അദ്ധ്യായം 51-60

 അദ്ധ്യായം - 51.


''വേണ്വോ, കണ്ടേടത്തോളം എന്താ നെന്‍റെ അഭിപ്രായം''തിരിച്ചുവരുന്ന വഴി പത്മിനി ചോദിച്ചു. മരുമകന്‍ മുരളിധരന്ന് പെണ്ണുകണ്ട് വരുന്ന വഴിയാണ്. കാറില്‍ വിശ്വനാഥന്‍ വക്കീലും പത്മിനിയും മുരളിധരനും വേണുവും മാത്രമേയുള്ളു.

 

''കുഴപ്പം ഒന്നും തോന്നീലാ''എന്നേ വേണു പറഞ്ഞുള്ളു.


''എന്‍റെ നോട്ടത്തില് എല്ലാംകൊണ്ടും പറ്റിയ ബന്ധാണ് ഇത്. പെണ്‍കുട്ടി ആണെങ്കില്‍ അതിസുന്ദരി. ഇവളടെ ഏഴയലത്ത് വരില്ല മറ്റേ ഉര്‍വ്വശി''.


''ഇനി നമ്മള്‍ ആ കാര്യം സംസാരിക്കുന്നതേ തെറ്റാണ്. അവരടെ കണ്ണില്‍ അവരടെ മകള്‍ തന്നെയായിരിക്കും സുന്ദരി''വക്കീല്‍ പറഞ്ഞു''കിട്ടുണ്ണി എതിരൊന്നും പറയാതെ കല്യാണം നടത്തിത്തന്നു എന്ന് വെക്കുക. താന്‍ അപ്പോള്‍ ഇങ്ങിനെ പറയ്വോ''.


''അത് ഞാനെന്നല്ല ആരും പറയില്ല''.


''അടുത്ത ആഴ്ച അവര് വന്ന് നമ്മടെ ചുറ്റുപാടൊന്ന് കാണട്ടെ. ശരീന്ന് പറഞ്ഞാല്‍ ഈ മാസംതന്നെ നിശ്ചയം നടത്താം''.


''എന്താടോ തന്‍റെ അഭിപ്രായം''ഒന്നുനിര്‍ത്തി വക്കീല്‍ മകനോടു ചോദിച്ചു. അയാള്‍ ചിരിച്ചതേയുള്ളു.


''നമ്മള് പറഞ്ഞതിനപ്പറം അവന്‍ നടക്കില്ല''പത്മിനി പറഞ്ഞു.


''നിശ്ചയത്തിന് മിനിക്കുട്ടി വരില്ലേ ഓപ്പോളേ''വേണു ചോദിച്ചു.


''എനിക്ക് അത്രയ്ക്ക് ഉറപ്പില്ല. നിശ്ചയത്തിന്നും കല്യാണത്തിന്നും ഒക്കെ വര്വാച്ചാല്‍ അവര്‍ക്ക് ബുദ്ധിമുട്ടാവും. ഇംഗ്ലണ്ട് എന്ന് പറയുണത് നമ്മടെ പാലക്കാട് മാതിരി അടുത്തൊന്നും അല്ലല്ലോ''.


''പെണ്ണിന്‍റെ വീട്ടുകാര് വരുന്നതുംകൂടി കഴിഞ്ഞിട്ട് നിനക്ക് പോയാ പോരെ'' പെങ്ങള്‍ വേണുവിനോട് ചോദിച്ചു.


''അതുപോരാ. അമ്പലകമ്മിറ്റിയില്‍ എന്നെ ഇട്ടിട്ടുണ്ട്. വൈകുന്നേരം കാണാം എന്നു പറഞ്ഞിട്ടാണ് ഞാന്‍ പോന്നത്. അടുത്ത ശനിയാഴ്ച രാവിലെതന്നെ ഞാനെത്തും''.


''ഉവ്വ്. ഇന്നലെ എപ്പഴാ നീ എത്ത്യേത്. രാത്രി ഗേറ്റുംപൂട്ടി കാവല്‍ക്കാരന്‍ കെടന്നശേഷാണ് നീ വന്ന ടാക്സി പടിക്കല്‍ എത്ത്യേത്. നീ എത്തില്ലാന്ന് ഞാന്‍ മനസ്സില് ഉറപ്പിച്ചതാ. ഇനി അടുത്ത ആഴ്ച അതേപോലെത്തന്നെ ചെയ്യണം''.


''ഇല്ല ഓപ്പോളേ. ഇന്നലെ മീറ്റിങ്ങ് കഴിയാന്‍വൈകി. ഓരോരുത്തര് ഓരോ വര്‍ത്തമാനം പറഞ്ഞ് സമയം പോയി. ഒടുക്കം റോഡില്‍ എത്ത്യേപ്പൊ ബസ്സൊക്കെ പോയിക്കഴിഞ്ഞു. ചാമി ഒരുടാക്സി ഏര്‍പ്പാടാക്ക്യേതോണ്ട് വരാന്‍ പറ്റി. എന്നെ ഇവിടെ ഇറക്കി വിട്ടിട്ടാണ് അയാള്‍ പോയത്''.


''അങ്ങിനെ സ്നേഹൂള്ള ഒരു പണിക്കാരനെ തുണയ്ക്ക് കിട്ട്യേത് നിന്‍റെ ഭാഗ്യാണെന്ന് കൂട്ടിക്കോ''. പടികടന്ന് കാര്‍ ബംഗ്ലാവിന്‍റെ മുറ്റത്തെത്തി.  പണിക്കാരി മുറ്റത്തിട്ട പൂക്കളത്തിലെ പൂവുകള്‍ തെക്കന്‍കാറ്റില്‍ ഇളകി പോയിരുന്നു


**************************


പത്മിനിയുടെ വീട്ടില്‍നിന്ന് വേണു തിരിച്ചെത്തുമ്പോള്‍ വൈകുന്നേരമായി. കളപ്പുര തുറന്നിട്ടില്ല. ചാമി ആ പരിസരത്ത് എവിടേയുമില്ല. കയ്യിലെ ബാഗ് കോലായില്‍വെച്ച്, എഴുത്തശ്ശനെ അന്വേഷിച്ച് വണ്ടിപ്പുരയിലേക്ക് നടന്നു. അവിടെ അയാളില്ല. ചിലപ്പോള്‍ അമ്പലത്തിലേക്ക് പോയതായിരിക്കും. കളപ്പുരയിലേക്കു തിരിച്ചുനടന്നു. ഇട്ട ഷര്‍ട്ട് അഴിച്ചുവെച്ച് അയയില്‍നിന്ന് ഒരു തോര്‍ത്തെടുത്ത് തോളത്തിട്ട് വേണു ഇറങ്ങി. ആല്‍ചുവട്ടില്‍ പത്തു പതിനഞ്ചുപേര്‍ നില്‍പ്പുണ്ട്. എഴുത്തശ്ശനെ അവിടെ കണ്ടില്ല.


''അമ്മാമേ കണ്ട്വോ''വേണു ഒരാളോട് ചോദിച്ചു.


''ആരാ, കുപ്പന്‍കുട്ടി എഴുത്തശ്ശനല്ലേ''. വേണു അതെയെന്ന മട്ടില്‍ തലയാട്ടി.


''ദാ, ഇപ്പഴാ നാണുനായരേംകൂട്ടി കുളത്തിലേക്ക് കുളിക്കാന്‍ ചെന്നത്. നട തുറക്കുമ്പഴക്കും എത്തും''. വേണു കുളത്തിലേക്ക് നടന്നു. എഴുത്തശ്ശന്‍ കുളിച്ച് തലതുവര്‍ത്തുകയാണ്. നാണുനായര്‍ പടവില്‍ ഇരിക്കുന്നു.


''അമ്മാമേ''വേണു വിളിച്ചു''കളപ്പുര പൂട്ടീരിക്കുണൂ. ചാമ്യേ അവിടെ നോക്കീട്ട് കണ്ടതൂല്യാ''.


''ആ കുരുത്തംകെട്ടോന്‍റെ വര്‍ത്തമാനം മേലാല്‍ എനിക്ക് കേള്‍ക്കണ്ടാ. ഒരുകാലത്തും നന്നാവില്ലാന്ന് സത്യം ചെയ്തോനാ ആ കഴുവേറി. ആ കള്ളന്‍ എവിടേങ്കിലും പോയി തുലയട്ടെ''. താനില്ലാത്തനേരത്ത് രണ്ടാളും കൂടി വല്ലതും  പറഞ്ഞ് തമ്മില്‍തല്ലിയിട്ടുണ്ടാവുമെന്ന് തോന്നി. ബാഗും ഷര്‍ട്ടും കളപ്പുരയുടെ തിണ്ണയില്‍വെച്ചിട്ട് വന്നതാണെന്ന് വേണു അറിയിച്ചു.


''നീ കുളിച്ച് അമ്പലത്തിലേക്ക് വന്നോ. ഞാന്‍ തുമ്മന്ന് ചെന്ന് കളപ്പുരടെ വാതില് തുറന്ന് ഷര്‍ട്ടും ബാഗും അകത്തുവെച്ചിട്ട് വരാം''.


''വേണ്വോ, നെന്‍റെ കാര്യസ്ഥന്‍ കാണിച്ച പണി അറിഞ്ഞ്വോ. എഴുത്തശ്ശന്‍ നല്ല ദേഷ്യത്തിലാണ്''എഴുത്തശ്ശന്‍ പോയതും നാണുനായര്‍ പറഞ്ഞു.


വേണുവിനെ പെങ്ങളുടെ വീട്ടിലാക്കി തിരിച്ചുവന്ന ചാമി മൂക്കറ്റം കുടിച്ചതും, ഡ്രൈവറെ തല്ലാന്‍ ചെന്നതും, വണ്ടി നിര്‍ത്തിച്ച് ഇറങ്ങി പോയതും, കാറില്‍ കയറാന്‍ പറഞ്ഞത് അനുസരിക്കാതിരുന്നതും, പാതയോരത്ത് വീണ് നെറ്റിമുറിഞ്ഞതും, ആള് മരിച്ചു എന്നറിഞ്ഞ് എഴുത്തശ്ശന്‍ സങ്കടപ്പെട്ട് പോയതും. കുടിച്ചതിന്‍റെ മപ്പിറങ്ങി അവന്‍ എഴുന്നേറ്റുവെന്നറിഞ്ഞ് തിരിച്ചു പോന്നതുമെല്ലാം നാണുനായര്‍ അറിയിച്ചു.


''എന്തിനാ ഇയാള് ഡ്രൈവറോട് തമ്മില്‍ തല്ലാന്‍ പോയത്''.


''കുടിച്ചാല്‍ തല്ലുകൂടാന്‍ കാരണം വല്ലതും വേണോ. ഇവന്‍ ഡ്രൈവറെ കള്ളുകുടിക്കാന്‍ വിളിച്ചൂന്നാ കേട്ടത്, വണ്ടി ഓടിക്കാനുള്ളതാണ്,   ഞാനില്ല എന്ന് ആ വിദ്വാന്‍ പറഞ്ഞൂത്രേ. ആ മറുപടി പിടിക്കാഞ്ഞിട്ട് അവനെ തൊള്ളേല്‍ തോന്ന്യേതൊക്കെ പറഞ്ഞു. പാവം ആ ഡ്രൈവര്‍. അവനൊരു സാധു ആയതോണ്ട് ഇവനെ തിരിച്ചൊന്നും പറഞ്ഞില്ല. അല്ലെങ്കിലും ഡ്രൈവറ് കുടിച്ച് ബഹളംകൂട്ടീന്ന് നാലാളറിഞ്ഞാല്‍        പിന്നെ ആരെങ്കിലും അവന്‍റെ വണ്ടി ഓട്ടത്തിന്ന് വിളിക്ക്വോ''. വേണു  മുങ്ങിക്കേറി തലതുവര്‍ത്താന്‍ തുടങ്ങി. 


''നീയിത് ചോദിക്കാനൊന്നും പോണ്ടാ. വെളിവില്ലാത്തവനാണ്. ഇന്നതേ പറയൂ എന്നില്ല. എന്തോ ചെയ്തോട്ടെ. തീരെ പറ്റില്ലാന്ന് തോന്ന്യാല്‍ നാളെ മുതല്‍ പണിക്ക് വരണ്ടാ എന്നു പറഞ്ഞ് ഒഴിവാക്കണം. അല്ലാതെന്താ''.


മീറ്റിങ്ങ് തീരുന്നതിന്നുമുമ്പേ നാണുനായര്‍ ഇറങ്ങി. രാത്രിനേരത്ത് ഒറ്റയ്ക്ക് നടക്കാനാവില്ല. നിത്യേന ചാമി തുണ പോരുന്നതാണ്. ഇന്നവന്‍ ഇല്ലല്ലോ. പിന്നേയും കുറെകഴിഞ്ഞാണ് യോഗം പിരിഞ്ഞത്.


''അമ്മാമയ്ക്ക് ചാമിയെക്കുറിച്ച് എന്താ തോന്നുണ്''അമ്പലത്തില്‍നിന്ന് തിരിച്ചുപോവുമ്പോള്‍ വേണു ചോദിച്ചു.


''ഉള്ളത് ഉള്ളപോലെ പറയാലോ''എഴുത്തശ്ശന്‍ പറഞ്ഞു''രാത്രിക്കുള്ള ആഹാരം വാങ്ങിച്ചോണ്ട് വരാന്നുപറഞ്ഞ് പറ്റിച്ചതാ ആ കഴുവേറി. അതിലെനിക്ക് പരിഭവം ഒന്നൂല്യാ. ഉച്ചത്തെ ബാക്കി കുറച്ച് ഉള്ളതോണ്ട് പട്ടിണി കിടക്കണ്ടിവന്നില്ല. പക്ഷെ ആള്  മരിച്ചുപോയീന്ന് കേട്ടപ്പൊ മനസ്സിലുണ്ടായ സങ്കടത്തിന്ന് എന്താ ബദല്''.


''അമ്മാമേ, എന്തൊക്ക്യായാലും ചാമ്യേ ഒന്ന് കണ്ടിട്ട് വരണ്ടേ''.


''നീ വേണച്ചാല്‍ പൊയ്ക്കോ. വല്ലകേസും അവന്‍ ഉണ്ടാക്കീച്ചാല്‍ തൊണ പോവാന്‍ ഒരാളായിക്കോട്ടെ''. വേണു ഒന്നും പറഞ്ഞില്ല.


''നല്ലതിനെ പിടിച്ച് ആടിക്കണംന്ന് കേട്ടിട്ടുണ്ടോ''എഴുത്തശ്ശന്‍ പറഞ്ഞു ''കെട്ടസാധനം ആണച്ചാല് അത് തിരിഞ്ഞുകടിക്കും. ആര് നന്നാക്ക്യാലും നന്നാവാത്ത വകേല് പെട്ടതാ അവന്‍. അല്ലെങ്കില്‍ ഇത്രദിവസം നിന്‍റെ കൂടെ മര്യാദക്ക് നടന്നിട്ട് നിന്‍റെ കണ്ണ് വെട്ടത്തിന്ന് മാറ്യേപ്പഴക്കും ഈ മാതിരി തോന്ന്യാസത്തിന്ന് മെനക്കെട്വോ''. 


പടിതുറന്ന് കളപ്പുര മുറ്റത്തേക്ക് കയറിയതും ഒരു വല്ലംചുറ്റി അവരുടെ മുന്നിലൂടെ പറന്നുപോയി.


അദ്ധ്യായം - 52.


''ഇല്ലാത്ത കാശ് പിരിച്ചുണ്ടാക്കീട്ടാ നമ്മള് ഇതൊക്കെ ചെയ്യാന്‍ പോണത്. ഈ അമ്പലത്തിന്ന് ഊരാളന്മാരുണ്ട്. നമ്മള് പണി തീര്‍ത്തിട്ട് ഇനി ഞങ്ങള് നോക്കിക്കോളാം എന്നുപറഞ്ഞ് അവര് വന്നാല്‍ സംഗതി ബുദ്ധിമുട്ടാവും'' സ്വാമിനാഥന്‍ എല്ലാവരോടുമായി പറഞ്ഞു. തലേന്നത്തേക്കാള്‍ ആളുകള്‍ അന്ന് പങ്കെടുത്തിരുന്നു. അയാള്‍ പറഞ്ഞത് ശരിയാണെന്ന് എല്ലാവര്‍ക്കും തോന്നി.


''അതിന് നമ്മള് എന്താ ചെയ്യാ''സംശയം ചോദിച്ചത് എഴുത്തശ്ശനാണ്.


''ഉടമസ്ഥനെ കണ്ട് ഒരു സമ്മതപത്രം എഴുതി വാങ്ങണം. അമ്പലം നന്നാക്കി കൊണ്ടുനടക്കാനുള്ള സമ്മതം മതി. ക്രയവിക്രയ സ്വാതന്ത്രം ഒന്നും നമുക്കു വേണ്ടാ''.


പ്രസിഡണ്ടും സെക്രട്ടറിയും ട്രഷററുംകൂടി ഉടമസ്ഥന്‍ നമ്പൂതിരിപ്പാടിനെ ചെന്നുകണ്ട് അദ്ദേഹത്തിന്‍റെ സമ്മതം വാങ്ങണം, അതു കിട്ടിയിട്ടു മതി ദേവപ്രശ്നത്തിനുള്ള ദിവസം നിശ്ചയിക്കാന്‍, എന്നൊക്കെ അഭിപ്രായം ഉയര്‍ന്നു. നടാടെ ഒരുകാര്യത്തിന്ന് ഇറങ്ങുന്നത് മൂന്നാളായിട്ടു വേണ്ടാ. രക്ഷാധികാരിയായ എഴുത്തശ്ശനും കൂടെ ചെല്ലട്ടെ എന്നു തീരുമാനിച്ചു. പിറ്റേന്നുകാലത്ത് സ്വാമിനാഥന്‍ കാറുമായി കടവില്‍ എത്തിയിരുന്നു. എഴുത്തശ്ശനും വേണുവും ചെല്ലുമ്പോള്‍ രാജന്‍മേനോന്‍ കാറിലുണ്ട്. എല്ലാവരും കയറിയതോടെ കാര്‍ നീങ്ങി.


''വിചാരിച്ച പ്രയാസം വരുമെന്ന് തോന്നുന്നില്ല''മേനോന്‍ പറഞ്ഞു ''മനയ്ക്കല് ഉള്ളവര്‍ക്ക് അമ്പലം ആരേങ്കിലും ഏല്‍പ്പിച്ചാ മതിയെന്ന് ആയിട്ടുണ്ടത്രേ. അവര്‍ക്ക് അയ്യപ്പന്‍റെ കോപം ഉണ്ടെന്ന് പറഞ്ഞു കേള്‍ക്കുന്നുണ്ട്''.


''അതെങ്ങന്യാ ഉണ്ടാവാണ്ടെ ഇരിക്ക്യാ. അത് ശരിക്ക് നോക്കിനടത്തണ്ടത് അവരല്ലേ. ഭൂമി കയ്യിന്ന് പോയീന്ന് പറഞ്ഞിട്ട് കാര്യൂണ്ടോ''എഴുത്തശ്ശന്‍ പറഞ്ഞു.


ഉദ്ദേശിച്ചതിനേക്കാള്‍ ഭേദപ്പെട്ട സ്വീകരണമാണ് കിട്ടിയത്. മൂത്ത തിരുമേനി എന്തുവേണമെങ്കിലും എഴുതി തരാന്‍ തയ്യാറാണ്. ഭഗവാന്‍റെ കാര്യങ്ങള്‍ മുടക്കംവരാതെ നോക്കിയാല്‍ മതി. ദേവപ്രശ്നം നടക്കുന്ന സമയത്ത് താന്‍ അവിടെ എത്തിക്കോളാമെന്നുപറഞ്ഞ് അദ്ദേഹം ഗുരുസ്വാമിയുടെ കയ്യില്‍ ഒരുപൊതി ഏല്‍പ്പിച്ചു. കാറിലെത്തി തുറന്നു നോക്കുമ്പോള്‍ അതിനകത്ത് ആയിരത്തിഒന്ന് ഉറുപ്പികയുണ്ട്. മുഹൂര്‍ത്ത കയ്യ് മോശം വന്നില്ല എന്ന് എല്ലാവര്‍ക്കുംതോന്നി.


'ഒരുകാര്യം ചെയ്യാം. പോണപോക്കില്‍  നമുക്ക് രാഘവനേം കിട്ടുണ്ണി മാഷേം കണ്ട് ഒന്നുപറഞ്ഞിട്ട് പോവാം''രാജന്‍മേനോന്‍ പറഞ്ഞു.


''വെറുതെ എന്തിനാ നമ്മളവരെ ചെന്നുകാണുണത്, അവരാരാ, ഈ നാട്ടിലെ പ്രമാണിമാരോ''എന്ന് സ്വാമിനാഥന്‍ പറഞ്ഞെങ്കിലും ഒടുവില്‍ കൂടെ ചെല്ലാമെന്നേറ്റു. രാഘവന്‍റെ പ്രതികരണം തീരെമോശമായിരുന്നു.


''മനുഷ്യന്‍ ചന്ദ്രനില്‍ പോയി മടങ്ങിവന്നിരിക്കുണൂ. ആ കാലത്താണ് അമ്പലം നന്നാക്കണംന്നു പറഞ്ഞ് നിങ്ങള്‍ ഇറങ്ങീരിക്കുണത്. വല്ല ജീവകാരുണ്യപ്രവര്‍ത്തനത്തിനും ഇറങ്ങിന്‍. അതിന് എന്നെക്കൊണ്ട് ആവുണത് ഞാന്‍ ചെയ്യാം''. സ്വാമിനാഥന്ന് അയാള്‍ ആ പറഞ്ഞത് തീരെ രസിച്ചില്ല.


 ''ഞങ്ങള് ഒരുകാര്യം ചെയ്യാം. ജീവകാരുണ്യപ്രവര്‍ത്തനത്തിന്ന് നിങ്ങള്‍ തയ്യാറാന്നല്ലേ പറഞ്ഞത്. ഇവിടെ മായന്‍കുട്ടീന്ന് പേരുള്ള പ്രാന്തനുണ്ട് അവനെ ഇവിടെ എത്തിക്കാം. നിങ്ങള് മകനെപോലെ നോക്കിക്കോളിന്‍'' അയാള്‍ വെച്ചുകാച്ചി.


''നിങ്ങളെന്താ മക്കാറാക്കാന്‍ വന്നതാണോ''രാഘവന്‍ കയര്‍ത്തു


''ഈ മാതിരി എണ്ണത്തിനെ കാണണ്ടാന്ന് ഞാന്‍ പറഞ്ഞതാ. കേട്ടില്ലല്ലോ''  സ്വാമിനാഥന്‍ കൂടെയുള്ളവരെകൂട്ടി പടിയിറങ്ങി.


''നിങ്ങള് ആ പറഞ്ഞത് കൊള്ളേണ്ട ഇടത്തന്നെ കൊണ്ടു''കാറില്‍വെച്ച് എഴുത്തശ്ശന്‍ പറഞ്ഞു''മായന്‍കുട്ടി രാഘവന്ന് തീര്‍ന്നതാണെന്ന് നാട്ടില്‍ ആര്‍ക്കാ അറിയാത്തത്''.

 

''ആര്‍ക്കെങ്കിലും ഇനി കിട്ടുണ്ണിമാസ്റ്ററെ കാണണംന്ന് തോന്നുണുണ്ടോ''. പഞ്ചായത്തോഫീസ് കടന്നതും സ്വാമിനാഥന്‍ ചോദിച്ചു. എല്ലാവരുടെയും ഉള്ളില്‍ രാഘവനെ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ അനുഭവം വല്ലാത്ത  മടുപ്പുളവാക്കിയിരുന്നു.


''എന്താ ആരും ഒന്നും പറയാത്തത്. വേണ്ടാന്ന് ഉണ്ടോ''സ്വാമിനാഥന്‍ ഒരിക്കല്‍കൂടി ചോദിച്ചു.


''വേണു കൂടെ ഉണ്ടല്ലോ''എഴുത്തശ്ശന്‍ പറഞ്ഞു''അതോണ്ട് കുറച്ചൊരു മര്യാദകാട്ടും''.ഗെയിറ്റിന്ന് വെളിയില്‍ കാറുനിര്‍ത്തി എല്ലാവരും ഇറങ്ങി. ശബ്ദംകേട്ട് ഉമ്മറത്തെത്തിയ കിട്ടുണ്ണി ആഗതരെ അകത്തേക്ക് ക്ഷണിച്ചു. രാജന്‍മേനോന്‍ കാര്യങ്ങള്‍ വിശദമായി പറഞ്ഞു. എല്ലാവിധ സഹായ സഹകരണങ്ങളും അഭ്യര്‍ത്ഥിക്കുകയുംചെയ്തു. കിട്ടുണ്ണി പറഞ്ഞതെല്ലാം ശ്രദ്ധിച്ചുകേട്ടു.


''ഞാന്‍ പറയാണച്ചാല്‍ വേണ്ടാത്ത പണിക്കാണ് നിങ്ങള്‍ ഇറങ്ങ്യേത്. നാട്ടില് ഇഷ്ടംപോലെ അമ്പലങ്ങളുണ്ട്. പലതും നോക്കിനടത്താന്‍ ആളില്ല. നിങ്ങള് കേടുതീര്‍ത്ത് അമ്പലം നന്നാക്കീന്നെനെ വിചാരിക്യാ. എത്രകാലം അത് നടത്തികൊണ്ടു പോവാന്‍പറ്റും''.


''എല്ലാരും മനസ്സ് വെച്ചാല്‍... '' മേനോന്‍ പകുതിയില്‍ നിര്‍ത്തി.


''അതൊക്കെ വെറുതെ തോന്നുണതാ. വീഴാറായ ഒരമ്പലം ഈയിടെ ഞാന്‍ നന്നാക്കി. ഒരാളേം  കണ്ടതൂല്യാ, പത്തുപൈസ പിരിച്ചതൂല്യാ''.


''അത് നിങ്ങടെ തറവാട് വക അമ്പലോല്ലേ''.


''എന്തോ ആവട്ടെ. കാശ് ഇറക്കാതെ കാര്യം നടക്ക്വോ. ഇപ്പൊ മലേല് അമ്പലം പണിയണംന്ന് കുറെ ആള്‍ക്കാര് വന്നുപറഞ്ഞപ്പൊ അതിന്ന് ഇറങ്ങി പുറപ്പെട്ടു. അത് കഴിയതെ വേറൊന്നിന്ന് ഞാനില്ല''.


''ശരി. എന്നാല്‍ ഞങ്ങള്‍ ഇറങ്ങട്ടെ''എല്ലാവരും എഴുന്നേറ്റു. കിട്ടുണ്ണി കൂടെ മുറ്റത്തേക്കിറങ്ങി.


''ഒന്നും തോന്നരുത്. ആരുവന്ന് പറഞ്ഞാലും എനിക്ക് ചില തീരുമാനം ഒക്കെ ഉണ്ട്. മുഖംനോക്കാതെ ഞാനതങ്കിട്ട് പറയും. അതില്‍ ആര്‍ക്കും പരിഭവം തോന്നീട്ട് കാര്യോന്നൂല്യാ. അതെന്‍റെ ഒരുശീലാണേ''. കൂടുതല്‍ ഒന്നും പറയാതെ അവര്‍ പടിയിറങ്ങി.


''വേണ്ടീരുന്നില്ല ഈ കഴുവേറ്യേ കാണാന്‍വന്നത്''എഴുത്തശ്ശന്‍ പറഞ്ഞു ''വേണ്വോ, അവന്‍ ഒടുക്കം പറഞ്ഞത് നിന്നെ കൊള്ളിച്ചിട്ടാണ്''. വേണു മറുപടിപറഞ്ഞില്ല. പുഴവക്കത്ത് കാര്‍നിര്‍ത്തി, വേണുവിനേയും എഴുത്തശ്ശനേയും ഇറക്കി അത് തിരിച്ചുപോയി.

**************

''പ്രമാണിമാരൊക്കെകൂടി വന്നത് കണ്ടില്ലേ''രാജന്‍മേനോനും സംഘവും പോയതും കിട്ടുണ്ണി  രാധയുടെ മുമ്പില്‍ചെന്ന് അരോടെന്നില്ലാത്ത മട്ടില്‍ പറഞ്ഞു.


''എല്ലാം കഴിഞ്ഞ് ഇപ്പൊരു അമ്പലക്കമ്മിറ്റീം കൊണ്ടാണ് നടപ്പ്. ആ മേനോന്‍ വിതച്ചതില്‍ തെറിച്ച് വരമ്പത്ത് മുളച്ച സാധനാണ്. ഏതോ മനയ്ക്കല്‍കാരുടെ പൊളിഞ്ഞ അമ്പലം നന്നാക്കാന്‍ ഇവര്‍ക്കെന്താ ഇത്രമുട്ട്''. രാധ കേട്ടമട്ട് കാണിച്ചില്ല.


''കമ്മിറ്റി ഉണ്ടാക്കുമ്പോള്‍ കൃഷ്ണനുണ്ണി മാസ്റ്റര്‍ വേണം ന്ന വിചാരം ഉണ്ടായില്ല. എല്ലാംകഴിഞ്ഞിട്ട് സഹായൂം ചോദിച്ച് എത്തീരിക്കുണൂ''.    രാധ മൌനംതുടര്‍ന്നു.


''വേണുഗോപാലന്‍നായരെ കെട്ടി എഴുന്നള്ളിച്ചാല്‍ ഞാന്‍ നിലവിളക്ക് കൊളുത്തി സ്വീകരിക്കുംന്ന് കരുതീട്ടുണ്ടാവും. അതോണ്ടന്യാ ആര് വന്ന് പറഞ്ഞാലും എനിക്ക് തോന്ന്യേതേ ചെയ്യൂന്ന് ഞാന്‍ പറഞ്ഞത്''.


''അത് നന്നായി. കുരുത്തംന്നുള്ളത് നിങ്ങളെ തൊട്ട് തെറിച്ചിട്ടില്യാന്ന് അവരുംകൂടി അറിഞ്ഞല്ലോ''.


''നെന്‍റടുത്ത് പറയാന്‍ വന്നതേ എന്‍റെ തെറ്റ്''കിട്ടുണ്ണി അവസാനിപ്പിച്ചു.


******************************


എഴുത്തശ്ശനും വേണുവും കളപ്പുരയിലെത്തിയപ്പോള്‍ ചാമി പണിക്ക് എത്തിയിട്ടുണ്ടെന്ന് മനസ്സിലായി. ഇറയത്ത് വെക്കാറുള്ള കൈക്കോട്ട് കാണാനില്ല.


''ആ കള്ളന്‍ വന്നിട്ടുണ്ടെന്ന് തോന്നുണൂ. ഇന്നലെ ഈ വഴിക്ക് തിരിഞ്ഞ് നോക്കീട്ടില്ല''.


''ചിലപ്പൊ മുറിവ് വേദനിച്ചിട്ടാവും വരാഞ്ഞത്''.


''ഹേയ്, അങ്ങിനെ ആവാന്‍ വഴീല്യാ. മുറിച്ച് രണ്ടാക്കി ഇട്ടാല്‍ രണ്ടും കൂടി ചേര്‍ന്ന് എണീറ്റ് വരുണ സൈസ്സാണ് അവന്‍''.


''എന്നാല്‍ മാനക്കേടോണ്ട് ആവും''.


''ഇവറ്റേള്‍ക്ക് എന്ത് നാണക്കേട്. കള്ളുകുടിച്ച് അടീണ്ടാക്കും, പിന്നെ രണ്ടീസത്തേക്ക് മര്യാദയ്ക്ക് നടക്കും, മൂന്നാംപക്കം തഥൈവ. ഒന്നുക്ക് ഒന്നരാടം തല്ല് കൂടും. എന്തോ വേണു വന്നശേഷം മര്യാദക്കാരനായി കൂട്യേതാണ്''.


''ചിലരങ്ങന്യാണ് അമ്മാമേ. സ്വതവേ നല്ലോരാണെങ്കിലും ചെറ്യോരു പ്രേരണ കിട്ട്യാല്‍  മതി തെറ്റിന്‍റെ പിന്നാലെ പോവാന്‍. ശാസിക്കാതെ, ദേഷ്യപ്പെടാതെ കൂടെകൊണ്ടുനടത്ത്യാ മതി. ഇണങ്ങ്യേ കൊമ്പനെപോലെ പിന്നാലെ വന്നോളും''.


''അത് ശര്യാ. ആ മൊരടന്‍ നെന്‍റെ മുമ്പില് പച്ചപശു ആയിട്ടാ നില്‍ക്കാറ്''.


''എങ്ങിന്യാണെങ്കിലും മര്യാദയ്ക്ക് കഴിയട്ടെ''.


''നമുക്ക് പാടത്ത് പോയിനോക്കാം, എന്താ അവനവിടെ ചെയ്യുണത് എന്ന് കാണാലോ''എഴുത്തശ്ശന്‍ ഇറങ്ങി, പുറകെ വേണുവും. കൈക്കോട്ട് ഒരു ഭാഗത്തുവെച്ച് ചേരിന്‍ചുവട്ടില്‍ ചാമി കിടക്കുകയാണ്. 


''വല്ല പന്യോ മറ്റോ ഉണ്ടാവും. വീണ് നെറ്റി പൊട്ട്യേതല്ലേ''അകലെനിന്നേ ചാമിയെ കണ്ടതും എഴുത്തശ്ശന്‍ പറഞ്ഞു. അവര്‍ വരുന്നത് ചാമി കണ്ടില്ല.


 ''എന്താടാ നിനക്ക് മേല് വയ്യായീണ്ടോ''എഴുത്തശ്ശന്‍ ചോദിച്ചതും ചാമി പിടഞ്ഞെഴുന്നേറ്റ് ചേരിന്‍റെ ചുവട്ടിലിരുന്നു. തലയില്‍കെട്ടിയ മുണ്ടഴിച്ചപ്പോള്‍ നെറ്റിയില്‍ മരുന്നുവെച്ചുകെട്ടിയത് കണ്ടു.


''എടാ, ഇത് വീണിട്ട് പറ്റ്യേതോ, അതോ ആരെങ്കിലും രണ്ട് വീക്ക് തന്നതോ'' എഴുത്തശ്ശന്‍ ചോദിച്ചു. ചാമി തലതാഴ്ത്തി.


''വേദന തോന്നുണുണ്ടോ, നമുക്ക് ഡോക്ടറടടുത്ത് പോവാം''വേണു പറഞ്ഞു. ഒരുനിമിഷം. ചാമി കണ്ണുതുടയ്ക്കാന്‍ തുടങ്ങി.


''വേണ്ടാത്ത കുണ്ടാമണ്ടി ഉണ്ടാക്കീട്ട് കരഞ്ഞിട്ടെന്താ കാര്യം. ആ ഡ്രൈവറ് ചെക്കന്‍ നല്ലോനായതോണ്ട് നെന്‍റെ കരണത്ത് കൈവെച്ചില്ല. അവന്‍റേന്ന് കിട്ടണ്ടത് ദൈവംതന്നൂന്ന് കരുതിക്കോ''.


''പോട്ടേ അമ്മാമേ''വേണു പറഞ്ഞു''ഭൂമീല് തെറ്റുപറ്റാത്ത മനുഷ്യരുണ്ടോ ഒരബദ്ധം ചാമിക്ക് പറ്റീന്ന് വിചാരിച്ചാ മതി''.  വേണുകുനിഞ്ഞ് ചാമിയുടെ തോളില്‍ കൈവെച്ചു.


''ആ ഡ്രൈവറ് കുടിക്കില്ലാന്ന് പറഞ്ഞപ്പൊ എന്തിനാ നിര്‍ബന്ധിച്ചത്. ഇഷ്ടൂല്യാത്തോരെ കുടിക്കാന്‍ പ്രേരിപ്പിക്കരുത്''അയാള്‍ ഉപദേശിച്ചു. തന്നെപ്പറ്റി തെറ്റായ വിവരമാണ് ആ ഡ്രൈവര്‍ പറഞ്ഞതെന്ന് ചാമിക്ക് മനസ്സിലായി.


''എനിക്ക് തപ്പുപറ്റി. സമ്മതിക്കുണു. പക്ഷെ ഉണ്ടായത് ഇതൊന്ന്വോല്ല''. തുടര്‍ന്ന് നടന്നസംഭവം മുഴുവന്‍ ചാമി വിവരിച്ചു.


''ഇവന്‍ പറഞ്ഞത് നേരാണെങ്കില്‍ ആ ഡ്രൈവറെ വെറുതെവിടാന്‍ പാടില്ല. ഇന്നത്തോടെ അവന്‍റെ പണി പൂട്ടിക്കണം''എഴുത്തശ്ശന്‍ രോഷം പൂണ്ടു.


''ഇനി ഒന്നിനും പോണ്ടാ. കഴിഞ്ഞത് കഴിഞ്ഞു. മേലാല്‍  അബദ്ധം പറ്റാതെ നോക്ക്യാ മതി''.


''മൊതലാളിടെ നിറുകാണെ ഇനിമേലാല്‍ ഞാന്‍ കുടിച്ച് തല്ല് കൂടില്ല'' ചാമി വേണുവിന്‍റെ കയ്യില്‍തൊട്ട് സത്യംചെയ്തു.


''കുരുത്തംകെട്ടോനേ, വേണ്ടാത്ത ഓരോസത്യം ചെയ്ത് അത് തെറ്റിച്ചിട്ട് ഇവനെന്തെങ്കിലും വന്നാല്‍ നെന്‍റെ കണ്ണ് രണ്ടും ഞാന്‍ കുത്തിപ്പൊട്ടിക്കും''.


''സാരൂല്യാ അമ്മാമേ. എനിക്ക് ദോഷംവരുണ യാതൊന്നും ചാമി ചെയ്യില്ല''. മുതലാളിക്ക് തന്നിലുള്ള വിശ്വാസം ചാമിയെ കോരിത്തരിപ്പിച്ചു.


''ഇനി മേല്‍ക്കൊണ്ട് ഞാന്‍ അറിഞ്ഞുംകൊണ്ട് ഒരുതെറ്റും ചെയ്യില്ല'' ചാമി മനസ്സില്‍ ഉറപ്പിച്ചു.


അദ്ധ്യായം - 53.


നാലുമണിയാവുന്നതിന്നുമുമ്പേ നാണുനായര്‍ വീട്ടില്‍നിന്നിറങ്ങി. സൂര്യന്‍ ചൊരിയുന്ന ഉഷ്ണത്തെ ആവാഹിച്ച് ചുടുകാറ്റ് വീശുന്നുണ്ട്. ഇടയ്ക്ക് അങ്ങകലെ പാടത്തുള്ള ചപ്പുചവറുകളേയും പൊടിയേയും ചുഴലികാറ്റ് മേലോട്ടുയര്‍ത്തി വട്ടം കറക്കുന്നു.


''മഴക്കാലത്തെ വെയിലാണ്. കുറച്ച് ആറീട്ട് പോയാ പോരെ അച്ഛന്'' സരോജിനി ചോദിച്ചു. അയാളത് കേട്ടില്ലെന്ന് നടിച്ചു. തോര്‍ത്തുമുണ്ട് മടക്കിതലയിലിട്ടു. കളപ്പുരയില്‍ വേണുവും എഴുത്തശ്ശനും ഉണ്ടാവും, ചിലപ്പോള്‍ ചാമിയും. അവരോട് സംസാരിച്ച് കുറെനേരം ഇരിക്കാം. അതുകഴിഞ്ഞ് അമ്പലകുളത്തില്‍ മേല്‍കഴുകി അയ്യപ്പനെ തൊഴണം. ആല്‍ചുവട്ടില്‍ കൂടുന്ന മീറ്റിങ്ങില്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കണം . കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയശേഷം അയാള്‍ വലിയ ഉഷാറിലാണ്.


പുഴ കടക്കുമ്പോള്‍ തെങ്ങിന്‍തോപ്പില്‍നിന്ന് വേലി പൊളിച്ച് ഇറങ്ങി വരുന്ന രണ്ടുസ്ത്രീകളെ കണ്ടു. ഈരയും കോച്ചാടയും അടുക്കിക്കെട്ടി തലയിലേറ്റിയിരിക്കുന്നു. കഞ്ഞിവെക്കാന്‍ വിറക് ശേഖരിച്ച് വരുന്ന വരവാണ്.


''നാണുമൂത്താരേ'' മുമ്പില്‍ വന്നവള്‍ വിളിച്ചു''നിങ്ങ അമ്പലം നന്നാക്കാന്‍ പോവ്വാ''. അതെയെന്ന് തലയാട്ടി.


''വെള്ളപ്പാറേന്‍റെ മേപ്പട്ട് പൊളിഞ്ഞ കോവിലിലെ തമ്പുരാട്ടിക്കും നിങ്ങ ചെറുക്കനെ ഒരുകോവില് പണിയിന്‍. മുന്നെ മകരചൊവ്വക്ക് അവിടെ പൂജീണ്ടാര്‍ന്നു. ഇപ്പൊ അതുംനെലച്ചു''. സംഗതി ആലോചിക്കാമെന്നേറ്റ് നായര്‍ നടന്നു. ഒരുകാര്യം മെല്ലെ തുടങ്ങാനിരിക്കുന്നതേയുള്ളു. അത് എങ്ങിനെ തീരുമെന്ന് അറിയില്ല. അതിനെടേലാണ് വേറൊരു കോവില്.


കളപ്പുരത്തിണ്ണയില്‍ എഴുത്തശ്ശന്‍ നിവര്‍ന്നു കിടക്കുന്നു. വേണു പേപ്പറും നോക്കി ഇരിക്കുകയാണ്.


''എന്താഹേ ഈ പൊരിവെയിലത്ത് വരാന്‍. അര്‍ജന്‍റ് കാര്യം വല്ലതൂണ്ടോ'' എഴുത്തശ്ശന്‍ കൂട്ടുകാരനെ വരവേറ്റത് അങ്ങിനെയാണ്.


''ഒറ്റമരത്തിലെ കൊരങ്ങനെപോലെ എത്രനേരാ വെറുതെങ്ങ്യനെ ഇരിക്ക്യാ. ഇവിടെ വന്നാല്‍ ഓരോന്ന് പറഞ്ഞുംകേട്ടും ഇരിക്കാല്ലോ''.


''അതിനെന്താ വിരോധം. അമ്പലത്തിലിക്ക് പോണവരെ നേരം പോയി കിട്ട്വോലോ''എഴുത്തശ്ശന്‍ എഴുന്നേറ്റിരുന്നു.


''ദീപാരാധന കഴിഞ്ഞിട്ടേ ഞാനും പോണുള്ളു''നായര്‍ തിണ്ടിലിരുന്നു.


''നായരേ, ഓണോക്കെ എവിടംവരെ എത്തീ''.


''നമുക്കെന്ത് ഓണം. അതൊക്കെ കൈനെറയെ കാശുള്ളോര്‍ക്കല്ലേ''.


''അല്ലാത്തോര് അന്നേദിവസം വെപ്പുംകുടീം ഇല്ലാതെ കഴിയ്വോ''.


''അങ്ങിന്യെല്ലാ. എന്നാലും ഏറേന്നുംകൊറേന്നും ഉണ്ടല്ലോ. ഇല്ലാത്തോന് ഉള്ളോരെപ്പോലെ ഓണം കൊണ്ടാടാന്‍ കഴിയ്യോ''. മക്കുരാവുത്തര്‍ ആ നേരത്താണ് സൈക്കിളുമായി എത്തുന്നത്.


''നിങ്ങളെന്താ, പറക്ക്വാ ചെയ്തത്. ഞാന്‍ വീട്ടില്‍ ചെന്നപ്പൊ ഇങ്ങോട്ട് പോന്നൂന്ന് കുട്ടി പറഞ്ഞു. പിന്നാലെ വെച്ചുപിടിച്ചു. പറഞ്ഞിട്ടെന്താ, കാണണ്ടേ''.


''ഞാന്‍ വെശേല് നടന്നു. നല്ലവെയിലുണ്ടേ''. രാവുത്തരും തിണ്ടിലിരുന്നു.


''കേട്ടോ, വേണ്വോ''എഴുത്തശ്ശന്‍ പറഞ്ഞു''ഞാന്‍ ചത്താല് ഈ മൂപ്പര് തുണി എത്തിക്കും. അതിനുള്ളപണം ഞാന്‍ കൊടുത്തുവെച്ചിട്ടുണ്ട്. ഇനി ഇയാള് വീണ്ടും ചോദിച്ചാല്‍ കൊടുക്കണ്ടാട്ടോ''.


''എന്‍റെ എഴുത്തച്ചോ, നിങ്ങളെന്നെ നാറ്റിക്കും''രാവുത്തര്‍ പ്രതികരിച്ചു.


''രാവുത്തരേ , നിങ്ങളെ അല്ലാതെ ആരേങ്കിലും വെറുതെ കുറ്റം പറയാന്‍ കഴിയ്യോ''. 


രാവുത്തര്‍ എന്തിനാ തന്നെ അന്വേഷിച്ചത് എന്നറിയാന്‍ നാണുനായര്‍ക്ക് തിടുക്കമായി. തുണി വാങ്ങിയ വകയില് ഇനി ഒന്നും കൊടുക്കാനില്ല.


''എന്നെ കാണണംന്നു പറഞ്ഞ് ചെന്നൂന്നല്ലേ പറഞ്ഞത്. വിശേഷോന്നും ഇല്ലല്ലോ''.


''വിശേഷം അല്ലേ വരാന്‍ പോണത്. ഞങ്ങടെ നാട്ടില് ഓണം വരാറായി. തുണിവല്ലതും വേണോന്ന് ചോദിച്ചു ചെന്നതാണ്. ഓണത്തിന് ഇനി കഷ്ടി രണ്ടാഴ്ച്ച്യല്ലേ ഉള്ളൂ''


''ഒരുകാര്യം ചെയ്യിന്‍. കുട്ടിക്ക് മൂന്ന് മുണ്ടും മൂന്ന് ഒന്നരീം ജാക്കറ്റിന് മൂന്ന് ചീട്ടിതുണീം റവുക്കക്ക് ഉള്ളതും കൊടുക്കിന്‍. എനിക്ക് രണ്ട് മുണ്ടും, നാല് തോര്‍ത്തും വേണം . മുണ്ട് ജഗന്നാഥന്‍ മതി. മല്ല് വേണ്ടാട്ടോ''. നാണുനായര്‍ വാക്കാല്‍ ഓര്‍ഡര്‍ നല്‍കി.


''അതൊക്കെ എനിക്ക് അറിയാലോ. ചീപ്പ് സാധനം നോക്കീട്ടല്ലേ  നിങ്ങള് വാങ്ങാറ്''


''എനിക്ക് അത്രയ്ക്കുള്ള വകല്ലേ ഉള്ളു''.


''ഞങ്ങള്‍ക്കൊന്നും നിന്‍റെ വക ഓണപട ഇല്ലേ വേണ്വോ''എഴുത്തശ്ശന്‍ ഒരു തമാശിന് ചോദിച്ചു.


''പിന്നെന്താ''എന്നുപറഞ്ഞ് വേണു തയ്യാറായതും എഴുത്തശ്ശന്‍ അബദ്ധം പറ്റിയ മട്ടിലായി.


''ഞാന്‍ വെറുതെ പറഞ്ഞതാണ്. ഒന്നും വേണ്ടാട്ടോ''ഒഴിവാവാന്‍ ശ്രമിച്ചത് വേണു സമ്മതിച്ചില്ല.


''ഞാന്‍ ആദ്യായിട്ട് ഇവിടേക്ക്  വന്നതല്ലേ, എല്ലാരുക്കും ഇക്കൊല്ലത്തെ ഓണക്കോടി എന്‍റെ വക''.


''അമ്മാമക്കും, നാണുമാമക്കും, ചാമിക്കും, എനിക്കും ഒരേപോലത്തെ മുമ്മൂന്ന് മുണ്ടും ഷര്‍ട്ടും. സരോജിനിക്ക് നല്ല ഒന്നാന്തരം സാരീം ജാക്കറ്റ് തുണീം, മറ്റെന്താ വേണ്ടത്ച്ചാല്‍ അതും എടുക്കൂ. പൈസ ഞാന്‍ ഇപ്പൊ തന്നെ തരാം''.രാവുത്തര്‍ ഒരിക്കലും നിനക്കാത്ത കച്ചവടമായിരുന്നു അത്. പറഞ്ഞിട്ടെന്താ?


 ''ഞാന്‍ മുന്ത്യേ ഷര്‍ട്ടും മുണ്ടും ഉടുത്തിട്ട് പത്തറുപതു കൊല്ലായി. ഇനീള്ള കാലത്ത് അതൊന്നും വേണ്ടാ''എഴുത്തശ്ശന്‍ നിരസിച്ചു.


''അങ്ങിനെ പറഞ്ഞാല്‍ പറ്റില്ല. ഇനി മുതല്‍ നമ്മള് ഒരേമട്ടില് വേഷം കെട്ടും. കാണുന്നോര്‍ക്ക് ഒരു ആശ്ചര്യം തോന്നട്ടെ''.


''നല്ലതൊക്കെ കുടീല് വെച്ചിരിക്ക്യാണ്. നാളെരാവിലെ കൊണ്ടുവന്നാല്‍ പോരെ''രാവുത്തര്‍ ചോദിച്ചു. വേണുവിന്ന് കല്യാണിയുടെ കാര്യം അപ്പോള്‍ ഓര്‍മ്മവന്നു. സുന്ദരിക്കുട്ടി. അവള്‍ക്കും വേണം ഭംഗിയുള്ള തുണിത്തരങ്ങള്‍. അതുകൂടി ഏല്‍പ്പിച്ചു.


''അമ്മാമേ, നമ്മടെ ഗുരുസ്വാമിക്കും എന്തെങ്കിലും വാങ്ങി കൊടുക്കണംന്ന് എനിക്ക് മോഹം തോന്നുണുണ്ട്. കൊടുത്താല്‍ എന്തെങ്കിലും തോന്ന്വോ''.


''ധൈര്യായിട്ട് വാങ്ങിച്ചോ. മൂപ്പരുക്ക് അങ്ങനെ ഒന്നൂല്യാ''. നാണുനായര്‍ പറഞ്ഞു''സ്നേഹത്തോടെ തരുന്നതാണേന്ന് ബോധ്യായാല്‍ വാങ്ങും''.


''എന്നാല്‍ ഒരാളുക്ക് ഉള്ളതുംകൂടി എടുത്തോളൂ''.


''ഇക്കൊല്ലത്തെ ഓണകച്ചോടം പൊടിപൊടിച്ചു അല്ലേ. ഇനീം നിങ്ങടെ കുറേ തുണിക്ക് ചിലവ് വരാന്‍ പോണുണ്ട്''എഴുത്തശ്ശന്‍ പറഞ്ഞത് ആര്‍ക്കും മനസ്സിലായില്യാ. അമ്പലത്തിലെ ക്രിയകള്‍ക്ക് മുണ്ടും എണ തോര്‍ത്തും കുറെ വേണ്ടിവരും. ആ കാര്യം രാവുത്തരോട് പറഞ്ഞു.


''എത്ര വേണംന്ന് നോക്കി ലിസ്റ്റ് തരിന്‍. ഒക്കെ നമ്മള് എത്തിച്ചോളാം''.


''വില കൂട്യേത് ഒന്നും വേണ്ടാ. ചടങ്ങിന് കൊടുക്കണം. അത്രക്കൊക്കെ മതി''.


''പൈസ ഇപ്പൊ ആരാ ചോദിച്ച്. അയ്യപ്പന് വേണ്ടത് നമ്മടെ വക ആവട്ടെ. ഒന്നൂല്യെങ്കിലും മൂപ്പരടെ ദോസ്ത് നമ്മടെ ആളല്ലേ''.


''അമ്പലത്തില് ചെല്ലാറായില്ലേ''നാണുനായര്‍ ചോദിച്ചതോടെ എല്ലാവരും എഴുന്നേറ്റു.


''എന്നാല്‍ നമ്മളും ഇറങ്ങട്ടെ''മക്കുരാവുത്തരും പുറപ്പെട്ടു.


*************************************


''നാളെ രാവിലെ ഒരുലോഡ് സാധനം ഇവിടെ എത്തും''സന്ധ്യക്ക് കൂടിയ യോഗത്തില്‍ സ്വാമിനാഥന്‍ പറഞ്ഞു''ചിങ്ങമാസത്തില്‍  കഴകക്കാര്‍ക്ക് താമസിക്കാനുള്ള വീടിന്‍റെ പണി തുടങ്ങണം''.എല്ലാവരും അത്ഭുതപ്പെട്ടു. മിണ്ടുമ്പോഴേക്കും സാധനം എത്തി. കാര്യപ്രാപ്തി ഉള്ളോര് ഇടപെട്ടാല്‍ ഇങ്ങിനെയിരിക്കും .


''പിന്നെ ഒരുകാര്യംകൂടി പറയാം. അമ്പലത്തിന്‍റെ ഉടമസ്ഥന്‍ കമ്മിറ്റിക്ക് എഴുതി തരാനുള്ള പ്രമാണം ഉണ്ടാക്കാന്‍ വക്കീലിനെ ഞാന്‍ രാവിലെ കണ്ട് ഏല്‍പ്പിച്ചിട്ടുണ്ട്''. വേണുവിന്ന് സ്വാമിനാഥനോടുള്ള ബഹുമാനം വര്‍ദ്ധിച്ചു. കാര്യപ്രാപ്തി മാത്രമല്ല, കക്ഷിക്ക് കഴിവും, കാര്യങ്ങള്‍ നിറവേറ്റണമെന്ന മനസ്ഥിതിയും ഉണ്ട്.


''ആരെങ്കിലും ഒരാള്‍ ഇവിടെ എത്തുന്ന സാധനങ്ങളൊക്കെ പാകം പോലെ അടുക്കി വെപ്പിക്കണം. ഒന്നും നഷ്ടപ്പെടാതെ നോക്കാന്‍ വേണ്ട ഏര്‍പ്പാടും ചെയ്യണം''.


രാജന്‍മേനോന്‍ സ്ഥലത്തെത്തി സാധനങ്ങള്‍ വേണ്ടവിധം വെപ്പിക്കാമെന്ന് ഏറ്റു. അദ്ദേഹത്തിന്ന് സഹായം വാഗ്ദാനംചെയ്ത് കുറെ ചെറുപ്പക്കാരും കൂടി. പട്ടകൊണ്ട് ഷെഡ്ഡുണ്ടാക്കി രാത്രി അവര്‍ കാവല്‍ കിടക്കും. ഓണം കഴിഞ്ഞ രാവിലെ ദേവപ്രശ്നം നടത്താന്‍ ആളെത്തുമെന്ന് ഗുരുസ്വാമിയും പറഞ്ഞതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു.


അദ്ധ്യായം 54.


''കുപ്പ്വോച്ചോ, നമ്മടെ കെഴക്കേ പൊറ്റക്കണ്ടത്തില് ഇന്നലെ രാത്രി പന്നി എറങ്ങീട്ടുണ്ട്''കാലത്ത് പാടം മുഴുവന്‍ നടന്നുനോക്കി വന്നശേഷം ചാമി  പറഞ്ഞു''നെല്ലില്‍കൂടി നടന്ന താര കണ്ടിട്ട് ഒരു കൂളന്‍കുട്ടിടെ വലുപ്പൂണ്ട് പന്നിക്ക്''


''ഇനീപ്പൊ നമ്മള് എന്താണ്ടാ ചെയ്യാ''.


''നിങ്ങള് പറഞ്ഞാ ഞാന്‍ പോയി മായപ്പന്‍റെ അടുത്തുന്ന് പടക്കം വാങ്ങി വരാം. പെട്ടാലോ അതിനെ വെട്ടി വിറ്റാല്‍ പറയുണ പണം കിട്ടും''.


''വേണ്ടാത്ത പണിക്കൊന്നും പോണ്ടാ. വല്ല കന്നോ മാടോ അത് കടിക്ക്യേ, വഴി നടക്കുന്നോര് അതില് ചവിട്ട്വേ ചെയ്താല്‍ പെഴപ്പായി. അതല്ലാതെ വേറെന്തെങ്കിലും വഴിനോക്ക്''.


''പിന്നെ ഒരു വഴി കാവല്‍ചാളവെച്ച് കെടക്കലാ. നെല്ലൊക്കെ വെളഞ്ഞു കഴിഞ്ഞു. കടമണിമാത്രേ പഴുക്കാനുള്ളു. പത്ത് പതിനഞ്ച് ദിവസത്തിന്ന് വേണ്ടി മെനക്കെട്ട് ചാള ഉണ്ടാക്കണ്ടേ എന്നുവെച്ചിട്ടാ''.


''അമ്മാമേ, അതെന്താ സംഗതി''വേണുവിന്ന് കാവല്‍ചാളയെക്കുറിച്ച് തീരെ അറിവില്ല.


''അതെന്താ നീയ്യ് കാവല്‍ചാള കണ്ടിട്ടില്ലേ''എഴുത്തശ്ശന്‍ ചോദിച്ചു.


''ഞാനത് കണ്ടിട്ടുണ്ടോ എന്നന്നെ അറിയില്ല''വേണുവിന്‍റെ ഓര്‍മ്മകളില്‍  കാവല്‍ച്ചാളയുടെ നിഴല്‍പോലുമില്ല.


''മൊളേം പട്ടേംകൊണ്ട് ഒരാളക്ക് കഷ്ടിച്ച് കെടക്കാന്‍ ഉണ്ടാക്കുണതാണ് കാവല്‍ച്ചാള. അതിന് നാല് കാലും ഉണ്ടാവും''ചാമി വിവരിച്ചു.


''നീ ഇങ്ങിനെ പറഞ്ഞാല്‍ വേണൂന് തൊകനെ മനസ്സിലാവും. ആളക്ക് മനസ്സിലാവുണ മട്ടില് പറയണ്ടേ''എഴുത്തശ്ശന്‍ തിരിഞ്ഞ് വേണുവിനോട് പറഞ്ഞുതുടങ്ങി''അരിക്ക് ക്ഷാമൂണ്ടായിരുന്ന കാലത്ത് രാത്രി നെല്ല് വിളഞ്ഞുനില്‍ക്കുണ പാടത്തിന്ന് കതിര് മാത്രം കൊയ്തു കൊണ്ടുപോണ കള്ളന്മാര് നാട്ടിലുണ്ടായിരുന്നു. അവരെ പിടിക്കാനും, മലേന്ന് കാട്ടുപന്നി വന്ന് പാടത്തെ വിള നശിപ്പിക്കാതെ നോക്കാനും, അന്നൊക്കെ കൃഷിക്കാര് രാത്രി കാവല് കെടക്കും. അവര്‍ക്ക് കെടക്കാന്‍ മൊളേം പട്ടേംകൊണ്ട് ഉണ്ടാക്കുണതാണ് ഈ പറയുണ കാവല്‍ചാള. മൂന്ന് അടീല് കൂടുതല്‍ പൊക്കത്തില് നാല് മുളങ്കാലിലാണ് കാവല്‍ച്ചാള നിര്‍ത്താറ്. കാവല് കിടക്കാന്‍ പോണോര് കൊടുവാളും കമ്പിറാന്തലും, മുണ്ടന്‍വടീം ഒക്കെ ആയിട്ടാ ചെല്ല്വാ. തകരത്തിന്‍റെ ടിന്നും, കമ്പിറാന്തലും, പായീം പുതപ്പും ഒക്കെ ചാളേല് കരുതിവെക്കും. പന്നി വരുണത് കണ്ടാല് അതിനെ കൊട്ടി പേടിപ്പിക്കാനാ തകരത്തിന്‍റെ ടിന്ന്. ചെലരടേല് അഞ്ച് ഷെല്ല് ടോര്‍ച്ചും ഉണ്ടാവും''. ഇനി ഞാന്‍ പറയാമെന്നും പറഞ്ഞ് ചാമി ഇടയില്‍ കയറി.


''ചാള എങ്ങിനീണ്ടാവുംന്ന് ചോദിച്ചാല്‍ ചെറുനാരങ്ങ നാലാക്കി മുറിച്ച പോലെണ്ടീവും. നാരങ്ങടെ മഞ്ഞനിറത്തില്‍ കാണുണ ഭാഗംപോലത്തെ സ്ഥലത്ത് ചുറ്റോടും അലകു വളച്ചുണ്ടാക്കി പനമ്പട്ട്യോണ്ട് മറയ്ക്കും. ബാക്കീള്ള ഭാഗം അലക് പാകി ഉണ്ടാക്കും. മുളങ്കാലില്‍ നിറുത്തുമ്പൊ ഇവിടം അടിഭാഗത്ത് വരും. കിടക്കപ്പായ വിരിക്കുണത് ഇതിലാണ്. ചാളടെ അകത്ത് കേറാനും ഇറങ്ങാനും മുന്നിലിത്തെ തൊറന്ന ഭാഗം''. ചാളയുടെ ഏകദേശ രൂപം വേണുവിന്ന് പിടികിട്ടി.


''ഇതിന് എത്ര വലുപ്പം കാണും''.


''ഒരാളുക്ക് നീണ്ട് നിവര്‍ന്ന് കെടക്കാനുള്ള എടം ഉണ്ടാവും. അത്രേന്നെ. അകത്ത് നിക്കാനൊന്നും പറ്റില്ല. കുമ്പിട്ടിരിയ്ക്കാം''.


''നമുക്ക് ഒന്ന് ഉണ്ടാക്ക്യാലോ അമ്മാമേ''വേണുചോദിച്ചു''കാണാനൊരു കൌതുകം. അത്ര്യേള്ളു''.


''അതിനെന്താ. ഒന്ന് ഉണ്ടാക്കടാ ചാമ്യേ''. ശ്രീരാമന്‍റെ കല്‍പ്പന കേട്ടപാടെ ദൌത്യം നിറവേറ്റാന്‍ ഒരുങ്ങുന്ന ഹനുമാനായി ചാമി മാറി.


വേലിപ്പണിക്ക് മുള്ള് വെട്ടിയപ്പോള്‍ കൂടെ വെട്ടിയിട്ട മുന്ന് നാല് മുളകള്‍ പരുവചോട്ടില്‍ തന്നെ കിടപ്പുണ്ടായിരുന്നു. പാകത്തിന്ന് വാടിയിട്ടുണ്ട്. വളഞ്ഞുകിട്ടും. എഴുത്തശ്ശനും ഒപ്പത്തിനൊപ്പം പണി ചെയ്തു. വേണു അതെല്ലാം നോക്കിനിന്നു. പിറ്റേന്നാണ് പണി തീര്‍ന്നത്.


 ''നമുക്കിത് വയംപോലെ ഒരിടത്ത് വെക്കണം''എഴുത്തശ്ശന്‍ പറഞ്ഞു.


''അതേ, ചേരിന്‍റെ ചോട്ടിലെ വലിയ വരമ്പത്തന്നെ വെക്കാം''വേണു നിര്‍ദേശിച്ചു''വേണച്ചാല്‍ പകല് കാറ്റുകൊണ്ട് കിടക്കും ചെയ്യാം''.


''അയ്യോ അത് പറ്റില്ല''ചാമി ഇടപെട്ടു''അത് നടമാറ്റൂള്ള വഴ്യാണ്. നേരം പുലരുമ്പഴക്കും ദേവി ചാള എടുത്ത് എവടേങ്കിലും കൊണ്ടുപോയി ഇട്ടുണ്ടാവും''. ആ പറഞ്ഞത് വേണുവിന്ന് മനസ്സിലായില്ല. എഴുത്തശ്ശന്‍ വിഷയത്തിലുള്ള തന്‍റെ അറിവ് പകര്‍ന്നു. ദുര്‍ദേവതകളെപോലെ ചില ഭഗവതിമാരും തങ്ങളുടെ സങ്കേതങ്ങളില്‍നിന്ന് അസമയങ്ങളില്‍ ഇറങ്ങി നടക്കും. അവരുടെമുമ്പില് എത്തുപെടുകയോ അവരുടെ നടവഴി മുടക്കി എന്തെങ്കിലും വെക്കുകയോ ചെയ്യാന്‍ പാടില്ല.


''ആരെങ്കിലും ഇതുപോലെ വല്ലതും കണ്ടിട്ടുണ്ടോ അമ്മാമേ''.


''ഉണ്ട്ന്ന് പറയാന്‍ പറ്റില്ല. ഇല്യാന്നും പറയാന്‍ പറ്റില്ല''എഴുത്തശ്ശന്‍ പറഞ്ഞു''ചിലതൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്. അതൊക്കെ ഞാന്‍ നിണക്ക് പറഞ്ഞുതരാം''.


''ഇതൊക്കെ ഇന്നത്തെ തലമുറ കേട്ടറിഞ്ഞ് മനസ്സിലാക്കണം. അതുപോരാ അടുത്ത തലമുറയ്ക്ക് പറഞ്ഞുകൊടുക്കും വേണം''വേണു പറഞ്ഞു.

 

''വെള്ളപ്പാറടെ വടക്ക് മാറി വേപ്പുമരം കാണുണ ദിക്കില്‍ മുമ്പൊരു ഭഗവതിടെ കാവ് ഉണ്ടായിരുന്നൂന്ന് കേട്ടിട്ടുണ്ട്. എന്‍റെ കുട്ടിക്കാലത്ത് ആ അമ്പലം ഇല്ല. പക്ഷെ കുറെ കരിങ്കല്ല് കൊത്ത്യേത് അവിടെ കണ്ടിട്ടുണ്ട്. കുറച്ചുകാലം മുമ്പുവരെ മകരചൊവ്വ ദിവസം ആളുകള് ആ  ദേവിക്ക് വെച്ചുനേദ്യം നടത്തീരുന്നു. ആ തമ്പാട്ടി അര്‍ദ്ധരാത്രി കഴിഞ്ഞാല്‍ ഇറങ്ങി നടക്കാറുണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അയമ്മ വേണുപറഞ്ഞ വരമ്പത്തു കൂടിചെന്ന് കയത്തംകുണ്ടില്‍ കുളിച്ച് മടങ്ങി പോവ്വോത്രേ. ആരെങ്കിലും വഴിമുടക്കി എന്തെങ്കിലും വെച്ചാല്‍ ദേവി അതെടുത്ത് എറിയും. എന്‍റെ അച്ഛന്‍റെ കുട്ടിക്കാലത്ത് ആരോ സ്ത്രീരൂപം കണ്ട് പിന്നാലെ ചെന്നൂന്നും, അതോടെ അയാളുടെ സ്ഥിരബുദ്ധി പോയീന്നും കേട്ടിട്ടുണ്ട്. സത്യോണോ നൊണ്യാണോ എന്നൊന്നും എനിക്കറിയില്ല, വഴി മുടക്കി കാവല്‍ചാള വെച്ചാല്‍ നേരം പുലരുമ്പോഴക്കും അതിനെ അവിടുന്നെടുത്ത് അടുത്ത കണ്ടത്തില് വെച്ചിട്ടുണ്ടാവും. എനിക്കന്നെ അനുഭവം ഉണ്ടായിട്ടുണ്ട്''.


''അങ്ങിനെ ഒക്കെ ഉണ്ടാവ്വോ അമ്മാമേ''.


''എന്താ ഞാന്‍ പറയ്യാ. നമ്മടെ കടവിന്‍റെ രണ്ട് നാഴിക കിഴക്ക് മാറി ഒരു കയംകൂടി ഉണ്ട്. കൂരാന്‍കുണ്ട് എന്നാ പറയുക. ആ സ്ഥലത്ത് പുഴടെ അക്കരേം  ഇക്കരേം ഓരോ ഭഗവതിമാരുടെ കാവുണ്ട്. അവര് ഏടത്തീം അനുജത്തീം ആണെന്നാ പറയാറ്. ആ കയത്തിന്‍റെ പള്ളേല് വല്യോരു പാറീണ്ട്. രാത്രിനേരത്ത് ആ പാറേല് രണ്ടാളുംകൂടി ഇരുന്ന് കല്ലാങ്കുഴി കളിക്ക്വോത്രേ. അതിന്‍റെ കുഴ്യോക്കെ ഇപ്പഴും പാറേല് കാണാം. രാത്രി രണ്ടുമണി മൂന്നുമണി നേരത്ത് ഇപ്പഴും കയത്തിന്ന് തുടിച്ച് കുളിക്കുണ ചെത്തം എടയ്ക്കൊക്കെ ആള്‍ക്കാര് കേള്‍ക്കാറുണ്ട്''. വിസ്മയത്തിന്‍റെ ലോകത്തിലേക്ക് വേണുവെത്തി.


********************


''മൂത്താരേ, നമുക്കൊരു കാര്യം ചെയ്യാം''മുറ്റത്ത് കല്ലുകൊണ്ട് കളംപോലെ  എന്തോ വരച്ച് മായന്‍കുട്ടി വേണുവിനോട് പറഞ്ഞു. ഒരുദിവസം രാത്രി ചാമി അവനെകൂടെ കൊണ്ടുവന്ന് ആഹാരം കൊടുത്തു. അതിന്നുശേഷം ഇടയ്ക്കൊക്കെ മായന്‍കുട്ടി കളപ്പുരയിലെത്തും. ഉള്ളതില്‍ ഓഹരി ഭക്ഷണം ചാമി അവന്ന് കൊടുക്കും. ഉടുതുണി നഷ്ടപ്പെടുത്തി വന്നാല്‍ ഏതെങ്കിലും പഴയ വസ്ത്രം വേണു നല്‍കും.


''എന്താ നമുക്ക് ചെയ്യണ്ടത്''വേണു ചോദിച്ചു.


''അതേ, നമുക്ക് ഈ ഭൂമീനേ ഇതുപോലെ രണ്ട് ഭാഗായി പങ്കാം''.


''എന്നിട്ട്''


''ഒന്നില് നെറയെ തവളെ ഇടണം ''.


''ശരി മറ്റേതിലോ''.


''മറ്റേതില് മുഴുവന്‍ കീരീനെ നെറയ്ക്കാം''.


''എന്തിനാ അതൊക്കെ ചെയ്യുന്നത്''.


''തവളേനെ  ഇട്ടുകൊടുത്താല്‍ പാമ്പുകള് അതിനെ തിന്നാന്‍ വരും''.


''പാമ്പുകള് വന്നാല്‍''.


''അപ്പഴല്ലേ നമ്മള് കീരികളെ തുറന്ന് വിട്വാ''.


''അതോണ്ട് എന്താ ഗുണം''.


''കീരികള് പാമ്പിനെ കൊന്ന് തീര്‍ക്കും''.


''അതെന്തിനാ പാമ്പുകളെ കൊല്ലുന്ന്''.


''അവറ്റ മനുഷ്യനെ കടിക്കാതിരിക്കാന്‍''.


''മായന്‍കുട്ടിക്ക് പാമ്പിനോട് അത്രയ്ക്ക് ദേഷ്യാണോ''.


''പിന്നല്ലാണ്ടേ. നിങ്ങക്ക് കേക്കണോ. ഞാനും കുഞ്ഞിരാമനുംകൂടി പണി മാറി സന്ധ്യക്ക് പള്ളിക്കുണ്ടില് കുളിച്ചിട്ട് കുടീലിക്ക് പോന്നതാ. ഞാനാ അറിയാണ്ടെ പാമ്പിനേ ചവിട്ട്യേത്. കടി കിട്ട്യേതോ കുഞ്ഞിരാമന്. കാല് വിളക്കിന്‍റെ ചോട്ടില് എത്തുമ്പഴക്കും അവന്‍ താഴെ വീണു. എന്‍റെ മടീല് കെടന്നിട്ടാ അവന്‍ ചത്തത്''. 


ആ സംഭവം മനസ്സിലേല്‍പ്പിച്ച ആഘാതമാണോ മായന്‍കുട്ടിടെ മനോനില തകരാറിലാക്കിയതെന്ന് വേണു സംശയിച്ചു.


''മൂത്താരേ, നിങ്ങളും ഞാനുംകൂടി ഒരുവഴിക്ക് പോവുമ്പൊ ഞാനൊരു പാമ്പിനെ അറിയാണ്ടെ ചവിട്ടും. അത് നിങ്ങളെ കടിക്കും. നിങ്ങള് ചാവും ചെയ്യും. അതിന്ന് മുമ്പിട്ട് നമുക്ക് എല്ലാ പാമ്പ്വോള്ളേം കൊല്ലണം''. വേണു സമ്മതിച്ചു.


മായന്‍കുട്ടി തവളകളേയും കീരികളേയും ഓരോ ഭൂഖണ്ഡങ്ങളില്‍ നിറച്ച് സര്‍പ്പയജ്ഞത്തിന്ന് ഒരുങ്ങുന്ന ജനമേജയനായി.


അദ്ധ്യായം - 55.


''നിന്‍റെ അപ്പന്‍ എവിടേടീ''എന്നു ചോദിച്ചുകൊണ്ട് ചാമി കടന്നു ചെന്നു. കല്യാണി മുറ്റമടിക്കുകയാണ്. നിന്നനില്‍പ്പില്‍ അവള്‍ തലപൊക്കി നോക്കി.


''കറമ്പി പെറ്റു. അപ്പന്‍ റബ്ബര്‍കൊട്ടേല് മാച്ച് കെട്ടിത്തൂക്കാന്‍ പോയി''.


ചാമിയ്ക്ക് കാര്യം മനസ്സിലായി. പശുവിന്‍റെ മറുപിള്ളയേയാണ് മാച്ച് എന്ന് പറയുക. അത് വീണുകഴിഞ്ഞാല്‍ കീറച്ചാക്കില്‍ കെട്ടിപ്പൊതിഞ്ഞു വല്ല പാലുള്ളമരത്തിന്‍റെ കൊമ്പില്‍ കെട്ടിതൂക്കും. എന്നാലേ പശുവിന്‍റെ അകിടില്‍ പാല് ഇറങ്ങൂ എന്നാണ് വിശ്വാസം. അധികവും റബ്ബര്‍കൊട്ട എന്നുവിളിക്കുന്ന കാട്ടുറബ്ബറിന്‍റെ കൊമ്പാണ് ഇതിന്ന് തിരഞ്ഞെടുക്കുക. കുട്ടികള്‍ അതിന്‍റെ പാലെടുത്ത് പന്തുണ്ടാക്കും. കുരുവിന്‍റെ തോട് കുത്തി പൊട്ടിച്ച് അകത്തുള്ള പരിപ്പ് തിന്നും. അതല്ലാതെ ആ മരം കൊണ്ട് ഒരു ഗുണവും ഇല്ല. ചാമി തൊഴുത്തിലേക്ക് കയറിചെന്നു. കറമ്പിപശു പകച്ച് നില്‍ക്കുകയാണ്. കടിഞ്ഞൂല്‍ പ്രസവമായതുകൊണ്ടാവും  അതിന്ന് ഒരു വെകിളി. പുല്ലുവട്ടിയിലിട്ട മുളയില മുഴുവന്‍ തിന്നുകഴിഞ്ഞിട്ടില്ല. മാച്ച് പെട്ടെന്ന് വീഴാന്‍ പെറ്റപയ്യിന്ന് മുളയിലകൊടുക്കും. ചില പശുക്കള്‍ മാച്ച് വീണതും അത് തിന്നും. അതോടെ ആ ഈറ്റില്‍ പാല് കിട്ടാതാവും. ചാമി ചുറ്റുപാടും നോക്കി. കുട്ടിയെ കാണാനില്ല.


''ഇതിന്‍റെ കുട്ട്യേ കാണാനില്ല. മൂര്യാണോടീ''.


''അല്ല വല്യേപ്പാ. ആനാവ് കുട്ട്യാണ്. അപ്പന്‍ കുളമ്പ് നുള്ളികഴിഞ്ഞതും അത് തുള്ളിചാടി ഓടാന്‍ തുടങ്ങി. ഇത്രനേരം ഇവിടെ ഉണ്ടാര്‍ന്നു''. കുട്ടി പറഞ്ഞ് നാവെടുക്കുമ്പോഴേക്കും പശുക്കുട്ടി തുള്ളിചാടിയെത്തി, തവിട്ട് നിറത്തില്‍ വെള്ളപുള്ളികള്‍ നിറഞ്ഞ ശരീരമുള്ള ഒരു ചെറിയകുട്ടി.


''ഇതെന്താടീ പട്ടിക്കുട്ട്യേപോലെ ഇരിക്കുണത്''.


''വല്യേപ്പന് അങ്ങിന്യോക്കെ തോന്നും. ഒന്നാമത് ചെറ്യേ പയ്യ്. പിന്നെ കടിഞ്ഞൂല് കുട്ടി. എത്ര വലിപ്പൂണ്ടാവും അതിന്''. മുറ്റമടിക്കല്‍ കഴിഞ്ഞ് കല്യാണി അകത്തേക്കുപോയി. ചാമി തിണ്ണയിലിരുന്നു. പെണ്‍കുട്ടി പിന്നെ വന്നത് ചായയുമായിട്ടാണ് .


''ഇന്ന് മീറ്റിങ്ങുണ്ടത്രേ. വല്യേപ്പന്‍ അറിഞ്ഞ്വോ''.


''എന്താ കാര്യം''.


''കുണ്ടുകാട്ടില്‍ സമരം വരുണൂ. പതമ്പ് കൂട്ടാതെ കൊയ്യാന്‍ പറ്റില്ലാന്നാ പറയുണത്''.


''പേറ്റിന്‍റെ എടേലാ തീണ്ടാരി''കൊയ്ത്ത് മുടക്കുന്ന സമരത്തോടുള്ള തന്‍റെ മനോഭാവം ചാമി വെളിപ്പെടുത്തി''കൊയ്യണ്ട നേരംനോക്കീട്ടാ അവരടെ ഒരു സമരം''.


''നിങ്ങള് മീറ്റിങ്ങിന് നില്‍ക്കുണില്ലേ''.


''ഉവ്വ്. ഇനി അതിന് നിക്കാണ്ടെ ഒരു കൂട്ടുംകുറീം ഉണ്ടാക്കുണില്യാ''.


*********************************


''എന്താണ്ടാ ചാമ്യേ നെന്നെ രാവിലെ കണ്ടില്ലാ''ചോറുമായി എത്തിയ ചാമിയോട് എഴുത്തശ്ശന്‍ ചോദിച്ചു. നാണുനായരും രാജന്‍മേനോനും വേണുവും കളപ്പുരയുടെ ഉമ്മറത്തിരിപ്പാണ്.


''രാവിലെ മീറ്റിങ്ങായിരുന്നു''.


''എന്തിനാ മീറ്റിങ്ങ്. എന്താ സംഗതി''.


''പതമ്പ് കൂട്ടാത്തതിന്ന് സമരം വരുംന്നാ പറഞ്ഞത്. കൊയ്ത്ത് മുടങ്ങും''.


''വിനാശകാലേ വിപരീത ബുദ്ധി. വിളഞ്ഞകണ്ടം കൊയ്യാണ്ടെ ഇട്ടിട്ടാണോ സമരം. മഹാലക്ഷ്മ്യേ നിന്ദിക്കിണ എടവാടാണ് ഇതൊക്കെ''.


''ജന്മിമാരടെ കാലത്ത് ഇത്രദ്രോഹം ഉണ്ടായിരുന്നില്ലാന്നാ പറയുണത്''.


''ഭൂപരിഷ്ക്കരണ നിയമം നടപ്പിലാക്കുമ്പോള്‍ ആളുകള്‍ക്ക് ഒരു പ്രത്യാശ ഉണ്ടായിരുന്നു. അത്രകാലം സുഖലോലുപരായി കഴിഞ്ഞ ജന്മിമാരേക്കാള്‍ പണിക്കാരുടെ കഷ്ടപ്പാട് നേരിട്ടറിഞ്ഞ കുടിയാന്മാര്‍ തൊഴിലാളികളോട് സഹാനുഭൂതിയോടെ പെരുമാറും എന്നൊക്കെ എല്ലാവരും കരുതി''രാജന്‍ മേനോന്‍ പറഞ്ഞു


''എന്നാല്‍ അതല്ല ഉണ്ടായേ. ഭൂമി കയ്യില്‍ കിട്ടണ്ട താമസം, അന്നേവരെ ഈങ്കുലാബ് സിന്ദാബാദ്ന്ന് വിളിച്ച പലരും ഖദറും ഇട്ട് വേഷം മാറി. എന്തോ എനിക്കങ്ങിനെ കഴിഞ്ഞതൊക്കെ എളുപ്പത്തില്‍ മറക്കാന്‍ പറ്റീലാ. ''എഴുത്തശ്ശന്‍ പറഞ്ഞു''അതോണ്ട് അന്നും ഇന്നും ഒരുപോലെ കഴിയുണു''. 


''ഞാന്‍ പറയാച്ചാല്‍ ഭൂമി പണിചെയ്യുണ തൊഴിലാളിക്ക് കൊടുക്കണം. എന്നാലേ നന്നാവൂ''ചാമി സ്വന്തം അഭിപ്രായം അവതരിപ്പിച്ചു.


''അത് മാത്രം നീ പറയണ്ടാ. ഒരേക്ര കൃഷിഭൂമി നെനക്കും പതിച്ച് കിട്ടീലേ. അളന്ന് നോക്ക്യാല്‍ പത്ത് നൂറ്റമ്പത് സെന്‍റ് സ്ഥലൂണ്ടാവും. എന്നിട്ട് നീ ആ സ്ഥലം എന്താ ചെയ്തത്''.


''ഒരുപൂവല് കൃഷിചെയ്തു. അപ്പഴാ സമരം വന്നത്. കിട്ട്യേനെല്ല് സമരം ചെയ്ത് പണിപോയോര്‍ക്ക് കൊടുക്കാന്‍ പാര്‍ട്ടിക്കാര് പറഞ്ഞപ്പൊ ഒരു കുരുമണി എടുക്കാതെ അങ്ങന്നെ കൊടുത്തു. രണ്ടുപ്രാവശ്യം പൂളത്തറി കുത്തി. കിഴങ്ങ് പറിച്ചു. അതും അവര്‍ക്ക് കൊടുത്തു''.


 ''അതിന് ഞാന്‍ കുറ്റം പറയില്ല. അതു കഴിഞ്ഞിട്ട് നീ ആ സ്ഥലം ചെങ്കല്ല് ചൂളക്കാര്‍ക്ക് കൊടുത്തു. അവര് അതിന്ന് മണ്ണെടുത്ത് കുട്ടിചോറാക്കി. ഇപ്പൊ കന്നുമേക്കുണ പിള്ളര്‍ക്ക് ഒളിഞ്ഞുകളിക്കാന്‍ ആ സ്ഥലം നല്ല പാകായി. ഒരു പമ്പുണ്ടെങ്കില് മൂന്നു പൂവല് കൃഷിചെയ്യണ്ട സ്ഥലാണ്''.


''മൂന്നുകൊല്ലം കൃഷി നോക്കീട്ട് അഞ്ചുകാശ് കിട്ടീലാ. ഉള്ള കടം വീട്ടാന്‍ കുറച്ച് കാശ് കിട്ടുംന്ന് കണ്ടപ്പൊ ചൂളക്കാരക്ക് കൊടുത്തതാ''.


''എടാ, പൊട്ട ചങ്ക്രാന്തീ. ഈ കണക്കിന്ന് അടുപ്പില് കത്തിക്കാന്‍ വിറക് ഇല്ലാണ്ടെ വന്നാല്‍ നീ ഉമ്മറത്തെ വാതില് കൊത്തി കത്തിക്ക്വോലോ''. അബദ്ധംപറ്റിയവനെപ്പോലെ ചാമി മിണ്ടാതിരുന്നു.


ജന്മിയോ,തൊഴിലാളിയോ,കുടിയാനോ,ആരായാലും മനുഷ്യരെല്ലാം  അടിസ്ഥാനപരമായി സുഖം കാംക്ഷിക്കുന്നവരാണെന്നും, അതിന്നായി അന്യനെ ചൂഷണം ചെയ്യാന്‍ മടിക്കില്ലെന്നും രാജന്‍മേനോന്‍ പറഞ്ഞു.


''ആരോ എക്കേടോ കെട്ടുപോട്ടേ, നമുക്ക് ഊണുകഴിക്കാം''നാണുനായര്‍ പറഞ്ഞതോടെ എല്ലാവരും കൈകഴുകാന്‍ ചെന്നു.


അദ്ധ്യായം - 56.


''വേണ്വോ, നീ പറഞ്ഞതുകേട്ട് ആ രാവുത്തര് വീട്ടില് എന്തൊക്ക്യോ കൊണ്ടുവന്ന് വെച്ചിട്ട് പോയിരിക്കുണു''പത്ത് പതിനൊന്ന് മണിയോടെ കളപ്പുരയിലെത്തിയ നാണുനായര്‍ വല്ലാത്ത വേവലാതിയോടെയാണ് അതു പറഞ്ഞത് '' വേണ്ടത് നോക്കിവെച്ചോളിന്‍. ഞാന്‍ ഉച്ചകഴിഞ്ഞ്  വരാന്നും പറഞ്ഞിട്ടാണ് അയാള് പോയത്''.


''അതിനെന്താ നാണുമാമേ, സരോജിനിക്ക് ഇഷ്ടൂള്ളതൊക്കെ എടുത്തോട്ടേ. അതിനല്ലേ ഞാനയാളെ വീട്ടിലിക്ക് പറഞ്ഞയച്ചത്. അവള്‍ക്കെന്താ വേണ്ടത് എന്നുവെച്ചാ അതൊക്കെ വാങ്ങിക്കോട്ടേ''.


''അത് പറ്റില്ല.  കയത്തില്‍ ഇറക്ക്യേ കന്നിനെപ്പോല്യാണ് പണ്ടൂം തുണീം വാങ്ങാന്‍ ചെല്ലുണ പെണ്ണുങ്ങള്. എത്രനേരം നോക്ക്യാലും  എത്ര തുണി വാങ്ങ്യാലും അവിറ്റേളക്ക് മതിവരില്ല''.


 ''അതൊക്കെ അവരടെ മനസ്സിന്ന് സന്തോഷം കിട്ടുണ കാര്യോല്ലെ'' വേണു ചിരിച്ചു''അവര് സന്തോഷിച്ചോട്ടെ''.


അങ്ങിനെ പറഞ്ഞൊഴിഞ്ഞാല്‍ ശരിയാവില്ലെന്നും, ഉച്ചയ്ക്ക് രാവുത്തര്‍ എത്തുന്ന നേരത്ത് വീട്ടില്‍ വന്ന് വേണുവിന്ന് ഇഷ്ടപ്പെട്ടതുമാത്രം എടുത്ത് കൊടുക്കണമെന്നും നാണുനായര്‍ പറഞ്ഞപ്പോള്‍ ആ മുഖത്തെ ദൈന്യത കണ്ട് വേണു അതിന്ന് സമ്മതിച്ചു. നാണുനായരോടൊപ്പം എഴുത്തശ്ശനും വേണുവും ചാമിയും ചെന്നു. ഊണുകഴിഞ്ഞ് ഏറെചെല്ലുന്നതിന്ന് മുമ്പ് രാവുത്തരെത്തി.


''കുട്ട്യേ, ഉള്ളിന്ന് അതൊക്കെ ഇങ്കിട്ട് എടുത്തിട്ട് വാ''എന്ന് നാണുനായര്‍ മകളോട് പറഞ്ഞു. രാവുത്തര്‍ അവിടെ വെച്ചിട്ടുപോയ തുണികളുമായി സരോജിനി ഉമ്മറത്തെത്തി.


''വേണ്വോ, നെനക്ക് ഇതിന്ന്ഏതാ ഇഷ്ടംച്ചാല്‍ അതെടുത്ത് ബാക്കി മടക്കി കൊടുത്തളാ''.


''അതിന് ഇത് എനിക്കിടാനല്ലല്ലോ. സരോജിനിക്കല്ലേ. അവള്‍ക്ക് വേണംന്ന് തോന്നുണതൊക്കെ എടുത്തോട്ടെ''.


''ആ കുട്ടി ഇതിന് മുമ്പ് സാരി വാങ്ങീട്ടില്ല''രാവുത്തര്‍ പറഞ്ഞു''അതിന് നാണുനായര് മുണ്ടും തുണീം മാത്രേ വാങ്ങികൊടുക്കാറുള്ളു''.


''എന്നാല്‍ ഇനി മുതല്‍ക്ക് അതുപോരാ. നെ റൂള്ള വസ്ത്രം ഉടുക്കാനുള്ള പ്രായം കഴിഞ്ഞിട്ടൊന്നൂല്യാ''.  സരോജിനിയുടെ ഉള്ളില്‍ ആരോ കുളിര് കോരിയിട്ടു.


''രാവുത്തരേ''വേണു പറഞ്ഞു''ഒരുകൊല്ലത്തേക്ക് ഉടുക്കാന്‍ എത്ര എണ്ണം വേണോ അത് കൊടുക്കൂ''.


''ഞാന്‍ മൂന്നെണ്ണം എടുത്തുവെച്ചിട്ടുണ്ട്''സരോജിനിപറഞ്ഞു.


''അതു തീരെപോരാ. രാവുത്തരേ, ഇന്യൊരു മൂന്നെണ്ണംകൂടി കൊടുക്കൂ'' വേണു തിരിഞ്ഞ് സരോജിനിയോട് പറഞ്ഞു''നോക്കൂ, മൂന്നെണ്ണംന്ന് ഞാന്‍ പറഞ്ഞൂന്ന് കരുതി കൂടുതല്‍ വാങ്ങാണ്ടിരിക്കണ്ടാ, പോരെങ്കില്‍ ഇനീം വാങ്ങിച്ചോളൂ''.


''എന്താ വേണ്വോ നീ ഈ കാട്ടുണത്. പണത്തിന് വെല ഇല്യാത്തപോലെ'' നാണുനായര്‍ ഇടപെട്ടു.


''നാണുമാമ ഇതില്‍ ഇടപെടേണ്ടാ. ഇത് ഞങ്ങള് രണ്ടാളുംകൂടി ആയി''. അതുതന്നെയാണ് ഞാനും ആഗ്രഹിക്കുന്നതെന്ന് നാണുനായര്‍ ഉള്ളില്‍ കരുതി.


*************************


ശനിയാഴ്ച രാവിലെത്തന്നെ വേണു ഓപ്പോളുടെ വീട്ടില്‍ എത്തി. പിറ്റേന്നുകാലത്ത് പെണ്‍വീട്ടുകാര്‍ വരാനുള്ളതാണ്. വീടും പരിസരവും വൃത്തിയാക്കാനെത്തിയ പണിക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി പത്മിനി അവരോടൊപ്പംകൂടി. വേണു പേപ്പറുമായി ഉമ്മറത്തിരുന്നു. കുറെനേരം കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് മടുപ്പുതോന്നി. വായന നിര്‍ത്തി എഴുന്നേറ്റ് പത്മിനിയുടെ അടുത്തേക്ക് ചെന്നു.


''ഓപ്പോളേ, ഞാനെന്താ ചെയ്യേണ്ടത്''അയാള്‍ ചോദിച്ചു.


''ഒന്നും വേണ്ടാ. അവര് വരുമ്പോള്‍ നീ ആളായിട്ട് മുമ്പില് ഇരുന്നാ മതി. അല്ലെങ്കിലും നിനക്ക് എന്തിനാ അറിയാ''.


''എന്നാലും മരുമകന്‍റെ കാര്യത്തില്‍ അമ്മാമന്‍ തീരെ ഉത്സാഹം കാണിച്ചില്ല എന്നുവരാന്‍ പാടില്ലല്ലോ''.


''മതി. സന്തോഷായി. നിന്‍റെ മനസ്സില് ആ തോന്നലുണ്ടല്ലോ. അതന്നെ ധാരാളം''പത്മിനി ചിരിച്ചു.


രാത്രി വിശ്വനാഥന്‍ വക്കീല്‍ ഭാവിപരിപാടികള്‍ വിവരിച്ചു. പെണ്ണിന്‍റെ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെടാതിരിക്കാന്‍ വഴിയില്ല. നാളത്തേത് വെറുമൊരു ചടങ്ങുമാത്രം. അതുകഴിഞ്ഞാല്‍ നിശ്ചയത്തിന്നും കല്യാണത്തിന്നും ഓരോ മുഹൂര്‍ത്തം നോക്കണം. ചിങ്ങമാസം കഴിയാന്‍ ഇനി ഏറെ ദിവസമില്ല. കന്നിമാസത്തില്‍ ഇതൊന്നും ചെയ്യാറില്ല. അതുകൊണ്ട് തുലാമാസത്തില്‍ നിശ്ചയം നടത്തണം. മിനിക്കുട്ടിയുടെ സൌകര്യം നോക്കീട്ട് ധനുവിലോ, മകരത്തിലോ കല്യാണവും .


''വേണൂ, നിങ്ങടെ കുടുംബക്കാരെ വിളിക്കാന്‍ പത്മിനിയോടൊപ്പം താന്‍ പോണം. എനിക്ക് അധികം ഒഴിവ് കിട്ടാത്തതോണ്ടാണ്''.


''അതൊന്നും പ്രത്യേകിച്ച് പറയണ്ട കാര്യൂല്യാ. അവന്‍ എന്‍റൊപ്പം വരും'' പത്മിനി അനുജന്നുവേണ്ടി ഉറപ്പുനല്‍കി.


പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രണ്ട് കാറുകളിലായി എട്ടു പത്ത് പേരെത്തി. അല്‍പ്പനേരത്തെ സംഭാഷണം. പാനോപചാരം. മുഹൂര്‍ത്തംനോക്കി ഭാവി കാര്യങ്ങള്‍ നിശ്ചയിക്കാമെന്ന് തീരുമാനിച്ച് അതിഥികള്‍ സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങി. ഊണുകഴിഞ്ഞതും വേണു പുറപ്പെട്ടു.


''എന്താ നിനക്കിത്ര തിടുക്കം. നാളെ പോയാ പോരേ''പത്മിനി ചോദിച്ചു. അമ്പലം പണിയുമായി ബന്ധപ്പെട്ട് എത്തേണ്ടതുണ്ടെന്ന് വേണു പറഞ്ഞു.


''അതിന്‍റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളു. എപ്പൊ നോക്ക്യാലും നിന്‍റെ ഒരമ്പലംപണി. ഇനി എന്നാ ഇങ്കിട്ട് എഴുന്നള്ളത്ത്''. താമസിയാതെ വരാമെന്ന് വേണു പറഞ്ഞു.


''അതൊന്നും പറഞ്ഞാല്‍ പറ്റില്ല. ഉത്രാടത്തിന്‍റെ തലേന്ന് എത്തണം. രണ്ട് ദിവസം ഓപ്പോളുടെകൂടെ''. ഓണത്തിന്ന് എന്തായാലും ഓപ്പോളടെ കൂടെ താനുണ്ടാവുമെന്ന് വേണു ഉറപ്പുനല്‍കി. പത്മിനി അകത്തുചെന്ന് ഒരു പൊതിയുമായി തിരിച്ചെത്തി.


''വിശ്വേട്ടന്‍ നിനക്ക് ഓണക്കോടി വാങ്ങിവെച്ചതാണ്''പത്മിനിപറഞ്ഞു'' നിങ്ങളന്നെ ഇത് അവന് കൊടുത്തോളൂ'' അവര്‍ വക്കീലിനെ ആ പൊതി ഏല്‍പ്പിച്ചു. വക്കീല്‍ അതുവാങ്ങി വേണുവിന്നുനേരെ നീട്ടി. ഓണക്കോടി വാങ്ങി വേണു വക്കീലിന്‍റെ കാല്‍തൊട്ടുവന്ദിച്ചു. പത്മിനി വേഷ്ടിയുടെ തലപ്പുകൊണ്ട് മുഖം തുടച്ചു. വേണു പടിയിറങ്ങി.


അദ്ധ്യായം - 57.


''എടാ, ചാമ്യേ. കുളവരമ്പിന്‍റെ താഴത്തുള്ള ആടമാറി നാളെ കൊയ്യിക്കെടാ. ഓണം കഴിയുമ്പഴക്കും നെല്ലൊക്കെ കൊഴിഞ്ഞു വീഴും''എഴുത്തശ്ശന്‍ പാടം നോക്കിവന്നതും ചാമിയോടു പറഞ്ഞു.


''കുപ്പ്വോച്ചോ , ഞാനും അതന്നെ നെനച്ചിരിക്യാണ്. ഒരുനാല് പെണ്ണുങ്ങള് പോരേ''.


''ഇതെന്താ നീയ് നടാടെ കൊയ്ത്ത് നടത്തിക്ക്യാണെന്ന് തോന്ന്വോലോ കൂട്ടം കേട്ടാല്. മൂന്നെണ്ണം ധാരാളാണ്. എന്നാലും ഒന്നുകൂടി കൂട്ടിക്കോ. ഒക്കെ മരുങ്ങാപൂണേളാണ്''. പിറ്റേന്ന് കൊയ്ത്ത് നടന്നു. കളപ്പുരയുടെ മുന്നിലിട്ട് കറ്റമെതിച്ചു. പെണ്ണുങ്ങള്‍ നെല്ലുകോരി മുറ്റത്ത് പൊലിയിടുന്നതും ചാമി മുറംകൊണ്ടു വീശി ചണ്ട് മാറ്റുന്നതും നോക്കി വേണു ഉമ്മറത്തിരുന്നു. എല്ലാറ്റിനും മേല്‍നോട്ടം വഹിച്ച് എഴുത്തശ്ശന്‍ മുറ്റത്തുനിന്നു. പൊലി അളന്നശേഷം പെണ്ണുങ്ങള്‍ക്ക് കിട്ടിയ പതമ്പ് ചാമി വീതിച്ചുകൊടുത്തു. കളപ്പുരയുടെ അകത്തേക്ക് നെല്ല് കടത്താന്‍ തുടങ്ങി.


''ചാമ്യേ, ആരോടെങ്കിലും നാലഞ്ച് പറ നെല്ല് പുഴുങ്ങി കുത്തിക്കൊണ്ട് വരാന്‍ പറയെടാ. ഓണം ഉത്രാടത്തിന് നമുക്ക് പുത്തിരി ഉണ്ണാലോ''. ആ നെല്ല് കൂട്ടത്തില്‍ മുതിര്‍ന്ന സ്ത്രി ഏറ്റുവാങ്ങി.


''നോക്കെടീ. ഓണം കഴിഞ്ഞിട്ട് അരികൊണ്ടുവന്നാല്‍ പോരാട്ടോ. അത് ഞങ്ങള്‍ക്ക് പുത്തിരിക്കുള്ളതാ''. മറ്റന്നാള്‍ സന്ധ്യക്ക് മുപ്പിട്ട് താന്‍ അരി എത്തിക്കാമെന്ന് അവള്‍ ഏറ്റു. പെണ്ണുങ്ങള്‍ പോയി.


''അടമാറി എത്ര പറയ്ക്കാടാ''.


''മൂന്നാണെന്നാ കേട്ടിട്ടുള്ളത്''.


''അപ്പൊ കിട്ട്യേത് ഊക്കായീ. തൊണ്ണൂറു പതം കിട്ടി. മുപ്പത് മേനി ആയില്ലേ. എന്തായാലും വേണൂന്ന് നല്ല വര്‍ക്കത്തുണ്ട്''. ഈ നേട്ടം തന്‍റെ വര്‍ക്കത്ത് കൊണ്ടൊന്നുമല്ലെന്ന് വേണു മനസ്സില്‍ പറഞ്ഞു.


*******************************


''ചാമ്യേ, നീ പോയി ചോറ് വാങ്ങീട്ട് വാ''എഴുത്തശ്ശന്‍ പറഞ്ഞതും ചാമി പണിനിര്‍ത്തി. തലേന്ന് കൊയ്തു മെതിച്ചിട്ട വൈക്കോല്‍ കെട്ടഴിച്ച് അത് തല്ലാന്‍വന്ന പെണ്ണുങ്ങള്‍ക്ക് കുടഞ്ഞിട്ടുകൊടുക്കുകയായിരുന്നു. ഓണം കഴിയുന്നതുവരെ വൈക്കോല്‍കുണ്ട കുത്തിനിര്‍ത്തിയാല്‍ അത് പുഴുകി നാശമാകും.


കളപ്പുരയുടെ തിണ്ണയില്‍ സഞ്ചിയും പാത്രങ്ങളും ഇരിപ്പുണ്ട്. മൊതലാളി അമ്പലത്തിലാണ്. നേരംവെളുക്കുമ്പഴക്കും ഗുരുസ്വാമി മൂത്താര് എത്തും. പിന്നെ അമ്പലത്തിലേക്ക് ഒരു പോക്കാണ്. നമ്പൂരിക്ക് താമസിക്കാനുള്ള വീടിന്‍റെ പണി നടക്കുന്നത് നോക്കിനില്‍ക്കും . ഉച്ചക്ക് ഉണ്ണാനേ രണ്ടാളും തിരിച്ചെത്തു. കാലത്തെ ആഹാരം നാണുനായര്‍ കൊണ്ടുവരും. ഉച്ചയ്ക്ക് പോയി എല്ലാവര്‍ക്കും ഉള്ള ഊണ് കൊണ്ടുവന്നാല്‍ മതി.


നെല്ലിചുവട്ടിലായി വഴിയില്‍ മണ്ണ് ഇളകി കിടക്കുന്നു. സൂക്ഷിച്ച് നോക്കി. സംശയം തോന്നിയതുകൊണ്ട് മണ്ണിളക്കി. കുഴികുഴിച്ച് ഉള്ളില്‍ തൊരടി മുള്ള് വെച്ച് ഈര്‍ക്കിലകോലുകള്‍ അടുക്കി മീതെ ഇലവെച്ച് മണ്ണിട്ടുമൂടി വെച്ചിരിക്കുകയാണ്. വഴിനടക്കുന്ന ആരെങ്കിലും അറിയാതെ ആ ഭാഗത്ത് ചവിട്ടിയാല്‍ കുഴിയില്‍പ്പെട്ട് കാലില്‍ മുള്ള് തറച്ചുകയറും. കുരുത്തംകെട്ട ഏതോ പിള്ളര് വെച്ച കെണിയാണ്. കുഴിയിലുള്ള മുഴുവന്‍ സാധനങ്ങളും പെറുക്കിക്കളഞ്ഞിട്ട് മണ്ണിട്ടുമൂടി. ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. ആരോ രണ്ടുപേര്‍ വേലിപ്പടര്‍പ്പിലെ കരിനൊച്ചിചെടികള്‍ക്ക് പിന്നില്‍  പതുങ്ങി നില്‍ക്കുന്നത് കണ്ടു. കുഴി ഉണ്ടാക്കി കെണിവെച്ച പിള്ളരാണ്.


''ഇവിടെ വാടാ നായിന്‍റെ മക്കളേ''ചാമി അലറി. വരമ്പത്തുകൂടി പിള്ളേര്‍ മലയടിവാരത്തേക്ക് പാഞ്ഞു. ചാമി ഒരു മണ്ണാങ്കട്ട എറിഞ്ഞത് അവര്‍ക്ക് പുറകിലായി വീണുടഞ്ഞു.


''നിങ്ങക്ക് ഞാന്‍ വെച്ചിട്ടുണ്ടെടാ''ചാമി മനസ്സില്‍ പറഞ്ഞു''തോട്ടത്തിലെ വേലിടെ അടീല്‍കൂടിനൂണ് നാളികേരം കക്കുണത് ഞാന്‍ അറിയുണുണ്ട്. കിണുക്കുമുട്ടിവെച്ച് ഞാന്‍ നിങ്ങളെ അതില്‍ പെടുത്തും''.


 ''ചാമ്യേ, ഇങ്കിട്ട് വാടാ''പള്ളിക്കുണ്ടിന്ന് അടുത്ത് എത്തിയപ്പോള്‍ ആരോ വിളിക്കുന്നത് കേട്ടു. നോക്കിയപ്പോള്‍ ഞാവിള് മരചോട്ടില്‍ കോമ്പിയപ്പന്‍ നില്‍ക്കുന്നു.


''എന്താന്നിം നിങ്ങളിവിടെ''ചാമി ചോദിച്ചു.

 

''ഞാന്‍ നിന്നെ തേടി വന്നതാണ്''. ചാമി മരചുവട്ടിലേക്കു ചെന്നു.


''വലഞ്ഞിട്ട് വയ്യാടാ ചാമ്യേ, ഇന്നലീം ഇന്നും ഞാന്‍  ഒന്നും കഴിച്ചിട്ടില്ല'' വൃദ്ധന്‍ നിലത്ത് കുന്തിച്ചിരുന്നു.


മുമ്പാണ് ഈ മാതിരി ആവലാതി പറഞ്ഞതെങ്കില്‍ അത് വിശ്വസിച്ചേനെ.  കൊയ്ത് പാട്ടം അളന്നുകഴിഞ്ഞാല്‍ യാതൊന്നും ബാക്കി ഉണ്ടാവില്ല. ആ കാലത്ത് പട്ടിണി പുതുമയല്ല. ഇപ്പോള്‍ അതല്ലല്ലോ സ്ഥിതി. പത്തമ്പതുപറ കൃഷീം കുടിയിരുപ്പ് സ്ഥലവും കൈവശം ആയില്ലേ. പിന്നെന്താ ഇത്ര ഒരു ഗതികേട്. മനസ്സില്‍ തോന്നിയത് ഒട്ടുംമറച്ചുവെക്കാതെ ചാമി ചോദിച്ചു.


''ആര് കേട്ടാലും ഇതന്നെ ചോദിക്കുണത്''കോമ്പി പറഞ്ഞു''നമ്മടെ ഗതികേട് നമ്മക്കല്ലേ അറിയൂ''.


''എന്താനും നിങ്ങക്കിത്ര ഗതികേട്''. 


''കൃഷിഭൂമീം കുടിയിരുപ്പ് സ്ഥലൂം സ്വന്തായികിട്ടുണവരെ ഒന്നും ഇല്ലല്ലോ എന്ന വിഷമം മാത്രേ ഉണ്ടായുള്ളു. എന്ന് എല്ലാം കയ്യില്‍ എത്ത്യോ അന്ന് കുടുംബത്തില് കലഹം തുടങ്ങി. മൂത്തമകനാണ് ആദ്യം ഭാഗംചോദിച്ചത്. ഉള്ളതിന്‍റെ പകുതി അവന് വേണന്ന് ഒരേശാഠ്യം. അപ്പന്‍റെകൂടെ ഇത്രകാലം പണി ചെയ്തത് ഞാനാണ്. അതോണ്ട് കൂടുതല്‍ വേണം. താഴെ  മൂന്നെണ്ണം ഉള്ളത് അത് സമ്മതിച്ചില്ല. കെട്ടിച്ചുവിട്ട രണ്ട് പെണ്‍മക്കളും ഓഹരി ചോദിച്ചു. നേരാംവണ്ണം നാല് പൂവല് കൃഷി ചെയ്യാന്‍ പറ്റീലാ. അതിന്നുമുമ്പ് തല്ലിപിരിഞ്ഞു. മദ്ധ്യസ്ഥന്മാര്‍ എടപെട്ടു. സ്ഥലം അളന്ന് ഓരോരുത്തര്‍ക്കും വെറെയാക്കി. എല്ലാം കഴിഞ്ഞപ്പൊ ഒരുകുടില് മാത്രം അപ്പനും അമ്മയ്ക്കും ബാക്കിവെച്ചു. മഴക്കാലത്ത് ആ കുടില് വീണു. അടുത്തപറമ്പില് താമസിക്കുണ ചെറ്യേമകന്‍ അവിടം കൊത്തിക്കിളച്ച് ചേമ്പ് വെച്ചു. വഴിയരികില് കുത്തിമറച്ചിട്ട് അതിലാണ് ഇപ്പൊ താമസം''. ഉടുതുണിയുടെ തലപ്പുകൊണ്ട് അയാള്‍ മുഖം തുടച്ചു


''വന്ന വെള്ളം നിന്ന വെള്ളത്തിനെകൂടി കൊണ്ടുപോയീന്ന് പറഞ്ഞ മാതിര്യായി. എന്നേക്കാള്‍ മറ്റവന്ന് കൊടുത്തു എന്നുപറഞ്ഞ് മക്കള്‍ ഒരാളും തിരിഞ്ഞ് നോക്കാറില്ല''. വൃദ്ധന്‍ ഒന്ന് ചുമച്ചുതുപ്പി.


''സ്വത്തും കാശും ഒന്നും നമ്മളെപോലീള്ളോര്‍ക്ക് പറഞ്ഞിതല്ല. പാണന് ആന മൂധേവീ എന്ന് കേട്ടിട്ടില്ലേ. അതാ എന്‍റെ സ്ഥിതി''അയാള്‍ പറഞ്ഞു നിര്‍ത്തി.


''ഇതൊന്നും ഞാന്‍ കേട്ടില്ല''ചാമി പറഞ്ഞു.


''അതെങ്ങന്യാ അറിയ്യാ. നീ ഇവിടെ. ഞാന്‍ ആറേഴ് നാഴിക അപ്പറത്ത്. വല്ല മരിപ്പിനോ കല്യാണത്തിനോ കാണാച്ചാല്‍ പെണ്ണിനെ തീര്‍ത്തതിന്ന് അപ്പറം നീ അങ്കിട്ട് ഒന്നിനും വരാറേ ഇല്ല. ഒന്നൂല്യെങ്കിലും ഞാന്‍ നിന്‍റെ തള്ളടെ വകേലെ ആങ്ങളേല്ലേ. ഞാനോ എന്‍റെ പെണ്ണോ ഞങ്ങടെ മകളെ തീര്‍ത്തതിന് നെന്നെ വല്ലതും പറഞ്ഞിട്ടുണ്ടോ. ഞങ്ങടെ പെണ്ണിന്‍റടുത്താ കുറ്റംന്ന് ഞങ്ങക്കറിയാലോ. പോരാത്തതിന്ന് അവള് വേറൊരുത്തനെ കെട്ടി പോവുംചെയ്തു''.


ഇപ്പോള്‍ ആരുമല്ലെങ്കിലും ഒരുകാലത്ത് ഭാര്യയുടെ അച്ഛന്‍ എന്ന സ്ഥാനം ഉണ്ടായിരുന്ന ആളാണ്. അയാള്‍ സ്വന്തംകഷ്ടപ്പാട് പറയുന്നത് കേട്ടപ്പോള്‍ ചാമിയ്ക്ക് സങ്കടംതോന്നി.


''അമ്മായിക്ക് എങ്ങനീണ്ട്''അവന്‍  ചോദിച്ചു.


''മക്കള് തല്ലിപിരിഞ്ഞതോടെ അവളടെ മനസ്സിടിഞ്ഞു. കുറെ കാലായിട്ട് കിടപ്പിലാണ്. മൂത്രം ഒഴിക്കലും പൊറത്തേക്ക് പോക്കും ഒക്കെ കെടന്ന കെടപ്പിലാ. നോക്കാന്‍ ആരൂല്യാ. ഒരു നൂറ് ഉറുപ്പിക കാശ് കിട്ട്യാല്‍ പാലക്കാട് ധര്‍മ്മാസ്പത്രീല് എത്തിക്ക്യായിരുന്നു. ചാവുംച്ചാല്‍ അവടെ കെടന്ന് ചത്തോട്ടെ. ആ കണ്ണറാതി കാണാതെ കഴിഞ്ഞല്ലോ. നിന്നോട് അത് ചോദിച്ച് നോക്കാന്ന് കരുതിപോന്നതാണ്. ബസ്സിന്ന് കൊടുക്കാന്‍ എന്‍റേല് കാശ് ഇല്ലാത്തതോണ്ട് നടന്നാ വന്നത്''. തീരെ നിവര്‍ത്തിയില്ലാഞ്ഞിട്ടാണ് മകളെ കെട്ടിതീര്‍ത്ത തന്‍റെ അടുത്ത് സഹായം ചോദിച്ച് എത്തിയത് എന്ന് ചാമിയ്ക്ക് മനസ്സിലായി.


''എണീക്കിന്‍''ചാമി കയ്യില്‍പിടിച്ച് അയാളെ എഴുന്നേല്‍പ്പിച്ചു. രണ്ടാളും വാസുവിന്‍റെ ചായക്കടയിലേക്ക് നടന്നു. പൊറോട്ടയും ചായയും വാങ്ങി വയസ്സന്ന് കൊടുത്തു, ഒരുപൊതി കിടപ്പിലായ അമ്മായിക്കും. ബെല്‍ട്ടില്‍ നിന്ന് നൂറിന്‍റെ രണ്ടുനോട്ടെടുത്ത് കോമ്പിയപ്പന്‍റെ കയ്യില്‍ ഏല്‍പ്പിച്ചു. ഒരു പത്തുരൂപ ടിക്കറ്റിന്ന് വേറേയും. മന്ദത്തുവന്ന് തിരിച്ച് പോവുന്ന ബസ്സ് പുറപ്പെടാന്‍ ഒരുങ്ങിനില്‍പ്പുണ്ട്. വൃദ്ധനെ അതില്‍ കയറ്റിയിരുത്തി.


''എന്തെങ്കിലും വേണച്ചാല്‍ ചോയ്‌ക്കാന്‍ മടി കാണിക്കണ്ടാ''അയാളോട് ചാമി പറഞ്ഞു''എന്‍റേലുള്ളത് എപ്പൊ വേണച്ചാലും തരും''. ബസ്സ് മെല്ലെ നീങ്ങി. ചാമിയെ നോക്കി വയസ്സന്‍  കണ്ണുതുടച്ചു.



അദ്ധ്യായം - 58.


''മലമ്പള്ളേല് വെട്ടാന്‍ തുടങ്ങ്യ പത്തുരണ്ടായിരം റബ്ബറുണ്ട്. കനാലിന്‍റെ ചോട്ടിലെ മൊത്തം കണ്ടൂംകൃഷീം സ്വന്തം. പോരാത്തതിന് തെങ്ങുംതോപ്പും തൊടീം വേറീംണ്ട്'' പുല്ലരിഞ്ഞുകൂട്ടുന്നതിനിടയില്‍ വേലപ്പന്‍ ചാമിയോട് പറഞ്ഞു''വീട്ടില് ജീപ്പും, കാറും, മോട്ടോര്‍സൈക്കിളും, കണ്ടംപൂട്ടാന്‍ ഒരു ട്രാക്ടറും ഒക്കീണ്ടത്രേ''.


ചാമി പുല്ലരിയല്‍ നിര്‍ത്തി. തലേന്ന് വരമ്പോരത്തെ വിളഞ്ഞ ചെടികള്‍ മാടിവെച്ചപ്പോള്‍ കണ്ട പുല്ലരിയാന്‍ വേലപ്പനെ വിളിച്ചതാണ്. കണ്ടോര് കൊണ്ടുപോവുംമുമ്പ് അവന്‍ അരിഞ്ഞെടുത്തോട്ടേ. വെറുതെ നില്‍ക്കുന്ന നേരം അവനെ സഹായിക്കാമെന്നുകരുതി പുല്ലരിയാന്‍ കൂടി.


''ആരുടെ കാര്യാ നീ ഈ പറയുണത്''.


''ഇങ്കിട്ട് വരുമ്പൊ നമ്മടെ അമ്പിട്ടന്‍ മാധവനെ കണ്ടു. അവന്‍ നമ്മടെ കല്യാണിക്ക് ഒരു ആലോചന പറഞ്ഞതാണ്. കേട്ടപ്പൊ എന്‍റെ കുട്ടിടെ ഭാഗ്യാന്ന് തോന്നി''.


''നീ ബാക്കീംകൂടി പറ''.


''ചെക്കന് മുപ്പത്തഞ്ച് വയസ്സായി. പക്ഷെ കണ്ടാല്‍ തോന്നില്ല. ഒരു ദോഷം പറയാനുള്ളത് രണ്ടാംകെട്ടാണ് എന്നതാ''.


''അതെന്താ രണ്ടാംകെട്ടാവാന്‍''.


''മൂത്തകുടി ചത്തു. വയറ്റില്‍ വെള്ളം നെറയുണ സൂക്കടായിരുന്നു. ഒരു ചെക്കനുണ്ട്. നാലഞ്ച് വയസ്സായി. അവരടെ സ്ഥിതിക്ക് നമ്മക്ക് വീടിന്‍റെ വളപ്പില് കേറാനുള്ള യോഗ്യതീല്യാ. പെണ്ണിന് ചന്തം ഉണ്ടായാല്‍ മാത്രം മതീന്ന് പറഞ്ഞത് നമ്മടെ ഭാഗ്യം''.


''നെനക്ക് വെളുവില്യാന്ന് ഒറപ്പായി. ബാക്കികൂടി കേക്കണോ നെനക്ക്''.


''എന്താദ്. നീ കാര്യം പറ''.


''ആ പെണ്ണിന്ന് രണ്ടാമത് വയറ്റിലുണ്ടായി ഇരിക്കുമ്പൊ അതിനെ ഒറ്റ ചവിട്ടിന് കൊന്നതാണ്. കാശിന്‍റെ പവറോണ്ട് പൊലീസ് പിടിക്കാതെ തപ്പിച്ചു. അതാണ് അമ്പിട്ടന്‍ പറഞ്ഞ ചെക്കന്‍''.


''ഇതൊക്കെ എങ്ങനെ നീ അറിഞ്ഞൂ''.


''അമ്പിട്ടന്‍ ഈ ആലോചന എന്‍റടുത്ത് ഒരുദിവസം പറഞ്ഞു. ഞാന്‍ ആ ചെക്കനെപ്പറ്റി ആളുകളോട് ചോദിച്ചറിഞ്ഞ കാര്യാണ് ഇതൊക്കെ''.


''അറിയാതെ കണ്ട് ചെന്ന് കുണ്ടാമണ്ടീല് ചാടാതെ ഭഗോതി കാപ്പാത്തി'' കൈകള്‍കൂപ്പി വേലപ്പന്‍ തൊഴുതു.


''ഭഗോതി  ഒന്ന്വോല്ല. ഞാനാ കാപ്പാത്തീത്. ഇതല്ലാതെ വേറൊന്നും ഇല്ലേ അവന്‍റേല്''.


''പിന്നൊന്നുള്ളത് ചെറുപ്പം ചെക്കനാണ്. ഇരുപത്തിരണ്ട് വയസ്സ്. ആറേഴ് മക്കളില്‍ ഒടുക്കത്തെ ചെക്കന്‍''.


''അവനെന്താ പണി''.


''കള്ള്ഷാപ്പില് എടുത്ത് കൊടുക്കാന്‍ നില്‍ക്ക്വാണ്''.


''ഫൂ''ചാമി ഒന്ന് നീട്ടിത്തുപ്പി''ഇതല്ലാതെ വേറൊന്നും കണ്ടില്യാ അല്ലേ . ആ അമ്പിട്ടന്‍ ചെരക്കാന്‍ പോട്ടെ. ഈ പണി അവന് പറ്റില്യാ''.


പെണ്‍കുട്ടിക്ക് പതിനേഴ് വയസ്സ് ആവുന്നതേ ഉള്ളൂവെന്നും , അവള്‍ക്ക് നല്ല നിലയില്‍നിന്ന് ആലോചനകള്‍ വരുമെന്നും, അവളെ  മനസ്സിന് പിടിച്ച ദിക്കിലേക്കേ കെട്ടിച്ച് വിടൂ എന്നും കുട്ടിടെ കല്യാണക്കാര്യം ആലോചിച്ച് ഒട്ടും വിഷമിപ്പിക്കേണ്ടെന്നും പറഞ്ഞ് ചാമി വേലപ്പനെ ആശ്വസിപ്പിച്ചു.


*******************************************


''നാട്ടില് കള്ളന്മാരടെ ശല്യം നല്ലോണം ഉണ്ടത്രേ. മിനിഞ്ഞാന്ന് നായന്മാരടെ  തറേലെ മൂന്ന് നാല് വീടുകളില്‍ കള്ളന്മാര് കയറീന്നാ കേട്ടത്'' ആഹാരം കഴിക്കാനിരുന്നപ്പോള്‍ മാധവി പറഞ്ഞു''. വേലായുധന്‍കുട്ടിയും മകനും അതുകേട്ട് മിണ്ടാതെ ഇരുന്നു.


''നമുക്ക് നല്ലൊരു നായിനെ വാങ്ങ്യാലോ. രാജപാളയം നായിന്യോ, അത് പോലെ കടിക്കുണ വല്ലതിനീം''.


''പിന്നെ അതിനെ നോക്കാന്‍ വേറെ ഒരാളെ പണിക്ക് നിര്‍ത്തേണ്ടിവരും'' വേലായുധന്‍കുട്ടി പറഞ്ഞു.


''നിങ്ങടെ അച്ഛന്‍ ഉണ്ടെങ്കില്‍ ഒരു നായടെ ഫലം ഉണ്ടാര്‍ന്നു. മനുഷ്യന്‍റെ കുട്ടി ഇങ്കിട്ട് കടക്കില്ല''.


''നിങ്ങള് എന്‍റെ അച്ഛന്‍റെ അച്ഛനെ നായടെ സ്ഥാനത്താ കാണുണത് അല്ലേ'' രാധാകൃഷ്ണന്‍ ചൊടിച്ചു''എന്നാലേ കേട്ടോളിന്‍. നിങ്ങടെ ചത്തുപോയ അച്ഛനും അമ്മയ്ക്കും പകരം വേഗം പോയി രണ്ട് കോവര്‍കഴുതകളെ വാങ്ങിച്ചോളിന്‍. അതാവുമ്പോള്‍ ഒരേവര്‍ഗ്ഗം ആയതോണ്ട് നിങ്ങള്‍ക്ക് നന്നായിചേരും''. വേലായുധന്‍കുട്ടിയുടെ ഉള്ളില്‍ ചിരിപൊട്ടി.


''ഇപ്പൊ അയാളെ വല്ലതും പറയുമ്പൊ നിനക്കെന്താ ഒരുകോപം. അയാളെ കുറ്റം പറയാന്‍ നീയല്ലേ ഇതേവരെ മുമ്പില്‍ നിന്നത്''.


''അതെന്‍റെ തെറ്റ്. നിങ്ങടെ വയറ്റിലല്ലേ ഞാന്‍ കിടന്നത്. അതിന്‍റെ ദൂഷ്യം കാണില്ലേ. ആ തെറ്റ് മനസ്സിലാക്കിത്തരാന്‍ പുറമേ ചെലര് വേണ്ടിവന്നു''.


''എന്നാല്‍ നീ ചെന്ന് അയാളുടെ കാല് പിടിക്ക്''.


''ചിലപ്പോ ഞാന്‍ അതുംചെയ്യും. അതില് ഒരു കുറച്ചിലും തോന്നാനില്ല''.


''അതു കഴിഞ്ഞിട്ട് ഇങ്കിട്ടു വന്നാല്‍ നിന്നെ ഞാന്‍ ഈ വീട്ടില്‍ കേറ്റില്ല''.


''അതിന്നുമുമ്പ് നിങ്ങളെ ഞാന്‍ ഇവിടുന്ന് ഇറക്കിവിടും''.


'' നിങ്ങള് കേട്ട്വോ, ഈ ചെക്കന്‍ പറയുണത്''. വേലായുധന്‍കുട്ടി ഒന്നും പറഞ്ഞില്ല. നിനക്ക് ഇങ്ങിനെത്തന്നെ വേണമെന്ന് മനസ്സില്‍ കരുതുകയും ചെയ്തു.


************************


പെണ്ണുങ്ങള്‍ക്ക് ഓണത്തിന്ന് ഇടാന്‍ പുത്തന്‍വളകളുമായി ആറുമുഖന്‍ ചെട്ടിയാര്‍ എത്തിയതാണ്. അയല്‍പക്കത്തെ പെണ്ണുങ്ങളൊക്കെ പുത്തന്‍ വളകള്‍ വാങ്ങുന്നതും നോക്കി കല്യാണി നിന്നു. വള വാങ്ങണമെന്നുണ്ട്. അപ്പന്‍ ദേഷ്യപ്പെടും എന്നോര്‍ത്ത് വാങ്ങാതിരിക്കുന്നു എന്നേയുള്ളു.


''എന്താ കുട്ട്യേ. നിനക്ക് പുത്യേ വള വേണ്ടേ''മടിച്ചുനിന്ന കല്യാണിയോട് ചെട്ടിയാര്‍ ചോദിച്ചു.


''ങൂ ങും''അവള്‍ വേണ്ടെന്ന്  മൂളി.


''ആണ്ടറുതിക്ക് ഇതൊക്കെ വാങ്ങി ഇടണ്ടേ''ചെട്ടിയാര്‍ വീണ്ടും ചോദിച്ചു.


''വേണ്ടാണ്ടെ കന്നാപിന്നാന്ന് പൈസ ചെലവാക്ക്യാല്‍ അവളടെ അപ്പന്‍ വക്കാണിക്കും''പെണ്ണുങ്ങളില്‍ ഒരാള്‍ പറഞ്ഞു. വല്യേപ്പനെത്തിയാല്‍ തനിക്ക് ഇഷ്ടപ്പെട്ട വള വാങ്ങിതരുമെന്ന് കല്യാണി മനസ്സില്‍കരുതി. ആ നേരത്തുതന്നെ ചാമി മുമ്പിലെത്തി.


''എന്താണ്ടി മകളെ നീ വാതില് അടക്കാതെ ഇവിടെവന്ന് നിക്കുണത്''.


''ഒന്നൂല്യാ വല്യേപ്പാ''. അവള്‍ക്ക് വള വാങ്ങണമെന്നുണ്ടെന്നും അപ്പന്‍ ദേഷ്യപ്പെടുമെന്ന് ഓര്‍ത്തിട്ട് വാങ്ങാതിരിക്കുകയാണെന്നും ചാമിയോട് ആരോ പറഞ്ഞു.


''തെന്ന്യോടി''ചാമി ചോദിച്ചു. കല്യാണി ഒന്നും പറഞ്ഞില്ല.


''കണ്ടോ അവളൊന്നും പറയാത്തത്. അതിന്‍റെ ഉള്ളില് മോഹൂണ്ടാവും'' ചെട്ടിയാര്‍ പറഞ്ഞു.


''എന്‍റെ കുട്ടിടെ കയ്യ് നെറച്ച് വള ഇടിന്‍''ചാമി ചെട്ടിയാരോട് പറഞ്ഞു. കല്യാണി ആവശ്യപ്പെട്ട വളകള്‍ അയാള്‍ അവളുടെ കയ്യില്‍ അണിയിച്ചു. ചാമി ബെല്‍ട്ടില്‍നിന്ന് പണമെടുത്തുകൊടുത്തു. വീട്ടിലെത്തിയതും ചാമി തൂണിന്ന് മുകളില്‍വെച്ച പൊതിയെടുത്ത് കല്യാണിക്ക് നീട്ടി.


''മൊതലാളി നെനക്ക് തന്നയച്ചതാ''ചാമി പറഞ്ഞു''എല്ലാരുക്കും മൂപ്പര് ഓണത്തിന് തുണിവാങ്ങി. ഇത് നിനക്കുള്ളതാ''. കല്യാണി പൊതിതുറന്നു നോക്കി. അവളുടെ മുഖത്ത് അസംഖ്യം പൂക്കള്‍ ഒന്നിച്ചുവിടര്‍ന്നു.



അദ്ധ്യായം - 59.


''ഓണത്തിന്ന് ഏട്ടനെ വിളിക്കിണുണ്ടോ''രാത്രി ഊണുകഴിഞ്ഞ് മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന കിട്ടുണ്ണിയോട് രാധ ചോദിച്ചു.


''അതെന്താ അങ്ങനെ ചോദിച്ചത്''.


''ഒന്നൂല്യാ. വെറുതെ ചോദിച്ചൂന്ന് മാത്രം''.


''വിളിക്കണോ''.


''വിളിച്ചാല്‍ നന്ന്. ഒന്നൂല്യെങ്കിലും ചോദിച്ചിട്ടും അല്ലാണ്ടീം കൊറെ തന്ന് സഹായിച്ച ആളല്ലേ''.


''അതൊന്നും പറയണ്ടാ. ഇല്ലാത്തോന്‍ ഉള്ളോരോട് ചോദിക്കും. അവര്‍ക്ക് മനസ്സുണ്ടെങ്കില്‍ കൊടുക്കും. വേണ്ട ആള് അത് കൈനീട്ടി വാങ്ങും. അതിന്  ഇത്ര പറയാനൊന്നും ഇല്ല''.


''ഞാന്‍ പറയാനൊന്നും വരുണില്ല. ഇഷ്ടംപോലെ ചെയ്തോളൂ''.


''എന്തായാലും താന്‍ പറഞ്ഞസ്ഥിതിക്ക് വിളിക്കാം. വന്നാല്‍ വരട്ടെ''.


''വിളിക്കുംപോലെ വിളിച്ചാല്‍ ഏട്ടന്‍ വരാതിരിക്കില്ല''.


''എനിക്ക് അത്രയ്ക്കങ്ങിട്ട് അറിയില്ല. സാധാരണ പറയുമ്പോലെ പറയും''.


''എന്തോ ചെയ്തോളൂ''രാധ അകത്തേക്ക് നടന്നു.


***********************************


''അച്ഛാ, ഞാനൊരു മോഹം പറഞ്ഞാല്‍ അച്ഛന് ദേഷ്യംതോന്ന്വോ''നാണു നായരോട് സരോജിനി ചോദിച്ചു.


''എന്താദ്. എന്താ നിന്‍റെ മോഹം''.


''ഒരുതരി പൊന്ന് എന്‍റെ മേത്ത് ഇല്ല. എനിക്കും മോഹം ഉണ്ടാവില്ലേ''.


''എനിക്ക് അറിയാഞ്ഞിട്ടല്ല. ഞാന്‍ വിചാരിച്ചാല്‍ പറ്റണ്ടേ''.


''എന്‍റേല് വേണ്വോട്ടന്‍ തന്നതിന്‍റെ ബാക്കി കുറച്ച് പണൂണ്ട്. അതോണ്ട് രണ്ട് കമ്മലും ഒരു അരഞ്ഞാള്‍ചെയിനും പതക്കൂം വാങ്ങിക്കോട്ടെ''.


''അത് വേണോ. അവന്‍റെ വരുമ്പടി നിന്നാല് കുറച്ചുദിവസം ഉള്ളതോണ്ട് കഴിയാലോ''.


''അങ്ങിനെ വന്നാല്‍ ഞാന്‍ എന്‍റെ പണ്ടം അഴിച്ചുതരാം. അച്ഛനത് വിറ്റ് കാശാക്കിക്കോളൂ. അതുവരേക്ക് എനിക്ക് ഇടാലോ''.


''ഞാനൊന്ന് ആലോചിക്കട്ടെ''.


''കിട്ട്വാണെങ്കില്‍ എനിക്ക് ഓണത്തിന് കിട്ടണം. അല്ലെങ്കില്‍ വേണ്ടാ''.


''നീയെന്താ ഇങ്ങിനത്തെ ഒരുകൂട്ടം കൂടുണത് . അപ്പാപ്പാ പെണ്ണ് വേണം, എപ്പൊ വേണം, ഇപ്പൊ വേണംന്ന് പറയുണ മാതിരി''.


''അല്ലെങ്കിലും എന്‍റെ കാര്യത്തില് മാത്രേ അച്ഛന്‍ പിന്നാക്കം നിക്കാറുള്ളു. ഏടത്തിടെ കാര്യൂം ഏട്ടന്‍റെ കാര്യൂം ഒക്കെ സമയാ സമയത്ത് നടത്തീലേ''.


''ആ പുരാതിയേ കേള്‍ക്കാന്‍ ബാക്കീണ്ടാര്‍ന്നുള്ളൂ. ഇപ്പൊ അതും ആയി'' 


''അച്ഛനെ സങ്കടപ്പെടുത്താന്‍ വേണ്ടി പറഞ്ഞതല്ല. എന്‍റെ മനസ്സിലെ വെഷമം  പറഞ്ഞൂന്നേള്ളു''.


''ഞാന്‍ നാളെത്തന്നെ ചെന്ന് തട്ടാന്‍ കുട്ടനെ ഇവിടക്ക് വരാന്‍ പറയാം.  എങ്ങിനത്തേതാ വേണ്ട്ന്ന് നീതന്നെ പറഞ്ഞുകൊടുത്തോ''. അതോടെ സരോജിനി മുപ്പത്തഞ്ചുകൊല്ലം പുറകിലേക്ക് ഓടി പതിനഞ്ച് വയസ്സുള്ള ഒരു പാവാടക്കാരി പെണ്‍കുട്ടിയായി മാറി.


***************************


''നമ്മള്‍ പ്രവര്‍ത്തനം തുടങ്ങുമ്പോഴേക്കും അപസ്വരങ്ങള്‍ ആരംഭിച്ചതാണ് ഏറ്റവും സങ്കടകരമായത്''രാജന്‍മേനോന്‍ തന്‍റെ ദുഃഖം പറഞ്ഞു. തലേന്ന് വൈകീട്ട് യോഗം കഴിഞ്ഞ് തിരിച്ചുപോവുന്ന സമയത്ത് കൃഷ്ണത്തരകന്‍  തന്നോട് പറഞ്ഞ കാര്യങ്ങള്‍ കളപ്പുരയില്‍വെച്ച് മേനോന്‍ കൂട്ടുകാരോട് സംസാരിക്കുകയാണ്.


''പത്താള് കൂടുണ കാര്യത്തില്‍ അങ്ങിന്യോക്കെ ഉണ്ടാവും. എനിക്കതല്ല വെഷമം. ഓണം കഴിഞ്ഞ രാവിലെ പാടത്ത് അരിവാള് വെക്കണം. ആ സമയത്താണ് അമ്പലത്തില് ദേവപ്രശ്നം വരുണത്''എഴുത്തശ്ശന്‍ പറഞ്ഞു ''രണ്ടുംകൂടി എന്താ വേണ്ടേന്ന് ഒരു എത്തുംപിടീം കിട്ടുണില്യാ''. 


വേണുവും രാജന്‍മേനോനും നാണുനായരും കേട്ടിരിപ്പാണ്. എന്താണ് ചെയ്യുക എന്ന് അവര്‍ക്കും അറിയില്ല.


''അത് വിടിന്‍''ചാമി പറഞ്ഞു''നോക്കാനാളില്ലാണ്ടെ കുപ്പ്വോച്ചന്‍റെ പാടത്തെ കൊയ്ത്ത് മൊടങ്ങില്ല.  ആ കാര്യം എനിക്ക് വിട്ടോളിന്‍. എന്നിട്ട് നിങ്ങള് അമ്പലത്തിന്‍റെ കാര്യങ്ങള് സമാധാനത്തോടെ നോക്കിക്കോളിന്‍''.


''കേട്ടില്ലേ അവന്‍ പറഞ്ഞത്. ആ കെടേലടി അങ്ങനെ തീര്‍ന്നല്ലോ. അവന് ഭഗവാന്‍റെ കടാക്ഷംകിട്ടും''നാണുനായര്‍ പറഞ്ഞു'' ഇനീപ്പൊ കൃഷ്ണ ത്തരകന്‍ വന്നിട്ട് എന്തൊക്കെ കൊശമശക്കം ഉണ്ടാക്കുംന്നേ അറിയേണ്ടു''.


''അതാലോചിച്ച് നിങ്ങള് വിഷമിക്കണ്ടാ. കുത്താന്‍ വരുണ ആനേ ഒരു കോല് കാട്ടി പേടിപ്പിച്ച് നിര്‍ത്തുണില്ലേ. പിന്ന്യല്ലേ ഇവര്''എഴുത്തശ്ശന്ന് അതൊന്നും പ്രശ്നമല്ല. 


കൈക്കോട്ടുമായി ചാമി പാടത്തേക്ക് നടന്നു. കണ്ടത്തിലെ വെള്ളം വെട്ടി വിടാനുണ്ട്. ഇല്ലെങ്കില്‍ കൊയ്യാന്‍ ബുദ്ധിമുട്ടും. വൈകാതെ തരകനെത്തി, കൂടെ തൊരപ്പന്‍ എന്ന ഓമനപ്പേരുള്ള ഗോപിനായരുമുണ്ട്.


''നിങ്ങള് വരുംന്ന് ഗുരുസ്വാമി പറഞ്ഞു. ഞങ്ങളൊക്കെ കാത്തിരിക്ക്യാണ്'' നാണുനായര്‍ പറഞ്ഞു. ആഗതര്‍ കയറിയിരുന്നു.


''എന്താ നിങ്ങടെ വെഷമം''എഴുത്തശ്ശന്‍ ചോദിച്ചു''അതങ്കിട്ട് തൊറന്ന് പറയിന്‍. എന്തിനും നിവൃത്തിമാര്‍ഗ്ഗം കാണാലോ''.


''അതേയ്''തരകന്‍ പറഞ്ഞു''ഞങ്ങടെ വെഷമം തീര്‍ക്കാന്‍ ഞങ്ങക്ക് ആരുടേം സഹായം വേണ്ടാ. പക്ഷെ പൊതുകാര്യത്തില് ആര്‍ക്കും തോന്ന്യേപോലെ ചെയ്യാന്‍ പറ്റില്ല''.


''അതിനിപ്പൊ ആരാ തന്നിഷ്ടംകാട്ട്യേത്. എല്ലാ കാര്യൂം നമ്മളൊന്നിച്ചിരുന്ന് ആലോചിച്ചിട്ടല്ലേ ചെയ്യാറ്''.


''അതൊന്ന്വോല്ല ഇവിടെ നടക്കുണത്''ഗോപിനായര്‍ പറഞ്ഞു''കാശും പണൂം ഉള്ളോരുക്ക് ഒരു രീതി. ഇല്ലാത്തോരക്ക് മറ്റൊന്ന്''.


''നിങ്ങളങ്ങനെ അങ്കിട്ടും ഇങ്കിട്ടും തൊടാതെ കൂട്ടംകൂട്യാല്‍ സംഗതി ശര്യാവില്ല''എഴുത്തശ്ശന്‍ കടുപ്പിച്ച് പറഞ്ഞു''എന്താച്ചാല്‍ അത് വെട്ടി മുറിച്ച് പറയണം''.


''പറയാനൊന്നും മടീല്യാ''തരകനും ചൂടായി''ആരോട് ചോദിച്ചിട്ടാ നിങ്ങള് പൂജക്കാരനും കഴകക്കാരുക്കും താമസിക്കാന്‍ പുര പണിയാന്‍ തുടങ്ങ്യേത്. അമ്പലം പുതുക്കിപ്പണിയുണതിന്ന് മുമ്പ് അതാണോ ധൃതി വെച്ച് ചെയ്യണ്ടത്''.


''മീറ്റിങ്ങില്‍ സ്വാമിനാഥന്‍ ഈ കാര്യം പറഞ്ഞിരുന്നു. പോരാഞ്ഞിട്ട് അതിന്‍റെ മുഴുവന്‍ ചിലവും അയാളാണ് ചെയ്യുണത്''ഗുരുസ്വാമി വിശദീകരിച്ചു.


''എന്താപ്പൊ അതിന്‍റെ ആവശ്യം. പണം പിരിച്ച് കമ്മിറ്റിക്കാര് പണി ചെയ്യിക്കട്ടെ. എന്തിനാ അയാളുടെ ഓശാരത്തിന്ന് നിക്കുണത്''.


മരിച്ചുപോയ അമ്മയുടെ ഓര്‍മ്മക്കായി സ്വാമിനാഥന്‍ പണി ചെയ്യിച്ചു തരുന്ന കെട്ടിടമാണ് അതെന്നും, മേല്‍നോട്ടം മാത്രമേ താന്‍ ചെയ്യുന്നുള്ളു എന്നും മേനോന്‍ പറഞ്ഞു.


''അപ്പൊ നിങ്ങളൊക്കെകൂടി ഒത്തിട്ടുള്ള ഏര്‍പ്പാടാണ് ഇതൊക്കെ'' തരകന്‍ ആരോപിച്ചു.


''അമ്മടെ സ്മരണയ്ക്ക് എന്ന് ബോര്‍ഡ് എഴുതി കെട്ടിതൂക്ക്വോ''ഗോപി നായര്‍ക്ക് അതാണ് അറിയേണ്ടത്. കെട്ടിടത്തിന്‍റെ മുമ്പിലായി ചുമരില്‍  വെണ്ണക്കല്ലില്‍ ഉണ്ടാക്കിയ ബോര്‍ഡ് വെക്കുമെന്ന് മേനോന്‍ പറഞ്ഞു


''എന്താ അതില് എഴുതാന്‍ പോണത്. കുറുക്കാന്‍കാട്ടില്‍ പാറുകുട്ടിടെ ഓര്‍മ്മയ്ക്ക് എന്നോ കൈലാസത്തില്‍ പാര്‍വതി അമ്മടെ സ്മരണക്ക് എന്നോ''തൊരപ്പന്‍ കിട്ടിയ അവസരം പാഴാക്കിയില്ല.


''കയ്യില് ഒന്നും ഇല്ലാതിരുന്നകാലത്ത് അവള് കുറുക്കന്‍കാട്ടില്‍ വേലൂന്‍റെ മകള്‍ പാറുക്കുട്ട്യായിരുന്നു. പഴണനാണ് അവളെ കെട്ടിക്കൊണ്ട് വന്നത്. പിന്നെ അവന്‍റെ മൂന്ന് അനുജന്മാര്‍ക്കും കെട്ട്യോളായിട്ട് ഇവളോറ്റ പെണ്ണ്. സ്വത്തും പണൂം വന്നപ്പൊ വീടിന് കൈലാസംന്ന് പേരിട്ടു. പാറുക്കുട്ടി പാര്‍വത്യായി. കെട്ട്യോന്മാരില്‍ ആരക്കാ ശിവന്‍ന്ന് പേര് ഇടണ്ടത് എന്നൊരു സംശയേ ഉണ്ടാര്‍ന്നുള്ളു''. സംഭാഷണം അങ്ങിനെ തുടരുന്നതില്‍  ആര്‍ക്കും ഇഷ്ടംതോന്നിയില്ല.


''എന്തോ ആവട്ടെ. നമുക്കിതില്‍ എന്താകാര്യം''നാണുനായര്‍ പറഞ്ഞു.


''നിങ്ങള്‍ക്ക് ഇതൊന്നും കാര്യാവില്ല. മൊഖത്ത് മീശീംവെച്ച് ഞങ്ങള് ആണുങ്ങളാണേന്ന് പറഞ്ഞ് നടക്കുന്നോര്‍ക്ക് ഇതൊക്കെ കണ്ടിട്ട് ഒന്നും മിണ്ടാണ്ടിരിക്കാന്‍ പറ്റില്ല''.


''ഇവനുണ്ടല്ലോ ഈ വെപ്പുപണിക്ക് പോണ നായര്. ചെന്നോടത്തൊക്കെ കൊഴപ്പം ഉണ്ടാക്കലാ അവന്‍റെ തൊഴില്. അവന്‍ പറയുന്നതും കേട്ട് നീ വേണ്ടാത്തത് പറയാന്‍ നിക്കണ്ടാ''എഴുത്തശ്ശന്‍ ക്ഷോഭിച്ചു.


''പറയാനുള്ളത് ഞാന്‍ ആരടെ അടുത്തും പറയും''.


''നീയൊക്കെ വിചാരിച്ചാല് നാല് മുക്കാല് തെകച്ച് എടുക്കാന്‍ കഴിയ്വോ. ആരെങ്കിലും മനസ്സറിഞ്ഞ് വല്ലതും ചെയ്യുണതിനെ മൊടക്കാന്‍ എറങ്ങും ഇമ്മാതിരി തൊരപ്പന്മാര്''.


''എനിക്ക് കണ്ടൂം കൃഷീം സ്വത്തൂം ഒന്നൂല്യാ. മുറുക്ക് ഉണ്ടാക്കി വിറ്റിട്ടാ ഞാന്‍ കുടുംബം നോക്കുണത്. എന്നാലും പണം ഉള്ളോരുടെ മൂടുംതാങ്ങി പോകാറില്ല''.


''അത്ര രോഷം തോന്നുണൂച്ചാല് നീ നെന്‍റെ വക ഒരു കെട്ടിടം പണിത് താടാ. എന്നിട്ട് കൂട്ടംകൂട്. വെറുതെ നാവിട്ടലക്കാന്‍വേണ്ടി വന്നോളും ഓരോന്ന്''.


''നിങ്ങടെ ഒരുകാര്യത്തിനും ഇനി ഞങ്ങളില്ല''  ഇരുവരും എഴുന്നേറ്റു.


''നീയൊക്കെ ഇല്ലാണ്ടേന്നെ ഇത് കെട്ടിപ്പൊക്കാന്‍ കഴിയ്വോന്ന് ഞങ്ങളും നോക്കട്ടെ''. പടികടന്ന് അവര്‍ പോയി.


''ഏഷണിക്കാര്‍ പെണങ്ങിപ്പോയോ''അപ്പോള്‍ അവിടെയെത്തിയ ചാമി ചോദിച്ചു.



അദ്ധ്യായം - 60.


''ഇതാണ് നിന്‍റെ ദൂഷ്യം. എന്ത് കാര്യമാണച്ചാലും ഒറ്റരീതിയിലെ നിനക്ക് ചിന്തിക്കാനാവു''സുകുമാരന്‍ രാധാകൃഷ്ണന്‍റെ വാക്കുകള്‍ക്ക് മറുപടി  പറയുകയായിരുന്നു. ബാര്‍ അറ്റാച്ച്ഡ് ഹോട്ടലിലെ അരണ്ട വെളിച്ചത്തില്‍ മേശക്കിരുവശത്തുമായി ഇരുന്ന് കൂട്ടുകാര്‍ ഉള്ളുതുറക്കുകയായിരുന്നു. കുറച്ചുനാളായി മുത്തശ്ശനോട് താന്‍ തെറ്റാണ് ചെയ്തത് എന്ന തോന്നല്‍ രാധാകൃഷ്ണന്‍റെ  മനസ്സില്‍ കടന്നിട്ട്.


''ഓര്‍മ്മവെച്ച കാലംമുതല്‍ മുത്തശ്ശനെ നീ ആ നിലക്ക് കണ്ടിട്ടുണ്ടോ. ഇല്ല. എന്നും നിങ്ങളൊക്കെ അയാളെ ശത്രുവായിട്ടാണ് കണ്ടത്. ഒടുവിലയാള്‍ സ്വന്തം പാടുനോക്കി ഇറങ്ങിപ്പോയി. ഒറ്റയ്ക്ക് താമസം തുടങ്ങിയപ്പൊ ആണത്തമുള്ള ആളാണ് കാരണോര് എന്നായി. അഭിപ്രായസ്ഥിരത ഒട്ടും ഇല്ലാത്ത ഏര്‍പ്പാടാണ് ഇതൊക്കെ''രാധാകൃഷ്ണന്‍ കൂട്ടുകാരന്‍ പറഞ്ഞ കാര്യങ്ങളെ എതിര്‍ത്തില്ല.


''അച്ഛനേയാണ് തലമുതിര്‍ന്ന ആളുകളൊക്കെ കുറ്റംപറയുണത്. തനിക്കു വേണ്ടി ജീവിതത്തിലെ സുഖങ്ങളൊക്കെ ഉപേക്ഷിച്ച ആള്യാണ് അച്ഛന്‍  വയസ്സുകാലത്ത് അനാഥനാക്കി പെരുവഴീലിറക്ക്യേത്. അച്ഛനെ ആ ദ്രോഹം ചെയ്യാന്‍ പ്രേരിപ്പിച്ചത് അമ്മീം ഞാന്വാണ്. ആളുകള് കുറ്റം പറയുണതില്‍ എന്താ തെറ്റ്. അതല്ലേ വാസ്തവം''അവന്‍ ചോദിച്ചു.


''ആളുകള്‍ പറയുന്നത് തെറ്റോ ശരിയോ എന്നോര്‍ത്ത് ഒരിക്കലും വേവലാതിപ്പെടരുത്.  നമുക്ക് നമ്മുടെ കാര്യമാണ് വലുത്. അതാ ശരിയും''സുകുമാരന്‍ പറഞ്ഞു.


''ഈ പറയുണതൊന്നും എന്‍റെ തലേല് കേറുണില്ല. ഓണത്തിന്ന് മുത്തശ്ശനെ ഞാന്‍ നേരിട്ടുചെന്ന് കണ്ടാലോ എന്ന് ആലോചിക്യാണ്''.


''ഭേഷായി. എന്നിട്ടുവേണം നല്ലോരുദിവസായിട്ട് അയാളുടെ വായിന്ന് വല്ലതും കേള്‍ക്കാന്‍''.


''അങ്ങിനെ ഒന്നും പറയില്ലാന്നാ എനിക്ക് തോന്നുണത്''.


''ഇല്ല. അയാള് നിന്‍റെ കാലില്‍ പൂവിട്ട് പൂജിക്കും''.


''മരിക്കുണതിന്നുമുമ്പ് മുത്തശ്ശനോടുള്ള അലോഹ്യം തീര്‍ക്കണം''.


''അതിന്ന് നിന്‍റെ അമ്മ സമ്മതിക്ക്വോ''.


''തോന്നുണില്യാ. എന്തെങ്കിലും വഴികാണണം''.


''ഇപ്പൊ നീ മിണ്ടാതിരിക്ക്. എന്നെങ്കിലും ഒരു ദിവസം ആ കാരണോര് കിടപ്പിലാവും. അപ്പഴാണ് ചെന്ന് കാണണ്ടതും സഹായിക്കണ്ടതും''.


''അതുവരെ''.


''ഇപ്പോഴത്തെ മട്ടില് കഴിയട്ടെ''. അരണ്ടവെളിച്ചത്തില്‍ രാധാകൃഷ്ണന്‍റെ മുഖത്തെ ദുഃഖഭാവം സുകുമാരന്ന് കാണാനായില്ല.


*******************


''ചാമ്യേട്ടോ, ഒന്നിങ്ങോട്ട് വരിന്‍''കൂട്ടുപാതേല് ബസ്സുകാത്ത് നില്‍ക്കുന്ന അപ്പുക്കുട്ടന്‍, ചന്തയിലേക്ക് പോവുന്ന ചാമിയേ വിളിച്ചു. 


ഓണമായതുകൊണ്ട് സ്കൂളിന്ന് മുമ്പില്‍ പച്ചക്കറിചന്തയുണ്ട് എന്ന് തലേന്ന് ജീപ്പില്‍ മൈക്കിലൂടെ വിളിച്ചുപറഞ്ഞ് പോയിരുന്നു. ഒന്ന് അവിടെവരെ പോയി നോക്കിവരണമെന്ന് കരുതി ഇറങ്ങിയതാണ്. ഈ ചെക്കന്‍ എന്ത് അത്യാവശ്യം പറയാനാണോ വിളിക്കുന്നത് എന്ന് മനസ്സിലോര്‍ത്തു. ചിലപ്പോള്‍ വല്ല പിരിവിനും ആയിരിക്കും.


''എന്താണ്ടാ കുട്ട്യേ കാര്യം''ചാമി അയാളുടെ അടുത്തേക്ക് ചെന്നു.


''നിങ്ങള് വിവര്വൊന്നും അറിഞ്ഞില്ലേ. ഓണം കഴിഞ്ഞാല്‍ നാട്ടില് എന്താ വിശേഷംന്ന് അറിയ്വോ''.


''അമ്പലത്തില് ജോത്സ്യം നോക്കല്''.


''നല്ല വെളിവായി. നമ്മക്ക് അതോണ്ടെന്താ. പൊന്നുരുക്കുണ ദിക്കില് പൂച്ചക്കെന്താകാര്യം. അമ്പലത്തിലൊന്നും കേറാത്ത നമ്മള് ജോത്സ്യം വെക്കുണോടത്തേക്ക് എന്തിനാ പോണത്. നമ്മളെ സംബന്ധിച്ച് ഓണം കഴിഞ്ഞതും സമരംവരുണൂ. കുണ്ടുകാട്ടിലെ തൊഴിലാളികള്‍ക്ക് പതമ്പ് കൂട്ടികൊടുക്കാതെ ആ പാടത്ത് കൊയ്ത്ത് നടക്കില്ല''.


''അപ്പൊ വെളഞ്ഞുനിക്കുണ നെല്ലോ''.


''അതവിടെ കിടക്കും. ചെലപ്പൊ വീണ് നശിക്കും. അല്ലെങ്കിലോ ചെടീല്‍ തന്നെ നിന്ന് മുളയ്ക്കും''.


''രണ്ടായാലും മഹാലക്ഷ്മ്യേ പാടത്തിട്ട് നശിപ്പിക്കും''.


''അതല്ലാതെ വഴീല്യാ. പിന്നെ നെല്ല് നശിച്ചാല്‍ ഉടമസ്ഥനല്ലേ നഷ്ടം''.


''ആരക്ക് നഷ്ടം വരുണുന്ന് നോക്കണ്ടാ, കഷ്ടപ്പെട്ട് ഉണ്ടാക്ക്യേ സാധനം തമ്മില്‍ തല്ലി നശിപ്പിക്കുണത് അത്ര നന്നല്ല''.


''നിങ്ങള് മുതലാളിമാരുടെ ഭാഗത്താ''.


''ഞാന്‍ ആരുടെ ഭാഗത്ത്വോല്ല. ഉള്ളകാര്യം പറയുണൂന്ന് മാത്രം''.


''കുണ്ടുകാട്ടിലെ തൊഴിലാളികള്‍ക്ക് വേണ്ടി ഒരുദിവസത്തെ സൂചനാ പണിമുടക്കുണ്ട്. അന്ന് ആരും പണിക്ക് കേറാന്‍ പാടില്ല. ചെലപ്പൊ എല്ലാരുംകൂടി അനിശ്ചിതകാല പണിമുടക്ക് നടത്തണ്ടിവരും''.


''എന്നുവെച്ചാല്‍''.


''തീരുമാനം ആവണവരെ സമരംചെയ്യും''.


''അതൊന്നും പറ്റില്ല. ഒരുദിവസോക്കെ പണി വേണ്ടാന്ന് വെക്കാം. കൊയ്ത്ത് കാലം മുഴുവന്‍ സമരംന്ന് പറഞ്ഞ് നിന്നാല്‍ വെളഞ്ഞ നെല്ലൊക്കെ കൊഴിയും. പിന്നെ കുണ്ടുകാട്ടിലെ മൊതലാളി ചെയ്യണ തെറ്റിന്ന് മറ്റുള്ള മുതലാളിമാര് എന്ത് പെഴച്ചു''.


''അപ്പൊ നിങ്ങള് കരിങ്കാലിപ്പണിക്ക് എറങ്ങും''. ചാമി ഒന്നും പറഞ്ഞില്ല. ഭീഷണിപ്പെടുത്തിയാല്‍ ചാമി പേടിച്ച് കൂടെനില്‍ക്കുമെന്ന് അപ്പുക്കുട്ടന്ന് തോന്നി.


''വേണ്ടാത്തപരിപാടിക്ക് എറങ്ങ്യാല്‍ നിങ്ങള് വിവര്വോറിയും''അയാള്‍ പറഞ്ഞു.


''എടാ ചെക്കാ''ചാമിയുടെ സ്വരം ഉയര്‍ന്നു''പാടത്തിന്‍റെ വരമ്പത്തിന്ന് താഴത്ത് എറങ്ങാത്ത നീ എന്നെ തൊഴിലാളിടെ കാര്യം പഠിപ്പിക്കാന്‍ വരണ്ടാ. നെന്‍റെ കയ്യിലെ പുസ്തകം താഴെവെച്ചിട്ട് കൈക്കോട്ടെടുത്ത്  കുറച്ചുനേരം മേലനങ്ങി കെളക്ക്. എന്നിട്ട് കൂട്ടംകൂടാന്‍ വാ''.


''തൊഴിലാളിയുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമരം വേണ്ടി വരും. വര്‍ഗ്ഗബോധം ഉള്ളവര്‍ക്കേ അതില്‍ പങ്കെടുക്കാന്‍ തോന്നൂ. നിങ്ങള്‍ക്ക് അതില്ല''.


''നീ ചെന്ന് നിന്‍റെ അപ്പനോട് ഒന്ന് ചോദിക്ക്. അവന്‍ പറഞ്ഞുതരും'' ചാമി പറഞ്ഞു''പാടത്ത് പണിചെയ്യുണോരടെ ആവശ്യങ്ങള്‍  മുതലാളിമാരോട് പറയാന്‍ ചെന്നതും,അങ്കിട്ടും ഇങ്കിട്ടും ഒന്നും രണ്ടും പറഞ്ഞ് തെറ്റി കയ്യാങ്കളി ആയതും, പണിക്കാരിപെണ്ണുങ്ങളെ അവമാനിച്ച് കൂട്ടംകൂട്യേ ഒരുമൊതലാളിടെ ചെകിട് ഞാന്‍ അടിച്ച് പൊളിച്ചതും, പോലീസ് പിടിച്ചു കൊണ്ടുപോയി തല്ലിച്ചതച്ചതും ഒക്കെ അവന് അറിയും. പത്തുപറകണ്ടം പതിച്ച് കിട്ടീട്ട് നടാടെ കിട്ട്യേ നെല്ലും രണ്ട് തവണ വെച്ച പൂളക്കിഴങ്ങും  സമരംചെയ്ത് പട്ടിണീലായ പണിക്കാര്‍ക്ക് പറിച്ചുകൊടുത്തു. ഒന്നല്ല മൂന്നുകൊല്ലം എന്‍റെകൂടെ പണ്യെടുക്കുണോരെ പട്ടിണി കെടത്താതെ നോക്ക്യോനാ ഞാന്‍. നീ ഇപ്പഴല്ലേ തൊഴിലാള്യേ നന്നാക്കാന്‍ ഇറങ്ങ്യേത്.  അതോണ്ട് നീ ആ കാര്യോന്നും കേട്ടിട്ടുണ്ടാവില്ല''. 


''കഴിഞ്ഞതൊന്നും വിസ്തരിക്കണ്ടാ. ഞാന്‍ പറയുണപോലെ ചെയ്താ മതി'' 


''അതിന് വേറെ ആളെ നോക്കിക്കോ. നീ കോണകം ഉടുത്ത് നടക്കുണ പ്രായത്തില്‍ കൊടീംപിടിച്ച് സിന്ദാബാദ് വിളിച്ചുനടന്നോനാ ഞാന്‍''.


അപ്പുക്കുട്ടന്‍ വല്ലാതായി. അനുയായികളുടെ മുമ്പില്‍ വെച്ചാണ് താന്‍ അപമാനിക്കപ്പെടുന്നത്. എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ താന്‍ വല്ലാതെ ചെറുതായി പോകും.


''ഇപ്പൊ ഞാനൊന്നും പറയുന്നില്ല. എലക്ഷന്‍ ഒന്ന് കഴിയട്ടെ. എന്നിട്ട് ഞാന്‍ നിങ്ങളെ ഒരുപാഠം പഠിപ്പിക്കുണുണ്ട്''. 


''എലക്ഷന്‍ കഴിഞ്ഞാല് നീ ഇത് ചെരയ്ക്കും''ചാമി തലനാരിഴ പൊക്കി കാട്ടി''അല്ലാണ്ട് എന്നെ പഠിപ്പിക്കാനൊന്നും നീ ആയിട്ടില്ല'' .


അകലെനിന്ന്ബസ്സ് വരുന്ന ഒച്ചകേട്ടു. കൂടുതല്‍ വഷളാവാതെ തടി ഊരാന്‍ കഴിഞ്ഞ സന്തോഷത്തിലായിരുന്നു അപ്പുക്കുട്ടന്‍.


***************************


''നിന്‍റെ കൂട്ടംകേട്ട് എറങ്ങീട്ട് വഷളായി''ഒതുക്ക് കയറിവന്നതും കിട്ടുണ്ണി രാധയോട് പറഞ്ഞു.


''എന്താ പറ്റ്യേത്''


''വല്യേ തമ്പ്രാനെ ഓണത്തിന് ക്ഷണിച്ചുകൂട്ടീട്ട് വരണംന്ന് താന്‍ പറഞ്ഞത് കേട്ട് ചെന്നതാ. അപ്പഴക്ക് ആള് സ്ഥലംവിട്ടു''.


''എങ്കിട്ടാ ഏട്ടന്‍ പോയത്''.


''പെങ്ങളടെ അടുത്തക്ക്. കുറച്ചായിട്ട് കുടിപാര്‍പ്പ് അവിടേല്ലേ''.


''എപ്പഴാ ഏട്ടന്‍ പോയത്''.


''ഇന്ന് ഉച്ചത്തെ ഊണ് കഴിഞ്ഞതും ആള് സ്ഥലംവിട്ടു. കളപ്പുരേല്  ഗംഭീരസദ്യയായിരുന്നൂന്നാ കേട്ടത്. പുത്തിരി ആഘോഷിച്ചതാത്രേ. മേനോനും, എഴുത്തശ്ശനും, കൊമ്പാളനും ഒക്ക്യാണ് വെപ്പുകാര്. ആകസ്പാടി ഒന്ന്. അവനോന്‍ ആരാണെന്ന് അവനോന് ഓര്‍മ്മവേണം. മൂപ്പര്‍ക്ക് അതില്ല''.


''നമുക്ക് രണ്ടുദിവസം മുമ്പ് പറയായിരുന്നു. ഓണത്തലേന്നാളുവരെ കാത്തിരിക്കണ്ട ആവശ്യൂണ്ടായിരുന്നില്ല''.


''ഇനി അതായി കുറ്റം''.


''കുറ്റം പറഞ്ഞതല്ല. ഓണത്തിന് വന്നാല്‍ ചിലതൊക്കെ ഏട്ടനെ പറഞ്ഞ് മനസ്സിലാക്കണംന്ന് ഉണ്ടായിരുന്നു''.


''എന്താദ്''.


''ഏട്ടനും ഒരു കുടുംബോക്കെ വേണ്ടേ''.


''നീ ആ പറഞ്ഞത് ശര്യാണ്. ഞാന്‍ ഇന്നാളുംകൂടി ആ സ്കൂള്‍ മാനേജരെ കണ്ടു. എന്തായീ കാര്യംന്ന് മൂപ്പര് ചോദിച്ചപ്പൊ തുലാമാസം കഴിഞ്ഞിട്ട് ആലോചിക്കാന്ന്ഞാന്‍ പറഞ്ഞു. എങ്ങിനേങ്കിലും നമുക്ക് അതൊന്ന് നടത്തണം. നാല്‍പ്പത് ഡിവിഷനുണ്ടത്രേ ആ സ്കൂളില്''.


''ഞാനതല്ല ആലോചിച്ചത്. ആ നാണുനായരുടെ മകളില്ലേ സരോജിനി. നല്ല കുട്ട്യാണ്. ഏട്ടന് നന്നായി ചേരും''.


''ഫൂ. ഒരാളെ കണ്ട് വെച്ചിരിക്കുണതേ''കിട്ടുണ്ണി കാറിത്തുപ്പി.


Comments