Saturday, September 26, 2009

അദ്ധ്യായം-19

ഉണര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ സമയം ഏറെ ആയിരിക്കുന്നു. കഴിഞ്ഞ രാത്രി ഉറങ്ങാന്‍ വൈകി. ഓരോന്ന് ആലോചിച്ച് കിടന്നു. ക്ലോക്കില്‍ മൂന്ന് അടിക്കുന്നത് കൂടി കേട്ടിരുന്നു. വേണു മുഖം തുടച്ച് പുറത്ത് വന്നപ്പോള്‍ കിട്ടുണ്ണി ആഹാരം കഴിക്കുന്നു. 'ശ്ശോ, എന്തൊരു ഉറക്കമാണ്ഏട്ടന്‍റെ. ഞാന്‍ അഞ്ചാറ് തവണ വന്ന് നോക്കി. പിന്നെ ഉറങ്ങിക്കോട്ടേ എന്ന് വിചരിച്ചു 'കിട്ടുണ്ണി പറഞ്ഞു.

രാവിലെ അമ്പലക്കുളത്തില്‍ കുളിച്ച് ദേവനെ തൊഴണമെന്ന് വിചാരിച്ചതാണ്. ഇന്ന് ഇനി പറ്റില്ല. സമയം വൈകി. കുളിച്ച്തൊഴലും വഴിപാട്കഴിക്കലും ഒക്കെ വേറൊരു ദിവസമാകാം. പത്മിനിയുടെ വീട്ടിലേക്ക് പോകണമെന്ന് കരുതിയതാണ്. എന്തായാലും അത് മുടക്കുന്നില്ല.

കുളിയും മറ്റും കഴിഞ്ഞ് എത്തുമ്പോഴേക്കും രാധ ഭക്ഷണം ഒരുക്കി വെച്ചിരിക്കുന്നു. അത് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ' നാലഞ്ച് ദിവസം ഞാന്‍ ഉണ്ടാവില്ല. പെങ്ങളുടെ വീട്ടില്‍ ഒന്ന് ചെന്നിട്ട് വരാ 'മെന്ന്പറഞ്ഞു.

കൈ കഴുകി വസ്ത്രം മാറ്റി ബാഗുമായി മുറിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ കിട്ടുണ്ണി കാത്ത് നില്‍ക്കുന്നു. 'ഏട്ടന്ന് കാറെങ്ങാനും ഏര്‍പ്പാടാക്കണോ' കിട്ടുണ്ണി ചോദിച്ചു' ഇവിടുത്തെ വണ്ടി ഗുരുവായൂരിലേക്ക് പോയിരിക്കുന്നു. നേരത്തെ ഏറ്റ ട്രിപ്പാണ്. 'വേണ്ടെന്ന് തലയാട്ടി. ആകെ പത്തിരുപത്തഞ്ച് കിലോമീറ്ററേ ദൂരം കാണു. പണ്ടത്തെ കണക്കില്‍ പതിനഞ്ച് നാഴിക. നാട്ടില്‍ ലീവിന്ന് വരുമ്പോള്‍ സിനിമക്ക് അവിടെയാണ് ചെല്ലാറ്. രാത്രി പടം കഴിഞ്ഞാല്‍ ചിലപ്പോള്‍ ബസ്സ് കിട്ടില്ല. പിന്നെ ഒറ്റ നടപ്പാണ്.

കിട്ടുണ്ണി ബാഗ് വാങ്ങി പിടിച്ചു. പാടത്തിന്‍റെ നടുവിലുള്ള പാതയിലൂടെ നടന്ന്പോകുമ്പോള്‍ പെങ്ങളെ കാണുമ്പോള്‍ പറയേണ്ട കാര്യങ്ങള്‍ കിട്ടുണ്ണി ഒന്നു കൂടി വിസ്തരിച്ചു. കഴിയുന്നതും പിണങ്ങി നടക്കണ്ടാ എന്ന് വെച്ചിട്ടാണ് ഞാന്‍ ഏട്ടനെ ഇതിലേക്ക് വലിച്ച് ഇഴക്കുന്നത്. ഇനി അങ്ങിനെ മതി എന്ന് വെച്ചാലോ എനിക്ക് അതിനും മടിയില്ല. ഇത്എത്രാമത്തെ തവണയാണ് ഇവന്‍ ഇത് പറയുന്നത്. പാമ്പ് ചാവുകയും വേണം വടി ഒടിയാനും പാടില്ല എന്നാണ് എന്നും കിട്ടുണ്ണിയുടെ നയം.

പാതയിലെത്തി അധികം കഴിയുന്നതിന്ന് മുമ്പ് ബസ്സ് വരുന്നത് കണ്ടു. 'അധിക ദിവസം അവിടെ കൂടണ്ടാ, വന്നിട്ട് ഞാന്‍ പറഞ്ഞ കാര്യം നോക്കണം ' എന്നും പറഞ്ഞ് കിട്ടുണ്ണി ബാഗ് ഏല്‍പ്പിച്ചു. വാഹനം  കണ്ണില്‍ നിന്ന് മറയുന്നത് വരെ കിട്ടുണ്ണി അവിടെ തന്നെ നില്‍ക്കുന്നത് കാണാമായിരുന്നു.

*************************************************************************************

വേണു ചെന്നെത്തുമ്പോള്‍ പത്മിനി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. വീടിന്‍റെ മുന്‍വശത്ത് ചാരുകസേലയില്‍ പത്രം വായിച്ച് ഇരിക്കുകയായിരുന്നു അവര്‍. മുറ്റത്ത് ആളെത്തിയതൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ല. ' ഇന്നൊരുവിരുന്നുകാരനുണ്ടേ 'എന്ന വേണുവിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ പത്രം താഴ്ത്തി പിടിച്ച് അവര്‍ മുഖമുയര്‍ത്തി. ഒരു നിമിഷം അവരുടെ മുഖത്ത് മിന്നി മറഞ്ഞത് വിസ്മയമോ, സന്തോഷമോ, അമ്പരപ്പോ അതെല്ലാം കൂടിയ ഭാവമോ ആയിരുന്നു.

പത്രം ടീപ്പോയിയില്‍ ഇട്ട്പത്മിനി കസേലയില്‍ നിന്ന് എഴുന്നേറ്റു. 'കേറി വാ' എന്ന് ചിരിച്ചു കൊണ്ട് സ്വാഗതം പറഞ്ഞു. വേണു കാര്‍ ഷെഡ്ഡിന്ന് മുന്നില്‍ ചെരുപ്പുകള്‍ അഴിച്ചിട്ട് പടവുകള്‍ കയറി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടുപേരും കണ്ടു മുട്ടുന്നത്. പത്മിനിയുടെ മനസ്സ് ആകെ സ്നേഹത്തില്‍ കുതിര്‍ന്നു. വലിയമ്മയുടെ മകനാണെങ്കിലും തന്നേക്കാള്‍ ആറ് മാസത്തിന്ന് ഇളയതാണ് വേണു. എന്നും രോഗിയായിരുന്ന വലിയമ്മ വിവാഹം കഴിഞ്ഞ് ആറേഴ് കൊല്ലം കഴിഞ്ഞാണ് വേണുവിനെ പ്രസവിച്ചത്. അതോടെ അവര്‍ കിടപ്പിലായി. വേണുവിന്ന് ഒന്നര വയസ്സായപ്പോള്‍ വലിയമ്മ മരിച്ചു.

' നിന്നെ കാണാന്‍ പറ്റാതെ തന്നെ ചത്ത് പോവും എന്ന് വിചാരിച്ചിരുന്നതാണ്. 'പത്മിനി പറഞ്ഞു' എത്ര കൊല്ലായി കണ്ടിട്ട്. നിനക്ക് എങ്ങിനെ ഞങ്ങളെയൊക്കെ കാണാതെ ഇത്ര കാലം ഇരിക്കാന്‍ കഴിഞ്ഞു '. വേണു ഒന്നും മിണ്ടിയില്ല. ഇപ്പോഴും വരണമെന്ന് വിചാരിച്ചിരുന്നതല്ല. കൂട്ടുകാരന്‍ മാരിമുത്തു നിര്‍ബന്ധിച്ച് അയച്ചതാണ്. വയസ്സ് ആവുമ്പോള്‍ ബന്ധുക്കളുടെ അടുത്ത് താമസിക്കണമത്രേ. മരത്തിന്ന് വേര് ബലം, മനുഷ്യന്ന് ബന്ധു ബലം എന്ന തത്വവും അവന്‍ പറയും. ഒടുവില്‍ കുറച്ച് കാലം നാട്ടില്‍ നിന്നിട്ട് ശരിയാവുന്നില്ലെങ്കില്‍ തിരിച്ച് വരും എന്ന് പറഞ്ഞ് പുറപ്പെട്ടതാണ്.

പത്മിനി അകത്ത് ചെന്ന് ചായയും ബിസ്ക്കറ്റും കൊണ്ടു വന്നു. 'വിശ്വേട്ടന്‍ എത്തുമ്പോള്‍ സന്ധ്യയാവും. ഇവിടെ ഞാനും പണിക്കാരി പെണ്ണുങ്ങളും മാത്രമേ ഉള്ളു. നീ വരുന്ന വിവരം അറിയില്ലല്ലോ. എന്തെങ്കിലും ഉണ്ടാക്കാന്‍
 ഏല്‍പ്പിച്ചിട്ട്ഞാന്‍ വരാം അത് വരെ നീ വിശ്രമിച്ചോ ' എന്നും പറഞ്ഞ് പത്മിനി അകത്തേക്ക് പോയി.

തളത്തിന്ന്തൊട്ടടുത്ത മുറിയാണ് വേണുവിന്ന് ഒരുക്കിയിരുന്നത്. അകത്ത്ചെന്ന് ബാഗ് അലമാറയില്‍ വെച്ചു. വസ്ത്രം മാറി, തിരിഞ്ഞ് നോക്കുമ്പോള്‍ വാതിലിന്ന്തൊട്ട്മുകളിലായി ചെറിയമ്മയുടെ ഫോട്ടോ വെച്ചിരിക്കുന്നു. ഈ മുറിയിലാണ് അവസാന കാലത്ത് ചെറിയമ്മ താമസിച്ചിരുന്നത്. കിടപ്പിലാവുന്നത് വരെ അവര്‍ കിട്ടുണ്ണിയുടെ കൂടെ തറവാട്ടിലായിരുന്നു. അച്ഛനും
 അമ്മക്കും വയസ്സായാല്‍ പെണ്‍മക്കളാണ് നോക്കേണ്ടത്, അല്ലാതെ ആണ്‍മക്കളുടെ ഭാര്യമാരല്ല എന്നും പറഞ്ഞ് ചെറിയമ്മയെ കിട്ടുണ്ണി ഇവിടേക്ക് എത്തിച്ചതായി അവന്‍ തന്നെ ആ കാലത്ത് അറിയിച്ചിരുന്നു.

വേണു ചെറിയമ്മയുടെ ഫോട്ടോവിന്ന് മുമ്പില്‍ ചെന്ന് നിന്നു. ഒരു പക്ഷെ തന്നോട് അവര്‍ വേര്‍തിരിവ് കാണിച്ചിട്ടുണ്ടാവാം. എന്നാലും ബാല്യ കാലത്ത്തന്നെ ഊട്ടി വളര്‍ത്തിയതവരല്ലേ. ആ കടപ്പാട് ഒരിക്കലും അവസാനിക്കില്ല.

വേണു മുറ്റത്തിറങ്ങി, ചുറ്റും  കണ്ണോടിച്ചു. എത്ര വലിയ പുരയിടമാണ്. ഗേറ്റ് മുതല്‍ മുറ്റം വരെയുള്ള കോണ്‍ക്രീറ്റ് വഴിയുടെ രണ്ടു വശത്തും വിസ്തൃതമായ പൂന്തോട്ടങ്ങള്‍. തെങ്ങും കവുങ്ങും പ്ലാവും പുളിയും മാവും കൂടാതെ പല തരത്തിലുള്ള മരങ്ങള്‍ തൊടി നിറച്ചുണ്ട്. മുമ്പ് കണ്ടതില്‍ കൂടുതലായി ഒന്ന് രണ്ട് എടുപ്പുകള്‍ കൂടി ഉയര്‍ന്നിട്ടുണ്ട്. ചിലപ്പോള്‍ ഔട്ട് ഹൌസോ, വക്കീലാഫീസോ ഒക്കെയാവും. എന്തായാലും വിശ്വേട്ടന്‍റെ പ്രതാപം മുഴുവന്‍ ഈ വീടില്‍ നിന്ന് തന്നെ മനസ്സിലാവും.

'എന്താ നീ നോക്കുന്നത്' എന്നും ചോദിച്ച് പത്മിനി എത്തി. എന്തൊക്കെയോ മാറ്റങ്ങള്‍ വന്നതായി തോന്നുന്നുവെന്ന് വേണു പറഞ്ഞു. മുമ്പ് ഉണ്ടായിരുന്ന പത്തായപ്പുര വിശ്വേട്ടന്‍ പൊളിച്ചു. അവിടെ ഒരു കുളം കുഴുച്ചു. നിത്യവും മൂപ്പര്‍ക്ക് നീന്തണമത്രേ. ഡോക്ടര്‍ പറഞ്ഞ് ഏല്‍പ്പിച്ചതാണെന്നാ പറയുന്നത്. എന്തായാലും വിശ്വേട്ടന്‍ വീട് കുളം കോരി എന്ന് പറഞ്ഞ് കളിയാക്കാന്‍ എനിക്ക് ഒരു കാരണം കിട്ടി എന്നും പറഞ്ഞ് പത്മിനി ചിരിച്ചു.

' എന്തിനാ വെറുതെ നട്ടുച്ച വെയില് കൊള്ളുന്നത് , കുറച്ച് ദിവസത്തേക്ക് നിന്നെ പോവാന്‍ ഞാന്‍ സമ്മതിക്കില്ല, വിസ്തരിച്ച് സ്ഥലം ഒക്കെ നിനക്ക്പിന്നീട് കാണാം. ഇപ്പോള്‍ നമുക്ക് ഊണ്കഴിക്കാം ' എന്നും പറഞ്ഞ് പത്മിനി മുമ്പെ അകത്തേക്ക് നടന്നു. പുറകില്‍ വേണുവും.

അദ്ധ്യായം-18

നാണു നായരുടെ വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം മക്കു രാവുത്തര്‍ ഒന്നു രണ്ട് വീടുകളില്‍ കൂടി കയറി. ഇന്ന് കൈനീട്ടത്തിന്ന് പോലും ഒരു സാധനം വിറ്റിട്ടില്ല. അതൊന്നും സാരമില്ല. നമുക്ക് കിട്ടാനുള്ളത്പടച്ചവന്‍ എപ്പോഴായാലും നമ്മുടെ കയ്യില്‍ തന്നെ എത്തിക്കും.

ഉങ്ങ് മരത്തിന്‍റെ അടുത്ത് എത്തിയപ്പോള്‍ നിന്നു. സൈക്കിള്‍ എതിര്‍വശത്തെ വേലിയില്‍ ചാരി വെച്ചു. കരിനൊച്ചി ഇട തൂര്‍ന്ന് വെച്ച് പിടിപ്പിച്ച് ഉണ്ടാക്കിയ വേലിയാണ്. മര ചുവട്ടില്‍ നല്ല തണല്‍. ഇവിടെ നിലത്ത് ഒരു തോര്‍ത്തും വിരിച്ച് കിടന്നാല്‍ മതി. ഉറക്കം താനെ വരും. രാവുത്തര്‍ മടിയില്‍ നിന്ന് ഒരു ബീഡി എടുത്ത് കത്തിച്ചു.

'രാവുത്തരേ, എന്താ ബീഡിയും വലിച്ച് ഒറ്റക്ക് നിക്കണത് '. ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. ആറുമുഖന്‍ ചെട്ടിയാര്‍. ചെട്ടിയാര്‍ക്ക് വള കച്ചവടമാണ്. കാക്കി തുണികൊണ്ട്നല്ല നീളത്തില്‍ ഉണ്ടാക്കിയ വളസഞ്ചി തോളത്ത് കിടപ്പുണ്ട്. അതിന്ന് മുകളില്‍  ചരടുകളില്‍ കോര്‍ത്ത കുപ്പി വളകള്‍ തൂങ്ങി കിടക്കുന്നു. 'ഏയ്, ഇന്ന്തീരെ മോശം ദിവസം 'രാവുത്തര്‍ പറഞ്ഞു' അഞ്ച് പൈസക്ക് വിറ്റിട്ടില്ല '.

'മിണ്ടാണ്ടിരിക്കിന്‍' ചെട്ടിയാര്‍ പറഞ്ഞു' ഇത് വിറ്റ് കൊണ്ടുപോയിട്ട് വേണ്ടേ നിങ്ങള്‍ക്ക് കഞ്ഞി വെക്കാന്‍ '.

' ഈ പറയണ നിങ്ങള്‍ക്ക് വള വിറ്റിട്ട് കഴിയണോ ' രാവുത്തര്‍ തിരിച്ചടിച്ചു. തെങ്ങിന്‍ തോട്ടവും കുറച്ച് കൃഷിയും
 ഒക്കെയായി നല്ല സൌകര്യമുള്ള ആളാണ് ആറുമുഖന്‍ ചെട്ടിയാര്‍. മക്കളും കുട്ടികളും ഒന്നുമില്ല. രാവിലെ പൊക്കണവും തൂക്കി വള വില്‍ക്കാന്‍ ഇറങ്ങും. വീട്ടുകാര്യവും കൃഷിയും നോക്കി നടത്തുന്നത് ചെട്ടിച്ച്യാരാണ്. ഇതിനൊക്കെ പുറമെ ചെട്ടിച്ച്യാര്‍ക്ക് മുറുക്ക് കച്ചവടം കൂടിയുണ്ട്. അവരുണ്ടാക്കുന്ന മുറുക്കിന്ന് നല്ല സ്വാദാണ്.

രാവുത്തര്‍ ചെട്ടിയാര്‍ക്ക് ഒരു ബീഡി നല്‍കി. ബീഡിയും വലിച്ച് രണ്ടാളും വിശേഷങ്ങള്‍ പറയാനാരംഭിച്ചു. 'ചെക്കന്മാര് രണ്ടും  അടുത്തെങ്ങാനും വര്വോ ' എന്ന് ചെട്ടിയാര്‍ ആരാഞ്ഞു. അങ്ങിനെ വിചാരിക്കുമ്പോള്‍ വരാന്‍ പറ്റിയ സ്ഥലത്ത് അല്ലല്ലോ പണിക്ക് പോയിരിക്കുന്നത്. വരുമ്പൊ മുമ്പറൂം കാണാം, പോകുമ്പൊ പിന്നാപ്പൊറൂം കാണാം. പെരുനാളിനോ, വീട്ടിലെ വല്ല വിശേഷത്തിനോ അവര് ഉണ്ടാവില്ല. നല്ല രുചീല് വല്ലതും തിന്നാന്‍ ഉണ്ടാക്കിയാല്‍ ആ ദിവസം അവരെ ഓര്‍മ്മ വരും. പിന്നെ ഒന്നും അകത്ത് ചെല്ലില്ല. കഞ്ഞീം വെള്ളൂം ആയിട്ട് ഇവിടെ കൂട്യാ മതീന്ന് പറഞ്ഞാല്‍ രണ്ടാളും കേക്കില്ല. ചെറു പ്രായത്തില്‍
 എന്തെങ്കിലും ഉണ്ടാക്കി കൂട്ട്യാല്‍ വയസ്സാവുമ്പോള്‍ മിണ്ടാണ്ടെ ഒരിടത്ത് കുത്തിരിന്ന് തിന്നാലോ എന്നാ അഭിപ്രായം. ചെലപ്പൊ ചാവാന്‍ കാലത്ത് അവറ്റടെ മൊഖം കാണാന്‍ പറ്റാണ്ട് പോവ്വോ എന്ന് തോന്നും.

' ഛേ, ഒന്ന് മിണ്ടാതിരിക്കിന്‍, നിങ്ങക്ക് അത്രക്ക് പ്രായം ഒന്നും ആയിട്ടില്ലല്ലോ, അമ്പത്തഞ്ചോ അമ്പതാറോ എത്രയാ ഇപ്പൊ ' ചെട്ടിയാര്‍ ചോദിച്ചു. 'വയസ്സും നാളും ഒക്കെ നോക്കീട്ടാ മനുഷ്യര് ചാവുണത്. മൂപ്പര് മേപ്പട്ടെക്ക് വിളിച്ചാ അങ്കിട്ട് പോവ്വന്നേ, അതിന്ന് മീതെ ഒരു അപ്പീലും ഇല്ല' രാവുത്തര്‍ തത്വജ്ഞാനം പറഞ്ഞ് ഒഴിഞ്ഞു.

' എല്ലാവരുടേയും കാര്യം അത്രയേ ഉള്ളു, ഇന്ന് കണ്ടവനെ നാളെ കാണാന്‍ പറ്റി എന്ന് വരില്ല ' എന്നും പറഞ്ഞ് ചെട്ടിയാര്‍ രാവുത്തര്‍ പറഞ്ഞതിനെ പിന്‍താങ്ങി.

സംഭാഷണം ക്രമേണ മക്കളുടെ സമ്പാദ്യത്തിലേക്ക് കടന്നു. മക്കള്‍ രണ്ടും മാസംതോറും പണമയക്കാറുണ്ട്. അതൊന്നും 
എടുത്ത് വീട്ടില്‍ ചിലവ് ചെയ്യാറില്ല. തുണി വിറ്റ് കിട്ടുന്നത് മതി കുടുംബ ചിലവിന്. മക്കള് അയച്ചു തരുന്ന കാശ് മുഴുവന്‍ വക്കും മുക്കും പൊട്ടാതെ കരുതി വെക്കിണുണ്ട്. എന്നെങ്കിലും ഉള്ള പണീം വിട്ടിട്ട് പിള്ളര്മടങ്ങി വന്നാല്‍ മണ്ണ് തിന്ന് കഴിയാന്‍ പറ്റ്വോ. കയ്യിരിപ്പുള്ള മൊതല് എന്തിലെങ്കിലും ഒറപ്പിച്ച് വെക്കണം. ഉള്ള പണം മുഴുവന്‍ ബാങ്കിലിട്ടിട്ട് അത്എങ്ങാനും പൊട്ടി പൊളിഞ്ഞാല്‍ കൈ മലര്‍ത്താനെ പറ്റു. ഉള്ളത് കാണുന്ന മൊതലാക്കി വെച്ചാല്‍ പേടിക്കാനില്ല. നാളെ വാപ്പ ഞങ്ങടെ പണം എന്ത് ചെയ്തു എന്ന് ചോദിച്ചാല്‍ കാട്ടികൊടുക്കാന്‍ കഴിയണം.

' കുറെ സ്ഥലം വാങ്ങി റബ്ബറ് വെക്കിന്‍ ' എന്ന് ചെട്ടിയാര്‍ പറഞ്ഞു. അതിനോട്ഒട്ടും യോജിപ്പ് തോന്നുന്നില്ല. അതൊക്കെ തിരുവിതാംകൂറില്‍ നിന്ന് വരുന്ന ചേട്ടന്മാര്‍ക്കേ പറ്റു. അറിയാത്ത പണിക്ക് ഇറങ്ങി തൊന്തരവ് ആയിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ.

മക്കു രാവുത്തര്‍ വേലിയില്‍ ചാരി വെച്ച സൈക്കിള്‍ എടുത്തു. 'ചെട്ട്യാര് വരുന്നൊ കൂടെ' എന്ന് ചോദിച്ചു. ' ഒരു വീട്ടില് ഒരേ സമയം രണ്ട് വ്യാപാരം പാടില്ല ' എന്നും പറഞ്ഞ് വേറൊരു വഴിക്ക് ചെട്ടിയാര്‍  നടന്നു.

*************************************************************************************

' കണ്ടാ കര്‍ണ്ണനും കണ്ടത്താരും രണ്ടുണ്ടച്ചോ ദൈവം ' മുളവടി കൊണ്ടുള്ള താളത്തിനൊപ്പം ഉറക്കെ പാടുന്നത് അകലെ നിന്നു തന്നെ കേട്ടു തുടങ്ങി. അത് മായന്‍ കുട്ടി പാടുന്നതാണെന്ന് രാവുത്തര്‍ക്ക്മനസ്സിലായി. പാവം. എത്ര നല്ല മിടുക്കന്‍
 ചെക്കനായിരുന്നു. തലക്ക് സ്ഥിരത ഇല്ലെങ്കില്‍ പോയില്ലേ.

മീനാക്ഷിയുടെ ഒരേ ഒരു സന്താനമായിരുന്നു മായന്‍ കുട്ടി. ആ സ്ത്രീ കല്യാണം കഴിച്ചിരുന്നില്ല. ചെറുപ്പത്തിലെ അവിവേകത്തിന്‍റെ
 ഫലമായിരുന്നു ആ മകന്‍. എങ്കിലും ഒരുപാടു കഷ്ടപ്പെട്ടിട്ട് അവര്‍ മകനെ വളര്‍ത്തി. മായന്‍ കുട്ടി ഏറെയൊന്നും പഠിച്ചില്ല. തന്തയില്ലാത്തവന്‍ എന്ന് വിളിച്ച സഹപാഠിയെ നന്നായി കൈകാര്യം ചെയ്തു. അന്നത്തോടെ സ്കൂളില്‍ പോക്ക് നിര്‍ത്തി.

മായന്‍ കുട്ടി അമ്മയെ വെറുത്തില്ല. പഠനം നിലച്ചതോടെ അവന്‍ പണിക്ക് പോവാന്‍ തുടങ്ങി. കിട്ടുന്നതെല്ലാം അമ്മയെ ഏല്‍പ്പിച്ചു. മുതിര്‍ന്ന് നല്ലൊരു പണിക്കാരനായതോടെ മീനാക്ഷിക്ക് ആശ്വാസമായി. പക്ഷെ ആ സന്തോഷം അധിക കാലം നിന്നില്ല. എപ്പോഴോ മായന്‍ കുട്ടിയുടെ മനസ്സില്‍ താളപ്പിഴകള്‍ ചേക്കേറി. ഉള്ള വീട് വരെ വിറ്റ്അമ്മ മകനെ ചികിത്സിച്ചു.ചെയ്‌വനയും 
മാട്ടും ആണെന്ന് വിചാരിച്ച് കുറച്ച് മന്ത്രവാദവും ചെയ്തു നോക്കി. ഒടുവില്‍ മകന്‍റെ മാറാരോഗത്തിന്ന് മുമ്പില്‍ ആ അമ്മ പതറി. അഞ്ചാറ്കോളാമ്പിക്കായയിലൂടെ എല്ലാ ദുഃഖങ്ങളില്‍ നിന്നും അവര്‍ ഒളിച്ചോടി.

മക്കു രാവുത്തര്‍ കുറെ നേരം മായന്‍ കുട്ടിയെ തന്നെ നോക്കി നിന്നു. പരിസരം മറന്നാണ് അവന്‍റെ പാട്ടും കളിയും. ഒരു കീറ തോര്‍ത്ത് മാത്രമാണ് വേഷം. 'എന്താടാ മായന്‍ കുട്ട്യേ, നട്ടപ്പൊരി വെയിലത്ത് നിന്ന് പാട്ട് പാടി കളിക്കണത് ' രാവുത്തര്‍ അവനെ വിളിച്ചു. അവന്‍ തിരിഞ്ഞു നോക്കി നന്നായിട്ടൊന്ന് ചിരിച്ചു. 'ആലുപ്പോ, ഇത്തറ നേരം കന്ന് പൂട്ടി ചലിച്ചു.
വലത്തേ പോത്ത് നേരെചൊവ്വെ നടക്കില്ല. തൊടുപ്പ്മൊളയാതെ കണ്ടം പൂട്ടിയത് കണ്ടാല്‍ മൊതലാളി ചീത്ത പറയില്ലേ. ദാ, ഇപ്പൊ പണി കഴിഞ്ഞതേ ഉള്ളു. ആ സന്തോഷത്തിന് നാല് പാട്ട് പാടി കളിച്ചതാണ് '.

'അതിന് കന്നും കരീം നൊകൂം ഒന്നും കാണാനില്ലല്ലോടാ'. മായന്‍ കുട്ടിയുടെ മനസ്സില്‍ എവിടേയോ കന്ന് പൂട്ട് നടക്കുകയാണെന്ന് രാവുത്തര്‍ക്ക് അറിയാം. എങ്കിലും അവനെന്താ പറയുന്നത് എന്ന് അറിയാന്‍ ഒരു താല്‍പ്പര്യം. 'നിങ്ങക്ക് കണ്ണും കാണാന്‍ പാടില്ലാണ്ടായി ' എന്നും പറഞ്ഞ് മായന്‍ കുട്ടി പാത ചാലിനപ്പുറത്തേക്ക് ചൂണ്ടി കാട്ടി മട്ട പോത്തുകളെ പൂട്ടി കെട്ടി നിറുത്തിയിരിക്കുകയാണെന്ന് പറഞ്ഞു. രാവുത്തര്‍ക്ക് സങ്കടം തോന്നി. ഇന്ന്ചെക്കന്‍ വല്ലതും കഴിച്ചിട്ടുണ്ടാവുമോ.

'നിനക്ക് ചായ വേണോടാ' എന്ന് മായന്‍ കുട്ടിയോട് ചോദിച്ചു. വേണമെന്ന് തലയാട്ടി. എന്നാല്‍ വാ എന്നും പറഞ്ഞ് നടന്നു. 'നിക്കിന്‍ ഞാന്‍ ഈ കന്നിനെ കെട്ടിയിട്ട് വരാം' എന്നും പറഞ്ഞ് മായന്‍ കുട്ടി പാത ചാലിന്നപ്പുറത്തേക്ക് ചാടി. അദൃശ്യരായ കന്നുകാലികളെ അവന്‍ വേലിപ്പള്ളയിലെ കൊട്ടത്തറിയില്‍ കെട്ടി. മക്കു രാവുത്തര്‍ കാത്ത് നിന്നു. കൂടെ പോരുമ്പോള്‍
'നിനക്ക് കഴിഞ്ഞ മാസം ഞാന്‍ തന്ന മുണ്ട് എവിടെ' എന്ന് രാവുത്തര്‍ ചോദിച്ചു.

ഇവന്ഇതൊരു പതിവുണ്ട്. ഇടക്ക് ഉടുമുണ്ട് അഴിച്ച് കീറി കൊടിയാക്കും. ഏതെങ്കിലും കോലില്‍ അത് കെട്ടി ജെയ് വിളിച്ച് ജാഥ പോകും. ആ മുണ്ടും അങ്ങിനെ കീറി കൊടിയാക്കി കാണും. 'ആലുപ്പോ നിങ്ങള് വക്കാണിക്ക്വോ' മായന്‍ കുട്ടി ചോദിച്ചു. ഇല്ലെന്ന് രാവുത്തര്‍ തലയാട്ടി. 'പാട്ടി തള്ള തണുത്ത് വെറച്ച് കെടക്കണത് കണ്ടപ്പൊ ഞാന്‍ അതിന് പുതക്കാന് ആ മുണ്ട്
കൊടുത്തു '. മായന്‍ കുട്ടി പറഞ്ഞത് രാവുത്തരെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്, പുത്തികെട്ടവനാണെങ്കിലും  അവന്‍ നല്ല കാര്യമാണല്ലോ ചെയ്തത്.

' വയറ്നിറയെ അവന്ആഹാരം വാങ്ങി കൊടുക്കണം, പിന്നെ ഒരു മുണ്ടും ' മക്കുരാവുത്തര്‍ തീരുമാനിച്ചു. സൈക്കിള്‍ ഉരുട്ടി മക്കു രാവുത്തര്‍ ചായ പീടികയിലേക്ക് നടന്നു. ഒപ്പം മായന്‍ കുട്ടിയും.

Saturday, September 19, 2009

അദ്ധ്യായം 17

രാധാകൃഷ്ണന്‍  ഉച്ചക്ക് വീട്ടിലെത്തുമ്പോള്‍ മുന്‍വശത്തെ വാതില്‍ അടഞ്ഞു കിടപ്പാണ്. ഗേറ്റ് തുറന്നിട്ടുമുണ്ട്. ബുള്ളറ്റ് സൈഡ് സ്റ്റാന്‍റിലിട്ടു. ഉടനെ തന്നെ മടങ്ങി പോകണം.

മുറ്റത്ത് കാല്‍ വെച്ചതും ഒരു യുദ്ധക്കളത്തില്‍ ചെന്ന പ്രതീതി. അരുമയോടെ താലോലിച്ച് വളര്‍ത്തിയ പൂച്ചെടികളാകെ കന്ന്തിന്ന് നശിപ്പിച്ചിരിക്കുന്നു. ഏതെല്ലാമോ സ്ഥലത്ത് നിന്നും സംഘടിപ്പിച്ചവയാണ് അതെല്ലാം. കുറെയൊക്കെ ഊട്ടിയില്‍ നിന്ന് കൊണ്ടുവന്നതാണ്. അര മതിലില്‍ അലങ്കാരത്തിന്ന് വെച്ച പൂച്ചട്ടികള്‍ ഏതാണ്ടെല്ലാം കോണ്‍ക്രീറ്റ് നടപ്പാതയില്‍ പൊട്ടി ചിതറി കിടപ്പുണ്ട്. അവിടം മുഴുവന്‍ പൂച്ചട്ടികള്‍ പൊട്ടിയ കഷ്ണങ്ങളും മണ്ണും ചെടികളുടെ അവശിഷ്ടങ്ങളും വീണ് അലങ്കോലപ്പെട്ടിരിക്കുന്നു.

കാളിങ്ങ് ബെല്‍ അടിച്ചപ്പോള്‍ വാതില്‍ തുറന്നു തന്നത് അമ്മയാണ്. മനസ്സില്‍ നിറഞ്ഞിരുന്ന ദേഷ്യം മുഴുവന്‍ അവരോട് തീര്‍ത്തു. ' തീനും കുടിയും കഴിഞ്ഞ് നട്ടുച്ചക്ക് മട്ട മലച്ച് കെടന്ന് ഒറങ്ങിക്കോളിന്‍. എന്താ ഇവിടെ നടന്നത് എന്ന് അറിയണ്ടല്ലോ '. മാധവി ചുറ്റിലും കണ്ണോടിച്ച് തലയില്‍ കൈ വെച്ചു. ' അച്ഛന്‍ ഉച്ച നേരത്ത് ഗേറ്റും തുറന്നിട്ട് പാടത്തേക്ക് പോയിട്ടുണ്ടാവും. വിതച്ചത് മുളച്ച് വന്നിട്ടേ ഉള്ളു. ഇനി കൊയ്ത് കറ്റ വീടെത്തുന്നത് വരെ മിനുട്ടിന് മിനുട്ടിന് പാടത്തേക്ക് ചെല്ലണം. ആരെടെ കന്നാണാവോ അകത്ത് കടന്ന്കടിച്ച് നശിപ്പിച്ചിട്ടുണ്ടാവുക ' എന്ന് അവര്‍  തന്നത്താന്‍ പറഞ്ഞു.

കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ കടന്ന് വന്നത് ആ നേരത്താണ്. ഗേറ്റ് തുറന്നിട്ട് പുറത്ത് പോയി അന്യന്‍റെ കന്ന് വന്ന് പൂന്തോട്ടം നശിപ്പിച്ചതിന്ന് വേണ്ടത്ര കേട്ടു. താനല്ല പടി തുറന്നിട്ടത്എന്ന വാദം ആരും അംഗീകരിച്ചില്ല. തൊടിയില്‍ നിന്ന് വാഴക്കൈകള്‍ ഒടിയുന്ന ശബ്ദം കേട്ടതും മാധവി അങ്ങോട്ട് ചെന്നു. തൊഴുത്തില്‍ കെട്ടിയിരുന്ന വണ്ടിക്കാളകളില്‍ ഒന്ന് അഴിഞ്ഞ് ചെന്ന് വാഴ തിന്നുകയാണ്. 'ഇവടെ ഇങ്ങിട്ട് വരിന്‍ . നിങ്ങടെ വണ്ടിക്കാളയാണ് ഒക്കെ തിന്ന് നശിപ്പിച്ചത്' മാധവി ഉറക്കെ വിളിച്ച് പറഞ്ഞു.

എഴുത്തശ്ശന്‍ ചെന്ന് നോക്കി. വലത്ത് കെട്ടുന്ന കാള വാഴക്കൈ കടിച്ച് വലിക്കുകയാണ്. കള്ള ലക്ഷണം. എത്ര തിന്നാലും മതിയാവില്ല. തൊഴുത്തിലെ പുല്ലുവട്ടിയില്‍ ഒരു ചുമട് പുല്ല് കിടക്കുമ്പോഴാണ് ശനിയന്‍റെ ആര്‍ത്തി കാട്ടല്. കാളയെ ആട്ടി തെളിച്ച് തൊഴുത്തിലെത്തിച്ചു. കയറെടുത്ത് കഴുത്തില്‍ കെട്ടിയ ശേഷം ഒരുമുടിയന്‍ കോല്മുറിയുന്നത് വരെ തല്ലി. തിരിച്ച്
ഉമ്മറത്തേക്ക് നടന്നു. പേര മകന്‍ ദേഷ്യത്തിലാണ്. അവനെ സമാധാനിപ്പിക്കണം.

രാധാകൃഷ്ണന്‍ മുറ്റത്ത് നിന്നും കയറിയിട്ടില്ല. മാധവി വഴിയിലുള്ള ചട്ടിപ്പൊട്ടുകള്‍ പെറുക്കി കൂട്ടുകയാണ്. ' പോയത് പോട്ടെടാ വേശ മകനെ ' എഴുത്തശ്ശന്‍ പറഞ്ഞു ' നമുക്ക് ഇതിലും നല്ല ചെടികള് വെച്ച് പിടിപ്പിക്കാം'. ആ അനുനയം ഒട്ടും ഫലിച്ചില്ല.

' മുണ്ടാതെ എന്‍റെ മുമ്പിന്ന് കടന്ന് പൊയ്‌ക്കോളിന്‍ ' രാധാകൃഷ്ണന്‍ ചീറി 'എനിക്ക് വരുന്ന ദേഷ്യത്തിന് ഞാന്‍  വല്ലതും  പറയും '. മാധവി അത് ഏറ്റു പിടിച്ചു. ഒന്നിന് പുറകെ ഒന്നായി കുറ്റപ്പെടുത്തലുകള്‍ ഉയര്‍ന്നു. എവിടേയോ വെച്ച് എഴുത്തശ്ശന്ന്നിയന്ത്രണം നഷ്ടമായി. അത് സ്വാഭാവികമാണ്. കതനയുടെ വഴിമരുന്നില്‍ തീ കത്തി കേറുന്നത് പോലെയാണ് വാഗ്വാദം .ഒടുവില്‍ ഒരു പൊട്ടിത്തെറിയിലാണ് അത് എത്തുക.' ഇനി ഒരക്ഷരം പറഞ്ഞാല്‍ ഞാന്‍ ആട്ടി
വെളിയിലാക്കും ' എഴുത്തശ്ശന്‍റെ ഒച്ച ഉയര്‍ന്നു ' ഈ കാണുന്നതൊക്കെ ഞാന്‍ സമ്പാദിച്ചതാ, അല്ലാതെ നിന്‍റെ തന്തടെ വീട്ടിന്ന് കൊണ്ടുവന്നതല്ല '.

രാധാകൃഷ്ണന്‍ ഒന്നും പറയാതെ ബൈക്ക് ഓടിച്ച് തിരിച്ച് പോയി. മാധവി കരഞ്ഞുകൊണ്ട് അകത്തേക്കും. കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ മുറ്റത്ത് ഇരുന്ന് ചെടിച്ചട്ടികള്‍ പൊട്ടിയതും മണ്ണും പൂച്ചെടികളുടെ അവശിഷ്ടങ്ങളും മാറ്റി തുടങ്ങി. പറഞ്ഞത് ഇത്തിരി കൂടിപ്പോയെന്ന് അയാള്‍ക്ക് തോന്നി. ഒന്നും വേണ്ടിയിരുന്നില്ല. വേണമെന്ന് വെച്ചിട്ട് പറഞ്ഞതല്ല. വായില്‍ നിന്ന് അങ്ങിനെ വന്നുപോയി. അല്ലെങ്കിലും എത്ര നേരമാണ് ഒക്കെ കേട്ടുകൊണ്ട് ഇരിക്കുക. ഇനിമില്ലില്‍ നിന്ന് വേലായുധന്‍ കുട്ടി എത്തിയാല്‍ എന്താണ്ഉണ്ടാവുക ആവോ. ആകെ അസ്വസ്ഥത തോന്നുന്നു.

***********************************************************************************************

വേലായുധന്‍ കുട്ടി വരുന്നതും കാത്ത് ഉമ്മറത്ത് തന്നെ ഇരുന്നു. എല്ലാം അവനെ പറഞ്ഞ് മനസ്സിലാക്കണം. കേള്‍ക്കുമോ ആവോ. സ്വതവെ ഭാര്യ പറയുന്നതിന്ന് ഒരു ചുവട്അപ്പുറം മാറ്റി ചവിട്ടില്ല അവന്‍. അതുപോലെ മകന്‍ പറയുന്നത് മാത്രമാണ് ശരി എന്നാണ് അവന്‍റെ ന്യായം. കൂട്ടവും കുറിയും ഒന്നും ഇല്ലാതെ കഴിഞ്ഞാല്‍ മതിയായിരുന്നു. മേലാല് വേവിച്ച നെല്ലിന്‍റത്ര പോലും വായ പൊളിക്കില്ല. ഇന്നെന്തോ അങ്ങിനെ പറ്റി. ഇതും വെച്ച് പെണ്ണ്ഇറങ്ങിപ്പോയാല് ആകെ നാണക്കേടാവും. സഹിക്കുന്ന വിഷമം ആരും അറിയില്ല. പറഞ്ഞത് മാത്രമേ നാട്ടുകാര്‍ 
അറിയൂ.

അകത്ത് ഫോണിന്‍റെ ശബ്ദം കേട്ടു. ഈ ഒരു മാരണം ഇല്ലാത്ത കുറവേയുള്ളു. പൊടുന്നനെ ഒച്ച നിലച്ചു. മാധവി മുകളിലെ ഫോണ്‍ എടുത്തിട്ടുണ്ടാവും. ആരാ വിളിച്ചത് ആവോ. ആരായാലും നമുക്കെന്താ.

സ്കൂള്‍ വിട്ട് കുട്ടികള്‍ പോയി തുടങ്ങി. അകലെ നിന്ന് കാറിന്‍റെ ഇരമ്പം കേട്ടു. പടി കടന്ന് കാറ് എത്തുമ്പോഴേക്കും
 എണീറ്റ് നിന്നു. ഇറങ്ങി വരുന്ന മകനോട് ' എനിക്ക് ഒരു കാര്യം പറയാനുണ്ട് ' എന്ന് പറഞ്ഞു. 'മര്യാദക്ക് എന്‍റെ മുമ്പിന്ന് കടന്ന് പൊയ്ക്കോളിന്‍' എന്ന ഒറ്റ വര്‍ത്തമാനമേ അവന്‍ പറഞ്ഞുള്ളു. വാതില്‍ കടന്ന്മകന്‍ അകത്തേക്ക് കടന്നതും അകത്ത് നിന്ന് ഉച്ചത്തില്‍ കരച്ചില്‍ ഉയര്‍ന്നു. മാധവിയാണ്. ഇനി ഉള്ളതും ഇല്ലാത്തതും ഒക്കെ പറഞ്ഞു കൊടുക്കും. അല്ലെങ്കിലേ ദേഷ്യത്തിലാണ് വരവ്. പെണ്ണിന്‍റെ കൂട്ടം കേട്ടിട്ട് എന്തൊക്കെയാ ചെയ്യുക എന്നറിയില്ല.

കമ്പിനിപ്പണി മാറി ജോലിക്കാര്‍ സൈക്കിളില്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങി. സമയം അഞ്ച് കഴിഞ്ഞു. ഇത്തിരി കഴിയുമ്പോള്‍ അയ്യപ്പന്‍ കാവില്‍ കോളാമ്പിയില്‍ പാട്ട് വെക്കും. പാടത്ത് ഒന്നു കൂടി നോക്കി കുളത്തില്‍ ചെല്ലണം . കാലും മുഖവും കഴുകി ദീപാരാധന തൊഴുകണം. അതിന്ന് മുമ്പ് കന്നിന്ന് വൈക്കോല്‍ ഇട്ട് കൊടുക്കണം. ഇന്ന് മിണ്ടാപ്രാണിയെ കുറെ തല്ലി. ബുദ്ധിയുണ്ടെങ്കില്‍ അത് ഇങ്ങിനെ ചെയ്വോ.

എഴുത്തശ്ശന്‍ എഴുന്നേറ്റ് വണ്ടിപ്പുരയിലേക്ക് പോകാന്‍ ഒരുങ്ങുമ്പോഴേക്കും വേലായുധന്‍ കുട്ടി അകത്ത്നിന്നും ഇറങ്ങി വന്നു. കയ്യില്‍ വലിയൊരുപെട്ടി.പുറകില്‍ രണ്ടു കയ്യിലും ഓരോ ബാഗുമായി മാധവിയും കടന്ന് വന്നു. ഒന്നും മിണ്ടാതെ അവര്‍ കാറില്‍ കയറി യാത്രയാവാന്‍ ഒരുങ്ങിയതാണ്. എഴുത്തശ്ശന്‍ പുറകെ ചെന്ന് 'എങ്ങോട്ടാ നിങ്ങള് പോകുന്ന ' തെന്ന്ചോദിച്ചു. മാധവി മിണ്ടിയില്ല എന്ന് മാത്രമല്ല തിരിഞ്ഞൊന്ന് നോക്കുക പോലും ചെയ്തില്ല. ' ഞങ്ങള്
എവിടെ പോയാല്‍ നിങ്ങള്‍ക്കെന്താ, നിങ്ങളുടെ വീടല്ലെ ' വേലായുധന്‍ കുട്ടി പറഞ്ഞു ' ആട്ടിപടി കടത്തുന്നതിന്ന് മുമ്പ് ഞങ്ങള്‍ പോണൂ .'

കുപ്പന്‍ കുട്ടി എഴുത്തശ്ശന്ന് വാക്കുകള്‍ കിട്ടിയില്ല. അയാള്‍ പകച്ച് അവിടെ തന്നെ നിന്നു. കാര്‍ പുക വിസര്‍ജ്ജിച്ച് മുന്നോട്ട് നീങ്ങി. മാധവിയുടെ മുഖത്ത് വിജയിയുടെ മന്ദസ്മിതം വിരിഞ്ഞു.

അദ്ധ്യായം-16

വേണുവേട്ടന്‍ വന്ന് പോയിട്ടും അച്ഛന്‍ പടിക്കല്‍ തന്നെ നില്‍ക്കുന്നത് സരോജിനി ശ്രദ്ധിച്ചു. അച്ഛന്‍ പരിസരം പോലും
 മറന്നിരിക്കുന്നു. എത്രയോ കാലത്തിന്ന് ശേഷം കണ്ടുമുട്ടിയതാണ്. വീട്ടില്‍ വന്നിട്ട് ഒരു ചായ ഉണ്ടാക്കി കൊടുക്കാന്‍ കഴിഞ്ഞില്ല. വീട്ടിലെ കഷ്ടപ്പാടൊക്കെ അച്ഛന്‍ വേണുവേട്ടനോട്പറഞ്ഞിട്ടുണ്ടാവും. ഈയിടെയായി അച്ഛന്‍ അങ്ങിനെയാണ്. തന്‍റെ മുമ്പില്‍ 
എത്തുപെടുന്നവരോടെല്ലാം പ്രാരബ്ധങ്ങള്‍ വിളമ്പും. നമ്മുടെ ഗതികേട് അന്യരെ അറിയിക്കരുത് എന്ന് എത്ര പറഞ്ഞാലും കേള്‍ക്കില്ല.

ഉമ്മറത്ത്കത്തിച്ച് വെച്ച നിലവിളക്ക് അണഞ്ഞു കഴിഞ്ഞു. അതിന്‍റെ മൂട്ടില്‍ അല്‍പ്പം എണ്ണയേ ഒഴിക്കാറുള്ളു. എണ്ണയുടെ വില നോക്കുമ്പോള്‍ അതൊന്നും വേണ്ടെന്ന് തോന്നാറുണ്ട്. പക്ഷെ അച്ഛന്‍ സമ്മതിക്കില്ല. സന്ധ്യക്ക് ഉമ്മറത്ത് നിലവിളക്ക് കത്തിച്ച് വെച്ചില്ലെങ്കില്‍ മഹാലക്ഷ്മി കടന്നുവരില്ലാത്രേ. അല്ലെങ്കില്‍ ഇപ്പോള്‍ പ്രസാദിച്ചിട്ട് സമ്പത്ത് വന്ന്മൂടി കിടക്കുകയല്ലേ. നില
വിളക്കിന്‍റെ സ്ഥാനത്ത് മുട്ട വിളക്ക് കത്തിച്ച് വെച്ചു. കമ്പിറാന്തലിന്ന് കൂടുതല്‍ മണ്ണെണ്ണ വേണം . ഇതാവുമ്പോള്‍ കുറച്ച് മതി.

നേരം നല്ലവണ്ണം ഇരുട്ടി. ' അച്ഛാ, നിങ്ങള്‍ ഇങ്ങോട്ട് കയറി വരിന്‍. ഇരുട്ടത്ത് നിന്നിട്ട്ഇനി വല്ല പാമ്പോ ചേമ്പോ കടിച്ചാല്‍ എന്നെക്കൊണ്ടൊന്നും ആവില്ല ' എന്ന് സരോജിനി പറഞ്ഞപ്പോഴേ നാണു നായര്‍ പടി ചാരി കെട്ടി വെച്ച് വീട്ടിലേക്ക് കയറിയുള്ളു. ' ഇത് എത്രയുണ്ടെന്ന്നോക്ക് ' എന്നും പറഞ്ഞ് വന്നപാടെ കയ്യിലെ നോട്ടുകള്‍ നായര്‍ മകളെ ഏല്‍പ്പിച്ചു. മുട്ട വിളക്കിന്‍റെ മുമ്പിലിരുന്ന് സരോജിനി നോട്ടുകള്‍ എണ്ണി. എണ്ണൂറ്റി അറുപത് ഉറുപ്പികയുണ്ട്. അത്രയും വലിയ തുക ആദ്യമായിട്ടാണ് കയ്യില്‍ വരുന്നത്.

സരോജിനി തുക പറഞ്ഞു. ' ഞാനൊന്നും ചോദിച്ചിട്ടല്ല, അവന്‍ അറിഞ്ഞ് തന്നതാണ് ' എന്ന് നായര്‍ തന്‍റെ നിരപരാധിത്വം വെളിപ്പെടുത്തി. അപ്പോള്‍ വേണുവേട്ടന്‍ തന്നതാണ് ഈ പണം. അല്ലാതെ അച്ഛന്ന് എവിടുന്ന് കിട്ടാനാണ്. സുന്ദരേട്ടന്‍ പത്താം തിയ്യതിക്ക് മുമ്പ് അമ്പത് ഉറുപ്പിക അയച്ച് തരും. അതാണ് പ്രധാന വരുമാനം. പുളിയോ ചക്കയോ മാങ്ങയോ വിറ്റാല്‍ വല്ലതും കിട്ടാറുണ്ട്. കഴിഞ്ഞുകൂടാന്‍ തന്നെ അതുകൊണ്ടൊന്നും തികയാറില്ല. ഒരു പള്ളിയാല് ഉള്ളതില്‍ മുമ്പ് ചാമ ഇടും. ഒരു പൂവല് കൃഷിയും ചെയ്യും. ഇപ്പൊ ഒന്നും ചെയ്യാറില്ല. കൂലി കൊടുക്കാന്‍ വല്ലതും വേണ്ടേ.

ഓട്ടു കമ്പനിയില്‍ എട്ട് തവണ മണിയടിച്ചു. ' അച്ഛാ, കഴിക്ക്യല്ലേ ' എന്ന് സരോജിനി ചോദിച്ചു. നിത്യം ഈ നേരത്ത് ആഹാരം കഴിക്കും. നേരത്തെ കിടന്നുറങ്ങാനൊന്നുമല്ല. എല്ലാം കഴിഞ്ഞ് വാതിലടച്ച് കിടന്നാല്‍ വിളക്ക് ഊതി കെടുത്താം. വെറുതെ മണ്ണെണ്ണ കത്തിച്ച് കളയുന്നത് ഒഴിവാക്കാമല്ലോ. കിണ്ടിയില്‍ നിന്ന് വെള്ളമൊഴിച്ച്നായര്‍ കൈ കഴുകി. റേഷന്‍ കടയില്‍നിന്ന് വാങ്ങിയ ഗോതമ്പ് അരച്ച് ഉണ്ടാക്കിയ ദോശ രണ്ടെണ്ണം  വീതം വിളമ്പി. മുറ്റത്തെ അരിമുളക് ചെടിയില്‍ നിന്ന് വലിച്ചത് അരച്ച ചമ്മന്തിയും. നാണു നായര്‍ക്ക് പാലില്ലാത്ത ചായ വേണം. സരോജിനി രാത്രി ചായ കുടിക്കാറില്ല. അല്ലെങ്കിലേ ഉറക്കം നന്നെ കമ്മി. ഓരോന്ന് ആലോച്ചിച്ച് കിടന്നാല്‍ ഉറക്കം വരില്ല. അതിനുപുറമെ ചായയും കൂടി കുടിച്ചാലോ.

ആഹാരം കഴിഞ്ഞ് പാത്രം മോറി വെച്ചു. അച്ഛന്ന് കട്ടിലില്‍ കോസറി വിരിച്ചു. താഴെ പായ വിരിച്ച് സരോജിനി കിടന്നു. ' എന്നാലും എന്‍റെ മോളേ, അവന്‍ കീഴ്ക്കെട മറന്നിട്ടില്ല ' അച്ഛന്‍ വേണുവേട്ടനെ കുറിച്ചാണ് പറയുന്നത്. സുന്ദരേട്ടന്‍റെ കൂടെ കുട്ടിക്കാലത്ത് വീട്ടില്‍ കളിക്കാന്‍ വന്നിരുന്ന വേണുവേട്ടനെ ഓര്‍ത്തു. അല്‍പ്പം നിറം കുറഞ്ഞ് കൊലുന്നനെയുള്ള ആണ്‍കുട്ടി. പരമ സാധു. എത്രയോ തവണ തന്നെ മുതുകിലേറ്റി നടന്നിട്ടുണ്ട്. എന്തെങ്കിലും പണിയാക്കി തരണമെന്ന് കണ്ണും തുടച്ച് അച്ഛനോട് വന്ന് പറഞ്ഞത് ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു.

കൊയമ്പത്തൂരില്‍ നിന്ന് പല ദിക്കിലും ജോലി ആയി പോയെങ്കിലും നാട്ടിലെത്തിയാല്‍ വരാതെ പോവാറില്ല. വെറും
 കയ്യോടെ ഒരിക്കലും വന്നിട്ടില്ല. ബിസ്ക്കറ്റോ, പലഹാരങ്ങളോ കയ്യില്‍ കാണും. സ്കൂള്‍ തുറക്കുന്ന സമയത്ത്നോട്ടു പുസ്തകങ്ങളും തുണിയും കൊണ്ടു വരും. ' നല്ല സ്ഥായീള്ള കുട്ടിയാണ് വേണു ' എന്ന് അമ്മ പറയുമായിരുന്നു.

മാലതി ചേച്ചി മരിച്ചതിന്ന് ശേഷം വേണുവേട്ടന്‍ നാട്ടില്‍ വരാറില്ല. ചെറിയമ്മ മരിച്ചപ്പോള്‍ ഏട്ടന്‍ വന്നെങ്കിലും ആ സമയത്ത് കാണാനൊന്നും  കഴിഞ്ഞില്ല. ടീച്ചറെ ' മാലതി ചേച്ചി ' എന്ന് വിളിക്കണമെന്ന് വേണുവേട്ടനാണ് തന്നോട് പറഞ്ഞത്. മാലതി ചേച്ചി ' സരോജിനി ' എന്ന് മുഴുവന്‍ വിളിക്കാറില്ല. ' സരോ' എന്നേ വിളിക്കൂ. അവര്‍ക്ക് തന്നെ അത്രക്ക് കാര്യമായിരുന്നു. വേണുവേട്ടന്‍റെ സ്വന്തം  അനുജത്തിയായിട്ടാണ് ചേച്ചി തന്നെ കണക്കാക്കിയിരുന്നത്.

പക്ഷെ പറഞ്ഞിട്ട് എന്ത് ഫലം. ചേച്ചിയുടെ അച്ഛന്‍  തന്നെ അവരെ കൊലക്ക് കൊടുത്തു. ഓണത്തിനോടടുപ്പിച്ച് വേണുവേട്ടന്‍റേയും മാലതിചേച്ചിയുടേയും കല്യാണം ഉണ്ടാവും എന്ന് ചേച്ചി പറഞ്ഞിരുന്നു. പെട്ടെന്നാണ് അവരുടെ ഇഷ്ടം നോക്കാതെ അച്ഛന്‍ വിവാഹം ഉറപ്പിച്ചത്. കരഞ്ഞും വാശി പിടിച്ചും ചേച്ചി എതിര്‍ത്ത് നോക്കി. ഒന്നും നടന്നില്ല. കല്യാണത്തിന്ന് രണ്ട് ദിവസം മുമ്പ് ചേച്ചി എല്ലാവരേയും തോല്‍പ്പിച്ചു.

ചേച്ചിയുടെ ശവമടക്കിന്ന് ചെന്ന രംഗം മനസ്സിലിരിപ്പുണ്ട്. അവസാനത്തെ കാഴ്ച കാണാന്‍ പോവുന്നില്ല എന്ന് വിചാരിച്ചതാണ്.
അച്ഛന്‍ നിര്‍ബന്ധിച്ച് കൂടെ കൊണ്ടുപോയി. ആ ശരീരം ഒന്നേ നോക്കിയുള്ളു. മുഖം ഒഴികെ മറ്റെല്ലാ ഭാഗവും മൂടി വെച്ച ശരീരം വീടിന്‍റെ പൂമുഖത്ത് കിടത്തിയിരുന്നു. ചേച്ചിയുടെ അമ്മ ഒരു പ്രതിമ പോലെ തലക്കല്‍ ഇരിപ്പുണ്ട്. മാധവന്‍ നായര്‍ 
ചാരുകസേലയില്‍ തളര്‍ന്ന് ഇരിപ്പാണ്. ഉള്ളില്‍ പൊന്തി വന്ന കരച്ചില്‍ അടക്കാനായില്ല. തന്നെ സ്നേഹിച്ച ചേച്ചി പോയിരിക്കുന്നു. അന്ന് അത് സഹിക്കാവുന്നതിലും അപ്പുറമായി തോന്നി. ചേച്ചിയുടെ അച്ഛനെ മകളെ കൊന്നവനെന്ന് പറഞ്ഞ് കൂടിയവരെല്ലാം 
പഴിച്ചു. ചിലരൊക്കെ വേണുവേട്ടനേയും കുറ്റപ്പെടുത്തി. വേണുവേട്ടന്‍  വന്ന് അവരെ സ്വീകരിക്കേണ്ടതായിരുന്നു. അത് ചെയ്യാതെ ഒഴിഞ്ഞുമാറി.

അന്ന് ഏട്ടനോട് വെറുപ്പാണ് തോന്നിയത്. ചതിയന്‍. ഇതിനാണെങ്കില്‍ മാലതി ചേച്ചിയെ സ്നേഹിക്കേണ്ടിയിരുന്നില്ല. മനസ്സ് നിറയെ ആശ കൊടുത്തിട്ട് സമയം വന്നപ്പോള്‍ തിരിഞ്ഞ് നോക്കിയില്ല. പിറ്റേന്നാണ് വേ ണുവേട്ടന്ന് അപകടം പറ്റിയ വിവരം അറിഞ്ഞത്. ലീവ് കഴിഞ്ഞ് കൊയമ്പത്തൂരിലേക്ക് പോകാനിറങ്ങിയ അച്ഛന്‍ വിവരം അറിഞ്ഞ് തിരിച്ചു വന്നു. അന്നുതന്നെ
അച്ഛന്‍ ആസ്പത്രിയില്‍ ചെന്നു കണ്ടു. ' ചാവുമോ പെഴക്കുമോ എന്ന്ഇപ്പൊ പറയാന്‍ പറ്റില്ല. എന്തായാലും കാല് മുറിക്കേണ്ടി വരും ' എന്നാണ്' മടങ്ങി വന്ന അച്ഛന്‍ പറഞ്ഞത്.

ആസ്പത്രി വിട്ട ശേഷം കുറച്ച് കാലം ഏട്ടന്‍ തറവാട്ടില്‍ ഉണ്ടായിരുന്നു. പല തവണ ഏട്ടനെ കാണാന്‍ ചെന്നു. അപ്പോഴൊക്കെ ദീനമായ ഒരു ചിരിയില്‍ ഏട്ടന്‍ എല്ലാം ഒതുക്കും. ആ സങ്കടം കാണാനാവാതെ പിന്നീട് പോയില്ല. എന്നോ ഒരു ദിവസം ഏട്ടന്‍ വീണ്ടും നാട് വിട്ടു. പിന്നീട് ഇന്നു വരെ വേണുവേട്ടനെ കാണാന്‍ കഴിഞ്ഞിട്ടില്ല.

വിവാഹ പ്രായം കഴിഞ്ഞിട്ടും തന്നെ ആരുടേയും കയ്യില്‍ പിടിച്ച് ഏല്‍പ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇടക്കൊക്കെ വേണുവിനെ കണ്ടാല്‍ അവന്‍റെ കയ്യില്‍ ഇവളെ പിടിച്ച് ഏല്‍പ്പിക്കണം' എന്ന്അച്ഛന്‍ പറയുമായിരുന്നു. ഇടക്കിടക്ക് അച്ഛന്‍ പറയാറുള്ള വാക്കുകള്‍ ക്രമേണ മനസ്സില്‍ പ്രതീക്ഷ സൃഷ്ടിച്ചിരിക്കണം. ഏട്ടന്‍ എന്ന രൂപം ശ്രീകോവിലില്‍ നിന്ന് ഇറങ്ങിപ്പോയി. പകരം മറ്റൊരു ബിംബം അവിടെ പ്രതിഷ്ടിക്കപ്പെട്ടു.

എന്നെങ്കിലും വേണുവേട്ടന്‍  കയറി വരുമെന്നും , തികച്ചും നിഷ്ഫലമായി തീര്‍ന്നേക്കാവുന്ന ജീവിതത്തിന്ന്പുതിയൊരു അര്‍ത്ഥം തരുമെന്നും കൊതിച്ചിരുന്നു. അനാഥത്വത്തിലേക്ക് വഴുതി വീഴുന്നതിന്ന് മുമ്പ് തന്‍റെ കൈ പിടിച്ച് ഉയര്‍ത്താന്‍
 എത്തിയല്ലോ. ഇനി വൈകിയ വേളയില്‍ അരങ്ങൊഴിഞ്ഞ ചേച്ചിക്ക് പകരക്കാരി ആവാന്‍ കഴിയുമോ. പ്രത്യാശയുടെ ആ സ്വപ്നങ്ങളില്‍ സരോജിനി മുഴുകിപ്പോയി .

Saturday, September 12, 2009

അദ്ധ്യായം -15

ചാമി മുടി വെട്ടിക്കാന്‍ ചെന്ന് ഇരുന്നതേയുള്ളു. കല്യാണി കരഞ്ഞുകൊണ്ട് അവിടെയെത്തി. 'വലിയപ്പന്‍ തല്ല് കൂടില്ലാ എന്നും പറഞ്ഞ് വന്നിട്ട്...... ' പെണ്‍കുട്ടി നിന്ന് വിതുമ്പി. ചാമിക്ക് ആകപ്പാടെ വേണ്ടിയിരുന്നില്ല എന്നായി. ഇവള്കരഞ്ഞ്പിടിച്ച് ഇവിടെ വരുമെന്ന് കരുതിയില്ല. ചെയ്ത കാര്യത്തില്‍ ചാമിക്ക്പശ്ചാത്താപം തോന്നി. വേലപ്പന്‍ പറഞ്ഞ മാതിരി മേലാല്‍ സര്‍വ്വ ഏടാകൂടത്തിലും ചെന്ന് തലയിടുന്ന പതിവ് നിര്‍ത്തണം. പക്ഷെ എത്രയൊക്കെ വേണ്ടാ എന്ന് കരുതിയിരുന്നാലും എന്തിലെങ്കിലും കുരുത്തക്കേടില്‍ താനെ ചെന്ന് മാട്ടും. ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അത് തലയിലെഴുത്താണ്.

മുടി വെട്ടി കഴിഞ്ഞ് ചാമി പുറത്തിറങ്ങുന്നതു വരെ കല്യാണി ബാര്‍ബര്‍ ഷാപ്പിന്ന് മുമ്പില്‍ തന്നെ നിന്നു. ഇനി ഇവിടെ നിര്‍ത്തിയിട്ട് പോയാല്‍ ശരിയാവില്ല. ഒന്നുകില്‍ ആ തമിഴന്‍ തിരിച്ച് വരുന്നതുവരെ കാത്ത് നിന്ന് വീണ്ടും അടിപിടി കൂടും, അല്ലെങ്കിലോ ഷാപ്പില്‍ കയറി കുടിച്ച് ലെവല് കെട്ടിട്ട് വരും. കൂടെ കൂട്ടിക്കൊണ്ട്പോയിട്ട് കഞ്ഞിയും കൊടുത്ത് ഉച്ച തിരിഞ്ഞുള്ള പണിക്ക് വിടണം. അപ്പന്‍ ചന്തക്ക് പോയിട്ടുണ്ട്. മൂപ്പര് തിരിച്ച് എത്തുമ്പോഴേക്കും വല്ലതും കൊടുക്കാന്‍ ഉണ്ടാക്കി വെക്കണം.

മുടി വെട്ടി പുറത്തിറങ്ങിയ ചാമിയെ കണ്ടപ്പോള്‍ കല്യാണിക്ക് ചിരി പൊട്ടി. നല്ല നീളത്തില്‍ വളര്‍ത്തിയിരുന്ന കോലന്‍ മുടി പറ്റെവെട്ടി കുറ്റിയാക്കിയിരിക്കുന്നു. പനി മാറി കുളിച്ചിട്ട് മുടി വെട്ടിയ മാതിരിയുണ്ട്. 'എന്താണ്ടി ലക്ഷ്മിക്കുട്ട്യേ , നീ വലിയപ്പനെ നോക്കീട്ട് ഇളിക്കുന്നത്. മുടി വെട്ടിയത് അത്രക്ക് മോശായോ ' എന്ന് ചാമി ചോദിച്ചു. ' നല്ല കോലംണ്ട്. ഇനി കുറെ കാലത്തേക്ക് തലയില്‍ മുണ്ടിട്ടിട്ട് നടന്നോളിന്‍ . ആരും മൊട്ട തലമണ്ട കാണണ്ടാ ' എന്നായി കല്യാണി.

ചാമി തലയില്‍ കൈകൊണ്ട് ഒന്ന് ഉഴിഞ്ഞു. തോര്‍ത്ത് എടുത്ത് വട്ടക്കെട്ട് കെട്ടി. 'മകളെ, നീ കുടീലിക്ക് നടന്നോ ' എന്ന് പെണ്‍കുട്ടിയോട് പറഞ്ഞിട്ട് പെട്ടികടയിലേക്ക് നടന്നു. കല്യാണി വിട്ടില്ല. അവള്‍ പുറകെ ചെന്നു. വലിയപ്പന്‍ വരാതെ പോവില്ല എന്ന് ശഠിച്ചു. ബീഡിയും വാങ്ങി ഷാപ്പിലൊന്ന് കേറണം എന്ന് കരുതിയതാണ്. ചാമി മനസ്സില്‍ ഓര്‍ത്തു. ഇനി അത്പറ്റില്ല. ഈ
പെണ്ണ് ഒറ്റക്ക് വിട്ടാക്കില്ല. ബീഡിയും തീപ്പെട്ടിയും വാങ്ങി ചാമി വീട്ടിലേക്ക്നടന്നു. പെണ്‍കുട്ടി പുറകേയും.

വഴി നീളെ കല്യാണി ചാമിയെ ശാസിക്കുകയായിരുന്നു. നെറയെ കേസില് പെട്ട ആളോടാണ് വലിയപ്പന്‍ ശണ്ഠ കൂടിയത്. അവന്‍ വല്ലതും അക്രമവും  കാണിച്ചിരുന്നെങ്കിലോ. പ്രായത്തില്‍ അവന്‍ വളരെ ചെറുപ്പമാണ്. ആരോഗ്യം കൂടും. അതൊന്നും ഓര്‍ക്കാണ്ട് പൊല്ലാപ്പില് ചെന്നു പെട്ടു. കൊടുങ്ങല്ലൂരമ്മക്ക് ഒരു പരാര്‍പ്പും കോഴീം നേര്‍ന്നിട്ടുണ്ട്. മീന ഭരണിക്ക് വലിയപ്പനെ കൊടുങ്ങല്ലൂരിലേക്ക്പോണ തമ്പാട്ടിമാരുടെ കൂട്ടത്തില് അയച്ച് തൊഴുകിക്കാമെന്നും പറഞ്ഞ് ഒന്നേകാലുറുപ്പിക കീറത്തുണിയില്‍ ഉഴിഞ്ഞ് കെട്ടി വെച്ചിട്ടുണ്ട്. ഊനക്കേടൊന്നും വരാതെ അമ്മ കാപ്പാത്തി.

ചാമിയുടെ മനസ്സില്‍ അത് കൊണ്ടു. വലിയപ്പന്മാരും എളയപ്പന്മാരും ആയി മോളക്ക് ആറേഴ് ആളുകളുണ്ട്. പക്ഷെ കുട്ടിക്ക് തന്നോടാണ് സ്നേഹക്കൂടുതല്‍. അവള്‍ക്ക് അപ്പനേക്കാള്‍ സ്നേഹം തന്നോടാണെന്ന് ചാമിക്ക് അറിയാം. ആരുടെ മുമ്പിലും
 മെരുങ്ങാത്ത ആളായ താന്‍ ഇവളുടെ മുന്നില് പൂച്ചക്കുട്ടി മാതിരിയാണ്. തന്നോടുള്ള അതിന്‍റെ സ്നേഹം കാണുമ്പോള്‍ അനുസരിക്കാതിരിക്കാന്‍ തോന്നില്ല. എളേപ്പന്‍ വല്യേപ്പന്‍ മക്കളും അവരുടെ പിള്ളരും ഒക്കെ ആയി കുറെ എണ്ണമുണ്ട്. ഒറ്റൊന്നിനെ കണ്ണില്‍ കണ്ടൂടാ. എല്ലാറ്റിനും തന്‍കാര്യം മാത്രം. ഇന്ന് വരെ ഒരു തുള്ളി വെള്ളത്തിന്ന് അവരെ ആശ്രയിച്ചിട്ടില്ല.

ഇനി വേലപ്പന്‍ വന്നാല്‍ അവന്‍റെ വക വേറെ ഉണ്ടാവും. ഇന്ന് ചന്തക്ക് പോണില്ല എന്നും പറഞ്ഞ് അവന്‍  ഇരുന്നതാണ്. എവിടേക്കും ചെല്ലില്ല, വഴക്കും വക്കാണത്തിന്നും പോവില്ല എന്നൊക്കെ വാക്ക് കൊടുത്തിട്ടാണ് അവനെ പറഞ്ഞയച്ചത്. പക്ഷെ ഒരു വാക്ക് ഇറക്കിയിട്ട് പോന്ന് അതില്‍ നിന്ന് മാറിയാല്‍ നാണക്കേടല്ലേ. അതാണ്ശേഷം ചോദിക്കാന്‍ പോയത്. തല്ലണം എന്നൊന്നും വിചാരിച്ചില്ല. പക്ഷെ അവന്‍ ചെയ്തത് നോക്കുമ്പൊ കൊടുത്തതില്‍ തെറ്റില്ല എന്ന് തോന്നുന്നു. എങ്കിലും നല്ല അമരത്തില് താങ്ങിയിട്ടുണ്ട്. അവന് വണ്ടിയും കൊണ്ട് തിരിച്ച് പോവാന്‍ പറ്റുമോ ആവോ.

ചാമിയുടെ മനസ്സില്‍ എന്തോ ഒരു സങ്കടം തോന്നി. എത്രയായാലും അവനും ഒരു മനുഷ്യനല്ലേ. അവനും കെട്ട്യോളും
 കുട്ടികളും കാണും. ചിലപ്പോള്‍ അപ്പനും അമ്മയും ഉണ്ടായിരിക്കും. പണി ചെയ്ത് കുടുംബം പുലര്‍ത്തുന്നത് അവനാവും. പത്ത് ദിവസം സുഖമില്ലാതെ കിടപ്പിലായാല്‍ കുടുംബത്തിന്‍റെ കഥ എന്താവും. താനാണ് അതിനൊക്കെ ഉത്തരവാദി എന്ന്ഓര്‍ക്കുമ്പോള്‍ വല്ലാത്ത ഒരു കുറ്റം ചെയ്തു എന്ന് തോന്നുന്നു.

കല്യാണി വിളമ്പിയ ചോറ് ഉണ്ണുമ്പോഴും ചാമിയുടെ മനസ്സിനെ കുറ്റബോധം അലട്ടിയിരുന്നു. കയ്യില്‍ എത്ര പണം ഉണ്ട് എന്ന് കണക്ക് കൂട്ടി നോക്കി. പത്ത് നൂറ്റമ്പത് ഉറുപ്പിക കാണണം. അത് മുഴുവന്‍  അവന് കൊടുക്കണം. സങ്കടം മാറാന്‍ നല്ല വാക്ക് പറയണം. അവനേയും  ഒരു അമ്മ പെറ്റതല്ലേ. ചോറ് ഇറങ്ങുന്നില്ല. കിണ്ണത്തില്‍ ബാക്കി വെച്ച് എഴുന്നേറ്റു.

' വലിയപ്പന്‍ പണിക്ക് പോണില്ലേ ' എന്ന് ചോദിച്ചതിന്ന് ഇല്ലെന്ന് തലയാട്ടി.' ഇനിയും വല്ല കുണ്ടാമണ്ടിയും കാട്ടാനാണോ പോണത് 'എന്നായി കല്യാണി. പഴയ ഒരു ചങ്ങാതിയുടെ അമ്മ മരിച്ചിരിക്കുകയാണെന്നും അയാളുടെ വീട് വരെ ഒന്ന്പോയിട്ട് വരാമെന്നും ഒഴിവ് പറഞ്ഞിട്ട് ഇറങ്ങി നടന്നു. ചാമിയുടെ ധൈര്യത്തെ വാഴ്ത്തിക്കൊണ്ട് ഉച്ച പണിമാറി കഞ്ഞി കുടിക്കാന്‍ 
പണിക്കാരി പെണ്ണുങ്ങള്‍ വീടുകളിലേക്ക് പുറപ്പെട്ടിരുന്നു.

അദ്ധ്യായം14.

ഒരു യന്ത്രപ്പാവ കണക്കെയാണ് വേണു അത്താഴം കഴിച്ചത്. കിട്ടുണ്ണിയുടെ സംഭാഷണമൊന്നും അയാള്‍ ശ്രദ്ധിച്ചില്ല. കൈ കഴുകിയതും , എന്തോ തീരെ വയ്യാ എന്ന് തോന്നുന്നു എന്നും പറഞ്ഞ് മുറിയിലേക്ക് ചെന്നു. ഇപ്പോള്‍ ആ മുറിയില്‍ അയാള്‍ ഒറ്റക്കല്ല.മാലതിയുടെ അദൃശ്യ സാമീപ്യം വേണുവിനെ സംബന്ധിച്ച് അവിടെ നിറഞ്ഞിരിക്കുകയാണ്.

മൂന്ന് പതിറ്റാണ്ട് മുമ്പ് തനിക്കായി ജീവിതമെന്ന അരങ്ങിന്ന് സ്വയം തിരശീല വലിച്ചിട്ട് മറഞ്ഞു പോയവളാണ് മാലതി. വേണുവിന്ന് മനസ്സില്‍ വിങ്ങല്‍ അനുഭവപ്പെട്ടു. ജന്മ ജന്മാന്തരങ്ങളായി ഒന്നിച്ചവരാണ്ഇരുവരും എന്നാണ് മാലതി പറഞ്ഞിരുന്നത്. തന്‍റെ ബാല്യത്തിലെ കൂട്ടുകാരി. മുതിര്‍ന്നപ്പോള്‍ എല്ലാമായവള്‍. പഠിപ്പും പദവിയും എല്ലാം  ഉണ്ടായിട്ടും വേണുവേട്ടനെ മതി എന്ന് ചങ്കുറപ്പോടെ പറഞ്ഞവള്‍. കൌമാര കാലത്ത് തന്നെ തനിക്ക് അന്യ നാട്ടില്‍ പോവേണ്ടി വന്നുവെങ്കിലും അടുപ്പം നില നിര്‍ത്താന്‍ മുന്‍കൈ എടുത്തത് മാലതിയായിരുന്നു. ഇടക്കിടക്ക് നാട്ടില്‍ ഓടിയെത്തിയത് അന്യോന്യം കാണാന്‍ വേണ്ടിയായിരുന്നു.

വേണുവിനെ മാലതിയുടെ വീട്ടുകാര്‍ക്കും ഇഷ്ടമായിരുന്നു. വേണുവിന്‍റെ അമ്മയും മാലതിയുടെ അമ്മയും ഉറ്റ സുഹൃത്തുക്കളായിരുന്നു. കൂട്ടുകാരിയുടെ മരണ ശേഷം മാലതിയുടെ അമ്മക്ക് വേണുവിനോടുള്ള സ്നേഹം കൂടിയതേയുള്ളു. വേണുവിന്ന്പഠിപ്പ് നിര്‍ത്തേണ്ടി വന്നപ്പോള്‍ 'നിന്നെ ഇവിടെ കൂടെ നിര്‍ത്തി പഠിപ്പിക്കണമെന്നുണ്ട്. പക്ഷെ നിന്‍റെ ചെറിയമ്മ ചിലപ്പോള്‍ വല്ല കൂട്ടവും കുറിയും ഉണ്ടാക്കും. മാലുവിന്‍റെ അച്ഛനും വെടക്ക് സ്വഭാവമാണ്. എന്താ പറയുക എന്ന് അറിയില്ല. അതൊക്കെ പേടിച്ചിട്ടാണ്. അല്ലെങ്കില്‍ ഞാന്‍ ഈ പ്രായത്തില്‍ എന്‍റെ കുട്ട്യേ അന്യ നാട്ടിലേക്ക് പഞ്ഞം പെഴക്കാന്‍
 പറഞ്ഞയക്കില്ല ' എന്ന് സങ്കടത്തോടെ പറഞ്ഞിരുന്നു.

മാലതിയുടെ അച്ഛന്‍ മാധവന്‍ നായര്‍ അങ്ങിനെ ആയിരുന്നില്ല. കാര്യസ്ഥന്‍ മാധവന്‍ നായര്‍ എന്ന പേരിലാണ് അദ്ദേഹം 
അറിഞ്ഞിരുന്നത്. ഏതോ മനയിലെ സര്‍വ്വ കാര്യങ്ങളും നോക്കി നടത്തിയിരുന്ന ആളാണ് അദ്ദേഹം. മനക്കല്‍കാരുടെ ഭൂസ്വത്തെല്ലാം നഷ്ടപ്പെട്ടപ്പോള്‍ നായര്‍ വീട്ടുകാര്യം നോക്കി ഒതുങ്ങി. പക്ഷെ അതിനിടയില്‍ തനിക്ക് വേണ്ടതെല്ലാം മൂപ്പര്‍ സമ്പാദിച്ച്
കൂട്ടി. എന്നും തന്‍ കാര്യം മാത്രം നോക്കി നടന്നിരുന്ന അയാളെ ആരും ഇഷ്ടപ്പെട്ടിരുന്നില്ല.

മാലതി പിന്നീട് ടീച്ചറായി. അന്നത്തെ കാലത്ത് സ്ത്രീകള്‍ ജോലിക്ക് പോവാറില്ല.പക്ഷെ എല്ലാ എതിര്‍പ്പും അവഗണിച്ച് അവള്‍ സ്വന്തം നിലപാടില്‍ ഉറച്ച് നിന്നു. 'വേണുവേട്ടന് ഗവര്‍മെണ്ട് ജോലിയൊന്നുമല്ലല്ലോ ഉള്ളത്, അപ്പോള്‍ എനിക്കെങ്കിലും സ്ഥിരമായ ഒരുപണിയുണ്ടെങ്കിലല്ലേ നമുക്ക് നില്‍ക്കക്കള്ളി ഉണ്ടാവൂ ' എന്നാണ് അതിന്ന്അവള്‍ കണ്ട ന്യായം. അങ്ങിനെയൊക്കെ തീരുമാനിച്ചിരുന്ന അവള്‍ കൈ വിട്ട് പോയി.

ആ കാലത്ത് വയനാട്ടിലായിരുന്നു ജോലി. വിഷുവിന്ന് നാട്ടില്‍  ചെന്നിരുന്നു. മാലതിയെ പതിവ്പോലെ കണ്ടിട്ട്സന്തോഷത്തോടെ പിരിഞ്ഞതായിരുന്നു. ആകസ്മികമായിട്ടാണ്എല്ലാ പ്രതീക്ഷകളും തകരുന്നു എന്ന കാര്യം അറിയുന്നത്.

കൂട്ടുകാരോടൊപ്പം വേണു മൈസൂരില്‍ പോയി വന്ന ദിവസം . നാലു ദിവസത്തെ യാത്രയുടെ ക്ഷീണം തോന്നിയിരുന്നു. കിടന്ന് ഉറങ്ങാനിരുന്നതാണ്. കുറച്ച് നേരം കളിക്കാമെന്ന ആവശ്യം മാനിച്ച് കളിക്കാനിരുന്നു. എന്നും കളിയില്‍ തോല്‍ക്കാറുള്ള തനിക്ക് അന്ന് ഒത്തുചേര്‍ന്ന കൈ കിട്ടി. തന്‍റെ ഊഴം എത്തുമ്പോള്‍ ചീട്ടുകള്‍ മലര്‍ത്തി കാണിക്കുകയേ വേണ്ടു. ജയം പ്രതീക്ഷിച്ച് ഇരിക്കുമ്പോള്‍ തൊട്ടടുത്തിരുന്ന മജീദ് ഒരു ചീട്ട് എടുത്ത് കൈ അടിച്ചതായി കാട്ടി. കയ്യെത്തും ദൂരത്ത് വെച്ച് ജയം വഴുതി മാറി. അതോടെ കളി നിര്‍ത്തി

എല്ലാ സൌഭാഗ്യങ്ങളും തന്‍റെ കയ്യകലത്ത് വെച്ച് അകന്ന് പോകാറാണ് പതിവ്. അതോര്‍ത്ത് ഇരിക്കുമ്പോഴാണ് വാച്ച്മാന്‍ ഒരു എഴുത്തുമായി വരുന്നത്. മൂന്ന് ദിവസം മുമ്പ് എത്തിയ കത്താണെന്ന് പറഞ്ഞു നീട്ടി. കത്ത് മാലതിയുടെ ആയിരുന്നു. മാലതിയോട് ഇഷ്ടം തോന്നിയ ഒരു പ്രമാണിയുമായി മകളുടെ വിവാഹം മാധവന്‍ നായര്‍ ഉറപ്പിച്ചിരിക്കുന്നു. ഭാര്യ മരിച്ച നാല് മക്കളുള്ള
ആളായിട്ടും വരാനിരിക്കുന്ന സമ്പത്ത് മാത്രം നോക്കി നിശ്ചയിച്ച വിവാഹം. മാലതി എതിര്‍ത്ത് നോക്കി. അമ്മയും മകള്‍ക്ക് അനുകൂലമായിരുന്നു. അതൊന്നും വിലപ്പോയില്ല.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിവരെ കാത്തിരിക്കും. വേണുവേട്ടന്‍ വന്ന് വിളിച്ചാല്‍ കൂടെ ഇറങ്ങി വരും . അല്ലെങ്കില്‍ പിന്നെ എന്നെ കുറിച്ച് ഓര്‍ക്കരുത് എന്ന വാചകങ്ങളോടെ കത്ത് അവസാനിച്ചു. അന്ന് ഞായറാഴ്ചയായിരുന്നു. സമയം രാത്രി എട്ട് മണി കഴിഞ്ഞു. കൂടുതല്‍ ആലോചിക്കാന്‍ സമയമില്ല. തോട്ടത്തിലെ ജീപ്പില്‍ എല്ലാവര്‍ക്കും കൂടി പോകാമെന്ന് കൂട്ടുകാര്‍ 
പറഞ്ഞു. പക്ഷെ നാട്ടില്‍ എത്തിയാല്‍ എന്തെല്ലാം നേരിടേണ്ടി വരുമെന്ന് അറിയില്ല. വെറുതെ അന്യരുടെ മുമ്പില്‍ വെച്ച് നാണം കെടേണ്ടല്ലൊ. മോട്ടോര്‍ സൈക്കിളില്‍  ഒറ്റക്ക് പോകാമെന്ന തീരുമാനം അങ്ങിനെയാണ് എടുത്തത്. ആ രാത്രി എല്ലാവരുടേയും എതിര്‍പ്പിനെ അവഗണിച്ച് പുറപ്പെട്ടു.

ഇരുട്ടിലൂടെ മുന്നില്‍ ചിതറി വീഴുന്ന പ്രകാശത്തെ എത്തിപ്പിടിക്കാനായി വാഹനം കുതിച്ചു പാഞ്ഞു. ഹൃദയത്തിന്‍റെ മിടിപ്പും , യന്ത്രത്തിന്‍റെ ശബ്ദവും ഒരേ താളത്തില്‍ മുഴങ്ങി. ഏതോ ഒരു വളവില്‍ വെച്ച് ഭൂമി ശൂന്യതയായി മാറി. ദിവസങ്ങള്‍ക്ക് ശേഷം ബോധം തെളിയുമ്പോള്‍ ആസ്പത്രി കിടക്കയില്‍. വലത്തെക്കാല് തകര്‍ന്നത് പിന്നീടാണ് അറിയുന്നത്.

ഒരു ഒഴിവ് ദിവസം തന്നെ കാണാനെത്തിയ കിട്ടുണ്ണിയോട് ഒരു കാര്യം മാത്രമേ ചോദിക്കാന്‍ ഉണ്ടായിരുന്നുള്ളു. ' ഏട്ടന്‍ ഇനി അവരുടെ കാര്യം ഓര്‍ക്കരുത് ' എന്ന് കിട്ടുണ്ണി പറഞ്ഞപ്പോള്‍ മാലതി വിവാഹിതയായി എന്ന് കരുതി. അവളെ കുറ്റം പറയാനാവില്ല. കാത്തിരുന്നിട്ടും താന്‍ എത്തി ചേര്‍ന്നില്ല. പിടിച്ച് നില്‍ക്കാന്‍ കഴിയാതെ അവള്‍ കീഴടങ്ങിയിരിക്കും.

നൊണ്ടിക്കാലുമായി ആസ്പത്രിയില്‍ നിന്നും തറവാട്ടിലെത്തിയ ശേഷമാണ് നടന്നതെല്ലാം അറിഞ്ഞത്. തിങ്കളാഴ്ച രാവിലെ കൂടി സങ്കടപ്പെട്ട് മിണ്ടാതെ നടന്ന മാലതി പിന്നീട് വളരെ സന്തോഷത്തോടെ കളിച്ച് ചിരിച്ച് നടന്നു. പെണ്ണിന്‍റെ വാശി ഇത്രയേ ഉള്ളു എന്ന് എല്ലാവരും കരുതി. അന്ന് രാത്രി കിടക്കാന്‍ പോയ മാലതി സാരി തുമ്പില്‍ ജീവിതം ഒടുക്കി. മാലതിയുടെ അമ്മ പിന്നീട് സ്വബോധത്തിലേക്ക് തിരിച്ച് വന്നില്ല. ഒരു കൊല്ലത്തിനകം അവരും മകളെ തേടി പ്പോയി. മാധവന്‍ നായര്‍ മാത്രം ഒരു ദുരന്ത കഥാപാത്രമായി അവശേഷിച്ചു.

മനസ്സില്‍ ഒരു കടലിലെ തിരകള്‍ മുഴുവന്‍ ഇളകി. വേണു എഴുന്നേറ്റ് ജനാലക്കരികില്‍ ചെന്ന് നിന്നു. അപ്പോള്‍ മുരുക മലയുടെ ചുവട്ടില്‍  കൊള്ളിപിശാചുകള്‍ എരിയുന്നുണ്ടായിരുന്നു.

Saturday, September 5, 2009

അദ്ധ്യായം13.

തിരിച്ചെത്തിയപ്പോള്‍ കിട്ടുണ്ണി ഉമ്മറത്ത് കാത്ത് നില്‍ക്കുന്നു. ' ഏട്ടന്‍ നടക്കാനിറങ്ങി എന്ന് രാധ പറഞ്ഞു, ഒരു ടോര്‍ച്ച് എടുക്കായിരുന്നു. ഇടക്കൊക്കെ ഇഴജന്തുക്കളെ കാണുന്ന വഴിയാണ് 'എന്ന്പറയുകയും ചെയ്തു.

കുളിമുറിയില്‍ ചെന്ന് കുളിച്ചു. വസ്ത്രം മാറ്റി ഉമ്മറത്തെത്തുമ്പോള്‍ കിട്ടുണ്ണി അവിടെ കാത്ത് ഇരിക്കുന്നു. സ്വതവെ ഈ നേരത്ത് വീട്ടില്‍ കാണാത്തതാണ്. സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി നടന്ന് നന്നെ ഇരുട്ടിയിട്ടാണ് അവന്‍ വീടെത്തുക.

' ഏട്ടന്‍ എങ്ങോട്ടാ നടക്കാനിറങ്ങിയത് ' എന്ന് കിട്ടുണ്ണി ചോദിച്ചു. പുഴയോരത്ത് കൂടെ നടന്നതും, മന്ദത്ത് ചെന്ന് തൊഴുതതും, നാണു നായരുടെ വീട്ടില്‍ പോയതും ഒക്കെ പറഞ്ഞു. 'അത് വേണ്ടായിരുന്നു' കിട്ടുണ്ണി പറഞ്ഞു ' അയാളൊരു ഗതികെട്ട വകയാണ് . ഇനി നാളെ മുതല്‍ എന്തെങ്കിലും സഹായം ചോദിച്ചു വന്ന് ഏട്ടനെ ബുദ്ധിമുട്ടിക്കും. ഞാന്‍ അവറ്റയെ കണ്ടാല്‍ കണ്ടു എന്ന് നടിക്കാറില്ല. '

കിട്ടുണ്ണിക്ക് അത് ചെയ്യാം. അവന് അയാളോട് കടപ്പാട് ഒന്നുമില്ല. തന്‍റെ കാര്യം അത് പോലെ അല്ല. നന്നെ കൊച്ചിലെ തന്നെ കൂടെ കൂട്ടിക്കൊണ്ട് പോയി, ഇല്ലായ്മക്കിടയിലും ഭക്ഷണം തന്നു. കിടക്കാനൊരിടവും.

പത്ര വിതരണം ആയിരുന്നു ആദ്യത്തെ തൊഴില്‍. നേരം വെളുക്കുന്നതിന്ന് മുമ്പ് തന്നെ നാണുമാമന്‍ (അങ്ങിനെ ആയിരുന്നു വിളിച്ചിരുന്നത്)വിളിച്ചുണര്‍ത്തും. ചായ ഉണ്ടാക്കി തരും. മഫ്ളര്‍ തലയില്‍ കെട്ടി തന്ന് സൈക്കിളില്‍ പറഞ്ഞയക്കും. ഒരിക്കള്‍ സൈക്കിളിന്ന് കുറുകെ ഒരു നായ ചാടി. റോഡില്‍ തെറിച്ച് വീണ് കൈകാലുകളൊക്കെ മുറിഞ്ഞു. മുറിവ് മാറുന്നത് വരെ രാത്രി ഷിഫ്റ്റ് പണിയെടുത്ത് കാലത്ത് വന്ന് നാണു മാമന്‍  പത്ര വിതരണം നടത്തും. തുടര്‍ച്ചയായി കുറെ ദിവസം പണിക്ക് പോവാതിരുന്നാല്‍ പിരിച്ച് വിട്ടാലോ എന്ന് കരുതി ചെയ്തത്.

' ഇനി എന്താ ഏട്ടന്‍റെ പരിപാടി ' എന്ന് അവന്‍ ചോദിച്ചപ്പോള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് സത്യത്തില്‍ മനസ്സിലായില്ല. പത്മിനിയുടെ വീട്ടില്‍ ചെന്ന് സംസാരിക്കണം എന്ന ഒരു ദൌത്യം കിട്ടുണ്ണി തന്നെ ഏല്‍പ്പിച്ചതാണ്. ഇനി അതെങ്ങാനും
 ഓര്‍മ്മപ്പെടുത്തുകയാണോ എന്ന് കരുതി. 'ഞാന്‍ നാളെ ഉച്ചക്ക്പത്മിനിയുടെ വീട്ടിലേക്ക് പോവുന്നുണ്ട്. കാര്യങ്ങള്‍ പറഞ്ഞു നോക്കട്ടെ' എന്ന് മുന്‍കൂറായി പറഞ്ഞു.

' അത്ഏട്ടന്‍ സൌകര്യം പോലെ എപ്പോഴെങ്കിലും പോയി പറഞ്ഞാല്‍ മതി ' കിട്ടുണ്ണി പറഞ്ഞു 'ഞാന്‍ ഏട്ടന്‍റെ ഭാവിയെ
കുറിച്ചാണ്ഇപ്പോള്‍ ആലോചിക്കുന്നത്'. ജീവിതത്തിന്‍റെ മുക്കാല്‍ പങ്കും ആയി. ഇനിയുള്ള കാലത്തെ കുറിച്ച് എന്ത് ആസൂത്രണം ചെയ്യാനാണ്. അല്ലെങ്കിലും ആഗ്രഹിച്ചതുപോലെ ഒന്നും ഇതുവരെ നടന്നിട്ടില്ലല്ലൊ. ' ഞാന്‍ ചില കാര്യങ്ങളൊക്കെ മനസ്സില്‍ കണ്ടിട്ടുണ്ട് . ഏട്ടാ, നമുക്ക് ഒരു സ്കൂള്‍ സ്വന്തമക്കിയാലോ ' കിട്ടുണ്ണിയുടെ ചോദ്യം ശരിക്കും അമ്പരപ്പിച്ചു.

ഒരു സ്കൂള്‍ വാങ്ങണമെങ്കില്‍ എത്രയേറെ പണം വേണം. തനിക്ക് അതിന്നുള്ള പ്രാപ്തിയില്ല. ഇനി തന്നെ പങ്കാളിയാക്കി കിട്ടുണ്ണി സ്കൂള്‍ വാങ്ങിക്കാനായിരിക്കുമോ പ്ലാന്‍ . അവന്‍റെ മട്ടും മാതിരിയും ഒന്നും മനസ്സിലാവുന്നില്ല. എന്തെങ്കിലും
 അഭിപ്രായം പറയുന്നതിന്ന് മുമ്പേ കിട്ടുണ്ണി പദ്ധതി വെളിപ്പെടുത്തി. ഇന്നത്തെ കാലത്ത് സ്വന്തമായി സ്കൂള്‍ ഉണ്ടാവുക എന്നത് നിസ്സാര കാര്യമല്ല. പേരിനും പെരിമക്കും പുറമെ നല്ലൊരു വരുമാന മാര്‍ഗ്ഗം കൂടിയാണ് സ്കൂള്‍.

മുമ്പൊക്കെ സ്കൂള്‍ സേവന മനസ്ഥിതി ഉള്ളവരാണ് നടത്തിയിരുന്നത്. ആ കാലം പോയി. ഒരു മാഷെ ജോലിക്ക് വെക്കാന്‍ ചോദിച്ച പണം തരും. നാട്ടില്‍ നിന്നുള്ള ഒരാള്‍ക്കും ജോലി കൊടുത്തു കൂടാ. ഇപ്പോള്‍ തെക്ക് നിന്നും ജോലി അന്വേഷിച്ച്നിറയെ ആളുകള്‍ വരുന്നുണ്ട്. അവരാവുമ്പോള്‍ ചോദിച്ച പണം തരും. നമുക്ക് മുഖം നോക്കാതെ കാര്യം പറയാം എന്നൊരു സൌകര്യവുമുണ്ട്.

നാട്ടില്‍ സ്കൂളുകള്‍ ഇഷ്ടം പോലെ വാങ്ങാന്‍ കിട്ടും. അതുകൊണ്ട് കാര്യമില്ല. ചുരുങ്ങിയ കാലത്തിനുള്ളില്‍ 
അദ്ധ്യാപകരുടെ ഒഴിവ് വരുന്ന സ്കൂളുകള്‍ നോക്കി വാങ്ങണം. എന്നാലെ പ്രയോജനമുള്ളു. പത്തും പതിനഞ്ചും കൊല്ലം
 കഴിഞ്ഞ്മാഷമ്മാരുടെ ഒഴിവ് വരുന്ന സ്കൂള്‍ വാങ്ങാതിരിക്കുകയാണ് നല്ലത്.

എന്തൊക്കെയാണ് ഈ വിദ്വാന്‍ ആലോചിച്ച് വെച്ചിരിക്കുന്നത്. ഇതൊക്കെ നടപ്പിലാവുന്ന കാര്യമാണോ. തന്‍റെ സംശയം
 കിട്ടുണ്ണി മുഖത്ത് നിന്ന് വായിച്ചറിഞ്ഞിരിക്കണം.

' ഒന്നുകൊണ്ടും ഏട്ടന്‍ പരിഭ്രമിക്കേണ്ടാ. വെറുതെ മാനേജരായി ഇരുന്നാല്‍ മതി, ബാക്കി കാര്യങ്ങളെല്ലാം ഞാന്‍
 നോക്കിക്കോളാം ' എന്ന് പറഞ്ഞപ്പോള്‍ ' നീ പണത്തിന്ന് എന്താ വഴി കണ്ടിരിക്കുന്നത് ' എന്ന് ചോദിക്കേണ്ടി വന്നു. കിട്ടുണ്ണി ഉറക്കെ ചിരിച്ചു. നമ്മളുടെ കയ്യില്‍ നിന്ന് പത്ത് പൈസ ചിലവാകാതെ ഒരു സ്കൂള്‍ നമുക്ക് കിട്ടും. അതും ഒരു ഹൈസ്കൂള്‍.

വീണ്ടും ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ ആയി. അത് അധികം നീണ്ടു നിന്നില്ല. അടുത്തൊരു ഹൈസ്കൂള്‍ ഉണ്ട്. അത് ഏട്ടന്‍റെ പേരില്‍ എഴുതി തരും. ഞാന്‍ പറഞ്ഞ് ഉറപ്പിച്ച് വെച്ചിട്ടുണ്ട്. പകരം ഉടമസ്ഥന്‍റെ മകളെ ഏട്ടന്‍ കല്യാണം കഴിക്കണം. എത്ര വയസ്സായാലും ഒരാണിന്ന് ഒരു പെണ്ണ് വേണം . ഇപ്പോള്‍ ഏട്ടന്ന് അത് ബോദ്ധ്യമാവില്ല. വയസ്സ് കാലത്ത് പത്ത് ദിവസം 
കിടപ്പിലാവുമ്പോള്‍ അത് മനസ്സിലാവും.

ഒരു നിമിഷം സ്തബ്ധനായി ഇരുന്നു. എന്തൊക്കെയാണ് ഇവന്‍  താനറിയാതെ ഒപ്പിച്ച് വെച്ചിരിക്കുന്നത്. നേരത്തെ ഒരു വാക്കെങ്കിലും പറയാമായിരുന്നു. എത്രയോ കാലമായി മനസ്സില്‍ ഒരു ചിത ഉണ്ട്. അതിലെ തീ കനലിന്ന് മുകളില്‍ ചാരം മൂടി കിടക്കുകയായിരുന്നു. ഇപ്പോള്‍ അത് ഊതി പറപ്പിച്ച് എരിയിക്കാന്‍ തുടങ്ങി.

പിന്നെ അവര്‍ക്കും ചെറിയൊരു കുറവുണ്ട്. പെണ്‍കുട്ടിക്ക് പത്ത് നാല്‍പ്പത്തഞ്ച് വയസ്സ് കഴിഞ്ഞു. അത് സാരമില്ല. ഏട്ടനും പ്രായമായല്ലൊ. പക്ഷെ അവരെ ഒരാള്‍ കല്യാണം കഴിച്ച് പത്ത് കൊല്ലം കഴിഞ്ഞിട്ട് ബന്ധം വേണ്ടാ എന്ന് വെച്ചതാണ്. എന്തെങ്കിലും കുറ്റവും കുറവും ഇല്ലാതെ ഇത്രയും സ്ഥിതി ഉള്ള ദിക്കില്‍ നിന്ന് ഒരു ബന്ധം തരപ്പെടില്ലല്ലോ.

വേണുവിന്ന് മറുപടി പറയാന്‍  വാക്കുകള്‍ കിട്ടിയില്ല. അയാളുടെ മനസ്സില്‍ കിട്ടുണ്ണിയുടെ വാക്കുകള്‍ കടന്നില്ല എന്നതാണ് വാസ്തവം. അവിടെ ഒരു രൂപം തെളിഞ്ഞ് വരികയായിരുന്നു. മണ്മറഞ്ഞു പോയ അയാളുടെ പ്രിയപ്പെട്ട മാലതിയുടെ.

അദ്ധ്യായം -12

നാട്ടില്‍ എത്തി ദിവസം മൂന്ന് കഴിഞ്ഞു. എങ്ങോട്ടും പോയില്ല. മുറ്റത്ത് പോലും ഇറങ്ങിയില്ല എന്നതാണ് സത്യം. കിട്ടുണ്ണി ഭക്ഷണം കഴിക്കാന്‍ സമയത്തിന്ന് വന്ന് വിളിക്കും. അവന്‍ നാട്ടു വിശേഷങ്ങളും കുടംബകാര്യങ്ങളും പറയുന്നത് ഉണ്ണാനിരിക്കുമ്പോഴാണ്. സ്വന്തത്തില്‍ പെട്ടവര്‍ ചിലരൊക്കെ മണ്മറഞ്ഞ വിവരം അറിയുന്നത് അങ്ങിനെയാണ്. വൈകുന്നേരം മഴക്ക് സാദ്ധ്യത ഇല്ലെങ്കില്‍ പുറത്തൊക്കെ ഒന്ന് ഇറങ്ങണമെന്ന് വേണു നിശ്ചയിച്ചു.

തന്‍റെ സമപ്രായക്കാരെ കൂടാതെ പഴയ തലമുറയിലുള്ളവരെ മാത്രമേ തനിക്ക് അറിയുകയുള്ളു. അതില്‍ ആരെല്ലാമാണ് ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളത് എന്നൊന്നും അറിയില്ല. നാളെ രാവിലെ അമ്പല കുളത്തില്‍ കുളിച്ച് അയ്യപ്പനെ തൊഴണം. മുങ്ങികുളിച്ച കാലം മറന്നു. കുട്ടിക്കാലത്ത് അമ്പലകുളം അക്കരെ ഇക്കരെ പത്ത് വട്ടം നീന്തും. കൂട്ടിന്ന് സമപ്രായക്കാര്‍ കുറെ പേരുണ്ടാവും. കുളത്തിന്‍റെ നടുവില്‍ ഒരു ഓമ കുറ്റിയുണ്ട്. ക്ഷീണിച്ചാല്‍ അതില്‍ പിടിച്ച് നിന്ന് വിശ്രമിക്കാം. മനസ്സില്‍ ആ കാലം തെളിഞ്ഞ ഓര്‍മ്മയാണ്.

കുട്ടികളുടെ പരിചയക്കുറവ് മാറി കഴിഞ്ഞു. ഇപ്പോള്‍ ഇടയ്ക്കൊക്കെ അവര്‍ അടുത്ത് വരും. 'വലിയ മുത്തച്ഛക്ക് കുടിക്കാന്‍ വല്ലതും വേണോ ' എന്ന് അന്വേഷിക്കും. ഒരു കഥ പറഞ്ഞ് തര്വോ എന്ന് ചോദിക്കും. കുസൃതികളാണെങ്കിലും
 എളുപ്പത്തില്‍ ഇണങ്ങുന്ന വക. വെറുതെ ഇരിക്കുമ്പോഴുള്ള മടുപ്പ് അത് കാരണം തോന്നുന്നില്ല. രണ്ടും കൂടി ഏട്ടനെ വിഷമിപ്പിക്കരുത് എന്ന് കിട്ടുണ്ണി ഇടക്ക് ശാസിക്കും.പിള്ളേര് മാത്രമായിട്ട് എന്താ ഇവിടെ വന്ന് നില്‍ക്കുന്നത് എന്ന് ചോദിക്കണമെന്ന് കരുതിയിരുന്നതാണ്. അതിന്ന് മുമ്പ് ' വല്യേ മുത്തച്ഛാ, അമ്മ ഒരു ഉണ്ണിയെ പ്രസവിച്ച് കിടക്കുകയാണ്. ഒരു കുഞ്ഞു വാവ ' എന്ന് പറഞ്ഞ്ചെറുത് കള്ളി വെളിച്ചത്താക്കി.

നാല് മണി കഴിഞ്ഞതും വേണു പുറത്തിറങ്ങി നോക്കി. മഴക്കാറൊന്നും കാണാനില്ല. ഒന്ന് നടന്നിട്ട് വരാം. ഇറങ്ങുമ്പോള്‍ ' ഏട്ടന്‍ ഒരു കുട കയ്യില്‍ വെച്ചോളു, എപ്പഴാ മഴ വര്വാ എന്ന് പറയാന്‍ പറ്റില്ല ' എന്നും പറഞ്ഞ് രാധ ഒരു കുട ഏല്‍പ്പിച്ചു.

പാടത്തിന്ന് നടുവിലൂടെയുള്ള പാത അവസാനിക്കാറായി. ഇനി വലത്തോട്ട് തിരിഞ്ഞാല്‍ അങ്ങാടിയാണ്. മറുഭാഗത്തേക്ക് നടന്നാല്‍ പുഴയോരത്ത് കൂടി മെറ്റലിട്ട പാത മന്ദത്തിലെത്തും. ആല്‍ ചുവട്ടിലെ ഭഗവതിയെ തൊഴാം. ധാരാളം വീടുകളുള്ള തറ അവിടെയാണ്. ചിലപ്പോള്‍ പഴയ സുഹൃത്തുക്കളെ കാണാനായേക്കും. വേണു ഇടത്തോട്ടുള്ള വഴിക്ക് തിരിഞ്ഞു. കൈത
പൊന്തകളുടെ മറ പിടിച്ച് പുഴ ഒഴുകുന്നു. പള്ളിയുടെ പുറകിലായി പുഴക്കടവില്‍  കൂവലും ബഹളവും. പിള്ളേര്‍ വെള്ളത്തില്‍
 കളിക്കുകയാവും. വേണു കടവിലേക്ക് നടന്നു. ഉടുതുണി ഇല്ലാതെ പിള്ളേര്‍ പാറയില്‍ നിന്ന് പുഴയിലേക്ക് കരണം മറിഞ്ഞ് ചാടുകയാണ്.

പെട്ടെന്ന് താനൊരു കുട്ടിയായത് പോലെ വേണുവിന്ന് തോന്നി. പത്ത് വയസ്സുകാരന്‍ പയ്യന്‍ കൂട്ടുകാരുമൊത്ത് പള്ളി കടവില്‍ നീന്തി തുടിക്കുകയാണ്. നോക്കി നില്‍ക്കെ ഇരുള്‍ പരന്നു. കൂട്ടുകാരെ കാണാനില്ല. ആരോ കഴുത്തില്‍ പിടിച്ച് വെള്ളത്തില്‍ മുക്കുകയാണ്. ശ്വാസം മുട്ടി തുടങ്ങി. ഒരിറ്റ് പ്രാണ വായുവിന്നായി പിടഞ്ഞു. ഏതോ കൈകള്‍ തന്നെ കോരി എടുക്കുന്നു. ബോധം വന്നപ്പോള്‍ തറവാട്ടിലെ പൂമുഖത്ത് കിടക്കുകയാണ്. ചുറ്റിനും ആളുകള്‍. ' ഏടത്തിടെ കണ്ണടഞ്ഞത് നന്നായി. ഇത് പോലൊരു അസുരനെ വളര്‍ത്താതെ കഴിഞ്ഞല്ലോ. എന്തെങ്കിലും പറ്റിയാല്‍ എന്നെയാണ് ആളുകള്‍ കുറ്റം പറയുക. തിന്ന് കൊഴുപ്പെടുത്തിട്ട് വെള്ളത്തില്‍ ചാടി ചത്തതാണെന്ന് ആരെങ്കിലും പറയ്വോ ' എന്ന് ചെറിയമ്മ ആരോടോ ഉറക്കെ പറയുന്നു. നീരാളി പിടിച്ചതാണ് എന്ന് ചിലരൊക്കെ പറഞ്ഞു. പള്ളിക്കാട്ടിലെ ഏതോ മുസ്ലിം പ്രേതം ദേഹത്ത് കൂടിയതാണെന്ന് വേറൊരു കൂട്ടര്‍ . ബാധ ഒഴിപ്പിക്കലും ബലിയും നടത്തണമെന്ന് പണിക്കര്‍ പറഞ്ഞുവെങ്കിലും അതിനൊന്നും പണമില്ല എന്നും പറഞ്ഞ് ചരട് ജപിപ്പിച്ച് കയ്യില്‍ കെട്ടി തരുകയാണ് ഉണ്ടായത്.

പുഴയോട് പിണങ്ങി പാത ഇടത് ഭാഗത്തേക്ക് അകന്നു തുടങ്ങി. കൂനന്‍ പാറയുടെ മുകളിലെ ആല്‍മരം കാലത്തിന്‍റെ കൈകളില്‍ നിന്ന് തെന്നി മാറി മാറ്റമില്ലാതെ നില്‍ക്കുന്നു. പാറയുടെ ചുവട്ടിലായി ഒരു കള്ളുഷാപ്പ് ഉണ്ടായി എന്ന ഒറ്റ വ്യത്യാസമേ ഉള്ളു. ഷാപ്പിനകത്ത് നിന്നും ആരോ നല്ല ഈണത്തില്‍  കീര്‍ത്തനം ആലപിക്കുന്നു. ത്യാഗരാജ കൃതി കള്ളുഷാപ്പിലിരുന്ന് ഇത്ര ഭംഗിയായി പാടുന്നത്ഏത് മഹാനാണാവോ. ശകലം അകത്ത് എത്തി കഴിഞ്ഞാല്‍ പിന്നെ നൈസര്‍ഗ്ഗികമായ വാസന തനിയെ പുറത്ത് എത്തുമെന്ന് പറയുന്നത് വെറുതെയല്ല.

മന്ദത്തെ ആല്‍ത്തറക്ക് അരികിലായി ആറേഴ് ചെറുപ്പക്കാര്‍. മുഖ പരിചയം തോന്നുന്ന ആരും കൂട്ടത്തിലില്ല. ആലിനെ വലം വെച്ചു. നടക്കല്‍ നിന്ന് തൊഴുതു. കല്‍വിളക്ക് തെളിയിച്ചിട്ടില്ല. കണ്ണാടി കൂടിനകത്ത് ചെറിയൊരു നിലവിളക്ക് കത്തുന്നുണ്ട്. പണ്ടും ഇവിടെ നിത്യേന പൂജ ഒന്നും ഉണ്ടായിരുന്നില്ല. ആലിലകള്‍ ഇളം കാറ്റില്‍ ഉലയുന്നു. അടര്‍ന്നു വീണ ഇലകള്‍ നിലം മൂടി കിടക്കുന്നു. ഇതിനടുത്താണല്ലോ സുന്ദരന്‍റെ വീട് എന്ന്അപ്പോള്‍ ഓര്‍മ്മ വന്നു.

കുട്ടിക്കാലത്തെ അടുത്ത കൂട്ടുകാരനായിരുന്നു സുന്ദരന്‍. പഠിപ്പ് കഴിഞ്ഞപ്പോള്‍ അവന്‍ പട്ടാളത്തില്‍ ചേര്‍ന്നു. ഇപ്പോള്‍ പിരിഞ്ഞു കാണും. അവന്‍റെ അച്ഛന്‍ നാണു നായരാണ് തനിക്ക് ആദ്യമായി ഒരു പണി വാങ്ങി തന്നത്. താന്‍  ഒമ്പതാം ക്ലാസ്സില്‍ നിന്ന് ജയിച്ച സമയം . തുടര്‍ന്ന് പഠിപ്പിക്കാന്‍ വക ഇല്ലെന്നായി ചെറിയമ്മ. എന്തെങ്കിലും പണിക്ക് പോവാന്‍ പ്രായം ആയിട്ടുമില്ല. തന്‍റെ സങ്കടം സുന്ദരനോട് പറഞ്ഞു. കൊയമ്പത്തൂരില്‍ നിന്ന് ശനിയാഴ്ച എത്തിയ നാണു നായരോട് അവന്‍ ശുപാര്‍ശ ചെയ്തു. വലിയ വീട്ടിലെ കുട്ടിയാണ്. നമ്മള്‍ കൂട്ടിക്കൊണ്ട് പോയാല്‍ അത് വല്ല കൂട്ടവും കുറിയും ആവുമോ എന്ന് അദ്ദേഹം സംശയം പറഞ്ഞുവെങ്കിലും തിരിച്ച് പോകുമ്പോള്‍ കൂടെ കൂട്ടി. ആരും എതിര് പറഞ്ഞതുമില്ല.

വേണു കയറി ചെല്ലുമ്പോള്‍ നാണു നായര്‍ ഉമ്മറത്ത് തന്നെയുണ്ട്. കണ്ണിന്ന് നേരെ വലത് കൈപ്പത്തി വെച്ച് നല്ലവണ്ണം നോക്കിയിട്ട് ' ആരാ, മനസ്സിലയില്ല ' എന്ന്പറഞ്ഞു. 'നാണുമാമെ, ഇത് ഞാനാ, വേണു' എന്ന്പറഞ്ഞിട്ടും നാണു നായര്‍ മിഴിച്ച് നിന്നതേയുള്ളു. കണ്ട് മറന്ന മുഖം ഓര്‍മ്മയില്‍ പരതുകയാവും. അല്ലെങ്കില്‍ തന്നെ കാലം ശരീരത്തില്‍ 
ഏല്‍പ്പിച്ചിട്ടുള്ള പോറലുകള്‍ ചെറുതൊന്നുമല്ലല്ലൊ.

'എനിക്ക് തീരെ ഓര്‍മ്മ കിട്ടുന്നില്ല ' എന്ന് പറഞ്ഞപ്പോള്‍ ' സുന്ദരന്‍റെ കൂട്ടുകാരന്‍ വേണുവിനെ കൊയമ്പത്തൂരില്‍
 കൂട്ടിക്കൊണ്ട് പോയി കൂടെ താമസിപ്പിച്ച് പണിയാക്കി കൊടുത്ത കാര്യം മറന്നുവോ ' എന്ന് ഓര്‍മ്മ പുതുക്കി.

' എന്‍റെ അപ്പേ' എന്ന് വിളിച്ച് നാണു നായര്‍ വേണുവിനെ ആശ്ലേഷിച്ചു. ദുര്‍ബ്ബലമായ ആ ശരീരം  വിറ കൊള്ളുന്നത് വേണു അറിഞ്ഞു. ' നിന്നെ കാണാന്‍ സാധിക്കും ന്ന് നിരീച്ചിട്ടില്ല ' എന്നും പറഞ്ഞ് നാണു നായര്‍ തേങ്ങി. ' എങ്കിലും നീ മറന്നില്ലല്ലോ, അത് മതി ' എന്ന് സ്വയം ആശ്വസിക്കുകയും ചെയ്തു.

ഇരുട്ടാവുന്നത് വരെ ഉമ്മറത്തെ തിണ്ടിലിരുന്ന് അവര്‍ സംസാരിച്ചു. തന്‍റെ ഗതികേടുകളും സങ്കടങ്ങളും നാണു നായര്‍ വേണുവിനോട് പറഞ്ഞു. 'എന്തിനാ അച്ഛാ ഇതൊക്കെ പറയുന്നത്' എന്ന് സരോജിനി പറഞ്ഞതിന്' ഞാന്‍ എന്‍റെ കുട്ടിയുടെ അടുത്താണ്, അന്യനായിട്ടുള്ള ഒരാളോടല്ല എന്‍റെ കഷ്ടപ്പാട്പറയുന്നത് ' എന്ന് നായര്‍ പറഞ്ഞു .

' എന്ത് വേണമെങ്കിലും എന്നോട്ചോദിച്ചോളൂ, ഞാന്‍ ഇനി എവിടേക്കും പോകുന്നില്ല, ഇവിടെ തന്നെ ഉണ്ടാവും ' എന്നും പറഞ്ഞ് വേണു പേഴ്സില്‍ നിന്ന് കയ്യില്‍ കിട്ടിയ നോട്ടുകള്‍ നാണു നായരുടെ കയ്യില്‍ പിടിപ്പിച്ചു. നാണു നായര്‍ അത് വാങ്ങി കണ്ണോട് ചേര്‍ത്ത് വെച്ചു. അയാള്‍ വിതുമ്പി കരയാന്‍ തുടങ്ങി. ഒടുവില്‍ തന്‍റെ ശുഷ്കിച്ച കൈകള്‍ വേണുവിന്‍റെ ശിരസ്സില്‍വെച്ചു. 'എന്‍റെ മോന്‍ നന്നായി വരും' എന്ന വാക്കുകള്‍ ഗദ്ഗദത്തോടൊപ്പം പുറത്തെത്തി.

മന്ദം കടന്ന് തിരിവ് കഴിയുന്നത് വരെ വേണു ഇടക്കിടക്ക് തിരിഞ്ഞ് നോക്കി. പടിക്കാലും ചാരി പുളിമരച്ചോട്ടില്‍ ഒരു പ്രതിമ പോലെ നാണു നായര്‍ നില്‍ക്കുന്നു.

തനിക്ക് ഒരു ജീവിതം ഉണ്ടാക്കാന്‍ ആദ്യമായി സഹായ ഹസ്തം നീട്ടിയ ആള്‍. അദ്ദേഹത്തെ കാണാന്‍ ഇട വരുമെന്ന് കരുതിയിരുന്നതല്ല. അത് സാധിച്ചു, ദുര്‍ബ്ബലമായ ആ കൈകള്‍ തന്‍റെ നിറുകയില്‍ ഇപ്പോഴും മുട്ടിയിരിപ്പുണ്ടെന്ന് തോന്നുന്നു. അപ്പോള്‍ വേണുവിന്‍റെ മനസ്സില്‍ സന്തോഷം അലതല്ലുകയായിരുന്നു.

Tuesday, September 1, 2009

അദ്ധ്യായം11

വീടെത്തിയപ്പോഴേക്കും വിശന്ന് വലഞ്ഞിരുന്നു.  അടുക്കളയിലേക്കാണ് നേരെ ചെന്നത്. 'വലഞ്ഞിട്ട് വയ്യാ, കഞ്ഞിവിളമ്പ് ' എന്ന് മകളോട് പറഞ്ഞു. ' മുണ്ട് മാറ്റിന്‍ , അപ്പോഴെക്കും വിളമ്പാം ' എന്ന് മറുപടി കിട്ടി. ഉഴുന്നും പുളിയും ചേര്‍ത്ത് അരച്ച ചമ്മന്തി കൂട്ടി കഞ്ഞി കഴിച്ചു. വീട്ടില്‍ രണ്ട് തെങ്ങ് ഉള്ളതില്‍ നിന്ന് വല്ലപ്പോഴുമാണ് തേങ്ങ കിട്ടാറുള്ളത്. പീടികയില്‍ നിന്ന് വാങ്ങാനാണച്ചാല്‍ കയ്യില്‍ കാശ് വേണ്ടേ. മകനൊരുത്തന്‍ പട്ടാളത്തില്‍ നിന്നും പെന്‍ഷനായി 
ഭാര്യ വീട്ടില്‍ കഴിയുന്നു. കിട്ടുന്ന പെന്‍ഷനില്‍ നിന്ന് വല്ലതും മാസാമാസം അയച്ചു തരും. അവനെ കുറ്റം പറയാന്‍ പറ്റില്ല. മക്കള്‍ക്ക്ചിലവിന്കൊടുക്കേണ്ടെങ്കിലും അവനും ഭാര്യക്കും കഴിയണ്ടേ.  

കഞ്ഞി കുടി കഴിഞ്ഞ് ഉമ്മറത്ത് വന്നിരുന്നു. പുഴ കടന്ന് തണുത്ത കാറ്റ് വീശുന്നുണ്ട്. വേലിക്കരികില്‍ നാലഞ്ച് പുളി മരങ്ങള്‍ ഉള്ളതുകൊണ്ട് മുറ്റത്ത്എപ്പോഴും നല്ല തണുപ്പാണ്. കൊല്ലത്തില്‍ പത്തിരുപത് വട്ടി പുളി വില്‍ക്കാന്‍ പറ്റും. അതുകൊണ്ടാണ്കമ്പിളിപ്പുഴുവിന്‍റെ ഉപദ്രവം ഉണ്ടായിട്ടും പുളി മരങ്ങള്‍ മുറിക്കാത്തത്.

എന്തോ വല്ലാത്ത ക്ഷീണം . കണ്‍ മിഴികള്‍ വീണുവീണു പോകുന്നു. രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല. ഓരോന്ന് ആലോചിച്ച് കിടന്നു. മക്കളെക്കൊണ്ട് നന്നായിരിക്കാന്‍ യോഗം വേണം. അത് ഇല്ലാതെ പോയി. പാറുക്കുട്ടി ഭാഗ്യം ചെയ്തവളാണ്. കുറച്ച് കാലം  കിടന്ന് കഷ്ടപ്പെട്ടാലും തമ്മില്‍ തല്ലൊന്നും കാണാന്‍ ഇരുന്നില്ലല്ലോ.

മുറ്റത്ത് ഉറക്കെയുള്ള വര്‍ത്തമാനം കേട്ടിട്ടാണ് ഉണര്‍ന്നത്. തുണിക്കാരന്‍ മക്കുരാവുത്തര്‍ സൈക്കിളില്‍ ഭാണ്ഡക്കെട്ടുമായി വന്നിരിക്കുന്നു. പിടഞ്ഞെണീറ്റു. രാവുത്തര്‍ക്ക് കുറച്ച്പണം കൊടുക്കാനുണ്ട്. കഴിഞ്ഞ ഓണത്തിന്ന് തുണി വാങ്ങിയതിന്‍റെ ബാക്കി. അത്ര ആര്‍ഭാടമായിട്ട് ഒന്നും വാങ്ങാറില്ല. സരോജിനിക്ക് മുന്നോ നാലോ ഒന്നരയും മുണ്ടും ജാക്കറ്റിന്‍റെ തുണിയും. തനിക്ക് രണ്ട് ജഗന്നാഥന്‍റെ മുണ്ടും തോര്‍ത്തും . മനുഷ്യന്ന് നാണം മറയ്ക്കാന്‍ എന്തെങ്കിലും വേണമല്ലോ.

മകള്‍ക്ക് സാരി വാങ്ങി കൊടുത്തിട്ട് കൊല്ലം രണ്ടായി. പാവം. ഒന്നും ചോദിക്കാറില്ല. തന്‍റെ ഇല്ലായ്മ അവള്‍ക്ക് നന്നായി അറിയും. അതിന്‍റെ ഒരു യോഗം. ഒരു ജന്മം എടുത്ത് തീര്‍ക്കാന്‍ വേണ്ടി മാത്രം ജനിച്ചു. നല്ല കാലത്ത് ഒരുത്തന്‍റെ കയ്യില്‍ പിടിച്ച് ഏല്‍പ്പിക്കാനായില്ല. ചത്ത് പോകുന്ന നേരത്ത് അതിനെ ആരെ ഏല്‍പ്പിക്കും എന്നതാണ് ഇപ്പോഴത്തെ മനോവേദന.

' എന്താ നായരെ നേരം വെളുത്തപ്പൊ തന്നെ കെടന്നൊറങ്ങുന്നത്, രാത്രി നേരത്ത് നിങ്ങക്ക് വേറെ വല്ല പണീംണ്ടോ ' എന്ന രാവുത്തരുടെ ചോദ്യത്തിന്ന് ' സുന്ദരന്‍റെ മണി ഓര്‍ഡറ് വന്നില്ല, വന്നതും ബാക്കീള്ളതിന്‍റെ കൊറച്ച് തരാ ' മെന്ന് പറഞ്ഞു. ' നമ്മളിപ്പൊ നിങ്ങളോട് കാശിന്‍റെ കാര്യം വല്ലതും പറഞ്ഞ്വോ ' എന്നായി രാവുത്തര്‍. രാവുത്തര് സാധു മനുഷ്യനാണ്. ഒരിക്കലും മുഖം മുറിഞ്ഞ് കണക്ക് പറഞ്ഞിട്ടില്ല. വേണ്ട തുണി എടുത്തോളിന്‍ എന്ന് പറയും. കയ്യില്‍
ഉള്ളതുപോലെ കുറേശ്ശയായിട്ട് കൊടുത്തു തീര്‍ക്കും. എന്നാലും നമുക്കൊരു മര്യാദയൊക്കെ വേണ്ടേ. 

രാവുത്തര്‍ക്ക് ഇപ്പോള്‍ ഇതൊന്നും ചെയ്ത് കഴിയണ്ട കാര്യമൊന്നുമില്ല. രണ്ട് ആണ്‍മക്കള്‍ ഉള്ളത്പുനാങ്കിലോ പേര്‍ഷ്യയിലോ ആണ്. മാസാമാസം പവന്‍ കട്ടി കട്ടിയായിവരാറുണ്ടെന്നാ ആള്‍ക്കാര് പറയാറ്. എന്നാല്‍ അതിന്‍റെ പത്രാസ് ഒന്നും മൂപ്പര് കാണിക്കാറില്ല. വഴിക്ക് വെച്ച് കാണുന്നവരോട് നാട്ടു വര്‍ത്തമാനം ഒക്കെ പറഞ്ഞ് മൂപ്പരങ്ങിനെ പോകും. ഓടി നടന്ന് കച്ചോടം ചെയ്യാനൊന്നും നമ്മക്ക് വയ്യ എന്നാണ് രാവുത്തരുടെ പറച്ചില്‍.

' ഇത്തിരി വെള്ളം കുടിക്കാന്‍ എടുക്കിന്‍ ' എന്ന് പറഞ്ഞിട്ട് രാവുത്തര്‍ പിള്ളകോലായിലെ തടുക്കുപായില്‍
 ഇരുപ്പായി. സരോജിനി ഓട്ടുമൊന്തയില്‍ വെള്ളവുമായി എത്തി. അത് വാങ്ങി കുടിച്ചിട്ട് രാവുത്തര്‍ ബീഡിക്കെട്ട് പോക്കറ്റില്‍ നിന്ന് എടുത്ത്, ഒരെണ്ണം ചുണ്ടില്‍ തിരുകിയിട്ട് മറ്റൊന്ന് നാണു നായര്‍ക്ക് നീട്ടി.

' വെറുതെ വേണ്ടാത്തതൊന്നും കൊടുക്കേണ്ടാ. അച്ഛന്‍ രാത്രി മുഴുവന്‍ കുരച്ചിട്ട് ഉറങ്ങാറില്ല ' എന്ന് സരോജിനി പറഞ്ഞുവെങ്കിലും, ' അത് ഉച്ച വെയിലത്ത് നടന്ന് തല നീരെറങ്ങിയിട്ടാണ് ' എന്നും പറഞ്ഞ് നാണു നായര്‍ കൈ നീട്ടി ബീഡി വാങ്ങി. ' നിങ്ങള് വന്നാല്‍ എപ്പഴും ഇങ്ങിനെ തന്നെയാണ് ' എന്നും പറഞ്ഞ് സരോജിനി അകത്തേക്ക് കയറിപ്പോയി.

അവളേക്കാളും അഞ്ചാറ് വയസ്സിന്ന് രാവുത്തര്‍ മൂത്തതാണ്. പക്ഷേ  ഒരേ ക്ലാസിലിരുന്ന് പഠിച്ചതാണ് അവര്‍ . സരോജിനി പഠിക്കാന്‍ മിടുക്കിയായിരുന്നു. സ്കൂള്‍ ടീച്ചറാവണം എന്ന് അവള്‍ മോഹിച്ചിരുന്നു. അവളെ വേണ്ടപോലെ പഠിപ്പിക്കാന്‍ കഴിഞ്ഞില്ല. പ്രാരബ്ധമുള്ള വീട്ടിലെ മൂത്ത കുട്ടിക്കോ ഒടുവിലുത്തേതിന്നോ നോട്ടം കിട്ടില്ല എന്ന് പറയും . അത് ശരിയാണ്. താഴെ ഉള്ളവര്‍ക്ക് വേണ്ടി ചിലപ്പോള്‍ മൂത്തതിന്‍റെ കാര്യം വേണ്ടെന്ന് വെക്കും. അതൊക്കെ ഒരു വിധം 
നോക്കിയാലോ ഒടുവിലുത്തേതിനെ നോക്കാന്‍ ഒന്നും ഉണ്ടാവില്ല.

' എന്താ നായരെ മരുമകന്‍ വന്നിട്ട് ഒരു കൊശമശക്ക് ഒക്കെ ഉണ്ടാക്കീന്ന് കേട്ട്വോലോ. എന്താ സംഗതി ' രാവുത്തര്‍ എന്തോ ചിലതൊക്കെ കേട്ടിട്ടുണ്ടെന്ന് നാണു നായര്‍ക്ക് മനസ്സിലായി. ഉള്ള മാനവും കൂടി പോയി. ഇനി എന്താണ് മറച്ച് വെക്കാനുള്ളത്. മരുമകന്‍  ഇവിടെ നിന്നും ഇറങ്ങി ഷാപ്പില്‍ ചെന്നിട്ട് വായില്‍ തോന്നിയതൊക്കെ വിളിച്ച്പറഞ്ഞു എന്ന് വഴിയില്‍ വെച്ച്ചാത്തന്‍ പറഞ്ഞത് ഓര്‍മ്മ വന്നു. സരോജിനിയെ പറ്റി അപവാദം പറഞ്ഞതിലേ സങ്കടമുള്ളു. ഇത്ര കാലം 
പേര് ദോഷം വരുത്തിയിട്ടില്ല. ചേച്ചിയുടെ പ്രസവത്തിന്ന് സഹായിക്കാന്‍ പോയി നിന്നപ്പോള്‍ ഇവന്‍ എന്തോ വേണ്ടാത്തതിന്ന് പോയി എന്നും പറഞ്ഞ് അപ്പോള്‍ തന്നെ തിരിച്ച് വന്നതാണ് അവള്‍. അതിന്ന് ശേഷം അവള്‍ മരുമകന് അത്തവും ചതുര്‍ത്ഥിയും
 ആയി.

കണ്ണീരിന്‍റെ അകമ്പടിയോടെ നായര്‍ കാര്യങ്ങള്‍ വിസ്തരിച്ചു. ' നിങ്ങള് മിണ്ടാണ്ടിരിക്കിന്‍. വെട്ടി പൊളിച്ച വായകൊണ്ട് എന്ത് തെമ്മാടിത്തരവും ആരക്കും പറയാം. അതൊന്നും നിങ്ങള് കണക്കാക്കണ്ട. സരോജിനീനെ എല്ലാരുക്കും അറിയും. ആരെന്ത് പറഞ്ഞാലും ഇബിടുത്തെ ആള്‍ക്കാര് അതൊന്നും നമ്പില്ല. ഒരു ചെവിയില്‍ കൂടി കേട്ട് മറ്റേതില്‍ കൂടി പുറത്ത് വിടും ' എന്നും പറഞ്ഞ് രാവുത്തര്‍ ആശ്വസിപ്പിച്ചു.

' എല്ലാം നിങ്ങളുടെ ഒക്കെ ദയ ' എന്ന് തൊഴു കയ്യോടെ നായര്‍ പറഞ്ഞു. ' പടച്ചോന്‍ ഒക്കെ കാണുണുണ്ട് ' എന്നും പറഞ്ഞ് രാവുത്തര്‍ എഴുന്നേറ്റു. സൈക്കിള്‍ ഉരുട്ടി രാവുത്തര്‍ നടന്ന് തുടങ്ങി. പടി വരെ നായര്‍ അനുഗമിച്ചു. ഇടവഴിയിലൂടെ സൈക്കിള്‍ നീങ്ങി. പുളിമരച്ചോട്ടില്‍ പടിക്കാലും ചാരി നാണു നായര്‍ നിന്നു. പുഴ കടന്ന് വന്ന തണുത്ത കാറ്റ് അയാളെ പൊതിഞ്ഞു.

അദ്ധ്യായം 10

വെള്ളിയാഴ്ച ചാമി പണിക്ക് ചെന്നില്ല. അന്നാണ് തമിഴനുമായിട്ട് കൊമ്പ് കോര്‍ക്കേണ്ടത്. വെള്ളിയാഴ്ച ദിവസം നമ്മടെ ചാമി തമിഴനെ കുത്തി മലര്‍ത്തും എന്ന് നാട് മുഴുവന്‍ പാട്ടായി കഴിഞ്ഞിരിക്കുന്നു. ' എന്തായാലും  ശരി തെമ്മാടിത്തരം കാട്ടീട്ട് ഞെളിഞ്ഞ് നടക്കാന്‍  അവനെ സമ്മതിക്കില്ല, ഈ നാട്ടില് ചോദിക്കാനും പറയാനും ആണുങ്ങള്‍ ഉണ്ടെന്ന് അവന്‍  അറിയണം 'എന്ന് ചാമിയും കരുതി.

വേലപ്പന്‍ കന്നും ആട്ടി വന്നതും വിവരം അറിഞ്ഞു. നേരെ ചാമിയെ ചെന്ന് കണ്ടു. 'നിനക്ക് ഇത് എന്തിന്‍റെ കുഴപ്പമാണ്. കുണ്ടാമണ്ടിക്കൊന്നും പോകാതെ ഉള്ള പണിയും നോക്കി കുടീല് കുത്തിരുന്നൂടെ' എന്ന് ശാസിക്കുകയും
 ചെയ്തു.' നാട്ടില്ആരക്കും ഇല്ലാത്ത കേട് നിനക്ക് എന്താ വെച്ചിരിക്കുന്നത്. ആരെങ്കിലും പെണ്ണിന്‍റെ കയ്യില് കേറി പിടിച്ചിട്ടുണ്ടെങ്കില്‍ അവളുടെ അപ്പനോ, ആങ്ങളാരോ പകരം ചോദിക്കണം. അല്ലാതെ ഒന്നിലും പെടാത്ത നീയല്ല പഴിവാങ്ങാന്‍ 
ചെല്ലേണ്ടത്എന്നും പറഞ്ഞിട്ടാണ് അവന്‍ പോയത്.

കാര്യം ശരിയാണ്. ഏതോ ഒരാണ്ഏതോ ഒരു പെണ്ണിനെ അവമാനിച്ചു. മറ്റുള്ളവര്‍ക്ക്എന്താ കാര്യം എന്ന് ചോദിക്കാം. അവനവന്‍റെ വീട്ടിലെ പെണ്ണുങ്ങളോട് ആരെങ്കിലും തെമ്മാടിത്തരം കാണിച്ചാല്‍ ഈ ന്യായം പറയുന്നവര് കണ്ടിരിക്ക്വോ. ആരോ ആവട്ടെ. എത്രയായാലും പെണ്ണ് പെണ്ണു തന്നെ. അവളോട് പോക്രിത്തരം കാട്ടുന്നവനെ വെറുതെ വിട്ടു കൂടാ. ആണുങ്ങള്‍ക്ക്
പറഞ്ഞ പണിയല്ല അത്.

കല്യാണിയുടെ കാര്യമാണ് കഷ്ടം. വിവരം അറിഞ്ഞ മുതല്‍ അവള് കരച്ചിലാണ്. വലിയപ്പന്‍ വേണ്ടാത്തതിനൊന്നും  നില്‍ക്കരുത് എന്ന് പല തവണ പറഞ്ഞു കഴിഞ്ഞു. അടിപിടിക്കൊന്നും നില്‍ക്കില്ല എന്ന് തലയില്‍ കൈ വെച്ച് കുട്ടി സത്യം ചെയ്യിച്ചു. മര്യാദക്ക് കാര്യം പറയുകയേ ഉള്ളു എന്നും യാതൊന്നും ചോദിക്കാതിരുന്നാല്‍ അവന്‍ ഇനിയും ഇമ്മാതിരി തോന്ന്യാസങ്ങള്‍ കാട്ടുമെന്നും നിന്നോടാണ് ഇത്ചെയ്തതെങ്കില്‍ നോക്കിയിരുന്നാല്‍ മതിയോ എന്നും നൂറു കൂട്ടം ന്യായങ്ങള്‍ പറഞ്ഞിട്ടാണ് പെണ്‍കുട്ടി സമാധാനിച്ചത്.

റോഡിലേക്ക് നടക്കുമ്പോള്‍ കല്യാണിക്ക് വാക്ക് കൊടുത്തതുപോലെ തമ്മില്‍ തല്ല് കൂടാതെ തമിഴനെ ചെയ്ത തെറ്റ് പറഞ്ഞു മനസ്സിലാക്കിച്ച്, മേലാല്‍ വേണ്ടാത്തതിന്ന് ഒരുമ്പെടരുതെന്ന് പറഞ്ഞ് പ്രശ്നം അവസാനിപ്പിക്കണമെന്നേ ചാമിക്ക് ഉദ്ദേശം 
ഉണ്ടായിരുന്നുള്ളു. ആരായാലും മര്യാദക്ക് പറഞ്ഞാല്‍ കേഴ്ക്കാതിരിക്കില്ല. പെണ്ണുങ്ങളോട് ഇത്തിരി നേരത്തെ ചായ കുടിക്കാന്‍ വരാന്‍ ഏല്‍പ്പിച്ചു. രണ്ടു കൂട്ടക്കാരും ഉണ്ടെങ്കിലല്ലേ പറഞ്ഞ് തീര്‍ക്കാന്‍ പറ്റു.

മുകളിലൂടെ വിമാനം കടന്ന് പോയതും ചാമി തയ്യാറെടുത്ത് നിന്നു. ഇനി ഏത് സമയത്ത് വേണമെങ്കിലും 
കാളവണ്ടിയുമായി തമിഴന്‍ എത്താം. തടുത്ത് നിര്‍ത്തി കാര്യം വേഗം പറഞ്ഞ് തീര്‍ക്കണം. പെണ്ണുങ്ങള്‍ക്ക് പണിക്ക് പോകാനുള്ളതാണ്. ഒരുപാട് നേരം വൈകിച്ചുകൂടാ. അതിന്ന് ശേഷം ഷാപ്പില്‍ ചെല്ലാം. ഇന്ന് പണിക്ക് പോകാത്തതല്ലേ. വല്ലതും കഴിച്ച് പതുക്കെ കുടിയില്‍ എത്തിയാല്‍ മതി. സമയം കടന്ന് പോയി. കാത്ത് നിന്ന്എല്ലാവരും മടുത്തു. ചായ
കുടി കഴിഞ്ഞ് കുറച്ച് നേരം വെറ്റില മുറുക്കി നിന്ന പെണ്ണുങ്ങള്‍ പോകാനൊരുങ്ങി.

' ചാമിയേട്ടന്‍ ചോദിച്ചാല്‍ മതി, ഞങ്ങള് പോണൂ 'എന്നും പറഞ്ഞ് അവര്‍ നടന്ന് തുടങ്ങി. 'ചാമ്യേ, നീയ് തല്ലാന്‍ കാത്ത് നിക്കുന്ന വിവരം അവന്‍ അറിഞ്ഞിട്ടുണ്ടാവും. അതാ ഇന്ന് ഈ വഴിക്ക് അവനെ കാണാത്തത് ' എന്ന് പെട്ടിക്കടക്കാരന്‍ മൊയ്തു പറഞ്ഞു.

' അവനെ കണ്ടാല്‍ ചാമി ഇത്ര നേരം നിങ്ങളെ കാത്ത് നിന്നിട്ട് പോയി എന്ന് പറയ് ' എന്ന് മൊയ്തുവിനോട് പറഞ്ഞു. ' അയ്യയ്യോ, എന്നെക്കൊണ്ട് പൊല്ലാപ്പിനൊന്നും വയ്യേ ' എന്നും പറഞ്ഞ് അവന്‍ ഒഴിവായി. ഒക്കെ പേടി തൊണ്ടന്മാരാണ്. ഒരു ബീഡി കൂടി കത്തിച്ച് തിരിച്ച് പോരാന്‍ ഒരുങ്ങുമ്പോഴാണ് അകലെ നിന്നും  വരുന്ന കാളവണ്ടി കണ്ണില്‍ പെട്ടത്. 'നോക്കിന്‍ സൂക്ഷിച്ച് അടുത്താല്‍ മതി, അവന്‍റെ കയ്യില്‍ വല്ല ആയുധവും ഉണ്ടെങ്കിലോ 'എന്ന് മൊയ്തു മുന്നറിയിപ്പ് നല്‍കി. 'പിന്നെ പിന്നെ, എന്‍റെ ബെല്‍ട്ടിലുള്ള കത്തി ക്ഷൌരം ചെയ്യാന്‍ വേണ്ടി വാങ്ങി വെച്ചതൊന്നുമല്ല ' എന്നും പറഞ്ഞ് ചാമി റോഡിലേക്ക് നീങ്ങി.

' അണ്ണാച്ചി, ഒന്ന് നിര്‍ത്തിന്‍ ' എന്ന് പറഞ്ഞു ചാമി കാളവണ്ടി തടഞ്ഞു. തമിഴന്‍ കയറൊന്ന് വലിച്ചു. കാളകള്‍ നില്‍പ്പായി. ' ഏന്‍ഡാ ' എന്നൊരു ഒച്ച കേട്ടു. തമിഴന് വണ്ടി തടഞ്ഞത് തീരെ പിടിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച ഇവിടെ വെച്ച് നിങ്ങള് ഒരു പെണ്ണിന്‍റെ കയ്യില്‍ പിടിച്ചതായി കേട്ടു എന്നും, അത് നന്നായില്ല എന്നും, മേലാല്‍ അമ്മാതിരി ഒന്നും ചെയ്യരുത് എന്നും ചാമി തമിഴും മലയാളവും കൂട്ടി ചേര്‍ത്ത് മയത്തില്‍ പറഞ്ഞു. തമിഴന്‍ ആ വാക്കുകള്‍ പുച്ഛിച്ചു തള്ളി.തനിക്ക് തോന്നിയത് ഒക്കെ ചെയ്യുമെന്നും , തടയാന്‍ വരുന്നുവെങ്കില്‍ നല്ലവണ്ണം ആലോചിച്ചിട്ട് മതി എന്നും , മര്യാദക്ക് തടി കേടാക്കാതെ സ്ഥലം വിട്ടോളണമെന്നും തമിഴന്‍ ചാമിയെ ശാസിച്ചു.

അതോടെ തനിക്ക് കിട്ടിയ ഉപദേശങ്ങളും , കല്യാണിക്ക് കൊടുത്ത വാക്കും എല്ലാം ചാമി മറന്നു. വണ്ടിയുടെ നേര്‍ക്ക് ചാമി നീങ്ങി. ആ കഴുവേറിയെ പിടിച്ച് ഇറക്കി രണ്ട് പൊട്ടിച്ചിട്ടേ ബാക്കി കാര്യമുള്ളു. പക്ഷെ ആ നീക്കം എതിരാളി കാത്തിരുന്നത് പോലെ തോന്നി. തമിഴന്‍ ഒന്ന് കുനിഞ്ഞു. അടുത്ത നിമിഷം  ചാമിയുടെ നീണ്ട മുടി അയാളുടെ കയ്യിനകത്ത് കുടുങ്ങി. എത്ര ശ്രമിച്ചിട്ടും കുതറി മാറാന്‍ പറ്റുന്നില്ല. ശത്രു നിസ്സാരക്കാരനല്ല. തോറ്റാല്‍ പിന്നെ ഇരുന്നിട്ട് കാര്യമില്ല. ആളുകള്‍ തലയില്‍ കയറി നിരങ്ങും. വീമ്പ് പറഞ്ഞ് നടന്നിട്ട് തോറ്റമ്പി പോയില്ലേ എന്ന് കളിയാക്കും.

മറ്റൊന്നും ചെയ്യാന്‍ കഴിയാത്തതിനാല്‍ അനങ്ങാതെ നിന്നു.ചെറുപ്പത്തില്‍ കുറച്ച്കാലം കളരി പഠിച്ചതും തല്ലിന് പോയിട്ടുള്ള പരിചയവും ഒക്കെ ഉണ്ട്. മുടിയിലെ പിടുത്തം  ഒന്ന് അയഞ്ഞു കിട്ടിയാല്‍ വല്ലതും ചെയ്യാമായിരുന്നു. പക്ഷെ പിടുത്തം മുറുകകയാണ്. എന്താണ് വേണ്ടത് എന്ന് നിന്ന നില്‍പ്പില്‍ ആലോചിച്ചു. തന്‍റെ മുഖം വണ്ടിചക്രത്തില്‍
 ഇടിക്കാന്‍ ശ്രമിക്കുകയാണ്. അതിന്ന് മുമ്പ് വല്ലതും ചെയ്യണം. പെട്ടെന്ന് ബുദ്ധി തെളിഞ്ഞു. ബെല്‍ട്ടില്‍ നിന്ന് കത്തി ഊരി. തമിഴന്‍റെ കയ്യിന്നടിയില്‍ കൂടി കത്തി പായിച്ചു. ഇപ്പോള്‍ തമിഴന്‍റെ കയ്യില്‍ നീണ്ട മുടി മാത്രം.

തലയിലെ പിടി വിട്ടതും ഒന്ന് ആഞ്ഞ് വലത് കൈ ഒറ്റ വീശ്. വെട്ടിയിട്ടത് പോലെ എതിരാളി റോഡില്‍ വീണു കഴിഞ്ഞു. തന്‍റെ മനസ്സിലുള്ള ഈറ തീരുന്നത് വരെയും ചാമി എതിരാളിയുടെ ശരീരത്തില്‍ പെരുമാറി. പല ഭാഗത്തു നിന്നുമായി കുറെയേറെ ആളുകള്‍ സ്ഥലത്ത് ഓടി കൂടി. ആരൊക്കെയോ ചേര്‍ന്ന് രണ്ടു പേരേയും പിടിച്ച് മാറ്റി. സംഭവം
 കാണാനെത്തിയവരില്‍ ചിലര്‍ അവരുടെ കൈത്തരിപ്പും തീര്‍ത്തു. ചത്ത പാമ്പിനെ വീണ്ടും തല്ലി കേമത്തം കാട്ടുന്നവര്‍.

വണ്ടിക്കാരന്‍ അവശനായി കഴിഞ്ഞിരുന്നു. ചാമിയെ ആര്‍പ്പ് വിളികളോടെ ജനം അഭിവാദ്യം ചെയ്തു.പണിക്ക് പോയ പെണ്ണുങ്ങള്‍ ഇതിനകം തിരിച്ചെത്തി. ആരോ ചെന്ന്പറഞ്ഞിട്ടാവണം. പിന്നെ നാട്ടുകാര്‍ കാര്യങ്ങള്‍ തീരുമാനമാക്കി. വണ്ടിക്കാരന്‍ പെണ്ണിനോട്മന്നിപ്പ്കേട്ടു.

സ്ഥലത്ത് ഉണ്ടായിരുന്ന എല്ലാവര്‍ക്കും വളരെ സന്തോഷം. തോറ്റവനെ വളഞ്ഞ് നിന്ന് കൂക്കി കളിയാക്കാന്‍ ആളുകള്‍ 
മുതിര്‍ന്നപ്പോള്‍ ചാമി തടഞ്ഞു.' അവന്‍ തെറ്റ്പറഞ്ഞു കഴിഞ്ഞു. ഇനി അവനെ ആരും ഒന്നും ചെയ്യരുത്. തോറ്റവനോടല്ല ആണത്തം കാണിക്കേണ്ടത്. അവന്‍ അവന്‍റെ വഴിക്ക് പൊയ്ക്കോട്ടെ.

വണ്ടിക്കാരന്‍ എഴുന്നേറ്റു. തലയും താഴ്ത്തി അവന്‍ വണ്ടിയില്‍ കയറി കന്നിനെ തെളിച്ചു. വളവ്തിരിഞ്ഞ് വണ്ടി മറഞ്ഞു. ജനകൂട്ടം പിരിഞ്ഞ്പോവാന്‍ തുടങ്ങി. ചാമി തലയില്‍ തടവി. നെറുകയില്‍ മാത്രം കുറ്റി മുടി, ബാക്കി ഭാഗത്തെല്ലാം നല്ല നീളന്‍ മുടി. ഇനി മുടി പറ്റെ വെട്ടി ഒരു മേനിക്കാക്കണം. ഒരു ബീഡിയും കത്തിച്ച് വലിച്ച് ചാമി ബാര്‍ബര്‍ ഷോപ്പിലേക്ക് നടന്നു.