Saturday, June 19, 2010

നോവല്‍ - അദ്ധ്യായം 75.

വേണു രാവിലെ എഴുന്നേറ്റത്തേ കിട്ടുണ്ണിയെ പ്രതീക്ഷിച്ചുകൊണ്ടായിരുന്നു. കുളിക്കാന്‍ അമ്പല കുളത്തിലേക്ക് പുറപ്പെടാനൊരുങ്ങുമ്പോള്‍ അയാള്‍ എഴുത്തശ്ശനോട് ' നമ്മള്‍ കുളിക്കാന്‍ പോണ നേരത്ത് അവന്‍ വന്നാലോ ' എന്ന്
ചോദിച്ചു.

' വന്നാലെന്താ. അവിടെയെവിടെയെങ്കിലും ഇരുന്നോട്ടെ. നമ്മള്‍ സ്ഥിര താമസത്തിനൊന്നും അല്ലല്ലോ പോണത് ' എന്നും 
പറഞ്ഞു അയാള്‍ നടന്നു. കിട്ടുണ്ണിയെ കുറെ നേരം  ഇരുത്തി മുഷിപ്പിക്കണമെന്ന് അയാളുടെ ഉള്ളില്‍ ഉണ്ടായിരുന്നു.


കുളിയും തൊഴലും കഴിഞ്ഞ് അവര്‍ എത്തിയപ്പോഴും കിട്ടുണ്ണിയെ എത്തിയില്ല.

' അവന്‍ പറഞ്ഞ് പറ്റിച്ചതായിരിക്കും ' എന്ന് എഴുത്തശ്ശന്‍ പറഞ്ഞു.

' എങ്കില്‍ അയാള് ചാമിടെ ശരിക്കുള്ള സ്വഭാവം അറിയും ' ആഹാരം വിളമ്പി വെക്കുന്നതിന്നിടയില്‍ ചാമി പറഞ്ഞു.

പാത്രം മോറി വെച്ച് ചാമി പാടത്തേക്ക് പോയി. പേപ്പറും വായിച്ച് വേണു ഇരുന്നു.

' നീ റേഡിയോവില് നല്ല രണ്ട് പാട്ട് വെക്ക്. കേട്ടോണ്ട് കെടക്കട്ടെ ' എന്നും പറഞ്ഞ് എഴുത്തശ്ശന്‍ തിണ്ടില്‍ പായ
നിവര്‍ത്തി. തമിഴ് സിനിമ പാട്ടുകള്‍ അന്തരീക്ഷത്തില്‍ അലിയാന്‍ തുടങ്ങി. നേരം കടന്നു പോയി.

വിമാനം പറന്നു പോകുന്ന ശബ്ദം കേട്ടു.

' നേരം പോയത് അറിഞ്ഞില്ല ' എഴുത്തശ്ശന്‍ എഴുന്നേറ്റു. ' ആ കള്ളന്‍ ഇന്നിനി വരില്ലാന്നെന്ന്യാ എനിക്ക് തോന്നുന്നത് ' എന്ന് അയാള്‍ പറയുമ്പോഴേക്കും വെള്ളപ്പാറ കടവ് കടന്ന് വരുന്ന കിട്ടുണ്ണിയെ വേണു കണ്ടു.

' അമ്മാമേ, അവന്‍ വരുന്നുണ്ട് ' വേണു പറഞ്ഞു.

' നിങ്ങള് രണ്ടാളും കൂടി വര്‍ത്തമാനം പറയുന്ന ഇടത്ത് ഞാന്‍ ഇരിക്കിണില്ല. പരിയമ്പുറത്ത് പോയി നില്‍ക്കാം .
അവനെന്താ പറയുന്നതെന്ന് എനിക്ക് കേള്‍ക്കും ചെയ്യാലോ '.

എഴുത്തശ്ശന്‍ കളപ്പുരയുടെ പുറകിലേക്ക് ചെന്നു. പടി കടന്ന് കിട്ടുണ്ണി വന്നതും വേണു എഴുന്നേറ്റു.

' നീ ഇവിടെ ഇരിക്ക് ' കസേല ചൂണ്ടി വേണു പറഞ്ഞു.

' വേണ്ടാ, ഏട്ടന്‍ ഇരുന്നോളൂ, ഞാന്‍ തിണ്ടില്‍  ഇരിക്കാം. ഇവിടെയാണെങ്കില്‍ നല്ല കാറ്റും കിട്ടും 'കിട്ടുണ്ണി പറഞ്ഞു ' ങാ, ഞാന്‍ ശ്രദ്ധിച്ചില്ല. കളപ്പുര ഓട് മേഞ്ഞപ്പോള്‍ ജോറായല്ലോ '.

' നീ ഇരിക്ക്, ചായ ഉണ്ടാക്കട്ടെ '.

' ഒന്നും വേണ്ടാ, ഇത്തിരി തിരക്കുണ്ട്. വേഗം പോണം .

' എവിടേക്കാ തിരക്കിട്ട് പോണത് '.

' മലമ്പള്ളേല്‍ ചെല്ലണം. മുകളില് അമ്പലം പണി നടക്കുന്നുണ്ട്. എന്‍റെ കണ്ണും ദൃഷ്ടീം എത്തിയില്ലെങ്കില്‍ ഒന്നും ശരിയാവില്ല '
. ഷര്‍ട്ടിന്‍റെ ബട്ടനഴിച്ച് അയാള്‍ നെഞ്ചത്തേക്ക് ഊതി.

' വല്ലാത്ത ചൂട്. മഴ മാറാന്‍ കാത്ത് നിന്നപോലെ ' കിട്ടുണ്ണി തുടര്‍ന്നു ' ഒരു കാര്യം പറയാനായിട്ടാണ് ഞാന്‍ ഇപ്പോള്‍
ഇങ്ങോട്ട് പോന്നത് '.

' എന്താദ് '.

' ഒന്നൂല്യാ. ഇന്നലെ ഏട്ടനോട് പറഞ്ഞത് തെറ്റായീന്ന് പിന്നീട് തോന്നി. ഏട്ടന്‍ പറഞ്ഞിട്ടൊന്നും ആവില്ല അയമ്മ എന്നോട്
ദേഷ്യം കാട്ടീത്. അല്ലെങ്കിലും അവര്‍ക്ക് ഇത്തിരി തലക്കനം ഉണ്ട്. വലിയ വക്കീലിന്‍റെ ഭാര്യയല്ലേ. അതിന്‍റെ ഹുങ്കൃതിയാണ് '.

' നീ അതൊന്നും കണക്കാക്കേണ്ടാ. എത്രയായാലും നിന്‍റെ മൂത്തതല്ലേ. പോരാത്തതിന്ന് വിശ്വേട്ടന്‍ വന്ന് വിളിച്ചില്ലേ '.

' അതൊക്കെ കണക്കാക്കീട്ടാ ഞാന്‍ ചെന്നത്. അവരുടെ മനസ്സില് ഇപ്പോഴും ദേഷ്യാണെന്ന് കണ്ടപ്പഴാ മനസ്സിലായത് '.

' എന്തോ പറയട്ടെ. അവസരത്തിന്ന് പങ്കെടുക്കണം. അത് കഴിഞ്ഞ ശേഷം അന്യോന്യം കാണണംന്നോ ഒന്നിച്ച് കൂടണംന്നോ
ഞാന്‍ പറയില്ല. അത് രണ്ട് കൂട്ടരും കൂടി തീരുമാനിച്ചോളിന്‍. കല്യാണത്തിന്ന് മാറി നിന്നാല്‍ ആളുകള് ശ്രദ്ധിക്കും. പിന്നെ അതന്നെ പറഞ്ഞും കൊണ്ട് നടക്കും '.

' അതന്യാ എനിക്കും വേണ്ടത്. നാണം കെടട്ടെ രണ്ടെണ്ണൂം. ഒരുആങ്ങള ഉള്ളത് കല്യാണത്തിന്ന് കൂടീല്യാന്ന് പറഞ്ഞാല്‍
നാട്ടുകാര് ആസനം കൊണ്ട് ചിരിക്കും '.

' അങ്ങിനെ വരുത്തണ്ടാ. നീ ക്ഷമിക്ക് '.

' ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ ഏട്ടന്‍ കേള്‍ക്ക്വോ '.

' എന്താ പറ. ഞാന്‍ നിന്നെ വിട്ട് നിന്നിട്ടുണ്ടോ '.

' ഇല്ല. എനിക്ക് അതറിയാം. അതല്ലേ ചോദിച്ചത് '.

' ശരി. എന്താച്ചാല്‍ പറയ് '.

' കല്യാണത്തിന്ന് ഞാനും കുടുംബവും ചെല്ലില്ലാന്ന് നിശ്ചയിച്ച് കഴിഞ്ഞു. ഏട്ടനും പങ്കു കൊള്ളരുത്. നമ്മള്‍ രണ്ടാളും വിട്ട്
നിന്നാല്‍ എങ്ങിനെ ആവുംന്ന് കാണാലോ '.

ഇരുട്ടടി കിട്ടിയത് പോലെ വേണുവിന്ന് തോന്നി. കുളം കലക്കുന്ന ഇടപാടാണ് ഇവന്‍റെ കയ്യില്‍. പക്ഷെ തന്നോട് ഓപ്പോളുക്കും
വിശ്വേട്ടനും അപ്രിയം ഇല്ലാ എന്ന് മാത്രമല്ല സ്നേഹം മാത്രമേയുള്ളു. തനിക്ക് അര്‍ഹതപ്പെട്ട സ്വത്തുക്കള്‍ അന്യാധീനപ്പെടാതെ കാത്തു സൂക്ഷിച്ച് തിരിച്ചേല്‍പ്പിച്ചു. മാത്രമല്ല ഇത്രയും കാലത്തെ ആദായം നിക്ഷേപമാക്കി വെച്ചിട്ടുമുണ്ട്. വേണ്ട വിധത്തില്‍
തന്നെ സംരക്ഷിക്കാനായില്ല എന്ന ഖേദമേ അവര്‍ക്കുള്ളു. ഈ അവസ്ഥയില്‍ അവരെ വിട്ടു നില്‍ക്കുക എന്നത് ചിന്തിക്കാനാവില്ല.

' എന്താ ഒന്നും മിണ്ടാത്തത് '.

' ഒരു കാരണവും കൂടാതെ ഞാന്‍ മാറി നിന്നാല്‍ അത് ഒരു തെറ്റാവില്ലേ '.

' അത് ശരി. എല്ലാവരും കൂടി എന്നെ ഒറ്റയാക്കാനാ ഭാവം അല്ലേ '.

വേണു എന്തെങ്കിലും പറയുന്നതിന്ന് മുമ്പ് എഴുത്തശ്ശന്‍ പുറകില്‍ നിന്ന് വന്നു.

' വേണ്വോ, ചാമി വരുന്നുണ്ട്. എന്താ അവന്‍റെ അടുത്ത് പറയണ്ട് '.

' അതേ, ഏട്ടന്‍ എന്താ ഇഷ്ടം എന്നു വെച്ചാല്‍ ചെയ്തോളൂ. എനിക്ക് ഒരു വിരോധൂം ഇല്ലാ ' കിട്ടുണ്ണി പറഞ്ഞു ' ഞാന്‍
പോണൂ. ആളുകള് കാത്ത് നില്‍ക്കുന്നുണ്ടാവും '.

അയാള്‍ പടി കടന്ന് പോയി.

' കുരുത്തംകെട്ടോന്‍റെ ബുദ്ധി കണ്ടില്ലേ. എന്തായാലും കഴുവേറിക്ക് ചാമ്യേ നല്ല പേടീണ്ട്. അവന്‍റെ പേര് കേള്‍ക്കുമ്പഴയ്ക്കും
പറന്നു ' എഴുത്തശ്ശന്‍ ചിരിച്ചു.

വെള്ളപ്പാറ കടവ് കടന്ന് കിട്ടുണ്ണി മറയുന്നതും നോക്കി വേണു ഇരുന്നു.

***********************************************

' അമ്മാമേ, ഞാന്‍ എന്താ വേണ്ടത് ' വൈകുന്നേരം ചായ കുടിച്ചിരിക്കുമ്പോള്‍ വേണു ചോദിച്ചു.

' എന്താ സംഗതീന്ന് പറ '.

' കിട്ടുണ്ണി വന്ന് പറഞ്ഞത് അമ്മാമ കേട്ടല്ലോ. കല്യാണത്തിന് അവനും കുടുംബവും വിട്ട് നിന്നാല്‍ മോശാവില്യേ . ഓപ്പോളുടെ
ഉടപ്പിറന്നോന്‍ അവനല്ലേ '.

' അതിനിപ്പൊ എന്താ ചെയ്യാ. അവനും കൂടി തോന്നണ്ടേ '.

' ഞാന്‍ ഓപ്പോളെ കണ്ട് ഒന്നും കൂടി സംസാരിച്ച് നോക്കട്ടെ. അവനെ വേറിട്ട് നിര്‍ത്തുന്നത് സങ്കടം ഉള്ള കാര്യാണ് '.

' എന്ത് പ്രാന്താ നീ പറയുണത്. അവര് മാറ്റി നിര്‍ത്ത്യേതോ, അവന്‍ മാറി നിന്നതോ ഏതാ ശരി '.

' അവന്‍ പറഞ്ഞ കാര്യം സമ്മതിച്ചാല്‍ മാറി നില്‍ക്കില്ലല്ലോ '.

' നീ ചെല്ലരുത് എന്നല്ലേ അവന്‍റെ ആവശ്യം '.

' അതല്ല. കല്യാണത്തിന്ന് ചെല്ലുന്നതിനൊന്നും അവന്‍ വിരോധം പറഞ്ഞിട്ടില്ല. അമ്മാമന്‍റെ സ്ഥാനത്ത് അവന്‍ നില്‍ക്കുംന്നേ
പറഞ്ഞിട്ടുള്ളു. അതല്ലേ ന്യായം '.

' നീ ഇതും പറഞ്ഞ് പത്മിനിയമ്മടെ അടുത്ത് ചെല്ല്. ചൂലും കെട്ടോണ്ട് അടുത്ത് അടി നിനക്കാ കിട്ട്വാ '.

' എന്തായാലും ഞാന്‍ നാളെ ഓപ്പോളെ ചെന്ന് കാണും. ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കാതിരിക്കില്ല '.

' നടന്നത് മുഴുവന്‍ പറയ്. അവന്‍ നിന്‍റെ അടുത്ത് ലഹളക്ക് വന്നതും ചാമിടെ വക കിട്ടിയതും ഇവിടെ തെറ്റ് പറയാന്‍
വന്നതും ഒക്കെ പറയ്. അനുജന്‍റെ സ്വഭാവം മുഴുവനങ്ങോട്ട് അറിയട്ടെ '.

' അമ്മാമേ, അതൊക്കെ കഴിഞ്ഞില്ലേ. ഇനി അതെല്ലാം ഓപ്പോളുടെ അടുത്ത് എഴുന്നള്ളിച്ച് ഉള്ള ദേഷ്യം
 കൂട്ടാന്‍ പാട്വോ '.

' ഞാന്‍ പറയാണച്ചാല്‍ സകലതും അവിടെ ചെന്ന് അറിയിക്കണം. ഞാനാണച്ചാല്‍ അതേ ചെയ്യൂ '.

' എനിക്ക് അതിന് തോന്നുണില്യാ അമ്മാമേ '.

' എന്നാല്‍ നിനക്ക് ബോധിച്ചപോലെ ചെയ്തോ. എന്നെങ്കിലും ഈ വിവരം അവര് അറിയും. അപ്പൊ നീ കുറ്റക്കാരനാവും '.

' അത് സാരോല്യ '.

' നീ എന്ത് പറഞ്ഞാലും വിരോധൂല്യാ, ഞാന്‍ ആ കഴുവേറിക്ക് വെച്ചിട്ടുണ്ട് '.

അമ്പലത്തില്‍ നിന്ന് ശംഖുനാദം കേട്ടു.

' വാ, നമുക്ക് തൊഴാന്‍ പോവാം ' എഴുത്തശ്ശന്‍ എഴുന്നേറ്റു.

നോവല്‍ - അദ്ധ്യായം 74.

' കുറച്ച് ദിവസമായി നിന്‍റെ പെരുമാറ്റത്തില്‍ ഒരു വ്യത്യാസം കാണാന്‍ തുടങ്ങീട്ട് ' സുകുമാരന്‍ പറഞ്ഞു
' ഇങ്ങിനെയൊന്നുമല്ലല്ലോ നമ്മള്‍ കഴിഞ്ഞു വന്നത് '. രാധാകൃഷ്ണന്‍ ഒന്നും പറയാതെ വെറുതെയൊന്ന് ചിരിച്ചതേയുള്ളു. മോട്ടോറും ഹള്ളറും ബന്ധിപ്പിക്കുന്ന ബെല്‍ട്ട് ശബ്ദമുണ്ടാക്കി കറങ്ങിക്കൊണ്ടിരുന്നു.

കുറച്ചായി മില്ലിലെ കാര്യങ്ങള്‍ രാധാകൃഷ്ണനാണ് നോക്കാറ്. രാവിലേയോ വൈകുന്നേരമോ വേലായുധന്‍ കുട്ടി ആളെ
കാണിക്കാനെന്ന മട്ടില്‍ മില്ലു വരെ ഒന്നുവന്ന് പോകും. കാണുന്നവരെല്ലാം തന്നെ അച്ചിക്കോന്തന്‍ എന്ന് വിളിക്കുന്നുണ്ടോ
എന്നൊരു സംശയം. ഒരു കാര്യത്തിലും താല്‍പ്പര്യമില്ലാത്ത മട്ടിലായി അയാള്‍.

' എന്താ ഞാന്‍ പറഞ്ഞത് നീ കേട്ടില്ല എന്നുണ്ടോ ' സുകുമാരന്‍ വീണ്ടും ചോദിച്ചു ' അതോ മറുപടി പറയണ്ടാ
എന്ന് വെച്ചിട്ടോ '.

' അതൊന്നുമല്ല. കുറച്ച് നാളായി വീട്ടില്‍ തീരെ സ്വൈരം കിട്ടാറില്ല '.

' അതിന്ന് ഇപ്പോള്‍ പ്രത്യേകിച്ച് കാരണം വല്ലതുമുണ്ടോ '.

' മുത്തശ്ശനോട് പിണങ്ങി വീട് വിട്ട് പോന്ന അന്ന് മുതല്‍ അച്ഛനും അമ്മയും തമ്മില്‍ തീരെ മിണ്ടാറില്ല. അച്ഛന്‍
കൊള്ളരുതാത്തവനായതുകൊണ്ടാണ് ഇങ്ങിനെ വന്നത് എന്ന് അമ്മ. അമ്മയുടെ കൂട്ടം കേട്ട് നടന്നതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും
കാരണമെന്ന് അച്ഛന്‍. ഒളിഞ്ഞും തെളിഞ്ഞും പല ദിക്കില്‍ വെച്ച് പലരും കുറ്റപ്പെടുത്തുന്നത് കേട്ടുകേട്ട് അച്ഛന്‍റെ മനസ്സ്
തകര്‍ന്നിരിക്കുകയാണ് '.

' എന്താ നിന്‍റെ നിലപാട് '.

' അച്ഛന്‍ പറഞ്ഞതില്‍ കാര്യമുണ്ട് എന്നാണ് എന്‍റെ അഭിപ്രായം '.

' എന്നിട്ട് നീയെന്താ ചെയ്തത് '.

' നമുക്ക് പറയുന്നതിന്ന് ഒരു പരിമിതിയില്ലേ. കുറെ പറഞ്ഞു നോക്കി. അയമ്മടെ മനസ്സ് മാറില്ല. ഇപ്പൊ ഞാനും അവരെ തഴഞ്ഞു. അവര് പറയുന്നതൊന്നും കേള്‍ക്കാറില്ല. സംസാരിക്കാന്‍ പോവാറും ഇല്ല '.

' ഇത് അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ. നിനക്ക് അമ്മാമന്മാരോട് പറയാമായിരുന്നില്ലേ '.

' പറയാന്‍ പറ്റിയ വര്‍ഗ്ഗം. മൂള എന്നത് അവറ്റടെ തലയില്‍ ഇല്ല. അമ്മയുടെ കൂടപ്പിറപ്പുകളല്ലേ അവര്‍. പിന്നെ എത്ര കണ്ട്
നന്നാവും '.

' നിന്‍റെ പെങ്ങളെക്കോണ്ട് ഒന്ന് സംസാരിപ്പിക്ക്. പെണ്‍കുട്ടികള്‍ക്കാണ് അമ്മമാരുടെ അടുത്ത് സ്വാധീനം '.

' അവള്‍ അമ്മടെ തനി പകര്‍പ്പാണ്. എനിക്ക് ഒരു കുട്ടി ഉണ്ടായിട്ട് അയാള്‍ കാണാന്‍ വന്നില്ല എന്നാണ് മുത്തശ്ശനെ പറ്റി അവളുടെ പരാതി '.

' മുത്തശ്ശന്‍റെ കാര്യത്തില്‍ അവള്‍ ഇടപെടണ്ടാ. അച്ഛനും അമ്മയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം 
പറഞ്ഞ് തീര്‍ത്തൂടേ '.

' അവര്‍ തമ്മിലുള്ള അകല്‍ച്ചയുടെ മുഖ്യ കാരണം മുത്തശ്ശനാണ്. എങ്ങിനെ സംസാരിച്ച് തുടങ്ങിയാലും ഒടുവില്‍ ആ വിഷയത്തില്‍ ചെന്നെത്തും '.

' എന്താ അടുത്ത നടപടി '.

' ഒന്ന് ശബരിമലക്ക് പോണം. വന്ന ശേഷം ചിലതൊക്കെ ചെയ്യാനുണ്ട് '.

' മലക്ക് പോവാന്‍ ഞാനും ഉണ്ട്. ശനിയാഴ്ച വൈകുന്നേരം ഗുരുവായൂരില്‍ ചെന്ന് മാലയിടാം. അപ്പൊത്തന്നെ കെട്ട് നിറച്ച്
മലക്ക്. നേരം പുലരുമ്പോള്‍ പമ്പയിലെത്തും. കുളിച്ച് മല കേറണം . തൊഴുതതും തിരിച്ചാല്‍ ഉച്ചക്ക് മുമ്പ് താഴെയെത്തും.
ഒന്നും കൂടി കുളിച്ച് മാല ഊരാം. പിന്നെ നമുക്ക് വീട്ടിലേക്കോ, ബാറിലേക്കോ എവിടേക്ക് വേണച്ചാലും പോവാം '.

' ഞാന്‍ അതിനില്ല. ഒരു മണ്ഡലകാലം വൃതമെടുത്ത് കെട്ടു നിറച്ച് പോവാനാണ് ഉദ്ദേശം '.

' അതുകൊണ്ട് പ്രത്യേകിച്ച് ഒന്നൂല്യാ. ഒക്കെ നിന്‍റെ ഓരോ തോന്നലാണ് '.

പണിക്കാര്‍ ജോലി അവസാനിപ്പിച്ച് പോയി കഴിഞ്ഞു. തുലാമാസം മുതല്‍ നേരത്തെ ഇരുട്ടായി തുടങ്ങും. രാധാകൃഷ്ണന്‍ 
ഓഫീസ്മുറിയുടെ ജനാലകള്‍ അടക്കാന്‍ തുടങ്ങി.

' തവിട് തര്വോ ' വാതില്‍ക്കല്‍ ഒരു പെണ്‍ശബ്ദം.

നോക്കുമ്പോള്‍ കല്യാണി.

' നീയെന്താ ഇത്ര വൈക്യേത് '.

' ആ തള്ള കൂടെ വരുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ കാത്തു നിന്നു. ഒടുക്കം ഇന്നിനി ഞാനില്യാ എന്നും പറഞ്ഞ് എന്നെ
ഒറ്റയ്ക്കാക്കി '.

' വേഗം വാ ' എന്നും പറഞ്ഞ് രാധാകൃഷ്ണന്‍ മില്ലിന്‍റെ വാതില്‍ തുറന്നു അകത്ത് ചെന്നു, ചാക്കുമായി കല്യാണി പുറകേയും.

തവിടിന്‍ ചാക്കേറ്റി കല്യാണി പോയി. അവള്‍ നല്‍കിയ കാശും കയ്യില്‍ വെച്ച് വാതിലും പൂട്ടി അയാള്‍ ഓഫീസ് മുറിയിലേക്ക്
ചെന്നു,

' ഏതാടാ ആ അപ്സരസ്സ്. കാണാന്‍ കൊള്ളാലോ '.

' കല്യാണി ' രാധാകൃഷ്ണന്‍ ഒറ്റ വാക്കില്‍ മറുപടി ഒതുക്കി.

' ആളെങ്ങിനെ. ചൂണ്ടേല്‍ കൊത്ത്വോ '.

' ആ കളി അവളോട് വേണ്ടാ. നല്ല മര്യാദക്കാരി കുട്ടിയാണവള്‍ '.

' പിന്നെ. വളച്ചാല്‍ വളയാത്ത ഉരുപ്പടി വല്ലതും ഈ ലോകത്ത് ഉണ്ടോടാ '.

' അവളെ വേണ്ടാത്തത് പറയരുത് ' രാധാകൃഷ്ണന്ന് കൂട്ടുകാരന്‍റെ വാക്കുകള്‍ ഇഷ്ടപ്പെട്ടില്ല. അതിന്‍റെ നീരസം അയാളുടെ വാക്കുകളില്‍ നിഴലിച്ചു.

' നീ സ്വകാര്യ സ്വത്താക്കി വെച്ചതാണെങ്കില്‍ ഞാന്‍ ഇടപെടില്ല. നീ ഒറ്റയ്ക്ക് അനുഭവിച്ചോ '.

' നിര്‍ത്ത്. വേണ്ടാത്ത കൂട്ടം ഇനി പറയരുത് .'

' എന്നേ നീ പുണ്യവാളനായത്. നമ്മള്‍ രണ്ടാളും കൂടി എത്ര എണ്ണത്തിന്‍റെ അടുത്ത് ചെന്നിട്ടുണ്ട് '.

' അത് ഇല്ലാ എന്ന് പറയുന്നില്ല. തൊഴിലായി ഇരിക്കുന്നവരാ അവരൊക്കെ. ഇത് അതുപോലെ അല്ല. ഇന്നുവരെ
നാട്ടില് വേണ്ടാത്ത പണിക്ക് ഞാന്‍ പോയിട്ടില്ല. ഇനി അതിന്ന് എന്നെ കാക്കണ്ടാ '.

' എന്നാല്‍ വേണ്ടാ '.

മില്ല് പൂട്ടി ഇരുവരും പുറത്തിറങ്ങി. സുകുമാരന്‍റെ കാറും രാധാകൃഷ്ണന്‍റെ മോട്ടോര്‍സൈക്കിളും മുന്നോട്ട് നീങ്ങി. പടിക്കല്‍
നിന്ന കാവല്‍ക്കാരന്‍ സല്യൂട്ടടിച്ചു.

റോഡില്‍ കയറിയ കാര്‍ പടിഞ്ഞാട്ട് കുതിച്ചു, മോട്ടോര്‍ സൈക്കിള്‍ കിഴക്കോട്ടും.

*****************************************************

' സ്വാമിനാഥനെ ഈ വഴിക്ക് കാണാറേ ഇല്ലല്ലോ. ഈ കണക്കിന് പോയാല്‍ നാണു നായരുടെ വീട് പണി എന്താവും '
എഴുത്തശ്ശന്‍ തന്‍റെ ശങ്ക കൂട്ടുകാരോട് പങ്കു വെച്ചു.

' തിരക്കുള്ള സമയമാണെന്ന് നമ്മളോട് പറഞ്ഞതല്ലേ ' എന്നായി മേനോന്‍.

' തിരുവന്തപുരത്തേക്ക് പോയിട്ടുണ്ടാവോ ' വേണുവിന്ന് അതാണ് ആശങ്ക.

' ഏയ്. ഇന്ന് രാവിലെ കൂടി കാറില്‍ പോണത് കണ്ടു ' മേനോന്‍ പറഞ്ഞു 'ആള് സ്ഥലത്തുണ്ട് '.

' എന്നാല്‍  നാളെ രാവിലെ നമുക്ക് അങ്ങോട്ട് ചെന്ന് കാണാം 'വേണു അഭിപ്രായപ്പെട്ടു .

' ഞാന്‍ വേണോ, മൂന്നാള് കൂടി ചെന്നിട്ട് മുടങ്ങണ്ടാ ' എഴുത്തശ്ശന്‍ ഒഴിവാകാന്‍ നോക്കി.

' അമ്മാമ വരണം ' വേണു പറഞ്ഞു ' അമ്മാമയുടെ അടുത്ത് പറ്റില്ലാന്ന് അയാള്‍ പറയില്ല '.

പിറ്റേന്ന് കാലത്തേ മൂന്നു പേരും പുറപ്പെട്ടു. അവര്‍ ചെന്ന് കയറുമ്പോള്‍ സ്വാമിനാഥന്‍ എവിടേക്കോ ഇറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.

' എന്താ മൂണാളും കൂടി ' അയാള്‍ ചോദിച്ചു.

' നമ്മടെ നാണു നായര്‍ക്ക് ഇവരുടെ അടുത്തായി ഒരു പുര പണിയണം. ആ കാര്യം പറയാനാണ് വന്നത് ' മേനോന്‍ വിഷയം അവതരിപ്പിച്ചു

' ഇപ്പൊ ആകെ കൂടി തിരക്ക് പിടിച്ച സമയമാണ്. നാലഞ്ച് വീടുകള്‍ പണി തീര്‍ത്ത് ഏല്‍പ്പിക്കാനുണ്ട്. പറഞ്ഞ സമയത്ത്
പണി തീര്‍ത്ത് കൊടുത്താലല്ലേ എനിക്ക് പണം ചോദിക്കാന്‍ പറ്റൂ ' സ്വാമിനാഥന്‍ ഈ വിധത്തിലാണ് പ്രതികരിച്ചത്

മേനോനും വേണുവും മുഖത്തോട് മുഖം നോക്കി.

' കുട്ട്യേ, നിനക്ക് തിരക്കൊക്കെ ഉണ്ടാവും. എന്നാലും അയാളെ ഒന്ന് സഹായിക്കണം  '.

' എന്നാല്‍ ഇത് അമ്പലത്തിന്‍റെ അടുത്ത് കെട്ടിടം പണിയുമ്പോള്‍ പറയായിരുന്നില്ലേ. കൂട്ടത്തില്‍ അതും കൂടി ചെയ്ത്
കൊടുക്കായിരുന്നല്ലോ. നായര്‍ക്ക് ഇപ്പോഴാണോ ബുദ്ധി വരുന്നത് '.

നായരുടെ ഭാഗത്ത് വന്ന വീഴ്ചയല്ല അതെന്നും , അയാള്‍ വഞ്ചിക്കപ്പെട്ടതാണെന്നുമുള്ള വിവരങ്ങള്‍ അറിഞ്ഞതോടെ സ്വാമിനാഥന്‍റെ മനസ്സ് മാറി.

' ഇന്നത്തെ കാലത്ത് ഒരു മനുഷ്യനെ വിശ്വസിക്കാന്‍ പാറ്റില്യാന്നായി 'അയാള്‍ പറഞ്ഞു ' സൂത്രത്തില്‍ മുദ്ര കടലാസില്‍ 
ഒപ്പ് വങ്ങിച്ച് ആളെ പറ്റിച്ചത് സ്വന്തം മകളുടെ ഭര്‍ത്താവ്. അയാളുടെ കഷ്ട കാലം '.

എത്ര കഷ്ടപ്പെട്ടാലും പെട്ടെന്ന് പണി തീര്‍ത്ത് കൊടുക്കാമെന്ന് സ്വാമിനാഥന്‍ സമ്മതിച്ചു.

' ഒരു മുറിയും അടുക്കളയും പോരേ ' എഴുത്തശ്ശന്‍ ചോദിച്ചു.

' അതെന്ത് വീടാണ്. അത്യാവശ്യം സൌകര്യം ഒക്കെ വേണ്ടേ ' സ്വാമിനാഥന്‍ പറഞ്ഞു.

' നാല് രണ്ട് സമചതുരത്തില്‍ ഒരു മുറി. ഉമ്മറത്ത്പൂമുഖം . ചെറുക്കനെ ഒരു അടുക്കള. എടേലായി രണ്ടേകാല്‍
കോല് വീതിയില്‍ ഒരു നടവഴി ' മേനോന്‍ പ്ലാന്‍ അവതരിപ്പിച്ചു ' അതിനന്നെ അയാളുടെ കയ്യില്‍ ഉണ്ടാവില്ല. എല്ലാരും
കൂടി ചെയ്ത് കൊടുക്കാമെന്ന് വെച്ചിട്ടാ '.

' എന്തെങ്കിലും ഞാനും ചെയ്യാം  ' എന്ന് സ്വാമിനാഥന്‍ സന്നദ്ധത പ്രകടിപ്പിച്ചു ' നാണുനായര് നമ്മടെ കൂട്ടത്തില്‍പ്പെട്ട
ആളല്ലേ. അയാള് കഷ്ടത്തിലായാല്‍ നമ്മള് സഹായിക്കേണ്ടേ '.

' അതൊന്നും ഇല്ലെങ്കിലും വിരോധോല്യാ. എങ്ങിനെയെങ്കിലും ആ ചങ്ങാതിയെ മഴയും വെയിലും കൊള്ളാതെ ഒരിടത്ത്
ഇരുത്തണം. അതിനൊരു സഹായം. അത്രേ വേണ്ടു '.

താന്‍ വന്ന് സ്ഥലം നോക്കി നിശ്ചയിക്കാമെന്ന് സ്വാമിനാഥന്‍ പറഞ്ഞു. ' എന്നാല്‍ നിങ്ങളുടെ യാത്ര വൈകിക്കുന്നില്ല ' എന്നും പറഞ്ഞ് വന്നവരും ഇറങ്ങി.

നോവല്‍ - അദ്ധ്യായം 73.

' അമ്മാമേ, ഞാന്‍ മദിരാശിയിലേക്കു തന്നെ തിരിച്ച് പോവ്വാണ് ' വക്കീലിനെ കാണാന്‍ പോയി മടങ്ങി വന്നതും വേണു എഴുത്തശ്ശനോട് പറഞ്ഞു.

' ഇതെന്താ ഇത്ര പെട്ടെന്ന് ഇങ്ങിനെ തോന്നാന്‍ '.

' ഒന്നൂല്യാ. വെറുതെ ആളുകളുടെ കണ്ണില്‍ കരടായിട്ട് എന്തിനാ ഇവിടെ കഴിയുന്ന് '.

' എനിക്കൊന്നും മനസ്സിലാവുന്നില്ല. എന്താച്ചാല്‍ തുറന്ന് പറയ് '.

' ഞാന്‍ ഇവിടെ വരുന്നതിന്ന് മുമ്പോ ശേഷമോ കിട്ടുണ്ണിയുടെ അടുത്ത് ഒന്നിനും പോയിട്ടില്ല. പക്ഷെ അവന് എന്നോട്
എന്തോ ഒരു പക ഉള്ള മട്ടിലാണ് പെരുമാറ്റം '.

' അതിന്ന് നിനക്കെന്താ. കണ്ടില്യാ കേട്ടില്യാ എന്നുവെച്ച് ഇരുന്നാല്‍ പോരെ '.

' അതിനും സമ്മതിക്കുന്നില്ലല്ലോ ' വേണു വഴിയില്‍ വെച്ച് കിട്ടുണ്ണിയെ കണ്ടു മുട്ടിയതും അവന്‍ ക്ഷോഭിച്ച്
സംസാരിച്ചതും ഒക്കെ വിസ്തരിച്ചു.

' അമ്മാമ അറിയ്വോ . മരുമകന്‍റെ കല്യാണനിശ്ചയത്തിന് അവനെ വിളിക്കണം എന്ന് ഓപ്പോളോട് ഞാനാ പറഞ്ഞത്.
അതിന് അവര് എന്നോട് ദേഷ്യപ്പെട്ടു. എന്നിട്ടും  എനിക്കാ കുറ്റം '.

' ഞാന്‍ പറഞ്ഞില്ലേ, നീ മിണ്ടാതിരി. തനി കഴുവേറിയാണ് അവന്‍ '.

' കണ്ടാലല്ലേ കുറ്റം പറയൂ. കാണാത്ത ദിക്കില്‍ കഴിഞ്ഞാല്‍ പിന്നെ പ്രശ്നം ഇല്ലല്ലോ '.

' ആരെങ്കിലും എന്തെങ്കിലും പറഞ്ഞൂന്ന് വെച്ച് അങ്ങിനെ നാട് വിടാനൊന്നും പോണ്ടാ. നമുക്കും നാലാള് ഉണ്ടാവും ഭാഗം പറയാന്‍ '.

' ഞാന്‍ എന്നും അവനെ സ്നേഹിച്ചിട്ടേ ഉള്ളു. ചോദിക്കുമ്പോഴൊക്കെ കയ്യിലുള്ളത് കൊടുത്തിട്ടുണ്ട്. എന്നിട്ടും എന്നോട് വിദ്വേഷം മാത്രേ കാട്ടാറുള്ളു '.

' നീ ക്ഷമിക്ക്. ആ കള്ളനോട് ഞാന്‍ ചോദിക്കാം. അവന്‍റെ തെമ്പൊന്നും എന്‍റടുത്ത് നടക്കില്ല '.

അസ്വസ്ഥമായ മനസ്സോടെ വേണു ഇരുന്നു. തിണ്ടിലെ പുല്ലുപായില്‍ തലയ്ക്ക് കയ്യും വെച്ച് എഴുത്തശ്ശന്‍ കിടന്നു. പക്ഷികള്‍
കൂട്ടമായി ചേക്കേറാന്‍ പോയി തുടങ്ങി. അകലെ തെളിഞ്ഞ ആകാശത്തിന്‍റെ പടിഞ്ഞാറെ ചെരുവില്‍ ചെഞ്ചായം കൊണ്ട് വരച്ചിട്ട ചിത്രങ്ങളെല്ലാം മങ്ങി കഴിഞ്ഞു. വെള്ളപ്പാറ കടവിന്നപ്പുറത്ത് തെരുവ് വിളക്കുകള്‍ പ്രകാശം ചൊരിഞ്ഞു. പകല്‍ 
കയ്യിലേന്തിയ ബാറ്റണ്‍ രാത്രിക്ക് കൈ മാറാന്‍ ഒരുങ്ങി.

' ദീപാരാധനയുടെ സമയം കഴിഞ്ഞു. നിന്‍റെ കാര്യം ആലോചിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല. നമുക്ക് നട അടയ്ക്കും മുമ്പ് പോയി തൊഴുതിട്ട് വരാം ' എന്നു പറഞ്ഞ് എഴുത്തശ്ശന്‍ എഴുന്നേറ്റു. ടോര്‍ച്ചുമായി വേണു എഴുത്തശ്ശന്‍റെ കൂടെ ഇറങ്ങി.
അമ്പലത്തില്‍ നിന്ന് മിക്കവരും പോയി കഴിഞ്ഞു.

' എന്തേ വരാന്‍ വൈകീത്. നട അടയ്ക്കാറായി. ഇന്ന് വരുന്നുണ്ടാവില്ല എന്ന് കരുതി ' വാരിയര്‍ ലോഹ്യം പറഞ്ഞു. ദീപ
പ്രഭയില്‍ മുങ്ങി നില്‍ക്കുന്ന ദേവനെ നോക്കി വേണു പ്രാര്‍ത്ഥിച്ചു ' ഭഗവാനേ, ആര്‍ക്കും ഈ സാധുവിനോട് അപ്രിയം
തോന്നരുതേ '.

കളപ്പുരയില്‍ തിരിച്ചെത്തുമ്പോള്‍ ചാമി എത്തിയിരിക്കുന്നു. ഉമ്മറത്ത് കമ്പിറാന്തല്‍ കത്തിച്ച് വെച്ചിട്ടുണ്ട്. ഇരുവരും 
അകത്തേക്ക് ചെന്നു. അടുപ്പില്‍ വെച്ച അലുമിനിയം പാത്രത്തിന്നടിയില്‍ തീ നാമ്പുകള്‍ താളം ചവിട്ടുന്നുണ്ട്.

' നീ എപ്പഴേ എത്ത്യേ ' എഴുത്തശ്ശന്‍ ചാമിയോട് ചോദിച്ചു.

' ഇത്തിരി നേരായി . വന്നതും കഞ്ഞിക്ക് അരിയിട്ടു '.

' അത് നന്നായി '.

ആരും ഒന്നും സംസാരിച്ചില്ല. മൂന്ന് പേരുടേയും മനസ്സില്‍ എന്തെല്ലാമോ പെറ്റു പെരുകി.

' നീ അറിഞ്ഞോടാ ചാമ്യേ, ഇന്നത്തെ സംഭവം ' എഴുത്തശ്ശന്‍ സംഭാഷണത്തിന്ന് തുടക്കം കുറിച്ചു.

' എന്താദ് '.

' കിട്ടുണ്ണി മാഷ് നമ്മടെ വേണൂന്‍റടുത്ത് തമ്മില്‍ തല്ലിന്ന് ചെന്നൂത്രേ '.

' എന്തിനേ '.

' അവന് കാരണം വല്ലതും വേണോ. സാധുക്കളുടെ അടുത്തല്ലേ അവനൊക്കെ മേക്കട്ട് കേറാന്‍ പറ്റൂ '. വേണു പറഞ്ഞതൊക്കെ
എഴുത്തശ്ശന്‍ ആവര്‍ത്തിച്ചു.

' മുതലാളി മിണ്ടാണ്ടിരിക്കുമ്പോഴാണ് ഏളുതത്തരം കാട്ടുണത്. ആരെടാ എന്ന് ചോദിച്ചാല്‍ ഞാനാടാ എന്ന് പറയണം. എന്നാല്‍ 
ഒരുത്തനും ഒന്നിനും വരില്ല '.

' അവന്‍ പറഞ്ഞത് കേട്ടിട്ട് നിന്‍റെ മുതലാളി മദിരാശിക്ക് മടങ്ങി പോണൂന്നാ പറയുന്ന് '.

' ഏയ്. അതൊന്നും വേണ്ടാ. കിട്ടുണ്ണി മാഷ് മുതലാളിയെ വേണ്ടാത്തത് പറഞ്ഞൂച്ചാല്‍ അയാള് വന്ന് തപ്പ് പറയും. അത്
പോരെ '.

' അതെന്താ, നീ അവനോട് ശേഷം ചോദിക്കാന്‍ പോവ്വാണോ '.

' അതൊക്കെ കയ്യോടെ കഴിഞ്ഞു '.

പീടികയില്‍ വെച്ച് വിവരം അറിഞ്ഞതും കിട്ടുണ്ണിയെ കാത്തു നിന്ന് ചോദിച്ചതും ചാമി പറഞ്ഞു.

' ഇതല്ലാണ്ടെ നീ വല്ല വിവരക്കേടും കാട്ട്യോടാ '.

' അയ്യേ, അങ്ങിനെ ഒന്നൂല്യാ. തര്‍ക്കുത്തരം കൊണ്ട് വന്നപ്പൊ അടിവയറ് നോക്കി ഒരു ചവിട്ട് കൊടുത്തു. അയാള്
താഴെ പാടത്ത് ചെന്ന് വീണു. അത്രേന്നെ '.

' ഇനി അത് വല്ല മെനക്കേടും ആവ്വോടാ '.

' ഒന്നും ഉണ്ടാവില്ല. നേരം വെളുക്കുമ്പൊ തന്നെ മുതലാളിയെ വന്നു കണ്ട് തപ്പ് പറയണംന്ന് ഞാന്‍ പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ട്.
അയാള്‍ അത് ചെയ്യും '.

' പൊലീസിലോ മറ്റോ ചെന്ന് പറയ്വോ '.

' ഏയ്. അതിന്നുള്ള ധൈര്യം കാണില്ല. അങ്ങിനെ വല്ലതും ചെയ്താല്‍ എന്‍റെ കത്തി വരിപ്പളേല് കേറ്റുംന്ന് കൂടി
പറഞ്ഞിട്ടുണ്ട് '.

' നീയാടാ ആണ്‍കുട്ടി '. എഴുത്തശ്ശന്‍ ചാമിയെ അഭിനന്ദിച്ചു. തിരിഞ്ഞ് വെണുവിനെ നോക്കി ' നിനക്ക് സമാധാനമായല്ലോ ' എന്നൊരു അന്വേഷണവും.

' പാവം. അവന് വല്ലതും പറ്റി കാണ്വോ '.

വേണുവിന്‍റെ വാക്കുകള്‍ കേട്ട് ഇരുവരും ചിരിച്ചു.

' നീ ചെന്ന് അനിയന് കുഴമ്പ് പുരട്ടി കൊടുക്ക് ' എന്ന് എഴുത്തശ്ശന്‍ പരിഹസിച്ചു. ' ഇന്നത്തെ കാലത്ത് മനുഷ്യര് ഇത്ര
നന്നാവാന്‍ പാടില്ല ' എന്നൊരു ഉപദേശവും നല്‍കി .

ആ പറഞ്ഞത് ശരിവെച്ചുകൊണ്ട് വേപ്പുമരത്തിലിരുന്ന കൂമന്‍ ഒന്ന് മൂളി.

**************************************************

' എങ്ങന്യാ മേലാസകലം ചേറായത് ' കിട്ടുണ്ണിയെ നോക്കി രാധ ചോദിച്ചു.

' ഒന്നും പറയണ്ടാ. ഒരു അബദ്ധം പറ്റീന്ന് പറഞ്ഞാല്‍ മതിയല്ലോ '.

' എന്തേ പറ്റീത് '.

' ഞാന്‍ ഇങ്ങോട്ട് വരുമ്പൊ നമ്മടെ കണ്ടത്തില് നല്ല രണ്ട് കണ്ണന്‍ മീന്‍. വെള്ളത്തില്‍ കിടന്ന് പിടക്കുന്നത് കണ്ടപ്പൊ ഒരു
പൂതി തോന്നി. പിടിക്കാന്ന് വെച്ച് പാതേന്ന് താഴത്തെ വരമ്പത്തേക്കൊന്ന് ചാടി. ചെരിപ്പ് വഴുക്കി പാടത്ത് വീണു '.

' എന്നിട്ട് മീനെവിടെ '.

' എണീക്കുമ്പഴക്കും അത് സ്ഥലം വിട്ടില്ലേ '.

' വയസ്സാന്‍ കാലത്ത് വേണ്ടാണ്ടെ കയ്യും കാലും കേട് വരുത്താന്‍ നോക്കണ്ടാ. കയ്യോ കാലോ ഒടിഞ്ഞ് കിടപ്പിലായാല്‍  ബുദ്ധിമുട്ടാവും  '.

' നീ ഇത്തിരി വെള്ളം ചൂടാക്ക്. ഇതൊക്കെ കഴുകി ഒന്ന് കുളിക്കണം '.

' മുണ്ടും തുണീം ഒന്നും ചെയ്യണ്ടാ. അത് ഞാന്‍ കഴുകിക്കോളാം. മേല്‍ കഴുകിയാല്‍ മതി '.

കുളിമുറിയില്‍ നിന്ന് വന്ന് വസ്ത്രം മാറി കിട്ടുണ്ണി ഉമ്മറത്ത് ഇരുന്നു. ആകെ കൂടി അസ്വസ്ഥത. വെറുതെ വേണ്ടാത്തതിന്ന്
ചെന്ന് വല്ലവന്‍റേയും കയ്യില്‍ ഇരിക്കുന്നത് വാങ്ങിക്കെട്ടി. ഇന്നേവരെ തന്‍റെ നേര്‍ക്ക് കൈചൂണ്ടി ഒരാള് വര്‍ത്തമാനം 
പറഞ്ഞിട്ടില്ല. എന്നിട്ട് വെറുമൊരു കൂലി പണിക്കാരന്‍റെ കയ്യിന്ന്. പോരാത്തതിന്ന് ഒരു വെല്ലുവിളിയും. ആലോചിക്കുമ്പോള്‍
സംഗതി ഇനി കൂടുതല്‍ വഷളാക്കേണ്ടാ എന്നാണ് തോന്നുന്നത്. അവന് ഒന്നും നഷ്ടപ്പെടാനില്ല. നാലാള് അറിഞ്ഞാല്‍ തനിക്കാണ് കുറച്ചില് '.

' എന്താ വല്ലാതെ ഒരു ആലോചന ' രാധയ്ക്ക് കിട്ടുണ്ണിയുടെ മൌനത്തിന്‍റെ അര്‍ത്ഥം മനസ്സിലായില്ല. വായ തപ്പ് കൂടാതെ
പറഞ്ഞും കൊണ്ടിരിക്കുന്ന ആളാണ്. അധിക പക്ഷം ആരേയെങ്കിലും കുറ്റം പറച്ചിലാവും.

' ഞാന്‍ ഏട്ടന്‍റെ കാര്യം ആലോചിക്ക്യാണ് '.

' എന്താ ഏട്ടന്ന് '.

' ഒന്നൂല്യാ. നന്നായിക്കോട്ടെ എന്ന് കരുതി ഞാന്‍ നല്ലത് പറഞ്ഞാല്‍ മൂപ്പരുക്ക് തലയില്‍ കേറില്ല. കളപ്പുരയും സ്ഥലവും 
വിറ്റിട്ട് നമ്മുടെ പാടത്തിന്‍റെ അടുത്ത് വാങ്ങിക്കോളാന്‍ പറഞ്ഞു. നമ്മുടെ നോട്ടം എത്തുംന്ന് വെച്ച് പറഞ്ഞതാ കേട്ടില്ല '.

' മൂപ്പരുക്ക് ഒറ്റയ്ക്ക് കൂടാനാവും ഇഷ്ടം '.

' ആയിക്കോട്ടേ. സ്കൂള്‍ മാനേജരുടെ പെങ്ങളെ കല്യാണം കഴിക്കുന്ന കാര്യം പറഞ്ഞതും കേട്ടില്ല. എത്ര നല്ല കേസാ അത് '.

' ഏട്ടന്ന് പഴയ ഓര്‍മ്മ മനസ്സിന്ന് വിട്ട് മാറീട്ടുണ്ടാവില്ല. അതാവും കാരണം '.

' വയ്യാത്ത കാലം ആവുമ്പോള്‍ എന്തു ചെയ്യും. ആരാ നോക്കാന്‍. അത് ആലോചിക്കണ്ടേ '.

' അത് ശരിയാണ്. ലോഹ്യത്തില്‍ പറഞ്ഞ് മനസ്സിലാക്കിയാല്‍ ചിലപ്പൊ കേള്‍ക്കും '.

' ഏതിനും ഞാന്‍ നാളെ നേരില്‍ ചെന്ന് കാണുന്നുണ്ട് '.

ഭര്‍ത്താവിന്ന് നല്ല ബുദ്ധി തോന്നി തുടങ്ങിയതില്‍ രാധ സന്തോഷിച്ചു.

Tuesday, June 15, 2010

നോവല്‍ - അദ്ധ്യായം 72.

ദീപാരാധന തൊഴാന്‍ എത്തണം എന്ന ആലോചനയിലാണ് വേണു മടങ്ങി വന്നത്. ബസ്സിറങ്ങി മെല്ലെ നടന്നു. കുറച്ച് ദിവസമായി കാലിന്ന് അല്‍പ്പം വേദന തോന്നാന്‍ തുടങ്ങിയിട്ട്.

' എന്താ വേണ്വോ നിനക്ക് മുമ്പത്തേക്കാളും നൊണ്ടല് കൂടീട്ടുണ്ടോ ' എന്ന് ഇടക്ക് എഴുത്തശ്ശന്‍ ചോദിക്കും. കാലം ഏറെ
കഴിഞ്ഞിട്ടും ബൈക്ക് അപകടത്തില്‍ പരിക്കേറ്റ കാല് വല്ലപ്പോഴും പണി മുടക്കാറുണ്ട്.

അത്താണിയുടെ അടുത്ത് എത്തുമ്പോള്‍ കിട്ടുണ്ണി വരുന്നു. ഏതോ രണ്ടുപേര്‍ കൂടെയുണ്ട്. വേണു അവരെ നോക്കി ചിരിച്ചു. കിട്ടുണ്ണി നിന്നു.

' നിങ്ങളോട് രണ്ട് വര്‍ത്തമാനം പറയണംന്ന് വെച്ചിട്ട് ഇരിക്ക്യാണ് ' കിട്ടുണ്ണി പറഞ്ഞു.

' എന്താ ' വേണു ചോദിച്ചു.

' ഞങ്ങള് ആങ്ങളീം പെങ്ങളീം തമ്മില്‍ തെറ്റിക്കാന്‍ നടക്ക്വാണോ നിങ്ങള് '.

' ഞാന്‍ ഒന്നിനും പോയിട്ടില്ല. ഇനിയൊട്ട് പോവും ഇല്ലാ '.

' പിന്നെ ഇങ്ങനീണ്ടോ ഒരു മഹാന്‍. വക്കീലേട്ടന്‍റെ കൂടെ ക്ഷണിക്കാന്‍ വന്നപ്പോഴേ ഞാന്‍ ആലോചിച്ചതാ. ഇന്നലെ ഞാന്‍
അവിടെ ചെന്നപ്പൊ അവര് പുഴു പട്ടിയേ ആട്ടുന്ന പോലെ എന്നെ ആട്ടിയിറക്കി '.

രാവിലെ ഓപ്പോള്‍  പറഞ്ഞതാണ്. എല്ലാം സ്വന്തം വായില്‍ നാവിന്‍റെ ദോഷം കൊണ്ട് സംഭവിച്ചതാണ്. എന്നിട്ട് കുറ്റം 
മറ്റുള്ളവരുടെ മേത്തും.

' നീ ആവശ്യമില്ലാതെ എന്നെ കുറ്റപ്പെടുത്തുകയാണ് '.

' എനിക്ക് എല്ലാം നന്നായിട്ട് അറിയാം. ഒരു കാര്യം ഞാന്‍ പറയാം. വല്ല കുണ്ടാമണ്ടീം ഉണ്ടാക്ക്യാല്‍ എന്‍റെ ശരിക്കുള്ള സ്വഭാവം അറിയും '.

കിട്ടുണ്ണി കൂടെയുള്ളവരോടൊപ്പം നടന്നു. എന്തെന്നറിയാതെ വേണു കളപ്പുരയിലേക്കും.

*******************************************************

' എന്താണ്ടാ ചാമ്യേ , നിന്‍റെ മുതലാളിയെ ആ കിട്ടുണ്ണി മാഷ് വക്കാണിച്ചൂന്ന് കേട്ടല്ലോ ' പീടികയില്‍ ചെന്ന ചാമിയോട് ശങ്കരന്‍ ചോദിച്ചു.

' എന്താ സംഗതി '.

നിന്‍റെ മുതലാളി മാഷടെ പെങ്ങളീം അയാളിം പറഞ്ഞു തെറ്റിച്ചൂന്നോ എന്തോ ആണ് കാരണം എന്നാ കേട്ടത് '.

' ആരാ നിന്നോട് ഇത് പറഞ്ഞത് '.

' മാഷടെ കൂടെ ഉണ്ടായിരുന്ന കുറി പിരിവുകാരന്‍ മൂത്താര് ഇവിടെ നിന്ന് പറഞ്ഞ് ദാ ഇപ്പൊ പോയിട്ടേ ഉള്ളു '.

' എന്‍റെ മുതലാളി അങ്ങിനത്തെ ആളല്ലാ. മൂപ്പരും ഉണ്ട് , മൂപ്പരുടെ കാര്യൂം ഉണ്ട്. ഒരാളുടെ അടുത്ത് ഒന്നിന്നും ചെല്ലില്ല,
വേണ്ടാത്ത കൂട്ടം കൂടാറും ഇല്ലാ '.

' അതൊന്നും എനിക്കറിയില്ല. മേലാല്‍ എന്തെങ്കിലും കാട്ട്യാല്‍ പാഠം പഠിപ്പിക്കും എന്ന് പറഞ്ഞിട്ടാണത്രേ മാഷ് പോയത് '.

എന്നാല്‍ എനിക്കതൊന്ന് കാണണമെന്ന് ചാമിയും കരുതി.

*************************************************

' മാഷ് ഉണ്ടോ ഇവിടെ ' ഉമ്മറത്ത് കണ്ട രാധയോട് ചാമി ചോദിച്ചു.

' ഇല്ലാ. ഒരിടം വരെ പോയതാണ് '.

' എപ്പൊഴാ വര്വാ '.

' എത്താറായി '.

' ശരി ' എന്നു പറഞ്ഞ് ചാമി പുറത്തിറങ്ങി. പാതയില്‍ നിന്നും കിട്ടുണ്ണിയുടെ വീട്ടിലേക്ക് തിരിയുന്ന ദിക്കില്‍ ചാമി നിന്നു.

ഏറെ നേരം ആവുന്നതിന്ന് മുമ്പ് കിട്ടുണ്ണി എത്തി.

' ഒന്ന് അവിടെ നിക്കിന്‍ ' ചാമി പറഞ്ഞു ' എന്‍റെ മുതലാളിയോട് നിങ്ങള് എന്താ പറഞ്ഞത് '.

' എനിക്ക് തോന്നിയത് ഞാന്‍ ആരോടും പറയും . താനാരാ ചോദിക്കാന്‍ '.

' ഫ. ചെറ്റേ. ആ സാധൂനെ വല്ലതും പറഞ്ഞാല്‍ നിന്നെ ഞാന്‍ കൊന്ന് കുഴിച്ചു മൂടും '.

' ഞാനും നിന്‍റെ മുതലാളീം തമ്മിലുള്ള കാര്യം ഞങ്ങള് തമ്മില്‍ തീര്‍ത്തോളാം. കൂലിപ്പണിക്കാരന്‍ അതില് ഇടപെടാന്‍ വരണ്ടാ '.

' അത് മനസ്സില്‍ വെച്ചാല്‍ മതി. ആ മനുഷ്യന്‍ പാവാണെന്ന് കണ്ട് ഒരുപാട് മേക്കെട്ട് കേറാന്‍ നിക്കണ്ടാ. തടി വെടക്കാകും '.

' പിന്നെ പിന്നെ. അതിന്ന് ഈ നാട്ടില് ആണുങ്ങള്‍ വേറെ ജനിക്കണം '.

' അത് വെറും തോന്നലാണ്. ആണാണെങ്കില്‍ നീ ഒരിക്കല്‍ കൂടി എന്‍റെ മൊതലാളിയെ വല്ലതും പറഞ്ഞു നോക്ക്. നാട്ടില് ആണുങ്ങള്‍ ഉണ്ടോന്ന് അപ്പൊ അറിയാം '.

' എന്നാല്‍ കേട്ടോ. നിന്‍റെ മുതലാളി വേണു ഒന്നിനും കൊള്ളാത്ത ആണും പെണ്ണും കെട്ടവനാണ് '.

ചാമിക്ക് അത്രയേ വേണ്ടിയിരുന്നുള്ളു. ആണത്തത്തിനെതിരായ വെല്ലുവിളിയാണത്. പകരം ചോദിക്കാതെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. കിട്ടുണ്ണി ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. അടി വയറ് നോക്കി ഒറ്റ ചവിട്ട്. അയാള്‍ പാതയില്‍ നിന്ന് തെറിച്ച് താഴെ പാടത്ത് ചെന്നു വീണു.

' ഇപ്പൊ അറിഞ്ഞോ നാട്ടില് ആണുങ്ങള്‍ ഉണ്ടെന്ന് ' ചാമി ചോദിച്ചു.

കിട്ടുണ്ണി പിടഞ്ഞെഴുന്നേറ്റു. വസ്ത്രം മുഴുവന്‍ ചേറില്‍ മുങ്ങിയിട്ടുണ്ട്. തന്‍റെ നിലയും വിലയും എല്ലാം നഷ്ടപ്പെട്ടതായി
അയാള്‍ക്ക് തോന്നി.

' നിന്നെ ഞാന്‍ ' അയാള്‍ പറഞ്ഞു നിര്‍ത്തി.

'  പോലീസില്‍ കൊടുക്കുംന്നല്ലേ. പറ്റുംച്ചാല്‍ ചെയ്തോ. പക്ഷെ തിരിച്ച് ഞാന്‍ ഇറങ്ങി വന്നാല്‍  ഈ കത്തി നിന്‍റെ പള്ളേല് കേറ്റും '.

മേല്‍പ്പോട്ടും കീഴ്പ്പോട്ടും നോക്കാത്ത ഒരുവനാണ് എതിരാളിയെന്ന് കിട്ടുണ്ണിക്ക് മനസ്സിലായി. ഇവനോട് വേണ്ടാത്തതിന്ന് നിന്നാല്‍ 
നഷ്ടം തനിക്കാവും.

' ഇനി ഞാന്‍ മൂപ്പരോട് ഒന്നിനും നില്‍ക്കില്ല. അത് പോരെ ' അയാള്‍ ചോദിച്ചു.

' പോരാ ' ചാമി പറഞ്ഞു ' നാളെ രാവിലെ നിങ്ങള് ചെന്ന് മൂപ്പരെ കാണണം . എന്നിട്ട് ഇന്ന് വേണ്ടാത്തത് പറഞ്ഞതിന്ന് തെറ്റ്
പറയണം '.

അത് മാനക്കേടാവും എന്ന് കിട്ടുണ്ണി ഓര്‍ത്തു. അയാള്‍ ഒന്നും മിണ്ടിയില്ല.

' പറ്റില്ലാന്നുണ്ടോ ' ചാമി ചോദിച്ചു ' ഇന്ന് കിട്ട്യേത് നമ്മള് രണ്ടാളും മാത്രേ അറിഞ്ഞിട്ടുള്ളു. ബാക്കീള്ളത് നാലാള്
കാണച്ചലെ ഞാന്‍ തരും '.

' ശരി ഞാന്‍ ചെന്ന് പറഞ്ഞോളാം ' കിട്ടുണ്ണി ഏറ്റു.

' അതാ നല്ലത് '.

ചാമി വടക്കോട്ട് നടന്നു. അവന്‍ പോവുന്നതും നോക്കി കിട്ടുണ്ണി നിന്നു. ഇരുള്‍ പരന്ന് തുടങ്ങി. അയാള്‍ മെല്ലെ വീട്ടിലേക്ക്
നീങ്ങി.

ഓര്‍മ്മത്തെറ്റ് പോലെ ( നോവല്‍ ) - അദ്ധ്യായം - 71.

പിറ്റേന്ന് ആദ്യത്തെ ബസ്സിന്നുതന്നെ വേണു പുറപ്പെട്ടു. വക്കിലിനോട് ചോദിച്ച് എങ്ങിനേയെങ്കിലും കാര്യം ശരിപ്പെടുത്തണമെന്ന് ശട്ടം 
കെട്ടിയിട്ടാണ് എഴുത്തശ്ശന്‍ വേണുവിനെ അയച്ചത്. പണിക്കാരി ഗേറ്റ് തുറന്ന് മുറ്റം അടിക്കാന്‍ തുടങ്ങുന്നതേയുള്ളു. അവള്‍ പരിചയം കാണിച്ച് പുഞ്ചിരിച്ചു.

' ഓപ്പോള്‍ അമ്പലത്തിലേക്കോ മറ്റോ പോയിട്ടുണ്ടോ '.

' ഇല്ല. ഇപ്പൊ എഴുന്നേറ്റിട്ടേയുള്ളു '.

വിവരം പറയാനായി അവള്‍ അകത്തേക്ക് പോയി. ഉമ്മറത്ത് പത്രങ്ങള്‍ അടുക്കി വെച്ചിട്ടുണ്ട്. വേണു അതില്‍ ഒരെണ്ണം 
എടുത്തു.

' എന്താടാ വിശേഷിച്ച്. അവന്‍ നിന്നെ വല്ലതും പറഞ്ഞ്വോ ' എന്ന് ചോദിച്ചും കൊണ്ടാണ് പത്മിനി വന്നത്.

" ആര് '.

' കിട്ടുണ്ണി '.

' ഏയ്. ഞങ്ങള് തമ്മില്‍ കണ്ടിട്ടേ ഇല്ല '.

' കുറെ സമാധാനം '.

' എന്താ ഓപ്പോളേ അങ്ങിനെ ചോദിച്ചത് '.

' ഒക്കെ പറയാനുണ്ട്. ഞാന്‍ കുളിച്ച് വിളക്ക് വെക്കട്ടെ. വിശ്വേട്ടന്‍ യോഗ കഴിഞ്ഞ് വരാറായി. പേപ്പറ് വായന കഴിഞ്ഞ്
കുളിച്ച് വരുമ്പോഴേക്കും പൂജാമുറിയില്‍ വീളക്ക് കാണണം. ഇല്ലെങ്കില്‍ ദേഷ്യം വരും '.

ഏറെ വൈകാതെ വക്കീലെത്തി.

' വിശേഷിച്ച് ഒന്നും ഇല്ലല്ലോ ' അയാള്‍ ചോദിച്ചു.

വേണു എഴുത്തശ്ശന്‍ പറഞ്ഞയച്ച കാര്യങ്ങള്‍ വിശദീകരിച്ചു.

' ഇതില് അത്ര വലിയ പ്രശ്നം ഒന്നും ഇല്ലല്ലോ ' വക്കീല്‍ പറഞ്ഞു ' അയാള്‍ വില കൊടുത്ത് വാങ്ങിയ സ്ഥലം കൊടുത്തോട്ടെ.
പണം  കൊടുത്ത് വാങ്ങീന്ന് ആധാരത്തില്‍ കാണിച്ച് പണം വാങ്ങാതിരുന്നാല്‍ പോരേ '.

അങ്ങിനെ ചെയ്യാമെന്ന് വേണു ഏറ്റു.

' കിട്ടുണ്ണി ഇന്നലെ വന്നിട്ടുണ്ടായിരുന്നു. പെങ്ങളുമായി ഒന്നും രണ്ടും പറഞ്ഞ് പിണങ്ങി പോയി '.

' ഓപ്പോള്‍ക്ക് അവന്‍റെ ശീലം അറിയില്ലേ ' വേണു പറഞ്ഞു ' അവനോട് അതിന് അനുസരിച്ച് നിന്നാല്‍ കൂട്ടം കൂടാതെ
കഴിക്കാമായിരുന്നല്ലോ '.

' എനിക്കതിന് സൌകര്യമില്ലെങ്കിലോ ' എന്ന് ചോദിച്ചും കൊണ്ടാണ് പത്മിനി ചായയുമായി വന്നത് ' അവന്‍റെ കൂട്ടം
കേട്ടപ്പോള്‍ ആട്ടി പടി കടത്താനാണ് തോന്ന്യേത്. വിശ്വേട്ടനെ ആലോചിച്ച് മാത്രാ ഞാന്‍ മിണ്ടാതിരുന്നത് '.

' എന്താ ഓപ്പോളേ അവന്‍ പറഞ്ഞത് '.

' അമ്മാമന്‍റെ സ്ഥാനത്ത് അവന്‍ നില്‍ക്കണംച്ചാല്‍ മറ്റാരും പാടില്ലാന്ന് പറഞ്ഞു '.

' അതിനാരും വരാനില്ലല്ലോ '.

' ഇല്ലേ. പിന്നെ നീ ആരാ'.

' അവന്‍ എന്നെ അങ്ങിനെ പറയില്ല '.

' മണ്ടശ്ശിരോമണി. നിന്നെ തന്ന്യാ അവന്‍ പറഞ്ഞത്. നീ വന്നാല്‍ അവന്‍ വരില്ലാന്ന് പറഞ്ഞു '.

' അങ്ങിനെയാണച്ചാല്‍ അവന്‍ വന്നോട്ടെ. ഞാന്‍ വരുന്നില്ലാന്ന് വെച്ചാല്‍ പോരെ '.

' അത് പറ്റില്ല. എനിക്ക് നിന്നെ കഴിച്ചേ അവനുള്ളു. ഒരു വയറ്റില്‍ കിടന്നതാണെങ്കിലും  എന്നും അവന്‍ എന്നെ വേദനിപ്പിച്ചിട്ടേ
ഉള്ളു. എന്നെ സ്നേഹിച്ചത് നീയാണ് '.

' ഞാന്‍ നാട്ടില്‍ വന്നത് അബദ്ധം ആയീന്ന് തോന്നുന്നു '.

' ഒരു അബദ്ധൂം ഇല്ല. ഇഷ്ടപ്പെട്ടിട്ടൊന്നുമല്ല അവനെ വിളിച്ചത്. വന്ന് കേറുമ്പൊഴേക്കും ഓരോ നിയമങ്ങള്‍ പറയാന്‍ തുടങ്ങി. എന്തായാലും ഒടുക്കം തമ്മില്‍ തല്ലീട്ടേ പിരിയൂ. അത് ഇത്തിരി നേരത്തെ ആയീന്ന് മാത്രം '.

' നമ്മളുടെ ഭാഗത്ത് ഒരു തെറ്റും ഇല്ല ' വക്കീല്‍ പറഞ്ഞു ' നമ്മള് ചെന്ന് വിളിച്ചു. വന്ന് നടത്തി തരേണ്ടത് അയാളുടെ ചുമതല. അത് ചെയ്തില്ലെങ്കില്‍ വേണ്ടാ '.

' ഞാന്‍ ചെന്ന് ഒന്നും കൂടി പറയണോ ' എന്ന് വേണു ചോദിച്ചു.

' അങ്ങിനെ കിഴിഞ്ഞ് കാലുപിടിക്കാനൊന്നും പോണ്ടാ ' എന്ന് രണ്ടാളും മറുപടി പറഞ്ഞു.

വക്കീല്‍ ദിനചര്യകളിലേക്ക് കടന്നു. പത്മിനി വീട്ടു കാര്യങ്ങളിലേക്കും. വേണു തനിച്ചായി.

***********************************************************

രാത്രി മുഴുവന്‍ ഓരോന്ന് ആലോചിച്ച് കിടപ്പാണ്.' ഈശ്വരാ, ഇങ്ങിനെ ഒരു വിധി ഞങ്ങള്‍ക്ക് വരുത്ത്യേലോ ' എന്ന് ആലോചിക്കുമ്പോഴേക്കും നാണുനായര്‍ക്ക് സങ്കടം വരും. മകള്‍ കാണാതെ വിങ്ങി കരയും. അവളെ കൂടി വേദനിപ്പിക്കരുതല്ലോ.
രണ്ട് രാത്രിയും ഒരു പകലും എങ്ങിനെ പോയീന്ന് അറിയില്ല.

നേരം പുലര്‍ന്നതും പുറപ്പെട്ടു. അമ്പലകുളത്തില്‍ കുളിച്ച് അയ്യപ്പനെ തൊഴുത് പ്രാര്‍ത്ഥിക്കണം. അദ്ദേഹം അല്ലാതെ ആരാ
സഹായിക്കാനുള്ളത്. പിന്നെ വേണുവിനേയും എഴുത്തശ്ശനേയും കാണണം. ' പേടിക്കണ്ടാ. ഒക്കെ ശരിയാക്കാം ' എന്നു
പറഞ്ഞ് പോയതാണ് അവര്‍ .

എഴുത്തശ്ശന്‍ കുള കടവില്‍ തന്നെയുണ്ട്. ഉടുത്ത മുണ്ട് കുത്തി പിഴിയുന്ന തിരക്കില്‍ എഴുത്തശ്ശന്‍ നാണു നായരെ കണ്ടില്ല.
ഒന്ന് ചുമച്ച് നായര്‍ സാന്നിദ്ധ്യം അറിയിച്ചു.

' തന്‍റെ കാര്യം ആലോചിച്ചോണ്ടിരിക്കുമ്പഴാ താന്‍ എത്തീത് ' എഴുത്തശ്ശന്‍ പറഞ്ഞു.

' നമ്മടെ വേണു എവിടെ ' നായര്‍ അന്വേഷിച്ചു.

' അവന്‍ പെങ്ങളുടെ വീട്ടിലേക്ക് പോയി '.

' വിശേഷിച്ച് എന്തെങ്കിലും '.

' അതൊക്കെ പറയാം. നിങ്ങള് ഇന്നലെ എവിടെ ആയിരുന്നു '.

' എന്താ വേണ്ട് എന്ന് ഒരു നിശ്ചം ഇല്ലാതെ മനോവേദനീം തിന്ന് ഇരുന്നു. വീട്ടിന്ന് വെളീല് ഇറങ്ങീട്ടില്ല '.

' മനസ്സ് വേദനിച്ചിട്ട് ഇനി എന്താ കാര്യം. ഒന്നും ആലോചിക്കാതെ നിങ്ങള് ഓരോന്ന് ചെയ്യും. വെറും മുദ്ര കടലാസില് ഒപ്പിട്ട് കൊടുത്തൂ എന്ന് പറഞ്ഞപ്പഴേ വേണു പറഞ്ഞതാ എന്തെങ്കിലും കൊഴപ്പം ഉണ്ടാവുംന്ന്. അപ്പൊ എന്താ പറഞ്ഞത്. അങ്ങിനെ ഒന്നും വരില്ലാന്ന്. എന്നിട്ടെന്തായി '.

' അതൊന്നും പറഞ്ഞിട്ട് കാര്യം ഒന്നൂല്യാ. അവനോന്‍റെ ആള്‍ക്കാര് ചതിക്കും എന്ന് ആരെങ്കിലും കരുത്വോ '.

' കാലം അങ്ങിനെത്തേതാ. പത്ത് കാശ് കിട്ടും എന്ന് വെച്ചാല്‍ കൊല്ലാനും മടിക്കില്ല '.

' അത് ബോദ്ധ്യായി '.

' ഇനിയെങ്കിലും സൂക്ഷിച്ച് പെരുമാറിന്‍ '.

' ഇനി എന്താ സൂക്ഷിക്കാന്‍ . പറഞ്ഞ അവധി കഴിഞ്ഞാല്‍ അവര് ചട്ടീം കലൂം വാരി പുറത്തിടും. ഒന്നുകില്‍ വല്ല പീടിക
തിണ്ണ, അല്ലെങ്കിലോ അഞ്ചാറ് മഞ്ഞറളിക്കായ അരച്ച് കലക്കി രണ്ടാളും കൂടി കുടിക്ക്യാ '.

' അപ്പഴും വേണ്ടാത്ത ബുദ്ധിയേ നിങ്ങള്‍ക്ക് വരൂ '.

' അല്ലാണ്ടെ ഞാന്‍ എന്താ ചെയ്യാ. നിങ്ങളന്നെ പറയിന്‍. കയ്യില്‍ ചില്ലി കാശില്ലാ. വേറെ സ്വത്തോ മുതലോ ഒന്നൂല്യാ. മേപ്പട്ട് നോക്ക്യാല്‍ ആകാശം, കീപ്പട്ട് നോക്ക്യാല്‍ ഭൂമി. അതല്ലേ എന്‍റെ അവസ്ഥ '.

' സ്ഥലൂം വീടും ഒക്കെ ഉണ്ടാവും. അത് മകളുടെ പേരിലാവും, നിങ്ങളുടെ പേരിലാവില്ല '.

' എന്തൊക്ക്യാ ഈ പറയുന്ന് '.

എഴുത്തശ്ശന്‍ ഉദ്ദേശം വെളിപ്പെടുത്തി. വേണു ആ കാര്യത്തിന്നാണ് പോയത് എന്നറിഞ്ഞതോടെ വേനല്‍ മഴ പെയ്തിറിങ്ങയ മണ്ണിനെ പോലെ നായരുടെ മനം കുളിര്‍ത്തു.

' എന്‍റെ അയ്യപ്പാ ' ആ സാധു അമ്പലത്തിന്ന് നേരെ നോക്കി തൊഴുതു ' എന്താ ഞാന്‍ പറയണ്ട് ' തിരിഞ്ഞ് എഴുത്തശ്ശനോടായി
' നിങ്ങള്‍ക്ക് കോടി കോടി പുണ്യം കിട്ടും ' എന്ന് പറഞ്ഞു.

' അത് നിങ്ങളന്നെ വെച്ചോളിന്‍. മൊടക്കം കൂടാതെ വേഗം സംഗതി കൈ കൂടി കിട്ടാന്‍ പ്രാര്‍ത്ഥിക്കിന്‍ '.

കുളി കഴിഞ്ഞ് സുഹൃത്തുക്കള്‍ അമ്പലത്തിലേക്ക് നടന്നു.

Monday, June 14, 2010

ഓര്‍മ്മത്തെറ്റ് പോലെ ( നോവല്‍ ) - അദ്ധ്യായം -70.

' അളിയനെ കാര്യായിട്ട് പോയി ക്ഷണിച്ചല്ലോ. എന്നിട്ട് എന്തായി ' വക്കീല്‍ വന്നതും പത്മിനി പറഞ്ഞു.

' എന്താ സംഗതി ' അദ്ദേഹം ചോദിച്ചു.

' ജാത്യാലുള്ളത് തൊടച്ചാല്‍ പോവ്വോ '.

' താന്‍ കാര്യം പറയൂ '.

കിട്ടുണ്ണി വന്നതും സംസാരിച്ച് മുഷിഞ്ഞ് ഇറങ്ങി പോയതും പത്മിനി വിവരിച്ചു.

' എന്‍റെ മനസ്സ് പോലെ തന്നെ ആയി. ആ കുരുത്തംകെട്ടോന്‍റെ മുഖദര്‍ശനം വേണ്ടാന്ന് കരുതിയിരുന്നതാ ഞാന്‍. അങ്ങിനെ
തന്നെ വന്നു '.

' കുടിക്കാന്‍ എന്തെങ്കിലും കൊടുക്കായിരുന്നില്ലേ '.

' ചൂലും കെട്ടോണ്ട് രണ്ട് കൊടുക്ക്വാ വേണ്ടീര്‍ന്നത്. ഞാന്‍ അത് ചെയ്തില്ല '.

' ഇനി നാട് നീളെ അതും പറഞ്ഞോണ്ട് നടക്കും '.

' നാട്ടുകാര്‍ക്ക് അറിയാത്തതാ അവന്‍റെ സ്വഭാവം '.

' വേണൂനെ വല്ലതും പറയ്വോ ആ വിദ്വാന്‍ '.

' അവന്‍റെ വായില് നാവില്ലേ തിരിച്ച് പറയാന്‍ '.

' നല്ല കഥ . ആ മഹാന്‍ ഇന്നേവരെ ഒരാളെ വല്ലതും പറഞ്ഞതായി കേട്ടിട്ടുണ്ടോ '.

' അവനെ ഇതില്‍ കൂട്ടി കെട്ട്യാല്‍ ഞാന്‍ ചെന്ന് നന്നായിട്ട് നാല് പറയും. എനിക്ക് പേടി ഒന്നൂല്യാ '.

' അതൊന്നും വേണ്ടി വരില്ല. ഒരു ചൂടിന് ഇറങ്ങി പോയീന്നേ ഉള്ളു. അയാള്‍ വരും , വരാതിരിക്കില്ല '.

' വിശ്വേട്ടന്‍ അതും കണക്കാക്കി ഇരുന്നോളൂ. എവിടെ കൊസ്രാക്കൊള്ളി ഉണ്ടാക്കണം എന്ന് നോക്കി നടക്കുന്നോനാ അവന്‍ '.

' ആകാശം വീഴുന്നൂന്ന് കേള്‍ക്കുമ്പോഴേക്കും ഉണ്ണിത്തണ്ടും കൊണ്ട് മുട്ട് കൊടുക്കാന്‍ പോണോ. അയാള്‍ എന്താ ചെയ്യാ
എന്ന് നോക്കാലോ ' എന്നും പറഞ്ഞ് വക്കീല്‍ ആ സംഭാഷണം അവസാനിപ്പിച്ചു.

****************************************************

കള വലിക്കാന്‍ തുടങ്ങി. കാലത്ത് പത്തും പതിനഞ്ചും സ്ത്രീകളടങ്ങുന്ന സംഘങ്ങള്‍ പുഴ കടന്ന് വരും. വെള്ളപ്പാറയിലിരുന്ന് ആ വഴി ചെല്ലുന്ന പെണ്ണുങ്ങളോടെല്ലാം മായന്‍ കുട്ടി കുശലം ചോദിക്കും. ഏറ്റവും ഒടുവില്‍ എത്തുന്ന കൂട്ടരോടൊപ്പം അവനും നടക്കും.

' ഏടത്ത്യേ. ആരക്കെങ്കിലും മുറുക്കാന്‍ വാങ്ങണച്ചാല്‍ പറഞ്ഞോളിന്‍ . ഞാന്‍ പോയി വാങ്ങീട്ട് വരാം ' തന്‍റെ സേവന സന്നദ്ധത അവന്‍ വെളിപ്പെടുത്തും.

' വെളിച്ചാമ്പൊ തന്നെ മുറുക്ക്വേ. പാടത്തിറങ്ങി കള വലിക്കാന്‍ തുടങ്ങീട്ടില്ല. അതിന്ന് മുമ്പ് മെനക്കെടാന്‍ നിന്നാല്‍ ആട്ട്
കേള്‍ക്കും. ചായയ്ക്ക് പോവുമ്പൊ വാങ്ങാലോ '.

' അപ്പൊ ഞാന്‍ എന്താ ചെയ്യണ്ട് '.

' നീ മുണ്ടാണ്ടെ അവിടെ കുത്തിരുന്നോ. അല്ലച്ചാല്‍ ചേരിന്‍റെ ചോട്ടില്‍ ചെന്ന് കെടന്നോ '.

' മോള്‍ പാടത്ത് പെണ്ണുങ്ങള് കളവലിക്കുണുണ്ട്. ഞാന്‍ അങ്ങിട്ട് പോട്ടെ '.

' എന്തോ ചെയ്യ് '.

' ചായ കുടിക്കാന്‍ പോകുമ്പൊ എന്നീം വിളിക്കണം '.

' അതൊന്നും പറ്റില്ല. നീ സമയത്തിന് വന്നാല്‍ ചായീം കടീം വങ്ങി തരും '.

' ഞാന്‍ ദാ ഇപ്പൊ എത്തും '. മായന്‍ കുട്ടി അതും പറഞ്ഞ് പുറപ്പെട്ടു.

' ആ പൊട്ടചെക്കന്‍ എന്താ പറഞ്ഞോണ്ടിരുന്നത് ' എന്നും ചോദിച്ച് ചാമി എത്തി.

' മുറുക്കാന്‍ വാങ്ങീട്ട് വരണോന്ന് ചോദിച്ചതാ ' ഒരുവള്‍ പറഞ്ഞു.

' അല്ലെങ്കിലും അവന് പെണ്ണുങ്ങളുടെ അടുത്ത് നിക്കാനാ ഇഷ്ടം '.

' നിങ്ങള് ആണുങ്ങള് അവനെ വേണ്ടാണ്ടെ വക്കാണിക്കും. അതന്നെ നിങ്ങടെ അടുത്ത് വരാത്തത് '.

' അതൊന്ന്വോല്ലാ. പ്രാന്തനാണച്ചാലും പ്രായം അതല്ലേ. പെണ്ണുങ്ങളോട് ഇഷ്ടം കാണും '.

' നീ വേണ്ടാത്ത ഓരോന്ന് പറയാതെ കണ്ട് പോ ' പ്രായം ചെന്ന വള്ളിക്കുട്ടി ചാമിയെ ശാസിച്ചു.

********************************************************
' മേനോന്‍ സ്വാമീ, എനിക്ക് ഒരു കാര്യം പറയാനുണ്ട് ' അമ്പലത്തില്‍ നിന്ന് കളപ്പുരയിലേക്ക് നടക്കുമ്പോള്‍ വേണു പറഞ്ഞു. എഴുത്തശ്ശന്‍ നേരത്തെ പോയിരുന്നു.

' എന്താ വേണൂ '.

' എന്‍റെ മനസ്സില്‍ തോന്നിയ ശങ്കയാണ്. ഉറപ്പ് പറയാന്‍ പറ്റില്ല. ചിലപ്പോള്‍ വെറും തോന്നലാണെങ്കിലോ '.

' എന്തായാലും പറയൂ '.

' നമ്മുടെ അമ്മമടെ മനസ്സില്‍ എന്തോ ഉണ്ട് '.

' എന്താദ് '.

' മകനെ കാണണം ന്ന് മൂപ്പരുടെ മനസ്സില്‍ മോഹം ഉണ്ടോ എന്നൊരു സംശയം '.

എന്‍റെ ഈശ്വരാ ' മേനോന്‍ പറഞ്ഞു ' ഭഗവാന്‍റെ ലീലാവിലാസം എന്നല്ലാതെ എന്താ ഞാന്‍ പറയണ്ട് '.

ഇത്തവണ വേണുവിനായി ആകാംക്ഷ. ' എന്തേ അങ്ങിനെ പറയാന്‍ ' അയാള്‍ ചോദിച്ചു.

' വേറൊരാള്‍ക്കും ഇതുപോലത്തെ മോഹം ഉണ്ട്. എങ്ങിനെ തുടങ്ങണം എന്നറിയാതെ ഇരിക്ക്യായിരുന്നു '.

' ആരാ അത് '.

'വേറെ ആരും അല്ല. മൂപ്പരുടെ പേരമകന്‍ തന്നെ '.

രാധാകൃഷ്ണന്ന് മനസ്സില്‍ കുറ്റബോധം ഉള്ളതും എഴുത്തശ്ശനെ കാണണമെന്ന് ആഗ്രഹിച്ചിരിക്കുന്നതും അറിഞ്ഞ വേണുവിന് ഉള്ള്
നിറഞ്ഞു.

' അമ്മാമയെ വീട്ടില്‍ നിന്ന് ഇറക്കാന്‍ മുമ്പനായി നിന്നത് ആ കുട്ടിയാണെന്നാണല്ലോ കേട്ടിട്ടുള്ളത് '.

' അല്ലാന്ന് ആരാ പറഞ്ഞത്. മനുഷ്യന്‍റെ മനസ്സിന്ന് മാറ്റം വരാന്‍ പാടില്ലാ എന്നുണ്ടോ '.

' ചെറുപ്പം മുതല്‍ക്കേ ഉണ്ടായിരുന്ന മനോഭാവം അത്ര പെട്ടെന്ന് മാറാന്‍ കഴിയ്യോ '.

' പെട്ടെന്നൊന്നും അല്ല. ഒരു പാട് ഉപദേശിച്ചിട്ടാ മാറ്റം ഉണ്ടായത് '.

രാജന്‍ മേനോന്‍റെ വീടിനടുത്തുള്ള കലുങ്ക് പുതുക്കി പണിതത് രാധാകൃഷ്ണനായിരുന്നു. അതിന്ന് കൊണ്ടു വന്ന കമ്പിയും സിമന്‍റും
എഴുത്തശ്ശനുമായുള്ള ബന്ധം അറിഞ്ഞതോടെ പൊട്ടിപ്പോയ ഇഴകള്‍ കോര്‍ക്കണമെന്ന് ഒരു മോഹം തോന്നി. അതിന്നായി ശ്രമിച്ചു.
ഫലം ഏതാണ്ട് ഉറപ്പായി.

' അവന്‍റെ മനസ്സ് മാറ്റാന്‍ കുറെ കഷ്ടപ്പെട്ടു അല്ലേ '.

' ഏയ്. അങ്ങിനെയൊന്നും ഇല്ല. എല്ലാ മനുഷ്യരും സ്വതവെ നല്ലവരാണെന്ന് ഞാന്‍ എപ്പോഴും പറയാറില്ലേ. സാഹചര്യമാണ് കേട് വരുത്തുന്നത്. വേണ്ടാത്തത് പറഞ്ഞു കൊടുക്കുന്ന കൂട്ടുകെട്ടാണ് അവന്‍റേത്. സ്വന്തം വീട്ടിലും നല്ലത് ചൊല്ലി കൊടുക്കാന്‍
ആളില്ല. അതൊക്കെയാണ് ആ കുട്ടിടെ ഭാഗത്ത് തെറ്റ് പറ്റാന്‍ കാരണം '.

' എന്നിട്ട് ഇപ്പൊ മാറ്റം വന്ന്വോ '.

' പിന്നെല്ലാണ്ട്. എണ്‍പത്താറാമത്തെ വയസ്സിലും ആണത്തത്തോടെ ഒറ്റയ്ക്ക് കഴിയാന്‍ തന്‍റേടം കാണിച്ച മുത്തശ്ശനെ ആദരിക്കുകയാണ് വേണ്ടതെന്ന് അവനെ ബോദ്ധ്യപ്പെടുത്തി. അയാള്‍ കഷ്ടപ്പെടുന്നത് തനിക്ക് വേണ്ടി സമ്പാദിക്കാനാണെന്ന് ഓര്‍ക്കാന്‍ 
ഞാന്‍ അവനെ പഠിപ്പിച്ചു. മുത്തശ്ശനെ ചെന്നു കണ്ട് കാല്‍ക്കല്‍ വീണ് മാപ്പ് ചോദിക്കണം എന്നും പറഞ്ഞ് നടപ്പാണ് ഇപ്പോള്‍ '.

' പിന്നെന്തേ ഇതുവരെ അലോഹ്യം തീര്‍ക്കാന്‍ ശ്രമിച്ചില്ലാ '.

' അമ്മാമടെ മനസ്സിലിരുപ്പ് അറിയില്ലല്ലോ. നല്ല വീറും വാശിയും ഉള്ള ആളാണ്. എതിരു പറഞ്ഞാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല.
അതുകൊണ്ട് അനങ്ങാതിരുന്നു '.

' അമ്മാമയുടെ മനസ്സ് അറിഞ്ഞില്ലേ. ഇനി പേരക്കുട്ടിയെ കൂട്ടിക്കോണ്ട് വന്നൂടേ '.

' വരട്ടെ. നല്ലോണം ഊതി പഴുപ്പിച്ചാലേ പൊന്നിന് തിളക്കം കിട്ടൂ. സ്നേഹത്തിന്‍റെ കാര്യത്തിലും അത് ശരിയാണ് '.

' എപ്പഴാ പറ്റിയ സമയം '.

' മണ്ഡലം തുടങ്ങുമ്പോള്‍ മലയ്ക്ക് മാല ഇടാന്‍ തൂടങ്ങും. ആ കുട്ടിക്കും എന്‍റെ കൂടെ വരണം എന്നുണ്ട്. ആ സമയത്ത്
അമ്പലത്തിലേക്ക് കൂട്ടിക്കൊണ്ട് വന്ന് ഒന്നിപ്പിക്കാം '.

അത് മതിയെന്ന് വേണുവും സമ്മതിച്ചു.

ഓര്‍മ്മത്തെറ്റ് പോലെ ( നോവല്‍ ) - അദ്ധ്യായം - 69.

വിശ്വനാഥന്‍ വക്കീല്‍ കോടതിയിലേക്ക് പോയി കഴിഞ്ഞ ശേഷമാണ് കിട്ടുണ്ണി എത്തിയത്. കോളിങ്ങ് ബെല്ലിന്‍റെ ശബ്ദം കേട്ടു വന്ന
പണിക്കാരിക്ക് ആളെ മനസ്സിലായില്ല.

' ആരാ ' അവള്‍ ചോദിച്ചു.

' ഇവിടുത്തെ ആളന്നെ. കൂടെ പിറന്നോന്‍ കാണാന്‍ വന്നിട്ടുണ്ടെന്ന് അകത്ത് ചെന്ന് പറ '.

അവള്‍ പോയി അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ പത്മിനി കടന്നു വന്നു. ഉമ്മറത്തെ ചാരു കസേരയില്‍ കിട്ടുണ്ണി ചാരി കിടക്കുകയാണ്.
പത്മിനിയുടെ മുഖത്ത് ഒട്ടും വെളിച്ചം തോന്നിയില്ല.

' വക്കീലേട്ടനെവിടെ ' കിട്ടുണ്ണി ചോദിച്ചു.

' കോടതിയിലേക്ക് പോയി '.

' ഇന്നലെ എന്നെ കാണാന്‍ വന്നിരുന്നു. നിശ്ചയത്തിനെ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാന്‍ ഞാന്‍ ഇന്ന് വരാമെന്ന് ഏറ്റത്താണ്.
കാത്തിരിക്കുമെന്ന് കരുതി '.

' എന്നോടൊന്നും പറഞ്ഞില്ല '.

' ആരേയൊക്കെ വിളിച്ചു . ഇനി ആരേയെല്ലാം വിളിക്കാനുണ്ട് എന്നൊക്കെ വല്ല നിശ്ചയം ഉണ്ടോ '.

' എനിക്കതൊന്നും അറിയില്ല. ആണുങ്ങള്‍ ചെയ്യേണ്ട കാര്യത്തില്‍ ഞാന്‍ ഇടപെടാറില്ല '.

' ഞാന്‍ എന്തെങ്കിലും ചെയ്യാനുണ്ടോ '.

' വിശ്വേട്ടനോട് ചോദിക്കണം '.

' പിന്നെ ഒരു കാര്യം ആദ്യം തന്നെ പറയാം. അമ്മാമന്‍റെ സ്ഥാനത്ത് ഞാന്‍ ആണ് വേണ്ടതെങ്കില്‍ മറ്റാരും ആ നിലയ്ക്ക്
നില്‍ക്കരുത് '.

' എന്താ അങ്ങിനെ പറയാന്‍ '.

' ഇന്നലെ തന്നെ വക്കീലേട്ടന്‍ അയാളെ കൂട്ടീട്ടാ വന്നത്. നമ്മള് ആങ്ങളയും പെങ്ങളും ഒന്നാവുന്നത് ആ മൂപ്പരുക്ക് സഹിക്കില്ല '.

' വേണുവിനെ കുറിച്ചാണോ പറഞ്ഞത് '.

' അതേന്നന്നെ കൂട്ടിക്കോളൂ '.

' എന്നാലേ അവനെ ഒഴിവാക്കി എനിക്ക് ഒരുത്തന്‍റെ ബന്ധൂം വേണ്ടാ '.

' അപ്പൊ ആരാ ഒരേ വയറ്റില്‍ കിടന്ന് പിറന്നത് '.

' ഒരു വയറ്റില്‍ കിടന്നത് അത്ര വലിയ കാര്യായിട്ട് എനിക്ക് തോന്നുണില്ല. സ്നേഹം കൊണ്ട് നോക്കിയാല്‍ അവനാണ് എന്‍റെ കൂടപ്പിറപ്പ് '.

' പിന്നെ എന്നെ വിളിച്ചത് '.

' മാലോകരെ ബോധിപ്പിക്കാന്‍ '.

' അതിന്ന് നിങ്ങള് വേറെ ആളെ നോക്കിക്കോളിന്‍ ' കിട്ടുണ്ണി ഇറങ്ങി നടന്നു.

****************************************************************************

' അമ്മാമ വണ്ടിയും കാളയും കൊടുക്കുന്നൂന്ന് കേട്ടു ' വേണു എഴുത്തശ്ശനോട് ചോദിച്ചു.

' നമ്മടെ ചാമി ചോദിച്ചു. ഒന്നാലോചിച്ചാല്‍ കൊടുക്കുന്നതാ നല്ലതെന്ന് എനിക്കും തോന്നി '.

' അതെന്താ അമ്മാമേ. ഇതൊന്നും  വില്‍ക്കാന്‍ പറ്റില്ല എന്ന് വെച്ചിട്ടല്ലേ വീട് വിട്ട് ഇറങ്ങിയത് '.

' അതൊക്കെ ശരിയാണ്. എന്നാലും '.

' എന്തേ '.

' നിന്നോട് പറയാണ്ടിരിക്കാന്‍ പറ്റില്ല. പ്രായം ഒക്കെ ആയി. കുറച്ചായിട്ട് മുമ്പത്തെപോലെ ഒന്നിനും വയ്യാ. ചാമിടെ സഹായം
ഉള്ളതോണ്ടാ മൂരികളെ കഴുകുന്നതും കെട്ടുന്നതും '.

' പെട്ടെന്നെന്താ ഇങ്ങിനെ വയ്യാതായീന്ന് തോന്നാന്‍ '.

' മുമ്പൊക്കെ നോല്‍മ്പ് എടുക്കുന്ന മാതിരിയാണ് ആഹാരം. കാലത്താച്ചാല്‍  വെള്ളച്ചോറ്. ഉച്ചയ്ക്ക് കഞ്ഞി. രാത്രിക്ക് അതിന്‍റെ
ബാക്കി വന്നത്. കൂട്ടനൊന്നും കിട്ടീന്ന് വരില്ലാ. രണ്ട് കല്ല് ഉപ്പിട്ട് ഒരു മുളകും കൂട്ടി അത് കഴിക്കും. പകലന്ത്യോളം പൊരിഞ്ഞ
പണി. അതോണ്ട് എന്താ, ദേഹത്ത് കൊഴുപ്പ് ഒട്ടും നിക്കില്ലാ. ഇപ്പൊ അതാണോ. ആ പെണ്‍കുട്ടി നന്നായി ഉണ്ടാക്കി കൊടുത്തയയ്ക്കും. വായക്ക് രുചി തോന്നുന്നതോണ്ട് വാരി വലിച്ച് തിന്നും. നടപ്പും പണീം കുറയും ചെയ്തു '.

' നാല് ദിവസം നല്ലോണം നടന്നാല്‍ തീരുന്ന കൊഴുപ്പേ കാണൂ '.

' കഷ്ടപ്പെട്ട് ആരക്കാ സമ്പാദിക്കുന്നത് എന്ന തോന്നല്‍ വന്നപ്പോള്‍ പണി ചെയ്യാനും മടി വന്നു. നമുക്ക് ആരെങ്കിലും ഉണ്ട്, അവരുക്ക് വല്ലതും ഉണ്ടാക്കണം എന്ന നെനവ് ഉണ്ടെങ്കിലല്ലേ ഒരു ഉഷാറ് തോന്നൂ '.

' എന്താ അമ്മാമക്ക് മകനെ കാണണംന്ന് തോന്നുന്നുണ്ടോ '.

' ഏയ്. ഇങ്ങോട്ടില്ലാച്ചാല്‍ പിന്നെ അങ്ങോട്ട് എന്തിനാ. എങ്കിലും മനുഷ്യനല്ലേ. ചിലപ്പോഴൊക്കെ ഓരോന്ന് ആലോചിക്കും '.

' അമ്മാമ സമ്മതിച്ചാല്‍ ഞാന്‍ വേലായുധന്‍കുട്ടിയെ കണ്ട് സംസാരിക്കാം '.

' അതൊന്നും വേണ്ടാ. കോപിച്ച് വീട്ടിന്ന് ഇറങ്ങി പോയിട്ട് എന്തായീ , ഗതി കെട്ടിട്ട് മടങ്ങി വന്നില്ലേ എന്ന് പറയിക്കണോ. എനിക്ക് അവരാരും വേണ്ടാ. നിങ്ങളോക്കെ ഇല്ലേ കൂട്ടത്തില് '.

' വണ്ടീം കാളയും വിറ്റിട്ട് പുതിയ സവാരി വണ്ടി വാങ്ങുന്നൂന്ന് ചാമി പറഞ്ഞു '.

' അവന്‍ പറഞ്ഞപ്പൊ വേണ്ടാന്ന് പറഞ്ഞില്ലാന്നേ ഉള്ളൂ. അതൊന്നും വാങ്ങില്ല '.

' പിന്നെ ഇത് വിറ്റിട്ട് '.

' ആ കാശ് അമ്പല നടയ്ക്കല്‍ വെക്കും. ഇനി ഈ ജന്മത്ത് ഒരു മോഹം ഇല്ല '.

' പിന്നെന്താ അമ്മാമടെ ഉള്ളിലുള്ളത് '.

' ഇന്നലെ നാണു നായരുടെ വീട്ടിന്ന് വരുമ്പൊ ഞാന്‍ പറഞ്ഞത് വെറുതെയല്ല. ആ കുട്ടിക്ക് കുറച്ച് സ്ഥലം കൊടുക്കണം. അതെന്‍റെ
മോഹാണ്. ഒരു കളപ്പുര ഉണ്ടാക്കണംന്ന് വെച്ച് ഒരു തുണ്ട് സ്ഥലം കുറെ മുമ്പ് പണം കൊടുത്ത് എന്‍റെ പേരില്‍ വാങ്ങി. ഈ
കാണുന്ന ബാക്കി ഭൂമിയൊക്കെ കാശും പണൂം കൊടുത്തിട്ട് വാങ്ങിയതല്ല. വെറുതെ കിട്ടുമ്പോലെ കിട്ടി. വീട്ടിന്ന് ഇറങ്ങിയ കാലത്ത് ഈ സ്ഥലം മുഴുവന്‍ അവര്‍ക്ക് കൊടുക്കണമെന്ന് കരുത്യേതാ. അന്ന് നായര് സമ്മതിച്ചില്ല. ഇപ്പൊ അവര്‍ക്ക് കേറി കിടക്കാന്‍ ഇടം ഇല്ല. ചെറുങ്ങനെ ഒരു പുര വെച്ച് കെട്ടീട്ട് കൂടിക്കോട്ടെ '.

വേണുവിന്‍റെ മനസ്സില്‍ ആഹ്ലാദം തോന്നി. കഷ്ടപ്പാടില്‍ അവരെ സഹായിക്കാന്‍ ഒരാളെങ്കിലും മുന്നോട്ട് വന്നല്ലോ.

' അത് നന്നായി. ഞാന്‍ കളപ്പുര അവര്‍ക്ക് ഒഴിഞ്ഞു കൊടുക്കണം എന്ന് കരുതിയതാ. നമുക്ക് ഏത് പീടികതിണ്ണയിലും
കിടക്കാലോ '.

' ഒരു കണക്കിന്ന് ഇതൊക്കെ നിങ്ങടെ മുതലാണ്. തറവാട് വക സ്ഥലം പാട്ടത്തിന്ന് കിട്ട്യേതാ. നിയമം മാറിയപ്പൊ എന്‍റെ
കൈവശത്തിലായി. പണം കൊടുത്ത് വങ്ങിച്ചത് കിട്ടുണ്ണ്യാരുടെ അമ്മടേന്നാ. അതും എന്‍റെ കൈവശം ഉണ്ടായിരുന്നതന്ന്യാ.
നിയമം വരും മുമ്പാ അത് വാങ്ങീത്. അതാ നമ്മളുടെ മുമ്പറത്തെ തൊടി '.

' എന്നാലും അമ്മാമക്ക് നല്ല മനസ്സ് ഉള്ളതോണ്ടാ കൊടുക്കാന്‍ തോന്നുന്നത് '.

' നീ ഒരു ഉപകാരം ചെയ്യണം. വിശ്വനാഥന്‍ വക്കീലിനോട് ഈ കാര്യം ഒന്ന് അന്വേഷിക്കണം. നാളെ മേലാല്‍ അവര്‍ക്ക് ഒരു
പൊല്ലാപ്പ് ഉണ്ടാവരുത്. അത് കഴിഞ്ഞ് നമ്മടെ സ്വാമിനാഥനോട് പറഞ്ഞ് എന്തെങ്കിലും ഒന്ന് വെച്ച് കെട്ടി കൊടുക്കണം . നമ്മള് പറഞ്ഞാല്‍ ലാഭം ഒന്നും നോക്കാതെ ചെയ്തു തരും . മനസ്സലിവ് ഉള്ള ആളാ അവന്‍ '.

ആ കാര്യത്തില്‍ താന്‍ വേണ്ടത് ചെയ്തോളാമെന്ന് വേണു ഉറപ്പ് നല്‍കി.

' ഞാന്‍ പറഞ്ഞ നമ്മടെ മുമ്പറത്തെ തൊടി പെണ്‍കുട്ടിടെ പേരില് എഴുതണംന്നാ മോഹം. സ്ഥലം ഇത്തിരി കമ്മ്യാണ്. പത്തിരുപത് സെന്‍റേ ഉണ്ടാവുള്ളു. എന്നാലും മൂന്ന് നാല് മൂച്ചീം ഒരു പ്ലാവും പുളീം എട്ടു പത്ത് തെങ്ങും ഒക്കെ ആയി ഒരു വീടിന്ന് വേണ്ടതൊക്കെ അതിലുണ്ട്. അതല്ലാ ഇനി കുറെ കൂടി സ്ഥലം അവര്‍ക്ക് വേണച്ചാലോ പൊറ്റക്കണ്ടത്തിന്ന് എടുത്തോട്ടെ.
പക്ഷെ അതില് അനുഭവം ഒന്നും ഇല്യാ '.

' ആദ്യത്തേതാ നല്ലത്. നമ്മള് രണ്ട് കൂട്ടരും അയല് ഉണ്ടല്ലോ. പിന്നെ കൂടുതല്‍ സ്ഥലം കിട്ടീട്ട് അവര്‍ക്ക് എന്താ കാര്യം .
നോക്കി നടത്താന്‍ ആള് വേണ്ടേ. പക്ഷെ എനിക്കതല്ല സംശയം '.

' അതെന്താ '.

' അമ്മാമ കൊടുക്കാന്ന് വെച്ചാലും മകന്‍ സമ്മതിക്കണ്ടേ '.

' എനിക്ക് ഒരുത്തന്‍റീം സമ്മതം വേണ്ടാ. ഞാന്‍ സമ്പാദിച്ചതാ ഇത് . എന്‍റെ പേരിലാ ഇതൊക്കെ. എനിക്ക് ഇഷ്ടോള്ളോര്‍ക്ക് ഞാന്‍ കൊടുക്കും. അത് തടയാന്‍ ആരക്കും പറ്റില്ലാ. ഇഷ്ടദാനം കൊടുക്കാച്ചാല്‍ കിട്ടുന്ന ആളോ കൊടുക്കുന്ന ആളോ പണം
അടക്കണോ. നിയമം എങ്ങിന്യാന്ന് അറിയാന്‍ പാടില്ലല്ലോ '.

' അത് എഴുത്തുകാരോട് ചോദിച്ചാല്‍ പോരെ '.

' പോരാഞ്ഞിട്ടല്ല. പത്ത് ചിലവാക്കേണ്ട ദിക്കില്‍ നൂറ്- ചിലവാക്കിക്കും അവറ്റ. അതാ വക്കീലിനോട് ചോദിക്കാന്‍ 
പറഞ്ഞത് '.

' രാമചന്ദ്രന്‍ നായര് ബാക്കി പണം നാണുമാമയ്ക്ക് കൊടുക്കാന്ന് സമ്മതിച്ചല്ലോ. മൂപ്പര് അത് കയ്യില്‍ വെച്ചോട്ടെ. പുര
പണിയ്ക്കുള്ള പണം ഞാന്‍ തരാം '.

' മുഴോനൊന്നും നീ കയ്യിന്ന് എടുക്കണ്ടാ. കുറച്ച് അയാളും എടുക്കട്ടെ. ബാക്കി വല്ലതും കയ്യില്‍ വെച്ചോട്ടെ. ചത്ത് പോകുമ്പോള്‍ മകള്‍ക്ക് എന്തെങ്കിലും ഒക്കെ ഉണ്ട് എന്ന സമാധാനത്തില്‍ മൂപ്പരുക്ക് പോവാലോ '.

പിറ്റേന്ന് തന്നെ ഓപ്പോളുടെ വീട്ടിലേക്ക് താന്‍ ചെല്ലാമെന്ന് വേണു ഏറ്റു.

Sunday, June 13, 2010

ഓര്‍മ്മത്തെറ്റ് പോലെ ( നോവല്‍ ) - അദ്ധ്യായം - 68.

'
' എന്താ വേണ്വോ നീ ഈ പറയുന്നത്. ആ മൊട്ടച്ചി അമ്മ്യാരേ നമ്മുടെ കൂടെ പാര്‍പ്പിക്കാമെന്നോ. വെറുതെ വഴിയില്‍ കൂടി പോവുന്ന വയ്യാവേലി വലിച്ച് തലയില്‍ കേറ്റി വെക്കണ്ടാ ' പാടത്തു നിന്നു വന്ന കുപ്പന്‍കുട്ടി എഴുത്തശ്ശനോട് പാര്‍വതി അമ്മാളുടെ ആവശ്യത്തെ കുറിച്ച് വേണു പറഞ്ഞതിന്നുള്ള പ്രതികരണം ഇങ്ങിനെ ആയിരുന്നു.

' അമ്മാമേ, ഞാനും ഈ പറഞ്ഞ ഭവിഷ്യത്തുകളെക്കുറിച്ച് ആലോചിച്ചു. എന്നാലും അവരുടെ കഷ്ടപ്പാട് കേട്ടപ്പോള്‍ ' വേണു അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.

' ഈ ലോകത്ത് കഷ്ടപ്പാട് ഉള്ള എല്ലാവരേയും നമുക്ക് സഹായിക്കാന്‍ ഒക്ക്വോ. അതൊക്കെ ഓരോരുത്തരുടെ തലവിധിയാണെന്ന് കരുതി സമാധാനിക്കണം '.

' എനിക്ക് അതിന്ന് കഴിഞ്ഞില്ല. എന്‍റെ അമ്മയാണ് അവരുടെ സ്ഥാനത്ത് എങ്കില്‍ ഞാന്‍ എന്ത് ചെയ്യുമെന്ന് ആലോചിച്ചപ്പോള്‍ പിന്നൊന്നും തോന്നിയില്ല '.

' നിന്‍റെ മനസ്ഥിതിയെ കുറ്റം പറയാന്‍ പറ്റില്ല. ഇന്നത്തെ കാലത്ത് മനുഷ്യരില്‍ കാണാത്ത ഗുണമാണ് അത്. പക്ഷെ മറ്റുള്ളവര്‍
അതൊന്നും മനസ്സിലാക്കില്ല '.

' ആര് എന്ത് വേണമെങ്കിലും വിചാരിച്ചോട്ടെ. നമ്മള് നല്ലതാണ് ചെയ്യുന്നത് എന്ന് നമുക്ക് ബോദ്ധ്യമായാല്‍ പോരേ '.

' അതൊന്നും പോരാ. ആ അമ്മ്യാരേ കൂടെ നിര്‍ത്തീത് അതിന്‍റെ കാലശേഷം സ്വത്തൊക്കെ കിട്ടാനാണെന്ന് പറഞ്ഞ്
ഉണ്ടാക്കിയാലോ '.

' പറയുന്നോര് പോയി തുലയട്ടെ. മറ്റുള്ളോരെ പേടിച്ച് നല്ലത് ചെയ്യാന്‍ പാടില്ലാ എന്ന് വെക്കണോ ' കേട്ടു നിന്ന ചാമി തന്‍റെ
അഭിപ്രായം അവതരിപ്പിച്ചു.

' എന്നിട്ട് എപ്പൊ വരാനാ നീ പറഞ്ഞത് '.

' തീരെ നിവര്‍ത്തിയില്ലാ എന്ന് തോന്നുമ്പോള്‍ പോന്നോളൂ എന്നേ പറഞ്ഞുള്ളു '.

' അത് മതിയല്ലോ. എന്ന് വേണച്ചാലും കെട്ടും ഭാണ്ഡവും ആയി അത് ഇങ്ങോട്ട് എത്തിക്കോളും '.

' അവര് വരുന്നെങ്കില്‍ വന്നോട്ടെ. അമ്പലമുറ്റം അടിച്ച് വാരിക്കാം . ഒരു പിടി നേദ്യച്ചോറ് കൊടുത്താല്‍ രണ്ട് നേരത്തെ പാട്
കഴിയും. രാത്രി ഇവിടേയോ കഴകക്കാരുടെ കൂടെ പുതിയ കെട്ടിടത്തിലോ കൂടിക്കോട്ടേ '.

' എന്താച്ചാല്‍ നിങ്ങള് തീരുമാനിച്ചോളിന്‍ '.

' അമ്മാമയ്ക്ക് വിരോധം വല്ലതും ഉണ്ടോ '.

' എനിക്ക് വിരോധം ഒന്നൂല്യാട്ടോ ' എഴുത്തശ്ശന്‍ പറഞ്ഞു ' അവരും നമ്മളെപ്പോലെ ഒരു അഗതി. എവിടേങ്കിലും 
മനസ്സമാധാനത്തോടെ കിടന്നുറങ്ങിക്കോട്ടെ '.

കളപ്പുര വേറൊരു അന്തേവാസിയെ കൂടി ഉള്‍ക്കൊള്ളാന്‍ തയ്യാറായി.

******************************************

അമ്പലത്തിനോടനുബന്ധിച്ച് സ്വാമിനാഥന്‍ നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയായി. അമ്പലത്തിന്‍റെ അറ്റകുറ്റ പണികളും
ഏതാണ്ടൊക്കെ ചെയ്തു കഴിഞ്ഞു.

' ഇനിയിപ്പൊ ഇവിടെ കാര്യായിട്ട് പണിയൊന്നും ഇല്ലല്ലോ. എന്തിനാ ഞാന്‍ പകലന്തിയോളം ഇവിടെ വന്ന് വെറുതെ നില്‍ക്കിണത്. നിത്യം വൈകുന്നേരം വന്ന് പൂജയൊക്കെ കഴിഞ്ഞ് മടങ്ങി പോവാം. അത് പോരെ ' എന്നു പറഞ്ഞ് നാണു നായര്‍
കുറച്ചൊന്ന് പിന്‍വാങ്ങി.

' പകലന്ത്യോളം ചുരുണ്ട് മൂടി കെടക്കാന്‍ വേണ്ടീട്ടാ. അല്ലാതെ അയാള്‍ക്കെന്താ പണി ' എന്ന് എഴുത്തശ്ശന്‍ കൂട്ടുകാരന്‍റെ
പിന്‍ മാറ്റത്തിന്ന് കാരണം കണ്ടെത്തി. ദിവസവും രാവിലേയും ഉച്ചക്കും ചാമി ചെന്ന് ആഹാരം കൊണ്ടു വരും. ആ വഴി
കിട്ടുന്ന വരുമാനം ആ കുടുംബത്തിന്ന് വലിയൊരു ആശ്വാസമായി. ജീവിതം വലിയ അല്ലലില്ലാതെ കഴിയാന്‍ തുടങ്ങിയതോടെ
സരോജിനിക്ക് ഒന്നു കൂടി യുവത്വം വന്നത് പോലെ തോന്നിച്ചു.

പാടത്ത് കളവലി തുടങ്ങിയിരുന്നു. പണ്ടത്തെപ്പോലെ എഴുത്തശ്ശന്‍ മുഴുവന്‍ നേരവും പണിക്കാരേയും ശ്രദ്ധിച്ച് പാടത്ത് നില്‍ക്കാറില്ല. ഇടയ്ക്കൊന്ന് ചെന്നു നോക്കും. വേണുവിനോടും ചാമിയോടും ഓരോന്ന് സംസാരിച്ച് ചേരിന്‍ ചുവട്ടില്‍ നില്‍ക്കും.

അത്തരത്തില്‍ ഒരു ദിവസം നില്‍ക്കുമ്പോള്‍ അകലെ നിന്ന് ഒരു ചെറുപ്പക്കാരന്‍ അവരുടെ നേരെ വരുന്നത് കണ്ടു.

' ആരാണ്ടാ ചാമ്യേ ആ വരുണത് ' എഴുത്തശ്ശന്‍ ചോദിച്ചു.

' മുമ്പ് കണ്ടിട്ടുള്ള ആളല്ല '.

' എന്താണാവോ വരവിന്‍റെ ഉദ്ദേശം '.

' അമ്മാമേ, ചിലപ്പോള്‍ കള വലിക്കാന്‍ വന്ന ആരേയെങ്കിലും കാണാന്‍ വരുന്നതാവും. നമ്മളെ കണ്ടപ്പോള്‍ അന്വേഷിക്കാന്‍
ഇങ്ങോട്ട് തിരിഞ്ഞതാവണം '.

ആഗതന്‍ അവര്‍ക്ക് മുന്നില്‍ എത്തി.

' ആരാ കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ ' അയാള്‍ ചോദിച്ചു.

' ഞാനാ, എന്താ വേണ്ടത് '.

' നാണു നായരുടെ വീട്ടില്‍ പൊരിഞ്ഞ ലഹള നടക്കുന്നു. വിവരം അറിയിക്കാന്‍ പറഞ്ഞയച്ചതാണ് '.

' എന്താ കാര്യം '.

' അയാളുടെ വീട് വിറ്റതാണത്രേ. അത് ഒഴിഞ്ഞ് കൊടുക്കണമെന്ന് പറഞ്ഞാണ് ശണ്ഠ '. അതും പറഞ്ഞ് വന്നയാള്‍ നടന്നു.

' നായര് എപ്പോഴാ വീട് വിറ്റത്' എഴുത്തശ്ശന്‍ ചോദിച്ചു ' നമ്മളോട് ഒന്നും പറഞ്ഞില്ലല്ലോ '.

' അമ്മാമേ , ഇതിലെന്തോ ചതിയുണ്ട് ' വേണു പറഞ്ഞു ' നമുക്കൊന്ന് ചെന്ന് നോക്കാം '.

' അവര്‍ക്ക് ആളില്ലാ എന്നും വെച്ച് ലഹള കൂടാന്‍ ആരെങ്കിലും വന്നതാണെങ്കില്‍ വന്നവര് നേരെ മടങ്ങി പോവില്ല ' എന്നും 
പറഞ്ഞ് ചാമിയും കൂടെ കൂടി.

പുഴ കടന്നതും മേനോന്‍ മുമ്പിലെത്തി.

' എവിടേക്കാ ഈ നേരത്ത് എല്ലാരും കൂടി ' അയാള്‍ ചോദിച്ചു. എഴുത്തശ്ശന്‍ വിവരങ്ങള്‍ പറഞ്ഞു.

' എന്നാല്‍ ഞാനും വരുന്നു ' എന്നും പറഞ്ഞ് മേനോനും കൂട്ടത്തില്‍ ചേര്‍ന്നു.

ആ സംഘം  കയറി ചെല്ലുമ്പോള്‍ മുറ്റത്തും പടിക്കലുമായി പുരുഷാരം. കാഴ്ച കണ്ട് നില്‍ക്കുന്ന മട്ടിലാണ് എല്ലാവരും. വീട്ടുസാധനങ്ങള്‍ കുറെയേറെ പുറത്ത് ചിതറി കിടക്കുന്നു. നാണു നായര്‍ പുളിമര ചോട്ടില്‍ കീഴാലും കുമ്പിട്ട് ഇരിക്കുകയാണ്.
കരഞ്ഞും കൊണ്ട് സരോജിനി അടുത്ത് നില്‍പ്പുണ്ട്.

' എന്താ നാണു നായരേ ഇതൊക്കെ ' എഴുത്തശ്ശന്‍ ചോദിച്ചു.

' എനിക്കൊന്നും അറിയില്ലാ. ഞങ്ങള് വീട് വിറ്റൂന്നും പറഞ്ഞ് ഇറക്കി വിടാന്‍ വന്നതാണ്. നാണം കെട്ടിട്ട് ഞാനിനി ഇരിക്കിണില്ല. ഞാനും മകളും തൂങ്ങി ചാവും '.

' പൊട്ടത്തരം പറയാതിരിക്കിന്‍. എന്തിനും ഒരു വഴിയില്ലേ'.

' എന്ത് വഴി. ഇവിടുന്ന് ഇറങ്ങിയാല്‍ പെരുവഴി തന്നെ ആശ്രയം '.

' അതൊന്നും വേണ്ടി വരില്ല '.

മേനോനും വേണുവും ഉമ്മറത്തേക്ക് ചെന്നു. തിണ്ണയില്‍ ഒരു മദ്ധ്യവയസ്കന്‍ ഇരിക്കുന്നുണ്ട്. വെളുത്ത് തടിച്ച ശരീരം, ഭംഗിയായി ചികി വെച്ച മുടി, വെള്ള ഷര്‍ട്ടും മുണ്ടും, കയ്യില്‍ ഒരു തുകല്‍ ബാഗ്. ആകപ്പാടെ ഒരു യോഗ്യന്‍.

' നിങ്ങളാണോ ഈ വീട് വാങ്ങി എന്ന് പറയുന്ന ആള്‍ ' മേനോന്‍ ചോദിച്ചു.

' പറയുന്ന ആളൊന്നുമല്ല. ഞാന്‍ തന്നെയാണ് വാങ്ങിയത് '.

' അതിന്ന് ഇവര് ഇത് വിറ്റിട്ടില്ലല്ലോ '.

' ഈ സ്ഥലത്തിന്‍റെ ഉടമസ്ഥന്‍റെ പേര് നാണു നായര് എന്നല്ലേ '

' അതെ '.

' സുന്ദരനും ശാന്തയും സരോജിനിയും ഇദ്ദേഹത്തിന്‍റെ മക്കള്‍ ആണല്ലോ '.

' അതെ '.

' സുന്ദരന്‍ മറ്റുള്ളവര്‍ക്ക് തന്‍റെ അവകാശം ഒഴിമുറി വെച്ച് കൊടുത്തിട്ടുണ്ട് . അറിയ്വോ നിങ്ങള്‍ക്ക് '.

' അറിയില്ല '.

' എന്നാലേ അങ്ങിനെ ഉണ്ട്. ബാക്കി നാണു നായരും രണ്ട് പെണ്‍മക്കളും മാത്രം. സ്ഥലത്തിന്ന് വില കെട്ടി കരാര്‍ എഴുതി തന്ന് അഡ്വാന്‍സ് അവര് മൂന്നാളും കൂടിവാങ്ങിച്ചിട്ടുണ്ട്. പിന്നെ പല തവണയായി ഏതാണ്ട് മുഴുവന്‍ വിലയും വാങ്ങി കഴിഞ്ഞു. കാലാവധി ആയിട്ടും റജിസ്റ്റര്‍ ചെയ്ത് തരാത്തതോണ്ടാ ഇത് വേണ്ടി വന്നത് '.

' മുദ്രപത്രം കയ്യിലുണ്ടോ '.

' ഇല്ലാതെ ഇതിന്ന് ഇറങ്ങില്ലല്ലോ '.

' എന്നാലും സാധനങ്ങള്‍ വലിച്ചു വാരി പുറത്ത് ഇടാന്‍ പാടില്ലായിരുന്നു '.

' അത് ഞാന്‍ ചെയ്യിച്ചതല്ല. നാണു നായരുടെ മരുമകന്‍ തന്നെയാണ് ഇതൊക്കെ എടുത്ത് വെളിയിലിട്ടത് '.

' എന്നിട്ട് അയാള്‍ എവിടെ '.

' ഇപ്പൊ വരാമെന്നും പറഞ്ഞ് എന്നെ ഇവിടെ ഇരുത്തിയിട്ട് പോയി '.

ഇനി എന്ത് ചെയ്യണമെന്ന് ചിന്തിച്ചുകൊണ്ട് ഇരിക്കുമ്പോള്‍ കരുണാകരന്‍ കടന്നു വന്നു.

' എന്താ എല്ലാരും കൂടി നില്‍ക്കുണത്. വല്ല പൂരോ മറ്റൊ ഉണ്ടോ ഇവിടെ. കടന്ന് പൊയ്ക്കോളിന്‍ എല്ലാരും ' അയാള്‍ അലറി.

എഴുത്തശ്ശനും പരിവാരങ്ങളും ഒഴികെ മറ്റെല്ലാവരും പടിക്ക് വെളിയിലേക്ക് ഇറങ്ങി.

' ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്കും ബാധകാണ്. നോക്കി നിക്കാതെ പോവിന്‍ ' .

' നാണു നായര്‍ക്ക് എന്തോ പ്രശ്നമുണ്ടെന്ന് അറിഞ്ഞ് വന്നതാണ് ഞങ്ങള്‍ ' മേനോന്‍ പറഞ്ഞു ' വിശദ വിവരങ്ങള്‍ അറിഞ്ഞിട്ടേ ഞങ്ങള്‍ പോണുള്ളു '.

' എന്നാല്‍ കേട്ടോ. എന്‍റെ ഭാര്യക്കും കൂടി അവകാശപ്പെട്ട സ്വത്താ ഇത്. ഞങ്ങള്‍ ഭാഗം ചോദിച്ചു. വീട് വിറ്റ് പണം 
എടുത്തോളാന്‍ പറഞ്ഞ് മുദ്രപ്പത്രത്തില്‍ ഇവര് രണ്ടാളും ഒപ്പിട്ട് തന്നിട്ടും ഉണ്ട് '.

' നുണ ' നാണു നായര്‍ പ്രാഞ്ചിപ്രാഞ്ചി മുന്നോട്ട് വന്നു ' ഇവന്‍ പറയുന്നത് മുഴുവന്‍ പൊയ്യാണ്. മകളുടെ കല്യാണത്തിന്ന് ബാങ്കിന്ന് കടം വാങ്ങാനാണെന്ന് പറഞ്ഞാ മുദ്ര പേപ്പറില്‍ ഒപ്പിടീപ്പിച്ചത്. കല്യാണം കഴിഞ്ഞതും കടം വീട്ടാമെന്നും പറഞ്ഞിരുന്നു '.

' ആവശ്യം വരുമ്പോള്‍ ആരും ഇത്തിരി നുണയൊക്കെ പറയും. മര്യാദയ്ക്ക് ഭാഗം തന്നാല്‍ ഞാന്‍ ഈ പണി ചെയ്യോ '.

' അപ്പോള്‍ താന്‍ കല്‍പ്പിച്ചു കൂട്ടി ചെയ്തതാ ഇതൊക്കെ ' മേനോന് ദേഷ്യം വന്നു ' എന്നാലും ഇവരെ ഇങ്ങിനെ വഞ്ചിക്കാന്‍
പാടില്ലായിരുന്നു '.

' ഇവിറ്റകളുടെ അടുത്ത് ഇതൊന്നും ചെയ്താല്‍ പോരാ. അത്ര നാറികളാ രണ്ടും '.

' നോക്കൂ. വേണ്ടാത്തതൊന്നും പറയരുത് ' വേണു ഇടപെട്ടു ' കാര്യം മാത്രം പറഞ്ഞാല്‍ പോരെ '.

' താനാരാ ഇവളുടെ സംബന്ധക്കാരനാ. ചോറ് ഉണ്ടാക്കി കൊടുത്തയക്കുന്നതൊക്കെ ഞാന്‍ അറിയുന്നുണ്ട് '.

' മൂത്താരേ. വേണ്ടാത്ത കൂട്ടം നിര്‍ത്തിന്‍. വായില്‍ കൊള്ളുന്നത് പറഞ്ഞാല്‍ മതി ' വേണുവിനെ പറഞ്ഞത് ചാമിക്ക് സഹിക്കാനായില്ല.

' കൂട്ടി കൊടുക്കാന്‍ നില്‍ക്കുന്നോനല്ലേ നീ. എന്‍റെ അടുത്ത് വര്‍ത്തമാനം പറയാന്‍ നീ ആയിട്ടില്ല '.

രോഷം ചാമിയുടെ വലത്ത് കയ്യിലേക്ക് പ്രവഹിച്ചു. കണ്ണടച്ച് തുറക്കുന്നതിന്ന് മുമ്പ് അടി പൊട്ടി. വെട്ടിയിട്ട പോലെ കരുണാകരന്‍ 
നിലത്ത് വീണു.

' ഇനി ഒരു വാക്ക് നീ പറഞ്ഞാല്‍ ഒറ്റ കുത്തിന്ന് ഞാന്‍ തീര്‍ക്കും ' ചാമി ബെല്‍ട്ടില്‍ നിന്നും കത്തിയൂരി.

എഴുത്തശ്ശന്‍ അവനെ കേറി പിടിച്ചു ' കുത്താനും കൊല്ലാനും ഒന്നും നിക്കണ്ടാ. മര്യാദ വഴിക്ക് നമുക്ക് പറഞ്ഞു തീര്‍ക്കാം '
അയാള്‍ പറഞ്ഞു.

' നിങ്ങള് എന്നെ ആളെ വിട്ട് തല്ലിച്ചൂ അല്ലേ ' വീണ ദിക്കില്‍ നിന്ന് എഴുന്നേറ്റ് പൊടി തട്ടി കരുണാകരന്‍ നാണു നായരോട്
പറഞ്ഞു ' നിങ്ങള്‍ക്ക് ഞാന്‍ വെച്ചിട്ടുണ്ട് '.

' ഇനി നീ ഈ വഴിക്ക് വന്നാല്‍ അന്നാണ് നിന്‍റെ അവസാനം ' ചാമി മുന്നറിയിപ്പ് നല്‍കി.

' വീട് ഒഴിപ്പിച്ച് ഞാന്‍ നിങ്ങളെ ഏല്‍പ്പിച്ചു '  വീട് വാങ്ങിയ ആളോട് കരുണാകരന്‍ പറഞ്ഞു ' ഇനി മേല്‍ കൊണ്ട് വേണ്ടത്
നിങ്ങളന്നെ ചെയ്തോളിന്‍ ' അയാള്‍ ഇറങ്ങിപ്പോയി.

ഇനി ഒന്നേ ചെയ്യാനുള്ളു. എങ്ങിനേയെങ്കിലും വീട് തിരിച്ചു വാങ്ങിക്കുക. നാലാളും കൂടി വീട് വാങ്ങിയ ആളോട് സംഭാഷണത്തിന്ന് ചെന്നു. വാങ്ങിയ തുക പലിശ സഹിതം തിരിച്ചു നല്‍കാം, വീട് നല്‍കണം എന്ന് മേനോന്‍ പറഞ്ഞു നോക്കി.

തന്‍റെ പേര് രാമചന്ദ്രന്‍ നായര്‍ എന്നാണെന്നും , സ്ഥലം വാങ്ങി മറിച്ചു വില്‍ക്കുന്ന ആളാണ് താനെന്നും ഈ വീടും പറമ്പും
വേറൊരാള്‍ക്ക് മറിച്ചു വിറ്റതിനാല്‍ ആ കാര്യം നടക്കില്ലെന്നും അയാള്‍ അറിയിച്ചു. ബാക്കി കൊടുക്കാനുള്ള തുക മുഴുവനും
നാണുനായരെ ഏല്‍പ്പിക്കാമെന്നും , പാകം പോലെ വേറൊരു സ്ഥലം കണ്ടെത്തുന്നതിന്ന് മൂന്ന് മാസം സമയം കൊടുക്കാമെന്നും
സമ്മതിച്ച് അയാള്‍ സ്ഥലം വിട്ടു.

ചാമി മുറ്റത്തെ സാധനങ്ങള്‍ പെറുക്കി എടുത്ത് അകത്ത് വെച്ചു.

' നായരേ, വിഷമിക്കാതിരിക്കിന്‍. ഞങ്ങള് ഈ നാട്ടില്‍ ഉള്ളേടത്തോളം നിങ്ങള് വീടില്ലാതെ തെണ്ടേണ്ടി വരില്ല ' എന്ന്
എഴുത്തശ്ശന്‍ ആശ്വസിപ്പിച്ചു.

നാലുപേരും പടിയിറങ്ങി.

' ചാമ്യേ, ഇന്ന് ആ കുട്ടി ഒന്നും വെച്ചിട്ടുണ്ടാവില്ല. നീ ചെന്ന് അവര് രണ്ടാളുക്കും വല്ലതും വാങ്ങി കൊടുത്ത് നമുക്കും
വല്ലതും വാങ്ങീട്ട് വാ ' എന്നും പറഞ്ഞ് എഴുത്തശ്ശന്‍ അവനെ അയച്ചു.

വെയിലിന്ന് നല്ല ചൂട്. എഴുത്തശ്ശന്‍ തോര്‍ത്തുമുണ്ട് തലയിലിട്ടു.

' ഇനി അവര് അവിടെ കിടന്ന് ബുദ്ധിമുട്ടാന്‍ പാടില്ല. എങ്ങിനെയെങ്കിലും ഒരു ഐങ്കോല്‍ പുര തല്ലി തറച്ച് ഉണ്ടാക്കി കൊടുക്കണം ' എഴുത്തശ്ശന്‍ അടുത്ത പദ്ധതി ആവിഷ്ക്കരിച്ചു.

**************************************************************

വൈകുന്നേരമായപ്പോള്‍ വേണുവിന്ന് നാണു നായരെ ചെന്നു കണ്ട് ആശ്വസിപ്പിക്കണമെന്നൊരു തോന്നല്‍ ഉണ്ടായി. അയാളത്
എഴുത്തശ്ശനോട് പറഞ്ഞു.

' നീ ചെന്ന് അന്വേഷിച്ചിട്ട് വാ. എനിക്ക് നടക്കാനൊരു മടി ' എഴുത്തശ്ശന്‍ ഒഴിവായി.

സന്ധ്യയാവുമ്പോഴേക്ക് മടങ്ങിയെത്താമെന്ന ധാരണയില്‍ വേണു പുറപ്പെട്ടു. ചില ദിവസങ്ങളില്‍ വൈകുന്നേരം ഇടിയും മിന്നലോടും
കൂടി തുലാവര്‍ഷം എത്തും. എന്തോ ഭാഗ്യത്തിന് മഴക്കോളില്ല.

വേണുവിനെ കണ്ടതും നാണു നായര്‍ കരയാന്‍ തുടങ്ങി.  സരോജിനിയുടെ ഏങ്ങലടികള്‍ അകത്തു നിന്നും കേള്‍ക്കാനുണ്ട്.

' എന്താ നിങ്ങള് രണ്ടാളും ചെയ്യുന്നത് . കരയാന്‍ മാത്രം എന്താ ഉണ്ടായത് ' വേണു ചോദിച്ചു.

' നീയെന്താ പറയുന്നത്. എണ്ണീട്ട് മൂന്ന് മാസത്തെ സമയേ ഉള്ളു. അത് കഴിഞ്ഞാല്‍ ഈ വീട് വിട്ട് ഇറങ്ങണം. ഒരു പെണ്‍കുട്ടിയേയും കൊണ്ട് എങ്ങോട്ട് ചെല്ലും '.

' നാണുമാമ പരിഭ്രമിക്കണ്ടാ. ഞങ്ങള് ഒരു വീട് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒന്നും പറ്റിയില്ലെങ്കില്‍ ഞാന്‍ എന്‍റെ കളപ്പുര
നിങ്ങള്‍ക്ക് ഒഴിഞ്ഞു തരും '.

' നാട്ടുകാര് വല്ലതും പറയും '.

' ആരെന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. എനിക്ക് ഇഷ്ടമുള്ളവര്‍ക്ക്  എന്‍റെ സ്വത്ത് ഞാന്‍ കൊടുത്തു. അത്ര തന്നെ '.

' നിങ്ങളൊക്കെ കൂടി ഈ സാധുക്കള്‍ക്ക് എന്തെങ്കിലും ചെയ്ത് തരിന്‍. എനിക്ക് ഒന്നിനും ത്രാണിയില്ല '.

വേണു കുറച്ചു നേരം കൂടി ഇരുന്നു.

' ഇന്ന് ഒന്നും ഉണ്ടാക്കാന്‍ പറ്റിയില്ല. നാളെ ഞാന്‍ നേരത്തെ ശരിയാക്കി കൊടുത്തയക്കാം ' വേണു ഇറങ്ങുമ്പോള്‍ സരോജിനി പറഞ്ഞു.

' അതൊന്നും സാരമില്ല. സമാധാനമായിട്ട് ഇരിയ്ക്കൂ ' എന്നും പറഞ്ഞ് വേണു ഇറങ്ങി. മന്ദത്തില്‍ ദേവിയെ തൊഴാനായി കുറച്ചു
പേര്‍ നില്‍പ്പുണ്ട്. വേണു ചെന്ന് തൊഴുതു.

' കിട്ടുണ്യാരുടെ ഏട്ടനാണല്ലേ. മുമ്പ് കണ്ട് പരിചയമില്ല ' കൂട്ടത്തില്‍ ഒരു വയസ്സന്‍ പറഞ്ഞു.

' അതെ ' എന്ന് വേണു സമ്മതിച്ചു.

' അയ്യപ്പന്‍ കാവ് പുതുക്കി പണിയാന്‍ മുമ്പില്‍ നില്‍ക്കുന്ന ആളാണെന്ന് കേട്ടു. നന്നായി. മനുഷ്യരായാല്‍ നല്ലത് എന്തെങ്കിലും 
ചെയ്യണം '.

വേണു യാത്ര പറഞ്ഞു പുറപ്പെട്ടു.

' കിട്ടുണ്യാരുടെ ശീലം അല്ലാന്ന് തോന്നുന്നു. കുറച്ച് വിനയം ഒക്കെ ഉണ്ട് ' പുറകില്‍ നിന്ന് ആരോ വിലയിരുത്തുന്നത് കേട്ടു.

വെള്ളപ്പാറ കടവിന്ന് സമീപത്ത് വെച്ച് കിട്ടുണ്ണിയെ കണ്ടു.

' എവിടുന്നാ ഈ നേരത്ത് ' അയാള്‍ ചോദിച്ചു.

' നാണുമാമയുടെ വീട്ടില്‍ ചെന്നതാണ് '.

' ഞാന്‍ ഒക്കെ അറിയുന്നുണ്ട്. വെറുതെ ആള്‍ക്കാരെ കൊണ്ട് വല്ലതും പറയിപ്പിക്കണോ '.

' എന്താ '.

' തെളിച്ച് പറയണോ '.

' ങാ '.

' അത്രയ്ക്ക് ഇഷ്ടാണച്ചാല് ആ പെണ്ണിന് ഒരു പുടവ കൊടുത്ത് കൂടെ താമസിപ്പിക്ക്വാ. പേരുദോഷം വരുത്തണംന്ന് നിര്‍ബന്ധം 
ഇല്ലല്ലോ '.

' എന്‍റെ മനസ്സില്‍ അങ്ങിനെ ഒരു ചിന്തയില്ലാ '.

' പിന്നെ പിന്നെ. പാണ്ടി നാട്ടില് വല്ല ചെട്ടിച്ചീം കെട്ടി കഴിയായിരുന്നില്ലേ. അതാണെങ്കില്‍ ആരും അറിയില്ല. സ്വന്തം നാട്ടില്‍ 
കൊള്ളരുതായ്മ ചെയ്യാന്‍ തുടങ്ങ്യാല്‍ ഞങ്ങള്‍ക്കും കൂടി മാനക്കേടുണ്ട്. വെറുതേയല്ലാ ഞാന്‍ നല്ലൊരു ആലോചന കൊണ്ടു
വന്നപ്പോള്‍ സമ്മതിക്കാഞ്ഞത് '.

കിട്ടുണ്ണി നടന്നകന്നു. മനസ്സില്‍ ഒരിക്കലും കടന്നു വരാത്ത കാര്യമാണ് ഇവന്‍ പറയുന്നത്. ആ വാക്കുകള്‍ ചെവിക്കൊള്ളേണ്ട കാര്യമില്ല. ചേമ്പിലയുടെ മുകളില്‍ വീണ വെള്ളം കണക്കെ ആരോപണം വേണുവിനെ സ്പര്‍ശിക്കാതെ കടന്നു പോയി.