Saturday, September 19, 2009

അദ്ധ്യായം-16

വേണുവേട്ടന്‍ വന്ന് പോയിട്ടും അച്ഛന്‍ പടിക്കല്‍ തന്നെ നില്‍ക്കുന്നത് സരോജിനി ശ്രദ്ധിച്ചു. അച്ഛന്‍ പരിസരം പോലും
 മറന്നിരിക്കുന്നു. എത്രയോ കാലത്തിന്ന് ശേഷം കണ്ടുമുട്ടിയതാണ്. വീട്ടില്‍ വന്നിട്ട് ഒരു ചായ ഉണ്ടാക്കി കൊടുക്കാന്‍ കഴിഞ്ഞില്ല. വീട്ടിലെ കഷ്ടപ്പാടൊക്കെ അച്ഛന്‍ വേണുവേട്ടനോട്പറഞ്ഞിട്ടുണ്ടാവും. ഈയിടെയായി അച്ഛന്‍ അങ്ങിനെയാണ്. തന്‍റെ മുമ്പില്‍ 
എത്തുപെടുന്നവരോടെല്ലാം പ്രാരബ്ധങ്ങള്‍ വിളമ്പും. നമ്മുടെ ഗതികേട് അന്യരെ അറിയിക്കരുത് എന്ന് എത്ര പറഞ്ഞാലും കേള്‍ക്കില്ല.

ഉമ്മറത്ത്കത്തിച്ച് വെച്ച നിലവിളക്ക് അണഞ്ഞു കഴിഞ്ഞു. അതിന്‍റെ മൂട്ടില്‍ അല്‍പ്പം എണ്ണയേ ഒഴിക്കാറുള്ളു. എണ്ണയുടെ വില നോക്കുമ്പോള്‍ അതൊന്നും വേണ്ടെന്ന് തോന്നാറുണ്ട്. പക്ഷെ അച്ഛന്‍ സമ്മതിക്കില്ല. സന്ധ്യക്ക് ഉമ്മറത്ത് നിലവിളക്ക് കത്തിച്ച് വെച്ചില്ലെങ്കില്‍ മഹാലക്ഷ്മി കടന്നുവരില്ലാത്രേ. അല്ലെങ്കില്‍ ഇപ്പോള്‍ പ്രസാദിച്ചിട്ട് സമ്പത്ത് വന്ന്മൂടി കിടക്കുകയല്ലേ. നില
വിളക്കിന്‍റെ സ്ഥാനത്ത് മുട്ട വിളക്ക് കത്തിച്ച് വെച്ചു. കമ്പിറാന്തലിന്ന് കൂടുതല്‍ മണ്ണെണ്ണ വേണം . ഇതാവുമ്പോള്‍ കുറച്ച് മതി.

നേരം നല്ലവണ്ണം ഇരുട്ടി. ' അച്ഛാ, നിങ്ങള്‍ ഇങ്ങോട്ട് കയറി വരിന്‍. ഇരുട്ടത്ത് നിന്നിട്ട്ഇനി വല്ല പാമ്പോ ചേമ്പോ കടിച്ചാല്‍ എന്നെക്കൊണ്ടൊന്നും ആവില്ല ' എന്ന് സരോജിനി പറഞ്ഞപ്പോഴേ നാണു നായര്‍ പടി ചാരി കെട്ടി വെച്ച് വീട്ടിലേക്ക് കയറിയുള്ളു. ' ഇത് എത്രയുണ്ടെന്ന്നോക്ക് ' എന്നും പറഞ്ഞ് വന്നപാടെ കയ്യിലെ നോട്ടുകള്‍ നായര്‍ മകളെ ഏല്‍പ്പിച്ചു. മുട്ട വിളക്കിന്‍റെ മുമ്പിലിരുന്ന് സരോജിനി നോട്ടുകള്‍ എണ്ണി. എണ്ണൂറ്റി അറുപത് ഉറുപ്പികയുണ്ട്. അത്രയും വലിയ തുക ആദ്യമായിട്ടാണ് കയ്യില്‍ വരുന്നത്.

സരോജിനി തുക പറഞ്ഞു. ' ഞാനൊന്നും ചോദിച്ചിട്ടല്ല, അവന്‍ അറിഞ്ഞ് തന്നതാണ് ' എന്ന് നായര്‍ തന്‍റെ നിരപരാധിത്വം വെളിപ്പെടുത്തി. അപ്പോള്‍ വേണുവേട്ടന്‍ തന്നതാണ് ഈ പണം. അല്ലാതെ അച്ഛന്ന് എവിടുന്ന് കിട്ടാനാണ്. സുന്ദരേട്ടന്‍ പത്താം തിയ്യതിക്ക് മുമ്പ് അമ്പത് ഉറുപ്പിക അയച്ച് തരും. അതാണ് പ്രധാന വരുമാനം. പുളിയോ ചക്കയോ മാങ്ങയോ വിറ്റാല്‍ വല്ലതും കിട്ടാറുണ്ട്. കഴിഞ്ഞുകൂടാന്‍ തന്നെ അതുകൊണ്ടൊന്നും തികയാറില്ല. ഒരു പള്ളിയാല് ഉള്ളതില്‍ മുമ്പ് ചാമ ഇടും. ഒരു പൂവല് കൃഷിയും ചെയ്യും. ഇപ്പൊ ഒന്നും ചെയ്യാറില്ല. കൂലി കൊടുക്കാന്‍ വല്ലതും വേണ്ടേ.

ഓട്ടു കമ്പനിയില്‍ എട്ട് തവണ മണിയടിച്ചു. ' അച്ഛാ, കഴിക്ക്യല്ലേ ' എന്ന് സരോജിനി ചോദിച്ചു. നിത്യം ഈ നേരത്ത് ആഹാരം കഴിക്കും. നേരത്തെ കിടന്നുറങ്ങാനൊന്നുമല്ല. എല്ലാം കഴിഞ്ഞ് വാതിലടച്ച് കിടന്നാല്‍ വിളക്ക് ഊതി കെടുത്താം. വെറുതെ മണ്ണെണ്ണ കത്തിച്ച് കളയുന്നത് ഒഴിവാക്കാമല്ലോ. കിണ്ടിയില്‍ നിന്ന് വെള്ളമൊഴിച്ച്നായര്‍ കൈ കഴുകി. റേഷന്‍ കടയില്‍നിന്ന് വാങ്ങിയ ഗോതമ്പ് അരച്ച് ഉണ്ടാക്കിയ ദോശ രണ്ടെണ്ണം  വീതം വിളമ്പി. മുറ്റത്തെ അരിമുളക് ചെടിയില്‍ നിന്ന് വലിച്ചത് അരച്ച ചമ്മന്തിയും. നാണു നായര്‍ക്ക് പാലില്ലാത്ത ചായ വേണം. സരോജിനി രാത്രി ചായ കുടിക്കാറില്ല. അല്ലെങ്കിലേ ഉറക്കം നന്നെ കമ്മി. ഓരോന്ന് ആലോച്ചിച്ച് കിടന്നാല്‍ ഉറക്കം വരില്ല. അതിനുപുറമെ ചായയും കൂടി കുടിച്ചാലോ.

ആഹാരം കഴിഞ്ഞ് പാത്രം മോറി വെച്ചു. അച്ഛന്ന് കട്ടിലില്‍ കോസറി വിരിച്ചു. താഴെ പായ വിരിച്ച് സരോജിനി കിടന്നു. ' എന്നാലും എന്‍റെ മോളേ, അവന്‍ കീഴ്ക്കെട മറന്നിട്ടില്ല ' അച്ഛന്‍ വേണുവേട്ടനെ കുറിച്ചാണ് പറയുന്നത്. സുന്ദരേട്ടന്‍റെ കൂടെ കുട്ടിക്കാലത്ത് വീട്ടില്‍ കളിക്കാന്‍ വന്നിരുന്ന വേണുവേട്ടനെ ഓര്‍ത്തു. അല്‍പ്പം നിറം കുറഞ്ഞ് കൊലുന്നനെയുള്ള ആണ്‍കുട്ടി. പരമ സാധു. എത്രയോ തവണ തന്നെ മുതുകിലേറ്റി നടന്നിട്ടുണ്ട്. എന്തെങ്കിലും പണിയാക്കി തരണമെന്ന് കണ്ണും തുടച്ച് അച്ഛനോട് വന്ന് പറഞ്ഞത് ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു.

കൊയമ്പത്തൂരില്‍ നിന്ന് പല ദിക്കിലും ജോലി ആയി പോയെങ്കിലും നാട്ടിലെത്തിയാല്‍ വരാതെ പോവാറില്ല. വെറും
 കയ്യോടെ ഒരിക്കലും വന്നിട്ടില്ല. ബിസ്ക്കറ്റോ, പലഹാരങ്ങളോ കയ്യില്‍ കാണും. സ്കൂള്‍ തുറക്കുന്ന സമയത്ത്നോട്ടു പുസ്തകങ്ങളും തുണിയും കൊണ്ടു വരും. ' നല്ല സ്ഥായീള്ള കുട്ടിയാണ് വേണു ' എന്ന് അമ്മ പറയുമായിരുന്നു.

മാലതി ചേച്ചി മരിച്ചതിന്ന് ശേഷം വേണുവേട്ടന്‍ നാട്ടില്‍ വരാറില്ല. ചെറിയമ്മ മരിച്ചപ്പോള്‍ ഏട്ടന്‍ വന്നെങ്കിലും ആ സമയത്ത് കാണാനൊന്നും  കഴിഞ്ഞില്ല. ടീച്ചറെ ' മാലതി ചേച്ചി ' എന്ന് വിളിക്കണമെന്ന് വേണുവേട്ടനാണ് തന്നോട് പറഞ്ഞത്. മാലതി ചേച്ചി ' സരോജിനി ' എന്ന് മുഴുവന്‍ വിളിക്കാറില്ല. ' സരോ' എന്നേ വിളിക്കൂ. അവര്‍ക്ക് തന്നെ അത്രക്ക് കാര്യമായിരുന്നു. വേണുവേട്ടന്‍റെ സ്വന്തം  അനുജത്തിയായിട്ടാണ് ചേച്ചി തന്നെ കണക്കാക്കിയിരുന്നത്.

പക്ഷെ പറഞ്ഞിട്ട് എന്ത് ഫലം. ചേച്ചിയുടെ അച്ഛന്‍  തന്നെ അവരെ കൊലക്ക് കൊടുത്തു. ഓണത്തിനോടടുപ്പിച്ച് വേണുവേട്ടന്‍റേയും മാലതിചേച്ചിയുടേയും കല്യാണം ഉണ്ടാവും എന്ന് ചേച്ചി പറഞ്ഞിരുന്നു. പെട്ടെന്നാണ് അവരുടെ ഇഷ്ടം നോക്കാതെ അച്ഛന്‍ വിവാഹം ഉറപ്പിച്ചത്. കരഞ്ഞും വാശി പിടിച്ചും ചേച്ചി എതിര്‍ത്ത് നോക്കി. ഒന്നും നടന്നില്ല. കല്യാണത്തിന്ന് രണ്ട് ദിവസം മുമ്പ് ചേച്ചി എല്ലാവരേയും തോല്‍പ്പിച്ചു.

ചേച്ചിയുടെ ശവമടക്കിന്ന് ചെന്ന രംഗം മനസ്സിലിരിപ്പുണ്ട്. അവസാനത്തെ കാഴ്ച കാണാന്‍ പോവുന്നില്ല എന്ന് വിചാരിച്ചതാണ്.
അച്ഛന്‍ നിര്‍ബന്ധിച്ച് കൂടെ കൊണ്ടുപോയി. ആ ശരീരം ഒന്നേ നോക്കിയുള്ളു. മുഖം ഒഴികെ മറ്റെല്ലാ ഭാഗവും മൂടി വെച്ച ശരീരം വീടിന്‍റെ പൂമുഖത്ത് കിടത്തിയിരുന്നു. ചേച്ചിയുടെ അമ്മ ഒരു പ്രതിമ പോലെ തലക്കല്‍ ഇരിപ്പുണ്ട്. മാധവന്‍ നായര്‍ 
ചാരുകസേലയില്‍ തളര്‍ന്ന് ഇരിപ്പാണ്. ഉള്ളില്‍ പൊന്തി വന്ന കരച്ചില്‍ അടക്കാനായില്ല. തന്നെ സ്നേഹിച്ച ചേച്ചി പോയിരിക്കുന്നു. അന്ന് അത് സഹിക്കാവുന്നതിലും അപ്പുറമായി തോന്നി. ചേച്ചിയുടെ അച്ഛനെ മകളെ കൊന്നവനെന്ന് പറഞ്ഞ് കൂടിയവരെല്ലാം 
പഴിച്ചു. ചിലരൊക്കെ വേണുവേട്ടനേയും കുറ്റപ്പെടുത്തി. വേണുവേട്ടന്‍  വന്ന് അവരെ സ്വീകരിക്കേണ്ടതായിരുന്നു. അത് ചെയ്യാതെ ഒഴിഞ്ഞുമാറി.

അന്ന് ഏട്ടനോട് വെറുപ്പാണ് തോന്നിയത്. ചതിയന്‍. ഇതിനാണെങ്കില്‍ മാലതി ചേച്ചിയെ സ്നേഹിക്കേണ്ടിയിരുന്നില്ല. മനസ്സ് നിറയെ ആശ കൊടുത്തിട്ട് സമയം വന്നപ്പോള്‍ തിരിഞ്ഞ് നോക്കിയില്ല. പിറ്റേന്നാണ് വേ ണുവേട്ടന്ന് അപകടം പറ്റിയ വിവരം അറിഞ്ഞത്. ലീവ് കഴിഞ്ഞ് കൊയമ്പത്തൂരിലേക്ക് പോകാനിറങ്ങിയ അച്ഛന്‍ വിവരം അറിഞ്ഞ് തിരിച്ചു വന്നു. അന്നുതന്നെ
അച്ഛന്‍ ആസ്പത്രിയില്‍ ചെന്നു കണ്ടു. ' ചാവുമോ പെഴക്കുമോ എന്ന്ഇപ്പൊ പറയാന്‍ പറ്റില്ല. എന്തായാലും കാല് മുറിക്കേണ്ടി വരും ' എന്നാണ്' മടങ്ങി വന്ന അച്ഛന്‍ പറഞ്ഞത്.

ആസ്പത്രി വിട്ട ശേഷം കുറച്ച് കാലം ഏട്ടന്‍ തറവാട്ടില്‍ ഉണ്ടായിരുന്നു. പല തവണ ഏട്ടനെ കാണാന്‍ ചെന്നു. അപ്പോഴൊക്കെ ദീനമായ ഒരു ചിരിയില്‍ ഏട്ടന്‍ എല്ലാം ഒതുക്കും. ആ സങ്കടം കാണാനാവാതെ പിന്നീട് പോയില്ല. എന്നോ ഒരു ദിവസം ഏട്ടന്‍ വീണ്ടും നാട് വിട്ടു. പിന്നീട് ഇന്നു വരെ വേണുവേട്ടനെ കാണാന്‍ കഴിഞ്ഞിട്ടില്ല.

വിവാഹ പ്രായം കഴിഞ്ഞിട്ടും തന്നെ ആരുടേയും കയ്യില്‍ പിടിച്ച് ഏല്‍പ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇടക്കൊക്കെ വേണുവിനെ കണ്ടാല്‍ അവന്‍റെ കയ്യില്‍ ഇവളെ പിടിച്ച് ഏല്‍പ്പിക്കണം' എന്ന്അച്ഛന്‍ പറയുമായിരുന്നു. ഇടക്കിടക്ക് അച്ഛന്‍ പറയാറുള്ള വാക്കുകള്‍ ക്രമേണ മനസ്സില്‍ പ്രതീക്ഷ സൃഷ്ടിച്ചിരിക്കണം. ഏട്ടന്‍ എന്ന രൂപം ശ്രീകോവിലില്‍ നിന്ന് ഇറങ്ങിപ്പോയി. പകരം മറ്റൊരു ബിംബം അവിടെ പ്രതിഷ്ടിക്കപ്പെട്ടു.

എന്നെങ്കിലും വേണുവേട്ടന്‍  കയറി വരുമെന്നും , തികച്ചും നിഷ്ഫലമായി തീര്‍ന്നേക്കാവുന്ന ജീവിതത്തിന്ന്പുതിയൊരു അര്‍ത്ഥം തരുമെന്നും കൊതിച്ചിരുന്നു. അനാഥത്വത്തിലേക്ക് വഴുതി വീഴുന്നതിന്ന് മുമ്പ് തന്‍റെ കൈ പിടിച്ച് ഉയര്‍ത്താന്‍
 എത്തിയല്ലോ. ഇനി വൈകിയ വേളയില്‍ അരങ്ങൊഴിഞ്ഞ ചേച്ചിക്ക് പകരക്കാരി ആവാന്‍ കഴിയുമോ. പ്രത്യാശയുടെ ആ സ്വപ്നങ്ങളില്‍ സരോജിനി മുഴുകിപ്പോയി .

1 comment:

  1. എന്നെങ്കിലും വേണുവേട്ടന്‍ കയറി വരുമെന്നും , തികച്ചും നിഷ്ഫലമായി തീര്‍ന്നേക്കാവുന്ന ജീവിതത്തിന്ന്പുതിയൊരു അര്‍ത്ഥം തരുമെന്നും കൊതിച്ചിരുന്നു. അനാഥത്വത്തിലേക്ക് വഴുതി വീഴുന്നതിന്ന് മുമ്പ് തന്‍റെ കൈ പിടിച്ച് ഉയര്‍ത്താന്‍
    എത്തിയല്ലോ. ഇനി വൈകിയ വേളയില്‍ അരങ്ങൊഴിഞ്ഞ ചേച്ചിക്ക് പകരക്കാരി ആവാന്‍ കഴിയുമോ. പ്രത്യാശയുടെ ആ സ്വപ്നങ്ങളില്‍ സരോജിനി മുഴുകിപ്പോയി . ..വായനതുടരുന്നു

    ReplyDelete