Monday, March 7, 2011

നോവല്‍ - അദ്ധ്യായം - 126.

മറ്റെല്ലാ മോഹഭംഗങ്ങളേയും അവഗണിച്ചതുപോലെ കുട്ടിക്ക് ആഭരണം സമ്മാനിക്കാന്‍ കഴിയാഞ്ഞതിലുള്ള സങ്കടവും എഴുത്തശ്ശന്‍ മനസ്സിനുള്ളില്‍ കുഴിച്ചു മൂടി. ഒരാഴ്ചയോളം കടന്നു പോയി. ഒരു വൈകുന്നേരം രാധാകൃഷ്ണന്‍ കളപ്പുരയിലെത്തി. വേണുവിനോട് അസുഖത്തെക്കുറിച്ച് അന്വേഷിച്ച ശേഷം അയാള്‍ എഴുത്തശ്ശന്‍റെ അടുത്ത് ചെന്നു.

' മുത്തശ്ശാ ' അയാള്‍ വിളിച്ചു ' വരൂ. നമുക്ക് ഇത്തിരി നടക്കാം '.

തോര്‍ത്തെടുത്ത് തോളിലിട്ട് എഴുത്തശ്ശന്‍ പേരക്കുട്ടിയോടൊപ്പം നടന്നു.

' മറ്റന്നാള്‍ മകര മാസം ഒന്നാം തിയ്യതിയാണ്. പിറ്റേന്ന് ഞാന്‍ പെണ്ണ് കാണാന്‍ പോവും '.

' അപ്പൊ ഇത്ര ദിവസം നീ പോയില്ലേ '.

' പോയാല്‍ ഞാന്‍ വിവരം പറയില്ലേ. ധനു മാസം എന്‍റെ ജന്മ മാസം ആണ് . പെണ്ണു കാണല്‍ ചടങ്ങൊന്നും പാടില്ലാ എന്ന് പറയുന്നതോണ്ട് പോയില്ല '.

' ഞാന്‍ വിചാരിച്ചു കണ്ടിട്ട് പറ്റാത്തതോണ്ട് പറയാതിരുന്നതാണെന്ന് '.

' എന്തായാലും ഞാന്‍ മുത്തശ്ശനോട് പറയാതിരിക്ക്വോ ' അവന്‍ പറഞ്ഞു ' ഇഷ്ടപ്പെട്ടാല്‍ മേട മാസത്തില്‍ ഉറപ്പിക്കും '.

' എന്തിനാ അത്രയ്ക്കങ്ങിട്ട് നീട്ടുണ് '.

' പെങ്ങള് പോയിട്ടല്ലേയുള്ളു. അവള്‍ക്ക് ഇപ്പൊ തന്നെ വരാന്‍ പറ്റില്ല. കുംഭമാസത്തില്‍ ചടങ്ങ് നടത്താനും പാടില്ല. മീന മാസം പെണ്‍കുട്ടിടെ ജന്മ മാസം ആണ്. അതാ നീട്ടുന്നത് '.

' അപ്പൊ പെങ്ങള് വിഷുവിന്ന് എത്ത്വോ '.

' എത്തും. അപ്പോള്‍ മുത്തശ്ശന്‍റെ മോഹം സാധിക്കും ചെയ്യാം '.

' മോഹോ. എനിക്കോ. എന്താദ് '.

' എനിക്കറിയാ മുത്തശ്ശാ, കുട്ടിക്ക് ചങ്ങലയും വളയും വാങ്ങിക്കൊടുക്കണം എന്ന് മുത്തശ്ശന്‍ ആഗ്രഹിച്ചത്. അതിന്‍റെ കൂടെ ഒരാള്‍ക്കും കൂടി ഉണ്ടാക്കിക്കോളൂ '.

' നിന്‍റെ പെണ്‍കിടാവിനല്ലേ. അത് ഞാന്‍ ചെയ്യുണുണ്ട് ' എഴുത്തശ്ശന്‍ പറഞ്ഞു ' ആട്ടെ, ആരാ നിന്നോട് ഈ കാര്യം പറഞ്ഞത് '.

' ആരോ ആവട്ടെ. സമ്മാനം കൊടുക്കേണ്ടത് ഞാന്‍ കെട്ടാന്‍ പോണ പെണ്ണിനല്ല, മുത്തശ്ശന്‍റെ പേരമകള്‍ക്കാണ് '.

' അതിന് അവരൊക്കെ എന്‍റെ കയ്യിന്ന് വല്ലതും വാങ്ങ്വോ '.

' നോക്കിക്കോളൂ. അവള്‍ മുത്തശ്ശനെ കാണാനെത്തും. ഞാന്‍ കൂട്ടിക്കൊണ്ട് വരും'.

ആ പറഞ്ഞത് വിശ്വസിക്കാനാവാതെ എഴുത്തശ്ശന്‍ നിന്നു.

*******************************************************

' കേസ്സ് പോയ വഴി കണ്ടോ ' നാണു നായര്‍ കേട്ട കാര്യം അവതരിപ്പിക്കാനൊരുങ്ങി.

' എന്താടോ സങ്ങതി ' എഴുത്തശ്ശന്‍ ചോദിച്ചു.

' പാഞ്ചാലി മരിച്ച കേസ്സേ. അവളുടെ ബന്ധുക്കള് ചെക്കന്മാരെ പോലീസ് കൊണ്ടു പോയി നന്നായി തല്ലി ചതച്ചു. അപ്പോഴാണ് പെണ്ണ് ചാവുന്നതിന്‍റെ തലേ ദിവസം രാഘവന്‍റെ വീട്ടില്‍ ചെന്ന് ചില കൊശമശക്ക് ഉണ്ടാക്കിയ വിവരം പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങിയത് '.

' പോലീസ് അവരെ ചോദ്യം ചെയ്തോ ' വേണു ചോദിച്ചു.

' നല്ല കഥ. പണത്തിന്‍റെ മീതെ പരുന്തും പറക്കില്ല എന്ന് പറയിണത് വെറുതെയാണോ '.

' എന്നിട്ട് എന്തായീന്ന് പറയിന്‍. അരയ്ക്ക് താഴെ വെള്ളത്തില്‍ ആ പെണ്ണ് മുങ്ങി ചത്തൂന്ന് എഴുതി കേസ്സ് ഒതുക്കി തീര്‍ത്തോ ' എഴുത്തശ്ശന്ന് കാര്യങ്ങള്‍ പരത്തി പറയുന്നത് അത്ര ഇഷ്ടമല്ല.

' അപ്സ്മാരം ഇളകീട്ട് പെണ്ണ് വെള്ളത്തില്‍ വീണ് ചത്തതാണെന്ന് പറഞ്ഞ് കേസ്സ് വിട്ടു '.

' അതിന് അവള്‍ക്ക് അപസ്മാരം ഉണ്ടായിരുന്നോ '.

' അതൊന്നും അറിയില്ല. പെണ്ണിന്‍റെ അപ്പന്‍ ചാമായി പെണ്ണിന്ന് ദെണ്ണെളക്കം ഉണ്ടെന്ന് പറഞ്ഞൂത്രേ '.

' ആ കൊശവന് നല്ലോണം വാങ്ങി കൊടുത്ത് പറയിച്ചതാവും '.

' എങ്ങിനെ ആയാലും ആ പെണ്ണിന്‍റെ കഥ കഴിഞ്ഞു. അതല്ലേ പറയണ്ടൂ '.

***************************************************

എഴുത്തശ്ശന്‍ ചാമിയോടൊപ്പം വേഗത്തില്‍ നടന്നു. ഉച്ചയ്ക്ക് മുമ്പ് ശവം അടക്കം ചെയ്യും എന്നാണ് വിവരം പറയാന്‍ വന്നവന്‍ അറിയിച്ചത്. മരിച്ചത് ചാമിക്ക് നേരിട്ട് പരിചയം ഇല്ലാത്ത ആളാണ് . എഴുത്തശ്ശന്ന് തുണ പോന്നതാണ് അവന്‍.

മരിച്ച വീട്ടില്‍ ധാരാളം ആളുകള്‍ ഉണ്ടാവുമെന്നാണ് നായര്‍ തറയിലെത്തുന്നത് വരെ അവര്‍ കരുതിയിരുന്നത്. വീട്ടിലേക്കുള്ള വഴി വക്കത്ത് ആരേയും കാണാനില്ല. പഴകി ദ്രവിച്ച മുള്ളുവേലി പല ഭാഗത്തും പൊളിഞ്ഞ് ഇല്ലാതായിട്ടുണ്ട്. ഇല്ലിപ്പടി മലര്‍ക്കെ തുറന്നിരിക്കുന്നു. മുറ്റത്ത് മൂന്ന് നാല് ചെറുപ്പക്കാര്‍ നില്‍ക്കുന്നു. ഉമ്മറത്തിണ്ടില്‍ നാലഞ്ച് കാരണവന്മാര്‍ ഇരിക്കുന്നുണ്ട്.

" കുപ്പന്‍കുട്ട്യേ , അങ്ങിനെ നമ്മടെ ചിന്നമണി നായരും പോയി " ശബ്ദം കേട്ട് നോക്കുമ്പോള്‍ വെളുത്തേടത്തെ കേശവന്‍.

" ഞാന്‍ ഒന്ന് നോക്കീട്ട് വരാം " എഴുത്തശ്ശനും ചാമിയും അകത്തേക്ക് ചെന്നു.

കാറയിട്ട് മിനുപ്പിച്ച നിലം മിക്കവാറും പൊട്ടി പൊളിഞ്ഞ് കിടപ്പാണ്. പഴന്തുണികള്‍ വാരിക്കെട്ടി വെച്ചത് പോലെ കടക്കുന്ന ഇടവഴിയുടെ ഒരു ഓരത്ത് ഏതാനും ഭാണ്ഡക്കെട്ടുകള്‍ കിടക്കുന്നു. എഴുത്തശ്ശന്‍ മെല്ലെ മുറിയിലേക്ക് കയറി. കത്തിച്ചു വെച്ച നിലവിളക്കിന്‍റെ വെളിച്ചം ചുണ്ണാമ്പ് അടര്‍ന്ന ചുമരുകള്‍ അപഹരിച്ചതു പോലെ മങ്ങിയിരിക്കുന്നു. തലയ്ക്കല്‍ നിലവിളക്കിന്ന് സമീപം ഇടങ്ങഴി നെല്ലിന്ന് മീതെ നാഴിയരി വെച്ചിട്ടുണ്ട്. അതില്‍ , കുത്തി വെച്ച ചന്ദനത്തിരികളുടെ ചാരം വീണിട്ടുണ്ട്. ഭസ്മം കൊണ്ട് ചുറ്റോടും വരച്ചതിനകത്ത് ചിന്നമണി നായര്‍ ശാന്തനായി കിടക്കുന്നു. എഴുത്തശ്ശന്‍ കുറച്ച് നേരം നോക്കി നിന്നു. വളരെക്കാലം ഒന്നിച്ച് കൃഷി ചെയ്തിട്ടുള്ള ആളാണ്. ഒന്നും നേടാന്‍ പറ്റാത്ത ഭാഗ്യദോഷി.

എഴുത്തശ്ശന്‍ പുറത്ത് വരുമ്പോള്‍ കേശവന്‍ കാത്ത് നില്‍പ്പാണ്.

"കുറച്ച് ദിവസായി മൂപ്പര് കിടപ്പിലായിട്ട്. മകളുടെ കെട്ട്യോന്‍ നല്ല മനസ്സുള്ള ആളായതോണ്ട് കടം വാങ്ങീട്ടൊക്കെ അവന്‍ കുറെ ചികിത്സിച്ചു. മാറില്ലാന്ന് ബോദ്ധ്യായപ്പൊ ഒരാഴ്ച മുമ്പ് ഇങ്ങിട്ട് കൊണ്ടു വന്നു ' കേശവന്‍ വിവരിച്ചു.

' എന്തായിരുന്നു സൂക്കട് ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഒരു വലിവ്. അതന്നെ ഉണ്ടായിരുന്നുള്ളു '.

ഏറെ വൈകാതെ സംസ്കാരത്തിന്നുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

മുറ്റത്ത് തെക്കു വടക്കായി വെച്ച നാക്കിലയിലേക്ക് കുളിച്ച് ഈറന്‍ ചുറ്റിയ ചെറുപ്പക്കാര്‍, കാട തുണിയില്‍ പൊതിഞ്ഞ ശവം കൊണ്ടുവന്ന് വെച്ചു. മാവിന്‍ തോലും മഞ്ഞളും ഇടിച്ചത് കലക്കിയ വെള്ളം മണ്‍പാനിയില്‍ നിന്ന് മൂന്ന് പ്രാവശ്യമായി ഇണങ്ങന്‍ അതിലേക്ക് ഒഴിച്ചു. ചിന്നമണി നായരുടെ മകള്‍ മൃതദേഹത്തിനെ മൂന്ന് വലം ചുറ്റി ചുവന്ന പട്ട് മുകളിലിട്ടു.

" അച്ചേ, എനിക്കിനി ആരുണ്ട് ' അവളുടെ കരച്ചില്‍ ഉയര്‍ന്നു.

കുന്നിന്നപ്പുറത്ത് പുഴമ്പള്ളയിലെ ശ്മശാനത്തിലേക്ക് ശവം എടുക്കുന്നത് വരെ എഴുത്തശ്ശന്‍
നോക്കി നിന്നു.

' അയളുക്ക് കെട്ടിയവളില്ലേ ' തിരിച്ച് പോരുമ്പോള്‍ ചാമി ചോദിച്ചു.

' ഉണ്ടായിരുന്നു ' എഴുത്തശ്ശന്‍ പറഞ്ഞു ' വേണ്ടാന്ന് വെച്ച് അവര് വേറൊരാളെ കല്യാണം കഴിച്ചു '.

' അതെന്താ അങ്ങിനെ പറ്റീത് '.

' പോറ്റാന്‍ ഗതിയില്ലാത്ത നായരെ വേണ്ടാന്ന് അയമ്മക്ക് തോന്നി. പെണ്ണിന് വേണ്ടെങ്കില്‍ സംബന്ധം വേണ്ടാന്ന് വെക്കുന്നത് പണ്ടൊക്കെ പതിവുള്ളതാ '.

' അയമ്മ ചെയ്തത് കുറെ കടന്ന കയ്യന്ന്യാണ് ' ചാമി പറഞ്ഞു ' എന്നാലും ആ മൂപ്പര് എന്താ പണിയെടുത്ത് കുടുംബം പുലര്‍ത്തിയില്ല എന്നാ എനിക്ക് തിരിയാത്തത് '.

' നിനക്ക് അറിയാഞ്ഞിട്ടാണ്. എന്‍റൊപ്പം ചിന്നമണി നായര്‍ക്കും പാട്ട കൃഷി ഉണ്ടായിരുന്നു. ഞാന്‍ കടിച്ചു പിടിച്ച് നിന്നു. ഒടുവില്‍ നിയമം വന്നപ്പൊ എനിക്ക് ഭൂമി കിട്ടി. പക്ഷെ അയാള്‍ക്ക് അതിന് കഴിഞ്ഞില്ല '.

' അപ്പപ്പൊ കിട്ടുണത് പൊലിച്ച് പാടീട്ടുണ്ടാവും'.

' അതിന് മാത്രം വരുമ്പടിയൊന്നും അന്നത്തെ കാലത്ത് കിട്ടീരുന്നില്ല. നിനക്ക് കേക്കണോ ' എഴുത്തശ്ശന്‍ പറഞ്ഞു തുടങ്ങി.

പട്ടു പണി തുടങ്ങാറാവുമ്പൊ കുടിയാന്മാര് കെട്ടിയ പെണ്ണിന്‍റെ കയ്യിലും കഴുത്തിലും ഉള്ളത് പണയം വെച്ച് ഓരര കന്നും വിത്തും വാങ്ങും. എന്നിട്ടാ പണി തുടങ്ങ്വാ. പോരാത്ത പണം അപ്പപ്പൊ കടം വാങ്ങും. കൊയ്താല്‍ പാട്ടം അളക്കണം. ജന്മിയുടെ മുറ്റത്ത് നെല്ല് കൊണ്ടു പോയി ഇട്ട് ഉണക്കി ചണ്ട് കളഞ്ഞിട്ട് വേണം പാട്ടം അളക്കാന്‍. ഒന്നാം പഞ്ച കൊയ്താല്‍ കുറെ പാട്ടം അളക്കും. ബാക്കി വിറ്റ് കടം വീട്ടും. രണ്ടാം പഞ്ച കൊയ്താല്‍ പാട്ട ബാക്കി നിര്‍ത്താന്‍ പാടില്ല. അത് അളന്ന് കഴിയുമ്പൊ കാര്യായിട്ട് ഒന്നും ഉണ്ടാവില്ല. പിന്നെ എന്താണ്. ബാക്കി നെല്ലും വില്‍ക്കും കന്നിനീം വില്‍ക്കും. എന്നിട്ട് പണയം വെച്ച മുതല് എടുക്കും. കുറച്ച് കാശുള്ളതും കൊണ്ട് ഗുരുവായൂരിലിക്കോ, പഴനിക്കോ ഒരു യാത്ര പോവും. അതോടെ അക്കൊല്ലത്തെ സമ്പാദ്യം തീര്‍ന്നു. അടുത്ത കൊല്ലം ആദ്യേ ഒന്നേന്ന് തുടങ്ങണം.

' എന്നിട്ട് മൂപ്പരുടെ പാട്ടകൃഷി എന്തായി '.

' പാട്ട ബാക്കി വന്നപ്പൊ ജന്മി ഒഴിപ്പിച്ചു. കുറച്ച് കാലം ഒരു മനയ്ക്കല് ഇലമുറി കാര്യസ്ഥനായിട്ട് കഴിഞ്ഞു. അതും പറ്റാണ്ടെ വന്നപ്പൊ ഭാര്യ അവരുടെ വഴിക്ക് പോയി. ഒരു ചായപ്പീടിക തുടങ്ങി. ആറ് മാസംകൊണ്ട് അത് പൂട്ടി. പയ്യിനേം എരൂമേം കെട്ടിക്കറന്നിട്ടായി പിന്നത്തെ ജീവിതം. എന്തോ ഒരു മകളുള്ളതിന് ഉണ്ടാക്കിയ തന്തയെ വേണംന്ന് തോന്ന്യേതോണ്ട് ചാവാന്‍ കാലത്ത് വെള്ളം കിട്ടി '.

' ഓരോരുത്തരുടെ തലേല് ഓരോന്ന് എഴുതി വിടും. അത് മാതിരിയല്ലേ വരുള്ളു 'പതിഞ്ഞ ശബ്ദത്തില്‍ ചാമി പറഞ്ഞു.

' ഒന്നിനേം കണക്കാക്കി ഇരിക്കാന്‍ പാടില്ലാന്ന് അതാ പറയിണത് '.

പുഴക്കരയില്‍ പാത അവസാനിച്ചു. ഇരുവരും താഴെ ഇറങ്ങി. വെള്ളപ്പാറ കടവിലെ വെള്ളം വെയിലേറ്റ് ചൂട് പിടിച്ചിരുന്നു.

6 comments:

 1. കഥയുടെ കൂടെ ഒരു നാടിന്റെ ചരിത്രവും!! നന്നായിട്ടുണ്ട്. വായിച്ചു കൊണ്ടേ ഇരിക്കുന്നു.

  ആശംസകള്‍!!!

  ReplyDelete
 2. പാലക്കാട്ടെ ഗ്രാമത്തിലെ ഒരു പാവം കൃഷിക്കാരന്റെ സാമ്പത്തികശാസ്ത്രം ഒരു പാരഗ്രാഫില്‍ ഒതുക്കി. ഇന്‍വെസ്റ്റ്മെന്റും ഓപറേഷന്‍ എക്സ്പെന്‍സസും നഷ്ടക്കണക്കും എല്ലാം അതിലുണ്ട്. കുമ്മായം അടര്‍ന്ന ചുമരും, പൊട്ടിപ്പൊളിഞ്ഞ നിലവും - കര്‍ഷകന്റെ ദൈന്യത മുഴുവന്‍ ചിന്നമണിനായരുടെ ജീവിതത്തിലുണ്ട്,
  മരണത്തിലും.

  ReplyDelete
 3. നന്നായിട്ടുണ്ട്. വായിച്ചു കൊണ്ടേ ഇരിക്കുന്നു.

  ആശംസകള്‍!!!

  ReplyDelete
 4. ഞാന്‍ : ഗന്ധര്‍വ്വന്‍,

  ഒരു കാലഘട്ടത്തിന്‍റെ ചിത്രം ആലേഖനം ചെയ്യാന്‍ ശ്രമിക്കുകയാണ്.

  രാജഗോപാല്‍,

  വളരെ ദയനീയമായ ചുറ്റുപാടുകളാണ് കുടിയാന്മാര്‍ക്ക് ഉണ്ടായിരുന്നത്.

  Manichethaar,

  വളരെ നന്ദി.

  ReplyDelete
 5. ' ഓരോരുത്തരുടെ തലേല് ഓരോന്ന് എഴുതി വിടും. അത് മാതിരിയല്ലേ വരുള്ളു 'പതിഞ്ഞ ശബ്ദത്തില്‍ ചാമി പറഞ്ഞു.
  സ്വന്തം ഭാവി ചാമിയെ പല്ലിളിച്ചു കാട്ടുന്നോ....

  ReplyDelete
 6. പക്ഷെ ഞങ്ങളുടെ നാട്ടില്‍ ഇങ്ങനെ ഒന്നുമായിരുന്നില്ല .ഇക്കുറി നെല്ല് തീരെ ഇല്ലായിരുന്നു.. ഇക്കൊല്ലം വിളവു മോശമായിരുന്നു. ഇത്തരം ഉത്തരങ്ങളുമായി പല കുടിയാന്മാരും വന്നു വെറും കയ്യോടെ (പാട്ടം അളക്കാതെ) വന്നു നിന്നിരുന്നു.

  ReplyDelete