അദ്ധ്യായം 1-10

 അദ്ധ്യായം--1.


മുരുകമലയുടെ നിറുകയില്‍ കാര്‍മേഘക്കെട്ട് ഇറക്കിവെച്ച് കാറ്റ് കടന്നു പോയി. അന്തരീക്ഷം മൂടിക്കെട്ടി പെയ്യാനൊരുങ്ങി കഴിഞ്ഞു. ആകാശത്തുനിന്നും വളഞ്ഞുപുളഞ്ഞ് ഒരുമിന്നല്‍പിണര്‍ ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങി. കാതടപ്പിക്കുന്ന ഒരു പൊട്ടല്‍ കേട്ടതും പുല്ലരിയുന്നത് നിര്‍ത്തി വേലപ്പന്‍ തലപൊക്കി നോക്കി. മഴ ഇപ്പോള്‍ പെയ്യും. എത്രയും പെട്ടെന്ന് വീടെത്തണം. പുഴയില്‍ വെള്ളം കയറിയാല്‍ എളുപ്പത്തില്‍ അക്കരക്ക് കടക്കാന്‍ പറ്റില്ല. സീതാര്‍കുണ്ടില്‍ മഴക്കാര്‍ എടുക്കുമ്പോഴേക്കും വെള്ളപ്പാറകടവില്‍ ഇതാ എന്ന് വെള്ളം കേറും. പിന്നെ ഊരുപ്പെട്ട വഴിയൊക്കെ ചുറ്റി നടന്ന് പാലം കടന്നു വേണം വീടെത്താന്‍. വീട്ടില്‍ മകള്‍ കല്യാണി ഒറ്റയ്ക്കാണ്. നേരം ഇരുട്ടിയാല്‍ കുട്ടി പേടിച്ചേക്കും. ദൂരെ എവിടേക്കും പോവാത്തതിനാല്‍ ഇന്ന് അവള്‍ക്ക് തുണ ഏര്‍പ്പാടാക്കിയതുമില്ല.

വേഗം അരിഞ്ഞുകൂട്ടിയ പുല്ലൊക്കെ വാരികൂട്ടി ചാക്കിലാക്കി. ചാക്കിന്‍റെ തലപ്പ് കെട്ടി, തലയുയര്‍ത്തി നോക്കുമ്പോള്‍ ചാമിയെ കാണാനില്ല. കുറച്ചു നേരം മുമ്പുവരെ വരമ്പത്ത് കിളക്കുന്നത് കണ്ടതാണ്. ഇപ്പൊ ആ ചങ്ങാതി എവിടെപോയി കിടക്കുകയാണോ ആവോ. കുടിയിലേക്ക് പോവണമെന്ന ആലോചനയൊന്നും അവനില്ല. കെട്ടിയ പെണ്ണിനെ തീര്‍ത്തിട്ട് തോന്നിയതു പോലെ ജിവിക്കുന്ന അവന് എപ്പോള്‍ വീട്ടില്‍ എത്തിയാലെന്താ? തനിക്ക് അതുപോലെ അല്ലല്ലോ. വേഗം സ്ഥലംവിട്ടാലോ? എന്നാലും അവനോടൊരു വാക്ക് പറയാതെ പോയാല്‍ നാളെ കണ്ടുമുട്ടുമ്പോള്‍ അവന്‍ തൊള്ളയില്‍ തോന്നിയതൊക്കെ വിളിച്ചു പറയും.

വേലപ്പന്‍ ഉറക്കെ കൂക്കി. കയത്തംകുണ്ടിലെ പാറക്കെട്ടുകളില്‍ തട്ടി അത് തിരിച്ചെത്തി. കുറച്ചുനേരം അങ്ങോട്ടേക്കുതന്നെ നോക്കിനിന്നു. ചാമിയുടെ നിഴല്‍ അവിടെയെങ്ങുമില്ല. കുരുത്തംകെട്ടോന്‍ വീട്ടിലേക്ക് പോയോ എന്ന ചിന്ത മനസ്സില്‍ കടന്നുവന്നു. അങ്ങിനെയാവാന്‍ വഴിയില്ല. അത്രയ്ക്ക് നല്ല സ്വഭാവമല്ലല്ലോ. ഏതെങ്കിലും ഒടവില്‍ ചെന്ന് നില്‍പ്പാവും. തുടരെ തുടരെ മൂന്നു നാലു തവണ കൂക്കി. കയത്തം പാറയുടെ മുകളിലായി ചാമിയുടെ  തലേക്കെട്ട് പൊങ്ങി. കൈകാട്ടി അവനെ വിളിച്ചു. നിന്നദിക്കില്‍ ഒന്നുകൂടി ചൂറ്റോടുംനോക്കി മടിക്കുത്തില്‍നിന്ന് ഒരു ബീഡിയെടുത്ത് കത്തിച്ച് ചാമി നടന്നു തുടങ്ങി.

 "എന്താണ്ടാ ഇങ്ങിനെ കെടന്ന് അകിറുണത്.  ഇമ്മാതിരി ഒച്ചേം വിളീം ഉണ്ടാക്കാന്‍ എന്താടാ ഉണ്ടായത്''എന്നു പറഞ്ഞുകൊണ്ട് അവനെത്തി.

"നീ ഏത് പൊന്തേല്‍ പോയി കെടക്ക്വായിരുന്നു. ഇടീം മഴേം വരുണത് കണുണില്ലേ''വേലപ്പന്‍  ചോദിച്ചു.

"എടാ, മഴ വന്നാല് അലിഞ്ഞുപോവാന്‍ നീ മണ്ണാങ്കട്ട്യോന്ന്വോല്ലല്ലോ''ചാമി പറഞ്ഞു''ഞാന്‍ കയത്തിന്‍റെ മോളിലെ പാടത്തിന്‍റെ കഴായില്‍ കുരുത്തി വെക്കാന്‍ നിന്നതാ. മഴപെയ്താല്‍ ചെലപ്പൊ ഏറ്റുമീന്‍ കേറും''

പുല്ലുനിറച്ച ചാക്കുകെട്ട് തലയിലേറ്റി വേലപ്പന്‍ മുമ്പില്‍നടന്നു, തോളില്‍ കൈക്കോട്ടുമായി ചാമി പുറകേയും.

"നിന്‍റെ കിളപണി ഒക്കെ കഴിയാറായോടാ, ചാമ്യേ''വേലപ്പന്‍ ചാമിയോട് അന്വേഷിച്ചു.

"പൊലംകെട്ട പണി ചെയ്യാന്‍ പറയുമ്പൊ എനിക്ക് ഈറ വരുണുണ്ട് ചാമി പറഞ്ഞു"ഒരുദിവസം ആ നായരെ ഞാന്‍ തൊള്ളേല്‍ തോന്ന്യേത് വിളിച്ച് പറഞ്ഞ് കൊട്ടീംകോലുംവെച്ച് ഇറങ്ങി പോരും''.

 ''നിനക്ക് പണി എടുക്കുണതിന്ന് കൂലി കിട്ട്യാല്‍ പോരേ. അയാള്‍ നാളെ തലകീഴായി ഞാറ് നടാന്‍ പറഞ്ഞാല്‍ അങ്ങിനെ ചെയ്ത് കൂലീം വാങ്ങി പോരണം. അല്ലാതെന്താ''വേലപ്പന്‍ ആ പറഞ്ഞത് ചാമിക്ക് പിടിച്ചില്ല.

"ആ പണി എനിക്ക് പറ്റില്ല. നിന്നെപ്പോലെ കണ്ട കെരട് മാടീനേം വാങ്ങി ആരുടേങ്കിലും തലേല് ഒട്ടവെക്കുണ മാതിര്യല്ല ഈ കൃഷിപ്പണി''അവന്‍ പറഞ്ഞു"കാലൂം സമയൂംനോക്കി വകതിരിവോടെ  അതൊക്കെ ചെയ്യണം. അതെങ്ങനെ, ചായപ്പീടീല് ഗ്ലാസ്സ് മോറാന്‍നിന്ന നായര് കൃഷിചെയ്യിക്കാന്‍ വന്നാല് കര പിടിക്ക്വോ''.

കളപ്പുര അടച്ചുപൂട്ടി കാര്യസ്ഥന്‍ രാമന്‍നായര്‍ പോയി കഴിഞ്ഞിരുന്നു. വേലിക്ക് പുറത്തുനിന്ന് ചാമി കൈക്കോട്ട് നീട്ടി ഒരേറ്. കൃത്യം ആലയുടെ ഉള്ളില്‍ചെന്ന് അത് വീണു.

 ''രാത്രീല് മഴ പെയ്താല്‍ വെള്ളം പൊങ്ങും''അകലെനിന്നും പുഴയെ നോക്കി ചാമി പറഞ്ഞു.

 ''എന്നിട്ടു വേണം നിനക്ക് പണിക്കാരി പെണ്ണുങ്ങളെ തോളത്ത് ഏറ്റി പുഴ കടത്താന്‍''വേലപ്പന്‍ കളിയാക്കി.

''നീയ് അങ്ങിന്യാ എന്നെ കരുത്യേത്. ഞാന്‍ ആളിത്തിരി മോശക്കാരന്‍ തന്ന്യാണ്. സമ്മതിച്ചു''ചാമി സ്വന്തംഭാഗം വിശദീകരിച്ചു''പക്ഷെ കൂടെ പണിയുണ പെണ്ണുങ്ങളെ പെങ്ങന്മാരായിട്ടാ ഞാന്‍ കാണാറ്. പാവങ്ങള്‍, നമ്മളെപ്പോലത്തന്നെ അവരും വയറ്റുപിഴപ്പിന്ന് വരുണതാണ്''. താന്‍ അതൊന്നും ഓര്‍ത്ത് പറഞ്ഞതല്ല എന്നുപറഞ്ഞ് വേലപ്പന്‍ ആ വിഷയം അവസാനിപ്പിച്ചു.

കടവിലെത്തിയപ്പോള്‍ ചാമിക്ക് കുളിക്കണം. വേലപ്പന് ദേഷ്യംവന്നു. മഴ എത്തുമ്പോഴേക്കും വീട് എത്തി പറ്റാന്‍ നോക്കാതെ നിന്ന് വട്ടത്തിരിയാന്‍ പുറപ്പെടുന്നു.

"നീ വെക്കം നടക്കാന്‍ നോക്ക്, കുടീല് എത്തീട്ട് കുളിച്ചാ മതി. ഇരുട്ടായാല് എനിക്ക് കണ്ണ് കാണാന്‍ പാങ്ങില്ല''എന്നു പറഞ്ഞ് വേലപ്പന്‍  നീങ്ങി. ഒന്നും മിണ്ടാതെ ചാമിയും.

പുളിമരം കടന്ന് അയ്യപ്പന്‍കാവിനടുത്തെത്തിയപ്പോള്‍ ചാമി വേലപ്പനോട് നടന്നോളാന്‍ പറഞ്ഞു. അവന് കാര്യം പിടികിട്ടി. ചാമിക്ക് കള്ളുഷപ്പില്‍ കയറണം. ഇനി അവിടെനിന്നും ഇറങ്ങുമ്പോള്‍ ഒരുനേരം ആവും. പിന്നെ പാട്ടുംകൂത്തുമായി വലിയ ഘോഷത്തോട് ഒരുവരവുണ്ട്.

 ''എടാ, ഇരുട്ടായാല് എനിക്ക് കണ്ണ് തിരിയില്ല. നീ എന്‍റെ കൂടെ വാ''എന്ന് വേലപ്പന്‍ ചാമിയോട് പറഞ്ഞുനോക്കി.

''നീ മുണ്ടാതെകണ്ട് നിന്‍റെ വഴിക്ക് പോ''എന്നു പറഞ്ഞ് ഒരു ബീഡിയും കത്തിച്ച് ചാമി പടിഞ്ഞാറോട്ട് നടന്നു. തികഞ്ഞ നിരാശയോടെ വേലപ്പന്‍ കിഴക്കോട്ടും.

അയ്യപ്പന്‍കാവുകടന്ന് അവന്‍ പാറയിലേക്ക് കയറി. പകലത്തെ ചൂടിന്‍റെ ശക്തിയില്‍ പാറ ഇപ്പോഴുംപൊള്ളുന്നു. പുല്ലരിയാന്‍ വന്നപ്പോള്‍ കാലില് ചെരിപ്പ് ഇടാത്തത് അബദ്ധമായി. കൊന്നലാലിന്‍റെ ചുവട്ടിലെത്തിയപ്പോള്‍ ഇരുള്‍ പരന്നിരിക്കുന്നു. മഴക്കാറ് ഉള്ളതിനാല്‍ നേരത്തെ ഇരുട്ടായതാണ്. പെട്ടെന്ന് മനസ്സില്‍ ഭയംകയറി. കൂനന്‍പാറയുടെ നിറുകയിലുള്ള ആലിന്‍റെ മുകളില് തലവെച്ച് കിടക്കുന്ന മുനീശ്വരന്‍ കൊന്നലാലിന്‍റെ കൊമ്പത്താണ് വലത്തെ കൈ വെക്കുക എന്നാണ് ആളുകള് പറയാറ്. തൃസന്ധ്യനേരത്ത് മുനീശ്വരന്‍റെ മുമ്പില്‍ പെട്ടാല്‍ കോപിച്ച് ചോര ഊറ്റികുടിക്കും. മുനി കണ്ണ് തുറക്കുന്നതിന്നുമുമ്പേ ഇവിടുന്ന് രക്ഷപ്പെടണം. കൊടുങ്ങല്ലൂരമ്മയെ മനസ്സില്‍ വിളിച്ചുകൊണ്ട് തലയിലെ ചാക്കുകെട്ടുമായി ഒറ്റ ഓട്ടംഓടി.

ആലിന്‍ചോട് കഴിഞ്ഞപ്പോള്‍ നിന്നു. ചാമി ഇളയപ്പന്‍റെ മകനാണ്. പ്രായം കൊണ്ട് അവന് ആറുമാസം മൂപ്പ് കൂടുതലുണ്ട്. ഒരുകണക്കിന് ഏട്ടനാണ് അവന്‍. എന്നാലും ചങ്ങാതിമാരെപ്പോലെയാണ് പെരുമാറുക. എല്ലാവിധ കുരുത്തകേടുകളും കയ്യിരിപ്പുണ്ടെങ്കിലും അവന്‍ കൂടെ വന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നു . കഴുതയ്ക്ക് അതൊന്നും തോന്നില്ല. ഇനി നട്ടപ്പാതിരക്ക് കുടിച്ചു വെളിവില്ലാതെ പാട്ടുംപാടി ഈ വഴിക്കന്നെ വരും. എന്തെങ്കിലും അസമയത്ത് കണ്ട് പേടിച്ചാലോ? സിനിമ കഴിഞ്ഞ് ഒറ്റയ്ക്ക് ഇതിലെ വന്ന നായരുകുട്ടി മുനിയെകണ്ട് പേടിച്ച് പനിവന്ന് മൂന്നാം പക്കം മരിച്ചതാണ്.

"അമ്മേ, ദേവീ കാപ്പാത്തണേ''വേലപ്പന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു. കാലുകള്‍ ഇടറുന്നതുപോലെ തോന്നുന്നു. നാളെ കുഴല്‍മന്ദം ചന്തയാണ്. അതിലേക്ക് മൂന്നു ജോഡി കന്നുകളെ ആട്ടേണ്ടതാണ്. വീട്ടില്‍ ഒരുകന്ന് വൈക്കോല്‍ ഇല്ല. മിണ്ടാപ്രാണികളെ പട്ടിണിക്ക് ഇടാന്‍ പാടില്ലല്ലൊ. ഇല്ലെങ്കില്‍ ഉച്ച തിരിഞ്ഞ ശേഷം പുല്ലരിയാന്‍ ഇറങ്ങില്ല.

എങ്ങിനെയെങ്കിലും വീടെത്തിയാല്‍ മതിയായിരുന്നു. തിരിഞ്ഞു നോക്കി. പുറകിലായി എന്തോ ഒരു നിഴല്‍ അനങ്ങുന്നുണ്ടോ. നടത്തത്തിന്ന് വേഗം കൂട്ടി. കുറച്ചുദൂരം കൂടി നടന്നാല്‍ കുതിരലായം എത്തും. മുമ്പ് പടയോട്ട കാലത്ത് ലായത്തിന്ന് തീയിട്ട് കുതിരകളെ മുഴുവന്‍ കൊന്നിരുന്നു എന്നു കേട്ടിട്ടുണ്ട്. അതോടെ കുതിരക്കാരും വെന്തു മരിച്ചു. ഇപ്പോഴും അസമയത്ത് കുതിരകളുടേയം മുനുഷ്യരുടേയും കരച്ചില്‍ കേള്‍ക്കാമത്രേ. തീപ്പൊള്ളി പ്രാണവേദന എടുത്തിട്ടുള്ള കരച്ചിലാവും. ഈ വഴി നല്ലതാണെങ്കിലും പാടത്തുകൂടി പോവുന്നതാണ് ഒന്നുകൂടി നല്ലത്. പ്രേതങ്ങളൂടെ കരച്ചില്‍ കേള്‍ക്കുന്നത് ഒഴിവാക്കാമല്ലൊ. വീണ്ടും ഇടി മിന്നലും പൊട്ടലും. വളരെ അടുത്തുനിന്നാണ് പൊട്ടല്‍ കേട്ടത്.  എല്ലാ ധൈര്യവും ചോര്‍ന്നുകഴിഞ്ഞു. ആപത്തൊന്നും വരാതെ എന്നെ കാക്കണേ തമ്പുരാട്ടീ എന്ന് മനസ്സറിഞ്ഞു വിളിച്ചു. ഇട്ടിളില്‍നിന്നും പാടത്തേക്കിറങ്ങി. ഈ വഴിക്ക് പോയാല്‍ എളുപ്പത്തില്‍ വീട്ടിലെത്താം. കുറച്ചുദൂരം നടന്നതും ഈ വഴി നിറയെ വിഷപ്പാമ്പുകള്‍ ഉണ്ട് എന്നകാര്യം പെട്ടന്ന് ഓര്‍മ്മവന്നു.

കാലുകള്‍ അമര്‍ത്തിചവിട്ടിക്കൊണ്ട് നടന്നു. ശബ്ദം കേട്ടാല്‍ അവറ്റ പേടിച്ച് വഴി മാറുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അമ്മേ, തായേ, ഒന്നും വരുത്തരുതേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നടന്നു. പാതി ഓട്ടവും പാതി നടത്തവും ആയി വരമ്പിലൂടെ മുന്നോട്ടു നീങ്ങി.

കാലിന്നടിയില്‍ എന്തോ ഒരുസാധനം ഇഴഞ്ഞതുപോലെ തോന്നി. അതോ വല്ലതും കിടന്ന് പിടഞ്ഞതാണൊ. കാലില്‍ എന്തോ തറച്ചതുപോലെ ഒരു വേദന തോന്നുന്നുണ്ട്. വയല്‍ച്ചുള്ളി തട്ടി മുറിഞ്ഞതാവാം. ഈശ്വരാ, വല്ല പാമ്പും ആയിരിക്കുമോ. ഉള്ളില്‍ ഒരു കാളല്‍. ചക്കുകെട്ട് താഴെ എറിഞ്ഞ് ഒറ്റ ഓട്ടം.പെട്ടെന്ന് വരമ്പില്‍നിന്ന് എടുത്തെറിഞ്ഞ മാതിരി പാടത്തേക്ക് തെറിച്ചുവീണു. കൈകാലുകള്‍ വിറക്കുന്നു. തൊണ്ട വരളുന്നതുപോലെ. എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല. അവിടെത്തന്നെ അനങ്ങാതെ കിടന്നു. ആരോ താങ്ങി എടുക്കുന്നതുപോലെ തോന്നുന്നു.

"എടാ, കണ്ണ് തുറക്ക്.ഞാന്‍ ചാമ്യാണ്. എന്താ ഇവിടെ കിടക്കുണത്''എന്ന് പറയുന്നത് കേട്ടു. മിഴികള്‍ തുറക്കുന്നതിന്ന് മുമ്പുതന്നെ വേലപ്പന്‍ ചാമിയെ കെട്ടിപ്പിടിച്ചു. അടക്കിപ്പിടിച്ച വിഷമങ്ങളെല്ലാംകൂടി കരച്ചിലായി മാറി. സാന്ത്വനിക്കാനെന്നവണ്ണം മഴത്തുള്ളികള്‍ ശരീരത്തില്‍ തടവിത്തുടങ്ങി.

''മഴ പെയ്യാന്‍ തുടങ്ങി. എണീക്ക്. വേഗം കുടീലെത്താം''എന്നുപറഞ്ഞ് ചാമി വേലപ്പനെ മെല്ലെ പൊക്കിയെടുത്തു''നിന്‍റെ കൂട്ടംകേട്ടിട്ട് ഒറ്റയ്ക്ക് നിന്നെ അയക്കുണത് പന്ത്യല്ലാന്ന് കരുതി ഞാന്‍ പിന്നാലെ പോന്നതാണ്. നീ ഓടുണതും വീഴുണതും ഒക്കെ കണ്ടിട്ട് ഞാന്‍ നിന്‍റെ അടുത്തേക്ക് ഓടി വന്നതാ''. വേലപ്പന്‍ ഒന്നും പറഞ്ഞില്ല.

 ''നിന്‍റെ മനസ്സില് എന്താന്ന് എനിക്കറിയില്ലേ. നിന്നെ ഞാന്‍ ഒറ്റയ്ക്ക് വിട്ടതേ തപ്പ്''വേലപ്പനെ ആശ്വസിപ്പിക്കാനായി ചാമി പറഞ്ഞു''ഇനി നീ ഒന്നിനേം പേടിക്കണ്ടാ. ഞാന്‍ നിന്‍റെ ഒപ്പം തന്നീണ്ട്''പുല്‍ചാക്കും ഏറ്റി ചാമി മുമ്പില്‍ നടന്നു, വേലപ്പന്‍ പുറകേയും. കരിമ്പനപ്പട്ടകളില്‍ അപ്പോള്‍ കൊള്ളിയാന്‍ വെളിച്ചം പകരുന്നുണ്ടായിരുന്നു.


അദ്ധ്യായം 2.

കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ അമ്പലകുളത്തിലെത്തുമ്പോള്‍ നാണുനായര്‍ മാത്രമേ അവിടെയുള്ളു. അയാള്‍ കല്‍പ്പടവിലിരുന്നു. നടന്നുവന്നതിന്‍റെ വിയര്‍പ്പ് ആറിയിട്ടേ കുളിക്കാറുള്ളു. അല്ലെങ്കില്‍ നീരെറെക്കം വരും.

ഞണ്ടുകള്‍ പോടുകുത്തി നെല്‍പ്പാടങ്ങളിലെ വെള്ളം ചോര്‍ന്നുപോവുന്നത് പരിശോധിക്കാന്‍ ദിവസേന രാവിലെയും വൈകുന്നേരവും വരമ്പിലൂടെ  എഴുത്തശ്ശന്‍ നടക്കാറുണ്ട്. ഒന്നു നോട്ടംതെറ്റിയാല്‍ മതി കണ്ടത്തെ വെള്ളം അപ്പിടി ചോര്‍ന്നുപോകും. അതുമല്ല ഉടമസ്ഥന്‍ വരമ്പത്തുകൂടി നടന്നാലേ പാടത്ത് മഹാലക്ഷ്മി ഉണ്ടാവൂ എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. പാടത്ത് കൃഷിപ്പണി തുടങ്ങിയാല്‍ ദിവസവും രണ്ടുനേരം പാടത്തെത്തുന്നത് ആ ഒറ്റ കാരണത്താലാണ്. പട്ടുപണിക്ക് വിതച്ച വിത്ത് മുള വരുന്നതേയുള്ളു. ഇപ്പോള്‍ വെള്ളം നോക്കാറൊന്നും ആയിട്ടില്ല. എന്നാലും പാടത്ത് വരും. ഇല്ലെങ്കില്‍ മനസ്സിന്ന് എന്തോ ഒരുവിഷമം. പത്തു പന്ത്രണ്ട് വയസ്സുമുതല്‍ തുടങ്ങിയതാണ് കൃഷിപ്പണി. വയസ്സ് എണ്‍പത്താറായി. ഇന്നും ഈശ്വര കടാക്ഷംകൊണ്ട് മുടക്കമില്ലാതെ എല്ലാം ചെയ്തുപോരുന്നു. നാണുനായര്‍ മുങ്ങിക്കയറി.

 ''എന്താ ഹേ ഇത്ര ആലോചിച്ചിരിക്കുണത്''തല തുവര്‍ത്തിക്കൊണ്ട് നായര്‍  കുശലം  ചോദിച്ചു.

''ഏയ്, ഒന്നൂല്യാ. ഇക്കുറി പഞ്ച മുളച്ച് വന്നതേ അത്ര്യങ്കിട്ട് നന്നായിട്ടില്ല. ഇനി എന്താ വേണ്ടതേന്ന് ആലോചിക്ക്യാണ്''കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ തോര്‍ത്ത് ചുറ്റി ഉടുത്തമുണ്ട് കല്ലില്‍ കുത്തിതിരുമ്പാന്‍ ഇറങ്ങി. പണ്ടത്തെ മണ്ണ് ആയതിനാലാണ് ഇത്ര വയസ്സായിട്ടും കാലത്ത് കുളത്തിലെ തണുത്ത വെള്ളത്തില്‍ കുളിച്ചിട്ടും രണ്ടിനും അസുഖം ഒന്നും വരാത്തത് എന്നാണ് ആളുകള്‍ പറയാറ്.

നാണുനായരും കുപ്പന്‍കുട്ടി എഴുത്തശ്ശനും ഏതാണ്ട് സമപ്രായക്കാരാണ്. രണ്ടാള്‍ക്കും പഠിപ്പൊക്കെ കമ്മി. ചെറുപ്പത്തിലെ കൃഷിപ്പണിയിലേക്ക് ഇറങ്ങിയവരാണ് ഇരുവരും. നാണുനായര്‍ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ കൃഷിപ്പണി വിട്ടു. പിന്നീട് കൊയമ്പത്തൂരില്‍ പോയി ഒരു തുണിമില്ലില്‍ പണിക്ക് ചേര്‍ന്നു. ജോലിയില്‍നിന്ന് പിരിഞ്ഞപ്പോള്‍ നാട്ടിലെത്തി വിശ്രമ ജീവിതം തുടങ്ങി. ദിവസവും കാലത്ത് അമ്പലക്കുളത്തില്‍വെച്ച് രണ്ടാളും  തമ്മില്‍ കാണും. കുറെനേരം നാട്ടുകാര്യം സംസാരിക്കും. മിക്കപ്പോഴും ഗതകാല സ്മരണകള്‍ സംഭാഷണത്തില്‍ കടന്നുവരും.

''ഞാന്‍ അറിയാന്‍ പാടില്ലാണ്ടെ ചോദിക്ക്യാ, എന്തിനാ നിങ്ങള് ഇങ്ങിനെ കഷ്ടപ്പെടുണത്''നാണുനായര്‍ പറഞ്ഞു''ഇതൊക്കെ ഒന്ന് നിര്‍ത്തികൂടെ, ഇനീള്ള കാലം മകന്‍ കൊണ്ട് നടക്കട്ടെ''.

എഴുത്തശ്ശന്‍റെ അച്ഛന്‍റെ കാലത്ത് കൃഷിഭൂമി ഒന്നും ഇല്ലായിരുന്നു. അന്ന് തമ്പ്രാന്മാരുടെ പാടത്ത് പണിക്ക് പോയിരുന്നതാണ്. അവരുടെ അടിയും കാലും പിടിച്ചിട്ട് പാട്ടത്തിന്ന് എടുത്ത സ്ഥലമാണ് ഇതെല്ലാം. നിയമം മാറി വരുമെന്ന് അന്നൊന്നും സ്വപ്നംകണ്ടിട്ടും കൂടിയില്ല. പക്ഷെ അതുണ്ടായി.  ഭൂപരിഷ്കരണനിയമം നടപ്പിലായപ്പോള്‍ പാട്ടഭൂമി സ്വന്തമായി. ഒക്കെ ദൈവത്തിന്‍റെ അനുഗ്രഹം. അന്യന്‍റെ മുതല്‍ തട്ടിപ്പറിച്ച് എടുത്തതാണെന്ന് ചില അസൂയക്കാര്‍ പറയും. ഒരു കുരുമണിനെല്ല് പാട്ടബാക്കിവെക്കാതെ സമയാസമയം കൊടുത്തുതീര്‍ത്തിട്ടുണ്ട്. കൊയ്തനെല്ല് മുഴുവനും പാട്ടം അളന്ന് പട്ടിണികിടന്ന കാലം  മറന്നിട്ടില്ല. ഇന്നും രണ്ടുനേരം കഞ്ഞിയാണ് കഴിക്കാറ്. വേനലായാല്‍ വെള്ളച്ചോറും.

''ഇത്ര്യോക്കെ ആയില്ലേ, ഇനി പൂളച്ചോട്ടിലേക്ക് കെട്ടി എടുക്കുണതുവരെ ഇങ്ങന്യങ്ങട്ട് കഴിഞ്ഞുപോട്ടെ''എഴുത്തശ്ശന്‍ വെള്ളത്തിലേക്കിറങ്ങി.

കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ പഴയമട്ടുകാരനാണ്. കുളിക്കുമ്പോള്‍  സോപ്പ് തേക്കുന്ന പതിവില്ല. വൈകുന്നേരം പണിമാറി ചെന്നിട്ട് ദേഹമാസകലം നല്ലെണ്ണപുരട്ടി കുറെനേരംനില്‍ക്കും. പിന്നെ ചെറുപയര്‍ അരച്ചത് തേച്ച് വിസ്തരിച്ച് ഒരു കുളിയാണ്. ഇടക്ക് വസ്ത്രങ്ങള്‍ ചാരമണ്ണിട്ട് വേവിച്ച് എടുത്ത് തല്ലിവെളുപ്പിക്കും. കൊല്ലങ്ങളായി ഒരുകാര്യത്തിനും ആരേയും  ആശ്രയിക്കാറില്ല.

നാണുനായര്‍ കൂട്ടുകാരനെ കാത്തുനിന്നു. രണ്ടുപേരുംകൂടി അയ്യപ്പന്‍ കാവിലേക്ക് നടന്നു. ഇരുവരും മുടങ്ങാതെ കാവില്‍ചെന്ന് തൊഴുകുന്ന പതിവുണ്ട്. നാണുനായര്‍ പതിനെട്ടുതവണ ശബരിമലക്ക് പോയിട്ടുണ്ട്. ഒടുവിലത്തെപ്രാവശ്യം ഭഗവാന് തെങ്ങ് സമര്‍പ്പിച്ച് പോന്നതാണ്. പിന്നെ പോയിട്ടില്ല. നാട്ടിലും കാട്ടിലും അയ്യപ്പന്‍ എന്നുപറയുന്ന ദൈവം  ഒന്നല്ലേ ഉള്ളത്  എന്ന ന്യായംപറഞ്ഞ് കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ ശബരിമലയ്ക്ക് പോയതുമില്ല.

ക്ഷേത്രദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങി. ആല്‍പ്രദക്ഷിണം വെച്ചശേഷം ഇരുവരും നടന്നു. നാണുനായര്‍ സങ്കടങ്ങളുടെ കെട്ടഴിച്ചു. വിഷമങ്ങള്‍ തുറന്നുപറഞ്ഞ് മനസ്സിന്ന് ഒരു സമാധാനം കിട്ടുന്നത് എഴുത്തശ്ശനോട് സംസാരിക്കുമ്പോഴാണ്.

''ഇന്നലീം അവന്‍ വന്നു, ശാന്തടെ കെട്ട്യോന്‍''നാണുനായര്‍ പറഞ്ഞു''വീട് വിറ്റ് ഭാഗം നടത്തണംന്നാ അവന്‍ ഇപ്പൊ പറയുണത്. അവരടെ മകളെ കെട്ടിച്ചയക്കാന്‍ ഇതേ ഒരുമാര്‍ഗ്ഗം ഉള്ളൂന്നാ പറച്ചില്''.

''എന്നിട്ട് നിങ്ങളെന്താ പറഞ്ഞത്''എഴുത്തശ്ശന്‍ ചോദിച്ചു.

''എന്താ ഞാന്‍ പറയണ്ട്, വയസ്സാന്‍കാലത്ത് പീടികതിണ്ണേല് പോയി കിടക്കാന്‍ എനിക്ക് വിരോധം ഒന്നൂല്യാ. പക്ഷെ കെട്ടിച്ച് കൊടുക്കാന്‍ പറ്റാണ്ടെ വീട്ടില്‍ ഒരെണ്ണം നില്‍പ്പുണ്ടല്ലോ, പത്തമ്പത് വയസ്സായാലും ഒരുപെണ്ണല്ലേ അത്''.

''നിങ്ങള് മിണ്ടാണ്ടിരിക്കിന്‍''എഴുത്തശ്ശന്‍ കൂട്ടാളിയെ ആശ്വസിപ്പിച്ചു ''തരാന്‍ സൌകര്യൂല്യാന്ന് പറഞ്ഞോളിന്‍. എന്താ ചെയ്യാന്ന് നമുക്ക് കാണാലോ''.

 ''എന്ത് ആവ്വോ ആവോ''നായര്‍ പരിതപിച്ചു.

വഴി പിരിയാറായപ്പോള്‍ പൊടുന്നനെ നായര്‍ വിമ്മിക്കരഞ്ഞു. ''എന്താടോ, താന്‍ ചെറ്യേ കുട്ട്യേളെപ്പോലെ ഈ കാട്ടുണത്'' എന്നു പറഞ്ഞ് കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ കൂട്ടുകാരനെ ആശ്വസിപ്പിച്ചു. കണ്ണീര് തുടച്ചിട്ട് നാണുനായര്‍ കൂട്ടുകാരന്‍റെ കയ്യില്‍ പിടിച്ചു.

''അസൂയ പറയ്യാണെന്ന് തോന്നരുത്''നായര്‍ പറഞ്ഞു''താനാണ് യഥാര്‍ത്ഥ ഭാഗ്യവാന്‍ . തനിക്ക് ഒന്നല്ലേ ഉള്ളു, തമ്മില്‍ തല്ലാന്‍ വേറൊന്നും ഇല്ലല്ലോ''.

എഴുത്തശ്ശന്‍ ഒന്നും മിണ്ടിയില്ല. ആ തോന്നല്‍ അങ്ങിനെത്തന്നെ ഇരിക്കട്ടെ. തന്‍റെ സങ്കടങ്ങള്‍ എന്തിന് അന്യരെ അറിയിക്കണം. കൈ ചുരുട്ടിപ്പിടിച്ച് ഇരിക്കുമ്പോള്‍ അതിനകത്ത് എന്തോ ഉള്ളതായി മറ്റുള്ളവര്‍ കരുതും. തുറന്നാലല്ലേ കാലിയാണെന്ന് അറിയൂ.

നായര്‍ യാത്രപറഞ്ഞ് തെക്കോട്ടു നടന്നു. എഴുത്തശ്ശന്‍ മറുവശത്തേക്കും. ഒരുനിമിഷം അയാള്‍ തന്നെക്കുറിച്ച് ഓര്‍ത്തു. കാണുന്നവര്‍ക്കെല്ലാം താന്‍ ഭാഗ്യവാന്‍. വാസ്തവത്തിലോ ആര്‍ക്കും വേണ്ടാത്ത അനാവശ്യവസ്തു. സ്വന്തംവീട്ടില്‍ അനാഥനായി കഴിയുന്നു. അതൊന്നും ആരും അറിയരുത്. ഈ കാണുന്ന സ്വത്തുക്കളെല്ലാം കഷ്ടപ്പെട്ട് നേടി. ഇന്ന് തനിക്ക് എന്തെങ്കിലും വേണോ എന്ന് ചോദിക്കാന്‍ ആരുമില്ല. തന്‍റെ വാക്കുകള്‍ക്ക് ആരും വില കല്‍പ്പിക്കാറില്ല. ഭാര്യ ഇല്ലാത്തവന് വയസ്സ് കാലം ഒറ്റപ്പെടലിന്‍റേതാണ്. സുഖമില്ലാതെ നാലുദിവസം താന്‍ കിടപ്പിലായാല്‍ കഴിഞ്ഞു. നോക്കാന്‍ ആളില്ലാതെ പുഴുത്ത് ചാവും. അങ്ങിനെയൊന്നും വരുത്താതെ നോക്കണേ അയ്യപ്പാ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു. ഈ നിമിഷം ഇവിടെവെച്ച് ജീവിതം അവസാനിച്ചാല്‍ അതില്‍ കൂടുതലൊരു ഭാഗ്യമില്ല.

പാടത്ത് മുളച്ചുപൊങ്ങി വന്ന നെല്‍ചെടികളെ നോക്കിനിന്നു. മനസ്സിനൊരു ശാന്തത കിട്ടുന്നത് അവയെ കാണുമ്പോഴാണ്. സ്വന്തം മക്കളെപോലെയാണ് കൃഷിക്കാരന്ന് താന്‍ കൃഷിചെയ്തുണ്ടാക്കുന്ന വിളകളും.''പൊന്നുമക്കളെ  നിങ്ങള്‍ക്ക് വേണ്ടീട്ടാണ് ഞാന്‍ ഈ ലോകത്ത് ജീവിക്കുണത്''എന്നയാള്‍ മനസ്സില്‍ പറഞ്ഞു.

മുരുകമലയില്‍തട്ടി മടങ്ങിയെത്തിയ കാറ്റും തലയ്ക്കുമുകളിലെ സൂര്യനും നനച്ച തുണികളിലെ ഈര്‍പ്പം നുകര്‍ന്നുകൊണ്ടിരുന്നു. ഇനിയും ഒരുപാട് പണികള്‍ ചെയ്തുതീര്‍ക്കാനായി കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ നടന്നു. കെട്ടി വലിച്ചതുപോലെ അയാളുടെ പുറകിലായി അയാളുടെ നിഴല്‍ മണ്ണിലൂടെ ഇഴഞ്ഞുനീങ്ങി.

അദ്ധ്യായം-3.

മംഗലാപുരം മെയില്‍ ഒലവക്കോട് റെയില്‍വെ സ്റ്റേഷനിലെത്തി. നേരം പുലര്‍ന്നിട്ടില്ല. ഉറക്കച്ചടവ് മാറാത്ത കണ്ണുകള്‍തുടച്ച് ബാഗുകളുമായി വേണു പുറത്തിറങ്ങി. പ്ലാറ്റ്ഫോം ജനത്തിരക്കിനാല്‍ ശബ്ദമുഖരിതമാണ്. പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന തീവണ്ടിയില്‍ കയറിപ്പറ്റാന്‍ ഓടി വരുന്നവര്‍. വണ്ടിയില്‍ നിന്നിറങ്ങി വീട്ടിലെത്താന്‍ ധൃതിയില്‍ നടന്നു പോവുന്നവര്‍. ഉറക്കം കടന്നുചെല്ലാത്ത അപൂര്‍വ്വം ഇടങ്ങളില്‍ ഒന്ന് റെയില്‍വെ സ്റ്റേഷനാണ്. ബാഗുകള്‍ താഴെവെച്ച് വേണു ഒരോരത്ത് നിന്നു.

വണ്ടി പ്ലാറ്റ്ഫോം വിട്ടു. ഇതുവരെ യാത്രക്കാര്‍ക്ക് തിരക്കിട്ട് സാധനങ്ങള്‍ വിറ്റുനടന്നവരെല്ലാം സാവധാനം റിഫ്രഷ്മെന്‍റ് സ്റ്റാളുകളിലേക്ക് തിരികെ നീങ്ങിത്തുടങ്ങി. കാപ്പിക്കാരന്‍റെ പക്കല്‍നിന്നും ഒരുകപ്പ് കാപ്പി വാങ്ങി വേണു മെല്ലെ ഊതികുടിച്ചു. കഴിഞ്ഞ മുപ്പത്തഞ്ച് കൊല്ലമായി പ്രഭാതം പൊട്ടിവിടരുന്നത് കാപ്പിയിലൂടെയാണ്. വയനാട്ടില്‍ ജോലികിട്ടി ചെന്ന കാലത്ത് തുടങ്ങിയ ശീലമാണ് കാലത്തെ കാപ്പികുടി. മഞ്ഞില്‍പൊതിഞ്ഞ പുലര്‍കാലത്തെ തണുപ്പകറ്റാന്‍ അന്ന് കണ്ടെത്തിയ മാര്‍ഗ്ഗം. ആ ശീലം എവിടെയൊക്കെയോ  പിന്‍തുടര്‍ന്നു. കൂടകിലെ ഓറഞ്ച് തോട്ടങ്ങളില്‍, മേട്ടുപ്പാളയത്തെ പച്ചക്കറി മാര്‍ക്കറ്റില്‍, മൂന്നാറിലെ ചായതോട്ടങ്ങളില്‍, മലായയില്‍, പിന്നെ ഒരോകാലത്തും അപ്പപ്പോഴത്തെ നിയോഗങ്ങളുമായി പിന്നിടേണ്ടിവന്ന സ്ഥലങ്ങളിലൊക്കെ, ഏറ്റവും ഒടുവില്‍  മദിരാശിയിലെ തട്ടുകടകളില്‍, ഹൃദയമിടിപ്പുപോലെ, ശ്വാസോച്ഛ്വാസംപോലെ തന്നില്‍ അന്തര്‍ലീനമായി കഴിഞ്ഞ ഒരു പ്രക്രിയായി ആ ശീലം തുടരുന്നു. കാപ്പി കുടിച്ച് കപ്പ് തിരിച്ചുകൊടുത്തു, ബാഗെടുത്ത് തോളില്‍ തൂക്കി, ഒരെണ്ണം കയ്യിലും.

കവുങ്ങിന്‍പാളകൊണ്ട് മൂടിക്കെട്ടിയ ടിന്നുകളില്‍നിന്ന് ഒലിച്ചിറങ്ങിയ പാട്ടത്തൈരിന്‍റെ ദുര്‍ഗന്ധം മൂക്കിലേക്ക് തുളച്ചുകയറുന്നുണ്ട്. ഒന്നാമത്തെ പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്ന് മീറ്റര്‍‌ഗേജ് പാളത്തില്‍ നില്‍ക്കുന്ന പൊള്ളച്ചി വണ്ടിയുടെ കരിയെഞ്ചിന്‍ കറുത്തപുകതുപ്പി യാത്രാനുമതി തേടിക്കൊണ്ട്  കൈകാട്ടിമരത്തിനെ ഉറ്റുനോക്കുകയാണ്.

വേണു സാവധാനം പുറത്തേക്കിറങ്ങി. സ്റ്റേഷന്നുപുറത്ത് പ്രഭാതം കടന്നു വരുന്നതെയുള്ളു. നാടുവിട്ടു പോന്ന കാലത്ത് ഇവിടം റിക്ഷക്കാരുടേയും കുതിരവണ്ടിക്കാരുടേയും താവളമായിരുന്നു. ഇപ്പോള്‍ അവരെ ഇവിടെ കാണാനില്ല. കാലത്തിന്‍റെ കുത്തൊഴുക്കില്‍ അവരെല്ലാം ഓര്‍മ്മകളിലേക്ക്   ഒതുങ്ങിക്കാണും.

നാട്ടിലേക്ക് വരുന്നവിവരം കിട്ടുണ്ണിയെ അറിയിക്കാമായിരുന്നു. എങ്കില്‍ അവന്‍ ഇവിടെ കാത്തുനിന്നേനെ. ഓര്‍ക്കാപ്പുറത്തുള്ള തന്‍റെ ഈ വരവ് അവന് അത്ഭുതം ആവട്ടെ എന്നുകരുതി  അറിയിക്കാതിരുന്നത് തികഞ്ഞ ബുദ്ധിമോശമായിപ്പോയി. ജനിച്ചനാട്ടില്‍ അപരിചിതനെപോലെ കയറി ചെല്ലുന്നതില്‍ ഒരുത്രില്‍ ഉണ്ടാവുമെന്ന് വിചാരിച്ചു. ഇപ്പോള്‍ ആ സമയം വന്നപ്പോള്‍ ത്രില്ലിന്ന് പകരം എന്താണ് ചെയ്യേണ്ടത് എന്ന ഒരു അങ്കലാപ്പ് മനസ്സില്‍ കുടിയേറിയിരിക്കുന്നു.

ടൌണില്‍ചെന്ന് ബസ്സിന്ന് പോകണോ എന്ന് ചിന്തിച്ചു. അത് ചിലപ്പോള്‍ ശരിയാവില്ല. എന്തെല്ലാം മാറ്റങ്ങളാണ് പട്ടണത്തിന്ന് വന്നിട്ടുള്ളത് എന്ന് തനിക്ക് അറിയില്ല. വെളുപ്പാന്‍കാലത്ത് വെറുതെ അലഞ്ഞുതിരിയാന്‍ വയ്യ. ടാക്സിയില്‍ ചെല്ലുന്നതാണ് സൌകര്യം. വണ്ടിക്ക് വന്ന മിക്കവാറും പേര്‍ പോയിക്കഴിഞ്ഞിരുന്നു. കോളെല്ലാം നഷ്ടപ്പെട്ട് വെറുതെനില്‍ക്കുന്ന ടാക്സിക്കാര്‍ക്ക് ബാഗുംതൂക്കിവരുന്ന തന്നെ കണ്ടപ്പോള്‍ ഒരു പ്രതീക്ഷ തോന്നിക്കാണും. ചെല്ലാനുള്ള ഇടം പറഞ്ഞുകൊടുത്ത്, വരിയില്‍ ആദ്യം നിന്ന കാറില്‍ കയറി, പിന്‍സീറ്റിലിരുന്നു. തണുത്തകാറ്റേറ്റ് കണ്ണുകള്‍ അറിയാതെ അടഞ്ഞുപോയി.

''ഇനി എവിടേക്കാണ് പോണ്ടത്''എന്ന ഡ്രൈവറുടെ ചോദ്യം കേട്ടാണ് ഉണര്‍ന്നത്. കിട്ടുണ്ണിയുടെ വീട്ടിലേക്കുള്ള വഴി അറിയില്ല. ഏഴോ, എട്ടോ  കൊല്ലംമുമ്പ് ഇളയമ്മ മരിച്ചപ്പോള്‍ അവസാനമായി വന്നിട്ട് പോയതാണ്. അതു കഴിഞ്ഞാണ് അവന്‍ പുതിയ വീടുണ്ടാക്കിയത്. ആരോടെങ്കിലും വഴി ചോദിച്ചറിയാം. ഡോര്‍ തുറന്ന് പുറത്തിറങ്ങി.

അങ്ങാടിയിലെ ചായപ്പീടികയില്‍നിന്ന് സിഗററ്റ് വലിച്ച് ഇറങ്ങിവരുന്ന ചെറുപ്പക്കാരനോട്''കൃഷ്ണനുണ്ണി മാസ്റ്ററുടെ വീട്ടിലേക്കുള്ള വഴി ഏതാ'' എന്നു ചോദിച്ചു.

''ഡോക്ടറുടെ വീടല്ലേ''എന്ന് തിരിച്ച് ഒരുചോദ്യം. അതെയെന്ന് തലയാട്ടി. കിട്ടുണ്ണിയേക്കാള്‍ അവന്‍റെ മകള്‍ പ്രസിദ്ധയായിരിക്കുന്നു. മൂപ്പത്ത്യാര് ഇപ്പൊള്‍ ഇവിടെയില്ല. അമേരിക്കയിലേക്ക്പോയതാണെന്നും പറഞ്ഞ് അയാള്‍ വ്യക്തമായി വഴി പറഞ്ഞുതന്നു.

പാടത്തിന്ന് നടുവിലൂടെ രണ്ടുവശവും കരിങ്കല്ല് കെട്ടി ടാറിട്ടപാത കൂറ്റന്‍ വീടിന്ന് മുന്നില്‍ അവസാനിക്കുന്നു. ഇരുവശത്തുമുള്ള കൃഷിഭൂമി പണ്ടും തറവാട് വക സ്ഥലമാണ് . മുമ്പ് ഒരുസൈക്കിള്‍പോലും ഓടിച്ച് പോകാന്‍ പറ്റാത്ത വരമ്പായിരുന്നു. കിട്ടുണ്ണി ആള് മിടുക്കനാണ്. ഈ കാണുന്ന എല്ലാ സൌഭാഗ്യങ്ങളും അവന്‍റെ താല്‍പ്പര്യമനുസരിച്ച് നിര്‍മ്മിച്ചതാണ്.  ഏട്ടന്‍ പണത്തിന്‍റെ കാര്യം മാത്രം ഏറ്റാല്‍ മതി, ബാക്കി കാര്യങ്ങളെല്ലാം ഞാന്‍ നോക്കിക്കോളാം എന്നാണ് അവന്‍ പറയാറ്.

പണം കൊടുത്ത് ടാക്സിക്കാരനെ വിട്ടു. പാടം കടന്ന് മെയിന്‍ റോഡില്‍ കയറി അത് ഓടിമറഞ്ഞു. വേണു ചുറ്റുപാടും ഒരുവട്ടംകൂടി കണ്ണോടിച്ചു. അകലെ മുരുകമല കാലത്തിന്ന് മാറ്റം വരുത്താനാകാതെ നില്‍ക്കുന്നുണ്ട്. കുട്ടിക്കാലത്ത് എത്രവട്ടം അതിന്‍റെ നെറുകയില്‍ കയറിയതാണ്. പച്ചപ്പ് നിറഞ്ഞ പാടങ്ങള്‍ക്ക് നടുവിലൂടെ ഒരു നീരൊഴുക്ക് പോലെ കാണുന്ന പുഴയും നോക്കി മലമുകളില്‍ നിന്നത് ഇന്നലെ എന്നപോലെ തോന്നുന്നു.

ഗെയിറ്റ് തുറന്ന് അകത്ത് കടന്നതും ഉറക്കെ കുരച്ചുകൊണ്ട് മുന്‍വശത്ത് കെട്ടിയിരിക്കുന്ന നായ അപരിചിതന്‍റെ വരവറിയിച്ചു. വാതില്‍ തുറന്ന് രണ്ട് കുട്ടികള്‍ വെളിയിലെത്തി. ഏഴെട്ട് വയസ്സ് പ്രായംതോന്നും ഒന്നിന്. മറ്റേത് ഒന്നുകൂടി ചെറുതാണ്.

 ''ആരാ''മുതിര്‍ന്നവള്‍ ചോദിച്ചു. എന്തെങ്കിലും പറയുന്നതിന്ന് മുമ്പ് അതേ ചോദ്യം അകത്തുനിന്നും ഉയര്‍ന്നു.

''ഒരു നൊണ്ടിക്കാലന്‍''ചെറുത് ഉറക്കെ പറഞ്ഞു''കരിമനാണ്''.

''താടിക്കാരനാണ്''മൂത്തവള്‍ അടുത്തവിശേഷണം നല്‍കി.

''മുടി നരച്ചിട്ടുണ്ട്''കൊച്ചന്‍ ബാക്കികൂടി പറഞ്ഞു''വലിയ രണ്ട് ബാഗും ഉണ്ട്ട്ടോ''. വാതില്‍ക്കല്‍ കിട്ടുണ്ണി പ്രത്യക്ഷപ്പെട്ടു.

 ''ഏട്ടനോ''അവന്‍ അത്ഭുതപ്പെട്ടു''എന്തേ വരുന്നകാര്യം അറിയിക്കാഞ്ഞ്. ഞാന്‍ ഒലവക്കോട് സ്റ്റേഷനില്‍ എത്ത്വായിരുന്നല്ലോ'' പടിയിറങ്ങി വന്ന് അവന്‍ ബാഗുകള്‍ ഏറ്റുവാങ്ങി.

 ''ഇത് ആരാ അറിയ്വോ നിങ്ങള്‍ക്ക്'' കിട്ടുണ്ണി പിള്ളേരോടായി പറഞ്ഞു''  മുത്തശ്ശന്‍റെ ഏട്ടന്‍. നിങ്ങളുടെ വല്യേമുത്തശ്ശന്‍. അതെങ്ങിനെ, ജനിച്ചതില്‍ പിന്നെ അവറ്റ ഏട്ടനെ കണ്ടിട്ടുണ്ടോ''.

കിട്ടുണ്ണിയുടെ പുറകിലായി വാതില്‍കടന്ന് വേണു അകത്തേക്ക് ചെന്നു , പേരക്കുട്ടികള്‍ പുറകിലും .

അദ്ധ്യായം-4.

കമ്പനിയിലെ ഊത്ത് കേട്ടിട്ടാണ് ചാമി  ഉണര്‍ന്നത്. നേരം വല്ലാതെ വൈകി. എന്തോ വല്ലാത്തൊരു മടിതോന്നുന്നു.  കൈതോലപ്പായ മടക്കിവെച്ച് മെല്ലെ എഴുന്നേറ്റു വെളിയിലിറങ്ങി. മുറ്റത്ത് നനവ്. ഇന്നലത്തെ മഴയുടെ ആണ്. മുറ്റത്തെ തൈതെങ്ങിന്‍റെ ചുവട്ടിലുള്ള തൊട്ടിയില്‍നിന്നും വെള്ളമെടുത്ത് വായും മുഖവും കഴുകി. അപ്പോഴാണ് വേലപ്പന്‍റെ കാര്യം ഓര്‍മ്മവന്നത്. ഇന്നലെ അവന്‍ ശരിക്കുംപേടിച്ചിട്ടുണ്ട്. സ്വതവെ പേടികൊടലനാണ്. ഇനി വല്ല പനിയൊ മറ്റൊ പിടിച്ചിട്ടുണ്ടാവുമോ. അയയില്‍ തൂക്കിയിട്ട തോര്‍ത്ത് എടുത്ത് തോളിലിട്ട് ഇറങ്ങി. വേലപ്പന്‍റെ വീട്ടിലേക്ക് കയറിചെല്ലുമ്പോള്‍ കല്യാണി മുറ്റമടിക്കുകയാണ്.

 ''നിന്‍റെ അപ്പന്‍ എവിടേടി''അയാള്‍ കുട്ടിയോട് ചോദിച്ചു.

''അപ്പന്‍ വെളുക്കുമ്പൊ കന്നിനേം  ആട്ടി കൊഴല്‍മന്ദം ചന്തക്ക് പോയി'' പെണ്‍കുട്ടി പറഞ്ഞു. സമാധാനമായി. തൊഴുത്തിലേക്ക് നോക്കിയപ്പോള്‍ അതിനകം ശൂന്യമായിരിക്കുന്നു.

 ''ഇതെന്താ ഇതിനകത്ത് നിന്ന കറവുമാടിനെ കാണുണില്ലല്ലോ''ചാമി ചോദിച്ചു.

''അതിനീം  അപ്പന്‍ കൊണ്ടുപോയി. കൊടുത്ത് മാറാനാണ്''കല്യാണി പറഞ്ഞു.

''അതുശരി. അപ്പൊ ഇന്ന് വലിയപ്പന്ന് മോളടെ വക ചായീല്യാ, അല്ലെ''. ചാമി തിരിച്ചുപോവാനൊരുങ്ങി.

''വലിയപ്പന്‍ കുത്തിരിക്കിന്‍. ഞാന്‍ മാടിനെ കൊണ്ടുപോകുംമുമ്പ് പാല് കറന്നെടുത്തു. ഇപ്പൊത്തന്നെ ചായീണ്ടാക്കാം''എന്നുപറഞ്ഞ് പെണ്‍കുട്ടി അകത്തേക്ക് കയറിപ്പോയി. തടുക്കെടുത്ത് പിള്ളകോലായിലിട്ട്ചാമി അതിലിരുന്നു. മിക്കവാറും രാവിലെ കല്യാണിയുടെ കയ്യില്‍നിന്നാവും ചായ കിട്ടുക. നല്ല വകതിരിവുള്ള മിടുക്കിക്കുട്ടിയാണ് അവള്‍. വീട്ടിലെ കാര്യങ്ങളൊക്കെ ഭംഗിയായി കൊണ്ടുനടക്കുന്നത് അവളാണ്. അല്ലെങ്കില്‍ ചന്തയിലേക്ക് വില്‍ക്കാന്‍ കൊണ്ടുപോകുന്ന മാടിനെ ആരാ പുലര്‍ച്ചക്ക് എഴുന്നേറ്റ് കറക്കുക. അവള്‍ കല്യാണിയല്ല, ശരിക്കും മഹാലക്ഷ്മിയാണ്. വെറുതെയല്ല താന്‍ അവളെ ലക്ഷ്മിക്കുട്ട്യേ എന്ന് വിളിക്കുന്നത്.

വൈക്കോല്‍കന്നുകള്‍ അഴിച്ച് ഉണക്കാനിട്ടപ്പോള്‍ അതില്‍നിന്നും മുറ്റത്ത് ഉതിര്‍ന്നുവീണ നെന്മണികള്‍ മുളച്ചു പൊങ്ങിയിരിക്കുന്നു. നനഞ്ഞമണ്ണില്‍ കോഴിക്കള്‍ ചിനച്ച് കൊത്തിപെറുക്കിതിന്നുകൊണ്ടിരിക്കുകയാണ്. കൂട്ടം തെറ്റിയ മാതിരി മൂന്ന് നാല് കോഴികള്‍ പിള്ളകോലായുടെ ഒരു ഓരത്ത് കിടപ്പുണ്ട്. ചായയുമായി കുട്ടി കടന്നുവന്നു.

''എന്തിനാ ഇവറ്റേ പിടിച്ച് ഇവിടെ കിടത്തീരിക്കുണത്''ചായ ഊതി കുടിക്കുന്നതിന്നിടയില്‍ ചാമി അന്വേഷിച്ചു.

 ''അതൊക്കെ ചീറി കിടക്ക്വാണ് വല്യേപ്പാ''കുട്ടി മറുപടി നല്‍കി.

കുറെദിവസം മുട്ടയിട്ടു കഴിഞ്ഞാല്‍ പിടകോഴികള്‍ ചീറും. ആ സമയത്ത്  കോഴികളുടെ ശരീരത്തിന്ന് നല്ല ചൂട് തോന്നും. അവയെ തൊടുകയൊന്നും വേണ്ടാ, അടുത്ത് ചെന്നാല്‍പോലും അവ ഉറക്കെ കരച്ചില്‍ തുടങ്ങും. മുട്ട വിരിക്കാന്‍ വെക്കുന്നത് അപ്പോഴാണ്.  കൊട്ടയില്‍ വൈക്കോല്‍ വിരിച്ച് അതില്‍ മുട്ടകള്‍ നിരത്തും. ഒരുകഷ്ണം കരിക്കട്ടയും ഒരുതുണ്ട് ഇരുമ്പും അതിലിടും. മുകളില്‍ കോഴിയെ പിടിച്ചുവെക്കും. നാലുഭാഗത്തും കയറു കെട്ടി കൊട്ട പൊക്കത്തില്‍ കെട്ടിത്തൂക്കും. പൂച്ച പിടിക്കാതിരിക്കാനാണ് അങ്ങിനെ ചെയ്യുക. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളായശേഷമേ അത് താഴെ ഇറക്കൂ.

''മകളേ, നീ അതിന്യോക്കെ പിടിച്ച് എവിടേങ്കിലും വട്ടീട്ട് കവുത്ത് . ഇല്ലെങ്കിലോ മുട്ട വിരിക്കാന്‍ വെക്ക്''ചാമി പറഞ്ഞു''അല്ലെങ്കില്‍ അവറ്റ ഇവിട്യോക്കെ തൂറ്റി വെടക്കാക്കും''.

''വേനലല്ലേ, കൊട്ടയില്‍ അഞ്ചാറ് തൂപ്പ് വേപ്പിന്‍റില ഇടാന്‍ അപ്പന്‍ പറഞ്ഞു ''കുട്ടി പറഞ്ഞു''എനിക്ക് കയ്യെത്തുണ ദിക്കിലൊന്നും എലീല്യാ''.

''അത് കിട്ടാഞ്ഞിട്ട് എന്‍റെ കുട്ടി കോഴ്യേ അണവെക്കാണ്ടിരിക്കേണ്ടാ''ചാമി വേലിക്കല്‍ നില്‍ക്കുന്ന വേപ്പില്‍ കയറി കുറെചില്ലകള്‍ ഒടിച്ചിട്ടു. താഴെ ഇറങ്ങി തോര്‍ത്ത് കുടഞ്ഞ് മേലൊന്ന് തുടച്ചു.

''വല്യേപ്പന്‍ കുളിക്കാന്‍ പോണില്ലേ''കല്യാണി ചോദിച്ചു.

''ഞാനിപ്പൊ കുളിച്ച് പൌഡറും ഇട്ട് കലക്ടറടെ പണിക്ക് പോവ്വാല്ലേ''

 ചൂടികയര്‍ കോര്‍ത്ത് തൂക്കിവെക്കാന്‍ പാകത്തിലാക്കിയ നാലുകുട്ടകളില്‍ ചാമി വേപ്പിലക്കൊത്തുക്കള്‍ നിരത്തി. പെണ്‍കുട്ടി അകത്തുചെന്നു മുട്ടകള്‍ സൂക്ഷിച്ച മണ്‍പാത്രം എടുത്തു വന്നു.

''വല്യേപ്പാ, എത്ര മുട്ട്യാ വെക്കണ്ടത്''കുട്ടി തിരക്കി.

''ഓരോന്നിലും ആറോ ഏഴോ എണ്ണംമതി. വിരിപ്പിച്ചാല്‍ മാത്രം പോരല്ലോ, അവിറ്റിങ്ങളെ തീറ്റകൊടുത്ത് വളര്‍ത്തേണ്ടെ''ചാമി മുട്ടപാത്രത്തില്‍നിന്നും മുട്ടകളെടുത്ത് കൊട്ടകളില്‍ നിരത്തി.

''ഇതിനെ എവിട്യാ തൂക്കണ്ടത്''

''പരിയമ്പുറത്തെ വളേല് കെട്ടിതൂക്കാം''കുട്ടി പറഞ്ഞു.

''അത് നന്നായി''ചാമി പറഞ്ഞു''അവിടെ ആവുമ്പൊ കോഴിപ്പേന്‍ വന്നാലും കുടീല് ആവില്ല''

''കൊഴിപ്പേന്‍ വരാണ്ടിരിക്കാന്‍ അടയ്ക്കാ മണിയന്‍റെ കായീം എലീം ചതച്ചിട്ട് കോഴിടെ മേത്ത് തേച്ചിട്ടാ വിരിക്കാന്‍ വെക്ക്വാ''  കല്യാണി കുട്ടയുമെടുത്ത് വീടിന്‍റെ പുറകിലേക്ക്നടന്നു, ഒപ്പം ചാമിയും. കൊട്ടകള്‍ നാലും രണ്ടുപേരുംകൂടി കെട്ടിതൂക്കി. പുറകിലെ ചായ്പ്പിന്‍റെ മുളങ്കാലില്‍ വലിയൊരുപൂവന്‍കോഴിയെ വഴുകനാരുകൊണ്ട് കെട്ടിയിട്ടിട്ടുണ്ട്. ചാമി അതിനെ നന്നായൊന്നു നോക്കി.

''ഇവനെ കൊന്ന് നന്നായി വരട്ടി ഒരുകുപ്പി ചാരായൂം കൂട്ടി കഴിച്ചാല്‍ എങ്ങിനെരിക്കുംന്ന് നിനക്കറിയ്വോ''ചാമി ചോദിച്ചു.

 ''വല്യേപ്പാ, ആ കോഴീനെ കൊല്ലാന്‍ പാങ്ങില്ല. അതിനെ മുണ്ട്യേന് നേര്‍ന്ന് വിട്ടതാ''കല്യാണി  തടസ്സം പറഞ്ഞു.

 ''അത് ഉത്തമായി''ചാമി ഉറക്കെ ചിരിച്ചു''മുണ്ട്യേന്‍പൂജക്ക് കോഴിടെ കൂടെ ചാരായൂം ഉണ്ടാവും. ഞാനല്ലേ പൂജക്കാരന്‍''ചാമിക്ക് ആഹ്ലാദം അടക്കാനായില്ല''നിന്‍റെപ്പന്‍ കുടിക്കാത്തതോണ്ട് എന്‍റെകാര്യം കുശാല്''

കന്നുകാലികളെ നോക്കി രക്ഷിക്കുന്ന ദൈവമാണ് മുണ്ട്യേന്‍. പശുക്കള്‍ പ്രസവിച്ചാലോ കൊല്ലത്തില്‍ ഒരിക്കലോ മുണ്ട്യേന് പൂജ നടത്തണം . തൊഴുത്തിനടുത്ത് അമ്മിക്കുഴവ കഴുകിവെച്ച് അതില്‍ അരിമാവ് അണിയും. അതിലാണ് കോഴിയെ അറുത്ത് ചോര വീഴ്ത്തുക. പിന്നീട് തൂവലൊക്കെ കളഞ്ഞ് നന്നാക്കി കറിവെച്ച് ചോറിന്‍റെകൂടെ നാക്കിലയില്‍ വിളമ്പും. അരികത്ത് ഒരു കുപ്പിയില്‍ ചാരായവും വെക്കും. പൂജയ്ക്ക് പൂവും വെള്ളവും സാമ്പ്രാണിയും ഒക്കെ വേണം. ഒടുവില്‍ ''മുണ്ട്യോ, കൊലവോ, കൂയ്''എന്ന് മൂന്ന് പ്രാവശ്യം കൂവും. വേലപ്പന്‍ കോഴിയെ കൊല്ലാറില്ല. കൊല്ലുന്നസമയത്ത് കോഴിയുടെ കരച്ചില്‍ കേള്‍ക്കുന്നദിക്കില്‍ നില്‍ക്കുകപോലുമില്ല. അതൊക്കെ ചാമിയുടെ പണിയാണ്.

''വല്യേപ്പന്‍ പണിക്ക് പോട്ടേടി മകളെ''ചാമി പുറപ്പെട്ടു. കഞ്ഞികുടിച്ചിട്ട് പോകാമെന്ന കല്യാണിയുടെ വാക്ക് കേള്‍ക്കാതെ അയാള്‍ പടിയിറങ്ങി. വിചാരിച്ചപോലെ പുഴയില്‍ അധികം വെള്ളം കയറിയിട്ടില്ല. പുഴ കടന്ന് അക്കരെയെത്തി.

ചായപീടികയില്‍നിന്നും എന്തെങ്കിലും കഴിക്കാമായിരുന്നു. പെണ്‍കുട്ടി കഞ്ഞികുടിക്കാമെന്ന് പറഞ്ഞതാണ്. അതുംകേട്ടില്ല. ഇപ്പോള്‍ വയറ്റില്‍ എരിച്ചില്‍ തോന്നുന്നുണ്ട്. ഇന്നലെരാത്രി ഒന്നും കഴിച്ചില്ല എന്ന കാര്യം അപ്പോഴാണ് ഓര്‍ത്തത്. ഇനി ഒന്നും ചെയ്യാന്‍പറ്റില്ല. പണിക്ക് കേറാനുള്ള നേരമായി.

കളപ്പുരയില്‍ കയറി കൈക്കോട്ടെടുത്ത് പുറത്തിറങ്ങി. ഒരുബീഡിക്ക് തീ കൊളുത്തി ഒന്നുരണ്ട് പുകയെടുത്ത് നേരെ പാടത്തേക്ക് നടന്നു. നനഞ്ഞ മണ്ണില്‍ കൈക്കോട്ട് ആഞ്ഞാഞ്ഞ് പതിച്ചു.

അദ്ധ്യായം 5.

സമയം പതിനൊന്ന് കഴിഞ്ഞുവെന്ന് തോന്നുന്നു. തലക്കു മുകളിലൂടെ വിമാനം ശബ്ദമുണ്ടാക്കി പറന്നുപോയിട്ട് കുറെനേരമായി. സാധാരണ പത്തരമണിക്കാണ് അത് പോവാറുള്ളത്. ചാമി കിളക്കുന്നത് നിര്‍ത്തി.  വിചാരിച്ചതില്‍ കൂടുതല്‍ ഇന്ന് പണിനീങ്ങി.

കൈക്കോട്ട് താഴെവെച്ച് വരമ്പത്ത് കേറി ഇരുന്നു. മടിക്കുത്തില്‍നിന്ന് ബീഡിയും തീപ്പെട്ടിയും എടുത്തു. ഒരു പുക വലിച്ചു കയറ്റിയപ്പോള്‍ വയറ് പ്രതിഷേധിക്കുന്നു. ഇന്നലെരാത്രി മുതല്‍ ഒന്നും കഴിച്ചിട്ടില്ലല്ലോ. കല്യാണി കഞ്ഞികുടിക്കാന്‍ പറഞ്ഞത് അനുസരിക്കാമായിരുന്നു.

ചുറ്റുപാടും നോക്കി. പാടത്ത് ആരുമില്ല. പെണ്ണുങ്ങള്‍ എല്ലാവരും ചായ കുടിക്കാന്‍ പോയികഴിഞ്ഞിരിക്കുന്നു. അത് സമയാസമയം മുറതെറ്റാതെ അവര്‍ നടത്തും. അതിന്ന് വാച്ചൊന്നും വേണ്ടാ. ആഹാരം എന്തെങ്കിലും കഴിച്ചേ തീരു. അങ്ങാടിവരെ നടക്കണമല്ലൊ എന്നാലോചിക്കുമ്പോള്‍ വേണ്ടാ എന്ന് തോന്നുന്നു . കുറച്ചുനേരം മടിപിടിച്ച് നിന്നു. ഒടുവില്‍ തീരെ നില്‍ക്കക്കള്ളിയില്ലാതായി.

വിചാരിച്ചപോലെ പുഴയില്‍ വെള്ളം കയറാത്തതിനാല്‍, കയത്തിന്നു മുകളിലെ പാടത്ത് വെച്ചിരുന്ന കുരുത്തിയില്‍ മീനൊന്നും പെട്ടിരുന്നില്ല. കാലത്ത് അതെടുത്ത് കിളക്കുന്നപാടത്തിന്‍റെ വരമ്പത്തുള്ള കരിമ്പനയുടെ ചുവട്ടില്‍ വെച്ചിരുന്നു. ചാമി അതെടുത്ത് നടന്നു. കളപ്പുരയുടെ മുറ്റത്ത് അതിട്ട് പടി ചാരിവെച്ച് പുറത്തിറങ്ങി .

പൊള്ളുന്ന ചൂട്. മഴപ്പുറത്തെ വെയില് കള്ളനും കൊള്ളില്ല എന്നാണ് പറയാറ്. പുഴകടന്ന് ചായക്കടയിലേക്ക് നടക്കുമ്പോള്‍, കള്ളൂഷാപ്പിലെ ചാക്കണ വില്‍ക്കുന്ന പയ്യന്‍ സൈക്കിളില്‍ പുറകെയെത്തി. ചാമിയുടെ മുന്നില്‍കടന്ന് പയ്യന്‍ സൈക്കിള്‍ നിര്‍ത്തി.

''ചാമ്യേട്ടാ, ഇന്നലെ വൈകുന്നേരം നിങ്ങളെ കടേലിക്ക് കണ്ടില്ലല്ലോ'' പയ്യന്‍ ലോഹ്യംതിരക്കി. ചാമി ഒന്നുംപറഞ്ഞില്ല. വെറുതെ ചിരിക്കുക മാത്രം ചെയ്തു.

''നിങ്ങളിപ്പൊ എന്‍റെകൂടെ വരുണുണ്ടോ''പയ്യന്‍ തിരക്കി. ചെക്കന്‍റെ വാക്കുകള്‍ കേട്ടതോടെ മനസ്സില്‍ ചെറുതായൊരു മോഹമുദിച്ചു.

''എടാ, എനിക്ക് വിശന്നിട്ടു വയ്യാ. കഴിക്കാന്‍ വല്ലതും ഉണ്ടോടാ അവിടെ''അയാള്‍ തിരക്കി.

''കഴിക്കാനല്ലേ ഇഷ്ടംപോലെ സാധനങ്ങള്‍ ഉള്ളത്''വിഭവങ്ങളുടെലിസ്റ്റ്   ചെക്കന്‍  വിവരിക്കാന്‍ തുടങ്ങി''പൊറോട്ടീണ്ട്, ഇഡ്ഡലി, ദോശ, ചട്ടിണി, സാമ്പാറ്, ഉരുളക്കിഴങ്ങുകറി, ബോണ്ടാ, ബജ്ജി'' അതോടെ ചാമി ഇടപെട്ടു. ''ഇതല്ലാതെ മനുഷ്യന് വായില്‍വെക്കാന്‍ പറ്റ്യേ എന്തെങ്കിലും പറയെടാ''

''അതു ശരി''ചെക്കന്‍ പറഞ്ഞു''നിങ്ങള്‍ക്ക് കടിച്ച് വലിക്കാനുള്ളത് വേണോലോ. എന്നാ കേട്ടോളിന്‍. കോഴീം ആടും വരട്ട്യേത്, മീന്‍കറി, മുട്ടമസാല, മത്തീം അയിലീം പൊരിച്ചത്, ഓംലെറ്റ്, പോത്തെറച്ചി കറിവെച്ചത്''.

''എന്താണ്ടാ നിന്‍റെ മൊതലാളി ഷാപ്പ് വേണ്ടാന്നുവെച്ച് ഓട്ടല് തൊടങ്ങ്യോ''.

''എന്‍റെ മൊതലാളി ഹോട്ടല് തൊടങ്ങീട്ടൊന്നൂല്യാ. ഷാപ്പിന്ന് നോക്ക്യാ കാണുണ ദൂരത്തല്ലേ രാവുത്തരടേം നായരടേം ഹോട്ടലുള്ളത്. നിങ്ങള് പറഞ്ഞാ ആ മിനുട്ടില് ഞാന്‍ പോയി വാങ്ങീട്ടുവരില്ലേ''.

''മത്യേടാ,വിസ്തരിച്ചത്''ചാമി പറഞ്ഞു''വിശന്നിരിക്കുമ്പൊഴാ അവന്‍റെ ഒരുജാതി വര്‍ത്തമാനം''.

''എന്നാല്‍ സൈക്കിളില്‍ കേറിക്കോളിന്‍''ചെക്കന്‍റെ ക്ഷണം സ്വീകരിച്ച് അവന്‍റെ സൈക്കിളിന്‍റെ പുറകില്‍ അയാള്‍ ചാടികയറി.

ഉച്ചസമയം ആയതിനാല്‍ ഷാപ്പില്‍ ആളുകള്‍ തീരെ കുറവാണ്. ചെക്കന്‍ ഹോട്ടലില്‍നിന്ന് പൊറോട്ടയും കോഴിക്കറിയും കൊണ്ടുവന്ന് ചാമിയുടെ മുന്നില്‍വെച്ചു, ഒപ്പം ഒരുകുപ്പി കള്ളും. പ്ലെയിറ്റിലെ വിഭവങ്ങള്‍ ചാമി മിനുട്ടുകള്‍ക്കകം തീര്‍ത്തു. ഒഴിയുന്ന മുറയ്ക്ക് പ്ലെയിറ്റ് നിറയുകയും കാലിയായുകയും ചെയ്തുകൊണ്ടേയിരുന്നു. മേശപ്പുറത്തുവെച്ച കുപ്പികളുടെ എണ്ണവും അതനുസരിച്ച് കൂടി. എല്ലാം തീര്‍ത്ത് ഒരു ഏമ്പക്കവുംവിട്ട് എഴുന്നേറ്റു കൈകഴുകി, ബെല്‍ട്ടിലെ പേഴ്സില്‍നിന്നും ചാമി പണമെടുത്തുകൊടുത്തു. വലിക്കാനായി ബീഡി എടുത്തപ്പോഴാണ് തീരാറായി എന്നറിയുന്നത്. അവന്‍ നേരെ ബസ്സ്സ്റ്റോപ്പിലേക്ക് നടന്നു. പെട്ടിക്കടയില്‍നിന്നും ബീഡിയും തീപ്പെട്ടിയും വാങ്ങി. പണംകൊടുത്ത് തിരിച്ചു പോവാനൊരുങ്ങി.

 ''ഇപ്പൊ ഇവിടെ നടന്നതൊന്നും നീ അറിഞ്ഞില്ലേടാ ചാമ്യേ''കുറച്ചുനേരം മുമ്പു നടന്ന കാര്യങ്ങള്‍ പീടികക്കാരന്‍ വര്‍ണ്ണിച്ചു''നിന്‍റൊപ്പം പാടത്ത് പണ്യെടുക്കുണ പെണ്ണുങ്ങള് ചായകുടി കഴിഞ്ഞ് എന്‍റെടുത്തുവന്ന്  മുറുക്കാന്‍ വാങ്ങി. അവര് കടേന്ന് മടങ്ങിപോവുമ്പൊ, പൊള്ളാച്ചീന്ന് കാളവണ്ടീം ആയിവന്ന ഒരു തമിഴന്‍ വണ്ടിനിര്‍ത്തി സിഗററ്റ് വാങ്ങാന്‍ വന്നു. പെണ്ണുങ്ങളോട് അവന്‍ എന്തോ അനാവശ്യംപറഞ്ഞു. കൂട്ടത്തില്‍ ബഹുകേമിയായ ചെറുപ്പക്കാരീല്ലേ, ദേവൂ, അവള് തമിഴന്‍റെ മുഖമടച്ചിട്ട് ഒരു ആട്ട് കൊടുത്തു. അതോടെ അവന്‍ അവളുടെ കയ്യില്‍ കേറിപിടിച്ചു. പിടിച്ചുമാറ്റാന്‍ വന്നവരെ കത്തികാട്ടി പേടിപ്പിച്ചു. ആ പെണ്ണ്  കരഞ്ഞും കൊണ്ടാണ് പോയത്.  തമിഴന്‍ ഒരുപാട് കുത്തുകേസില്‍ പ്രത്യാണത്രേ. ആണുങ്ങളാരും അവനോട് കൊമ്പ് കോര്‍ക്കാന്‍ നില്‍ക്കാണ്ടെ സ്ഥലം വിട്ടു''.

''ഫൂ''ചാമി നീട്ടി തുപ്പി''ആണും പെണ്ണുംകെട്ട വക. എവിട്യോ കിടക്കുണ ഒരുത്തന്‍ ഈ നാട്ടില് വന്ന് ഇവിടുത്തെ ഒരുപെണ്ണിനെ പട്ടാപകല്‍ കേറി പിടിച്ചപ്പൊ, അവന്‍റെ ഏപ്പക്കുറ്റി അടിച്ച് തിരിക്കാണ്ടെ, കണ്ടുംകൊണ്ട് തലീംതാഴ്ത്തി പോന്നിരിക്കുണൂ സകല എണ്ണൂം''. തന്‍റെ മുമ്പില്‍ അവന്‍റെ നിഴല് വീണാല്‍ അന്ന് അവന്‍റെ കഥ കഴിയും എന്ന് ചാമി പ്രഖ്യാപിച്ചു. അല്ലെങ്കില്‍ നാലാളടെ മുമ്പില്‍വെച്ച് പെണ്ണിനോട് ആ കഴുവേറി തെറ്റ് പറയണം.

കാളവണ്ടിക്കാരന്‍ തമിഴനെ കാണണമെങ്കില്‍ അത്രവലിയ കാലതാമസം വരില്ലെന്നും, വെള്ളിയാഴ്ച്ചതോറും ചരക്കുകയറ്റിയ കാളവണ്ടി ആട്ടി  അയാള്‍ ഈ വഴി വരാറുണ്ടെന്നും, ആ സമയം നോക്കി കാത്തുനിന്നാല്‍ അവനോട് പകരം ചോദിക്കാമെന്നും പെട്ടിക്കടക്കാരന്‍ പറഞ്ഞതോടെ എന്നാല്‍ അന്ന് രണ്ടാലൊന്ന് അറിയാമെന്ന് അങ്കംകുറിച്ചുകൊണ്ട് ചാമി തിരികെ പണിസ്ഥലത്തേക്ക് നടന്നു.

അദ്ധ്യായം 6 .

ചാമി പോയതിന്നുശേഷവും കല്യാണിയുടെ വീട്ടുപണികള്‍ തീര്‍ന്നില്ല. മുറ്റത്തുകിടന്നിരുന്ന തെങ്ങിന്‍പട്ടകള്‍ വെട്ടിയൊതുക്കി കെട്ടുകളാക്കി, ചായ്പ്പിന്‍റെ പുറകില്‍ അടുക്കിവെച്ചു. ഓലമടലുകള്‍ വെട്ടി മുറ്റത്ത് ഉണങ്ങാനിട്ടു. മഴ ആരംഭിക്കുന്നതിന്ന് മുമ്പ് അതെല്ലാം ചായ്പ്പില്‍ സൂക്ഷിച്ചുവെക്കണം. ചില മാടുകള്‍ മഴക്കാലത്ത് തണുത്തവെള്ളം കൊടുത്താല്‍ കുടിക്കില്ല. ശൃണുക്കള്‍. അവിറ്റയ്ക്ക് വട്ടചെമ്പില്‍ വെള്ളംനിറച്ച്, പരുത്തികൊട്ട അരച്ചതും  തവിടുംചേര്‍ത്ത് ഇളം ചൂടാക്കി കടലപിണ്ണാക്ക് കുതിര്‍ത്തിയതൊഴിച്ച് ഇളക്കി കൊടുക്കണം . എന്നിട്ടും ചിലതൊക്കെ മൂക്കുകൊണ്ട് മുങ്ങിതപ്പും. അപ്പോള്‍ ഒരുപിടി ഉപ്പ് കയ്യിലെടുത്ത് മാടിന്‍റെ ചിറിയുടെ അടുത്തുകാണിച്ച് വെള്ളത്തില്‍ കൈമുക്കി ഇളക്കിയാല്‍ മതി. ഏത് വെള്ളംകുടിക്കാന്‍ മടിയുള്ള കന്നും വെള്ളം കുടിക്കും. അപ്പപ്പോള്‍ വീണുകിട്ടുന്ന തെങ്ങിന്‍പട്ടകള്‍ വെട്ടി കീറി കെട്ടിവെച്ചാല്‍ കന്നിന്ന് വെള്ളംകാച്ചാന്‍  ഉപകരിക്കും .

ആ പണി തീരുമ്പോഴേക്കും നേരം ഒട്ടേറെ ആയി. കലശലായ വിശപ്പ്. മുറ്റത്തെ തെങ്ങിന്‍ചുവട്ടിലുള്ള മണ്‍തൊട്ടിയില്‍നിന്നും വെള്ളമെടുത്ത് കൈകാലുകളും മുഖവും കഴുകി. ഉടുത്തമുണ്ടിന്‍റെ കോന്തലകൊണ്ട് തുടച്ചു. അടുക്കളയുടെ ഓരത്ത് മുട്ടിപലകയിട്ട് ഓട്ടുപിഞ്ഞാണത്തില്‍ കഞ്ഞി വിളമ്പിവെച്ചു. അമ്മയുടെ ഓര്‍മ്മക്കായി സൂക്ഷിച്ചുവെച്ച ആ പിഞ്ഞാണം കല്യാണിക്ക് വിലമതിക്കാനാവാത്ത നിധിയാണ്. പുളിയും മുളകും ഉഴുന്നുപരിപ്പും ചേര്‍ത്തരച്ച ഇന്നലത്തെ ബാക്കിയുണ്ടായിരുന്ന ചമ്മന്തിയുമായി കല്യാണി കഞ്ഞികുടിക്കാനിരുന്നു. പ്ലാവില കുമ്പിള്‍ കുത്തിയതുകോണ്ട് കഞ്ഞികോരി കുടിക്കുമ്പോള്‍ കല്യാണി അപ്പനേയും വലിയപ്പനേയും ഓര്‍ത്തു.

നേരം വെളുക്കുന്നതിന്നുമുമ്പ് പോയതാണ് അപ്പന്‍. ചന്തയില്‍ എത്തുംമുമ്പ് എന്തെങ്കിലും കഴിച്ചുവോ ആവോ. കഴിച്ചാല്‍ത്തന്നെ ഒരു ചായയും ഒരുകഷ്ണം പിട്ടും മാത്രമേ കഴിക്കു. മഹാപിശുക്കനാണ് അപ്പന്‍ . ഒന്നും വാങ്ങി തിന്നില്ല. വിശേഷത്തിന്നോ, ആഘോഷത്തിന്നോ പോവാറില്ല. അമ്മ മരിച്ചശേഷം അപ്പന്‍ അങ്ങിനെയാണ്. അതൊക്കെ വലിയപ്പനെ കണ്ടു പഠിക്കണം. ഇഷ്ടപ്പെട്ടതെല്ലാം മൂപ്പര് വാങ്ങിക്കഴിക്കും കള്ളും ചാരായൂം മതിയാവോളം കുടിക്കും. എപ്പോഴും ജോളിയായി നടക്കും. വേല, പൂരം, വെടിക്കെട്ട്, സിനിമ ഒക്കെ കാണാന്‍ ചെല്ലും. മക്കളുമില്ല, ഭാര്യയുമില്ല. ആരോടും സമാധാനം പറയാനുമില്ല, ആരേയും പേടിയുമില്ല. ഇടയ്ക്കിടയ്ക്ക് അടിപിടി കേസുകള്‍ ഉണ്ടാക്കും. പൊറാട്ടുംകളിക്കോ കണ്യാര്‍കളിക്കോ, പോയാല്‍ വലിയപ്പന്‍ തല്ലുണ്ടാക്കാതെ തിരിച്ചുവരില്ല. ഇങ്ങിനെയൊക്കെ ആണെങ്കിലും വലിയപ്പന് തന്നെ വലിയ ഇഷ്ടമാണ്. എപ്പോഴും  വാത്സല്യത്തോടെ''ലക്ഷ്മിക്കുട്ട്യേ''എന്നേ വിളിയ്ക്കാറുള്ളു. കണ്യാര്‍കളിക്കോ, പൊറാട്ടുംകളിക്കോ പോകുമ്പോള്‍ ''എടി, മോളേ, നീ വരുന്നോടീ'' എന്നു ചോദിക്കും. പക്ഷെ തനിക്ക് പേടിയാണ്. വലിയപ്പന്‍ എപ്പോഴാ അടിപിടി കൂടുക എന്നു പറയാനാവില്ല. എങ്കിലും  എവിടെ പോയി വരുമ്പോഴും  എന്തെങ്കിലുമൊക്കെ കൊണ്ടുവരും. ഓണത്തിന്നും വിഷുവിന്നും  അപ്പനേക്കാള്‍മുമ്പേ വലിയപ്പനാണ് തുണി വാങ്ങിത്തരാറ് . നറുക്കുകൂടി കാശുണ്ടാക്കി നാലുവളകളും നെക്കലസ്സും വാങ്ങിത്തന്നത് വലിയപ്പന്‍ത്തന്നെ. വലുതായതിന്നുശേഷം അപ്പന്‍ ഒരുമീന്‍ചെളുക്കയുടെ വലിപ്പത്തില്‍ സ്വര്‍ണ്ണം വാങ്ങിതന്നിട്ടില്ല. സമ്പാദിക്കുന്നതൊക്കെ എന്താണ് ചെയ്യുന്നത് എന്നറിയില്ല. വേലപ്പന്‍ മകളുടെ കല്യാണത്തിന്ന് സ്വരൂപിച്ച് വെക്കുന്നതാണ് എന്നാണ് ജാനുമുത്തി പറയാറ്. എന്നാലും മനുഷ്യനല്ലേ . ഇടയ്ക്കെങ്കിലും വല്ല ആര്‍ഭാടമൊക്കെ വേണ്ടേ. അതൊന്നും പറഞ്ഞാല്‍ അപ്പന്‍റെ ചെവിയില്‍ പോവില്ല. വീട്ടില്‍  ഒരുറേഡിയൊ വേണമെന്ന് എത്ര കാലമായി ആശിക്കുന്നു. അപ്പനോട് ഒരുപ്രാവശ്യം മോഹം പറഞ്ഞപ്പോള്‍ അതൊന്നും വേണ്ടാടി എന്നു പറഞ്ഞു. പിന്നേയും പിന്നേയും പറഞ്ഞാല്‍ അപ്പന് ദേഷ്യംവരും. പിന്നെ ഊണ് കഴിക്കാതെ നടക്കും. വലിയപ്പനോട് പറഞ്ഞാല്‍ പിറ്റേദിവസം സാധനം വീട്ടിലെത്തും. പക്ഷെ  അത് അപ്പന് വിഷമമാവും. വാങ്ങരുത് എന്നു പറഞ്ഞ സാധനം വലിയപ്പനെക്കൊണ്ട് വാങ്ങിച്ചാല്‍ അപ്പന് ചിലപ്പോള്‍ വല്ലതും തോന്നിയാലോ? കഞ്ഞികുടിച്ച് പാത്രം കഴുകിവെച്ചു. കുറെ പുല്ലരിഞ്ഞ് കൊണ്ടുവരണം. അപ്പന്‍ ഇന്ന് എത്ര ജോഡി കന്നുമായിട്ടാണ് വരിക എന്ന് അറിയില്ല. വീട്ടിലാണെങ്കില്‍ ഒരുതരി വൈക്കോല്‍ ഇല്ല. ചാണകം കൊടുത്തിട്ടാണ് എന്നും വൈക്കോല്‍ വാങ്ങുക. ഇക്കുറി ചാമി വലിയപ്പന്‍ ചാണകകുഴിയില്‍ ഉള്ള ചാണകം മുഴുവന്‍ മൂപ്പരുടെ മുതലാളിയുടെ പാടത്തേക്ക് കാളവണ്ടിയില്‍ കയറ്റി കൊണ്ടുപോയി. ഇതുവരെ ഒറ്റപൈസ തന്നിട്ടില്ല, വൈക്കോലും കിട്ടിയില്ല. മൂപ്പര് കാശെടുത്ത് ചിലവാക്കുകയൊന്നുമില്ല. ചിലപ്പോള്‍ ചോദിക്കാന്‍ മറന്നതാവണം. വൈകുന്നേരം വലിയപ്പന്‍ വരട്ടെ. വൈക്കോലിന്‍റെ കാര്യം അപ്പോള്‍ ഓര്‍മ്മപ്പെടുത്തണമെന്ന് കല്യാണി മനസ്സില്‍ ഉറപ്പിച്ചു.

വീടുപൂട്ടി  അരിവാളും കയറുമായി ഇറങ്ങുമ്പോള്‍ ജാനുമുത്തി കയറി വരുന്നു.

 ''നീ പിണ്ണാക്കോ തവിടോ വാങ്ങാന്‍ കടയിലേക്ക് പോണുണ്ടോടീ''എന്നു ചോദിച്ചുകൊണ്ടാണ് തള്ളയുടെ വരവ്. തള്ളയ്ക്ക് വെറ്റില മുറുക്കാന്‍ വാങ്ങാനുണ്ടാവണം, ചിലപ്പോ ഒരുകെട്ട് ബീഡിയും വേണ്ടിവരും. ആരും അറിയാതെയാണ് തള്ള ബീഡി വലിയ്ക്കാറ്. താനാണ് ബീഡി കൊടുക്കാറ് എന്ന് അവരുടെ മക്കള്‍ക്കറിയാം. മോള് തള്ളയുടെ തോന്ന്യാസത്തിന്ന് കൂട്ടുനില്‍ക്കരുതെന്ന് അവരൊക്കെ പറയും. ഇനി വാങ്ങികൊടുക്കില്ല എന്ന് ഉറപ്പിച്ചാലും, മുത്തിയുടെ ദയനീയമായ നോട്ടം കണ്ടാല്‍ ആ ഉറപ്പ് തനിയെ ഇല്ലാതാവും. പാവം അതിന് ബീഡി വലിക്കാന്‍ ഉന്നലുണ്ടാവും എന്നോര്‍ത്ത് വാങ്ങികൊടുക്കും.

''എന്‍റെ മകള് നന്നായി വരും''എന്നുപറഞ്ഞ് മുത്തി തലയില്‍ കൈവെച്ച് അനുഗ്രഹിക്കുമ്പോള്‍''മേലാല്‍ എന്നോടിത് വാങ്ങാന്‍ പറയരുത് മുത്ത്യേ''എന്നു വിലക്കും.

''എന്താണ്ടി മകളെ നീ ഒന്നും പറയാത്തത്''മുത്തിയമ്മ ചോദിച്ചപ്പോള്‍ താന്‍ പുല്ലരിയാന്‍ പോവുകയാണെന്നും, തിരിച്ചുവന്ന് കുളി കഴിഞ്ഞ ശേഷമേ ഇനി കടയിലേക്ക് പോവുകയുള്ളു എന്നുംപറഞ്ഞ് കല്യാണി പടിചാരി ഇറങ്ങി.

''പോവുമ്പോള്‍ പറ കേട്ടോടി''എന്നുപറഞ്ഞ് തള്ള തിരിച്ചുപോയി.

അദ്ധ്യായം 7.

കൊണ്ടുപോയ ഉരുപ്പടികള്‍ മുഴുവന്‍ പെട്ടെന്നുതന്നെ വിറ്റുപോയി. വിചാരിച്ചതില്‍ കൂടുതല്‍ വിലയുംകിട്ടി. ചിലദിവസങ്ങളില്‍ കച്ചോടം അങ്ങിനെയാണ്. കാര്യങ്ങള്‍ ഉദ്ദേശിച്ചതിലും ഭംഗിയായി നടക്കും. ഒരു മാടിനെ കിട്ടാനാണ് പെടാപാട് പെട്ടത്. ഏനക്കേട് പിടിച്ച വല്ലതിനേയും വാങ്ങിക്കൊണ്ടുചെന്നാല്‍ കല്യാണി ദേഷ്യപ്പെടും. എന്തുചെയ്യണമെന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ നാരായണന്‍ വേലപ്പന്‍റെ മുന്നിലെത്തി.

''എന്താ ഏട്ടോ നിങ്ങള് ചന്തേല് വന്നിട്ട് വെറുതെ നിക്ക്ണ്''എന്നുപറഞ്ഞ് അവന്‍ അടുത്തുകൂടി. മുമ്പ് അവന്‍ തന്‍റെ പങ്കുകച്ചവടക്കാരനായിരുന്നു. ഒരിക്കല്‍ കന്നിനെയും ആട്ടിക്കൊണ്ട് പോകുമ്പോള്‍ ഒരു കാറിടിച്ചു വീണ് കുറച്ചുകാലം കിടപ്പിലായതാണ്. അതോടെ ആ കൂട്ട് പൊളിഞ്ഞു. അവന്‍റെ ചികിത്സക്ക് അന്ന് കുറെയധികം പണം കയ്യില്‍നിന്ന് ചിലവാക്കിയിരുന്നു. ഇപ്പോള്‍ അവന് കൂടുതല്‍ദൂരം നടക്കാനൊന്നും ആവില്ല. കാലിച്ചന്തയില്‍ കന്നിന്ന് തരകുപറഞ്ഞ് കിട്ടുന്ന ചില്ലറ വരുമാനംകൊണ്ടാണ് നാരായണന്‍ കഷ്ടിച്ച് കഴിഞ്ഞുകൂടുന്നത് എന്ന് ആരോ പറഞ്ഞിരുന്നു. നാരായണനോട് തന്‍റെ ആവശ്യം പറഞ്ഞു.

''നിങ്ങ ഇവിടെ നിക്കിന്‍. ഞാന്‍ ഇപ്പൊ വരാം''എന്നു പറഞ്ഞ് അവന്‍ തിരക്കില്‍ മറഞ്ഞു. കൂട്ടിന്ന് വന്ന രണ്ടുചെക്കന്മാര്‍, ഇവിടുന്ന് വാങ്ങിയ കൂളന്‍കുട്ടികളുമായി ചന്തയ്ക്ക് പുറത്തുണ്ട്. ഓരോരുത്തരായി പോയി വല്ലതും വാങ്ങികഴിച്ചോളാന്‍ പറഞ്ഞ് പൈസയുംകൊടുത്ത് വിട്ടതാണ്. കൂടെ കൊണ്ടുവന്നിട്ട് വയറ് നിറച്ച് തിന്നാന്‍വാങ്ങി കൊടുത്തിട്ടില്ലെങ്കില്‍ നാളെ അവറ്റ അതുംപറഞ്ഞുകൊണ്ട് നടക്കും. ആര്‍ത്തിപണ്ടാരങ്ങളാണ്. വിശപ്പ് മാറാന്‍ നേരത്തിന്ന് എന്തെങ്കിലും കഴിക്കണം. ഇവിറ്റുങ്ങള്‍ക്ക് അതു പോരാ. വായ്സ്വാദ് കൂടിയ വകയാണ്. പൊറോട്ടയും ഇറച്ചിയും മാത്രേ കഴിക്കൂ. ഒരു ആണ്‍കുട്ടി ഇല്ലാത്തതുകാരണം കണ്ടവനെയൊക്കെ പുലര്‍ത്തേണ്ടിവരുന്നു. മകള്‍ ഒന്നുള്ളതുകൊണ്ട് വീട്ടുകാര്യം നോക്കിനടത്താന്‍ ആളായി. അതുതന്നെ വലിയ ഭാഗ്യം .

മുകളില്‍ എരിയുന്ന സൂര്യന്‍. ദാഹിച്ച് തൊണ്ടവരളുന്നു. കുറച്ചു വെള്ളം കിട്ടിയെങ്കില്‍ എന്ന് ആശതോന്നി. വല്ലതും വാങ്ങികുടിക്കാമെങ്കില്‍ എന്താ ഒരുവില. അങ്ങിനെ തിന്നും കുടിച്ചും കളയാന്‍മാത്രം തനിക്ക് കയ്യിരിപ്പ് യാതൊന്നും ഇല്ലല്ലോ. എന്തെങ്കിലും ഊറ്റിപിടിച്ച് ഉണ്ടാക്കിയിട്ട് വേണം ഒരുപെണ്ണുള്ളതിനെ കെട്ടിക്കാന്‍. പുറത്തുകടന്നാല്‍ പാതവക്കത്ത് പൈപ്പ് ഉണ്ട്. അതൊക്കെ മതി. അതിന്നിടയില്‍ നാരായണന്‍ തിരഞ്ഞ് വന്നാലോ? പാകത്തിന്ന് ഒരുമാടിനെ കിട്ടിയാലോ. മേടിച്ച കൂളന്‍കുട്ടികള്‍ ഒന്നാന്തരം ഉരുപ്പടികളാണ്. മുണ്ട്യേന്‍ കാപ്പാത്തിയാല്‍ പത്തുറുപ്പിക കയ്യില്‍തടയും. അധികംവൈകാതെ നാരായണന്‍ എത്തി.

''ഏട്ടോ, മാട് നല്ലതൊന്ന് നിക്കുണുണ്ട്, പക്ഷെ തൊള്ളേല്‍തോന്ന്യേ വെല്യാണ്  പറയുണത്''.

ഒരു നിമിഷം ആലോചിച്ചു. അഞ്ചാറ് ദിക്കില്‍ പാല് കുറ്റി ഏറ്റിട്ടുണ്ട്. ഇനി അവരോട് എന്ത് പറയും. പാകത്തിന് നല്ലതൊന്ന് കിട്ടാതെ കയ്യിലുള്ളത് കൊടുത്തത് തനിച്ച് പൊട്ടത്തരമായി. കാലത്ത് കൈകൂടിയ ലാഭം ഇവിടെതന്നെ പോവ്വോ എന്നറിയില്ല. എങ്കില്‍ എന്തിനാണ് ഈ പണിക്ക് ഇറങ്ങിതിരിക്കുന്നത്. മിണ്ടാണ്ടെ കുടീല് കുത്തിരുന്നാല്‍ പോരെ. ഇന്ന് കാലത്ത് മനുഷ്യന്മാര്‍ക്ക് ദുരാശയാണ്. അല്ലെങ്കില്‍ ആരെങ്കിലും പുഴുപണ്ടങ്ങള്‍ക്ക് അമര്‍ന്ന വില പറയ്വോ. ഒരു കൊരലടപ്പന്‍ ദീനം വന്നാല്‍ ഉള്ള മൊതല് പോവും. എങ്കില്‍ കൊണ്ടുപോയി കുഴിച്ചുമൂടാനെ പറ്റൂ.

''ഏട്ടനെന്തെങ്കിലും പറയിന്‍''നാരായണന്‍ തിടുക്കംകൂട്ടി.

''തൊള്ളേല്‍ തോന്ന്യേത് കേട്ടാല്‍ കൊടുക്കാന്‍ നമ്മടേല്‍ ഇല്ല. നിനക്ക് നമ്മടെ നെലവരം എന്താന്ന് അറിയില്ലേ. മയത്തില് പറഞ്ഞ് നോക്കി കച്ചോടം മുറിക്കാന്‍ നോക്ക്''നാരായണനെ ശട്ടംകെട്ടി.

''നിങ്ങ വല്ലതും കഴിച്ചോ''നാരായണന്‍ ചോദിച്ചപ്പോള്‍ ഇല്ലെന്ന് തലയാട്ടി.

''എന്നാ വരിന്‍''എന്നു പറഞ്ഞ് അവന്‍ മുമ്പേനടന്നു. ഹോട്ടലിലേക്കാണ് പോക്ക്.

''മാടിന്‍റെ ആള്‍ക്കാര് പോവില്ലേ''എന്നുചോദിച്ചതിന്ന് അവരും അങ്ങോട്ട്  പോയീ''എന്ന മറുപടി കിട്ടി. ഇനി എന്താ ചെയ്യേണ്ടത്? ഒക്കെ പടുചിലവ് തന്നെ എന്ന് മനസ്സില്‍ പറഞ്ഞ് നാരായണന്‍റെ പുറകെനടന്നു.

ഹോട്ടലില്‍വെച്ച് മാടിന്‍റെ ആളുകളെ കാണിച്ചുതന്നു. കയ്യില്‍ തുട്ട് ഇല്ലാവരാണെന്ന് ഒറ്റനോട്ടത്തില്‍തന്നെ മനസ്സിലായി. പത്ത് പൈസക്ക് വരെ കെഞ്ചി നോക്കുന്നവരാണെന്ന് തോന്നുന്നു. എന്തായാലും അവരോട് കേട്ട്നോക്കാം. വിളമ്പുന്നവനോട് നാരായണന്‍ ചോറിന്ന് പറഞ്ഞു. വല്ല ചായയും വടയും മതിയായിരുന്നു. അത്ര പൈസയും വരില്ല. മാറ്റി പറയാനൊന്നും പോയില്ല. കഞ്ചന്‍ എന്ന പേര് കേള്‍പ്പിക്കെണ്ടല്ലോ.

നാരായണന്‍ മാട് വില്‍ക്കാന്‍ വന്നവരുടെകൂടെ മുന്നില്‍നടന്നു. തണലത്ത് ഉരുപ്പടി നില്‍പ്പുണ്ട്. തൊട്ടടുത്ത് കൂടെവന്ന പിള്ളരും കൂളന്‍കുട്ടികളും. ശകുനം നന്ന്. ഒന്നിച്ച് ഒരുതൊഴുത്തില്‍ നില്‍ക്കാനുള്ളതാണെന്ന് അവറ്റ അറിഞ്ഞുവോ ആവോ.

മാടിന്‍റെ ചുറ്റും നടന്നുനോക്കി. ചുഴിക്കുറ്റം ഒന്നും കാണാനില്ല. കല്ലകിട് അല്ല. മൂന്നാമത്തെ പേറാണ് എന്നുതോന്നുന്നു. ഈ ഈറ്റിലേ പാലിറങ്ങൂ. തരത്തിന് കിട്ടിയാല്‍ മെച്ചംതന്നെ. വട്ടിയും വയറും ഒക്കെ ഉള്ള ഇനമാണ്. ഇത്തിരി പരുത്തികൊട്ടയും കടലപിണ്ണാക്കും അരച്ചുകൊടുത്താല്‍ മതി. പച്ചപുല്ല് അരിയാന്‍ ഉള്ളത് നന്നായി. ആനാവ് കുട്ടിയാണ്. മേലാലിക്ക് ഒരു മുതലാവും. ആകപ്പാടെ തെറ്റ് വരില്ല.

''കടിഞ്ഞില് പെറ്റതാണ്. ആറെടങ്ങഴി പാല്കിട്ടുംന്നാ പറയുണത്'' നാരായണന്‍ പറഞ്ഞു.

''നീയെന്താ പൊട്ടക്കണ്ണന്മാരോട് പറയുണപോലെ എന്നോട് പറയുണ്, ഈ കാലത്തിനിടയില്‍ നമ്മള് എത്ര മാട് വാങ്ങി, എത്ര എണ്ണം വിറ്റു. ഇതിന് മൂന്ന് പേറായി. കൊമ്പ് കണ്ടാല് അറിയില്ലേ മാട് എത്രപെറ്റൂന്ന്. ആരക്കും അറിയാത്തപോലത്തെ കൂട്ടം കൂട്വാണോ''വേലപ്പന്‍ മാറിനിന്നു.

നാരായണന്‍ ഉടമസ്ഥനെകൂട്ടി ദൂരെ മാറിനിന്ന് എന്തെല്ലാമോ സംസാരിച്ചു. പിന്നീട് വന്ന് എന്തുവില കാണുന്നുണ്ട് എന്ന് ചോദിച്ചു.

''മൊതല് അവരടെ, അവര് പറയട്ടെ''എന്നുപറഞ്ഞ് ചുമതലയില്‍നിന്ന് ഒഴിഞ്ഞു. അവരുടെ മനസ്സിലിരുപ്പ് മനസ്സിലായാല്‍ അതനുസരിച്ച് വില പേശാം.

 ''അവര് നാനൂറ് പറയുണുണ്ട്''നാരായണന്‍ വീണ്ടുമെത്തി.

''ഇത് നമുക്ക് ചേരില്ല, നാനൂറ് ഉറുപ്പിക ഉണ്ടെങ്കില്‍ ഞാന്‍ പെണ്‍കുട്ടി ഉള്ളതിന് രണ്ടുപവന്‍റെ മാല വാങ്ങും''

 ''മാല വാങ്ങ്യാല്‍ കുട്ടിടെ കഴുത്തിലിടാം, അല്ലാതെ അതിനെ കറക്കാന്‍ പറ്റില്ലല്ലോ''നാരായണന്‍ കൂടെകൂടി.

''ഇനി നിങ്ങള് വെല പറയിന്‍''എന്നായി ഉടമസ്ഥന്‍ .

''നമുക്ക് ഒറ്റ വിലേ ഉള്ളു. ഇരുന്നൂറ്റമ്പത് ഉറുപ്പിക കണ്ടിട്ടുണ്ട്''. ആ വിലയ്ക്ക് മറുഭാഗം സമ്മതിച്ചില്ല. പലവട്ടം വില പറഞ്ഞു. ഒടുവില്‍ ഇരുന്നൂറ്റി എഴുപത്തഞ്ചിന്ന് കച്ചോടം ഉറപ്പിച്ചു. വേണ്ട ഏട്ടോ എന്ന് പറഞ്ഞെങ്കിലും ഇരുപത്തഞ്ച് ഉറുപ്പിക നാരായണനും കൊടുത്തു. ഒരു കഴിവടവും ഇല്ലാതെ ഇരിക്കുന്നവനാണ് അവന്‍ .

 ''അവര്‍ക്ക് പണത്തിന്ന് ഇത്തിരി ട്ടൈറ്റാ. അതാ ഈ പെട്ടവിലയ്ക്ക് തന്നത്''നാരായണന്‍ സ്വകാര്യം പറഞ്ഞു.

മാടിന്‍റെ കയര്‍ ഉടമസ്ഥന്‍ അഴിച്ചുവാങ്ങി. കയറോടുകൂടി ആരും കന്നിനെ വില്‍ക്കാറില്ല. പുതിയൊരു കയര്‍ വാങ്ങി മാടിന്‍റെ കഴുത്തിലിട്ടു. കുട്ടിയെ കയ്യിലെടുത്ത് നടന്നു. മാട് പുറകെവന്നു, കൂളന്മാരെ തെളിച്ച്കൊണ്ട് രണ്ടു പിള്ളേരും. പാതയോരംവരെ നാരായണന്‍ കൂടെവന്നു.

''എട്ടോ, ഇനി എന്നാ നിങ്ങ ഈ വഴിക്കൊക്കെ''നാരായണന്‍ ചോദിച്ചു. അവന്‍ പോകാനുള്ള മട്ടിലാണ്.

''വാണിയംകുളത്തും എലിപ്പാറച്ചന്തേലും തുടിയല്ലൂരും ഒക്കെ കന്നു വാങ്ങാന്‍ പോവും. അതിന്‍റെ എടേല് ഇടയ്ക്ക് ഇങ്കിട്ടുംവരും''ഒന്നു നിര്‍ത്തി വേലപ്പന്‍ തുടര്‍ന്നു''വരുണതേ നൂറുകൂട്ടം തിരക്കുംകൊണ്ടാണ്. കച്ചോടം കഴിഞ്ഞാല്‍ മിനുട്ടുനേരം കളയില്ല. അപ്പത്തന്നെ പോവും. അതാ കാണാത്തത്''.

''നിങ്ങ വരുമ്പൊ ആരോടെങ്കിലും ഒന്ന് കേട്ട് നോക്കിന്‍. ഞാന്‍ ഇവിടെ എവിടേങ്കിലും ഉണ്ടാവും. കുറെകാലം നമ്മള് ഒന്നിച്ച് നടന്നതല്ലേ''. ശരി എന്നമട്ടില്‍ തലയാട്ടി. അവന്‍റെ വീട്ടിലെ വിശേഷങ്ങള്‍ ഒന്നും ഇത്രനേരം കേട്ടില്ല. അവനോട് ലോഹ്യംചോദിക്കാതെ പോയാല്‍ മോശമല്ലേ. കാര്യം കഴിഞ്ഞപ്പോള്‍ മൂപ്പര് മൂടുംതട്ടി സ്ഥലംവിട്ടു എന്ന് പറയിപ്പിക്കരുത്. പശുക്കുട്ടിയെ താഴെ നിറുത്തി. പിള്ളരും കന്നുകളും നിന്നു.

''നിന്‍റെ മക്കളക്ക് ഒക്കെ സുഖം അല്ലേടാ''അയാള്‍ ചോദിച്ചു.

''എന്ത് സുഖം''. നാരായണന്‍ സ്വന്തം സങ്കടങ്ങള്‍ പറഞ്ഞുതുടങ്ങി. വണ്ടി മുട്ടി കിടന്നശേഷം പണിക്ക് പോവാന്‍ പറ്റാണ്ടായി. കയ്യിലുള്ളതൊക്കെ ചികിത്സയ്ക്കും ചിലവായി. ചെക്കന്‍ പണിക്ക് പോയിട്ട് വല്ലതും ഒക്കെ കൊണ്ടുവന്ന് തന്നിരുന്നതാണ്. അതിന്‍റെ എടേല്‍ ഏതോ പെണ്ണുമായി അവന്‍ ചിറ്റത്തിലായി. ഒരുദിവസം പെണ്ണിനീംകൂട്ടി ആള് നാടുവിട്ടു. മൂന്നാംപക്കം മകളുടെ കെട്ട്യോന്‍ പെണ്ണിനെ വീട്ടില്‍ കൊണ്ടുവന്നാക്കി. അളിയന്‍ ചെയ്തപണി അവര്‍ക്ക് മാനക്കേട് ഉണ്ടാക്കി എന്നാ പറഞ്ഞത്. കെട്ട്യോള്‍ക്കാണെങ്കില്‍ എന്നും സൂക്കടാണ്. എത്രകാലം മിണ്ടാണ്ടെ ഒരുഭാഗത്ത് കുത്തിരിക്കും. ആറുമാസം ആയി ചന്തേലിക്ക് വരാന്‍ തുടങ്ങീട്ട്. ഇവിടുന്ന് കിട്ടുണത് പെണ്ണിന് മരുന്നുവാങ്ങാന്‍ തികയില്ല. അതിന്‍റെകൂടെ മകള്‍ക്കും കുട്ടിക്കും ചിലവിന്നുള്ളതുംകൂടി ഞാന്‍ ഉണ്ടാക്കണം. എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് ഒരുരൂപൂം ഇല്ല ഏട്ടോ''ഒന്നുനിര്‍ത്തി അവന്‍ വീണ്ടും പറഞ്ഞു തുടങ്ങി''ഇതിനൊക്കെ പുറമെ മകളുടെ കുട്ടിക്ക് എന്നും ദീന്വാണ്. ചെലപ്പൊ കുട്ടിടെ ദേഹം നീലകളറാകും. ഹാര്‍ട്ടിന്ന് കേടാണത്രേ. നല്ലോണം പണം ചെലവാക്കി നോക്കിക്കണംന്നാ എല്ലാരും പറയുണത്. നേരത്തിന്ന് കഞ്ഞികൊടുക്കാന്‍ പാങ്ങില്ലാണ്ടെ ഞാന്‍ കെടന്ന് തിരിയ്വാണ്. പിന്നെങ്ങനാ ചികിത്സിക്യാ. നല്ലോരു പെണ്‍കുട്ടി. അത് ചികിത്സക്കാന്‍  പറ്റാണ്ടെ ചത്തു പോക്വേള്ളൂ'' . നാരായണന്‍ കണ്ണുതുടച്ചു.

കഷ്ടം. എങ്ങിനെ സുജായി ആയി നടന്ന ആളാണ്. മക്കള്‍ ഉണ്ടായാല്‍ മാത്രം പോരാ. നല്ല ബുദ്ധീംകൂടി ഉണ്ടാവണം. പാവം, ഇപ്പോള്‍ നല്ല കഷ്ടപ്പാടുണ്ട്. അല്ലെങ്കില്‍ ഇതൊന്നും അവന്‍ പുറമെ പറയില്ല. അഭിമാനിയാണ് അവന്‍. എല്ലാരടെ കാര്യൂം  ഇത്രയൊക്കേ ഉള്ളു. പണവും പത്രാസും ഒക്കെ മിനുട്ടുവെച്ച് തീരും. തനിക്കും ഒരു മകള്‍ ഉണ്ട്. അതിനാണ് ഇങ്ങിനെ ഒരു അവസ്ഥ വന്നതെങ്കിലോ. അതാലോചിച്ചപ്പോള്‍ എന്തോ ചങ്കില്‍ കൊണ്ടതുപോലെ തോന്നി. ബെല്‍റ്റിലെ പേഴ്സിനകത്ത് കയ്യിട്ടു. അതിനകത്തുള്ളത് മുഴുവന്‍ എടുത്ത് എണ്ണിനോക്കി.  മുന്നൂറ്റി നാല്‍പ്പത്തഞ്ച് ഉറുപ്പിക ഉണ്ട്. എത്രയോ പണം ഈ കയ്യില്‍കൂടി വന്നുപോയിട്ടുണ്ട്. ഈ കാശോണ്ട് ആ കുട്ടിക്ക് മരുന്നുവാങ്ങി കൊടുത്ത് അത് മരണത്തില്‍നിന്ന് തപ്പിച്ചാല്‍ അതിലുംവെച്ച് വലിയൊരു പുണ്യൂല്യാ. നാരായണന്‍റെ കയ്യില്‍ പണം മുഴുവനും വെച്ചുകൊടുത്തു. അവന്‍ തേങ്ങികരയുന്നത് കണ്ടപ്പോള്‍ തന്‍റെ കണ്ണുകളില്‍ നനവ് പടരുന്നതറിഞ്ഞു.

ഒന്നുംപറയാതെ തിരിഞ്ഞുനടന്നു. ചന്ത പിരിഞ്ഞ് ആളുകള്‍ പോയി തുടങ്ങി. തമിഴ്നാട്ടില്‍നിന്നും കന്നുകാലികളുമായി വന്ന ലോറികള്‍ സ്ഥലംവിട്ടിരിക്കുന്നു. കാളവണ്ടികള്‍ മാത്രം മരത്തിന്‍റെ തണല്‍പറ്റി നില്‍പ്പുണ്ട്.

ഉച്ചവെയിലുംകൊണ്ട് മൂന്നംഗസംഘം കന്നുകാലികളുമായി മടക്കയാത്ര തുടങ്ങി.

അദ്ധ്യായം 8.

പ്രാതല്‍കഴിഞ്ഞ് പത്രംനോക്കി കിടന്നതാണ്. അറിയാതെ ഉറങ്ങി. കിട്ടുണ്ണി വിളിച്ചപ്പോഴാണ് ഉണര്‍ന്നത്.

''ഏട്ടന്‍ നന്നായി ഉറങ്ങി''അവന്‍ പറഞ്ഞു''ഉണ്ണാറായതോണ്ട് മാത്രാണ് ഞാന്‍ ഉണര്‍ത്ത്യേത്''.

പിള്ളേര്‍ രണ്ടും അത്ഭുതംകലര്‍ന്ന നോട്ടവുമായി കിട്ടുണ്ണിയുടെ പുറകില്‍ നില്‍പ്പാണ്. എഴുന്നേറ്റുചെന്ന് മുഖംകഴുകി. കിട്ടുണ്ണി നീട്ടിയ തോര്‍ത്ത് വാങ്ങി മുഖംതുടച്ച് ഉണ്ണാന്‍ചെന്നു.

''ഇന്നലെ ഏട്ടന്‍ തീരെ ഉറങ്ങീട്ടുണ്ടാവില്ല അല്ലേ''ചോറ് വിളമ്പുമ്പോള്‍ രാധ ചോദിച്ചു''പിള്ളര് ബഹളംവെച്ചപ്പൊ ഞാന്‍ അവരോട് മുറ്റത്തു പോയി കളിക്കാന്‍ പറഞ്ഞു. അല്ലെങ്കില്‍ രണ്ടെണ്ണൂംകൂടി ഏട്ടന്ന് കിടക്ക പൊറുതി തര്വേണ്ടാവില്ല''.

''എന്താ ഒരുകൂര്‍ക്കംവലി. തോട്ടിന്ന് കറുമ്പന്‍ വെള്ളംതേകുമ്പോഴത്തെ ചെത്തതിനേക്കാളും ഒറക്കെ''പെണ്‍കുട്ടി പറഞ്ഞു. പേരക്കുട്ടിയുടെ നേരെ രാധ കയ്യുയര്‍ത്തി.

 ''പെണ്ണേ, നിന്‍റടുത്ത് ആരെങ്കിലും വല്ലതും ചോദിച്ചോ. മുളച്ച് നിലം വിട്ട് പൊങ്ങീട്ടില്ല, അപ്പഴക്കും പെണ്ണിന്‍റെ ഒരുനാവേ''അവര്‍ കുട്ടിയെ ശാസിച്ചു.

വിഭവസമൃദ്ധമായി ഊണൊരുക്കിയിരിക്കുന്നു. ഇറച്ചിവരട്ടിയതും മീന്‍ വറുത്തതും രാധ വിളമ്പാന്‍ ഒരുങ്ങിയപ്പോള്‍ വിലക്കി. താന്‍ ഇതൊന്നും കഴിക്കാറില്ല.

''ഇതേപ്പൊ നന്നായത്''രാധ പറഞ്ഞു''ഏട്ടന്‍വന്ന വകയ്ക്ക് സ്പെഷല്‍ എന്തെങ്കിലും ഇന്നുണ്ടാക്കണംന്ന് കൃഷ്ണനുണ്ണി ഏട്ടന്‍ പറഞ്ഞിട്ട് ഞാന്‍ ഉണ്ടാക്ക്യേതാ, ഇതൊന്നും ഏട്ടന്‍  കഴിക്കില്ലാന്ന് എനിക്കറിയില്ലാ. ഇവിടെ ആണച്ചാല്‍ ഈ ചെക്കനുംകൂടി ഇതേവേണ്ടൂ''.

ചോറുണ്ടുകഴിഞ്ഞ് അരഗ്ലാസ്സ് സംഭാരവുംകുടിച്ച് എഴുന്നേറ്റു. കിട്ടുണ്ണി ചാരുകസേല പുതിയൊരു തുണിയിട്ട് ഒരുക്കിവെച്ചിരിക്കുന്നു. വേണു അതില്‍ ചാരിക്കിടന്നു.

 ''ഏട്ടന് ഉച്ചനേരത്ത്കിടക്കുണ പതിവുണ്ടോ''കിട്ടുണ്ണി ചോദിച്ചു. ഇല്ലെന്ന് തലയാട്ടി. കഴിഞ്ഞമാസംവരെ ഈ നേരത്ത് ജോലിയിലായിരുന്നു. പിന്നെ എങ്ങിനെ ഉറങ്ങാനാണ്. ഇനി പുതിയ സാഹചര്യത്തില്‍ പുതിയശീലങ്ങള്‍ കടന്നുവരുമോ ആവോ. കിട്ടുണ്ണി അടുത്തൊരു കസേലയിലിരുന്നു.

''വിശേഷങ്ങള്‍ ഒന്നും ചോദിക്കാനും പറയാനും പറ്റീല്ല''കിട്ടുണ്ണി പറഞ്ഞു''ഏട്ടന്‍ ഉറങ്ങ്യേനേരത്ത് ഞാനൊരു മീറ്റിങ്ങിന്ന് പോവും ചെയ്തു. പറയൂ, എന്തൊക്ക്യാണ് ഏട്ടന്‍റെ വിശേഷങ്ങള്‍''

അന്യനാട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞുകൂടിയ തനിക്ക് എന്ത് വിശേഷം. കഴിഞ്ഞ മാസം മുപ്പതാംതിയ്യതിവരെ പണിക്ക് പോയിരുന്നു. ഇനി അതുവേണ്ടാ എന്ന ഒരുമാറ്റമേ ജീവിതത്തില്‍ വന്നിട്ടുള്ളു.

''എനിക്കെന്താ പറയാനുള്ളത്, നിനക്കല്ലേ നാട്ടുവിശേഷങ്ങളും കുടുംബകാര്യങ്ങളും അറിയൂ''

കനാല്‍വെട്ടാന്‍ തുടങ്ങിയശേഷം പണിക്ക് ആളെ കിട്ടാന്‍ ബുദ്ധിമുട്ടായതും, അമ്പലം പുതുക്കിപണിതതും, യു.പി. സ്കൂള്‍ ഹൈസ്കൂള്‍ ആക്കിയതും ഒക്കെ കിട്ടുണ്ണി വിവരിച്ചു. മുരുകമലയുടെ അടിവാരംവരെ പാതപണിത് ബസ്സ് വരികയാണത്രേ. മലയുടെ മുകളില്‍ മനുഷ്യന്‍ തിരിഞ്ഞുനോക്കാതെ കിടന്നു നശിച്ചുപോയ മുരുകന്‍ കോവില്‍ പുതുക്കി പണിചെയ്യുകയാണ്. മുകളിലേക്ക് കയറാന്‍ കരിങ്കല്‍പ്പടവുകളും പണി ചെയ്യുന്നുണ്ട്. താനാണ് കമ്മിറ്റിയുടെ പ്രസിഡണ്ട് എന്ന് കിട്ടുണ്ണി അഭിമാനത്തോടെ പറഞ്ഞു.

"ഏട്ടനോട് എനിക്ക് പ്രധാനപ്പെട്ട ഒരുകാര്യം പറയാനുണ്ട്''കിട്ടുണ്ണി ഒരു ആമുഖത്തോടെ കുടുംബപുരാണത്തിലേക്ക് കടന്നു''ഈ വിവരം പറയാന്‍ മദിരാശിയിലേക്ക് വന്നാലോന്ന് ആലോചിച്ചതാണ്. പിന്നെ എന്തിനാണ് ജോലിസ്ഥലത്തുവന്ന് എന്‍റെ വിഷമങ്ങള്‍ പറഞ്ഞ് ഏട്ടന്‍റെ സമാധാനംകൂടി നശിപ്പിക്കുണത് എന്നുകരുതി വേണ്ടാന്നു വെച്ചതാണ്''. ഓര്‍ത്തപ്പോള്‍ വേണുവിന്ന് ചിരിവന്നു. ഏട്ടനെ വിഷമിപ്പിക്കരുതെന്ന്. ഈ കഴിഞ്ഞ കാലമത്രയും ഒട്ടും വിഷമിപ്പിക്കാത്തതുപോലെയാണ് ഈ പറച്ചില്‍.

കിട്ടുണ്ണിയുടെ ഓരോകത്തും ആവശ്യങ്ങള്‍ നിറഞ്ഞതായിരുന്നു. അവന്‍ അയച്ചിരുന്ന എല്ലാ കത്തിലും പ്രാരാബ്ധങ്ങള്‍ മാത്രമേ കാണൂ.  പെങ്ങളെ കല്യാണം കഴിപ്പിച്ച വകയിലെ കടം വീട്ടാനുണ്ട്, ഭാഗംനടത്താന്‍ കേസ്സ് കൊടുക്കണം, വീഴാറായ വീട് റിപ്പയര്‍ ചെയ്യണം. അതിന് ചിലവുണ്ട്. സ്കൂള്‍മാസ്റ്ററുടെ ശമ്പളംകൊണ്ട് ഒന്നിനും തികയുന്നില്ല. ഇതൊക്കെ ഏട്ടന്‍ വിചാരിച്ചാലെ നടക്കൂ. മൂന്നാമത്തെ മകള്‍ മുതിര്‍ന്നശേഷം കിട്ടുണ്ണി അയക്കുന്ന എഴുത്തിന്നടിയില്‍ അവളും രണ്ടുവരി കുറിക്കും. എന്‍റെ പരീക്ഷ കഴിഞ്ഞു. ഞാനാണ് എന്‍റെ ക്ലാസ്സില്‍ ഒന്നാമത്. അനിവേഴ്സറിക്ക് ഡാന്‍സിന് ചേര്‍ന്നു. അതിന്ന് പറ്റിയ തുണി വാങ്ങണം. അച്ഛന്‍റെപേരില്‍ പണം അയച്ചാല്‍മതി. ഞാന്‍ അച്ഛന്‍റേന്ന് വാങ്ങിക്കോളാം. പെണ്‍കുട്ടി കോളേജില്‍ ചേര്‍ന്നതോടുകൂടി അവളുടെ ആവശ്യങ്ങള്‍കൂടി. പലപ്പോഴും പണം ചോദിച്ച് കിട്ടുണ്ണി നേരില്‍ വന്നു തുടങ്ങി. സമ്പാദിച്ചത് മുഴുവന്‍ ചോര്‍ന്നുകൊണ്ടിരുന്നിട്ടും മറിച്ചൊന്നും പറഞ്ഞില്ല.

''ഏട്ടന്‍ എന്താ ഒന്നും പറയാത്തത്''കിട്ടുണ്ണി അക്ഷമ കാട്ടി. ഇനി എന്ത് ആവശ്യമാണ് പറയാന്‍ പോകുന്നത് ആവോ? എന്തായാലും അവന് പറയാനുള്ളത് പറയട്ടെ.

''എന്താച്ചാല്‍ പറ, ഞാന്‍ കേള്‍ക്കുണുണ്ട്''അയാള്‍ മറുപടികൊടുത്തു.

''അവളില്ലേ ആ മൂധേവി, എന്‍റെ പൊന്നുപെങ്ങള്. അവളിപ്പോള്‍ എന്നോട് പെണക്കത്തിലാണ്''കിട്ടുണ്ണി വിഷയം അവതരിപ്പിച്ചു.

കിട്ടുണ്ണിയേക്കാള്‍ നാലുവയസ്സ് മൂത്തതാണ് പത്മിനി ഓപ്പോള്‍. അവരുടെ ഭര്‍ത്താവിന്‍റെ വീട്ടില്‍ താമസിച്ചാണ് കിട്ടുണ്ണി ടീച്ചേഴ്സ് ട്രെയിനിങ്ങിന്ന് പഠിച്ചത്. മുമ്പ് ഇരുവരും വലിയ സ്നേഹത്തിലായിരുന്നു. ഓപ്പോളുടെ ഭര്‍ത്താവിന്ന് നല്ല സ്ഥിതിയാണ്. തറവാട് ഭാഗംവെച്ചപ്പോള്‍ തന്‍റെ പങ്ക് ഓപ്പോള്‍ മടികൂടാതെ അനുജന് നല്‍കി. തനിക്ക് മൂന്ന് പെണ്‍കുട്ടികളാണ് ഉള്ളതെന്നും കഴിഞ്ഞുകൂടാന്‍ നിവൃത്തിയില്ലെന്നും പറഞ്ഞ് കിട്ടുണ്ണി പെങ്ങളില്‍നിന്നും ഒക്കെ എഴുതി വാങ്ങിച്ചതാണെന്നാണ് ഭാഗപത്രം ഒപ്പിടാന്‍ വന്നകാലത്ത് കേട്ടിട്ടുള്ളത്.

പെങ്ങള്‍ക്ക് മുഴുത്ത അസൂയയാണെന്ന് കിട്ടുണ്ണി പറഞ്ഞു. താന്‍ നല്ല നിലയ്ക്ക് കഴിയുന്നത് അവള്‍ക്ക് സഹിക്കുന്നില്ല. കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് ഓരോന്നായി നേടിയെടുത്തതാണ്. ഒരാളും ഒന്നുംതന്ന് സഹായിച്ചിട്ടില്ല. രണ്ടുപെണ്‍മക്കളെ നല്ലനിലയ്ക്ക് കല്യാണംകഴിച്ചയച്ചു. ഇനി ഒന്നുള്ളത് ഈശ്വരകടാക്ഷത്താല്‍ പഠിച്ച് ഡോക്ടറായി. ഇതൊക്കെ കണ്ടിട്ടുള്ള കണ്ണുകടിയാണ് അവള്‍ക്ക്.

രണ്ട് പെണ്‍കുട്ടികളുടെ കല്യാണത്തിനും പങ്കുകൊള്ളാനായില്ല എന്ന കാര്യം വേണു ഓര്‍ത്തു. കിട്ടുണ്ണി വിളിക്കാഞ്ഞിട്ടല്ല. മലായയില്‍ ജോലി ചെയ്യുമ്പോഴാണ് മൂത്ത മകളുടെ വിവാഹം. കിട്ടുണ്ണി ആവശ്യപ്പെട്ട പണം അന്ന് സംഘടിപ്പിച്ച് അയച്ചുകൊടുത്തു. അടുത്ത പെണ്‍കുട്ടിയുടെ കല്യാണത്തിന്ന് മദിരാശിയില്‍ ആയിരുന്നു . മകളുടെ കല്യാണം ഉറപ്പിച്ചു. കയ്യില്‍ കാശില്ല. എന്തുചെയ്യണമെന്ന് അറിയില്ല. ഏട്ടന്‍ എന്തെങ്കിലും ഒരുവഴി ഉണ്ടാക്കിത്തരണമെന്ന് അവന്‍ ആ സമയത്ത് കരഞ്ഞുപറഞ്ഞതാണ്. മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്തതിനാല്‍ മലായയില്‍നിന്നും ഉണ്ടാക്കിയ പണം മുടക്കി മദ്രാസില്‍ താന്‍ വാങ്ങിയ വീട് വിറ്റ് കിട്ടുണ്ണിക്ക് കൊടുത്തിരുന്നു. കല്യാണത്തിന്ന് ഒരാഴ്ചമുമ്പ് ദേഹത്ത് ഓരോരോ കുരുക്കള്‍ പൊങ്ങി. ചിക്കന്‍പോക്സ്. അതോടെ ആ കല്യാണത്തിന്നും വരാനായില്ല.

''മക്കള്‍ കുട്ട്യേളായിരുന്നപ്പോള്‍ എന്‍റെ മകളെ അവളടെ മകനെക്കൊണ്ട് കല്യാണം കഴിപ്പിക്കാന്ന് രണ്ടാളും പറഞ്ഞിരുന്നത് ശര്യേന്ന്യാണ്. അവളടെ മകന്‍ മോശക്കാരനായിട്ടൊന്നുമല്ല. എന്നാലും ഇപ്പഴത്തെ എന്‍റെ മകളുടെ നിലനോക്കണ്ടേ. അവള് ഡോക്ടറാണ്. അമേരിക്കേല് ഉയര്‍ന്നനെലേല്‍ ജീവിക്കുണൂ. അപ്പൊ അതിനനുസരിച്ച ബന്ധംവേണ്ടേ. ഞാനത് തുറന്നുപറഞ്ഞു. അതോടെ ഉള്ളലോഹ്യം ഇല്ലാതായി.  പണ്ട് എന്നെ അങ്ങിനെ സഹായിച്ചു, എനിക്ക് ഇന്നതൊക്കെതന്നു എന്നൊക്കെ ഇപ്പൊ അവള് നാട്ടുകാരോട് മുഴുവന്‍ പറഞ്ഞോണ്ട് നടപ്പാണ്''.

കിട്ടുണ്ണി അവസരത്തിനൊത്ത് പെരുമാറാന്‍ പണ്ടുകാലത്തേ മിടുക്കനാണ്. സൂത്രത്തില്‍ അവന്‍ കാര്യങ്ങള്‍ നേടിയെടുക്കും. അത് കഴിഞ്ഞാല്‍ മുമ്പ് സഹായിച്ചവരെ മറക്കാനും മിടുക്കനാണെന്ന് ഇപ്പോള്‍ തെളിയിച്ചു. ഒരുവയറ്റില്‍ പിറന്ന സഹോദരിയെ വിസ്മരിക്കുന്നവന്‍ വലിയമ്മയുടെ മകനായ തന്നെ എത്രകാലം കൂടെനിര്‍ത്തും  .

''ഏട്ടന്‍ അവള്യോന്ന് കാണണം. കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കണം , പിന്നീം  ഗമകാണിച്ച് ഇരുന്നാല്‍ ഇരുന്നോട്ടെ, എനിക്ക് ഇങ്ങിന്യോരു കൂടപ്പിറപ്പില്ല എന്നുകരുതി ഞാനും ഇരിക്കും''കിട്ടുണ്ണി നിര്‍ത്തി.

കുറച്ചുനേരംകൂടി ഇരുന്നിട്ട് കിട്ടുണ്ണി എഴുന്നേറ്റ് അകത്തേക്കുപോയി, അടുത്തതായി തനിക്ക് കെട്ടാനുള്ളത് ദൂതന്‍റെ വേഷണെന്ന അറിവുമായി വേണു കസേലയില്‍ ചാരികിടന്നു.

അദ്ധ്യായം 9.

 
നെല്ലിച്ചുവട്ടിലെത്തി. വരമ്പത്തുകൂടി പോകണോ, അതോ ഇട്ടിളില്‍ കൂടി പോകണോ എന്ന് ഒരുനിമിഷം ചിന്തിച്ചു. ഇട്ടിളാണെങ്കില്‍ വേഗം എത്തും. മറ്റേതാണച്ചാല്‍ പാടത്ത് നോട്ടംകിട്ടും. ലേശനേരം വൈകി ചെന്നാലെന്താ. തിടുക്കപ്പെട്ട് എവിടേയ്ക്കും പോകാനൊന്നുമില്ലല്ലോ. പാടം നോക്കാന്‍ തന്നെ കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ തീരുമാനിച്ചു. വരമ്പത്തുകൂടി നാലടി നടന്നതേയുള്ളു. മുമ്പില്‍ ഒരുകുന്തി ചാണകം. മേയാന്‍വന്ന ഏതോകന്ന് ഇട്ടതാവും. ഇത് ഇവിടെ കിടന്ന് പുഴുവരിച്ചുപോകും. വാരികൊണ്ടു പോയി ചാണകകുഴിയിലിട്ടാല്‍ അത്  പാഴായി പോവില്ല. വന്നവഴിയെ തിരിച്ചുനടന്നു. തോട്ടത്തിന്നടുത്ത് നില്‍ക്കുന്ന തേക്കില്‍നിന്നും ഒരു ഇല പൊട്ടിച്ചെടുത്തു. ചാണകംവാരി ഇലയിലാക്കി കയ്യിലെടുത്തു. വാരിയ ചാണകം ചാണകകുഴിയില്‍കൊണ്ടുപോയി ഇടണം.

പണ്ടൊക്കെ പോത്തുകളും മൂരികളുമായി തൊഴുത്തുനിറയെ കാലികള്‍ ഉണ്ടായിരുന്നു. പശുക്കളും എരുമകളും വണ്ടിക്കാളകളും പോത്തുകളും ആയി എത്രയെത്ര ഉരുപ്പടികള്‍ നിന്ന തൊഴുത്താണ് അത്.  കന്നുകുട്ടികളെ തൊഴുത്തിന്ന് പുറത്ത് ചായ്പ്പിലാണ് കെട്ടുക. ട്രാക്ടര്‍ വന്നതോടെയാണ് കന്നുകാലി വളര്‍ത്തല്‍ ഇല്ലാതായത്.

അന്നുകാലത്ത് കൃഷിക്ക് വേണ്ടവളം ആരും വിലകൊടുത്ത് വാങ്ങേണ്ടി വരാറില്ല. വീട്ടിലെ കന്നുകാലികളുടെ ചാണകവും മലയടിവാരത്തു നിന്ന് പെണ്ണുങ്ങള്‍ വെട്ടിക്കൊണ്ട് വരാറുള്ള തൂപ്പുംതോലും മാത്രം മതി പാടത്ത് ഇടാന്‍. എന്നാല്‍ ഇന്നോ? പൈസയുമായി ചെന്നാല്‍ മതി. സള്‍ഫേറ്റോ, യൂറിയയോ എന്തും ചാക്കോടുകൂടി റെഡിക്ക് കിട്ടും. കൊണ്ടുവന്ന് പാടത്ത് ഇടുകയേ വേണ്ടു. പക്ഷെ മണ്ണിന്‍റെ സത്തു മുഴുവന്‍ അതോടെ ഇല്ലാതാക്കും. ഇന്നത്തെ കാലത്ത്  എളുപ്പപ്പണി ചെയ്യാനാണ് ആളുകള്‍ക്കു താല്‍പ്പര്യം. ആര്‍ക്കും അദ്ധ്വാനിക്കാന്‍ വയ്യ.

നാണുനായര്‍ രാവിലെ പറഞ്ഞത് ശരിയാണ്. ആഴിയകണ്ടങ്ങളിലൊക്കെ നല്ല പഞ്ചയാണ്. പൊറ്റക്കണ്ടങ്ങളിലാണ് മുള കമ്മി. കഷണ്ടിമണ്ടപോലെ അവിടവിടെയായിട്ട് ഒന്നോരോ മുളമാത്രം. പൂവല് പോരാഞ്ഞിട്ടാവും.  അടിവിത്ത് മാത്രേ മുളച്ചിട്ടുണ്ടാവൂ. ഒന്നുരണ്ട് മഴ ചാറിപോയാല്‍ നന്ന്. മേല്‍വിത്ത് മുഴുവന്‍ മുളച്ചോളും. വീട്ടിലെത്തുമ്പോള്‍ ഉമ്മറമുറ്റത്ത് രണ്ട് കാറുകള്‍ കിടക്കുന്നു. വേലായുധന്‍കുട്ടി വാങ്ങിയ കാറ് ഷെഡ്ഡില്‍ത്തന്നെ നില്‍പ്പുണ്ട്. ഇത് വല്ല വിരുന്നുകാരുടേയും ആവും. ആരാ, എവിടുന്നാ എന്നൊന്നും ആരും  പറയാറില്ല. അതൊന്നും തനിക്കൊട്ട് അറിയുകയും വേണ്ടാ.

വണ്ടിപ്പുരനിന്ന സ്ഥലത്താണ് കാറ് നില്‍ക്കാന്‍ പുര പണിതത്. അച്ഛന്‍റെ കാലത്ത് പണിത വണ്ടിപ്പുരയാണ്. പൊളിക്കരുത് എന്ന് നൂറ് പ്രാവശ്യം പറഞ്ഞതാണ്. കേട്ടില്ല. ഒക്കെ സ്വന്തം അഭിപ്രായംപോലെ ചെയ്യട്ടെ. നല്ല ഒന്നാന്തരം പത്തായപ്പുര ഉണ്ടായിരുന്നത് പൊളിച്ചു കളഞ്ഞിട്ട് വാര്‍പ്പ് കെട്ടിടം ആക്കി. ഇപ്പോള്‍ വേനല്‍കാലത്ത് ചുട്ടിട്ട് അതിനകത്ത് മനുഷ്യന്‍  കിടക്കില്ല. ഒരുദിവസംപോലും താന്‍ അതില്‍ കിടന്നിട്ടില്ല. മഴയായാലും വേനലായാലും വണ്ടിപ്പുരയിലാണ് കിടപ്പ്.

വീടിന്‍റെ പരിയമ്പുറത്ത് തൊടിയുടെ ഓരത്തായി പൊളിച്ച വണ്ടിപ്പുര തന്നത്താന്‍ പണിതുണ്ടാക്കി. അതിനോടുചേര്‍ന്ന് രണ്ട് വണ്ടിമൂരികളെ കെട്ടാനുള്ള തൊഴുത്തും ചാണകകുഴിയും. തന്‍റെ കാലം കഴിയുന്നതുവരെ അതില്‍ തൊട്ട് കളിക്കാന്‍ സമ്മതിക്കില്ല. അച്ഛന്‍റെ ഓര്‍മ്മക്കായിട്ട് അതവിടെ നില്‍ക്കട്ടെ. വളക്കുഴിയില്‍ ചാണകം ഇട്ടു. വണ്ടിപ്പുരക്ക് മുന്നില്‍ വെച്ച സിമന്‍റ് തൊട്ടിയില്‍നിന്ന് വെള്ളമെടുത്ത് കയ്യും മുഖവും കഴുകി. തോര്‍ത്തുകൊണ്ട് മുഖം തുടച്ചു. ഇളവെയില്‍കൊണ്ട് തോര്‍ത്തും മുണ്ടും ഉണങ്ങി കഴിഞ്ഞിരിക്കുന്നു. ഇനി അതൊന്നും മാറ്റണമെന്നില്ല.

വണ്ടിപ്പുരയിലേക്ക് കയറി. അതിന്‍റെ ഓരത്ത് ഇട്ടിട്ടുള്ള ബെഞ്ചിനടിയില്‍ പിച്ചളതൂക്കുപാത്രത്തില്‍ വെള്ളച്ചോറ് വെച്ചത് ഇരിപ്പുണ്ട്. കണ്ണിമാങ്ങ ഭരണിയില്‍നിന്ന് ഒരു മാങ്ങ എടുക്കണം, അരിമുളക് തെയ്യില്‍നിന്നും രണ്ട് മുളകും. വീട്ടില്‍ വെക്കുന്നതില്‍നിന്ന് കഞ്ഞിയോ, ചോറോ അല്ലാതെ ഒന്നും വാങ്ങിക്കാറില്ല. പോര്‍ത്തിക്കാരി പെണ്ണ് അത് നേരത്തിനുംകാലത്തിനും കൊണ്ടുവന്ന് വെച്ച് പോവും. ഓണത്തിനോ, വിഷുവിനോ കുട്ടികളുടെ പിറന്നാളിനോ ആണ് കൂട്ടാനൊക്കെകൂട്ടി ഊണുകഴിക്കുക.

മുമ്പ് കൊല്ലാവധി അച്ഛന്‍റേയും അമ്മയുടേയും ചാത്തം ഊട്ടിയിരുന്നു. ക്രമേണ അതിനൊന്നും ആര്‍ക്കും താല്‍പ്പര്യമില്ലാതായി. ഇപ്പോള്‍ ആ ദിവസങ്ങളില്‍ പുഴയില്‍ചെന്ന് കുളിക്കും. ഒരു ഇലക്കീറില്‍ അല്‍പ്പം പച്ചരിയും എള്ളും എടുക്കും. പുഴവക്കത്തുന്ന് കറുകയും ചെറൂളയും പറിച്ചെടുക്കും. ചാമി കൊണ്ടുവന്നുതന്ന ചന്ദനമുട്ടി കല്ലില്‍ ഉരച്ച് ചന്ദനം ഉണ്ടാക്കും. കയത്തംപാറയുടെ താഴെയായി ഇത്തിരി മണലുള്ളതില്‍ ഇതൊക്കെകൊണ്ടുവെച്ച് ചാത്തം ഊട്ടും. വയസ്സാന്‍കാലത്ത് അതില്‍ കൂടുതലൊന്നും തനിക്ക് വയ്യ. താന്‍ മരിച്ചാല്‍  ഇത്രയെങ്കിലും തനിക്കു വേണ്ടി ചെയ്യുമെന്ന് തോന്നുന്നില്ല. ഇരിക്കുമ്പോള്‍ നോക്കാത്തവരാണ്. മരിച്ചശേഷം എന്തു ചെയ്തിട്ട് എന്താ കാര്യം.

വെള്ളച്ചോറുണ്ടു കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു ക്ഷീണം. എഴുത്തശ്ശന്‍ ബെഞ്ചില്‍ കിടന്നു. മയങ്ങിപോയത് അറിഞ്ഞില്ല. ഉറക്കെയുള്ള ശബ്ദം കേട്ടിട്ടാണ് കണ്ണ് മിഴിച്ചത്. നേരെമുമ്പില്‍ വേലായുധന്‍കുട്ടി നില്‍ക്കുന്നു. എന്താണ് കാര്യം എന്നു മനസ്സിലായില്ല. കണ്ണുകള്‍ തിരുമ്മി ബെഞ്ചില്‍ എഴുന്നേറ്റിരുന്നു.

''നിങ്ങള്  മനുഷ്യനെ നാണംകെടുത്തീട്ടേ ചാവൂന്ന് സത്യം  ചെയ്തിട്ടുണ്ടോ'' കടുപ്പിച്ച സ്വരമായിരുന്നു മകന്‍റേത്. സംഗതി ഒന്നും മനസ്സിലാവുന്നില്ല. മുതലൊന്നും വില്‍ക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല. ആരോടും കാശ് കടംവാങ്ങി കൊടുക്കാതെ ചോദിച്ചു വരാന്‍ ഇടയാക്കിയിട്ടുമില്ല. പിന്നെന്താ നാണക്കേട് വരുത്തി എന്ന് ഇവന്‍ പറയാന്‍.

''എന്താ നിങ്ങടെ നാവ് ഇറങ്ങിപ്പോയോ''മകന്‍റെ ഒച്ചകൂടി''തൊള്ള തുറന്ന് വല്ലതും പറയിന്‍''. എന്താണ് പറയേണ്ടത് എന്നറിയില്ല. താനായിട്ട് ഒരു നാണക്കേടും വരുത്തിയിട്ടില്ല എന്ന്  ഉറപ്പാണ്.

''സംഗതി എന്താച്ചാല്‍ നീതന്നെ പറയ്''മകനോട് പറഞ്ഞു.

 ''എന്നെകൊണ്ടൊന്നും പറയിപ്പിക്കരുത്, മര്യാദക്കാര് നാലാള് വീട്ടില്‍ വന്നിരിക്കുമ്പഴാണ് നിങ്ങള്‍ക്ക് ചാണകവും ഏറ്റിക്കൊണ്ട് വരാന്‍ കണ്ട നേരം'' മകന്‍റെ വാക്കുകളില്‍നിന്ന് അവന്‍റെ ദേഷ്യത്തിന്നുള്ള കാരണം അറിഞ്ഞു. ഓ, ഇതാണോ ഇത്ര വലിയ അപരാധം. കൃഷിക്കാരന്‍റെ വീട്ടില്‍ ഇതൊക്കെ പതിവാണ്. അതിന് ഇവറ്റകള്‍ക്ക് കൃഷിയെപ്പറ്റി എന്തറിയും. കുട്ടിക്കാലത്ത് മുടിയന്‍കോലുമായി പോത്തിനെ മേക്കാന്‍ വിടാത്തത് തന്‍റെ തെറ്റ്. എങ്കില്‍ ഇവന്‍  ഇങ്ങിനെ പറയില്ല.

''രണ്ട് എഞ്ചിനീയര്‍മാരും അവരടെകൂടെയുള്ള ഓവര്‍സിയര്‍മാരുംകൂടി രാധാകൃഷ്ണനെ കണ്ട് പാലംപണിടെ കാര്യം സംസാരിക്കാന്‍  വന്നതാ, നിങ്ങളായിട്ട് അവന് വെലകേട് വരുത്തി''ഒന്നുനിറുത്തി മകന്‍ പറഞ്ഞു'' ഇതാണ് നിങ്ങടെ ഏര്‍പ്പാടെങ്കില്‍ നിങ്ങളെ ഞാന്‍ ഇതിനകത്ത് കേറ്റില്ല. വേണെങ്കില്‍ കളപ്പുരേല്‍ താമസം ആക്കിക്കോളിന്‍. നേരത്തും കാലത്തും തിന്നാന്‍ വല്ലതും എത്തിച്ചാ മത്യേലോ''.

''ആളും മനുഷ്യനും ഇല്ലാത്ത സ്ഥലത്തുള്ള കളപ്പുരേല് ഞാനെങ്ങിന്യാ താമസിക്യാ.''.

''അതെനിക്കറിയണ്ടാ. ഇതിന്‍റെ ഉള്ളില്‍ നിങ്ങടെ തോന്നിയവാസം നടക്കില്ല''.

മകന്‍ ഇറങ്ങിപ്പോയി. എഴുത്തശ്ശന്‍ ആലോചിച്ചു. ഈ വീട് സമ്പാദിച്ചത് താനാണ്. എന്നിട്ടും ഇതില്‍നിന്നും ഇറക്കിവിടുമെന്ന് മകന്‍ പറയുന്നു. അല്ലെങ്കിലും ഇവിടെ കഴിയുന്നത് തീരെ പറ്റാതായിട്ടുണ്ട്. ഇന്നാള് ഒരു ദിവസം പൂമുഖത്ത് കുപ്പിയും കോഴിയും ഒക്കെയായി സഭ കൂടുന്നത് കണ്ടു. ഒരു വീട്ടില്‍വെച്ച് ചെയ്യാന്‍ പാടുന്നതാണോ ഇതൊക്കെ. മകന്‍ വലിയ കരാറുകാരനാണെന്ന അഹങ്കാരമാണ് വേലായുധന്‍കുട്ടിക്ക്. കോളേജില്‍ തോറ്റ് അട്ടംകെട്ടിയപ്പോള്‍ മറ്റൊരുപണിയും കിട്ടാഞ്ഞ് ഈ തൊഴിലിന്ന് പോയതാണെന്ന് ചിലരൊക്കെ പറയുന്നുണ്ട്. സിമിന്‍റും കമ്പീം ഒക്കെ കട്ടുവിറ്റിട്ട് പണം ഉണ്ടാക്കുന്നു എന്നും കേള്‍ക്കുന്നുണ്ട്.  പലനാള്‍ കള്ളന്‍ ഒരുനാള്‍ അകപ്പെടും.

''അതൊന്നും കാണാന്‍ ഇടവരുത്താതെ എന്നെ പടികടത്തണേ ഭഗവാനേ'' കൈകൂപ്പി പ്രാര്‍ത്ഥിച്ചശേഷം  കുപ്പന്‍കുട്ടിഎഴുത്തശ്ശന്‍ പാടത്ത് കന്നോ മാടോ ഇറങ്ങിയിട്ടുണ്ടോ എന്നു നോക്കാനിറങ്ങി.

അദ്ധ്യായം 10.

വെള്ളിയാഴ്ച ചാമി പണിക്ക് ചെന്നില്ല. അന്നാണ് തമിഴനുമായിട്ട് കൊമ്പ് കോര്‍ക്കേണ്ടത്. വെള്ളിയാഴ്ച്ച ദിവസം നമ്മടെ ചാമി തമിഴനെ കുത്തി മലര്‍ത്തും എന്ന് നാട് മുഴുവന്‍ പാട്ടായി കഴിഞ്ഞിരിക്കുന്നു.

 ''എന്തായാലും ശരി തെമ്മാടിത്തരം കാട്ടീട്ട് ഞെളിഞ്ഞ് നടക്കാന്‍  അവനെ സമ്മതിക്കില്ല, ചോദിക്കാനും പറയാനും ഈ നാട്ടില് ആണുങ്ങളുണ്ടെന്ന് അവന്‍ അറിയണം''എന്ന് ചാമിയും കരുതി. ചന്തയില്‍നിന്ന് കന്നും ആട്ടി വന്ന വേലപ്പന്‍ വിവരം അറിഞ്ഞതും നേരെ ചാമിയെ ചെന്നുകണ്ടു.

 ''നിനക്കിത് എന്തിന്‍റെ കുഴപ്പാണ്. കുണ്ടാമണ്ടിക്കൊന്നും പോകാതെ ഉള്ളപണീം നോക്കി കുടീല് കുത്തിരുന്നൂടെ'' എന്നയാള്‍ ശാസിച്ചു.

''എവിടെ നിന്നെങ്കിലും ഒരുത്തന്‍ വന്ന് പെണ്ണുങ്ങളടെ കയ്യില്‍ കേറി പിടിച്ചാല്‍ നോക്കിയിരിക്കണോ''ചാമി തന്‍റെ ഭാഗം ന്യായീകരിച്ചു

''നാട്ടില് ആരക്കും ഇല്ലാത്ത കേട് നിനക്കെന്താ വെച്ചിരിക്കുണത്. പെണ്ണിന്‍റെ കയ്യില് ആരെങ്കിലും കേറി പിടിച്ചിട്ടുണ്ടെങ്കില്‍ അവളടെ ആങ്ങളാരോ അപ്പനോ ചെന്ന് പകരംചോദിക്കണം. അല്ലാണ്ടെ ഒന്നിലുംപെടാത്ത നീയല്ല അവനോട് പഴിവാങ്ങാന്‍ ചെല്ലണ്ടത്'' വേലപ്പന്‍ എതിരഭിപ്രായം പറഞ്ഞ ശേഷമാണ് പോയത്.

കാര്യം ശരിയാണ്. ഏതോ ഒരാണ്ഏതോ ഒരുപെണ്ണിനെ അവമാനിച്ചു. മറ്റുള്ളവര്‍ക്ക് എന്താ കാര്യം എന്ന് ചോദിക്കാം. അവനവന്‍റെ വീട്ടിലെ പെണ്ണുങ്ങളോട് ആരെങ്കിലും ഇമ്മാതിരി തെമ്മാടിത്തരം കാണിച്ചാല്‍ ഈ ന്യായം പറയുന്നവര് കണ്ടിരിക്ക്വോ. ആരോ ആവട്ടെ. എത്രയായാലും പെണ്ണ് പെണ്ണുതന്നെ. അവളോട് പോക്രിത്തരം കാട്ടുന്നവനെ വെറുതെ വിട്ടുകൂടാ. ആണുങ്ങള്‍ക്ക് പറഞ്ഞപണിയല്ല അത്.

കല്യാണിയുടെ കാര്യമാണ് കഷ്ടം. വിവരം അറിഞ്ഞനേരംമുതല്‍ അവള്‍ കരച്ചിലാണ്. വല്യേപ്പന്‍ വേണ്ടാത്തതിനൊന്നും  നില്‍ക്കരുത് എന്ന് പല തവണ പറഞ്ഞുകഴിഞ്ഞു. അടിപിടിക്കൊന്നും നില്‍ക്കില്ല എന്ന് തലയില്‍ കൈവെച്ച് കുട്ടി സത്യം ചെയ്യിച്ചു. മര്യാദക്ക് കാര്യം പറയുകയേ ഉള്ളു എന്നും യാതൊന്നും ചോദിക്കാതിരുന്നാല്‍ അവന്‍ ഇനിയും ഇമ്മാതിരി തോന്ന്യാസങ്ങള്‍ കാട്ടുമെന്നും നിന്നോടാണ് അവന്‍ ഇത് ചെയ്തതെങ്കില്‍ നോക്കിയിരുന്നാല്‍ മതിയോ എന്നും നൂറുകൂട്ടംന്യായങ്ങള്‍ പറഞ്ഞിട്ടാണ് പെണ്‍കുട്ടി സമാധാനിച്ചത്.

റോഡിലേക്ക് നടക്കുമ്പോള്‍ കല്യാണിക്ക് വാക്കുകൊടുത്തതുപോലെ തമ്മില്‍തല്ല് കൂടാതെ തമിഴനെ ചെയ്തതെറ്റു പറഞ്ഞുമനസ്സിലാക്കിച്ച്, മേലാല്‍ വേണ്ടാത്ത പരിപാടിക്ക് ഒരുമ്പെടരുതെന്നു പറഞ്ഞ് പ്രശ്നം അവസാനിപ്പിക്കണമെന്ന ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു. ആരായാലും മര്യാദക്ക് പറഞ്ഞാല്‍ കേള്‍ക്കാതിരിക്കില്ല. പെണ്ണുങ്ങളോട് ഇത്തിരി നേരത്തെ ചായപ്പീടികയിലേക്ക് വരാന്‍ ഏല്‍പ്പിച്ചു. രണ്ടുകൂട്ടക്കാരും ഉണ്ടെങ്കിലല്ലേ പറഞ്ഞുതീര്‍ക്കാന്‍ പറ്റു.

മുകളിലൂടെ വിമാനം കടന്നുപോയതും ചാമി തയ്യാറെടുത്തുനിന്നു. ഇനി ഏതുസമയത്ത് വേണമെങ്കിലും കാളവണ്ടിയുമായി ആ തമിഴന്‍ എത്താം. വണ്ടി തടുത്തുനിര്‍ത്തി വേഗം കാര്യംപറഞ്ഞുതീര്‍ക്കണം. പെണ്ണുങ്ങള്‍ക്ക് പണിക്ക് പോവാനുള്ളതാണ്. ഒരുപാട് നേരം വൈകിക്കാന്‍ പാടില്ല. അതിന്നുശേഷം ഷാപ്പില്‍ ചെല്ലാം. ഇന്ന് പണിക്ക് പോകാത്തതല്ലേ. വല്ലതും കഴിച്ച് പതുക്കെ കുടിയിലെത്തിയാല്‍ മതി. സമയം കടന്നുപോയി. കാത്തുനിന്ന് എല്ലാവരും മടുത്തു. ചായകുടികഴിഞ്ഞ് കുറച്ചുനേരം വെറ്റിലമുറുക്കി നിന്ന പെണ്ണുങ്ങള്‍ പോകാനൊരുങ്ങി.

''ചാമ്യേട്ടന്‍ ചോദിച്ചാ മതി, ഞങ്ങള് പോണൂ''എന്നുപറഞ്ഞ് അവര്‍ നടന്ന് തുടങ്ങി. ''ചാമ്യേ, നീയ് തല്ലാന്‍ കാത്തുനിക്കുണ വിവരം അവന്‍ അറിഞ്ഞിട്ടുണ്ടാവും. അതാ ഇന്ന് ഈ വഴിക്ക് അവനെ കാണാത്തത്''  പെട്ടിക്കടക്കാരന്‍ മൊയ്തു പറഞ്ഞു

''അവനെ കണ്ടാല്‍ ചാമി ഇത്രനേരം നിങ്ങളെ കാത്തുനിന്നിട്ട് പോയി എന്ന് പറയ്''എന്നയാള്‍  മൊയ്തുവിനോട് പറഞ്ഞു.

 ''അയ്യയ്യോ, എന്നെക്കൊണ്ട് പൊല്ലാപ്പിനൊന്നും വയ്യേ''എന്നു പറഞ്ഞ് ആ കഴുത ഒഴിവായി. ഒക്കെ പേടിതൊണ്ടന്മാരാണ്. ഒരു ബീഡികൂടി കത്തിച്ച് തിരിച്ചുപോരാന്‍ ഒരുങ്ങുമ്പോഴാണ് അകലെനിന്നും വരുന്ന കാളവണ്ടി കണ്ണില്‍ പെട്ടത്.

''നോക്കിന്‍ സൂക്ഷിച്ച് അടുത്താല്‍ മതി, അവന്‍റെ കയ്യില്‍ വല്ല ആയുധൂം ഉണ്ടെങ്കിലോ''മൊയ്തു മുന്നറിയിപ്പ് നല്‍കി.

 ''പിന്നെ പിന്നെ, എന്‍റെ ബെല്‍ട്ടിലുള്ള കത്തി ക്ഷൌരംചെയ്യാന്‍വേണ്ടി വാങ്ങി വെച്ചതല്ല''എന്നു പറഞ്ഞ് ചാമി റോഡിലേക്ക് നീങ്ങി.

''അണ്ണാച്ചി, ഒന്ന് നിര്‍ത്തിന്‍''ചാമി കാളവണ്ടി തടഞ്ഞു. തമിഴന്‍ കയറൊന്ന് വലിച്ചു. കാളകള്‍ നില്‍പ്പായി. ''ഏന്‍ഡാ'' എന്നൊരു ഒച്ചകേട്ടു. തമിഴന് വണ്ടിതടഞ്ഞത് തീരെപിടിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച ഇവിടെവെച്ച് നിങ്ങളൊരുപെണ്ണിന്‍റെ കയ്യില്‍കേറി പിടിച്ചതായി കേട്ടു, അത് നന്നായില്ല, മേലാല്‍ അമ്മാതിരി ഒന്നുംചെയ്യരുത് മോശമാണ് എന്നൊക്കെ തമിഴും മലയാളവും കൂട്ടിചേര്‍ത്ത് ചാമി മയത്തില്‍ പറഞ്ഞു. തമിഴന്‍ ആ വാക്കുകള്‍ പുച്ഛിച്ചു തള്ളി. തനിക്ക് തോന്നിയതൊക്കെ ചെയ്യുമെന്നും, തടയാന്‍ വരുന്നുവെങ്കില്‍ നല്ലവണ്ണം ആലോചിച്ചിട്ട മതി എന്നും, മര്യാദക്ക് തടികേടാക്കാതെ സ്ഥലം വിട്ടോളണമെന്നും തമിഴന്‍ ചാമിയെ ശാസിച്ചു.

അതോടെ തനിക്ക് കിട്ടിയ ഉപദേശങ്ങളും, കല്യാണിക്ക് കൊടുത്ത വാക്കും ചാമി മറന്നു. വണ്ടിയുടെ നേര്‍ക്ക് ചാമി നീങ്ങി. ആ കഴുവേറിയെ പിടിച്ച് താഴത്തിറക്കി രണ്ട് പൊട്ടിച്ചിട്ടേ ബാക്കി കാര്യമുള്ളു. പക്ഷെ എതിരാളി ആ നീക്കം കാത്തിരുന്നതായി തോന്നി. തമിഴന്‍ ഒന്നു കുനിഞ്ഞു. അടുത്ത നിമിഷം  ചാമിയുടെ നീണ്ടമുടി അയാളുടെ കയ്യിനകത്ത് കുടുങ്ങി. എത്ര ശ്രമിച്ചിട്ടും കുതറിമാറാന്‍ പറ്റുന്നില്ല. ശത്രു നിസ്സാരക്കാരനല്ല. തോറ്റാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. ആളുകള്‍ തലയില്‍ കയറി നിരങ്ങും. വീമ്പ് പറഞ്ഞു നടന്നിട്ട് തോറ്റമ്പി പോയില്ലേ എന്ന് കളിയാക്കും.

മറ്റൊന്നും ചെയ്യാന്‍ കഴിയാത്തതിനാല്‍ അനങ്ങാതെനിന്നു.ചെറുപ്പത്തില്‍ കുറച്ചുകാലം കളരി പഠിച്ചതും തല്ലിന് പോയിട്ടുള്ള പരിചയവും ഒക്കെ ഉണ്ട്. മുടിയിലെ പിടുത്തം ഒന്നുവിട്ടുകിട്ടിയാല്‍ വല്ലതും ചെയ്യാം. പക്ഷെ പിടുത്തം മുറുകകയാണ്. എന്താണ് വേണ്ടത് എന്ന് ചാമി നിന്നനില്‍പ്പില്‍ ആലോചിച്ചു. തന്‍റെ മുഖം വണ്ടിചക്രത്തില്‍ ഇടിക്കാന്‍ തമിഴന്‍ ശ്രമിക്കുകയാണ്. അതിന്നുമുമ്പ് വല്ലതും ചെയ്യണം. പെട്ടെന്ന് മനസ്സില്‍ ഒരുബുദ്ധി തെളിഞ്ഞു. ബെല്‍ട്ടില്‍നിന്ന് കത്തിയൂരി. തമിഴന്‍റെ കയ്യിന്നടിയില്‍കൂടി അതുപായിച്ചു. ഇപ്പോള്‍ തമിഴന്‍റെ കയ്യില്‍ നീണ്ടമുടി മാത്രം.

തലയിലെ പിടിവിട്ടതും ഒന്ന് ആഞ്ഞ് വലതുകൈ ഒറ്റവീശ്. വെട്ടിയിട്ടതു പോലെ എതിരാളി റോഡില്‍ വീണുകഴിഞ്ഞു. തന്‍റെ മനസ്സിലുള്ള ഈറ തീരുന്നതുവരെയും ചാമി എതിരാളിയുടെ ശരീരത്തില്‍ പെരുമാറി. പല ഭാഗത്തുനിന്നുമായി കുറെയേറെ ആളുകള്‍ സ്ഥലത്ത് ഓടികൂടി. ആരൊ ചിലര്‍ രണ്ടുപേരേയും പിടിച്ചുമാറ്റി. സംഭവം കാണാനെത്തിയവരില്‍ ചിലര്‍ അവരുടെ കൈത്തരിപ്പും തീര്‍ത്തു. ചത്തപാമ്പിനെ വീണ്ടും തല്ലി കേമത്തം കാട്ടുന്നവര്‍.

വണ്ടിക്കാരന്‍ അവശനായി കഴിഞ്ഞിരുന്നു. ആര്‍പ്പുവിളികളോടെ ജനം ചാമിയെ അഭിവാദ്യം ചെയ്തു. പണിക്കുപോയ പെണ്ണുങ്ങള്‍ ഇതിനകം തിരിച്ചെത്തി. ആരോചെന്നു പറഞ്ഞിട്ടാവണം വന്നത്. പിന്നെ നാട്ടുകാര്‍ കാര്യങ്ങള്‍ തീരുമാനമാക്കി. വണ്ടിക്കാരന്‍ പെണ്ണിനോട് മന്നിപ്പ്കേട്ടു.

സ്ഥലത്തുണ്ടായിരുന്ന എല്ലാവര്‍ക്കും വളരെ സന്തോഷം. തോറ്റവനെ വളഞ്ഞുനിന്ന് കൂക്കി കളിയാക്കാന്‍ ആളുകള്‍ മുതിര്‍ന്നപ്പോള്‍ ചാമി തടഞ്ഞു.

''അവന്‍ തെറ്റ്പറഞ്ഞുകഴിഞ്ഞു. ഇനി അവനെ ആരും ഒന്നും ചെയ്യാന്‍ പാടില്ല. തോറ്റവനോടല്ല ആണത്തം കാണിക്കേണ്ടത്.  അവന്‍ അവന്‍റെ വഴിക്ക് പൊയ്ക്കോട്ടെ''.

വണ്ടിക്കാരന്‍ എഴുന്നേറ്റു. തലയുംതാഴ്ത്തി അവന്‍ വണ്ടിയില്‍ കയറി കന്നിനെ തെളിച്ചു. വളവുതിരിഞ്ഞ് വണ്ടി മറഞ്ഞു. ജനകൂട്ടം പിരിഞ്ഞു പോവാന്‍ തുടങ്ങി. ചാമി തലയില്‍ തടവി. നെറുകയില്‍ മാത്രം കുറ്റിമുടി, ബാക്കി ഭാഗത്തെല്ലാം നല്ല നീളന്‍മുടി. ഇനി മുടി പറ്റെവെട്ടി ഒരുമേനിക്ക് ആക്കണം. ഒരു ബീഡി കത്തിച്ചുവലിച്ച് ചാമി ബാര്‍ബര്‍ ഷോപ്പിലേക്ക് നടന്നു.

Comments