അദ്ധ്യായം 81-90
അദ്ധ്യായം - 81 .
ഒരു ഡപ്പി നിറയെ മൂക്കുപ്പൊടി വാങ്ങി ഒരുനുള്ളെടുത്ത് വലിച്ച് രാജന്‍ മേനോന്‍ റോഡിലേക്കിറങ്ങി. ഇടയ്ക്ക് പൊടിവലിക്കണം. എങ്കിലേ ഒരു ഉന്മേഷം കിട്ടു. വാച്ചില്‍ നോക്കി. സമയം ഒമ്പതര മണി കഴിഞ്ഞു. വേഗം അമ്പലത്തിലെത്തണം. വൃശ്ചികം ഒന്നിന്ന് പുനഃ പ്രതിഷ്ഠ നടക്കുകയാണ്. അതിന്നുമുമ്പ് നൂറുകൂട്ടംകാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. കമ്മിറ്റിക്കാര്‍ എത്തി കഴിഞ്ഞിട്ടുണ്ടാവും. മേനോന്‍ നടപ്പിന്ന് വേഗതകൂട്ടി. പഞ്ചായത്ത് പാതയില്‍നിന്ന് വെള്ളപ്പാറകടവിലേക്കുള്ള ഇടവഴി തുടങ്ങുന്ന ഭാഗത്ത് എത്തിയതേയുള്ളു പുറകില്‍ ബുള്ളറ്റിന്‍റെ ശബ്ദംകേട്ടു. മേനോന്‍ തിരിഞ്ഞു നോക്കുമ്പോള്‍ രാധാകൃഷ്ണന്‍.
''ഞാന്‍ അങ്കിളിനെ അന്വേഷിച്ച് ഇറങ്ങ്യേതാണ്''അവന്‍ പറഞ്ഞു.
''എന്താ കുട്ടാ വിശേഷിച്ച്''മേനോന്‍ ചോദിച്ചു.
''എങ്ങിന്യാ പറയണ്ടതേന്ന് എനിക്കറിയില്ല''അവന്‍ പറഞ്ഞു'' എന്‍റെ അച്ഛന് നല്ല സുഖമില്ല''.
''എന്താ അസുഖം. പനീണ്ടോ''.
''ഒന്നും തോന്നരുത് അങ്കിള്‍. അച്ഛന് ശരീരത്തിന്നല്ല, മനസ്സിനാണ് തകരാറ്''.
''മനസ്സിനോ? എന്നിട്ട് ഡോക്ടറെ കാണിച്ചില്ലേ''.
''ഇല്ല. എനിക്കൊരു സംശയം തോന്നുണതാണ്. ഇതൊക്കെ ആരോടെങ്കിലും പറയാനൊക്ക്വോ. എന്താ വേണ്ടതേന്ന് അങ്കിളിനോട് ചോദിക്കാന്‍വന്നതാ'' രാധാകൃഷ്ണന്‍ കാര്യങ്ങള്‍ വിവരിച്ചു ''മുത്തശ്ശനെ തനിച്ചാക്കി വീടുവിട്ട് ഇറങ്ങ്യേ മുതല്‍ക്ക് അച്ഛന്‍റെ മുഖത്തൊരു തെളിച്ചം കണ്ടിട്ടില്ല. തിരിച്ച് വീട്ടിലെത്ത്യേശേഷം മൂപ്പര് ആരോടും വര്‍ത്തമാനൂല്യാ. എപ്പഴങ്കിലും മില്ലിലൊന്ന് തലകാട്ടി തിരിച്ചുപോരും. സദാസമയൂം ഒറ്റയ്ക്കൊരു റൂമില്‍ എന്തെങ്കിലും ആലോചിച്ച് ഇരിക്കുണതുകാണാം. വല്ലതും ചോദിച്ചാല്‍ ഒന്നൂല്യാന്ന് ഒറ്റവാക്കിലൊരു മറുപടി പറയും. ആദ്യം ഞാനും അതത്ര കാര്യാക്കീല്ല. എന്നാ ഇപ്പൊ എന്തെങ്കിലും ചെയ്തേ പറ്റു എന്ന മട്ടായി''.
''പ്രകടമായ തകരാറ് വല്ലതും കാണുണുണ്ടോ''.
''ഉവ്വ്. ഇടയ്ക്ക് കയ്യും കലാശൂം കാട്ടി ആരോടോ സംസാരിക്കുണത് കാണാം. അച്ഛന്‍ ആരോടാ സംസാരിക്കുണത് എന്ന് ചോദിച്ചാല്‍ പിന്നെ കുറെനേരം മിണ്ടില്ല. അതുകഴിഞ്ഞാല്‍ വീണ്ടും പഴേപോലെ തുടങ്ങും''.
''അതിന്‍റെ അര്‍ത്ഥം അല്‍പ്പംചില തകരാറുണ്ട് എന്നാണ്. ഇതല്ലാതെ വേറെ ഒന്നും കാണാനില്ലല്ലോ''.
''ഇന്ന് കുടിക്കാന്‍ കൊടുത്ത ചായ ബെഡ്ഡില്‍ ഒഴിച്ചുവെച്ചിരിക്കുണു. എന്താ കാട്ട്യേത് എന്ന് അമ്മ ചോദിച്ചപ്പോള്‍ കാറ്റ് തട്ടി തണുക്കാന്‍ ചെയ്തതാണെന്ന് പറഞ്ഞു''.
''കുട്ടാ. എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കണം. ഒട്ടും മടി പാടില്ല''.
''അങ്കിള്‍ ഒരു ഉപകാരം ചെയ്യണം. അച്ഛനെ ഡോക്ടറെ കാണിക്കാന്‍ ഒന്ന് എന്‍റെകൂടെ വരണം''.
''എനിക്ക് വരാന്‍ ഒട്ടും വിരോധൂല്യാ. എന്നാലും നിങ്ങള്‍ക്ക് വേണ്ടപ്പെട്ട ആരേങ്കിലും വിളിക്കണ്ടേ''.
''വേണ്ടപ്പെട്ടവര് എന്ന് പറയാന്‍ എന്‍റെ അമ്മാമന്മാരേ ഉള്ളു. അവര് തീരെ വേണ്ടാ. നല്ലകാലത്തന്നെ അവറ്റ്യേള്‍ക്ക് അച്ഛനെ പുച്ഛാണ്''.
''പെങ്ങളെ അറിയിച്ചോ''.
''ഇല്ല. വല്ല മരുന്നും കഴിച്ച് പെട്ടെന്ന് രോഗം മാറ്യാലും ഈ സൂക്കട് വന്നൂ എന്നറിഞ്ഞാല്‍ പിന്നീട് ആ രീതീലേ അവളടെ ഭര്‍ത്താവിന്‍റെ വീട്ടുകാര് അച്ഛനെ കാണൂ''.
''അമ്മ എന്താ പറയുണത്''.
''ആദ്യോക്കെ അച്ഛന്‍ വെറുതെ കാട്ടികൂട്ട്വാണെന്ന് പറഞ്ഞിരുന്നു. ഇപ്പൊ മുത്തശ്ശന്‍ മന്ത്രവാദം ചെയ്തിട്ടാ രോഗം വന്നത് എന്നായി. മേലാല്‍ ഇത് മാതിരി എന്തെങ്കിലും പറഞ്ഞാല്‍ ആട്ടിവെളീലാക്കുംന്ന് ഞാന്‍ അമ്മേനെ ഭീഷണിപ്പെടുത്തീരിക്ക്യാ''.
''അച്ഛന്‍റെ കൂട്ടുകാര്''.
''അച്ഛന്‍റെ ഉറ്റസുഹൃത്ത് സുകുമാരന്‍റെ അച്ഛനാണ്. പിന്നെ കിട്ടുണ്ണിമാഷും പക്ഷെ തല്‍ക്കാലം അവര്യോന്നും ഈ കാര്യം അറിയിക്കണ്ടാന്നാ ഞാന്‍ വിചാരിക്കുണത്. അവരത് നാട്ടില് കൊട്ടിപ്പാടി നടന്നിട്ട് മാനക്കേടാവണ്ട. പരിചയപ്പെട്ട അന്നുമുതല്‍ അങ്കിളിനെ നല്ലത് മാത്രം പറഞ്ഞുതരുണ ഒരു രക്ഷിതാവ് എന്ന മട്ടിലാ ഞാന്‍ കാണുണത്. അങ്കിള്‍കൂടെ വരുണതാണ് എനിക്കിഷ്ടം''.
''ശരി. ഞാന്‍ വരാം. എപ്പഴാ നമുക്ക് പോവണ്ടത്''.
''ഇന്ന് വൈകുന്നേരത്തേക്ക് ഡോക്ടറെ ഞാന്‍ ബുക്ക് ചെയ്യാം. അങ്കിള്‍ മൂന്ന് മണിയാവുമ്പഴേക്കും വീട്ടിലെത്ത്യാല്‍ മതി''. രാജന്‍ മേനോന്‍ സമ്മതിച്ചു. രാധാകൃഷ്ണന്‍ തിരിച്ചുപോയി.
അമ്പലത്തിലേക്ക് പോവുമ്പോള്‍ ഈ കാര്യം മാത്രമായിരുന്നു മേനോന്‍റെ മനസ്സില്‍. തന്‍റെ സങ്കടങ്ങള്‍ തുറന്നുപറയാന്‍ വേലായുധന്‍കുട്ടിക്ക് ആരും ഇല്ലാതായി. അതുകൊണ്ട് കടുത്ത കുറ്റബോധം അയാള്‍ മനസ്സില്‍ ഒതുക്കി സൂക്ഷിച്ചു. ഒടുവില്‍ അത് വിഷാദരോഗത്തിലേക്ക് എത്തിച്ചിരിക്കുന്നു. കുപ്പന്‍കുട്ടി എഴുത്തശ്ശനോട് വസ്തുതകളെല്ലാം പറഞ്ഞ് ഇരുകൂട്ടരേയും രമ്യതയില്‍ എത്തിക്കണമെന്ന മോഹം മനസ്സിലുദിച്ചു.
മാധവിയുടെ മനോഭാവത്തെക്കുറിച്ച് രാധാകൃഷ്ണന്‍ പറഞ്ഞകാര്യവും അതോടൊപ്പം ഓര്‍മ്മയിലെത്തി. പ്രശ്നംപരിഹരിക്കാന്‍ ശ്രമിച്ച് കൂടുതല്‍ സങ്കീര്‍ണ്ണമായാലോ എന്ന സംശയമുണ്ട്. എന്തു ചെയ്യണമെന്നറിയാതെ അയാള്‍ ധര്‍മ്മസങ്കടത്തിലായി.
വെള്ളപ്പാറകടവ് കടന്ന് മേനോന്‍ പുഴയിലിറങ്ങി. തണുത്ത വെള്ളത്തില്‍ കയ്യും കാലും മുഖവും കഴുകി. പടിഞ്ഞാറോട്ട് തിരിഞ്ഞുനിന്ന്''അയ്യപ്പാ, ഭഗവാനേ, നല്ലത് വരുത്തണേ''എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
**********************************
വേലായുധന്‍കുട്ടിയെ ഡോക്ടറെ കാണിച്ചുവന്നശേഷം രാജന്‍മേനോന് വല്ലാത്തൊരു വെപ്രാളം. എത്രയും പെട്ടെന്ന് കുപ്പന്‍കുട്ടി എഴുത്തശ്ശനെ മകന്‍റെ രോഗവിവരം അറിയിക്കണം. എങ്ങിനെ കാര്യം പറയണമെന്ന് നിശ്ചയംപോരാ. എഴുത്തശ്ശന്‍റെ പ്രതികരണം ഏതുവിധത്തിലാവുമെന്ന് അറിയില്ലല്ലോ. പിറ്റേദിവസം അമ്പലത്തില്‍വെച്ച് കണ്ടപ്പോള്‍ പറയാന്‍ ഒരുങ്ങിയതാണ്. പിന്നേയും വേണ്ടെന്ന് വെച്ചു. ഉച്ചയ്ക്ക് കളപ്പുരയില്‍ ആഹാരം കഴിഞ്ഞിരിക്കുമ്പോള്‍ അയാള്‍ വിഷയം അവതരിപ്പിക്കുക തന്നെചെയ്തു. എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് എഴുത്തശ്ശന്‍ നിര്‍വികാരനായി ഇരിക്കുകയാണ് ഉണ്ടായത്.
''എന്താ അമ്മാമ ഒന്നും പറയാത്തത്''അയാള്‍ ചോദിച്ചു.
''എന്താ ഞാന്‍ പറയണ്ടത്. ഒക്കെ ഒരുയോഗാണ് എന്ന് കൂട്ട്യാമതി''.
''അതൊന്ന്വോല്ല''നാണുനായര്‍ പറഞ്ഞു''അവന്‍ നിങ്ങളെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. ആ മനോപ്രാക്ക് വെറുതെ ആവില്ല. അതിനുള്ള ശിക്ഷ്യാണ് ഈ കിട്ട്യേത്''.
''മിണ്ടാണ്ടിരിക്കിന്‍''എഴുത്തശ്ശന്‍ ചൊടിച്ചു''കോഴി ചവിട്ടീട്ട് അതിന്‍റെ കുട്ട്യേള് ചത്തൂന്ന് കേട്ടിട്ടുണ്ടോ. അതുപോലെ തന്ന്യാണ് ഇതും. മക്കള് കേടുവന്ന് കാണണംന്ന് ഒരു തന്തീം തള്ളീം വിചാരിക്കില്ല. പിണങ്ങി വേറെപോയാലും മക്കള് നന്നായി കഴിയണേന്നേ കരുതു. മരംമറഞ്ഞ് നിന്നിട്ടെങ്കിലും ഒരുനോക്ക് കാണാലോ''.
''എന്നാ പിന്നെ നിങ്ങക്ക് അവനെ ചെന്ന് കണ്ടൂടെ''.
''ഞാന്‍ പറഞ്ഞല്ലോ. എനിക്ക് അവനെപറ്റി നല്ലതും ചീത്തീം ഒന്നും മനസ്സിലില്ല. നമ്മടെ അല്ലാന്ന് മനസ്സിലായപ്പൊ വിട്ടൊഴിഞ്ഞു. ഇനി കൂടിചേരാനൊന്നും പോണില്ല''.
''അമ്മാമേ, പേരക്കുട്ടിക്ക് അമ്മാമേ കാണണം എന്നുണ്ട്. കുറെയായി എന്നോടത് പറയുന്നു. ചെയ്ത തെറ്റില്‍ അവന് ദുഃഖമുണ്ട്''മേനോന്‍ പറഞ്ഞു. അതിന്നും മൌനമായിരുന്നു മറുപടി.
''വൃശ്ചികം ഒന്നാംതിയ്യതി മലയ്ക്ക് മാലയിടാന്‍ അവന്‍ അമ്പലത്തില്‍ വരും. അപ്പൊ ഞാന്‍ കൂട്ടിക്കൊണ്ടുവരട്ടെ''.
''എന്തിനാ വെറുതെ കതിരില്‍ വളൂടുണത്. അവനെ ഒന്ന് എടുക്കാനും ഓമനിക്കാനും കൊതിച്ചിട്ടുണ്ട്. അന്നവനെ തൊടാന്‍ സമ്മതിച്ചിട്ടില്ല. മുതിര്‍ന്നപ്പൊ ശത്രൂനെ മാതിര്യാണ് അവന്‍ എന്നെ കണ്ടത്. ഇനി ഈ ജീവിതം എത്ര നാളത്തെ ബാക്കീണ്ട് എന്നറിയില്ല. ചാവാന്‍ കാലത്ത് സ്നേഹിച്ച് പാശൂണ്ടാക്കി പിരിഞ്ഞുപോവാന്‍ നേരത്ത് ഒരുവിഷമം ഉണ്ടാക്കണോ. ഇപ്പഴത്തെ മാതിരി കഴിഞ്ഞാ പോരെ''.
''അങ്ങിനെ പറഞ്ഞാ പറ്റില്ല. കുറച്ചൊക്കെ വിട്ടുവീഴ്ച ചെയ്യണം'' എന്ന് എല്ലാവരും നിര്‍ബന്ധിച്ചതോടെ എഴുത്തശ്ശന്‍ ചെറുതായൊന്ന് അയഞ്ഞു.
''വേണച്ചാല്‍ നിങ്ങള് കൂട്ടിക്കൊണ്ട് പോന്നോളിന്‍. ഒരാള് കാണണംന്ന് പറയുമ്പോ പറ്റില്ലാന്ന് പറയാന്‍ പാടില്ല. പക്ഷെ ഒരുകാര്യം പറയാം. ഞാനിനി ആ വീട്ടിലേക്ക് തിരിച്ച് പോവില്ല. മരിച്ചാല്‍ നിങ്ങളൊക്കെകൂടി ശവം കയത്തംപള്ളേല്‍ കുഴിച്ചിട്ടോളിന്‍. അതുവരെ അവരടെ ഒരുതുള്ളി വെള്ളോ ഒരുവറ്റ് ചോറോ കഴിക്കാന്‍ ഇടവരുത്തരുത്''. അത്രയെങ്കിലും ആയല്ലോ എന്ന സന്തോഷം മറ്റുള്ളവര്‍ക്ക് തോന്നി.
അദ്ധ്യായം 82.
''നാളെ പുലര്‍ച്ചെ എനിക്ക് എറണാകുളംവരെ ഒന്ന് പോവാനുണ്ട്'' അത്താഴം കഴിഞ്ഞശേഷം ഉമ്മറത്തിരിക്കുമ്പോള്‍ കിട്ടുണ്ണി പറഞ്ഞു.
'അപ്പൊ ഉച്ചയ്ക്ക് ഉണ്ണാനുണ്ടാവില്ലേ''രാധ ചോദിച്ചു.
''സന്ധ്യ ആവുമ്പഴക്കെ എത്തൂ''.
''അതു നന്നായി. നാളെ ശനിയാഴ്ച അയ്യപ്പന്‍റെ ആഴ്ച്ച്യാണ്. എനിക്ക് രാവിലെ അയ്യപ്പന്‍കാവില്‍ ചെന്ന് തൊഴണം. അടുത്തമാസം ഒന്നാം തിയ്യതി മുതല്‍ക്ക് പ്രതിഷ്ഠ ചടങ്ങുകളാണത്രേ. അപ്പൊ തിരക്കാവും. നിങ്ങള് പോണൂച്ചാല്‍ ചോറ് വെക്കുണ പണി ഇത്തിരി വൈകീട്ട് ചെയ്താലും മത്യേല്ലോ''.
''എവിടേക്ക് പോണൂന്നാ താന്‍ പറഞ്ഞത്''.
''അയ്യപ്പന്‍ കാവിലിക്ക്''.
''പോണ്ടാ''കിട്ടുണ്ണിയുടെ മറുപടി പെട്ടെന്നായിരുന്നു.
''അതെന്താ പോയാല്''.
''എനിക്ക് ഇഷ്ട്വോല്ല. അതന്നേ''.
''നിങ്ങക്ക് ഇഷ്ടം ഇല്ലാച്ചാല്‍ നിങ്ങള് പോണ്ടാ. എനിക്ക് എന്തായാലും ഒന്നു തൊഴുകണം''.
''ഞാന്‍ സമ്മതിക്കില്ല. പോവാന്‍ പാടില്ല''.
''ഓപ്പോളുടെ മകന്‍റെ നിശ്ചയത്തിന്ന് പോണ്ടാന്ന് പറഞ്ഞു. ഞാന്‍ പോയില്ല. ഇത് ഈശ്വരകാര്യാണ്. എനിക്ക് പോണം. പോയേ പറ്റൂ''.
''പാടില്യാന്നല്ലേ പറഞ്ഞത്''.
''ഇക്കണ്ടകാലം മുഴുവന്‍ നിങ്ങള് പറഞ്ഞത് ഞാന്‍ അനുസരിച്ചിട്ടേള്ളു. എന്‍റെ മനസ്സില് എന്താന്ന് നിങ്ങള് ഇന്നേവരെ നോക്കീട്ടില്ല''.
''ഇനീള്ള കാലത്തും അതുപോലെതന്നെ മതി''.
''അതു പറ്റില്ല. എനിക്കും ചില മോഹങ്ങളൊക്കീണ്ട്. ഞാന്‍ കൂട്ടിലിട്ട കിളി ഒന്ന്വല്ല''.
''ആണിന്‍റെകൂടെ കഴിയുമ്പോ അങ്ങിനെ കഴിയണ്ടി വരും''.
''ഈ കാര്യത്തില്‍ നിങ്ങളെന്നെ നിര്‍ബന്ധിക്കണ്ടാ. അവിടെ ചെന്നുതൊഴുത് നീരാഞ്ജനം കഴിപ്പിക്കാന്ന് ഞാന്‍ നേര്‍ന്നതാണ്''.
''വഴിപാടിന്‍റെ പണം ആരുടേങ്കിലും കയ്യില്‍ കൊടുത്തയച്ചോളൂ. ഞാന്‍ വിരോധം പറയില്ല. പക്ഷെ ഞാന്‍ ചെല്ലാത്ത ദിക്കിലേക്ക് ചെല്ലരുത്''.
''ഞാന്‍ പറഞ്ഞല്ലോ, തലപോയാലും ശരി ഞാന്‍ പോവും''.
''എങ്കില്‍ പിന്നെ ഇവിടെ എന്‍റെ കൂടെ കഴിയാന്ന് കരുതണ്ടാ''.
''എനിക്കങ്ങിനെ ഇവിടെ കഴിയണം എന്നൊട്ടു നിര്‍ബന്ധൂം ഇല്ല''. രാധ എഴുന്നേറ്റ് അകത്തേക്കുപോയി.
*****************************************
കിട്ടുണ്ണിയുടെ വാക്കുകള്‍ക്ക് ഒരുവിലയും കല്‍പ്പിക്കാതെ പിറ്റേന്ന് രാധ അയ്യപ്പന്‍കാവിലേക്ക് ചെല്ലുകതന്നെ ചെയ്തു. എറണാകുളത്തേക്ക് യാത്ര പുറപ്പെടുമ്പോഴും പോകരുതെന്ന് കിട്ടുണ്ണി പ്രത്യേകം പറഞ്ഞിരുന്നതാണ്. എനിക്ക് തോന്നുമ്പോലെ ചെയ്യുമെന്ന് അപ്പോള്‍ത്തന്നെ രാധ പറഞ്ഞിരുന്നു. ശനിയാഴ്ചയായതിനാല്‍ അമ്പലത്തില്‍ കുറച്ചേറെ ആളുകളുണ്ട്. പുതിയ ശാന്തിക്കാരന്‍ വന്നശേഷം നാട്ടില്‍ അമ്പലത്തെക്കുറിച്ച് നല്ല അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഉണ്ടാക്കുന്ന നിവേദ്യങ്ങള്‍ക്ക് നല്ല സ്വാദ്. ദീപാരാധനയും പുഷ്പാഞ്ജലിയും മന്ത്രോച്ചാരണവും എല്ലാം നന്നായിചെയ്യുന്നു. അതു കാരണം വഴിപാടുകളും വരുമാനവും കൂടിയിട്ടുണ്ട്. കമ്മിറ്റിക്കാരില്‍ ആരെങ്കിലും ക്ഷേത്രത്തിന്‍റെമുമ്പില്‍ വഴിപാട് രശീതിയാക്കാന്‍ ഇരിക്കും.
രാധ അമ്പലത്തില്‍ചെന്ന ഉടനെ നീരാഞ്ജനത്തിന്നും പുഷ്പാഞ്ജലിക്കും രശീതാക്കി,അമ്പലത്തിനകത്തു കയറി നടയ്ക്കല്‍ രശീതികള്‍ വെച്ചശേഷം കണ്ണടച്ചു പ്രാര്‍ത്ഥിച്ചു. എല്ലാം ഉണ്ടെങ്കിലും ഒന്നുമില്ലാത്ത അവസ്ഥയാണ് തന്‍റേത്. താന്‍ പറയുന്നത് മാത്രമാണ് ശരി എന്നുകരുതുന്ന ഭര്‍ത്താവ്. ഒരു വാക്ക് സ്നേഹത്തോടെ പറയാറില്ല. എപ്പോഴും കുറ്റപ്പെടുത്തല്‍ അല്ലാതെ . മറ്റൊന്നും കേള്‍ക്കാറില്ല. മൂന്ന് പ്രസവിച്ചെങ്കിലും മനസ്സിലുള്ള സങ്കടങ്ങള്‍ പറയാന്‍ ഒരു മകനെ ദൈവം തന്നില്ല. മൂന്നും പെണ്‍കുട്ടികള്‍. രണ്ടുപേര്‍ വിവാഹിതരായി ഭര്‍ത്താക്കന്മാരോടൊപ്പം കഴിയുന്നു. മൂന്നാമത്തെയാള്‍ കണ്ണെത്താത്ത നാട്ടിലും. അവളെകൂടി ഒരുത്തനെ ഏല്‍പ്പിച്ചശേഷം ജീവിതം അവസാനിപ്പിക്കാനും മടിയില്ല. അതുവരെ പിടിച്ചുനില്‍ക്കാന്‍ പറ്റുമോ എന്നാണ് ഇപ്പോഴത്തെ സംശയം. ദിവസം ചെല്ലുംതോറും ഭര്‍ത്താവിന്‍റെ പെരുമാറ്റം തീരെ സഹിക്കാന്‍ പറ്റാത്ത വിധത്തിലായിരിക്കുന്നു. ഇളയ മകള്‍ ഡോക്ടറായതോടെ തുടങ്ങിയ അഹങ്കാരമാണ്. അമേരിക്കയിലേക്ക് അവള്‍ ചെന്നതോടെ നിലത്തൊന്നുമല്ല ആളടെ നടപ്പ്. നേടിയതെല്ലാം സ്വന്തം കഴിവുകൊണ്ടാണെന്ന് പറഞ്ഞോട്ടെ. അതിന് ഒരു വിരോധവും പറയില്ല. പക്ഷെ തൊട്ടതിനും പിടിച്ചതിനും കുറ്റം കാണാന്‍ നിന്നാലോ. തിരുവായ്ക്ക് എതിര്‍ വായില്ല എന്ന നിലപാട് സഹിച്ചു മടുത്തു. രാധയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
''ഇതാ പ്രസാദം''ശാന്തിക്കാരന്‍റെ വാക്കുകള്‍കേട്ടതും രാധ പരിസരബോധം വീണ്ടെടുത്തു. ദക്ഷിണ തൃപ്പടിയില്‍വെച്ച് പ്രസാദംവാങ്ങി. തൊഴുതശേഷം പുറത്തേക്കിറങ്ങുമ്പോള്‍ രാധ ചുറ്റുപാടും ഒന്നുനോക്കി. വേണ്വോട്ടന്‍ അമ്പലത്തില്‍ വന്നിട്ടുണ്ടാവുമോ. കണ്ടാല്‍ കുറെ സങ്കടങ്ങള്‍ ഏട്ടനോട് പറയാമായിരുന്നു. മൂപ്പര്‍ക്ക് ഒന്നും ചെയ്യാനാവില്ല. ആരു പറഞ്ഞാലും കേള്‍ക്കാത്ത വകയാണ് കൃഷ്ണനുണ്ണിയേട്ടന്‍. എങ്കിലും ആരോടെങ്കിലും സങ്കടങ്ങള്‍ പറഞ്ഞാല്‍ മനസ്സിലെ ഭാരം അല്‍പ്പം കുറയും. വേണുവേട്ടനെ അമ്പലപരിസരത്തൊന്നും കാണാനില്ല. നിരാശയോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. കടവിന്നടുത്ത് എത്തിയപ്പോള്‍ പുറകില്‍നിന്നും രാധേ എന്ന വിളികേട്ടു. തിരിഞ്ഞുനോക്കുമ്പോള്‍ വേണ്വോട്ടന്‍ പുറകെ നെല്ലിച്ചുവട്ടില്‍ എത്തിയിരിക്കുന്നു.
''ഇന്നെന്താ പതിവില്ലാതെ അമ്പലത്തിലിക്ക് പോന്നത്'' വേണു ചോദിച്ചു.
''വരണംന്ന് വിചാരിക്കാന്‍ തുടങ്ങീട്ട് കുറച്ചായി. ഇന്നേ പറ്റ്യേത്''.
''അതു നന്നായി. ആട്ടെ കിട്ടുണ്ണി എവിടെ''.
''എറണാകുളത്തേക്ക് പോണൂന്ന് പറഞ്ഞ് പുലര്‍ച്ചെ പോയതാ. സന്ധ്യക്കേ മടങ്ങിവരൂ''.
''ഞാന്‍ ഇവിടേക്ക് വന്നശേഷം ഇതുവരെ കിട്ടുണ്ണി അമ്പലത്തിലേക്ക് വന്ന് കണ്ടിട്ടേയില്ല''. എങ്ങിനെ തുടങ്ങണം എന്നറിയാതെ വിഷമിക്കുമ്പോള്‍ ഒരു പിടിവള്ളി കിട്ടിയതുപോലെ രാധയ്ക്ക് തോന്നി.
''മനുഷ്യനായാല്‍ ഇത്തിരി എളിമ വേണം. ഈശ്വരനേക്കാളും മീത്യാണ് ഞാന്‍ എന്ന് കരുതുന്നോര്‍ക്ക് അമ്പലത്തില് വരണ്ട കാര്യൂണ്ടോ''.
''ഏയ്. അതൊന്നും ആവില്ല. അവന് നൂറു കൂട്ടം തിരക്കുണ്ടാവും. അതാ വരാത്തത്''.
''ഏട്ടന് ആളെ അറിയാഞ്ഞിട്ടാണ്. അഹങ്കാരംകൊണ്ട് തട്ടി ഉരുട്ടി ഉണ്ടാക്കി എടുത്ത ആളാ കൃഷ്ണനുണ്ണിയേട്ടന്‍''.
''മനുഷ്യര് ഓരോരുത്തരും ഒരോവിധം സ്വഭാവക്കാരല്ലേ. കുട്ടിക്കാലം മുതലേ ആരേം കൂട്ടാക്കാത്തൊരു പ്രകൃതാണ് അവന്‍റേത്''.
''എന്നാലും ഞാന്‍ പിടിച്ച മുയലിന്ന് മൂന്നുകൊമ്പ് എന്ന രീതി പാടുണ്ടോ. എനിക്ക് മടുത്തു''.
''രാധേന്താ ഇങ്ങിന്യോക്കെ പറയുണത്. നിങ്ങള് ഭാര്യയും ഭര്‍ത്താവും യോജിച്ച് കഴിയണ്ടോരല്ലേ''.
''ഏട്ടാ, ഞാന്‍ ഭൂമി കീറി അറ്റംവരെ താണിട്ടുണ്ട്. എത്രത്തോളം ഞാന്‍ താണാലും അത്രക്കത്രയ്ക്ക് ചവിട്ടി തേക്കലാണ്. ഇങ്ങിനെ പോയാല്‍ ഒന്നുകില്‍ ഞാന്‍ ജീവിതം അവസാനിപ്പിക്കും. അല്ലെങ്കിലോ അയാളെ വെട്ടിക്കൊന്ന് ജയിലില്‍ പോവും''. കിട്ടുണ്ണിയുടെ പെരുമാറ്റത്തിലെ ദോഷങ്ങളും താന്‍ അനുഭവിക്കുന്ന വിഷമങ്ങളും രാധ വിസ്തരിച്ചു പറഞ്ഞു.
''പത്മിനി ഏടത്തിടെ ഭാഗം കയ്യും കാലും പിടിച്ച് കൈക്കലാക്കി. ഏട്ടന്‍ സമ്പാദിച്ചതില് നല്ലൊരുപങ്ക് പലപ്പഴായി പല ആവശ്യങ്ങള്‍ പറഞ്ഞു വാങ്ങി സ്വന്തം പേരില്‍ സമ്പാദ്യാക്കി മാറ്റി. എല്ലാം നേടികഴിഞ്ഞപ്പോള്‍ എന്നെ കഴിഞ്ഞ് ലോകത്ത് ഒരാളില്ല എന്നായി. ഒരു സ്കൂള്‍മാഷ് കൂട്ട്യാല്‍ എന്തൊക്കെ നടത്താന്‍പറ്റും എന്ന് ആര്‍ക്കാ അറിയാത്തത്. മൂന്ന് മക്കളെ വളര്‍ത്തി വലുതാക്കി. രണ്ട് പെണ്‍കുട്ട്യേളെ കല്യാണം കഴിച്ച് അയച്ചു. പിന്നെ ഒരുത്ത്യേ പഠിപ്പിച്ച് ഡോക്ടറാക്കി. ഇതൊക്കെ കഴിഞ്ഞിട്ട് നാട് മുഴുവന്‍ സ്ഥലം വാങ്ങികൂട്ടണെങ്കില്‍ ഒന്നുകില്‍ കള്ളനോട്ട് അടിക്കാന്‍ പോണം. അല്ലെങ്കില്‍ കക്കാന്‍ ഇറങ്ങണം. ഈ രണ്ടുവഴീം അല്ലെങ്കിലോ മറ്റുള്ളോരെ തോല്‍പ്പിച്ച് ഉണ്ടാക്കണം. നിങ്ങള്യോക്കെ പറ്റിച്ച് ആ മൂപ്പര് മിടുക്കനായി''.
''അത് കണക്കാക്കണ്ടാ. ഒന്നൂല്ലെങ്കിലും സ്വന്തം ആള്‍ക്കാരടെ മുതലല്ലേ അവന്‍ എടുത്തിട്ടുള്ളു. എന്നെ തോല്‍പ്പിച്ചു എന്ന് മറ്റുള്ളവരെകൊണ്ട് പറയിപ്പിച്ചില്ലല്ലോ''.
''അതും ഉണ്ട്. സ്കൂളില്‍ ജോലി വാങ്ങി കൊടുക്കാന്ന് പറഞ്ഞ് എത്ര ആളോടാ പണം വാങ്ങീട്ടുള്ളത്. ജോലി കിട്ടാതെ ചിലര്‍ വീട്ടില്‍ വന്ന് വണ്ടും തൊണ്ടും വിളിച്ചു പറയുണത് കേട്ട് എന്‍റെ തൊലി ഉരിഞ്ഞു പോയിട്ടുണ്ട്''.
വേണുവിന്ന് വല്ലാത്ത അസ്വസ്ഥത തോന്നി. അനുജനായി കണക്കാക്കി സ്നേഹിച്ചവനാണ്. അവന്‍റെ ചെയ്തികള്‍ കേട്ട് കുറച്ചില്‍ തോന്നുന്നു. എന്തേ കിട്ടുണ്ണി ഇങ്ങിനെയായത്. തെറ്റായ വഴിയിലൂടെ സമ്പാദിച്ച് കൂട്ടിയിട്ട് എന്താ കാര്യം. മരിച്ചു പോവുമ്പോള്‍ എന്തെങ്കിലും കൂടെ കൊണ്ടു പോവാന്‍ സാധിക്കുമോ.
''ഓപ്പോളുടെ മകന്‍റെ നിശ്ചയത്തിന്ന് പോവില്യാന്ന് പറഞ്ഞ് ഇരുന്നതാ. എന്നിട്ട് ഒടുവില്‍ അവിടെ പോയീന്ന് കേട്ടു''.
''രാധയ്ക്ക് എന്തായിരുന്നു സൂക്കട്. ആസ്പത്രീല്‍ അഡ്മിറ്റായതോണ്ടാ വരാഞ്ഞ് എന്നാണല്ലോ കിട്ടുണ്ണി ആരോടൊ പറഞ്ഞത്''.
''ശുദ്ധ നുണ. എനിക്ക് ഒരു വയ്യായീം ഇല്ല. മൂപ്പര് എന്നെ കല്‍പ്പിച്ചുകൂട്ടി ഒഴിവാക്ക്യേതാണ്''.
''കഴിഞ്ഞത് കഴിഞ്ഞില്ലേ. ഇനി ഇത് ആരോടും പറയണ്ടാ. കുറച്ചുകാലം കഴിയുമ്പൊ ഒക്കെ ശര്യാവും''.
''എനിക്ക് തോന്നുണില്യാ. ഞാന്‍ ചെല്ലാത്ത അമ്പലത്തില് താന്‍ പോവാന്‍ പാടില്ലാന്ന് എന്നോട് പറഞ്ഞിട്ടാ രാവിലെ പോയത്. അത് കേള്‍ക്കാതെ പോയീന്ന് അറിഞ്ഞാല്‍ അതോടെ ഒന്നിച്ചുള്ള ജീവിതം അവസാനിക്കും എന്നും പറഞ്ഞു''.
''അവന്‍ നിന്നെ വെറുതെ മെരട്ടിനോക്ക്യേതാവും. ഈ നിസ്സാരകാര്യത്തിന്ന് നിങ്ങള് വേര്‍പിരിയോന്നൂല്യാ''.
''ഇറങ്ങിപോവാന്‍ പറഞ്ഞാല്‍ ഞാനെന്‍റെ വീട്ടിലിക്ക് പോവും. നിന്‍റെ ഓഹരി വാങ്ങീട്ട് വാ എന്നു പറഞ്ഞതുകേട്ട് ഞാന്‍ വീട്ടിന്ന് വീതം വാങ്ങാഞ്ഞത് നന്നായി. ധൈര്യായി അവിടയ്ക്ക് കയറിചെല്ലാലോ''.
''അതൊക്കെ വേണോ രാധേ. വീട്ടുകാരെ ഈ നാണക്കേട് അറിയിക്കണോ''.
''അവരും അറിയണ്ടതല്ലേ. മൂന്ന് ഏട്ടന്മാര്‍ക്ക് അനുജത്ത്യായിട്ടാണ് ഞാന്‍ ജനിച്ചത്. പഠിപ്പും പത്രാസും ഒന്നും ഇല്ലെങ്കിലും അവര്‍ക്ക് സ്നേഹിക്കാന്‍ അറിയും. എന്നെ അവര് വേദനിപ്പിക്കില്ല. പിന്നെ ഒരു സമാധാനം എന്താണ് എന്നുവെച്ചാല്‍ കൃഷ്ണനുണ്ണിയേട്ടന്‍ പറയുണ മാതിരി നാലാംകാല് പെണ്ണ് വന്നുകേറി ഇരിക്കുണ ഇടം മുടിപ്പിച്ചുന്ന് ആരും എന്നെ കുറ്റംപറയില്ല. ഞാന്‍ വന്നശേഷം അഭിവൃദ്ധ്യേന്നെ ഉണ്ടായിട്ടുള്ളു''.
''രാധ മനസ്സുവിഷമിച്ചുകഴിയണ്ടാ. ഞാന്‍ കിട്ടുണ്ണ്യോട് സംസാരിക്കാം''.
''വേണ്ടാ ഏട്ടാ. ചിലപ്പോ അയാള് ഏട്ടനോട് അപമര്യാദയായി വല്ലതും പറഞ്ഞാലോ''.
''അത് സാരൂല്യാ. നിങ്ങടെ അകല്‍ച്ച ഇല്ലാതാക്കാന്‍ കഴിഞ്ഞാ മതി''.
''യോഗൂണ്ടെങ്കില്‍ പിന്നെ കാണാം''രാധ നടന്നകന്നു. എന്തു വേണമെന്ന് അറിയാതെ വേണു അവിടെതന്നെനിന്നു.
അദ്ധ്യായം 83.
വീട്ടിലെത്തിയ രാധ ആഹാരമൊന്നും ഉണ്ടാക്കാതെ തന്‍റെ വസ്ത്രങ്ങളും മറ്റുസാധനങ്ങളും ബാഗുകളില്‍ ഒതുക്കിവെക്കുകയാണ് ചെയ്തത്. ഇന്ന് രണ്ടാലൊന്ന് തീരുമാനമാക്കണമെന്ന് മനസ്സിലുറപ്പിച്ചു. ഇറങ്ങിപോവാന്‍ പറഞ്ഞാല്‍ പോവും. കാലുപിടിക്കാനൊന്നും നില്‍ക്കില്ല. അഞ്ചുമണിക്ക് മുമ്പേ കിട്ടുണ്ണിയെത്തി.
''അയ്യപ്പന്‍കാവിലിക്ക് പോയോ''വന്നുകയറിയതും അയാള്‍ ചോദിച്ചു.
''പോയി''രാധ മടികൂടാതെ പറഞ്ഞു.
''തന്നോട് പോവരുതേന്ന് പറഞ്ഞതല്ലേ''.
''ഞാന്‍ പോവുംന്ന് അപ്പോഴേ മറുപടി പറഞ്ഞല്ലോ''.
''ഓഹോ, അപ്പൊ എന്നെ ധിക്കരിക്കാറായി. ഇനി ഒരുനിമിഷം ഇവിടെ കഴിയാന്‍ പറ്റില്ല. കടന്ന് പൊയ്ക്കോ എവിടക്കെങ്കിലും''. രാധ മറുപടി പറഞ്ഞില്ല. നേരെ അകത്തേക്കുചെന്നു ബാഗുകളെടുത്ത് ഉമ്മറത്തെത്തി.
''എന്‍റെ വക സാധനങ്ങള്‍ മാത്രേ എടുത്തിട്ടുള്ളു. ബാക്കി അകത്തുണ്ട്. വേണച്ചാല്‍ നോക്കാം''.
''അപ്പൊ താന്‍ പോവാന്‍തന്നെ നിശ്ചയിച്ചു''.
''ഇറങ്ങി പോവാന്‍ പറഞ്ഞതുകേട്ട് കിഴിഞ്ഞ് കാലുപിടിച്ച് നില്‍ക്കാന്‍ ഞാനില്ല''.
''എന്നാലേ താന്‍ കേട്ടോ. പിണക്കംതീര്‍ത്ത് കൂട്ടിക്കൊണ്ട് വരാന്‍ ഞാന്‍ എത്തുംന്ന് കരുതണ്ടാ. എനിക്ക് പ്രായം ആയീന്ന് വിചാരിച്ച് വേറെ പെണ്ണൊന്നും കിട്ടില്ലാന്നും നിരീക്കണ്ടാ. ഇപ്പഴും തന്നേക്കാള്‍ എത്രയോ നല്ല നൂറെണ്ണത്തിനെ എനിക്കു കിട്ടും''. ആ പറഞ്ഞത് രാധയുടെ മനസ്സില്‍ കൊണ്ടു. തന്‍റെ സ്ത്രീത്വത്തെ അപമാനിച്ചത് അവര്‍ക്ക് സഹിക്കാനായില്ല.
''പരമദുഷ്ടാ''അവര്‍ ചീറി ''മുപ്പത്തിരണ്ട് കൊല്ലം കൂടെകഴിഞ്ഞ ഞാന്‍ പടിയിറങ്ങുംമുമ്പ് വേറൊരുത്ത്യേ കൊണ്ടുവരാന്‍ ഒരുങ്ങ്വാണല്ലേ. അവള്‍ക്ക് താലി അന്വേഷിച്ചുനടന്ന് നിങ്ങള് കഷ്ടപ്പെടണ്ടാ. ഇത് കൊണ്ടു പോയി കെട്ടിക്കോളിന്‍''. കഴുത്തിലെ താലിമാല പൊട്ടിച്ച് കിട്ടുണ്ണിയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് രാധ പടവുകളിറങ്ങി.
*******************************************
രാധ പടികടന്ന് പോവുന്നതുംനോക്കി കിട്ടുണ്ണിയിരുന്നു
''പോണൂച്ചാല്‍ പോട്ടെ, പറഞ്ഞത് കേള്‍ക്കാതെ തന്നിഷ്ടം കാണിക്കുണ പെണ്ണിനെ സഹിക്കേണ്ട ഒരാവശ്യൂം എനിക്കില്ല'' അയാള്‍ മനസ്സില്‍ കരുതി. ക്ലോക്കില്‍ മണി ആറടിച്ചു. നേരിയതോതില്‍ വിശപ്പ് തോന്നുന്നുണ്ട്. എല്ലാ ദിവസവും വൈകുന്നേരം ചായയും വല്ല പലഹാരവും കാണും. തിരിച്ചു പോരുമ്പോള്‍ പതിവായി കേറുന്ന ഹോട്ടലിന്ന് മുമ്പില്‍ നിര്‍ത്തണോ എന്ന് ഡ്രൈവര്‍ ചോദിച്ചതാണ്. കൂടെ ഉണ്ടായിരുന്നവര്‍ നിര്‍ബന്ധിച്ചിട്ടും രാധ പറഞ്ഞതനുസരിക്കാതെ അമ്പലത്തിലേക്ക് പോയോ എന്നറിയാനുള്ള ആകാംക്ഷയില്‍ ''ഇപ്പൊ വേണ്ടാ'' എന്നു പറഞ്ഞ് ഒഴിവാക്കി. എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു. പാത്രങ്ങള്‍ കഴുകിവെച്ചിട്ടുണ്ട്. ഇന്ന് വെപ്പും തീനും ഒന്നും ഉണ്ടായിട്ടില്ല കൂടെ വന്നവരെ വീട്ടിലെത്തിച്ച് വണ്ടി വര്‍ക്ക്‌ഷോപ്പിലെത്തിക്കാന്‍ പറഞ്ഞതിനാല്‍ ഡ്രൈവറും ഇന്നിനി വരില്ല. അത്താഴപ്പട്ടിണി കിടക്കാന്‍ വയ്യ. കിട്ടുണ്ണിയുടെ മനസ്സില്‍ കോപം തിളച്ചുമറിഞ്ഞു. ഈയിടെയായി രാധയ്ക്ക് തന്‍പോരിമ കൂടിയിട്ടുണ്ട്. ഒപ്പത്തിനൊപ്പം പറഞ്ഞിട്ട് ഇറങ്ങിപ്പോയിരിക്കുന്നു. മേല്‍ക്കൊണ്ട് ആര് നോക്കുമെന്ന് വിചാരിച്ചിട്ടാ അവള്‍ ഇറങ്ങിപോയത്. അല്ലെങ്കിലും ഓന്ത് ഓട്യാല്‍ എവിടംവരെ ചെല്ലും. കൊട്ടത്തറിടെ ചോടുവരെ. അതിനപ്പുറം ചെല്ലില്ലല്ലോ. തറവാടിലേക്ക് ചെന്നിട്ടുണ്ടാവും. അവള്‍ക്കവിടെ തികച്ച് പത്തുദിവസം നില്‍ക്കാന്‍ പറ്റില്ല. കൃഷിയുള്ളതുകൊണ്ട് ചോറിന്നുള്ള വകയുണ്ട്. അതുമാത്രം മതിയോ. ഒരാള്‍ക്ക് കഴിഞ്ഞ് കൂടാന്‍ എന്തെല്ലാം വേണം. ചായക്കടയും കുറിപിരിവും കൃഷിപ്പണിയും ആയിട്ട് കഴിഞ്ഞു കൂടുന്ന ആങ്ങളാര്‍ക്ക് അവരവരുടെ കാര്യം നോക്കാനേ ബുദ്ധിമുട്ടാണ്. പിന്നെയല്ലേ ഭര്‍ത്താവിനോട് പിണങ്ങി വീട്ടില്‍വന്ന പെങ്ങളുടെ കാര്യം. മടങ്ങിവരട്ടെ. കാണിച്ച തോന്ന്യാസത്തിനൊക്കെ ചോദിക്കുന്നുണ്ട്. വന്ന വഴിക്ക് മടക്കി അയക്കണം. ഉമ്മറത്ത് വിളക്ക് കത്തിച്ചുവെച്ചു. അങ്ങാടി വരെ പോണം. ചായക്കടയില്‍നിന്ന് കഴിക്കാന്‍ വല്ലതും വാങ്ങണം. ഒന്നും കിട്ടിയില്ലെങ്കില്‍ നേന്ത്രപ്പഴമായാലുംമതി. വാതില്‍ പൂട്ടിയിട്ട് ടോര്‍ച്ചുമായി ഇറങ്ങി. പാതയിലേക്ക് കയറുമ്പോള്‍ മുമ്പില്‍ ചാമി.
''എന്താ മൂത്താര് മാഷേ, സുഖാണോ''. നാവിന്‍റെ തുമ്പില്‍വന്ന വാക്കുകള്‍ കിട്ടുണ്ണി പറഞ്ഞില്ല.
''ഇങ്ങിനെ പോണൂ''അയാള്‍ പറഞ്ഞു നിര്‍ത്തി.
''എന്തെങ്കിലും കുണ്ടാമണ്ടി ഉണ്ടാക്കണംന്ന് ഇപ്പഴും നിങ്ങടെ മനസ്സില് തോന്നുണുണ്ടോ''. ഇരുട്ടായതിനാല്‍ അവന്‍റെ മുഖത്തെ പുച്ഛം കാണാതെ കഴിഞ്ഞു.
''എനിക്ക് കുറച്ചു ധൃതിയുണ്ട്''അയാള്‍ വേഗത്തില്‍ നടന്നു.
*********************************
പടിഞ്ഞാറെമുറിയില്‍ തട്ടിലേക്കുംനോക്കി രാധ മലര്‍ന്നുകിടന്നു. കണ്ണില്‍ കുത്തിയാല്‍ കണ്ണടയാത്തമട്ടില്‍ ഉറക്കം പരിഭവിച്ച് മാറിനില്‍ക്കുകയാണ്. വലിയ സ്വത്തും സമ്പാദ്യവും ഇല്ലാത്ത കാലത്താണ് കൃഷ്ണനുണ്ണിയേട്ടന്‍ തന്‍റെ ജീവിതത്തില്‍ പടര്‍ന്നുകയറിയത്. ഇന്നുവരെ അകന്ന് കഴിഞ്ഞിട്ടില്ല. ഒടുവില്‍ അതും വേണ്ടിവന്നു. രാധ വിതുമ്പി. തളത്തില്‍നിന്നും വലിയേട്ടന്‍ ഉറക്കെ ചുമയ്ക്കുന്നതു കേട്ടു. സന്ധ്യമയങ്ങുന്ന നേരത്താണ് ബസ്സിറങ്ങി വീട്ടിലെത്തിയത്. പടികടന്ന് ചെല്ലുമ്പോള്‍ കന്നുകാലികള്‍ക്ക് കൊടുക്കാന്‍ വല്യേട്ടന്‍ കുണ്ടയില്‍നിന്ന് വൈക്കോല്‍ വാരുകയായിരുന്നു.
''എന്താണ്ടി അമ്മാ ഈ നേരത്ത്. കൃഷ്ണനുണ്ണിമാഷ് എവിടെ' കണ്ടതും ഏട്ടന്‍ അടുത്ത് വന്നു. അതോടെ പിടിച്ചുനിര്‍ത്തിയ സങ്കടം ഉതിര്‍ന്നു വീണു. ഏട്ടന്‍ വല്ലാതെ പരിഭ്രമിച്ചിട്ടുണ്ടാവും.
''ചന്ദ്രികേ വേഗം ഇങ്കിട്ട് വാ''വലിയേട്ടന്‍ വലിയ ഏടത്തിയമ്മയെ വിളിച്ചു. അവരോടൊപ്പം മറ്റുരണ്ട് ഏടത്തിയമ്മമാരും എത്തി. ആരു ചോദിച്ചതിനും മറുപടി പറയാന്‍ കഴിഞ്ഞില്ല. തേങ്ങല്‍ വാക്കുകളെ വിഴുങ്ങി. ഏറെ വൈകിയാണ് വിവരങ്ങള്‍ പറഞ്ഞത്.
''ഇത്രേള്ളു. സാരൂല്യാ. നീ സമാധാനമായിട്ട് ഇരിക്ക്. നിനക്കിവിടെ ഞങ്ങളൊക്കീല്ലേ''വലിയേട്ടന്‍റെ വാക്കുകള്‍ ആശ്വാസം പകര്‍ന്നുതന്നു ഇരുട്ടായശേഷമാണ് രണ്ടാമത്തെ ഏട്ടനും ചെറിയേട്ടനും വീടെത്തിയത്. ഉമ്മറത്ത് മൂന്നുപേരുംകൂടി സംസാരിക്കുന്നതു കേട്ടു.
''ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല. നാളെ രാവിലെ ഞാന്‍ ചെന്ന് അയാളോട് ചോദിക്കുണുണ്ട്. വലിയ ആളാണെന്ന ഭാവം എന്നോട് കാട്ട്യാല്‍ എന്താ ചെയ്യണ്ട് എന്ന് എനിക്കറിയാം''ചെറിയേട്ടന്‍റെ വാക്കുകളില്‍ തീ പാറി. ചെറിയേട്ടന്ന് പന്ത്രണ്ട് വയസ്സായപ്പോള്‍ ജനിച്ച അനുജത്തിയെ എല്ലാരും ഓമനിച്ചിരുന്നു. കാലംതെറ്റി പൊട്ടി മുളച്ചതാണെന്ന് തന്നെപറ്റി പറഞ്ഞ അയല്‍പക്കത്തെ തലതെറിച്ച ചെക്കനെ ചെറിയേട്ടന്‍ തല്ലിചതച്ചുവിട്ടത് ഇന്നും ഓര്‍മ്മയുണ്ട്.
''അതൊന്നും പാടില്ല. നാളെ അന്യോന്യം കാണണ്ടി വരുമ്പോള്‍ മുഖം തിരിച്ച് നടക്കാനുള്ള പണി ചെയ്യരുത്''വലിയേട്ടന്‍ എതിരുപറഞ്ഞു.
''നമ്മള് മൂന്നാളുക്കുംകൂടി അവളൊരു പെങ്ങളല്ലേ ഉള്ളു. അവളെ നമ്മള് പൊന്നുപോലെ നോക്കും''വലിയേട്ടന്‍റെ വാക്കുകള്‍ നല്‍കിയ സന്തോഷം കുറച്ചൊന്നുമല്ല. കുട്ടിക്കാലം മുതല്‍ക്കേ എല്ലാവരെക്കാളും സ്നേഹം വലിയേട്ടന്ന് ഉണ്ടായിരുന്നു.
''എന്നെ കല്യാണം കഴിച്ച് കൊണ്ടു വരുമ്പോള്‍ മോള് ആറിലോ ഏഴിലോ പഠിക്ക്യാണ്. ഞാനാണ് മുടി കെട്ടിതരാറ്. കുട്ട്യോട് അന്നുള്ള സ്നേഹം ഇന്നും ഉണ്ട്ട്ടോ''വലിയ ഏടത്തിയമ്മ ആശസിപ്പിച്ചതങ്ങിനെയാണ്.
''ഒട്ടും വിഷമിക്കണ്ടാ. ഞങ്ങള്‍ മൂന്ന് ഏടത്തിയമ്മമാരും കുട്ടിടെകൂടെ എന്തിനും ഒപ്പൂണ്ടാവും''മറ്റുള്ളവരും പറഞ്ഞു. ഉണു കഴിക്കുമ്പോഴും ഏടത്തിയമ്മമാര്‍ സന്ത്വനിപ്പിച്ചു. എന്നാലും ഇനിയുള്ള കാലം അവരെ ആശ്രയിച്ച് കഴിയണമല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു നീറ്റല്‍. ഈ കാര്യം മക്കളറിഞ്ഞാല്‍ എന്താണാവോ ഉണ്ടാവുക. ചിലപ്പൊ തിരിച്ച് വീട്ടിലേക്ക് ചെല്ലാന്‍ പറയും. വേറൊരുപെണ്ണിനെ കിട്ടും എന്നുപറഞ്ഞ ആളെ ഇനി വേണോ. ആ ചോദ്യത്തിന്ന് ഉത്തരം കിട്ടാതെ രാധ വലഞ്ഞു.
അദ്ധ്യായം 84.
''എന്താണ്ടാ, നിനക്ക് ഞങ്ങളെ വേണ്ടാണ്ടായോ''വേലപ്പന്‍റെ വാക്കുകളില്‍ പരിഭവം കലര്‍ന്നിരുന്നു''കള്ള് കുടിച്ച് പിത്തന ഉണ്ടാക്കി മുമ്പ് മനുഷ്യന് തൊയിരം തരാറില്ല. ഇപ്പൊ അതൊക്കെ നിര്‍ത്തി മര്യാദയ്ക്ക് നടക്കാന്‍ തൊടങ്ങ്യേപ്പൊ ഞങ്ങളെ മറക്കുംചെയ്തു''. രണ്ടുപേരും തമ്മില്‍ കണ്ടിട്ട് കുറെ ദിവസങ്ങളായി. കന്നുകാലികളെ വാങ്ങലും വില്‍ക്കലുമായി പകല്‍ മുഴുവന്‍ വേലപ്പന്‍ അലച്ചിലായിരിക്കും. വല്ലപ്പോഴുമാണ് പകല്‍നേരത്ത് വീട്ടില്‍ കാണുക. അപ്പോഴൊന്നും ചാമി അങ്ങോട്ട് വരാറുമില്ല. രാവിലെ ചാമി വാഴത്തോട്ടത്തില്‍ എത്തുമെന്ന് അറിയാവുന്നതിനാല്‍ വേലപ്പന്‍ ആ സമയം നോക്കി അവിടെ ചെന്നതാണ്.
''നീയെന്താ ഇങ്ങിനെ പറയുണ്. നീയും എന്‍റെ ലക്ഷ്മിക്കുട്ടീം അല്ലാണ്ടെ ഈ ഭൂമീല് എനിക്കാരാ ഉള്ളത്''.
''എന്നിട്ടാണോ വീട്ടില് കാലെടുത്ത് കുത്താത്തത്. വല്യേപ്പന്‍ ചായയ്ക്കും കൂടി വരുണില്ലാന്ന് കല്യാണി പറഞ്ഞല്ലോ''.
''മൊതലാളീക്ക് എണീറ്റതും കാപ്പി വേണം. അതിന്‍റെകൂടെ കുപ്പ്വോച്ചനും ഞാനും ഓരോന്ന് കുടിക്കും. അതാ ചായയ്ക്ക് വരാത്ത്''.
''എന്നാലും നീ ഇങ്ങിനെ മാറുംന്ന് കരുതീലാ''.
''ഞാന്‍ മാറീട്ടൊന്നും ഇല്ലടാ. ദിവസൂം രാത്രി കെടക്കുമ്പൊ എന്‍റെ മനസ്സില് ലക്ഷ്മിക്കുട്ടിടെ നെനവാ. എനിക്കവളെ നല്ല ഒരുത്തന്‍റെ കയ്യില്‍ പിടിച്ച് ഏല്‍പ്പിക്കണം. പിന്നെ ചത്താലും വേണ്ടില്ല''.
ആ പറഞ്ഞത് വേലപ്പന്‍റെ മനസ്സില്‍ കൊണ്ടു. തന്നെക്കാള്‍ തന്‍റെ മകളെ സ്നേഹിക്കുന്നത് അവനാണ്. കള്ളുകുടിച്ച് അടിപിടിയും ആയി നടന്ന കാലത്തും അവള് പറഞ്ഞത് മീതി അവന്‍ നടന്നിട്ടില്ല.
''എന്തിനാ നീ തൊടീല് വാഴവെക്കാന്‍ പോയേ. നല്ലോണം നോട്ടംവേണ്ട എടവാടല്ലേ ഇത്. മുട്ടുകൊടുക്കാന്‍ മൊള എത്രവേണംന്നാ വിചാരം''.
''മന്ദത്തമ്മ സഹായിച്ച് വാഴ നന്നായി ഉണ്ടായാല് വരുണ ഓണക്കാലത്ത് കൈ നിറയെ കാശുവരും. അത് മുഴുവന്‍ എന്‍റെ ലക്ഷ്മിക്കുട്ടിക്ക് പണ്ടം വാങ്ങാനാണ്. കുപ്പ്വോച്ചന്‍റെ വണ്ടിപ്പെരേലും മൊതലാളിടെ സ്ഥലത്തും ഇഷ്ടംപോലെ മൊളീണ്ട്. അത് വെട്ടീട്ട് വരാനുള്ള കൂലി വേണം. അത്രേ ചിലവുള്ളു''.
''അതെന്താ അവര്‍ക്ക് മൊളടെ വെല കൊടുക്കണ്ടേ''.
''നല്ലകാര്യം. കുപ്പ്വോച്ചന്‍ എന്നോട് മൊള വെട്ടി എടുത്തോടാ ചാമ്യേന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ മുതലാളി എന്നോട് കണക്ക് പറയുംന്ന് നിനക്ക് തോന്നുണുണ്ടോ. മൂപ്പര് കുറെ പണം കയ്യില്‍ തരും. അതോണ്ട്ഞങ്ങളടെ ചിലവൊക്കെ ഞാന്‍ ചെയ്യും. പണം തീരുമ്പൊ പറഞ്ഞാ മതി, മുതലാളി പിന്നീം കാശ് തരും. അല്ലാണ്ടെ ഇന്നേവരെ ഒരു കണക്കും വഴക്കും ആ മൂപ്പര് എന്നോട് ചോദിച്ചിട്ടില്ല''.
''അപ്പൊ നീയ് വല്ലകാശും മക്ക്യാലോ. ആരാ അറിയ്യാ''.
''നിന്‍റെ പുത്തി കടന്നതാണ്. വിശ്വസിച്ച് ഒരാള് ഏല്‍പ്പിച്ചാല്‍ അതിന്ന് ആരെങ്കിലും കയ്യിട്ട് വാര്വോടാ''.
''അതൊക്കെ പണ്ട് കാലത്ത്. ഇന്ന് അന്യന്‍റെ മുതല് എങ്ങനെ അമുക്കണം എന്നാ ആളുകളുടെ നോട്ടം''.
''ആര് വേണച്ചാലും അങ്ങിനെ ചെയ്തോട്ടെ. ഞാന്‍ ചെയ്യില്ല''.
''നീ തന്നെ ഇമ്മാതിരി ഒരു സത്യവാസി ഉണ്ടാവൂ''.
''രാമന്‍നായര്‍ക്ക് കൂലി കൊടുക്കുണതിന്ന് പറ്റിക്കണ പരിപാടീണ്ട്. മുതലാളി വന്നിട്ടും ഇവിടുന്ന് പോണവരെ ആ നായരന്ന്യാ കൂലി കൊടുക്കാറ്''.
''നിന്‍റെ മുതലാളിക്ക് അതൊക്കെ നോക്കിനടത്തിക്കൂടേ''.
''മുതലാളി എപ്പൊ നോക്ക്യാലും പുസ്തകം വായിച്ച് ഇരിക്കണതാ കാണാറ്. കൃഷീന്ന് എന്ത് കിട്ടുംന്നോ എന്ത് ചിലവ് വരുംന്നോ ഒന്നും നോക്കാറില്ല''.
''കെട്ട്യോളും കുട്ട്യേളും ഒന്നും ഇല്ലല്ലോ. എന്തിനാ സമ്പാദിച്ച് കൂട്ടുണത് എന്ന് വിചാരിച്ചിട്ടാവും''.
''അതൊന്നും എനിക്കറിയില്ല. നല്ല സ്നേഹൂള്ള ആളാണ്. ഒരാളെപ്പറ്റി കുറ്റം പറയുണത് ഇന്നേവരെ ഞാന്‍ കേട്ടിട്ടില്ല. അതേ എനിക്കറിയൂ''.
''അതോണ്ടാ നിനക്ക് മൂപ്പരെ ഇത്ര ഇഷ്ടം''.
പണി നിര്‍ത്തി ചാമി ബീഡിക്ക് തീക്കൊളുത്തി. വേലപ്പന്‍ വാഴകളുടെ ചുവട്ടിലൂടെനടന്ന് അവയുടെ വളര്‍ച്ച പരിശോദിച്ചു. ചാമി പറഞ്ഞത് ശരിയാണ്. ഓണത്തിന്ന് കായ വെട്ടാനായാല്‍ പറഞ്ഞ കാശാണ് കിട്ട്വാ. ചാമി പറഞ്ഞപോലെ ആണെങ്കില്‍ ഇത്രയേറെ സ്നേഹമുള്ള മുതലാളി ആവശ്യം വരുമ്പോള്‍ ചാമിയെ സഹായിക്കുമോ എന്നൊരു തോന്നല്‍ വേലപ്പനുണ്ടായി.
''നോക്ക്''വേലപ്പന്‍ ചാമിയെ വിളിച്ചു''വേണ്ടിവന്നാല്‍ നമ്മടെ കുട്ടിടെ കല്യാണത്തിന്ന് നിന്‍റെ മുതലാളി വല്ലതും തന്ന് സഹയിക്ക്വോ''.
''ഉറപ്പായിട്ടും ചെയ്യും''ചാമി പറഞ്ഞു''പക്ഷെ ഞാന്‍ ചോദിക്കില്ല''.
''അതെന്താ''.
''അങ്ങിനെ ചെയ്താല് എനിക്ക് മുതലാള്യോടുള്ള സ്നേഹത്തിന് അര്‍ത്ഥം ഇല്ലാണ്ടാവും. എന്തെങ്കിലും കിട്ടണംന്ന് വെച്ചിട്ടല്ല ഞാന്‍ മൂപ്പരെ സ്നേഹിക്കുണത്. പരിചയപ്പെട്ട അന്ന് മുതല്‍ എന്നെപ്പോലുള്ള തെകഞ്ഞ തെമ്മാട്യേ സ്വന്തം ആളെപോലെ കണക്കാക്കി വരുണുണ്ട്. അത് എനിക്ക് കാണാണ്ടിരിക്കാന്‍ പറ്റില്ല''.
''അങ്ങിന്യാച്ചാല്‍ നീ മുതലാളിക്ക് വേണ്ടി എന്തും ചെയ്യോ''.
''വേണച്ചാല്‍ മരിക്കാനും മടികാട്ടില്ല. മുതലാളി എന്‍റെ ദൈവാണ്''.
വേലപ്പന്‍ ഒന്നുമൂളി. വെറുതെയല്ല ചാമിയുടെ സ്വഭാവത്തില്‍ ഈ മാറ്റം വന്നത് എന്ന് വേലപ്പനോര്‍ത്തു. തോട്ടത്തില്‍നിന്ന് അവര്‍ പുറത്തിറങ്ങി. ചാമി ഇല്ലിപ്പടി കെട്ടിവെച്ചു. വേലപ്പന്‍ വീട്ടിലേക്ക് പോവാനൊരുങ്ങി.
''നില്ലെടാ. ഞാനും വരുണുണ്ട്. എന്‍റെ ലക്ഷ്മിക്കുട്ടിടെ കയ്യിന്ന് ഒരു ചായ വാങ്ങി കുടിക്കണം''. വേലപ്പന്‍റെ പുറകെ ചാമി നടന്നു.
***********************
''മുതലാളി ഒരു കാര്യം അറിഞ്ഞോ''അങ്ങാടിയില്‍ പോയി വന്ന ചാമി വേണുവിനോട് ചോദിച്ചു.
''എന്താ ചാമി വിശേഷിച്ച്''.
''നമ്മടെ മൂത്താര് മാഷടെ കെട്ട്യോള് പിണങ്ങിപോയീന്ന് കേട്ടു''.
''എന്താടാ കാരണം''എഴുത്തശ്ശനാണ് വിവരം അന്വേഷിച്ചത്.
''അയമ്മ അമ്പലത്തില്‍ വന്നതിന്ന് ഇറങ്ങിപോവാന്‍ പറഞ്ഞൂത്രേ, കെട്ടും ഭാണ്ഡവും എടുത്ത് എറങ്ങുമ്പൊ നീ പോയാല്‍ നല്ല ചന്തൂള്ള പെണ്ണിനെ കെട്ടുംന്ന് അയാള്‍ പറഞ്ഞൂന്നോ, അത് കേട്ട് കെട്ട്യേതാലി പൊട്ടിച്ച് അവര് മൊഖത്ത് വലിച്ചെറിഞ്ഞ് പോയീന്നോ ഒക്കെ കേട്ടു''.
''അന്തസ്സായി ആ ചെയ്തത്. അവന്‍റെ ധിക്കാരത്തിന്ന് ഇനി ചെലതൊക്കെ കൂടി കിട്ടാനുണ്ട്''. വേണുവിന്ന് വിഷമം തോന്നി. രാധ തനി പാവമാണ്. കഴിഞ്ഞദിവസം അവള്‍ കുറെയേറെ സങ്കടംപറഞ്ഞിരുന്നു. കിട്ടുണ്ണിയെ ഉപദേശിക്കാഞ്ഞത് തെറ്റായി.
''അവനോട് ഞാനൊന്ന് സംസാരിച്ച് നോക്ക്യാലോ അമ്മാമേ''.
''നീ മിണ്ടാണ്ടിരുന്നോ. ഇവിടെ ചൂലുംകെട്ട് കിടക്കുണുണ്ട്. ഇതില് തല കൊടുക്കാന്‍ ചെന്നാല്‍ നിന്നെ ഞാന്‍ അതോണ്ട് പൊതിരെ തല്ലും''. അതു കേട്ട് ചാമി പൊട്ടിച്ചിരിച്ചു.
അദ്ധ്യായം - 85.
രാവിലെ കളപ്പുരയില്‍നിന്ന് വീട്ടിലേക്ക് പോയ ചാമി ഉച്ചയായിട്ടും തിരിച്ചെത്തിയില്ല. പ്രാതല്‍ നാണുനായരാണ് കൊണ്ടുവന്നത്.
''വല്യേപ്പന്‍ പറഞ്ഞിട്ട് വന്നതാണെന്നും പറഞ്ഞ് ഇതൊക്കെ ഇങ്കിട്ട് വാങ്ങീട്ട് വരാന്‍ ആ പെണ്‍കുട്ടി വന്നിരുന്നു. കുട്ട്യേ, നീ പൊയ്ക്കോ, ഞാന്‍ കൊണ്ടുക്കൊടുത്തോളാംന്ന് ഞാനും പറഞ്ഞു''ഭക്ഷണവുമായി എത്തിയ നാണുനായര്‍ പറഞ്ഞു.
''എവിടക്കാ അവന്‍ പോയത്''എഴുത്തശ്ശന്‍ ചോദിച്ചു.
''ഹാ, എനിക്കറിയില്ല''.
''തനിക്ക് ആ പെണ്‍കുട്ട്യോട് ചോയ്ക്കായിരുന്നില്ലേ''.
''ഞാന്‍ അതൊന്നും ചോദിച്ചില്ല''.
''അല്ലെങ്കിലും വേണ്ടകാര്യത്തിന്ന് നിങ്ങക്ക് പുത്തി ഉണ്ടാവില്ലല്ലോ''.
ആഹാരം കഴിക്കുന്ന കാര്യത്തില്‍ ഈയിടെയായി എഴുത്തശ്ശന്‍ വലിയ കണിശക്കാരനാണ്. സമയത്തിന്ന് ഭക്ഷണം കിട്ടണം. അല്ലെങ്കില്‍ ദേഷ്യം വരും. ചാമിക്കുള്ളത് മാറ്റിവെച്ച് വേണുവും എഴുത്തശ്ശനും ആഹാരം കഴിച്ചു. പാടത്തും പണിസ്ഥലത്തും ചുറ്റിവരുമ്പോഴേക്കും സമയമായി. ചാമി എന്നിട്ടും എത്തിയില്ല.
''ഇവനിത് എവിടെപോയി കിടക്ക്വാ. ചോറ് കൊണ്ടുവരണ്ടേ''.
''ഞാന്‍ പോയി കൊണ്ടുവരണോ''നാണുനായര്‍ ചോദിച്ചു.
''വേണ്ടാ. ഇത്തിരീംകൂടി കഴിഞ്ഞിട്ട് നമുക്ക് എല്ലാര്‍ക്കുംകൂടി അവിടെ ചെന്ന് കഴിച്ചു പോരാം''.
''എന്നാ അങ്ങനെ. നാളെ മുതല്‍ ഈ ബുദ്ധിമുട്ടില്ലല്ലോ. താമസം ഇവിടെ ആവില്ലേ''. പിറ്റേന്ന് നാണുനായരും മകളും പുതിയ വീട്ടിലേക്ക് താമസം മാറുകയാണ്. അതിന്നുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. ചാമി എത്തിയിട്ടു വേണം സാധനങ്ങള്‍ പുതിയ വീട്ടിലേക്ക് കടത്താന്‍. ചാമി വൈകുന്നതില്‍ നാണുനായര്‍ക്ക് വേവലാതിയുണ്ട്. ഭക്ഷണത്തിന്ന് പുറപ്പെടുംമുമ്പ് ചാമി ചോറുമായെത്തി.
''നീ എവിടെ പോയി കിടക്ക്വായിരുന്നു''.
''പാലക്കാട്ടേക്ക് പൊയി''.
''എന്താടാ വിശേഷിച്ച്''.
''വേലപ്പന് ഇന്നലെ ഏക്കത്തിന്‍റെ ദെണ്ണം കൂടിന്ന് കല്യാണി വന്നു പറഞ്ഞു. വലിക്കുണ വലി കണ്ടാല്‍ പേട്യാവും. ഞാന്‍ മരുന്ന് വാങ്ങാന്‍ പോയതാ. ബസ്സ്റ്റാന്‍ഡിന്‍റെ വടക്ക് ഭാഗത്തെ കടേലേ ആ മരുന്ന് കിട്ടൂ''.
''അത് ഞങ്ങള്‍ക്കറിയില്ലല്ലോ. അത് കഴിച്ചാല്‍ ഭേദാവ്വോ''.
''എന്ത് ഭേദം. മഞ്ഞ് തുടങ്ങുംമുമ്പ് സൂക്കടെത്തി. ഇനി വേനല് ആവും വരെ തൊയിരക്കേടന്നെ''. ചാമി മൂന്നു വാഴയിലകള്‍ മുറിച്ചുവന്നു. മേനോനും നാണുനായര്‍ക്കും വേണുവിന്നും ഇല വേണം. ചാമിക്കും എഴുത്തശ്ശനും കിണ്ണം മതി.
''ആ മൊട്ടച്ചി അമ്മ്യാര് ബസ്സ്റ്റാന്‍ഡില്‍ പിച്ചതെണ്ടി നടക്കുണ് കണ്ടു'' ഉണ്ണാനിരുന്നപ്പോള്‍ ചാമി പറഞ്ഞു''എന്നെ കണ്ടതും ആ മൂപ്പത്ത്യാര് എന്‍റടുത്ത് വന്നു. നാളെ ഇങ്കിട്ട് വരുംന്ന് പറയും ചെയ്തു''.
''അവര് താമസിക്കാന്‍ വരുണതാണോ''.
''അതൊന്നും പറഞ്ഞില്ല. ചിലപ്പൊ അതിനന്നെ ആയിരിക്കും''.
''നായരെ, ഞങ്ങളടൊപ്പം ഒരാളുംകൂടി ഇവിടെ പാര്‍ക്കാന്‍ വരുണുണ്ട്'' എഴുത്തശ്ശന്‍ പറഞ്ഞു ''ഒരു പാവം അമ്മ്യാര്. അതിന് നാഥനായിട്ടാരും ഇല്ല''.
''മേലാലിക്ക് പൊല്ലാപ്പാവ്വോ''നാണുനായര്‍ ഉത്ക്കണ്ഠ പ്രകടിപ്പിച്ചു.
''എനിക്കും ആ സംശയൂണ്ടായിരുന്നു. അവരടെ സങ്കടം കണ്ടപ്പൊ നമ്മടെ വേണൂന്‍റെ മനസ്സിടിഞ്ഞു. ഒരു അഗത്യല്ലേ, അയമ്മ ഇവിടെ നമ്മടെകൂടെ കഴിഞ്ഞോട്ടേന്ന് ഞാനും കരുതി''.
******************************
പിറ്റേദിവസം നാണുനായരും മകളും പുതിയ വീട്ടിലേക്ക് താമസം മാറി. സൂര്യന്‍ ഉദിക്കുമ്പോഴേക്കും അച്ഛനും മകളും വീട്ടിലെത്തി പാലു കാച്ചി. പതിവായി ഉണ്ടാവാറുള്ള വേണു, എഴുത്തശ്ശന്‍, രാജന്‍ മേനോന്‍, ചാമി എന്നിവരെ കൂടാതെ മക്കുരാവുത്തരും ഉച്ചയ്ക്ക് ഉണ്ണാന്‍ ഉണ്ടായിരുന്നു.
''ആ അമ്മ്യാര് വരുംന്ന് പറഞ്ഞിട്ട് കണ്ടില്ലല്ലോടാ ചാമ്യേ''ഉച്ചയൂണ് കഴിഞ്ഞ് മുറ്റത്തിരിക്കുമ്പോള്‍ എഴുത്തശ്ശന്‍ ചോദിച്ചു.
''ആ തള്ള എങ്കിടേങ്കിലും പിച്ചയ്ക്ക് പോയിട്ടുണ്ടാവും''ചാമി പറഞ്ഞു.
''തെണ്ടി തിരിഞ്ഞ് നടന്ന് തിന്നു പഠിച്ചാലേ പിന്നെ ആ അമ്മ്യാര് ഒരിടത്ത് അടങ്ങീരിക്കില്ല''നാണുനായര്‍ പറഞ്ഞു''അത് ഓര്‍മ്മവേണം''.
''ആ കാര്യം വിടിന്‍. അയമ്മ വരുണൂച്ചാല്‍ വരട്ടെ. ഇല്ലെങ്കില്‍ വേണ്ടാ. വേറെ എന്തെങ്കിലും പറയിന്‍ ''.
''അതേയ്, എലക്ഷന്‍ വര്വേല്ലെ. അതില് ആരാ ജയിക്ക്യാ''നാണുനായര്‍ക്ക് വരാന്‍ പോവുന്ന തിരഞ്ഞെടുപ്പിനെപ്പറ്റി അറിയണം.
''ആര് ജയിച്ചാലും നമുക്കെന്താ. നമ്മള് പണ്യേടുത്താലല്ലേ നമുക്ക് കഞ്ഞി കിട്ടൂ''എഴുത്തശ്ശന്‍ ചോദിച്ചതിനല്ല മറുപടി പറഞ്ഞത്.
''അപ്പൊ നിങ്ങള് വോട്ട് ചെയ്യാന്‍ പോണില്ലേ''
''പോവും. അത് നമ്മടെ ചൊമതല അല്ലേടോ''.
''താമസം ഇങ്കി ട്ട് ആക്ക്യേത് നന്നായി. വോട്ട് ചെയ്യാന്‍ പോവുമ്പൊ ഒരു തൊണ ആയീലോ''.
''അതിനെന്താ വിരോധം. നിങ്ങള് കൂടെ വന്നോളിന്‍''.
''ഒരു കാര്യം ചോദിച്ചാല്‍ അസ്കിത തോന്ന്വോ''.
''എന്താടോ ഇത്ര വല്യേ കാര്യം''.
''നിങ്ങള് ആരക്കാ വോട്ട് കുത്ത്വാ''.
''ആദ്യം നിങ്ങളടെ കാര്യം പറയിന്‍. എന്നിട്ട് ഞാന്‍ പറയാം''.
''എന്‍റെ വോട്ട് കോണ്‍ഗ്രസ്സിനാ. ഗാന്ധീം നെഹറൂം ഒക്കെ ഇത്തിരി കാലം കഷ്ടപ്പെട്ടതല്ലേ''.
''അതൊക്കെ ശര്യാ. പക്ഷെ ഞാന്‍ കമ്മ്യൂണിസ്റ്റ്കാരനാ. പാട്ടകൃഷി നടന്ന് കഷ്ടപ്പെട്ടത് നല്ല ഓര്‍മ്മീണ്ട്. ഈ കാണുണ സ്വത്തൊക്കെ കിട്ടാന്‍ അവരാണ് കാരണം''.
''വേണൂന് വോട്ടില്ല. മേനോനോ''വേണുവിന്‍റെ കാര്യം നാണുനായര്‍ക്ക് അറിയാം .
''എനിക്ക് വോട്ടുണ്ട്. ഞാന്‍ ചെയ്യാറുംഉണ്ട്. അതൊന്നും പാര്‍ട്ടി നോക്കീട്ട് ആവില്ല. അപ്പപ്പഴത്തെ സാഹചര്യം പരിഗണിച്ചാണ് തീരുമാനിക്കാറ്''.
''നീയോടാ ചാമ്യേ''.
''വോട്ട് കുത്തുണദിവസം പാകംപോലെ തൊണക്ക് ആളെ കിട്ട്യാ പോവും. ഒറ്റയ്ക്കാണെങ്കില്‍ ഞാന്‍ പോവില്ല. എനിക്ക് വയ്യാ തോനെനേരം വരീല് നിക്കാന്‍''. ഇലച്ചീന്തുകളില്‍ അമ്പലത്തിലെ പായസവുമായി സരോജിനി കടന്നുവന്നു. ഉണ്ണുമ്പോള്‍ പ്രസാദം വിളമ്പിയാല്‍ അത് എച്ചിലാവും എന്നു കരുതി മാറ്റിവെച്ചതാണ്.
''മോളെ, നീ വോട്ട് ചെയ്യാന്‍ പോണില്ലേ''എഴുത്തശ്ശന്‍ ചോദിച്ചു.
''ഇല്ല''അറത്തുമുറിച്ച മട്ടില്‍ അവള്‍ പറഞ്ഞു.
''അതെന്താ അങ്ങിനെ''.
''ഓ എന്‍റെ ഒരുവോട്ട് കിട്ടീട്ട് നാട്ടില് ഗോപുരം പണിയാനൊന്നും പോണില്ല''
''എന്നാലും അതല്ല''നാണുനായര്‍ പറഞ്ഞു''വോട്ട് പാഴാക്കാന്‍ പാടില്ല''.
''ജീവിതംതന്നെ പാഴായി. പിന്നല്ലേ ഒരു വോട്ട്''. സരോജിനി അകത്തേക്ക് നടന്നു. ചമ്മട്ടികൊണ്ട് അടികിട്ടിയ മാതിരിയായി എല്ലാവരും.
''ഇത്തിരി നേരം കളപ്പുരേല് ചെന്ന് കിടക്കട്ടെ''എഴുത്തശ്ശന്‍ എഴുന്നേറ്റു, കൂടെ വേണുവും മേനോനും ചാമിയും.
''ആ പെണ്‍കിടാവിന്‍റെ മനസ്സിലെ വിഷമം കൊണ്ടാ അതങ്ങിനെ പറഞ്ഞത്'' നടക്കുന്നതിന്നിടയില്‍ എഴുത്തശ്ശന്‍ പറഞ്ഞു''മര്യാദയ്ക്ക് ഒരു കല്യാണം കഴിഞ്ഞ് കെട്ട്യോനും കുട്ട്യേളും ആയി കഴിയണ്ടതാ. യോഗം ഇല്ലാണ്ടെ പോയി''
കളപ്പുരയുടെ പടി തുറന്നു കിടന്നിരുന്നു. അകത്തു ചെന്നപ്പോള്‍ തിണ്ടില്‍ പാര്‍വതി അമ്മാള്‍ ഇരിക്കുന്നു.
''എപ്പഴാ നിങ്ങള് എത്ത്യേത്''എഴുത്തശ്ശന്‍ ചോദിച്ചു.
''ദാ, വന്നതേള്ളു. ഗ്രാമത്തില് ഇന്നൊരു സദ്യ ഉണ്ടായിരുന്നു. ഒരാളുടെ ശതാഭിഷേകം. അത് കഴിഞ്ഞിട്ടാ എറങ്ങ്യേത്''.
''ഇങ്കിട്ട് താമസം മാറ്റണംന്ന് പറഞ്ഞിട്ട്''.
''സ്വാമി മരിച്ചിട്ട് ഇത്രേല്ലേ ആയിട്ടുള്ളു. ആറുമാസം കഴിയട്ടെ. എന്നിട്ടു മതി എങ്ങോട്ടെങ്കിലും പോവാന്‍ എന്ന് എല്ലാരും പറയുണു. ഇപ്പൊ നാല് മാസം കഴിഞ്ഞിട്ടല്ലേയുള്ളു''.
''എപ്പൊ വേണച്ചാലും വന്നോളിന്‍, ഇവിടെ ആര്‍ക്കും ഒരു വിരോധൂം ഇല്യാ''. പാര്‍വതി അമ്മാള്‍ പഴയപത്രത്തില്‍ പൊതിഞ്ഞ വടിപോലെ ഒരുസാധനം അരികില്‍നിന്ന് എടുത്തു.
''ഇത് തമ്പുരാന് തരാന്‍വേണ്ടി കൊണ്ടുവന്നതാ. സ്വാമി കയ്യില്‍വെച്ചോണ്ട് നടന്ന സാധനാണ്''അവര്‍ അത് വേണുവിന്‍റെ നേര്‍ക്കു നീട്ടി.
''എന്താ സാധനം''എഴുത്തശ്ശന്‍ ചോദിച്ചു.
''കുത്തി നടക്കാനുള്ള വടി''. പാര്‍വ്വതി അമ്മാള്‍ പറഞ്ഞു. എഴുത്തശ്ശന്‍ ഉറക്കെ ചിരിച്ചു.
''അതെന്തിനാ അവന് വടി. അവന്‍ അത്രയ്ക്ക് കെഴവനായോ അതും കുത്തി നടക്കാന്‍''.
''വെറും വടിയല്ല''പാര്‍വതി അമ്മാള്‍ വടിയുടെ തലപ്പില്‍ പിടിച്ച് ഒറ്റവലി. അതിനകത്തുനിന്നും ഒരു വാള്‍ വെളിയിലെത്തി.
''ഇത് വടിവാളാണ്. കുത്തിനടക്കും ചെയ്യാം, വേണച്ചാല്‍ ആയുധൂം ആയി''.
''അതേതായാലും നന്നായി''എഴുത്തശ്ശന്‍ പറഞ്ഞു''ഇനി വയസ്സ് കാലത്ത് നിനക്ക് കളരി പയറ്റ് പഠിക്കണംന്ന് തോന്ന്യാല്‍ ആയുധം ആയല്ലോ''.
''എന്‍റെ മണിസ്വാമിടെ കയ്യില് ചെറുപ്പകാലം മുതല്‍ ഉണ്ടായിരുന്നതാണ്. യോഗ്യനായ ഒരാള്‍ക്കേ കൊടുക്കൂ എന്നും പറഞ്ഞ് എടുത്തു വെച്ചതാ'' അവര്‍ പറഞ്ഞു''ഞാന്‍ സ്നേഹത്തോടെ തരുണതാണ്. രണ്ടുകയ്യും നീട്ടി വാങ്ങിച്ചോളൂ''.
വേണു എഴുന്നേറ്റ് കിഴക്കോട്ടു തിരിഞ്ഞുനിന്ന് അതുവാങ്ങി.
അദ്ധ്യായം - 86.
രാധ പിണങ്ങിപ്പോയി ദിവസം ആറുകഴിഞ്ഞു. ഭാര്യയുടെ അസാന്നിദ്ധ്യം കിട്ടുണ്ണിയുടെ ജീവിതത്തെ കുറേശ്ശയായി ബാധിച്ചുതുടങ്ങി. തൊട്ടതിനും പിടിച്ചതിനുമൊക്കെ ഭാര്യയെ ആശ്രയിച്ചിരുന്നു. അതാണ് ഇല്ലാതായത്. കിടപ്പുമുറിയുടെ ഒരുമൂലയില്‍ നാലുദിവസത്തെ മുഷിഞ്ഞ വസ്ത്രങ്ങള്‍ കിടപ്പുണ്ട്. ഇങ്ങിനെ വസ്ത്രങ്ങള്‍ മുഷിഞ്ഞ് കിടക്കാറില്ല. ദിവസവും രാധ തലേദിവസം ധരിച്ച വസ്ത്രങ്ങള്‍ അലക്കി ഉണക്കാനിടും. ഡ്രൈവര്‍ വന്നാല്‍ ഈ തുണികള്‍ അലക്കുകാരനെ ഏല്‍പ്പിക്കാന്‍ കൊടുക്കണം.
മാവിന്‍റെയില വീണ് മുറ്റം മുഴുവന്‍ കുപ്പകെട്ടി കിടക്കുന്നുണ്ട്. അടിച്ചു വാരി കളയാന്‍ ആളില്ലാത്തതിന്‍റെ ദോഷം. പാടത്ത് പണിക്കു വരുന്ന ഏതെങ്കിലും പെണ്ണിനെ രാവിലെ വന്ന് മുറ്റമടിക്കാന്‍ ഏര്‍പ്പാടാക്കണം. വായിച്ച് പൂമുഖത്തിട്ട പത്രങ്ങള്‍ അവിടവിടെ ചിതറികിടപ്പാണ്. എല്ലാം പെറുക്കിയെടുത്തു. പഴയപത്രങ്ങള്‍ രാധ എവിടെയാണാവോ വെക്കാറ്. തല്‍ക്കാലം അലമാറിയുടെ മുകളില്‍ ഇരിക്കട്ടെ.
ഡ്രൈവര്‍ കാലത്തേക്കുള്ള ആഹാരവുമായി എത്തി. രാധ പോയതിന്ന് ശേഷം അതാണ് പതിവ്. ഉച്ചനേരത്ത് പുറത്ത് എവിടെയെങ്കിലുമാവും. അപ്പോള്‍ ഹോട്ടലില്‍നിന്ന് കഴിക്കും. ഊണുമേശയില്‍ ആഹാരത്തിന്ന് മുമ്പില്‍ ഇരിക്കുമ്പോള്‍ കിട്ടുണ്ണി രാധയെക്കുറിച്ച് ഓര്‍ത്തു. ഇക്കണ്ട ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിവെച്ചിട്ട് പോയിരിക്കുന്നു. അതിന്ന് മാത്രം എന്താണ് ഇവിടെ ഉണ്ടായത്. താന്‍ ചെല്ലാത്ത സ്ഥലത്ത് പോവരുത് എന്ന് അവളോട് പറഞ്ഞു. അതിലെന്താ തെറ്റുള്ളത്. അല്ലെങ്കിലും ഭര്‍ത്താവിന്ന് ഇഷ്ടമില്ലാത്ത കാര്യം ഭാര്യ ചെയ്യാന്‍ പാടുണ്ടോ.
നടന്ന കാര്യം മക്കളോട് പറഞ്ഞാല്‍ ഒരുപക്ഷെ അവര്‍ ഇടപെടും. അച്ഛനെ ഒറ്റയ്ക്കാക്കി ഇറങ്ങി പോയതിന്ന് അമ്മയെ കുറ്റപ്പെടുത്തും. വീട്ടിലേക്ക് തിരിച്ചുവരാന്‍ നിര്‍ബന്ധിക്കും. അതുവേണ്ടാ. അവിടെതന്നെ ഇരുന്ന് മതി വരട്ടെ. ആങ്ങളാരുടെ ഭാര്യമാര്‍ മുഷ്ക്ക് കാട്ടി തുടങ്ങുമ്പോള്‍ ഗതികെട്ടിട്ട് ഇങ്ങോട്ടന്നെ പോരും. അപ്പോള്‍ വീട്ടില്‍ കേറ്റണോ വേണ്ടയോ എന്നതേ ആലോചിക്കാനുള്ളു.
വീടായാല്‍ ഒരു പെണ്ണ് വേണം. എങ്കിലേ കാര്യങ്ങള്‍ ഭംഗിയായി നടക്കൂ. ഏതെങ്കിലും മകള്‍ വന്നിരുന്നാല്‍ മതി. മൂത്ത മകള്‍ അധികം ദൂരത്തല്ല താമസം. അവള്‍ക്ക് ഇവിടെ വന്ന് നില്‍ക്കാവുന്നതേയുള്ളു. ചെറിയ കുട്ടികള്‍ മൂന്നെണ്ണം ഉണ്ടെങ്കിലും ഒരുപണിക്കാരിയെ വെച്ചാല്‍ അവള്‍ക്ക് എല്ലാം നോക്കി നടത്താന്‍ പറ്റും. പക്ഷെ അവളുടെ ഭര്‍ത്താവ് ശരിയല്ല. വയസ്സായ അച്ഛനമ്മമാരേ വിട്ട് വരാന്‍ പറ്റില്ല എന്നു പറഞ്ഞ് ഇങ്ങോട്ട് വരാറേ ഇല്ല. ആ കണക്കിന്ന് സ്ഥിരമായി ഇവിടെ താമസിക്കുന്ന കാര്യം ഉണ്ടാവില്ല.
രണ്ടാമത്തെ മകള്‍ പൊള്ളാച്ചിയില്‍ ഭര്‍ത്താവിന്‍റെകൂടെയാണ്. ഏതോ കമ്പനിയുടെ റെപ്രസെന്‍റ്റേറ്റീവ് ആണ് അവന്‍. ജോലിയുടെ ഭാഗമായി അവന് എന്നും യാത്രയുണ്ടാവും. മിക്കവാറും മകള്‍ ഒറ്റയ്ക്കായിരിക്കും. ഇവിടെവന്ന് താമസിച്ചാല്‍ അവള്‍ക്കും തുണയാവും. മരുമകന്‍ ഇവിടെ നിന്നു പോയിവരട്ടെ. കത്തയച്ചാലോ, ഫോണ്‍ ചെയ്താലോ ശരിയാവില്ല. നേരില്‍ ചെന്ന് വിളിച്ച് കൂട്ടിക്കൊണ്ടുവരണം. ഭക്ഷണം കഴിച്ച് പുറത്തു വന്നപ്പോള്‍ ഡ്രൈവര്‍ കുഞ്ഞുമോന്‍ കാറ് കഴുകിക്കൊണ്ടിരിക്കുകയാണ്.
''നോക്കെടോ, കുഞ്ഞുമോന്‍''കിട്ടുണ്ണി വിളിച്ചു''നമുക്ക് അര്‍ജ്ജന്‍റായിട്ട് പൊള്ളാച്ചിവരെ ഒന്ന് പോണം''.
''തൃശ്ശൂരിലേക്ക് അര്‍ജ്ജന്‍റായി പോണംന്ന് പറഞ്ഞിട്ട്''.
''ഇത് അതിലും അര്‍ജ്ജന്‍റാ''. ശരിയെന്ന മട്ടില്‍ കുഞ്ഞുമോന്‍ തലയാട്ടി.
************************************
വക്കീലും മകനും കോടതിയിലേക്ക് പോയി കഴിഞ്ഞാല്‍ പത്മിനിക്ക് ഒഴിവാണ്. അപ്പോഴേക്ക് പണിക്കാരികള്‍ അടുക്കളപണികള്‍ ചെയ്യാന്‍ തുടങ്ങിയിരിക്കും. ഇടയ്ക്ക് ഒരു മേല്‍നോട്ടം മതി. ഉച്ചഭക്ഷണത്തിന്ന് ഏതെല്ലാം കറികള്‍ വേണമെന്ന് പറഞ്ഞുകൊടുത്തു. നനയ്ക്കാനുള്ള തുണികള്‍ അവരെ ഏല്‍പ്പിച്ചു. ഇനി ഉച്ചവരെ ഒഴിവാണ്. പേപ്പറോ പുസ്തകങ്ങളോ വായിച്ച് ഇരിയ്ക്കാം. നാളെ മുതല്‍ അത് നടക്കില്ല. കല്യാണത്തിന്നുമുമ്പ് പെയിന്‍റിങ്ങ് കഴിക്കണം. പണിക്കാരെത്തും.
ഗെയിറ്റ് തുറക്കുന്ന ശബ്ദംകേട്ട് പത്മിനി നോക്കുമ്പോള്‍ രാധ വരുന്നതു കണ്ടു. പത്മിനിക്ക് പെട്ടെന്ന് ദേഷ്യമാണ് തോന്നിയത്. കെട്ട്യോന്‍ വന്ന് തമ്മില്‍തല്ലി പോയതാണ്. ഇനി എന്തുചെയ്യാനാണാവോ ഇവളുടെ ഈ വരവ്. പടവുകള്‍കയറി രാധ മുന്നിലെത്തിയപ്പോള്‍ ങും എന്ന് പത്മിനി നീരസത്തോടെ മൂളി.
''പത്മിനി ചേച്ചീ''രാധ പറഞ്ഞു''ഞാന്‍ ചേച്ച്യേ കാണാന്‍ വന്നതാണ്''.
''അതു മനസ്സിലായി. എന്താ ഈ വരവിന്‍റെ ഉദ്ദേശം''.
''ഒന്നൂല്യാ. ചേച്ച്യേ കാണണം. മനസ്സിലുള്ളത് പറയണം.''.
''ഒരുത്തന്‍ ഇവിടെവന്ന് ചിലതൊക്കെ പറഞ്ഞിട്ട് ഇറങ്ങിപ്പോയി. കുട്ടിടെ നിശ്ചയത്തിന്ന് അവിടെ വന്ന് ഞങ്ങളെ മാനംകെടുത്തും ചെയ്തു. അതിന്‍റെ ബാക്കീണ്ടാവും നിനക്ക് പറയാന്‍. ഒരുകാര്യം എനിക്കും പറയാനുണ്ട്. ഇപ്പൊ നിങ്ങളൊക്കെ വല്യേ ആള്‍ക്കാരായിട്ടുണ്ടാവും. പക്ഷെ അതിന്‍റെ പത്രാസ്സ് നിങ്ങളെന്‍റടുത്ത് കാട്ടണ്ടാ . ഇതിലും വല്യേ ആള്‍ക്കാരെ ഞാന്‍ കുറെ കണ്ടതാ''.
''കൃഷ്ണനുണ്ണിയേട്ടന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് എന്നോട് കോപിക്കരുത്. എനിക്കതിലൊന്നും ഒരു പങ്കൂല്യാ ചേച്ചി''.
''അതു ശരി. മറ്റെല്ലാ കാര്യങ്ങളിലും നിങ്ങളൊന്ന്. ഇവിടെ വന്ന് വേണ്ടാത്ത കൂട്ടം കൂട്യേതിന്‍റെ ഉത്തരവാദിത്വം അവന് മാത്രം. ഇത് നല്ലന്യായം''.
''ആ മൂപ്പര് അങ്ങിന്യാണ്. താന്‍ പറയുണത് മാത്രം ശരി. ഒരിക്കലും മറ്റുള്ള ആളുകള്‍ പറയുണത് കേള്‍ക്കില്ല''.
''എന്‍റെ മകന്‍റെ കല്യാണത്തിന് നിങ്ങളാരും വന്നില്ലെങ്കില്‍ എനിക്കൊരു ചുക്കൂല്യാ. അവന് ഞാന്‍ പുല്ലുവെലകൂടി കണക്കാക്കീട്ടില്ല''.
''കൃഷ്ണനുണ്ണിയേട്ടന്‍ വന്നാലും വന്നില്ലെങ്കിലും മരുമകന്‍റെ കല്യാണത്തിന് ഞാനെത്തും''.
''പിന്നെപിന്നെ. അത് നടന്നപോലെതന്നെ. അവന്‍ നിന്നെ അയ്ച്ചിട്ട് വേണ്ടേ''. രാധ പിണങ്ങി വീട്ടിലേക്ക് പോന്ന കഥ മുഴുവന്‍ വിവരിച്ചു. പത്മിനി അത് സാകൂതം ശ്രദ്ധിച്ചു.
''താലിമാല പൊട്ടിച്ച് നീ അവന്‍റെ മുഖത്ത് എറിഞ്ഞല്ലോ. നിന്നെ ഞാന്‍ സമ്മതിച്ചിരിക്കുണൂ. ആ കഴുവേറ്യോട് അങ്ങനെതന്നെ പെരുമാറണം'' രാധ ചെയ്തതിനെ പത്മിനി അഭിനന്ദിച്ചു.
''നിശ്ചയത്തിന്ന് ഞാന്‍ പുറപ്പെട്ടതാ ചേച്ചി. നീയും പോണ്ടാ ഞാനും പോണില്ലാന്ന് പറഞ്ഞ് എന്നെ വീട്ടിലിരുത്തി. എന്നിട്ട് മൂപ്പര് അവിടെ വരും ചെയ്തു''.
''ആ കാര്യോന്നും പറയണ്ടാ. ചടങ്ങിന്‍റെ എടേല്‍ വന്ന് മുഖം കാണിച്ച് ഉണ്ണാനുംകൂടി നിക്കാതെ സ്ഥലം വിട്ടു''പത്മിനി പറഞ്ഞു''നിനക്കെന്തോ സൂക്കടായി ആസ്പത്രീല്‍ കിടക്ക്വാണ് എന്ന് ആരോടൊ പറഞ്ഞ്വോത്രേ. എന്താ നിനക്ക് അസുഖം''.
''ഒരു സൂക്കടൂല്യാ. വെറുതെ പറഞ്ഞുണ്ടാക്ക്യേതാ''.
''വന്ന കാലില്‍തന്നെ നില്‍ക്കാതെ നീ ഇവിടെയിരിക്ക്''പത്മിനി ചായ ഉണ്ടാക്കാന്‍ ഏര്‍പ്പാട് ചെയ്യാന്‍ എഴുന്നേറ്റു. രാധ പരിസരം ശ്രദ്ധിച്ചു. ബംഗ്ലാവിന്ന് ധാരാളം മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പണ്ടത്തെ പത്തായപ്പുര പൊളിച്ചുമാറ്റി വാര്‍പ്പ് കെട്ടിടം പണിതിരിക്കുന്നു. മുറ്റത്ത് അരമതില്‍ കെട്ടി പൂന്തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഈ മാറ്റങ്ങളൊന്നും അറിഞ്ഞില്ല. അതെങ്ങിനെ, മുമ്പൊക്കെ ഇടക്കിടയ്ക്ക് ഇവിടേക്ക് വന്നിരുന്നതാണ്. ക്രമേണ എന്തെങ്കിലും കാര്യമുള്ളപ്പോള്‍ കൃഷ്ണനുണ്ണിയേട്ടന്‍ മാത്രം വരും. ഞാന്‍ കൂടെപോരട്ടേന്ന് ചോദിച്ചാല്‍ ''നീ വര്വോന്നും വേണ്ടാ ഞാന്‍ പോണുണ്ട്. അതൊക്കെ മതി'' എന്നുപറഞ്ഞ് ഒറ്റയ്ക്ക് പോവും.
''അകത്തേക്ക് വാ''പത്മിനി ക്ഷണിച്ചപ്പോള്‍ അവള്‍ എഴുന്നേറ്റു. ചേച്ചി പണ്ടും ഇങ്ങിനെയാണ്. എളുപ്പം ദേഷ്യംവരും. അതുപോലെ തണുക്കും ചെയ്യും.
''നീ എന്താ നിരീച്ചിരിക്കുണത്. പെണങ്ങി നില്‍ക്കാനോ, അതോ നാല് ദിവസം കഴിഞ്ഞ് മടങ്ങി ചെല്ലാനോ''.
''ചേച്ചി, ഒന്നു മിരട്ടീട്ട് വന്നു വിളിച്ചാല്‍ മടങ്ങി പോണംന്നെന്നേ ഞാന്‍ വിചാരിച്ചുള്ളു. വേറെ കല്യാണം കഴിക്കുണകാര്യം പറഞ്ഞതോടെ ആ മോഹംകളഞ്ഞു. അയാള്‍ക്ക് എന്നെക്കാളും നല്ല സ്ത്രീകളെ ഇഷ്ടംപോലെ കിട്ടാനുണ്ടത്രേ. പെണ്ണുംകെട്ടി മക്കളും കുട്ട്യേള്വായിട്ട് സുഖിച്ച് കഴിയട്ടെ. എനിക്കിനി ആ ബന്ധം വേണ്ടാ''.
''സംഗതി ഈ പറയുന്നത്ര എളുപ്പ്വാല്ല. നിന്‍റെ മക്കള് വന്ന് അമ്മ അച്ഛന്‍റെ അടുത്തേക്ക് ചെല്ലണംന്ന് പറഞ്ഞാല്‍ പോവാതെ കഴിയ്യോ''.
''മക്കളെ ഞാന്‍ പെറ്റതാണ്. അവര് എന്നെ പെറ്റതല്ല. എന്താ ചെയ്യണ്ടേന്ന് എനിക്ക് അസ്സലായി അറിയും. എന്നെ അവര് വല്ലാതെ നിര്‍ബന്ധിച്ചാല്‍ ഞാന്‍ ഒരുമുഴം കയറ് ചിലവാക്കും''.
''ബുദ്ധിമോശം കാട്ടണ്ടാടി പെണ്ണേ. നിനക്ക് ആരും ഇല്ലാന്ന് കരുതണ്ടാ. എന്തെങ്കിലും വേണങ്കില് എന്‍റടുത്ത് വന്നോ. ഞാന്‍ എന്നും നിന്‍റെകൂടെ ഉണ്ടാവും''. രാധ വിമ്മിപൊട്ടി. പത്മിനി അവരെ ചേര്‍ത്തുപിടിച്ചു.
''ചേച്ചീ. ഞാന്‍ പൊയ്ക്കോട്ടെ''കുറച്ചുകഴിഞ്ഞപ്പോള്‍ രാധ ചോദിച്ചു.
''നല്ല കാര്യായി. എന്‍റടുത്ത് വന്നിട്ട് ഊണ് കഴിക്കാതെ പോവ്വേ. വിശ്വേട്ടന്‍ വന്ന് കണ്ടിട്ട് പോയാ മതി. ഡ്രൈവറോട് പറഞ്ഞ് സന്ധ്യാവുമ്പഴേക്കും നിന്നെ വീട്ടില് കൊണ്ടുവിടാം''. നാത്തൂനും നാത്തൂനും നാട്ടുപഞ്ചായത്ത് തുടങ്ങി.
അദ്ധ്യായം - 87.
നീണ്ടകാലത്തെ കാത്തിരിപ്പിന്നുശേഷം മുത്തശ്ശനെ കാണാനുള്ള സമയം അടുത്തപ്പോള്‍ രാധാകൃഷ്ണന്ന് വല്ലാത്ത സംഭ്രമം തോന്നി. ഗുരുസ്വാമി കൂടെയുണ്ട് എന്നതു മാത്രമാണ് ഏക ആശ്വാസം.
ശബരിമലയ്ക്ക് മാലയിടാനുള്ള തയ്യാറെടുപ്പോടെ കാലത്തുതന്നെ അവന്‍ ഒരുങ്ങി. അച്ഛന്‍റെ കാല്‍ക്കല്‍ നമസ്ക്കരിച്ചു. ചാരുകസേലയില്‍ പേപ്പറും വായിച്ച് അമ്മ കിടപ്പാണ്. അടുത്ത് ടീപ്പോയിയില്‍വെച്ച ചായയില്‍നിന്ന് ആവിപറക്കുന്നു. പല്ലുതേക്കാതെയാണ് സാധാരണ അമ്മ ചായകുടിക്കാറ്. പെണ്ണുങ്ങളായാല്‍ ഐശ്വര്യമുണ്ടാവുന്ന പ്രവര്‍ത്തികള്‍ ചെയ്യേണ്ടതാണ്. ഇവര്‍ക്ക് അതിലൊന്നും താല്‍പ്പര്യമില്ല. അതെങ്ങിനെ. മദിരാശിയിലും ബോമ്പേലും കല്‍ക്കത്തയിയിലും ആയി കഴിഞ്ഞ കുട്ടിക്കാലത്ത് ജീവിച്ച രീതികളില്‍ ഇന്നും അമ്മ അഭിമാനം കൊള്ളുകയല്ലേ.
ഒരു നിമിഷം ആലോചിച്ചു. നല്ലൊരു കാര്യത്തിന്ന് പുറപ്പെടുകയാണ്. ഗുരുത്വക്കേടോടെ പുറപ്പെട്ടുകൂടാ. ചാരുകസേലക്ക് സമീപത്ത് ചെന്നു അമ്മയുടെ കാല്‍ക്കല്‍ ഒന്നുതൊട്ടു. മാധവി ഞെട്ടി കാല്‍വലിച്ചു.
''എന്തടാ കാലില്‍ പിടിച്ച് വലിച്ച് താഴത്തിട്വോ''അവര്‍ ക്ഷോഭിച്ചു.
''ഞാന്‍ മലയ്ക്ക് പോവാന്‍ മാല ഇടാന്‍ പോവ്വാണ്''.
''മലയ്ക്കോ കാട്ടിലിക്കോ എവിടക്ക് വേണച്ചാലും പൊയ്ക്കോ. അതിന് എനിക്കെന്താണ്''. ഇവരോട് കൂടുതല്‍ സംസാരിച്ചിട്ട് കാര്യമില്ല. ചിലപ്പോള്‍ തമ്മില്‍ത്തല്ലി ഇറങ്ങേണ്ടി വരും. അത് കൂടാതെ കഴിക്കണം.
ബുള്ളറ്റ് വെള്ളപ്പാറകടവില്‍ നിര്‍ത്തി. കറുപ്പുമുണ്ടും തുളസിമാലയും അടങ്ങുന്ന സഞ്ചി എടുത്ത് രാധാകൃഷ്ണന്‍ നടന്നു. പുഴയ്ക്കക്കരെ നെല്ലിച്ചുവട്ടില്‍ രാജന്‍മേനോന്‍ കാത്തുനില്‍പ്പുണ്ട്.
''എല്ലാം ഞാന്‍ പറഞ്ഞപോലെ''മേനോന്‍ പറഞ്ഞു''ദേഷ്യംകാട്ട്യാലും അത് കണ്ടൂന്ന് നടിക്കരുത്. ക്രമേണ എല്ലാം ശരിയാവും''. കളപ്പുരവരെ ആരും ഒന്നും മിണ്ടിയില്ല. മേനോന്‍ മുമ്പില്‍ നടന്നു. കളപ്പുരയുടെ തിണ്ണയില്‍ എഴുത്തശ്ശന്‍ ഇരിപ്പുണ്ട്.
''അമ്മാമേ, കുട്ടി വന്നിട്ടുണ്ട്. അവനെ അനുഗ്രഹിയ്ക്കൂ''. മേനോന്‍ കണ്ണ് കാണിച്ചതോടെ രാധാകൃഷ്ണന്‍ എഴുത്തശ്ശന്‍റെ മുമ്പിലേക്ക് നീങ്ങിനിന്നു. വൃദ്ധന്‍ എഴുന്നേറ്റു. ആ കാല്‍ക്കല്‍ അവന്‍ നമസ്കരിച്ചു. എഴുത്തശ്ശന്‍ വലത്തുകൈ മൂര്‍ദാവില്‍വെച്ച് അനുഗ്രഹിച്ചു.
''എന്‍റെ തെറ്റുകള്‍ മുഴുവന്‍ ക്ഷമിക്കണം''അവന്‍ പറഞ്ഞു. എഴുത്തശ്ശന്‍ ഒന്നും പറഞ്ഞില്ല.
''ചെയ്തുപോയ തെറ്റുകള്‍ ഓര്‍ത്ത് എന്‍റെ മനസ്സ് നീറുണുണ്ട്. ക്ഷമിച്ചൂന്ന് ഒരുവാക്ക് മുത്തശ്ശന്‍റെ വായിന്ന് കേട്ടാലേ എനിക്ക് സമാധാനാവൂ'' രാധാകൃഷ്ണന്‍ വീണ്ടും പറഞ്ഞു.
''ഞാന്‍ ഒന്നും മനസ്സില്‍ കരുതീട്ടില്ല. ഇന്ന് വരെ ഉള്ളില്‍ തട്ടി ആരേം പ്രാകീട്ടും ഇല്ല. നിങ്ങളൊക്കെ നന്നായി കഴിയുണൂന്നുകേട്ട് എന്‍റെ കണ്ണടഞ്ഞാ മതി. അതേ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാറുള്ളു''. ആ നിമിഷം രാധാകൃഷ്ണന്‍ കൊച്ചുകുട്ടികളെപോലെ പൊട്ടിക്കരഞ്ഞു.
''ഈ സ്നേഹം ഞാന്‍ അറിയാണ്ടെ പോയി''അവന്‍ പറഞ്ഞു.
''കരയണ്ടാ. കണ്ണ് തുടയ്ക്ക്. ഈശ്വരനെ നന്നായി പ്രാര്‍ത്ഥിച്ച് മാലയിട്ടോ. ഒരു പൂപ്പ് കേടും കൂടാതെ അദ്ദേഹം കാത്തോളും''.
''ഞാന്‍ വേഗം ചായ കൂട്ടാം. കയറി ഇരിയ്ക്കൂ''വേണു പറഞ്ഞു.
''ഇപ്പൊ വേണ്ടാ. അമ്പലത്തില്‍ ചെന്ന് മാലയിടട്ടെ. അത് കഴിഞ്ഞിട്ട് മതി ചായ''രാധാകൃഷ്ണന്‍ മേനോന്‍റെ പിന്നാലെ ഇറങ്ങിനടന്നു. ആ രംഗം കണ്ടുനിന്ന വേണുവിന്‍റെ കണ്ണുനനഞ്ഞു.
''കുപ്പ്വോച്ചന്‍റെ പേരക്കുട്ടി പാവാണെന്ന് തോന്നുണൂ''ചാമി അഭിപ്രായം എഴുന്നളിച്ചു.
''അമ്മാമേ. അമ്മാമയ്ക്ക് ശബരിമലയ്ക്ക് പോണംന്ന് തോന്നുണുണ്ടോ'' കുറച്ചുകഴിഞ്ഞപ്പോള്‍ വേണു ചോദിച്ചു.
''നിങ്ങളൊക്കെ ഉണ്ടെങ്കില്‍ ഞാനും വരാം''.
''എന്നാല്‍ ഞാനും വരും''ചാമിയും പുറപ്പെട്ടു.
''അങ്ങിന്യാണെങ്കില്‍ ഇന്ന് സന്ധ്യക്ക് നമുക്ക് അമ്പലത്തില്‍വെച്ച് മാലീടാം. നാണുമാമടെ അടുത്ത് വിവരം പറയാം. വരുണൂച്ചാല്‍ വന്നോട്ടെ''.
''വേണ്വോ, അതിന് മാലീം മുണ്ടും ഒക്കെ വേണ്ടേ''.
''അതിനാ പ്രയാസം. ഞാന്‍ പോയി വാങ്ങീട്ടുവരാം''ചാമി തയ്യാറായി. രാധാകൃഷ്ണനും മേനോനും തിരിച്ചുപോരാന്‍ സമയം കുറെഎടുത്തു.
''മാലയിടാന്‍ പത്തമ്പത് പേരുണ്ട്. അതാ വൈക്യേത്''മേനോന്‍ പറഞ്ഞു ''ബാക്കി കുറെ സ്വാമിമാര്‍ വൈകുന്നേരത്തെ മാലയിടുണുള്ളു''.
''വേണൂന്ന് അയ്യപ്പനെ തൊഴുകണംന്ന് ഒരു മോഹം. അവന്‍ പറഞ്ഞപ്പൊ എനിക്കും ഒരാശ തോന്നി. ചാമീം വരണുണ്ടത്രേ. നാണ്വാരോടും ഒരു വാക്ക് ചോദിക്കാം. അയാളുണ്ടെങ്കില്‍ അങ്ങനെ. അല്ലെങ്കിലോ ഞങ്ങള് മൂന്നാള് ഇന്ന് മാലീടാം''.
''സ്വാമിയേ ശരണമയ്യപ്പ''മേനോന്‍ തൊഴുതു''സ്വാമിനാഥനും എന്‍റൊപ്പം വരണമെന്ന് പറഞ്ഞിരുന്നു''.
''കേറി ഇരിക്കിന്‍''എഴുത്തശ്ശന്‍ ക്ഷണിച്ചു. ഇരുവരും വരാന്തയിലെ ബെഞ്ചിലിരുന്നു. വേണു ചായയുമായെത്തി.
''മുത്തശ്ശന്‍ ഇവിടെ കഴിയണ്ടാ. എന്‍റെകൂടെ പോരൂ. ഇനി ഒരുകുറവും വരാണ്ടെ ഞാന്‍ നോക്കിക്കോളാം''രാധാകൃഷ്ണന്‍ പറഞ്ഞു.
''അതൊന്നും വേണ്ടാ. എന്‍റെ ആയുസ്സ് ഒടുങ്ങാറായി. ഇപ്പൊ പടുതിരി കത്തിക്കൊണ്ടിരിക്ക്യാണ്. എന്ന് വേണച്ചാലും അത് കെടും. ഇവിടെ ആണച്ചാല്‍ കയത്തിന്‍റെടുത്ത് കുഴിച്ചിടാന്‍ കുറച്ചുദൂരം ഏറ്റ്യാ മതി''. എഴുത്തശ്ശന്‍ എന്തോ ആലോചിച്ചിരുന്നു.
''ജീവിതത്തില്‍ ഇത്തിരി സമാധാനത്തോടെ ഞാന്‍ കഴിയുണത് ഇപ്പഴാണ്. ഇവരടെകൂടെ കഴിയുണതാണ് എനിക്ക് സന്തോഷം''. പിന്നെ ആരും ഒന്നും പറഞ്ഞില്ല.
''ഞാന്‍ പൊയ്ക്കോട്ടെ. ഇന്ന് കുറെയധികം പണീണ്ട്''രാധാകൃഷ്ണന്‍ എഴുന്നേറ്റു. അയാള്‍ പടികടന്നുപോയി.
പുഴുങ്ങി ഉണങ്ങാനിട്ട നെല്ല് കൊത്തിത്തിന്നാന്‍ എത്തിയ കാക്കക്കൂട്ടം കലപില കൂട്ടി. എഴുത്തശ്ശന്‍ വടിയുമായി മുറ്റത്തേക്കിറങ്ങി.
*********************************
രാധാകൃഷ്ണന്‍ തിരിച്ചെത്തുമ്പോള്‍ വേലായുധന്‍കുട്ടി പൂമുഖത്തെ ചാരുകസേലയില്‍ ഇരിപ്പാണ്. തുറന്നിട്ടവാതിലിലൂടെ ചക്രവാളത്തെ നോക്കുകയാണ് എന്നുതോന്നും. മകന്‍ എത്തിയതൊന്നും അയാളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.
''അച്ഛാ''അരികത്തുചെന്ന് രാധാകൃഷ്ണന്‍ വിളിച്ചു. ഒന്നു തിരിഞ്ഞ് നോക്കിയതല്ലാതെ മറ്റു യാതൊരു പ്രതികരണവും ഉണ്ടായില്ല.
''അച്ഛന്‍ വല്ലതും കഴിച്ചോ''. ഉത്തരം മൌനമായിരുന്നു.
''വരൂ. നമുക്ക് ആഹാരം കഴിക്കാം'' രാധാകൃഷ്ണന്‍ അച്ഛന്‍റെ കൈപിടിച്ച് എഴുന്നേല്‍പ്പിച്ചു. മേശപ്പുറത്ത് ആഹാരപ്പാത്രംവെച്ച് പണിക്കാരി മാറി നിന്നു.
''അമ്മ ആഹാരം കഴിച്ച്വോ'' .
''ഉവ്വ്. കുറച്ചുനേരംമുമ്പ് കഴിച്ചു''.
''എന്നിട്ടെവിടെ''.
''ആരോ ഫോണില്‍ വിളിക്കുണതുകേട്ടു. കാറെടുത്ത് പോണതുംകണ്ടു''. ഇതുപോലത്തെ പണീം തൊരൂം ഇല്ലാത്ത ഏതെങ്കിലും പെണ്ണുങ്ങള്‍ വിളിച്ചിട്ടുണ്ടാവും. കാലത്തന്നെ പരദൂഷണം പറയാന്‍ സംഘം ചേര്‍ന്നു കാണും. വേലായുധന്‍കുട്ടി യാന്ത്രികമായി ആഹാരം കഴിച്ചുതുടങ്ങി.
''അച്ഛാ, ഇന്നൊരു കാര്യൂണ്ടായി''. വേലായുധന്‍കുട്ടി അനങ്ങിയില്ല.
''ഞാനിന്ന് മുത്തശ്ശനെ പോയി കണ്ടു''. വേലായുധന്‍കുട്ടി മുഖമുയര്‍ത്തി. ആ കണ്ണുകളില്‍ വല്ലാത്തൊരു തിളക്കം ഉണ്ടായി.
''സത്യം''രാധാകൃഷ്ണന്‍ തുടര്‍ന്നു''കണ്ടൂന്ന് മാത്രോല്ല, മുത്തശ്ശനോട് ഞാന്‍ സംസാരിക്കുംചെയ്തു''.
അവിശ്വസനീയമായതെന്തോ കേട്ട മട്ടില്‍ വേലായുധന്‍കുട്ടി തരിച്ചിരുന്നു. ഗെയിറ്റിന്നപ്പുറത്ത് കാര്‍ വന്നുനിന്നതായി തോന്നി. രാധാകൃഷ്ണന്‍റെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു.
''അച്ഛന്‍ എന്താ നിന്നോട് പറഞ്ഞത്''.
''ഈശ്വരനെ വിചാരിച്ച് മലയ്ക്ക് പൊയ്ക്കോ, ഒരുകേടും വരില്ലാന്ന് പറഞ്ഞു''.
''ദേഷ്യം വല്ലതും കാട്ട്യോ''.
''അയ്യേ''. അച്ഛന്‍ മൌനവ്രതം അവസാനിപ്പിച്ച് പ്രതികരിച്ചുതുടങ്ങി എന്ന സത്യം രാധാകൃഷ്ണന്‍ തിരിച്ചറിഞ്ഞു.
''അത് ശരി. അപ്പോ പ്രാന്തും പിത്തൂം ഒന്നും അല്ലാ''വാതില്‍ക്കല്‍നിന്ന് മാധവിയുടെ ശബ്ദം ഉയര്‍ന്നു''അച്ഛനെ കാണാഞ്ഞിട്ടുള്ള കോലാഹലം ആണ് ഇത്രദിവസം നിങ്ങള് കാട്ട്യേത് അല്ലേ''. വേലായുധന്‍കുട്ടിയുടെ മുഖം മങ്ങിയത് രാധാകൃഷ്ണന്‍ ശ്രദ്ധിച്ചു.
''ഇനി ഒരക്ഷരം നിങ്ങള് പറഞ്ഞാല്‍''അവന്‍റെ സ്വരം ഉയര്‍ന്നു''ഞാന്‍ കഴുത്തിലിട്ട അയ്യപ്പസ്വാമിടെ ഈ മാല അഴിച്ചുവെച്ച് ഒറ്റചവിട്ടിന്ന് നിങ്ങടെ പണി തീര്‍ക്കും''. അവന്‍റെ മുഖത്തെ രൌദ്രഭാവം മാധവിയെ ശരിക്കും പേടിപ്പിച്ചു. ഒരക്ഷരം മിണ്ടാതെ അവള്‍ അകത്തേക്കുചെന്ന് എന്തോ എടുത്ത് വന്നതുപോലെ തിരിച്ചുപോയി.
അദ്ധ്യായം 88.
അന്ന് അമ്മിണിയമ്മയോടൊപ്പം മകളും എത്തി. കളപ്പുരയില്‍ ആരും ഇല്ലാത്തനേരം. അമ്പലത്തില്‍ പ്രത്യേകപൂജകളുള്ള ദിവസമാണ് അന്ന്. നേരം പുലര്‍ന്നമുതല്‍ എഴുത്തശ്ശനും വേണുവും അവിടെതന്നെയാണ്. ഗുരുസ്വാമിപോലും കുറച്ചുകഴിഞ്ഞിട്ടേ എത്തിയുള്ളു. കുറച്ചുനേരം അമ്മയും മകളും മുറ്റത്തുതന്നെ നിന്നു. അവിടെ ആരേയും അവര്‍ക്ക് കാണാനായില്ല. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ അവര്‍ നാണുനായരുടെ വീട്ടിലേക്ക് ചെന്നു. സരോജിനി പ്രാതല്‍ തയ്യാറാക്കുന്ന തിരക്കിലാണ്.
''ഇവിടെ ആരൂല്യേ''പടിതുറന്ന് മുറ്റത്തെത്തിയ അമ്മിണിയമ്മ ചോദിച്ചു. പുറത്തേക്കുവന്ന സരോജിനി ഹൃദ്യമായ ഒരു ചിരിയോടെ അമ്മയേയും മകളേയും അകത്തേക്ക് ക്ഷണിച്ചു.
''നാണ്വേട്ടന്‍ എവിടെപോയി''അവര്‍ ചോദിച്ചു. അമ്പലത്തില്‍ വിശേഷാല്‍ പൂജകള്‍ ഉണ്ടെന്നും അതിനാല്‍ അങ്ങോട്ട് ചെന്നതാണെന്നും സരോജിനി അറിയിച്ചു.
''ഞങ്ങള് കളപ്പുരയിലേക്ക് ചെന്നു. അവടീം ആരേം കണ്ടില്യാ. അവരും അമ്പലത്തില്‍ പോയിട്ടുണ്ടാവും അല്ലേ''. കുറച്ചുനേരം കഴിയുമ്പോഴേക്കും എല്ലാവരും എത്തുമെന്ന് സരോജിനി പറഞ്ഞു.
''നാളെ ഇങ്കിട്ട് താമസം മാറ്യാലോന്ന് ഒരാലോചന. അവരോട് അത് പറയാംന്ന് കരുതി പോന്നതാണ്''അമ്മിണിയമ്മ പറഞ്ഞു.
''അതു നന്നായി ചേച്ചി. എനിക്കും മിണ്ടാനും പറയാനും ആളായല്ലോ'' തന്‍റെ സന്തോഷം സരോജിനി മറച്ചുവെച്ചില്ല.
''ഞങ്ങള്‍ക്കും അങ്ങനെത്തന്നെ. ഞങ്ങളെ മനുഷ്യരായിട്ട് കരുതുണോരടെ അടുത്ത് താമസിക്കുണതാ ഞങ്ങള്‍ക്കും സന്തോഷം''.
''ചേച്ചീം മോളും അടുക്കളേലിക്ക് വരിന്‍. നമുക്ക് വര്‍ത്തമാനം പറയും ചെയ്യാം എനിക്ക് അടുക്കളേലെ പണികള് നോക്കും ചെയ്യാം''. മൂവരും അടുക്കളയിലെത്തി.
''എന്തിനാ നിങ്ങള്‍ അച്ഛനും മകള്‍ക്കുംകൂടി ഇത്രതോനെ ഇഡ്ഡലി ഉണ്ടാക്കി കൂട്ടുണത്''അമ്മിണിയമ്മയ്ക്ക് അതറിയില്ല. സരോജിനി ഉള്ള കാര്യങ്ങള്‍ വിശദീകരിച്ചു.
''അതെന്തായാലും നന്നായി. അവര്‍ക്കത് ഒരു ഉപകാരം. നിങ്ങള്‍ക്ക് ഒരു വരുമ്പടീം. പോത്തിന്‍റെ കടീംമാറും, കാക്കടെ വിശപ്പുംതീരും എന്നാരോ പറഞ്ഞപോലെ''. സരോജിനിക്ക് ആ ഫലിതം ഇഷ്ടപ്പെട്ടു.
''ചേച്ചി പറഞ്ഞതാ ശരി. ഒരു നിവര്‍ത്തിമാര്‍ഗ്ഗൂം ഇല്ലാതെ കഷ്ടപ്പെടുണ നേരത്ത് ഈശ്വരന്‍ കാണിച്ചുതന്ന വഴ്യാണ്. അതോണ്ട് നേരത്തിന്ന് കഞ്ഞീം ചിറീം തമ്മില്‍ കാണുണുണ്ട്''. സരോജിനി കൊടുത്തചായ അമ്മയും മകളും കുടിച്ചു.
''ഞാനൊന്ന് കുളിക്കട്ടെ. എന്നിട്ട് നമുക്ക് അമ്പലത്തില്‍ തൊഴാന്‍ പോവാം. വന്നിട്ടു മതി കാപ്പീം പലഹാരൂം''.
''ഞാന്‍ വരുണില്യാ''അമ്മിണിയമ്മയുടെ മകള്‍ പറഞ്ഞു.
''എന്താ സുശീലേ, നിനക്ക് പോന്നാല്‍''.
''ചേച്ചീ, ഞാന്‍ അമ്പലത്തില്‍ കേറി അവിടെ അശുദ്ധാക്കീന്ന് ആരെങ്കിലും പറഞ്ഞാലോ''.
''അതൊന്നും ഉണ്ടാവില്യാ. അയ്യപ്പന്ന് ജാതീം മതൂം ഒന്നൂല്യാ. നെനക്കത് അറിയില്യേ''.
''എന്തായാലും ഇപ്പൊ വേണ്ടാ. പിന്നെ എപ്പഴങ്കിലും വരാം''. പിന്നീടവള്‍ സുശീലയെ നിര്‍ബന്ധിച്ചില്ല. പൂജ കഴിയാറായപ്പോഴാണ് സരോജിനിയും അമ്മിണിയമ്മയും അമ്പലത്തില്‍ എത്തിയത്. തൊഴുത് പ്രസാദം വാങ്ങി കഴിഞ്ഞതും എല്ലാവരും നാണുനായരുടെ വീട്ടിലേക്ക് തിരിച്ചു.
''നാളെ ഇങ്കിട്ടിക്ക് താമസം മാറ്യാലോന്ന് ഞാന്‍ ആലോചിക്ക്യാണ്'' അമ്മിണിയമ്മ പറഞ്ഞു.
''എപ്പൊ വേണച്ചാലും പോന്നോളിന്‍. ഇവിടെ എന്താ ബുദ്ധിമുട്ട്''.
ആണുങ്ങള്‍ വരാന്തയിലിരുന്ന് ആഹാരം കഴിച്ചുതുടങ്ങി, പെണ്ണുങ്ങള്‍ അടുക്കളയിലും. പാടത്തുനിന്ന് ചാമി എത്തിയിട്ടില്ല. ആഹാരം കഴിച്ച് എല്ലാവരും എഴുന്നേറ്റിട്ടാണ് അവന്‍ എത്തിയത്.
''ചാമ്യേക്കൊണ്ട് ഇന്നന്നെ അവിടം ചെത്തിക്കോരി വെടുപ്പാക്കിവെക്കാം ''എഴുത്തശ്ശന്‍ പറഞ്ഞു''നാളെ കാലത്ത് ഇങ്കിട്ട് പോന്നോളിന്‍''.
''താക്കോല് ഇപ്പൊ വാങ്ങണോ, അതോ അപ്പൊ മത്യോ''അമ്മിണിയമ്മ ചോദിച്ചു.
''അവിടെ താക്കോലും പൂട്ടും ഒന്നൂല്യാ. ഇന്നേവരെ ഞാന്‍ ഒറ്റസാധനം പൂട്ടിവെച്ചിട്ടില്യാ, കള്ളന്മാര് വന്ന് എന്‍റെ ഒന്നും എടുത്തിട്ടൂല്യാ. എന്‍റെ ഒരു പെട്ടീണ്ട്. ഞാനത് കളപ്പുരേലിക്ക് കൊണ്ടുപൊയ്ക്കോളാം. പിന്നെ തൊഴുത്തിലുള്ള കരീം നൊകൂം ഒക്കെ അവിടേന്നെ ഇരുന്നോട്ടെ. നിങ്ങള് വെറകോ വല്ലതും വേണച്ചാല്‍ അതില് വെച്ചോളിന്‍''.
''എന്താ ഞങ്ങള് വാടക തരണ്ടത്''. എഴുത്തശ്ശനൊന്ന് ചിരിച്ചു.
''വണ്ടിപ്പെര വാടകക്ക് കൊടുത്ത് സമ്പാദിക്കാന്ന് ഞാന്‍ കരുതീട്ടില്ല. ഒരു പെര പണിയുണവരെ അവിടെ കൂടിക്കോട്ടേന്നേ ഞാന്‍ കരുതീട്ടുള്ളു''.
''അറിയാന്‍ പാടില്ലാണ്ടെ ചോദിച്ചതാ, ഒന്നും തോന്നരുതേ''അമ്മിണിയമ്മ പറഞ്ഞു. പടിവരെ സരോജിനി അവരെ അനുഗമിച്ചു. അമ്മയും മകളും വരമ്പുകടന്ന് വെള്ളപ്പാറകടവിലേക്ക് നടന്നു.
***********************************
''എന്താണ്ടാ തലേലൊരു ചാക്കുകെട്ട്''പുല്ലരിയാന്‍ ഇറങ്ങിയ വേലപ്പന്‍ വഴിയില്‍വെച്ചു കണ്ട ചാമിയോടു ചോദിച്ചു.
''കടേല് പോയി സാധനങ്ങള് വാങ്ങി വര്വാണ്''ചാമി പറഞ്ഞു.
''എന്താ ഇത്രതോനെ സാധനങ്ങള്''.
''ഉഴുന്ന്, പരിപ്പ്, മല്ലി, മുളക്, വെല്ലം, പഞ്ചാര ഒക്കീണ്ട്''.
''ആരക്കാടാ ഇതൊക്കെ''.
''ഇത് നാണുമൂത്താരടെ വീട്ടില് കൊടുക്കണം. അവിടുന്നാണ് ശാപ്പാട്''.
''ആരൊക്ക്യാ കഴിക്കാന്‍ ഉണ്ടാവ്വാ''.
''മുതലാളി, കുപ്പ്വോച്ചന്‍ പിന്നെ ഞാനും. കുറച്ചുദിവസായി ഗുരുസ്വാമി മൂത്താരൂണ്ട്''.
''ഇതിനൊക്കെ കാശാവില്ലേ. ആരാ കൊടുക്ക്വാ, പിരിവിട്ടിട്ടാണോ''.
''അതൊന്നൂല്യാ. പൈസ മുതലാളി തരും''.
''അയാളക്ക് എന്താ പ്രാന്തുണ്ടോ. നിങ്ങടെ ചെലവ് നടത്താന്‍''.
''വേണ്ടാത്തകൂട്ടം കൂടാതെ. മുതലാളിക്ക് എല്ലാരേം നല്ല സ്നേഹാണ്''.
''എന്നാലും നല്ലോണം കാശാവില്ലേ. എവിടുന്നാ ആ മൂപ്പരക്ക് ഇത്ര പണം''.
''അതെനിക്കറിയില്ല. അഞ്ചാം തിയ്യതിക്ക് ബാങ്കില്‍ പണം വര്വോത്രേ. പിന്നെ പതിനഞ്ചാം തിയ്യതിക്ക് പോസ്റ്റാപ്പീസിലും''.
''മേനോന്‍ സാമിക്ക് എന്താ അവിടെ പണി''.
''പണിയൊന്നൂല്യാ. ചെലപ്പൊ മുതലാളീം ആ മൂപ്പരുംകൂടി എന്തൊക്ക്യോ വര്‍ത്തമാനം പറയുണത് കേക്കാം. അല്ലെങ്കില്‍ മുതലാളി ഒരു പുസ്തകം വായിച്ചോണ്ടിരിക്കും, മേനോന്‍സാമി വേറൊന്നും''.
''ബെസ്റ്റ് കഥ. നിങ്ങള് എല്ലാറ്റിനും ഒരേപോലത്തെ പ്രാന്താണ്''.
''കുന്നന്‍കായടെ രണ്ടുകൊല പഴുക്കാറായി നിക്കുണുണ്ട്. നീ വേണച്ചാല്‍ അത് വെട്ടിക്കൊണ്ടുപൊയ്ക്കോ''ചാമി പറഞ്ഞു.
''ഞാന്‍ കല്യാണ്യേ വിടാം. നീയത് വെട്ടികൊടുത്തുവിട്''. പുഴ കടന്നതും ചാമി നാണുനായരുടെ വീട്ടിലേക്ക് നടന്നു, വേലപ്പന്‍ പുല്ലരിയാനും.
അദ്ധ്യായം- 89.
''കുറച്ചു ദിവസായി നിങ്ങളെ ഈ വഴിക്ക് കണ്ടിട്ട്''കളപ്പുരയിലെത്തിയ സ്വാമിനാഥനോട് നാണുനായര്‍ ചോദിച്ചു.
''കുറച്ചായി നല്ല പണിത്തിരക്കന്നെ''അയാള്‍ മറുപടി നല്‍കി''ഒരുദിവസം ഒഴിവ് കിട്ടാറില്ല''.
''എന്താ ഇത്രതോനെ തിരക്ക്. വീടുപണിയുണത് പണിക്കാരല്ലേ''
''അല്ലാന്ന് പറയിണില്ല. എങ്കിലും ഒരു നോട്ടം വേണ്ടേ''.
''വല്ലപ്പഴും ഒന്നു ചെന്ന് നോക്കണം അത്രേന്നെ''.
''മിണ്ടാണ്ടിരിക്കിന്‍. ഇദ്ദേഹത്തിന്‍റെ തിരക്ക് എന്താന്ന് നിങ്ങള്‍ക്കറിയ്യോ. ''എഴുത്തശ്ശന്‍ ശാസിച്ചു''നിങ്ങളെപ്പോലെ ശാപ്പാടും കഴിച്ച് ഒരുഭാഗത്ത് മട്ടമലച്ച് കെടന്നുറങ്ങാന്‍ എല്ലാരുക്കും പറ്റില്ല. ഇദ്ദേഹത്തിന് നൂറുകൂട്ടം പണീണ്ടാവും''.
''അതാ ശരി. കോണ്‍ട്രാക്ട് എടുത്ത വീടുകളടെ പണി നോക്കണം. അതിനുവേണ്ട സാധനങ്ങള്‍ ഏര്‍പ്പാടാക്കണം. പൊളിക്കാന്‍വേണ്ടി വാങ്ങിക്കുണ പഴേ കെട്ടിടങ്ങള്‍ നോക്കണം. അത് പൊളിക്കുമ്പോ നോക്കീലെങ്കില്‍ മുതല് പോവും. കിട്ടുണ സാധനങ്ങള്‍ പാകംപോലെ വില്‍ക്കണം. ഇതിനുപുറമേ ചില്ലറ സ്ഥലക്കച്ചോടൂണ്ട്. ചെങ്കല്ല് ചൂള, റബ്ബര്‍തോട്ടം,സാമില്ല് ഒക്കെ ഇതിന് പുറമ്യാണ്. അതൊക്കെ നോക്കി നടത്തണ്ടേ. എല്ലാറ്റിനും പുറമെ ഇത്തിരി രാഷ്ട്രീയംകൂടി ആയാലോ''.
''അതൊന്നും ഇയാള്‍ക്ക് മനസ്സിലാവില്ല''
''വേണു എവടെ''.
''ഞങ്ങളൊക്കെ ഇന്നലെ മാലീട്ടു. അവന്‍ ഏടത്ത്യേ കാണാന്‍ പോയതാ''.
''നിങ്ങടെകൂടെ ഞാനും വരുണുണ്ട്. അടുത്ത ആഴ്ച്ചേ മാലീടൂ''.
''വേണൂനോട് എന്തെങ്കിലും പറയണോ''.
''ഈ വഴിക്ക് വന്നപ്പൊ കടവില് കാറ് നിര്‍ത്തി എല്ലാരേം ഒന്നു കണ്ടിട്ടു പോവ്വാന്ന് കരുതി. വേറെ വിശേഷിച്ചൊന്നൂല്യാ. പറ്റ്യാല്‍ വൈകുന്നേരം വരാം''അയാള്‍ തിരിച്ചുപോയി.
************************
''അനുജന്‍ എത്തീട്ടുണ്ട്''മുറ്റമടിച്ചിരുന്ന പണിക്കാരി ചെന്ന് പറഞ്ഞപ്പോള്‍ പത്മിനി ഉടനെ ഉമ്മറത്തേക്ക് ചെന്നു. നോക്കുമ്പോള്‍ വേണു കറുപ്പു മുണ്ട് ഉടുത്തിരിക്കുന്നു.
''എന്നേ നീ മാലീട്ടത്''അവര്‍ ചോദിച്ചു.
''ഇന്നലെ രാവിലെ അയ്യപ്പന്‍കാവില്‍വെച്ച്''.
''കാലിന് സ്വാധീനം ഇല്ലാത്തോടത്ത് മലയ്ക്ക് പുറപ്പെടണ്ട വല്ലകാര്യൂണ്ടോ നിനക്ക്''.
''അതൊക്കെ ഭഗവാന്‍ കാത്തോളും. ദേഹബലം ഉള്ളതോണ്ട് ഭഗവാനെ ദര്‍ശനം നടത്താനാവുംന്ന് പറയാന്‍ സാധിക്ക്യോ ഓപ്പോളേ''.
''അത് ശര്യാണ്. ഞാന്‍ ഭഗവാനെ നിന്ദിച്ചൂന്ന് തോന്നരുത്ട്ടോ. നിന്‍റെ കാലിലെ വിഷമം ഓര്‍ത്ത് പറഞ്ഞതാ''.
''വിശ്വേട്ടന്‍ എവിടെ ഓപ്പോളേ''.
''അച്ഛനും മകനുംകൂടി പുലര്‍ച്ചെ നാട്ടിലിക്ക് പോയതാ. മണ്ഡലകാലം അല്ലേ. തറവാട് വക അമ്പലത്തില്‍ തൊഴുകണോത്രേ മൂപ്പര്‍ക്ക്. എന്നീം കുറെ വിളിച്ചു. അത്ര നേരത്തെ വയ്യാന്നു പറഞ്ഞ് ഞാന്‍ പോയില്ല. കാപ്പി കുടിക്കാറാവുമ്പോഴേക്കും അവരെത്തും''. വേണു പേപ്പര്‍ എടുത്തു.
''പണിക്കാരികള് കുളിച്ചിട്ടുണ്ടോന്ന് ചോദിക്കട്ടെ. നീ മലയ്ക്ക് പോണതല്ലേ. കുളിക്കാതെ വെച്ചുണ്ടാക്കി തരണ്ടാ''. ഏറെ വൈകാതെ കാപ്പിയുമായി അവര്‍ എത്തി.
''ഒരു വിശേഷം കേക്കണോ''പത്മിനി ചോദിച്ചു''രാധ ഇവിടെ വന്നിരുന്നു''.
''ഉവ്വോ. എപ്പൊ വന്നു''.
''നാലഞ്ച് ദിവസായി. രാവിലെ വിശ്വേട്ടനും മോനും കോടതീലിക്ക് പോയി കഴിഞ്ഞശേഷം. കണ്ടപ്പൊ എനിക്ക് കല്യാണ് വന്നത്. പിന്നെ അവളടെ വര്‍ത്തമാനം കേട്ടപ്പൊ അവളടെ ഭാഗത്ത് തെറ്റൊന്നും ഇല്യാന്ന് എനിക്കു ബോദ്ധ്യായി. വൈകുന്നേരാണ് ഞാന്‍ അവളെ പറഞ്ഞയച്ചത് '.
''അതേതായാലും നന്നായി. കിട്ടുണ്ണിടെ അടുത്തു പിണങ്ങി രാധ വീട്ടിലിക്ക് പോയിരിക്ക്യാണ്'.
''അതൊക്കെ പറഞ്ഞു. ആ കുരുത്തംകെട്ടോന്‍റെകൂടെ ആരാ കഴിച്ചു കൂട്ട്വാ. ഇത്രകാലം കഴിഞ്ഞതന്നെ അവളുടെ സ്വഭാവഗുണംകൊണ്ടാണ്''.
''രണ്ടുകൂട്ടരോടും സംസാരിച്ച് അവരടെ പിണക്കം പറഞ്ഞ് തീര്‍ക്കണംന്ന് ഞാന്‍ വിചാരിച്ചതാ''.
''കഷ്ടം. നിനക്ക് തോന്നുണുണ്ടോ നീ പറഞ്ഞാല്‍ അവന്‍ കേള്‍ക്കുംന്ന്. ഒറ്റ കൊമ്പിലിരിക്കുണ കുരങ്ങനെപോലെ അവന്‍ ആരൂല്യാതെ കഴിയട്ടെ. നെഗളിപ്പോണ്ടല്ലേ ഇങ്ങിനെ വന്നത്''.
''എന്നാലും ഒറ്റയ്ക്ക് കഴിയ്യാന്ന് വെച്ചാല്‍ കഷ്ടോല്ലേ''.
''ഒരു എന്നാലൂല്യാ. നീ നിന്‍റെ പാട് നോക്കി മിണ്ടാണ്ടിരുന്നാ മതി''.
''രാധടടുത്ത് മക്കള്‍ പറഞ്ഞാല്‍ തിരിച്ചുപോവില്ലേ. എനിക്ക് ആ കുട്ട്യേളെ അത്ര പരിചയം പോരാ. അല്ലെങ്കില്‍ അവരോട് പറഞ്ഞ് നോക്കായിരുന്നു''.
''നടന്നപോലെത്തന്നെ. മക്കള്‍ നിര്‍ബന്ധം പറഞ്ഞാല്‍ മരിക്കുംന്നാ രാധ പറഞ്ഞത്. അത് കാണണോ നിണക്ക്''.
''അയ്യോ, അത്ര വാശീണ്ടെന്ന് എനിക്കറിയില്ല''.
''കല്യാണത്തിന്ന് അവള്‍ വരും. അപ്പൊ നേരില്‍ കാണാലോ''.
''അമ്പലത്തില്‍വന്ന് എന്നെ കണ്ടിരുന്നു. കുറച്ചൊക്കെ പറയും ചെയ്തു''.
''കിട്ടുണ്ണി പറഞ്ഞത് കേള്‍ക്കാതെ അമ്പലത്തില്‍ ചെന്നതിനാണ് അവളെ ഇറക്കിവിട്ടത്''.
''ഓപ്പോള് ഒരുകാര്യം ചെയ്യൂ. രാധയ്ക്ക് കാശോ പണോ വേണച്ചാല്‍ കൊടുക്കൂ. ഞാന്‍ തരാം''.
''എങ്ങിന്യാടാ വന്ന് കേറ്യേപാടെ അവളടെ കയ്യില് കാശുണ്ടോന്ന് ചോദിക്ക്യാ. ഇനി വരുമ്പൊ എന്തെങ്കിലും കൊടുക്കാം. നീ തര്വോന്നും വേണ്ടാ''. സംസാരിച്ചിരിക്കുമ്പോഴേക്കും വക്കീലും മകനും എത്തി.
''അതു ശരി. താന്‍ ശബരിമലയ്ക്ക് പോവാന്‍ ഒരുങ്ങി ഇരിക്ക്യാണ് അല്ലേ. മകരവിളക്കിന്ന് മുമ്പ് മരുമകന്‍റെ കല്യാണം ഉണ്ട്ന്ന് അറിയാലോ'' വക്കില്‍ ചോദിച്ചു.
''തിരക്ക് ആവുമ്പോഴേക്കും പോയിട്ട് വരണം. ഡിസമ്പര്‍ ആദ്യം പോണം എന്നാ ഉദ്ദേശം''.
''മലേന്ന് വന്നാല്‍ നേരെ ഇങ്കിട്ട് പോര്വാ. കല്യാണം കഴിഞ്ഞിട്ടേ പിന്നെ പോകാവൂ''. വേണു തലയാട്ടി.
''രാധ വന്നകാര്യം ഞാന്‍ പറഞ്ഞു''.
''താന്‍ പറയാതിരിക്കില്യാന്ന് എനിക്കറിയില്ലേ''.
''ഇവന് അവരടെ പെണക്കം തീര്‍ക്കണംന്ന് മോഹം ഉണ്ടായീത്രേ''.
''അത് അയാളടെ ശീലം. ഞാന്‍ പറഞ്ഞില്ലേ നാളെ അവര് ഭര്‍ത്താവും ഭാര്യീം ഒന്നായീന്നുവരും. മറ്റുള്ളോര് വല്ലതും പറഞ്ഞാല്‍ അതേ ബാക്കിവരൂ''.
''ഇവിടെ നിങ്ങടടുത്ത് പറഞ്ഞൂന്ന് വിചാരിച്ച് മറ്റുള്ളോരടെ അടുത്ത് ഞാന്‍ പറയാന്‍ പോവ്വാണോ''.
''കൃഷ്യോക്കെ എങ്ങിനീണ്ട് വേണൂ''വക്കീല്‍ ചോദിച്ചു.
''തെറ്റില്ല. ചാമി വേണ്ടപോലെ ചെയ്യുണുണ്ട്''.
''അവനെ പത്ത് ദിവസത്തേക്ക് ഇവിടക്ക് അയയ്ക്ക്''പത്മിനി പറഞ്ഞു ''പുറംപണി കുറെ ചെയ്യിക്കാനുണ്ട്. ഇപ്പൊ വേണംന്നല്ല. കല്യാണത്തിന്ന് കുറച്ചുമുമ്പ് മതി''. വേണു സമ്മതിച്ചു.
അദ്ധ്യായം - 90.
''ചാമ്യേ, മഴ പോയതോടെ വെള്ളം വലിഞ്ഞല്ലോടാ. എന്താ ഇനി ചെയ്യാ'' പാടത്തേക്ക് നോക്കി എഴുത്തശ്ശന്‍ സങ്കടപ്പെട്ടു.
''കനാല് തൂര്‍ന്നത് നേരാക്കി രണ്ടാംപഞ്ചയ്ക്ക് വെള്ളംതുറന്ന് വിടുംന്നാ എല്ലാരും പറയുണത്''.
''ഇത് കേക്കാന്‍ തുടങ്ങീട്ട് കാലം ഇശ്ശി ആയില്ലേ. കരുണാകരമേനോന്‍ കനാലിന്‍റെ എഞ്ചിനീയറെ കാണാന്‍ പോയീന്ന് എന്‍റടുത്ത് അയാളടെ പോര്‍ത്തിക്കാരന്‍ കുട്ടമണി പറയ്യേണ്ടായി. മലയിടിഞ്ഞപ്പൊ കനാലില്‍ വീണ മണ്ണുതോണ്ടി കളഞ്ഞൂത്രേ. കനാല് വരുന്നവഴീലെ ഒരു കുന്നിന്ന് മറ്റേകുന്നിലിക്ക് വെള്ളം കടത്താന്‍ പാലം കെട്ടി മോളില്‍ കൂടീട്ട് ചാല് ഉണ്ടാക്ക്യേത് വിണ്ടുകീറി വെള്ളം ചോര്‍ന്നുപോണുന്നും, ആ ചോര്‍ച്ച അടച്ചതും വെള്ളം വിടും എന്നൊക്കെ അവന്‍ പറഞ്ഞു''.
''അതും കാത്ത് ഇരുന്നാല്‍ നമ്മടെ പഞ്ച ഉണങ്ങി പോവ്വേള്ളു''.
''പിന്നെന്താ നമ്മള് ചെയ്യാ''.
''നമുക്ക് രണ്ട് ഇഞ്ചന്‍ വാടകക്ക് കൊണ്ടുവരാം. ഒന്ന് കയത്തംകുണ്ടില് വെച്ച് അടിക്കാം. അതോണ്ട് പാറകുളത്തില് വെള്ളം നിറച്ചിട്ട് അവിടുന്ന് മേല്‍പാടത്തേക്ക് പമ്പ് ചെയ്യാം''.
''ഉപായപ്പെട്ട പണ്യാണോ ഇതൊക്കെ. ആരേകൊണ്ടാവും ഇതിനൊക്കെ മല്ലുക്കെട്ടാന്‍''.
''കൂടാണ്ടെ കഴിയ്യോ കുപ്പ്വോച്ച. മുമ്പ് നിങ്ങക്കൊരു പമ്പ് ഉണ്ടാര്‍ന്നല്ലോ''.
''ഒക്കെ ഞാന്‍ വാങ്ങികൂട്ടി. മുടക്കാ ചരക്കാണെന്നും പറഞ്ഞ് അത് പെട്ട വിലയ്ക്ക് വിറ്റു. സാധനം പടികടന്ന് പോയിട്ടാണ് ഞാനറിഞ്ഞത്''.
''അതുണ്ടെങ്കില്‍ എത്ര ഉപകാരായേനെ''.
''ഇനി പറഞ്ഞിട്ട് കാര്യൂല്ലല്ലോ''. ഇരുവരും നടന്ന് ചേരിന്‍ചുവട്ടിലെത്തി.
''കുപ്പ്വോച്ചോ, ഞാനൊരു കാര്യം ചോദിച്ചോട്ടെ''.
''എന്താ പറയ്''.
''മകന് വയ്യാന്ന് കേട്ടിട്ട് നിങ്ങക്ക് ഒന്നും തോന്നുണില്യേ''.
''ഇതെന്ത് ചോദ്യാണ്. മക്കള്‍ക്ക് സുഖൂല്യാന്ന് കേട്ടാല്‍ ആരക്കാണ്ടാ സങ്കടം ഇല്ലാണ്ടിരിക്ക്യാ''.
''എന്നാ പിന്നെ നിങ്ങക്ക് പോയി ഒരുകണ്ണ് കണ്ടൂടേ''.
''അത് വേണ്ടാടാ. എന്‍റെ കൈവാട് വിട്ടപ്പഴേ എനിക്ക് അവന്‍റെ മേല് അധികാരം ഇല്യാണ്ടായി. ആരോ അവനെ സ്വൊന്താക്കി വെച്ചോട്ടെ. നന്നായി നടക്കുണൂന്ന് കേട്ടാമതി. എനിക്ക് അത്രേള്ളു മോഹം''.
''എന്നാലും സ്വൊന്തം ചോരേല് പിറന്ന മകനല്ലേ''.
''നിന്നോട് പറയാലോ, അവന്‍റെ സ്ഥാനത്താ ഞാനിപ്പൊ നമ്മടെ വേണൂനെ കാണുണത്''.
''മൊതലാളിക്കും എനിക്കും കുപ്പ്വോച്ചന്‍റെ സ്നേഹം നല്ലോണം അറിയാം. ഞങ്ങളത് കൂട്ടംകൂടാറുണ്ട്''.
''വാസ്തവം പറഞ്ഞാല് അവന്‍റെ സ്വഭാവഗുണത്തിന്ന് നല്ലൊരു പെണ്ണും കെട്ടി കുട്ടീം കുടുംബൂം ആയി കഴിയണ്ടതാ. അവന് അതിനൊന്നും യോഗം ഇല്ലാണ്ടെ പോയി''.
''ഇന്നാള് വേലപ്പന്‍ എന്നോടൊരു കാര്യം പറഞ്ഞു. ഞാന്‍ അവനെ അതിന് വക്കാണിക്കും ചെയ്തു''.
''എന്താത്''.
''നാണുനായരുടെ മകളെ മുതലാള്യേകൊണ്ട് കെട്ടിച്ചാലെന്താന്ന് അവന്‍ ചോദിച്ചു''.
''അതില് തെറ്റൊന്നൂല്യാ. ഒരുവാക്ക് വായിന്ന് വീഴണ്ട താമസം നാണ്വാര് നൂറ് വട്ടം അതിന് സമ്മതിക്കും. പക്ഷെ അവന്‍റെ മനസ്സിലിരുപ്പ് ഒട്ടും പിടി കിട്ടുണില്യാ''.
''കുപ്പ്വോച്ചന്‍ ഒന്ന് ചോദിക്കിന്‍''.
''എങ്ങിന്യാ ഞാനത് ചോദിക്ക്യാ. അവന്‍റെ തണ്ടിക്കാരാനാണെങ്കില്‍ ശരി. ആ മേനോനെക്കൊണ്ട് ചോദിപ്പിക്കണംന്ന് വിചാരിച്ചിരിക്യാണ് ഞാന്‍. ഏതായാലും നമ്മള് മലയ്ക്ക് പോയിവരട്ടെ''.
''അതിന് ഇനി എത്ര ദിവസൂണ്ട് '.
''എന്താ നിനക്ക് കള്ള് കുടിക്കാന്‍ തിടുക്ക്വായോ''.
'അയ്യേ. മുതലാളിടെകൂടെ കൂട്യേതിന്ന് ശേഷം ഒരേ ഒരു പ്രാവശ്യേ ഞാന്‍ കുടിച്ചിട്ടുള്ളു. പിന്നെ ആ വഴിക്ക് തിരിഞ്ഞ് നോക്കീട്ടില്ല''.
''സംസര്‍ഗ്ഗഗുണംന്ന് പറയുണത് ഇതാ. ചന്ദനം ചാര്യാല്‍ ചന്ദനം മണക്കും. ചാണകം ചാര്യാല്‍ ചാണകം മണക്കും''.
''മൊതലാളി നേരം വെളുക്കുമ്പഴയ്ക്കും പോയല്ലോ. ഇന്നിനി ഉച്ചയ്ക്ക് ഉണ്ണാനെത്ത്വോ''.
''തോന്നുണില്യാ. മാലീട്ടതല്ലേ. ഓപ്പോളെ ഞാനൊന്ന് കണ്ടിട്ട് വരട്ടെ എന്നേ പറഞ്ഞുള്ളു''.
''മോന്ത്യാവുമ്പഴക്ക് എത്തും. കുളിച്ച് ശരണംവിളിക്കാന്‍ അമ്പലത്തില് പോണ്ടതല്ലേ''. വണ്ടിപ്പുരയുടെ മുമ്പില്‍ അമ്മിണിയമ്മ വിറക് വെട്ടുന്നത് കണ്ടു.
''ചാമ്യേ, എന്താണ്ടാ അയമ്മ വിറകുമുട്ടി വെട്ടുണത്. മരുമകന്‍ ചെക്കന് അതൊന്ന് വെട്ടികൊടുത്തൂടെ''.
''നേരം വെളുക്കുമ്പഴയ്ക്ക് അവന്‍ പോവും . കിട്ട്യേസ്ഥലത്ത് റബ്ബറിന്ന് കുഴി വെട്ടുണുണ്ടത്രേ. ഒറ്റയ്ക്കാണ് പണി എടുക്കുണത്''.
''മനുഷ്യന്‍ ചെല്ലാത്ത ഇടത്ത് റബ്ബര്‍ വെച്ചിട്ട് എന്താണ്ടാ കാര്യം''.
''വലുതായി കഴിയുമ്പൊ വിറ്റാ നല്ല വെല കിട്ടുംന്നാ അഭിപ്രായം''.
''അങ്ങിന്യാണച്ചാല്‍ ചെക്കന്‍ മിടുക്കനാണല്ലോ''.
''പട്ടുപണി തുടങ്ങുമ്പൊ അവന്‍ ഇവിടുത്തെ പണിക്ക് നിക്കും. ഇവിടെ പണി തുടങ്ങാന്‍ അപ്പഴയ്ക്കേ അവര്‍ക്ക് അധികാരംകിട്ടൂന്നാ പറഞ്ഞത്. പോന്ന് പോരാത്തത് പറഞ്ഞുതരണംന്ന് എന്നോട് പറഞ്ഞു. നെല്ലുണ്ടാക്കി പരിചയം ഇല്ലാത്രേ''.
''അപ്പൊ അവന്‍ പാടുപെട്ട് കുടുംബം പുലര്‍ത്തും''. ഇരുവരും പാടം നോക്കി കളപ്പുരയിലേക്ക് മടങ്ങുമ്പോള്‍ അമ്മിണിയമ്മ അടുത്തേക്ക് വന്നു.
''രാവുത്തര്‍ക്ക് സ്ഥലം വേണംന്ന് പറഞ്ഞില്ലേ. അതിന്‍റെ ആള്‍ക്കാര് കാണാന്‍ വരുണുണ്ട്''.
''എപ്പഴാ വര്വാ. മുന്‍കൂട്ടി പറഞ്ഞാല്‍ രാവുത്തരോട് വരാന്‍ പറയാംന്ന് വെച്ചിട്ടാ''.
''മറ്റന്നാ രാവിലെ അവര് വരും''.
''ശരി വരട്ടെ. നിങ്ങള്‍ക്ക് ഇവിടെ വെഷമം ഒന്നൂല്യല്ലോ''.
''ഒന്നൂല്യാ. നല്ല ആള്‍ക്കാരാ ഇവിടീള്ളോര് എന്ന് മരുമകന്‍ പറഞ്ഞു''.
''എന്താ അവന്‍റെ പേര്. അത് ചോദിക്ക്വേണ്ടായില്ല''.
''ഇത്തിരി നീട്ടം ഉള്ള പേരാ. എന്‍റെ തൊള്ളേല്‍ കൊള്ളില്ല. അതോണ്ട് ഞാന്‍ അപ്പുക്കുട്ടാന്നാ വിളിക്കാറ്''.
''അവനെ നമ്മടെ കൂട്ടത്തില്‍ കൂട്ടീന്ന് അര്‍ത്ഥം''.
അമ്മിണിയമ്മയുടെമുഖത്ത് ഒരായിരം പൂക്കള്‍ വിടര്‍ന്നു. മുകളിലൂടെ വിമാനം പറന്നുപോയി.
**********************************
''സ്വാമിയേ ശരണമയ്യപ്പാ''പുറത്തുനിന്ന് ശരണംവിളികേട്ട് രാധാകൃഷ്ണന്‍ തലയുയര്‍ത്തിയപ്പോള്‍ ഓഫീസ് മുറിയുടെ വാതില്‍ക്കലുണ്ട് സുകുമാരന്‍.
''ശരണമയ്യപ്പാ''രാധാകൃഷ്ണന്‍ പ്രത്യഭിവാദ്യം ചെയ്തു. മേശയുടെ മറുഭാഗത്ത് നിരത്തിയിട്ട കസേലകളൊന്നില്‍ സുകുമാരന്‍ ഇരുന്നു
''നീയാണോ മില്ലിലെ കാര്യങ്ങള്‍ നോക്കുന്നത്''.
''കുറച്ചു ദിവസായിട്ട്''.
''അപ്പോള്‍ കരാറ് പണി ആരാ നോക്ക്വാ''.
''അത് വേണ്ടാന്ന് വെക്കാന്‍ പോവ്വാണ്. കുറച്ച് ബില്ലുകള്‍ പാസ്സാക്കി കിട്ടാനുണ്ട്. അത് കിട്ട്യാല്‍ നിര്‍ത്തും''.
''നിന്‍റെ അച്ഛനെവിടെ''.
''വീട്ടിലുണ്ട്''.
''ഞാന്‍ ചിലതൊക്കെ കേട്ടു''. രാധാകൃഷ്ണന്‍ ഒന്നും പറഞ്ഞില്ല.
''എന്‍റടുത്ത് നീ ഉള്ള സത്യം മറച്ചുവെച്ചു. പക്ഷെ സംഗതി നാട്ടിലൊക്കെ പാട്ടാണ്''. അതിന്നും മറുപടി ഉണ്ടായില്ല.
''നീ ചെയ്തത് ഒട്ടും ശരിയായില്ല''.
''പിന്നെന്താ, എന്‍റെ അച്ഛന്ന് പ്രാന്താണെന്ന് ചെണ്ടീംകൊട്ടി ഞാന്‍ നാട്ടില് പാടിക്കൊണ്ട് നടക്കണോ''.
മുഖത്തടിച്ചതുപോലുള്ള ആ മറുപടി സുകുമാരന്‍ പ്രതീക്ഷിച്ചിരുന്നില്ല. കുറച്ചുനേരം അയാള്‍ മൌനം അവലംബിച്ചു.
''നമ്മള്‍ രണ്ടാളും എങ്ങിനെ ജീവിച്ചതാണ്. കഴിഞ്ഞതൊക്കെ നീ മറന്നു'' അയാളുടെ വാക്കുകളില്‍ ദുഃഖം നിഴലിച്ചു.
''അങ്ങിന്യേല്ല. കഴിഞ്ഞകാലത്ത് ചെയ്തുപോയ തെറ്റുകള്‍ ഇപ്പൊ ഞാന്‍ തിരിച്ചറിഞ്ഞൂന്ന് മാത്രം''.
''ഞാന്‍ നിന്നെക്കൊണ്ട് തെറ്റ് ചെയ്യിക്ക്യായിരുന്നോ''.
''ഒരിക്കല്വോല്ല. എന്‍റെ തെറ്റുകളടെ ഉത്തരവാദി ഞാന്‍ മാത്രാണ്''.
''നിനക്ക് തെറ്റുകള്‍ പറ്റിയപ്പോള്‍ അത് തിരുത്താന്‍ മിനക്കെടാതെ ഞാന്‍ നോക്കിക്കൊണ്ടിരുന്നു''.
''അങ്ങിന്യേല്ല. നമ്മള് രണ്ടാളും ഒരേ പ്രായക്കാരാണ്. ഒരാള്‍ക്ക് പറ്റുണ തെറ്റ് മറ്റെ ആളക്ക് മനസ്സിലാവില്ല. നമ്മളേക്കാള്‍ പ്രായൂം അനുഭവും ഉള്ള ആള്വേളുക്കു മാത്രേ നമ്മടെ തെറ്റ് കണ്ടെത്താനും തിരുത്തിക്കാനും കഴിയൂ''.
''ആശ്വാസം. ഞാനായിട്ട് നീ കേടുവന്നു എന്ന് പറഞ്ഞില്ലല്ലോ''.
''വല്ലാത്ത മനപ്രയാസത്തിലാണ് ഞാനിപ്പോള്‍. വെറുതെ ഓരോന്നു പറഞ്ഞ് നമ്മള് പിണങ്ങണ്ടാ. എനിക്ക് അന്നും ഇന്നും സുകുമാരനെ ഇഷ്ടാണ്''.
''അതുമതി. നിനക്ക് എന്തുവേണമെങ്കിലും എന്നോടുപറയാം''സുകുമാരന്‍ പറഞ്ഞു''അതിനൊന്നും മടിക്കണ്ടാ. എന്നെക്കൊണ്ട് ആവുന്നത് എപ്പഴും നിനക്കുവേണ്ടി ചെയ്യും''.
''ആ ബോദ്ധ്യം എനിക്കുണ്ട്''.
വേലായുധന്‍കുട്ടിയുടെ ചികിത്സയെ സംബന്ധിച്ച കാര്യങ്ങള്‍ ഇരുവരും സംസാരിച്ചു.
''ഞാന്‍ ഇടയ്ക്ക് വരാം''ഇറങ്ങുന്നനേരത്ത് സുകുമാരന്‍ പറഞ്ഞു.
''വരണം''രാധാകൃഷ്ണന്‍ പുഞ്ചിരിച്ചു.
Comments
Post a Comment