Sunday, February 20, 2011

നോവല്‍ - അദ്ധ്യായം - 124.

എല്ലാ ദിവസവും വൈകുന്നേരം നാല് മണിയാവാന്‍ എഴുത്തശ്ശന്‍ കാത്തിരിക്കാന്‍ തുടങ്ങി. അപ്പോഴാണ് രാധാകൃഷ്ണനും മരുമകളും കളപ്പുരയില്‍ എത്തുക. കുട്ടി എത്തുന്നതോടെ എഴുത്തശ്ശന്‍ അവളെ ഏറ്റുവാങ്ങും. പിന്നെ കുട്ടിയെ കൊഞ്ചിക്കലും കളിപ്പിക്കലും ആയിട്ടങ്ങിനെ കഴിയും. കുട്ടിയെ അമ്പലത്തില്‍ തൊഴുകിച്ച് വരും. ഇരുട്ടാവും മുമ്പ് രാധാകൃഷ്ണന്‍ പുറപ്പെടും. പുഴ വരെ എഴുത്തശ്ശനാണ് കുട്ടിയെ എടുക്കുക.

നാലഞ്ച് ദിവസങ്ങള്‍ അങ്ങിനെ കടന്നു പോയി. കാലത്തെ ഭക്ഷണം കഴിഞ്ഞതേയുള്ളു. നാണു നായര്‍ കളപ്പുരയിലെത്തിയതും എഴുത്തശ്ശന്‍ അയാളെ വിളിച്ചു.

' ഇരിക്കിന്‍ നാണ്വാരെ. നിങ്ങളെക്കൊണ്ട് ഒരു ആവശ്യൂണ്ട് ' അയാള്‍ പറഞ്ഞു.

' എന്താ വേണ്ടത് '.

' നിങ്ങളുടെ മകള്‍ക്ക് പണ്ടം പണിത തട്ടാനെ എനിക്കൊന്ന് കാണണം . ഞാനന്ന് പറഞ്ഞില്ലേ കുട്ടിക്ക് പണ്ടം ഉണ്ടാക്കി കൊടുക്കണംന്ന്. അതിനാണ് '.

' അതിനെന്താ പ്രയാസം. എപ്പൊ വേണച്ചാലും നമുക്ക് ചെല്ലാലോ '.

' അരഞ്ഞാണം ഉണ്ടാക്കുമ്പൊ അരടെ അളവ് അറിയണ്ടേ. ഇത്തിരി നീട്ടം കൂടുതല്‍ ഇരുന്നോട്ടെ. കുട്ടി വലുതാവുമ്പൊ കണ്ണി മാറ്റി കൊളുത്ത്യാല്‍ പോരെ '.

' സുമാര്‍ അളവ് പോരെ '.

' അത് പോരാ. വൈകുന്നേരം കുട്ടി വര്വോലോ. അപ്പൊ വന്നാല്‍ അയാളക്ക് അളവ് എടുത്ത് പോവാം '.

' ഒരു ചരടില്‍ നമുക്കന്നെ അളവ് എടുക്കാം. അത് മതി. അതിനായിട്ട് തട്ടാനൊന്നും വരണ്ടാ '.

' എന്നാല്‍ അങ്ങിനെ ചെയ്യല്ലേ '.

നാണു നായര്‍ കണ്ണട തുടച്ചു മുഖത്തു വെച്ച് പേപ്പര്‍ എടുത്തു. എഴുത്തശ്ശന്‍ ആലോചനയില്‍ ലയിച്ചു. നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി.

' എന്താ അമ്മാമേ ആലോചിക്കുന്നത് ' മേനോന്‍ പത്രം താഴെ വെച്ച് ചോദിച്ചു.

' കുട്ടിക്ക് സ്വര്‍ണ്ണം വാങ്ങിക്കുന്ന കാര്യം ആലോചിച്ചിരുന്നതാ '.

' എന്താഹേ അതിലിത്ര ആലോചിക്കാന്‍. കാശ് കൊടുക്കണം. വാങ്ങണം. അല്ലാണ്ടെന്താ ' നാണു നായര്‍
ഇടപെട്ടു.

' പലതും ഉണ്ട്. കേട്ടോളിന്‍. വേലായുധന്‍കുട്ടിടെ താഴെ പത്മാവതിക്ക് ഒന്നും കൂടി വയറ്റിലുണ്ടായി. ഇത് പെണ്ണാണ് എന്നും പറഞ്ഞ് അവള്‍ വല്ലാതെ കണ്ട് സന്തോഷിച്ചിരുന്നു. കുട്ടിക്ക് മാല, അരഞ്ഞാണം , തള, വള ഒക്കെ പണിയുന്ന കാര്യം തന്നെ എപ്പൊ നോക്ക്യാലും കൂട്ടം കൂടാറുള്ളു. പറഞ്ഞിട്ടെന്താ. നാലാം മാസം ഗര്‍ഭം അലസി. അതോടെ അവള്‍ക്ക് സൂക്കടായി. പിന്നെ പണ്ടം വാങ്ങണ്ടി വന്നില്ല '.

' നിങ്ങള്‍ക്ക് ഒരു പേരമകളില്ലേ. എന്തേ അവള്‍ക്ക് ആ കാലത്ത് വാങ്ങി കൊടുക്കാന്‍ തോന്നീലാ '.

' മോഹം ഇല്ലാഞ്ഞിട്ടല്ല. ഞാന്‍ പറയും ചെയ്തു. ഒന്നും വേണ്ടാ. കുട്ടിയ്ക്ക് വേണ്ടതൊക്കെ ഞങ്ങള് വാങ്ങി എന്നാ അന്ന് മകന്‍ പറഞ്ഞത്. എന്‍റെ മേലില് എപ്പഴും വെശര്‍പ്പാണ് എന്നും പറഞ്ഞ് കുട്ട്യേളെ എടുക്കാന്‍ കൂടി സമ്മതിച്ചിട്ടില്ല '.

' വളരെ കാലം മനസ്സില്‍ സൂക്ഷിച്ച ആഗ്രഹമാണ് അല്ലേ അമ്മാമേ ' മേനോന്‍ ചോദിച്ചു.

' പിന്നല്ലാണ്ടെ. മരിക്കുന്നതിന്ന് മുമ്പ് ആ മോഹം സാധിച്ചാല്‍ ഒരു സന്തോഷം ഉണ്ട് '.

' ഏതായാലും ഇനി അധികം കാത്തിരിക്കേണ്ടല്ലോ ' .

' ചാമ്യേ. ഒരു കാര്യം ചെയ്യടാ ' എഴുത്തശ്ശന്‍ പറഞ്ഞു ' ആ മായന്‍കുട്ട്യേ പറഞ്ഞയച്ച് രണ്ട് മുഴം അല്‍പ്പാക്ക് ചരട് വാങ്ങിക്ക്. കുട്ടി വരുന്നതിന്ന് മുമ്പ് വേണംട്ടൊ '.

' ആ ചെക്കന്‍ പുല്ലരിഞ്ഞ് കൊടുത്തിട്ട് ഇപ്പൊ എത്തും. വന്നതും പറഞ്ഞയക്കാം 'ചാമി ഏറ്റു.

ഉച്ചയ്ക്ക് മുമ്പേ മായന്‍കുട്ടി ചരട് എത്തിച്ചു. എഴുത്തശ്ശന്‍ അത് വാങ്ങി മടിക്കുത്തില്‍ വെച്ചു. ഇടിച്ചക്ക പൊടിത്തൂവലും, പഴുത്ത മത്തന്‍ കൊണ്ടുള്ള എരിശ്ശേരിയും , ചേമ്പിന്‍ കിഴങ്ങും കുമ്പളങ്ങയും ചേര്‍ത്ത മോരുപാര്‍ന്ന കൂട്ടാനും കൂട്ടിയുള്ള ഉണ് സുഭിക്ഷമായിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഉമ്മറത്തിണ്ടില്‍ തോര്‍ത്ത് വിരിച്ച് എഴുത്തശ്ശന്‍ കിടന്നു. പുഴയില്‍ നിന്ന് ഈര്‍പ്പം കോരി വന്ന കാറ്റ് അയാളെ കെട്ടിപ്പിടിച്ചു. ആ പരിരംഭണത്തിന്‍റെ നിര്‍വൃതിയില്‍ കണ്ണുകള്‍ അടഞ്ഞു.

ഇളം ചൂടുള്ള നനവ് തട്ടിയപ്പോഴാണ് നോക്കിയത്. കുട്ടി നനച്ചിരിക്കുന്നു.

' നീ എന്‍റെ മേത്ത് ചൂച്ചൂത്തി അല്ലേ. നോക്കിക്കോ, നിന്നെ ഞാന്‍ കയത്തംകുണ്ടിലേക്ക് എറിയുന്നുണ്ട് ' എഴുത്തശ്ശന്‍ കുട്ടിയെ രണ്ട് കയ്യിലും കൂടി കിടത്തി വലിച്ചെറിയുന്നതായി ഭാവിച്ചു.

ഭീതിക്ക് പകരം കുഞ്ഞിന്‍റെ മുഖത്ത് പൊട്ടിച്ചിരിയുടെ അലകള്‍ അടിച്ചു.

' എന്‍റെ തങ്കക്കുടത്തിനെ ഞാന്‍ കളയ്യോ ' എഴുത്തശ്ശന്‍ കുട്ടിയെ മാറോടണച്ചു. ആ കുഞ്ഞു വിരലുകള്‍ അയാളുടെ മൂക്കിലും ചെവിയിലും പരതി നടന്നു. അയാള്‍ക്ക് ഇക്കിളി തോന്നി.

' എന്താ അമ്മാമേ ചിരിക്കുന്നത് ' വേണു വിളിച്ചതോടെ എഴുത്തശ്ശന്‍ ഉണര്‍ന്നു.

പതിവ് നേരത്ത് രാധാകൃഷ്ണനും കുട്ടിയും എത്തിയില്ല. എഴുത്തശ്ശന്‍ കടവിലേക്ക് തന്നെ നോക്കിക്കൊണ്ട് ഉമ്മറത്തിണ്ടിലിരുന്നു. ഇടയ്ക്കിടയ്ക്ക് പടി വരെ ചെല്ലും. കുറച്ചു നേരം നോക്കി നിന്ന് തിരിച്ചു പോരും.

' എന്താഹേ, ഇത്ര വെറളി പിടിക്കാന്‍. അവന് ഇങ്ങോട്ടുള്ള വഴി അറിയില്ലേ ' നാണു നായര്‍ ചോദിച്ചു.

' ഇത്ര വൈകാറില്ല ' എഴുത്തശ്ശന്‍ പറഞ്ഞു ' നാല് മണിക്ക് മുമ്പ് എത്തുന്നതാണ്. ഇപ്പൊ സമയം എത്രയായി '.

' അഞ്ച് മണി കഴിഞ്ഞു ' മേനോന്‍ പറഞ്ഞു.

' ഇന്നിനി വര്വേണ്ടാവില്ല '.

' അങ്ങിനെ പറയാന്‍ വരട്ടെ. ചിലപ്പൊ ഇപ്പൊത്തന്നെ എത്തും ' നാണു നായര്‍ ആശ്വസിപ്പിച്ചു.

അമ്പലത്തില്‍ പോകാതെ എല്ലാവരും കുട്ടി എത്തുന്നതും കാത്തിരുന്നു. ആറ് മണി കഴിഞ്ഞതും വെള്ളപ്പാറ കടവില്‍ മോട്ടോര്‍ സൈക്കിളിന്‍റെ ശബ്ദം കേട്ടു.

നോക്കുമ്പോള്‍ രാധാകൃഷ്ണന്‍ മാത്രം. കുട്ടിയെ കാണാനില്ല.

' കുട്ടി ഇല്ലല്ലോ ' നാണു നായര്‍ പറഞ്ഞു.

' വല്ല വയ്യായയും വന്നിട്ടുണ്ടാവ്വോ ' എഴുത്തശ്ശന്‍റെ സ്വരം പതറി.

രാധാകൃഷ്ണന്‍ എത്തി.

' മോള് എവിടെ ' എഴുത്തശ്ശന്‍ ചോദിച്ചു.

' അവള് പോയി '. രാധാകൃഷ്ണന്‍ കാര്യങ്ങള്‍ വിവരിച്ചു. മൂന്ന് മാസത്തെ ട്രെയിനിങ്ങിന്ന് അളിയന്‍ ജപ്പാനിലേക്ക് പോവാനിരുന്നതാണ്. ആ സമയത്ത് നാട്ടില്‍ കഴിഞ്ഞോളാന്‍ പറഞ്ഞ് പെങ്ങളേയും കുട്ടിയേയും ഇവിടെ ആക്കിയിട്ട് പോയി. ജോലി സ്ഥലത്ത് ചെന്നപ്പോഴാണ് ട്രെയിനിങ്ങ് പരിപാടി മാറ്റി വെച്ച വിവരം അറിയുന്നത്. മടങ്ങി ചെല്ലാന്‍ ഇന്നലെ രാത്രി പെങ്ങള്‍ക്ക് ഫോണ്‍ വന്നിരുന്നു. ഇന്ന് രാവിലെ അവര്‍ പോയി.

എഴുത്തശ്ശന്‍ തളര്‍ന്ന പോലെ ഉമ്മറത്തിരുന്നു. ആ മനസ്സിലെ വ്യഥ എല്ലാ ഹൃദയങ്ങളും ഏറ്റെടുത്തു.

4 comments:

 1. എഴുത്തശ്ശന്‍റെ മനസ്സിലെ വ്യഥ ഞാനും ഏറ്റെടുത്തു.നന്നായിട്ടുണ്ട്‌....കാത്തിരിക്കുന്നു

  ReplyDelete
 2. വായിച്ച് അഭിപ്രായം രേഖപ്പെടുത്ത്യതിന്ന് വളരെ നന്ദി.

  ReplyDelete
 3. എഴുത്തശ്ശ്ന്റെയ് ദുഖം വായനകരെന്റെയ്താകി മാറ്റിയതില്‍ എഴുത്തുകാരന്‍ വിജയിച്ചിരിക്കുന്നു.
  അഭിനന്ദനങ്ങള്‍

  ReplyDelete
 4. പാവം എഴുത്തശ്ശന്‍

  ReplyDelete