അദ്ധ്യായം 11-20

അദ്ധ്യായം -11

ചാമി മുടിവെട്ടിക്കാന്‍ ചെന്നിരുന്നതേയുള്ളു. കല്യാണി കരഞ്ഞുകൊണ്ട് അവിടെയെത്തി.

 ''വല്യേപ്പന്‍ തല്ല് കൂടില്ലാ എന്നും പറഞ്ഞ് വന്നിട്ട്............ ''അവള്‍ നിന്നു വിതുമ്പി. ചാമിക്ക് ആകപ്പാടെ വേണ്ടിയിരുന്നില്ല എന്നായി. പെണ്‍കുട്ടി കരഞ്ഞുപിടിച്ച് ഇവിടെ വരുമെന്ന് കരുതിയില്ല. ചെയ്ത കാര്യത്തില്‍  ചാമിക്ക് പശ്ചാത്താപംതോന്നി. വേലപ്പന്‍ പറഞ്ഞമാതിരി മേലാല്‍ സര്‍വ്വ ഏടാകൂടത്തിലും ചെന്ന് തലയിടുന്ന പതിവ് നിര്‍ത്തണം. പക്ഷെ വേണ്ടാന്ന് എത്രയൊക്കെ കരുതിയിരുന്നാലും എന്തിലെങ്കിലും കുരുത്തക്കേടില്‍ താനെ ചെന്നുമാട്ടും. ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അത് തലയിലെഴുത്താണ്.

മുടിവെട്ടി കഴിഞ്ഞ് ചാമി പുറത്തിറങ്ങുന്നതുവരെ കല്യാണി ബാര്‍ബര്‍ ഷാപ്പിന്‍റെ മുമ്പില്‍തന്നെ നിന്നു. വല്യേപ്പനെ ഇനി ഇവിടെ നിര്‍ത്തിയിട്ട് പോയാല്‍ ശരിയാവില്ല. ഒന്നുകില്‍ ആ തമിഴന്‍ തിരിച്ചു വരുന്നതുവരെ കാത്തുനിന്ന് വീണ്ടും അടിപിടി കൂടും, അല്ലെങ്കിലോ ഷാപ്പില്‍ കയറി കുടിച്ച് ലെവല് കെട്ടിട്ട് വരും. കൂടെ കൂട്ടിക്കൊണ്ടുപോയി കഞ്ഞിയും കൊടുത്ത് ഉച്ചതിരിഞ്ഞുള്ള പണിക്ക് പറഞ്ഞുവിടണം. അപ്പന്‍ ചന്തക്ക് പോയിട്ടുണ്ട്. മൂപ്പര് തിരിച്ചെത്തുമ്പോഴേക്കും കൊടുക്കാന്‍ എന്തെങ്കിലും ഉണ്ടാക്കിവെക്കണം.

മുടിവെട്ടി പുറത്തിറങ്ങിയ ചാമിയെ കണ്ടതും കല്യാണിക്ക് ചിരിപൊട്ടി. ഓര്‍മ്മവെച്ചതുമുതല്‍ കണ്ടുവന്നിരുന്ന നല്ലനീളത്തില്‍ വളര്‍ത്തിയിരുന്ന കോലന്‍മുടി പറ്റെവെട്ടി കുറ്റിയാക്കിയിരിക്കുന്നു. പനി മാറി കുളിച്ചിട്ട് മുടിവെട്ടിയ മാതിരിയുണ്ട്.

 ''എന്താണ്ടി ലക്ഷ്മിക്കുട്ട്യേ, നീ വല്യേപ്പനെ നോക്കീട്ട് ഇളിക്കണത്. മുടി വെട്ട്യേത് അത്രക്ക് മോശായോ''ചാമി ചോദിച്ചു.

''നല്ല കോലംണ്ട്. ഇനി കുറെകാലത്തേക്ക് തലേല് മുണ്ടിട്ട് നടന്നോളിന്‍.  മൊട്ടതലമണ്ട ആരും കാണണ്ടാ''കല്യാണി ചിരിച്ചു. ചാമി തലയില്‍ കൈകൊണ്ട് ഒന്ന് ഉഴിഞ്ഞു. തോര്‍ത്തെടുത്ത് വട്ടക്കെട്ട് കെട്ടി.

 ''മകളെ, നീ കുടീലിക്ക് നടന്നോ. വല്യേപ്പന്‍ കുറച്ചുകഴിഞ്ഞിട്ടുവരം''  പെണ്‍കുട്ടിയോടു പറഞ്ഞിട്ട് അവന്‍  പെട്ടികടയിലേക്ക് നടന്നു.

കല്യാണി വിട്ടില്ല. അവള്‍ പുറകെചെന്നു. വല്യേപ്പന്‍ വരാതെ പോവില്ല എന്നവള്‍ ശഠിച്ചു. ബീഡിയും തീപ്പെട്ടിയും വാങ്ങി ഷാപ്പിലൊന്ന് കേറണം എന്ന് കരുതിയതാണ്. ചാമി മനസ്സിലോര്‍ത്തു. ഇനി അതു പറ്റില്ല. പെണ്ണ് ഒറ്റയ്ക്ക് വിട്ടാക്കില്ല. ബീഡിയും തീപ്പെട്ടിയും വാങ്ങി ചാമി വീട്ടിലേക്ക് നടന്നു. പെണ്‍കുട്ടി പുറകേയും.

വഴിനീളെ കല്യാണി ചാമിയെ ശാസിക്കുകയായിരുന്നു. നെറയെ കേസിലും കൂട്ടത്തിലുംപെട്ട ആളോടാണ് വല്യേപ്പന്‍ ശണ്ഠകൂടിയത്. അവന്‍ വല്ല അക്രമവും  കാണിച്ചാലോ. പ്രായത്തില്‍ അവന്‍ വളരെ ചെറുപ്പമാണ്. അവന് ആരോഗ്യം കൂടും. അതൊന്നും ഓര്‍ക്കാണ്ട് നിങ്ങള് പൊല്ലാപ്പില് ചെന്ന് തലകൊടുത്തു. കൊടുങ്ങല്ലൂരമ്മക്ക് ഒരു പരാര്‍പ്പും കോഴിയും നേര്‍ന്നിട്ടുണ്ട്. വരുണ മീനഭരണിക്ക് കൊടുങ്ങല്ലൂരുക്ക് പോണ തമ്പാട്ടിമാരുടെ കൂട്ടത്തില് വല്യേപ്പനെ അയച്ച് തൊഴുവിച്ചോളാമെന്നു പറഞ്ഞ് ഒന്നേകാലുറുപ്പിക കീറത്തുണിയില്‍ ഉഴിഞ്ഞുകെട്ടി വെച്ചിട്ടുണ്ട്. ഊനക്കേടൊന്നും വരാതെ അമ്മ കാപ്പാത്തി.

ചാമിയുടെ മനസ്സില്‍ അതുകൊണ്ടു. വല്യേപ്പന്മാരും എളയപ്പന്മാരുമായി കുട്ടിക്ക് ആറേഴ് ആളുകളുണ്ട്. എങ്കിലും മോള്‍ക്ക് തന്നോടാണ് കൂടുതല്‍ സ്നേഹം. പെണ്ണിന് അപ്പനെക്കാള്‍ ഇഷ്ടം ചാമി വല്യേപ്പനോടാണ് എന്ന് വേലപ്പന്‍ തന്നെ പറയാറുണ്ട്.  ആരുടെ മുമ്പിലും മെരുങ്ങാത്ത ആളായ താന്‍ ഇവളുടെ മുന്നില് പൂച്ചക്കുട്ടി മാതിരിയാണ്. തന്നോടുള്ള അതിന്‍റെ സ്നേഹം കാണുമ്പോള്‍ അനുസരിക്കാതിരിക്കാന്‍ തോന്നില്ല. എളേപ്പന്‍ വല്യേപ്പന്‍ മക്കളും അവരുടെ പിള്ളരും ഒക്കെ ആയി കുറെ എണ്ണമുണ്ട്. ഒറ്റൊന്നിനെ കണ്ണില്‍കണ്ടൂടാ. എല്ലാറ്റിനും തന്‍കാര്യം മാത്രം. ഇന്നുവരെ ഒരുതുള്ളി വെള്ളത്തിന്ന് അവരെ ആശ്രയിച്ചിട്ടില്ല.

ഇനി വേലപ്പന്‍ വന്നാല്‍ അവന്‍റെ വക വേറെ ഉണ്ടാവും. ഇന്ന് ചന്തയ്ക്ക് പോണില്ല എന്നും പറഞ്ഞ് അവന്‍  ഇരുന്നതാണ്. എവിടേക്കും ചെല്ലില്ല, വഴക്കും വക്കാണത്തിന്നും പോവില്ല എന്നൊക്കെ വാക്ക് കൊടുത്തിട്ടാണ് അവനെ പറഞ്ഞയച്ചത്. പക്ഷെ ഒരു വാക്ക് ഇറക്കിയിട്ട് പോന്ന് അതില്‍ നിന്ന് മാറിയാല്‍ നാണക്കേടല്ലേ. അതാണ് ശേഷം ചോദിക്കാന്‍ പോയത്. തല്ലണം എന്നൊന്നും വിചാരിച്ചില്ല. പക്ഷെ അവന്‍ ചെയ്തത് നോക്കുമ്പൊ കൊടുത്തതില്‍ തെറ്റില്ല എന്നുതോന്നുന്നു. എങ്കിലും നല്ല അമരത്തില്‍ത്തന്നെ താങ്ങിയിട്ടുണ്ട്. അവന് വണ്ടിയുംകൊണ്ട് തിരിച്ചുപോവാന്‍ കഴിയുമോ ആവോ.

ചാമിയുടെ മനസ്സില്‍  സങ്കടം പെരുകി. എത്രയായാലും അവനും ഒരു മനുഷ്യനല്ലേ. അവനും കെട്ട്യോളും കുട്ടികളും ഉണ്ടാവും. ചിലപ്പോള്‍ അപ്പനും അമ്മയും അവന്‍റെ കൂടെകാണും. പണിചെയ്ത് ആ കുടുംബം പുലര്‍ത്തുന്നത് അവനാവും. സമ്പാദിച്ചുകൊണ്ടുവരുന്നവന്‍ കുറച്ചു ദിവസം സുഖമില്ലാതെ കിടപ്പിലായാല്‍ കുടുംബത്തിന്‍റെ കഥ എന്താവും. താനാണ് അതിനൊക്കെ ഉത്തരവാദി എന്നോര്‍ക്കുമ്പോള്‍ പൊറുക്കാന്‍ പറ്റാത്ത കുറ്റം ചെയ്ത തോന്നല്‍ ഉണ്ടാവുന്നു.

കല്യാണി വിളമ്പിയ ചോറുണ്ണുമ്പോഴും കുറ്റബോധം ചാമിയുടെ മനസ്സിനെ  അലട്ടിയിരുന്നു. കയ്യില്‍ എത്രപണമുണ്ട് എന്നയാള്‍ കണക്കുകൂട്ടി നോക്കി. പത്ത് നൂറ്റമ്പത് ഉറുപ്പിക കാണണം. അതു മുഴുവന്‍  അവന് കൊടുക്കണം. സങ്കടം മാറാന്‍ കുറച്ചുനേരം നല്ലവാക്ക് പറയണം. അവനേയും ഒരമ്മ പെറ്റതല്ലേ. വായില്‍നിന്ന് ചോറ് ഇറങ്ങുന്നില്ല. കിണ്ണത്തില്‍ ബാക്കിവെച്ച് എഴുന്നേറ്റു.

''വല്യേപ്പന്‍ ഇന്ന് പണിക്ക് പോണില്ലേ''കുട്ടി ചോദിച്ചതിന്ന് ഇല്ല എന്ന് തലയാട്ടി.

''ഇനീം  വല്ല കുണ്ടാമണ്ടീം  കാട്ടാനാണോ നിങ്ങള് പോണത്''കല്യാണി സംശയംപ്രകടിപ്പിച്ചു. ഒരു പഴയചങ്ങാതിയുടെ അമ്മ തലേദിവസം രാത്രി മരിച്ചിട്ടുണ്ടെണെന്നും അയാളുടെ വീടുവരെ ഒന്നു പോയിട്ട് വരാമെന്നും ഒഴിവുപറഞ്ഞിട്ട് ഇറങ്ങി നടന്നു. പണിക്കാരി പെണ്ണുങ്ങള്‍ ചാമിയുടെ ധൈര്യത്തെ വാഴ്ത്തിക്കൊണ്ട് ഉച്ചപ്പണിമാറി കഞ്ഞി കുടിക്കാന്‍  സ്വന്തം വീടുകളിലേക്ക് പുറപ്പെട്ടിരുന്നു.

അദ്ധ്യായം 12.

പശുവിനെ നോക്കാനായി മന്ദാടിയാരുടെകൂടെ ചെല്ലുമ്പോഴും വേലപ്പന്‍റെ മനസ്സുനിറയെ ചാമിയെക്കുറിച്ചുള്ള ചിന്തകളായിരുന്നു. എവിടേയ്ക്കും ഇന്ന് പോവുന്നില്ല എന്ന് നിനച്ചതാണ്. പക്ഷെ രാവിലെ മകളുടെ കയ്യില്‍ കൈവെച്ച് ചാമി സത്യംചെയ്യുന്നത് കണ്ടപ്പോള്‍ സമാധാനമായി. അവളെ പിടിച്ച് സത്യംചെയ്തിട്ട് അതു തെറ്റിക്കാന്‍ ഒരിക്കലും  അവന്‍  നിക്കില്ല. ചാമിക്ക് കുട്ടിയെ അത്രക്ക് വാത്സല്യമാണ്.

മാടിനെ വാങ്ങിക്കുന്നത് മന്ദാടിയാര്‍ക്ക് വേണ്ടിയല്ല. മകളെ കെട്ടിച്ചുവിട്ട വീട്ടിലേക്കാണ്. കൂടെപോയി ആളായിനിന്ന് ഒരുമാടിനെ നോക്കിവാങ്ങി കൊടുക്കണം എന്നേ അയാള്‍ക്കുള്ളു. മരുമകന്‍ നല്ലൊരുമാടിനെ നോക്കി വെച്ചിട്ടുണ്ട്. അവന്‍റെ കൂട്ടുകാരന്‍റെ ബന്ധുവീട്ടിലുള്ളത്. തമ്മില്‍ തമ്മില്‍ വില പറയാന്‍ മടിയാണ്. അതുകൊണ്ട് പാകത്തിന് സംസാരിച്ച് കച്ചവടം മുറിക്കണം. തരകുകാരെ മന്ദാടിയാര്‍ക്ക് തീരെ വിശ്വാസമില്ല. പത്ത് ഉറുപ്പിക വെച്ചുനീട്ടിയാല്‍ അവറ്റടെ സ്വഭാവം മാറും. കാശിന്നുവേണ്ടി എന്ത് ചതിപ്പണിയും ചെയ്യും. താന്‍  അങ്ങിനത്തെ ചെറ്റത്തരം കാട്ടില്ലാന്ന് നാട്ടില്‍ എല്ലാവര്‍ക്കും അറിയാം.

മന്ദാടിയാരുടെ മരുമകന്‍ ചെക്കന്‍ ജീപ്പ് ഡ്രൈവറാണ്. യാത്ര അവന്‍റെ ജീപ്പിലായതിനാല്‍ പെട്ടെന്ന് തോലനൂരിലെത്തി. നാട്ടില്‍നിന്നും ഇങ്ങോട്ട് നേരിട്ട് ബസ്സില്ല. രണ്ടോമൂന്നോ ബസ്സ് മാറികേറി സ്ഥലത്തെത്തുമ്പോള്‍ ഒരു നേരമാവും. ഇതായതിനാല്‍ സംഗതി എളുപ്പം നടന്നു. രാവിലെ മന്ദാടിയാര്‍ വന്ന് വിളിക്കുമ്പോള്‍ ഒന്നും കഴിച്ചിരുന്നില്ല. യാത്രയുടെ കാര്യം നേരത്തെ അറിഞ്ഞില്ല. അല്ലെങ്കില്‍ കല്യാണി വല്ലതും ഉണ്ടാക്കി വെച്ചേനെ. വഴിക്ക് മന്ദാടിയാര്‍ ജീപ്പു നിര്‍ത്തിച്ചു. ചായപ്പീടികയില്‍ കയറി അയാള്‍ ചായയും പലഹാരവും എല്ലാവര്‍ക്കും വാങ്ങിത്തന്നു. അതുകൊണ്ട് വിശപ്പ് മാറി. ആകെക്കൂടി ചാമിയെപ്പറ്റിയുള്ള വേവലാതി മാത്രമാണ് ഒരുകരടായി മനസ്സില് കിടക്കുന്നത്. ജീപ്പു നിര്‍ത്തി ഇറങ്ങി ചെല്ലുമ്പോഴേക്കും വീട്ടുകാരന്‍ മുറ്റത്തെത്തി.

''എന്തേ ഇത്ര വൈക്യേത്. കാത്തിരുന്നു മുഷിഞ്ഞു. കാണാതായപ്പോള്‍ കറക്കാന്‍ തുടങ്ങി''അയാള്‍ പറഞ്ഞു. എല്ലാവരും തൊഴുത്തിലേക്ക് നടന്നു.

വീടിന്‍റെ പരിയംപുറത്താണ് തൊഴുത്ത്. നാലഞ്ച് മാടുകളും ഒരുജോഡി മൂരികളും ഉണ്ട്. ഒരു സ്ത്രി ചെറിയൊരുമൊന്തയില്‍ പാലു കറക്കുന്നു. പുറകിലായി തമലയില്‍ കറന്നപാല് ഒഴിച്ചുവെച്ചിട്ടുണ്ട്. ഇടങ്ങഴി ഒന്നര പാല് കാണും. നല്ല വെളുത്തമാട്. കുട്ടിയും വെളുപ്പാണ്. കാണാന്‍ തന്നെ ഒരുചെതമുണ്ട്. വെറുതെയല്ല മരുമകന്‍ ചെക്കന്‍ ഇതിനെ വാങ്ങണമെന്ന് മോഹിച്ചത്.

കൂടെവന്നവര്‍ ബീഡിയും വലിച്ച് വര്‍ത്തമാനം പറഞ്ഞ് നില്‍ക്കുമ്പോള്‍, വേലപ്പന്‍റെ ശ്രദ്ധ കറക്കുന്നതിലായിരുന്നു . മൂന്ന് മുലകള്‍ മാത്രമേ ആ സ്ത്രി കറക്കുന്നുള്ളു. പിന്നാപ്പുറത്തെ വലത്തേമുലയില്‍ തൊട്ടിട്ടേ ഇല്ല. പാലുകറന്ന് എഴുന്നേറ്റപ്പോള്‍ ഒരുമുല എന്താ കറക്കാത്തത് എന്ന് തിരക്കി. അത് കുട്ടിക്ക് വിട്ടുകൊടുത്തതാണത്രേ. ചിലര്‍ അങ്ങിനെ ചെയ്യും. കുട്ടിക്ക് വാട്ടം തട്ടാതിരിക്കാനാണ് അതു ചെയ്യുന്നത്. പാലുകുടിക്കാന്‍ കുട്ടിയെ അഴിച്ചു വിട്ടപ്പോള്‍ അതും ആ മുല കുടിക്കുന്നില്ലെന്ന് കണ്ടു.  മനസ്സിലൊരു സംശയം കടന്നു. മെല്ലെ തൊഴുത്തിനകത്ത് ചെന്നു. എല്ലാ മുലകളും പീച്ചി നോക്കി. സംശയം തോന്നിയതില്‍നിന്നുമാത്രം ഒന്നും വരുന്നില്ല. ആ മുലയുടെ കാമ്പ് അടഞ്ഞതാണെന്ന് ഉറപ്പായി. കറവയുള്ള പശുക്കള്‍ക്ക് ചിലപ്പോള്‍ മുലയില്‍ നീര്‍ക്കെട്ട് വരും. നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ മുലക്കണ്ണ് അടയും. പിന്നീട് അതില്‍നിന്ന് പാലുവരില്ല. ഇത് അങ്ങിനത്തെ കേസാണ്. മന്ദാടിയാരെ വിളിച്ച് കാര്യംപറഞ്ഞു. ഇനി തീരുമാനിക്കേണ്ടത് അവരാണ്. വേണങ്കിലല്ലേ വില പറയേണ്ടു. സംഘം തൊഴുത്തിന്‍റെ പിന്നിലേക്ക് നീങ്ങി. കൂടിയാലോചന നടക്കുകയാണ്. വേലപ്പന്‍ മാറിനിന്നു. അപ്പോഴാണ് വീട്ടുകാരന്‍ വിളിക്കുന്നത്. അങ്ങോട്ട് ചെന്നു. വല്ലതും പറഞ്ഞുണ്ടാക്കി കച്ചവടം തകരാറാക്കരുതെന്നും പാകംപോലെ കച്ചവടം മുറിച്ചാല്‍ അറിഞ്ഞ് തരാമെന്നും അയാള്‍ പറഞ്ഞു.

 ''അതിന്ന് എന്നെ കാക്കണ്ടാ''എന്നുപറഞ്ഞ് പിന്മാറി.

വീട്ടുകാരന്ന് കാര്യം മനസ്സിലായി. അയാള്‍ ഒരക്ഷരം പറഞ്ഞില്ല. പിന്നെ അധികനേരം അവിടെ നിന്നില്ല. മന്ദാടിയാരും വേലപ്പനും മുന്നില്‍ നടന്നു.

 ''എന്നെ തെറ്റിദ്ധരിക്കരുത്, പശുവിന്ന് ഈ കേടുള്ളത് എനിക്കറിയില്ല'' ജീപ്പിന്‍റെ അടുത്തെത്തിയപ്പോള്‍ മരുമകന്‍റെ കൂട്ടുകാരന്‍ പറഞ്ഞു. എന്നിട്ട് അവന്‍ ആ വീട്ടിലേക്കുതന്നെ തിരിച്ചുപോയി.

 ''അറിയുന്നോരെത്തന്നെ പറ്റിക്കാന്‍ നോക്കുണവക'' തിരിച്ചു പോരുമ്പോള്‍ മന്ദാടിയാര്‍ കുറ്റപ്പെടുത്തി.

''വേലപ്പേട്ടന്‍ വന്നത് കാരണം ചതി പറ്റീല്ല''എന്ന് മരുമകനും പറഞ്ഞു. ചാമി വല്ല കുഴപ്പവും കാണിച്ചിട്ടുണ്ടാവുമോ എന്ന ചിന്ത മാത്രമാണ് ആ നേരത്തും ഉള്ളിലുണ്ടായിരുന്നത്.

''വേലപ്പോ നിന്‍റെ അറിവില്‍ എവിടേങ്കിലും നല്ല പശു കിട്ടാനുണ്ടോ'' കുത്തനൂരില്‍നിന്ന് തിരിച്ച് പകുതിദൂരം എത്തിയപ്പോഴാണ്  മന്ദാടിയാര്‍ ചോദിക്കുന്നത്. നാട്ടില് ഇല്ലാഞ്ഞിട്ടാണോ ഇത്രദൂരത്തേക്ക് മാട് വാങ്ങാന്‍ ചെന്നത്.

''നിങ്ങക്ക് ഏത് സൈസ്സ് വേണന്ന് പറയിന്‍ . ഇപ്പൊത്തന്നെ പോയി നമുക്ക് കച്ചോടാക്കാം''വേലപ്പന്‍  പറഞ്ഞു.

''നമ്മള് പോയി കണ്ടമാതിരിള്ളത് കിട്ട്വോ''മന്ദാടിയാര്‍ തിരക്കി. വെള്ള നിറംതന്നെ വേണച്ചാല്‍ ഒന്നുകൂടി അന്വേഷിക്കണമെന്നും അല്ലെങ്കില്‍ നല്ല ജനുസ്സ് മാടിനെ കിട്ടാനുണ്ടെന്നും അറിയിച്ചു. ഇനി നെറം ഒന്നും നോക്കണ്ടാ ഉരുപ്പടി നന്നായാല്‍ മതി എന്ന് മരുമകന്‍ പറഞ്ഞതോടെ തന്‍റെ അറിവില്‍ പെട്ടതും തോതിന്ന് ഒത്തതുമായ ഒരുപശുവുള്ള വീട്ടിലേക്ക് വണ്ടിവിടാന്‍ വേലപ്പന്‍ പറഞ്ഞു.

ഭാഗ്യത്തിന് ചെന്ന് കേറുമ്പോള്‍ ഉടമസ്ഥന്‍ വീട്ടില്‍ തന്നെയുണ്ട്. സ്വതവേ ഈ നേരത്ത് അയാള്‍ സൈക്കിളില്‍ ചായപ്പൊടിയുമായി ലൈനിലിറങ്ങും. വൈകുന്നേരത്തേ തിരിച്ച് വീടെത്തു.

''എന്താ നിങ്ങളെ കണ്ടില്ലാന്ന് വിചാരിച്ച് ഇരിക്ക്യായിരുന്നു. പശൂനെ വില്‍ക്കാനുള്ളകാര്യം നിങ്ങളോടു പറഞ്ഞിട്ട് ആഴ്ച്ച  ഒന്ന് കഴിഞ്ഞല്ലോ''  അയാള്‍ എഴുന്നേറ്റുവന്ന് സ്വീകരിച്ചു. പശുവിനെ കറന്നിരിക്കുന്നു. എത്ര കിട്ടുന്നുണ്ട് എന്നു ചോദിച്ചതിന്ന് അയാള്‍ പറഞ്ഞ മറുപടി സത്യമാണെന്ന് വേലപ്പന്ന് ബോദ്ധ്യമായി. കഴിഞ്ഞതവണ താന്‍ വാങ്ങിക്കൊടുത്തതാണ് ഈ പശു. ഇന്നതേ ഇതിന്ന് കിട്ടൂ എന്ന് നന്നായി അറിയാം.

മന്ദാടിയാര്‍ക്കും മരുമകനും പയ്യിനെ ഇഷ്ടപ്പെട്ടതോടെ വില ചോദിച്ചു. അമര്‍ന്ന വിലയാണ് ഉടമസ്ഥന്‍ പറഞ്ഞത്. വേലപ്പന്‍  മന്ദാടിയാരെ നോക്കി കണ്ണിറുക്കി കാണിച്ചു. പൊടുന്നനെ ചാടിവീണ് കാശ് വെച്ചുനീട്ടിയാല്‍ നഷ്ടംവരും. അതിനല്ലല്ലോ അവര്‍ തന്നെ കൂട്ടികൊണ്ടു വന്നത്.

''കൊടുക്കുണ വില പറയിന്‍''വേലപ്പന്‍ പറഞ്ഞു''തൊള്ളേല്‍ തോന്ന്യേത് കേട്ടാല് അവര് പെശകാനൊന്നും നിക്കില്ല. അവരടെ വഴിക്ക് പോവും. ഞാന്‍ പറഞ്ഞില്യാന്ന് വേണ്ടാ''.

''ഞാന്‍ അങ്ങിനെ തൊള്ളേല്‍ തോന്ന്യേതൊന്നും പറഞ്ഞിട്ടില്ല''അയാള്‍ പറഞ്ഞു''ഇതിന്‍റെ സ്വഭാവഗുണം ആലോചിക്കുമ്പൊ കൊടുക്കാന്‍ തോന്നുണില്ല. പക്ഷെ ഇതിനെ കൊടുത്തിട്ട് ഒരു എരുമേ വാങ്ങണം. മൂത്ത ചെക്കന്‍റെ ചായപ്പീടീലിക്ക് പാലിന് വേണ്ടീട്ടാ. പശുവിന്‍ പാല് നല്ലതാ. പക്ഷെ അത് വീട്ടാവശ്യത്തിനെ പറ്റു. ചായപ്പീടീലിക്ക് നല്ല കട്ടീള്ള എരുമപ്പാല് വേണം, ചായക്ക് കൊഴുപ്പ് കിട്ടാന്‍. പശൂന്‍റെ പാല് ഒഴിച്ചിട്ട് ചായീണ്ടാക്ക്യാല്‍ മുതലാവില്ല''.

ഒന്നുരണ്ട് വട്ടം ഒറ്റയ്ക്കും മാറിനിന്നിട്ടും രണ്ടുകൂട്ടരും വേലപ്പനുമായി സംഭാഷണം നടത്തിയതോടെ കച്ചവടം നടന്നു. മന്ദാടിയാരുടെ മരുമകന്‍ പണം കൊടുത്ത് ഉരുപ്പടി വാങ്ങി. അവരോടൊപ്പം ഇറങ്ങാന്‍ ഒരുങ്ങിയപ്പോള്‍ വീട്ടുകാരന്‍ പിന്നില്‍നിന്ന് വിളിച്ചു. അയാള്‍ കയ്യില്‍ വെച്ചുതന്ന നോട്ട് നോക്കാതെതന്നെ വേലപ്പന്‍ ബെല്‍ട്ടില്‍ തിരുകി.
 
''അപ്ലേ, നമ്മക്ക് ഒരു എരുമേ വേണോലോ, അത് എപ്ലാ വാങ്ങി തര്വാ'' വീട്ടുടമസ്ഥന്‍ ചോദിച്ചു.

എലിപ്പാറേല്‍ ചെന്നാല്‍ എരുമയെ കിട്ടും . ഇന്ന് അവിടത്തെ ചന്തയാണ്. പക്ഷെ നേരംവൈകി. വിവരം പറഞ്ഞതും വീട്ടുകാരന്‍  മന്ദാടിയാരുടെ മരുമകന്‍റെ  ജീപ്പ് വാടകക്ക് വിളിച്ചു. മാടിനേയും കുട്ടിയേയും കൂടെവന്ന പണിക്കാരനോട് ആട്ടിക്കൊണ്ടു പോവാന്‍ ഏര്‍പ്പാടാക്കി. ഒരു രസത്തിന് മന്ദാടിയാരും ജീപ്പില്‍ കയറി.

ആ കച്ചവടവും കഴിഞ്ഞ് എരുമയെ ഉടമസ്ഥന്‍റെ കയ്യില്‍ ഏല്‍പിച്ചു. രണ്ടുകൂട്ടരും അറിഞ്ഞുതന്നത് വാങ്ങി ബെല്‍ട്ടിലെ പേഴ്സിലിട്ടു. ജീപ്പില്‍ കയറി. മന്ദാടിയാര്‍ വീടിനടുത്തുതന്നെ എത്തിച്ചു. അയാള്‍തന്ന പണവും വാങ്ങി ജീപ്പില്‍നിന്ന് ഇറങ്ങി.

സൂര്യന്‍ പടിഞ്ഞാറോട്ട് നീങ്ങികഴിഞ്ഞിരുന്നു. മുരുകമലയുടെ നിഴല്‍ കിഴക്കോട്ടും. നല്ലവിശപ്പ് തോന്നുന്നുണ്ട്.  ഉച്ചയ്ക്ക് ഒന്നും കഴിച്ചിട്ടില്ല. അയാള്‍ ധൃതിയില്‍ വീട്ടിലേക്ക് നടന്നു.

വീട്ടില്‍  ചെന്നു കയറിയപാടെ ചാമി ഒപ്പിച്ച വിശേഷങ്ങള്‍ കല്യാണി അവതരിപ്പിച്ചു. അതോടെ വിശപ്പ് ചത്തു. മകള്‍ നിര്‍ബന്ധിച്ചപ്പോഴാണ്  ഉണ്ണാനിരുന്നത്. ചാമി കൂട്ടുകാരന്‍റെ വീട്ടിലേക്ക് പോയതാണത്രേ. ഇനി എന്തൊക്കെ കുരുത്തക്കേടാണാവോ അവന്‍ ചെയ്യാനിരിക്കുന്നത്. വന്നിട്ടു വേണം നല്ലത് നാല് പറയാന്‍.

കഞ്ഞി കുടിച്ച് പിള്ളകോലായില്‍ തോര്‍ത്തും വിരിച്ച്, ചാമി തിരിച്ച് വരുന്നതും കാത്തുകിടന്നു. തണുത്തകാറ്റ് കണ്‍പോളകളെ തഴുകിയടച്ചു.

അദ്ധ്യായം-13.

''ഇനി എപ്പഴാ അവന്‍ വണ്ടീംകൊണ്ട് മടങ്ങിവര്വാ''പെട്ടിക്കടയില്‍ ചെന്ന് ചാമി ചോദിച്ചു. കടക്കാരന്‍ ചാമിയെ തുറിച്ചുനോക്കി. അടിപിടി കഴിഞ്ഞുപോയിട്ട് അധികനേരമായിട്ടില്ല. ഇതാ പിന്നെയും ശണ്ഠകൂടാന്‍ വന്നിരിക്കുന്നു. ഇങ്ങിനെയുണ്ടോ ഒരു ജന്മം. മറുപടി കിട്ടാത്തതിനാല്‍ ചാമി വീണ്ടും ചോദ്യം ആവര്‍ത്തിച്ചു

 ''എന്തിനാ ഇനീം തല്ല് കൂടാനാ വന്നത്''പീടികക്കാരന്‍ ചോദിച്ചു. ചാമി ബെഞ്ചിലിരുന്ന് തന്‍റെ ഉദ്ദേശം വെളിപ്പെടുത്തി.

''ഇതു നല്ല കൊടുമ. വയറ് നെറയെ തിന്നാന്‍ കൊടുത്തിട്ട് നെഞ്ചത്ത് നാല് ഇടികൊടുക്കുംന്ന് കേട്ടിട്ടുണ്ട്''പീടികക്കാരന്‍ പറഞ്ഞു''നിങ്ങള് അടി കൊടുത്തതിന്ന് പിന്ന്യാണോ പണം കൊടുക്കുണത്''.

ചാമി ഒന്നും മിണ്ടിയില്ല. തപ്പ് പറ്റേണ്ടത് പറ്റി. ഇനി പറഞ്ഞിട്ട് കാര്യമില്ല. ആളുകള് പറയുന്നതൊക്കെ കേള്‍ക്കുകതന്നെ. മൂന്നരമണി കഴിഞ്ഞാലേ വണ്ടിക്കാരന്‍ വരാറുള്ളു എന്നും കൂടിയാല്‍ അഞ്ചോ പത്തോ മിനുട്ടിന്‍റെ വ്യത്യാസമേ ഉണ്ടാവൂ എന്നും പീടികക്കാരന്‍ പറഞ്ഞു.

എത്ര വൈകിയാലും വണ്ടിക്കാരനെ കണ്ടിട്ടേപോവൂ എന്ന് നിശ്ചയിച്ചു. കമ്പനിയില്‍നിന്ന് മൂന്നും നാലും അഞ്ചും ഒക്കെ അടിച്ചിട്ടും കാത്തിരുന്ന ആളെ കണ്ടില്ല. ചാമിക്ക് ആകെകൂടി വേവലാതി ആയി. അവന് വല്ലതും പറ്റിയോ എന്‍റെ ഈശ്വരന്മാരേ എന്നവന്‍ മനസ്സിലോര്‍ത്തു. ഇരുന്നാല്‍ ഇരിക്കകൊള്ളാത്ത അവസ്ഥ. കുറെനേരം പാതയിലൂടെ തെക്കും വടക്കും നടക്കും. ഇടക്കിടക്ക് ബീഡിവലിക്കും. ബെഞ്ചില്‍ ഇരിക്കും. പിന്നെയും പാതയിലേക്ക് നോക്കിനില്‍ക്കും.

''നിങ്ങളെന്താ കൂട്ടില്‍ കെടക്കുണ വെരുകിനെപോലെ വെറുതെ അങ്കിട്ടും ഇങ്കിട്ടും നടക്കുണ്''പീടികക്കാരന്‍ പറഞ്ഞു''അതോ വല്ല വെതറുകടീം പിടിച്ചോ'' മണി ഏഴുകഴിഞ്ഞു. വണ്ടിക്കാരനെ കാണാനില്ല.

 ''നിങ്ങള് ഇനി പൊയ്ക്കോളിന്‍. അവന്‍ ചെലപ്പൊ വഴിമാറി പോയി പൊള്ളാച്ചീല് എത്തീട്ടുണ്ടാവും''കടക്കാരന്‍ പറഞ്ഞു.

മനമില്ലാമനസ്സോടെ ചാമി എഴുന്നേറ്റുനടന്നു. ഷാപ്പിലേക്കാണ് കാലുകള്‍ നീങ്ങിയത്. മനസ്സിലെ ഭാരം മുഴുവന്‍ ഒഴിയുന്നതുവരെ കുടിക്കണമെന്ന് ചാമി ഉറപ്പിച്ചു.

നേരം നല്ലവണ്ണം ഇരുട്ടിയിട്ടാണ് ഷാപ്പില്‍നിന്ന് ഇറങ്ങിയത്. കാലുകള്‍ പാറിപോവുന്നതുപോലെ ചാമിക്ക് തോന്നി. ചുണയുള്ള ആണുങ്ങള്‍ ഉണ്ടെങ്കില്‍ ഇറങ്ങിവാടാ എന്ന് ഉറക്കെപറഞ്ഞു. ആരും വരുന്നില്ല. ഒക്കെ പേടികൊടലന്മാരാണ്. ചാമിക്ക് ഒരുത്തനേയും പേടിക്കാനില്ല. ഒരുത്തന്‍റെ ചിലവിലുമല്ല ചാമി കഴിയുന്നത്. പിന്നെ ആരെ എന്തിന് പേടിക്കണം. എന്തൊക്കേയോ പുലമ്പിക്കൊണ്ട് അവന്‍  നടന്നു.

വഴിപിരിയുന്ന ഇടത്ത് കുറച്ചുനേരം ചാമി നിന്നു. പാടത്തിന്‍റെ വടക്ക് വെളിച്ചം കണ്ടു. കാളുക്കുട്ടിയുടെ വീട്ടിലേതാണ്. അവള്‍ ഉറങ്ങിയിട്ടില്ല. വീട്ടിലേക്ക് പോണോ അതോ?  ഏതായാലും അവിടെ ചെന്നശേഷം മതി വീട്ടിലേക്ക്. വഴിവക്കത്തെ വേലിക്കല്‍നിന്ന് ശിമക്കൊന്നയുടെ നീളത്തിലൊരുകൊമ്പ് പൊട്ടിച്ചു. വഴിയില്‍ വല്ല ഇഴജന്തുക്കളെ കണ്ടാലോ. അപ്പോള്‍ വടിതേടി പോവാന്‍ പറ്റില്ല. വടി കയ്യില്‍പിടിച്ച് തപ്പിത്തടഞ്ഞ് വരമ്പിലൂടെ നടന്നു. ഓരോരോ മഴത്തുള്ളികള്‍ അയാളെ അകമ്പടി സേവിച്ചുകൊണ്ടിരുന്നു. അടച്ച ഇല്ലിപ്പടിയില്‍ കൈവെച്ചപ്പോഴേക്കും മുറ്റത്തുകിടന്ന ചാവാളിപ്പട്ടി ഒന്നു മുരണ്ടു. ശവം. എണീറ്റ് നില്‍ക്കാന്‍ കെല്‍പ്പില്ല. എന്നിട്ടാണ് അതിന്‍റെ ഒരു.... റാന്തലിന്‍റെ തിരി ഒന്നുകൂടി നീണ്ടു. ''ആരാത്''എന്ന ശബ്ദം പൊങ്ങി.

''കാളുക്കുട്ട്യേ, ഇത് ഞാനാടി, ചാമി''പടിതുറന്ന് മുറ്റത്തേക്ക് ചെന്നു. അതുവരെ മുരണ്ടിരുന്ന പട്ടി വാലാട്ടിനിന്നു. കാളുക്കുട്ടിക്ക് പറ്റിയ     തുണതന്നെ എന്ന് മനസ്സില്‍ കരുതി. ആളെ കാണുന്നതുവരെ മാത്രമേ പത്രാസ് കാട്ടു. പിന്നെ വാലാട്ടിച്ചെല്ലും.

''ഇങ്കിട്ടുള്ള വഴ്യോക്കെ ഓര്‍മ്മീണ്ടോ''എന്ന പരിഭവമാണ്ചാമി ആദ്യം കേട്ടത്. അതോടെ സകലദേഷ്യവും ഒന്നിച്ചുവന്നു.

''എന്താടി നീ അങ്ങിനെ ചോദിച്ചത്''അവന്‍  തിരിച്ചുചോദിച്ചു. ചാമിയുടെ വാക്കുകളില്‍ ദേഷ്യം മുറ്റിനിന്നു.

''ഇപ്പൊ കൊമരിപെണ്ണുങ്ങളാണ് നിങ്ങടെകൂടെ എന്ന് പറയുണത് കേട്ടു. എന്‍റെ ചോര വറ്റി തുടങ്ങീലേ''കാളുക്കുട്ടി പരിഭവം പറഞ്ഞു.

 ''മുണ്ടാണ്ടെ അവിടെ കുത്തിരുന്നോ, എനിക്ക് ഇഷ്ടൂള്ളോരടെ അടുത്ത് ഞാന്‍ പോവും, അത് ചോദിക്കാന്‍ നീ ആരാടി. എന്‍റെ കെട്ട്യോളോ''ചാമി തട്ടിക്കയറി.

 ''കെട്ട്യോളല്ലെങ്കില്‍ പിന്നെ എന്തിനാ രാത്രീം പകലും ഒന്നും നോക്കാണ്ടെ ഇങ്കിട്ട് കേറിവരുണത്''കാളുക്കുട്ടി തിരിച്ചുചോദിച്ചു. ചാമിക്ക് ഈറ വന്നു.

''ഞാന്‍ നിന്‍റെടുത്ത് വന്നിട്ടുണ്ടെങ്കില്‍ കൈനിറയെ കാശും തന്നിട്ടുണ്ട്. ഓശാരത്തിനൊന്നും അല്ല''. വാക്കുതര്‍ക്കം മൂത്തു. ചാമിയുടെ നാവ് അസഭ്യങ്ങള്‍ വര്‍ഷിച്ചുതുടങ്ങി.

''രാത്രിനേരത്ത് വീട്ടില്‍ കേറിവന്ന് തോന്ന്യാസം പറഞ്ഞാലേ, എനിക്കും ചോദിക്കാനും പറയാനും ഈ നാട്ടില് ആളുണ്ട്''കാളുക്കുട്ടി പറഞ്ഞു.

''നെനക്ക് തോന്ന്യാസം കാണിക്കാം, ഞാന്‍ പറഞ്ഞതാ തെറ്റ്''ചാമി കയ്യോങ്ങി. അതോടെ കാളുക്കുട്ടിക്കും വാശികൂടി.

''കടന്ന് പോടാ എന്‍റെ വീട്ടിന്ന്''ഒരുമടിയും കൂടാതെ അവള്‍ ചാമിയോട് പറഞ്ഞു. ചാമി കയ്യിലുള്ള ശീമക്കൊന്നയുടെ കമ്പ് അവളുടെ നേര്‍ക്ക് ആഞ്ഞുവീശി. കാളുക്കുട്ടി ഒഴിഞ്ഞുമാറി. വടി മേത്ത് കൊണ്ടില്ലെങ്കിലും റാന്തല്‍വിളക്കില്‍കൊണ്ട് അതിന്‍റെ ചില്ലുടഞ്ഞു. അതോടെ വിളക്ക് കെട്ടു. അവിടം ഇരുട്ടിലായി.

''ഈ പണ്ടാരക്കാലനെ ഒറ്റമൊളേല് കെട്ടി എടുക്കണേ എന്‍റെ ഭഗവതി''  അവള്‍ ഉറക്കെ പ്രാകി.

''നീ പോടി തേവിടിശ്ശീ. ഒരു ശീലാവതി ചമഞ്ഞ് വന്നിരിക്കുണൂ''ചാമി ഇറങ്ങി നടന്നു. മഴയ്ക്ക് ശക്തി കൂടി. ഇരുട്ടത്ത് വരമ്പ് കാണുന്നില്ല. അടിതെറ്റി പാടത്തേക്ക് വീണു. അവിടെനിന്ന് മെല്ലെ പിടഞ്ഞെഴുന്നേറ്റു. പൊത്തിപ്പിടിച്ച് വരമ്പില്‍ കയറി. ഒറ്റ അടിവെച്ച് പാതയിലേക്ക് നടന്നു. അപ്പോള്‍ കുറ്റബോധം മനസ്സില്‍ കടന്നുകൂടി. ആ പെണ്ണിനോട് വെറുതെ പിണങ്ങേണ്ടിയിരുന്നില്ല. എത്രയായാലും കുറെകാലം കൊണ്ടുനടന്നതല്ലേ. ചിലപ്പോള്‍ അവളുടെ മനസ്സില്‍ സ്നേഹം ഉണ്ടെങ്കിലോ. ഇപ്പൊള്‍ കലി മൂത്ത് ഇരിക്കുന്നുണ്ടാവും. രാവിലെത്തന്നെ അവളെ ചെന്നുകാണണം. എന്തെങ്കിലും കൊടുത്ത് തപ്പ് പറ്റി എന്നുപറയണം. അതോടെ അവളുടെ പിണക്കംമാറും.

ചാമിയുടെ മനസ്സിലെ ചൂട് കെട്ടടങ്ങി. കോരിചൊരിയുന്ന മഴയും നനഞ്ഞ് അയാള്‍ തന്‍റെ ഒറ്റമുറി വീടുംതേടി ഇരുട്ടത്ത് നടന്നു. കാലുകള്‍ വിളിച്ച വഴിക്ക് വരുന്നില്ല. അത്താണിയുടെ അടുത്തെത്തിയപ്പോള്‍ അവന്‍ നിന്നു.  കുറച്ചുനേരം അത്താണിയുടെ മുകളില്‍ കേറി കിടന്നാലോ. ഏതായാലും നനഞ്ഞുകുളിച്ചു. കാല് പൊക്കാന്‍ നോക്കി. പറ്റുന്നില്ല. പറ്റാത്ത പണിക്ക് പോയി കയ്യോ കാലോ ഒടിക്കണ്ടാ. കുറച്ചുനേരം അവിടെ നിന്നശേഷം അവന്‍ വീണ്ടും പുറപ്പെട്ടു

ഒരുവിധം തപ്പിത്തടഞ്ഞ് വീടെത്തി. കുടിച്ചതിന്‍റെ അമല് വിട്ടുകഴിഞ്ഞു. ചെളിയില്‍വീണ് വസ്ത്രവും ദേഹവും ഒരുപോലെ നനഞ്ഞു കുതിര്‍ന്നു. അവിടവിടെ തൊലി ഉരിഞ്ഞതില്‍ വെള്ളംതട്ടി നീറ്റല്‍തോന്നുന്നുണ്ട്. ചാമി മുറ്റത്തെ സിമന്‍റ്തൊട്ടിയില്‍നിന്ന് വെള്ളമെടുത്ത് അവിടെയെല്ലാം തുടച്ചു. വാതില്‍ തുറക്കാനൊന്നും മിനക്കെട്ടില്ല. മുണ്ടും കുപ്പായവും അഴിച്ച് പിള്ളകോലായില്‍ ചുരുട്ടിവെച്ചു. അയക്കോലില്‍കിടന്ന തോര്‍ത്തെടുത്ത് ചുറ്റി കോലായില്‍തന്നെ കിടക്കാന്‍ ഒരുങ്ങി. ചാറ്റല്‍മഴ തെറിച്ചുവീണ് നിലംമുഴുവന്‍ വെള്ളം. പണ്ടാരം, ഒരുഭാഗത്ത് കിടന്നുറങ്ങാനുംകൂടി ഈ മഴ സമ്മതിക്കില്ല. കിടക്കാനുള്ള ഭാഗത്തെ വെള്ളം കൈകൊണ്ട് തുടച്ചു. അതുപോരാഞ്ഞ് അഴിച്ചുവെച്ച തുണികൊണ്ട് ഒന്നുകൂടി തുടച്ചു. ഇനി ഇപ്പോള്‍ ഒന്നിനും വയ്യ. മഴയെ നോക്കി നല്ലൊരു തെറിപറഞ്ഞ് കിടന്നു. ക്ഷീണം ഉറക്കത്തെ ആവാഹിച്ചു. സുഖസുഷുപ്തിയിലേക്ക് അറിയാതെ തെന്നിവീണു.

ബീഡിയും വലിച്ച് വേലപ്പറമ്പില്‍ അലയുകയാണ്. ആനപ്പന്തലുകളിലെ പലനിറത്തിലുള്ള ബള്‍ബുകള്‍ ഓടിക്കളിച്ച് കണ്ണ് മയക്കുന്നു. ആന മയില്‍ ഒട്ടകം കളിക്കാരന്‍റെ മുന്നില്‍ ഭാഗ്യംപരീക്ഷിക്കാന്‍ ഒരുങ്ങിയെത്തിയവര്‍, സൂചിയെറിഞ്ഞും റിങ്ങെറിഞ്ഞും സമ്മാനങ്ങള്‍ ലഭിക്കുമോ എന്ന് ഭാഗ്യം പരീക്ഷിക്കുന്നവര്‍, വിവിധസ്റ്റാളുകളില്‍ കയറി കാഴ്ചകള്‍ കാണുന്നവര്‍, പലതരം സാധനങ്ങള്‍ വില്‍ക്കാനെത്തിയ കച്ചവടക്കാര്‍, മൂക്കെറ്റം കുടിച്ച് പാടത്ത് മട്ടമലച്ച് കിടന്നുറങ്ങുന്നവര്‍. എന്തൊരു പുരുഷാരം. ഒരുപൊതി നിലക്കടല വറുത്തതും വാങ്ങി കൊറിച്ചുകൊണ്ട് എല്ലാം നോക്കി നടന്നു. പെട്ടെന്നാണ് തന്‍റെ മുന്നിലൂടെ കാളുക്കുട്ടി നടന്നു പോവുന്നത് അയാള്‍ കണ്ടത്. അവള്‍ തേങ്ങികരയുകയാണെന്ന് തോന്നി. അയാളുടെ മനസ്സ് നീറി. അവളെ കരയിക്കാന്‍ പാടില്ല. എന്തെങ്കിലുമൊക്കെ വാങ്ങിക്കൊടുത്ത് അവളെ സന്തോഷിപ്പിക്കണം. അയാള്‍ അവളുടെ പുറകെ നടന്നു.

പെട്ടെന്നാണ് അത്യുച്ചത്തിലുള്ള ശബ്ദം കേട്ടത്. കുഴിമിന്നിയോ, പറ ഔട്ടോ അടുത്ത് വന്നുവീണതാണോ? കണ്ണുമിഴിച്ചു നോക്കി. മഴയ്ക്കൊപ്പം വന്ന ഇടിയുടെ ആരവം ഇനിയും അവസാനിച്ചിട്ടില്ല. തെക്കുനിന്ന് വീശുന്ന കാറ്റ് മഴത്തുള്ളികള്‍കൊണ്ട് അഭിഷേകം നടത്തിയിരിക്കുന്നു. മെല്ലെ എഴുന്നേറ്റ് ബീഡികെട്ട് തപ്പിയെടുത്തു. തീപ്പെട്ടി നനഞ്ഞ് നാശമായി. മുറ്റത്ത്തളംകെട്ടി നില്‍ക്കുന്ന വെള്ളത്തിലേക്ക് അത് ഊക്കോടെ വലിച്ചെറിഞ്ഞു. മിന്നലില്‍ തെളിഞ്ഞുവന്ന, കരിമ്പനകള്‍ കാവല്‍നില്‍ക്കുന്ന പാടത്തേക്കും നോക്കി ചാമി വെറുതെയിരുന്നു.

പെട്ടെന്ന് അല്‍പ്പംമുമ്പ് കണ്ട സ്വപ്നം ചാമിയുടെ മനസ്സില്‍ ഓടിയെത്തി. കരഞ്ഞുംകൊണ്ട് കാളുക്കുട്ടി തന്‍റെ മുന്നിലൂടെ കടന്നുപോവുന്നതായി അയാള്‍ക്ക് തോന്നി. ദേവ്യേ, കൊടുങ്ങല്ലൂരമ്മേ, പുത്തിമോശംകൊണ്ട് ഞാന്‍ അതിനെ വേണ്ടാതെ കണ്ട് വേദനിപ്പിച്ചു. ഇനി അവള്‍ വല്ല കടും കയ്യും ചെയ്യുമോ? ആ തോന്നല്‍ അയാളെ ഉലച്ചു. അവളെ ചെന്നുകണ്ട് സമാധാനിപ്പിച്ചിട്ടേ ബാക്കി കാര്യമുള്ളു. നല്ലവാക്ക് പറഞ്ഞാല്‍ മാത്രം മതി അവളുടെ മനസ്സ് തണുക്കാന്‍. അതിന്നായി നേരം വെളുക്കുന്നതും കാത്ത് ചാമി ഇരുന്നു.

നേരംപുലര്‍ന്നതും ചാമി ഒരുങ്ങി പുറപ്പെട്ടു. ബെല്‍റ്റില്‍നിന്ന് കുറെ  പണമെടുത്ത് ഡ്രായര്‍ പോക്കറ്റിലിട്ടു. മുഴുവന്‍ പണവും വെളിയില്‍ കാണിക്കരുത്. ചെലപ്പൊ ഒരുപുത്തിക്ക് അതു മുഴുവന്‍ അവള്‍ക്ക് കൊടുത്തു എന്നുവരും. കല്യാണിയെ മുറ്റത്ത് കാണാനില്ല. വേലപ്പന്‍ എവിടേക്കെങ്കിലും പോയിട്ടുണ്ടാവും

പ്രഭാതകര്‍മ്മങ്ങള്‍ക്കായി പുഴയിലിറങ്ങി. വെള്ളം തട്ടിയതും കാല്‍ മുട്ടില്‍ നീറ്റല്‍ തോന്നി. ഇന്നലത്തെ വീഴ്ചയില്‍ ചിരകി പൊട്ടിയതാണ്. പുഴയില്‍ നിന്ന് കയറിയതും വഴിയോരത്തെ കമ്മ്യൂണിസ്റ്റ് പച്ചകളില്‍ നിന്ന് കുറച്ച് ഇലകള്‍ പറിച്ചു. ഉള്ളം കയ്യിലിട്ട് ഞെരടി ചാറെടുത്ത് മുറിവുകളില്‍ പുരട്ടി. നീറ്റല്‍ തലമണ്ടവരെ എത്തി. മരുന്ന് മുറിവില്‍ പിടിച്ചു. ഇനി അത് ഉണങ്ങും.

കാളുക്കുട്ടിയുടെ വീട്ടിലേക്ക് തിരിയുമ്പോള്‍ ചാമിക്കുതന്നെ നാണക്കേട് തോന്നി. അവള്‍ തന്നെക്കുറിച്ച് എന്താണ് കരുതുക. ഒരു പൊട്ടചങ്ക്രാന്തി കണ്ണ് മിഴിക്കുമ്പോഴേക്കും കയറിവന്നുന്നേ കരുതു. ഇല്ലെങ്കില്‍ ഇന്നലെ രാത്രി തൊള്ളയില്‍ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞു പോയിട്ട് നേരം വെളുക്കുമ്പഴേക്കും ആരെങ്കിലും അവളെ തേടി പോവ്വോ.

പടി കയറിയതും ചാമി കാളുക്കുട്ട്യേ എന്ന് ഉറക്കെവിളിച്ചു. വീടിന്‍റെ പിന്നില്‍നിന്നും അവള്‍ വന്നു.

''എന്താണ്ടി നേരംവെളുക്കുമ്പൊ പരിയംപുറത്ത് പണി''ചാമി ചോദിച്ചു. അവള്‍ ഒന്നും മിണ്ടിയില്ല. മുഖത്ത് തുറിച്ചുനോക്കി ഒരേ നില്‍പ്പാണ്.

''അതേയ്, ഞാന്‍ ഇന്നലെ ഇത്തിരി കുടിച്ച് ഓവറായി''ചാമി പറഞ്ഞു'' അല്ലാണ്ടെ നെന്നോട് എനിക്ക് വിരോധം ഉണ്ടായിട്ടൊന്ന്വോല്ല''. ഉടുത്ത മുണ്ട് വകഞ്ഞുമാറ്റി ഡ്രോയര്‍ പോക്കറ്റില്‍ കയ്യിട്ട് ചാമി കാശെടുത്തു. ഇതാ, ഇത് നീ എടുത്തോ എന്നുപറഞ്ഞ് പണം കോലായില്‍ വെച്ചിട്ട് തിരിച്ചുനടന്നു.

 ''ഇന്നലത്തെപ്പോലെ ഇനി ഉണ്ടാവില്ലാട്ടോ''പടിക്കലെത്തിയപ്പോള്‍ ചാമി തിരിഞ്ഞുനിന്ന് ക്ഷമാപണം നടത്തി വരമ്പത്തേക്കിറങ്ങി.

''ഇതുമാതിരി എത്രതവണ നിങ്ങള് എന്നോട് പറഞ്ഞിരിക്കുന്നു''എന്ന് മനസ്സിലോര്‍ത്ത് കാളുക്കുട്ടി ആ പണം എടുത്തു.

അദ്ധ്യായം14

വീടെത്തിയപ്പോഴേക്കും വിശന്ന് വലഞ്ഞിരുന്നു. അടുക്കളയിലേക്കാണ് നാണുനായര്‍ നേരെ ചെന്നത്.

''വലഞ്ഞിട്ട് വയ്യാ, കഞ്ഞിവിളമ്പ്''അയാള്‍  മകളോട് പറഞ്ഞു.

 ''മുണ്ട് മാറ്റിന്‍, അപ്പഴെക്കും ഞാന്‍ വിളമ്പാം''മകള്‍  മറുപടിനല്‍കി.

പിഞ്ഞാണത്തില്‍ കഞ്ഞിയും ഇലച്ചീന്തില്‍ ഒരു കണ്ണിമാങ്ങയും മകള്‍ കൊണ്ടുവന്നുവെച്ചു. കഴിഞ്ഞകൊല്ലം ഇട്ട മാങ്ങയാണെന്ന് തോന്നുന്നു. വല്ലാതെ അളിഞ്ഞിട്ടുണ്ട്.

''ഇത്തിരി ചമ്മന്തി അരയ്ക്കായിരുന്നില്ലേ നിനക്ക്''അയാള്‍ മകളോട് ചോദിച്ചു.

''ഇട്ടുകൂട്ടിയ തേങ്ങ പൊതിച്ചുകിട്ട്യാലല്ലേ അരയ്ക്കാന്‍ പറ്റൂ''മകള്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം അയാള്‍ക്ക് മനസ്സിലായി.

വീട്ടില്‍ രണ്ടുതെങ്ങുകളുള്ളതില്‍നിന്ന് വല്ലപ്പോഴുമാണ് തേങ്ങ കിട്ടാറ്. പീടികയില്‍നിന്ന് തേങ്ങ വാങ്ങാനാണച്ചാല്‍ കയ്യില്‍ കാശുവേണ്ടേ.

''ഞാനതല്ല പറഞ്ഞത്. ഇത്തിരി ഉഴുന്നുപരുപ്പും പുളീം മുളകും ഉപ്പും ചേര്‍ത്ത് അരച്ചാല്‍ മത്യായിരുന്നു''.

''ഞാന്‍ ആലോചിക്കായ്കയല്ല. ചാക്കുപ്പടിക്കല്ലേ ഇവിടെ സാധനങ്ങള്‍ വാങ്ങികൂട്ടിട്ടീരിക്കിണത്. ഉഴുന്നുപരിപ്പിന്‍റെ ചാക്കിന്നുമുകളില്‍ വേറെ അഞ്ചാറുചാക്ക് കിടക്കുണുണ്ട്. എനിക്ക് ഒറ്റയ്ക്ക് എടുത്തുമാറ്റാന്‍ വയ്യ. അതാ അരയ്ക്കാഞ്ഞത്''.

''നീയെന്താ എന്നെ കളിയാക്ക്വാണോ''.

''അച്ഛന്‍ ഇവിടുത്തെ അവസ്ഥ അറിയാത്ത ആളല്ലല്ലോ. എന്നിട്ട് ഓരോന്ന് പറയിപ്പിക്കുമ്പൊ വായിന്ന് ഇങ്ങിനെ ഓരോന്ന് വീഴും''.

അവള്‍ പറഞ്ഞത് ശരിയാണ്. വീട്ടിലെ അവസ്ഥ വളരെമോശമാണ്. ഒരു മകനുള്ളത് പട്ടാളത്തില്‍നിന്നും പെന്‍ഷനായി ഭാര്യവീട്ടില്‍ കഴിയുന്നു. കിട്ടുന്ന പെന്‍ഷനില്‍നിന്ന് അവന്‍ മാസാമാസം എന്തെങ്കിലും അയച്ചു തരും. അവനെ കുറ്റംപറയാന്‍ പറ്റില്ല. കിട്ടുന്ന നിസ്സാരപെന്‍ഷന്‍കൊണ്ടു വേണ്ടേ അവനും കുടുംബത്തിനും കഴിയാന്‍.  

കഞ്ഞികുടി കഴിഞ്ഞ് ഉമ്മറത്ത് വന്നിരുന്നു. പുഴകടന്ന് തണുത്തകാറ്റ് വീശുന്നുണ്ട്. വേലിക്കരികില്‍ നാലഞ്ച് പുളിമരങ്ങള്‍ ഉള്ളതുകൊണ്ട് മുറ്റത്ത് എപ്പോഴും തണുപ്പാണ്. കൊല്ലത്തില്‍ പത്തിരുപത് വട്ടി പുളി വില്‍ക്കാന്‍ കഴിയും. അതുകൊണ്ടാണ് കമ്പിളിപ്പുഴുവിന്‍റെ ഉപദ്രവം ഉണ്ടായിട്ടും പുളിമരങ്ങള്‍ മുറിക്കാത്തത്.

എന്തോ വല്ലാത്ത ക്ഷീണം. കണ്‍മിഴികള്‍ വീണുവീണു പോകുന്നു. രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല. ഓരോന്ന് ആലോചിച്ച് കിടന്നു. മക്കളെക്കൊണ്ട് നന്നായിരിക്കാന്‍ യോഗംവേണം. അതില്ലാതെ പോയി. പാറുക്കുട്ടി ഭാഗ്യം ചെയ്തവളാണ്. കുറച്ചുകാലം കിടന്ന് കഷ്ടപ്പെട്ടാലും തമ്മില്‍ത്തല്ലൊന്നും കാണാന്‍ ഇരുന്നില്ലല്ലോ.

മുറ്റത്തുനിന്ന് ഉറക്കെയുള്ള വിളികേട്ടാണ് ഉണര്‍ന്നത്. തുണിക്കാരന്‍ മക്കുരാവുത്തര്‍ സൈക്കിളില്‍ ഭാണ്ഡക്കെട്ടുമായി വന്നിരിക്കുന്നു. വേഗം പിടഞ്ഞെണീറ്റു. രാവുത്തര്‍ക്ക് കുറച്ചു പണംകൊടുക്കാനുണ്ട്. കഴിഞ്ഞ ഓണത്തിന്ന് തുണിവാങ്ങിയതിന്‍റെ ബാക്കി. അത്ര ആര്‍ഭാടമായിട്ട് ഒന്നും വാങ്ങാറില്ല. സരോജിനിക്ക് മുന്നോനാലോ ഒന്നരയും മുണ്ടും ജാക്കറ്റിന്‍റെ തുണിയും. തനിക്ക് രണ്ട് ജഗന്നാഥന്‍റെ മുണ്ടും തോര്‍ത്തും. മനുഷ്യന്ന് നാണം മറയ്ക്കാന്‍ എന്തെങ്കിലും വേണമല്ലോ.

മകള്‍ക്ക് സാരി വാങ്ങികൊടുത്തിട്ട് കൊല്ലം രണ്ടായി. പാവംകുട്ടി. ഒന്നും ചോദിക്കാറില്ല. തന്‍റെ ഇല്ലായ്മ അവള്‍ക്ക് നന്നായി അറിയും. അതിന്‍റെ ഒരു യോഗം. ഒരു ജന്മം എടുത്ത് തീര്‍ക്കാന്‍ വേണ്ടിമാത്രം ജനിച്ചു. നല്ല കാലത്ത് ഒരുത്തന്‍റെ കയ്യില്‍ പിടിച്ച് ഏല്‍പ്പിക്കാനായില്ല. ചത്ത് പോകുന്ന നേരത്ത് അതിനെ ആരെ ഏല്‍പ്പിക്കും എന്നതാണ് ഇപ്പോഴത്തെ മനോവേദന.

''എന്താ നായരെ നേരംവെളുത്തപ്പൊത്തന്നെ കെടന്നൊറങ്ങുണത്, രാത്രി നേരത്ത് നിങ്ങക്ക് വേറെവല്ല പണീണ്ടോ''രാവുത്തര്‍ സംഭാഷണത്തിന്ന് തുടക്കം കുറിച്ചു.

 ''സുന്ദരന്‍റെ മണിഓര്‍ഡറ് വന്നിട്ടില്ല, വന്ന ഉടനെ ബാക്കി സംഖ്യേലിക്ക്  കൊറച്ചെന്തെങ്കിലും തരാം''കടത്തിനെക്കുറിച്ച് രാവുത്തര്‍ എന്തെങ്കിലും പറയുംമുമ്പ് നാണുനായര്‍ തന്‍റെ നിലപാട് പറഞ്ഞു.

''നമ്മളിപ്പൊ നിങ്ങളോട് കാശിന്‍റെ കാര്യം വല്ലതും പറഞ്ഞ്വോ''എന്നായി രാവുത്തര്‍. രാവുത്തര് സാധുമനുഷ്യനാണ്. ഒരിക്കലും മുഖം മുറിഞ്ഞ് കണക്ക് പറഞ്ഞിട്ടില്ല. വേണ്ട തുണി എടുത്തോളിന്‍ എന്നു പറയും. കയ്യില്‍ ഉള്ളതുപോലെ കുറേശ്ശയായിട്ട് കൊടുത്തുതീര്‍ക്കും. എന്നാലും നമുക്കൊരു മര്യാദയൊക്കെ വേണ്ടേ.

രാവുത്തര്‍ക്ക് ഇപ്പോള്‍ ഇതൊന്നും ചെയ്ത് കഴിയണ്ട കാര്യമൊന്നുമില്ല. രണ്ട് ആണ്‍മക്കള്‍ ഉള്ളത് പുനാങ്കിലോ പേര്‍ഷ്യയിലോ ആണ്. മാസാമാസം പവന്‍ കട്ടികട്ടിയായി വരാറുണ്ടെന്നാണ് ആള്‍ക്കാര് പറയാറ്. എന്നാല്‍ അതിന്‍റെ പത്രാസൊന്നും മൂപ്പര് കാണിക്കാറില്ല. വഴിക്കുവെച്ച് കാണുന്ന എല്ലാവരോടും നാട്ടുവര്‍ത്തമാനം ഒക്കെ പറഞ്ഞ് മൂപ്പരങ്ങിനെ പോകും. ഓടിനടന്ന് കച്ചോടം ചെയ്യാനൊന്നും നമ്മക്ക് വയ്യ എന്നാണ് രാവുത്തരുടെ പറച്ചില്‍.

''ഇത്തിരി വെള്ളം കുടിക്കാന്‍ എടുക്കിന്‍''രാവുത്തര്‍ പിള്ളകോലായിലെ തടുക്കുപായില്‍ ഇരുപ്പായി. സരോജിനി ഓട്ടുമൊന്തയില്‍ വെള്ളവുമായി എത്തി. അതുവാങ്ങി കുടിച്ചിട്ട് രാവുത്തര്‍ ബീഡിക്കെട്ട് പോക്കറ്റില്‍നിന്ന് എടുത്ത്, ഒരെണ്ണം ചുണ്ടില്‍ തിരുകിയിട്ട് മറ്റൊന്ന് നാണുനായര്‍ക്ക് നീട്ടി.

''വെറുതെ വേണ്ടാത്തതൊന്നും കൊടുക്കേണ്ടാ. അല്ലെങ്കിലേ അച്ഛന്‍ രാത്രി മുഴുവന്‍ കുരച്ചിട്ട് ഉറങ്ങാറില്ല''സരോജിനി പറഞ്ഞു

''അത് ഉച്ചവെയിലത്ത് നടന്ന് തലനീരെറങ്ങ്യേതാണ്. അല്ലാണ്ടെ വല്ലപ്പഴും ഒരുബീഡി വലിച്ചതോണ്ടൊന്നും അല്ല''നാണുനായര്‍ കൈനീട്ടി ബീഡി വാങ്ങി.

 ''നിങ്ങള് വന്നാല്‍ എപ്പഴും ഇങ്ങന്യാണ്''സരോജിനി കൂടുതലൊന്നും പറയാതെ അകത്തേക്ക് കയറിപ്പോയി.

അവളേക്കാളും അഞ്ചാറ് വയസ്സിന്ന് മൂത്തതാണ് രാവുത്തര്‍. ഒരേ ക്ലാസില്‍ പഠിച്ചതാണ് അവര്‍. സരോജിനി പഠിക്കാന്‍ മിടുക്കിയായിരുന്നു. സ്കൂള്‍ ടീച്ചറാവണം എന്നവള്‍ മോഹിച്ചിരുന്നു. അവളെ വേണ്ടപോലെ പഠിപ്പിക്കാന്‍ കഴിഞ്ഞില്ല. പ്രാരബ്ധമുള്ള വീട്ടില്‍ പിറന്ന മൂത്ത കുട്ടിക്കോ ഒടുവിലുത്തേതിന്നോ നോട്ടംകിട്ടില്ല എന്നുപറയും. അതുശരിയാണ്. താഴെ ഉള്ളവര്‍ക്ക് വേണ്ടി ചിലപ്പോള്‍ മൂത്തതിന്‍റെ കാര്യം വേണ്ടെന്ന് വെക്കും. അതൊക്കെ ഒരുവിധം നോക്കിയാലോ ഒടുവിലുത്തേതിനെ നോക്കാന്‍ ഒന്നും ഉണ്ടാവില്ല.

''എന്താ നായരെ മരുമകന്‍ വന്നിട്ട് ഒരു കൊശമശക്ക് ഒക്കെ ഉണ്ടാക്കീന്ന് പറഞ്ഞുകേട്ട്വോലോ. എന്താ സംഗതി''രാവുത്തര്‍ എന്തോ ചിലതൊക്കെ കേട്ടിട്ടുണ്ടെന്ന് നാണുനായര്‍ക്ക് മനസ്സിലായി. ഉള്ള മാനവുംകൂടി പോയി. ഇനി എന്താണ് മറച്ച് വെക്കാനുള്ളത്. മരുമകന്‍ ഇവിടെനിന്നും ഇറങ്ങി ഷാപ്പില്‍ ചെന്നിട്ട് വായില്‍ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞു എന്ന് വഴിയില്‍വെച്ച് ചാത്തന്‍ പറഞ്ഞത് ഓര്‍മ്മവന്നു. സരോജിനിയെപ്പറ്റി അപവാദം പറഞ്ഞതിലേ സങ്കടമുള്ളു. ഇത്രകാലം അവള്‍ പേരുദോഷം വരുത്തിയിട്ടില്ല. ചേച്ചിയുടെ പ്രസവത്തിന്ന് സഹായിക്കാന്‍ പോയി നിന്നപ്പോള്‍ അവന്‍ എന്തോ വേണ്ടാത്തതിന്ന് പോയി എന്നുപറഞ്ഞ് അപ്പോള്‍ത്തന്നെ തിരിച്ചുവന്നതാണ് അവള്‍. അതിന്നുശേഷം അവള്‍ മരുമകന്ന് അത്തവും ചതുര്‍ത്ഥിയും ആയി. കണ്ണീരിന്‍റെ അകമ്പടിയോടെ നായര്‍ കാര്യങ്ങള്‍ വിസ്തരിച്ചു.

 ''നിങ്ങള് മിണ്ടാണ്ടിരിക്കിന്‍. വെട്ടിപൊളിച്ച വായ്യോണ്ട് ആരക്കും എന്ത് തെമ്മാടിത്തരൂം പറയാം. അതൊന്നും നിങ്ങള് കണക്കാക്കണ്ട. ഇവിടെ എല്ലാരുക്കും സരോജിന്യേ അറിയും. ആരെന്ത് പറഞ്ഞാലും ഇബിടുത്തെ ആള്‍ക്കാര് അതൊന്നും നമ്പില്ല. ഒരു ചെവീല്‍കൂടി കേട്ട് മറ്റതില്‍കൂടി പുറത്ത് വിടും''രാവുത്തര്‍ ആശ്വസിപ്പിച്ചു.

''എല്ലാം നിങ്ങടെ ഒക്കെ ദയ''തൊഴുകയ്യോടെ നായര്‍ പറഞ്ഞു.

 ''പടച്ചോന്‍ ഒക്കെ കാണുണുണ്ട്''എന്നുപറഞ്ഞ് രാവുത്തര്‍ എഴുന്നേറ്റു. സൈക്കിള്‍ ഉരുട്ടി രാവുത്തര്‍ നടന്നുതുടങ്ങി. പടിവരെ നായര്‍ അനുഗമിച്ചു. ഇടവഴിയിലൂടെ സൈക്കിള്‍ നീങ്ങി. പുളിമരച്ചോട്ടില്‍ പടിക്കാലും ചാരി നാണുനായര്‍ നിന്നു. പുഴ കടന്നുവന്ന തണുത്തകാറ്റ് അയാളെ പൊതിഞ്ഞു.

അദ്ധ്യായം-15.

നാണുനായരുടെ വീട്ടില്‍നിന്നും ഇറങ്ങിയശേഷം മക്കുരാവുത്തര്‍ ഒന്നു രണ്ട് വീടുകളില്‍കൂടി കയറി. ഇതുവരെ കൈനീട്ടത്തിന്നുപോലും ഒരു സാധനം വിറ്റിട്ടില്ല. സാരമില്ല. കിട്ടാനുള്ളത് എപ്പോഴായാലും പടച്ചവന്‍ നമ്മുടെ കയ്യില്‍തന്നെ എത്തിക്കും.

ഉങ്ങുമരത്തിന്‍റെ അടുത്തെത്തിയപ്പോള്‍ നിന്നു. എതിര്‍വശത്തെ വീടിന്‍റെ വേലിയില്‍ സൈക്കിള്‍ ചാരിവെച്ചു. കരിനൊച്ചിവെച്ചുണ്ടാക്കിയ ഇടതൂര്‍ന്ന വേലിയാണ്. മരചുവട്ടില്‍ നല്ല തണലുണ്ട്. നിലത്തൊരു തോര്‍ത്തുവിരിച്ച് കിടന്നാല്‍ മതി. ഉറക്കം താനെവരും. രാവുത്തര്‍ മടിയില്‍നിന്ന് ഒരുബീഡി എടുത്ത് കത്തിച്ചു.

''രാവുത്തരേ, എന്താ ബീഡീം  വലിച്ച് ഒറ്റയ്ക്ക് നില്‍ക്കുണത്''ശബ്ദംകേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ മുമ്പില്‍ ആറുമുഖന്‍ ചെട്ടിയാര്‍. ചെട്ടിയാര്‍ക്ക് വളക്കച്ചവടമാണ്. കാക്കിത്തുണികൊണ്ട് നീളത്തില്‍ തുന്നിയുണ്ടാക്കിയ വളസഞ്ചി തോളത്ത് കിടപ്പുണ്ട്. അതിന്ന് മുകളില്‍ ചരടുകളില്‍ കോര്‍ത്ത കുപ്പിവളകള്‍ തൂങ്ങികിടക്കുന്നു.

 ''ഏയ്, ഇന്നത്തെ ദിവസം തീരെ മോശം''രാവുത്തര്‍ പറഞ്ഞു''അഞ്ചു പൈസക്ക് വിറ്റിട്ടില്ല''.

''മിണ്ടാണ്ടിരിക്കിന്‍''ചെട്ടിയാര്‍ പറഞ്ഞു ''ഇത് വിറ്റ് കൊണ്ടുപോയിട്ട് വേണ്ടേ നിങ്ങള്‍ക്ക് കഞ്ഞിവെക്കാന്‍''.

''ഈ പറയുണ നിങ്ങക്ക് വള വിറ്റിട്ട് കഴിയണോ''മക്കുരാവുത്തര്‍ തിരിച്ചടിച്ചു. തെങ്ങിന്‍തോട്ടവും കുറച്ച് കൃഷിയും ഒക്കെയായി നല്ല സൌകര്യമുള്ള ആളാണ് ആറുമുഖന്‍ ചെട്ടിയാര്‍. മക്കളും കുട്ടികളും ഒന്നുമില്ല. രാവിലെ പൊക്കണവും തൂക്കി വള വില്‍ക്കാന്‍ ഇറങ്ങും. വീട്ടുകാര്യവും കൃഷിയുമൊക്കെ നോക്കിനടത്തുന്നത് ചെട്ടിച്ച്യാരാണ്. ഇതിനൊക്കെ പുറമെ ചെട്ടിച്ച്യാര്‍ക്ക് മുറുക്കുകച്ചവടം കൂടിയുണ്ട്. അവരുണ്ടാക്കുന്ന മുറുക്കിന്ന് നല്ലസ്വാദാണ്. രാവുത്തര്‍ ചെട്ടിയാര്‍ക്ക് ഒരുബീഡി നല്‍കി. ബീഡി വലിച്ചുകൊണ്ട് രണ്ടുപേരും വിശേഷങ്ങള്‍ പറയാനാരംഭിച്ചു.

''ചെക്കന്മാര് രണ്ടും അടുത്തെങ്ങാനും വര്വോ''ചെട്ടിയാര്‍ ആരാഞ്ഞു.

''അങ്ങിനെ വിചാരിക്കുമ്പൊ വരാന്‍ പറ്റുണ സ്ഥലത്തല്ലല്ലോ രണ്ടാളും പണിക്ക് പോയിരിക്കുണത്. വരുമ്പൊ മുമ്പറൂം കാണാം, പോവുമ്പൊ പിന്നാപ്പൊറൂം കാണാം. പെരുനാളിനോ, വീട്ടിലെ വല്ല വിശേഷത്തിനോ അവര് ഉണ്ടാവില്ല. നല്ല രുചീല് വല്ലതും തിന്നാന്‍ ഉണ്ടാക്ക്യാല്‍ ആ ദിവസം അവരെ ഓര്‍മ്മവരും. പിന്നെ ഒന്നും അകത്ത് ചെല്ലില്ല. കഞ്ഞീം വെള്ളൂം ആയിട്ട് ഇവിടെ കൂട്യാ മതീന്ന് എത്രപറഞ്ഞാലും രണ്ടാളും കേക്കില്ല. ചെറുപ്രായത്തില്‍ എന്തെങ്കിലും ഉണ്ടാക്കികൂട്ട്യാല്‍ വയസ്സാവുമ്പൊ മിണ്ടാണ്ടെ ഒരിടത്ത് കുത്തിരുന്ന് തിന്നാലോ എന്നാ അഭിപ്രായം. ചാവാന്‍ കാലത്ത് അവറ്റടെ മൊഖം കാണാന്‍ പറ്റാണ്ട് പോവ്വോന്ന് ചെലപ്പൊ തോന്നും''.

''ഛേ ഛേ, ഒന്ന് മിണ്ടാതിരിക്കിന്‍, നിങ്ങള്‍ക്ക് അത്രക്ക് പ്രായം ഒന്നും ആയിട്ടില്ലല്ലോ, അമ്പത്തഞ്ചോ അമ്പതാറോ എത്രയാ ഇപ്പൊ''ചെട്ടിയാര്‍ ചോദിച്ചു.

''വയസ്സും നാളും ഒക്കെ നോക്കീട്ടാണോ മനുഷ്യര് ചാവുണത്. മൂപ്പര് മേപ്പട്ടെക്ക് വിളിച്ചാ അങ്കിട്ട് പോവ്വന്നേ, അതിന്ന് മീതെ ഒരു അപ്പീലും    ഇല്ല''രാവുത്തര്‍ തത്വജ്ഞാനം പറഞ്ഞു.

''എല്ലാരുടെ കാര്യൂം അത്രേള്ളു, ഇന്ന് കണ്ടവനെ നാളെ കാണാന്‍ പറ്റി എന്ന് വരില്ല''ചെട്ടിയാര്‍ രാവുത്തര്‍ പറഞ്ഞതിനെ പിന്‍താങ്ങി.

സംഭാഷണം ക്രമേണ മക്കളുടെ സമ്പാദ്യത്തിലേക്ക് കടന്നു. മക്കള്‍ രണ്ടും മാസംതോറും പണമയക്കാറുണ്ട്. അതൊന്നും എടുത്ത് വീട്ടില്‍ ചിലവ് ചെയ്യാറില്ല. തുണി വിറ്റുകിട്ടുന്ന പൈസ മതി കുടുംബചിലവിന്. മക്കള് അയച്ചുതരുന്ന കാശ് മുഴുവന്‍ നമ്മള് വക്കും മുക്കും പൊട്ടാതെ കരുതി വെക്കുണുണ്ട്. എന്നെങ്കിലും ഉള്ളപണീം വിട്ട് പിള്ളര് മടങ്ങി വന്നാല്‍ മണ്ണ് തിന്ന് കഴിയാന്‍ പറ്റ്വോ. കയ്യിരിപ്പുള്ളത് എന്തെങ്കിലും മൊതലില് ഒറപ്പിച്ച് വെക്കണം. ഉള്ള പണം മുഴുവന്‍ ബാങ്കിലിട്ടിട്ട് അതെങ്ങാനും പൊട്ടിപ്പൊളിഞ്ഞാല്‍ കൈമലര്‍ത്താനെ പറ്റു. ഉള്ളത് മുഴുവന്‍ കാണുണ മൊതലാക്കി വെച്ചാല്‍ പേടിക്കാനില്ല. നാളെ വാപ്പ ഞങ്ങടെ പണം എന്തു ചെയ്തൂന്ന് ചോദിച്ചാല് കാട്ടികൊടുക്കാന്‍ കഴിയണ്ടേ.

''കുറെ സ്ഥലം വാങ്ങി റബ്ബറ് വെക്കിന്‍''ചെട്ടിയാര്‍ പറഞ്ഞു.

അതിനോട് ഒട്ടും യോജിപ്പ് തോന്നുന്നില്ല. തിരുവിതാംകൂറിന്ന് വരുന്ന ചേട്ടന്മാര്‍ക്കേ അതൊക്കെ പറ്റു. അറിയാത്ത പണിക്ക് ഇറങ്ങിത്തിരിച്ച് തൊന്തരവായാല്‍ പറഞ്ഞിട്ട് കാര്യമില്ല.

''ഏയ്. അതൊക്കെ ചീണ്ടറംപിടിച്ച പണ്യാണ്. നമുക്കത് പറ്റില്ല''.

''പിന്നെ എന്താ നിങ്ങടെ മനസ്സില്''.

''കുറച്ചുസ്ഥലം വാങ്ങി രണ്ടിനും ഓരോ വീട് പണിയണം. പറ്റുംച്ചാല്‍ ഇത്തിരി കൃഷീം''.

''അപ്പൊ ഇപ്പഴത്തെ വീടോ''..

''അതുകൊടുത്ത് ഒരുത്തന്‍റെ കൂടെകൂടും''.

''അഞ്ചോ പത്തോ സെന്‍റ് സ്ഥലം എനിക്കുംകൂടി നോക്കിന്‍. ഞാനും വരാം നിങ്ങടെകൂടെ''.

''അതെന്തിനാ''.

''കാരണോന്മാര് തന്ന സ്ഥലത്താ ഇപ്പഴത്തെ വീട്. ചുറ്റുവട്ടത്ത് മുഴുവന്‍ കുടുംബക്കാരാ ഉള്ളത്. പറഞ്ഞിട്ടെന്താ, ബന്ധുക്കാര് എന്നും എപ്പഴും തമ്മില്‍ത്തല്ലന്നെ. പത്തുദിവസേ ഉള്ളൂങ്കില്‍ അത് സമാധാനത്തോടെ കഴിയാലോ''.

''നിങ്ങക്ക് ചെട്ടിത്തറയില്‍ ഉള്ളോരുടെ ഒപ്പം കഴിയാന്‍ വയ്യ. എന്നിട്ടാ ഇപ്പൊ മാപ്ലടെകൂടെ കഴിയാന്‍ പോണത്''.

''അതെന്താ രവുത്തരെ അങ്ങിനെ പറയുണത്. നിങ്ങടെ മേത്ത് ചോര്യല്ലേ ഉള്ളത്. എന്‍റെ ദേഹത്തും അതന്യാ ഉള്ളത്. നിങ്ങള് ചത്താല്‍ മണ്ണിട്ടു മൂടും. ഞാന്‍ ചത്താല്‍ കത്തിച്ചുകളയും. ഈ മണ്ണില്‍ത്തന്ന്യാ എന്‍റെ ചാരൂം നിങ്ങടെ കൊഴുപ്പും ചേരാന്‍ പോണത്''.

''ശര്യാണ്. പക്ഷെ ഇരിക്കുമ്പൊ ആരും അതൊന്നും ആലോചിക്കില്യാ''.

''മാരിയമ്മപൂജടെ പേരിലാ ഇപ്പൊ തമ്മില്‍ത്തല്ല്. കള്ളുകുടിച്ചു വന്നിട്ട് അങ്കിട്ടും ഇങ്കിട്ടും വേണ്ടാത്ത വര്‍ത്തമാനം പറയും. ഉള്ള വീട് വിറ്റു തുലച്ച് അവിടുന്ന് മാറ്യാ മതി എന്നായിട്ടുണ്ട്''.

''ഒരു കണക്കില്‍ നോക്കുമ്പൊ അന്യരാ നല്ലത്. അങ്ങോട്ടും ഇങ്ങോട്ടും വല്ലാണ്ടെ ഇടപെടാതിരുന്നാ മതി''വേലിയില്‍ ചാരിവെച്ച സൈക്കിള്‍ രാവുത്തര്‍ എടുത്തു.

''ചെട്ട്യാര് എന്‍റെകൂടെ വരുണ്വോ''അയാള്‍  ചോദിച്ചു.

''ഒരു വീട്ടില് ഒരേസമയം രണ്ട് വ്യാപാരം പാടില്ല''ചെട്ടിയാര്‍  വേറൊരു വഴിക്ക്  നടന്നു.

''കണ്ടാകര്‍ണ്ണനും കണ്ടത്താരും രണ്ടുണ്ടച്ചോ ദൈവം''അകലെനിന്നുതന്നെ മുളവടികൊണ്ടുള്ള താളത്തിനൊപ്പം ഉറക്കെ പാടുന്നത് കേട്ടുതുടങ്ങി. ആ പാടുന്നത് മായന്‍കുട്ടിയാണെന്ന് രാവുത്തര്‍ക്ക് മനസ്സിലായി. പാവം. എത്ര നല്ല മിടുക്കന്‍ ചെക്കനായിരുന്നു. തലക്ക് സ്ഥിരതയില്ലെങ്കില്‍ പോയില്ലേ.

മീനാക്ഷിയുടെ ഒരേയൊരു സന്താനമാണ് മായന്‍കുട്ടി. ആ സ്ത്രീ കല്യാണം കഴിച്ചിരുന്നില്ല. ചെറുപ്പത്തിലെ അവിവേകത്തിന്‍റെ ഫലമായിരുന്നു ആ മകന്‍. എങ്കിലും ഒരുപാടു കഷ്ടപ്പെട്ട് അവര്‍ മകനെ വളര്‍ത്തി. മായന്‍കുട്ടി ഏറെയൊന്നും പഠിച്ചില്ല. തന്തയില്ലാത്തവന്‍ എന്നുവിളിച്ച സഹപാഠിയെ നന്നായി കൈകാര്യംചെയ്തു. അന്നത്തോടെ സ്കൂളില്‍പോക്ക് നിര്‍ത്തി.

മായന്‍കുട്ടി അമ്മയെ വെറുത്തില്ല. പഠനം നിലച്ചതോടെ അവന്‍ പണിക്ക് പോവാന്‍ തുടങ്ങി. കിട്ടുന്നതെല്ലാം അമ്മയെ ഏല്‍പ്പിച്ചു. അവന്‍ മുതിര്‍ന്ന് നല്ലൊരു പണിക്കാരനായതോടെ മീനാക്ഷിക്ക് ആശ്വാസമായി. പക്ഷെ ആ സന്തോഷം അധികകാലം നിന്നില്ല. എപ്പോഴോ മായന്‍ കുട്ടിയുടെ മനസ്സില്‍ താളപ്പിഴകള്‍ ചേക്കേറി. ഉള്ള വീടുവരെ വിറ്റ് അമ്മ മകനെ ചികിത്സിച്ചു. ചെയ്‌വനയും മാട്ടും ആണെന്നു വിചാരിച്ച് കുറച്ചൊക്കെ മന്ത്രവാദവും ചെയ്തുനോക്കി. ഒടുവില്‍ മകന്‍റെ മാറാരോഗത്തിന്ന് മുമ്പില്‍ ആ അമ്മ പതറി.  അഞ്ചാറ് കോളാമ്പിക്കായയിലൂടെ  എല്ലാ ദുഃഖങ്ങളില്‍നിന്നും അവര്‍ ഒളിച്ചോടി.

മക്കുരാവുത്തര്‍ കുറെനേരം മായന്‍കുട്ടിയെതന്നെ നോക്കിനിന്നു. പരിസരം മറന്നാണ് അവന്‍റെ പാട്ടും കളിയും. ഒരു കീറതോര്‍ത്ത് മാത്രമാണ് വേഷം.

''എന്താണ്ടാ മായന്‍ കുട്ട്യേ, ഈ നട്ടപ്പൊരി വെയിലത്തുനിന്ന് പാട്ടുപാടി കളിക്കുണത്''രാവുത്തര്‍ അവനെ വിളിച്ചു. അവന്‍ തിരിഞ്ഞുനോക്കി നന്നായിട്ടൊന്ന് ചിരിച്ചു.

''ആലുപ്പോ, ഇത്തറനേരം കന്ന് പൂട്ടി ചലിച്ചു. വലത്തേ പോത്ത് നേരെ നടക്കില്ല. തൊടുപ്പുമൊളയാതെ കണ്ടം പൂട്ട്യേത് മൊതലാളി കണ്ടാ ചീത്ത പറയില്ലേ. ദാ, ഇപ്പൊ പണി തീര്‍ന്നതേള്ളു. ആ സന്തോഷത്തിന്  നാലു പാട്ട് പാടി കളിച്ചതാണ്''.

''അതിന് നിന്‍റെ കന്നും കരീം നൊകൂം ഒന്നും ഇവിടെ കാണാനില്ലല്ലോടാ''. മായന്‍കുട്ടിയുടെ മനസ്സില്‍ എവിടേയോ കന്നുപൂട്ട് നടക്കുകയാണെന്ന് രാവുത്തര്‍ക്കറിയാം. എങ്കിലും അവനെന്താ പറയുന്നത് എന്നറിയാന്‍  ഒരുതാല്‍പ്പര്യം.

''നിങ്ങക്ക് കണ്ണും കാണാന്‍ പാടില്ലാണ്ടായി. ഇതാ നോക്കിന്‍''മായന്‍കുട്ടി പാതച്ചാലിനപ്പുറത്തേക്ക് ചൂണ്ടിക്കാട്ടിയിട്ട് മട്ടപോത്തുകളെ പൂട്ടിക്കെട്ടി നിറുത്തിയിരിക്കുകയാണെന്ന് പറഞ്ഞു. രാവുത്തര്‍ക്ക് സങ്കടം തോന്നി. ഇന്ന് ചെക്കന്‍ വല്ലതും കഴിച്ചിട്ടുണ്ടാവുമോ.

''നിനക്ക് ചായ വേണോടാ''രാവുത്തര്‍ മായന്‍കുട്ടിയോട് ചോദിച്ചു. അവന്‍ വേണമെന്ന് തലയാട്ടി. എന്നാല്‍ വാ എന്നു പറഞ്ഞ് നടന്നു.

''നിക്കിന്‍ ഞാന്‍ ഈ കന്നിനെ കെട്ടീട്ട് വരാം''മായന്‍കുട്ടി പെട്ടെന്ന് പാതച്ചാലിന്നപ്പുറത്തേക്ക് ചാടി. അദൃശ്യരായ കന്നുകാലികളെ അവന്‍ വേലിപ്പള്ളയിലെ കൊട്ടത്തറിയില്‍കെട്ടി. മക്കുരാവുത്തര്‍ കാത്തുനിന്നു.

''എവിടേടാ മായന്‍കുട്ട്യേ, നിനക്ക് ഞാന്‍ കഴിഞ്ഞമാസം തന്ന മുണ്ട്'' രാവുത്തര്‍ ചോദിച്ചു.

ഇവന് ഇതൊരു പതിവുണ്ട്. ഇടയ്ക്ക് ഉടുമുണ്ട് അഴിച്ചുകീറി അതിനെ കൊടിയാക്കും. ഏതെങ്കിലും കോലില്‍ അതുകെട്ടി ജെയ് വിളിച്ചോണ്ട് ജാഥ പോകും. ആ മുണ്ടും അങ്ങിനെ കീറി കൊടിയാക്കിക്കാണും.

''ആലുപ്പോ നിങ്ങള് വക്കാണിക്ക്വോ''മായന്‍ കുട്ടി ചോദിച്ചു. ഇല്ലെന്ന് രാവുത്തര്‍ തലയാട്ടി.

 ''പാട്ടിത്തള്ള തണുത്ത് വെറച്ച് കെടക്കണത് കണ്ടപ്പൊ ഞാന്‍ അതിന് ആ മുണ്ട് പൊതയ്ക്കാന്‍  കൊടുത്തു''. മായന്‍കുട്ടി പറഞ്ഞത് രാവുത്തരെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. പുത്തികെട്ടവനാണെങ്കിലും അവന്‍ നല്ല കാര്യമാണല്ലോ ചെയ്തത്. പീടികത്തിണ്ണയില്‍ കിടക്കുന്ന ഭിക്ഷക്കാരിക്ക് തണുപ്പില്‍നിന്ന് ആശ്വസം കിട്ടട്ടെ.

ഇവന് വയറ് നിറയെ ആഹാരം വാങ്ങികൊടുക്കണം, ഉടുക്കാനൊരു മുണ്ടും. മക്കുരാവുത്തര്‍ ആ നിമിഷം തീരുമാനിച്ചു. സൈക്കിളുരുട്ടി അയാള്‍ ചായപ്പീടികയിലേക്ക് നടന്നു. ഒപ്പം മായന്‍കുട്ടിയും.

അദ്ധ്യായം -16.

നാട്ടിലെത്തി ദിവസം മൂന്ന് കഴിഞ്ഞു. എങ്ങോട്ടും പോയില്ല. മുറ്റത്തു പോലും ഇറങ്ങിയില്ല എന്നതാണ് സത്യം. കിട്ടുണ്ണി ഭക്ഷണം കഴിക്കാന്‍ സമയത്തിന്ന് വന്നുവിളിക്കും. നാട്ടുവിശേഷങ്ങളും കുടംബകാര്യങ്ങളും പറയുന്നത് ഉണ്ണാനിരിക്കുമ്പോഴാണ്. സ്വന്തത്തില്‍പ്പെട്ടവര്‍ ചിലരൊക്കെ മണ്മറഞ്ഞവിവരം അറിയുന്നത് അങ്ങിനെയാണ്. വൈകുന്നേരം മഴയ്ക്ക് സാദ്ധ്യതയില്ലെങ്കില്‍ ഒന്ന് പുറത്തിറങ്ങണമെന്ന് വേണു നിശ്ചയിച്ചു.

സമപ്രായക്കാരെകൂടാതെ പഴയതലമുറയിലുള്ളവരെ മാത്രമേ തനിക്ക് അറിയുകയുള്ളു. അതില്‍ ആരെല്ലാമാണ് ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളത് എന്നൊന്നും അറിയില്ല. പറ്റുമെങ്കില്‍ ചിലരെ കാണണം. നാളെ രാവിലെ അമ്പലകുളത്തില്‍ കുളിച്ച് അയ്യപ്പനെ തൊഴുകണം. മുങ്ങികുളിച്ച കാലം മറന്നു. കുട്ടിക്കാലത്ത് അമ്പലകുളം അക്കരെ ഇക്കരെ പത്തുവട്ടം നീന്തും. കൂട്ടിന്ന് സമപ്രായക്കാര്‍ കുറെപേരുണ്ടാവും. കുളത്തിന്‍റെ നടുവില്‍ ഒരു ഓമക്കുറ്റിയുണ്ട്. ക്ഷീണിച്ചാല്‍ അതില്‍ പിടിച്ചുനിന്ന് വിശ്രമിക്കും . ആ കാലം മനസ്സില്‍ തെളിഞ്ഞ ഓര്‍മ്മയാണ്.

കുട്ടികളുടെ പരിചയക്കുറവ് മാറിക്കഴിഞ്ഞു. ഇപ്പോള്‍ ഇടയ്ക്കൊക്കെ അവര്‍ അടുത്തുവരും. ''വല്യേമുത്തച്ഛക്ക് കുടിക്കാന്‍ വല്ലതുംവേണോ'' എന്ന് അന്വേഷിക്കും, ''ഒരുകഥ പറഞ്ഞ് തര്വോ''എന്ന് ചോദിക്കും.

കുസൃതികളാണെങ്കിലും എളുപ്പത്തില്‍ ഇണങ്ങുന്ന വകയാണ്. വെറുതെ ഇരിക്കുമ്പോഴുള്ള മടുപ്പ് അതുകാരണം തോന്നുന്നില്ല. രണ്ടുംകൂടി ഏട്ടനെ വിഷമിപ്പിക്കരുത് എന്ന് കിട്ടുണ്ണി ഇടയ്ക്ക് ശാസിക്കും.

പിള്ളേര് മാത്രമായിട്ടെന്താ ഇവിടെ വന്നുനില്‍ക്കുന്നത് എന്ന് അവനോട് ചോദിക്കണമെന്ന് കരുതിയിരുന്നതാണ്. അതിന്നുമുമ്പേ ''വല്യേമുത്തച്ഛാ, അമ്മ ഒരു ഉണ്ണ്യേ പ്രസവിച്ച് കിടക്ക്വാണ്. ഒരു കുഞ്ഞുവാവ'' ചെറുത് കള്ളി വെളിച്ചത്താക്കി.

നാലുമണി കഴിഞ്ഞതും വേണു പുറത്തിറങ്ങിനോക്കി. മഴക്കാറൊന്നും കാണാനില്ല. ഒന്ന് നടന്നിട്ടുവരാം. ഇറങ്ങുമ്പോള്‍ ഏട്ടന്‍ ഒരുകുട കയ്യില്‍ വെച്ചോളു, എപ്പഴാ മഴ വര്വാന്ന് പറയാന്‍ പറ്റില്ല എന്നുപറഞ്ഞ് രാധ ഒരുകുട ഏല്‍പ്പിച്ചു.

പാടത്തിന്ന് നടുവിലൂടെയുള്ള പാത അവസാനിക്കാറായി. വലത്തോട്ട് തിരിഞ്ഞാല്‍ അങ്ങാടിയാണ്. മറുഭാഗത്തേക്ക് നടന്നാല്‍ പുഴയോരത്തു കൂടിയുള്ള മെറ്റലിട്ടപാത മന്ദത്തിലെത്തും. ആല്‍ചുവട്ടിലെ ഭഗവതിയെ തൊഴാം. ധാരാളം വീടുകളുള്ള നായന്മാരുടെതറ അവിടെയാണ്. പഴയ സുഹൃത്തുക്കളെ ചിലപ്പോള്‍ കാണാനായേക്കും. വേണു ഇടത്തോട്ടുള്ള വഴിയിലേക്ക് തിരിഞ്ഞു. കൈതപൊന്തകളുടെ മറപിടിച്ച് പുഴ ഒഴുകുന്നു. പള്ളിയുടെ പുറകിലായി പുഴക്കടവില്‍  കൂവലും ബഹളവും. പിള്ളേര്‍ വെള്ളത്തില്‍ നീന്തി കളിക്കുകയാവും. വേണു പുഴക്കടവിലേക്കുനടന്നു. ഉടുതുണിയില്ലാതെ പിള്ളേര്‍ പാറയുടെ മുകളില്‍നിന്ന് പുഴയിലേക്ക് കരണംമറിഞ്ഞ് ചാടുകയാണ്.

പെട്ടെന്ന് താനൊരു കുട്ടിയായതുപോലെ വേണുവിന്ന് തോന്നി. ഒരു പത്തു വയസ്സുകാരന്‍ പയ്യന്‍. കൂട്ടുകാരുമൊത്ത് പള്ളികടവില്‍ അവന്‍ നീന്തി തുടിക്കുകയാണ്. നോക്കിനില്‍ക്കെ ഇരുള്‍പരന്നു. കൂട്ടുകാരെ കാണാനില്ല. ആരോ കഴുത്തില്‍പിടിച്ച് അവനെ  വെള്ളത്തില്‍ മുക്കുകയാണ്. അവന് ശ്വാസംമുട്ടി തുടങ്ങി. ഒരിറ്റ് പ്രാണവായുവിന്നായി പിടഞ്ഞു. ആ നേരത്ത് ഏതോകൈകള്‍ തന്നെ കോരിയെടുക്കുന്നു. ബോധംവന്നപ്പോള്‍ പൂമുഖത്ത് കിടക്കുകയാണ്. ചുറ്റിനും ആളുകള്‍.

 ''ഏടത്തിടെ കണ്ണ് നേരത്തെ അടഞ്ഞത് നന്നായി. ഇങ്ങിനത്തെ ഒരസുരനെ  വളര്‍ത്താതെ കഴിഞ്ഞല്ലോ. എന്തെങ്കിലും പറ്റ്യാ ല്‍ ആളുകള് എന്ന്യേല്ലേ കുറ്റംപറയുക. തിന്നുകൊഴുപ്പുകൂടീട്ട് വെള്ളത്തില്‍ ചാടി ചത്തതാണെന്ന് ആരെങ്കിലും പറയ്വോ''ചെറിയമ്മ ആരോടോ ഉറക്കെ പറയുന്നതുകേട്ടു. നീരാളി പിടിച്ചതാണ് എന്ന് ചിലരൊക്കെ പറഞ്ഞു. പള്ളിക്കാട്ടില്‍നിന്ന് ഏതോ മുസ്ലിമിന്‍റെ പ്രേതം ദേഹത്ത് കൂടിയതാണെന്ന് വേറൊരു കൂട്ടരുടെ വാദം . ബാധ ഒഴിപ്പിക്കലും ബലിയും നടത്തണമെന്ന് പണിക്കര്‍ പറഞ്ഞെങ്കിലും അതിനൊന്നും എന്‍റെ കയ്യില് കാശില്ല എന്നുപറഞ്ഞ് ചെറിയമ്മ ഒരുചരട് ജപിപ്പിച്ച് കയ്യില്‍കെട്ടി തരുകയാണ് ഉണ്ടായത്.

പുഴയോട് പിണങ്ങി പാത ഇടത്തുഭാഗത്തേക്ക് അകന്നുതുടങ്ങി. കൂനന്‍ പാറയുടെ മുകളിലെ ആല്‍മരം കാലത്തിന്‍റെ കൈകളില്‍നിന്ന് തെന്നിമാറി മാറ്റമില്ലാതെ നില്‍ക്കുന്നു. പാറയുടെ ചുവട്ടിലായി കള്ളുഷാപ്പ് ഉണ്ടായി എന്ന ഒറ്റവ്യത്യാസമേ ഉള്ളു. ഷാപ്പിനകത്തുനിന്നും ആരോ ഈണത്തില്‍  കീര്‍ത്തനം ആലപിക്കുന്നു. കള്ളുഷാപ്പിലിരുന്ന് ത്യാഗരാജകൃതി ഇത്രയും ഭംഗിയായി പാടുന്നത് ഏതു മഹാനാണാവോ. ശകലം മദ്യം അകത്തെത്തി കഴിഞ്ഞാല്‍ മനുഷ്യന്‍റെ ജന്മസിദ്ധമായ വാസന തനിയെ പുറത്തെത്തുമെന്ന് പറയുന്നത് വെറുതെയല്ല.

മന്ദത്തെ ആല്‍ത്തറക്ക് അരികിലായി ആറേഴുചെറുപ്പക്കാര്‍ നില്‍പ്പുണ്ട്. മുഖപരിചയം തോന്നുന്ന ആരും ആ കൂട്ടത്തിലില്ല. ആലിനെ വലംവെച്ചു നടക്കല്‍നിന്ന് തൊഴുതു. കല്‍വിളക്ക് തെളിയിച്ചിട്ടില്ല. കണ്ണാടികൂടിനകത്ത് ചെറിയൊരു നിലവിളക്ക് കത്തുന്നുണ്ട്. പണ്ടും ഇവിടെ നിത്യപൂജ ഒന്നും ഉണ്ടായിരുന്നില്ല. ആലിലകള്‍ ഇളംകാറ്റില്‍ ഉലയുന്നുണ്ട്. അടര്‍ന്നുവീണ ഇലകള്‍ നിലംമൂടി കിടക്കുന്നു. ഇതിനടുത്താണല്ലോ സുന്ദരന്‍റെ വീട് എന്ന് അപ്പോള്‍ ഓര്‍മ്മവന്നു.

കുട്ടിക്കാലത്തെ അടുത്ത കൂട്ടുകാരനായിരുന്നു സുന്ദരന്‍. അവന്‍ പഠിപ്പു കഴിഞ്ഞപ്പോള്‍ പട്ടാളത്തില്‍ ചേര്‍ന്നു. ഇപ്പോഴവന്‍  പിരിഞ്ഞുകാണും. അവന്‍റെ അച്ഛന്‍ നാണുനായരാണ് തനിക്ക് ആദ്യമായി ഒരുപണി വാങ്ങി തന്നത്. ഒമ്പതാംക്ലാസ്സില്‍നിന്ന് ജയിച്ചസമയം. തുടര്‍ന്ന് പഠിപ്പിക്കാന്‍ വക ഇല്ലെന്നായി ചെറിയമ്മ. എന്തെങ്കിലും പണിക്ക് പോവാനുള്ള പ്രായം ആയിട്ടുമില്ല. തന്‍റെ സങ്കടം സുന്ദരനോടു പറഞ്ഞു. കൊയമ്പത്തൂരില്‍നിന്ന് ശനിയാഴ്ച എത്തിയ നാണുനായരോട് അവന്‍ ശുപാര്‍ശ ചെയ്തു. വലിയ വീട്ടിലെ കുട്ടിയാണ്. നമ്മള്‍ കൂട്ടിക്കൊണ്ട് പോയാല്‍ അത് വല്ല കൂട്ടവും കുറിയും ആവുമോ എന്ന് അദ്ദേഹം സംശയംപറഞ്ഞുവെങ്കിലും തിരിച്ചു പോവുമ്പോള്‍ കൂടെകൂട്ടി. ആരും എതിര് പറഞ്ഞതുമില്ല.

വേണു കയറിചെല്ലുമ്പോള്‍ നാണുനായര്‍ ഉമ്മറത്തു തന്നെയുണ്ട്. കണ്ണിന്ന് നേരെ വലത് കൈപ്പത്തിവെച്ച് നല്ലവണ്ണം നോക്കിയിട്ട് ''ആരാ, എനിക്ക് മനസ്സിലായില്ല''എന്നയാള്‍ പറഞ്ഞു.

 ''നാണുമാമെ, ഇത് ഞാനാ, വേണു''എന്നു പറഞ്ഞിട്ടും നാണുനായര്‍ മിഴിച്ചു നിന്നതേയുള്ളു. കണ്ടുമറന്ന മുഖം ഓര്‍മ്മയില്‍ പരതുകയാവും. അല്ലെങ്കില്‍ത്തന്നെ കാലം ശരീരത്തില്‍ ഏല്‍പ്പിച്ചിട്ടുള്ള പോറലുകള്‍ ചെറുതൊന്നുമല്ലല്ലൊ.

''ആരാ, എനിക്ക് തീരെ ഓര്‍മ്മ കിട്ടുണില്ല''വൃദ്ധന്‍ മിഴിച്ചുനിന്നു.

''സുന്ദരന്‍റെ കൂട്ടുകാരന്‍ വേണൂനെ കൊയമ്പത്തൂരില്‍ കൂട്ടിക്കൊണ്ടു പോയി കൂടെതാമസിപ്പിച്ച് പണിയാക്കിക്കൊടുത്തത് മറന്ന്വോ''ഓര്‍മ്മ പുതുക്കാന്‍ പറഞ്ഞുനോക്കി.

''എന്‍റെ അപ്പേ''നാണുനായര്‍ വേണുവിനെ ആശ്ലേഷിച്ചു. ദുര്‍ബ്ബലമായ ആ ശരീരം വിറകൊള്ളുന്നത് വേണു അറിഞ്ഞു.

 ''നിന്നെ കാണാന്‍ സാധിക്കുംന്ന് നിരീച്ചിട്ടില്ല''നാണുനായര്‍ തേങ്ങി. ''എന്നാലും നീ മറന്നില്ലല്ലോ, അതു മതി''എന്നയാള്‍  സ്വയം ആശ്വസിച്ചു. ഇരുട്ടാവുന്നതുവരെ ഉമ്മറത്തെ തിണ്ടിലിരുന്ന് അവര്‍ സംസാരിച്ചു. തന്‍റെ ഗതികേടുകളും സങ്കടങ്ങളും നാണുനായര്‍ വേണുവിനോട് പറഞ്ഞു.

''എന്തിനാ അച്ഛാ ഇതൊക്കെ ഇപ്പൊ പറയുണത്''വാതിലിന്‍റെ മറവില്‍ നിന്ന് സരോജിനി ചോദിച്ചു.

''ഞാന്‍ എന്‍റെ കുട്ടിടടുത്താണ് കഷ്ടപ്പാട് പറയുണ്, അല്ലാതെ അന്യന്‍ ഒരാളോടല്ല''നായര്‍ പറഞ്ഞു .

''നാണുമാമ എന്തുവേണമെങ്കിലും എന്നോട് ചോദിച്ചോളൂ, ഞാന്‍ ഇനി എവിടേക്കും പോണില്ല, ഇവിടെത്തന്നെ ഉണ്ടാവും''പേഴ്സില്‍നിന്ന് കയ്യില്‍ കിട്ടിയ നോട്ടുകള്‍ വേണു നാണുനായരുടെ കയ്യില്‍ പിടിപ്പിച്ചു. അതുവാങ്ങി നാണുനായര്‍  കണ്ണോടുചേര്‍ത്തുവെച്ചു. അയാള്‍ വിതുമ്പി കരയാന്‍ തുടങ്ങി. ഒടുവില്‍ തന്‍റെ ശുഷ്ക്കിച്ച കൈകള്‍ വേണുവിന്‍റെ ശിരസ്സില്‍വെച്ചു.

''എന്‍റെ മകന്‍ നന്നായിവരും''ഗദ്ഗദത്തോടൊപ്പം വാക്കുകള്‍ അയാളില്‍ നിന്ന് പുറത്തെത്തി.

മന്ദംകടന്ന് തിരിവ് കഴിയുന്നതുവരെ വേണു ഇടക്കിടക്ക് തിരിഞ്ഞു നോക്കി. പടിക്കാലും ചാരി പുളിമരച്ചോട്ടില്‍ ഒരുപ്രതിമപോലെ നാണു നായര്‍ നില്‍ക്കുന്നു.

തനിക്ക് ഒരു ജീവിതം ഉണ്ടാക്കാന്‍ ആദ്യമായി സഹായഹസ്തം നീട്ടിയ ആള്‍. അദ്ദേഹത്തെ കാണാന്‍ ഇടവരുമെന്ന് കരുതിയിരുന്നതല്ല. പക്ഷെ ഇന്നത് സാധിച്ചു, ദുര്‍ബ്ബലമായ ആ കൈകള്‍ തന്‍റെനിറുകയില്‍ ഇപ്പോഴും മുട്ടിയിരിപ്പുണ്ടെന്ന് തോന്നുന്നു. വേണുവിന്‍റെ മനസ്സില്‍ സന്തോഷം അലതല്ലുകയായിരുന്നു.

അദ്ധ്യായം17.

വേണുപോയിട്ടും നാണുനായര്‍ പടിക്കല്‍തന്നെ നില്‍ക്കുന്നത് സരോജിനി ശ്രദ്ധിച്ചു. അച്ഛന്‍ പരിസരംപോലും മറന്ന മട്ടുണ്ട്. വേണുവേട്ടനെ എത്രയോ കാലത്തിന്നുശേഷം കണ്ടുമുട്ടിയതാണ്. വീട്ടില്‍ വന്നിട്ട് ഒരുചായ ഉണ്ടാക്കി കൊടുക്കാന്‍ കഴിഞ്ഞില്ല. വീട്ടിലെ കഷ്ടപ്പാടുകളൊക്കെ വേണുവേട്ടനോട്  അച്ഛന്‍ പറഞ്ഞിട്ടുണ്ടാവും. ഈയിടെയായി അച്ഛന്‍ അങ്ങിനെയാണ്. തന്‍റെ മുമ്പില്‍ എത്തുപെടുന്നവരോട് വീട്ടിലെ പ്രാരബ്ധങ്ങള്‍ മുഴുവനും വിളമ്പും. നമ്മുടെ ഗതികേട് അന്യരെ അറിയിക്കരുത് എന്ന് എത്ര പറഞ്ഞാലും അത് കേള്‍ക്കില്ല.

ഉമ്മറത്ത് കത്തിച്ചുവെച്ച നിലവിളക്ക് അണഞ്ഞുകഴിഞ്ഞു. അതിന്‍റെ മൂട്ടില്‍ ലേശം എണ്ണയേ ഒഴിക്കാറുള്ളു. എണ്ണയുടെ വില നോക്കുമ്പോള്‍ അതൊന്നും വേണ്ടാ എന്നുതോന്നാറുണ്ട്. പക്ഷെ അച്ഛന്‍ സമ്മതിക്കില്ല. സന്ധ്യക്ക് ഉമ്മറത്ത് നിലവിളക്ക് കത്തിച്ചുവെച്ചില്ലെങ്കില്‍ മഹാലക്ഷ്മി വരില്ലാത്രേ. അല്ലെങ്കില്‍ ഇപ്പോള്‍ ദേവി പ്രസാദിച്ചിട്ട് സമ്പത്ത് വന്നുമൂടി കിടക്കുകയല്ലേ. നിലവിളക്കിന്‍റെ സ്ഥാനത്ത് മുട്ടവിളക്ക് കത്തിച്ചുവെച്ചു. കമ്പിറാന്തലിന്ന് കൂടുതല്‍ മണ്ണെണ്ണ വേണം. ഇതാവുമ്പോള്‍ കുറച്ചുമതി. നേരം നല്ലവണ്ണം ഇരുട്ടി.

''അച്ഛാ, ഇങ്ങിട്ട് കേറിവരിന്‍. ഇരുട്ടത്തുനിന്ന്  വല്ല പാമ്പോ ചേമ്പോ കടിച്ചാല്‍ എന്നെക്കൊണ്ടൊന്നും ആവില്ല''സരോജിനി പറഞ്ഞു. നാണു നായര്‍ പടിചാരി കെട്ടിവെച്ച് വീട്ടിലേക്ക് കയറി.

''ഇത് എത്രയുണ്ടെന്ന്നോക്ക്''വന്നപാടെ കയ്യിലെ നോട്ടുകള്‍ നായര്‍ മകളെ ഏല്‍പ്പിച്ചു. മുട്ടവിളക്കിന്‍റെ മുമ്പിലിരുന്ന് സരോജിനി നോട്ടുകള്‍ എണ്ണി. എണ്ണൂറ്റി അറുപത് ഉറുപ്പികയുണ്ട്. ആദ്യമായിട്ടാണ് അത്രയും വലിയ തുക കയ്യില്‍ വരുന്നത്. സരോജിനി തുക പറഞ്ഞു.

''ഞാനൊന്നും ചോദിച്ചിട്ടില്ലാട്ടോ, അവന്‍ മനസ്സറിഞ്ഞ് തന്നതാണ്''നാണു നായര്‍ തന്‍റെ നിരപരാധിത്വം വെളിപ്പെടുത്തി.

അപ്പോള്‍ വേണുവേട്ടന്‍ തന്നതാണ് ഈ പണം. അല്ലാതെ അച്ഛന് എവിടുന്ന് കിട്ടാനാണ്. സുന്ദരേട്ടന്‍ പത്താംതിയ്യതിക്ക് എന്തെങ്കിലും അയച്ചുതരും. അതാണ് പ്രധാന വരുമാനം. പുളിയോ ചക്കയോ മാങ്ങയോ വിറ്റാല്‍ വല്ലതും കിട്ടാറുണ്ട്. കഴിഞ്ഞുകൂടാന്‍ അതുകൊണ്ടൊന്നും തികയാറില്ല. ഒരു പള്ളിയാല് ഉള്ളതില്‍ മുമ്പൊക്കെ ചാമ ഇടും. ഒരു പൂവല് കൃഷിയും ചെയ്യും. ഇപ്പോള്‍ ഒന്നും ചെയ്യാറില്ല. കൂലി കൊടുക്കാന്‍ വല്ലതും വേണ്ടേ. ഓട്ടുകമ്പനിയില്‍ എട്ടുതവണ മണിയടിച്ചു.

''അച്ഛാ, കഴിക്ക്യല്ലേ''സരോജിനി ചോദിച്ചു. നിത്യവും ഈ നേരത്ത് ആഹാരം കഴിക്കും. നേരത്തെ കിടന്നുറങ്ങാനൊന്നുമല്ല. എല്ലാം കഴിഞ്ഞ് വാതിലടച്ച് കിടന്നാല്‍ വിളക്ക് ഊതിക്കെടുത്താം. വെറുതെ എന്തിനാ മണ്ണെണ്ണ കത്തിച്ചു കളയുന്നത്. കിണ്ടിയില്‍നിന്ന് വെള്ളമൊഴിച്ച് നായര്‍ കൈകഴുകി. റേഷന്‍ കടയില്‍നിന്ന് വാങ്ങിയ ഗോതമ്പരച്ച് ഉണ്ടാക്കിയ ദോശ രണ്ടെണ്ണം വീതം വിളമ്പി. മുറ്റത്തെ ചെടിയില്‍നിന്നു വലിച്ച അരിമുളകരച്ച ചമ്മന്തിയും. നാണുനായര്‍ക്ക് രാത്രി പാലില്ലാത്ത ചായ വേണം. സരോജിനി രാത്രി  ചായ കുടിക്കാറില്ല. അല്ലെങ്കിലേ ഉറക്കം നന്നെ കമ്മിയാണ്. ഓരോന്ന് ആലോചിച്ച് കിടന്നാല്‍ തീരെ ഉറക്കം വരില്ല. അതിനുപുറമെ ചായയുംകൂടി കുടിച്ചാലോ. ആഹാരം കഴിഞ്ഞ് പാത്രം മോറിവെച്ച ശേഷം  അച്ഛന് കട്ടിലില്‍ കോസറി വിരിച്ചു. താഴെ പായ വിരിച്ച് സരോജിനി കിടന്നു.

 ''എന്നാലും എന്‍റെ മകളേ, അവന്‍ കീഴ്ക്കെട മറന്നിട്ടില്ല''വേണുവേട്ടനെ കുറിച്ചാണ് അച്ഛന്‍ പറയുന്നത്. സുന്ദരേട്ടന്‍റെകൂടെ കുട്ടിക്കാലത്ത് വീട്ടില്‍ കളിക്കാന്‍ വന്നിരുന്ന വേണുവേട്ടനെ ഓര്‍ത്തു. അല്‍പ്പം നിറം കുറഞ്ഞ് കൊലുന്നനെയുള്ള ഒരു ആണ്‍കുട്ടി. പരമസാധു. എത്രയോ തവണ തന്നെ മുതുകിലേറ്റി നടന്നിട്ടുണ്ട്. എന്തെങ്കിലും പണിയാക്കിത്തരണമെന്ന് കണ്ണും തുടച്ച് അച്ഛനോട് വന്നുപറഞ്ഞത് ഇന്നലെ എന്നപോലെ ഓര്‍ക്കുന്നു.

കൊയമ്പത്തൂരില്‍നിന്ന് പലദിക്കിലും ജോലി ആയി പോയെങ്കിലും നാട്ടിലെത്തിയാല്‍ വരാതെ പോവാറില്ല. വെറുംകയ്യോടെ ഒരിക്കലും വന്നിട്ടില്ല. ബിസ്ക്കറ്റോ, പലഹാരങ്ങളോ കയ്യില്‍ കാണും. സ്കൂള്‍ തുറക്കുന്ന സമയത്ത് നോട്ടുപുസ്തകങ്ങളും തുണിയും കൊണ്ടുവരും.   ''നല്ല സ്ഥായീള്ള കുട്ട്യാണ് വേണു''എന്ന് അമ്മ പറയുമായിരുന്നു.

മാലതിചേച്ചി മരിച്ചതിന്നുശേഷം വേണുവേട്ടന്‍ നാട്ടിലങ്ങിനെ വരാറില്ല. ചെറിയമ്മ മരിച്ചപ്പോള്‍ ഏട്ടന്‍ വന്നെങ്കിലും ആ സമയത്ത് കാണാനൊന്നും  കഴിഞ്ഞില്ല. വേണുവേട്ടനാണ് മാലതിടീച്ചറെ ചേച്ചി  എന്നു വിളിക്കാന്‍ തന്നോട് പറഞ്ഞത്. മാലതിചേച്ചി സരോജിനി എന്ന് മുഴുവന്‍ വിളിക്കില്ല. ''സരോ''എന്നേ വിളിക്കൂ. അവര്‍ക്ക് തന്നെ അത്രയ്ക്ക് കാര്യമായിരുന്നു. തിരിച്ച് അങ്ങോട്ടും അങ്ങിനെത്തന്നെയായിരുന്നു.വേണുവേട്ടന്‍റെ സ്വന്തം അനിയത്തിയായിട്ടാണ് ചേച്ചി തന്നെ കണക്കാക്കിയിരുന്നത്.

പക്ഷെ പറഞ്ഞിട്ടെന്താ ഫലം. ചേച്ചിയുടെ അച്ഛന്‍തന്നെ അവരെ കൊലയ്ക്ക് കൊടുത്തു. ഓണം ഉത്രാടത്തിന്ന് വേണുവേട്ടന്‍റേയും മാലതിചേച്ചിയുടേയും കല്യാണം ഉണ്ടാവും എന്ന് ചേച്ചി പറഞ്ഞിരുന്നു. പെട്ടെന്നാണ് അവരുടെ ഇഷ്ടംനോക്കാതെ അച്ഛന്‍ വിവാഹം ഉറപ്പിച്ചത്. കരഞ്ഞും വാശിപിടിച്ചും ചേച്ചി എതിര്‍ത്തു നോക്കി. ഒന്നും നടന്നില്ല. കല്യാണത്തിന്ന് രണ്ടുദിവസം മുമ്പ് ചേച്ചി എല്ലാവരേയും തോല്‍പ്പിച്ചു.

ചേച്ചിയുടെ ശവമടക്കിന്ന് ചെന്ന രംഗം മനസ്സിലിരിപ്പുണ്ട്. അവസാനത്തെ കാഴ്ച കാണാന്‍ പോവുന്നില്ല എന്നുവിചാരിച്ചതാണ്. നിര്‍ബന്ധിച്ച് അച്ഛന്‍ കൊണ്ടുപോയി. ആ ശരീരം ഒന്നേ നോക്കിയുള്ളു. മുഖമൊഴികെ മറ്റെല്ലാ ഭാഗവും മൂടിവെച്ച ശരീരം വീടിന്‍റെ പൂമുഖത്ത് കിടത്തിയിരുന്നു. ഒരു പ്രതിമപോലെ ചേച്ചിയുടെ അമ്മ തലയ്ക്കല്‍ ഇരിപ്പുണ്ട്. മാധവന്‍ നായര്‍ ചാരുകസേലയില്‍ തളര്‍ന്ന് ഇരിപ്പാണ്. ഉള്ളില്‍ പൊന്തിവന്ന കരച്ചില്‍ അടക്കാനായില്ല. തന്നെ സ്നേഹിച്ച ചേച്ചി പോയിരിക്കുന്നു. അന്ന് അത് സഹിക്കാവുന്നതിലും അപ്പുറമായി തോന്നി. ചേച്ചിയുടെ അച്ഛനെ മകളെ കൊന്നവനെന്ന് പറഞ്ഞ് കൂടിയവരെല്ലാം പഴിച്ചു. അന്ന് ചിലരൊക്കെ വേണുവേട്ടനേയും കുറ്റപ്പെടുത്തി. വേണുവേട്ടന്‍ നാട്ടില്‍ വന്ന് അവരെ സ്വീകരിക്കേണ്ടതായിരുന്നു. അതു ചെയ്യാതെ ഒഴിഞ്ഞുമാറി.

അപ്പോള്‍ ഏട്ടനോട് വെറുപ്പാണ് തോന്നിയത്. ചതിയന്‍. ഇതിനാണെങ്കില്‍ മാലതിചേച്ചിയെ സ്നേഹിക്കേണ്ടിയിരുന്നില്ല. മനസ്സുനിറയെ ആശ കൊടുത്തിട്ട് സമയം വന്നപ്പോള്‍ തിരിഞ്ഞു നോക്കിയില്ല. പിറ്റേന്നാണ് വേണുവേട്ടന്ന് അപകടംപറ്റിയ വിവരം അറിഞ്ഞത്. ലീവ് കഴിഞ്ഞ് കൊയമ്പത്തൂരിലേക്ക് പോകാനിറങ്ങിയ അച്ഛന്‍ വിവരം അറിഞ്ഞ് തിരിച്ചുവന്നു. അന്നുതന്നെ അച്ഛന്‍ ആസ്പത്രിയില്‍ ചെന്നുകണ്ടു.

 ''ചാവ്വോ പെഴക്ക്യോന്ന് ഇപ്പൊ പറയാന്‍ പറ്റില്ല. എന്തായാലും കാല് മുറിക്കണ്ടി വരും''എന്നാണ് മടങ്ങിവന്ന അച്ഛന്‍ പറഞ്ഞത്.

ആസ്പത്രി വിട്ടശേഷം കുറച്ചുകാലം ഏട്ടന്‍ തറവാട്ടില്‍ ഉണ്ടായിരുന്നു. പല തവണ ഏട്ടനെ കാണാന്‍ ചെന്നു. അപ്പോഴൊക്കെ ദീനമായ ഒരു ചിരിയില്‍ ഏട്ടന്‍ എല്ലാം ഒതുക്കും. ആ സങ്കടം കാണാനാവാതെ പിന്നീട് പോയിട്ടില്ല. എന്നോ ഒരുദിവസം ഏട്ടന്‍ വീണ്ടും നാടുവിട്ടു. പിന്നീട് ഇന്നേ തിയ്യതിവരെ വേണുവേട്ടനെ കാണാന്‍ കഴിഞ്ഞിട്ടില്ല.

വിവാഹപ്രായം കഴിഞ്ഞിട്ടും തന്നെ ആരുടേയും കയ്യില്‍ പിടിച്ച് ഏല്‍പ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇടയ്ക്കൊക്കെ ''വേണുവിനെ കണ്ടാല്‍ അവന്‍റെ കയ്യില്‍ ഇവളെ പിടിച്ച് ഏല്‍പ്പിക്കണം''എന്ന് അച്ഛന്‍ പറയുമായിരുന്നു. അച്ഛന്‍ പറയാറുള്ള വാക്കുകള്‍ ക്രമേണ മനസ്സില്‍ പ്രതീക്ഷ സൃഷ്ടിച്ചിരിക്കണം. ഏട്ടന്‍ എന്ന രൂപം ശ്രീകോവിലില്‍നിന്ന് ഇറങ്ങിപ്പോയി. പകരം മറ്റൊരുബിംബം അവിടെ പ്രതിഷ്ടിക്കപ്പെട്ടു.

എന്നെങ്കിലും വേണുവേട്ടന്‍ കയറിവരുമെന്നും, തികച്ചും നിഷ്ഫലമായി തീര്‍ന്നേക്കാവുന്ന ജീവിതത്തിന്ന് പുതിയൊരു അര്‍ത്ഥംതരുമെന്നും ഏറെ കൊതിച്ചിരുന്നു. അനാഥത്വത്തിലേക്ക് വഴുതിവീഴുന്നതിന്ന് മുമ്പ് തന്‍റെ കൈ പിടിച്ച് ഉയര്‍ത്താന്‍ വേണുവേട്ടന്‍ എത്തിയല്ലോ. വൈകിയ ഈ വേളയില്‍, അരങ്ങൊഴിഞ്ഞ ചേച്ചിക്ക് പകരക്കാരിയാവാന്‍ തനിക്ക് കഴിയുമോ. ആ പ്രത്യാശയുടെ സ്വപ്നങ്ങളില്‍ സരോജിനി മുഴുകിപ്പോയി .

അദ്ധ്യായം18.

വേണു തിരിച്ചെത്തുമ്പോള്‍ കിട്ടുണ്ണി ഉമ്മറത്ത് കാത്തുനില്‍ക്കുകയാണ്.

''ഏട്ടന്‍ നടക്കാനിറങ്ങീന്ന് രാധ പറഞ്ഞു, ടോര്‍ച്ച് എടുക്കായിരുന്നു. ഇടക്കൊക്കെ ഇഴജന്തുക്കളെ കാണുണ വഴ്യാണ്''അയാള്‍ പറഞ്ഞു.

കുളിമുറിയില്‍ചെന്ന് കുളിച്ചു. വസ്ത്രംമാറ്റി ഉമ്മറത്തെത്തുമ്പോള്‍ കിട്ടുണ്ണി അവിടെ കാത്തിരിക്കുന്നു. സ്വതവെ ഈ നേരത്ത് വീട്ടില്‍ കാണാത്തതാണ്. സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി നടന്ന് നന്നെ ഇരുട്ടിയിട്ടാണ് അവന്‍ വീടെത്തുക.

''ഏട്ടന്‍ എങ്ങോട്ടാ നടക്കാനിറങ്ങ്യേത്''കിട്ടുണ്ണി ചോദിച്ചു.

പുഴയോരത്തുകൂടെ നടന്നതും, മന്ദത്തുചെന്ന് തൊഴുതതും, നാണു നായരുടെ വീട്ടില്‍ പോയതും ഒക്കെ പറഞ്ഞു.

''അത് വേണ്ടീരുന്നില്ല''കിട്ടുണ്ണി പറഞ്ഞു''അയാളൊരു ഗതികെട്ട വക്യാണ് . നാളെ മുതല്‍ എന്തെങ്കിലോക്ക്വെ സഹായം ചോദിച്ചോണ്ടുവന്ന് ഏട്ടനെ ബുദ്ധിമുട്ടിക്കും. ഞാന്‍ അവറ്റേ കണ്ടാല്‍ കണ്ടൂന്ന് നടിക്കാറില്ല''

കിട്ടുണ്ണിക്ക് അതുചെയ്യാം. അവന് അയാളോട് കടപ്പാടൊന്നുമില്ല. തന്‍റെ കാര്യം അതുപോലെയല്ല. നന്നെ കൊച്ചിലെ കൂടെകൂട്ടിക്കൊണ്ടു പോയി, ഇല്ലായ്മകള്‍ക്കിടയിലും ഭക്ഷണംതന്നു, കിടക്കാനൊരിടവും.

പത്രവിതരണം ആയിരുന്നു ആദ്യത്തെ തൊഴില്‍. നേരം വെളുക്കുന്നതിന്ന് മുമ്പുതന്നെ നാണുമാമ വിളിച്ചുണര്‍ത്തും. ചായ ഉണ്ടാക്കി തരും. മഫ്ളര്‍ തലയില്‍ കെട്ടിത്തന്ന് സൈക്കിളില്‍ പറഞ്ഞയക്കും. സൈക്കിളിന്ന് കുറുകെ ഒരിക്കല്‍ ഒരുനായ ചാടി. റോഡില്‍ തെറിച്ചുവീണ് കൈകാലുകളൊക്കെ മുറിഞ്ഞു. മുറിവ് മാറുന്നതുവരെ രാത്രിഷിഫ്റ്റ് പണിയെടുത്ത് കാലത്തു വന്ന് നാണുമാമ  പത്രവിതരണം നടത്തും. തുടര്‍ച്ചയായി കുറെദിവസം പണിക്ക് പോവാതിരുന്നാല്‍ പിരിച്ചു വിട്ടാലോ എന്നു കരുതി അദ്ദേഹം ചെയ്തതാണ് അത്.

ഒരു കുടുസ്സുമുറിയിലായിരുന്നു നാണുമാമയുടെ താമസം. അതിന്‍റെ ഒരു ഓരത്ത് ജമുക്കാളം വിരിച്ചുകിടന്നിരുന്നത് ഇന്നലത്തെപോലെ തോന്നുന്നു. വയറ്റുപ്പിഴപ്പിന്ന് കൂടെകൂടിയ ആളെപ്പോലെ ഒരിക്കലും നാണുമാമ തന്നോട് പെരുമാറിയിട്ടില്ല. പേപ്പര്‍ വിതരണം കഴിഞ്ഞു വരുമ്പോഴേക്കും അദ്ദേഹം കഞ്ഞിയും കറിയും ഉണ്ടാക്കിവെച്ചിരിക്കും. അതു കഴിച്ചതും സ്കൂളിലേക്ക് പോവും. നാലക്ഷരം പഠിച്ചാലേ മേലാലിക്ക് ഗതിപിടിക്കൂ എന്ന നാണുമാമയുടെ ഉപദേശം എന്നും ഓര്‍ക്കും. സ്കൂള്‍ വിദ്യാഭ്യാസം കഴിയുന്നതുവരെ അവിടെത്തന്നെ കൂടി. പിന്നീട് മെച്ചപ്പെട്ട ജോലികള്‍ കിട്ടിയപ്പോഴും പഠനവും വായനയും ഒഴിവാക്കിയില്ല. 

''ഇന്യേന്താ ഏട്ടന്‍റെ പരിപാടി''കിട്ടുണ്ണി  ചോദിച്ചപ്പോള്‍ എന്താണ്  അവന്‍ ഉദ്ദേശിച്ചതെന്ന് സത്യത്തില്‍ മനസ്സിലായില്ല. പത്മിനിയുടെ വീട്ടില്‍ചെന്ന് സംസാരിക്കണം എന്ന ഒരുദൌത്യം കിട്ടുണ്ണി തന്നെ ഏല്‍പ്പിച്ചതാണ്. ഇനി അതെങ്ങാനും ഓര്‍മ്മപ്പെടുത്തുകയാണോ എന്ന് കരുതി.

''ഞാന്‍ നാളെ ഉച്ചയ്ക്ക് ഓപ്പോളുടെ വീട്ടിലിക്ക് പോണുണ്ട്. കാര്യങ്ങള്‍ പറഞ്ഞുനോക്കട്ടെ''എന്ന് മുന്‍കൂറായി പറഞ്ഞു.

''അത്ഏട്ടന്‍ സൌകര്യംപോലെ എപ്പഴെങ്കിലും പോയി പറഞ്ഞാ മതി'' കിട്ടുണ്ണി പറഞ്ഞു''ഞാന്‍ ഏട്ടന്‍റെ ഭാവിയെകുറിച്ചാണ് ആലോചിക്കുണത്''. ജീവിതത്തിന്‍റെ മുക്കാല്‍ പങ്കും ആയി. ബാക്കിയുള്ള കാലത്തെക്കുറിച്ച് എന്ത് ആലോചിക്കാനാണ്. അല്ലെങ്കിലും ആഗ്രഹിച്ചപോലെ യാതൊന്നും ഇതുവരെ നടന്നിട്ടില്ലല്ലൊ.

 ''ഞാന്‍ ചില കാര്യങ്ങളൊക്കെ മനസ്സില്‍ കണ്ടിട്ടുണ്ട്. ഏട്ടാ, നമുക്കൊരു സ്കൂള്‍ സ്വന്തമാക്ക്യാലോ''കിട്ടുണ്ണിയുടെ ചോദ്യം ശരിക്കും അമ്പരപ്പ് ഉണ്ടാക്കി.

ഒരു സ്കൂള്‍ വാങ്ങണമെങ്കില്‍ എത്രയധികം  പണം വേണം. ഇവന്‍റെ കയ്യില്‍ അതിനുമാത്രം കാശുണ്ടോ. ഇനി തന്നെ പങ്കാളിയാക്കി സ്കൂള്‍ വാങ്ങിക്കാനായിരിക്കുമോ പ്ലാന്‍. അവന്‍റെ മട്ടും മാതിരിയും കണ്ടിട്ട് ഒന്നും മനസ്സിലാവുന്നില്ല.

''ഏട്ടന്‍ കേട്ടോളൂ. സംഗതി ഞാന്‍ വിസ്തരിച്ച് പറഞ്ഞുതരാം''കിട്ടുണ്ണി വിഷയത്തിലേക്ക് കടന്നു.

ഇന്നത്തെകാലത്ത് സ്വന്തമായി സ്കൂള്‍ ഉണ്ടാവുക എന്നത് നിസ്സാര കാര്യമല്ല. പേരിനും പെരിമയ്ക്കും പുറമെ നല്ലൊരു വരുമാനമാര്‍ഗ്ഗം കൂടിയാണ് സ്കൂള്‍. മുമ്പൊക്കെ സേവനമനസ്ഥിതി ഉള്ളവരാണ് സ്കൂള്‍ നടത്തിയിരുന്നത്. ആ കാലം പോയി. ഒരു മാഷെ ജോലിക്ക് വെച്ചാല്‍ ചോദിച്ച പണം തരും. നാട്ടില്‍നിന്നുള്ള ഒരാള്‍ക്കും ജോലികൊടുത്തു കൂടാ. വരുന്നതേ ഇല്ലാപ്പാട്ട് പാടിക്കൊണ്ടാവും. അയ്യോ പാവം എന്നു കരുതി ജോലികൊടുത്താലോ. കാര്യംകഴിഞ്ഞാല്‍ ഒറ്റൊന്നും അങ്ങാടിയില്‍ കണ്ട ലോഹ്യംകൂടി കാട്ടില്ല. ചിലര് ശമ്പളത്തില്‍നിന്ന് കുറേശ്ശ പിടിച്ചോളാന്‍ പറയും. മാസം പത്തോ നൂറോ കിട്ടിയിട്ട് എന്താ കാര്യം. അതൊക്കെ കന്നാപിന്നാ ചിലവായിപ്പോവും. ഇപ്പോള്‍ തെക്കുനിന്നും ജോലിതേടി  നിറയെ ആളുകള്‍ ഈ നാട്ടില് വരുന്നുണ്ട്. അവരാവുമ്പോള്‍ ചോദിച്ച പണംതരും. നമുക്ക് മുഖംനോക്കാതെ കാര്യംപറയാം എന്ന സൌകര്യവും ഉണ്ട്. നാട്ടില്‍ സ്കൂളുകള്‍ ഇഷ്ടംപോലെ വാങ്ങാന്‍ കിട്ടും. അതോണ്ട് കാര്യമില്ല. ചുരുങ്ങിയ കാലത്തിനുള്ളില്‍ അദ്ധ്യാപകരുടെ ഒഴിവ് വരുന്ന സ്കൂളുകള്‍ നോക്കിവാങ്ങണം. എന്നാലെ പ്രയോജനം ഉണ്ടാവൂ. പത്തും പതിനഞ്ചും കൊല്ലംകഴിഞ്ഞ് ഒഴിവ് വരുന്ന സ്കൂള്‍ വാങ്ങിയാല്‍ ഒരു ഗുണവും കിട്ടില്ല.

എന്തൊക്കെയാണ് ഇവന്‍ ആലോചിച്ചുവെച്ചിരിക്കുന്നത്. ഇതൊക്കെ നടപ്പിലാവുന്ന കാര്യമാണോ? കിട്ടുണ്ണി പ്രതീക്ഷിക്കുന്നത് എന്താണ് എന്നറിയില്ല. വേണമെങ്കില്‍ കുറച്ചു പണം കൊടുക്കാം എന്നല്ലാതെ ഇത്തരം പരിപാടികള്‍ക്കൊന്നും കൂട്ടുനില്‍ക്കാനാവില്ല. അര്‍ഹത പരിഗണിക്കാതെ പണം വാങ്ങി ജോലികൊടുക്കുന്നത് മനസ്സാക്ഷിക്ക് നിരക്കുന്നതല്ല.

മദ്രാസില്‍ രണ്ട് വീടുകളുണ്ട്. ഒന്ന് ടി. നഗറിലും ഒന്ന് അഡയാറും. പിന്നെ തൊണ്ടിയാര്‍പ്പേട്ടയിലും. മഹാബലിപുരത്തേക്ക് പോവുന്ന വഴിയിലും കുറെ സ്ഥലമുണ്ട്. ഒക്കെ മാരിമുത്തുവിന്‍റെ കഴിവുകൊണ്ട് ഉണ്ടായതാണ്. പ്രൊഡക്ഷന്‍ എഞ്ചിനീയറായിരുന്ന അയാള്‍ ഒരു കീഴുദ്യോഗസ്ഥന്‍ എന്ന ബന്ധത്തിലുപരി ഒരുകൂടപ്പിറപ്പായിരുന്നു. സാര്‍ എന്നതിന്നുപകരം അണ്ണേ എന്ന് വിളിക്കുന്ന അടുപ്പം. വീടുവിറ്റ പണം മകളുടെ വിവാഹത്തിനായി കിട്ടുണ്ണിക്ക് കൊടുത്തതറിഞ്ഞപ്പോള്‍ അയാള്‍ ഒരുപാട് ഉപദേശിച്ചു. ഇന്ന് വാങ്ങിയവര്‍ എന്നെങ്കിലും അണ്ണന്‍റെ കയ്യില്‍ ഒന്നുമില്ലാതെ വരുമ്പോള്‍ ആ പണം തിരിച്ചുതരുമെന്ന് ഉറപ്പില്ല. അതുകൊണ്ട് അണ്ണന്‍ ഇനി മുതല്‍ സ്വന്തം നിലനില്‍പ്പിനെക്കുറിച്ച് ചിന്തിക്കണം. അതിന്നുശേഷം ചിലവു കഴിഞ്ഞ് മിച്ചം സ്വരൂപിക്കുന്ന പണമൊക്കെ അയാള്‍ വാങ്ങി സ്ഥലത്തില്‍ മുടക്കും. മറിച്ചുവില്‍ക്കുമ്പോള്‍ കയ്യിലെത്തുന്നത് എത്രയോ ഇരട്ടിയാണ്. ആ തുക വീണ്ടും വസ്തുവില്‍ ഇറക്കും. അങ്ങിനെ ഉണ്ടാക്കിയ സ്വത്തുക്കളാണ് ഇവയെല്ലാം. മാസംതോറും വാടകയിനത്തിലും ബാങ്ക് നിക്ഷേപത്തിന്‍റെ പലിശയായും കിട്ടുന്ന തുകയുടെ ചെറിയൊരംശം മതി ആഡംബരമായി കഴിഞ്ഞുകൂടാന്‍. അവയില്‍ ചിലതൊക്കെ വിറ്റാല്‍ സ്ക്കൂള്‍ വാങ്ങാന്‍ പറ്റും. പക്ഷെ ഇതെല്ലാം രഹസ്യമായിവെച്ചതാണ്. എങ്ങിനെയെങ്കിലും കിട്ടുണ്ണി സൂത്രത്തില്‍ മനസ്സിലാക്കിയതാവണം. ഉള്ളില്‍ തോന്നിയ സംശയം കിട്ടുണ്ണി മുഖത്തുനിന്ന് മനസ്സിലാക്കി എന്നു തോന്നുന്നു.

''ഒന്നുകൊണ്ടും ഏട്ടന്‍ പരിഭ്രമിക്കേണ്ടാ. വെറുതെ സ്കൂളില് മാനേജരായി ഇരുന്നാ മതി, ബാക്കി കാര്യങ്ങളെല്ലാം ഞാന്‍ നോക്കിക്കോളാം''അവന്‍ സന്നദ്ധത അറിയിച്ചു. അപ്പോള്‍ പണത്തിന്‍റെ കാര്യമല്ല. എങ്കിലും അവന്‍റെ ഉള്ളില്‍ എന്താണ് എന്നറിയണമല്ലോ.

''അതൊക്കെ ശരി. പണത്തിന്ന് നീ എന്താ വഴി കണ്ടിരിക്കുണത്''വേണു ചോദിച്ചു.

''നമ്മടെ കയ്യിന്ന് പത്തുപൈസ ചിലവാകാതെ നമുക്കൊരു സ്കൂള്‍ കിട്ടും. അതും ഒരു ഹൈസ്കൂള്‍''കിട്ടുണ്ണി ഉറക്കെ ചിരിച്ചു.

വീണ്ടും ഉദ്വേഗത്തിന്‍റെ മുള്‍മുനയിലായി. അത് അധികം നീണ്ടുനിന്നില്ല. അടുത്തൊരു ഹൈസ്കൂള്‍ ഉണ്ട്. അത് ഏട്ടന്‍റെ പേരില്‍ എഴുതിത്തരും. ഞാന്‍ പറഞ്ഞുറപ്പിച്ച് വെച്ചിട്ടുണ്ട്. പകരം ഏട്ടന്‍ ഉടമസ്ഥന്‍റെ മകളെ കല്യാണം കഴിക്കണം. എത്ര വയസ്സായാലും ആണിന് ഒരുപെണ്ണ് വേണം . ഇപ്പോള്‍ ഏട്ടനത് ബോദ്ധ്യമാവില്ല. വയസ്സുകാലത്ത് പത്തുദിവസം കിടപ്പിലാവുമ്പോള്‍ അത് മനസ്സിലാവും.

ഒരു നിമിഷം സ്തബ്ധനായി ഇരുന്നു. എന്തൊക്കെയാണ് താനറിയാതെ  ഇവന്‍ ഒപ്പിച്ചുവെച്ചിരിക്കുന്നത്. നേരത്തെ ഒരു വാക്കെങ്കിലും തന്നോട് പറയാമായിരുന്നു. എത്രയോ കാലമായി മനസ്സില്‍ ഒരുചിത കത്തുന്നുണ്ട്. അതിലെ തീകനലിന്ന് മുകളില്‍ ചാരം മൂടികിടക്കുകയായിരുന്നു. ഇപ്പോള്‍ ഇവനത് ഊതി പറപ്പിച്ച് എരിയിക്കാന്‍ തുടങ്ങി.

 പിന്നെ ഒരുകാര്യം. പെണ്‍കുട്ടിക്ക് പത്ത് നാല്‍പ്പത്തഞ്ച് വയസ്സ് കഴിഞ്ഞു. ഏട്ടനും പ്രായമായല്ലൊ. കൂടാതെ അയമ്മയ്ക്ക് ചെറിയൊരു കുറവുണ്ട്. ഒരാള്‍ അവരെ കല്യാണം കഴിച്ച് പത്തുകൊല്ലത്തിന്നുശേഷം ആ ബന്ധം വേണ്ടാ എന്നുവെച്ചതാണ്. ഭാഗ്യത്തിന്ന് അതില്‍ മക്കളില്ല. ഏട്ടന്‍ അതൊരു കുറവായി കാണണ്ടാ. എന്തെങ്കിലും കുറ്റവും കുറവും ഇല്ലാതെ ഇത്രയും സ്ഥിതിയുള്ള ദിക്കില്‍നിന്ന് ഒരു ബന്ധം തരപ്പെടില്ലല്ലോ.

വേണുവിന്ന് മറുപടി പറയാന്‍  വാക്കുകള്‍ കിട്ടിയില്ല. അയാളുടെ മനസ്സില്‍ കിട്ടുണ്ണിയുടെ വാക്കുകള്‍ കടന്നില്ല എന്നതാണ് വാസ്തവം. അവിടെ ഒരുരൂപം തെളിഞ്ഞ് വരികയായിരുന്നു. മണ്മറഞ്ഞു പോയ അയാളുടെ പ്രിയപ്പെട്ട മാലതിയുടെ.
   
അദ്ധ്യായം19.

ഒരു യന്ത്രപ്പാവകണക്കെയാണ് വേണു അത്താഴം കഴിച്ചത്. കിട്ടുണ്ണിയുടെ സംഭാഷണമൊന്നും അയാള്‍ ശ്രദ്ധിച്ചില്ല. കൈ കഴുകിയതും, എന്തോ തീരെ വയ്യാ എന്നു പറഞ്ഞ് മുറിയിലേക്ക് ചെന്നു. ഇപ്പോള്‍ ആ മുറിയില്‍ അയാള്‍ ഒറ്റയ്ക്കല്ല. അയാളെ സംബന്ധിച്ചേടത്തോളം അവിടെ മാലതിയുടെ അദൃശ്യ സാമീപ്യമുണ്ട്.

മൂന്നുപതിറ്റാണ്ടുമുമ്പ് തനിക്കുവേണ്ടി ജീവിതമെന്ന അരങ്ങിന്ന് സ്വയം തിരശീല വലിച്ചിട്ടു മറഞ്ഞുപോയവളാണ് മാലതി. വേണുവിന്ന് മനസ്സില്‍ വിങ്ങല്‍ അനുഭവപ്പെട്ടു. ജന്മജന്മാന്തരങ്ങളായി ഒന്നിച്ചവരാണ് ഇരുവരും എന്നാണ് മാലതി പറഞ്ഞിരുന്നത്. തന്‍റെ ബാല്യത്തിലെ കൂട്ടുകാരി. പിന്നീട് മുതിര്‍ന്നപ്പോള്‍ എല്ലാമായവള്‍. പഠിപ്പും പദവിയും എല്ലാം ഉണ്ടായിട്ടും വേണുവേട്ടനെ മതി എന്ന് ചങ്കുറപ്പോടെ പറഞ്ഞവള്‍. കൌമാരകാലത്തു തന്നെ തനിക്ക് അന്യനാട്ടിലേക്ക് പോവേണ്ടിവന്നുവെങ്കിലും ഉണ്ടായിരുന്ന അടുപ്പം നിലനിര്‍ത്താന്‍ എന്നും  മുന്‍കൈ എടുത്തത് മാലതിയായിരുന്നു. ഇടയ്ക്കിയ്ക്ക് നാട്ടിലേക്ക് ഓടിയെത്തിയിരുന്നത് അന്യോന്യം കാണാന്‍ വേണ്ടിയായിരുന്നു. മാലതിയുടെ വീട്ടുകാര്‍ക്കും തന്നെ ഇഷ്ടമായിരുന്നു. ''വേണുവിന്‍റെ അമ്മയും ഞാനും ഉറ്റചങ്ങാതിമാരായിരുന്നു'' എന്ന് പല തവണ മാലതിയുടെ അമ്മ പറഞ്ഞിട്ടുണ്ട്. കൂട്ടുകാരിയുടെ മരണശേഷം അവര്‍ക്ക് തന്നോടുള്ള സ്നേഹം കൂടിയതേയുള്ളു. പഠിപ്പുനിര്‍ത്തേണ്ടി വന്നപ്പോള്‍ എനിക്ക് നിന്നെ ഇവിടെ കൂടെനിര്‍ത്തി പഠിപ്പിക്കണം എന്ന് മോഹൂണ്ട്. പക്ഷെ നിന്‍റെ ചെറിയമ്മ ചിലപ്പോള്‍ വല്ല കൂട്ടവും കുറിയും ഉണ്ടാക്കും. ഇവിടെ ആണെങ്കില്‍ മാലുവിന്‍റെ അച്ഛനും തനിച്ച് വെടക്ക് സ്വഭാവമാണ്. എന്താ പറയുക എന്നറിയില്ല. അതൊക്കെ പേടിച്ചിട്ടാണ്. അല്ലെങ്കില്‍ ഈ പ്രായത്തില്‍ അന്യനാട്ടിലേക്ക് പഞ്ഞംപെഴക്കാന്‍ എന്‍റെ കുട്ട്യേ ഞാന്‍ പറഞ്ഞയക്കില്ല എന്ന് സങ്കടത്തോടെ അവര്‍ പറഞ്ഞിരുന്നു.

മാലതിയുടെ അച്ഛന്‍ മാധവന്‍നായര്‍ അങ്ങിനെ ആയിരുന്നില്ല. കാര്യസ്ഥന്‍ മാധവന്‍നായര്‍ എന്നപേരിലാണ് അദ്ദേഹം അറിഞ്ഞിരുന്നത്. പണ്ടേതോ മനയിലെ സര്‍വ്വകാര്യങ്ങളും നോക്കിനടത്തിയിരുന്ന ആളാണ് അദ്ദേഹം. മനയ്ക്കല്‍കാരുടെ ഭൂസ്വത്തെല്ലാം നഷ്ടപ്പെട്ടപ്പോള്‍ അയാള്‍ വീട്ടുകാര്യം നോക്കി ഒതുങ്ങി. പക്ഷെ അതിനിടയില്‍ തനിക്ക് വേണ്ടതെല്ലാം ആ മൂപ്പര്‍ സമ്പാദിച്ചുകൂട്ടി. എന്നും തന്‍കാര്യം മാത്രം നോക്കിനടന്നിരുന്ന അയാളെ ആരും ഇഷ്ടപ്പെട്ടിരുന്നില്ല.

മാലതി പിന്നീട് ടീച്ചറായി. അന്നത്തെ കാലത്ത് ഒരുവിധം വലിയ തറവാടുകളിലെ സ്ത്രീകള്‍ ജോലിക്ക് പോവാറില്ല. പക്ഷെ എല്ലാ എതിര്‍പ്പും അവഗണിച്ച് അവള്‍ സ്വന്തം നിലപാടില്‍ ഉറച്ചുനിന്നു.

 ''വേണ്വോട്ടന്ന് ഗവര്‍മെണ്ട് ജോല്യോന്നും അല്ലല്ലോ ഉള്ളത്, അപ്പൊ എനിക്കെങ്കിലും സ്ഥിരമായ ഒരു പണീണ്ടെങ്കിലല്ലേ നില്‍ക്കക്കള്ളി ഉണ്ടാവൂ''എന്നാണ് അതിനവള്‍ കണ്ട ന്യായം. അങ്ങിനെയൊക്കെ തീരുമാനിച്ചിരുന്ന അവള്‍ കൈവിട്ടു പോയി.

ആ കാലത്ത് തനിക്ക് വയനാട്ടിലായിരുന്നു ജോലി. വിഷുവിന്ന് നാട്ടില്‍  ചെന്നിരുന്നു. പതിവുപോലെ മാലതിയെ കണ്ടശേഷം സന്തോഷത്തോടെ പിരിഞ്ഞതാണ്. ആകസ്മികമായിട്ടാണ്എല്ലാ പ്രതീക്ഷകളും തകരുന്നു എന്നകാര്യം അറിയുന്നത്.

കൂട്ടുകാരോടൊപ്പം മൈസൂരില്‍ പോയി വന്നദിവസം. നാലു ദിവസത്തെ യാത്രയുടെ ക്ഷീണം തോന്നിയിരുന്നു. കിടന്നുറങ്ങാനിരുന്നതാണ്. കുറച്ചു നേരം കളിക്കാമെന്ന ആവശ്യം മാനിച്ച് കളിക്കാനിരുന്നു. എന്നും കളിയില്‍ തോല്‍ക്കാറുള്ള തനിക്ക് അന്ന് ഒത്തുചേര്‍ന്ന ഒരുകൈകിട്ടി. ഹാന്‍ഡ് റമ്മി. തന്‍റെ ഊഴമെത്തുമ്പോള്‍ ചീട്ടുകള്‍ മലര്‍ത്തി കാണിക്കുകയേ വേണ്ടു. ജയം പ്രതീക്ഷിച്ച് ഇരിക്കുമ്പോള്‍ തൊട്ടടുത്തിരുന്ന മജീദ് ഒരുചീട്ട് എടുത്ത് കൈ അടിച്ചതായി കാട്ടി. കയ്യെത്തുംദൂരത്തുവെച്ച് ജയം വഴുതിമാറി. അതോടെ കളിനിര്‍ത്തി

എല്ലാ സൌഭാഗ്യങ്ങളും തന്‍റെ കയ്യകലത്തുവെച്ച് അകന്നു പോകാറാണ് പതിവ്. അതോര്‍ത്ത് ഇരിക്കുമ്പോഴാണ് വാച്ച്മാന്‍ ഒരു എഴുത്തുമായി വരുന്നത്. മൂന്നുദിവസം മുമ്പ് എത്തിയ കത്താണെന്നു പറഞ്ഞുനീട്ടി. ആ കത്ത് മാലതിയുടേതായിരുന്നു. കത്തിന്‍റെ ഉള്ളടക്കം ആശങ്കയും ദുഖവും ഒന്നിച്ചുണ്ടാക്കി. മാലതിയോട് ഇഷ്ടംതോന്നിയ ഒരു പ്രമാണിയുമായി  മാധവന്‍നായര്‍ മകളുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നു. ഭാര്യ മരിച്ച, നാലു മക്കളുള്ള ആളായിട്ടും വരാനിരിക്കുന്ന സമ്പത്തു മാത്രംനോക്കി നിശ്ചയിച്ച വിവാഹം. മാലതി ആവുന്നത്ര എതിര്‍ത്തുനോക്കി. അമ്മയും മകള്‍ക്ക് അനുകൂലമായിരുന്നു. പക്ഷെ അതൊന്നും വിലപ്പോയില്ല. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിവരെ ഞാന്‍ കാത്തിരിക്കും. വേണുവേട്ടന്‍ വന്നു വിളിച്ചാല്‍ ഞാന്‍കൂടെ ഇറങ്ങിവരും. അല്ലെങ്കില്‍ പിന്നെ എന്നെക്കുറിച്ച് ഓര്‍ക്കരുത് എന്ന വാചകങ്ങളോടെ കത്ത് അവസാനിച്ചു.

അന്ന് ഞായറാഴ്ചയായിരുന്നു. സമയം രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. കൂടുതല്‍ ആലോചിക്കാന്‍ സമയമില്ല. തോട്ടത്തിലെ ജീപ്പില്‍ എല്ലാവര്‍ക്കും കൂടി പോകാമെന്ന് കൂട്ടുകാര്‍ പറഞ്ഞതാണ്. പക്ഷെ നാട്ടില്‍ എത്തിയാല്‍ എന്തെല്ലാം നേരിടേണ്ടിവരുമെന്ന് അറിയില്ല. വെറുതെ അന്യരുടെമുമ്പില്‍ വെച്ച് നാണം കെടണ്ടല്ലൊ. മോട്ടോര്‍സൈക്കിളില്‍  ഒറ്റയ്ക്ക് പോകാമെന്ന തീരുമാനം എടുത്തത് അങ്ങിനെയാണ്. ആ രാത്രി താന്‍ എല്ലാവരുടേയും എതിര്‍പ്പിനെ അവഗണിച്ച് പുറപ്പെട്ടു.

ഇരുട്ടിലൂടെ മുന്നില്‍ ചിതറിവീഴുന്ന പ്രകാശത്തെ എത്തിപ്പിടിക്കാനായി വാഹനം കുതിച്ചു പാഞ്ഞു. ഹൃദയത്തിന്‍റെ മിടിപ്പും, യന്ത്രത്തിന്‍റെ ശബ്ദവും ഒരേ താളത്തില്‍ മുഴങ്ങി. ഏതോ ഒരു വളവില്‍വെച്ച് ഭൂമി ശൂന്യതയായി മാറി. ദിവസങ്ങള്‍ക്കുശേഷം ബോധം തെളിയുമ്പോള്‍ ആസ്പത്രികിടക്കയില്‍. വലത്തെക്കാല് തകര്‍ന്നത് പിന്നീടാണ് താന്‍ അറിയുന്നത്.

ഒരു ഒഴിവുദിവസം തന്നെ കാണാനെത്തിയ കിട്ടുണ്ണിയോട് ഒരുകാര്യം മാത്രമേ ചോദിക്കാന്‍ ഉണ്ടായിരുന്നുള്ളു.

 ''ഏട്ടന്‍ ഇനി അവരുടെ കാര്യം ഓര്‍ക്കരുത്''കിട്ടുണ്ണി പറഞ്ഞപ്പോള്‍ മാലതി വിവാഹിതയായി എന്നുകരുതി. അവളെ കുറ്റംപറയാനാവില്ല. കാത്തിരുന്നിട്ടും താന്‍ എത്തിചേര്‍ന്നില്ല. പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അവള്‍ കീഴടങ്ങിയിരിക്കും.

നൊണ്ടിക്കാലുമായി ആസ്പത്രിയില്‍നിന്നും തറവാട്ടിലെത്തിയ ശേഷമാണ് നടന്നതെല്ലാം അറിഞ്ഞത്. തിങ്കളാഴ്ച രാവിലെകൂടി സങ്കടപ്പെട്ട് മിണ്ടാതെ നടന്ന മാലതി പിന്നീട് വളരെ സന്തോഷത്തോടെ കളിച്ചു ചിരിച്ചു നടന്നു. പെണ്ണിന്‍റെ വാശി ഇത്രയേ ഉള്ളു എന്ന് എല്ലാവരും കരുതി. അന്നുരാത്രി കിടക്കാന്‍ പോയ മാലതി സാരിത്തുമ്പില്‍ ജീവിതം ഒടുക്കി. മാലതിയുടെ അമ്മ പിന്നീട് സ്വബോധത്തിലേക്ക് തിരിച്ചു വന്നില്ല. ഒരുകൊല്ലത്തിനകം അവരും മകളുടെ വഴിതേടിപ്പോയി. മാധവന്‍നായര്‍ മാത്രം ഒരു ദുരന്ത കഥാപാത്രമായി അവശേഷിച്ചു.

മനസ്സില്‍ ഒരുകടലിലെ തിരകള്‍ മുഴുവന്‍ ഇളകി. അയാള്‍  എഴുന്നേറ്റ് ജനാലക്കരികില്‍ ചെന്നുനിന്നു. അപ്പോള്‍ മുരുകമലയുടെ ചുവട്ടില്‍  കൊള്ളിപ്പിശാചുകള്‍ എരിയുന്നുണ്ടായിരുന്നു.

അദ്ധ്യായം-20.

സരോജിനി രാവിലെ എഴുന്നേറ്റതുതന്നെ വല്ലാത്തൊരു സന്തോഷത്തോടെ ആയിരുന്നു. ഇന്നു വൈകുന്നേരം വേണ്വോട്ടന്‍  വരുമെന്ന് തന്നോടാരോ മനസ്സിലിരുന്ന് പറയുന്നപോലെ തോന്നി. അവള്‍ മുറ്റം അടിച്ചുകോരാന്‍ നില്‍ക്കാതെ, തലനിറച്ച് എണ്ണതേച്ച്, പെട്ടിയില്‍ ഏതോ കാലത്ത് വാങ്ങി സൂക്ഷിച്ചുവെച്ച വാസനസോപ്പുമായി അയ്യര്‍ക്കുളത്തിലേക്ക് നടന്നു. കുളി കഴിഞ്ഞിട്ടുമതി ബാക്കി കാര്യങ്ങള്‍.

തിരിച്ചുപോരുമ്പോള്‍ മന്ദത്തില്‍ ചെന്നു. പൂജക്കാരന്‍ നമ്പൂരി വിളക്ക് വെച്ചിരിക്കുന്നു. ഇന്ന് വെള്ളിയാഴ്ചയാണ്. അല്ലാത്തദിവസങ്ങളില്‍ പൂജയില്ലല്ലോ. എല്ലാംകൊണ്ടും ഇന്ന് നല്ലദിവസമാണ്. നടക്കയ്ല്‍നിന്ന് തൊഴുതു.

''അമ്മേ ദേവി, ഇനിയെങ്കിലും എനിക്കൊരു നല്ല ജീവിതം തരണേ''എന്ന് മനസ്സറിഞ്ഞ് പ്രാര്‍ത്ഥിച്ചു. പൂജക്കാരന്‍ കൈയില്‍ ഇറ്റിച്ചുതന്ന തീര്‍ത്ഥം കുടിച്ചു. ബാക്കി തലയില്‍പുരട്ടി. ഇലച്ചീന്തില്‍ നല്‍കിയ പ്രസാദം വാങ്ങി. സോപ്പുപെട്ടിയില്‍ കരുതിവെച്ച നാണയം പൂജക്കാരന്ന് ദക്ഷിണയായി നല്‍കി. ആല്‍പ്രദക്ഷിണംവെച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ ആകപ്പാടെ ഒരു ഉന്മേഷം.

സരോജിനി കുളിച്ചെത്തുമ്പോള്‍ നാണുനായര്‍ ഉമ്മറത്തെ തിണ്ണയില്‍ കാത്തിരിക്കുകയാണ്. ഇന്നെന്താ മകള്‍ പതിവില്ലാതെ നേരത്തെതന്നെ കുളിച്ചത്. സാധാരണ സരോജിനി കാലത്ത് കുളിക്കാറില്ല.

''എന്തിനാ കുട്ട്യേ, ഇങ്ങിനെ മുഷിഞ്ഞ് മുഷിഞ്ഞ് നടക്കുണത്. നിനക്കൊന്ന് കുളിച്ചൂടെ''എന്ന് ചോദിച്ചാല്‍''എന്നിട്ട് എവിടേക്കാ എനിക്കിപ്പൊ വേഷം കെട്ടി പോവാനുള്ളത്''എന്ന് തിരിച്ചു ചോദിക്കുന്ന ആളാണ്. ഏതായാലും അമ്പലക്കുളത്തിലേക്ക് പോവുന്ന പതിവുസമയം തെറ്റി

''നേരം പോയി, ഇനി അയ്യര്‍കുളത്തില്‍ കുളിച്ചുവന്നാലോ''നാണുനായര്‍ മകളോട് ചോദിച്ചു. വീടിന്നടുത്ത് അയ്യര്‍കുളവും പുറകില്‍ കുറച്ചകലെ പുഴയും ഉണ്ടെങ്കിലും നാണുനായര്‍ അമ്പലക്കുളത്തില്‍ ചെന്നേ കുളിക്കൂ. അയ്യപ്പനെ തൊഴാനാണ് എന്ന് പറയുമെങ്കിലും കുപ്പന്‍കുട്ടി എഴുത്തശ്ശനെ കണ്ടു സംസാരിക്കാനാണ് അച്ഛന്‍  അവിടെ ചെല്ലുന്നത് എന്ന് മകള്‍ക്ക് അറിയാം.

 ''അപ്പൊ ചങ്ങാത്യേ കാണണ്ടേ, മൂപ്പര് കാത്തിരിക്കില്ലേ''മകള്‍ മറുപടി പറഞ്ഞു.

 ''അത് ശര്യാണ്''എന്നുപറഞ്ഞ് തോര്‍ത്തും എടുത്ത് നായര്‍ പുറപ്പെട്ടു.

''അച്ഛന്‍ വരുമ്പൊ കുറച്ച് ചായപ്പൊടിയും പഞ്ചസാരയും വാങ്ങീട്ട് വരണം''സരോജിനി പറഞ്ഞു''ഇത്തിരി പാല്‍പ്പൊടീം വാങ്ങിക്കോളൂ''. മരപ്പെട്ടി തുറന്ന് അവള്‍ അതിനകത്ത് ചെല്ലപ്പെട്ടിയില്‍ സൂക്ഷിച്ചുവെച്ച പണത്തില്‍നിന്ന് ഒരു നോട്ടെടുത്ത് നായരെ ഏല്‍പ്പിച്ചു. തലേന്ന് അച്ഛന്‍ ഏല്‍പ്പിച്ചതാണ് ആ പണം. നാണുനായര്‍ പടികടന്ന് മെല്ലെമെല്ലെ നടന്നു പോവുന്നതുംനോക്കി സരോജിനി നിന്നു. വേണുവേട്ടന്‍ ഇന്ന് വരുമെന്ന് മനസ്സില്‍ തോന്നുന്നു. വന്നാല്‍ ഇന്നലത്തെപോലെ ഒന്നും കൊടുക്കാതെ പറഞ്ഞയക്കരുത്.

അടുപ്പുകത്തിച്ച് കഞ്ഞിക്കരിയിട്ടു. അത് വേവാന്‍ ഇത്തിരി സമയം എടുക്കും. ആ നേരംകൊണ്ട് വീട് അടിച്ചുതുടച്ച് വൃത്തിയാക്കാം. ഇടയ്ക്ക് അടുപ്പിലെ വിറക് കത്തുന്നുണ്ടോ എന്ന് നോക്കിയാല്‍ മതി. പതിവിലും കൂടുതല്‍ മനസ്സിരുത്തിയാണ് വീടിനകം ശുചിയാക്കിയത്. ആദ്യംതന്നെ നീളന്‍ചൂലുകൊണ്ട് മാറാലതട്ടി. മുഴുവന്‍  ജനലുകളും വാതിലുകളും നനഞ്ഞ ചപ്പത്തുണിയെടുത്ത് തുടച്ചു. നിലം അടിച്ചു വാരി തുണിനനച്ച് തുടച്ചു. വീട് ആകപ്പാടെ മാറിയതായി സരോജിനിക്ക് തോന്നി.

കഞ്ഞി വാങ്ങിവെച്ചു. തൊടിയില്‍നിന്നും വലിച്ച കുറച്ച് പച്ചപയര്‍ വേവിച്ച് ഉപ്പേരിയാക്കി. ഒരുസ്പൂണ്‍ വെളിച്ചെണ്ണയില്‍ കടുകുപൊട്ടിച്ച്  വേവിച്ച പയര്‍ അതിലിട്ട് ഇളക്കിയപ്പോള്‍ നല്ലൊരു മണം ഉയര്‍ന്നു. മുറ്റത്തെ തൈതെങ്ങില്‍നിന്ന് തോട്ടികൊണ്ട് ഒരുനാളികേരം കുത്തി വീഴ്ത്തി. അത് പൊതിച്ചെടുത്ത് പൊട്ടിച്ചു. തേങ്ങ മൂത്തിട്ടില്ല. എങ്കിലും  അതില്‍നിന്ന് ഒരു കഷ്ണം എടുത്ത് ചമ്മന്തിയരച്ചു. വെപ്പുപണി കഴിഞ്ഞിട്ടും അച്ഛനെ കാണാതായപ്പോള്‍ ഇനിയെന്തു ചെയ്യണമെന്ന്  ആലോചിച്ചു. മുറ്റംനിറയെ പുല്ലാണ്. കാടുപൊത്തി ചേട്ടപിടിച്ച മാതിരി കിടക്കുന്നു. അച്ഛന്‍ എത്തുന്നതുവരെ പുല്ലുവലിക്കാം. കുറച്ചെങ്കില്‍ കുറച്ച് തീരട്ടെ.

പടിക്കല്‍നിന്നാണ് തുടങ്ങിയത്. അവിടെ പുളിയുടെ നിഴലുണ്ട്. വെയില് കൊള്ളേണ്ട. തട്ടിന്‍പുറത്ത് പണ്ടെങ്ങോ ഒരു കൈക്കോട്ട് വെച്ചിട്ടുണ്ട്. വെയില് പടിഞ്ഞാട്ട് നീങ്ങിയിട്ട് അതുകൊണ്ട് ചെത്തിക്കോരണം എന്ന് നിശ്ചയിച്ചു.

************************************

ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ സമയം ഏറെ ആയിരിക്കുന്നു. കഴിഞ്ഞ രാത്രി ഉറങ്ങാന്‍ വൈകി. ഓരോന്ന് ആലോചിച്ചുകിടന്നു. ക്ലോക്കില്‍ മൂന്നടിക്കുന്ന ശബ്ദംകൂടി കേട്ടിരുന്നു. എഴുന്നേറ്റ്  മുഖംതുടച്ച് വേണു പുറത്തേക്ക് വന്നപ്പോള്‍ കിട്ടുണ്ണി ആഹാരം കഴിക്കുന്നു.

''ശ്ശോ, എന്തൊരു ഉറക്കമാണ് ഏട്ടന്‍റെ. ഞാന്‍ അഞ്ചാറ് തവണ വന്നു നോക്കി. പിന്നെ ഉറങ്ങിക്കോട്ടേന്ന് വിചരിച്ചു''കിട്ടുണ്ണി പറഞ്ഞു.

രാവിലെ അമ്പലക്കുളത്തില്‍ കുളിച്ച് ദേവനെ തൊഴണമെന്ന് ഇന്നലെ വിചാരിച്ചതാണ്. ഇന്നിനി പറ്റില്ല. സമയംവൈകി. കുളിച്ചുതൊഴലും വഴിപാടു കഴിക്കലും ഒക്കെ വേറൊരു ദിവസമാകാം. ഓപ്പോളുടെ വീട്ടിലേക്ക് പോകണമെന്ന് കരുതിയിരുന്നതാണ്. എന്തായാലും അത് മുടക്കുന്നില്ല.

കുളിയും മറ്റും കഴിഞ്ഞ് എത്തുമ്പോഴേക്കും രാധ ഭക്ഷണം ഒരുക്കി വെച്ചിരിക്കുന്നു.

 ''നാലഞ്ചുദിവസം ഞാനുണ്ടാവില്ല. ഓപ്പോളുടെ വീട്ടില്‍ ഒന്നുചെന്നിട്ട് വരാം''ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പറഞ്ഞു. കൈകഴുകി വസ്ത്രം മാറ്റി ബാഗുമായി മുറിയില്‍നിന്ന് ഇറങ്ങിയപ്പോള്‍ കിട്ടുണ്ണി കാത്തുനില്‍ക്കുന്നു.

''ഏട്ടന് കാറെങ്ങാനും ഏര്‍പ്പാടാക്കണോ''കിട്ടുണ്ണി ചോദിച്ചു''ഇവിടുത്തെ വണ്ടി ഗുരുവായൂരിലേക്ക് പോയിരിക്കുണു. നേര്‍ത്തെ ഏറ്റ ട്രിപ്പാണ്''.

വേണ്ടെന്ന് തലയാട്ടി. ആകെ പത്തിരുപത്തഞ്ച് കിലോമീറ്ററേ ദൂരം കാണു. പണ്ടത്തെകണക്കില്‍ പതിനഞ്ച് നാഴിക.  ലീവിന്ന് വരുമ്പോള്‍ സിനിമക്ക് അവിടെയാണ് ചെല്ലാറ്. രാത്രി പടംകഴിഞ്ഞാല്‍ ചിലപ്പോള്‍ ബസ്സ് കിട്ടില്ല. പിന്നെ ഒറ്റനടപ്പാണ്.

കിട്ടുണ്ണി ബാഗ് വാങ്ങി പിടിച്ചു. പാടത്തിന്‍റെ നടുവിലുള്ള പാതയിലൂടെ നടന്നുപോകുമ്പോള്‍ പെങ്ങളെ കാണുമ്പോള്‍ പറയേണ്ട കാര്യങ്ങള്‍ ഒന്നു കൂടി കിട്ടുണ്ണി വിസ്തരിച്ചു. കഴിയുണതും പിണങ്ങിനടക്കണ്ടാ എന്നു വെച്ചിട്ടാണ് ഞാന്‍ ഏട്ടനെ ഇതില് വലിച്ചിഴയ്ക്കുണത്. ഇനി അങ്ങിനെ മതീന്ന് അവള് വെച്ചാലോ എനിക്ക് അതിനും മടിയില്ല. എത്രാമത്തെ തവണയാണ് ഇവന്‍ ഇത് പറയുന്നത്. പാമ്പ് ചാവണം വടി ഒടിയാനും പാടില്ല എന്നാണ് എന്നും കിട്ടുണ്ണിയുടെ നയം. പാതയിലെത്തി അധികം കഴിയുന്നതിന്നുമുമ്പ് ബസ്സ് വരുന്നത് കണ്ടു.

''അധികദിവസം ഏട്ടന്‍ അവിടെ കൂടണ്ടാ, വന്നിട്ട് ഞാന്‍ പറഞ്ഞ കാര്യം ആലോചിക്കണം''കിട്ടുണ്ണി ബാഗ് ഏല്‍പ്പിച്ചു.

കണ്ണില്‍നിന്ന് മറയുന്നതുവരെ കിട്ടുണ്ണി അവിടെത്തന്നെ നില്‍ക്കുന്നത് കാണാമായിരുന്നു.
 

Comments