Sunday, December 27, 2009

അദ്ധ്യായം 34

കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ പുതിയ പാര്‍പ്പിടത്തിലേക്ക് താമസം മാറ്റിയതിന്‍റെ പിറ്റേന്ന് കിട്ടുണ്ണി മാഷും രാഘവനും കൂടി അയാളെ
കാണാന്‍ ചെന്നു. കാലത്തെ അമ്പല കുളത്തിലുള്ള കുളിയും അയ്യപ്പനെ തൊഴലും പാടം നോക്കലും കഴിഞ്ഞ് എത്തി ആഹാരം 
കഴിക്കാനിരുന്ന നേരം.

' ഒറ്റയ്ക്ക് കഴിക്കാനൊന്നും നോക്കണ്ടാ. ഞങ്ങള്‍ രണ്ട് വിരുന്നുകാരും ഉണ്ടേ എന്നും പറഞ്ഞ് അവര്‍ അകത്തേക്ക്കയറി .
കയ്യിലെടുത്ത ഓലക്കിണ്ണം എഴുത്തശ്ശന്‍ താഴെ വെച്ചു. തോളിലെ തോര്‍ത്തു കൊണ്ട് കുത്തുപടി തുടച്ച് അതിഥികളെ ഇരിക്കാന്‍ 
ക്ഷണിച്ച് രണ്ടടി പുറകോട്ട് മാറി നിന്നു. ' ഇത് പറ്റില്ല. വയസിന് മൂത്ത നിങ്ങള് നില്‍ക്കുമ്പോള്‍ ഞങ്ങള്‍ ഇരിക്കുന്നത് ശരിയല്ല ' എന്ന് കിട്ടുണ്ണി മാഷ് പറഞ്ഞപ്പോള്‍ എഴുത്തശ്ശന്‍ തൂണില്‍ ചാരി നിലത്ത് കുന്തിച്ചിരുന്നു.

രാഘവനാണ് കാര്യത്തിലേക്ക് കടന്നത്. ' ഞങ്ങള് ഏതാണ്ടൊക്കെ പറഞ്ഞ് കേട്ടു, എന്താന്ന് അന്വേഷിക്കാന്‍ വേണ്ടി വന്നതാ '. എഴുത്തശ്ശന്‍ ഒന്നും മിണ്ടിയില്ല. വേലായുധന്‍ കുട്ടിക്ക് വേണ്ടി സന്ധി പറയാന്‍ വന്നതാണ്. അവര്‍ക്ക് പറയാനുള്ളത് മുഴുവന്‍ 
കേട്ടിട്ട് മറുപടി പറഞ്ഞാല്‍ മതിയല്ലോ. ' ഞങ്ങള് ചോദിച്ചതിന്ന് മറുപടി ഒന്നും പറഞ്ഞില്ല ' എന്ന് രാഘവന്‍ വിഷയം 
ഓര്‍മ്മിപ്പിച്ചു.

' അതിന് നിങ്ങളെന്താ കേട്ടത് എന്ന് എനിക്ക് അറിയില്ലല്ലോ ' എന്നും പറഞ്ഞ് എഴുത്തശ്ശന്‍ ഒഴിവായി. രാഘവനും കിട്ടുണ്ണി
മാഷും മുഖത്തോട് മുഖം നോക്കി. ആര് തുടങ്ങണം എന്ന സംശയത്തിലായി അവര്‍.

കിട്ടുണ്ണി മാഷ് മെല്ലെ പറഞ്ഞു തുടങ്ങി. എന്തോ നിസ്സാരകര്യത്തിന്ന് മരുമകളെ എഴുത്തശ്ശന്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു എന്നും
വിവരം അന്വേഷിച്ച് ചെന്ന മകനോടും വീട് വിട്ട് പോവാന്‍ പറഞ്ഞു എന്നും നാട്ടില് മുഴുവന്‍ പാട്ടായിട്ടുണ്ട്. കുടുംബത്തിനാകെ
പേര്ദോഷം വരുത്തുന്ന പണിയാണ് ഇതൊക്കെ. ഒരേ ഒരു പേരക്കുട്ടി ഉള്ളതിന് കല്യാണം കഴിച്ച് ഒരു പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരാനുള്ള പ്രായമായി. നടന്ന കാര്യം പുറത്ത് അറിഞ്ഞാല്‍ നല്ല ഒരു കുടുംബത്തില്‍ നിന്ന് അവന് ഒരു പെണ്ണ് കിട്ടില്ല.

മാധവിയുടെ ആങ്ങളമാര്‍ നല്ല ആളുകളായത് നന്നായി, ഇല്ലെങ്കില്‍ അവര് ശേഷം ചോദിക്കാന്‍ വന്നേനെ എന്ന് രാഘവനും 
പറഞ്ഞു. ആ പറഞ്ഞത് എഴുത്തശ്ശന്ന് ഒട്ടും ഇഷ്ടപ്പെട്ടില്ല.

' ഒരുത്തനും ന്യായം പറയാന്‍ എന്‍റെ മുമ്പില്‍ വരില്ല ' എഴുത്തശ്ശന്‍ പറഞ്ഞു ' പെണ്ണുങ്ങളെ വളര്‍ത്തേണ്ട പോലെ വളര്‍ത്തണം. അതല്ലാത്തതിന്‍റെ കുറ്റം കൊണ്ടാണ് ഇതൊക്കെ നടന്നത് '. കുറച്ച് കാലമേ രുഗ്മിണി കൂടെ കഴിഞ്ഞുള്ളു. അന്നൊന്നും അച്ഛന്‍റെ മുമ്പില്‍ അവള്‍ നേരെ നിന്ന് വര്‍ത്തമാനം പറഞ്ഞിട്ടില്ല. അതാ പെണ്ണുങ്ങള്. ഈ സാധനം കല്യാണം 
കഴിഞ്ഞ് വന്ന ശേഷം ഒരൊറ്റ ദിവസം മര്യാദക്ക് പെരുമാറിയിട്ടില്ല. ഏതോ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങി വന്ന ഉര്‍വശിയാണെന്നാ
അവളുടെ ഭാവം കണ്ടാല്‍ . സ്നേഹൂം ബഹുമാനൂം ഒന്നും ഒട്ടും വേണ്ടാ. പുച്ഛത്തോടെ പെരുമാറാതിരുന്നാല്‍ മതിയായിരുന്നു. അവളത് ചെയ്തില്ല.

രാഘവനും കിട്ടുണ്ണി മാഷും ഒന്നും പറഞ്ഞില്ല. നിമിഷങ്ങള്‍ കടന്നു പോയി. ' ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല,
കഴിഞ്ഞത് കഴിഞ്ഞു ' രാഘവന്‍ പറഞ്ഞു ' ഇനി അങ്ങോട്ട് എന്താ വേണ്ടത് എന്ന് ആലോചിക്കുകയാണ് ഇപ്പൊ ചെയ്യേണ്ടത് '.

' എന്താ വേണ്ടത് എന്ന് നിങ്ങളന്നെ പറഞ്ഞോളിന്‍ ' എഴുത്തശ്ശന്‍ പറഞ്ഞു ' പറയിണ കാര്യം എനിക്കും കൂടി ബോധിക്കണം.
എന്നാലേ ഞാനത് കേള്‍ക്കൂ '.

' ഒരു കാര്യം ചെയ്യിന്‍ ' കിട്ടുണ്ണി മാഷ് നിര്‍ദ്ദേശിച്ചു ' തെറ്റും ശരിയും ഒന്നും നോക്കിയിട്ട് കാര്യമില്ല. അതൊക്കെ അങ്ങിട്ടും
ഇങ്ങിട്ടും പറയാനുണ്ടാവും. നിങ്ങള് മരുമകളോട് കടന്ന് പോവാന്‍ പറഞ്ഞത് വലിയൊരു തെറ്റ് തന്നെ. അതുകൊണ്ട് നിങ്ങളന്നെ ചെന്ന് അവരോട് വരാന്‍ പറയണം. അതില്‍ മാനക്കേടൊന്നും ഇല്ല'.

മനസ്സില്‍ തികട്ടി വന്ന ദേഷ്യം എഴുത്തശ്ശന്‍ കടിച്ചമര്‍ത്തി. മദ്ധ്യസ്ഥം പറയാന്‍ വന്നവരെ താന്‍ അപമാനിച്ചു എന്ന് വരുത്തരുതല്ലോ.

അടുത്ത ഊഴം രാഘവന്‍റെ ആയിരുന്നു.' നിങ്ങള്‍ക്ക് വയസ്സും പ്രായവും ഒക്കെ ആയി. ഇനി തരുന്നത് വാങ്ങിക്കഴിച്ച് ' രാമ, രാമ' എന്ന് ജപിച്ച് കഴിയുന്നതാണ് നല്ലത്. പത്ത് ദിവസം കിടന്നാല്‍ നോക്കാന്‍ മകനും ഭാര്യയും പേരമക്കളും മാത്രമേ ഉണ്ടാവൂ.
ബാക്കി എല്ലാവര്‍ക്കും  നോക്കി നിക്കാനേ കഴിയൂ. നിങ്ങള് മരിച്ചാലും വേണ്ടതൊക്കെ ചെയ്യാന്‍ അവര് വേണം. കേറി
ചെല്ലുമ്പോള്‍ മരുമകളുടെ വീട്ടുകാര്‍ മുഖത്തടിച്ച മാതിരി വല്ലതും പറയാതെ വേലായുധന്‍ കുട്ടി നോക്കിക്കോളും'.

അതോടെ എഴുത്തശ്ശന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു. ' ഞാന്‍ ചെന്ന് അവരുടെ കാല്പിടിക്കണം എന്നാണോ നിങ്ങള്‍ പറയുന്നത് '
എന്നയാള്‍ ചോദിച്ചു. അതല്ല തങ്ങള്‍ ഉദ്ദേശിച്ചതെന്നും മകനും കുടുംബത്തിനും ഉണ്ടായ മനോവിഷമം തീര്‍ക്കാന്‍ പറ്റിയ മാര്‍ഗ്ഗം 
പറഞ്ഞതാണെന്നും ഇരുവരും പറഞ്ഞു.

എഴുത്തശ്ശന്‍ മുറ്റത്തേക്ക് ഒന്ന് നീട്ടി തുപ്പി. ' എനിക്കതിന് മനസ്സില്ലെങ്കിലോ, പോയി ആ ആണും പെണ്ണും കെട്ടവനോടും ആ മൂധേവിയോടും കുപ്പന്‍ കുട്ടി കഴിയുന്നത് അവരെ ഒന്നും നമ്പിയിട്ടല്ല എന്ന് പറഞ്ഞോളിന്‍. ശങ്കരനെഴുത്തശ്ശന്‍റെ മകന്‍ ആണായിട്ട് പിറന്നു, ആണായിട്ട് വളര്‍ന്നു, ആണായിട്ട് ചാവും ചെയ്യും '

ഒന്ന് നിര്‍ത്തിയിട്ട് അയാള്‍ വീണ്ടും പറഞ്ഞു' എല്ലാവരും ഇറങ്ങി പോയ ദിവസം ഞാനൊന്ന് പതറി, അത് സത്യം. പിന്നെ ആലോചിച്ചപ്പോള്‍ അതിലൊന്നും ഒരു കാര്യമില്ലെന്ന്ബോദ്ധ്യായി. ജനിക്കുന്നതും ഒറ്റക്കാണ്, ചാവുന്നതും ഒറ്റക്കാണ്. പിന്നെ എടേല് ഉള്ള കാലം ഒറ്റക്ക് തന്നെ കഴിഞ്ഞാലെന്താ '.

രാഘവനും കിട്ടുണ്ണി മാഷക്കും എന്താണ് പറയേണ്ടത് എന്ന് അറിയാത്ത മട്ടായി. ഇരുവരും മുഖത്തോട് മുഖം നോക്കി.
' ഇത്തിരീം കൂടി എനിക്ക് പറയാനുണ്ട് ' എഴുത്തശ്ശന്‍ തുടര്‍ന്നു ' ചത്താല്‍ എന്താ ചെയ്യാ എന്ന് ചോദിച്ചല്ലോ. കെട്ടി പൊതിഞ്ഞ് കൊണ്ടുപോവാന്‍ നാല്മൊഴം ജഗന്നാഥന്‍ വേണം. ഞാന്‍ അതിനുള്ള പണം മക്കു രാവുത്തരുടെ കയ്യില്‍
ഏല്‍പ്പിച്ചിട്ടുണ്ട്. കുഴി വെട്ടി ഇട്ട് മൂടാന്‍ ചാമിയേയും എടവാടാക്കിയിട്ടുണ്ട്. അവനോ, അവളോ, അവരുടെ ആരെങ്കിലും 
ആള്‍ക്കാരോ ഞാന്‍ ചത്താല്‍ വരും ചെയ്യരുത് കാണും ചെയ്യരുത്. ദേഹത്തിന് വയ്യാതായി കിടന്നാല്‍ എന്താ ചെയ്യേണ്ടത് എന്നും  നന്നായി ആലോചിച്ചിട്ടുണ്ട്. ഒരു കുപ്പി എന്‍ഡ്രിന്‍ ഞാന്‍ വാങ്ങി കരുതിയിട്ടുണ്ട്. കിടപ്പിലാവുംന്ന് തോന്ന്യാല്‍ അന്ന് അത് എടുത്ത് കുടിക്കും . അത്രേന്നെ '.

കിട്ടുണ്ണി മാഷും രാഘവനും എഴുന്നേറ്റു. ' ഞങ്ങള്‍ ഇറങ്ങ്വാ ' മാഷ് പറഞ്ഞു ' വേലായുധന്‍ കുട്ടിയോട് വല്ലതും 
പറയണോ '.

' ചോദിച്ച അവസ്ഥക്ക് പറയാം ' എഴുത്തശ്ശന്‍ തുടര്‍ന്നു ' വീട് നില്‍ക്കുന്ന സ്ഥലം എന്‍റെ പേരിലാണ്. എന്നാലും അവന്‍ അതില്‍
കുറെ കാശ് ഇറക്കിയിട്ടുണ്ട്. അതോണ്ട് വീട് അവന്‍ എടുത്തോട്ടെ. പക്ഷെ അതും പൂട്ടി താക്കോല്പൂട്ടിലും തിരുകി വെച്ച്
ഇറങ്ങി പോയതാണ്. നാളെ അത് കണ്ടില്ല, ഇത് കണ്ടില്ല എന്നൊന്നും പറയാന്‍ പറ്റില്ല. അതോണ്ട് സാധനങ്ങളെല്ലാം കിട്ടി
ബോധിച്ചൂന്ന് ഒരു കച്ചീട്ട് എഴുതി ഒപ്പിട്ട് നിങ്ങള് രണ്ട് സാക്ഷികളും ഒപ്പിട്ടു തന്നാല്‍ താക്കോല് ഞാന്‍ തരാം. അല്ലാതെ എനിക്ക്
ആരോടും ഒന്നും പറയാനും ഇല്ല, കേള്‍ക്കാനും ഇല്ല '.

അങ്ങിനെ ആവട്ടെ എന്നും പറഞ്ഞ് മദ്ധ്യസ്ഥര്‍ മടങ്ങി. എഴുത്തശ്ശന്‍ കഞ്ഞി വിളമ്പി കുടിക്കാന്‍ ഇരുന്നു.

***********************************************************************************************

തോട്ടത്തില്‍ ഒരു മൂച്ച് കിള കഴിഞ്ഞു. ഒരാഴ്ചയിലേറെയായി തെങ്ങിന്‍ തടങ്ങള്‍ തുരന്ന് തൂപ്പും തോലും നിറക്കലാണ് പണി. ഇടക്ക് പാടത്ത് ഒന്ന് കണ്ണോടിക്കണം. വല്ല കന്നോ മാടോ വന്ന് ഇറങ്ങിയാല്‍ കാണില്ല. കൈക്കോട്ട് തെങ്ങിന്‍ ചുവട്ടില്‍ തന്നെയിട്ട് ചാമി പുറപ്പെട്ടു. തോട്ടത്തിന്‍റെ പടി അടച്ചു വഴിയിലേക്ക് ഇറങ്ങി.

പൂഴി മണല്‍ വാരിപ്പൂശിയ വഴിയുടെ ഇരുവശവും കമ്മ്യൂണിസ്റ്റ് പച്ച മുളച്ച് പൊങ്ങി തുടങ്ങി. പച്ചക്കര മുണ്ട് നെയ്യാന്‍ 
കൈക്കോളന്‍ നൂല് പാവിട്ട പോലെ വഴി നീണ്ടു കിടന്നു. പാടത്തും വരമ്പിലും കുളമ്പിന്‍റെ അടയാളം കാണാനുണ്ട്. ആരോ
പാടത്ത് കന്നിനെ ഇറക്കിയിട്ടുണ്ട്. കയത്തം കുണ്ട് വരെ ചെന്നു. പുഴമ്പള്ളയില്‍ കൂളന്മാരെ മേയാന്‍ വിട്ട് പിള്ളേര്‍ വെള്ളത്തില്‍
നീന്തി തുടിച്ച് രസിക്കുകയാണ്. നല്ല ഒന്നാന്തരം തെറി ചാമിയുടെ നാവില്‍ നിന്ന് ഉയര്‍ന്നു പൊങ്ങി.

നീന്തല്‍ നിര്‍ത്തി പിള്ളേര്‍ കരക്ക് കയറി. കൂട്ടത്തില്‍ മുതിര്‍ന്നവന്‍റെ ചെവിക്ക് കയറിപിടിച്ചു. ' ഇനി നീയൊക്കെ കന്നിനെ വിട്ട്
കളിക്കാന്‍ പോയാല്‍ തല കീഴായി പിടിച്ച് ഞാന്‍ കയത്തില്‍ മുക്കും ' എന്നൊരു താക്കീതും കൊടുത്ത് ' ആട്ടി കൊണ്ട്
പോവിനെടാ ' എന്ന ഒരു കല്പനയും നല്‍കി. നനഞ്ഞ വേഷത്തോടെ കന്നുകളേയും ആട്ടി പിള്ളേര്‍ പോയി.

ചാമി തിരിച്ചു നടന്നു. ചേരിന്‍റെ പടിഞ്ഞാറോട്ടുള്ള വരമ്പ് നിറയെ പയര്‍ കുത്തിയിട്ടിട്ടുണ്ട്. അതെങ്ങാനും കന്ന് കടിച്ചുവോ എന്ന് നോക്കി. ഭാഗ്യത്തിന്ന് ഇങ്ങോട്ട് കന്നുകള്‍ വന്നിട്ടില്ല. പയറിന്‍റെ ഇല വലിച്ചു കൊണ്ടുവരാന്‍ കുറച്ച് ദിവസമായി കല്യാണി
പറയാന്‍ തുടങ്ങിയിട്ട്. പയറിന്‍റെ ഇല നന്നായി കൊത്തി അരിഞ്ഞ് വേവിച്ച് അരിപ്പൊടിയിട്ട് ഉപ്പേരി ഉണ്ടാക്കാനാണ്. കഞ്ഞിക്ക്
പയറിന്‍റെ ഇല ഉപ്പേരി വെച്ചത് നല്ല കൂട്ടാണ്. തോര്‍ത്ത് അഴിച്ച് നിലത്ത് വിരിച്ചു. പറിച്ചെടുത്ത ഇലകള്‍ അതില്‍ ഇട്ടു.

വേനല്‍ പള്ളം വെച്ചതില്‍ അഞ്ചാറ് വെണ്ടയും വഴുതിനയും ബാക്കി നില്‍പ്പുണ്ട്. കായ കുറഞ്ഞെങ്കിലും ചിലപ്പോള്‍ വല്ലതും
കിട്ടും. കുട്ടി അതോണ്ട് കൂട്ടാന്‍ വെച്ചോട്ടെ.

കായകള്‍ വലിച്ച് തോര്‍ത്തില്‍ കെട്ടി ചാമി ബീഡിക്ക് തീ കൊടുത്തു. അപ്പോഴാണ് ദൂരെ നിന്ന് വേലപ്പന്‍ വരുന്നത് കണ്ടത്. നല്ല വെശയിലാണ് നടപ്പ്. എന്താപ്പൊ ഇത്ര തിടുക്കപ്പെട്ട് വരാന്‍ എന്ന് ആലോചിച്ച് ചേരിന്‍ ചോട്ടിലേക്ക് നടന്നു.

' നിന്‍റെ മൊതലാളന്മാര് ഇന്നലെ ഇങ്ങോട്ട് വന്നിരുന്നോ ' വന്നപാടെ വേലപ്പന്‍ ചോദിച്ചു.

' ആ ' ചാമി കൈ മലര്‍ത്തി.

' എന്നിട്ടാണോ ആ മൂത്താര് മൊതലാളിമാര് വരുന്ന വിവരം നെന്നോട് പറഞ്ഞൂന്നും , അതിന് മോരൊഴിച്ച് വിളക്ക് വെക്കണോന്ന് നീ കേട്ടൂന്നും അയാള്‍ കല്യാണിയോട് പറഞ്ഞത് '.

' ഓ, ആരോ വന്നോട്ടെ പൊയ്ക്കോട്ടെ, നമുക്കെന്താ. ഇവിടെ പണി എടുക്കണം കൂലി വാങ്ങണം. അത്രേന്നെ '.

' ഇതൊക്കെ കേക്കുമ്പൊ എനിക്ക് നല്ല ഈറ വരുണുണ്ട്. നീ മൂത്തതായി പോയില്ലേ. ഇല്ലെങ്കില്‍ ചെകിട് അടിച്ച് മൂളിച്ചെന്നെ '.

' അതിനെന്താ, നീ തൊട്ട് തലേ വെച്ച് രണ്ട് തല്ല് തന്നോ. ഞാന്‍ തല കാട്ടി തരാം '.

' എന്നാലും നെനക്ക് മര്യാദക്ക് പെരുമാറി കൂടാ അല്ലേ '.

' അതൊന്നും സാരോല്യാ. ഇനി വരുമ്പൊ കണ്ടാപ്പോരേ, നീ ആ അരിവാള് ഇങ്ങിട്ട് താ. ഞാന്‍ പുല്ല് അരിഞ്ഞ് തരാം  '.

' വേണ്ടാ, ഞാന്‍ തന്നെ അരിഞ്ഞോളാം എന്ന് വേലപ്പന്‍ പറഞ്ഞുവെങ്കിലും ' നായ കിതക്കുന്ന പോലെ നീ കിതക്കുന്നുണ്ട്, മിണ്ടാണ്ടെ ഒരിടത്ത് ഇരിക്ക് ' എന്നും പറഞ്ഞ് ചാമി അരിവാള് വാങ്ങി പുല്ലരിയാന്‍ തുടങ്ങി.

Saturday, December 19, 2009

അദ്ധ്യായം 33

ഒരാഴ്ചയിലേറെയായി വീട്ടില്‍ നിന്ന് ഇറങ്ങി വന്നിട്ട്. ഇതിനകം അച്ഛന്‍ തിരക്കി വരുമെന്ന് വേലായുധന്‍ കുട്ടി കരുതിയിരുന്നതാണ്. ഇടക്കിടക്ക് മാധവി ഓരോ കുത്തുവാക്ക് പറയും. വയസ്സായ അച്ഛനെ നേരാമാര്‍ഗ്ഗം നടത്താന്‍ കഴിവില്ലാതെ ഇരിക്കുന്ന വീടും വിട്ട് പെണ്ണിന്‍റെ വീട്ടില്‍ സുഖ താമസത്തിന്ന് വന്നിരിക്കുകയാണെന്ന് അവള്‍ പറയുമ്പോള്‍ നാണക്കേടുകൊണ്ട് ഒരക്ഷരം മറുത്ത് പറയാന്‍ പറ്റാതായി. ഭാഗ്യമെന്നേ പറയേണ്ടു ഈ തവണ അളിയന്മാര്‍ ഒന്നും പറയുന്നില്ല. രാധാകൃഷ്ണന്‍ 
ഉണ്ടെങ്കില്‍ അവനോടെങ്കിലും സങ്കടം പറയാമായിരുന്നു.

വേലായുധന്‍ കുട്ടി അന്ന് രാവിലെ പുറത്തേക്ക് ഇറങ്ങാന്‍ ഒരുങ്ങി. ഇത്രയും ദിവസം മില്ലില്‍ ചെന്നിട്ടില്ല. അവിടുത്തെ കാര്യങ്ങള്‍
എന്തൊക്കെയാണോ ആവോ. എങ്ങിനെ നാട്ടുകാരുടെ മുഖത്ത് നോക്കും എന്ന വിഷമത്തിലായിരുന്നു ഇതുവരെ. മില്ലില്‍ നിന്ന് മേസ്ത്രി ഇടക്ക് വരും . നിത്യവും ഫോണ്‍ ചെയ്യാറുമുണ്ട്. വീട്ടിലെ കാര്യങ്ങള്‍ ചോദിക്കണമെന്നുണ്ടായിരുന്നു. എങ്ങിനെയാണ് പണിക്കാരനോട് നില വിട്ട് ഇത്തരം കാര്യങ്ങള്‍ ചോദിക്കുന്നത്. നാട്ടില്‍ നിന്നും വന്നതേ തെറ്റി. ഭാര്യയെ സമാധാനിപ്പിക്കാന്‍ 
അതല്ലാതെ മാര്‍ഗ്ഗം ഉണ്ടായിരുന്നില്ലല്ലൊ.

ആഹാരം കഴിഞ്ഞ് വേഷം മാറി പുറപ്പെടുമ്പോള്‍ എങ്ങോട്ടാണെന്ന് മാധവി തിരക്കി. മില്ലില്‍ പോവുന്ന കാര്യം പറഞ്ഞപ്പോള്‍
' ആ വഴിക്ക് ചെന്ന് അച്ഛനെ ഒന്ന് കണ്ടിട്ട് വന്നോളീന്‍, ഇത്ര ദിവസം കാണാതെ കണ്ണ് പൊരിയുന്നുണ്ടാവും ' എന്ന് അവള്‍ പറഞ്ഞത് കേട്ടില്ലെന്ന് നടിച്ചു. രണ്ടു കയ്യും കൂടി തല്ലിയാലല്ലേ ശബ്ദം ഉണ്ടാവൂ.

കാറ് ഷെഡ്ഡില്‍ കയറ്റി നിര്‍ത്തി. ഓഫീസിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ മുറ്റത്ത് പുഴുങ്ങിയ നെല്ല് ഉണക്കാനിട്ടത് ചിക്കിക്കൊണ്ടിരുന്ന സ്ത്രീകള്‍ എന്തോ അടക്കം പറഞ്ഞ് ചിരിക്കുന്നത് പോലെ തോന്നി. അച്ചിക്കോന്തന്‍ എന്ന് പറയുകയായിരിക്കും. കാണാത്ത ഭാവത്തില്‍ കയറി ചെന്നു.

കണക്കുപിള്ള ശിവന്‍ മുമ്പില്‍ കൊണ്ടുവന്നുവെച്ച നെല്ലിന്‍റെ വരവും അരിയുടെ വില്‍പ്പനയും എഴുതിയ റജിസ്റ്ററുകളിലൂടെ
അലസമായി ഒന്ന് കണ്ണോടിച്ചു. ഒന്നിലും മനസ്സ് നില്‍ക്കുന്നില്ല.പിണങ്ങി പോന്നതാണെങ്കിലും അച്ഛന്‍റെ വിവരങ്ങള്‍ അറിയണമെന്നുണ്ട്. ഒന്ന് നേരിട്ട് ചെന്ന് അന്വേഷിച്ചാലോ. അല്ലെങ്കില്‍ വേണ്ടാ. മാധവി എങ്ങിനെയെങ്ങാനും അത് അറിഞ്ഞാല്‍ 
മതി. പിന്നെ അതിനാവും കുറ്റപ്പെടുത്തല്‍.  

ഫോണ്‍ബെല്ല് അടിച്ചപ്പോള്‍ എടുത്തു. മറുവശത്ത് രാഘവനാണ്. ' പിള്ളേരുടെ വല്ല വിവരവും ഉണ്ടോ 'എന്നാണ് അയാള്‍ ആദ്യം തന്നെ ചോദിച്ചത്. രാധാകൃഷ്ണനോടൊപ്പം ചെന്നത് രാഘവന്‍റെ മകന്‍ സുകുമാരനാണ്. ഇല്ല എന്നറിയിച്ചു.

' താന്‍ അച്ഛനോട് പിണങ്ങി വീട് വിട്ട് ഇറങ്ങി എന്നറിഞ്ഞു. അത് പോട്ടെ. നാട്ടുകാരോട് മുഴുവന്‍ അലോഹ്യത്തിലാണോ. ഒന്ന് ഫോണ്‍ ചെയ്യാമായിരുന്നില്ലേ തനിക്ക്. വീട്ടിലെ വിവരങ്ങള്‍ എന്തൊക്കെയാണ്? '

ഇതു തന്നെ പറ്റിയ സന്ദര്‍ഭമെന്ന് വേലായുധന്‍ കുട്ടി കണക്കാക്കി. വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം അവിടുത്തെ കാര്യങ്ങള്‍ ഒന്നും 
തന്നെ അറിഞ്ഞിട്ടില്ലെന്നും വിവരങ്ങള്‍ അന്വേഷിച്ച് അറിയിക്കണമെന്നും അയാള്‍ രാഘവനോട് ആവശ്യപ്പെട്ടു. ഒരു മണിക്കൂറിനകം
വിവരം തരാമെന്നും പറഞ്ഞ് രാഘവന്‍ ഫോണ്‍ വെച്ചു.

*************************************************************************************

നാല് ദിവസത്തെ താമസത്തിന്നു ശേഷം വേണു തിരിച്ചു പോന്നു. വൈകീട്ട് എത്തുമ്പോള്‍ കിട്ടുണ്ണി വീട്ടിലില്ല. സന്ധ്യയോടെയാണ് അയാള്‍ വന്നത്.

' ഏട്ടന്‍ കൃഷിയും കളപ്പുരയും നോക്കാന്‍ അവരോടൊപ്പം വന്നൂന്ന് അറിഞ്ഞു. എന്തേ അവരെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരാത്തത് ' എന്നായി ആദ്യത്തെ ചോദ്യം.

താന്‍ വിളിച്ചുവെന്നും ഓപ്പോള്‍ വരില്ല എന്ന് ശാഠ്യം പിടിച്ചതാണെന്നും വേണു അറിയിച്ചു.

' അതെങ്ങന്യാ , ഇവിടുന്ന് ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് മൂളി കേള്‍ക്കും , അവിടെ അവര് എന്തെങ്കിലും പറഞ്ഞാല്‍
അതിനും ഒന്ന് മൂളും. അല്ലാതെ ഏട്ടന് ആരോടെങ്കിലും കാര്യം പറയാന്‍ അറിയ്വോ '.

തന്നോട് പെങ്ങള്‍ക്കുള്ള അലോഹ്യം കുറച്ചെങ്കിലും കുറഞ്ഞുവോ എന്നു മാത്രമേ കിട്ടുണ്ണിക്ക് അറിയേണ്ടതായിട്ടുള്ളു. അത് ഇല്ല എന്ന് അറിഞ്ഞതോടെ കക്ഷി പിന്നീടൊന്നും ചോദിച്ചില്ല. പെങ്ങളുടെ വിശേഷങ്ങള്‍ കിട്ടുണ്ണി അന്വേഷിക്കുമെന്ന് വേണു കരുതിയത് വെറുതെയായി.

പിറ്റേന്ന് രാത്രി ഭക്ഷണം കഴിഞ്ഞ് ഉമ്മറത്ത് ഇരിക്കുമ്പോള്‍ ' കല്യാണക്കാര്യത്തില്‍ ഏട്ടന്‍ എന്തെങ്കിലും തീരുമാനം എടുത്തുവോ '
എന്ന് കിട്ടുണ്ണി വേണുവിനോട് ചോദിച്ചു. ഇല്ല എന്ന മറുപടി അയാളെ ചൊടിപ്പിച്ചു.

' അതേയ്. വേണങ്കിലും വേണ്ടെങ്കിലും പെട്ടെന്നൊരു മറുപടി തരണം. എനിക്ക് മര്യാദക്കരുടെ അടുത്ത് നീട്ടി നീട്ടി പറയാന്‍ 
പറ്റില്ല '.

' എന്‍റെ കാര്യോക്കെ നിനക്ക് അറിയാലോ, ഇനി ഈ വയസ്സാന്‍ കാലത്ത് എനിക്ക് പെണ്ണും പിടക്കോഴീം ഒന്നും വേണ്ടാ ' എന്ന്
വേണു തീര്‍ത്ത് പറഞ്ഞു.

' വേണ്ടെങ്കില്‍ വേണ്ടാ, എനിക്കൊന്നൂല്യാ. വയ്യാതെ കിടപ്പിലായാല്‍ ആര് നോക്കുംന്ന് വിചാരിച്ചിട്ടാ. ഇവിടെ ഒരുത്തി ഉള്ളതിന് അവനവന്‍റെ കാര്യം നോക്കാനെ വയ്യാ. അല്ലെങ്കിലും അന്യ പുരുഷന്മാരുടെ കാര്യങ്ങളൊക്കെ ഏതെങ്കിലും സ്ത്രീകള്‍ നോക്ക്വോ '.

സ്വരത്തില്‍ നിറഞ്ഞ ഇഷ്ടക്കേട് വേണു തിരിച്ചറിഞ്ഞു. താന്‍ ഇവിടെ ഒരു അധികപറ്റാണ്. ഇവിടെ നിന്ന് ഇറങ്ങിയാല്‍ ഓപ്പോളുടെ അടുത്ത് ചെല്ലാം. പക്ഷെ അതും എത്ര ദിവസത്തേക്ക്. അവര്‍ക്കും നീരസം തോന്നിക്കൂടാ എന്നില്ലല്ലൊ. എന്തായാലും സ്വന്തമായി ഒരു താവളം ഉണ്ടായേ മതിയാവൂ.

രാത്രി കിടക്കുമ്പോള്‍ വേണു അതേക്കുറിച്ചു തന്നെ ആലോചിച്ച് കിടന്നു. മദിരാശിയിലേക്കു തന്നെ തിരിച്ചു പോയാലോ എന്ന് തോന്നി. അപ്പോഴാണ് വയസ്സുകാലത്ത് അവനവന്‍റെ നാട്ടില്‍ തന്നെ കഴിഞ്ഞു കൂടണം എന്ന മാരിമുത്തുവിന്‍റെ വാക്കുകള്‍ ഓര്‍ത്തത്.
തനിക്ക് പ്രിയപ്പെട്ട തന്‍റെ കളപ്പുരയിലേക്ക് എത്രയും പെട്ടെന്ന് താമസം മാറണമെന്ന് വേണു ഉറപ്പിച്ചു.

' കൃഷിയൊക്കെ ചെന്ന് നോക്കീതല്ലേ,എങ്ങനീണ്ട് ' എന്ന് കാപ്പി കുടിക്കാനിരിക്കുമ്പോള്‍ കിട്ടുണ്ണി ചോദിച്ചു,

തരക്കേടില്ല എന്ന ഒറ്റ വാക്കില്‍ മറുപടി ഒതുക്കി.

' ഏട്ടന്‍ ഒരു കാര്യം ചെയ്യൂ, അതൊക്കെ അങ്ങോട്ട് വില്‍ക്കൂ ' കിട്ടുണ്ണി പറഞ്ഞു ' അവിടെ പുഴ കടന്ന് പോകാനൊക്കെ പാടാണ്. ശരിക്ക് നോട്ടം കിട്ടില്ല. നമുക്ക് ഇക്കരെ എന്‍റെ സ്ഥലത്തിന്‍റെ അടുത്ത് കുറച്ച് കൃഷി വാങ്ങാം. എന്നാല്‍ പിന്നെ എനിക്ക് എളുപ്പം നോക്കി നടത്താലോ ?'

വേണു എതിരൊന്നും പറഞ്ഞില്ല.' എനിക്ക് ഇന്നന്നെ ഓപ്പോളുടെ അടുത്തൊന്ന് പോകണ' മെന്ന് അയാള്‍ പറഞ്ഞു നിര്‍ത്തി.

Saturday, December 12, 2009

അദ്ധ്യായം - 32

എഴുത്തശ്ശനെ സഹായിക്കാനെന്ന മട്ടില്‍ കാലവര്‍ഷം തിരശ്ശീലക്ക് പിന്നില്‍ തന്നെ ഒളിച്ചിരുന്നു. മകീരത്തില്‍ മതി മറന്ന് പെയ്യും
എന്നാണ് ചൊല്ല്. ഞാറ്റുവേല പകുതി ആവാറായി. വിതച്ച് മുള പൊട്ടി വന്ന നെല്‍ചെടികളുടെ അറ്റം കരിവാളിച്ച് തുടങ്ങി.

' ഇനീപ്പൊ മഴ പെയ്താലും ഒരു വിരോധോല്യാ ' ഒരു ദിവസം എഴുത്തശ്ശന്‍ അമ്പലക്കടവില്‍ വെച്ച് നാണു നായരോട്
പറഞ്ഞു ' തൊഴുത്തും വണ്ടിപ്പുരയും  മേഞ്ഞു കഴിഞ്ഞു. ബാക്കി കല്ലോണ്ട് ചുറ്റും  ഒന്ന് മറക്കണം, അത് മഴ
പെയ്താലും ചെയ്യാലോ '.

നാണു നായര്‍ക്കും കുറച്ച് ദിവസമായി ഒരു തൊഴിലായി. രാവിലെ കുളിച്ച് തൊഴുത് വന്നതും മൂപ്പര്‍ കൂട്ടുകാരന്‍ പണി
ചെയ്യിക്കുന്ന സ്ഥലത്തേക്ക് തിരിക്കും. എഴുത്തശ്ശന്നുള്ള ഭക്ഷണം കയ്യില്‍ കരുതും. ഉച്ചക്ക് പണിക്കാര്‍ ജോലി അവസാനിപ്പിച്ചാല്‍ 
രണ്ടുപേരും കൂടി ഉണ്ണാന്‍ വീട്ടിലെത്തും. സരോജിനി കൊടുത്ത ആഹാരം കഴിച്ചു കഴിഞ്ഞാല്‍ ' നാണ്വാരേ, നിങ്ങള്
ഇത്തിരി കിടന്നോളിന്‍ ' എന്നും പറഞ്ഞ് സുഹൃത്ത് മടങ്ങി പോവും.

ആറേഴ് ദിവസം കൊണ്ട് പണി പൂര്‍ത്തിയായി. ഇനി കിടപ്പും കൂടി പുതിയ സ്ഥലത്തേക്ക് മാറ്റുകയേ വേണ്ടു. തൊഴുത്ത് പൊളിച്ച അന്ന് മുതല്‍ കന്നിനെ കുറ്റിയടിച്ച് കെട്ടിയിട്ടതാണ്. അവറ്റ കാറ്റും വെയിലും കൊണ്ട് നില്‍ക്കുകയാണ്. പുതിയ തൊഴുത്തില്‍ മൂരികളെ ഒട്ടും വൈകാതെ കയറ്റണം.

' നാളെക്ക് നാളെ ഇങ്ങോട്ട് മാറിയാലോ എന്നാ ഞാന്‍ വിചാരിക്കുന്നത് ' എഴുത്തശ്ശന്‍ നാണു നായരോട് പറഞ്ഞു ' മഴ
എപ്പൊഴാ താഴത്തേക്ക് വീഴണ്ടത് എന്നും പറഞ്ഞാ നില്‍ക്കുന്നത് '.

' അങ്ങനെ അങ്ങിട്ട് ചെയ്യാന്‍ പാട്വോ ' നായര്‍ പറഞ്ഞു ' ഇതിനൊക്കെ നാളും ദിവസൂം നോക്കണ്ടേ '.

' എന്നാ ചാവുണത് എന്നും കാത്ത് ഇരിക്യാണ്ഞാന്‍ . വാണ് വര്‍ദ്ധിച്ച് കുട്ടീം മക്കളും ആയി ഇരിക്കണം ച്ചാലല്ലേ നാളും
നക്ഷത്രവും ഒക്കെ നോക്കേണ്ടതുള്ളു' എന്ന് എഴുത്തശ്ശന്‍ പറഞ്ഞുവെങ്കിലും, ജോത്സ്യനെ കാണാനുള്ള ചുമതല കൂട്ടുകാരനെ തന്നെ
ഏല്‍പ്പിച്ചു.

ഉച്ച ഭക്ഷണം കഴിഞ്ഞ് എഴുത്തശ്ശന്‍ പോയി. നാണു നായര്‍ ഒന്ന് നടു നിവര്‍ത്തി. നാല് മണിക്ക് മുമ്പ് അയാള്‍ എഴുന്നേറ്റു. ' ഞാന്‍ ഇപ്പൊ വരാം ' എന്ന് മകളോട്പറഞ്ഞ് അയാള്‍ മുറ്റത്തേക്കിറങ്ങി.

' അച്ഛന്‍ ഈ നേരത്ത് എവിടേക്കാ പോണത് ' എന്ന് മകള്‍ ആരാഞ്ഞു. പുതിയ താമസ സ്ഥലത്തേക്ക് എഴുത്തശ്ശന്ന്
താമസം മാറുന്നതിന്ന് നല്ല ദിവസം നോക്കാന്‍ പണിക്കരെ കാണാന്‍ പോവുകയാണെന്ന് അയാള്‍ മറുപടി നല്‍കി.

' അച്ഛന്‍ ഒരു മിനുട്ട് നില്‍ക്കൂട്ടോ ' എന്നും പറഞ്ഞ് സരോജിനി അകത്തേക്ക് ചെന്നു. മരത്തിന്‍റെ പെട്ടിയില്‍ 
സൂക്ഷിച്ചിട്ടുള്ള തന്‍റെ തലക്കുറിപ്പ് അവള്‍ കടലാസ്സില്‍ പൊതിഞ്ഞ് എടുത്തു. ഉമ്മറത്ത് കത്ത് നിന്ന അച്ഛന്‍റെ കയ്യില്‍ അവള്‍ അത് കൊടുത്തു.

' എന്താ ഇത് ' എന്ന് നാണു നായര്‍ തിരക്കി. തന്‍റെ ജാതകക്കുറിപ്പാണ് പൊതിയില്‍ ഉള്ളതെന്നും ജോത്സ്യനെ കൊണ്ട്
അത് കൂടി ഒന്ന് നോക്കിക്കണമെന്നും സരോജിനി പറഞ്ഞു.

അതും വാങ്ങി പടി കടന്ന് പോകുമ്പോള്‍ ' എന്താ ഈ പെണ്ണിന് പറ്റിയത് ' എന്ന് നാണു നായര്‍ ചിന്തിച്ചു.

അമ്പതാം വയസ്സിന്‍റെ പടിക്കല്‍ എത്തിയ തനിക്ക് ഒരു ജാതകം എഴുതിച്ച് തരാന്‍ കൂടി വീട്ടുകാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ജനന സമയം കുറിച്ച തലക്കുറിവെച്ചാണ് വല്ലപ്പോഴും ഫലം നോക്കിച്ചിട്ടുള്ളത്. ഇരുപത് വയസ്സ് മുതല്‍ 
കേള്‍ക്കാന്‍ തുടങ്ങിയതാണ് ആറു മാസത്തിന്നുള്ളില്‍ അല്ലെങ്കില്‍ ഒരു കൊല്ലത്തിനകം കല്യാണം നടക്കുമെന്ന്. പണിക്കര് പറഞ്ഞ
പോലെ ഒന്നും നടന്നില്ല. കഴിഞ്ഞത് കഴിഞ്ഞു. ഇനിയെങ്കിലും ജീവിതത്തില്‍ ഒരു മേല്‍ഗതി ഉണ്ടാവില്ലേ ? അത്തരം ഒരു പ്രവചനവും കാത്ത് സരോജിനി ഇരുന്നു.

*************************************************************************************

പിറ്റേന്ന് തന്നെ വേണുവിന്‍റെ വക കൃഷിയും സ്ഥലങ്ങളും നോക്കി കാണാന്‍ എല്ലാവരും കൂടി ചെന്നു. വിശ്വനാഥന്‍ വക്കീലും 
പത്മിനിയമ്മയും വേണുവും ഡ്രൈവറും കൂടിയാണ് ചെന്നത്. കാര്യസ്ഥന്‍ രാമന്‍ നായരോട് വൈകുന്നേരം തന്നെ പറഞ്ഞ് ശട്ടം 
കെട്ടിയിരുന്നു.

പുഴ വക്കത്ത് കാര്‍ നിര്‍ത്തി എല്ലാവരും ഇറങ്ങി. ' മുട്ടിന്ന് മേപ്പോട്ട് വെള്ളം ഉണ്ട് ' എന്ന് അവിടെ കാത്തു നിന്ന രാമന്‍ നായര്‍ പറഞ്ഞു. ' എന്നാല്‍ ഞാന്‍ വരുന്നില്ല ' എന്നു പറഞ്ഞ് പത്മിനി ഒഴിവാകാന്‍ നോക്കി. ' അതൊന്നും 
സാരമില്ലാടോ, താനും വാ ' എന്നു പറഞ്ഞ് വക്കീല്‍ നിര്‍ബന്ധിച്ചതോടെ പത്മിനിയും പുഴയിലേക്കിറങ്ങി.

മുളച്ച് വന്ന നെല്‍ചെടികള്‍ മണ്ണിനെ പച്ച ചേല ഉടുപ്പിച്ചിരിക്കുന്നു. എല്ലാ വയല്‍ വരമ്പുകളും ചെത്തി വൃത്തിയാക്കിയിട്ടുണ്ട്.
ആകപ്പാടെ കാണാന്‍ ഒരു ഐശ്വര്യം തോന്നി. ' ഇന്നെന്താ പണി ഒന്നും ഇല്ലേ ' എന്ന് പത്മിനി ചോദിച്ചു. കര്‍ഷക
തൊഴിലാളികളുടെ സമ്മേളനം ആയതിനാല്‍ പണിക്കാരെല്ലാം  അതിന്ന് പോയിരിക്കുകയാണെന്ന് രാമന്‍ നായര്‍ അറിയിച്ചു.
വേണുവിന്ന് അത്ഭുതം തോന്നി. കൃഷിപ്പണിക്ക് വരുന്നവര്‍ക്കും സംഘടനയും ജാഥയും സമ്മേളനവും ഒക്കെയുണ്ടെന്ന് അയാള്‍
ആദ്യമായി അറിയുകയാണ്.

' ആരാ ഇപ്പൊ പണിക്കാരുടെ തലവനായിട്ട് ' എന്ന് വക്കീല്‍ ആരാഞ്ഞു. ' ചാമീന്ന് പേരുള്ള ഒരു വിദ്വാനുണ്ട് ' രാമന്‍
നായര്‍ പറഞ്ഞു ' ഇങ്ങിട്ട് വിളിച്ചാല്‍ അങ്ങോട്ട് പോകും. അത്ര നല്ല സ്വഭാവം. കള്ള് കുടിക്കാനും തമ്മില്‍തല്ല് കൂടാനും മാത്രേ അവന് നേരൂള്ളൂ. ' ഒന്ന് നിര്‍ത്തി അയാള്‍ തുടര്‍ന്നു ' ഞാന്‍ കൂട്ടി പറയാണെന്ന് തോന്നരുത്. മുതലാളിമാര് ഇങ്ങിട്ട് കാണാന്‍ 
വരുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ , അതിന്ന് ഞാന്‍  മോര് പാര്‍ന്ന് നാല്തിരിയിട്ട വിളക്ക് കത്തിച്ച് കൂട്ടിക്കോണ്ട് വരാന്‍
നിക്കണോ എന്നാ തിരിച്ച് ചോദിച്ചത്. '

എത്രയോ കാലങ്ങള്‍ക്ക് ശേഷം വേണു പാടങ്ങള്‍ മുഴുവനും ചുറ്റിക്കണ്ടു, അതും തികഞ്ഞ നിസ്സംഗതയോടെ. അതൊക്കെ
തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന തോന്നല്‍ അയാളില്‍ ഉണ്ടായില്ല. കേവലമൊരു കാഴ്ചക്കാരനെ പോലെ അയാള്‍
എല്ലാവരുടേയും ഒപ്പം നടന്നു.

' ഇതൊക്കെ നിന്‍റെ മുതലാണ്. ഞങ്ങള്‍ വെറും നോക്കി നടത്തിപ്പുകാരാണേ ' എന്ന് പത്മിനി അയാളോട് പറഞ്ഞു.

' എനിക്കെന്തിനാ ഓപ്പോളേ ഇതൊക്കെ ' എന്നായി വേണു.

' ഇതാ ഇപ്പോ നന്നായത്, അവനവന്‍റെ സ്വത്ത് എന്തിനാണെന്ന് ഒരാള് പറയുന്നത് ആദ്യമായിട്ടാണ് ഞാന്‍ കേള്‍ക്കണത്.
ഇതെങ്ങാനും ആ കിട്ടുണ്ണി കേള്‍ക്കണം, ഇരു ചെവി അറിയും മുമ്പ് ആ മഹാന്‍ ഇതൊക്കെ കൈക്കലാക്കും 'എന്ന് പത്മിനിയും പറഞ്ഞു .

നിറയെ കായ്ച്ച് നില്‍ക്കുന്ന തെങ്ങുകളും,  ഇടക്കോരോ കവുങ്ങും വേലിയോരത്ത് പല വിധത്തിലുള്ള ഫലവൃഷങ്ങളും
ഒക്കെക്കൂടിയുള്ള തോട്ടം  വേണുവിന്‍റെ കണ്ണ് കുളിര്‍പ്പിച്ചു. ഇതെല്ലാം നോക്കി എത്ര നേരം വേണമെങ്കിലും രസിച്ചിരിക്കാമെന്ന്
വേണു ചിന്തിച്ചു.

തോട്ടത്തില്‍ നിന്നും ഇറങ്ങി അവര്‍ കളപ്പുരയിലേക്ക് നടന്നു. രാമന്‍ നായര്‍ തന്‍റെ കയ്യിലെ തുണിസ്സഞ്ചിയില്‍ നിന്നും 
താക്കോലെടുത്ത് പടി തുറന്നു. കളപ്പുരക്ക് മുന്നിലെ ഷെഡ്ഡില്‍ കരിയും നുകവും കൈക്കോട്ടുകളും സൂക്ഷിച്ച് വെച്ചിരിക്കുന്നു.

കുട്ടിക്കാലത്ത് ചില ഒഴിവു ദിവസങ്ങളില്‍ പാടത്തെ പണി നോക്കാന്‍ ചെല്ലും . കന്ന് പൂട്ട് നടക്കുന്ന സമയങ്ങളില്‍ 
പണിക്കാരുടെ സമ്മതത്തോടെ കയ്യില്‍ ഒരു മുടിയന്‍ കോലുമായി കരിയില്‍ പിടിച്ചുകൊണ്ട് കന്നുകളുടെ പുറകില്‍ നടക്കും .
ഭൂതകാലത്തിലെ ആ നല്ല നിമിഷങ്ങള്‍ വേണുവിന്‍റെ മനസ്സില്‍ എത്തി. അറിയാതെ അയാള്‍ കലപ്പയുടെ പിടിയിലൊന്ന് തൊട്ടു
നോക്കി.

' അതൊക്കെ വെറുതെ വെച്ചിരിക്കുകയാണ്. ഒന്നും ഉപയോഗിക്കാറില്ല, ഇപ്പോള്‍ എല്ലാവരും ട്രാക്ടര്‍ കൊണ്ടല്ലേ പൂട്ടുന്നത് '
എന്ന് രാമന്‍ നായര്‍ പറഞ്ഞു. കളപ്പുരയും പരിസരവും എല്ലാം വേണുവിന്ന് ഇഷ്ടപ്പെട്ടു. അന്നത്തെ കളപ്പുരയല്ല ഇന്നുള്ളത്. പഴയത് നിലം പൊത്തിക്കാണും. മണ്‍ചുമരുകളും ഓലമേഞ്ഞ മേല്‍കൂരയും ആയിരുന്നു പഴയതിന്ന്. ഇത് വെട്ടുകല്ലില്‍ കെട്ടി
പ്പൊക്കി ചെത്തി തേക്കാതെയുള്ളതാണ്. വക്കീലും ഭാര്യയും രാമന്‍ നായരോടൊപ്പം പുരക്ക് അകത്തേക്ക് കയറിപ്പോയി. വേണു
കോലായില്‍ തന്നെയിരുന്നു.

പത്മിനി ഓപ്പോളും കിട്ടുണ്ണിയും പണ്ടും ഇങ്ങോട്ട് അധികം വരാറില്ല. പശുക്കളെ മേയ്ക്കാന്‍ പറഞ്ഞാല്‍ അവര്‍ പുസ്തകം
എടുക്കും. മാടുകളേയും കൊണ്ട് ഒറ്റക്കാണ് ഇങ്ങോട്ട് വരാറ് . കളപ്പുര തൊടിയില്‍ അവയെ മേയാന്‍ വിട്ട് പിള്ളക്കോലായയില്‍
മനോരാജ്യം കണ്ട് കിടക്കും. എല്ലാ ദുഃഖങ്ങളും അതോടെ ഇല്ലാതാവും. ഇതാണ് സ്വര്‍ഗ്ഗം എന്ന് അന്നൊക്കെ തോന്നിയിരുന്നു.
ഇവിടെ തന്നെ സ്ഥിര താമസം ആക്കിയാലോ എന്ന ചിന്ത പെട്ടെന്ന് അയാളുടെ മനസ്സില്‍ ഉദിച്ചു. വിശ്വേട്ടന്‍ പറഞ്ഞത് പോലെ
ഈ പുര ഓട് മേയുകയൊന്നും വേണമെന്നില്ല. വെയിലും മഴയും കൊള്ളാതെ കിടക്കാന്‍ ഇതൊക്കെ തന്നെ ധാരാളം.
ഓപ്പോളോട് ഈ കാര്യം സൌകര്യം പോലെ പറയണമെന്ന് വേണു ഉറപ്പിച്ചു.

പുഴ വക്കത്ത് വരെ കാര്യസ്ഥന്‍ വന്നു. യാത്ര തിരിക്കും മുമ്പ് വേണു പത്മിനിയുടെ അടുത്ത് ചെന്നു.

' ഓപ്പോളെ, ഞാന്‍ ഒരു കാര്യം പറയട്ടെ ' വേണു ചോദിച്ചു.

'ങും' പത്മിനി അയാളെ നോക്കി.

' നമ്മള്‍ ഇതുവരെ വന്നതല്ലേ ' വേണു പറഞ്ഞു ' നമുക്ക് കിട്ടുണ്ണിയുടെ വീട്ടിലൊന്ന് ചെന്നാലോ'

' എന്നെക്കൊണ്ടൊന്നും പറയിക്കേണ്ടാ ' പത്മിനി ക്ഷോഭിച്ചു ' മിണ്ടാതെ കാറില്‍ കയറിക്കോ '.

പൊടി പറത്തി കാര്‍ മുന്നോട്ട് പാഞ്ഞു.

Tuesday, December 1, 2009

അദ്ധ്യായം - 31

' ഇനി നമുക്ക് നാളെ രാവിലെ സംസാരിക്കാം ' പത്മിനി പറഞ്ഞു ' വേണു ദാ ഉറക്കം തൂങ്ങാന്‍ തുടങ്ങി , അല്ലെങ്കിലും
അത്താഴം ഉണ്ടിട്ട് ഒരു കാര്യം നിശ്ചയിച്ചാല്‍ അക്കാര്യം നാടക്കില്ലാന്നാ പഴേ ആള്‍ക്കാര്പറയാറ്.'

കാര്യം ശരിയാണ്. ഉറക്കം കണ്‍പോളകളില്‍ ഇടം തേടി കഴിഞ്ഞു. ' എന്നാല്‍ അങ്ങിനെ ചെയ്യാം ' എന്നും പറഞ്ഞ്
വക്കീലും എഴുന്നേറ്റു. രാവിലെ കാണിച്ച മുറിയിലേക്ക് വേണു ചെന്നു. സ്ഥലം മാറി കിടന്നാല്‍ ഉണ്ടാവുന്ന ഉറക്ക കുറവൊന്നും അയാള്‍ക്ക് തോന്നിയില്ല. വാസ്തവത്തില്‍ വേണു പതിവിലും നന്നായി ഉറങ്ങി.

ഉച്ചഭാഷിണിയിയിലൂടെ ഒഴുകിയെത്തിയ ഭക്തിഗാനം കേട്ട് ഉണര്‍ന്നു. അധികം ദൂരെയല്ലാത്ത ശിവ ക്ഷേത്രത്തില്‍ നിന്നാണ് അത്.
മുമ്പ് ഒരിക്കല്‍ അവിടെ പോയ ഓര്‍മ്മയുണ്ട്. ഭഗവാനെ ഒന്നു ചെന്ന് തൊഴുതാലോ എന്ന് മനസ്സില്‍ തോന്നി. പെട്ടെന്ന് പല്ലുതേപ്പും
കുളിയും കഴിച്ച് ഉമ്മറത്തെത്തി. വിശ്വേട്ടന്‍ പത്രം നോക്കി ഇരിക്കുന്നു. ' അല്ലാ, താന്‍ എങ്ങോട്ടാ കാലത്ത് ഇത്ര നേരത്തെ
ഒരുങ്ങി പുറപ്പെട്ടിട്ട് ' എന്ന് വേണുവിനോട് അയാള്‍ ചോദിച്ചു.

' അമ്പലത്തില്‍ ചെന്ന് തൊഴാനാണ് ' വേണു മറുപടി നല്‍കി.

' അത് നന്നായി, തന്നോട് ചില കാര്യങ്ങള്‍ പറയാനുണ്ട് ' വക്കീല്‍ പറഞ്ഞു ' ഇനി തൊഴുത് വന്നിട്ടാകാം അതൊക്കെ '.

വക്കീലിന്നുള്ള ചായയുമായി പത്മിനി എത്തി. ' നീ എഴുന്നേറ്റത് അറിഞ്ഞില്ല. ഇരിക്ക് ചായ കൊണ്ട് വരാം' എന്ന് അവര്‍ 
പറഞ്ഞുവെങ്കിലും ' തൊഴുത് വന്നിട്ടാകാം ' എന്നും പറഞ്ഞ് വേണു അമ്പലത്തിലേക്ക് പോവാന്‍ ഒരുങ്ങി. പത്മിനി അയാള്‍ക്ക് ക്ഷേത്രത്തിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു.

പൂജക്കാരന്‍ ഒരു വൃദ്ധനാണ്. തീര്‍ഥവും പ്രസാദവും നല്‍കി ദക്ഷിണയായി വെച്ച പണത്തില്‍ തൊട്ട് അദ്ദേഹം വേണുവിന്‍റെ
നേരെ കൈകള്‍ ഉയര്‍ത്തി ആശീര്‍വദിച്ചു.

' എവിടുന്നാ, ആരാന്ന് മനസ്സിലായില്ല, മുമ്പ് കണ്ട ഓര്‍മ്മ തോന്നുന്നില്ല ' എന്ന് അദ്ദേഹം പറഞ്ഞു.

താന്‍ ആരാണെന്ന് വേണു അറിയിച്ചു. വിശ്വേട്ടന്‍റെ പേര് കേട്ടതും തിരുമേനി അകത്തേക്ക് നോക്കി ഒന്ന് തൊഴുതു. ' ശംഭൊ, മഹാദേവാ ' എന്ന് ഉറക്കെ പറയുകയും ചെയ്തു.

ക്ഷേത്രത്തില്‍ നടവരവ് തീരെ ഇല്ലെന്നും , പൂജ മുടങ്ങാതെ നടക്കുന്നത് വക്കീലിന്‍റെ ഔദാര്യം കൊണ്ടാണെന്നും , മാസം തോറും 
തനിക്ക് ശമ്പളം തരുന്നത് അദ്ദേഹമാണെന്നും , തിരുമേനി പറഞ്ഞു. പൂജ കഴിഞ്ഞേ പോകാവൂ എന്നും പറഞ്ഞ് അദ്ദേഹം 
ശ്രീകോവിലിലേക്ക് കയറി.

തൊഴാന്‍ ആളില്ലെങ്കിലും പൂജ വിസ്തരിച്ച് തന്നെയാണ്. ഇങ്ങോട്ട് വരുമ്പോള്‍ വേഗം തിരിച്ച് ചെല്ലാമെന്നാണ് കരുതിയിരുന്നത്. ഇനി നട തുറന്നേ പോകാനാവൂ. സമയം ഇഴഞ്ഞ് നീങ്ങി. വേണു ശ്രീകോവിലിന്ന് മുമ്പില്‍ കൈ കൂപ്പി കാത്ത് നിന്നു.

തിരിച്ചെത്തുമ്പോള്‍ വക്കീലാപ്പീസിന്നു മുന്നില്‍ ധാരാളം ആളുകള്‍. വിശ്വേട്ടനും മരുമകനും കക്ഷികളുമായി കേസ് കാര്യങ്ങള്‍
ആലോചിക്കുകയാണ്. വേണു അകത്തേക്ക് ചെന്നു.

' നെന്നേം കാത്ത് ഇത്തറ നേരം വിശ്വേട്ടന്‍ ഇരുന്നു. കോടതീല് ചെല്ലുന്നതിന്ന് മുമ്പ് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു
കൊടുക്കാനുള്ളതാണ് ' പത്മിനി പറഞ്ഞു ' ഇനി കാത്തിരുന്നാല്‍ പറ്റില്ല എന്നും പറഞ്ഞ് ദാ ഇപ്പൊ എറങ്ങീതേ ഉള്ളു '.

ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ പത്മിനി തീരുമാനങ്ങള്‍ വിശദീകരിച്ചു. ഇനി മുതല്‍ വേണു കൃഷിസ്ഥലത്ത് ഇടക്കൊക്കെ
ചെല്ലണം . എപ്പോഴും പണിക്കാരോടൊപ്പം നില്‍ക്കണമെന്നല്ല.കാര്യസ്ഥന്‍ രാമന്‍ നായരെ ഒഴിവാക്കുകയൊന്നുമില്ല. അയാള്‍
എല്ലാം നോക്കി നടത്തിക്കോളും. ഉടമസ്ഥനായിട്ട് വല്ലപ്പോഴും ചെന്നാല്‍ മതി. ഒരു കളപ്പുരയുള്ളത് പനമ്പട്ട മേഞ്ഞതാണ്. അത് മാറ്റി ഓടാക്കിക്കും. അത്യാവശ്യം സൌകര്യങ്ങളും അവിടെ ഉണ്ടാക്കും. വല്ലപ്പോഴും ഒന്ന് നടു ചായ്ക്കണമെന്ന് തോന്നിയാല്‍ ദൂരെ പോകാതെ കഴിഞ്ഞല്ലോ. നാളെ വിശ്വേട്ടന്ന് ഒഴിവാണ്. മഴ പെയ്ത് പുഴയില്‍ വെള്ളം കൂടിയില്ലെങ്കില്‍ എല്ലാവരും കൂടി
അവിടെയെല്ലാം ഒന്നു ചെന്ന് നോക്കിയിട്ട് വരാം.

വേണു എല്ലാം മൂളി കേട്ടു.

***********************************************************************************************

വെള്ളിയാഴ്ചകളില്‍ മക്കു രാവുത്തര്‍ കച്ചവടത്തിന്ന് പോകാറില്ല. അന്ന് വീട്ടിലിരിക്കും. ഉച്ചക്ക് പള്ളി വരെ ഒന്ന് ചെല്ലും. അതിനാല്‍ ആ ദിവസങ്ങളില്‍ എഴുന്നേല്‍ക്കുന്നത് അല്‍പ്പം വൈകിയാണ്.

അങ്ങിനെ വൈകി എഴുന്നേറ്റ് പ്രഭാത കര്‍മ്മങ്ങള്‍ കഴിച്ച് ആഹാരത്തിന്നായി ഒരുങ്ങുമ്പോള്‍ അകലെ മുളക്കൂട്ടവും കഴിഞ്ഞ് ഇടവഴിയിലൂടെ കിട്ടുണ്ണി മാഷ് വരുന്നത് മക്കുരാവുത്തരുടെ ശ്രദ്ധയില്‍ പെട്ടു. ഒപ്പം കബീറും. സ്ഥലം വാങ്ങുന്നതിന്നും 
വില്‍ക്കുന്നതിന്നും ബ്രോക്കറായി നില്‍ക്കുകയാണ് അവന്‍റെ തൊഴില്‍. ' ഈ ചങ്ങാതിമാര് ആരെ കാണാനാണപ്പാ ഈ വഴിക്ക് വരുന്നത് 'എന്ന് അത്ഭുതം തോന്നി.

പടിക്കല്‍ നിന്ന് കബീര്‍ അകത്തേക്ക് എത്തി നോക്കി. രാവുത്തരെ കണ്ടതും ' ആള് ഉമ്മറത്ത് തന്നെയുണ്ട് ' എന്ന് അവന്‍ 
പറഞ്ഞു. കിട്ടുണ്ണി മാഷ് അവനോടൊപ്പം നന്നായി ഒന്ന് ചിരിച്ചും കൊണ്ട് അകത്തേക്ക് കയറി വന്നു. തോളിലെ തോര്‍ത്ത് എടുത്ത് പ്ലാസ്റ്റിക്ക് മെടഞ്ഞ കസേല തുടച്ച് രാവുത്തര്‍ മാഷെ ഇരിക്കാന്‍ ക്ഷണിച്ചു. ' എന്താപ്പൊ രണ്ടാളും കൂടി ഇങ്ങോട്ടേക്കൊക്കെ ' എന്ന് അയാള്‍ ചോദിച്ചു.

' നിങ്ങളെ കാണാന്‍ വരാന്‍ പ്രത്യേകിച്ച് കാരണം വല്ലതും വേണോ ' മാഷ് പറഞ്ഞു ' ഉപകാരം ഉള്ള ഒരു കാര്യം
ചെയ്യാന്‍ പറ്റുമ്പൊ വേണ്ടപ്പെട്ടവര്‍ക്കല്ലേ അത് ചെയ്യേണ്ടത് '

രാവുത്തര്‍ക്ക് ഒന്നും മനസ്സിലായില്ല. അയാള്‍ വിവരം തെളിച്ച് പറയാന്‍ ആവശ്യപ്പെട്ടു.

' മാഷ് ഒരു സ്ഥലം കൊടുക്കാനുള്ള വിവരം പറഞ്ഞപ്പോള്‍ പിടിച്ച പിടിയാലെ ഞാന്‍ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നതാ 'ണെന്ന്
കബീര്‍ പറഞ്ഞു. ' മുമ്പൊരിക്കല്‍ നിങ്ങള് പാകം പോലെ വല്ല സ്ഥലവും കൊടുക്കാനുണ്ടെങ്കില്‍ പറയാന്‍ ഏല്‍പ്പിച്ചതല്ലേ ' എന്ന് അവന്‍ രാവുത്തരോട് ചോദിക്കുകയും ചെയ്തു.

ബാക്കി കാര്യങ്ങള്‍ കിട്ടുണ്ണി മാഷാണ്സംസാരിച്ചത്. മുരുക മലയുടെ താഴത്ത് കിഴക്ക് മാറി കുറെയേറെ സ്ഥലം കിടപ്പുണ്ട്.
നല്ല ഒന്നാന്തരം മണ്ണ്. കൊത്തും കിളയും ഏല്‍ക്കാതെയുള്ള ആ സ്ഥലം വെടുപ്പാക്കിയാല്‍ പൊന്ന് വിളയിക്കാം. വളരെ
വേണ്ടപ്പെട്ട ആളുടേതാണ് ആ സ്ഥലം. താന്‍ ഒരു വാക്ക് പറഞ്ഞാല്‍ അയാള്‍ അത് തട്ടി കളയില്ല. ആ ബന്ധം വെച്ച് തീരെ ചുളുവിന് കച്ചോടം നടത്തി തരാം. പിന്നെ കൊടുക്കുന്ന പണത്തിന്‍റെ നൂറിന്ന് അഞ്ച് വെച്ച് കമ്മിഷന്‍ തരണം.
കബീറിന്നുള്ളത് വേറെയും കാണണം .

അപ്പോള്‍ അതാണ് സംഗതി. നേരം വെളുത്തപ്പോള്‍ പത്ത് കാശ് ഉണ്ടാക്കാനുള്ള പരിപാടിയും ആയിട്ടാണ് വരവ്. ഇയാള്‍ക്ക്
എന്തിന്‍റെ കുഴപ്പമാണ്. ഇട്ട് മൂടാനുള്ള സ്വത്തുണ്ട്. എന്നിട്ടും പണത്തിനോടുള്ള ആക്രാന്തം തീരുന്നില്ല.

രാവുത്തരുടെ ഭാര്യ ചായയുമായി വന്നു. അത് ഊതി കുടിച്ചുകൊണ്ട് മാഷ് തുടര്‍ന്നു. ഇനി വിസ്തരിച്ച് പറഞ്ഞു തരാം. നിങ്ങള് ഇരുപത്തയ്യായിരോ അമ്പതിനായിരോ എത്ര്യാണെച്ചാല്‍ അത് മുന്‍കൂര്‍ കൊടുത്തിട്ട് കരാറാക്ക്വാ. ആറു മാസോ, ഒരു
കൊല്ലോ എത്ര വേണമെങ്കിലും പ്രമാണം ഉണ്ടാക്കാന്‍ കാലാവധി വെക്കാം. എന്നിട്ട് അതില്‍ നല്ല ഒന്നാന്തരം തേക്കും പലജാതി
മരങ്ങളും ഉണ്ട്. അത് മുഴുവന്‍ മുറിച്ച് വില്‍ക്ക്വാ. ഭൂമിടെ വില അതോടെ മുതലാവും. പിന്നെ കിട്ടുന്നതൊക്കെ ലാഭം.

കേട്ടപ്പോള്‍ തരക്കേടില്ലെന്ന് രാവുത്തര്‍ക്ക് തോന്നി. പക്ഷെ ഇതിനൊക്കെ ഇറങ്ങിയാല്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ
എന്ന് ഉള്ളിലൊരു ഭയം. അയാളത് മറച്ചു വെച്ചില്ല.

' ഒരു പ്രശ്നൂം വരാനില്ല. നമ്മള് പാസ്സൊക്കെ വാങ്ങി മര്യാദക്ക് മരം മുറിക്കാന്‍ ചെന്നാല്‍ നടന്നില്ലാന്ന് വരും. ഫോറസ്റ്റ്കാരക്ക്
വല്ല കൈമടക്കും കൊടുത്ത് മുറിച്ച് മാറ്റിയാല്‍ ഒരു കുഴപ്പൂം വരില്ല ' എന്ന് മാഷ് പരിഹാരം കണ്ടെത്തി.

എന്താണ് വേണ്ടത് എന്ന ആശയക്കുഴപ്പത്തിലായി രാവുത്തര്‍. എന്നാല്‍ അത് അധികം നേരം നീണ്ടു നിന്നില്ല.

' പിന്നെ ഒരു കാര്യം പറഞ്ഞില്ലാന്ന് വേണ്ടാ. ഫോറസ്റ്റുകാര് ആ സ്ഥലം വനഭൂമിയാണെന്ന് പറഞ്ഞ് ഉടമസ്ഥനുമായി ഒരു കേസുണ്ട്. അതൊന്നും പേടിക്കാനില്ല. ഏതെങ്കിലും കേസില്‍ ഗവര്‍മ്മെണ്ട് ജയിച്ചിട്ടുണ്ടോ ' എന്ന കിട്ടുണ്ണി മാസ്റ്ററുടെ
വാക്കുകള്‍ രാവുത്തരെ ആ ഇടപാടില്‍ നിരുത്സാഹപ്പെടുത്തി.

ആലോചിച്ച് വിവരം തരാമെന്നു പറഞ്ഞ് അയാള്‍ അവരെ തിരിച്ചയച്ചു.

Sunday, November 8, 2009

അദ്ധ്യായം - 30

'അച്ഛന്‍ എന്തെങ്കിലും കഴിച്ചിട്ട് കുളിക്കാന്‍ ചെന്നാല്‍ മതി' തോര്‍ത്തും എടുത്ത് ഇറങ്ങാന്‍ നേരം നാണു നായരോട് സരോജിനി പറഞ്ഞു' രാവിലെ തൊഴുത്തിനും വണ്ടിപ്പുരക്കും കുറ്റി തറക്കുന്ന സമയത്ത് നിക്കണംന്ന് ഇന്നലെ എഴുത്തശ്ശന്‍ വന്നപ്പൊ പറഞ്ഞതല്ലേ'.

അത് വേണോ, അയ്യപ്പന്‍ കാവില്പോയി തൊഴുകുന്നതല്ലേ, കുളിക്കാണ്ടെ വല്ലതും കഴിക്കണോ എന്ന് നായര്‍ പറഞ്ഞെങ്കിലും
 മകള്‍ നിര്‍ബന്ധിച്ചപ്പോള്‍ ലേശം കഞ്ഞികുടിച്ചിട്ടാണ് ഇറങ്ങിയത്. അമ്പലക്കടവില്‍ എഴുത്തശ്ശന്‍ കുളിയും കഴിഞ്ഞ് കാത്ത് നില്‍പ്പാണ് 'വേഗം കുളി കഴിക്കിന്‍' അയാള്‍ പറഞ്ഞു 'ആശാരി എത്തുമ്പളെക്കും നമുക്ക് എത്തണ്ടേ'.

കുളി കഴിഞ്ഞ് അമ്പലത്തിലും തൊഴുത് കൂട്ടുകാര്‍ പുറപ്പെട്ടു. തൊഴുത്തും വണ്ടിപ്പുരയും പണിയാന്‍ ഉദ്ദേശിച്ച സ്ഥലം ചെത്തിക്കോരി വെടുപ്പാക്കിയിട്ടുണ്ട്. ഒരു ഓരം അടച്ച് കരിമ്പാറ നെല്ല് ചിക്കിയപോലെ പരന്ന് കിടക്കുന്നു. കൊയ്ത ചുരുട്ടുകള്‍ മെതിക്കാനും, വൈക്കോല്‍ ഉണക്കാനും ഉള്ള സൌകര്യം നോക്കിയിട്ടാണ് ഇവിടെ കറ്റക്കളം ആക്കിയത്. ഭാഗ്യത്തിന്ന് ഇവിടം വരെ വണ്ടി വരാനുള്ള വഴിയുണ്ട്. മെതിച്ച് കിട്ടുന്ന നെല്ലും വൈക്കോലും കൊണ്ടു പോവാന്‍ വാഹനം എത്തുന്നതിന്ന് വരമ്പ് വീതി കൂട്ടി എഴുത്തശ്ശന്‍ തന്നെ ഉണ്ടാക്കിയ വഴി. ഇവിടുന്നങ്ങോട്ട് കയം വരേക്കും മലയടിവാരം വരേക്കും
പാടവരമ്പേയുള്ളു

നാണു നായര്‍ പരിസരം നല്ലവണ്ണം ശ്രദ്ധിച്ചു. ചുറ്റുവട്ടാരത്ത് ആളും മനുഷ്യനും ഒന്നും ഇല്ല. കയത്തം കുണ്ട് മുതല്‍
 മലയടിവാരം വരെ ഒഴിഞ്ഞ പ്രദേശമാണ്. എഴുത്തശ്ശന്ന് അസാദ്ധ്യ ധൈര്യം തന്നെ. ആരെങ്കിലും രാത്രി നേരത്ത് വന്ന് തല്ലിക്കൊന്നിട്ടാല്‍ ഒരു മനുഷ്യന്‍റെ കുട്ടി അറിയില്ല. ഈ നടുപ്പാടത്ത് കുറെ കരിമ്പനകള്‍ മാത്രം കൂട്ടിനുണ്ടാവും.

'പണിക്കാരെ ഒന്നും കാത്ത് നിന്നില്ല, ഇന്നലെ വന്നെത്തിയതും ഞാന്‍ തന്നെ പുല്ലൊക്കെ ചെത്തി വെടുപ്പാക്കി' എന്ന് എഴുത്തശ്ശന്‍ പറഞ്ഞു. മൂപ്പര് ഉറച്ചിട്ട് തന്നെയാണ്. ഒരു കാര്യം മനസ്സില്‍ നിരീച്ചാല്‍ അത് നടത്തിയിട്ടേ ബാക്കിയുള്ളു എന്ന്നാണു നായര്‍ മനസ്സിലോര്‍ത്തു. പണിക്കാര് വരുമ്പോഴേക്കും വല്ലതും കഴിക്കാം എന്നും പറഞ്ഞ് പടിക്കാലില്‍ തൂക്കിയ ചാക്ക് സഞ്ചി എഴുത്തശ്ശന്‍ എടുത്തു. മരത്തിന്‍റെ തണല് നോക്കി പാറയില്‍ ഒരിടത്ത് എഴുത്തശ്ശന്‍ ഇരുന്നു. പിച്ചള ചോറ്റുപാത്രവും രണ്ട് ഓലക്കിണ്ണവും സ്പൂണുകളും എഴുത്തശ്ശന്‍ എടുത്ത് നിരത്തി. 'വരിനേ, പണിക്കാര് എത്തുമ്പഴെക്കും നമുക്ക് ഇത്തിരിശ്ശെ കഞ്ഞി മോന്തം' എന്ന് അയാള്‍ നാണു നായരെ ക്ഷണിച്ചു. നായര്‍ വേണ്ടെന്ന് പറഞ്ഞിട്ടും എഴുത്തശ്ശന്‍ സമ്മതിച്ചില്ല. ഒടുവില്‍ നാണു നായരും കൂടി.

അരിമുളകും ഉള്ളിയും കൂടി ചതച്ചതില്‍ വെളിച്ചെണ്ണ ഒഴിച്ചതും കൂട്ടി ഇരുവരും പൊടിയരി കഞ്ഞി കുടിച്ചു. ഏറെ വൈകാതെ ആശാരിയും പണിക്കാരും എത്തി. അവര്‍ തന്നെ പൂജക്ക് വേണ്ട സാധനങ്ങള്‍ കൊണ്ടു വന്നിരുന്നു.

എഴുത്തശ്ശനും കൂട്ടുകാരനും പൂജ നോക്കി നിന്നു. അവിലും മലരും പഴവും ശര്‍ക്കരയും വെച്ചു. ഓട്ടു കിണ്ടിയില്‍
 വെള്ളം നിറച്ച് വെച്ചു. ചെമ്പരുത്തിയും തുളസിയും തെച്ചിയും അര്‍ച്ചിക്കപ്പെട്ടു. നാളികേരം ഉടച്ചതോടെ പൂജ തീര്‍ന്നു.

സ്ഥാനം നോക്കി എഴുത്തശ്ശന്‍ പറഞ്ഞ കണക്കിന്ന് കുറ്റിയടിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ 'ഇനി നാണ്വാര്പൊയ്ക്കോളിന്‍, വെറുതെ വെയിലും കൊണ്ട് നിക്കണ്ടാ' എന്ന്എഴുത്തശ്ശന്‍ നാണു നായരോട് പറഞ്ഞു. പണിക്കാരെക്കൊണ്ട് ജോലി ചെയ്യിക്കാനുള്ളത് കൊണ്ടും, വേഗം കെട്ടി തീര്‍ക്കാന്‍ വെട്ട്കല്ല്ഏല്‍പ്പിച്ചത് എത്താറായതു കൊണ്ടും തനിക്ക് കൂടെ വരാനാവില്ലെന്നും ഉച്ചക്ക് ഉണ്ണാന്‍ വരുന്നുണ്ടെന്നും, നാല്ദിവസത്തേക്ക് തനിക്ക് വേണ്ടി കഷ്ടപ്പെടാന്‍ മകളോട് പറയണമെന്നും
 നാണു നായരോട് എഴുത്തശ്ശന്‍ പറഞ്ഞു. എല്ലാം സമ്മതിച്ച് നാണു നായര്‍ പടിയിറങ്ങി. ജോലിക്കാരോടൊപ്പം എഴുത്തശ്ശന്‍
 പണികളിലും മുഴുകി.

ഉച്ചക്ക് ഉണ്ണാന്‍ വരുമ്പോള്‍ തലേന്നത്തെ പോലെ എഴുത്തശ്ശന്‍ ഒരു കുട്ടിച്ചാക്കും ചുമന്ന്, സഞ്ചിയും തൂക്കിയാണ് വന്നത്. നാണു നായര്‍ ഭക്ഷണം കഴിക്കാതെ അയാളെയും കാത്ത് ഇരിക്കുകയായിരുന്നു. 'എന്താ ഇന്നും ഒരു ചാക്കും സഞ്ചിയും
 ഒക്കെയായിട്ട് 'എന്ന് നാണു നായര്‍ ചോദിച്ചു. 'ചാക്കില്പത്തിരുപത് നാളികേരമാണ്' എഴുത്തശ്ശന്‍ പറഞ്ഞു 'സഞ്ചീല് കുറച്ച് അരീം'.

'ഇങ്ങന്യായാല്‍ നിങ്ങള് കൊറെ ബുദ്ധിമുട്ട്വോലോ' എന്ന് നായര്‍ പറഞ്ഞു.

'നോക്കിന്‍, നിങ്ങടെ അവസ്ഥ എനിക്ക് നന്നായിട്ട് അറിയും, നേരത്തും കാലത്തും ആ കുട്ടി വെച്ച് വിളമ്പി തരുന്നതേ വലിയ കാര്യം. ഞാന്‍ പറയാലോ, അതിന് എങ്ങിനേങ്കിലും ഒരു നല്ല കാലം വരും'.

അകത്ത് നിന്ന് സരോജിനി ആ വാക്കുകള്‍ കേട്ടു. തന്‍റെ സങ്കല്‍പ്പങ്ങളുമായി അവള്‍ അതിനെ ചേര്‍ത്ത് വായിച്ചു.

*************************************************************************************

നേരം പുലര്‍ന്നതും ചാമി ഒരുങ്ങി പുറപ്പെട്ടു. ബെല്‍റ്റില്‍ നിന്ന് കുറെ പണം എടുത്ത് ഡ്രായര്‍ പോക്കറ്റിലിട്ടു. മുഴുവന്‍
 പണവും വെളിയില്‍ കാണിക്കണ്ടാ. ചെലപ്പൊ ഒരു പുത്തിക്ക് അത് മുഴുവന്‍ അവള്‍ക്ക് കൊടുത്തു എന്നു വരും.

പ്രഭാത കര്‍മ്മങ്ങള്‍ക്കായി പുഴയിലിറങ്ങി. വെള്ളം തട്ടിയതും കാല്‍ മുട്ടില്‍ നീറ്റല്‍ തോന്നി. ഇന്നലത്തെ വീഴ്ചയില്‍ ചിരകി പൊട്ടിയതാണ്. പുഴയില്‍ നിന്ന് കയറിയതും വഴിയോരത്തെ കമ്മ്യൂണിസ്റ്റ് പച്ചകളില്‍ നിന്ന് കുറച്ച് ഇലകള്‍ പറിച്ചു. ഉള്ളം കയ്യില്‍ ഇട്ട് ഞെരടി ചാറെടുത്ത് മുറിവുകളില്‍ പുരട്ടി. നീറ്റല്‍ തല വരെ എത്തി. മരുന്ന് മുറിവില്‍ പിടിച്ചു. ഇനി അത് ഉണങ്ങും.

കാളുക്കുട്ടിയുടെ വീട്ടിലേക്ക് തിരിയുമ്പോള്‍ ചാമിക്ക് തന്നെ ഒരുതരം നാണക്കേട് തോന്നി. അവള്‍ എന്താണ് തന്നെ കുറിച്ച് കരുതുക. ഒരു പൊട്ട ചങ്ക്രാന്തി കണ്ണ് മിഴിക്കുമ്പോഴേക്കും കയറി വന്നുന്നേ കരുതു. ഇല്ലെങ്കില്‍ ഇന്നലെ രാത്രി തൊള്ളയില്‍ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞിട്ട് നേരം വെളുക്കുമ്പഴേക്കും ആരെങ്കിലും അവളെ തേടി പോക്വോ.

ചാമി പടി കയറിയതും 'കാളുക്കുട്ട്യേ' എന്ന് ഉറക്കെ വിളിച്ചു. വീടിന്‍റെ പിന്നില്‍ നിന്നും അവള്‍ വന്നു. 'എന്താണ്ടി നേരം വെളുക്കുമ്പൊ പരിയം പുറത്ത് പണി' എന്ന് ചോദിച്ചു. അവള്‍ മിണ്ടിയില്ല. മുഖത്ത് തുറിച്ച് നോക്കി നില്‍പ്പാണ്.

'അതേയ്, ഞാന്‍ ഇന്നലെ ഇത്തിരി കുടിച്ച് ഓവറായി 'ചാമി പറഞ്ഞു' അല്ലാണ്ടെ നെന്നോട് വിരോധം ഉണ്ടായിട്ടൊന്ന്വോല്ല'. ഉടുത്ത മുണ്ട് വകഞ്ഞ് മാറ്റി ഡ്രോയര്‍ പോക്കറ്റില്‍ കയ്യിട്ട് ചാമി കാശ്എടുത്തു. 'ഇത് എടുത്തോ' എന്നും പറഞ്ഞ് ആ പണം  കോലായില്‍ വെച്ചിട്ട് തിരിച്ച് നടന്നു.

പടിക്കലെത്തിയപ്പോള്‍ തിരിഞ്ഞു നിന്ന് 'ഇനി ഇന്നലത്തെപ്പോലെ ഉണ്ടാവില്ലാട്ടോ' എന്നും പറഞ്ഞ് ചാമിവരമ്പത്തേക്ക് ഇറങ്ങി. 'ഇത് മാതിരി എത്ര തവണ എന്നോട്പറഞ്ഞിരിക്കുന്നു' എന്ന് മനസ്സിലോര്‍ത്ത് കാളുക്കുട്ടി ആ പണം എടുത്തു.

Friday, October 30, 2009

അദ്ധ്യായം - 29

'അതേയ്, നമ്മള്എന്തെങ്കിലും പദ്ധതി ആസൂത്രണം ചെയ്യുന്നതിന്ന് മുമ്പ് തന്‍റെ ആങ്ങള ഇയാളുടെ കാര്യത്തില്‍ എന്തെങ്കിലും
 കണ്ടിട്ടുണ്ടോ എന്നൊന്ന് അറിയണ്ടേ 'വിശ്വേട്ടന്‍ പറഞ്ഞു' പണ്ടേ അയാള്‍ക്ക് അതിബുദ്ധി ആണല്ലോ'.

'ഓ, അങ്ങിനെ ഒന്നും ഉണ്ടാവില്യാന്നേ' പത്മിനി പറഞ്ഞു 'കിട്ടുണ്ണിക്ക് അവന്‍റെ ഒറ്റ കാര്യേള്ളു. ഇവന് എന്തായാല്‍
 അവനെന്താ? 'നിന്‍റെ കാര്യത്തില്‍ അവന്‍ വല്ല അഭിപ്രായം പറയേണ്ടായോ എന്ന് പത്മിനി വേണുവിനോട് ചോദിക്കുകയും
 ചെയ്തു.

തനിക്ക് ഒരു വിവാഹബന്ധം കിട്ടുണ്ണി കണ്ടെത്തിയതും, അത് നടന്നാല്‍ തന്‍റെ പേരില്‍ ഒരു ഹൈസ്കൂള്‍ കിട്ടുമെന്ന് പറഞ്ഞതും, കിട്ടുണ്ണി മാനേജരായി സ്കൂള്‍ നോക്കി നടത്താമെന്ന് പറഞ്ഞതും വേണു വിവരിച്ചു. വിശ്വേട്ടന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു.
'ഞാന്‍ അപ്പോഴും പറഞ്ഞില്ലേ തന്‍റെ ആങ്ങള എന്തെങ്കിലും കണ്ടു വെക്കുമെന്ന് 'അയാള്‍ പറഞ്ഞു' കുറുക്കന്‍ ചത്താലും കണ്ണ്
കോഴിക്കൂട്ടില്‍ തന്നെ എന്ന് പറയുന്നത് വെറുതെയല്ല '.

'എന്നിട്ട് നീയെന്താ പറഞ്ഞത്' പത്മിനി ചോദിച്ചു' ശരീന്ന് സമ്മതിച്ചൊ'. താന്‍ ഇതിനെപ്പറ്റി അഭിപ്രായമൊന്നും
പറഞ്ഞിട്ടില്ലെന്ന് വേണു അറിയിച്ചു.

'നോക്കൂണ്ടു ആ കള്ളന്‍റെ ബുദ്ധി' പത്മിനി പറഞ്ഞു' ഇത്ര കാലം ഇവന്‍ കഷ്ടപ്പെട്ട്സമ്പാദിച്ചത് മുഴുവന്‍ ഓരോന്ന് പറഞ്ഞ് തട്ടിപ്പറിച്ചു. ഇപ്പോള്‍ ഏട്ടനെ വിറ്റ് സ്കൂള്‍ ഒന്ന് കൈക്കലാക്കണം'. ഒന്ന് നിര്‍ത്തി അവര്‍ തുടര്‍ന്നു' എന്തിനാ അവനെ പറയുന്നത്. ഒക്കെ ഇവന്‍റെ കൊള്ളരുതായ്മ കൊണ്ടല്ലേ. സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തി ഇല്ലാത്തോന്‍ '.

താനെന്തിനാ ഇയാളെ കുറ്റം പറയുന്നത് 'വിശ്വേട്ടന്‍ പറഞ്ഞു' നിങ്ങളുടെ കുടുംബത്തില്‍ മനസ്സാക്ഷി ഉള്ള ഒരേ ഒരാള്‍ ഇയാള്‍ മാത്രമാണ്. കല്യാണം കഴിഞ്ഞ അന്ന് മുതല്‍ കാണാന്‍ തുടങ്ങിയതല്ലേ ഞാന്‍ എല്ലാരേം '.

'നീ കല്യാണം കഴിക്ക്വേ, സ്കൂള്‍ വാങ്ങ്വേ, എന്ത് വേണച്ചാലും ആയിക്കോ' പത്മിനി പറഞ്ഞു' പക്ഷെ ഒന്ന് ഞാന്‍ പറയാം, അവനെ വിശ്വസിച്ച് സ്കൂള് അവന്‍റെ കയ്യില്‍ ഏല്‍പ്പിച്ചാല്‍ നിന്‍റെ കാര്യം അധോഗതീം വെള്ളിയാഴ്ചയും
 ആവും.'

താന്‍ കല്യാണം കഴിക്കുന്ന കാര്യം ആലോചിച്ചിട്ടു കൂടി ഇല്ലെന്ന് വേണു പറഞ്ഞു. 'പിന്നെന്താ ജീവിത കാലം മുഴുവന്‍ നീ സന്യസിക്കാനാണോ ഭാവം. സ്നേഹിച്ച ഒരുത്തി മരിച്ചൂന്ന് വെച്ചിട്ട് 'പത്മിനി അത്രയും പറയുമ്പോഴെക്കും ഭര്‍ത്താവ് ഇടപെട്ടു' എല്ലാം അറിഞ്ഞിട്ട് താന്‍ ഇയാളെ കുറ്റപ്പെടുത്ത്വാ' എന്ന് ചോദിക്കുകയും ചെയ്തു.

ഭാഗപ്രകാരം കിട്ടിയ പത്തിരുപത്തഞ്ച്പറ നെല്‍കൃഷിയും, ചെറിയൊരു തെങ്ങിന്‍ തോട്ടവും, കളപ്പുരയും ഒക്കെ വേണുവിന്‍റെ പേരിലുണ്ടെന്നും, അതില്‍ നിന്ന് കിട്ടിയ ആദായം ബാങ്കില്‍ ഇട്ടിട്ടുണ്ടെന്നും ഇനി അതെല്ലാം നോക്കി നടത്തി സ്വസ്ഥമായി ഒരിടത്ത് കഴിഞ്ഞു കൂടാമെന്നും വക്കീല്‍ വേണുവിനോട് പറഞ്ഞു.

'ഒരു കാര്യം ഇപ്പൊ തന്നെ ഞാന്‍ പറയാം' പത്മിനി ഇടപെട്ടു' ഇത്ര കാലം നിന്‍റെ മുതല് അന്യാധീനപ്പെടാതെ ഞങ്ങള് നോക്കി നടത്തി. ഇനി ഇത് കയ്യില്‍ കിട്ടിയതും ആ കള്ളനെ ഏല്‍പ്പിച്ചുക്കൊടുത്ത് ദീവാളി കുളിക്കണ്ടാ. ജീവിച്ചിരിക്കുന്നേടത്തോളം കാലം അതിന്ന് ഞാന്‍ സമ്മതിക്കില്ല '.

തന്‍റെ കൂടെ കഴിഞ്ഞൊള്ളാന്‍ കിട്ടുണ്ണി പറഞ്ഞതായി വേണു വെളിപ്പെടുത്തി. 'അതൊക്കെ എന്തോ ലാക്ക് കണ്ടിട്ടാണ്'പത്മിനി പറഞ്ഞു' അല്‍പ്പം ഇഷ്ടക്കേട്തോന്നിയാല്‍ മതി, അവന്‍ നിന്നെ അടിച്ചിറക്കും. നിനക്ക്എന്‍റെ കൂടെ നിക്കാലോ ഇവിടെ. വിശ്വേട്ടന് അതൊരു സഹായം ആവില്ലേ'.

തന്‍റെ ജീവിതം ഏതെല്ലാമോ വഴികളിലൂടെ ഒഴുകാന്‍ തുടങ്ങുന്നതായി വേണുവിന് തോന്നി.

*************************************************************************************

ഉച്ച തിരിഞ്ഞതും സരോജിനി വേണുവിനെ കാണാന്‍ മനസാ ഒരുങ്ങി. അഞ്ച് മണി ആയിട്ട് വേണം അയ്യര്‍കുളത്തില്‍ ചെന്ന് മേല്‍ക്കഴുകി മന്ദത്ത് തൊഴുതിട്ട് വരാന്‍ .ഏത് നേരത്താ വേണ്വോട്ടന്‍ വര്വാ എന്ന് അറിയില്ലല്ലൊ. ഇന്നലെ കാത്ത് കാത്ത് ഇരുന്നു. പക്ഷെ കണ്ടില്ല. ചിലപ്പോള്‍ എന്തെങ്കിലും ആവശ്യമായി വല്ല ഇടത്തേക്കും പോയിട്ടുണ്ടാവും.

അകത്തെ മുറിയിലെ മരത്തിന്‍റെ പെട്ടി തുറന്നു നോക്കി. കര മങ്ങി തുടങ്ങിയ മൂന്ന് നാല് മുണ്ടുകളും വേഷ്ടികളും മാത്രമെ അതിനകത്ത് ഉള്ളു. അതെങ്ങിനെ, കഴിഞ്ഞ ഓണത്തിന്ന് മക്കു രാവുത്തരുടെ കയ്യില്‍ നിന്നും വാങ്ങിയതാണ്. എട്ടൊമ്പത് മാസം കഴിഞ്ഞിട്ടും ആ കടം കൊടുത്ത്തീര്‍ത്തിട്ടില്ല . അയാളൊരു സാധു മനുഷ്യനായതുകൊണ്ട് പണം ചോദിച്ച് വന്ന് ബുദ്ധിമുട്ടിക്കുന്നില്ല. നല്ല കുറെ തുണിത്തരങ്ങള്‍ വേണമെന്ന് അന്ന് സരോജിനി ആഗ്രഹിച്ചു. പറ്റിയാല്‍ കിളി പച്ച നിറത്തില്‍ ഒരു സാരിയും. വേണ്വേട്ടന്  ഇഷ്ടപ്പെട്ട നിറം കിളിപ്പച്ചയാണ്. കൂട്ടത്തില്‍ നല്ലത് നോക്കി ഒരു ജോഡി വസ്ത്രം പുറത്ത് എടുത്ത് വെച്ചു. മേല്‍കഴുകിയിട്ട് മാറ്റാനാണ്.

രസം മങ്ങി തുടങ്ങിയ കണ്ണാടിയും ചീര്‍പ്പുമായി വീടിന്‍റെ പുറകിലേക്ക് ചെന്നു. അഴിച്ചിട്ട മുടിയിലൂടെ ചീര്‍പ്പ് ഓടി തുടങ്ങി. കൊഴിഞ്ഞ് ചീര്‍പ്പില്‍ കൊരുത്ത മുടികള്‍ ചുരുട്ടി മുണ്ടില്‍ തിരുകി വെച്ചു. എത്ര മുടി ഉണ്ടായിരുന്നതാണ്. എല്ലാം പോയില്ലേ. മനസ്സില്‍ ഒരു തേങ്ങല്‍ ഉയര്‍ന്നു വന്നു.

കണ്ണാടിയില്‍ നോക്കി മുടി നടുവെടുത്ത് ചീകി. അവിടവിടെ ഓരോ മുടിയിഴകള്‍ വെളുത്ത് തുടങ്ങിയിരിക്കുന്നു. നെടുവീര്‍പ്പോടെ തന്‍റെ യൌവനം അവസാനിക്കാറായി എന്ന് അവള്‍ ഓര്‍ത്തു. പാഴായിപ്പോയ ഒരു യൌവനം. ഈശ്വരന്‍ തനിക്ക് ഒരു ജീവിതം തരാന്‍ പോകുന്നത് വളരെ വൈകിയിട്ടാണെന്ന് മനസ്സില്‍ ഒരു തോന്നല്‍ ഉടലെടുത്തു.

കമ്പിനിയില്‍ അഞ്ച് അടിക്കുന്നതിന്ന് മുമ്പ് സരോജിനി കുളത്തിലേക്ക്പോവാനൊരുങ്ങി. 'നേരം ആയോ മേല്‍ കഴുകാന്‍
 പോവാന്‍' എന്ന് നാണു നായര്‍ ചോദിച്ചു.

കുറച്ച് കഴിയുമ്പോഴേക്കും ഇടിയും മഴയും വന്നേക്കുമെന്നും അതിന്ന് മുമ്പ് പോയി മേല്‍ കഴുകി വന്നില്ലെങ്കില്‍ പിന്നെ പറ്റാതെ വരും  എന്നും പറഞ്ഞ് സരോജിനി നടന്നു. കുളത്തിലെ വെള്ളത്തിന് ഇളം ചൂട് തോന്നി. വേഗം വിഴുപ്പ് വസ്ത്രങ്ങള്‍ തിരുമ്പിയെടുത്തു, മേല്‍ കഴുകി മന്ദത്ത് എത്തിയപ്പോള്‍ വിളക്ക് വെച്ചിരിക്കുന്നു. നടക്കല്‍ നിന്ന് നന്നായി തൊഴുതു. ദേവി തനിക്ക് വൈകാതെ ഒരു അഭയം തരുമെന്ന് സരോജിനി സ്വയം ആശ്വസിച്ചു.

തിരിച്ച് വരുമ്പോള്‍ നാണു നായര്‍ മുറ്റത്ത് വടക്കോട്ടും നോക്കി നില്‍ക്കുകയാണ്. പാവം, വേണ്വോട്ടന്‍റെ വരവും കാത്ത് നില്‍ക്കുകയാവും. ഇത്തിരി കഴിയുമ്പോഴെക്കും വേണ്വോട്ടന്‍ എത്തും, എത്താതിരിക്കില്ല. ഈറന്‍ മാറ്റി. ഭസ്മക്കുറി ഇടാന്‍ ഒരുങ്ങിയപ്പോഴാണ്, കുങ്കുമം തൊട്ടാലോ എന്ന തോന്നല്‍ മനസ്സില്‍ എത്തിയത്. ഒരു കുങ്കുമ ചെപ്പ് ഉള്ളത് തിരയുമ്പോള്‍ പുറത്തുനിന്നും ' മഴ പെയ്യുംന്ന്തോന്നുണില്ല, ഞാന്‍ മന്ദാടിയാരെ ഒന്ന് കണ്ടിട്ട് വരട്ടെ മോളേ ' എന്ന് അച്ഛന്‍ പറയുന്നത്.

'അച്ഛന്‍ പോയ നേരത്ത് വേണ്വോട്ടന്‍ വന്നാലോ' എന്ന് സരോജിനി ചോദിച്ചു.

'അത് ഉണ്ടാവില്ല' നാണു നായര്‍ പറഞ്ഞു' അവന്‍ നാല് ദിവസത്തേക്ക് പത്മിനി അമ്മടെ വീട്ടിലേക്ക് പോയി. വന്നിട്ട് ഇങ്ങോട്ട് ഇറങ്ങാമെന്ന് പറഞ്ഞിട്ടുണ്ട്.'

സരോജിനിക്ക് അച്ഛനോട് ഈര്‍ഷ്യ തോന്നി. ഈ വിവരം എന്തേ കല്‍പ്പിച്ചു കൂട്ടി മറച്ചു വെച്ചു. കാത്തിരുന്നതെല്ലാം
 വെറുതെയായി. കുങ്കുമ ചെപ്പ് തിരയുന്നത് നിര്‍ത്തി. ഒരു നുള്ള് ഭസ്മം എടുത്ത്അവള്‍ നെറ്റിയില്‍ തൊട്ടു.

അദ്ധ്യായം-28

നേരം നാലു മണി ആയിട്ടേയുള്ളു. സരോജിനി കൊടുത്ത ചായയും കുടിച്ച് നാണു നായര്‍ ഉമ്മറത്തിരിക്കുകയാണ്. അകലെ നിന്ന് കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ തിരക്കിട്ട് വരുന്നത്കണ്ടു. തലയില്‍ ഒരു കുട്ടിച്ചാക്കുണ്ട്, കയ്യില്‍ ഒരു വീര്‍ത്ത സഞ്ചിയും. ഇതെന്താപ്പൊ ഇങ്ങിനെ ഒരു വരവ് എന്ന് അയാള്‍ ആലോചിച്ചു. ഇവിടുന്ന് പോയിട്ട് ഏറെ നേരം ആയിട്ടില്ലല്ലോ.

എഴുത്തശ്ശന്‍ സഞ്ചി കോലായില്‍ വെച്ചു. അതിനടുത്ത് കുട്ടിച്ചാക്കും. 'മകളെ ഇങ്ങിട്ട് വിളിക്കിന്‍, ഇതൊക്കെ അകത്ത് കൊണ്ട്വോയി വെക്കട്ടെ'. നാണു നായര്‍ അന്തം വിട്ടു. ഇന്ന് വരെ ഒരു സാധനം മൂപ്പരുടെ കയ്യോണ്ട് കിട്ടിയിട്ടില്ല.

'എന്താ ഇതൊക്കെ' എന്ന് അയാള്‍ ചോദിച്ചു. 'സഞ്ചീല്നിറച്ച് പച്ച പയറാണ്. കൊറെ ഉപ്പേരി ഉണ്ടാക്കിക്കോട്ടെ, ബാക്കി കൊണ്ടാട്ടൂം 'എഴുത്തശ്ശന്‍ പറഞ്ഞു' കുട്ടിച്ചാക്കില് പച്ച മത്തനും കുമ്പളങ്ങീം കൊറെ വെണ്ടക്കീം വഴുതിനിങ്ങീം ഉണ്ട്, കൂട്ടാന്‍ വെച്ച് കൂട്ടിക്കോളിന്‍'.

ശബ്ദം കേട്ട് സരോജിനി ഇറങ്ങി വന്നു. 'കുട്ട്യേ, ഇതൊക്കെ എടുത്ത് അകത്ത് വെക്ക്' എഴുത്തശ്ശന്‍ പറഞ്ഞു. ഓരോന്നായി സരോജിനി അകത്ത് എത്തിച്ചു. വേണുവേട്ടന്‍ കാല് വെച്ചത് നല്ല നേരത്താണ്. അവള്‍ മനസ്സില്‍ പറഞ്ഞു. അതോടെ വീട്ടില് നിറഞ്ഞ് നിറഞ്ഞ് വരുന്നുണ്ട്. ഒഴിഞ്ഞ സഞ്ചിയും ചാക്കും ഒരു കയ്യിലും മറുകയ്യില്‍ ഒരു ഗ്ലാസ്സ് ചായയുമായി അവള്‍ തിരിച്ചെത്തി.

'ചായീം കാപ്പീം ഒന്നും കുടിക്കാറില്ല, പക്ഷെ മോള് സന്തോഷത്തോടെ വെച്ച് നീട്ടുന്നത് വേണ്ടാന്ന് പറയില്ല' എന്നും
പറഞ്ഞ് എഴുത്തശ്ശന്‍ അത് വാങ്ങി. 'സത്യം പറയാലോ, എന്‍റെ കെട്ട്യോള് രുഗ്മിണി കെടപ്പിലായതില്‍ പിന്നെ സ്നേഹത്തോടെ ഒരു പിടി വറ്റും ഒരു ഗ്ലാസ്സ് വെള്ളവും ഇന്നാണ്എനിക്ക് കിട്ടുണത് .'

നാണു നായര്‍ അത്ഭുതത്തോടെ നോക്കിയിരിക്കുകയാണ്. ഒരൊറ്റ ദിവസം കൊണ്ട് തന്‍റെ കൂട്ടുകാരന്ന് എത്ര മാറ്റമാണ് വന്നിരിക്കുന്നത് എന്ന് അയാളോര്‍ത്തു. എഴുത്തശ്ശന് അത് മനസ്സിലായി. 'എന്താ ഇതൊക്കെ എന്ന് നിങ്ങള് ആലോചിക്കുന്നുണ്ടാവും
'അയാള്‍ പറഞ്ഞു' ഇന്നലെ വരെ ഞാന്‍ കഷ്ടപ്പെട്ട് ഓരോന്ന് ഉണ്ടാക്കി ഊറ്റി പിടിച്ച് മകന് കൂട്ടി വെച്ചു. ഇനി അതില്ല. എന്നെക്കൊണ്ടാവുന്നത് ചോദിക്കുന്നോരൊക്ക് ഒക്കെ കൊടുക്കും. ചത്ത് പോവാന്‍ നേരത്ത് അത് ഒരു പുണ്യം ആയി കിടക്ക്വോലോ'.

ഊണും കഴിഞ്ഞ് പോവുന്ന വഴിക്ക് മൂന്ന് നാല് അലുമിനിയ പാത്രങ്ങള്‍ വാങ്ങിയതും, വണ്ടിപ്പുരയും തൊഴുത്തും
 പൊളിച്ച് കറ്റക്കളത്തില്‍ കെട്ടാന്‍ ആളെ ഏല്‍പ്പിച്ചതും, രണ്ട് വണ്ടി പൊട്ടക്കല്ല് ഏര്‍പ്പാടാക്കിയതും എല്ലാം എഴുത്തശ്ശന്‍
 കൂട്ടുകാരനോട് പറഞ്ഞു. 'ഇനി കുറച്ചും കൂടി പണം വേണം , തേങ്ങ വിറ്റ പണം കിട്ടാനുണ്ട്, അതിനൊന്നും നില്‍ക്കില്ല. നാളെ രാവിലെ രാഘവന്‍റെ ബാങ്ക് വരെ പോയി പൈസ എടുക്കണം '.

സഹകരണ ബാങ്കിനെ പറ്റിയാണ്എഴുത്തശ്ശന്‍ പറഞ്ഞത് എന്ന് നാണു നായര്‍ക്ക്മനസ്സിലായി. രാഘവന്‍ അതിന്‍റെ പ്രസിഡണ്ടാണ്. 'കുത്തിയിരുന്ന് വര്‍ത്താനം പറയാനൊന്നും നേര്വോല്യാ പോയിട്ട്പിടിപ്പത്പണിയുണ്ട് 'എഴുത്തശ്ശന്‍ പറഞ്ഞു' പിന്നെ നാളെ രാവിലെ കുളീം കഴിഞ്ഞ് ഓടണ്ടാ. തൊഴുത്തിന്സ്ഥലം കാണാന്‍ ആശാരി വരും. അപ്പൊ ഒന്ന് എന്‍റെ കൂടെ നിക്കണം'.

ഒഴിഞ്ഞ ചാക്കും സഞ്ചിയും എടുത്ത്,പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനായി എഴുത്തശ്ശന്‍ തിരക്കിട്ടിറങ്ങി.

*************************************************************************************

അരണ്ട വെളിച്ചത്തിലിരുന്ന് നിറഞ്ഞ പാനപാത്രത്തില്‍ രാധാകൃഷ്ണന്‍ തന്‍റെ സങ്കടങ്ങളെ മുക്കിക്കൊന്നു. സുകുമാരന്‍ 
പറഞ്ഞതാണ്സത്യം എന്ന വസ്തുത അയാള്‍ തിരിച്ചറിഞ്ഞു. ഏത് കാര്യത്തിലും വല്ലാതെ വേവലാതിപ്പെടാന്‍ പാടില്ല. വീട്ടിലെ പ്രശ്നങ്ങള്‍ ഇത്രത്തോളം ഗൌരവമായി എടുത്ത് ബഹളം വെക്കേണ്ടിയിരുന്നില്ല. അമ്മയെ ഇടപെടുത്തിയതാണ്ഏറ്റവും 
വലിയ തെറ്റ്. അതാണല്ലോ അമ്മയോട് കടന്നു പോവാന്‍ അയാള്‍ പറഞ്ഞത്. ഓര്‍ത്തപ്പോള്‍ വീണ്ടും ദേഷ്യം ഇരച്ച് കയറി.

ആ മനുഷ്യനോട് ആര്‍ക്കും ഒത്ത് പോവാനാവില്ല. കുറെ പണി ചെയ്യും, അനാവശ്യമായി ഒന്നും ചിലവാക്കില്ല, ഒന്നും
 ആവശ്യപ്പെട്ട് ബുദ്ധിമുട്ടിക്കില്ല എന്നൊക്കെ ആണെങ്കിലും കുടുംബത്തിലെ ഒരംഗം എന്ന നിലക്ക് പെരുമാറുന്ന പതിവില്ല. ഞാനും എന്‍റെ കാര്യവും മാത്രം.

സുകുമാരന്‍റെ മുത്തച്ഛന്‍ ജീവിച്ചിരുന്ന കാലത്ത് പലപ്പോഴും അവന്‍റെ വീട്ടില്‍ ചെന്നിട്ടുണ്ട്. കയറി ചെല്ലുന്ന ഇടത്ത് ചാരുകസേലയില്‍ കിടന്ന് ചെന്ന് കയറുന്ന എല്ലാവരോടും ചിരിച്ച് വര്‍ത്തമാനം പറഞ്ഞ്.. അങ്ങിനെയൊക്കെയല്ലേ വയസ്സാവുമ്പോള്‍ മനുഷ്യന്‍ പെരുമാറേണ്ടത്. ഇത്കന്നിന്‍റെ കൂടെ കിടന്നുറങ്ങി, അതിന്‍റെ ചാണകവും വാരി..വല്ലാത്തൊരു ജന്മം. ശരിക്കൊരു മൃഗം തന്നെ. വീട്ടില്‍ വന്നെത്തുന്ന കൊള്ളാവുന്ന ആര്‍ക്കെങ്കിലും ഇയാളെ മുത്തച്ഛനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്താന്‍ പറ്റുമോ ?

'എന്താ നീ വല്ലാതെ ആലോചിച്ച് കൂട്ടുന്നത്' സുകുമാരന്‍ ചോദിച്ചു 'കിഴവനെക്കൊണ്ടുള്ള ശല്യം എങ്ങിനെ ഇല്ലാതാക്കണമെന്നാണോ?' രാധാകൃഷ്ണന്‍ തലയാട്ടി. ഇതിനൊക്കെ പലപല വഴികള്‍ ഉണ്ട്. സുകുമാരന്‍ പറഞ്ഞ് തുടങ്ങി.

ആര്‍ക്കും അയാളോട് വൈകാരികമായ അടുപ്പം ഇല്ലാത്തതിനാല്‍ വേണമെങ്കില്‍ കിഴവനെ തട്ടിക്കളയാം. പ്രായമായതിനാല്‍
 സ്വാഭാവിക മരണമാണെന്നേ ആളുകള്‍ കരുതു. പക്ഷെ ഒരു കാര്യം. പിടിക്കപ്പെടാത്ത രീതിയില്‍ ചെയ്യണം. ഇല്ലെങ്കില്‍
 വെളുക്കാന്‍ തേച്ചത് പാണ്ടാകും. കൊലക്കുറ്റത്തിന്ന് അഴി എണ്ണേണ്ടതായും വരും. ഒരു പക്ഷെ അതൊന്നും അത്ര പ്രശ്നമായി എന്ന് വരില്ല, കയ്യില്‍ കാശും നല്ലൊരു വക്കീലും ഉണ്ടെങ്കില്‍ കേസില്‍ നിന്നൊക്കെ പുഷ്പം പോലെ ഊരി വരാം.

രാധാകൃഷ്ണന് ആ നിര്‍ദ്ദേശം സ്വീകാര്യമായില്ല. എത്രയായാലും ഒരാളെ, അതും വീട്ടിലെ തന്നെ ഒരാളെ ഇല്ലായ്മ ചെയ്യുന്ന കാര്യം ആലോചിക്ക വയ്യ. അയാള്‍ അത് തുറന്ന് പറഞ്ഞു.

അങ്ങിനെ ചെയ്യണം എന്നല്ല ഞാന്‍ പറഞ്ഞത്, അതും ഒരു മാര്‍ഗ്ഗമാണെന്ന് പറഞ്ഞു എന്നേ ഉള്ളു എന്നും പറഞ്ഞ് അടുത്ത വഴി സുകുമാരന്‍ പറഞ്ഞു തുടങ്ങി. നമുക്ക് മദ്ധ്യസ്ഥനായി ഒരാളെ അയക്കാം. അയാള്‍ മുഖാന്തരം നമ്മുടെ ആവശ്യങ്ങള്‍ കാര്‍ണ്ണോരെ അറിയിക്കാം. ആ തൊഴുത്തും വണ്ടിപ്പുരയും വീട്ട് വളപ്പില്‍ നിന്ന് മാറ്റണം എന്നല്ലെയുള്ളു. ആര് കേട്ടാലും ന്യായമായ
ആവശ്യം. ചെലപ്പൊ അത് നടക്കും.

ഇനി അതും വേണ്ടെങ്കിലോ, മിണ്ടാതെ കുറച്ച് ദിവസം നിങ്ങളൊക്കെ മാറിത്താമസിക്കുക. എത്ര ദിവസം അയാള്‍ ഒറ്റക്ക് കഴിയും? നിങ്ങളുടെ കാല്‍ കീഴില്‍ ശരണം പറഞ്ഞ് എത്തും. അന്ന് എല്ലാ കാര്യങ്ങളും ആവശ്യപ്പെടാം, വേണച്ചാല്‍ അടങ്ങി ഒതുങ്ങി കഴിയാന്‍ വേറെ ചില നിബന്ധനകളും വെക്കാം. പക്ഷെ അതിന് കുറച്ച് ദിവസം ക്ഷമിക്കണം .

മൂന്നാമത്തെ രീതിയാണ് രാധാകൃഷ്ണന്ന്ഏറെ മനസ്സില്‍ പിടിച്ചത്. പക്ഷെ കുറച്ച്ദിവസം എവിടെ കഴിയും. അമ്മയുടെ വീട്ടില്‍ പോയി നില്‍ക്കാന്‍ വയ്യ. അമ്മാമന്മാര്‍ക്ക് അച്ഛനെ തീരെ മതിപ്പില്ല. ഇനി എന്തെങ്കിലും പറഞ്ഞ് അവരോടും തെറ്റേണ്ടി വന്നാല്‍. അതും മോശമാവില്ലേ?

'ഇതിനൊക്കെ എന്തെല്ലാം വഴിയുണ്ട് 'സുകുമാരന്‍ പറഞ്ഞു' ഒന്നുകില്‍ നീ എന്‍റെ കൂടെ കൂടിക്കോ, അത് വയ്യെങ്കില്‍ കുറച്ച് ദിവസത്തേക്ക് ടൌണില്‍ ഒരു ലോഡ്ജില്‍ കഴിയ്, ഇത് രണ്ടും പറ്റില്ലെങ്കില്‍ നമുക്ക് കുറച്ച് ദിവസത്തേക്ക് ഒരു യാത്ര പോവാം, വല്ല ഗോവക്കോ, ഊട്ടിക്കോ, അതുമല്ലെങ്കില്‍ ബാംഗ്ലൂരിലേക്കോ. എവിടേക്കാച്ചാല്‍ അവിടേക്ക്.'

മഴ തുടങ്ങുന്നതോടെ കോണ്ട്രാക്ട് പണികള്‍ നില്ക്കും. ഇപ്പോഴെ നിലച്ച മാതിരിയാണ്. ഒന്ന് കറങ്ങി വരാന്‍ പറ്റിയ സമയമാണ്. സുകുമാരന്‍ പറയുന്നത് പോലെ ചെയ്യാം.

'ഞാന്‍ റെഡി' രാധാകൃഷ്ണന്‍ പറഞ്ഞു' എവിടേക്ക് വേണച്ചാലും പോവാം, ഇപ്പോഴെങ്കില്‍ ഇപ്പോള്‍ '.

കൂട്ടുകാര്‍ അന്യോന്യം കൈ കൊടുത്തു. ബാറില്‍ നിന്ന് ഇറങ്ങി അവര്‍ തിയ്യേറ്ററിലേക്ക് വിട്ടു.

*************************************************************************************
ചാമി ഒരു വിധം തപ്പി തടഞ്ഞ് വീടെത്തി. കുടിച്ചതിന്‍റെ അമല് വിട്ടിരുന്നു. ചെളിയില്‍ വീണ് വസ്ത്രവും ദേഹവും ഒക്കെ നനഞ്ഞ് കുതിര്‍ന്നു കഴിഞ്ഞു. അവിടവിടെ തൊലി ഉരിഞ്ഞതില്‍ വെള്ളം തട്ടി നീറ്റല്‍ തോന്നി തുടങ്ങി. ചാമി മുറ്റത്തെ സിമന്‍റ്തൊട്ടിയില്‍ നിന്ന് വെള്ളമെടുത്ത് അവിടവിടെ തൊട്ട് തുടച്ചു. വാതില്‍ തുറക്കാനൊന്നും മിനക്കെട്ടില്ല.

മുണ്ടും കുപ്പായവും അഴിച്ച്പിള്ളകോലായില്‍ ചുരുട്ടി വെച്ചു. അയക്കോലില്‍ കിടന്ന തോര്‍ത്ത് എടുത്ത് ചുറ്റി കോലായില്‍ തന്നെ കിടക്കാന്‍ ഒരുങ്ങി. ചാറ്റല്‍ മഴ വീണ്നിലം മുഴുവന്‍ വെള്ളം. പണ്ടാരം, ഒരു ഭാഗത്ത് കിടന്നുറങ്ങാനും കൂടി ഈ മഴ സമ്മതിക്കില്ല. കൈ കൊണ്ട്കിടക്കാനുള്ള സ്ഥലത്തെ വെള്ളം തുടച്ചു. അത് പോരാഞ്ഞ് അഴിച്ചു വെച്ച തുണികൊണ്ട് ഒന്നു കൂടി തുടച്ചു. ഇനി ഇപ്പോള്‍ ഒന്നിനും വയ്യ. മഴയെ നോക്കി നല്ലൊരു തെറി പറഞ്ഞ് ചാമി കോലായില്‍ കിടന്നു. ക്ഷീണം
 ഉറക്കത്തെ ആവാഹിച്ചു. ചാമി സുഖസുഷുപ്തിയിലേക്ക്തെന്നി വീണു.

ബീഡിയും വലിച്ച്ചാമി വേലപ്പറമ്പില്‍ അലയുകയാണ്. ആന പന്തലുകള്‍ പല നിറത്തിലുള്ള ബള്‍ബുകള്‍ ഓടി കളിച്ച് കണ്ണ് മയക്കുന്നു. ആന മയില്‍ ഒട്ടകം കളിക്കാരന്‍റെ മുന്നില്‍ ഭാഗ്യം പരീക്ഷിക്കാനെത്തിയവര്‍, സൂചിയെറിഞ്ഞും റിങ്ങ് എറിഞ്ഞും സമ്മാനങ്ങള്‍ കിട്ടുമോ എന്ന് നോക്കുന്നവര്‍, വിവിധ സ്റ്റാളുകളില്‍ കയറി കാഴ്ചകള്‍ കാണുന്നവര്‍, പലതരം സാധനങ്ങള്‍ വില്‍ക്കാന്‍ എത്തിയ കച്ചവടക്കാര്‍, മൂക്കെറ്റം കുടിച്ച് പാടത്ത് മട്ട മലച്ച് കിടന്നുറങ്ങുന്നവര്‍. എന്തൊരു പുരുഷാരം.

ഒരു പൊതി നിലക്കടല വറുത്തതും വാങ്ങി കൊറിച്ചു കൊണ്ട് ചാമി എല്ലാം നോക്കി നിന്നു. പെട്ടെന്നാണ്തന്‍റെ മുന്നിലൂടെ കാളുക്കുട്ടി നടന്ന്പോവുന്നത് അയാള്‍ കണ്ടത്. അവള്‍ തേങ്ങി കരയുകയാണെന്ന്ചാമിക്ക് തോന്നി. അയാളുടെ മനസ്സ് നീറി. അവളെ കരയിക്കാന്‍ പാടില്ല. എന്തെങ്കിലുമൊക്കെ വാങ്ങിക്കൊടുത്ത് അവളെ സന്തോഷിപ്പിക്കണം. അയാള്‍ അവളുടെ പുറകെ നടന്നു.

പെട്ടെന്നാണ് അത്യുച്ചത്തിലുള്ള ശബ്ദം കേട്ടത്. കുഴിമിന്നിയോ, പറ ഔട്ടോ അടുത്ത് വന്ന് വീണതാണോ? കണ്ണ്മിഴിച്ചപ്പോള്‍ മഴക്കൊപ്പം എത്തിയ ഇടിയുടെ ആരവം അവസാനിച്ചിട്ടില്ല. കാറ്റ് മഴത്തുള്ളികള്‍ കൊണ്ട് അഭിഷേകം നടത്തിയിരിക്കുന്നു. ചാമി എഴുന്നേറ്റു. ബീഡികെട്ട് തപ്പിയെടുത്തു. തീപ്പെട്ടി നനഞ്ഞ്നാശമായി. മുറ്റത്ത്തളം കെട്ടി നില്‍ക്കുന്ന വെള്ളത്തിലേക്ക് ഊക്കോടെ അത് വലിച്ചെറിഞ്ഞു. മിന്നലില്‍ തെളിഞ്ഞു വന്ന, കരിമ്പനകള്‍ കാവല്‍ നില്‍ക്കുന്ന പാടത്തേക്കും നോക്കി ചാമി വെറുതെയിരുന്നു.

പെട്ടെന്ന് അല്‍പ്പം മുമ്പ് കണ്ട സ്വപ്നം ചാമിയുടെ മനസ്സില്‍ ഓടിയെത്തി. കരഞ്ഞും കൊണ്ട് കാളുക്കുട്ടി തന്‍റെ മുന്നിലൂടെ കടന്നുപോവുന്നതായി അയാള്‍ക്ക്തോന്നി. കൊടുങ്ങല്ലൂരമ്മേ, പുത്തിമോശം കൊണ്ട് ഞാന്‍ അതിനെ വേണ്ടാതെ കണ്ട് വേദനിപ്പിച്ചു. ഇനി അവള്‍ വല്ല കടും കയ്യും ചെയ്യുമോ? ആ തോന്നല്‍ അയാളെ ഉലച്ചു. അവളെ ചെന്നു കണ്ട് സമാധാനിപ്പിച്ചിട്ടേ
ബാക്കി കാര്യമുള്ളു. അതിന്നായി നേരം വെളുക്കുന്നതും കാത്ത് ചാമി ഇരുന്നു.

Saturday, October 24, 2009

അദ്ധ്യായം-27

' അപ്പൊ ആ കഴുവേറിയുടെ വക്കാലത്തും ആയിട്ടാണ്നീ വന്നത് അല്ലേ? ' കിട്ടുണ്ണിയോടുള്ള അലോഹ്യം മറക്കണമെന്ന്പറഞ്ഞതും പത്മിനി പ്രതികരിച്ചു ' അവന് എന്നോട് നേരിട്ട് ഇത് വന്ന് പറയാന്‍ ധൈര്യം ഇല്ല. അവന്‍റെ കണ്ണ് ഞാന്‍ ആട്ടി പൊട്ടിക്കും . അവന്അത് അറിയാം.
അപ്പോള്‍ ചീട്ടാളുക്ക് ഒരു മൂട്ടാള് എന്നും പറഞ്ഞ് നിന്നെ ഇങ്ങോട്ട് അയച്ചു '.

തുടക്കത്തിലെ സംഗതികള്‍ പാളി എന്ന് വേണു മനസ്സിലാക്കി. എങ്ങിനെയാണ് ഓപ്പോളെ പറഞ്ഞ് സമാധാനിപ്പിക്കുക. അവര്‍ കടുത്ത ദേഷ്യത്തിലാണ്. അനുനയങ്ങളൊന്നും ഇവിടെ
വിലപ്പോവില്ല. അനുജന്‍ തനി ചതിയനും , സ്വന്തം കാര്യം നോക്കുന്നവനും ,  കഴിഞ്ഞതെല്ലാം
മറന്ന്പെരുമാറുന്നവനും , വാക്കിന് വിലയില്ലാത്തവനും ആണെന്ന് പത്മിനി അവകാശപ്പെട്ടു.
തല മറന്ന് എണ്ണ തേക്കാന്‍ അവനെ കഴിച്ചേ ഈ ലോകത്തില്‍ ആളുള്ളു.

' നിനക്കെന്താ അവന്‍റെ കാര്യത്തിലിത്ര താല്‍പ്പര്യം ' പത്മിനി ചോദിച്ചു ' പണക്കാരനായപ്പോള്‍ അവന് നമ്മളെ കണ്ണില്‍ പിടിക്കിണില്ല. പെങ്ങളുടെ മകനെ വേണ്ടാ. പക്ഷെ പെങ്ങളെ വേണം. അത് എന്തിനാണെന്ന് അറിയ്വോ നിനക്ക് '. വേണു അറിയില്ലെന്ന് സമ്മതിച്ചു.

' ഭാഗം കഴിഞ്ഞപ്പോള്‍ എന്‍റെ കൃഷിഭൂമി ഞാന്‍ അവന് ഒഴിമുറി വെച്ച് കൊടുത്തു ' പത്മിനി പറഞ്ഞു ' അമ്മ കെഞ്ചി പറഞ്ഞപ്പോള്‍ അത് ചെയ്തു. പക്ഷെ തറവാട്ടിലെ എന്‍റെ ഓഹരി വിട്ട് കൊടുത്തിട്ടില്ല. വല്ലപ്പോഴും അവിടെ കയറി ചെല്ലണച്ചാല്‍ അന്യനെപ്പോലെ പോവേണ്ടി വരില്ലേ എന്ന് വിശ്വേട്ടന്‍ അന്ന്പറഞ്ഞു തന്നത് എത്ര നന്നായി '.

കാര്യങ്ങളുടെ കിടപ്പ് വേണുവിന്ന് മനസ്സിലായി. പെങ്ങളെ പിണക്കാതിരിക്കേണ്ടത് ഈ നിലയില്‍ കിട്ടുണ്ണിയുടെ ആവശ്യമാണ്. അല്ലാതെ സ്നേഹം കൊണ്ടൊന്നുമാവില്ല.

' എനിക്ക് ഇതൊന്നും അറിയില്ല കേട്ടോ ഓപ്പോളേ ' വേണു പറഞ്ഞു ' പിന്നെ നിങ്ങള്ഒരു വയറ്റില്‍ കിടന്നോരല്ലേ. പിണങ്ങി നടക്കണ്ടാ എന്നേ ഞാന്‍ കരുതിയുള്ളു '.

' അത് നിന്‍റെ മനസ്സിന്‍റെ ഗുണം. നല്ലതേ നിന്‍റെ മനസ്സില്‍ തോന്നൂ '.

ഇപ്പോള്‍ ഈ വിഷയം സംസാരിക്കുന്നത് നിര്‍ത്തി പിന്നീട് നല്ല നേരം നോക്കി ഒന്നും കൂടി പറഞ്ഞു നോക്കാമെന്ന് വേണു കരുതി.

വൈകുന്നേരം നാലു മണി കഴിഞ്ഞപ്പോള്‍ മുറ്റത്ത് കാറ്വന്നുനിന്നു. പത്മിനി അകത്തുനിന്നും
 ഇറങ്ങി വന്നു. അവര്‍  ഒരുങ്ങി പുറപ്പെട്ടിട്ടുണ്ട്. ' വേഗം കയ്യും കാലും മുഖവും കഴുകി വേഷം
 മാറ്റ് ' എന്ന് അവര്‍ വേണുവിനോട്പറഞ്ഞു. വേണു മിഴിച്ച്നിന്നു. ' എന്താ നോക്കിക്കൊണ്ട് നിക്കുന്നത്. അമ്പലത്തില്‍ പോവാനാ 'എന്ന് കേട്ടതോടെ വേണുവും ഒരുങ്ങി.

ഡ്രൈവര്‍ പിന്നിലെ വാതില്‍ തുറന്ന് കൊടുത്തു. പത്മിനി കയറി ഒരു വശത്തേക്ക് നീങ്ങി. വേണുവിനോട് അതേ സീറ്റില്‍  ഇരിക്കാന്‍ പറഞ്ഞു. വണ്ടി നീങ്ങി തുടങ്ങി. ' എപ്പൊഴാ മടങ്ങി ചെല്ലാന്‍ പറഞ്ഞിരിക്കുന്നത് ' പത്മിനി ഡ്രൈവറോട് ചോദിച്ചു. ' സാറ് ചെറിയ സാറിന്‍റെ കൂടെ
വന്നോളും . അമ്മയുടെ ആവശ്യം കഴിഞ്ഞിട്ട് കാറ് ഷെഡ്ഡിലിട്ട് പൊയ്ക്കൊള്ളാന്‍ പറഞ്ഞു ' എന്ന് അയാള്‍ അറിയിച്ചു.

അമ്പലത്തിലേക്കുള്ള റോഡിലേക്ക്തിരിയുന്നതിന്ന് മുമ്പുള്ള ജങ്ഷനില്‍ കാറ് നിര്‍ത്താന്‍ 
പത്മിനി ഡ്രൈവറോട്ആവശ്യപ്പെട്ടു. വണ്ടിയില്‍ നിന്ന്അവര്‍ ഇറങ്ങുമ്പോള്‍ വേണുവിനെ കൂടെ
വിളിച്ചു. തുണിക്കടയിലേക്കാണ്അവര്‍ ചെന്നത്. ഇപ്പോള്‍ എന്താണ് വാങ്ങുന്നതെന്ന് വേണു ചിന്തിച്ചു.

' ഭഗവതിക്ക് ചാര്‍ത്താനുള്ള പട്ട് വേണം ' പത്മിനി സെയില്‍സ്മാനോട് പറഞ്ഞു. പണം 
കൊടുത്ത് സാധനം വാങ്ങി പുറത്തിറങ്ങുമ്പോള്‍ ' ഇത് എന്തിനാണെന്ന് നിനക്ക് അറിയ്വോ ' എന്ന് അവര്‍ വേണുവിനോട് ചോദിച്ചു.

' സത്യം പറയാലോ, കുറച്ചായി നിന്നെ കാണണം ന്ന് മനസ്സിലൊരു മോഹം. നിനക്ക് വേണ്ടി ഞങ്ങളാരും ഒന്നും ചെയ്തിട്ടില്ലല്ലോ എന്നൊരു കുറ്റബോധവും മനസ്സിലുണ്ട്. നിന്നെ എന്‍റെ മുമ്പില് എത്തിച്ചാല്‍ ഭഗവതിക്ക്പട്ട് ചാര്‍ത്താമെന്ന്കഴിഞ്ഞ ആഴ്ച നേര്‍ന്നതേ ഉള്ളു. ഇന്ന് മുപ്പട്ട് വെള്ളിയാഴ്ച തന്നെ ഭഗവതി നിന്നെ എന്‍റെ അടുത്ത് എത്തിച്ചു '.

പത്മിനിയുടെ വാക്കുകള്‍ കേട്ട് വേണു കോരിത്തരിച്ചു. തന്നെ സ്നേഹിക്കാനും ആളുണ്ട് എന്ന തോന്നല്‍ അയാളുടെ മനസ്സില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. പാവാടക്കാരിയായ ചേച്ചിയുടെ നിഴലായി നടന്ന വള്ളി ട്രൌസര്‍ ഇട്ട ബാലനായി അയാള്‍ മാറി.

അമ്പലത്തില്‍ വലിയ തിരക്കൊന്നുമില്ല. പുതു മഴയില്‍ മുളച്ച പുല്ല് തിരുമുറ്റത്തില്‍ പരവതാനി വിരിച്ചിരുന്നു. ചുറ്റുവിളക്കുകളില്‍ നിന്ന് ഒഴുകി വീണ എണ്ണയും കരിയും കൊണ്ട് ചുവരാകെ പൊയ്മുഖം അണിഞ്ഞിട്ടുണ്ട്. ഷര്‍ട്ട് അഴിച്ച് കൈത്തണ്ടയില്‍ തൂക്കി പത്മിനിയോടൊപ്പം 
വേണു അകത്തേക്ക് കടന്നു. ദീപാരാധന തുടങ്ങുന്നതേയുള്ളു. പത്മിനി പട്ട് നടക്കല്‍ വെച്ചു,
ഒപ്പം കയ്യില്‍ സൂക്ഷിച്ച എണ്ണകുപ്പിയും ചന്ദനത്തിരികളും.

' തിരുമേനി, ഒരു പുഷ്പാഞ്ഞലി കഴിക്കണം. വേണുഗോപാലന്‍. ഉത്രം നക്ഷത്രം ' പത്മിനി പറഞ്ഞു ' പിന്നെ പതിനൊന്ന് ദിവസം ഇതേ പേരില്കടുമധുരം പായസൂം പുഷ്പാജ്ഞലിയും
കഴിക്കണം. പ്രസാദം വാങ്ങാനൊന്നും ആരും വര്വേണ്ടാവില്ല. അത്ഇവിടെ വരുന്ന കുട്ടികള്‍ക്ക്
കൊടുത്തോളു. അവര് സന്തോഷിച്ചാല്‍ ദൈവം സന്തോഷിച്ചോളും '.

തൊഴുത് ഇറങ്ങുമ്പോഴേക്കും ഇരുട്ട്പരന്ന് കഴിഞ്ഞിരുന്നു. ആകാശം നനഞ്ഞ് കുതിര്‍ന്ന
കാര്‍മേഘങ്ങളിലെ വെള്ളം പിഴിഞ്ഞ്കളയാന്‍ ഒരുങ്ങി. പുറത്ത്ഡ്രൈവര്‍ കുടയുമായി കാത്ത് നില്‍പ്പുണ്ട്. ഒരു കുട കീഴില്‍ ആങ്ങളയും പെങ്ങളും കാറിനടുത്തേക്ക് നീങ്ങി.

വീടെത്തുമ്പോഴേക്കും വക്കീലും മകനും എത്തിയിരുന്നു. മുറ്റത്ത് കാര്‍ കണ്ടതേ ' എന്താപ്പോ അച്ഛനും മകനും ഇന്ന് ഇത്ര നേരത്തെ എത്ത്യേത് ' എന്ന് പത്മിനി അത്ഭുതപ്പെട്ടു. വിശ്വേട്ടന്‍ 
ചാരുകസേലയില്‍ കിടക്കുന്നു. മകന്‍ അടുത്തൊരു കസേലയില്‍ പത്രം വായിച്ച് ഇരിപ്പാണ്.
' താന്‍ വന്നതല്ലേ എന്നും പറഞ്ഞ് വന്ന ആള്‍ക്കാരെ ഓരോന്ന് ഒക്കെ പറഞ്ഞ് മടക്കി അയച്ചിട്ട്
വരുമ്പോള്‍ പെങ്ങളും ആങ്ങളയും കൂടി സര്‍ക്കീട്ട് പോയി അല്ലേ ' എന്ന് വക്കീല്‍ ചോദിച്ചു.

ആണുങ്ങള്‍ വിശേഷങ്ങള്‍ പങ്കിട്ടു കൊണ്ടിരിക്കുമ്പോള്‍ പത്മിനി വസ്ത്രം മാറ്റി ട്രേയില്‍ ചായ കപ്പുകളുമായി കടന്നു വന്നു. ' എന്തിനാ ഉണ്ണാന്‍ നേരത്തൊരു ചായ ' എന്ന് വക്കീല്‍ പറഞ്ഞു.
' നമുക്ക് ഇത്തിരി വൈകീട്ട് ഉണ്ണാം ' എന്ന് പത്മിനി പറഞ്ഞതോടെ എല്ലാവരും അത് എടുത്തു.

'എന്താ ഇനി തന്‍റെ ഉദ്ദേശം ' വക്കീല്‍ ചോദിച്ചു ' ഇനീം ദേശാന്തരം മതി എന്നും വെച്ച് വല്ല നാട്ടിലും ചെന്ന് കിടക്കാനാണോ അതൊ സ്വസ്ഥായിട്ട് ഒരു ഭാഗത്ത് കൂടാനാണോ ഭാവം  '.

മദിരാശിയിലേക്ക് ഇനി തിരിച്ച്പോവുന്നില്ലെന്നും നാട്ടില്‍ തന്നെ കൂടാനാണ്തന്‍റെ ഉദ്ദേശം 
എന്നും വേണു പറഞ്ഞപ്പോള്‍ ' അതെതായാലും  നന്നായി 'എന്ന് വക്കീല്‍ അഭിപ്രായപ്പെട്ടു.

അത്താഴം കഴിഞ്ഞ് പൂമുഖത്ത് എല്ലാവരും ഇരുന്നു. ' പത്മിന്യേ, ഇയാളുടെ കാര്യത്തില്‍ ചില തീരുമാനങ്ങള്‍ ഒക്കെ എടുക്കണം ' വക്കീല്‍ പറഞ്ഞു' വേണുവിന്ന്ഒന്നും ചെയ്തില്ല എന്നൊരു ഈഷല് തന്‍റെ മനസ്സിലുണ്ടല്ലോ, അത് തീര്‍ക്കാന്‍ പറ്റിയ അവസരമാണ് ഇത് '.

തന്‍റെ ജീവിതം ഒരു കടവിലേക്ക് അടുപ്പിക്കുന്നതിന്നുള്ള രൂപരേഖ തയ്യാറാക്കുന്നത് വേണു നിസ്സംഗതയോടെ നോക്കിയിരുന്നു.

അദ്ധ്യായം-26

കുത്തനൂരില്‍ നിന്ന് തിരിച്ച് പകുതി ദൂരം എത്തിയപ്പോഴാണ് ' വേലപ്പോ നിന്‍റെ അറിവില്‍ നല്ല പശു എവിടേയെങ്കിലും ഉണ്ടോ ' എന്ന് മന്ദാടിയാര്‍ ചോദിക്കുന്നത്. നാട്ടില് ഇല്ലാഞ്ഞിട്ടാണോ ഇത്ര ദൂരത്തേക്ക് മാട് വാങ്ങാന്‍ ചെന്നത്. ' നിങ്ങക്ക് ഏത് സൈസ്സ് വേണന്ന് പറയിന്‍ . ഇപ്പൊ തന്നെ പോയി കച്ചോടം ആക്കാം ' എന്ന് പറഞ്ഞു.

' നമ്മള് പോയി കണ്ട മാതിരി ഉള്ളത് കിട്ട്വോ ' എന്ന് മന്ദാടിയാര്‍ തിരക്കി. വെള്ള നിറം  തന്നെ വേണച്ചാല്‍ ഒന്ന്കൂടി അന്വേഷിക്കണമെന്നും അല്ലെങ്കില്‍ നല്ല ജനുസ്സ് മാടിനെ കിട്ടാനുണ്ടേന്നും
 അറിയിച്ചു.

ഇനി നെറം ഒന്നും നോക്കണ്ടാ , ഉരുപ്പടി നന്നായാല്‍ മതി എന്ന് മരുമകന്‍ പറഞ്ഞതോടെ തന്‍റെ
അറിവില്‍ പെട്ടതും തോതിന്ന് ഒത്തതുമായ ഒരുപശുവുള്ള വീട്ടിലേക്ക് വണ്ടി വിടാന്‍ വേലപ്പന്‍ 
പറഞ്ഞു. ഭാഗ്യത്തിന് ചെന്ന് കേറുമ്പോള്‍ ഉടമസ്ഥന്‍ വീട്ടില്‍ തന്നെയുണ്ട്. സ്വതവേ അയാള്‍ ഈ നേരത്ത് സൈക്കിളില്‍ ചായപ്പൊടിയുമായി ലൈനില്‍ ഇറങ്ങും. വൈകുന്നേരത്തേ തിരിച്ച്
വീടെത്തു.

' എന്താ നിങ്ങളെ കണ്ടില്ലാ എന്ന് വിചാരിച്ച് ഇരിക്ക്യായിരുന്നു. പശുവിനെ വില്‍ക്കുന്ന കാര്യം പറഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞല്ലോ ' എന്നും പറഞ്ഞ് അയാള്‍ സ്വീകരിച്ചു. പശുവിനെ കറന്നിരിക്കുന്നു. എത്ര കിട്ടുന്നുണ്ട് എന്ന് ചോദിച്ചതിന്ന്പറഞ്ഞ മറുപടി സത്യമാണെന്ന് വേലപ്പന്ന്മനസ്സിലായി. കഴിഞ്ഞ തവണ താന്‍ വാങ്ങിക്കൊടുത്ത പശുവാണ്അത്‌. ഇന്നതേ അതിന്ന് കിട്ടൂ എന്ന് നന്നായി അറിയാം.

മന്ദാടിയാര്‍ക്കും മരുമകനും പയ്യിനെ ഇഷ്ടപ്പെട്ടതോടെ വില ചോദിച്ചു. അമര്‍ന്ന വിലയാണ് ഉടമസ്ഥന്‍ പറഞ്ഞത്. വേലപ്പന്‍  മന്ദാടിയാരെ നോക്കി കണ്ണിറുക്കി കാണിച്ചു. പൊടുന്നനെ ചാടി വീണ് കാശ് വെച്ച് നീട്ടിയാല്‍ നഷ്ടം വരും. അതിനല്ലല്ലോ തന്നെ അവര്‍ കൂട്ടികൊണ്ട് വന്നത്.

' കൊടുക്കുന്ന വില പറയിന്‍ ' വേലപ്പന്‍ പറഞ്ഞു ' തൊള്ളേല്‍ തോന്നിയത് കേട്ടാല് അവര് പെശകാനൊന്നും നിക്കില്ല. അവരുടെ വഴിക്ക് പോവും. ഞാന്‍ പറഞ്ഞില്യാന്ന് വേണ്ടാ '.

' ഞാന്‍ അങ്ങിനെ തൊള്ളയില്‍ തോന്നിയതൊന്നും പറഞ്ഞിട്ടില്ല ' അയാള്‍ പറഞ്ഞു ' ഇതിന്‍റെ സ്വഭാവഗുണം ആലോചിക്കുമ്പോള്‍ കൊടുക്കാന്‍ തോന്നുന്നില്ല. പക്ഷെ ഇതിനെ കൊടുത്തിട്ട് ഒരു എരുമയെ വാങ്ങണം. മൂത്ത ചെക്കന്‍റെ ചായപ്പീടികേലേക്ക് പാലിന് വേണ്ടീട്ടാ. പശുവിന്‍ പാല് നല്ലതാ. പക്ഷെ അത് വീട്ടാവശ്യത്തിനെ പറ്റു. ചായപ്പീടീലിക്ക് നല്ല കട്ടീള്ള എരുമപ്പാല് വേണം, ചായക്ക് കൊഴുപ്പ് കിട്ടാന്‍. പശൂന്‍റെ പാല് ഒഴിച്ചിട്ട്ചായീണ്ടാക്ക്യാല്‍ മുതലാവില്ല '.

ഒന്ന് രണ്ട് വട്ടം ഒറ്റക്കും മാറീട്ടും രണ്ട് കൂട്ടരും വേലപ്പനുമായി സംഭാഷണം നടത്തിയതോടെ കച്ചവടം നടന്നു. പണം കൊടുത്ത് മന്ദാടിയാരുടെ മരുമകന്‍ ഉരുപ്പടി വാങ്ങി. അവരോടൊപ്പം 
ഇറങ്ങാന്‍ ഒരുങ്ങിയപ്പോള്‍ വീട്ടുകാരന്‍ പിന്നിന്ന് വിളിച്ചു. അയാള്‍ കയ്യില്‍ വെച്ച്തന്ന നോട്ട്
നോക്കാതെ തന്നെ വേലപ്പന്‍ ബെല്‍ട്ടില്‍ തിരുകി.

' അപ്ലേ, നമ്മക്ക് ഒരു എരുമേ വേണോലോ, അത് എപ്ലാ വാങ്ങി തര്വാ ' എന്ന് വീട്ടുടമസ്ഥന്‍ 
ചോദിച്ചു. എലിപ്പാറേല്‍ ചെന്നാല്‍ കിട്ടും . ഇന്ന് അവിടത്തെ ചന്തയാണ്. പക്ഷെ നേരം വൈകി. വിവരം പറഞ്ഞതും ഇങ്ങോട്ട് വന്ന ജീപ്പ് വാടകക്ക് വിളിച്ചു. മാടിനേയും കുട്ടിയേയും കൂടെ വന്ന പണിക്കാരനോട് ആട്ടിക്കൊണ്ട് പോവാന്‍ ഏര്‍പ്പാടാക്കി. ഒരു രസത്തിന് മന്ദാടിയാരും
 ജീപ്പില്‍ കയറി.

ആ കച്ചവടവും കഴിഞ്ഞ് എരുമയെ ഉടമസ്ഥന്‍റെ കയ്യില്‍ ഏല്‍പിച്ചു. രണ്ട് കൂട്ടരും അറിഞ്ഞ് തന്നത് വാങ്ങി ജീപ്പില്‍ കയറി. മന്ദാടിയാര്‍ വീടിനടുത്ത്തന്നെഎത്തിച്ചു. അയാള്‍ തന്ന പണവും 
വാങ്ങി വേലപ്പന്‍ ഇറങ്ങി. സൂര്യന്‍ പടിഞ്ഞാറോട്ട് നീങ്ങി കഴിഞ്ഞിരുന്നു. മുരുകമലയുടെ നിഴല്‍
 കിഴക്കോട്ടും. വേലപ്പന്ന്നല്ല വിശപ്പ് തോന്നി. ഉച്ചക്ക് ഒന്നും കഴിച്ചിട്ടില്ല. അയാള്‍ ധൃതിയില്‍
 വീട്ടിലേക്ക് നടന്നു.

ചെന്ന് കയറിയപാടെ ചാമി ഒപ്പിച്ച വിശേഷങ്ങള്‍ കല്യാണി അവതരിപ്പിച്ചു. അതോടെ വിശപ്പ് ചത്തു. മകള്‍ നിര്‍ബന്ധിച്ചപ്പോഴാണ് വേലപ്പന്‍  ഉണ്ണാന്‍ ഇരുന്നത്. കൂട്ടുകാരന്‍റെ വീട്ടിലേക്ക് പോയതാണത്രേ. ഇനിഎന്തൊക്കെ കുരുത്തക്കേടാണാവോ അവന്‍ ചെയ്യാനിരിക്കുന്നത്.വന്നിട്ട് വേണം നല്ലത് നാല് പറയാന്‍.

കഞ്ഞി കുടിച്ച് പിള്ള കോലായില്‍ തോര്‍ത്തും വിരിച്ച്, ചാമി തിരിച്ച് വരുന്നതും കാത്ത് വേലപ്പന്‍ കിടന്നു. തണുത്ത കാറ്റ് അയാളുടെ കണ്‍പോളകള്‍ തഴുകി അടച്ചു.

***********************************************************************************************

ഉച്ച വരെ കച്ചവടം ഒട്ടും നടന്നില്ല . അതിന്ന് ശേഷം മക്കു രാവുത്തര്‍ വിചാരിച്ചതിലും ഏറെ
വില്‍പന നടന്നു. പകുതി ഭാരം കുറഞ്ഞതിന്‍റെ സന്തോഷത്തില്‍ അയാള്‍ സൈക്കിളില്‍ മടക്ക
യാത്ര തുടങ്ങി. ചുണ്ടില്‍ പഴയൊരു തമിഴ് സിനിമാപ്പാട്ടിന്‍റെ ഈരടികള്‍ തത്തി കളിച്ചു.' ഞാന്‍ 
ആണയിട്ടാല്‍ ....' എം. ജി. ആറിന്‍റെ കടുത്ത ആരാധകനാണ് രാവുത്തര്‍ . പട്ടിണിപ്പാവങ്ങളുടെ കണ്ണീരൊപ്പാനായി ജനിച്ച മഹാനാണ് അദ്ദേഹം എന്നാണ് രാവുത്തര്‍ പറയുക. ഒരു മണിക്കൂര്‍ 
സൈക്കിള്‍ ചവിട്ടിയാല്‍ ഇഷ്ടതാരത്തിന്‍റെ നാട്ടിലെത്താം. പറഞ്ഞിട്ടെന്താ കാര്യം, ഒന്ന്കാണാനും
കൂടിയുള്ള യോഗം ഇല്ലല്ലോ. വെള്ളിത്തിരയില്‍ ഏഴൈത്തോഴന്‍ പാവങ്ങള്‍ക്ക് വേണ്ടിനടത്തിയ പരാക്രമങ്ങള്‍ ഓര്‍ത്തോര്‍ത്ത് മെല്ലെ സൈക്കിള്‍ ചവിട്ടി.

മന്ദത്തിന്ന് അടുത്തെത്തിയപ്പോള്‍ സൈക്കിള്‍ പാതയിലെ അടര്‍ന്ന് നിന്ന മെറ്റലില്‍ തട്ടി ടയര്‍ 
പഞ്ചറായി. ഇനി എന്താ ചെയ്യുക. തുണിത്തരങ്ങള്‍ കുറച്ചേ ഉള്ളുവെങ്കിലും സൈക്കിളിന്ന്നല്ല
ഭാരമുണ്ട്. എങ്ങിനെ സൈക്കിള്‍ കട വരെ എത്തിക്കും എന്ന് ആലോചിക്കുമ്പോള്‍ മായന്‍ കുട്ടി വരുന്നു. കാലത്ത് കൊടുത്ത മുണ്ടൊക്കെ ചുറ്റി വൃത്തിയായിട്ടാണ് വരവ്.

' ആലുപ്പോ, സൈക്കിള്പഞ്ചറായോ ' അവന്‍ ചോദിച്ചു. രാവുത്തര്‍ തലയാട്ടി. ' കടവരെക്ക് സൈക്കിള്‍ ഉന്തിത്താടാ ' എന്ന് അവനോട് പറയുകയും ചെയ്തു.

' നിങ്ങള് ബേജാറാവാണ്ടിരിക്കിന്‍  ' എന്നും പറഞ്ഞ് മായന്‍ കുട്ടി ഹാന്‍ഡില്‍ബാറില്‍ പിടിച്ച് സൈക്കിള്‍ ഉരുട്ടി നടന്നു. രാവുത്തര്‍ പുറകേയും. അയ്യര്‍കുളത്തിന്ന് അടുത്തെത്തിയപ്പോള്‍ കിട്ടുണ്ണി മാഷ് എതിരെ വരുന്നു. ' ഇപ്പൊ രണ്ടാളും കൂടിയിട്ടാണോ കച്ചവടത്തിന്ന് പോകാറ് ' എന്ന് മാഷ് ചോദിച്ചു. ആ വാക്കുകളില്‍ അടങ്ങിയ പുച്ഛരസം രാവുത്തര്‍ക്ക് എളുപ്പത്തില്‍ 
തിരിച്ചറിയാനായി.

' നമുക്കൊക്കെ വയസ്സായില്ലേ മാഷേ ' രാവുത്തര്‍ പറഞ്ഞു ' പഴയപോലെ ഒന്നും വയ്യ. അപ്പൊ ഇവനെ കൂട്ട്യേതാണ്. കൂലിക്കൊന്നും അല്ലാട്ടോ. പങ്ക് കച്ചവടം ആണ് '. കിട്ടുണ്ണിക്ക് മുഖത്ത് അടി കിട്ടിയപോലെ ആയി. ' അയാള്‍ ഒരു ഇളിഞ്ഞചിരി പാസ്സാക്കി.' അത് നന്നായി. നിങ്ങള് തമ്മില്നല്ല ജോഡിപ്പൊരുത്തം ഉണ്ട് ' എന്ന് പറയുകയും ചെയ്തു.

' ഇന്ന് മക്കാറാക്കാന്‍ ആര്യേം കിട്ടീലാ അല്ലെ ' എന്നും പറഞ്ഞ് രാവുത്തര്‍ നടക്കാനൊരുങ്ങി.
' നിങ്ങളെ കാണാണംന്ന് വിചാരിച്ച് ഇരിക്യായിരുന്നു ' എന്ന് മാഷ്പറഞ്ഞു ' നിങ്ങളോട് ഒരു കാര്യം സംസാരിക്കാനുണ്ട് '.

' എന്താച്ചാല്‍ പറഞ്ഞോളിന്‍ ' എന്നും പറഞ്ഞ് രാവുത്തര്‍ നിന്നു. മായന്‍ കുട്ടി സൈക്കിളും 
പിടിച്ച് അരികെയും. താന്‍ ഒരു പണമിടപാട്സ്ഥാപനം തുടങ്ങാന്‍ പോകുന്നുണ്ടെന്നും അതില്‍ 
രാവുത്തരുടെ മക്കള്‍ അയച്ച് കൊടുക്കുന്ന പണം നിക്ഷേപിച്ചാല്‍ നല്ല പലിശ നല്‍കാമെന്നും 
കിട്ടുണ്ണി മാഷ് പറഞ്ഞു. ' അമ്പട കള്ളാ ' രാവുത്തര്‍ മനസ്സില്‍ പറഞ്ഞു ' ഇതിനാണല്ലേ എന്നെ കാണണം എന്ന് പറഞ്ഞത് '. അയാള്‍ മറുപടി ഒന്നും പറഞ്ഞില്ല.

' എന്താ രാവുത്തരെ, നിങ്ങളൊന്നും മിണ്ടാത്തത് ' കിട്ടുണ്ണി മാഷ് ചോദിച്ചു ' നമ്മളെ വിശ്വാസം
 ഇല്ലാഞ്ഞിട്ടാണോ '. ഇനി മിണ്ടാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒരൊറ്റ പറച്ചിലോടു കൂടി വിഷയം 
മുടിക്കണം. ഇനി ഒരിക്കല്‍ ഇതും പറഞ്ഞ് ഒരു വര്‍ത്താനം വേണ്ടാ.

' മാഷെ, അത് നടക്കില്ല ' രാവുത്തര്‍ പറഞ്ഞു ' മറ്റൊന്നും കൊണ്ടല്ല. മുസല്‍മാന്‍ പലിശക്ക് പണം കൊടുക്കാന്‍ പാടില്ല. കച്ചോടം ചെയ്ത് ജീവിക്കാനേ നമ്മളോട്പറഞ്ഞിട്ടുള്ളു '.മാഷക്ക് ഒന്നും പറയാനില്ല. കൊടത്തിലോ, ഭരണീലോ ഇട്ടുവെച്ച പണം വല്ല കള്ളന്മാരും കട്ടിട്ട്പോവാതെ
നോക്കിക്കോളിന്‍ എന്ന് അയാള്‍ പറഞ്ഞു. പോസ്റ്റാപ്പീസ് പൊളിഞ്ഞാലെ കുട്ട്യോളുടെ മൊതല് പോവൂ എന്നും പറഞ്ഞ് രാവുത്തര്‍ നടന്നു. പണം പണം എന്നൊരു ചിന്തേ ഈ ഹറാംപിറന്നോന് ഉള്ളു എന്ന് മനസ്സില്‍ കരുതുകയും ചെയ്തു.

ഇര ഓടി രക്ഷപ്പെട്ടതില്‍ നിരാശനായ വിശക്കുന്ന കടുവയെപ്പോലെ കിട്ടുണ്ണി മാഷ് രാവുത്തരെ ശപിച്ച് നടക്കാന്‍ തുടങ്ങി.

Thursday, October 15, 2009

അദ്ധ്യായം 25.

നാണു നായര്‍ വിളിച്ചപ്പോഴാണ് കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ ഉണര്‍ന്നത്. നേരം വല്ലാതെ വൈകിയിരിക്കുന്നു. ഈശ്വരാ, പാടത്ത് കന്നോ മാടോ ഇറങ്ങിയിട്ടുണ്ടാവുമോ? പിടഞ്ഞെണീറ്റ് പോവാനൊരുങ്ങി.

' എവെടെക്കാ നിങ്ങള് തുറുക്കം പിടിച്ച് പായാന്‍ നിക്കിണത് ' എന്ന് നാണു നായര്‍ ചോദിച്ചു. 'പാടത്ത് കന്നോ മാടോ വല്ലതും ഇറങ്ങിയിട്ടുണ്ടോ എന്ന് നോക്കണം, തൊഴുത്തിലുള്ള കന്നിന് വെള്ളവും വൈക്കോലും കൊടുക്കണം. അങ്ങിനെ നൂറ്കൂട്ടം പണികള്‍ ചെയ്യാന്‍ കിടക്കുന്നുണ്ട് അതൊന്നും ആലോചിക്കാതെ ഞാന്‍ കിടന്നുറങ്ങി 'എഴുത്തശ്ശന്‍ പറഞ്ഞു ' പോയിട്ട് ഇതൊക്കെ ഒന്ന് വെക്കം തീര്‍ക്കട്ടെ. അതൊക്കെ കഴിഞ്ഞ് പിന്നെ വന്ന് കണ്ടോളാം'.

നാണു നായര്‍ അതിന്ന് സമ്മതിച്ചില്ല. ഉണ്കഴിഞ്ഞിട്ടേ പോകാവൂ എന്ന് ശഠിച്ചു. എഴുത്തശ്ശന്‍ എതിരൊന്നും പറഞ്ഞില്ല. കിണ്ടിയില്‍ നിന്ന് വെള്ളമെടുത്ത്കയ്യും മുഖവും കഴുകി. നായരുടെ പുറകെ ഇടന്നാഴിയിലേക്ക് ചെന്നു. സരോജിനി നാക്കിലയില്‍ ചോറ് വിളമ്പി. ഉള്ളി സാമ്പാറും, കായയും ചേനയും കൂടിയുള്ള മെഴുക്കുപുരട്ടിയും , നാരങ്ങ ഉപ്പിലിട്ടതും , പപ്പടവും ഒക്കെക്കൂടി സമൃദ്ധമായ ഉണ് രണ്ടുപേരും കഴിച്ചു. ആണുങ്ങള്‍ ഊണ്കഴിച്ച് എഴുന്നേറ്റപ്പോള്‍ സരോജിനി ഉണ്ണാനിരുന്നു. എഴുത്തശ്ശന്‍റെ പേര്പറഞ്ഞിട്ടാണെങ്കിലും വളരെ നാളുകള്‍ക്ക് ശേഷം ഇന്നാണ് രുചിയോടെ വല്ലതും തിന്നുന്നത്.

'അപ്പഴേ നിങ്ങള് എന്നോട്പറഞ്ഞ കാര്യം മറന്ന്വോ' എന്ന് നായര്‍ ചോദിച്ചു. കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍
ഒന്നും മിണ്ടിയില്ല. നായര്‍ എന്ത് പറയുമെന്ന ആലോചനയില്‍ ആയിരുന്നു അയാളും. ഇത്പോലെയുള്ള ഒരു അവസ്ഥ ഇതിന്ന് മുമ്പ് ഉണ്ടായിട്ടില്ല. കുടുംബത്തില്‍ തന്നെയാണ് കുഴപ്പം. പോറ്റി വളര്‍ത്തിയ മകന് വേണ്ടെങ്കില്‍ പിന്നെ ആരെ കാത്തിരിക്കണം. കെഞ്ചി കൊണ്ട് പിന്നാലെ പോവാനൊന്നും ആവില്ല. അതിലും ഭേദം ഈ ജീവന്‍ വേണ്ടെന്ന് വെക്കുന്നതാണ്.

'ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ തെറ്റിദ്ധരിക്കരുതേ' എന്നും പറഞ്ഞാണ് നാണു നായര്‍ തുടങ്ങിയത്. കാര്യം നിങ്ങടെ മകനാണെങ്കിലും അവരൊക്കെ വലിയ വലിയ ആള്‍ക്കാരാണ്. നമ്മളെ പോലെ ഒരു വെറും അശു അവരുടെ അടുത്ത് മദ്ധ്യസ്ഥം പറയാന്‍ ചെന്നാല് കണ്ണില്‍ പിടിക്ക്വോ. ഒക്കെ തരത്തിന് ചേര്‍ന്നവര്‍ തമ്മില്‍ സംസാരിച്ചാലല്ലേ കാര്യം മുറിയൂ . നമ്മടെ ദേശത്തില് ഇപ്പോള്‍ കിട്ടുണ്ണി മാഷോ രാഘവനോ ഒക്കെ അല്ലേ വലിയ ആള്‍ക്കാര്. നമുക്ക് അവരെക്കൊണ്ട് വേലായുധന്‍
കുട്ടിയോട് ഒന്ന് സംസാരിപ്പിച്ചാലോ?

എഴുത്തശ്ശന്‍ ഒന്നും പറഞ്ഞില്ല. താന്‍ പറഞ്ഞത് തെറ്റായോ എന്ന് നാണു നായര്‍ക്ക് തോന്നി. 'എന്താ നിങ്ങള് ഒരക്ഷരം
മിണ്ടാത്തത് 'എന്ന് നാണു നായര്‍ ചോദിച്ചു. ബാക്കി കൂടി പറഞ്ഞു കൊള്ളാന്‍ എഴുത്തശ്ശന്‍ ആവശ്യപ്പെട്ടു. 'നിങ്ങടെ വണ്ടീം മൂരീം ഒന്നും അവര്‍ക്ക് അങ്ങിട്ട് തീരെ പറ്റിണിണ്ടാവില്യാ. നമക്കതങ്ങിട്ട് വേണ്ടാന്ന് വെച്ചൂടെ?' നായര്‍ അടുത്ത നിര്‍ദ്ദേശവും വെച്ചു.

'അപ്പൊ എന്‍റെ ഇഷ്ടത്തിന്ന് ഞാന്‍ നിറുത്തിയ വണ്ടിയും കാളയും വില്‍ക്കണം. എന്നിട്ട് അവന്‍റേയും അവളുടേയും കാലില് ചെന്ന് വീഴണം. അതിനും അന്യന്‍റെ മദ്ധ്യസ്ഥത വേണം 'എഴുത്തശ്ശന്‍ ചോദിച്ചു' ഇതൊക്കെയല്ലേ നിങ്ങള്പറഞ്ഞോണ്ട് വരുന്നത്'.

നാണു നായര്‍ ഒന്നും മിണ്ടിയില്ല. വേണ്ടായിരുന്നു എന്ന് അയാള്‍ക്ക് തോന്നി.

'കൂട്ടീം കിഴിച്ചും നോക്കുമ്പൊ നിങ്ങള് പറഞ്ഞതന്ന്യാ ശരി. അവരുടെ ദേഷ്യം തീര്‍ക്കാന്‍ ചെലപ്പൊ അതൊക്കെ വേണ്ടിവരും. എന്നാലും എന്തൊ എനിക്ക് അതങ്ങിട്ട് ബോധിക്കുന്നില്ല 'എഴുത്തശ്ശന്‍ പറഞ്ഞു' അതിന് തക്ക തെറ്റൊന്നും
ഞാന്‍ ചെയ്തിട്ടില്ല '.

അവര്‍ക്കിടയില്‍ മൂന്നാമനായി നിശബ്ദത കടന്ന് വന്നു. മൂടിക്കെട്ടിയ അന്തരീക്ഷം വേവും ചൂടും ഉയര്‍ത്തി. അട മഴ തുടങ്ങാറായി. അതിന് മുമ്പ് ചിലതെല്ലാം ചെയ്തു തീര്‍ക്കാനുണ്ട്. 'എന്നിട്ട് എന്താ നിങ്ങളുടെ തീരുമാനം' എന്ന് നായര്‍ ആരാഞ്ഞു. 'ഇന്നലെ രാത്രി തന്നെ എന്ത് ചെയ്യണം എന്ന് ഞാന്‍ ആലോചിച്ച് വെച്ചിട്ടുണ്ട്. അത് ചെയ്യുന്നതിന്ന് മുമ്പ് നിങ്ങളോടൊന്ന് ചോദിച്ചൂന്നേ ഉള്ളു' എഴുത്തശ്ശന്‍ പറഞ്ഞു' ആരോടും ഒരുവാക്ക് ചോദിക്കാതെ തന്നിഷ്ടം പോലെ ചെയ്തൂന്ന് നാളെ എനിക്ക് തോന്നാന്‍ പാടില്ലല്ലോ.'

കൂട്ടുകാരനോട് എഴുത്തശ്ശന്‍ മനസ്സ് തുറന്നു. ഒന്നേ ഉള്ളുവെങ്കില്‍ ഒലക്ക കൊണ്ട് തല്ലി വളര്‍ത്തണം എന്നാണ് പഴമക്കാര് പറയാറ്. അത് ചെയ്തില്ല. തള്ളയില്ലാത്ത കുട്ടിയല്ലെ എന്ന് കരുതി മകനെ ലാളിച്ചു. മുതിര്‍ന്നപ്പോള്‍ അവന്‍റെ എല്ലാ ഇഷ്ടങ്ങള്‍ക്കും വഴങ്ങി. ഇനി പറഞ്ഞിട്ട് കാര്യമില്ല.

അന്യന്‍റെ പാടം പാട്ടത്തിന് എടുത്ത് കൊത്തീം കിളച്ചും പണിതു. എന്നും അരിഷ്ടിച്ച് കഴിഞ്ഞത് കാരണം പത്ത് കാശ് കയ്യില്‍ വെക്കാന്‍ ഉണ്ടായി. ഈശ്വരന്‍ വിചാരിച്ച് നിയമം മാറിയപ്പോള്‍ പത്തമ്പത് പറ കൃഷിഭൂമി കയ്യില്‍ വന്നു. പുഴവക്കത്ത്
തരിശായി കിടന്ന സ്ഥലം ചുളുവിലയ്ക്ക് കിട്ടിയപ്പോള്‍ വാങ്ങി. പുഴയില്‍ നിന്ന് ഒറ്റക്ക് കൊടത്തില്‍ വെള്ളം
ഏറ്റികൊണ്ടു വന്ന് നനച്ച് വളര്‍ത്തിയതാണ് തെങ്ങിന്‍ തൈകള്‍ ഒക്കെയും. ഇന്നവിടെ ഇല്ലാത്ത വല്ലതും ഉണ്ടോ. പല ജാതി മാവുകള്‍, പ്ലാവ്, പുളി, പറങ്കി മൂച്ചി, നെല്ലി ഒക്കെ ഉണ്ട്. വീട്ടാവശ്യം കഴിഞ്ഞ് ബാക്കി വിറ്റ് പണമാക്കും. ഒക്കെ മകന് വേണ്ടിയാണ് ഉണ്ടാക്കി കൂട്ടിയത്.

സമ്പാദിച്ചത് മകന്‍ ധൂര്‍ത്ത് അടിച്ച് കളഞ്ഞു എന്നൊന്നും പറയാന്‍ പറ്റില്ല. ഒരു നെല്ലരവ് മില്ല് അവന് ഉണ്ടാക്കി കൊടുത്തു. അതില്‍ നിന്ന് അവന്‍ പൊങ്ങി. അരിക്ക് ക്രാക്കി വന്നപ്പോള്‍ കരിഞ്ചന്തയില്‍ കൂടി അവനും സമ്പാദിച്ചു കൂട്ടി. പക്ഷെ അതിന് അസ്ഥിവാരം ഇട്ടത് ആരാണ്. അങ്ങിനത്തെ അച്ഛനെ മകന് വേണ്ടാതായി. പോണത് പോട്ടെ. അതിനെ കുറിച്ച് സങ്കടപ്പെടാന്‍ ഇല്ല. തോര്‍ത്ത് എടുത്ത് ഇറങ്ങാന്‍ ഒരുങ്ങി. പടി വരെ പോയി അയാള്‍ മടങ്ങി വന്നു.

' നോക്കിന്‍ നാണ്വാരെ, നിങ്ങളേക്കാള്‍ ഒന്നൊന്നര വയസ്സിന്ന് മൂത്തതാണ് ഞാന്‍. ഇന്ന് വരെ കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍
ആരുടേങ്കിലും മുമ്പില്‍ തല കുമ്പിട്ട് നിന്നതായി കേട്ടിട്ടുണ്ടോ 'എന്ന് ചോദിച്ചു. ഇല്ലെന്ന് നാണുനായര്‍ തലയാട്ടി.

'പോയ മാനം ആര്‍ക്കും കയറിട്ട് വലിച്ച് കൊണ്ടു വരാന്‍ പറ്റില്ല. അത് പോയത് തന്നെ 'എഴുത്തശ്ശന്‍ പറഞ്ഞു' ഇനി എന്തായാല്‍ എന്താ. വാലില്ലാത്ത മൂരിക്ക് പ്രിക്ക കടി ഇല്ലല്ലോ. അപ്പോള്‍ ചിലതൊക്കെ ഞാനും നിശ്ചയിച്ചിട്ടുണ്ട്. ഒരുത്തന്‍റെ കാലും ഞാന്‍ പിടിക്കാന്‍ പോണില്ല. വണ്ടിപ്പുര പൊളിച്ചെടുത്ത് ഞാന്‍ കറ്റക്കളത്തില്‍ കെട്ടും. നാഴി അരി അവീടെ വെച്ച് തിളപ്പിച്ച് കഴിച്ച് ഞാന്‍ ഒറ്റക്കങ്ങിട്ട് കഴിയും. മകനും കുടുംബവും വീട്ടില്‍ വന്ന് ഇരിക്ക്വോ, ഇരിക്കാതിരിക്ക്വോ എന്താ വേണ്ടച്ചാല്‍ ചെയ്തോട്ടെ. ഞാനൊന്നും ചോയ്ക്കാനും പോണില്ല പറയാനും പോണില്ല'.

'എന്താ നിങ്ങള് പറയിണത് 'നായര്‍ ചോദിച്ചു' നടുപ്പാടത്ത് വണ്ടിപ്പുരയും തൊഴുത്തും ഉണ്ടാക്കി അതില്‍ താമസിക്ക്യേ. തല നരച്ച പാമ്പുണ്ട് അവടൊക്ക്യെ '.

'ഒരു പാമ്പും ചേമ്പും എന്നെ ഒന്നും ചെയ്യില്ല' എഴുത്തശ്ശന്‍ പറഞ്ഞു' അങ്ങിന്യാ എന്‍റെ യോഗം എന്നു വെച്ചാല്‍ അങ്ങിട്ട് പോട്ടെ . സങ്കടപ്പെടാന്‍ എനിക്ക് ഈ ഭൂമീല് ആരും ഇല്ലല്ലോ'.

നാണു നായര്‍ അസ്വസ്ഥനായി. രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, മാളിക മുകളേറിയ മന്നന്‍റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍ എന്ന വരികള്‍ അയാള്‍ തന്‍റെ മനസ്സില്‍ ഓര്‍ത്തു. ഭഗവാനെ വല്ലാതെ കണ്ട് പരീക്ഷിക്കാതെ എന്നെ കൊണ്ടു പോവണേ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.

'എനിക്ക് നിങ്ങളെക്കൊണ്ട് ഒരു സഹായം കൂടി വേണം' എഴുത്തശ്ശന്‍ പറഞ്ഞു' നമ്മടെ വിശ്വനാഥന്‍ വക്കീലിനെ ഒന്ന് കാണണം. ഒരു പ്രമാണം ഉണ്ടാക്കണം. അദ്ദേഹത്തിന്ന് എന്നെ നന്നായി അറിയും. മൂപ്പരുടെ ഭാര്യ കിട്ടുണ്ണി മാഷടെ പെങ്ങളില്ലേ. അവരുടെ പാട്ടക്കണ്ടം അല്ലേ ഇപ്പൊ എന്‍റെ കൈവശത്തില്‍'.

'എന്താ ഇപ്പൊ ഇത്ര തിരക്കിട്ട് ഒരു പ്രമാണം ഉണ്ടാക്കാന്‍' എന്ന് നായര്‍ ചോദിച്ചു.

'എന്തു സാധനവും അതിനെ ഇഷ്ടപ്പെടാത്തവര്‍ക്ക് കൊടുക്കരുത്. അവര്‍ക്കതില്‍ താല്‍പ്പര്യം കാണില്ല. മകനും കുടുംബത്തിനും
കൃഷീച്ചാല്‍ അത്തൂം ചതുര്‍ത്ഥീം ആണ്. അതുകൊണ്ട് ഒരു തരി മണ്ണ് അവര്‍ക്ക് കൊടിക്കുന്നില്ല. ഞാനത് എനിക്ക് ഇഷ്ടപ്പെട്ട ആരക്കെങ്കിലും കൊടുക്കും ' എന്നായി എഴുത്തശ്ശന്‍. നിങ്ങള് ഇപ്പൊ വേണ്ടാത്തതിനൊന്നും നിക്കണ്ടാ, ഒരു കോപം കൊണ്ട് അങ്ങോട്ട് ചാടിയാല്‍ ഇരു കോപം കൊണ്ട് ഇങ്ങോട്ട് ചാടാമോ എന്ന് കേട്ടിട്ടില്ലേ എന്നൊക്കെ നാണു നായര്‍ പറഞ്ഞു നോക്കി. അതൊന്നും എഴുത്തശ്ശനില്‍ ഏറ്റില്ല.

'ഞാന് എന്‍റെ കൃഷീം തോട്ടൂം ഒക്കെ നിങ്ങടെ പേരില് എഴുതാനാ പോണത്' എഴുത്തശ്ശന്‍ പറഞ്ഞു' എനിക്കിപ്പൊ വേണ്ടപ്പെട്ടതായിട്ട് നിങ്ങള് ഒരാള് മാത്രേ ഉള്ളു'.

നാണു നായര്‍ക്ക് തന്‍റെ ചെവികളെ വിശ്വസിക്കാനായില്ല. ഇക്കണ്ട സ്വത്ത് മുഴുവന്‍ തന്‍റെ പേരിലാക്കുകയോ. ഒരു ജീവിത കാലം മുഴുവന്‍ കഷ്ടപ്പെട്ട് കഴിഞ്ഞു. അന്നൊന്നും അന്യന്‍റെ മുതലിന്ന് ആശ തോന്നിയിട്ടില്ല. ഇനി കണ്ണടയാന്‍ നേരത്ത് ആരാന്‍റെ ഒന്നും തനിക്ക് വേണ്ടാ. കൂടെ നടന്ന് പറ്റിച്ചു എന്ന ദുഷ്പ്പേരും വരില്ലല്ലോ. അയാള്‍ എഴുത്തശ്ശന്‍റെ നേരെ കൈകൂപ്പി. ' ഒന്നും തോന്നരുത് ' അയാള്‍ വിക്കി ' അര്‍ഹതയില്ലാത്ത ഒരു മുതലും എനിക്ക് വേണ്ടാ. നാളെ മേലാലുക്ക് അത് ഒരു വിനശ്ചതി ആവും '.

'ശരി' എഴുത്തശ്ശന്‍ ഒന്ന് ഇരുത്തി മൂളി' നിങ്ങക്ക് വേണ്ടെങ്കില്‍ വേണ്ടാ. ഞാന്‍ അതൊക്കെ അയ്യപ്പന്‍ കാവിലേക്ക് എഴുതി വെക്കും. ഭഗവാന്‍റെ നേദ്യത്തിന്ന് അരിക്ക് മുട്ട് വരില്ലല്ലോ'.

പടി കടന്ന് വെയിലിലേക്ക് ഇറങ്ങിയപ്പോള്‍, കുറച്ച് അലുമിനിയം പാത്രങ്ങള്‍ വാങ്ങണമെന്നും തൊഴുത്തും വണ്ടിപ്പുരയും
പൊളിച്ച് കറ്റക്കളത്തില്‍ കെട്ടാന്‍ പണിക്കാരെ ഏര്‍പ്പാടാക്കണമെന്നും എഴുത്തശ്ശന്‍ നിശ്ചയിച്ചു.

അദ്ധ്യായം - 24

എന്തൊരു വലിയ ഊണുമുറി. ചെറിയൊരു സദ്യതന്നെ ഇതിനകത്ത് നടത്താം എന്ന് വേണു മനസ്സില്‍ കണക്കാക്കി. നല്ല ഭംഗിയുള്ള ഊണ്‍മേശയും കസേലകളും. വിശ്വേട്ടന്‍റെ അവസ്ഥക്ക് എന്തു കൊണ്ടും യോജിച്ചത് തന്നെ.

പത്മിനിയും വേണുവിനോടൊപ്പം ഉണ്ണാനിരുന്നു. പണിക്കാരികളാണ് വിളമ്പിയത്. ഇല നിറയെ വിഭവങ്ങള്‍. ഇന്നെന്താ വല്ല വിശേഷ ദിവസമാണോ? 'നീ മത്സ്യോ മാംസോ ഒക്കെ കഴിക്കാറുണ്ടോ' എന്ന് പത്മിനി ചോദിച്ചു. ഇല്ലെന്ന് വേണു തലയാട്ടി. 'ഇവിടേയും അങ്ങിനെ തന്ന്യാ' പത്മിനി പറഞ്ഞു 'മുമ്പൊക്കെ ഞാന്‍ കഴിച്ചിരുന്നു. വിശ്വേട്ടന്‍ കഴിക്കാറില്ല. അതോടെ
ഞാനും നിര്‍ത്തി. ഇപ്പോള്‍ എനിക്ക് അതിന്‍റെ നാറ്റം മതി ഛര്‍ദ്ദിക്കാന്‍ .'

ഭക്ഷണം കഴിഞ്ഞ് മുറ്റത്തിറങ്ങി വേണു ഒരു സിഗററ്റ് കത്തിച്ചു. മുമ്പ് 'ഓപ്പോളേ' എന്നേ വിളിക്കാന്‍ പാടുള്ളു. ഇല്ലെങ്കില്‍ പത്മിനി ദേഷ്യപ്പെടും. 'ഞാനല്ലെടാ മൂത്തത്' എന്ന് പറയും. എല്ലാം ഇന്നലെ കഴിഞ്ഞപോലെ.

'വലിച്ച് കേറ്റിക്കോ. ആരോഗ്യത്തിന്ന് ഇത് ബഹു വിശേഷാണ് എന്നാ ഞാന്‍ കേട്ടിട്ടുള്ളത് ' എന്നും പറഞ്ഞ് പത്മിനി എത്തി. വേണു പാതി വലിച്ച കുറ്റി നിലത്തിട്ട് കാലുകൊണ്ട് ചവിട്ടി കെടുത്തി. പത്മിനി വല്ലാതായി. 'എന്തിനാ അത് കളഞ്ഞത്. വലിക്കായിരുന്നു. ഞാന്‍ വെറുതെ പറഞ്ഞതല്ലേ ' എന്ന് അവര്‍ പറഞ്ഞു. 'സാരമില്ല' എന്ന് വേണുവും.

ഉച്ചയുറക്കം പതിവില്ലെങ്കില്‍ ഉമ്മറത്ത് ഇരുന്ന് എന്തെങ്കിലും സംസാരിക്കാമെന്ന് പത്മിനി പറഞ്ഞു. വേണു സമ്മതിച്ചു. കിട്ടുണ്ണി ഏല്‍പ്പിച്ച കാര്യം അവതരിപ്പിക്കാന്‍ പറ്റിയ സന്ദര്‍ഭമാണ് വന്നിരിക്കുന്നത്. എത്രയായാലും അവര്‍ രണ്ടുപേരും ഒരേ വയറ്റില്‍ കിടന്നവരാണ്. സ്ഥിരമായ പിണക്കം അവര്‍ തമ്മില്‍ പാടില്ല.

വിശ്വേട്ടന്‍റെ ജോലി തിരക്കുകളും, ഭര്‍ത്താവിനോടൊപ്പം ഇംഗ്ലണ്ടില്‍ കഴിയുന്ന മകളുടേയും പേരക്കുട്ടിയുടേയും വിശേഷങ്ങളും പത്മിനി വര്‍ണ്ണിച്ചു, ഒപ്പം പേരക്കുട്ടിയെ കൊതി തീര്‍ന്ന് കാണാന്‍ കഴിയാത്തതിലുള്ള വിഷമവും. പത്മിനിയുടെ സംഭാഷണം മകന്‍ മുരളിധരന്‍റെ കാര്യത്തിലെത്തി. അച്ഛന്‍റെ പാത പിന്‍തുടര്‍ന്ന് അവനും വക്കീലായിരിക്കുന്നു. വിശ്വേട്ടന്‍റെ കീഴിലായിരുന്നു ആദ്യമൊക്കെ പ്രാക്ടീസ്. ഇപ്പോള്‍ സ്വന്തമായി പ്രാക്ടീസ് ചെയ്യുന്നു. നല്ല പേരാണ് അവനും, ഇഷ്ടം പോലെ കേസും.

മകന്‍റെ കല്യാണം ആഗ്രഹിച്ച വിധത്തില്‍ നടത്താന്‍ പറ്റാത്തതിലുള്ള വിഷമം പത്മിനി മറച്ചു വെച്ചില്ല.' എന്‍റെ മകന് എന്തിന്‍റെ കുറവ് ഉണ്ടായിട്ടാണ് അവന്‍റെ മകള്‍ക്ക് അവന്‍ പോരാ എന്ന് ആ പ്രമാണി കണക്കാക്കിയത്. അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധ രാത്രിക്കും കുട പിടിക്കും. അതന്നെ 'പത്മിനി പറഞ്ഞു' വേറെ നല്ല പെണ്‍കുട്ടികള് ഇല്ലാഞ്ഞിട്ടല്ല. പക്ഷെ കുട്ടിക്കാലത്തേ പറഞ്ഞ് പറഞ്ഞ് അവന്‍റെ ഉള്ളില്‍ ആ പെണ്ണിനെ കുറിച്ചുള്ള നിനവാണ്. അവളുടെ കല്യാണം കഴിഞ്ഞിട്ട് മതി ആലോചന എന്നാണ് ഇപ്പോള്‍ അവന്‍ പറയുന്നത് .'

കിട്ടുണ്ണിയോട് തനിക്കുള്ള വിദ്വേഷം മുഴുവന്‍ പത്മിനിയുടെ വാക്കുകളില്‍ നിറഞ്ഞു നിന്നു. ഇവിടെ നിന്നിട്ടാണ് അവന്‍ ട്രെയിനിങ്ങിന്ന് പോയി സ്കൂള്‍ മാഷ് ആയത്. ഭാഗം കഴിഞ്ഞ് അമ്മയുടെ വീതം കയ്യില്‍ കിട്ടുന്നത് വരെ ആ ദ്രോഹി അമ്മയെ കൂടെ നിര്‍ത്തി. അത് കഴിഞ്ഞ് അമ്മക്ക് തീരെ വയ്യാതായപ്പോള്‍ 'ഇനി നീ നോക്കിക്കോ' എന്നും പറഞ്ഞ് ഇവിടെ എത്തിച്ചു. പറഞ്ഞിട്ട് കാര്യമില്ല അമ്മക്ക് അങ്ങിനെ തന്നെ വേണം. അതു പോലത്തെ പണിയാണ് അമ്മ ചെയ്തത്. 'താന്താന്‍ നിരന്തരം ചെയ്തുള്ള കര്‍മ്മങ്ങള്‍ താന്താന്‍ അനുഭവിച്ചീടുകെന്നേ വരൂ 'എന്ന് നീ കേട്ടിട്ടില്ലേ?'

'അതിന് ചെറിയമ്മ അത്രക്ക് വലിയ പാപം ഒന്നും ചെയ്തിട്ടില്ലല്ലോ' എന്ന് വേണു പറഞ്ഞു. 'നിന്നെ പറഞ്ഞിട്ട് കാര്യമില്ല. നീ അന്നും ഇന്നും തനിച്ച് പൊട്ടനാണ്. ആരൊക്കെ എന്തൊക്കെ ചെയ്താലും മനസ്സിലാവില്ല. കണ്ടാലും കൊണ്ടാലും അറിയാത്ത സാധനം' പത്മിനി പറഞ്ഞു. 'അമ്മ നിനക്ക് ചെയ്ത ദ്രോഹം ആലോചിച്ചാല്‍ നീ അവരെ പറ്റി ഒറ്റ നല്ല വാക്ക് പറയില്ല '.

കുടുംബ സ്വത്തില്‍ അമ്മക്കും ഞങ്ങള്‍ രണ്ട് മക്കള്‍ക്കും ഉള്ള അത്ര ഓഹരി നിനക്ക് ഒറ്റക്ക് കിട്ടേണ്ടതാണ്. എന്നിട്ട് പഠിപ്പിക്കാന്‍ കയ്യില്‍ പണമില്ലെന്ന് പറഞ്ഞ് കുട്ടിയിലേ നിന്നെ അന്യ നാട്ടിലേക്ക് ആട്ടി വിട്ടു. അവിടെ നീ പണി ചെയ്ത് സമ്പാദിച്ചത് മുഴുവന്‍ അമ്മയും മകനും കൂടി ഓരോ ആവശ്യം പറഞ്ഞ് തട്ടി പറിച്ചു. നിനക്ക് വേണ്ടി ഇവര് എന്തെങ്കിലും ചെയ്ത്വോ.
ഒന്ന് ആലോചിച്ച് നോക്ക്. അമ്മക്ക് അവനെ മാത്രമേ ഇഷ്ടമായിരുന്നുള്ളു. എന്നെ കൂടി അത് കുറച്ചേ ഉണ്ടായിരുന്നുള്ളു.

ഭാഗത്തിന്‍റെ സമയത്ത് നിനക്ക് നല്ല സ്ഥിതിയല്ലേ, അവനല്ലേ ബുദ്ധിമുട്ട്, നിന്‍റെ വക അവന് കൊടുക്ക് എന്ന് അമ്മ എന്നോട് പറഞ്ഞിരുന്നു. വിശ്വേട്ടന്‍ അതിന്ന് എതിരൊന്നും പറഞ്ഞില്ല. പക്ഷെ നിനക്കുള്ളത് സൂത്രത്തില്‍ കൈക്കലാക്കാന്‍ നോക്കിയപ്പോള്‍ വിശ്വേട്ടന്‍ സമ്മതിച്ചില്ല. അങ്ങിനെയാണെങ്കില്‍ ഭാഗം തന്നെ നടക്കില്ല എന്ന് മൂപ്പര് പറഞ്ഞപ്പോള്‍ നിവര്‍ത്തിയില്ലാതെ സ്വത്തില്‍ വലിയമ്മക്കും നിനക്കും ഉള്ള വീതം നിന്‍റെ പേരിലാക്കി.

അത് കിട്ടുണ്ണിയെ നോക്കാന്‍ എല്‍പ്പിച്ചില്ല. എന്നാല്‍ അവന്‍ അതും കൂടി ശാപ്പിട്ടിട്ടുണ്ടാവും. ഞങ്ങള് ഒരു മേസ്ത്രിയെ വെച്ച് കൃഷി നോക്കിക്കും. ചിലവ് എഴുതി വെക്കും. കൊയ്ത് നെല്ല് വിറ്റാല്‍ ചിലവ് കഴിച്ച് ബാക്കി പണം നിന്‍റെ പേരിലിടും. എന്നെങ്കിലും വരുമ്പോള്‍ എല്‍പ്പിക്കാനാണെന്ന് വിചാരിച്ചാണ് അതൊക്കെ ചെയ്യുന്നത്.' ആ വിദ്വാന്‍ തനി പാവമാണ്. അതിനെ തെണ്ടാന്‍ വിടാന്‍ പാടില്ല ' എന്നാണ് വിശ്വേട്ടന്‍ പറയാറ്.

വേണുവിന് അതൊന്നും വലിയ കാര്യമായി തോന്നിയില്ല. എത്രയോ പണം ഈ കൈകളിലൂടെ വന്നു പോയി. അന്നൊന്നും സ്വത്തിനോട് തോന്നാത്ത താല്‍പ്പര്യം ഇനിയിപ്പോള്‍ എന്തിനാണ്. തന്നെ ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. തന്‍റെ വാക്കുകള്‍ കൊണ്ട് വിദ്വേഷത്തിന്‍റെ കൊടുമുടി ഉരുകി തീര്‍ന്നാലോ. കരിഞ്ഞു പോയ സ്നേഹത്തിന്‍റെ നാമ്പുകള്‍
ഒരിക്കല്‍ കൂടി തളിര്‍ത്താലോ. അതിന്ന് തയ്യാറെടുത്ത് വേണു പതുക്കെ 'ഓപ്പോളേ' എന്ന് പത്മിനിയെ വിളിച്ചു.

Saturday, October 10, 2009

അദ്ധ്യായം - 23

സരോജിനി രാവിലെ എഴുന്നേറ്റത് തന്നെ എന്തോ ഒരു സന്തോഷത്തോടെ ആയിരുന്നു. ഇന്നും വേണുവേട്ടന്‍ വരും എന്ന് മനസ്സിലിരുന്ന് ആരോ പറയുന്നത്പോലെ തോന്നി. അടിച്ച്കോരാന്‍ നില്‍ക്കാതെ , തല നിറച്ച് എണ്ണ തേച്ച് , പെട്ടിയില്‍ ഏതോ കാലത്ത് വാങ്ങി സൂക്ഷിച്ച വാസന സോപ്പുമായി അയ്യര്‍ക്കുളത്തിലേക്ക് നടന്നു. ഇന്ന് കുളി കഴിഞ്ഞിട്ട് മതി ബാക്കി കാര്യങ്ങള്‍.

തിരിച്ച് വരുമ്പോള്‍ മന്ദത്തില്‍ ചെന്നു. പൂജക്കാരന്‍ വിളക്ക് വെച്ചിരിക്കുന്നു. നടക്കല്‍ നിന്ന് തൊഴുതു. ' അമ്മേ ഇനിയെങ്കിലും എനിക്ക് ഒരു നല്ല ജീവിതം തരണേ ' എന്ന് മനസ്സ് അറിഞ്ഞ് പ്രാര്‍ത്ഥിച്ചു. കൈയില്‍ ഇറ്റിച്ചു തന്ന തീര്‍ത്ഥം കുടിച്ചു. ബാക്കി തലയില്‍ പുരട്ടി. ഇല ചീന്തില്‍ നല്‍കിയ പ്രസാദം വാങ്ങി. സോപ്പ് പെട്ടിയില്‍ കരുതി വെച്ച നാണയം ദക്ഷിണയായി നല്‍കി. ആല്‍ പ്രദക്ഷിണം വെച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ ആകപ്പാടെ ഒരു ഉന്മേഷം.

സരോജിനി കുളിച്ചെത്തുമ്പോള്‍ നാണു നായര്‍ ഉമ്മറത്തെ തിണ്ണയില്‍ കാത്തിരിക്കുകയാണ്. ഇന്നെന്താ മകള്‍ പതിവില്ലാതെ നേരത്തെ തന്നെ കുളിച്ചത്. സാധാരണ സരോജിനി കാലത്ത് കുളിക്കാറില്ല. 'എന്തിനാ ഇങ്ങിനെ മുഷിഞ്ഞ് നടക്കുന്നത്. നിനക്കൊന്ന് കുളിച്ചൂടെ' എന്ന് ചോദിച്ചാല്‍' എന്നിട്ട് എവിടേക്കാ എനിക്കിപ്പൊ വേഷം കെട്ടി പോവാനുള്ളത്' എന്ന് തിരിച്ച് ചോദിക്കുന്നതാണ്.

' നേരം പോയി, ഇനി അയ്യര്‍കുളത്തില്‍ കുളിച്ച് വന്നാലോ ' എന്ന് നാണു നായര്‍ മകളോട് ചോദിച്ചു. വീടിന്നടുത്ത് അയ്യര്‍കുളവും പുറകില്‍ കുറച്ചകലെ പുഴയും ഉണ്ടെങ്കിലും നായര്‍ അമ്പലക്കുളത്തിലേ കുളിക്കൂ. അയ്യപ്പനെ തൊഴാനാണ് എന്ന് പറയുമെങ്കിലും കുപ്പന്‍ കുട്ടി എഴുത്തശ്ശനെ കണ്ട് സംസാരിക്കാനാണ് അച്ഛന്‍  അവിടെ ചെല്ലുന്നത് എന്ന് സരോജിനിക്ക് അറിയാം. ' അപ്പൊ ചങ്ങാതിയെ കാണണ്ടേ, മൂപ്പര് കാത്തിരിക്കില്ലേ ' എന്ന് മറുപടി പറഞ്ഞു. 'അത് ശരിയാ' എന്നും 
പറഞ്ഞ് തോര്‍ത്തും എടുത്ത് നായര്‍ പുറപ്പെട്ടു.

' അച്ഛന്‍ വരുമ്പോള്‍ ഇത്തിരി ചായപ്പൊടിയും പഞ്ചസാരയും വാങ്ങീട്ട് വരണേ 'എന്നും പറഞ്ഞ് സരോജിനി മരപ്പെട്ടി തുറന്ന് അതിനകത്ത് ചെല്ലപ്പെട്ടിയില്‍ സൂക്ഷിച്ച് വെച്ച പണത്തില്‍ നിന്ന് ഒരു നോട്ട് എടുത്ത് നായരെ ഏല്‍പ്പിച്ചു. തലേന്ന് അച്ഛന്‍
 ഏല്‍പ്പിച്ചതാണ് ആ പണം. നായര്‍ പടി കടന്ന് മെല്ലെ മെല്ലെ നടന്ന് പോവുന്നതും നോക്കി സരോജിനി നിന്നു. ഇന്ന് വേണുവേട്ടന്‍
നിശ്ചയമായും വരുമെന്ന് അവള്‍ ഉറപ്പിച്ചു. വന്നാല്‍ ഇന്നലത്തെ പോലെ ഒന്നും കൊടുക്കാതെ പറഞ്ഞയക്കരുത്.

അടുപ്പ് കത്തിച്ച് കഞ്ഞിക്ക് അരിയിട്ടു. അത് വേവാന്‍ ഇത്തിരി സമയം എടുക്കും. ആ നേരം കൊണ്ട് വീട് അടിച്ച് തുടച്ച് വൃത്തിയാക്കാം. ഇടക്ക്അടുപ്പിലെ വിറക് കത്തുന്നുണ്ടോ എന്ന് നോക്കിയാല്‍ മതിയല്ലോ. പതിവിലും മനസ്സിരുത്തിയാണ് വീടിനകം ശുചിയാക്കിയത്. ആദ്യം തന്നെ നീളന്‍ ചൂലുകൊണ്ട് മാറാല തട്ടി. നനഞ്ഞ ചപ്പ തുണിയെടുത്ത്മുഴുവന്‍  ജനലുകളും 
വാതിലുകളും തുടച്ചു. നിലം അടിച്ചു മാടി തുണി നനച്ച് തുടച്ചു. ആകപ്പാടെ വീട് മാറിയതായി സരോജിനിക്ക് തോന്നി.

കഞ്ഞി വാങ്ങി വെച്ചു. തോടിയില്‍ നിന്നും വലിച്ച കുറച്ച് പച്ച പയര്‍ വേവിച്ച് ഉപ്പേരിയാക്കി. ഒരു സ്പൂണ്‍
 വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ച് , വേവിച്ച പയര്‍ അതിലിട്ട് ഇളക്കിയപ്പോള്‍ നല്ലൊരു മണം ഉയര്‍ന്നു. മുറ്റത്തെ തൈ തെങ്ങില്‍ നിന്ന് തോട്ടികൊണ്ട് ഒരുനാളികേരം കുത്തി വീഴ്ത്തി. അത് പൊതിച്ചെടുത്ത് പൊട്ടിച്ചു. തേങ്ങ മൂത്തിട്ടില്ല. എങ്കിലും  അതില്‍ നിന്ന് ഒരു കഷ്ണം എടുത്ത് ചമ്മന്തി അരച്ചു. വെപ്പ് പണി കഴിഞ്ഞിട്ടും അച്ഛനെ കാണാതായപ്പോള്‍ ഇനി എന്ത് ചെയ്യണമെന്ന് സരോജിനി ആലോചിച്ചു. മുറ്റം നിറയെ പുല്ലാണ്. കാട് പൊത്തി ചേട്ട പിടിച്ച മാതിരി കിടക്കുന്നു. അച്ഛന്‍ എത്തുന്നത് വരെ പുല്ല് വലിക്കാം. കുറച്ചെങ്കില്‍ കുറച്ച് തീരട്ടെ.

പടിക്കല്‍ നിന്നാണ് തുടങ്ങിയത്. അവിടെ പുളിയുടെ നിഴലുണ്ട്. വെയില് കൊള്ളേണ്ട. തട്ടിന്‍ പുറത്ത് പണ്ടെങ്ങോ ഒരു കൈക്കോട്ട് വെച്ചിട്ടുണ്ട്. വെയില് പടിഞ്ഞാട്ട് നീങ്ങിയിട്ട് അതുകൊണ്ട് ചെത്തിക്കോരണം എന്ന് സരോജിനി നിശ്ചയിച്ചു. അകലെ കമ്പനിയിലെ മണി അടിച്ചു. സമയം പത്ത് ആയി. ഇന്നെന്താ അച്ഛന്‍ എത്താത്തത് എന്ന് ചിന്തിച്ച് വഴിയിലേക്ക്
നോക്കുമ്പോള്‍ കൂനന്‍ പാറയുടെ ചുവട്ടില്‍ അച്ഛന്‍ എത്തിയിരിക്കുന്നു. കൂടെ കൂട്ടുകാരന്‍ കുപ്പന്‍ കുട്ടി എഴുത്തശ്ശനുമുണ്ട്.

*************************************************************************************

കുളിക്കാന്‍ പോകുമ്പോള്‍, കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ കുളിയും തൊഴുകലുമൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് പോയി കാണുമെന്ന് നാണു നായര്‍ വിചാരിച്ചു. എല്ലാ ദിവസവും തന്‍റെ കുളിയും തിരുമ്പലും ഒക്കെ കഴിയാറാവുമ്പോഴാണ് എഴുത്തശ്ശന്‍ പാടം
 നോക്കി കഴിഞ്ഞ് കുളിക്കാന്‍ കുളത്തിലെത്തുക. ഇന്ന് സരോജിനി നേരത്തെ കുളിക്കാന്‍ പോയത് വൈകാന്‍ ഇടയാക്കി. ഏതായാലും കുളിയും തൊഴുകലും നടക്കട്ടെ. നേരത്തെ എത്തിയിട്ട് എന്താ കാര്യം . മകള്‍ വല്ലതും വെച്ച് ഒരുക്കണ്ടേ.

പുഴയിറങ്ങി കയറുമ്പോഴേക്കും എഴുത്തശ്ശനുണ്ട് എതിരെ വരുന്നു. കണ്ടിട്ട് കുളിച്ച മാതിരി തോന്നുന്നില്ല. ' എന്താ പറ്റീത്, കുളിച്ചില്ലേ ' എന്ന് ചോദിക്കാനൊരുങ്ങുമ്പോഴേക്കും' ഞാന്‍ നിങ്ങളെ അന്വേഷിച്ച് വീട്ടിലേക്ക് വരാന്‍ നില്‍ക്ക്വായിരുന്നു ' എന്ന് എഴുത്തശ്ശന്‍ പറഞ്ഞു. നാണു നായര്‍ക്ക് പരിഭ്രമമായി. ഇന്ന് വരെ എഴുത്തശ്ശന്‍റെ കയ്യില്‍ നിന്ന് ഒരു പൈസ കടം 
വാങ്ങിയിട്ടില്ല. പണത്തിന്‍റെ കാര്യത്തില്‍ മൂപ്പര് ബഹു കണിശക്കാരനാണ്. വല്ലതും വാങ്ങി സമയത്തിന് തിരിച്ച് കൊടുക്കാന്‍ പറ്റാതെ വന്നാല്‍ ഉള്ള ലോഹ്യം അലോഹ്യമാവും. അത് വേണ്ടാ.

' എന്താ വിശേഷിച്ച് ' എന്ന് ചോദിച്ചു. എഴുത്തശ്ശന്‍ ഒന്നും മിണ്ടിയില്ല. നായരുടെ കയ്യും പിടിച്ച് പുഴക്കരയിലെ കൂറ്റന്‍ കരിവാകയുടെ തണലിലേക്ക് നടന്നു. എന്തോ ഒരു വല്ലാത്ത ഭാവം ആ മുഖത്ത് ഉള്ളതായി നാണുനായര്‍ക്ക് തോന്നി. എഴുത്തശ്ശന്‍ നാണുനായരുടെ കയ്യ് തന്‍റെ കണ്ണിനോട് ചേര്‍ത്ത് പിടിച്ചു. ആ മിഴികളില്‍ ഈര്‍പ്പം ഉള്ളതായി നായര്‍ക്ക് തോന്നി.

' എന്താ കുപ്പന്‍ കുട്ട്യേ ഇത് ' നാണു നായരുടെ ശബ്ദം വിറച്ചു. തന്‍റെ കൂട്ടുകാരന്ന് എന്തോ പറ്റിയിട്ടുണ്ട്. ഇന്ന് വരെ മൂപ്പരെ സങ്കടപ്പെട്ട് കണ്ടിട്ടില്ല. എഴുത്തശ്ശന്ന് വല്ല അത്യാപത്തും പറ്റിയിട്ടുണ്ടാവുമോ ' ദുഃഖം ഉള്ളതൊന്നും കേള്‍പ്പിക്കല്ലേ അയ്യപ്പാ ' എന്ന് അയാള്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു.

വാകത്തണലില്‍ വെറും നിലത്ത് എഴുത്തശ്ശന്‍ പടിഞ്ഞിരുന്നു. അയാള്‍ ആകെ തളര്‍ന്നത് പോലെ തോന്നി. 'നിങ്ങളും
 ഇരിക്കിന്‍' എന്ന് അയാള്‍ നാണു നായരോട് പറഞ്ഞു. നായര്‍ നിലത്ത് തോര്‍ത്ത് വിരിച്ച്അതിലിരുന്നു. കുറച്ച് നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല. എങ്ങിനെ തുടങ്ങണമെന്ന് എഴുത്തശ്ശന്‍ ആലോചിക്കുകയായിരുന്നു. നാണു നായരാകട്ടെ ആകാംക്ഷയുടെ മുള്‍മുനയിലും.

നിശ്ശബ്ദത ഭഞ്ജിച്ചത് എഴുത്തശ്ശനായിരുന്നു. തലേന്ന് നടന്ന സംഭവങ്ങള്‍ മാത്രമല്ല, വളരെ കാലമായിതാന്‍ അനുഭവിച്ചു വരുന്ന അവഗണനയുടെ കഥകള്‍ മുഴുവന്‍ ചുരുളഴിഞ്ഞു. നായര്‍ അത്ഭുതതോടെ എല്ലാം കേട്ടിരുന്നു. ഭാഗ്യവാനാണ് എന്ന് ഇന്ന് വരെ താന്‍  വിശ്വസിച്ചിരുന്ന സുഹൃത്ത് സഹിച്ചിരുന്ന വിഷമതകള്‍ സങ്കല്‍പ്പിക്കാന്‍ കൂടി കഴിയുന്നില്ല. ഒന്നും ആരേയും
ഇന്നുവരെ അറിയിച്ചില്ലല്ലൊ.

'ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത്. ഒരു നിവര്‍ത്തി മാര്‍ഗ്ഗം പറയിന്‍' എന്ന് എഴുത്തശ്ശന്‍ നാണുനായരോട്
ആവശ്യപ്പെട്ടു. എന്ത്പറയണമെന്ന്തനിക്ക് അറിയില്ല. എന്നാലോ മൂപ്പരുടെ കാര്യത്തില്‍ ഒഴിഞ്ഞ് മാറാനും വയ്യ. വല്ലാത്തൊരു അവസ്ഥയിലായി. കുറച്ച് നേരം കഴിഞ്ഞു. 'നമുക്ക് ഒരു കാര്യം ചെയ്യാം. കുളി കഴിഞ്ഞ് അയ്യപ്പനെ തൊഴുതിട്ട് വീട്ടിലേക്ക് പോകാം. വല്ലതും കഴിച്ച് അവിടെ ഇരുന്ന് ആലോചിച്ച് എന്തെങ്കിലും പോംവഴി കാണാം' എന്ന് നായര്‍ നിര്‍ദ്ദേശിച്ചു.

*************************************************************************************

കൂട്ടുകാര്‍ക്ക് സരോജിനി കഞ്ഞി വിളമ്പി. ഉപ്പേരിയും ചമ്മന്തിയും ഉണ്ടാക്കിയത് നന്നായി. ഇല്ലെങ്കില്‍ മാനക്കേട് ആയേനെ. എഴുത്തശ്ശന്‍ വയറ് നിറയെ കഴിച്ചു. സരോജിനി വീണ്ടും വിളമ്പാന്‍ ചെന്നപ്പോഴും തടഞ്ഞില്ല. ഇന്നലെ ഉച്ചക്ക് രണ്ട് വറ്റ് തിന്നതാണ്.

തിണ്ടില്‍ പായ വിരിച്ചിട്ട് ' നിങ്ങള് ഇത്തിരി കാറ്റുകൊണ്ട് കിടക്കിന്‍. എന്താ വേണ്ടത് എന്ന് ഞാന്‍ ഒന്ന് ആലോചിക്കട്ടെ ' എന്നും പറഞ്ഞ് നായര്‍ സുഹൃത്തിനെ വിശ്രമിക്കാന്‍ ക്ഷണിച്ചു. നിമിഷങ്ങള്‍ക്കകം ഒരു കൊച്ചു കുഞ്ഞിനെ പോലെ എഴുത്തശ്ശന്‍ ഉറങ്ങി കിടന്നു.

അദ്ധ്യായം - 22

രാധാകൃഷ്ണന്‍ തിരിച്ച് ജോലി സ്ഥലത്ത് ചെന്നില്ല. മുറിവേറ്റ മനസ്സ് നീറിക്കൊണ്ടിരുന്നു. ലാളിച്ച് വളര്‍ത്തിയ പിഞ്ചു കുട്ടികള്‍ മരിച്ചാല്‍ തോന്നുന്നത് പോലുള്ള സങ്കടം. എത്ര കഷ്ടപ്പെട്ട് ഓരോ ഇടത്തു നിന്നും കോണ്ടു വന്ന് പിടിപ്പിച്ചതാണ് അതൊക്കെ. ഒക്കെ നശിക്കാന്‍ കാരണം അയാള്‍ ഒറ്റ മനുഷ്യനാണ്. എല്ലാം കഴിഞ്ഞിട്ട് അമ്മയെ വീട്ടില്‍ നിന്ന് അടിച്ചിറക്കും എന്നൊരു താക്കീതും. അച്ഛനെ മാത്രം ആലോചിച്ചിട്ടാണ്. നാട്ടുകാരെ കൊണ്ട്അച്ഛനെ കുറ്റം പറയിക്കാന്‍ പാടില്ലല്ലോ. അല്ലെങ്കില്‍ ആ കിഴട്ടു ശവത്തിനെ മര്യാദ പടിപ്പിച്ചേനെ.

പാതയോരത്തെ തണലില്‍ ബുള്ളറ്റ് നിന്നു. അച്ഛന്‍ എത്തിയാല്‍  അമ്മ വീട്ടിലേക്ക് പോവും. അവര്‍ക്ക് അത്രയേറെ വിഷമം തോന്നിയിട്ടുണ്ട്. കെട്ടിക്കൊണ്ട് വന്ന ശേഷം ഒരിക്കല്‍ പോലും സ്നേഹത്തോടെ അയാള്‍ അമ്മയെ ഒന്ന് വിളിച്ചിട്ടില്ല എന്നാണ് അമ്മ പറയാറുള്ളത്. എപ്പോള്‍ നോക്കിയാലും കൃഷി, കന്ന്എന്ന വിചാരമേ ഉള്ളു. പെങ്ങളുടെ കല്യാണം കഴിഞ്ഞ് കൊല്ലം ആറായി. ഇന്നേവരെ അയാള്‍ അവരുടെ വീട്ടില്‍ കാലെടുത്ത് കുത്തിയിട്ടില്ല. അവള്‍ക്ക് ഒരു മകന്‍ ജനിച്ചിട്ടും കാണാന്‍
 ചെന്നില്ല. ഇവിടെ വരുമ്പോള്‍ കാണാലോ എന്നും പറഞ്ഞ് അതും ഒഴിവാക്കി.

രാധകൃഷ്ണന് നല്ല വിശപ്പ് തോന്നി. ഉച്ച ഭക്ഷണം കഴിക്കാന്‍ ചെന്നതായിരുന്നു. അത് ഈ രീതിയിലായി. വല്ല ഹോട്ടലിലും കയറി എന്തെങ്കിലും കഴിക്കണം. എന്നിട്ട് സുകുമാരനെ ചെന്ന് കാണണം. ഏത് വിഷമവും അവനെ കണ്ടാല്‍ മാറും, എല്ലാ പ്രശ്നത്തിന്നും അവന്‍റെ കയ്യില്‍ പരിഹാരം കാണും. ആദ്യം സുകുമാരനെ പോയി കാണാം എന്ന് വണ്ടിയില്‍ കയറിയപ്പോഴാണ് തോന്നിയത്. ഇപ്പോഴാണെങ്കില്‍ വീട്ടില്‍ ഉണ്ടാവുകയും ചെയ്യും.

വീട്ടിലെത്തിയപ്പോള്‍ സുകുമാരന്‍ എത്തിയിട്ടില്ല. ഇന്ന് അവന്‍റെ പിറന്നാളാണത്രേ. എല്ലാവരും അവനെ കാത്തിരിക്കുകയാണ്. ഈ സമയത്ത് വന്നത് അബദ്ധമായോ എന്ന് തോന്നി. പിന്നീട് വരാമെന്ന്പറഞ്ഞ്തിരിച്ച്പോവാന്‍ ഒരുങ്ങി. ' ഇത്രടം വരെ വന്നിട്ട് ഉണ്ണാതെ പോവാന്‍ പറ്റില്ല ' എന്ന് സുകുമാരന്‍റെ അമ്മ നിര്‍ബന്ധിച്ചപ്പോള്‍ അവിടെ തന്നെ കൂടി. ഏറെ നേരം കഴിഞ്ഞില്ല ,
കറുത്ത ഫിയറ്റ് മുറ്റത്ത് വന്ന് നിന്നു. സുകുമാരന്‍ ചിരിച്ചുകൊണ്ട് ഇറങ്ങി. 

ഊണ് കഴിഞ്ഞ് കൈ കഴുകി വരുമ്പോള്‍ തനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്ന് രാധാകൃഷ്ണന്‍ സുഹൃത്തിനോട് പറഞ്ഞു. ശരി എന്നും പറഞ്ഞ് രാധാകൃഷ്ണനേയും കൂട്ടി സുകുമാരന്‍ മുകളിലെ സ്വന്തം മുറിയിലേക്ക് ചെന്നു. വിരിച്ചിട്ട കട്ടിലില്‍ സുകുമാരന്‍ ഇരുന്നു. ഡ്രസ്സിങ് ടേബിളിന്ന് മുന്നിലെ കസേല തൊട്ടടുത്തേക്ക് വലിച്ചിട്ട് രാധാകൃഷ്ണനും ഇരുന്നു.
'എനിക്ക് ഈ പിറന്നാളിലൊന്നും വലിയ താല്‍പ്പര്യമില്ല . പിന്നെ വീട്ടുകാര്‍ക്ക് വേണമെങ്കില്‍ ആഘോഷിച്ചോട്ടെ ' സുകുമാരന്‍ പറഞ്ഞു' നമുക്കെന്ത് വേണം . '

രാധാകൃഷ്ണന്‍ ഒന്നും മിണ്ടിയില്ല. എങ്ങിനെ തുടങ്ങണമെന്ന ആലോചനയിലായിരുന്നു അയാള്‍. 'നിനക്കെന്തോ പറയാനുണ്ടെന്ന്പറഞ്ഞല്ലോ' എന്ന് സുകുമാരന്‍ ചോദിച്ചതോടെ നേരെ വിഷയത്തിലേക്ക് കടന്നു. പൊന്ന് പോലെ വളര്‍ത്തിയ ചെടികള്‍ നശിച്ച് പോയതും, അത് നിസ്സാരമായി മുത്തച്ഛന്‍ കണക്കിലെടുത്തതും, അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കും 
എന്ന് പറഞ്ഞതും എല്ലാം വിശദമായി വര്‍ണ്ണിച്ചു.

'ഇതാപ്പൊ ഇത്ര വലിയ കാര്യം 'സുകുമാരന്‍ പറഞ്ഞു' പോവാന്‍ പറ. ഞാന്‍ എന്തോ വലിയ ആന കാര്യമാണെന്ന് വിചാരിച്ചു '. രാധാകൃഷ്ണന്ന് അതോടെ മതിയായി. കൂട്ടുകാരനില്‍ നിന്ന് അല്‍പ്പം ആശ്വാസം തേടി വന്നതാണ്. ഇമ്മാതിരി തണുത്ത പ്രതികരണമാണ് ഉണ്ടാവുക എന്ന് അറിഞ്ഞാല്‍ വരില്ലായിരുന്നു. അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ രാധാകൃഷ്ണന്‍
 എഴുന്നേറ്റു. 'പിന്നെ കാണാം' എന്നും പറഞ്ഞ് അയാള്‍ പോവാനൊരുങ്ങി.

'പോകാന്‍ വരട്ടെ' സുകുമാരന്‍ പറഞ്ഞു 'എനിക്കെന്താ പറയാനുള്ളത് എന്ന് കേട്ടിട്ട്പോ'. രാധകൃഷ്ണന്‍ ഇരുന്നു. ' നോക്ക്. നിന്‍റെ മനസ്സിലുള്ള വിഷമം എനിക്കറിയാം . എന്തിനാണ് നീ വന്നത് എന്നും അറിയാം ' സുകുമാരന്‍ തുടര്‍ന്നു ' നിനക്കാവശ്യം ഇനി എന്ത് ചെയ്യണം എന്നതിനെ പറ്റി ഒരു അഭിപ്രായമാണ്. അത് അറിയാതെ നിനക്ക് മനസ്സമാധാനത്തോടെ
പോവാന്‍  കഴിയ്വൊ ? '

രാധാകൃഷ്ണന്‍ വീണ്ടും ഇരുന്നു. ' ഇനി കാര്യങ്ങള്‍ ഒന്ന് കൂടി പരിശോധിച്ച് നോക്ക്. ആര് കേട്ടാലും നിന്‍റെ കിഴവന്‍ പറഞ്ഞതാണ്ന്യായം എന്നേ പറയു. നീ വെച്ച പൂച്ചെടികള്‍ അയാളുടെ കന്ന് കടിച്ച് നശിപ്പിച്ചു. സമ്മതിച്ചു. അതിന്ന് ഇത്രയേറെ കൂട്ടൂം  കുറീം  ഉണ്ടാക്കണൊ. വേറെ ചെടികള്‍ വെച്ചാല്‍ പോരെ എന്നല്ലേ പുറമെയുള്ളവര്‍ പറയുക ' സുകുമാരന്‍ പറഞ്ഞ് നിര്‍ത്തി.

' അടുത്തത് അച്ഛനും അമ്മയും വീട് വിട്ട് പോവുന്ന കാര്യം ' സുകുമാരന്‍ വിഷയത്തിലേക്ക് കടന്നു ' എന്താ അതിന്‍റെ ആവശ്യം. അവര്‍ക്കും കൂടി അവകാശപ്പെട്ട സ്വത്തല്ലേ. ആ കിഴവനോട് പോയി പണി നോക്കാന്‍ പറയണം. അല്ലാതെന്താ ? എന്‍റെ നോട്ടത്തില്‍ നിന്‍റെ കാഴ്ചപ്പാടാണ് മാറേണ്ടത് '. രാധാകൃഷ്ണന്ന് ഒന്നും മനസ്സിലായില്ല. അയാള്‍ സുഹൃത്തിനെ തന്നെ നോക്കി ഇരുന്നു.

' പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്ക് ' എന്ന മുഖവുരയോടെ സുകുമാരന്‍ ആരംഭിച്ചു. ലോകത്ത് സര്‍വ്വ കാര്യവും അതാതിന്‍റെ രീതിയിലങ്ങിനെ സംഭവിക്കുകയാണ്. എല്ലാറ്റിനേയും  നമ്മള്‍ ആഗ്രഹിക്കുന്ന മട്ടില്‍ അനുകൂലമായി കൊണ്ടുവരുന്നതിലാണ് നമ്മുടെ മിടുക്ക്. നീയൊന്ന് ആലോചിച്ച് നോക്ക്. സുവോളജി എടുത്ത് പഠിച്ച നീ എന്തായി. കൂറയും തവളയും കീറീ പഠിച്ച നിനക്ക് ഒരു കോഴിയെ കൊന്ന് വെടുപ്പാക്കാന്‍ അറിയ്വോ. ഇല്ല. മാര്‍ക്ക് ഇല്ലാഞ്ഞിട്ട് ബി.എ.ഫിലോസഫിക്ക് ചേര്‍ന്ന ഞാന്‍ താടിയും 
മുടിയും നീട്ടി കാവി ഉടുത്ത് സന്യസിക്കാന്‍ പോയോ. അതുമില്ല. കല്ലും മണലും സിമന്‍റും കമ്പിയും കൊണ്ട് നീ ജീവിതം കെട്ടിപ്പൊക്കുന്നു. കള്ള് ഷാപ്പും , ചാരായക്കടയും , ബ്രാണ്ടി ഷോപ്പും , സിനിമ തിയ്യേറ്ററും , ബസ്സ് സര്‍വീസും ഒക്കെയായി ഞാനും പ്രമാണിയായി കഴിയുന്നു. എന്താ അങ്ങിനെ. നമുക്ക് കിട്ടിയ അവസരം നമ്മള്‍ ഉപയോഗിക്കുന്നു. അത്ര തന്നെ.

നീ ശ്രദ്ധിക്കുന്നുണ്ടോ എന്ന് സുകുമാരന്‍ ചോദിച്ചു. രാധകൃഷ്ണന്‍ തലയാട്ടി. മനുഷ്യര് മൂന്ന് തരക്കാരാണ്. ദയ, സ്നേഹം, സത്യസന്ധത എന്നൊക്കെ പറയുന്ന ഗുണങ്ങള്‍ ഉള്ള ഒരു കൂട്ടരുണ്ട്. അവര്ഒരുതെറ്റും ചെയ്യില്ല. പക്ഷെ നൂറാളെ നോക്ക്യാല്‍ ഇങ്ങനത്തെ ആറോ ഏഴോ എണ്ണത്തിനെ മാത്രമേ കാണാന്‍ പറ്റു. ഇനി ഒരു കൂട്ടര്‍ സ്വന്തം കാര്യ സാധ്യത്തിന്ന് വഞ്ചനയോ, കളവോ, കൊലപാതകമോ എന്ത് വേണമെങ്കിലും  ചെയ്യും. ഭാഗ്യത്തിന് ഇവരും എണ്ണത്തില്‍ 
തീരെ കുറവാണ്. കഴിച്ച്നൂറില്‍ തൊണ്ണൂറ്എണ്ണത്തിനേയും വിശ്വസിക്കാന്‍ കൊള്ളില്ല. അവറ്റ അവസരത്തിനൊത്ത് പെരുമാറും.

നീ നിന്‍റെ വീട്ടിലെ കാര്യം തന്നെ നോക്ക്. നിന്‍റെ അച്ഛനെ ആലോചിച്ചിട്ടാണ്കാരണവര്‍ കാണിക്കുന്നതൊക്കെ കണ്ടുകൊണ്ടിരിക്കുന്നത്എന്ന് നീ പറഞ്ഞു. നിന്‍റെ അച്ഛനും അമ്മാതിരി ചിന്തിച്ചാല്‍ പിന്നെ പ്രശ്നം വല്ലതുമുണ്ടോ. ഇല്ല. പക്ഷെ നിനക്ക്നിന്‍റെ അച്ഛനോട് തോന്നുന്ന കടപ്പാട്നിന്‍റെ അച്ഛന്അയാളുടെ അച്ഛനോട് ഇല്ല. അതല്ലേ അതിന്‍റെ ശരി. ഇനി നിന്‍റെ അച്ഛന്‍റെ
കാഴ്ചപ്പാടില്‍ കാര്യങ്ങള്‍ വിലയിരുത്തി നോക്ക്. ഒരു ഭാഗത്ത്എണ്‍പത്താറ്വയസ്സ് കഴിഞ്ഞ അച്ഛന്‍. മറുഭാഗത്ത് ഭാര്യയും മകനും. അച്ഛന്‍ എന്ന വ്യക്തിഎന്ന് വേണമെങ്കിലും ഇല്ലാതാവാം. ഇനി അയാള്‍ കുറെ കാലം കൂടി ജീവിച്ചിരുന്നു എന്ന് വെച്ചാലും നിന്‍റെ അച്ഛന്ന് വേണ്ട സുഖ സൌകര്യങ്ങള്‍ നല്‍കാന്‍ ആ വയസ്സനെക്കൊണ്ട്ആവുമോ ? ഇല്ല. മറിച്ച്എല്ലാ സുഖങ്ങള്‍ക്കും ഭാര്യ വേണം. വയസ്സായാല്‍ പരിചരിക്കാന്‍ മകന്‍ വേണം. അച്ഛന്‍ വേണോ മറ്റുള്ളവര്‍ വേണോ
എന്ന് തിരഞ്ഞെടുക്കേണ്ട ഘട്ടം വന്നപ്പോള്‍ തനിക്ക് ഗുണകരമായത് അയാള്‍ തിരഞ്ഞെടുത്തു. വളര്‍ത്തി വലുതാക്കിയ അച്ഛനെ അയാള്‍ തഴഞ്ഞില്ലേ ? നിന്‍റെ അച്ഛന്‍ അവസരവാദിയാണെന്ന് പറഞ്ഞാല്‍ നീ സമ്മതിക്ക്വോ ?

നീ ആ വട്ടന്‍ മായന്‍ കുട്ടിയെ കണ്ടിട്ടില്ലേ? അവന്‍റെ അമ്മ മീനാക്ഷി ചെറുപ്പത്തില്‍ ഈ വീട്ടില്‍ പണിക്ക് നിന്നിരുന്നു. എന്‍റെ കാരണോര് അയമ്മക്ക് കൊടുത്ത സമ്മാനമാണ് അവന്‍ എന്നൊരു ശ്രുതി കേട്ടിട്ടുണ്ട്. എന്ന് വെച്ച് ഞാന്‍ മായന്‍കുട്ടിയെ ' ഏട്ടാ ' എന്നും വിളിച്ച് കൂടെ കൊണ്ടു നടക്കുന്നുണ്ടോ. എന്‍റെ അച്ഛന്‍ കാര്യം കഴിഞ്ഞപ്പോള്‍ ആ സ്ത്രീയെ തഴഞ്ഞു. അത് അയാളുടെ
സാമര്‍ത്ഥ്യം. അവനെക്കൊണ്ട് ബുദ്ധിമുട്ട് ഇല്ലാത്തതുകൊണ്ട് ഞാനും മിണ്ടാതെ ഇരിക്കുന്നു. ഈ സ്വത്തില്‍ അവകാശവും പറഞ്ഞ് അവന്‍ വന്നാല്‍ ഞാന്‍ വെറുതെ ഇരിക്ക്വോ.

ഇതൊക്കെയാണ് ഞാന്‍ നേരത്തെ പറഞ്ഞത് പോലെ സ്വന്തം കാര്യം മാത്രം നോക്കിയിട്ട് സമയത്തിന്ന് യോജിച്ചത് പോലെ പെരുമാറുന്ന വിധം. രാധാകൃഷ്ണന്‍ ഒരക്ഷരം മിണ്ടാതെ കേട്ടിരിക്കുകയാണ്. സുകുമാരന്‍റെ ചിന്താഗതികളാണ് ശരി എന്ന് അയാള്‍ക്ക് തോന്നി.

ഈ ലോകത്ത് സര്‍വ്വ ജീവജാലങ്ങള്‍ക്കും സ്വന്തം നിലനില്‍പ്പ്തന്നെയാണ് ഏറ്റവും പ്രധാനം. അതിന്ന്മുമ്പില്‍ മറ്റ് യാതൊന്നിനും പരിഗണന നല്‍കാനാവില്ല. ഒരു മാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോ സിംഹം അതിനെ കൊന്ന് തിന്നുന്നത്. സിംഹത്തിന്ന് സ്വന്തം  ജീവന്‍ നില നിര്‍ത്താന്‍ മാനിനെ കൊന്നേ പറ്റു. മനസ്സില്‍ ദയയും വെച്ച് ഇരുന്നാല്‍ സിംഹത്തിന് മാനിനെ
കൊല്ലാന്‍ പറ്റുമോ. മനുഷ്യരുടെ കാര്യത്തിലും ഇതൊക്കെ തന്നെയാണ്ഉള്ളത്. മറ്റുള്ളവര്‍ക്ക് നിസ്സാരമെന്ന് തോന്നുന്ന ചിലതൊക്കെ നിനക്ക് വലിയ കാര്യങ്ങളാണ്. അത് കാരണം  നീ ആ കാരണവരെ വെറുക്കുന്നു. അയാളെ ശല്യമായി കാണുന്നു. ഞാന്‍ അതിന്‍റെ തെറ്റും ശരിയും നോക്കുന്നില്ല. കാരണം തെറ്റും ശരിയും ഒക്കെ ആപേക്ഷികമാണ്. നിന്‍റെ ശരി മറ്റൊരാള്‍ക്ക് തെറ്റാവാം .

' എടാ , ഈ ജീവിതം എന്ന് പറഞ്ഞാല്‍ ചെങ്കുത്തായ ഒരു മലയില്‍ തിക്കി തിരക്കി ആളുകള്‍ കേറുന്നത് മാതിരിയാ. ആരെങ്കിലും വീണാല്‍ പെട്ടു. മറ്റുള്ളവര്‍ ആ ശരീരം ചവിട്ട് പടിയാക്കി കയറി പോവും. അതുകൊണ്ട് ഒരിക്കലും  വീഴാതെ നോക്കി നടക്കണം. അതെ ചെയ്യാനുള്ളു'. സുകുമാരന്‍ പറഞ്ഞ് നിര്‍ത്തി. രാധകൃഷ്ണന്ന് ഒന്നും മനസ്സിലായില്ല. ഇനി എന്ത് ചെയ്യണം എന്നത് ഇപ്പോഴും അവ്യക്തം.

' കിഴവനെ ഒഴിവാക്കി നിങ്ങള്‍ക്ക് മാത്രം ആ വീട്ടില്‍ കൂടണം. അതല്ലേ വേണ്ടു. അതിനൊക്കെ വഴിയുണ്ട്' സുകുമാരന്‍ 
പറഞ്ഞു ' പക്ഷെ എല്ലാറ്റിന്നും മുമ്പ്നിന്‍റെ വിഷമം മാറ്റണം. നമുക്ക് ടൌണില്‍ ചെന്ന് ബാറിലൊന്ന് കയറാം. പിന്നെ സിനിമക്കും '.

കറുത്ത ഫിയറ്റ് ' അപ്സര ബാര്‍ അറ്റാച്ച്ഡ് ഹോട്ടല്‍ ' ലക്ഷ്യമാക്കി ഓടി.

Friday, October 2, 2009

അദ്ധ്യായം - 21.

കണ്ണില്‍ നിന്നും കാര്‍ മറയുന്നത് വരെ കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ ഉമ്മറത്ത് അതിനെ തന്നെ നോക്കി നിന്നു. പൊടുന്നനെ ഈ ലോകത്ത് താന്‍ ഒറ്റപ്പെട്ടത് പോലെ അയാള്‍ക്ക് തോന്നി. നല്ല ഒരു വാക്ക് വീട്ടിലുള്ളവരൊന്നും പറയാറില്ലെങ്കിലും, മകനും 
കുടുംബവും ഒക്കെയായിവളരെ സുഖമായിട്ടാണ്എഴുത്തശ്ശന്‍  കഴിയുയുന്നതെന്നേ നാട്ടുകാര്‍ കരുതിയിട്ടുള്ളു. ആ നല്ല പേര്
ഇന്നത്തോടെ ഇല്ലാതാവുന്നു.

മകനെ വളര്‍ത്തിയതിന്‍റെ പ്രയാസങ്ങളൊന്നും അവന്‍ അറിയുന്നില്ല. കുട്ടിയായിരിക്കുമ്പോള്‍ അവനെ നോക്കാന്‍ തുടങ്ങിയതാണ്. പത്മാവതിക്ക് എന്നും  അസുഖമായിരുന്നു. അവളുടെ ശരീരം മെലിയാന്‍ തുടങ്ങി. എപ്പോഴും ചുമ തന്നെ. ഒടുവിലാണ് അവള്‍ക്ക് ക്ഷയമായിരുന്നു എന്ന് അറിയുന്നത്. പകരുന്ന സുഖക്കേടാണ്, കുട്ടിയെ അടുത്ത് വിടരുത് എന്ന് എല്ലാവരും 
പറയും. പാടത്ത് പണിക്ക് ചെല്ലുമ്പോള്‍ അവനെ ഒക്കത്ത് എടുക്കും. തണലത്ത് എന്തെങ്കിലും വിരിച്ച് അതിലിരുത്തിയാണ് പാടത്ത് ഇറങ്ങുക.

മകന്‍ സ്കൂളില്‍ പോയി തുടങ്ങിയ ശേഷമാണ് അവന്‍റെ അമ്മ മരിച്ചത്. അച്ഛനും അമ്മയും അന്ന് പറഞ്ഞു തന്നത് ഈയിടെയായി ഇടക്കൊക്കെ ഓര്‍ക്കാറുണ്ട്. 'നിനക്ക് ചെറുപ്പമാണ്. എത്രയോ കാലം ഇനിയും കഴിയണം. വേറൊന്ന് കെട്ടിക്കോ. വയസ്സാവുമ്പോള്‍ മകന്‍ നോക്കി എന്ന് വരില്ല '. ആ വാക്കുകള്‍ ഇപ്പോള്‍ ശരിയായി.

ഏതെങ്കിലും ഒരു പെണ്ണിനെ കെട്ടിക്കൊണ്ട് വന്നാല്‍ ഓമനക്കുട്ടനെ അവള്‍ ഉപദ്രവിച്ചാലോ എന്നൊരു തോന്നല്‍ അന്ന് ഉണ്ടായിരുന്നു. കൂടാതെ മണ്മറഞ്ഞു പോയ പത്മാവതിയോടുള്ള സ്നേഹവും വേറൊരു കല്യാണത്തില്‍ നിന്ന് വിലക്കി. എഴുത്തശ്ശന്‍ ഓര്‍മ്മകളില്‍ മുഴുകി ഒരേ നില്‍പ്പാണ്. ' ഞാന്‍ പോവൂന്നു 'എന്നും പറഞ്ഞ്പണിക്കാരി ഉമ്മറപ്പടി ഇറങ്ങി.' നിന്നോട് ഞാന്‍ പോവാന്‍ പറഞ്ഞിട്ടുണ്ടോ ' എന്ന് ചോദിച്ചു. ' നിങ്ങള് പറഞ്ഞില്ലെങ്കിലും ഉടമസ്ഥന്‍ പറഞ്ഞു, അവരല്ലേ
എന്നെ പണിക്ക് നിര്‍ത്തിയിരിക്കുന്നത് ' എന്നും പറഞ്ഞ് ഗേറ്റ് തുറന്ന് അവള്‍ പോയി.

ഇരുട്ട് പരന്നതൊന്നും എഴുത്തശ്ശന്‍ അറിഞ്ഞില്ല. മനസ്സിലെ ഇരുട്ട് പുറമെയുള്ള ഇരുട്ടിനെ മറച്ചതാവണം. തെങ്ങിന്‍ 
തോപ്പില്‍ കൂടണയാന്‍ കലപില കൂട്ടി വന്ന കാക്കകളുടെ ഒച്ച നിലച്ചു. ഒറ്റ മനുഷ്യ ജീവി അടുത്തൊന്നുമില്ല. എഴുത്തശ്ശന്ന് ആരോടെങ്കിലും കുറെ നേരം സംസാരിച്ച് ഇരിക്കണമെന്ന് കലശലായ മോഹം തോന്നി. ജീവനുള്ളവയായി രണ്ട് വണ്ടിക്കാളകള്‍ മാത്രമേ വീട്ട് വളപ്പില്‍ ഉള്ളു എന്ന സത്യം ഓര്‍മ്മ വന്നു. പണിക്കാരിപ്പെണ്ണ് വാതില്‍ പൂട്ടി താക്കോല്‍ പൂട്ടില്‍ തന്നെ വെച്ചിട്ടുണ്ട്. അതെടുത്ത് പുറകിലെ വണ്ടിപ്പുരയിലേക്ക് നടന്നു.

വണ്ടിപ്പുരയോട് ചേര്‍ന്നുള്ള തൊഴുത്തില്‍ കയറി. കാളകള്‍ രണ്ടും അയവിറക്കിക്കൊണ്ട് നില്‍പ്പാണ്. പുല്ലുവട്ടിയില്‍ ഒരു ഇഴ വൈക്കോല്‍ ഇല്ല. തൊഴുത്തിന്ന് പിന്നിലെ വൈക്കോല്‍ കുണ്ടയില്‍ നിന്ന് വൈക്കോല്‍ എടുത്തുവന്നു. നാല് കന്ന് വീതമെങ്കിലും കൊടുത്തില്ലെങ്കില്‍ അവറ്റക്ക് വയറിന്‍റെ ഓരം നിറയാന്‍ കൂടി തികയില്ല. കൂടുതല്‍ ഇടുന്നതും ശരിയല്ല. അതൊക്കെ വലിച്ച് തൊഴുത്തിലിട്ട് ചാണകവുമായി കലര്‍ത്തി കേട് വരുത്തി കളയും. കന്നിക്കൊയ്ത്ത് കഴിയുന്നത് വരെ എത്തിക്കേണ്ടതാണ്. പുല്ലുവട്ടിയുടെ തിണ്ടില്‍ എഴുത്തശ്ശന്‍ മൂരികളേയും നോക്കി ഇരുന്നു. ക്രമേണ ഒരാശ്വാസം മനസ്സിലെത്തി.

ഭക്ഷണം കഴിക്കാറുള്ള സമയം ആയി. വിശന്നിട്ട് വലയുന്നു. പണ്ടാണെങ്കില്‍ നേരത്തോട് നേരം ഒന്നും 
കഴിച്ചില്ലെങ്കിലും ഒരു പ്രയാസവും തോന്നില്ല. ഇനി അതും പറഞ്ഞ് ഇരിക്കാനെ പറ്റു. വണ്ടിപ്പുരയിലെ ചോറ്റ് പാത്രത്തില്‍ പണിക്കാരി പെണ്ണ് പോകുമ്പോള്‍ കഞ്ഞി ഒഴിച്ച് വെച്ചിട്ടുണ്ടാവും. അതെടുത്ത് കഴിക്കാം.

ചോറ്റ് പാത്രം എടുത്തപ്പോള്‍ കനം തോന്നിയില്ല. തുറന്ന് നോക്കിയപ്പോള്‍ കാലി. അപ്പോള്‍ പെണ്ണ് കഞ്ഞി ഒഴിച്ച് വെക്കാതെയാണ് പോയത്. എന്താ വേണ്ടത് എന്ന് അറിയുന്നില്ല. ഈ രാത്രി എങ്ങിനെ കഴിച്ച് കൂട്ടും. ഇന്ന് വരെ ആരുടെ അടുത്തും ഒരു വയറിന്ന് എന്തെങ്കിലും തരണമെന്ന്ചോദിച്ച് ചെല്ലേണ്ട ഗതികേട് വന്നിട്ടില്ല. അല്ലെങ്കിലും ഈ നേരത്തെവിടെ ചെന്ന്
വല്ലതും വാങ്ങി കഴിക്കും.

സമയം ചെല്ലുന്തോറും പരവേശം കൂടിക്കൂടി വന്നു. ഒന്നും കഴിക്കാതെ ഒരു നിമിഷം കഴിയാന്‍ പറ്റില്ല എന്ന അവസ്ഥ , കൈകാലുകള്‍ തളരുന്നുണ്ടോ ? താക്കോല്‍ കൂട്ടവുമെടുത്ത് ഇരുട്ടത്ത് വീടിന്‍റെ മുന്‍വശത്തേക്ക് ചെന്നു. കുറെ താക്കോല്‍ പൂട്ടിലിട്ട് തിരിച്ചെങ്കിലും തുറന്നില്ല. ഇനി ഒന്നും ചെയ്യാനില്ല. വണ്ടിപ്പുരയിലേക്ക് തിരിച്ച് നടന്നു. പായ നിവര്‍ത്തിയിട്ട്കിടന്നു. വിശപ്പും 
മനോവിഷമവും കൂടി ഉറക്കം അകറ്റി നിര്‍ത്തി.

പുല്ലുവട്ടിയില്‍ നിന്ന് മൂരികള്‍ വൈക്കോല്‍ വലിച്ച്തിന്നുന്ന ഒച്ച കേള്‍ക്കാനുണ്ട്. കയത്തം  കുണ്ടില്‍ വെള്ളം
 കുത്തിയൊഴുകി ചാടുന്ന ശബ്ദം അതിന്ന് ശ്രുതി മീട്ടി. വണ്ടിപ്പുരക്കുള്ളില്‍ അല്‍പ്പം വെളിച്ചം തൂകി ഒരു മിന്നാമിനുങ്ങ്പറന്ന്നടന്നു, എഴുത്തശ്ശന്‍ മുകളിലേക്കും നോക്കി മലര്‍ന്ന് കിടന്നു.

***********************************************************************************************
വഴിനീളെ മാധവിയുടെ ആവലാതികള്‍ കേട്ട് വേലായുധന്‍ കുട്ടി മടുത്തു. മറുപടി ഒന്നും പറയാത്തതിന്ന് ദേഷ്യപ്പെട്ട് ഇരിക്കുകയാണ്. പറഞ്ഞതൊക്കെ അംഗീകരിക്കണം. എന്തെങ്കിലും അച്ഛന്‍ പറഞ്ഞൂന്ന് വെച്ച് അതിന് ഇത്രയേറെ ഒച്ചപ്പാട് ഉണ്ടാക്കേണ്ട കാര്യമില്ല. പറഞ്ഞിട്ടെന്താ കാര്യം. കുഴിയിലേക്ക് കെട്ടി എടുക്കാറായിട്ടും വേണ്ടാത്ത പണിയേ കാരണോപ്പാട്ചെയ്യുള്ളു. രാധകൃഷ്ണന്ന് അയാളെ കാണുന്നത് തന്നെ വെറുപ്പാണ്.

ഫോണ്‍ ചെയ്ത് പറഞ്ഞപ്പോഴേ മാധവിയോട് അത്ര കാര്യമാക്കേണ്ടാ എന്ന് പറഞ്ഞ് നോക്കി. കേള്‍ക്കണ്ടേ. നിങ്ങള്‍ക്ക് നിങ്ങളുടെ അച്ഛന്‍ അത്രക്ക് വലുതാണെങ്കില്‍ അയാളീം കെട്ടി പിടിച്ച് ഇരുന്നോളിന്‍. ഞാന്‍ എന്‍റെ വഴിക്ക്പോകും എന്ന് അവള്‍ പറഞ്ഞു. ബഹുവാശിക്കാരിയാണ്. പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യും. അവളെ പിണക്കിയാല്‍ സംഗതികള്‍ കുഴയും. ഇപ്പോള്‍ പറഞ്ഞത് പോലെ കേട്ടാല്‍ രണ്ട് ദിവസം കഴിഞ്ഞ് ചൂട് ഒന്ന് ആറുമ്പോള്‍ നയത്തില്‍ പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരാം.

എന്തൊക്കെ ആയാലും നാട്ടുകാരുടെ മുമ്പില്‍ ക്ഷീണമായി. വയസ്സായ അച്ഛനെ ഒറ്റക്കാക്കി കെട്ട്യോളുടെ പിന്നാലെ ചെന്നു എന്ന് പറയും. വേറെ വഴിയില്ല. ചെണ്ടക്ക് ഒരു ഭാഗത്ത് തല്ല് കൊണ്ടാല്‍ മതി, മദ്ദളത്തിന്ന് രണ്ട്ഭാഗത്തും തല്ല് കൊള്ളണം. അതുപോലുള്ള അവസ്ഥയാണ് തന്‍റേത്. പോരാത്തതിന്ന് എന്ത് കാര്യത്തിന്നും മകന്‍ അമ്മയുടെ ഭാഗത്താണ്. അച്ഛനും കൂടി അതൊന്നും മനസ്സിലാക്കുന്നില്ല. മകന്‍റെ വിഷമങ്ങള്‍ അച്ഛന്‍ മനസ്സിലാക്കിയിരുന്നാല്‍ കുറച്ച് അടങ്ങി ഒതുങ്ങി കൂട്ടൂം കുറീം
 ഉണ്ടാക്കാതെ മര്യാദക്ക് ഇരിക്കും. ഇപ്പോഴും തനിക്ക്പതിനാറ് വയസ്സാണ്എന്നാ അച്ഛന്‍റെ ഭാവം.

അഞ്ചാറ്മാസം മുമ്പ് വണ്ടിയും കാളയും വില്‍ക്കാനിരുന്നതാണ്. മകന്‍ രാധാകൃഷ്ണന്‍ കൂട്ടുകാരുമായി വീട്ടിലേക്ക് വരുമ്പോള്‍ ഗേറ്റില്‍ നിന്ന്മുറ്റത്തേക്കുള്ള കോണ്‍ക്രീറ്റ്വഴിയില്‍ ചാണകം കണ്ടു. അന്ന് അവന്‍ വില്‍ക്കാന്‍ ആളെ കൂട്ടിക്കൊണ്ട് വന്നു. പറഞ്ഞ് വില തരാനും വന്നവര്‍ ഒരുക്കമായി. അച്ഛന്‍ ഒരാള്‍ അന്ന് അതിനെ എതിര്‍ത്തു. ' നിങ്ങള് ചാവാന്‍ നേരത്ത് കാലന്‍റെ കോട്ടയിലേക്ക് കാളവണ്ടിയില്‍ കയറി പോവാനാണോ ഉദ്ദേശം . അത് ആലോചിച്ച് വിഷമിക്കേണ്ടാ. ഞങ്ങള് കെട്ടി പൊതിഞ്ഞ് പുഴംപള്ളയിലേക്ക് എടുത്തോളും 'എന്ന് അന്ന് പറയേണ്ടി വന്നു. അന്ന് അത് വില്‍ക്കാന്‍ സമ്മതിച്ചിരുന്നുവെങ്കില്‍
 ഇന്നത്തെ ഈ സംഭവം നടക്കില്ലായിരുന്നു.

ഇടക്ക് മാധവിയെ ഒളിഞ്ഞ് നോക്കി. മുഖം വീര്‍പ്പിച്ച്ഒരേ ഇരുപ്പാണ്. അവളെ കല്യാണം ആലോചിച്ചപ്പോള്‍ ' കൊക്കില്‍ ഒതുങ്ങുന്നത് മാത്രം  കൊത്തിയാല്‍ മതി, ഇല്ലെങ്കില്‍ പിന്നീട് വിഷമിക്കും ' എന്ന് അച്ഛന്‍ പറഞ്ഞു തന്നതിന്ന്ചെവി കൊടുത്തില്ല. വീട്ടുകാരുടെ ഉയര്‍ന്ന സാമ്പത്തികവും പെണ്ണിന്‍റെ ഭംഗിയും തൊലിവെളുപ്പും മാത്രം കണക്കിലെടുത്തതിന്‍റെ ഫലം 
ഇന്നും അനുഭവിക്കുന്നു. കയറി ചെല്ലുമ്പോള്‍ അളിയന്മാരുടെ മുഖഭാവം കാണണം. അല്ലങ്കിലേ അവര്‍ക്ക് തന്നെ തീരെ വിലയില്ല. ഇത് കൂടി കേട്ടാല്‍ ?

മുറ്റത്ത് കാര്‍ നിര്‍ത്തി. ഡോര്‍ തുറന്ന്ബാഗുകളുമെടുത്ത് മാധവി ഇറങ്ങി നടന്നു. ഡിക്കിയില്‍ നിന്ന് പെട്ടിയുമെടുത്ത് വേലായുധന്‍കുട്ടി പുറകെ ചെന്നു.