Sunday, February 20, 2011

നോവല്‍ - അദ്ധ്യായം - 124.

എല്ലാ ദിവസവും വൈകുന്നേരം നാല് മണിയാവാന്‍ എഴുത്തശ്ശന്‍ കാത്തിരിക്കാന്‍ തുടങ്ങി. അപ്പോഴാണ് രാധാകൃഷ്ണനും മരുമകളും കളപ്പുരയില്‍ എത്തുക. കുട്ടി എത്തുന്നതോടെ എഴുത്തശ്ശന്‍ അവളെ ഏറ്റുവാങ്ങും. പിന്നെ കുട്ടിയെ കൊഞ്ചിക്കലും കളിപ്പിക്കലും ആയിട്ടങ്ങിനെ കഴിയും. കുട്ടിയെ അമ്പലത്തില്‍ തൊഴുകിച്ച് വരും. ഇരുട്ടാവും മുമ്പ് രാധാകൃഷ്ണന്‍ പുറപ്പെടും. പുഴ വരെ എഴുത്തശ്ശനാണ് കുട്ടിയെ എടുക്കുക.

നാലഞ്ച് ദിവസങ്ങള്‍ അങ്ങിനെ കടന്നു പോയി. കാലത്തെ ഭക്ഷണം കഴിഞ്ഞതേയുള്ളു. നാണു നായര്‍ കളപ്പുരയിലെത്തിയതും എഴുത്തശ്ശന്‍ അയാളെ വിളിച്ചു.

' ഇരിക്കിന്‍ നാണ്വാരെ. നിങ്ങളെക്കൊണ്ട് ഒരു ആവശ്യൂണ്ട് ' അയാള്‍ പറഞ്ഞു.

' എന്താ വേണ്ടത് '.

' നിങ്ങളുടെ മകള്‍ക്ക് പണ്ടം പണിത തട്ടാനെ എനിക്കൊന്ന് കാണണം . ഞാനന്ന് പറഞ്ഞില്ലേ കുട്ടിക്ക് പണ്ടം ഉണ്ടാക്കി കൊടുക്കണംന്ന്. അതിനാണ് '.

' അതിനെന്താ പ്രയാസം. എപ്പൊ വേണച്ചാലും നമുക്ക് ചെല്ലാലോ '.

' അരഞ്ഞാണം ഉണ്ടാക്കുമ്പൊ അരടെ അളവ് അറിയണ്ടേ. ഇത്തിരി നീട്ടം കൂടുതല്‍ ഇരുന്നോട്ടെ. കുട്ടി വലുതാവുമ്പൊ കണ്ണി മാറ്റി കൊളുത്ത്യാല്‍ പോരെ '.

' സുമാര്‍ അളവ് പോരെ '.

' അത് പോരാ. വൈകുന്നേരം കുട്ടി വര്വോലോ. അപ്പൊ വന്നാല്‍ അയാളക്ക് അളവ് എടുത്ത് പോവാം '.

' ഒരു ചരടില്‍ നമുക്കന്നെ അളവ് എടുക്കാം. അത് മതി. അതിനായിട്ട് തട്ടാനൊന്നും വരണ്ടാ '.

' എന്നാല്‍ അങ്ങിനെ ചെയ്യല്ലേ '.

നാണു നായര്‍ കണ്ണട തുടച്ചു മുഖത്തു വെച്ച് പേപ്പര്‍ എടുത്തു. എഴുത്തശ്ശന്‍ ആലോചനയില്‍ ലയിച്ചു. നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി.

' എന്താ അമ്മാമേ ആലോചിക്കുന്നത് ' മേനോന്‍ പത്രം താഴെ വെച്ച് ചോദിച്ചു.

' കുട്ടിക്ക് സ്വര്‍ണ്ണം വാങ്ങിക്കുന്ന കാര്യം ആലോചിച്ചിരുന്നതാ '.

' എന്താഹേ അതിലിത്ര ആലോചിക്കാന്‍. കാശ് കൊടുക്കണം. വാങ്ങണം. അല്ലാണ്ടെന്താ ' നാണു നായര്‍
ഇടപെട്ടു.

' പലതും ഉണ്ട്. കേട്ടോളിന്‍. വേലായുധന്‍കുട്ടിടെ താഴെ പത്മാവതിക്ക് ഒന്നും കൂടി വയറ്റിലുണ്ടായി. ഇത് പെണ്ണാണ് എന്നും പറഞ്ഞ് അവള്‍ വല്ലാതെ കണ്ട് സന്തോഷിച്ചിരുന്നു. കുട്ടിക്ക് മാല, അരഞ്ഞാണം , തള, വള ഒക്കെ പണിയുന്ന കാര്യം തന്നെ എപ്പൊ നോക്ക്യാലും കൂട്ടം കൂടാറുള്ളു. പറഞ്ഞിട്ടെന്താ. നാലാം മാസം ഗര്‍ഭം അലസി. അതോടെ അവള്‍ക്ക് സൂക്കടായി. പിന്നെ പണ്ടം വാങ്ങണ്ടി വന്നില്ല '.

' നിങ്ങള്‍ക്ക് ഒരു പേരമകളില്ലേ. എന്തേ അവള്‍ക്ക് ആ കാലത്ത് വാങ്ങി കൊടുക്കാന്‍ തോന്നീലാ '.

' മോഹം ഇല്ലാഞ്ഞിട്ടല്ല. ഞാന്‍ പറയും ചെയ്തു. ഒന്നും വേണ്ടാ. കുട്ടിയ്ക്ക് വേണ്ടതൊക്കെ ഞങ്ങള് വാങ്ങി എന്നാ അന്ന് മകന്‍ പറഞ്ഞത്. എന്‍റെ മേലില് എപ്പഴും വെശര്‍പ്പാണ് എന്നും പറഞ്ഞ് കുട്ട്യേളെ എടുക്കാന്‍ കൂടി സമ്മതിച്ചിട്ടില്ല '.

' വളരെ കാലം മനസ്സില്‍ സൂക്ഷിച്ച ആഗ്രഹമാണ് അല്ലേ അമ്മാമേ ' മേനോന്‍ ചോദിച്ചു.

' പിന്നല്ലാണ്ടെ. മരിക്കുന്നതിന്ന് മുമ്പ് ആ മോഹം സാധിച്ചാല്‍ ഒരു സന്തോഷം ഉണ്ട് '.

' ഏതായാലും ഇനി അധികം കാത്തിരിക്കേണ്ടല്ലോ ' .

' ചാമ്യേ. ഒരു കാര്യം ചെയ്യടാ ' എഴുത്തശ്ശന്‍ പറഞ്ഞു ' ആ മായന്‍കുട്ട്യേ പറഞ്ഞയച്ച് രണ്ട് മുഴം അല്‍പ്പാക്ക് ചരട് വാങ്ങിക്ക്. കുട്ടി വരുന്നതിന്ന് മുമ്പ് വേണംട്ടൊ '.

' ആ ചെക്കന്‍ പുല്ലരിഞ്ഞ് കൊടുത്തിട്ട് ഇപ്പൊ എത്തും. വന്നതും പറഞ്ഞയക്കാം 'ചാമി ഏറ്റു.

ഉച്ചയ്ക്ക് മുമ്പേ മായന്‍കുട്ടി ചരട് എത്തിച്ചു. എഴുത്തശ്ശന്‍ അത് വാങ്ങി മടിക്കുത്തില്‍ വെച്ചു. ഇടിച്ചക്ക പൊടിത്തൂവലും, പഴുത്ത മത്തന്‍ കൊണ്ടുള്ള എരിശ്ശേരിയും , ചേമ്പിന്‍ കിഴങ്ങും കുമ്പളങ്ങയും ചേര്‍ത്ത മോരുപാര്‍ന്ന കൂട്ടാനും കൂട്ടിയുള്ള ഉണ് സുഭിക്ഷമായിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഉമ്മറത്തിണ്ടില്‍ തോര്‍ത്ത് വിരിച്ച് എഴുത്തശ്ശന്‍ കിടന്നു. പുഴയില്‍ നിന്ന് ഈര്‍പ്പം കോരി വന്ന കാറ്റ് അയാളെ കെട്ടിപ്പിടിച്ചു. ആ പരിരംഭണത്തിന്‍റെ നിര്‍വൃതിയില്‍ കണ്ണുകള്‍ അടഞ്ഞു.

ഇളം ചൂടുള്ള നനവ് തട്ടിയപ്പോഴാണ് നോക്കിയത്. കുട്ടി നനച്ചിരിക്കുന്നു.

' നീ എന്‍റെ മേത്ത് ചൂച്ചൂത്തി അല്ലേ. നോക്കിക്കോ, നിന്നെ ഞാന്‍ കയത്തംകുണ്ടിലേക്ക് എറിയുന്നുണ്ട് ' എഴുത്തശ്ശന്‍ കുട്ടിയെ രണ്ട് കയ്യിലും കൂടി കിടത്തി വലിച്ചെറിയുന്നതായി ഭാവിച്ചു.

ഭീതിക്ക് പകരം കുഞ്ഞിന്‍റെ മുഖത്ത് പൊട്ടിച്ചിരിയുടെ അലകള്‍ അടിച്ചു.

' എന്‍റെ തങ്കക്കുടത്തിനെ ഞാന്‍ കളയ്യോ ' എഴുത്തശ്ശന്‍ കുട്ടിയെ മാറോടണച്ചു. ആ കുഞ്ഞു വിരലുകള്‍ അയാളുടെ മൂക്കിലും ചെവിയിലും പരതി നടന്നു. അയാള്‍ക്ക് ഇക്കിളി തോന്നി.

' എന്താ അമ്മാമേ ചിരിക്കുന്നത് ' വേണു വിളിച്ചതോടെ എഴുത്തശ്ശന്‍ ഉണര്‍ന്നു.

പതിവ് നേരത്ത് രാധാകൃഷ്ണനും കുട്ടിയും എത്തിയില്ല. എഴുത്തശ്ശന്‍ കടവിലേക്ക് തന്നെ നോക്കിക്കൊണ്ട് ഉമ്മറത്തിണ്ടിലിരുന്നു. ഇടയ്ക്കിടയ്ക്ക് പടി വരെ ചെല്ലും. കുറച്ചു നേരം നോക്കി നിന്ന് തിരിച്ചു പോരും.

' എന്താഹേ, ഇത്ര വെറളി പിടിക്കാന്‍. അവന് ഇങ്ങോട്ടുള്ള വഴി അറിയില്ലേ ' നാണു നായര്‍ ചോദിച്ചു.

' ഇത്ര വൈകാറില്ല ' എഴുത്തശ്ശന്‍ പറഞ്ഞു ' നാല് മണിക്ക് മുമ്പ് എത്തുന്നതാണ്. ഇപ്പൊ സമയം എത്രയായി '.

' അഞ്ച് മണി കഴിഞ്ഞു ' മേനോന്‍ പറഞ്ഞു.

' ഇന്നിനി വര്വേണ്ടാവില്ല '.

' അങ്ങിനെ പറയാന്‍ വരട്ടെ. ചിലപ്പൊ ഇപ്പൊത്തന്നെ എത്തും ' നാണു നായര്‍ ആശ്വസിപ്പിച്ചു.

അമ്പലത്തില്‍ പോകാതെ എല്ലാവരും കുട്ടി എത്തുന്നതും കാത്തിരുന്നു. ആറ് മണി കഴിഞ്ഞതും വെള്ളപ്പാറ കടവില്‍ മോട്ടോര്‍ സൈക്കിളിന്‍റെ ശബ്ദം കേട്ടു.

നോക്കുമ്പോള്‍ രാധാകൃഷ്ണന്‍ മാത്രം. കുട്ടിയെ കാണാനില്ല.

' കുട്ടി ഇല്ലല്ലോ ' നാണു നായര്‍ പറഞ്ഞു.

' വല്ല വയ്യായയും വന്നിട്ടുണ്ടാവ്വോ ' എഴുത്തശ്ശന്‍റെ സ്വരം പതറി.

രാധാകൃഷ്ണന്‍ എത്തി.

' മോള് എവിടെ ' എഴുത്തശ്ശന്‍ ചോദിച്ചു.

' അവള് പോയി '. രാധാകൃഷ്ണന്‍ കാര്യങ്ങള്‍ വിവരിച്ചു. മൂന്ന് മാസത്തെ ട്രെയിനിങ്ങിന്ന് അളിയന്‍ ജപ്പാനിലേക്ക് പോവാനിരുന്നതാണ്. ആ സമയത്ത് നാട്ടില്‍ കഴിഞ്ഞോളാന്‍ പറഞ്ഞ് പെങ്ങളേയും കുട്ടിയേയും ഇവിടെ ആക്കിയിട്ട് പോയി. ജോലി സ്ഥലത്ത് ചെന്നപ്പോഴാണ് ട്രെയിനിങ്ങ് പരിപാടി മാറ്റി വെച്ച വിവരം അറിയുന്നത്. മടങ്ങി ചെല്ലാന്‍ ഇന്നലെ രാത്രി പെങ്ങള്‍ക്ക് ഫോണ്‍ വന്നിരുന്നു. ഇന്ന് രാവിലെ അവര്‍ പോയി.

എഴുത്തശ്ശന്‍ തളര്‍ന്ന പോലെ ഉമ്മറത്തിരുന്നു. ആ മനസ്സിലെ വ്യഥ എല്ലാ ഹൃദയങ്ങളും ഏറ്റെടുത്തു.

Monday, February 14, 2011

നോവല്‍ - അദ്ധ്യായം - 123.

' ഇന്നലെ രാത്രി എനിക്ക് തോന്ന്യേതാ. അവന്ന് സമയദൂഷ്യം വല്ലതും ഉണ്ടോന്ന് നോക്കിക്കണംന്ന് ' പത്മിനി രാവിലെ ആദ്യം പറഞ്ഞത് അതാണ്.

' ആരുടെ കാര്യാടോ താനീ പറയുന്നത് ' വക്കീല്‍ ചോദിച്ചു.

' വേണൂന്‍റെ . അല്ലാതാരടെ കാര്യാ എനിക്ക് നോക്കാനുള്ളത്. അവനോന്‍റെ കാര്യം നോക്കി വെറുതെ നടന്ന
ആള് പെട്ടെന്ന് കിടപ്പിലായീച്ചാല്‍ അതെന്താണെന്ന് അറിയണോലോ '.

' മരത്തില്‍ കേറി വീണത് കഷ്ടകാലം കൊണ്ടാണ് എന്ന് പറയുന്നതില്‍ എന്താടോ ന്യായം. അറിയാത്ത
പണിക്ക് ഇറങ്ങിയാല്‍ ആര്‍ക്കാണെങ്കിലും ഇമ്മാതിരി അബദ്ധം പറ്റില്ലേ '.

' വിനാശകാലേ വിപരീത ബുദ്ധി എന്ന് കേട്ടിട്ടില്ലേ. ചീത്ത കാലത്തേ ഇങ്ങിനെയൊക്കെ തോന്നൂ '.

' ഞാന്‍ എന്ത് വേണംന്നാ താന്‍ പറയുന്നത് '.

' വിശ്വേട്ടന്‍ ഒന്നും ചെയ്യണ്ടാ. നല്ലൊരു ജോത്സ്യരെ കാണാന്‍ എന്താ വേണ്ടത്ച്ചാല്‍ ചെയ്താല്‍ മതി '.

' നോക്കൂ പത്മിനി ' വക്കീല്‍ പറഞ്ഞു ' ഇന്ന് എനിക്ക് നല്ല തിരക്കുള്ള ദിവസമാണ്. കോടതീല്‍ പോവുന്നത് ഒഴിവാക്കാന്‍ പറ്റില്ല. മുരളി ഉണ്ടെങ്കില്‍ എന്തെങ്കിലും ചെയ്യായിരുന്നു '.

' അവന്‍ എത്താന്‍ ഇനീം രണ്ട് ദിവസം എടുക്കും. അത് വരെ നീട്ടിക്കൊണ്ടു പോകാന്‍ പാടില്ല. നല്ലൊരു പണിക്കരെ ഇങ്ങോട്ട് പറഞ്ഞയച്ചാല്‍ മതി. ഞാന്‍ വേണ്ടപോലെ നോക്കിച്ചോളാം '.

' ചാത്തുക്കുട്ടി പണിക്കര് മതീച്ചാല്‍ കോടതീല്‍ പോണ വഴിക്ക് പറയാം '.

' അയാള് മതി. പ്രായം ചെന്ന ആളല്ലേ. ശ്രദ്ധിച്ച് നോക്കി പറഞ്ഞു തരും. '.

വക്കീല്‍ കോടതിയിലേക്ക് ഇറങ്ങുമ്പോള്‍ പത്മിനി ആ കാര്യം ഒന്നു കൂടി ഓര്‍മ്മിപ്പിച്ചു.

+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*+*


' എന്താണ്ടി പെണ്ണേ സഞ്ചീല് ' ഉണ്ണാനുള്ള നേരത്ത് നിറഞ്ഞ സഞ്ചിയുമായി വന്ന കല്യാണിയോട് എഴുത്തശ്ശന്‍ ചോദിച്ചു.

' മുതലാളിക്ക് കൊടുക്കാനുള്ളതാ ' അവള്‍ പറഞ്ഞു.

' അതെന്താ അവന് കൊടുക്കാന്‍ '.

' ദീനക്കാരെ കാണാന്‍ വെറും കയ്യോണ്ട് വരാന്‍ പാടില്ലാന്നാ പറയാറ് '.

' എന്നിട്ട് നീ ഇതിന്ന് മുമ്പ് പലപ്പഴും വന്നതോ '.

' മുതലാളി വീണൂന്ന് കേട്ടപ്പൊ തുടങ്ങ്യേതാ ഞാന്‍ അപ്പനോട് ഇത്തിരി ആറഞ്ചീം മുന്തിരീം വാങ്ങീട്ട് വരാന്‍ പറയാനായിട്ട്. മറന്ന്വോടി എന്നും പറഞ്ഞ് വരും. വലിയപ്പനാണെങ്കില്‍ ഞാന്‍ പറയണ്ട താമസം
സാധനം എത്തിക്കും. ഇന്ന് ഞാന്‍ ദേഷ്യപ്പെട്ടതോണ്ടാ അപ്പന്‍ പാലക്കാട് പോയപ്പോള്‍ വാങ്ങീട്ട് വന്നത് '.

പെണ്‍കുട്ടിയുടെ നിഷ്ക്കളങ്കമായ വാക്കുകള്‍ കേട്ട് വേണുവിന്ന് ചിരി വന്നു.

' എന്താ അതില് ' എഴുത്തശ്ശന്‍ ചോദിച്ചു.

' കുറച്ച് മുന്തിരീം ആറഞ്ചീം ഉണ്ട്. അതിന്‍റെ അടീല് പനങ്കൂമ്പാണ് '.

' ഭേഷായി. ഉപ്പും മഞ്ഞളും ഇട്ട് പുഴുങ്ങി കൊടുക്കാം. വയറ് നിറച്ച് തിന്നോട്ടെ '.

' ഞാന്‍ ഇത് കൊടുത്തോട്ടെ '.

' പിന്നെന്താ. നിന്‍റെ കയ്യോണ്ടെന്നെ കൊടുത്തോ '.

കല്യാണി സഞ്ചി വേണുവിന്‍റെ കട്ടിലിന്നടുത്ത് വെച്ചു.

' കുറവുണ്ടോ ' അവള്‍ ചോദിച്ചു.

' വേദനയൊന്നും ഇല്ല. കുറച്ച് ദിവസം അനങ്ങാതെ കിടക്കണം. അത്രെയുള്ളു '.

' കൊടുങ്ങല്ലൂരമ്മയ്ക്ക് ഞാന്‍ മഞ്ഞളും കുരുമുളകും നേര്‍ന്നിട്ടുണ്ട്. വലിയപ്പന്‍ ഭരണിക്ക് പോവുമ്പൊ കൊടുത്തയക്കും '.

ആ സ്നേഹത്തിന്ന് മുമ്പില്‍ താന്‍ ഒന്നുമല്ലാതാവുന്നതായി വേണുവിന്ന് തോന്നി.

===================================


' സമാധാനം ഉണ്ടായിട്ടൊന്ന്വോല്ല. ഞാന്‍ അവിടെ ഇരിക്കുണൂന്നേ ഉള്ളു. മനസ്സ് മുഴുവന്‍ ഇവിടെ നിന്‍റെ
അടുത്താ ' വേണുവിന്‍റെ അടുത്തിരുന്ന് പത്മിനി പറഞ്ഞു.

ജോത്സ്യം നോക്കി വിവരം അറിഞ്ഞതും വേണുവിനെ കാണണം എന്ന തോന്നല്‍ കലശലായി. ഉടനെ
വക്കീലിനെ വിളിച്ച് കളപ്പുരയിലേക്ക് പോവുന്ന വിവരം പറഞ്ഞ് ഇറങ്ങിയതാണ്.

' വിശ്വേട്ടന്‍ ഉണ്ണാറാവുമ്പോഴേക്കും എത്താം ' എന്ന് അറിയിച്ചിരുന്നു.

' ഓപ്പോളോട് സമാധാനമായിട്ട് ഇരുന്നോളാന്‍ ഞാന്‍ പറഞ്ഞതല്ലേ. എന്തിനാണ് ഇത്ര വേവലാതി ' വേണു ചോദിച്ചു.

' എന്‍റെ ഉള്ള സമാധാനം കൂടി പോയി. അത് പറയാനാ വന്നത് '.

' എന്താ ഇത്ര വിഷമിക്കാന്‍ ഉണ്ടായത് ' വേണു ചോദിച്ചു.

കഴിഞ്ഞ രാത്രി ജോത്സ്യനെ കാണാന്‍ തോന്നിയതും വക്കീലിനോട് പറഞ്ഞ് പണിക്കരെ വരുത്തിയതും
അയാള്‍ പറഞ്ഞതും ഒക്കെ പത്മിനി വിശദീകരിച്ചു.

' നിന്‍റെ ജീവിതത്തില്‍ മൂന്ന് മരണഘട്ടം ഉണ്ടത്രേ. അതില്‍ രണ്ടെണ്ണം കഴിഞ്ഞു. മൂന്നാമത്തേത് ആവാറായി. ഈശ്വര ഭജനം മാത്രേ ശരണം ഉള്ളു. മൃത്യുഞ്ജയ ഹോമവും ശിവന് ധാരയും പിന്‍വിളക്കും കഴിക്കണം. അതെല്ലാം ഞാന്‍ ഏര്‍പ്പാടാക്കുന്നുണ്ട്. പഞ്ചാക്ഷരി ജപിക്കണം. അത് നീയന്നെ ചെയ്യണോലോ. വിവരം
പറഞ്ഞു തരാനാണ് ഞാനിപ്പൊ പോന്നത് ' അവര്‍ പറഞ്ഞു നിര്‍ത്തി.

' ഓപ്പോളുടെ ഒരു കാര്യേ. ഈ പറയുന്നതിലൊക്കെ വല്ല അര്‍ത്ഥവും ഉണ്ടോ. വെറുതെ ഓരോന്ന് പറഞ്ഞ് ആളുകളെ പേടിപ്പിക്കാന്‍. എന്‍റെ ഓര്‍മ്മേല് മരിക്കണ്ട ഘട്ടം ഒന്നും ഉണ്ടായിട്ടില്ല '.

' മിണ്ടാണ്ടിരുന്നോ. എനിക്ക് നല്ല ഓര്‍മ്മീണ്ട്. കുട്ടീല് പുഴേല്‍ മുങ്ങി ചാവാറായി. എന്തോ ഭാഗ്യത്തിനാ
അന്ന് രക്ഷപ്പെട്ടത്. വയനാട്ടില്‍ വെച്ച് മോട്ടോര്‍ സൈക്കിളില്‍ നിന്ന് വീണ് മരിക്കണ്ടതായിരുന്നു. കാല് തകരാറായി. എന്നാലും മരണത്തില്‍ നിന്നും തപ്പിച്ചു. ഇത് രണ്ടും പോരെ വിശ്വാസം തോന്നാന്‍ '.

' ഞാന്‍ ഓപ്പോളുടെ അടുത്ത് തര്‍ക്കിക്കാന്‍ വരുന്നില്ല. എന്ത് വേണമെങ്കിലും ജപിക്കാം. എന്താ വേണ്ടത്
എന്നു വെച്ചാല്‍ പറഞ്ഞോളു ' വേണു സമ്മതിച്ചു.

പത്മിനി എല്ലാം ഒന്നു കൂടി വിശദീകരിച്ചു. വേണു ശ്രദ്ധിച്ചിരുന്നു.

' ഇന്നെന്താ ഒറ്റയ്ക്ക്. കൂട്ടുകാരാരും ഇല്ലേ ' പത്മിനി അപ്പോഴാണ് മറ്റുള്ളവരെ അന്വേഷിക്കുന്നത്.

'പൂജക്കാരന്‍ നമ്പൂരിയുടെ അറുപതാം പിറന്നാളാണത്രേ. എല്ലാവരേയും വിളിച്ചിട്ടുണ്ട്. സദ്യ കഴിഞ്ഞതും
എത്തും '.

' അപ്പൊ നിനക്കോ '.

' പകര്‍ച്ച വാങ്ങീട്ട് വരാമെന്ന് നാണുമാമ പറഞ്ഞു '.

കുറെ നേരം കൂടി പത്മിനി അവിടെ ഇരുന്നു.

' വിശ്വേട്ടന് ഉണ്ണാന്‍ വരാന്‍ കാറ് എത്തിക്കണം. ഞാന്‍ പോട്ടെ '.

വേണു തലയാട്ടി. പത്മിനിയും ഡ്രൈവറും പടി കടന്നു പോയി.

Sunday, February 6, 2011

നോവല്‍ - അദ്ധ്യായം - 122.

'പള്ളിക്കുണ്ടിന്‍റെ അടുത്ത് പുഴയില് പാഞ്ചാലിടെ ശവം പൊങ്ങി കിടക്കുന്നൂന്ന് കേട്ടു ' രാവിലെ പാലുമായി കളപ്പുരയില്‍ കല്യാണി പറഞ്ഞു.

ആ വാക്കുകളില്‍ പരിഭ്രമം കലര്‍ന്നിരുന്നു.

'പിഴച്ച് നടക്കുന്നോരുടെ അവസാനം ഇങ്ങിനെയൊക്കെ തന്നെയാവും. സൂക്കട് പിടിച്ചിട്ടോ, വല്ലോന്‍റേം കയ്യോണ്ട് ചാവാനോ ആവും അവരുടെ വിധി ' കേട്ടതും എഴുത്തശ്ശന്‍ പ്രതികരിച്ചു.

' അവളെ കണ്ടാല്‍ കൊല്ലുംന്ന് വലിയപ്പന്‍ പറഞ്ഞതാണ്. വല്ല കേസ്സിലും പോയി മാട്ട്വോന്നാ എന്‍റെ പേടി '.

' പെണ്ണേ, നീ വേണ്ടാത്ത കൂട്ടം കൂടാതെ. വല്ലോരും കേട്ടാല്‍ അത് മതി. പൊലീസുകാര് ഇത് കേള്‍ക്കണ്ട താമസേ ഉള്ളു വന്ന് പിടിച്ചോണ്ട് പോവാന്‍ '.

'അവളെയും അവളുടെ അപ്പനേയും ബന്ധുക്കാര് തല്ലീന്നും വീട് വിട്ട് പോയില്ലെങ്കില്‍ പുര കത്തിക്കുംന്ന് പറഞ്ഞൂന്നും കേട്ടു '.

'അവരുക്ക് നല്ല പെഴപ്പായി. പൊലീസുകാരടേന്ന് തല്ലുകൊണ്ട് പുറം പൊളിയും. എന്തായാലും നിന്‍റെ വലിയപ്പന്‍ മുതലാളി വീണ ശേഷം പുഴടെ അക്കരയ്ക്ക് പോയിട്ടില്ല. ആ കാര്യം ഞങ്ങള്‍ക്ക് ഉറപ്പാ '.

പെണ്‍കുട്ടി പാത്രവുമായി മടങ്ങിപ്പോയി.

'അമ്മാമേ, നമ്മുടെ ചാമിക്കെന്തെങ്കിലും പ്രശ്നം ഉണ്ടാവ്വോ ' വേണു ചോദിച്ചു ' വേണച്ചാല്‍ ഞാന്‍ വിശ്വേട്ടനോട് പറയാം '.

'നീ വേണ്ടാതെ ചാടി കേറി ഒന്നിനും പുറപ്പെടണ്ടാ. ദേഷ്യം വന്നാല്‍ അവന്‍ കണ്ണും മൂക്കും നോക്കാതെ വല്ലതും പറയും, ചിലപ്പൊ രണ്ട് തല്ലും. അല്ലാതെകണ്ട് ഒരാളെ കൊല്ലാനൊന്നും പോവില്ല '.

നാണു നായരും ചാമിയും കൂടി താമസിയാതെ എത്തി.

'എവിടേക്കാടാ ചാമ്യേ നീ പോയത് ' എഴുത്തശ്ശന്‍ ചോദിച്ചു.

'ഞാന്‍ മൂത്താരടെ വീട്ടില് മുരിങ്ങടെ ഇല പൊട്ടിച്ചു കൊടുക്കാന്‍ നിന്നു ' അവന്‍ പറഞ്ഞു ' അന്ന് മുതലാളി വലിച്ച ഇല കൂട്ടാന്‍ വെക്കാതെ കേട് വന്നുപോയി. ആ സങ്കടം തീര്‍ക്കാനാ ഇന്ന് ഞാന്‍ കേറി പൊട്ടിച്ചു കൊടുത്തത് '

'അപ്പൊ ഇന്ന് ഉച്ചക്ക് മുരിങ്ങ കൂട്ടാനാണ് അല്ലേടോ ' എഴുത്തശ്ശന്‍ സുഹൃത്തിനോട് ചോദിച്ചു.

'പരിപ്പും കുറച്ച് നാളികേരൂം കൂട്ടി വെക്കാന്‍ പറഞ്ഞിട്ടുണ്ട് ' നാണു നായര്‍ പറഞ്ഞു.

'ഒരു വര്‍ത്തമാനം കേട്ട്വോ നിങ്ങള് ' എഴുത്തശ്ശന്‍ ഇരുവരോടുമായി പറഞ്ഞു ' പുഴേല് ആ പെണ്ണ് പാഞ്ചാലി ചത്ത് പൊങ്ങീട്ടുണ്ടത്രേ '.

ഇരുവരും സംഭ്രമത്തോടെ നിന്നു.

'എന്താ മിഴിച്ച് നില്‍ക്കുണത്. സങ്ങതി സത്യാണ് '.

'എവിട്യാ ശവം കിടക്കിണത് 'നാണു നായര്‍ ചോദിച്ചു.

'പള്ളിക്കുണ്ടിന്‍റെ അടുത്താണത്രേ. പാലും കൊണ്ട് വന്നപ്പോള്‍ കല്യാണി പറഞ്ഞതാ '.

'ആ പെണ്ണിനെ രണ്ട് പൊട്ടിക്കണം എന്ന് വിചാരിച്ച് ഒരു ദിവസം പോയതാ. കാണാഞ്ഞത് നന്നായി. അല്ലെങ്കില് ഉള്ള കാലം മനസ്സില് ഒരു കെടപ്പായന്നേ ' എന്ന് ചാമിയും പറഞ്ഞു.

'അവനോന്‍ ചെയ്യുന്നതിന്‍റെ ഗുണൂം ദോഷൂം അവനോന്‍ അനുഭവിക്കൂം ' നാണു നായര്‍ തത്വം പറഞ്ഞു ' മുമ്പൊക്കെ അത് പിന്നെയ്ക്കാ. ഇപ്പൊ എല്ലാം അപ്പളയ്ക്ക് അപ്പളെ കിട്ടും '.

'ഞാനൊന്ന് ചെന്ന് നോക്കീട്ട് വരട്ടെ ' ചാമി അനുവാദം ചോദിച്ചു.

'മിണ്ടാണ്ടെ ഇരുന്നോ അവടെ. അവിടെ ചെന്ന് മുഖം കാണിച്ച് വല്ല കേസ്സിലും ചെന്ന് ചാടണ്ടാ '.

'എനിക്ക് രാവുത്തരുടെ പുര പണിയുന്നോടത്ത് ഒന്ന് ചെല്ലണം. ഒരു നോട്ടം ഉണ്ടാവണംന്ന് മൂപ്പര് എന്നോട് പറഞ്ഞിട്ടുണ്ട് ' നാണു നായര്‍ എഴുന്നേറ്റു.

'കൊയ്യാന്‍ പെണ്ണുങ്ങള്‍ എത്തീട്ടുണ്ടാവും. ഞാനും പോണൂ ' ചാമിയും പോവാനൊരുങ്ങി.

' അപ്പൊ നിനക്ക് കഴിക്കാനൊന്നും വേണ്ടേടാ ' എഴുത്തശ്ശന്‍ ചോദിച്ചു.

' മൂത്താരുടെ വീട്ടിന്ന് ഒരു കിണ്ണം വെള്ളച്ചോറ് കിട്ടി. അത് കഴിച്ചു. ഇനി ഉച്ച വരെ പച്ച വെള്ളം വേണ്ടാ '.

ഇരുവരും പോയതോടെ എഴുത്തശ്ശന്ന് എന്താ വേണ്ടത് എന്ന തോന്നലായി. മേനോന്‍ ഒരു ബന്ധു മരിച്ചിട്ട് പോയതാണ്. ഉച്ചക്കേ എത്തു. വേണുവിനെ ഒറ്റയ്ക്കാക്കി എങ്ങോട്ടും പോവാന്‍ ആവില്ല. കുടിക്കാന്‍ വെള്ളം വേണച്ചാല്‍ എടുത്ത് കൊടുക്കാന്‍ കൂടി ഒരാളില്ല.

' വേണ്വോ, ഇന്ന് നിന്‍റെ പെങ്ങള് വര്വോ ' എഴുത്തശ്ശന്‍ ചോദിച്ചു.

'വേണ്ടാന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇനി പോര്വോന്ന് എനിക്കറിയില്ല '.

'ഇന്നാള് കൂടെ വന്നതാണ് നാണ്വാരടെ മകള്‍ക്ക് നോക്കിയാ ആള് എന്നല്ലേ പറഞ്ഞത്. കാണാന്‍ യോഗ്യനൊക്കെ തന്നെയാണ്. അയാളുടെ സ്വഭാവം നന്നേന്ന് നീയും പറഞ്ഞു. ഇനി എന്തിനാ വെറുതെ നീട്ടിക്കൊണ്ടു പോകുന്നത് '.

'രാമൂന്‍റെ ഭാര്യ മരിച്ച് കൊല്ലം തികഞ്ഞോട്ടെ. നമുക്കത് നടത്താം '.

എഴുത്തശ്ശന്‍ നോക്കുമ്പോള്‍ സരോജിനി കളപ്പുരയിലേക്ക് വരുന്നു.

'ശ് ' എഴുത്തശ്ശന്‍ ശബ്ദിച്ചു ' ആ കുട്ടി വരുണുണ്ട് '.

സരോജിനി അകത്തേക്ക് കയറി.

'ഇന്നെന്താ കുട്ട്യേ, പണി ഒന്നൂല്യേ ' എഴുത്തശ്ശന്‍ ചോദിച്ചു.

'ഉണ്ട്. അടുക്കളേലെ പണി തുടങ്ങും മുമ്പ് വേണ്വോട്ടന്‍റെ മുഷിഞ്ഞ തുണിയൊക്കെ തിരുമ്പാലോ എന്നുവെച്ച് വന്നതാ '.

'കാര്യം പറയുമ്പൊ ഒന്നും തോന്നണ്ടാ. ആണിന്‍റെ മുണ്ടും തുണീം തിരുമ്പി കൊടുക്കണ്ടത് കെട്ടീട്ട് വന്ന പെണ്ണിന്‍റെ ചുമതല. പെണ്ണ് കെട്ടാത്തോരടെ മുഷിഞ്ഞത് മണ്ണാത്തിയെക്കൊണ്ട് അലക്കിക്കണം. അല്ലാതെ മറ്റു പെണ്‍കിടാങ്ങളെക്കൊണ്ട് തിരുമ്പിക്കാന്‍ പാടില്ല '.

'വേണ്വോട്ടനെ വേറൊരാളായിട്ട് കാണാന്‍ ആവില്ല '.

'അത് നിങ്ങളുടെ മനസ്സിന്‍റെ ഗുണം. മൂന്ന് നേരം ഞങ്ങള്‍ക്ക് വെച്ച് വിളമ്പി തരുന്നതേ വലിയ പുണ്യം. അതിലപ്പുറം ചെയ്യിക്കിണത് ഞങ്ങടെ തെറ്റ് '.

'അച്ഛന്‍ പറഞ്ഞു വേണ്വോട്ടന്‍റെ തുണി തിരുമ്പി കൊടുക്കാന്‍ '.

'അയാള്‍ക്ക് പണ്ടേ ഊരയെന്താ ഉമ്മറപ്പടിയെന്താ എന്ന് തിരിച്ചറിയാനുള്ള വിവരം ഇല്ല. ഒന്നിനോണം പോന്ന ആണിന്‍റെ തുണി നിന്നോട് തിരുമ്പാന്‍ പറയാന്‍ എന്താ വെളിവ് ഇല്യാണ്ടായോ ആ നായര്‍ക്ക് '.

സരോജിനിയുടെ മുഖം വാടി. അവളുടെ കണ്ണുകള്‍ നിറഞ്ഞ് തുടങ്ങി.

'കുട്ട്യേ, നീ സങ്കടപ്പെടാന്‍ വേണ്ടി ഞാന്‍ പറഞ്ഞതൊന്ന്വൊല്ല. എന്തിനും ഒരു അതിരും വരമ്പും വേണ്ടേ. അത് പറഞ്ഞ് മനസ്സിലാക്കീന്നേ ഉള്ളു '.

സരോജിനിയുടെ കണ്ണ് തുടച്ച് പോവാനൊരുങ്ങി.

'പറ്റുംച്ചാല്‍ രണ്ട് വിധം കൂട്ടാന്‍ ഉണ്ടാക്കിക്കോ. വെറുതെ ഇരിക്കുമ്പോള്‍ എന്തെങ്കിലും ഒക്കെ തിന്നാന്‍ തോന്നുണുണ്ട് '.

'കുറച്ച് മുറുക്കും മനോഹരൂം ഉണ്ടാക്കി വെക്കട്ടെ '.

'അതന്ന്യാ നല്ലത്. വെറുതെ ഇരിക്കുമ്പോള്‍ ഇടക്ക് കറുമുറെ കടിക്കാനായല്ലോ '.

സരോജിനി മടങ്ങിപ്പോയി. ആകാശത്ത് വെള്ള വിരിച്ചും കൊണ്ട് വിമാനം പറന്നു.

Tuesday, February 1, 2011

നോവല്‍ - അദ്ധ്യായം - 121.

വേണു കിടപ്പിലായത് മുതല്‍ രാജന്‍ മേനോന്‍ കളപ്പുരയില്‍ തന്നെയാണ്. വല്ലപ്പോഴും വീടു വരെ ഒന്ന് ചെല്ലും. പെട്ടെന്നു തന്നെ തിരിച്ചെത്തുകയും ചെയ്യും. പകല്‍ സമയം നാണു നായര്‍ കളപ്പുരയില്‍ ഉണ്ടാവും. പാടത്ത് ഒന്ന് എത്തി നോക്കി എഴുത്തശ്ശനും എത്തും. കൊയ്ത്തിന്‍റെ ചുമതല ചാമി ഏറ്റെടുത്തിരിക്കയാണ്.

അധിക സമയവും എഴുത്തശ്ശനും നാണു നായരും മേനോനും ചേര്‍ന്ന് വര്‍ത്തമാനം പറച്ചിലാണ്. വേണു അതെല്ലാം കേട്ടിരിക്കും. പല വിഷയങ്ങളിലുമുള്ള മേനോന്‍റെ അറിവും, പ്രായോഗിക പരിജ്ഞാനവും വേണുവിനെ അത്ഭുതപെടുത്തി. വെറുതെയല്ല നാണുമാമ ' ആകാശത്തിന്ന് കീപ്പട്ടും ഭൂമിക്ക് മേപ്പട്ടും ഉള്ള എല്ലാ കാര്യൂം മേനോന്‍ സ്വാമിക്ക് അസ്സലായിട്ട് അറിയാ ' മെന്ന് ഇടക്കിടക്ക് പറയുന്നത്.

വേണു വീണതിന്‍റെ മൂന്നാം പക്കം നട്ടുച്ച നേരം. ഉച്ച ഭക്ഷണം കഴിഞ്ഞ് എല്ലാവരും സംഭാഷണത്തിലാണ്. കൊയ്ത്തിനേയും വിളവ് കിട്ടിയതിനേയും കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയത് ജന്മി കുടിയാന്‍ രീതി ഇല്ലാതായതുകൊണ്ട് സംഭവിച്ച സാമൂഹ്യ സാമ്പത്തിക രംഗങ്ങളിലെ മാറ്റങ്ങളിലേക്ക് നീണ്ടു.

' ജന്മിത്വം അവസാനിപ്പിച്ചത് കാരണം പല കുടുംബങ്ങളും തകര്‍ന്നു എന്ന ആരോപണം ഉണ്ടായിട്ടുണ്ട്. കുറെയൊക്കെ ശരിയാണെങ്കിലും അന്നത്തെ കാലത്ത് അത്തരത്തില്‍ ഒരു നടപടി അനിവാര്യമായിരുന്നു ' മേനോന്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു.

' അല്ലെങ്കിലും എന്ത് ചെയ്യുമ്പോഴും രണ്ട് അഭിപ്രായം ഉണ്ടാവും. പെറ്റ തള്ളേ തല്ലിയാലും ചെയ്തത് തെറ്റായീന്നും നന്നായീന്നും പറയാന്‍ ആള് കാണും 'എഴുത്തശ്ശന്‍ പറഞ്ഞു.

'ഈ നിയമം നടപ്പിലാക്കിയതിന്ന് പിന്നില്‍ ഒരു മാനുഷീക വശം ഉണ്ട്. കുടിയാന് മണ്ണില്‍ പണിയാനേ അന്നത്തെ കാലത്ത് അവകാശമുണ്ടായിരുന്നുള്ളു. അവന്ന് തന്‍റെ കൈവശം ഉള്ള ഭൂമിയില്‍ മാത്രമല്ല അതില്‍ ഉണ്ടാക്കുന്ന വസ്തുക്കളില്‍ പോലും അവകാശമുണ്ടായിരുന്നില്ല. ജന്മിക്ക് എപ്പോള്‍ വേണമെങ്കിലും അതെല്ലാം സ്വന്തമാക്കാം. കൊല്ലങ്ങളോളം വിയര്‍പ്പൊഴുക്കി പണിയെടുത്ത ഭൂമിയില്‍ നിന്ന് കുടിയാനെ എപ്പോള്‍ വേണമെങ്കിലും ഇറക്കി വിടാം. എന്തിനേറേ അവന്‍റെ അച്ഛനോ അമ്മയോ വേണ്ടപ്പെട്ടവരോ മരിച്ചാല്‍ ആ മണ്ണില്‍ കുഴിച്ചിടാന്‍ പോലും അവന് അധികാരം ഇല്ലായിരുന്നു '.

'അത് ശരിയാണ്. മുമ്പ് കുടിയാന്മാരുടെ ആരെങ്കിലും മരിച്ചാല്‍ പുഴമ്പള്ളയിലാണ് അടക്കാറ് ' എന്ന് നാണുനായര്‍ ആ പറഞ്ഞതിനെ ശരിവെച്ചു.

'ചെലപ്പൊ ശവം കുറുക്കനോ നായയോ മാന്തി പുറത്തിടും. വല്ലവനും വന്ന് അവിടെ കടവെറങ്ങും. കുടിയാന് ഇരിക്കുമ്പോഴും ചത്താലും തൊയിരം കിട്ടില്ല ' എന്ന് ചാമിയും പറഞ്ഞു.

' ഇതൊക്കെ കണ്ടിട്ടാണ് അന്ന് ആ നിയമം കൊണ്ടു വന്നത് ' മേനോന്‍ പറഞ്ഞു ' ജന്മിമാര്‍ക്ക് താഴെ കിടയിലുള്ളവരുടെ പ്രയാസങ്ങള്‍ അറിയില്ല. അവര്‍ സുഖലോലുപരായിരുന്നു. കൃഷിഭൂമി കുടിയാന് കിട്ടിയാല്‍ കര്‍ഷക തൊഴിലാളികളുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ അവര്‍ തങ്ങളോട് നല്ല രീതിയില്‍ പെരുമാറും എന്നൊക്കെയായിരുന്നു തൊഴിലാളികളുടെ കണക്ക് കൂട്ടല്‍. എന്നാല്‍ അത് ഉണ്ടായില്ല '.

'ഒരു കാര്യം പറയാലോ. പണ്ട് കാലത്ത് ജന്മിയുടെ മുമ്പില് ആരെങ്കിലും സങ്കടം പറഞ്ഞു ചെന്നാല്‍ അവരെ സഹായിച്ചിരുന്നു' നാണു നായര്‍ പറഞ്ഞു ' ഇപ്പഴത്തെ കൃഷിക്കാരുടെ അടുത്ത് വല്ല സഹായവും ചോദിച്ച് ചെന്നാലോ. കണ്ടില്ലാന്ന് നടിക്കും'.

'അതേയ്, ഉണ്ട് മടുത്തോനോട് ഉരുള വാങ്ങണം. കണ്ട് മടുത്തോനോട് കടം വാങ്ങണം എന്നൊക്കെ പണ്ടത്തെ ആള്‍ക്കാര് പറഞ്ഞിരുന്നത് വെറുതെയാണോ ' എഴുത്തശ്ശന്‍ പറഞ്ഞു 'തറവാടി എന്നും തറവാടി ആയിരിക്കും. ചെറ്റ ചെറ്റയും '.

' നിയമം വന്നപ്പോള്‍ ജന്മിമാര്‍ എല്ലാവരുടേയും ഭൂമി നഷ്ടപ്പെട്ടോ ' വേണു സംശയം ഉന്നയിച്ചു.

' ഏത് വല വീശിയാലും ചില മീനുകള്‍ രക്ഷപ്പെടും. ആപത്ത് മുന്‍കൂട്ടി കാണാനുള്ള കഴിവുള്ളവയാണ് അവ. അതുപോലെ ഭൂ പരിഷ്ക്കരണ നിയമം വരും എന്ന സൂചന കിട്ടിയതും പാട്ട ഭൂമി തിരിച്ച് വാങ്ങി കൈവശം ആക്കിയ കുറെ മിടുക്കന്മാരുണ്ടായിരുന്നു. ചിലര് ഇങ്ങിനെ ഒരു നിയമം വരികയേ ഇല്ല എന്ന് വിശ്വസിച്ചു. വേറെ ചിലര്‍ നിയമം നടപ്പിലാവുമ്പോള്‍ എന്തെങ്കിലും ചെയ്യാമെന്ന് കരുതി മടിച്ചിരുന്നു. ഈ രണ്ട് കൂട്ടര്‍ക്കുമാണ് നഷ്ടം സംഭവിച്ചത് '. ഇത് കേട്ടപ്പോള്‍ ഭൂപരിഷ്ക്കരണ നിയമത്തെക്കുറിച്ച്അറിഞ്ഞ ചെറിയമ്മ പ്രതികരിച്ച വിധം വേണുവിന് ഓര്‍മ്മ വന്നു.

ഓപ്പോള് പറഞ്ഞു തന്ന കഥയാണ്. കുടിയിരിപ്പും പാട്ട കൃഷിയും കുടിയാന് സ്വന്തമാവുന്ന നിയമം നടപ്പിലാക്കാന്‍ പോണൂ എന്ന് ആരോ തറവാട്ടില്‍ വന്നപ്പോള്‍ പറഞ്ഞു. അത് കേട്ടതും ' അതെങ്ങന്യാ ശരിയാവ്വാ, പതിനഞ്ച് കൊല്ലായി അടുക്കള പണിക്ക് ചെല്ല വരാന്‍ തുടങ്ങീട്ട്. അടുക്കളേലെ സര്‍വ്വ സാധനങ്ങളും പാത്രങ്ങളും ഒക്കെ എന്‍റെയാണ് എന്ന് പറഞ്ഞും കൊണ്ട് അവള് വന്നാല്‍ നമ്മള് സമ്മതിക്ക്വോ. അത് പോലെല്ലേ ഇതും ' എന്ന് ചെറിയമ്മ പറഞ്ഞുവത്രേ.

' നിയമം വന്നപ്പോള്‍ കുടിയാന്മാര്‍ക്ക് എത്രത്തോളം ഭൂമി കിട്ടിയിട്ടുണ്ടാവും ' വേണു ചോദിച്ചു ' ആ കാലത്ത് നാട്ടില്‍ ഇല്ലാത്തതോണ്ട് എനിക്ക് ഒന്നും അറിയില്ല '.

' പാലക്കാട് ജില്ലയില്‍ ധാരാളം ഭൂസ്വത്ത് ഉണ്ടായിരുന്ന ജന്മിമാര്‍ അധികവും ചിറ്റൂര്‍ താലൂക്കിലാണ് ഉണ്ടായിരുന്നത്. അവരുടെ കുടിയാന്മാര്‍ക്ക് യഥേഷ്ടം സ്ഥലം കിട്ടി. ബാക്കി ഭാഗത്തുള്ളവര്‍ക്കൊന്നും അത്രയധികം ഭൂമി കിട്ടിയില്ല. അഞ്ചോ പത്തോ സെന്‍റ് സ്ഥലം മുതല്‍ നാലോ അഞ്ചോ ഏക്ര വരെ ഭൂമി കിട്ടിയവരേ അവിടെയുള്ളു. കൂടുതല്‍ ഭൂമി പതിച്ച് കിട്ടിയ കുടിയാന്മാര്‍ പലരും കൈവശം വെക്കുന്ന ഭൂമിക്ക് പരിധി നിശ്ചയിച്ചത് തെറ്റായി എന്ന് പിന്നീട് പറഞ്ഞിട്ടുണ്ട് '.

' അത് അങ്ങിനെ തന്ന്യാണ്. എത്ര കിട്ടിയാലും മനുഷ്യന് മതി വരില്ല ' നാണു നായര്‍ പറഞ്ഞു ' പത്ത് കിട്ടിയാല്‍ നൂറ് മതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും പാടുണത് കേട്ടിട്ടില്ലേ '.

' പ്രതീക്ഷിക്കാതെ സ്വത്ത് വന്നപ്പോള്‍ കുടിയാന്മാരുടെ ജീവിതം തന്നെ മാറിയിട്ടുണ്ടാവില്ലേ ' വേണു ചോദിച്ചു.

'എന്താ വേണൂ അതിലൊരു സംശയം ' മേനോന്‍ തുടര്‍ന്നു ' പാട്ടം കൊടുക്കുന്ന പതിവ് ഒരു ദിവസം നിര്‍ത്തിയതോടെ കുടിയാന്മാരുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടായി. അത്രയും കാലം പാട്ടം കൊടുത്ത ബാക്കി കൊണ്ട് അരിഷ്ടിച്ച് കഴിഞ്ഞവര്‍ക്ക് ഭൂമിയില്‍ നിന്നുള്ള വരുമാനം സ്വന്തമായി. കൈ നിറയെ പണം വന്നപ്പോള്‍ പലര്‍ക്കും എന്താണ് ചെയ്യേണ്ടത് എന്നു പോലും അറിയാതായി. പഴയ വീടുകളുടെ സ്ഥാനത്ത് ടെറസ്സുകളായി. കന്നും കാളവണ്ടിയും ട്രാക്ടറിന്ന് വഴി മാറി. ബുള്ളറ്റും അംബാസഡറും ഫിയറ്റും അവരുടെ മുറ്റത്ത് പ്രതാപം വിളിച്ചറിയിച്ചു നിന്നു. കയ്യയച്ച് സംഭാവന നല്‍കിയും പൊതു കാര്യത്തില്‍ സജീവമായും ചിലര്‍ സമൂഹത്തില്‍ സ്ഥാനമാനങ്ങള്‍ ഉറപ്പിച്ചു. പക്ഷെ മറ്റു ചിലര്‍ക്ക് ഒരു മാറ്റവും ഉണ്ടായില്ല. അവര്‍ പഴയ പിശുക്കുമായി കഴിഞ്ഞു. പണം ചിലവാകുന്നത് സഹിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അത് ഒഴിവാക്കാന്‍ അവര്‍ പല ന്യായങ്ങളും നിരത്തും '.

' അമ്പലം പണിക്ക് സംഭാവന ചോദിച്ച് ചെന്നപ്പോള്‍ രാഘവന്‍ നമ്മടെ അടുത്ത് പറഞ്ഞ മാതിരി ' എന്ന് എഴുത്തശ്ശന്‍ ഉദാഹരണം കണ്ടെത്തി.

' സ്വത്തൊക്കെ നഷ്ടപ്പെട്ട ജന്മിമാരുടെ കാര്യമോ '.

'ഭൂസ്വത്ത് നഷ്ടപ്പെട്ടാലും കയ്യും കാലും ഇല്ലേ. പണിയെടുത്ത് ജീവിച്ചൂടെ എന്നൊക്കെ ജന്മിമാരെ പറ്റി പറഞ്ഞു കേള്‍ക്കാറുണ്ട്. അതൊക്കെ വെറും വാക്ക് മാത്രമാണ്. പലരും മാറിയ ചുറ്റുപാടുകളോട് പൊരുത്തപ്പെടാനാവാതെ കുഴങ്ങുകയാണ് . മാനുഷീകമായ ഒരു കാഴ്ചപ്പാട് ഇവരുടെ കാര്യത്തില്‍
ഉണ്ടായില്ല '.

' ഓരോ കാലത്ത് ഓരോ വിധം ' എന്ന് എഴുത്തശ്ശനും പറഞ്ഞു.

ഒറ്റ നിയമം കൊണ്ട് സമൂഹത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചോര്‍ത്ത് വേണു ഇരുന്നു.

+++++++++++++++++++++++++++++++++++

' ഒരു സങ്ങതി കേട്ട്വോ ' മായന്‍കുട്ടി ചോദിച്ചു ' ആ പെണ്ണ് രാഘവന്‍ മുതലാളിടെ വീട്ടില്‍ ചെന്ന് ലഹള കൂടി '.

പുല്ലരിഞ്ഞ് വേലപ്പന്‍റെ വീട്ടിലെത്തിച്ച ശേഷം വന്നതാണ് അവന്‍.

' ആരുടെ കാര്യാടാ നീ പറയിണത് ' എഴുത്തശ്ശന്‍ ചോദിച്ചു ' ഊമയ്ക്ക് വയറ്റിലുണ്ടായ മാതിരിയുള്ള കൂട്ടം കൂടാതെ '.

' ആ പെണ്ണില്ലേ, പാഞ്ചാലി. അവളാ ലഹള കൂട്ട്യേത് '.

' എന്തിനാടാ അവള്‍ അയാളുടെ വീട്ടില് ലഹളയ്ക്ക് ചെന്നത് '.

' അത് എനിക്കറിയാന്‍ പാടില്ല. മുതലാളിടെ മകന് കല്യാണാലോചനക്കാര് വന്നപ്പഴാ അവള് അവിടെ ചെന്നതേന്നും അവള്‍ വായില്‍ തോന്നിയത് പറഞ്ഞതുകേട്ട് അവര് മടങ്ങി പോയീന്നും കേട്ടു '.

' ആരോ എന്തോ ചെയ്യട്ടേടാ. നീ ചെന്ന് ചാമി എന്താ ചെയ്യുന്നേന്ന് നോക്ക് '.

മായന്‍കുട്ടി പോയി.

' അവന്‍ പറഞ്ഞത് കേട്ടില്ലേ. രാഘവന്‍ മുതലാളീന്ന്. അവന്‍റെ തന്തയാണ്അയാള്. അനുജന്‍റെ കല്യാണമാണ് മുടങ്ങീത് '.

' എന്തിനാ അമ്മാമേ ആ പെണ്‍കുട്ടി വഴക്കിന്ന് ചെന്നിട്ടുണ്ടാവ്വാ ' വേണു ചോദിച്ചു.

' ആ പെണ്ണിന്ന് നടപടി ദൂഷ്യം ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. ചെക്കനും വാല് മുളച്ച സാധനം ആണ് '.

' നമുക്കെന്ത് വേണം. ആരോ എന്തോ ചെയ്യട്ടെ ' എന്ന് പറഞ്ഞു മേനോന്‍ ആ സംഭാഷണം നിര്‍ത്തി.

ദൂരെ കയത്തം കുണ്ടിന്നടുത്ത് നിന്ന് ചാമിയും മായന്‍കുട്ടിയും വരുന്നുണ്ടായിരുന്നു.