Sunday, November 8, 2009

അദ്ധ്യായം - 30

'അച്ഛന്‍ എന്തെങ്കിലും കഴിച്ചിട്ട് കുളിക്കാന്‍ ചെന്നാല്‍ മതി' തോര്‍ത്തും എടുത്ത് ഇറങ്ങാന്‍ നേരം നാണു നായരോട് സരോജിനി പറഞ്ഞു' രാവിലെ തൊഴുത്തിനും വണ്ടിപ്പുരക്കും കുറ്റി തറക്കുന്ന സമയത്ത് നിക്കണംന്ന് ഇന്നലെ എഴുത്തശ്ശന്‍ വന്നപ്പൊ പറഞ്ഞതല്ലേ'.

അത് വേണോ, അയ്യപ്പന്‍ കാവില്പോയി തൊഴുകുന്നതല്ലേ, കുളിക്കാണ്ടെ വല്ലതും കഴിക്കണോ എന്ന് നായര്‍ പറഞ്ഞെങ്കിലും
 മകള്‍ നിര്‍ബന്ധിച്ചപ്പോള്‍ ലേശം കഞ്ഞികുടിച്ചിട്ടാണ് ഇറങ്ങിയത്. അമ്പലക്കടവില്‍ എഴുത്തശ്ശന്‍ കുളിയും കഴിഞ്ഞ് കാത്ത് നില്‍പ്പാണ് 'വേഗം കുളി കഴിക്കിന്‍' അയാള്‍ പറഞ്ഞു 'ആശാരി എത്തുമ്പളെക്കും നമുക്ക് എത്തണ്ടേ'.

കുളി കഴിഞ്ഞ് അമ്പലത്തിലും തൊഴുത് കൂട്ടുകാര്‍ പുറപ്പെട്ടു. തൊഴുത്തും വണ്ടിപ്പുരയും പണിയാന്‍ ഉദ്ദേശിച്ച സ്ഥലം ചെത്തിക്കോരി വെടുപ്പാക്കിയിട്ടുണ്ട്. ഒരു ഓരം അടച്ച് കരിമ്പാറ നെല്ല് ചിക്കിയപോലെ പരന്ന് കിടക്കുന്നു. കൊയ്ത ചുരുട്ടുകള്‍ മെതിക്കാനും, വൈക്കോല്‍ ഉണക്കാനും ഉള്ള സൌകര്യം നോക്കിയിട്ടാണ് ഇവിടെ കറ്റക്കളം ആക്കിയത്. ഭാഗ്യത്തിന്ന് ഇവിടം വരെ വണ്ടി വരാനുള്ള വഴിയുണ്ട്. മെതിച്ച് കിട്ടുന്ന നെല്ലും വൈക്കോലും കൊണ്ടു പോവാന്‍ വാഹനം എത്തുന്നതിന്ന് വരമ്പ് വീതി കൂട്ടി എഴുത്തശ്ശന്‍ തന്നെ ഉണ്ടാക്കിയ വഴി. ഇവിടുന്നങ്ങോട്ട് കയം വരേക്കും മലയടിവാരം വരേക്കും
പാടവരമ്പേയുള്ളു

നാണു നായര്‍ പരിസരം നല്ലവണ്ണം ശ്രദ്ധിച്ചു. ചുറ്റുവട്ടാരത്ത് ആളും മനുഷ്യനും ഒന്നും ഇല്ല. കയത്തം കുണ്ട് മുതല്‍
 മലയടിവാരം വരെ ഒഴിഞ്ഞ പ്രദേശമാണ്. എഴുത്തശ്ശന്ന് അസാദ്ധ്യ ധൈര്യം തന്നെ. ആരെങ്കിലും രാത്രി നേരത്ത് വന്ന് തല്ലിക്കൊന്നിട്ടാല്‍ ഒരു മനുഷ്യന്‍റെ കുട്ടി അറിയില്ല. ഈ നടുപ്പാടത്ത് കുറെ കരിമ്പനകള്‍ മാത്രം കൂട്ടിനുണ്ടാവും.

'പണിക്കാരെ ഒന്നും കാത്ത് നിന്നില്ല, ഇന്നലെ വന്നെത്തിയതും ഞാന്‍ തന്നെ പുല്ലൊക്കെ ചെത്തി വെടുപ്പാക്കി' എന്ന് എഴുത്തശ്ശന്‍ പറഞ്ഞു. മൂപ്പര് ഉറച്ചിട്ട് തന്നെയാണ്. ഒരു കാര്യം മനസ്സില്‍ നിരീച്ചാല്‍ അത് നടത്തിയിട്ടേ ബാക്കിയുള്ളു എന്ന്നാണു നായര്‍ മനസ്സിലോര്‍ത്തു. പണിക്കാര് വരുമ്പോഴേക്കും വല്ലതും കഴിക്കാം എന്നും പറഞ്ഞ് പടിക്കാലില്‍ തൂക്കിയ ചാക്ക് സഞ്ചി എഴുത്തശ്ശന്‍ എടുത്തു. മരത്തിന്‍റെ തണല് നോക്കി പാറയില്‍ ഒരിടത്ത് എഴുത്തശ്ശന്‍ ഇരുന്നു. പിച്ചള ചോറ്റുപാത്രവും രണ്ട് ഓലക്കിണ്ണവും സ്പൂണുകളും എഴുത്തശ്ശന്‍ എടുത്ത് നിരത്തി. 'വരിനേ, പണിക്കാര് എത്തുമ്പഴെക്കും നമുക്ക് ഇത്തിരിശ്ശെ കഞ്ഞി മോന്തം' എന്ന് അയാള്‍ നാണു നായരെ ക്ഷണിച്ചു. നായര്‍ വേണ്ടെന്ന് പറഞ്ഞിട്ടും എഴുത്തശ്ശന്‍ സമ്മതിച്ചില്ല. ഒടുവില്‍ നാണു നായരും കൂടി.

അരിമുളകും ഉള്ളിയും കൂടി ചതച്ചതില്‍ വെളിച്ചെണ്ണ ഒഴിച്ചതും കൂട്ടി ഇരുവരും പൊടിയരി കഞ്ഞി കുടിച്ചു. ഏറെ വൈകാതെ ആശാരിയും പണിക്കാരും എത്തി. അവര്‍ തന്നെ പൂജക്ക് വേണ്ട സാധനങ്ങള്‍ കൊണ്ടു വന്നിരുന്നു.

എഴുത്തശ്ശനും കൂട്ടുകാരനും പൂജ നോക്കി നിന്നു. അവിലും മലരും പഴവും ശര്‍ക്കരയും വെച്ചു. ഓട്ടു കിണ്ടിയില്‍
 വെള്ളം നിറച്ച് വെച്ചു. ചെമ്പരുത്തിയും തുളസിയും തെച്ചിയും അര്‍ച്ചിക്കപ്പെട്ടു. നാളികേരം ഉടച്ചതോടെ പൂജ തീര്‍ന്നു.

സ്ഥാനം നോക്കി എഴുത്തശ്ശന്‍ പറഞ്ഞ കണക്കിന്ന് കുറ്റിയടിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ 'ഇനി നാണ്വാര്പൊയ്ക്കോളിന്‍, വെറുതെ വെയിലും കൊണ്ട് നിക്കണ്ടാ' എന്ന്എഴുത്തശ്ശന്‍ നാണു നായരോട് പറഞ്ഞു. പണിക്കാരെക്കൊണ്ട് ജോലി ചെയ്യിക്കാനുള്ളത് കൊണ്ടും, വേഗം കെട്ടി തീര്‍ക്കാന്‍ വെട്ട്കല്ല്ഏല്‍പ്പിച്ചത് എത്താറായതു കൊണ്ടും തനിക്ക് കൂടെ വരാനാവില്ലെന്നും ഉച്ചക്ക് ഉണ്ണാന്‍ വരുന്നുണ്ടെന്നും, നാല്ദിവസത്തേക്ക് തനിക്ക് വേണ്ടി കഷ്ടപ്പെടാന്‍ മകളോട് പറയണമെന്നും
 നാണു നായരോട് എഴുത്തശ്ശന്‍ പറഞ്ഞു. എല്ലാം സമ്മതിച്ച് നാണു നായര്‍ പടിയിറങ്ങി. ജോലിക്കാരോടൊപ്പം എഴുത്തശ്ശന്‍
 പണികളിലും മുഴുകി.

ഉച്ചക്ക് ഉണ്ണാന്‍ വരുമ്പോള്‍ തലേന്നത്തെ പോലെ എഴുത്തശ്ശന്‍ ഒരു കുട്ടിച്ചാക്കും ചുമന്ന്, സഞ്ചിയും തൂക്കിയാണ് വന്നത്. നാണു നായര്‍ ഭക്ഷണം കഴിക്കാതെ അയാളെയും കാത്ത് ഇരിക്കുകയായിരുന്നു. 'എന്താ ഇന്നും ഒരു ചാക്കും സഞ്ചിയും
 ഒക്കെയായിട്ട് 'എന്ന് നാണു നായര്‍ ചോദിച്ചു. 'ചാക്കില്പത്തിരുപത് നാളികേരമാണ്' എഴുത്തശ്ശന്‍ പറഞ്ഞു 'സഞ്ചീല് കുറച്ച് അരീം'.

'ഇങ്ങന്യായാല്‍ നിങ്ങള് കൊറെ ബുദ്ധിമുട്ട്വോലോ' എന്ന് നായര്‍ പറഞ്ഞു.

'നോക്കിന്‍, നിങ്ങടെ അവസ്ഥ എനിക്ക് നന്നായിട്ട് അറിയും, നേരത്തും കാലത്തും ആ കുട്ടി വെച്ച് വിളമ്പി തരുന്നതേ വലിയ കാര്യം. ഞാന്‍ പറയാലോ, അതിന് എങ്ങിനേങ്കിലും ഒരു നല്ല കാലം വരും'.

അകത്ത് നിന്ന് സരോജിനി ആ വാക്കുകള്‍ കേട്ടു. തന്‍റെ സങ്കല്‍പ്പങ്ങളുമായി അവള്‍ അതിനെ ചേര്‍ത്ത് വായിച്ചു.

*************************************************************************************

നേരം പുലര്‍ന്നതും ചാമി ഒരുങ്ങി പുറപ്പെട്ടു. ബെല്‍റ്റില്‍ നിന്ന് കുറെ പണം എടുത്ത് ഡ്രായര്‍ പോക്കറ്റിലിട്ടു. മുഴുവന്‍
 പണവും വെളിയില്‍ കാണിക്കണ്ടാ. ചെലപ്പൊ ഒരു പുത്തിക്ക് അത് മുഴുവന്‍ അവള്‍ക്ക് കൊടുത്തു എന്നു വരും.

പ്രഭാത കര്‍മ്മങ്ങള്‍ക്കായി പുഴയിലിറങ്ങി. വെള്ളം തട്ടിയതും കാല്‍ മുട്ടില്‍ നീറ്റല്‍ തോന്നി. ഇന്നലത്തെ വീഴ്ചയില്‍ ചിരകി പൊട്ടിയതാണ്. പുഴയില്‍ നിന്ന് കയറിയതും വഴിയോരത്തെ കമ്മ്യൂണിസ്റ്റ് പച്ചകളില്‍ നിന്ന് കുറച്ച് ഇലകള്‍ പറിച്ചു. ഉള്ളം കയ്യില്‍ ഇട്ട് ഞെരടി ചാറെടുത്ത് മുറിവുകളില്‍ പുരട്ടി. നീറ്റല്‍ തല വരെ എത്തി. മരുന്ന് മുറിവില്‍ പിടിച്ചു. ഇനി അത് ഉണങ്ങും.

കാളുക്കുട്ടിയുടെ വീട്ടിലേക്ക് തിരിയുമ്പോള്‍ ചാമിക്ക് തന്നെ ഒരുതരം നാണക്കേട് തോന്നി. അവള്‍ എന്താണ് തന്നെ കുറിച്ച് കരുതുക. ഒരു പൊട്ട ചങ്ക്രാന്തി കണ്ണ് മിഴിക്കുമ്പോഴേക്കും കയറി വന്നുന്നേ കരുതു. ഇല്ലെങ്കില്‍ ഇന്നലെ രാത്രി തൊള്ളയില്‍ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞിട്ട് നേരം വെളുക്കുമ്പഴേക്കും ആരെങ്കിലും അവളെ തേടി പോക്വോ.

ചാമി പടി കയറിയതും 'കാളുക്കുട്ട്യേ' എന്ന് ഉറക്കെ വിളിച്ചു. വീടിന്‍റെ പിന്നില്‍ നിന്നും അവള്‍ വന്നു. 'എന്താണ്ടി നേരം വെളുക്കുമ്പൊ പരിയം പുറത്ത് പണി' എന്ന് ചോദിച്ചു. അവള്‍ മിണ്ടിയില്ല. മുഖത്ത് തുറിച്ച് നോക്കി നില്‍പ്പാണ്.

'അതേയ്, ഞാന്‍ ഇന്നലെ ഇത്തിരി കുടിച്ച് ഓവറായി 'ചാമി പറഞ്ഞു' അല്ലാണ്ടെ നെന്നോട് വിരോധം ഉണ്ടായിട്ടൊന്ന്വോല്ല'. ഉടുത്ത മുണ്ട് വകഞ്ഞ് മാറ്റി ഡ്രോയര്‍ പോക്കറ്റില്‍ കയ്യിട്ട് ചാമി കാശ്എടുത്തു. 'ഇത് എടുത്തോ' എന്നും പറഞ്ഞ് ആ പണം  കോലായില്‍ വെച്ചിട്ട് തിരിച്ച് നടന്നു.

പടിക്കലെത്തിയപ്പോള്‍ തിരിഞ്ഞു നിന്ന് 'ഇനി ഇന്നലത്തെപ്പോലെ ഉണ്ടാവില്ലാട്ടോ' എന്നും പറഞ്ഞ് ചാമിവരമ്പത്തേക്ക് ഇറങ്ങി. 'ഇത് മാതിരി എത്ര തവണ എന്നോട്പറഞ്ഞിരിക്കുന്നു' എന്ന് മനസ്സിലോര്‍ത്ത് കാളുക്കുട്ടി ആ പണം എടുത്തു.