Thursday, December 30, 2010

നോവല്‍ - അദ്ധ്യായം - 112.

മകനും മരുമകളും മധുവിധുവിന്ന് പോകുന്നതിന്ന് മുമ്പുതന്നെ പത്മിനി കിട്ടുണ്ണിയുടെ കാര്യം രാധയോട്
പറഞ്ഞിരുന്നു.

' എനിക്ക് അയാളുടെ കാര്യം കേള്‍ക്കണ്ടാ ' എന്നായിരുന്നു ആദ്യത്തെ പ്രതികരണം.

' അങ്ങിനെ പറഞ്ഞാല്‍ എങ്ങിന്യാ. അവന്‍ നിന്നെ താലി കെട്ടിയ ആളല്ലേ '.

' ആ താലി ഞാന്‍ പൊട്ടിച്ച് അയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞല്ലോ '.

' അതിന്ന് നിന്നെ ഞാന്‍ കുറ്റം പറയില്യാ. എന്നാലും ചില വിട്ടുവീഴ്ചയൊക്കെ വേണ്ടേ '.

രാധ മിണ്ടാതെ നിന്നു.

' നീ നോക്ക് ' പത്മിനി പറഞ്ഞു ' എന്നോട് അവന്‍ എന്തൊക്ക്യാ കാട്ടീത്. എന്നിട്ടും ഞാന്‍ അതൊക്കെ മറന്നിട്ട് പെരുമാറുന്നില്ലേ '.

' എന്നാലും ചേച്ചീ, ഞാന്‍ പടിയിറങ്ങും മുമ്പ് വേറൊരു പെണ്ണിനെ കെട്ടുംന്ന് പറഞ്ഞില്ലേ '.

' അത് കുറെ കടന്ന വാക്കന്ന്യാണ്. പക്ഷെ അവന്‍ അങ്ങിനെ ചെയ്തില്ലല്ലോ '.

' എന്തിനാ ചെയ്യുന്നത്. അങ്ങിനെ ഒരു നിനവ് മനസ്സില്‍ വരാന്‍ പാട്വോ. ആ തോന്നല്‍ ഉള്ളതോണ്ടല്ലേ അങ്ങിനത്തെ
വാക്ക് വായിന്ന് വീണത് '.

പത്മിനിക്ക് ഇനി എന്താണ് പറയേണ്ടത് എന്ന് അറിയാതായി.

' ബാക്കി വേണു സംസാരിക്കും. അവന് എന്നെക്കാളും നിങ്ങളെയൊക്കെ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിവുണ്ട് '
എന്നും പറഞ്ഞ് അവര്‍ പിന്‍വാങ്ങി.

വേണുവിന്‍റെ പേര് കേട്ടതും രാധ പിന്നെ ഒന്നും മിണ്ടിയില്ല. വേണുവേട്ടന്‍ എത്ര നല്ല ആളാണ്. ആ മനുഷ്യന്‍ നടന്ന വഴിയില്‍ കൂടി നടക്കാനുള്ള യോഗ്യത കിട്ടുണ്ണ്യേട്ടനില്ല. ആര്‍ക്കും ദോഷം വരുന്ന ഒരു കാര്യവും അദ്ദേഹം ചെയ്യില്ല. നല്ലോണം ആലോചിച്ചിട്ടേ എന്തെങ്കിലും പറയൂ. മനസ്സിലുള്ള വിഷമങ്ങള്‍ മുഴുവന്‍ വേണുവേട്ടനോട് പറയണം.

മരുമകനും ഭാര്യയും യാത്രയായ ദിവസം വൈകുന്നേരം വേണുവും പത്മിനിയും രാധയുടെ അടുത്ത് സംസാരിക്കാന്‍ ചെന്നു.

' കിട്ടുണ്ണി പറഞ്ഞതെല്ലാം ന്യായീകരിക്കുകയല്ല ' വേണു പറഞ്ഞു ' അവന്‍റെ ഭാഗത്ത് ഒരുപാട് തെറ്റുകള്‍ ഉണ്ട്.
എങ്കിലും വേറേയും പല കാര്യങ്ങളും ആലോചിക്കാനുണ്ട് '.

രാധ ഒരക്ഷരം മിണ്ടാതെ എല്ലാം കേട്ടുനിന്നു.

കല്യാണം കഴിച്ചയച്ച പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാരുടേയും അവരുടെ ബന്ധുക്കള്‍ക്കളുടേയും മുമ്പില്‍ നിങ്ങള്‍
ഇങ്ങിനെ കഴിയുന്നത് കുറച്ചിലാണ്. പഠിപ്പും നല്ല പദവിയും ഉണ്ടെങ്കിലും മൂന്നാമത്തെ മകള്‍ക്ക് നല്ലൊരു ബന്ധം
കണ്ടെത്താനുണ്ട്. അച്ഛനും അമ്മയും പിണങ്ങി വേറിട്ട് കഴിയുകയാണ് എന്നറിഞ്ഞാല്‍ നല്ല കുടുംബത്തില്‍ നിന്ന്
ഒരു ആലോചന വരില്ല. അതുകൊണ്ട് തെറ്റുകളൊക്കെ പൊറുത്ത് രണ്ടാളും യോജിച്ച് കഴിയണം.

' ഞാന്‍ അടങ്ങി ഒതുങ്ങി കഴിഞ്ഞാലും എന്തെങ്കിലും പറഞ്ഞ് മേക്കട്ട് കയറാന്‍ വരും. ഒരു ദിക്കിലേക്ക് എന്നെ
കൊണ്ടു പോവില്ല. അന്ന് അമ്പലത്തില്‍ വന്ന് തൊഴുതതിനാണ് എന്നെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടത് '.

' അതൊക്കെ സമ്മതിച്ചു. കിട്ടുണ്ണിക്ക് അതില്‍ വിഷമമുണ്ട്. ഇനി അങ്ങിനെ ഉണ്ടാവാതെ നോക്കിയാല്‍ പോരേ '.

' ഞാന്‍ ഇറങ്ങാന്‍ നേരത്ത് നീ പോയാല്‍ നിന്നെക്കാളും നല്ല പെണ്ണിനെ എനിക്ക് കിട്ടും എന്ന് പറഞ്ഞു ' രാധ കണ്ണ്
തുടച്ചു.

' കിട്ടുണ്ണിക്ക് ഏതെങ്കിലും സ്ത്രീകളുമായി തെറ്റായ വല്ല ബന്ധവും ഉണ്ടെന്ന് രാധയ്ക്ക് തോന്നുന്നുണ്ടോ ' വേണു ചോദിച്ചു.

ഇല്ലെന്ന് രാധ തലയാട്ടി.

' എങ്കില്‍ അവന്‍ വിടുവായ പറഞ്ഞതാണ് എന്ന് കരുതിയാല്‍ മതി '.

കുറച്ച് നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.

' കിട്ടുണ്ണി വന്ന് വിളിച്ചാല്‍ രാധയ്ക്ക് പോയികൂടേ '.

' എന്‍റെ ഏട്ടന്മാരോട് ചോദിക്കണം. പോരുമ്പോള്‍ എന്‍റെ തുണികളൊക്കെ എടുത്തിട്ടാണ് പോന്നത്. അതൊക്കെ വലിയേട്ടന്‍റെ വീട്ടിലാണ് '.

' അത് ആലോചിച്ച് വിഷമിക്കണ്ടാ ' വേണു പറഞ്ഞു ' ഞാന്‍ നാളെത്തന്നെ രാധയുടെ ഏട്ടന്മാരെ കണ്ട് സംസാരിക്കുന്നുണ്ട്. ഇവിടെ നിന്ന് തിരിച്ച് പോകുമ്പോള്‍ രണ്ടാളും കൂടി അവിടെ ചെന്ന് രാധയ്ക്ക് എടുക്കാനുള്ളതൊക്കെ എടുത്തിട്ട് യാത്ര പറഞ്ഞ് പോയാല്‍ മതി '.

രാധയുടെ ഏട്ടന്മാര്‍ ബഹുമാനത്തോടെയാണ് വേണുവിനോട് പെരുമാറിയത്.

' നിങ്ങള്‍ പറഞ്ഞതോണ്ട് മാത്രാണ് അവളെ അയയ്ക്കുന്നത്. ഇനി അവളുടെ കണ്ണീര് വീഴാന്‍ പാടില്ല ' എന്ന്
രണ്ടാമത്തെ ആള്‍ പറഞ്ഞു.

' അന്നന്നെ ശേഷം ചോദിക്കാന്‍ ഞാന്‍ പുറപ്പെട്ടതാ ' മൂന്നാമന്‍ പറഞ്ഞു ' ഏട്ടന്മാര് മുടക്ക്യേതോണ്ട് മാത്രമാണ്
അത് ചെയ്യാഞ്ഞത് '.

' അതേതായാലും നന്നായി ' വേണു പറഞ്ഞു ' അല്ലെങ്കില്‍ നമുക്ക് ഇങ്ങിനെ ഇരുന്ന് സംസാരിക്കാന്‍ സാധിക്ക്യോ '.

ഉച്ച കഴിഞ്ഞതും കിട്ടുണ്ണി എത്തി. കാലത്ത് ഏതോ മീറ്റിങ്ങില്‍ സംബന്ധിച്ച ശേഷമാണ് അയാള്‍ എത്തിയത്.
കിട്ടുണ്ണിയേയും രാധയേയും കൂട്ടി സംസാരിക്കാന്‍ പത്മിനി മുന്‍കൈ എടുത്തു.

' നിന്‍റെ ശുണ്ഠി ഇത്തിരി ചുരുക്കിക്കോളണം ' അവര്‍ കിട്ടുണ്ണിയെ ശാസിച്ചു ' വീട്ടിലിരിക്കുന്ന പെണ്ണുങ്ങള്‍
അടിമകളാണ് എന്ന മട്ടില്‍ പെരുമാറാന്‍ പാടില്ല '.

കിട്ടുണ്ണി ഒരു എതിര്‍പ്പും പറയാതെ എല്ലാം മൂളി കേട്ടു. കാപ്പി കുടി കഴിഞ്ഞിട്ടാണ് അവര്‍ പുറപ്പെട്ടത്.

കിട്ടുണ്ണിയോടൊപ്പം രാധ കാറില്‍ കയറി പോവുന്നത് വേണുവും പത്മിനിയും നോക്കി നിന്നു. വളവും കടന്ന്
കാര്‍ കണ്ണില്‍ നിന്ന് മറഞ്ഞു.

' അങ്ങിനെ ആ പ്രശ്നം തീര്‍ന്നു അല്ലേ ഓപ്പോളേ ' വേണു ആശ്വാസം പ്രകടിപ്പിച്ചു.

' ഇനിയെങ്കിലും തല്ല് കൂടാതിരുന്നാല്‍ മതിയായിരുന്നു ' എന്ന് പത്മിനിയും പറഞ്ഞു.

' എന്തോ എനിക്കത്ര വിശ്വാസം വരുന്നില്ല ' എന്ന് വക്കീലും.

അടുക്കളയില്‍ എന്തോ വീണുടയുന്ന ശബ്ദം കേട്ടു.

' എന്താ അവിടെ വീണ് പൊട്ട്യേത് ' എന്നും ചോദിച്ച് പത്മിനി അകത്തേക്ക് ചെന്നു.

**************************************

സന്ധ്യക്ക് വിളക്ക് കത്തിക്കാറാവുന്നത് വരെ വിശ്വനാഥന്‍ വക്കീല്‍ സോഫയില്‍ ചാരിയിരുന്ന് ഉറങ്ങുകയായിരുന്നു. കുറച്ച് ദിവസങ്ങളായിട്ടുള്ള തിരക്കുകളും സമ്മര്‍ദ്ദവും അദ്ദേഹത്തിനെ
ക്ഷീണിപ്പിച്ചിരുന്നു. മേല്‍ കഴുകി കഴിഞ്ഞ് പത്മിനി വിളക്ക് വെക്കാന്‍ വരുമ്പോഴും അദ്ദേഹം
ഉണര്‍ന്നിട്ടില്ല.

' എന്താ വിശ്വേട്ടാ ഇത് ' അവര്‍ അദ്ദേഹത്തെ വിളിച്ചു ' വിളക്ക് വെക്കാറായി. എണീക്കൂ '.

വക്കീല്‍ എഴുന്നേറ്റ് മുഖം തുടച്ചു.

' വല്ലാത്ത ക്ഷീണം. അറിയാതെ ഉറങ്ങിപ്പോയി '.

' ഇത്തിരി നേരം ഉള്ളില്‍ ചെന്ന് കിടന്ന് ഉറങ്ങായിരുന്നു '.

' വേണു എവിടെ ' വക്കീല്‍ ചോദിച്ചു.

' അവന്‍ വല്ലതും വായിച്ചോണ്ട് ഇരിക്കുന്നുണ്ടാവും. അതല്ലേ ആ വിദ്വാന് ആകപാടെ അറിയുന്ന പണി '.

ദീപവുമായി പത്മിനി പുറത്തേക്ക് വരുമ്പോള്‍ വക്കീലാപ്പീസിന്ന് മുമ്പിലെ സ്റ്റെപ്പില്‍ വേണു താടിക്ക് കയ്യും
കൊടുത്ത് ഇരിക്കുകയാണ്.

' എന്താ നീ അവിടെ ചെയ്യുന്നത് ' അവര്‍ ചോദിച്ചു.

' ഒന്നൂല്യാ. ഓരോന്ന് ആലോചിച്ച് ഇരുന്നു '.

' എന്നാല്‍ ഇങ്ങോട്ട് വാ '.

പത്മിനി വിളക്കുമായി അകത്തേക്ക് നടന്നു. വേണു എഴുന്നേറ്റ് പുറകെ ചെന്നു. പൂമുഖത്ത് വക്കീല്‍
ഇരിപ്പുണ്ട്. വേണുവും അവിടെ ചെന്നിരുന്നു. പൂജാമുറിയില്‍ വിളക്ക് കൊണ്ടു വെച്ച് പത്മിനിയും
അവിടെ എത്തി.

' എന്താ നിനക്കിത്ര ആലോചന ' പത്മിനി ചോദിച്ചു.

' അവിടുത്തെ ഓരോ കാര്യങ്ങള്‍ ആലോചിച്ചിരുന്നതാ. പോന്നിട്ട് കുറച്ച് ദിവസമായില്ലേ '.

' കിണറ്റിന്‍ പള്ളേല് കുട്ടിയെ ഇരുത്തിയിട്ട് വന്നതൊന്നും അല്ലല്ലോ ഇത്ര വിഷമം തോന്നാന്‍ . നാല് ദിവസം
കൂടി കഴിയട്ടെ. എന്നിട്ട് പോയാ മതി '.

വേണു അതിന് മറുപടിയൊന്നും പറഞ്ഞില്ല.

' നോക്കൂ ഇന്ന് നേരത്തെ ആഹാരം കഴിക്കാം ' വക്കീല്‍ പറഞ്ഞു ' വയ്യ. കിടക്കണം '.

' പണിക്കാരോട് അത്താഴം വേഗം ശരിയാക്കാന്‍ പറയാം ' എന്നും പറഞ്ഞ് പത്മിനി അടുക്കളയിലേക്ക് ചെന്നു.

നേരത്തെ കിടന്നിട്ട് വേണുവിന് ഉറക്കം വന്നില്ല. കളപ്പുരയില്‍ നിന്ന് പോന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ആ സ്ഥലത്തിനോടും അവിടുത്തെ ആള്‍ക്കാരോടും എന്തോന്നില്ലാത്ത ഒരു മമത. ജീവിതത്തില്‍ കൊതിച്ചിരുന്ന
സ്ഥലത്ത് എത്തി പറ്റിയതിലുള്ള ഒരു സംതൃപ്തി. അമ്മാമക്ക് തന്നോടുള്ള സ്നേഹത്തെ പറ്റി ഓര്‍ത്തു. ആരോടും വലിയ അടുപ്പമില്ലാത്ത ആളാണ്. കണ്ടു മുട്ടിയ നാള്‍ മുതല്‍ സ്നേഹം ചൊരിയുന്നു. ആരേയും
കൂട്ടാക്കാതെ താന്തോന്നിയായി നടന്നു എന്ന് പറയുന്ന ചാമി സ്നേഹത്തിന്‍റെ വേറൊരു പര്യായമാണ്.

കിടക്കുന്ന മുറിയുടെ തട്ടിന്ന് രൂപഭേദം വരുന്നു. വെള്ള പൂശിയ ചുമരും കിടക്കുന്ന കട്ടിലും മുകളില്‍
കറങ്ങുന്ന ഫാനിനോടൊപ്പം ഇളകുന്നു.

' മോനേ, എന്‍റെ വേണൂ. നിനക്ക് എന്താ പറ്റിയത് ' അമ്മാമയുടെ കരച്ചിലല്ലേ കേള്‍ക്കുന്നത്.

എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. അനങ്ങാന്‍ കഴിയുന്നില്ല. ' അമ്മാമേ എനിക്ക് ഒന്നൂല്യാ ' എന്ന് പറയാന്‍
ഒരുങ്ങിയെങ്കിലും ശബ്ദം പുറത്ത് വരുന്നില്ല. ചാമിയുടെ കണ്ണീരാണോ മുഖത്ത് വീഴുന്നത്.

ശബ്ദിക്കാനാവാതെ ചലനശേഷി നഷ്ടപ്പെട്ട് എത്ര നേരം കിടന്നുവെന്ന് അറിയില്ല. തുറന്നിട്ട ജനലിലൂടെ ക്ഷേത്രത്തില്‍ നിന്ന് ഭക്തിഗാനം ഒഴുകിയെത്തി.

' ഭഗവാനേ, രക്ഷിക്കണേ ' മനസ്സില്‍ അറിയാതെ പ്രാര്‍ത്ഥന ഉയര്‍ന്നു. ആ നിമിഷം വേണു ഉണര്‍ന്നു. ഇപ്പോള്‍
തന്നെ അമ്മാമയേയും ചാമിയേയും കാണണം എന്ന തീവ്രമായ ഒരാഗ്രഹം മനസ്സിലുദിച്ചു.

നോവല്‍ - അദ്ധ്യായം - 111.

' കല്യാണൂം സത്ക്കാരൂം കഴിഞ്ഞിട്ട് രണ്ട് ദിവസായി. ഇനി എന്നാ വേണു ഇങ്ങിട്ട് എത്ത്വാ ' കാലത്ത് പാടം നോക്കാന്‍ ഇറങ്ങിയ എഴുത്തശ്ശനോട് നാണു നായര്‍ അന്വേഷിച്ചു.

' എന്താ ഹേ, അവന്‍ എത്താണ്ടെ നിങ്ങക്ക് ഇത്ര പൊരിച്ചില്. പത്ത് ദിവസം അവിടെ ബന്ധുക്കളുടെ കൂടെ കഴിയട്ടെ '.

' കല്യാണം കഴിഞ്ഞതിന്‍റെ അടീം പൊടീം ഒക്കെ ബാക്കീണ്ടാവും. അതും കൂടി തീര്‍ന്നിട്ട് പോന്നാല്‍ മതി ' .

' നിങ്ങള് വേണ്ടാണ്ടെ ഓരോന്ന് പറയാന്‍ നിക്കണ്ടാ. നിങ്ങടെ മാതിരി കണുന്നതിനൊക്കെ കൊതിയുള്ള
ആളല്ല അവന്‍ '.

' ഞാന്‍ വെറുതെ പറഞ്ഞൂന്നേ ഉള്ളു '.

' നിങ്ങളുടെ ഓരോ പറച്ചില്. ആരെങ്കിലും കേട്ടാല്‍ എന്താ തോന്ന്വാ '.

' അതിന്ന് കേള്‍ക്കാനായിട്ട് ഇവിടെ നമ്മള്‍ രണ്ടാള് മാത്രോല്ലേ ഉള്ളു '.

കയത്തം കുണ്ടില്‍ നിന്നും ചാമി കേറി വരുന്നുണ്ടായിരുന്നു.

' എന്താ നീ അവിടെ ചെയ്തോണ്ടിരുന്നത് ' എഴുത്തശ്ശന്‍ ചോദിച്ചു.

' പമ്പില് അങ്ങന്നെ മണ്ണും പൂഴീം ആയിരിക്കുണു. കീറ തുണി കൊണ്ടു തുടച്ചതാ '.

' ഇനി വെള്ളം അടിക്കണ്ടി വര്വോ '.

' വേണ്ടി വരുംന്ന് തോന്നുണില്യാ. നെല്ലൊക്കെ കായ മടങ്ങി. ഇനി വെള്ളം കെട്ടി നിര്‍ത്ത്യാല്‍ കൊയ്യാന്‍
കാലത്ത് പാടാവും '.

' എന്താ പാട് ' നാണു നായര്‍ ഇടപെട്ടു ' കന്നി മാസത്തില് കൊയ്യുമ്പൊ എന്താ ചെയ്യാറ് '.

' അറിയാന്‍ പാടില്ലാത്ത കാര്യം പറയാന്‍ നിക്കണ്ടാ. നിങ്ങക്ക് കൃഷീന്ന് പറഞ്ഞാല്‍ എന്താന്ന് അറിയ്വോ '.

' പോട്ടേ കുപ്പ്വോച്ചാ. മൂത്താര് മനസ്സില്‍ തോന്ന്യേത് പറഞ്ഞൂന്നേ ഉള്ളു '.

' സത്യം പറഞ്ഞാല്‍ കളപ്പുരേല് കിടന്നുറങ്ങുന്നേ ഉള്ളു ' എഴുത്തശ്ശന്‍ പറഞ്ഞു ' മനസ്സ് മുഴുവന്‍ കയത്തം
കുണ്ടിലാ. ഇങ്ങിനെ ഒരു മുതല് ഇവിടെ കിടക്കുമ്പോള്‍ ഉറക്കം വര്വോ. വല്ല കള്ളന്മാരും വന്ന് പമ്പ്
കട്ടിട്ട് പോയാലോ എന്ന പേട്യാ എപ്പഴും '.

' അതിനല്ലേ ഞാന്‍ കാവല് കിടക്കിണത് ' ചാമി പറഞ്ഞു.

' നീ കിടക്കിണില്ലാ എന്നല്ല പറഞ്ഞത്. മനുഷ്യന്‍റെ കാര്യോല്ലേ. ഉറക്കത്തില്‍ പെട്ടാലോ '.

' അതിനാ മായന്‍കുട്ട്യേ തുണയ്ക്ക് കൂട്ടീത്. ഒരു ചെത്തം കേട്ടാല്‍ മതി. അവന്‍ ഉണരും '.

' ആ ചെക്കന്‍റെ കാര്യം ആലോചിച്ചാല്‍ ഒരു സന്തോഷം തോന്നും. പ്രാന്തും പിടിച്ച് കീറത്തുണീം ചുറ്റി നടന്ന
അവനെ നീയും വേണുവും കൂടി ചികിത്സിപ്പിച്ച് സൂക്കട് മാറ്റി. ഇല്ലെങ്കില്‍ അവന്‍റെ ജന്മം പാഴായി പോയിട്ടുണ്ടാവും '.

' ദെണ്ണം മാറി എന്ന് അങ്ങിനെ തീര്‍ച്ച പറയാന്‍ വരട്ടെ ' നാണു നായര്‍ പറഞ്ഞു ' പ്രാന്ത് മാറുന്ന സൂക്കട് ഒന്ന്വോല്ല. നാല് ദിവസം മരുന്ന് നിര്‍ത്ത്യാല്‍ മതി. പണ്ടത്തതിന്‍റെ ഇരട്ടി അമരത്തില്‍ സൂക്കട് വരും '.

' നിങ്ങളെ എന്താ ചെയ്യണ്ടത് ' എഴുത്തശ്ശന്ന് ദേഷ്യം വന്നു ' കുറച്ച് ദിവസായിട്ട് നിങ്ങള് വായ തുറന്നാല്‍
വേണ്ടാത്തതേ നാക്കില്‍ നിന്ന് വരൂ '.

' ഞാന്‍ പറയുന്നത് തെറ്റാച്ചാല്‍ ഇനി ഒരക്ഷരം മിണ്ടില്ല 'നാണു നായര്‍ കീഴടങ്ങി.

' വെള്ളം അടിക്കണ്ടാച്ചാല്‍ ഇന്നന്നെ പമ്പ് അഴിച്ച് കുളപ്പുരേല്‍ കൊണ്ടു പോയി സൂക്ഷിച്ച് വെക്കണം '.

' മായന്‍കുട്ടി വന്നോട്ടെ. പുല്ലരിഞ്ഞത് വേലപ്പന്‍റെ വീട്ടില്‍ കൊടുക്കാന്‍ പോയതാ. പെണ്‍കുട്ടി കഞ്ഞി കൊടുക്കാതെ അവനെ വിട്ടാക്കില്ല. ഇത്തിരി കഴിഞ്ഞേ അവന്‍ എത്തൂ '.

' നമുക്ക് ചൂളവരെ ചെന്ന് പണി നോക്കീട്ട് പോവാം ' എന്നായി എഴുത്തശ്ശന്‍.

' അതിന്ന് ഇപ്പൊ അവിടെ പണിക്കാരൊന്നും ഇല്യാ. ചൂളടെ പണി കഴിഞ്ഞു. സന്ധ്യക്ക് തീ കൊളത്താനേ
അവര് വരുള്ളു '.

' എത്ര കല്ലാണ് ചൂളേല്‍ ഉള്ളത് ' നാണു നായര്‍ ചോദിച്ചു.

' മുക്കാല്‍ ലക്ഷം എന്നാ മേസ്തിരി പറഞ്ഞത് '.

' കുറച്ചൊക്കെ പൊട്ടി പോയാലും എഴുപതിന്ന് മീതെ കിട്ടും അല്ലേടാ ചാമ്യേ '.

' അത് ഒറപ്പാ കുപ്പ്വോച്ചാ '.

' ഈ മെനക്കേട് നോക്കുമ്പൊ ' നാണു നായര്‍ പറഞ്ഞു ' കല്ല് വാങ്ങിക്കിണതാ ലാഭം '.

' വാങ്ങാന്‍ ചെല്ലുമ്പൊ അറിയാം അതിന്‍റെ വിശേഷം. രൂപം കെട്ടതും വേകാവരീം ഒക്കെ ഉണ്ടാവും
വാങ്ങുന്നതില്‍ ' എഴുത്തശ്ശന്‍ പറഞ്ഞു ' ഇതാവുമ്പൊ നല്ല അടുപ്പ് കല്ല് നോക്കി കിണറ് പണിക്ക്
എടുക്കാം. പൊട്ടോ മുറിയോ ഉള്ളത് മിറ്റത്ത് നെരത്തും ചെയ്യാം '.

അവര്‍ കളപ്പുരയിലേക്ക് പോവുന്ന വഴിയില്‍ രണ്ട് പിള്ളര്‍ എതിരെ ഓടി വരുന്നത് കണ്ടു.

' ചാമ്യേട്ടാ. നാലഞ്ച് മാപ്ല പിള്ളര് വെട്ടു കത്തീം കൊണ്ട് നിങ്ങളുടെ തൊടീലിക്ക് കേറീട്ടുണ്ട്. വിറക് വെട്ടാനാണെന്നാ തോന്നുണത് '.

' പട്ടാ പകല് ആരാന്‍റെ തൊടീല് കേറി വിറക് വെട്ട്വേ ' നാണു നായര്‍ പറഞ്ഞു ' നാട്ടില് ചോദിക്കാനും
പറയാനും ആളില്യാണ്ട്യായോ '.

' നീ പോയി നോക്കീട്ട് വാ ' എന്ന് എഴുത്തശ്ശനും പറഞ്ഞു.

ചാമി പിള്ളരോടൊപ്പം പോയി.

' ആ തലമുറിയന്‍ വല്ല അടിപിടീം ഉണ്ടാക്ക്വോന്നാ എനിക്ക് പേടി ' നാണു നായര്‍ പരിഭ്രമം പ്രകടിപ്പിച്ചു.

' തോന്നിയവാസം കാട്ടുന്നത് കണ്ടാല്‍ ആരാ നായരേ നോക്കിയിരിക്ക്യാ '.

അധികം വൈകാതെ ചാമി തിരിച്ചെത്തി.

' എന്താടാ സംഭവം ' എഴുത്തശ്ശന്‍ ചോദിച്ചു.

' ആ പിള്ളര് ആടിന് തൂപ്പ് ഉണ്ടാക്യേതാ. അല്ലാണ്ടെ മരം മുറിച്ചതൊന്ന്വോല്ലാ '.

' അതിനാ ചെക്കന്മാര് വന്ന് ഇങ്ങിനെ പറഞ്ഞത് '.

' അത് വിവരം ഇല്ലാണ്ടെ പറഞ്ഞതാ ' ചാമി പറഞ്ഞു ' എനിക്കതല്ല സങ്കടം. കോടി കായ്ച്ച ഒരു പ്ലാവ് ഉണ്ട്. നെറയെ ചാവിള് പൊടിഞ്ഞ കൊമ്പ് നോക്കി അവിറ്റേള് ഒടിച്ചിട്ടു '.

' പൊതിരെ കൊടുത്ത്വോടാ നീയ് ' നാണു നായര്‍ക്ക് അത് കൂടി കേള്‍ക്കണം.

' ചെറിയ കുട്ട്യേളല്ലേ. ഞാന്‍ തല്ലാനും കൊല്ലാനും ഒന്നും പോയില്യാ. ഇനി മേലാല്‍ ഇമ്മാതിരി പണി കാട്ടാന്‍ പാടില്ലാന്നും പറഞ്ഞയച്ചു '.

' നീ നന്നായിട്ട് പേറി വിടുംന്നാ ഞാന്‍ കരുത്യേത് ' നാണു നായര്‍ പറഞ്ഞു ' പണ്ടൊക്കെ മിണ്ട്യാല്‍
അടിക്കുന്ന ആളായിരുന്നു. പറഞ്ഞിട്ടെന്താ. വേണൂന്‍റെ കൂടെ കൂടി നീയും വിഷം കെട്ടോനായി '.

' ഒരാള് നന്നാവാനും പാടില്ല അല്ലേ നായരേ ' എന്ന് എഴുത്തശ്ശന്‍ അതിനുള്ള മറുപടി പറഞ്ഞു.

ആ പറഞ്ഞത് ശരിവെച്ചും കൊണ്ടൊരു മൂളലുണ്ടാക്കി ആകാശത്തിലൂടെ വിമാനം പറന്നു പോയി.

Saturday, December 25, 2010

നോവല്‍ - അദ്ധ്യായം - 110.

കല്യാണ പിറ്റേന്ന് സല്‍ക്കാരം കഴിഞ്ഞ് സ്വാമിനാഥന്‍റെ കാറിലാണ് കുപ്പന്‍ കുട്ടി എഴുത്തശ്ശനും നാണു നായരും രാജന്‍ മേനോനും തിരിച്ച് പോന്നത്. വിരുന്നിന്‍റെ അര്‍ഭാടത്തെ പറ്റിയും വിഭവങ്ങളുടെ രുചിയേ കുറിച്ചും നാണു നായര്‍ക്ക് എത്ര വര്‍ണ്ണിച്ചാലും മതിയായില്ല.

' കല്യാണം നടത്ത്വാണച്ചാല്‍ ഇങ്ങിനെ വേണം നടത്താന്‍ ' അയാള്‍ പറഞ്ഞു ' തിന്നാന്‍ എന്തൊക്കെ വിധം
സാധനങ്ങളാണ് നിരത്തീട്ടുള്ളത്. ആള്‍ക്കാരാണച്ചാല്‍ പറയും വേണ്ടാ. ശരിയായ പുരുഷാരം. നമ്മളെ
പോലെ നിര്‍ഗ്ഗതികള്‍ വല്ലോരും ആണോ വന്നിട്ടുള്ളത്. ഒക്കെ കെങ്കേമന്മാര്. കാറുകള് എത്രയാ മുറ്റത്ത്
നിരന്ന് നിന്നിരുന്നത്. ഇത് പോലെ ഒരു കല്യാണത്തിന്ന് ഇനി ഈ ജീവിതത്തില്‍ കൂടാന്‍ പറ്റുംന്ന് എനിക്ക്
തോന്നുണില്യാ '.

' അതേ നാണ്വാരേ ' എഴുത്തശ്ശന്‍ പറഞ്ഞു ' അവര് അവരുടെ നിലയ്ക്കും വിലയ്ക്കും യോജിച്ചോരെയല്ലേ ക്ഷണിക്ക്യാ. വേണൂനോടുള്ള അടുപ്പം കാരണം നമ്മളെ വിളിച്ചൂന്നേ ഉള്ളു. അല്ലെങ്കില്‍ നമുക്ക് അവരുടെ
മുറ്റത്ത് കാല് കുത്താന്‍ കഴിയ്യോ '.

' എന്നിട്ട് അവനെന്താ കാട്ട്യേത്. ഞാന്‍ ഇവിടുത്തെ ആരും അല്ലാന്നുള്ള മട്ടില് ഒരു ഭാഗത്ത് മാറി നിന്നു. വകേല് അവനും അമ്മാമനല്ലേ. മുമ്പില് നില്‍ക്കണ്ട ആളല്ലേ'.

' ആ കാര്യത്തില്‍ അവനെ കുറ്റം പറയാന്‍ ഞാന്‍ സമ്മതിക്കില്ല ' എഴുത്തശ്ശന്‍ എതിര്‍ത്തു ' എവടീം അവന്‍
കെട്ടിക്കേറി മുമ്പനായിട്ട് നില്‍ക്കാറില്ല '.

' എന്‍റെ നോട്ടത്തില്‍ ' സ്വാമിനാഥന്‍ തന്‍റെ അഭിപ്രായം പറയാനൊരുങ്ങി ' വേണു ഇന്നത്തെ പരിപാടിക്ക്
മാത്രമല്ല, ജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും പിന്‍ വലിഞ്ഞ് നില്‍ക്കുന്ന പ്രകൃതക്കാരനാണ് '.

' അതെന്താ അങ്ങിനെ എന്ന് ആര്‍ക്കെങ്കിലും പറയാനാവ്വോ ' രാജന്‍ മേനോനും ഇടപെട്ടു ' കുറച്ച് നാളത്തെ പരിചയമേ ഞങ്ങള്‍ തമ്മില്‍ ഉള്ളൂച്ചാലും വേണു എന്നോടാണ് മനസ്സ് തുറന്ന് സംസാരിച്ചിട്ടുള്ളത്. അയാളെ
ഈ രീതിയിലാക്കിയത് അയാളുടെ അനുഭവങ്ങളാണ് '.

' അതിനും വേണ്ടി കിട്ടുണ്ണി നായര് ഉണ്ടല്ലോ മുമ്പനായിട്ട് ' നാണു നായര്‍ അടുത്ത വിഷയത്തിലേക്ക്
കടന്നു ' ഇത്ര കാലം പെങ്ങളോട് പെണങ്ങി നടന്നോനാ. ഉളുപ്പും മാനൂം ഉണ്ടോ ഞാനാ വലുത് എന്നും
പറഞ്ഞ് മുമ്പേ കേറി നില്‍ക്കാന്‍ '.

' എടോ, അത് അവരുടെ കുടുംബകാര്യം ' എഴുത്തശ്ശന്‍ പറഞ്ഞു ' ചിലപ്പൊ അവര് പെണങ്ങീന്ന് വരും . പിന്നെ ഒരു ദിവസം ഒന്നാവും ചെയ്യും. നമ്മള് അതൊന്നും പറയാന്‍ പാടില്ല '.

' എന്നാലും അവനോന് ഒരു ജാള്യത ഉണ്ടാവില്ലേ '.

' ഇണക്കവും പിണക്കവും കൂടി ചേര്‍ന്നതല്ലേ മനുഷ്യന്‍റെ ജീവിതം ' സ്വാമിനാഥന്‍ പറഞ്ഞു ' ചത്താലും
കൂടി തിരിഞ്ഞ് നോക്കില്ലാ എന്നും പറഞ്ഞ് വൈരാഗ്യം വെച്ച് നടന്നോര് ഒരു ദിവസം തോളില്‍ കയ്യിട്ട്
നടക്കുന്നത് കണ്ടിട്ടുണ്ട് '.

' മരിച്ചിട്ടും തിരിഞ്ഞ് നോക്കാത്ത എത്രയോ ആളുകളെ എനിക്കറിയാം ' എന്നായി നാണു നായര്‍.

'അങ്ങിനത്തെ ആളുകള്‍ വളരെ കുറച്ചേ ഉള്ളു. സ്വഭാവത്തിന്‍റെ പ്രത്യേകത കൊണ്ടും സഹിക്കേണ്ടി വന്ന ദുരനുഭവങ്ങളുമാണ് മനുഷ്യരെ ആ വിധത്തിലാക്കുന്നത് ' മേനോന്‍ പറഞ്ഞു ' എന്നാല്‍ ഭൂരിഭാഗം
ആളുകളും അങ്ങിനെയല്ല. അകന്ന് നില്‍ക്കുമ്പോഴും ചെറിയൊരു കാരണം കിട്ടിയാല്‍ മതി ശത്രുത
മറന്ന് ഒന്നാവാന്‍ '.

' ഒന്നു നോക്കിയാല്‍ ഊതി വീര്‍പ്പിച്ച ബലൂണുപോലെയാണ് പകയും വിദ്വേഷവും ഒക്കെ ' സ്വാമിനാഥന്‍
അഭിപ്രായം പറഞ്ഞു ' ചെറിയൊരു തുള വീണാല്‍ മതി "ശൂ"ന്ന് അത് ഇല്ലാതായി പഴയതിലും കൂടുതലായി
സ്നേഹം ഉണ്ടാവാന്‍ '.

അധികം വേഗതയിലല്ലാതെ കാറ് പോയിക്കൊണ്ടിരുന്നു.

==============================================

വിരുന്ന് കൂട്ടിയിട്ട് വരാന്‍ ബന്ധുക്കള്‍ പോയി കഴിഞ്ഞപ്പോള്‍ തിരക്ക് ഏകദേശം ഒഴിഞ്ഞു. നാലഞ്ച് കാറില്‍ പോവാനുള്ള ആളുകള്‍ ഉണ്ടയിരുന്നു.

' ഇത്രയൊക്കെ ആളുകള്‍ വേണോ ഏടത്ത്യേ ' കിട്ടുണ്ണി ചോദിച്ചു.

' ആരേയാ ഒഴിവാക്ക്വാ. എല്ലാരും ഒരുങ്ങി പുറപ്പെട്ട് നില്‍ക്കുന്നുണ്ട്. വേണ്ടാന്ന് പറയണ്ടാ. എല്ലാരും
വന്നോട്ടേ '.

കിട്ടുണ്ണി സ്വന്തം കാറില്‍ കയറിയിരുന്നു. രാധ പെണ്ണുങ്ങളോടൊപ്പം വേറൊരു കാറിലാണ് കയറിയത്. വേണു ഞാന്‍ വരുന്നില്ലെന്നു പറഞ്ഞ് വീട്ടിലിരുന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ പത്മിനിയുടെ അടുത്ത് ചെന്നു.

' ഓപ്പോളേ ' അയാള്‍ വിളിച്ചു ' തിരക്ക് വല്ലതും ഉണ്ടോ '.

' എന്താ അങ്ങിനെ ചോദിച്ചത് '.

' ഒരു കാര്യം പറയാനുണ്ടായിരുന്നു. അഞ്ച് മിനുട്ട് നേരത്തേക്ക് ഒഴിവുണ്ടാവ്വോ '.

' അഞ്ചോ പത്തോ മിനുട്ട് വേണച്ചാല്‍ എടുത്തോ. കുറച്ച് കഴിയുമ്പോള്‍ ചില ബന്ധുക്കളോക്കെ എത്തും. അതുവരെ തിരക്കൊന്നൂല്യാ '.

' എനിക്ക് കിട്ടുണ്ണിടേം രാധയുടേം കാര്യാമാണ് പറയാനുള്ളത് '.

' ഇപ്പൊ എന്താ പ്രശ്നം '.

കിട്ടുണ്ണിയുമായി തലേന്ന് രാത്രി സംസാരിച്ച കാര്യവും അവരുടെ പിണക്കം തീര്‍ക്കേണ്ട ആവശ്യകതയും
വേണു വിവരിച്ചു.

' ഇതിലിപ്പൊ ഞാനെന്താ ചെയ്യേണ്ടത് '.

രണ്ടുപേരേയും കൂട്ടി നിര്‍ത്തി സംസാരിച്ച് അലോഹ്യം തീര്‍ക്കണമെന്നും അതിന്ന് ഓപ്പോള്‍ മുന്‍കൈ എടുക്കണമെന്നും വേണു പറഞ്ഞു.

' അയ്യേ. എന്നെക്കൊണ്ടൊന്നും ആവില്യാ. നീ വേണച്ചാല്‍ സംസാരിച്ചു നോക്ക് ' എന്നും പറഞ്ഞ് പത്മിനി ഒഴിയാന്‍ നോക്കി.

' ഓപ്പോളേ, അവന്ന് ഒരു കാര്യം വന്നപ്പോള്‍ ആരും ഉണ്ടായില്യാ എന്നൊരു തോന്നല്‍ ഉണ്ടാവാന്‍ പാടില്ലാ ' വേണു പറഞ്ഞു ' ഓപ്പോളുടെ ഒപ്പം ഞാനും ഉണ്ടാവും. രാധയോട് സംസാരിക്കുമ്പോള്‍ ഓപ്പോള്‍ നിശ്ചയമായും ഉണ്ടാവണം '.

' നീ കാര്യം സംസാരിക്കുംച്ചാല്‍ ഞാനും കൂടെ നിക്കാം '.

അത് മതിയെന്ന് വേണു സമ്മതിച്ചു. രണ്ട് ദിവസം കഴിഞ്ഞാല്‍ മുരളിധരനും ഭാര്യയും മൈസൂരിലേക്ക് പോകുമെന്നും അതിന്നു ശേഷം കിട്ടുണ്ണിയും രാധയുമായി സംസാരിക്കാമെന്നും നിശ്ചയിച്ചു.

Monday, December 20, 2010

നോവല്‍ - അദ്ധ്യായം - 109.

കല്യാണ ദിവസം നേരം പുലരുമ്പോഴേക്കും കിട്ടുണ്ണി എത്തി. അയാളുടെ കാറിന്‍റെ ശബ്ദം കേട്ടാണ് ഗെയിറ്റ്
തുറന്നത് തന്നെ. കല്യാണ ചടങ്ങുകളില്‍ ആദ്യാവസാനക്കാരനായി അയാള്‍ നിന്നു. ഒടുവില്‍ രാത്രിയിലെ
ഭക്ഷണം കൂടി കഴിഞ്ഞിട്ടാണ് അയാള്‍ വീട്ടിലേക്ക് പുറപ്പെട്ടത്.

' ഇനി ഞാന്‍ ഇറങ്ങട്ടെ ' അയാള്‍ യാത്ര പറഞ്ഞു ' നാളെ കുട്ടികള് എത്തുമ്പോഴേക്ക് ഞാനെത്താം '.

' പോവ്വേ, നല്ല കാര്യായി ' പത്മിനി ഇടപെട്ടു' വിരുന്ന് കൂട്ടീട്ട് വരാന്‍ ചെല്ലേണ്ടവനാണ് നീ. രാവിലെ
നേരത്തെ ഇറങ്ങേണ്ടതാ. അതോണ്ട് ഇന്ന് ഇവിടെ കൂട്യാല്‍ മതി '.

' ഞാന്‍ സമയത്തിന്ന് എത്ത്യാല്‍ പോരേ '.

' പോരാ. എല്ലാം കഴിഞ്ഞിട്ട് ഇവിടുന്ന് പോയാല്‍ മതി ' പത്മിനി സമ്മതിച്ചില്ല ' പിന്നെ ഒരു കാര്യം. നമ്മള്
വൈകുന്നേരത്തെ പാര്‍ട്ടിക്കാണ് പുറമെയുള്ള ആളുകളെ ക്ഷണിച്ചിട്ടുള്ളത്. പാര്‍ട്ടി നടക്കുന്ന സമയത്ത്
എല്ലാ ദിക്കിലും നിന്‍റെ ഒരു നോട്ടം ഉണ്ടാവണം. ഒക്കെ കൂടി വിശ്വേട്ടന്ന് സാധിച്ചൂന്ന് വരില്ല. ക്ഷണിച്ചിട്ട്
ചെന്ന് കണ്ട ഭാവം നടിച്ചില്ല എന്ന് നാളെ മേലാല്‍ ഒരാളും പറയാനുള്ള ഇട വരരുത് '.

കിട്ടുണ്ണി സമ്മതിച്ചു.

' ഒരു കാര്യം ചെയ്യ്. വേണു വന്നാല്‍ അമ്മടെ അറേലാണ് കിടക്കാറ് ' പത്മിനി പറഞ്ഞു ' നീയും അവന്‍റെ
കൂടെ അവിടെ കൂടിക്കോ. ഞങ്ങള്‍ പെണ്ണുങ്ങള് എല്ലാരും കൂടി മോളിലെ തളത്തിലാണ് കിടക്കുന്നത് '.

കിട്ടുണ്ണി ചുമരോരം ചേര്‍ന്ന് കട്ടിലില്‍ കിടന്നു. തൊട്ടിപ്പുറത്ത് വേണുവും.

' കുട്ടിക്കാലത്ത് ഒന്നിച്ച് കിടന്നുറങ്ങിയതാണ് ' വേണു ഓര്‍ത്തു ' പിന്നെ ഇന്നാണ് '.

അയാളുടെ മനസ്സില്‍ ചിന്തകള്‍ ചേക്കേറി. ആങ്ങളയും പെങ്ങളും ഇന്നലെ വരെ വാശിയും വൈരാഗ്യവും
ആയി കഴിഞ്ഞതാണ്. എത്ര പെട്ടെന്നാണ് അതെല്ലാം തീര്‍ന്നത്. ഇത്രയേ ഉള്ളു മനുഷ്യ മനസ്സിന്‍റെ സ്ഥിതി.

' ഉറക്കായോ ' കിട്ടുണ്ണി ചോദിക്കുന്നത് കേട്ടു.

' ഇല്ല '.

' അവള് വല്ലതും പറഞ്ഞോ ? '

' ആര്. രാധയോ '.

' അവളന്നെ '.

' എന്നോടൊന്നും പറഞ്ഞില്ല. എന്തേ '.

' ഒന്നൂല്യാ. കുറച്ച് ദിവസായിട്ട് ഇവിടെ ഉള്ളതല്ലേ. എന്നെ പറ്റി അവള് വല്ലതും പറഞ്ഞ്വോന്ന് അറിയാന്‍
ചോദിച്ചതാ '.

വേണു ഒന്നും മിണ്ടിയില്ല. തന്നെക്കുറിച്ച് ഭാര്യ എന്തെങ്കിലും പറഞ്ഞുവോ എന്നറിയാന്‍ കിട്ടുണ്ണിക്ക് ആകാംക്ഷയുണ്ട്. രാധയോടുള്ള സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ടാവുമോ. രണ്ടുപേര്‍ക്കും മറക്കാനും
പൊറുക്കാനും സാധിക്കുമെങ്കില്‍ അതിനുള്ള കളം ഒരുക്കണം. കിട്ടുണ്ണിയുടെ മനസ്സിലിരുപ്പ് അതിന്ന്
മുമ്പ് അറിയണം.

' കിട്ടുണ്ണീ, ഒരു കാര്യം ചോദിച്ചോട്ടെ '.

' എന്താണ് '.

' നീയും രാധയും തമ്മിലുള്ള പിണക്കം പറഞ്ഞ് തീര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചു നോക്കിയോ '.

' ഇല്ല. എന്‍റെ ഭാഗം സംസാരിക്കാന്‍ ആരാ ഉള്ളത് '.

' മക്കള്‍ ഇടപെട്ടില്ലേ '.

' ഒക്കെ കണക്കന്നെ. സ്വന്തം കാര്യം മാത്രേ എല്ലാവര്‍ക്കും വലുതായിട്ടുള്ളു. ഞാന്‍ അവര്‍ക്ക് വിവരം
കൊടുത്തു. അച്ഛനും അമ്മയും തമ്മില്‍ അലോഹ്യം ആണെങ്കില്‍ രണ്ടാളും കൂടി തന്നെ സംസാരിച്ച് തീര്‍ത്തോളിന്‍. ഞങ്ങളെ അതിലേക്ക് വലിച്ചിഴക്കണ്ടാ എന്നാണ് അവരുടെ മറുപടി '.

' ചെറിയവളും അങ്ങിനെ പറഞ്ഞ്വോ. അവളല്ലേ നിന്‍റെ ഓമനക്കുട്ടി '.

' അവള്‍ പറഞ്ഞത് എന്താണെന്ന് അറിയ്യോ. എന്ന് പിണക്കം തീര്‍ന്ന് നിങ്ങള് ഒന്നാവുന്ന്വോ അന്ന്
എന്നെ വിളിച്ചാല്‍ മതി. അല്ലെങ്കില്‍ വിളിക്കരുത് എന്നാ കല്‍പ്പന '.

' രാധയുടെ ഏട്ടന്മാര് സംസാരിക്കാന്‍ വന്ന്വോ '.

' ആരും വന്നില്ല. ഇന്ന് കല്യാണത്തിന്ന് വന്നിട്ട് മൂന്നാളും എന്നെ കാണാത്ത ഭാവം നടിച്ചു നിന്നു '.

' ഇങ്ങിനെ പോയാല്‍ നന്നോ. എന്തെങ്കിലും ചെയ്യണ്ടേ '.

' വേണം. ആരാ അതിന്ന് മുമ്പിട്ട് ഇറങ്ങാനുള്ളത് '.

' ആളൊക്കെ ഉണ്ടാവും. അതിന്ന് മുമ്പ് എനിക്ക് ചിലത് ചോദിക്കാനുണ്ട് '.

' ഏട്ടന്‍ ചോദിച്ചോളൂ '.

ഏട്ടന്‍ എന്ന സംബോധന കേട്ടിട്ട് കുറച്ചായി എന്ന് വേണു ഓര്‍ത്തു. കിട്ടുണ്ണി കീഴടങ്ങാനുള്ള മട്ടിലാണ്.

' നിങ്ങളുടെ രണ്ട് പെണ്‍കുട്ടികളുടെ കല്യാണം കഴിഞ്ഞതാണ്. ഇങ്ങിനെ പിണങ്ങി നില്‍ക്കുന്ന കാര്യം
മരുമക്കളുടെ ബന്ധുക്കളോ മറ്റോ അറിഞ്ഞാല്‍ കുറച്ചിലാണ്. പോരാത്തതിന്ന് ഒരു കുട്ടിടെ കല്യാണം
കൂടി നടത്താനുണ്ട്. അച്ഛനും അമ്മയും തമ്മില്‍ തല്ലി വേറിട്ട് കഴിയുന്നു എന്ന് കേട്ടാല്‍ അവള്‍ക്ക് നല്ല
ഒരു തറവാട്ടില്‍ നിന്ന് ആലോചന വര്വോ '.

' എനിക്കും അത് അറിയാഞ്ഞിട്ടല്ല. എന്‍റെ ഭാഗത്തിന്ന് ഇന്നേവരെ ഒരു തെറ്റും ഉണ്ടായിട്ടില്ല. എന്തെങ്കിലും ഒരു വാക്ക് എന്‍റെ വായില്‍ നിന്ന് വീഴണ്ട താമസേള്ളു അപ്പൊ വരും എടുത്തടിച്ച മട്ടില്‍ അവളുടെ മറുപടി. അത് കേള്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും '.

' എന്തൊക്കെ പറഞ്ഞാലും രാധ ആളൊരു പാവമാണ്. ഒന്ന് ആലോചിച്ച് നോക്ക്. മുമ്പ് നമുക്ക് ഇന്നത്തെ സ്ഥിതിയൊന്നും ഉണ്ടായിരുന്നില്ല. അവളും കുറെയേറെ കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട്. അന്നൊക്കെ അവള്‍ എന്തെങ്കിലും മുറുമുറുപ്പ് കാണിച്ചിട്ടുണ്ടോ '.

' അങ്ങിനെ ചെയ്തൂ എന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല '.

' അത് വേണം ഇത് വേണം എന്നുപറഞ്ഞ് എപ്പോഴും നിന്നെ ശല്യപ്പെടുത്താറുണ്ടോ'.

' ഒരൊറ്റ സാധനം വേണംന്ന് പറയാറില്ല. എന്തെങ്കിലും ഞാന്‍ അറിഞ്ഞ് വാങ്ങീട്ട് ചെന്നാല്‍ എന്തിനേ
ഇതൊക്കെ വാങ്ങി വേണ്ടാണ്ടെ പണം കളയുന്നത് എന്നേ പറയാറുള്ളു '.

' നിന്നോട് ചോദിക്കാതെ തോന്നിയ പോലെ പണം ചിലവാക്കുകയോ, നീ അറിയാതെ നിന്‍റെ മുതല്
ആര്‍ക്കെങ്കിലും കൊടുക്കുകയോ ചെയ്യാറുണ്ടോ '.

' അങ്ങിനെയൊന്നും ഉണ്ടായിട്ടില്ല '.

' ഞാന്‍ ചോദിക്കാന്‍ പാടില്ലാത്തതാണ്. എന്നാലും ചോദിക്കട്ടെ. അവള്‍ക്ക് എന്തെങ്കിലും നടപടി ദൂഷ്യം
ഉള്ളതായി തോന്നിയിട്ടുണ്ടോ '.

' അയ്യേ. അതൊന്നും ഇല്ല '.

' അതായത് രാധയുടെ ഭാഗത്ത് കാര്യമായ തെറ്റൊന്നും ഇല്ലാ എന്നര്‍ത്ഥം '.

' ഞാന്‍ പറഞ്ഞില്ലേ, മിണ്ട്യാല്‍ തര്‍ക്കുത്തരം പറയും. അതന്നെ കുഴപ്പം '.

' കിട്ടുണ്ണി. തനി തങ്കം പോലെ ഒരു പെണ്ണാണ് രാധ. പിന്നെ നിന്നെ പോലെ അവള്‍ക്കും കാണില്ലേ അഭിപ്രായമൊക്കെ. നീ അത് അംഗീകരിക്കണം. ഞാന്‍ പറഞ്ഞത് മാത്രം ശരി അത് തന്നെ ന്യായം
എന്ന തോന്നല്‍ പാടില്ല. ഞാന്‍ പറയുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ '.

' ഉവ്വ് '.

' അത് അനുസരിച്ച് മേലാല്‍ പെരുമാറില്ലേ '.

' ഓ '.

' എന്നാല്‍ കല്യാണ തിരക്കൊന്ന് കഴിയട്ടെ. ഞാനും ഓപ്പോളും കൂടി രാധയുടെ അടുത്ത് സംസാരിക്കാം '.

' ഏട്ടന്‍ സംസാരിച്ചാല്‍ പോരെ. ഏടത്ത്യേ കൊണ്ട് പറയിപ്പിക്കണോ '.

' അതിനെന്താ വിരോധം '.

' ഈ കാര്യത്തിന്ന് വേണ്ടി ഞാന്‍ കല്യാണത്തിന്ന് വന്നതാണെന്ന് ഏടത്തി കരുതില്ലേ '.

' ഇതാ പറഞ്ഞത്. ഒക്കെ നിന്‍റെ വേണ്ടാത്ത ഓരോ തോന്നലാണ്. നീ കണ്ടില്ലേ കല്യാണത്തിന്ന് നീ വന്നതില്‍ ഓപ്പോള്‍ക്കുള്ള സന്തോഷം '.

' അത് ശരിയാണ് '.

' എന്നാല്‍ നീ സമാധാനമായിട്ട് ഉറങ്ങിക്കോ. നിനക്ക് ഞങ്ങളൊക്കെയുണ്ട് '.

ആ വാക്കുകളില്‍ നിറഞ്ഞ സാന്ത്വന സ്പര്‍ശം അനുഭവിച്ച് കിട്ടുണ്ണി മയക്കത്തിലേക്ക് കടന്നു.

Monday, December 13, 2010

നോവല്‍ - അദ്ധ്യായം - 108.

'എവിടേക്കാ കുട്ട്യേ നീ വാതിലും പൂട്ടീട്ട് പോയത്, വേലി കെട്ടുന്ന ഇടത്തിന്ന് ഇത്തിരി മുതു ചായ്ക്കാന്ന് വിചാരിച്ച് വന്നതാ ' നാണു നായര്‍ കയറി വന്നതും മകളോട് ചോദിച്ചു ' നിന്ന് മടുത്തപ്പൊ നേരെ കളപ്പുരടെ തിണ്ടില് ചെന്ന് കിടന്നു '.

' ഞാന്‍ പുത്തന്‍ പുരേല് വാരസ്യാരുടെ അടുത്ത് ഉണ്ടായിരുന്നു ' സരോജിനി പറഞ്ഞു ' വീട്ടിലെ വെപ്പും
പണീം കഴിഞ്ഞാല് ഞങ്ങള് പെണ്ണുങ്ങളൊക്കെ കൂടി അവിടെ കൂടാന്ന് വെച്ചിട്ടുണ്ട്. എന്തെങ്കിലും മിണ്ടീം പറഞ്ഞും ഇരിക്കാലോ '.

' നിങ്ങളുടെ മഹിളാ സമാജം എന്ന് പറ '.

' ഒന്നാന്തരം സ്വഭാവാണ് വാരസ്യാരുടെ. പുരാണം ഒക്കെ നല്ല നിശ്ചംണ്ട് '.

' അത് ശരി. അപ്പൊ എല്ലാരും കൂടി കഥയും പുരാണവും ആയിട്ടിരിക്ക്യാല്ലേ '.

' അച്ഛന്‍ അമ്പലത്തിന്‍റെ ചുറ്റോടും തെച്ചീം തുളസീം വെച്ചത് കണ്ട്വോ. ഒക്കെ അവര് വെച്ചതാ '.

' ചൊട്ടച്ചാണ് നീളേ ഉള്ളൂച്ചാലും അവര് ഒരു മിനുട്ട് മിണ്ടാണ്ടിരിക്കില്ല. എപ്പൊ നോക്ക്യാലും എന്തെങ്കിലും
പണി ചെയ്യുണത് കാണാം '.

' അമ്പല കുളത്തിന്ന് വെള്ളം കൊണ്ടുവന്നിട്ടാ ചെടികള് നനക്കിണത്. വല്യേ കുടത്തില്‍ വെള്ളം ഏറ്റാന്‍
അയമ്മക്ക് പറ്റില്ലല്ലോ. ചെറിയ ബക്കറ്റില്‍ എത്ര പ്രാവശ്യം ഏറ്റീട്ട് വരണം. ഞങ്ങള് ഈ രണ്ട് കുടം വെള്ളം
കൊണ്ടു വന്ന് കൊടുക്കും. ഒരു സഹായം ആയിക്കോട്ടേ '.

' അതൊക്കെ നല്ലതന്നെ. ഇപ്പൊ അമ്പല മുറ്റം അസ്സല് വൃത്തിയായിട്ടുണ്ട് '.

' അല്ലെങ്കിലും നല്ല വൃത്തീം വെടിപ്പും ഉണ്ട് അയമ്മയ്ക്ക്. പൂവ്വ് പറിക്കാന്‍ ഞങ്ങളൊക്കെ കൂടും. തുളസിലോ മറ്റൊ കൂമന്‍ തുപ്പിയത് കണ്ടാല്‍ അത് എടുക്കാന്‍ സമ്മതിക്കില്ല '.

' ഈശ്വര വിശ്വസം ഉള്ളോര് അങ്ങിന്യാണ് '.

' അവര് മാല കെട്ട്ണത് കണ്ടോണ്ട് ഇരിക്കാന്‍ തോന്നും. എന്ത് കൈ വേഗതയാണ് '.

' അത് അങ്ങിനെ ആവ്വാണ്ടിരിക്ക്യോ. അവരുടെ കുലത്തൊഴിലല്ലേ '.

' വരാന്‍ കാലത്ത് ഒരു സഞ്ചീല് കുറച്ച് പൂളക്കിഴങ്ങ് തന്നു '.

' അതിന് അവിടെ എവിട്യാ കിഴങ്ങുള്ളത് '.

' പുഴമ്പള്ളേല് പറിക്കുന്നുണ്ട്. വാരര് ചെന്ന് വാങ്ങീട്ട് വന്നതാത്രേ '.

' അടുപ്പില്‍ കനല് ഉണ്ടെങ്കില്‍ ഒന്ന് ചുടാനിട്. ബാക്കി നുറുക്കി മഞ്ഞളും ഉപ്പും കൂട്ടി പുഴുങ്ങാം '.

' കുറച്ച് പച്ചരീം കിഴങ്ങും കൂടി ആട്ടു കല്ലില്‍ അരച്ച് ഊറ്റപ്പം ചുടാന്ന് വിചാരിച്ചതാ '.

' അത് നന്നായി. അഞ്ചാറ് മുരിങ്ങടെ ഇലയും കൂടി ഇട്ട് വെളിച്ചെണ്ണ ഒഴിച്ച് മൂപ്പിച്ചാല്‍ നല്ല സ്വാദുണ്ടാവും '.

' അച്ഛന്ന് ഒന്ന് അടുപ്പില്‍ ഇടട്ടെ '.

സരോജിനി കിഴങ്ങ് ചുടാന്‍ അടുക്കളയിലേക്ക് പോയി. നാണു നായര്‍ ചാരു കസേലയില്‍ കിടന്നു. വീട്
പണി സമയത്ത് വേണു ആശാരിയോട് പറഞ്ഞ് ഉണ്ടാക്കി തന്നതാണ്.

നാളെ അവന്‍റെ മരുമകന്‍റെ കല്യാണമാണ്. കല്യാണത്തിന്ന് സരോജിനി വരുന്നുണ്ടോ ആവോ. ആ കാര്യം
ചോദിക്കാനും മറന്നു.

' കുട്ട്യേ ' നാണു നായര്‍ മകളെ വിളിച്ചു ' നാളെ വേണൂന്‍റെ മരുമകന്‍റെ കല്യാണം അല്ലേ. നീ പോരുണില്ലേ '.

' ഞാനില്ല ' അകത്തു നിന്നുള്ള മറുപടി പെട്ടന്നായിരുന്നു.

' നീ ഇവിടെ വാ '.

സരോജിനി എത്തി.

' എന്താ നിനക്ക് എന്‍റെ കൂടെ വന്നാല്. ഇപ്പൊ പണ്ടത്തെ മാതിരി ഒന്നും അല്ലല്ലോ. ഈശ്വരന്‍ കടാക്ഷിച്ച്
നല്ല തുണീം മണീം ഒക്കെയുണ്ട്. കയ്യും കഴുത്തും മുടക്കാന്‍ പണ്ടൂം ഉണ്ട് '.

' അച്ഛന്‍ പോയിട്ട് വന്നാല്‍ മതി '.

' മംഗള കര്‍മ്മത്തില്‍ പങ്കെടുക്കാനും വയറ് നിറച്ച് നല്ല ഭക്ഷണം കഴിക്കാനും യോഗം വേണം '.

' ഞാന്‍ യോഗം ഇല്ലാത്തോളാണെന്ന് അച്ഛന്ന് അറിയില്ലേ '.

ആ വാക്കുകള്‍ക്ക് മുമ്പില്‍ നാണു നായര്‍ മൂകനായി.

++++++++++++++++++++++++++++++++++

വിവാഹ ദിവസം അടുക്കുന്തോറും വീട്ടില്‍ സന്ദര്‍ശകരുടേയും അതിഥികളുടേയും പ്രവാഹമായിരുന്നു. പത്മിനി എല്ലാ ദിക്കിലും ഓടി നടന്നു വന്നവരെയൊക്കെ ഉപചാരപൂര്‍വ്വം സ്വീകരിച്ചു. വിശ്വനാഥന്‍ വക്കീല്‍
പൂമുഖത്ത് വന്നവരോട് സംസാരിച്ചിരിക്കും. എത്തുന്ന ആളുകളില്‍ മിക്കവരേയും തനിക്ക് പരിചയമില്ലെന്ന് വേണുവിന്ന് മനസ്സിലായി. എങ്കിലും ബന്ധുക്കള്‍ എത്തുമ്പോള്‍ പത്മിനി വേണുവിനെ വിളിക്കും.

' ഇത് ആരാന്ന് നിനക്കറിയ്വോ വേണൂ. നമ്മടെ വേശചേച്ചിടെ മകളാണ്. ഭര്‍ത്താവിന്‍റെ കൂടെ ബോമ്പേലാ അവള്. കല്യാണത്തിന്ന് വേണ്ടി വന്നതാണ് '

എന്നോ

' പരമേശ്വരന്‍ മാമയെ നിനക്ക് ഓര്‍മ്മയുണ്ടോ. മാമടെ മൂത്ത മകനാണ്. നിന്‍റെ അതേ പേരന്നെ. വേണ്വോട്ടന്‍
ഹെഡ്മാഷ് ആയിരുന്നു '

എന്നോ ഒക്കെ പറഞ്ഞ് പരിചയപ്പെടുത്തും. വേണു ഒരു പുഞ്ചിരി തൂകി കൈ കൂപ്പി നില്‍ക്കും.

' കുട്ടീലെ അവന്‍ നാട്ടില്‍ നിന്ന് പോയതാ. വന്നിട്ട് അഞ്ചാറ് മാസേ ആയിട്ടുള്ളു. അതാ അത്ര പരിചയം
പോരാത്തത് ' എന്ന് പത്മിനി വേണുവിനെ പറ്റി പറയും.

'അപ്പൊഴേ പത്മിന്യേ നിന്‍റെ നേരെ താഴെ ഒരുത്തനുണ്ടല്ലോ, കിട്ടുണ്ണി. അവനെ ഇവിടെയൊന്നും
കാണാനില്ലല്ലൊ ' എന്ന് മുതിര്‍ന്ന ഒരു സ്ത്രീ ചോദിച്ചപ്പോള്‍ ഒന്ന് പരുങ്ങി.

' നല്ല കാലത്തേ ഇങ്ങോട്ട് വിളിച്ചാല്‍ അങ്ങോട്ട് പോണതാണ് അവന്‍റെ രീതി. വിളിക്കാനല്ലേ ഞങ്ങള്‍ക്ക്
പറ്റൂ, കയ്യില്‍ പിടിച്ച് വലിച്ചു കൊണ്ടു വരാന്‍ പറ്റില്ലല്ലോ ' എന്നും പറഞ്ഞ് പത്മിനി ആ സംഭാഷണം
അവസാനിപ്പിച്ചു. ആ രംഗം വേണുവിന്ന് വല്ലായ്മ തോന്നിച്ചു.

' ഓപ്പോളുടെ മനസ്സില്‍ നല്ല ഖേദം ഉണ്ട് ' വേണു ഓര്‍ത്തു ' പുറത്ത് കാണിക്കുന്നില്ല എന്നേയുള്ളു.
എന്തൊക്കെയാണെങ്കിലും ഇത്തരം ഒരു അവസരത്തില്‍ കിട്ടുണ്ണി മാറി നിന്നത് നന്നായില്ല '.

എന്നാല്‍ വേണുവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് കല്യാണ തലേന്നാള്‍ കിട്ടുണ്ണി എത്തി. ഉച്ച തിരിഞ്ഞ
നേരം. പന്തലില്‍ കുറച്ച് ആളുകളുണ്ട്. വേണു ഒരു കസേലയിലിരുന്ന് എല്ലാം നോക്കി കാണുകയാണ്.
അപ്പോഴാണ് കിട്ടുണ്ണി എത്തുന്നത്. വന്ന പാടെ വേണുവിന്‍റെ തൊട്ടടുത്ത കസേലയില്‍ വന്നിരുന്നു.

' വാ, അകത്ത് ചെന്ന് ഓപ്പോളേം വിശ്വേട്ടനേം കാണാം ' എന്ന് വേണു പറഞ്ഞു.

' വരട്ടെ. ഇത്തിരി കഴിഞ്ഞിട്ട് ആവാം ' കിട്ടുണ്ണി പറഞ്ഞു ' വരില്ലാ എന്ന് നിശ്ചയിച്ചതാണ്. നാളെ നാട്ടുകാര് മരുമകന്‍റെ കല്യാണത്തിന്ന് ക്ഷണിച്ചില്ലേ എന്ന് ചോദിച്ചാല്‍ നാണക്കേടാവില്ലേ. അതാ പോന്നത് '.

' അത് ഏതായാലും നന്നായി. രണ്ട് കൂട്ടര്‍ക്കും ഇനി മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വരില്ലല്ലോ '.

' അവളുടെ വീട്ടില്‍ ക്ഷണിച്ചിട്ടുണ്ടോ '.

രാധയുടെ വീട്ടുകാരെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് വേണുവിന്ന് മനസ്സിലായി. ഓപ്പോള്‍ നേരിട്ട് ചെന്ന് ക്ഷണിച്ചുവെന്നും കുറച്ച് ദിവസമായി രാധ ഇവിടെയാണെന്നും ഉള്ള വിവരം വേണു പറഞ്ഞു.

' എന്‍റെ കെട്ടുപാട്ടില്‍ നിന്ന് ഇറങ്ങിയതല്ലേ. ഇഷ്ടം പോലെ ചെയ്തോട്ടെ. എന്തായാലും ആങ്ങളയോടുള്ള അലോഹ്യം അവളുടെ ബന്ധുക്കളോട് കാണിച്ചില്ലല്ലോ. അത് നന്നായി. ഇല്ലെങ്കില്‍ എന്നേക്കും അത് ഒരു
കുറച്ചിലായിട്ടങ്ങിനെ കിടക്കും '.

' നമുക്ക് അകത്ത് പോകാം ' വേണു പറഞ്ഞു ' വന്നിട്ട് അന്യരെ പോലെ പന്തലില്‍ തന്നെ ഇരുന്നൂന്ന് പറയിക്കരുത് '.

കിട്ടുണ്ണി എതിര്‍പ്പൊന്നും പറയാതെ വേണുവിന്‍റെ പിന്നാലെ നടന്നു. പൂമുഖത്ത് വിശ്വേട്ടനോടൊപ്പം
ജഡ്ജിമാരും പ്രമുഖ അഭിഭാഷകരും ആണ് ഉണ്ടായിരുന്നത്.

' എന്‍റെ അളിയന്മാരാണ് ' വക്കീല്‍ പരിചയപ്പെടുത്തി.

വേണു കൈ കൂപ്പി. അതിഥികള്‍ പ്രത്യഭിവാദ്യം ചെയ്തു.

' ഞങ്ങള്‍ ഓപ്പോളുടെ അടുത്തൊന്ന് ചെല്ലട്ടെ ' വേണു പറഞ്ഞു.

കിട്ടുണ്ണിയെ കണ്ടതും പത്മിനിയുടെ മുഖത്ത് അത്ഭുതമാണ് നിഴലിച്ചത്. ഇങ്ങോട്ട് കടക്കില്ല എന്നു
പറഞ്ഞ് ഇറങ്ങിപ്പോയ ആളാണ്. ഇന്നേവരെ വരികയോ ഒരു അന്വേഷണം നടത്തുകയോ ഉണ്ടായില്ല. എന്നാലും ആള്‍ക്കാരെ കൊണ്ട് പറയിപ്പിക്കാന്‍ അവസരം ഉണ്ടാക്കാതെ എത്തിയല്ലോ.

' നീ എത്ത്യേതേ ഉള്ളൂ ' പത്മിനി കുശലം ചോദിച്ചു.

' കുറച്ച് നേരായി ' കിട്ടുണ്ണി പറഞ്ഞു ' ഞങ്ങള് വെളീല് സംസാരിച്ച് ഇരുന്നു '.

' ഞാന്‍ അറിഞ്ഞില്യാട്ടോ. വാ കാപ്പി കുടിക്കാം ' പത്മിനി ഡൈനിങ്ങ് റൂമിലേക്ക് നടന്നു. മേശപ്പുറത്ത്
പലഹാരങ്ങള്‍ പലതും നിരന്നു.

' എനിക്കൊരു ചായ മാത്രം മതി ' കിട്ടുണ്ണി പറഞ്ഞു ' ഞാന്‍ ഇതൊന്നും തിന്നാറില്ല '.

സന്ധ്യ മയങ്ങുവോളം കിട്ടുണ്ണി അവിടെ തങ്ങി. ചായ കുടിച്ച ശേഷം പന്തലില്‍ തിരിച്ചെത്തിയ അയാള്‍ അതിഥികളില്‍ പലരോടും സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. അയാളുടെ ഉറക്കെയുള്ള വര്‍ത്തമാനവും എല്ലാ കാര്യത്തിലും അഭിപ്രായം പറയുന്ന രീതിയും വേണു നോക്കിയിരുന്നു.

' ഇനി ഞാന്‍ ഇറങ്ങ്വാണ് ട്ടോ ' കിട്ടുണ്ണി വേണുവിനോട് പറഞ്ഞു ' നാളെ കാലത്ത് എത്താം '

' ഓപ്പോളോടും വിശ്വേട്ടനോടും പറഞ്ഞിട്ട് പോവൂ ' വേണു പറഞ്ഞു.

ഇരുവരും അകത്തേക്ക് ചെന്നു. വന്ന പ്രമുഖരില്‍ പലരും പോയിക്കഴിഞ്ഞിരുന്നു. വക്കീലും പത്മിനിയും
എന്തോ സംഭാഷണത്തിലാണ്.

' കിട്ടുണ്ണി പോവ്വാണത്രേ ' വേണു പറഞ്ഞു.

' പോവ്വേ ' പത്മിനി ചോദിച്ചു ' ഇനിയല്ലേ ഇവിടെ വേണ്ടത് '.

' ഞാന്‍ രാവിലെ നേരത്തെ എത്താം '.

' വന്ന ആള്‍ക്കാര്‍ക്കൊക്കെ കൂടി ചെറിയൊരു സദ്യടെ വട്ടം ഉണ്ടാക്കീട്ടുണ്ട്. ഊണ് കഴിച്ചിട്ട് പോയാല്‍
പോരേ '.

' എനിക്കിത്തിരി തിടുക്കം ഉണ്ട്. പിന്നെ ഞാന്‍ ഊണ് കഴിക്കുന്ന സമയം ആയിട്ടൂല്യാ '.

കിട്ടുണ്ണി ഇറങ്ങാന്‍ ഒരുങ്ങി.

' ഡ്രൈവറോട് അവിടെ കൊണ്ടു വിടാന്‍ പറയാം ' വക്കീല്‍ പറഞ്ഞു.

' വേണ്ടാ. എന്‍റെ കാറ് പുറത്ത് റോഡില് നില്‍ക്കുന്നുണ്ട് '.

കിട്ടുണ്ണി നടന്നു.

' എന്തോ കാട്ടിക്കോട്ടേ ' പത്മിനി പറഞ്ഞു ' തെളിച്ച വഴിക്ക് പോയില്ലെങ്കില്‍ പോയ വഴിക്ക് തെളിക്യാ '.

അവരുടെ ഇടയിലേക്ക് രാധ എത്തി.

' എനിക്ക് അപ്പഴും ഉറപ്പുണ്ട്, വരാതിരിക്കില്യാന്ന്. നാലാള് കൂടുന്ന ദിക്കില് ഞെളിഞ്ഞ് നില്‍ക്കാന്‍
മോഹം ഉള്ള ആളാ. പറയും പോലെ ഒറ്റപ്പെട്ട് നിക്കാനുള്ള ചങ്കൂറ്റം ഒന്നും ഇല്ല '.

' കാണിക്കുന്നത് മുഴുവന്‍ ഒരുതരം വേഷക്കെട്ടാണ് ' വക്കീല്‍ വിലയിരുത്തിയത് അങ്ങിനെയാണ്.

Monday, December 6, 2010

നോവല്‍ - അദ്ധ്യായം - 107.

എന്തായാലും ഇന്ന് കല്യാണിയെ കണ്ടിട്ടേയുള്ളു എന്ന് പാഞ്ചാലി ഉറപ്പിച്ചു. നേരം പത്ത് മണി കഴിഞ്ഞു.
പുല്ലരിയാന്‍ പോവാത്തതിനാല്‍ കല്യാണി കുറച്ച് കഴിയുമ്പോള്‍ തിരുമ്പി കുളിക്കാന്‍ ചെല്ലും . മുമ്പൊക്കെ സന്ധ്യ നേരത്താണ് അവള്‍ കുളിക്കുക. പള്ളി കടവിന്‍റെ താഴത്താണ് അവള്‍ കുളിക്കാറ്. തുണി തിരുമ്പാന്‍ പറ്റിയ ഒരു
പാറയുണ്ട് അവിടെ. പൂവരശ് മരങ്ങള്‍ പുഴയിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന അവിടെ എപ്പോഴും തണലായിരിക്കും.
കുറച്ച് കഴിഞ്ഞ് ഇറങ്ങാം. പാഞ്ചാലി ഉമ്മറപ്പടിയില്‍ ദൂരത്തേക്കും നോക്കി ഇരുന്നു.

തലേന്ന് സുകുമാരേട്ടന്‍ ' നിനക്ക് പറ്റില്ലെങ്കില്‍ പറ, ഞാന്‍ എന്‍റെ വഴി നോക്കാ ' മെന്ന് പറഞ്ഞതാണ്. അതുവരെ
കയ്യില്‍ നിന്ന് പത്ത് പൈസ തരില്ലാ എന്നു കൂടി കേട്ടതോടെ മനസ്സില്‍ വല്ലാത്ത വേദന തോന്നി. പരമ ദുഷ്ടന്‍.
ഈ നിലയ്ക്കാക്കിയിട്ട് ഒന്നും തരാതെ ഒഴിഞ്ഞു മാറാന്‍ നോക്കുന്നു.

ഒമ്പതാം ക്ലാസ്സില്‍ പഠിപ്പ് അവസാനിപ്പിച്ച് ചര്‍ക്ക ക്ലാസ്സില്‍ ചേര്‍ന്ന് അധികമായിട്ടില്ല. സുകുമാരേട്ടന്‍ ആ കാലത്ത്
കോളേജില്‍ പഠിക്കുകയാണ്. അന്നേ ആള്‍ വിളഞ്ഞ വിത്താണ്. ചര്‍ക്ക ക്ലാസ്സിന്ന് പോണ നേരം നോക്കി വഴിയില്‍
സൈക്കിളുമായിട്ട് കാത്ത് നില്‍ക്കും. പുറകെ വന്ന് ' കറുത്ത പെണ്ണേ, കരിങ്കുഴലീ 'എന്ന് പാടും. വലിയ വീട്ടിലെ
മക്കളോട് പെരുമാറുമ്പോള്‍ നമ്മള്‍ അല്‍പ്പം താണു കൊടുക്കണം എന്ന് ചര്‍ക്ക ക്ലാസ്സിന്ന് വന്നിരുന്ന ഒരു ചേച്ചിയാണ് പറഞ്ഞു തന്നത്. തിരിച്ചൊന്നും പറയാതെ കണ്ടില്ലാ കേട്ടില്ലാ എന്നു വെച്ച് കുറച്ച് കാലം നടന്നു. പിന്നെപ്പിന്നെ കുറേശ്ശെ സംസാരിച്ച് തുടങ്ങി.

' എന്‍റെ കൂടെ നാളെ പാലക്കാട്ടേക്ക് വര്വോ. ഒരു സിനിമ കണ്ടിട്ട് വരാം ' എന്ന് ആദ്യം പറഞ്ഞപ്പോള്‍ പരിഭ്രമം
തോന്നി. മൂന്ന് നാല് തവണ അതേ ചോദ്യം കേട്ടപ്പോള്‍ ഒരു ദിവസം കൂടെ ചെന്നു. സിനിമ തുടങ്ങി ഇരുട്ട്
പരന്നപ്പോള്‍ എന്തൊക്കെയാണ് കാട്ടിയത്. അത് ഓര്‍ത്തപ്പോള്‍ ശരീരത്തില്‍ കുളിര് കോരി ഇടുന്നത് പോലെ.
അതാണ് ആദ്യത്തെ അനുഭവം. പിന്നീടങ്ങോട്ട് എന്തെല്ലാം കാര്യങ്ങള്‍.

ആദ്യമൊക്കെ ജീവനായിരുന്നു.

' നിനക്ക് ഞാന്‍ അഞ്ചു പറ കണ്ടം തരുന്നുണ്ട്. ഉള്ള കാലം ചോറുണ്ണാനുള്ളത് എന്‍റെ വകയായിട്ട് ഇരിക്കട്ടെ '
എന്ന് പറഞ്ഞ ആളാണ്. അന്ന് അത്ര ബുദ്ധി പോയില്ല. മനസ്സ് നിറയെ സ്നേഹമായിരുന്നു.

' എനിക്ക് കണ്ടൂം കൃഷീം ഒന്നും വേണ്ടാ. ഈ സ്നേഹം മാത്രം മതി ' എന്ന് പറഞ്ഞത് അതുകൊണ്ടാണ്.
' എന്നാല്‍ ഇത് ഇരിക്കട്ടെ ' എന്നും പറഞ്ഞ് ഒരു പവന്‍റെ സ്വര്‍ണ്ണ മാല വാങ്ങി ആ കയ്യുകൊണ്ട് കഴുത്തില്‍
ഇട്ടു തന്നു. പാഞ്ചാലി ആ മാലയില്‍ പിടിച്ചു. ഇന്നലെ പറഞ്ഞ വാക്കുകള്‍ മനസ്സില്‍ കിടന്ന് പൊള്ളുന്നു.
കാശിന്നു വേണ്ടി നീ കാര്യം വൈകിക്കുകയാണെന്ന് എങ്ങിനെ ഈ മുഖത്ത് നോക്കി പറയാന്‍ കഴിഞ്ഞു.
അങ്ങിനെ ഇതുവരെ പെരുമാറിയിട്ടില്ലല്ലോ. സുകുമാരേട്ടന്‍റെ മോഹങ്ങള്‍ സാധിച്ചു കൊടുത്തിട്ടേയുള്ളു.

പഠിപ്പ് കഴിഞ്ഞ ശേഷം സുകുമാരേട്ടന്‍ പല സ്ഥലത്തേക്കും കൂടെ കൊണ്ടു പോയിരുന്നു. അത്തരത്തില്‍
ഒരു യാത്രയിലാണ് വേറൊരു തെറ്റില്‍ വീണത്.

' പാഞ്ചാലി കുട്ട്യേ. ഒരു വിട്ടു വീഴ്ച ചെയ്യണം ' എന്ന് പറഞ്ഞപ്പോള്‍ കാര്യം മനസ്സിലായില്ല.

' എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാള്‍ ഇവിടെയുണ്ട്. അയാളെ നീ ഒന്ന് സന്തോഷിപ്പിച്ച് വിടണം ' എന്ന് പറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി. സുകുമാരേട്ടന്ന് അയാളെക്കൊണ്ട് എന്തോ സാധിക്കാനുണ്ടെന്നും
എതിര്‍ക്കരുത് എന്നും പടിപ്പടി പറഞ്ഞപ്പോള്‍ ആ വാക്കില്‍ വീണൂ. പിന്നീട് പല അവസരങ്ങളിലായി പലര്‍ക്കും വഴിപ്പെട്ടു. അപ്പോഴേക്കും നാട്ടില്‍ ചീത്ത പേരായി. പെണ്ണുങ്ങള്‍ കാണുമ്പോള്‍ അകന്ന് മാറി .
ആണുങ്ങള്‍ പുച്ഛത്തോടെ നോക്കും. ഒരു ജോലിക്കും പോവാന്‍ പറ്റാത്ത അവസ്ഥ. പിന്നെ കുത്തഴിഞ്ഞ മട്ടിലങ്ങിനെ കൂടി. വല്ലപ്പോഴും സുകുമാരേട്ടനെ കാണും. എന്തെങ്കിലും തരും.

പഴയ താല്‍പ്പര്യം കുറഞ്ഞ സമയത്താണ് മറ്റു പെണ്‍കുട്ടികളെ അടുപ്പിക്കാന്‍ ആവശ്യപ്പെട്ടത്.

' ഞാനോ കേടു വന്നു. ഇനി ഒരു പെണ്ണിന്‍റെ ജീവിതം കെടുക്കാന്‍ ഞാനില്ല ' എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. പണത്തിന്ന് ബുദ്ധിമുട്ട് വന്നതോടെ ആ തീരുമാനവും മാറ്റി. തെറ്റ് ചെയ്ത് പണം നേടി കല്യാണം കഴിച്ചു
പോയ മിടുക്കികള്‍ക്കിടയില്‍ ഒന്നും നേടാനാവാത്ത ആളായി മാറി. കൂട്ടിക്കൊടുപ്പുകാരി എന്ന പേര്
കിട്ടിയത് മാത്രം ലാഭം.

കല്യാണി വളയുന്ന മട്ടിലല്ല എന്ന് തോന്നുന്നു. അവള്‍ക്ക് നല്ല അടക്കവും ഒതുക്കവും ഉണ്ട്. അവളുടെ
അപ്പന്‍ മാട്ടു കച്ചവടം നടത്തി സമ്പാദിക്കുന്നുണ്ട്. വലിയപ്പന്ന് സ്വന്തമായി കൃഷിയൊക്കെയുണ്ട്. അയാള്‍ക്ക് പെണ്ണും കുട്ടിയും ഒന്നും ഇല്ല. വല്ലതും ഉണ്ടെങ്കില്‍ അവള്‍ക്കാണ് കിട്ടുക. ഈ പരിപാടിക്കൊന്നും
അവളെ കിട്ടും എന്ന് തോന്നുന്നില്ല.

എന്തായാലും ഏറ്റതല്ലേ. ഒന്നിച്ച് സിനിമക്ക് പോവാമെന്ന് അവളോട് പറഞ്ഞ് നോക്കും . പറ്റിയില്ലെങ്കില്‍
സുകുമാരേട്ടനോട് ആ വിവരം പറഞ്ഞ് ഒഴിയും. അതിന് പിണങ്ങിയാലും വിരോധമില്ല. ഈ നിലയില്‍
ഏറെ കാലം ജീവിക്കാന്‍ ആവില്ല. കഴിഞ്ഞു കൂടാന്‍ എന്തെങ്കിലും വക തരാന്‍ പറയും. കേട്ടില്ലെങ്കിലോ.
അതിനും വഴിയുണ്ട്. നാലാള്‍ കൂടുന്ന ദിക്കില്‍ വെച്ച് നല്ലത് നാല് പറഞ്ഞ് നാറ്റിക്കും.

പാഞ്ചാലി എഴുന്നേറ്റു. ചെരുപ്പില്‍ കാല് തിരുകുമ്പോള്‍ വള്ളി പൊട്ടിയതായി കണ്ടു. വാങ്ങിയിട്ട് കാലം
കുറെയായി. പണ്ട് സുകുമാരേട്ടന്‍ പുത്തന്‍ ചെരിപ്പുകള്‍ വാങ്ങിക്കൊണ്ടു തരുമായിരുന്നു.

ഇടവഴിയിലെ ഉരുളന്‍ കല്ലുകളില്‍ ചവിട്ടുമ്പോള്‍ കാലിന്നടിയില്‍ തുളച്ച് കയറുന്ന വേദന. പാതയിലേക്ക് കയറിയപ്പോള്‍ വറച്ചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വീണ മാതിരി. മെറ്റലിട്ട പാതയ്ക്ക് പൊള്ളുന്ന ചൂട്.
ഓരത്തുള്ള ഉണങ്ങി തുടങ്ങിയ പുല്ലില്‍ ചവിട്ടി നടന്നു.

കടവില്‍ നിന്ന് ആരോ തുണി തിരുമ്പുന്ന ശബ്ദം. കരിനൊച്ചി കൊണ്ടുള്ള വേലിക്കരികില്‍ ചെന്ന് നോക്കി. കടവില്‍ തുണി അലക്കുന്നത് കല്യാണിയാണ്. പുഴയിലേക്ക് ഇറങ്ങാന്‍ നോക്കുമ്പോള്‍ കുളിച്ച് തലമുടി വേര്‍പെടുത്തുന്ന ആളെ കണ്ടു. ജാനു തള്ള. അതിന്‍റെ വായില്‍ നിന്ന് വല്ലതും കേള്‍ക്കും മുമ്പ് സ്ഥലം
വിടണം. പാഞ്ചാലി തിരിഞ്ഞു നടന്നു.

++++++++++++++++++++++++++++++

പറഞ്ഞതില്‍ നിന്ന് ഒരു ദിവസം കൂടി കഴിഞ്ഞാണ് മുള്ള് വെട്ടാന്‍ ആളെത്തിയത്.

' ഇന്നലെ വൈകുന്നേരം ഇവിടെ വന്ന് കരാറ് ഉറപ്പിക്കും , ഇന്ന് രാവിലെ പണിക്ക് വരും എന്നാണല്ലോ ചാമി പറഞ്ഞത് ' എഴുത്തശ്ശന്‍ അയാളോട് പറഞ്ഞു.

' അങ്ങിനെ തന്ന്യാ വിചാരിച്ചത്. ഒരു ദിക്കില്‍ തൊട്ടു വെച്ച പണി തീര്‍ക്കണ്ടേ. അതാ വൈകിയത് '.

' പറഞ്ഞ വാക്ക് ആദ്യം തന്നെ തെറ്റിച്ചു. തിരുവാതിരയ്ക്ക് മുമ്പ് പണി തീര്‍ത്ത് കിട്ടണം '.

' ശരി. എവിട്യാ പരുവക്കൂട്ടം '.

' ദാ. ചാമി ഇപ്പൊ എത്തും. എന്നിട്ട് പോയാല്‍ പോരെ '.

വന്നയാള്‍ സമ്മതിച്ചു. അല്‍പ്പ നേരത്തിനകം ചാമി എത്തി.

' ഇന്നലെ വരാന്ന് പറഞ്ഞിട്ട് വരാഞ്ഞപ്പോള്‍ നീ വള്ളി കെട്ടി വിട്ടതാണോന്ന് തോന്നി ' ചാമി പറഞ്ഞു.

' ചാമ്യേട്ടോ. ആരോട് ആ പണി കാട്ട്യാലും നിങ്ങളോട് കാട്ടുംന്ന് തോന്നുണുണ്ടോ 'വന്നയാള്‍ പറഞ്ഞു.

' അതല്ലേ ഞാന്‍ നിന്നെ തന്നെ വിളിച്ചത് '.

അവര്‍ മുളക്കൂട്ടത്തിന്നരികിലേക്ക് ചെല്ലുമ്പോള്‍ നാണു നായര്‍ എതിരെ വരുന്നു.

' എവിടേക്കാ പോണത് ' അയാള്‍ ചോദിച്ചു.

' വേലി കെട്ടണ്ടേ. മുള്ള് നോക്കാന്‍ പോവ്വാണ് ' ചാമി പറഞ്ഞു.

' എവിട്യാ വേലി കെട്ടുണത് ' നാണു നായര്‍ക്ക് അത് അറിയണം.

' കളപ്പുരടെ വേലി കെട്ടണം. പിന്നെ വണ്ടിപ്പെരടേം തോട്ടത്തിന്‍റീം മൂത്താരുടെ വീടിന്‍റീം ഒക്കെ കെട്ടണം '.

' ഒക്കെ കൂടി ഒരുപാട് കാശ് വരില്ലേ '.

എഴുത്തശ്ശന്ന് ആ പറഞ്ഞത് പിടിച്ചില്ല.

' ഒരു കാര്യം ചെയ്യിന്‍ ' അയാള്‍ പറഞ്ഞു ' കയ്യില് തോനെ കെട്ടിയിരുപ്പ് ഉണ്ടല്ലോ. പത്തോ അയ്യായിരോ
തരിന്‍. കാര്യം നടത്തട്ടെ '.

' എന്‍റേല് ചെമ്പിന്‍റെ തുട്ട് ഇല്ലാന്ന് കണ്ടിട്ടല്ലേ ഈ പറഞ്ഞത് ' നായര്‍ പരിഭവം പറഞ്ഞു.

' എന്നാല്‍ മിണ്ടാണ്ടെ മൂടിക്കൊണ്ട് ഇരിക്കിന്‍ '.

' ഇപ്പൊ വെട്ടാന്‍ തോന്ന്യേത് നന്നായി. ഇല്ലെങ്കില്‍ ഒണങ്ങി പോയിട്ടുണ്ടാവും ' പരുവക്കുട്ടം നോക്കിയിട്ട് പണിക്കാരന്‍ പറഞ്ഞു.

' പരുവടെ ചോട്ടില് കട്ടേരി കിടക്കുണുണ്ടാവും' നാണു നായര്‍ പറഞ്ഞു ' കുറച്ച് കിട്ട്യാല്‍ എന്തെങ്കിലും
ഉണ്ടാക്കി തിന്നായിരുന്നു '.

' ഇത്ര അരിശ തോന്നാന്‍ പറ്റിയോരു സാധനൂം ' എഴുത്തശ്ശന്‍ പറഞ്ഞു ' എന്ത് തിന്നാലാ നിങ്ങളുടെ
കുക്ഷി തൂര്വാ. വല്ലാത്തൊരു ആര്‍ത്തി പണ്ടാരം '.

' ആര്‍ത്തി ഉണ്ടായിട്ടല്ല. കട്ടേരി എപ്പഴും കിട്ട്വോ. ഏതെങ്കിലും കാലത്തല്ലേ മുള പൂക്കുള്ളു. വളരെ മുമ്പ്
കഴിച്ചതാ. ഇപ്പഴും അതിന്‍റെ രുചി നാവിന്ന് പോയിട്ടില്ല '.

' പണ്ടത്തെ കാലത്ത് ക്ഷാമം ആയിരുന്നു. അന്ന് കാലത്ത് ആളുകള്‍ കിട്ടുന്നതൊക്കെ തിന്നും. ഇന്ന്
അതാണോ കാലം. മൊളടെ അരി അവിടെ കിടന്നോട്ടെ. അണ്ണയും കിളിയും തിന്ന് വയറ് നിറച്ചോട്ടെ '.

' വിരോധം ഉണ്ടായിട്ടല്ല. എന്നാലും ഒരു മോഹം'.

' ചാമ്യേ ' എഴുത്തശ്ശന്‍ വിളിച്ചു ' കുറച്ച് കട്ടേരി അടിച്ചു വാരി ഈ നായര്‍ക്ക് കൊടുക്ക്. അത് തിന്നാണ്ടെ അയാളുടെ വയറ്റിലെ കുട്ടിടെ ചെകിട് പഴുക്കണ്ടാ '.

നേര്‍ത്ത കാറ്റില്‍ മുളങ്കൂട്ടം അത് കേട്ട് പൊട്ടിച്ചിരിച്ചു.

Wednesday, December 1, 2010

നോവല്‍ - അദ്ധ്യായം - 106.

' തിരുവാതിരയ്ക്ക് ഇനി അധിക ദിവസം ഇല്ല. അതിന്ന് മുമ്പ് എന്തൊക്കെ പണി ചെയ്യാന്‍ കെടക്കുണു ' എഴുത്തശ്ശന്‍ ഉടനെ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ പറയാന്‍ തുടങ്ങി ' വേലി കെട്ടല് കഴിക്കണം. മുറ്റം
മണ്ണിട്ട് പൊതുക്കി അഴക് പിടിക്കണം. എന്നിട്ട് ചാണകം മെഴുകണം . ഇതൊക്കെ എങ്ങിനെ തീര്‍ക്കും
എന്ന് നിശ്ചം ഇല്ലാണ്ടായി '.

' നിങ്ങള് മിണ്ടാണ്ടിരിക്കിന്‍ കുപ്പ്വോച്ചാ. ഒക്കെ നമുക്ക് ശഠേന്ന് ചെയ്യിപ്പിക്കാലോ 'ചാമിക്ക് അതൊന്നും
പ്രശ്നമേ അല്ല.

' നീ പറയുന്നത് കേട്ടാല്‍ ഒക്കെ എളുപ്പം നടക്കുന്ന മാതിരിയാണ്. എന്തോ എനിക്ക് വിശ്വാസം പോരാ '.

' തൊടിയിലെ പരുവയില്‍ ഒരു കൂട്ടം കട്ട പിടിച്ചിട്ടുണ്ട്. ഉണങ്ങും മുമ്പ് അത് എന്തായാലും വെട്ടണം.
അതോടെ വേലിപ്പണിക്ക് മുള്ള് ആയില്ലേ '.

' മുള്ള് കിട്ട്യാല്‍ മത്യോ. കെട്ടി തീര്‍ക്കണ്ടേ '.

' കുപ്പ്വോച്ചന്‍റെ നോട്ടത്തില് എത്ര ആളുടെ പണി കാണുണുണ്ട് '.

' വണ്ടിപ്പുരടെ വേലി കെട്ടണം. കളപ്പുരടേം കെട്ടണം. പിന്നെ നാണു നായരുടെ സ്ഥലത്തിന്‍റേം വേണ്ടേ '.

' അതും വേണോലോ '.

' എല്ലാം കൂടി ഇത്തിരി ദൂരം വേലി കെട്ടേണ്ടി വരും '.

' അപ്പൊ നാലഞ്ചാളുകള് വന്നാല്‍ എത്ര ദിവസത്തെ പണി കാണും '.

' അത്രേ പണിക്കാര് ഉള്ളൂച്ചാല്‍ തിരുവാതിര കഴിഞ്ഞാലും പണി തീരില്ല. ഒക്കെ നോക്കി നിന്ന് നേരം
കളയും '.

' എന്നാല്‍ ഞാന്‍ ചെന്ന് കരാറ് പണിക്ക് ആളെ വിളിച്ചോട്ടെ. അതാവുമ്പോള്‍ നമുക്ക് നോക്കി നിക്കാതേം
കഴിഞ്ഞു '.

' കരാറ് കൊടുക്കുന്നതോണ്ട് കൊഴപ്പം ഒന്നൂല്യാ. പക്ഷെ ശരിക്ക് വാരി പിടിക്കാതെ എക്കേടോ കെട്ടു
പോട്ടേന്ന് ഉള്ള മട്ടില് ചെയ്തിട്ട് പോവാന്‍ പാടില്ല '.

' അതൊന്നും ചെയ്യാന്‍ ഞാന്‍ സമ്മതിക്കില്ല. മര്യാദയ്ക്ക് പണി ചെയ്താലേ കാശ് കൊടുക്കൂ '.

' എന്നാല്‍ നീ ചെന്ന് ഏര്‍പ്പാടാക്കിക്കോ '.

ചാമി അപ്പോള്‍ തന്നെ പോയി. എഴുത്തശ്ശന്‍ കളപ്പുരയുടെ തിണ്ടില്‍ തോര്‍ത്ത് വിരിച്ച് കിടന്നു. നാണു
നായരെ കാണാനില്ല. അയാളുണ്ടെങ്കില്‍ വല്ലതും സംസാരിച്ചിരിക്കാന്‍ ആളായേനെ. മിണ്ടാനും പറയാനും
ആരുമില്ലെങ്കില്‍ ഒരു രസമില്ല. വേണുവുള്ളപ്പോഴും അധികമൊന്നും വര്‍ത്തമാനം ഉണ്ടാവാറില്ല. മിക്ക
സമയവും അവന്‍ പേപ്പറും പുസ്തകവും നോക്കി ഇരിക്കും. അല്ലെങ്കില്‍ റേഡിയോവില്‍ എന്തെങ്കിലും
വര്‍ത്തമാനം പറയുന്നത് കേള്‍ക്കും . സിനിമ പാട്ട് കേള്‍ക്കുന്നത് എപ്പഴെങ്കിലുമാണ്. നാണു നായരുടെ
മകള് എപ്പഴും സിനിമാപ്പാട്ട് വെക്കും . ചേരിന്‍ ചോട്ടില്‍ നിന്നാല്‍ കേള്‍ക്കണ മാതിരി നല്ല ഒച്ചയിലാണ്
ആ കുട്ടി പാട്ട് വെക്കാറ്. മുമ്പൊന്നും പാട്ട് കേള്‍ക്കുന്ന ശീലം ഉണ്ടായിരുന്നില്ല. എന്നാല്‍ ഈയിടേയായി
ഇടയ്ക്കൊക്കെ പാട്ട് കേള്‍ക്കണം എന്ന മോഹം തോന്നി തുടങ്ങിയിട്ടുണ്ട്.

വേണുവിന്‍റെ കാര്യം ആലോചിക്കുമ്പോഴാണ് സങ്കടം. ചുരുക്കം സമയം കൊണ്ട് അവന്‍ സ്വന്തം ആളെ പോലെയായി. ഇപ്പോള്‍ മകനോടുള്ള വാത്സല്യമാണ് അവനോടുള്ളത്. ഒരു കല്യാണം കഴിച്ച് കുടുംബം
ആയിട്ട് അവന്‍ കഴിയുന്നത് കാണാന്‍ മോഹിച്ചതാണ്. എന്നിട്ട് ഒടുവില്‍. എഴുത്തശ്ശന്‍ ഒരു ദീര്‍ഘ ശ്വാസം
വിട്ടു.

' അമ്മാമ ഉറങ്ങ്വാണോ ' എന്നും ചോദിച്ച് വേണു മുമ്പിലെത്തിയതും പിടഞ്ഞെണീറ്റു. വേണുവിന്‍റെ കയ്യില്‍
തീരെ ചെറുതല്ലാത്ത ഒരു പൊതി കണ്ടു.

' നീയെന്താ പോന്നത്. കല്യാണതിരക്കൊക്കെ ആയില്യേ അവിടെ ' എന്ന് ചോദിച്ചു.

' അമ്മാമേ, എന്‍റെ മരുമകന്‍റെ കല്യാണത്തിന്ന് നിങ്ങളെയൊക്കെ ക്ഷണിക്കണ്ടേ. അതിന്ന് വന്നതാണ് ' എന്നും പറഞ്ഞ് വേണു തിണ്ടില്‍ ഇരുന്നു.

' കല്യാണത്തിന്ന് നമ്മളെയൊന്നും വിളിക്ക്യുണ്ടാവില്ലാ. അവരൊക്കെ വലിയ ആള്‍ക്കാരല്ലേ ' എന്ന് ഇന്നാള് ഒരിക്കല്‍ നാണു നായര്‍ പറഞ്ഞതും ' ജീവനുണ്ടെങ്കില്‍ വേണു നമ്മളെ വിളിക്കാണ്ടിരിക്കില്ല ' എന്ന് താന്‍
മറുപടി പറഞ്ഞതും എഴുത്തശ്ശന്‍ ഓര്‍ത്തു.

' നീ ഒരു കാര്യം കേട്ടോ ' എന്നും പറഞ്ഞ് അയാള്‍ ആ സംഭവം വേണുവിനോട് പറഞ്ഞു. വേണുവിന്ന് കുറ്റബോധം തോന്നി. ഇവരെ ക്ഷണിച്ചില്ലായിരുന്നുവെങ്കില്‍ അത് എന്നെന്നേക്കും ഒരു കുറവായേനെ.

' ആരെയൊക്കെയാ ക്ഷണിക്കണത് ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഒന്നാമത് അമ്മാമയെ '.

' നീ പറഞ്ഞില്ലെങ്കിലും ഞാന്‍ എത്തും. പിന്നെ ആരെയൊക്കേയാ '.

' ഒന്ന് നമ്മുടെ ചാമി. നാണുമാമടെ വീട്ടില്‍ പറയണം. പിന്നെ മേനോന്‍ സ്വാമി, സ്വാമിനാഥന്‍. വാരരേയും
പൂജക്കാരനേയും വിളിക്കണം എന്നുണ്ട്. അമ്മിണിയമ്മടെ വീട്ടിലും ഒന്ന് പറഞ്ഞാലോ '.

' നിശ്ചയമായിട്ടും പറയണം. ഒക്കെ അടുത്തടുത്ത് കഴിയുന്നോരല്ലേ. ആ രാവുത്തരുക്കും ഒരു കത്ത്
കൊടുക്ക് '.

' ശരി. അയാളെ എവിടെ ചെന്നാലാ കാണാന്‍ സാധിക്ക്യാ '.

' അതിന്ന് നീ ഒന്നും പോണ്ടാ. എന്‍റേല് തന്നാ മതി. ഞാന്‍ എത്തിച്ച് കൊടുക്കാം '.

' ഇവിടുത്തെ നാല് വീട്ടിലും ഇപ്പൊ തന്നെ പറഞ്ഞിട്ട് വരാം' എന്നും പറഞ്ഞ് വേണു എഴുന്നേറ്റു. കുറച്ച് കഴിഞ്ഞതും ചാമി എത്തി.

' എന്താ കുപ്പ്വോച്ചാ, തിണ്ടില് ഒരു പൊതി ' അവന്‍ ചോദിച്ചു.

' നിന്‍റെ മുതലാളി വന്നിട്ടുണ്ട്. അവന്‍ വെച്ചതാ. ഞാന്‍ നോക്കാനൊന്നും പോയില്യാ '.

' എന്നിട്ട് ആളെവിടെ '.

' കല്യാണം പറയാന്‍ പോയിട്ടുണ്ട്. ഇപ്പൊ വരും '.

' കുടിക്കാന്‍ വല്ലതും വേണ്ടി വര്വോ '.

' എന്തായാലും ഇത്തിരി കാപ്പി വെക്ക്. എനിക്കും വേണംന്നുണ്ട് '.

ചാമി അടുപ്പ് കത്തിക്കാന്‍ തുടങ്ങി.

' നീ പോയ കാര്യം എന്തായി ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഇന്ന് വൈകുന്നേരം ആള് വരും. കരാറ് പറഞ്ഞ് ഉറപ്പിച്ചാല്‍ നാളെ പണി തുടങ്ങും '.

' അവര് പറയുന്നതെന്നെ കരാറ്. എന്തെങ്കിലും ചുരുക്കാന്‍ നോക്ക്യാല്‍ പറ്റില്ലാന്നും പറഞ്ഞ് വന്ന വഴിക്ക്
പോവും '.

ചാമി കാപ്പി വെച്ചു കഴിഞ്ഞിട്ടേ വേണു എത്തിയുള്ളു.

' നാണു മാമ വര്‍ത്തമാനം പറഞ്ഞ് ഇരുത്തി ' വേണു പറഞ്ഞു ' അതാ ഇത്ര വൈകിയത് '.

' അയാള്‍ക്കെന്താ. ആരേയെങ്കിലും വര്‍ത്തമാനത്തിന്ന് കിട്ട്യാല്‍ പിന്നെ വിട്ടാക്കില്ല '.

' എന്താ നിന്‍റെ പൊതീല് ' കാപ്പി കുടിക്കുമ്പോള്‍ എഴുത്തശ്ശന്‍ ചോദിച്ചു.

' ഞാന്‍ അത് മറന്നു ' വേണു പൊതിയെടുത്തു ' ഇത് ചാമിക്കുള്ളതാണ് '.

വേണു പൊതി തുറന്നു.

' ഈ ഷര്‍ട്ടും മുണ്ടും ഓപ്പോള് ചാമിക്ക് കൊടുക്കണം എന്നു പറഞ്ഞ് തന്നതാണ്. അവിടുത്തെ പണി
തീര്‍ത്ത് പോവുമ്പോള്‍ കൊടുക്കണം എന്ന് വിചാരിച്ചതാണെന്നാ പറഞ്ഞത് '.

നീലക്കരയുള്ള മുണ്ടും അതേ നിറത്തിലുള്ള ഷര്‍ട്ടും ചാമിക്ക് നേരെ നീട്ടി.

' ഇത് ഞാന്‍ വാങ്ങിയതാണ്. കല്യാണത്തിന്ന് ഓപ്പോള് എനിക്ക് വാങ്ങിയ തുണി കണ്ടപ്പോള്‍ ചാമിക്കും
അതേ മാതിരി വാങ്ങണം എന്ന് തോന്നി '. തൂവെള്ള ഷര്‍ട്ടും മുണ്ടും ചാമി വാങ്ങി കണ്ണില്‍ മുട്ടിച്ചു.

' നിനക്ക് ഒറ്റ സാധനം വാങ്ങാന്‍ അറിയില്ല ' എഴുത്തശ്ശന്‍ പറഞ്ഞു ' ഇവനൊന്നും വെള്ള തുണി പറ്റില്ല. എളുപ്പം ചളിയാവും '.

' അത് സാരൂല്യാ' ചാമി പറഞ്ഞു ' മുതലാളി തന്നത് ഞാന്‍ എടുക്കും. തമ്പ്രാട്ടി കൊടുത്തയച്ച തുണി
മായന്‍കുട്ടിക്ക് കൊടുക്കും. പാവം. അവന്ന് നല്ലതൊന്നും ഇല്യാ '.

ആ മനസ്സിലെ നന്മ വേണു അറിഞ്ഞു.