Friday, October 22, 2010

നോവല്‍ - അദ്ധ്യായം - 100.

' ആരൂല്യേ ഇവിടെ ' എന്ന ചോദ്യവും ' ഒരു മനുഷ്യപ്രാണീയെ ഇവിടെ കാണാനില്ലല്ലോ ' എന്ന ആത്മഗതവും
വേണു കേട്ടു. സ്ത്രി ശബ്ദമാണ്.

ഉറക്കം കഴിഞ്ഞു. എന്നാലും എഴുന്നേല്‍ക്കാന്‍ ഒരു മടി. ' ഒന്ന് ഉമ്മറത്തേക്ക് വരിന്‍. ഒരാള് ഇവിടെ കാത്ത്
നില്‍ക്കുണുണ്ട് ' എന്നും കൂടി കേട്ടപ്പോള്‍ വേണൂ തല പൊക്കി.

പാതി തുറന്ന ജനലിലൂടെ അയാള്‍ മുറ്റത്തേക്ക് നോക്കി. അമ്പതോ, അമ്പത്തഞ്ചോ വയസ്സായിട്ടുണ്ടാവും ആഗതയ്ക്ക്. വെള്ള റൌക്കയും, കണ്ണങ്കാലിന്ന് രണ്ടിഞ്ച് മുകള്‍വരെ എത്തുന്ന മല്ല് മുണ്ടുമാണ് വേഷം.
കത്തുന്ന അടുപ്പില്‍ നിന്ന് വലിച്ചെടുത്ത് വെള്ളം ഒഴിച്ചു കെടുത്തിയ വിറക് കൊള്ളിയുടെ നിറത്തിലുള്ള
ശോഷിച്ച കൈകാലുകള്‍.

' ആരാ നിങ്ങള് ' വേണു ആ ഇരുപ്പില്‍ ചോദിച്ചു.

' അമ്മാളു '.

' എന്താ വേണ്ടത് '.

' ചാമി വരാന്‍ പറഞ്ഞു '.

വേണു ക്ലോക്കിലേക്ക് നോക്കി. സമയം എട്ടര. പാടത്ത് നോക്കാന്‍ ചെന്നിട്ട് ചാമി എത്തുന്ന നേരം.

' ഒരു ഭാഗത്ത് ഇരുന്നോളിന്‍ . ചാമി ഇപ്പൊ എത്തും '.

ബ്രഷില്‍ പേസ്റ്റും പുരട്ടി വേണു ഇറങ്ങി വരുമ്പോഴേക്കും ചാമി എത്തി.

' ചോപ്പത്ത്യേ , നിങ്ങള് മുതലാളി ഉണരുമ്പൊ കണി കാണാന്‍ വന്ന് നിന്നതാ ' .

' ഞാന്‍ കണി കാണാന്‍ വന്ന് നിന്നതൊന്ന്വല്ല. നിങ്ങള് വന്ന് പറഞ്ഞപ്പൊ ഇങ്ങോട്ട് പോന്നൂ. ഇത് കഴിഞ്ഞിട്ട് വേണം ഒന്ന് രണ്ട് സ്ഥലത്ത് കൂടി ചെല്ലാന്‍ '.

' മുതലാളീ ' ചാമി വേണുവിനോടായി ' മുഷിഞ്ഞ കറുപ്പ് മുണ്ടോക്കെ അലക്കിക്കാമെന്ന് വിചാരിച്ച് വരാന്‍
പറഞ്ഞതാ. കൊടുത്തോട്ടെ '.

' എല്ലാരുടേയും കൊടുത്തോളൂ ' വേണു പറഞ്ഞു ' പള്ളിക്കെട്ടുകളും മുദ്രസ്സഞ്ചികളും ഒക്കെ വേണംട്ടോ '.

' കുപ്പ്വോച്ചന്‍ വക്കാണിക്ക്വോ '.

' അമ്മാമയോട് ഞാന്‍ പറയാം '.

വേണു പല്ലുതേച്ച് വരുമ്പോഴേക്കും അലക്കുകാരി തുണികളുമായി പോയി.

' മുണ്ടൊക്കെ അലക്കി എടുത്ത് വെക്കാനാണോ ' വേണു ചോദിച്ചു.

' കറുപ്പ് മുണ്ട് എടുത്ത് വെക്കാന്‍ പാടില്ല. അലക്കി വെടുപ്പാക്കീട്ട് അതൊക്കെ നായാടിക്ക് കൊടുക്കണംന്ന് കേട്ടിട്ടുണ്ട് '.

' അതിന് നായാടി ഇപ്പൊഴും വരാറുണ്ടോ '.

' പുഴടെ അക്കരെ നായന്മാരുടെ തറേല് വരാറുണ്ട്. അവിടെ കൊണ്ടു പോയി കൊടുക്കാം '.

മുമ്പ് ശനിയാഴ്ചകളില്‍ തറവാടിന്ന് മുമ്പിലെ വലിയ വരമ്പില്‍ നായാടി വന്നു നിന്ന് " വലിയ തമ്പുരാട്ട്യേ ,
ട്ട്യേ . ട്ട്യേ , ട്ട്യേ ' എന്ന് ഉറക്കെ വിളിക്കും. ഒരിക്കലും അവര്‍ പടിപ്പുരയുടെ മുമ്പില്‍ വന്ന് നില്‍ക്കാറില്ല.

ഇലച്ചീന്തില്‍ കുറച്ച് അരിയും കീറ പേപ്പറില്‍ കുറച്ച് ഉപ്പും മൂന്ന് നാല് കപ്പല്‍ മുളകും ചെറിയമ്മ നായാടിക്ക്
കൊടുക്കാനായി തരും. ഓപ്പോളാണ് പടിപ്പുര വരെ അതൊക്കെ എടുക്കാറ്. ' ഇത് അവിടെ കൊണ്ടു വെച്ചിട്ട്
ഒന്ന് പ്രാകാന്‍ പറയെടാ ' ഓപ്പോള് പറയും. നായാടി പ്രാകിയാല്‍ നല്ലത് വരുമെന്നാണ് വിശ്വാസം. ആര്‍ക്കും
ഒന്നും മനസ്സിലാവാത്ത ഭാഷയില്‍ അവര്‍ എന്തോ പിറുപിറുക്കും.

നായാടി വിശേഷങ്ങള്‍ ചോദിക്കും. ഒന്നാം ക്ലാസ്സുകാരന്‍ സ്കൂളിലെ കാര്യങ്ങള്‍ പറയുന്നത് ആ സ്ത്രീ കൌതുകത്തോടെ കേള്‍ക്കും .

' നായാടിക്ക് കണക്ക് അറിയ്വോ ' അവന്‍ ചോദിക്കും.

' നായാടി പഠിച്ചിട്ടില്ല '.

' അയ്യേ കഷ്ടം ' വലത് കയ്യുകൊണ്ട് അന്തരീക്ഷത്തില്‍ ഒന്ന് രണ്ട് എന്നൊക്കെ അവന്‍ എഴുതുന്നത് നായാടി
നോക്കി നില്‍ക്കും.

' എന്‍റെ കുട്ടി വലുതാവുമ്പൊ നായാടിക്ക് ഒരു മുണ്ട് തര്വോ ' അവര്‍ ചോദിക്കും.

' ഒന്നൊന്നും അല്ല. ഇതാ ഇത്തറെ തരും ' രണ്ടു കയ്യിലേയും വിരലുകള്‍ പലവട്ടം നിവര്‍ത്തുകയും മടക്കി കാണിക്കുകയും ചെയ്യും.

' എന്താ രണ്ടും കൂടി അവിടെ കാട്ടുന്നത്. ഒന്ന് വരുന്നുണ്ടോ. കൊണ്ടാട്ടം മുഴുവന്‍ കാക്ക തിന്ന് തീര്‍ത്തു ' ചെറിയമ്മയുടെ നിലവിളി കേട്ടതും കുട്ടികള്‍ തിരിച്ച് ഓടും.

' എന്താ അവിടെ ഇത്ര വലിയ കാര്യം ' ചെറിയമ്മയുടെ നോട്ടം ഓപ്പോള്‍ക്ക് താങ്ങാനാവില്ല.

' ദാ, ഇവന്‍ പ്രാകാന്‍ പറഞ്ഞതാ ' ഓപ്പോള്‍ തടി തപ്പും.

' അയ്യത്തടി. അതിന്‍റെ ഒരു കുറവേ ഉള്ളു ' ചെറിയമ്മയുടെ ശബ്ദം ഉയരും ' മുട്ടില് നടക്കാന്‍ തുടങ്ങിയതും
പെറ്റ തള്ള അങ്ങേ ലോകത്തേക്ക് കെട്ട് കെട്ടി. അത്ര വിശേഷപ്പെട്ട ജാതകമാണ് '.

കുട്ടി ഒന്നും മനസ്സിലാവാതെ മിഴിച്ച് നില്‍ക്കും.

' വല്ലാണ്ടെ ലോഹ്യം കൂടി നിന്നാല്‍ ഒരു ദിവസം അവള്‍ പിടിച്ച് പൊക്കണത്തിലിട്ട് കൊണ്ടു പോകും. ഞാന്‍
പറഞ്ഞില്ലാന്ന് വേണ്ടാ ' ചെറിയമ്മ മുന്നറിയിപ്പ് നല്‍കും. എപ്പോഴും സ്നേഹത്തോടെ മാത്രം പെരുമാറാറുള്ള നായാടി അങ്ങിനെ ചെയ്യില്ലാന്ന് വേണുവിന്ന് ഉറപ്പുണ്ട്.

മനസ്സിന്‍റെ ഭിത്തികളില്‍ കോറിയിട്ട മനോഹരമായ ദൃശ്യങ്ങള്‍ ഒന്നു കൂടി കാണാനൊത്തു.

വെള്ളരി മാവിന്‍റെ ചുവട്ടില്‍ ഒറ്റയ്ക്കിരുന്ന് ഓപ്പോള്‍ കൊത്താങ്കല്ല് കളിക്കുകയാണ്. മാവിന്‍ തടിയില്‍ ചാരി നിന്ന് വേണു അകലെ ആകാശത്തേക്ക് നോക്കുന്നു.

' എടാ വേണ്വോ ' ഓപ്പോള് വിളിച്ചു ' ഇന്നാള് നിന്‍റെ കവിളത്ത് ആ നായാടിച്ചി തലോടിയത് ഞാന്‍ ആരുടെ അടുത്തും പറയില്ലാട്ടോ '.

' ങും '

' അമ്മടെ അടുത്ത് ഒട്ടും പറയില്ലാട്ടോ '.

' ങും '.

' ഉള്ള കാലം മുഴ്വോനും , സൂര്യനും ചന്ദ്രനും കെടുന്നത് വരെ പറയില്ലാട്ടോ '

' ങും '.

' പകരം നീ ഒരു കാര്യം ചെയ്യണം '.

' എന്താ '.

' ഞാന്‍ വാതിലിന്‍റെ പിന്നാലെ മറഞ്ഞു നിന്ന് ' ഭൌ 'ന്ന് നിലവിളിച്ച് കിട്ടുണ്ണിയെ പേടിപ്പെടുത്തുമ്പോള്‍ അമ്മ ചോദിച്ചാല്‍ കണ്ടില്യാന്ന് പറയണം '.

' എന്തിനാ ഓപ്പോളേ, അവന്‍ ചെറിയ കുട്ട്യല്ലേ '.

' നല്ല ചെറിയ കുട്ടി. അമ്മയുടെ അടുത്ത് ഓരോന്ന് നുണച്ച് കൊടുത്ത് എന്നെ ചീത്ത കേള്‍പ്പിക്ക്യാ അവന്‍റെ പണി '.

' എന്താ മുണ്ട് കൊടുക്കാന്‍ പറഞ്ഞത് പറ്റീലേ , ഇല്ലെങ്കില്‍ കൊടുക്കണ്ടാ ' ചാമിയുടെ ശബ്ദം വേണുവിന്ന് പരിസര ബോധം വരുത്തി.

' ഏയ്. അതൊന്നും അല്ല '.

എഴുത്തശ്ശന്‍ എത്തി. വസ്ത്രങ്ങള്‍ അലക്കാന്‍ കൊടുത്ത കാര്യം ചാമി അയാളോട് പറഞ്ഞു.

' അര വാര അഞ്ഞൂറ്റൊന്ന് സോപ്പിന്ന് രണ്ട് കഷ്ണം മുറിച്ച് വാങ്ങിയാല്‍ എല്ലാ തുണീം തല്ലി ഊരിയാലും
ബാക്കി വരും. വെറുതെ കാശ് കളഞ്ഞു '.

' പോട്ടെ അമ്മാമേ ' വേണു സമാധാനിപ്പിച്ചു.

' നേരം എത്രയായീന്ന് അറിയ്യോ. വേഗം വല്ലതും കഴിക്കാന്‍ നോക്ക് ' എഴുത്തശ്ശന്‍ പറഞ്ഞു ' കുളിയൊക്കെ
പിന്നെ മതി '.

മൂവരും നാണു നായരുടെ വീട്ടിലേക്ക് നടന്നു.
===========================
പൌര്‍ണ്ണമി ചന്ദ്രികയുടെ വെള്ള പട്ടുടയാട്യ്ക്ക് അമ്പല മതിലില്‍ നിരത്തി വെച്ച കാര്‍ത്തിക ദീപങ്ങള്‍ സ്വര്‍ണ്ണത്തിന്‍റെ അലുക്കുകള്‍ തുന്നിച്ചേര്‍ത്തുകൊണ്ടിരുന്നു. ഒരു കാതം അകലെ നിലാവ് മുരുകമലയുടെ നെറുകയില്‍ പാലഭിഷേകം ചെയ്യുകയാണ്. ആ കാഴ്ചകളില്‍ ലയിച്ച് വേണു സ്വയം മറന്ന് നിന്നു.

തലത്തലേന്നാളത്തെ രാത്രിയാണ് അപ്പോള്‍ അയാളുടെ മനസ്സില്‍ എത്തിയത്. മലനിരകള്‍ക്ക് നടുവിലെ സ്വര്‍ണ്ണം പൊതിഞ്ഞ ശ്രീകോവില്‍ ചന്ദ്രപ്രഭയില്‍ കുളിച്ചു നിന്ന ആ രാത്രി മറക്കാനാവാത്തതാണ്.

'മുജ്ജന്മ സുകൃതം. ഇല്ലെങ്കില്‍ ഇതൊന്നും കാണാതെ ഈ ജീവിതം അവസാനിച്ചേനേ ' എന്ന അമ്മാമയുടെ
വാക്കുകള്‍ എത്ര സത്യം.

അശോക തെച്ചിയുടെ തറയില്‍ ഏതോ കുട്ടികള്‍ കൂവള കായകള്‍ നിരത്തി വെച്ചിട്ടുണ്ട്. വേണു അവ ഒരു വശത്തേക്ക് മാറ്റി തറയുടെ ഒരു ഓരത്ത് ഇരുന്നു. കുട്ടിക്കാലത്ത് കൂവളക്കായകള്‍ കൊണ്ട് കളിക്കാറുണ്ട്.
വേണു അതിലൊരെണ്ണം കയ്യിലെടുത്ത് മൂക്കിനോട് ചേര്‍ത്ത് പിടിച്ചു. പുറന്തോട് പൊട്ടിയാല്‍ കടുത്ത
ഗന്ധം ഉളവാക്കുന്നവയാണ് കൂവളക്കായകള്‍.

അകത്ത് അഗ്രശാലയില്‍ ഭക്തി പ്രഭാഷണം നടക്കുകയാണ്. ' ഭാഗ്യം, മൈക്ക് സെറ്റ് ഇല്ലാത്തത് നന്നായി ' വേണു ഓര്‍ത്തു ' ഇല്ലെങ്കില്‍ ഈ ഏകാന്തത നല്‍കുന്ന സന്തോഷം നഷ്ടമായേനെ '.

കന്യാകുമാരിയെ കുറിച്ചാണ് പ്രഭാഷകന്‍ പറഞ്ഞിരുന്നത്. ദേവിയുടെ സാന്നിദ്ധ്യം ആ സ്ഥലത്ത് എന്നെന്നും
ഉണ്ടാവാന്‍ വേണ്ടി കോഴി കൂവുന്നത് പോലെ ശബ്ദിച്ച് വിവാഹ മുഹൂര്‍ത്തം കഴിഞ്ഞുവെന്ന തോന്നല്‍
ഉണ്ടാക്കി വരനേയും സംഘത്തേയും മടക്കി അയച്ചതും അതോടെ മനം മടുത്ത ദേവി വിവാഹത്തിന്നായി ഒരുക്കിയ വസ്തുക്കളെല്ലാം വലിച്ചെറിഞ്ഞ് നിത്യ കന്യകയായി കഴിയാന്‍ ശപഥമെടുത്തതുമായ കഥ .

അതിലേറെ സങ്കടകരമായ മറ്റൊരു കഥ അടുത്ത കാലത്താണ് കേട്ടറിഞ്ഞത്. കന്നി അയ്യപ്പന്മാര്‍ തന്നെ കാണാന്‍ വരാത്ത വര്‍ഷം വിവാഹം കഴിക്കാമെന്ന ഹൃദയേശ്വരന്‍റെ വാക്കുകള്‍ വിശ്വസിച്ച് മലമുകളില്‍
കഴിയുകയും ഓരോ കൊല്ലവും മോഹഭംഗം ഏറ്റു വാങ്ങാന്‍ മാത്രം വിധിക്കപ്പെട്ടിട്ടുള്ളതുമായ മറ്റൊരു ദേവിയുടെ കഥ.

ദൈവങ്ങളായാലും മനുഷ്യരായാലും പ്രണയസാഫല്യത്തിന്നായ കാത്തിരുപ്പ് അസഹ്യമാണ്. പ്രത്യേകിച്ച്
സ്ത്രീകള്‍ക്ക്. ആ നിമിഷം വേണു സരോജിനിയെ കുറിച്ചോര്‍ത്തു. പാവം. നിരാലംബമായ ജീവിതമാണ് അവളുടേത്. ഓര്‍ത്തിരിക്കാന്‍ ഒരു പുരുഷന്‍ പോലും അവള്‍ക്കില്ല. നാണുമാമയുടെ കാലശേഷം ആരുണ്ട്
അവള്‍ക്ക് . ഒരിക്കലും അവളെ അനാഥയാക്കി കൂടാ. അവള്‍ക്ക് ഒരു ജീവിതം ഉണ്ടാവണം.

' എന്താ നീ തനിച്ചിരുന്ന് ആലോചിക്കുന്നത് ' എന്ന നാണു നായരുടെ വാക്കുകള്‍ ചെവിയിലെത്തി. വേണു എഴുന്നേറ്റു.

' കുറച്ച് ദിവസമായി എപ്പോ നോക്ക്യാലും ആലോചനയിലാണ്. മരുമകന്‍റെ കല്യാണം കഴിഞ്ഞിട്ട് ഇങ്ങിട്ട്
വരട്ടെ. ഇതൊക്കെ മാറ്റാന്‍ ഞാന്‍ ഒരു വഴി കണ്ടു വെച്ചിട്ടുണ്ട് ' എന്ന എഴുത്തശ്ശന്‍റെ വാക്കുകളിലെ പൊരുള്‍ ആര്‍ക്കും മനസ്സിലായില്ല.

കാര്‍ത്തിക ദീപങ്ങള്‍ എപ്പോഴേ കണ്ണടച്ച് കഴിഞ്ഞിരുന്നു. നേര്‍ത്ത മഞ്ഞും നറുനിലാവും നുകര്‍ന്ന് അവര്‍
അമ്പലത്തില്‍ നിന്ന് ഇറങ്ങി.

നോവല്‍ - അദ്ധ്യായം 99.

' എന്താണ്ടാ , നീ ഏറ്റിപ്പിടിച്ചും കൊണ്ട് വരുണത് ' തലയില്‍ ഒരു കുട്ടിച്ചാക്ക് നിറയെ സാധനവുമായി വരുന്ന ചാമിയോട് എഴുത്തശ്ശന്‍ ചോദിച്ചു.

' കുറച്ച് ചക്കരക്കിഴങ്ങാണ് കുപ്പ്വോച്ചോ '. കളപ്പുരയുടെ തിണ്ടില്‍ അവന്‍ ചാക്ക് ഇറക്കി വെച്ചു.

' നീയല്ലാണ്ടെ ഊരുപ്പെട്ട കാശും കൊടുത്ത് ഇത്ര തോനെ കിഴങ്ങ് ആരെങ്കിലും വാങ്ങ്വോ '.

' ഇത് പണം കൊടുത്ത് വാങ്ങ്യേതല്ല. പൊറ്റക്കണ്ടത്തിന്‍റെ ഒരു ഓരത്ത് പാത്തി മാടി ചക്കര വള്ളി വെച്ചതാണ്. കിഴങ്ങ് എറങ്ങ്യോന്ന് നോക്കീട്ടുണ്ടാര്‍ന്നില്ല '.

' അത് നന്നായി. അവനോന്‍റെ സ്ഥലം തരിശിട്ടിട്ട് കൂലി പണിക്ക് പോണതിനേക്കാള്‍ നല്ലതാണ് അവിടെ കൊത്തി കിളച്ച് വല്ലതും ഉണ്ടാക്കുന്നത് '.

ചാമി കുട്ടിച്ചാക്കിന്‍റെ കെട്ടഴിച്ച് തിണ്ടില്‍ കൊട്ടി. വെളുപ്പും ചുവപ്പും തൊലിയുള്ള കിഴങ്ങുകള്‍ അവിടെ
ചിതറി കിടന്നു. വെള്ളത്തില്‍ മണ്ണ് കഴുകി കളഞ്ഞിട്ടാണ് കിഴങ്ങുകള്‍ കൊണ്ടുവന്നിരിക്കുന്നത്.

' നീ ഇതൊന്ന് വന്ന് നോക്ക് ' എഴുത്തശ്ശന്‍ വേണുവിനെ ക്ഷണിച്ചു. റേഡിയോ ഓഫാക്കി വേണു വന്നു.

' ഇതെന്താ രണ്ട് നിറത്തില് ' അയാള്‍ ചോദിച്ചു.

' ചോപ്പ് നിറം ഉള്ളത് നമ്പറ് കിഴങ്ങാണ് ' ചാമി പറഞ്ഞു ' വേവിച്ചാല്‍ ഉള്ള് മഞ്ഞ നിറം ആവും. നല്ല മധുരം
ഉള്ള ജാതിയാണ് '.

കുട്ടിക്കാലത്ത് വൈകുന്നേരങ്ങളില്‍ ചിലപ്പോഴൊക്കെ പുഴുങ്ങിയ ചക്കരക്കിഴങ്ങാണ് ആഹാരം. പാടത്ത് പണിയില്ലാത്ത ദിവസങ്ങളില്‍ പെണ്ണുങ്ങള്‍ ചക്കരവള്ളി വലിക്കാന്‍ പോകും. കിഴങ്ങ് തന്നെയാണ് കൂലി. അതിനോടൊപ്പം നാരും വേരും വെട്ട് കൊണ്ട് മുറിഞ്ഞതും ഒക്കെ അവര്‍ക്ക് കിട്ടും. സ്കൂള്‍ വിട്ടു വന്ന് പശുവിനെ മേക്കാന്‍ പാടത്തിന്‍റെ വരമ്പത്ത് നില്‍ക്കുമ്പോള്‍ പണി മാറി അവര്‍ വരുന്നുണ്ടാവും.

' തമ്പ്രാന്‍ കുട്ടിക്ക് കിഴങ്ങ് വേണോ 'എന്ന് ചിലരൊക്കെ ചോദിക്കും. എത്ര വേണ്ടെന്ന് പറഞ്ഞാലും ചിലര്‍
ഒന്നോ രണ്ടോ കിഴങ്ങ് തന്നിട്ടേ പോകൂ.

' പാവം. തന്തയും തള്ളയും ഇല്ലാത്ത കുട്ടി. അതിനെ ഇട്ട് കഷ്ടപ്പെടുത്തുന്നത് കാണുമ്പൊ സങ്കടം വരും '
എന്ന് മിക്ക ദിവസവും ആരെങ്കിലും പറയാറുണ്ട്.

' നീ ഒരു കാര്യം ചെയ്യടാ ചാമ്യേ ' എഴുത്തശ്ശന്‍ പറഞ്ഞു ' കുറച്ച് കിഴങ്ങ് എടുത്ത് വേവിക്കാനിട്. ബാക്കി ആ പെണ്‍കുട്ടിടെ കയ്യില്‍ കൊടുത്ത് കൂട്ടാന്‍ വെക്കാന്‍ പറ '.

' എന്ത് കൂട്ടാനാ ഉണ്ടാക്കാന്‍ പറയണ്ടത് '.

' നിനക്ക് അറിയില്ല അല്ലേ. പോയി ആ കുട്ടിയോട് ചക്കര കിഴങ്ങും ചേമ്പിന്‍ തണ്ടും കൂടി ഉള്ളിയും മുളകും
അരച്ചത് ഒഴിച്ച് കൂട്ടാന്‍ ഉണ്ടാക്കാന്‍ പറ. ഒരു തുള്ളി പച്ച വെളിച്ചെണ്ണ ഒഴിച്ചാല്‍ നല്ല രുചി ഉണ്ടാവും. ചോറ് കൊണ്ടുവാ കൊണ്ടുവാ എന്ന് പറയും '.

' വേറൊന്നും ചേര്‍ക്കണ്ടാ '.

' വേണച്ചാല്‍ ഒരു പിടി വെള്ളപ്പയര്‍ ഇടാം. അല്ലെങ്കിലോ കുറച്ച് പച്ചപ്പയര്‍ പൊട്ടിച്ച് ഇടാം. അതൊന്നും
ഇല്ലെങ്കിലും ഒരു കേടും ഇല്ല '.

ചാമി അടുപ്പ് കത്തിച്ച് കിഴങ്ങ് വേവാനിട്ടു. ബാക്കി കുട്ടിച്ചാക്കിലാക്കി പോവാനൊരുങ്ങി.

' വേഗം വാ . ഒരു പണീണ്ട് ' എഴുത്തശ്ശന്‍ പറഞ്ഞു.

' എന്താ '.

' നീ കുളക്കണ്ടത്തിന്‍റെ വരമ്പത്ത് പോയോ '.

' ഉവ്വ്. ആ കണ്ടത്തില് എലി വെട്ടാന്‍ തുടങ്ങീട്ടുണ്ട് '.

' അപ്പൊ നീയത് കണ്ടു അല്ലേ '.

' ഞാന്‍ മരുന്നും വാങ്ങീട്ടുണ്ട്. ഒരു പിടി അരിയും കൂടി കലര്‍ത്തി മണത്തിന്ന് ഇത്തിരി വെളിച്ചെണ്ണയും
ഒഴിച്ചിട്ട് ചെരട്ടേല്‍ ആക്കി വെക്കാം. തിന്ന് ചാവട്ടെ '.

' അതും തിന്നിട്ട് വെള്ളം കുടിച്ചാല്‍ എലി ചാവില്ല. മരുന്ന് വെച്ചത് പാഴാവും '.

' പിന്നെന്താ വേണ്ടത് '.

' മരുന്ന് വെച്ചോ. ചാവുണത് ചാവട്ടെ. കുറച്ച് താളിന്‍ തണ്ട് കഷ്ണം കഷ്ണമായി അരിഞ്ഞ് പാടത്ത് ഇടാം. അത് കടിച്ചാല്‍ വായ ചൊറിഞ്ഞിട്ട് പിന്നെ എലി വരില്ല '.

എന്തൊക്കെ സൂത്ര പണികളാണെന്ന് വേണു അത്ഭുതപ്പെട്ടു.

++++++++++++++++++++++++++++++++++++

സമയം ആറ് മണി ആവാറായി. പണിക്കാരെല്ലാം ജോലി കഴിഞ്ഞ് പോയി കഴിഞ്ഞു. മില്ലില്‍ രാധാകൃഷ്ണനെ കൂടാതെ വാച്ച്മാന്‍ പൊന്നുമണി മാത്രമേയുള്ളു. ചാക്കുകള്‍ അടുക്കി കെട്ടാക്കി ഗൊഡൌണില്‍ വെക്കാന്‍
അയാളെ ഏല്‍പ്പിച്ചിരിക്കുകയാണ്.

മൂന്ന് നാല് ദിവസമായി കണക്ക് പുസ്തകങ്ങള്‍ക്കുള്ളില്‍ മുഴുകുകയായിരുന്നു. സ്റ്റോക്കില്‍ എന്തോ ചില
തിരിമറി നടന്നിട്ടുണ്ട്. ഒറ്റ നോട്ടത്തിലാണ് അച്ഛന്‍ അത് കണ്ടെത്തിയത്. തല്‍ക്കാലത്തേക്ക് നിയമിച്ചിരുന്ന
മാനേജരുടെ നേര്‍ക്കാണ് സംശയത്തിന്‍റെ മുന നീളുന്നത്. എത്ര എളുപ്പത്തില്‍ അയാള്‍ തന്നെ കബളിപ്പിച്ചു.
അച്ഛനെ എളുപ്പത്തില്‍ ആര്‍ക്കും പറ്റിക്കാനാവില്ല. ശരിക്ക് സുഖമില്ലാത്ത അവസ്ഥയിലും അച്ഛന്ന് പെട്ടെന്ന്
കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കാന്‍ കഴിഞ്ഞു.

കൈകാലുകള്‍ കഴുകി ഓഫീസ് റൂമില്‍ വിളക്ക് വെക്കണം. എന്നിട്ട് വേണം വീട്ടില്‍ ചെന്ന് കുളിച്ച് ശരണം
വിളിക്കാന്‍. ഇത്തവണ അച്ഛനെ കൂടി ശബരിമലയ്ക്ക് വ്രതം എടുപ്പിക്കുന്നുണ്ട്. യാത്ര പോവാന്‍ ഇനി ഒരു ദിവസം കൂടിയേ ഉള്ളു.

വരാന്തയില്‍ വെച്ച കുടത്തില്‍ നിന്ന് വെള്ളം എടുക്കാന്‍ ചെന്നപ്പോള്‍ തൂണും ചാരി ഒരു സ്ത്രി നില്‍ക്കുന്നു.
വാലിട്ട് കണ്ണെഴുതി, മുറുക്കി ചുവപ്പിച്ച ഒരു യുവതി. നെറ്റിയില്‍ ചാന്ത് കൊണ്ടൊരു വട്ട പൊട്ട് ഇട്ടിട്ടുണ്ട്.
മുഖത്ത് വാരി പൊത്തിയ പൌഡര്‍ എണ്ണക്കറുപ്പ് നിറം മായ്ക്കാന്‍ നന്നെ പാടുപെടുന്നുണ്ട്. കടും ചുവപ്പ് നിറത്തിലുള്ള സാരിയും ജാക്കറ്റുമാണ് വേഷം. കയ്യിലൊരു ശീലക്കുടയും തുണിസ്സഞ്ചിയും ഉണ്ട്. ഒറ്റ നോട്ടത്തില്‍ എന്തോ ഒരു ലക്ഷണപ്പിഴ തോന്നി.

' ആരാ ' രാധാകൃഷ്ണന്‍റെ ശബ്ദത്തില്‍ നീരസം കലര്‍ന്നിരുന്നു.

' ഞാനാ, പാഞ്ചാലി ' കൊഞ്ചി കുഴഞ്ഞുകൊണ്ടുള്ള മറുപടി അയാള്‍ക്ക് രസിച്ചില്ല.

' എന്താ ഇവിടെ '.

' ഒന്നൂല്യാ '.

' വെറുതെ നില്‍ക്കാനുള്ള സ്ഥലമല്ല ഇത്. കാര്യം ഒന്നും ഇല്ലെങ്കില്‍ പൊയ്ക്കോളൂ '.

' ഞാന്‍ സുകുമാരേട്ടനെ കാത്ത് നിന്നതാണ് '.

' അതിന്ന് അയാള്‍ ഇവിടെ ഇല്ലല്ലോ '.

' ചിലപ്പോള്‍ വരും. എന്നോട് പറഞ്ഞിരുന്നു '.

' ഞാന്‍ മില്ല് പൂട്ടി പോവാന്‍ നില്‍ക്കാണ്. നിങ്ങള്‍ പൊയ്ക്കോളൂ '.

' എനിക്ക് ഇപ്പൊ തിരക്കൊന്നൂല്യാ ' ഒന്ന് നിര്‍ത്തിയിട്ട് ശൃംഗാരം തുളുമ്പുന്ന ഭാവത്തോടെ അവള്‍ പറഞ്ഞു
' സുകുമാരേട്ടന്‍റെ കൂട്ടുകാരനായിട്ട് എന്നെ അറിയില്ല അല്ലേ. മലയ്ക്ക് പോയിട്ട് വരിന്‍. എന്നിട്ട് നമുക്ക് ശരിക്കൊന്ന് പരിചയപ്പെടാം '.

ആ വാക്കുകളിലെ ദുസ്സൂചന രാധാകൃഷ്ണന്ന് ഇഷ്ടപ്പെട്ടില്ല. എത്രയോ എണ്ണത്തിനെ ഈ കാലത്തിനിടക്ക് കണ്ടിരിക്കുന്നു. എന്നാലും ഇത് പോലെ ഒന്നിനെ ആദ്യമായിട്ടാണ്.

' നിങ്ങളോട് പോവാനാണ് പറഞ്ഞത് ' അയാളുടെ സ്വരം ഉയര്‍ന്നു.

' എന്തിനാ കിടന്ന് അലറുന്നത്. ഞാന്‍ ഇത്തിരി നേരം ഇവിടെ നിന്നാല്‍ നിങ്ങള്‍ക്കെന്താ ചേതം '. പെണ്ണ്
ഒരുങ്ങി തന്നെയാണ്.

വേറൊരു സമയത്തായിരുന്നുവെങ്കില്‍ അവളുടെ കഴുത്തിന്ന് പിടിച്ച് വെളിയിലാക്കിയേനെ. ശബരിമലയ്ക്ക് മാലയിട്ടിട്ട് അങ്ങിനെയൊന്നും ചെയ്യാന്‍ പാടില്ല. രാധാകൃഷ്ണന്‍ മില്ലിനകത്തേക്ക് ചെന്ന് പൊന്നുമണിയോട് വിവരം പറഞ്ഞു. കാക്കയെ ആട്ടാനുള്ള വടിയുമായിട്ടാണ് പണിക്കാരന്‍ വന്നത്.

' നിന്നോട് പോവാനല്ലേ മുതലാളി പറഞ്ഞത് ' അയാള്‍ ചോദിച്ചു.

' ഞാന്‍ ഇവിടെ പാര്‍ക്കാന്‍ വന്നതൊന്ന്വല്ല '.

' എന്നാല്‍ പിന്നെന്താ നീ പോവാത്തത് '.

' സുകുമാരേട്ടനെ കണ്ടിട്ട് കുറച്ച് കാശ് വാങ്ങാന്‍ നിന്നതാണ്. നിങ്ങളുടെ മുതലാളിയോട് ഒരു അമ്പത് ഉറുപ്പിക തരാന്‍ പറയിന്‍. സുകുമാരേട്ടന്‍റെ കയ്യിന്ന് വാങ്ങീട്ട് മടക്കി കൊടുക്കാം '.

' ഈ പരിപാടിയൊന്നും ഇവിടെ നടക്കില്ല ' രാധാകൃഷ്ണന്‍ പറഞ്ഞു ' മര്യാദയ്ക്ക് സ്ഥലം വിട് '.

' അത്ര വലിയ യോഗ്യതയൊന്നും കാണിക്കണ്ടാ. എന്താ നിങ്ങളുടെ സ്വഭാവം എന്നൊക്കെ എനിക്കറിയാം '.

' പൊന്നുമണീ, ഇവളെ പിടിച്ച് വെളിയിലാക്ക് ' രാധാകൃഷ്ണന്‍ കല്‍പ്പിച്ചു.

' ഇപ്പൊ ഇറങ്ങണം ഇവിടുന്ന്. ഇല്ലെങ്കില്‍ ഞാന്‍ അടിച്ച് വെളിയിലാക്കും. നിനക്ക് എന്നെ ശരിക്ക് അറിയില്ല ' പൊന്നുമണി ഉയര്‍ത്തിയ വടിയുമായി ചെന്നു.

' നശിച്ച് പോവ്വേള്ളൂ നിങ്ങള് ' എന്നും ശപിച്ചു കൊണ്ട് പാഞ്ചാലി ഇറങ്ങി നടന്നു. അവളെ വെളിയിലാക്കി ഗെയിറ്റ് അടച്ചിട്ട് പൊന്നുമണി വന്നു.

' ഇമ്മാതിരി കച്ചറകളെ അടുപ്പിച്ചാല്‍ ഉള്ള മാനം കപ്പല് കേറും ' അയാള്‍ ആ പറഞ്ഞത് രാധാകൃഷ്ണന്ന് വല്ലാതെ കൊണ്ടു. കൂട്ടുകാരനോട് അയാള്‍ക്ക് കടുത്ത ദേഷ്യം തോന്നി.

Saturday, October 9, 2010

നോവല്‍ - അദ്ധ്യായം - 98.

നട്ടുച്ച വെയിലും കൊണ്ട് വേണു വിയര്‍ത്ത് കുളിച്ച് എത്തി. ഉമ്മറത്ത് ആരേയും കാണാനില്ല. കാളിങ്ങ്
ബെല്ല് അടിച്ചപ്പോള്‍ ഒരു പണിക്കാരി എത്തി.

' ഓപ്പോള്‍ എവിടെ ' അയാള്‍ ചോദിച്ചു.

' അകത്ത് കിടക്കുന്നുണ്ട് '.

അവള്‍ക്ക് പുറകെ വേണു ചെന്നു. പത്മിനി കിടപ്പ് മുറിയില്‍ കട്ടിലില്‍ കിടക്കുകയാണ്. ചെറിയ വേഗത്തില്‍
ഫാന്‍ കറങ്ങുന്നുണ്ട്.

' എനിക്ക് വയ്യാന്ന് ആരാ നിന്‍റെ അടുത്ത് പറഞ്ഞത് ' പത്മിനി ചോദിച്ചു.

' ആരും പറഞ്ഞിട്ടൊന്നും അല്ല ഓപ്പോളേ ' വേണു പറഞ്ഞു 'രാവിലെ മുതല്‍ക്കേ മനസ്സിലൊരു വെപ്രാളം. ഓപ്പോള്‍ക്ക് എന്തോ പറ്റീന്ന് ഒരു തോന്നല്. എന്നാല്‍ ഒന്ന് അറിഞ്ഞിട്ട് വരാം എന്ന് പറഞ്ഞ് ഇറങ്ങ്യേതാ '.

പത്മിനിയുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു.

' നിനക്ക് എന്നോടുള്ള സ്നേഹം കൊണ്ടാണ് ' അവര്‍ പറഞ്ഞു ' എനിക്ക് ലേശം വയ്യായ വരുമ്പോഴേക്കും
മനസ്സില്‍ അത് തോന്നിച്ചത് '.

' ഓപ്പോള്‍ക്ക് എന്തേ പറ്റിയത് '.

' ഒന്ന് തലചുറ്റി. അപ്പോഴേക്കും അച്ഛനും മകനും കൂടി ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. പ്രഷര്‍
കൂടിയതാണെന്നാ പറഞ്ഞത്. അതെങ്ങന്യാ. കല്യാണം കഴിയും വരെ വേവലാതി തന്നെയല്ലേ മനസ്സില്‍ '.

"ഓപ്പോള് വേണ്ടാതെ ഓരോന്ന് ആലോചിച്ച് ടെന്‍ഷന്‍ അടിക്കണ്ടാ. വിശ്വേട്ടനില്ലേ വേണ്ടപോലെ ഒക്കെ
നോക്കി നടത്താന്‍ '.

' അതൊക്കെ ശരിയാണ്. എന്നാലും മൂപ്പരുക്കും വയസ്സൊക്കെ ആയില്ലേ. ഞാനില്ലേ ഇവിടെ എന്ന് പറയാന്‍
ആരാ ഉള്ളത്. നിനക്കാണെച്ചാല്‍ നാട്ടുനടപ്പ് ഒന്ന്വോട്ട് അറിയില്ല. പിന്നെ ഒരുത്തന്‍ ഉള്ളത് ഒമ്പതാം മടയ്ക്ക് ശത്രു ഇട്ട മാതിരി ദ്രോഹിക്കാനായി കച്ചയും കെട്ടി നില്‍പ്പാണ് '.

' ഓപ്പോള് പേടിക്കണ്ടാ. ഒക്കെ നന്നായി നടക്കും '.

പത്മിനി കുറച്ച് നേരത്തേക്ക് ഒന്നും പറഞ്ഞില്ല. വേണുവിന്‍റെ മുഖത്തേക്ക് നോക്കി അവര്‍ കിടന്നു.

' കുറച്ച് നേരം എന്‍റെ അടുത്ത് ഒന്ന് ഇരിക്ക് ' അവര്‍ പറഞ്ഞു. വേണു കട്ടിലിന്‍റെ ഓരത്ത് ഇരുന്നു. പത്മിനി അയാളുടെ കൈപ്പടം തന്‍റെ കയ്യില്‍ ഒതുക്കി.

ഒരമ്മ പെറ്റ മക്കളല്ലെങ്കിലും ഒരു കൂടപ്പിറപ്പിനെപ്പോലെ തന്നെ സ്നേഹിച്ചവനാണ് അരികത്ത് ഇരിക്കുന്നത്.
അവന്‍റെ സ്നേഹത്തിന്നോ കുടുംബത്തിന്ന് വേണ്ടി അവന്‍ ചെയ്ത സാമ്പത്തിക സഹായങ്ങള്‍ക്കോ പകരം
ആരും അവന്ന് തിരിച്ചൊന്നും നല്‍കിയില്ല. അവന്ന് അതില്‍ പരിഭവം ഇല്ലെങ്കിലും അതൊരു വലിയ വീഴ്ച
തന്നെയാണ്. കല്യാണത്തിന്ന് മുമ്പ് വല്ലപ്പോഴും അവന്ന് വേണ്ടി നല്ലൊരു വാക്ക് പറഞ്ഞിരുന്നത് പോലും
അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. അതിന്ന് ശേഷം അത്തരത്തിലൊരു ആവശ്യം ഉണ്ടായതുമില്ല. കാലം ഏറെ
കഴിഞ്ഞ ശേഷം വിശ്വേട്ടനാണ് വേണുവിന്ന് വേണ്ടി കുറച്ചെങ്കിലും ചെയ്യാന്‍ മുന്‍കയ്യെടുത്തത്. ഒരിക്കല്‍
പോലും അവന്‍ മുഖം കറുപ്പിച്ച് ആരോടും പെരുമാറിയിട്ടില്ല.

വര്‍ണ്ണിക്കാനാവാത്ത വാത്സല്യം പത്മിനിയുടെ മനസ്സില്‍ കുമിഞ്ഞു കൂടി. വേണുവിന്‍റെ കൈപ്പടം അവര്‍
കണ്ണോട് ചേര്‍ത്ത് വെച്ചു.

വേണുവിന്‍റെ മനസ്സില്‍ വേറൊരു ദൃശ്യമാണ്. പശുവിനെ മേച്ച് തൊഴുത്തില്‍ കെട്ടിയതേയുള്ളു. കുന്നിന്‍
മുകളിലെ അമ്പലത്തില്‍ നിന്ന് കതിനവെടി ഉയര്‍ന്നു. ചെണ്ട മേളത്തിന്‍റെ അലകള്‍ അതിന്ന് അകമ്പടിയായി. പുല്ലുവട്ടിയില്‍ വൈക്കോലിട്ട് പശുക്കുട്ടിയെ താലോലിക്കുകയാണ് ഒമ്പത് വയസ്സുകാരന്‍.

' ഉച്ച ശീവേലി തുടങ്ങാറായി. വേഗം കുളിച്ച് ഒരുങ്ങ് ' അകത്ത് നിന്ന് ഇറങ്ങി വന്ന പതിനൊന്ന് വയസ്സുകാരി ഓര്‍മ്മിപ്പിച്ചു.

' ഇനി എപ്പൊഴാ ഞാന്‍ കുളത്തില്‍ പോയിട്ട് വരുന്നത്. ചെറിയമ്മ വരാറായില്ലേ '.

' അമ്മ വരുമ്പഴയ്ക്കും കിണറ്റിന്ന് രണ്ട് ബക്കറ്റ് വെള്ളം കോരി ഒഴിക്ക് '.

കുളിച്ച് തല തോര്‍ത്തി വരുമ്പോഴേക്കും പെണ്‍കുട്ടി ചീര്‍പ്പും പൌഡറുമായി എത്തി.

' നിന്‍റെ മൊകിറ് മുഴ്വോന്‍ എണ്ണയാണ്. ഇവിടെ വാ ' എന്നും പറഞ്ഞ് ചേര്‍ത്ത് നിര്‍ത്തി മുടി ചീകി മുഖത്ത് പൌഡര്‍ ഇട്ടു.

' ഇപ്പൊ നീ തന്നെ കാണാന്‍ ചന്തക്കാരന്‍ '.

' അപ്പൊ കിട്ടുണ്ണ്യോ '.

' അവന്ന് വെളുപ്പുണ്ട് എന്നേ ഉള്ളു. മുഖം അങ്ങന്നെ അമ്മടെ മട്ടാണ്. പല്ലും പൊന്തി മുതുക്കടിച്ച പോലത്തെ മുഖം. തനിച്ച് ഒരു മൊരമ്പന്‍. വീങ്കറ. വെറുതെയല്ല പിള്ളേര് ചട്ടിക്കാടന്‍ എന്ന് വിളിക്കുണത് '.

' ഓപ്പോളേ വേണ്ടാട്ടോ. അവനോ ചെറിയമ്മ്യോ കേട്ടാല്‍ പെഴപ്പായി. നല്ല പെട കിട്ടും '.

' പിന്നെ പിന്നെ. ഞാന്‍ നുണയൊന്ന്വല്ല പറയിണത്. നോക്ക് ഞാന്‍ അച്ഛന്‍റെ ഛായയാണ്. അതാ ഇത്ര ചന്തം. അവനെ കണ്ടാല്‍ എന്‍റെ ആങ്ങള ആണെന്ന് ആരെങ്കിലും പറയോടാ '.

അതിന്ന് മറുപടി ഉണ്ടായില്ല.

'ഓണത്തിന്ന് നിനക്ക് കിട്ടിയ ഷര്‍ട്ടും ട്രൌസറും ഇട്. വേഗം ചെന്നില്ലെങ്കില്‍ ശീവേലി കഴിയും '.

ഒരുങ്ങി കഴിയുമ്പോഴേക്കും ചെറിയമ്മ എത്തി.

' കിട്ടുണ്ണി എവിടെ ' പടി കടന്നതും അവര്‍ ചോദിച്ചു.

' അമ്പലത്തിലേക്ക് പോയി '.

' അവനെ ഒറ്റയ്ക്ക് അയച്ചിട്ട് നീ ഇവിടെ നിന്നു. കുട്ടി വീണൂന്ന് കേട്ടാല്‍ നിന്‍റെ പുറം ഞാന്‍ പൊളിക്കും '.

അവരുടെ കണ്ണുകള്‍ വേണുവിലെത്തി.

' ആരോട് ചോദിച്ചിട്ടാ ഇതൊക്കെ എടുത്ത് ഇട്ടത്. മുഷിച്ച് വെച്ചാല്‍ വൃത്തിയാക്കി തരാന്‍ നിന്‍റെ തള്ള ഉണ്ടോ ഇവിടെ '.

കുട്ടി വേഷം അഴിക്കാന്‍ ഒരുങ്ങി.

' മുഖത്ത് ആരാ ഇതൊക്കെ വാരി പൊത്ത്യേത് '.

അതിന്നും മറുപടി ഇല്ല.

' നീയാണോടി ഇവനെ വേഷം കെട്ടിച്ചത് ' ചോദ്യം മകളോടായി.

' ഞാനൊന്നും ചെയ്തില്ല '.

' ആരാടാ പൌഡര്‍ ഇട്ടത് '. ഞാനല്ല എന്ന് പറയാന്‍ പെണ്‍കുട്ടി ആംഗ്യം കാണിച്ചത് അവന്‍ കണ്ടു.

' ഞാന്‍ തന്നെ ഇട്ടതാണ് ' അവന്‍ പറഞ്ഞു.

' അത്രയ്ക്കായോടാ അഹമതി ' ഇരു കൈ കൊണ്ടും രണ്ട് ചെവികളിലും പിടിച്ച് തല ചുമരില്‍ ഒറ്റ ഇടി. കണ്ണില്‍ മിന്നല്‍ തട്ടിയ പോലെ അവന്ന് തോന്നി. തലയും തടവി അവന്‍ നിലത്തിരുന്നു.

' പൌഡറ് വാരി പൂശാത്ത കേടേ ഉള്ളു. കാക്ക കുളിച്ചാല്‍ കൊക്ക് ആവില്ല. അത് മനസ്സിലാക്കണം '.

എത്ര നേരം അവിടെ തന്നെ ഇരുന്നു എന്ന് അറിയില്ല. ചെറിയമ്മ വരുന്നത് കണ്ട് അവന്‍ എഴുന്നേറ്റു.

' വേഗം പോയി മൊയ്തുണ്ണിടെ പേട്ടേന്ന് രണ്ട് തൂക്ക് വിറക് വാങ്ങീട്ട് വാ. വൈകുന്നേരം അടുപ്പ് കൂട്ടാന്‍ ഒരു
കരട് വിറക് ഇല്ല ഇവിടെ ' ഒന്ന് നിര്‍ത്തിയിട്ട് അവര്‍ പറഞ്ഞു ' പിന്നെ ഒന്നിച്ച് ഏറ്റാന്‍ വയ്യെങ്കില്‍ രണ്ടോ മൂന്നോ പ്രാവശ്യം ആയിട്ട് കൊണ്ടു വന്നാല്‍ മതി '.

മുഷിഞ്ഞ വേഷം വീണ്ടും എടുത്തിട്ട് കാശും വാങ്ങി ചൂടി കയറും ചുരുട്ടി നടക്കാനൊരുങ്ങുമ്പോള്‍ പിന്നില്‍ നിന്ന് ഒരു വിതുമ്പല്‍ കേട്ടു. തിരിഞ്ഞ് നോക്കുമ്പോള്‍ ഓപ്പോള്‍ കണ്ണ് തുടയ്ക്കുകയാണ്.

തന്‍റെ കൈ നനയുന്നത് വേണു അറിഞ്ഞു. നോക്കുമ്പോള്‍ ഓപ്പോളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.

' എന്താ ഓപ്പോളേ ഇത് ' വേണു പറഞ്ഞു ' സങ്കടപെടാന്‍ മാത്രം എന്തേ ഉണ്ടായത്. ഒരു തല ചുറ്റല്‍ വന്നു.
അത് മാറും ചെയ്തു. അതിന്ന് ഇങ്ങിനെ വിഷമിച്ചാലോ '.

' അതൊന്ന്വോല്ലാ. എന്‍റെ കുട്ടി. നിന്‍റെ കാര്യം ഞാന്‍ ഒന്നും നോക്കീലല്ലോ എന്ന് ആലോചിക്കുമ്പോള്‍ എനിക്ക് ' തേങ്ങല്‍ ഉച്ചത്തിലായി.

വേണു വല്ലാത്ത അവസ്ഥയിലായി.

' എനിക്ക് ഒന്നും മനസ്സിലാവുന്നില്ലല്ലോ ഓപ്പോളേ ' അയാള്‍ പറഞ്ഞു.

' എല്ലാം എനിക്ക് മനസ്സിലാവുന്നുണ്ട് ' പുറകില്‍ നിന്ന് ശബ്ദം കേട്ടപ്പോള്‍ തിരിഞ്ഞ് നോക്കി. തൊട്ട് അരികില്‍
വിശ്വേട്ടന്‍ നില്‍ക്കുന്നു ' കുറച്ച് കാലമായി ഞാന്‍ ഈ സങ്കടം കാണുന്നു. തന്നെക്കുറിച്ചുള്ള വേവലാതിയാണ് അവരുടെ മനസ്സില്‍ '.

വേണു എഴുന്നേറ്റു.

' താന്‍ അവിടെ ഇരിക്ക്. ഞാന്‍ ഇതൊക്കെ ഒന്ന് മാറ്റിയിട്ട് വരാം ' വക്കില്‍ അകത്തേക്ക് ചെന്നു.

' എണീക്ക്. ഉണ്ണാന്‍ സമയം ആയി ' ഓപ്പോള്‍ പറഞ്ഞതും വേണു എഴുന്നേറ്റു.

പത്മിനി എഴുന്നേറ്റ് തലമുടി വാരിക്കെട്ടി. വേഷ്ടി തലപ്പ് കൊണ്ട് അവര്‍ മുഖം തുടച്ചു. വേണു ആ മുഖത്തേക്ക് തന്നെ നോക്കി. പ്രായം ഓപ്പോളുടെ മുഖകാന്തിക്ക് മങ്ങലേല്‍പ്പിച്ചിട്ടില്ല. ഈ ഭംഗി കണ്ടിട്ടാണത്രേ വിശ്വേട്ടന്‍
ഓപ്പോളെ വിവാഹം കഴിച്ചത്. അല്ലാതെ അവരുടെ സ്ഥിതിക്ക് ഒട്ടും യോജിച്ച ബന്ധമായിരുന്നില്ല ഇത്.

മേശപ്പുറത്ത് വിഭവങ്ങള്‍ നിരന്നിരുന്നു.

' താനെന്തിനേ വയ്യെങ്കില്‍ എണീറ്റത് ' വക്കീല്‍ ചോദിച്ചു.

' ഇപ്പൊ ഭേദായി '.

' ആങ്ങള അടുത്ത് വന്നിരുന്നപ്പോള്‍ ഒക്കെ മാറി. ഇങ്ങിന്യാണെങ്കില്‍ ഇനി രോഗം വന്നാല്‍ ചികിത്സിക്കാതെ കഴിക്കാല്ലോ '.

' എന്നെ കളിയാക്കാന്‍ ഒരു കാരണം കിട്ടി അല്ലേ ' പത്മിനി ചോദിച്ചു.

' അയ്യേ. തന്നെ ഞാന്‍ കളിയാക്ക്വോ. ഇയാളോടുള്ള തന്‍റെ സ്നേഹം കണ്ടിട്ട് പറഞ്ഞതാണ് '.

പത്മിനി ആണുങ്ങള്‍ ഭക്ഷണം കഴിക്കുന്നത് നോക്കിയിരുന്നു.

' എന്നാ നീ ശബരിമലയ്ക്ക് പോണത് ' അവര്‍ ചോദിച്ചു.

' മറ്റന്നാള്‍. പിറ്റേ ദിവസം രാത്രി തിരിച്ച് എത്തും ചെയ്യും '.

' വേണൂ , ഒരു കാര്യം ചോദിക്കാന്‍ വിട്ടുപോയി ' വക്കീല്‍ പറഞ്ഞു ' അവിടെ കൃഷിയ്ക്ക് പമ്പ് വെച്ച് വെള്ളം
അടിക്കുന്നുണ്ടോ '.

' ഉവ്വ് '.

' വാടകക്കാണോ '.

' അതെ '.

' എങ്ങിന്യാ അതിന്‍റെ കണക്ക് '.

' മണിക്കൂറിന്ന് ഇത്രാ എന്ന് വെച്ചാല്‍ ഓടിയ മണിക്കൂര്‍ കണക്കാക്കി പണം കൊടുത്താല്‍ മതി. നമ്മളൊന്നും
അറിയണ്ടാ. ഡീസല്‍ അവര്‍ അടിക്കും. കാള വണ്ടീല് അവര് പമ്പ് കൊണ്ടുവരും കൊണ്ടുപോവും ചെയ്യും. ഓടിക്കാന്‍ ഒരാളെ നിര്‍ത്തും . പക്ഷെ വാടക ഇത്തിരി അധികം വരും '.

' അല്ലെങ്കിലോ '.

' ദിവസ കൂലിക്ക് പമ്പ് എടുക്കണം. കൊണ്ടു വരാനും കൊണ്ടു പോവാനും ഉള്ള ചിലവും ഡീസലും നമ്മള്‍ വഹിക്കണം. ഓടിക്കാന്‍ ഒരാളെ നിര്‍ത്തണം. കേട് വന്നാല്‍ നമ്മള്‍ നന്നാക്കി കൊടുക്കും വേണം. എന്നാലും
അതാ ലാഭം '.

' ഇനി അതിനൊന്നും മിനക്കെടേണ്ടാ. തറവാട്ടിലെ തെങ്ങിന്‍ത്തോപ്പ് നയ്ക്കാന്‍ ഞാന്‍ മുമ്പൊരു ഡീസല്‍
പമ്പ് വാങ്ങിയിരുന്നു. കറണ്ട് കണക്ഷന്‍ കിട്ടി മോട്ടോര്‍ വെച്ചപ്പോള്‍ അത് അഴിച്ചു വെച്ചതാണ്. സാധനം
ഓവര്‍ഹോള്‍ ചെയ്യാന്‍ കൊടുത്തിട്ടുണ്ട്. കിട്ടിയാല്‍ അവിടെ എത്തിക്കും '.

വേണു തലയാട്ടി.

' പിന്നെ മലയ്ക്ക് പോയി വന്നതിന്‍റെ പിറ്റേന്നാള്‍ മുതല്‍ ഇവിടെ കാണണം. എന്താ പറ്റില്ലേ '.

' ഞാന്‍ ഇവിടെ തന്നെ ഉണ്ടാവും ' വേണു സമ്മതിച്ചു.

നോവല്‍ - അദ്ധ്യായം - 97.

നാലു മണിക്ക് മുമ്പേ രാധാകൃഷ്ണന്‍ ഡോക്ടറെ കണ്ട് തിരിച്ചെത്തി. ഗുരുസ്വാമിയുടെ അടുത്തേക്കാണ് വീട്ടില്‍
കയറുന്നതിന്ന് മുമ്പ് പോയത്. കുറച്ച് കൂടി കഴിഞ്ഞാല്‍ അദ്ദേഹം അമ്പലത്തിലേക്ക് പോകും.

ചെന്ന സമയം നല്ല പാകം. രാജന്‍ മേനോന്‍ ഇറങ്ങാന്‍ ഒരുങ്ങുകയായിരുന്നു.

' അങ്കിള്‍, ഡോക്ടറെ കണ്ടു ' രാധാകൃഷ്ണന്‍ പറഞ്ഞു.

' ഇത്ര നേരത്തെ കാണാനായോ '.

' ഊണ് കഴിഞ്ഞതും ഞാന്‍ പോയി. അതോണ്ട് ഒന്നാമത്തെ ടോക്കണ്‍ കിട്ടി '. ഡോക്ടര്‍ പറഞ്ഞ വിവരങ്ങള്‍ അയാള്‍ അറിയിച്ചു.

' ഞാന്‍ നേരത്തെ പറഞ്ഞില്ലേ അച്ഛന്ന് കടുത്ത വിഷാദത്തില്‍ നിന്ന് ഉണ്ടായതാണ് രോഗം എന്ന്. മനസ്സിലുള്ള സങ്കടം പങ്കുവെക്കാനായില്ല എന്നതാണ് അച്ഛന്ന് പറ്റിയ അബദ്ധം '.

' അത് എനിക്കും മനസ്സിലായി. ഇനി മുതല്‍ ഞാന്‍ അച്ഛനെ ശ്രദ്ധിച്ചോളാം. പക്ഷെ അമ്മയുടെ കാര്യത്തില്‍
എന്താ ചെയ്യേണ്ടത് എന്നാണ് അറിയാത്തത് '.

' വേലായുധന്‍കുട്ടിയെ സംബന്ധിച്ചേടത്തോളം ആ വശം ഒരു ദൌര്‍ഭാഗ്യം തന്നെയാണ്. ദമ്പതികള്‍ക്ക് അന്യോന്യം മനസ്സിലാക്കാന്‍ കഴിയണം. ഇണയുടെ താല്‍പ്പര്യം മനസ്സിലാക്കാന്‍ ശ്രമിക്കാത്ത വ്യക്തി മറു ഭാഗത്തിന്ന് എന്നും ഒരു തീരാ ശാപമാണ് '.

ഇരുവരും കുറച്ച് നേരത്തേക്ക് ഒന്നും സംസാരിച്ചില്ല.

' മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണല്ലോ ' മേനോന്‍ തുടര്‍ന്നു ' സമൂഹത്തിന്‍റെ ഏറ്റവും ചെറിയൊരു പരിഛേദമാണ് ഭാര്യാഭര്‍ത്തൃബന്ധം. നല്ലൊരു സാമൂഹ്യജീവിതത്തിന്ന് വേണ്ടി ഒരുപാട് വിട്ടുവീഴ്ചകള്‍
ഓരോ വ്യക്തിയും ചെയ്യേണ്ടതുണ്ട്. അതെല്ലാം പാലിക്കപ്പെടുന്നത് ഉറപ്പാക്കാനാണ് രാജ്യത്തുള്ള നിയമ സംവിധാനങ്ങളെല്ലാം. ചുരുക്കി പറഞ്ഞാല്‍ കൂട്ടായ ജീവിതം പരിശീലിക്കാനുള്ള കളരിയാണ് ഏറ്റവും
താഴെ പടിയിലുള്ള ഭാര്യാഭര്‍ത്തൃബന്ധം '.

രാധാകൃഷ്ണനൊന്ന് ചിരിച്ചു.

' സത്യം പറയാലോ. പലപ്പോഴും അങ്കിള്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലാവാറില്ല. പിന്നീട് വളരെ നേരം ആലോചിച്ചാലേ പറഞ്ഞു തന്നതിന്‍റെ ആന്തരാര്‍ത്ഥം മനസ്സിലാവൂ '.

' അതാണ് ശരി. കാണുന്നതും കേള്‍ക്കുന്നതുമായ എല്ലാ കാര്യങ്ങളേയും കുറിച്ച് ചിന്തിക്കണം. അപ്പോള്‍
ആ വിഷയങ്ങളെക്കുറിച്ച് നമ്മുടേതായ കാഴ്ചപ്പാട് ഉണ്ടാവും '.

' അങ്കിളിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ അത്ഭുതമാണ് എനിക്ക് തോന്നാറ്. സയന്‍സിലും സംഗീതത്തിലും, സാഹിത്യത്തിലും രാഷ്ട്രീയത്തിലും ചരിത്രത്തിലും വേദാന്തത്തിലും ഒരുപോലെയുള്ള അറിവാണ് അങ്കിളിന്ന്.
ചെറുപ്പകാലത്ത് ധാരാളം വായിച്ചിട്ടുണ്ടാവും '.

' മോന്‍ , ഞാന്‍ പറഞ്ഞില്ലേ, വായിച്ചതോണ്ട് മാത്രം ഒന്നും ആവില്ല. അതിനെ കുറിച്ച് ചിന്തിക്കുകയും കൂടി വേണം. എന്നാലേ എന്തെങ്കിലും ഗ്രഹിക്കാനാവൂ '.

' അതൊന്നും എന്‍റെ തലേല്‍ കേറില്ല. വീട്ടിലെ പ്രശ്നം എങ്ങിനെ തീര്‍ക്കണം എന്നേ അറിയേണ്ടൂ '.

' അതിനും ഞാന്‍ ഒരു വഴി കണ്ടിട്ടുണ്ട്. രാധാകൃഷ്ണന്‍ വിവാഹം കഴിക്കണം. കുടുംബത്തിന്‍റെ നിലനില്‍പ്പ് അവിടുത്തെ സ്ത്രീകളെ കൂടി ആസ്പദിച്ചാണ്. അമ്മ പരാജയമായ ഇടത്ത് വരുന്ന പെണ്‍കുട്ടി തിളങ്ങണം. അതോടെ അമ്മയ്ക്കും ചുവട് മാറ്റി ചവിട്ടേണ്ടി വരും '.

' അവസാനത്തെ പരീക്ഷണം അല്ലേ '.

' അയ്യപ്പന്‍ അനുഗ്രഹിച്ചാല്‍ അത് പാളി പോവില്ല '.

രാധാകൃഷ്ണന്‍ എന്തോ ആലോചിച്ച് നിന്നു. ' അങ്കിള്‍ ഈ നിമിഷം എന്‍റെ മനസ്സില്‍ തോന്നിയ കാര്യമാണ് '
അവന്‍ പറഞ്ഞു ' നമുക്ക് അച്ഛനെ കൂടി ശബരിമലയ്ക്ക് കൊണ്ടു പോയാലോ '.

' ഞാനും അത് ആലോചിച്ചതാണ് '.

അവരുടെ ചുണ്ടുകളില്‍ നിന്ന് ശരണം വിളി ഉയര്‍ന്നു.

**********************************************************

അമ്പലത്തിലേക്ക് പോവാന്‍ വേണു തയ്യാറായി നില്‍ക്കുമ്പോഴാണ് മേനോന്‍ എത്തിയത്. എഴുത്തശ്ശനും
ചാമിയും നാണു നായരുടെ വീട്ടില്‍ കൂവ നന്നാക്കുന്ന തിരക്കിലാണ്.

' വേണൂ, ഇന്ന് ഒരു നല്ല വാര്‍ത്തയുണ്ട് ' മേനോന്‍ വേലായുധന്‍കുട്ടിയുടെ വിവരങ്ങള്‍ വര്‍ണ്ണിച്ചു.

' അമ്മാമ ഇതറിഞ്ഞാല്‍ തീര്‍ച്ചയായും സന്തോഷിക്കും ' വേണു പറഞ്ഞു ' കേട്ടപ്പോള്‍ എനിക്ക് ഒരു മോഹം തോന്നുന്നു '.

' എന്താണത് '.

' മായന്‍ കുട്ടിയെ ഈ ഡോക്ടര്‍ക്ക് ഒന്ന് കാണിച്ചാലോ '.

' കൊള്ളാം. നല്ല കാര്യമാണ്. പക്ഷെ ചികിത്സക്കുള്ള ചിലവുകള്‍ ആര് വഹിക്കും '.

' ആ കാര്യത്തെക്കുറിച്ച് വിഷമിക്കണ്ടാ. എന്താണ് വേണ്ടതെന്നുവെച്ചാല്‍ ഞാന്‍ ചെയ്തോളാം '.

' പിന്നെ സമയാസമയങ്ങളില്‍ മരുന്ന് കഴിപ്പിക്കണം. ആരാ അത് ചെയ്യാനുള്ളത് '.

' കുറച്ച് കാലമായി ദിവസവും മായന്‍കുട്ടി കളപ്പുരയില്‍ എത്താറുണ്ട്. മരുന്ന് കൊടുക്കാനുള്ള ചുമതല ചാമിയെ ഏല്‍പ്പിക്കാം '.

' നമ്മള്‍ എന്തൊക്കേയോ ചെയ്യുന്നു ' മേനോന്‍ ഒരു നിമിഷം കണ്ണടച്ച് നിന്നു ' അതുകൊണ്ട് ആര്‍ക്കെങ്കിലും
ഗുണം ഉണ്ടാവുമെങ്കില്‍ അതില്‍പ്പരം സന്തോഷം എന്താ ഉള്ളത് . ഈശ്വരോ രക്ഷതു '.

കൈക്കോട്ടുമായി ചാമി കളപ്പുരയിലേക്ക് വന്നു. എഴുത്തശ്ശനും നാണു നായരും വരമ്പത്ത് വേണുവിനേയും
കാത്ത് നില്‍പ്പുണ്ടായിരുന്നു.

' അവരൊക്കെ അവിടെ കാത്ത് നില്‍ക്കുണുണ്ട് ' അവന്‍ പറഞ്ഞു.

' എന്നാല്‍ നമുക്ക് നടക്കാം '.

' മേനോന്‍ സ്വാമി , എന്നേക്കാ നമ്മുടെ യാത്ര ' കുളത്തിലേക്ക് നടക്കുമ്പോള്‍ നാണു നായര്‍ ചോദിച്ചു.

' അത് തന്നെയാണ് ഞാന്‍ പറയാന്‍ പോവുന്നത് ' മേനോന്‍ പറഞ്ഞു ' വെള്ളിയാഴ്ച നമ്മള്‍ പുറപ്പെടും.
ആകെ എട്ട് പേരുണ്ട്. ഇവിടെ നിന്ന് അമ്മാമ, നാണുമാമ, വേണു, ചാമി. ഞാനും വേലായുധന്‍കുട്ടിയും
രാധാകൃഷ്ണനും പിന്നെ സ്വാമിനാഥനും '.

' അത് പറ്റി. അച്ഛനും മകനും പേരക്കുട്ടിയും കൂടി ഒന്നിച്ചൊരു യാത്ര. കേട്ടപ്പഴേ വയറ് നിറഞ്ഞു ' നാണൂ നായര്‍ സന്തോഷം മറച്ചു വെച്ചില്ല. എഴുത്തശ്ശന്‍ ഒന്നും പറഞ്ഞില്ല. എന്തോ ആലോചിച്ചുകൊണ്ട് അയാള്‍ നടന്നു.

' സ്വാമിനാഥനും രാധാകൃഷ്ണനും കാറ് എടുക്കും. നമുക്ക് സുഖമായി പോയിട്ട് വരാം '.

നൂറ് കണക്കിന്ന് വലിയ തുമ്പികള്‍ പറക്കുന്നുണ്ടായിരുന്നു.

' തുമ്പി പറക്കുന്നുണ്ട്. മഴ പെയ്യോ ' ചാമി ചോദിച്ചു.

' പെയ്താല്‍ നന്ന് ' എഴുത്തശ്ശന്‍ പറഞ്ഞു ' പമ്പും കൊണ്ട് മല്ലുക്കെട്ടി മടുത്തു'.

മുരുക മലയ്ക്ക് പുറകില്‍ ആകാശം ചെഞ്ചായം പൂശി നിന്നു.

' ചെമ്മാനം പൂത്തിട്ടുണ്ട്. മഴ പെയ്യുംന്നാ എനിക്ക് തോന്നുണത് ' ചാമി പറഞ്ഞു.

' ചെമ്മാനം പൂത്താല്‍ മഴ പോയി എന്നാ ഞാന്‍ കേട്ടിട്ടുള്ളത് ' നാണു നായര്‍ ചാമി പറഞ്ഞതിനെ എതിര്‍ത്തു.

ദീപാരാധനയ്ക്കുള്ള ശംഖനാദം മുഴങ്ങി.

' നേരം നല്ലോണം വൈകി. വേഗം നടക്കിന്‍ ' എന്നും പറഞ്ഞ് എഴുത്തശ്ശന്‍ വേഗത കൂട്ടി.