Saturday, April 24, 2010

അദ്ധ്യായം - 62.

ഉച്ച തിരിഞ്ഞതും എത്തിക്കൊള്ളാമെന്ന് ഉറപ്പ് പറഞ്ഞിട്ടാണ് യോഗം കഴിഞ്ഞ ശേഷം എല്ലാവരും പിരിഞ്ഞത്. വേണുവും 
എഴുത്തശ്ശനും നാണുനായരും മേനോനും കളപ്പുരയിലേക്ക് നടന്നു.

വരമ്പത്തേക്ക് എത്താറായപ്പോള്‍ പുറകില്‍ ഒരു ഒച്ച. ആരോ കൈ കൊട്ടുന്നതാണ്. എല്ലാവരും നിന്നു. പുറകിലായി
സ്വാമിനാഥന്‍ വേഗത്തില്‍ വരുന്നു.

' എന്തേ വല്ലതും മറന്ന്വോ ' എഴുത്തശ്ശന്‍ ചോദിച്ചു.

' മറന്നിട്ടൊന്ന്വോല്ലാ. ഇത്തിരി നേരം നിങ്ങളോട് സംസാരിച്ചിരിക്കണം എന്ന് തോന്നി '.

അഞ്ചു പേരും കളപ്പുരയില്‍ എത്തി.

' എന്താ കുടിക്കാനെടുക്കേണ്ടത് '.

' ഓ, അങ്ങിനെ ഒന്നൂല്യാ. സ്നേഹത്തോടെ എന്ത് കിട്ടിയാലും കുടിക്കും '.

' ഇവിടെ ഇഷ്ടം പോലെ തരാന്‍ സ്നേഹം മാത്രേയുള്ളു ' വേണു പറഞ്ഞു.

' അത് എനിക്ക് മനസ്സിലായി. മറ്റെല്ലാ സാധനവും പണം കൊടുത്താല്‍ കിട്ടും. ആത്മാര്‍ത്ഥമായ സ്നേഹം മാത്രേ വാങ്ങാന്‍ 
കിട്ടാത്തതായിട്ടുള്ളു '.

വേണു അകത്തേക്ക് ചെന്നു. വെള്ളം തിളയ്ക്കാന്‍ വെച്ച് തിരിച്ചു വന്നു.

' സത്യം പറഞ്ഞാല്‍ ' സ്വാമിനാഥന്‍ പറഞ്ഞു ' നിങ്ങളെയൊക്കെ കാണാന്‍ തുടങ്ങിയതോടെ മനസ്സില്‍ എന്തോ ഒരു ഇത്.
വളരെ മുമ്പേ പരിചയപ്പെടേണ്ടതായിരുന്നുവെന്ന് ഒരു തോന്നല്‍ '.

' ഇതന്യാ ഞങ്ങള്‍ക്കും പറയാനുള്ളത്. പൊതു കാര്യത്തിന്ന് ഇറങ്ങുന്ന പലരും കയ്യിട്ട് വാരണം എന്ന ഉദ്ദേശം
മനസ്സിലുള്ളവരായിട്ടാണ് കണ്ടു വരാറുള്ളത്. ആ സ്ഥാനത്ത് സ്വാമിനാഥന്‍ ആവശ്യപ്പെടാതെ തന്നെ കയ്യയച്ച് പണം 
ചിലവഴിക്കുന്നത് കണ്ടിട്ട് അത്ഭുതം തോന്നിയിട്ടുണ്ട് '.

' അതൊന്നും അത്ര കാര്യാക്കണ്ടാ. ഭഗവാന്‍ അറിഞ്ഞ് തന്നതില്‍ നിന്ന് കുറെയൊക്കെ നല്ല കാര്യത്തിന്ന് ചിലവാക്കുന്നൂന്ന് കരുതിയാല്‍ മതി '.

' ഒരു കാര്യം ചോദിച്ചാല്‍ എന്തെങ്കിലും തോന്ന്വോ ' നാണു നായര്‍ ചോദിച്ചു.

' എന്തായാലും ചോദിച്ചോളൂ '.

' പഴയ കെട്ടിടം പൊളിക്കുന്ന സമയത്ത് നിധി കിട്ടിയിട്ടുണ്ട്, അതാണ് ഇത്ര കാശ് ചിലവാക്കുന്നത് എന്ന് പറഞ്ഞ്
കേള്‍ക്കുന്നതില്‍ വാസ്തവം ഉണ്ടോ '.

' ആനക്കാര്യത്തിന്‍റെ എടേലാ ഒരു ചേനക്കാര്യം. ഒരു കാര്യം പറഞ്ഞോണ്ടിരിക്കുന്നതിന്‍റെ എടേല് കേറി വേണ്ടാത്ത
ഓരോന്ന് പറയാന്‍ നില്‍ക്കണ്ടാ ' എന്ന് എഴുത്തശ്ശന്‍ ശാസിച്ചുവെങ്കിലും സ്വാമിനാഥന്‍ ഒന്ന് ചിരിച്ചതേയുള്ളു.

' പഴയ തറവാടുകള്‍ പൊളിക്കുന്ന സമയത്ത് ചിലര്‍ക്കൊക്കെ നിധി കിട്ടിയിട്ടുണ്ട് എന്ന് ഞാനും പറഞ്ഞു കേട്ടിട്ടുണ്ട് '
അയാള്‍ പറഞ്ഞു ' ഒരു മന പൊളിച്ചപ്പോള്‍ തട്ട് പലകക്ക് മീതെ ഒരു നൂല് കനത്തില്‍ ചെമ്പ് പലക ഇട്ടിരുന്നത് കിട്ടി
എന്നും അതോടെ മന പൊളിക്കാനായി വാങ്ങിയ ആള്‍ കോടീശ്വരനായി എന്നും വേറൊരു ശ്രുതിയും ഉണ്ട്.
അങ്ങിനെയൊന്നും എനിക്ക് കിട്ടിയിട്ടില്ല. എന്നാലോ ഒട്ടും പ്രതീക്ഷിക്കാതെ ചിലതൊക്കെ കയ്യില്‍ തടഞ്ഞിട്ടുണ്ട് '.

' അപ്പൊ നിങ്ങള്‍ക്കും എന്തോ കാര്യായിട്ട് കിട്ടി ഇല്ലേ ' എന്നായി നാണു നായര്‍.

' ഞാന്‍ പറഞ്ഞില്ലേ, എനിക്ക് നിധിയൊന്നും കിട്ടിയിട്ടില്ല. വലുതായിട്ടൊന്നും കിട്ടില്ല എന്ന് വിചാരിച്ച് ചുരുങ്ങിയ കാശിന്ന് വാങ്ങിയ ഒരു പുരയില് മുഴുവന്‍ നല്ല കരി വീട്ടിടെ സാധനങ്ങളായിരുന്നു. അന്ന് അസ്സലൊരു കോളാണ് ഒത്തത്. പിന്നെ
ഒരിക്കല്‍ കൊത്തു പണിയുള്ള ഒരു വാതില് കൊടുത്തപ്പോള്‍ മൊത്തം വീടിന്ന് കൊടുത്തതിനേക്കാളും പണം കിട്ടി. ചിലപ്പോള്‍ അങ്ങിനെയൊക്കെ കൈ കൂടും  '.

' കാശ് ഉള്ളതോണ്ട് മാത്രം എന്താ കാര്യം. ചിലവാക്കാനും തോന്നണ്ടേ. എന്തൊക്കെ പേരും പെരുമയും കിട്ടും എന്ന്
വെച്ചാലും പലരും കയ്യിന്ന് തുട്ട് ഇറക്കാന്‍ മടിക്കും ' എഴുത്തശ്ശന്‍  പറഞ്ഞു.

' അവിടെയാണ് തെറ്റ് പറ്റിയത്. എനിക്കൊരു പബ്ലിസിറ്റി കിട്ടാന്‍ വേണ്ടി ചെയ്യുന്നതല്ല ഒന്നും . ഒക്കെ എന്‍റെ അമ്മയ്ക്ക്
വേണ്ടി സമര്‍പ്പിക്കുന്നതാണെന്നേ കരുതുന്നുള്ളു '.

ഏതോ ആലോചനകളിലേക്ക് അയാള്‍ കൂപ്പ് കുത്തി. ആ മുഖത്ത് എന്തൊക്കെയോ ഭാവങ്ങള്‍ മിന്നി മറഞ്ഞു. കര്‍ചീഫെടുത്ത്
അയാള്‍ കണ്ണ് തുടച്ചു.

' എന്താദ്. എന്താ പറ്റീത് ' എഴുത്തശ്ശന്‍ ചോദിച്ചു.

കുറച്ച് നേരത്തേക്ക് മറുപടിയൊന്നും  ഉണ്ടായില്ല. മേനോന്‍ എഴുന്നേറ്റ് സ്വാമിനാഥന്‍റെ അടുത്ത് ചെന്നു. അയാളുടെ വലത്തു
കൈ സ്വാമിനാഥന്‍റെ തോളില്‍ വിശ്രമിച്ചു.

' അമ്മയെ കുറിച്ച് ഓര്‍മ്മ വന്നാല്‍ ഇന്നും എന്‍റെ മനസ്സ് തേങ്ങും ' സ്വാമിനാഥന്‍റെ ചുണ്ടുകള്‍ വിറച്ചു.

' അമ്മയെ കഴിഞ്ഞേ മറ്റൊരു ദൈവമുള്ളു '.

' ഇന്നത്തെ കാലത്ത് അങ്ങിനെ ആലോചിക്കുന്നവര് നന്നെ കമ്മിയാണ് ' എഴുത്തശ്ശന്‍ പറഞ്ഞു ' ഇന്ന് അമ്മയേയും അച്ഛനേയും
മക്കള്‍ക്ക് വേണ്ടാത്ത കാലമാണ്. എന്‍റെ കാര്യം തന്നെ നോക്കിന്‍. എനിക്ക് എണ്‍പത്താറ് വയസ്സായി. ഇപ്പോള്‍ മകനും
കുടുംബത്തിനും എന്നെ വേണ്ടാ. എനിക്ക് അതിലൊട്ട് സങ്കടൂം ഇല്യാ '.

' ചിന്തിക്കാന്‍ കഴിവില്ലാത്തവരേ അങ്ങിനെ പെരുമാറൂ. ലോകത്ത് പെറ്റ അമ്മയെ കഴിഞ്ഞേ മറ്റൊന്നുള്ളു ' സ്വാമിനാഥന്‍ 
പറഞ്ഞു ' ഒരിക്കലും ആരും ആരുടേയും അമ്മയെ നിന്ദിക്കരുത്. ഈ അമ്പലകമ്മിറ്റിയില്‍ എന്‍റെ അമ്മയെ ആക്ഷേപിച്ച്
നിങ്ങളോട് സംസാരിച്ച ചിലര്  ഉണ്ടായിരുന്നതായി എനിക്കറിയാം . തരം കിട്ടുന്ന ഇടത്തൊക്കെ അതും വിളമ്പിക്കൊണ്ട്
നടക്കലാ അവരുടെ പണി '.

കുറച്ച് നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. സ്വാമിനാഥന്‍റെ ചുണ്ടുകളില്‍ നിന്ന് വാക്കുകള്‍ മെല്ലെ ഉതിര്‍ന്ന് വീണു.

' നാല് ആണുങ്ങള്‍ക്ക് ഭാര്യയായി ഇരുന്നവള്‍ , നാണൂം മാനൂം ഇല്ലാത്ത ജാതി. എന്‍റെ അമ്മയെ പറ്റി ഇതൊക്കെയല്ലേ അവര്‍ 
പറഞ്ഞിട്ടുണ്ടാവുക. വാസ്തവത്തില്‍ എന്‍റെ അമ്മ എന്ത് തെറ്റാണ് ചെയ്തത്. മുമ്പ് കാലത്ത് ഞങ്ങളുടെ സമുദായത്തില്‍ അതാണ്
രീതി. അത് അനുസരിച്ച് ജീവിച്ചു എന്നതോ തെറ്റ് '.

' അതൊരു കുറവായി ഞങ്ങളാരും കാണുന്നില്ല ' മേനോന്‍ ആശ്വസിപ്പിച്ചു.

' അത് നിങ്ങളുടെ മനസ്സിന്‍റെ നന്മ ' സ്വാമിനാഥന്‍ പറഞ്ഞു ' കുട്ടിക്കാലം മുതലേ ഇതിന്‍റെ പേരില്‍ പലരും കളിയാക്കിയത്
ഞാന്‍ സഹിച്ചിട്ടുണ്ട്. അമ്മയോട് വെറുപ്പാണ് അപ്പോഴൊക്കെ ഉള്ളില്‍ തോന്നിയിരുന്നത്. പിന്നീട് മുതിര്‍ന്നപ്പോള്‍ ആ വെറുപ്പ്
ആദരവിന്ന് വഴി മാറി '.

' അതെന്താ അങ്ങിനെ ഒരു മനം മാറ്റം വരാന്‍ ' നാണു നായര്‍ ചോദിച്ചു.

' അറിവും വിവരവും കൂടി. കാര്യങ്ങള്‍ മനസ്സിലായി. അതന്നെ '.

സ്വാമിനാഥന്‍ എന്താണ് പറയുന്നത് എന്നറിയാന്‍ മറ്റുള്ളവര്‍ കാതോര്‍ത്തിരുന്നു.

' നമ്മള്‍ ആണുങ്ങള്‍ക്ക് ഒരു ദൂഷ്യം ഉണ്ട്. എല്ലാം കൊണ്ടു നടക്കുന്നത് നമ്മളാണെന്ന് ഒരു തോന്നല്‍. എന്നാല്‍ പെണ്ണുങ്ങളുടെ കാര്യം ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ. അടുക്കളയില്‍ നിന്ന് ഉമ്മറത്തേക്കും തിരിച്ച് അകത്തേക്കും ഒരു ദിവസം എത്ര ചാല്
നടക്കണം. കുറച്ച്  കൃഷീം കന്നും കൂടി ഉണ്ടെങ്കിലോ. ഒരു ദിവസം അച്ചാലും പിച്ചാലും നടക്കുന്ന ദൂരം ഒന്നിച്ച് കൂട്ടിയാല്
കൊയമ്പത്തൂരിലെത്തും '.

'അത് ശരിയാണ് '.

' അത് മാത്രാണോ. വീട്ടിലെ സകല ആളുകളുടേയും മുണ്ടും തുണിയും തിരുമ്പണം , അവര്‍ക്കൊക്കെ വെച്ച് വിളമ്പണം. കുട്ട്യേള് ഉണ്ടെങ്കില്‍ അവറ്റെ നോക്കണം. എന്നിട്ട് കൂട്ടാനില് ഇത്തിരി ഉപ്പോ മുളകോ കൂട്യാല്‍ അതിന്ന് കുറ്റം പറച്ചിലും
കേള്‍ക്കണം . ചിലര് വീട്ടുകാരിയെ കുറ്റം പറയാന്‍ എന്തെങ്കിലും കാരണം നോക്കി നടക്കും  '.

' ഈ പറഞ്ഞത് അപ്പിടി സത്യമാണ് ' നാണു നായര്‍ പറഞ്ഞു ' എന്‍റെ നല്ല കാലത്ത് ഞാനും ഭാര്യയെ നല്ലോണം ചീത്ത പറഞ്ഞിട്ടുണ്ട്. അവള് പോയപ്പോള്‍ ചെയതൊക്കെ തെറ്റായി എന്ന് ബോധ്യം വന്നു. കണ്ണുള്ളപ്പോള്‍ ആരും കണ്ണിന്‍റെ വില അറിയില്ല '.

' ഒരു ആണിന്‍റെ ഇഷ്ടത്തിന്ന് ഒത്തു പോവാന്‍ തന്നെ പെണ്ണിന്ന് ഒരു പാട് പ്രയാസം അനുഭവിക്കേണ്ടി വരും. അപ്പോള്‍ നാല്
ആണുങ്ങളെ ഒരു പോലെ വെറുപ്പിക്കാതെ ഒന്നിച്ച് നിര്‍ത്താന്‍ എന്‍റെ അമ്മ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവണം. മഹാ ഭാരതത്തിലെ പാഞ്ചാലിക്ക് ഒപ്പമാണ് ഞാന്‍ അമ്മയെ കാണാറ് '.

വേണു ഒരു പ്ലേറ്റില്‍ ചായ ഗ്ലാസുകളുമായി എത്തി. എല്ലാവര്‍ക്കും കൊടുത്ത് ഒരു കപ്പ് ചായ കയ്യില്‍ വെച്ച് ചുവരും ചാരി
തിണ്ണയിലിരുന്നു. സ്വാമിനാഥന്‍റെ സങ്കടം മറ്റുള്ളവര്‍ ഉള്‍ക്കൊള്ളുകയായിരുന്നു.

' എന്താ ഇനിയത്തെ പരിപാടി ' മേനോന്‍ ചോദിച്ചു.

' പോണം. വൈകുന്നേരത്ത് നേരത്തെ എത്തേണ്ടതല്ലേ '.

അയാള്‍ എഴുന്നേറ്റു. കൂടെ മറ്റുള്ളവരും. പടിക്കലെത്തിയപ്പോള്‍ സ്വാമിനാഥന്‍ ഒന്ന് നിന്നു.

' ഗോപി നായരും കൃഷ്ണ തരകനും ഇവിടെ വന്ന വിവരം ഞാന്‍ അറിഞ്ഞു. അവര് എന്താ പറഞ്ഞിട്ടുണ്ടാവുക എന്ന് എനിക്ക്
ഊഹിക്കാനാവും . അപ്പോള്‍ മുതല്‍ തുടങ്ങിയതാണ് മനസ്സില്‍ ഒരു വിങ്ങല് . ഇപ്പൊ അത് മാറി '.

' ആ രണ്ടെണ്ണത്തിന്നും പിടിപ്പത് കൊടുത്തിട്ടാണ് ഇവിടുന്ന് പറഞ്ഞയച്ചത് ' എഴുത്തശ്ശന്‍ പറഞ്ഞു.

' എന്നാല്‍ അതായിരിക്കും ഇപ്പോള്‍ ഇങ്ങോട്ടൊന്നും കാണാത്തത്. ഞാന്‍ ഒരു കാര്യം പറയട്ടെ. കൊടുത്തത് പാടിക്കൊണ്ട്
നടക്കുന്നു എന്ന് തോന്നരുത് '.

' എന്താ സംഗതി ' മേനോന്‍ തിരക്കി.

' തരകന്‍റെ മകന് പഠിക്കാന്‍ വകയില്ലാതെ സഹായം ചോദിച്ച് വന്നിരുന്നു. കോളേജിലെ പഠിപ്പ് കഴിയുന്നത് വരെ എല്ലാ ചിലവും
ഞാന്‍ ചെയ്യാമെന്ന് ഏറ്റതാണ്. കുറച്ച് കാലം കൊടുക്കുകയും ചെയ്തു. അപ്പോഴേക്കും എന്തോ കുരുത്തക്കേട് കാട്ടിയതിന്ന് ആ
ചെക്കനെ കോളേജില്‍ നിന്ന് പുറത്താക്കി. ഗോപി നായരുടെ മകന് ഒരു പണി വാങ്ങി കൊടുക്കണം എന്ന് അയാള്‍ പുറകെ നടന്ന്
പറഞ്ഞപ്പോള്‍ എനിക്ക് വേണ്ടപ്പെട്ട ഒരാളുടെ സ്ഥാപനത്തില്‍ ഞാന്‍ ജോലി തരപ്പെടുത്തി കൊടുത്തു. അവിടുന്ന് കുറെ പണം 
തട്ടിച്ചിട്ട് അവന്‍ മുങ്ങി. മകളുടെ കല്യാണത്തിന്ന് സഹായം ചോദിച്ച് വന്നപ്പോള്‍ ഞാന്‍ നായരോട് ഈ കാര്യം സംസാരിച്ചു. മകന്‍റെ
ഭാഗത്ത് തെറ്റില്ല, കല്‍പ്പിച്ച് കൂട്ടി പറഞ്ഞുണ്ടാക്കിയതാണ് എന്നൊക്കെ പറഞ്ഞ് ദേഷ്യപ്പെട്ടിട്ടാണ് അയാള്‍ പോയത്. അതിന്ന് ശേഷം 
കുറ്റം പറഞ്ഞ് നടപ്പാണ് രണ്ടും കൂടി '.

' അവറ്റകളെ പോവാന്‍ പറയിന്‍. അന്യനെ കുറ്റം പറയാന്‍ പറ്റിയ യോഗ്യന്മാര് ' എഴുത്തശ്ശന്‍ പറഞ്ഞു.

' എന്നാല്‍ ഞാന്‍ ഇറങ്ങട്ടെ. എല്ലാ കാര്യത്തിനും ഞാന്‍ നിങ്ങളുടെ ഒപ്പം ഉണ്ടാവും കേട്ടോ '.

അയാള്‍ പോവുന്നതും നോക്കി മറ്റുള്ളവര്‍ നിന്നു.

*********************************************************************

' ഞാന്‍ അപ്പഴും പറഞ്ഞു ഇതൊക്കെ ഒരു തരം പറ്റിക്കലാണെന്ന് ' കിട്ടുണ്ണി രാധ കേള്‍ക്കെ പറഞ്ഞു. പ്രതികരണത്തിന്ന് കാത്തിട്ട് ഒന്നും കാണുന്നില്ല.

' നൂറ്റൊന്നാളുകള് കുളിച്ച് ഈറനുടുത്ത് നാമം ചൊല്ലിക്കൊണ്ട് ചുടലക്കുന്നിലേക്ക് പോയി. കത്തിച്ച നിലവിളക്കും പിടിച്ച് കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ മുമ്പില് '.

ഇത്തവണ രാധ ശ്രദ്ധിക്കുന്നുണ്ടോ എന്നൊരു സംശയം.

' ഊണും ഉറക്കവും ഇല്ലാതെ സ്വയം മറന്ന് കഴിയുന്ന ആളെ കുന്നില് കാണുംന്നാണത്രേ ജോത്സ്യത്തില്‍ പറഞ്ഞത്. വല്ല മഹര്‍ഷിയോ
മറ്റൊ കുന്നിറങ്ങി വന്ന് അനുഗ്രഹിക്കുംന്നാ ഭോഷന്മാര് കരുതീത് '.

' എന്നിട്ട് ആരേയും കണ്ടില്ലേ '

' ഉവ്വ്. എല്ലാവരും പ്രാര്‍ത്ഥിച്ച് നില്‍ക്കുമ്പോള്‍ കുന്നിറങ്ങി വരുന്നു ഒരു മഹാന്‍ '.

' ആരാ അത് '.

' ആ പ്രാന്തന്‍ മായന്‍കുട്ടി '.

' സ്വബോധം ഉള്ളോര്‍ക്കല്ലേ അങ്ങോട്ട് പോവാന്‍ പേടിയുള്ളത്. ബുദ്ധിസ്ഥിരത ഇല്ലാത്തോന്ന് എവടെ വേണച്ചാലും  ചെല്ലാലോ.
ഒന്നാലോചിച്ചാല്‍ പ്രശ്നത്തില്‍ പറഞ്ഞതും ശരിയായി. ഊണും ഉറക്കവും ഇല്ലാതെ എല്ലാം മറന്നു നടക്കുന്നോനല്ലേ അവന്‍ '.

' വേണച്ചാല്‍ അങ്ങനീം വ്യാഖ്യാനിക്കാം. വീണത് വിദ്യ എന്നല്ലേ ' എന്തോ കിട്ടുണ്ണി എതിര്‍ത്തൊന്നും പറഞ്ഞില്ല.

Wednesday, April 14, 2010

അദ്ധ്യായം - 61.

വിസ്മയങ്ങള്‍ നിറച്ച ചെപ്പ് തുറന്നുവെച്ചാണ് ദേവപ്രശ്നം അവസാനിച്ചത്. ദേവന്‍റെ അനിഷ്ടം , ക്ഷേത്ര കാര്യങ്ങള്‍
നിര്‍വഹിക്കുന്നതില്‍ വരുത്തിയ ലോപങ്ങള്‍ , അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയെല്ലാം ജ്യോതിഷത്തിന്‍റെ
അടിസ്ഥാന പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിശകലനം ചെയ്യുന്നതാണ് ദേവപ്രശ്നം എന്നാണ് എല്ലാവരും കരുതിയത്.

' ഇങ്ങിനെയൊക്കെ പറയുംന്ന് ഞാന്‍ സ്വപ്നത്തില്‍ കൂടി വിചാരിച്ചിട്ടില്ല ' നാണു നായര്‍ തന്‍റെ മനസ്സില്‍ തോന്നിയത്
തുറന്നു പറഞ്ഞു.

' എന്തായാലും അവരെ സമ്മതിക്കണം ' മേനോന്‍ പറഞ്ഞു ' ഈ സ്ഥലത്തിന്‍റെ ചരിത്രമാണ് കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് അനാവരണം ചെയ്തത് '.

ദേവപ്രശനം കഴിഞ്ഞതിന്‍റെ പിറ്റേന്ന് കാലത്ത് പ്രശ്നത്തില്‍ പറഞ്ഞതെല്ലാം അവലോകനം ചെയ്യണമെന്ന് ഉദ്ദേശിച്ച് അമ്പലമുറ്റത്ത്
പ്രവര്‍ത്തകര്‍ കൂടിയതാണ്.

' ഓരോരുത്തരും തോന്നിയപോലെ ഓരോന്ന് പറയാന്‍ തുടങ്ങിയാല്‍ പറ്റില്ല ' സ്വാമിനാഥന്‍ പറഞ്ഞു ' എല്ലാ കാര്യങ്ങളും
മേനോന്‍ സ്വാമി എഴുതി എടുത്തിട്ടുണ്ടല്ലോ. അത് വായിച്ചിട്ട് ഓരോന്നായി ചിന്തിക്കാം '.

' അതന്യാ ശരി. എന്നാലേ ഒന്നും വിട്ടുപോവാതിരിക്കൂ ' എന്ന് എഴുത്തശ്ശനും പറഞ്ഞു.

മേനോന്‍ ബാഗില്‍ നിന്നൊരു നോട്ടുപുസ്തകം എടുത്തു.

' രാശീം കാര്യങ്ങളും ഒന്നും ഞാന്‍ എഴുതീട്ടില്ല. അതൊക്കെ ജോത്സ്യന്മാരുടെ ചാര്‍ത്തിലുണ്ട്. പറഞ്ഞ കാര്യങ്ങളുടെ ചുരുക്കം 
മാത്രേ ഇതിലുള്ളു ' എന്ന മുഖവുരയോടു കൂടി മേനോന്‍ പറഞ്ഞു തുടങ്ങി.

' ആയിര കണക്കിന്ന് കൊല്ലത്തെ പഴക്കമൊന്നും ഈ ക്ഷേത്രത്തിന്ന് ഇല്ല. നശിച്ചു പോയ മറ്റൊരു ക്ഷേത്രത്തിന്‍റെ ദോഷങ്ങള്‍
മാറ്റാന്‍ വേണ്ടി ഉണ്ടാക്കിയ അമ്പലമാണ്ഇത് 'മേനോന്‍ തലയുയര്‍ത്തി. ' ആ കാര്യങ്ങള്‍ വഴിയേ വായിച്ച് വരാനുണ്ട്.
അതോ അത് ഇപ്പോള്‍ തന്നെ വായിക്കണോ '.

' അതൊക്കെ അതാത് സ്ഥലത്ത് എത്തുമ്പോള്‍ അറിഞ്ഞാല്‍ മതി ' എന്ന് കേള്‍വിക്കാരില്‍ ചിലര്‍ പറഞ്ഞതോടെ മേനോന്‍ 
വായന തുടര്‍ന്നു. ' ഈ ക്ഷേത്രത്തില്‍ വിപുലമായ രീതിയില്‍ ഉത്സവങ്ങളോ, ആഘോഷങ്ങളോ മുമ്പും നടത്തിയിട്ടില്ല '.

' അത് ശരിയാണ് ' എഴുത്തശ്ശന്‍ പറഞ്ഞു ' എനിക്ക് വയസ്സ് എണ്‍പത്താറായി. ഉല്‍സവോ വേലയോ ഒന്നും എന്‍റെ ഓര്‍മ്മേല് ഇവിടെ കണ്ടിട്ടില്ല '.

ഈ ക്ഷേത്രത്തില്‍ ദേവീ സാന്നിദ്ധ്യം ഉണ്ടെന്നും അതിനെ സങ്കല്‍പ്പിച്ച് വെളിയിലായി ഒരു ഭാഗത്ത് ഇലചീന്തില്‍ നിവേദ്യം
വെക്കാറുണ്ടായിരുന്നുവെന്നും , എന്നാല്‍ ഗതി കിട്ടാതെ ഈ ക്ഷേത്രത്തില്‍ കൂടിയിട്ടുള്ള പ്രേതാത്മാക്കള്‍ അത് അശുദ്ധമാക്കുന്നതിനാല്‍ 
ദേവിക്ക് കിട്ടാതെ വരുന്നുണ്ടെന്നും അതിനാല്‍ ദേവിയുടെ അപ്രീതി ഉണ്ടെന്നും കാണുന്നു.

' ഇതിനെ പറ്റി ആര്‍ക്കെങ്കിലും വല്ലതും അറിയ്വോ '.

' എന്‍റെ ഓര്‍മ്മേല് ഉള്ള ഒരു കാര്യം പറയാം' എഴുത്തശ്ശന്‍ പറഞ്ഞു ' എന്‍റെ നല്ല പ്രായത്തില്‍ നടന്നതാ. കുളിക്കാന്‍ വന്ന
ഒരു പെണ്‍കിടാവിന്ന് അപസ്മാരം ഇളകി കുളത്തില്‍ വീണു. പിടിച്ച് കേറ്റാന്‍ ചാടിയ അനുജത്തീം അവളും മുങ്ങി ചത്തു. പിന്നെ പണ്ടേതോ കാലത്ത് ഒരു വാരസ്യാര് കുട്ടീം പൂജക്കാരനും തമ്മില്‍ ചിറ്റം ഉണ്ടായീന്നോ, അബദ്ധം പറ്റിയപ്പൊ ആ പെണ്‍കുട്ടി
മഞ്ഞറളിക്കായ അരച്ച് കുടിച്ച് തിടപ്പള്ളില്‍ കെടന്ന് മരിച്ചൂന്നോ ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട് '.

' ഏതായാലും ആ പ്രേതങ്ങളെ വേര്‍പാട് ചെയ്യണം '.

' അത് നമുക്ക് ഉടനെ ചെയ്യാം. ഒട്ടും വൈകിക്കണ്ടാ ' എന്ന് സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു.

' ഭാരത ഖണ്ഡത്തിന്‍റെ ചെറിയ പതിപ്പാണ്ഈ സ്ഥലം. ഒമ്പത് ജലാശയങ്ങള്‍ ഇവിടെ ഉണ്ട്. ഫലഭൂയിഷ്ടമായ പ്രദേശം . എന്നാലും
ഇവിടെ ജനങ്ങള്‍ താമസിക്കില്ല. അടുത്ത കാലത്തായി മാറ്റങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങിയിട്ടുണ്ട്. ദേവന്‍റെ അനിഷ്ടങ്ങള്‍ ഇല്ലാതാവാനുള്ള സമയമായി. ചില ആളുകള്‍ താമസമാക്കി തുടങ്ങി. പക്ഷെ അവരൊന്നും ശരിയായ കുടുംബജീവിതം ഉള്ള ആളുകളല്ല '.

' ഞാന്‍ ഇതേ കുറിച്ച് ഇന്നലെ രാത്രി മുഴുവന്‍ ആലോചിച്ചു ' മേനോന്‍ വായന നിര്‍ത്തി വിശദീകരണം തുടങ്ങി ' അക്ഷരം 
പ്രതി ശരിയാണ് ഈ പറഞ്ഞത് മുഴുവന്‍ . എല്ലാവരും ഒന്ന് ആലോചിക്കിന്‍. ഒരു ഭാഗത്ത് മുരുക മല. മറ്റ് മൂന്ന് ഭാഗവും 
തൊട്ടുരുമ്മി കൊണ്ട് പുഴ ഒഴുകുന്നു. നമ്മുടെ ഭാരതത്തിന്‍റെ രൂപം തന്നെയല്ലേ ഈ സ്ഥലത്തിന്ന് '.

അത് ശരിയാണെന്ന് മറ്റുള്ളവര്‍ക്ക് ബോദ്ധ്യമായി.

' ഒമ്പത് ജലാശയങ്ങള്‍ ഇവിടെയുണ്ടോ, മണ്ണിന്ന് ഫലപുഷ്ടിയുണ്ടോ എന്നൊക്കെ നമ്മുടെ എഴുത്തശ്ശന്‍ പറയട്ടെ '.

' കനാല് വരുന്നതിന്ന് മുപ്പിട്ട് ഞാന്‍ ഈ കുളങ്ങളിലൊക്കെ ചെന്ന് വെള്ളം തിരിച്ചിട്ടുണ്ട്. ഒമ്പത് കുളങ്ങളുണ്ട് ഈ ഭാഗത്ത്. അതില് വലുത് മലടെ ചോട്ടിലുള്ള മാന്‍ കുളമാണ്. കാട്ടിന്ന് മാന്‍ കൂട്ടം ഇറങ്ങി അതിന്ന് വെള്ളം കുടിക്കും . പിന്നെ പിന്നെ വെടിക്കാര് വന്ന് അവറ്റകളെ കൊന്നൊടുക്കി . ഒരിക്കലും ആ കുളത്തിലെ വെള്ളം വറ്റില്ല. അതിന്‍റെ ചോട്ടിലെ കണ്ടങ്ങളില്‍ 
മുന്നൂറ്റി അറുപത്തഞ്ച് ദിവസൂം വെള്ളം കാണും. പിന്നെ മണ്ണ്. പറയാനില്ല, അത് പൊന്ന് വിളയുന്ന മണ്ണാണ് '.

' ഇനി ആളുകള് താമസിക്കുന്ന കാര്യം  നോക്കിയാലോ ' മേനോന്‍ പറഞ്ഞു ' പണ്ട് കാലത്ത് ആരെങ്കിലും ഇവിടെ
താമസിച്ചിട്ടുണ്ടോ '.

' ഇല്ല ' എന്ന് എല്ലാവരും സമ്മതിച്ചു.

' ആരാണ് ഇവിടെ ആദ്യം താമസം തുടങ്ങിയത് '.

' ഞാന്‍ ' എഴുത്തശ്ശന്‍ സമ്മതിച്ചു.

' പിന്നെ '.

' ഞാനും എന്‍റെ കൂടെ ചാമിയും ' വേണു പറഞ്ഞു.

' ഒടുക്കം ഞാനും കൂട്ടത്തില്‍ കൂടീ ഇല്ലേ ' മേനോന്‍ ചിരിച്ചു. ' പോരല്ലോ , വല്ലപ്പോഴും കേറി വരുന്ന മായന്‍കുട്ടി കൂടി ഉണ്ടല്ലോ. ഇനി പറയിന്‍ , ഇതില്‍ ആരാണ് മര്യാദയ്ക്ക് ഒരു കുടുംബം ഒക്കെയായി കഴിഞ്ഞു കൂടുന്നത് '.

വിസ്മയം എല്ലാ മനസ്സുകളിലും ചേക്കേറി.


' നമ്മളാരും അത്രയ്ക്കൊന്നും കടന്ന് ചിന്തിച്ചിട്ടില്ല ' സ്വാമിനാഥന്‍ പറഞ്ഞു ' ഓരോന്നും ചിന്തിച്ച് നോക്കുമ്പോള്‍ അതിശയം
തോന്നുന്നു '.

കുറച്ച് നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല. ഒടുവില്‍ മേനോന്‍ പുസ്തകത്തിലേക്ക് തന്നെ മടങ്ങി.

ഈ ക്ഷേത്രത്തിന്ന് അഭിമുഖമായി നാലുകാതം അകലെ ചുറ്റു ഭാഗത്തേക്കാള്‍ പൊക്കം കൂടിയ ആരും കടന്നു ചെല്ലാതെ കിടക്കുന്ന
സ്ഥലമുണ്ട്. ശിവന്‍റേയും വിഷ്ണുവിന്റേയും പ്രതിഷ്ഠകള്‍ ഉള്ള ക്ഷേത്രം അവിടെ ഉണ്ടായിരുന്നു. ആ ക്ഷേത്രം നശിപ്പിക്കുകയും
നിരവധി പേരെ അവിടെ വെച്ച് കൊന്നൊടുക്കുകയും ഉണ്ടായിട്ടുണ്ട്. ആ ദോഷം പിന്നീട് എപ്പോഴോ മനസ്സിലാക്കി പരിഹാരമായിട്ട്
ഉണ്ടാക്കിയതാണ് ഈ അയ്യപ്പക്ഷേത്രം.

' വടക്കുമുറി ഭാഗത്ത് ഉള്ള ചുടലകുന്നാണോ ആ സ്ഥലമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അതു തന്നെയാണെന്ന് പ്രശ്നത്തില്‍ 
തെളിഞ്ഞിരുന്നു 'നാണു നായര്‍ പ്രശ്നത്തിനിടെ താന്‍ ചൂണ്ടിക്കാണിച്ചത് അംഗീകരിച്ചതിനെ ഓര്‍മ്മപ്പെടുത്തി.

' ശൈവ വൈഷ്ണവ സങ്കല്‍പ്പമാണല്ലോ അയ്യപ്പന്‍. ചിലപ്പോള്‍ അതുകൊണ്ടായിരിക്കും ഇങ്ങിനെയൊരു ക്ഷേത്രം ഉണ്ടാക്കാന്‍ 
കാരണം . പടയോട്ടം ഉണ്ടായപ്പോള്‍ ഈ പറഞ്ഞതുപോലെ നശിച്ചതായിരിക്കാം 'മേനോന്‍ നിഗമനത്തിലെത്തി .

' ചത്ത കുട്ടിയുടെ ജാതകം നോക്കീട്ട് എന്താ കാര്യം. ഇനി ചെയ്യാനുള്ളത് ചെയ്യണം. അതാ എനിക്ക് പറയാനുള്ളത് ' അതുവരെ മിണ്ടാതിരുന്ന ഉടമസ്ഥന്‍ നമ്പൂതിരി ആദ്യമായി തന്‍റെ അഭിപ്രായം അറിയിച്ചു.


' അതിന് ' മേനോന്‍ പറഞ്ഞു തുടങ്ങി ' എല്ലാവരും കുളിച്ച് ഈറനണിഞ്ഞ് വിളിച്ചു ചൊല്ലി പ്രായശ്ചിത്തം ചെയ്യണം. രണ്ടു ദേവന്മാര്‍ക്കും സ്വര്‍ണ്ണ നാണയം സമര്‍പ്പിക്കണം. ഉച്ചത്തില്‍ നാമം ജപിച്ച്, ദീപം തെളിയിച്ച് കയ്യില്‍ പിടിച്ചുകൊണ്ട് ക്ഷേത്ര
നടയ്ക്കല്‍ നിന്നും ചുടല കുന്ന് വരെ ചെല്ലണം . അവിടെ ഊണും ഉറക്കവും ഇല്ലാതെ തന്നെതന്നെ മറന്ന് അലയുന്ന ഒരു
മനുഷ്യനെ കാണാനാവും. എങ്കില്‍ ഉറപ്പിച്ചോളൂ നിങ്ങളുടെ ശ്രമത്തിന്ന് ഭഗവാന്‍റെ അനുഗ്രഹമുണ്ടെന്ന് '.

' നമുക്കൊന്നും മനസ്സിലാവുന്നില്ല. വല്ല സന്യാസിയും അവിടെ ഉണ്ടാകുമോ '.

' ചൊടല കുന്നില്‍ മനുഷ്യര്‍ക്ക് കേറാന്‍ പാടില്ലാന്നാ ഞാന്‍ ചെറുപ്പം മുതലേ കേട്ടിട്ടുള്ളത്. അവിടെ നിധിയുണ്ടെന്നോ അത് കാക്കാന്‍ തലയില്‍ പൂവ് ഉള്ള സര്‍പ്പം കാവലുണ്ടെന്നോ ആരെങ്കിലും ചെന്നാല്‍ അത് വിഷം തെറിപ്പിച്ച് ഭസ്മമാക്കി മാറ്റുമെന്നോ ഒക്കെയാണ് കേട്ടു കേള്‍വി ' എഴുത്തശ്ശന്‍ പറഞ്ഞു.

' ആരെങ്കിലും അവിടെ ചെന്നൂന്ന് കേട്ടിട്ടുണ്ടോ ' വേണു ചോദിച്ചു.

' പോലീസിനെ തപ്പിച്ച് ആരോ ഒരിക്കല്‍ അവിടെ ഒളിക്കാന്‍ ചെന്നൂന്നും അയാളെ പിന്നെ കാണാതായീന്നും ഒക്കെ കേട്ടിട്ടുണ്ട്. പോലീസുകാര് തല്ലി കൊന്ന് കത്തിച്ചതാണെന്നും മനുഷ്യര് പറഞ്ഞിരുന്നു '.

' അത് കഴിഞ്ഞിട്ട് എത്ര കാലം ആവുംന്നാ തോന്നുന്നത് '.

' കാലം ഇശ്ശി ആയി. സ്വാതന്ത്ര്യം കിട്ടുന്നതിന്നും മുന്നാണ് അതൊക്കെ കേട്ടിട്ടുള്ളത് '.

' അടുത്തതായി ദ്രവ്യസമര്‍പ്പണത്തിനെ പറ്റി ആലോചിക്കണം. രണ്ട് സ്വര്‍ണ്ണ നാണയങ്ങള്‍ അതിന്ന് വേണം. എന്താ വഴി '.

' ഒരു പവന്‍ ഉടമസ്ഥന്‍ തരട്ടെ ' എഴുത്തശ്ശന്‍ പറഞ്ഞു ' ഒന്ന് കമ്മിറ്റിക്കാരും '.

' അത് വേണ്ടാ. ഒന്ന് ഞാന്‍ തരാം ' സ്വാമിനാഥന്‍ ആ കാര്യം ഏറ്റു.

അന്ന് വൈകുന്നേരം തന്നെ ആ പരിപാടി തീര്‍ക്കണമെന്ന് തീരുമാനിച്ച് യോഗം പിരിഞ്ഞു.

**************************************************************************

പാലക്കാട്ടേക്ക് പോയിട്ട് വരാമെന്നു പറഞ്ഞ് പോയ ഭര്‍ത്താവ് അര മണിക്കൂറിനകം തിരിച്ചെത്തിയപ്പോള്‍ രാധ്ക്ക് എന്തോ
പന്തികേട് തോന്നി.

' താനിവിടെ വാടോ ' മുറ്റത്തെ അയയില്‍ തുണികള്‍ ഉണങ്ങാനിടുന്ന രാധയെ അയാള്‍ വിളിച്ചു.

' ഇതൊക്കെ ഇട്ടിട്ട് പോരേ ' രാധ ചോദിച്ചു.

' അതൊക്കെ പിന്നെ ഇടാന്നേ '.

രാധ പണി നിര്‍ത്തി കയറി വന്നു. പൂമുഖത്തെ ചാരുകസേലയില്‍ കിട്ടുണ്ണി ഇരുന്നു, ചാരുപടിയുടെ ഓരത്ത് രാധയും.

' കേട്ടില്ലേ വിശേഷം . ഞാന്‍ അന്നേ പറഞ്ഞില്ലേ ഒക്കെ തട്ടിപ്പാണെന്ന് '

' എനിക്ക് മനസ്സിലായില്ല '.

' ഒക്കെ പറയാടോ. ദേവപ്രശ്നത്തില്‍ ചുടലക്കുന്നില്‍ വിഷ്ണൂനും ശിവനും ക്ഷേത്രം ഉണ്ടായിരുന്നൂന്നും ലഹളക്കാര് അതൊക്കെ
നശിപ്പിച്ചൂന്നും , നാട്ടുകാരെ അവിടെ വെച്ച് കൊന്നൂന്നും ഒക്കെ പറഞ്ഞൂത്രേ '.

' അങ്ങിനെയൊക്കെ നടന്നു കാണ്വോ '.

' എവിടെ. ഇതൊക്കെ വെറും ചപ്പടാച്ചിയല്ലേ. നുണ പറഞ്ഞു കൂട്ട്യാലേ കൈ നിറയെ കാശ് കിട്ടൂ. പ്രശ്നം നോക്കാന്‍ 
വന്നോര്‍ക്ക് തിരിച്ച് നാല് ചോദ്യം ചോദിക്കാന്‍ പറ്റിയ ആരും ഇല്ലാന്ന് മനസ്സിലായിട്ടുണ്ടാവും '.

' മേനോനും വേണ്വോട്ടനും ഒക്കെ പഠിപ്പും അറിവും ഇല്ലേ '.

' നല്ല കഥ. കയ്യും പൊക്കി സിന്ദാബാദ് വിളിച്ചു നടന്ന ആളാണ് മേനോന്‍. മറ്റെ ആളുടെ കാര്യം പറയണ്ടല്ലോ. മുട്ടേന്ന് വിരിയും മുമ്പ് അന്യ നാട്ടില്‍ ചെന്നതാ. ഇവിടുത്തെ വല്ല കാര്യവും അയാള്‍ക്ക് അറിയ്വോ '.

രാധ ഒന്നും പറഞ്ഞില്ല.

' ചുടലക്കുന്നിന്‍റെ കഥ നിനക്ക് ഞാന്‍ പറഞ്ഞു തരാം. കുട്ടീല് അമ്മ എനിക്കത്പറഞ്ഞു തന്നിട്ടുണ്ട് '.

' എന്താദ് '.

' പണ്ട് ഏതോ ഒരു മഹര്‍ഷി തപസ്സിരുന്ന സ്ഥലമാണത്രേ അത്. ഒരു ദിവസം ഒരു രാക്ഷസന്‍ അതു വഴി വരുമ്പോള്‍
തപസ്സിരിക്കുന്ന മഹര്‍ഷിയെ കണ്ടൂന്നോ , ഭക്ഷിക്കാനായി അയാളെ പിടിച്ച് വായിലിട്ടൂന്നോ , മഹര്‍ഷിയുടെ തപസ്സിന്‍റെ ശക്തിയില്‍ രാക്ഷസന്‍ വെണ്ണീറായി മാറി അവന്‍റെ ശരീരത്തില്‍ നിന്ന് മഹര്‍ഷി പുറത്ത് കടന്നൂന്നോ ഒക്കെയാണ് ഐതിഹ്യം. അവന്‍റെ ശരീരം വെണ്ണീറായത് കുമിഞ്ഞു കൂടി കുന്നായീന്നും മഹര്‍ഷിയുടെ തപസ്സിന്‍റെ ചൂട് ഇന്നും അവിടെ ഉള്ളതോണ്ടാണ്
ആരും അവിടെ കേറി ചെല്ലാത്തത് എന്നുമാണ് സങ്കല്‍പ്പം. ഒന്ന് ആലോചിച്ച് നോക്കുമ്പോള്‍ അതല്ലേ ശരി '.

' എനിക്ക് പ്രശ്നത്തില്‍ പറഞ്ഞതന്ന്യാ ശരീന്ന് തോന്നുന്നു . മറ്റേത് വെറുതെ കെട്ടി കൂട്ടിയ കഥയാവും '.

' അല്ലെങ്കിലും കുരുത്തംകെട്ടോളക്ക് ഞാന്‍ പറഞ്ഞത് ബോധിക്കില്ല '.

' ഞാനൊന്ന് ചോദിക്കട്ടെ. ആരെങ്കിലും ചുടലക്കുന്നിന്‍റെ മുകളിലേക്ക് കേറി ചെന്നാലോ '.

' ആ നിമിഷം കരിഞ്ഞ് ഭസ്മമാവും '.

' എന്നാല്‍ എനിക്കൊന്ന് കയറി നോക്കണം '.

' അതെന്തിനാ '.

' എളുപ്പത്തില്‍ ഈ നരകത്തിന്ന് രക്ഷപ്പെടാലോ '.

കിട്ടുണ്ണി രാധയെ മനസ്സിലാവാത്ത മട്ടില്‍ ഒന്ന് നോക്കി.

Thursday, April 1, 2010

അദ്ധ്യായം - 60.

' ഇതാ നിന്‍റെ ദൂഷ്യം. എന്ത് കാര്യമാണച്ചാലും ഒറ്റ രീതിയിലെ ചിന്തിക്കാനാവു '
സുകുമാരന്‍ രാധാകൃഷ്ണന്‍റെ വാക്കുകള്‍ക്ക് മറുപടി പറയുകയായിരുന്നു.

ബാര്‍ അറ്റാച്ഡ് ഹോട്ടലിലെ അരണ്ട വെളിച്ചത്തില്‍ മേശക്കിരുവശത്തുമായി
ഇരുന്ന് കൂട്ടുകാര്‍ ഉള്ള് തുറക്കുകയായിരുന്നു. കുറച്ച് നാളായി മുത്തശ്ശനോട്
തെറ്റ് ചെയ്തു എന്നൊരു തോന്നല്‍ രാധാകൃഷ്ണന്‍റെ മനസ്സില്‍ കടന്നിട്ട്.

' ഓര്‍മ്മ വെച്ച മുതല്‍ മുത്തശ്ശനെ നീ ആ നിലക്ക് കണ്ടിട്ടുണ്ടോ. എന്നും അയാളെ
ശത്രുവായിട്ടാണ് നിങ്ങളൊക്കെ കണക്കാക്കിയിട്ടുള്ളത്. ഒടുവില്‍ സ്വന്തം പാടും 
നോക്കി ഇറങ്ങിപ്പോയി ഒറ്റക്ക് താമസം തുടങ്ങിയപ്പോള്‍ ആണത്തമുള്ള ആളാണ്
ആ കാരണവര്‍ എന്നായി. അഭിപ്രായ സ്ഥിരത ഇല്ലാത്ത ഏര്‍പ്പാടാണ് ഇതൊക്കെ '.

' തല മുതിര്‍ന്ന ആള്‍ക്കാരൊക്കെ കാണുമ്പോള്‍ കുറ്റം പറയുന്നത് അച്ഛനേയാണ്.
തനിക്ക് വേണ്ടി ജീവിതത്തിലെ സുഖങ്ങളൊക്കെ ഉപേക്ഷിച്ച ആളേയാണ്അച്ഛന്‍ 
വയസ്സ് കാലത്ത് അനാഥനാക്കി പെരുവഴിയിലാക്കിയത്. അതിന്ന് പ്രേരിപ്പിച്ചത്
ഞാനും അമ്മയും. ആളുകള്‍ പറയുന്നതില്‍ എന്താ തെറ്റ്. അതല്ലേ വാസ്തവം  '.

' ആളുകള്‍ പറയുന്നത് തെറ്റോ ശരിയോ എന്നോര്‍ത്ത് നീ വേവലാതി പെടരുത് '
സുകുമാരന്‍ പറഞ്ഞു ' നമുക്ക് നമ്മുടെ കാര്യം വലുത്. അതാണ് ശരിയും '.

' ഈ പറയിണതൊന്നും എന്‍റെ തലേല്‍ കേറിണില്ല. ഓണത്തിന്ന് ഞാന്‍ നേരിട്ട് ചെന്ന്
കണ്ടാലോ എന്ന് ആലോചിക്യാണ് '.

' ഭേഷായി. എന്നിട്ട് വേണം നല്ലോരു ദിവസായിട്ട് അയാളുടെ വായില്‍ നിന്ന് വല്ലതും 
കേള്‍ക്കാന്‍ '.

' അങ്ങിനെ ഒന്നും പറയില്ലാന്നാ എനിക്ക് തോന്നുന്നത് '.

' ഇല്ല. നിന്‍റെ കാലില്‍ അയാള്പൂവിട്ട് പൂജിക്കും '.

' മരിക്കുന്നതിന്ന് മുമ്പ് മുത്തശ്ശനോടുള്ള അലോഹ്യം തീര്‍ക്കണം '.

' നിന്‍റെ അമ്മ അതിന്ന് സമ്മതിക്ക്വോ '.

' തോന്നിണില്ലാ. എന്തെങ്കിലും വഴി കാണണം '.

' ഇപ്പൊ മിണ്ടാതിരിക്ക്. എന്നെങ്കിലും ഒരു ദിവസം ആ കാരണോര് കിടപ്പിലാവും.
അപ്പോഴാണ് ചെന്ന് കാണേണ്ടതും സഹായിക്കേണ്ടതും '.

' അത് വരെ '.

' ഇപ്പോഴത്തെ മട്ടില് കഴിയട്ടെ '.

അരണ്ട വെളിച്ചത്തില്‍ രാധാകൃഷ്ണന്‍റെ മുഖത്തെ ദുഃഖഭാവം സുകുമാരന്ന്
കാണാനായില്ല.

*********************************************

' ചാമ്യേട്ടോ, ഒന്നിങ്ങോട്ട് വരിന്‍ ' കൂട്ടുപാതേല് ബസ്സും കാത്ത് നില്‍ക്കുന്ന
അപ്പുക്കുട്ടന്‍ , ചന്തയിലേക്ക് പോവുന്ന ചാമിയേ വിളിച്ചു. ഓണം ആയതോണ്ട്
സ്കൂളിന്ന് മുമ്പില്‍ പച്ചക്കറി ചന്ത ഉണ്ട് എന്ന് തലേന്ന് ജീപ്പില്‍ മൈക്കിലൂടെ
വിളിച്ചു പറഞ്ഞ് പോയിരുന്നു.

എന്ത് അത്യാവശ്യം പറയാനാണോ വിളിക്കുന്നത് എന്നോര്‍ത്തു. വല്ല പിരിവിനും 
ആയിരിക്കും.

' എന്താ കുട്ട്യേ കാര്യം ' എന്ന് ചോദിച്ച് ചാമി അടുത്തേക്ക് ചെന്നു.

' നിങ്ങള് വിവരം ഒന്നും അറിഞ്ഞില്ലേ. ഓണം കഴിഞ്ഞാല്‍ എന്താ വിശേഷംന്ന്
അറിയ്വോ '.

' അമ്പലത്തില് ജോത്സ്യം നോക്കല് '.

' നല്ല വെളിവായി. നമ്മക്ക് അതോണ്ടെന്താ. പൊന്ന് ഉരുക്കുന്നോടത്ത് പൂച്ചക്ക്
എന്താ കാര്യം. അമ്പലത്തില്‍ കേറാത്ത നമ്മള് ജോത്സ്യം വെക്കുണോടത്തേക്ക്
എന്തിനാ പോണത്. നമ്മളെ സംബന്ധിച്ച് ഓണം കഴിഞ്ഞതും സമരം വരുന്നു.
കുണ്ടുകാട്ടിലെ തൊഴിലാളികള്‍ക്ക് പതമ്പ് കൂട്ടി കൊടുക്കാതെ ആ പാടത്ത്
കൊയ്ത്നടക്കില്ല '.

' അപ്പൊ വെളഞ്ഞ നെല്ലോ '.

' അത് അവിടെ കിടക്കും. ചെലപ്പൊ വീണ് നശിക്കും. അല്ലെങ്കിലോ ചെടീല്‍ തന്നെ
നിന്ന് മുളയ്ക്കും '.

' രണ്ടായാലും മഹാലക്ഷ്മ്യേ പാടത്തിട്ട് നശിപ്പിക്കും '.

' അതല്ലാതെ വഴിയില്ല. പിന്നെ നെല്ല് നശിച്ചാല്‍ ഉടമസ്ഥനല്ലേ നഷ്ടം '.

' ആരക്ക് നഷ്ടം വരുന്നു എന്ന് നോക്കണ്ടാ, കഷ്ടപ്പെട്ട് ഉണ്ടാക്കിയ സാധനം തമ്മില്‍ 
തല്ലി നശിപ്പിക്കുന്നത് അത്ര നന്നല്ല '.

' നിങ്ങള് മുതലാളിമാരുടെ ഭാഗത്താ '.

' ഞാന്‍ ആരുടെ ഭാഗത്തും അല്ല. ഉള്ള കാര്യം  പറയുണൂന്ന് മാത്രം '.

' കുണ്ട് കാട്ടിലെ തൊഴിലാളികള്‍ക്ക് വേണ്ടി ഒരു ദിവസം സൂചനാ പണിമുടക്ക് ഉണ്ട്.
അന്ന് പണിക്ക് കേറാന്‍ പാടില്ല. ചെലപ്പൊ എല്ലാരും കൂടി അനിശ്ചിതകാല പണിമുടക്ക്
നടത്തേണ്ടി വരും '.

' അതൊന്നും  പറ്റില്ല. ഒരു ദിവസോക്കെ പണി വേണ്ടാന്ന് വെക്കാം. കൊയ്ത്ത് കാലം 
മുഴുവന്‍ സമരംന്ന് പറഞ്ഞ് നിന്നാല്‍ വെളഞ്ഞ നെല്ലൊക്കെ കൊഴിയും. പിന്നെ കുണ്ട്
കാട്ടിലെ മൊതലാളി ചെയ്യുന്ന തെറ്റിന്ന് മറ്റുള്ള മുതലാളിമാര് എന്ത് പെഴച്ചു '.

' അപ്പൊ നിങ്ങള് കരിങ്കാലിപ്പണിക്ക് എറങ്ങും '.  

ചാമി ഒന്നും പറഞ്ഞില്ല. ഭീഷണി പെടുത്തിയാല്‍ ചാമി പേടിച്ച് കൂടെ നില്‍ക്കുമെന്ന്
അപ്പുക്കുട്ടന്ന് തോന്നി.

' വേണ്ടാത്ത പരിപാടിക്ക് എറങ്ങ്യാല്‍ നിങ്ങള്വിവരം അറിയും 'അയാള്‍ പറഞ്ഞു.

' എടാ ചെക്കാ ' ചാമിയുടെ സ്വരം ഉയര്‍ന്നു ' പാടത്തിന്‍റെ വരമ്പത്തിന്ന് താഴത്തേക്ക്
എറങ്ങാത്ത നീ എന്നെ തൊഴിലാളിടെ കാര്യം  പഠിപ്പിക്കാന്‍ വരണ്ടാ. നെന്‍റെ കയ്യിലെ
പുസ്തകം താഴെ വെച്ച് കൈക്കോട്ട് എടുത്ത് കുറച്ച് നേരം മേലനങ്ങി കെളക്ക്.
എന്നിട്ട് കൂട്ടം കൂടാന്‍  വാ '.

' തൊഴിലാളിയുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍  സമരം വേണ്ടി വരും. വര്‍ഗ്ഗബോധം
ഉള്ളവര്‍ക്കേ അതില്‍ പങ്കെടുക്കാന്‍ തോന്നൂ. നിങ്ങള്‍ക്ക് അതില്ല '.

' നീ ചെന്ന്നെന്‍റെ അപ്പനോട് ഒന്ന് ചോദിക്ക്. അവന്‍ പറഞ്ഞു തരും ' ചാമി പറഞ്ഞു
'പാടത്ത് പണി ചെയ്യുന്നോരുടെ ആവശ്യങ്ങള്‍  മുതലാളിമാരോട്പറയാന്‍ ചെന്നതും ,
അങ്ങിട്ടും ഇങ്ങിട്ടും ഒന്നും രണ്ടും പറഞ്ഞ് തെറ്റി കയ്യാങ്കളി ആയതും , പണിക്കാരി
പെണ്ണുങ്ങളെ അവമാനിച്ച് കൂട്ടം കൂടിയ മൊതലാളിടെ ചെകിട് അടിച്ച് പൊളിച്ചതും ,
പോലീസ് പിടിച്ചു കൊണ്ടുപോയി തല്ലിച്ചതച്ചതും ഒക്കെ അവന് അറിയും. അഞ്ച് പറ
കണ്ടം പതിച്ച് കിട്ടിയിട്ട് നടാടെ പൂളക്കിഴങ്ങാണ് വെച്ചത്. ഉണ്ടായത് മുഴുവന്‍ സമരം 
ചെയ്ത് പട്ടിണിയിലായ പണിക്കാര്‍ക്ക് പറിച്ച് കൊടുത്തു. ഒന്നല്ല മൂന്ന് കൊല്ലം എന്‍റെ
കൂടെ പണിയെടുക്കുന്നവരെ പട്ടിണി കിടത്താതെ നോക്ക്യോനാ ഞാന്‍ . നീ അതൊന്നും 
കേട്ടിട്ടുണ്ടാവില്ല. കോണകം ഉടുത്ത് നടക്കുന്ന പ്രായാണ് നിനക്ക് അന്ന് '.

അപ്പുക്കുട്ടന്‍ വല്ലാതായി. അനുയായികളുടെ മുമ്പില്‍ വെച്ചാണ് അപമാനിക്കപ്പെടുന്നത്. എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ താന്‍ വല്ലാതെ ചെറുതായി പോകും.

' ഇപ്പൊ ഞാനൊന്നും പറയുന്നില്ല. എലക്ഷന്‍ ഒന്ന്കഴിയട്ടെ. എന്നിട്ട്നിങ്ങളെ ഒരു
പാഠം പഠിപ്പിക്കുന്നുണ്ട് '.

ചാമി തലനാരിഴ പൊക്കി കാട്ടി.

' എലക്ഷന്‍ കഴിഞ്ഞാല് നീ ഇത് മുറിക്കാന്‍ വരും. അല്ലാണ്ട് എന്നെ പഠിപ്പിക്കാനൊന്നും 
ആയിട്ടില്ല '.

അകലെ നിന്ന്ബസ്സ് വരുന്ന ഒച്ച കേട്ടു. കൂടുതല്‍ വഷളാവാതെ തടി ഊരാന്‍ കഴിഞ്ഞ
സന്തോഷത്തിലായിരുന്നു അപ്പുക്കുട്ടന്‍.

**********************************************************

' നിന്‍റെ കൂട്ടം കേട്ട് എറങ്ങീട്ട് വഷളായി ' ഒതുക്ക് കയറി വന്നതും കിട്ടുണ്ണി രാധയോട്
പറഞ്ഞു.

' എന്താ പറ്റീത് '

' വലിയ തമ്പ്രാനെ ഓണത്തിന് ക്ഷണിച്ച് കൂട്ടീട്ട് വരണംന്ന് താന്‍ പറഞ്ഞത് കേട്ട്
ചെന്നതാ. അപ്പഴക്ക് ആള് സ്ഥലം വിട്ടു '.

' എങ്ങോട്ടാ ഏട്ടന്‍ പോയത് '.

' പെങ്ങളുടെ അടുത്തക്ക്. കുറച്ചായിട്ട് കുടിപാര്‍പ്പ് അവിടെ അല്ലേ '.

' എപ്പഴാ ഏട്ടന്‍ പോയത് '.

' ഇന്ന് ഉച്ചത്തെ ഊണ് കഴിഞ്ഞതും . കളപ്പുരയില്‍  ഗംഭീര സദ്യയായിരുന്നൂന്നാ കേട്ടത്.
പുത്തിരി ആഘോഷിച്ചതാണത്രേ. മേനോനും, എഴുത്തശ്ശനും, കൊമ്പാളനും ഒക്കെയാ
വെപ്പുകാര്‍. ആകസ്പാടി ഒന്ന്. അവനോന്‍ ആരാണെന്ന് അവനോന് ഓര്‍മ്മ വേണം.
മൂപ്പര്‍ക്ക് അതില്ല '.

' രണ്ടീസം മുമ്പ് പറയായിരുന്നു. ഓണത്തലേന്നാളത്തേക്ക് കാത്തിരിക്കേണ്ടിയിരുന്നില്ല '.

' ഇനി അതായി കുറ്റം '.

' കുറ്റം പറഞ്ഞതല്ല. ഓണത്തിന് വന്നാല്‍ ചിലതൊക്കെ പറഞ്ഞ് മനസ്സിലാക്കണം എന്ന്
ഉണ്ടായിരുന്നു '.

' എന്താദ് '.

' ഏട്ടനും ഒരു കുടുംബോക്കെ വേണ്ടേ '.

' നീ ആ പറഞ്ഞത് ശരിയാണ്. ഞാന്‍ ഇന്നാളും കൂടി ആ സ്കൂള്‍ മാനേജരെ കണ്ടു. എന്തായീ
കാര്യംന്ന് ചോദിച്ചപ്പോള്‍ തുലാമാസം കഴിഞ്ഞിട്ട് ആലോചിക്കാമെന്ന്ഞാന്‍ പറഞ്ഞു.
എങ്ങിനെയെങ്കിലും അതൊന്ന് നടത്തണം. നാല്‍പ്പത് ഡിവിഷനുണ്ടത്രേ ആ സ്കൂളില് '.

' ഞാനതല്ല ആലോചിച്ചത്. ആ നാണു നായരുടെ മകളില്ലേ സരോജിനി. നല്ല കുട്ട്യാണ്.
ഏട്ടന്ന് നന്നായി ചേരും '.

' ഫൂ. ഒരാളെ കണ്ട് വെച്ചിരിക്കുന്നതേ ' കിട്ടുണ്ണി കാറി തുപ്പി.