Tuesday, January 26, 2010

അദ്ധ്യായം.44.

വെയിലും മഴയുമായി കര്‍ക്കിടകം ഇഴഞ്ഞു നീങ്ങി. കര്‍ക്കിടകത്തില്‍ പത്ത് വെയില് എന്ന് പറഞ്ഞിട്ട് മഴ വിട്ട ദിവസം 
ഉണ്ടായിട്ടില്ലെന്ന് എഴുത്തശ്ശന്‍ പരാതി പറഞ്ഞു. 'ഇനി പതിനെട്ടാം പെരുക്കത്തിന്ന് നിങ്ങള് നോക്കിക്കോളിന്‍, അന്ന് പതിനെട്ട് വെയിലും പതിനെട്ട് മഴയും ഉണ്ടാവും'.

വേണു മഴക്കാലം ശരിക്കും ആസ്വദിക്കുകയായിരുന്നു. രാവിലെ എഴുന്നേറ്റാല്‍ ഉമ്മറത്ത് വന്നിരിക്കും. തോന്നുമ്പോള്‍ അമ്പലക്കുളത്തില്‍ ചെന്ന് കുളിക്കും. എങ്ങോട്ടും പോവാനില്ല, ഒന്നും ചെയ്യാനും. ഉള്ള നേരം പത്രം വായനയും ഉറക്കവും.

എഴുത്തശ്ശന്‍ വണ്ടിപ്പുരയില്‍ വല്ലപ്പോഴുമേ ചെല്ലാറുള്ളു. കന്നുകള്‍ക്ക് വൈക്കോല്‍ ഇട്ടു കൊടുത്താല്‍ അടുത്ത നിമിഷം 
കളപ്പുരയിലെത്തും.

ചാമിയാണ് ആകെ മാറിയത്. കാലത്ത് വീട്ടിലൊന്ന് ചെല്ലും. തിരിച്ചു വരുന്ന വരവില്‍ രാവിലത്തെ ഭക്ഷണം നാണു നായരുടെ വീട്ടില്‍ ചെന്ന് വാങ്ങും. ഉച്ച ഭക്ഷണത്തിന്നാണ് അടുത്ത യാത്ര. വൈകുന്നേരം പോയാല്‍ ആയി. അല്ലെങ്കിലോ കളപ്പുരയില്‍ തന്നെ കൂടും.

'എനിക്ക് വിശ്വസിക്കാന്‍ പറ്റുണില്യാ, നീ ചാമി തന്ന്യാണോ' എന്ന് എഴുത്തശ്ശന്‍  ചാമിയുടെ മുഖത്ത് നോക്കി ചോദിച്ചു. 'നീ ആള് അത്രയ്ക്ക് മാറിയിട്ടുണ്ട് ട്ടോ'. മദ്യപാനം നിര്‍ത്തി. ആരോടും വഴക്കിനും വയ്യാവേലിക്കും പോവാറില്ല. പാടത്തും 
തോട്ടത്തിലും പണി ചെയ്യും, അതുകഴിഞ്ഞാല്‍ കളപ്പുരയില്‍ എത്തി വേണുവിനോടും എഴുത്തശ്ശനോടും സംസാരിച്ചിരിക്കും. വേലപ്പന്നും കല്യാണിക്കും തോന്നിയ സന്തോഷത്തിന്ന് അതിരില്ല.

'മുതലാളി എന്ത് ചെയ്തിട്ടാണാവോ ഇവനെ ഒതുക്കി എടുത്തത്' എന്ന് വേലപ്പന്‍ ഇടക്ക് ഓര്‍ക്കും. ഒരു കച്ചറക്കും പോകാതെ അടങ്ങി ഒതുങ്ങി ഇത്ര കാലം അവന്‍ കഴിഞ്ഞിട്ടില്ല.

മഴ വക വെക്കാതെ പെണ്ണുങ്ങള്‍ കളവലിക്ക് എത്തി. പണിയെടുക്കുന്നത് നോക്കി നില്‍ക്കാന്‍ ചിലപ്പോള്‍ ചാമി വേണുവിനെ ക്ഷണിക്കാറുണ്ടെങ്കിലും അതൊക്കെ ചാമി ശ്രദ്ധിച്ചാല്‍ മതി എന്നും പറഞ്ഞ് വേണു ഒഴിഞ്ഞ് മാറും. കാര്യസ്ഥന്‍ രാമന്‍ നായര്‍ 
കാലത്ത് ഒന്ന് മുഖം കാണിച്ച് തിരിച്ചു പോകും.

'അതേ, ഇങ്ങിനെ അനങ്ങാതെ ഒരു ബൊമ്മ പോലെ കുത്തിയിരുന്നാല്‍ തടി പൂതല് പിടിക്കും. അതോണ്ട് വരമ്പത്ത് കൂടി പത്ത് ചാല് നടക്കണം, പാടത്ത് ചെന്ന് നോക്കണം. ദേഹത്തിന് ഒരു ആയാസം കിട്ടട്ടെ' എന്ന് ഒരു ദിവസം എഴുത്തശ്ശന്‍ വേണുവിനോട് പറഞ്ഞു' ഞാന്‍ പാടത്തേക്ക്പോകുമ്പോള്‍ വിളിക്കും. കൂടെ പോരണം'.

കൈക്കോട്ടുമായി എഴുത്തശ്ശന്‍ എത്തി. കാവി മുണ്ടിന്ന് യോജിച്ച മട്ടില്‍ ഒരു കാവിത്തോര്‍ത്തെടുത്ത് വേണു തോളത്തിട്ടു. വെള്ളം 
വാരാന്‍ തലേന്ന് നിവര്‍ത്തിവെച്ച കുട മടക്കി കയ്യിലും കരുതി. കയത്തം കുണ്ടിന്ന് മുകളിലുള്ള സകല വരമ്പുകളിലൂടേയും 
അവര്‍ രണ്ടുപേരും നടന്നു. ചിനച്ച് കൂടിയ പഞ്ച മണ്ണിനെ പച്ചച്ചേല ചുറ്റിച്ച് സുന്ദരിക്കുട്ടിയാക്കിയിട്ടുണ്ട്.

'കണ്ടില്ലേ, നെല്ല് മുഴുവന്‍ കണ ഉരുണ്ട് കോല്‍ കൊണ്ടു കഴിഞ്ഞു. ഇനി പിട്ടിളാവും. അത് പൊളിഞ്ഞ് കതിര് ചാടാന്‍ 
തുടങ്ങും. പിന്നെ ദിവസം എണ്ണിയാല്‍ മതി. 'മുറി മുപ്പത്, നിര ഇരുപത്, പഴം പത്ത് എന്നൊക്കെയാ പഴമക്കാര് പറയാറ്'. വേണു എല്ലാം മൂളി കേട്ടു.

'കൊയ്ത്ത് കഴിഞ്ഞാല്‍ എന്താ ഉദ്ദേശം' എഴുത്തശ്ശന്‍ ചോദിച്ചു.

'എന്താ, എനിക്കൊന്നും അറിയില്ല'.

'അപ്പൊ നെല്ല് വില്‍ക്കണ്ടെ . നെരക്കെ കൊയ്ത്തായാല് നെല്ലിന് വില കിട്ടില്ല. ഒന്നുകില്‍ എല്ലാവരും കൊയ്ത്ത് തുടങ്ങും മുമ്പ് നമ്മള് കൊയ്ത് അപ്പഴക്കപ്പഴേ വിക്കണം. അങ്ങിന്യാണെച്ചാല്‍ ഉണക്കണ്ട പാടില്ല. നെല്ല് പിടുത്തക്കാര്‍ക്കും സന്തോഷാവും. അവര്‍ക്ക് തൂക്കം കിട്ട്വോലോ'.

കൈക്കോട്ട് കൊണ്ട് വരമ്പിലെ കള്ളംപോട് എഴുത്തശ്ശന്‍ വെട്ടിയടച്ചു.

'അപ്പൊ എന്താ പറഞ്ഞത്. നെല്ല് കൊടുക്കുന്ന കാര്യം. നമുക്ക് ഇക്കുറി നേരത്തെ കൊയ്യാന്‍ പറ്റുംന്ന് തോന്നുണില്ല. കൊയ്ത്ത് കഴിഞ്ഞ് രണ്ട് മാസം കഴിയട്ടെ. വിലയ്ക്ക് ഒരു നെലവരം വരും. എന്നിട്ട് വില്‍ക്കാം'.

വേണു ഒന്നും പറഞ്ഞില്ല.

'എന്താ നെല്ല് വിറ്റ് കാശാക്കണ്ടേ'.

'അതൊക്കെ ഓപ്പോള് എന്താ വേണ്ടത്ച്ചാല്‍ ചെയ്തോട്ടെ, ഞാന്‍ ഒന്നിനും പോണില്ല'.

ഈ വിദ്വാന്‍ എന്താ ഇങ്ങിനെ എന്ന് എഴുത്തശ്ശന് തോന്നി. സ്വന്തം മുതലിനെ കുറിച്ച് ഒരു ചൂടും പാടും ഇല്ലാത്തയാള്‍.

'ഇനി ഞാന്‍ പോയി കുറച്ച് വായിച്ചോട്ടെ' എന്നും പറഞ്ഞ് വേണു കളപ്പുരയിലേക്ക് ചെന്നു.

മദിരാശിയില്‍ നിന്ന് വന്ന പാര്‍സല്‍  കെട്ടഴിക്കാതെ കിടപ്പുണ്ട്. ഇനി അവിടെ കുറെ പുസ്തകങ്ങള്‍ കൂടി വരാനുണ്ട്. ഒരു പ്രാവശ്യം കൂടി മദിരാശിയില്‍ ചെന്ന് അതൊക്കെ അയപ്പിക്കണം. ചാമി വന്നിട്ട് പാര്‍സല്‍ അഴിച്ച് അടുക്കി വെക്കണമെന്നും ഉറച്ചു. 

വേണു പത്രങ്ങളും കണ്ണടയും എടുത്തു. തോളിലിട്ട തോര്‍ത്തു മുണ്ട് തിണ്ടില്‍ വിരിച്ച് പത്രങ്ങളിലൂടെ കണ്ണോടിച്ചു കിടന്നു. വായനക്കിടയില്‍ എപ്പോഴോ മയങ്ങി.

'ആരൂല്യേ ഇവിടെ' എന്നൊരു ചോദ്യം കേട്ടപ്പോള്‍ ഉണര്‍ന്നു.

മുറ്റത്ത് ഒരു സ്ത്രി നില്‍ക്കുന്നു. പച്ച നിറത്തിലുള്ള ചേലയും ജാക്കറ്റും. വെളുത്ത മുടിയിഴകള്‍ കെട്ടി വെച്ചിട്ടുണ്ട്. നെറ്റിയില്‍ 
മുടി ചീകിയത്തിന്‍റെ നടുവിലായി കുങ്കുമം തൊട്ടിട്ടുണ്ട്. കയ്യിലെ ചാക്ക് സഞ്ചിയില്‍ എന്തോ ഉണ്ട്. കുലീനമായ രൂപവും 
ഭാവവും.

'എന്താ' വേണു എഴുന്നേറ്റിരുന്നു.

'ഇവിടുത്തെ മുതലാളിയെ കാണാനാണ്' ആ സ്ത്രി പറഞ്ഞു 'വല്ലതും സഹായം ചോദിക്കണം'.

കിട്ടുണ്ണി മാസ്റ്ററെ കണ്ട് എന്തെങ്കിലും ചോദിക്കാമെന്ന് കരുതി അയാളുടെ വീട്ടില്‍ ചെന്നപ്പോള്‍ ഇക്കരെ കളപ്പുരയില്‍ ഒരു തമ്പുരാന്‍ 
താമസം തുടങ്ങിയിട്ടുണ്ടെന്നും, ആള്‍ ധര്‍മ്മിഷ്ടനാണെന്നും, അവിടെ ചെന്ന് ചോദിച്ചാല്‍ സഹായം കിട്ടുമെന്നും അയാള്‍ പറഞ്ഞത് കേട്ട് ഇങ്ങോട്ട് വന്നതാണെന്ന് അവര്‍ പറഞ്ഞു. വേണുവിന്ന് എന്തോ വല്ലാത്ത ഒരു അസഹ്യത തോന്നി. ഇവനെന്തിനാണ് തന്നെ പറ്റി ഇങ്ങിനെയൊക്കെ പറയുന്നത്.

'ഈ തിണ്ടില് തമ്പുരാന്‍ വരുന്നത് വരെ ഇത്തിരി ഇരുന്നോട്ടെ 'ആ സ്ത്രീ ചോദിച്ചു' കയ്യും കാലും കുഴഞ്ഞിട്ട് വയ്യാ. വയസ്സ് എഴുപത്തി നാല് കഴിഞ്ഞു. ഗതികേടിന്‍റെ വലുപ്പം കൊണ്ട് അലയേണ്ടി വരുന്നു എന്നേയുള്ളു'.

വേണു സമ്മതിച്ചു.

'ഇത്തിരി എന്തെങ്കിലും കുടിക്കാന്‍ തര്വോ, സംഭാരോ അത് മാതിരി എന്തെങ്കിലും. ഒന്നൂല്യാച്ചാല്‍ പച്ച വെള്ളം ആയാലും മതി'.

കാപ്പി വെച്ചു തരാമെന്ന് പറഞ്ഞ് വേണു എഴുന്നേറ്റ് ചെന്ന് സ്റ്റൌ കത്തിച്ച് വെള്ളം വെച്ചു. തിരികെ ഉമ്മറത്ത് വന്നിരുന്നു.

'ചോദിക്കുന്നതോണ്ട് ഒന്നും തോന്നരുതേ. ഈ തമ്പുരാന്‍ ആളെങ്ങിനെയാ. കിട്ടുണ്ണി മാഷെ പോലെ മൊരടനാണോ ആള്'.

വേണു ഒന്ന് ചിരിച്ചു. പുതിയ താമസക്കാരന്‍ താനാണെന്നും വേറൊരു തമ്പുരാന്‍ ഇവിടെ ഇല്ലെന്നും അയാള്‍ പറഞ്ഞു.

'എന്നെപ്പോലെ വയസ്സായ ഒരു സ്ത്രീയെ പറഞ്ഞു പറ്റിച്ചിട്ട് അവന് എന്താ ഗുണം. പട്ടപ്പുര കണ്ടപ്പോഴേ എനിക്ക് തോന്നി, പൊളിയാണ് ആ മഹാപാപി പറഞ്ഞത് എന്ന്'.

വേണു ഒരു പാത്രത്തില്‍ കാപ്പി കൊണ്ടു വന്നു കൊടുത്തു. വൃദ്ധ അത് ഊതി കുടിച്ചു തുടങ്ങി.

'നോക്കൂ, ഇങ്ങിനെ തെണ്ടി കഴിഞ്ഞു കൂടേണ്ടി വരും എന്ന് സ്വപ്നം കണ്ടിട്ടും കൂടി ഇല്ല. എങ്ങിനെ കഴിഞ്ഞതാ. തലേലെ വര നന്നായില്ല. അതില് ഒരു വെട്ട് വീണൂ'.

ദുഃഖങ്ങളുടെ ഒരു കെട്ട് അവര്‍ അഴിച്ചിട്ടു. വേണു അതില്‍ മുഴുകി.

വലിയ ഭൂപ്രഭുവിന്‍റെ ഭാര്യയായിട്ട് വന്നതാണ് പാര്‍വതി അമ്മാള്‍. സ്വര്‍ഗ്ഗതുല്യമായ ജീവിതം. എന്തിനും ഏതിനും 
പരിചാരികമാര്‍. പൊന്നിലും പട്ടിലും പൊതിഞ്ഞ വെച്ച കാഴ്ച വസ്തുവായി കഴിഞ്ഞു.

'പാര്‍വതി അമ്മാള്‍ അല്ല, സാക്ഷാല്‍ പരമ ശിവന്‍റെ പത്നി പാര്‍വതിയാണ് എന്നാണ് എല്ലാരും പറഞ്ഞിരുന്നത്. അത്രക്ക് അഴകായിരുന്നു. പോയ കാലത്തിലെ അനുഭൂതികളിലേക്ക് പാര്‍വതി അമ്മാള്‍ കടന്നു ചെല്ലുകയാണ്.

വെങ്കിടാചലപതി അയ്യര്‍ എന്നാണ് ഭര്‍ത്താവിന്‍റെ പേര്. മണിസ്വാമി എന്നേ ആളുകള്‍ വിളിക്കാറുള്ളു. കണ്ടാല്‍ രാജകുമാരനെ പോലെ ഉണ്ടാവും. എത്ര സ്വത്തുണ്ട്, എന്ത് വരുമ്പടി ഉണ്ട് എന്നൊന്നും ആ കാലത്ത്അറിഞ്ഞിട്ടില്ല. കാലാകാലത്ത് പാട്ടക്കാര് കാളവണ്ടിയില്‍ പാട്ടനെല്ല് എത്തിക്കും. അതിന്‍റെ കണക്കൊക്കെ കാര്യസ്ഥന്മാരാണ്നോക്കാറ്. കഷ്ടപ്പെട്ട് വരുന്നോരെ ഒന്നും 
കൊടുക്കാതെ അയക്കരുത് എന്നാ ചട്ടം.

സഹായം അഭ്യര്‍ത്ഥിച്ച് വരുന്നവരും ഉത്സവ നടത്തിപ്പുകാരും എന്തെങ്കിലും ചെയ്യുന്നതിന്ന് മുമ്പ് കണ്ട് അനുവാദം 
ചോദിക്കാനെത്തുന്നവരുമായി എന്നും മഠത്തിന്ന് മുമ്പില്‍ തിരക്കാണ്. ശാസ്താപ്രീതിക്കും തേരിനും ഒക്കെ മുമ്പനായിട്ട് അദ്ദേഹം 
വേണമെന്നാണ് എല്ലാവരും ആഗ്രഹം പറയാറ്. അറിഞ്ഞു കൊണ്ട് ഒരാള്‍ക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ല. എന്നിട്ടും ഇങ്ങിനെ ഒരു വിധി വന്നില്ലേ.

നിയമം മാറി. സ്വത്തുകളെല്ലാം അന്യാധീനപ്പെട്ടു പോയി. അത്തരത്തിലൊരു മാറ്റം പ്രതീക്ഷിക്കാത്തതിനാല്‍ ഒന്നും സൂക്ഷിച്ച് വെച്ചില്ല. വരുമാനം നിലച്ചതോടെ ആര്‍ഭാടം നിന്നു. ഉള്ളത് വിറ്റും പിടിച്ചും കുറച്ച് കാലം പിടിച്ചു നിന്നു. പിന്നെ തീരെ കഴിവില്ലാതായി. ആരെങ്കിലും സഹായിച്ചില്ലെങ്കില്‍ ജീവിച്ചു പോകാന്‍ തീരെ പറ്റാത്ത അവസ്ഥയിലെത്തി. അധികം താമസിയാതെ സ്വാമി വാതം പിടിപെട്ട് കിടപ്പിലായി. നല്ല കാലത്ത് കൂടെ നിന്നവര്‍ തിരിഞ്ഞു നോക്കാതായി. ഇപ്പോള്‍ ഇതാ പിച്ചപ്പാത്രം 
കയ്യിലെടുത്ത് കയ്യും നീട്ടി ഇരക്കുന്നു.

അവര്‍ കണ്ണീരൊപ്പി. സ്വത്തൊക്കെ എടുത്ത് ആര്‍ക്ക് വേണമെങ്കിലും കൊടുത്തോട്ടെ. എന്തിനാ ഏറെ സ്വത്തും മുതലും. പക്ഷെ നിയമം  കൊണ്ടു വന്ന് ഭൂമി കൈവശക്കാരന്ന് കൊടുക്കുമ്പോള്‍ ഉടമസ്ഥന്ന് ജീവിക്കാന്‍ കുറച്ചെങ്കിലും നീക്കി വെക്കണ്ടേ. കൈവശം 
വെക്കാനുള്ള ഭൂമി ഇത്രേ പാടൂ എന്ന് നിയമം കൊണ്ടുപ്പോള്‍ അതെങ്കിലും ഉടമക്ക് മാറ്റി വെക്കണ്ടേ. അല്ലാതെ ഒരുത്തന്‍റെ കയ്യിലുള്ളത് മുഴുവന്‍ എടുത്ത് മറ്റൊരുത്തന്ന് കൊടുക്കുന്നതില്‍ എന്താ ന്യായം. ഏതോ രാജ്യത്ത് പ്രഭുക്കന്മാരെ കൊന്നിട്ട് അവരുടെ സ്വത്ത് മറ്റുള്ളവര്‍ക്ക് വീതിച്ചു കൊടുത്തു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതാ ഇതിലും ഭേദം.

ഒരു ജന്മത്തില്‍ തന്നെ പല ജന്മം എന്ന് കേട്ടിട്ടില്ലേ. ശരിക്കും അതാ എന്‍റെ ജീവിതം. സ്വാമിക്ക് മരുന്ന് വാങ്ങി കൊടുക്കണം. അതിന്ന് പറ്റാറില്ല. വയറ്വിശക്കുമ്പോള്‍ വല്ലതും കൊടുക്കണ്ടേ. അതിനും കൂടി വഴിയില്ല.

വേണു ആ സ്ത്രീയുടെ നിസ്സഹായാവസ്ഥയെ കുറിച്ചോര്‍ത്ത് വേദനിച്ചു.

'നിവൃത്തി ഉണ്ടെങ്കില്‍ ഒരു പത്തുറുപ്പിക തന്ന് സഹായിക്കണം. അല്ലെങ്കില്‍ ഉള്ളത് മതി'.

അകത്ത് ചെന്ന് വേണു ബാഗില്‍ നിന്ന് നൂറിന്‍റെ ഒരു നോട്ട് എടുത്ത് പുറത്ത് വന്നു.

'തല്‍ക്കാലം ഇത് വെച്ചോളൂ. എന്നെക്കൊണ്ട് പറ്റുന്നത് എപ്പോഴും ചെയ്യാം' എന്നും പറഞ്ഞ് അത് പാര്‍വതി അമ്മാള്‍ക്ക് കൊടുത്തു

വിശ്വാസം വരാത്ത മട്ടില്‍ അവര്‍ ആ നോട്ടിലേക്കു തന്നെ നോക്കി.

'ധര്‍മ്മിഷ്ടനാണ് എന്ന് പറഞ്ഞത് എത്ര ശരിയാണ്. പട്ടപുരയില്‍ കഴിഞ്ഞാലും തമ്പുരാന്‍ തമ്പുരാന്‍ തന്നെ. കുപ്പേല് കിടന്നാലും 
മാണിക്യം മാണിക്യമല്ലാതാവില്ലല്ലോ '.

'കുന്നത്ത് വെച്ച വിളക്ക് പോലെ എപ്പൊഴും തെളിഞ്ഞ് ഇരിക്കട്ടെ' എന്ന് അനുഗ്രഹിച്ച് പാര്‍വതി അമ്മാള്‍ നടന്നകന്നു. കണ്ണില്‍ 
നിന്ന് മറയുന്നത് വരെ വേണു ആ സാധു സ്ത്രീയെ നോക്കിയിരുന്നു.

*************************************************************************************

ഭക്ഷണം വാങ്ങാന്‍ പോവാറുള്ള നേരത്താണ് ചാമി വന്നത്. വേണു അപ്പോഴേക്കും പാര്‍സല്‍ അഴിച്ചു കഴിഞ്ഞിരുന്നു.

ശംഖ് കൊണ്ടുള്ള കുറെ കാഴ്ച വസ്തുക്കളും മാലകളും മൂന്ന് റേഡിയോകളും ആണ് അതിനകത്ത് ഉണ്ടായിരുന്നത്.

ചാമിക്ക് ഏറെ അത്ഭുതം തോന്നി. റേഡിയോ കൊണ്ടു വന്നത് മനസ്സിലാക്കാം. പക്ഷെ ഈ കണ്ണില്‍ കണ്ട കച്ച്രാണ്ടിയൊക്കെ കൊണ്ടു വരേണ്ട വല്ല കാര്യവുമുണ്ടോ. അവന്‍ അത് ചോദിക്കുകയും ചെയ്തു.

തനിക്ക് അതിനോടുള്ള വൈകാരികമായ അടുപ്പം എന്താണെന്ന് അവന് അറിയില്ലല്ലോ. എന്നെങ്കിലും വേണ്വോട്ടന്‍ കന്യാകുമാരീല് പോവുമ്പോള്‍ ശംഖുമാലയും കൌതുക വസ്തുക്കളും വാങ്ങി കൊണ്ടു വന്ന്തരണമെന്ന് മാലതി പറഞ്ഞിരുന്നു. അവള്‍ ജീവികുമ്പോള്‍ അതിന്ന് കഴിഞ്ഞില്ല. പിന്നീട് എത്രയോ കാലം കഴിഞ്ഞ് അവിടെ ചെന്നപ്പോള്‍ ഓര്‍മ്മിച്ച് വാങ്ങിയതാണ്, ഒരിക്കലും 
അവള്‍ക്ക് കൊടുക്കാന്‍ ആവില്ലെന്ന അറിവോടു കൂടി തന്നെ.

'വളരെ വേണ്ടപ്പെട്ട ഒരാള്‍ക്ക് കൊടുക്കാന്‍ വാങ്ങിയതാണ്' എന്നും പറഞ്ഞ് വേണു ഒഴിഞ്ഞു മാറി.

മൂന്ന് റേഡിയോകളില്‍ ഒന്ന് കറണ്ടില്‍ പ്രവര്‍ത്തിക്കുന്നതാണ്. അതുകൊണ്ട് പ്രയോജനം ഇല്ല. മറ്റുള്ളവയില്‍ ഒന്ന് വലും ഒന്ന് തീരെ ചെറുതും. ചാമി അവ കയ്യില്‍ എടുത്തു നോക്കി.

'വേണച്ചാല്‍ ഒന്ന് എടുത്തോളൂ' എന്ന് വേണു പറഞ്ഞു.

'നല്ല കഥ്യായി. കുറുക്കന് ആമേ കിട്ടിയ മാതിരിയാവും എനിക്കിത് കിട്ട്യാല്‍ 'ചാമി പറഞ്ഞു' നമുക്ക് ഒന്ന് വേണച്ചാല്‍ നാണു നായരുടെ മകള്‍ക്ക് കൊടുക്കാം'.

അത് നല്ല ആശയമാണെന്ന് വേണുവിന് തോന്നി. 'ചെറുത് ഇവിടെ വെച്ചിട്ട് വലുത് കൊണ്ടു പോയി അവര്‍ക്ക് കൊടുത്തോളൂ' എന്നയാള്‍ പറഞ്ഞു.

കാലി പാത്രങ്ങളുമായി ഭക്ഷണത്തിന്ന് ചെല്ലുമ്പോള്‍ , ചാമിയുടെ കയ്യില്‍ സരോജിനിക്ക് അമ്പരപ്പ് ഉണ്ടാക്കുന്ന ഒരു സമ്മാനം 
ഉണ്ടായിരുന്നു.

അദ്ധ്യായം.43

നാണു നായരുടെ വീട്ടില്‍ നിന്നും ചാമി ആഹാരം കൊണ്ടു വരാന്‍ തുടങ്ങി രണ്ടാഴ്ച ആവാറായി. ഇടക്ക് ഒരു ദിവസം ഉച്ചക്ക് മൂന്നാളും കൂടി ചെന്ന് ഭക്ഷണം കഴിച്ചു. എഴുത്തശ്ശനായിരുന്നു കൂടുതല്‍ സന്തോഷം. വണ്ടിപ്പുര പണിയുന്ന സമയത്ത് അവിടെ നിന്നും കഴിച്ച ആഹാരത്തിന്‍റെ സ്വാദ് ഇപ്പോഴും നാവില്‍ തങ്ങി നില്‍ക്കുയാണ്.

'അതേയ്, നമുക്ക് എന്തെങ്കിലും കൊടുക്കണ്ടേ. അത്രക്ക് വലിയ കഴിവടമൊന്നും അവര്‍ക്കില്ലല്ലോ'എന്ന് എഴുത്തശ്ശന്‍ പറഞ്ഞു. വേണുവിന്ന് ആ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമൊന്നും ഇല്ല. പക്ഷെ താന്‍ അതിലൊന്നും ഇടപെടില്ല എന്നു മാത്രം. നേരത്തെ പണം കൊടുത്ത കാര്യം അയാള്‍ പറഞ്ഞതുമില്ല.

മഴ ഇല്ലാത്ത ഒരു പ്രഭാതം. ആകാശത്ത് സൂര്യന്‍ തെളിഞ്ഞിട്ടുണ്ട്. പുഴയിലാണെങ്കില്‍ വെള്ളം കുറവ്. കാലത്തെ ആഹാരത്തിന്ന് ചെന്ന ചാമിയോടൊപ്പം നാണു നായര്‍ ഇക്കരെ എത്തി.

'നാണ്വാരേ, നിങ്ങള്വന്നത് നന്നായി' നാണു നായരെ പുറത്തേക്ക് കൂട്ടി കൊണ്ടുപോയി എഴുത്തശ്ശന്‍ പറഞ്ഞു 'ഒരു കാര്യം 
പറയണം എന്ന് കരുതി ഇരിക്കുകയാണ് ഞങ്ങള്'.

'എന്താ, എന്താദ്' അയാളുടെ സ്വരത്തില്‍ പരിഭ്രമം കലര്‍ന്നു.

'പേടിക്കേണ്ട കാര്യം ഒന്ന്വോല്ലാ. രണ്ട് നേരം ഞങ്ങളുക്കുള്ള ആഹാരം വെച്ച് കൊടുത്തയക്കുന്നില്ലേ ആ കുട്ടി. അതിന്ന് ചിലവൊക്കെ വരില്ലേ. എന്താ വേണ്ടത്ച്ചാല്‍ പറഞ്ഞോളിന്‍'.

' അയ്യേ, ഞാന്‍ ഹോട്ടല് കച്ചോടം നടത്ത്വോന്നും അല്ലല്ലോ. വേണൂന്ന് വെച്ചാല്‍ അവള്‍ക്ക് ജീവനാ. പിന്നെ ഇന്നാള് അവന്‍ 
കൊറെ പൈസ അവളുടേല്‍ കൊടുക്കും ചെയ്തു. 'ഒന്ന് നിര്‍ത്തി നാണുനായര്‍ തുടര്‍ന്നു' പറയില്ലാ എന്ന് വിചാരിച്ചതാണ്. വേണൂന്‍റെ ചെവീല് എത്തിക്കരുത്. ഇന്നാള് ഞാന്‍ മന്ദത്ത് തൊഴാന്‍ ചെന്നതാ. ചായപ്പീടികക്കാരന്‍ വാസു വിളിച്ചിട്ട് മൂത്താരേ നിങ്ങള് എപ്പൊഴാ ഹോട്ടല് കച്ചോടം തുടങ്ങീത് എന്ന് ചോദിച്ചു. അത് കേള്‍ക്കണ്ട താമസം അടുത്ത മുറിയില്‍ നിന്ന് ആ മണ്ണാചെക്കന്‍ വളയിട്ട കയ്യോണ്ട് വെച്ചാലെ ചെലരുക്ക് തിന്നാന്‍ പിടിക്കൂ എന്നൊരു പറച്ചില്. ഞാന്‍ അയ്യത്തടീന്ന് ആയി. വീട്ടില്‍
ചെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ അത് കേട്ടതായി നടിക്കണ്ടാ. വേണ്വോട്ടന്‍ അറിഞ്ഞാല്‍ നമ്മള്‍ കൊടുത്തയക്കുന്നത് വേണ്ടാന്ന് വെക്കും എന്ന് മകളും പറഞ്ഞു'.

'ങാഹാ അങ്ങിനെ ഉണ്ടായോ, എന്നാല്‍ അതൊന്ന് ചോദിച്ചിട്ടന്നെ കാര്യം' എന്ന് എഴുത്തശ്ശനും പറഞ്ഞു.

'ഇതാ ഞാന്‍ പറയില്ലാന്ന് വെച്ചത്. ഇനി ഇതിനെ പറ്റി കൂട്ടൂം കുറീം ഉണ്ടാക്കരുത്'

ശരി എന്ന് പറഞ്ഞെങ്കിലും എഴുത്തശ്ശന്‍ മനസ്സില്‍ ചിലതൊക്കെ ഉറപ്പിച്ചു.

ആഹാരം കഴിഞ്ഞ് എല്ലാവരും കൂടി സൊള്ളാനിരുന്നു. ഞാന്‍ പാടത്തൊന്ന് പോയിട്ട് വരാമെന്നും പറഞ്ഞ് ചാമി കൈക്കോട്ടുമായി നടന്നു. 'എന്‍റെ ചെറേലെ കഴായ കൂടി ഒന്ന് നോക്കടാ ചാമ്യേ' എന്ന് എഴുത്തശ്ശന്‍ അവനെ ഏല്‍പ്പിച്ചു.

നാട്ടു വര്‍ത്തമാനം ക്രമേണ അവനവനെ സംബന്ധിച്ച കാര്യങ്ങളിലെത്തി.നാണു നായരുടെ സ്വകാര്യ ദുഃഖങ്ങളും ചര്‍ച്ചാ വിഷയമായി.

'ഇയാളുടെ കാര്യം മഹാ കഷ്ടമാണ്. മൂത്ത മകള് ശാന്തയുടെ കെട്ട്യോനുണ്ട്, കരുണാകരന്‍. വീടിന്‍റെ ഭാഗം കിട്ടണം എന്ന് പറഞ്ഞ് സ്വൈരം കെടുത്ത്വാണ് ഇയാളെ '

'അപ്പോള്‍ സുന്ദരനൊന്നും ഇടപെടില്ലേ' എന്ന് വേണു തിരക്കി.

'അവന്‍ പട്ടാളത്തിന്ന് പെന്‍ഷനായി. ഭാര്യ വീട്ടിലാണ് താമസം. കയ്യിലുള്ളതുപോലെ വല്ലതും അയച്ചു തരും. ഇങ്ങോട്ടൊന്നും 
വരൂല്യാ, ഒന്നും ചോദിച്ച് ബുദ്ധിമുട്ടിക്കൂല്യാ. എനിക്കുള്ള ഭാഗം ഒഴിമുറി വെച്ച് തരുണൂന്ന് പറഞ്ഞ് എഴുതി തര്വേണ്ടായി'.

'അതന്നേ പറഞ്ഞത്. മൂപ്പരുക്ക് ചോദിക്കാനും പറയാനും ആളില്യാന്ന് കണ്ടിട്ടുള്ള ഏളുതത്തരം ആണ് മരുമോന്‍ കാട്ടുണത്'

'ഇപ്പൊ കുറച്ച് ദിവസായിട്ട് തൊയിരം കെടുത്താന്‍ വരിണില്ല. ബാങ്കിന്ന് കടം കിട്ടും, അതിന്ന് കൊടുക്കാനാണെന്ന് പറഞ്ഞ് ശാന്ത വന്ന് മുദ്രകടലാസില് എന്‍റീം സരോജിനിടീം കയ്യൊപ്പ് വാങ്ങി പോയി. പെണ്ണിന്‍റെ കല്യാണം കഴിഞ്ഞാല്‍ കടം കുറേശയായി കൊടുത്ത് തീര്‍ക്കും ന്നാ പറഞ്ഞത് '.

മുദ്ര പേപ്പറില്‍ എന്താണ് എഴുതിയത് എന്ന് വേണു തിരക്കി. 'അതിലൊന്നും എഴുതീട്ടില്ല, അതൊക്കെ ബാങ്കുകാര് എഴുതും എന്നാ പറഞ്ഞത്' നാണു നായര്‍ വിശദീകരിച്ചു.

'പുത്തികെട്ട മനുഷ്യാ, മരുമോന്‍ അതും വെച്ച് വല്ല കള്ളത്തരൂം കാട്ട്യാലോ'.

'അങ്ങിനെയൊക്കെ അവന്‍ ചെയ്വോ'

'അവന്‍ അതും അതിലപ്പുറൂം ചെയ്യും. തെകഞ്ഞ കള്ളനാ ആ കുരുത്തം കെട്ടോന്‍'

'ഇനി ഇപ്പൊ ഞാന്‍ എന്താ വേണ്ട്'

'വരും പോലെ കാണാന്ന് വെച്ച് കുത്തിരിക്കിന്‍'

നാണു നായര്‍ ഇപ്പോള്‍ കരയും എന്ന മട്ടായി. 'നാണുമാമ ഒട്ടും വിഷമിക്കണ്ടാ. എന്തെങ്കിലും വന്നാല്‍ ഞങ്ങളൊക്കെ ഇല്ലേ' എന്ന് വേണു ആശ്വസിപ്പിച്ചു.

'അത് ഒരു ആശ്വാസം മാത്രേ എനിക്കുള്ളു' എന്നും പറഞ്ഞ് നായര്‍ കണ്ണ് തുടച്ചു.

പുറത്ത് ഒരു ബഹളം കേട്ടു. കള വലിക്കുന്ന പെണ്ണുങ്ങളാണ്. പുറത്തിറങ്ങി നോക്കുമ്പോള്‍ തലക്ക് മീതെ വലിയൊരു പാമ്പിനെ വട്ടം ചുറ്റിക്കൊണ്ട് ചാമി വരമ്പിലൂടെ പാഞ്ഞ് വരുന്നു. കളപ്പുരയുടെ പടിക്കല്‍ ചാമി അതിനെ ഇട്ടു. അനങ്ങാനാവാതെ അത് കിടന്നു.

' ചെറടെ കഴായില്‍ കിടക്കുകയാണ് മൂപ്പര്. ഇര പിടിച്ചതുകൊണ്ട് വേഗം എഴയാന്‍ പറ്റില്ല. കണ്ടതും ഞാന്‍ 
വാലില്‍ ഒറ്റ പിടുത്തം . തല വട്ടം ചുറ്റിയാല്‍ എലുമ്പൊക്കെ ഒടയും. പിന്നെ പാമ്പിന്അനങ്ങാന്‍ പറ്റില്ല ' എന്ന് ചാമി പറഞ്ഞു. പെണ്ണുങ്ങള്‍ ഭീതിയോടെ അകന്ന് നിന്ന് അതിനെ നോക്കി.

'എന്താ സാധനം' എന്ന് നാണു നായര്‍ തിരക്കി.

'നിങ്ങക്കെന്താ കണ്ണ് കാണില്ലേ, എട്ടടി മൂര്‍ക്കനാ സാധനം. കടിച്ചാല്‍ എട്ടടി നടക്കുമ്പോഴേക്കും ആള് പോവും' എന്ന് എഴുത്തശ്ശന്‍ 
പറഞ്ഞു. 'നീ ഇതിനെ കാഴ്ച ബംഗ്ലാവ് ആക്കാതെ തച്ച് കൊന്ന് കുഴിച്ച് മൂടാന്‍ നോക്ക്' എന്ന് ചാമിയോടും പറഞ്ഞു.

വേലി അതിരില്‍ നിന്ന കൊട്ടത്തറി പൊട്ടിക്കാന്‍ ചാമി പോയി. വടി പൊട്ടിച്ചിട്ട് അവന്‍ അവിടെ നിന്ന് എന്തിനേയോ തല്ലുന്നത് കണ്ടു. എല്ലാവരും നോക്കി നില്‍ക്കെ കോലില്‍ ചത്ത ഒരു പാമ്പിനെ തൂക്കി മറ്റുള്ളവരുടെ അടുത്തേക്ക് അവന്‍ വന്നു.

'വെള്ളിക്കെട്ടനാണ്. അസ്സല് വിഷമുള്ളതാണ് ഇവനും. മുന്ത്യേ ആളെ എങ്ങന്യാ ഒറ്റയ്ക്ക് അയക്ക്യാ എന്ന് വിചാരിക്കുമ്പോഴാ ഇവനെ കണ്ടത്. ഇനി രണ്ടാളും കൂടി ഒരുത്തീലിക്ക് പൊയ്ക്കോട്ടെ 'എന്നും പറഞ്ഞ് ചത്ത പാമ്പിനെ നിലത്തിട്ട് ആ വടികൊണ്ട് മൂര്‍ഖനെ ചാമി തല്ലി കൊന്നു. രണ്ടിനേയും ഒന്നിച്ച് കോലില്‍ തൂക്കി കൈതപൊന്തയിലേക്ക് വലിച്ചെറിഞ്ഞു.

'പൊഴേല് വെള്ളം കൂട്യേപ്പൊ കേറി വന്നതാ ഇതൊക്കെ' എഴുത്തശ്ശന്‍ പറഞ്ഞു.

'എന്തായാലും രാത്രി നേരത്ത് നല്ലോണം ശ്രദ്ധിക്കണം' നാണു നായര്‍ പറഞ്ഞു.

'അങ്ങിനെ ഒന്നൂല്യാ. യോഗൂണ്ടെങ്കിലേ കടിക്കൂ. ഇല്ലെങ്കില്‍ ചവിട്ടിയാലും കടിക്കില്ല. പാമ്പ് കടി കൊണ്ട് ചാവാനാ വിധി എങ്കില്‍ കല്ലറ തീര്‍ത്ത് ഇരുന്നാലും അത് സംഭവിക്കും. നിങ്ങള് പരീക്ഷിത്ത് രാജാവിന്‍റെ കഥ കേട്ടിട്ടില്ലേ'.

നാണു നായര്‍ തലയാട്ടി. 'ഇരുട്ടത്ത് ഇറങ്ങുമ്പോള്‍ ഒരു ടോര്‍ച്ച് കയ്യില്‍ വെക്കണം കെട്ടോ വേണൂ' എന്ന് പറയുകയും ചെയ്തു.

'കൂട്ടം കൂടി നിന്ന് പണി മെനക്കെടുത്താതെ കണ്ടത്തില്‍ എറങ്ങാന്‍ നോക്കിനെടി പെണ്ണുങ്ങളെ' എന്ന് എഴുത്തശ്ശന്‍ പറഞ്ഞതോടെ അവരൊക്കെ പോയി. കൈക്കോട്ട് എടുത്തിട്ട് വരാമെന്നും പറഞ്ഞ് ചാമിയും നടന്നു. നാണു നായരും എഴുത്തശ്ശനും 
വേണുവിനോടൊപ്പം കളപ്പുരയിലേക്ക് കയറി.

'നമ്മള് മൂന്നാളക്കും കാലത്തിനും നേരത്തിനും നാണു നായരൂടെ മകള് കഷ്ടപ്പെട്ട് ആഹാരം ഉണ്ടാക്കി എത്തിക്കുന്നുണ്ട്. അതിന് നമ്മള് ഒന്നും കൊടുക്കുന്നില്ല. അങ്ങിനെ ആയാല്‍ പോരാ' എഴുത്തശ്ശന്‍ പറഞ്ഞു നിര്‍ത്തി.

ആരും ഒന്നും പറഞ്ഞില്ല.

'ഞാന്‍ നിശ്ചയിച്ചത് അരിയും തേങ്ങയും വിറകും ഒക്കെ ഇഷ്ടം പോലെ ഇവിടെ ഉണ്ട്. അതൊക്കെ അവിടെ എത്തിക്കും. പീടിക സാധനങ്ങള്‍ എന്താ വേണ്ടേച്ചാല്‍ അതും ഏര്‍പ്പാടാക്കും. അത് പോരെ വേണൂ'.

'അമ്മാമ നിശ്ചയിക്കുന്ന പോലെ'

'എന്നാല്‍ അത് മതി. ചാമി സാധനങ്ങള്‍ വണ്ടീല് വൈകുന്നേരം എത്തിക്കും. കാശായിട്ട് വല്ലതും ഇപ്പൊ വേണോ'

വേണ്ടെന്ന് നായര്‍ തലയാട്ടി. 'പിന്നെ ഒരു പെണ്‍കുട്ടിയല്ലേ അവള്. എന്തെങ്കിലും വാങ്ങാന്‍ ഇടക്കും തലക്കും ചില്ലറ കാശ് അതിന് നീ കൊടുക്കണം കെട്ടോ വേണു'.

അല്ലെങ്കിലും സരോജിനിക്ക് വല്ലപ്പോഴും എന്തെങ്കിലും കൊടുക്കണമെന്ന് താനും നിശ്ചയിച്ചിട്ടുണ്ടെന്ന് വേണു പറഞ്ഞു.

മനസ്സ് നിറയെ സന്തോഷവുമായിട്ടാണ് നാണു നായര്‍ തിരിച്ച് പോയത്.

*************************************************************************************

ഉച്ചക്കുള്ള ആഹാരം വാങ്ങാന്‍ ചാമി പുറപ്പെടുമ്പോള്‍ താനും വരുന്നുണ്ടെന്നു പറഞ്ഞ് എഴുത്തശ്ശനും പുറപ്പെട്ടു. കൂനന്‍ പാറ കടന്നപ്പോള്‍ 'നീ മന്ദത്ത് ആലിന്‍റെ തണുപ്പത്ത് നില്‍ക്ക്, ഞാന്‍ ഇപ്പൊ വരാം' എന്ന് ചാമിയോട് പറഞ്ഞ് എഴുത്തശ്ശന്‍ വാസുവിന്‍റെ ചായക്കടയിലേക്ക് നടന്നു.

കടയില്‍ ഒരു മനുഷ്യനും ചായക്കായി ഇരിപ്പില്ല. വാസു ബെഞ്ചിലിരുന്ന് പത്രം വായിക്കുകയാണ്.

'എടാ വാസ്വോ, ഇങ്ങിട്ട് ഇറങ്ങി വാ, ആ മണ്ണാചെക്കനേയും വിളിക്ക്' മുറ്റത്ത് നിന്ന് എഴുത്തശ്ശന്‍ വിളിച്ചു. രണ്ടുപേരും 
പുറത്തേക്ക് വന്നു.

'നെന്‍റെ ഒക്കെ നാവിന്ന് ചൊറിച്ചിലുണ്ടെങ്കില്‍ പാറകത്തിന്‍റെ നല്ല മൂത്ത ഇല വെച്ച് ഒരച്ചോ, അല്ലാണ്ടെ കുടുംബത്തില്‍ പെട്ടവരെ തോന്ന്യാസം പറയാന്‍ മെനക്കെട്ടാല്‍ രണ്ട് കവിളത്തും മാറി മാറി ഞാന്‍ മദ്ദളം കൊട്ടും. വയസ്സ് എണ്‍പത്താറായി എന്ന് കരുതണ്ടാ.'

വാസുവിന്ന് ഒന്നും മനസ്സിലായില്ല.

'ആ നാണു നായരോട് നീ എന്താ പറഞ്ഞത്. നിന്‍റെ മകള് പഠിക്കാന്‍ പോയി വയറ്റിലുണ്ടാക്കി വന്നതും അത് കളഞ്ഞിട്ട് ഒരുത്തന്‍റെ തലയില്‍ കെട്ടിവെച്ചതും ഞാന്‍ പത്താളുടെ മുമ്പില്‍ വിളിച്ചു പറഞ്ഞാലോ'.

എഴുത്തശ്ശന്‍ അലക്കുകാരന്‍റെ നേരെ തിരിഞ്ഞു.

'വിഴുപ്പലക്കുന്നോന്‍ അത് ചെയ്താ മതി. വളയിട്ട കൈ കൊണ്ട് ആഹാരം ഉണ്ടാക്കുന്ന കാര്യം നീ നോക്കണ്ടാ. ഇനി വല്ലതും 
കേട്ടാല്‍ തേപ്പ് പെട്ടി നിന്‍റെ മുഖത്ത് വെച്ച് തേക്കും. പിന്നെ നിന്‍റെ അമ്മ നല്ല കാലത്ത് കിടന്നുറങ്ങുമ്പോള്‍ വാതില് അടക്കാറില്ല എന്നാ കേട്ടിട്ടുള്ളത്. നിങ്ങള് നാല് മക്കളും നാല് തന്തക്ക് ഉണ്ടായതാണ്എന്നാ കേള്‍വി. മനസ്സിലായോടാ നിനക്ക്'.

എഴുത്തശ്ശനോട് എതിര്‍ത്തൊന്നും പറയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. 'ഇനി അങ്ങിനെ ഉണ്ടാവില്ല' എന്ന് വാസു പറഞ്ഞു.

'എങ്കില്‍ ഇപ്പൊത്തന്നെ രണ്ടും കൂടി ചെന്ന് നാണു നായരോടും മകളോടും തെറ്റ് പറഞ്ഞിട്ട് വാ'.

ഇരുവരും മടിച്ച് നിന്നു.

'പോവാന്‍ മടി ഉണ്ടെങ്കില്‍ വേണ്ടാ. മന്ദത്ത് നില്‍ക്കുന്നവനെ ഒന്ന് നോക്കിക്കോ. ഞാന്‍ ഒരു വാക്ക് പറഞ്ഞാല്‍ മതി. അവന്‍ 
നിങ്ങടെ പട്ടപ്പുര പൊളിച്ച് അടുക്കി വെച്ചിട്ടേ പോവൂ. അത് വേണോടാ'.

ഒന്നും പറയാതെ ഇരുവരും നാണു നായരുടെ വീട്ടിലേക്ക് നടന്നു. എഴുത്തശ്ശന്‍ ചാമിയുടെ അടുത്തേക്കും.

'എന്താ അപ്പ്വോ' ചാമി ചോദിച്ചു.

'ഒന്നൂല്യാടാ. അവരുടെ ഒരു ചെറിയ പ്രശ്നം ഉണ്ട്. അതൊന്ന് തീര്‍ത്ത് കൊടുക്കാലോ എന്ന് വെച്ചിട്ടാ'.

പെട്ടെന്ന് തന്നെ ഇരുവരും തിരിച്ച് പോന്നു.

'പറഞ്ഞില്ലേ' എഴുത്തശ്ശന്‍ അവരോട് ചോദിച്ചു.

'ഉവ്വ്'.

'എന്നാല്‍ പൊയ്ക്കോളിന്‍. ഞാന്‍ ചൊല്ലി തന്നത് ഓര്‍മ്മ ഉണ്ടാവണം'.

അവര്‍ തലയാട്ടിയിട്ട് നടന്നു.

'ചാമ്യേ, നീ പോയി ചോറ് വാങ്ങീട്ട് വാ. ഞാന്‍ ഈ തണുപ്പത്ത് നിക്കട്ടെ'.

ഈ അപ്പ്വോട്ടന് എന്താ പറ്റീത് എന്നും ചിന്തിച്ച് ചാമി നടന്നു.

Monday, January 18, 2010

അദ്ധ്യായം. 42

വൈകുന്നേരം അഞ്ച് മണി കഴിഞ്ഞപ്പോള്‍ ചാമി ഇരുട്ടാവുമ്പോഴേക്കും എത്താമെന്ന് പറഞ്ഞ് പുറപ്പെട്ടു. ഭക്ഷണം വാങ്ങാനായി വേണു കൊടുത്ത പണം പിന്നെ വാങ്ങാമെന്നും പറഞ്ഞ് കൈപറ്റിയില്ല.

ചാമി പോയതോടെ പെട്ടെന്ന് ഒറ്റപ്പെട്ടപോലൊരു തോന്നല്‍ വേണുവിനുണ്ടായി. നിരവധി കൊല്ലങ്ങളായി ജനത്തിരക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ കഴിഞ്ഞ് കൂടിയത് കൊണ്ടാകണം ഏകാന്തമായ ഈ ചുറ്റുപാട് അസ്വസ്ഥത ഉളവാക്കുന്നത്.

അമ്പലകുളത്തില്‍ ചെന്ന് കാലും മുഖവും കഴുകി അയ്യപ്പനെ ഒന്ന് തൊഴുത് വരാം. രാവിലെ തന്നെ നട അടച്ചത് കാരണം
തൊഴാനൊത്തില്ല. അയയില്‍ നിന്ന് തോര്‍ത്ത് എടുത്ത് തോളിലിട്ട് വേണു ഇറങ്ങി. പടി കടന്ന് നോക്കുമ്പോള്‍ മുരുക മലയില്‍
മേയാനിറങ്ങിയ ആട്ടിന്‍കൂട്ടത്തെ പോലെ മേഘങ്ങള്‍ ചിതറി വീണ് കിടപ്പുണ്ട്. മഴ പെയ്തേക്കാം. തിരിച്ച് വന്ന് കുടയുമായി പുറപ്പെട്ടു.

അമ്പല കുളത്തിലെ കല്‍പ്പടവുകള്‍ ഉച്ച് പിടിച്ച് കിടപ്പുണ്ട്. ശരിക്ക് ശ്രദ്ധിച്ച് ഇറങ്ങിയില്ലെങ്കില്‍ വഴുതി വീഴും. വേണു പടവില്‍ ഇരുന്ന് ഓരോ പടിയായി പിടിച്ച് ഇറങ്ങി. നനഞ്ഞ തോര്‍ത്ത് തോളിലിട്ട് വേണു അമ്പലത്തിലേക്ക് നടന്നു. ചുമരില്‍
കാറ്റില്‍ അടിച്ചു കയറിയ ചെമ്മണ്ണ് ചായം പൂശിയിട്ടുണ്ട്. ചുണ്ണാമ്പ് തേച്ചത് പലയിടത്തും അടര്‍ന്ന് വീണു പോയിരിക്കുന്നു. കാലത്തിന്‍റെ കരങ്ങള്‍ ക്ഷേത്രത്തിന്ന് വാര്‍ദ്ധക്യം പകര്‍ന്ന് നല്‍കിയിട്ടുണ്ട്.

അകത്ത് കത്തിച്ച് വെച്ചിരിക്കുന്ന ദീപം വാതില്‍ക്കല്‍ നിന്നു തന്നെ കാണാനുണ്ട്. കുട വാതിലിന്നരുകില്‍ വെച്ചു. നടക്കല്‍ 
നിന്ന് കണ്ണടച്ച് ഭഗവാനെ ധ്യാനിച്ചു. പല ദിക്കുകളിലായി അനവധി കാലം കഴിച്ചു കൂട്ടി. ആ കാലത്തും ഇടക്കൊക്കെ
തിരുസന്നിധി മനസ്സില്‍ ഓടിയെത്തും. അന്നത്തെ പ്രൌഡിയെവിടെ, ഇന്നത്തെ ജീര്‍ണാവസ്ഥയെവിടെ .

കണ്ണ് മിഴിച്ച് നോക്കുമ്പോള്‍ ശ്രീകോവിലില്‍ നിന്നും എട്ട് പത്ത് വയസ്സുള്ള ഒരു കുട്ടി ഇറങ്ങി വന്നു. ഇത്ര ചെറിയ കുട്ടിയാണോ ഇവിടുത്തെ പൂജക്കാരന്‍. പ്രദക്ഷിണം വെച്ച് എത്തുമ്പോള്‍ ഉണ്ണി നമ്പൂരി തീര്‍ത്ഥവും ചന്ദനവും തരാന്‍
തയ്യാറായി നില്‍ക്കുന്നു. വേണു കൈ നീട്ടി പ്രസാദം വാങ്ങി. ദക്ഷിണയായി നല്‍കിയ ചില്ലറയില്‍ തൊട്ട് ഉണ്ണി കയ്യ് ഉയര്‍ത്തി അനുഗ്രഹം ചൊരിഞ്ഞു.

' ഇവിടെ വേറെ ആരും ഇല്ലേ ' എന്ന് വേണു ചോദിച്ചു.

വാരിയര്‍ വന്നിട്ട് അമ്പലം തുറന്ന് തന്ന് പോയതാണെന്നും ഇപ്പോള്‍ എത്തുമെന്നും ഉണ്ണി പറഞ്ഞു. വേണു ചുറ്റും നടന്ന് കണ്ണോടിച്ചു. ഓട് പൊട്ടി വെള്ളം ഒലിച്ചിറങ്ങി മണ്ഡപം ഏകദേശം നശിച്ച മട്ടിലാണ്. തിടപ്പിള്ളി ഒടിഞ്ഞ് വീണ് കിടപ്പണ്. വീഴാന്‍ ബാക്കിയുള്ള ഒരു ഓരത്ത് കല്ലുകള്‍ കൊണ്ട് ഒരു അടുപ്പ് കൂട്ടിയിരിക്കുന്നു. സംരക്ഷിക്കാന്‍ ആളില്ലാത്ത അവസ്ഥ പ്രകടമാണ്.

ചെറിയ ഒരു കെട്ട് വിറകുമായി വാരിയര്‍ എത്തി. വിറക് തിടപ്പള്ളിയില്‍ ഇട്ടിട്ട് അയാള്‍ വേണുവിന്‍റെ അടുത്ത് എത്തി.

' എവിടുന്നാ ഇതിന്ന് മുമ്പ് കണ്ടിട്ടില്ലല്ലോ ' അയാള്‍ ചോദിച്ചു.

താന്‍ കുറെ കാലമായി മദിരാശിയിലായിരുന്നുവെന്നും ഇപ്പോഴാണ് ഇങ്ങോട്ട് താമസം മാറിയതെന്നും വേണു പറഞ്ഞു.

' അത് ഒട്ടും നന്നായില്ല. അത്ര നല്ല ദിക്കില്‍ നിന്ന് ഇത് പോലെ നശിച്ച ഒരിടത്തേക്ക് ആരെങ്കിലും വര്വോ '.

വേണു വിഷയം മാറ്റി. എന്താണ് ക്ഷേത്രം ഇങ്ങിനെ കേടു വന്ന് കിടക്കുന്നതെന്നും , പൂജക്ക് ഒരു ചെറിയ കുട്ടിയെ നിര്‍ത്തിയിരിക്കുന്നതെന്നും അന്വേഷിച്ചു.

' പറയാനാണച്ചാല്‍ ഇശ്ശി ഉണ്ട് ' വാരിയര്‍ പറഞ്ഞു തുടങ്ങി. മനസ്സില്‍ സൂക്ഷിച്ച് വെച്ച പ്രയാസങ്ങള്‍ ആരോടെങ്കിലും 
പറയാന്‍ കാത്തിരുന്നത് പോലെ തോന്നി.

സ്ഥിരം ശാന്തിക്കാരന്‍ പ്രായം ചെന്ന ഒരാളാണ്. മഴയും തണുപ്പും വന്നപ്പോള്‍ അദ്ദേഹത്തിന്ന് തീരെ വയ്യാതായി. ഇപ്പോള്‍ കിടപ്പിലാണ്. മുട്ടുശ്ശാന്തിക്ക് വിളിച്ചാല്‍ ആരും വരില്ല. നടവരവ് ഇല്ലാത്ത ദിക്കില്‍ ആരാണ് ശാന്തിക്ക് നില്‍ക്കുക. വിളക്ക്
വെക്കല്‍ മുടക്കരുതല്ലോ എന്ന് വെച്ചിട്ട് ഒരു ഇല്ലത്തില്‍ ചെന്ന് കാല് പിടിച്ചിട്ടാണ് ഈ ഉണ്ണിയെ തന്നെ കിട്ടിയത്.

നാളെ കര്‍ക്കിടകം ഒന്നാം തിയ്യതിയല്ലേ, ഒരു പായസം വഴിപാട് വന്നിട്ടുണ്ട്. എങ്ങിനേയാ വയ്യാ എന്ന് പറയുക. ഇവിടെയാണെങ്കില്‍ ഒരു കരട് വിറക് ഇല്ല. അടുത്ത പറമ്പില്‍ ചെന്ന് പെറുക്കിയിട്ട് വന്നതാ. നനഞ്ഞിട്ടുണ്ട്, കത്ത്വോ എന്ന് അറിയില്ല.

' അതെന്താ ക്ഷേത്രത്തിന്ന് സ്വത്തും മുതലും ഒന്നൂല്യേ ' എന്ന് വേണു തിരക്കി.

' ഇല്യേന്നോ ' വാരിയര്‍ പറഞ്ഞു ' അയ്യായിരം പറ നെല്ല് പാട്ടം കിട്ടിയിരുന്നതാ. ഒക്കെ പോയില്ലേ '

ഭൂപരിഷ്കരണ നിയമം വന്നതോടെ ദേവസ്വം ഭൂമികള്‍ പാട്ടക്കരുടെ കയ്യിലായി. അതോടെ ക്ഷേത്രത്തിലേക്കുള്ള വരുമാനം
നിലച്ചു. എന്നാണ് ഇത് വീണ് നശിക്കാന്‍ പോണതെന്ന് അറിയില്ല.

' രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, മാളികമുകള്‍ ഏറിയ മന്നന്‍റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍ , എന്ന് കേട്ടിട്ടില്ലേ . അത് മനുഷ്യരുടെ കാര്യമാണെന്നാ ഞാന്‍ നിരീച്ചിരുന്നത്. ദൈവത്തിന്നും അതൊക്കെ
ബാധകമാണെന്ന് ഇപ്പഴാ മനസ്സിലായത് '.

' തിടപ്പള്ളി വീണു. മണ്ഡപം വീഴാറായി. ഒക്കെക്കൂടി എന്നാ തലക്ക് മറിയുക എന്ന് അറിയാന്‍ പാടില്ല 'ചുറ്റും ചൂണ്ടി
കാണിച്ച് വാരിയര്‍ പറഞ്ഞു.

വേണുവിന്ന് വിഷമം തോന്നി. ഈ നാട്ടില്‍ ഇത്ര ആളുകള്‍ ഉണ്ടായിട്ട് ഇതൊന്ന് നേരാക്കാന്‍ ആരും ശ്രമിക്കാത്തതില്‍ 
അത്ഭുതവും തോന്നി. അത് അയാള്‍ വാരിയരോട് പറയുകയും ചെയ്തു.

' ശ്രമിക്കാഞ്ഞിട്ടൊന്നും അല്ലാട്ടോ ' വാരിയര്‍ പറഞ്ഞു ' രാഘവനെ ഞാന്‍ ചെന്ന് കണ്ടു വിവരം പറഞ്ഞു. നന്നായി. എല്ലാ അമ്പലങ്ങളും പള്ളികളും വീണ് തുലഞ്ഞ് പോണം  , എന്നാലേ ലോകത്ത്മനുഷ്യര് തമ്മില്‍  തല്ലാതെ ജീവിക്കൂ എന്നാണ് ആ മഹാന്‍ പറഞ്ഞത് '.

വേണു അന്തം വിട്ട പോലെ നിന്നു.

' പിന്നെ ഉള്ളത് കിട്ടുണ്ണ്യാരാണ്. അയാളേം ചെന്നു കണ്ടു. മൂപ്പര് പുതിയ ഒരു അമ്പലം പണി ചെയ്യിക്കുന്ന തിരക്കിലാ.
നാട്ടില് പണീം തൊരൂം ഇല്ലാത്ത സകല ആപ്പകൂപ്പകളും കൂടെ കൂടീട്ടുണ്ട്. ഭക്തി ഉള്ളത് കൊണ്ടൊന്നുമല്ല ഇതിന്ന് ഇറങ്ങീത് എന്നാ നാട്ടില് ജന സംസാരം '.

വാരിയര്‍ ചുറ്റും കണോടിച്ചു ' ചുമരിനെ കൂടി പേടിക്കേണ്ട കാലാണേയ്. ഒന്നിന് രണ്ട് കൂട്ടി പറഞ്ഞ് കൂട്ടം ഉണ്ടാക്കാന്‍ 
മിടുക്കന്മാരാ എല്ലാരും. എന്നാലും പറയാതെ പറ്റില്ലല്ലോ. മൂപ്പരുടെ ഒരു ഏട്ടന്‍ എവിടേയോ ഉണ്ടത്രേ . അയാള് ധാരാളം
സമ്പാദിച്ച് അയച്ചിട്ടുണ്ട്. അതോണ്ട് മലടെ ചോട്ടില് ഇഷ്ടം പോലെ ഭൂമി വാങ്ങി കൂട്ടീട്ടുണ്ട്. അമ്പലം പണി തീര്‍ത്ത് റോഡും
നന്നാക്കി ബസ്സും വരുത്തിയാല്‍ സ്ഥലത്തിന്ന് ഒന്നിന്ന് പത്ത് വെച്ച് കിട്ടും. അതാ മൂപ്പരുടെ ലാക്ക് '.

അതോടെ വേണുവിന്ന് മതിയായി. പിന്നെ കാണാമെന്ന് പറഞ്ഞ് അയാള്‍ ഇറങ്ങി നടന്നു.

*************************************************************************************

' ' ആ ചെക്കന്‍ എന്തെങ്കിലും  കഴിച്ചിട്ടുണ്ടോ ആവോ , കിട്ടുണ്ണിയുടെ അവിടുന്ന് വല്ലതും കൊടുത്തിട്ടുണ്ടോ എന്നും
അറിയില്ല ' രാത്രി ഉണ്ണാനിരുന്നപ്പോള്‍ പത്മിനി പറഞ്ഞു.

' ഇത്ര കാലം അയാള് കഴിഞ്ഞില്ലേ, നമ്മളാരെങ്കിലും അന്വേഷിച്ചോ, അതുപോലെ കഴിഞ്ഞോളും ' എന്ന് വക്കീലും പറഞ്ഞു.

' കുറെയായിട്ട് കണ്ടിട്ടില്ലല്ലോ അവനെ. ഇപ്പൊ മുമ്പില് വന്ന് കണ്ടതല്ലേ. ചോറില്ലാതെ കഷ്ടപ്പെടുന്നൂന്ന് വിചാരിക്കുമ്പൊ '

' ഇപ്പൊന്താ ഇങ്ങിനെ തോന്നാന്‍ '.

' നോക്കി സംരക്ഷിക്കാന്‍ ഭാര്യയും മക്കളും ഒന്നും ഇല്ലല്ലോ അവന്. അതാ ഇത്ര ഖേദം '.

' അയാളന്നെ വേണ്ടാന്ന് വെച്ചിട്ടല്ലേ '.

' അതൊക്കെ നമുക്ക് പറയാം. മാലതി മരിച്ച ശേഷം ആരെങ്കിലും അവനെ നിര്‍ബന്ധിച്ചോ. ഇല്യാ. കല്യ്യാണം കഴിഞ്ഞാല്‍
അവന്‍റെ വരുമ്പടി നിലക്കും എന്ന് കണ്ടിട്ട് ആരും ആ കാര്യം പറഞ്ഞില്ല '.

മൌനം ഊണുമേശയിലെ മറ്റൊരു വിഭവമായി മാറി.

' പന്ത്രണ്ടാമത്തെ വയസ്സില്‍ കൊയമ്പത്തൂരില് പണിക്ക് ചെന്നതാ. പേപ്പറ് വില്‍കലാണ് പണി. മാസം തികഞ്ഞ് നാണു നായരുടെ
കൂടെ വരുമ്പോള്‍ കയ്യില്‍ ഒരു പൊതി. ഓപ്പോളക്കാണെന്നും പറഞ്ഞ് തന്നു. തുറന്നപ്പൊ ഒരു പാവാടത്തുണി. അങ്ങിനെ സ്നേഹിച്ചതാ അവന്‍ '.

പത്മിനിയുടെ കണ്ണില്‍ നിന്ന് വെള്ളം ഉതിര്‍ന്നു.

' അയ്യേ, താനെന്താ കുട്ടികളെ പോലെ ' എന്നും പറഞ്ഞ് വക്കീല്‍ അവരുടെ മുതുകില്‍ കൈ വെച്ചു.

അദ്ധ്യായം41

വേണു തിരിച്ചെത്തുമ്പോള്‍ ചാമി വെള്ളപ്പാറ കടവില്‍ കാത്തിരിക്കുകയാണ്.

' ഇത്ര നേരം കാണാഞ്ഞപ്പോള്‍ ഞാന്‍ ബേജാറായി ' അവന്‍ പറഞ്ഞു ' കുറെ നേരം കാത്ത് നിന്നിട്ട് ഞാന്‍ കിട്ടുണ്ണി മാഷടെ
വീട്ടില്‍ ചെന്നു. അവിടുന്ന് അപ്പൊത്തന്നെ പോയീന്ന് പറഞ്ഞു. എവിടെ ചെന്നൂന്ന് ഒരു എത്തും പിടീം കിട്ടാണ്ടെ നില്‍ക്കാന്‍
തുടങ്ങീതാ '.

വേണുവിന് വിഷമം തോന്നി. ഒന്നും പറയാതെ നാണുമാമയെ കാണാന്‍ പോയതും ഇത്ര നേരം ചാമിയെ കാത്ത് നിര്‍ത്തീയതും
തെറ്റായിപ്പോയി. വേണുവിനെ കയ്യില്‍ പിടിച്ച് അവന്‍ പുഴ കടത്തി.

കളപ്പുര മുറ്റവും പടിയുടെ ഭാഗവും  മുഴുവന്‍ ചെത്തിക്കോരി വെടുപ്പാക്കിയിരിക്കുന്നു. വീടാകെ നനഞ്ഞ ചപ്പത്തുണികൊണ്ട് തുടച്ച് വൃത്തിയാക്കിയിട്ടുണ്ട്.

' നാളെ കര്‍ക്കിടക മാസം ഒന്നാം തിയ്യതിയല്ലേ. അതാണ് ഞാന്‍ എല്ലാം ഒരു ഓരുശാക്കിയത് ' ചാമി പറഞ്ഞു ' സന്ധ്യക്ക്
ചേട്ടേ കളയേണ്ടതാണ്. നമുക്ക് അതൊക്കെ ചെയ്യണോ '

അതൊന്നും വേണ്ടെന്ന് വേണു പറഞ്ഞു.

രണ്ടു പേര്‍ക്കും ഉള്ള ഉച്ച ഭക്ഷണം കളപ്പുരയില്‍ സൂക്ഷിച്ച് വെച്ചിരുന്നു. താന്‍ നാണുമാമയുടെ വീട്ടില്‍ നിന്ന് ഉണ് കഴിച്ചുവെന്ന് തെല്ലൊരു ജാള്യതയോടെയാണ് വേണു പറഞ്ഞത്. ചാമിയോട് ആഹാരം കഴിക്കാന്‍ അയാള്‍ ആവശ്യപ്പെടുകയും
ചെയ്തു.

ഇനിയിപ്പൊ വേണോന്ന് ചാമി ശങ്കിച്ചു. താന്‍ കാരണം ഒരു നേരത്തെ ആഹാരം മുടങ്ങി അല്ലേ എന്ന് വേണു പറഞ്ഞതോടെ ചാമി പൊതികള്‍ രണ്ടുമായി പടിഞ്ഞിരുന്നു. ചാരുകസേല അടുത്തേക്ക് നീട്ടിയിട്ട് വേണു ഇരുന്നു.

രാവിലെ മകള്‍ തന്നയച്ച ചായ നന്നായി എന്ന് പറഞ്ഞത് കുട്ടിയെ ഏറെ സന്തോഷിപ്പിച്ചുവെന്ന് ചാമി പറഞ്ഞു. വീട് നോക്കി നടത്താന്‍ അവള്‍ക്കുള്ള പ്രാപ്തിയും വേലപ്പന്‍റെ പിശുക്കും കുട്ടിക്ക് റേഡിയോ വാങ്ങി കൊടുത്തതുമൊക്കെ അവന്‍ വിവരിച്ചു. പാട്ട് കേള്‍ക്കാന്‍ ഒന്ന് ഇവിടേയും വാങ്ങിവെച്ചാലോ എന്നൊരു അഭിപ്രായവും അവന്‍ പ്രകടിപ്പിച്ചു. ഒരാഴ്ചക്കകം മദിരാശിയില്‍
നിന്ന് കുറെ സാധനങ്ങള്‍ പാര്‍സല്‍ എത്തുമെന്നും അതില്‍ പലതരത്തിലുള്ള രണ്ടു മൂന്നെണ്ണം വരാനുണ്ടെന്നും വേണു അറിയിച്ചു.

പിറ്റേന്ന് മുതല്‍ മൂന്ന് പേര്‍ക്കും കാലത്തും ഉച്ചക്കുമുള്ള ആഹാരം നാണുമാമയുടെ വീട്ടില്‍ നിന്നാണെന്നും മഴക്കാലം കഴിയുന്നത്
വരെ ചാമി അത് വാങ്ങിക്കൊണ്ട് വരണമെന്നും വേണു ഏല്‍പ്പിച്ചു. രാവിലെ ചാമി കൊണ്ടുവന്നു വെച്ച പത്രങ്ങളിലേക്ക് വേണു തിരിഞ്ഞു. തിണ്ടില്‍ തോര്‍ത്തും വിരിച്ച് ചാമി കിടക്കുകയും ചെയ്തു.

*************************************************************************************

പാലക്കാട് നിന്നും കൃഷ്ണനുണ്ണി മാസ്റ്റര്‍ തിരിച്ചെത്തുമ്പോള്‍ ഉച്ച കഴിഞ്ഞു. വരാന്‍ വൈകുമെന്ന് ഫോണ്‍ ചെയ്ത് പറഞ്ഞതിനാല്‍
രാധ ഭക്ഷണം കഴിച്ചിരുന്നു.

' കിട്ടുണ്ണ്യേട്ടന്‍ വല്ലതും കഴിച്ചോ ' അവള്‍ ചോദിച്ചു.

കിട്ടുണ്ണി കര്‍ഷകസംഘം യോഗത്തിന്ന് ചെന്നിരുന്നു. കീഴ് ഘടകങ്ങളില്‍ നിന്ന് യോഗത്തില്‍ എത്തിയ പ്രതിനിധികള്‍ക്കെല്ലാം
അവിടെ ഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നു. ആ വിവരം അയാള്‍ പറഞ്ഞു.

ഷര്‍ട്ട് അഴിച്ച് തൂക്കുന്ന സമയത്ത് രാധ ചെന്നു. വേണ്വോട്ടന്‍ പിണങ്ങി കാണുമോ എന്നവള്‍ ചോദിച്ചു.

' നല്ല കഥ ' കിട്ടുണ്ണി പറഞ്ഞു ' എന്‍റെ അറിവില്‍ മൂപ്പര് ഇന്നേവരെ ഒരാളോടും മുഖം മുറിഞ്ഞ് ഒരക്ഷരം പറഞ്ഞിട്ടില്ല '.

' എന്നാലും നിങ്ങള്‍ പറഞ്ഞത് കുറച്ച് കൂടിപ്പോയോ എന്ന് എനിക്കൊരു സംശയം '.

' നീ നോക്കിക്കോ, രണ്ട് ദിവസം കഴിഞ്ഞാല്‍ അയാള് തന്നെ ഇവിടെ എത്തും . മനസ്സില്‍ ഒന്നും കരുതില്ല. എന്‍റെ അമ്മ എങ്ങിനെയൊക്കെ ദ്രോഹിച്ചതാണ്. എന്നിട്ടും സമ്പാദിക്കാന്‍ തുടങ്ങിയ മുതല്‍ക്ക് മൂപ്പര് ചോദിച്ചപ്പോഴൊക്കെ പണം തന്ന്
സഹായിച്ചിട്ടുണ്ട് '.

' അത് ആ മനുഷ്യന്‍റെ മനസ്സിന്‍റെ നന്മ '.

' എല്ലാവരും പറയുന്നത് പോലെ നീയും ഞാനൊരു സ്വാര്‍ത്ഥിയും ദുഷ്ടനുമാണെന്ന് പറഞ്ഞു നടന്നോ '.

' ഇതാ ഞാന്‍ ഒന്നും പറയാന്‍ വരാത്തത്. നിങ്ങള്‍ പറയുന്നത് മാത്രമാണ് ശരിയും ന്യായവും. അങ്ങിനെ അല്ലാത്തതൊക്കെ തെറ്റ് '.

' എനിക്ക് ഒരുത്തന്‍റേം സര്‍ട്ടിഫിക്കറ്റ് വേണ്ടാ '.

' ഒരു കാര്യവുമില്ലാതെ ഒന്നും രണ്ടും പറഞ്ഞ് വീട്ടില്‍ തമ്മില്‍ തല്ല് ഉണ്ടാക്കാന്‍ ഞാനില്ല ' എന്നും പറഞ്ഞ് രാധ അടുക്കളയിലേക്ക് നടന്നു.

*************************************************************************************

' വലിയപ്പന്‍ ഉണ്ണാന്‍ വന്നോടീ ' ചന്തയില്‍ നിന്നെത്തിയ വേലപ്പന്‍ മകളോട് പറഞ്ഞു.

കാലത്ത് മുതലാളിക്ക് ചായ വാങ്ങി കൊണ്ടുപോയതും , അയാള്‍ അത് നന്നായിരുന്നുവെന്ന് പറഞ്ഞതും , മൂപ്പരെ ഒറ്റയ്ക്ക് കളപ്പുരയില്‍ കിടത്താന്‍ പറ്റാത്തതിനാല്‍ വലിയപ്പന്‍ അവിടേക്ക് കിടപ്പ് മാറ്റിയതുമെല്ലാം കല്യാണി വിവരിച്ചു.

'ഇനി അയാളും കൂടി കേട് വരും ' വേലപ്പന്‍ പറഞ്ഞു.

' അതെന്താ അപ്പാ അങ്ങിനെ പറഞ്ഞത് '.

' കൂടിയവനെ കെടുക്കും കയ്പ്പക്ക എന്ന് പറഞ്ഞ് കേട്ടിട്ടില്ലേ '.

' ഇനി അങ്ങോട്ട് വലിയപ്പന്‍ നന്നാവുംച്ചാലോ . ചന്ദനം ചാര്യാല്‍ ചന്ദനം മണക്കും . ചാണകം ചാര്യാല്‍ ചാണകം മണക്കും
എന്ന് മുത്ത്യേമ്മ പറയാറില്ലേ '.

' എങ്ങിനെയായാലും അവന്‍ നന്നായി കണ്ടാല്‍ മതി '.

വൈക്കോലിന്നായി തൊഴുത്തില്‍ നിന്നും പശു ഉറക്കെ കരഞ്ഞു.

Thursday, January 14, 2010

അദ്ധ്യായം 40

എഴുത്തശ്ശന്‍ പോയ ശേഷം വേണു അമ്പല കുളത്തിലേക്ക് ചെന്നു. കുളിച്ച് അമ്പലത്തില്‍ ചെന്ന് തൊഴാന്‍ നോക്കുമ്പോള്‍ നട
അടച്ചിരിക്കുന്നു. എട്ട് മണിക്ക് മുമ്പ് നട അടക്കുന്ന പതിവുണ്ടോ ആവോ. അടുത്ത് എവിടേയും ഒരാളേയും കാണാനില്ല.

കുട്ടിക്കാലത്ത് അമ്പലത്തിലേക്ക് വന്നിരുന്നത് ഓര്‍മ്മ വന്നു. അന്ന് പൂജക്കാരന്‍ നമ്പൂരിക്ക് പുറമെ മാല കെട്ടാന്‍ ഒരു മര്വോളമ്മയും ശംഖ് ഊതാനും ചെണ്ട കൊട്ടാനുമായി ഒരു വയസ്സന്‍ മാരാരും ഉണ്ടായിരുന്നു. വെള്ളനിവേദ്യം ,പാല്‍ പായസം ,
കടുമധുരം പായസം, ഇടിച്ച് പിഴിഞ്ഞ പായസം, അപ്പം എന്നിങ്ങനെ പല നിവേദ്യങ്ങള്‍ ഉണ്ടായിരിക്കും. അമ്പല പരിസരത്ത് എവിടെയെങ്കിലും തന്നെ കണ്ടാല്‍ മര്വോളമ്മ വിളിച്ചു നിര്‍ത്തി എന്തെങ്കിലും പ്രസാദം തരും. അമ്മയുടെ അടുത്ത കൂട്ടുകാരിയായിരുന്നുവത്രേ അവര്‍.

വേണു കളപ്പുരയിലെത്തുമ്പോഴേക്കും ചാമി എത്തിയിരുന്നു. മുറ്റം അടിച്ചു വാരുകയാണ് കക്ഷി.

' സാധനങ്ങളൊക്കെ പുറത്ത് വെച്ചിട്ട് പോയാല്‍ തിരിച്ച് വരുമ്പോള്‍ കണ്ടില്ലാന്ന് വരും ' അവന്‍ പറഞ്ഞു

' ഞാന്‍ നോക്കുമ്പോള്‍ കണ്ണടയും വാച്ചും തിട്ടില് മറന്ന് വെച്ചിട്ട് പോയിരിക്കുന്നു '.

' ഇതൊക്കെ ആരാ എടുക്കാന്‍ വര്വാ '

' നല്ല കഥ. കണ്ണ് തെറ്റിയാല്‍ കിട്ട്യേതും എടുത്ത് സ്ഥലം വിടുന്ന ആളുകളാണ്. ഒരൊറ്റ എണ്ണത്തിനെ വിശ്വസിക്കാന്‍ കൊള്ളില്ല '.

വേണു അകത്ത് ചെന്ന് വസ്ത്രം മാറി വരുമ്പോഴേക്കും ചാമി ഇറയത്ത് വെച്ച പൊതി അഴിച്ച് മുറിച്ചു വെച്ച നാക്കിലയില്‍ വിളമ്പി.
കുറ്റിപ്പുട്ടും കടലക്കറിയും. ഒരു മരുന്നുകുപ്പി കഴുകി വൃത്തിയാക്കി അതില്‍ ചായയും കൊണ്ടു വന്നിട്ടുണ്ട്.

' ഇത് മുഴുവന്‍ എനിക്കോ ' വേണു അന്തം വിട്ടു ' ഒരു ഇല കൂടി എടുത്ത് ഒപ്പൊപ്പം വിളമ്പൂ. രണ്ടാളക്കും കൂടി
കഴിക്കാം '.

താന്‍ ആഹാരം കഴിച്ചിട്ട് വന്നതാണെന്ന് ചാമി പറഞ്ഞുവെങ്കിലും വേണു സമ്മതിച്ചില്ല. ' ചായ നന്നായോ ' എന്ന് ചാമി ചോദിച്ചു. ഉവ്വെന്ന മട്ടില്‍ വേണു തലയാട്ടി. ' എന്‍റെ മകള് ലക്ഷ്മിക്കുട്ടി ഉണ്ടാക്കീതാ ' എന്ന് ചാമി അറിയിച്ചു. വീട്ടില്‍ 
ചെല്ലുമ്പോള്‍ മകളോട് ചായ ഇഷ്ടമായി എന്ന് താന്‍ പറഞ്ഞതായി പറയാന്‍ വേണു ചാമിയോട് പറഞ്ഞു.

ഭക്ഷണം കഴിഞ്ഞു. ' ഇനി എന്താ പരിപാടി ' എന്ന ചാമിയുടെ ചോദ്യതിന്ന് അക്കരെ ചെന്ന് കിട്ടുണ്ണിയെ കാണാനുണ്ടെന്ന് മറുപടി നല്‍കി.' എന്നാല്‍ ഇന്നലത്തെ പോലെ ഞാന്‍ കയ്യില്‍ പിടിച്ച് പുഴ കടത്തി വിടാം. വെള്ളത്തിന് നല്ല തട്ടുണ്ട്. കാലിന്ന് ബലം 
ഇല്ലാത്തതല്ലേ ' എന്നായി ചാമി.

വേണു കയറി ചെല്ലുമ്പോള്‍ കിട്ടുണ്ണി എവിടേക്കോ പോവാന്‍ ഒരുങ്ങുകയാണ്. ' ഇരിക്കൂ ' എന്ന് പറഞ്ഞിട്ട് എന്തൊക്കേയോ കടലാസ്സുകള്‍ ബാഗില്‍ ഒതുക്കി വെച്ചുകൊണ്ടിരുന്നു.

' ഞാന്‍ ഇന്നലെ കളപ്പുരയിലേക്ക് താമസം മാറ്റി '.

' അതൊക്കെ ഞാന്‍ അറിഞ്ഞു. പെങ്ങളുടെ ഉപദേശം ആയിരിക്കും അല്ലേ '

അതൊന്നുമല്ല കുറച്ച് കാലം അവിടെ കൂടാമെന്ന് വെച്ചു, അത്രേ ഉള്ളൂ എന്ന് വേണു പറഞ്ഞതിന്ന് കിട്ടുണ്ണി ഒന്നമര്‍ത്തി മൂളി.

' എന്തോ ചെയ്തോളൂ, നല്ലതേ ഞാന്‍ പറഞ്ഞു തരൂ, കേട്ട് നടന്നാല്‍ നിങ്ങള്‍ക്കന്നെ ഗുണം '

ആ വാക്കുകളില്‍ അനിഷ്ടം കലര്‍ന്നിരുന്നത് പോലെ വേണുവിന് തോന്നി.

രാധ ഇറങ്ങി വന്നു. ' ഏട്ടന്‍ കാലത്ത് വല്ലതും കഴിച്ചോ ' എന്നു ചോദിച്ചു. ചാമി ആഹാരവും ചായയും കൊണ്ടു വന്ന്
തന്ന കാര്യം വേണു പറഞ്ഞു.

കിട്ടുണ്ണി ഉറക്കെ ചിരിച്ചു. ' പുതിയ പരിഷ്ക്കാരം ഒക്കെ തുടങ്ങി വെച്ചു അല്ലേ ' എന്ന് ചോദിക്കുകയും ചെയ്തു.

കഥ അറിയാതെ ആട്ടം കാണാനിരുന്നത് പോലെയായി വേണുവിന്.

' എന്താത് ' എന്ന് അയാള്‍ തിരക്കി.

' കീഴ്ക്കെട നടക്കാത്ത ഓരോ കാര്യങ്ങള്‍ കേട്ടപ്പോള്‍ അറിയാതെ ചിരിച്ചതാണേ '.

' കാര്യം എന്താച്ചാല്‍ പറ '

' കീഴ് ജാതിക്കാരുടെ കയ്യിന്ന് ഇതിന്ന് മുമ്പ് ആഹാരം വാങ്ങി തിന്നുന്ന പതിവൊന്നും ഉണ്ടായിട്ടില്ല. തീണ്ടലും തൊടാന്‍ 
പാടില്യായീം നിന്നൂന്നും വെച്ച് അവരുടെ കയ്യിന്ന് വാങ്ങി തിന്നണം എന്നില്ലല്ലോ '.

ഒന്ന് രണ്ട് ഇടങ്ങളില്‍ ചെല്ലാനുണ്ടെന്ന് പറഞ്ഞ് വേണു എഴുന്നേറ്റു. എനിക്കും ഒരു സ്ഥലം വരെ പോകാനുണ്ടെന്ന് കിട്ടുണ്ണിയും 
പറഞ്ഞു.

*************************************************************************************************************

പടി കടന്ന് പുറത്തിറങ്ങി. പെട്ടെന്ന് തന്നെ തിരിച്ചെത്തിയാല്‍ ചാമിക്ക് വല്ലതും തോന്നുമോ എന്ന് വേണു ഭയന്നു. ഇനി എന്ത് വേണമെന്ന് ആലോചിച്ചപ്പോഴാണ് നാണുമാമയുടെ വീട്ടിലേക്ക്ചെല്ലാമെന്ന തോന്നല്‍ മനസ്സിലെത്തിയത്.

പുഴയോട് കിന്നാരവും പറഞ്ഞ് നീണ്ട് നിവര്‍ന്ന് കിടക്കുന്ന പാതയിലൂടെ നടന്നു. കര കവിഞ്ഞ് ഒഴുകിയ പുഴ കൂട്ടുകാരനെ
ചെമ്മണ്ണ് പൂശിയിട്ടാണ് ഇറങ്ങി പോയിരിക്കുന്നത്. റോഡിലെ ചെറിയ കുഴികളിലെല്ലാം ചളിവെള്ളം നിറഞ്ഞിരിക്കുന്നു.

കൂനന്‍ പാറയുടെ ചുവട്ടിലെത്തുമ്പോഴേക്കും മഴ ചാറി തുടങ്ങി. വേണു കുട നിവര്‍ത്തി.  പാറയിലൂടെ ചെറിയ നീര്‍ച്ചാലുകളായി മഴവെള്ളം  കീഴോട്ട് ഉരുതി കളിക്കുന്നു. ഒരു കുടന്ന വെള്ളവുമായി വന്ന കാറ്റ് വേണുവിന്‍റെ മുഖം കഴുകി കടന്നു പോയി.

പടി തുറന്ന് അകത്തേക്ക് കേറി. ഉമ്മറത്ത് ആരേയും കാണാനില്ല. ഒന്ന് ചുമച്ച് ശബ്ദമുണ്ടാക്കി. അകത്ത് നിന്നും സരോജിനി വാതില്‍ക്കലെത്തി,

' അച്ഛാ, വേണ്വോട്ടന്‍ ' നിധി കിട്ടിയ സന്തോഷം അവളുടെ വാക്കുകളില്‍ തുളുമ്പി നിന്നിരുന്നു.

അകത്തു നിന്നും നാണു നായരെത്തി. മേലാകെ മൂടി പുതച്ചിരിക്കുന്നു.

' നീയെന്താ മുടി മുഴുവന്‍ ക്ഷൌരം ചെയ്ത് കളഞ്ഞത് ' എന്ന് അയാള്‍ ചോദിച്ചു, വേണു വെള്ളം വെടിയാനായി നനഞ്ഞ കുട
പിള്ളക്കോലായില്‍ വെച്ചിട്ട് അകത്തേക്ക് കയറി.

തിരുപ്പതിയിലേക്ക് ഓര്‍ക്കാപ്പുറത്ത് ചെന്നതും , തലെത്തലേന്നാള്‍ ഉച്ചക്ക് ഓപ്പോളുടെ വീട്ടിലെത്തിയതും , തലേന്ന് കളപ്പുരയിലേക്ക് താമസം മാറിയതും എല്ലാം വേണു വിവരിച്ചു,

കളപ്പുരയിലേക്ക് താമസം മാറുന്ന കാര്യം പത്മിനി അമ്മ പറഞ്ഞ് അറിഞ്ഞതായി നാണു നായര്‍ പറഞ്ഞു.

സരോജിനി ചായയുമായി എത്തി. സംഭാഷണത്തിന്നിടയില്‍  എഴുത്തശ്ശന്‍ കാണാനെത്തിയ കാര്യം വേണു പറഞ്ഞു.

' നല്ല തന്‍റേടം ഉള്ള ആളാണ് ' നായര്‍ കൂട്ടുകാരനെ കുറിച്ച് പറഞ്ഞു ' കൊല്ലും ന്ന് പറഞ്ഞ് ഒരാള് വന്നാല്‍ പറ്റുംച്ചാല്‍ ചെയ്തോ
എന്ന് പറയുന്ന പ്രകൃതം '. തുടര്‍ന്ന് എഴുത്തശ്ശന്‍റെ കഥ മുഴുവന്‍ അനാവരണം ചെയ്തു.

സമയം കടന്ന് പോയത് ആരും അറിഞ്ഞില്ല. ' ഇനി ഊണ് കഴിച്ചിട്ട് പോരേ വര്‍ത്തമാനം ' എന്നും പറഞ്ഞ് സരോജിനി വന്നു.

പുല്ലുപായ മടക്കിയിട്ട് ആണുങ്ങള്‍ ഉണ്ണാനിരുന്നു. സരോജിനി വിളമ്പിയിട്ട് മാറി നിന്നു. ' കൂട്ടാനൊക്കെ വേണ്വോട്ടന് ഇഷ്ടമായിട്ടുണ്ടാവില്ല ' എന്ന് അവള്‍ പറഞ്ഞു.

' നന്നായിട്ടുണ്ട്. ഒന്നാന്തരം ആയി '

സരോജിനിക്ക് മനസ്സ് നിറഞ്ഞു. ഇന്നലെ രാത്രി ഭക്ഷണത്തിന്ന് എന്താ കിട്ടീത് എന്നവള്‍ അന്വേഷിച്ചു. രാത്രിയും കാലത്തും ചാമി ഭക്ഷണം എത്തിച്ച കാര്യം വേണു പറഞ്ഞു.

' വേണ്വോട്ടന്‍ അങ്ങിനെ കഷ്ടപ്പെടണ്ടാ. ഞാന്‍ സമയത്തിന്ന് ഒക്കെ ഉണ്ടാക്കി തരാം '

അതൊക്കെ ബുദ്ധിമുട്ടാവുമെന്ന് വേണു പറഞ്ഞു. പോരാത്തതിന് കൂടെ ചാമിയുണ്ട്. എഴുത്തശ്ശനും കൂടെ കൂടാമെന്ന്
പറയുന്നുണ്ട്.

അതൊന്നും സാരമില്ല. എല്ലാരുക്കും വേണ്ട ആഹാരം ഉണ്ടാക്കാന്‍ തനിക്ക് സന്തോഷമേയുള്ളു എന്ന് സരോജിനി അറിയിച്ചു. വണ്ടിപ്പുര പണിയുന്ന സമയത്ത് എഴുത്തശ്ശന്‍ ഊണ് കഴിക്കാന്‍ വന്നിരുന്ന കാര്യം നാണു നായരും പറഞ്ഞു.

എന്നിട്ടും വേണു ഒന്നും പറഞ്ഞില്ല.

' ഞങ്ങള്‍ പാവങ്ങളായതു കൊണ്ടാവും വേണ്വോട്ടന്‍ മടി കാണിക്കുന്നത് അല്ലേ ' എന്ന് സരോജിനി ചോദിച്ചു. അവളുടെ വാക്കുകള്‍ ഒരു തേങ്ങലുപോലെ വേണുവിന്ന് തോന്നി.

' നിനക്ക് വേണ്ടി കഷ്ടപ്പെടാന്‍ ബാദ്ധ്യത ഉള്ളോരല്ലേ ഞങ്ങള് 'എന്ന് നാണു നായരു കൂടി ചോദിച്ചതോടെ വേണുവിന്ന് വാക്കുകള്‍ ഇല്ലാതായി.

സരോജിനിക്ക് വിഷമമില്ലെങ്കില്‍ തനിക്ക് വിരോധമൊന്നുമില്ലെന്നും മഴക്കാലം കഴിഞ്ഞാല്‍ ഇവിടെ വന്ന് കഴിച്ച് പോകാമെന്നും 
അതുവരെ ചാമി വന്ന് വാങ്ങിക്കൊണ്ട് വരുമെന്നും വേണു പറഞ്ഞു.

ഇത് വിലയായി കാണരുത്, സാധനങ്ങള്‍ വാങ്ങിച്ചോളൂ എന്നും പറഞ്ഞ് വേണു കുറച്ച് നോട്ടുകള്‍ നാണു നായരുടെ നേരെ നീട്ടി.

' ഒക്കെ അവളുടെ കയ്യില്‍ കൊടുത്തോ. നെനക്ക് കൊടുക്കാനും അവളക്ക് വാങ്ങാനും അധികാരം ഉണ്ട് '.

വേണു സരോജിനിയുടെ കയ്യില്‍ പണം കൊടുത്തു. അത് വാങ്ങി കണ്ണോട് ചേര്‍ത്ത് പിടിച്ച ശേഷം അവള്‍ വേണുവിന്‍റെ കാല് തൊട്ട് വന്ദിച്ചു.

' ഞാന്‍ ഇറങ്ങ്വാണ്. കാലത്തും ഉച്ചക്കും ചാമി വന്ന് ഭക്ഷണം വാങ്ങിക്കൊണ്ട് പോകും. രാത്രി ഞങ്ങള് മൂന്നാളും കൂടി കഞ്ഞി വെച്ച് കുടിക്കാം '.

' ഒക്കെ നിന്‍റെ ഇഷ്ടം പോലെ '.

' വേണ്വോട്ടന് രാവിലെക്ക് എന്താ ഉണ്ടാക്കേണ്ടത് ' എന്ന് സരോജിനി തിരക്കി.

സരോജിനി എന്ത് ഉണ്ടാക്കി കൊടുത്തയച്ചാലും താന്‍ അത് സന്തോഷത്തോടെ കഴിക്കും എന്ന് വേണു പറഞ്ഞത് അവളെ ആനന്ദിപ്പിച്ചു.

' മണി മൂന്ന് ആവാറായി. ഇനി ഞാന്‍ ചെല്ലട്ടെ ' എന്നും പറഞ്ഞ് വേണു കുടയും എടുത്ത് ഇറങ്ങി.

മഴക്കാറുകളെ വകഞ്ഞു മാറ്റി സൂര്യന്‍റെ കിരണങ്ങള്‍ ഭൂമിയിലേക്ക് പതിക്കാന്‍ തുടങ്ങി.

അദ്ധ്യായം 39.

കാലത്ത് എഴുന്നേറ്റ് പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞ് സ്റ്റൌവില്‍ കാപ്പിക്ക് വെള്ളം തിളക്കാന്‍ വെച്ച് ചാറല്‍ മഴയും നോക്കി വേണു
ഇരുന്നു. പേപ്പറും വാങ്ങിയിട്ട് വരാമെന്നും പറഞ്ഞ് ചാമി പോയിട്ടേ ഉള്ളു. കിടന്ന പായ ചുരുട്ടി ഒരു മൂലയില്‍ വെച്ചിട്ടുണ്ട്. നിത്യവും അങ്ങോട്ടും ഇങ്ങോട്ടും ഏറ്റിക്കൊണ്ട് നടക്കാന്‍ വയ്യാ എന്നും പറഞ്ഞ് വെച്ചതാണ്.

എത്ര വേഗത്തിലാണ് മനുഷ്യസ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുന്നത്. അടിസ്ഥാനപരമായി എല്ലാ മനുഷ്യരും നല്ലവരാണെന്ന തന്‍റെ തോന്നല്‍ 
ശരിയാണെന്ന് ഇപ്പോള്‍ ഒന്നുകൂടി ഉറപ്പായി. കാര്യസ്തന്‍ രാമന്‍ നായര്‍ പറഞ്ഞത് ചാമി ഒരു ശത്രുവിനെ പോലെയാണ് താനുള്‍പ്പടെ
ഉള്ളവരേയെല്ലാം കാണുന്നത് എന്നാണ്. ജന്മിയോടുള്ള തൊഴിലാളിയുടെ ഒടുങ്ങാത്ത പകയാണത്രേ അതിന്ന് പിന്നില്‍. പക്ഷെ എന്താണ് പിന്നീട് ഉണ്ടായത്. ഒരു പ്രാവശ്യമേ കണ്ടുള്ളു, സംസാരിച്ചു, അന്യോന്യം പരിചയപ്പെട്ടു. അനവധി കാലത്തെ ബന്ധമുള്ളതു പോലെയാണ് ഇന്നലെ അയാള്‍ പെരുമാറിയത്.

കാപ്പിപ്പൊടിയിട്ട് തീളപ്പിച്ച വെള്ളം അരിച്ചെടുത്തു. രണ്ട് സ്പൂണ്‍ പഞ്ചസാരയും പാല്‍പ്പൊടിയും ചേര്‍ത്ത് ആറ്റുമ്പോള്‍ മുറ്റത്ത് ആരുടേയോ ശബ്ദം. വന്ന് നോക്കുമ്പോള്‍ നല്ല അരോഗദൃഡഗാത്രനായ പ്രായം ചെന്ന ഒരാള്‍. വേണുവിന്ന് ആളെ മനസ്സിലായില്ല.
കാലന്‍ കുട മടക്കി വാതിലോരത്ത് ചാരി വെച്ചിട്ട് ആഗതന്‍ പടവിലേക്ക് കയറി നിന്നു.

' ഞാന്‍ കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ . ഇങ്ങോട്ട് താമസം മാറ്റുണൂന്ന് പത്മിനിയമ്മ പറഞ്ഞിരുന്നു '.

വേണുവിന്ആളെ മനസ്സിലായി. കളപ്പുരയില്‍ ചെന്നാല്‍ തന്‍റെ കാര്യം അന്വേഷിക്കാന്‍ നാണുമാമനേയും എഴുത്തശ്ശനേയും ഏല്‍പ്പിച്ച
വിവരം ഓപ്പോള്‍ പറഞ്ഞിരുന്നു.

' ഞാന്‍ അവിടെ വന്ന് കാണാനിരുന്നതാണ്. ചാമി വന്നിട്ട് അയാളേയും കൂട്ടി പോരാമെന്ന് വിചാരിച്ചു ' വേണു പറഞ്ഞു നിര്‍ത്തി.
എഴുത്തശ്ശനെ അകത്തേക്ക് കയറി ഇരിക്കാന്‍ ക്ഷണിക്കുകയും ചെയ്തു.

കേട്ട പോലെ തന്നെ. യോഗ്യനായ മനുഷ്യന്‍. സ്കൂള്‍ പഠിപ്പ് തീരും മുമ്പ് പണി തേടി നാടു വിട്ടു. പിന്നെ തന്നത്താന്‍ പഠിച്ച് വലിയ ആളായി. എന്നാലോ അതിന്‍റെ ഒരു ഭാവവും ഇല്ല. എഴുത്തശ്ശന്‍റെ മനസ്സില്‍ വേണുവിനെ കുറിച്ച് അഭിപ്രായം 
രൂപപെടുകയായിരുന്നു.

' ഇങ്ങിട്ട് വരുന്നതും കാത്ത് ഞങ്ങള്‍ ഇരിക്കുകയായിരുന്നു ' എഴുത്തശ്ശന്‍ പറഞ്ഞു ' ഇന്നലെ എപ്പളേ എത്തീത് '.

വേണു വിവരം പറഞ്ഞു.

' അപ്പൊ രാത്രീല് ഭക്ഷണത്തിന്ന് എന്താ ചെയ്തേ '

ചാമി സന്ധ്യക്ക് വരുമ്പോള്‍ ഹോട്ടലില്‍ നിന്ന് രണ്ടാള്‍ക്കുള്ള ടിഫിന്‍ പൊതിഞ്ഞു കൊണ്ടു വന്നു എന്നും ബുദ്ധിമുട്ടൊന്നും
തോന്നിയില്ല എന്നും വേണു അറിയിച്ചു.

' ഇന്നത്തെ കാര്യോ '

കാപ്പി ഉണ്ടാക്കി. ഇനി കുളത്തില്‍ ചെന്ന് വിസ്തരിച്ച് ഒന്ന് കുളിക്കണം . അത് കഴിഞ്ഞ് വന്ന് കുറച്ച് കഴിഞ്ഞാല്‍ പുറത്തിറങ്ങും.
എവിടെ നിന്നെങ്കിലും വല്ലതും കഴിക്കണം. പിന്നെ കിട്ടുണ്ണിയുടെ വീട്ടിലൊന്ന് കേറണം. ഇന്നലെ ഇങ്ങോട്ട് മാറിയ കാര്യം അവനോട് പറയാന്‍ പറ്റിയില്ല.

' എന്താ ഇങ്ങിനെ പറയുണത് എന്ന് തോന്നെണ്ടാ . അയാള് നമ്മളെ പോലെയൊന്നുമല്ല. തനിച്ച് ഒരു തന്‍ കാര്യകാരനാണ് '.

വേണു ഒന്ന് മൂളി. ഇതിനകം അയാള്‍ രണ്ട് ഗ്ലാസ്സില്‍ കാപ്പി പകര്‍ന്നെടുത്തു. ഒന്ന് എഴുത്തശ്ശന്ന് കൊടുത്ത് മറ്റേതുമായി ചാരുപടിയില്‍ ഇരുന്നു.

എഴുത്തശ്ശന്‍ കാപ്പി ഊതി കുടിച്ചു തുടങ്ങി. ഇതൊന്നും പതിവില്ലാത്തതാണ്. ഈ കുട്ടി സ്നേഹത്തോടെ തന്നത് വേണ്ടെന്ന് പറയാന്‍ പറ്റില്ലല്ലോ.

' ഞാന്‍ കഞ്ഞി വെക്കാറുണ്ട്. മൂന്ന് നേരം അതുതന്നെയാണ് ഭക്ഷണം. വിരോധമില്ലെങ്കില്‍ എന്‍റെ കൂടെ കൂടാട്ടോ '.

അതിനെന്താ വിരോധം എന്ന് വേണു ഭംഗിവാക്ക് പറഞ്ഞു. ഭക്ഷണത്തിന്‍റെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യണം. കുറെ കാലം
തന്നത്താന്‍ വെച്ച് കഴിച്ചിട്ടുണ്ട്. വേണച്ചാല്‍ ഇനിയും അതാവാം.

' പിന്നെ പുഴക്ക് ഇക്കരെ ഈ ഭാഗത്ത് നമ്മള് രണ്ട് മനുഷ്യ ജീവികളെ ഉള്ളു. ബാക്കി ഉള്ളോരൊക്കെ മലടെ ചോട്ടിലാണ് '.

വേണു തലയാട്ടി.

' ഒരു വരമ്പിന്‍റെ ദൂരേള്ളു നമ്മള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ക്ക്. അന്യോന്യം ഒരു ശ്രദ്ധയൊക്കെ വേണം. എന്ത് ആവശ്യം
ഉണ്ടെങ്കിലും പറയാന്‍ മടിക്കണ്ടാ '.

' ശരി '

' എത്ര കാലം ഞാന്‍ ഉണ്ടാവുംന്ന് പറയാന്‍ പറ്റില്ല. വയസ്സ് എണ്‍പത്താറായി. ഇരിക്കിണ കാലം ഒരു വീട് പോലെ കൂടാല്ലേ '.

വേണു സമ്മതിച്ചു. എന്നാല്‍ പിന്നെ വരാമെന്നും പറഞ്ഞ് എഴുത്തശ്ശന്‍ കാലന്‍ കുടയും എടുത്ത്നടന്നു.

*************************************************************************************

പിറ്റേന്ന് ഉച്ചക്ക് മുമ്പ് രാധാകൃഷ്ണന്‍ , വേലായുധന്‍കുട്ടി ഒപ്പിട്ട രശീതിയുമായി രാഘവനെ സമീപിച്ചു. അയാളത് വായിച്ചു നോക്കി.

' ഇതിന്‍റെ ഒന്നും ആവശ്യം ഉണ്ടായിരുന്നില്ല. നിങ്ങളുടെ പോക്കണക്കേട് കൊണ്ടാണ് ഇതൊക്കെ വേണ്ടി വന്നത് '

രാധാകൃഷ്ണന്‍ അത് സമ്മതിച്ചു.

' ഞങ്ങള്‍ക്കും അപ്പനും അമ്മയും ഭാര്യയും ഒക്കെയുണ്ട്. എവിടെയെങ്കിലും വല്ല കുഴപ്പൂം ഉണ്ടോ. ഇല്ല. ഒക്കെ ഓരോരുത്തരുടെ സ്ഥാനത്ത് വെക്കണം. വേലായുധന്‍കുട്ടിക്ക് അത് അറിയില്ല '.

മേലാല്‍ എല്ലാറ്റിലും തന്‍റെ കണ്ണും ശ്രദ്ധയും ഉണ്ടായിരിക്കുമെന്ന് രാധാകൃഷ്ണന്‍ അറിയിച്ചു.

' എങ്കില്‍ നിങ്ങള്‍ക്ക് തന്നെ നല്ലത് '. കിട്ടുണ്ണിമാഷേയും കൂട്ടി എഴുത്തശ്ശനെ ചെന്ന് കണ്ട് താക്കോല് വാങ്ങാമെന്നും നാല് മണിക്ക് ശേഷം വന്ന് താക്കോല് വാങ്ങി പൊയ്ക്കോ എന്നും പറഞ്ഞ് രാഘവന്‍ അവനെ അയച്ചു.

പറഞ്ഞ് സമയത്ത് തന്നെ രാധാകൃഷ്ണന്‍ ഹാജരായി. അതിന്ന് മുമ്പ് രാഘവനും കിട്ടുണ്ണി മാഷും കൂടി എഴുത്തശ്ശനെ ചെന്ന്
കണ്ടിരുന്നു. രശീതി വാങ്ങി മടക്കി പഴയൊരു ട്രങ്ക്പെട്ടിക്കുള്ളില്‍ വെച്ചു. അതില്‍ സൂക്ഷിച്ച് വെച്ചിരുന്ന താക്കോല്‍ എടുത്ത്
മദ്ധ്യസ്ഥരെ ഏല്‍പ്പിച്ചു.

' ഞങ്ങളെന്തെങ്കിലും പറയാനോ ചെയ്യാനോ ഉണ്ടോ ' എന്ന് രാഘവന്‍ ചോദിച്ചു.

' ഉണ്ട് ' എഴുത്തശ്ശന്‍ പറഞ്ഞു ' നാളെ മേലാലിക്ക് കഴിഞ്ഞതൊക്കെ മറന്ന് ലോഹ്യത്തിലാവണം എന്നും പറഞ്ഞ് എന്‍റടുത്ത്
വരരുത് '.

താക്കോല്‍ രാധാകൃഷ്ണനെ ഏല്‍പ്പിക്കുമ്പോള്‍ ' നിങ്ങളുടെ കുടുംബകാര്യം പറഞ്ഞ് ഇനി ഒരിക്കലും ഇങ്ങോട്ട് വരരുത് ' എന്ന്
രാഘവന്‍ തറപ്പിച്ച് പറഞ്ഞു.

താക്കോലുമായി ചെന്നതും വീട്ടിലേക്ക് പോവാന്‍ ഒരുങ്ങിക്കൊള്ളാന്‍ അച്ഛനോടും അമ്മയോടും പറഞ്ഞു.

' ഇന്ന് ഇപ്പൊ നേരം ഇത്രയായില്ലേ. തൃസന്ധ്യ നേരത്ത് ഞാന്‍ ഇവിടുന്ന് ഇറങ്ങില്ല ' എന്ന് മാധവി പറഞ്ഞു.

' നിങ്ങള് നേരൂം മുഹൂര്‍ത്തൂം ഒക്കെ നോക്കി സൌകര്യം പോലെ വന്നോളിന്‍ . ഞാന്‍ ഇപ്പോള്‍ അങ്ങോട്ട് പോകും ' തിരിഞ്ഞ് വേലായുധന്‍ കുട്ടിയെ നോക്കി ' നിങ്ങള് അച്ചി വീട്ടില്‍ കൂടുന്നൂച്ചാല്‍ കൂടിക്കോളിന്‍. അല്ലെങ്കിലോ ഈ നിമിഷം എന്‍റൊപ്പം 
ഇറങ്ങണം '.

വേലായുധന്‍കുട്ടി അകത്ത് ചെന്ന് തന്‍റെ സാധനങ്ങള്‍ അടങ്ങിയ ബാഗുമായി തിരിച്ചെത്തി. അവര്‍ പടവുകള്‍ ഇറങ്ങുമ്പോള്‍ ' ഒരു
മിനുട്ട് നില്‍ക്കിന്‍. ഞാനും പോരുന്നു ' എന്ന് മാധവി പറഞ്ഞു.

ഇതെല്ലാം നോക്കി അമ്മാമന്മാര്‍ പൂമുഖത്ത് ഇരിപ്പുണ്ട്. രാധാകൃഷ്ണന്‍ അവരുടെ അടുത്ത് ചെന്നു.

' ഞങ്ങളുടെ വീട്ടില്‍ പല പല പ്രശ്നങ്ങള്‍ ഉണ്ടാവും. അപ്പോഴൊക്കെ അമ്മ ചാടി പുറപ്പെട്ട് ഇങ്ങോട്ട് പോന്നാല്‍ അവരുടെ മുമ്പില്‍ പടി കൊട്ടി അടക്കണം. കെട്ടിച്ചു വിട്ട പെണ്ണിന് പിന്നെ തറവാട്ടില്‍ സ്ഥാനം ഇല്ല എന്ന് അറിയാലോ. വരുമ്പോഴൊക്കെ
സ്വീകരിക്കാന്‍ നിന്നാല്‍ പെങ്ങള് ഒത്ത കൂത്ത്പോലെ നടക്കും '.

ആരും ഒന്നും പറഞ്ഞില്ല. മാധവി ഇറങ്ങി വന്ന് കാറില്‍ കയറി. വേലായുധന്‍കുട്ടിയുടെ കയ്യില്‍ നിന്നും താക്കോല്‍ വാങ്ങി
രാധാകൃഷ്ണന്‍  കാറ് സ്റ്റാര്‍ട്ടാക്കി.

വാഹനം മുന്നോട്ട് നീങ്ങിയപ്പോള്‍ അവന്‍റെ ചുണ്ടില്‍ ഒരു ചിരി പടര്‍ന്നു. വേലായുധന്‍കുട്ടി മുമ്പിലെ സീറ്റില്‍ ചാരികിടന്നു. വലിയൊരു ഭാരം ഇറക്കി വെച്ചത് പോലെ അയാള്‍ക്ക് തോന്നി.

കാറിന്‍റെ ചില്ലില്‍ വീണു പൊട്ടി ചിതറുന്ന മഴത്തുള്ളികളെ വൈപ്പര്‍ തട്ടി മാറ്റിക്കൊണ്ടിരുന്നു.

Monday, January 11, 2010

അദ്ധ്യായം.38

വിശ്വനാഥന്‍ വക്കീലിനെ കാണാന്‍ നാണു നായര്‍ പോയ മുതല്‍ സരോജിനി വേണ്വോട്ടന്‍റെ വിശേഷങ്ങള്‍ അറിയാന്‍ 
കാത്തിരിക്കുകയായിരുന്നു. പത്മിനി അമ്മയുടെ വീട്ടിലേക്ക് പോയിരിക്കുകയാണെന്ന് അച്ഛന്‍ പറഞ്ഞതാണ്. നിഴല് പോലെ
ഒന്ന് മിന്നി മറഞ്ഞ് കടന്നു പോയി. ഓരോ ദിവസവും വരുമെന്ന് വിചരിച്ച് കാത്തിരുന്നത് മിച്ചം.

സരോജിനി ഒരു നിമിഷം മാറി ചിന്തിക്കാന്‍ തുടങ്ങി. എന്തിനാണ് വേണ്വോട്ടനെ കുറ്റം പറയുന്നത്. തന്‍റെ മനസ്സില്‍ തോന്നുന്ന പോലെ ഇങ്ങോട്ട് അത്തരത്തില്‍ ഒരു സ്നേഹം ഇല്ലെങ്കിലോ. ഇതൊക്കെ മനസ്സിന്‍റെ വെറും തോന്നലുകള്‍ മാത്രം ആണെങ്കിലോ.
ആ തരത്തില്‍ തനിക്ക് ഒരിക്കലും ചിന്തിക്കാന്‍ കഴിയില്ലെന്ന് സരോജിനിക്ക് ബോദ്ധ്യമായി.

എല്ലാം അച്ഛന്‍ വരുത്തിയ വിനയാണ്. എന്നെങ്കിലും വേണു വന്നാല്‍ അവനെക്കൊണ്ട് സരോജിനിയുടെ കഴുത്തില്‍ താലി കെട്ടിക്കും , തന്‍റെ വാക്ക് അവന്‍ തട്ടി കളയില്ല എന്നൊക്കെ പറയുന്നത് കേട്ട് മനസ്സില്‍ പൊട്ടി മുളച്ച ഒരു ആഗ്രഹം. മുങ്ങി
താഴാന്‍ പോകുന്ന നേരത്ത് ഒരു വൈക്കോല്‍ തുമ്പില്‍ പിടി കിട്ടിയ മാതിരിയായിരുന്നു.

കുറച്ച് നാളായി എഴുത്തശ്ശനും ഇങ്ങോട്ടൊന്നും വരാറില്ല. അയാള്‍ വണ്ടിപ്പുരയിലേക്ക് താമസം മാറ്റിയ അന്ന് തുടങ്ങിയതാണ് തോരാത്ത മഴ. അച്ഛന്‍ അമ്പലകുളത്തില്‍ കുളിക്കാന്‍ പോകുന്നത് നിര്‍ത്തി. മഴ ഇല്ലാത്ത നേരം നോക്കി അയ്യര്‍കുളത്തില്‍
ചെന്നൊന്ന് മുങ്ങീട്ട് വരും. ഇടയ്ക്ക് രണ്ട് ദിവസം ' എനിക്ക് കുളിരുണൂ ' എന്നും പറഞ്ഞ് അതും മുടക്കി. മഴ കൊണ്ട് വല്ല പനീം വന്നാലോ എന്ന് ആലോചിച്ച് മേല്‍ കഴുകാന്‍ ഇത്തിരി ചുടുവെള്ളം പട്ട കത്തിച്ച് ഉണ്ടാക്കി കൊടുത്തു.

ആകാശം വീണ്ടും കരി പിടിച്ച കമ്പിറാന്തലിന്‍റെ ചില്ലുപോലെ മൂടിക്കെട്ടി. ഇന്നലെ ഉച്ചക്ക് ശേഷം തീരെ മഴ പെയ്തിരുന്നില്ല. അതാണ് അച്ഛനും എഴുത്തശ്ശനും കൂടി രാവിലെ തന്നെ വക്കീലിനെ കാണാന്‍ പോയത്. ഉണ്ണാറാവുമ്പഴക്കും എത്താന്ന്
പറഞ്ഞിട്ടുണ്ട്. ചിലപ്പൊ എഴുത്തശ്ശനും ഉണ്ണാനുണ്ടാവും. എന്തെങ്കിലും ഉണ്ടാക്കി വെക്കണം.

തൊടിയില്‍ നിന്ന് കിളച്ചെടുത്ത ചേമ്പിന്‍ കിഴങ്ങുണ്ട്. മഴ വന്ന ശേഷം അച്ഛന്‍ സംഭാരം കുടിക്കുന്നത് നിര്‍ത്തിയതുകൊണ്ട് മോരും
ഇരിപ്പുണ്ട്. കുമ്പളങ്ങ കഷ്ണവും ചേമ്പിന്‍ കിഴങ്ങും ചേര്‍ത്ത് ഒരു മോരു പാര്‍ന്ന കൂട്ടാനുണ്ടാക്കാം. രണ്ടാമതിന് പച്ച മത്തന്‍ 
കൊണ്ട് ഒരു ഓലനും. സരോജിനി അടുക്കളയിലേക്ക് കയറി.

പത്തര മണിക്കുള്ള വിമാനം കാര്‍മേഘങ്ങള്‍ക്കിടയിലൂടെ പറന്നു പോയി. ചോറും കൂട്ടാനും ഉണ്ടാക്കി സരോജിനി കുളിക്കാന്‍
പുറപ്പെട്ടു. തിരുമ്പാനൊന്നും എടുക്കുന്നില്ല. മഴ പെയ്യും മുമ്പ് തിരിച്ചെത്തണം. കുളത്തിന്‍റെ തെക്കേ അറ്റത്ത് ആരോ പോത്തിനെ
തേച്ച് കഴുകുന്നു. എത്ര പറഞ്ഞാലും മനുഷ്യന്മാര് കുളിക്കുന്ന കുളത്തിലേ ഇവരൊക്കെ കന്നിനെ കഴുകൂ. പത്തടി അധികം 
നടന്നാല്‍ പുഴയായി. ആരക്കും ഉപദ്രവം ഉണ്ടാക്കാണ്ടെ കന്നിനെ കഴുകാം.

കുളി കഴിയുന്ന നേരം നോക്കി മഴ തുടങ്ങി. ഈറന്‍ തുണി വാരി ചുറ്റി. തോര്‍ത്ത് തലയിലൂടെ ഇട്ടു. ചരല് വാരി മുഖത്ത് എറിയുന്ന പോലെ മഴ പെയ്യുന്നു. സോപ്പും എടുത്ത് വേഗത്തില്‍ വീട്ടിലേക്ക് നടന്നു. ദൂരെ നിന്നു തന്നെ പടി തുറന്നിട്ടത് കണ്ടു. അച്ഛന്‍ എത്തിയിട്ടുണ്ടാവും.

പിള്ള കോലായില്‍ കൂട്ടുകാര്‍ ഇരിക്കുന്നു. സരോജിനി സോപ്പുപെട്ടിയില്‍ നിന്ന് താക്കോലെടുത്ത് വാതില്‍ തുറന്നു. ' നല്ലോണം
തല തോര്‍ത്ത് . വല്ല ചീരാപ്പും വരണ്ടാ ' എന്ന് നാണു നായര്‍ മകളോട് പറഞ്ഞു.

ഈറന്‍ മാറുന്ന നേരത്ത് പുറത്ത് നിന്നുള്ള സംഭാഷണം സരോജിനിയുടെ ചെവിയിലെത്തി. ആരോ താമസം മാറുന്ന കാര്യമാണ് സംസാരിക്കുന്നത്. നനഞ്ഞ മുടി നന്നായി തുവര്‍ത്തിയ ശേഷം ഇഴകള്‍ വേര്‍പെടുത്തിക്കൊണ്ട് സരോജിനി പുറത്തേക്ക് വന്നു.

' ആരാ അച്ഛാ താമസം മാറ്റുന്നത് ' എന്ന് അവള്‍ ചോദിച്ചു.

' നമ്മടെ വേണു കളപ്പുരയിലേക്ക് താമസം മാറ്റുണൂത്രേ '.

' അവിടെ ഒറ്റക്ക്യോ '.

' അല്ലാതെ പിന്നെ. അവന് പെണ്ണും കുട്ടീം ഒന്നുല്യാന്ന് നെനക്കറിയില്ലേ '.

അനുജന്‍റെ എല്ലാ കാര്യവും നോക്കി നടത്താന്‍ പത്മിനിയമ്മ തങ്ങളെ ഏല്‍പിച്ചിട്ടുണ്ടെന്ന് എഴുത്തശ്ശനും പറഞ്ഞു.

ദാഹിച്ച് തൊണ്ട വരണ്ട്, ഒരിറക്ക് വെള്ളത്തിന്ന് കൊതിച്ചു നില്‍ക്കുന്നവന് ഒരു തടാകം കൈവന്നപോലെ സരോജിനിക്ക് തോന്നി.

*************************************************************************************************************
രാധകൃഷ്ണന്‍ തിരിച്ചെത്തിയപ്പോള്‍ കേട്ട വര്‍ത്തമാനങ്ങള്‍ അയാളെ അമ്പരപ്പിച്ചു. സംഗതികള്‍ ഒന്നു കൂടി വഷളായിരിക്കുകയാണ്. കാരണോര് വന്ന് തെറ്റ് പറയാതെ ആ വീടിന്‍റെ പടി ചവിട്ടില്ല എന്ന നിലപാടില്‍ തന്നെയായിരുന്നു മാധവി.

വേലായുധന്‍കുട്ടിക്ക് കുറച്ചൊരു മനസ്സമാധാനമായി. ഇനി മുതല്‍ തന്‍റെ ഭാഗം കേള്‍ക്കാന്‍ മകനെങ്കിലും കൂടെ ഉണ്ടല്ലോ.
കൃഷ്ണനുണ്ണി മാസ്റ്ററും രാഘവനും കൂടി അച്ഛനെ കാണാന്‍ ചെന്നതും , അയാള്‍ അവരോട് പറഞ്ഞ വര്‍ത്തമാനവും  ഒക്കെ അയാള്‍ മകനെ അറിയിച്ചു.

' എന്നിട്ട് അച്ഛന്‍ എന്താ നിശ്ചയിച്ചത് ' എന്ന് രാധാകൃഷ്ണന്‍ അന്വേഷിച്ചു.

' ഞാനെന്താ ചെയ്യാ. നിന്‍റെ അമ്മ ഒരേ വാശിയിലാണ്. മുത്തശ്ശന്‍ ഇവിടെ വന്ന് മാപ്പ് പറയാതെ അങ്ങോട്ടില്ല എന്നാണ് ഇപ്പഴും
പറയിണത് '.

' ഈ അമ്മക്ക് പ്രാന്താ. അതും പറഞ്ഞും കൊണ്ടിരുന്നാല്‍ ഇരിക്ക്യേന്നേ ഉണ്ടാവൂ '.

' പിന്നെ ഞാനെന്താ വേണ്ടതേന്ന് നീ തന്നെ പറ '.

താന്‍ അമ്മയോട് ഇതേ കുറിച്ച് സംസാരിച്ചോളാമെന്നും, ബന്ധുവീട്ടില്‍ അധിക ദിവസം കൂടുന്നത് വില കെട്ട ഏര്‍പ്പാടാണെന്നും , അച്ഛന്‍ കൂട്ടുകാര്‍ മുഖാന്തിരം ഒരു രശീതി ഒപ്പിട്ട് കൊടുത്ത് വീടിന്‍റെ താക്കോല്‍ വാങ്ങണമെന്നും, വിളിക്കുമ്പോള്‍ കൂടെ വരാന്‍
അമ്മ തയ്യാറായില്ലെങ്കില്‍ അവരെ ഇവിടെ വിട്ടിട്ട് നമ്മള്‍ രണ്ടാളും പോകുമെന്നും രാധാകൃഷ്ണന്‍ വേലായുധന്‍കുട്ടിയോട് തന്‍റെ തീരുമാനം അറിയിച്ചു.

മകന്‍ അമ്മയോട് കാര്യങ്ങള്‍ സംസാരിച്ചു. ' എന്‍റെ പേര് മാധവീന്നാണെങ്കില്‍ അയാള് വന്ന് തെറ്റ് പറഞ്ഞല്ലാണ്ടെ ഞാന്‍ ഇനി അങ്ങോട്ട് ഇല്ല ' എന്ന് മാധവി തറപ്പിച്ച് പറഞ്ഞു.

' നിങ്ങള്‍ക്ക് ശുദ്ധ നൊസ്സാണ്. അയാള് വേറെ വണ്ടിപ്പുര ഉണ്ടാക്കി അങ്ങോട്ട് താമസം മാറി. നമ്മളെ ആരേയും കാണണ്ടാന്നാ അയാള് പറയിണത്. പിന്നെ നിങ്ങളെ വന്ന് കണ്ട് കാല് പിടിക്കാന്‍ വേറെ വല്ലോരീം നോക്കണം '.

എങ്കില്‍ താന്‍ വരില്ലാ എന്ന് മാധവി പറഞ്ഞതോടെ മകന്‍റെ ഭാവം മാറി.

' നിങ്ങള്‍ക്ക് പണ്ടേ കുറച്ച് കൂടുതലുണ്ട്. അത് അച്ഛന്‍റെ കൊള്ളരുതായ്മ കൊണ്ടാണ്. അടിച്ച് ഏപ്പക്കുറ്റി മൂളിച്ചാല്‍ നിങ്ങടെ സൂക്കട് നില്‍ക്കും. ആ പാവത്തിന് അതിന് കഴിവില്ല. അതാണ് നിങ്ങള്‍ ഇത്ര മേപ്പട്ട് പോണത്. ഒരു കാര്യം ഞാന്‍ പറയാം. താക്കോല് വാങ്ങി ഞാന്‍ അച്ഛനേയും കൂട്ടി അങ്ങോട്ട് പോകും. അമ്മാമന്‍മാരുടെ സൌജന്യത്തില്‍ കൂടാന്‍ എന്നെ കിട്ടില്ല '.

' പിന്നെ ഞാന്‍ എന്താ വേണ്ടത് ?'

' വേണച്ചാല്‍ ഞങ്ങളുടെ കൂടെ അങ്ങോട്ട് വരാം. അല്ലെങ്കിലോ ഇവിടെ തന്നെ കൂടിക്കോളിന്‍. അവര് ആട്ടി വിടുമ്പോള്‍ അങ്ങോട്ട് പോന്നോളിന്‍. എപ്പൊഴായാലും ഇനി അങ്ങോട്ടേക്ക് വന്നാല്‍ ഇതുവരെ കഴിഞ്ഞ പോലെ കഴിയാനൊന്നും  പറ്റില്ല. ഞാന്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അത് അനുസരിച്ച് അടങ്ങി ഒതുങ്ങി കഴിഞ്ഞോളണം'.

'പിന്നെ പിന്നെ ' എന്ന് ഗമയില്‍ പറഞ്ഞുവെങ്കിലും മറ്റൊരു മാര്‍ഗ്ഗവും തന്‍റെ മുമ്പില്‍  ഇല്ലെന്ന് മാധവിക്കും ബോദ്ധ്യമായി.

മകന്‍ അച്ഛനോടും അന്ന് അറത്ത് മുറിച്ച് സംസാരിച്ചു.

' സത്യം പറഞ്ഞാല്‍ എനിക്ക് നിങ്ങളുടെ അച്ഛനോട് ഇപ്പോള്‍ ബഹുമാനമാണ് തോന്നുന്നത്. അയാള് ഈ എണ്‍പത്താറാമത്തെ വയസ്സിലും  ആണത്തം കാട്ടി. അങ്ങേര്‍ക്ക് എങ്ങിനെ നിങ്ങളെ പോലെ ഒരു മണ്ണുണ്ണി ഉണ്ടായീ എന്നാ എന്‍റെ സംശയം '.

വേലായുധന്‍കുട്ടി തല താഴ്ത്തി. മകനാണെങ്കിലും കാര്യം പറയുമ്പോള്‍ അംഗീകരിക്കണം. തന്‍റേടത്തോടെ പെരുമാറേണ്ട സമയത്തൊക്കെ താന്‍ തികഞ്ഞ പരാജയമായിരുന്നു. ഭാര്യയോടുള്ള അമിതമായ സ്നേഹം അവളെ എതിര്‍ക്കുന്നതില്‍ നിന്ന്
വിലക്കിയിരുന്നു.

' ഞാന്‍ അച്ഛനെ വേദനിപ്പിക്കാന്‍ പറയുന്നതല്ല ' രാധാകൃഷ്ണന്‍ പറഞ്ഞു ' ഭാര്യയേയും മക്കളേയും ഒരു ലെവലില്‍ നിര്‍ത്തണം.
അല്ലെങ്കില്‍ അവര് കേറി ഭരിക്കും. അത് കണ്ടിട്ട് കണ്ടില്ലാന്ന് നടിക്കേണ്ടീം വരും '.

അന്നു തന്നെ രാധാകൃഷ്ണന്‍ രാഘവനേയും കൃഷ്ണനുണ്ണി മാസ്റ്ററേയും ചെന്നു കണ്ടു. പിറ്റേന്ന് താന്‍ അച്ഛനെക്കൊണ്ട് രശീതി
ഒപ്പിട്ട് വാങ്ങി കൊണ്ടു വരാമെന്നും, വീടിന്‍റെ താക്കോല്‍ വാങ്ങിച്ച് തരണമെന്നും ആവശ്യപ്പെട്ടു.

ഇവന്‍ ആള് മോശക്കാരനല്ലെന്ന് ഇരുവര്‍ക്കും തോന്നി.

അദ്ധ്യായം 37

മിഥുന മാസം അവസാനിക്കാന്‍ മൂന്നേ മൂന്ന് ദിവസമേ ബാക്കിയുള്ളു. അന്ന് വരെ വേണു എത്തിയിട്ടില്ല. കര്‍ക്കിടകമാസം
തുടങ്ങിയാല്‍ താമസം മാറാന്‍ പാടില്ല. ഈശ്വര കാര്യങ്ങള്‍ക്കൊക്കെ കര്‍ക്കിടകം വിശേഷമാണ്. കര്‍ക്കിടക സംക്രാന്തിക്ക്
ചേട്ടയെ കളയും. പിറ്റേന്ന് മുതല്‍ കാലത്ത് ശിവോതിയെ വെക്കും. ഒരു മാസം കൊണ്ട് രാമായണം വായിച്ച് കാലം കൂട്ടും. എന്നിരുന്നാലും, ഗൃഹപ്രവേശം, വിവാഹം തുടങ്ങിയ കര്‍മ്മങ്ങളൊന്നും കര്‍ക്കിടക മാസത്തില്‍ നടത്താറില്ല.

' തിടുക്കപ്പെട്ട് താമസം മാറ്റണം എന്നും പറഞ്ഞ് മദിരാശിയിലേക്ക് പോയവന്‍ ആ കാര്യം മറന്നൂന്ന് തോന്നുന്നു. ഇനി വന്നിട്ട് എപ്പഴാ കളപ്പുരയിലേക്ക് മാറുണത്. സമയത്തിന്ന് വന്നില്ലെങ്കില്‍ ചിങ്ങമാസത്തില്‍ മാറിക്കോട്ടേ, അപ്പഴാണെങ്കില്‍ മഴക്കാലൂം
തീര്വോലോ ' എന്ന് പത്മിനി തീരുമാനിച്ചു.

ഉച്ചയോടെ വേണു എത്തി. തല മുണ്ഡനം ചെയ്തിരിക്കുന്നു. വന്നപാടെ ' ഇതെന്താ ഇങ്ങിനെ ഒരു വേഷം. എന്തേ ഇത്ര ദിവസം
വൈകീത് ' എന്നൊകെ ഓപ്പോള്‍ അന്വേഷിച്ചു. കൂടെ പണിയെടുത്ത ചിലരോടൊപ്പം താന്‍ തിരുപ്പതിയില്‍ പോയിരുന്നുവെന്നും 
അതാണ് വരാന്‍ വൈകാനും തല മൊട്ടയടിക്കാനും കാരണമെന്നും വേണു അറിയിച്ചു. ' നിന്‍റെ ഓരോ ഇതേ ' എന്ന് പത്മിനി പറയുകയും ചെയ്തു.

താന്‍ കളപ്പുരയിലേക്ക് എപ്പോഴാണ് താമസം മാറേണ്ടത് എന്ന് വൈകുന്നേരം വേണു അന്വേഷിച്ചു. ' ഇതാപ്പൊ നന്നായത്. എപ്പൊഴാ പോണ്ടതെന്ന് നീയല്ലേ നിശ്ചയിക്കേണ്ടത് ' പത്മിനി പറഞ്ഞു ' പക്ഷെ ഒരു കാര്യം ഉണ്ട്ട്ടോ. ഈ മാസം ഇനി രണ്ടേ രണ്ട് ദിവസ്സേ ബാക്കീള്ളു. കര്‍ക്കിടകമാസം പിറന്നാല്‍ പോവാന്‍ പറ്റില്ല. പിന്നെ ചിങ്ങ മാസത്തിലേ താമസം മാറുന്ന കാര്യം
ആലോചിക്കേണ്ടു '.

എങ്കില്‍ നാളെ തന്നെ കളപ്പുരയിലേക്ക് മാറുന്നൂ എന്ന് വേണു പറഞ്ഞു. ' എനിക്ക് ഒന്നും പറയാനാവില്യേ, എന്താച്ചാല്‍ നീ
ചെയ്തോ ' എന്ന ഒരു അര്‍ദ്ധസമ്മതം വേണുവിന് കിട്ടി. പോവും മുമ്പ് തനിക്ക് ഒരു സ്റ്റൌവ്, കുറച്ച് പഞ്ചസാര, കാപ്പി
പ്പൊടി,പാല്‍പ്പൊടി എന്നിവയൊക്കെ വാങ്ങാനുണ്ടെന്ന് വേണു അറിയിച്ചു. കാലത്ത് ഒരു കാപ്പി കുടിക്കുന്ന ശീലമുണ്ട്.

' എന്നിട്ട് നീ ഇവിടെ വന്നതില്‍ പിന്നെ കപ്പി കുടിച്ചിട്ടേ ഇല്ലല്ലോ. എപ്പഴും ചായ തരും . നീ അത് വാങ്ങി കുടിക്കും ചെയ്യും '.

ഒരു സ്ഥലത്ത് ചെന്നാല്‍ അവിടുത്തെ സൌകര്യത്തിന്ന് ഒത്ത് ജീവിക്കണമെന്നും , സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അവീടെ സ്ഥാനം 
കൊടുക്കാന്‍ പാടില്ലെന്നും തോന്നലുള്ളതുകൊണ്ടാണ് ഒന്നും പറയാതിരുന്നത്. ഒലവക്കോട് വന്ന് വണ്ടി ഇറങ്ങി ഒരു കപ്പ് കാപ്പി
കുടിച്ച ശേഷം പിന്നെ തിരിച്ച് പോവുമ്പോഴാണ് കാപ്പി കുടിച്ചതെന്ന് വേണു പറഞ്ഞു.

' എന്നാലും സ്വന്തം പെങ്ങളുടെ വീട് അന്യ സ്ഥലമായി നീ കണക്കാക്കിയല്ലോ ' എന്ന് പത്മിനി പരിഭവം പറഞ്ഞു.

പിറ്റേന്ന് തന്നെ വേണു കളപ്പുരയിലേക്ക് പുറപ്പെട്ടു. ' ഒരു ചെറിയ നിലവിളക്കും കൂടി കൊണ്ടു പൊയ്ക്കോ. സന്ധ്യക്ക് കത്തിച്ച് വെക്കാലോ ' എന്ന് പത്മിനി പറഞ്ഞു. ഉള്ളില്‍ സദാ ഒരു ദീപം എരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മറ്റൊന്ന് വേണോ എന്ന് ചിന്തിച്ചുവെങ്കിലും വേണു അത് പറഞ്ഞില്ല.

*************************************************************************************
വേണു മദിരാശിയിലേക്ക് പോയ ശേഷം രാമന്‍ നായരെ കാണുമ്പോഴൊക്കെ ' എന്നാ മുതലാളി ഇങ്ങിട്ട് വര്വാ ' എന്ന് ചാമി ചോദിക്കാന്‍ തുടങ്ങി. കൃഷി സ്ഥലം കാണാന്‍ ഇങ്ങോട്ട് വരുന്ന കാര്യം പറഞ്ഞപ്പോള്‍ തര്‍ക്കുത്തരം പറഞ്ഞവനാണ്. ഇനി മനസ്സില്‍ എന്ത് കണ്ടിട്ടാണാവോ ഈ അന്വേഷണം.

'അയാള് സൌകര്യൂള്ളപ്പോള്‍ വരട്ടെടാ, നമുക്കെന്താ ' എന്ന് നായര്‍ ചോദിച്ചത് ചാമി കേട്ടില്ലെന്ന് നടിച്ചു. ഇനി അതിനെ കുറിച്ച് ഒന്നും രണ്ടും പറഞ്ഞ് വാക്ക് തര്‍ക്കം ഉണ്ടാക്കണ്ടാ. തന്‍റെ സ്വഭാവ ഗുണം മുതലാളി അറിയരുത്.

പണി മാറി കുറച്ച് നേരത്തെ പോകാമെന്ന് കരുതി. മക്കളും കുട്ട്യേളും ഒന്നും ഇല്ലാത്ത പാറുവമ്മ പനി പിടിച്ച് കിടപ്പാണ്. ഒരു മനുഷ്യന്‍ തിരിഞ്ഞു നോക്കാനില്ല. എന്തെങ്കിലും മരുന്നും കുറച്ച് കഞ്ഞിടെ വെള്ളൂം അതിന് കൊണ്ടു കൊടുക്കണം. ലക്ഷ്മിക്കുട്ടി മോന്ത്യാവുമ്പോഴേക്ക് കഞ്ഞി വെച്ചിട്ടുണ്ടാവും.

കൈക്കോട്ട് കളപ്പുരയില്‍ വെച്ച് തിരിയുമ്പോള്‍ രാമന്‍ നായര്‍ നില്‍ക്കുന്നു. ഉച്ചക്ക് മടങ്ങി പോയ ആളാണ്. ' ഇപ്പൊന്താ ഇയാള് ഇവിടെ ' എന്ന് ആലോചിച്ചു.

' മൊതലാളി താമസം ആക്കാന്‍ വന്നിട്ടുണ്ട്. കൊറെ സാധനങ്ങളൊക്കെ കൊണ്ടു വന്നിട്ടുണ്ട്. വേഗം പുഴക്കരേല് കാറ് നില്‍ക്കുന്ന സ്ഥലത്ത് ചെന്ന് അതൊക്കെ ഇങ്ങിട്ട് എടുത്തും കൊണ്ടു വാ.

ചാമിയുടെ സിരകളിലൂടെ പുതിയ ഒരു ഊര്‍ജ്ജം ഒഴുകി. അവന്‍ പുഴക്കരയിലേക്ക് ഓടി.

കാറിന്നടുത്ത് നില്‍ക്കുന്ന വേണുവിനെ ചാമിക്ക് പെട്ടെന്ന് മനസ്സിലായില്ല. ഇതേതാ ഒരു മൊട്ടത്തലയന്‍ എന്ന് വിചാരിച്ചു. സൂക്ഷിച്ച് നോക്കിയപ്പോഴാണ് ആളെ മനസ്സിലായത്.

' തിരുപ്പതീല്‍ പോയിട്ടുണ്ടായിരുന്നു. അവിടെ മുടി ഇറക്കിയതാണ് ' എന്ന് വേണു പറഞ്ഞു.

' അത് നന്നായി ' ചാമി ഉറക്കെ ചിരിച്ചു ' ഇപ്പൊ മൊതലാളീം പണിക്കാരനും ഒരുപോലായി '.

മിനുട്ട് വെച്ച് സാധനങ്ങള്‍ ചാമി കളപ്പുരയിലെത്തിച്ചു. ചൂലെടുത്ത് അടിച്ചു വാരി. എല്ലാം ഒരു വിധം ഓരോ സ്ഥാനത്ത് അടുക്കി വെച്ചു.

' ഞാന്‍ നാളെ മുതല്‍ മേലന്വേഷണത്തിന്ന് വരണോ ' എന്ന് രാമന്‍ നായര്‍ ചോദിച്ചു.

' അതെന്താ അങ്ങിനെ ചോദിച്ചത് '

' ഇത്ര കാലം ഉടമസ്ഥനില്ലാതെ കിടന്നതാണ്. ഇപ്പൊ ആളായില്ലേ '.

' ഞാന്‍ വന്നതുകൊണ്ട് വരാതിരിക്കേണ്ടാ. ഇത് വരെ കഴിഞ്ഞ പോലെ ഒക്കെ ചെയ്തോളൂ. അല്‍പ്പം വിശ്രമമൊക്കെയായി
ഇവിടെ കൂടാനാണ് ഞാന്‍ വന്നത് '.

രാമന്‍ നായര്‍ ഒന്ന് തൊഴുത് ഇറങ്ങിപ്പോയി. ' മൂപ്പര് പണി പോവ്വോ എന്ന ബേജാറിലാണ് ' എന്ന് ചാമി പറഞ്ഞു.

' എന്തിനാ ബേജാറാവുന്നത്. ഞാന്‍  കൃഷിയൊക്കെ ചെയ്ത് കുറെ പണം ഉണ്ടാക്കണം എന്ന് വിചാരിച്ച് വന്നതല്ല. വെറുതെ 
ഒരു വിരുന്നുകാരനെപ്പോലെ ഇങ്ങോട്ട് വന്നതാണ്. സത്യത്തില്‍ ഇങ്ങിനെ കുറച്ച് സ്ഥലം എന്‍റെ പേരില്‍ ഉണ്ട് എന്ന് ഇവിടെ വന്ന ശേഷമാണ് അറിയുന്നത് തന്നെ '.

' അപ്പൊ പണി എടുപ്പിക്കാനൊന്നും വരില്ല '.

' ഇല്ല. ചിലപ്പൊള്‍ ചാമിക്ക് തുണ വരും. അത്ര തന്നെ '.

ചാമിക്ക് തന്‍റെ കാതുകളെ വിശ്വസിക്കാനായില്ല. ഇതെന്താ ഇങ്ങിനെ ഒരു മനുഷ്യന്‍. ഇങ്ങിനേയും ആളുകളുണ്ടോ. അവന്‍റെ മനസ്സില്‍ സ്നേഹമോ ബഹുമാനമോ എന്തൊക്കേയോ വന്ന് നിറഞ്ഞു.

മക്കളൊന്നും ഇല്ലാത്ത തള്ളയ്ക്ക് മരുന്നും കഞ്ഞീം കൊടുത്തിട്ട് ഓടി വരാമെന്ന് പറഞ്ഞ് ചാമി പോയി.

കിടക്കാനുള്ള പായയും പുതപ്പുമായിട്ടാണ് തിരികെ വന്നത്. ' മേലാല്‍ കിടപ്പ് ഇവിടെയാണ്. മുതലാളിയെ ഒറ്റക്ക് ഇവിടെ വിട്ട് ഞാന്‍ എങ്ങോട്ടും പോവില്ല ' എന്ന് വേണുവിനോട് അവന്‍ പറഞ്ഞു.

കയത്തം കുണ്ടിന്നടുത്തുള്ള ചേരുമരത്തിലിരുന്ന് ഒരു കൂമന്‍ അത് കേട്ട മട്ടില്‍ ഒന്നു മൂളി.

Friday, January 8, 2010

നോവല്‍ - 36.

കൃഷ്ണനുണ്ണി മാഷും രാഘവനും കുപ്പുണ്ണി എഴുത്തശ്ശനെ സന്ദര്‍ശിച്ച് പോയതിന്ന് ശേഷം ഒരാഴ്ച കടന്നു പോയി. താക്കോലും 
ചോദിച്ച് ആരും വന്നില്ല. എഴുത്തശ്ശന്‍ ആ കാര്യം പാടെ വിസ്മരിച്ചു.

തിരുവാതിര ഞാറ്റുവേല പുണര്‍തത്തിന്ന് വഴി മാറി പോയ സമയം . മഴക്കാലം അതിന്‍റെ തീവ്രതയിലെത്തി. കനത്ത മഴയെ
ആദരിച്ച് പുഴ നിറഞ്ഞൊഴുകാന്‍ തുടങ്ങി. പുഴയിലേക്ക് ഒഴുകി ചെന്നിരുന്ന കൈത്തോടുകള്‍ പുഴപോയ വെള്ളം ആവാഹിച്ച് കൃഷി ഭൂമികളിലേക്കെത്തിച്ചു. എഴുത്തശ്ശന്‍റെ വണ്ടിപ്പുരയും തൊഴുത്തും അടങ്ങുന്ന താമസ സ്ഥലത്തിന്ന് ചുറ്റും കലക്ക വെള്ളം നിറഞ്ഞു. ഒരു തുരുത്തില്‍ ഒറ്റപ്പെട്ട മാതിരിയായി അയാള്‍.

ചികച്ചു കൂടി വന്ന നെല്‍ ചെടികള്‍ മൂന്നാലു ദിവസമായി വെള്ളത്തിന്നടിയിലാണ്. നാണു നായര്‍ ഇക്കരെ വന്നിട്ട് നാളേറെയായി. പതിവ് രീതിയില്‍ പാടത്ത് നോക്കാന്‍ ചെല്ലാറില്ല. നേരെ അമ്പലക്കുളത്തില്‍ ചെന്ന് കുളിച്ച് അമ്പലത്തില്‍ കേറി അയ്യപ്പനെ തൊഴുത് വരും. മൂരികള്‍ക്ക് വൈക്കോല്‍ ഇട്ടുകൊടുക്കും. തണുപ്പ് കാലമായതിനാല്‍ അവറ്റയ്ക്കുള്ള വെള്ളം ചൂടാക്കി കൊടുക്കും.

രാവിലെ ഒരു പാത്രം കഞ്ഞി വെച്ചുവെക്കും. മൂന്ന് നേരം അതുതെന്നെ കുടിക്കും. കുറച്ചു ദിവസമെങ്കിലും നന്നായി വെച്ചു
വിളമ്പി തന്ന നാണു നായരുടെ മകളെ ഓര്‍ക്കും.

ഓണത്തിന്ന് ആ കുട്ടിക്ക് എന്തെങ്കിലും  വാങ്ങി കൊടുക്കണം. അവളുടെ തണ്ടിക്ക് ഉള്ള പെണ്ണുങ്ങളെല്ലാം കല്യാണം കഴിഞ്ഞ്
മക്കളും പേരക്കുട്ടികളുമായി കഴിയുന്നു. അവള് ഇന്നും കല്യാണം കഴിയാതെ കൂടുന്നു. മകള്‍ക്ക് മംഗല്യയോഗം ഇല്ല എന്ന് പണിക്കര് പറഞ്ഞു എന്ന് സമാധാനിച്ചിരിക്കുകയാണ് നാണു നായര്‍. വാസ്തവം അതൊന്നും ആവില്ല. അതിന്‍റെ നല്ല കാലത്ത് നിറയെ ആലോചനകള്‍ വന്നിരുന്നു. അന്ന് ഒത്തു വന്നതൊന്നും നായര്‍ക്ക് പിടിച്ചില്ല. നല്ല നിലക്ക് ഉള്ളത് വേണമെന്നു പറഞ്ഞ് ഇഷ്ടപ്പെട്ടു വന്ന ആളുകളെ ഒഴിവാക്കി. വലിയ നിലയില്‍ നിന്ന് വന്നവര്‍  ചോദിച്ചത് കൊടുക്കാന്‍ അയാള്‍ക്ക് കഴിഞ്ഞതുമില്ല.

ഓരോരുത്തരുടേയും തലയില്‍ ഈശ്വരന്‍ ഓരോന്ന് കുറിച്ചിട്ടിട്ടുണ്ടാവും. അതുപോലെ അല്ലാതെ വേറൊന്ന് വരില്ലല്ലോ.

പെട്ടെന്ന് സ്വന്തം കാര്യം എഴുത്തശ്ശന്‍റെ മനസ്സിലെത്തി. വയസ്സ് എണ്‍പത്താറ് കഴിഞ്ഞു. ജീവിക്കാന്‍ ആവശ്യമായതെല്ലാം 
സമ്പാദിച്ചു. പറഞ്ഞിട്ടെന്താ? അനുഭവ യോഗം ഇല്ല. രുചിയോടെ വല്ലതും ഉണ്ടാക്കി തരാന്‍  ആളില്ല. കഷ്ടപ്പെട്ട് വളര്‍ത്തിയ
മകന് തന്നെ വേണ്ടാതായി. പെണ്ണിന്‍റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന പെണ്‍കോന്തന്‍. അവന്ന് വേണ്ടിയാണ് മറ്റൊരു കല്യാണം 
കഴിക്കാതെ കഴിഞ്ഞു കൂടിയത്.

മനസ്സില്‍ കൂട്ടിയും കിഴിച്ചും കൊണ്ട് ഒറ്റമുറിയുടെ വാതില്‍ക്കല്‍ ഇരുന്ന എഴുത്തശ്ശന്‍ , തിരിമുറിയാതെ പെയ്യുന്ന മഴയും കൊണ്ട് പാടത്ത് മീന്‍ പിടിക്കാന്‍ നോക്കുന്ന ചാമിയെ കണ്ടു. പൊട്ട ചെക്കന്‍ . വല്ലാത്ത പ്രാന്താണ് ഇവന് എന്ന് മനസ്സില്‍ 
കരുതിയിരിക്കുമ്പോള്‍ , ചാമി വരമ്പിലൂടെ വണ്ടിപ്പുരയിലേക്ക് നടന്ന് വരുന്നത് കണ്ടു.

' എന്താണ്ടാ പൊട്ട ചക്രാന്ത്യേ, കരിങ്കന്നും  കൂടി കൊള്ളാത്ത മഴയും കൊണ്ട് തെക്കും വടക്കും തിരിഞ്ഞ് നടക്കുന്നത് '
എന്ന് എഴുത്തശ്ശന്‍ ചോദിച്ചു.

' കുപ്പന്‍ കുട്ടി അപ്പ്വോ, ഇതിന്‍റെ ഒരു രസം പറഞ്ഞാല്‍ നിങ്ങക്ക് മനസ്സിലാവില്ല ' ചാമി പറഞ്ഞു ' ഇങ്ങിനെ മഴേം കൊണ്ട് നടക്കണച്ചാല് ഇനി അടുത്ത വര്‍ഷം വരണോലോ '. ചാമി തിണ്ടിലേക്ക് കയറി നിന്നു. വലത്ത് കൈപ്പത്തി കൊണ്ട് തലയിലെ വെള്ളം വടിച്ചിറക്കി. ' മുടി നീട്ടം ഇല്ലാത്തതോണ്ട് കാര്യം എളുപ്പായി ' എന്ന് പറയുകയും ചെയ്തു.

' എറേല് കീറത്തോര്‍ത്ത് കെടക്കുണുണ്ട്. എടുത്ത് തലേം മേലും തോര്‍ത്തി തിണ്ണേല് കുത്തിരിക്ക് ' എന്ന് എഴുത്തശ്ശന്‍ അതിഥേയന്‍റെ മര്യാദ കാട്ടി.

' അപ്പ്വോ, എന്‍റെ തീപ്പെട്ടി മഴ നനഞ്ഞു കുട്ടിച്ചോറായി. ഉള്ളിന്ന് തീപ്പെട്ടി ഒന്ന് എടുത്ത് തരിന്‍ ' ചാമി ആവശ്യപ്പെട്ടു.

എഴുത്തശ്ശന്‍റെ കയ്യില്‍ നിന്ന് തീപ്പെട്ടി വാങ്ങി ബീഡി കത്തിച്ച് ആഞ്ഞാഞ്ഞ് വലിച്ച് പുക വിട്ടു.

' നല്ല കണ്ണനും മൊയ്യും ഒക്കെ കലക്ക വെള്ളത്തില്‍ പെട്ട് മയങ്ങി പാടത്ത് കേറീട്ടുണ്ട്. എട്ട് പത്ത് എണ്ണം കിട്ടി. ഇതാ ഇത്രശ്ശീണ്ട് ഓരോന്ന്. നിങ്ങക്ക് പിടിക്കില്ലല്ലോ. അതാ കോമ്പലയില്‍ കോര്‍ത്ത മീന് പടിക്കല് തൂക്കീട്ട് വന്നത് '.

ഭാര്യ രുഗ്മിണി മരിച്ച ശേഷം എഴുത്തശ്ശന്‍ മത്സ്യമാംസാദികള്‍ പാടെ ഉപേക്ഷിച്ചതാണ്. ഇപ്പോള്‍ മീനിന്‍റെ നാറ്റം കേട്ടാല്‍ 
ഓക്കാനിക്കാന്‍ വരും.

' നെന്‍റെ പുതിയ മൊതലാളി വന്നൂന്ന് കേട്ടല്ലോ. ആളെങ്ങിനെ ? '

' സത്യം പറയാലോ, തനിച്ചൊരു പാവം '

വിശ്വനാഥന്‍ വക്കീലിനെ കാണാന്‍ നാണു നായരെ കൂട്ടി ചെന്നതും , വക്കീലിന്‍റെ ഭാര്യ തന്നെ നാണു നായരോടൊപ്പം  അകത്ത് ക്ഷണിച്ച് ഇരുത്തിയതും . തന്‍റെ അനുജന്‍ കളപ്പുരയില്‍ താമസം തുടങ്ങുന്നു എന്നു പറഞ്ഞതും എന്തെങ്കിലും സഹായം വേണ്ടി വന്നാല്‍ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടതും എല്ലാം എഴുത്തശ്ശന്‍ പറഞ്ഞു.

' കുപ്പന്‍ കുട്ടി അപ്പ്വോ, മൊതലാളി വന്ന ദിവസം പറ്റിയ ബുദ്ധിമോശം കേക്കണോ ' എന്നും പറഞ്ഞ് ചാമി തുടങ്ങി. തെങ്ങിന്‍
തോട്ടത്തില്‍ കിളച്ചും കൊണ്ട് നില്‍ക്കുമ്പോഴാണ് കാര്യസ്ഥന്‍ രാമന്‍ നായര്‍ മുതലാളി കളപ്പുരയില്‍ വന്നിട്ടുണ്ട്, മൂപ്പരുക്ക് ഒന്ന് കാണണം എന്ന് പറഞ്ഞൂ എന്നും പറഞ്ഞ് വന്നത്. എടുത്ത വായക്ക് ആവശ്യം ഉള്ളോര് ഇങ്ങോട്ട് വന്ന് കാണട്ടെ എന്ന് ഞാനും 
പറഞ്ഞു. അയാള്‍ പോയി കുറച്ച് കഴിഞ്ഞപ്പോള്‍ ഒരാള് ' ആരാ ചാമി ' എന്നും ചോദിച്ച് വരുന്നു. ഒരു മൊതലാളി ആണെന്ന് ആരും പറയില്ല. കാപ്പിപൊടിയുടെ കളറില്‍ ഒരു കുപ്പായം ഇട്ടിട്ടുണ്ട്. ഒരു ഒറ്റ മുണ്ടും. മൂപ്പരുടെ അവസ്ഥക്ക് എങ്ങനത്തെ വേണച്ചാലും വാങ്ങി ചുറ്റിക്കൂടേ.

' ആരാ ഈ വിദ്വാന്‍ ' എന്ന് ആലോചിക്കുമ്പോഴാണ് ഞാന്‍ പുതിയ ആളാണ് എന്ന് പറയുന്നത്. പിന്നെ ഇവിടെ താമസിക്കാന്‍ 
വരുണൂന്നും ചാമിടെ ചില സഹായം വേണന്നും ഒക്കെ പറഞ്ഞു. ഞാന്‍ നായരോട് പറഞ്ഞതൊക്കെ വേണ്ടികെടന്നിലാന്നായി.
അത്രക്ക് സാധു മനുഷ്യന്‍ . എന്താ ഞാന്‍ ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോള്‍ എവിടേയാ പേപ്പറ് കിട്ട്വാ എന്ന് കേട്ടു. മലയാളൂം 
ഇംഗ്ലീഷും തമിഴും എല്ലാ പേപ്പറും വാങ്ങി കൊടുക്കണോത്രേ. എന്തിനാ എല്ലാം കൂടി വായിക്കിണത് എന്ന് എനിക്ക് അറിയാന്‍
പാടില്ലാപ്പാ.

'പരമ സാധു ആണെന്ന് നാണു നായരും പറഞ്ഞു. അയാളാണത്രേ കുട്ടിക്കാലത്ത് കൂട്ടിക്കൊണ്ട് പോയി പണി വാങ്ങി കൊടുത്തത് '
എന്ന് എഴുത്തശ്ശനും പറഞ്ഞു.

ചാമിക്കും അതില്‍ തര്‍ക്കമില്ല. തിരിച്ച് പോവാന്‍ നേരം കളപ്പുര വരെ ചാമി തുണക്ക് പോയി. വഴി നീളെ കൃഷിയെ കുറിച്ച് പറഞ്ഞതൊക്കെ മൂളി കേട്ടു. ഒരക്ഷരം ഇങ്ങോട്ട് ചോദിച്ചില്ല. ഇറങ്ങാന്‍ നേരം ' മദിരാശിയില്‍ പോയിട്ട് വന്ന് കാണാമെന്നും '
പറഞ്ഞ് പേഴ്സില്‍ നിന്ന് നൂറിന്‍റെ ഒരു നോട്ട് എടുത്ത് തന്നു.

' ഇതാ പറഞ്ഞത് ഒരാളെ കാണുന്നതിന്ന് മുന്നെ അയാളെ പറ്റി മനസ്സിലൊന്നും കണക്കാക്കാന്‍ പാടില്ലാന്ന് ' എന്ന് എഴുത്തശ്ശനും
പറഞ്ഞു.

അദ്ധ്യായം - 35.

വേണുതിരിച്ചെത്തിയപ്പോള്‍ പത്മിനിക്ക് അത്ഭുതമാണ് തോന്നിയത്. പത്ത് ദിവസം കഴിഞ്ഞ് വരാമെന്നും പറഞ്ഞു തലേന്ന് പോയ
ആളാണ്. ഇപ്പോഴിതാ തിരിച്ചെത്തിയിരിക്കുന്നു ' ഇതെന്താ പറ്റീത്. നീയല്ലേ പത്തീസം കഴിയും വരാനെന്ന് പറഞ്ഞത് ' എന്ന് അവര്‍ ചോദിച്ചു.

' ഒന്നൂല്യാ. ഇങ്ങോട്ടന്നെ വന്നാലോന്ന് തോന്നി ' എന്നു മാത്രമേ വേണു പറഞ്ഞുള്ളു. ചായ ഉണ്ടാക്കാന്‍ പത്മിനി പണിക്കാരെ വിളിച്ച് പറഞ്ഞുവെങ്കിലും ' കുറച്ച് കഴിഞ്ഞാല്‍ ഉണ്ണാറായി, ഇപ്പൊ ചായ വേണ്ടാ ' എന്നും പറഞ്ഞ് വേണു അത് ഒഴിവാക്കി.

ഭക്ഷണം കഴിഞ്ഞ് ഇരിക്കുമ്പോള്‍ വേണു തന്‍റെ മനോഗതം അറിയിക്കാനൊരുങ്ങി. ' ഓപ്പോളേ ' അയാള്‍ പറഞ്ഞു ' ഞാന്‍ ആ കളപ്പുരയില്‍ താമസം തുടങ്ങിയാലോ എന്ന് ആലോചിക്ക്യാണ്. എന്താ ഓപ്പോളുടെ അഭിപ്രായം '.

' എന്താടാ നിനക്ക് പറ്റീത്. ഒരാള്‍ക്ക് കഴിയാന്‍ വേണ്ട സൌകര്യം വല്ലതും അവിടെ ഉണ്ടോ? ഞാന്‍ പറയാലോ, ഇത്ര കാലം 
ടൌണില്‍ കഴിഞ്ഞ നിനക്ക് നാട്ടുമ്പുറത്തെ പട്ടപ്പുരയില്‍ ഒരു ദിവസം തികച്ച് കഴിയാന്‍ പറ്റില്ല '.

ഉള്ള സൌകര്യത്തില്‍ താന്‍ അവിടെ കൂടാമെന്നും ആ സ്ഥലം ശരിക്കും ഇഷ്ടപ്പെട്ടുവെന്നും കുറച്ച് കാലം അവിടെ താമസിക്കണമെന്നുണ്ടെന്നും ഒക്കെ വേണു പറഞ്ഞു. ' അതെന്താച്ചാല്‍ ആയിക്കോ, എന്തിനും വിശ്വേട്ടന്‍റെ അടുത്ത് ഒന്ന് ചോദിച്ചിട്ട്
മതി ' എന്ന് പത്മിനി പറഞ്ഞു.

ബാക്കി കാര്യങ്ങള്‍ രാത്രിയാണ് സംസാരിച്ചത്. ' ഇവിടുത്തെ പത്തായപ്പുര പൊളിച്ച് പണിയാന്‍ തുടങ്ങുന്നതിന്ന് മുമ്പ് കളപ്പുര
നന്നാക്കാന്‍ തുടങ്ങി.' വക്കീല്‍ പറഞ്ഞു ' പുര പൊളിച്ച് വെട്ടുകല്ലില്‍ കെട്ടിപ്പൊക്കി, ഉത്തരവും കഴിക്കോലും പട്ടികയുമൊക്കെ
പുതിയതാക്കി. ഓട് വാങ്ങാന്‍ നിന്നപ്പോഴാണ് പത്തായപ്പുര പൊളിച്ചാല്‍ ഓട് കിട്ടില്ലേ എന്ന തോന്നല്‍ ഉണ്ടായത്. തല്‍ക്കാലം പട്ട
മേഞ്ഞു. പിന്നെ ഓടാക്കാന്‍ മിനക്കെട്ടതുമില്ല.'

' എന്ത് പണിയും ഒറ്റ അടിക്ക് ചെയ്ത് തീര്‍ത്താല്‍ അത് തീരും, അല്ലെങ്കിലോ അതവിടെ കിടക്കും ' എന്ന് പത്മിനിയും 
പറഞ്ഞു. ' പത്തായപ്പുര പൊളിച്ച ഓടില്‍ കുറച്ച് കാര്യസ്ഥന്‍ രാമന്‍ നായര്‍ക്ക് അയാളുടെ വീട് നന്നാക്കാന്‍ കൊടുത്തു. ബാക്കി
ഇരിപ്പുണ്ട്. അതൊക്കെ തികയും. അട മഴ കഴിഞ്ഞിട്ട് അത് കൊണ്ടുപോയി മേഞ്ഞു തരാന്‍ കരാറുകാരനോട്പറയാം ' എന്ന് വക്കീലും പറഞ്ഞു.

പിറ്റേന്ന് എല്ലാവരും പോയിക്കഴിഞ്ഞ് ഒറ്റക്കായപ്പോള്‍ പത്മിനി വേണുവിനെ സമീപിച്ചു. ' ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ നീ സത്യം പറയ്വോ ' എന്ന് മുഖവുരയായി അവര്‍ ചോദിച്ചു.' ഓപ്പോളുടെ അടുത്ത് ഞാന്‍ നുണ പറയും എന്ന് തോന്നുന്നുണ്ടോ '
എന്ന് വേണു തിരിച്ച് ചോദിച്ചു.

' എന്നാല്‍ പറ കിട്ടുണ്ണി നിന്നോട് എന്തെങ്കിലും ഇഷ്ടക്കേട് കാണിച്ച്വോ '

കല്യാണം വേണ്ടെന്ന് പറഞ്ഞപ്പോള്‍ കിട്ടുണ്ണിയുടെ പെരുമാറ്റത്തില്‍ പ്രകടമായ നീരസവും , കൃഷിയും തോട്ടവും കളപ്പുരയും 
ഒക്കെ വിറ്റ് അയാളുടെ കൃഷി സ്ഥലത്തിന്നടുത്ത് ഭൂമി വാങ്ങിക്കാമെന്നൊരു നിര്‍ദ്ദേശം വെച്ചതും ഒക്കെ വേണു മടിച്ച് മടിച്ച്
പറഞ്ഞു.

' കണ്ടോ, ഞാനന്നേ പറഞ്ഞില്ലേ അവന്‍റെ സ്നേഹം കാണിക്കല്‍ ഒന്നും വിശ്വസിക്കരുതെന്ന് '.

' ഓപ്പോളെ, ഞാന്‍ ഇപ്പൊ തന്നെ കളപ്പുരയിലേക്ക് മാറാമെന്ന് പറഞ്ഞതില്‍ ഒരു കാര്യം ഉണ്ട് ' വേണു പറഞ്ഞു.

' എന്താത് ' .

' കിട്ടുണ്ണിടെ കൂടെ അധിക കാലം കഴിഞ്ഞു കൂടാന്‍ പറ്റും എന്ന് തോന്നുന്നില്ല. ഇവിടെ വന്ന് താമസിച്ചാലോ, വേണ്വോട്ടന്‍ വന്നിട്ട് ആങ്ങളയേയും പെങ്ങളേയും തമ്മില്‍ തെറ്റിച്ചൂന്ന് നാട് മുഴുവന്‍ അവന് പറഞ്ഞു നടക്കാന്‍ ഒരു വിഷയം  ആവും ചെയ്യും. പേരിന് അവിടെ താമസം തുടങ്ങിയാല്‍ , എനിക്ക് ഓപ്പോളുടെ അടുത്ത് വന്ന് താമസിക്കുകയും ചെയ്യാം, കളപ്പുരേല് ഒറ്റക്കാണ്
താമസം എന്ന് പറയും ചെയ്യാം '.

അത് നല്ലൊരു തീരുമാനമാണെന്ന് പത്മിനിക്കും തോന്നി. ' അവനെ പേടിച്ചിട്ടൊന്നും അല്ല, വെറുതെ നിനക്ക് ഒരു ചീത്തപ്പേര് വരണ്ടാ എന്ന് കരുതിയിട്ടാണ് ഞാന്‍ സമ്മതിക്കുന്നത് ' എന്ന് അവര്‍ പറഞ്ഞു. ' പിന്നെ മഴ മാറിയാല്‍ അടുത്ത ദിവസം
കളപ്പുരയുടെ പട്ട മാറ്റി ഓടിട്ട് നന്നാക്കുമെന്നും ' പത്മിനി ഉറപ്പ് നല്‍കി.

താമസം മാറുന്നതിന്ന് മുമ്പ് തനിക്ക് കുറച്ച് സാധനങ്ങള്‍ വാങ്ങിക്കാനുണ്ടെന്ന് വേണു പറഞ്ഞു.

' അതിനെന്താ വൈകുന്നേരം ഡ്രൈവറോട് കാറുമായി വരാന്‍ പറയാം, ഞാനും നിന്‍റെ കൂടെ വരാം '.

പായയും തലയണയും പുതപ്പും വാങ്ങാന്‍ പത്മിനി സമ്മതിച്ചില്ല. അതൊക്കെ ഞാന്‍ അവിടെ എത്തിച്ചോളാമെന്ന് അവര്‍ പറഞ്ഞു.
അതല്ലാതെ വേറെ എന്തെങ്കിലും വേണച്ചാല്‍ വാങ്ങിച്ചൊ എന്ന് അനുമതിയും നല്‍കി.

കളപ്പുരയില്‍ കറണ്ട് ഇല്ല. അടുത്തൊന്നും ഇലക്ട്രിസിറ്റി എത്തിയിട്ടുമില്ല. ഒരു റാന്തലും മേശ വിളക്കും വേണു വാങ്ങി. ചാരി
കിടക്കാന്‍ ഒരു ചാരുകസേലയും . മഹാ ഭാരതം ,രാമായണം, ഭാഗവതം , ഭഗവത് ഗീത എന്നിവയോടൊപ്പം കുറെയേറെ നോവലുകളും വേദാന്ത പുസ്തങ്ങളും വേണു വാങ്ങികൂട്ടി.

' നിനക്ക് ഇപ്പോഴും പണ്ടത്തെപ്പോലെ പുസ്തകം വാങ്ങുന്ന ഭ്രമം മാറീട്ടില്ല അല്ലേ ' പത്മിനി ചോദിച്ചു ' മദിരാശിയില്‍ വന്ന് നിന്നെ കണ്ടിട്ട് പോന്നാല്‍ . വേണ്വോട്ടന്ന് കിട്ടുന്ന പൈസ മുഴുവന്‍ പുസ്തകങ്ങള്‍ വാങ്ങി തീര്‍ക്കുന്നുണ്ടെന്ന് കിട്ടുണ്ണി പണ്ട് പറയാറുണ്ട് '.

വേണു ഒന്ന് ചിരിച്ചു. ' മുടക്കുന്ന പണത്തിന്ന് തക്ക മനസ്സുഖം കിട്ടുന്നത് പുസ്തകങ്ങളില്‍ നിന്നു മാത്രമാണെ'ന്ന് വേണു പറഞ്ഞു.
ഒന്നു കൂടി മദിരാശിയിലേക്ക് പോവാനുണ്ടെന്നും അവിടെ നിന്നും കുറച്ച് സാധനങ്ങളും പുസ്തകങ്ങളും കൊണ്ടു വരാനുണ്ടെന്നും
വേണു ഓപ്പോളെ അറിയിച്ചു.

കളപ്പുരയിലേക്ക് താമസം മാറ്റുന്ന കാര്യത്തില്‍ വിശ്വനാഥന്‍ വക്കീലും അനുകൂലമായ തീര്‍പ്പ് കല്‍പ്പിച്ചതോടെ ആ കാര്യത്തില്‍ 
തീരുമാനമായി.

**********************************************************************************************

' ഞാനൊരു കാര്യം പറഞ്ഞാലത് വല്യപ്പന്‍ അപ്പനോട് പറയ്വോ ' കാലത്ത് ചാമിക്ക് ചായ കൊടുത്തു കഴിഞ്ഞപ്പോള്‍ കല്യാണി ചോദിച്ചു.

' എന്താണ്ടി മോളെ, നീ പറഞ്ഞോ. എന്‍റെ ലക്ഷ്മിക്കുട്ടി ആരോടെങ്കിലും ഒരു കാര്യം പറയരുത് എന്ന് പറഞ്ഞാല്‍ പിന്നെ ഈ
വലിയപ്പന്‍ മൂച്ച് വിട്വോ ? '.

ഒരു നറുക്ക് ചേര്‍ന്നത് വിളിച്ച് ആ പണം വലിയപ്പനെ ഏല്‍പ്പിച്ചാല്‍ ഒരു റേഡിയോ വാങ്ങി കൊടുക്കുമോ എന്നാണ് കല്യാണിക്ക് അറിയേണ്ടത്. ബാറ്ററിയില്‍ പാടുന്നത് വേണം. ഏറെ കാലത്തെ ഒരു ആഗ്രഹമാണ്ഒരു റേഡിയോ വാങ്ങണമെന്നത്. അപ്പന്‍
അതിന്ന് സമ്മതിക്കില്ല. വലിയപ്പന്‍ വാങ്ങി തരുന്നത് പോലെ കൊണ്ടു വന്ന് തന്നാല്‍ മതി . അപ്പനോട് അങ്ങിനെ പറയുകയും 
വേണം.

ഇങ്ങിനെ ഒരു മോഹം മനസ്സില്‍ വെച്ചിട്ട് എന്താണ്ടി മകളെ നീ ഈ വലിയപ്പനോട് ഇതുവരെ പറയാഞ്ഞത് എന്ന് ചാമി ചോദിച്ചു. വെറുതെ നറുക്ക് നഷ്ടത്തില്‍ വിളിക്കാനൊന്നും പോണ്ടാ എന്ന് ഉപദേശിക്കുകയും ചെയ്തു.

പാടത്ത് അടിവളം ഇടാനുണ്ട്. പിന്നെ പണിയൊന്നും ഇല്ല. പാലക്കാട് വരെ ചെന്ന് കുട്ടിക്ക് സാധനം വാങ്ങി കൊടുക്കണം എന്ന് ഉറപ്പിച്ചു. കാര്യസ്ഥന്‍ നായര്‍ വരാനൊന്നും കാത്തില്ല. കളപ്പുരയില്‍ ചെന്ന് വളച്ചാക്കും മുറവും എടുത്ത് പാടത്തേക്കിറങ്ങി.

പൊടിയിട്ട് കഴിഞ്ഞ് കഴായകള്‍ കെട്ടി തൂപ്പ് കുത്തി. വളം ഇട്ടിട്ടുണ്ട്, തുറക്കരുത് എന്ന് ആളുകളെ അറിയിക്കാന്‍ ചെയ്യുന്ന പണിയാണ് കഴായ കെട്ടിയതിന്ന് മുകളിലായി തൂപ്പ് കുത്തുന്നത്. പണി തീര്‍ത്തതും കയത്തില്‍ ഇറങ്ങി കുളിച്ചു.

ബസ്സ് കത്തു നില്‍ക്കുമ്പോള്‍ വേലപ്പന്‍ വരുന്നു. ' എവിടേക്കാ നീ പോണത് ' എന്ന് ചാമി ചോദിച്ചു. വേലപ്പന് പാലക്കാട്ടങ്ങാടിയില്‍ ചെന്ന് ഒരോ ചാക്ക് കടലപ്പിണ്ണാക്കും ഗോതമ്പ് തവിടും വാങ്ങിക്കണം. വണ്ടിക്കാരന്‍ ചന്ദ്രനെ ഏല്‍പ്പിച്ചാല്‍ 
സാധനം വീടെത്തും. സകല ചിലവും കഴിഞ്ഞാലും നാട്ടില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ വല്ലതും ലാഭം കിട്ടും.

പാലക്കാട് എത്തിയതും ചാമിക്ക് ഹോട്ടലില്‍ കയറി ആഹാരം വല്ലതും കഴിക്കണം. 'എന്തിനാ വെറുതെ പണം കളയുന്നത് ' എന്നായി വേലപ്പന്‍. ' നീ മിണ്ടാതിരിക്ക്. തിന്നാതെ കുടിക്കാതെ ഉണ്ടാക്കീട്ട് ചത്ത് പോവുമ്പൊ കൂടെ കൊണ്ടു പോക്വോ ' എന്നും പറഞ്ഞ് ചാമി വേലപ്പനേയും
കൂട്ടി ഹോട്ടലില്‍ കയറി.

വലിയങ്ങാടിയിലേക്ക് വേലപ്പനോടൊപ്പം ചാമിയും ചെന്നു. പിണ്ണാക്കും തവിടും ബില്ലാക്കി കാശ് കൊടുത്ത് ചന്ദ്രനെ ഏല്‍പ്പിച്ചു.
' ഇനി എന്താ നിനക്ക് പരിപാടി എന്ന് വേലപ്പനോട് ചോദിച്ചപ്പോള്‍ തനിക്ക് ഒന്നും ചെയ്യാനില്ല എന്നയാള്‍ ചാമിയെ അറിയിച്ചു.' എന്നാല്‍ എന്‍റെ കൂടെ വാ ' എന്നും പറഞ്ഞ് ചാമി വേലപ്പനെ കൂട്ടി നടന്നു.

വേലപ്പന്‍ റേഡിയോ കടയില്‍ കയറിയത് ഒരു അമ്പരപ്പോടെയാണ്. എന്താണ് ഉദ്ദേശം എന്ന് ചാമി ആ നിമിഷം വരെ പറഞ്ഞിരുന്നില്ല. പല വിധത്തിലും തരത്തിലും ഉള്ള റേഡിയോകള്‍ നിരത്തി വെച്ചത് കണ്ട്കണ്ട് അയാള്‍ അന്ധാളിച്ച് നിന്നു.
' നമുക്കെന്താ ഇവിടെ കാര്യം ' എന്ന് ചാമിയോട് ചോദിച്ചു.

ചാമി 'വാങ്ങാന്‍ തന്നെ ' എന്ന മറുപടിയിലൊതുക്കി.

സെയില്‍സ് മാന്‍ പറഞ്ഞ സാങ്കേതിക കാര്യങ്ങള്‍ ഇരുവര്‍ക്കും മനസ്സിലായില്ല. ബാറ്ററിയില്‍ പാടുന്നത് വേണം , നല്ല ഒച്ച
കേള്‍ക്കണം എന്നേ ചാമി ആവശ്യം ഉന്നയിച്ചുള്ളു. പീടികക്കാരന്‍ പ്രവര്‍ത്തിപ്പിച്ച് കാണിച്ച പ്പോള്‍ സാകൂതം നോക്കി നിന്നു.
പണം കൊടുത്ത് സാധനം വാങ്ങി വെളിയില്‍ എത്തിയപ്പോള്‍ ' എന്തിനാണ് ഇത് വാങ്ങിയത് ' എന്ന് വേലപ്പന്‍ ചോദിച്ചു.

' എന്‍റെ ലക്ഷ്മിക്കുട്ടിക്ക് കൊടുക്കാന്‍ '.

' പെണ്ണിന്‍റെ കൂട്ടം കേട്ട് ഓരോന്നൊക്കെ വാങ്ങി കൊടുത്ത് നീ അതിനെ കേട് വരുത്തും '.

' അവള് കേടൊന്നും ആവില്ല. മഹാലക്ഷ്മിയാണ് അവള്‍ '.

' കെട്ടിച്ച് വിടേണ്ട പെണ്ണാണ്അത്. എങ്ങിന്യാ പത്തുറുപ്പിക ഉണ്ടാക്കി ഒരുത്തന്‍റെ കയ്യില്‍ പിടിച്ച് കൊടുക്വാ എന്ന
വേവലാതിയിലാണ് ഞാന്‍ '.

' അത് വിചാരിച്ച് നീ ബേജാറാവണ്ടാ. ജീവനോടെ ഞാന്‍ ഇരുന്നാല്‍ മതി . അവളെ കെട്ടിച്ച് വിടാനുള്ള മുതലൊക്കെ എന്‍റേലുണ്ട്. കല്യാണം ഒറപ്പിച്ചാല്‍ ഞാന്‍ അതൊക്കെ വില്‍ക്കും. അഞ്ച് പറ പൊറ്റ കണ്ടവും ഒരു പുരയും വിറ്റാല്‍ കൈ നെറയെ പണം വരും . കുട്ടീനെ ചന്തം പോലെ കെട്ടിച്ച് വിടും ചെയ്യും. കണ്ടൂം കൃഷീം ഉണ്ടായിട്ടും  ഇന്നും ഞാന്‍ കൂലി പണിക്ക് പോണില്ലേ. അതൊക്കെ വിറ്റ്പോയാലും പണിയെടുത്ത് സുഖമായി കഴിയും  '.

മകളുടെ കാര്യത്തില്‍ ചാമിക്കുള്ള താല്‍പ്പര്യം വേലപ്പന്‍റെ മനസ്സില്‍ കൊണ്ടു.' നീ വലിയപ്പനല്ലേ. ഇഷ്ടം പോലെ ചെയ്തോ. ഞാനൊന്നും പറയിണില്ല ' എന്നും പറഞ്ഞ് വേലപ്പന്‍ കീഴടങ്ങി.

ജനത്തിരക്കിലലിഞ്ഞ് അവര്‍ ബസ്സ് സ്റ്റാന്‍ഡിലേക്ക് നീങ്ങി.