Wednesday, February 17, 2010

അദ്ധ്യായം 54

അപ്പ്വോച്ചോ, കെഴക്കേ പൊറ്റക്കണ്ടത്തില് ഇന്നലെ രാത്രി പന്നി എറങ്ങീട്ടുണ്ട് ' കാലത്ത്
പാടം മുഴുവന്‍ നടന്ന് നോക്കി വന്ന ശേഷം ചാമി എഴുത്തശ്ശനോട് പറഞ്ഞു ' നെല്ലില്‍ കൂടി
നടന്ന താര കണ്ടിട്ട് ഒരു കൂളന്‍കുട്ടിടെ വല്ലുപ്പൂണ്ട് പന്നിക്ക് '

' ഇനീപ്പൊ നമ്മള് എന്താണ്ടാ ചെയ്യാ '

' നിങ്ങള് പറഞ്ഞാല്‍ ഞാന്‍ പോയി മായപ്പന്‍റെ അടുത്തുന്ന് പടക്കം വാങ്ങീട്ട് വരാം.
പെട്ടാലോ വെട്ടി വിറ്റാല്‍ പറയിണ പണം കിട്ടും '.

' നീ വേണ്ടാത്ത പണിക്കൊന്നും പോണ്ടാ. വല്ല കന്നോ മാടോ കടിക്ക്യേ, വഴി
നടക്കുന്നോര് ചവിട്ട്വേ ചെയ്താല്‍ പെഴപ്പായി. അതല്ലാതെ വേറെന്തെങ്കിലും നോക്ക് '.

' പിന്നെ വേണച്ചാല്‍ കാവല്‍ചാള വെച്ചിട്ട് കെടക്കണം. നെല്ലൊക്കെ വെളഞ്ഞു കഴിഞ്ഞു.
കടമണി മാത്രേ പഴുക്കാനുള്ളു. പത്ത് പതിനഞ്ച് ദിവസത്തിന്ന് വേണ്ടി മെനക്കെട്ട്
ചാള ഉണ്ടാക്കണ്ടേ എന്ന് വെച്ചിട്ടാ '.

' അതെന്താ സംഗതി ' വെണുവിന്ന് കാവല്‍ ചാളയെ കുറിച്ച് വലിയ അറിവില്ല.

' അതെന്താ നീയ്യ് കാവല്‍ചാള കണ്ടിട്ടില്ലേ ' എഴുത്തശ്ശന്‍ ചോദിച്ചു.

വേണുവിന്‍റെ ഓര്‍മ്മകളില്‍ കാവല്‍ചാളയുടെ നിഴല്‍ ഇല്ല. ' എനിക്ക് കണ്ട
ഓര്‍മ്മ വരുന്നില്ല '.

' മൊളേം പട്ടേം കൊണ്ട് ആളക്ക് കെടക്കാന്‍ ഉണ്ടാക്കുന്നതാണ് ചാള. അതിന്ന്
നാല് കാലും ഉണ്ടാവും ' ചാമി വിവരിച്ചു.

' നീ ഇങ്ങിനെ പറഞ്ഞാല്‍ തൊകനെ മനസ്സിലാവും . ആളക്ക് മനസ്സിലാവുണ
മട്ടില് പറയണ്ടേ '. എഴുത്തശ്ശന്‍ തിരിഞ്ഞ് വേണുവിനോട് പറഞ്ഞു തുടങ്ങി.

മുമ്പ് ക്ഷാമം ഉണ്ടായിരുന്ന കാലത്ത് രാത്രി കാലങ്ങളില്‍ വിളഞ്ഞു നില്‍ക്കുന്ന
പാടങ്ങളില്‍ നിന്ന് കതിര് മാത്രം കൊയ്തു കൊണ്ടു പോയിരുന്ന കള്ളന്മാര്
ഉണ്ടായിരുന്നു അവരെ പിടിക്കാനും , മലേന്ന്കാട്ടു പന്നി വന്ന് ഇറങ്ങി കൃഷി
നശിപ്പിക്കുന്നത് തടുക്കാനും ,  പാടത്ത്കാവലിന്ന് പോവുന്നവര്‍ക്ക് രാത്രി
കഴിഞ്ഞു കൂടാന്‍  മുളയും പട്ടയും ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ് കാവല്‍ചാള.
മൂന്ന് അടിയിലേറേ പൊക്കമുള്ള മുളങ്കാലുകളിലാണ് കാവല്‍ചാളകള്‍ നിര്‍ത്തുക.
കമ്പിറാന്തലും, കൊടുവാളും മുണ്ടന്‍ വടിയും ഒക്കെയായിട്ടായിരിക്കും 
കാവലിന്ന് ചെല്ലാറ്. തകരത്തിന്‍റെ ടിന്നും, പായയും പുതപ്പും ഒക്കെ ചാളയില്‍
ഉണ്ടാവും. പന്നി ഇറങ്ങുമ്പോള്‍ കൊട്ടി പേടിപ്പിക്കാനാണ് ടിന്ന്. ചെലരടേല്
അഞ്ച് ഷെല്ല് ടോര്‍ച്ചും ഉണ്ടാവും.

ഇനി ഞാന്‍ പറയാമെന്നും പറഞ്ഞ് ചാമി ഇടയില്‍ കയറി.

ചെറു നാരങ്ങ നാലാക്കി മുറിച്ച മട്ടിലാണ് ചാള. നാരങ്ങടെ മഞ്ഞ ഭാഗം
പോലത്തെ സ്ഥലം പട്ട കൊണ്ട് മറയ്ക്കും. പിന്നെ ഒരു ഭാഗം അലക്
പാകും. മുളങ്കാലില്‍ നിറുത്തുമ്പൊ ഇതാണ് അടി ഭാഗത്ത് വരിക.
പായ വിരിക്കുന്നത് ഇതിലാണ്. അകത്ത് കേറാനും ഇറങ്ങാനും
 തുറന്ന ഭാഗം.

വേണുവിന്ന് ഏകദേശ രൂപം പിടി കിട്ടി.

' ഇതിന്ന് എത്ര വലിപ്പം കാണും '.

' ഒരാളുക്ക് നീണ്ട് നിവര്‍ന്ന് കെടക്കാനുള്ള എടം ഉണ്ടാവും. അകത്ത്
നിക്കാനൊന്നും പറ്റില്ല. കുമ്പിട്ട് ഇരിക്കാം . അത്രേന്നെ '.

' നമുക്ക് ഒന്ന് ഉണ്ടാക്കിയാലോ അമ്മാമേ ' എന്ന് വേണു ചോദിച്ചു.
' കാണാനൊരു കൌതുകം . അതേയുള്ളു '.

' അതിനെന്താ. ഒന്ന് ഉണ്ടാക്കടാ ചാമ്യേ '.

ശ്രീരാമന്‍റെ കല്‍പ്പന കേട്ട പാടെ നിറവേറ്റാന്‍ ഒരുങ്ങുന്ന ഹനുമാനായി
ചാമി മാറി.

വേലി പണിക്ക് മുള്ള്വെട്ടിയപ്പോള്‍ കൂടെ വെട്ടിയിട്ട മുന്ന് നാല് മുളകള്‍
പരുവ ചോട്ടില്‍ തന്നെ കിടപ്പുണ്ടായിരുന്നു. പാകത്തിന് വാടിയിട്ടുണ്ട്.
വളഞ്ഞു കിട്ടും. എഴുത്തശ്ശനും ഒപ്പത്തിനൊപ്പം പണി ചെയ്തു. വേണു
അതെല്ലാം നോക്കി നിന്നു.

പിറ്റേന്നാണ് പണി തീര്‍ന്നത്. ' നമുക്ക് ഇത് വയം പോലെ ഒരിടത്ത് വെക്കണം '
എഴുത്തശ്ശന്‍ പറഞ്ഞു.

' അതേ, ചേരിന്‍റെ ചോട്ടിലെ വലിയ വരമ്പത്ത് തന്നെ വെക്കാം ' എന്ന്
വേണു നിര്‍ദേശിച്ചു.

' അയ്യോ അത് പറ്റില്ല ' ചാമി ഇടപെട്ടു ' അത് നടമാറ്റം ഉള്ള വഴിയാണ്.
നേരം പുലരുമ്പഴക്കും ചാള എടുത്ത് എവിടേക്കെങ്കിലും എറിഞ്ഞിട്ടുണ്ടാവും '.

ആ പറഞ്ഞതും വേണുവിന്ന് മനസ്സിലായില്ല. എഴുത്തശ്ശന്‍ വിഷയത്തിലുള്ള
തന്‍റെ അറിവ് പകര്‍ന്നു.

ദുര്‍ദേവതകളെ പോലെ ഭഗവതിമാരും തങ്ങളുടെ സങ്കേതങ്ങളില്‍ നിന്ന്
അസമയങ്ങളില്‍ ഇറങ്ങി നടക്കും. അവരുടെ മുമ്പില് എത്തുപെടുകയോ
അവരുടെ നടവഴി മുടക്കി എന്തെങ്കിലും വെക്കുകയോ ചെയ്യാന്‍ പാടില്ല.

' ആരെങ്കിലും ഇത് പോലെ വല്ലതും  കണ്ടിട്ടുണ്ടോ അമ്മാമേ '.

' ഉണ്ട് എന്ന് പറയാന്‍ പറ്റില്ല. ഇല്ല എന്നും പറയാന്‍ പറ്റില്ല 'എഴുത്തശ്ശന്‍ 
പറഞ്ഞു ' ചിലതൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്. അതൊക്കെ ഞാന്‍ പറഞ്ഞു
തരാം '.

' വെള്ളപ്പാറയുടെ വടക്ക് മാറി വേപ്പ് മരം കാണുന്ന ദിക്കില്‍ മുമ്പ് ഒരു
ഭഗവതിടെ കാവ് ഉണ്ടായിരുന്നൂ എന്ന് കേട്ടിട്ടുണ്ട്. എന്‍റെ കുട്ടിക്കാലത്ത്
ആ അമ്പലം ഇല്ല. പക്ഷെ കുറെ കരിങ്കല്ല് കൊത്തിയത് അവിടെ കണ്ടിട്ടുണ്ട്.
കുറച്ച് കാലം മുമ്പ് വരെ മകര ചൊവ്വക്ക് അളുകള്‍ അവിടെ വെച്ചുനേദ്യം 
നടത്തിയിരുന്നു. ആ കാവിലെ ഭഗവതി അര്‍ദ്ധ രാത്രി കഴിഞ്ഞാന്‍ ഇറങ്ങി
നടക്കാറുണ്ടെന്ന് പറയുന്നു . അത് വേണു പറഞ്ഞ വരമ്പത്ത് കൂടി ചെന്ന്
കയത്തില്‍ കുളിച്ച് തിരിച്ച് പോവുമത്രേ. ആ വഴി മുടക്കി എന്ത് വെച്ചാലും
എടുത്ത് എറിയും. എന്‍റെ അച്ഛന്‍റെ കുട്ടിക്കാലത്ത് ആരോ സ്ത്രീ രൂപം കണ്ട്
പിന്നാലെ ചെന്നൂന്നും , അതോടെ അയാളുടെ സ്ഥിര ബുദ്ധി പോയീന്നും ഒക്കെ
കേട്ടിട്ടുണ്ടത്രേ. സത്യോ നൊണ്യോ എന്നൊന്നും അറിയില്ല, ആ വഴി മുടക്കി
കാവല്‍ ചാള വെച്ചാല്‍ നേരം പുലരുമ്പോഴേക്കും  അതിനെ അവിടുന്നെടുത്ത്
കണ്ടത്തില് വെച്ചിട്ടുണ്ടാവും. എനിക്ക് തന്നെ ആ അനുഭവം ഉണ്ടായിട്ടുണ്ട് '.

' അങ്ങിനെ ഒക്കെ ഉണ്ടാവ്വോ അമ്മാമേ '.

' എന്താ ഞാന്‍ പറയ്യാ. നമ്മടെ കടവിന്‍റെ രണ്ട് നാഴിക കിഴക്ക് മാറി ഒരു
കയം ഉണ്ട്. കൂരാന്‍കുണ്ട് എന്നാ പറയുക. ആ സ്ഥലത്ത് പുഴയുടെ
അക്കരെയും ഇക്കരേയും ഓരോ ഭഗവതി കാവുണ്ട്. ഏടത്തീം അനുജത്തീം 
ആണെന്നാണ് പറയാറ്. ആ കയത്തിന്‍ പള്ളേല് വലിയൊരു പാറയുണ്ട്.
തലവെട്ടി പാറ എന്നാ പറയുക. രാത്രി നേരത്ത് ആ പാറേല് ഇരുന്ന്
രണ്ടാളും കൂടി കല്ലാങ്കുഴി കളിക്ക്വോത്രേ. അതിന്‍റെ കുഴിയൊക്കെ ഇപ്പഴും 
പാറേല് കാണാം .രാത്രി രണ്ട് മണി മൂന്ന് മണി നേരത്ത് തുടിച്ച് കുളിക്കെണ
ചെത്തം എടയ്ക്കൊക്കെ കേള്‍ക്കാത്രേ '.

വിസ്മയത്തിന്‍റെ ലോകത്തിലേക്ക് വേണു എത്തി.

************************************************************************

' മൂത്താരേ , നമുക്ക് ഒരു കാര്യം ചെയ്യാം ' മുറ്റത്ത് കല്ലുകൊണ്ട് എന്തോ കളം
 വരച്ച് മായന്‍ കുട്ടി വേണുവിനോട് പറഞ്ഞു.

ചാമി ഒരു ദിവസം രാത്രി അവനെ കൂടെ കൊണ്ടു വന്ന് ആഹാരം കൊടുത്തതില്‍ 
പിന്നെ ഇടക്കൊക്കെ മായന്‍കുട്ടി കളപ്പുരയിലെത്തും. ഉള്ളതില്‍ ഓഹരി ഭക്ഷണം
ചാമി അവന്ന് കൊടുക്കും. തുണി നഷ്ടപ്പെടുത്തി വന്നാല്‍ വേണു ഏതെങ്കിലും 
പഴയ വസ്ത്രം നല്‍കും.

' എന്താ നമുക്ക് ചെയ്യേണ്ടത് ' വേണു തിരക്കി.

' അതേ, നമുക്ക് ഈ ഭൂമീനേ ഇതുപോലെ രണ്ട് ഭാഗാക്കാം '.

' എന്നിട്ട് '

' ഒന്നില് നെറയെ തവളകളെ ഇടണം  '.

' പിന്നെ '.

' മറ്റേതില് മുഴുവന്‍ കീരീനെ നെറയ്ക്കാം '.

' എന്തിനാ അതൊക്കെ ചെയ്യുന്നത് '.

' തവളകളെ പിടിച്ച് ഇട്ടു കൊടുത്താല്‍ പാമ്പുകള് അതിനെ
തിന്നാന്‍ വരും '.

' പാമ്പുകള് വന്നാല്‍ '.

' അപ്പോഴല്ലേ നമ്മള് കീരികളെ തുറന്ന് വിട്വാ '.

' എന്നാലോ '.

' കീരികള് പാമ്പിനെ കൊന്ന് തീര്‍ക്കും '.

' അതെന്തിനാ '.

' അവറ്റ മനുഷ്യനെ കടിക്കാതിരിക്കാന്‍ '.

' മായന്‍കുട്ടിക്ക് പാമ്പിനോട് അത്രക്ക് ദേഷ്യാണോ '.

' പിന്നല്ലാണ്ടേ. ഞാനും കുഞ്ഞിരാമനും കൂടി പണി മാറി സന്ധ്യക്ക്
പള്ളിക്കുണ്ടില് കുളിച്ചിട്ട് കുടീലിക്ക് പോന്നതാ. അറിയാതെ ഞാനാ
പാമ്പിനേ ചവിട്ട്യേത്. കടി കിട്ട്യേത് കുഞ്ഞിരാമന്ന്. കാല് വിളക്കിന്‍റെ
ചോട്ടില് എത്തുമ്പഴക്കും അവന്‍ വീണു. എന്‍റെ മടീല് കെടന്നിട്ടാ അവന്‍ 
ചത്തത് '.

ആ സംഭവം മനസ്സിലേല്‍പ്പിച്ച ആഘാതമാണോ മായന്‍കുട്ടിടെ മനോനില
തകരാറിലാക്കിയതെന്ന് വേണു സംശയിച്ചു.

' മൂത്താരേ, നിങ്ങളും ഞാനും കൂടി ഒരു വഴിക്ക് പോവുമ്പോള്‍ ഞാന്‍ ഒരു 
പാമ്പിനെ ചവിട്ടും. അത് നിങ്ങളെ കടിക്കും. നിങ്ങള് ചാവും ചെയ്യും.
അതിന്ന് മുമ്പിട്ട് നമുക്ക് എല്ലാ പാമ്പ്വോള്ളേം കൊല്ലണം '.

വേണു സമ്മതിച്ചു.

മായന്‍കുട്ടി തവളകളേയും കീരികളേയും ഓരോ ഭൂഖണ്ഡങ്ങളില്‍ 
നിറച്ച് സര്‍പ്പയജ്ഞത്തിന്ന് ഒരുങ്ങുന്ന ജനമേജയനായി.

അദ്ധ്യായം - 53.

നാലുമണിക്ക് മുമ്പേ നാണു നായര്‍ ഇറങ്ങി.

' വെയിലാറിയിട്ട് പോയാല്‍ പോരെ അച്ഛന് ' എന്ന് സരോജിനി ചോദിച്ചത്
കേട്ടില്ലെന്ന് നടിച്ചു. തോര്‍ത്ത് മുണ്ട് മടക്കി തലയിലിട്ടു. കളപ്പുരയില്‍ 
വേണുവും എഴുത്തശ്ശനും ഉണ്ടാവും , ചിലപ്പോള്‍ ചാമിയും. അവരോട്
സംസാരിച്ച് കുറെ നേരം ഇരിക്കാം. അതു കഴിഞ്ഞ് അമ്പലകുളത്തില്‍ 
മേല്‍ കഴുകി അയ്യപ്പനെ തൊഴണം. ആല്‍ചുവട്ടില്‍ കൂടുന്ന മീറ്റിങ്ങില്‍ 
പറയുന്ന കാര്യങ്ങള്‍ കേള്‍ക്കണം  . കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിന്ന്
ശേഷം നാണു നായര്‍ക്ക് വലിയ ഉഷാറാണ്.

പുഴ കടക്കുമ്പോള്‍ തെങ്ങിന്‍ തോപ്പില്‍ നിന്ന് വേലി പൊളിച്ച് ഇറങ്ങി
വരുന്ന രണ്ട് സ്ത്രീകളെ കണ്ടു. ഈരയും കോച്ചാടയും അടുക്കി കെട്ടി
തലയിലേറ്റിയിരിക്കുന്നു. കഞ്ഞി വെക്കാന്‍ വിറക് ശേഖരിച്ച് വരുന്ന
വരവാണ്.

' മൂത്താരേ ' മുമ്പില്‍ വന്നവള്‍ വിളിച്ചു ' നിങ്ങ അമ്പലം നന്നാക്കാന്‍
പോവ്വാണോ '.

അതെയെന്ന് തലയാട്ടി.

' വെള്ളപ്പാറേന്‍റെ മേപ്പട്ട് പൊളിഞ്ഞ കോവിലിലെ തമ്പുരാട്ടിക്കും ചെറുക്കനെ
ഒരു കോവില് പണിയിന്‍. മുന്നെ മകര ചൊവ്വക്ക് അവിടെ പൂജ ഉണ്ടാര്‍ന്നു.
അതും ഇപ്പൊ നെലച്ചില്ലേ '.


സംഗതി ആലോചിക്കാമെന്നേറ്റ് നായര്‍ നടന്നു. ഒരു കാര്യം മെല്ലെ
തുടങ്ങാനിരിക്കുന്നതേയുള്ളു. എങ്ങിനെ തീരുംന്ന് അറിയില്ല.
അതിനെടേലാണ് വേറൊരു കോവില്.

കളപ്പുര തിണ്ണയില്‍ എഴുത്തശ്ശന്‍ നിവര്‍ന്ന് കിടക്കുന്നു. വേണു പേപ്പറും
നോക്കി ഇരിക്കുകയാണ്.

' എന്താഹേ ഈ വെയിലത്ത് വരാന്‍. അര്‍ജന്‍റ് കാര്യം വല്ലതൂണ്ടോ '
എഴുത്തശ്ശന്‍ കൂട്ടുകാരനെ വരവേറ്റത് അങ്ങിനെയാണ്.

' ഒറ്റ മരത്തിലെ കൊരങ്ങനെ പോലെ എത്ര്യാ ഇരിക്ക്യാ. ഇവിടെ വന്നാല്‍ 
ഓരോന്ന് പറഞ്ഞും കേട്ടും ഇരിക്കാല്ലോ '.

' നായരേ, ഓണോക്കെ എവിടം വരെ എത്തീ '.

' നമുക്കെന്ത് ഓണം. അതൊക്കെ കൈ നെറയെ കാശ് ഉള്ളവര്‍ക്കല്ലേ '.

' അല്ലാത്തോര് അന്നേ ദിവസം വെപ്പും കുടീം ഇല്ലാതെ കഴിയ്വോ '.

' അങ്ങിന്യെല്ലാ. എന്നാലും ഏറേന്നും കൊറേന്നും ഉണ്ടല്ലോ '.

ആ നേരത്ത് മക്കു രാവുത്തര്‍ സൈക്കിളുമായി സ്ഥലത്തെത്തി.

' നിങ്ങളെന്താ, പറക്ക്വാ ചെയ്തത്. വീട്ടില്‍ ചെന്നപ്പൊ ഇങ്ങോട്ട് പോന്നൂന്ന്
കുട്ടി പറഞ്ഞു. പിന്നാലെ വെച്ച് പിടിച്ചൂ. കാണണ്ടേ '.

' ഞാന്‍ വെശേല് നടന്നു. നല്ല വെയിലുണ്ടേ '.

രാവുത്തരും തിണ്ടില്‍ ഇരുന്നു.

' കേട്ടോ, വേണ്വോ ' എഴുത്തശ്ശന്‍ പറഞ്ഞു ' ഞാന്‍ ചത്താല് ഈ മൂപ്പര്
തുണി എത്തിക്കും. അതിനുള്ള പണം ഞാന്‍ കൊടുത്തു വെച്ചിട്ടുണ്ട്.
ഇനി അപ്പൊഴ് വീണ്ടും ചോദിച്ചാല്‍ കൊടുക്കണ്ടാ കിട്ടോ '.

' എന്‍റെ എഴുത്തച്ചോ, നിങ്ങള് എന്നെ നാറ്റിക്കും '.

' രാവുത്തരേ , നിങ്ങളെ അല്ലാതെ ആരേങ്കിലും വെറുതെ കുറ്റം പറയാന്‍ 
കഴിയ്യോ '.

രാവുത്തര്‍ എന്തിനാ തന്നെ അന്വേഷിച്ചതെന്ന് നാണു നായര്‍ക്ക് അറിയാന്‍ 
തിടുക്കമായി. തുണി വാങ്ങിയ വകേല്- ഇനി ഒന്നും കൊടുക്കാനില്ല.

' കാണണം എന്ന് പറഞ്ഞ് ചെന്നൂന്നല്ലേ പറഞ്ഞത്. വിശേഷം ഒന്നും ഇല്ലല്ലോ '.

' വിശേഷം അല്ലേ വരാന്‍ പോണത്. ഞങ്ങടെ നാട്ടില് ഓണം വരാറായി.
തുണി വല്ലതും വേണോന്ന് ചോദിച്ച് ചെന്നതാണ്. ഇനി ഒരാഴ്ച സമയേള്ളൂ
ഓണത്തിന് '.

' ഒരു കാര്യം ചെയ്യിന്‍. കുട്ടിക്ക് മൂന്ന് മുണ്ടും മൂന്ന് ഒന്നരീം മൂന്ന്
ജാക്കറ്റിന് ചീട്ടിതുണീം റവുക്കക്ക് ഉള്ളതും കൊടുക്കിന്‍. എനിക്ക് രണ്ട്
മുണ്ടും, മൂന്നോ നാലോ തോര്‍ത്തും വേണം . മുണ്ട് ജഗന്നാഥന്‍ മതി.
മല്ല് വേണ്ടാട്ടോ '. നാണു നായര്‍ വാക്കാല്‍ ഓര്‍ഡര്‍ നല്‍കി.

' അതൊക്കെ എനിക്ക് അറിയാലോ. ചീപ്പ് സാധനം നോക്കീട്ടല്ലേ നിങ്ങള്
വാങ്ങാറ്

' എനിക്ക് അത്രക്കേ വക ഉള്ളു '.

ആ സമയത്ത് ഒരു തമാശിന് ' ഞങ്ങള്‍ക്കൊന്നും ഓണപെട ഇല്ലേ
വേണ്വോ ' എന്ന് എഴുത്തശ്ശന്‍ ചോദിച്ചു.

' പിന്നെന്താ ' എന്നും പറഞ്ഞ് വേണു തയ്യാറായതും അബദ്ധം 
പറ്റിയ മട്ടിലായി എഴുത്തശ്ശന്‍.

' ഞാന്‍ വെറുതെ പറഞ്ഞതാണ് ഒന്നും വേണ്ടാട്ടോ ' എന്നും പറഞ്ഞ്
ഒഴിവാകാന്‍ ശ്രമിച്ചത് വേണു സമ്മതിച്ചില്ല.

' ഞാന്‍ ഇവിടേക്ക് നടാടെ വന്നതല്ലേ, എല്ലാവര്‍ ക്കും ഇക്കൊല്ലത്തെ
ഓണക്കോടി എന്‍റെ വക '.

' അമ്മാമക്കും , നാണുമാമക്കും , ചാമിക്കും , എനിക്കും ഒരേ
പോലത്തെ മുമ്മൂന്ന് മുണ്ടും ഷര്‍ട്ടും. സരോജിനിക്ക് നല്ല ഒന്നാന്തരം
സാരിയും ജാക്കറ്റ് തുണിയും, മറ്റെന്താ വേണ്ടത്ച്ചാല്‍ അതും വേണം.
പൈസ ഞാന്‍ ഇപ്പൊ തന്നെ തരാം '.

രാവുത്തര്‍ നിനക്കാത്ത കച്ചവടമായിരുന്നു അത്. പറഞ്ഞിട്ടെന്താ ' ഞാന്‍
മുന്ത്യേ ഷര്‍ട്ടും മുണ്ടും പത്തറുപത് കൊല്ലമായി ഉടുത്തിട്ട് ' എന്നും 
പറഞ്ഞ് എഴുത്തശ്ശന്‍ നിരസിച്ചു.

' അതൊന്നും പറഞ്ഞാല്‍ പറ്റില്ല. ഇനി മുതല്‍ നമ്മള്‍ ഒരേ മട്ടില് വേഷം 
കെട്ടും. കാണുന്നോരക്ക് ഒരു ആശ്ചര്യം തോന്നട്ടെ '.

' നല്ലതൊക്കെ കുടീല് വെച്ചിരിക്ക്യാണ്. നാളെ കൊണ്ടു വന്നാല്‍ പോരെ ' എന്ന്
രാവുത്തര്‍ പറഞ്ഞു. അപ്പോള്‍ കല്യാണിയുടെ കാര്യം വേണുവിന്ന് ഓര്‍മ്മ വന്നു.
നല്ല സുന്ദരിക്കുട്ടി. അവള്‍ക്കും വേണം ഭംഗിയുള്ള തുണിത്തരങ്ങള്‍ .

അത് കൂടി ഏല്‍പ്പിച്ചു.

' അമ്മാമേ, നമ്മടെ ഗുരുസ്വാമിക്കും വാങ്ങി കൊടുക്കണം ന്ന് മോഹം 
തോന്നുന്നുണ്ട്. എന്തെങ്കിലും തോന്ന്വോ '.

' നീ വാങ്ങിച്ചോ. മൂപ്പരുക്ക് അങ്ങനെ ഒന്നൂല്യാ. സ്നേഹത്തോടെ
തരുന്നതാണെന്ന് ബോധ്യായാല്‍ വാങ്ങും '.

' എന്നാല്‍ ഒരാളുക്ക് ഉള്ളതും കൂടി എടുത്തോളൂ '.

' ഇക്കൊല്ലത്തെ ഓണകച്ചോടം പൊടി പൊടിച്ചു അല്ലേ. ഇനീം നിങ്ങടെ
കുറേ തുണിക്ക് ചിലവ് വരാന്‍ പോവുന്നുണ്ട് 'എഴുത്തശ്ശന്‍ പറഞ്ഞത്
ആര്‍ക്കും മനസ്സിലായില്യാ .

അമ്പലത്തിലെ ക്രിയകള്‍ക്ക് മുണ്ടും എണ തോര്‍ത്തും കുറെ വേണ്ടി വരും.
ആ കാര്യം രാവുത്തരോട് പറഞ്ഞു.

' എത്ര വേണം നോക്കി ലിസ്റ്റ് തരിന്‍. ഒക്കെ നമ്മള് എത്തിച്ചോളാം '.

' വലിയ വില കൂട്യേത് ഒന്നും വേണ്ടാട്ടോ. ചടങ്ങിന് കൊടുക്കണം.
അത്രക്കൊക്കെ മതി '.

' പൈസ ആര് ചോദിച്ചു. അയ്യപ്പന് വേണ്ടത് നമ്മടെ വക. മൂപ്പരുടെ  
ദോസ്ത് നമ്മടെ ആളല്ലേ '.

അമ്പലത്തില് ചെല്ലാറായില്ലേ ' നാണു നായര്‍ ചോദിച്ചതോടെ എല്ലാരും എണീറ്റു.

' എന്നാല്‍ നമ്മളും ഇറങ്ങട്ടെ ' എന്നും പറഞ്ഞ് മക്കു രാവുത്തരും പുറപ്പെട്ടു.

**************************************************
' നാളെ ഒരു ലോഡ് സാധനം ഇവിടെ എത്തും ' അന്ന് സന്ധ്യക്ക് കൂടിയ
യോഗത്തില്‍ സ്വാമിനാഥന്‍ പറഞ്ഞു ' ചിങ്ങ മാസത്തിലേ കഴകക്കാര്‍ക്ക്
താമസിക്കാനുള്ള വീട് പണി തുടങ്ങണം '.

എല്ലാവരും അത്ഭുതപ്പെട്ടു. മിണ്ടുമ്പോഴേക്കും സാധനം എത്തി. കാര്യ
പ്രാപ്തി ഉള്ളവര് ഇടപെട്ടാല്‍ ഇങ്ങിനെയിരിക്കും .

' പിന്നെ ഒരു കാര്യം കൂടി. അമ്പലം കമ്മിറ്റിക്ക് എഴുതി തരനുള്ള പ്രമാണം
ഉണ്ടാക്കാന്‍ വക്കീലിനെ ഏല്‍പ്പിച്ചിട്ടുണ്ട് '.

വേണുവിന്ന് സ്വാമിനാഥനോടുള്ള ബഹുമാനം കൂടി. കക്ഷിക്ക് കാര്യപ്രാപ്തി
മാത്രമല്ല, കഴിവും, കാര്യങ്ങള്‍ നിറവേറ്റണമെന്ന മനസ്ഥിതിയും ഉണ്ട്.

' എനിക്ക് പറയാനുള്ളത്, ആരെങ്കിലും ഒരാള്‍ ഇവിടെ എത്തുന്ന
സാധനങ്ങള്‍ പാകം പോലെ അടുക്കി വെപ്പിക്കണം. ഒന്നും നഷ്ടപ്പെടാതെ
നോക്കാന്‍ വല്ല ഏര്‍പ്പാടും ചെയ്യണം '.

രാജന്‍ മേനോന്‍ സ്ഥലത്തെത്തി സാധനങ്ങള്‍ വേണ്ട വിധം വെപ്പിക്കാമെന്ന്
ഏറ്റു. അദ്ദേഹത്തിന്ന് സഹായം വാഗ്ദാനം ചെയ്ത് കുറെ ചെറുപ്പക്കാരും 
കൂടി. പട്ട കൊണ്ട് ഷെഡ്ഡ് ഉണ്ടാക്കി അവര്‍ രാത്രി കാവല്‍ കിടക്കും .

ഓണം കഴിഞ്ഞ രാവിലെ ദേവപ്രശ്നം നടത്താന്‍ ആളെത്തുമെന്ന് ഗുരു
സ്വാമിയും പറഞ്ഞതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

അദ്ധ്യായം - 52.

' ഇല്ലാത്ത കാശ് പിരിച്ചുണ്ടാക്കീട്ടാ നമ്മള് ഇതൊക്കെ ചെയ്യാന്‍ പോണത്.
ഈ അമ്പലത്തിന്ന് ഊരാളന്മാരുണ്ട്. നമ്മള് പണി തീര്‍ത്തിട്ട് ഇനി ഞങ്ങള്
നോക്കിക്കോളാം എന്നും പറഞ്ഞ് അവര് വന്നാല്‍ സംഗതി ബുദ്ധിമുട്ടാവും '
സ്വാമിനാഥന്‍ എല്ലാവരോടുമായി പറഞ്ഞു.

തലേന്നത്തേക്കാള്‍ ആളുകള്‍ അന്ന് പങ്കെടുത്തിരുന്നു. അയാള്‍ പറഞ്ഞത് ശ
രിയാണെന്ന് എല്ലാവര്‍ക്കും തോന്നി.

' അതിന് നമ്മള് എന്താ ചെയ്യാ ' എന്ന സംശയം ചോദിച്ചത് എഴുത്തശ്ശനാണ്.

' ഉടമസ്ഥനെ കണ്ടിട്ട് നമ്മള് എഴുതി വാങ്ങിക്കണം. അമ്പലം നന്നാക്കി കൊണ്ടു
നടക്കാനുള്ള സമ്മതം മതി. ക്രയവിക്രയ സ്വാതന്ത്രം ഒന്നും നമുക്ക് വേണ്ടാ '.

പ്രസിഡണ്ടും സെക്രട്ടറിയും ട്രഷററും കൂടി ഉടമസ്ഥന്‍ നമ്പൂതിരിപ്പാടിനെ ചെന്ന്
കാണണം, അദ്ദേഹത്തിന്‍റെ സമ്മതം കിട്ടിയിട്ട് മതി ദേവപ്രശ്നത്തിന്ന് ദിവസം 
നിശ്ചയിക്കാന്‍, എന്നൊക്കെ അഭിപ്രായം ഉയര്‍ന്നു. നടാടെ ഒരു കാര്യത്തിന് മൂന്ന്
പേര് ചേര്‍ന്ന് ചെല്ലണ്ടാ. രക്ഷാധികാരിയായ എഴുത്തശ്ശനും കൂടെ ചെല്ലട്ടെ എന്ന്
തീരുമാനിച്ചു.

പിറ്റേന്ന് കാലത്ത് തന്നെ സംഘം പുറപ്പെട്ടു. സ്വാമിനാഥന്‍ കാറുമായി കടവില്‍ 
എത്തി. എഴുത്തശ്ശനും വേണുവും ചെല്ലുമ്പോള്‍ രാജന്‍ മേനോന്‍ കാറിലുണ്ട്.

എല്ലാവരും കയറിയതോടെ കാര്‍ നീങ്ങി.

' വിചാരിച്ച പ്രയാസം വരുംന്ന് തോന്നുന്നില്ല ' മേനോന്‍ പറഞ്ഞു ' മനക്കില്‍ 
ഉള്ളവര്‍ക്ക് അമ്പലം ആരേയെങ്കിലും ഏല്‍പ്പിച്ചാല്‍ മതീന്ന് ആയിട്ടുണ്ടത്രേ.
അവര്‍ക്ക് അയ്യപ്പന്‍റെ കോപം ഉണ്ടെന്ന് പറഞ്ഞു കേള്‍ക്കുന്നു '.

' അതെങ്ങന്യാ ഉണ്ടാവാണ്ടെ ഇരിക്ക്യാ. ശരിക്ക് നോക്കി നടത്തേണ്ടത് അവരല്ലേ.
ഭൂമി കയ്യിന്ന് പോയീന്ന് പറഞ്ഞിട്ട് കാര്യംണ്ടോ '. എഴുത്തശ്ശന്‍ പറഞ്ഞു.

ഉദ്ദേശിച്ചതിനേക്കാള്‍ ഭേദപ്പെട്ട സ്വീകരണമാണ് കിട്ടിയത്. മൂത്ത തിരുമേനി എന്ത്
വേണമെങ്കിലും എഴുതി തരാന്‍ തയ്യാറാണ്. ഭഗവാന്‍റെ കാര്യം മുടക്കം വരാതെ
നോക്കിയാല്‍ മതി. ദേവപ്രശ്നത്തിന്ന് എത്തിക്കോളാമെന്നും പറഞ്ഞ് ഒരു പൊതി
അദ്ദേഹം ഗുരുസ്വാമിയെ ഏല്‍പ്പിച്ചു. കാറിലെത്തി തുറന്ന്നോക്കുമ്പോള്‍
ആയിരത്തി ഒന്ന് ഉറുപ്പിക.

മുഹൂര്‍ത്ത കയ്യ് മോശം വന്നില്ല എന്ന് എല്ലാവര്‍ക്കും തോന്നി.

' ഒരു കാര്യം ചെയ്യാം. നമുക്ക് രാഘവനേം കിട്ടുണ്ണി മാഷേം കണ്ട്ഒന്ന്
പറഞ്ഞിട്ട് പോകാം ' എന്ന് രാജന്‍ മേനോന്‍ പറഞ്ഞതിന്ന് ' എന്തിനാ
അവരെ ചെന്ന് കാണുന്നത്, അവരാരാ, നാട്ടിലെ പ്രമാണിമാരോ ' എന്ന്
സ്വാമിനാഥന്‍ പറഞ്ഞെങ്കിലും ഒടുവില്‍ കൂടെ ചെല്ലാമെന്നേറ്റു.

രാഘവന്‍റെ പ്രതികരണം തീരെ മോശമായിരുന്നു. ' മനുഷ്യന്‍ ചന്ദ്രനില്‍ 
പോയി മടങ്ങി വന്നിരിക്കുന്നു. ആ കാലത്താണ് അമ്പലം നന്നാക്കണം എന്നും 
പറഞ്ഞ് നിങ്ങള്‍ ഇറങ്ങിയിരിക്കുന്നത്. വല്ല ജീവകാരുണ്യ പ്രവര്‍ത്തനത്തിനും 
ഇറങ്ങിന്‍. അതിന്ന് എന്നെക്കൊണ്ട് ആവുന്നത് ഞാന്‍ ചെയ്യാം '.

സ്വാമിനാഥന്ന് അത് തീരെ രസിച്ചില്ല. ' ഞങ്ങള് ഒരു കാര്യം ചെയ്യാം. ജീവ
കാരുണ്യ പ്രവര്‍ത്തനത്തിന്ന് തയ്യാറാണെന്നല്ലേ പറഞ്ഞത്. മായന്‍കുട്ടീന്ന്
പേരുള്ള ഒരു പ്രാന്തനുണ്ട്ഇവിടെ. അവനെ ഇവിടെ എത്തിക്കാം. മകനെ
പോലെ നോക്കിക്കോളിന്‍ ' അയാള്‍ വെച്ചു കാച്ചി.

' നിങ്ങളെന്താ മക്കാറാക്കാന്‍ വന്നതാ ' എന്ന് രാഘവന്‍ ചോദിച്ചതിന്ന് ' ഈ
മാതിരി എണ്ണത്തിനെ കാണണ്ടാ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കേട്ടില്ലല്ലോ ' എന്നും 
പറഞ്ഞ് സ്വാമിനാഥന്‍ കൂടെയുള്ളവരെ കൂട്ടി പടി ഇറങ്ങി.

' ആ പറഞ്ഞത് കൊള്ളേണ്ട ഇടത്ത് കൊണ്ടു ' എന്ന് കാറില്‍ വെച്ച്
എഴുത്തശ്ശന്‍ പറഞ്ഞു ' മായന്‍ കുട്ടി രാഘവന്ന് തീര്‍ന്നതാണെന്ന് ഈ
നാട്ടില്‍ ആര്‍ക്കാ അറിയാത്തത് '.

പഞ്ചായത്ത് ഓഫീസിന്ന് മുമ്പിലെത്തിയപ്പോള്‍ കിട്ടുണ്ണി മാസ്റ്ററെ കാണണോ എന്ന്
സ്വാമിനാഥന്‍ ചോദിച്ചു. രാഘവനെ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ അനുഭവം 
മടുപ്പ് ഉളവാക്കിയിരുന്നു.

' എന്താ ആരും ഒന്നും പറയാത്തത് ' സ്വാമിനാഥന്‍ ഒരിക്കല്‍ കൂടി ചോദിച്ചു.

' വേണു കൂടെ ഉണ്ടല്ലോ ' എഴുത്തശ്ശന്‍ പറഞ്ഞു ' അതോണ്ട് കുറച്ചൊരു
മര്യാദ കാട്ടും '.

ഗേറ്റിന്ന് വെളിയില്‍ കാറ് നിര്‍ത്തി എല്ലാവരും ഇറങ്ങി. ശബ്ദം കേട്ട് ഉമ്മറത്ത്
എത്തിയ കിട്ടുണ്ണി ആഗതരെ അകത്തേക്ക് ക്ഷണിച്ചു.

രാജന്‍ മേനോന്‍ വിവരങ്ങള്‍ പറഞ്ഞു. എല്ലാവിധ സഹായ സഹകരണങ്ങളും
അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കിട്ടുണ്ണി എല്ലാം ശ്രദ്ധിച്ച് കേട്ടു.

' ഞാന്‍ പറയാണച്ചാല്‍ വേണ്ടാത്ത ഒരു പണിക്കാണ് നിങ്ങള്‍ ഇറങ്ങിയത്.
നാട്ടില്‍ ഇഷ്ടം പോലെ അമ്പലങ്ങളുണ്ട്. നോക്കി നടത്താന്‍ ആളില്ല. നിങ്ങള്
കേട് തീര്‍ത്ത് അമ്പലം  നന്നാക്കീന്നെനെ വിചാരിക്യാ. എത്ര കാലം അത്
നടത്തി കൊണ്ടു പോവാന്‍ പറ്റും '.

' എല്ലാരും മനസ്സ് വെച്ചാല്‍... ' മേനോന്‍ പകുതിയില്‍ നിര്‍ത്തി.

' അതൊക്കെ വെറുതെ തോന്നുന്നതാ. വീഴാറായ ഒരു അമ്പലം ഈയിടെ ഞാന്‍ 
നന്നാക്കി. ഒരാളേം  കണ്ടതൂല്യാ, പത്ത് പൈസ പിരിച്ചതൂല്യാ '.

' അത് നിങ്ങളുടെ തറവാട് വക അമ്പലം അല്ലേ '.

' എന്തോ ആവട്ടെ. കാശ് ഇറക്കാതെ കാര്യം നടക്ക്വോ. ഇപ്പൊ മലേല് അമ്പലം 
പണിയണംന്ന് കുറെ ആള്‍ക്കാര് പറഞ്ഞപ്പോള്‍ അതിന് ഇറങ്ങി പുറപ്പെട്ടു.
അത് കഴിയതെ വേറൊന്നിന്ന് ഞാനില്ല '.

' ശരി. എന്നാല്‍ ഞങ്ങള്‍ ഇറങ്ങട്ടെ ' എന്നും പറഞ്ഞ് എല്ലാവരും എഴുന്നേറ്റു.

കിട്ടുണ്ണി കൂടെ മുറ്റത്തേക്ക് ഇറങ്ങി.

' ഒന്നും തോന്നരുത്. ആര് വന്ന് പറഞ്ഞാലും എനിക്ക് ചില തീരുമാനം ഒക്കെ
ഉണ്ട്. മുഖം നോക്കാതെ ഞാന്‍ അതങ്ങട്ട് പറയും. അതില്‍ ആരക്കും പരിഭവം 
തോന്നീട്ട് കാര്യോന്നൂല്യാ. അതെന്‍റെ ഒരു ശീലാണേ '. കൂടുതല്‍ ഒന്നും പറയാതെ
അവര്‍ പടിയിറങ്ങി.

' വേണ്ടിയിരുന്നില്ല ഈ കഴുവേറിയെ കാണാന്‍ വന്നത് ' എഴുത്തശ്ശന്‍ പറഞ്ഞു
' അവന്‍ ഒടുക്കം പറഞ്ഞത് വേണ്വോ നിന്നെ കൊള്ളിച്ചിട്ടാണ് '.

വേണു മറുപടി പറഞ്ഞില്ല. പുഴ വക്കത്ത് കാര്‍ നിര്‍ത്തി , എഴുത്തശ്ശനേയും 
വേണുവിനേയും ഇറക്കി തിരിച്ച് പോയി.

***********************************************************************
എഴുത്തശ്ശനും വേണുവും കളപ്പുരയിലെത്തിയപ്പോള്‍ ചാമി പണിക്ക്
എത്തിയിട്ടുണ്ടെന്ന് മനസ്സിലായി. ഇറയത്ത് തൂക്കി വെക്കാറുള്ള
കൈക്കോട്ട് കാണാനില്ല.

' ആ കള്ളന്‍ വന്നിട്ടുണ്ടെന്ന് തോന്നുന്നു. ഇന്നലെ ഇങ്ങോട്ട് തിരിഞ്ഞ് നോക്കീട്ടില്ല '.

' ചിലപ്പോള്‍ മുറിവ് വേദനിച്ചിട്ടാവും വരാഞ്ഞത് '.

' ഹേയ്, അങ്ങിനെ ആവില്ല. മുറിച്ച് രണ്ടാക്കി ഇട്ടാല്‍ കൂടി ചേര്‍ന്ന് എണീറ്റ്
വരുന്ന വകയാണ് അവന്‍ '.

' എന്നാല്‍ മാനക്കേടോണ്ട് ആവും '.

' ഇവറ്റേള്‍ക്ക് എന്ത് നാണക്കേട്. കള്ള് കുടിച്ച് അടി ഉണ്ടാക്കും, പിന്നെ
രണ്ടീസത്തേക്ക് മര്യാദക്ക് നടക്കും, മൂന്നാം പക്കം തഥൈവ. ഒന്നുക്ക്
ഒന്നരാടം തല്ല് കൂടും . എന്തോ വേണു വന്ന ശേഷം മര്യാദക്കാരനായി
കൂട്യേതാണ് '.

' ചിലരങ്ങിനെയാണ് അമ്മാമേ. സ്വതവേ നല്ലവരാണെങ്കിലും ചെറിയൊരു
പ്രേരണ മതി തെറ്റിന്‍റെ പിന്നാലെ പോവാന്‍. ശാസിക്കാതെ, ദേഷ്യപ്പെടാതെ
കൂടെ കൊണ്ടുനടത്തിയാല്‍ മതി. ഇണങ്ങിയ കൊമ്പനെ പോലെ പിന്നാലെ
വന്നോളും  '.

' അത് ശരിയാ. ആ മൊരടന്‍ നെന്‍റെ മുമ്പില് പച്ച പശു ആയിട്ടാ നില്‍ക്കാറ് '.

' നമുക്ക് പാടത്ത് പോയി നോക്കാം, എന്താ അവന്‍ ചെയ്യണത് എന്ന്
കാണാലോ ' എന്നും പറഞ്ഞ് എഴുത്തശ്ശന്‍ ഇറങ്ങി, പുറകെ വേണുവും.

കൈക്കോട്ട് ഒരു ഭാഗത്ത് വെച്ച് ചേരിന്‍ ചുവട്ടില്‍ ചാമി കിടക്കുകയാണ്.

' വല്ല പനിയോ മറ്റോ ഉണ്ടാവും. നെറ്റി പൊട്ട്യേതല്ലേ ' അകലെ
നിന്നേ ചാമിയെ കണ്ടതും എഴുത്തശ്ശന്‍ പറഞ്ഞു.

അവര്‍ വരുന്നത് ചാമി അറിഞ്ഞില്ല. ' എന്താടാ നിനക്ക് മേല് വയ്യായ
ഉണ്ടോ ' എന്ന് എഴുത്തശ്ശന്‍ ചോദിച്ചതും പിടഞ്ഞെണീട്ടു ഇരുന്നു. തലയില്‍ 
കെട്ടിയ മുണ്ട് അഴിച്ചപ്പോള്‍ നെറ്റിയില്‍ മരുന്ന് വെച്ച് കെട്ടിയത് കണ്ടു.

' വീണിട്ട് പറ്റ്യേതോ, അതോ ആരെങ്കിലും രണ്ട് വീക്ക് തന്നതോ ' എന്ന്
എഴുത്തശ്ശന്‍ ചോദിച്ചു.

ചാമി തല താഴ്ത്തി.

' വേദന തോന്നുന്നുണ്ടോ, നമുക്ക് ഡോക്ടറുടെ അടുത്ത് പോവാം ' എന്ന്
വേണു പറഞ്ഞു.

ഒരു നിമിഷം. ചാമി കണ്ണ് തുടക്കാന്‍ തുടങ്ങി.

' വേണ്ടാത്ത കുണ്ടാമണ്ടി ഉണ്ടാക്കിയിട്ട് കരഞ്ഞിട്ട് എന്താ കാര്യം. ആ
ഡ്രൈവറ് ചെക്കന്‍ നല്ലവനായതുകൊണ്ട് നെന്‍റെ കരണത്ത് കൈ വെച്ചില്ല.
അവന്‍റേന്ന് കിട്ടേണ്ടത് ദൈവം തന്നൂന്ന് കരുതിക്കോ '.

' പോട്ടേ അമ്മാമേ ' വേണു പറഞ്ഞു ' തെറ്റ് പറ്റാത്ത മനുഷ്യരുണ്ടോ.
ചാമിക്ക് ഒരു അബദ്ധം പറ്റീന്ന് വിചാരിച്ചാല്‍ മതി '.

വേണു കുനിഞ്ഞ് ചാമിയുടെ തോളില്‍ കൈ വെച്ചു. ' ആ ഡ്രൈവറ്
കുടിക്കില്ലാ എന്ന് പറഞ്ഞപ്പോള്‍ എന്തിനാ നിര്‍ബന്ധിച്ചത്. ഇഷ്ടം 
ഇല്ലാത്തോരെ കുടിക്കാന്‍ പ്രേരിപ്പിക്കരുത് '.

തന്നെ പറ്റി തെറ്റായ വിവരമാണ് ഡ്രൈവര്‍ പറഞ്ഞതെന്ന് ചാമിക്ക്
മനസ്സിലായി.

' എനിക്ക് തപ്പ് പറ്റി. അത് സമ്മതിക്കുന്നു. പക്ഷെ ഉണ്ടായത് ഇതല്ല '.
തുടര്‍ന്ന് നടന്ന സംഭവം മുഴുവന്‍ ചാമി വിവരിച്ചു.

' ഇവന്‍ പറഞ്ഞത് നേരാണെങ്കില്‍ ആ ഡ്രൈവറെ വെറുതെ വിടാന്‍ 
പാടില്ല. ഇന്നത്തോടെ അവന്‍റെ പണി പൂട്ടിക്കണം ' എഴുത്തശ്ശന്‍ 
രോഷം പൂണ്ടു.

' ഇനി ഒന്നിനും പോണ്ടാ. കഴിഞ്ഞത് കഴിഞ്ഞു. മേലാല്‍  അബദ്ധം 
പറ്റാതെ നോക്കിയാല്‍ മതി '.

' ഈ മൊതലാളിടെ നിറുകാണെ ഇനി ഞാന്‍ കുടിച്ച് തല്ല് കൂടില്ല ' എന്ന്
ചാമി പറഞ്ഞു.

' കുരുത്തം കെട്ടോനേ, വേണ്ടാത്ത സത്യം ചെയ്ത് അത് തെറ്റിച്ചിട്ട്
ഇവനെന്തെങ്കിലും വന്നാല്‍ നെന്‍റെ രണ്ട് കണ്ണും ഞാന്‍ കുത്തി പൊട്ടിക്കും '.

' സാരമില്ല അമ്മാമേ. എനിക്ക് ദോഷം വരുന്നതൊന്നും ചാമി ചെയ്യില്ല '.

മുതലാളിക്ക് തന്നിലുള്ള വിശ്വാസം ചാമിയെ കോരി തരിപ്പിച്ചു.

' ഇനി മേല്‍ക്കൊണ്ട്ഞാന്‍ അറിഞ്ഞും കൊണ്ട് ഒരു തെറ്റും  ചെയ്യില്ല '
എന്ന് ചാമി മനസ്സില്‍ ഉറപ്പിച്ചു.

അപ്പോള്‍ ആകാശത്തില്‍ വിമാനത്തിന്‍റെ ഇരമ്പല്‍ കേട്ടു.

അദ്ധ്യായം - 51.

വണ്ടി തട്ടീട്ട് ചാമി റോഡരുകില്‍ കിടക്കുന്നു എന്ന വാര്‍ത്ത അറിഞ്ഞതും
കല്യാണി ഉറക്കെ കരഞ്ഞ് ബഹളം കൂട്ടി. കാലത്ത് പേപ്പറ്കാരന്‍ ചെക്കന്‍
ചായ കടയില്‍ ചെന്ന് പറഞ്ഞ വിവരമാണ്. കൊല്ലന്‍റെ ആലടെ തൊട്ടുള്ള
വളവിലാണ് കിടക്കുന്നത്. നേരം വെളുത്തിട്ട് ഏറെയായിട്ടില്ല. വേലപ്പന്‍
കന്നിനെ കഴുകാന്‍ പുഴയിലേക്ക് ചെന്നതേയുള്ളു. ആരോ ഒരാള്‍
വേലപ്പനെ വിളിക്കാന്‍ ഓടി.

' നിങ്ങള് മൊതലാളിടെ അടുത്ത് ചെന്ന് വിവരം പറയിന്‍ ' എന്ന്
കരച്ചിലിനിടയില്‍ കൂടെ കല്യാണി പറഞ്ഞൊപ്പിച്ചു. വേണു തലേന്ന്
പെങ്ങളുടെ വീട്ടില്‍ ചെന്നതൊന്നും അവള്‍ അറിഞ്ഞിരുന്നില്ല. അത്
കേട്ടതും വേറൊരാള്‍ കളപ്പുരയിലേക്ക് തിരിച്ചു.

എഴുത്തശ്ശന്‍ കളപ്പുര മുറ്റത്ത് വളര്‍ന്നു വരുന്ന പുല്ല് വലിക്കുകയാണ്.
അപ്പോഴാണ് ഒരാള്‍ മുതലാളിയെ അന്വേഷിച്ച് എത്തുന്നത്.

' എന്താ കാര്യം ' എഴുത്തശ്ശന്‍ ചോദിച്ചു.

' ചാമ്യേട്ടന്‍ വണ്ടി മുട്ടി പാതേല് കിടക്ക്വാണത്രേ '.

എഴുത്തശ്ശന്‍ തലയില്‍ കൈ വെച്ചു. ഇന്നലെ ആഹാരം വാങ്ങീട്ട്
എത്താമെന്നും പറഞ്ഞ് പോയവനാണ്. എന്നാലും കാറില്‍ കയറി
പോയവന്‍ എങ്ങിനെ വണ്ടി മുട്ടി റോഡില്കിടക്കും.

' എങ്ങനീണ്ടെന്നാ കേട്ടത് '.

' കഴിഞ്ഞൂന്നും കഴിഞ്ഞിലാന്നും പറയുണുണ്ട്. അല്ലെങ്കിലും 
ലോറി തട്ടീട്ട് ആരെങ്കിലും പെഴക്ക്യോ '.

ആഗതന്‍റെ കൂടെ എഴുത്തശ്ശന്‍ ചാമിയുടെ വീട്ടിലേക്ക് ചെന്നു.
അയല്‍പക്കത്തെ പെണ്ണുങ്ങള്‍ കല്യാണിക്കൊപ്പം ഉറക്കെ
കരയുന്നു. വേലപ്പന്‍ ബോധം കെട്ട് കിടപ്പാണ്.

' ഇവിടെ ഈ കരച്ചില് കണ്ട് നിന്നിട്ട് എന്താ കാര്യം. നമുക്കൊന്ന്
സ്ഥലത്ത് ചെന്ന് നോക്കാം ' എഴുത്തശ്ശന്‍ പടിയിറങ്ങി.

നല്ല മനസ്ഥിതി ഉള്ള ചെക്കന്‍. ഇപ്പൊ കുറച്ചായിട്ട് അവന്‍ ഒരു
തെമ്മാടിത്തരത്തിന്നും പോവാറില്ല. നന്നാവാന്‍ തുടങ്ങ്യേപ്പോഴേക്കും 
മുകളിന്ന് വിളിച്ചു.

വരമ്പ് കയറി റോഡിലെത്തിയപ്പോള്‍ ആരൊക്കേയോ തിരിച്ചു വരുന്നു.
ദേഹം ആസ്പത്രീലിക്ക് കൊണ്ടു പോയിട്ടുണ്ടാവുമോ.

' എന്തായി ' സൈക്കിളില്‍ വന്നവനോട് എഴുത്തശ്ശന്‍ ചോദിച്ചു.

' എന്താവാന്‍. എഴുന്നേറ്റ് ഇരുന്ന് ചായ കുടിക്കുന്നുണ്ട് '.

' ആരെടെ കാര്യാ നീ പറയിണത്. ചാമിടെ കാര്യോല്ലേ '.

' തെന്നെ തെന്നെ '.

' അപ്പൊ വണ്ടി മുട്ടീന്ന് പറഞ്ഞിട്ട് '.

' വണ്ടി മുട്ട്യേത് ഒന്ന്വോല്ലാ. കുടിച്ച് പിപ്പിരിയായിട്ട് പാതേല് വീണതാ.
നെറ്റീല് ഒരു മുറി ഉണ്ട്. കുറച്ച് കഴിയുമ്പോഴേക്കും വീട്ടിലെത്തും '.

വല്ലാത്ത മനുഷ്യര്. ' ഉ ' എന്ന് കേള്‍ക്കുമ്പോഴേക്കും ഉപ്പെന്നും 
ഉപ്പിലിട്ടത് എന്നും പറഞ്ഞുണ്ടാക്കും. കേട്ടോര് കേട്ടോര് അവരവര്‍ക്ക്
ബോധിച്ച മട്ടില്‍ പറഞ്ഞുണ്ടാക്കുന്ന രീതി നാട്ടിന്‍ പുറത്ത് പതിവാണ്.
എന്നാലും ജീവനോടെ ഇരിക്കുന്നവന്‍ ചത്തൂന്ന് പറഞ്ഞുണ്ടാക്ക്വേ .

മിണ്ടാതെ ഇരിക്കുന്നേടത്ത് ഇള വെയിലും കൊണ്ട് നടക്കേണ്ടി വന്നത്
മാത്രം ലാഭം. ഇതിനൊക്കെ കാരണം അവന്‍ ഒരൊറ്റ ആളാണ്.

' കുരുത്തം കെട്ടോന്‍. തരം കിട്ട്യേപ്പൊ ശരിക്കുള്ള ശീലം കാണിച്ചു.
അതെങ്ങന്യാ. നായിന്‍റെ വാല് പന്തീരാണ്ട് കൊല്ലം കൊഴലിലിട്ടാലും
 ഊരുമ്പോള്‍ പഴയ പടി വളഞ്ഞിട്ടന്നേ ഉണ്ടാവൂ ' എന്നും മനസ്സില്‍ 
ചിന്തിച്ച് എഴുത്തശ്ശന്‍ തിരിഞ്ഞ് നടന്നു.

********************************************
വൈകുന്നേരമായി വേണു പത്മിനിയുടെ വീട്ടില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍.
കളപ്പുര തുറന്നിട്ടില്ല. ചാമി ആ പരിസരത്ത് എവിടേയുമില്ല. കയ്യിലെ
ബാഗ് കോലായില്‍ വെച്ച്, എഴുത്തശ്ശനെ അന്വേഷിച്ച് വണ്ടിപ്പുരയിലേക്ക്
നടന്നു. അവിടെ അയാളും ഇല്ല. ചിലപ്പോള്‍ അമ്പലത്തിലേക്ക് ചെന്നതായിരിക്കുമോ.
കളപ്പുരയിലേക്കുതന്നെ തിരിച്ച് നടന്നു.

ഇട്ട ഷര്‍ട്ട് അഴിച്ചു വെച്ച് തോര്‍ത്തെടുത്ത് തോളത്തിട്ട് വേണു ഇറങ്ങി.
ആല്‍ചുവട്ടില്‍ പത്ത് പതിഞ്ച് പേര്‍ നില്‍ക്കുന്നുണ്ട്. എഴുത്തശ്ശന്‍ 
അവിടേയുമില്ല. ' കുപ്പന്‍ കുട്ടി എഴുത്തശ്ശനെ കണ്ടോ ' എന്ന് വേണു
ഒരാളോട്ചോദിച്ചു.

' ദാ, ഇപ്പഴാ നാണു നായരേം കൂട്ടി കുളത്തിലേക്ക് കുളിക്കാന്‍ ചെന്നത്.
നട തുറക്കുമ്പോഴേക്കും എത്തും '.

വേണുവും കുളത്തിലേക്ക് നടന്നു. എഴുത്തശ്ശന്‍ കുളിച്ച് തല തുവര്‍ത്തുകയാണ്.
നാണു നായര്‍ പടവില്‍ ഇരിക്കുന്നു.

' അമ്മാമേ ' വേണു വിളിച്ചു ' കളപ്പുര പൂട്ടിയിരിക്കുന്നു. ചാമിയെ
നോക്കീട്ട് കണ്ടില്ല '.

' ആ കുരുത്തം കെട്ടോന്‍റെ വര്‍ത്തമാനം എനിക്ക് കേള്‍ക്കണ്ടാ. ആ ജന്തു
എവിടെയെങ്കിലും പോയി തുലയട്ടെ '.

താനില്ലാത്ത നേരത്ത് രണ്ടാളും കൂടി എന്തെങ്കിലും പറഞ്ഞ് തമ്മില്‍ 
തല്ലിയിട്ടുണ്ടാവുമെന്ന് വേണു കരുതി.

ബാഗും ഷര്‍ട്ടും കളപ്പുരയുടെ തിണ്ണയില്‍ വെച്ചിട്ട് വന്നതാണെന്ന് വേണു
അറിയിച്ചു.

' നീ കുളിച്ച് അമ്പലത്തിലേക്ക് വന്നോ. ഞാന്‍ തുമ്മന്ന് ചെന്ന് വാതില്
തുറന്ന് ഷര്‍ട്ടും ബാഗും അകത്ത് വെച്ചിട്ട് വരാം '.

' നെന്‍റെ കാര്യസ്ഥന്‍ കാണിച്ച പണി അറിഞ്ഞ്വോ. എഴുത്തശ്ശന്‍ നല്ല
ദേഷ്യത്തിലാണ് ' എഴുത്തശ്ശന്‍ പോയതും നാണു നായര്‍ പറഞ്ഞു.

വേണുവിനെ പെങ്ങളുടെ വീട്ടില്‍ ആക്കി തിരിച്ചു വന്ന ചാമി മൂക്കെറ്റം 
കുടിച്ചതും , ഡ്രൈവറെ തല്ലാന്‍ ചെന്നതും , വണ്ടി നിര്‍ത്തിച്ച് ഇറങ്ങി
പോയതും, കാറില്‍ വന്ന് കയറാന്‍ പറഞ്ഞത് അനുസരിക്കാതിരുന്നതും,
പാതയോരത്ത് വീണ് നെറ്റി മുറിഞ്ഞതും , ആള് മരിച്ചു എന്നറിഞ്ഞ്
എഴുത്തശ്ശന്‍ സങ്കടപ്പെട്ട് ചെല്ലുമ്പോള്‍ കുടിച്ചതിന്‍റെ മപ്പ് ഇറങ്ങി
എഴുന്നേറ്റുവെന്ന് അറിഞ്ഞ് തിരിച്ചു പോന്നതുമെല്ലാം അയാള്‍
അറിയിച്ചു.

' എന്തിനാ ഇയാള് ഡ്രൈവറോട് തമ്മില്‍ തല്ലാന്‍ പോയത് '.

' കുടിച്ചാല്‍ തല്ല് കൂടാന്‍ കാരണം വല്ലതും വേണോ. ഇവന്‍ ഡ്രൈവറെ
കള്ള് കുടിക്കാന്‍ വിളിച്ചൂന്നാ കേട്ടത്, വണ്ടി ഓടിക്കാനുള്ളതാണ്,
ഞാനില്ല എന്ന് ആ വിദ്വാന്‍ പറഞ്ഞൂത്രേ. ആ മറുപടി പിടിക്കാഞ്ഞിട്ട്
അവനെ തൊള്ളേല്‍ തോന്നിയതൊക്കെ പറഞ്ഞു. പാവം ഡ്രൈവര്‍ .
അവനൊരു സാധുവായതു കൊണ്ട് തിരിച്ചൊന്നും പറഞ്ഞില്ല.
അല്ലെങ്കിലും ഡ്രൈവറ് കുടിച്ച് ബഹളം കൂട്ടീന്ന് നാലാളറിഞ്ഞാല്‍ 
പിന്നെ ആരെങ്കിലും അവന്‍റെ വണ്ടി ഓട്ടത്തിന്ന് വിളിക്ക്വോ '.

വേണു മുങ്ങി കേറി തല തുവര്‍ത്താന്‍ തുടങ്ങി.

' നീയിത് ചോദിക്കാനൊന്നും പോണ്ടാ. വെളിവില്ലാത്തവനാണ്.
ഇന്നതേ പറയൂ എന്നില്ല. എന്തോ ചെയ്തോട്ടെ. തീരെ പറ്റില്ലാന്ന്
തോന്നിയാല്‍ നാളെ മുതല്‍ പണിക്ക് വരണ്ടാ എന്ന് പറഞ്ഞ്
ഒഴിവാക്കണം. അല്ലാതെന്താ '.

മീറ്റിങ്ങ് തീരുന്നതിന്ന് മുമ്പേ നാണു നായര്‍ ഇറങ്ങി. രാത്രി
നേരത്ത് ഒറ്റയ്ക്ക് നടക്കാനാവില്ല. നിത്യേന ചാമി തുണ
പോരുന്നതാണ്.

ആഹാരം വാങ്ങിച്ചോണ്ട് വരാമെന്ന് പറഞ്ഞ് പറ്റിച്ചതില്‍ തനിക്ക്
പരിഭവം ഒട്ടുമില്ലെന്നും , ഉച്ചത്തെ ബാക്കി ഉള്ളതോണ്ട് പട്ടിണി
വേണ്ടിവന്നില്ലെന്നും , ആള് മരിച്ചുപോയീ എന്ന് കേട്ടപ്പോള്‍
ഉണ്ടായ സങ്കടത്തിന്ന് ബദല് എന്താ ഉള്ളത് എന്നുമൊക്കെ രാത്രി
അമ്പലത്തില്‍ നിന്ന് കളപ്പുരയിലേക്ക് തിരിച്ച് പോവുമ്പോള്‍
എഴുത്തശ്ശന്‍ വേണുവിനോട് പറഞ്ഞു.

' അമ്മാമേ, എന്തൊക്കെയായാലും ഒന്ന് ചെന്ന് ചാമിയെ കണ്ടിട്ട്
വരണ്ടേ '.

' നീ വേണച്ചാല്‍ പൊയ്ക്കോ. വല്ല കേസും അവന്‍ ഉണ്ടാക്കീച്ചാല്‍ 
തൊണ പോവാന്‍ ഒരാളായിക്കോട്ടെ '.

വേണു ഒന്നും പറഞ്ഞില്ല.

' നല്ലതിനെ പിടിച്ച് ആടിക്കണം. കെട്ട സാധനം ആണെച്ചാല്‍ അത്
തിരിഞ്ഞ് കടിക്കും. നീ കേട്ടിട്ടുണ്ടോ ആ ചൊല്ല് ' എഴുത്തശ്ശന്‍ 
പറഞ്ഞു ' അവനൊക്കെ നന്നാക്കിയാല്‍ നന്നാവാത്ത വകേല് പെട്ടതാ .
അല്ലെങ്കില്‍ ഇത്ര ദിവസം നിന്‍റെ കൂടെ മര്യാദക്ക് നടന്നിട്ട് നിന്‍റെ കണ്ണ്
വെട്ടത്തിന്ന്മാറിയപ്പഴക്കും ഈ മാതിരി തോന്ന്യാസത്തിന്ന് മെനക്കെട്വോ '.

പടി തുറന്ന് കളപ്പുര മുറ്റത്തേക്ക് കയറിയതും ഒരു വല്ലം ചുറ്റി
അവരുടെ മുന്നിലൂടെ പറന്ന് പോയി.

Friday, February 12, 2010

അദ്ധ്യായം-50

വേണുവിനെ വിശ്വനാഥന്‍ വക്കീലിന്‍റെ വീടിന്ന് മുന്നില്‍ ഇറക്കി. കാവല്‍ക്കാരന്‍ പടി തുറന്ന് വേണു
അകത്ത് കടന്നതോടെ ടാക്സി തിരിച്ചു പുറപ്പെട്ടു.

ടൌണില്‍ കടന്നതും ഡ്രൈവര്‍ പയ്യന്‍ ചാമിയോട് ' ഏട്ടാ, എന്തെങ്കിലും പരിപാടി തോന്നുന്നുണ്ടോ '
എന്നൊരു ചോദ്യം. എന്താണ് അവന്‍ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല.

' എന്താണ്ടാ കുട്ടിച്ചെക്കാ, മനുഷ്യന്ന് മനസ്സിലാവുന്ന മട്ടില് പറ '.

' അല്ല, ഇവിടം കടന്നാല്‍ പിന്നെ കിട്ടില്ലാട്ടോ '.

' പിന്നീം നീ തൊറന്ന് പറയിണില്ലാ. എനിക്ക് ഇങ്ങിനെ പറഞ്ഞാലൊന്നും തിരിയില്ല '.

' ഇവിടം വിട്ടാല്‍ പിന്നെ ഷാപ്പ് ഇല്ല. വല്ലതും വേണച്ചാല്‍ ഇപ്പൊ വാങ്ങണം ' പയ്യന്‍ മനസ്സിലിരുപ്പ്
വെളിപ്പെടുത്തി.

' അയ്യേ, നീ എന്നെ പറ്റി അങ്ങിന്യാ കണക്കാക്കീത്. അമ്മാതിരി പരിപാടിയൊന്നും നമക്ക് ഇല്ല '.

' ആ കൂട്ടം മാത്രം നിങ്ങള് എന്നോട് കൂടണ്ടാ . ഞാനും ഈ നാട്ടില് ഉള്ള ആളാണ്. കൊടുങ്ങല്ലൂര്
ഭരണിക്ക് പോയി കുടിച്ച് പൂക്കുറ്റിയായി അടിപിടി കൂടി പോലീസ് പിടിച്ചു കൊണ്ടു പോയത് എനിക്ക്
അറിയില്ലാന്നാ കരുതുണത് '.

' ഓ, അതൊക്കെ അന്ത കാലത്ത്, ഇപ്പൊ ഞാന്‍ സാധനം കയ്യോണ്ട് തൊടാറില്ല '.

' പിന്നെങ്ങന്യാ. പൈപ്പ് വെച്ച് വലിച്ച് കുടിക്ക്യാണോ '.

' അല്ലാടാ ചെക്കാ. മുമ്പ് കഴിച്ചിരുന്നു. മൊതലളി വന്ന ശേഷം ഞാന്‍ കള്ളും റാക്കും ഒന്നും
കുടിക്കാറില്ല '.

' അതെന്തിനാ നിങ്ങള് അയാളെ പേടിക്കണത്. നിങ്ങള് പണിയെടുത്ത് കിട്ടുണ കാശും കൊണ്ട്
നിങ്ങള് കുടിക്കുന്നു. അതില് മുതലാളിക്ക് എന്താ കാര്യം '.

' മൂപ്പര് ഒന്നും പറഞ്ഞിട്ടല്ല. പക്ഷെ എന്തോ മുതലാളി അറിഞ്ഞാല്‍ മോശാണ് എന്നൊരു തോന്നല്‍ '.

' ഈ രാത്രി നിങ്ങള് എന്താ ചെയ്യുന്നത് എന്ന് നോക്കാന്‍ മുതലാളി വര്വാല്ലേ. നിങ്ങക്ക് വേണ്ടെങ്കില്‍ 
വേണ്ടാ, ഞാന്‍ ലേശം അടിക്കും '. ഡ്രൈവര്‍ ഡോര്‍ തുറന്ന് ഇറങ്ങി ' കാശില്ലാഞ്ഞിട്ടാണെങ്കില്‍ 
പറയിന്‍. ഞാന്‍ വാങ്ങി തരാം'.

അത് തന്നെ അവമാനിക്കാന്‍ പറഞ്ഞതായിട്ട് ചാമിക്ക് തോന്നി. ബെല്‍ട്ടിലെ പേഴ്സില്‍ നിന്ന് നോട്ടുകള്‍
വാരി എടുത്തു.

' എടാ കുട്ടിചെക്കാ, അങ്ങിനെ നീ എന്നെ താഴ്ത്തണ്ടാ. ഞാനും കാശും പണൂം ശ്ശി കണ്ടിട്ടുണ്ട്.
ഇന്നത്തെ ചെലവ് എന്‍റെ വക '.

' അങ്ങിനെ ആണുങ്ങളെ പോലെ പെരുമാറിന്‍ '.

ഗ്ലാസ്സുകള്‍ പല തവണ നിറയുകയും ഒഴിയുകയും ചെയ്തു.

' ഇനി ഞാന്‍ കുടിച്ചാല്‍ ശരിയാവില്ല. വണ്ടി ഓടിക്കാനുള്ളതാണ് ' എന്നും പറഞ്ഞ് ഡ്രൈവര്‍ നിര്‍ത്തി.

' നീ ഒക്കെ ഇത്രക്കേ ഉള്ളു. നിനക്കൊക്കെ കെല്‍പ്പ് ഇല്ല ' എന്നും പറഞ്ഞ് ഇറങ്ങാന്‍ നേരം ചാമി ഒരു
കുപ്പി വാങ്ങി കയ്യില്‍ കരുതി.

തന്നെ ചെറുതാക്കി സംസാരിച്ചതിന്‍റെ ദേഷ്യം ചാമി വഴി നീളെ കാട്ടി. കാറിനകത്ത് നിന്ന് ഭരണിപ്പാട്ടിനെ
തോല്‍പ്പിക്കുന്ന വാക്കുകള്‍ ഉയര്‍ന്നു. സഹി കെട്ട ഡ്രൈവര്‍ വണ്ടി നിര്‍ത്തി.

' ചാമ്യേട്ടാ, വണ്ടിക്ക് എന്തോ തകരാറ് തോന്നുന്നു. ഒന്ന് ഇറങ്ങി പിന്നിന്ന് തള്ളിന്‍ '.

' നീയും നിന്‍റൊരു വണ്ടീം ' എന്നും പറഞ്ഞ് ചാമി പുറത്തിറങ്ങി. അടുത്ത നിമിഷം അയാളെ
ഇരുട്ടത്ത് തനിച്ചാക്കി കാര്‍ കുതിച്ചു പാഞ്ഞു.

'.......മോനേ. നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട് ' എന്നും പറഞ്ഞ് കുപ്പിയിലുള്ളത് അകത്താക്കി
ചാമി ആടിയാടി നടന്നു,

***************************************************************************
' കണ്ടേടത്തോളം എന്താ നിന്‍റെ അഭിപ്രായം ' തിരിച്ച് കാറില്‍ വരുന്ന വഴി പത്മിനി ചോദിച്ചു.

മരുമകന്‍ മുരളിധരന്ന് പെണ്ണ് കണ്ട് വരുന്ന വഴിയാണ്. കാറില്‍ വിശ്വനാഥന്‍ വക്കീലും 
പത്മിനിയും മുരളിധരനും വേണുവും മാത്രമേയുള്ളു.

' കുഴപ്പം ഒന്നും തോന്നീലാ ' എന്നേ വേണു പറഞ്ഞുള്ളു.

' എന്‍റെ നോട്ടത്തില് എല്ലാംകൊണ്ടും നമുക്ക് പറ്റിയ ബന്ധമാണ്. പെണ്‍കുട്ടി ആണെങ്കില്‍
അതി സുന്ദരി. ഇവളുടെ ഏഴ് അയലത്ത് വരില്ല മറ്റേ ഉര്‍വ്വശി '.

' ഇനി ആ കാര്യം സംസാരിക്കുന്നതേ തെറ്റാണ്. അവരുടെ കണ്ണില്‍ അവരുടെ മകള്‍
തന്നെയായിരിക്കും സുന്ദരി ' വക്കീല്‍ പറഞ്ഞു 'പിന്നെ കിട്ടുണ്ണി എതിരൊന്നും പറയാതെ
കല്യാണം നടത്തി തന്നു എന്ന് വെക്കുക. അപ്പോള്‍ താന്‍ ഇങ്ങിനെ പറയ്വോ '.

' അത് ഞാനെന്നല്ല ആരും പറയില്ല '.

' അടുത്ത ആഴ്ച അവര് വന്ന് നമ്മളുടെ ചുറ്റുപാട് ഒന്ന് കാണട്ടെ. ശരീന്ന് പറഞ്ഞാല്‍ 
ഈ മാസം തന്നെ നിശ്ചയം നടത്താം'.

ഒന്നു നിര്‍ത്തി വക്കീല്‍ ' എന്താടോ തന്‍റെ അഭിപ്രായം ' എന്ന് മകനോട്ചോദിച്ചു.

അയാള്‍  ചിരിച്ചതേയുള്ളു.

' നമ്മള് പറഞ്ഞതിന്നപ്പുറം അവന്‍ നടക്കില്ല ' എന്ന് പത്മിനിയും പറഞ്ഞു.

' നിശ്ചയത്തിന് മിനിക്കുട്ടി വരില്ലേ ഓപ്പോളേ ' എന്ന് വേണു ചോദിച്ചു.

' എനിക്ക് അത്രക്ക് ഉറപ്പില്ല. നിശ്ചയത്തിന്നും കല്യാണത്തിന്നും വര്വാച്ചാല്‍ അവര്‍ക്ക്
ബുദ്ധിമുട്ടാവും. ഇംഗ്ലണ്ട് എന്ന് പറയുന്നത് നമ്മടെ പാലക്കാട് മാതിരി അടുത്തൊന്നും അല്ലല്ലോ '.

' പെണ്ണിന്‍റെ വീട്ടുകാര്‍ വരുന്നതും കൂടി കഴിഞ്ഞിട്ട് നിനക്ക് പോയാല്‍ പോരെ ' എന്ന്
പെങ്ങള്‍ വേണുവിനോട് ചോദിച്ചു.

' അത് പോരാ. അമ്പല കമ്മിറ്റിയില്‍ ഇട്ടിട്ടുണ്ട്. വൈകുന്നേരം കാണാം എന്നും പറഞ്ഞിട്ടാണ്
ഞാന്‍ പോന്നത്. അടുത്ത ശനിയാഴ്ച രാവിലെ തന്നെ ഞാന്‍ എത്തും '.

' ഉവ്വ്. ഇന്നലെ എപ്പഴാ നീ എത്ത്യേത്. രാത്രി ഗേറ്റും പൂട്ടി കാവല്‍ക്കാരന്‍ കിടന്ന ശേഷമാണ്
നീ വന്ന ടാക്സി പടിക്കല്‍ വന്നത്. നീ എത്തില്ലാന്ന് മനസ്സില്ഞാന്‍ ഉറപ്പിച്ചതാ. ഇനി അടുത്ത
ആഴ്ച അതേ പോലെ ചെയ്യണം '.

' ഇല്ല ഓപ്പോളേ. ഇന്നലെ മീറ്റിങ്ങ് കഴിയാന്‍ വൈകി. ഓരോരുത്തര് വര്‍ത്തമാനം
പറഞ്ഞ് സമയം പോയി. ഒടുക്കം റോഡില്‍ എത്തിയപ്പോള്‍ ബസ്സൊക്കെ പോയി. ചാമി കൂടെ
വന്നതോണ്ട് ആ ടാക്സി കിട്ടി. എന്നെ ഇവിടെ ഇറക്കി വിട്ടിട്ടാണ് അയാള്‍ പോയത് '.

' അങ്ങിനെ സ്നേഹം ഉള്ള ഒരു പണിക്കാരനെ തുണക്ക് കിട്ടിയത് ഭാഗ്യാണെന്ന് കൂട്ടിക്കോ '.

പടി കടന്ന് കാര്‍ ബംഗ്ലാവിന്‍റെ മുറ്റത്ത് എത്തി. കാലത്ത് പണിക്കാരി മുറ്റത്തിട്ട പൂക്കളത്തിലെ
പൂവുകള്‍ തെക്കന്‍ കാറ്റില്‍  ഇളകി പോയിരുന്നു.

അദ്ധ്യായം - 49.

പിറ്റേന്ന് വൈകുന്നേരം നാല് മണിയാവുമ്പോഴേക്കും രാജന്‍ മേനോന്‍ കളപ്പുരയിലെത്തി.
' അമ്പലത്തില്‍ വെച്ച് ശരിക്കൊന്ന് പരിചയപ്പെടാന്‍ കഴിഞ്ഞില്ല. പുതുതായി താമസം
തുടങ്ങിയ ആളാണെന്ന് അറിഞ്ഞു '. വേണു അദ്ദേഹത്തെ ഇരിക്കാന്‍ ക്ഷണിച്ചു.

' നിശ്ചയിച്ച കാര്യങ്ങള്‍ തുടങ്ങുന്നതിന്ന് മുമ്പ് നേരില്‍  സംസാരിച്ച് ഒരു രൂപരേഖ
തയ്യാറാക്കണമെന്ന് തോന്നി. അതാ വന്നത് ' മേനോന്‍ പറഞ്ഞു ' എല്ലാവരും കൂടി
ഇരുന്ന് സംസാരിക്കുമ്പോള്‍ മനസ്സിലുള്ള പല കാര്യങ്ങളും പറയാന്‍ പറ്റി എന്നു
വരില്ല '.

വേണു മറുപടി ഒന്നും പറഞ്ഞില്ല.

' എന്താ താല്‍പ്പര്യം ഇല്ല എന്നുണ്ടോ '.

' ഹേയ്, അങ്ങിനെ ഒന്നൂല്യാ. പറഞ്ഞോളൂ. ഞാന്‍ കേള്‍ക്കുന്നുണ്ട് '.

' എന്നാല്‍ കേട്ടോളൂ. മറ്റന്നാള്‍ ഉത്രം നാളാണ്. നമ്മള്‍ പ്രവര്‍ത്തനം തുടങ്ങാന്‍ 
നിശ്ചയിച്ച ദിവസം. അന്ന് വൈകുന്നേരം കമ്മിറ്റിയെ തിരഞ്ഞെടുക്കും. അതിനെ
കുറിച്ച് എന്തെങ്കിലും അഭിപ്രായം മനസ്സിലുണ്ടോ '.

' എനിക്കങ്ങിനെ പ്രത്യേകിച്ച് അഭിപ്രായം ഒന്നുമില്ല ' വേണു പറഞ്ഞു 'ശരിക്ക്
പറഞ്ഞാല്‍ എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ല എന്നതാണ് സത്യം.
പോരാത്തതിന്ന് അന്ന് എനിക്ക് ചേച്ചിയുടെ വീട്ടിലേക്ക് പോവാനുള്ളതുമാണ് '.

' ഹാവൂ, ദൈവാധീനം. ആദ്യമായിട്ടാണ് എനിക്ക് ഒന്നും അറിയില്ല എന്നു പറയുന്ന
ഒരാളെ കാണുന്നത്. ഈ നാട്ടിലെ രീതി വെച്ചു നോക്കിയാല്‍ , എന്തെങ്കിലും ഒരു
പൊതു കാര്യം സംസാരിക്കുമ്പോള്‍ ഒരു വസ്തു അറിയാത്തവനും സര്‍വജ്ഞനെ പോലെ
അഭിപ്രായങ്ങള്‍ അടിച്ചു വിടും . പിന്നെയുള്ളത് ചേച്ചിയുടെ വീട്ടിലേക്ക് പോവുന്നതാണ്.
അത് മീറ്റിങ്ങ് കഴിഞ്ഞിട്ട് മതീന്ന് വെച്ചാല്‍ പോരെ '.

ഇരുവരും ചിരിച്ചു.

' ഒരു സംഘടന രൂപീകരിക്കുമ്പോള്‍ അതില്‍ കയറി പറ്റാന്‍ താല്‍പ്പര്യമുള്ള കുറെ
പേര് കാണും. അവര്‍ക്ക് സ്ഥാനമാനങ്ങള്‍ വേണം , ആളാവണം. അല്ലാതെ
പ്രവര്‍ത്തിക്കാന്‍ വേണ്ടിയിട്ടൊന്നുമല്ല അവര്ചേരുന്നത്. അങ്ങിനെ പദവി മാത്രം 
ലക്ഷ്യമിട്ട് കുറച്ചെണ്ണം ഇവിടേയും വരും '.

വേണു തല കുലുക്കി.

' വേറൊരു കൂട്ടരുണ്ട്. പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തവര്‍. അവര്‍ക്ക് നിത്യ
ചിലവ് നടന്നു പോവണം. അതിന്നുള്ള മാര്‍ഗ്ഗമായിട്ടാണ് ഇത്തരം പദവികള്‍ ഉപയോഗിക്കുക '.

' അത് സൂക്ഷിക്കണം '.

' അതാ ഞാന്‍ പറഞ്ഞത് . പ്രവര്‍ത്തക സമിതി രൂപീകരിക്കുമ്പോള്‍ അര്‍പ്പണ
ബോധത്തോടെ കാര്യ നിര്‍വ്വഹണത്തിന്നായി ഇറങ്ങുന്നവര്‍ അതിലുണ്ടായാലേ സംഗതി
വിജയിക്കൂ '.

' അതിന്ന് അത്തരം ആളുകളെ എങ്ങിനെ കണ്ടെത്തും '.

' അതിനെന്താ പ്രയാസം. നമ്മള്‍ ഈ നാട്ടിലല്ലേ കഴിയുന്നത്. ഇവിടുത്തെ ഓരോ
 ആളുകളെ പറ്റിയും നാട്ടില്‍ പൊതുവെ ഒരു അഭിപ്രായം ഉണ്ടാവില്ലേ. സ്ഥലത്ത്
എത്തിയവരില്‍  നിന്ന് കൊള്ളാവുന്ന ആളുകളെ മാത്രം ഉള്‍പ്പെടുത്തി ഒരു
പാനല്‍ ഉണ്ടാക്കി അവതരിപ്പിക്കണം '.

അതിനെ കുറിച്ചായി പിന്നീടുള്ള വിശദീകരണം. മിക്കവാറും പ്രസിഡണ്ടായിട്ട്
തന്നെയായിരിക്കും ആളുകള്‍ തിരഞ്ഞെടുക്കുക എന്ന് രാജന്‍ മേനോന് ഉറപ്പാണ്.
പിന്നെ മറ്റു ഭാരവാഹികള്‍. പാട്ടകൃഷി കയ്യില്‍ വന്നിട്ട് കുറെയേറെ കാശൊക്കെയുള്ള
ഒരു വിദ്വാനുണ്ട്. അയാള്‍ക്ക് എന്തെങ്കിലും സ്ഥാനം വേണം. അതോണ്ട് കുഴപ്പമില്ല
എന്ന് മാത്രമല്ല ഗുണം ഉണ്ട് താനും . എന്തെങ്കിലും പദവി കിട്ടിയാല്‍ അതിന്‍റെ
പൊലിമ കാണിക്കാന്‍ വേണ്ടി മൂപ്പര് ഇഷ്ടം പോലെ ചില്വാനം ചിലവാക്കും.
പോരാത്തതിന്ന് പലരില്‍ നിന്നും പണം സ്വരൂപിച്ച് തരാനും അയാള്‍ക്ക് കഴിയും .

' എന്നാല്‍ അയാളെ ത്തന്നെ സെക്രട്ടറി ആക്കിക്കൂടേ ' എന്ന് വേണു ചോദിച്ചു.

'അത് പറ്റില്ല. പണത്തിന്‍റെ മുഷ്ക്ക് മറ്റുള്ളവരോട് കാട്ടും. ഒടുവില്‍ തമ്മില്‍
 തല്ലലില്‍ അവസാനിക്കും. ട്രഷററുടെ സ്ഥാനമാണ് മൂപ്പര്‍ക്ക് നല്ലത്. അതാവുമ്പോള്‍
ഒരു കുഴപ്പൂം ഉണ്ടാവില്ല '.

' എന്നാല്‍ അങ്ങിനെ ആയിക്കോട്ടെ, സെക്രട്ടറി ആവാന്‍ പറ്റിയ ഒരാളെ നമുക്ക്
കണ്ടെത്തിയാല്‍ മതിയല്ലോ '.

' അതും കണ്ടെത്തി കഴിഞ്ഞു '.

' ആരാ '.

' ഭവാന്‍ തന്നെ. അയ്യപ്പസ്വാമി തന്നെ താങ്കളെ കണ്ടെത്തിയതാവും . അതാണല്ലോ
ഈ സമയത്ത് ഇവിടെ വന്നെത്താന്‍ കാരണം '.

' അയ്യോ. എനിക്ക് അതിന്നുള്ള അറിവും കഴിവും ഒന്നൂല്യാ '.

' ഇതൊക്കെ ആരെങ്കിലും വയറ്റിന്ന് പഠിച്ചിട്ടാണോ വരുന്നത്. ചെയ്തു വരുമ്പോള്‍
ഒക്കെ പഠിയും '.

' എന്നാലും '.

' ഒരു എന്നാലും ഇല്ല. ഈശ്വര കാര്യത്തിന്നാണ് ഇറങ്ങുന്നത് എന്ന് വിചാരിച്ചാല്‍
മതി. ബാക്കി അദ്ദേഹം നോക്കിക്കൊളും '.

നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി. മനസ്സിനകത്ത് കൂട്ടലും കിഴിക്കലും 
നടത്തുകയായിരുന്നു ഇരുവരും.

' എന്നെ പറ്റി വല്ലതും അറിയ്വോ ' രാജന്‍ മേനോന്‍ ചോദിച്ചു.

' ഉവ്വ്. നാണുമാമ പറഞ്ഞിരുന്നു '.

' എന്താ തോന്നീത് '.

' കുറെയേറെ അനുഭവങ്ങള്‍ ഉള്ള ആളാണെന്ന് മനസ്സിലായി '.

' അങ്ങിനെ പറഞ്ഞാല്‍ മുഴുവനാവില്ല. നചികേതസ്സിന്‍റെ അന്വേഷണം 
പോലെയാണ് എന്‍റെയീ ജീവിതം. ഇതാണ് ശരി എന്നും പറഞ്ഞ് ഓരോന്നിന്‍റെ
പുറകെ ചെല്ലും. അവസാനം ' നേതി, നേതി ' എന്നും പറഞ്ഞ് വേറൊന്ന്
തിരഞ്ഞ് പോവും. എന്തോ അയ്യപ്പനെ പ്രാപിച്ച ശേഷം വേറൊന്നിനും തോന്നുന്നില്ല '.

' എന്നെ കുറിച്ച് വല്ലതും അറിയ്വോ 'വേണു തിരിച്ചു ചോദിച്ചു.

' ഉവ്വ്. നാണു നായര്‍ എല്ലാം പറഞ്ഞു '.

' എന്താ തോന്നീത് '.

' കേട്ടപ്പോള്‍ ഒരു നുകത്തിന്‍റെ രണ്ട് ഭാഗത്തും വെച്ച്കെട്ടി പൂട്ടാവുന്ന
സൈസ്സാണ് നമ്മള്‍ രണ്ടാളും എന്ന് തോന്നി '.

അതോടെ ഉയര്‍ന്ന ചിരിയില്‍ ഒരു സുഹൃദ് ബന്ധം ഉടലെടുക്കുകയായിരുന്നു.

******************************************************************************

നടാടെ കണ്ടപ്പോള്‍ തന്നെ വല്ലാത്തൊരു സാധനമാണ് ഈ മനുഷ്യനെന്ന് സ്വാമിനാഥനെ കുറിച്ച്
വേണുവിന്‍റെ മനസ്സില്‍ അഭിപ്രായം രൂപം കൊണ്ടു. പുതു പണക്കാരന്‍റെ സ്വഭാവ
വിശേഷങ്ങള്‍ കക്ഷിക്ക് ഉണ്ടെന്ന് ഗുരുസ്വാമി രാജന്‍ മേനോന്‍ പറഞ്ഞു തന്നതാണ്.
എന്നാലും ഇത്രത്തോളം വരുമെന്ന് കരുതിയില്ല.

ശനിയാഴ്ച വൈകീട്ട് കൂടിയ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വേണു അയാളെ
കാണുന്നത്. സിഗററ്റും പുകച്ച് ആലിന്‍ ചുവട്ടില്‍ കൂടെയുള്ള ശിങ്കിടികളോട് സംസാരിച്ച്
നില്‍ക്കുന്ന സില്‍ക്ക് ജുബ്ബക്കാരന്‍ ശ്രദ്ധ പിടിച്ചു പറ്റുക തന്നെ ചെയ്തു. നട തുറന്ന് വിളക്ക്
വെച്ചപ്പോള്‍ എല്ലാവരും തൊഴാനായി ചെന്നു.

' വേണ്ടോരൊക്കെ ചെന്ന് തൊഴുതിട്ട് വരിന്‍. ഇനി ഞാനും കൂടി വന്ന് എന്നെ കാത്ത്
രക്ഷിക്കണേ ഭഗവാനേ എന്നും പറഞ്ഞ് മൂപ്പരെ ബുദ്ധിമുട്ടിക്കുന്നില്ല. അയാളുടെ കാര്യം  
തന്നെ വല്ലാത്ത കഷ്ടപ്പാടിലാണ് ഇപ്പോള്‍. ശ്രീകോവില്‍ വീണ് എന്നാ അടീല്‍ പെടുന്നത്
എന്നും പേടിച്ചാണ് കക്ഷിടെ ഇരുപ്പ് ' എന്നും പറഞ്ഞ് ബാക്കി എല്ലാവരും അകത്തേക്ക്
പോവുന്നതും നോക്കി അയാള്‍ ആല്‍ ചുവട്ടില്‍ തന്നെ നിന്നു.

ശരണം വിളിച്ചു തൊഴുത് എല്ലാവരും പുറത്തിറങ്ങി ആല്‍ ചുവട്ടിലേക്ക് നീങ്ങി.' ഇന്നത്തെ
ദിവസത്തിന്ന് ഒരു പ്രത്യേകത ഉണ്ട് ' രാജന്‍ മേനോന്‍  പറഞ്ഞു തുടങ്ങി ' ഇന്ന് ഉത്രം
നക്ഷത്രമാണ്. പോരാത്തതിന്ന് ശനിയാഴ്ചയും. അയ്യപ്പസ്വാമിക്കായി പ്രവര്‍ത്തനം ആരംഭിക്കാന്‍ 
പറ്റിയ ഏറ്റവും നല്ല ദിവസമാണ് ഇത് '.

ആല്‍ ചുവട്ടില്‍ കൂടിയ അമ്പതിലേറെ ആളുകള്‍ ശ്രദ്ധിച്ചിരുന്നു.

' ഓരോ കാലത്ത് ഒരോ വിധത്തിലുള്ള നിയമ വ്യവസ്ഥയാണ് സമൂഹത്തില്‍ ഉണ്ടാവുക.
അപ്പപ്പോഴുള്ള നിയമങ്ങള്‍ വ്യക്തികളുടെ ജീവിതത്തിത്തെ മാത്രമല്ല അവരെ  ആശ്രയിച്ച്
നില നില്‍ക്കുന്ന എല്ലാവിധ സ്ഥാപനങ്ങളുടേയും നില നില്‍പ്പില്‍  മാറ്റങ്ങള്‍ ഉണ്ടാക്കും  .
അത്തരത്തില്‍ മാറ്റത്തിന്ന് വിധേയമായ ഒരു സ്ഥാപനമാണ് ഈ ക്ഷേത്രം '.

ഒരു രാഷ്ട്രീയ പ്രസംഗത്തിന്‍റെ ചുവ ഗുരുസ്വാമിയുടെ വാക്കുകളില്‍ ഉള്ളതായി വേണുവിന്ന്
തോന്നി.

' കാലം സൃഷ്ടിക്കുന്ന അനിവാര്യമായ മാറ്റത്തില്‍ ഈ ക്ഷേത്രത്തിലേക്ക് ഭൂസ്വത്തില്‍
നിന്നുള്ള വരുമാനം നിലച്ചു. അതോടെ നാശത്തിലേക്ക് നീങ്ങി തുടങ്ങിയ ഈ ദേവാലയം 
താമസിയാതെ നാമാവശേഷമാവുന്ന അവസ്ഥയിലാണ്. ഇതിനെ നില നിര്‍ത്തി പോരേണ്ടത്
ഈശ്വരവിശ്വാസികളായ നമ്മുടെ കടമയാണ്. ഈ ക്ഷേത്രം ജീര്‍ണ്ണോദ്ധാരണം നടത്തി നല്ല
നിലയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാന്‍ എല്ലാവരും 
തയ്യാറാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു '.

ആ ഘട്ടത്തില്‍ സില്‍ക്ക് ജുബ്ബക്കാരന്‍ കേറി ഇടപെട്ടു. ' ആദ്യം ചുറ്റും നടന്ന് നോക്കി
എന്തൊക്കെ ചെയ്യണം എന്നൊരു തീരുമാനം ഉണ്ടാക്കണം. അല്ലാതെ വെറുതെ ചാടി
പുറപ്പെടാന്‍ ഞാനില്ല '.

പുത്തിരിയിലെ കല്ല് കടിക്കുമോ എന്നൊരു ശങ്ക മനസ്സിലുണ്ടായി. പക്ഷെ ഗുരുസ്വാമി
അയാള്‍ പറഞ്ഞതിനെ പിന്താങ്ങുകയും , എല്ലാവരേയും കൂട്ടി അകത്തും പുറത്തും ഉള്ള
കേടുപാടുകള്‍ മുഴുവനും പരിശോധിക്കാന്‍ പുറപ്പെടുകയും ചെയ്തു.

ഓറ്റ നോട്ടത്തില്‍ കാണുന്ന മാതിരിയല്ല അവസ്ഥ. ചുമരിന്ന് മാത്രമേ കേടില്ലാത്തതുള്ളു.
മരത്തിന്‍റെ ഉരുപ്പടികള്‍ മിക്കതും ചിതലെടുത്ത് കഴിഞ്ഞു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും
നിരവധി ഉയര്‍ന്നു. പകല്‍ രാത്രിക്ക് വഴി മാറാനൊരുങ്ങി. ദീപാരാധനക്ക് നട അടച്ചു. അത്
കഴിയുന്നത് വരെ കാത്ത് നിന്നേ പറ്റു. ഓപ്പോളുടെ വീട്ടില്‍ എത്തണം എന്നത് മറ്റൊരു
വേവലാതിയായി.

നട തുറന്നതും എല്ലാവരും തൊഴുത് പുറത്തിറങ്ങി. വീണ്ടും ആല്‍ചുവട്ടിലേക്ക്. ഇരുട്ട്
ആവുന്നതിന്ന് മുമ്പ് കാര്യങ്ങള്‍ തീര്‍ക്കണമെന്ന വ്യഗ്രത രാജന്‍ മേനോന്‍ കാണിച്ചു.
ഭാരവാഹികളെ തിരഞ്ഞെടുത്തത് വളരെ പെട്ടെന്നായി. ഏറ്റവും പ്രായം ചെന്ന വ്യക്തിയായ
കുപ്പന്‍ കുട്ടി എഴുത്തശ്ശനെ രക്ഷാധികാരിയും , ഗുരുസ്വാമി രാജന്‍ മേനോനെ
പ്രസിഡണ്ടായും യോഗം തിരഞ്ഞെടുത്തു.

' കമ്മിറ്റിയുടെ സുഗമമായ പ്രവര്‍ത്തനത്തിന്ന് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ 
പ്രാപ്തനായ ശ്രീ. സ്വാമിനാഥനെ ട്രഷററായും ക്ഷേത്രത്തിന്‍റെ ഏറ്റവും അടുത്ത് താമസിക്കുന്ന
ശ്രി. വേണുഗോപാലനെ സെക്രട്ടറിയായും തിരഞ്ഞെടുക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു '
എന്ന മേനോന്‍റെ വാക്കുകള്‍ എല്ലാവരും അംഗീകരിച്ചു. മറ്റു പ്രവര്‍ത്തകരെ ഇതേ രീതിയില്‍ 
എടുത്തതോടെ ഭക്തജന സംഘം നിലവില്‍ വന്നു.

പുതിയ ഭാരവാഹികള്‍ സംസാരിക്കണമെന്ന അഭിപ്രായം ഉയര്‍ന്നു. വേണു മടിച്ചിരുന്നു ഒടുവില്‍
സമ്മര്‍ദ്ദം ഏറിയപ്പോള്‍ എഴുന്നേറ്റ വേണു, വളരെ കാലം അന്യ ദേശങ്ങളില്‍ കഴിഞ്ഞ തനിക്ക്
പ്രവര്‍ത്തന പരിചയമോ , ഇവിടുത്തെ ജനങ്ങളെ കുറിച്ചുള്ള അറിവോ പ്രസംഗിക്കാനുള്ള കഴിവോ
ഇല്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ചു.

അടുത്ത ഊഴം സ്വാമിനാഥന്‍റേതായിരുന്നു. ആല്‍ മരത്തിന്‍റെ ഒരു വേരില്‍ ഇരുന്ന അയാള്‍ എഴുന്നേറ്റു,
മുണ്ടിന്‍റെ പുറകിലെ പൊടിയൊക്കെ കൈകൊണ്ട്തട്ടി കളഞ്ഞു. ജുബ്ബയുടെ കൈകള്‍ മുകളിലേക്ക്
വലിച്ചു കേറ്റി . ഗുരുസ്വാമിയുടെ അടുത്ത് വന്നു നിന്നു പിന്നോക്കം തിരിഞ്ഞ് അമ്പലത്തിലേക്ക് നോക്കി
ഒന്ന് കൈ കൂപ്പി.

' അമ്പലം നന്നാക്കണം, പൂജാദികര്‍മ്മങ്ങള്‍ മുടങ്ങാതെ നടത്തണം എന്നൊക്കെയുള്ള അഭിപ്രായം കേട്ടു.
ഞാനൊന്ന് ചോദിക്കട്ടെ, ഇവിടെ അതിനൊക്കെ വേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടോ '.

ആരും ഒന്നും പറഞ്ഞില്ല.

' ഇവിടെ ഒരു പൂജക്കാരനുണ്ട്. കെഴവന്‍. മൂപ്പര് വയ്യാതെ കിടപ്പിലായി. ഇനി അയാള്
വരുംന്ന് കരുതണ്ടാ. ഒരു പാട് കഷ്ടപ്പെടാതെ ചത്താല്‍ വീട്ടുകാരുടെ ഭാഗ്യം. ഇപ്പോള്‍ ഉള്ളത്
ഒരു ചെക്കനാണ്. തനിച്ചൊരു കളിക്കുട്ടി. അതിന്ന് പൂജയും അറിയില്ല ഒന്നും അറിയില്ല .
ഇപ്പോഴത്തെ ചുറ്റുപാടില്‍ വേറൊരാള്‍ പൂജിക്കാന്‍ വര്വോ. എനിക്ക് തോന്നുണില്ല '.

സ്വാമിനാഥന്‍ ഒന്ന് നിര്‍ത്തി എല്ലാവരേയും നോക്കി. ഇയാള്‍ എന്താ പറയാന്‍ പോണത്
എന്നായിരുന്നു എല്ലാവരുടേയും മനസ്സില്‍.

' പിന്നെ ഉള്ളത് വാരരാണ്. മല വെള്ളത്തില്‍ ഒലിച്ച് വന്ന മാതിരിയാണ് അയാള്. വീടുണ്ടോ,
കുടീണ്ടോ, നാടേത് എന്നൊന്നും ആര്‍ക്കും അറിയില്ല. അക്കരേല് അഞ്ചുറുപ്പിക വാടകക്ക്
ഒരു മുറീലാ താമസം. മാരാരോ. പൊതുവാളോ, അടിച്ചു തളിക്കാരിയോ ഒന്നും ഇല്ലാത്തത്
ഭാഗ്യം. അവര്‍ക്ക് താമസസ്ഥലം വേണം എന്ന് ആലോചിക്കാതെ കഴിഞ്ഞു '.

പ്രസക്തമായ കാര്യമാണ് ഈ പറഞ്ഞതെന്ന് മിക്കവര്‍ക്കും തോന്നി.

' എനിക്ക് പറയാനുള്ളത് ഇതാണ്. അമ്പലത്തിന്‍റെ പണി നടക്കുന്ന കൂട്ടത്തില്‍ ശാന്തിക്കാര്‍ക്കും ,
കഴകക്കാര്‍ക്കും , ബാക്കി ഉള്ള പണിക്കാര്‍ക്കും താമസിക്കാനുള്ള സൌകര്യം ഏര്‍പ്പെടുത്തണം '.

സ്വാമിനാഥന്‍ പറയുന്ന കാര്യം വാസ്തവമാണെന്നും എന്നാല്‍ ഇതിനൊക്കെ കൂടി എങ്ങിനെ പണം
സ്വരൂപിക്കുമെന്ന് അറിയില്ലെന്നും രാജന്‍ മേനോന്‍ പറഞ്ഞു.

' കാശിനെ കുറിച്ച് ബേജാറാവണ്ടാ,. പഴയ മൂന്ന് നാല് പത്തായപ്പുരകള്‍ ഞാന്‍ പൊളിക്കാന്‍
വാങ്ങിയിട്ടുണ്ട്. വേണ്ട സാധനങ്ങള്‍ എന്‍റെ ലോറീല്. ഇവിടെ എത്തിക്കാം. കൂലിക്കുള്ള കാശും 
തരാം. കോര്‍ട്ടേഴ്സ് മാതിരി കെട്ടിടം ഉണ്ടാക്കി താമസിക്കാന്‍ കൊടുത്താല്‍ പണിക്ക് ആള് വരും .
പക്ഷെ ഒരു കാര്യം . എനിക്ക് മെനക്കെട്ട് നില്‍ക്കാന്‍ നേരം കിട്ടില്ല. നൂറ് കൂട്ടം പണികളുണ്ട്.
ആരെങ്കിലും മേല്‍നോട്ടം നടത്തണം '.

ആ കാര്യം താന്‍ ചെയ്യാമെന്ന് ഗുരുസ്വാമി ഏറ്റു.

' ഇനി ചെയ്യാനുള്ളത് പുഴ കടക്കാനുള്ള ഒരു ഏര്‍പ്പാടാണ്. പൊഴേല് വെള്ളം 
പൊങ്ങിയാല്‍ ഇക്കരക്ക് മനുഷ്യന്‍ വരില്ല. അതിന്ന് ഒരു പ്രതിവിധി കാണണം '.

' അതിന്ന് കൊല്ലത്തില്‍ എട്ടോ പത്തോ ദിവസം അല്ലേ വെള്ളം കയറൂ. ബാക്കി ദിവസം
എറങ്ങി കടക്കാലോ ' എന്ന് എഴുത്തശ്ശന്‍ ചോദിച്ചു.

' നാലഞ്ച് മാസം മുട്ടിന്ന് മേപ്പട്ട് വെള്ളം കാണും. നിങ്ങള്‍ക്ക് മുണ്ടും പൊക്കി കോണകൂം
കാട്ടി ഇറങ്ങി കടക്കാം. തൊഴാന്‍ വരുന്ന പെണ്ണുങ്ങള്‍ക്ക് അത്പറ്റില്ല. അടുത്താഴ്ച ഞാന്‍
തിരുവനന്തപുരത്തിന് പോണുണ്ട്. പറ്റിയാല്‍ മന്ത്രിയെ കണ്ട് സംസാരിക്കാം. ചെലപ്പൊ
ഒരു ഹരിജി ഉണ്ടാക്കി എല്ലാരും കൂടി ഒപ്പിട്ട് എന്‍റേല്‍ തരണം '. ആ പ്രസംഗം അങ്ങിനെ
നീണ്ടു നീണ്ടു പോയി.

ഇരുട്ട് പരന്നു കഴിഞ്ഞു. വൈകാതെ യോഗം പിരിഞ്ഞു. മതിലിന്ന് വെളിയില്‍ ചാമി കാത്ത്
നില്‍പ്പുണ്ട്.

' ഇന്നിനി പോണോ '

' പോവാതെ പറ്റില്ല. ഓപ്പോള് കാത്തിരിക്കും '.

' ബസ്സൊക്കെ പോയി കഴിഞ്ഞു. ഞാനൊരു കാറ് പറഞ്ഞു വെച്ചിട്ടുണ്ട് '.

' അത് നന്നായി '.

' അപ്പ്വോച്ചോ, ഞാന്‍ മൊതലാളിയെ കൊണ്ടാക്കീട്ട് വരാം '.

' നെനക്ക് കഞ്ഞി വെക്കണോ ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഒന്നും ചെയ്യണ്ടാ. ഞാന്‍ വരുമ്പോള്‍ രണ്ടാളുക്കും കഴിക്കാന്‍ ഉള്ളത് കൊണ്ടു വരാം '.

വേണു ടോര്‍ച്ച് തെളിച്ചു.

Tuesday, February 2, 2010

അദ്ധ്യായം - 48.

കാലത്തെ ആഹാരവുമായി ചാമി എത്താറുള്ള സമയം എപ്പോഴോ കഴിഞ്ഞു. കാത്തിരുന്ന് മുഷിഞ്ഞിട്ട് എഴുത്തശ്ശന്‍ പോയി. വേണു തലേന്നത്തെ പത്രത്താളുകളിലേക്ക് തല താഴ്ത്തി.

' ഇത് എവിടേയാ വെക്കേണ്ടത് ' എന്ന ചോദ്യം കേട്ടിട്ട് തല പൊക്കി നോക്കിയപ്പോള്‍ നല്ല ഭംഗിയുള്ള ഒരു പെണ്‍കിടാവ് ആഹാരം കൊണ്ടു വരുന്ന പാത്രവുമായി ഉമ്മറത്ത് നില്‍ക്കുന്നു.

' ആരാ ' വേണു ചോദിച്ചു.

' ഞാന്‍ കല്യാണി, വല്യേപ്പന്‍ ഒരു മരിപ്പിന്ന് പോയി. ഇത് വാങ്ങി കൊണ്ടുതരാന്‍ പറഞ്ഞിട്ടാ പോയത് '.

അപ്പോള്‍ ചാമി പറയാറുള്ള കുട്ടി ഇതാണ്.

' എവിടേക്കാ ചാമി പോയത് ' പാത്രം വാങ്ങിക്കുമ്പോള്‍ വേണു ചോദിച്ചു ' രാവിലെ പോവുമ്പോള്‍ ഒന്നും പറഞ്ഞില്ലല്ലോ '.

' എവിടേക്കാ പോയത് എന്ന് എനിക്ക് അറിയാന്‍ പാടില്ല. മരിച്ച കാര്യം രാവിലെയാ അറിഞ്ഞത് എന്ന് പറഞ്ഞു '.

പിന്നെ ഒന്നും പറയാനില്ല. എങ്കിലും ' എപ്പോഴാ തിരിച്ച് വര്വാ ' എന്ന് ചോദിച്ചു.

' അതും അറിയാന്‍ പാടില്ല '.

' എന്നാല്‍ ശരി '.

വേണു സംഭാഷണം നിര്‍ത്തി എഴുത്തശ്ശനെ വിളിക്കാന്‍ ചെല്ലാനൊരുങ്ങി.

' കുറച്ച് വൈക്കോല്‍ എടുത്തോട്ടെ ' എന്ന് കല്യാണി ചോദിച്ചു.

വേണു തലയാട്ടി. പെണ്‍കുട്ടി വൈക്കോല്‍ കുണ്ടയില്‍ നിന്നും വൈക്കോല്‍ കന്നുകള്‍ എടുത്തു നിലത്ത് വെച്ചു. ' ഒരു കയറ് തരാനുണ്ടാവ്വോ ' എന്ന് വേണുവിനോട് ചോദിച്ചു. അകത്ത് പരതി നോക്കിയെങ്കിലും
 ഒന്നും കണ്ടെത്താന്‍ ആയില്ല. ആ വിവരം പറഞ്ഞതും ' ഒരു കത്തി തന്നാല്‍ വാഴകയ്യ് അരിഞ്ഞ് എടുക്കാ ' മെന്ന് കുട്ടി പറഞ്ഞു. അടുക്കളയില്‍ നിന്ന് കത്തി എടുത്തു കൊടുത്തു. കിഴക്കെ തൊടിയില്‍ നിന്നും കുട്ടി വാഴകയ്യ് മുറിച്ചെത്തി.

' എണ്ണം പിടിച്ചോളിന്‍ ' എന്നും പറഞ്ഞ് കുട്ടി വൈക്കോല്‍ കന്നുകള്‍ എണ്ണാനൊരുങ്ങി.

' എന്തിനാ ഇതൊക്കെ എണ്ണുന്നത് 'വേണു ചോദിച്ചു.

' പൈസ തരണ്ടേ '.

' അതിന്ന് ഞാന്‍ പൈസ ചോദിച്ചില്ലല്ലോ '.

അങ്ങിനെ പറഞ്ഞാല്‍ പറ്റില്ലെന്നും, ചാണകം കൊടുത്ത വകയില്‍ കിട്ടാനുള്ള വൈക്കോല്‍ വലിയപ്പന്‍ എണ്ണിയിട്ടാണ്
തരാറുള്ളതെന്നും, അത് തീര്‍ന്നതിനാലാണ് ഇപ്പോള്‍ വൈക്കോല്‍ ചോദിച്ചതെന്നും കുട്ടി പറഞ്ഞു.

' മോള് അത് കൊണ്ടു പൊയ്ക്കോ, കണക്കൊക്കെ പിന്നെ പറയാ ' മെന്ന് വേണു പറഞ്ഞു.

പോത്തു പോലെ വലിപ്പം വെച്ച തന്നെ മോളേ എന്ന് വിളിച്ചത് ഒരു കുറച്ചിലായി കല്യാണിക്ക് തോന്നി. അതോടൊപ്പം  മുതലാളി സ്നേഹത്തോടെ അങ്ങിനെ വിളിച്ചല്ലോ എന്നതില്‍ മനസ്സില്‍ ഒരു സന്തോഷവും
 ഉണ്ടായി. വെറുതെയല്ല തനി സാധുവാണ് മുതലാളി എന്ന് വലിയപ്പന്‍ പറയാറുള്ളത്. അവളുടെ ചുണ്ടില്‍ 
ഒരു മന്ദസ്മിതം വിടര്‍ന്നു.

' ഈ കെട്ട് ഒന്ന് ഏറ്റി തലയില്‍ വെച്ച് തര്വോ '.

വേണു ഇറങ്ങി ചെന്ന് വൈക്കോല്‍ കെട്ടിന്‍റെ ഒരു വശം പിടിച്ച് കുട്ടിയുടെ തലയിലേറ്റി വെച്ചു.

' ഞാന്‍ പോണൂ '. ഗേറ്റ് കടന്ന് അവള്‍ പോയി.

ചാമി പറഞ്ഞത് വെറുതെയല്ല, ശരിക്കും മഹാലക്ഷ്മി തന്നെയാണ് ഇവള്‍. അത്രക്ക് മുഖ ശ്രീ ഉണ്ട് എന്ന് വേണു മനസ്സില്‍ കരുതി.

*************************************************************************************
' ഈ മനുഷ്യന്‍റെ  ഓരോ ഏര്‍പ്പാടുകള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് വല്ലാതെ ചൊറിഞ്ഞ് വരുന്നുണ്ട്. എന്താ ഇയാളുടെ വിചാരം ' വീട്ടില്‍ വന്നു കേറിയതും കിട്ടുണ്ണി ആരോടെന്നില്ലാത്ത മട്ടില്‍ പറഞ്ഞു.

രാധ അത് ശ്രദ്ധിച്ചതായി ഭാവിച്ചില്ല. വല്ലതും സംസാരിക്കാന്‍ മുതിര്‍ന്നാല്‍ അത് തമ്മില്‍ തല്ലലില്‍ ചെന്ന്
അവസാനിക്കും. അതാണ് ഇപ്പോഴത്തെ രീതി.

' താനെന്താ ഞാന്‍ പറഞ്ഞത് കേട്ടില്ലെന്നുണ്ടോ '.

' കേട്ടു '.

' എന്നിട്ടെന്താ ഒന്നും ചോദിക്കാത്തത് '.

' എന്താച്ചാല്‍ പറഞ്ഞോളൂ. ഞാന്‍ കേട്ടോളാം '.

' അങ്ങിനെ എനിക്ക് വേണ്ടീട്ട് കേള്‍ക്കാന്‍ ബുദ്ധിമുട്ടണ്ടാ '.

രാധ എഴുന്നേറ്റ് അകത്തേക്ക് ചെന്നു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ കിട്ടുണ്ണി എഴുന്നേറ്റ് രാധയുടെ അടുത്തേക്ക് ചെന്നു.

' ഞാന്‍ ആരെ പറ്റിയാ പറഞ്ഞതെന്ന് തനിക്ക് മനസ്സിലായോ '.

രാധ ഉവ്വെന്ന മട്ടില്‍ തലയാട്ടി.

' എന്നാല്‍ പറ ആരേ പറ്റിയാ ഞാന്‍ പറഞ്ഞത് '.

' വേണ്വോട്ടനെ പറ്റി '.

അതെങ്ങന്യാ തനിക്ക് മനസ്സിലായത് '.

' ഇപ്പൊ കുറച്ചായിട്ട് കുറ്റം പറയുന്നത് മുഴുവന്‍ ഏട്ടനെ പറ്റിയാണല്ലോ '.

' അപ്പൊ ഞാന്‍ പറയുന്നതാ കുറ്റം . അയാള് ചെയ്യുന്നതല്ല '.

രാധ മറുപടി പറഞ്ഞില്ല.

' അയാള് കാണിക്കുന്നത് അമ്മാതിരി പണികളാണ്. പിന്നെ പറയാതെ പറ്റ്വോ. ആ നാണു നായരുടെ വീട്ടിന്നാണത്രേ ശാപ്പാട്. അത് വാങ്ങീട്ട് വരാന്‍ ആ കൊമ്പാളനും. അവന്‍റെ കൂടെയാണ് സഹവാസം എന്നാ കേട്ടത് '.

കിട്ടുണ്ണി ഒന്നു നിര്‍ത്തി. രാധ നിശബ്ദമായി ഇരുന്നു.

' ആ നായരാണെങ്കില്‍ പണ്ടേ തനി ചെറ്റയാണ്. അരക്കാല്‍ പൈസക്ക് വകയില്ലാത്തവന്‍. അയാള്‍ക്കൊരു വരുമ്പടിയായി ഈ ചോറ് കച്ചോടം . പത്തിന് പതിനഞ്ച് കൊടുക്കുന്ന ശീലമല്ലേ നമ്മടെ കക്ഷിക്ക് '.

' നിങ്ങള്‍ക്ക് രാഘവന്‍റെ തോളില്‍ കയ്യിട്ട് നടക്കാം. അതില്‍ തെറ്റില്ല. അയാള്‍ക്ക് കാശുണ്ടല്ലോ. ഏട്ടന്‍റൊപ്പം ചാമി നടക്കുന്നതാ കുറ്റം. അവന്ന് പൈസ ഇല്ല. അതന്നെ അവന്‍റെ കുറവ്. ഞാന്‍ ഒരു കാര്യം പറയാം. ഏട്ടന്‍ എന്തോ ചെയ്തോട്ടെ. നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ വരുണില്ലല്ലോ '.

' അല്ലെങ്കിലും കുറച്ചായിട്ട് നിനക്ക് ഇത്തിരി കൂടുന്നുണ്ട്. ഒരു ദിവസം ഞാന്‍ ഒതുക്കി തരുന്നുണ്ട് '.

' മേലാല്‍ എനിക്ക് നിങ്ങടെ കൂട്ടം കേള്‍ക്കണ്ടാ ' എന്നും പറഞ്ഞ് രാധ രംഗത്തില്‍ നിന്നും നിഷ്ക്രമിച്ചു.

അദ്ധ്യായം - 47.

കളപ്പുരയിലെത്തിയതും വേണു നിലവിളക്ക് കത്തിച്ചു ഉമ്മറത്ത് വെച്ചു. പിന്നീടാണ് കമ്പിറാന്തല്‍ കത്തിച്ച് തൂക്കിയത്. പടവിന്ന് ഇരുവശത്തുമായി പിള്ള കോലായില്‍ അവര്‍ ഇരുന്നു.

' എല്ലാവരും കൂടി ഒത്തു പിടിച്ചാല്‍ മണ്ഡലകാലം തുടങ്ങുമ്പോഴേക്ക് അമ്പലം പണി തീര്‍ക്കാന്‍ പറ്റും ' എഴുത്തശ്ശന്‍ പറഞ്ഞു ' എന്നിട്ട് അവിടെ വെച്ച് ഒരു അയ്യപ്പന്‍ വിളക്കും നടത്തണം '.

' അമ്മാമേ, ഞാന്‍ അതല്ലാ ആലോചിക്കുന്നത് ' വേണു പറഞ്ഞു ' ഇത് നന്നാക്കാന്‍ മുന്നിട്ട് ഇറങ്ങുന്നവര്‍ എങ്ങിനെയുള്ള
ആളുകളാണെന്ന് അറിയ്വോ '.

' വേണ്വോ , എനിക്ക് അത്രയ്ക്കങ്ങിട്ട് നിശ്ചം പോരാ. പക്ഷെ നാളെ വല്ല പണപ്പിരിവും നടത്തി ഇവരില്‍ ആരെങ്കിലും 
മുങ്ങിയാല്‍ കൂടെ നിന്നോരൊക്കെ സമാധാനം പറയേണ്ടി വല്ലേന്നോരു ശങ്ക എനിക്കും ഉണ്ട് '.

' അങ്ങിനെ വിചാരിച്ചിട്ടല്ലാട്ടോ ഞാന്‍ പറഞ്ഞത് ' എന്ന് വേണു പറഞ്ഞുവെങ്കിലും ആദ്യമായി ഒരു പൊതു കാര്യത്തിന്ന് ഇറങ്ങിയിട്ട് ചീത്തപ്പേര് വരരുത് എന്ന് അയാള്‍ക്കും ആഗ്രഹമുണ്ടായിരുന്നു.

' ആ ഗുരുസ്വാമി നല്ല തറവാട്ടുകാരനാണെന്ന് കേട്ടിട്ടുണ്ട്. എനിക്ക് അതിലപ്പുറം ഒന്നും അറിയില്ല '.

എഴുത്തശ്ശന്‍ കുറെ നേരം ആലോചിച്ചിരുന്നു.

' ഇപ്പഴാ ഓര്‍മ്മ വന്നത്. നമ്മുടെ നാണ്വാരക്ക് അയാളെ പറ്റി നന്നായിട്ടറിയും. അവര് രണ്ടു മൂന്ന് കുറി ഒന്നിച്ച് മലക്ക് പോയിട്ടുണ്ട് '.

പിറ്റേന്ന് കുളക്കടവില്‍ വെച്ചേ നാണു നായരോട് എഴുത്തശ്ശന്‍ വിവരം അന്വേഷിച്ചു.

' അയാളെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ഒരു മഹാഭാരതം തന്നെ ഉണ്ടാവും. കളപ്പുരേല് ചെന്നിരുന്ന് വിസ്തരിച്ച് ഞാന്‍ 
പറയാം '.

വീട്ടിലേക്ക് പോവുന്നതിന്ന് പകരം നാണു നായര്‍ മറ്റുള്ളവരോടൊപ്പം കളപ്പുരയിലേക്ക് നടന്നു. വഴിയില്‍ വെച്ചേ ഗുരുസ്വാമിയെ
കുറിച്ചുള്ള വിവരണം തുടങ്ങി.

പേരു കേട്ട തറവാട്ടിലെ അംഗമാണ് അയാള്‍. മൂത്ത അമ്മാമന്‍റെ കാലത്ത് നാട്ടില് എന്തു കാര്യത്തിലും മൂപ്പരാണ് തീര്‍പ്പ് കല്‍പ്പിക്കാറ്. പോലീസും പട്ടാളൂം കോടതീം ഒന്നും ഇവിടെ വേണ്ടാ. എങ്ങിനെ കാര്യം കൊണ്ടു നടക്കണം എന്ന് ഞാന്‍ 
തീരുമാനിച്ചോളാം എന്ന് ധൈര്യമായി തുക്ടിസായ്‌വിനോട് മുഖത്ത് നോക്കി പറഞ്ഞ കേമനാണ് അദ്ദേഹം. അച്ഛനും അതേ പോലത്തെ തറവാട്ടുകാരന്‍.

മൂന്ന് ഏട്ടന്മാരും രണ്ട് ഏടത്തിമാരും. ഒടുവിലുത്തെ ആളാണ് ഇയാള്‍. പെങ്ങന്മാരെ കല്യാണം കഴിച്ചത് വലിയ ഉദ്യോഗസ്ഥന്മാര്. മൂത്തയാള്‍ വലിയ കമ്പിനിയിലെ മാനേജരായിരുന്നു. ഹാര്‍ട്ട് നിന്നിട്ടാ അദ്ദേഹം മരിച്ചത്. രണ്ടാമത്തെ ആള്‍
ഏതോ നാട്ടില് പ്രതാപത്തില്‍ കഴിയുണു. മൂന്നാമന്‍ ഡെല്‍ഹീല് വലിയ ഉദ്യോഗസ്ഥനാണ്.

' നിങ്ങള് അവരിടേം ഇവരിടേം കാര്യമൊന്നും പറയണ്ടാ. ഈ വിദ്വാന്‍ ആളെങ്ങനേ എന്ന് പറയിന്‍ ' എന്ന് എഴുത്തശ്ശന്‍ ധൃതി കൂട്ടി.

' അതന്യാ ഞാന്‍ പറഞ്ഞു വരുണത്. ഇതൊന്നും പറയാതെ അയാളെ പറ്റി പറഞ്ഞാല്‍ നിങ്ങക്ക് ആളെ മനസ്സിലാവില്ല '.

' എന്നാല് ഇഷ്ടം പോലെ പറഞ്ഞോളിന്‍ ' എന്ന് എഴുത്തശ്ശനും പറഞ്ഞു.

പഠിക്കാന്‍ കെങ്കേമനായിരുന്നു ഈ മഹാന്‍. പക്ഷെ കുറെ കഴിഞ്ഞപ്പോള്‍ കളിയിലായി കമ്പം. പേരെടുത്ത പന്തു കളിക്കാരനായിരുന്നു. അതോടെ പഠിപ്പിലുള്ള വാത്സല്യം കുറഞ്ഞു. കോളേജില്‍ പഠിക്കുമ്പോള്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് കൊടി പിടിക്കാനും സമരത്തിനും ഒക്കെ പോയി. പോലീസിന്‍റെ തല്ലും കൊണ്ടു. ജയിലിലും പോയി. അതോടെ പഠിപ്പും തീര്‍ന്നു.

വേണുവിന്ന് കഥാപാത്രത്തിനെ ഇഷ്ടമായി. കുറച്ച് ആദര്‍ശം ഒക്കെ ഉള്ള കൂട്ടത്തിലാണ് രാജന്‍ മേനോന്‍ .

കളപ്പുരയില്‍ എത്തിയതും വേണു വസ്ത്രം മാറ്റി കഥ കേള്‍ക്കാനിരുന്നു. ചാമി കാലത്തെ ഭക്ഷണവുമായി എത്തിയിട്ടില്ല. എഴുത്തശ്ശനും കൂട്ടുകാരനും തിണ്ണയില്‍ പടിഞ്ഞിരുന്നു.

' അപ്പൊ ഞാന്‍ പറഞ്ഞു വന്നത് ' എന്നും പറഞ്ഞ് നാണു നായര്‍ കുറച്ച് ആലോചിച്ചിരുന്നു.

' ങാ. മൂപ്പര് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. എന്നാല്‍ അവിടെ നിന്ന്വോ. അതൂല്യാ. സ്വാതന്ത്രം കിട്ടിയപ്പോള്‍ അന്നുവരെ ഇല്ലാത്ത പലരും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഓരോ സ്ഥാനത്ത് കയറിപ്പറ്റി. ഈ മൂപ്പര് ആ നേരം നോക്കി കമ്മൂണിസ്റ്റ് പാര്‍ട്ടീല്‍ ചേര്‍ന്നു.
പിന്നീം കൊടി പിടുത്തൂം  സമരം ചെയ്യലും തല്ലുകൊള്ളലും തന്നെ. അങ്ങിനെ കുറെ കഴിഞ്ഞ് കമ്മൂണിസ്റ്റ്കാര് ഭരിക്കാന്‍
തുടങ്ങുമ്പഴക്കും മൂപ്പര് അതിന്നും മാറി നാടകവും കൊണ്ട് നടപ്പായി. പിന്നെ സിനിമേല് ചേരാന്‍ പോയീന്ന് കേട്ടു. ഒടുവില്‍
താടീം തലേം വളര്‍ത്തി കാവി ചുറ്റി സന്യാസിയായി. കാശി രാമേശ്വരൂം ഹിമാലയൂം ഒക്കെ നടന്ന് ചെന്ന് കണ്ടിട്ടുണ്ടത്രേ. അതെല്ലാം കഴിഞ്ഞ് തിരിച്ചു വന്ന ശേഷം ശബരിമലക്ക് പോവാന്‍ തുടങ്ങി. അയ്യപ്പന്‍ കടാക്ഷിച്ചിട്ട് പിന്നെ ഒതുങ്ങി കൂടി ഇവിടതന്നെ ഇരിക്കുണുണ്ട് '.

' അപ്പോള്‍ മക്കളും കുട്ടികളും ' വേണു കുടുംബ വിശേഷം തിരക്കി.

' ഈ കണ്ട പരിപാടിക്ക് ഇടയില്‍ അതിനൊക്കെ എവിടെ സമയം. ആള് ഇന്നും ഒറ്റക്കാണ് '.

' കഴിഞ്ഞോ നിങ്ങടെ പുരാണം പറച്ചില്‍ ' എഴുത്തശ്ശന്ന് മടുപ്പ് തുടങ്ങി ' അയാള് എങ്ങിനത്തെ ആളാന്ന് ചോദിച്ചത് പത്ത് ഉറുപ്പിക കാശ്പിരിച്ചുണ്ടാക്കി കയ്യില്‍ കൊടുത്താല്‍ അതും കൊണ്ട് സ്ഥലം വിട്വോ അയാള് എന്നറിയാനാണ് '.

' അത് ഉണ്ടാവില്ല. ഞാന്‍ തന്നെയാണ് അതിന്ന് ഉറപ്പ് ' നാണു നായര്‍ പറഞ്ഞു ' ശബരിമലക്ക് പോവാന്‍ കെട്ടു നിറച്ച്
കൊടുത്താല്‍ കിട്ടുന്ന ദക്ഷിണ മൂപ്പര് അടുത്ത ആളിന്‍റെ കെട്ടിലിടും. ഒരു പൈസ ആരടേം എടുക്കില്ല. തറവാടി തറവാടി തന്നെ
എന്ന് കേട്ടിട്ടില്ലേ '.

ആഹാരവുമായി ചാമി എത്തി. കഴിച്ചിട്ട് പോകാമെന്ന് പറഞ്ഞത് വക വെക്കാതെ ' മോള് എന്നേം  കാത്ത് ഇരിക്കിന്നുണ്ടാവും ' എന്നും പറഞ്ഞ് നാണു നായര്‍ എഴുന്നേറ്റ് നടന്നു.

*************************************************************************************

വേലായുധന്‍കുട്ടി കുടുംബസമേതം വീട്ടില്‍ തിരിച്ചെത്തിയിട്ട് കുറച്ച് ദിവസങ്ങളായി. രാവിലെ മില്ലിലേക്ക് ചെല്ലും. ഇരുട്ടുവോളം
അവിടെ കൂടും. കഴിയുന്നതും പുറത്ത് ഇറങ്ങുകയോ ആരെയെങ്കിലും കാണുകയോ ചെയ്യാതെ കഴിഞ്ഞു കൂടും.

പൊടുന്നനെ തനിക്ക് വാര്‍ദ്ധക്യമായി എന്നൊരു തോന്നല്‍ ഉള്ളില്‍ കടന്നു. അതിനും പുറമെ അച്ഛനോടുള്ള കടമകള്‍ താന്‍  നിറവേറ്റിയില്ല എന്നൊരു കുറ്റബോധം സദാ വേട്ടയാടി കൊണ്ടിരുന്നു. അച്ഛനെ ചെന്നു കണ്ട് കാല്‍ക്കല്‍ വീണ് മാപ്പ് ചോദിക്കണമെന്ന് പലപ്പോഴും തോന്നി. എങ്ങിനെ പ്രതികരിക്കും എന്ന് അറിയാന്‍ പാടില്ലല്ലോ.

' നിങ്ങളെന്താ എപ്പോഴും ഇങ്ങിനെ ആലോചിച്ച് ഇരിക്കുന്നത് ' എന്ന് രാധാകൃഷ്ണന്‍ ഒരിക്കല്‍ ചോദിച്ചു. തന്‍റെ സങ്കടങ്ങള്‍ അവനോട് പറയാന്‍ മടി തോന്നി.

അച്ഛനെ കുറിച്ചുള്ള വിഷമതകള്‍ മനസ്സില്‍ ഒതുക്കി വേലായുധന്‍ കുട്ടി കഴിയുമ്പോള്‍ , കുപ്പന്‍കുട്ടി എഴുത്തശ്ശനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനുള്ള ജിജ്ഞാസ മാധവിക്ക് ഉണ്ടായി.

' കിഴവന്‍ എല്ലാവരോടും പിണങ്ങി ഒറ്റക്ക് കഴിഞ്ഞിട്ട് എങ്ങിനെ ഉണ്ട് ' എന്ന് അറിയാന്‍ ഒരു മോഹം. നേരിട്ട് ചെന്ന് അന്വേഷിക്കാനൊന്നും വയ്യ. മില്ലിലെ പണിക്ക് അവിടെ നിന്ന് ആരും വരുന്നുമില്ല. ഇനി എന്താണ് വഴി എന്ന ചിന്തയില്‍ 
ഒരാഴ്ചയോളം കഴിഞ്ഞു.

ഒടുവില്‍ അടുക്കള പണിക്കാരി പാറുവാണ് മാധവിക്ക് തുണയായത്.

' അതിനെന്താ അമ്മാ പ്രയാസം. ഒന്നും അറിയാത്ത മാതിരി കുറച്ച് കഞ്ഞിയും ആയി ഞാന്‍ പോകാം. വാങ്ങി കഴിക്കുന്നൂച്ചാല്‍
കഴിച്ചോട്ടെ. അത്ര വലിയ ചിലവൊന്നും വരില്ലല്ലോ അതിന്ന് ' എന്നവള്‍ പറഞ്ഞു.

ആ നിര്‍ദ്ദേശം മാധവിക്കും ഇഷ്ടമായി. പക്ഷെ രാധാകൃഷ്ണന്‍ അറിയാതെ വേണം. അറിഞ്ഞാല്‍ വല്ലതും പറഞ്ഞാലോ. ഇപ്പോള്‍
ഭരണം അവന്‍റേതാണ്.

പിറ്റേന്ന് വേലായുധന്‍കുട്ടിയും രാധാകൃഷ്ണനും പോയതോടെ പരീക്ഷണത്തിന്നുള്ള ഒരുക്കമായി. പാറു ഒരു പാത്രത്തില്‍
കഞ്ഞിയുമായി പുറപ്പെട്ടു. ' ചുറ്റും നടന്ന് നോക്കി എല്ലാ വിവരൂം അറിഞ്ഞിട്ട് വരണം ' എന്ന് മാധവി പ്രത്യേകം പറഞ്ഞു.

പാടത്തില്‍ നിന്നും വന്ന് മൂരികള്‍ക്ക് വെള്ളം കാട്ടി വൈക്കോലും ഇട്ടു കൊടുത്ത് എഴുത്തശ്ശന്‍ വെറുതെ ഇരിക്കുമ്പോഴാണ് പാറുവിന്‍റെ വരവ്.

' മുത്തപ്പോ, സുഖം അല്ലേ ' എന്ന് ചോദിച്ചതിന്ന് മുഖത്ത് ഒരു ആട്ട് വെച്ചു കൊടുക്കാനാണ് തോന്നിയത്. വരവിന്‍റെ ഉദ്ദേശം
അറിയാന്‍ വേണ്ടി വന്ന ദേഷ്യം കടിച്ചമര്‍ത്തി.

' എന്താ നിന്‍റെ കയ്യില് ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഇത് മുത്തപ്പനുള്ള കഞ്ഞി. മാധവി അമ്മ തന്നയച്ചതാണ് '.

' എന്താപ്പൊ അങ്ങിനെ തോന്നാന്‍ '.

' എന്തൊക്കെ ആയാലും മകന്‍റെ ഭാര്യയല്ലേ. അവര്‍ക്ക് സ്നേഹം തോന്നാതിരിക്ക്വോ '.

' അത് എനിക്കറിയില്ലേ '.

പാറു ഇറയത്തേക്ക് കയറി. ' മുത്തപ്പന്ന് ഇപ്പൊ എവിടുന്നാ ആഹാരം ' എന്ന് അവള്‍ ചോദിച്ചു.

' ആവൂ. അതിനാണോ പ്രയാസം. മേപ്പട്ട് നോക്കി മുറ്റത്ത് കിടക്കും , വായീം പൊളിച്ചോണ്ട്. ആകാശത്ത് നിന്ന് ചോറോ.
കറിയോ , പായസോ എന്താ വേണ്ടത്ച്ചാല്‍ അത് വായില്‍ വന്ന് വീഴും. അതോണ്ട് ഒരു ഉപകാരം ഉണ്ട്. വായ മാത്രേ
കഴുകേണ്ടു. കയ്യ് കഴുകുന്ന പണി ലാഭായി '.

' നിങ്ങളെന്താ കളിയാക്ക്വാ '.

' കളിയാക്ക്വേ. അവര് ഇറങ്ങി പോയ ദിവസം ഞാന്‍ എത്ര പറഞ്ഞിട്ടും കേള്‍ക്കാതെ നീയും ഇറങ്ങി പോയി. പോരാത്തതിന്ന് ഉള്ള കഞ്ഞീം ചോറും കൊട്ടി കളഞ്ഞ് എന്നെ ആ രാത്രി പട്ടിണിക്ക് ഇട്ടു. എന്നിട്ട് ഇപ്പോള്‍ കഞ്ഞീം കൊണ്ട് വന്നിരിക്കുന്നു ' എഴുത്തശ്ശന്‍ അലറി ' കൊണ്ട് പൊയ്ക്കോ എന്‍റെ മുമ്പിന്ന്. അവളുടെ അപ്പന്‍ ചത്തിട്ട് പതിനാലാം പക്കം  പാരാന്‍ എടുത്തോട്ടെ ഈ കഞ്ഞി. മേലാല്‍ എന്തെങ്കിലും പൊന്നാരൂം പറഞ്ഞ് ഇങ്ങോട്ട് കേറി വന്നാല്‍ വഴുക പൊളിര് കൊണ്ട് നിന്‍റെ പൊറം ഞാന്‍ 
അടിച്ച് പൊളിക്കും  . മനസ്സിലാക്കിക്കോ '.

കെഴവന്‍റെ ഒരു ഹുംകൃത്യേ എന്ന് മനസ്സില്‍ പറഞ്ഞും കൊണ്ട് പാറു പാത്രവുമായി തിരിഞ്ഞു നടന്നു.

അദ്ധ്യായം - 46.

' കര്‍ക്കിടകൂം കഴിഞ്ഞൂ ദുര്‍ഘടൂം കഴിഞ്ഞു. നാളെ മുതല്‍ ചിങ്ങമാസം ആണ് ' രാവിലെ അമ്പലത്തില്‍ നിന്ന് വരുമ്പോള്‍
എഴുത്തശ്ശന്‍ പറഞ്ഞു ' രാമായണം വായിച്ച് തീര്‍ക്കണം ച്ചാല്‍ ഇന്ന് തീര്‍ത്തോളൂ '.

' ഇനി രണ്ട് പേജേ ഉള്ളു അമ്മാമേ. ഞാന്‍ അത് കണക്കാക്കി ചൊല്ലി നിര്‍ത്തിയതാണ് '.

പാടങ്ങളിലെല്ലാം നിര കതിര്‍ ആയി. ചിലതൊക്കെ പാലുറച്ച് കഴിഞ്ഞു.

' കതിര് വരുന്ന സമയത്ത് ഇമ്മാതിരി മഴ പെയ്തൂടാ. ചിലപ്പൊ അങ്ങന്നെ ചണ്ടാവും ' എന്ന് ഇടക്കൊക്കെ ചാമി പറയും.

' എന്‍റെ നോട്ടത്തില് ഇക്കുറി ചണ്ട് കുറവാ. എന്താ അതിന്‍റെ മാതിരി എന്ന് എനിക്ക് അറിയാനും പാടില്ല ' എന്ന് എഴുത്തശ്ശനും 
പറഞ്ഞിരുന്നു.

കാലാവസ്ഥ കൃഷിയെ ബാധിക്കുന്ന വിധം വേണുവിനെ പറഞ്ഞ് മനസ്സിലാകുകയായിരുന്നു ഇരുവരും .

' ഈ ശനിയാഴ്ച ഉച്ച തിരിഞ്ഞാല്‍ ഞാന്‍ ഓപ്പോളുടെ വീട്ടിലേക്ക് ചെല്ലും. ഞായറാഴ്ച പെണ്‍കുട്ടിയെ കാണാന്‍ ചെല്ലാനുണ്ട് ' വേണു പറഞ്ഞു ' വിശ്വേട്ടനും ഓപ്പോളും അത്രക്ക് നിര്‍ബന്ധിച്ചിട്ടുണ്ട് '.

' നാളെക്ക് ചൊവ്വാഴ്ചയല്ലേ ആവുന്നുള്ളു. ഇനിയും കിടക്കുന്നു നാലഞ്ചു ദിവസം '.

ഒന്നാം തിയ്യതി കുളിച്ച് തൊഴാന്‍ നാണു നായരും വന്നിരുന്നു. മൂന്ന് പേരും അമ്പല കുളത്തില്‍  കുളി കഴിഞ്ഞ് തൊഴാന്‍  ചെല്ലുമ്പോള്‍ വാരിയര്‍ പുറത്ത് നില്‍ക്കുന്നു.

' അങ്ങിനെ അതിന്‍റെ കഥ കഴിഞ്ഞു ' അയാള്‍ പറഞ്ഞു.

മറ്റുള്ളവര്‍ക്ക് കാര്യം മനസ്സിലായില്ല. നാണു നായര്‍ എന്താണെന്ന് അന്വേഷിച്ചു.

' തിടപ്പള്ളി ബാക്കീം കൂടി വീണിരിക്കുന്നു. ഭാഗ്യത്തിന്ന് രാത്രീലായതുകൊണ്ട് ആളപായം ഉണ്ടായില്ല '.

അകത്ത് ചെന്ന് നോക്കുമ്പോള്‍ തിടപ്പള്ളി നിലം പൊത്തി കിടപ്പാണ്. ഉണ്ണി നമ്പൂതിരി എന്താ വേണ്ടത് എന്ന് അറിയാത്ത മട്ടില്‍ അതും നോക്കി നില്‍പ്പാണ്.

' ഇനി അടുത്ത് വീഴുന്നത് ഈ മണ്ഡപമാണ് ' വാരിയര്‍ പറഞ്ഞു.

തിരിച്ച് പോവുമ്പോള്‍ ഈ നിലയില്‍ അധിക കാലം അമ്പലം ഉണ്ടാവില്ല എന്ന് നാണു നായര്‍ പറഞ്ഞു.

' അപ്പോഴേ കുട്ട്യേ, നമുക്ക് അത് നശിച്ചു പോകാതെ നില നിര്‍ത്താന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയ്വോ ' എന്ന് എഴുത്തശ്ശനും ചോദിച്ചു.

മരം ഒക്കെ ദ്രവിച്ചിട്ടുണ്ട്. അതൊക്കെ മാറ്റണം. ഓട് മുക്കാലും പൊട്ടിപ്പോയി. പണിക്കൂലിയും വരും. ഇപ്പോള്‍ നന്നാക്കുകയാണെങ്കില്‍ മണ്ഡപത്തിന്ന് വലിയ ചിലവ് വരില്ല.

' അമ്മാമേ, നേരാക്കാന്‍ കുറെ പണം ചിലവാകും . അതിനും പുറമേ നോക്കി നടത്താന്‍ ആളും വേണ്ടി വരും. സഹായിക്കാന്‍ ആരെങ്കിലും വര്വോ ' എന്ന് വേണു ചോദിച്ചു.

' വേണു പറഞ്ഞത് ശരിയാണ്. ഒറ്റയ്ക്ക് ആരക്കും ഏറ്റെടുത്ത് നടത്താന്‍ പറ്റില്ല. നാട്ടുകാര് ചേര്‍ന്നാല് ഇതൊരു വലിയ കാര്യേ അല്ല ' എന്ന് എഴുത്തശ്ശനും പറഞ്ഞു.

ഗുരുസ്വാമി രാജന്‍ മേനോനെ കണ്ട് താന്‍ സംസാരിക്കാമെന്നും അദ്ദേഹവും ശിഷ്യന്മാരും മനസ്സൊന്നു വെച്ചാല്‍ പണി പടക്കം
പോലെ ആവുമെന്നും നാണു നായര്‍ പറഞ്ഞു.

നാണു നായര്‍ അന്ന് പകല്‍ മുഴുവന്‍ ഏറ്റ കാര്യം നടത്താന്‍ ഓട്ടമായിരുന്നു. അതിന്ന് ഫലം ഉണ്ടായി. വൈകുന്നേരം നട തുറക്കാന്‍ നേരം പത്തിരുപത്തഞ്ച് ആളുകള്‍ ക്ഷേത്രത്തിലെത്തി.

വിളക്ക് വെച്ചതും ഗുരുസ്വാമി ശ്രീകോവിലിന്ന് മുന്നില്‍ നിന്ന് ശരണം വിളിച്ചു. ശിഷ്യന്മാര്‍ അത് ഏറ്റു വിളിച്ചു. വെളിയിലെ മുറ്റത്ത് എല്ലാവരും കൂടി. ജീര്‍ണ്ണോദ്ധാരണം ചെയ്യണമെന്ന് കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. എങ്ങിനെ തുടങ്ങണം 
എന്നതാണ് അറിയാത്തത്.

' ഒരു കമ്മിറ്റി ഉണ്ടാക്കി പ്രവര്‍ത്തനം ആരംഭിച്ചാലോ ' എന്ന് രാജന്‍ മേനോന്‍റെ നിര്‍ദ്ദേശം കയ്യടിച്ച് സ്വീകരിച്ചു.

' മരത്തിന്‍റെ കാര്യം നിങ്ങളാരും അറിയണ്ടാ. അത് ഞാനും വേണൂം കൂടി തരും ' എന്ന് എഴുത്തശ്ശന്‍ ഏറ്റു. അതോടെ കാര്യങ്ങള്‍ക്ക് ചൂട് പിടിച്ചു. നിമിഷങ്ങള്‍ക്കകം ഗുരുസ്വാമി പ്രസിഡണ്ടായി ഒരു പ്രവര്‍ത്തക സമിതി ഉണ്ടാക്കാനുള്ള 
തീരുമാനമായി.

' നമ്മള്‍ വിചാരിച്ചാല്‍ ക്ഷേത്രം നന്നാക്കാന്‍ പറ്റും ' ഗുരുസ്വാമി പറഞ്ഞു ' അതല്ല പ്രധാനം. അമ്പലം  നില നിന്ന് പോവണമെങ്കില്‍ തൊഴാന്‍ ആളുകള്‍ വരണം. പൂജാദി കര്‍മ്മങ്ങള്‍ ശരിക്ക് നടക്കണം. അതിന്ന് നല്ലൊരു ഭക്തസംഘം വേണം ' .

കേട്പാടുകള്‍ തീര്‍ക്കാന്‍ ഉണ്ടാക്കിയ സമിതിക്ക് ഭക്തജനസംഘം എന്ന് പേരിട്ടു. അടുത്ത ഉത്രം ദിവസം കമ്മിറ്റിയുടെ
പ്രവര്‍ത്തകരെ തിരഞ്ഞെടുക്കാനും , അതു വരെ എഴുത്തശ്ശനും വേണുവും കഴകകാര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ചെയ്തു കൊടുക്കാനും , വരാന്‍ പറ്റുന്ന അംഗങ്ങള്‍ നിത്യേന വൈകുന്നേരം അമ്പലത്തില്‍ എത്തണം എന്നും ധാരണയായി. നല്ല ദിവസം 
നോക്കി ദേവപ്രശ്നം നടത്തി വേണ്ട പരിഹാര ക്രിയകള്‍ ചെയ്യാനും പണികള്‍ ആരംഭിക്കാനും തീരുമാനിച്ച് എല്ലാവരും പിരിഞ്ഞു.

കളപ്പുരയിലേക്ക് നടക്കുമ്പോള്‍ കയത്തം കുണ്ടിന്നടുത്തുള്ള സ്ഥലത്ത് നില്‍ക്കുന്ന വേങ്ങ മരം വേണു അമ്പലത്തിലേക്ക് കൊടുക്കണമെന്ന് എഴുത്തശ്ശന്‍ ആവശ്യപ്പെട്ടു. തന്‍റെ സ്ഥലത്തുള്ള മരങ്ങളും ആവശ്യം പോലെ മുറിച്ചു കൊള്ളട്ടെ എന്നും അയാള്‍ പറഞ്ഞു.

' അമ്മാമേ, ചിലപ്പോള്‍ ഇതിനൊക്കെ സാക്ഷിയായി ഞാന്‍ ഇവിടെ ഉണ്ടാവണം എന്ന് ഭഗവാന്‍റെ നിയോഗം ഉണ്ടാവും അല്ലേ.
ഇല്ലെങ്കില്‍ എനിക്ക് ഈ സമയം നോക്കി ഇവിടേക്ക് വരാന്‍ തോന്നേണ്ട കാര്യമുണ്ടോ '.

' നിനക്ക് കുരുത്തം ഉണ്ട്. അതാ ഈ സത്കര്‍മ്മത്തിന്ന് പാകത്തില്‍  നീയും എത്തീത് ' എന്ന് നാണു നായരും പറഞ്ഞു.

ഇരുട്ട് പരന്നു തുടങ്ങി. നാണുനായരെ കൊണ്ടു പോയി ആക്കാന്‍ ചാമി തയ്യാറായി. നെല്ലി ചുവട്ടില്‍ വെച്ച് സംഘം രണ്ടായി പിരിഞ്ഞു. ഒരു കൂട്ടര്‍ പുഴക്കടവിലേക്കും മറ്റുള്ളവര്‍ കളപ്പുരയിലേക്കും നീങ്ങി.

*************************************************************************************
നാണു നായരെ വീട്ടിലെത്തിച്ച് ചാമി തിരിച്ചു നടന്നു. ഇന്നിനി കഞ്ഞി വെപ്പ് ഉണ്ടാവില്ല. ചുങ്കത്ത് ചെന്ന് വല്ലതും വാങ്ങിയിട്ട്
പോകാം. നേരെ ചുങ്കത്തെക്ക് നടന്നു.

മൊതലാളിയും അപ്പ്വോച്ചനും ഇറച്ചീം മീനും കഴിക്കില്ല. നായരുടെ കടയിലാണെങ്കില്‍ ഒണക്കദോശയല്ലാതെ ഒരു സാധനം കഴിക്കാന്‍
കിട്ടില്ല.

നോക്കുമ്പോള്‍ സൈത് രാവുത്തരുടെ കടയില്‍ നല്ല ഒന്നാന്തരം പൂള കിഴങ്ങുണ്ട്. തൊലി കളഞ്ഞ് തെല്ല് മഞ്ഞ കൂട്ടി പുഴുങ്ങ്യാല്‍ 
വയറ് നെറച്ച് തിന്നാം. വയറിന് ഒരു കേടും വരില്ല. നല്ല തെടം ഉള്ള കിഴങ്ങ് തെരഞ്ഞ് എടുത്തു.

' ഇത് വേവ്വോ, അതോ കളുക്കനെ കെടക്ക്വോ ? ' ചാമി ചോദിച്ചു.

' നീ കൊണ്ടു പോയി വേവിച്ച് നോക്ക്. വെന്തിലെങ്കില്‍ എനിക്ക് കാശ് തരണ്ടാ '.

ഒരു കീറ ചാക്കില്‍ കിഴങ്ങ് പൊതിഞ്ഞെടുത്തു. ഒരു കെട്ട് ബീഡിയും തീപ്പെട്ടിയും വാങ്ങി. മുതലാളി വന്നതിന്ന് ശേഷം ബീഡി വലിക്കുന്നത് വല്ലപ്പോഴുമാണ്. അപ്പോഴാണ് നേന്ത്രപ്പഴം ചാമിയുടെ കണ്ണില്‍ പെട്ടത്. കിടക്കട്ടെ ഇതും ഈരണ്ടെണ്ണം. കാശും
കൊടുത്ത് ഇറങ്ങി തുമ്മന്ന് നടന്നു.

പാത കഴിഞ്ഞ് ഇടവഴിയിലേക്ക് കടന്നപ്പോള്‍ നല്ല ഇരുട്ട്. ഇനിയങ്ങോട്ട് കളപ്പുര വരേക്കും കറണ്ട് വിളക്ക് ഇല്ല. ടോര്‍ച്ച് എടുക്കാമായിരുന്നു. പിന്‍ നിലാവാണെന്നത് ഓര്‍മ്മയുണ്ടായില്ല. ഒരുവിധം വെള്ളപ്പാറ വരെ എത്തി. തപ്പി തടഞ്ഞ് പാറയുടെ
താഴത്തെത്തി, മണലിലൂടെ നാലഞ്ചടി വെച്ചതേയുള്ളു എന്തിലോ തടഞ്ഞ മാതിരി ചാമി വീണു. കയ്യില്‍ നിന്ന് ചാക്ക് കെട്ട് തെറിച്ചു.
അതോടൊപ്പം ' അയ്യന്‍റമ്മേ ' എന്ന ഒരു നിലവിളി ഉയര്‍ന്നു.

അരയില്‍ വെച്ച തീപ്പെട്ടി എടുത്ത് ഉരച്ചു. മണലില്‍ കിടന്ന് മായന്‍കുട്ടി നിലവിളിക്കുകയാണ്. തീപ്പെട്ടി കമ്പ് എരിഞ്ഞടങ്ങി.

ചാമിക്ക് കലശലായി ദേഷ്യം വന്നു. കണ്ണ് കാണാന്‍ പാടില്ലാത്ത ഇരുട്ടത്ത് വഴിയിലിരുന്ന് മനുഷ്യനെ വീഴ്ത്തിയിട്ട് കിടന്ന് നിലവിളിക്കുന്നു. ' എന്താണ്ടാ കെടന്ന് ഒച്ചീം വിളീം കൂട്ടുണത് ' എന്ന് അവന്‍ ചോദിച്ചു.

' ചാമ്യേട്ടനാണല്ലേ, ഞാന്‍ വിചാരിച്ചൂ... '. മായന്‍ കുട്ടി പകുതിക്ക് വെച്ച് നിര്‍ത്തി.

' എന്താ നീ വിചാരിച്ചത് '.

' അത്, മേത്ത് ഒരു പ്ഴായി വന്ന് വീണൂന്നാ തോന്നീത് '.

' പോടാ, നീയും നിന്‍റെ ഒരു പ്ഴായും. നീ മുമ്പ് പ്ഴായിനെ കണ്ടിട്ടുണ്ടോടാ'.

' ഇല്ല. വെള്ളപ്പാറയില്‍ ഇരുട്ട് കാലത്ത് പ്ഴായി ഇരിക്കും. ആ വഴിക്ക് പോണോരുടെ ചോര കുടിക്കും . അമ്മ പറഞ്ഞ് തന്നിട്ടുണ്ട് '.

ചാമിയുടെ മനസ്സില്‍ മായന്‍കുട്ടിയുടെ അമ്മയുടെ ഓര്‍മ്മ എത്തി. പറഞ്ഞു വരുമ്പോള്‍ വകയില്‍ ഒരു ബന്ധുവായിരുന്നു കാളുക്കുട്ടി.
പാവം. ജീവിതത്തില്‍ നല്ലതൊന്നും ആ പെണ്ണിന്ന് വിധിച്ചിട്ടില്ല. ഒരു ചെക്കനുള്ളത് ഇങ്ങിനെ ആയതോടെ അവളുടെ മനസ്സ് ഇടിഞ്ഞു. അല്ലെങ്കില്‍ കുറെ കാലം കൂടി അത് ജീവിച്ചിരുന്നേനെ. ഇത്രയും ആലോചിച്ചതോടെ ചാമിയുടെ ദേഷ്യം പമ്പ കടന്നു.
മായന്‍കുട്ടിയോടുള്ള അനുകമ്പയായി മനസ്സില്‍.

' പിന്നെ എന്തിനാ നീ ഇവിടെ കുത്തിരിക്കുന്നത് '.

' ഞാന്‍ മീനിനോട് കൂട്ടം കൂട്വാണ് '.

ചാമിക്ക് ചിരി പൊട്ടി .

' എന്താടാ ഇത്ര വലിയ വര്‍ത്താനം '.

' കടലിന്‍റടീലെ അവരുടെ രാജകുമാരിടെ അടുത്ത് എന്നെ കൊണ്ടു പോവ്വോന്ന് ചോദിച്ചതാ '.

' അതിന്ന് അവിടെ രാജകുമാരി ഉണ്ടോ '.

' ഉവ്വ്. നന്ദിനി ടീച്ചര്‍  രാജകുമാരിടെ കഥ ക്ലാസ്സില് പറഞ്ഞു തന്നിട്ടുണ്ട്.

' അത് ശരി. എന്തിനാ നീ ഇപ്പൊ രാജകുമാരിടെ അടുത്തേക്ക് പോണത് '.

' കല്യാണം കഴിക്കാന്‍ '.

പ്രാന്തന്‍റെ ഒരു മോഹം എന്ന് മനസ്സില്‍ ചിന്തിച്ച് ചാമി മായന്‍കുട്ടിയെ എഴുന്നേല്‍പ്പിച്ചു. ' എന്‍റെ കൂടെ വായോ, നിനക്ക് വല്ലതും
തിന്നാന്‍ തരാം ' എന്നും പറഞ്ഞ് അവനേയും കൂടെ കൂട്ടി .

തീപ്പെട്ടി കമ്പുകളുടെ വെട്ടത്തില്‍ അവര്‍ കളപ്പുരയിലേക്ക് നടന്നു.

അദ്ധ്യായം - 45.

മുതലാളി തന്നയച്ചതാണെന്നു പറഞ്ഞ് ചാമി പൊതി ഏല്‍പ്പിച്ചപ്പോള്‍ അതിനകത്ത് റേഡിയോ ആണെന്ന് സരോജിനി സ്വപ്നത്തിലും കൂടി ചിന്തിച്ചിരുന്നില്ല. അവന്‍  ഭക്ഷണവുമായി പോയ ശേഷമാണ് അവള്‍ പൊതി തുറന്നു നോക്കിയത്.

' അച്ഛാ, ഇതു കണ്ടോ വേണ്വോട്ടന്‍ കൊടുത്തയച്ചിരിക്കുന്നത് , ഒരു റേഡിയോ '.

ഇപ്പോള്‍ അമ്പരന്നത് നാണു നായരാണ്. കയ്യയച്ച് പണം തന്ന് സഹായിക്കാറുണ്ടെങ്കിലും സാധനമായിട്ട് വല്ലതും തരുന്നത് ആദ്യമായിട്ടാണ്. അതും ആലോചിക്കാന്‍ കൂടി കഴിയാത്തത്.

' എന്‍റെ അയ്യപ്പാ ' നാണു നായര്‍ കിഴക്കോട്ട് തിരിഞ്ഞു നിന്ന് തൊഴുതു. ' എന്‍റെ കുട്ടിക്ക് ദീര്‍ഘായുസ്സ് കൊടുക്കണേ, അവന് ഒരു കേടുപാടും വരുത്തരുതേ '.

കളിപ്പാട്ടം കിട്ടിയ കുട്ടിയെ പോലെയായിരുന്നു സരോജിനി. ആദ്യം കയ്യില്‍ വെച്ച് കിട്ടിയ സമ്മാനത്തിന്‍റെ ഭംഗി ആസ്വദിച്ചു. പിന്നീട് അതിന്‍റെ നോബുകള്‍ ഓരോന്നായി തിരിച്ചു തുടങ്ങി. പെട്ടെന്നാണ് ഒരു ഇരമ്പല്‍ കേട്ടത്. പിന്നെ അത് ശബ്ദമായി
പരിണമിച്ചപ്പോഴുണ്ടായ സന്തോഷത്തില്‍ അവളുടെ മനം കുളിര്‍ത്തു.

' മോളെ, ചോറ് വിളമ്പ്. നേരം എത്രയായി എന്ന് മനസ്സിലാവുന്നുണ്ടോ. അത് ഒരു ഭാഗത്ത് വെച്ചോ, പാട്ടും കേള്‍ക്കാം. ചോറും ഉണ്ണാം '.

സരോജിനി ഭക്ഷണം വിളമ്പി.

' ഇതിലെന്താ തമിഴ് മാത്രേ കിട്ടുള്ളു ' നാണു നായര്‍ ചോദിച്ചു ' ചിലപ്പോള്‍ ഈ സാധനം മദിരാശിയില്‍ നിന്ന് വാങ്ങ്യേതാവും.
അവിടെ തമിഴല്ലേ ഭാഷ '.

സരോജിനി വീണ്ടും തിരിച്ചു. അതോടെ കേട്ടിരുന്ന പാട്ട് ഇല്ലാതായി.

' വെറുതെ അവിടേം ഇവിടേം പിടിച്ച് തിരിച്ച് കേടാക്കണ്ടാ. ഇപ്പൊ തന്നെ കേട്ടോണ്ടിരുന്നത് പോയില്ലേ '.

' ഈ അച്ഛന്‍ ഒന്നിനും സമ്മതിക്കില്ല ' എന്നും പറഞ്ഞ് സരോജിനി റേഡിയോ ഒരു ഭാഗത്ത് വെച്ച് ഉണ്ണാനിരുന്നു.

*************************************************************************************

' ഓപ്പോള് കാണണംന്ന് പറഞ്ഞയച്ചിരിക്കുന്നു ' രാത്രി വേണു പറഞ്ഞു ' രാവിലെ ഞാന്‍ അവിടം വരെ ഒന്ന് പോവും '

' എന്നിട്ട് നാളെ അവിടെ താമസിക്ക്വോ ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഇല്ല. വൈകുന്നേരം ഇങ്ങോട്ട് എത്തും. രാമായണം വായിച്ച് കമ്പ കൂട്ടണ്ടേ '.

സന്ധ്യ മയങ്ങിയ ശേഷം വേണു നിത്യവും രാമായണം വായിക്കും. എഴുത്തശ്ശനും ചാമിയും കേട്ടിരിക്കും. വായന കഴിഞ്ഞിട്ടാണ് അത്താഴം.

' മന്ദത്ത് വരുന്ന ബസ്സിലോ, ചുങ്കത്ത് വരുന്ന ബസ്സിലോ ഏതിലാ വര്വാച്ചാല്‍ പറഞ്ഞാല്‍ മതി. ഞാന്‍ കാത്ത് നില്‍ക്കാ 'മെന്ന്
കേലി അറിയിച്ചു.

ഏത് ബസ്സ് കിട്ടുമെന്ന് പറയാനാവില്ലെന്ന് വേണു അറിയിച്ചു.

മുറ്റത്തെ ചെടിച്ചട്ടിയിലുള്ള പൂച്ചെടികളെ പത്മിനി നനച്ചുകൊണ്ടിരിക്കുമ്പോഴാണ് വേണു എത്തിയത്.

' ഇത്ര ദിവസം കാണാത്തപ്പോള്‍ നീ വഴി മറന്നു കാണുമെന്ന് കരുതി. അല്ലെങ്കിലും പണ്ടേ ഒരു ദിക്കില്‍ ചെന്നാല്‍ അവിടെ തന്നെ
കൂടുന്ന പ്രകൃതമാണ് നിന്‍റേത് '.

പുഴയിലെ ജലനിരപ്പ് കൂടിയതിനാലും തണുപ്പ് കാരണം കാലിന്ന് വേദന തോന്നിയതിനാലുമാണ് താന്‍ വരാതിരുന്നതെന്ന് വേണു
പറഞ്ഞു.

' ഇങ്ങനത്തെ ഒരു കാലത്ത് അവിടെ ചെന്ന് കൂടേണ്ട വല്ല കാര്യമുണ്ടോ നിനക്ക്. ചിങ്ങമാസം ആയിട്ട് പോയാല്‍ മതീന്ന് ഞാന്‍
നൂറ് തവണ പറഞ്ഞതാ. കേള്‍ക്കണ്ടേ '.

നനക്കല്‍ നിര്‍ത്തി ' വാ ഉള്ളിലേക്ക് ' എന്നും പറഞ്ഞ് പത്മിനി അകത്തേക്ക് കയറി, പുറകെ വേണുവും.

' വിശ്വേട്ടനോട് ഉച്ചക്ക് ഇത്രടം വരെ ഒന്ന് വരാന്‍ ഫോണ്‍ ചെയ്തിട്ട് വരാം ' എന്നും പറഞ്ഞ് പത്മിനി അവരുടെ മുറിയിലേക്ക് പോയി. അന്നത്തെ പത്രം എടുത്ത് വേണു അതിലൂടെ കണ്ണോടിക്കാനും തുടങ്ങി.

കാപ്പിയും കൊണ്ടാണ് പത്മിനി എത്തിയത്. ' ഇവിടെ ആരും കാപ്പി കുടിക്കാറില്ല. നിനക്ക് അതാ ഇഷ്ടം എന്ന് മനസ്സിലായപ്പോള്‍
അത് ഉണ്ടാക്കി '.

വേണു കാപ്പി കുടിച്ചു തുടങ്ങി.

' എന്നെ കാണണം എന്ന് ഓപ്പോള്‍ പറഞ്ഞതായി രാമന്‍ നായര്‍ വന്ന് പറഞ്ഞിരുന്നു. എന്തേ വിശേഷിച്ച് '.

' ഇത് നല്ല കഥ. വിശേഷം ഉണ്ടെങ്കിലേ ചേച്ചിക്ക് അനുജനെ കാണാന്‍ പാടുള്ളു എന്നുണ്ടോ '.

അങ്ങിനെ ഉദ്ദേശിച്ചിട്ടല്ല താന്‍ പറഞ്ഞതെന്നും എന്തോ ഒരു വിശേഷം ഉള്ളതായി മനസ്സില്‍ തോന്നിയത് കൊണ്ട് ചോദിച്ചതാണെന്നും
വേണു പറഞ്ഞു.

' അത് അങ്ങിനെയേ വരൂ. നിന്‍റെ ഉള്ളില് ആത്മാര്‍ത്ഥമായ സ്നേഹം ഉണ്ട്. അതുകൊണ്ട് ഇവിടെ ഒരു സംഗതി നടക്കാന്‍ 
പോവുന്ന കാര്യം നീ മുന്‍കൂട്ടി അറിഞ്ഞു '.

ഒരു ഊഹം വെച്ച് താന്‍ പറഞ്ഞത് കുറിക്ക് കൊണ്ടുവെന്ന് വേണുവിന്ന് മനസ്സിലായി.

മകന്‍റെ കല്യാണക്കാര്യമാണ് പത്മിനിക്ക് പറയാനുണ്ടായിരുന്നത്. മുറപ്പെണ്ണിനെ കാത്തിരുന്ന മകന്‍ ഒടുവില്‍ അവള്‍ക്ക് കത്തെഴുതി.
തനിക്ക് അമേരിക്കയില്‍ സ്ഥിരതാമസം ആക്കാനാണ് മോഹമെന്നും, അതുകൊണ്ട് ആശിച്ച മട്ടില്‍ വിവാഹം നടക്കാന്‍ 
സാദ്ധ്യതയില്ലെന്നും അവള്‍ മറുപടി അയച്ചു. അവള് കിട്ടുണ്ണിയുടെ വിത്തല്ലേ. അങ്ങിനെ എഴുതിയില്ലെങ്കിലല്ലേ അത്ഭുതപെടാനുള്ളു.
ഒന്ന് രണ്ട് ദിവസം അവന്‍ വിഷമിച്ചൊക്കെ നടന്നു. ആരോടും മിണ്ടാട്ടമില്ല. കൂമനെപ്പോലെ തൂങ്ങി പിടിച്ച് ഒരു ഇരുപ്പ്.
വിശ്വേട്ടന്‍ അവനോട് നേരിട്ട് ചോദിച്ചു. അച്ഛനും മകനും ഉറ്റ ചങ്ങാതിമാരാണ്. അവര്‍  അന്യോന്യം ഒന്നും മറച്ച് വെക്കാറില്ല.
ഒടുവില്‍ കള്ളി വെളിച്ചത്തായി.

' എന്നിട്ട് എന്തായി ' വേണു അന്വേഷിച്ചു.

' എന്താവാന്‍. ഞങ്ങളൊക്കെ കുറെ ഉപദേശിച്ചു. വേണ്വോമ്മാമന്ന് പറ്റിയ അബദ്ധം പറ്റാതെ നോക്കിക്കോ എന്ന് പറഞ്ഞു. മാലതി മരിച്ചിട്ടും അവളേയും നിനച്ച് നീ ഒരു ജീവിതം പാഴാക്കി. ഞങ്ങളാരും നിന്നെ ഒട്ടു നിര്‍ബ്ബന്ധിച്ചതും ഇല്ല. മര്യാദക്കൊരു കല്യാണം അന്ന് കഴിച്ചിരുന്നുവെങ്കില്‍ ഇന്ന് മക്കളും പേരമക്കളും ഒക്കെയായി ഒരു വീട് നിറയെ ആളായേനെ '.

തന്‍റെ ജീവിതം മരുമകന് ഉദാഹരണമായി ഓപ്പോള്‍ ചൂണ്ടികാണിച്ചതില്‍ വേണുവിന് ചെറിയൊരു വിഷമം തോന്നി. എങ്കിലും അത് പ്രകടിപ്പിച്ചില്ല.

' ഇപ്പൊ ഒരു ആലോചന വന്നിട്ടുണ്ട്. ജാതകം ഉത്തമത്തില്‍ ചേര്‍ന്നു. ഹൈക്കോടതിയിലെ വക്കീലിന്‍റെ മകളാണ്. കുട്ടീം
വക്കീലാണ്. കര്‍ക്കിടകം കഴിഞ്ഞിട്ട് കാണാന്‍ ചെല്ലണംന്നാ നിശ്ചയിച്ചിരിക്കുന്നത്. ഒരു ഞായറാഴ്ച നമുക്ക് എല്ലാരുക്കും കൂടി
പോകാം. അത് പറയാനാണ് നിന്നെ വരാന്‍ പറഞ്ഞത് '.

' അപ്പൊ കിട്ടുണ്ണിയോട് പറയണ്ടേ ? '.

' വെളുക്കുവോളം രാമായണം വായിക്കുന്നത് കേട്ടിട്ട് രാമനുക്ക് സീത എപ്പിടി എന്ന് ചോദിച്ച മട്ടിലാണ് നിന്‍റെ ഒരു ചോദ്യം. അവന്‍ നന്നായാല്‍ ഇങ്ങിനെയൊക്കെ വര്വോ '.

കുറച്ച് നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല.

' ഇതിനൊക്കെ അവന്‍ അനുഭവിക്കും. ആ പെണ്ണ് അവിടുന്ന് വല്ല സായ്പ്പിനേയോ, കാപ്പിരിയേയോ കല്യാണം കഴിക്കും. എന്നിട്ട് അവന്‍റെ മാനം കപ്പല് കേറ്റും ' ആത്മഗതമെന്നോണം പത്മിനി പറഞ്ഞു നിര്‍ത്തി.

വാതില്‍ കട്ടിളയ്ക്ക് മുകളിലിരുന്ന ഒരു പല്ലി ചിലച്ച് ആ പറഞ്ഞത് ശരി വെച്ചു.