമായി ചാമി വരുന്നതു കണ്ടു. ഒപ്പം നാണുനായരും.


''വയ്യാണ്ടെ ഇരിക്കുണൂന്ന് ചാമി പറഞ്ഞു, എന്താ നിങ്ങള്‍ക്ക് പറ്റ്യേത്'' നാണുനായരുടെ വാക്കുകള്‍ക്ക് പതര്‍ച്ചതോന്നി.


''ഒന്നൂല്യാ. വെയില് കൊണ്ടപ്പൊ ഒരു തളര്‍ച്ച''.


''മിണ്ടാണ്ടെ ഒരുഭാഗത്ത് ഇരുന്നൂടെ നിങ്ങള്‍ക്ക്. വയസ്സായത് ഓര്‍മ്മ വേണം''.


''ആരക്കാടോ വയസ്സായത്. പ്രായം ആവുമ്പൊള്‍  ദേഹത്തിന്ന് വയ്യായ തോന്നും. അതും കരുതി ഒരുഭാഗത്ത് ചടഞ്ഞിരുന്നാല്‍ കിടപ്പിലാവാന്‍ പിന്നെ ഏറെ സമയം വേണ്ടാ. ഞാന്‍ ഇങ്ങിന്യോക്കെ നടക്കും. അതിന്‍റെ എടേല്‍ ഒരു ദിവസം കാറ്റും നില്‍ക്കും. വേണച്ചാല്‍ നോക്കിക്കോളിന്‍''.


''അതിന് അതുവരെ ഞാന്‍ ഇരുന്നിട്ടുവേണ്ടേ''.


''അപ്പൊ എന്‍റെ മുമ്പേ പോവാനാ തന്‍റെ ഉദ്ദേശം. അങ്ങിന്യാച്ചാല്‍ നിങ്ങള് ചെല്ലുന്നോടത്ത് എനിക്കുംകൂടി ഇത്തിരിസ്ഥലം കണ്ടുവെച്ചോളിന്‍''.


''ഞാനിരിക്കിണ ഭാഗത്തേക്ക് നിങ്ങള് വരണ്ടാ. ഇനി അഥവാ വന്നാലോ, അപ്പൊ ഞാനവിടുന്ന് സ്ഥലം വിടും''.


''അതെന്താടോ അങ്ങനെ. രണ്ടാളുംകൂടി ഒന്നിച്ചുകൂടുണതല്ലേ നല്ലത്''. 


''എന്നിട്ടു വേണം ഇവിടുന്ന് കേട്ടതിന്‍റെ ബാക്കി ചീത്ത അവിടുന്ന് ഞാന്‍ കേള്‍ക്കാന്‍''. കൂട്ടുകാര്‍ ഉറക്കെ ചിരിച്ചു. ചാമിക്കും വേണുവിനും ആ ചിരിയില്‍ പങ്കുചേരാതിരിക്കാന്‍ ആയില്ല.


************************************


''പൊള്ളാച്ചിക്കുള്ള വരവ് ഇന്നത്തോടെ കഴിഞ്ഞു''തിരിച്ചു പോരുമ്പോള്‍ കാറിന്‍റെ പിന്‍സീറ്റില്‍ ചാരികിടന്ന് കിട്ടുണ്ണി ഉറക്കെ ആത്മഗതംചെയ്തു.


ഡ്രൈവര്‍ കുഞ്ഞുമോന്‍ പ്രതികരിച്ചില്ല. എന്തെങ്കിലും പറഞ്ഞാല്‍ രസിച്ചു എന്നു വരില്ല. ''വണ്ടി ഓടിക്കലാണ് നിന്‍റെ പണി. നീ അത് ചെയ്താല്‍ മതി'' എന്ന് മുഖത്തടിച്ചപോലെ പറയും.


''എന്താടോ ഞാന്‍ പറഞ്ഞത് കേട്ടില്ലേ''.


''ഉവ്വ്''.


''പിന്നെന്താ ഒന്നും പറയാഞ്ഞത്''.


''മാഷ് പറയുംന്ന് വിചാരിച്ചു''.


''എന്നാലും നിനക്ക് എന്നോട് എന്താന്ന് ചോദിക്കാന്‍ വയ്യ അല്ലേ''. കാര്‍ ടൌണിലേക്ക് കയറി. ചെറിയൊരു പട്ടണമാണ്.


''എന്തെങ്കിലും വാങ്ങാനുണ്ടോ''കുഞ്ഞുമോന്‍ ചോദിച്ചു.


''നല്ല ഹോട്ടലിന്‍റെ മുമ്പില്‍ കാറ് നിര്‍ത്ത്. വല്ലതും കഴിച്ചിട്ട് പോവാം''.


ഇതൊന്നുമല്ല പതിവ്. രാവിലെ എത്തിയാല്‍ വൈകുന്നേരമേ പുറപ്പെടൂ. ഉച്ചത്തെ ഭക്ഷണവും വൈകുന്നേരത്തെ കാപ്പിയും മകളുടെ അടുത്താണ്. ഇടയ്ക്ക് മകളേയുംകൂട്ടി ടൌണിലെ കടകളില്‍ കയറി പലതും വാങ്ങും. അങ്ങിനെയുള്ള ആള്‍ ഇന്ന് ഉണ്ണാന്‍കൂടി നിന്നില്ല.


കിട്ടുണ്ണി ഒഴിഞ്ഞൊരു കോണില്‍ ഇരുന്നു. കുഞ്ഞുമോന്‍ വേറൊരിടത്തും. ഒപ്പത്തിനൊപ്പം ഇരിക്കുന്നത് മാഷക്ക് ഇഷ്ടമല്ല. ഊണുകഴിഞ്ഞ് വാഹനം പുറപ്പെട്ടു.


''നീ വാപ്പ പറഞ്ഞത് കേട്ട് നടക്കാറുണ്ടോ, അതോ അത് തട്ടി കളയാറാണോ പതിവ്''ഓര്‍ക്കാപ്പുറത്തായിരുന്നു കിട്ടുണ്ണിയുടെ ചോദ്യം. കുഞ്ഞുമോന്‍ ഒന്നുപതറി.


''എടോ, നിന്നോടാ ചോദിച്ചത്''.


''വാപ്പ പറഞ്ഞ പടിക്കാണ് നടക്കാറ്''.


''അങ്ങിനെ വേണം. എന്നാലേ നന്നാവൂ. ഉണ്ടാക്ക്യേ തന്ത കഴിഞ്ഞേ പെറ്റ തള്ളകൂടി ഉള്ളു. മനസ്സിലായോ നിനക്ക്''.


''ഉവ്വ്''.


''ഞാന്‍ എന്‍റെ മകളെ എത്ര കണ്ട് സ്നേഹിച്ചിരുന്നു എന്ന് അറിയാലോ. ഇവിടെ വന്നാല്‍ അവള്‍ക്ക് വേണ്ടതൊക്കെ വാങ്ങികൊടുത്തിട്ടേ ഞാന്‍ വീട്ടിലേക്ക് മടങ്ങാറുള്ളു. അതൊക്കെ നിനക്ക് അറിയില്ലേ''.


''ഉവ്വ്''.


''എന്നിട്ട് ഒരു കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ക്കത് ചെയ്യാന്‍ വയ്യാ. ഭര്‍ത്താവിന്ന് ഇഷ്ടാവില്ലാത്രേ. പത്തിരുപത് കൊല്ലം പോറ്റി വളര്‍ത്തി കെട്ടിച്ചുവിട്ട അച്ഛനേക്കാളും വലുതാണ് അവള്‍ക്ക് ഭര്‍ത്താവ്. എങ്കില്‍ അങ്ങിനെ ആയിക്കോട്ടെ. അങ്ങിനത്തെ ഒരുമകള് എനിക്കില്യാന്ന് ഞാനും കരുതും''. കുഞ്ഞുമോന്‍ മൌനം തുടര്‍ന്നു.


''എന്താടോ, ഞാന്‍ പറഞ്ഞത് മനസ്സിലായോ നിനക്ക്''.


''മനസ്സിലായി''.


''ഒരാളുടെ മുമ്പിലും കൃഷ്ണനുണ്ണിമാഷ് തലകുനിക്കില്ലാ എന്ന് ഓര്‍ത്തോ''.


''ശരി''. പാലം കടന്ന് കാര്‍ മുന്നോട്ടുപാഞ്ഞു.


അദ്ധ്യായം - 92.


''ഒന്നാംതിയ്യതി രാത്രി ഒരു യാത്ര പോയതാ ഞാന്‍. ഇന്ന് പുലര്‍ച്ച്യാണ് വീട്ടില്‍ തിരിച്ചെത്തിയത്''കാലത്തുതന്നെ കളപ്പുരയിലെത്തിയ രാജന്‍ മേനോന്‍ പറഞ്ഞു. കറുപ്പുമുണ്ടിന്‍റെ കോന്തലകൊണ്ട് അയാള്‍ മുഖം തുടച്ചു.


''എവടക്ക്യാ സ്വാമി പോയത്''കയ്യിലെ പേപ്പര്‍ താഴത്തുവെച്ച് വട്ടകണ്ണട ഊരിത്തുടച്ച് നാണുനായര്‍ ചോദിച്ചു.


''പഴനി, മധുര, രാമേശ്വരം ഒക്കെ ഒന്നുചുറ്റി''.


''അതെന്താ പോണ വിവരം ഞങ്ങളോടൊന്നും പറയാഞ്ഞത്''.


''മുന്‍കൂട്ടി തീരുമാനിച്ച യാത്രയല്ല. വീടെത്തുമ്പൊ മൂന്നുനാല് കൂട്ടുകാര്‍ കാറുമായി എന്നെ കാത്തുനില്‍ക്കുന്നു. പിടിച്ച പിടിയാലെ കൂട്ടിക്കൊണ്ട് പോയതാണ്''.


''ഭാഗ്യവാന്‍. പുണ്യസ്ഥലങ്ങളൊക്കെ കാണാനും വേണം കുറച്ചുഭാഗ്യം'' നാണുനായര്‍ പറഞ്ഞു''പൊട്ടകിണറ്റിലെ തവളേപോലെ കഴിയാനാണ് ഞങ്ങളട്യോക്കെ യോഗം. ഒരുദിക്കിലും പോവാനും യോഗൂല്യാ, ഒരു കാഴ്ച കാണാനും യോഗൂല്യാ''.


''അങ്ങിനെയൊന്നും ഇല്ല നാണ്വോട്ടാ, വേണം ന്ന് വെച്ചാല്‍ ആര്‍ക്കും എവിടേക്കും ചെല്ലാം''രാജന്‍മേനോന്‍ പറഞ്ഞു''ആട്ടെ, ഇവിടുത്തെ ആള്‍ക്കാരൊക്കെ എവിടെ''.


''എഴുത്തശ്ശനും ചാമീംകൂടി പമ്പടിക്കുണത് നോക്കാന്‍ പോയി. വേണു അമ്പലത്തിന്ന് വന്നിട്ടില്ല''.


''എന്നാല്‍ ഞാനും ചെല്ലട്ടെ''.


''എന്നാ നമുക്ക് മലയ്ക്ക് പോണ്ടത്''.


''പത്തുദിവസം കഴിഞ്ഞോട്ടെ. സ്വാമിനാഥനും നമ്മളുടെകൂടെ വരുണുണ്ട്. അയാളുടെ ഒഴിവ് നോക്കി നമുക്ക് നിശ്ചയിക്കാം''.


''അമ്മിണ്യമ്മേം കുടുംബൂം താമസം തുടങ്ങ്യേത് ഒരുസമാധാനായി. നമ്മള് മലയ്ക്ക് പോയാല്‍ സരോജിനിക്ക് കാവലിന് ഒരാളായല്ലോ''. മേനോന്‍ അമ്പലത്തിലെത്തുമ്പോള്‍ വേണു ഉമ്മറത്ത് നില്‍പ്പുണ്ട്. 


''വാരരും പൂജക്കാരനും ഗുരുസ്വാമ്യേ അന്വേഷിച്ചു''.


''വിശേഷിച്ച് വല്ലതുമുണ്ടോ''.


''രണ്ടാളും ഇവിടെ താമസം തുടങ്ങുണുന്ന് പറഞ്ഞു''.


കെട്ടിടംപണി തീര്‍ന്നിട്ടും ആരും അതില്‍ താമസിക്കാത്തതില്‍ സ്വാമിനാഥന്‍ നീരസം പ്രകടിപ്പിച്ചിരുന്നു. അന്നുവൈകുന്നേരം ജീവനക്കാരോട് മേനോന്‍ ആ വിഷയം സംസാരിക്കുകയുണ്ടായി. ഇപ്പോഴത്തെ തീരുമാനം അതിന്‍റെ ഫലമായിട്ടായിരിക്കണം.


''പൂജ കഴിഞ്ഞോ''.


''ഉവ്വ്''.


''വാരര് എവിടെ''.


''പടപ്പാത്രം കഴുകാന്‍ അയാള് കുളത്തിലിക്ക് പോയി. ഇപ്പൊ വരും''. രാജന്‍മേനോന്‍ തൊഴാന്‍ചെന്നു. തീര്‍ത്ഥവും പൂവും കൊടുത്തശേഷം പൂജക്കാരന്‍ താഴെയിറങ്ങി.


''ഒരുകാര്യം പറയാനുണ്ട്''അയാള്‍ പറഞ്ഞു.


''പറഞ്ഞോളൂ''.


''എനിക്ക് പി.എസ്.സി.ടെ അഡ്വൈസ് മെമ്മൊ കിട്ടി. അധികം വൈകാതെ ജോലിക്ക് ചേരാനുള്ള ഓര്‍ഡര്‍ വരും''.


''അപ്പോള്‍  ശരിക്കുള്ള അദ്ധ്യാപകനാവാന്‍ ഇനി ദിവസങ്ങളേ ഉള്ളു''.


''സ്കൂള്‍ മാഷായിട്ടല്ല. എല്‍. ഡി. സി ആണ്''.


''അതും നല്ലതുതന്നെ. ദൂരെ എവിടെയെങ്കിലും പോവേണ്ടി വര്വോ''.


''ആരേങ്കിലും പിടിച്ച് അധികം ദൂരത്തല്ലാത്ത ഒരുസ്ഥലത്തേക്ക് പോസ്റ്റിങ്ങ് തരപ്പെടുത്തണം''.


''അപ്പോള്‍ ഞങ്ങള്‍ വേറൊരാളെ നോക്കാറായി എന്നര്‍ത്ഥം''.


''ആ കാര്യം പറയാനാ ഞാന്‍ വന്നത്. ഇവിടത്തെ ശാന്തിപ്പണി വേണ്ടാന്ന് വെക്കുന്നില്ല. അച്ഛന്‍ അത് ചെയ്യാന്ന് പറഞ്ഞു. ജോലിക്ക് പോണതുവരെ ഞാനും ഉണ്ടാവും. വൈകുന്നേരം വന്നാലും ഞാന്‍ നോക്കാം''.


''സന്തോഷായി. വേറെ ആളെ തേടിപ്പിടിക്കാതെ കഴിഞ്ഞല്ലോ''.


''ദിവസൂം രണ്ടുനേരം അങ്ങോട്ടും ഇങ്ങോട്ടും പോയി വരാന്‍ അച്ഛന്ന് വയ്യ. അതോണ്ട് ഞങ്ങള് ഇവിടക്ക് താമസം മാറാന്‍ ആലോചിക്കുണൂ''.


''അപ്പോള്‍ നിങ്ങളുടെ വീടോ''.


''തല്‍ക്കാലം പൂട്ടീടും. പറ്റ്യേപോലെ വല്ലോരും വന്നാല്‍ വാടകയ്ക്ക് കൊടുക്കും''.


''എന്നാല്‍ ഒട്ടും വൈകിക്കണ്ടാ. താമസം തുടങ്ങിക്കോളൂ''.


''ഇല്ല. വൈകിക്കില്ല''. പൂജക്കാരന്‍ അകത്തേക്ക് പോയി. മേനോനെ കാത്ത് വാരിയര്‍ മുറ്റത്ത് നില്‍പ്പാണ്.


''എന്തേ''അയാള്‍ ചോദിച്ചു.


''രണ്ട് ദിവസത്തെ ഒഴിവ് വേണം''.


''എന്തിനാ''.


''നാട്ടിലൊന്ന് പോവാനുണ്ട്. കുടുംബത്തെ കൂട്ടീട്ട് വരാനാ''.


''അതുശരി. വാരരക്ക് കുടുംബോക്കെ ഉണ്ടല്ലേ. ആ കാര്യം ഞങ്ങളാരും ഇതുവരെ ചോദിച്ചിട്ടില്ല, നിങ്ങള് പറഞ്ഞിട്ടും ഇല്ല''.


''വകേല് ഒരമ്മാമന്‍റെ മകളാണ് എന്‍റെ വീട്ടുകാരി. അമ്മാമന് നാട്ടിലൊരു അമ്പലത്തിലെ കഴകം ഉണ്ടായിരുന്നു. അച്ഛനും മകള്‍ക്കും ബന്ധുക്കളാരും ഇല്ല. കുട്ടീല് എനിക്ക് കുറെ അന്നംതന്ന ആളാണ് ആ അമ്മാമന്‍. മകള്‍ക്ക് പൊക്കം തീരെ ഇല്ല. ഇതാ ഇത്രേ ഉള്ളു'' വാരിയര്‍ തന്‍റെ അരക്കെട്ടിന്ന് മുകളിലായി കൈപ്പടം വെച്ചുകാണിച്ചു. ''പെണ്‍കുട്ടിക്ക് കല്യാണപ്രായം ആയപ്പൊ താന്‍ അവളെ കല്യാണം കഴിക്ക്വോന്ന് അമ്മാമന്‍ എന്നോട് ചോദിച്ചു. ഞാന്‍ സമ്മതിക്കും ചെയ്തു. ചിലപ്പൊ ഞാന്‍ നോക്ക്യേതിന്‍റെ കടം വീട്ട്യേതാണ് എന്ന് തോന്ന്വായിരിക്കും. എന്നാ അതൊന്നും അല്ലാട്ടോ. എനിക്ക് അമ്മാമന്‍ സങ്കടപ്പെടുണത് കാണാന്‍ വയ്യാ. അതാ ഞാന്‍ ഒന്നും ആലോചിക്കാതെ സമ്മതിച്ചത്''.


''എന്നിട്ടെന്തേ ഭാര്യയെ കൂടെകൊണ്ടുവന്ന് പാര്‍പ്പിക്കാഞ്ഞത്''.


''രണ്ട് കാരണൂണ്ട്. ഒന്ന് ഒരു വീട് വാടകക്ക് എടുക്കാനുള്ള വരുമ്പടി  ഇവിടുന്ന് കിട്ടീരുന്നില്ല. ഒരു പീടികമുറീല് ഒറ്റയ്ക്കാണ് എന്‍റെ താമസം. ഭാര്യേംകൂട്ടി എങ്ങിന്യാ അവിടെ കഴിയ്യാ''.


''അതു ശരിയാണ്''.


''പിന്നെ അമ്മാമന്ന് ഒരുസഹായി അവളേ ഉള്ളു. വയസ്സുകാലത്ത് മൂപ്പരെ ഒറ്റയ്ക്കാക്കി കൂട്ടിക്കൊണ്ട് വരാന്‍ പറ്റില്ലല്ലോ. കൊല്ലത്തില്‍ ഒരുതവണ ഞാന്‍ നാട്ടില്‍പോവും. പിശുക്കിപ്പിടിച്ച് കുറച്ചെന്തെങ്കിലും മാസംതോറും അയച്ചുകൊടുക്കും''.


''അമ്മാമനെ ഇങ്ങോട്ട് കൊണ്ടുവരുണുണ്ടോ''.


''അമ്മാമന്‍ മരിച്ചിട്ട് കൊല്ലം തികയാറായി. ഇവിടെ ഈ താമസസൌകര്യം ആയപ്പൊ അവളെ കൂട്ടീട്ട് വരണംന്ന് വിചാരിച്ചതാണ്. ആരെങ്കിലും ഒരു കൂട്ടര് കൂടിവരട്ടെ എന്ന് കാത്തുനിന്നതാ''.


''വേണമെങ്കില്‍ ഇന്നുതന്നെ പൊയ്ക്കോളൂ''.


''വേണ്ടാ. ഒന്നാംതിയ്യതി കഴിയട്ടെ. ശമ്പളംകിട്ട്യാലേ പോവാന്‍ വഴീള്ളൂ. എന്‍റേല് കാശൊന്നൂല്യാ''.


''നട അടച്ചു കഴിഞ്ഞാല്‍ കളപ്പുരയിലിക്ക് വരൂ. ഞാനവിടെ ഉണ്ടാവും. എത്ര്യാ പണം വേണ്ടത്ച്ചാല്‍ തരാം. അപ്പോള്‍ത്തന്നെ വാരര് വീട്ടിലിക്ക് പൊയ്ക്കോളൂ''.


വാരിയര്‍ കൈകൂപ്പി. ദേവന്‍റെ കാര്യം നിറവേറ്റുന്ന തിരക്കില്‍ ഇവരുടെ ആവശ്യങ്ങള്‍ താനറിഞ്ഞില്ലല്ലോ എന്ന കുറ്റബോധം മേനോന്‍റെ മനസ്സില്‍ ഉയര്‍ന്നു.


*********************************


''എന്താണ്ടാ കോയു നീയും കെട്ട്യോളും ഈ വഴിക്കൊക്കെ. നിങ്ങളെ ഈ ഭാഗത്ത് കാണാത്തതാണല്ലോ''ചേരിന്‍റെ  ചുവട്ടില്‍ കാറ്റുംകൊണ്ട് നിന്ന എഴുത്തശ്ശന്‍ അതിലെ കടന്നുപോവുന്നവരോട് ചോദിച്ചു.


''കയത്തംകുണ്ടില്‍ ചെന്ന് കൈതടെ ഓലവെട്ടി ഉണ്ടാക്കണം. മെത്തപ്പായ നെയ്യാനാണ്''.


''ഓലപ്പായ നെയ്ത് നിര്‍ത്ത്യോടാ''.


''ഇല്ല. എന്നാലും ഇപ്പൊ കൂടുതല്‍ ആള്വേള് മെത്തപ്പായ്യാണ് ചോദിക്കുണ്''.  


''എന്താ നിന്‍റെ ചെക്കനും പെണ്‍കുട്ടീം കളപ്പെരേലിക്ക് വരാത്തത്. പഠിച്ച് സര്‍വ്വജ്ഞപീഠം കേറ്യോ അവര് രണ്ടാളും''.


''അവിറ്റേളക്ക് ചൊറീം ചെരങ്ങും വന്നു. അതാ വരാത്തത്''.


''അതോണ്ട് അവരടെ പഠിപ്പ് മുടക്കണ്ടാ. ഇപ്പൊ പണ്ടത്തെ കാലോന്നും അല്ല. പഠിപ്പില്ലെങ്കില്‍ മനുഷ്യന്‍ പട്ടിക്ക് സമാണ്''.


''അടുത്ത് എവിടേങ്കിലും നല്ല സ്കൂളുണ്ടെങ്കില്‍ അയക്കായിരുന്നു. ദിവസം നാല് നാഴിക നടന്ന് പഠിക്കാന്‍ പറഞ്ഞാല്‍ പിള്ളര് പോവില്ല''.


''ആ കാലോക്കെ പൊയെടാ. നല്ല ഒരു സ്കൂള് വരുണൂ. നീ ചെന്ന് നോക്ക്'' എഴുത്തശ്ശന്‍ പുഴക്കരയില്‍ പുതുതായി പണിയുന്ന കെട്ടിടം ചൂണ്ടിക്കാട്ടി പറഞ്ഞു''രണ്ടുമുറീം വരാന്തേം മാത്രേ ഉള്ളൂച്ചാലും നല്ല ഒന്നാന്തരം ഒരു കെട്ടിടം. രണ്ട് മുറികൂടി പണിത് സര്‍ക്കാര്‍ സ്കൂളാക്കും എന്നാ നമ്മടെ സ്വാമിനാഥന്‍ പറയുണത്. മേനോന്‍സ്വാമിക്കും വേണൂനും കുറച്ചായിട്ട് തിരക്കായതോണ്ട് പൂജക്കാരന്‍കുട്ടീം അമ്മിണ്യേമ്മടെ മരുമകനും ആണ് കുട്ട്യേളെ പഠിപ്പിക്കുണത്. സര്‍ക്കാര്‍ സ്കൂളായി കഴിഞ്ഞാല്‍ നാലഞ്ച് മാഷന്മാരുക്ക് ജോലി കിട്ടും. അതും ഒരു ഗുണം അല്ലേടാ''.


''അതൊക്കെ നാട്ടിലിക്ക് നല്ലതന്നെ''കോയു സമ്മതിച്ചു.


''അതാ ഞാനും പറഞ്ഞത്. എനിക്ക് എണ്‍പത്താറ് വയസ്സായി. പഠിക്കുണ കാലത്ത് അതിന് പറ്റീലാ. ഇന്ന് എന്തെങ്കിലും എഴുതാനോ വായിക്കാനോ ഉണ്ടെങ്കില്‍ ആരുടേങ്കിലും കാലുപിടിക്കണം. ആ ഗതി ഇനീള്ള കുട്ട്യേള്‍ക്ക് ഉണ്ടാവാന്‍ പാടില്ലാന്ന് ഒരുതോന്നലുണ്ട്. അല്ലാണ്ടെ ഇനി പഠിക്കാനുള്ള സൌകര്യം ഉണ്ടാക്കീട്ട് എനിക്കൊരു കാര്യൂല്യാന്ന് വിചാരിച്ചാല്‍ നന്നോടാ. മേലാലുണ്ടാവുന്ന മക്കളെങ്കിലും നന്നാവട്ടെ''. 


''ഞാന്‍ മൂന്നാംക്ലാസ്സില് തോറ്റപ്പൊ പഠിപ്പ് നിര്‍ത്തി. അന്ന് എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കില് ഇന്ന് എന്തെങ്കിലും പെഴപ്പായന്നെ. അന്ന് അപ്പനും അമ്മീം അത് ചെയ്തില്ല''.


''അതാ ഞാന്‍ പറഞ്ഞത്. നാളെ നിന്‍റെ മക്കള് നെന്നെ ഇതുപോലെ പറയാന്‍ പാടില്ല''കുട്ടികള്‍ക്ക് കുറച്ചു ഭേദമായാല്‍ അവരെ സ്കൂളിലയക്കാമെന്ന് കോയു സമ്മതിച്ചു.


''നീ അവിറ്റേളക്ക് എന്തെങ്കിലും മരുന്ന് കൊടുത്ത്വോടാ''.


''ബുധനാഴ്ചത്തെ ചന്ത കഴിഞ്ഞാല് വല്ലതും കുറച്ച് കാശ് കയ്യില്‍ തടയും. എന്നിട്ടു വേണം പിറ്റേദിവസം രണ്ടിനേം ഡോക്ടറെ കാണിക്കാന്‍''.


''ചൊറിക്കും ചിരങ്ങിനും ഡോക്ടറെ കാണ്വോന്നും വേണ്ടാടാ. പച്ചമരുന്ന് പീടീല്‍ചെന്ന് നീ കുറച്ച് ഗന്ധകൂം കരിഞ്ചീരകൂം വാങ്ങി പൊടിക്ക്. അതിന്ന് കൊറച്ചെടുത്ത് ഒരു ഓടന്‍കിണ്ണത്തിലാക്കി അത് മൂടാനുള്ള വെളിച്ചെണ്ണ ഒഴിച്ച് അതിനെ വെയിലത്ത് വെച്ച് ചൂടാക്ക്. ചൊറീം ചിരങ്ങും വയറത്താളി കുത്തിച്ചതച്ച് അതോണ്ട് നന്നായി കഴുകിതുടച്ച് കോഴിതൂവലോണ്ട് എണ്ണ തോരെതോരെ പുരട്ടികൊടുക്ക്. എന്നിട്ട് ചൊറീം ചിരങ്ങും മാറീലെങ്കില്‍ എന്നോട് പറ''.


''അത്രേ ഉള്ളൂച്ചാല്‍ ഇന്നന്നെ ചെയ്യാം''.


കോയുവും കെട്ട്യോളും കൈതപൊന്തയുടെ പുറകില്‍ മറഞ്ഞു. വിമാനം മുകളിലൂടെ ഇരമ്പിക്കൊണ്ടുപറന്നുപോയി. കണ്ണില്‍നിന്ന് അത് മാഞ്ഞതും എഴുത്തശ്ശന്‍ കളപ്പുരയിലേക്ക് നടന്നു.


അദ്ധ്യായം - 93.


പിണ്ണാക്കും പരുത്തിക്കൊട്ടയും വാങ്ങാനായി കല്യാണി പീടികയില്‍ ചെന്നതാണ്. തിരിച്ചുപോരുമ്പോള്‍ പിന്നില്‍ നിന്നൊരു വിളി കേട്ടു. തിരിഞ്ഞുനോക്കുമ്പോള്‍ പാഞ്ചാലി.


''എന്താണ്ടീ നിന്‍റെ തലേലൊരു ചുമട്''എന്ന് ചോദിച്ചുകൊണ്ട് അവള്‍ അടുത്തെത്തി.


''ഇതില് കടലപിണ്ണാക്കും പരുത്തിക്കൊട്ടേം ആണ്. സഞ്ചീല് മുളകും മല്ലീം സാമാനങ്ങളും. പിന്നെ ജാനുമുത്തിക്ക് ഒരുകെട്ട് ബീഡീം തീപ്പെട്ടീം''.


''ഛി, തള്ളടെ ഓരോ ശീലേ. എന്നിട്ട് നിനക്കൊന്നും വാങ്ങീലേ''.


''അതിന് എനിക്കിപ്പൊന്നും വാങ്ങാനില്ലല്ലോ''.


''ഒരു പെണ്ണായാല്‍ സ്വന്തായിട്ട് എന്തെങ്കിലും വാങ്ങാനുണ്ടാവില്ലേ? വല്ല കണ്‍മഷ്യോ, ചാന്തോ, പൌഡറോ അങ്ങിനത്തത്''.


''കണ്‍മഷി ഉണ്ടാക്കാന്‍ എന്‍റെ വീട്ടില് മെയോടുണ്ട്. അതില് എണ്ണപുരട്ടി നിലവിളക്കിന്‍റെ തീയില്‍ കാട്ട്യാല്‍ നല്ല മെയ്യ് കിട്ടും. അതോണ്ട് കണ്ണും എഴുതും നെറ്റീല് പൊട്ടും കുത്തും. മുഖത്ത് കുമ്മായം പൂശണ്ടാ എന്നു പറഞ്ഞ് അപ്പന്‍ പൌഡറിടാന്‍ സമ്മതിക്കില്ല. മുഖത്ത് നെറയെ കുരു വര്വോത്രേ''.


''പൊട്ടിക്കാളി, നിന്‍റെ അപ്പന്‍ പൈസ ചിലവാക്കാന്‍ മടിച്ചിട്ട് പറയുണതാ  അതൊക്കെ''. അപ്പന്‍ പറ്റിച്ചതാണോ എന്ന് കല്യാണി സംശയിച്ചു. അങ്ങിനെ ആവില്ല. പെണ്ണുങ്ങളുടെ മുഖത്ത് കുരുവന്നാല്‍ ഭംഗിയുള്ള ചെക്കന്മാരെ കിട്ടില്ലാത്രേ. തന്നെ കെട്ടാന്‍ വരുന്ന ചെക്കന്‍ വെളുത്ത് നല്ല ചന്തമുള്ള ആളാവണം. ആ കാര്യം ഓര്‍ത്തപ്പോള്‍ കല്യാണിക്ക് നാണംവന്നു.


''കല്യാണ്യേ, നീ അറിഞ്ഞ്വോ, നമ്മടെ പങ്കജത്തിന്ന് ഇന്നാള് വന്ന ആലോചന വേണ്ടാന്ന് വെച്ച്വോവേ''.


''അതെന്താ കല്യാണം മുടങ്ങ്യേത്''കല്യാണിക്ക് അല്‍പ്പം വിഷമംതോന്നി. പങ്കജത്തിന്ന് പത്തിരുപത് വയസ്സെങ്കിലും ആവും. കാണാനും അവളത്ര ചെതംപോരാ. ഇന്നാളുംകൂടി കണ്ടപ്പോള്‍ അവള് കുറെ സങ്കടംപറഞ്ഞു.  പെണ്‍കുട്ടികള്‍ക്ക് നല്ലപ്രായത്തില്‍ കല്യാണം ആവണം. ഇല്ലെങ്കില്‍ മൂത്ത് നരച്ച് ഇരിക്കേണ്ടിവരും.


''വന്നവര് മൂന്ന് പവനും മൂവ്വായിരം ഉറുപ്പികേം സ്ത്രീധനം കേട്ട്വോവേ. അത് കൊടുക്കാന്‍ അവരുടേല് വേണ്ടേ. അതോടെ ആലോചന മൊടങ്ങി''.


ഇല്ലാത്ത വീട്ടില്‍  പിറക്കുന്ന പെണ്‍കുട്ടികള്‍ക്ക് എന്നും വിഷമം തന്നെ. ആണുങ്ങള്‍ക്ക് ഒന്നുമില്ല. അവര്‍ക്ക് എവിടുന്നെങ്കിലും പെണ്ണ് കിട്ടും. പുലര്‍ത്താനുള്ള പ്രാപ്തി മതി. പെണ്ണുങ്ങള്‍ക്ക് പണ്ടൂം പണൂം വേണം.


''എന്താടീ നീ ഇത്രകണ്ട് ആലോചിക്കുണത്''പാഞ്ചാലി ചോദിച്ചു''നിനക്ക് തരാനുള്ള മുതലൊക്കെ നിന്‍റെപ്പന്‍ ഉണ്ടാക്കിവെച്ചിട്ടുണ്ടാവും. മൂപ്പര് കന്നും മാടും കച്ചോടം ചെയ്ത് ഉണ്ടാക്കിക്കൂട്ടുണതൊക്കെ നിണക്കല്ലേ''.


''എന്തോ എനിക്കറിയില്ല''. 


പുറകില്‍നിന്ന് ഒരു കാറിന്‍റെ ശബ്ദം കേട്ടു. അടുത്തെത്തിയപ്പോള്‍ വേഗം കുറച്ച്''വരുന്നോ''എന്നൊരു ചോദ്യവും .


കല്യാണി തിരിഞ്ഞു നോക്കിയപ്പോള്‍ പാഞ്ചാലി ചിരിച്ചുകൊണ്ട് കാറിന്ന് നേരെ കൈവീശുന്നു.


''നമ്മടെ രാഘവന്‍ മുതലാളിടെ മകനാണ് . നല്ല ആളാ. എന്നെ വല്യേ ഇഷ്ടാ മൂപ്പര്‍ക്ക്''പാഞ്ചാലി പറഞ്ഞു.


''എഴുത്തശ്ശന്മാരുടെ മില്ലില് എപ്പഴും കാണുണ ആളല്ലേ. അയാളെ ഞാന്‍ കണ്ടിട്ടുണ്ട്''കല്യാണി പറഞ്ഞു. 


ദൂരെനിന്നുതന്നെ അവര്‍ ഇടവഴി പാതയില്‍ചേരുന്ന ദിക്കില്‍ ജാനുമുത്തി കാത്തുനില്‍ക്കുന്നതുകണ്ടു.


''നീ പൊയ്ക്കോ''പാഞ്ചാലി പറഞ്ഞു''ആ തള്ള എന്നെ കണ്ടാല്‍ വല്ലതും പറയും''പാഞ്ചാലി തിരിച്ചുനടന്നു.


''എന്താടി ഇത്രനേരം''മുത്തിത്തള്ള കല്യാണിയോട് ചോദിച്ചു''നേരം ഇരുട്ടാവാറായില്ലെ''.


''കടേല് നല്ല തിരക്കായിരുന്നു''.


''ആരാടീ നിന്‍റെ കൂട്ടത്തില്. ചാമായിയുടെ മകള്‍ പാഞ്ചാല്യല്ലേ അത്''.


''അതെ''.


''തനിച്ചൊരു കൊണ്ട്യാണ് ആ പെണ്ണ്. കണ്ണുംകയ്യും കാട്ടീട്ട് ആണുങ്ങളെ പിടിക്കും. കുടിക്കാന്‍ കാശ് കൊടുത്താല്‍ അവളടെ അപ്പന്‍ ഒരക്ഷരം മിണ്ടില്ല. അങ്ങിന്യാ അവറ്റ കഴിയുണത്''.


''എനിക്കതൊന്നും അറിയില്ല''.


''നീ അവളടെകൂടെ നടക്കണ്ടാ. ആ ചാമ്യേങ്ങാനും അറിഞ്ഞാലുണ്ടല്ലോ, ഒറ്റവെട്ടിന് നിന്‍റെ കഥ കഴിക്കും''. അപ്പന്‍ വേണച്ചാല്‍ വക്കാണിക്കും. പക്ഷെ വലിയപ്പന്‍ പൂഴിനുള്ളി മേത്തിടില്ല എന്ന് കല്യാണി മനസ്സില്‍ പറഞ്ഞു.


''നീ ബീഡി വാങ്ങ്യോടീ''.


''ഞാന്‍ ബീഡീം വാങ്ങീലാ, തീപ്പെട്ടീം വാങ്ങീലാ''കല്യാണിയുടെ വാക്കില്‍ പരിഭവം നിഴലിച്ചു.


''എന്‍റെ മകള് മുത്തിടടുത്ത് പെണങ്ങ്യോ. നീ നന്നാവാന്‍ വേണ്ടീട്ടല്ലേ മുത്തി ഇതൊക്കെ പറയുണത്''. കല്യാണി ഒന്നും പറഞ്ഞില്ല.


''എന്‍റെ കുട്ടി തെറ്റ് ചെയ്യില്യാന്ന് മുത്തിക്ക് അറിയില്ലേ. തമ്പിരാന്‍കുട്ട്യേ മാതിരി ഒരുത്തന്‍ വരില്ലേ എന്‍റെ കുട്ട്യേ കെട്ടിക്കൊണ്ട് പോവാന്‍''.


കല്യാണിയുടെ മനസ്സ് പൂത്തുലഞ്ഞു. എന്തൊക്കെ പറഞ്ഞാലും മുത്തിക്ക് നല്ല ഇഷ്ടൂണ്ട്.


''മുത്ത്യേ, ബീഡീം തീപ്പെട്ടീം ഒക്കെ സഞ്ചീലുണ്ട്. കുടീലെത്ത്യാല്‍ തരാട്ടോ''.


''വാങ്ങീട്ടുണ്ടാവുംന്ന് എനിക്കറിയില്ലേ. എന്‍റെ മോള് പെറ്റ് കിടക്കുമ്പോ ഈ മുത്ത്യല്ലേ നെനക്ക് വെള്ളംകാച്ചിതര്വാ''. പെണ്‍കുട്ടി നാണംകൊണ്ട് കൂമ്പിയ ചെന്താമരപോലെയായി .


 അദ്ധ്യായം - 94.


''അടുത്ത ചൊവ്വാഴ്ച കാര്‍ത്തികവിളക്കല്ലേ''കളപ്പുരയിലെ സദസ്സില്‍ വെച്ച് നാണുനായര്‍ ചോദിച്ചു''അന്ന് നമ്മടെ അമ്പലത്തില് ആഘോഷം വല്ലതും നടത്താന്‍ ഉദ്ദേശൂണ്ടോ''. വൃശ്ചികകുളിരില്‍ ഉണരാന്‍ മടിച്ച് ആലസ്യത്തോടെ കിടക്കുകയാണ് ഭൂമി. മഞ്ഞിന്‍റെ മറയ്ക്ക് പിന്നില്‍ കയത്തംകുണ്ട് ഒളിഞ്ഞുനിന്നു.


''ഇതുവരെ ഇല്ലാത്തതൊന്നും നമ്മളായിട്ട് തുടങ്ങിവെക്കണ്ടാ. മേലാലിക്ക് അത് വെഷമൂണ്ടാക്കും''എഴുത്തശ്ശന്‍ മറുപടി പറഞ്ഞു''പോരാത്തതിന്ന് ഇത് ഭഗവതിടെ അമ്പലം ഒന്ന്വോല്ലല്ലോ''.


''അല്ലേ, ഞാനൊന്നും പറഞ്ഞില്ലേ. വൃശ്ചികത്തിലെ കാര്‍ത്തികനാള് ലോകം മുഴുവനും നിറഞ്ഞ് നില്‍ക്കുണ ദിവസാണ്. അന്നേദിവസം എല്ലാ വീട്ടിലും സന്ധ്യനേരത്ത് മണ്‍ചെരാതില്‍ നിരനിരയായി ദീപം തെളിക്കും. ദൂരേന്നത് കാണാന്‍ ബഹുജോറാണ്. ഒരുവിധം അമ്പലങ്ങളിലൊക്കെ കാര്‍ത്തിക ദിവസം എന്തെങ്കിലും തരത്തില് ആഘോഷൂണ്ടാവും. വല്ല പാട്ടുകച്ചേര്യോ, ഓട്ടന്‍തുള്ളലോ, കഥകള്യോ അങ്ങിനെ എന്തെങ്കിലും. ഞാന്‍ അതൊക്കെ ആലോചിച്ച് പറഞ്ഞതാണ്''.


''അതന്ന്യാ നായരേ ഞാനും പറയുണത്. ഇതൊക്കെ നടത്തണച്ചാല്‍ മുമ്പില് വെള്ളക്കുട്ടി രാവുത്തര് ഇറങ്ങണം. എന്‍റേലോ നിങ്ങടേലോ അതിനുമാത്രം കെട്ടീരുപ്പുണ്ടോടോ. നടന്ന് പിരിച്ചിട്ടാണ് നമ്മളിവിടെ ഓരോന്നൊക്കെ ചെയ്യു ണത്. അത്താഴത്തിനോ പൊത്തുംപിടി, വെള്ളച്ചോറ് കൊണ്ടുവാ കൂത്തച്ച്യേ എന്ന മാതിര്യാണ് നിങ്ങടെ പറച്ചില്‍''.


''ഒരുകണക്കില് നോക്ക്യാല്‍ നിങ്ങള് പറഞ്ഞതന്ന്യാ ശരി''നാണുനായര്‍ കൂട്ടുകാരനെ പിന്‍താങ്ങി''പണത്തിന്‍റെ ദുര്‍ഭിക്ഷം കാരണം കുന്നിന്‍റെ മുകളില് വിഷ്ണുമഹേശ്വരന്മാരുടെ സാന്നിദ്ധ്യമുണ്ടെന്ന് അറിഞ്ഞിട്ടും നാട്ടുകാര് നിത്യപൂജ ഒഴിവാക്കി. എല്ലാകൊല്ലൂം മണ്ഡലമാസം ഒന്നാം തിയ്യതി മാത്രം അവിടെ പൂജനടത്ത്യാല്‍ മതീന്ന് തീരുമാനിച്ചില്ലേ. അതാ നാട്ടുകാര്‍ക്കും സൌകര്യം. എത്ര ഭംഗ്യായി അന്ന് ചടങ്ങുകള് നടന്നു''.


''നിങ്ങളന്നെ രണ്ടുവിധത്തിലും പറയുണൂ. ഏതാ ശരി. എതാ വേണ്ടത്''


''വ്യക്തിപരമായി ഞാന്‍ അമ്മാമയുടെ അഭിപ്രായക്കാരനാണ്''മേനോന്‍ പറഞ്ഞു''ഉത്സവങ്ങള്‍ ജനങ്ങളെ ഒന്നിപ്പിച്ച് നിര്‍ത്താനുള്ള ഒരു ഉപാധി മാത്രമാണ്. പക്ഷെ അതിന് ചിലവഴിക്കുന്ന പണം  ജനോപകാരപ്രദമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ അതായിരിക്കും ശ്രേഷ്ഠമായ കാര്യം. ഒരുകാര്യം ചെയ്യാം. അന്ന് നമുക്ക് അമ്പലത്തില്‍ ചുറ്റുവിളക്ക് വെക്കാം. വേണമെങ്കില്‍  മതിലിന്ന് മുകളില്‍ കുറെ ദീപവും തെളിയിക്കാം. ഒരാള് എന്നെ വന്നുകണ്ട് ഫ്രീ ആയിട്ട് കഥാപ്രസംഗം നടത്തിക്കോട്ടെ, അനുവാദം മാത്രം മതി എന്ന് പറയ്യേണ്ടായി. ചിലവില്ലാത്ത കേസ്സല്ലേ അത്. അയാള് വന്ന് പരിപാടി നടത്തിക്കോട്ടെ. ഇനി വേറെ ആരെങ്കിലും ഞാനൊരു പ്രോഗ്രാം ചെയ്തോട്ടെ എന്നുപറഞ്ഞ് വന്നാല്‍ അതും ആയിക്കോട്ടെ. ഒരു കാര്യം, അമ്മാമ പറഞ്ഞതുപോലെ കാശുമുടക്കി ഒന്നും വേണ്ടാ''. ആ നിര്‍ദ്ദേശം ആരും എതിര്‍ത്തില്ല.


''കുപ്പ്വോച്ചോ അന്നന്യല്ലേ നമ്മടെ മലമ്പള്ളേലെ കാവില് തേരുണ്ടാവാറ്''.


''അതെ''. തേര് എന്ന് കേട്ടതും വേണുവിന്ന് ഉത്സാഹമായി.


''അമ്മാമേ, നമുക്കൊന്ന് പോയി തേര് കണ്ടാലോ''അയാള്‍ ചോദിച്ചു.


''മിണ്ടാണ്ടിരിക്ക്. നീ വിചാരിക്കുണമാതിരീള്ള തേരൊന്ന്വല്ല അത്. കള്ളു കുടിച്ച് തേര് വലിച്ച് ഒരിക്കല്‍ അതിനെ മറിച്ചിട്ട സ്ഥലാ അത്. ആളും മനുഷ്യനും ചെല്ലാത്ത ഇടം. നിനക്കൊന്നും അത് ഇഷ്ടാവില്യാ''.


''എന്തൊക്ക്യാ അവിടത്തെ വാണിഭംന്ന് കേക്കണോ നിനക്ക്''നാണു നായര്‍ ബാക്കികാര്യങ്ങള്‍  അവതരിപ്പിച്ചു''പൂളക്കിഴങ്ങ് ഉപ്പും മഞ്ഞളും ചേര്‍ത്ത് വേവിച്ചത്, ചക്കരക്കിഴങ്ങും പനങ്കൂമ്പും പുഴുങ്ങ്യേത് ഇതൊക്ക്യാണ് അവിടെ വില്‍ക്കാന്‍ വെക്കാറ്''.


''ഞാന്‍ പാടത്ത് ചെന്നുനോക്കീട്ട് വരട്ടെ''ചാമി ഇറങ്ങി. ആരും ഒന്നും പറഞ്ഞില്ല.

.

പാടത്തുനിന്നും ചാമിയുടെ ഉച്ചത്തിലുള്ള സംഭാഷണം കേട്ടു. ആരോടൊ ലഹള കൂടുകയാണ്.


''എന്താ അവിടെ ഒരുബഹളം. അവന്‍ തല്ലും അടിയും ഉണ്ടാക്കുംമുമ്പ്  ചെന്നു നോക്കട്ടെ''എഴുത്തശ്ശന്‍ എഴുന്നേറ്റ് തോര്‍ത്ത് തോളിലിട്ട് നടന്നു. പുറകെ മറ്റുള്ളവരും. ചാമി തൊട്ടടുത്ത പാടത്തിലെ കൃഷിക്കാരനോട് കയര്‍ക്കുകയാണ്.


''എന്താണ്ടാ സംഗതി''എഴുത്തശ്ശന്‍ ചോദിച്ചു.


''കുപ്പ്വോച്ചോ, ഈ പൊലയാടിമകന്‍ കമ്പീംകൊണ്ട് വരമ്പ് തുളച്ച് നമ്മള് കഷ്ടപ്പെട്ട് പമ്പടിച്ച് പാടത്ത് നിറച്ച വെള്ളം ചോര്‍ത്തീരിക്കുണൂ. ഇവനെ പനേല്‍ കെട്ടീട്ട് പൊതിരെ കൊടുക്കണം''. എഴുത്തശ്ശന്‍ നോക്കുമ്പോള്‍ സംഗതി ശരിയാണ്. അവന്‍റെ വറ്റിവരണ്ടു കിടന്നിരുന്ന പാടത്ത് വെള്ളം നിറഞ്ഞിരിക്കുന്നു.


''എന്ത് പണ്യാടാ നീ കാട്ട്യേത്''എഴുത്തശ്ശന്‍ ചോദിച്ചു''വിലകൊടുത്ത് അടി വാങ്ങാനാണോ നിന്‍റെ ഉദ്ദേശം''.


''അയ്യോ അങ്ങിന്യല്ല''പ്രതി കൈകുപ്പി ''ഞണ്ടുപോട്ടില്‍കൂടി വെള്ളം കിനിഞ്ഞ് എറങ്ങ്യേതാണ്''.


''മുഖത്ത് നോക്കി നുണപറഞ്ഞാല്‍ ഒറ്റഅടിക്ക് നിന്‍റെ കണ്ണിന്‍റെ സില്‍പ്പറ് ഞാന്‍ തെറിപ്പിക്കും''എഴുത്തശ്ശന്‍ ചൂടായി ''മര്യാദയ്ക്ക് നീ പറഞ്ഞാല്‍ ഞാന്‍തന്നെ വേണ്ടത് ചെയ്ത് തരില്ലേ''.


''ഒരു തെറ്റ് പറ്റി. മാപ്പാക്കണം. ഇനി ഇങ്ങനെ ഉണ്ടാവില്ലാ''അയാള്‍ തല കുനിച്ചുനിന്നു.


''അതിന് ഈ സ്ഥലം ഇനി നിനക്ക് പാട്ടത്തിന്ന് കിട്ട്യാലല്ലേ. വരുണകൊല്ലം അതിന്‍റെ ഉടമസ്ഥന്മാര് അതില് കൃഷി ചെയ്തോളും''.


''ഈ രണ്ടുപറ കണ്ടം കൃഷി ചെയ്താല്‍ രണ്ട് പൂവലുംകൂടി ഒരു വണ്ടി നെല്ല് കിട്ടും. അതോണ്ടാ ഞങ്ങളടെ പിഴപ്പ്. ഇനി എന്താ വേണ്ടത് എന്ന് അറിയില്ല''.


''അത് നിന്‍റെ കാര്യം. മേലാല്‍ ഇമ്മാതിരി തോന്നിയവാസം കാട്ട്യാല്‍ നീ നടന്ന് കുടീലെത്തില്ല''.


''ഞാന്‍ പറഞ്ഞില്ലേ ഇനി ഇങ്ങിനെ ഉണ്ടാവില്ലാന്ന്. വെള്ളം എടുത്തതിന്ന് എന്താ വേണ്ടേച്ചാല്‍ ഞാന്‍  തരാം''.


''പൊയ്ക്കോ നിന്‍റെ കാശുംകൊണ്ട് എന്‍റെ മുമ്പിന്ന്''. അയാള്‍ തല താഴ്ത്തി നടന്നകന്നു. സംഘം കളപ്പുരയിലേക്ക് തിരിച്ചു.


''കൃഷിക്കാരടെ എടേല് ഇതൊക്കെ പതിവാണ്''എഴുത്തശ്ശന്‍ പറഞ്ഞു ''ചിലപ്പൊ കൈക്കോട്ട് തായ ഊരി തല്ലെണ്ടീം വരും''.


''കൃഷിക്കാരുടെ ഓരോ കഷ്ടപ്പാടേ''നാണുനായര്‍ സഹതപിച്ചു


******************************


''ഹൈസ്ക്കൂള്‍ മാനേജര്‍ തന്നയച്ച എഴുത്താണ്''ഒരു കത്തുമായി ഒരാള്‍ മുറ്റത്തെത്തി. കിട്ടുണ്ണി കൈനീട്ടി അതുവാങ്ങി. മേശപ്പുറത്തുനിന്ന് കണ്ണട എടുത്ത് അയാളത് വായിച്ചു. 


''തുലാമാസത്തില്‍ കല്യാണം നടത്താമെന്ന് നിങ്ങള്‍ വാക്ക് തന്നതാണ്. ഇത് വൃശ്ചികമാണ്. വേണങ്കിലൊ വേണ്ടെങ്കിലോ വിവരം അറിയണം. ആളെ വള്ളികെട്ടിവിടുന്ന പരിപാടിയാണ് നിങ്ങളുടേത് എന്നു തോന്നുന്നു. അത് മര്യാദക്കാര്‍ക്ക് പറ്റിയ ഏര്‍പ്പാടല്ല. വിവരം എന്തായാലും അത് ഞങ്ങളെ രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ അറിയിക്കണം''. കത്തുവായിച്ച കിട്ടുണ്ണി വിഷണ്ണനായി. കൂനിന്മേല്‍ കുരു എന്നപോലെ ഓരോ പ്രശ്നങ്ങള്‍ പൊങ്ങി വരുന്നു. എന്തെങ്കിലും വിവരം കൊടുക്കാതെ വയ്യാ.


ഏട്ടന്നുവേണ്ടി പറഞ്ഞുറപ്പിച്ച സ്ത്രീയുടെ ആങ്ങള എഴുതിയ കത്താണ്. വയസ്സാന്‍ കാലത്ത് ഏട്ടനെ നോക്കാന്‍ ഒരാളായി, പോരാത്തതിന്ന് ഒരു ഹൈസ്ക്കൂള്‍ കയ്യില്‍ വരുംചെയ്യും. അന്നതൊക്കെ ആലോചിച്ച് വാക്കു കൊടുത്തതാണ്. പക്ഷെ സന്യസിക്കാനാണ് ഏട്ടന്‍റെ ഭാവം എന്നറിയാതെ പോയി. എല്ലാം കേട്ടാല്‍ ഏട്ടന്‍ സമ്മതിക്കുമെന്ന് കരുതിയത് തെറ്റ്. വാക്കു പറയുംമുമ്പ് ഏട്ടനോട് ചോദിക്കാമായിരുന്നു. മദിരാശിയിലേക്ക് മൂപ്പരെ കാണാന്‍ പോവണമെന്ന് കരുതിയിരുന്നതാണ്. അപ്പോഴാണല്ലോ ഏട്ടന്‍റെ പ്രതീക്ഷിക്കാതെയുള്ള വരവ്


''മറ്റന്നാള്‍ ഞാന്‍ അങ്കിട്ട് വരുണുണ്ട്''എന്നുപറഞ്ഞ് അയാള്‍ ദൂതനെ തിരിച്ചയച്ചു. കിട്ടുണ്ണി ചാരുകസേലയില്‍ ചാരികിടന്നു. പണിക്ക് ആരും വരാത്ത ദിവസമാണ്. ഏകാന്തതയില്‍ ചിന്ത അയാള്‍ക്ക് കൂട്ടായി. ഏട്ടനെ പറഞ്ഞു സമ്മതിപ്പിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഇനി മറ്റാരേയെങ്കിലും കണ്ടെത്തിയാലും പെണ്‍വീട്ടുകാര്‍ സമ്മതിക്കുമെന്ന് ഉറപ്പില്ല. അവര്‍ക്ക് യോജിച്ച തറവാട്ടുകാര്‍ വേണം. പറ്റിയ ആരെങ്കിലുമുണ്ടോ എന്ന് മനസ്സില്‍ പരതി. രാധ ഉണ്ടായിരുന്നുവെങ്കില്‍ പറ്റിയ ഏതെങ്കിലും ആളെക്കുറിച്ച് പറഞ്ഞുതന്നേനെ. കഴുവേറി ദേഷ്യപ്പെട്ട് ബന്ധം വേണ്ടാ എന്നു പറഞ്ഞ് പോയിരിക്കുകയല്ലേ. പെട്ടെന്ന് മനസ്സില്‍ ഒരു ആശയം ഉടലെടുത്തു. ഏട്ടന്ന് പകരക്കാരനായിട്ട് അനുജനായ താന്‍  ചെന്നാലെന്താ. ഒരുവെടിക്ക് രണ്ടു പക്ഷി. അനുസരിക്കാത്ത ഭാര്യയെ ഒരു പാഠം പഠിപ്പിക്കുകയും ചെയ്യാം, അതോടൊപ്പം മോഹിച്ച സൌഭാഗ്യം കയ്യില്‍ വരികയും ചെയ്യും. 


പക്ഷെ സംഗതി വിചാരിച്ചത്ര എളുപ്പമാവില്ല. ചിലപ്പോള്‍ കേസ്സും കൂട്ടവും ഒക്കെ ഉണ്ടാവും. അതിനെന്തെങ്കിലും വഴികാണാം. പക്ഷെ നാട്ടുകാരുടെ വായ അടയ്ക്കാന്‍ പറ്റില്ലല്ലോ. അവര്‍ വല്ലതും പറഞ്ഞ് നടന്നാലോ? പറയുന്നോര് പോയിതുലയട്ടെ. അവരുടെ ചിലവിലല്ലല്ലോ താന്‍ കഴിയുന്നത്. ചിലപ്പോള്‍ മക്കള്‍ മൂന്നാളും എതിര്‍ത്തേക്കും. അവര്‍ പറയുന്നത് അനുസരിക്കേണ്ട കാര്യമില്ല. ഒരു മൂധേവിയെ മനസ്സില്‍നിന്ന് പടിയിറക്കി പിണ്ഡം വെച്ചു. വേറൊന്ന് വളരെ അകലെയാണ് താമസം. അവളാണെങ്കിലോ ഒന്നിനും അഭിപ്രായം പറയാത്ത ഒരു സാധനം. പക്ഷെ ചെറിയ മകള്‍. ഇന്നത്തെ നിലയ്ക്കും വിലയ്ക്കും അവളും കാരണക്കാരിയാണ്. അതുകൊണ്ട് ആ മകളെ വെറുപ്പിക്കാനാവില്ല. തല്‍ക്കാലം എന്തെങ്കിലും കാരണം പറഞ്ഞ് നീട്ടിക്കൊണ്ടു പോവാം. പിന്നീട് എന്തെങ്കിലും വഴി തെളിയും. കിട്ടുണ്ണി സ്വയം ആശ്വസിച്ചു.


അദ്ധ്യായം - 95.


കുറെകാലത്തിന്നുശേഷം അന്നാണ് വേലായുധന്‍കുട്ടി മില്ലിലേക്ക് ചെന്നത്. രാധാകൃഷ്ണന്‍ വളരെയേറെ നിര്‍ബന്ധിച്ചിട്ടാണ് അയാള്‍ പുറപ്പെട്ടത്.


അമ്പാസഡര്‍കാര്‍ മില്ലിന്‍റെ വളപ്പിലേക്ക് കടന്നപ്പോഴെ പണിക്കാര്‍ ജോലി നിര്‍ത്തി ഒളിഞ്ഞും തെളിഞ്ഞും നോക്കി. കുട്ടിമുതലാളി എന്നും മോട്ടോര്‍ സൈക്കിളിലാണ് വരാറ്. കാറില്‍ വന്നിരുന്നത് വലിയ മുതലാളി മാത്രം. മൂപ്പര്‍ കുറച്ചുകാലമായി മില്ലിലേക്ക് വന്നിട്ട്. തലയ്ക്ക് നല്ല സുഖമില്ലാതെ ചികിത്സയിലാണെന്നാണ് പുറമെ സംസാരം.


ഡോര്‍ തുറന്ന് രാധാകൃഷ്ണന്‍ അച്ഛന്‍റെ നേരെ കൈനീട്ടി. ആ കയ്യും പിടിച്ച് കൊച്ചുകുഞ്ഞിനെപോലെ വേലായുധന്‍കുട്ടി അകത്തേക്ക് നടന്നു. അച്ഛനെ ഒരുകസേലയിലിരുത്തി ലൈറ്റും ഫാനും ഓണാക്കി മകന്‍ എതിര്‍വശത്തെ കസേലയിലിരുന്നു.


''അച്ഛന് സ്റ്റോക്ക് ബുക്ക് നോക്കണ്ടേ''രാധാകൃഷ്ണന്‍ ചോദിച്ചു.


വേലായുധന്‍കുട്ടി എന്തോ ആലോചിച്ചിരുന്നു. രാധാകൃഷ്ണന്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അയാള്‍ തലയാട്ടി. മുമ്പില്‍കൊണ്ടുവന്നുവെച്ച തടിച്ച ലെഡ്ജര്‍ തുറന്ന് അയാള്‍ അതിലൂടെ കണ്ണോടിച്ചു.


''സ്വാമിയേ ശരണമയ്യപ്പാ''അച്ഛന്‍റെ പ്രതികരണം ശ്രദ്ധിച്ച രാധാകൃഷ്ണന്‍ മനസ്സില്‍ ശരണംവിളിച്ചു''ഭഗവാനേ, എന്‍റെ പ്രാര്‍ത്ഥന അവിടുന്നു കേട്ടു. ഇനിയൊരിക്കലും സാധാരണനിലയിലേക്ക് എത്തില്ലെന്ന് കരുതിയിരുന്ന അച്ഛന്‍ മില്ലിലെത്തി. എന്തോ ഏതോ കണക്ക് പുസ്തകം കയ്യിലെടുത്തു നോക്കി. ഇനി മെല്ലെ മെല്ലെ പഴയ നിലയിലെത്തിയാല്‍ മതി.


അയാള്‍ കുറേനേരം അച്ഛനെതന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഒറ്റനോട്ടത്തില്‍  അച്ഛനില്‍ അപാകതയൊന്നും കാണുന്നില്ല. വളരെ ശ്രദ്ധയോടെ കണക്കുകള്‍ പരിശോധിക്കുകയാണന്നേ കാണുന്നവര്‍ക്ക് തോന്നൂ.


''അച്ഛാ, ഇനി ഞാന്‍ അകത്തുചെന്ന് പണ്യോക്കെ ഒന്നു നോക്കീട്ടു വരട്ടെ'' രാധാകൃഷ്ണന്‍ സമ്മതം ചോദിച്ചു. 


വേലായുധന്‍കുട്ടി സമ്മതഭാവത്തില്‍ തലയാട്ടി. രാധാകൃഷ്ണന്‍ അകത്തേക്ക് നടന്നു. പെണ്ണുങ്ങള്‍ പുഴുങ്ങിയ നെല്ല് യാര്‍ഡില്‍ ചിക്കിക്കൊണ്ടിരിക്കുകയാണ്. ഒരുപറ്റം കാക്കകള്‍ അവരെ ആ ജോലിയില്‍  സഹായിച്ചുകൊണ്ട് കൂടെത്തന്നെയുണ്ട്.


''ആര്‍ക്കെങ്കിലും ഒരുവടിയെടുത്ത് ഈ കാക്കകളെ ആട്ടിവിട്ടൂടെ'' അയാള്‍ ചോദിച്ചു.


''കുറച്ചു കഴിഞ്ഞാല്‍ അവറ്റ പിന്നീം വരും''ആരോ പറഞ്ഞു.


''എന്നുവെച്ച് കാക്കേ ആട്ടണ്ടാ എന്നാണോ''അയാള്‍ക്ക് ദേഷ്യംവന്നു.


പെണ്ണുങ്ങളിലൊരാള്‍ വാതില്‍ക്കല്‍ ചാരിവെച്ച വടിയെടുത്ത് വേണോ വേണ്ടയോ എന്ന മട്ടിലൊന്ന് വീശി. പറന്നകന്ന കാക്കകള്‍ അടുത്ത നിമിഷം നെല്ലില്‍ വന്നിരുന്നു.


''വലിയ മുതലാളിക്ക് ഇപ്പൊ എങ്ങിനീണ്ട്''ഒരുത്തി ചോദിച്ചു.


''എന്ത്''ഒന്നും അറിയാത്തമട്ടില്‍ രാധാകൃഷ്ണന്‍ തിരിച്ചുചോദിച്ചു. ആ ചോദ്യം വേണ്ടായിരുന്നു എന്ന മട്ടിലായി അവള്‍. പിന്നീട് ആരും ഒന്നും പറഞ്ഞില്ല. ചെയ്യുന്ന പണിയില്‍ എല്ലാവരും മുഴുകി. രാധാകൃഷ്ണന്‍ നെല്ല് പുഴുങ്ങുന്ന ദിക്കിലേക്ക് നടന്നു.


ഒരുമണിക്കൂറിലേറെ  അയാള്‍ പണികള്‍ നോക്കിനടന്നു. ഇതിനകം ഒന്നു രണ്ട് ജോലിക്കാര്‍ ഓഫീസ്സ്റൂംവരെ ചെന്ന് അകത്തേക്ക് എത്തിനോക്കി. വേലായുധന്‍കുട്ടി അവരെ കണ്ടതേയില്ല.


തിരിച്ച് ഓഫീസ് മുറിയിലേക്ക് എത്തുമ്പോള്‍ രാധാകൃഷ്ണന്‍ കാണുന്നത് അച്ഛന്‍ പെന്‍സിലെടുത്ത് സ്റ്റോക്ക്റജിസ്റ്ററില്‍ എന്തോ മാര്‍ക്ക് ചെയ്യുന്നതും കടലാസ്സില്‍ കുത്തിക്കുറിക്കുന്നതുമാണ്.


''ഈശ്വരാ''അയാള്‍ തലയില്‍ കൈ വെച്ചു. പുസ്തകങ്ങളൊക്കെ അച്ഛന്‍ കുത്തിവരച്ച് നാശമാക്കിയല്ലോ. മാനസീകരോഗമുള്ള ആളുടെ കയ്യില്‍ പുസ്തകം ഏല്‍പ്പിച്ചതിന്ന് അയാള്‍ സ്വയം കുറ്റപ്പെടുത്തി.


''എന്താ അച്ഛാ ചെയ്യുണത്''അയാള്‍ മേശയുടെ അടുത്തേക്ക് ചെന്നു.


''മില്ലില്‍ ഒരുദിവസം അരയ്ക്കാന്‍ കഴിയുന്നതിനേക്കാള്‍ നെല്ല് ഇഷ്യു എഴുതിയത് നോട്ടുചെയ്തതാണ്. എനിക്കതൊന്ന് നോക്കണം''.


 വേലായുധന്‍കുട്ടിയുടെ പതിഞ്ഞസ്വരം കേട്ടു. രാധാകൃഷ്ണന്ന്  തന്‍റെ ചെവികളെ വിശ്വസിക്കാനായില്ല. അച്ഛന്‍റെ രോഗം ഭേദമായിരിക്കുന്നു.


''സ്വാമിയേ ശരണമയ്യപ്പാ''ഈ തവണ അയാളുടെ ശബ്ദം ഉയര്‍ന്നു പൊങ്ങി.


*****************************


ഉച്ചയ്ക്ക് വീട്ടിലെത്തിയ രാധാകൃഷ്ണന്‍ ഭക്ഷണം കഴിക്കാനൊന്നും നിന്നില്ല. കാര്‍ ഷെഡ്ഡിലിട്ട് അച്ഛനെകൂട്ടി അയാള്‍ അകത്തേക്ക് നടന്നു. 


''ഞാന്‍ ഒരുദിക്കില്‍ ചെന്ന് ഇപ്പൊവരാം. എന്നിട്ട് നമുക്ക് ഉണ്ടാല്‍ പോരെ''എന്നുചോദിച്ച് മറുപടിക്ക് കാത്തുനില്‍ക്കതെ അയാള്‍ പുറത്തേക്കിറങ്ങി. 


വേലായുധന്‍കുട്ടി ചാരുകസേലയില്‍ മലര്‍ന്നുകിടന്നു. വല്ലതും പറയും മുമ്പ് മകന്‍ ബുള്ളറ്റില്‍ കേറിക്കഴിഞ്ഞു. ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി അത് ഗെയിറ്റുകടന്ന് ഓടിപ്പോയി. അയാള്‍ കണ്ണടച്ച് വെറുതെകിടന്നു. 


രാധാകൃഷ്ണന്‍റെ ഉള്ളില്‍ മറ്റൊന്നാണ് ഉണ്ടായിരുന്നത്. ഒരു നിമിഷമെങ്കില്‍ അത്രയുംനേരത്തെ അച്ഛന്‍റെ രോഗവിവരം മേനോനങ്കിളിനെ അറിയിക്കണം .അതിന് അദ്ദേഹം വീട്ടിലുണ്ടാവുമോ അതൊ കളപ്പുരയിലാവുമോ എന്ന് നിശ്ചയമില്ല. പലദിവസങ്ങളിലും ഉച്ചനേരത്ത് ഭക്ഷണം കളപ്പുരയിലാണ് എന്ന് അങ്കിള്‍ പറഞ്ഞിട്ടുണ്ട്. എന്തായാലും വീട്ടില്‍ ഒന്നുപോയിനോക്കാം. അവിടെ ഇല്ലെങ്കിലല്ലേ കളപ്പുരയിലേക്ക് ചെല്ലേണ്ടതുള്ളു. ഭാഗ്യത്തിന്ന് അവന്‍ എത്തുമ്പോള്‍ രാജന്‍മേനോന്‍ വീട്ടിലുണ്ട്. പാലക്കാടുനിന്നും ആള്‍ വന്നതേയുള്ളു.


''അങ്കിള്‍ ഇന്നൊരു സംഭവൂണ്ടായി''അച്ഛനെകൂട്ടി മില്ലിലേക്ക് ചെന്നതും കണക്കുപുസ്തകം ഏല്‍പ്പിച്ചതും സ്റ്റോക്ക് റജിസ്റ്ററില്‍ അച്ഛന്‍ തെറ്റുകള്‍ കണ്ടെത്തിയതുമെല്ലാം അയാള്‍ വര്‍ണ്ണിച്ചു.


''സ്വാമിയേ ശരണം''ഗുരുസ്വാമിയുടെ ശബ്ദം ഉയര്‍ന്നു. രാധാകൃഷ്ണന്‍ അത് ഏറ്റുപറഞ്ഞു.


''പേടിക്കാനൊന്നൂല്യാ. മാറ്റിയെടുക്കാം എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഇത്രപെട്ടെന്ന് ഭേദപ്പെടുമെന്ന് ഞാന്‍ കരുതിയില്ല. എല്ലാം ഭഗവാന്‍റെ കൃപ''.


''അങ്കിള്‍ ഇനി ഞാന്‍ എന്താ ചെയ്യേണ്ടത്''.


''ഇന്നുതന്നെ ഡോക്ടറെ  കണ്ട് വിവരം പറയണം. രോഗനിലയില്‍ വരുന്ന മാറ്റം അപ്പപ്പോള്‍  അറിയിച്ചാലേ ഡോക്ടര്‍ക്ക് അതിനനുസരിച്ച് മരുന്ന് മാറണോ എന്ന് തീരുമാനിക്കാനാവൂ''.


''ശരി''രാധാകൃഷ്ണന്‍ ഏറ്റു.


''ഞാന്‍ കൂടെവരണോ''മേനോന്‍ ചോദിച്ചു.


''അങ്കിള്‍ റെസ്റ്റ് ചെയ്തോളൂ. ഞാന്‍ ഡോക്ടറെ കണ്ടിട്ടുവന്ന് വിവരം പറയാം''. ബുള്ളറ്റിന്‍റെ ശബ്ദം അകന്നുപോയി.


അദ്ധ്യായം - 96.


രണ്ടുമണി ആവുംമുമ്പേ രാധാകൃഷ്ണന്‍ ഡോക്ടറെകണ്ട് തിരിച്ചെത്തി.  അച്ഛനോടൊപ്പം ഭക്ഷണംകഴിച്ച് അയാള്‍ ഗുരുസ്വാമിയുടെ അടുത്തേക്ക് തിരിച്ചു. അങ്കിളിനോടൊപ്പം കുറെസമയം ചിലവിടണം. മനസ്സുതുറന്ന് സംസാരിക്കാന്‍ പറ്റിയാല്‍ വീട്ടിലെ അവസ്ഥ വിശദമായി അറിയിക്കാം. ഏതുപ്രശ്നത്തിന്നും പോംവഴി കാണാന്‍ കഴിവുള്ള ആളാണ് അങ്കിള്‍. 


''അങ്കിള്‍, ഞാന്‍ ഡോക്ടറെ പോയി കണ്ടു''രാധാകൃഷ്ണന്‍ മേനോനെ കണ്ടതും പറഞ്ഞു.


''ഇത്ര നേര്‍ത്തെ കാണാന്‍ പറ്റ്യോ''.


''ഊണുകഴിഞ്ഞതും ഞാന്‍ പോയി. അതോണ്ട് ഒന്നാമത്തെ ടോക്കണ്‍ കിട്ടി''. ഡോക്ടര്‍ പറഞ്ഞവിവരങ്ങള്‍ അയാള്‍ അറിയിച്ചു.


''കടുത്ത വിഷാദത്തിന്ന് ഉണ്ടായതാണ് അച്ഛന്‍റെ രോഗം എന്ന് നേരത്തെ ഞാന്‍ പറഞ്ഞതല്ലേ. മനസ്സിലുള്ള സങ്കടം ആരോടും പങ്കുവെക്കാനായില്ല. അതാണ് അച്ഛന്ന് പറ്റ്യേ അബദ്ധം''.


''അതെനിക്കും മനസ്സിലായി. ഇനി മുതല്‍ അച്ഛനെ ഞാന്‍ ശ്രദ്ധിച്ചോളാം. പക്ഷെ അമ്മടെ കാര്യത്തില്‍ എന്താ ചെയ്യേണ്ടത് എന്നാ എനിക്കിപ്പഴും അറിയാത്തത്''.


''വേലായുധന്‍കുട്ടിയെ സംബന്ധിച്ചേടത്തോളം ആ വശം ഒരു ദൌര്‍ഭാഗ്യം തന്ന്യാണ്. പരസ്പരം മനസ്സിലാക്കാനുള്ള കഴിവ് ദമ്പതികള്‍ക്ക് വേണം. ഇണയുടെ താല്‍പ്പര്യം മനസ്സിലാക്കാന്‍ ശ്രമിക്കാത്ത വ്യക്തി എന്നും കൂടെയുള്ള ആള്‍ക്ക് ശാപമാണ്''. ഇരുവരും കുറച്ചുനേരത്തേക്ക് ഒന്നും സംസാരിച്ചില്ല.


''മോന് ബോറാവില്ലെങ്കില്‍ ചിലകാര്യങ്ങള്‍കൂടി പറയാം''മേനോന്‍ സമ്മതം ചോദിച്ചു.


''അങ്കിള്‍ പറയൂ. കേള്‍ക്കട്ടെ''.


''ഞാന്‍ പ്രസംഗിക്കുകയാണെന്ന് തോന്നരുത്. കാര്യം പറഞ്ഞു തരുണതാണ്''രാജന്‍ മേനോന്‍ പറഞ്ഞുതുടങ്ങി''മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ് എന്ന കാര്യം അറിയാമല്ലോ. സമൂഹത്തിന്‍റെ ഏറ്റവും ചെറിയ പരിഛേദമാണ് ഭാര്യാഭര്‍ത്തൃബന്ധം. നല്ല സാമൂഹ്യജീവിതത്തിന്നുവേണ്ടി എല്ലാവരും ഒരുപാട് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുന്നുണ്ട്. രാജ്യത്തുള്ള നിയമസംവിധാനങ്ങളെല്ലാം അതെല്ലാം പാലിക്കപ്പെടുന്നത് ഉറപ്പാക്കാനാണ്. ചുരുക്കി പറഞ്ഞാല്‍ കൂട്ടായജീവിതം പരിശീലിക്കാനുള്ള ചെറിയൊരു കളരിയാണ് ഏറ്റവും താഴെപടിയിലുള്ള ഭാര്യാഭര്‍ത്തൃബന്ധം. ഞാന്‍ പറയുന്നത് മനസ്സിലാവുണുണ്ടോ''. രാധാകൃഷ്ണനൊന്ന് ചിരിച്ചു.


''സത്യം പറയാലോ. പലപ്പോഴും അങ്കിള്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലാവാറില്ല. പിന്നീട് വളരെനേരം ആലോചിച്ചാലേ പറഞ്ഞതിന്‍റെ ആന്തരാര്‍ത്ഥം മനസ്സിലാവൂ''.


''അതാണ് ശരി. കാണുന്നതും കേള്‍ക്കുന്നതുമായ എല്ലാ കാര്യങ്ങളേയും കുറിച്ച് ചിന്തിക്കണം. അപ്പോള്‍ ആ വിഷയങ്ങളെക്കുറിച്ച് നമുക്കൊരു കാഴ്ചപ്പാടുണ്ടാവും''.


''അങ്കിളിനെക്കുറിച്ച് ആലോചിക്കുമ്പോഴൊക്കെ എനിക്ക് അത്ഭുതാണ് തോന്നാറ്. അങ്കിളിന്ന് സയന്‍സിലും സംഗീതത്തിലും സാഹിത്യത്തിലും രാഷ്ട്രീയത്തിലും ചരിത്രത്തിലും വേദാന്തത്തിലും ഒക്കെ ഒരുപോലത്തെ അറിവാണ് . ചെറുപ്പകാലത്ത് ധാരാളം വായിച്ചിട്ടുണ്ടാവും അല്ലേ''.


''വായിച്ചതുകൊണ്ട് മാത്രം ഒന്നും ആവില്ല. അതിനെക്കുറിച്ച് ചിന്തിക്കുകകൂടി വേണം. എന്നാലേ എന്തെങ്കിലും ഗ്രഹിക്കാനാവൂ''.


''അതൊന്നും എന്‍റെ തലേല്‍ കേറില്ല. വീട്ടിലെ പ്രശ്നം എങ്ങിനെ തീര്‍ക്കണം എന്നേ എനിക്കറിയണ്ടൂ''.


''അതിനുള്ള പോംവഴിയാണ് ഇനി ഞാന്‍ പറയുന്നത്. രാധാകൃഷ്ണന്‍ ഒരു വിവാഹം കഴിക്കണം. കുടുംബത്തിന്‍റെ നിലനില്‍പ്പ് ആ വീട്ടിലെ സ്ത്രീകളെ ആസ്പദിച്ചാണ്. അമ്മ പരാജയപ്പെട്ട ഇടത്ത് ഇനി കയറി വരുന്ന പെണ്‍കുട്ടി തിളങ്ങണം. അതോടെ അമ്മയ്ക്കും ചുവടുമാറ്റി ചവിട്ടണ്ടി വരും''.


''അവസാനത്തെ പരീക്ഷണം അല്ലേ''.


''അയ്യപ്പന്‍ അനുഗ്രഹിച്ചാല്‍ അത് പാളിപോവില്ല''. കുറച്ചുനേരം എന്തോ ആലോചിച്ചുകൊണ്ട് രാധാകൃഷ്ണന്‍ നിന്നു. 


''അങ്കിള്‍ ഈ നിമിഷം എന്‍റെ മനസ്സില്‍ തോന്ന്യേ കാര്യംപറയട്ടെ''അവന്‍ പറഞ്ഞു''നമുക്ക് അച്ഛനെകൂടി ശബരിമലയ്ക്ക് കൊണ്ടുപോയാലോ''.


''ഞാനും അത് ആലോചിച്ചതാണ്. എങ്ങിനേയാ പറയുക എന്നു കരുതി''. അവരുടെ ചുണ്ടുകളില്‍നിന്ന് ശരണംവിളി ഉയര്‍ന്നു.


***********************************


വേണു അമ്പലത്തിലേക്ക് പോവാന്‍  ഒരുങ്ങിനില്‍ക്കുമ്പോഴാണ് രാജന്‍ മേനോന്‍ എത്തിയത്. .


''വേണൂ, ഇന്നൊരു നല്ലവാര്‍ത്തയുണ്ട്''മേനോന്‍ വേലായുധന്‍കുട്ടിയുടെ വിവരങ്ങള്‍ വര്‍ണ്ണിച്ചു.


''അമ്മാമ ഇതറിഞ്ഞാല്‍ തീര്‍ച്ചയായും സന്തോഷിക്കും''വേണു പറഞ്ഞു ''കേട്ടപ്പോള്‍ എനിക്കൊരു മോഹംതോന്നുണു''.


''എന്താണത് ''.


''നമ്മടെ മായന്‍കുട്ട്യേ ഈ ഡോക്ടര്‍ക്ക് ഒന്നു കാണിച്ചാലോ''.


''കൊള്ളാം. നല്ല കാര്യാണ്. പക്ഷെ അവന്‍റെ ചികിത്സക്കുള്ള ചിലവുകള്‍ ആരു വഹിക്കും''.


''ആ കാര്യത്തെക്കുറിച്ച് വിഷമിക്കണ്ടാ. എന്താണ് വേണ്ടതെന്നുവെച്ചാല്‍ ഞാന്‍ ചെയ്തോളാം''.


''അതുപോരാ. സമയാസമയങ്ങളില്‍ അവനെ മരുന്ന് കഴിപ്പിക്കണം. ആരാ അതൊക്കെ ചെയ്യാനുള്ളത്''.


''കുറച്ചുകാലായി ദിവസൂം മായന്‍കുട്ടി കളപ്പുരേലെത്താറുണ്ട്. മരുന്ന് കൊടുക്കാനുള്ള ചുമതല ചാമ്യേ ഏല്‍പ്പിക്കാം''.


''നമ്മള്‍ എന്തൊക്കേയോ ചെയ്യുന്നു''മേനോന്‍ ഒരുനിമിഷം കണ്ണടച്ചുനിന്നു''അതുകൊണ്ട് ആര്‍ക്കെങ്കിലും ഗുണം ഉണ്ടാവുമെങ്കില്‍ അതില്‍പ്പരം ഒരു  സന്തോഷമുണ്ടോ? ഈശ്വരോ രക്ഷതു''. കൈക്കോട്ടുമായി ചാമി കടന്നു വന്നു. എഴുത്തശ്ശനും നാണുനായരും വരമ്പത്ത് വേണുവിനേയും കാത്ത് നില്‍പ്പാണ്.


''അവര് രണ്ടാളും അവിടെ കാത്തുനില്‍ക്കുണുണ്ട്''അവന്‍ പറഞ്ഞു''ഈ കൈക്കോട്ടുവെച്ചിട്ട് ഞാനും വരാം''.


''എന്നാല്‍ നമുക്ക്നടക്കാം''മേനോന്‍ എഴുന്നേറ്റു, ഒപ്പം വേണുവും. പാതി വഴിക്കുവെച്ച് അവര്‍ എഴുത്തശ്ശനേയും നാണുനായരേയും കണ്ടു.


''നിങ്ങള്‍ ഇവിടെ നില്‍പ്പുണ്ട് എന്നറിഞ്ഞ് വന്നതാണ്'' മേനോന്‍ പറഞ്ഞു.


''അതിനെന്താ. കുളിക്കാറാവുംവരെ കുളത്തിന്‍റെ പടവിലിരുന്ന് വല്ലതും വര്‍ത്തമാനം പറയാന്നുകരുതി പുറപ്പെട്ടതാ. നിങ്ങളും പോന്നോളിന്‍''


''അവിട്യാവുമ്പൊ ചുറ്റോടൂള്ള തെങ്ങിന്‍പട്ടടെ തണല് കിട്ടും. ചൂടേ തോന്നില്ല''നാണുനായര്‍ കൂട്ടിച്ചേര്‍ത്തു.


''എന്നാലങ്ങനെ''എല്ലാവരും ആ വഴിക്ക് തിരിഞ്ഞു.


''മേനോന്‍ സ്വാമി, എന്നക്കാ നമ്മടെ യാത്ര''കുളത്തിലേക്ക് നടക്കുമ്പോള്‍ നാണുനായര്‍ ചോദിച്ചു.


''അതുതന്നെണ് ഞാന്‍ പറയാന്‍ പോവുന്നത്''മേനോന്‍ പറഞ്ഞു''വരുന്ന വെള്ളിയാഴ്ച നമ്മള്‍  പുറപ്പെടും. ആകെ എട്ടുപേരുണ്ട്. ഇവടെനിന്ന് അമ്മാമ, നാണ്വേട്ടന്‍, വേണു, ചാമി. ഞാനും വേലായുധന്‍കുട്ടീം രാധാകൃഷ്ണനും പിന്നെ സ്വാമിനാഥനും''.


''അതുപറ്റി. അച്ഛനും മകനും പേരക്കുട്ടീംകൂടി ഒന്നിച്ചിട്ടൊരുയാത്ര. കേട്ടപ്പഴേ വയറ് നിറഞ്ഞു''നാണൂനായര്‍ സന്തോഷം മറച്ചുവെച്ചില്ല. എഴുത്തശ്ശന്‍ ഒന്നുംപറഞ്ഞില്ല. എന്തോ ആലോചിച്ചുകൊണ്ട് അയാള്‍ നടന്നു.


''സ്വാമിനാഥനും രാധാകൃഷ്ണനും കാറെടുക്കും. നമുക്ക് സുഖായി പോയിട്ടുവരാം''. അവരുടെ മുന്നിലായി നൂറുകണക്കിന്ന് തുമ്പികള്‍ പറക്കുന്നുണ്ടായിരുന്നു.


''തുമ്പി പറക്കുണുണ്ട്. മഴ പെയ്യോ''ചാമി ചോദിച്ചു.


''പെയ്താല്‍ നന്ന്''എഴുത്തശ്ശന്‍ പറഞ്ഞു''എത്ര ദിവസായി പമ്പുംകൊണ്ട് മല്ലുക്കെട്ടുണൂ. എനിക്ക് മടുത്തു''. മുരുകമലയ്ക്ക് പുറകിലായി ആകാശം ചെഞ്ചായം പൂശിനിന്നു.


''ചെമ്മാനം പൂത്തിട്ടുണ്ട്. മഴ പെയ്യുംന്നാ എനിക്ക് തോന്നുണത്''ചാമി പറഞ്ഞു.


''ചെമ്മാനം പൂത്താല്‍ മഴപോയി എന്നാ ഞാന്‍ കേട്ടിട്ടുള്ളത്'' നാണു നായര്‍ ചാമി പറഞ്ഞതിനെ എതിര്‍ത്തു. വെയിലാറിയിട്ടില്ലെങ്കിലും കുളത്തിന്‍റെ കരയില്‍ നല്ല കുളിര്‍മ്മയുണ്ട്. മേനോന്‍ വേലായുധന്‍കുട്ടിയുടെ അസുഖം ഭേദമായതിനെക്കുറിച്ചും ശബരിമല യാത്രകളില്‍ തനിക്കുണ്ടായ പലപല അനുഭവങ്ങളെക്കുറിച്ചും പറയുന്നന്നതുകേട്ട് കുളത്തിന്‍റെ പടവുകളില്‍ എല്ലാവരും ഇരുന്നു, ദീപാരാധനയ്ക്കുള്ള ശംഖനാദം മുഴങ്ങി.


''വര്‍ത്തമാനം പറഞ്ഞിരുന്ന് നേരം നല്ലോണം വൈകി. വേഗം കുളിച്ച് അമ്പലത്തിലിക്ക് നടക്കിന്‍''എഴുത്തശ്ശന്‍ എല്ലാവരേയും ഉഷാറാക്കി.


അദ്ധ്യായം - 97.


''ഒരുകാര്യം ചെയ്യിന്‍''എഴുത്തശ്ശന്‍ മക്കുരാവുത്തരോട് പറഞ്ഞു''അവര് ഇപ്പൊ പറഞ്ഞതൊക്കെ കേട്ടില്ലേ. അവര്‍ക്ക് പണത്തിന്ന് കുറച്ച് തിടുക്കം ഉണ്ടത്രേ. സ്ഥലത്തിന്ന് വിലകെട്ട്യേതിന്‍റെ കാല്‍ഭാഗം ഇപ്പൊ കൊടുക്കിന്‍. എന്നിട്ട് ആറ്മാസത്തേക്കോ ഒരുകൊല്ലത്തേക്കോ കരാറെഴുതിക്കോളിന്‍. അതിന്‍റെ എടേല് നാലോ അഞ്ചോ ഗഡുക്കളായിട്ട് വിലകൊടുത്ത് തീര്‍ത്ത് റജിസ്ട്രാക്കിന്‍. നിങ്ങള് വേണച്ചാല്‍ പുരപണി ഉടനെ തുടങ്ങിക്കോളിന്‍. അതിനൊന്നും ഒരുതടസ്സം ഇവരുടെ ഭാഗത്തുന്ന് ഉണ്ടാവില്ലാ''.


''അതിന്‍റെ ആവശ്യോന്നും ഉണ്ടാവില്ലാ''നാണുനായര്‍ ഇടപെട്ടു''പൂത്ത പണൂണ്ട് രാവുത്തരടെ കയ്യില്''.


''ഈ നാണുനായര് പറയുണമാതിരി അത്ര്യോന്നും നമ്മടെ കയ്യിലില്ല. അള്ളാവിന്‍റെ കൃപകൊണ്ട് മക്കള് കുറച്ചെന്തോ എത്തിക്കുണുണ്ട്. അതോണ്ട് കൊമ്പും തലേം ആട്ടി നടക്കുണൂന്നെ ഉള്ളു''.


''അങ്ങിന്യാച്ചാല്‍ കച്ചോടം മുറിക്ക്യല്ലേ''എഴുത്തശ്ശന്‍ തിടുക്കംകുട്ടി.


''നിങ്ങടെയൊക്കെ ധൈര്യത്തിലാ ഞാന്‍ ഇതിന്ന് ഇറങ്ങുണത്. നാളെ മേലാലുക്ക് പിള്ളര് പുരവെച്ച് കെട്ടാന്‍ തുടങ്ങുമ്പൊ ബുദ്ധിമുട്ടൊന്നും ഉണ്ടാവാണ്ടിരുന്നാ മതി''രാവുത്തര്‍ മനസ്സിലിരുപ്പ് വ്യക്തമാക്കി.


''നിങ്ങക്ക് നൂറുവട്ടം ആ ഉറപ്പ് തന്നതല്ലെ രാവുത്തരേ''നാണുനായര്‍ക്ക് രാവുത്തരുടെ വാക്കുകള്‍ തീരെപിടിച്ചില്ല''ഇവിടെ ആരും ജാതീം മതൂം ഒന്നും നോക്കാതെ നിങ്ങളെ കൂട്ടത്തില്‍ കൂട്ടുംന്ന്''.


''നിങ്ങള് വിചാരിക്കുണതല്ല നമ്മടെ മനസ്സില്. പുര പണിയണച്ചാല്‍ കല്ലും മരൂം ഒക്കെ വേണം. ഇക്കരക്ക് അതൊക്കെ എങ്ങിനെ കടത്തുംന്നാ നമ്മടെ ആലോചന''.


''ഇതേ ഉള്ളൂച്ചാല്‍ വഴീണ്ട്''എഴുത്തശ്ശന്‍ പറഞ്ഞു''കയത്തംകുണ്ടിന്‍റെ ചോട്ടില്‍ ചെങ്കല്ലുചൂള വെക്കിന്‍. പത്തമ്പതിനായിരം ഇഷ്ടിക ഉണ്ടാക്ക്യാ മതി. കടത്ത്കൂലി ലാഭം. തോനെവെല കൊടുക്കണ്ടിവരൂല്യാ''.


''കരിങ്കല്ലാണെങ്കില്‍ അവിടുന്നന്നെ പൊട്ടിച്ചെടുക്കാം. വെള്ളപ്പാറ കടവില്‍ മണലുണ്ട്. തലച്ചുമടായിട്ട് അത് കടത്താം''നാണുനായര്‍ ബാക്കിപറഞ്ഞു''ഒന്ന് നോക്ക്യാല്‍ ഇത്രസൌകര്യം എവിടേം കിട്ടില്ല''.


''അമ്മിണിയമ്മയ്ക്ക് പുര പണിയാന്‍ ചെങ്കല്ല് വേണ്ടിവരും. അതുംകൂടി കണക്കാക്കി ചൂളവെച്ചാ മതി''.


''നമ്മക്ക് അതൊന്നും അറിയില്ല. നിങ്ങളെന്ത് പറയുണോ അതന്നെ കാര്യം''.


''എന്നാ ബാക്കികാര്യം നിശ്ചയിക്ക്യാ''എഴുത്തശ്ശന്‍ കാര്യം തീര്‍പ്പാക്കി ''ഇന്നന്നെ മുദ്രകടലാസ്സ് വാങ്ങി എഴുതാന്‍ കൊടുക്ക്വാ. അടുത്ത ആഴ്ച മുഴുവന്‍ പണം കൊടുത്ത് ആധാരം റജിസ്റ്റ്രാക്ക്വാ. എന്താ രണ്ട് കൂട്ടര്‍ക്കും സമ്മതോല്ലേ''.


ഇരുകൂട്ടരും സമ്മതിച്ചു. സരോജിനികൊടുത്ത ചായകുടിച്ച് എല്ലാവരും ഇറങ്ങി. നാണുനായരുടെ വീട്ടുപടിക്കല്‍വെച്ചിരുന്ന സൈക്കിള്‍ എടുത്ത് രാവുത്തര്‍ വരമ്പിലൂടെ നീങ്ങി.


***********************************


''വണ്ടിപുരേല് കുവ്വ വെച്ചത് നിക്കുണുണ്ട്. കിഴങ്ങ് എറങ്ങീട്ടുണ്ടോന്ന് നോക്ക്യാലോടാ ചാമ്യേ''വെറുതെയിരുന്നപ്പോള്‍ എഴുത്തശ്ശന്ന് മനസ്സില്‍ തോന്നിയത് അതാണ്.


''തിരുവാതിര ആവാറായോ കുപ്പ്വോച്ചാ''ചാമി ചോദിച്ചു.


''അടുത്തമാസത്തിലല്ലേ തിരുവാതിര. ഇത് വൃശ്ചികോല്ലേ''.


''എന്നാല്‍ നമുക്ക് ഉള്ളത് പിടുങ്ങാം. തൊലികളഞ്ഞ് അരച്ച് മാവ് ഉണക്കി എടുക്കാന്‍ താമസം പിടിക്കില്ലേ''.


''അതൊന്നും നമ്മള്ചെയ്യണ്ട പണ്യല്ലല്ലോ. കിഴങ്ങ് പറിച്ച് കൊടുക്കണം. അത് നന്നാക്ക്വേ ഒണക്ക്വേ എന്താ വേണ്ടേച്ചാല് പെണ്ണുങ്ങള് ചെയ്യട്ടെ''.


''അതൊക്കെ ഒരാള് ഒറ്റയ്ക്ക് ചെയ്യാന്‍ നിന്നാല് തൊലയും. എത്ര കെഴങ്ങ് ഉണ്ടാവുംന്നാ കരുതുണത്''.


''അതിനേ, കിട്ടുണതില്‍ കുറെ നാണുനായരുടെ വീട്ടില്‍ കൊടുക്കാം. കുറച്ച് അമ്മിണിയമ്മ എടുത്തോട്ടെ. അമ്പലത്തിലെ പൂജക്കാരനും വാരരുക്കും ഇത്തീരീശ്ശെ കൊടുക്കാം. അവരും കുടുംബായി കഴിയുണതല്ലേ. ബാക്കി നീ കൊണ്ടുപൊയ്ക്കോ''.


മണ്ണിനടിയില്‍കിടക്കുന്ന കിഴങ്ങ് വീതംവെക്കുന്നതുകേട്ട് വേണുവിന്ന് ചിരിവന്നു.


''കുപ്പ്വോച്ചോ, ഈ തൊടീടെ വേലിപ്പള്ളേല് ഞാന്‍ കുറെ ചെറുകിഴങ്ങും കാവുത്തുംവെച്ചിട്ടുണ്ട്. അതിപ്പൊ കിളക്കണോ''ചാമി കൈക്കോട്ടുമായി ഒരുങ്ങി.


''വേണ്ടാടാ, ഇപ്പൊ കെളച്ചാല്‍ അപ്പഴയ്ക്ക് കിഴങ്ങെല്ലാം ഒണക്കടിക്കും. കിഴങ്ങ് പൊഴക്കലൊക്കെ ആ സമയത്ത് മതി''. എഴുത്തശ്ശനും ചാമിയും വണ്ടിപുരയിലേക്ക് പോവുന്നതും നോക്കി വേണു ഇരുന്നു. അയാളുടെ മനസ്സില്‍ ഒരു കുട്ടിക്കാലം വിരിഞ്ഞു. അന്നൊക്കെ തിരുവതിരക്കാലം സന്തോഷം നിറഞ്ഞതാണ്. ഏഴുദിവസം പുലരുംമുമ്പേ വീട്ടിലെ സ്ത്രീകള്‍ ഉണരും. എഴുന്നേറ്റതും സംഘംചേര്‍ന്ന് പാട്ടും പാടി കുളത്തിലേക്ക് ഒരു പോക്കാണ്. കമ്പിറാന്തലിന്‍റെ വെളിച്ചത്തിലാണ് യാത്ര. ആദ്യമാദ്യം നല്ല ഇരുട്ടായിരിക്കും. ക്രമേണ നിലാവ് അവരെ കാത്തുനില്‍ക്കും.


''മുന്നിലാവാണ്. അതാ ഇരുട്ട്''ചെറിയമ്മ പറയും''തിരുവാതിരദിവസം ആവുമ്പഴേ പറ മുഴുവനാവൂ''.


പെണ്ണുങ്ങള്‍ തുടിച്ചുകുളിക്കുമ്പോള്‍ കരിങ്കല്‍പടവില്‍ തണുത്തുവിറച്ച് ഇരിക്കും. കുറെ കഴിയുമ്പോള്‍ വെള്ളത്തില്‍ ചാടെടാ ചെക്കാ എന്നു പറഞ്ഞ് ഓപ്പോള് കൈകൊണ്ട് വെള്ളം തേവിനനയ്ക്കും. കുളത്തിലേക്ക് ഒറ്റച്ചാട്ടമാണ്. തിരിച്ചുപോരുമ്പോള്‍ തണുപ്പുകൊണ്ട് താടികൂട്ടിയിടിക്കും. തിരുവാതിരദിവസം കുളികഴിഞ്ഞ് ദശപുഷ്പം ചൂടി താമ്പൂലം ചവച്ച് സ്ത്രീകള്‍ അണിഞ്ഞൊരുങ്ങും. ശിവക്ഷേത്രത്തിലേക്കാണ് അടുത്തയാത്ര. ഇളന്നീരും പഴവും വെറ്റിലയും കളിയടക്കയുമായി അമ്പലത്തില്‍ചെന്ന് പരമശിവനെ തൊഴുതുവന്നാല്‍  ചെറിയമ്മ കൂവ വിരകാന്‍ തുടങ്ങും. കൂവനൂറില്‍ ശര്‍ക്കരപ്പാവൊഴിച്ച് വിരകും. അത് കട്ടിയാവാന്‍ തുടങ്ങുമ്പോള്‍ നാളികേരം ചിരകിയിടും. ചെറുപഴവും പപ്പടവുംകൂട്ടി കൂവ വിരകിയത് കഴിച്ചതിന്‍റെ രുചി നാവിന്‍തുമ്പത്തുണ്ട്. അന്ന് ഉച്ചയ്ക്ക് കഞ്ഞിയും പുഴുക്കുമാണ് ഉണ്ടാവുക. ചേമ്പും കാവുത്തും വെള്ളപ്പയറും ചെറുകിഴങ്ങും ഇടിച്ചക്കയുമൊക്കെ ചേര്‍ത്തുണ്ടാക്കിയ പുഴുക്കുംകൂട്ടി ഗോതമ്പും വറുത്തരങ്ങിയ ചെറുപയറുംചേര്‍ത്ത കഞ്ഞി കഴിക്കുവാന്‍ ഏറെ ഇഷ്ടമായിരുന്നു. ചിലപ്പോള്‍ ചെറുകിഴങ്ങ് കുഴിച്ചെടുത്ത് ചപ്പില കൂട്ടി ചുട്ടുതിന്നും. നാവില്‍ തരിപ്പാണ് അപ്പോള്‍ തോന്നുക. 


കുറച്ചു മുതിര്‍ന്നപ്പോള്‍ തിരുവാതിരദിവസം ഒറ്റയ്ക്കേ ക്ഷേത്രത്തിലേക്ക് ചെല്ലാറുള്ളു. വീട്ടിലുള്ളവര്‍ അമ്പലത്തില്‍നിന്ന് തിരിച്ചെത്തിയശേഷമാണ് പുറപ്പെടാറ്. അപ്പോള്‍ ഒരുകൊച്ചുസുന്ദരി ഉങ്ങിന്‍റെ ചുവട്ടില്‍  കണ്ണെഴുതി പൊട്ടുംതൊട്ട് പട്ടിന്‍റെ പാവാടയും ജാക്കറ്റുമായി കാത്തുനില്‍പ്പുണ്ടാവും.  വേണുവിന്‍റെ സ്വന്തം മാലതി. അമ്പലത്തിനകത്തേക്ക് വേണു ചെല്ലാറില്ല.


''എന്താ മഹാദേവനുമായി പിണങ്ങീട്ടുണ്ടോ''അവള്‍ ചോദിക്കും.


''എനിക്കാരോടും പിണങ്ങാന്‍ കഴിയില്യാന്ന് മാലതിക്ക് അറിയില്ലേ''.


''പിന്നെന്താ അകത്ത് കേറാത്തത്''.


''തിരുവാതിരദിവസം രാവിലെ പെണ്ണുങ്ങളാണ് തൊഴാന്‍ ചെല്ലണ്ടത്. ഞാന്‍ ദീപാരാധനയ്ക്ക് തൊഴാം. അപ്പഴേക്കും അദ്ദേഹം എങ്കിട്ടും   എണീട്ട് പോവില്ല''. ചിരിച്ചുകൊണ്ട് അവള്‍ അകത്തേക്ക് ചെല്ലും.


പൂങ്കിനാവിന്‍റെ നീര്‍പ്പോളയില്‍ വര്‍ണ്ണരേണുക്കള്‍കൊണ്ട് അയാളുടെ ഉപബോധമനസ്സ് ചിത്രം വരയ്ക്കാന്‍ ന്‍ തുടങ്ങി.  അമ്പലമതില്‍ക്കെട്ടിന്ന് വെളിയിലെ ആല്‍ത്തറയിലാണ് വേണു. തൊഴുത് പ്രസാദവുമായി മാലതി ഇറങ്ങി വരുന്നുണ്ട്. ഇളംപച്ച ജാക്കറ്റും അതേനിറത്തില്‍ കരയുള്ള സെറ്റുമുണ്ടുമാണ് അവളുടെ വേഷം. നെറ്റിയില്‍ അതേവര്‍ണ്ണത്തിലുള്ള ചാന്തുക്കുറി തൊട്ടിട്ടുണ്ട്. വേണു അവളുടെ ചുണ്ടുകളില്‍ വിരിഞ്ഞ മന്ദസ്മിതത്തിന്‍റെ ലഹരിയിലാണ്. അവള്‍ മന്ദംമന്ദം നടന്നടുക്കുകയാണ്. ഇപ്പോള്‍ കൂവളത്തിലയുടെ നീരില്‍ കാച്ചിയെടുത്ത വെളിച്ചെണ്ണയുടേയും ചന്ദനസോപ്പിന്‍റേയും സുഗന്ധം കാറ്റ് അയാളില്‍ എത്തിച്ചുതുടങ്ങി.


''നിയെന്താ വേണ്വോ ഇരുന്നൊറങ്ങ്വാണോ''ശബ്ദംകേട്ട് കണ്ണു മിഴിച്ചു നോക്കുമ്പോള്‍ നാണുമാമ. കൈവീശി കാണിച്ച് അപ്സരസ്സ് മനസ്സില്‍നിന്നു മറഞ്ഞു.


''കാറ്റുകൊണ്ടിരുന്നപ്പോള്‍ തന്നെ കണ്ണടഞ്ഞുപോയി''. 


''എവിടെ എഴുത്തശ്ശനും ചാമീം''നാണുനായര്‍ ചോദിച്ചു.


''വണ്ടിപ്പുരേലിക്ക് പോയി. കൂവ പുഴക്കാനുണ്ടത്രേ''


''എന്നാ ഞാനും പോണൂ''നാണുനായര്‍ നടന്നകന്നു. വേണു ട്രാന്‍സിസ്റ്റര്‍ കയ്യിലെടുത്ത് ട്യൂണ്‍ചെയ്തു.


 ''സൌ സാല് പഹലേ മുഛേ തുംസെ പ്യാര് ഥാ'' അതിനകത്തുനിന്ന് ഒലിച്ചിറങ്ങിയ ഗാനവീചികള്‍ അന്തരീക്ഷത്തില്‍ അലിഞ്ഞു.


അദ്ധ്യായം - 98.


നട്ടുച്ചവെയിലുംകൊണ്ട് വേണു വിയര്‍ത്തുകുളിച്ചെത്തി. ഉമ്മറത്ത് ആരേയും കാണാനില്ല. കാളിങ്ങ്ബെല്ലടിച്ചപ്പോള്‍ പണിക്കാരിയെത്തി.


''ഓപ്പോളെവിടെ''അയാള്‍ ചോദിച്ചു.


''അകത്ത് കിടക്കുണുണ്ട്''. അവള്‍ക്ക് പുറകെ വേണു ചെന്നു. പത്മിനി കിടപ്പുമുറിയില്‍ കട്ടിലില്‍ കിടക്കുകയാണ്. ചെറിയവേഗത്തില്‍ ഫാന്‍ കറങ്ങുന്നുണ്ട്.


''എനിക്ക് വയ്യാന്ന് ആരാ നിന്‍റെടുത്ത് പറഞ്ഞത്''വേണുവിനെ കണ്ടതും പത്മിനി ചോദിച്ചു.


''ആരും പറഞ്ഞിട്ടൊന്നും അല്ല ഓപ്പോളേ''വേണു പറഞ്ഞു''രാവിലെ മുതലേ മനസ്സിലൊരു വെപ്രാളം. ഓപ്പോള്‍ക്കെന്തോ പറ്റീട്ടുണ്ട് എന്നൊരു തോന്നല്. എന്നാലൊന്ന് അറിഞ്ഞിട്ടുവരാം എന്നുപറഞ്ഞ് ഇറങ്ങ്യേതാ''. പത്മിനിയുടെ മുഖം സന്തോഷംകൊണ്ടുവിടര്‍ന്നു.


''നിനക്ക് എന്നോടുള്ള സ്നേഹംകൊണ്ടാണ്''അവര്‍ പറഞ്ഞു''എനിക്ക് ലേശം വയ്യായവരുമ്പോഴേക്കും നിന്‍റെ മനസ്സിലത് തോന്നിച്ചത്''.


''ഓപ്പോള്‍ക്ക് എന്തേ പറ്റ്യേത്''.


''ഒന്ന് തലചുറ്റി. അപ്പഴക്കും അച്ഛനും മകനുംകൂടി എന്നെ ഡോക്ടറടെ അടുത്ത് കൊണ്ടുപോയി. പ്രഷര്‍ കൂട്യേതാണെന്നാ അയാള് പറഞ്ഞത്. അതെങ്ങന്യാ. കല്യാണംകഴിയുംവരെ വേവലാത്യല്ലേ മനസ്സില്''.


"ഓപ്പോള് വേണ്ടാണ്ടെ ഓരോന്ന് ആലോചിച്ച് വെറുതെ ടെന്‍ഷനടിക്കണ്ടാ. വിശ്വേട്ടനില്ലേ ഒക്കെ വേണ്ടപോലെ നോക്കിനടത്താന്‍''.


''അതൊക്കെ ശര്യാണ്. എന്നാലും മൂപ്പരുക്കും വയസ്സൊക്കെ ആയില്ലേ. പണ്ടത്തെപോലെ ഓടാന്‍ കഴിയ്യോ. ഞാനില്ലേ ഇവിടേന്ന് പറയാന്‍ ആരാ ഉള്ളത്. നിനക്കാണെച്ചാല്‍ നാട്ടുനടപ്പ് ഒന്ന്വോട്ട് അറിയില്ല. പിന്നൊരുത്തന്‍ ഉള്ളത് ഒമ്പതാം മടയ്ക്ക് ശത്രു ഇട്ടമാതിരി ദ്രോഹിക്കാനായി കച്ചകെട്ടി നില്‍പ്പാണ്''.


''വിശ്വേട്ടന്‍റെ വീട്ടുകാര് ഉണ്ടാവില്ലേ''.


''ഉണ്ടാവില്ല എന്നല്ല. അവരൊക്കെ വല്യേ ആള്‍ക്കാരല്ലേടാ. നൂറുകൂട്ടം തിരക്കുണ്ടാവില്ലേ അവര്‍ക്ക്. പിന്നെ ഒഴിവോടെ ഉണ്ടായിരുന്നത് ഒരു മരുമകനാണ്. അവന്‍ ജോല്യായി ബോംബേലിക്ക് പോവുംചെയ്തു''. 


''ഓപ്പോള് പേടിക്കണ്ടാ. ഒക്കെ നന്നായി നടക്കും''. കുറച്ചുനേരത്തേക്ക് പത്മിനി  ഒന്നും പറഞ്ഞില്ല. വേണുവിന്‍റെ മുഖത്തേക്ക് നോക്കി അവര്‍ കിടന്നു.


''കുറച്ചുനേരം നീ എന്‍റെ അടുത്ത് ഒന്നിരിക്ക്''അവര്‍ പറഞ്ഞു. വേണു കട്ടിലിന്‍റെ ഓരത്തിരുന്നു. പത്മിനി അയാളുടെ കൈപ്പടം തന്‍റെ കയ്യില്‍ ഒതുക്കി. ഒരമ്മ പെറ്റ മക്കളല്ലെങ്കിലും ഒരുകൂടപ്പിറപ്പിനെപ്പോലെ തന്നെ സ്നേഹിച്ചവനാണ് അരികത്ത് ഇരിക്കുന്നത്. അവന്‍റെ സ്നേഹത്തിനോ കുടുംബത്തിന്നുവേണ്ടി അവന്‍ ചെയ്ത സാമ്പത്തികസഹായങ്ങള്‍ക്കോ പകരം ആരും അവന് തിരിച്ചൊന്നും നല്‍കിയില്ല. അവനതില്‍ പരിഭവം ഇല്ലെങ്കിലും അതൊരു വലിയ വീഴ്ച തന്നെയാണ്. കല്യാണത്തിന്നുമുമ്പ്  വല്ലപ്പോഴും അവനുവേണ്ടി ഒരു നല്ലവാക്ക് പറയാന്‍ ചെന്നാല്‍  അമ്മ ഇഷ്ടക്കേട് കാണിക്കും. കല്യാണത്തിന്നുശേഷം അങ്ങിനെ ഒരു ആവശ്യം ഉണ്ടായതുമില്ല. കാലം ഏറെകഴിഞ്ഞശേഷം വിശ്വേട്ടനാണ് വേണുവിന്നു വേണ്ടി കുറച്ചെങ്കിലും ചെയ്യാന്‍ മുതിര്‍ന്നത്. എന്നിട്ടും ഒരിക്കല്‍പോലും അവന്‍ മുഖം കറുപ്പിച്ച് ഒരാളോടും പെരുമാറിയിട്ടില്ല. പത്മിനിയുടെ മനസ്സില്‍ വര്‍ണ്ണിക്കാനാവാത്ത വാത്സല്യം കുമിഞ്ഞുകൂടി. വേണുവിന്‍റെ കൈപ്പടം അവര്‍ കണ്ണോട് ചേര്‍ത്തുവെച്ചു. 


കുട്ടിക്കാലംതൊട്ടേ ഓപ്പോള്‍ക്ക് തന്നോടുണ്ടായിരുന്ന സ്നേഹത്തെക്കുറിച്ച് വേണു അപ്പോള്‍ ഓര്‍ക്കുകയായിരുന്നു. അത് വെളിപ്പെടുത്തുന്ന ഒരുദൃശ്യം അയാളുടെ ഉള്ളില്‍ തെളിഞ്ഞുവന്നു. 


 പശുവിനെ കഴുകി കൊണ്ടുവന്ന് തൊഴുത്തില്‍ കെട്ടിയതും കുന്നിന്‍റെ മുകളിലെ അമ്പലത്തില്‍നിന്ന് കതിനവെടിയുടെ ശബ്ദം ഉയര്‍ന്നു. അതിന്ന് തുടര്‍ച്ചയായി ചെണ്ടമേളത്തിന്‍റെ അലകള്‍ കേട്ടുതുടങ്ങി. പുല്ലുവട്ടിയില്‍ വൈക്കോല്‍ കുടഞ്ഞിട്ടുകൊടുത്ത് ഒമ്പതുവയസ്സുകാരന്‍ പശുക്കുട്ടിയെ താലോലിക്കുകയാണ്  .


''ഉച്ചശീവേലി തുടങ്ങാറായി. നീ വേഗം കുളിച്ചൊരുങ്ങ്''അകത്തുനിന്ന് ഇറങ്ങിവന്ന പതിനൊന്നു വയസ്സുകാരി ഓര്‍മ്മിപ്പിച്ചു.


''ഓപ്പോളേ, ഇനി എപ്പഴാ ഞാന്‍ കുളത്തില്‍പോയി കുളിച്ചിട്ട് വരുണത്. ചെറ്യേമ്മ വരാറായില്ലേ''.


''അമ്മ വരുമ്പഴയ്ക്കും കിണറ്റിന്ന് രണ്ടുബക്കറ്റ് വെള്ളംകോരി ഒഴിക്ക്''.


ആണ്‍കുട്ടി കുളിച്ച് തലതോര്‍ത്തി വരുമ്പോഴേക്കും പെണ്‍കുട്ടി ചീര്‍പ്പും പൌഡറുമായി എത്തി.


''നിന്‍റെ മൊകിറ് മുഴുവനും എണ്ണ്യാണ്. ഇവിടെ വാടാ''എന്നു പറഞ്ഞ് അവളവനെ ചേര്‍ത്തുനിര്‍ത്തി മുടിചീകി മുഖത്ത് പൌഡറിട്ടു.


''ഇപ്പൊ നീ തന്നെ കാണാന്‍ ചന്തക്കാരന്‍'''.


''അപ്പൊ കിട്ടുണ്ണ്യോ''.


''അവന് വെളുപ്പുണ്ട്ന്നേ ഉള്ളു. മുഖം അങ്ങന്നെ അമ്മടെ മട്ടാണ്. പല്ലുംപൊന്തി മുതുക്കടിച്ചപോലത്തെ മുഖം. തനിച്ചൊരു മൊരമ്പന്‍. വീങ്കറ. വെറുത്യല്ല പിള്ളേരവനെ ചട്ടിക്കാടന്‍ന്ന് വിളിക്കുണത്''.


''ഓപ്പോളേ വേണ്ടാട്ടോ. അവനോ ചെറ്യേമ്മ്യോ കേട്ടാ പെഴപ്പായി. നല്ല പെട കിട്ടും''.


''പിന്നെ പിന്നെ. ഞാന്‍ നുണ്യോന്ന്വല്ല പറയുണത്. നോക്ക് ഞാന്‍ അച്ഛന്‍റെ ഛായ്യാണ്. അതാ എനിക്കിത്ര ചന്തം. അവനെ കണ്ടാല്‍ ആരെങ്കിലും എന്‍റെ ആങ്ങള്യാണെന്ന് പറയ്യോടാ''. അതിന്ന് മറുപടി ഉണ്ടായില്ല.


''ഓണത്തിന്ന് നിനക്ക് കിട്ട്യേ ഷര്‍ട്ടും ട്രൌസറും ഇട്. വേഗം ചെന്നില്ലെങ്കില്‍ ശീവേലി കഴിയും''. ഒരുങ്ങികഴിയുമ്പോഴേക്കും ചെറിയമ്മയെത്തി.


''കിട്ടുണ്ണി എവിടെ''പടികടന്നതും അവര്‍ ചോദിച്ചു.


''അമ്പലത്തിലിക്ക് പോയി''.


''അവനെ ഒറ്റയ്ക്കയച്ചിട്ട് നീ ഇവിടെനിന്നു. ആ കുട്ടി വീണൂന്ന് കേട്ടാല്‍ നിന്‍റെ പുറം ഞാന്‍ പൊളിക്കും''. അവരുടെ കണ്ണുകള്‍ വേണുവിലെത്തി.


''ആരോട് ചോദിച്ചിട്ടാ ഇതൊക്കെ എടുത്ത് ഇട്ടത്. ഇട്ടിട്ട് മുഷിച്ച് വെച്ചാല്‍ വൃത്ത്യാക്കി തരാന്‍ ഇവിടെ നിന്‍റെ തള്ള ഉണ്ടോടാ നായേ''. കുട്ടി വേഷം അഴിക്കാന്‍ ഒരുങ്ങി.


''മുഖത്ത് ആരാ ഇതൊക്കെ വാരി പൊത്ത്യേത്''. അതിന്നും മറുപടി ഇല്ല.


''നീയാണോടി ഇവനെ വേഷം കെട്ടിച്ചത്''ചോദ്യം മകളോടായി.


''ഞാനൊന്നും ചെയ്തില്ല''.


''ആരാടാ പൌഡര്‍ ഇട്ടത്''. ഞാനല്ല എന്നു പറയാന്‍ പെണ്‍കുട്ടി ആംഗ്യം കാണിച്ചത് അവന്‍ കണ്ടു.


''ഞാന്‍ തന്നെ ഇട്ടതാണ്''അവന്‍ പറഞ്ഞു.


''അത്രയ്ക്കായോടാ അഹമതി''ഇരുകൈകൊണ്ടും രണ്ട് ചെവികളിലും പിടിച്ച് തല ചുമരില്‍ ഒറ്റ ഇടി. കണ്ണില്‍ മിന്നല്‍തട്ടിയതുപോലെ അവന്ന് തോന്നി. തലയുംതടവി അവന്‍ നിലത്തിരുന്നു.


''പൌഡറ് വാരിപൂശാത്ത കേടേ ഉള്ളു. കാക്ക കുളിച്ചാല്‍ കൊക്കാവില്ല. അത് മനസ്സിലാക്കണം''. എത്രനേരം അവിടെത്തന്നെയിരുന്നു എന്നറിയില്ല. ചെറിയമ്മ വരുന്നത് കണ്ട് അവന്‍ എഴുന്നേറ്റു.


''വേഗം പോയി മൊയ്തുണ്ണിടെ പേട്ടേന്ന് രണ്ടുതൂക്ക് വിറക് വാങ്ങീട്ട് വാ. വൈകുന്നേരം അടുപ്പുകൂട്ടാന്‍ ഒരുകരട് വിറകില്ല ഇവിടെ. അറിയ്യോടാ'' ഒന്നു നിര്‍ത്തിയിട്ട് അവര്‍ പറഞ്ഞു''പിന്നെ വിറക് ഒക്കെകൂടി ഏറ്റീട്ട് വരാന്‍ വയ്യെങ്കി രണ്ടോ മൂന്നോ പ്രാവശ്യായി കൊണ്ടുവന്നാ മതി''.


മുഷിഞ്ഞ വേഷം വീണ്ടും എടുത്തിട്ട് കാശുംവാങ്ങി ചൂടികയറും ചുരുട്ടി നടക്കാനൊരുങ്ങുമ്പോള്‍ പിന്നില്‍നിന്ന് ഒരു വിതുമ്പല്‍ കേട്ടു. തിരിഞ്ഞ് നോക്കുമ്പോള്‍ ഓപ്പോള്‍ കണ്ണ് തുടയ്ക്കുകയാണ്. 


''ഓപ്പോള്‍ അമ്പലത്തിലിക്ക് പോണില്ലേ''അവന്‍ ചോദിച്ചു


''ഞാന്‍ എങ്കിട്ടും പോണില്ല''പെണ്‍കുട്ടി അകത്തേക്ക് ഓടി.


തന്‍റെ കൈ നനയുന്നത് വേണു അറിഞ്ഞു. നോക്കുമ്പോള്‍ ഓപ്പോളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.


''എന്താ ഓപ്പോളേ ഇത്''അയാള്‍ ചോദിച്ചു''സങ്കടപ്പെടാന്‍ മാത്രം എന്തേ ഉണ്ടായത്. ഒരുതലചുറ്റല്‍ വന്നു. അത് മാറുംചെയ്തു. അതിന് ഇങ്ങിനെ വിഷമിച്ചാലോ''.


''അതൊന്ന്വോല്ലാ. എന്‍റെ കുട്ട്യേ. നിന്‍റെ കാര്യം ഒന്നും ഞാന്‍ നോക്കീലല്ലോ എന്ന് ആലോചിക്കുമ്പൊ എനിക്ക്''അവരുടെ തേങ്ങല്‍ ഉച്ചത്തിലായി. വേണു വല്ലാത്ത അവസ്ഥയിലായി.


''എനിക്ക് ഒന്നും മനസ്സിലാവുന്നില്ലല്ലോ ഓപ്പോളേ''അയാള്‍ പറഞ്ഞു.


''എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട്''പുറകില്‍നിന്ന് ശബ്ദം കേട്ടപ്പോള്‍ തിരിഞ്ഞുനോക്കി. തൊട്ടരികില്‍ വിശ്വേട്ടന്‍ നില്‍ക്കുന്നു.


 ''കുറച്ചുകാലായിട്ട് ഞാന്‍ ഈ സങ്കടം കാണുണുണ്ട്. തന്നെക്കുറിച്ചുള്ള വേവലാത്യാണ് പത്മിനിടെ മനസ്സില്‍''. വേണു എഴുന്നേറ്റു.


''താന്‍ അവിടെ ഇരിക്ക്. ഞാന്‍ ഇതൊക്കെ ഒന്ന് മാറ്റീട്ട് വരാം''വക്കില്‍ അകത്തേക്ക് ചെന്നു.


''എണീക്ക്. ഉണ്ണാറായി''ഓപ്പോള്‍  പറഞ്ഞതും വേണു കട്ടിലില്‍നിന്ന് എഴുന്നേറ്റു.


പത്മിനി എഴുന്നേറ്റ് തലമുടി വാരിക്കെട്ടി. വേഷ്ടിത്തലപ്പുകൊണ്ട് അവര്‍ മുഖംതുടച്ചു. വേണു ആ മുഖത്തേക്കുതന്നെ നോക്കി. പ്രായം ഓപ്പോളുടെ മുഖകാന്തിക്ക് ഒട്ടും മങ്ങലേല്‍പ്പിച്ചിട്ടില്ല. ഭംഗി കണ്ടിട്ടാണത്രേ വിശ്വേട്ടന്‍ ഓപ്പോളെ വിവാഹം കഴിച്ചത്. അല്ലാതെ അവരുടെ സ്ഥിതിക്ക് യോജിച്ച ബന്ധമായിരുന്നില്ല ഇത്. മേശപ്പുറത്ത് വിഭവങ്ങള്‍ നിരന്നിരുന്നു.


''താനെന്തിനേ വയ്യെങ്കില്‍ എണീട്ടത്''വക്കീല്‍ ചോദിച്ചു.


''ഇപ്പൊ ഭേദായി''.


''ആങ്ങള അടുത്തു വന്നിരുന്നപ്പോള്‍ ഒക്കെ മാറി. ഇങ്ങിന്യാണെങ്കില്‍ ഇനി രോഗം വന്നാല്‍ ആങ്ങള ഉണ്ടായാ മതി, ചികിത്സിക്കാതെ കഴിക്കാല്ലോ''.


''എന്നെ കളിയാക്കാന്‍ ഒരുകാരണംകിട്ടി അല്ലേ''പത്മിനി ചോദിച്ചു.


''അയ്യേ. തന്നെ ഞാന്‍ കളിയാക്ക്വോ. ഇയാളോടുള്ള തന്‍റെ സ്നേഹം കണ്ടിട്ട് പറഞ്ഞതാ''. പത്മിനി ആണുങ്ങള്‍ ഭക്ഷണംകഴിക്കുന്നത് നോക്കിയിരുന്നു.


''എന്നാ നീ ശബരിമലയ്ക്ക് പോണത്''അവര്‍ വേണുവിനോട് ചോദിച്ചു.


''മറ്റന്നാള്‍. പിറ്റേദിവസം രാത്രി തിരിച്ചെത്തും ചെയ്യും''.


''വേണൂ, തന്നോടൊരുകാര്യം ചോദിക്കാന്‍ വിട്ടുപോയി.  ഇക്കുറീത്തെ കൃഷിക്ക് വെള്ളത്തിന്ന് ബുദ്ധിമുട്ടുണ്ടോ''വക്കീല്‍ ചോദിച്ചു. 


''അതൊന്നും പറയണ്ടാ. പമ്പുവെച്ച് വെള്ളം അടിച്ചാണ് നനയ്ക്കുണത് ''.


''സ്വന്തം പമ്പോ, അതോ വാടകയ്ക്കോ''.


''വാടകയ്ക്കാണ്''.


''എങ്ങിന്യാ അതിന്‍റെ കണക്ക്''.


''മണിക്കൂറിന്ന് ഇത്ര എന്നുവെച്ച് ഓടിയ മണിക്കൂര്‍ കണക്കാക്കി പണം കൊടുത്താമതി. നമ്മളൊന്നും അറിയണ്ടാ. ഡീസല്‍ അവരന്നെ അടിക്കും. കാളവണ്ടീല് അവര് പമ്പ് കൊണ്ടുവരും കൊണ്ടുപോവും ചെയ്യും. ഓടിക്കാന്‍ ഒരാളെ നിര്‍ത്തും . പക്ഷെ വാടക ഇത്തിരി അധികം വരും''.


''അല്ലെങ്കിലോ''.


''ദിവസകൂലിക്ക് പമ്പെടുക്കണം. കൊണ്ടുവരാനും കൊണ്ടുപോവാനും ഉള്ള ചിലവും ഡീസലും നമ്മള് വഹിക്കണം. പമ്പ് ഓടിക്കാന്‍ ഒരാളെ നിര്‍ത്തണം. കേടുവന്നാല്‍ നമ്മള്‍ നന്നാക്കികൊടുക്കും വേണം. എന്നാലും അതാ ലാഭം''.


''എന്നാല്‍ അതിനൊന്നും മിനക്കെടണ്ടാ. തറവാട്ടിലെ തെങ്ങിന്‍ത്തോപ്പ് നയ്ക്കാന്‍ മുമ്പൊരു ഡീസല്‍പമ്പ് വാങ്ങീരുന്നു. കറണ്ട്കണക്ഷന്‍ കിട്ടി മോട്ടോര്‍ വെച്ചപ്പൊ അത് അഴിച്ചുവെച്ചതാണ്. സാധനം ഓവര്‍ഹോള്‍ ചെയ്യാന്‍ കൊടുത്തിട്ടുണ്ട്. കിട്ട്യാല്‍ അവിടക്ക് എത്തിയ്ക്കാം''. വേണു തലയാട്ടി.


''പിന്നെ ശബരിമലയ്ക്ക് പോയി വന്നതിന്‍റെ പിറ്റേന്നാള്‍ മുതല്‍ ഇവിടെ കാണണം. എന്താ പറ്റില്ലേ''.


''ഞാന്‍ ഇവിടെത്തന്നെ ഉണ്ടാവും''വേണു സമ്മതിച്ചു.


 അദ്ധ്യായം 99.


''എന്താണ്ടാ ചാമ്യേ, നീ ഏറ്റിപ്പിടിച്ചും കൊണ്ട് വരുണത്''തലയില്‍ ഒരു കുട്ടിച്ചാക്ക് നിറയെ സാധനവുമായി വരുന്ന ചാമിയോട് എഴുത്തശ്ശന്‍ ചോദിച്ചു.


''കുറച്ചുചക്കരകെഴങ്ങാണ് കുപ്പ്വോച്ചോ''. കളപ്പുരയുടെ തിണ്ടില്‍ അവന്‍ ചാക്ക് ഇറക്കിവെച്ചു.


''നീയല്ലാണ്ടെ വേറെ ആരെങ്കിലും ഊരുപ്പെട്ട കാശുംകൊടുത്ത് ഇത്രതോനെ കെഴങ്ങ് വാങ്ങ്വോ''.


''ഇത് പണം കൊടുത്ത് വാങ്ങ്യേതല്ല. പൊറ്റക്കണ്ടത്തിന്‍റെ ഒരു ഓരത്ത് പാത്തിമാടി ചക്കരവള്ളി വെച്ചതാണ്. കെഴങ്ങ് എറങ്ങ്യോന്ന് ഞാന്‍ നോക്കീരുന്നില്ല''.


''അതു നന്നായി. അവനോന്‍റെ സ്ഥലം വെറുതെ തരിശിട്ടിട്ട് കൂലിപണിക്ക് പോണതിനേക്കാള്‍ അവിടെ കൊത്തി കിളച്ച് വല്ലതും ഉണ്ടാക്കുണതന്യാ നല്ലത്''.ചാമി കുട്ടിച്ചാക്കിന്‍റെ കെട്ടഴിച്ച് തിണ്ടില്‍കൊട്ടി. വെള്ളത്തില്‍ മണ്ണ് കഴുകി കളഞ്ഞിട്ടാണ് കിഴങ്ങുകള്‍ കൊണ്ടുവന്നിരിക്കുന്നത്. വെളുപ്പും ചുവപ്പും തൊലിയുള്ള കിഴങ്ങുകള്‍ അവിടെ ചിതറികിടന്നു. 


''ഇതൊന്ന് വന്നുനോക്ക്''എഴുത്തശ്ശന്‍ വേണുവിനെ ക്ഷണിച്ചു. റേഡിയോ ഓഫാക്കി അയാള്‍ വന്നു.


''ഇതെന്താ രണ്ട് നിറത്തില്''അയാള്‍ ചോദിച്ചു.


''ചോപ്പ്നിറം ഉള്ളത് നമ്പറ് കെഴങ്ങാണ്''ചാമി പറഞ്ഞു''വേവിച്ചാല്‍ ഉള്ള് മഞ്ഞ നെറാവും. നല്ല മധുരൂള്ള ജാത്യാണ് അത്''. 


കുട്ടിക്കാലത്ത് ചിലപ്പോഴൊക്കെ വൈകുന്നേരങ്ങളില്‍ ചക്കരക്കിഴങ്ങ് പുഴുങ്ങിയതാണ് കിട്ടാറുള്ളത്. പാടത്ത് പണിയില്ലാത്ത ദിവസങ്ങളില്‍ പെണ്ണുങ്ങള്‍ ചക്കരവള്ളി വലിക്കാന്‍പോവും. കിഴങ്ങുതന്നെയാണ് കൂലി. അതിനോടൊപ്പം നാരും വേരും വെട്ടുകൊണ്ട് മുറിഞ്ഞതും ഒക്കെ അവര്‍ക്ക് കിട്ടും. സ്കൂള്‍ വിട്ടുവന്ന് പശുവിനെ മേക്കാന്‍ പാടത്തിന്‍റെ വരമ്പത്ത് നില്‍ക്കുമ്പോള്‍ അവര്‍ പണിമാറി വരുന്നുണ്ടാവും.


''തമ്പ്രാന്‍കുട്ടിക്ക് കിഴങ്ങ് വേണോ''എന്ന് ചിലരൊക്കെ ചോദിക്കും. എത്ര വേണ്ടെന്ന് പറഞ്ഞാലും ചിലര്‍ ഒന്നോ രണ്ടോ കിഴങ്ങ് തന്നിട്ടേ പോകൂ.


''പാവം. തന്തേം  തള്ളേം  ഇല്ലാത്ത കുട്ട്യാണ്. അതിനെ ഇങ്ങിനെ ഇട്ട് കഷ്ടപ്പെടുത്തുണത് കാണുമ്പൊ സങ്കടം വരും''മിക്കദിവസവും ആരെങ്കിലും പറയാറുണ്ട്.


''നീ ഒരു കാര്യം ചെയ്യടാ ചാമ്യേ''എഴുത്തശ്ശന്‍ പറഞ്ഞു''കുറച്ച് കെഴങ്ങ് വേവിക്കാനിട്. ബാക്കീള്ളത് ആ പെണ്‍കുട്ടിടെ കയ്യില്‍ കൊണ്ടുപോയി കൊടുത്ത് കൂട്ടാന്‍ വെക്കാന്‍ പറ''.


''എന്ത് കൂട്ടാനാ ഉണ്ടാക്കാന്‍ പറയണ്ടത്''.


''നിനക്ക് അറിയില്ല അല്ലേ. ആ കുട്ട്യോട് ചക്കരകെഴങ്ങും ചേമ്പിന്‍തണ്ടും ഉള്ളീം  മുളകും അരച്ചത് ഒഴിച്ച് കൂട്ടാന്‍ ഉണ്ടാക്കാന്‍ പറ. ഒരു തുള്ളി പച്ചവെളിച്ചെണ്ണ ഒഴിച്ചാല്‍ നല്ല രുചീണ്ടാവും. ചോറ് കൊണ്ടുവാന്ന് പറയും''.


''വേറൊന്നും ചേര്‍ക്കണ്ടാ''.


''വേണച്ചാല്‍ ഒരുപിടി വെള്ളപ്പയര്‍ ഇടാം. അല്ലെങ്കിലോ കുറച്ച് പച്ചപ്പയര്‍ പൊട്ടിച്ചിടാം. അതൊന്നും ഇല്ലെങ്കിലും കുഴപ്പൂല്യാ. അവള് വേണ്ടപോലെ ചെയ്തോട്ടെ''. ചാമി അടുപ്പു കത്തിച്ച് കിഴങ്ങ് വേവിക്കാനിട്ടു. ബാക്കി കുട്ടിച്ചാക്കിലാക്കി പോവാനൊരുങ്ങി.


''വേഗം വാ. ഒരു പണീണ്ട്''എഴുത്തശ്ശന്‍ പറഞ്ഞു.


''എന്താ അര്‍ജ്ജന്‍റായിട്ട്''.


''നീ കുളക്കണ്ടത്തിന്‍റെ വരമ്പത്ത് പോയോ''.


''ഉവ്വ്. ആ കണ്ടത്തില് എലി വെട്ടാന്‍ തുടങ്ങീട്ടുണ്ട്''.


''അപ്പൊ നീയത് കണ്ടു അല്ലേ''.


''ഞാന്‍ മരുന്നു വാങ്ങീട്ടുണ്ട്. ഒരുപിടി അരീം  മരുന്നുംകൂടി കലര്‍ത്തി മണത്തിന് ഇത്തിരി വെളിച്ചെണ്ണേം ഒഴിച്ചിട്ട് ചെരട്ടേലാക്കിവെക്കാം. തിന്ന് ചാവട്ടെ''.


''അതു തിന്നിട്ട് വെള്ളം കുടിച്ചാല്‍ എലി ചാവില്ല. നമ്മള് മരുന്ന് വെച്ചത് പാഴാവും''.


''പിന്നെന്താ വേണ്ടത്''.


''മരുന്ന് വെച്ചോ. ചാവുണതൊക്കെ ചാവട്ടെ. കുറച്ച് താളിന്‍തണ്ട് കഷ്ണം കഷ്ണായി അരിഞ്ഞ് പാടത്തിടാം. അത് കടിച്ചാല്‍ വായ ചൊറിഞ്ഞിട്ട് പിന്നെ എലി വരില്ല''. 


എന്തൊക്കെ സൂത്രപണികളാണെന്ന് വേണു അത്ഭുതപ്പെട്ടു.


***************************


സമയം ആറുമണി ആവാറായി. പണിക്കാരെല്ലാം ജോലികഴിഞ്ഞു പോയി.  മില്ലില്‍ രാധാകൃഷ്ണനെകൂടാതെ വാച്ച്മാന്‍ പൊന്നുമണി മാത്രമേയുള്ളു. കാലിച്ചാക്കുകള്‍ അടുക്കി കെട്ടാക്കി ഗൊഡൌണില്‍ വെക്കാന്‍ അയാളെ ഏല്‍പ്പിച്ചിരിക്കുകയാണ്. മൂന്നുനാല് ദിവസമായി സദാസമയവും കണക്കു പുസ്തകങ്ങള്‍ക്കുള്ളില്‍ മുഴുകുകയായിരുന്നു. സ്റ്റോക്കില്‍ എന്തോ ചില തിരിമറി നടന്നിട്ടുണ്ട്. ഒറ്റ നോട്ടത്തിലാണ് അച്ഛന്‍ അതു കണ്ടെത്തിയത്. മില്ലില്‍ തല്‍ക്കാലത്തേക്ക് നിയമിച്ചിരുന്ന മാനേജരുടെ നേര്‍ക്കാണ് സംശയത്തിന്‍റെ മുന നീളുന്നത്. അയാള്‍  എത്ര എളുപ്പത്തില്‍ തന്നെ കബളിപ്പിച്ചു. അച്ഛനെ എളുപ്പത്തില്‍ ആര്‍ക്കും പറ്റിക്കാനാവില്ല. ശരിക്ക് സുഖമില്ലാത്ത അവസ്ഥയിലും അച്ഛന് പെട്ടെന്ന് കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കാന്‍ കഴിഞ്ഞു.


കൈകാലുകള്‍ കഴുകി ഓഫീസ്റൂമില്‍ വിളക്കുവെക്കണം. എന്നിട്ടുവേണം വീട്ടില്‍ചെന്ന് കുളിച്ച് ശരണംവിളിക്കാന്‍. ഇത്തവണ അച്ഛനെ കൂടി ശബരി മലയ്ക്ക് വ്രതം എടുപ്പിക്കുന്നുണ്ട്. യാത്രപോവാന്‍ ഇനി ഒരേ ഒരുദിവസം കൂടിയേ ഉള്ളു.


വരാന്തയില്‍വെച്ച കുടത്തില്‍നിന്ന് വെള്ളം എടുക്കാന്‍ ചെന്നപ്പോള്‍  ഒരു സ്ത്രി തൂണുംചാരി നില്‍ക്കുന്നു. വാലിട്ട് കണ്ണെഴുതി, മുറുക്കി ചുവപ്പിച്ച ഒരു യുവതി. നെറ്റിയില്‍ ചാന്തുകൊണ്ടൊരു വട്ടപൊട്ട് ഇട്ടിട്ടുണ്ട്. മുഖത്ത് വാരിപൂശിയ പൌഡര്‍ അവളുടെ എണ്ണക്കറുപ്പു നിറം മായ്ക്കാന്‍ നന്നെ പാടുപെടുന്നുണ്ട്. കടുംചുവപ്പ് നിറത്തിലുള്ള സാരിയും ജാക്കറ്റുമാണ് വേഷം. കയ്യിലൊരു ശീലക്കുടയും തുണിസ്സഞ്ചിയും ഉണ്ട്. ഒറ്റനോട്ടത്തില്‍ എന്തോ ഒരു  ലക്ഷണപ്പിഴ തോന്നി.


''ആരാ''രാധാകൃഷ്ണന്‍റെ ശബ്ദത്തില്‍ നീരസം കലര്‍ന്നിരുന്നു.


''ഞാനാ, പാഞ്ചാലി''കൊഞ്ചികുഴഞ്ഞുകൊണ്ടുള്ള ആ മറുപടി അയാള്‍ക്ക് രസിച്ചില്ല.


''എന്താ ഇവിടെ''.


''ഒന്നൂല്യാ''.


''വെറുതെ നില്‍ക്കാനുള്ള സ്ഥലോല്ല ഇത്. കാര്യോന്നും ഇല്ലെങ്കില്‍ വേഗം സ്ഥലം വിട്''.


''ഞാന്‍ സുകുമാരേട്ടനെ കാത്തുനിന്നതാണ്''.


''അതിനയാള്‍ ഇവിടെ ഇല്ലല്ലോ''.


''ചിലപ്പൊ വരുംന്ന് എന്‍റടുത്ത് പറഞ്ഞിട്ടുണ്ട്''.


''ഞാന്‍ മില്ലുപൂട്ടി പോവാന്‍ നില്‍ക്കാണ്. നിങ്ങള്‍ പൊയ്ക്കോളൂ''.


''എനിക്കിപ്പൊ തിരക്കൊന്നൂല്യാ''ഒന്നുനിര്‍ത്തിയിട്ട് ശൃംഗാരം തുളുമ്പുന്ന ഭാവത്തോടെ അവള്‍ പറഞ്ഞു''സുകുമാരേട്ടന്‍റെ കൂട്ടുകാരനായിട്ട് എന്നെ അറിയില്ല അല്ലേ.  മലയ്ക്ക് പോയിട്ട് വരിന്‍. എന്നിട്ട് നമുക്ക് ശരിക്കൊന്ന് പരിചയപ്പെടാം''. ആ വാക്കുകളിലെ ദുസ്സൂചന അയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല. എത്ര എണ്ണത്തിനെ ഈ കാലത്തിനിടയ്ക്ക് കണ്ടിരിക്കുന്നു. എന്നാലും ഇതുപോലെ ഒന്നിനെ ആദ്യമായിട്ടാണ്.


''നിങ്ങളോട് പോവാനാണ് പറഞ്ഞത്''അയാളുടെ സ്വരം ഉയര്‍ന്നു.


''എന്തിനാ കെടന്ന് അലറണത്. ഇത്തിരിനേരം ഞാന്‍ ഇവിടെ നിന്നാല്‍ നിങ്ങക്കെന്താ ചേതം''. പെണ്ണ് ഒരുങ്ങിത്തന്നെയാണ്.


വേറൊരു സമയത്തായിരുന്നുവെങ്കില്‍ അവളുടെ കഴുത്തിന്ന് പിടിച്ച് വെളിയിലാക്കിയേനെ. ശബരിമലയ്ക്ക് മാലയിട്ടിട്ട് അങ്ങിനെയൊന്നും ചെയ്യാന്‍ പാടില്ല. മില്ലിനകത്തേക്കുചെന്ന് പൊന്നുമണിയോട് വിവരം പറഞ്ഞു. കാക്കയെ ആട്ടാനുള്ള വടിയുമായിട്ടാണ് പണിക്കാരന്‍ വന്നത്.


''നിന്നോട് പോവാനല്ലേ മുതലാളി പറഞ്ഞത്''അയാള്‍ ചോദിച്ചു.


''ഞാന്‍ ഇവിടെ പാര്‍ക്കാന്‍ വന്നതൊന്ന്വല്ല''.


''പിന്നെന്താ നീ പോവാത്തത്''.


''സുകുമാരേട്ടനെ കണ്ടിട്ട് കുറച്ച് കാശ് വാങ്ങാന്‍ നിന്നതാണ്. നിങ്ങടെ മുതലാള്യോട് ഒരു അമ്പത് ഉറുപ്പിക തരാന്‍ പറയിന്‍. സുകുമാരേട്ടന്‍റെ കയ്യിന്ന് വാങ്ങീട്ട് മടക്കികൊടുക്കാം''.


''ഈ പരിപാട്യോന്നും ഇവിടെ നടക്കില്ല''രാധാകൃഷ്ണന്‍ പറഞ്ഞു''നീ മര്യാദയ്ക്ക് സ്ഥലംവിട്''.


''അത്ര വല്യേ യോഗ്യത്യോന്നും കാട്ടണ്ടാ. എന്താ നിങ്ങളടെ സ്വഭാവംന്ന് എനിക്കറിയാം''.


''പൊന്നുമണീ, ഇവളെപിടിച്ച് വെളീലാക്ക്''രാധാകൃഷ്ണന്‍ കല്‍പ്പിച്ചു.


''ഇപ്പൊ ഇറങ്ങണം ഇവിടുന്ന്. ഇല്ലെങ്കില്‍ അടിച്ച് ഞാന്‍ വെളീലാക്കും. നിനക്കെന്നെ ശരിക്കറിയില്ല''പൊന്നുമണി ഉയര്‍ത്തിയ വടിയുമായി ചെന്നു.


''നിങ്ങള് നശിച്ച് പോവ്വേള്ളൂ''എന്ന് ശപിച്ചുകൊണ്ട് പാഞ്ചാലി ഇറങ്ങി നടന്നു. അവളെ വെളിയിലാക്കി ഗെയിറ്റടച്ചിട്ട് പൊന്നുമണി വന്നു.


''ഇമ്മാതിരി കച്ചറകളെ അടുപ്പിച്ചാല്‍ ഉള്ള മാനം കപ്പല് കേറും''അയാള്‍ ആ പറഞ്ഞത് രാധാകൃഷ്ണന്ന് വല്ലാതെ ഉള്ളില്‍കൊണ്ടു.  അയാള്‍ക്ക് കൂട്ടുകാരനോട് കടുത്ത ദേഷ്യംതോന്നി.


അദ്ധ്യായം - 100.


''ആരൂല്യേ ഇവിടെ''എന്ന ചോദ്യവും''ഒരു മനുഷ്യപ്രാണ്യേ ഇവിടെ കാണാനില്ലല്ലോ''എന്ന ആത്മഗതവും വേണു കേട്ടു. സ്ത്രി ശബ്ദമാണ്. ഉറക്കം കഴിഞ്ഞു. എന്നാലും എഴുന്നേല്‍ക്കാനൊരു മടി.


 ''ഒന്ന് ഉമ്മറത്തേക്ക് വരിന്‍. ഒരാള് ഇവിടെ കാത്ത് നില്‍ക്കുണുണ്ട്''അതു  കേട്ടതും വേണൂ തലപൊക്കി.


പാതിതുറന്ന ജനലിലൂടെ അയാള്‍ പുറത്തേക്ക് നോക്കി. മുറ്റത്ത് ഒരു സ്ത്രീ. നില്‍പ്പുണ്ട്. അമ്പതോ, അമ്പത്തഞ്ചോ വയസ്സായിട്ടുണ്ടാവും ആഗതയ്ക്ക്. വെള്ളറൌക്കയും, കണ്ണങ്കാലിന്ന് രണ്ടിഞ്ച് മുകളില്‍ എത്തുന്ന മല്ലുമുണ്ടും ധരിച്ചിട്ടുണ്ട്. മടക്കി തോളിലിട്ട ചുട്ടിത്തോര്‍ത്തിന്ന് അല്‍പ്പംകൂടി വെളുപ്പ് തോന്നുന്നുണ്ട്. കത്തുന്ന അടുപ്പില്‍നിന്ന് വലിച്ചെടുത്തിട്ട്  വെള്ളമൊഴിച്ചു കെടുത്തിയ വിറകുകൊള്ളിയുടെ നിറത്തിലുള്ള ശോഷിച്ച കൈകാലുകള്‍.


''ആരാ നിങ്ങള്''വേണു ആ ഇരുപ്പില്‍ ചോദിച്ചു.


''അമ്മാളു''.


''എന്താ വേണ്ടത്''.


''ചാമി വരാന്‍ പറഞ്ഞു''. വേണു ക്ലോക്കിലേക്ക് നോക്കി. സമയം എട്ടര. പാടത്ത് നോക്കാന്‍ചെന്ന ചാമി എത്താനുള്ള നേരമായി.


''ഒരു ഭാഗത്ത് ഇരുന്നോളിന്‍ . ചാമി ഇപ്പൊ എത്തും''. ബ്രഷില്‍ പേസ്റ്റും പുരട്ടി വേണു ഇറങ്ങിവരുമ്പോഴേക്കും ചാമിയെത്തി.


''ചോപ്പത്ത്യേ, നിങ്ങള് മുതലാളി ഉണരുമ്പൊ കണികാണാന്‍ വന്ന് നിന്നതാ'' 


''ഞാന്‍ കണികാണിക്കാന്‍ വന്ന് നിന്നതൊന്ന്വല്ല. നിങ്ങള് വന്ന് പറഞ്ഞപ്പൊ നേരെ ഇങ്കിട്ട് പോന്നൂ. ഇത് കഴിഞ്ഞിട്ടുവേണം എനിക്ക് ഒന്നുരണ്ട് സ്ഥലത്ത് ചെല്ലാന്‍''.


''മുതലാളീ. മുഷിഞ്ഞ കറുപ്പ് മുണ്ടോക്കെ അലക്കിക്കാമെന്ന് വിചാരിച്ച് വരാന്‍ പറഞ്ഞതാ. കൊടുത്തോട്ടെ''.


''എല്ലാരുടേം  കൊടുത്തോളൂ''വേണു പറഞ്ഞു''പള്ളിക്കെട്ടുകളും മുദ്രസ്സഞ്ചികളും ഒക്കെ വേണംട്ടോ''.


''കുപ്പ്വോച്ചന്‍ വക്കാണിക്ക്വോ''.


''അമ്മാമ്യോട് ഞാന്‍ പറയാം''. വേണു പല്ലുതേച്ചുവരുമ്പോഴേക്കും  അലക്കുകാരി ചാമി നല്‍കിയ തുണികള്‍ ഭാണ്ഡമാക്കി തോളിലിട്ടു പോവാനൊരുങ്ങുകയാണ്. 


''എന്നെക്കാ ഇതൊക്കെ കൊണ്ടുവര്വാ''ചാമി ചോദിച്ചു.


''മറ്റന്നാ രാവിലെ ഇതുപോലെ വരാം''അവള്‍ നടന്നകന്നു.


''മുണ്ടൊക്കെ അലക്കി എടുത്ത് വെക്കാനാണോ''വേണു ചോദിച്ചു.


''കറുപ്പുമുണ്ട് എടുത്തുവെക്കാന്‍ പാടില്യാന്ന് കേട്ടിട്ടുണ്ട്. അതൊക്കെ അലക്കിവെടുപ്പാക്കി നായാടിക്ക് കൊടുക്കണം''.


''അതിന് ഇപ്പഴും നായാടി വരാറുണ്ടോ''.


''പുഴടെ അക്കരെ നായന്മാരടെ തറേല് നായാടി വരാറുണ്ട്. എല്ലാംകൂടി അവിടെ കൊണ്ടുപോയി കൊടുക്കാം''. 


പണ്ടൊക്കെ ശനിയാഴ്ചകളില്‍ തറവാടിന്ന് മുമ്പിലെ വലിയ വരമ്പില്‍ നായാടി വന്നുനിന്ന് വല്യേ തമ്പ്‌രാട്ട്യേ, ട്ട്യേ, ട്ട്യേ, ട്ട്യേ എന്ന് ഉറക്കെ വിളിക്കും. ഒരിക്കലും അവര്‍ പടിപ്പുരയുടെ മുമ്പില്‍ വന്നുനില്‍ക്കാറില്ല. കീറപേപ്പറില്‍ കുറച്ചരിയും ഉപ്പും മൂന്നുനാല് കപ്പല്‍മുളകും ചെറിയമ്മ നായാടിക്ക് കൊടുക്കാനായിതരും. ഓപ്പോളാണ് പടിപ്പുരവരെ അതൊക്കെ എടുക്കാറ്.


 ''എടാ, ഇത് അവിടെകൊണ്ടുവെച്ചിട്ട് ഒന്ന് പ്രാകാന്‍ പറ''ഓപ്പോള് തന്നെ ഏല്‍പ്പിക്കും. 


നായാടി പ്രാകിയാല്‍ നല്ലത് വരുമെന്നാണ് വിശ്വാസം. ആര്‍ക്കും ഒന്നും മനസ്സിലാവാത്ത ഭാഷയില്‍ അവര്‍ എന്തോ പിറുപിറുക്കും. നായാടി വിശേഷങ്ങള്‍ ചോദിക്കും. ഒന്നാംക്ലാസ്സുകാരന്‍ സ്കൂളിലെ കാര്യങ്ങള്‍ പറയുന്നത് ആ സ്ത്രീ കൌതുകത്തോടെ കേള്‍ക്കും .


''നായാടിക്ക് കണക്ക് അറിയ്വോ''അവന്‍ ചോദിക്കും.


''നായാടി പഠിച്ചിട്ടില്ല''.


''അയ്യേ കഷ്ടം''വലത് കയ്യുകൊണ്ട് അവന്‍ അന്തരീക്ഷത്തില്‍ ഒന്ന് രണ്ട് എന്നൊക്കെ എഴുതുന്നത് നായാടി നോക്കിനില്‍ക്കും.


''എന്‍റെ കുട്ടി വല്യേ ആളാവുമ്പൊ നായാടിക്ക് ഒരുമുണ്ട് തര്വോ''അവര്‍ ചോദിക്കും.


''ഒന്നൊന്നും അല്ല. ഇതാ ഇത്തറതോനെ തരും''കുട്ടി രണ്ടുകൈകളിലേയും വിരലുകള്‍ പലവട്ടം നിവര്‍ത്തുകയും മടക്കികാണിക്കുകയും ചെയ്യും.


''എന്താ രണ്ടുംകൂടി അവിടെ കാട്ടുണത്. ഒന്ന് വരുണുണ്ടോ. കൊണ്ടാട്ടം മുഴുവന്‍ കാക്ക തിന്നുതീര്‍ത്തു''ചെറിയമ്മയുടെ നിലവിളി കേട്ടതും കുട്ടികള്‍ തിരിച്ചോടും.


''എന്താ പിള്ളരേ അവിടെ ഇത്ര വല്യേ കാര്യം''ചെറിയമ്മയുടെ നോട്ടം ഓപ്പോള്‍ക്ക് താങ്ങാനാവില്ല.


''ദാ, ഇവന്‍ പ്രാകാന്‍ പറഞ്ഞതാ''ഓപ്പോള്‍ തടിതപ്പും.


''അയ്യത്തടി. അതിന്‍റെ ഒരുകുറവേ ഉള്ളു''ചെറിയമ്മയുടെ ശബ്ദം ഉയരും ''മുട്ടില് നടക്കാന്‍ തുടങ്ങ്യേതും പെറ്റതള്ള അങ്ങേലോകത്തേക്ക് കെട്ടുകെട്ടി. അത്ര വിശേഷപ്പെട്ട ജാതകാണ്''. പറഞ്ഞതിന്‍റെ അര്‍ത്ഥം മനസ്സിലാവാതെ കുട്ടി മിഴിച്ചുനില്‍ക്കും.


''വല്ലാണ്ടെ ലോഹ്യംകൂടി നിന്നാല്‍ ഒരുദിവസം അവള്‍ നിന്നെ പിടിച്ച് പൊക്കണത്തിലിട്ട് കൊണ്ടുപോകും. പറഞ്ഞില്ലാന്ന് വേണ്ടാ''ചെറിയമ്മ മുന്നറിയിപ്പുതരും. എപ്പോഴും സ്നേഹത്തോടെ മാത്രം പെരുമാറാറുള്ള നായാടി അങ്ങിനെ ചെയ്യില്ലാന്ന് കുട്ടിക്ക് ഉറപ്പുണ്ടായിരുന്നു.


മനസ്സിന്‍റെ ഭിത്തികളില്‍ കോറിയിട്ട മനോഹരമായ ദൃശ്യങ്ങള്‍ ഒന്നുകൂടി കാണാനൊത്തു. പടിഞ്ഞാറെ തൊടിയിലെ വെള്ളരിമാവിന്‍റെ ചുവട്ടില്‍ ഒറ്റയ്ക്കിരുന്ന് ഓപ്പോള്‍ കൊത്താങ്കല്ല് കളിക്കുകയാണ്. മാവിന്‍തടിയില്‍ ചാരിനിന്ന് വേണു ആകാശത്തേക്ക് നോക്കുന്നു.


''എടാ വേണ്വോ''ഓപ്പോള് വിളിച്ചു''ഇന്നാള് ഒരുദിവസം ആ നായാടിച്ചി നിന്‍റെ കവിളത്ത് തലോട്യേത് ഞാന്‍ ആരടടുത്തും പറയില്ലാട്ടോ''.


''ങും''.


''അമ്മടെ അടുത്ത് ഒട്ടും പറയില്ലാട്ടോ''.


''ങും''.


''ഉള്ളകാലം മുഴുവനും, സൂര്യനും ചന്ദ്രനും കെടുണതുവരെ ആരോടും പറയില്ലാട്ടോ''


''ങും''.


''പകരം നീയൊരു കാര്യം ചെയ്യണം''.


''എന്താ ഓപ്പോളേ''.


''ഇന്ന് ഞാന്‍ വാതിലിന്‍റെ പിന്നാലെ മറഞ്ഞുനിന്ന്  ഭൌന്ന് നിലവിളിച്ച് കിട്ടുണ്ണ്യേ പേടിപ്പെടുത്തും. അമ്മ ചോദിച്ചാല്‍ കണ്ടില്യാന്ന് പറയണം''.


''എന്തിനാ ഓപ്പോളേ, അവന്‍ ചെറ്യേകുട്ട്യല്ലേ''.


''നല്ല ചെറ്യേകുട്ടി. അമ്മടെ അടുത്ത് ഓരോന്ന് നുണച്ചുകൊടുത്ത് എന്നെ ചീത്തകേള്‍പ്പിക്ക്യാ അവന്‍റെ പണി''.


''എന്താ മുണ്ട് കൊടുക്കാന്‍ പറഞ്ഞത് പറ്റീലേ, ഇല്ലെങ്കില്‍ കൊടുക്കണ്ടാ'' ചാമിയുടെ ശബ്ദം വേണുവിന്ന് പരിസരബോധം വരുത്തി.


''ഏയ്. അതൊന്ന്വല്ല. അലക്കികിട്ട്യാല്‍ ചാമി അതൊക്കെ കൊടുത്തോളൂ''. 


അധികം വൈകാതെ എഴുത്തശ്ശനെത്തി. വസ്ത്രങ്ങള്‍ അലക്കാന്‍ കൊടുത്ത കാര്യം ചാമി അയാളോട് പറഞ്ഞു.


''അരവാര അഞ്ഞൂറ്റൊന്ന് സോപ്പ് വാങ്ങി അതിന്ന് രണ്ട് കഷ്ണം മുറിച്ച് എടുത്താല്‍ എല്ലാ തുണീം തല്ലി ഊരിയാലും ബാക്കിവരും. വെറുതെ കാശ് കളഞ്ഞു' അയാള്‍ പ്രതികരിച്ചു.


''പോട്ടെ അമ്മാമേ''വേണു സമാധാനിപ്പിച്ചു.


''വേണ്വോ,നേരം എത്ര്യായീന്ന് അറിയ്യോ. വേഗം വല്ലതും കഴിക്കാന്‍ നോക്ക്വാ''എഴുത്തശ്ശന്‍ പറഞ്ഞു''കുള്യോക്കെ പിന്നെ മതി''. മൂവരും നാണുനായരുടെ വീട്ടിലേക്ക് നടന്നു.


***************************


പൌര്‍ണ്ണമിച്ചന്ദ്രികയുടെ വെള്ളപട്ടുടയാട്യ്ക്ക് അമ്പലമതിലില്‍ നിരത്തി വെച്ച കാര്‍ത്തികദീപങ്ങള്‍ സ്വര്‍ണ്ണത്തിന്‍റെ അലുക്കുകള്‍ തുന്നിച്ചേര്‍ത്തു. ഒരുകാതം അകലെ നിലാവ് മുരുകമലയുടെ നെറുകയില്‍ പാലഭിഷേകം നടത്തുകയാണ്. ആ കാഴ്ചകളില്‍ ലയിച്ച് വേണു സ്വയം മറന്നുനിന്നു. ആ നിമിഷം തലത്തലേന്നാളത്തെ രാത്രിയാണ് അയാളുടെ മനസ്സിലെത്തിയത്. മലനിരകള്‍ക്കുള്ളിലെ ധര്‍മ്മശാസ്ത ക്ഷേത്രത്തിന്‍റെ സ്വര്‍ണ്ണം പൊതിഞ്ഞ ശ്രീകോവില്‍ ചന്ദ്രപ്രഭയില്‍ കുളിച്ചുനിന്ന ആ രാത്രി മറക്കാനാവില്ല.


''മുജ്ജന്മ സുകൃതം. ഇല്ലെങ്കില്‍ ഇതൊന്നും കാണാതേന്നെ എന്‍റെ ജീവിതം അവസാനിച്ചേനേ''എന്ന അമ്മാമയുടെ വാക്കുകള്‍ എത്ര സത്യം.


അശോകതെച്ചിയുടെ തറയില്‍ ഏതോ കുട്ടികള്‍ കൂവളകായകള്‍ നിരത്തി വെച്ചിട്ടുണ്ട്. വേണു അവ ഒരുവശത്തേക്ക് മാറ്റി തറയുടെ ഒരു ഓരത്ത് ഇരുന്നു. കുട്ടിക്കാലത്ത് കൂവളക്കായകള്‍കൊണ്ട് കളിക്കാറുണ്ട്. വേണു അതിലൊരെണ്ണം കയ്യിലെടുത്ത് മൂക്കിനോട് ചേര്‍ത്തുപിടിച്ചു. പുറന്തോട് പൊട്ടിയാല്‍ കടുത്തഗന്ധം ഉളവാക്കുന്നവയാണ് കൂവളത്തിന്‍റെ കായകള്‍. അകത്ത് അഗ്രശാലയില്‍ ഭക്തിപ്രഭാഷണം നടക്കുകയാണ്.


 ''ഭാഗ്യം, മൈക്ക് സെറ്റ് ഇല്ലാത്തത് നന്നായി''വേണു ഓര്‍ത്തു''ഇല്ലെങ്കില്‍ ഈ ഏകാന്തത നല്‍കുന്ന സന്തോഷം നഷ്ടമായേനെ''.


കന്യാകുമാരിയെക്കുറിച്ചാണ് പ്രഭാഷകന്‍ പറഞ്ഞിരുന്നത്. ദേവിയുടെ സാന്നിദ്ധ്യം ആ സ്ഥലത്ത് എന്നെന്നും ഉണ്ടാവാന്‍വേണ്ടി കോഴികൂവുന്ന മട്ടില്‍  ശബ്ദിച്ച് വിവാഹമുഹൂര്‍ത്തം കഴിഞ്ഞുവെന്ന തോന്നലുണ്ടാക്കി വരനേയും സംഘത്തേയും മടക്കി അയച്ചതും അതോടെ മനംമടുത്ത ദേവി വിവാഹത്തിന്നായി ഒരുക്കിയ വസ്തുക്കളെല്ലാം വലിച്ചെറിഞ്ഞ്  നിത്യ കന്യകയായി കഴിയാന്‍ ശപഥമെടുത്തതുമായ കഥ .


അതിലേറെ സങ്കടകരമായ മറ്റൊരു കഥ അടുത്തകാലത്താണ് അറിയാന്‍ കഴിഞ്ഞത്. കന്നിഅയ്യപ്പന്മാര്‍ തന്നെ കാണാന്‍വരാത്ത വര്‍ഷം ദേവിയെ  വിവാഹം ചെയ്യാമെന്ന സ്വന്തം ഹൃദയേശ്വരന്‍റെ വാക്കുകള്‍ വിശ്വസിച്ച്  മലമുകളില്‍ കഴിയുകയും കൊല്ലംതോറും മോഹഭംഗം ഏറ്റുവാങ്ങാന്‍  വിധിക്കപ്പെട്ടതുമായ മറ്റൊരു ദേവിയുടെ കഥ. ദൈവങ്ങള്‍ക്കായാലും മനുഷ്യര്‍ക്കായാലും പ്രണയസാഫല്യത്തിന്നുവേണ്ടിയുള്ള കാത്തിരുപ്പ് തികച്ചും അസഹ്യമാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. ആ നിമിഷം വേണു സരോജിനിയെക്കുറിച്ചോര്‍ത്തു. നിരാലംബമായജീവിതമാണ് അവളുടേത്. ഓര്‍ത്തിരിക്കാന്‍ ഒരു പുരുഷന്‍പോലും അവള്‍ക്കില്ല. നാണുമാമയുടെ കാലശേഷം അവള്‍ക്കാരുണ്ട്? ഒരിക്കലും അവളെ അനാഥയാക്കികൂടാ. അവള്‍ക്ക് ഒരുജീവിതം ഉണ്ടാവണം.


 ''എന്താ വേണ്വോ,നീ തനിച്ചിരുന്ന് ആലോചിക്കുണത്''നാണുനായരുടെ വാക്കുകള്‍ ചെവിയിലെത്തി. വേണു എഴുന്നേറ്റു.


''കുറച്ചുദിവസായി എപ്പോ നോക്ക്യാലും ഇവന്‍ ആലോചനേലാണ്. മരുമകന്‍റെ കല്യാണം കഴിഞ്ഞ് വരട്ടെ. ഇതൊക്കെ മാറ്റാനുള്ള വഴി ഞാന്‍ കണ്ടിട്ടുണ്ട്''എഴുത്തശ്ശന്‍റെ വാക്കുകളുടെ പൊരുള്‍ ആര്‍ക്കും മനസ്സിലായില്ല.


കാര്‍ത്തികദീപങ്ങള്‍ എപ്പോഴോ കണ്ണടച്ചുകഴിഞ്ഞിരുന്നു. നേര്‍ത്ത മഞ്ഞും നറുനിലാവും നുകര്‍ന്ന് അവര്‍ അമ്പലത്തില്‍നിന്ന് ഇറങ്ങി.


Comments

Popular posts from this blog

അദ്ധ്യായം 131-140

അദ്ധ്യായം 141-142