അദ്ധ്യായം 41-50

 അദ്ധ്യായം41.


കളപ്പുരയുടെ പുറത്ത് ബഹളംകേട്ടു. കളവലിക്കുന്ന പെണ്ണുങ്ങളാണ് ശബ്ദമുണ്ടാക്കുന്നത്. വേണുവും എഴുത്തശ്ശനും നാണുനായരും പെട്ടെന്ന് പുറത്തിറങ്ങി. നോക്കുമ്പോള്‍ തലയ്ക്കുമീതെ വലിയൊരുപാമ്പിനെ വട്ടം ചുറ്റിക്കൊണ്ട് ചാമി വരമ്പിലൂടെ പാഞ്ഞുവരുന്നു. അവന്‍ കളപ്പുരയുടെ പടിക്കല്‍ അതിനെയിട്ടു. അനങ്ങാനാവാതെ അതവിടെ കിടന്നു.


''ചെറടെ കഴായില്‍ കിടക്ക്വാണ് ഈ മൂപ്പര്. ഇര പിടിച്ചതോണ്ട് വേഗം എഴയാന്‍ പറ്റില്ല. കണ്ടതും ഞാന്‍ വാലില്‍കേറി ഒറ്റപിടുത്തം. തലവട്ടം ചുറ്റ്യാല്‍ പാമ്പിന്‍റെ എലുമ്പൊക്കെ ഒടയും. പിന്നെ അതിന് അനങ്ങാന്‍ പറ്റില്ല''ചാമി പറഞ്ഞു. പെണ്ണുങ്ങള്‍ ഭീതിയോടെ അകന്നുനിന്ന് അതിനെ നോക്കി.


''എന്താ സാധനം'' നാണുനായര്‍ തിരക്കി.


''നിങ്ങക്കെന്താ കണ്ണ് കാണില്ലേ, എട്ടടി മൂര്‍ക്കനാ സാധനം. കടിച്ചാല്‍ എട്ടടി നടക്കുമ്പോഴേക്കും ആള് പടംവിടും''എഴുത്തശ്ശന്‍ പറഞ്ഞു''ചാമ്യേ, നീ ഇതിനെ കാഴ്ചബംഗ്ലാവാക്കാതെ തച്ചുകൊന്ന് കുഴിച്ചുമൂടാന്‍ നോക്ക്'' 


വേലിയ്ക്കല്‍നിന്ന കൊട്ടത്തറിയില്‍നിന്ന് വടി പൊട്ടിക്കാന്‍വേണ്ടി ചാമി പോയി. വടി പൊട്ടിച്ചിട്ട് അവന്‍ അവിടെ എന്തിനേയോ തല്ലുന്നത് കണ്ടു. എല്ലാവരും നോക്കിനില്‍ക്കെ കൊട്ടത്തറിയില്‍ ഒരു ചത്ത പാമ്പിനെതൂക്കി മറ്റുള്ളവരുടെ അടുത്തേക്ക് അവന്‍ വന്നു.


''വെള്ളിക്കെട്ടനാണ്. അസ്സല് വിഷമുള്ളതാ ഇവനും. മുന്ത്യേസൈസ്സ് ഒന്നിനെ എങ്ങന്യാ ഒറ്റയ്ക്ക് അയക്ക്യാന്ന് വിചാരിക്കുമ്പോഴാ ഇവനെ കണ്ടത്. ഇനി രണ്ടാളുംകൂടി ഒരുത്തീലിക്ക് പൊയ്ക്കോട്ടെ''ചാമി ചത്ത വെള്ളിക്കെട്ടനെ നിലത്തിട്ട് ആ വടികൊണ്ട് മൂര്‍ഖനെ തല്ലിക്കൊന്നു. രണ്ടിനേയും ഒന്നിച്ച് കോലില്‍തൂക്കി കൈതപൊന്തയിലേക്ക് വലിച്ചെറിഞ്ഞു.


''പൊഴേല് വെള്ളം കൂട്യേപ്പൊ കേറിവന്നതാ ഇതൊക്കെ''എഴുത്തശ്ശന്‍ പറഞ്ഞു.


''എന്തായാലും രാത്രിനേരത്ത് നല്ലോണം ശ്രദ്ധിക്കണം''നാണുനായര്‍ ഒരു ഉപദേശം നല്‍കി.


''അങ്ങിനെ ഒന്നൂല്യാ. യോഗൂണ്ടെങ്കിലേ കടിക്കൂ. ഇല്ലെങ്കില്‍ ചവിട്ട്യാലും കടിക്കില്ല. പാമ്പുകടികൊണ്ട് ചാവാനാണ് വിധി എങ്കില്‍ കല്ലറതീര്‍ത്ത് ഇരുന്നാലും അത് സംഭവിക്കും. നിങ്ങള് പരീക്ഷിത്ത് രാജാവിന്‍റെ കഥ കേട്ടിട്ടില്ലേ''. നാണുനായര്‍ തലയാട്ടി.


 ''ഇരുട്ടത്ത് ഇറങ്ങുമ്പോള്‍ ഒരുടോര്‍ച്ച് കയ്യില്‍ വെക്കണം കെട്ടോ വേണൂ'' അയാള്‍ ഓര്‍മ്മിപ്പിച്ചു''ഇല്ലെങ്കില്‍ അറിയാണ്ടെ വല്ലതിനീം ചവിട്ടും. കടി കൊണ്ട് ചാവും ചെയ്യും''.


''കുരുത്തംകെട്ട മനുഷ്യാ''എഴുത്തശ്ശന്ന് ദേഷ്യം വന്നു''വായിന്ന് വീഴുണ വാക്ക് കേട്ടില്ലേ''.


''ഞാന്‍ അത്ര്യങ്ങിട്ട് ആലോചിച്ചില്ല''നാണുനായര്‍ തലകുനിച്ചു..


''കൂട്ടംകൂടിനിന്ന് പണിമെനക്കെടുത്താതെ വേഗം കണ്ടത്തിലെറങ്ങാന്‍ നോക്കിനെടി പെണ്ണുങ്ങളെ''എഴുത്തശ്ശന്‍ പറഞ്ഞതോടെ അവരൊക്കെ പോയി. കൈക്കോട്ട് എടുത്തിട്ടുവരാമെന്നും പറഞ്ഞ് ചാമിയും നടന്നു. നാണുനായരും എഴുത്തശ്ശനും വേണുവിനോടൊപ്പം കളപ്പുരയിലേക്ക് കയറി


***************************


പാലക്കാടുനിന്നും കൃഷ്ണനുണ്ണിമാസ്റ്റര്‍ തിരിച്ചെത്തുമ്പോള്‍ ഉച്ചകഴിഞ്ഞു. വരാന്‍ വൈകുമെന്ന് ഫോണ്‍ചെയ്തുപറഞ്ഞിരുന്നതിനാല്‍ രാധ ഭക്ഷണം കഴിച്ചിരുന്നു.


''കിട്ടുണ്ണ്യേട്ടന്‍ വല്ലതും കഴിച്ചോ''അവള്‍ ചോദിച്ചു.


കിട്ടുണ്ണി കര്‍ഷകസംഘം യോഗത്തിന്ന് ചെന്നിരുന്നു. കീഴ് ഘടകങ്ങളില്‍ നിന്ന് യോഗത്തിനെത്തിയ പ്രതിനിധികള്‍ക്കെല്ലാം അവിടെ ഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നു. ആ വിവരം അയാള്‍ പറഞ്ഞു. ഇട്ട ഷര്‍ട്ടഴിച്ച് തൂക്കുന്നസമയത്ത് രാധ ചെന്നു. 


''വേണ്വോട്ടനെ ഈ വഴിക്കൊന്നും കണ്ടില്ല. മൂപ്പര് പിണങ്ങി കാണ്വോ'' അവള്‍ ചോദിച്ചു.


''നല്ല കഥ''കിട്ടുണ്ണി പറഞ്ഞു''എന്‍റെ അറിവില്‍ മൂപ്പര് ഇന്നേവരെ മുഖം മുറിഞ്ഞ് ഒരക്ഷരം ഒരാളോടും പറഞ്ഞിട്ടില്ല''.


''എന്നാലും നിങ്ങള് പറഞ്ഞത് കുറച്ചുകൂടിപ്പോയോന്ന് എനിക്കൊരു സംശയം തോന്നി''.


''നീ നോക്കിക്കോ, രണ്ടുദിവസം കഴിഞ്ഞാല് അയാളന്നെ ഇവിടെ എത്തും. മനസ്സില്‍ ഒന്നും കരുതില്ല. എന്‍റെ അമ്മ എങ്ങന്യോക്കെ ദ്രോഹിച്ചതാണ്. എന്നിട്ടും സമ്പാദിക്കാന്‍ തുടങ്ങ്യേമുതല്‍ക്ക് മൂപ്പര് ചോദിച്ചപ്പോഴൊക്കെ പണം തന്നിട്ടുണ്ട്''.


''അത് ആ മനുഷ്യന്‍റെ മനസ്സിന്‍റെ നന്മ''.


''എല്ലാരും പറയണപോലെ ഞാന്‍ സ്വാര്‍ത്ഥിയും പരമദുഷ്ടനുമാണെന്ന് നീയും പറഞ്ഞോണ്ട് നടന്നോ''.


''ഇതാ ഞാന്‍ ഒന്നുംപറയാന്‍ വരാത്തത്. നിങ്ങള് പറയണത് മാത്രാണ് ശരീം ന്യായൂം. അങ്ങിനെ അല്ലാത്തതൊക്കെ തെറ്റ്''.


''എനിക്ക് ഒരുത്തന്‍റേം സര്‍ട്ടിഫിക്കറ്റ് വേണ്ടാ''.


''ഒരു കാര്യൂല്യാതെ രണ്ടാളും തമ്മില്‍  ഒന്നും രണ്ടും പറഞ്ഞ് വീട്ടില്‍ തമ്മില്‍ത്തല്ലുണ്ടാക്കാന്‍ ഞാനില്ല''രാധ അടുക്കളയിലേക്ക് നടന്നു.

***********************


''വലിയപ്പന്‍ ഉണ്ണാന്‍ വന്നോടീ''ചന്തയില്‍ നിന്നെത്തിയ വേലപ്പന്‍ മകളോട് ചോദിച്ചു.


കാലത്ത് ചാമി മുതലാളിക്ക് ചായ വാങ്ങികൊണ്ടുപോയതും, അയാളത് നന്നായിരുന്നുവെന്ന് പറഞ്ഞയച്ചതും, ആ മൂപ്പരെ കളപ്പുരയില്‍ ഒറ്റയ്ക്ക് കിടത്താന്‍ പറ്റാത്തതിനാല്‍ വലിയപ്പന്‍ ഇന്നലെ മുതല്‍ക്ക് അവിടെയ്ക്ക് കിടപ്പ് മാറ്റിയതുമെല്ലാം കല്യാണി വിവരിച്ചു.


''ഇനി അയാളുംകൂടി കേട് വരും''വേലപ്പന്‍ പറഞ്ഞു.


''അതെന്താ അപ്പാ നിങ്ങള് അങ്ങനെ പറഞ്ഞത്''.


''കൂടിയവനെ കെടുക്കും കയ്പ്പക്ക എന്ന് പറഞ്ഞുകേട്ടിട്ടില്ലേ''.


''ഇനി അങ്ങട്ട് വലിയപ്പന്‍ നന്നാവുംച്ചാലോ. ചന്ദനം ചാര്യാല്‍ ചന്ദനം മണക്കും, ചാണകം ചാര്യാല്‍ ചാണകം മണക്കും എന്നല്ലേ മുത്തിത്തള്ള പറയാറ്'.


''എങ്ങിനെയായാലും അവന്‍ നന്നായി കണ്ടാ മതി''വേലപ്പന്‍ അറിയാതെ മനസ്സിലുള്ളത് വാക്കുകളായി പുറത്തെത്തി 


അദ്ധ്യായം. 42.


വൈകുന്നേരം അഞ്ചുമണി കഴിഞ്ഞതെയുള്ളു ഇരുട്ടാവുമ്പോഴേക്കും എത്താമെന്നുപറഞ്ഞ് ചാമി പുറപ്പെട്ടു. ഭക്ഷണം വാങ്ങാനായി വേണു കൊടുത്ത പണം പിന്നെ വാങ്ങാമെന്നും പറഞ്ഞ് അവന്‍ കൈപറ്റിയില്ല. എന്നും കഞ്ഞി കുടിച്ചാല്‍ മുതലാളിക്ക് മടുക്കും എന്നാണ് അയാളുടെ കണ്ടുപിടുത്തം 


ചാമി പോയതോടെ പെട്ടെന്ന് ഒറ്റപ്പെട്ടപോലൊരുതോന്നല്‍ വേണുവിന്‍റെ മനസ്സിലെത്തി. നിരവധി കൊല്ലങ്ങളായി ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ കഴിഞ്ഞുകൂടിയത് കൊണ്ടാവണം ഏകാന്തമായ ചുറ്റുപാട് അസ്വസ്ഥത ഉളവാക്കുന്നത്.


അമ്പലകുളത്തില്‍ചെന്ന് കാലുംമുഖവും കഴുകി അയ്യപ്പനെ ഒന്ന് തൊഴുതു വരാം. രാവിലെത്തന്നെ നട അടച്ചതുകാരണം തൊഴാനൊത്തില്ല. അയയില്‍ നിന്ന് തോര്‍ത്തെടുത്തുതോളിലിട്ട് വേണു പടിയിറങ്ങി. മുകളിലേക്ക് ഒന്നു കണ്ണോടിച്ചു.


മേയാനിറങ്ങിയ ആട്ടിന്‍കൂട്ടത്തെപോലെ മേഘങ്ങള്‍ മുരുകമലയില്‍ ചിതറിവീണു കിടപ്പുണ്ട്. ഒരുപക്ഷെ മഴ പെയ്തേക്കാം. വേഗം തിരിച്ചു വന്ന് കുടയുമായി പുറപ്പെട്ടു. അമ്പലകുളത്തിലെ കല്‍പ്പടവുകളില്‍ ഉച്ചു പിടിച്ചു കിടപ്പുണ്ട്. ശ്രദ്ധിച്ച് ഇറങ്ങിയില്ലെങ്കില്‍ വഴുതി വീഴും. വേണു മുകളിലെ പടവില്‍ ഇരുന്ന് ഓരോ പടിയായി പിടിച്ചു പിടിച്ച് മെല്ലെ താഴോട്ടിറങ്ങി. 


നനഞ്ഞതോര്‍ത്ത് തോളിലിട്ട് വേണു അമ്പലത്തിലേക്ക് നടന്നു. കാറ്റടിച്ചു  കയറിയ ചെമ്മണ്ണ് ചുമരില്‍ ചായം പൂശിയിട്ടുണ്ട്. ചുണ്ണാമ്പ് തേച്ചത് പലയിടത്തും അടര്‍ന്നു വീണുപോയിരിക്കുന്നു. കാലത്തിന്‍റെ കരങ്ങള്‍ ക്ഷേത്രത്തിന്ന് വാര്‍ദ്ധക്യം പകര്‍ന്നു നല്‍കിയിട്ടുണ്ട്. അകത്ത് കത്തിച്ചു വെച്ചിരിക്കുന്ന ദീപത്തിന്‍റെ നാളം വാതില്‍ക്കല്‍നിന്നുതന്നെ കാണാനുണ്ട്. കുട വാതിലിന്നരുകില്‍ വെച്ചു. നടക്കല്‍നിന്ന് കണ്ണടച്ച് അയാള്‍ ഭഗവാനെ ധ്യാനിച്ചു. പലദിക്കുകളിലായി അനവധികാലം കഴിച്ചുകൂട്ടി. അപ്പോഴും ഇടയ്ക്കൊക്കെ ദേവന്‍റെ തിരുസന്നിധി മനസ്സില്‍ ഓടിയെത്തും. അന്നത്തെ പ്രൌഡിയെവിടെ, ഇന്നത്തെ ജീര്‍ണാവസ്ഥയെവിടെ .


കണ്ണുമിഴിച്ച് നോക്കുമ്പോള്‍ ശ്രീകോവിലില്‍നിന്നും എട്ടുപത്ത് വയസ്സുള്ള കുട്ടി ഇറങ്ങിവന്നു. ഇത്ര ചെറിയ കുട്ടിയാണോ പൂജക്കാരന്‍. പ്രദക്ഷിണം വെച്ച് എത്തുമ്പോള്‍ ഉണ്ണിനമ്പൂരി തീര്‍ത്ഥവും ചന്ദനവും തരാനൊരുങ്ങി നില്‍ക്കുന്നു. നല്‍കിയ ചില്ലറയില്‍തൊട്ട് ഉണ്ണി കയ്യുയര്‍ത്തി അനുഗ്രഹം ചൊരിഞ്ഞു.


''ഇവിടെ വേറെ ആരും ഇല്ലേ''വേണു ചോദിച്ചു.


വാരിയര്‍ വന്ന് അമ്പലം തുറന്നുതന്നിട്ട് പോയതാണെന്നും ഇപ്പോള്‍ എത്തുമെന്നും ഉണ്ണി പറഞ്ഞു. വേണു ചുറ്റുംനടന്ന് കണ്ണോടിച്ചു. ഓട് പൊട്ടി വെള്ളം ഒലിച്ചിറങ്ങി മണ്ഡപം ഏകദേശം നശിച്ച മട്ടിലാണ്. തിടപ്പിള്ളി ഒടിഞ്ഞുവീണ് കിടക്കുന്നു. വീഴാന്‍ ബാക്കിയുള്ള  ഓരത്ത് കല്ലുകള്‍കൊണ്ട് ഒരു അടുപ്പ് കൂട്ടിയിരിക്കുന്നു. സംരക്ഷിക്കാന്‍ ആളില്ലാത്ത അവസ്ഥ പ്രകടമാണ്. ചെറിയ ഒരുകെട്ട് വിറകുമായി വാരിയര്‍ എത്തി. വിറക് തിടപ്പള്ളിയില്‍ ഇട്ട് അയാള്‍ വേണുവിന്‍റെ അടുത്തെത്തി.


''എവിടുന്നാ ഇതിന്നുമുമ്പ് കണ്ടിട്ടില്ലല്ലോ''അയാള്‍ ചോദിച്ചു.


താന്‍ കുറെകാലമായി മദിരാശിയിലായിരുന്നുവെന്നും ഇപ്പോഴാണ് ഇങ്ങോട്ട് താമസംമാറിയതെന്നും വേണു പറഞ്ഞു.


''അത് ഒട്ടും നന്നായില്ല. അത്ര നല്ല ദിക്കില്‍നിന്ന് ഇത് പോലെ നശിച്ച ഒരിടത്തേക്ക് ആരെങ്കിലും വര്വോ''. വേണു വിഷയം മാറ്റി. എന്താണ് ക്ഷേത്രം ഇങ്ങിനെ കേടുവന്ന് കിടക്കുന്നതെന്നും, പൂജക്ക് ഒരു ചെറിയ കുട്ടിയെ നിര്‍ത്തിയിരിക്കുന്നതെന്നും അന്വേഷിച്ചു.


''പറയാനാണച്ചാല്‍ ഇശ്ശീണ്ട്. സ്ഥിരം ശാന്തിക്കാരന്‍ നല്ല പ്രായംചെന്ന ഒരാളാണ്. മഴയും തണുപ്പുംവന്നപ്പൊ അദ്ദേഹത്തിന്ന് തീരെ വയ്യാണ്ട്യായി കിടപ്പിലാണ്. മുട്ടുശ്ശാന്തിക്ക് വിളിച്ചാല്‍ ആരും വരില്ല. നടവരവില്ലാത്ത ദിക്കില്‍ ആരാ ശാന്തിക്ക് നില്‍ക്ക്വാ''വാരിയര്‍ പറഞ്ഞു തുടങ്ങി. ഏറെ കാലമായി മനസ്സില്‍ സൂക്ഷിച്ചുവെച്ചിരുന്ന പ്രയാസങ്ങള്‍ ആരോടെങ്കിലും പറയാന്‍ കാത്തിരുന്നതുപോലെ തോന്നി''വിളക്കുവെക്കല്‍ മുടക്കരുതല്ലോ എന്നുവെച്ച് ഒരു ഇല്ലത്ത് ചെന്ന് കാലുപിടിച്ചിട്ടാണ് ഈ ഉണ്ണ്യേതന്നെ കിട്ട്യേത്. നാളെ കര്‍ക്കിടകം ഒന്നാം തിയ്യതിയല്ലേ, ഒരുപായസം വഴിപാട് വന്നിട്ടുണ്ട്. എങ്ങന്യാ വയ്യാന്ന് പറയ്വാ. ഇവിട്യാണെങ്കില്‍ ഒരു കരട് വിറകില്ല. ഞാന്‍ അടുത്തപറമ്പില്‍ ചെന്ന് പെറുക്കിക്കൊണ്ടുവന്നതാ. നനഞ്ഞിട്ടുണ്ട്, കത്ത്വോ എന്നറിയില്ല''.


''അതെന്താ ക്ഷേത്രത്തിന്ന് സ്വത്തുംമുതലും ഒന്നൂല്യേ''വേണു തിരക്കി.


''ഇല്യേന്നോ''വാരിയര്‍ പറഞ്ഞു''കൊല്ലത്തില്‍ അയ്യായിരം പറ നെല്ല് പാട്ടം കിട്ടീരുന്നതാ. ഒക്കെ പോയില്ലേ''


ഭൂപരിഷ്കരണ നിയമം വന്നതോടെ ദേവസ്വംഭൂമികള്‍ പാട്ടക്കാരുടെ കയ്യിലായി. അതോടെ ക്ഷേത്രത്തിലേക്കുള്ള വരുമാനം പൂര്‍ണ്ണമായും നിലച്ചു. എന്നാണ് ഇത് വീണു നശിക്കാന്‍ പോണതെന്ന് അറിയില്ല.


''രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, മാളികമുകളേറിയ മന്നന്‍റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍ എന്ന് കേട്ടിട്ടില്ലേ . അത് മനുഷ്യരടെ കാര്യാണെന്നാ ഞാന്‍ നിരീച്ചിരുന്നത്. ദൈവത്തിനും അതൊക്കെ ബാധകാണെന്ന് ഇപ്പഴാ മനസ്സിലായത്''.


''ഇങ്ങിനെ പോയാല്‍ അമ്പലം നശിച്ചുപോവില്ലേ''.


''എന്താ സംശയം. തിടപ്പള്ളി വീണു. മണ്ഡപം വീഴാറായി. ഒക്കെക്കൂടി എന്നാ തലയ്ക്ക് മറിയ്യാന്ന് അറിയാന്‍ പാടില്ല''ചുറ്റും ചൂണ്ടികാണിച്ച് വാരിയര്‍ പറഞ്ഞു.


വേണുവിന്ന് വിഷമം തോന്നി. ഈ നാട്ടില്‍ ഇത്ര ആളുകള്‍ ഉണ്ടായിട്ട് ഇതൊന്ന് നേരാക്കാന്‍ ആരും ശ്രമിക്കാത്തതില്‍ അത്ഭുതവും തോന്നി.   അയാളത് വാരിയരോട് പറയുകയും ചെയ്തു.


''ശ്രമിക്കാഞ്ഞിട്ടൊന്നും അല്ലാട്ടോ''വാരിയര്‍ പറഞ്ഞു''രാഘവനെ ഞാന്‍ ചെന്നുകണ്ട് വിവരംപറഞ്ഞു. നന്നായി. നാട്ടിലെ എല്ലാ അമ്പലങ്ങളും പള്ളികളും വീണ് തുലഞ്ഞുപോണം, എന്നാലേ ഈ ലോകത്ത് മനുഷ്യര് തമ്മില്‍ തല്ലാതെ ജീവിക്കൂ എന്നാ ആ മഹാന്‍ എന്നോട് പറഞ്ഞത്''. വേണു അന്തംവിട്ടപോലെ നിന്നു.


''പിന്നെ ഉള്ളത് കിട്ടുണ്ണ്യാരാണ്. അയാളേം ചെന്നുകണ്ടു. മൂപ്പര് പുതിയ ഒരമ്പലം പണി ചെയ്യിക്കുണ തിരക്കിലാണ്. നാട്ടിലെ പണീം തൊരൂം ഇല്ലാത്ത സകല ആപ്പ ഊപ്പകളും ആളടെകൂടെ കൂടീട്ടുണ്ട്. ഭക്തി ഉള്ളത് കൊണ്ടൊന്ന്വോല്ല ഇതിന്ന് ഇറങ്ങീത് എന്നാ നാട്ടില് ജനസംസാരം''.


''പിന്നെന്താ''വേണു ചോദിച്ചു.


 ''ചുമരിനെകൂടി പേടിക്കേണ്ട കാലാണേയ്''വാരിയര്‍ ചുറ്റും കണ്ണോടിച്ചു ''ഒന്നിന് രണ്ട് കൂട്ടി പറഞ്ഞ് കൂട്ടം ഉണ്ടാക്കാന്‍  മിടുക്കന്മാരാ എല്ലാരും. എന്നാലും പറയാതെ പറ്റില്ലല്ലോ. മൂപ്പരുടെ ഒരു ഏട്ടന്‍ ദൂരെ എവിട്യോ ഉണ്ടത്രേ. അയാള് ധാരാളം സമ്പാദിച്ച് അയച്ചിട്ടുണ്ടെന്നും അതോണ്ട് മലടെ ചോട്ടില് ഇഷ്ടംപോലെ ഭൂമി വാങ്ങികൂട്ടീട്ടുണ്ടെന്നും കേള്‍ക്കുണു. അമ്പലം പണിതീര്‍ത്ത് റോഡും നന്നാക്കി റൂട്ട് ബസ്സും വരുത്താനാ പ്ലാന്‍. എന്നാല്‍ സ്ഥലത്തിന് ഒന്നിന്ന് പത്തുവെച്ച് കിട്ടും. അതാ മൂപ്പരുടെ ലാക്ക്''. 


''മാഷക്ക് അവിടെ സുമാറ് എത്ര സ്ഥലം ഉണ്ടാവും''വേണു ചോദിച്ചു.


''അതൊന്നും എനിക്ക് നിശ്ചൂല്യാ. മുരുകമലടെ ചോട് അങ്ങന്നെ ആയാളടെ ആണത്രേ''വാരിയര്‍ സ്വരംതാഴ്ത്തി ബാക്കികൂടി പറഞ്ഞു''ആ ശുംഭന്ന് ഈ സ്വത്തൊക്കെ ഉണ്ടാക്കാന്‍ പണംകൊടുത്ത് ആളാക്കിയ ഏട്ടനുണ്ടല്ലോ, ആ ദുഷ്ടന്യാണ് പറയേണ്ടത് എന്നാ നാട്ടിലെ സംസാരം. അത്രയ്ക്ക് വെറുപ്പാ കിട്ടുണ്ണിമാഷോട്''. 


അതോടെ വേണുവിന്ന് മതിയായി. പിന്നെ കാണാമെന്നു പറഞ്ഞ് അയാള്‍ ഇറങ്ങിനടന്നു.


അദ്ധ്യായം.43.


നാണുനായരുടെ വീട്ടില്‍നിന്നും ആഹാരംകൊണ്ടുവരാന്‍ തുടങ്ങിയിട്ട് ആഴ്ച രണ്ടായി. ഇടയ്ക്കൊരുദിവസം ഉച്ചയ്ക്ക് മൂന്നാളുംകൂടി ചെന്ന് ഭക്ഷണം കഴിച്ചു. എഴുത്തശ്ശനായിരുന്നു കൂടുതല്‍ സന്തോഷം. വണ്ടിപ്പുര പണിയുന്ന സമയത്ത് അവിടെനിന്നും കഴിച്ച ആഹാരത്തിന്‍റെ സ്വാദ് ഇപ്പോഴും നാവില്‍ തങ്ങിനില്‍ക്കുയാണ്.


''അതേയ്, അവര്‍ക്ക് നമ്മളെന്തെങ്കിലും കൊടുക്കണ്ടേ. അത്രയ്ക്ക് വല്യേ കഴിവടോന്നും അവര്‍ക്കില്ലല്ലോ''എഴുത്തശ്ശന്‍ പറഞ്ഞു. വേണുവിന്ന് ആ കാര്യത്തില്‍ അഭിപ്രായവ്യത്യാസമൊന്നും ഇല്ലായിരുന്നു. പക്ഷെ താന്‍ അതിലൊന്നും ഇടപെടില്ല എന്നുമാത്രം. നേരത്തെ പണംകൊടുത്ത കാര്യം അയാള്‍ പറഞ്ഞതുമില്ല. മഴയില്ലാത്ത ഒരു പ്രഭാതം. ആകാശത്ത് സൂര്യന്‍ തെളിഞ്ഞിട്ടുണ്ട്. പുഴയിലാണെങ്കില്‍ വെള്ളം നന്നെ കുറവും. കാലത്തെ ആഹാരത്തിന്നുചെന്ന ചാമിയോടൊപ്പം നാണുനായര്‍ ഇക്കരെയെത്തി.


''നാണ്വാരേ, നിങ്ങള് വന്നത് നന്നായി. എന്‍റെകൂടെ ഒന്നുവരിന്‍''അയാളെ പുറത്തേക്ക് കൂട്ടികൊണ്ടുപോയി എഴുത്തശ്ശന്‍ പറഞ്ഞു''നിങ്ങളോടൊരു കാര്യം പറയണംന്നു കരുതി ഇരിക്ക്യാണ് ഞങ്ങള്''.


''എന്താ, എന്താദ്''നായരുടെ സ്വരത്തില്‍ പരിഭ്രമം കലര്‍ന്നു.


''പേടിക്കേണ്ട കാര്യം ഒന്ന്വോല്ലാ. രണ്ടുനേരം ഞങ്ങള്‍ക്കുള്ള ആഹാരം വെച്ച് കൊടുത്തയക്കുണില്ലേ ആ കുട്ടി. അതിന്ന് ചിലവൊക്കെ വരില്ലേ. എന്താ വേണ്ടത്ച്ചാല്‍ പറഞ്ഞോളിന്‍''.


''അയ്യേ, ഞാന്‍ ഹോട്ടല് കച്ചോടം നടത്ത്വോന്നും അല്ല. വേണൂന്ന് വെച്ചാല്‍ അവള്‍ക്ക് ജീവനാ. പിന്നെ ഇന്നാള് അവന്‍ കൊറെ പൈസ അവളുടേല്‍ കൊടുക്കും ചെയ്തു. പുറത്ത് പറയില്ലാന്ന് വിചാരിച്ചതാണ്. വേണൂന്‍റെ ചെവീലൊന്നും ഇത് എത്തിക്കരുത്''ഒന്നുനിര്‍ത്തി നാണുനായര്‍ തുടര്‍ന്നു ''ഇന്നാള് ഞാന്‍ മന്ദത്ത് തൊഴാന്‍ ചെന്നതാ. ചായപ്പീടികക്കാരന്‍ വാസു വിളിച്ചിട്ട് മൂത്താരേ നിങ്ങള് എപ്പഴാ ഹോട്ടല് കച്ചോടം തുടങ്ങ്യേത് എന്ന് ചോദിച്ചു. അത് കേള്‍ക്കണ്ട താമസം അടുത്ത മുറീലെ ആ മണ്ണാചെക്കന്‍ വളയിട്ട കയ്യോണ്ട് വെച്ചാലെ ചെലരുക്ക് തിന്നാന്‍ പിടിക്കൂ എന്നൊരു പറച്ചില്. ഞാന്‍ അയ്യത്തടീന്നായി. വീട്ടില്‍ചെന്ന് സരോജിനിടെ അടുത്ത് ഈ കാര്യം പറഞ്ഞപ്പൊ അച്ഛന്‍ ഇത് കേട്ടതായിട്ട് നടിക്കണ്ടാ. ഇതെങ്ങാനും വേണ്വോട്ടന്‍റെ ചെവീലെത്ത്യാല്‍ നമ്മള് ആഹാരം കൊടുത്തയക്കുണത് വേണ്ടാന്ന് വെക്കുംന്ന് അവള് പറഞ്ഞു''.


''ങാഹാ അങ്ങിനെ ഉണ്ടായോ, എന്നാല്‍ അതൊന്ന് ചോദിച്ചിട്ടന്നെ കാര്യം'' എഴുത്തശ്ശന്‍ ക്ഷുഭിതനായി.


''ഇതാ ഞാന്‍ പറയില്ലാന്ന് വിചാരിച്ചത്. ഇനി ഇതിനെപറ്റി കൂട്ടൂംകുറീം ഉണ്ടാക്കരുത്''നായര്‍ കൈകൂപ്പി. ശരി എന്നുപറഞ്ഞെങ്കിലും എഴുത്തശ്ശന്‍ മനസ്സില്‍ ചിലതൊക്കെ ഉറപ്പിച്ചു.


ആഹാരം കഴിഞ്ഞശേഷം എല്ലാവരുംകൂടി ഉമ്മറത്ത് സൊള്ളാനിരുന്നു. പാടത്തൊന്ന് പോയിട്ട് വരാമെന്നും പറഞ്ഞ് ചാമി കൈക്കോട്ടുമായി നടന്നു.


''പോണ പോക്കില് എന്‍റെ ചെറടെ കഴായകൂടി ഒന്നുനോക്കടാ ചാമ്യേ''ആ ചുമതല എഴുത്തശ്ശന്‍ അവനെ ഏല്‍പ്പിച്ചു. നാട്ടുവര്‍ത്തമാനം പറയുന്നത് ക്രമേണ അവനവനെ സംബന്ധിച്ച കാര്യങ്ങളിലേക്കെത്തി. നാണുനായരുടെ സ്വകാര്യദുഃഖങ്ങളും ആ സമയത്ത് ചര്‍ച്ചാവിഷയമായി. 


''ഇയാളടെ കാര്യം മഹാകഷ്ടാണ്. മൂത്തമകള് ശാന്തടെ കെട്ട്യോനുണ്ട്, കരുണാകരന്‍. വീടിന്‍റെ ഭാഗം കിട്ടണംന്ന് പറഞ്ഞ് ഇയാളെ സ്വൈരം കെടുത്ത്വാണ് ആ കുരുത്തൂല്ല്യാത്തോന്‍''


''അപ്പോള്‍ സുന്ദരനൊന്നും ഇടപെടില്ലേ''വേണു ചോദിച്ചു.


''അവന്‍ പട്ടാളത്തിന്ന് പെന്‍ഷനായി. ഭാര്യവീട്ടിലാണ് താമസം. അവന്‍റെ കയ്യിലുള്ളതുപോലെ വല്ലതും അയച്ചുതരും. ഇങ്ങോട്ടൊന്നും വരൂല്യാ, ഒന്നും ചോദിച്ച് ബുദ്ധിമുട്ടിക്കൂല്യാ. എനിക്കുള്ള ഭാഗം ഒഴിമുറിവെച്ച് തരുണൂന്ന് പറഞ്ഞ് അവന്‍ എഴുതി തര്വേണ്ടായി''.


''അതന്നേ പറഞ്ഞത്. മൂപ്പരുക്ക് ചോദിക്കാനും പറയാനും ആളില്യാന്ന് കണ്ടിട്ടുള്ള ഏളുതത്തരം ആണ് മരുമോന്‍ കാട്ടുണത്''


''ഇപ്പൊ കുറച്ച് ദിവസായിട്ട് വല്ലാതെ തൊയിരം കെടുത്താന്‍ വരുണില്ല. ബാങ്കിന്ന് കടംകിട്ടും, അതിന്ന് കൊടുക്കാനാണെന്നും പറഞ്ഞ് ഈയിടെ ശാന്തവന്ന് ഒരു മുദ്രകടലാസില് എന്‍റീം സരോജിനിടീം കയ്യൊപ്പ് വാങ്ങി പോയി. പെണ്ണിന്‍റെ കല്യാണം കഴിഞ്ഞാല്‍ കടം കുറേശ്യായി കൊടുത്ത് തീര്‍ക്കുംന്നാ പറഞ്ഞത്''. മുദ്രപേപ്പറില്‍ എന്താണ് എഴുതിയതെന്ന് വേണു ചോദിച്ചു. 


''അതിലൊന്നും എഴുതീട്ടില്ല, അതൊക്കെ ബാങ്കുകാര് എഴുതിചേര്‍ക്കും എന്നാ പറഞ്ഞത്''നാണുനായര്‍ വിശദീകരിച്ചു.


''പുത്തികെട്ട മനുഷ്യാ, നിങ്ങടെ മരുമോന്‍ അതുംവെച്ച് വല്ല കള്ളത്തരൂം കാട്ട്യാലോ''.


''അങ്ങിന്യോക്കെ അവന്‍ ചെയ്യോ''.


''അവന്‍ അതും അതിലപ്പുറൂം ചെയ്യും. തെകഞ്ഞ കള്ളനാ ആ കുരുത്തം കെട്ടോന്‍''.


''ഇനീപ്പൊ ഞാന്‍ എന്താ വേണ്ട്''നാണുനായര്‍ ഇപ്പോള്‍ കരയും എന്ന മട്ടായി.


''വരുംപോലെ കാണാന്ന് വെച്ച് കുത്തിരിക്കിന്‍'' 


''നാണുമാമ ഒട്ടും വിഷമിക്കണ്ടാ. എന്തെങ്കിലും വന്നാല്‍ ഞങ്ങളൊക്കെ ഇല്ലേ''വേണു ആശ്വസിപ്പിച്ചു.


''അതൊരു ആശ്വാസംമാത്രേ എനിക്കുള്ളു''നായര്‍ കണ്ണുതുടച്ചു. 


''വരുന്നത് വരുമ്പോലെ കാണാം. ഇപ്പൊ എനിക്ക് വേറൊരുകാര്യം പറയാനുണ്ട്''എഴുത്തശ്ശന്‍ വിഷയം മാറ്റി.


''എന്താ കുപ്പന്‍കുട്ട്യേ അങ്ങിനെ ഒരുകാര്യം''നാണുനായര്‍ ചോദിച്ചു.


''നിങ്ങളോടല്ല. വേണു കേക്കാനാ പറയുണത്. നിത്യൂം നമ്മള് മൂന്നാളക്കും കാലത്തിനും നേരത്തിനും നാണുനായരടെ മകള് കഷ്ടപ്പെട്ട് ആഹാരം ഉണ്ടാക്കി എത്തിക്കുണുണ്ട്. അതിന് നമ്മളൊന്നും കൊടുക്കുണില്യാ. ഇനി അങ്ങനെ ആയാല്‍പോരാ''എഴുത്തശ്ശന്‍ പറഞ്ഞുനിര്‍ത്തി. ആരും ഒന്നും പറഞ്ഞില്ല.


''ഞാന്‍ നിശ്ചയിച്ചത് അരീം തേങ്ങീം  വിറകും ഇഷ്ടംപോലെ ഇവിടീണ്ട്. അതൊക്കെ അവിടെ എത്തിക്കും. പീടികസാധനങ്ങള്‍ എന്താ വേണ്ടേച്ചാല്‍ അതും ഏര്‍പ്പാടാക്കും. എന്താ അതുപോരെ വേണൂ''.


''അമ്മാമ നിശ്ചയിക്കുണപോലെ''


''എന്നാ അതു മതി. ചാമി വണ്ടീല് സാധനങ്ങള്‍ ഇന്നു വൈകുന്നേരം എത്തിക്കും. കാശായിട്ട് വല്ലതും ഇപ്പൊ വേണോ''വേണ്ടെന്ന് നായര്‍ തലയാട്ടി. 


''പിന്നെ ഒരുപെണ്‍കുട്ട്യല്ലേ അവള്. എന്തെങ്കിലും വാങ്ങാന്‍ ഇടയ്ക്കും തലയ്ക്കും ചില്ലറകാശ് നീ അതിന് കൊടുക്കണം കെട്ടോ''. 


''അല്ലെങ്കിലും സരോജിനിക്ക് ഇടയ്ക്ക് എന്തെങ്കിലും കൊടുക്കണംന്ന്  ഞാന്‍ നിശ്ചയിച്ചിട്ടുണ്ട് അമ്മാമേ''വേണു പറഞ്ഞു. നാണുനായര്‍ മനസ്സു നിറയെ സന്തോഷവുമായിട്ടാണ് തിരിച്ചുപോയത്.


**********************************


ഉച്ചയ്ക്കുള്ള ആഹാരം വാങ്ങാന്‍ ചാമി പുറപ്പെടുമ്പോള്‍ ''നിന്‍റെകൂടെ ഞാനും വരുണുണ്ട്''എന്നു പറഞ്ഞ് എഴുത്തശ്ശനും പുറപ്പെട്ടു. 


 ''നീ മന്ദത്ത് ആലിന്‍റെ തണുപ്പത്ത് കുറച്ചുനേരം നില്‍ക്ക്, ഞാന്‍ ഇപ്പൊ വരാട്ടോ''കൂനന്‍പാറ കടന്നപ്പോള്‍ എഴുത്തശ്ശന്‍ ചാമിയോട് പറഞ്ഞു. നേരെ വാസുവിന്‍റെ ചായക്കടയിലേക്ക് അയാള്‍ നടന്നു. കടയില്‍ ഒരു മനുഷ്യനും ചായയ്ക്കായി കാത്തിരിപ്പില്ല. വാസു ഒരുബെഞ്ചിലിരുന്ന് പത്രം വായിക്കുകയാണ്.


''എടാ വാസ്വോ, ഇങ്കിട്ട് ഇറങ്ങി വാടാ, ആ മണ്ണാചെക്കനീം വിളിച്ചോ'' മുറ്റത്തുനിന്ന് എഴുത്തശ്ശന്‍ വിളിച്ചു. രണ്ടുപേരും പുറത്തേക്കുവന്നു.


''നെന്‍റെ ഒക്കെ നാവിന്ന് ചൊറിച്ചിലുണ്ടെങ്കില് പാറകത്തിന്‍റെ നല്ല മൂത്ത ഇലവെച്ച് ഒരച്ചോ, അല്ലാണ്ടെ കുടുംബത്തില്‍പ്പെട്ടോരെപ്പറ്റി തോന്ന്യാസം പറയാന്‍ മെനക്കെട്ടാല്‍ രണ്ട് കവിളത്തും ഞാന്‍ മാറിമാറി മദ്ദളം കൊട്ടും. എനിക്ക് വയസ്സ് എണ്‍പത്താറായി എന്ന് കരുതണ്ടാ''വാസുവിന്ന് ഒന്നും മനസ്സിലായില്ല. അവന്‍ കാരണം തിരക്കി.


''ആ നാണുനായരോട് നീ എന്താ പറഞ്ഞത്. ഹോട്ടല് കച്ചോടം തുടങ്ങ്യോ എന്നോ. നിന്‍റെ മകള് പഠിക്കാന്‍പോയി വയറ്റിലുണ്ടാക്കീട്ട് വന്നതും അത് കളഞ്ഞിട്ട് ഏതോ ഒരുത്തന്‍റെ തലേല് കെട്ടിവെച്ചതും ഞാന്‍ പത്താളുടെ മുമ്പില്‍ വിളിച്ചുപറയണോ''. അവന്‍ ഒന്നും മിണ്ടാതെ നിന്നു. എഴുത്തശ്ശന്‍ അലക്കുകാരന്‍റെ നേരെതിരിഞ്ഞു.


''വിഴുപ്പലക്കുന്നോന്‍ അത് ചെയ്താ മതി. വളയിട്ട കയ്യോണ്ട് ആഹാരം ഉണ്ടാക്കുണ കാര്യം നീ നോക്കണ്ടാ. ഇനി ഇതുമാതിരി വല്ലതും കേട്ടാല്‍ ഞാന്‍ തേപ്പുപെട്ടിവെച്ച് നിന്‍റെ മുഖത്തുതേക്കും. അറിയാലോ എന്നെ'' അയാള്‍ തുടര്‍ന്നു''പിന്നെ നിന്‍റെ അമ്മ നല്ലകാലത്ത് കിടന്നുറങ്ങുമ്പൊ വാതിലടക്കാറില്ല എന്നാ കേട്ടിട്ടുള്ളത്. നിങ്ങള് നാല് മക്കളും നാല് തന്തമാര്‍ക്ക് ഉണ്ടായതാണ് എന്നാ കേള്‍വി. മനസ്സിലായോടാ നിനക്ക്''. എഴുത്തശ്ശനോട് എതിര്‍ത്തൊന്നും പറയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.


''ഇനി അങ്ങിനെ ഉണ്ടാവില്ല''വാസു പറഞ്ഞു.


''എങ്കില്‍ ഇപ്പൊത്തന്നെ രണ്ടുംകൂടിചെന്ന് നാണുനായരോടും മകളോടും തെറ്റ് പറഞ്ഞിട്ട് വാ''. ഇരുവരും മടിച്ചുനിന്നു.


''നിങ്ങള്‍ക്ക്പോവാന്‍ മടീണ്ടെങ്കില്‍ വേണ്ടാ. മന്ദത്ത് നില്‍ക്കുണവനെ രണ്ടാളും ഒന്ന് നോക്ക്. ഞാന്‍ അവനെ വിളിച്ച് ഒരുവാക്ക് പറഞ്ഞാമതി. നിങ്ങടെ പട്ടപ്പുര പൊളിച്ചടുക്കി തീവെച്ചിട്ടേ അവന്‍ പോവൂ. അത് വേണോടാ''. മറുത്ത് യാതൊന്നും പറയാതെ ഇരുവരും നാണുനായരുടെ വീട്ടിലേക്ക് നടന്നു. എഴുത്തശ്ശന്‍ ചാമിയുടെ അടുത്തേക്കും.


''എന്താ കുപ്പ്വോച്ചാ സംഗതി''ചാമി ചോദിച്ചു.


''ഒന്നൂല്യാടാ. അവരടെ ഒരു ചെറിയ പ്രശ്നൂണ്ട്. അതൊന്ന് തീര്‍ത്ത് കൊടുക്കാലോ എന്നുവെച്ച് ചെന്നതാണ്''. പെട്ടെന്നുതന്നെ ഇരുവരും തിരിച്ചുപോന്നു.


''പറഞ്ഞില്ലേ''എഴുത്തശ്ശന്‍ അവരോട് ചോദിച്ചു.


''ഉവ്വ്''ഇരുവരും ഒരേസ്വരത്തില്‍ പറഞ്ഞു.


''എന്നാ പൊയ്ക്കോളിന്‍. ഞാന്‍ ചൊല്ലിത്തന്നതൊക്കെ ഓര്‍മ്മീണ്ടാവണം''. അവര്‍ തലയാട്ടിയിട്ട് നടന്നു.


''ചാമ്യേ, നീ പോയി ചോറ് വാങ്ങീട്ട് വാ. ഞാന്‍ ഈ തണുപ്പത്ത് നിക്കട്ടെ''. ഈ കുപ്പ്വോച്ചന് എന്താ പറ്റ്യേത് എന്നുചിന്തിച്ച് ചാമി നടന്നു.


അദ്ധ്യായം.44.


വെയിലും മഴയുമായി കര്‍ക്കിടകം ഇഴഞ്ഞുനീങ്ങി. 


''കര്‍ക്കിടകത്തില്‍ പത്തുവെയില് എന്നുപറഞ്ഞിട്ട് മഴവിട്ട ഒരുദിവസം കൂടി ഉണ്ടായിട്ടില്ല''എഴുത്തശ്ശന്‍ പരാതിപറഞ്ഞു''പതിനെട്ടാം പെരുക്കം ദിവസം നിങ്ങള് നോക്കിക്കോളിന്‍, അന്ന് പതിനെട്ട് വെയിലും പതിനെട്ട് മഴീം ഉണ്ടാവും''.


വേണു മഴക്കാലം ശരിക്കും ആസ്വദിക്കുകയായിരുന്നു. എഴുന്നേറ്റതും ഉമ്മറത്തു വന്നിരിക്കും. തോന്നുമ്പോള്‍ അമ്പലക്കുളത്തില്‍ കുളിക്കാന്‍ ചെല്ലും. എങ്ങോട്ടും പോവാനില്ല, ഒന്നും ചെയ്യാനും. ഉള്ളനേരം പത്രം വായനയും ഉറക്കവും. എഴുത്തശ്ശന്‍ വണ്ടിപ്പുരയില്‍ വല്ലപ്പോഴുമേ ചെല്ലാറുള്ളു. കന്നുകള്‍ക്ക് വൈക്കോല്‍ ഇട്ടുകൊടുത്താല്‍ അടുത്തനിമിഷം കളപ്പുരയിലെത്തും. ചാമിയാണ് ആകെ മാറിയത്. കാലത്ത് വീട്ടിലൊന്ന് ചെല്ലും. തിരിച്ചുവരുന്ന വരവില്‍ രാവിലത്തെ ഭക്ഷണം നാണുനായരുടെ വീട്ടില്‍നിന്ന് വാങ്ങും. ഉച്ചഭക്ഷണം വാങ്ങുന്നതിനാണ് അടുത്തയാത്ര. വൈകുന്നേരം വീട്ടിലേക്ക് പോയാലായി. അല്ലെങ്കിലോ കളപ്പുരയില്‍തന്നെ കൂടും.


''എനിക്ക് വിശ്വസിക്കാന്‍ പറ്റുണില്യാ, നീ ചാമ്യേന്നാണോ''എഴുത്തശ്ശന്‍  ചാമിയുടെ മുഖത്തുനോക്കി ചോദിച്ചു''നീ ആള് അത്രയ്ക്ക് മാറിട്ടുണ്ട്''. മദ്യപാനം നിര്‍ത്തി. ആരോടും വഴക്കിനും വയ്യാവേലിക്കുംപോവാറില്ല. പാടത്തും തോട്ടത്തിലും ചെയ്യാനുള്ള പണികള്‍ചെയ്യും, അതുകഴിഞ്ഞതും കളപ്പുരയിലേക്ക് തിരിച്ചുപോരും . വേണുവിനോടും എഴുത്തശ്ശനോടും സംസാരിച്ചിരിക്കും. വേലപ്പനും കല്യാണിക്കും തോന്നിയ സന്തോഷത്തിന്ന് അതിരില്ല.


''മുതലാളി എന്ത് ചെയ്തിട്ടാണാവോ ഇവനെ ഇങ്ങിനെ ഒതുക്കിഎടുത്തത്''  വേലപ്പന്‍ ഇടയ്ക്ക് ഓര്‍ക്കും. ഒരു കച്ചറക്കും പോകാതെ അടങ്ങി ഒതുങ്ങി ഇത്രകാലം അവന്‍ കഴിഞ്ഞിട്ടില്ല.


മഴ വകവെക്കാതെ പെണ്ണുങ്ങള്‍ കളവലിക്കെത്തി. പണിയെടുക്കുന്നത് നോക്കിനില്‍ക്കാന്‍ ചാമി വേണുവിനെ ക്ഷണിക്കാറുണ്ടെങ്കിലും ഒക്കെ ചാമി ശ്രദ്ധിച്ചാല്‍ മതി എന്നുപറഞ്ഞ് വേണു ഒഴിഞ്ഞുമാറും. കാര്യസ്ഥന്‍ രാമന്‍നായര്‍ കാലത്ത് ഒന്നു മുഖംകാണിച്ച് തിരിച്ചുപോവും.


''അതേ, ഇങ്ങിനെ അനങ്ങാതെ ഒരു ബൊമ്മപോലെ കുത്തീരുന്നാല്‍ തടി പൂതല് പിടിക്കും. അതോണ്ട് നിത്യം വരമ്പത്തുകൂടി പത്തുചാല് നടന്ന്, പാടത്തുനോക്കണം. ദേഹത്തിന് ഒരു ആയാസം കിട്ടട്ടെ'' ഒരുദിവസം എഴുത്തശ്ശന്‍ വേണുവിനോട് പറഞ്ഞു''ഞാന്‍ പാടത്തിക്ക്പോകുമ്പൊ വിളിക്കും. കൂടെ പോരണം''.


കൈക്കോട്ടുമായി എഴുത്തശ്ശന്‍ എത്തി. കാവിമുണ്ടിന്ന് യോജിച്ച മട്ടില്‍ ഒരുകാവിത്തോര്‍ത്തെടുത്ത് വേണു തോളിലിട്ടു. വെള്ളംവാരാന്‍ തലേന്ന് നിവര്‍ത്തിവെച്ച കാലന്‍കുട മടക്കി കയ്യിലുംകരുതി.  കയത്തംകുണ്ടിന്ന് മുകളിലുള്ള സകല വരമ്പുകളിലൂടേയും രണ്ടുപേരും നടന്നു. ചിനച്ചു കൂടിയ പഞ്ച മണ്ണിനെ പച്ചച്ചേല ചുറ്റിച്ച് സുന്ദരിയാക്കിയിട്ടുണ്ട്.


''കണ്ടില്ലേ, നെല്ല് മുഴുവന്‍ കണ ഉരുണ്ട് കോല്‍കൊണ്ടു കഴിഞ്ഞു. ഇനി പിട്ടിളാവും. അത് പൊളിഞ്ഞ് കതിര് ചാടാന്‍ തുടങ്ങും. പിന്നെ ദിവസം എണ്ണ്യാല്‍ മതി. മുറി മുപ്പത്, നിര ഇരുപത്, പഴം പത്ത് എന്നൊക്യാണ് പഴമക്കാര് പറയാറ്''വേണു എല്ലാം മൂളികേട്ടു.


''കൊയ്ത്തുകഴിഞ്ഞാല്‍ എന്താ ഉദ്ദേശം''എഴുത്തശ്ശന്‍ ചോദിച്ചു.


''എന്താ, എനിക്കൊന്നും അറിയില്ല''.


''അപ്പൊ നെല്ല് വില്‍ക്കണ്ടെ. നെരക്കെ കൊയ്ത്തായാല് നെല്ലിന് വെല കിട്ടില്ല. ഒന്നുകില്‍ എല്ലാരും കൊയ്ത്ത് തുടങ്ങും മുമ്പ് നമ്മള് കൊയ്ത് അപ്പഴക്കപ്പഴേ വില്‍ക്കണം. അങ്ങിന്യാണച്ചാല്‍ ഉണക്കണ്ട പാടില്ല. നെല്ല് പിടുത്തക്കാര്‍ക്കും സന്തോഷാവും. അവര്‍ക്ക് തൂക്കം കിട്ട്വോലോ''. ആ പറഞ്ഞതില്‍ വേണുവിന്ന് താല്‍പ്പര്യം തോന്നിയില്ല. കൈക്കോട്ടുകൊണ്ട് വരമ്പിലെ കള്ളംപോട് എഴുത്തശ്ശന്‍ വെട്ടിയടച്ചു.


''അപ്പൊ എന്താ പറഞ്ഞത്. നെല്ല് കൊടുക്കുണ കാര്യം. നമുക്ക് ഇക്കുറി നേരത്തെ കൊയ്യാന്‍ പറ്റുംന്ന് തോന്നുണില്ല. കൊയ്ത്ത് കഴിഞ്ഞ് രണ്ട് മാസം കഴിയട്ടെ. വെലയ്ക്ക് ഒരു നെലവരം വരും. എന്നിട്ട് വില്‍ക്കാം''. വേണു അതിനും ഒന്നുംപറഞ്ഞില്ല.


''എന്താ നെല്ല് വിറ്റ് കാശാക്കണ്ടേ''എഴുത്തശ്ശന്‍ ചോദിച്ചു.


''അതൊക്കെ ഓപ്പോള് എന്താ വേണ്ടത്ച്ചാല്‍ ചെയ്തോട്ടെ, ഞാന്‍ ഒന്നിനും പോണില്ല''. ഈ വിദ്വാന്‍ എന്താ ഇങ്ങിനെയായത് എന്ന് എഴുത്തശ്ശന്ന് തോന്നി. സ്വന്തം മുതലിനെക്കുറിച്ച് ഒരു ചൂടുംപാടും ഇല്ലാത്തോന്‍.


''ഇനി ഞാന്‍ പോയി കുറച്ച് വായിച്ചോട്ടെ''വേണു കളപ്പുരയിലേക്ക് ചെന്നു. മദിരാശിയില്‍നിന്ന് വന്ന പാര്‍സല്‍  കെട്ടഴിക്കാതെ കിടപ്പുണ്ട്. ഇനി അവിടെനിന്ന് കുറെ പുസ്തകങ്ങള്‍കൂടി വരാനുണ്ട്. ഒരുപ്രാവശ്യം കൂടി മദിരാശിയില്‍ ചെന്ന് അതൊക്കെ അയപ്പിക്കണം. ചാമി വന്നിട്ട് പാര്‍സല്‍ അഴിച്ച് അടുക്കിവെക്കണമെന്നുറച്ചു. പത്രങ്ങളും കണ്ണടയും എടുത്തു. തോളിലിട്ട തോര്‍ത്തുമുണ്ട് തിണ്ടില്‍വിരിച്ച് പത്രങ്ങളിലൂടെ കണ്ണോടിച്ചു കിടന്നു. വായനക്കിടയില്‍ എപ്പോഴോ അയാള്‍ മയങ്ങി.


''ആരൂല്യേ ഇവിടെ''എന്ന ചോദ്യം കേട്ടാണ് ഉണര്‍ന്നത്. മുറ്റത്ത് ഒരു   സ്ത്രി നില്‍ക്കുന്നു. പച്ചനിറത്തിലുള്ള ചേലയും ജാക്കറ്റും. വെളുത്ത മുടിയിഴകള്‍ കെട്ടിവെച്ചിട്ടുണ്ട്. മുടി ചീകിയതിന്‍റെ ഒത്തനടുവിലായി നെറ്റിയില്‍ കുങ്കുമപ്പൊട്ടു തൊട്ടിരിക്കുന്നു. കയ്യിലൊരു ചാക്കുസഞ്ചി.  അതില്‍ എന്തോ ഉണ്ട്. കുലീനമായ രൂപവും ഭാവവും ആണ്.


''എന്താ''വേണു എഴുന്നേറ്റിരുന്നു.


''ഇവിടുത്തെ തമ്പുരാനെ കാണാനാണ്''ആ സ്ത്രി പറഞ്ഞു''എന്തെങ്കിലും സഹായം ചോദിക്കണം''. കിട്ടുണ്ണിമാസ്റ്ററെ കണ്ട് വല്ലതും ചോദിക്കാമെന്നു കരുതി അയാളുടെ വീട്ടില്‍ചെന്നു. ഇക്കരെ കളപ്പുരയില്‍ ഒരു തമ്പുരാന്‍ താമസം തുടങ്ങീട്ടുണ്ടെന്നും, ആള്‍ ധര്‍മ്മിഷ്ടനാണെന്നും, അവിടെ ചെന്ന് ചോദിച്ചാല്‍ സഹായം കിട്ടുമെന്നും പറഞ്ഞതുകേട്ട് വന്നതാണെന്ന് അവര്‍ പറഞ്ഞു. വേണുവിന്ന് എന്തോ വല്ലാത്ത ഒരു അസഹ്യത തോന്നി. ഇവന്‍  എന്തിനാണ് തന്നെപ്പറ്റി  ഇങ്ങിനെയൊക്കെ പറയുന്നത്.


''ഈ തിണ്ടില് തമ്പുരാന്‍ വരുന്നതുവരെ ഇത്തിരി ഇരുന്നോട്ടെ''ആ സ്ത്രീ ചോദിച്ചു''കയ്യുംകാലും കുഴഞ്ഞിട്ട് വയ്യാ. വയസ്സ് എഴുപത്തിനാലാണ്.  ഗതികേടിന്‍റെ വലുപ്പംകൊണ്ട് അലയണ്ടി വന്നു എന്നേയുള്ളു''. വേണു ഇരുന്നോളാന്‍ സമ്മതിച്ചു.


''എന്തെങ്കിലും ഇത്തിരി കുടിക്കാന്‍ തര്വോ, സംഭാരോ അതുമാതിരീള്ള എന്തെങ്കിലും. ഒന്നൂല്യാച്ചാല്‍ പച്ചവെള്ളം ആയാലും മതി''.


കാപ്പിവെച്ചു തരാമെന്നുപറഞ്ഞ് വേണു എഴുന്നേറ്റു ചെന്ന് സ്റ്റൌ കത്തിച്ച് വെള്ളംവെച്ചു. തിരികെ ഉമ്മറത്ത് വന്നിരുന്നു.


''ചോദിക്കുന്നതോണ്ട് ഒന്നും തോന്നരുതേ. ഈ തമ്പുരാന്‍ ആളെങ്ങന്യാ. കിട്ടുണ്ണിമാഷെപോലെ മൊരടനാണോ ആള്''. 


വേണു ഒന്നു ചിരിച്ചു. പുതിയ താമസക്കാരന്‍ താനാണെന്നും വേറൊരു തമ്പുരാന്‍ ഇവിടെയില്ലെന്നും അയാള്‍ പറഞ്ഞു.


''എന്നെപ്പോലെ വയസ്സായ ഒരുസ്ത്രീയെ പറഞ്ഞു പറ്റിച്ചിട്ട് അവന് എന്താ ഗുണം. പട്ടപ്പുര കണ്ടപ്പോഴേ എനിക്ക് തോന്നി, ആ മഹാപാപി എന്നോട് പൊളിയാണ് പറഞ്ഞത്ന്ന്''. വേണു ഒരുപാത്രത്തില്‍ കാപ്പികൊണ്ടുവന്നു കൊടുത്തു. വൃദ്ധ അത് ഊതി കുടിച്ചുതുടങ്ങി.


''നോക്കൂ, ഇങ്ങിനെ തെണ്ടി കഴിഞ്ഞുകൂടേണ്ടി വരുംന്ന് ഞാന്‍ സ്വപ്നം കണ്ടിട്ടുംകൂടി ഇല്ല. എങ്ങിനെ കഴിഞ്ഞതാ. തലേലെവര നന്നായില്ല. അതില് ഒരു വെട്ട് വീണൂ''. ദുഃഖങ്ങളുടെ  കെട്ട് അവര്‍ അഴിച്ചിട്ടു. വേണു അതില്‍ മുഴുകി. 


വലിയ ഭൂപ്രഭുവിന്‍റെ ഭാര്യയായിട്ട് വന്ന ആളാണ് പാര്‍വതി അമ്മാള്‍. സ്വര്‍ഗ്ഗതുല്യമായ ജീവിതം. എന്തിനും ഏതിനും പരിചാരികമാര്‍. പട്ടിലും പൊന്നിലും പൊതിഞ്ഞുവെച്ച കാഴ്ചവസ്തുവായി കഴിഞ്ഞു. പാര്‍വതി അമ്മാള്‍ അല്ല, സാക്ഷാല്‍ പരമശിവന്‍റെ പത്നി പാര്‍വതിയാണ് എന്നാണ് എല്ലാരും പറഞ്ഞിരുന്നത്. അത്രക്ക് അഴകായിരുന്നു. പോയ കാലത്തിലെ അനുഭൂതികളിലേക്ക് പാര്‍വതി അമ്മാള്‍ കടന്നുചെല്ലുകയാണ്.


എന്‍റെ സ്വാമിടെ പേര് വെങ്കിടാചലപതി അയ്യര്‍ എന്നാണ്. ആള്‍ക്കാര് മണിസ്വാമി എന്നേ വിളിക്കാറുള്ളു. കണ്ടാല്‍ രാജകുമാരനെ പോലെ ഉണ്ടാവും. എത്ര സ്വത്തുണ്ട്, എന്ത് വരുമ്പടി ഉണ്ട് എന്നൊന്നും ഞാന്‍       ആ കാലത്ത് അറിഞ്ഞിട്ടില്ല. കാലാകാലത്ത് പാട്ടക്കാര് കാളവണ്ടീല് പാട്ടനെല്ല് എത്തിക്കും. കണക്കൊക്കെ കാര്യസ്ഥന്മാരാണ് നോക്കാറ്. കഷ്ടപ്പെട്ട് വരുന്നോരെ ഒന്നും കൊടുക്കാതെ അയക്കരുത് എന്നാ ചട്ടം. സഹായം ചോദിച്ചു വരുണോരും എന്തെങ്കിലും ചെയ്യുംമുമ്പ് നേരില്‍ വന്നുകണ്ട് അനുവാദം ചോദിക്കാനെത്തുണോരും ചുറ്റുവട്ടാരത്തുള്ള അമ്പലങ്ങളിലെ ഉത്സവനടത്തിപ്പുകാരുമായി എന്നും മഠത്തിന്ന് മുമ്പില്‍ തിരക്കാണ്. ശാസ്താപ്രീതിക്കും തേരിനും ഒക്കെ മുമ്പനായിട്ട് അദ്ദേഹം വേണമെന്നാണ് എല്ലാവരും ആഗ്രഹം പറയാറ്. അറിഞ്ഞുകൊണ്ട് ഒരു ദ്രോഹവും ഒരാള്‍ക്ക് ചെയ്തിട്ടില്ല. എന്നിട്ടും ഞങ്ങള്‍ക്ക് ഇങ്ങിനെ ഒരു വിധി വന്നില്ലേ. നിയമം മാറി. സ്വത്തുകളെല്ലാം അന്യാധീനപ്പെട്ടു പോയി. അത്തരമൊരു മാറ്റം പ്രതീക്ഷിക്കാത്തതിനാല്‍ ഒന്നും സൂക്ഷിച്ചുവെച്ചില്ല. വരുമാനം നിലച്ചതോടെ ആര്‍ഭാടംനിന്നു. ഉള്ളത് വിറ്റുംപിടിച്ചും കുറച്ചു കാലം പിടിച്ചുനിന്നു. പിന്നെ തീരെ കഴിവില്ലാതായി. ഒന്നിന്നും ആവാത്ത അവസ്ഥ. ആരെങ്കിലും സഹായിച്ചില്ലെങ്കില്‍ ജീവിക്കാന്‍ പറ്റാത്ത സ്ഥിതി.  അധികം താമസിയാതെ സ്വാമി വാതം പിടിപെട്ട് കിടപ്പിലായി. നല്ലകാലത്ത് കൂടെ നിന്നവര്‍ തിരിഞ്ഞു നോക്കാതായി. ഇപ്പോള്‍ ഇതാ ഈ പിച്ചപ്പാത്രം കയ്യിലെടുത്ത് കയ്യുംനീട്ടി ഇരക്കുന്നു. അവര്‍ കണ്ണീരൊപ്പി. സ്വത്തൊക്കെ എടുത്ത് ആര്‍ക്ക് വേണമെങ്കിലും കൊടുത്തോട്ടെ. എന്തിനാ ഏറെ സ്വത്തും മുതലും. പക്ഷെ സര്‍ക്കാര്‍ നിയമംകൊണ്ടുവന്ന് ഭൂമി കൈവശക്കാരന്ന് കൊടുക്കുമ്പോള്‍ ഉടമസ്ഥന്ന് ജീവിക്കാന്‍ കുറച്ചെങ്കിലും നീക്കിവെക്കണ്ടേ. കൈവശം വെക്കാനുള്ള ഭൂമി ഇത്രേ പാടൂ എന്ന് നിയമം കൊണ്ടുപ്പോള്‍ അതെങ്കിലും ഉടമയ്ക്ക് മാറ്റിവെക്കണ്ടേ. അല്ലാതെ ഒരുത്തന്‍റെ കയ്യിലുള്ളത് മുഴുവന്‍ എടുത്ത് മറ്റൊരുത്തന്ന് കൊടുക്കുന്നതില്‍ എന്താ ന്യായം. ഏതോ രാജ്യത്ത് പ്രഭുക്കന്മാരെകൊന്ന് അവരുടെ സ്വത്ത് മറ്റുള്ളോര്‍ക്ക് വീതിച്ചു കൊടുത്തു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അതാ ഇതിലുംഭേദം. ഒരുജന്മത്തില്‍ തന്നെ പലജന്മം എന്ന് കേട്ടിട്ടില്ലേ. ശരിക്കും അതാ എന്‍റെ ജീവിതം. വയ്യാത്ത സ്വാമിക്ക് മരുന്നുവാങ്ങി കൊടുക്കണം. എന്നെക്കൊണ്ട് അതിന്ന് പറ്റാറില്ല. വയറ് വിശക്കുമ്പോള്‍ വല്ലതും കൊടുക്കണ്ടേ. അതിനുംകൂടി വഴിയില്ല.


വേണു ആ സ്ത്രീയുടെ നിസ്സഹായാവസ്ഥയെ കുറിച്ചോര്‍ത്ത് വേദനിച്ചു. ഒരിക്കലും കാണാത്ത തന്‍റെ അമ്മ മുന്നില്‍ വന്നു നില്‍ക്കുന്നതുപോലെ അയാള്‍ക്കു തോന്നി. അയാളുടെ കണ്ണുകള്‍ നിറഞ്ഞു.


''നിവൃത്തിയുണ്ടെങ്കില്‍ പത്തുറുപ്പിക തന്ന് സഹായിക്കണം. അല്ലെങ്കില്‍ ഉള്ളത് മതി''. വേണു അകത്തുചെന്ന് ബാഗില്‍നിന്ന് നൂറിന്‍റെ നോട്ടെടുത്ത് പുറത്തുവന്നു.


''തല്‍ക്കാലം അമ്മ ഇത് വെച്ചോളൂ. എന്നെക്കൊണ്ട് പറ്റുന്നത് എപ്പഴും ചെയ്യാം''വേണു ആ നോട്ട് പാര്‍വതി അമ്മാള്‍ക്ക് കൊടുത്തു. വിശ്വാസം വരാത്ത മട്ടില്‍ അവര്‍ ആ നോട്ടിലേക്കുതന്നെ നോക്കി.


''ധര്‍മ്മിഷ്ടനാണ് ഇവിടുത്തെ ആള് എന്നു പറഞ്ഞുകേട്ടത് എത്ര ശര്യാണ്. പട്ടപ്പുരേലാണ് കഴിയണതെങ്കിലും തമ്പുരാന്‍ തമ്പുരാന്‍തന്നെ.  കുപ്പേല് കിടന്നാലും മാണിക്യം മാണിക്യമല്ലാതാവില്ലല്ലോ''. കയ്യില്‍ കിട്ടിയ നോട്ട് അവര്‍ കണ്ണോടുചേര്‍ത്തുവെച്ചു. പിന്നെ അതിനെ ചാക്കുസഞ്ചിക്കകത്ത് സൂക്ഷിച്ച മടിശീലയില്‍ തിരുകി.


''കുന്നത്തുവെച്ച വിളക്കുപോലെ എപ്പൊഴും തെളിഞ്ഞോണ്ടിരിക്കട്ടെ''കൈ ഉയര്‍ത്തി  അനുഗ്രഹിച്ച് പാര്‍വതി അമ്മാള്‍ നടന്നകന്നു. കണ്ണില്‍നിന്ന് ആ സാധുസ്ത്രീ മറയുന്നതുവരെ വേണു അവരെ നോക്കിയിരുന്നു.


**********************************************


ഭക്ഷണം വാങ്ങാന്‍ നാണുനായരുടെ വീട്ടിലേക്ക് പോവാറുള്ളനേരത്താണ് ചാമി വന്നത്. അപ്പോഴേക്കും വേണു പാര്‍സല്‍ അഴിച്ചുകഴിഞ്ഞിരുന്നു.


ശംഖുകൊണ്ടുള്ള കുറെ കാഴ്ചവസ്തുക്കളും അഞ്ചാറ് പാശിമാലകളും മൂന്ന് റേഡിയോകളും ആണ് അതിനകത്തുണ്ടായിരുന്നത്. ചാമിക്ക് ഏറെ അത്ഭുതം തോന്നി. റേഡിയോ കൊണ്ടുവന്നത് മനസ്സിലാക്കാം. പക്ഷെ ഈ കണ്ണില്‍കണ്ട കച്ച്രാണ്ടിയൊക്കെ ഏറ്റിക്കൊണ്ടുവരണ്ട വല്ല കാര്യൂണ്ടോ. അവനത് ചോദിക്കുകയും ചെയ്തു.


തനിക്ക് അതിനോടുള്ള വൈകാരികമായ അടുപ്പം എന്താണെന്ന് അവന് അറിയില്ലല്ലോ. എന്നെങ്കിലും വേണ്വോട്ടന്‍ കന്യാകുമാരീല് പോവുമ്പോള്‍ ശംഖുമാലയും കൌതുകവസ്തുക്കളും വാങ്ങികൊണ്ടുവന്നുതരണമെന്ന് മാലതി പറഞ്ഞിരുന്നു. അവള്‍ ജീവിച്ചിരുന്നപ്പോള്‍ അതിന്ന് കഴിഞ്ഞില്ല. പിന്നീട് എത്രയോകാലം കഴിഞ്ഞ് അവിടെ ചെന്നപ്പോഴും മാലതിയുടെ ആഗ്രഹം ഓര്‍മ്മയിലുണ്ടായിരുന്നു. ഒരിക്കലും അവള്‍ക്ക് കൊടുക്കാന്‍  തനിക്കാവില്ലെന്ന അറിവോടുകൂടിത്തന്നെ വാങ്ങിയവയാണ് ഇതെല്ലാം.


''ഇതൊക്കെ വളരെ വേണ്ടപ്പെട്ട ഒരാള്‍ക്ക് കൊടുക്കാന്‍ വാങ്ങ്യേതാണ്''  കൂടുതല്‍ വിസ്തരിക്കുന്നതില്‍നിന്ന് വേണു സൂത്രത്തില്‍ ഒഴിഞ്ഞുമാറി. 


''മുതലാളിടെ കാശ് അധികം ചിലവാക്കണ്ടാന്നു വിചാരിച്ചിട്ടാവും ആ ആള്  ഇങ്ങിനത്തെ സാധനങ്ങള്‍ ചോദിച്ചത്''.


''ഈ കാണുന്ന റേഡിയോകളില്‍ ഒന്നിന്ന് കറണ്ടുവേണം. ഇവിടെ കറണ്ട് അടുത്തൊന്നും കിട്ടില്ല. അപ്പോള്‍ അതുണ്ടായിട്ട് കാര്യൂല്ല. ബാക്കി രണ്ടില് ഒന്നിവിടെ വെക്കാം''. ചാമി അവ കയ്യിലെടുത്തുനോക്കി.  ഒന്ന് വലുതും ഒന്ന് തീരെ ചെറുതും ആണ്. .


''ചാമിക്ക് വേണച്ചാല്‍ ഒന്നെടുത്തോളൂ''വേണു പറഞ്ഞു.


''നല്ല കഥ്യായി. കുറുക്കന് ആമേ കിട്ട്യേ മാതിരിയാവും എനിക്കിത് കിട്ട്യാല്‍''ചാമി പറഞ്ഞു''നമുക്ക് ഒന്നു വേണച്ചാല്‍ നാണുനായരുടെ മകള്‍ക്ക് കൊടുത്താലോ''. അത് നല്ല ആശയമാണെന്ന് വേണുവിന്നു തോന്നി.


 ''ചെറുത് ഇവിടെവെച്ചിട്ട് വലുത് കൊണ്ടുപോയി കൊടുത്തോളൂ''വേണു പറഞ്ഞു. കാലിപ്പാത്രങ്ങളുമായി ഭക്ഷണത്തിന്നുചെല്ലുമ്പോള്‍, ചാമിയുടെ കയ്യില്‍ സരോജിനിക്ക് അമ്പരപ്പുണ്ടാക്കുന്ന ഒരു സമ്മാനം ഉണ്ടായിരുന്നു.


അദ്ധ്യായം - 45.


മുതലാളി തന്നയച്ചതാണെന്നു പറഞ്ഞ് ചാമി പൊതിക്കെട്ട് ഏല്‍പ്പിച്ചപ്പോള്‍ അതിനകത്ത് ഒരു റേഡിയോ ആവുമെന്ന് സരോജിനി സ്വപ്നത്തിലുംകൂടി ചിന്തിച്ചിരുന്നില്ല. അവന്‍  ഭക്ഷണവുമായി പോയതിന്നുശേഷമാണ് അവള്‍ പൊതി തുറന്നുനോക്കിയത്.


''അച്ഛാ, ഇതുകണ്ട്വോ ഒരു റേഡിയോ, വേണ്വോട്ടന്‍ കൊടുത്തയച്ചതാണ്''.


ഇപ്പോള്‍ അമ്പരന്നത് നാണുനായരാണ്. പലപ്പോഴും  കയ്യയച്ച് പണംതന്നു വേണു സഹായിക്കാറുണ്ടെങ്കിലും സാധനമായിട്ട് എന്തെങ്കിലും തരുന്നത് ആദ്യമായിട്ടാണ്. അതും ആലോചിക്കാന്‍കൂടി കഴിയാത്തത്.


''എന്‍റെ അയ്യപ്പാ''നാണുനായര്‍ കിഴക്കോട്ടു തിരിഞ്ഞുനിന്ന് തൊഴുതു പ്രാര്‍ത്ഥിച്ചു''എന്‍റെ കുട്ടിക്ക് ദീര്‍ഘായുസ്സ് കൊടുക്കണേ, അവന് ഒരു കാലത്തും ഒരു കേടുപാടും വരുത്തരുതേ''. 


കളിപ്പാട്ടം കിട്ടിയ കുട്ടിയെ പോലെയായിരുന്നു സരോജിനി. ആദ്യം അത് കയ്യില്‍വെച്ച് അവള്‍ കിട്ടിയ സമ്മാനത്തിന്‍റെ ഭംഗി ആസ്വദിച്ചു. പിന്നീട് അതിന്‍റെ നോബുകള്‍ തിരിച്ചു തുടങ്ങി. പെട്ടെന്നാണ് അതിനകത്തുനിന്ന് ഒരു ഇരമ്പല്‍ കേട്ടത്. പിന്നെ  അത് ശബ്ദമായി പരിണമിച്ചപ്പോഴുണ്ടായ സന്തോഷത്തില്‍ അവളുടെ മനംകുളിര്‍ത്തു.


''മോളെ, ചോറ് വിളമ്പ്. നേരം എത്ര്യായീന്ന് മനസ്സിലാവുണുണ്ടോ. അത് ഒരുഭാഗത്ത് വെച്ചോ, പാട്ടും കേള്‍ക്കാം. ചോറും ഉണ്ണാം''. മകള്‍ ഭക്ഷണം വിളമ്പി.


''ഇതിലെന്താ തമിഴ് മാത്രേ കിട്ടുള്ളു''നാണുനായര്‍ ചോദിച്ചു''ചെലപ്പൊ ഇത് മദിരാശീന്ന് വാങ്ങ്യേതാവും.അവിടെ തമിഴല്ലേ ഭാഷ''. സരോജിനി വീണ്ടും തിരിച്ചു. അതോടെ കേട്ടിരുന്ന പാട്ട് ഇല്ലാതായി.


''വെറുതെ അവിടേം ഇവിടേം പിടിച്ച് തിരിച്ച് കേടാക്കണ്ടാ. ഇപ്പൊത്തന്നെ കേട്ടോണ്ടിരുന്നത് പോയില്ലേ''.


''ഈ അച്ഛന്‍ ഒന്നിനും സമ്മതിക്കില്ല''സരോജിനി റേഡിയോ ഒരുഭാഗത്തു വെച്ച് ഉണ്ണാനിരുന്നു.


***********************************


''ഓപ്പോള് കാണണംന്ന് പറഞ്ഞയച്ചിരിക്കുന്നു''രാത്രി വേണു പറഞ്ഞു'' രാവിലെ ഞാന്‍ അവിടംവരെ ഒന്നുപോവും''


''എന്നിട്ട് നാളെ നീ അവിടെ താമസിക്ക്വോ''എഴുത്തശ്ശന്‍ ചോദിച്ചു.


''ഇല്ല. വൈകുന്നേരം ഇങ്ങോട്ടെത്തും. രാമായണം വായിച്ച് കമ്പകൂട്ടണ്ടേ''.


സന്ധ്യ മയങ്ങിയതിന്നുശേഷം വേണു നിത്യവും രാമായണം വായിക്കും. ചാമിയും എഴുത്തശ്ശനും കേട്ടിരിക്കും. വായന കഴിഞ്ഞിട്ടാണ് അത്താഴം.


''മന്ദത്ത് വരുണ ബസ്സിലോ, ചുങ്കത്ത് വരുണ ബസ്സിലോ ഏതിലാ മുതലാളി വര്വാച്ചാല്‍ പറഞ്ഞാ മതി. ഞാന്‍ കാത്തുനിക്കാം''ചാമി അറിയിച്ചു. ഏത് ബസ്സ് കിട്ടുമെന്ന് പറയാനാവില്ലെന്ന് വേണു അറിയിച്ചു.

*********************************

വേണു ഓപ്പോളുടെ വീട്ടിലേക്കു പോയതും എഴുത്തശ്ശന്‍ ഉമ്മറത്തിണ്ടില്‍ തോര്‍ത്തുവിരിച്ചു കിടന്നു. ഇപ്പോള്‍ പ്രത്യേകിച്ച് പണിയൊന്നുമില്ല. ചാമി പാടത്തെ കാര്യങ്ങള്‍ നോക്കുംചെയ്യും. നാണുനായര്‍ വന്നാല്‍ എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കാം. അല്ലെങ്കിലോ അല്‍പ്പനേരം നടുചായ്ക്കാം. 


''കുപ്പ്വോച്ചോ, നിങ്ങളെ കാണാന്‍ ആരോവന്നിരിക്കുണു''ചാമി പറയുന്നത് കേട്ടു''മരിപ്പ് പറയാനാണത്രേ''. അയാള്‍ വേഗം എണീറ്റിരുന്നു.


''നിങ്ങടെ മൂത്ത അളിയന്‍ ഗോപാലേട്ടന്‍ പറഞ്ഞയച്ചതാണ്''ആഗതന്‍ പറഞ്ഞു''രുഗ്മിണിയമ്മ മരിച്ചു. ഉച്ച തിരിഞ്ഞതും എടുക്കും. നിങ്ങടെ      പഴേ വീട്ടില്‍ ചെന്നപ്പൊ ഇപ്പൊ ഇവിട്യാണ് താമസംന്ന് പറഞ്ഞു. ഞാന്‍  . പോണൂ. ഇനീം കുറെ വീട്ടില് പറയാനുണ്ട്''. പടിക്കല്‍വെച്ച സൈക്കിളില്‍ കയറി അയാള്‍ പുഴവക്കത്തേക്കു നീങ്ങി.


''കുപ്പ്വോച്ചോ, ആരാ ഈ രുഗ്മിണ്യമ്മ''ചാമി ചോദിച്ചു.


''പത്മാവതിടെ ഒടുക്കത്തെ അനിയത്തി''എഴുത്തശ്ശന്‍ പറഞ്ഞു''കല്യാണം കഴിഞ്ഞു ഞാന്‍ ചെല്ലുമ്പൊ പാവാടീം ചുറ്റി നടന്ന പെണ്ണാണ്. പത്മാവതി മരിച്ചപ്പൊ അവളെ കെട്ടാന്‍ രണ്ടു വീട്ടുകാരും ഒരുപാട് നിര്‍ബ്ബന്ധിച്ചു. അവളാവുമ്പൊ കുട്ട്യേ നല്ലോണം നോക്കും എന്നാ പറഞ്ഞത്. എന്തോ എനിക്കതത്ര ബോധിച്ചില്ല. എന്‍റെ മകനെ ഞാന്‍ നോക്ക്യാലേ ശരിയാവൂ എന്നാ എന്‍റെ മനസ്സില്''.


''എന്നിട്ട് ആ മകന്‍ കാട്ട്യേ പണ്യേ''.


''പോട്ടെടാ. അവനോന്‍ ചെയ്തതിന് അവനോന്‍ അനുഭവിച്ചോളൂം''.


''നിങ്ങള് പോണുണ്ടെങ്കില്‍ ഞാനും വരാം''.


''നീ മുണ്ടും തുണീം മാറ്റിക്കോ. ഞാനും മാറ്റീട്ട് ഇപ്പൊവരാം''എഴുത്തശ്ശന്‍ വണ്ടിപ്പുരയിലേക്ക് നടന്നു.


*************************************


വീടിന്‍റെ മുന്‍വശത്ത് നിരയായിവെച്ച ചെടിച്ചട്ടികളിലുള്ള പൂച്ചെടികളെ പത്മിനി നനച്ചുകൊണ്ടിരിക്കുമ്പോഴാണ് വേണു എത്തിയത്.


''ഇത്രദിവസം കാണാത്തപ്പോള്‍ നീ ഇങ്ങിട്ടുള്ള വഴി മറന്നുകാണുംന്ന് കരുതി. അല്ലെങ്കിലും പണ്ടേ ഒരുദിക്കില്‍ ചെന്നാല്‍ അവിടെതന്നെ കൂടുണ പ്രകൃതാണ് നിന്‍റേത്''. പുഴയിലെ ജലനിരപ്പ് കൂടിയതിനാലും തണുപ്പു കാരണം കാലിന്ന് വേദനതോന്നിയതിനാലുമാണ് താന്‍ വരാതിരുന്നതെന്ന് വേണു അറിയിച്ചു.


''ഇങ്ങനത്തെ ഒരുകാലം നോക്കി അവിടെ ചെന്നുകൂടണ്ട വല്ല കാര്യൂണ്ടോ നിനക്ക്. ചിങ്ങമാസം ആയിട്ട് പോയാ മതീന്ന് നിന്നോട് നൂറുതവണ ഞാന്‍ പറഞ്ഞതാ. കേള്‍ക്കണ്ടേ''. വേണു മറുപടിയൊന്നും പറഞ്ഞില്ല.


''ഉള്ളിലിക്ക് വാ''നനയ്ക്കുന്നത് നിര്‍ത്തി പത്മിനി അകത്തേക്കുകയറി, പുറകെ വേണുവും.


''വിശ്വേട്ടനോട് ഉച്ചക്ക് ഇത്രടംവരെ ഒന്നുവരാന്‍ ഫോണ്‍ ചെയ്തിട്ട് വരാം'' പത്മിനി അവരുടെ മുറിയിലേക്ക് പോയി. വേണു അന്നത്തെ പത്രമെടുത്ത് അതിലൂടെ കണ്ണോടിക്കാന്‍ തുടങ്ങി.


''ഇവിടെ ആരും കാപ്പി കുടിക്കാറില്ല. നിനക്കതാ ഇഷ്ടം എന്നറിഞ്ഞപ്പോള്‍ ഞാനത് ഉണ്ടാക്കി''.കാപ്പിയുമായി പത്മിനിയെത്തി. വേണു കാപ്പി കുടിച്ചു തുടങ്ങി.


''എന്നെ കാണണംന്ന് ഓപ്പോള്‍ പറഞ്ഞതായി ഇന്നലെ രാമന്‍നായര്‍ വന്നു പറഞ്ഞിരുന്നു. എന്തേ വിശേഷിച്ച്''.


''ഇത് നല്ല കഥ. വിശേഷം ഉണ്ടെങ്കിലേ ചേച്ചിക്ക് സ്വന്തം അനുജനെ കാണാന്‍ പാടുള്ളു എന്നുണ്ടോ''.


അങ്ങിനെ ഉദ്ദേശിച്ചിട്ടല്ല താന്‍ പറഞ്ഞതെന്നും ഇവിടെ എന്തോ വിശേഷം ഉള്ളതായി മനസ്സില്‍ തോന്നിയതുകൊണ്ട് ഓപ്പോളോട് ചോദിച്ചതാണെന്നും വേണു പറഞ്ഞു.


''അത് അങ്ങിനേ വരൂ. നിന്‍റെ ഉള്ളില് ആത്മാര്‍ത്ഥമായ സ്നേഹൂണ്ട്. അതോണ്ട് ഇവിടെ ഒരു സംഗതി നടക്കാന്‍ പോണ കാര്യം നീ  മുന്‍കൂട്ടി അറിഞ്ഞത്''. ഒരു ഊഹംവെച്ച് താന്‍ പറഞ്ഞത് കുറിയ്ക്കുകൊണ്ടുവെന്ന് വേണുവിന്ന് മനസ്സിലായി. പത്മിനിക്ക് പറയാനുണ്ടായിരുന്നത് മകന്‍റെ കല്യാണക്കാര്യമാണ്. മുറപ്പെണ്ണിനെ കാത്തിരുന്നു മടുത്ത മകന്‍ ഒടുവില്‍ അവള്‍ക്ക് കത്തെഴുതി''. വേണു ശ്രദ്ധയോടെ കേട്ടിരുന്നു. കാര്യങ്ങള്‍ പത്മിനി വിശദീകരിച്ചു


അമേരിക്കയില്‍ സ്ഥിരതാമസം ആക്കാനാണ് മോഹമെന്നും, അതുകൊണ്ട് ആശിച്ച മട്ടില്‍ വിവാഹം നടക്കാന്‍ സാദ്ധ്യതയില്ലെന്നും അവള്‍ മറുപടി അയച്ചു. അവള് കിട്ടുണ്ണിയുടെ വിത്തല്ലേ. അങ്ങിനെ എഴുതിയില്ലെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളു. ഒന്നുരണ്ട് ദിവസം അവന്‍ വിഷമിച്ചൊക്കെ നടന്നു. ആരോടും മിണ്ടാട്ടമില്ല. എപ്പഴും കൂമനെപ്പോലെ തൂങ്ങിപ്പിടിച്ച് ഒരിരുപ്പ്. ഒടുവില്‍ വിശ്വേട്ടന്‍ അവനോട് നേരിട്ട് കാര്യം ചോദിച്ചു. അച്ഛനും മകനും ഉറ്റചങ്ങാതിമാരാണ്. രണ്ടാളും അന്യോന്യം മറച്ചുവെക്കുണ പതിവില്ല. അതോടെ കള്ളി വെളിച്ചത്തായി.


''എന്നിട്ട് എന്തായി''വേണു അന്വേഷിച്ചു.


''എന്താവാന്‍. ഞങ്ങളൊക്കെ കുറെഉപദേശിച്ചു. വേണ്വോമ്മാമന്ന് പറ്റ്യേ അബദ്ധം നിനക്ക് പറ്റാതെനോക്കിക്കോ എന്നു പറഞ്ഞു. മാലതി മരിച്ചിട്ടും അവളേയും നിനച്ച് നീ ഒരു ജീവിതം പാഴാക്കി. ഞങ്ങളാരും നിന്നെ ഒട്ടു നിര്‍ബ്ബന്ധിച്ചതും ഇല്ല. മര്യാദയ്ക്കൊരു കല്യാണം കഴിച്ചിരുന്നുന്നൂച്ചാല്‍ ഇന്ന് മക്കളും പേരമക്കളും ഒക്ക്യായി ഒരുവീട് നിറയെ ആളായേനെ''.


തന്‍റെ ജീവിതം മരുമകന് ഉദാഹരണമായി ഓപ്പോള്‍ ചൂണ്ടികാണിച്ചതില്‍ വേണുവിന് ചെറിയൊരു വിഷമംതോന്നി. എങ്കിലും അത് പ്രകടിപ്പിച്ചില്ല.


''ഇപ്പൊരു ആലോചന വന്നിട്ടുണ്ട്. രണ്ടുജാതകൂം ഉത്തമത്തില്‍ ചേര്‍ന്നു. ഹൈക്കോടതീലെ വക്കീലിന്‍റെ ഒരേയൊരുമകളാണ്. കുട്ടീം വക്കീലാണ്. കര്‍ക്കിടകം കഴിഞ്ഞിട്ട് കാണാന്‍ ചെല്ലണംന്നാ നിശ്ചയിച്ചിരിക്കുണത്. ഒരു ഞായറാഴ്ച നമുക്ക് എല്ലാരുക്കുംകൂടി പോകാം. ആ കാര്യം പറയാനാണ് നിന്നെ വരാന്‍ പറഞ്ഞത്''.


''അപ്പൊ കിട്ടുണ്ണ്യോട് പറയണ്ടേ''.


''വെളുക്ക്വോളം രാമായണം വായിക്കുണത് കേട്ടിട്ട്  സീതയ്ക്ക് രാമന്‍ എപ്പിടീന്ന് ചോദിച്ച മട്ടിലാണ് നിന്‍റെ ഈ ചോദ്യം. അവന്‍ നന്നായാല്‍ ഇങ്ങിന്യോക്കെ വര്വോ''പത്മിനി നെടുവീര്‍പ്പിട്ടു. കുറച്ചുനേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല.


''ഇതിനൊക്കെ അവന്‍ അനുഭവിക്കും. ആ പെണ്ണ് അവിടുന്ന് ഏതെങ്കിലും സായ്പ്പിന്യോ, കാപ്പിര്യോ കല്യാണം കഴിക്കും. എന്നിട്ട് അവന്‍റെ മാനം കപ്പല് കേറ്റും''ആത്മഗതമെന്നോണം പത്മിനി പറഞ്ഞുനിര്‍ത്തി.


വാതില്‍കട്ടിളയ്ക്ക് മുകളിലിരുന്ന ഒരു പല്ലി ചിലച്ച് ആ പറഞ്ഞത് ശരി വെച്ചു.

അദ്ധ്യായം - 46.

''കര്‍ക്കിടകൂംകഴിഞ്ഞൂ ദുര്‍ഘടൂംകഴിഞ്ഞു. നാളെ ചിങ്ങമാസം തുടങ്ങും''സന്ധ്യക്ക് അമ്പലത്തില്‍നിന്ന് വരുമ്പോള്‍ എഴുത്തശ്ശന്‍ പറഞ്ഞു''വേണ്വോ, കളപ്പുരേല് എത്ത്യേതും നീ രാമായണം വായിച്ച് തീര്‍ത്തോ. നാളെയ്ക്ക് ബാക്കിവെക്കണ്ടാ''.

''ഇനി രണ്ട് പേജ് മാത്രേ ബാക്കീള്ളു അമ്മാമേ. ഞാന്‍ അത് കണക്കാക്കി ചൊല്ലി നിര്‍ത്ത്യേതാണ്''. 

''നെല്ലൊക്കെ നിര കതിരായി. ചിലതൊക്കെ പാലൊറച്ചു''എഴുത്തശ്ശന്‍ ചുറ്റും നോക്കി പറഞ്ഞു.

''കതിര് വരുണ സമയത്ത് ഇമ്മാതിരി മഴ പെയ്തൂടാ. ചിലപ്പൊ അങ്ങന്നെ ചണ്ടാവും''ചാമിയ്ക്ക് അതാണ് വിഷമം .

''എന്‍റെ നോട്ടത്തില് ഇക്കുറി ചണ്ട് കുറവാ. എന്താ അതിന്‍റെ സംഗതീന്ന് എനിക്ക് അറിയാന്‍ പാടില്ല''എഴുത്തശ്ശന്‍  പറഞ്ഞു. 

കാലാവസ്ഥ കൃഷിയെ പ്രതികൂലമായി ബാധിക്കുന്നവിധം ഇരുവരും വേണുവിനെ പറഞ്ഞുമനസ്സിലാകുകയായിരുന്നു.

''ഈ ശനിയാഴ്ച ഉച്ചതിരിഞ്ഞാല്‍ ഞാന്‍ ഓപ്പോളടെ വീട്ടിലിക്ക് ചെല്ലും. ഞായറാഴ്ച ഒരു പെണ്‍കുട്ട്യേ കാണാന്‍ ചെല്ലാനുണ്ട്''വേണു പറഞ്ഞു ''വിശ്വേട്ടനും ഓപ്പോളും അത്രയ്ക്ക് നിര്‍ബന്ധിച്ചു''.

''നാളെക്ക് ചൊവ്വാഴ്ച്ച്യല്ലേ ആവുണുള്ളു. ഇനീം  കിടക്കുണൂ നാലഞ്ചു ദിവസം''എഴുത്തശ്ശന്‍  പറഞ്ഞു.

*******************************

ഒന്നാംതിയ്യതി കുളിച്ചുതൊഴാന്‍ നാണുനായരും വന്നിരുന്നു. മൂന്നുപേരും അമ്പലകുളത്തില്‍  കുളിച്ചതിന്നുശേഷം തൊഴാന്‍  ചെല്ലുമ്പോള്‍ വാരിയര്‍ പുറത്ത് നില്‍ക്കുന്നു.

''അങ്ങിനെ അതിന്‍റെ കഥീം കഴിഞ്ഞു''അയാള്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് കാര്യം മനസ്സിലായില്ല. നാണുനായര്‍ എന്താണെന്ന് അന്വേഷിച്ചു.

''തിടപ്പള്ളിടെ ബാക്കിഭാഗംകൂടി വീണു. ഭാഗ്യത്തിന്ന് രാത്രീലായതോണ്ട് ആളപായം ഉണ്ടായില്ല''.

അകത്തുചെന്ന് നോക്കുമ്പോള്‍ തിടപ്പള്ളി നിലംപൊത്തി കിടപ്പാണ്. ഉണ്ണി നമ്പൂതിരി എന്താ വേണ്ടത് എന്നറിയാതെ അതുംനോക്കി നില്‍പ്പാണ്.

''ഇനി അടുത്ത് വീഴുണത് ഈ മണ്ഡപാണ്''വാരിയര്‍ പറഞ്ഞു.

''ഇങ്ങിനെ പോയാല്‍  അധികകാലം അമ്പലം ഉണ്ടാവില്ല''നാണുനായര്‍ തിരിച്ചു പോരുമ്പോള്‍ മറ്റുള്ളവരോട് പറഞ്ഞു.

''അപ്പഴേ കുട്ട്യേ, നമുക്കത് നശിച്ചുപോകാതെ നിലനിര്‍ത്താന്‍ വേണ്ടത് എന്തെങ്കിലും ചെയ്യാന്‍ കഴിയ്വോ''എഴുത്തശ്ശന്‍ ചോദിച്ചു''മരസ്സാധനം ഒക്കെ ദ്രവിച്ചിട്ടുണ്ട്. അതൊക്കെ മാറ്റണം. ഓട് മുക്കാലും പൊട്ടിപ്പോയി. പണിക്കൂലിയും വരും. ഇപ്പൊ നന്നാക്ക്വാണെങ്കില്‍ മണ്ഡപത്തിന് വല്യേ ചിലവ് വരില്ല''.

''അമ്മാമേ, നേരാക്കാന്‍ കുറെപണം ചിലവാകും. അത് ഞാന്‍ തരാം. പക്ഷെ പണിനോക്കിനടത്താന്‍ ആളുവേണ്ടേ. സഹായിക്കാന്‍ ആരെങ്കിലും വര്വോ'' വേണു ചോദിച്ചു.

''നിനക്കെന്താ പ്രാന്തുണ്ടോ വേണൂ''നാണുനായര്‍ ഉടനെ ചാടിവീണൂ ''മനയ്ക്കല്‍കാരടെ അമ്പലം. നാട്ടിലെ എല്ലാരുക്കും വേണ്ടത്. പിന്നെ ഒരാളെന്തിനാ ഒറ്റയ്ക്ക് പണം മുടക്കുണത്''

''നായര് പറഞ്ഞത് ശരിയാണ്. ഒറ്റയ്ക്ക് ആരക്കും ഏറ്റെടുത്ത് നടത്താന്‍ പറ്റില്ല. എന്നാലോ നാട്ടുകാര് ചേര്‍ന്നാല് ഇതൊന്നും വല്യേകാര്യേ അല്ല'' എഴുത്തശ്ശന്‍ കൂട്ടുകാരനോട് യോജിച്ചു. ഗുരുസ്വാമി രാജന്‍മേനോനെ കണ്ട് സംസാരിക്കാമെന്നും അദ്ദേഹവും ശിഷ്യന്മാരും മനസ്സുവെച്ചാല്‍ പണി പടക്കംപോലെ ആവുമെന്നും നാണുനായര്‍ പറഞ്ഞു.  അന്നുപകല്‍ മുഴുവന്‍ ഏറ്റെടുത്ത കാര്യം നടത്താനുള്ള ഓട്ടത്തിലായിരുന്നു അയാള്‍. അതിന്ന് ഫലം ഉണ്ടായി. വൈകുന്നേരം നടതുറക്കുമ്പോള്‍ പത്തിരുപത് ആളുകള്‍ ക്ഷേത്രത്തിലെത്തിയിരുന്നു. 

വിളക്കുവെച്ചു കഴിഞ്ഞതും ഗുരുസ്വാമി ശ്രീകോവിലിന്ന് മുന്നില്‍നിന്ന് ശരണം വിളിച്ചു. ശിഷ്യന്മാര്‍ അത് ഏറ്റുവിളിച്ചു. വെളിയിലെ മുറ്റത്ത് എല്ലാവരുംകൂടി. ജീര്‍ണ്ണോദ്ധാരണം ചെയ്യണമെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. എങ്ങിനെ തുടങ്ങണം  എന്നതാണ് അറിയാത്തത്.

''ഒരുകമ്മിറ്റി ഉണ്ടാക്കി നമുക്ക് പ്രവര്‍ത്തനം ആരംഭിച്ചാലോ'' ഗുരുസ്വാമി രാജന്‍മേനോന്‍റെ നിര്‍ദ്ദേശം കയ്യടിച്ച് സ്വീകരിച്ചു.

''മരത്തിന്‍റെ കാര്യം നിങ്ങളാരും അറിയണ്ടാ. അത് ഞാനും വേണൂംകൂടി തരും''എഴുത്തശ്ശന്‍ ഏറ്റു. 

അതോടെ കാര്യങ്ങള്‍ക്ക് ചൂട് പിടിച്ചു. നിമിഷങ്ങള്‍ക്കകം ഗുരുസ്വാമി പ്രസിഡണ്ടായി പ്രവര്‍ത്തകസമിതി രൂപീകരിക്കാനുള്ള തീരുമാനമായി.

''നമ്മള്‍ വിചാരിച്ചാല്‍ ക്ഷേത്രം നന്നാക്കാന്‍ പറ്റും''ഗുരുസ്വാമി പറഞ്ഞു'' അതല്ല പ്രധാനം. അമ്പലം നിലനിന്ന് പോവണമെങ്കില്‍ ആളുകള്‍ തൊഴാന്‍ വരണം. പൂജാദികര്‍മ്മങ്ങള്‍ ശരിക്ക് നടക്കണം. അതിന്ന് ഭക്തരുടെ ഒരു സംഘം വേണം''. 

കേടുപാടുകള്‍ തീര്‍ക്കാന്‍ ഉണ്ടാക്കിയ സമിതിക്ക് ഭക്തജനസംഘം എന്ന് പേരിട്ടു. അടുത്തമാസത്തെ ഉത്രംനാളില്‍ കമ്മിറ്റിയുടെ പ്രവര്‍ത്തകരെ തിരഞ്ഞെടുക്കാനും, അതുവരെ എഴുത്തശ്ശനും വേണുവും കഴകകാര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ചെയ്തുകൊടുക്കാനും, വരാന്‍ പറ്റുന്ന അംഗങ്ങള്‍ നിത്യേന വൈകുന്നേരം അമ്പലത്തില്‍ എത്തണം എന്നും ധാരണയായി. നല്ല ദിവസംനോക്കി ദേവപ്രശ്നം നടത്തി വേണ്ട പരിഹാരക്രിയകള്‍ ചെയ്യാനും പണികള്‍ ആരംഭിക്കാനും തീരുമാനിച്ച് എല്ലാവരും പിരിഞ്ഞു.കളപ്പുരയിലേക്ക് തിരിച്ചുപോവുമ്പോള്‍ കയത്തംകുണ്ടിനോടുചേര്‍ന്നുള്ള സ്ഥലത്തുനില്‍ക്കുന്ന വേങ്ങമരം  വേണു അമ്പലത്തിന്‍റെ ആവശ്യത്തിലേക്ക് കൊടുക്കണമെന്ന് എഴുത്തശ്ശന്‍ ആവശ്യപ്പെട്ടു. തന്‍റെ സ്ഥലത്തുള്ള സകല മരങ്ങളും ആവശ്യംപോലെ മുറിച്ചു കൊള്ളട്ടെ എന്നും അയാള്‍ പറഞ്ഞു.

''അമ്മാമേ, ചിലപ്പൊ ഈ നല്ല കാര്യത്തിന്ന് സാക്ഷിയായി ഞാന്‍ ഇവിടെ ഉണ്ടാവണംന്ന് ഭഗവാന്‍റെ നിയോഗം ഉണ്ടായിരിക്കും. ഇല്ലെങ്കില്‍ ഈ സമയംനോക്കി എനിക്ക് ഇവിടേക്ക് വരാന്‍ തോന്നേണ്ട കാര്യൂണ്ടോ''.

''നിനക്ക് കുരുത്തൂണ്ട്. അതാ ഈ സത്കര്‍മ്മത്തിന്ന് പാകത്തില്‍  നീയും എത്ത്യേത്''നാണുനായര്‍ ആ പറഞ്ഞതിനോട് യോജിപ്പ് അറിയിച്ചു. ഇരുട്ട് പരന്നുതുടങ്ങി.  നെല്ലിച്ചുവട്ടില്‍വെച്ച് സംഘം രണ്ടായി പിരിഞ്ഞു. ചാമി നാണുനായരെ വീട്ടിലെത്തിക്കാന്‍  തയ്യാറായി. എഴുത്തശ്ശനും വേണുവും കളപ്പുരയിലേക്കും നാണുനായരും ചാമിയും പുഴക്കടവിലേക്കും നീങ്ങി. 

************************************

നാണുനായരെ വീട്ടിലെത്തിച്ച ചാമി തിരിച്ചുനടന്നു. കളപ്പുരയില്‍ ചെന്നിട്ട് ഇന്നിനി കഞ്ഞിവെപ്പുണ്ടാവില്ല. ചുങ്കത്തുനിന്ന് എന്തെങ്കിലും വാങ്ങിയിട്ട് പോകാം. ചാമി നേരെ ചുങ്കത്തെക്ക് നടന്നു. മൊതലാളിയും കുപ്പ്വോച്ചനും ഇറച്ചിയോ മീനോ കഴിക്കില്ല. അല്ലെങ്കില്‍ ബാപ്പൂന്‍റെ കടേന്ന് പൊറോട്ടയും സാല്‍നയും മേടിച്ചേനെ. നായരുടെ കടയിലാണെങ്കില്‍ ഒണക്കദോശയല്ലാതെ ഒരുസാധനം കിട്ടില്ല. അത് കഴിക്കുന്നതിലും ഭേദം പട്ടിണി കിടക്കുകയാണ്. സെയ്ത് രാവുത്തരുടെ കടയിലേക്ക് നോക്കി. നല്ല ഒന്നാന്തരം പൂളക്കിഴങ്ങ് ഇരിക്കുന്നതുകണ്ടു. തൊലികളഞ്ഞ് തെല്ല് മഞ്ഞകൂട്ടി പുഴുങ്ങ്യാല്‍ വയറ് നെറച്ച് തിന്നാം. വയറിന് യാതൊരു കേടും വരില്ല. ചാമി കടയില്‍ ചെന്ന് നല്ല തെടം ഉള്ള കിഴങ്ങ് തെരഞ്ഞെടുത്തു.

''ഇത് വേവ്വോ, അതോ കളുക്കനെ കെടക്ക്വോ?''അവന്‍ രാവുത്തരോട് ചോദിച്ചു.

''നീ കൊണ്ടു പോയി വേവിച്ച് നോക്ക്. വെന്തിലെങ്കില്‍ നീ എനിക്ക് കാശ് തരണ്ടാ''. 

കീറചാക്കില്‍ കുറെ കിഴങ്ങ് പൊതിഞ്ഞെടുത്തു. ഒരുകെട്ട് ബീഡിയും ഒരു തീപ്പെട്ടിയും വാങ്ങി. മുതലാളി വന്നതിന്നുശേഷം  ചാമി ബീഡി വലിക്കുന്നത് വല്ലപ്പോഴുമാണ്. അപ്പോഴാണ് നേന്ത്രപ്പഴം കണ്ണില്‍പെട്ടത്. കിടക്കട്ടെ ഇതും ഈരണ്ടെണ്ണം. കാശുകൊടുത്ത് ഇറങ്ങി തുമ്മന്ന് നടന്നു. 

പാത കഴിഞ്ഞ് ഇടവഴിയിലേക്ക് കടന്നപ്പോള്‍ നല്ല ഇരുട്ട്. ഇനിയങ്ങോട്ട് കളപ്പുരവരേക്കും കറണ്ട് വിളക്ക് ഇല്ല. ടോര്‍ച്ച് എടുക്കാമായിരുന്നു. പിന്‍നിലാവാണെന്നത് ഓര്‍മ്മയുണ്ടായില്ല. വെള്ളപ്പാറ കടവുവരെ ഒരു വിധത്തിലെത്തി. തപ്പിത്തടഞ്ഞ് പാറയുടെ താഴത്തെത്തി, മണലിലൂടെ നാലഞ്ചടി വെച്ചതേയുള്ളു എന്തിലോ തടഞ്ഞമാതിരി മണലില്‍ വീണു. കയ്യില്‍നിന്ന് ചാക്കുകെട്ട് തെറിച്ചുപോയി. 

''അയ്യന്‍റമ്മോ''എന്ന ഒരു നിലവിളി ഉയര്‍ന്നുകേട്ടു. അരയില്‍വെച്ച തീപ്പെട്ടി എടുത്തുരച്ചു. മണലില്‍കിടന്ന് മായന്‍കുട്ടി ഉറക്കെ നിലവിളിക്കുകയാണ്. തീപ്പെട്ടിക്കമ്പ് എരിഞ്ഞടങ്ങി. കലശലായി ദേഷ്യം വരുന്നു. കണ്ണ് കാണാന്‍ പാടില്ലാത്ത ഇരുട്ടത്ത് വഴിയിലിരുന്ന് മനുഷ്യനെ വീഴ്ത്തിയിട്ട് കൊരങ്ങന്‍ കിടന്ന് നിലവിളിക്കുന്നു.

 ''എന്താണ്ടാ കെടന്ന് ഒച്ചീം വിളീം കൂട്ടുണത്''ചാമി  ചോദിച്ചു.

''ചാമ്യേട്ടനാണല്ലേ, ഞാന്‍ വിചാരിച്ചൂ.........''പകുതിക്കുവെച്ച് മായന്‍കുട്ടി നിര്‍ത്തി.

''എന്താ നീ വിചാരിച്ചത്''.

''അത്, മേത്ത് ഒരു പ്ഴായി വന്ന് വീണൂന്നാ തോന്ന്യേത് ''.

''പോടാ, നീയും നിന്‍റെ ഒരുപ്ഴായും. നീ മുമ്പ് പ്ഴായീനെ കണ്ടിട്ടുണ്ടോടാ''.

''ഇല്ല. വെള്ളപ്പാറേല് ഇരുട്ടുകാലത്ത് പ്ഴായി ഇരിക്കും. ആ വഴി നടന്നു പോണോരുടെ ചോരകുടിക്കുംന്ന് അമ്മ പറഞ്ഞ് തന്നിട്ടുണ്ട്''. ചാമിയുടെ മനസ്സില്‍ മായന്‍കുട്ടിയുടെ അമ്മ മീനാക്ഷിയുടെ ഓര്‍മ്മയെത്തി. പറഞ്ഞു വരുമ്പോള്‍ വകയില്‍ ഒരു ബന്ധുവായിരുന്നു അവള്‍. ഒരു പാവംപെണ്ണ്. ജീവിതത്തില്‍ നല്ലതൊന്നും ആ പെണ്ണിന്ന് വിധിച്ചിരുന്നില്ല. ഒരു ചെക്കന്‍ ഉണ്ടായത് ഇങ്ങിനെ ആയതോടെ അവളുടെ മനസ്സ് ഇടിഞ്ഞു. അല്ലെങ്കില്‍ കുറെകാലംകൂടി അത് ജീവനോടെ ഇരുന്നേനെ. ആ തോന്നല്‍ വന്നതോടെ മായന്‍കുട്ടിയോടുള്ള ചാമിയുടെ ദേഷ്യം പമ്പ കടന്നു, പകരം മനസ്സില്‍ അവനോടുള്ള അനുകമ്പ നിറഞ്ഞു.

''പിന്നെ എന്തിനാ നീ ഇവിടെ കുത്തിരിക്കുണത്''.

''ഞാന്‍ മീനിനോട് കൂട്ടംകൂട്വാണ്''. ചാമിക്ക് ചിരിപൊട്ടി.

''എന്താടാ മീനിനോട് ഇത്ര വല്യേ വര്‍ത്താനം''.

''കടലിന്‍റ അടീലെ കൊട്ടാരത്തിലുള്ള അവരടെ രാജകുമാരിടെ അടുത്തേക്ക് എന്നെ കൊണ്ടുപോവ്വോന്ന് ചോദിച്ചതാ''.

''അതിന്ന് അവിടെ രാജകുമാരീണ്ടോ''.

''ഉവ്വ്. നന്ദിനിടീച്ചര്‍ രാജകുമാരിടെ കഥ ക്ലാസ്സില് പറഞ്ഞുതന്നിട്ടുണ്ട്''.

''അതു ശരി. എന്തിനാ നീയിപ്പൊ രാജകുമാരിടെ അടുത്തേക്ക് പോണത്''.

''അവളെ കല്യാണം കഴിക്കാന്‍''. ചാമിക്കൊരു കുസൃതിതോന്നി.

''നിനക്കെന്തിനാടാ ചെക്കാ പെണ്ണ്. പഴുക്കാന്‍ മൂത്ത ഒരു ചക്കപോരേ'' അയാള്‍ ചോദിച്ചു.

''അതെന്തിനാ ചാമ്യേട്ടാ, ചക്ക''മായന്‍കുട്ടി സംശയം ചോദിച്ചു.

''കല്യാണം കഴിക്കാന്‍''ചാമി പറഞ്ഞു''അതാവുമ്പോള്‍ തൊലിപ്പുറം മുഴുവന്‍ മുള്ളാണ്. കെട്ടിപ്പിടിച്ചു കിടക്കാന്‍ നല്ല സുഖൂണ്ടാവും''.

''നിങ്ങളന്നെ ചക്കേനെ കെട്ടിക്കോളിന്‍. കെട്ട്യേപെണ്ണിനെ തീര്‍ത്തിട്ട് നിങ്ങള് ഒറ്റയ്ക്ക് ഇരിക്ക്യല്ലേ. എനിക്ക് കടലിന്‍റെ അടീലിത്തെ രാജകുമാരീനെ മതി. നല്ലചന്തൂള്ള രാജകുമാരി''. പ്രാന്തന്‍റെ ഒരുമോഹം എന്ന് മനസ്സില്‍ ചിന്തിച്ച് ചാമി മായന്‍കുട്ടിയെ മെല്ലെ എഴുന്നേല്‍പ്പിച്ചു.

 ''നീ എന്‍റെ കൂടെ വായോ, നിനക്ക് വല്ലതും തിന്നാന്‍ തരാം''അവനേയും കൂടെകൂട്ടി തീപ്പെട്ടിക്കമ്പുകളുടെ വെളിച്ചത്തില്‍ ചാമി കളപ്പുരയിലേക്ക് നടന്നു.

അദ്ധ്യായം - 47.

കളപ്പുരയിലെത്തിയതും വേണു ഉമ്മറത്ത് നിലവിളക്ക് കത്തിച്ചുവെച്ചു. രാമായണപുസ്തകമെടുത്ത് വിളക്കിന്‍റെ മുന്നിലിരുന്ന് അയാള്‍ വായന തുടങ്ങി. അധികം വായിക്കാനില്ലാത്തതുകൊണ്ട് പെട്ടെന്നു വായന തീര്‍ന്നു. പിന്നീടാണ് കമ്പിറാന്തല്‍ കത്തിച്ചു തൂക്കിയത്. എഴുത്തശ്ശനും വേണുവും പടവിന്ന് ഇരുവശത്തുമായി പിള്ളകോലായിലിരുന്നു.

''എല്ലാരുംകൂടി ഒത്തുപിടിച്ചാല്‍ മണ്ഡലകാലം തുടങ്ങുമ്പഴേക്ക് അമ്പലം പണിതീര്‍ക്കാന്‍പറ്റും''എഴുത്തശ്ശന്‍ പറഞ്ഞു''എന്നിട്ട് അവിടെവെച്ചൊരു അയ്യപ്പന്‍വിളക്കും നടത്തണം''.

''അമ്മാമേ, ഞാന്‍ അതല്ലാ ആലോചിക്കുണത്''വേണു പറഞ്ഞു''ഇപ്പൊ അമ്പലം നന്നാക്കാന്‍  മുന്നോട്ടിറങ്ങിയവര് എങ്ങനേള്ളോരാണെന്ന് അറിയ്വോ''.

''വേണ്വോ, എനിക്ക് അത്രയ്ക്കങ്ങിട്ട് നിശ്ചംപോരാ. പക്ഷെ നാളെ വല്ല പണപ്പിരിവും നടത്തി ഇവരില്‍ ആരെങ്കിലും മുങ്ങ്യാല്‍ കൂടെ നിന്ന നമ്മളൊക്കെ സമാധാനം പറയണ്ടിവരില്ലേ എന്നോരു ശങ്ക എനിക്കും ഉള്ളിലുണ്ട്''.

''അങ്ങിന്യോന്നും വിചാരിച്ചിട്ടല്ലാ ഞാന്‍ പറഞ്ഞത്''വേണു പറഞ്ഞു എങ്കിലും ആദ്യമായി ഒരു പൊതുകാര്യത്തിന്ന് ഇറങ്ങിയിട്ട് ചീത്തപ്പേര് വരരുത് എന്ന് അയാള്‍ക്കും ആഗ്രഹമുണ്ടായിരുന്നു.

''ആ ഗുരുസ്വാമി നല്ല തറവാട്ടുകാരനാണെന്ന് കേട്ടിട്ടുണ്ട്. അതിലപ്പുറം എനിക്കൊന്നും അറിയില്ല''. എഴുത്തശ്ശന്‍ കുറെനേരം ആലോചിച്ചിരുന്നു.

''ഇപ്പഴാ വേണ്വോ ഓര്‍മ്മ വന്നത്. നമ്മുടെ നാണ്വാരക്ക് അയാളെപ്പറ്റി നന്നായിട്ടറിയും. അവര് രണ്ടുമൂന്നുകുറി ഒന്നിച്ച് മലയ്ക്ക് പോയിട്ടുണ്ട്''.

പിറ്റേന്ന് കുളക്കടവില്‍വെച്ച് നാണുനായരോട് എഴുത്തശ്ശന്‍ വിവരം അന്വേഷിച്ചു.

''അയാളെക്കുറിച്ച് പറയാന്‍ തുടങ്ങ്യാല്‍ മഹാഭാരതം തന്നെ ഉണ്ടാവും. കളപ്പുരേല് ചെന്നിരുന്ന് ഞാന്‍ വിസ്തരിച്ച് പറയാം''.

വീട്ടിലേക്ക് പോവുന്നതിന്നു പകരം നാണുനായര്‍ മറ്റുള്ളവരോടൊപ്പം കളപ്പുരയിലേക്ക് നടന്നു. വഴിയില്‍വെച്ചുതന്നെ അയാള്‍ ഗുരുസ്വാമി രാജന്‍മേനോനെക്കുറിച്ചുള്ള വിവരണം തുടങ്ങി.

''കളപ്പുരേല് ചെന്നിട്ട് പറയാന്ന് നിങ്ങളല്ലേ എന്നോട് പറഞ്ഞത്. അവിടെ ചെന്നിട്ട് മതി നിങ്ങടെ പറച്ചിലൊക്കെ''എഴുത്തശ്ശന്‍ നായരെ തടഞ്ഞു. കളപ്പുരയില്‍ എത്തിയതും വേണു വസ്ത്രം മാറി കഥകേള്‍ക്കാനിരുന്നു.  എഴുത്തശ്ശനും കൂട്ടുകാരനും തിണ്ണയില്‍ പടിഞ്ഞിരുന്നു. ചാമി കാലത്തെ ഭക്ഷണം വാങ്ങി എത്തിയിട്ടില്ല.

''ഒന്നാംനമ്പര്‍ തറവാട്ടുകാരനാണ് മേനോന്‍. മൂപ്പരടെ മൂത്ത അമ്മാമന്‍റെ കാലത്ത് നാട്ടിലെ എന്തു കാര്യത്തിലും അയാളാണ് തീര്‍പ്പ് കല്‍പ്പിക്കാറ്. നിങ്ങടെ പോലീസും പട്ടാളൂം കോടതീം ഒന്നും ഇവിടെ വേണ്ടാ. എനിക്ക് ഇവിടത്തെ കാര്യം എങ്ങനെ കൊണ്ടുനടക്കണംന്ന് നന്നായിട്ടറിയാം എന്ന് ആ കാലത്തെ  തുക്ടിസായ്‌വിന്‍റെ മുഖത്തുനോക്കി ധൈര്യമായി പറഞ്ഞ കേമനാണ് അദ്ദേഹം. മേനോന്‍റെ അച്ഛനും അതേപോലെ നല്ലൊരു  തറവാട്ടുകാരനായിരുന്നു''നാണുനായര്‍ ശ്രോതാക്കളെ ശ്രദ്ധിച്ചുനോക്കി തുടര്‍ന്നു''കൂടപ്പിറപ്പുകളുടെ കാര്യം പറയ്യാണച്ചാല്‍ മേനോന് ഏട്ടന്മാര് മൂന്നാളുണ്ട്. പിന്നെ രണ്ട് ഏടത്തിമാരും. ഏറ്റവുംഒടുവിലുത്തെ ആളാണ് ഇദ്ദേഹം. ഈ മൂപ്പരുടെ പെങ്ങന്മാരെ കല്യാണം കഴിച്ചത് വല്യേവല്യേ ഉദ്യോഗസ്ഥന്മാരാണ്. ഏതോ വല്യേ കമ്പിനിടെ മാനേജരായിരുന്നു മൂത്ത ഏട്ടന്‍. ഹാര്‍ട്ട് നിന്നിട്ടാ അദ്ദേഹം മരിച്ചത്. അടുത്തത് രണ്ടാമത്തെ ആള്‍. ദൂരെ ഏതോ നാട്ടില് അദ്ദേഹം പ്രതാപത്തില്‍ കഴിയിണു. ഇനി മൂന്നാമന്‍. അയാള് ഡെല്‍ഹീല് വല്യേ ഉദ്യോഗസ്ഥനാണ്''.

''നിങ്ങള് അവരിടേം ഇവരിടേം കാര്യോന്നും പറയണ്ടാ. ഈ വിദ്വാന്‍ ആളെങ്ങനെ. അതു പറയിന്‍''എഴുത്തശ്ശന്‍ ധൃതികൂട്ടി.

''അതന്യാ ഞാന്‍ പറഞ്ഞു വരുണത്. ഇതൊന്നും പറയാതെ അയാളെപ്പറ്റി പറഞ്ഞാല്‍ നിങ്ങക്ക് ആളെ മനസ്സിലാവില്ല''.

''എന്നാല്‍  നിങ്ങടെ ഇഷ്ടംപോലെ പറഞ്ഞോളിന്‍'' 

''പഠിക്കാന്‍ കെങ്കേമനായിരുന്നു ഈ മഹാന്‍. പക്ഷെ കുറെ കഴിഞ്ഞപ്പൊ കളിയിലായി കമ്പം. പേരെടുത്ത പന്തുകളിക്കാരനായിരുന്നു. അതോടെ പഠിപ്പിലുള്ള വാത്സല്യം കുറഞ്ഞു. കോളേജില്‍ പഠിക്കുമ്പോള്‍ ഈ മൂപ്പര് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് കൊടിപിടിക്കാനും സമരത്തിനും ഒക്കെ പോയി. പോലീസിന്‍റെ തല്ലും കുറെകൊണ്ടു. ജയിലിലുംപോയി. അതോടെ പഠിപ്പും തീര്‍ന്നു''.

വേണുവിന്ന് കഥാപാത്രത്തിനെ ഇഷ്ടമായി. കുറച്ച് ആദര്‍ശമൊക്കെയുള്ള കൂട്ടത്തിലാണ് രാജന്‍മേനോന്‍ എന്നയാള്‍ക്ക് തോന്നി.

''അപ്പൊ എന്താ ഞാന്‍ പറഞ്ഞോണ്ടുവന്നത്''നാണുനായര്‍ കുറച്ചുനേരം ആലോചിച്ചിരുന്നു.

''ങാ. മൂപ്പര് കോണ്‍ഗ്രസ്സില്‍ചേര്‍ന്നത്. എന്നിട്ട് അവിടെനിന്ന്വോ. അതൂല്യാ. സ്വാതന്ത്രം കിട്ട്യേതും അന്നുവരെ ഇല്ലാത്ത പലരും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. അവരൊക്കെ ഓരോ സ്ഥാനത്ത് കയറിപ്പറ്റി. ഈ മൂപ്പര് ആ നേരം നോക്കി കമ്മൂണിസ്റ്റ്പാര്‍ട്ടീല്‍ പോയി ചേര്‍ന്നു. പിന്നീം ആളക്ക് കൊടിപിടുത്തൂം സമരം ചെയ്യലും തല്ലുകൊള്ളലും തന്നെ. അങ്ങിനെ കുറെകാലം കഴിഞ്ഞ് കമ്മൂണിസ്റ്റ്കാര് ഭരണം തുടങ്ങിയപ്പൊ മൂപ്പര് അതിന്നും മാറി നാടകവും കൊണ്ട് നടപ്പായി. പിന്നെ സിനിമേല് ചേരാന്‍ പോയീന്ന് കേട്ടു. ഒടുവില്‍ താടിയും തലയും വളര്‍ത്തി കാവിമുണ്ടും ചുറ്റി സന്യാസ്യായി. കാശി രാമേശ്വരൂം ഹിമാലയൂം ഒക്കെ നടന്നുചെന്ന് കണ്ടിട്ടുണ്ടത്രേ. അതെല്ലാം കഴിഞ്ഞ് തിരിച്ചുവന്നശേഷം ശബരിമലക്ക് പോവാന്‍തുടങ്ങി. അയ്യപ്പന്‍ കടാക്ഷിച്ച് പിന്നെ എവിടക്കും പോവാതെ ഇവിടത്തന്നെ ഒതുങ്ങികൂടി ഇരിക്കുണുണ്ട്''.

''അപ്പൊ മക്കളും കുട്ട്യേളും''വേണു കുടുംബവിശേഷം തിരക്കി.

''ഈ കണ്ട പരിപാടിക്ക് എടേല് അതിനൊക്കെ എവിട്യാ സമയം. ആള് ഇന്നും ഒറ്റയ്ക്കാണ്''.

''കഴിഞ്ഞ്വോ ഹേ നിങ്ങടെ ഒരു പുരാണംപറച്ചില്''എഴുത്തശ്ശന്ന് മടുപ്പ് തുടങ്ങി''അയാള് എങ്ങിനത്തെ ആളാന്ന് ചോദിച്ചത് പത്തുറുപ്പിക കാശ് പിരിച്ചുണ്ടാക്കി കയ്യില്‍കൊടുത്താല്‍ അതുംകൊണ്ട് ആള് സ്ഥലംവിട്വോ എന്നറിയാനാണ്''.

''അതുണ്ടാവില്ല. ഞാന്‍തന്ന്യാണ് അതിന് ഉറപ്പ്''നാണുനായര്‍ പറഞ്ഞു'' ശബരിമലയ്ക്ക് പോവാന്‍ കെട്ടുനിറച്ച് കൊടുത്താല്‍ കിട്ടുണ ദക്ഷിണ ആ മൂപ്പര് അടുത്ത ആളിന്‍റെ കെട്ടിലിടും. ഒരിക്കലും ആരടേം ഒരുപൈസ ആ ചങ്ങാതി എടുക്കില്ല. തറവാടി തറവാട്യേന്നെ എന്ന് നിങ്ങള് കേട്ടിട്ടില്ലേ''. ചാമി ആഹാരവുമായി എത്തി. 

  ''മോള് എന്നേംകാത്ത് ഇരിക്കുണുണ്ടാവും''നായര്‍ പോവാനൊരുങ്ങി.

''ഉള്ളത് നമുക്ക് പങ്കി കഴിക്കാന്നേ''എഴുത്തശ്ശന്‍ പറഞ്ഞു.  

''വേണ്ടാ. ഞാന്‍ പോണൂ''നാണുനായര്‍ എഴുന്നേറ്റുനടന്നു.

***********************************

വേലായുധന്‍കുട്ടി കുടുംബസമേതം വീട്ടില്‍ തിരിച്ചെത്തി ദിവസങ്ങള്‍ കുറച്ചായി. രാവിലെ മില്ലിലേക്ക് ചെല്ലും. ഇരുട്ടുവോളം അവിടെത്തന്നെ കൂടും. കഴിയുന്നതും പുറത്തിറങ്ങുകയോ ആരെയെങ്കിലും കാണുകയോ ചെയ്യാതെ കഴിച്ചുകൂട്ടും. തനിക്ക് വാര്‍ദ്ധക്യമായി എന്ന തോന്നല്‍ എന്നോ അയാളുടെ ഉള്ളില്‍ കടന്നു. അതിനുംപുറമെ അച്ഛനോടുള്ള കടമകള്‍ താന്‍ നിറവേറ്റിയില്ല എന്ന കുറ്റബോധം അയാളെ സദാ വേട്ടയാടിക്കൊണ്ടിരുന്നു. അച്ഛനെ ചെന്നുകണ്ട് അച്ഛന്‍റെ കാല്‍ക്കല്‍ വീണ് മാപ്പു ചോദിക്കണമെന്ന് പലപ്പോഴും തോന്നി. അച്ഛന്‍ എങ്ങിനെ പ്രതികരിക്കും എന്ന് അറിയാന്‍ പാടില്ലല്ലോ.

അമ്മയുടെ വീട്ടില്‍ ചെന്നപ്പോഴുണ്ടായ പ്രതികരണം അയാളെ വല്ലാതെ ഉലച്ചിരുന്നു. ഇളയമ്മ മരിച്ചവിവരം അപ്പോള്‍ത്തന്നെ അവര്‍ ആളെവിട്ട് വീട്ടില്‍ അറിയിച്ചിരുന്നു. ശവദാഹത്തിന്ന് ചെല്ലേണ്ടതാണ്. അച്ഛനപ്പോള്‍ അവിടെ ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്. എങ്ങിനെ അച്ഛനെ നേരിടുമെന്ന് പേടിച്ച് അന്ന് ചെന്നില്ല. മൂന്നാംപക്കം കണ്ണൂക്കിനാണ് ചെന്നത്. അമ്മയുടെ ഇളയ ആങ്ങള കണ്ണൂക്കിനെത്തിയ ആളുകളുടെ മുന്നില്‍വെച്ചു തന്നോടു പറഞ്ഞത് ഓര്‍മ്മയില്‍നിന്ന് മായുന്നില്ല.

''എണ്‍പ്പത്താറ് വയസ്സുകഴിഞ്ഞ നിന്‍റെ അച്ഛന്‍ ഭാര്യടെ അനിയത്തി മരിച്ച വിവരം കേട്ടതും എത്തി. നിനക്ക് അന്ന് വരാന്‍ തോന്നീലാ. ചത്തുപോയ ആളും നിന്‍റെ അമ്മീം ഒരുവള്ളി പിടിച്ച് പെറ്റുവീണോരാണ്. അതുപോട്ടെ. നീ കുട്ടീല് വയ്യാണ്ടെ കിടക്കുമ്പൊ അവളടെ കുട്ട്യേളെ വീട്ടിലാക്കീട്ട് നിന്നെ നോക്കാന്‍ വന്നിട്ടുണ്ട്. നീ അതൊന്നും ഓര്‍ത്തില്ല''അയാള്‍ ഒന്നുനീട്ടിത്തുപ്പി ''നിന്നെ പറഞ്ഞിട്ട് കാര്യൂല്യാ. ഏറ്റിക്കൊണ്ടുനടന്ന് വലുതാക്ക്യേ അച്ഛനെ വിട്ട് ഭാര്യടെ കാല്‍ക്കല്‍ അട്ടിപ്പേറ് കിടക്കുണ നിനക്ക് നാണൂംമാനൂംണ്ടോ. സ്വത്തും മുതലും കാറും ബംഗ്ലാവും ഉണ്ടായതോണ്ട് എല്ലാം ആയീന്ന് നീ നിനക്കണ്ടാ. മനസ്സാക്ഷി ഉണ്ടാവണം. നിനക്കതില്ല. എണ്‍പ്പത്താറ് വയസ്സ് കഴിഞ്ഞ തന്തേ വീട്ടിന്ന് ആട്ടിവിട്ട യോഗ്യനല്ലേ നീ''. കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ പെട്ടെന്ന് എഴുന്നേറ്റു.

''കൂലിപ്പണി ചെയ്തിട്ടും പള്ളകൃഷിചെയ്ത് വല്ലതും ഉണ്ടാക്കി വിറ്റിട്ടും ഒക്ക്യാണ് ഞങ്ങള് കഴിയുണത്. എന്നാലും ഉണ്ടാക്ക്യേ തന്തേ ഞങ്ങളാരും വീട്ടിന്ന് ചവിട്ടി വെളീലാക്കീട്ടില്ല''എടേലത്തെ അമ്മാമന്‍ അനുജന്‍ പറഞ്ഞ വാക്കുകള്‍ ഏറ്റുപിടിച്ചു''നീയൊന്നും ഒരുകാലത്തും ഗുണം പിടിക്കില്ല''. ശാപം ഏറ്റുവാങ്ങി സ്ഥലംവിട്ടെങ്കിലും ആ വാക്കുകള്‍ മനസ്സില്‍ കുത്തി പുണ്ണാക്കുകയാണ്. അമ്മാമന്മാര്‍ പറഞ്ഞത് സത്യമാണ്. പ്രായശ്ചിത്തം ചെയ്താല്‍ തീരുന്ന തെറ്റല്ല താന്‍ ചെയ്തത്.

''നിങ്ങളെന്താ എപ്പോഴും ഇങ്ങിനെ ആലോചിച്ചിരിക്കുണത്''ഒരിക്കല്‍ രാധാകൃഷ്ണന്‍ ചോദിച്ചിരുന്നു. തന്‍റെ സങ്കടങ്ങള്‍ അവനോട് പറയാന്‍ മടി തോന്നി.

അച്ഛനെക്കുറിച്ചുള്ള വിഷമതകള്‍ മനസ്സിലൊതുക്കി വേലായുധന്‍കുട്ടി കഴിയുമ്പോള്‍, കുപ്പന്‍കുട്ടി എഴുത്തശ്ശനെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ അറിയാനുള്ള ജിജ്ഞാസ മാധവിക്കുണ്ടായി. കിഴവന്‍ എല്ലാവരോടും പിണങ്ങി ഒറ്റയ്ക്ക് കഴിഞ്ഞിട്ട് എന്തായി എന്നറിയാനൊരു മോഹം. നേരിട്ടുചെന്ന് അന്വേഷിക്കാനൊന്നും വയ്യ. മില്ലിലെ പണിയ്ക്ക് അവിടെ നിന്ന് ആരും വരുന്നുമില്ല. ഇനി എന്താ ഒരുവഴി എന്നചിന്തയില്‍ അവള്‍ ഒരാഴ്ചയോളം കഴിഞ്ഞു. ഒടുവില്‍ മാധവിയ്ക്ക് തുണയായത് വീട്ടില്‍ അടുക്കളപണിക്ക് വരുന്ന പാറുവാണ് .

''അതിനെന്താ അമ്മാ പ്രയാസം. പുഴടെ അക്കരവരെ പോവ്വല്ലേ വേണ്ടൂ. ഒന്നും അറിയാത്തമാതിരി ഞാന്‍ കുറച്ച് കഞ്ഞിയുമായി പോയിവരാം . മുത്തപ്പന്‍ അത് വാങ്ങി കഴിക്കുണൂച്ചാല്‍ കഴിച്ചോട്ടെ. അതിന് വലിയ ചിലവൊന്നും വരില്ലല്ലോ''അവള്‍ പറഞ്ഞു.

ആ നിര്‍ദ്ദേശം മാധവിക്കും ഇഷ്ടമായി. പക്ഷെ രാധാകൃഷ്ണന്‍ അറിയാതെ വേണം. അറിഞ്ഞാല്‍ വല്ലതും പറഞ്ഞാലോ. ഇപ്പോള്‍ ഭരണം അവനാണ്. പിറ്റേന്ന് വേലായുധന്‍കുട്ടിയും രാധാകൃഷ്ണനും പോയതോടെ തലേന്ന് നിശ്ചയിച്ച പരീക്ഷണത്തിന്ന് തയ്യാറായി. ഒരു പാത്രത്തില്‍ കഞ്ഞിയുമായി പാറു പുറപ്പെട്ടു.

''ചുറ്റുപൊറൂം നടന്നുനോക്കി എല്ലാവിവരൂം അറിഞ്ഞിട്ടുവരണം കേട്ടോ'' മാധവി പ്രത്യേകംപറഞ്ഞു. എഴുത്തശ്ശന്‍ പാടത്തുനിന്നു വന്ന് മൂരികള്‍ക്ക് വെള്ളംകാട്ടി വൈക്കോല്‍ ഇട്ടുകൊടുത്തശേഷം വണ്ടിപ്പുരയില്‍ വെറുതെ ഇരിക്കുമ്പോഴാണ് പാറുവിന്‍റെ വരവ്.

''മുത്തപ്പോ, നിങ്ങക്ക് സുഖ്വോല്ലേ''പാറു കുശലം ചോദിച്ചു. മുഖത്ത് ഒരു ആട്ടുവെച്ചുകൊടുക്കാനാണ് എഴുത്തശ്ശന് തോന്നിയത്. വരവിന്‍റെ ഉദ്ദേശം അറിയാന്‍വേണ്ടി അയാള്‍ വന്ന ദേഷ്യം കടിച്ചമര്‍ത്തി.

''എന്താ നിന്‍റെ കയ്യില്''അയാള്‍ ചോദിച്ചു.

''ഇത് മുത്തപ്പനുള്ള കഞ്ഞി. മാധവ്യേമ്മ തന്നയച്ചതാണ്''.

''ന്താപ്പൊ അവള്‍ക്ക് ഇന്നങ്ങനെ തോന്നാന്‍''.

''എന്തൊക്കെ ആയാലും നിങ്ങടെ മകന്‍റെ ഭാര്യേല്ലേ. അവര്‍ക്ക് നിങ്ങളോട് സ്നേഹം തോന്നാതിരിക്ക്വോ''.

''എന്തോ എനിക്കറിയില്ല''. എഴുത്തശ്ശന്‍ പറഞ്ഞു. പാറു ഇറയത്തേക്ക് കയറി.

 ''മുത്തപ്പന്ന് ഇപ്പൊ എവിടുന്നാ ആഹാരം''അവള്‍ ചോദിച്ചു.

''ആവൂ. അതിനാണോ പ്രയാസം. മേപ്പട്ട് നോക്കി മുറ്റത്ത് കിടക്കും, വായീം പൊളിച്ചോണ്ട്. ആകാശത്തിന്ന് ചോറോ.കറിയോ,പായസോ എനിക്കെന്താ വേണ്ടത്ച്ചാല്‍ അത് വായില്‍വന്ന് വീണോളും. അതോണ്ടോരു ഉപകാരം ന്താച്ചാല്‍ വായമാത്രേ കഴുകേണ്ടു. കയ്യ് കഴുകുണ പണി ലാഭായി''.

''നിങ്ങളെന്താ എന്നെ കളിയാക്ക്വാ''.

''കളിയാക്ക്വേ. അവര് ഇറങ്ങിപോയ ദിവസം ഞാന്‍ എത്ര പറഞ്ഞിട്ടും നീ അതുകേള്‍ക്കാതെ  ഇറങ്ങിപോയി. പോരാത്തതിന്ന് ഉള്ള കഞ്ഞീം ചോറും കുപ്പേല് കൊട്ടിക്കളഞ്ഞ് ആ രാത്രി എന്നെ പട്ടിണിക്കിട്ടു. എന്നിട്ട് ഇപ്പോള്‍ കഞ്ഞീംകൊണ്ട് വന്നിരിക്കുണൂ''എഴുത്തശ്ശന്‍ അലറി''കൊണ്ടുപൊയ്ക്കോ എന്‍റെ മുമ്പിന്ന്. ഈ കഞ്ഞി അവളുടെ അപ്പന്‍ ചത്തിട്ട് പതിനാലാംപക്കം കഞ്ഞിപാരാന്‍ എടുത്തോട്ടെ . ഇനി മേലാല്‍ ഇതുമാതിരി എന്തെങ്കിലും പൊന്നാരൂം പറഞ്ഞുംകൊണ്ട് ഇങ്കിട്ട് കേറിവന്നാല്‍ വഴുകപൊളിര് കൊണ്ട് നിന്‍റെ പൊറം ഞാന്‍ അടിച്ച് പൊളിക്കും. ഓര്‍മ്മവെച്ചോ''. 

കെഴവന്‍റെ ഉള്ളിലെ ഒരു ഹുംകൃത്യേ എന്ന് മനസ്സില്‍ പറഞ്ഞുംകൊണ്ട്  പാറു പാത്രവുമായി തിരിഞ്ഞുനടന്നു.

അദ്ധ്യായം - 48.

കാലത്തെക്കുള്ള ആഹാരവുമായി ചാമി പതിവായി എത്താറുള്ളസമയം എപ്പോഴോ കഴിഞ്ഞു. കാത്തിരുന്നു മുഷിഞ്ഞ എഴുത്തശ്ശന്‍ എഴുന്നേറ്റു പോയി. വേണു തലേന്നത്തെ പത്രത്താളുകളിലേക്ക് തല താഴ്ത്തി.

''ഇതൊക്കെ എവട്യാ വെക്കേണ്ടത്''എന്ന ചോദ്യം കേട്ട് തലപൊക്കി നോക്കിയപ്പോള്‍ നല്ല ഭംഗിയുള്ള ഒരു പെണ്‍കിടാവ് ആഹാരം കൊണ്ടു വരുന്ന പാത്രവുമായി ഉമ്മറത്ത് നില്‍ക്കുന്നു.

''ആരാ''വേണു ചോദിച്ചു.

''ഞാന്‍ കല്യാണി, വല്യേപ്പന്‍ വെളിച്ചാമ്പൊ ഒരു മരിപ്പിന് പോയി. ഇത് വാങ്ങികൊണ്ടുതരാന്‍ പറഞ്ഞിട്ടാ പോയത്''. അപ്പോള്‍ ചാമി പറയാറുള്ള പെണ്‍കുട്ടി ഇതാണ്.

''എവിടേക്കാ ചാമി പോയത്''പാത്രം വാങ്ങിക്കുമ്പോള്‍ വേണു ചോദിച്ചു'' ഇവിടുന്ന് പോവുമ്പോള്‍ ഒന്നും പറഞ്ഞില്ലല്ലോ''.

''എവിടേക്കാ പോയത്ന്ന് എനിക്ക് അറിയാന്‍ പാടില്ല. മരിച്ചവിവരം വഴിക്കുവെച്ചാ അറിഞ്ഞതേന്ന് പറഞ്ഞു''. 

''എപ്പോഴാ തിരിച്ച് വര്വാ''വേണു ചോദിച്ചു.

''അതും അറിയാന്‍ പാടില്ല''.

''എന്നാല്‍ ശരി''.  വേണു സംഭാഷണം നിര്‍ത്തി എഴുത്തശ്ശനെ വിളിക്കാന്‍ ചെല്ലാനൊരുങ്ങി.

''കുറച്ച് വൈക്കോല്‍ എടുത്തോട്ടെ''കല്യാണി ചോദിച്ചു. വേണു തലയാട്ടി. പെണ്‍കുട്ടി വൈക്കോല്‍കുണ്ടയില്‍നിന്നും വൈക്കോല്‍കന്നുകള്‍ എടുത്ത് നിലത്തുവെച്ചു.

 ''ഒരു കയറ് തരാനുണ്ടാവ്വോ''എന്ന കല്യാണിയുടെ ആവശ്യം കേട്ട് വേണു  അകത്ത് പരതിനോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ആ വിവരം പറഞ്ഞതും ഒരു കത്തി തന്നാല്‍ വാഴകയ്യ് അരിഞ്ഞ് എടുക്കാമെന്ന് കുട്ടി പറഞ്ഞു. വേണു അടുക്കളയില്‍നിന്ന് കത്തിയെടുത്തുകൊടുത്തു. കിഴക്കെ തൊടിയില്‍നിന്നും കുട്ടി വാഴകയ്യ് മുറിച്ചെത്തി.

''മുതലാളി എണ്ണം പിടിച്ചോളിന്‍''എടുത്തുവെച്ച വൈക്കോല്‍കന്നുകള്‍ കുട്ടി എണ്ണാനൊരുങ്ങി.

''എന്തിനാ ഇതൊക്കെ എണ്ണുണത്''വേണു ചോദിച്ചു.

''വൈക്കോലിന്ന് വെല കണക്കാക്കി പൈസ തരണ്ടേ. എണ്ണം അറിയാണ്ടെ എങ്ങിന്യാ കണക്കാക്ക്വ''.

''അതിന് ഞാന്‍ പൈസചോദിച്ചില്ലല്ലോ''.  മുതലാളി അങ്ങിനെ പറഞ്ഞാല്‍ പറ്റില്ലെന്നും, ചാണകം കൊടുക്കുന്ന വകയില്‍ കിട്ടാനുള്ള വൈക്കോല്‍ വലിയപ്പന്‍ എണ്ണിയാണ് തരാറുള്ളതെന്നും, കൊണ്ടുപോയ വൈക്കോല്‍ തീര്‍ന്നതിനാലാണ് ഇപ്പോള്‍ ചോദിച്ചതെന്നും കുട്ടി പറഞ്ഞു.

''മോള് അത് കൊണ്ടുപൊയ്ക്കോ, കണക്കൊക്കെ പിന്നെ പറയാം''വേണു പറഞ്ഞു.

പോത്തുപോലെ വലുപ്പംവെച്ച തന്നെ മോള് എന്നുവിളിച്ചത് കുറച്ചിലായി കല്യാണിക്ക് തോന്നി. അതോടൊപ്പം  മുതലാളി സ്നേഹത്തോടെ അങ്ങിനെ വിളിച്ചല്ലോ എന്നതില്‍ മനസ്സിലൊരുസന്തോഷവും ഉണ്ടായി. വെറുതെയല്ല തനിസാധുവാണ് ഈ മുതലാളി എന്ന് വല്യേപ്പന്‍ പറയാറുള്ളത്. അവളുടെ ചുണ്ടിലൊരു മന്ദസ്മിതം വിടര്‍ന്നു.

''ഈ കെട്ടൊന്ന് ഏറ്റി എന്‍റെ തലേല് വെച്ചുതര്വോ''. വേണു ഇറങ്ങിചെന്ന് വൈക്കോല്‍കെട്ടിന്‍റെ ഒരുവശം പിടിച്ച് കുട്ടിയുടെ തലയിലേറ്റിവെച്ചു.

''ഞാന്‍ പോണൂ''ഗെയിറ്റുകടന്ന് അവള്‍ പോയി.

ചാമി പറഞ്ഞത് വെറുതെയല്ല, ശരിക്കും മഹാലക്ഷ്മിതന്നെയാണ് ഇവള്‍. അത്രക്ക് മുഖശ്രീയുണ്ട് എന്ന് വേണു മനസ്സില്‍ കരുതി.

********************************

''ഈ മനുഷ്യന്‍റെ  ഓരോ ഏര്‍പ്പാടുകള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് വല്ലാതെ ചൊറിഞ്ഞുവരും. എന്താ ഇയാളടെ വിചാരം''വീട്ടില്‍ വന്നുകേറിയതും കിട്ടുണ്ണി ആരോടെന്നില്ലാത്ത മട്ടില്‍ പറഞ്ഞു.

രാധ അത് ശ്രദ്ധിച്ചതായി ഭാവിച്ചില്ല. വല്ലതും സംസാരിക്കാന്‍ മുതിര്‍ന്നാല്‍ അത് തമ്മില്‍തല്ലലില്‍ചെന്ന് അവസാനിക്കും. അതാണ് ഇപ്പോഴത്തെ രീതി.

''താനെന്താ ഞാന്‍ പറഞ്ഞത് കേട്ടില്ലാന്നുണ്ടോ''.

''കേട്ടു''.

''എന്നിട്ടെന്താ ഒന്നും ചോദിക്കാത്തത്''.

''എന്താച്ചാല്‍ പറഞ്ഞോളൂ. ഞാന്‍ കേട്ടോളാം''.

''അങ്ങിനെ എനിക്ക് വേണ്ടീട്ട് കേള്‍ക്കാന്‍ ബുദ്ധിമുട്ടണ്ടാ''. രാധ എഴുന്നേറ്റ് അകത്തേക്ക് നടന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ കിട്ടുണ്ണി രാധയുടെ അടുത്തേക്ക് ചെന്നു.

''ഞാന്‍ ആരെ പറ്റ്യാ പറഞ്ഞതെന്ന് തനിക്ക് മനസ്സിലായോ''. രാധ ഉവ്വെന്ന മട്ടില്‍ തലയാട്ടി.

''എന്നാല്‍ പറ, ആരേ പറ്റ്യാ ഞാന്‍ പറഞ്ഞത്''.

''വേണ്വോട്ടനെ പറ്റി''.

''അതെങ്ങന്യാ തനിക്ക് മനസ്സിലായത്''.

''ഇപ്പൊ കുറച്ചായിട്ട് കുറ്റംപറയുണത് മുഴുവന്‍ ഏട്ടനെ പറ്റ്യല്ലേ''.

''അപ്പൊ ഞാന്‍ പറയുണതാ കുറ്റം. അയാള് ചെയ്യുണതല്ല''. രാധ മറുപടി പറഞ്ഞില്ല.

''അയാള് കാണിക്കുണത് അമ്മാതിരി പണ്യേളാണ്. പിന്നെ പറയാതെ പറ്റ്വോ. ആ നാണുനായരടെ വീട്ടിന്നാത്രേ ശാപ്പാട്. അത് വാങ്ങീട്ട് വരാന്‍ കൊമ്പാളനും. അവന്‍റെ കൂട്യാണ് സഹവാസം എന്നാ കേട്ടത്''. കിട്ടുണ്ണി ഒന്നുനിര്‍ത്തി. രാധ നിശബ്ദമായി ഇരുന്നു.

''ആ നായരാണെങ്കില്‍ പണ്ടയ്ക്കുപണ്ടേ ചെറ്റ്യാണ്. അരക്കാല്‍ പൈസക്ക് വകീല്ലാത്ത തെണ്ടി. ഈ ചോറുകച്ചോടം അയാള്‍ക്കൊരു വരുമ്പട്യായി. പത്തിന് പതിനഞ്ച് കൊടുക്കുണ ശീലാണല്ലോ നമ്മടെ കക്ഷിക്ക്''.

''നിങ്ങള്‍ക്ക് രാഘവന്‍റെ തോളില് കയ്യിട്ട് നടക്കാം. അയാളെ രാഘവേട്ടാന്ന് വിളിക്കാം. അതിലൊരു തെറ്റൂല്യാ. അയാള്‍ക്ക് കാശുണ്ടല്ലോ. ഏട്ടന്‍റൊപ്പം ചാമി നടക്കുണതാണ് കുറ്റം. എന്താകാരണം. അവന്‍റെ കയ്യില് പൈസീല്യാ. അതന്നെ അവന്‍റെ കുറവ്. ഒരു കാര്യം പറയാം. ഏട്ടന്‍ ഇഷ്ടൂള്ള എന്തോ ചെയ്തോട്ടെ. നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ വരുണില്ലല്ലോ''.

''അല്ലെങ്കിലും കുറച്ചായിട്ട് നിനക്കിത്തിരി കൂടുണുണ്ട്. ഒരുദിവസം ഞാന്‍ ഒതുക്കിത്തരുണുണ്ട്''.

''മേലാല്‍ എനിക്ക് നിങ്ങളടെ കൂട്ടം കേള്‍ക്കണ്ടാ''രാധ രംഗത്തില്‍നിന്നും നിഷ്ക്രമിച്ചു.

അദ്ധ്യായം - 49.

പിറ്റേദിവസം  വൈകുന്നേരം നാലുമണിയാവുമ്പോഴേക്കും ഗുരുസ്വാമി രാജന്‍മേനോന്‍ കളപ്പുരയിലെത്തി.

''അമ്പലത്തില്‍വെച്ച് ശരിക്കൊന്ന് പരിചയപ്പെടാന്‍ നമുക്ക് കഴിഞ്ഞില്ല. പുതുതായി താമസംതുടങ്ങിയ ആളാണ് എന്നുമാത്രംഅറിഞ്ഞു''മേനോന്‍ പറഞ്ഞു. വേണു അദ്ദേഹത്തെ ഇരിക്കാന്‍ ക്ഷണിച്ചു.

''നിശ്ചയിച്ച കാര്യങ്ങള്‍ തുടങ്ങുന്നതിന്നുമുമ്പ് നേരില്‍ സംസാരിച്ച് ഒരു രൂപരേഖ തയ്യാറാക്കണമെന്നു തോന്നി. അതിനാണ് ഞാനിപ്പോള്‍ വന്നത്'' മേനോന്‍ പറഞ്ഞു''എല്ലാവരും കൂടിയിരുന്നു സംസാരിക്കുമ്പൊ നമ്മുടെ മനസ്സിലുള്ള പലകാര്യങ്ങളും തുറന്നു പറയാന്‍ പറ്റീന്നുവരില്ല''. വേണു മറുപടിയൊന്നും പറഞ്ഞില്ല.

''എന്താ ഞാന്‍ പറയുന്നതില്‍ താല്‍പ്പര്യമില്ലാന്നുണ്ടോ''.

''ഹേയ്, അങ്ങിനെ ഒന്നൂല്യാ. പറഞ്ഞോളൂ. ഞാന്‍ കേള്‍ക്കുണുണ്ട്''.

''എന്നാല്‍ കേട്ടോളൂ. മറ്റന്നാള്‍ ഉത്രംനാളാണ്. അന്ന് നമ്മള്‍ പ്രവര്‍ത്തനം ആരംഭിക്കും. മറ്റന്നാള്‍ വൈകുന്നേരം ഒരു കമ്മിറ്റിയെ തിരഞ്ഞെടുക്കും. അതിനെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം മനസ്സിലുണ്ടോ''.

''എനിക്കങ്ങിനെ പ്രത്യേകിച്ചൊരു അഭിപ്രായമില്ല''വേണു പറഞ്ഞു''സത്യം പറഞ്ഞാല്‍ എനിക്ക് ഇതിനെപ്പറ്റി ഒന്നും അറിയില്ല എന്നതാണ് വാസ്തവം. പോരാത്തതിന്ന് അന്ന് എനിക്ക് ചേച്ചിടെ വീട്ടിലിക്ക് പോവാനുണ്ട്''.

''ഹാവൂ, ദൈവാധീനം. ആദ്യമായിട്ടാണ് എനിക്കൊന്നും അറിയില്യാന്ന് പറയുന്ന ഒരാളെ ഞാന്‍ കാണുന്നത്. നാട്ടിലെ രീതിവെച്ചുനോക്കിയാല്‍ എന്തെങ്കിലും ഒരു പൊതുകാര്യം ഒന്നിച്ചിരുന്നു സംസാരിക്കുമ്പൊ ഒരു വസ്തു അറിയാത്തോനും സര്‍വജ്ഞനെപോലെ അഭിപ്രായങ്ങള്‍ അടിച്ചു വിടും. പിന്നെ ഉള്ളത് ചേച്ചിയുടെ വീട്ടിലിക്ക് പോവുന്നതാണ്. മീറ്റിങ്ങ് കഴിഞ്ഞിട്ട് പോയാല്‍  മതീന്ന് വെച്ചാല്‍ പോരെ''. 

''ഒരു പ്രധാനകാര്യത്തിനാണ് അന്നന്നെ പോണത്. അതോണ്ട്  ഒരുപാട് വൈകിക്കരുത്''.

''കുറച്ചുനേരത്തെ കാര്യേള്ളൂ. ഇതാ പറയുമ്പോഴേക്ക് തീരും''ഇരുവരും ചിരിച്ചു.

''എന്നാല്‍ പറഞ്ഞോളൂ''.

''ഒരു സംഘടന രൂപീകരിക്കുമ്പോള്‍ അതില്‍ കയറിപറ്റാന്‍ താല്‍പ്പര്യൂള്ള കുറെപേര് കാണും. ചിലര്‍ക്ക് സ്ഥാനമാനങ്ങള്‍ വേണം, നാലാളടെ മുമ്പില്‍ ആളാവണം. അല്ലാതെ പ്രവര്‍ത്തിക്കാന്‍ വേണ്ടിയിട്ടൊന്നുമല്ല അമ്മാതിരി ആളുകള്  സംഘടനയില്‍  ചേരുന്നത്. അങ്ങിനെ പദവി മാത്രം ലക്ഷ്യമിട്ട് കുറച്ചെണ്ണം ഇവിടേയും എത്തിയിട്ടുണ്ട്''. വേണു തലകുലുക്കി.

''വേറൊരു കൂട്ടരുണ്ട്. പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തവര്. അവര്‍ക്ക് നിത്യച്ചിലവ് നടന്നുപോവണം. അതിനുള്ളോരു മാര്‍ഗ്ഗമായിട്ടാണ് അവര്‍ ഇത്തരം പദവികള്‍ ഉപയോഗിക്കുക''.

''അങ്ങിനെയുള്ളൊരെ സൂക്ഷിക്കണം''.

''അതാ ഞാന്‍ ആദ്യം പറഞ്ഞത്. പ്രവര്‍ത്തകസമിതി രൂപീകരിക്കുമ്പോള്‍ അര്‍പ്പണബോധത്തോടെ കാര്യനിര്‍വ്വഹണത്തിന്നിറങ്ങുന്ന കുറച്ചെങ്കിലും ആളുകള്‍  അതിലുണ്ടായാലേ സംഗതി വിജയിക്കൂ''.

''അതിന് അത്തരം ആളുകളെ എങ്ങിനെ കണ്ടെത്തും''.

''അതിനെന്താ പ്രയാസം. നമ്മളൊക്കെ നാട്ടിലല്ലേ കഴിയുന്നത്. ഇവിടുത്തെ ഓരോ ആളുകളെപറ്റിയും നാട്ടില്‍ പൊതുവില്‍  ഒരഭിപ്രായം കാണില്ലേ. സ്ഥലത്തെത്തിയവരില്‍നിന്ന് കൊള്ളാവുന്ന ആളുകളെ ഉള്‍പ്പെടുത്തി ഒരു പാനലുണ്ടാക്കി അവതരിപ്പിക്കണം''.

അതിനെക്കുറിച്ചായി പിന്നീടുള്ള ചര്‍ച്ച. മിക്കവാറും പ്രസിഡണ്ടായിട്ട് തന്നെയായിരിക്കും ആളുകള്‍ തിരഞ്ഞെടുക്കുക എന്ന് രാജന്‍ മേനോന് ഉറപ്പാണ്. പിന്നെ മറ്റു ഭാരവാഹികള്‍. പാട്ടകൃഷിഭൂമി കൈവശംവന്ന് കുറെ കാശൊക്കെയുള്ള ഒരുവിദ്വാനുണ്ട്. അയാള്‍ക്ക് എന്തെങ്കിലും സ്ഥാനം വേണം. അതുകൊണ്ട് കുഴപ്പമൊന്നുമില്ല എന്നുമാത്രമല്ല ഗുണം ഉണ്ടേനും. എന്തെങ്കിലും പദവികിട്ടിയാല്‍ അതിന്‍റെ പൊലിമ കാണിക്കാന്‍ വേണ്ടി മൂപ്പര് ഇഷ്ടംപോലെ ചില്വാനം ചിലവാക്കും. പോരാത്തതിന്ന് പലരില്‍ നിന്നും പണം സ്വരൂപിച്ചുതരാനും അയാള്‍ക്ക് കഴിയും .

''എന്നാല്‍ നമുക്ക് അയാളെത്തന്നെ സെക്രട്ടറി ആക്കിക്കൂടേ''വേണു ചോദിച്ചു.

''അതുപറ്റില്ല. പണത്തിന്‍റെ മുഷ്ക്ക് മറ്റുള്ളവരോട് കാട്ടിയാലോ. ഒടുവില്‍ തമ്മില്‍ത്തല്ലലിലത് അവസാനിക്കും. ട്രഷററുടെ സ്ഥാനമാണ് ആ മൂപ്പര്‍ക്ക് നല്ലത്. അതാവുമ്പോള്‍ ഒരു കുഴപ്പവും ഉണ്ടാവില്ല''.

''എന്നാല്‍ അങ്ങിനെ ആവട്ടെ, സെക്രട്ടറി ആവാന്‍ പറ്റ്യേ ഒരാളെ നമുക്ക് കണ്ടെത്ത്യാല്‍ മത്യേല്ലോ''.

''അതും കണ്ടെത്തിക്കഴിഞ്ഞു''.

''ആരാ ആള്''.

''ഭവാന്‍തന്നെ. അയ്യപ്പസ്വാമിതന്നെ താങ്കളെ കണ്ടെത്തിയതാവും. അതാ ഈ സമയത്ത് ഇവിടെ വന്നെത്താന്‍ കാരണം''.

''അയ്യോ. എനിക്ക് അതിനുള്ള അറിവും കഴിവും ഒന്നൂല്യാ''.

''ഇതൊക്കെ ആരെങ്കിലും വയറ്റിന്ന് പഠിച്ചിട്ട് വരുന്നതാണോ. ഓരോന്ന് ചെയ്തുവരുമ്പോള്‍ ഒക്കെ പഠിയും''.

''എന്നാലും''.

''ഒരു എന്നാലൂല്യാ. ഈശ്വരകാര്യത്തിന്നാണ് നമ്മള്‍ ഇറങ്ങുന്നത് എന്ന് വിചാരിച്ചാല്‍ മതി. ബാക്കി അദ്ദേഹം നോക്കിക്കോളും''. നിമിഷങ്ങള്‍ ഇഴഞ്ഞുനീങ്ങി. മനസ്സിനകത്ത് കൂട്ടലും കിഴിക്കലും നടത്തുകയായിരുന്നു ഇരുവരും.

''എന്നെപ്പറ്റി വല്ലതും അറിയാമോ''രാജന്‍ മേനോന്‍ ചോദിച്ചു.

''ഉവ്വ്. നാണുമാമ പറഞ്ഞിരുന്നു''.

''എന്താ തോന്നിയത്''.

''കുറെയേറെ അനുഭവങ്ങളുള്ള ആളാണെന്ന് മനസ്സിലായി''.

''അങ്ങിനെ പറഞ്ഞാല്‍ മുഴുവനാവില്ല. എന്‍റെ ജീവിതം നചികേതസ്സിന്‍റെ അന്വേഷണംപോലെയാണ്. ഇതാണ് ശരി എന്നുതോന്നി ഓരോന്നിന്‍റെ പുറകെ ചെല്ലും. അവസാനം ''നേതി, നേതി'' എന്നുപറഞ്ഞ് വേറൊന്ന് തിരഞ്ഞു പോവും. എന്തോ അയ്യപ്പനെ ശരണം പ്രാപിച്ചശേഷം എനിക്ക് വേറൊന്നിനും തോന്നുന്നില്ല''.

''എന്നെക്കുറിച്ച് വല്ലതും അറിയ്വോ''വേണു തിരിച്ചുചോദിച്ചു.

''ഉവ്വ്. നാണുനായര്‍ എല്ലാം പറഞ്ഞിരുന്നു''.

''എന്താ അഭിപ്രായം''.

'കേട്ടേടത്തോളം ഒരുനുകത്തിന്‍റെ രണ്ടുഭാഗത്തും വെച്ചുകെട്ടി പൂട്ടാവുന്ന സൈസ്സാണ് നമ്മള്‍ രണ്ടാളും എന്നുതോന്നി''. അതോടെ ഉയര്‍ന്ന ചിരിയില്‍ ഒരു സുഹൃദ്ബന്ധം ഉടലെടുക്കുകയായിരുന്നു.
******************************
ആദ്യത്തെതവണ കണ്ടപ്പോള്‍ത്തന്നെ വല്ലാത്തൊരു ടൈപ്പ് സാധനമാണ് ഇയാളെന്ന് സ്വാമിനാഥനെക്കുറിച്ച് വേണുവിന്‍റെ മനസ്സില്‍ അഭിപ്രായം രൂപംകൊണ്ടു. ഒരു പുതുപണക്കാരന്‍റെ സ്വഭാവവിശേഷങ്ങള്‍ കക്ഷിക്ക് ഉണ്ടെന്ന് ഗുരുസ്വാമി  പറഞ്ഞുതന്നതാണ്. എന്നാലും അത് ഇത്രത്തോളം വരുമെന്ന് കരുതിയില്ല. ശനിയാഴ്ച വൈകുന്നേരം കൂടിയ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വേണു അയാളെ കാണുന്നത്. 

സിഗററ്റ് പുകച്ച് പുകയൂതി വിട്ടുകൊണ്ട് ആലിന്‍റെ  ചുവട്ടില്‍ കൂടെയുള്ള ശിങ്കിടികളോട് സംസാരിച്ച് നില്‍ക്കുന്ന സില്‍ക്ക് ജുബ്ബക്കാരന്‍ ശ്രദ്ധ പിടിച്ചു പറ്റുകതന്നെ ചെയ്തു. നടതുറന്ന് വിളക്കുവെച്ചതും  എല്ലാവരും തൊഴാന്‍ ചെന്നു. 

''വേണന്നുള്ളോരൊക്കെ ഉള്ളില്‍ചെന്ന് വേഗം തൊഴുത് കുമ്പിട്ട് വരിന്‍. ഏതായാലും ഞാനില്ല. എന്നെ കാത്തുരക്ഷിക്കണേ ഭഗവാനേ എന്നുപറഞ്ഞ് എന്തിനാ ആ മൂപ്പരെ ബുദ്ധിമുട്ടിക്കുണത്. അല്ലെങ്കിലേ അയാളടെ കാര്യം കഷ്ടത്തിലാണ്. എന്നാ ശ്രീകോവില്‍ വീണ് അതിന്‍റെ അടീല്‍ പെട്വാ എന്നു പേടിച്ചാണ് കക്ഷിടെ ഇരുപ്പ്''.

 ബാക്കി എല്ലാവരും അകത്തേക്ക് തൊഴാന്‍ പോവുന്നതും നോക്കി അയാള്‍ ആല്‍ചുവട്ടില്‍തന്നെ നിന്നു. ശരണം വിളിച്ചു തൊഴുത് എല്ലാവരും പുറത്തിറങ്ങി ആല്‍ചുവട്ടിലേക്ക് തിരിച്ചുവന്നു.

''ഇന്നത്തെദിവസത്തിന്ന് ഒരു പ്രത്യേകതയുണ്ട്'' രാജന്‍ മേനോന്‍  പറഞ്ഞു തുടങ്ങി''ഒന്നാമത് ഉത്രം നക്ഷത്രമാണ്. പോരാത്തതിന്ന് ശനിയാഴ്ചയും. അയ്യപ്പസ്വാമിക്കായിട്ടുള്ള  പ്രവര്‍ത്തനം ആരംഭിക്കാന്‍ പറ്റിയ ഏറ്റവും നല്ല ദിവസമാണ് ഇന്ന്''. ആല്‍ചുവട്ടില്‍ കൂടിയ അമ്പതിലേറെ ആളുകള്‍ ശ്രദ്ധിച്ചിരുന്നു.

''ഓരോ കാലത്ത് ഒരോ വിധത്തിലുള്ള നിയമവ്യവസ്ഥയാണ് സമൂഹത്തില്‍ ഉണ്ടാവുക. അപ്പപ്പോള്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍ രാജ്യത്തെ വ്യക്തികളുടെ ജീവിതത്തെ മാത്രമല്ല അവരെ ആശ്രയിച്ച് നിലകൊള്ളുന്ന സ്ഥാപനങ്ങളുടെ  നിലനില്‍പ്പിന്നും മാറ്റം വരുത്തും. അത്തരത്തില്‍ മാറ്റത്തിന്ന് വിധേയമായ ഒരു സ്ഥാപനമാണ് ഈ ക്ഷേത്രം''. ഗുരുസ്വാമിയുടെ വാക്കുകളില്‍ രാഷ്ട്രീയ പ്രസംഗത്തിന്‍റെ ചുവയുള്ളതായി വേണുവിന്ന് തോന്നി.

''കാലം സൃഷ്ടിക്കുന്ന അനിവാര്യമായ മാറ്റത്തിന്‍റെ ഫലമായി ഭൂസ്വത്തില്‍ നിന്ന് ഈ ക്ഷേത്രത്തിലേക്ക് ലഭിച്ചിരുന്ന വരുമാനം നിലച്ചു. അതോടുകൂടി നാശത്തിലേക്ക് നീങ്ങിത്തുടങ്ങിയ ഈ ദേവാലയം നാമാവശേഷമാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിനെ നിലനിര്‍ത്തി പോരേണ്ടത് ഈശ്വര വിശ്വാസികളായ നമ്മളുടെ കടമയാണ്. ക്ഷേത്രം ജീര്‍ണ്ണോദ്ധാരണം നടത്തി നല്ലനിലയില്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു''. ആ ഘട്ടത്തില്‍ സില്‍ക്ക് ജുബ്ബക്കാരന്‍ കേറി ഇടപെട്ടു.

''ആദ്യം ചുറ്റും നടന്നുനോക്കി എന്തൊക്കെ ചെയ്യണം എന്നൊരു തീരുമാനം ഉണ്ടാക്കണം. അല്ലാതെ വെറുതെ ചാടിപുറപ്പെടാന്‍ ഞാനില്ല''.

പുത്തിരിയിലെ കല്ലുകടിക്കുമോ എന്നൊരു ശങ്ക മനസ്സിലുണ്ടായി. പക്ഷെ ഗുരുസ്വാമി അയാള്‍ പറഞ്ഞതിനെ പിന്താങ്ങുകയും, എല്ലാവരേയും കൂട്ടി അമ്പലത്തിന്‍റെ അകത്തും പുറത്തുമുള്ള കേടുപാടുകള്‍ പരിശോധിക്കാന്‍ പുറപ്പെടുകയും ചെയ്തു. ഒറ്റനോട്ടത്തില്‍ കാണുന്ന മാതിരിയല്ല അവസ്ഥ. ചുമരിന്ന് മാത്രമേ കേടില്ലാത്തതുള്ളു. മരത്തിന്‍റെ ഉരുപ്പടികള്‍ മിക്കവാറും ചിതലെടുത്തിട്ടുണ്ട്. നിരവധി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു. പകല്‍ രാത്രിക്ക് വഴി മാറാനൊരുങ്ങി. ദീപാരാധനയ്ക്കായി നട അടച്ചു. അതു കഴിയുന്നതുവരെ കാത്തുനില്‍ക്കാതെ പറ്റില്ല. ഓപ്പോളുടെ വീട്ടില്‍ എങ്ങിനെയെത്തും എന്ന മറ്റൊരു വേവലാതി മനസ്സിലുയര്‍ന്നു.

നട തുറന്നതും എല്ലാവരും ഭഗവാനെ തൊഴുത് പുറത്തിറങ്ങി. വീണ്ടും ആല്‍ചുവട്ടിലേക്ക്. ഇരുട്ടാവുന്നതിന്നുമുമ്പ് കാര്യങ്ങള്‍ തീര്‍ക്കണമെന്ന വ്യഗ്രത രാജന്‍മേനോന്‍ കാണിച്ചു. ഭാരവാഹികളെ തിരഞ്ഞെടുത്തത് വളരെ പെട്ടെന്നായി. ഏറ്റവും പ്രായം ചെന്ന വ്യക്തിയായ കുപ്പന്‍കുട്ടി എഴുത്തശ്ശനെ രക്ഷാധികാരിയാക്കി. രാജന്‍മേനോനെ പ്രസിഡണ്ടായും യോഗം തിരഞ്ഞെടുത്തു.

''കമ്മിറ്റിയുടെ സുഗമമായ പ്രവര്‍ത്തനത്തിന്ന് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തനായ ശ്രീ. സ്വാമിനാഥനെ ട്രഷററായും ക്ഷേത്രത്തിന്‍റെ ഏറ്റവും അടുത്ത് താമസിക്കുന്ന ശ്രി. വേണുഗോപാലനെ സെക്രട്ടറിയായും തിരഞ്ഞെടുക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു''എന്ന മേനോന്‍റെ വാക്കുകള്‍ എല്ലാവരും അംഗീകരിച്ചു. മറ്റു പ്രവര്‍ത്തകരെ ഇതേരീതിയില്‍ എടുത്തതോടെ ഭക്തജനസംഘം നിലവില്‍ വന്നു. പുതിയ ഭാരവാഹികള്‍ എന്തെങ്കിലും സംസാരിക്കണമെന്ന അഭിപ്രായം ഉയര്‍ന്നു. വേണു മടിച്ചിരുന്നു ഒടുവില്‍ സമ്മര്‍ദ്ദം ഏറിയപ്പോള്‍ എഴുന്നേറ്റ വേണു, വളരെകാലം അന്യദേശങ്ങളില്‍ കഴിഞ്ഞ തനിക്ക് സംഘടന രംഗത്തുള്ള പ്രവര്‍ത്തന പരിചയമോ, ഇവിടുത്തെ ജനങ്ങളെക്കുറിച്ചുള്ള അറിവോ പ്രസംഗിക്കാനുള്ള കഴിവോ ഇല്ലെന്നു പറഞ്ഞ് അവസാനിപ്പിച്ചു.

അടുത്ത ഊഴം സ്വാമിനാഥന്‍റേതായിരുന്നു. ആല്‍മരത്തിന്‍റെ ഒരു വേരില്‍ ഇരുന്ന അയാള്‍ മെല്ലെ എഴുന്നേറ്റു. മുണ്ടിന്‍റെ പുറകിലെ പൊടിയൊക്കെ കൈകൊണ്ട്തട്ടിക്കളഞ്ഞ്. ജുബ്ബയുടെ കൈകള്‍ മുകളിലേക്ക് വലിച്ചു കേറ്റി ഗുരുസ്വാമിയുടെ അടുത്ത് വന്നുനിന്നു. ഒരു നിമിഷം പിന്നോട്ടു തിരിഞ്ഞു നിന്ന് അമ്പലത്തിലേക്ക് നോക്കി കൈകൂപ്പി. ''അമ്പലം നന്നാക്കണം, പൂജാദി കര്‍മ്മങ്ങള്‍ മുടങ്ങാതെ നടത്തണം എന്നൊക്കെ ഇവിടെ പറയുണതു കേട്ടു. ഞാനൊന്ന് ചോദിക്കട്ടെ, അതിനൊക്കെ വേണ്ട അടിസ്ഥാനസൌകര്യങ്ങള്‍ ഇവടീണ്ടോ''. ആരും ഒന്നും പറഞ്ഞില്ല.

''ഇവിടെ ഒരു പൂജക്കാരനുണ്ട്. കെഴവന്‍. മൂപ്പര് വയ്യാതെ കിടപ്പിലായി. ഇനി അയാള് വരുംന്ന് കരുതണ്ടാ. ഒരുപാട് കഷ്ടപ്പെടാതെ ചത്താല്‍ അത് വീട്ടുകാരടെ ഭാഗ്യം. ഇപ്പോള്‍ ഉള്ളത് ഒരു ചെക്കനാണ്. തനി കളിക്കുട്ടി. അതിന്ന് പൂജയും അറിയില്ല ഒന്നും അറിയില്ല .ഇപ്പഴത്തെ ചുറ്റുപാടില്‍ വേറൊരാള്‍ പൂജിക്കാന്‍ വര്വോ. എനിക്ക് തോന്നുണില്ല''. സ്വാമിനാഥന്‍ ഒന്നുനിര്‍ത്തി എല്ലാവരേയും നോക്കി. ഇയാള്‍ എന്താ പറയാന്‍ പോണത് എന്നായിരുന്നു എല്ലാവരുടേയും മനസ്സില്‍.

''പിന്നെ ഉള്ളത് വാരരാണ്. മലവെള്ളത്തില്‍ ഒലിച്ചുവന്ന മാതിര്യാണ് അയാള്. വീടുണ്ടോ, കുടീണ്ടോ, നാടേത് എന്നൊന്നും ആര്‍ക്കും അറിയില്ല. അക്കരേല് അഞ്ചുറുപ്പിക വാടകക്ക് ഒരു മുറീലാ താമസം. മാരാരോ. പൊതുവാളോ, അടിച്ചുതളിക്കാര്യോ ഒന്നും ഇല്ലാത്തത് നമ്മടെ ഭാഗ്യം. അവര്‍ക്ക് താമസിക്കാന്‍ എന്താ വഴീന്ന് ആലോചിക്കാതെ കഴിഞ്ഞു''. പ്രസക്തമായ കാര്യമാണ് ഈ പറഞ്ഞതെന്ന് മിക്കവര്‍ക്കും തോന്നി.

''എനിക്ക് പറയാനുള്ളത് ഇതാണ്. അമ്പലത്തിന്‍റെ പണിചെയ്യിക്കുണ കൂടെ  ശാന്തിക്കാര്‍ക്കും, കഴകക്കാര്‍ക്കും താമസിക്കാനുള്ള സൌകര്യം നമ്മള്‍ ഏര്‍പ്പെടുത്തണം''. സ്വാമിനാഥന്‍ പറയുന്നകാര്യം വാസ്തവമാണെന്നും എന്നാല്‍ ഇതിനൊക്കെ എങ്ങിനെ പണം സ്വരൂപിക്കുമെന്ന് അറിയില്ലെന്നും രാജന്‍മേനോന്‍ പറഞ്ഞു.

''കാശിനെക്കുറിച്ച് ബേജാറാവണ്ടാ. പഴയ മൂന്നു നാല് പത്തായപ്പുരകള് ഞാന്‍ പൊളിക്കാന്‍ വാങ്ങീട്ടുണ്ട്. വേണ്ട സാധനങ്ങള്‍ എന്‍റെ ലോറീല് ഇവിടെ എത്തിക്കാം. കൂലിക്കുള്ള കാശും തരാം. സര്‍ക്കാര്‍ കോര്‍ട്ടേഴ്സ് മാതിരി ഒരു കെട്ടിടം ഉണ്ടാക്കി താമസിക്കാന്‍ കൊടുത്താല്‍ പണിക്ക് ആള് വരും. പക്ഷെ ഒരു കാര്യം. എനിക്ക് മെനക്കെട്ട് നില്‍ക്കാന്‍ നേരം കിട്ടില്ല. നൂറുകൂട്ടം പണ്യേളുണ്ട്. ആരെങ്കിലും മേല്‍നോട്ടം നടത്തണം''.  ആ കാര്യം താന്‍ ചെയ്യാമെന്ന് ഗുരുസ്വാമി ഏറ്റു.

''ഇനി ചെയ്യാനുള്ളത് പുഴ കടക്കാനുള്ള ഒരു ഏര്‍പ്പാടാണ്. പൊഴേല് വെള്ളം പൊങ്ങ്യാല്‍ ഇക്കരക്ക് മനുഷ്യന്‍ വരില്ല. നമ്മള്‍ അതിനൊരു പ്രതിവിധി കാണണം''.

''കൊല്ലത്തില്‍ എട്ടോ പത്തോ ദിവസം അല്ലേ  പൊഴേല് വെള്ളം കേറൂ. ബാക്കിദിവസം എറങ്ങി കടക്കാലോ''എഴുത്തശ്ശന്‍ ഇടപ്പെട്ടു.

''നാലഞ്ച് മാസം  പൊഴേല് മുട്ടിന്ന് മേപ്പട്ട് വെള്ളം കാണും. നിങ്ങള്‍ക്ക് മുണ്ടും പൊക്കി കോണകൂം കാട്ടി ഇറങ്ങി കടക്കാം. തൊഴാന്‍വരുണ സ്ത്രീകള്‍ക്ക് അതിന്ന് കഴിയില്ല. അപ്പൊ പാലം വേണം. അടുത്താഴ്ച  ഞാന്‍ തിരുവനന്തപുരത്തേക്ക്  പോണുണ്ട്. പറ്റ്യാല്‍ മന്ത്ര്യേ കണ്ട് സംസാരിക്കാം. ചെലപ്പൊ ഒരുഹരിജി ഉണ്ടാക്കി എല്ലാരുംകൂടി ഒപ്പിട്ട് എന്‍റെ കയ്യില് തരണം''. ആ പ്രസംഗം അങ്ങിനെ നീണ്ടുപോയി. ഇരുട്ടു പരന്നുകഴിഞ്ഞു. വൈകാതെ യോഗം പിരിഞ്ഞു. എല്ലാവരും ഇറങ്ങി.

''മുതലാളീ, ഇന്നിനി പോണോ''അമ്പലമതിലിന്ന് വെളിയില്‍ ചാമി കാത്തു നില്‍പ്പുണ്ട്.

''പോവാതെ പറ്റില്ല. ഓപ്പോള് കാത്തിരിക്കും''.

''ബസ്സൊക്കെ പോയിക്കഴിഞ്ഞു. ഞാനൊരു കാറ് പറഞ്ഞുവെച്ചിട്ടുണ്ട്''.

''അതു നന്നായി''.

''കുപ്പ്വോച്ചോ, ഞാന്‍ മൊതലാള്യേ കൊണ്ടാക്കീട്ട് വരാം''.

''നെനക്ക് കഞ്ഞിവെക്കണോ''എഴുത്തശ്ശന്‍ ചോദിച്ചു. 

''നിങ്ങള് ബുദ്ധിമുട്ടണ്ടാ. ഞാന്‍ വരുമ്പൊ എന്തെങ്കിലും വാങ്ങീട്ടുവരാം''. വേണു ടോര്‍ച്ചുതെളിച്ച് മുന്നില്‍ നടന്നു, തൊട്ടുപുറകിലായി ചാമിയും.

അദ്ധ്യായം-50.

വിശ്വനാഥന്‍വക്കീലിന്‍റെ വീടിന്‍റെ മുന്നില്‍ വേണു ഇറങ്ങി. കാവല്‍ക്കാരന്‍ പടിതുറന്ന് അയാള്‍ അകത്തുകടന്നതോടെ ടാക്സി തിരിച്ചുപുറപ്പെട്ടു.

''ചാമ്യേട്ടോ, നിങ്ങടെ മനസ്സില് എന്തെങ്കിലും പരിപാടീണ്ടോ''ടൌണിലേക്ക് കാര്‍ കടന്നതും ഡ്രൈവര്‍ ചാമിയോടൊരു ചോദ്യം. എന്താണ് ആ ചെക്കന്‍ ഉദ്ദേശിച്ചതെന്ന് ചാമിയ്ക്ക് മനസ്സിലായില്ല.

''എന്താണ്ടാ കുട്ടിച്ചെക്കാ, മനുഷ്യന് മനസ്സിലാവുണ മട്ടില് പറ''.

''അല്ല, ഇവിടം കടന്നാല്‍ പിന്നെ കിട്ടില്ലാട്ടോ''.

''പിന്നീം നീ തൊറന്ന് പറയുണില്യാ. ഇങ്ങിനെ പറഞ്ഞാലൊന്നും എനിക്ക് തിരിയില്ല''.

''ഇവിടം വിട്ടാല്‍ പിന്നെ ഷാപ്പില്ല. നിങ്ങക്ക് വല്ലതും വേണച്ചാല്‍ ഇപ്പൊ വാങ്ങിക്കോളിന്‍''പയ്യന്‍ മനസ്സിലിരുപ്പ് വെളിപ്പെടുത്തി.

''അയ്യേ, നീ എന്നെപ്പറ്റി അങ്ങിന്യാ കണക്കാക്കുണത്. നമുക്ക് അമ്മാതിരി പരിപാട്യോന്നുല്യാ''.

''ആ കൂട്ടം മാത്രം നിങ്ങള് എന്നോട് കൂടണ്ടാ. ഞാനും ഈ നാട്ടില് വളര്‍ന്ന ആളാണ്. കൊടുങ്ങല്ലൂര് ഭരണിക്ക് പോയി കുടിച്ച് പൂക്കുറ്റ്യായി അടി  പിടി കൂടി പോലീസ് പിടിച്ചു കൊണ്ടുപോയത് എനിക്ക് അറിയില്ലാന്നാ നിങ്ങള് വിചാരിക്കുണത്''.

''അതൊക്കെ അന്തകാലത്ത്, ഇപ്പൊ ഞാന്‍ സാധനം കയ്യോണ്ട് തൊടാറില്ല''.

''പിന്നെങ്ങന്യാ. പൈപ്പ് വെച്ച് വലിച്ചുകുടിക്ക്യാണോ''.

''അല്ലാടാ ചെക്കാ. മുമ്പ് കഴിച്ചിരുന്നു. മൊതലാളി വന്നശേഷം ഞാന്‍ കള്ളും റാക്കും ഒന്നും കുടിക്കാറില്ല''.

''അതെന്തിനാ നിങ്ങള് അയാളെ പേടിക്കുണത്. പണ്യെടുത്ത് കിട്ടുണ കാശു കൊടുത്ത് നിങ്ങള് കുടിക്കുണൂ. അതില് മുതലാളിക്ക് എന്താ കാര്യം''.

''മൂപ്പര് എന്നെ ഒന്നുംപറഞ്ഞിട്ടല്ല. എന്നാലും എപ്പഴെങ്കിലും മുതലാളി ഈ വിവരം അറിഞ്ഞാല്‍ മോശാണ്''.

''ഈ രാത്രിനേരത്ത് നിങ്ങള് എന്താ ചെയ്യുണ് എന്ന് നോക്കാന്‍ മുതലാളി വര്വോ. നിങ്ങക്ക് വേണ്ടെങ്കില്‍ വേണ്ടാ, ഞാന്‍ ലേശം അടിക്കും''. ഡ്രൈവര്‍ ഡോര്‍തുറന്ന് പുറത്തിറങ്ങി''നിങ്ങടെ കയ്യില്‍ കാശില്ലാഞ്ഞിട്ടാണെങ്കില്‍ അത് പറയിന്‍. ഞാന്‍ വാങ്ങിത്തരാം''. 

അത് തന്നെ അപമാനിക്കാന്‍ പറഞ്ഞതായി ചാമിക്ക് തോന്നി. ബെല്‍ട്ടിലെ പേഴ്സില്‍നിന്ന് അവന്‍ നോട്ടുകള്‍ വാരിയെടുത്തു.

''എടാ കുട്ടിചെക്കാ, നീ എന്നെ അങ്ങിനെ താഴ്ത്തിക്കെട്ടണ്ടാ. കാശും പണൂം ഒക്കെ ഞാനും കുറെ കണ്ടിട്ടുണ്ട്. നടക്കെടാ ഷാപ്പിലിക്ക്. ഇന്നത്തെ ചെലവ് എന്‍റെ വക''.

''അങ്ങിനെ ആണുങ്ങളെപോലെ പറയിന്‍''. പയ്യന്‍ ചാമിയുടെ കൈപിടിച്ചു കുലുക്കി. ഗ്ലാസ്സുകള്‍ പലതവണ നിറയുകയും ഒഴിയുകയും ചെയ്തു.

''ചാമ്യേട്ടാ, ഇനി ഞാന്‍ കുടിച്ചാല്‍ ശര്യാവില്ല. വണ്ടി ഓട്ടണ്ടതാണ്''  ഡ്രൈവര്‍ എഴുന്നേല്‍ക്കാനൊരുങ്ങി.

''നീയൊക്കെ ഇത്രക്കേ ഉള്ളു. നിനക്കൊന്നും  കെല്‍പ്പില്ല''ചാമി പിന്നേയും കുറെ അകത്താക്കി, മാത്രമല്ല ഇറങ്ങാന്‍നേരം ഒരുകുപ്പി വാങ്ങി കയ്യില്‍ കരുതുകയുംചെയ്തു.

ഡ്രൈവര്‍ തന്നെ ചെറുതാക്കി സംസാരിച്ചതിന്‍റെ ദേഷ്യം ചാമി വഴിനീളെ കാണിച്ചു. കാറിനകത്തുനിന്ന് ഭരണിപ്പാട്ടിനെ തോല്‍പ്പിക്കുന്ന വാക്കുകള്‍ ഉയര്‍ന്നു. സഹികെട്ട ഡ്രൈവര്‍ വണ്ടിനിര്‍ത്തി.

''ചാമ്യേട്ടാ, വണ്ടിക്ക് എന്തോ തകരാറ് തോന്നുണു. ഒന്ന് ഇറങ്ങി പിന്നിന്ന് തള്ളിന്‍''അവന്‍ പറഞ്ഞു.

''നീയും നിന്‍റൊരു വണ്ടീം''എന്നുപറഞ്ഞ് ചാമി പുറത്തിറങ്ങി. അടുത്ത നിമിഷം അയാളെ ഇരുട്ടത്ത് തനിച്ചാക്കി കാര്‍ കുതിച്ചുപാഞ്ഞു.

''.......മോനേ. നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്''എന്നുപറഞ്ഞ് കുപ്പിയിലുള്ളത് അകത്താക്കി ചാമി ആടിയാടി നടന്നു,

**************************************
.
വണ്ടിതട്ടി ചാമി റോഡരുകില്‍ കിടക്കുന്നു എന്ന വാര്‍ത്ത അറിഞ്ഞതും കല്യാണി ഉറക്കെകരഞ്ഞ് ബഹളംകൂട്ടി. കാലത്ത് പേപ്പറ്കാരന്‍ ചെക്കന്‍ ചായകടയില്‍ ചെന്നുപറഞ്ഞ വിവരമാണ്. കൊല്ലന്‍റെ ആലടെ തൊട്ടുള്ള വളവിലാണ് കിടക്കുന്നത്. നേരം വെളുത്തിട്ട് ഏറെയായിട്ടില്ല. വേലപ്പന്‍ കന്നിനെ കഴുകാന്‍ പുഴയിലേക്ക് ചെന്നതേയുള്ളു. വേലപ്പനെ വിളിക്കാന്‍ ആരോ ഒരാള്‍ ഓടി.

''നിങ്ങള് കളപ്പുരേല് ചെന്ന് മൊതലാളിടടുത്ത് വിവരം പറയിന്‍''  കല്യാണി കരച്ചിലിനിടയില്‍ അത്രയും പറഞ്ഞൊപ്പിച്ചു. വേണു തലേന്ന് പെങ്ങളുടെ വീട്ടിലേക്ക് പോയതൊന്നും അവള്‍ അറിഞ്ഞിരുന്നില്ല. അതു കേട്ടതും വേറൊരാള്‍ കളപ്പുരയിലേക്ക് തിരിച്ചു. 

എഴുത്തശ്ശന്‍ കളപ്പുരമുറ്റത്ത് വളര്‍ന്നുവരുന്ന പുല്ല് വലിക്കുകയാണ്. അപ്പോഴാണ് ഒരാള്‍ മുതലാളിയെ അന്വേഷിച്ചെത്തുന്നത്.

''എന്താ കാര്യം''എഴുത്തശ്ശന്‍ ചോദിച്ചു.

''ചാമ്യേട്ടന്‍ വണ്ടിമുട്ടി പാതേല് കിടക്ക്വാണത്രേ''. എഴുത്തശ്ശന്‍ തലയില്‍ കൈവെച്ചു.

ആഹാരം വാങ്ങീട്ട്എത്താമെന്നും പറഞ്ഞ് ഇന്നലെ രാത്രി വേണുവിന്‍റെ ഒപ്പം പോയവനാണ്. എന്നാലും കാറില്‍ കയറിപോയ അവന്‍ എങ്ങിനെ വണ്ടിമുട്ടി റോഡില്കിടക്കും.

''എങ്ങനീണ്ടെന്നാ കേട്ടത്''.

''കഴിഞ്ഞൂന്നും കഴിഞ്ഞില്യാന്നും പറയുണുണ്ട്. അല്ലെങ്കിലും ലോറി തട്ടീട്ട് ആരെങ്കിലും പെഴക്ക്യോ''. 

ആഗതന്‍റെകൂടെ കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ ചാമിയുടെ വീട്ടിലേക്ക് ചെന്നു. അയല്‍പക്കത്തെ പെണ്ണുങ്ങള്‍ കല്യാണിക്കൊപ്പം ഉറക്കെ കരയുകയാണ്. വേലപ്പന്‍ ബോധംകെട്ട് കിടപ്പാണ്.

''ഇവിടെ ഈ കരച്ചില് കണ്ടുനിന്നിട്ട് എന്താ കാര്യം. നമുക്കൊന്ന് സ്ഥലത്ത് പോയിനോക്കാം''എഴുത്തശ്ശന്‍ പടിയിറങ്ങി. നല്ല മനസ്ഥിതീള്ള ചെക്കന്‍.  കുറച്ചായിട്ട് അവന്‍ ഒരു തെമ്മാടിത്തരത്തിന്നും പോവാറില്ല. നന്നാവാന്‍ തുടങ്ങ്യേപ്പോഴേക്കും മുകളില്‍നിന്ന് വിളിച്ചു. മനസ്സില്‍ ചാമിയെക്കുറിച്ച് ഓര്‍ത്തുകൊണ്ട് അയാള്‍ നടന്നു. വരമ്പുകയറി റോഡിലെത്താറായപ്പോള്‍ ആരൊക്കേയോ തിരിച്ചുവരുന്നതു കണ്ടു. ദേഹം ആസ്പത്രീലിക്ക് കൊണ്ടുപോയിട്ടുണ്ടാവുമോ?

''എന്തായി'' സൈക്കിളില്‍ വന്നവനോട് എഴുത്തശ്ശന്‍ ചോദിച്ചു.

''എന്താവാന്‍. എണീറ്റിരുന്ന് ചായ കുടിക്കുണുണ്ട്''.

''ആരെടെ കാര്യാ നീ പറയുണത്. ചാമിടെ കാര്യോല്ലേ''.

''തെന്നെ തെന്നെ''.

''അപ്പൊ വണ്ടി മുട്ടീന്ന് പറഞ്ഞിട്ട്''.

''വണ്ടി മുട്ട്യേതൊന്ന്വോല്ലാ. കുടിച്ച് പിപ്പിര്യായിട്ട് പാതേല് വീണതാ. നെറ്റീലൊരു മുറീണ്ട്. കുറച്ച് കഴിയുമ്പഴേക്കും ആള് വീട്ടിലെത്തും''.

വല്ലാത്ത മനുഷ്യര്. ''ഉ''എന്ന് കേള്‍ക്കുമ്പോഴേക്കും ഉപ്പ് ഉപ്പിലിട്ടത് എന്നു പറഞ്ഞുണ്ടാക്കും. കേട്ടോര് കേട്ടോര് അവരോരുക്ക് ബോധിച്ച മട്ടിലൊക്കെ പറഞ്ഞുണ്ടാക്കുന്ന രീതി നാട്ടിന്‍പുറത്ത് പതിവാണ്. എന്നാലും ജീവനോടെ ഇരിക്കുന്നവന്‍ ചത്തൂന്ന് പറഞ്ഞുണ്ടാക്ക്വേ. 

മിണ്ടാതിരിക്കുന്നേടത്ത് ഇളവെയിലുംകൊണ്ട് നടക്കേണ്ടിവന്നത് മാത്രം ലാഭം. ഇതിനൊക്കെ കാരണം അവന്‍ ഒറ്റ ആളാണ്. കുരുത്തം കെട്ടോന്‍. തരംകിട്ട്യേപ്പൊ ശരിക്കുള്ളശീലം കാണിച്ചു. അതെങ്ങന്യാ. നായിന്‍റെ വാല് പന്തീരാണ്ടുകൊല്ലം കൊഴലിന്‍റെ അകത്ത് ഇട്ടാലും ഊരുമ്പോള്‍ പഴയപടി വളഞ്ഞിട്ടന്നേ ഉണ്ടാവൂ എന്ന് മനസ്സില്‍ പറഞ്ഞ് അയാള്‍ തിരിഞ്ഞുനടന്നു.

Comments