Monday, April 25, 2011

നോവല്‍  - അദ്ധ്യായം - 133.

' ഇതുവരെ നടന്ന മാതിരി ആവും ഇത് എന്ന് കരുതണ്ടാ ' പൊലീസ് സൂപ്രണ്ട് ഫോണിലൂടെ പറഞ്ഞു ' നിങ്ങളുടെ മകന്‍ ഇടയ്ക്ക് ഓരോന്ന് ഒപ്പിക്കും. എന്നിട്ട് അയാളെ രക്ഷിക്കാന്‍ ഞാന്‍ പെടാപ്പാട് പെടണം. ഈ പ്രാവശ്യം അത് നടക്കില്ല '.

അദ്ദേഹം വീട്ടിലെത്തി ഏറെ കഴിയുന്നതിന്ന് മുമ്പാണ് ഫോണ്‍ വന്നത്. ഭര്‍ത്താവ് സംസാരിക്കുന്നത് ഭാര്യ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആരോടാണ് സംസാരിക്കുന്നത് എന്ന് അവര്‍ക്ക് മനസ്സിലായില്ല.

' നിങ്ങള്‍ക്ക് സംഭവത്തിന്‍റെ ഗൌരവം അറിയാഞ്ഞിട്ടാണ്. ആ പെണ്ണിനെ തട്ടിയപ്പോള്‍ അവര്‍ക്ക് സ്വാധീനം ഇല്ലാത്തതോണ്ട് ഒതുക്കി തീര്‍ക്കാന്‍ പറ്റി. ഇത് അങ്ങിനെയാണോ. ആക്രമിക്കപ്പെട്ട ആള്‍ തീരെ നിസ്സാരനല്ല. അയാളുടെ അളിയന്‍ പേരെടുത്ത വക്കീലാണ്. എന്തെങ്കിലും ചെയ്ത് എന്‍റെ തൊപ്പി കളയാന്‍ ഞാനില്ല '.

വേണ്ടപ്പെട്ട ആരോ കേസ്സില്‍ കുടുങ്ങിയിട്ടുണ്ട്, ആരായാലും കുറച്ച് കഴിയുമ്പോള്‍ അറിയും എന്ന് സരസ്വതിയമ്മ മനസ്സില്‍ കരുതി.

' എവിടെ പോയി ഒളിച്ചിട്ടും കാര്യം ഒന്നൂല്യാ. വെട്ടുകൊണ്ട ആള് മരിക്കാതിരിക്കാന്‍ ദൈവത്തിന്‍റെടുത്ത് പ്രാര്‍ത്ഥിക്കിന്‍. അയാള്‍ക്ക് വല്ലതും പറ്റിയാല്‍ തൂക്കുകയര്‍ ഒഴിവായാലും ജീവപര്യന്തം ഉറപ്പാ '.

സംഭാഷണം നീണ്ടു പോയി.

' ഇപ്പൊ ദൂരെ മാറി താമസിക്കാനൊന്നും നില്‍ക്കണ്ടാ. വീട്ടില്‍ കൂടാന്‍ വയ്യെങ്കില്‍ വേറെ എവിടെയെങ്കിലും കഴിഞ്ഞോട്ടെ. ഞാന്‍ അന്വേഷിക്കുമ്പോള്‍ ആളെ കിട്ടണം. അതുവരെ ഞാന്‍ നോക്കിക്കോളാം '.

ഫോണ്‍ താഴെ വെച്ച് നോക്കിയത് ഭാര്യയുടെ മുഖത്ത്. ചോദിക്കുന്നതിന്ന് മുമ്പെ ഉത്തരം വന്നു.

' രാഘവനാണ് വിളിച്ചത്. അയാളുടെ മകന്‍ ഒരാളെ വെട്ടി. വെട്ടേറ്റ ആളുടെ നില സീരിയസ്സാണ് എന്നാണ് പറഞ്ഞത് '.

' ഈ കുട്ടി എന്ത് കണ്ടിട്ടാ വേണ്ടാത്തതിനൊക്കെ പുറപ്പെടുന്നത് ' അവര്‍ ചോദിച്ചു.

' അച്ഛന്‍റെ പണം കണ്ടിട്ട്. അല്ലാതെന്താ '.

'അനുഭവിക്കട്ടെ. സഹായിക്കാന്‍ ചെന്നിട്ട് നിങ്ങള്‍ക്ക് കുഴപ്പം ഒന്നും വരാതെ സൂക്ഷിച്ചോളിന്‍ '.

ഭിത്തിയിലിരുന്ന പല്ലി അതുകേട്ട് ചിലച്ചു.

******************************************

' അയാള്‍ എന്താ പറഞ്ഞത് എന്നറിയണോ ' രാഘവന്‍ ക്ഷോഭംകൊണ്ട് പൊട്ടിത്തെറിച്ചു ' ഇടയ്ക്കിടയ്ക്ക് ഓരോ കേസ്സും കൂട്ടവും ഉണ്ടാക്കിയാല്‍ സഹായിക്കാന്‍ പറ്റില്ലാന്ന് '

' എനിക്ക് കേള്‍ക്കണ്ടാ അയളുടെ വര്‍ത്തമാനം ' രാഘവന്‍റെ ഭാര്യക്ക് കോപം വന്നു ' ലോഹ്യം പറഞ്ഞ് ചിരിച്ചു കാണിച്ചിട്ട് എന്തൊക്കെ നമ്മടേന്ന് വാങ്ങി. ഒരു ആവശ്യം വന്നപ്പോള്‍ പണ്ട് അങ്ങാടിയില്‍ കണ്ട പരിചയം ഇല്ല '.

' എന്തിനാ അയാളെ കുറ്റം പറയുന്നത്. നമ്മുടെ പുത്രന്‍റെ സ്വഭാവഗുണം കൊണ്ടല്ലേ എനിക്ക് ഇതൊക്കെ കേള്‍ക്കേണ്ടി വരുന്നത് '.

' സ്വഭാവ മഹിമ പറയാന്‍ പറ്റിയൊരു യോഗ്യന്‍. കല്യാണം കഴിയുന്നതിന്ന് മുമ്പ് നിങ്ങള് കാണിച്ചിട്ടുള്ള തോന്നിയവാസങ്ങള് കൂറച്ചൊക്കെ ഞാനും കേട്ടിട്ടുണ്ട് '.

അതോടെ രാഘവന്‍റെ വായ അടഞ്ഞു.

'വെട്ടുകൊണ്ട ആള് മരിച്ചില്ലെങ്കില്‍ വലിയ പ്രശ്നം വരാതെ നോക്കാം. ഇല്ലെങ്കില്‍ ബുദ്ധിമുട്ടും എന്നാ സൂപ്രണ്ട് സാര്‍ പറയുന്നത് '.

' അവന്‍റെ അടുത്ത് എങ്ങോട്ടെങ്കിലും മാറി നില്‍ക്കാന്‍ പറയണോ 'രാഘവനോട് ഭാര്യ ചോദിച്ചു.

' അതൊന്നും വേണ്ടാ. വിളിക്കുമ്പൊ ആളെ കിട്ടുന്ന ദിക്കിലേ പോകാവൂ എന്ന് പറഞ്ഞിട്ടുണ്ട് '.

'എന്നാല്‍ മലമ്പള്ളയിലെ നമ്മുടെ തോട്ടത്തില്‍ ചെന്നോട്ടെ. രാവിലെ ലക്ഷ്മിയുടെ കയ്യില്‍ അവനുള്ള ആഹാരം എത്തിക്കാം. പണിക്ക് പോണ മാതിരി ചെന്നാ മതി. അവളാവുമ്പോ ഇരുചെവി അറിയില്ല '.

***********************************

കിട്ടുണ്ണി മാഷ് എത്തുമ്പോള്‍ രാത്രിയായി കഴിഞ്ഞു.

' ഞാന്‍ ഇപ്പൊ അറിഞ്ഞതേയുള്ളു ' അയാള്‍ പറഞ്ഞു ' എന്താ ഡോക്ടര്‍മാരുടെ അഭിപ്രായം '.

'നാല്‍പ്പത്തെയെട്ട് മണിക്കൂര്‍ കഴിഞ്ഞാലേ എന്തെങ്കിലും പറയാന്‍ പറ്റൂ എന്നാണ് പറഞ്ഞത് 'വക്കീല്‍ പറഞ്ഞു.

'ഞാന്‍ ചെന്ന് ഒന്ന് അന്വേഷിക്കട്ടെ. ചിലപ്പോള്‍ മകളുടെ കൂടെ പഠിച്ച വല്ലവരും ഉണ്ടാവും '.

അതും പറഞ്ഞ് പോയ കിട്ടുണ്ണി മാഷ് പിന്നീട് എത്തുന്നത് പുലര്‍ച്ചെയാണ്. വന്നെത്തിയതും അയാള്‍ വിശ്വനാഥന്‍ വക്കീലിനെ സമീപിച്ചു.

' വക്കീലേട്ടാ, ഒന്നു വരൂ. ഒരു കാര്യം പറയാനുണ്ട് '.

ആളൊഴിഞ്ഞ ഇടന്നാഴിയില്‍ അവര്‍ നിന്നു.

' ഒക്കെ ഓരോരുത്തരുടെ തലയിലെഴുത്താണ് എന്ന് കരുതിയാല്‍ മതി ' അയാള്‍ പറഞ്ഞു ' പോവുന്നോര് പോവും. ഇരിക്കുന്ന ആള്‍ക്കാരുടെ കാര്യം നോക്കണോലോ '.

' എന്താ താന്‍ പറഞ്ഞോണ്ട് വരുന്നത് '.

' വെട്ടിയ പയ്യന്‍ നമുക്ക് വേണ്ടപ്പെട്ട ആളാണ് '.

' അതിലും വേണ്ടപ്പെട്ട ആളല്ലേ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ അകത്ത് കിടക്കുന്നത് '.

'അത് ശരിയാണ്. എന്നാലും കേസ്സിലൊന്നും പെടാതെ അവനെ രക്ഷിക്കണം. എന്താ വേണ്ടത് എന്ന് പറഞ്ഞാല്‍ മതി. ഞാന്‍ പറഞ്ഞ് എത്തിച്ചോളാം '.

വക്കീലിന്‍റെ വലത്തെ കയ്യ് കിട്ടുണ്ണിയുടെ കവിളില്‍ പതിച്ചു.

' ഇത് കുറെ മുമ്പ് വേണ്ടതായിരുന്നു ' വക്കീല്‍ മനസ്സില്‍ പറഞ്ഞു.

കിട്ടുണ്ണി കവിളില്‍ തലോടി. എന്നിട്ട് ഒന്നും പറയാതെ ഇറങ്ങിപ്പോയി.

*************************************************

പത്തു മണിയോടെ സബ്ഇന്‍സ്പെക്ടര്‍ ആസ്പത്രിയിലെത്തി.

" ആരാ മില്ലിന്‍റെ ഓണര്‍ ' അയാള്‍ ചോദിച്ചു. രാധാകൃഷ്ണന്‍ അടുത്തു ചെന്നു.

'നിങ്ങളോട് ചിലത് ചോദിക്കാനുണ്ട് ' .

ആസ്പത്രി വളപ്പിലെ മരത്തിന്ന് ചുവട്ടില്‍ നിര്‍ത്തിയിരുന്ന ജീപ്പിന്‍റെ അടുത്തേക്ക് അവര്‍ നടന്നു.

' എന്താ സംഭവം '.

രാധാകൃഷ്ണന്‍ നടന്നതെല്ലാം വിവരിച്ചു.

' സംഭവത്തിന്ന് സാക്ഷികള്‍ ആരൊക്കെയുണ്ട് '.

' ഒന്ന് വെട്ടുകൊണ്ട വേണു അങ്കിള്‍ '

'ഇപ്പോഴത്തെ ചുറ്റുപാടില്‍ അയാളെ സാക്ഷിയാക്കാന്‍ പറ്റില്ല. അയാള്‍ രക്ഷപ്പെട്വോന്ന് ഉറപ്പില്ല '.

' പിന്നെ ഞാന്‍ '.

' നിങ്ങളാണ് പ്രധാന സാക്ഷി. ഇനി ആരുണ്ട് '.

രാധാകൃഷ്ണന്‍ മായന്‍കുട്ടിയുടെ പേര് പറഞ്ഞു.

' അവന്‍റെ ഡീറ്റേയില്‍സ് പറ '.

രാധാകൃഷ്ണന്‍ അറിയാവുന്ന വിവരങ്ങള്‍ പറഞ്ഞു.

'താനെന്താ മനുഷ്യനെ കളിയാക്ക്വാ. പൊട്ടനേം പ്രാന്തനേം സാക്ഷിയാക്കീട്ട് വേണം കോടതീന്ന് എനിക്ക് വല്ലതും കിട്ടാന്‍ '.

രാധാകൃഷ്ണന്‍ ഒന്നും മിണ്ടിയില്ല.

' ആ പെണ്ണില്ലേ അവളോ ' ഇന്‍സ്പെക്ടര്‍ ചോദിച്ചു.

' അവളും എല്ലാം കണ്ടതാണ് '.

' പക്ഷെ കോടതീല്‍ കേറി താനാ ചെയ്തത് എന്ന് പറഞ്ഞാലോ '.

അങ്ങിനെയുണ്ടാവില്ലെന്ന് ഉറപ്പ് നല്‍കി.

' വെട്ടാന്‍ ഉപയോഗിച്ച വാള്‍ എവിടെ '.

' മില്ലിലുണ്ടാവും '.

' ഞങ്ങള്‍ സ്ഥലം പരിശോധിച്ചിട്ടാ വരുന്നത്. അവിടെ വാളും ഇല്ല. വടിയും ഇല്ല. സാധനം തേടി പിടിച്ച് ഞങ്ങളെ ഏല്‍പ്പിക്കണം. ഇല്ലെങ്കില്‍ വിവരം അറിയും '.

ജീപ്പ് ആസ്പത്രി വളപ്പില്‍ നിന്ന് പുറത്തേക്കിറങ്ങി.

*********************************************

ഉച്ച തിരിഞ്ഞതും ചാമിയും വേലപ്പനും എത്തി. കണ്ണാടീലെ വീട്ടില്‍ ചെന്ന് സന്ധ്യയാവുമ്പോഴേക്കും പോവാമെന്ന് എല്ലാവരും നിര്‍ബന്ധിച്ചതാണ്. പിന്നെ ഒരു ദിവസം വരാമെന്നും പറഞ്ഞ് നേരെ പോന്നു. ബസ്സ് സ്റ്റോപ്പില്‍ അവര്‍ ഇറങ്ങിയതും പെട്ടിക്കടക്കാരന്‍ വിളിച്ചു. വിവരം അറിഞ്ഞതും ചാമി തളര്‍ന്ന മട്ടില്‍ നിലത്തിരുന്നു.

'എന്‍റെ മകളെ ' എന്ന് കരഞ്ഞു വിളിച്ചുകൊണ്ട് വേലപ്പന്‍ പുരയിലേക്ക് ഓടി.

അകലെ നിന്നും പാലക്കാട്ടേക്കുള്ള ബസ്സിന്‍റെ ഇരമ്പല്‍ കേട്ടു. ചാമി മെല്ലെ എഴുന്നേറ്റ് ബസ്സിന്ന് കൈ കാണിച്ചു.

***********************************************

നേരം മൂന്ന് മൂന്നര ആയിട്ടേയുള്ളു. അങ്ങാടിയില്‍ അധികം ആളുകളില്ല. മായന്‍കുട്ടി റോഡിലൂടെ വടക്കു നിന്ന് വരികയാണ്. ഉടുത്ത മുണ്ട് കീറി കൊടിയാക്കി വാളില്‍ കെട്ടി തൂക്കിയിട്ടുണ്ട്.

'എന്താടാ നിന്‍റെ കയ്യില് ' ബീഡി വലിച്ച് പീടിക തിണ്ടില്‍ ഇരിക്കുന്ന സൈക്കിള്‍ക്കടക്കാരന്‍ നാവുണ്ണി ചോദിച്ചു.

' കൊടി '

' നിന്‍റെ വാളില് എന്താ ചോപ്പ് നിറം '.

' അഞ്ച് തലയുള്ള പാമ്പിനെ ഞാന്‍ വെട്ടി വെട്ടി കൊന്നു. അതിന്‍റെ ചോര ആയതാ '.

' കഷ്ടം. ചെക്കന്‍റെ പ്രാന്തൊക്കെ മാറിയതായിരുന്നു. ' നാവുണ്ണി ആത്മഗതം ചെയ്തു ' ഇപ്പൊ ഇതാ വീണ്ടും തുടങ്ങീരിക്കുന്നു '.

സുകുമാരന്‍ വെട്ടേറ്റ് മരിച്ച വിവരം അവന്‍റെ വീട്ടിലറിയിക്കാന്‍ ലക്ഷ്മി അപ്പോള്‍ കരഞ്ഞുകൊണ്ട് ഓടി പോവുകയയിരുന്നു.

***********************************************

നാല് മണി കഴിഞ്ഞതും പത്മിനി മകനോടൊപ്പം ആസ്പത്രിയിലെത്തി.

' എന്തിനാ അമ്മയെ കൊണ്ടു വന്നത് ' വക്കീല്‍ മകനോട് ചോദിച്ചു ' അഡ്മിറ്റ് ചെയ്യാനാണോ '.

വേണുവിന്ന് ആപത്ത് സംഭവിച്ച വിവരം അറിഞ്ഞതും പത്മിനി മോഹാലസ്യപ്പെട്ടിരുന്നു. മയക്കം തെളിഞ്ഞതു മുതല്‍ കരച്ചില്‍ തന്നെ. രാത്രിയാവുമ്പോഴേക്കും രക്ത സമ്മര്‍ദ്ദം കൂടി. ഇന്‍ജെക്ഷന്‍ എടുത്ത് ഉറക്കി കിടത്തി. നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ കഴിഞ്ഞേ എന്തെങ്കിലും പറയാനാവൂ, അതിന്ന് ശേഷമേ വേണുവിനെ കാണാന്‍ പറ്റുകയുള്ളു എന്നെല്ലാം പറഞ്ഞ് അവരെ വീട്ടില്‍ തന്നെയിരുത്തിയതാണ്.

' ഞാന്‍ പറഞ്ഞു നോക്കി ' മുരളി പറഞ്ഞു ' എനിക്ക് ഇപ്പോള്‍ തന്നെ പോകണം എന്നു പറഞ്ഞ് ഒരേ വാശി '.

വക്കീല്‍ പത്മിനിയെ നോക്കി. പാവം. മുഖം കരഞ്ഞ് വീര്‍ത്തിട്ടുണ്ട്. വല്ലാതെ ക്ഷീണിച്ച ലക്ഷണം തോന്നുന്നു. ശരിക്ക് ഭക്ഷണമൊന്നും കഴിച്ചിട്ടുണ്ടാവില്ല.

' എന്തിനാ താന്‍ കഷ്ടപ്പെട്ട് പോന്നത് ' വക്കീല്‍ ചോദിച്ചു ' ഞാന്‍ ഇവിടെ തന്നെയുണ്ടല്ലോ '. കാലത്ത് വീട്ടില്‍ ചെന്ന് കുളിയും ഭക്ഷണവും കഴിഞ്ഞു വരുന്നതൊഴിച്ചാല്‍ ബാക്കി സമയം മുഴുവന്‍ വക്കീല്‍ ആസ്പത്രിയില്‍ തന്നെയാണ്. വിവരം അന്വേഷിച്ച് വക്കീലിന്‍റെ പരിചയക്കാരായ നിരവധി പേര്‍ എത്തും.

' വിശ്വേട്ടന്‍ ഇല്ലാഞ്ഞിട്ടല്ല. എനിക്ക് ഒരു മനസ്സമാധാനവും ഇല്ല 'പത്മിനി പറഞ്ഞു.

'വെറുതെ ഓരോന്ന് ആലോചിച്ച് വയ്യാതാവണ്ടാ. ഇങ്ങിനെ പോയാല്‍ ആങ്ങളയുടെ ഒപ്പം താനും ഇവിടെ കിടക്കേണ്ടി വരും '.

'എനിക്കതൊന്നും സാരൂല്യാ. എന്‍റെ ജീവന്‍ എടുത്തിട്ട് ഈശ്വരന്‍ അവനെ രക്ഷിക്ക്യാണെങ്കില്‍ എനിക്ക് അതില്‍പ്പരം സന്തോഷം ഉണ്ടാവാനില്ല '.

' വെറുതെ വേണ്ടാത്തത് ഓരോന്ന് പറയണ്ടാ ' വക്കീല്‍ ശാസിച്ചു.

കുറച്ചു നേരം അവര്‍ മിണ്ടാതെ ബെഞ്ചിലിരുന്നു. പിന്നെ എഴുന്നേറ്റ് വക്കീലിനെ സമീപിച്ചു.

' നാല്‍പ്പത്തെട്ട് മണിക്കൂര്‍ കഴിഞ്ഞാലേ പറയാന്‍ പറ്റൂന്നല്ലേ ഡോക്ടര്‍ പറഞ്ഞത്. ആ സമയം ആവാറായില്ലേ '.

' താനെന്താ ഈ പറയുന്നത്. ടൈംപീസില്‍ അലാറം വെച്ചു നോക്കി പറയണ്ട കാര്യാണോ ഇത്. വിശേഷിച്ച് വല്ലതും ഉണ്ടെങ്കില്‍ അവര് പറയില്ലേ '.

പത്മിനി ചുറ്റുപാടും നോക്കി. കളപ്പുരയില്‍ നിന്ന് ആരേയും കാണാനില്ല.

' കളപ്പുരയിലെ ഇവന്‍റെ കൂട്ടുകാരാരും ഇല്ലേ ഇവിടെ ' അവര്‍ ചോദിച്ചു.

' നാണു നായരേയും എഴുത്തശ്ശനേയും കൂടെയുള്ളവര്‍ വരാന്‍ സമ്മതിച്ചില്ല. വയസ്സായവരല്ലേ. ഇവിടെ വന്നിട്ട് എന്തെങ്കിലും വയ്യായ വന്നാലോ എന്ന് വിചാരിച്ച് ഒഴിവാക്കിയതാണ് ' വക്കീല്‍ പറഞ്ഞു ' ഒരു സ്വാമിനാഥനും മേനോനും സദാ സമയവും ഇവിടെയുണ്ട്. ഇപ്പൊ എന്തിനോ രണ്ടാളും കൂടി പുറത്ത് പോയതേയുള്ളു. സാറ് ആളായിട്ട് ഇവിടെ ഇരുന്നാല്‍ മതി, ബാക്കി ഞങ്ങളായി എന്നും പറഞ്ഞ് എല്ലാറ്റിനും അവരാണ് മുമ്പില്‍ '.

' ചാമി വന്നില്ലേ 'പത്മിനിക്ക് പരിചയം ചാമിയേയാണ്.

' ഇന്നലെ വൈകുന്നേരം എത്തി ' വക്കീല്‍ മറുപടി നല്‍കി ' വന്ന് കുറച്ച് കഴിഞ്ഞതും ഇവിടെ നിന്ന് ഇറങ്ങി മുറ്റത്തെ വാകയുടെ ചോട്ടില്‍ ചെന്ന് കീഴാലും കുമ്പിട്ട് ഇരുന്നതാണ്. ഇതു വരെ അവന്‍ അവിടെ നിന്ന് എഴുന്നേറ്റിട്ടും ഇല്ല. ഒന്നും കഴിച്ചിട്ടും ഇല്ല '.

' ദിവസം ഒന്ന് കഴിഞ്ഞില്ലേ. നിര്‍ബന്ധിച്ച് ആഹാരം വല്ലതും കഴിപ്പിക്കായിരുന്നില്ലേ ' പത്മിനി ചോദിച്ചു.

' നിര്‍ബന്ധിക്കാത്ത കേടൊന്നും ഇല്ല. മാറി മാറി ഓരോരുത്തരും ചെന്ന് പറഞ്ഞു. മുതലാളി കണ്ണ് മിഴിച്ചിട്ടേ എന്തെങ്കിലും കഴിക്കൂ എന്നും പറഞ്ഞ് ആ വിദ്വാന്‍ ഒറ്റ ഇരിപ്പാണ് '.

' പാവം. അവന്‍റെ പ്രാര്‍ത്ഥന കേട്ടിട്ടെങ്കിലും ദൈവം കണ്ണ് മിഴിക്കട്ടെ '.

പത്മിനി ബെഞ്ചില്‍ കിടന്നു.

***************************************************

' ചായ തണുത്തു ' സരോജിനി പറഞ്ഞു ' ഇങ്ങിനെ ഒന്നും കഴിക്കാതെ ഇരുന്നാലോ '.

' ഒന്നും വേണ്ടാ ' എഴുത്തശ്ശന്‍ പറഞ്ഞു. രണ്ട് ദിവസം അയാളില്‍ രണ്ട് ദശാബ്ദക്കാലത്തെ വാര്‍ദ്ധക്യം ചൊരിഞ്ഞിട്ടുണ്ട്.

' വേണ്വോട്ടന്‍ വരുമ്പഴയ്ക്ക് നിങ്ങള് രണ്ടാളേം ആസ്പത്രീലിക്ക് കൊണ്ടുപോണ്ടി വര്വോന്നാ എന്‍റെ പേടി ' സരോജിനി പറഞ്ഞു ' ഞാന്‍ കുറെ ചീത്ത പറഞ്ഞപ്പോള്‍ അച്ഛന്‍ ഒര്യാതി ഇത്തിരി കഞ്ഞിടെ വെള്ളം കുടിച്ചു. മടിക്കാണ്ടെ ഈ ചായ കുടിക്കൂ '.

നിര്‍ബന്ധം സഹിക്കാഞ്ഞപ്പോള്‍ എഴുത്തശ്ശന്‍ ഗ്ലാസ്സ് കയ്യിലെടുത്തു.

' ആസ്പത്രീലെ വിവരം എങ്ങിന്യാ നമ്മള് അറിയ്യാ ' അയാള്‍ ചോദിച്ചു.

' അമ്മിണിയമ്മയുടെ മരുമകന്‍ അവിടെ ഉണ്ട്. പൂജാക്കാരന്‍ നമ്പൂരിക്കുട്ടീം ഉണ്ടാവും. വിവരം വല്ലതും ഉണ്ടെങ്കില്‍ അവര് അറിയിക്കും '.

എഴുത്തശ്ശന്‍ ഒഴിഞ്ഞ ഗ്ലാസ്സ് നീട്ടി.

' ഇന്ന് മഴ പെയ്യുംന്ന് തോന്നുന്നു. അത്രയ്ക്ക് പുഴുക്കം ഉണ്ട് '. സരോജിനി വീട്ടിലേക്ക് നടന്നു.

*************************************************

' ആരാ ചാമി ' നേഴ്സ് വന്നു ചോദിച്ചു.

' എന്തേ ' മേനോനാണ് അടുത്തേക്ക് ചെന്നത്.

' പേഷ്യന്‍റ് കണ്ണ് തുറന്നു ' അവര്‍ പറഞ്ഞു ' ചാമി എവിടെ എന്ന് ചോദിച്ചു '.

' അവര്‍ തമ്മിലുള്ള സ്നേഹബന്ധം കണ്ട്വോ ' സ്വാമിനാഥന്‍ മേനോനോട് പറഞ്ഞു ' ബോധം വീണതും അന്വേഷിച്ചത് ആരേയാണെന്ന് കണ്ടില്ലേ '.

' എന്ത് ആവശ്യത്തിന്നും വേണു അയാളെയല്ലേ വിളിക്കാറ്. ഉപബോധ മനസ്സില്‍ ആ പേര് പതിഞ്ഞു കിടപ്പുണ്ടാവും ' മേനോന്‍ വേറൊരു വിശദീകരണം നല്‍കി.

ആരോ ചാമിയെ വിളിക്കാന്‍ ഓടി.

***************************************************

മുരുക മലയുടെ മുന്നില്‍ പൂത്തിരി കത്തിച്ചും മാലപ്പടക്കം പൊട്ടിച്ചും പ്രകൃതി വേനല്‍ മഴയെ വരവേറ്റു.ആകാശം ആലിപ്പഴം വാരി ചൊരിഞ്ഞു. കരിഞ്ഞ ചെടികളേയും പുല്‍ക്കൊടികളേയും പച്ചപ്പ് ചാര്‍ത്താന്‍ മഴ പെയ്തിറങ്ങി.

( അവസാനിച്ചു )

=============================================================================================================
അദ്ധ്യായം 1.

'' ഏക ദന്തായ വിദ്മഹേ
വക്ത്ര തുണ്ഡായ ധീ മഹി
തന്വോ ദന്തി പ്രചോദയാത് ''.

വിഷ്ണു നമ്പൂതിരിയുടെ ശബ്ദം ശ്രീ കോവിവിലിന്‍റെ പടവുകള്‍ ഇറങ്ങി പുറത്തെത്തി.

'' ഭഗവാനെ. നാളത്തെ മീറ്റിങ്ങില്‍ കുഴപ്പമൊന്നും വരാതെ എന്നെ കടാക്ഷിക്കണേ '' അനൂപ് നിറഞ്ഞ മനസ്സോടെ കൈകൂപ്പി. കമ്പനി പുതുക്കി നിശ്ചയിച്ച ടാര്‍ജറ്റ് കൈവരിക്കാന്‍ കഴിയാത്തതിലുള്ള വിഷമമാണ് മനസ്സ് മുഴുവന്‍.

'' ആരുടെ പിറന്നാളാ ഇന്ന് '' പ്രസാദവുമായി വന്ന ശാന്തിക്കാരന്‍ ചോദിച്ചു.

'' പിറന്നാളൊന്നും ഇല്ല ''.

'' ഗണപതി ഹോമം ഉള്ളതോണ്ട് ചോദിച്ചതാ '' ഇലച്ചീന്തിലുള്ള പ്രസാദം അനൂപിന്‍റെ കൈവെള്ളയിലേക്ക് ഇട്ടു കൊണ്ട് അയാള്‍ ചോദിച്ചു '' ആട്ടെ, അച്ഛന്ന് ഇപ്പൊ എങ്ങിനീണ്ട് ''.

''കിടപ്പിലാണ്. ഒരു ഭാഗം അനങ്ങുന്നില്ല. ഫിസിയോ തെറാപ്പി വേണം എന്ന് ഡോക്ടര്‍ പറഞ്ഞു ''.

'' ഗണപതി ഹോമത്തിന്‍റെ പ്രസാദം തിടപ്പള്ളീലാണ്. വന്നോളൂ. എടുത്തു തരാം ''.

തിരുമേനിയുടെ പുറകെ അനൂപ് നടന്നു. ശര്‍ക്കരപ്പാവില്‍ കൊട്ട നാളികേരത്തിന്‍റെ കഷ്ണങ്ങളും, മലരും, കരിമ്പിന്‍ തുണ്ടുകളും, ഗണപ്തി നാരങ്ങ ചെറുതായി നുറുക്കിയതും ചേര്‍ത്ത പ്രസാദം അയാള്‍ക്ക് വളരെ ഇഷ്ടമാണ്.

'' പൊതുവാള് കിടപ്പിലായതോടെ അമ്പലത്തിലെ കൊട്ട് മുടങ്ങി '' തിരുമേനി പറഞ്ഞു '' തനിക്കത് ചെയ്യേ വേണ്ടൂ. പൊതുവാള് വരാത്തപ്പൊ താന്‍ കൊട്ടാറുള്ളതല്ലേ ''.

അനൂപ് ഒന്നും പറഞ്ഞില്ല.

'' ആയിരത്തി അഞ്ഞൂറ് ഉറുപ്പിക ശമ്പളം. രണ്ടു നേരം ഓരോ പടച്ചോറും. നാട്ടില്‍ ഇത് കിട്ട്യാ എന്താ മോശം '' തിരുമേനി തുടര്‍ന്നു '' ഇഷ്ടാണെച്ചാല്‍ പറഞ്ഞോളൂ. ഞാന്‍ എക്സിക്യുട്ടീവ് ഓഫീസറുടെ അടുത്ത് പറഞ്ഞ് ശരിയാക്കാം. എന്താ പറഞ്ഞോട്ടെ ''.

'' പറയാന്‍ വരട്ടെ . വീട്ടില് അച്ഛന്‍റെ അടുത്തും അമ്മയുടെ അടുത്തും ചോദിക്കണം. '' അനൂപ് ഒഴിഞ്ഞു മാറി. ഈ പറഞ്ഞതോണ്ടൊന്നും ഒരു കുടുംബം പോറ്റാനാവില്ല.

'' അമ്പലത്തില്‍ കൊട്ടാന്‍ നിന്നാല്‍ പാന്‍റും കോട്ടും ഒക്കെ ഇട്ട് വിലസി നടക്കാന്‍ പറ്റില്ലല്ലോ. എന്തൊക്കെ പണി കിട്ട്യാലും ഇതിന്‍റെ സുകൃതം വേറെ എവിടുന്നും കിട്ടില്ല. അത് താന്‍ മനസ്സിലാക്കിക്കൊ ''.

താമസിയാതെ ആരംഭിക്കാനിരിക്കുന്ന അടുത്ത നോവലിന്‍റെ തുടക്കമാണ് മുകളില്‍ ചേര്‍ത്തത്.
എല്ലാ മാന്യ ബ്ലോഗര്‍മാരേയും വായനക്കായി ക്ഷണിക്കുന്നു.

സസ്നേഹം,
കേരളദാസനുണ്ണി.


Monday, April 18, 2011

നോവല്‍ - അദ്ധ്യായം - 132.

' ആ ചെക്കന്‍ മുതലാളിയെ നടക്കാന്‍ കൂട്ടീട്ട് പോയിട്ടുണ്ടാവും. ഇനി എപ്പഴാ വര്വാന്ന് അറിയില്ല ' കല്യാണി ജാനു മുത്തിയോട് പറഞ്ഞു ' അവന്‍ എത്തുമ്പഴക്കും മില്ല് അടയ്ക്കും. ഇന്ന് അവിടുന്ന് തവിട് കിട്ടുംന്ന് തോന്നുണില്ല '.

'ഇന്നെക്ക് കൊടുക്കാന്‍ ഉണ്ടോടി ഇവിടെ ' ജാനു മുത്തി ചോദിച്ചു ' നമുക്ക് നാളെ ചെക്കനെക്കൊണ്ട് വാങ്ങിക്കാം '.

' ഒരു തരി തവിടില്ല ഇവിടെ. കറക്കിണ മാടിന്ന് കൊടുക്കാതിരിക്കാനും പറ്റില്ല '.

' അപ്പന്‍ കൊടുങ്ങല്ലൂരിലേക്ക് പോവും മുമ്പ് നിനക്ക് പറയായിരുന്നില്ലേ '.

' അതെങ്ങിനെ. മായന്‍കുട്ടി വാങ്ങിത്തരും എന്നല്ലേ കരുത്യേത് '.

' എന്‍റെ മകള് ഒരു കാര്യം ചെയ്യ്. ഇരുട്ടാവുമ്പഴക്ക് തുമ്മന്ന് ചെന്ന് തവിട് വാങ്ങീട്ട് വാ '.

കല്യാണി പൈസയും ചാക്കും എടുത്തു. വിളക്ക് വെക്കാന്‍ എണ്ണയില്ല. അപ്പന്‍ കൊടുങ്ങല്ലൂരിന്ന് വരുന്നത് വരെ സന്ധ്യക്ക് വിളക്ക് വെക്കണം. കാലിക്കുപ്പി കൂടിയെടുത്ത് കല്യാണി ഇറങ്ങി. ആലിന്‍റെ മുകളില്‍ നിന്ന് തോട്ടിന്‍റെ വക്കത്തേക്ക് പറന്നു പോയ കഴുകന്‍റെ നിഴല്‍ അവളുടെ മുന്നില്‍ വീണു.

ചത്ത കന്നിനെ ആരെങ്കിലും തോട്ടു വക്കത്ത് കൊണ്ടുപോയി ഇട്ടിട്ടുണ്ടാവുമെന്ന് അവള്‍ കരുതി.

******************************************************

മില്ലിനകത്ത് മതിലിനോട് ചേര്‍ന്നുള്ള മരച്ചുവട്ടില്‍ ലാംബ്രട്ട നിര്‍ത്തി സുകുമാരന്‍ ഇറങ്ങി ചെന്നു. വരാന്തയില്‍ നിന്ന് അകത്തോട്ട് കയറുന്ന പടിയില്‍ കാര്‍ത്ത്യായിനി ഇരിക്കുന്നത് കണ്ടു. ഓഫീസ് പൂട്ടിയിരിക്കുകയാണ്.

' ഏടത്ത്യേ, ഇന്നെന്താ ആരൂല്യേ ഇവിടെ ' അയാള്‍ ചോദിച്ചു.

മില്ല് ആരംഭിച്ച കാലം മുതല്‍ക പണി ചെയ്തു വരുന്ന ആളാണ് കാര്‍ത്ത്യായിനി. കുട്ടിക്കാലം തൊട്ടേ രാധാകൃഷ്ണനെ കാണാന്‍ സുകുമാരന്‍ മില്ലില്‍ വരാറുണ്ട്. അന്നു മുതലുള്ള അടുപ്പവും സ്നേഹവുമാണ് അവരോട്.

' ഒന്നും പറയണ്ടാ എന്‍റെ കുട്ട്യേ ' കാര്‍ത്ത്യായിനി പറഞ്ഞു ' കൊടുങ്ങല്ലൂര് ഭരണിക്ക് പോകാനായിട്ട് കുറെ ആളുകള് ലീവാക്കി. പിന്നെ കുറച്ച് ആളുകള് പോണോരെ വഴിക്കൂട്ടാനും നിന്നു. പുഴുങ്ങിയ നെല്ല് കുറച്ച് ഉണക്കാന്‍ ഉണ്ടായിരുന്നു. ഉണക്ക് ശരിയായില്ലെങ്കില്‍ പൊടിയും. അതോണ്ടാ ഞാന്‍ വന്നത്. ഉച്ച വരെ ഒരു പെണ്ണും കൂടി ഉണ്ടായിരുന്നു. കുട്ടിയെ ഡോക്ടറെ കാണിക്കണം എന്നും പറഞ്ഞ് അവള്‍ പോയി '.

' നിങ്ങളുടെ മുതലാളിമാര് എവിടെ '.

' വലിയ മുതലാളി ഇന്നിങ്ങിട്ട് വന്നിട്ടേയില്ല. ചെറിയ ആള് പാലക്കാട്ടേക്ക് പോവും ചെയ്തു. നാല് മണിക്ക് എത്താന്നാ എന്‍റടുത്ത് പറഞ്ഞത്. ഇത്ര നേരം ആയിട്ടും കാണാനില്ല ' മുറുക്കാന്‍ വായില്‍ തിരുകിയ ശേഷം അവര്‍ പറഞ്ഞു ' എനിക്കാണച്ചാല്‍ ഇന്ന് ഇത്തിരി നേരത്തെ പോണ്ടതാണ് '.

' ഏടത്തി പൊയ്ക്കോളിന്‍. രാധാകൃഷ്ണന്‍ വരുന്നത് വരെ ഞാന്‍ ഇരുന്നോളാം '.

' അത് വേണ്ടാ. എന്നെ വക്കാണിക്കും '.

'അത് വിചാരിച്ച് വിഷമിക്കണ്ടാ. ഞാന്‍ പറഞ്ഞിട്ടാ പോയത് എന്ന് പറയാം. പിന്നെ ഒരക്ഷരം പറയില്ല '.

കാര്‍ത്ത്യായിനി പിന്നേയും മടിച്ചു നിന്നു.

'ധൈര്യായിട്ട് പൊയ്ക്കോളിന്‍ ' സുകുമാരന്‍ പറഞ്ഞു. അതോടെ അവര്‍ അകത്തു ചെന്ന് ചോറ്റുപാത്രം എടുത്തു വന്നു.

' ഇന്നെന്താ കാറ് കാണാത്തത് ' അവര്‍ ചോദിച്ചു.

'എന്‍റെ കാറ് അച്ഛന്‍ ഒരാള്‍ക്ക് ഗുരുവായൂര് പോവാന്‍ കൊടുത്തു. അതാ ഞാന്‍ അച്ഛന്‍റെ സ്കൂട്ടറില്‍ വന്നത് '.

കാര്‍ത്ത്യായിനി ഗെയിറ്റ് കടന്നു പോയി. വരാന്തയിലെ സ്റ്റീല്‍ കസേലയില്‍ രാധാകൃഷ്ണനേയും കാത്ത് സുകുമാരന്‍ ഇരുന്നു.

*************************************************

പഞ്ചായത്ത് പാത കഴിഞ്ഞ് റോഡിലേക്ക് കയറിയപ്പോള്‍ തവിട് വാങ്ങേണ്ട കാര്യം മായന്‍കുട്ടിക്ക് ഓര്‍മ്മ വന്നു.

' മൂത്താരേ ' അവന്‍ വിളിച്ചു ' നിങ്ങള് മെല്ലെ നടന്ന് വര്വോ. ഞാന്‍ ഓടി ചെന്ന് മില്ലിന്ന് ഒരു ചാക്ക് തവിട് വാങ്ങി വെക്കട്ടെ '.

' അതിന് ചാക്ക് എടുത്തിട്ടില്ലല്ലോ '.

' സാരൂല്യാ. നാളെ കൊണ്ടു പോയി കൊടുക്കാന്ന് പറഞ്ഞ് അവിടുന്ന് മേടിക്കാം '.

' എന്നാല്‍ ചെന്നോളൂ '.

മായന്‍കുട്ടി വേഗത്തില്‍ നടന്നു.

****************************************************

കല്യാണി വരുന്നത് കണ്ടപ്പോള്‍ സുകുമാരന്ന് തോന്നിയ ആഹ്ലാദത്തിന്ന് അളവില്ല. എത്ര കാലമായി ഒറ്റയ്ക്കൊന്ന് കാണാന്‍ കൊതിച്ചു തുടങ്ങിയിട്ട്. ഭാഗ്യത്തിന്ന് ഒരു മനുഷ്യജീവി അടുത്തൊന്നുമില്ല.

മില്ല് തുറന്നിട്ടുണ്ടെങ്കിലും സുകുമാരനല്ലാതെ മറ്റാരേയും കാണാനില്ല. കല്യാണിക്ക് നേരിയ ഭയം തോന്നി. ഇയാള് അത്ര നല്ല ആളല്ല.

' എന്താ കുട്ടി ' സുകുമാരന്‍ ചോദിച്ചു. ആ വാക്കുകളിലെ മര്യാദ അവള്‍ക്ക് കുറച്ചൊരു ധൈര്യം നല്‍കി.

' ആരൂല്യേ ഇവിടെ ' അവള്‍ ചോദിച്ചു.

' ഞാന്‍ ഇരിക്കുന്നത് കാണുന്നില്ലേ ' അയാള്‍ ചിരിച്ചു ' കുട്ടിക്ക് എന്താ വേണ്ടത് '.

' തവിട് '.

' എവിടേയാ ഉള്ളത് എന്നറിയ്യോ '.

അവള്‍ തലയാട്ടി.

' എന്നാല്‍ പോയി എടുത്തോളൂ '.

കല്യാണി ചാക്കുമായി അകത്തേക്ക് നടന്നു.

***********************************

മില്ലിലേക്ക് പോയ മായന്‍കുട്ടി ഓടി വരുന്നതാണ് വേണു കണ്ടത്.

' മൂത്താരേ, വേഗം വരിന്‍ ' അവന്‍ വിളിച്ചു പറഞ്ഞു ' രാഘവന്‍ മുതലാളിടെ മകന്‍ നമ്മടെ കല്യാണിയെ കേറി പിടിച്ചിരിക്കുന്നു. പിടീം വലീം ആണ് അവിടെ '.

' അവര് എവിടെയുണ്ട് ' വേണു ചോദിച്ചു.

' മില്ലില് '. ഇരുവരും നടത്തത്തിന്ന് വേഗത കൂട്ടി.

' എന്നിട്ടെന്താ തടയാന്‍ ചെല്ലാതെ മായന്‍കുട്ടി ഓടി വന്നത് '.

' അയാളുടെ കയ്യില്‍ തോക്ക് ഉണ്ടാവും. അതോണ്ട് എന്നെ വെടി വെക്കും '.

' എന്താ അങ്ങിനെ തോന്നാന്‍ '.

' സ്കൂളില്‍ പോണ കാലത്ത് അവന്‍റെ അച്ഛനാണ് എന്‍റെ അപ്പന്‍ എന്ന് കുട്ടികള് പറഞ്ഞ് കേട്ടിരുന്നു. കുറച്ച് വലുതായപ്പോള്‍ അത് ചോദിക്കണമെന്ന് തോന്നി. ചെന്നപ്പൊ തോക്കും എടുത്തോണ്ടാ അവന്‍ വന്നത് '.

മായന്‍കുട്ടിയുടെ ഒപ്പമെത്താന്‍ വേണുവിന്ന് ആയില്ല.

*************************************************

മതിലിന്ന് പുറത്ത് പാതയോരത്ത് കാര്‍ നിര്‍ത്തി രാധാകൃഷ്ണന്‍ ഇറങ്ങി. മില്ല് പൂട്ടി വേഗം വീട്ടിലേക്ക് പോണം. നോക്കുമ്പോള്‍ മുന്‍ ഭാഗത്തെ വാതില്‍ അടച്ചിട്ടില്ല. കാവല്‍ ഏല്‍പ്പിച്ച കാര്‍ത്ത്യായിനിയമ്മയെ കാണാനുമില്ല. മരച്ചുവട്ടില്‍ സുകുമാരന്‍റെ അച്ഛന്‍റെ സ്കൂട്ടര്‍ നില്‍ക്കുന്നു. രാധാകൃഷ്ണന്‍ മില്ലിലേക്ക് നടന്നു.

അകത്തു നിന്ന് ഏതോ ഒരു പെണ്ണിന്‍റെ കരച്ചില്‍ കേള്‍ക്കാനുണ്ട്. ധൃതിയില്‍ അങ്ങോട്ട് ചെന്നു. തവിട് സൂക്ഷിക്കുന്ന മുറിയില്‍ നിന്നാണ് കരച്ചില്‍. വാതില്‍ തള്ളിത്തുറന്ന് കടന്നപ്പോള്‍ കണ്ട കാഴ്ച അയാളെ അമ്പരപ്പിച്ചു. കല്യാണി മിക്കവാറും വിവസ്ത്രയാക്കപ്പെട്ടു കഴിഞ്ഞു. അവളെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിലാണ് സുകുമാരന്‍. രണ്ടുപേരും തമ്മില്‍ മല്‍പ്പിടുത്തം നടക്കുകയാണ്. രാധാകൃഷ്ണന്‍റെ ക്ഷമയുടെ നെല്ലിപ്പടി ഇളകി. കാക്കയേ ആട്ടാന്‍ വെച്ച വടി അയാള്‍ കയ്യിലെടുത്തു.

പിന്നീട് നടന്നതൊന്നും സ്വബോധത്തോടെയായിരുന്നില്ല. വടി നിരവധി തവണ സുകുമാരന്‍റെ ദേഹത്ത് പതിഞ്ഞു. അയാള്‍ പറഞ്ഞതൊന്നും രാധാകൃഷ്ണന്‍റെ ചെവിയിലെത്തിയില്ല. ഏതോ ഒരു നിമിഷത്തില്‍ സുകുമാരന്‍ വടിയില്‍ കേറി പിടിച്ചു. പിന്നീട് ശരിക്കും കയ്യാങ്കളിയായി. കല്യാണി പേടിച്ചരണ്ട് ഒരു മൂലയില്‍ തേങ്ങി കരഞ്ഞുകൊണ്ട് നിന്നു.

***********************************************

മായന്‍കുട്ടി വാതില്‍ക്കല്‍ നിന്നു. വേണു കയറി ചെല്ലുമ്പോള്‍ പൊരിഞ്ഞ അങ്കമാണ്. രണ്ടുപേരേയും പിടിച്ചു മാറ്റാനായി അയാള്‍ ഇടയ്ക്ക് കയറി. ഉന്തും തള്ളിന്നുമിടയില്‍ വേണു അടുക്കി വെച്ച ചാക്ക് കെട്ടിലേക്ക് മറിഞ്ഞുവീണു. കയ്യിലുള്ള ഊന്നുവടി തെറിച്ചു പോയി. വടിയില്‍ നിന്ന് ഊരി വീണ വാള്‍ സുകുമാരന്‍റെ കണ്ണില്‍ പ്പെട്ടു. അയാള്‍ പെട്ടെന്ന് അത് കരസ്ഥമാക്കി. രാധാകൃഷ്ണനോടുള്ള അമര്‍ഷം
പുകഞ്ഞു നില്‍ക്കുകയാണ്. വാളുമായി അയാള്‍ പ്രതിയോഗിയെ നേരിടാനൊരുങ്ങി.

വേണു നോക്കുമ്പോള്‍ സുകുമാരന്‍ രാധാകൃഷ്ണനെ ആക്രമിക്കാന്‍ ഒരുങ്ങുകയാണ്. വരാന്‍ പോവുന്ന ആപത്ത് അയാളെ ചകിതനാക്കി. എങ്ങിനെയെങ്കിലും രാധാകൃഷ്ണനെ ആപത്തില്‍ നിന്ന് രക്ഷിക്കണം. അയാള്‍ അവര്‍ക്കിടയിലേക്ക് കയറി.

വയറ്റിലൂടെ എന്തോ തുളഞ്ഞ് കയറുന്നതായി വേണുവിന് അനുഭവപ്പെട്ടു. കൈ കൊണ്ട് വയറ്റിലമര്‍ത്തി അയാള്‍ നോക്കുമ്പോള്‍ സുകുമാരന്‍ വെട്ടാന്‍ ആയുകയാണ്. ഒരു വട്ടം കൂടി വേണു രാധാകൃഷ്ണന്ന് രക്ഷാകവചം ഒരുക്കി. തലയുടെ ഇടത്തു ഭാഗത്ത് വെട്ടേറ്റതും അയാള്‍ വീണു. കല്യാണിയുടെ കരച്ചില്‍ ഉച്ചത്തിലായി.

രാധാകൃഷ്ണന്‍ വേണുവിനെ കടന്നു പിടിച്ചു. മുറിവായിലൂടെ ചുടുചോര ഒഴുകുകയാണ്. ഒരു നിമിഷം അയാളൊന്ന് പതറി. സുകുമാരന്‍ വാള്‍ വലിച്ചെറിഞ്ഞു. രക്ഷപ്പെടുവാനുള്ള വെമ്പലായിരുന്നു അയാളുടെ മനസ്സ് മുഴുവന്‍. അയാള്‍ പുറത്തേക്കോടി.

മായന്‍കുട്ടി ഒന്നേ നോക്കിയുള്ളു. അവന്‍റെ മൂത്താര് ചോരയില്‍ മുങ്ങി കിടക്കുകയാണ്. ചോര അവനെ അസ്വസ്ഥനാക്കി. തലയ്ക്കകത്ത് നൂറുനൂറ് പാമ്പുകള്‍ ഇഴയുന്നതുപോലെ. വതില്‍ക്കല്‍ നിന്ന തന്നെ തള്ളി മാറ്റി ഓടുന്ന സുകുമാരനെ അവന്‍ കണ്ടു. ഫോട്ടൊയില്‍ കണ്ട, ഉണ്ണികൃഷ്ണന്‍ തലയില്‍ കയറി നില്‍ക്കുന്ന അഞ്ചു തലയുള്ള പാമ്പ് ഇഴഞ്ഞു പോവുന്നതായി അവന്ന് തോന്നി.

****************************************************
രാധാകൃഷ്ണന്‍ വേണുവിനെ കാറില്‍ കയറ്റി പാലക്കാട്ടേക്ക് വിട്ടു. സഹായത്തിന്ന് ബഹളം കേട്ട് ഓടി കൂടിയ രണ്ടു മൂന്ന് പേരെ കൂടെ കൂട്ടി. രാജന്‍ മേനോന്‍റെ വീട്ടിനടുത്തെത്തിയപ്പോള്‍ അയാളെ വിവരം അറിയിക്കണമെന്ന് അവന് തോന്നി. സന്ധ്യാ ദീപം തെളിയിച്ചു വെച്ച പൂമുഖത്ത് മേനോന്‍ ഇരിപ്പുണ്ട്.

' അങ്കിള്‍ ' രാധാകൃഷ്ണന്‍ വിളിച്ചു ' ഇപ്പൊ തന്നെ ഷര്‍ട്ട് ഇട്ട് എന്‍റെ ഒപ്പം ഇറങ്ങൂ '.

' എന്താ ' മേനോന്‍ ചോദിച്ചു.

'സംസാരിച്ചു നില്‍ക്കാന്‍ സമയമില്ല. വേണു അങ്കിളിനെ പെട്ടെന്ന് ആസ്പത്രിയിലെത്തിക്കണം '.

കാറില്‍ കയറിയ ശേഷമാണ് മേനോന്‍ വിവരം അറിഞ്ഞത്. അയാള്‍ നോക്കിയപ്പോള്‍ വേണു ഉച്ചത്തില്‍ ശ്വാസം വലിക്കുകയാണ്. ബോധം നഷ്ടപ്പെട്ടിരിക്കുന്നു. മുറിവുകളിലൂടെ രക്തം കുതിച്ചൊഴുകി പിന്നിലെ സീറ്റില്‍ ഇരുന്നവരുടെ വസ്ത്രങ്ങളെ കുതിര്‍ത്തിട്ടുണ്ട്.

' തലയിലും വയറ്റിലും ഉള്ള മുറിവുകള്‍ രണ്ടും വളരെ ഗുരുതരമാണ് ' മേനോന്‍ പറഞ്ഞു
' വേണുവിനെ ആസ്പത്രിയില്‍ എത്തിച്ചതും വേണ്ടപ്പെട്ടവരെ അറിയിക്കണം '.

******************************************
കാറ് നീങ്ങിയതും ആരോ ഓടിച്ചെന്ന് സ്വാമിനാഥനെ വിവരം അറിയിച്ചു. കളപ്പുരയിലേക്കും വിവരം പറയാന്‍ ആള് പോയി.

വക്കീലിന്‍റെ വീട്ടിലേക്ക് ഫോണ്‍ വിളിച്ച് വിവരം അറിയിച്ച ശേഷം കുറെ പണവുമെടുത്ത് സ്വാമിനാഥന്‍ ഇറങ്ങി.

' പറ്റുന്നോര് എന്‍റെ കൂടെ വരിന്‍ ' അയാള്‍ പറഞ്ഞു ' ചിലപ്പോള്‍ ചോരടെ ആവശ്യം വരും '.

ആരൊക്കെയോ കാറില്‍ തിക്കി കയറി.

***********************************************************

' എന്‍റെ മകള് കരയണ്ടാ ' ജാനുമുത്തി കല്യാണിയെ ആശ്വസിപ്പിച്ചു ' നിനക്ക് ഒന്നും പറ്റീലല്ലോ '.

' എന്നാലും ഞാന്‍ എങ്ങിനെ മനുഷ്യന്മാരുടെ മുഖത്ത് നോക്കും ' പെണ്‍കുട്ടി തേങ്ങിക്കരഞ്ഞു.

' നീ അവനെ എതിര്‍ത്ത് നിന്നില്ലേ. അത് മതി ' മുത്തി പെണ്‍കുട്ടിയെ ആശ്വസിപ്പിച്ചു ' എന്‍റെ ചാമി കൊടുങ്ങല്ലൂരിന്ന് ഇങ്ങിട്ട് വരട്ടെ. കൊത്തി കഷ്ണാക്കും അവനെ '.

പെണ്‍കുട്ടിക്കും അതായിരുന്നു ഏക ആശ്വാസം.

( അടുത്ത അദ്ധ്യായത്തോടെ ഈ നോവല്‍ അവസാനിക്കുന്നു ).




Tuesday, April 12, 2011

നോവല്‍ - അദ്ധ്യായം - 131.

മിണ്ടാതെ കുത്തിയിരുന്ന് നിങ്ങള് സമ്പാദിച്ചു കൊണ്ടു വരുന്നതിന്ന് ഓഹരി പറ്റി തിന്നാന്‍ മടീണ്ട് ' ഒരു ദിവസം സന്ധ്യക്ക് എല്ലാവരോടുമായി ചാമായി പറഞ്ഞു.

' അതെന്താ, ഞങ്ങളാരെങ്കിലും നിന്നോട് മുഖക്കറുപ്പ് കാട്ട്യോ ' ദേവൂട്ടി ചോദിച്ചു.

' അയ്യോ. ഇല്ലാത്തത് പറയാന്‍ പാടില്ല. ഇന്നേവരെ ഒരാളും ഒന്നും പറയും കാട്ടും ഉണ്ടായിട്ടില്ല ' ചാമായി പറഞ്ഞു ' വെറുതെ ഇരിക്കാന്‍ എനിക്കൊരു മടി '.

' നിങ്ങക്ക് പണിക്ക് പോവാന്‍ വയ്ക്കോ ' കണ്ണന്‍ ചോദിച്ചു ' അതിനുള്ള കാലോക്കെ കഴിഞ്ഞില്ലേ '.

' എന്നാലും ആവുന്നത് ചെയ്യണംന്ന് തോന്നുണുണ്ട് '.

' എന്താ നിങ്ങക്ക് വയ്ക്കാ '.

' നിങ്ങളൊക്കെ പണിക്ക് പോയാല്‍ ഇവിടത്തെ മുറ്റം അടിച്ച് വാരാം. പാത്രങ്ങള് മോറാം. തോണ്ടിപ്പാനി തന്നാല്‍ വെള്ളം കോരി നിറയ്ക്കാം. പണി മാറി വരുമ്പൊ പെണ്ണുങ്ങള്‍ക്ക് ഒരു കയ്യാക്കം കിട്ടില്ലേ '.

' ആവൂ. എന്തോന്ന് വിചാരിച്ചു ' ദേവൂട്ടി പറഞ്ഞു ' നാളെ മുതല് നീ ആവുന്നതൊക്കെ ചെയ്തോ '.

അതിന്ന് ചാമായി ഒന്നും പറഞ്ഞില്ല. അയാള്‍ എന്തോ ആലോചിച്ചുകൊണ്ടിരുന്നു.

' എന്താ നീ ഒന്നും മിണ്ടാത്തത് ' ദേവൂട്ടി അന്വേഷിച്ചു.

' ഒരു വഴിപാട് ബാക്കീണ്ട്. പാഞ്ചാലി നേര്‍ന്നതാ '.

' എന്താന്ന് പറ '.

ചാമായിയുടെ മനസ്സിലൂടെ ആ രംഗങ്ങള്‍ കടന്നു പോയി. ഒരു രാത്രി കഞ്ഞി കുടിക്കാനിരുന്നതാണ്. വേണ്ടത്ര ചാരായം കിട്ടാത്തതിന്‍റെ വിഷമം മനസ്സ് നിറച്ചുണ്ട്. അതിനിടയിലാണ് മകള്‍ സംഭാഷണം
തുടങ്ങിയത്.

'അപ്പാ, നമുക്ക് എവിടെക്കെങ്കിലും പോവാം ' അവള്‍ പറഞ്ഞു' ഇവിടെ നമ്മളെ സഹായിക്കാന്‍ ആരൂല്യാ. എവിടേങ്കിലും ചെന്ന് ഞാന്‍ പണീ ചെയ്ത് അപ്പനെ നോക്കിക്കോളാം '.

' തലയും മുലയും ഉള്ളതോണ്ട് കാരൂല്യാ. പെണ്ണുങ്ങളായാല്‍ സാമര്‍ത്ഥ്യം വേണം. നിനക്ക് അതില്ല '
അപ്പോള്‍ വായില്‍ വന്നത് അതാണ്.

' എന്തൊക്ക്യാ നിങ്ങള് പറയിണത് '.

' ഞാന്‍ പറയും. നീ വേണ്ട മട്ടില് നടന്നാല്‍ എനിക്ക് കുപ്പിക്കണക്കില്‍ മുന്തിയത് കിട്ടും. ഇപ്പൊഴോ. ഒരു വസ്തൂന് കൊള്ളാത്ത ചാരായം. അതും തൊണ്ട നനയാന്‍ തികയില്ല '.

' നിങ്ങളുടെ കള്ളു കുടി നിന്നാല്‍ കൊടുങ്ങല്ലൂരമ്മയ്ക്ക് ഞാന്‍ അഞ്ചുറുപ്പിക വഴിപാട് എത്തിക്കാം ' കണ്ണ് തുടച്ചുകൊണ്ടാണ് അവള്‍ പറഞ്ഞത്.

' ചത്ത് മണ്ണിന്‍റെ അടീല്‍ പുഴുവരിച്ച് കിടക്കുന്ന എന്‍റെ മകളുടെ പേരില്‍ ദൈവത്തിന്ന് ഒരു കടം വേണ്ടാ ' ചാമായി പറഞ്ഞു നിര്‍ത്തി.

' അതിന് വഴിയുണ്ട് ' കണ്ണന്‍ പറഞ്ഞു ' നാളെ മറ്റന്നാളായിട്ട് ആളുകള് ഭരണിക്ക് പോകാന്‍ തുടങ്ങും. നമുക്ക് ആരുടേങ്കിലും കയ്യില്‍ കൊടുത്ത് വിടാം '.

**********************************************

' താനാരം തന്നാരം ദേവി, താനാരം തന്നാരോ '.

ചെറു സംഘങ്ങളായി പാതയിലൂടെ പോയിരുന്ന കൊടുങ്ങല്ലൂര്‍ ഭരണിക്കാരുടെ പാട്ട്, മുളങ്കോലു കൊണ്ടുള്ള കൊട്ടലിന്‍റേയും , വെളിച്ചപ്പാടന്മാരുടെ അരമണിയുടേയും ചിലങ്കകളുടേയും വാളുകളിലെ മണികളുടേയും ഒച്ചയോടുമൊപ്പം വെള്ളപ്പാറ കടവും കടന്നെത്തി.

' ആളുകള് ഭരണിക്ക് പോയി തുടങ്ങി. നീ എപ്പഴാ ചാമ്യേ പോണത് ' നാണു നായര്‍ അന്വേഷിച്ചു.

' നാളെ ഉച്ച തിരിഞ്ഞിട്ട് പുറപ്പെടും ' അവന്‍ മറുപടി നല്കി.

' ആരൊക്കെ ഉണ്ടെടാ നിന്‍റെ കൂടെ ' എഴുത്തശ്ശന്ന് അറിയേണ്ടത് അതാണ്.

' ഞാന്‍ ഇക്കുറി ഇവിടുത്തെ ആളുകളുടെ ഒപ്പം പോണില്ല ' ചാമി പറഞ്ഞു ' അപ്പന്‍റെ ചെറിയ പെങ്ങളെ കണ്ണാടിക്ക് കെട്ടിച്ചു കൊടുത്തിട്ടുണ്ട്. മൂപ്പത്ത്യാര് വെളിച്ചപ്പാടാണ്. അവരുടെ കൂടെയാണ് കൊല്ലാവധി നമ്മടെ വേലപ്പന്‍ പോവാറ്. ഞാനും അവരടെ കൂടെ പോവും '.

' ഇവിടുന്ന് വിട്ട് ഞങ്ങളുടെ കണ്ണ് തപ്പിച്ചാല്‍ കുടിച്ച് ബോധം കെട്ട് പാത ചാലില്‍ കിടക്ക്വോടാ നീയ്യ് ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഇല്ല ' ചാമി പറഞ്ഞു ' ഒറപ്പായിട്ടും ഇല്ല. ഒരു പുത്തിമോശത്തിന്ന് തപ്പ് പറ്റണ്ടാന്ന് കരുതീട്ടാണ് ഞാന്‍
ഇവിടുത്തെ ആള്‍ക്കാരെ വിട്ട് വേലപ്പന്‍റെ കൂടെ പോണത് '.

പിറ്റേന്ന് പത്ത് മണിയോടെ ചാമി ഒരുങ്ങി പുറപ്പെട്ട് എത്തി. മരുമകന്‍റെ കല്യാണത്തിന്ന് ഇടാന്‍ വേണു വാങ്ങിക്കൊടുത്ത വെള്ള ഷര്‍ട്ടും മുണ്ടുമാണ് വേഷം.

'പ്രാന്ത കുപ്പണ്ണാ ' എഴുത്തശ്ശന്‍ പറഞ്ഞു ' ഇമ്മാതിരി വെള്ളമുണ്ടും ഷര്‍ട്ടും ആയിട്ട് ആരെങ്കിലും ഭരണിക്ക്
പോവ്വോടാ. മടങ്ങി വരുമ്പഴയ്ക്ക് മഞ്ഞപ്പൊടീം പൂഴീം ആയിട്ട് അതൊക്കെ നാനായിധാവും '.

' എന്‍റെ ഒരു മോഹം ആണ് 'ചാമി പറഞ്ഞു ' മുതലാളി തന്നത് ഇട്ടിട്ട് പോണംന്ന് '.

വേണു നൂറിന്‍റെ രണ്ട് നോട്ടുകള്‍ ചാമിക്ക് കൈമാറി. അത് വാങ്ങി കണ്ണില്‍ തൊടുവിച്ച് അവന്‍ ബെല്‍ട്ടിലെ പേഴ്സില്‍ ഇട്ടു.

' നടക്കട്ടെ. വേലപ്പന്‍ കാത്ത് നിക്കുണുണ്ടാവും. ഞാന്‍ ചെന്നിട്ട് വേണം കണ്ണാടിക്ക് പോകാന്‍ '.

' നിക്ക് ' എഴുത്തശ്ശന്‍ മടിശ്ശീലയില്‍ നിന്ന് പത്തുറുപ്പിക എടുത്ത് വേണുവിന്‍റെ തലയ്ക്ക് ചുറ്റും ഉഴിഞ്ഞ് ചാമിയുടെ നേരെ നീട്ടി ' ഇത് തൃപ്പടീമ്പില് വെക്കണം '.

ചാമി അത് വാങ്ങി. ' ഇനി വന്നിട്ട് കാണാം ' അവന്‍ നടന്നകന്നു.

' നല്ല സ്ഥായീള്ള ചെക്കനാണ് അവന്‍ ' നാണു നായര്‍ പറഞ്ഞു ' എന്നാലും ഇത്ര തോനെ പണം നീ അവന് കൊടുക്കേണ്ടിയിരുന്നില്ല '.

' നാണുമാമേ, ഞാന്‍ സമ്പാദിക്കുന്നത് കാത്തിരിക്കാന്‍ എനിക്ക് ആരാ ഉള്ളത് ' വേണു പറഞ്ഞു ' അപ്പോള്‍ എന്‍റെ കയ്യിലുള്ളത് എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കുന്നു. അതിലെന്താ തെറ്റ് '.

ഉച്ച ഭക്ഷണം കഴിഞ്ഞതും എഴുത്തശ്ശന്‍ തിണ്ടില്‍ തോര്‍ത്ത് വിരിച്ചു കിടന്നു. അകത്ത് പുസ്തകം വായിച്ചു കിടന്ന വേണുവും ക്രമേണ മയക്കത്തിലേക്ക് വഴുതി വീണു. അയാളുടെ മനസ്സിലേക്ക് എന്തെല്ലാമോ കടന്നു ചെല്ലുകയാണ്

വേണുവും ചാമിയും യാത്രയിലാണ്. ഇടയ്ക്ക് എവിടേയോ വെച്ച് ചാമിയെ കാണുന്നില്ല. വേണു ഒറ്റയ്ക്ക് യാത്ര തുടരുകയാണ്. അപരിചിതമായ ഇടങ്ങളിലൂടെയാണ് അയാള്‍ നടക്കുന്നത്. തെങ്ങിന്‍ തോപ്പുകളും, നെല്‍പ്പാടങ്ങളും കടന്ന് അയാള്‍ നീങ്ങി. വെട്ടുകല്ലില്‍ തീര്‍ത്ത മതിലുകളും , മനയ്ക്കലെ കുളവും അയാള്‍ കാണുന്നുണ്ട്. വെള്ളാരന്‍ കല്ലുകളും മണലും നിറഞ്ഞ അടിഭാഗത്തിന്ന് മുകളിലായി കുളത്തിലെ തെളിഞ്ഞ വെള്ളം. കുളത്തിന്‍റെ നടുവിലൊരു ആമ്പല്‍പൂവ് വിരിഞ്ഞ് നില്‍പ്പുണ്ട്. മേല്‍ത്തട്ടില്‍ എഴുത്തശ്ശന്‍ ചാതികള്‍ വരയ്ക്കുന്ന വൃത്തങ്ങളെ തെളിനീരിന്നടിയിലൂടെ നീന്തുന്ന ചെറുമീനുകള്‍ അനക്കുന്നില്ല.

ഇപ്പോള്‍ കാഴ്ച മാറി. തീരെ ചെറിയൊരു പുഴയിലെ വെള്ളത്തിലൂടെ വേണു നടക്കുകയാണ്. ഒഴുക്കിന്ന് ഒപ്പമാണ് അയാള്‍ നടന്നു നീങ്ങുന്നത്. പുഴയുടെ ഇരുവശങ്ങളിലുമുള്ള തെങ്ങുകളുടെ നിഴല്‍ തെളിഞ്ഞ വെള്ളത്തില്‍ പെരുമ്പാമ്പുകളെ പോലെ ഇഴയുന്നത് കാണാം. ക്രമേണ വെള്ളത്തിന്‍റെ നിറം ചുവപ്പായി മാറി തുടങ്ങി. ഒടുവിലത് രക്തവര്‍ണ്ണമായി പരിണമിച്ചു. ആര്‍ത്തലച്ച് ഒഴുകുന്ന ചോരപ്പുഴ. കാണുന്നതെല്ലാം ചുവപ്പ് നിറം പൂണ്ടു. പരിഭ്രമത്തോടെ വേണു എഴുന്നേറ്റു. ആകെ വിയര്‍ത്തു കുളിച്ചിരിക്കുന്നു.

ഉമ്മറത്ത് അമ്മാമയും നാണുമാമയും സംസാരിക്കുന്നത് കേള്‍ക്കാനുണ്ട്. വേണു അങ്ങോട്ട് ചെന്നു.

' എന്താ വല്ലാണ്ടെ ഇരിക്കിണ്. വയ്യായ വല്ലതും തോന്നുണുണ്ടോ ' എഴുത്തശ്ശന്‍ ചോദിച്ചു.

വേണു താന്‍ കണ്ട സ്വപ്നം വിവരിച്ചു.

' ചോപ്പ് നിറം സ്വപ്നം കണ്ടാല്‍ ചോര കാണും ' നാണു നായര്‍ പറഞ്ഞു.

' ഓരോന്ന് പറഞ്ഞ് മനുഷ്യനെ പേടിപ്പിക്കാണ്ടെ മിണ്ടാണ്ടിരിക്കിനേ ' എഴുത്തശ്ശന്‍ ശാസിച്ചു ' അല്ലെങ്കിലേ മനസ്സമാധാനം ഇല്ലാണ്ടെ ഇരിക്ക്യാണ് '.

പടി കടന്ന് മായന്‍കുട്ടി എത്തി.

' നടക്കാന്‍ പോവ്വല്ലേ ' അവന്‍ ചോദിച്ചു.

' ഈ പൊരി വെയിലത്തോ ' എഴുത്തശ്ശനാണ് മറുപടി പറഞ്ഞത്.

' എനിക്ക് ഇത് കഴിഞ്ഞിട്ടു വേണം മില്ലില്‍ ചെന്ന് തവിട് വാങ്ങാന്‍ '.

' ലേശം നേരം നില്‍ക്ക് ' നാണു നായര്‍ പറഞ്ഞു ' ചായ കുടി കഴിഞ്ഞതും പൊയ്ക്കോളിന്‍ '.

' ഞാന്‍ പോയി ചായ വാങ്ങീട്ട് വരണോ '.

എഴുത്തശ്ശന്‍ സമ്മതിച്ചു. മായന്‍കുട്ടി ചായ വാങ്ങാന്‍ പുറപ്പെട്ടു.

***********************************************

രാധാകൃഷ്ണന്‍ എത്തുമ്പോഴും കാറിന്‍റെ പണി കഴിഞ്ഞിരുന്നില്ല. ബോണറ്റ് തുറന്നു വെച്ച് മെക്കാനിക്ക് രാമേട്ടന്‍ എന്തോ ചെയ്യുകയാണ്.

' ഇനിയും കഴിഞ്ഞില്ലേ ' രാധാകൃഷ്ണന്‍ ചോദിച്ചു.

' അഞ്ച് മിനുട്ട്. ഇപ്പൊ തരാം '.

രാധാകൃഷ്ണന് വല്ലാത്തൊരു അസ്വസ്ഥത തോന്നി. മില്ലില്‍ പണിക്കാരാരും ഇല്ല. കൊടുങ്ങല്ലൂരിലേക്ക് പോവാനും പോവുന്നവരെ യാത്രയയയ്ക്കാനുമായി എല്ലാവരും ലീവിലാണ്. വാച്ച്‌മാന്‍ പൊന്നുമണി രണ്ടു ദിവസമായി വന്നിട്ട്. അയാളുടെ മരുമകന്‍റെ അനുജന്‍, പടക്കം ഉണ്ടാക്കുമ്പോള്‍ തീ പിടിച്ച് അത്യാസന്ന നിലയില്‍ ആസ്പത്രിയിലാണ്. കാണാന്‍ പോയ അയാള്‍ എന്ന് വരുമെന്ന് ഒരു ഉറപ്പും ഇല്ല. നാലു മണിക്ക് മുമ്പ് ഞാന്‍ എത്താം, അതുവരെ ഉമ്മറത്തിരിക്കണം എന്ന് കാര്‍ത്ത്യായനിയേടത്തിയെ പറഞ്ഞ് ഏല്‍പ്പിച്ച് പോന്നതാണ്. ആ തള്ളയ്ക്ക് സന്ധ്യക്ക് മുമ്പ് വീടെത്തണം . മില്ല് പുട്ടിയിട്ട് വന്നാല്‍ മതിയായിരുന്നു. എങ്കില്‍ സൌകര്യം പോലെ തിരിച്ചു പൊയാല്‍ മതി.

അഞ്ച് മണിക്കുള്ള സൈറണ്‍ മുഴങ്ങിയിട്ടേ കാറ് കിട്ടിയുള്ളു. രാധാകൃഷ്ണന്‍ ചവിട്ടി പിടിച്ചു.









Monday, April 4, 2011

നോവല്‍ - അദ്ധ്യായം - 130.

മീന ചൂടില്‍ ഭൂമി വെന്തു നീറി. വരമ്പോരത്തെ പുല്ല് മുഴുവന്‍ കരിഞ്ഞ് ഇല്ലാതായി. പലരുടേയും ശരീരം വിയര്‍പ്പ് കുരുകൊണ്ട് നിറഞ്ഞു. കണ്ണില്‍ ദീനം പരക്കെ പടര്‍ന്നു പിടിച്ചു.

'സരോജിനിക്ക് കണ്ണില്‍ ദീനം വന്നിരിക്കുണു' നാണു നായര്‍ പറഞ്ഞു ' നാഴി വെള്ളം തിളപ്പിച്ച് തരുന്നത് മുടങ്ങ്വോന്നാ എന്‍റെ പേടി '.

'ഇളന്നീര്‍ കുഴമ്പ് വാങ്ങി ഒറ്റിക്കിന്‍ ' എഴുത്തശ്ശന്‍ ഉപദേശിച്ചു ' കുറച്ചൊക്കെ ഭേദം കിട്ടും '.

'എനിക്കാണെച്ചാല്‍ വിശര്‍പ്പ് കുരു വന്നിട്ട് ചൊറിഞ്ഞിട്ട് വയ്യ. മാന്തി മാന്തി ഞാന്‍ തോറ്റു '.

'അരിക്കാടി വെള്ളം തൂത്ത് കളയണ്ടാന്ന് മകളെ പറഞ്ഞ് ഏല്‍പ്പിക്കിന്‍. അത് കൊഴുക്കനെ മേലില് പുരട്ടി കുറച്ച് കഴിഞ്ഞ് കുളിക്കിന്‍. അതല്ലെങ്കിലോ ചാമിയോട് പനയില്‍ നിന്ന് ഇളന്നന്‍ വെട്ടി തരാന്‍ പറയിന്‍. വിയര്‍പ്പ് കുരു ഉള്ളോടത്ത് ഇളന്നന്‍റെ വെള്ളം തേച്ചാ മതി. ഭേദാവും '.

'അത് വേണ്ടാ. മുണ്ടിലും തുണീലും ഒക്കെ കറ വീഴും '.

വേനലിനെ കുറിച്ചുള്ള ആവലാതിയേ എവിടേയും കേള്‍ക്കാനുള്ളു. പത്ത് മണിയാവുമ്പോഴേക്കും പാറ ചുട്ട് പഴുക്കും. പിന്നീട് വീശുന്നത് തീകാറ്റാണ്. ഉച്ചയോട് കൂടി അതും നിലയ്ക്കും. പിന്നെ വിശറി കയ്യില്‍ നിന്ന് വെക്കാനാവില്ല.

'എപ്പൊ പോയ മഴയാണ് ഇത് ' എഴുത്തശ്ശന്‍ പറഞ്ഞു ' മകര മാസത്തില്‍ മഴ പെയ്യാഞ്ഞപ്പോള്‍ സന്തോഷിച്ചു. മഴ പെയ്താല്‍ മരുന്നും കൂടി കിട്ടില്ലാ, കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പേലും ചോറ്. പണ്ടൊക്കെ അങ്ങിനേയാ പറയാറ്. പക്ഷെ ഈ കുംഭത്തില് തുള്ളി തുപ്പീലല്ലോ '.

വെള്ളപ്പാറ കടവില്‍ വെള്ളം കണി കാണാന്‍ കൂടിയില്ല. പുഴ കടന്നു വരുന്നോര്‍ക്ക് എളുപ്പമായി. കാലിലെ ചെരിപ്പ് അഴിക്കേണ്ട ആവശ്യമില്ല.

'പുഴേല്‍ എന്താ ഒരു വെള്ളം. കഴുത്തിനറ്റം ഉണ്ട് ' കന്നാലി പിള്ളേര്‍ തമ്മില്‍ പറയും ' തുണി തിരുമ്പുന്ന ഭാഗത്ത് തല കീഴയി നിന്ന് നോക്കെടാ ' എന്ന അനുബന്ധവും ഒപ്പമുണ്ടാവും .

'എന്താ രണ്ടാളും കൂടി ചേരിന്‍ ചോട്ടില് ' ചാമിയെത്തി.

'വീട്ടിന്‍റെ ഉള്ളില് ഇരിക്കാന്‍ വയ്യ ' നാണു നായര്‍ പറഞ്ഞു ' ഇവിടെ നിന്നാല്‍ എപ്പഴെങ്കിലും ഒരു കാറ്റ് കിട്ടും '.

'കറുപ്പന്‍ വെളിച്ചപ്പാട് തെണ്ടാന്‍ വരുണുണ്ട് ' ചാമി പറഞ്ഞു ' നായമ്മാരുടെ തറേലാണ് ഇപ്പൊ. അവിടുത്തെ കഴിഞ്ഞാ ഇങ്ങോട്ടാ വരും എന്ന് പറഞ്ഞു. ഇക്കൊല്ലം നാലഞ്ച് വീടായില്ലേ ഇവിടെ '.

മീന ഭരണിക്ക് കൊടുങ്ങല്ലൂരിലേക്ക് പോവുന്ന വെളിച്ചപ്പാടന്മാര്‍ വീട് വീടാന്തരം ചെന്ന് വഴിപാട് വാങ്ങും. ഭസ്മം നല്‍കും. ചിലപ്പോള്‍ കല്‍പ്പനയും കൊടുക്കും.

'വേണുവിനോട് അര ഉറുപ്പിക കാശ് കൊടുക്കാന്‍ പറ ' നാണു നായര്‍ പറഞ്ഞു.

'അത് പോരാ ' എഴുത്തശ്ശന്‍ തിരുത്തി ' മൂന്ന് ഇടങ്ങഴി നെല്ലും, കുറച്ച് കുരുമുളകും, അഞ്ചാറ് കഷ്ണം മഞ്ഞളും കൊടുക്കണം. പിന്നെ ഒന്നേ കാല്‍ ഉറുപ്പിക വാളുമ്മേല്‍ പണം വെക്കും വേണം, അതൊന്നും വേണൂന് അറിയില്ല '.

മറ്റുള്ളവരേയും കൂട്ടി അയാള്‍ കളപ്പുരയിലേക്ക് നടന്നു. വൈകാതെ വെളിച്ചപ്പാട് എത്തി. അരമണിയോടും കാലിലെ ചിലങ്കയോടുമൊപ്പം കയ്യിലെ തിളങ്ങുന്ന വാള്‍ കലപില കൂട്ടിക്കൊണ്ടിരുന്നു. ചുവന്ന പട്ടുടുത്ത് അതുകൊണ്ടു തന്നെ ഞൊറി കെട്ടിയിട്ടുണ്ട്. ശിരസ്സിലെ മുറിപ്പാടില്‍ മഞ്ഞള്‍പൊടി പുരണ്ടിരിക്കുന്നു.

എഴുത്തശ്ശന്‍ അകത്ത് ചെന്ന് ഒരു കുണ്ടു മുറത്തില്‍ നെല്ല് അളന്നെടുത്തു. അതും ന്യൂസ്പേപ്പര്‍ കീറിയതില്‍ കുരുമുളകും കുറച്ച് മഞ്ഞള്‍ കഷ്ണങ്ങളുമായി ഭക്ത്യാദരവോടെ ഉമ്മറത്തിണ്ടില്‍ വെച്ചു. വെളിച്ചപ്പാടിന്‍റെ സഹായി നെല്ല് കയ്യിലുള്ള ചാക്കില്‍ കൊട്ടി. ചാക്കുസഞ്ചിയില്‍ പൊതിക്കെട്ടും നിക്ഷേപിച്ചു.

അരയില്‍ തൂക്കിയ സഞ്ചിയെടുത്ത് അതില്‍ നിന്നും വെളിച്ചപ്പാട് ഭസ്മം എടുത്ത് എല്ലാവര്‍ക്കും നല്‍കി. മുന്നിലേക്ക് നീട്ടിയ വാളിന്നുമേല്‍ വേണു ഒന്നേകാല്‍ ഉറുപ്പിക വെച്ചു, എഴുത്തശ്ശനും നാണുനായരും ചാമിയും ഓരോരോ നാണയങ്ങളും.

'തമ്പാട്ട്യേ ' എഴുത്തശ്ശന്‍ വേണുവിനെ ചൂണ്ടിക്കാണിച്ച് പറഞ്ഞു ' ഇവിടെ ഒരു കല്‍പ്പന കൊടുക്കിന്‍ '.

'കാലക്കേടുണ്ട് ' വെളിച്ചപ്പാട് വേണുവിന്‍റെ തലയില്‍ കൈ വെച്ച് പറഞ്ഞു ' സൂക്ഷിക്കണം '.

'എന്താ അതിന് ചെയ്യണ്ട് ' എഴുത്തശ്ശന്ന് പരിഭ്രമമായി.

വെളിച്ചപ്പാട് വാള് നിവര്‍ത്തി പിടിച്ച് വേണുവിന്‍റെ ശിരസ്സില്‍ മൂന്ന് പ്രാവശ്യം മെല്ലെ അടിച്ചു.

'ഭയപ്പെടണ്ടാ ' അയാള്‍ ആശ്വസിപ്പിച്ചു ' പൂപ്പ് കേട് കൂടാതെ അമ്മ നോക്കിക്കോളും '.

വെളിച്ചപ്പാടും സഹായിയും പടി കടന്നു പോയി.

'എന്താ ആ പറഞ്ഞതിന്‍റെ അര്‍ത്ഥം 'എഴുത്തശ്ശന്‍ ചോദിച്ചു' വീണ് കിടപ്പായിട്ട് എണീട്ടേ ഉള്ളു. ഇനി എന്താ വരാന്‍ പോണത് ആവോ '.

'നിങ്ങള് മിണ്ടാണ്ടിരിക്കിന്‍ 'നാണുനായര്‍ പറഞ്ഞു' അയാളാരാ. ദൈവോന്ന്വൊല്ലല്ലോ. മനുഷ്യനെ ഓരോന്ന് പറഞ്ഞ് പറ്റിക്ക്വേന്നെ '.

'ദൈവദോഷം പറയണ്ടാ. ഒന്നൂല്യെങ്കിലും അയാള് ദേവിടെ കോമരം അല്ലേ '

'ഇപ്പൊ ഇങ്ങിനെ നടക്കുന്നതൊന്നും കണക്കാക്കണ്ടാ. ഭരണി കഴിഞ്ഞ് വന്നാല്‍ അയാള് എങ്ങിന്യാ കഴിയ്യാ എന്ന് നിങ്ങള്‍ക്കറിയ്യോ '.

'എനിക്ക് നിശ്ചയൂല്യാ '.

'പണം പലിശയ്ക്ക് കൊടുക്കലാ പണി. പോരാത്തതിന്ന് കള്ളും വെള്ളൂം കുടിച്ച് നടക്കും ചെയ്യും '.

'നിങ്ങക്ക് എങ്ങിന്യാ അതൊക്കെ അറിയിണത് '.

'ഒരിക്കല് പണത്തിന്ന് ഇത്തിരി ബുദ്ധിമുട്ട് വന്നപ്പൊ ഞാന്‍ അയാളുടെ അടുത്ത് ഒരു ഇരുപത്തഞ്ച് ഉറുപ്പിക കൈവായ്പ്പ ചോദിച്ചു. പത്തിന് കാല് പലിശ കൊടുക്കാന്ന് പറഞ്ഞിട്ടും തന്നില്ല. കടം കൊടുത്താല്‍ തിരിച്ച് കിട്ട്വോന്ന് ഉറപ്പില്ലാത്ത ആള്‍ക്കാരുക്ക് കൊടുക്കില്ലാ എന്ന് പറഞ്ഞു '.

'മൂത്താര് പറയിണ മാതിരി കുടിച്ച് വട്ടത്തിരിഞ്ഞ് നടക്കിണ ആളല്ല കറുപ്പന്‍ പൂശാരി ' ചാമി ഇടപെട്ടു ' വെലി വെക്കാനോ, ബാധ ഒഴിപ്പിക്കാനോ ചെല്ലുന്നോടത്ത് കോഴീം ചാരായൂം ഒക്കെ ഉണ്ടാവും. അപ്പൊ മൂപ്പര് ലേശം കുടിക്കും. അല്ലാണ്ടെ കയ്യിന്ന് കാശ് ഇറക്കി കുടിക്കിണ എടവാട് ഇല്ല '.

'നമ്മള് ആലോചിക്കണ്ടാ ' എഴുത്തശ്ശന്‍ പറഞ്ഞു' വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരുന്നാല്‍ മതി '.

അതോടെ ആ വിഷയം അവസാനിച്ചു.

*******************************************

'കുറുമ്പിയാട് മേക്കുന്നോര് വന്നിട്ടുണ്ട്. പട്ടിയിടാനുണ്ടാവ്വോന്ന് ചോദിച്ചു ' വെള്ളം ചോദിച്ചു വന്ന കന്നു മേക്കുന്ന കുട്ടികളിലൊരാള്‍ വേണുവിനോട് പറഞ്ഞു.

'എനിക്ക് അറിയില്ല. അമ്മാമയോടോ ചാമിയോടോ ചോദിക്കണം '.

'അതും പറഞ്ഞിട്ട് ഇരുന്നാല്‍ അവര് അവരുടെ വഴിക്ക് പോവും ' കുട്ടികള്‍ അത് പറഞ്ഞതോടെ വേണുവിന്ന് അങ്കലാപ്പായി. പടിക്കല്‍ വന്ന് വടക്കോട്ടേക്ക് നോക്കി. ചേരിന്‍ ചുവട്ടില്‍ ആരുമില്ല.

'ആരേണ് നിങ്ങള് നോക്കുണത്' ഒരു ചെക്കന്‍ ചോദിച്ചു 'ചാമിയേട്ടനെയാണെങ്കില്‍ ചിലപ്പൊ മൂപ്പര് നെല്ലിച്ചോട്ടില്‍ ഉണ്ടാവും '.

വാതില്‍ പൂട്ടി ഉന്നുവടിയുമായി വേണു മെല്ലെ നടന്നു. കുട്ടികള്‍ പറഞ്ഞത് പോലെ ചാമി നെല്ലിച്ചുവട്ടില്‍ നില്‍ക്കുന്നുണ്ട്. കരിങ്കല്ലത്താണിയുടെ മുകളില്‍ എഴുത്തശ്ശന്‍ ഇരിക്കുന്നു.

'വയ്യാത്തോടത്ത് എന്തിനാ നീ ഈ വെയിലത്ത് വന്നത് ' എഴുത്തശ്ശന്‍ ചോദിച്ചു.

'ആട് മേക്കുന്നോര് വന്നിട്ടുണ്ടെന്ന് പിള്ളര് പറഞ്ഞു. പട്ടി ഇടണോന്ന് ചോദിച്ചൂ എന്നാ പറഞ്ഞത് '.

'ചാമ്യേ ' എഴുത്തശ്ശന്‍ വിളിച്ചു ' നീ വേഗം ചെന്ന് അവരെ കളപ്പുരയിലേക്ക് വിളിച്ചിട്ട് വാ. അപ്പഴെക്കും ഞങ്ങള് എത്താം '.

ചാമി വേഗത്തില്‍ നടന്നു , പുറകില്‍ എഴുത്തശ്ശനും വേണുവും. കളപ്പുരയില്‍ അവരെത്തി അല്‍പ്പ സമയം കഴിഞ്ഞതും ചാമി ആട് മേക്കുന്നവനുമായി എത്തി.

'എത്ര ആടുണ്ടടോ ' എഴുത്തശ്ശന്‍ ചോദിച്ചു. തമിഴന്‍ മിണ്ടാതെ നിന്നു.

'നൂറ്റമ്പത് ' ചാമിയാണ് പറഞ്ഞത് ' അവര് നാലാളുണ്ട് '.

'ആളക്ക് ഇരുന്നാഴി അരി കൊടുക്കാന്ന് പറ. പതിനഞ്ച് ഉറുപ്പികയും '.

'ഇരുപത്തഞ്ച് ചോദിച്ചു '.

'അത് ജാസ്തിയാണ്. രണ്ടും വേണ്ടാ. ഇരുപത് ആക്ക്. അങ്ങിനെ ആണെങ്കില്‍ കുളക്കണ്ടത്തിന്‍റെ മോളിലെ പാടത്ത് പട്ടിയിടീക്ക് '.

ചാമി തമിഴനെ കൂട്ടി നടന്നു.

'അമ്മാമേ, എന്തിനാ അരി കൊടുക്കുന്നത് ' വേണു ചോദിച്ചു.

'അവര്‍ക്ക് ആഹാരം വെക്കാന്‍ ' എഴുത്തശ്ശന്‍ പറഞ്ഞു ' കാശ് മേഞ്ചെലവിനാണ് '.

'ഇതോണ്ട് എങ്ങിനേയാ അവര്‍ കഴിയുന്നത് '.

'അതിന് മാത്രം എന്താ അവര്‍ക്ക് ചിലവ്. രണ്ട് നേരത്തെ ആഹാരത്തിന്നുള്ള അരി കൃഷിക്കാരുടേന്ന് കിട്ടും. ആടിനെ മേച്ചിട്ട് എത്ത്യാല്‍ അരി കഴുകി ചോറ് വെക്കും, കൂട്ടാനായിട്ട് ഉള്ളീം തക്കാളീം ഉപ്പും മുളകും ഇട്ടിട്ട് ഒരു കൊള്ളുപുളിയും. കൂട്ടത്തില് ആറേഴ് കോലാട് ഉണ്ടാവും. കുറുമ്പിയാടിന്ന് ഒരു ദൂഷ്യൂണ്ട്. അത് തല താഴ്ത്തി നടക്ക്വേ ഉള്ളു. കോലാടാണ് വഴി കാണിച്ച് മുമ്പേ നടക്കാന്‍. സന്ധ്യ കഴിഞ്ഞതും കൊള്ളുപുളിയും കോലാടിന്‍റെ പാലും ചോറ്റിലൊഴിച്ച് ചെറുചൂടില്‍ അതങ്ങിട്ട് കഴിച്ചിട്ട് കിടക്കും ' എഴുത്തശ്ശന്‍ വിവരിച്ചു 'പകലന്തിയോളം വെയിലും കൊണ്ടു നടക്കുന്നതല്ലേ. കിടക്കുമ്പഴക്കും അവര് ഉറങ്ങും. ഇതൊക്കെത്തന്നെ രാവിലീം ആഹാരം. അതോണ്ടെന്താ. മുതലാളി കൊടുക്കുന്ന ശമ്പളം വക്കും പൊട്ടും മുറിയാതെ അവരുടെ വീട്ടിലെത്തും '.

'എന്നാലും കഷ്ടം തന്നെ അവരുടെ ജീവിതം '.

ആരക്കാ കഷ്ടം ഇല്ലാത്തത്. അവരുടെ ആരോഗ്യം നമ്മക്ക് ഇല്ല. ഒരു ചീരാപ്പോ പനിയോ ഇവര്‍ക്ക് വരില്ല. ഒരു കാര്യം കൂടീണ്ട്. സ്വന്തം ആടുകളുള്ളവര് ഇവരുടെ എടേല് ഉണ്ട് '.

'ഞാനൊന്ന് നോക്കീട്ട് വരാമെ 'ന്നു പറഞ്ഞ് എഴുത്തശ്ശന്‍ നടന്നു. വേണു പുസ്തകം കയ്യിലെടുത്തു.

അകലെ നിന്ന് വിമാനത്തിന്‍റെ ശബ്ദം കേട്ടു തുടങ്ങി.