അദ്ധ്യായം 121-130
അദ്ധ്യായം - 121.
തുളസിത്തറയില്‍ വിളക്കുവെച്ചശേഷം പത്മിനി അകത്തേക്ക് വരുമ്പോള്‍ ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടു. വേഗം ചെല്ലുമ്പോഴേക്കും വക്കീല്‍ ഫോണ്‍ എടുത്തു കഴിഞ്ഞിരുന്നു.
''എപ്പോഴാ വീണത്, ഇപ്പൊ എങ്ങിനീണ്ട്''എന്നൊക്കെ അദ്ദേഹം ചോദിക്കുന്നത് പത്മിനി കേട്ടു. ആരാണെന്ന് മനസ്സിലാവാത്തതിനാല്‍ അവര്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.
''എടോ നമ്മുടെ വേണു മുരിങ്ങേന്ന് വീണു. കാല് ഒടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്ററിട്ട് കിടപ്പാണ്''ഫോണ്‍വെച്ചശേഷം വക്കീല്‍ പറഞ്ഞു.
''തിരുവാതിര ആയിട്ട് പോവരുതേന്ന് ഞാന്‍ നൂറ് പ്രാവശ്യം അവനോട് പറഞ്ഞതാ. അപ്പത് കേട്ടില്ല. ഇപ്പഴോ. കിടന്ന് അനുഭവിക്കാറായില്ലേ. വെറുത്യല്ല പണ്ടുള്ളോര് ഒരോന്ന് പറഞ്ഞിട്ടുള്ളത്''കേട്ടപാടെ പത്മിനി പറഞ്ഞെങ്കിലും അടുത്തനിമിഷം അവര്‍ തേങ്ങി കരയാന്‍ തുടങ്ങി.
''എന്താ താനീ കാട്ടുണത്. കരയാന്‍ മാത്രം അയാള്‍ക്ക് ഒന്നും പറ്റീട്ടില്ല''.
''എനിക്ക് ഇപ്പൊത്തന്നെ അവനെ കാണണം''പത്മിനി വാശിപിടിച്ചു.
''നേരം ഇരുട്ടായില്ലേ. പോരാത്തതിന്ന് ഡ്രൈവറും പോയി. ഇനിയെന്താ ചെയ്യാ''വക്കീല്‍ പ്രയാസങ്ങള്‍ അറിയിച്ചു.
''വിശ്വേട്ടന് കാറ് ഓടിച്ചൂടേ''പത്മിനി മാര്‍ഗ്ഗം കണ്ടെത്തി.
''നല്ല കഥ്യായി. എത്ര കൊല്ലായി ഞാന്‍ കാറോടിച്ചിട്ട്''വക്കീല്‍ പറഞ്ഞു ''പോരാത്തതിന്ന് ഇരുട്ടായാല്‍ എനിക്ക് ശരിക്ക് കണ്ണും കാണില്ല''.
''എങ്കില്‍ കാറോടിക്കാന്‍ ആരേങ്കിലും വിളിക്കൂ. അല്ലെങ്കിലോ ഒരു ടാക്സി വരാന്‍ പറയൂ''. വക്കീല്‍ എന്താണ് ചെയ്യേണ്ടത് എന്ന ആലോചനയിലായി. വര്‍ക്ക്ഷോപ്പ് പൂട്ടിയില്ലെങ്കില്‍ വിളിച്ചു പറഞ്ഞാല്‍ മതി, രാമകൃഷ്ണന്‍ ടാക്സി അയച്ചുതരും.
വിവരം അറിഞ്ഞതും താന്‍തന്നെ ചെല്ലാമെന്ന് രാമകൃഷ്ണന്‍ നിശ്ചയിച്ചു. കുട്ടിക്കാലം മുതല്‍ പരിചയമുള്ള ആളാണ് വേണു. ആ കാലത്തുതന്നെ അധികം വര്‍ത്തമാനം പറയാത്ത പ്രകൃതമാണ് അവന്‍റേത്. എപ്പോഴും മുഖത്ത് ദുഃഖഭാവമുള്ള ഒരു പാവംകുട്ടി. വളരെ കാലത്തിന്നുശേഷം ഈയിടെയാണ് വീണ്ടും കണ്ടുമുട്ടുന്നത്.
''സാറ് ഒരുങ്ങി നിന്നോളൂ. ഞാനിതാ എത്തിക്കഴിഞ്ഞു''രാമകൃഷ്ണന്‍ പറഞ്ഞു. വക്കീലും പത്മിനിയും തയ്യാറാവുമ്പോഴേക്കും അയാളെത്തി. സ്കൂട്ടര്‍ വക്കീലാപ്പീസിന്ന് മുമ്പില്‍നിര്‍ത്തി അയാള്‍ ചെന്ന് താക്കോല്‍ വാങ്ങി.
''എന്താ താന്‍ തന്നെ പോന്നത്''വക്കീല്‍ ചോദിച്ചു.
''ശബരിമല സീസണല്ലേ. വണ്ട്യോക്കെ ഓട്ടം പോയി. ഡ്രൈവര്‍മാര് ഒരാളും സ്ഥലത്തില്ല. അതാ ഞാന്‍ പോന്നത്''എന്ന് പറഞ്ഞുവെങ്കിലും വേണുവിനെ കാണണമെന്ന ആഗ്രഹം അയാള്‍ക്കും ഉണ്ടായിരുന്നു. വെള്ളപ്പാറ കടവില്‍ കാര്‍ നിന്നു. ടോര്‍ച്ച് തെളിച്ച് വക്കീല്‍ നടന്നു.
''സൂക്ഷിച്ച് നടന്നോളൂ. വീഴണ്ടാ''വക്കീല്‍ പറഞ്ഞു''. പത്മിനിയുടെ കയ്യില്‍ അയാള്‍ പിടിച്ചു.
''ടോര്‍ച്ചൊക്ക്യായിട്ട് ആരോ വരുണുണ്ട്''പുഴകടന്നു വരുന്ന വെളിച്ചം നോക്കി നാണുനായര്‍ പറഞ്ഞു. ''വിശ്വനാഥന്‍ വക്കീലും ഭാര്യീം അല്ലേ വരുണത്''പടിക്കല്‍ ആഗതര്‍ എത്തിയതും അയാള്‍ കൂട്ടിച്ചേര്‍ത്തു. വേണു ഒഴികെ എല്ലാവരും എഴുന്നേറ്റ് ഭവ്യതയോടെ മാറിനിന്നു.
''നിനക്കെന്താ മരം കേറലാ ഇപ്പഴത്തെ പണി''പത്മിനി ആദ്യം ചോദിച്ചത് അതായിരുന്നു. വേണു വെറുതെ ഒന്ന് ചിരിച്ചു.
''തിരുവാതിര ആയിട്ട് പോവരുത്ന്ന് കിളിക്ക് പറഞ്ഞുകൊടുക്കുണത് പോലെ ഞാന്‍ പറഞ്ഞു. അത് നീ കേട്ടില്ല. ഇപ്പൊ എന്തായി'' അതിനും വേണു മറുപടി പറഞ്ഞില്ല.
''എങ്ങിന്യാ പറ്റ്യേത്''വക്കീല്‍ ചോദിച്ചതിന്ന് എഴുത്തശ്ശനും നാണു നായരും വിശദമായി മറുപടി പറഞ്ഞു, ചികിത്സയുടെ വിവരങ്ങള്‍ മേനോനും. പത്മിനി കട്ടിലില്‍ വേണുവിന്ന് അരികത്തായി ഇരുന്നു.
''ഒരിക്കല്‍ ഒടിഞ്ഞ കാലാണ് നിന്‍റേത് . കൂടി ചേരാന്‍ പ്രയാസാവ്വോ'' അവര്‍ ചോദിച്ചു.
''പേടിക്കാനൊന്നൂല്യാ ഓപ്പോളേ. ചെറിയ ഒരു പൊട്ടലേ ഉള്ളു''വേണു പറഞ്ഞു.
''അത് പോരാ അല്ലേ നിനക്ക്. എന്തായാലും ഇവിടെ കിടന്ന് കഷ്ടപ്പെടണ്ടാ. നാളെ ഞാന്‍ ആംബുലന്‍സുംകൊണ്ട് വരാം. പോന്നോ അങ്കിട്ട്''.
''ഈ ഓപ്പോള്‍ക്ക് എപ്പഴും പേട്യാണ്. എനിക്ക് അത്രയ്ക്കൊന്നൂല്യാ. രണ്ടാഴ്ച കഴിയുമ്പൊ ഞാന്‍ നടന്ന് വരും. നോക്കിക്കോളൂ''വേണു ഓപ്പോളെ ആശ്വസിപ്പിച്ചു.
''പേടിക്കണ്ടാ. ഞങ്ങള്‍ നല്ലോണം നോക്കിക്കോളാം''എഴുത്തശ്ശന്‍ ഉറപ്പു നല്‍കി.
''എന്തെങ്കിലും പ്രയാസൂണ്ടെങ്കില്‍ എന്നെ അറിയിക്കണം''വക്കീല്‍ പറഞ്ഞു''ഇവിടെ കിടന്ന് ഇവര്‍ക്കൊരു ബുദ്ധിമുട്ടാവരുത്''. വേണു അങ്ങിനെയാവാമെന്ന് സമ്മതിച്ചു. പത്മിനി വേണുവിന്‍റെ തലയില്‍ തലോടിക്കൊണ്ടിരുന്നു.
''ആരാ ഇയാള്''രാമകൃഷ്ണനെ ചൂണ്ടി നാണുനായര്‍ ചോദിച്ചു.
''ഇത് രാമകൃഷ്ണന്‍. എന്‍റെ കൂടെ പഠിച്ച ആളാണ്''രാമുവിനെ വേണു എല്ലാവര്‍ക്കും പരിചയപ്പെടുത്തി. മുറ്റത്ത് മേനോനും രാമകൃഷ്ണനും എന്തൊക്കേയോ സംസാരിച്ചുകൊണ്ട് നിന്നു. വക്കീലും എഴുത്തശ്ശനും കൊയ്ത്തിനെക്കുറിച്ച് സംസാരിച്ച് കോലായിലിരുന്നു.
''നാണുമാമേ. സരോജിനിടടുത്ത് കുറച്ച് കാപ്പീണ്ടാക്കിക്കൊണ്ടുവരാന്‍ പറയൂ''വേണു പറഞ്ഞു.
''ഇപ്പൊ കാപ്പീം ചായീം ഒന്നും വേണ്ടാ''എന്ന് പത്മിനി പറഞ്ഞെങ്കിലും എനിക്കൊരു കാപ്പി വേണം എന്നു പറഞ്ഞ് വേണു നാണുനായരെ അയച്ചു. പാത്രത്തില്‍ കാപ്പിയുമായി സരോജിനിയും കത്തിച്ച കമ്പിറാന്തലുമായി നാണുനായരും എത്തി. കാപ്പി ഗ്ലാസ്സിലാക്കി സരോജിനി എല്ലാവര്‍ക്കും നല്‍കി.
''സരോജിനീ , ഇയാള് എന്‍റെകൂടെ പഠിച്ച ആളാണ്''വേണു രാമുവിനെ പരിചയപ്പെടുത്തി''ഇയാളടെ ആ കാലത്തെ ഉറ്റ ചങ്ങാതി ആരാണെന്ന് കേക്കണോ നിനക്ക്. നിന്‍റെ ഏട്ടന്‍ സുന്ദരന്‍''. സരോജിനി മന്ദഹസിച്ചു.
''രാത്ര്യായി. ഞങ്ങള്‍ ഇറങ്ങട്ടെ''വക്കീല്‍ യാത്രാനുമതി ചോദിച്ചു.
''ഞാന്‍ നാളെ വരാട്ടോ''പത്മിനി പറഞ്ഞു.
''ഓപ്പോള് നിത്യം വന്ന് ബുദ്ധിമുട്ടണ്ടാ. എനിക്ക് അത്രയ്ക്കൊന്നും ഇല്ല'' വേണു പറഞ്ഞു.
''നാലഞ്ച് ദിവസം കൂടുമ്പോള്‍ എന്തായാലും പത്മിനി കാണാനെത്തും'' എന്ന് വക്കീലും പറഞ്ഞു. സരോജിനിയും നാണുനായരും വീട്ടിലേക്ക് നടന്നു. എഴുത്തശ്ശനും ചാമിയും വന്നവരെ യാത്രയാക്കാന്‍ വെള്ളപ്പാറ കടവിലേക്കും.
''അങ്ങിനെ രാത്രിനേരത്ത് ഒരു പെണ്ണുകാണല്‍ ചടങ്ങ് നടത്തി അല്ലേ'' മേനോന്‍ ചോദിച്ചു. വേണുവിന്‍റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.
***********************************
വൈകീട്ട് കാപ്പികുടിയും കഴിഞ്ഞ് എല്ലാവരും ഇരിക്കുന്ന സമയം. അന്ന് കൊയ്ത്തില്ലാത്തതിനാല്‍ ചാമി കളപ്പുരയിലുണ്ട്. വേണു കിടപ്പിലായ ശേഷം അയാള്‍ പുഴയ്ക്ക് അക്കരെ കടന്നിട്ടില്ല. പാടത്ത് ചെന്നുനോക്കും . ഇടയ്ക്കിട്യ്ക്ക് പാടത്തുനിന്ന് വന്ന് മുതലാളിക്ക് എന്താ വേണ്ടത് എന്ന് അന്വേഷിക്കും.
''ഞാനൊന്ന് നടു നിവര്‍ത്തീട്ട് വരാ''മെന്ന് പറഞ്ഞ് വീട്ടിലേക്ക് നടന്ന നാണുനായര്‍ ധൃതിയില്‍ മടങ്ങിവരുന്നത് കണ്ടു.
''കുപ്പന്‍കുട്ട്യേ''അയാള്‍ വിളിച്ചു''തന്‍റെ പേരക്കുട്ടി വരുണുണ്ട്. അവന്‍റെ കയ്യില്‍ ഒരുകുട്ടീംണ്ട്''. പറഞ്ഞുതീരുംമുമ്പ് രാധാകൃഷ്ണനെത്തി. കയ്യില്‍ വെളുത്ത് സുന്ദരിയായ ഒരു കൊച്ചുമിടുക്കി. കാഴ്ചയ്ക്ക് പാവക്കുട്ടിയെ പോലുണ്ട്. രാധാകൃഷ്ണന്‍ കുട്ടിയുമായി എഴുത്തശ്ശന്‍റെ മുമ്പില്‍ ചെന്നു നിന്നു.
''നോക്ക് മോളേ, ഇതാ കുട്ടിടെ മുത്തച്ഛന്‍''അയാള്‍ കുട്ടിക്ക് എഴുത്തശ്ശനെ പരിചയപ്പെടുത്തി.
''ഏതാ ഈ കുട്ടി''എഴുത്തശ്ശന്‍ ചോദിച്ചു.
''പെങ്ങള് വന്നിട്ടുണ്ട്. അവളടെ കുട്ട്യാണ്''അയാള്‍ കുട്ടിയെ എഴുത്തശ്ശന്ന് നേരെനീട്ടി. കുട്ടി ഒന്നുനോക്കി പിന്നാക്കം തിരിഞ്ഞു.
''പരിചയക്കേടാവും''നാണുനായര്‍ പറഞ്ഞു''ഇതിന് മുമ്പ് കുട്ടി നിങ്ങളെ കണ്ടിട്ടില്ലല്ലോ''.
''അവള്‍ക്കങ്ങിനെ പരിചയക്കേടൊന്നും ഇല്ല. ആര് വിളിച്ചാലും ചെല്ലും. ഉറക്കം ഉണര്‍ന്ന വരവാണ്. അതാ ഇങ്ങിനെ''. രാധാകൃഷ്ണന്‍ വീണ്ടും കുട്ടിയെ നീട്ടി. എഴുത്തശ്ശന്‍ കൈ കാണിച്ചു വിളിച്ചു. കുട്ടി വരാനുള്ള ഭാവമില്ല. അയാള്‍ അവളെ ബലമായി എടുത്തു. കുട്ടി കരയാന്‍തുടങ്ങി.
''കരയണ്ടാ, കരയണ്ടാ കരുമിക്കുട്ട്യേ
കരണ്ട്യേപ്പം ചുട്ടു തരാം കരുമിക്കുട്ട്യേ''.
അയാള്‍ കുട്ടിയെ തോളത്തുകിടത്തി കുലുക്കി തുടയില്‍ താളംപിടിച്ചു പാടി. മെല്ലെമെല്ലെ കുട്ടി അയാളോട് ഇണങ്ങി.
''ദൈവത്തിന്‍റെ ഒരുകളി നോക്ക്''നാണുനായര്‍ പറഞ്ഞു''രക്തബന്ധംന്ന് പറഞ്ഞ് കേട്ടിട്ടില്ലേ. അതാ ഈ കാണുണത്''. അയാള്‍ കുട്ടിയുടെ അടുത്ത് ചെന്ന് നിനക്ക് മുത്തശ്ശനെ ഇഷ്ടായോടീ എന്നു ചോദിച്ചു.
''മുത്തശ്ശനല്ലാടോ''എഴുത്തശ്ശന്‍ പറഞ്ഞു''മുതുമുത്തശ്ശനാണ്. അവളടെ മുത്തശ്ശന്‍ വേലായുധന്‍കുട്ട്യല്ലേ''.
''അതിന് ഇവള്‍ അച്ഛനെ അച്ചാച്ച എന്നാ വിളിക്കാറ്''രാധാകൃഷ്ണന്‍ പറഞ്ഞു. എഴുത്തശ്ശന്‍ കുട്ടിയെതോളിലേറ്റി മുറ്റത്തുനടന്നു. മോളേ, നിനക്ക് തരാന്‍ ഒരച്ച് വെല്ലംകൂടി ഇല്ലല്ലോ ഇവിടെ എന്നയാള്‍ പരിതപിക്കുകയും ചെയ്തു.
''അങ്കിള്‍ ഞാന്‍ ഇന്നലെ സ്ഥലത്തുണ്ടായിരുന്നില്ല. ഇന്ന് ഉച്ചതിരിഞ്ഞേ എത്ത്യോള്ളു''രാധാകൃഷ്ണന്‍ വേണുവിന്‍റെ അടുത്ത് ചെന്നു''പെങ്ങള് വന്നപ്പൊ കുടുംബത്തോടെ ഞങ്ങള്‍ പഴനിക്ക് പോയി''. ഇതിനിടെയ്ക്ക് ചാമി തോട്ടത്തില്‍ചെന്ന് അഞ്ചാറ് കൊയ്യാപ്പഴം കൊണ്ടുവന്ന് കുട്ടിക്ക് കൊടുത്തു.
''കുട്ടിക്ക് ഇതൊന്നും കൊടുക്കണ്ടാടാ''എഴുത്തശ്ശന്‍ പറഞ്ഞു''അതിന്‍റെ കുരു അകത്ത് ചെന്നാല്‍ അവള്‍ക്ക് വയറ് വേദനിക്കും''.
കുട്ടി ഒരു കൊയ്യക്കായ കയ്യിലെടുത്ത് കടിച്ചുതുടങ്ങി. എഴുത്തശ്ശന്‍ അവളുമായി പാടത്തേക്ക് നടന്നു. അമ്മിണിയമ്മയ്ക്കും കെട്ടുപണിക്ക് വന്ന ജോലിക്കാര്‍ക്കും അയാള്‍ കുട്ടിയെ കാണിച്ചുകൊടുത്തു. കുളത്തിന്‍റെ വക്കത്തും അമ്പലത്തിലും അവളുമായിചെന്നു. പാടത്ത് പണിക്കാരികള്‍ ഉണ്ടെങ്കില്‍ കുട്ടിയെ അവര്‍ക്കുകൂടി കാണിച്ചു കൊടുക്കാമായിരുന്നു എന്ന് ആലോചിച്ചു. ഏറെ കൊതിച്ചിരുന്ന കളിപ്പാട്ടം കിട്ടിയ കുട്ടിയായി അയാള്‍ മാറി.
''ഇയാള്‍ കുട്ടിയെ പോക്കുവെയിലും കൊള്ളിച്ചുകൊണ്ട് എവിടേക്കാ ചുറ്റാന്‍ പോയത്''നാണുനായര്‍ ചോദിച്ചു.
''അവര് രണ്ടുംകൂടി ലോകം മുഴുവന്‍ ചുറ്റി കണ്ടിട്ട് വരട്ടെ''മേനോന്‍ പറഞ്ഞു''മനസ്സില്‍ ഇതെല്ലാം അടക്കിനിര്‍ത്തി അമ്മാമ എത്രകാലമായി കഴിയുന്നു''. ആ വാക്കുകള്‍ രാധാകൃഷ്ണനെ വല്ലാതെ സ്പര്‍ശിച്ചു. ഇനി മുതല്‍ എല്ലാദിവസവും കുട്ടിയെ മുത്തശ്ശന്ന് കാണിക്കണമെന്ന് അയാള്‍ നിശ്ചയിച്ചു. എഴുത്തശ്ശന്‍ കുട്ടിയുമായി എത്തി.
''ഈ പെണ്ണ് രണ്ട് കയ്യോണ്ടും എന്‍റെ മുഖത്ത് തല്ലി''എഴുത്തശ്ശന്‍ കരയുന്ന പോലെ അഭിനയിച്ചു. കുട്ടി അതുകണ്ട് പൊട്ടിച്ചിരിച്ചു.
''പോവുംമുമ്പ് ഒന്നുംകൂടി ഇവളെ കൊണ്ടു വരണം''രാധാകൃഷ്ണന്‍റെ കയ്യില്‍ കുട്ടിയെ ഏല്‍പ്പിക്കുമ്പോള്‍ എഴുത്തശ്ശന്‍ പറഞ്ഞു.
''ഞാന്‍ ദിവസൂം ഇവളെ കൂട്ടിവരാ''മെന്ന് രാധാകൃഷ്ണന്‍ ഏറ്റു.
എഴുത്തശ്ശന്‍ കുട്ടിയുടെ കവിളില്‍ ഒന്ന് ചുംബിച്ചു. അയാളുടെ കണ്ണുകള്‍ നനഞ്ഞിരുന്നു. വെള്ളപ്പാറകടവ് വരെ എഴുത്തശ്ശന്‍ ചെന്നു.
''കുട്ട്യേ കണ്ടിട്ട് കൊതി തീര്‍ന്നില്ല അല്ലേ''തിരിച്ചെത്തിയ അയാളോട് നാണുനായര്‍ ചോദിച്ചു.
''കണ്ടിട്ട് മടുക്ക്വോടോ ഈ ജന്മം''എന്നായിരുന്നു മറുപടി.
''എന്തിനാ ഒരുദിവസം കുട്ടിയെകൊണ്ടുവരണംന്ന് പറഞ്ഞത്''.
''ഒരുമാലയും അരഞ്ഞാണും നാല് വളയും കൊടക്കടുക്കനും അവള്‍ക്ക് വാങ്ങി കൊടുക്കണം എന്നുണ്ട്. എന്‍റെ മനസ്സിലെ ഒരു മോഹാണ് അത്''. ആ വാചകം കേട്ടവര്‍ക്ക് തങ്ങളുടെ മനസ്സില്‍ നിറഞ്ഞത് എന്താണെന്ന് ഒട്ടും മനസ്സിലായില്ല.
അദ്ധ്യായം - 122.
വേണുകിടപ്പിലായത് മുതല്‍ രാജന്‍മേനോന്‍ കളപ്പുരയില്‍ തന്നെയാണ്. വല്ലപ്പോഴും വീടുവരെ ഒന്നു ചെല്ലും. പെട്ടെന്നുതന്നെ തിരിച്ചെത്തുകയും ചെയ്യും. പകല്‍സമയം നാണുനായര്‍ കളപ്പുരയിലുണ്ടാവും. പാടത്തൊന്ന് എത്തിനോക്കി എഴുത്തശ്ശനും എത്തും. കൊയ്ത്തിന്‍റെ ചുമതല ചാമി ഏറ്റെടുത്തിരിക്കയാണ്. അധികസമയവും എഴുത്തശ്ശനും നാണുനായരും മേനോനും ചേര്‍ന്ന് വര്‍ത്തമാനം പറച്ചിലാണ്. വേണു എല്ലാം കേട്ടിരിക്കും. പല വിഷയങ്ങളിലുമുള്ള മേനോന്‍റെ അറിവും, പ്രായോഗികജ്ഞാനവും വേണുവിനെ അത്ഭുതപ്പെടുത്തി. വെറുതെയല്ല ആകാശത്തിന്ന് കീപ്പട്ടും ഭൂമിക്ക് മേപ്പട്ടും ഉള്ള എല്ലാ കാര്യൂം മേനോന്‍ സ്വാമിക്ക് അറിയാമെന്ന് നാണുമാമ ഇടക്കിടക്ക് പറയുന്നത്.
വേണു വീണതിന്‍റെ മൂന്നാംപക്കം നട്ടുച്ചനേരം. ഉച്ചഭക്ഷണം കഴിഞ്ഞ് എല്ലാവരുംകൂടി സംഭാഷണത്തിലാണ്. മകരകൊയ്ത്തിനേയും വിളവ് കിട്ടിയതിനേയുംകുറിച്ച് സംസാരിക്കാന്‍ തുടങ്ങിയത് ജന്മികുടിയാന്‍ രീതി ഇല്ലാതായതുകൊണ്ട് സാമൂഹ്യസാമ്പത്തിക രംഗങ്ങളില്‍ സംഭവിച്ച മാറ്റങ്ങളിലേക്ക് നീണ്ടു.
''ഗുരുസ്വാമീ, പറയുണതോണ്ട് ഒന്നും തോന്നണ്ടാ. കാര്യായിട്ടിള്ള കാര്യം പറയുമ്പൊ പ്രസംഗിക്കുണമാതിരി പറഞ്ഞാലാ കേട്ടോണ്ടിരിക്കാന്‍ ഒരു രസം തോന്നൂ''നാണുനായര്‍ തുടക്കത്തിലേ ഒരു അഭിപ്രായം പാസ്സാക്കി.
''എങ്ങിനെ പറയുന്നു എന്നല്ല, എന്ത് പറയുന്നു എന്നാണ് നോക്കണ്ടത്'' മേനോന്‍ പറഞ്ഞു''എന്നാലും കഴിയുന്നതും അങ്ങിനെ ചെയ്യാം''.
''അയാളെന്തോ പറഞ്ഞോട്ടെ. അത് കാര്യാക്കണ്ടാ. സ്വാമിക്ക് പറയാന്‍ തോന്നുണത് സ്വാമി പറഞ്ഞോളൂ''എഴുത്തശ്ശന്‍ അനുമതി നല്‍കി.
''ജന്മിത്വം അവസാനിപ്പിച്ചതുകാരണം പല കുടുംബങ്ങളും തകര്‍ന്നു എന്ന ആരോപണം ഉണ്ടായിട്ടുണ്ട്. കുറെയൊക്കെ ശരിയാണെങ്കിലും അന്നത്തെ കാലത്ത് അത്തരത്തിലൊരു നടപടി അനിവാര്യമായിരുന്നു'' മേനോന്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു.
''അല്ലെങ്കിലും എന്ത് ചെയ്യുമ്പോഴും രണ്ടഭിപ്രായം ഉണ്ടാവും. പെറ്റതള്ളേ ഒരാള് തല്ല്യാലും ചെയ്തത് തെറ്റായീന്നും നന്നായീന്നും പറയാന്‍ ആള് കാണും'' എഴുത്തശ്ശന്‍ പറഞ്ഞു.
''ഈ നിയമം നടപ്പിലാക്കിയതിന്ന് പിന്നില്‍ ഒരു മാനുഷീകവശമുണ്ട്. പണ്ടൊക്കെ കുടിയാന് മണ്ണില്‍ പണിയാനേ അവകാശമുള്ളു. അവന് തന്‍റെ കൈവശമുള്ള ഭൂമിയില്‍ മാത്രമല്ല അതില്‍ അവന്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളില്‍പോലും അവകാശമുണ്ടായിരുന്നില്ല. ജന്മിക്ക് എപ്പോള്‍ വേണമെങ്കിലും അതെല്ലാം സ്വന്തമാക്കാം. കൊല്ലങ്ങളോളം പണിയെടുത്ത ഭൂമിയില്‍നിന്ന് കുടിയാനെ എപ്പോള്‍ വേണമെങ്കിലും ഇറക്കിവിടാം. എന്തിനേറേ അവന്‍റെ അച്ഛനോ അമ്മയോ വേണ്ടപ്പെട്ട ആരെങ്കിലുമോ മരിച്ചാല്‍ ആ മണ്ണില്‍ കുഴിച്ചിടാന്‍പോലും അവന് അധികാരം ഇല്ലായിരുന്നു''.
''അതു ശര്യാണ്. മുമ്പ് കുടിയാന്മാരുടെ ആരെങ്കിലും മരിച്ചാല്‍ ശവം പുഴമ്പള്ളേലാണ് അടക്കാറ്''നാണുനായര്‍ ആ പറഞ്ഞതിനെ ശരിവെച്ചു.
''ചെലപ്പൊ ശവം കുറുക്കനോ നായോ മാന്തി പുറത്തിടും. വല്ലവനും വന്ന് അവിടെ കടവെറങ്ങും. കുടിയാന് ഇരിക്കുമ്പഴും ചത്താലും തൊയിരം കിട്ടില്ല''ചാമിയും തന്‍റെ അഭിപ്രായം പറഞ്ഞു.
''ഇതൊക്കെ കണ്ടിട്ടാണ് അന്ന് ആ നിയമം കൊണ്ടുവന്നത്''മേനോന്‍ തുടര്‍ന്നു''ജന്മിമാര്‍ക്ക് താഴെകിടയിലുള്ളവരുടെ പ്രയാസങ്ങള്‍ അറിയില്ല. അവര്‍ സുഖലോലുപരായിരുന്നു. കൃഷിഭൂമി കുടിയാന് കിട്ടിയാല്‍ കര്‍ഷക തൊഴിലാളികളുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ അവര്‍ തങ്ങളോട് നല്ല രീതിയില്‍ പെരുമാറും എന്നൊക്കെയായിരുന്നു തൊഴിലാളികളുടെ കണക്കുകൂട്ടല്‍. എന്നാല്‍ അതല്ല ഉണ്ടായത്''.
''ഒരുകാര്യം പറയാലോ. പണ്ടുകാലത്ത് ജന്മിടെ മുമ്പില് ആരെങ്കിലും സങ്കടംപറഞ്ഞു ചെന്നാല്‍ അവരെ സഹായിച്ചിരുന്നു''നാണുനായര്‍ പറഞ്ഞു''ഇപ്പഴത്തെ കൃഷിക്കാരുടടുത്ത് വല്ല സഹായൂം ചോദിച്ച് ചെന്നാലോ. കണ്ടില്ലാന്ന് നടിക്കും''.
''അതേയ്, ഉണ്ട് മടുത്തോനോട് ഉരുളവാങ്ങണം. കണ്ട് മടുത്തോനോട് കടം വാങ്ങണം എന്ന് പണ്ടത്തെ ആള്‍ക്കാര് പറഞ്ഞത് വെറുത്യാണോ'' എഴുത്തശ്ശന്‍ പറഞ്ഞു''തറവാടി എന്നും തറവാട്യായിരിക്കും. ചെറ്റ ചെറ്റീം''.
''നിയമം വന്നപ്പോള്‍ ജന്മിമാര്‍ എല്ലാവരുടേയും ഭൂമി നഷ്ടപ്പെട്ടോ''വേണു സംശയം ഉന്നയിച്ചു.
''ഏത് വല വീശിയാലും ചില മീനുകള്‍ രക്ഷപ്പെടും. ആപത്ത് മുന്‍കൂട്ടി കാണാനുള്ള കഴിവുള്ളവയാണ് അവ. അതുപോലെ ഭൂപരിഷ്ക്കരണ നിയമം വരും എന്ന സൂചന കിട്ടിയതും പാട്ടഭൂമി തിരിച്ചുവാങ്ങി അത് കൈവശം ആക്കിയ കുറെ മിടുക്കന്മാരുണ്ടായിരുന്നു. ചിലര് ഇങ്ങിനെ ഒരു നിയമം വരികയേ ഇല്ല എന്ന് വിശ്വസിച്ചു. വേറെ ചിലര്‍ നിയമം നടപ്പിലാവുമ്പോള്‍ എന്തെങ്കിലും ചെയ്യാമെന്ന് കരുതി മടിച്ചിരുന്നു. ഈ രണ്ട് കൂട്ടര്‍ക്കുമാണ് നഷ്ടം സംഭവിച്ചത്''.
''മേനോന്‍ സ്വാമി, ഇത് പറഞ്ഞപ്പഴാ എനിക്കൊരു കാര്യം ഓര്‍മ്മവന്നത്. മുമ്പെന്നോ ഓപ്പോള്‍ പറഞ്ഞുകേട്ടതാ. ഭൂപരിഷ്ക്കരണനിയമം വരാന്‍ പോണൂന്ന് ആരോ തറവാട്ടില്‍ വന്നപ്പോള്‍ പറഞ്ഞ്വോത്രേ. അതുകേട്ടതും ചെറിയമ്മ പറഞ്ഞ സംഗതി കേട്ടാല്‍ ചിരിവരും''വേണു പറഞ്ഞു.
''എന്താ നിന്‍റെ ചെറ്യേമ്മ പറഞ്ഞത്''എഴുത്തശ്ശന്‍ ചോദിച്ചു.
''കുടീരിപ്പും പാട്ട കൃഷീം കുടിയാന് സ്വന്താവുംന്നോ. അതെങ്ങന്യാ ശര്യാവ്വാ, ഈ വീട്ടില് അടുക്കളപണിക്ക് ചെല്ല വരാന്‍തുടങ്ങീട്ട് പതിനഞ്ചുകൊല്ലായി. നാളെ അടുക്കളേലെ പാത്രങ്ങളും, സര്‍വ്വ സാധനങ്ങളും എന്‍റ്യാണ് എന്ന് പറഞ്ഞുംകൊണ്ട് അവള് വന്നാല്‍ നമ്മളത് സമ്മതിക്ക്വോ. അതുപോലല്ലേ ഇതും. ഉടമസ്ഥന്‍റെ മുതല് കുടിയാന് കൊടുക്കാന്‍ എങ്ങിന്യാ ഒരു നിയമം കൊണ്ടുവര്വാന്ന് ചെറിയമ്മ ചോദിച്ച്വോത്രേ''.
''നല്ല ഉപമ പറച്ചിലായി''നാണുനായര്‍ക്ക് ചിരിയടക്കാനായില്ല. മേനോനും എഴുത്തശ്ശനും അതില്‍ പങ്കുചേര്‍ന്നു.
''അതാ ഞാന്‍ പറഞ്ഞത്. ഇങ്ങിനെ വികടത്തില്‍ ചിന്തിച്ച ആളുകളുടെ ഭൂമിയൊക്കെയാണ് പോയത്''മേനോന്‍ പറഞ്ഞു.
''നിയമം വന്നപ്പോള്‍ കുടിയാന്മാര്‍ക്ക് എത്ര ഭൂമി കിട്ടീട്ടുണ്ടാവും. ആ കാലത്ത് നാട്ടില്‍ ഇല്ലാത്തതോണ്ട് എനിക്ക് യാതൊന്നും അറിയില്ല''.
''പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ താലൂക്കിലാണ് ധാരാളം ഭൂസ്വത്തുള്ള ജന്മിമാര്‍ അധികം ഉണ്ടായിരുന്നത്. അവരുടെ കുടിയാന്മാര്‍ക്ക് യഥേഷ്ടം ഭൂമി കിട്ടി. ബാക്കി ഭാഗത്തുള്ളവര്‍ക്കൊന്നും അത്രയധികം കിട്ടിയില്ല. അഞ്ചോ പത്തോ സെന്‍റ് സ്ഥലം മുതല്‍ നാലോ അഞ്ചോ ഏക്രവരെ ഭൂമി കിട്ടിയവരേ അവിടെയുള്ളു. കൂടുതല്‍ഭൂമി പതിച്ചുകിട്ടിയ കുടിയാന്മാര്‍ പലരും കൈവശംവെക്കുന്ന ഭൂമിക്ക് പരിധി നിശ്ചയിച്ചത് തെറ്റായി എന്ന് പിന്നീട് പറഞ്ഞിട്ടുണ്ട്. കാരണം അത്രയധികം ഭൂമി അന്നവര്‍ക്ക് കിട്ടി''.
''അത് അങ്ങനെ തന്ന്യാണ്. എത്ര കിട്ട്യാലും മനുഷ്യന് മതി വരില്ല''നാണു നായര്‍ പറഞ്ഞു''പത്ത് കിട്ടിയാല്‍ നൂറുമതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും പാടുണത് കേട്ടിട്ടില്ലേ''.
''പ്രതീക്ഷിക്കാതെ സ്വത്ത് വന്നപ്പോള്‍ കുടിയാന്മാരുടെ ജീവിതം തന്നെ മാറീട്ടുണ്ടാവില്ലേ''വേണു ചോദിച്ചു.
''എന്താ വേണൂ അതിലൊരു സംശയം''രാജന്‍ മേനോന്‍ തുടര്‍ന്നു''പാട്ടം കൊടുക്കുന്ന പതിവ് ഒരു ദിവസം നിര്‍ത്തിയതോടെ കുടിയാന്മാരുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടായി. അത്രയും കാലം പാട്ടംകൊടുത്ത ബാക്കി കൊണ്ട് അരിഷ്ടിച്ച് കഴിഞ്ഞവര്‍ക്ക് ഭൂമിയില്‍നിന്നുള്ള വരുമാനമാകെ സ്വന്തമായി. കൈ നിറയെ പണം വന്നപ്പോള്‍ പലര്‍ക്കും അതുകൊണ്ട് എന്താണ് ചെയ്യേണ്ടത് എന്നുപോലും അറിയാതായി. പഴയ വീടുകളുടെ സ്ഥാനത്ത് ടെറസ്സുകളായി. കന്നും കാളവണ്ടിയും ട്രാക്ടറിന്ന് വഴിമാറി. ബുള്ളറ്റും അംബാസഡറും ഫിയറ്റും അവരുടെ മുറ്റത്ത് പ്രതാപം വിളിച്ചറിയിച്ചു. കയ്യയച്ച് സംഭാവന നല്‍കിയും പൊതുകാര്യത്തില്‍ സജീവമായും ചിലര്‍ സമൂഹത്തില്‍ സ്ഥാനമാനങ്ങള്‍ ഉറപ്പിച്ചു. പക്ഷെ മറ്റുചിലര്‍ക്ക് യാതൊരു മാറ്റവും ഉണ്ടായില്ല. അവര്‍ പഴയതുപോലെ പിശുക്കുമായി കഴിഞ്ഞുകൂടി. പണം ചിലവാകുന്നത് സഹിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അത് ഒഴിവാക്കാന്‍ അവര്‍ പലന്യായങ്ങളും നിരത്തി''.
''അമ്പലം പണിക്ക് സംഭാവന ചോദിച്ച് നമ്മള് ചെന്നപ്പൊ ആ രാഘവന്‍ നമ്മടടുത്ത് പറഞ്ഞമാതിരി''എഴുത്തശ്ശന്‍ ഉദാഹരണം കണ്ടെത്തി.
''സ്വത്തൊക്കെ നഷ്ടപ്പെട്ട ജന്മിമാരുടെ കാര്യോ''.
''ഭൂസ്വത്ത് നഷ്ടപ്പെട്ടാലും കയ്യുംകാലും ഇല്ലേ. പണിയെടുത്ത് ജീവിച്ചൂടെ എന്നൊക്കെ ജന്മിമാരെപ്പറ്റി പറഞ്ഞുകേള്‍ക്കാറുണ്ട്. അതൊക്കെ വെറും വാക്ക് മാത്രമാണ്. മാറിയ ചുറ്റുപാടുകളോട് പൊരുത്തപ്പെടാനാവാതെ പലരും കുഴങ്ങുകയാണ്. മാനുഷീകമായ ഒരു കാഴ്ചപ്പാട് ഇവരുടെ കാര്യത്തില്‍ ഉണ്ടായില്ല''.
''ഓരോകാലത്ത് ഓരോ വിധം''എഴുത്തശ്ശന്‍ കൂട്ടിച്ചേര്‍ത്തു. ഒറ്റ നിയമം കൊണ്ട് സമൂഹത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചോര്‍ത്ത് വേണു ഇരുന്നു.
''നമ്മടെ മായന്‍കുട്ട്യല്ലേ ഓടിക്കൊണ്ടുവരുണത്'' നാണുനായര്‍ വെള്ളപ്പാറ കടവിലേക്കുള്ള വഴിയിലേക്കുനോക്കി പറഞ്ഞു
''ഒരു സങ്ങതി കേട്ട്വോ''മായന്‍കുട്ടി കിതച്ചുകൊണ്ട് ചോദിച്ചു''ആ പെണ്ണ് രാഘവന്‍മുതലാളിടെ വീട്ടില്‍ചെന്ന് ലഹള കൂട്ട്യേത്രേ''. പുല്ലരിഞ്ഞ് വേലപ്പന്‍റെ വീട്ടിലെത്തിച്ചശേഷം വന്നതാണ് അവന്‍.
''ആരുടെ കാര്യാടാ നീ പറയുണത്''എഴുത്തശ്ശന്‍ ചോദിച്ചു''ഊമയ്ക്ക് വയറ്റിലുണ്ടായ മാതിരീള്ള കൂട്ടം കൂടാതെ''.
''ആ പെണ്ണില്ലേ, പാഞ്ചാലി. അവളാ ലഹള കൂട്ട്യേത്''.
''എന്തിനാടാ അവള്‍ അയാളടെ വീട്ടില് ലഹളയ്ക്ക് ചെന്നത്''.
''അത് എനിക്കറിയാന്‍ പാടില്ല. മുതലാളിടെ മകന് കല്യാണാലോചന ആയിട്ട് ആള്‍ക്കാര് വന്നപ്പഴാ അവളവിടെ ചെന്നത് എന്നാ കേട്ടത്. ആ പെണ്ണ് തൊള്ളേല്‍ തോന്ന്യേത് പറഞ്ഞതുകേട്ട് വന്നോര് മടങ്ങി പോയീന്നും കേട്ടു''.
''എന്നാടാ ഇതൊക്കെ ഉണ്ടായേ''.
''രണ്ടുമൂന്ന് ദിവസായീന്നാ കേട്ടത്''
''ആരോ എന്തോ ചെയ്യട്ടേടാ. നീ ചെന്ന് ചാമി എന്താ ചെയ്യുണേന്ന് നോക്ക്''. മായന്‍കുട്ടി ഓടിപ്പോയി കൈതയുടെ മറവിലേക്ക് കടന്നു.
''അവന്‍ പറഞ്ഞത് കേട്ടില്ലേ. രാഘവന്‍ മുതലാളീന്ന്. അവന്‍റെ തന്ത്യാണ് അയാള്. അനുജന്‍റെ കല്യാണാണ് മുടങ്ങ്യേത്''നാണുനായര്‍ പറഞ്ഞു.
''എന്തിനാ അമ്മാമേ ആ പെണ്‍കുട്ടി വഴക്കിന്ന് ചെന്നിട്ടുണ്ടാവ്വാ''വേണു ചോദിച്ചു.
''ആ പെണ്ണിന് നടപടിദൂഷ്യൂണ്ട്ന്ന് കേട്ടിട്ടുണ്ട്. ചെക്കനും വാല് മൊളച്ച സാധനം ആണത്രേ''.
''നമുക്കെന്ത് വേണം. ആരോ എന്തോ ചെയ്യട്ടെ''മേനോന്‍ ആ സംഭാഷണം നിര്‍ത്തിച്ചു. ദൂരെ കയത്തംകുണ്ടിന്നടുത്തുനിന്ന് മായന്‍കുട്ടിയും ചാമിയും വരുന്നുണ്ടായിരുന്നു.
അദ്ധ്യായം - 123.
''പള്ളിക്കുണ്ടിന്‍റെ അടുത്ത് പൊഴേല് പാഞ്ചാലിടെ ശവം കിടക്കുണൂന്ന് കേട്ടു''രാവിലെ പാലുമായി കളപ്പുരയിലെത്തിയ കല്യാണി പറഞ്ഞു. അവളുടെ വാക്കുകളില്‍ പരിഭ്രമം കലര്‍ന്നിരുന്നു.
''പിഴച്ച് നടക്കുന്നോരടെ അവസാനം ഇങ്ങിന്യോക്കെ തന്ന്യാവും. സൂക്കട് പിടിച്ചിട്ടോ, വല്ലോന്‍റേം കയ്യോണ്ട് ചാവാനോ ആവും അവരടെ വിധി'' കേട്ടതും എഴുത്തശ്ശന്‍ പ്രതികരിച്ചു.
''അവളെ കണ്ടാല്‍ കൊല്ലുംന്ന് വലിയപ്പന്‍ പറഞ്ഞതാണ്. വല്ല കേസ്സിലും പോയി മാട്ട്വോന്നാ എന്‍റെ പേടി''.
''പെണ്ണേ, നീ വേണ്ടാത്ത കൂട്ടംകൂടാതെ. വല്ലോരും കേട്ടാ മതി. സംഗതി പൊലീസുകാരടെ ചെവീലെത്തിക്കും. അത് കേള്‍ക്കണ്ട താമസേള്ളു അവനെ പിടിച്ചോണ്ട് പോവാന്‍''.
''അവളേം അവളുടെ അപ്പനീം ബന്ധുക്കാര് തല്ലീന്നും വീട് വിട്ട് പോയില്ലെങ്കില്‍ പുര കത്തിക്കുംന്ന് പറഞ്ഞൂന്നും കേട്ടു''.
''അവര്‍ക്ക് പെഴപ്പായി. പൊലീസുകാരടെ തല്ലുകൊണ്ട് പുറം പൊളിയും. എന്തായാലും നിന്‍റെ വലിയപ്പന്‍ മുതലാളി വീണ് കിടപ്പായശേഷം പുഴടെ അക്കരയ്ക്ക് പോയിട്ടില്ല. ആ കാര്യം ഞങ്ങള്‍ക്ക് ഉറപ്പാണ്''പെണ്‍കുട്ടി പാത്രവുമായി മടങ്ങിപ്പോയി.
''അമ്മാമേ, നമ്മുടെ ചാമിക്കെന്തെങ്കിലും പ്രശ്നം ഉണ്ടാവ്വോ''വേണു ചോദിച്ചു''വേണച്ചാല്‍ ഞാന്‍ വിശ്വേട്ടനോട് പറയാം''.
''നീ വേണ്ടാണ്ടെ ചാടികേറി ഒന്നിനും പുറപ്പെടണ്ടാ. ദേഷ്യംവന്നാല്‍ അവന്‍ കണ്ണും മൂക്കുംനോക്കാണ്ടെ വല്ലത്വോക്കെ പറയും, ചിലപ്പൊ രണ്ട്തല്ലും. അല്ലാണ്ടെ ഒരാളെ കൊല്ലാനൊന്നുംപോവില്ല''. അധികം താമസിയാതെ നാണുനായരും ചാമിയും എത്തി.
''എവിടേക്കാടാ ചാമ്യേ നീ പോയത്''എഴുത്തശ്ശന്‍ ചോദിച്ചു.
''ഞാന്‍ മൂത്താരടെ വീട്ടില് മുരിങ്ങടെ ഇല പൊട്ടിച്ചുകൊടുക്കാന്‍ നിന്നു'' അവന്‍ പറഞ്ഞു''അന്ന് മുതലാളി വലിച്ച ഇല കൂട്ടാന്‍ വെക്കാതെ കേട് വന്നുപോയി. ആ സങ്കടം തീര്‍ക്കാനാ ഞാന്‍ കേറി പൊട്ടിച്ചുകൊടുത്തത്''
''അപ്പൊ ഇന്ന് ഉച്ചക്ക് മുരിങ്ങ കൂട്ടാനാണ് അല്ലേടോ''എഴുത്തശ്ശന്‍ സുഹൃത്തിനോട് ചോദിച്ചു.
''പരിപ്പും കുറച്ച് നാളികേരൂംകൂട്ടി വെക്കാന്‍ പറഞ്ഞിട്ടുണ്ട്''നാണു നായര്‍ പറഞ്ഞു.
''ഒരു വര്‍ത്തമാനം കേട്ട്വോ നിങ്ങള്''എഴുത്തശ്ശന്‍ ഇരുവരോടുമായി പറഞ്ഞു''പുഴേല് ആ പെണ്ണ് പാഞ്ചാലി ചത്ത് പൊങ്ങീട്ടുണ്ടത്രേ''. ഇരുവരും സംഭ്രമത്തോടെ നിന്നു.
''എന്താ മിഴിച്ച് നില്‍ക്കുണത്. സങ്ങതി സത്യാണ്''.
''എവിട്യാ ശവം കിടക്കുണത്''നാണുനായര്‍ ചോദിച്ചു.
''പള്ളിക്കുണ്ടിന്‍റെ അടുത്താത്രേ. പാലുംകൊണ്ട് വന്നപ്പൊ കല്യാണി പറഞ്ഞതാ''.
''ആ പെണ്ണിനെ രണ്ട് പൊട്ടിക്കണംന്ന് വിചാരിച്ച് ഞാന്‍ ഒരുദിവസം പോയതാ. കാണാഞ്ഞത് നന്നായി. അല്ലെങ്കില് ഉള്ളകാലം മനസ്സിലത് ഒരുകെടപ്പായന്നെ''ചാമി പറഞ്ഞു.
''അവനോന്‍ ചെയ്യുണതിന്‍റെ ഗുണൂം ദോഷൂം അവനോന്‍ തന്നെ അനുഭവിക്കൂം''നാണുനായര്‍ തത്വം പറഞ്ഞു''മുമ്പൊക്കെ അത് പിന്നെക്കാ. ഇപ്പൊ എല്ലാം അപ്പളയ്ക്ക് അപ്പളെ കിട്ടും''.
''ഞാനൊന്ന് ചെന്ന് നോക്കീട്ട് വരട്ടെ''ചാമി അനുവാദം ചോദിച്ചു.
''മിണ്ടാണ്ടെ ഇരുന്നോ. അവിടെ ചെന്ന് മുഖം കാണിച്ച് വല്ല കേസ്സിലും ചെന്ന് ചാടണ്ടാ''.
''എനിക്ക് രാവുത്തരടെ പുര പണിയുന്നോടത്ത് ഒന്ന് ചെല്ലണം. ഒരു നോട്ടം ഉണ്ടാവണംന്ന് മൂപ്പര് എന്നോട് പറഞ്ഞിട്ടുണ്ട്''നാണുനായര്‍ എഴുന്നേറ്റു.
''കൊയ്യാന്‍ പെണ്ണുങ്ങള്‍ എത്തീട്ടുണ്ടാവും. ഞാനും പോണൂ''ചാമിയും പോവാനൊരുങ്ങി.
''അപ്പൊ നിനക്ക് കഴിക്കാനൊന്നും വേണ്ടേടാ''എഴുത്തശ്ശന്‍ ചോദിച്ചു.
''മൂത്താരുടെ വീട്ടിന്ന് ഒരുകിണ്ണം വെള്ളച്ചോറ് കിട്ടി. അത് കഴിച്ചു. ഇനി ഉച്ചവരെയ്ക്ക് പച്ചവെള്ളം വേണ്ടാ''.
ഇരുവരും പോയതോടെ എഴുത്തശ്ശന് എന്താ വേണ്ടത് എന്ന തോന്നലായി. മേനോന്‍ ഒരു ബന്ധു മരിച്ചിട്ട് പോയതാണ്. ഉച്ചക്കേ എത്തു. വേണുവിനെ ഒറ്റയ്ക്കാക്കി എങ്ങോട്ടും പോവാന്‍ ആവില്ല. കുടിക്കാന്‍ കുറച്ച് വെള്ളം വേണച്ചാല്‍ എടുത്ത് കൊടുക്കാന്‍കൂടി ഒരാളില്ല.
''വേണ്വോ, ഇന്ന് നിന്‍റെ പെങ്ങള് വര്വോ''എഴുത്തശ്ശന്‍ ചോദിച്ചു.
''വേണ്ടാന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇനി പോര്വോന്ന് എനിക്കറിയില്ല''.
''ഇന്നാള് അളിയന്‍റീം പെങ്ങളുടേംകൂടെ വന്നതാണ് നാണ്വാരടെ മകള്‍ക്ക് നോക്കിയാ ആള് എന്നല്ലേപറഞ്ഞത്. കാണാന്‍ യോഗ്യനൊക്കെതന്ന്യാണ്. അയാളടെ സ്വഭാവം നന്നെന്ന് നീയും പറഞ്ഞു. ഇനി എന്തിനാ വെറുതെ നീട്ടിക്കൊണ്ടു പോണത്. നമുക്ക് ആ ചടങ്ങ് നടത്ത്യാലോ''.
''രാമൂന്‍റെ ഭാര്യ മരിച്ചതിന്‍റെ കൊല്ലം തികഞ്ഞോട്ടെ. നമുക്കത് നടത്താം''. എഴുത്തശ്ശന്‍ നോക്കുമ്പോള്‍ സരോജിനി കളപ്പുരയിലേക്ക് വരുന്നു.
''ശ്''എഴുത്തശ്ശന്‍ ശബ്ദിച്ചു''ആ കുട്ടി വരുണുണ്ട്''. സരോജിനി അകത്തേക്ക് കയറി.
''ഇന്നെന്താ കുട്ട്യേ, പണി ഒന്നൂല്യേ''എഴുത്തശ്ശന്‍ ചോദിച്ചു.
''ഉണ്ട്. അടുക്കളേലെ പണി തുടങ്ങുംമുമ്പ് വേണ്വോട്ടന്‍റെ ഇട്ടുമുഷിഞ്ഞ തുണ്യോക്കെ തിരുമ്പാലോന്ന് വെച്ച് വന്നതാ''.
''കാര്യം പറയുമ്പൊ ഒന്നും തോന്നണ്ടാ. ആണിന്‍റെ മുണ്ടും തുണീം തിരുമ്പി കൊടുക്കണ്ടത് കെട്ടീട്ട് വന്നപെണ്ണിന്‍റെ ചുമതല്യാണ്. പെണ്ണ് കെട്ടാത്തോരടെ മുഷിഞ്ഞത് മണ്ണാത്ത്യേക്കൊണ്ട് അലക്കിക്കണം. അല്ലാണ്ടെ ഒരാണിന്‍റെ വിഴുപ്പുതുണി മറ്റുപെണ്‍കിടാങ്ങളെക്കൊണ്ട് തിരുമ്പിക്കാന്‍ പാടില്ല''.
''വേണ്വോട്ടനെ വേറൊരാളായിട്ട് എനിക്ക് കാണാനാവില്ല''.
''അത് കുട്ടിടെ മനസ്സിന്‍റെ ഗുണം. മൂന്നുനേരം ഞങ്ങള്‍ക്ക് വെച്ച് വിളമ്പി തരുണതേ വല്യേ പുണ്യം. അതിലപ്പുറം ചെയ്യിക്കുണത് ഞങ്ങടെ തെറ്റ്''.
''അച്ഛന്‍ പറഞ്ഞു വേണ്വോട്ടന്‍റെ തുണിതിരുമ്പികൊടുക്കാന്‍''.
'അയാള്‍ക്ക് പണ്ടേ ഊരേം ഉമ്മറപ്പടീം തിരിച്ചറിയാനുള്ള വിവരൂല്യാ. ഒന്നിനോണം പോന്ന ആണിന്‍റെ തുണി നിന്നോട് തിരുമ്പാന്‍ പറയാന്‍ എന്താ വെളിവ് ഇല്യാണ്ടായോ ആ നായര്‍ക്ക്''. സരോജിനിയുടെ മുഖം വാടി. അവളുടെ കണ്ണുകള്‍ നിറഞ്ഞുതുടങ്ങി.
''കുട്ട്യേ, നീ സങ്കടപ്പെടാന്‍ വേണ്ടി ഞാന്‍ പറഞ്ഞതൊന്ന്വൊല്ല. എന്തിനും ഒരു അതിരും വരമ്പും വേണ്ടേ. അത് പറഞ്ഞ് മനസ്സിലാക്കീന്നേ ഉള്ളു''. അവള്‍ കണ്ണുതുടച്ച് പോവാനൊരുങ്ങി.
''പറ്റുംച്ചാല്‍ രണ്ടുവിധം കൂട്ടാന്‍ ഉണ്ടാക്കിക്കോ. വെറുതെ ഇരിക്കുമ്പൊ എന്തെങ്കിലും ഒക്കെ തിന്നാന്‍ തോന്നുണുണ്ട്''.
''കുറച്ച് മുറുക്കും മനോഹരൂം ഉണ്ടാക്കിവെക്കട്ടെ''.
''ആയ്ക്കോട്ടേ. ഇടക്ക് കറുമുറെ കടിക്കാല്ലോ''.
''ഓമക്കായ പഴുത്ത് നിക്കുണുണ്ട്. ഒന്ന് കാക്ക കൊത്തി. ബാക്കീള്ളത് കുത്തിവീഴ്ത്തീട്ട് ഞാന്‍ അച്ഛന്‍റേല് കൊടുത്തയയ്ക്കാം''സരോജിനി മടങ്ങിപ്പോയി. നീലാകാശത്ത് നീളത്തിലൊരു വെള്ളവര വരച്ചിട്ട് യന്ത്രപ്പക്ഷി പറന്നുപോയി.
അദ്ധ്യായം - 124.
''ഇന്നലെ രാത്രി എനിക്ക് തോന്ന്യേതാ. അവന് സമയദൂഷ്യം വല്ലതും ഉണ്ടോന്ന് നോക്കിക്കണംന്ന്''വക്കീലിനോട് പത്മിനി രാവിലെ ആദ്യം പറഞ്ഞത് അതാണ്.
''ആരുടെ കാര്യാടോ താനീ പറയുണത്''വക്കീല്‍ ചോദിച്ചു.
''വേണൂന്‍റെ . അല്ലാതാരടെ കാര്യാ എനിക്ക് നോക്കാനുള്ളത്. അവനോന്‍റെ കാര്യം നോക്കി വെറുതെ നടന്ന ആള് പെട്ടെന്ന് വീണ് കിടപ്പിലായീച്ചാല്‍ അതെന്താണെന്ന് അറിയണോലോ''.
''വേണു മരത്തില്‍ കേറിവീണ് കാലൊടിഞ്ഞത് കഷ്ടകാലംകൊണ്ടാണെന്ന് പറയുന്നതില്‍ എന്താടോ ന്യായം. അറിയാത്ത പണിയ്ക്ക് ഇറങ്ങ്യാല്‍ ആര്‍ക്കാണെങ്കിലും ഇമ്മാതിരി അബദ്ധം പറ്റില്ലേ''.
''വിനാശകാലേ വിപരീതബുദ്ധീന്ന് കേട്ടിട്ടില്ലേ. ചീത്തകാലത്തേ ഇങ്ങിനെ വേണ്ടാത്തതൊക്കെ മനുഷ്യന് തോന്നൂ''.
''ഞാന്‍ എന്ത് വേണംന്നാ താന്‍ പറയുണത്''.
''വിശ്വേട്ടന്‍ ഒന്നുംചെയ്യണ്ടാ. നല്ലൊരു ജോത്സ്യരെ കാണണം. അതിനെന്താ വേണ്ടത്ച്ചാല്‍ അത് ചെയ്താ മതി''.
''നോക്കൂ പത്മിനി''വക്കീല്‍ പറഞ്ഞു''ഇന്നെനിക്ക് തിരക്കുള്ള ദിവസാണ്. കോടതീല്‍ പോണത് ഒഴിവാക്കാന്‍ പറ്റില്ല. മുരളി ഉണ്ടെങ്കില്‍ എന്തെങ്കിലും ചെയ്യായിരുന്നു''.
''അവന്‍ എത്താന്‍ ഇനീം രണ്ട് ദിവസം എടുക്കും. അതുവരെ ഈ കാര്യം നീട്ടിക്കൊണ്ടുപോവാന്‍ പറ്റില്ല. വിശ്വേട്ടന്‍ നല്ലൊരു പണിക്കരെ ഇങ്കിട്ട് പറഞ്ഞയച്ചാ മതി. ഞാന്‍ വേണ്ടപോലെ നോക്കിച്ചോളാം''.
''ചാത്തുക്കുട്ടി പണിക്കര് മതീച്ചാല്‍ കോടതീല്‍ പോണവഴിക്ക് പറയാം''.
''അയാള് മതി. പ്രായംചെന്ന ആളല്ലേ. ശ്രദ്ധിച്ച് നോക്കി പറഞ്ഞുതരും''. വക്കീല്‍ കോടതിയിലേക്കിറങ്ങുമ്പോള്‍ പത്മിനി ആ കാര്യം ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു.
*********************
''എന്താണ്ടി പെണ്ണേ സഞ്ചീല്''ഉണ്ണാനുള്ള നേരത്ത് നിറഞ്ഞ സഞ്ചിയുമായി വന്ന കല്യാണിയോട് എഴുത്തശ്ശന്‍ ചോദിച്ചു.
''മുതലാളിക്ക് കൊടുക്കാനുള്ളതാ''അവള്‍ പറഞ്ഞു.
''അതെന്താ അവന് കൊടുക്കാന്‍''.
''ദീനക്കാരെ കാണാന്‍ വെറുംകയ്യോണ്ട് വരാന്‍ പാടില്ലാന്നാ പറയാറ്''.
''എന്നിട്ട് നീ ഇതിന് മുമ്പ് പലപ്പഴും വന്നതോ''.
''മുതലാളി വീണൂന്ന് കേട്ടപ്പൊ തുടങ്ങ്യേതാ ഞാന്‍ അപ്പനോട് ഇത്തിരി ആറഞ്ചും മുന്തിരീം വാങ്ങീട്ട് വരാന്‍ പറയാനായിട്ട്. മറന്ന്വോടി എന്നും പറഞ്ഞ് വരും. വലിയപ്പനാണെങ്കില്‍ ഞാന്‍ പറയണ്ട താമസം സാധനം എത്തിക്കും. ഇന്ന് ഞാന്‍ ദേഷ്യപ്പെട്ടതോണ്ടാ അപ്പന്‍ പാലക്കാട് പോയി വരുമ്പൊ ഇതൊക്കെ കൊണ്ടുവന്നത്''. പെണ്‍കുട്ടിയുടെ നിഷ്ക്കളങ്കമായ വാക്കുകള്‍ കേട്ട് വേണുവിന്ന് ചിരിവന്നു.
''സഞ്ചി നെറച്ചുണ്ടല്ലോ. പിന്നെന്താ അതില്''എഴുത്തശ്ശന്‍ ചോദിച്ചു.
''മുന്തിരീം ആറഞ്ചീം വെച്ചതിന്‍റെ അടീല് പനങ്കൂമ്പാണ്''.
''ഭേഷായി. ഉപ്പും മഞ്ഞളും ഇട്ട് പുഴുങ്ങികൊടുക്കാം. വയറ് നിറച്ച് തിന്നോട്ടെ''.
''ഇത് ഞാന്‍ മുതലാളിക്ക് കൊടുത്തോട്ടെ''.
''പിന്നെന്താ. നിന്‍റെ കയ്യോണ്ടെന്നെ കൊടുത്തോ''. കല്യാണി വേണുവിന്‍റെ കട്ടിലിന്നടുത്ത് സഞ്ചി വെച്ചു.
''ഇപ്പൊ വേദനക്ക് കുറവുണ്ടോ''അവള്‍ ചോദിച്ചു.
''വേദന്യോന്നും ഇല്ല. കുറച്ച് ദിവസം അനങ്ങാണ്ടെ കിടക്കണം. എന്നിട്ടേ പ്ലാസ്റ്റര്‍ എടുക്കൂ''.
''കൊടുങ്ങല്ലൂരമ്മയ്ക്ക് ഞാന്‍ മഞ്ഞളും കുരുമുളകും നേര്‍ന്നിട്ടുണ്ട്. വലിയപ്പന്‍ ഭരണിക്ക് പോവുമ്പൊ കൊടുത്തുവിടും''. പെണ്‍കുട്ടിയുടെ ആ സ്നേഹത്തിന്ന് മുമ്പില്‍ താന്‍ ഒന്നുമല്ലാതാവുന്നതായി വേണുവിന്ന് തോന്നി.
''അമ്മാമേ, എങ്ങിന്യാ ഈ പനങ്കൂമ്പ് ഉണ്ടാക്ക്വാ''കല്യാണി പോയപ്പോള്‍ വേണു ചോദിച്ചു.
''കരിമ്പനടെ എളന്നന്‍ നീ കുടിച്ചിട്ടില്ലേ''എഴുത്തശ്ശന്‍ മറുപടിനല്‍കി''അത് മൂത്താല്‍ പണ്ടങ്ങ്യാവും. പണ്ടങ്ങ തിന്നാല്‍ ചിലര്‍ക്ക് വയറുവേദന വരും. കുറച്ചുംകൂടി കഴിഞ്ഞാ അത് പഴുത്ത് പനമ്പഴം ആവും. നല്ല മധുരാണ് അതിന്. കന്നുമേക്കുണ പിള്ളര് പനമ്പഴം കടിച്ചുവലിച്ച് ചപ്പിക്കൊണ്ട് നടക്കും. അപ്പൊ പിള്ളരടെ മൊഖംകാണണം. വേലയ്ക്ക് വേഷം കെട്ട്യേ പോലെ പനമ്പഴത്തിന്‍റെ ചാറ് തട്ടി ചുണ്ടിലും ചിറീലും മഞ്ഞ അരച്ച് തേച്ചപോലീണ്ടാവും''.
''അതിന്നാണോ പനങ്കൂമ്പ് ഉണ്ടാക്ക്വാ''.
''പനമ്പഴത്തിനെ വെട്ടിമുറിച്ച് ഓരോ കണ്ണാക്കി അതിനെ മണ്ണില് നിരത്തി ഇട്ടിട്ട് മണ്ണിട്ട് മൂടും. അതിന്നാ കൂമ്പ് മുളയ്ക്കുണത്''.
''അമ്മാമേ, നമുക്കും കുറച്ച് പനങ്കൂമ്പ് ഉണ്ടാക്ക്യാലോ''.
''അതിനെന്താ വിരോധം. പണ്ടങ്ങ പഴുത്ത് പനമ്പഴം ആവട്ടെ. നമുക്ക് ഉണ്ടാക്കാം''. ഇവന്‍റെ ഓരോരോ മോഹം എന്ന് എഴുത്തശ്ശന്‍ മനസ്സില്‍ കരുതി.
***************************
''സമാധാനം ഉണ്ടായിട്ടൊന്ന്വോല്ല. ഞാന്‍ അവിടെ ഇരിക്കുണൂന്നേ ഉള്ളു. മനസ്സ് മുഴുവന്‍ ഇവിടെ നിന്‍റെ അടുത്താ''വേണുവിന്‍റെ അടുത്തിരുന്ന് പത്മിനി പറഞ്ഞു. ജോത്സ്യം നോക്കി അറിഞ്ഞ വിവരം വേണുവിനെ അറിയിക്കണം എന്ന തോന്നല്‍ കലശലായി. ഉടനെ വക്കീലിനെ വിളിച്ച് കളപ്പുരയിലേക്ക് പോവുന്ന വിവരം പറഞ്ഞ് വേഗം ഇറങ്ങിയതാണ് . ഉണ്ണാറാവുമ്പോഴേക്കും എത്താം എന്ന് വിശ്വേട്ടന്‍ അറിയിച്ചിരുന്നു.
''ഓപ്പോളോട് സമാധാനമായിട്ട് ഇരുന്നോളാന്‍ ഞാന്‍ പറഞ്ഞതല്ലേ''വേണു ചോദിച്ചു''എന്തിനാണ് ഇത്ര വേവലാതി''
''എന്‍റെ ഉള്ള സമാധാനംകൂടി പോയി. അത് പറയാനാ വന്നത്''.
''എന്താ ഇത്ര വിഷമിക്കാന്‍ ഉണ്ടായത്''വേണു ചോദിച്ചു. കഴിഞ്ഞരാത്രി ജോത്സ്യനെ കാണാന്‍ തോന്നിയതും വക്കീലിനോട് പറഞ്ഞ് പണിക്കരെ വരുത്തിയതും അയാള്‍ പറഞ്ഞതും ഒക്കെ പത്മിനി വിശദീകരിച്ചു.
''നിന്‍റെ ജീവിതത്തില്‍ മൂന്ന് മരണഘട്ടം ഉണ്ടത്രേ. അതില്‍ രണ്ടെണ്ണം മുമ്പ് കഴിഞ്ഞു. മൂന്നാമത്തേത് ആവാറായി. ഈശ്വരഭജനം മാത്രേള്ളൂ ശരണം. മൃത്യുഞ്ജയഹോമവും ശിവന് ധാരയും പിന്‍വിളക്കും കഴിക്കണം. അതെല്ലാം ഞാന്‍ ഏര്‍പ്പാടാക്കുണുണ്ട്. പിന്നെ പഞ്ചാക്ഷരി ജപിക്കണം. അത് നീയന്നെ ചെയ്യണോലോ. ആ വിവരം പറഞ്ഞുതരാനാ ഞാനിപ്പൊ പോന്നത്''അവര്‍ പറഞ്ഞുനിര്‍ത്തി.
''ഓപ്പോളുടെ ഒരുകാര്യേ. ഈ പറയുണ തിലൊക്കെ വല്ല അര്‍ത്ഥൂണ്ടോ. വെറുതെ ഓരോന്ന് പറഞ്ഞ് ആള്വോളെ പേടിപ്പിക്കുണ പണ്യേ. എന്‍റെ ഓര്‍മ്മേല് മരിക്കണ്ട ഘട്ടോന്നും ഉണ്ടായിട്ടില്ല''.
''മിണ്ടാണ്ടിരുന്നോ. എനിക്ക് നല്ല ഓര്‍മ്മീണ്ട്. കുട്ടീല് നീ പുഴേല്‍ മുങ്ങി ചാവാറായി. എന്തോ ഭാഗ്യത്തിനാ അന്ന് നീ രക്ഷപ്പെട്ടത്. വയനാട്ടിന്ന് പോരുമ്പൊ മോട്ടോര്‍ സൈക്കിളിന്ന് വീണ് മരിക്കണ്ടതായിരുന്നു. കാല് തകരാറായി. എന്നാലും അന്ന് മരണത്തിന്ന് തപ്പിച്ചു. ഇത് രണ്ടുംപോരെ വിശ്വാസം തോന്നാന്‍''.
''ഞാന്‍ ഓപ്പോളടടുത്ത് തര്‍ക്കിക്കാന്‍ വരുണില്ല. ഓപ്പോള് പറയുണത് എന്താച്ചാലും ജപിച്ചോളാം. എന്താ വേണ്ടത്ച്ചാല്‍ പറഞ്ഞോളു'' വേണു സമ്മതിച്ചു. പത്മിനി കാര്യങ്ങള്‍ വിശദീകരിച്ചു. വേണു ശ്രദ്ധിച്ചിരുന്നു.
''ഇന്നെന്താ നീയിവിടെ ഒറ്റയ്ക്ക്. നിന്‍റെ കൂടേള്ളോരാരും ഇല്ലേ''പത്മിനി അപ്പോഴാണ് മറ്റുള്ളവരെ അന്വേഷിക്കുന്നത്.
''ഇന്ന് പൂജക്കാരന്‍ നമ്പൂരിടെ അറുപതാം പിറന്നാളാണത്രേ. അദ്ദേഹം എല്ലാരേം വിളിച്ചിട്ടുണ്ട്. സദ്യകഴിഞ്ഞതും അവരൊക്കെ എത്തും''.
''അപ്പൊ നിനക്കോ''.
''പകര്‍ച്ച വാങ്ങി കൊണ്ടുവരാന്ന് നാണുമാമ പറഞ്ഞു''. കുറെനേരംകൂടി പത്മിനി അവിടെ ഇരുന്നു.
''ഇനി ഞാന്‍ പോട്ടേടാ. വിശ്വേട്ടന് ഉണ്ണാന്‍ വരാന്‍ കാറെത്തിക്കണം''. വേണു തലയാട്ടി. പത്മിനിയും ഡ്രൈവറും പടികടന്നു പോയി.
അദ്ധ്യായം - 125.
''കേസ്സ് പോയ വഴി കണ്ടോ. കയ്യില്‍ കാശുണ്ടെങ്കില്‍ എന്താ നടക്കാത്ത്'' നാണുനായര്‍ താന്‍ കേട്ടകാര്യം അവതരിപ്പിക്കാനൊരുങ്ങി.
''എന്താടോ സങ്ങതി''എഴുത്തശ്ശന്‍ ചോദിച്ചു.
''പാഞ്ചാലി മരിച്ച കേസ്സേ. അവളടെ ബന്ധുക്കള് ചെക്കന്മാരെ പോലീസ് കൊണ്ടുപോയി നന്നായി തല്ലിച്ചതച്ചു. അപ്പഴാണ് പെണ്ണ് ചാവുണതിന്‍റെ തലേദിവസം രാഘവന്‍റെ വീട്ടില്‍ചെന്ന് ചില കൊശമശക്കുകള് ഉണ്ടാക്ക്യേ വിവരം പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങ്യേത്''.
''പോലീസ് അവരെ ചോദ്യം ചെയ്തോ''വേണു ചോദിച്ചു.
''നല്ല കഥ. വെറുത്യാണോ പണത്തിന്‍റെ മീതെ പരുന്തും പറക്കില്ലാന്ന് പറയുണത്''.
''എന്നിട്ട് എന്തായീന്ന് പറയിന്‍. അരയ്ക്ക് താഴെ വെള്ളത്തില്‍ ആ പെണ്ണ് മുങ്ങിചത്തൂന്ന് എഴുതി പോലീസുകാര് ആ കേസ്സ് ഒതുക്കിതീര്‍ത്തോ'' എഴുത്തശ്ശന്ന് കാര്യങ്ങള്‍ പരത്തി പറയുന്നത് അത്ര ഇഷ്ടമല്ല.
''അപസ്മാരം ഇളകീട്ട് പെണ്ണ് വെള്ളത്തില്‍ വീണ് ചത്തതാണെന്ന് പറഞ്ഞ് കേസ്സ് ഒതുക്കി''.
''അതിനവള്‍ക്ക് അപസ്മാരം ഉണ്ടായിരുന്നോ''.
''അതൊന്നും എനിക്കറിയില്ല. പെണ്ണിന്‍റെ അപ്പന്‍ ചാമായി പെണ്ണിന്ന് ദെണ്ണെളക്കം ഉണ്ടെന്ന് പറഞ്ഞൂത്രേ''.
''ആ കൊശവന് നല്ലോണം വാങ്ങി കൊടുത്ത് പറയിച്ചതാവും''.
''എങ്ങിനെ ആയാലും ആ പെണ്ണിന്‍റെ കഥ കഴിഞ്ഞു. അതല്ലേ പറയണ്ടൂ''.
*******************************
എല്ലാദിവസവും വൈകുന്നേരം നാല് മണിയാവാന്‍ എഴുത്തശ്ശന്‍ കാത്തു തുടങ്ങി. ആ നേരത്താണ് രാധാകൃഷ്ണനും കൊച്ചുമകളും കളപ്പുരയില്‍ എത്തുക. കുട്ടി എത്തിയതും എഴുത്തശ്ശന്‍ അവളെ ഏറ്റുവാങ്ങും. പിന്നെ കുട്ടിയെ കൊഞ്ചിക്കലും കളിപ്പിക്കലും ആയിട്ടങ്ങിനെ കഴിയും. കുട്ടിയെ അമ്പലത്തില്‍ കൊണ്ടുപോയി തൊഴുവിച്ച് തിരിച്ചുവരും. രാധാകൃഷ്ണന്‍ ഇരുട്ടാവുംമുമ്പ് പുറപ്പെടും. പുഴവരെ എഴുത്തശ്ശനാണ് കുട്ടിയെ എടുത്ത് നടക്കുക.നാലഞ്ച് ദിവസങ്ങള്‍ അങ്ങിനെ കടന്നുപോയി. കാലത്തെ ഭക്ഷണം കഴിഞ്ഞതേയുള്ളു. നാണുനായര്‍ കളപ്പുരയിലെത്തിയതും എഴുത്തശ്ശന്‍ അയാളെ വിളിച്ചു.
''ഇരിക്കിന്‍ നാണ്വാരെ. നിങ്ങളെക്കൊണ്ട് എനിക്കൊരു ആവശ്യൂണ്ട്'' അയാള്‍ പറഞ്ഞു.
''എന്താ എന്നെക്കൊണ്ട് നിങ്ങള്‍ക്ക് വേണ്ടത്''.
''നിങ്ങടെ മകള്‍ക്ക് പണ്ടം പണിത തട്ടാനെ എനിക്കൊന്ന് കാണണം . ഞാന്‍ ഇന്നാള് പറഞ്ഞില്ലേ കുട്ടിക്ക് പണ്ടം ഉണ്ടാക്കികൊടുക്കണംന്ന്. അതിനാണ്''.
''അതിനെന്താ പ്രയാസം. എപ്പൊ വേണച്ചാലും നമുക്ക് ചെല്ലാലോ''.
''അരഞ്ഞാണം ഉണ്ടാക്കുമ്പൊ അരടെ അളവ് അറിയണ്ടേ. ഇത്തിരി നീട്ടം കൂടുതല്‍ ഇരുന്നോട്ടെ. കുട്ടി വലുതാവുമ്പൊ കണ്ണി മാറ്റി കൊളുത്ത്യാല്‍ പോരെ''.
''സുമാര്‍ അളവ് പോരെ''.
''അത് പോരാ. വൈകുന്നേരം കുട്ടി വര്വോലോ. അപ്പൊ വന്നാല്‍ അളവ് എടുത്ത് പോവാം''.
''ഒരുചരടില്‍ നമുക്കന്നെ കുട്ടിടെ അരടെ അളവ് എടുക്കാം. അത് മതി. അതിനായിട്ട് തട്ടാനൊന്നും വരണ്ടാ''.
''എന്നാല്‍ അങ്ങിനെ ചെയ്യല്ലേ''. നാണുനായര്‍ കണ്ണട തുടച്ചു മുഖത്തു വെച്ച് പേപ്പര്‍ എടുത്തു. എഴുത്തശ്ശന്‍ ആലോചനയില്‍ ലയിച്ചു. നിമിഷങ്ങള്‍ ഇഴഞ്ഞുനീങ്ങി.
''എന്താ അമ്മാമ വല്ലാതെ ആലോചിക്കുന്നത്'' മേനോന്‍ പത്രം താഴെ വെച്ച് ചോദിച്ചു.
''കുട്ടിക്ക് സ്വര്‍ണ്ണം വാങ്ങുണ കാര്യം ആലോചിച്ചിരുന്നതാ''.
''എന്താഹേ അതിലിത്ര ആലോചിക്കാന്‍. കാശ് കൊടുക്കണം. വാങ്ങണം. അല്ലാണ്ടെന്താ''നാണുനായര്‍ ഇടപെട്ടു.
''പലതും ഉണ്ട്. കേട്ടോളിന്‍. വേലായുധന്‍കുട്ടിടെ താഴെ പത്മാവതിക്ക് ഒന്നുംകൂടി വയറ്റിലുണ്ടായി. ഇത് പെണ്ണാണ് എന്നും പറഞ്ഞ് അവള്‍ വല്ലാതെ കണ്ട് സന്തോഷിച്ചിരുന്നു. കുട്ടിക്ക് മാല, അരഞ്ഞാണം, തള, വള ഒക്കെ പണിയുണ കാര്യംതന്നെ എപ്പൊ നോക്ക്യാലും കൂട്ടം കൂടാറുള്ളു. പറഞ്ഞിട്ടെന്താ. നാലാം മാസം ആ ഗര്‍ഭം അലസി. അതോടെ അവള്‍ക്ക് സൂക്കടായി. പിന്നെ പണ്ടം വാങ്ങണ്ടി വന്നില്ല. അവള് പോയി''.
''നിങ്ങള്‍ക്ക് ഒരു പേരമകളില്ലേ. എന്തേ അവള്‍ക്ക് ആ കാലത്ത് വാങ്ങി കൊടുക്കാന്‍ തോന്നീലാ''.
''മോഹം ഇല്ലാഞ്ഞിട്ടല്ല. ഞാന്‍ പറയും ചെയ്തു. ഒന്നും വേണ്ടാ. കുട്ടിയ്ക്ക് വേണ്ടതൊക്കെ ഞങ്ങള് വാങ്ങിക്കാംന്നാ അന്ന് മകന്‍ പറഞ്ഞത്. എന്‍റെ മേലില് എപ്പഴും വെശര്‍പ്പാണ് എന്നും പറഞ്ഞ് കുട്ട്യേളെ എടുക്കാന്‍കൂടി സമ്മതിച്ചിട്ടില്ല''.
''വളരെകാലം മനസ്സില്‍ സൂക്ഷിച്ച ആഗ്രഹമാണ് അല്ലേ അമ്മാമേ'' മേനോന്‍ ചോദിച്ചു.
''പിന്നല്ലാണ്ടെ. മരിക്കുംമുമ്പ് ആ മോഹം സാധിച്ചാല്‍ ഒരുസന്തോഷൂണ്ട്''.
''ഏതായാലും ഇനി അധികം കാത്തിരിക്കേണ്ടല്ലോ'' .
''ചാമ്യേ. ഒരു കാര്യം ചെയ്യടാ''എഴുത്തശ്ശന്‍ പറഞ്ഞു''ആ മായന്‍കുട്ട്യേ പറഞ്ഞയച്ച് രണ്ട് മുഴം അല്‍പ്പാക്ക് ചരട് വാങ്ങിക്ക്. കുട്ടി വരുണതിന്ന് മുമ്പ് വേണംട്ടൊ''.
''ആ തലമുറിയന്‍ പുല്ലരിഞ്ഞ് കൊടുത്തിട്ട് ഇപ്പൊ എത്തും. വന്നതും പറഞ്ഞയക്കാം''ചാമി ഏറ്റു. ഉച്ചയ്ക്ക് മുമ്പേ മായന്‍കുട്ടി ചരടെത്തിച്ചു. എഴുത്തശ്ശന്‍ അതുവാങ്ങി മടിക്കുത്തില്‍ തിരുകിവെച്ചു.
ഇടിച്ചക്ക പൊടിത്തൂവലും, പഴുത്തമത്തന്‍ കൊണ്ടുള്ള എരിശ്ശേരിയും, ചേമ്പിന്‍കിഴങ്ങും കുമ്പളങ്ങയും ചേര്‍ത്ത മോരുപാര്‍ന്ന കൂട്ടാനും കൂട്ടി സുഭിക്ഷമായി ഭക്ഷണം കഴിഞ്ഞശേഷം ഉമ്മറത്തിണ്ടില്‍ തോര്‍ത്ത് വിരിച്ച് എഴുത്തശ്ശന്‍ കിടന്നു. പുഴയില്‍ നിന്ന് ഈര്‍പ്പം കോരിവന്ന കാറ്റ് അയാളെ കെട്ടിപ്പിടിച്ചു. ആ പരിരംഭണത്തിന്‍റെ നിര്‍വൃതിയില്‍ കണ്ണുകള്‍ അടഞ്ഞു. ഇളംചൂടുള്ള നനവ് തട്ടിയപ്പോഴാണ് നോക്കിയത്. കുട്ടി നനച്ചിരിക്കുന്നു.
''പെണ്ണേ, നീയെന്‍റെ മേത്ത് ചൂച്ചൂത്തി അല്ലേ. നോക്കിക്കോ, നിന്നെ ഞാന്‍ എടുത്തിട്ട് കയത്തംകുണ്ടിലേക്ക് എറിയുണുണ്ട്''എഴുത്തശ്ശന്‍ കുട്ടിയെ രണ്ട് കയ്യിലും കൂടികിടത്തി വലിച്ചെറിയുന്നതായി ഭാവിച്ചു. ഭീതിക്ക് പകരം കുഞ്ഞിന്‍റെ മുഖത്ത് പൊട്ടിച്ചിരിയുടെ അലകള്‍ അടിച്ചു.
''എന്‍റെ തങ്കക്കുടത്തിനെ ഞാന്‍ കളയ്യോ''അയാള്‍ കുട്ടിയെ മാറോടണച്ചു. കുഞ്ഞുവിരലുകള്‍ അയാളുടെ മൂക്കിലും ചെവിയിലും പരതിനടന്നു. അയാള്‍ക്ക് ഇക്കിളി തോന്നി.
''എന്താ അമ്മാമേ ചിരിക്കുണത്''വേണു വിളിച്ചതോടെ എഴുത്തശ്ശന്‍ ഉണര്‍ന്നു.
പതിവുനേരത്ത് രാധാകൃഷ്ണനും കുട്ടിയും എത്തിയില്ല. എഴുത്തശ്ശന്‍ കടവിലേക്കുതന്നെ നോക്കിക്കൊണ്ട് തിണ്ടിലിരുന്നു. ഇടയ്ക്കിടയ്ക്ക് പടിവരെ ചെല്ലും. കുറച്ചുനേരം നോക്കിനിന്ന് തിരിച്ചുപോരും.
''എന്താഹേ, ഇത്ര വെറളി പിടിക്കാന്‍. രാധാകൃഷ്ണന് ഇങ്കിട്ടുള്ള വഴി അറിയില്ലേ''നാണുനായര്‍ ചോദിച്ചു.
''സാധാരണ ഇത്ര വൈകാറില്ല''എഴുത്തശ്ശന്‍ പറഞ്ഞു''നാല് മണിക്ക് മുമ്പ് എത്തുണതാണ്. ഇപ്പൊ സമയം എത്ര്യായി''.
''അഞ്ച് മണി കഴിഞ്ഞു''മേനോന്‍ പറഞ്ഞു.
''ഇന്നിനി വര്വേണ്ടാവില്ല''.
''അങ്ങിനെ പറയാന്‍ വരട്ടെ. ചിലപ്പൊ ഇപ്പൊത്തന്നെ എത്തും''നാണു നായര്‍ ആശ്വസിപ്പിച്ചു. അമ്പലത്തിലേക്ക് പോകാതെ എല്ലാവരും കുട്ടി എത്തുന്നതും കാത്തിരുന്നു. ആറുമണി കഴിഞ്ഞതും വെള്ളപ്പാറ കടവില്‍ മോട്ടോര്‍ സൈക്കിളിന്‍റെ ശബ്ദംകേട്ടു. നോക്കുമ്പോള്‍ രാധാകൃഷ്ണന്‍ മാത്രം. കുട്ടിയെ കാണാനില്ല.
''കുട്ടി ഇല്ലല്ലോ''നാണുനായര്‍ പറഞ്ഞു.
''അവള്‍ക്ക് വല്ല വയ്യായീം വന്നിട്ടുണ്ടാവ്വോ''എഴുത്തശ്ശന്‍റെ സ്വരം പതറി. രാധാകൃഷ്ണന്‍ എത്തി.
''മോളെവിടെ''എഴുത്തശ്ശന്‍ ചോദിച്ചു.
''അവള് പോയി''. രാധാകൃഷ്ണന്‍ കാര്യങ്ങള്‍ വിവരിച്ചു. മൂന്ന് മാസത്തെ ട്രെയിനിങ്ങിന്ന് അളിയന്‍ ജപ്പാനിലേക്ക് പോവാനിരുന്നതാണ്. പെങ്ങളോട് ആ സമയത്ത് നാട്ടില്‍ കഴിഞ്ഞോളാന്‍ പറഞ്ഞ് പെങ്ങളേയും കുട്ടിയേയും ഇവിടെ ആക്കിയിട്ട് അളിയന്‍ പോയി. ജോലിസ്ഥലത്ത് ചെന്നപ്പോഴാണ് ട്രെയിനിങ്ങ് പരിപാടി മാറ്റിവെച്ചവിവരം അളിയന്‍ അറിയുന്നത്. മടങ്ങി ചെല്ലാന്‍ ഇന്നലെരാത്രി പെങ്ങള്‍ക്ക് അളിയന്‍റെ ഫോണ്‍ വന്നിരുന്നു. ഇന്ന് രാവിലെ അവര്‍ പോയി.
എഴുത്തശ്ശന്‍ തളര്‍ന്നപോലെ ഉമ്മറത്തിരുന്നു. ആ മനസ്സിലെ വ്യഥ എല്ലാ ഹൃദയങ്ങളും ഏറ്റെടുത്തു.
അദ്ധ്യായം - 126.
''നീ വലത്തെ കയ്യിങ്കിട്ട് നീട്ട്''വേണുവിനോട് പത്മിനി പറഞ്ഞു. കയ്യില്‍ സൂക്ഷിച്ച പൊതി തുറന്ന് അവര്‍ അതില്‍നിന്ന് ഒരു കറുത്ത ചരടെടുത്തു. കുറെ കെട്ടുകളുള്ള ഭസ്മം പുരണ്ട ആ ചരട് വേണുവിന്‍റെ കൈത്തണ്ടയില്‍ അവര്‍ കെട്ടി.
''കളപ്പാടത്തെ തിരുമേന്യേക്കൊണ്ട് നിനക്കൊരു രക്ഷ എഴുതാന്‍ ഞാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. നാല്‍പ്പത്തൊന്നുദിവസത്തെ പൂജ കഴിഞ്ഞിട്ടേ അത് കിട്ടു. അതുവരെക്ക് ഉള്ളതാ ഈ ചരട്''അവര്‍ പറഞ്ഞു.
''മഹാ കേമനാണ് അദ്ദേഹം. അത്ര എളുപ്പത്തില്‍ ഒരാള്‍ക്കും തിരുമേന്യേ കാണാന്‍ തരാവില്ല''കേട്ടുനിന്ന നാണുനായര്‍ പറഞ്ഞു.
''ആ കാര്യം ഒന്നും പറയണ്ടാ. അദ്ദേഹത്തിന്‍റെ മനക്കലെ ഏതോ ഒരു കേസ്സ് പണ്ട് വിശ്വേട്ടന്‍ ശര്യാക്കി കൊടുത്തിട്ടുണ്ട്. ആ സ്നേഹം ഉള്ളതോണ്ടാ ഫോണില്‍ പറഞ്ഞതും ചെന്നോളാന്‍ സമ്മതിച്ചത്''.
''മകനും മരുമകളും വീട്ടിലില്ലേ''എഴുത്തശ്ശന്‍ ചോദിച്ചു.
''ഇവന്‍ ഇങ്കിട്ട് വരുണതിന്ന് മുമ്പ് രണ്ടാളുംകൂടി യാത്ര പോയതാ. ഇന്ന് രാത്രി എത്തും. നാളെ ഞാനും വിശ്വേട്ടനും അവരേംകൂട്ടി വരുണുണ്ട്''.
''ഓപ്പോളേ, നാളെ ഉച്ചയ്ക്കുള്ള ആഹാരം ഇവിടെ ഏര്‍പ്പാടാക്കട്ടെ'' വേണു ചോദിച്ചു.
''ഒന്നും വേണ്ടാ. വയ്യാത്തോടത്ത് നീ മിണ്ടാണ്ടെ ഒരുഭാഗത്ത് കിടന്നോ. സദ്യീം സല്‍ക്കാരൂം ഒക്കെ പിന്നെ എപ്പഴങ്കിലും മതി''.
''അതിനൊന്നും ഇവിടെ യാതൊരു വൈഷമ്യൂല്ല. പോരാത്തതിന്ന് നടാടെ ഒരു പെണ്‍കുട്ട്യേ കൂട്ടിക്കൊണ്ട് വന്നിട്ട് കൈ നനയ്ക്കാതെ അയക്കാന്‍ പാടില്ല''നാണുനായര്‍ പറഞ്ഞു.
''അതൊക്കെ നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവും''.
''ഒരു ബുദ്ധിമുട്ടൂല്യാ. ഞങ്ങള്‍ അന്യരാണെന്ന് മാത്രം കരുതരുത്. ഒരു വീട്ടിലെ ആള്വോളെ മാതിര്യാണ് ഞങ്ങള് കഴിയുണത്'' എഴുത്തശ്ശന്‍ പറഞ്ഞു.
''അത് എനിക്ക് അറിയാലോ. ആ ഒരു സമാധാനത്തിലല്ലേ ഞാനവിടെ ഇരിക്കുണത്''.
''എന്നാലിനി വേറെ കൂട്ടൂല്യാ. നാളെ ഉച്ചയ്ക്കുള്ള ആഹാരം ഇവിടെ ശര്യാക്കി വെക്കും''.
''കിട്ടുണ്ണി എത്തീലേ''അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ പത്മിനി ചോദിച്ചു.
''ഇന്നലീംകൂടി അന്വേഷിച്ചു. വീട് പൂട്ടികിടക്കിണൂന്നാ അറിഞ്ഞത്''.
''എവിടേക്കാ ആരേം അറിയിക്കാണ്ടെ രണ്ടാളുംകൂടി പോയത്''.
''ആര്‍ക്കും ഒന്നും അറിയില്ല ഓപ്പോളേ''.
''അവരടെ ഓരോ മാതിര്യേ''. ചാമി ഇളന്നീര്‍ ചെത്തികൊണ്ടു വന്നു. ഒരു പ്ലേറ്റില്‍ മേനോന്‍ വാഴപ്പഴം നിരത്തി.
''ഇപ്പൊ ഒന്നും വേണംന്ന് തോന്നുണില്ല. വരുമ്പൊ ചായ കുടിച്ചതാ''എന്ന് പറഞ്ഞുവെങ്കിലും പത്മിനി ഇളനീരെടുത്തു.
''കൊയ്ത്തും പണിടേം തിരക്ക് കഴിഞ്ഞാല്‍ നാല് ദിവസം നീ അങ്കിട്ട് വരണം''അവര്‍ ചാമിയോട് പറഞ്ഞു.
''എപ്പൊ വേണച്ചാലും വരാം''അവന്‍ മറുപടി നല്‍കി.
''ഇതാ, കിട്ടുണ്ണ്യാരടെ ഭാര്യ വരുണുണ്ട്. നൂറ്റൊന്ന് ആയസ്സാണ്. അവരടെ കാര്യം ഇതാ ഇപ്പൊ നമ്മള് പറഞ്ഞതേള്ളു''എഴുത്തശ്ശന്‍ പറഞ്ഞു.
''കടവില് കാറ് നില്‍ക്കുണത് കണ്ടു. അപ്പൊഴേ ഞാന്‍ ആലോചിച്ചു ചേച്ചി വന്നിട്ടുണ്ടാവുംന്ന്''രാധ പത്മിനിയോട് പറഞ്ഞു.
''എവിട്യായിരുന്നു നിങ്ങളിത്ര ദിവസം. കിട്ടുണ്ണി എവിടെ''പത്മിനിയുടെ ചോദ്യങ്ങള്‍ ഒന്നിച്ചായി.
''ഒന്നും പറയണ്ടാ. ഒരുദിവസം വൈകുന്നേരം വന്നിട്ട് പറയുണൂ, അന്ന് രാത്രി പുണ്യസ്ഥലങ്ങള്‍ കാണാന്‍ പുറപ്പെടുണൂന്ന്. ബസ്സില് സീറ്റൊക്കെ ഏര്‍പ്പാടാക്കീട്ടാ പറച്ചില്. എനിക്ക് വയിച്ചിട്ടൊന്നും അല്ല. ഇനി അതിന്ന് തല്ല് കൂടണ്ടാന്ന് വിചാരിച്ച് ചെന്നു. ഇന്നലെ രാത്രീലാ മടങ്ങി എത്ത്യേത്. കൃഷ്ണനുണ്ണിയേട്ടന്‍ ഇന്ന് പുലര്‍ച്ചെക്ക് എറണാകുളത്തേക്ക് പോവും ചെയ്തു. ഏട്ടന്‍ മരത്തിന്ന് വീണതൊന്നും മൂപ്പര് അറിഞ്ഞിട്ടില്ല. ഞാന്‍ തന്നെ കുറച്ചുമുമ്പ് തെയ്യുണ്ണ്യാര് വന്ന് പറഞ്ഞിട്ടാ അറിഞ്ഞത്''. രാധ വേണുവിനോട് വിവരങ്ങള്‍ അന്വേഷിച്ചു.
''കഷ്ടകാലത്തിന്‍റെ ഊക്ക് എന്നല്ലാതെ എന്താ പറയണ്ട്''അവള്‍ പറഞ്ഞു ''വരാനുള്ളത് വഴീല്‍ തങ്ങില്ലല്ലോ''. രാധ യാത്രാനുഭവങ്ങള്‍ വര്‍ണ്ണിച്ചു തുടങ്ങി.
''ഇപ്പോ നിങ്ങള് രണ്ടാളും തമ്മില്‍ പ്രശ്നം ഒന്നും ഇല്ലല്ലോ രാധേ''വേണു അന്വേഷിച്ചു.
''ഒന്ന് തീരുമ്പോഴേക്ക് മറ്റൊന്ന്. മകളാണ് ഇപ്പഴത്തെ തൊയിരക്കേട്''.
''ഏത് മകള്‍''.
''ഓമനപ്പുത്രി തന്നെ. മൂന്നാമത്തെ സന്തതി''.
''എന്താ അവള്‍ക്ക്''പത്മിനി ചോദിച്ചു.
''അമേരിക്കേല് കൂടെപണിചെയ്യുണ ഒരാളോട് സ്നേഹത്തിലാണ് അയാളെ കല്യാണം കഴിക്കണംന്ന് പെണ്ണ് പറഞ്ഞൂത്രേ. കല്യാണം കഴിഞ്ഞൂന്നും പറയുണുണ്ട്. എനിക്കത്രയ്ക്ക് നിശ്ചയം പോരാ. പണ്ടേ ഒന്നും മുഴുവനും പറയില്ലല്ലോ''.
''അതിനെന്താടീ ഇത്ര കുഴപ്പം. ആള് ഡോക്ടറാണോ. അതോ ജോലീല് താഴെ എന്തെങ്കിലും ആണോ''.
''അതല്ലാ ചേച്ചി. അവന്‍ നമ്മടെ ജാതീല്‍പെട്ട ആളല്ലാത്രേ. ആ ചെക്കന്‍ കൃസ്ത്യാനി ആണെന്നാ കൃഷ്ണനുണ്ണിയേട്ടന്‍ പറഞ്ഞത്. പോരാത്തതിന്ന് കറുത്ത നിറൂം. തൊലിവെളുത്ത സായിപ്പ് ആണെങ്കില്‍കൂടി വേണ്ടില്ലാ എന്നാണ് മൂപ്പരുടെ അഭിപ്രായം''
''നന്നായി. ഞാന്‍ അന്നേ വിചാരിച്ചതാ, തലമറന്ന് എണ്ണ തേച്ചാല്‍ ഇങ്ങിനെ പൊട്ടക്കുഴീല്‍ ചാടുംന്ന്''പത്മിനി ഉറക്കെ ചിരിച്ചു''എന്‍റെ മനോപ്രാക്ക് അത്രയ്ക്ക് വാങ്ങീട്ടുണ്ട്''.
''എന്താ ഓപ്പോളേ ഇത്. അവര്‍ക്ക് ഒരു പ്രയാസം ഉണ്ടാവുമ്പൊ ഇങ്ങിനെ പറയാന്‍ പാട്വോ''വേണു ചോദിച്ചു.
''നീ മിണ്ടാണ്ടെ കിടന്നോ. മനസ്സില് ഒന്ന് വെച്ചിട്ട് പുറത്തേക്ക് വേറൊന്ന് കാട്ടാന്‍ എനിക്കറിയില്ല. ഉള്ളത് ഉള്ളപോലെ ഞാന്‍ പറയും''.
''എന്നാലും ഇനി ഇങ്ങിന്യോന്നും പറയരുത്. കിട്ടുണ്ണി കേട്ടാല്‍ അവന് വിഷമാവില്ലേ''വേണു ഒരിക്കല്‍കൂടി പറഞ്ഞു.
''എനിക്കതില്‍ വിഷമം ഒട്ടൂല്യാ. ചേച്ചിടെ സ്ഥാനത്ത് ഞാനാണെങ്കിലും ഇതന്നെ പറയൂ''രാധ പറഞ്ഞു
''പിള്ളരടെ കല്യാണം നടത്തണംന്ന് പറഞ്ഞ് നൂറുതവണ ഞാന്‍ കെഞ്ചി. കേട്ടില്ല. നിങ്ങടെ നിലയ്ക്കും വിലയ്ക്കും ഞങ്ങള് പോരല്ലോ''.
''അന്നേ മുരളിക്ക് കല്യാണം കഴിപ്പിച്ച് കൊടുക്ക്വേ വേണ്ടൂന്നാ ഇപ്പൊ പറയുണത്''.
''ഇത്തിരീംകൂടി കഴിഞ്ഞിട്ട് പറഞ്ഞാ മതി''.
"പെണ്ണിനും കല്യാണം കഴിഞ്ഞ് നാട്ടില്‍കൂടണം എന്നാ മോഹം. അവള്‍ക്ക് ഇഷ്ടംപോലെ പ്രാക്ടീസും ഉണ്ടായിരുന്നു. എന്‍റെ മകള് പുത്തിക്കട്ട്യാണ്. അവള് അമേരിക്കേല് ചെന്നാ അതൊരു പേരാണ് എന്നൊക്കെ പറഞ്ഞ് കൃഷ്ണനുണ്ണിയേട്ടന്‍ അവളെ ഉന്തിത്തള്ളി പറഞ്ഞയച്ചതാ''
''അതോണ്ടെന്താ. അവള് കുപ്പക്കുഴീല് ചെന്നുചാടി. എന്‍റെ മകന് നല്ലൊരു പെണ്ണിനീംകിട്ടി. എങ്ങനെനോക്ക്യാല്യം നിങ്ങടെ നെലേലും വെച്ച് എത്ര്യോ വലുതന്ന്യാണേ''.
''ഓപ്പോളേ, ഒരുവിധം അലോഹ്യം തീര്‍ന്നിട്ടേയുള്ളു. ഇനി ഓരോന്ന് പറഞ്ഞ് വീണ്ടും കണ്ടാല്‍ മിണ്ടാത്ത അവസ്ഥ വരുത്തരുത്''. അതോടെ ആ വിഷയം അവസാനിച്ചു.
''ഇനി ഞാന്‍ ഇറങ്ങിക്കോട്ടെ''പത്മിനി എഴുന്നേറ്റു.
''ഞാനും പോണൂ. കൃഷ്ണനുണ്ണിയേട്ടന്‍ വന്നതും ഞങ്ങള് രണ്ടാളുംകൂടി വരാം''രാധയും പോവാനൊരുങ്ങി.
''എവിടെ ഇവിടെ ഉള്ളോര്''പത്മിനി ഉറക്കെ ചോദിച്ചു.
''ഞങ്ങള്‍ ഇവിടെത്തന്നീണ്ട്''പടിക്കപ്പുറത്തുനിന്ന് മറുപടി കേട്ടു.
''കുടുംബക്കാര് സംസാരിക്കുമ്പൊ എടേല് വേണ്ടാന്ന് വെച്ച് പുറത്തേക്ക് മാറി നിന്നതാ''എഴുത്തശ്ശന്‍ പറഞ്ഞു.
''അതിന് ഞങ്ങള് രഹസ്യം ഒന്നും പറഞ്ഞില്ലല്ലോ''പത്മിനി പറഞ്ഞു. നാത്തൂന്മാര്‍ ഒന്നിച്ചിറങ്ങി. പടിക്കല്‍ നിന്ന് ഡ്രൈവറും കൂടെകൂടി. സന്ധ്യയോടുകൂടി കിട്ടുണ്ണിയോടൊപ്പം രാധ വീണ്ടും എത്തി.
''എന്തിനാ ഏട്ടാ വേണ്ടാത്ത പണിക്ക് പോയത്. എപ്പൊ നോക്ക്യാലും കാര്യസ്ഥനുള്ളത് ഇവിടേന്ന്യാണ്. എന്നിട്ടും ഒരുപിടി മുരിങ്ങടെ ഇല വലിക്കാന്‍ ഏട്ടന്‍തന്നെ കേറണ്ടിവന്നു അല്ലേ''കിട്ടുണ്ണി പറഞ്ഞു. ആ പറഞ്ഞതിലെ ദുസ്സൂചന വേണുവിന്ന് മനസ്സിലായി.
''ആരും ചെയ്യാഞ്ഞിട്ടല്ല. ഒരു രസത്തിന്ന് ഞാന്‍ കേറി നോക്ക്യേതാണ്''.
''ഇപ്പൊ രസം എന്തായി. കാലൊടിഞ്ഞ് മുക്കില്‍ കിടക്കാറായില്ലേ''.
''എന്തിനാ കൃഷ്ണനുണ്ണ്യേട്ടാ വേണ്ടാത്തതൊക്കെ പറഞ്ഞ് വേണ്വോട്ടനെ വിഷമിപ്പിക്കുണത്''രാധ ചോദിച്ചു.
''ഞാന്‍ അത്രയ്ക്കങ്ങിട്ട് ആലോചിച്ചില്ല''.
''പോട്ടെ. സാരൂല്യാ''വേണു പറഞ്ഞു. ചികിത്സയെകുറിച്ചൊക്കെ കിട്ടുണ്ണി അന്വേഷിച്ചു.
''ഏട്ടന് ഏടത്തിടെ വീട്ടില്‍കൂടായിരുന്നു. ഡോക്ടറെ കാണാനൊക്കെ അതാ എളുപ്പം. അവര്‍ക്ക് അത് ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞിട്ടുണ്ടാവും അല്ലേ''. വീണ്ടും ശങ്കരന്‍ തെങ്ങിന്‍ മുകളില്‍തന്നെ എന്ന് വേണു ഓര്‍ത്തു.
''ഓപ്പോള് ഒരു പാട് നിര്‍ബന്ധിച്ചതാ. ഞാന്‍ വേണ്ടാന്ന് പറഞ്ഞിട്ടാണ്''.
''അല്ലെങ്കിലും അതാ നല്ലത്. അവനവന്‍റെ വീട്ടിലെ സ്വാതന്ത്രം മറ്റുള്ള ദിക്കില്‍ കിട്ടില്ല''. കുറച്ചുനേരത്തേക്ക് ആരും ഒന്നുംപറഞ്ഞില്ല. കിട്ടുണ്ണി എക്സ്റേ ഫിലിമും പ്രിസ്ക്രിപ്ഷനും എടുത്ത് നോക്കിക്കൊണ്ടിരുന്നു.
''ഇത് അത്രയ്ക്കൊന്നും ഇല്ലല്ലോ''എല്ലാം അറിയുന്ന മട്ടില്‍ അയാള്‍ പറഞ്ഞു.
''ഡോക്ടറും അങ്ങന്യാണ് പറഞ്ഞത്''.
''എന്താ മുഷിഞ്ഞ തുണ്യോക്കെ മുക്കിലിട്ടിരിക്കുണത്''ചുറ്റുപാടും കണ്ണോടിച്ച് കിട്ടുണ്ണി ചോദിച്ചു.
''മണ്ണാത്തി തിരുമ്പാന്‍ വന്നിട്ട് രണ്ട് ദിവസായി''.
''ഇതാ അന്ന് ഞാന്‍ പറഞ്ഞത്. ആണായാല്‍ ഒരു പെണ്ണ് വേണം. നല്ലൊരു ആലോചന ഞാന്‍ കൊണ്ടുവരും ചെയ്തു. കേട്ടില്ലല്ലോ''.
''മിണ്ടാണ്ടിരിക്കിന്‍''രാധ ഇടപെട്ടു''കാലൊടിഞ്ഞ് കിടക്കുമ്പഴാ ഒരു കല്യാണക്കാര്യം''
''നല്ലോണം ഇരുട്ടായി. ഞങ്ങള്‍ ഇറങ്ങട്ടെ''കിട്ടുണ്ണിയും രാധയും ഇറങ്ങി.
''നായിന്‍റെ വാല് പന്തീരാണ്ട് കൊല്ലം കുഴലിന്‍റെ അകത്തിട്ടാലും ഊരുമ്പൊ വളഞ്ഞന്നേ ഇരിക്കൂ''അവര്‍ പടി കടന്നു പോയതും എഴുത്തശ്ശന്‍ പറഞ്ഞു.
''എനിക്ക് വന്ന ഈറയ്ക്ക് കണക്കില്ല. ഒക്കെ അടക്കി ഇരുന്നതാ''നാണു നായര്‍ പറഞ്ഞു''വായിന്ന് വല്ലതും വീണാല്‍ തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ''
''പിന്നെപ്പിന്നെ. നിങ്ങള് വായ തുറന്ന് വല്ലതും പറയ്യോ ഹേ''എഴുത്തശ്ശന്‍ പറഞ്ഞതും എല്ലാവരും ഉറക്കെ ചിരിച്ചു.
അദ്ധ്യായം - 127.
പാഞ്ചാലി മരിച്ചതിന്നുശേഷം ചാമായി ആളാകെ മാറി. പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതനുസരിച്ച് പോയശേഷം അയാള്‍ പിന്നീട് വീട്ടിലേക്ക് മടങ്ങിവന്നില്ല. സ്റ്റേഷനില്‍നിന്ന് തിരിച്ചെത്തിയ ആണുങ്ങള്‍ ആദ്യംചെയ്ത കാര്യം ചാമായിയെ അന്വേഷിച്ചതായിരുന്നു.
''അവന്‍ ഇങ്കിട്ട് വന്നില്ല''ദേവൂട്ടി പറഞ്ഞു.
''ഞങ്ങളെ സംശയം ഉണ്ടോന്ന് ഇന്‍സ്പെക്ടര്‍ അയാളോട് ചോദിച്ചതാ'' കണ്ണന്‍ പറഞ്ഞു''പഴി വാങ്ങാന്‍വേണ്ടി ഉണ്ടേന്ന് അയാള്‍ പറയുംന്ന് വിചാരിച്ചു. പക്ഷെ ഞങ്ങളത് ചെയ്യില്ലാന്ന് അയാള് പറഞ്ഞു. ഇല്ലെങ്കില്‍ ഞങ്ങളിപ്പഴും അഴ്യേണ്ണി കിടക്കുണുണ്ടാവും''കണ്ണന്‍ പറഞ്ഞുനിര്‍ത്തി .
''കള്ളുകുടിച്ച മപ്പില്‍ പറഞ്ഞതാവും''.
''അല്ല തള്ളേ. നല്ല ബോധത്തോടെ പറഞ്ഞതാ. ലോക്കപ്പിന്‍റെ മുമ്പില്‍വന്ന് ഞങ്ങളോട് ഞാന്‍ സത്യം പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞിട്ടാ പോയത്''.
''എന്നിട്ടെന്താ അവന്‍ ഇങ്കിട്ട് വരാത്തത്''.
''ആവോ. ആരക്കാ അറിയ്യാ. എന്തായാലും നമുക്കൊന്ന് അന്വേഷിക്കണം''. അന്നും പിറ്റേന്നും ചാമായി എത്തിയില്ല.
''മൂന്നാംപക്കം ഇറങ്ങി പോയില്ലെങ്കില്‍ പുര കത്തിക്കുംന്ന് പറഞ്ഞതല്ലേ. പേടിച്ച് പോയതായിരിക്ക്യോ''ദേവൂട്ടി സംശയം പ്രകടിപ്പിച്ചു.
''അതാവില്ല. മൂന്നുദിവസം കഴിഞ്ഞിട്ടും അവര് ഇരുന്നില്ലേ. പിന്ന്യല്ലേ പെണ്ണ് ചത്തത്''.
''അവന്‍ വല്ല വിഷംകുടിക്ക്യേ തൂങ്ങിചാവ്വേ ചെയ്തിട്ടുണ്ടാവ്വോ''.
''ഒന്നും പറയാന്‍ പറ്റില്ല. എന്തായാലും ഇനി കാത്തിരിക്കുണില്ല. നാളെ നേരം വെളുത്തതും അയാളെ തിരയാന്‍ ഇറങ്ങും''. പിറ്റേന്ന് വഴിയില്‍ വെച്ചേ വിവരം അറിഞ്ഞു. പാലക്കാടിന്ന് കുറച്ച് പടിഞ്ഞാറുമാറി ഒരു ചെറിയസ്കൂളിന്‍റെ തൊട്ടടുത്ത് പൂട്ടികിടക്കുന്ന വീടിന്‍റെ പടിപ്പുരയില്‍ ചാമായി കിടക്കുന്നുണ്ട്. പേപ്പറും പഴയപാത്രങ്ങളും വാങ്ങാന്‍ പോണ പോക്കില്‍ അദ്രമാന്‍ അയാളെ അവിടെവെച്ച് കണ്ടിരുന്നു.
''ഇയാളെന്തിനാ അവിടെ ചെന്നിരിക്കുണത്. അയാളക്ക് ബന്ധുക്കാരായി അവിടെ വല്ലോരും ഉണ്ടോ''ശിവരാമന്‍ ചോദിച്ചു. ആര്‍ക്കും അതൊന്നും അറിയില്ല. നല്ലകാലത്ത് ചാമായി അയല്‍പക്കകാരോട് എന്നും കലഹിച്ചു കഴിഞ്ഞു. പെണ്‍കുട്ടി വലുതായി ചീത്തപ്പേരുണ്ടാക്കാന്‍ തുടങ്ങിയതോടെ എല്ലാവരും അച്ഛനേയും മകളേയും അകറ്റി നിര്‍ത്തി. അയല്‍പക്കത്തുള്ള ആരും അവരുടെ കാര്യങ്ങള്‍ അന്വേഷിക്കാറില്ല. ഏതായാലും അഞ്ചാറ് ചെറുപ്പക്കാര് ഒരു ജീപ്പ് വിളിച്ച് ചാമായിയെ അന്വേഷിച്ച് പുറപ്പെട്ടു. അറിഞ്ഞതുവെച്ച് അവര്‍ ചെന്നപ്പോള്‍ പറഞ്ഞുകേട്ട സ്ഥലത്ത് ചാമായി കിടപ്പുണ്ട്. മുഷിഞ്ഞ വസ്ത്രവും ചെറിയൊരുഭാണ്ഡക്കെട്ടും നീളനൊരു വടിയും ഒക്കെയായി ഭ്രാന്തന്‍റെ മട്ടിലായിരുന്നു അയാള്‍.
''എന്താ നിങ്ങളിവിടെവന്ന് കിടക്കുണത്''കണ്ണന്‍ ചോദിച്ചു.
''എനിക്ക് പോകാനായിട്ട് വേറെ ഇടം ഒന്നൂല്യാ''.
''നിങ്ങള്‍ക്ക് അവിടെ ഒരു പെരീല്ലേ. അവിടെ കഴിഞ്ഞൂടെ''.
''ഞങ്ങള്‍ അവിടംവിട്ട് പോണം ഇല്ലെങ്കില്‍ പെര കത്തിക്കുംന്ന് നിങ്ങള് പറഞ്ഞതല്ലേ''.
''നിങ്ങടെ മകള് ഞങ്ങളെ വേണ്ടാത്തത് കേപ്പിച്ചപ്പൊ കോപംകൊണ്ട് പറഞ്ഞതല്ലേ. അതുവരെക്ക് ഞങ്ങള് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ''.
''എന്തായാലും അവള് പോയി. ഇനി എനിക്ക് ആരാ ഉള്ളത്''.
''അത് നിങ്ങള് പറയണ്ടാ. നിങ്ങക്ക് ഞങ്ങള് എല്ലാരൂണ്ട്''. ചാമായി ഒന്നും പറഞ്ഞില്ല. അയാള്‍ എന്തോ ആലോചിച്ചിരുന്നു.
''നിങ്ങള് പുറപ്പെടിന്‍. നമുക്ക് കുടീലിക്ക് പോവാം''ആരോ പറഞ്ഞു.
''ഞാന്‍ വന്നിട്ട് എന്താ ചെയ്യാ. കഴിഞ്ഞുകൂടാന്‍ എനിക്കെന്താ മാര്‍ഗ്ഗം''.
''അത് നിങ്ങളറിയണ്ടാ. നേരത്തിനും കാലത്തിനും ഞങ്ങള്‍ വല്ലതും കഴിക്കിണുണ്ടെങ്കില്‍ അതിലൊരു ഓഹരി നിങ്ങക്കും ഉണ്ടാവും. ആ കാര്യം ഉറപ്പാണ്''. പിന്നെ തര്‍ക്കിക്കാതെ ചാമായി പുറപ്പെട്ടു. ജീപ്പ് വന്നുനിന്നതും പെണ്ണുങ്ങള്‍ അടുത്തെത്തി.
''എന്തിനാടാ ചാമായേ നീ പോയത്. നിനക്ക് ഞങ്ങളില്ലേ''ദേവൂട്ടി അയാളുടെ കയ്യില്‍ പിടിച്ചു. എല്ലാവരും അകത്തേക്ക് കയറി.
''വേഗം കുളിച്ചിട്ട് വാ. കഞ്ഞി കുടിക്കാം''. സന്ധ്യക്ക് ശിവരാമന്‍ ഒരുകുപ്പി ചാരായവുമായി ചാമായിയെ സമീപിച്ചു.
''നിങ്ങക്ക് ഇത് പതിവുള്ളതല്ലേ. കഴിച്ചോളിന്‍''അവന്‍ പറഞ്ഞു.
''വേണ്ടാ കുട്ട്യേ''ചാമായി പറഞ്ഞു''എന്‍റെ മകളെ കൊലയ്ക്ക് കൊടുത്തത് ഞാനാണ്. കള്ള് കുടിച്ച് വട്ടത്തിരിഞ്ഞ് നടക്കാതെ മകളെ വേണ്ടപോലെ ഞാന്‍ നോക്കിവളര്‍ത്തീട്ടുണ്ടെങ്കില്‍ അവള്‍ക്ക് ഈ ഗതി വരില്ല''.
''ആരാ അവളെ കൊന്നതേന്ന് നിങ്ങക്കറിയ്യോ''.
''അറിയാഞ്ഞിട്ടല്ല. അവരോട് നമ്മള് കൂട്ട്യാല്‍ കൂടാത്തതോണ്ടാ. വല്യേ ആള്‍ക്കാരാണ് അവരൊക്കെ''.
''നമ്മള് വല്ലതും ചെയ്യണോ''.
''ഒന്നും വേണ്ടാ. മുകളില്‍ എല്ലാം കണ്ടോണ്ട് ഒരാളുണ്ട്. ആ മൂപ്പര് വേണ്ട മാതിരി കൊടുത്തോളും''ആ ആശ്വാസത്തില്‍ അവരിരുന്നു.
************************
മറ്റെല്ലാ മോഹഭംഗങ്ങളേയും അവഗണിച്ചതുപോലെ കുട്ടിക്ക് ആഭരണം സമ്മാനിക്കാന്‍ കഴിയാഞ്ഞതിലുള്ള സങ്കടവും എഴുത്തശ്ശന്‍ മനസ്സിനകത്ത് കുഴിച്ചുമൂടി. ഒരാഴ്ചയോളം അങ്ങിനെ കടന്നുപോയി. ഒരുവൈകുന്നേരം രാധാകൃഷ്ണന്‍ കളപ്പുരയിലെത്തി. വേണുവിനോട് അസുഖത്തെക്കുറിച്ച് അന്വേഷിച്ചശേഷം അയാള്‍ എഴുത്തശ്ശന്‍റെ അടുത്തുചെന്നു.
''മുത്തശ്ശാ''അയാള്‍ വിളിച്ചു''വരൂ. നമുക്കിത്തിരി നടന്നിട്ട് വരാം''. ഒരു തോര്‍ത്തെടുത്ത് തോളിലിട്ട് എഴുത്തശ്ശന്‍ പേരക്കുട്ടിയോടൊപ്പം നടന്നു.
''മറ്റന്നാള്‍ മകരമാസം ഒന്നാം തിയ്യത്യാണ്. പിറ്റേന്ന് ഞാന്‍ മുമ്പുപറഞ്ഞ പെണ്ണിനെ കാണാന്‍ പോണുണ്ട്''.
''അപ്പൊ ഇത്രദിവസം നീ പോയില്ലേ''.
''പോയാല്‍ ഞാന്‍ വിവരം പറയില്ലേ. ധനുമാസം എന്‍റെ ജന്മമാസാണ്. പെണ്ണുകാണല്‍ ചടങ്ങൊന്നും പാടില്ലാന്ന് പറഞ്ഞതോണ്ട് പോയില്ല''.
''ഞാന്‍ വിചാരിച്ചു കണ്ടിട്ട് പറ്റാത്തതോണ്ട് പറയാതിരുന്നതാന്ന്''.
''എന്തായാലും ഞാന്‍ മുത്തശ്ശനോട് പറയാതിരിക്ക്വോ''അവന്‍ പറഞ്ഞു ''ഇഷ്ടപ്പെട്ടാല്‍ മേടമാസത്തില്‍ ഉറപ്പിക്കും''.
''എന്തിനാ അത്രയ്ക്കങ്ങിട്ട് നീട്ടുണ്''.
''പെങ്ങള് പോയിട്ടല്ലേയുള്ളു. അവള്‍ക്ക് ഇപ്പതന്നെ വരാന്‍ പറ്റില്ല. കുംഭമാസത്തില്‍ ചടങ്ങ് നടത്താനും പാടില്ല. മീനമാസം പെണ്‍കുട്ടിടെ ജന്മമാസാണ്. അതാ നീട്ടുണത്''.
''അപ്പൊ പെങ്ങള് വിഷൂന്ന് എത്ത്വോ''.
''എത്തും. അപ്പോള്‍ മുത്തശ്ശന്‍റെ മോഹം സാധിക്കുംചെയ്യാം''.
''മോഹോ. എനിക്കോ. എന്താദ്''.
''എനിക്കറിയാ മുത്തശ്ശാ, കുട്ടിക്ക് സ്വര്‍ണ്ണപണ്ടം വാങ്ങിക്കൊടുക്കണം എന്ന് മുത്തശ്ശന്‍ ആഗ്രഹിച്ചത്. അതിന്‍റെകൂടെ ഒരാള്‍ക്കുംകൂടി പണ്ടം ഉണ്ടാക്കിക്കോളൂ''.
''നിന്‍റെ പെണ്‍കിടാവിനല്ലേ. അത് ഞാന്‍ ചെയ്യോലോ. ആട്ടെ, ആരാ നിന്നോട് ഈ കാര്യം പറഞ്ഞത്'' എഴുത്തശ്ശന്‍ ചോദിച്ചു.
''ആരോ ആവട്ടെ. മുത്തശ്ശന്‍ സമ്മാനം കൊടുക്കണ്ടത് ഞാന്‍ കെട്ടാന്‍ പോണ പെണ്ണിനല്ല, മുത്തശ്ശന്‍റെ പേരമകള്‍ക്കാണ്''.
''അതിന് അവരൊക്കെ എന്‍റെ കയ്യിന്ന് വല്ലതും വാങ്ങ്വോ''.
''നോക്കിക്കോളൂ. അവള്‍ മുത്തശ്ശനെ കാണാനെത്തും. അവളെ ഞാന്‍ കൂട്ടിക്കൊണ്ട് വരും''. ആ പറഞ്ഞത് വിശ്വസിക്കാനാവാതെ എഴുത്തശ്ശന്‍ നിന്നു.
അദ്ധ്യായം - 128.
എഴുത്തശ്ശന്‍ ചാമിയോടൊപ്പം വേഗത്തില്‍ നടന്നു. ഉച്ചയ്ക്കുമുമ്പ് ശവം അടക്കം ചെയ്യും എന്നാണ് വിവരം പറയാന്‍ വന്നവന്‍ അറിയിച്ചത്. മരിച്ചത് ചാമിക്ക് നേരിട്ടു പരിചയമില്ലാത്ത ആളാണ്. എഴുത്തശ്ശന്ന് തുണ പോയതാണ് അവന്‍. മരിച്ചവീട്ടില്‍ ധാരാളം ആളുകള്‍ ഉണ്ടാവുമെന്നാണ് നായര്‍ തറയിലെത്തുന്നതുവരെ അവര്‍ കരുതിയിരുന്നത്. വീട്ടിലേക്കുള്ള വഴിവക്കത്ത് ആരേയും കാണാനില്ല. പഴകി ദ്രവിച്ച മുള്ളുവേലി പല ഭാഗത്തും പൊളിഞ്ഞ് ഇല്ലാതായിട്ടുണ്ട്. ഇല്ലിപ്പടി മലര്‍ക്കെ തുറന്നിട്ടുണ്ട്. മുറ്റത്ത് മൂന്നുനാല് ചെറുപ്പക്കാര്‍ നില്‍ക്കുന്നു. ഉമ്മറത്തിണ്ടില്‍ നാലഞ്ച് കാരണവന്മാര്‍ ഇരിക്കുന്നുണ്ട്.
"കുപ്പന്‍കുട്ട്യേ , അങ്ങിനെ നമ്മടെ ചിന്നമണിനായരും പോയി"ശബ്ദംകേട്ട് നോക്കുമ്പോള്‍ വെളുത്തേടത്തെ കേശവന്‍.
"ഞാന്‍ ഒന്ന് കേറിനോക്കീട്ട് വരാം"എഴുത്തശ്ശനും ചാമിയും അകത്തേക്ക് ചെന്നു.
കാറയിട്ട് മിനുപ്പിച്ചനിലം മിക്കവാറും പൊട്ടിപ്പൊളിഞ്ഞ് കിടപ്പാണ്. കടക്കുന്ന ഇടവഴിയുടെ ഓരത്ത് പഴന്തുണികള്‍ വാരിക്കെട്ടിവെച്ചതു പോലെ ഏതാനും ഭാണ്ഡക്കെട്ടുകള്‍ കിടക്കുന്നു. എഴുത്തശ്ശന്‍ മെല്ലെ മുറിയിലേക്ക് കയറി.
കത്തിച്ചുവെച്ച നിലവിളക്കിന്‍റെ വെളിച്ചം ചുണ്ണാമ്പ് അടര്‍ന്ന ചുമരുകള്‍ അപഹരിക്കുന്നു. തലയ്ക്കല്‍ നിലവിളക്കിന്ന് സമീപം ഇടങ്ങഴി നെല്ലിന്ന് മീതെ നാഴിയരി വെച്ചിട്ടുണ്ട്. അതില്‍ കുത്തിവെച്ച ചന്ദനത്തിരികളുടെ ചാരം നിലത്തുണ്ട്. ഭസ്മംകൊണ്ട് ചുറ്റോടും വരച്ചതിനകത്ത് ചിന്നമണി നായര്‍ ശാന്തനായി കിടക്കുന്നു. എഴുത്തശ്ശന്‍ കുറച്ചുനേരം നോക്കിനിന്നു. വളരെക്കാലം ഒന്നിച്ച് കൃഷി ചെയ്തിട്ടുള്ള ആളാണ് ചിന്നമണി നായര്‍. ഒന്നും നേടാന്‍ പറ്റാത്ത ഭാഗ്യദോഷി. എഴുത്തശ്ശന്‍ പുറത്തു വരുമ്പോള്‍ കേശവന്‍ കാത്തുനില്‍പ്പാണ്.
"കുറച്ചുദിവസായി മൂപ്പര് കിടപ്പിലായിട്ട്. മകളടെ കെട്ട്യോന്‍ മനസ്ഥിതി ഉള്ള ആളായതോണ്ട് കടംവാങ്ങീട്ടൊക്കെ കുറെ ചികിത്സിച്ചു. മാറില്ലാന്ന് ബോദ്ധ്യായപ്പൊ ഒരാഴ്ച്ച മുമ്പ് ഇങ്കിട്ട് മടക്കികൊണ്ടുവന്നു''കേശവന്‍ വിവരിച്ചു.
''എന്തായിരുന്നു സൂക്കട്''എഴുത്തശ്ശന്‍ ചോദിച്ചു.
''ഒരുവലിവ്. അതേ ഉണ്ടായിരുന്നുള്ളു''.
വൈകാതെ സംസ്കാരത്തിന്നുള്ള ഒരുക്കങ്ങള്‍ തുടങ്ങി. മുറ്റത്ത് തെക്കു വടക്കായിവെച്ച നാക്കിലയിലേക്ക് കാടതുണിയില്‍ പൊതിഞ്ഞ ശവം കുളിച്ച് ഈറന്‍ ചുറ്റിയ ചെറുപ്പക്കാര്‍ കൊണ്ടുവന്നുവെച്ചു. ഇണങ്ങന്‍ മണ്‍പാനിയില്‍ നിന്ന് മാവിന്‍തോലും മഞ്ഞളുംകൂടി ഇടിച്ചത് കലക്കിയ വെള്ളം മൂന്നുപ്രാവശ്യമായി അതിലേക്ക് ഒഴിച്ചു. ചിന്നമണിനായരുടെ മകള്‍ മൃതദേഹത്തിനെ മൂന്നുതവണ വലം ചുറ്റി ചുവന്നപട്ട് മുകളിലിട്ടു.
"അച്ചേ, എനിക്കിനി ആരുണ്ട്''അവളുടെ കരച്ചില്‍ ഉയര്‍ന്നു. കുറുക്കന്‍ കുന്നിന്നപ്പുറത്ത് പുഴമ്പള്ളയിലെ ശ്മശാനത്തിലേക്ക് ശവം എടുക്കുന്നതു വരെ എഴുത്തശ്ശന്‍ നോക്കിനിന്നു.
''അയളക്ക് കെട്ട്യോളില്ലേ''തിരിച്ചുപോരുമ്പോള്‍ ചാമി ചോദിച്ചു.
''ഉണ്ടായിരുന്നു''എഴുത്തശ്ശന്‍ പറഞ്ഞു''വേണ്ടാന്നുവെച്ച് വേറൊരാളെ അവര് കല്യാണം കഴിച്ചു''.
''അതെന്താ അങ്ങനെ ചെയ്ത്''.
''പോറ്റാന്‍ ഗതീല്ലാത്ത നായരെ വേണ്ടാന്ന് അയമ്മക്ക് തോന്നി. പെണ്ണിന് വേണ്ടെങ്കില്‍ സംബന്ധം വേണ്ടാന്ന് വെക്കുണത് പണ്ടൊക്കെ നാട്ടില് പതിവുള്ളതാ''
''അയമ്മ ചെയ്തത് കുറെകടന്ന കയ്യന്ന്യാണ്''ചാമി പറഞ്ഞു''എന്നാലും ആ മൂപ്പര് എന്താ പണ്യെടുത്ത് കുടുംബം പുലര്‍ത്തീല്ലാന്നാ എനിക്ക് തിരിയാത്തത്''.
''നിനക്ക് അറിയാഞ്ഞിട്ടാണ്. എന്‍റൊപ്പം ചിന്നമണിനായര്‍ക്കും പാട്ടകൃഷി ഉണ്ടായിരുന്നു. ഞാന്‍ കടിച്ചുപിടിച്ച് നിന്നു. ഒടുവില്‍ നിയമം വന്നപ്പൊ എനിക്ക് ഭൂമികിട്ടി. അയാള്‍ക്കതിന് കഴിഞ്ഞില്ല''.
''അപ്പപ്പൊ കിട്ടുണത് പൊലിച്ച് പാടീട്ടുണ്ടാവും''.
''അതിന് മാത്രം വരുമ്പട്യോന്നും അന്നത്തെകാലത്ത് കിട്ടീരുന്നില്ല. നിനക്ക് കേക്കണോ''എഴുത്തശ്ശന്‍ പറഞ്ഞു തുടങ്ങി''പട്ടുപണി തുടങ്ങാറാവുമ്പൊ കുടിയാന്മാര് കെട്ട്യേ പെണ്ണിന്‍റെ കയ്യിലും കഴുത്തിലും ഉള്ളത് പണയം വെച്ചിട്ട് ഓരര കന്നും വിത്തും വാങ്ങും. എന്നിട്ടാ പണി തുടങ്ങ്വാ. പോരാത്ത പണം കിട്ടുന്നോടത്തുനിന്നൊക്കെ അപ്പപ്പൊ കടംവാങ്ങും. കൊയ്താല്‍ പാട്ടം അളക്കണം. നെല്ല് ജന്മിടെ മുറ്റത്ത് കൊണ്ടുപോയി ഇട്ട് ഉണക്കി ചണ്ട് കളഞ്ഞിട്ട് വേണം പാട്ടം അളക്കാന്‍. ഒന്നാംപഞ്ച കൊയ്താല്‍ കുറെ പാട്ടം അളക്കും. ബാക്കിവിറ്റ് കടം വീട്ടും. രണ്ടാം പഞ്ച കൊയ്താല്‍ പാട്ടബാക്കി നിര്‍ത്താന്‍ പാടില്ല. അളന്ന് കഴിയുമ്പൊ കാര്യായിട്ട് ഒന്നും ഉണ്ടാവില്ല. പിന്നെ എന്താ ചെയ്യാ. ബാക്കിനെല്ലും വില്‍ക്കും കന്നിനീം വില്‍ക്കും. എന്നിട്ട് പണയംവെച്ച മുതല് എടുക്കും. കുറച്ച് കാശുള്ളതും കൊണ്ട് ഗുരുവായൂരിലിക്കോ, പഴനിക്കോ ഒരു യാത്ര പോവും. അതോടെ അക്കൊല്ലത്തെ സമ്പാദ്യം തീര്‍ന്നു. അടുത്ത കൊല്ലം ആദ്യേ ഒന്നേന്ന് തുടങ്ങണം''.
''എന്നിട്ട് മൂപ്പരുടെ പാട്ടകൃഷി എന്തായി''.
''പാട്ടബാക്കി വന്നപ്പൊ ജന്മി ഒഴിപ്പിച്ചു. കുറച്ച് കാലം ഒരു മനയ്ക്കല് ഇലമുറി കാര്യസ്ഥനായിട്ട് കഴിഞ്ഞു. അതും പറ്റാണ്ടെ വന്നപ്പൊ ഭാര്യ അവരടെ വഴിക്ക് പോയി. ഒരുചായപ്പീടിക തുടങ്ങി. ആറ് മാസംകൊണ്ട് അത് പൂട്ടി. പയ്യിനേം എരൂമേം കെട്ടിക്കറന്നിട്ടായി പിന്നത്തെ ജീവിതം. ഒരു മകളുള്ളതിന് ഉണ്ടാക്ക്യേ തന്തയെ വേണംന്ന് തോന്ന്യേതോണ്ട് ചാവാന്‍ കാലത്ത് വെള്ളം കിട്ടി''.
''ഓരോരുത്തരുടെ തലേല് ഓരോന്ന് എഴുതി വിടും. അത് മാതിര്യല്ലേ വരുള്ളു''പതിഞ്ഞ ശബ്ദത്തില്‍ ചാമി പറഞ്ഞു.
''ഇത്രേള്ളൂ പാട്ടക്കുടിയാന്മാരടെ കഥ. രണ്ടുകൊല്ലം ഒരുപോലെ മഴയ്ക്ക് വക്കല് വന്നാലോ വെളവ് കുറഞ്ഞാലോ തീര്‍ന്നു അവരടെ ജീവിതം. എത്ര കൃഷിക്കാരാ മരുന്ന് കഴിച്ചിട്ടും കഴുത്തില്‍ കയറിട്ടും ജീവിതം വേണ്ടാന്ന് വെച്ചിട്ടുള്ളത്''.
''ഒന്നിനേം നമ്പീട്ട് കഴിയാന്‍ പാടില്ലാന്ന് അതാ പറയുണത്''.
''ചാമ്യേ, നീ നോക്കീട്ടുണ്ടോടാ? നൂറാളെ എടുത്താല്‍ എട്ടോ പത്തോ ആളേ നല്ല നെലേല് എത്തൂ. എട്ടോ പത്തോ എണ്ണം ഗതിപിടിക്കാണ്ടെ നശിക്കും ചെയ്യും. ബാക്കി ആളുകള് കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് മരിക്കുണത് വരെ കഴിയും''.
''കുപ്പ്വോച്ചോ, എന്തേ മനുഷ്യരടെ ജീവിതം ഇങ്ങന്യായേ. ഒന്നൂല്യാണ്ട്യാണ് എല്ലാരും ജനിക്കുണത്. ഒന്നൂല്യാണ്ടെ ചത്തുപോവുംചെയ്യുണു. എടേലത്തെ കാലംമാത്രം എന്തേ ഓരോരുത്തരുക്ക് ഓരോ മട്ടിലായത്''.
''അതാടാ ഈശ്വരന്‍റെ കളി''.
പാത പുഴക്കരയില്‍ അവസാനിച്ചു. ഇരുവരും താഴെയിറങ്ങി. വെള്ളപ്പാറ കടവിലെ വെള്ളം വെയിലേറ്റ് ചൂട് പിടിച്ചിരുന്നു.
**********************
മില്ലിന്‍റെമുറ്റത്ത് കാര്‍ നിര്‍ത്തി സുകുമാരന്‍ ഇറങ്ങി. ഓഫീസ് മുറിയില്‍ കയറിയപ്പോള്‍ രാധാകൃഷ്ണന്ന് പകരം വേലായുധന്‍കുട്ടിയാണ്.
''എവിടെ മാമാ, രാധകൃഷ്ണന്‍''അവന്‍ ചോദിച്ചു.
''ബാങ്കില്‍ പോയി. കൊടുത്ത ഒരു ചെക്ക് മടക്കാന്‍ വെച്ചിട്ടുണ്ട് എന്ന് ആ മാനേജര്‍ വിളിച്ചു പറഞ്ഞു. ഞങ്ങടെ കണക്ക് പ്രകാരം അക്കൌണ്ടില്‍ പണം ഉണ്ട്. അത് അന്വേഷിക്കാന്‍ ചെന്നതാ''. കൂടുതല്‍ സംഭാഷണത്തിന്ന് സുകുമാരന്‍ മുതിര്‍ന്നില്ല.
''എങ്കില്‍ ഞാന്‍ പോട്ടെ. എനിക്കും ബാങ്കില്‍ ചെല്ലാനുണ്ട്. അവിടെവെച്ച് കാണാം''അയാള്‍ പറഞ്ഞു. സുകുമാരന്‍ പോവുന്ന വഴിക്കുവെച്ചുതന്നെ രാധാകൃഷ്ണനെ കണ്ടു. ഇരുവരും കാറുകള്‍ മരതണലില്‍ നിര്‍ത്തിയിട്ട് പുറത്തിറങ്ങി.
''പെണ്ണ് കാണാന്‍ പോണൂന്ന് പറഞ്ഞല്ലോ. എന്നിട്ടെന്തായി''സുകുമാരന്‍ ചോദിച്ചു.
''ഇന്നലെ വൈകുന്നേരം പോയി കണ്ടു''.
''എന്നിട്ട്''.
''ഒന്നും തീരുമാനിച്ചില്ല''.
''അതെന്തേ''.
''അച്ഛനും അമ്മയും അഭിപ്രായമൊന്നും പറഞ്ഞില്ല''.
''നിനക്കെന്താ തോന്നിയത് '.
''തെറ്റില്ലാന്ന് തോന്നി''.
''അതുമതി. ഇനി മുന്നോട്ട് നീങ്ങ്''
''ഞാന്‍ മാത്രം വിചരിച്ചാല്‍ പോരല്ലോ. വീട്ടുകാരടെ അഭിപ്രായംകൂടി നോക്കണ്ടേ''അതിനെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാന്‍ ഒരു വിഷമം. അയാള്‍ വിഷയം മാറ്റി
''നിന്‍റെ കാര്യം മുടങ്ങീന്ന് കേട്ടു''.
''മുടങ്ങ്യേതല്ല. യോജിക്കില്ല എന്ന് തോന്നിയതുകൊണ്ട് വേണ്ടാ എന്ന് വെച്ചതാണ്''.
''വേറേയും ചിലതൊക്കെ കേട്ടു''രാധാകൃഷ്ണന്‍ പറഞ്ഞു''ആ പെണ്ണിനെ നിങ്ങളാ കൊല്ലിച്ചതെന്ന് നാട്ടില്‍ പാട്ടായിട്ടുണ്ട്''.
''ആര്‍ക്കും വെട്ടിപൊളിച്ച വായകൊണ്ട് എന്തും പറയാലോ. അഞ്ചോ പത്തോ ഉറുപ്പിക കാണിച്ചാല്‍ വാലാട്ടി പിന്നാലെ വരുന്ന സാധനത്തിനെ കൊല്ലിച്ചിട്ട് കേസ്സില്‍ ചെന്നുചാടാന്‍ ആരെങ്കിലും മിനക്കെട്വോ''.
''അതും ശര്യാണ്''രാധാകൃഷ്ണന്‍ സംഭാഷണം ദീര്‍ഘിപ്പിക്കാന്‍ നിന്നില്ല ''അച്ഛന് വീട്ടിലേക്ക് പോവാനുള്ള സമയായി. ഞാന്‍ പോട്ടെ''കാറുകള്‍ എതിര്‍ദിശകളിലേക്ക് നീങ്ങി.
അദ്ധ്യായം - 129.
ധനുമാസംപോയി മകരമാസംവന്നതോടെ കാലാവസ്ഥ ആകപ്പാടെ മാറി. പകല്‍സമയത്തെ ചൂട് കൂടിവന്നു. സായംസന്ധ്യകളില്‍ പടിഞ്ഞാറന്‍ ചക്രവാളം നിറങ്ങള്‍ വാരിപ്പൂശി സുന്ദരി ചമഞ്ഞു. മഞ്ഞും തണുപ്പും രാത്രിയോടൊപ്പം വിരുന്നിനെത്തി. മണല്‍തിട്ട് പുഴവെള്ളത്തെ തട്ടിമാറ്റി സ്ഥലം കയ്യേറിക്കൊണ്ടിരുന്നു. ഇത്രകാലം വെള്ളത്തിന്നടിയില്‍ ഒളിച്ച പാറക്കെട്ടുകള്‍ മെല്ലെ ശിരസ്സ് പൊന്തിക്കാന്‍ തുടങ്ങി. രാവും പകലും മരച്ചില്ലകളെ വിറപ്പിച്ച് ഒരുപോലെ കാറ്റുവീശി.
''മേല് മൊളിഞ്ഞിട്ട് നീറാന്‍ തുടങ്ങി. എന്തൊരു കാറ്റാണപ്പാ''നാണു നായര്‍ പരാതിപ്പെട്ടു.
''അതേയ്. ഒരോ കാലത്ത് കാറ്റും തണുപ്പും മഴീം വെയിലും മാറിമാറി വരും. ശരിക്കുള്ള കാറ്റ് വരാന്‍ പോണതേള്ളു. മകരത്തില്‍ മരം പൊളിക്കും. കുംഭത്തില്‍ കുടം ഉരുട്ടും എന്നല്ലേ പറയാറ്. നമ്മള് അതാത് കാലത്തിന്ന് യോജിച്ച മട്ടില് കഴിയണം. എന്നാ ഏത് കാലത്തും ഒരു കുഴപ്പൂം ഉണ്ടാവില്ല''എഴുത്തശ്ശന്‍ കൂട്ടുകാരനെ ഉപദേശിച്ചു.
''അതെന്താണാവോ''.
''നിങ്ങള് എന്‍റെ ദേഹത്തൊന്ന് നോക്കിന്‍. എനിക്ക് വയസ്സ് എണ്‍പത്താറ് ആയീന്ന് ആരെങ്കിലും പറയ്യോടോ. ഒരു ചുളിവ് ഇല്ല എന്‍റെ ശരീരത്തില്. ദിവസൂം സന്ധ്യകഴിഞ്ഞാല്‍ മേല് മുഴുവന്‍ നല്ലെണ്ണ പുരട്ടി ഞാന്‍ കുറെ നേരം നില്‍ക്കും . തെങ്ങിന്‍റെചോട്ടില് ഒരു കുട്ടകംനിറച്ച് വെള്ളം കോരി വെക്കും. ചെറുപയറ് അരച്ചെടുത്തത് തേച്ച് മിഴുക്കെളക്കി അതങ്ങന്നെ ഞാന്‍ മേലില് പാര്‍ന്ന് കഴുകികളയും. നിങ്ങടെ മാതിരി സോപ്പൊന്നും തേക്കാറില്ല''.
''ഇതെ ഉള്ളൂച്ചാല്‍ ഞാനും അതൊന്ന് ചെയ്ത് നോക്കട്ടെ''.
''ഒന്നുംകൂടി ഞാന്‍ പറഞ്ഞു തരാം. ചിലര്‍ ക്ക് മഞ്ഞുകാലം തുടങ്ങ്യാല്‍ കാലിന്നടീല് വിള്ളിച്ചവരും. അതിനും മരുന്നുണ്ട്. വേപ്പിന്‍റെ എലേം പച്ച മഞ്ഞളുംകൂടി മയത്തില്‍ അരച്ച് ആവണക്കെണ്ണയില്‍ ചാലിച്ച് പുരട്ടണം. വിള്ളിച്ച മാറും''.
''ഇതും പ്രയാസം ഉള്ളതൊന്ന്വല്ല. എനിക്കും വിള്ളിച്ച വന്നിട്ടുണ്ട്. ഇന്നന്നെ അത് ചെയ്യണം''.
''വായേക്കൊണ്ട് പറഞ്ഞാ മാത്രം പോരാ. ഇതൊക്കെ ഒരു ശീലാവണം. കേട്ടപാപത്തിന് നിങ്ങള് രണ്ട് ദിവസംചെയ്യും. പിന്നെ മുടക്കുംചെയ്യും. അങ്ങിനെ പാടില്ല''.
''ഏതായാലും നിങ്ങള് വൈദ്യം പഠിപ്പിക്ക്യല്ലേ. നിങ്ങളോട് ഒന്നുംകൂടി ചോദിച്ചോട്ടെ. സരോജിനിക്ക് ഇടക്കിടയ്ക്ക് ചെക്കിട് വേദന വരാറുണ്ട്. അതിന് എന്താ ചെയ്യണ്ടത്''.
''വിപ്പരത്തി എണ്ണ സ്പൂണിലെടുത്ത് ചൂടാക്കി ഒറ്റിക്കണം. അല്ലെങ്കില്‍ കപ്പല്‍മുളകിന്‍റെ കുരൂംഞെട്ടീം കളഞ്ഞ് ഉള്ളില് വെളിച്ചെണ്ണ ഒഴിച്ച് നില വിളക്കിന്‍റെ നാളത്തില്‍കാട്ടി ചൂടാക്കി ആറിച്ചശേഷം ചെവീല് ആറേഴു തുള്ളി ഒറ്റിക്കണം. എന്നാ മിനുട്ടുനേരംകൊണ്ട് വേദന പമ്പകടക്കും''.
''നിങ്ങളെ സമ്മതിക്കണം. എവിടുന്നേ ഇതൊക്കെ പഠിച്ചത്''.
''പത്മാവതിക്ക് ദീനംവന്നമുതല് എന്നും വൈദ്യന്‍മാരെ കാണലന്നേ പണി. അവരുടെ അടുത്തുന്ന് ഓരോന്നൊക്കെ ഞാന്‍ ചോദിച്ചുപഠിച്ചു''.
''ഇനി മുതല്‍ നിങ്ങളെ കുപ്പന്‍കുട്ടിവൈദ്യരേന്ന് വിളിച്ചാലോ''.
''കുപ്പന്‍കുട്ടി ഡോക്ടറേന്ന് വിളിച്ചില്ലല്ലോ. അതന്നെ വല്യേഭാഗ്യം'' എഴുത്തശ്ശന്‍ തിരിച്ചടിച്ചു. ഒരുകൂട്ടച്ചിരി ഉയര്‍ന്നു. എഴുത്തശ്ശന്‍ പിന്നൊന്നും പറഞ്ഞില്ല. അയാളുടെ മനസ്സില്‍ കടന്നുപോയ നാളുകള്‍ നിറഞ്ഞു. ഒരു മകള്‍ക്കായി പത്മാവതി എത്രകൊതിച്ചതാണ്. എന്നിട്ടോ. രണ്ടാമത്തെ ഗര്‍ഭം അലസിയതോടെ തുടങ്ങിയ സുഖക്കേട് ഒടുവില്‍ അവളുടെ മരണത്തില്‍ അവസാനിച്ചു. പിന്നീട് മകനെ വളര്‍ത്താന്‍ പാടുപെട്ടതും ഒറ്റയ്ക്ക് എല്ലാ ദുഖങ്ങളും കടിച്ചമര്‍ത്തി കഴിഞ്ഞതും ഇന്നലെ എന്നപോലെ തോന്നുന്നു.
''എന്താഹേ നിങ്ങള് മേപ്പട്ടും നോക്കിക്കൊണ്ട് ഇരിക്കുണത്''നാണു നായര്‍ കൂട്ടുകാരനെ ഉണര്‍ത്തി.
''ഒന്നൂല്യാ. എന്താച്ചാല്‍ പറഞ്ഞോളിന്‍''.
''അതേയ്, എടയ്ക്ക് സ്വപ്നം കാണുണ പതിവുണ്ട്. അതിനെന്താ ചെയ്യാ''.
''അതിന് മരുന്നില്ല. ആലത്ത്യൂരെ ഹനുമാനേ, പേടിസ്വപ്നം കാണരുതേ, പേടിസ്വപനം കണ്ടാല്‍ ഹനുമാന്‍റെ വാലോണ്ട് തട്ടിമുട്ടി ഉണര്‍ത്തണേന്ന് പ്രാര്‍ത്ഥിച്ച് കിടന്നോളിന്‍''.
''നമ്മള് മനസ്സില്‍ കൊണ്ടുനടക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് ഉപബോധ മനസ്സ് ഉണ്ടാക്കുന്നതാണ് സ്വപ്നങ്ങള്‍ എന്ന് വായിച്ചിട്ടുണ്ട്''മേനോന്‍ പറഞ്ഞു''ചില സ്വപ്നങ്ങള്‍ വരാന്‍ പോവുന്നതിന്‍റെ സൂചനയാണെന്നും പറയുന്നുണ്ട്''.
''പുഴേലെ വെള്ളം പോയിതുടങ്ങീന്ന് പറയുണൂ. ഇപ്പൊതന്നെ ഇതാണ് സ്ഥിത്യേങ്കില്‍ മഴക്കാലം വരുണത് വരെ എങ്ങിനെ കഴിഞ്ഞു കൂടും എന്നറിയില്ല''നാണുനായര്‍ അടുത്ത പരാതി പുറത്തെടുത്തു.
''പേടിക്കണ്ടാ മൂത്താരെ. നമുക്ക് കടവില് ഒരു കെടകെട്ടാം''ചാമി നായരെ ആശ്വസിപ്പിച്ചു.
''അതൊന്നും വേണ്ടാടാ. കയത്തംകുണ്ട് ഉള്ളോടത്തോളംകാലം നമുക്ക് വെള്ളത്തിന്ന് പഞ്ഞം വരില്ല''എഴുത്തശ്ശന്‍ പറഞ്ഞു.
*******************************
''വാട്യോ, അതോ പഴുത്ത്വോ''രാധാകൃഷ്ണന്ന് എഴുത്തശ്ശന്‍ ചോദിച്ചത് മനസ്സിലായില്ല. അയാള്‍ മിഴിച്ചുനിന്നു.
''മേപ്പട്ട് നോക്കിനിക്കണ്ടാ. മിനിഞ്ഞാന്ന് പെണ്ണുകാണാന്‍ പോണകാര്യം എന്നോട് പറഞ്ഞില്ലേ. അതിന്‍റെ വിവരാണ് ചോദിച്ചത്''.
''ഇന്നലെ വൈകുന്നേരം കാണാന്‍ പോയി''.
''എന്നിട്ട് എന്തായി''.
''ഒന്നും തീരുമാനിച്ചില്ല''.
''അതെന്താ. കുട്ടി കാണാന്‍ നന്നല്ലേ''.
''കാണാന്‍ നന്ന്. പഠിപ്പും ഉണ്ട്. കുടുംബൂം തെറ്റില്ല''.
''പിന്നെന്താ കുറവ്''.
''പെണ്‍കുട്ടിക്ക് ഒരു ഏട്ടനുണ്ട്. കാല് രണ്ടും മെലിഞ്ഞ് നടക്കാന്‍ പറ്റാത്ത ആള്. സംസാരിക്കാനും ആ ഏട്ടന് പറ്റില്ല''.
''ഏട്ടന് റെയില്‍വെലാ പണീന്ന് ഇന്നാള് നീയല്ലേ എന്നോട് പറഞ്ഞത്. പിന്നെന്താ ഇപ്പൊ ഇങ്ങിനെ പറയുണ്''.
''ആ ഏട്ടന്‍ മൂത്തകുടീല്യാണ്. ഇതാ സ്വന്തം ഏട്ടന്‍''.
''അതു ശരി. അപ്പോള്‍ അയമ്മ''.
''പ്രസവിച്ച് ആറുമാസം കഴിയുമ്പഴക്ക് അവര് മരിച്ചു. ഇപ്പഴത്തെ അമ്മ്യാണ് കുട്ട്യേ നോക്കി വളര്‍ത്ത്യേത്''
''ഏട്ടന്‍റെ ഈ കുറവൊക്കെ പിറവീലേ ഉള്ളതാണോ''.
' അല്ല. മൂന്നാമത്തെ വയസ്സില് ഒരുപനി വന്നു. അതിന്നുശേഷം ആയതാ''.
"അതുകാരണം ഈ ആലോചന വേണ്ടാന്ന് വെച്ച്വോ''.
''അമ്മയ്ക്ക് പിടിച്ചില്ല. നാലാളുടെ മുമ്പില്‍ അളിയനാണ് എന്നുപറഞ്ഞ് എങ്ങിനെ കാണിക്കും എന്നാ അമ്മ ചോദിക്കുണത്''.
''ഞാന്‍ ഒരു കാര്യം പറയട്ടെ''എഴുത്തശ്ശന്‍ ചോദിച്ചു.
''മുത്തശ്ശന്‍ പറഞ്ഞോളൂ''.
''നിനക്കാണ് ഇങ്ങിനെ വന്നതെങ്കിലോ. അത് കാരണം നിന്‍റെ പെങ്ങളടെ കല്യാണം മുടങ്ങ്യാല്‍ നിനക്കെത്ര സങ്കടം വരും''.
''അത് ശര്യാണ്''.
''നിനക്ക് കുട്ടീം ചുറ്റുപാടും ഇഷ്ടായീച്ചാല്‍ എനിക്കിത് മതി എന്ന് തുറന്നു പറയണം. അതാണ് ആണത്തം. അല്ലാണ്ടെ മറ്റുള്ളോര് പറയുണത് കേട്ട് ഒരു തീരുമാനം എടുക്കാണ്ടെ ഇരിക്ക്യല്ല വേണ്ടത്. പിന്നെ ഒരുകാര്യം എപ്പഴും നിന്‍റെ മനസ്സിലുണ്ടാവണം''.
''എന്താ അത്''.
''ശരീരത്തിന്ന് കോട്ടൂം കുറവും ഉണ്ടാവുണത് ഒരു തെറ്റല്ല. അതൊക്കെ ആര്‍ക്കും എപ്പഴുംവരാം. നമ്മള് മരിക്കുണവരെ നമ്മടെ കയ്യോ കാലോ കണ്ണോ ദേഹത്തന്നെ ഉണ്ടാവുംന്ന് ഉറപ്പുണ്ടോ''.
''ഇല്ല''.
''അതാ ഞാന്‍ പറഞ്ഞത്. കെട്ടുന്ന പെണ്ണിന്ന് കേടൊന്നും ഇല്ല. അത് മതി. അതിനപ്പുറത്തക്ക് പോണ്ടാ. പിന്നെ ദേഹത്തിന് വയ്യാത്ത ആളാണ് എന്ന പരിതാപംകൊണ്ട് നീ അവന്‍റെ പെങ്ങളെ കെട്ടണ്ടാ. നാളെ മേലാല്‍ അത് വിഷമം ഉണ്ടാക്കും. അവനെ സ്വന്തം ആളായി നിനക്ക് സ്നേഹിക്കാന്‍ പറ്റുംന്ന് ഉറപ്പുണ്ടെങ്കില്‍ ആ പെണ്ണിനെ കെട്ടണം. മനുഷ്യന്‍റെ സ്നേഹൂം ഈശ്വരന്‍റെ അനുഗ്രഹൂം അപ്പൊ നിനക്ക് കിട്ടും''. രാധാകൃഷ്ണന്‍ ആ പറഞ്ഞത് മനസ്സിലാവാത്ത മട്ടില്‍നിന്നു.
''മനുഷ്യന്‍റെ സ്നേഹം എന്ന് പറഞ്ഞത് എന്താന്ന് നിനക്ക് മനസ്സിലായോ. സുഖൂല്യാത്ത ആ ചെക്കന്‍റെ ബന്ധുക്കളെ ഒന്ന് ആലോചിക്ക്. ആ കുറവ് കണക്കാക്കാണ്ടെ പെണ്ണിനെ കെട്ടാന്‍ തെയ്യാറായ നിന്നെ അവര് മനസ്സോണ്ട് പൂവിട്ട് പൂജിക്കും''. ആ വാക്കുകള്‍ രാധാകൃഷ്ണന്‍റെ മനസ്സില്‍ തട്ടി.
''മുത്തശ്ശന്‍ പറഞ്ഞതാ ശരി''അവന്‍ പറഞ്ഞു''ഈ പറഞ്ഞത് ഞാന്‍ ആലോചിക്കാത്തതല്ല. എന്താ വേണ്ടത് എന്നൊരു സംശയം ഉണ്ടായി. ഇപ്പൊ അത് തീര്‍ന്നു''.
''മുത്തശ്ശന്‍ പറഞ്ഞൂന്ന് വെച്ചിട്ട് ആവരുത്. നിനക്കുംകൂടി കാര്യങ്ങള്‍ ബോദ്ധ്യാവണം''
''എനിക്ക് ബോധിച്ചു. ഞാന്‍ എന്‍റെ അഭിപ്രായം പറയുണുണ്ട്''.
തിരിച്ചുപോരുമ്പോള്‍ എഴുത്തശ്ശന്‍ പറഞ്ഞതാണ് അയാളുടെ മനസ്സില്‍ ഉണ്ടായിരുന്നത്. ആലോചന വന്നപ്പോഴേ ഈ കാര്യം പറഞ്ഞതാണ്. മുത്തശ്ശന്‍ പറഞ്ഞപോലെ മേനോനങ്കിള്‍ അന്ന് പറഞ്ഞതുകൊണ്ട് അതത്ര കാര്യമാക്കിയില്ല. അമ്മ ഭവിഷ്യത്തുകള്‍ പറഞ്ഞപ്പോഴാണ് മനസ്സിലൊരു ആശയക്കുഴപ്പം ഉടലെടുത്തത്. ഇപ്പോഴത് നീങ്ങി. ഇനി ഒട്ടും മടിയ്ക്കാതെ അടുത്ത പടി. മോട്ടോര്‍സൈക്കിള്‍ മെയിന്‍ റോഡിലേക്ക് കയറി.
അദ്ധ്യായം - 130.
കളപ്പുരയിലെ സഭ കൂടുതല്‍ സജീവമായി മാറിയിരുന്നു. മൂപ്പ് കുറഞ്ഞ വിത്തായതിനാല്‍ കൊയ്ത്ത് നേരത്തെ കഴിഞ്ഞിരുന്നു. വൈക്കോല്‍ പണിയും ഏകദേശം കഴിയാറായി. പാടത്തേക്ക് ചാണകം കടത്തിക്കുന്ന പണിയേ ഇനി ബാക്കിയുള്ളു. ഇനിയുള്ള രണ്ട് മൂന്ന് മാസക്കാലത്തേക്ക് കാര്യമായ പണികളൊന്നുമില്ല. നാട്ടില്‍ ഉത്സവങ്ങളും ആഘോഷങ്ങളും ആരംഭിക്കാറായി.
''അല്ല കുപ്പന്‍കുട്ട്യേ, അടുത്ത വ്യാഴാഴ്ച വെളുത്ത വാവല്ലേ. അന്നാണ് തൈപ്പൂയൂം തേരും പള്ളിനേര്‍ച്ചീം . ഇക്കുറി നിങ്ങള് പള്ളിനേര്‍ച്ചക്ക് പോണില്ലേ''നാണുനായര്‍ അന്വേഷിച്ചു. മകരമാസത്തിലെ പൂയം നക്ഷത്രം പഴനിയിലെ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ വളരെ പ്രധാനമാണ്. അന്നു തന്നെയാണ് പാലക്കട് കൊടുമ്പ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തേരും. പേരുകേട്ട പല്ലഞ്ചാത്തനൂരിലെ തെരുവത്തെ പള്ളിനേര്‍ച്ചയും ആ ദിവസം തന്നെയാണ്. തങ്ങള്‍ക്ക് സമര്‍പ്പിക്കാനുള്ള അപ്പപ്പെട്ടിയുമായി നാനാദിക്കുകളില്‍നിന്നും സംഘങ്ങളായി അന്ന് ആളുകളെത്തും. നെറ്റിപ്പട്ടം കെട്ടിയ ആനപ്പുറത്താണ് പലരും നേര്‍ച്ച കൊണ്ടുവരിക. ജില്ലയുടെ പല ഭാഗങ്ങളില്‍നിന്നും തമിഴ് നാട്ടില്‍നിന്നും സവാരിവണ്ടികള്‍ അവിടേക്ക് പ്രവഹിക്കും. എഴുത്തശ്ശന്‍ മുടങ്ങാതെ കൊല്ലംതോറും സ്വന്തം കാളവണ്ടിയില്‍ അവിടെ എത്താറുണ്ട്
''പോണംന്ന് മോഹൂണ്ട്. എന്നാലും ഇക്കുറി പോണില്ല''.
''അതെന്താ അങ്ങിനെ''.
''ഒന്നാമത് ഇവന്‍ ഇവിടെ വയ്യാണ്ടെ കിടക്കുമ്പൊ പോവാന്‍ എനിക്ക് മനസ്സ് വരുണില്ല''എഴുത്തശ്ശന്‍ പറഞ്ഞു''അതും പോരാത്തതിന് വണ്ടീം കാളേം വില്‍ക്കും ചെയ്തു''.
''അമ്മാമ പോണച്ചാല്‍ പൊയ്ക്കോളൂ''വേണു പറഞ്ഞു''ചാമിടടുത്തു പറഞ്ഞ് പോവാന്‍ വേണ്ട സൌകര്യം ചെയ്യാം''.
''ഒന്നും വേണ്ടാ. ജീവനോടിരുന്നാല്‍ അടുത്തകൊല്ലം എല്ലാരുക്കുംകൂടി പോവാം''.
''ഞാനൊന്ന് എണീക്കട്ടെ. എന്നിട്ട് പറ്റുണ ദിക്കിലൊക്കെ പോവാം''.
''ഈയിട്യായി മനസ്സില് ഒരുതോന്നലുണ്ട്''എഴുത്തശ്ശന്‍ പറഞ്ഞു''ഓരോ ദിക്കില് പോയിവന്നിട്ട് ഗുരുസ്വാമി പറഞ്ഞുകേട്ടപ്പൊ തോന്ന്യേതാ''.
''എന്താദ് അമ്മാമേ''.
''ഒന്ന് രാമേശ്വരംവരെ പോയി അച്ഛനും അമ്മയ്ക്കും വെലീടണംന്ന് മനസ്സ് പറയുണുണ്ട്. എല്ലാ കര്‍ക്കിടകവാവിനും എള്ളും ഒണക്കല്ലരീം ചെറൂളീം ചന്ദനൂം ഒക്കെ എടുത്ത് അവര് രണ്ടാളേം വിചാരിച്ച് കറുകതലയ്ക്കല് ഞാന്‍ വെള്ളം കൊടുക്കാറുണ്ട്. അല്ലാണ്ടെ അവര്‍ക്ക് ഗതികിട്ടാന്‍ വേണ്ടി ഇന്നേവരെ ഒന്നും ചെയ്യാന്‍ പറ്റീട്ടില്ല. ഒരു വള്ളി പിടിച്ചുവന്ന എല്ലാരും പോയി ഞാന്‍ ഒറ്റ്യായി. ചാവുംമുമ്പ് എനിക്കതൊന്ന് ചെയ്യണം''.
''ആവൂ. ഇതാണോ കാര്യം''മേനോന്‍ പറഞ്ഞു''വേണുവിന്‍റെ കാല് നല്ലവണം ഭേദാവട്ടെ. നമ്മളെല്ലാവര്‍ക്കും കൂടി പോയിട്ടുവരാം''.
''എങ്ങന്യാ പോണ്ടത്''നാണുനായര്‍ക്ക് അപ്പോഴേക്കും തിടുക്കമായി.
''പൊള്ളാച്ചീല്‍ കെടക്കുണു പൊതപ്പ്, കാലിട്ടുകീറണ്ടാ മകളേന്ന് പറഞ്ഞ മാതിര്യാണ് നിങ്ങടെ കൂട്ടംകൂടല്''.
''ഇവിടുന്ന് ഊട്ടറവരെ ബസ്സില് പോവും. അവിടുന്നങ്ങോട്ട് തീവണ്ടീല് യാത്ര. പോവുമ്പഴോ വരുമ്പഴോ പഴനീലും മധുരേലും ചെല്ലാം''.
''അതു നന്നായി. പാല്‍ക്കാവിടി എടുത്ത് മല കേറണംന്ന് എനിക്കൊരു ആശ തോന്നുണൂ''. നായര്‍ തന്‍റെ മോഹം വെളിപ്പെടുത്തി.
''സമയമാവട്ടെ. എല്ലാം ശരിയാക്കാം''മേനോന്‍ ഉറപ്പുനല്‍കി.
''മകരചൊവ്വയ്ക്ക് എന്താണ്ടാ ചാമ്യേ വിചാരിച്ചിരിക്കുണത്''നായരുടെ അടുത്ത ചോദ്യം ചാമിയോടായി.
''ചൊവ്വായൂട്ടുണ്ട്. അല്ലാണ്ടെ ഒന്നൂല്യാ''.
''മുമ്പൊക്കെ തൈപ്പൂയത്തിന്ന് ആണ്ടിയൂട്ടുണ്ടാവും''നാണു നായര്‍ പറഞ്ഞു ''നമ്മടെ മാധവേട്ടന്‍ ഉള്ളകാലത്ത് ഗംഭീരായി നടത്താറുണ്ട്. പണ്ടാരന്മാരെ വരുത്തി ശാപ്പാട് കൊടുക്കും. വറുത്തരങ്ങ്യേ കൊള്ളും ചക്കരപാനീംകൂടി ഒരു പ്രഥമന്‍ വെക്കാനുണ്ട്. പറഞ്ഞാല്‍ തീരില്ല അതിന്‍റെ രുചി. രണ്ട് മൂന്ന് കൊല്ലം ഞാനും മൂപ്പര് വിളിച്ചിട്ട് ചെന്നിട്ടുണ്ട്''.
''നിങ്ങള് എത്താത്ത എടം വല്ലതും ഉണ്ടോഹേ. തിപ്പിലി ഇല്ലാത്ത കഷായം ഇല്യാന്ന് കേട്ടിട്ടില്ലേ. അത് പോലാ നിങ്ങടെ കാര്യം''.
''അതേ, ഈ ഭൂമീല് എത്രകാലം നമ്മളുണ്ടാവുംന്ന് ആരക്കാ അറിയ്യാ. പറ്റുമ്പഴല്ലേ ഓരോന്ന് ചെയ്യാനാവൂ. പിന്നീടുള്ള കാലത്ത് അതൊക്കെ നിനച്ചിരിക്കുണത് സന്തോഷൂള്ള കാര്യോല്ലേ''.
''ചെയ്യുണകാര്യങ്ങള്‍ മനുഷ്യന് ഗുണം വരുണതാവണം എന്നുംകൂടിണ്ട്''. എഴുത്തശ്ശന്‍റെ വാക്കുകളോടെ നാണുനായര്‍ അടങ്ങി.
************************************
''അല്ല വേണ്വോ, നമ്മള് നാണ്വാരടെ മകള്‍ക്ക് സംബന്ധം നിശ്ചയിച്ചു. ആ കാര്യം വേണ്ടപ്പെട്ടോരടെ അടുത്തൊന്ന് പറയണ്ടേ''പാടത്തുനിന്ന് വന്ന എഴുത്തശ്ശന്‍ ചോദിച്ചു. കളപ്പുരയില്‍ മറ്റാരുമില്ലാത്ത സമയം നോക്കി അയാള്‍ അന്വേഷിച്ചതാണ്.
''അതെന്താ, അമ്മാമ നാണുമാമടടുത്ത് പറഞ്ഞില്യേ''.
''അയാളോട് പറഞ്ഞിട്ടുണ്ട്. എന്നാലും ഉത്തരവാദപ്പെട്ട ചിലരുംകൂടി ഉണ്ടല്ലോ''.
''അത് ശര്യാണ്. സരോജിനിടെ മൂത്തത് സുന്ദരനൂണ്ട്, ശാന്തേംണ്ട്''.
''ആ പെണ്ണിന്‍റെ കാര്യം വിട്. അവളടെ കെട്ട്യോനില്ലേ, ആ കുരുത്തം കെട്ടോന്‍. അവനറിഞ്ഞാല്‍ മൊടക്കാനേ നോക്കൂ''.
''അപ്പൊ സുന്ദരനെ അറിയിച്ചാ മതി''.
''അതന്നെ ഞാനും കണക്കാക്കുണത്''.
''എങ്ങിന്യാ ഇപ്പൊ സുന്ദരന് വിവരം കൊടുക്ക്വാ''.
''അതിന് വഴീണ്ട്. അര്‍ജ്ജന്‍റായിട്ട് ചിലകാര്യം സംസാരിക്കാനുണ്ട്. ഒരു ദിവസം ഒഴിവോടെ വരണംന്ന് നാലുവരി എഴുതി ഒരു കത്ത് വിടാന്‍ ഞാന്‍ നായരോട് പറയാം''.
''അതു മതി. അമ്മാമ അത് ചെയ്യിച്ചോളൂ''വേണു സമ്മതിച്ചു.
''പിന്നെ പണ്ടം പണിയുമ്പഴേ, താലിമാലേം മോതിരൂം എന്‍റെ വക. ബാക്കി എന്താ വേണ്ട്ച്ചാല്‍ നീ ചെയ്തോ''.
വേണുവിന്ന് തോന്നിയ സന്തോഷത്തിന്ന് അതിരില്ല.
Comments
Post a Comment