Tuesday, September 1, 2009

അദ്ധ്യായം11

വീടെത്തിയപ്പോഴേക്കും വിശന്ന് വലഞ്ഞിരുന്നു.  അടുക്കളയിലേക്കാണ് നേരെ ചെന്നത്. 'വലഞ്ഞിട്ട് വയ്യാ, കഞ്ഞിവിളമ്പ് ' എന്ന് മകളോട് പറഞ്ഞു. ' മുണ്ട് മാറ്റിന്‍ , അപ്പോഴെക്കും വിളമ്പാം ' എന്ന് മറുപടി കിട്ടി. ഉഴുന്നും പുളിയും ചേര്‍ത്ത് അരച്ച ചമ്മന്തി കൂട്ടി കഞ്ഞി കഴിച്ചു. വീട്ടില്‍ രണ്ട് തെങ്ങ് ഉള്ളതില്‍ നിന്ന് വല്ലപ്പോഴുമാണ് തേങ്ങ കിട്ടാറുള്ളത്. പീടികയില്‍ നിന്ന് വാങ്ങാനാണച്ചാല്‍ കയ്യില്‍ കാശ് വേണ്ടേ. മകനൊരുത്തന്‍ പട്ടാളത്തില്‍ നിന്നും പെന്‍ഷനായി 
ഭാര്യ വീട്ടില്‍ കഴിയുന്നു. കിട്ടുന്ന പെന്‍ഷനില്‍ നിന്ന് വല്ലതും മാസാമാസം അയച്ചു തരും. അവനെ കുറ്റം പറയാന്‍ പറ്റില്ല. മക്കള്‍ക്ക്ചിലവിന്കൊടുക്കേണ്ടെങ്കിലും അവനും ഭാര്യക്കും കഴിയണ്ടേ.  

കഞ്ഞി കുടി കഴിഞ്ഞ് ഉമ്മറത്ത് വന്നിരുന്നു. പുഴ കടന്ന് തണുത്ത കാറ്റ് വീശുന്നുണ്ട്. വേലിക്കരികില്‍ നാലഞ്ച് പുളി മരങ്ങള്‍ ഉള്ളതുകൊണ്ട് മുറ്റത്ത്എപ്പോഴും നല്ല തണുപ്പാണ്. കൊല്ലത്തില്‍ പത്തിരുപത് വട്ടി പുളി വില്‍ക്കാന്‍ പറ്റും. അതുകൊണ്ടാണ്കമ്പിളിപ്പുഴുവിന്‍റെ ഉപദ്രവം ഉണ്ടായിട്ടും പുളി മരങ്ങള്‍ മുറിക്കാത്തത്.

എന്തോ വല്ലാത്ത ക്ഷീണം . കണ്‍ മിഴികള്‍ വീണുവീണു പോകുന്നു. രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല. ഓരോന്ന് ആലോചിച്ച് കിടന്നു. മക്കളെക്കൊണ്ട് നന്നായിരിക്കാന്‍ യോഗം വേണം. അത് ഇല്ലാതെ പോയി. പാറുക്കുട്ടി ഭാഗ്യം ചെയ്തവളാണ്. കുറച്ച് കാലം  കിടന്ന് കഷ്ടപ്പെട്ടാലും തമ്മില്‍ തല്ലൊന്നും കാണാന്‍ ഇരുന്നില്ലല്ലോ.

മുറ്റത്ത് ഉറക്കെയുള്ള വര്‍ത്തമാനം കേട്ടിട്ടാണ് ഉണര്‍ന്നത്. തുണിക്കാരന്‍ മക്കുരാവുത്തര്‍ സൈക്കിളില്‍ ഭാണ്ഡക്കെട്ടുമായി വന്നിരിക്കുന്നു. പിടഞ്ഞെണീറ്റു. രാവുത്തര്‍ക്ക് കുറച്ച്പണം കൊടുക്കാനുണ്ട്. കഴിഞ്ഞ ഓണത്തിന്ന് തുണി വാങ്ങിയതിന്‍റെ ബാക്കി. അത്ര ആര്‍ഭാടമായിട്ട് ഒന്നും വാങ്ങാറില്ല. സരോജിനിക്ക് മുന്നോ നാലോ ഒന്നരയും മുണ്ടും ജാക്കറ്റിന്‍റെ തുണിയും. തനിക്ക് രണ്ട് ജഗന്നാഥന്‍റെ മുണ്ടും തോര്‍ത്തും . മനുഷ്യന്ന് നാണം മറയ്ക്കാന്‍ എന്തെങ്കിലും വേണമല്ലോ.

മകള്‍ക്ക് സാരി വാങ്ങി കൊടുത്തിട്ട് കൊല്ലം രണ്ടായി. പാവം. ഒന്നും ചോദിക്കാറില്ല. തന്‍റെ ഇല്ലായ്മ അവള്‍ക്ക് നന്നായി അറിയും. അതിന്‍റെ ഒരു യോഗം. ഒരു ജന്മം എടുത്ത് തീര്‍ക്കാന്‍ വേണ്ടി മാത്രം ജനിച്ചു. നല്ല കാലത്ത് ഒരുത്തന്‍റെ കയ്യില്‍ പിടിച്ച് ഏല്‍പ്പിക്കാനായില്ല. ചത്ത് പോകുന്ന നേരത്ത് അതിനെ ആരെ ഏല്‍പ്പിക്കും എന്നതാണ് ഇപ്പോഴത്തെ മനോവേദന.

' എന്താ നായരെ നേരം വെളുത്തപ്പൊ തന്നെ കെടന്നൊറങ്ങുന്നത്, രാത്രി നേരത്ത് നിങ്ങക്ക് വേറെ വല്ല പണീംണ്ടോ ' എന്ന രാവുത്തരുടെ ചോദ്യത്തിന്ന് ' സുന്ദരന്‍റെ മണി ഓര്‍ഡറ് വന്നില്ല, വന്നതും ബാക്കീള്ളതിന്‍റെ കൊറച്ച് തരാ ' മെന്ന് പറഞ്ഞു. ' നമ്മളിപ്പൊ നിങ്ങളോട് കാശിന്‍റെ കാര്യം വല്ലതും പറഞ്ഞ്വോ ' എന്നായി രാവുത്തര്‍. രാവുത്തര് സാധു മനുഷ്യനാണ്. ഒരിക്കലും മുഖം മുറിഞ്ഞ് കണക്ക് പറഞ്ഞിട്ടില്ല. വേണ്ട തുണി എടുത്തോളിന്‍ എന്ന് പറയും. കയ്യില്‍
ഉള്ളതുപോലെ കുറേശ്ശയായിട്ട് കൊടുത്തു തീര്‍ക്കും. എന്നാലും നമുക്കൊരു മര്യാദയൊക്കെ വേണ്ടേ. 

രാവുത്തര്‍ക്ക് ഇപ്പോള്‍ ഇതൊന്നും ചെയ്ത് കഴിയണ്ട കാര്യമൊന്നുമില്ല. രണ്ട് ആണ്‍മക്കള്‍ ഉള്ളത്പുനാങ്കിലോ പേര്‍ഷ്യയിലോ ആണ്. മാസാമാസം പവന്‍ കട്ടി കട്ടിയായിവരാറുണ്ടെന്നാ ആള്‍ക്കാര് പറയാറ്. എന്നാല്‍ അതിന്‍റെ പത്രാസ് ഒന്നും മൂപ്പര് കാണിക്കാറില്ല. വഴിക്ക് വെച്ച് കാണുന്നവരോട് നാട്ടു വര്‍ത്തമാനം ഒക്കെ പറഞ്ഞ് മൂപ്പരങ്ങിനെ പോകും. ഓടി നടന്ന് കച്ചോടം ചെയ്യാനൊന്നും നമ്മക്ക് വയ്യ എന്നാണ് രാവുത്തരുടെ പറച്ചില്‍.

' ഇത്തിരി വെള്ളം കുടിക്കാന്‍ എടുക്കിന്‍ ' എന്ന് പറഞ്ഞിട്ട് രാവുത്തര്‍ പിള്ളകോലായിലെ തടുക്കുപായില്‍
 ഇരുപ്പായി. സരോജിനി ഓട്ടുമൊന്തയില്‍ വെള്ളവുമായി എത്തി. അത് വാങ്ങി കുടിച്ചിട്ട് രാവുത്തര്‍ ബീഡിക്കെട്ട് പോക്കറ്റില്‍ നിന്ന് എടുത്ത്, ഒരെണ്ണം ചുണ്ടില്‍ തിരുകിയിട്ട് മറ്റൊന്ന് നാണു നായര്‍ക്ക് നീട്ടി.

' വെറുതെ വേണ്ടാത്തതൊന്നും കൊടുക്കേണ്ടാ. അച്ഛന്‍ രാത്രി മുഴുവന്‍ കുരച്ചിട്ട് ഉറങ്ങാറില്ല ' എന്ന് സരോജിനി പറഞ്ഞുവെങ്കിലും, ' അത് ഉച്ച വെയിലത്ത് നടന്ന് തല നീരെറങ്ങിയിട്ടാണ് ' എന്നും പറഞ്ഞ് നാണു നായര്‍ കൈ നീട്ടി ബീഡി വാങ്ങി. ' നിങ്ങള് വന്നാല്‍ എപ്പഴും ഇങ്ങിനെ തന്നെയാണ് ' എന്നും പറഞ്ഞ് സരോജിനി അകത്തേക്ക് കയറിപ്പോയി.

അവളേക്കാളും അഞ്ചാറ് വയസ്സിന്ന് രാവുത്തര്‍ മൂത്തതാണ്. പക്ഷേ  ഒരേ ക്ലാസിലിരുന്ന് പഠിച്ചതാണ് അവര്‍ . സരോജിനി പഠിക്കാന്‍ മിടുക്കിയായിരുന്നു. സ്കൂള്‍ ടീച്ചറാവണം എന്ന് അവള്‍ മോഹിച്ചിരുന്നു. അവളെ വേണ്ടപോലെ പഠിപ്പിക്കാന്‍ കഴിഞ്ഞില്ല. പ്രാരബ്ധമുള്ള വീട്ടിലെ മൂത്ത കുട്ടിക്കോ ഒടുവിലുത്തേതിന്നോ നോട്ടം കിട്ടില്ല എന്ന് പറയും . അത് ശരിയാണ്. താഴെ ഉള്ളവര്‍ക്ക് വേണ്ടി ചിലപ്പോള്‍ മൂത്തതിന്‍റെ കാര്യം വേണ്ടെന്ന് വെക്കും. അതൊക്കെ ഒരു വിധം 
നോക്കിയാലോ ഒടുവിലുത്തേതിനെ നോക്കാന്‍ ഒന്നും ഉണ്ടാവില്ല.

' എന്താ നായരെ മരുമകന്‍ വന്നിട്ട് ഒരു കൊശമശക്ക് ഒക്കെ ഉണ്ടാക്കീന്ന് കേട്ട്വോലോ. എന്താ സംഗതി ' രാവുത്തര്‍ എന്തോ ചിലതൊക്കെ കേട്ടിട്ടുണ്ടെന്ന് നാണു നായര്‍ക്ക് മനസ്സിലായി. ഉള്ള മാനവും കൂടി പോയി. ഇനി എന്താണ് മറച്ച് വെക്കാനുള്ളത്. മരുമകന്‍  ഇവിടെ നിന്നും ഇറങ്ങി ഷാപ്പില്‍ ചെന്നിട്ട് വായില്‍ തോന്നിയതൊക്കെ വിളിച്ച്പറഞ്ഞു എന്ന് വഴിയില്‍ വെച്ച്ചാത്തന്‍ പറഞ്ഞത് ഓര്‍മ്മ വന്നു. സരോജിനിയെ പറ്റി അപവാദം പറഞ്ഞതിലേ സങ്കടമുള്ളു. ഇത്ര കാലം 
പേര് ദോഷം വരുത്തിയിട്ടില്ല. ചേച്ചിയുടെ പ്രസവത്തിന്ന് സഹായിക്കാന്‍ പോയി നിന്നപ്പോള്‍ ഇവന്‍ എന്തോ വേണ്ടാത്തതിന്ന് പോയി എന്നും പറഞ്ഞ് അപ്പോള്‍ തന്നെ തിരിച്ച് വന്നതാണ് അവള്‍. അതിന്ന് ശേഷം അവള്‍ മരുമകന് അത്തവും ചതുര്‍ത്ഥിയും
 ആയി.

കണ്ണീരിന്‍റെ അകമ്പടിയോടെ നായര്‍ കാര്യങ്ങള്‍ വിസ്തരിച്ചു. ' നിങ്ങള് മിണ്ടാണ്ടിരിക്കിന്‍. വെട്ടി പൊളിച്ച വായകൊണ്ട് എന്ത് തെമ്മാടിത്തരവും ആരക്കും പറയാം. അതൊന്നും നിങ്ങള് കണക്കാക്കണ്ട. സരോജിനീനെ എല്ലാരുക്കും അറിയും. ആരെന്ത് പറഞ്ഞാലും ഇബിടുത്തെ ആള്‍ക്കാര് അതൊന്നും നമ്പില്ല. ഒരു ചെവിയില്‍ കൂടി കേട്ട് മറ്റേതില്‍ കൂടി പുറത്ത് വിടും ' എന്നും പറഞ്ഞ് രാവുത്തര്‍ ആശ്വസിപ്പിച്ചു.

' എല്ലാം നിങ്ങളുടെ ഒക്കെ ദയ ' എന്ന് തൊഴു കയ്യോടെ നായര്‍ പറഞ്ഞു. ' പടച്ചോന്‍ ഒക്കെ കാണുണുണ്ട് ' എന്നും പറഞ്ഞ് രാവുത്തര്‍ എഴുന്നേറ്റു. സൈക്കിള്‍ ഉരുട്ടി രാവുത്തര്‍ നടന്ന് തുടങ്ങി. പടി വരെ നായര്‍ അനുഗമിച്ചു. ഇടവഴിയിലൂടെ സൈക്കിള്‍ നീങ്ങി. പുളിമരച്ചോട്ടില്‍ പടിക്കാലും ചാരി നാണു നായര്‍ നിന്നു. പുഴ കടന്ന് വന്ന തണുത്ത കാറ്റ് അയാളെ പൊതിഞ്ഞു.

3 comments:

 1. ഓരോ അദ്ധ്യായവും കൂടുതല്‍ മിഴിവാര്‍ന്നു വരുന്നു. തമിഴനോടുള്ള ചാമിയുടെ പ്രതികരണവും, മകളുടെ ദുര്യോഗത്തില്‍ നാണു നായരുടെ നിസ്സഹായതയും വളരെ നന്നായി തന്നെ ആവിഷ്കരിച്ചിരിക്കുന്നു. പുതിയ അധ്യായങ്ങള്‍ക്കായി കാത്തിരിക്കുന്നു.

  ReplyDelete
 2. hai iam sajith palakkad
  i like it .
  sajith9995271475

  ReplyDelete
 3. വായനതുടരുന്നു...

  ReplyDelete