Tuesday, August 10, 2010

നോവല്‍ - അദ്ധ്യായം - 86.

വക്കീലും  മകനും കോടതിയിലേക്ക് പോയി കഴിഞ്ഞാല്‍ പത്മിനിക്ക് ഒഴിവാണ്. അടുക്കള പണികള്‍ ആ നേരത്തേക്ക് പണിക്കാരികള്‍ ചെയ്യാന്‍ തുടങ്ങിയിരിക്കും. ഇടക്ക് ഒരു മേല്‍നോട്ടം മതി. ഉച്ച ഭക്ഷണത്തിന്ന് ഏതെല്ലാം കറികള്‍ വേണമെന്ന്
പറഞ്ഞു കൊടുത്തു. നനയ്ക്കാനുള്ള തുണികള്‍ ഏല്‍പ്പിച്ചു. ഇനി ഉച്ച വരെ ഒഴിവാണ്. പേപ്പറോ പുസ്തകങ്ങളോ വായിച്ച് ഇരിക്കാം. നാളെ മുതല്‍ അത് പറ്റില്ല. കല്യാണത്തിന്ന് മുമ്പ് പെയിന്‍റിങ്ങ് കഴിക്കണം. പണിക്കാരെത്തും.

ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് നോക്കുമ്പോള്‍ രാധ. പത്മിനിക്ക് ദേഷ്യമാണ് തോന്നിയത്. കെട്ട്യോന്‍ വന്ന് തമ്മില്‍ തല്ലി പോയതിന്ന് പിന്നാലെ വന്നിരിക്കുന്നു. ഇനി എന്ത് ചെയ്യാനാണാവോ ഈ വരവ്.

രാധ പടവുകള്‍ കയറി മുന്നിലെത്തിയപ്പോള്‍ പത്മിനി നീരസത്തോടെ നോക്കി ' ങും ' എന്ന് മൂളി.

' പത്മിനി ചേച്ചീ ' രാധ പറഞ്ഞു ' ഞാന്‍ ചേച്ചിയെ കാണാന്‍ വന്നതാണ് '.

' അത് മനസ്സിലായി. എന്താ ഈ വരവിന്‍റെ ഉദ്ദേശം '.

' ഒന്നൂല്യാ. ചേച്ചിയെ കാണണം. മനസ്സിലുള്ളത് പറയണം '.

' ഒരുത്തന്‍ വന്ന് ചിലതൊക്കെ പറഞ്ഞിട്ട് ഇറങ്ങിപ്പോയി. അതിന്‍റെ ബാക്കി ഉണ്ടാവും നിനക്ക് പറയാന്‍ . ഒരു കാര്യം 
എനിക്കും പറയാനുണ്ട്. നിങ്ങളൊക്കെ ഇപ്പൊ വലിയ ആള്‍ക്കാരായിട്ടുണ്ടാവും. അതിന്‍റെ പത്രാസ്സ് എന്‍റടുത്ത് കാട്ടണ്ടാ . ഇതിലും വലിയ ആള്‍ക്കാരെ ഞാന്‍ കുറെ കണ്ടതാ '.

' കൃഷ്ണനുണ്ണിയേട്ടന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ചേച്ചി അതിന് എന്നോട് കോപിക്കരുത്. എനിക്ക് അതിലൊന്നും ഒരു പങ്കും ഇല്ല '.

' അത് ശരി. മറ്റെല്ലാ കാര്യങ്ങളിലും നിങ്ങളൊന്ന്. ഇവിടെ വന്ന് പറഞ്ഞതിന്‍റെ ഉത്തരവാദിത്വം അവന് മാത്രം. ഇത് നല്ല ന്യായം '.

' മൂപ്പര് അങ്ങിനെയാണ്. താന്‍ പറയുന്നത് മാത്രം ശരി. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കില്ല '.

' എന്‍റെ മകന്‍റെ കല്യാണത്തിന് നിങ്ങള് വന്നില്ലെങ്കില്‍  എനിക്ക് ഒരു ചുക്കും ഇല്ല. അവന് ഞാന്‍ പുല്ല് വില പോലും 
കണക്കാക്കിയിട്ടില്ല '.

' കൃഷ്ണനുണ്ണിയേട്ടന്‍ വന്നാലും വന്നില്ലെങ്കിലും കല്യാണത്തിന് ഞാന്‍ എത്തും '.

' പിന്നെ പിന്നെ. നടന്ന പോലെ തന്നെ. അവന്‍ നിന്നെ അയ്ച്ചിട്ട് വേണ്ടേ '.

രാധ പിണങ്ങി വീട്ടിലേക്ക് പോന്ന കഥ മുഴുവന്‍ വിവരിച്ചു. പത്മിനി അത് സാകൂതം ശ്രദ്ധിച്ചു.

' താലി മാല പൊട്ടിച്ച് നീ അവന്‍റെ മുഖത്ത് എറിഞ്ഞല്ലോ. നിന്നെ സമ്മതിച്ചിരിക്കുന്നു. ആ കഴുവേറിയോട് അങ്ങിനെ തന്നെ പെരുമാറണം ' രാധ ചെയ്തതിനെ പത്മിനി അഭിനന്ദിച്ചു.

' വന്ന കാലില്‍ നില്‍ക്കാതെ നീ ഇവിടെ ഇരിക്ക് 'എന്നും പറഞ്ഞ് ചായ ഉണ്ടാക്കാന്‍ ഏര്‍പ്പാട് ചെയ്യാന്‍ പത്മിനി എഴുന്നേറ്റു.

രാധ പരിസരം ശ്രദ്ധിച്ചു. ബംഗ്ലാവിന്ന് ധാരാളം മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പഴയ പത്തായപ്പുര പൊളിച്ച് മാറ്റി വാര്‍പ്പ് കെട്ടിടം 
പണിതിരിക്കുന്നു. മുറ്റത്ത് അരമതില്‍ കെട്ടി പൂന്തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഈ വക മാറ്റങ്ങളൊന്നും അറിഞ്ഞില്ല.
അതെങ്ങിനെ, മുമ്പൊക്കെ ഇടക്കിടക്ക് വന്നിരുന്നതാണ്. ക്രമേണ എന്തെങ്കിലും കാര്യമുള്ളപ്പോള്‍ കൃഷ്ണനുണ്ണിയേട്ടന്‍ മാത്രം 
വരും. ' കൂടെ പോരട്ടെ ' എന്ന് ചോദിച്ചാല്‍ ' ഞാന്‍ പോണുണ്ട്. അത്രയൊക്കെ മതി ' എന്നും പറഞ്ഞ് ഒറ്റയ്ക്ക് പോവും.

' അകത്തേക്ക് വാ ' എന്ന് പത്മിനി ക്ഷണിച്ചപ്പോള്‍ രാധ എഴുന്നേറ്റു. ചേച്ചി പണ്ടും ഇങ്ങിനെയാണ്. എളുപ്പം ദേഷ്യം 
വരും. അതുപോലെ തണുക്കുകയും ചെയ്യും.

' നീ എന്താ നിരീച്ചിരിക്കുന്നത്. പെണങ്ങി നില്‍ക്കാനോ, അതോ നാല് ദിവസം കഴിഞ്ഞ് മടങ്ങി ചെല്ലാനോ '.

' ചേച്ചി, ഒന്ന് മിരട്ടിയിട്ട് വന്ന് വിളിച്ചാല്‍ മടങ്ങി പോണംന്നെന്നേ ഞാന്‍ വിചാരിച്ചുള്ളു. വേറെ കല്യാണം കഴിക്കുന്ന
കാര്യം പറഞ്ഞതോടെ ആ മോഹം കളഞ്ഞു. എന്നെക്കാളും നല്ല സ്ത്രീകളെ ഇഷ്ടം പോലെ കിട്ടാനുണ്ടത്രേ. പെണ്ണ് കെട്ടി മക്കളും കുട്ടികളുമായി സുഖിച്ച് കഴിയട്ടെ. എനിക്കിനി ആ ബന്ധം വേണ്ടാ '.

' സംഗതി ഈ പറയുന്ന അത്ര എളുപ്പമല്ല. നിന്‍റെ മക്കള് വന്ന് അമ്മ അച്ഛന്‍റെ അടുത്തേക്ക് ചെല്ലണം എന്ന് പറഞ്ഞാല്‍ 
പോവാതിരിക്കാതെ കഴിയില്ലല്ലോ '.

' മക്കളെ ഞാന്‍ പെറ്റതാണ്. അവര് എന്നെ പെറ്റതല്ല. എന്താ ചെയ്യണ്ടേന്ന് എനിക്ക് അസ്സലായിട്ട് അറിയും. വല്ലാതെ നിര്‍ബന്ധിച്ചാല്‍ ഒരു മുഴം കയറ് ഞാന്‍ ചിലവാക്കും '.

' ബുദ്ധിമോശം കാട്ടണ്ടാടി പെണ്ണേ. നിനക്ക് ആരും ഇല്ലാന്ന് കരുതണ്ടാ. എന്തെങ്കിലും വേണങ്കില് എന്‍റടുത്ത് വന്നോ. ഞാന്‍ എന്നും നിന്‍റെ കൂടെ ഉണ്ടാവും '.

രാധ വിമ്മിപൊട്ടി. പത്മിനി അവരെ ചേര്‍ത്ത് പിടിച്ചു.

' ചേച്ചീ. ഞാന്‍ പൊയ്ക്കോട്ടെ ' രാധ ചോദിച്ചു.

' നല്ല കാര്യായി. എന്‍റടുത്ത് വന്നിട്ട് ഊണ് കഴിക്കാതെ പോവ്വേ. വിശ്വേട്ടന്‍ വന്ന് കണ്ടിട്ട് പോയാല്‍ മതി. ഡ്രൈവറോട് പറഞ്ഞ് സന്ധ്യാവുമ്പോഴേക്കും നിന്നെ വീട്ടില് കൊണ്ടു വിടാം '.

നാത്തൂനും നാത്തൂനും നാട്ടു പഞ്ചായത്ത് തുടങ്ങി.

*********************************************************

മുതലാളി ഒരു കാര്യം അറിഞ്ഞോ ' അങ്ങാടിയില്‍ പോയി വന്ന ചാമി വേണുവിനോട് പറഞ്ഞു.

' എന്താ ചാമി വിശേഷിച്ച് '.

' നമ്മടെ മൂത്താര് മാഷടെ കെട്ട്യോള് പിണങ്ങി പോയീന്ന് കേട്ടു '.

' എന്താടാ കാരണം ' എഴുത്തശ്ശനാണ് വിവരം അന്വേഷിച്ചത്.

' അയമ്മ അമ്പലത്തില്‍ വന്നതിന്ന് ഇറങ്ങി പോവാന്‍ പറഞ്ഞൂത്രേ, കെട്ടും ഭാണ്ഡവും എടുത്ത് എറങ്ങുമ്പൊ നീ പോയാല്‍ 
നല്ല ചന്തൂള്ള പെണ്ണിനെ കെട്ടുംന്ന് അയാള്‍ പറഞ്ഞൂന്നോ, അത് കേട്ട് കെട്ടിയ താലി അവര് പൊട്ടിച്ച് മൊഖത്ത് വലിച്ചെറിഞ്ഞ് പോയീന്നോ ഒക്കെ കേട്ടു '.

' അന്തസ്സായി ആ ചെയ്തത്. അവന്‍റെ ധിക്കാരത്തിന്ന് ഇനി ചെലതൊക്കെ കൂടി കിട്ടാനുണ്ട് '.

വേണുവിന്ന് വിഷമം തോന്നി. രാധ പാവമാണ്. കഴിഞ്ഞ ദിവസം അവള്‍ കുറെ സങ്കടം പറഞ്ഞിരുന്നു. കിട്ടുണ്ണിയെ ഒന്ന് ഉപദേശിക്കാഞ്ഞത് തെറ്റായി.

' അമ്മാമേ ഞാനൊന്ന് സംസാരിച്ച് നോക്ക്യാലോ '.

' മിണ്ടാണ്ടിരുന്നോ നീയ്. ഇതില് തല കൊടുക്കാന്‍ ചെന്നാല്‍ ചൂലും കെട്ടോണ്ട് ഞാന്‍ നിന്നെ പൊതിരെ തല്ലും '.

അത് കേട്ട് ചാമി പൊട്ടി ചിരിച്ചു.

നോവല്‍ - അദ്ധ്യായം - 85.

രാവിലെ കളപ്പുരയില്‍ നിന്ന് പോയ ചാമി ഉച്ചയായിട്ടും എത്തിയില്ല. പ്രാതല്‍ നാണു നായരാണ് കൊണ്ടു വന്നത്.

' ആ പെണ്‍കുട്ടി വലിയപ്പന്‍ പറഞ്ഞിട്ട് വന്നതാണെന്നും പറഞ്ഞ് ഇതൊക്കെ വാങ്ങാന്‍ വന്നിരുന്നു. കുട്ട്യേ , നീ പൊയ്ക്കോ.
ഞാന്‍ കൊടുത്തോളാം എന്ന് ഞാനും പറഞ്ഞു ' ഭക്ഷണവുമായി എത്തിയ നാണു നായര്‍ പറഞ്ഞു.

' എവിടേക്കാ അവന്‍ പോയത് ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഹാ, എനിക്കറിയില്ല '.

' ആ പെണ്‍കുട്ടിയോട് ചോയ്ക്കായിരുന്നില്ലേ '.

' ഞാന്‍ ഒന്നും ചോദിച്ചില്ല '.

' അല്ലെങ്കിലും വേണ്ട കാര്യത്തിന്ന് നിങ്ങള്‍ക്ക് പുത്തി ഉണ്ടാവില്ലല്ലോ '.

ആഹാരം കഴിക്കുന്ന കാര്യത്തില്‍ ഈയിടേയായി എഴുത്തശ്ശന്‍ കണിശക്കാരനാണ്. സമയത്തിന് കിട്ടണം.അല്ലെങ്കില്‍ ദേഷ്യം വരും.

' ഇവനിത് എവിടെ പോയി കിടക്ക്വാ. ചോറ് കൊണ്ടു വരണ്ടേ '.

' ഞാന്‍ പോയി കൊണ്ടു വരണോ ' നാണു നായര്‍ ചോദിച്ചു.

' വേണ്ടാ. ഇത്തിരീം കൂടി കഴിഞ്ഞിട്ട് നമുക്ക് എല്ലാര്‍ക്കും കൂടി അവിടെ ചെന്ന് കഴിച്ച് പോരാം '.

' അത് നന്നായി. നാളെ മുതല്‍ ഈ ബുദ്ധിമുട്ട് ഇല്ല. താമസം ഇങ്ങിട്ട് ആവില്ലേ '.

പിറ്റേന്ന് നാണു നായരും മകളും പുതിയ വീട്ടിലേക്ക് മാറുകയാണ്. അതിന്നുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. ചാമി വന്നിട്ട് വേണം സാധനങ്ങള്‍ കടത്താന്‍. നാണു നായര്‍ക്ക് ആ വേവലാതിയുണ്ട്. അവര്‍ പുറപ്പെടും മുമ്പ് ചാമി ചോറുമായെത്തി.

' നീ എവിടെ പോയി കിടക്ക്വായിരുന്നു '.

' പാലക്കാട്ടേക്ക് പൊയി '.

' എന്താ വിശേഷിച്ച് '.

' വേലപ്പന് ഇന്നലെ ഏക്കത്തിന്‍റെ ദെണ്ണം  കൂടി. വലിക്കണത് കണ്ടാല്‍ പേട്യാവും. മരുന്ന് വാങ്ങാന്‍ പോയതാ. ബസ്സ്റ്റാന്‍ഡിന്‍റെ വടക്ക് ഭാഗത്തെ കടേലേ ആ മരുന്ന് കിട്ടൂ '.

' അത് ഞങ്ങള്‍ക്ക് അറിയില്ലാല്ലോ. അത് കഴിച്ചാല്‍ ഭേദാവ്വോ '.

' എന്ത് ഭേദം. മഞ്ഞ് തുടങ്ങും മുമ്പ് സൂക്കട് എത്തി. ഇനി വേനല് ആവും വരെ തൊയിരക്കേടന്നെ '.

ചാമി മൂന്ന് വാഴയില മുറിച്ചു വന്നു. നാണു നായര്‍ക്കും വേണുവിന്നും മേനോനും ഇല വേണം. ചാമിക്കും എഴുത്തശ്ശനും 
കിണ്ണം മതി.

' ആ മൊട്ടച്ചി അമ്മ്യാര് ബസ്സ്റ്റാന്‍ഡില്‍ പിച്ച തെണ്ടി നടക്കുന്നത് കണ്ടു ' ഉണ്ണാനിരുന്നപ്പോള്‍ ചാമി പറഞ്ഞു ' എന്നെ
കണ്ടതും അടുത്ത് വന്നു. നാളെ ഇങ്ങോട്ട് വരുംന്ന് പറഞ്ഞു '.

' അവരും താമസിക്കാന്‍ വരുണതാണോ '.

' അതൊന്നും പറഞ്ഞില്ല. ചിലപ്പൊ അതിനന്നെ ആയിരിക്കും '.

' നാണു നായരെ, നിങ്ങളുടൊപ്പം ഒരാളും കൂടി ഇവിടെ പാര്‍ക്കാന്‍ വരുണുണ്ട് ' എഴുത്തശ്ശന്‍ പറഞ്ഞു ' ഒരു അമ്മ്യാര്. പാവം. അതിന്ന് നാഥനായിട്ട് ആരും ഇല്ല '.

' മേലാലിക്ക് പൊല്ലാപ്പാവ്വോ ' നാണു നായര്‍ ഉത്ക്കണ്ഠ പ്രകടിപ്പിച്ചു.

' എനിക്കും ആ സംശയം ഉണ്ടായിരുന്നു. അവരുടെ സങ്കടം കണ്ടപ്പൊ നമ്മടെ വേണൂന്‍റെ മനസ്സിടിഞ്ഞു. ഒരു അഗതിയല്ലേ, ഇവിടെ കഴിഞ്ഞോട്ടേന്ന് ഞാനും കരുതി '.

പിറ്റേന്ന് നാണു നായരും മകളും പുതിയ വീട്ടിലേക്ക് താമസം മാറി. സൂര്യന്‍ ഉദിക്കുന്നതിന്ന് മുമ്പ് രണ്ടാളും വീട്ടിലെത്തി
പാല് കാച്ചി. പതിവായി കൂടെയുള്ള വേണു, എഴുത്തശ്ശന്‍, മേനോന്‍, ചാമി എന്നിവരെ കൂടാതെ മക്കു രാവുത്തരും 
ഉണ്ടായിരുന്നു.

ഉച്ചയ്ക്ക് ഒന്നിച്ചിരുന്ന് ഊണ് കഴിഞ്ഞ് മുറ്റത്തിരിക്കുമ്പോള്‍ ' ആ അമ്മ്യാര് വരുംന്ന് പറഞ്ഞിട്ട് കണ്ടില്ലല്ലോടാ ചാമ്യേ ' എന്ന് എഴുത്തശ്ശന്‍ ചോദിച്ചു.

' ആ തള്ള എങ്കിടെങ്കിലും പിച്ചയ്ക്ക് പോയിട്ടുണ്ടാവും ' എന്ന് ചാമിയും പറഞ്ഞു.

' അതേയ്, തെണ്ടി തിരിഞ്ഞ് നടന്ന് തിന്ന് പഠിച്ചാല്‍ പിന്നെ ഒരിടത്ത് അടങ്ങിയിരിക്കില്ല ' എന്ന് നാണുനായരും പറഞ്ഞു.

വരാന്‍ പോവുന്ന തിരഞ്ഞെടുപ്പിനെ പറ്റി നാണു നായര്‍ക്ക് അറിയണം.

' അതേയ്, എലക്ഷന്‍ വന്നാല്‍ ആരാ ജയിക്ക്യാ ' അയാള്‍ ചോദിച്ചു.

' ആര് ജയിച്ചാലും നമുക്കെന്താ. നമ്മള് പണിയെടുത്താലല്ലേ നമ്മക്ക് കഞ്ഞി കിട്ടൂ ' എന്നായി എഴുത്തശ്ശന്‍.

' അപ്പൊ നിങ്ങള് വോട്ട് ചെയ്യാന്‍ പോണില്ലേ '

' അത് പോവും. അത് നമ്മടെ ചൊമതല അല്ലേ '.

' താമസം ഇങ്ങിട്ട് ആക്ക്യേത് നന്നായി. വോട്ട് ചെയ്യാന്‍ പോവുമ്പൊ ഒരു തുണ ആയീലോ '. 

' അതിനെന്താ വിരോധം. നിങ്ങള് കൂടെ വന്നോളിന്‍  '.

' ഒരു കാര്യം ചോദിച്ചാല്‍ അസ്കിത തോന്ന്വോ '.

' എന്താദ് '.

' നിങ്ങള് ആരക്കാ വോട്ട് കുത്ത്വാ '.

' നിങ്ങളടെ കാര്യം പറയിന്‍. എന്നിട്ട് ഞാന്‍ പറയാം '.

' എന്‍റെ വോട്ട് കോണ്‍ഗ്രസ്സിനാ. ഗാന്ധീം നെഹറൂം ഒക്കെ ഇത്തിരി കഷ്ടപ്പെട്ടതല്ലേ '.

' അതൊക്കെ ശരിയാ. പക്ഷെ ഞാന്‍ കമ്മ്യൂണിസ്റ്റ്കാരനാ. പാട്ട കൃഷി നടന്ന് കഷ്ടപ്പെട്ടത് നല്ല ഓര്‍മ്മയുണ്ട്. ഈ കണ്ട
സ്വത്തൊക്കെ കിട്ടാന്‍ അവരാണ് കാരണം '.

' വേണൂന്ന് വോട്ടില്ല. മേനോനോ ' വേണുവിന്‍റെ കാര്യം നാണു നായര്‍ക്ക് അറിയാം .

' എനിക്ക് വോട്ടുണ്ട്. ഞാന്‍ ചെയ്യാറും ഉണ്ട്. അതൊന്നും പാര്‍ട്ടി നോക്കീട്ടല്ല. അപ്പപ്പോഴത്തെ സാഹചര്യം പരിഗണിച്ചാണ്
തീരുമാനിക്കാറ് '.

' നീയോടാ ചാമ്യേ '.

' വോട്ട് കുത്തുന്ന ദിവസം പാകം പോലെ തുണക്ക് ആളെ കിട്ടിയാല്‍ പോവും. ഒറ്റയ്ക്കാണെങ്കില്‍ പോവില്ല. എനിക്ക് വയ്യാ തോനെ നേരം വരീല് നിക്കാന്‍ '.

ഇലച്ചീന്തുകളില്‍ അമ്പലത്തിലെ പായസവുമായി സരോജിനി കടന്നു വന്നു. ഉണ്ണുമ്പോള്‍ വിളമ്പിയാല്‍ എച്ചിലാവും എന്ന് കരുതി മാറ്റി വെച്ചതാണ്.

' മോളെ, നീ വോട്ട് ചെയ്യാന്‍ പോവാറുണ്ടോ ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഇല്ല '.

' അതെന്താ അങ്ങിനെ '.

' ഓ എന്‍റെ ഒരു വോട്ട് കിട്ടീട്ട് നാട്ടില് ഗോപുരം പണിയാനൊന്നും പോണില്ല '.

' എന്നാലും അതല്ല ' നാണു നായര്‍ പറഞ്ഞു ' വോട്ട് പാഴാക്കാന്‍ പാടില്ല '.

' ജീവിതം തന്നെ പാഴായി പോയി . പിന്നല്ലേ ഒരു വോട്ട് '.

സരോജിനി അകത്തേക്ക് നടന്നു. ചമ്മട്ടി കൊണ്ട് അടി കിട്ടിയ മാതിരിയായി എല്ലാവരും. '

' ഇത്തിരി നേരം കളപ്പുരേല് ചെന്ന് കിടക്കട്ടെ ' എന്നും പറഞ്ഞ് എഴുത്തശ്ശന്‍ എഴുന്നേറ്റു, കൂടെ വേണുവും മേനോനും 
ചാമിയും.

' ആ പെണ്‍കിടാവിന്‍റെ മനസ്സിലെ വിഷമം കൊണ്ടാ അത് അങ്ങിനെ പറഞ്ഞത് ' നടക്കുന്നതിന്നിടയില്‍ എഴുത്തശ്ശന്‍ പറഞ്ഞു.

കളപ്പുരയുടെ പടി തുറന്ന് കിടന്നിരുന്നു. അകത്ത് ചെന്നപ്പോള്‍ തിണ്ടില്‍ പാര്‍വതി അമ്മാള്‍ ഇരിക്കുന്നു.

' നിങ്ങള്‍ എപ്പഴാ എത്ത്യേത് ' എഴുത്തശ്ശന്‍ ചോദിച്ചു.

' ദാ, വന്നേ ഉള്ളു. ഗ്രാമത്തില് സദ്യ ഉണ്ടായിരുന്നു. ഒരാളുടെ ശതാഭിഷേകം. അത് കഴിഞ്ഞിട്ടാ എറങ്ങ്യേത് '.

' ഇങ്ങിട്ട് താമസം മാറ്റണംന്ന് പറഞ്ഞിട്ട് '.

' സ്വാമി മരിച്ചിട്ട് ഇത്രയല്ലേ ആയിട്ടുള്ളു. ആറ് മാസം കഴിയട്ടെ എങ്ങോട്ടെങ്കിലും പോവാന്‍ എന്ന് എല്ലാവരും പറയുന്നു.
ഇപ്പൊ നാല് മാസം കഴിഞ്ഞിട്ടല്ലേയുള്ളു '.

' എപ്പൊ വേണച്ചാലും വന്നോളിന്‍, ഇവിടെ ഒരു വിരോധൂം ഇല്ല '.

പാര്‍വതി അമ്മാള്‍ പഴയ പത്രത്തില്‍ പൊതിഞ്ഞ വടിപോലെ ഒരു സാധനം അരികില്‍ നിന്ന് എടുത്തു.

' ഇത് തമ്പുരാന് തരാന്‍  വേണ്ടി കൊണ്ടു വന്നതാ. സ്വാമി കയ്യില്‍ വെച്ച് നടന്ന സാധനമാണ് ' അവര്‍ അത് വേണുവിന്ന് നീട്ടി.

' എന്താ സാധനം ' എഴുത്തശ്ശന്‍ ചോദിച്ചു.

' കുത്തി നടക്കാനുള്ള വടി '.

എഴുത്തശ്ശന്‍ ഉറക്കെ ചിരിച്ചു. ' അതെന്തിനാ അവന് വടി. അവന്‍ അത്രയ്ക്ക് കെഴവനായോ അതും കുത്തി നടക്കാന്‍  '.

' വെറും വടിയല്ല ' പാര്‍വതി അമ്മാള്‍ വടിയുടെ തലപ്പില്‍ പിടിച്ച് വലിച്ചതോടെ അതിനകത്ത് നിന്നും ഒരു വാള്‍ വെളിയിലെത്തി. ' ഇത് വടിവാളാണ്. കുത്തി നടക്കും ചെയ്യാം, വേണമെങ്കില്‍ ഒരു ആയുധവുമായി '.

' അത് ഏതായാലും നന്നായി ' എഴുത്തശ്ശന്‍ പറഞ്ഞു ' വയസ്സ് കാലത്ത് നിനക്ക് കളരി പയറ്റ് പഠിക്കണംന്ന് തോന്ന്യാല്‍ 
ആയുധം ആയി '.

' എന്‍റെ മണിസ്വാമിടെ കയ്യില് ചെറുപ്പകാലം മുതല്‍ ഉണ്ടായിരുന്നതാണ്. യോഗ്യനായ ആള്‍ക്കേ കൊടുക്കൂ എന്നും പറഞ്ഞ് എടുത്ത് വെച്ചതാ ' അവര്‍ പറഞ്ഞു ' ഞാന്‍ സ്നേഹത്തോടെ തരുന്നതാണ്. രണ്ട് കയ്യും നീട്ടി വാങ്ങിച്ചോളൂ '.

വേണു എഴുന്നേറ്റ് കിഴക്കോട്ട് തിരിഞ്ഞു നിന്ന് അത് വാങ്ങി.

Wednesday, August 4, 2010

നോവല്‍ - അദ്ധ്യായം 84.

രാധ പടി കടന്ന് പോവുന്നതും നോക്കി കിട്ടുണ്ണി ഇരുന്നു. ' പോട്ടെ, പറഞ്ഞത് കേള്‍ക്കാതെ തന്നിഷ്ടം കാണിക്കുന്ന പെണ്ണിനെ
സഹിക്കേണ്ട ഒരു ആവശ്യവും തനിക്കില്ല ' അയാള്‍ മനസ്സില്‍ കരുതി.

ക്ലോക്കില്‍ മണി ആറടിച്ചു. നേരിയ വിശപ്പ് തോന്നുന്നുണ്ട്. സാധാരണ വൈകീട്ട് ചായയും എന്തെങ്കിലും പലഹാരവും കാണും.
തിരിച്ച് പോരുമ്പോള്‍ പതിവായി കേറുന്ന ഹോട്ടലിന്ന് മുമ്പില്‍ നിര്‍ത്തണോ എന്ന് ഡ്രൈവര്‍ ചോദിച്ചതാണ്. കൂടെ ഉണ്ടായിരുന്നവര്‍ നിര്‍ബന്ധിച്ചിട്ടും രാധ താന്‍ പറഞ്ഞത് അനുസരിക്കാതെ അമ്പലത്തിലേക്ക് ചെന്നോ എന്ന് അറിയാനുള്ള ആകാംക്ഷയില്‍ ഇപ്പൊ വേണ്ടാ എന്ന് പറഞ്ഞ് ഒഴിവാക്കി.

എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു. പാത്രങ്ങള്‍ കഴുകി വെച്ച മട്ടില്‍ ഇരിപ്പുണ്ട്. ഇന്ന് വെപ്പും തീനും ഒന്നും ഉണ്ടായിട്ടില്ല
എന്നുണ്ടോ. കൂടെ വന്നവരെ വീട്ടിലെത്തിച്ച് വണ്ടി വര്‍ക് ഷോപ്പില്‍ എത്തിക്കാന്‍ പറഞ്ഞതിനാല്‍ ഡ്രൈവറും ഇന്നിനി വരില്ല. അത്താഴ പട്ടിണി കിടക്കാന്‍ വയ്യ.

കിട്ടുണ്ണിയുടെ മനസ്സില്‍ രാധയോടുള്ള കോപം തിളച്ച് മറിഞ്ഞു. ഈയിടെയായി അവള്‍ക്ക്തന്‍പോരിമ കൂടിയിട്ടുണ്ട്. ഒപ്പത്തിനൊപ്പം പറഞ്ഞിട്ട് ഇറങ്ങിപ്പോയിരിക്കുന്നു. മേല്‍ക്കൊണ്ട് ആര് നോക്കുമെന്ന് വിചാരിച്ചിട്ടാ പോയത്. അല്ലെങ്കിലും ഓന്ത് ഓടിയാല്‍ എവിടം  വരെ ചെല്ലും. കൊട്ടത്തറിടെ ചോട് വരെ. അതിനപ്പുറം ചെല്ലില്ലല്ലോ. തറവാടിലേക്ക് ചെന്ന് കാണും.
പത്ത് ദിവസം തികച്ച് അവിടെ നില്‍ക്കാന്‍ പറ്റില്ല. കൃഷിയുള്ളത് കൊണ്ട് ചോറിന്നുള്ള വകയുണ്ട്. അത് മതിയോ. ഒരാള്‍ക്ക് കഴിഞ്ഞ് കൂടാന്‍ എന്തെല്ലാം വേണം. ചായക്കടയും കുറി പിരിവും കൃഷിപ്പണിയും ഒക്കെ ആയി കൂടുന്ന ആങ്ങളാര്‍ക്ക്
അവരവരുടെ കാര്യം നോക്കാനേ ബുദ്ധിമുട്ടാണ്. പിന്നെയല്ലേ ഭര്‍ത്താവിനോട് പിണങ്ങി വീട്ടില്‍ വന്ന പെങ്ങളുടെ കാര്യം. തിരിച്ച് വരട്ടെ. കാണിച്ച തോന്ന്യാസത്തിനൊക്കെ ചോദിക്കുന്നുണ്ട്. എന്നിട്ട് വന്ന വഴിക്ക് മടക്കി അയക്കണം.

ഉമ്മറത്ത് വിളക്ക് കത്തിച്ച് വെച്ചു. അങ്ങാടി വരെ പോണം. ചായക്കടയില്‍ നിന്ന് വല്ലതും വാങ്ങണം. ഒന്നും കിട്ടിയില്ലെങ്കില്‍
നേന്ത്രപ്പഴമായാലും മതി.

വാതില്‍ പൂട്ടി ടോര്‍ച്ചുമായി ഇറങ്ങി. പാതയിലേക്ക് കയറുമ്പോള്‍ മുമ്പില്‍ ചാമി.

' എന്താ മൂത്താര് മാഷേ , സുഖാണോ '.

നാവിന്‍റെ തുമ്പില്‍ വന്ന വാക്കുകള്‍ കിട്ടുണ്ണി പറഞ്ഞില്ല.

' ഇങ്ങിനെ പോണൂ ' എന്ന് പറഞ്ഞ് നിര്‍ത്തി.

' എന്തെങ്കിലും കുണ്ടാമണ്ടി ഉണ്ടാക്കണംന്ന് ഇപ്പഴും തോന്നുണുണ്ടോ '.

ഇരുട്ടായതിനാല്‍ അവന്‍റെ മുഖത്തെ പുച്ഛം കാണാതെ കഴിഞ്ഞു.

' എനിക്ക് കുറച്ച് ധൃതിയുണ്ട് ' എന്നും പറഞ്ഞ് നടന്നു.

*******************************************

പടിഞ്ഞാറെ മുറിയില്‍ തട്ടിലേക്കും നോക്കി രാധ കിടന്നു. കണ്ണില്‍ കുത്തിയാല്‍ കണ്ണടയാത്ത മട്ടില്‍ ഉറക്കം പരിഭവിച്ച് മാറി
നില്‍ക്കുകയാണ്. അത്രയൊന്നും സ്വത്തും സമ്പാദ്യവും ഇല്ലാത്ത കാലത്ത് കൃഷ്ണനുണ്ണിയേട്ടന്‍റെ ജീവിതത്തില്‍ പടര്‍ന്ന്
കയറിയതാണ്. ഇന്ന് വരെ അകന്ന് കഴിഞ്ഞിട്ടില്ല. ഒടുവില്‍ അതും വേണ്ടി വന്നു. രാധ വിതുമ്പി.

തളത്തില്‍ നിന്നും വലിയേട്ടന്‍ ഉറക്കെ ചുമക്കുന്നത് കേട്ടു. സന്ധ്യ മയങ്ങുന്ന നേരത്താണ് വീട്ടില്‍ എത്തിയത്. പടി കടന്ന്
ചെല്ലുമ്പോള്‍ കന്നുകള്‍ക്ക് കൊടുക്കാന്‍ വലിയേട്ടന്‍ വൈക്കോല്‍ കുണ്ടയില്‍ നിന്ന് വാരുകയായിരുന്നു. കണ്ടതും ' എന്താണ്ടി അമ്മാ ഈ നേരത്ത്. കൃഷ്ണനുണ്ണി മാഷ് എവിടെ ' എന്നും പറഞ്ഞ് അടുത്ത് വന്നു. അതോടെ പിടിച്ച് നിര്‍ത്തിയ സങ്കടം
ഉതിര്‍ന്ന് വീണു. വലിയേട്ടന്‍ പരിഭ്രമിച്ചിരിക്കും . അതാണ് ' ചന്ദ്രികേ വേഗം ഇങ്ങോട്ട് വാ ' എന്ന് വലിയ ഏടത്തിയമ്മയെ വിളിച്ചത്. അവരോടൊപ്പം  മറ്റ് രണ്ട് ഏടത്തിയമ്മമാരും എത്തി. ആര് ചോദിച്ചതിനും മറുപടി പറയാന്‍ കഴിഞ്ഞില്ല. തേങ്ങല്‍ വാക്കുകളെ വിഴുങ്ങി. ഏറെ വൈകിയാണ് വിവരങ്ങള്‍ പറഞ്ഞത്.

' ഇത്രയേ ഉള്ളു. സാരൂല്യാ. നീ സമാധാനമായിട്ട് ഇരിക്ക്. ഇവിടെ ഞങ്ങളൊക്കെയില്ലേ നിനക്ക് ' എന്ന വലിയേട്ടന്‍റെ വാക്കുകള്‍ ആശ്വാസം പകര്‍ന്ന് നല്‍കി. ഇരുട്ടായ ശേഷമാണ്ഏട്ടനും ചെറിയേട്ടനും കൂടി വീട്ടിലെത്തിയത്. ഉമ്മറത്ത് മൂന്ന്
പേരും കൂടി സംസാരിക്കുന്നത് കേട്ടു.

' ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല. നാളെ രാവിലെ ഞാന്‍ ചെന്ന് അയാളോട് ചോദിക്കുന്നുണ്ട്. വലിയ ആളാണെന്ന ഭാവം എന്നോട് കാട്ട്യാല്‍ എന്താ ചെയ്യേണ്ടത് എന്ന് എനിക്കറിയാം ' ചെറിയേട്ടന്‍റെ വാക്കുകളില്‍ തീ പാറി. ചെറിയ ഏട്ടന്ന് പന്ത്രണ്ട് വയസ്സായപ്പോള്‍ ജനിച്ച അനുജത്തിയെ എല്ലാരും ഓമനിച്ചിരുന്നു. കാലം തെറ്റി പൊട്ടി മുളച്ചതാണെന്ന് തന്നെ പറ്റി പറഞ്ഞതിന്ന് അയല്‍വക്കത്തെ തല തെറിച്ച ചെക്കനെ ചെറിയേട്ടന്‍ തല്ലി ചതച്ച് വിട്ടതാണ്.

' അതൊന്നും പാടില്ല. നാളെ അന്യോന്യം കാണുമ്പോള്‍ മുഖം തിരിച്ച് നടക്കാനുള്ള പണി ചെയ്യരുത് ' വലിയേട്ടന്‍ എതിര് പറഞ്ഞു.

' നമ്മള് മൂന്നാളുക്കും കൂടി അവള് ഒരു പെങ്ങളല്ലേ ഉള്ളു. അവളെ പൊന്നു പോലെ നമ്മള്നോക്കും ' ഏട്ടന്‍റെ വാക്കുകള്‍ നല്‍കിയ സന്തോഷം കുറച്ചൊന്നുമല്ല. കുട്ടിക്കാലം മുതല്‍ക്കേ എല്ലാവരെക്കാളും സ്നേഹം ഏട്ടന്ന് ഉണ്ടായിരുന്നു.

' എന്നെ കല്യാണം കഴിച്ച് കൊണ്ടു വരുമ്പോള്‍ മോള് ആറിലോ ഏഴിലോ പഠിക്കുകയാണ്. ഞാനാണ് മുടി കെട്ടി തരാറ്. അന്നുള്ള സ്നേഹം ഇന്നും ഉണ്ട്ട്ടോ ' വലിയ ഏടത്തിയമ്മ ആശസിപ്പിച്ചതങ്ങിനെയാണ്.

' ഒട്ടും വിഷമിക്കണ്ടാ. ഞങ്ങള്‍ മൂന്ന് ഏടത്തിയമ്മമാരും കുട്ടിടെ കൂടെ എന്തിനും ഒപ്പം ഉണ്ടാവും 'എന്ന് മറ്റുള്ളവരും 
പറഞ്ഞു.

ഉണ് കഴിക്കുമ്പോഴും ഏടത്തിയമ്മമാര്‍ സന്ത്വനിപ്പിച്ചു. എന്നാലും ഇനിയുള്ള കാലം അവരെ ആശ്രയിച്ച് കഴിയണമല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു നീറ്റല്‍. മക്കള്‍ അറിഞ്ഞാല്‍ എന്താണാവോ ഉണ്ടാവുക. തിരിച്ച് വീട്ടിലേക്ക് ചെല്ലാന്‍ പറയും.
വേറൊരു പെണ്ണിനെ കിട്ടും എന്ന് പറഞ്ഞ ആളെ ഇനി വേണോ. ആ ചോദ്യത്തിന്ന് ഉത്തരം കിട്ടാതെ രാധ വലഞ്ഞു.

നോവല്‍ - അദ്ധ്യായം 83.

' എന്താണ്ടാ , നിനക്ക് ഞങ്ങളെ വേണ്ടാണ്ടായോ ' വേലപ്പന്‍റെ വാക്കുകളില്‍ പരിഭവം കലര്‍ന്നിരുന്നു ' മുമ്പ് കള്ള് കുടിച്ച്
ഉള്ള പിത്തനയൊക്കെ ഉണ്ടാക്കി മനുഷ്യന്ന് തൊയിരം തന്നില്ല. ഇപ്പൊ അതൊക്കെ നിര്‍ത്തി മര്യാദയ്ക്ക് നടക്കാന്‍ തൊടങ്ങ്യേപ്പൊ ഞങ്ങളെ മറക്കും ചെയ്തു '.

രണ്ടുപേരും തമ്മില്‍ കണ്ടിട്ട് കുറെ ദിവസങ്ങളായി. വേലപ്പന്‍ കന്നുകാലികളെ വാങ്ങലും വില്‍ക്കലുമായി പകല്‍ മുഴുവന്‍ 
അലച്ചിലായിരിക്കും. വല്ലപ്പോഴുമാണ് പകല്‍ നേരത്ത് വീട്ടില്‍ കാണുക. അപ്പോഴൊന്നും ചാമി അങ്ങോട്ട് വരാറുമില്ല.
രാവിലെ ചാമി വാഴത്തോട്ടത്തില്‍ എത്തുമെന്ന് അറിയാവുന്നതിനാല്‍ വേലപ്പന്‍ ആ സമയം നോക്കി അവിടെ ചെന്നതാണ്.

' നീയെന്താ ഇങ്ങിനെ പറയിണ്. നീയും എന്‍റെ ലക്ഷ്മിക്കുട്ടീം അല്ലാതെ ഭൂമീല്‍ ആരാ എനിക്കുള്ളത് '.

' എന്നിട്ടാണോ വീട്ടില് കാലെടുത്ത് കുത്താത്തത്. വലിയപ്പന്‍ ചായയ്ക്കും കൂടി വരുണില്ലാന്ന് കല്യാണി പറഞ്ഞല്ലോ '.

' മൊതലാളീക്ക് എണീറ്റതും കാപ്പി വേണം. അതിന്‍റെ കൂടെ കൂടി ഞാനും കുപ്പ്വോച്ചനും ഓരോന്ന് കുടിക്കും. അതാ ചായയ്ക്ക്
വരാത്ത് '.

' എന്നാലും നീ ഇങ്ങിനെ മാറുംന്ന് കരുതീല്ലാ '.

' ഞാന്‍ മാറീട്ടൊന്നും ഇല്ലെടാ . ദിവസൂം രാത്രി കെടക്കുമ്പൊ എന്‍റെ ലക്ഷ്മിക്കുട്ടിടെ നെനവാ മനസ്സില്. നല്ല ഒരുത്തന്‍റെ
കയ്യില്‍ അവളെ പിടിച്ച് ഏല്‍പ്പിക്കണം. പിന്നെ ചത്താലും വേണ്ടില്ലാ '.

ആ പറഞ്ഞത് വേലപ്പന്‍റെ മനസ്സില്‍ കൊണ്ടു. തന്നെക്കാള്‍ മകളെ സ്നേഹിക്കുന്നത് അവനാണ്. കള്ളുകുടിച്ച് അടിപിടിയും ആയി
നടന്ന സമയത്തും അവള് പറഞ്ഞത് മീതി നടന്നിട്ടില്ല '.

' എന്തിനാ നീ വാഴ വെക്കാന്‍ പോയേ. നല്ലോണം നോട്ടം വേണ്ട ഏര്‍പ്പാടല്ലേ ഇത്. മുട്ട് കൊടുക്കാന്‍ മുള എത്ര വേണംന്നാ വിചാരം '.

' മന്ദത്തെ അമ്മ സഹായിച്ച് വാഴ നന്നായി ഉണ്ടായാല് വരുന്ന ഓണക്കാലത്ത് കൈ നിറച്ച് കാശ് വരും. അത് മുഴുവന്‍ 
എന്‍റെ ലക്ഷ്മിക്കുട്ടിക്ക് പണ്ടം വാങ്ങാനാണ്. മുള മൊതലാളിടെ സ്ഥലത്തും കുപ്പ്വോച്ചന്‍റെ വണ്ടിപ്പുരേലും ഇഷ്ടം പോലെ
ഉണ്ട്. അത് വെട്ടീട്ട് വരാനുള്ള കൂലി വേണം. അത്രേ ചിലവ് ഉള്ളു '.

' അതെന്താ അവര്‍ക്ക് മുളടെ വില കൊടുക്കണ്ടേ '.

' നല്ല കാര്യം. കുപ്പ്വോച്ചന്‍  മുള വെട്ടി എടുത്തോടാ ചാമ്യേ എന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ മുതലാളി എന്നോട് കണക്ക് പറയും എന്ന് കരുതുണുണ്ടോ. മൂപ്പര് കുറെ പണം കായ്യില്‍ തരും. അതോണ്ട് ഞാന്‍ ഞങ്ങളുടെ ചിലവൊക്കെ ചെയ്യും. പണം തീരുമ്പൊ പറഞ്ഞാല്‍ മതി, പിന്നീം കാശ് തരും. അല്ലാണ്ടെ ഇന്നേവരെ ഒരു കണക്കും വഴക്കും ഒന്നൂം ചോദിച്ചിട്ടില്ല '.

' അപ്പൊ നീയ് വല്ല കാശും മക്ക്യാലോ. ആരാ അറിയാ '.

' നിന്‍റെ പുത്തി കടന്നതാണ്. വിശ്വസിച്ച് ഏല്‍പ്പിച്ചാല്‍ അതിന്ന് ആരെങ്കിലും കയ്യിട്ട് വാര്വോടാ '.

' അതൊക്കെ പണ്ട്. ഇന്ന് കാലത്ത് എങ്ങിനെ അന്യന്‍റെ മുതല് അമുക്കണംന്നാ ആളുകളുടെ നോട്ടം '.

' ആര് വേണച്ചാലും അങ്ങിനെ ചെയ്തോട്ടെ. ഞാന്‍ ചെയ്യില്ല '.

' നീ തന്നെ ഇമ്മാതിരി ഒരു സത്യവാസി ഉണ്ടാവൂ '.

' ആ രാമന്‍ നായര്ക്ക് കൂലി കൊടുക്കുന്നതില്‍ നിന്ന് പറ്റിക്കണ പരിപാടി ഉണ്ടായിരുന്നു. മുതലാളി വന്നിട്ടും ഇപ്പോഴും
അയാളന്ന്യാ കൂലി കൊടുക്കാറ് '.

' അപ്പൊ നിന്‍റെ മുതലാളിക്ക് അതൊക്കെ നോക്കിക്കൂടേ '.

' എപ്പൊ നോക്ക്യാലും മുതലാളി പുസ്തകം വായിച്ച് ഇരിക്കണതാ കാണാറ്. കൃഷീന്ന് എന്ത് കിട്ടുംന്നോ എന്ത് ചിലവ് വരുംന്നോ ഒന്നും നോക്കാറില്ല '.

' കെട്ട്യോളും കുട്ട്യേളും ഒന്നും ഇല്ലല്ലോ. എന്തിനാ സമ്പാദിച്ച് കൂട്ടുണത് എന്ന് വിചാരിച്ചിട്ടാവും '.

' അതൊന്നും എനിക്കറിയില്ല. നല്ല സ്നേഹം ഉള്ള ആളാണ്. ഒരാളെ പറ്റി കുറ്റം പറയിണത് ഞാന്‍  കേട്ടിട്ടില്ല '.

' അതാ നിനക്ക് മൂപ്പരെ ഇത്ര ഇഷ്ടം '.

പണി നിര്‍ത്തി ചാമി ബീഡിക്ക് തീക്കൊളുത്തി. വേലപ്പന്‍ വാഴകളുടെ ചുവട്ടിലൂടെ നടന്ന് അവയുടെ വളര്‍ച്ച പരിശോദിച്ചു. ചാമി പറഞ്ഞത് ശരിയാണ്. ഓണത്തിന്ന് കായ വെട്ടാറായാല്‍ പറഞ്ഞ കാശാണ്. അപ്പോഴാണ് മനസ്സില്‍ ഒരു തോന്നലുണ്ടായത്. ഇത്ര സ്നേഹമുള്ള മുതലാളി ആവശ്യം വരുമ്പോള്‍ സഹായിക്കുമോ.

' നോക്ക് ' വേലപ്പന്‍ ചാമിയെ വിളിച്ചു ' വേണ്ടി വന്നാല്‍ കുട്ടിടെ കല്യാണത്തിന്ന് നിന്‍റെ മുതലാളി വല്ലതും തന്ന്
സഹയിക്ക്വോ '.

' ഉറപ്പായും ചെയ്യും ' ചാമി പറഞ്ഞു ' പക്ഷെ ഞാന്‍ ചോദിക്കില്ല '.

' അതെന്താ '.

' അങ്ങിനെ ചെയ്താല് എനിക്ക് മുതലാളിയോടുള്ള സ്നേഹത്തിന്ന് അര്‍ത്ഥം ഇല്ലാണ്ടാവും. എന്തെങ്കിലും കിട്ടണം എന്ന് വെച്ചിട്ടല്ല
ഞാന്‍ മൂപ്പരെ സ്നേഹിക്കണത്. പരിചയപ്പെട്ട അന്ന് മുതല്‍ക്ക് എന്നെപ്പോലുള്ള തികഞ്ഞ തെമ്മാടിയെ സ്വന്തം ആളെ പോലെ കണക്കാക്കി വരുണുണ്ട്. അത് കാണാണ്ടിരിക്കാന്‍ പറ്റില്ല '.

' അങ്ങിന്യാച്ചാല്‍ നീ മുതലാളിക്ക് വേണ്ടി എന്തും ചെയ്യോ '.

' വേണച്ചാല്‍ മരിക്കാനും മടി കാട്ടില്ല. മുതലാളി എന്‍റെ ദൈവാണ് '.

ചാമി മൂളി. വെറുതെയല്ല ചാമിയുടെ സ്വഭാവത്തില്‍ ഈ മാറ്റം വന്നത് എന്ന് വേലപ്പന്‍ ഓര്‍ത്തു. തോട്ടത്തില്‍ നിന്ന് അവര്‍ 
പുറത്തിറങ്ങി. ചാമി ഇല്ലിപ്പടി കെട്ടി വെച്ചു. വേലപ്പന്‍ വീട്ടിലേക്ക് പോവാനൊരുങ്ങി.

' നില്ലെടാ. ഞാനും വരുണുണ്ട്. എന്‍റെ ലക്ഷ്മിക്കുട്ടിടെ കയ്യിന്ന് ഒരു ചായ വാങ്ങി കുടിക്കണം '.

വേലപ്പന്‍റെ പുറകെ ചാമി നടന്നു.

**********************************************

വേലായുധന്‍കുട്ടിയെ ഡോക്ടറെ കാണിച്ച് വന്നതിന്ന് ശേഷം  രാജന്‍ മേനോന് വല്ലാത്തൊരു വെപ്രാളം.എത്രയും പെട്ടെന്ന്
കുപ്പന്‍കുട്ടി എഴുത്തശ്ശനെ രോഗവിവരം അറിയിക്കണം. എന്നാലോ എങ്ങിനെ കാര്യം പറയണമെന്ന് നിശ്ചയം പോരാ.
എഴുത്തശ്ശന്‍റെ പ്രതികരണം ഏത് വിധത്തിലാവുമെന്ന് അറിയില്ലല്ലോ.

പിറ്റേ ദിവസം അമ്പലത്തില്‍ വെച്ച് കണ്ടപ്പോള്‍ പറയാന്‍ ഊക്കിയതാണ്. പിന്നേയും വേണ്ടെന്ന് വെച്ചു. ഉച്ചയ്ക്ക് കളപ്പുരയില്‍ ആഹാരം കഴിഞ്ഞ് ഇരിക്കുമ്പോള്‍ വിഷയം അവതരിപ്പിക്കുക തന്നെ ചെയ്തു.എല്ലാവരേയും
അത്ഭുതപെടുത്തിക്കൊണ്ട് എഴുത്തശ്ശന്‍ നിര്‍വികാരനായി ഇരിക്കുകയാണ് ഉണ്ടായത്.

' എന്താ അമ്മാമേ ഒന്നും പറയാത്തത് '.

' എന്താ ഞാന്‍ പറയണ്ടത്. ഒക്കെ ഒരു യോഗാണ് എന്ന് കൂട്ട്യാല്‍ മതി '.

അതൊന്നും അല്ല ' നാണു നായര്‍ പറഞ്ഞു ' അവന്‍ നിങ്ങളെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. ആ മനോപ്രാക്ക് വെറുതെ ആവില്ല. അതിന്‍റെ ശിക്ഷയാണ് '.

' മിണ്ടാണ്ടിരിക്കിന്‍ ' എഴുത്തശ്ശന്‍ ചൊടിച്ചു ' കോഴി ചവിട്ടീട്ട് അതിന്‍റെ കുട്ട്യേള് ചത്തൂന്ന് കേട്ടിട്ടുണ്ടോ. അത് പോലെ
തന്നെയാണ് ഇതും. മക്കള് കേട് വന്ന് കാണണംന്ന് ഒരു തന്തയും തള്ളയും വിചാരിക്കില്ല. പിണങ്ങി വേറെ പോയാലും മക്കള് നന്നായി കഴിയണേ എന്നേ കരുതു. മരം മറഞ്ഞ് നിന്നിട്ടെങ്കിലും ഒരു നോക്ക് കാണാലോ '.

' എന്നാല്‍ പിന്നെ നിങ്ങള്‍ക്ക് അവനെ ചെന്ന് കണ്ടൂടെ '.

' ഞാന്‍ പറഞ്ഞല്ലോ. എനിക്ക് അവനെ പറ്റി നല്ലതും ചീത്തയും ഒന്നും എന്‍റെ മനസ്സിലില്ല. നമ്മടെ അല്ലാന്ന് മനസ്സിലായപ്പോള്‍ വിട്ട് ഒഴിഞ്ഞു. ഇനി കൂടി ചേരാനൊന്നും പോണില്ല '.

' അമ്മാമേ, പേരക്കുട്ടിക്ക് അമ്മായെ കാണണംന്ന് ഉണ്ട്. കുറെയായി എന്നോട് പറയുന്നു. ചെയ്ത തെറ്റില്‍ അവന്ന് ദുഃഖം 
ഉണ്ട് ' മേനോന്‍ പറഞ്ഞു.

അതിന്നും മൌനമായിരുന്നു മറുപടി.

' വൃശ്ചികം ഒന്നാം തിയ്യതി മലയ്ക്ക് മാലയിടാന്‍ അവന്‍ അമ്പലത്തില്‍ വരും. അപ്പോള്‍ ഞാന്‍ കൂട്ടിക്കൊണ്ട് വരട്ടെ '.

' എന്തിനാ വെറുതെ കതിരില്‍ വളം ഇടുന്നത്. അവനെ ഒന്ന് എടുക്കാനും ഓമനിക്കാനും കൊതിച്ചിട്ടുണ്ട്. അന്ന് തൊടാന്‍ 
സമ്മതിച്ചിട്ടില്ല. മുതിര്‍ന്നപ്പോള്‍ ശത്രുവിനെ മാതിരിയാണ് അവന്‍ എന്നെ കണ്ടത്. ഇനി എത്ര നാളത്തെ ജീവിതം ബാക്കി
ഉണ്ട് എന്നറിയില്ല. ചാവാന്‍ കാലത്ത് സ്നേഹിച്ച് ഒരു പാശം ഉണ്ടാക്കി പിരിഞ്ഞ് പോവാന്‍ വിഷമം ഉണ്ടാക്കണോ. ഇപ്പഴത്തെ മാതിരി കഴിഞ്ഞാല്‍ പോരെ '.

അത് പറ്റില്ലെന്നും കുറച്ചൊക്കെ വിട്ടുവീഴ്ച ചെയ്യണമെന്നും എല്ലാവരും നിര്‍ബന്ധിച്ചതോടെ എഴുത്തശ്ശന്‍ ചെറുതായൊന്ന് അയഞ്ഞു.

' വേണച്ചാല്‍ കൂട്ടിക്കൊണ്ട് പോന്നോളിന്‍. ഒരാള് കാണണംന്ന് പറയുമ്പോള്‍ പറ്റില്ലാന്ന് പറയാന്‍ പാടില്ല. പക്ഷെ ഒരു കാര്യം 
പറയാം. ഞാന്‍ ഇനി ആ വീട്ടിലേക്ക് തിരിച്ച് പോവില്ല. മരിച്ചാല്‍ നിങ്ങളൊക്കെ കൂടി കയത്തം പള്ളേല്‍ കുഴിച്ചിട്ടോളിന്‍. അതുവരെ ഒരു തുള്ളി വെള്ളോ ഒരു വറ്റ് ചോറോ അവരുടെ കഴിക്കാന്‍ ഇട വരുത്തരുത് '.

അത്രയെങ്കിലും ആയല്ലോ എന്ന സന്തോഷം മറ്റുള്ളവര്‍ക്ക് തോന്നി.

നോവല്‍ - അദ്ധ്യായം 82.

കിട്ടുണ്ണിയുടെ വാക്കുകള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാതെ പിറ്റേന്ന് രാധ അയ്യപ്പന്‍ കാവിലേക്ക് ചെല്ലുക തന്നെ ചെയ്തു.
പുലര്‍ച്ചെ കിട്ടുണ്ണി എറണാകുളത്തേക്ക് പുറപ്പെടുമ്പോഴും പോകരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നതാണ്. ' എനിക്ക്
തോന്നുമ്പോലെ ചെയ്യും ' എന്ന് അപ്പോഴേ രാധ മറുപടി പറഞ്ഞിരുന്നു.

ശനിയാഴ്ചയായതിനാല്‍ അമ്പലത്തില്‍ കുറച്ച് ആളുകള്‍ ഉണ്ട്. പുതിയ ശാന്തിക്കാരന്‍ വന്നതിന്ന് ശേഷം നാട്ടില്‍ അമ്പലത്തെ
കുറിച്ച് നല്ലൊരു അഭിപ്രായം ഉണ്ടായിട്ടുണ്ട്. ഉണ്ടാക്കുന്ന നിവേദ്യങ്ങള്‍ക്ക് നല്ല സ്വാദ്. പുഷ്പാഞ്ജലിയും ദീപാരാധനയും
മന്ത്രോച്ചാരണവും എല്ലാം നന്നായി ചെയ്യുന്നു. അതു കൊണ്ട് തന്നെ വഴിപാടുകളും വരുമാനവും കൂടിയിട്ടുണ്ട്. കമ്മിറ്റിക്കാരില്‍ ആരെങ്കിലും ക്ഷേത്രത്തിന്ന് മുമ്പില്‍  വഴിപാട് രശീതിയാക്കാന്‍ ഇരിക്കും.

രാധ ചെന്ന് നീരാഞ്ജനത്തിന്നും പുഷ്പാഞ്ജലിക്കും  രശീതാക്കി, അമ്പലത്തിനകത്ത് കയറി. നടയ്ക്കല്‍ രശീതികള്‍ വെച്ച്
കണ്ണടച്ച് പ്രാര്‍ത്ഥിച്ചു. എല്ലാം ഉണ്ടെങ്കിലും ഒന്നുമില്ലാത്ത അവസ്ഥയാണ് തന്‍റേത്. താന്‍ പറയുന്നത് മാത്രം ശരി എന്ന് കരുതുന്ന
ഭര്‍ത്താവ്. കുറ്റപ്പെടുത്തല്‍ അല്ലാതെ സ്നേഹത്തോടെ ഒരു വാക്ക് പറയാറില്ല. മൂന്ന് പ്രസവിച്ചെങ്കിലും സങ്കടങ്ങള്‍ പറയാന്‍
ഒരു മകനെ തന്നില്ല. മൂന്നും പെണ്‍കുട്ടികള്‍. രണ്ടു പേര്‍ വിവാഹിതരായി ഭര്‍ത്താക്കന്മാരോടൊപ്പം. മൂന്നാമത്തെയാള്‍ കണ്ണെത്താത്ത നാട്ടില്‍ കഴിയുന്നു. അവളെ കൂടി ഒരുത്തനെ ഏല്‍പ്പിച്ച ശേഷം  ജീവിതം അവസാനിപ്പിക്കാനും മടിയില്ല. അതുവരെ പിടിച്ചു നില്‍ക്കാന്‍ പറ്റുമോ എന്നാണ് ഇപ്പോഴുള്ള സംശയം. ദിവസം ചെല്ലും തോറും കൃഷ്ണനുണ്ണിയേട്ടന്‍റെ പെരുമാറ്റം തീരെ സഹിക്കാന്‍ പറ്റാത്ത വിധത്തിലായിരിക്കുന്നു. ഇളയ മകള്‍ ഡോക്ടറായതോടെ തുടങ്ങിയ അഹങ്കാരമാണ്.
അവള്‍ അമേരിക്കയിലേക്ക് ചെന്നതോടെ നിലത്തൊന്നുമല്ല നടപ്പ്. എല്ലാം സ്വന്തം കഴിവ് കൊണ്ടാണെന്ന് പറഞ്ഞോട്ടെ. പക്ഷെ തൊട്ടതിനും പിടിച്ചതിനും കുറ്റം കാണാന്‍ നിന്നാലോ. തിരുവായ്ക്ക് എതിര്‍ വായ് ഇല്ല എന്ന നിലപാട് സഹിച്ചു മടുത്തു.
രാധയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.

' ഇതാ പ്രസാദം ' എന്ന ശാന്തിക്കാരന്‍റെ വാക്കുകള്‍ കേട്ടതും രാധ പരിസരബോധം വീണ്ടെടുത്തു. ദക്ഷിണ തൃപ്പടിയില്‍ വെച്ച് പ്രസാദം വാങ്ങി.

തൊഴുത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ രാധ ചുറ്റിന്നും നോക്കി. വേണ്വോട്ടന്‍ അമ്പലത്തില്‍ വന്നിട്ടുണ്ടാവുമോ. കണ്ടാല്‍ കുറെ സങ്കടങ്ങള്‍ പറയാമായിരുന്നു. ഏട്ടന് ഒന്നും ചെയ്യാനാവില്ല. ആരും പറഞ്ഞാല്‍ കേള്‍ക്കാത്ത വകയാണ് കൃഷ്ണനുണ്ണിയേട്ടന്‍. എങ്കിലും ആരോടെങ്കിലും സങ്കടങ്ങള്‍ പറഞ്ഞാല്‍ മനസ്സിലെ ഭാരം അല്‍പ്പം കുറയും.

അമ്പല പരിസരത്തൊന്നും വേണുവേട്ടനെ കാണാനില്ല. തെല്ല് നിരാശയോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. കടവിന്നടുത്ത് എത്തിയപ്പോള്‍ പുറകില്‍ നിന്നും ' രാധേ ' എന്നൊരു വിളി കേട്ടു. തിരിഞ്ഞ് നോക്കുമ്പോള്‍ വേണ്വോട്ടന്‍ നെല്ലിച്ചുവട്ടില്‍ 
എത്തിയിരിക്കുന്നു.

' ഇന്നെന്താ പതിവില്ലാതെ അമ്പലത്തിലേക്ക് പോന്നത് ' വേണു ചോദിച്ചു.

' വരണംന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. ഇന്നേ പറ്റീത് '.

' അത് നന്നായി. ആട്ടെ കിട്ടുണ്ണി എവിടെ '.

' എറണാകുളത്തേക്ക് പോണൂന്ന് പറഞ്ഞ് പുലര്‍ച്ചെ പോയതാണ്. സന്ധ്യക്കേ എത്തൂ '.

' ഞാന്‍ വന്ന ശേഷം ഇതുവരെ കിട്ടുണ്ണി അമ്പലത്തിലേക്ക് വന്ന് കണ്ടിട്ടേയില്ല '.

എങ്ങിനെ തുടങ്ങണം എന്നറിയാതെ വിഷമിക്കുമ്പോള്‍ അതൊരു പിടി വള്ളിയായി.

' മനുഷ്യനായാല്‍  ഇത്തിരി എളിമ വേണം. ഞാന്‍ ഈശ്വരനേക്കാളും മീതെയാണ് എന്ന് കരുതുന്നോര്‍ക്ക് അമ്പലത്തില്‍ വരേണ്ട കാര്യമുണ്ടോ '.

' ഏയ്. അതൊന്നും ആവില്ല. അവന്ന് നൂറു കൂട്ടം തിരക്ക് ഉണ്ടാവും. അതാ വരാത്തത് '.

' ഏട്ടന് അറിയാഞ്ഞിട്ടാണ്. അഹങ്കാരം കൊണ്ട് തട്ടി ഉരുട്ടി ഉണ്ടാക്കിയ ആളാണ് കൃഷ്ണനുണ്ണിയേട്ടന്‍ '.

' മനുഷ്യര്‍ ഓരോരുത്തരും ഒരോ വിധം സ്വഭാവക്കാരല്ലേ. കുട്ടിക്കാലം മുതലേ ആരേയും കൂട്ടാക്കാത്തൊരു പ്രകൃതമാണ് അവന്‍റേത്' '.

' എന്നാലും ഞാന്‍ പിടിച്ച മുയലിന്ന് മൂന്ന് കൊമ്പ് എന്ന രീതി പാടുണ്ടോ. എനിക്ക് മടുത്തു കഴിഞ്ഞു '.

' രാധയെന്താ ഇങ്ങിനെയൊക്കെ പറയുന്നത്. നിങ്ങള് ഭാര്യയും ഭര്‍ത്താവും യോജിച്ച് കഴിയണ്ടവരല്ലേ '.

' ഏട്ടാ, ഞാന്‍ ഭൂമി കീറി അറ്റം വരെ താണിട്ടുണ്ട്. എത്രത്തോളം ഞാന്‍ താണാലും അത്രക്കത്രക്ക് ചവിട്ടി തേക്കലാണ്. ഇങ്ങിനെ പോയാല്‍ ഒന്നുകില്‍ ഞാന്‍ ജീവിതം അവസാനിപ്പിക്കും. അല്ലെങ്കിലോ അയാളെ കൊന്ന് ജയിലില്‍ പോവും '.

കിട്ടുണ്ണിയുടെ പെരുമാറ്റത്തിലെ ദോഷങ്ങളും താന്‍ അനുഭവിക്കുന്ന വിഷമങ്ങളും രാധ വിസ്തരിച്ച് പറഞ്ഞു.

' പത്മിനി ഏടത്തിയുടെ ഭാഗം കയ്യും കാലും പിടിച്ച് കൈക്കലാക്കി. ഏട്ടന്‍ സമ്പാദിച്ചതില്‍ നല്ലൊരു പങ്ക് പല പല ആവശ്യങ്ങള്‍ പറഞ്ഞു വാങ്ങി സ്വന്തം പേരില്‍ സമ്പാദ്യമാക്കി. എല്ലാം നേടി കഴിഞ്ഞപ്പോള്‍ എന്നെ കഴിഞ്ഞ് ഒരാളില്ല എന്നായി.
ഒരു സ്കൂള്‍ മാഷ് കൂട്ട്യാല്‍ എന്തൊക്കെ നടത്താന്‍ പറ്റും എന്ന് ആര്‍ക്കാണ് അറിയാത്തത്. മൂന്ന് മക്കളെ വളര്‍ത്തി വലുതാക്കി.
രണ്ട് പെണ്‍കുട്ടികളെ കല്യാണം കഴിച്ച് അയച്ചു. പിന്നെ ഒരുത്തിയെ പഠിപ്പിച്ച് ഡോക്ടറാക്കി. ഇതൊക്കെ കഴിഞ്ഞിട്ട് നാട് മുഴുവന്‍ സ്ഥലം വാങ്ങി കൂട്ടണമെങ്കില്‍ ഒന്നുകില്‍ കള്ള നോട്ട് അടിക്കാന്‍ പോണം. അല്ലെങ്കില്‍ കക്കണം. ഇത് രണ്ടും 
അല്ലെങ്കിലോ മറ്റുള്ളവരെ തോല്‍പ്പിക്കണം. മൂപ്പര് നിങ്ങളെയൊക്കെ പറ്റിച്ചു മിടുക്കനായി '.

' അത് കണക്കാക്കണ്ടാ. ഒന്നുമില്ലെങ്കിലും സ്വന്തം ആള്‍ക്കാരുടെ മുതലല്ലേ അവന്‍ എടുത്തിട്ടുള്ളു. എന്നെ തോല്‍പ്പിച്ചു എന്ന് അന്യരെകൊണ്ട് പറയിപ്പിച്ചില്ലല്ലോ '.

' അതും ഉണ്ട്. സ്കൂളില്‍ ജോലി വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് എത്ര ആളോടാ പണം വാങ്ങീട്ടുള്ളത്. ജോലി കിട്ടാതെ ചിലര്‍ വീട്ടില്‍ വന്ന് വണ്ടും തൊണ്ടും വിളിച്ചു പറയുന്നത് കേട്ട് എന്‍റെ തൊലി ഉരിഞ്ഞു പോയിട്ടുണ്ട് '.

വേണുവിന്ന് അസ്വസ്ഥത തോന്നി. അനുജനായി കണക്കാക്കി സ്നേഹിച്ചവനാണ്. അവന്‍റെ ചെയ്തികള്‍ കേട്ടിട്ട് കുറച്ചില്‍ 
തോന്നുന്നു. എന്തേ കിട്ടുണ്ണി ഇങ്ങിനെയായത്. തെറ്റായ വഴിയിലൂടെ സമ്പാദിച്ച് കൂട്ടിയിട്ട് എന്താ കാര്യം. മരിച്ചു പോവുമ്പോള്‍ എന്തെങ്കിലും കൂടെ കൊണ്ടു പോവാന്‍ സാധിക്കുമോ.

'ഞാന്‍ ചെല്ലാത്ത അമ്പലത്തില്‍  തൊഴാന്‍ പോവാന്‍ പാടില്ലാന്ന് പറഞ്ഞിട്ടാ പോയത്. അത് കേള്‍ക്കാതെ പോയീന്ന് അറിഞ്ഞാല്‍
അതോടെ ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിക്കും എന്നും പറഞ്ഞു '.

' വെറുതെ മെരട്ടി നോക്ക്യേതാവും . ഈ നിസ്സാര കാര്യത്തിന്ന് വേര്‍പിരിയാനൊന്നും പോവുന്നില്ല '.

' ഇനി ഇറങ്ങി പോവാന്‍ പറഞ്ഞാല്‍ ഞാന്‍ എന്‍റെ വീട്ടിലേക്ക് പോവും. നിന്‍റെ ഓഹരി വാങ്ങീട്ട് വാ എന്ന് പറഞ്ഞത് കേട്ട് എന്‍റെ വീതം വാങ്ങാഞ്ഞത് നന്നായി. ധൈര്യമായി കയറി ചെല്ലാലോ '.

' അതൊക്കെ വേണോ രാധേ. വീട്ടുകാരെ ഈ നാണക്കേട് അറിയിക്കണോ '.

' അവരും അറിയേണ്ടവരല്ലേ. മൂന്ന് ഏട്ടന്മാര്‍ക്ക് അനുജത്തിയായി ജനിച്ചതാ ഞാന്‍. പഠിപ്പും പത്രാസും ഇല്ലെങ്കിലും 
അവര്‍ക്ക് സ്നേഹിക്കാന്‍ അറിയും. അവര്‍ എന്നെ വേദനിപ്പിക്കില്ല. പിന്നെ ഒരു സമാധാനം എന്താച്ചാല്‍ കൃഷ്ണനുണ്ണിയേട്ടന്‍
പറയുന്ന മാതിരി നാലാം കാല് പെണ്ണ് വന്ന് കയറി ഇരിക്കുന്ന ഇടം മുടിപ്പിച്ചു എന്ന് ആരും പറയില്ല. ഞാന്‍ വന്ന ശേഷം 
അഭിവൃദ്ധി തന്നെ ഉണ്ടായിട്ടുള്ളു '.

' മനസ്സ് വിഷമിച്ച് കഴിയണ്ടാ. ഞാന്‍ കിട്ടുണ്ണിയോട് സംസാരിക്കാം '.

' വേണ്ടാ ഏട്ടാ. ചിലപ്പോള്‍ ഏട്ടനോട് അപമര്യാദയായി വല്ലതും പറഞ്ഞാലോ '.

' അത് സാരമില്ല. നിങ്ങളുടെ അകല്‍ച്ച ഇല്ലാതാക്കാന്‍ കഴിഞ്ഞാല്‍ മതി '.

' യോഗം ഉണ്ടെങ്കില്‍ വീണ്ടും കാണാ ' മെന്ന് പറഞ്ഞ് രാധ നടന്നു. എന്ത് വേണമെന്ന് അറിയാതെ വേണു അവിടെ തന്നെ നിന്നു.

*********************************************************************

വീട്ടിലെത്തിയ രാധ ആഹാരമൊന്നും ഉണ്ടാക്കാതെ തന്‍റെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും  ബാഗുകളില്‍ ഒതുക്കി വെക്കുകയാണ്
ചെയ്തത്. ഇന്ന് രണ്ടാലൊന്ന് തീരുമാനമാക്കണമെന്ന് മനസ്സില്‍ ഉറപ്പിച്ചു. ഇറങ്ങി പോവാന്‍ പറഞ്ഞാല്‍ പോകും. കാല് പിടിക്കാനൊന്നും നില്‍ക്കില്ല.

നാല് മണിക്ക് മുമ്പേ കിട്ടുണ്ണി എത്തി.

വന്നു കയറിയതും അയാള്‍ ' അയ്യപ്പന്‍ കാവില്‍ പോയോ ' എന്ന് ചോദിക്കുകയാണ് ചെയ്തത്.

' പോയി ' രാധ മടി കൂടാതെ പറഞ്ഞു.

' തന്നോട് പോവരുതെന്ന് പറഞ്ഞതല്ലേ '.

' ഞാന്‍ പോവും എന്ന് അപ്പോഴേ മറുപടി പറഞ്ഞല്ലോ '.

' ഓഹോ, അപ്പോള്‍ എന്നെ ധിക്കരിക്കാറായി. ഇനി ഒരു നിമിഷം ഇവിടെ കഴിയാന്‍ പറ്റില്ല. കടന്ന് പൊയ്ക്കോ 
എവിടേക്കെങ്കിലും '.

രാധ മറുപടി പറഞ്ഞില്ല. നേരെ അകത്തേക്ക് ചെന്നു ബാഗുകള്‍ എടുത്ത് ഉമ്മറത്തെത്തി.

' ഞാന്‍ എന്‍റെ വക സാധനങ്ങള്‍ മാത്രേ എടുത്തിട്ടുള്ളു. ബാക്കി അകത്തുണ്ട്. വേണച്ചാല്‍ നോക്കാം '.

' അപ്പൊ പോവാന്‍ തന്നെ നിശ്ചയിച്ചു '.

' ഇറങ്ങി പോവാന്‍ പറഞ്ഞത് കേട്ട് കിഴിഞ്ഞ് കാല് പിടിച്ച് നില്‍ക്കാന്‍ ഞാനില്ല '.

' എന്നാലേ കേട്ടോളൂ. പിണക്കം തീര്‍ത്ത് കൂട്ടിക്കൊണ്ട് വരാന്‍ ഞാന്‍ എത്തുമെന്ന് കരുതണ്ടാ. എനിക്ക് പ്രായം ആയീന്ന് വിചാരിച്ച് വേറെ പെണ്ണൊന്നും കിട്ടില്ലാന്നും നിരീക്കണ്ടാ. ഇപ്പൊഴും തന്നേക്കാള്‍ നല്ല നൂറെണ്ണത്തിനെ  എനിക്ക് കിട്ടും '.

ആ പറഞ്ഞത് രാധയുടെ മനസ്സില്‍ കൊണ്ടു. തന്‍റെ സ്ത്രീത്വത്തെ അപമാനിച്ചത് അവര്‍ക്ക് സഹിക്കാനായില്ല.

' പരമ ദുഷ്ടാ 'അവര്‍ ചീറി ' മുപ്പത്തിരണ്ട് കൊല്ലം കൂടെ കഴിഞ്ഞ ഞാന്‍ പടിയിറങ്ങും മുമ്പ് വേറൊരുത്തിയെ കൊണ്ടു വരാന്‍ ഒരുങ്ങ്വാണല്ലേ. അവള്‍ക്ക് താലി അന്വേഷിച്ച് നടന്ന് നിങ്ങള് കഷ്ടപ്പെടണ്ടാ. ഇത് കൊണ്ടു പോയി കെട്ടിക്കോളിന്‍ '.

കഴുത്തിലെ താലിമാല പൊട്ടിച്ച് കിട്ടുണ്ണി മുഖത്തേക്ക് വലിച്ചെറിഞ്ഞ് രാധ പടവുകള്‍ ഇറങ്ങി.