Saturday, January 29, 2011

നോവല്‍ - അദ്ധ്യായം - 120.

തുളസി തറയില്‍ വിളക്ക് വെച്ച് പത്മിനി അകത്തേക്ക് വരുമ്പോള്‍ ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടു. വേഗം ചെല്ലുമ്പോഴേക്കും വക്കീല്‍ ഫോണ്‍ എടുത്തു കഴിഞ്ഞിരുന്നു.

' എപ്പോഴാ വീണത്, ഇപ്പോള്‍ എങ്ങിനെയുണ്ട് ' എന്നൊക്കെ ചോദിക്കുന്നത് പത്മിനി കേട്ടു. ആരാണെന്ന് മനസ്സിലാവാത്തതിനാല്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.

' എടോ നമ്മുടെ വേണു മുരിങ്ങയില്‍ നിന്ന് വീണു. കാല് ഒടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്ററിട്ട് കിടപ്പാണ് ' ഫോണ്‍ വെച്ച ശേഷം വക്കീല്‍ പറഞ്ഞു.

' തിരുവാതിര ആയിട്ട് പോവരുത് എന്ന് ഞാന്‍ നൂറ് പ്രാവശ്യം പറഞ്ഞതാ. അപ്പൊ അത് കേട്ടില്ല. ഇപ്പഴോ. അനുഭവിക്കാറായില്ലേ. വെറുതെയല്ല പണ്ടുള്ളോര് ഒരോന്ന് പറഞ്ഞിട്ടുള്ളത് ' എന്ന് കേട്ടപാടെ പത്മിനി
പറഞ്ഞെങ്കിലും അടുത്ത നിമിഷം അവര്‍ തേങ്ങി കരയാന്‍ തുടങ്ങി.

' എന്താ താനീ കാട്ടുന്നത്. കരയാന്‍ മാത്രം അയാള്‍ക്ക് ഒന്നും പറ്റിയിട്ടില്ല '.

' എനിക്ക് ഇപ്പൊത്തന്നെ അവനെ കാണണം ' പത്മിനി വാശി പിടിച്ചു.

' നേരം ഇരുട്ടായില്ലേ. പോരാത്തതിന്ന് ഡ്രൈവറും പോയി. ഇനിയെന്ത് ചെയ്യും ' വക്കീല്‍ പ്രയാസങ്ങള്‍ അറിയിച്ചു.

' വിശ്വേട്ടന് കാറ് ഓടിച്ചൂടേ ' എന്നായി പത്മിനി.

' നല്ല കഥയായി. എത്ര കൊല്ലമായി ഞാന്‍ കാറോടിച്ചിട്ട് ' വക്കീല്‍ പറഞ്ഞു ' പോരാത്തതിന്ന് ഇരുട്ടായാല്‍ ശരിക്ക് കണ്ണും കാണില്ല '.

' എങ്കില്‍ കാറ് ഓടിക്കാന്‍ ആരേയെങ്കിലും വിളിക്കൂ. അല്ലെങ്കിലോ ടാക്സി വരാന്‍ പറയൂ '.

എന്താണ് ചെയ്യേണ്ടത് എന്ന ആലോചനയിലായി വിശ്വനാഥന്‍ വക്കീല്‍. വര്‍ക്ക് ഷോപ്പ് പൂട്ടിയിട്ടില്ലെങ്കില്‍ വിളിച്ചാല്‍ രാമചന്ദ്രന്‍ ടാക്സി അയച്ചു തരും.

വിവരം അറിഞ്ഞതും താന്‍ തന്നെ ചെല്ലാമെന്ന് രാമചന്ദ്രന്‍ നിശ്ചയിച്ചു. കുട്ടിക്കാലം മുതല്‍ പരിചയമുള്ള ആളാണ്. ആ കാലത്ത് തന്നെ ഏറെ വര്‍ത്തമാനം പറയാത്ത പ്രകൃതം. എപ്പോഴും മുഖത്ത് ദുഖഭാവമുള്ള ഒരു പാവം. വളരെ കാലത്തിന്ന് ശേഷം ഈയിടെയാണ് വീണ്ടും കണ്ടു മുട്ടുന്നത്.

' സാറ് ഒരുങ്ങി നിന്നോളൂ. ഞാന്‍ ഇതാ എത്തി കഴിഞ്ഞു ' അയാള്‍ പറഞ്ഞു.

വക്കീലും പത്മിനിയും തയ്യാറാവുമ്പോഴേക്കും രാമചന്ദ്രന്‍ എത്തി. സ്കൂട്ടര്‍ വക്കീലാപ്പീസിന്ന് മുമ്പില്‍ നിര്‍ത്തി അയാള്‍ ചെന്ന് താക്കോല്‍ വാങ്ങി.

' എന്താ താന്‍ തന്നെ പോന്നത് ' വക്കീല്‍ ചോദിച്ചു.

' ശബരിമല സീസണല്ലേ. വണ്ടിയൊക്കെ ഓട്ടം പോയി. ഡ്രൈവര്‍മാര് ഒരാളും സ്ഥലത്തില്ല. അതാ ഞാന്‍ പോന്നത് ' എന്ന് പറഞ്ഞുവെങ്കിലും വേണുവിനെ കാണണമെന്ന ആഗ്രഹം അയാള്‍ക്കും ഉണ്ടായിരുന്നു.

വെള്ളപ്പാറ കടവില്‍ കാര്‍ നിന്നു. ടോര്‍ച്ച് തെളിച്ച് വക്കീല്‍ നടന്നു.

' സൂക്ഷിച്ച് നടന്നോളൂ ' അയാള്‍ പറഞ്ഞു ' വീഴണ്ടാ '. പത്മിനിയുടെ കയ്യില്‍ അയാള്‍ പിടിച്ചു.

' ടോര്‍ച്ചൊക്കെയായിട്ട് ആരോ വരുന്നുണ്ട് ' പുഴ കടന്നു വരുന്ന വെളിച്ചം നോക്കി നാണു നായര്‍ പറഞ്ഞു. ' വിശ്വനാഥന്‍ വക്കീലും ഭാര്യയും അല്ലേ വരുന്നത് ' പടിക്കല്‍ ആഗതര്‍ എത്തിയതും അയാള്‍ കൂട്ടിച്ചേര്‍ത്തു. വേണു ഒഴികെ എല്ലാവരും എഴുന്നേറ്റ് ഭവ്യതയോടെ മാറി നിന്നു.

' നിനക്കെന്താ മരം കേറലാ ഇപ്പഴത്തെ പണി ' പത്മിനി ആദ്യം ചോദിച്ചത് അതായിരുന്നു. വേണു വെറുതെ ഒന്ന് ചിരിച്ചു.

' തിരുവാതിര ആയിട്ട് പോവരുത് എന്ന് കിളിക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ ഞാന്‍ പറഞ്ഞു. അത് കേട്ടില്ല. ഇപ്പൊ എന്തായി ' അതിനും വേണു മറുപടി പറഞ്ഞില്ല.

' എങ്ങിനേയാ പറ്റിയത് ' എന്ന് വക്കീല്‍ ചോദിച്ചതിന്ന് എഴുത്തശ്ശനും നാണു നായരും വിശദമായി മറുപടി പറഞ്ഞു, ചികിത്സയുടെ വിവരങ്ങള്‍ മേനോനും.

പത്മിനി കട്ടിലില്‍ വേണുവിന്ന് അരികത്തായി ഇരുന്നു.

' ഒരിക്കല്‍ ഒടിഞ്ഞ കാലാണ് നിന്‍റേത് . കൂടി ചേരാന്‍ പ്രയാസാവ്വോ ' അവര്‍ ചോദിച്ചു.

' പേടിക്കാനൊന്നൂല്യാ ഓപ്പോളേ. ചെറിയ ഒരു പൊട്ടലേ ഉള്ളു ' വേണു പറഞ്ഞു.

' അത് പോരാ അല്ലേ നിനക്ക്. എന്തായാലും ഇവിടെ കിടന്ന് കഷ്ടപ്പെടണ്ടാ. നാളെ ആംബുലന്‍സും കൊണ്ട് വരാം. പോന്നോ അങ്ങോട്ട് '.

' ഈ ഓപ്പോള്‍ക്ക് എപ്പഴും പേടിയാണ്. എനിക്ക് അത്രയ്ക്കൊന്നും ഇല്ല. രണ്ടാഴ്ച കഴിയുമ്പോള്‍ ഞാന്‍ നടന്ന് വരും. നോക്കിക്കോളൂ ' വേണു ഓപ്പോളെ ആശ്വസിപ്പിച്ചു.

' പേടിക്കണ്ടാ. ഞങ്ങള്‍ നല്ലോണം നോക്കിക്കോളാം ' എന്ന് എഴുത്തശ്ശന്‍ ഉറപ്പും നല്‍കി.

' എന്തെങ്കിലും പ്രയാസം ഉണ്ടെങ്കില്‍ എന്നെ അറിയിക്കണം 'വക്കീല്‍ പറഞ്ഞു ' ഇവിടെ കിടന്ന് ഇവര്‍ക്കൊരു ബുദ്ധിമുട്ടാവരുത് '.

അങ്ങിനെയാവാമെന്ന് വേണു സമ്മതിച്ചു. പത്മിനി വേണുവിന്‍റെ തലയില്‍ തലോടിക്കൊണ്ടിരുന്നു.

' ആരാ ഇയാള് ' രാമചന്ദ്രനെ ചൂണ്ടി നാണു നായര്‍ ചോദിച്ചു.

' ഇത് രാമചന്ദ്രന്‍ . എന്‍റെ കൂടെ പഠിച്ച ആളാണ് ' രാമുവിനെ വേണു എല്ലാവര്‍ക്കും പരിചയപ്പെടുത്തി.

മുറ്റത്ത് മേനോനും രാമുവും എന്തൊക്കേയോ സംസാരിച്ചുകൊണ്ട് നിന്നു. വക്കീലും എഴുത്തശ്ശനും കൊയ്ത്തിനെ കുറിച്ച് സംസാരിച്ച് കോലായിലും.

' നാണുമാമേ. സരോജിനിടെ അടുത്ത് കുറച്ച് കാപ്പി ഉണ്ടാക്കി കൊണ്ടു വരാന്‍ പറയൂ ' വേണു പറഞ്ഞു.

' ഇപ്പൊ കാപ്പീം ചായീം ഒന്നും വേണ്ടാ ' എന്ന് പത്മിനി പറഞ്ഞെങ്കിലും ' എനിക്കൊരു കാപ്പി വേണം ' എന്നും പറഞ്ഞ് വേണു നാണു നായരെ അയച്ചു.

പാത്രത്തില്‍ കാപ്പിയുമായി സരോജിനിയും കത്തിച്ച കമ്പി റാന്തലുമായി നാണു നായരും എത്തി. കാപ്പി ഗ്ലാസ്സിലാക്കി സരോജിനി എല്ലാവര്‍ക്കും നല്‍കി.

' സരോജിനി, ഇയാള് എന്‍റെ കൂടെ പഠിച്ച ആളാണ് ' വേണു രാമുവിനെ പരിചയപ്പെടുത്തി ' ഇയാളുടെ ആ കാലത്തെ ചങ്ങാതി ആരാണെന്ന് കേക്കണോ. നിന്‍റെ ഏട്ടന്‍ സുന്ദരന്‍ '.

സരോജിനി മന്ദഹസിച്ചു.

' രാത്രിയായി. ഞങ്ങള്‍ ഇറങ്ങട്ടെ ' വക്കീല്‍ യാത്രാനുമതി ചോദിച്ചു.

' ഞാന്‍ നാളെ വരാട്ടോ ' പത്മിനി പറഞ്ഞു.

' ഓപ്പോള് നിത്യം വന്ന് ബുദ്ധിമുട്ടണ്ടാ. എനിക്ക് അത്രയ്ക്കൊന്നും ഇല്ല ' എന്ന് വേണു പറഞ്ഞു.

' നാലഞ്ച് ദിവസം കൂടുമ്പോള്‍ എന്തായാലും പത്മിനി എത്തും ' എന്ന് വക്കീലും പറഞ്ഞു.

സരോജിനിയും നാണു നായരും വീട്ടിലേക്ക് നടന്നു. എഴുത്തശ്ശനും ചാമിയും വന്നവരെ യാത്രയാക്കാന്‍ വെള്ളപ്പാറ കടവിലേക്കും.

' അങ്ങിനെ രാത്രി നേരത്ത് ഒരു പെണ്ണ് കാണല്‍ ചടങ്ങ് നടത്തി അല്ലേ ' മേനോന്‍ ചോദിച്ചു. വേണുവിന്‍റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.

****************************************************

വൈകീട്ട് കാപ്പി കുടിയും കഴിഞ്ഞ് എല്ലാവരും ഇരിക്കുന്ന സമയം. കൊയ്ത്ത് ഇല്ലാത്തതിനാല്‍ ചാമി കളപ്പുരയിലുണ്ട്. വേണു കിടപ്പിലായ ശേഷം അയാള്‍ പുഴയ്ക്ക് അക്കരെ കടന്നിട്ടില്ല. പാടത്ത് ചെല്ലും. ഇടയ്ക്കിട്യ്ക്ക് വന്ന് ' മുതലാളിക്ക് എന്താ വേണ്ടത് ' എന്ന് അന്വേഷിക്കും.

'ഞാനൊന്ന് നടു നിവര്‍ത്തിയിട്ട് വരാ 'മെന്ന് പറഞ്ഞ് വീട്ടിലേക്ക് നടന്ന നാണു നായര്‍ ധൃതിയില്‍ മടങ്ങി വരുന്നു.

' കുപ്പന്‍കുട്ട്യേ ' അയാള്‍ വിളിച്ചു ' തന്‍റെ പേരക്കുട്ടി വരുണുണ്ട്. അവന്‍റെ കയ്യില്‍ ഒരു കുട്ടീം ഉണ്ട് '. പറഞ്ഞു തീരും മുമ്പ് രാധാകൃഷ്ണനെത്തി. കയ്യില്‍ വെളുത്ത് സുന്ദരിയായ ഒരു കൊച്ചു മിടുക്കി. കാഴ്ചയ്ക്ക് ഒരു പാവക്കുട്ടിയെ പോലുണ്ട്.

രാധാകൃഷ്ണന്‍ കുട്ടിയുമായി എഴുത്തശ്ശന്‍റെ മുമ്പില്‍ ചെന്നു നിന്നു.

' നോക്ക് മോളേ, കുട്ടിടെ മുത്തച്ഛന്‍ ' അയാള്‍ കുട്ടിക്ക് എഴുത്തശ്ശനെ പരിചയപ്പെടുത്തി.

' ഏതാ ഈ കുട്ടി ' എഴുത്തശ്ശന്‍ ചോദിച്ചു.

' പെങ്ങള് വന്നിട്ടുണ്ട്. അവളുടെ കുട്ടിയാണ് ' എന്നും പറഞ്ഞ് കുട്ടിയെ എഴുത്തശ്ശന്ന് നേരെ നീട്ടി. കുട്ടി ഒന്ന് നോക്കി പിന്നാക്കം തിരിഞ്ഞു.

' പരിചയക്കേടാവും ' നാണു നായര്‍ പറഞ്ഞു ' ഇതിന്ന് മുമ്പ് കുട്ടി നിങ്ങളെ കണ്ടിട്ടില്ലല്ലോ '.

' അവള്‍ക്കങ്ങിനെ പരിചയക്കേടൊന്നും ഇല്ല. ആര് വിളിച്ചാലും ചെല്ലും. ഉറക്കം ഉണര്‍ന്ന വരവാണ്. അതാണ് ഇങ്ങിനെ '.

രാധാകൃഷ്ണന്‍ വീണ്ടും കുട്ടിയെ നീട്ടി. എഴുത്തശ്ശന്‍ കൈ കാണിച്ചു വിളിച്ചു. കുട്ടി വരാനുള്ള ഭാവമില്ല. അയാള്‍ അവളെ ബലമായി എടുത്തു. കുട്ടി കരയാന്‍ തുടങ്ങി.

' കരയണ്ടാ, കരയണ്ടാ കരുമിക്കുട്ട്യേ
കരണ്ട്യേപ്പം ചുട്ടു തരാം കരുമിക്കുട്ട്യേ '.

അയാള്‍ തോളത്ത് കിടത്തി കുലുക്കി കുട്ടിയുടെ തുടയില്‍ താളം പിടിച്ചു. മെല്ലെ മെല്ലെ കുട്ടി അയാളോട് ഇണങ്ങി.

' ദൈവത്തിന്‍റെ ഒരു കളി നോക്ക് ' നാണു നായര്‍ പറഞ്ഞു ' രക്ത ബന്ധം എന്ന് പറഞ്ഞ് കേട്ടിട്ടില്ലേ. അതാണ് ഈ കാണുണത് '.

കുട്ടിയുടെ അടുത്ത് ചെന്ന് ' നിനക്ക് മുത്തശ്ശനെ ഇഷ്ടായോടീ ' എന്ന് അയാള്‍ ചോദിച്ചു.

' മുത്തശ്ശനല്ലാടോ ' എഴുത്തശ്ശന്‍ പറഞ്ഞു ' മുതു മുത്തശ്ശന്‍. അവളുടെ മുത്തശ്ശന്‍ വേലായുധന്‍കുട്ട്യല്ലേ '.

' അതിന്ന് ഇവള്‍ അച്ഛനെ അച്ചാച്ച എന്നാ വിളിക്കാറ് 'രാധാകൃഷ്ണന്‍ പറഞ്ഞു.

എഴുത്തശ്ശന്‍ കുട്ടിയെ തോളിലേറ്റി മുറ്റത്ത് നടന്നു. ' നിനക്ക് തരാന്‍ ഒരച്ച് വെല്ലം കൂടി ഇല്ലല്ലോ ഇവിടെ ' എന്ന് പരിതപിക്കുകയും ചെയ്തു.

' അങ്കിള്‍ ഞാന്‍ ഇന്നലെ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇന്ന് ഉച്ചക്കേ എത്തിയുള്ളു. ' രാധാകൃഷ്ണന്‍ വേണുവിന്‍റെ അടുത്ത് ചെന്നു ' പെങ്ങള് വന്നപ്പോള്‍ കുടുംബത്തോടെ ഞങ്ങള്‍ പഴനിക്ക് പോയി '.

ഇതിനിടെ ചാമി തോട്ടത്തില്‍ ചെന്ന് അഞ്ചാറ് കൊയ്യാപ്പഴം കൊണ്ടുവന്ന് കുട്ടിക്ക് കൊടുത്തു.

' കുട്ടിക്ക് ഇതൊന്നും കൊടുക്കണ്ടാടാ ' എഴുത്തശ്ശന്‍ പറഞ്ഞു ' കുരു അകത്ത് ചെന്നാല്‍ അവള്‍ക്ക് വയറ് വേദനിക്കും '.

കുട്ടി ഒരു കൊയ്യക്കായ കയ്യില്‍ എടുത്ത് കടിച്ചു തുടങ്ങി. എഴുത്തശ്ശന്‍ അവളുമായി പാടത്തേക്ക് നടന്നു. അമ്മിണിയമ്മയ്ക്കും കെട്ടുപണിക്ക് വന്ന ജോലിക്കാര്‍ക്കും കുട്ടിയെ കാണിച്ചുകൊടുത്തു. കുളത്തിന്‍റെ വക്കത്തും അമ്പലത്തിലും അവളുമായി ചെന്നു. പാടത്ത് പണിക്കാരികള്‍ ഉണ്ടെങ്കില്‍ കുട്ടിയെ അവര്‍ക്ക് കാണിച്ചു കൊടുക്കാമായിരുന്നു എന്ന് ആലോചിച്ചു. ഏറെ കൊതിച്ചിരുന്ന കളിപ്പാട്ടം കിട്ടിയ കുട്ടിയായി അയാള്‍ മാറി.

' ഇയാള്‍ കുട്ടിയെ പോക്കു വെയിലും കൊള്ളിച്ച് കൊണ്ട് എവിടേക്കാ ചുറ്റാന്‍ പോയത് ' എന്ന് നാണു നായര്‍ ചോദിച്ചു.

' അവര് രണ്ടും കൂടി പോയി ലോകം മുഴുവന്‍ ചുറ്റി കണ്ടിട്ട് വരട്ടെ ' മേനോന്‍ പറഞ്ഞു ' മനസ്സില്‍ ഇതെല്ലാം അടക്കി അമ്മാമ എത്ര കാലമായി കഴിയുന്നതാണ് '.

ആ വാക്കുകള്‍ രാധാകൃഷ്ണനെ വല്ലാതെ സ്പര്‍ശിച്ചു. ഇനി മുതല്‍ എല്ലാ ദിവസവും കുട്ടിയെ മുത്തശ്ശന്ന് കാട്ടിക്കൊടുക്കണമെന്ന് അയാള്‍ നിശ്ചയിച്ചു.

എഴുത്തശ്ശന്‍ കുട്ടിയുമായി എത്തി.

' ഈ പെണ്ണ് രണ്ട് കയ്യോണ്ടും എന്‍റെ മുഖത്ത് തല്ലി ' എഴുത്തശ്ശന്‍ കരയുന്നത് പോലെ അഭിനയിച്ചു. കുട്ടി അത് കണ്ട് പൊട്ടിച്ചിരിച്ചു.

' പോവും മുമ്പ് ഒന്നും കൂടി ഇവളെ കൊണ്ടു വരണം ' കുട്ടിയെ രാധാകൃഷ്ണന്‍റെ കയ്യില്‍ ഏല്‍പ്പിക്കുമ്പോള്‍ എഴുത്തശ്ശന്‍ പറഞ്ഞു.

' ഞാന്‍ ദിവസൂം ഇവളെ കൂട്ടി വരാ ' മെന്ന് രാധാകൃഷ്ണന്‍ ഏറ്റു.

എഴുത്തശ്ശന്‍ കുട്ടിയുടെ കവിളില്‍ ഒന്ന് ചുംബിച്ചു. അയാളുടെ കണ്ണുകള്‍ നനഞ്ഞിരുന്നു. വെള്ളപ്പാറ കടവ് വരെ എഴുത്തശ്ശന്‍ ചെന്നു.

' കുട്ടിയെ കണ്ടിട്ട് കൊതി തീര്‍ന്നില്ല അല്ലേ ' തിരിച്ചെത്തിയ അയാളോട് നാണു നായര്‍ ചോദിച്ചു.

' കണ്ടിട്ട് മടുക്ക്വോടോ ഈ ജന്മം ' എന്നായിരുന്നു മറുപടി.

' എന്തിനാ ഒരു ദിവസം കുട്ടിയെ കൊണ്ടു വരണം എന്ന് പറഞ്ഞത് '.

' ഒരു മാലയും അരഞ്ഞാണും നാല് വളയും അവള്‍ക്ക് വാങ്ങി കൊടുക്കണം എന്നുണ്ട്. എന്‍റെ മനസ്സിലെ ഒരു മോഹാ അത് '.

തങ്ങളുടെ മനസ്സില്‍ നിറഞ്ഞത് എന്താണെന്ന് ആ പറഞ്ഞത് കേട്ടവര്‍ക്കുപോലും മനസ്സിലായില്ല.

Sunday, January 23, 2011

നോവല്‍ - അദ്ധ്യായം - 119.

കൊയ്ത്ത് തുടങ്ങിയ ശേഷം എഴുത്തശ്ശനും ചാമിയും കളപ്പുരയില്‍ ഇരിക്കാറേ ഇല്ല.

' അവന്‍റെ മുഖം കാണുമ്പോള്‍ എനിക്ക് സങ്കടം വരും ' എഴുത്തശ്ശന്‍ ചാമിയോട് പറയും. ' അതാണ് ഞാന്‍
കഴിവതും കളപ്പുരയില്‍ ഇരിക്കാത്തത് '.

കാലത്തെ ഭക്ഷണം കഴിച്ച് ഇരുവരും പോയിരുന്നു. പത്രം നോക്കി കഴിഞ്ഞ വേണു എന്താണ് ചെയ്യേണ്ടത്
എന്ന ആലോചനയിലായി. അമ്മാമ നാണുമാമയുടെ വീട്ടിലുണ്ടാവും. അവിടെ ചെന്നാല്‍ നാട്ടുവിശേഷങ്ങള്‍ കേള്‍ക്കാം. ഗേറ്റ് ചാരി വെച്ച് വേണു ഇറങ്ങി.

നാണു നായരുടെ വീടിന്‍റെ വേലിക്കല്‍ എത്തിയപ്പോള്‍ സരോജിനി തോട്ടികൊണ്ട് മുരിങ്ങയില വലിക്കാന്‍
ശ്രമിക്കുന്നത് കണ്ടു.

' അമ്മാമ വന്നിട്ടുണ്ടോ ' അയാള്‍ ചോദിച്ചു.

' ഇല്ല '.

' നാണുമാമയോ '.

' അച്ഛന്‍ രാവുത്തരുടെ കൂടെ വീട് പണി നോക്കാന്‍ പോയി '.

വേണു പോവാനൊരുങ്ങി. നാലടി വെച്ചു കഴിഞ്ഞപ്പോഴാണ് സരോജിനിയെ മുരിങ്ങയില വലിക്കാന്‍
സഹായിക്കണമെന്ന് തോന്നിയത്. അതോടെ തിരിച്ച് പോന്നു.

' എന്തിനാ മുരിങ്ങയില '.

' അത് പരുപ്പും കൂട്ടി കൂട്ടാന്‍ വെക്കാന്ന് നിരീച്ചു. തോട്ടി നീളം പോരാ. എത്തിണില്ല '.

' ശരി. തോട്ടി ഇങ്ങോട്ട് തരൂ. ഞാന്‍ നോക്കട്ടെ '.

മുരിങ്ങയുടെ കൊമ്പുകള്‍ കൊഴുക്കനെ മുകളിലേക്ക് പോയിരിക്കുകയാണ്. വേണുവിനും അത് എത്തില്ല.

' അമ്മാമയുടെ അടുത്ത് കോണിയുണ്ടോന്ന് ചോദിക്കട്ടെ. അതില്‍ കേറി നിന്നാല്‍ എത്തും '.

' മൂപ്പര് ഇന്നാള് ഒരു മുളടെ കമ്പ് കൊണ്ടു വന്നു. അത് വെച്ചു കേറി ഇടിച്ചക്ക ഇട്ടുതന്നു. അതുണ്ട് ഇവിടെ '.

' എന്നാല്‍ അതിങ്ങോട്ട് എടുക്കു '.

വീടിന്‍റെ പുറക് വശത്തു നിന്ന് സരോജിനി ഒരു മുളങ്കമ്പ് എടുത്തു കൊണ്ടു വന്നു. എട്ടുപത്തടി നീളത്തില്‍
നല്ല വണ്ണമുള്ള ഒരു മുളക്കഷ്ണം. മുള്ള് ആഞ്ഞെടുക്കുമ്പോള്‍ എട്ടിഞ്ചോളം നീളത്തില്‍ കുറ്റികള്‍ ബാക്കി വെച്ചിട്ടുണ്ട്. കിണര്‍ കുഴിക്കുമ്പോള്‍ ഇത്തരത്തിലുള്ള മുളങ്കമ്പ് വെച്ചാണ് കിണറില്‍ ഇറങ്ങുക.

' അമ്മാമ ഇതില്‍ കയറിയാണോ ചക്ക പൊട്ടിച്ചത് ' വേണു ചോദിച്ചു.

' അതെ. മൂപ്പര് മിനുട്ട് വെച്ച് കേറി ചക്കയിട്ടു '.

എന്നാല്‍ അതൊന്ന് പരീക്ഷിക്കണമെന്ന് വേണു ഉറപ്പിച്ചു. സരോജിനി മുരിങ്ങയുടെ തടിയില്‍ മുളക്കഷ്ണം
ചാരി വെച്ചു. വേണു മുണ്ട് മാടി കുത്തി കയറി തുടങ്ങി. അത്ര വലിയ പ്രയാസമൊന്നുമില്ല കയറുവാന്‍.

' വേണ്വോട്ടന്‍ സൂക്ഷിച്ച് കയറണേ ' സരോജിനി പറഞ്ഞു.

' പേടിക്കണ്ടാ. ഞാന്‍ മുരിങ്ങയുടെ തടീല്‍ പിടിച്ചിട്ടുണ്ട് ' വേണു പറഞ്ഞു ' ഇനി ആ തോട്ടി ഇങ്ങോട്ട് തരൂ '.

സരോജിനി വേണുവിന്ന് തോട്ടി കൈമാറി. അയാള്‍ മുകളിലേക്ക് നോക്കി പതുക്കെ തോട്ടി ഉയര്‍ത്തി.
ഇപ്പോള്‍ മുരിങ്ങയിലകള്‍ ആകാശത്തിന്‍റെ കവിളില്‍ തലോടുന്നത് കാണാം.

താഴെ വീഴുന്ന ചില്ലക്കമ്പുകളില്‍ നിന്നും മുരിങ്ങയിലകൊത്തുകള്‍ സരോജിനി പൊട്ടിച്ചെടുത്തു.

' മതി വേണ്വോട്ടാ ' സരോജിനി പറഞ്ഞു ' കൂട്ടാന് ഇതൊക്കെ ധാരാളം മതി '.

' ആ കാണുന്ന കുനുന്ത് കൂടി പൊട്ടിക്കാം '.

വേണു തോട്ടി ആ കൊമ്പില്‍ കൊരുത്ത് ഒറ്റ വലി. കൊമ്പ് താഴെ വെച്ച് ഒടിഞ്ഞു കീഴോട്ട് പതിച്ചു. ആ പരിഭ്രമത്തില്‍ വേണു നിന്ന നില്‍പ്പില്‍ ഒന്നിളകി. മുളങ്കമ്പ് ചെരിഞ്ഞു. അതോടൊപ്പം വേണുവും നിലം
പതിച്ചു.

' അയ്യോ വേണ്വോട്ടാ ' സരോജിനി നിലവിളിച്ചു. അവള്‍ വേണുവിന്‍റെ അടുത്തേക്ക് ഓടി ചെന്ന് അയാളെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു.

' പേടിക്കണ്ടാ. ഞാന്‍ എഴുന്നേറ്റോളാം '. കൈകള്‍ നിലത്ത് ഊന്നി അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.
വലത്തേ കാല്‍ അനങ്ങുന്നില്ല. പണ്ട് മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ ഒടിഞ്ഞ കാലാണ്. വല്ലാത്ത
വേദന തോന്നുന്നു.

' ഇത്തിരി വെള്ളം തരൂ ' അയാള്‍ പറഞ്ഞു. സരോജിനി കൊണ്ടുവന്ന വെള്ളം ഒറ്റവലിക്ക് കുടിച്ചു തീര്‍ത്തു.

' വേണ്വോട്ടന്ന് എണീക്കാന്‍ വയ്യേ ' സരോജിനി കരയുമെന്ന മട്ടിലാണ്.

' കാലിന്ന് നല്ല വേദന ' അയാള്‍ നിരങ്ങി ചെന്ന് മുരിങ്ങത്തടിയില്‍ ചാരി ഇരുന്നു.

' എന്താ ചെയ്യണ്ട് '.

' ആരേയെങ്കിലും വിളിയ്ക്കൂ '.

സരോജിനി കരഞ്ഞുംകൊണ്ട് ഓടിപ്പോയി. ചാമിയാണ് ആദ്യം എത്തിയത്. പുറകെ എഴുത്തശ്ശനും
നാണുനായരും രാവുത്തരും. ഒടുവിലായി സരോജിനിയും പണിക്കാരും.

' മുതലാളി, എന്തേ പറ്റിയത് ' ചാമിയുടെ ശബ്ദം പതറിയിരുന്നു.

' മുരിങ്ങയില പൊട്ടിക്കുമ്പോള്‍ കൊമ്പ് അടിയോടെ പൊട്ടി. പിടുത്തം വിട്ട് മുളയുടെ ഒപ്പം വീണു. കാല് അനക്കാന്‍ വയ്യാ '.

' കുപ്പായത്തില്‍ ചോര ആയിരിക്കുന്നു '.

വേണു നോക്കുമ്പോള്‍ ഷര്‍ട്ട് ചോരയില്‍ മുങ്ങിയിട്ടുണ്ട്.

' ആ കുപ്പായം വലിച്ച് ഊരടാ ' എഴുത്തശ്ശന്‍ ചാമിയോട് പറഞ്ഞു.

' വരിപ്പള്ളേല് ചക്ക പൊളിയിണ പോലെ പൊളിഞ്ഞിട്ടുണ്ട് ' ഷര്‍ട്ട് ഊരി നോക്കിയിട്ട് ചാമി പറഞ്ഞു.

എഴുത്തശ്ശന്‍ മുറിവ് പരിശോധിച്ചു.

' കമ്മ്യൂണിസ്റ്റ് ചെടിടെ ഇല പിഴിഞ്ഞ് ചാറ് ഒറ്റിക്ക്. മുറിവ് കരിയും ' അയാള്‍ നിര്‍ദ്ദേശിച്ചു.

' അത് വേണ്ടാ. നല്ല നീറലുണ്ടാവും ' നാണു നായര്‍ ഇടപെട്ടു ' കളപ്പുരടെ കഴിക്കോലില്‍ മുളമ്പിലാശി
ഉണ്ടാവും. അത് പറ്റിച്ചാല്‍ മതി '.

പണിക്കാരി പെണ്ണുങ്ങള്‍ മുളമ്പിലാശി തിരഞ്ഞ് പോയി.

' എന്തിനേ വേണൂ നീ ഈ വേണ്ടാത്ത പണിക്ക് പോയത് ' എഴുത്തശ്ശന്‍ ചോദിച്ചു.

' അവനെയല്ല കുറ്റം പറയണ്ടത്, ഈ കുരുത്തം കെട്ടോളെ വേണം പറയാന്‍. മിണ്ടാണ്ടെ പോണ ഇവനെ
വിളിച്ച് മുരിങ്ങ്യേല്‍ കയറ്റേണ്ട വല്ല ആവശ്യം ഉണ്ടോ ഇവള്‍ക്ക് ' നാണു നായര്‍ കുറ്റം മകളുടെ മേല്‍
കെട്ടിവെക്കാന്‍ ശ്രമിച്ചു.

' എന്തിനാ നാണുമാമേ ആ കുട്ടിയെ കുറ്റം പറയുന്നത്. അവള്‍ പറഞ്ഞിട്ടൊന്ന്വല്ല ഞാന്‍ മുരിങ്ങയില വലിക്കാന്‍ കയറിയത് '.

' എന്തിനും ഏതിനും അച്ഛന്ന് എന്നെ കുറ്റം പറയാനല്ലേ അറിയൂ ' എന്നും പറഞ്ഞ് സരോജിനി കണ്ണീരൊപ്പി.

' വേണ്വോ, മെല്ലെ എണീക്ക് ' എഴുത്തശ്ശന്‍ പറഞ്ഞു ' നമുക്ക് കളപ്പുരയിലേക്ക് പോവാം '.

' എനിക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ വയ്യാ. കാലിന് എന്തോ പറ്റീന്ന് തോന്നുന്നു '.

കാര്യത്തിന്‍റെ ഗൌരവം അപ്പോഴാണ് എല്ലാവര്‍ക്കും മനസ്സിലാവുന്നത്.

' ആ പത്മിനിയമ്മ കെട്ടാല്‍ ഒന്നും പറയില്ല ' എന്ന് നാണു നായര്‍ ആദ്യമേ പറഞ്ഞു.

' അതല്ലല്ലോ പ്രധാനം. നമുക്ക് എന്തെങ്കിലും ചികിത്സ നോക്കണ്ടേ ' എന്നായി എഴുത്തശ്ശന്‍.

' ഞാന്‍ വേഗം ചെന്ന് കാറ് വിളിച്ചിട്ട് വരാം ' മക്കു രാവുത്തര്‍ സൈക്കിളില്‍ കൈവെച്ചു ' പാലക്കാട്ടെ നല്ല ഡോക്ടറുടെ അടുത്ത് കാണിക്കണം '.

' അതൊന്നും വേണ്ടാഹേ ' നാണുനായര്‍ പറഞ്ഞു ' മുട്ടികുളങ്ങര എണ്ണ വാങ്ങി തോരെ തോരെ പുരട്ട്യാല്‍
മതി. ഉളുക്കിനും ഒടിവിനും അതില്‍ കവിഞ്ഞ് വേറൊന്നൂല്യാ '.

' മിണ്ടാണ്ടിരിക്കിന്‍. ആദ്യം അവനെ കുളപ്പുരേലിക്ക് കൊണ്ടു പോവാം ' എഴുത്തശ്ശന്‍ പറഞ്ഞതോടെ അതിനായി ശ്രമം. ചാമിയും മക്കു രാവുത്തരും വേണുവിന്‍റെ രണ്ട് വശത്തും പിടിച്ചു. ഒറ്റക്കാലില്‍ വേണു
കളപ്പുരയിലേക്ക് അടിവെച്ച് നീങ്ങി.

തിണ്ടില്‍ തുണി വിരിച്ച് വേണുവിനെ കിടത്തി.

' എനിക്ക് മുമ്പന്നെ തോന്നിയ ഒരു കാര്യം പറയട്ടെ ' നാണു നായര്‍ പറഞ്ഞു ' കളപ്പുരടെ മുമ്പില് ആല
കെട്ട്യേത് ശരിയായില്ല. പുരടെ മുഖം മറഞ്ഞ് വല്ലതും കെട്ടാന്‍ പാട്വോ. സ്ഥാനം നോക്കാതെ ഓരോന്ന് ഉണ്ടാക്കിയാല്‍ ഇത് മാതിരി കെടുതല പറ്റും '.

' കേള്‍ക്കുമ്പൊ എനിക്ക് ദേഷ്യം വരുന്നുണ്ട്. എത്ര കൊല്ലായി ആല അവിടെ ഉണ്ടായിട്ട്. മരക്കൊമ്പ് പൊട്ടി വേണു വീണതും അതും കൂടി നിങ്ങള് കൂട്ടി കെട്ടണ്ടാ ' എഴുത്തശ്ശന്‍ കൂട്ടുകാരനെ ശാസിച്ചു. ' ഇനി എന്താ വേണ്ടത് ' എന്ന് വേണുവിനോട് ചോദിക്കുകയും ചെയ്തു.

' മേനോനെ വിവരം അറിയിക്കണം. അദ്ദേഹം എന്താ വേണ്ടത് എന്ന് നിശ്ചയിക്കട്ടെ ' വേണു പറഞ്ഞു.

' മൂപ്പര് ഇപ്പൊ എവിട്യാ ഉണ്ടാവ്വാ ' രാവുത്തര്‍ ചോദിച്ചു.

' എവിടേം പോയില്ലെങ്കില്‍ വീട്ടില്‍ ഉണ്ടാവും. കണ്ടാല്‍ കാര്യം പറയിന്‍ ' എഴുത്തശ്ശന്‍ ഏല്‍പ്പിച്ചു.

മക്കുരാവുത്തര്‍ സൈക്കിളില്‍ കയറി.

' കിട്ടുണ്ണി മാഷടെ അടുത്ത് വിവരം പറയണോ ' നാണു നായര്‍ ചോദിച്ചു.

' എന്തിനാ വെറുതെ ' എന്ന് വേണു ചോദിച്ചെങ്കിലും എഴുത്തശ്ശന്‍ സമ്മതിച്ചില്ല. വിവരം അറിയിക്കാനായി
ചാമി ഓടി.

വെളുത്ത മുളമ്പ്ലാശി പറ്റിച്ചതോടെ ചോര ഒഴുകുന്നത് നിന്നു. പണിക്കാരികള്‍ പാടത്തേക്ക് മടങ്ങി.

' കുട്ട്യേ, ഇത്തിരി കുടിക്കാനുണ്ടാക്ക് ' എഴുത്തശ്ശന്‍ സരോജിനിയോട് പറഞ്ഞു. അവള്‍ കണ്ണും തുടച്ച് അകത്തേക്ക് നടന്നു. ചെറു ചൂടില്‍ കാപ്പി ഊതി കുടിച്ചപ്പോള്‍ വേണുവിന്ന് അല്‍പ്പം സുഖം തോന്നി.

' കിട്ടുണ്ണി മാഷടെ വീട് പൂട്ടിയിട്ടുണ്ട്. അവര് എങ്ങിട്ടെങ്കിലും പോയിട്ടുണ്ടാവും ' ചാമി തിരിച്ചെത്തി
വിവരം അറിയിച്ചു.

വെള്ളപ്പാറ കടവില്‍ കാര്‍ നിന്നതും മേനോനും സ്വാമിനാഥനും ഇറങ്ങി കളപ്പുരയിലേക്ക് കുതിച്ചു,

' എന്ത് പറ്റി ' മേനോന്‍ വേണുവിന്‍റെ കയ്യില്‍ പിടിച്ചു.

' സംസാരിച്ചു നിന്ന് വൈകിക്കണ്ടാ. വേഗം ആസ്പത്രിയിലേക്ക് പോണം ' സ്വാമിനാഥന്‍ ധൃതി കൂട്ടി.

' നടത്തി കൊണ്ടു പോണ്ടാ ' മേനോന്‍ പറഞ്ഞു ' ഒരു കമ്പിളി തൂക്ക് ഉണ്ടാക്കി കിടത്തിക്കൊണ്ട് പോവാം '.

അതിനുള്ള ഒരുക്കങ്ങള്‍ ചെയ്യുമ്പോഴേക്കും രാവുത്തരും എത്തി.

' അമ്മാമ ബുദ്ധിമുട്ടണ്ടാ ' മേനോന്‍ പറഞ്ഞു ' ഞാനും സ്വാമിനാഥനും പോകാം. സഹായത്തിന്ന് ചാമിയും
രാവുത്തരും വന്നോട്ടേ '.

വേണുവിനെ കയറ്റി കാര്‍ നീങ്ങി. അത് മറയുന്നത് വരെ എല്ലാവരും നോക്കി നിന്നു.

+++++++*******+++++++*******

വൈകുന്നേരം ആവുമ്പോഴേക്ക് വേണു ആസ്പത്രിയില്‍ നിന്ന് തിരിച്ചെത്തി. കാലില്‍ പ്ലാസ്റ്ററിട്ടിട്ടുണ്ട്. മുറിവില്‍ പറ്റിച്ച മുളമ്പിലാശി കളഞ്ഞ് ഡ്രസ്സ് ചെയ്തിരിക്കുന്നു.

' കുറച്ച് ദിവസത്തേക്ക് കാല് അനക്കാന്‍ പാടില്ല ' മേനോന്‍ പറഞ്ഞു ' റെസ്റ്റ് എടുക്കണം '.

' ഭഗവാന്‍ സഹയിച്ചിട്ട് ഇത്രയല്ലേ വന്നുള്ളു ' എഴുത്തശ്ശന്‍ പറഞ്ഞു ' അനങ്ങാതെ ഒരു ദിക്കില് അവന്‍
കിടന്നോട്ടെ. നോക്കണ്ട കാര്യം ഞങ്ങളായി '.

' ഇനി ഞാന്‍ പോണൂ ' കുറെ നേരം ഇരുന്നതിന്ന് ശേഷം സ്വാമിനാഥന്‍ എഴുന്നേറ്റു.

' ഇത്ര നേരം ആയില്യേ. അമ്പലത്തില്‍ ചെന്ന് വിളക്ക് കണ്ടിട്ട് പോയാല്‍ പോരേ ' എന്ന് നാണു നായര്‍
ചോദിച്ചു.

' ഞാനും വരുന്നുണ്ട് ' എഴുത്തശ്ശന്‍ പറഞ്ഞു ' വേണൂന് അധികം ഒന്നും പറ്റണ്ടിരിക്കാന്‍ ഞാന്‍ അയ്യപ്പന് പത്തുറുപ്പിക നേര്‍ന്നിട്ടുണ്ട്. അത് നടക്കല്‍ വെക്കണം '.

മൂന്ന് പേരും പോയതോടെ വേണുവിന്‍റെ അടുത്ത് മേനോന്‍ മാത്രമായി. ചാമി കറ്റ മെതിക്കുന്നവരുടെ അടുത്താണ്.

' വേണൂ. ആറാഴ്ച അനങ്ങാതെ കിടപ്പല്ലേ. പത്മിനിയമ്മയുടെ അടുത്തേക്ക് പോണോ ' മേനോന്‍ ചോദിച്ചു.

' എന്തിനാ അവരെയൊക്കെ ബുദ്ധിമുട്ടിക്കുന്നത്. വിവരം അറിയിച്ചാല്‍ പോരേ '.

' എന്നാല്‍ വക്കീലിന്ന് ഞാന്‍ ഫോണ്‍ ചെയ്ത് വിവരം പറയാം. ഭേദമാവുന്നത് വരെ ഞാന്‍ കൂടെ ഉണ്ടാവും. മകരവിളക്കിന്ന് പോണോ എന്ന് ആലോചിച്ചതാ. ആ പരിപാടി മാറ്റി '.

തൊഴാന്‍ പോയവര്‍ തിരിച്ചെത്തി.

' ഞാന്‍ ചെന്ന് ഈ തുണിയൊക്കെ മാറ്റിയിട്ട് വേഗം വരാം ' എന്നും പറഞ്ഞ് മേനോന്‍ എഴുന്നേറ്റു. അയാള്‍ സ്വാമിനാഥന്‍റെ കൂടെ പോയി.

മുറ്റത്ത് ചാമി പതമ്പ് അളക്കാന്‍ തുടങ്ങി. അളന്ന നെല്ല് പെണ്ണുങ്ങള്‍ അകത്ത് കൊണ്ടു ചെന്ന് ഇടുന്നതും
നോക്കി എഴുത്തശ്ശന്‍ നിന്നു.

Thursday, January 20, 2011

നോവല്‍ - അദ്ധ്യായം - 118.

ചാമി ലഹള ഉണ്ടാക്കി പോയ ശേഷം ചീട്ടുകളി സെറ്റിലെ എല്ലാവരും പാഞ്ചാലിയുടെ രണ്ടു ബന്ധുക്കളെയും
കുറ്റപ്പെടുത്തി.

' ശിവരാമനും കണ്ണനും നേരത്തെ ആ പെണ്ണിനെ ഒതുക്കണ്ടതായിരുന്നു ' പനകേറ്റക്കാരന്‍ വേലുണ്ണി പറഞ്ഞു.

' ഇനിയെങ്കിലും അവളുടെ ചെപ്പക്കുറ്റിക്ക് നാല് കൊടുത്തിട്ട് മര്യാദ പഠിപ്പിക്കിന്‍ ' എന്ന് ബീഡി തിരയ്ക്കുന്ന
ഷണ്‍മുഖനും ഉപദേശിച്ചു.

അന്ന് ഉച്ചയ്ക്ക് യുവാക്കള്‍ ചെന്നപ്പോള്‍ പാഞ്ചാലിയുടെ വീട് അടഞ്ഞു കിടക്കുന്നു.

' കെഴവന്‍ ചാരായം മോന്തി വല്ല ദിക്കിലും കിടക്കുന്നുണ്ടാവും ' ശിവരാമന്‍ പറഞ്ഞു ' പെണ്ണ് ആരുടെ കൂടെ ചെന്നിട്ടുണ്ടോ ആവോ .

' വൈകുന്നേരം ഇങ്ങോട്ട് വരട്ടെ. അവളുടെ ശതകുപ്പ കഴിക്കുന്നുണ്ട് ' എന്ന് കണ്ണനും പറഞ്ഞു.

' അതിന് മുമ്പ് വേണ്ടപ്പെട്ട എല്ലാരോടും നമ്മള് വിവരം പറയണം. നമ്മളെ കൂടാണ്ടെ കുടുംബക്കാരായിട്ട് ഇനീം
ആള്‍ക്കാരുണ്ടല്ലോ '.

അപ്പോള്‍ തന്നെ വീടിന്നടുത്തുള്ള എല്ലാവരേയും വിളിച്ചു കൂട്ടി. ഉച്ചഭക്ഷണം കഴിക്കുന്ന സമയമായതിനാല്‍
മിക്കവാറും എല്ലാവരും സ്ഥലത്തുണ്ട്.

' ഇത് ഞാന്‍ എന്ന് പറയാന്‍ തുടങ്ങിയ കാര്യാണ് ' ദേവൂട്ടി പറഞ്ഞു ' അപ്പൊക്കെ തള്ളേ മിണ്ടാണ്ടിരിക്കിന്‍
എന്നും പറഞ്ഞ് എല്ലാരും കൂടി എന്നെ തിന്നാന്‍ വന്നു. ഇപ്പൊ എന്തായി. കണ്ണികണ്ടോന്‍റെ തൊള്ളേലുള്ളത് കേക്കണ്ടി വന്നില്ലേ '.

പാഞ്ചാലിയെ നാല് പൂശി വിട്ടാല്‍ മാത്രം പൊരാ, പെണ്ണിനേം തന്തേം ഇവിടുന്ന് ആട്ടി വിടണം എന്നായി മിക്കവരും. പുര പൊളിച്ച് എവിടേയോ കൊണ്ടുപോയി കേറ്റിക്കോട്ടെ. നമ്മുടെ എടേല്‍ ഒരു നാറ്റക്കേസ്
പാടില്ല.

പണിയും വട്ടത്തിരിച്ചിലും കഴിഞ്ഞ് ആണുങ്ങള്‍ എത്തുമ്പോള്‍ നേരം ഇരുട്ടി കഴിഞ്ഞു. എല്ലാവരും ചേര്‍ന്ന് ഒരു വട്ടം കൂടി ആലോചിച്ചു.

' ഇറങ്ങി വാടി ഇവിടെ ' എന്ന് വിളിച്ചു പറഞ്ഞത് കണ്ണനാണ്.

ചാരായം കുടിച്ചു വന്ന് കോലായില്‍ കിടന്നിരുന്ന ചാമായി എഴുന്നേറ്റു. ശബ്ദം കേട്ട് പേടിച്ച പാഞ്ചാലി വെളിയില്‍ വന്നില്ല.

' എന്താണ്ടാ നിനക്ക് വേണ്ടത് ' ചാമായി ചോദിച്ചു. ഒരു ഓട്ട മുക്കാലിന്ന് ഉപകാരം ഇല്ലാത്ത വകയാണ്.
വീട്ടില്‍ കേറി പെണ്ണിനോട് കയര്‍ക്കാന്‍ വരുന്നു.

' ആ പൊലയാടിച്ച്യേ ഇങ്കിട്ട് വിളിക്കിന്‍ '.

' എന്‍റെ മകള് എങ്ങിന്യായാല്‍ നിനക്കെന്താണ്ടാ ചേതം '.

' ഉളുപ്പ് കെട്ട തന്തേ. അവള് തോന്നിയവാസം കാട്ടി നടന്നിട്ട് കിട്ടുന്ന കാശോണ്ട് കഴിയുന്നവനാ നീ. മീശ മുഖത്തുള്ള ഞങ്ങള് ആണുങ്ങളുക്ക് നാണൂം മാനൂം ഉണ്ട്. ഇതൊന്നും ഇവിടെ നടക്കില്ല '.

' പിന്നെ. നിന്‍റെയൊക്കെ ചിലവിലല്ലേ ഞങ്ങള് കഴിയിണത്. ഞങ്ങള് ഞങ്ങളുടെ ഇഷ്ടം മാതിരി നടക്കും. അത്
ചോദിക്കാന്‍ നിങ്ങളാരും വരണ്ടാ '.

ക്ഷമ നശിച്ച ആരോ കിഴവനെ വലിച്ച് മുറ്റത്തിട്ടു. പല കൈകളും ആ ശരീരത്തില്‍ പതിച്ചു. വേദന സഹിക്ക വയ്യാതെ അയാള്‍ ഉറക്കെ കരഞ്ഞു. അതോടെ പാഞ്ചാലിക്ക് മടിച്ചു നില്‍ക്കാന്‍ വയ്യെന്നായി.

' എന്‍റെ അപ്പനെ തല്ലി കൊല്ലണ്ടാടാ മഹാ പാപികളേ ' എന്ന് അലറി വിളിച്ച് അവള്‍ മുറ്റത്തിറങ്ങി. അപ്പനെ ഒഴിവാക്കി ബാക്കി മര്‍ദ്ദനം മുഴുവന്‍ മകള്‍ ഏറ്റുവാങ്ങി.

' മൂന്ന് ദിവസത്തെ സമയം തരും. അതിന്‍റെ എടേല്‍ എവിടെക്കെങ്കിലും താമസം മാറ്റിക്കോളിന്‍. ഇല്ലാച്ചാല്‍
സാധനം മുഴുവന്‍ വലിച്ച് പുറത്തിട്ട് പുരയ്ക്ക് ഞങ്ങള്‍ തീ വെക്കും '.

ആ ശാസനയ്ക്ക് മുമ്പില്‍ പാഞ്ചാലി പകച്ചു. നീറുന്ന ശരീരവും മനസ്സുമായി അപ്പനും മകളും ഉറങ്ങാതെ ആ
രാത്രി കഴിച്ചു കൂട്ടി.

*=*=*=*=*=*=*=*=*=*=*=*=*=*=

ഏറെ നാളുകള്‍ക്ക് ശേഷമാണ് രാധാകൃഷ്ണന്‍ സുകുമാരനെ കാണുന്നത്. പാലക്കാട്ടില്‍ നിന്നും വരുന്ന വഴിക്ക് റോഡോരത്തെ മൂച്ചി ചുവട്ടില്‍ സുകുമാരന്‍റെ കാറ് നില്‍ക്കുന്നത് കണ്ട് ബൈക്ക് നിര്‍ത്തിയതാണ്.

' എന്താ ഇവിടെ ' അയാള്‍ ചോദിച്ചു.

' ഒരാള് വരാനുണ്ട്. കാത്ത് നിന്നതാ '.

ആരാണെന്നോ എന്താണ് കാര്യമെന്നോ ചോദിച്ചില്ല. കുറച്ചായിട്ട് സ്വല്‍പ്പം അകലം പാലിക്കുകയാണ്.

' ഇന്നലത്തെ പേപ്പറ് വായിച്ചോ ' സുകുമാരന്‍ ചോദിച്ചു.

' ഉവ്വ്. നിങ്ങളുടെ ബസ്സിലെ തൊഴിലാളികള്‍ കോളേജില്‍ കയറി അക്രമം നടത്തി എന്ന് കണ്ടു. വേണ്ടാതെ ഇവര്‍ ഓരോ പ്രശ്നം ഉണ്ടാക്കിയാല്‍ നിങ്ങളല്ലേ വിഷമിക്കേണ്ടി വരിക '.

' പരിപാടി ചെയ്യിച്ചത് ഞാന്‍ തന്നെ ' സുകുമാരന്‍ പറഞ്ഞു ' പിള്ളേര്‍ക്ക് തിളപ്പ് കുറച്ച് കൂടുന്നുണ്ട്. അടിച്ച് ഒതുക്കി വിട്ടു '.

അയാള്‍ സംഭവം വര്‍ണ്ണിക്കുന്നത് രാധാകൃഷ്ണന്‍ കേട്ടു നിന്നു.

' കുട്ടികളല്ലേ. ഇത്രത്തോളം വേണ്ടിയിരുന്നില്ല ' അയാള്‍ അഭിപ്രായം പറഞ്ഞു.

' അത് എനിക്കും കൂടി തോന്നണ്ടെ. എന്‍റെ വഴിയില്‍ തടസ്സം നില്‍ക്കുന്ന ഒന്നിനേയും വെറുതെ വിടരുത് എന്നാണ് എന്‍റെ രീതി. തടസ്സങ്ങളൊക്കെ ഞാന്‍ വെട്ടി മാറ്റും '.

' എങ്കില്‍ ഞാന്‍ പറഞ്ഞില്ല ' രാധാകൃഷ്ണന്‍ പുറപ്പെടാനൊരുങ്ങി.

' വീട്ടില്‍ തിരക്ക് പിടിച്ച് കല്യാണാലോചന തുടങ്ങി. എന്‍റെ പോക്ക് അത്ര ശരിയല്ല എന്ന് അമ്മയ്ക്കൊരു തോന്നല്‍. ഇട്ട് മൂടാന്‍ സ്വത്തുള്ള വീട്ടില്‍ നിന്നുള്ള ബന്ധം ആവണമെന്നേ അവര്‍ക്കുള്ളു '.

' ഞാന്‍ പറയാന്‍ വിട്ടു. എനിക്കും ഒരു ആലോചന വന്നിട്ടുണ്ട്. പോയി കണ്ടിട്ടില്ല '.

' അത് നന്നായി. കൂട്ടുകാരുടെ വിവാഹം ഒരേ സമയത്ത് ആവുന്നതാണ് നല്ലത്. മധുവിധുവിന്ന് ഒന്നിച്ച് പോവാലോ. ഒരു കാര്യം മാത്രമേ ശ്രദ്ധിക്കാനുള്ളു. കല്യാണങ്ങള്‍ ഒരേ ദിവസം വരാതെ നോക്കണം ' സുകുമാരന്‍ ഉറക്കെ ചിരിച്ചു.

' ആ കാര്യം നമുക്ക് ആലോചിച്ച് ചെയ്യാലോ ' രാധാകൃഷ്ണന്‍ ചിരിയില്‍ പങ്കു ചേര്‍ന്നു.

ബൈക്ക് സ്റ്റാര്‍ട്ടാക്കി അയാള്‍ പുറപ്പെട്ടു.

പാഞ്ചാലി എത്തിയതേ കരഞ്ഞുകൊണ്ടായിരുന്നു.

' വേഗം കേറെടി കാറില് ' സുകുമാരന്‍ ധൃതി കൂട്ടി ' നീ എന്‍റടുത്ത് കരഞ്ഞും കൊണ്ട് നില്‍ക്കുന്നത് ആരെങ്കിലും കണ്ടാല്‍ നാളെ അതാവും നാട്ടിലെ വര്‍ത്തമാനം '.

മലമ്പള്ളയിലേക്ക് കാറ് എത്തും മുമ്പുതന്നെ പാഞ്ചാലി നടന്ന കാര്യങ്ങള്‍ വിവരിച്ചു, ശരീരത്തില്‍ പല ഭാഗത്തും അടികൊണ്ട പാടുണ്ട്. അതെല്ലാം കാണിച്ചു കൊടുത്തു.

' കന്നിനെ തല്ലുന്ന ചാട്ടകൊണ്ടാണ് അവരെന്നെ തല്ലിയത്. മൂന്ന് ദിവസം തന്നിട്ടുണ്ട് വീട് വിട്ട് പോവാന്‍. ഇല്ലെങ്കില്‍ സാധനങ്ങള്‍ എടുത്ത് വലിച്ചെറിഞ്ഞ് പുരയ്ക്ക് തീവെക്കും എന്നാ പറഞ്ഞത് '

' എന്നിട്ട് എന്താ നിങ്ങളുടെ ഉദ്ദേശം '.

' സുകുമാരേട്ടന്‍ പറയുന്ന മാതിരി ചെയ്യാം '.

' ഞാനോ. അസ്സലായി. നിങ്ങളും നിങ്ങളുടെ കുടുംബക്കാരും തമ്മിലുള്ള പ്രശ്നത്തില്‍ ഞാന്‍ എന്തിനാ
ഇടപെടുന്നത്. അതൊക്കെ നിങ്ങള് തമ്മില്‍ തന്നെ തീര്‍ത്തോളിന്‍ '.

' നിങ്ങള് ഒരാള്‍ക്ക് വേണ്ടിയിട്ടാണ് ഞാന്‍ തല്ലായ തല്ലൊക്കെ കൊണ്ടത്. എനിക്ക് വേറെ ആരും ഇല്ലാന്ന് അറിയാലോ. അങ്ങിനെ കയ്യൊഴിയാന്‍ പറ്റില്ല '.

' എന്നാല്‍ ഞാന്‍ നിന്നെ കെട്ടി വീട്ടിലേക്ക് കൊണ്ടുപോവാം. അത് മതിയോ '.

' നിങ്ങളെന്താ എന്നെ പരിഹസിക്ക്യാണോ '.

' ചെയ്ത് തരാന്‍ പറ്റുന്ന കാര്യം ചോദിക്കണം. അല്ലാതെ നിങ്ങള്‍ അപ്പന്‍റേയും മകളുടേയും സംരക്ഷണ ചുമതല ഞാന്‍ ഏറ്റെടുക്കണം എന്ന് പറഞ്ഞാല്‍ അത് നടക്കില്ല '.

' എനിക്ക് പ്രാന്തൊന്നും ഇല്ലാ അങ്ങിനെ ചോദിക്കാന്‍. കേറി കിടക്കാന്‍ ഒരു കുടില്, രണ്ട് നേരം കഞ്ഞി കുടിക്കാനുള്ള വക. ഇത്രേ ഞാന്‍ ചോദിക്കുന്നുള്ളു '.

' അത് തീരെ കമ്മിയായല്ലോ. യാത്ര ചെയ്യാന്‍ ഈ കാറും കൂടി ആയാലോ '.

' നിങ്ങളെന്താ കളിയാക്ക്വാ. നിങ്ങള് ഒരാളാണ് എന്‍റെ ജീവിതം നശിപ്പിച്ചത്. ചര്‍ക്കാ ക്ലാസ്സില്‍ പോയിരുന്ന
എന്‍റെ പിന്നാലെ നടന്ന്.. ' പാഞ്ചാലി തേങ്ങി.

' അതൊക്കെ ആണുങ്ങളുടെ സാമര്‍ത്ഥ്യം. കേട് പറ്റാതെ നോക്കണ്ടത് പെണ്ണുങ്ങളാണ് '.

' കാര്യം കഴിഞ്ഞപ്പോള്‍ നിങ്ങള് കാല് മാറി. നിങ്ങളെ സ്നേഹിച്ചത് എന്‍റെ തെറ്റ്. അഞ്ച് പറ കണ്ടം എനിക്ക് വാങ്ങി തരാന്ന് പറഞ്ഞപ്പോള്‍ നിങ്ങളുടെ സ്നേഹമാണ് വലുത് എന്നും പറഞ്ഞ് ഞാന്‍ അത് ചോദിച്ചില്ല.
നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ കൂട്ടീട്ട് വന്ന പെണ്ണുങ്ങളൊക്കെ കണക്ക് പറഞ്ഞ് വാങ്ങി '.

' നീ വലിയ വര്‍ത്തമാനം ഒന്നും പറയണ്ടാ. ഓരോ പ്രാവശ്യവും ഞാന്‍ എന്തെങ്കിലും തന്നിട്ടുണ്ട് '.

' പിന്നെപിന്നെ . ഒന്നോ രണ്ടോ ദിവസത്തെ ചിലവിനുള്ളത് തരും. ഒരു പിഴപ്പ് ഉണ്ടായിരുന്നത് മുടക്കിയിട്ട് കഞ്ഞിക്കും കൂടി തികയാത്ത കാശ് തന്നതിന്‍റെ കൂട്ടം കൂടാന്‍ വരുണു '.

' എന്‍റെ സ്വത്ത് മുഴുവന്‍ ഞാന്‍ നിനക്ക് തീരെഴുതി തരും എന്ന് നീ വിചാരിച്ച്വോ '.

' ഇതൊന്നും പറഞ്ഞാല്‍ പറ്റില്ല. എനിക്ക് കഴിഞ്ഞു കൂടാന്‍ ഒരു വഴിയുണ്ടാക്കി തരണം. ഇല്ലെങ്കില്‍ ഞാന്‍
നിങ്ങളുടെ വീടിന്‍റെ മുമ്പില്‍ വന്ന് പാട് കിടക്കും '.

' ഇറങ്ങെടി ഇവിടുന്ന് ' സുകുമാരന്‍ അലറി ' ആ മോഹം മനസ്സില്‍ വെച്ചാല്‍ മതി. കാലില്‍ കുത്തിയ മുള്ള്
എടുത്ത് കളയുന്ന മാതിരി നിന്നെ ഞാന്‍ ദൂരെ കളയും '.

' നിങ്ങള് പറഞ്ഞിട്ടാ ഞാന്‍ കല്യാണിയുടെ അടുത്ത് സംസാരിക്കാന്‍ ചെന്നത്. അല്ലാതെ എനിക്ക് അവളെ
കെട്ടി പിടിച്ച് കിടക്കാനൊന്ന്വോല്ല. അത് കാരണം ഇരിക്കുന്ന വീട് പോയി. ഞാന്‍ പെണ്ണാണച്ചാല്‍ നിങ്ങളെ
ഒരു പാഠം പഠിപ്പിക്കും ' പാഞ്ചാലി മുറ്റത്തേക്ക് ഇറങ്ങി.

' ഞാന്‍ സ്ലേറ്റും പെന്‍സിലും ആയിട്ട് വന്നോളാം ' സുകുമാരന്‍ തിരിച്ചടിച്ചു.

തേങ്ങി കരഞ്ഞും കൊണ്ട് ഗേറ്റ് കടന്ന് പാഞ്ചാലി നടന്നു.

Monday, January 17, 2011

നോവല്‍ - അദ്ധ്യായം - 117.

' വേണ്വോ. നീ വന്നിട്ട് ഒന്നും കൂടി ചോദിച്ചിട്ടുവേണം എന്താ വേണ്ടേന്ന് തീരുമാനിക്കാന്‍ എന്നും വിചാരിച്ച് ഇരിക്ക്യായിരുന്നു '.

കളപ്പുരയില്‍ എഴുത്തശ്ശനും വേണുവും മാത്രമേയുള്ളു. ഉറക്കമുണര്‍ന്ന് വേണു മുഖം കഴുകി ഉമ്മറതിണ്ടില്‍
വന്നിരുന്നതാണ്.

' എന്താ അമ്മാമേ ' വേണു ചോദിച്ചു.

' നീ നാണുനായരുടെ മകള്‍ക്ക് ഒരു സംബന്ധാലോചന കൊണ്ടു വന്നിരുന്നല്ലോ. ഇത്ര ദിവസൂം ഞാന്‍ ആ
കാര്യം അയാളോട് പറഞ്ഞിട്ടില്ല '.

' അതെന്താ അമ്മാമേ '.

' ഞാന്‍ പറഞ്ഞില്ലേ. നീ വന്നിട്ട് ഒന്നും കൂടി ചോദിച്ചിട്ട് ആവാമെന്ന് കരുതീട്ടാണെന്ന് '.

രണ്ടാം കെട്ടുകാരന്‍റെ കാര്യം അമ്മാമയ്ക്ക് ഇഷ്ടപ്പെടാഞ്ഞിട്ടാണോ എന്ന് വേണു സംശയിച്ചു.

' രാമുവിന്‍റെത് രണ്ടാമത്തെ ബന്ധം ആണെന്ന് വിചാരിച്ചിട്ടാണോ ' അയാള്‍ ചോദിച്ചു.

' ഹേയ്, അതൊന്ന്വൊല്ല. നിന്‍റെ മനസ്സില് എന്താണ് എന്ന് അറിയാന്‍ വേണ്ടീട്ടാ '.

' സരോജിനിക്ക് നല്ലത് വരണം. അതേ എനിക്കുള്ളു '.

' അത് എനിക്ക് മനസ്സിലായി. നിനക്കും നല്ലത് വരണ്ടേ. അതാ ഞാന്‍ ആലോചിക്കുന്നത് '.

' എനിക്ക് ഇപ്പോഴെന്താ കുഴപ്പം '.

' ഇപ്പോ ഒരു തകരാറും ഇല്ല. നാളെ മേലാല് പ്രായം ആയി വയ്യാതാവുമ്പോള്‍ നിനക്കും വേണ്ടേ ഒരു തുണ.
അതിന്ന് പറ്റിയ കുട്ടിയാണ് അവള് '.

വേണു ഒന്നും പറഞ്ഞില്ല.

' മനസ്സിലുള്ളത് തുറന്ന് പറയണം. നിനക്ക് അവളെ ഇഷ്ടമല്ലേ '.

' എന്‍റെ മനസ്സ് തുറന്ന് കാട്ടാന്‍ പറ്റില്ലല്ലോ, സരോജിനിയെ എനിക്ക് എത്ര ഇഷ്ടമുണ്ടെന്ന് കാണിക്കാന്‍. എന്നും
അവളെന്‍റെ അനിയത്തിയാണ് '.

' ഇനി എനിക്ക് ഒന്നും ചോയ്ക്കാനില്ല. ഇന്നെന്നെ ഞാന്‍ നായരോട് പറയാം '.

വെള്ളപ്പാറ കടവില്‍ നിന്ന് രാജന്‍ മേനോനും നാണു നായരും തിരിച്ചു വരുമ്പോഴും എഴുത്തശ്ശന്‍ ഓരോന്ന് ആലോചിച്ച് കളപ്പുരയിലെ തിണ്ടില്‍ ഇരിപ്പാണ്, വേണു പത്രപാരായണത്തിലും.

' ഞങ്ങള് വയസ്സന്മാര് രണ്ടാളും കൂടി ഇത്തിരി നേരം വര്‍ത്തമാനം പറയട്ടെ. നിങ്ങള് വാല്യേക്കാര് ഇവിടെ ഇരുന്നോളിന്‍ ' എന്നും പറഞ്ഞ് എഴുത്തശ്ശന്‍ നാണു നായരേയും കൂട്ടി നടന്നു.

ചേരിന്‍ ചോട്ടില്‍ നിന്ന് എഴുത്തശ്ശന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. എല്ലാം കേട്ട് ഒന്നും പറയാനാവാതെ നില്‍ക്കുകയാണ് നാണു നായര്‍.

' എന്താഹേ. ഇഷ്ടൂല്ലെങ്കില്‍ വെട്ടി തുറന്ന് പറഞ്ഞോളിന്‍. നാളെ മേലാലിക്ക് എന്‍റെ മകളെ കുഴീല്‍ ചാടിച്ചു
എന്ന് പറയാന്‍ പാടില്ല '.

' സന്തോഷാണോ സങ്കടാണോ എന്‍റെ മനസ്സില് എന്ന് പറയാന്‍ പാടില്ല ' നാണു നായര്‍ പറഞ്ഞു ' ഞാന്‍
കൂട്ടീട്ട് കൂടാത്ത കാര്യാണ് ഇത്. എന്‍റെ കണ്ണ് അടയുന്നതിന്ന് മുമ്പ് അവളെ പിടിച്ച് ഒരുത്തന്‍റെ കയ്യില്‍
ഏല്‍പ്പിക്കണം എന്നേ ഉണ്ടായിരുന്നുള്ളു. അത് സാധിച്ചു. എന്നാലും '.

' എന്താ ഒരു എന്നാലും. തൊറന്ന് പറയിന്‍ '.

' വേണ്ടാ. മനസ്സില്‍ ഉണ്ടായ ഒരു മോഹാണ്. അത് അവിടെ തന്നെ കിടന്നോട്ടെ '.

' വായ തുറന്ന് പറയിനേ മനുഷ്യാ. അല്ലാണ്ടെ എങ്ങിന്യാ അറിയ്യാ '.

സരോജിനിയെ വേണുവിന്ന് കല്യാണം കഴിച്ച് കൊടുക്കണം എന്ന മോഹം മനസ്സില്‍ ഉണ്ടായിരുന്നത് നായര്‍ കൂട്ടുകാരനെ അറിയിച്ചു.

' അതിമോഹം ആണെന്ന് തോന്നരുത്. അവന്‍ എന്‍റെ കുട്ട്യാ. അത്രക്ക് ഇഷ്ടാണ് എനിക്കവനെ '.

നാണു നായര്‍ തോര്‍ത്തുമുണ്ടു കൊണ്ട് കണ്ണീരൊപ്പി. എഴുത്തശ്ശന്‍ കൂട്ടുകാരന്‍റെ അടുത്തേക്ക് ചെന്നു. അയാളുടെ വലത്തു കൈ നാണുനായരുടെ തോളിലെത്തി.

' നിങ്ങള്‍ക്ക് മാത്രോല്ല സങ്കടം. എന്‍റെ മനസ്സില് എന്താണെന്ന് നിങ്ങള്‍ക്കറിയ്യോ ' എഴുത്തശ്ശന്‍ പറഞ്ഞു ' ചുട്ട്
പഴുത്തിരിക്ക്യാണ് എന്‍റെ നെഞ്ഞിന്‍ കൂട് '.

വേണുവിനെക്കൊണ്ട് സരോജിനിയെ കല്യാണം കഴിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നതും, വേണു ഈ കല്യാണാലോചന കൊണ്ടു വന്നിട്ട് നാളേറെയായിട്ടും പറയാതിരുന്നത് ഒന്നു കൂടി ശ്രമിച്ച് അവന്‍റെ മനസ്സ് മാറ്റാമെന്ന് കരുതിയിട്ടാണെന്നും, ഒടുവില്‍ അത് ഒരിക്കലും നടക്കില്ല എന്ന് ഉറപ്പായതിനാലാണ് ഇപ്പോള്‍ പറയുന്നതെന്നും എഴുത്തശ്ശന്‍ നായരോട് പറഞ്ഞു.

' ആറുമാസം , അത്രേ ആയിട്ടുള്ളു. അതിന്‍റെടേല് അവന്‍ എനിക്ക് വേലായുധന്‍കുട്ട്യേക്കാളും വേണ്ടപ്പെട്ട ആളായി. സത്യം പറഞ്ഞാല്‍ അവനാ ഇപ്പൊ എന്‍റെ മകന്‍. അവനെക്കൊണ്ട് നിങ്ങളുടെ മകളെ കല്യാണം
കഴിപ്പിച്ച് അവരുടെ കൂടെ കഴിഞ്ഞ്, അവര് തരുന്നതും വാങ്ങി കഴിച്ച്, ഒടുക്കം അവരുടെ കയ്യിന്ന് ഓരോ
തുള്ളി വെള്ളം കുടിച്ചിട്ട് കണ്ണടയ്ക്കണം എന്നായിരുന്നു മോഹം. അതൊക്കെ ഇല്ലാണ്ടായി '.

എഴുത്തശ്ശന്‍ നിലത്തിരുന്നു. അയള്‍ കിതയ്ക്കുന്നുണ്ടായിരുന്നു.

' കുറച്ച് കാലായിട്ട് മോളടെ കയ്യോണ്ട് ഉണ്ടാക്കിയത് രുചിയോടെ കഴിക്കാറുണ്ട് ' എഴുത്തശ്ശന്‍ പറഞ്ഞു
' ഇനി പഴേപോലെ കഞ്ഞീം ചമ്മന്തീം ആവും '.

' അത് ഉണ്ടാവില്ല. ഞാന്‍ ജീവനോടെ ഇരിക്കുമ്പൊ നിങ്ങള്‍ക്ക് ആ ഗതികേട് ഉണ്ടാവില്ല ' നാണു നായര്‍
ഉറപ്പ് നല്‍കി.

കയത്തം കുണ്ടില്‍ മുങ്ങിക്കുളിച്ചു വന്ന കാറ്റ് വൃദ്ധന്മാരെ തലോടി.

*=*=*=*=*=*=*=*=*=*=*=*

' ഇവിടെ വാ ' കയത്തം കുണ്ടിന്‍റെ മുഖം മറച്ച് നില്‍ക്കുന്ന കൈതപൊന്തയുടെ ഒഴിവിലൂടെ നടന്നു വരുന്ന
ചാമിയെ എഴുത്തശ്ശന്‍ വിളിച്ചു. നാണു നായര്‍ അയാളുടെ വീട്ടിലേക്ക് പോയതിന്ന് ശേഷവും എഴുത്തശ്ശന്‍
ചേരിന്‍ ചോട്ടില്‍ തന്നെ ഇരിക്കുകയായിരുന്നു. ' ചെന്ന് കേറിയതും ഇതൊന്നും ആ പെണ്‍കുട്ടിയോട് എഴുന്നള്ളിക്കരുത്. ഞാന്‍ പറഞ്ഞതിന്ന് ശേഷമേ അവളോട് പറയാവൂ ' എന്നും പറഞ്ഞാണ് എഴുത്തശ്ശന്‍
കൂട്ടുകാരനെ അയച്ചത്.

ചാമി അരികിലെത്തി.

' എന്താടാ നീ അവിടെ കാട്ടുണത് ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഏത്തം വെക്കാനുള്ള സ്ഥലം നോക്ക്യേതാ. നാളെ മറ്റന്നാളായിട്ട് ആ പണി ചെയ്യണം '.

എഴുത്തശ്ശന്‍ പിന്നീടൊന്നും ചോദിച്ചില്ല. അയാളുടെ മുഖത്ത് നിഴലിച്ച ദുഖം ചാമി ശ്രദ്ധിച്ചു.

' എന്താ വല്ലാണ്ടെ ഒരു മാതിരി ഇരിക്കിണ് ' അവന്‍ ചോദിച്ചു ' വയ്യായ വല്ലതും ഉണ്ടോ '.

' ഹേയ്, ഒന്നൂല്യാ ' എന്ന് പറഞ്ഞുവെങ്കിലും ആ ശബ്ദം ഇടറിയിരുന്നു.

' കുപ്പ്വോച്ചോ, സത്യം പറയിന്‍. എന്താ സങ്ങതി ' ചാമി ചോദിച്ചു ' നമ്മള് തമ്മില്‍ കാണാന്‍ തുടങ്ങീട്ട് കാലം
കൊറെ ആയല്ലോ '.

' എന്തിനാടാ ചാമ്യേ നീ മിനക്കെട്ട് പള്ളം ഉണ്ടാക്കുണ്. വെച്ച് വിളമ്പി തരാന്‍ ആളില്ലെങ്കില്‍ കൃഷി ചെയ്ത് ഉണ്ടാക്കീട്ട് എന്താ കാര്യം '.

' അപ്പൊ നാണു മൂത്താരുടെ മകളോ '.

എഴുത്തശ്ശന്‍ വിവരങ്ങള്‍ പറഞ്ഞു. അതോടെ ചാമിയും വിഷണ്ണനായി.

' ഞാന്‍ ഒന്ന് പറഞ്ഞ് നോക്കട്ടെ. ചിലപ്പൊ ഞാന്‍ പറഞ്ഞാല്‍ മുതലാളി കേള്‍ക്കും '.

' ഒന്നും വേണ്ടാടാ. എല്ലാരും കൂടി പറഞ്ഞ് അവന്‍റെ മനസ്സ് വിഷമിപ്പിക്കണ്ടാ '.

' കയത്തിന്‍റെ വടക്ക് പുറത്ത് ഏത്തക്കൊട്ട മുങ്ങാന്‍ ഒരു കുഴി എടുക്കാന്‍ തുടങ്ങീട്ടുണ്ട്. അത് ഞാന്‍ തട്ടി
മൂടീട്ട് വരട്ടെ '. ചാമി കൈക്കോട്ട് എടുത്തു.

Tuesday, January 11, 2011

നോവല്‍ - അദ്ധ്യായം - 116.

കറുത്ത ഫിയറ്റ് കാര്‍ ഷെഡ്ഡില്‍ നിര്‍ത്തി സുകുമാരന്‍ ഇറങ്ങി. ഓഫീസിന്ന് മുമ്പില്‍ ഡ്രൈവര്‍മാരും
കണ്ടക്ടര്‍മാരുമായി ഏഴെട്ട് പേര്‍ നില്‍പ്പുണ്ട്. ഏതെങ്കിലും ബസ്സ് ആക്സിഡന്‍റ് ആയിട്ടുണ്ടാവുമോ ? ഇവര്‍ക്കൊക്കെ വല്ലവന്‍റേയും മേത്ത് കൊണ്ടുപോയി കയറ്റുകയേ വേണ്ടു. പിന്നീടുള്ള പൊല്ലാപ്പുകള്‍
തീര്‍ക്കാന്‍ പ്രയാസങ്ങള്‍ കുറച്ചൊന്നുമല്ല.

സുകുമാരന്‍ കയറി ചെല്ലുന്നത് കണ്ട് ജീവനക്കാര്‍ ഒതുങ്ങി നിന്നു.

' എന്താ എല്ലാവരും കൂടി ഇവിടെ ' അയാള്‍ ചോദിച്ചു.

' അതേയ്, മുതലാളി, ഒരു ചെറിയ പ്രശ്നം ഉണ്ട് ' കണ്ടക്ടര്‍ മുകുന്ദന്‍ പറഞ്ഞു.

' വല്ലവന്‍റേം നെഞ്ഞത് വണ്ടി കേറ്റിയോ '.

' അതല്ല. നമ്മുടെ 1632 മണ്ണാര്‍ക്കാട് നിന്ന് 9 മണിക്കുള്ള ട്രിപ്പ് വരുമ്പൊ ഠാണാവിന്ന് കോളേജിലേക്ക്
ഒരു ചെക്കന്‍ കേറി. അബു കണ്‍സക്ഷന്‍ കാര്‍ഡ് ചോദിച്ചപ്പൊ ചെക്കന്‍റേല്‍ കാര്‍ഡില്ല. ഫുള്‍ ചാര്‍ജ്ജ്
തരണം എന്ന് പറഞ്ഞപ്പൊ ചെക്കന്‍ കൊടുത്തില്ല. ഒന്നും രണ്ടും പറഞ്ഞ് തര്‍ക്കം ആയി. ഒടുക്കം അബു
അവനെ വണ്ടീന്ന് ഇറക്കി വിട്ടു '.

' ആവൂ. എന്ത് കുണ്ടാമണ്ടിയാണോന്ന് ഞാന്‍ വിചാരിച്ചു '.

' കഴിഞ്ഞില്ല. ചെക്കന്‍ യൂണിയന്‍ നേതാവാണത്രേ. അവന്‍ അടുത്ത ബസ്സിന്ന് കേറി കോളേജില്‍ ചെന്ന്
പിള്ളരെ കൂട്ടി. അപ്പോഴാണ് നമ്മുടെ 5617 പെരിന്തല്‍മണ്ണയിലേക്ക് പോണത്. പിള്ളര് കൂട്ടം ചേര്‍ന്ന്
കോളേജ് പടിക്കില് വണ്ടി തടുത്ത് നിര്‍ത്തി ചില്ല് എറിഞ്ഞ് തകര്‍ത്തു. ഡ്രൈവര്‍ കൃഷ്ണേട്ടന്‍റെ തല
മുറിഞ്ഞ് ആസ്പത്രിയിലായി. അഞ്ചാറ് പാസഞ്ചേഴ്സിനും പരുക്കുണ്ട് '.

' എന്നിട്ട് ബസ്സ് എവിടെ '.

' വണ്ടിക്ക് തീ വെക്കും മുമ്പ് വര്‍ക്ക് ഷോപ്പിന്ന് ജോണേട്ടന്‍ ചെന്ന് വണ്ടി ഇങ്ങോട്ട് ഓടിച്ച് കൊണ്ടു
വന്നു. ഗാരേജില്‍ നിര്‍ത്തിയിട്ടുണ്ട് '.

' എന്നിട്ടെന്തേ വിവരം തന്നില്ല '.

' വീട്ടിലേക്ക് വിളിച്ചപ്പൊ മുതലാളിമാര് പോന്നൂന്ന് പറഞ്ഞു '.

സുകുമാരന്‍ പണിക്കാരോടൊപ്പം ചെന്നു. ബസ്സിന്‍റെ നാല് ചില്ലുകളും തകര്‍ത്തിട്ടുണ്ട്. കല്ലുകൊണ്ടോ
മറ്റോ കുത്തി ബോഡി ഞളുക്കിയിട്ടുണ്ട്. അയാള്‍ക്ക് സങ്കടം തോന്നി. പുതിയ ബസ്സാണ്. ലൈനില്‍ ഓടാന്‍
തുടങ്ങിയിട്ട് ഒരു മാസം പോലും ആയിട്ടില്ല. എത്ര ഭംഗിയുള്ള വണ്ടിയായിരുന്നു. കണ്ണ് നിറയെ അതിന്‍റെ ചന്തം കണ്ട് കൊതി തീര്‍ന്നിട്ടില്ല. അതിന്ന് മുമ്പ് നശിപ്പിച്ചു.

' കൃഷ്ണന്‍ എന്ത് പണിയാണ് ചെയ്തത്. ഏറുകൊണ്ട് തല പൊട്ടിയപ്പോഴെങ്കിലും വണ്ടി സ്റ്റാര്‍ട്ടാക്കി
മുമ്പോട്ട് വിടണ്ടേ. അഞ്ചെട്ടെണ്ണം ആട്ടങ്ങ പൊട്ടുന്ന പോലെ പൊട്ടി റോഡില്‍ ചത്ത് വീണാല്‍ എനിക്ക്
ഇത്ര സങ്കടം തോന്നില്ല '.

' മുതലാളി, അപ്പൊ കേസ്സാവില്ലേ ' ആരോ ചോദിച്ചു.

' മോട്ടോര്‍ അപകടത്തിന്ന് ഡ്രൈവറെ തൂക്കി കൊല്ലാനൊന്നും വിധിക്കില്ല '.

' ഇനി എന്താ ചെയ്യണ്ടത്. പോലീസില്‍ വിവരം കൊടുക്കണ്ടേ '.

സുകുമാരന്‍റെ സിരകളിലൂടെ കോപം ഒഴുകി. ഇനി ആരും ഇത്തരം തെമ്മാടിത്തരം ചെയ്യരുത്. ആണത്തം
ഉള്ളവന്‍ ആരുടെ മുമ്പിലും തോറ്റ് കൊടുക്കാന്‍ പാടില്ല. എതിര്‍ക്കാന്‍ ശ്രമിക്കുന്ന ഒന്നും ബാക്കി വരരുത്.
ഒരു പുല്‍ക്കൊടിയെ പോലെ സകലതിനേയും നുള്ളി കളയണം. തന്‍റെ കാല്‍ ചുവട്ടില്‍ ഈ ലോകം ഒതുങ്ങി നില്‍ക്കണം.

' കേസ്സ് കൊടുക്കുന്നതിന്ന് മുമ്പ് ചിലതൊക്കെ ചെയ്യാനുണ്ട്. നമ്മളുടെ തിയേറ്ററിന്ന് മുമ്പില്‍ ബ്ലാക്കില്‍ ടിക്കറ്റ് വില്‍ക്കുന്ന കച്ചറ പാര്‍ട്ടീസില്ലേ. ആരെങ്കിലും ചെന്ന് അവരെ കൂട്ടീട്ട് വരിന്‍. പത്ത് പന്ത്രണ്ട് ജാക്കി ലിവറ് റെഡിയാക്കി വെക്ക്. രണ്ടാള് ചെന്ന് പത്തിരുപത് കുപ്പി ബ്രാണ്ടിയും വാങ്ങീട്ട് വാ '.

പത്ത് മിനുട്ടിനകം എല്ലാം ഒരുങ്ങി. റൌഡികള്‍ വിദേശ മദ്യം യഥേഷ്ടം രുചിച്ചു.

' നിങ്ങള് നേരെ കോളേജിലേക്ക് ചെന്നോളിന്‍ . അവിടെ കാണുന്ന ഒരു വണ്ടിയും ബാക്കി വെക്കാന്‍ പാടില്ല. സൈക്കിളോ, സ്കൂട്ടറോ. മോട്ടോര്‍ സൈക്കിളോ, കാറോ എന്തായാലും തല്ലി പൊട്ടിച്ചോളിന്‍. അത് കഴിഞ്ഞിട്ട്
സകല പിള്ളരേം നന്നായി പെരുമാറിക്കോ. കയ്യോ കാലോ ഒടിച്ചോളിന്‍. പക്ഷെ കൊല്ലാന്‍ പാടില്ല '.

' എങ്ങിനെയാ പോണ്ടത് '.

' ജോണേ, പിള്ളര് എറിഞ്ഞു പൊട്ടിച്ച ആ ബസ്സ് തന്നെ എടുത്തോ. സകല എണ്ണത്തിനും നല്ല അസ്സല് പെട
കൊടുക്കണം. പെടാന്ന് പറഞ്ഞാല്‍ പെട ആയിരിക്കണം '.

സംഘം പോയതോടെ സുകുമാരന്‍ ഓഫീസിലേക്ക് കയറി. ഇനി എന്താണ് ചെയ്യേണ്ടത് എന്നതായി ആലോചന. കോളേജില്‍ ഉണ്ടാവാന്‍ പോവുന്ന പ്രശ്നം പോലീസ് അറിഞ്ഞാല്‍ ഇടപെടും. ഒന്നും ചെയ്യാന്‍ പറ്റാതെ വരും. അതിന്ന് മുമ്പ് വല്ലതും ചെയ്യണം. ഡെപ്യൂട്ടി സൂപ്രണ്ട് അച്ഛന്ന് വേണ്ടപ്പെട്ട ആളായത് നന്നായി. കര്‍ഷക സമാജം
മീറ്റിങ്ങിന്ന് ചെന്ന അച്ഛനെ ഉടനെ കൂട്ടി ഡെപ്യൂട്ടിയെ കാണണം.

ഫിയറ്റിന്‍റെ താക്കോല് എടുത്ത് സുകുമാരന്‍ ഇറങ്ങി.

**********************************

' ചെയ്തത് കുറെ കടന്ന് പോയി ' ഡി. വൈ. എസ്. പി. പറഞ്ഞു ' എന്തെങ്കിലും കംപ്ലൈന്‍റ് ഉണ്ടെങ്കില്‍
ഞങ്ങളെ അറിയിച്ചാല്‍ പോരെ. അല്ലാതെ നിയമം കയ്യിലെടുക്കുകയാണോ വേണ്ടത് '.

അദ്ദേഹത്തിന്‍റെ വീട്ടിലെ സ്വീകരണ മുറിയില്‍ എം. എല്‍. എ. യോടൊപ്പം രാഘവനും സുകുമാരനും
കോളേജില്‍ നടന്ന സംഭവ വികാസങ്ങളെ കുറിച്ചുള്ള ചര്‍ച്ചയിലാണ്.

' കണ്‍സെക്ഷന്‍ കാഡ് കയ്യിലില്ലാത്ത സ്റ്റൂഡന്‍റിനോട് ഫുള്‍ ചാര്‍ജ്ജ് ചോദിച്ചതിന്ന് കണ്ണില്‍ കണ്ട ബസ്സ് എറിഞ്ഞ് തകര്‍ക്കുന്നത് നിയമത്തിന്ന് നിരക്കുന്നതാണോ സാര്‍ ' സുകുമാരന്‍ മടി കൂടാതെ ചോദിച്ചു.

' കുട്ടികള്‍ ചെയ്തത് ശരിയാണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. നിങ്ങളുടെ ബസ്സ് എറിഞ്ഞവന്‍റെ പേരില്‍ ഒരു
പരാതി തന്നാല്‍ പോരെ. ഞങ്ങള്‍ നടപടി എടുക്കില്ലേ '.

' എന്ത് നടപടിയാ സാറേ. വിദ്യാര്‍ത്ഥികളെ തൊട്ടു കളിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ എന്ന മുദ്രാ വാക്യം
കേള്‍ക്കണ്ട താമസം കേസ്സ് തീരും. ഞാനും കോളേജിലൊക്കെ പഠിച്ചു വന്ന ആളാണ്. എന്താ ഉണ്ടാവുക എന്ന് എനിക്കറിയില്ലേ '.

' സാര്‍ ' ഡി. വൈ. എസ്.പി എം. എല്‍. എ യോട് പറഞ്ഞു ' ഈ കുട്ടി കാര്യം മനസ്സിലാക്കാതെ ഓരോന്ന് പറയുകയാണ്. കുറ്റം ചെയ്തവരെ മാത്രമല്ല, കോളേജില്‍ കയറി സകല കുട്ടികളേയും മര്‍ദ്ദിച്ചു. വഴിയില്‍
കൂടി പോയവരെ കൂടി കൈകാര്യം ചെയ്തിട്ടുണ്ട്. പോരാഞ്ഞിട്ട് കോളേജ് വളപ്പില്‍ ഉണ്ടായിരുന്ന സകല വാഹനങ്ങളും അടിച്ച് പൊളിക്കുകയും, ക്ലാസ്സ് മുറികളിലെ ജനാല ചില്ലുകള്‍ പൊട്ടിക്കുകയും ചെയ്തു. കൂട്ടത്തില്‍ പോര്‍ട്ടിക്കോയില്‍ നിര്‍ത്തിയിരുന്ന പ്രിന്‍സിപ്പാളിന്‍റെ കാറും നശിപ്പിച്ചു '.

എം. എല്‍. എ. യ്ക്ക് മറുപടി പറയാന്‍ സുകുമാരന്‍ അവസരം നല്‍കിയില്ല.

' സാറെ. പ്രകടനം നടത്തുന്നവരുടെ നേരെ പോലീസ് വെടി വെച്ചത് കൊണ്ടിട്ട് മരചുവട്ടില്‍ ബസ്സ് കാത്ത്
നിന്ന യാത്രക്കാരന്‍ മരിച്ച സംഭവം ഉണ്ടായിട്ടില്ലേ. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തില്‍ പൊലീസ് കുറ്റം
ചെയ്യാത്തവരെ മര്‍ദ്ദിക്കാറില്ലേ. ഇതും അത് പോലെ പറ്റിയതാണ് '.

മകന്‍ നിര്‍ഭയം കാര്യങ്ങള്‍ പറയുന്നത് കേട്ടിട്ട് രാഘവന് മതിപ്പ് തോന്നി. ഇതറിഞ്ഞുവെങ്കില്‍ മദ്ധ്യസ്ഥം
പറയാനായി എം. എല്‍. എ.യെ വിളിക്കുമായിരുന്നില്ല. അയാളാണെങ്കിലോ ഒരക്ഷരം മിണ്ടാതെ എല്ലാം
കേട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഡെപ്യൂട്ടിയുടെ ഭാര്യ ചായയുമായി എത്തി.

' മാഡം ' രാഘവന്‍ വിളിച്ചു ' ഇപ്പോള്‍ കാറിന്ന് തകരാറൊന്നുമില്ലല്ലോ. വല്ലതും ഉണ്ടെങ്കില്‍ പറയണം.
ഇനി നന്നാക്കാനൊന്നും മിനക്കെടണ്ടാ. നമുക്കത് മാറ്റാം'.

അവരൊന്ന് പുഞ്ചിരിച്ചു.

' ഇവിടുത്തെ ആളോട് ഞാന്‍ പറയാറുണ്ട്. പിന്നെ ആവാമെന്നാ എപ്പഴും മറുപടി '.

' അടുത്ത ആഴ്ച വേറെ വണ്ടി ഇവിടെ എത്തും ' രാഘവന്‍ ഉറപ്പ് നല്‍കി.

ഒഴിഞ്ഞ കപ്പുകളുമായി അവര്‍ അകത്തേക്ക് ചെന്നു.

' ഞാനെന്താ ഇനി ചെയ്യേണ്ടത്. നിങ്ങളന്നെ പറഞ്ഞോളിന്‍ ' ഡി.വൈ.എസ്.പി. പറഞ്ഞു.

' ഇരു കൂട്ടര്‍ക്കും തകരാറ് വരാത്ത വിധത്തില്‍ പ്രശ്നം പരിഹരിക്കണം ' എം. എല്‍. എ. അഭിപ്രായപ്പെട്ടു
' ഭാഗ്യത്തിന്ന് വിദ്യാര്‍ത്ഥി യൂണിയന്‍കാരും തൊഴിലാളി സംഘടനക്കാരും ഞങ്ങളുടെ ആള്‍ക്കാരാണ് '.

' എന്നാല്‍ പിന്നെ നിങ്ങള്‍ക്കു തന്നെ തീര്‍ത്തൂടെ. പോലീസിനെ വലിച്ചിഴക്കേണ്ട വല്ല കാര്യവും ഉണ്ടോ '.

' ഒരു കാര്യം ചെയ്യൂ സാറേ ' സുകുമാരന്‍ പറഞ്ഞു ' പിള്ളരുടെ പേരില്‍ കേസ്സ് എടുക്കണ്ടാ. ഞങ്ങളുടെ
ഭാഗത്തു നിന്ന് കണ്ടാലറിയാവുന്ന നൂറ് പേരുടെ പേരില്‍ കേസ്സ് ചാര്‍ജ്ജ് ചെയ്തോള്ളൂ. കോടതിയില്‍
തള്ളി പൊയ്ക്കോളും '.

ഡി. വൈ. എസ്. പി. ഒന്ന് പുഞ്ചിരിച്ചു.

' നിനക്ക് ഇത്ര നന്നായി കാര്യം പറയാന്‍ പറ്റുംച്ചാല്‍ പിന്നെ എന്തിനാ അയാളെ തുണയ്ക്ക് വിളിച്ചത് '
പാര്‍ട്ടി ഓഫീസില്‍ എം. എല്‍. എ. യെ ഇറക്കി വിട്ട് പോകുമ്പോള്‍ രാഘവന്‍ മകനോട് ചോദിച്ചു.

' അച്ഛന്ന് അത് അറിയാഞ്ഞിട്ടാണ്. ആരേയും അധികം വിശ്വസിക്കാന്‍ പാടില്ല. പ്രത്യേകിച്ച് പൊലീസിനെ. കൈതമുള്ളുപോലെയാണ് അവര്‍. മേല്‍പ്പോട്ടും കീഴ്പ്പോട്ടും ഉഴിയാന്‍ പറ്റാത്ത ജാതി. അധികാരം
കയ്യിലുള്ളവര്‍ പറയുന്നത് അവര്‍ക്ക് അനുസരിക്കാതിരിക്കാന്‍ പറ്റില്ല. മറ്റുള്ളവര്‍ എന്തെങ്കിലും ഒരു
ആവശ്യത്തിന്ന് ചെല്ലുമ്പോള്‍ സ്നേഹവും കടപ്പാടും ഒന്നും അവര്‍ കണക്കിലെടുക്കണമെന്നില്ല. അതാണ്
ആ ഉണ്ണാമനെ ഞാന്‍ കൂട്ടിന്ന് വിളിച്ചത് '.

' ഇയാളുടെ കാര്യത്തില്‍ അങ്ങിനെ വരില്ല. നമ്മള്‍ എന്തൊക്കെ കൊടുത്തതാണ്. ചെയ്ത ഉപകാരങ്ങള്‍ക്ക്
വല്ല കണക്കും ഉണ്ടോ '.

' എത്ര നല്ല ഭക്ഷണം കഴിച്ചാലും തൊണ്ടയില്‍ നിന്ന് താഴോട്ട് ഇറങ്ങിയാല്‍ അതിന്‍റെ രുചി പോയില്ലേ. അതുപോലെ കൊടുക്കുമ്പൊഴേ അതിനെക്കുറിച്ചുള്ള ഓര്‍മ്മയുണ്ടാകൂ. എളുപ്പം മറക്കാന്‍ പറ്റുന്നത്
ചെയ്ത ഉപകാരങ്ങളാണ് '.

മകന്‍റെ തത്വശാസ്ത്രം കേട്ട് രാഘവന്‍ അത്ഭുതപ്പെട്ടു. ഫിയറ്റ് ഓഫീസിന്ന് മുന്നിലെത്തി.

Saturday, January 8, 2011

നോവല്‍ - അദ്ധ്യായം - 115.

' ഇത്ര ദിവസം ഇവിടെ താമസിച്ചിട്ട് തിരുവാതിര ആയിട്ട് വീട്ടില്‍ നിന്ന് ഇറങ്ങി പോവാന്‍ പാടില്ല ' തിരിച്ച് പോവുന്ന കാര്യം വേണു പറഞ്ഞതും പത്മിനി എതിര്‍ത്തു ' തിരുവാതിര ആയിട്ട് ഒരു വഴിക്ക് പോയാല്‍
പോയ ആള്‍ മടങ്ങി വരില്ലാന്നാ പാറയാറ്. തിരുവാതിര തീക്കനല് പോലെയാണ് '.

' അതേ ഓപ്പോളേ ' വേണു പറഞ്ഞു ' ഞാന്‍ ദൂര ദിക്കിലേക്ക് ഒന്നും അല്ലല്ലോ പോവുന്നത്. നാല് ദിവസം
കഴിഞ്ഞാല്‍ തിരിച്ച് വരും ചെയ്യും '.

' അതൊന്നും പറ്റില്ലാ ' എന്ന് പത്മിനി തറപ്പിച്ചു പറഞ്ഞെങ്കിലും വേണു പോവാന്‍ ഒരുങ്ങി കഴിഞ്ഞിരുന്നു.

തലേന്ന് രാത്രി കണ്ട സ്വപ്നം അയാളുടെ മനസ്സിലുണ്ട്. അമ്മാമയും ചാമിയും ദുഃഖിച്ചത് എന്തിനാണാവോ. ചിലപ്പോള്‍ കുറെ ദിവസങ്ങളായി പിരിഞ്ഞ് താമസിക്കുന്നതുകൊണ്ടാവണം . അല്ലെങ്കിലും സ്വപ്നത്തില്‍
കാണുന്നതും യാഥാര്‍ത്ഥ്യവും തമ്മില്‍ ബന്ധമൊന്നുമില്ലല്ലോ.

' ഇന്ന് താന്‍ പോവുന്നില്ല എന്ന് പത്മിനി പറഞ്ഞല്ലോ ' ബാഗുമെടുത്ത് വേണു വന്നപ്പോള്‍ വക്കീല്‍ ചോദിച്ചു.

' ചില അത്യാവശ്യ കാര്യങ്ങളുണ്ട് ' വേണു പറഞ്ഞു ' നാല് ദിവസത്തിന്നുള്ളില്‍ ഞാന്‍ വരും '.

പത്മിനിയോടും അയാള്‍ അതുതന്നെ പറഞ്ഞു.

' പറയാനുള്ളത് ഞാന്‍ പറഞ്ഞു. ഇനി നിന്‍റെ ഇഷ്ടം പോലെ ചെയ്തോ ' അവര്‍ ആ വിഷയം അവസാനിപ്പിച്ചു.

വേണു എത്തുമ്പോഴേക്കും വെയില്‍ മൂത്തു കഴിഞ്ഞിരുന്നു. കയ്യിലെ ബാഗിനും കനമുണ്ട്. അതും ചുമന്ന് വെള്ളപ്പാറ കടവിലെത്തുമ്പോഴേക്കും അയാള്‍ ക്ഷീണിച്ചു.

' മുതലാളി അവിടെ നിന്നോളിന്‍ ' അക്കരയില്‍ നിന്ന് ചാമിയുടെ ശബ്ദം കേട്ടു. നോക്കുമ്പോള്‍ ചാമി ഓടി വരുന്നു. വേണു ബാഗും വെച്ച് കാത്ത് നിന്നു.

' ഇന്നലെ കിടന്നപ്പൊ ഞാന്‍ മുതലാളിയെ കിനാവ് കണ്ടു ' ചാമി പറഞ്ഞു ' അപ്പൊ തന്നെ വിചാരിച്ചു ഇന്ന് എത്തുംന്ന് '.

സ്വപ്നത്തിലും കൂടി നമ്മളൊന്നാണ് എന്ന് വേണു മനസ്സിലോര്‍ത്തു.

' ആ മൊട്ടച്ചി അമ്മ്യാര് വന്നിട്ടുണ്ട് ' ചാമി പറഞ്ഞു ' തമ്പുരാനെ കാണാന്‍ പറ്റാതെ പോവണ്ടി വര്വോ എന്നു പറഞ്ഞ് കഴിഞ്ഞതേയുള്ളു '.

കളപ്പുരയില്‍ എഴുത്തശ്ശനും നാണുനായരും പാര്‍വതി അമ്മാളും സംസാരിച്ചിരിപ്പാണ്.

' തമ്പുരാനെ കാണാതെ പോവേണ്ടി വരും എന്ന് ദുഃഖിച്ചിരുന്നതാ ' അമ്മാള്‍ പറഞ്ഞു ' ആ സങ്കടം തീര്‍ന്നു '.

' അതല്ലേ ഞാന്‍ എത്ത്യേത് '.

വേണു ബാഗ് അകത്തു വെച്ച് തിരിച്ചെത്തി.

' എന്നാ ഇങ്ങോട്ട് താമസം മാറ്റുന്നത് ' അയാള്‍ ചോദിച്ചു.

' അത് പറയാന്‍ വന്നതാണ് ' പാര്‍വതി അമ്മാള്‍ പറഞ്ഞു ' ഞാന്‍ ഇങ്ങോട്ട് വരുന്നില്ല '.

' എന്തേ '.

പാര്‍വതി അമ്മാള്‍ പറഞ്ഞു തുടങ്ങി. സ്വന്തം ഗ്രാമത്തിലെ ഒരാളാണ് രാമസ്വാമി. പറഞ്ഞു വരുമ്പോള്‍ ചെറിയൊരു ബന്ധം ഉണ്ട്. വെപ്പുപണിയാണ് അദ്ദേഹത്തിന്‍റെ തൊഴില്‍. ഭാര്യക്ക് വാതം പിടിച്ചപ്പോള്‍
അവരെ ഒറ്റക്ക് വിട്ട് പണിക്ക് പോവാന്‍ പറ്റിയില്ല. ഒരു വീടുണ്ടായിരുന്നത് ചികിത്സയ്ക്ക് വേണ്ടി വിറ്റു.
ഇപ്പോള്‍ രോഗത്തിന്ന് കുറവുണ്ടെങ്കിലും പണി ചെയ്യാനൊന്നും വയ്യ. അതുകൊണ്ട് വീട്ടു പണികളും
സ്വാമി തന്നെ ചെയ്യണം. വേണച്ചാല്‍ മഠത്തില്‍ എന്‍റെ കൂടെ താമസിച്ചോളാന്‍ ഞാന്‍ പറഞ്ഞു. അവര്‍ക്ക്
വലിയ സന്തോഷമായി.

പലഹാരം ഉണ്ടാക്കി നടന്നു വില്‍ക്കലാണ് സ്വാമിയുടെ ഇപ്പോഴത്തെ പണി. പുലര്‍ച്ചെ നാല് മണിക്ക്
എണീറ്റ് പലഹാരപ്പണി തുടങ്ങും. സ്റ്റീലിന്‍റെ രണ്ട് വലിയ തൂക്കുപാത്രം ഉണ്ട്. ഒന്നില്‍ ലഡ്ഡു, ജിലേബി, മൈസ്സൂര്‍പ്പാവ്. അപ്പം ഒക്കെ വെക്കും. മറ്റേതില്‍ മുറുക്ക്, ഉഴുന്നു വട, പരിപ്പ് വട, ബോണ്ട, ബജ്ജി ഒക്കെ നിറയ്ക്കും. പാലക്കാട് അങ്ങാടീല് പത്തര പതിനൊന്ന് മണിക്കെത്തും. രണ്ട് മണിയാവുമ്പോഴേക്കും
എല്ലാം വില്‍ക്കും. വീട്ടു സാമാനങ്ങളും അടുത്ത ദിവസത്തെ പലഹാര പണിക്കുള്ള സാധനങ്ങളും വാങ്ങി
നാല് മണിക്ക് തിരിച്ചു വരും. ഞാന്‍ ചോറുണ്ടാക്കും. മുറുക്ക് ചുറ്റി കൊടുക്കും. ആരുടെ മുമ്പിലും കൈ നീട്ടിപോണ്ടാ എന്നാ എന്നോട്പറഞ്ഞത്. ഞാന്‍ വാടകയൊന്നും വാങ്ങാറില്ല. എന്‍റെ ചിലവ് കഴിഞ്ഞാല്‍
പോരേ. തുണയ്ക്ക് ആളും ആയി.

' അത് നന്നായി ' എഴുത്തശ്ശന്‍ പറഞ്ഞു ' എവിടെ ആയാലും സന്തോഷായി കഴിഞ്ഞാല്‍ മതി '.

' എന്‍റെ കാലം കഴിഞ്ഞാല്‍ മഠം അവര് എടുത്തോട്ടെ ' പാര്‍വതി അമ്മാള്‍ പറഞ്ഞു നിര്‍ത്തി.

' നമ്മള് വിചാരിക്കുന്നത് പോലെ വല്ലതും നടക്ക്വോ ' നാണു നായര്‍ പറഞ്ഞു ' മോളില്‍ ഒരാള് ഇരിക്കുണുണ്ട്. കാളടെ കയറും ചാട്ടക്കൊട്ടീം ആ മൂപ്പരുടെ കയ്യിലാണ്. എങ്ങോട്ട് തിരിച്ച്വോ അങ്ങട്ട് നമ്മളൊക്കെ തിരിയും '.

' എന്നെ മകനായിട്ട് കണ്ടോളൂ എന്നാ തമ്പുരാന്‍ പറഞ്ഞത്. ഞാന്‍ പെറ്റിട്ടില്ല. എന്നാലും അന്നു മുതല് ഞാന്‍
അങ്ങിനെയാണ് കാണുന്നത്. എന്‍റേല് കൊടുക്കാനായിട്ട് ഒന്നും ഇല്ല. ഇതേ തരാനുള്ളു '. പാര്‍വതി അമ്മാള്‍ സഞ്ചിയില്‍ നിന്ന് ഒരു പൊതിയെടുത്ത് വേണുവിന്‍റെ നേരെ നീട്ടി. അയാള്‍ അത് വാങ്ങി തുറന്നു. കുറച്ച് ലഡ്ഡുവും മൈസൂര്‍പ്പാവും ആയിരുന്നു അതിനകത്ത്.

എല്ലാ കണ്ണുകളിലും ഉറവ പൊട്ടി.

' എപ്പോഴെങ്കിലും ഈ വഴിക്ക് വരണേ ' നാണു നായരുടെ ശബ്ദം ഇടറിയിരുന്നു.

' എന്താ സംശയം. തമ്പുരാനെ കാണണംന്ന് തോന്നുമ്പൊ ഞാന്‍ വരും ' അവര്‍ എഴുന്നേറ്റു വേണുവിന്‍റെ മുമ്പില്‍
നിന്നു. അവരുടെ കൈകള്‍ അയാളുടെ ശിരസ്സില്‍ വെച്ചു.

' ഈശ്വരന്‍ കൂടെ ഉണ്ടാവും ' അവര്‍ പറഞ്ഞു ' കണ്ണില്‍ തട്ടേണ്ടത് പുരികത്തില്‍ തട്ടി പോവും ' .

സഞ്ചിയുമായി പാര്‍വതി അമ്മാള്‍ നടന്നു. വെള്ളപ്പാറ കടവും കേറി അവര്‍ മറയുന്നത് എല്ലാവരും നോക്കി നിന്നു.

**************************************

' വെയിലാറിയിട്ട് ഇറങ്ങിയാല്‍ മതി എന്ന് ഞാന്‍ പറഞ്ഞതാ. കേട്ടില്ല. ഇയാള്‍ ഒറ്റ ആളുടെ പൊരിച്ചിലാണ് കാരണം ' എഴുത്തശ്ശന്‍ അരികത്തുള്ള പനയുടെ നിഴലിലേക്ക് മാറി നിന്നു.

വെള്ളപ്പാറ കടവിന്ന് തൊട്ടപ്പുറത്ത് പൊളിഞ്ഞു കിടക്കുന്ന ഭഗവതിയുടെ തറ നന്നാക്കണം എന്ന ഒരേയൊരു വാശിയിലാണ് നാണു നായര്‍.

' ചെയ്യാണ്ടിരിക്കാന്‍ പറ്റില്ല ' അയാള്‍ പറഞ്ഞിരുന്നു ' മകര ചൊവ്വക്ക് ഊട്ട് നടത്തിയിരുന്നത് മുടങ്ങിയിട്ട്
എത്ര കാലായി. ആ പെണ്ണുങ്ങള്‍ എന്നെ കാണുമ്പോഴൊക്കെ ചോദിക്കും. മറുപടി പറഞ്ഞ് മടുത്തു '.

' അവിടെ എന്തെങ്കിലും ചെയ്ത് പൂജ നടത്തണം. മുമ്പ് ചക്കരക്കള്ള് ഒഴിച്ച് പായസം വെച്ചിട്ടുണ്ടായിരുന്നു. ഇപ്പൊ ആ സാധനം കണി കാണാനില്ല. കുടിക്കാനേ നാട്ടില്‍ കള്ളില്ല. പിന്നെ എങ്ങിനെ ചക്കരക്കള്ള് കിട്ടും '
എന്നും പറഞ്ഞ് ചാമി ആ കാര്യത്തില്‍ തനിക്കുള്ള താല്‍പ്പര്യം അറിയിച്ചിരുന്നു.

തകര്‍ന്ന് കിടന്നിരുന്ന കരിങ്കല്ലു തറ കൂടെയുള്ളവര്‍ പരിശോധിക്കുന്നതും നോക്കി എഴുത്തശ്ശന്‍ പനച്ചോട്ടില്‍ ഇരുന്നു. വേണു കളപ്പുരയിലാണ്. നല്ല ഉറക്കത്തിലായത് കാരണം അവനെ വിളിച്ചില്ല. അവന്‍ പറഞ്ഞ കാര്യം
നാണു നായരോട് പറഞ്ഞിട്ടില്ല. അതിന്ന് മുമ്പ് ഒന്നു കൂടി അവനോട് ചോദിക്കണം. എഴുത്തശ്ശന്‍ അതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ ദൂരെ നിന്ന് മോട്ടോര്‍ സൈക്കിളിന്‍റെ ശബ്ദം കേട്ടു.

രാധാകൃഷ്ണന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍ത്തി.

' എന്താ എല്ലാവരും കൂടി ഇവിടെ ' അയാള്‍ ചോദിച്ചു.

' ഒരു അമ്പലം പണി ചെയ്ത് കഴിഞ്ഞു. അടുത്തത് നോക്കാനിറങ്ങിയതാണ് ' രാജന്‍ മേനോന്‍ പറഞ്ഞു.

' കുട്ടി എങ്ങോട്ടാ ' നാണു നായരാണ് ചോദിച്ചത്.

' മുത്തശ്ശനെ കാണണം. ഒരു കാര്യം പറയാനുണ്ട് '.

രാധാകൃഷ്ണന്‍ എഴുത്തശ്ശന്‍ ഇരിക്കുന്ന പനചുവട്ടിലേക്ക് ചെന്നു.

' മുത്തശ്ശനെ കാണാന്‍ വന്നതാണ് ' അയാള്‍ പറഞ്ഞു.

' എന്താ വിശേഷിച്ച് '.

' ഒഴിവോടെ കുറച്ച് പറയാനുണ്ട്. നമുക്ക് പുരയിലേക്ക് നടന്നാലോ '.

വെള്ളപ്പാറ കടവ് ഇറങ്ങി രണ്ടാളും നടന്നു.

' മുത്തശ്ശാ ' രാധാകൃഷ്ണന്‍ വിളിച്ചു ' എനിക്കൊരു കല്യാണാലോചന ആയിട്ടുണ്ട് '.

അയാള്‍ വിശദവിവരങ്ങള്‍ പറഞ്ഞു തുടങ്ങി. പെണ്‍കുട്ടി ടീച്ചറാണ്. കാണാന്‍ നന്ന്. നല്ല കുടുംബം. അച്ഛന്‍ താസില്‍ദാരായിരുന്നു. അമ്മ എല്‍. പി. സ്കൂള്‍ ടീച്ചറും. ഒരു ആങ്ങളയുള്ളത് റെയില്‍വെ ഉദ്യോഗസ്ഥന്‍. പണ്ടേക്ക് പണ്ടേ കൃഷിയും തെങ്ങിന്‍ തോട്ടവും ഒക്കെയുണ്ട്. ആരും ദൂഷ്യം പറയില്ല.

' ജാതകം നോക്ക്യോ ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഉവ്വ്. എട്ട് പൊരുത്തം ഉണ്ട്. കൂട്ടുദശ ഇല്ല '.

' നീ ചെന്ന് കാണ്വേണ്ടായോ '.

' ഇല്ല. മുത്തശ്ശന്‍റെ അനുഗ്രഹം വാങ്ങീട്ടാവാം എന്ന് വെച്ചിട്ടാണ് '.

ആ പറഞ്ഞത് എഴുത്തശ്ശന്‍റെ മനസ്സില്‍ കൊണ്ടു. വിവരക്കേട് കാരണം മുമ്പ് കാലത്ത് കുരുത്തദോഷം
കുറച്ചൊക്കെ കാണിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇവന്‍ അങ്ങിനെയൊന്നുമല്ല. മുത്തശ്ശന്‍ വേണ്ടപ്പെട്ട
ആളാണെന്ന തോന്നല്‍ ഉണ്ടായിട്ടുണ്ട്.

' എങ്ങിനേയാ ഈ ആലോചന വന്നത് '.

' ഒരു പരിചയക്കാരന്‍ കൊണ്ടു വന്നതാ. അയാള്‍ക്ക് ആ കുടുംബത്തെ പറ്റി നന്നായിട്ട് അറിയും '.

' അത് നന്നായി. ദല്ലാള് വല്ലോരും കൊണ്ടു വന്നതാണെങ്കില്‍ നന്നായി അന്വേഷിക്കണം. ഇല്ലാത്തതൊക്കെ
അവര് കൂട്ടി പറയും '.

' നമുക്ക് ഇവിടെ നിന്നാല്‍ പോരെ. കളപ്പുരേല് വേണു കിടന്ന് ഉറങ്ങ്വാണ് ' നെല്ലി ചുവട്ടില്‍ എത്തിയപ്പോള്‍ എഴുത്തശ്ശന്‍ പറഞ്ഞു. ഇരുവരും തണലില്‍ നിന്നു.

' എന്താ മുത്തശ്ശന്‍റെ അഭിപ്രായം '.

' ഞാനെന്താ പറയണ്ട്. നിനക്ക് കല്യാണപ്രായം ഒക്കെ ആയി. എപ്പഴായാലും വേണം. സമയത്ത് നടന്നാലെ അതിനൊക്കെ ഒരു ചെതം ഉണ്ടാവൂ ' എഴുത്തശ്ശന്‍ പറഞ്ഞു തുടങ്ങി ' പിന്നെ ഒരു കാര്യം എന്നും മനസ്സില്‍
ഉണ്ടാവണം '.

അയാള്‍ പകുതിക്ക് വെച്ച് നിര്‍ത്തി.

' എന്താ നിര്‍ത്തിയത്. എന്താണച്ചാലും പറയൂ '.

' മുത്തശ്ശന്‍ കുറ്റം പറഞ്ഞൂന്ന് തോന്നരുത്. നിന്‍റെ അച്ഛന്ന് പറ്റിയ തെറ്റ് നിനക്ക് പറ്റാതെ നോക്കണം '.

രാധാകൃഷ്ണന്‍ ശ്രദ്ധിച്ചു നിന്നു.

' എനിക്ക് പഠിപ്പും വിവരൂം ഒന്നും ഇല്ല. എങ്കിലും പറഞ്ഞ് തര്വാണ്. എന്തിനും ഒരു അതിരുണ്ട്. അത് മീറി പോവുമ്പഴാ അബദ്ധം ആവുന്നത്. കല്യാണം കഴിച്ച പെണ്ണിനെ സ്നേഹിക്കണം. എന്നുവെച്ച് തലേലേറ്റിക്കൊണ്ട് നടക്കാന്‍ പാടില്ല. അങ്ങിനെ ചെയ്താല്‍ പിന്നെ കെട്ടിയവന് ഒരു നിലേം വിലേം ഇല്ലാണ്ടാവും. നിന്‍റെ
അച്ഛന്ന് പറ്റിയ തെറ്റ് അതാണ് '.

കാര്യങ്ങളൊക്കെ തനിക്ക് മനസ്സിലായിട്ടുണ്ടെന്നും മുത്തശ്ശന്‍ പറഞ്ഞു തന്നത് പ്രകാരം ജീവിക്കാമെന്നും
രാധാകൃഷ്ണന്‍ സമ്മതിച്ചു.

' ഞാന്‍ പൊയ്ക്കോട്ടെ ' അയാള്‍ ചോദിച്ചു.

എഴുത്തശ്ശന്‍ കളപ്പുരയിലേക്കും രാധാകൃഷ്ണന്‍ വെള്ളപ്പാറ കടവിലേക്കും നടന്നു.

മോട്ടോര്‍ സൈക്കിളിനടുത്തേക്ക് മേനോന്‍ ചെന്നു.

' അമ്മാമ എന്താ പറഞ്ഞത് '.

രാധാകൃഷ്ണന്‍ എല്ലാം പറഞ്ഞു.

' ഈ ആലോചന കൊണ്ടു വന്നത് ഞാനാണെന്ന് പറഞ്ഞില്ലല്ലോ ' മേനോന്‍ ചോദിച്ചു.

' ഇല്ല '.

' എല്ലാം അറിഞ്ഞിട്ട് ഞാന്‍ പറയാതിരുന്നതായി അമ്മാമയ്ക്ക് തോന്നരുത്. പേരക്കുട്ടി നേരിട്ട് പറയുന്ന സന്തോഷം ഞാന്‍ പറഞ്ഞാല്‍ ഉണ്ടാവില്ല. അതാണ് '.

' ഞാന്‍ പൊയ്ക്കോട്ടെ അങ്കിള്‍ '.

രാധാകൃഷ്ണന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി. മെറ്റലിട്ട പാതയിലൂടെ അത് ഓടി മറഞ്ഞു.

Friday, January 7, 2011

നോവല്‍ - അദ്ധ്യായം - 114.

നിനച്ചിരിക്കാതെയാണ് പാഞ്ചാലിക്ക് കല്യാണിയെ ഒറ്റയ്ക്ക് കാണാനൊത്തത്. സുകുമാരേട്ടന്‍റെ കയ്യില്‍
നിന്ന് ഒന്നും കിട്ടാതായതോടെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങി. ആഹാരത്തിന്നുള്ള വഴി കണ്ടെത്താന്‍
ആവുന്നില്ല. അതിനിടയിലും അപ്പന്ന് കുടിക്കാനുള്ള വക കൊടുക്കണം. കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണ്ണ
മാല പണയത്തിലായി. അരിക്കും സാധനങ്ങള്‍ക്കും വേണ്ടതിലേറെ പണം ചാരായത്തിനാവും. നാട്ടിലാരും
പണിക്ക് വിളിയ്ക്കില്ല. രണ്ട് ദിവസം പാലക്കാട് ചെന്നു. കെട്ടുപണിക്കാരുടെ കയ്യാളായി പണി കിട്ടി. ബസ്സ് കൂലിയും ചിലവും കഴിഞ്ഞാലും കഷ്ടിച്ച് വല്ലതും ബാക്കി വരും. പക്ഷെ രണ്ട് ദിവസം കൊണ്ട് ഉള്ളം കൈ പൊട്ടി. സിമന്‍റിന്‍റെ ഉറ പറ്റാഞ്ഞിട്ടാണ്. നീറിയിട്ട് വെള്ളം തൊടാനും കൂടി വയ്യാ. പിന്നെ എങ്ങിനെ പണിക്ക് പോകും. പുഴമ്പള്ളേല് പൂളത്തറി വലിയ്ക്കുന്നുണ്ടെന്ന് കേട്ടു. കുറച്ച് കിഴങ്ങ് വാങ്ങിയാല്‍ അതെങ്കിലും
പുഴുങ്ങി തിന്നാം. അതിന് വന്ന വഴിക്കാണ് കല്യാണി പുഴയില്‍ ഒറ്റയ്ക്ക് തുണി തിരുമ്പി നില്‍ക്കുന്നത് കണ്ടത്.
ആ നശിച്ച തള്ള ഇന്ന് കൂട്ടിനില്ല.

ഒത്താല്‍ ഒത്തു എന്നും കണക്കാക്കി പാഞ്ചാലി കടവിലേക്ക് ചെന്നു. കല്യാണി തലയുയര്‍ത്തി നോക്കി.

' എന്താനും നിങ്ങള് ഈ വഴിക്ക് ' അവള്‍ ചോദിച്ചു.

' ഞാന്‍ കുറച്ച് കിഴങ്ങ് വാങ്ങാന്‍ വന്നതാ. നീ കുളിക്കുന്നത് കണ്ടപ്പോള്‍ വെറുതെ ഇറങ്ങി '.

' വീട്ടിലെ പണി തീര്‍ത്ത് കന്നിന്ന് വെള്ളൂം വൈക്കോലും കൊടുത്ത് കഴിഞ്ഞാല്‍ പിന്നെ ഇത്തിരി നേരം
ഒഴിവാണ്. തുണി തല്ലി ഊരലും കുളിക്കലും ഈ നേരത്തങ്ങിട്ട് കഴിച്ചാല്‍ സന്ധ്യക്ക് റേഡിയോ വെച്ച്
പാട്ടും കേട്ട് ഇരിക്കാം. അതിന് വേണ്ടീട്ടാ വെയിലത്ത് വന്ന് കുളിച്ച് പോണത് '.

' നിന്നെ ഒന്ന് കാണണംന്ന് വിചാരിച്ച് ഇരിക്ക്യായിരുന്നു ഞാന്‍ ' പാഞ്ചാലി പറഞ്ഞു.

' എന്താ കാര്യം '.

' അതൊക്കെ പറയാം. പക്ഷെ നീ അത് ആരോടും പറയാന്‍ പാടില്ല '.

കല്യാണി അതിന് മറുപടിയൊന്നും പറഞ്ഞില്ല.

' എന്താ നീ ഒന്നും മുണ്ടാത്ത് '.

' നിങ്ങള് കാര്യം പറയിന്‍. എന്താന്ന് കേക്കട്ടെ '.

' നിന്നെ ഒരാള്‍ക്ക് ഒറ്റയ്ക്കൊന്ന് കാണണംന്ന് മോഹം. ഒരു ദിവസം നീ എന്‍റെ കൂടെ പാലക്കാട്ടേക്ക് വാ.
നമുക്ക് വലിയ ഹോട്ടലില്‍ ചെന്ന് ബിരിയാണിയൊക്കെ വാങ്ങി തിന്ന് സിനിമയും കണ്ട് ഞാന്‍ പറഞ്ഞ
ആളുടെ കൂടെ കുറെ നേരം വര്‍ത്തമാനൂം പറഞ്ഞിരുന്ന് ഇങ്ങിട്ട് വരും ചെയ്യാം '.

' ആരാ ആള് '.

' അത് ഞാന്‍ ഇപ്പൊ പറയില്ല. കാണാന്‍ നല്ല ഭംഗീള്ള ആളാണ്. ഇഷ്ടം പോലെ സ്വത്തും മുതലും ഉണ്ട്.
കാറില്‍ കൊണ്ടു പോവും , തിരിച്ച് കൊണ്ടു വന്നാക്കും ചെയ്യും. ഇരു ചെവി അറിയില്ല '.

' വെറുതെ വര്‍ത്തമാനം പറയാന്‍ കൊണ്ടു പോവാന്‍ പ്രാന്താണോ ആ ആളുക്ക് '.

' വര്‍ത്തമാനം മത്രോല്ല. ഇഷ്ടാണെച്ചാല്‍ എന്തൊക്കെ വേണച്ചാലും ആവാലോ '.

' അങ്ങിനെ പറയിന്‍. ഇപ്പഴല്ലെ എനിക്ക് പിടി കിട്ട്യേത് '.

' അപ്പൊ നിനക്ക് സമ്മതാണല്ലേ. എന്താ ഞാന്‍ അയാളോട് പറയണ്ട് '.

' ഞാന്‍ ചാമി വലിയപ്പനോട് ഒന്ന് ചോദിക്കട്ടെ. നീ പൊയ്ക്കോടി മകളെ എന്ന് മൂപ്പര് പറഞ്ഞാല്‍ ഞാന്‍
ആ വിവരം പറയാം '.

ചാമിയുടെ പേര് കേട്ടതും പാഞ്ചാലിയുടെ ഉള്ളൊന്ന് കാളി. ചങ്കും പൊങ്കും ഇല്ലാത്ത ആളാണ് അയാള്.
ഒരു ദേഷ്യത്തിന് വന്ന് വെട്ടിക്കൊല്ലാനും മടിക്കില്ല.

' കല്യാണ്യ്യേ. നീ ഇത് വലിയപ്പനോട് പറയരുത്ട്ടോ. മൂപ്പരുക്ക് ദേഷ്യം വന്നാല്‍ എന്നെ തല്ലിക്കൊല്ലും. ഞാന്‍ പറഞ്ഞത് ഇഷ്ടൂല്ലാച്ചാല്‍ ചോദിച്ചില്ലാന്ന് വെച്ചൊ '.

' നല്ല കുറ്റിച്ചൂലുണ്ട് വീട്ടില് എന്ന് നിങ്ങളെ പറഞ്ഞു വിട്ട ആളോട് ചെന്ന് പറയിന്‍. ഇനി മേലാല് നിങ്ങള് എന്നോട് മിണ്ടാന്‍ വരാനും വരണ്ടാ '.

പാഞ്ചാലി എഴുന്നേല്‍ക്കുമ്പോഴേക്കും ജാനു മുത്തി എത്തി.

' എന്താടി പെണ്ണേ ഈ കുരുത്തം കെട്ട മൂളി നിന്നോട് പറഞ്ഞോണ്ടിരുന്നത് '.

പാഞ്ചാലി പറഞ്ഞ കാര്യം ജാനു മുത്തി അറിഞ്ഞാല്‍ എന്താണ് ഉണ്ടാവുക എന്ന് കല്യാണി ഓര്‍ത്തു. പറഞ്ഞില്ലെങ്കിലോ ? പിന്നീട് ആരെങ്കിലും ഇതുപോലെ ഓരോന്ന് ചോദിച്ചും കൊണ്ട് വന്നാലോ?

കല്യാണി വല്ലതും പറയും മുമ്പ് പാഞ്ചാലി സ്ഥലം വിട്ടു.

' എന്താ അവള് പറഞ്ഞത് '.

പാഞ്ചാലി പറഞ്ഞത് മുഴുവന്‍ കല്യാണി പറഞ്ഞു.

' എന്നിട്ട് നീയെന്താ മറുപടി പറഞ്ഞ് '.

' നല്ല കുറ്റിച്ചൂലുണ്ട് വീട്ടില് എന്ന് പറഞ്ഞു '.

' നന്നായി. എന്നാലും അത് പോരാ. ആട്ടി കണ്ണ് പൊട്ടിക്കണം ആ ഒരുമ്പെട്ടോളടെ. ചാമിയെ ഞാന്‍ ഒന്ന്
കാണട്ടെ. പറഞ്ഞു കൊടുക്കുന്നുണ്ട് അവനോട് '.

ചാമി വലിയപ്പന്‍ അറിഞ്ഞാല്‍ ഉണ്ടാവാന്‍ പോവുന്ന ഭൂകമ്പം കല്യാണിയെ ഭയപ്പെടുത്തി, അതോടൊപ്പം
മനസ്സില്‍ ഒരു സുരക്ഷിതത്വം തോന്നുകയും ചെയ്തു.

എല്ലാം കേട്ട് മരത്തിന്‍റെ നിഴലിലൂടെ പുഴ ഒഴുകിക്കൊണ്ടിരുന്നു.

**********************************************

അയ്യപ്പന്‍കാവും കഴിഞ്ഞ് ചാമി ധൃതിയില്‍ നടന്നു. വെയിലേറ്റ് തീക്കുണ്ഡമായി മാറിയ കരിമ്പാറയുടെ
മുഖത്ത് തുകല്‍ ചെരുപ്പ് ശക്തിയോടെ പതിഞ്ഞുകൊണ്ടിരുന്നു. കൊന്നലാലിന്‍റെ ചുവട്ടില്‍ ചീട്ടുകളി
തിരുതകൃതിയായി നടക്കുന്നുണ്ട്. ചിട്ടുകളി സംഘത്തില്‍ പാഞ്ചാലിയുടെ ബന്ധുക്കളെ കണ്ടതോടെ
ചാമിയുടെ കോപം ഇരട്ടിച്ചു.

'എടാ നായിന്‍റെ മക്കളെ ' ചാമി അലറി ' കുടുംബത്തില്‍ ഒരു പെണ്ണ് ഇമിരെടുത്ത് നടക്കുമ്പൊ അവളെ
തല്ലി ഒതുക്കാതെ കുത്തിരുന്ന് ചീട്ടുകളിക്ക്യാണോടാ '.

അതോടെ കളി തടസ്സപ്പെട്ടു.

' ആരേയാ ചാമ്യേട്ടാ നിങ്ങള് വക്കാണിക്കിണത് ' കയ്യിലെ ചീട്ട് താഴെ വെച്ച് പനകേറ്റക്കാരന്‍ വേലുണ്ണി
ചോദിച്ചു.

' നിന്‍റെ അപ്പറൂം ഇപ്പറൂം ഇരിക്കിണ പൊലയാടി മക്കളെ '.

അതോടെ ആ ചെറുപ്പക്കാര്‍ക്ക് ചൊടിച്ചു.

' ഞങ്ങളെ വേണ്ടാത്തത് പറഞ്ഞാല്‍ ' അവര്‍ എഴുന്നേറ്റു.

' പറഞ്ഞാല്‍ നീയൊക്കെ എന്ത് ചെയ്യോടാ. അവള് കാണിച്ച തെണ്ടിത്തരത്തിന്ന് ഇതല്ല വേണ്ടത് '.

' ചാമ്യേട്ടാ നിങ്ങള് കാര്യം പറയിന്‍ ' വേലുണ്ണി പറഞ്ഞു.

' ആ കൂത്തച്ചി കാട്ട്യേ പണി കേക്കണോ ' ചാമി പറഞ്ഞു തുടങ്ങി. പാഞ്ചാലി കല്യാണിയോട് പറഞ്ഞ
കാര്യങ്ങള്‍ മുഴുവന്‍ ചാമി വിവരിച്ചു.

' അവനോനോ നശിച്ചു. മര്യാദയ്ക്ക് കഴിയുന്ന പെണ്‍കുട്ട്യേളെ കേട് വരുത്താന്‍ നടക്കുണു. കണ്ണിലെ മണി
പോലെ ഞങ്ങള് നോക്കുന്ന കുട്ട്യാണ് എന്‍റെ ലക്ഷ്മിക്കുട്ടി. തോന്നിയവാസം പറഞ്ഞും കൊണ്ട് അവളുടെ
അടുത്ത് വന്നൂന്ന് കേട്ടാല്‍ ചേറ്റുകത്തീം കൊണ്ട് കൊത്തി അരിയും ഞാന്‍ '.

' ഇതിനാണോ നിങ്ങള് ഞങ്ങളെ വേണ്ടാത്തത് പറഞ്ഞത് ' ഒരുത്തന്‍ പറഞ്ഞു ' ഞങ്ങളുടെ ആര്വോല്ല
അവള് '.

' നിന്‍റീം ഇവന്‍റീം തന്ത അവളുടെ അപ്പന്‍റെ കൂടപ്പിറപ്പല്ലേടാ. അപ്പൊ അവള് നിങ്ങക്ക് ആരാടാ ' ചാമി
ചോദിച്ചു ' കുടുംബത്തില്‍ ഒരു പെണ്ണ് പെഴച്ച് നടക്കുന്നത് അറിഞ്ഞാല്‍ നെലയ്ക്ക് നിര്‍ത്തണ്ടത്
ആണുങ്ങളാണ്. അതിന്ന് ആണുങ്ങളുക്ക് കുറച്ച് രോഷം ഉണ്ടാവണം. അതെങ്ങിനെ. നിനക്കൊക്കെ
ഇവിടെ വന്നിരുന്ന് പപ്പടം പരത്താനും കണ്ണികണ്ടോര് വാങ്ങി തരുണ ചായടെ വെള്ളം മോന്താനും
അല്ലേ അറിയൂ '.

' നിങ്ങക്ക് തന്നെ അവളോട് ചോദിച്ചൂടെ '.

' ചോദിക്കും. എനിക്കതിന് പേട്യോന്നൂല്ലാ. ഞാന്‍ ചെന്ന് നോക്ക്യേപ്പൊ അവള് വീട്ടിലില്ല. അതാടാ
നിന്നോടൊക്കെ പറഞ്ഞത് '.

പാഞ്ചാലി ചെയ്തത് തെറ്റാണെന്ന് എല്ലാവരും സമ്മതിച്ചു. ഇത് ഇങ്ങിനെ വിട്ടാല്‍ പറ്റില്ലെന്ന് കൂടെ ഉള്ളവര്‍ പറഞ്ഞതോടെ അവളെ തല്ലി ഒതുക്കുമെന്ന് ബന്ധുക്കളും പറഞ്ഞു.

കണ്ണിന്‍റെ മുമ്പില്‍ അവളെ കണ്ടാല്‍ പണി തീര്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ചാമി അവിടെ നിന്ന്
പോന്നു.

Tuesday, January 4, 2011

നോവല്‍ - അദ്ധ്യായം - 113.

' എന്താണ്ടാ ചാമ്യേ, നീ വെതറ് കടി പിടിച്ചപോലെ നടക്കിണത് ' രാവിലെ കളപ്പുരയില്‍ നിന്ന് വീട്ടില്‍ പോയി
തിരിച്ചെത്തിയ ശേഷം ചാമിയെ അസ്വസ്ഥനായിട്ടാണ് എഴുത്തശ്ശന്‍ കണ്ടത്.

' ഒന്നൂല്യാ ' അവന്‍ പറഞ്ഞു.

' അല്ല. എന്തോ ഉണ്ട്. നിന്‍റെ പരുങ്ങല് കണ്ടാല്‍ എനിക്കറിയില്ലേ '.

' കയ്യില്‍ ഇത്തിരി കാശ് ഉണ്ടായിരുന്നത് ' അവന്‍ പറഞ്ഞു ' മാമന്‍ മരിച്ച വിവരം പറയാന്‍ വന്നവന്‍റെ കയ്യില്‍
ബന്ധുമ കൊടുത്തയച്ചു '.

' ആരാ, കോമ്പ്യാണോടാ ചത്തത് '.

' തെന്നെ '.

' അവന്‍റെ കെട്ട്യോളല്ലേ ഇന്നാള് ചത്തത്. അന്ന് നീ ബന്ധുമ കൊടുത്തില്ലേ '.

' കൊടുത്തു ' ചാമി പറഞ്ഞു ' കോമ്പിയപ്പന്‍ മരിച്ച് മറദാനം കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞിട്ടാണ് പറയാന്‍ ആള് വന്നത്. നമ്മടെ മര്യാദയ്ക്ക് കയ്യിലുള്ളത് കൊടുത്തു. ആകപ്പാടെ കാണാന്‍ ഒരാളേ അവിടെ ഉണ്ടായിരുന്നുള്ളു.
അത് പോയാല്‍ പിന്നെ ആരെ കാണാനാ പോണത്. അതോണ്ട് ഞാന്‍ പോയില്ല '.

' അവസരം വല്ലതും നടത്ത്വോ '.

' കേമായിട്ട് നടത്തുണൂന്നാ പറഞ്ഞത്. ഇരിക്കുമ്പൊ നാഴി വെള്ളത്തിന്ന് ഉപകാരം ഇല്ലാത്ത മക്കള് ചത്തിട്ട് അവസരം നടത്താഞ്ഞിട്ടാണ് '.

' അത് ശരി. പിന്നെ എന്തിനാ നിനക്ക് ഇപ്പൊ കാശ് '.

' ഒരാള് വയ്യാണ്ടെ കെടക്കിണുണ്ട്. ഡോക്ടറെ കാട്ടാനാണ് '.

' ആരാടാ ആള് '.

ചാമി ഒന്ന് പരുങ്ങി.

' ഞാന്‍ അറിയാന്‍ പാടില്ലാത്ത ആളാണോ '.

' വക്കാണിക്കരുത് ' ചാമി പറഞ്ഞു ' കാളുക്കുട്ടി ദീനം വന്ന് കിടക്ക്വാണ് '.

' ആ തേവിടിശ്ശിക്ക് വയ്യെങ്കില്‍ നിനക്കെന്താ. നാട്ടിലെ സര്‍വ്വ ആണുങ്ങളും കേറി നിരങ്ങിയ പെണ്ണാ അവള്.
അവര്‍ക്കൊന്നും ഇല്ലാത്ത തിക്കുമുട്ട് നെനക്കെന്തിനാ '.

' എന്നാലും അവളുക്ക് ആരൂല്യാത്താ '.

' ആ പൊലയാടിയെ തന്നെ ശുശ്രൂഷിക്കാന്‍ ചെല്ലണോടാ '.

' അവള് മോശക്കാരിയാണ്. സമ്മതിച്ചു. പക്ഷെ ഈ ഞാനോ. എന്നെപ്പോലെ ഒരു തെമ്മാടിയെ നടന്ന നാട്ടില്
കാണാന്‍ കിട്ട്വോ. എന്തൊക്കെ തപ്പ് ഞാന്‍ കാട്ടി കൂട്ടീട്ടുണ്ട്. അതൊക്കെ നോക്കുമ്പൊ അവള് പാവാണ്.
പിന്നെ നോക്കാനാളില്ലാത്തതോണ്ട് അവള് ഇങ്ങിന്യായി. എന്നാലും ആരക്കെങ്കിലും കെടുതല വരുണതൊന്നും
അവള് ചെയ്തിട്ടില്ല. പിന്നെ അവളുടെ കൂടെ ഞാനും കുറെ കഴിഞ്ഞിട്ടുള്ളതാ. അത് മറക്കാന്‍ പാടില്ല '.

അതോടെ എഴുത്തശ്ശന് ഉത്തരം മുട്ടി.

' നിനക്ക് എത്ര പണം വേണം ' അയാള്‍ ചോദിച്ചു.

' ഒരു ഇരുന്നൂറ് ഉറുപ്പിക ഉണ്ടാവ്വോ '.

എഴുത്തശ്ശന്‍ പണം നല്‍കി.

' കായ വെട്ടി വിറ്റതിന്‍റെ പണം കിട്ടാനുണ്ട് ' ചാമി പറഞ്ഞു ' കിട്ട്യേതും തരാം '.

' ഞാന്‍ ചോയ്ച്ചില്ലല്ലോ. നീ ചെന്ന് എന്താ വേണ്ടത്ച്ചാല്‍ ചെയ്തിട്ട് വാ '.

എഴുത്തശ്ശന്‍ ചാമി പോവുന്നതും നോക്കി ഇരുന്നു. ഇവനെ എനിക്ക് മനസ്സിലാവിണില്യാ എന്ന് അയാള്‍ ഓര്‍ത്തു.
കാര്യം കഴിഞ്ഞതും മൂടും തട്ടി ആളുകള്‍ ഇറങ്ങി പോവുന്നതാണ് പതിവ്. ആ സ്ഥാനത്ത് ഇവന്‍. പുറമേക്ക് മുരടനാണെങ്കിലും അവന്‍റെ ഉള്ള് നിറയെ നന്മയാണ്.

കളപ്പുരയില്‍ ഒറ്റയ്ക്ക് കുറച്ച് നേരം ഇരുന്നപ്പോള്‍ മടുപ്പ് തോന്നി. ചാമി എപ്പോഴാണോ മടങ്ങി എത്തുക. അമ്മിണിയമ്മയ്ക്കും മക്കുരാവുത്തര്‍ക്കും വീടിന്‍റെ ചുമര്‍ കെട്ടാന്‍ തുടങ്ങിയിട്ടുണ്ട്. അവിടെ ചെന്ന്
പണിയുന്നത് നോക്കി നില്‍ക്കണോ, അതോ നാണു നായരുടെ വീട്ടില്‍ ചെന്ന് അയാളോടൊപ്പം വര്‍ത്തമാനം പറഞ്ഞുക്കൊണ്ടിരിക്കണോ എന്നതായി സംശയം. ഒടുവില്‍ പണി സ്ഥലത്തേക്ക് നടന്നു.

കെട്ടാന്‍ വേണ്ട സിമന്‍റ് മട്ടി കൂട്ടാനും, ചെങ്കല്ലുകള്‍ എടുത്തുകൊടുക്കാനും അമ്മിണിയമ്മയുടെ മരുമകന്‍
പണിക്കാരോടൊപ്പമുണ്ട്.

' ഇങ്ങിനെ വേണം ചെറുപ്പക്കാരായാല്‍ ' എഴുത്തശ്ശന്ന് ആ ചെറുപ്പക്കാരനില്‍ മതിപ്പ് തോന്നി.

' എടോ മോന്‍ നിന്നെ ഞാന്‍ എന്താ വിളിക്കണ്ടത് ' എഴുത്തശ്ശന്‍ ചോദിച്ചു.

' അപ്പാപ്പന്‍ എന്നെ പോളേ എന്ന് വിളിച്ചൊ. മുഴുവന്‍ പേര് പറയാന്‍ നല്ല പാടാ '.

' എന്നാലേ പോളേ കെട്ടാനുള്ള ചെങ്കല്ല് നല്ലോണം നനച്ച് കൊടുക്കാന്‍ പറ ' എഴുത്തശ്ശന്‍ പറഞ്ഞു ' വറ
വറാന്നുള്ള കല്ലില്‍ ശരിക്ക് മട്ടി പിടിക്കില്ല. പിന്നീട് വിള്ളല്‍ വരും '.

' ഉവ്വ്. നോക്കുന്നുണ്ട് ' ചെറുപ്പക്കാരന്‍ പറഞ്ഞു ' ഇരിക്കാന്‍ ഒരു സ്റ്റൂള് കൊണ്ടു വരട്ടെ '.

' വേണ്ടാ ' എന്ന് പറഞ്ഞെങ്കിലും അയാള്‍ സമ്മതിച്ചില്ല. വണ്ടിപ്പുരയില്‍ നിന്ന് സ്റ്റൂളെത്തി.

' കറണ്ടിന് എഴുതി കൊടുക്കണം. ഇപ്പൊ കൊടുത്താലേ വീടാവുമ്പോഴേക്കും കമ്പിയും കാലും വരൂ '.

' അങ്ങിനെ ചെയ്യാന്‍ പാടില്ല ' മരുമകന്‍ പറഞ്ഞു ' ഓഫീസിന്ന് ആള്‍ക്കാര് നോക്കാന്‍ വരുമ്പോള്‍ വയറിങ്ങ്
തീര്‍ന്നിരിക്കണം '.

ജോലിയും നോക്കി ഇരുന്ന് സമയം പോയതറിഞ്ഞില്ല. ചാമി വന്നപ്പോഴാണ് അറിയുന്നത്.

' എന്താണ്ടാ അവളുടെ സൂക്കട് ' എഴുത്തശ്ശന്‍ ചോദിച്ചു.

' മഞ്ഞ കാമാലയാണെന്നാ പറഞ്ഞത്. മരുന്നും തന്നു '.

' അതാണെച്ചാല്‍ ഒരു മരുന്നും വേണ്ടാ ' എഴുത്തശ്ശന്‍ പറഞ്ഞു ' മഞ്ഞകാമാല ഊതി ഇറക്കും. ഊതാന്‍ അറിയിണ
വല്ലോരുക്കും കാണിക്ക്. അല്ലെങ്കിലോ കീഴാര്‍ നെല്ലി നന്നായി അരച്ച് പാലില്‍ ചേര്‍ത്ത് കൊടുക്ക്. വേണച്ചാല്‍
ഓരോ ഗ്ലാസ്സ് ആട്ടുകോവാലീം കൊടുത്തോ. സൂക്കട് പറക്കണ വഴി അറിയില്ല '.

' ഈ ആട്ടുകോവാലി എന്ന് പറഞ്ഞാല്‍ എന്താ ' പോളിന് അത് അറിയില്ല.

' ആടിന്‍റെ മൂത്രം. നല്ല മരുന്നാണ്. സൂക്കട് മാറുമ്പൊ ആടിന്‍റെ ഈരല് വാങ്ങി ഉപ്പും കുരുമുളകും ഇട്ട് വേവിച്ച്
കൊടുത്താല്‍ മതി, പൂ തെളിയുന്ന മാതിരി ദേഹം തെളിയും '.

അതെല്ലാം ചെയ്യണമെന്ന് ചാമി ഉറപ്പിച്ചു. ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടന്ന കാളുക്കുട്ടിയെ ചികിത്സിക്കാന്‍ കൊണ്ടു പോവാനായി ചെന്ന തന്നെ നോക്കി ' ആരും വന്നില്ലെങ്കിലും നിങ്ങള് വരും
എന്ന് ഉറപ്പുണ്ടായിരുന്നു ' എന്ന് അവള്‍ പറഞ്ഞതും ആ കണ്ണുകള്‍ നിറഞ്ഞൊഴുകിയതും ചാമി ഒരു
തവണ കൂടി മനസ്സില്‍ കണ്ടു.

' എന്താ കൂട്ടരേ, ഇന്ന് ഉണ്ണലൊന്നും ഇല്ലേ ' എന്നും ചോദിച്ച് നാണു നായര്‍ എത്തി.

**************************************************

' കുപ്പ്വോച്ചോ. ഇക്കുറീത്തെ കൊയ്ത്ത് കഴിഞ്ഞാല്‍ എന്താ ചെയ്യണ്ട് ' പാടം നോക്കി വരുമ്പോള്‍ ചാമി ചോദിച്ചു.

' എന്താണ്ടാ നീ ഒരു പുതുമ പറയിണ് ' എഴുത്തശ്ശന്‍ ചോദിച്ചു ' കൊയ്ത്ത് കഴിഞ്ഞതും വൈക്കോല്‍ പണി. പാടത്ത് ഓതം ഉണ്ടെങ്കില്‍ രണ്ട് ചാല് പൂട്ടിക്കണം. പിന്നെ ചാണകം കടത്തിക്കണം. കുറച്ച് നെല്ല് പുഴുങ്ങണം. അല്ലാണ്ടെന്താ '.

' അതല്ല ഞാന്‍ ചോയ്ച്ചത്. ഒരു അടമാറീല് പള്ളം വെച്ചാലോ '.

' നല്ല കാര്യാണ്. ആരേക്കൊണ്ടാ മല്ലുക്കെട്ടാന്‍ ആവ്വാ '.

പണിയുടെ കാര്യം താന്‍ നോക്കാമെന്ന് ചാമി ഉറപ്പ് നല്‍കി.

' ഒരു കാര്യം ആദ്യം തന്നെ പറയാം. കണ്ണിക്കണ്ട സള്‍ഫേറ്റൊന്നും ഇടാന്‍ പാടില്ല '.

' തോണ്ടപ്പിണ്ണാക്ക് ഇട്ടാലോ '.

' അതും വേണ്ടാ. ഒന്നാമത് കായക്ക് രുചി ഉണ്ടാവില്ല. പിന്നെ മുറിച്ച് വെച്ചാലോ വളുവളുക്കനെ കേടായി
പോവും '.

നനയ്ക്കാന്‍ പമ്പ് സെറ്റുണ്ട്. അത് വേണ്ടെന്ന് എഴുത്തശ്ശന്‍ പറഞ്ഞു.

' കാറ്റും വെയിലും കൊണ്ട് അത് പുഴമ്പള്ളേല് ഇടാന്‍ പാടില്ല. ഏത്തം പൂട്ട്യാല്‍ മതി '.

തേക്കുകൊട്ട കേട് വന്നിട്ടുണ്ട്. അത് ആശാരിയെക്കൊണ്ട് നന്നാക്കിക്കാമെന്ന് ചാമി ഏറ്റു.

' ഏത്തം വെച്ചിട്ട് വേണം എനിക്ക് കുറെ നേരം വെള്ളം തേകാന്‍ ' എഴുത്തശ്ശന്‍ പറഞ്ഞു ' മിണ്ടാണ്ടെ തീനും
കഴിഞ്ഞ് ഇരുന്നിട്ട് മേലൊക്കെ വേദനിക്കാന്‍ തുടങ്ങി '.

' മത്തന്‍, കുമ്പളം, വെള്ളരി, പിന്നെ വേണച്ചാല്‍ കയ്പ്പീം പടവലൂം മതി. അത് പോരെ '.

' വെണ്ടീം വഴുതിനീം കൂടി ആയാലോ '.

' എന്തൊക്ക്യാ വേണ്ടത് എന്ന് നീ തന്നെ നിശ്ചയിച്ചോ '.

ചേരിന്‍ തണലില്‍ അവര്‍ നിന്നു. വിമാനത്തിന്‍റെ ഇരമ്പല്‍ കേട്ടു തുടങ്ങി.