Tuesday, September 21, 2010

നോവല്‍ - അദ്ധ്യായം - 96.

' ഒരു കാര്യം ചെയ്യിന്‍ ' എഴുത്തശ്ശന്‍ മക്കു രാവുത്തരോട് പറഞ്ഞു ' അവര് പറയുന്നത് കേട്ടില്ലേ. അവരക്ക്
പണത്തിന്ന് കുറച്ച് തിടുക്കം ഉണ്ടത്രേ. സ്ഥലത്തിന്ന് വില കെട്ടിയതിന്‍റെ കാല്‍ ഭാഗം ഇപ്പൊ കൊടുക്കിന്‍. എന്നിട്ട് ആറ്
മാസത്തേക്കോ ഒരു കൊല്ലത്തേക്കോ ഒരു കരാറ് എഴുതിന്‍. അതിന്‍റെ എടേല് മൂന്നോ നാലോ ഗഡുവായിട്ട് കൊടുത്ത് തീര്‍ത്ത് റജിസ്ട്രാക്കിന്‍. പുര പണി ഇപ്പൊ തന്നെ ചെയ്തോളിന്‍. അതിനൊന്നും ഒരു തടസ്സം ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലാ '.

' അതിന്‍റെ ഒന്നും ആവശ്യം ഉണ്ടാവില്ലാ ' നാണു നായര്‍ ഇടപെട്ടു ' പൂത്ത പണം ഉണ്ട് രാവുത്തരുടെ കയ്യില് '.

' നാണു നായര് പറയിണ പോലെ അത്രയൊന്നും നമ്മടെ കയ്യിലില്ല. അള്ളാഹുവിന്‍റെ കൃപ കൊണ്ട് മക്കള് കുറച്ചെന്തോ എത്തിക്കിണുണ്ട്. അതോണ്ട് കൊമ്പും തലേം ആട്ടി നടക്കുണൂന്നെ ഉള്ളു '.

' അങ്ങിന്യാച്ചാല്‍ കച്ചോടം മുറിക്ക്യല്ലേ ' എഴുത്തശ്ശന്‍ തിടുക്കം കുട്ടി.

' നിങ്ങടെയൊക്കെ ധൈര്യത്തിലാ ഞാന്‍ ഇതിന്ന് ഇറങ്ങുന്നത്. നാളെ മേലാലുക്ക് പിള്ളര് പുര വെച്ച് കെട്ടാന്‍ തുടങ്ങുമ്പൊ
ബുദ്ധിമുട്ട് ഒന്നും ഉണ്ടാവാതിരുന്നാല്‍ മതി ' എന്നായി രാവുത്തര്‍ .

' നൂറ് വട്ടം ആ ഉറപ്പ് തന്നതല്ലെ രാവുത്തരേ ' നാണു നായര്‍ക്ക് രാവുത്തരുടെ വാക്കുകള്‍ തീരെ പിടിച്ചില്ല ' ഇവിടെ ആരും ജാതീം മതൂം ഒന്നും നോക്കാതെ നിങ്ങളെ കൂട്ടത്തില്‍ കൂട്ടുംന്ന് '.

' നിങ്ങള് വിചാരിക്കിണത് അല്ല നമ്മടെ മനസ്സില്. പുര പണിയണച്ചാല്‍ കല്ലും മരൂം ഒക്കെ വേണം. ഇക്കരക്ക് അതൊക്കെ എങ്ങിനെ കടത്തും എന്നാ നമ്മടെ ആലോചന '.

' ഇതേ ഉള്ളൂച്ചാല്‍ വഴിയുണ്ട് ' എഴുത്തശ്ശന്‍ പറഞ്ഞു ' കയത്തം കുണ്ടിന്‍റെ ചോട്ടില്‍ ചെങ്കല്ല് ചൂള വെക്കിന്‍. പത്തമ്പതിനായിരം ഇഷ്ടിക ഉണ്ടാക്ക്യാല്‍ മതി. കടത്ത് കൂലി ലാഭം. തോനെ വില കൊടുക്കണ്ടീം വരില്ല '.

' കരിങ്കല്ലാണെങ്കില്‍ അവിടുന്നന്നെ പൊട്ടിച്ചെടുക്കാം. വെള്ളപ്പാറ കടവില്‍ മണലുണ്ട്. തലച്ചുമടായി അത് കടത്താം ' നാണു നായര്‍ ബാക്കി പറഞ്ഞു ' ഒന്ന് നോക്ക്യാല്‍ ഇത്ര സൌകര്യം എവിടേം കിട്ടില്ല '.

' അമ്മിണിയമ്മയ്ക്ക് പുര പണിയാന്‍ ചെങ്കല്ല് വേണ്ടി വരും. അതും കൂടി കണക്കാക്കി ചൂള വെച്ചാല്‍ മതി '.

' നമ്മക്ക് അതൊന്നും അറിയില്ല. നിങ്ങള് എന്ത് പറയിണോ അതന്നെ കാര്യം '.

' എന്നാല്‍ ബാക്കി നിശ്ചയിക്ക്യാ ' എഴുത്തശ്ശന്‍ കാര്യം തീര്‍പ്പാക്കി ' ഇന്നന്നെ മുദ്ര കടലാസ്സ് വാങ്ങി എഴുതാന്‍ കൊടുക്ക്വാ.
അടുത്തആഴ്ച പണം മുഴ്വോനും കൊടുത്ത് ആധാരം റജിസ്റ്റ്രാക്ക്വാ. എന്താ രണ്ട് കൂട്ടര്‍ക്കും സമ്മതോല്ലേ '.

ഇരു കൂട്ടരും സമ്മതിച്ചു. സരോജിനി കൊടുത്ത ചായ കുടിച്ച് എല്ലാവരും ഇറങ്ങി. നാണു നായരുടെ വീട്ടു പടിക്കല്‍ വെച്ച സൈക്കിള്‍ എടുത്ത് രാവുത്തര്‍ വരമ്പിലൂടെ നീങ്ങി.

**************************************************
ഉച്ചയ്ക്ക് വീട്ടിലെത്തിയ രാധാകൃഷ്ണന്‍ ഭക്ഷണം കഴിക്കാന്‍ നിന്നില്ല. കാര്‍ ഷെഡ്ഡിലിട്ട് അച്ഛനെ കൂട്ടി അകത്തേക്ക് നടന്നു.

' ഞാന്‍ ഇപ്പൊ വരാം. എന്നിട്ട് നമുക്ക് ഉണ്ടാല്‍ പോരെ ' എന്നും ചോദിച്ച് മറുപടിക്ക് കാത്ത് നില്‍ക്കതെ അയാള്‍ പുറത്തേക്കിറങ്ങി. വേലായുധന്‍കുട്ടി ചാരുകസേലയില്‍ കിടന്ന് നോക്കുമ്പോള്‍ മകന്‍ ബുള്ളറ്റില്‍ കേറി കഴിഞ്ഞു. ശബ്ദം 
ഉണ്ടാക്കി അത് ഗേറ്റ് കടന്ന് പോയി.

ഗുരുസ്വാമി വീട്ടിലുണ്ടാവുമോ അതൊ കളപ്പുരയിലാണോ എന്ന് നിശ്ചയമില്ല. പല ദിവസങ്ങളിലും ഉച്ച ഭക്ഷണം കളപ്പുരയിലാണ്
എന്ന് പറഞ്ഞിട്ടുണ്ട്. എന്തായാലും വീട്ടില്‍ ചെന്ന് നോക്കാം , ഇല്ലെങ്കിലല്ലേ കളപ്പുരയിലേക്ക് ചെല്ലേണ്ടു.

ഭാഗ്യത്തിന്ന് രാധാകൃഷ്ണന്‍ എത്തുമ്പോള്‍ രാജന്‍ മേനോന്‍ വീട്ടിലുണ്ട്. പാലക്കാടില്‍ നിന്നും വന്നതേയുള്ളു.

' അങ്കിള്‍ ഇന്നൊരു സംഭവം ഉണ്ടായി ' അച്ഛനെ കൂട്ടി മില്ലില്‍ ചെന്നതും കണക്ക് പുസ്തകം ഏല്‍പ്പിച്ചതും സ്റ്റോക്ക് റജിസ്റ്ററില്‍ അച്ഛന്‍ തെറ്റുകള്‍ കണ്ടെത്തിയതുമെല്ലാം അയാള്‍ വര്‍ണ്ണിച്ചു.

' സ്വാമിയേ ശരണം ' ഗുരുസ്വാമിയുടെ ശബ്ദം ഉയര്‍ന്നു. രാധാകൃഷ്ണന്‍ അത് ഏറ്റു പറഞ്ഞു.

' പേടിക്കാനൊന്നൂല്യാ. മാറ്റിയെടുക്കാം എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഇത്ര പെട്ടെന്ന് ഭേദപ്പെടും എന്നൊന്നും ഞാന്‍ കരുതിയില്ല.
എല്ലാം ഭഗവാന്‍റെ കൃപ '.

' അങ്കിള്‍ ഇനി ഞാന്‍ എന്താ ചെയ്യേണ്ടത് '.

' ഇന്ന് തന്നെ ഡോക്ടറെ പോയി കണ്ട് വിവരം പറയണം. രോഗ നിലയില്‍ വരുന്ന മാറ്റം അപ്പപ്പോള്‍ തന്നെ അറിയിച്ചാലേ
അതിനനുസരിച്ച് മരുന്ന് മാറണോ എന്ന് തീരുമാനിക്കാനാവൂ '.

' ശരി ' എന്ന് രാധാകൃഷ്ണന്‍ ഏറ്റു.

' ഞാന്‍ വരണോ കൂടെ ' മേനോന്‍ ചോദിച്ചു.

' അങ്കിള്‍ റെസ്റ്റ് ചെയ്തോളൂ. ഞാന്‍ ഡോക്ടറെ കണ്ടിട്ട് വന്ന് വിവരം പറയാം '.

ബുള്ളറ്റിന്‍റെ ശബ്ദം അകന്ന് പോയി.

നോവല്‍ - അദ്ധ്യായം - 95.

കുറെ കാലത്തിന്ന് ശേഷം വേലായുധന്‍ കുട്ടി മില്ലിലേക്ക് ചെന്നു. രാധാകൃഷ്ണന്‍ വളരെയേറെ നിര്‍ബന്ധിച്ച ശേഷമാണ് അയാള്‍ പുറപ്പെട്ടത്.

അമ്പാസഡര്‍ കാര്‍ മില്ല് വളപ്പിലേക്ക് കടന്നപ്പോഴെ പണിക്കാര്‍ ജോലി നിര്‍ത്തി ഒളിഞ്ഞും തെളിഞ്ഞും നോക്കി. കുട്ടി മുതലാളി മോട്ടോര്‍ സൈക്കിളിലാണ് വരാറ്. കാറില്‍ വന്നിരുന്നത് വലിയ മുതലാളി മാത്രം. മൂപ്പര്‍ കുറച്ച് കാലമായി വന്നിട്ട്. തലയ്ക്ക് സുഖമില്ലാതെ ചികിത്സയിലാണെന്നാണ് പുറമെ സംസാരം.

ഡോര്‍ തുറന്ന് രാധാകൃഷ്ണന്‍ അച്ഛന്ന് നേരെ കൈ നീട്ടി. ആ കയ്യും പിടിച്ച് ഒരു കൊച്ചു കുഞ്ഞിനെ പോലെ വേലായുധന്‍കുട്ടി അകത്തേക്ക് നടന്നു. അച്ഛനെ കസേലയിലിരുത്തി ലൈറ്റും ഫാനും ഓണാക്കി മകന്‍ എതിര്‍ വശത്തെ കസേലയിലിരുന്നു.

' അച്ഛന്ന് സ്റ്റോക്ക് ബുക്ക് നോക്കണ്ടേ ' രാധാകൃഷ്ണന്‍ ചോദിച്ചു.

വേലായുധന്‍ കുട്ടി എന്തോ ആലോചിച്ചിരുന്നു. ചോദ്യം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ അയാള്‍ തലയാട്ടി. മുമ്പില്‍ വെച്ച തടിച്ച
ലെഡ്ജര്‍ തുറന്ന് അയാള്‍ അതിലൂടെ കണ്ണോടിച്ചു.

' സ്വാമിയേ ശരണമയ്യപ്പാ ' രാധാകൃഷ്ണന്‍ മനസ്സില്‍ ശരണം വിളിച്ചു ' ഭഗവാന്‍ എന്‍റെ പ്രാര്‍ത്ഥന കേട്ടു. ഇനി ഒരിക്കലും
സാധാരണ നിലയില്‍ എത്തില്ലെന്ന് കരുതിയിരുന്ന അച്ഛന്‍ മില്ലില്‍ എത്തി. എന്തോ ഏതോ കണക്ക് പുസ്തകം കയ്യിലെടുത്തു നോക്കി തുടങ്ങി. ഇനി മെല്ലെ മെല്ലെ പഴയ നിലയിലെത്തിയാല്‍ മതി '.

രാധാകൃഷ്ണന്‍ കുറേ നേരം അച്ഛനെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഒറ്റ നോട്ടത്തില്‍ അപാകതയൊന്നും കാണുന്നില്ല. ശ്രദ്ധയോടെ
കണക്കുകള്‍ പരിശോധിക്കുകയാണന്നേ കാണുന്നവര്‍ക്ക് തോന്നൂ.

' അച്ഛാ, ഞാന്‍ അകത്ത് ചെന്ന് പണിയൊക്കെ നോക്കി വരട്ടെ ' അയാള്‍ പറഞ്ഞു. വേലായുധന്‍ കുട്ടി സമ്മത ഭാവത്തില്‍
തലയാട്ടി. രാധാകൃഷ്ണന്‍ അകത്തേക്ക് നടന്നു.

പെണ്ണുങ്ങള്‍ പുഴുങ്ങിയ നെല്ല് യാര്‍ഡില്‍ ചിക്കി കൊണ്ടിരിക്കുകയാണ് . ഒരു പറ്റം കാക്കകള്‍ അവരെ സഹായിക്കാനായി കൂടെത്തന്നെയുണ്ട്.

' ആര്‍ക്കെങ്കിലും ഒരു വടിയെടുത്ത് ഈ കാക്കകളെ ആട്ടി വിട്ടൂടെ ' അയാള്‍ ചോദിച്ചു.

' കുറച്ച് കഴിഞ്ഞാല്‍ അവിറ്റ പിന്നീം വരും ' ആരോ പറഞ്ഞു.

' എന്നുവെച്ച് കാക്കയെ ആട്ടണ്ടാ എന്നാണോ ' അയാള്‍ക്ക് ദേഷ്യം വന്നു.

പെണ്ണുങ്ങളിലൊരാള്‍ വാതില്‍ക്കല്‍ ചാരി വെച്ച വടിയെടുത്ത് വേണോ വേണ്ടയോ എന്ന മട്ടിലൊന്ന് വീശി. പറന്നകന്ന കാക്കകള്‍ അടുത്ത നിമിഷം തന്നെ നെല്ലില്‍ വന്നിരുന്നു.

' വലിയ മുതലാളിക്ക് ഇപ്പൊ എങ്ങിനീണ്ട് ' ഒരുത്തി ചോദിച്ചു.

' എന്ത് ' ഒന്നും അറിയാത്ത മട്ടില്‍ രാധാകൃഷ്ണന്‍ തിരിച്ച് ചോദിച്ചു. വേണ്ടിയിരുന്നില്ല എന്ന മട്ടിലായി അവള്‍. പിന്നീട് ആരും ഒന്നും പറഞ്ഞില്ല. ചെയ്യുന്ന പണിയില്‍ എല്ലാവരും മുഴുകി. രാധാകൃഷ്ണന്‍ നെല്ല് പുഴുങ്ങുന്ന ദിക്കിലേക്ക് നടന്നു.

ഒരു മണിക്കൂറിലേറെ സമയം അയാള്‍ പണികള്‍ നോക്കി നടന്നു. ഇതിനകം ഒന്നു രണ്ട് ജോലിക്കാര്‍ ഓഫീസ്സ് റൂം വരെ ചെന്ന് അകത്തേക്ക് എത്തി നോക്കി. വേലായുധന്‍ കുട്ടി അവരെ കണ്ടതേയില്ല.

തിരിച്ച് ഓഫീസ് മുറിയിലേക്ക് എത്തുമ്പോള്‍ രാധാകൃഷ്ണന്‍ കാണുന്നത് അച്ഛന്‍ പെന്‍സിലെടുത്ത് സ്റ്റോക്ക് റജിസ്റ്ററില്‍ മാര്‍ക്ക് ചെയ്യുന്നതും എന്തൊക്കെയോ കടലാസ്സില്‍ കുത്തി കുറിക്കുന്നതുമാണ്.

' ഈശ്വരാ ' അയാള്‍ തലയില്‍ കൈ വെച്ചു. എല്ലാം കുത്തി വരച്ച് നാശമാക്കിയല്ലോ. മാനസീക രോഗമുള്ള അച്ഛന്‍റെ കയ്യില്‍
പുസ്തകം ഏല്‍പ്പിച്ചതിന്ന് അയാള്‍ സ്വയം കുറ്റപ്പെടുത്തി.

' എന്താ അച്ഛന്‍ ചെയ്യുന്നത് ' അയാള്‍ മേശയുടെ അടുത്തേക്ക് ചെന്നു.

' നമ്മുടെ മില്ലില്‍ ഒരു ദിവസം അരയ്ക്കാന്‍ കഴിയുന്നതിനേക്കാള്‍ ഇഷ്യു എഴുതിയത് നോട്ട് ചെയ്തതാണ്. എനിക്ക് അതൊന്ന് നോക്കണം ' വേലായുധന്‍ കുട്ടിയുടെ പതിഞ്ഞ സ്വരം കേട്ടു.

രാധാകൃഷ്ണന്ന് തന്‍റെ ചെവികളെ വിശ്വസിക്കാനായില്ല. അച്ഛന്‍റെ രോഗം ഭേദമായിരിക്കുന്നു.

' സ്വാമിയേ ശരണമയ്യപ്പാ ' ഈ തവണ അയാളുടെ ശബ്ദം ഉയര്‍ന്നു പൊങ്ങി.

***********************************************

' വണ്ടിപുരേല് കുറെ കുവ്വ വെച്ചത് നിക്കുണുണ്ട്. കിഴങ്ങ് എറങ്ങീട്ടുണ്ടോന്ന് നോക്ക്യാലോടാ ' വെറുതെ ഇരുന്നപ്പോള്‍ എഴുത്തശ്ശന്ന് മനസ്സില്‍ തോന്നിയത് അതാണ്.

' തിരുവാതിര ആവാറായോ കുപ്പ്വോച്ചാ ' ചാമി ചോദിച്ചു.

' അടുത്ത മാസത്തിലല്ലേ തിരുവാതിര. ഇത് വൃശ്ചികം അല്ലേ '.

' എന്നാല്‍ ഉള്ളത് പിടുങ്ങാം. തൊലി കളഞ്ഞ് അരച്ച് മാവ് ഉണക്കി എടുക്കാന്‍ താമസം പിടിക്കില്ലേ '.

' അതൊന്നും നമ്മള് ചെയ്യണ്ട പണി അല്ലല്ലോ. കിഴങ്ങ് പറിച്ച് കൊടുക്കണം. അത് നന്നാക്ക്വേ ഒണക്ക്വേ എന്താ വേണ്ടേച്ചാല്
പെണ്ണുങ്ങള് ചെയ്തോട്ടെ '.

' ഒറ്റയ്ക്ക് ഒരാള് ചെയ്യാന്‍ നിന്നാല്‍ തൊലയും. എത്ര കെഴങ്ങ് ഉണ്ടാവുംന്നാ കരുതുണത് '.

' അതിനേ , കിട്ടുന്നതില്‍ കുറെ നാണു നായരുടെ വീട്ടില്‍ കൊടുക്കാം. അമ്മിണിയമ്മ കുറച്ച് എടുത്തോട്ടെ. പൂജക്കാരനും
വാരരുക്കും ഇത്തീരീശ്ശെ കൊടുക്കണം. അവരും കുടുംബം ആയി ഇവിടെ കഴിയുണതല്ലേ. ബാക്കി നീ കൊണ്ടുപൊയ്ക്കോ '.

മണ്ണിനടിയില്‍ കിടക്കുന്ന കിഴങ്ങ് വീതം വെക്കുന്നത് കേട്ട് വേണുവിന്ന് ചിരി വന്നു.

' ഈ തൊടീല് വേലിപ്പള്ളേല് ഞാന്‍ കാവുത്തും ചെറു കിഴങ്ങും വെച്ചിട്ടുണ്ട്. അത് കിളക്കണോ ' ചാമി കൈക്കോട്ടുമായി ഒരുങ്ങി.

' അത് വേണ്ടാടാ. ഇപ്പൊ കെളച്ചാല്‍ തിരുവാതിര ആവുമ്പോഴേക്കും ഒണക്കടിക്കും. ആ സമയത്ത് മതി '.

എഴുത്തശ്ശനും ചാമിയും പോവുന്നതും നോക്കി വേണു ഇരുന്നു. അയാളുടെ മനസ്സില്‍ ഒരു കുട്ടിക്കാലം വിരിഞ്ഞു.

അന്നൊക്കെ തിരുവതിരക്കാലം സന്തോഷം നിറഞ്ഞതാണ്. വീട്ടിലെ സ്ത്രീകള്‍ ആ കാലത്ത് ഏഴ് ദിവസം പുലരുന്നതിന്ന് മുമ്പേ
ഉണര്‍ന്നെഴുന്നേല്‍ക്കും. പിന്നെ സംഘം ചേര്‍ന്ന് കുളത്തിലേക്ക് പാട്ടും പാടി ഒരു പോക്കാണ്. കമ്പിറാന്തലിന്‍റെ വെളിച്ചത്തിലാണ്
യാത്ര. ആദ്യമാദ്യം നല്ല ഇരുട്ടായിരിക്കും. ക്രമേണ നിലാവ് അവരെ കാത്ത് നില്‍ക്കും.

' മുന്നിലാവാണ് ' ചെറിയമ്മ പറയും ' ദിവസം രണ്ടര നാഴിക കൂടും '.

പെണ്ണുങ്ങള്‍ തുടിച്ച് കുളിക്കുമ്പോള്‍ കരിങ്കല്‍ പടവില്‍ തണുത്ത് വിറച്ച് ഇരിക്കും. കുറെ കഴിയുമ്പോള്‍ ' വെള്ളത്തില്‍ ചാടെടാ
ചെക്കാ ' എന്നും പറഞ്ഞ് ഓപ്പോള് കൈകൊണ്ട് വെള്ളം തേകി നനയ്ക്കും. പിന്നെ കുളത്തിലേക്ക് ഒറ്റ ചാട്ടമാണ്. തിരിച്ച് പോരുമ്പോള്‍ തണുപ്പ് കൊണ്ട് താടി കൂട്ടിയിടിക്കും. തിരുവാതിര ദിവസം കുളി കഴിഞ്ഞ് ദശപുഷ്പം ചൂടി താമ്പൂലം ചവച്ച് സ്ത്രീകള്‍ അണിഞ്ഞൊരുങ്ങും.

ശിവക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് വന്നാല്‍ ചെറിയമ്മ ചെറിയമ്മ കൂവ വിരകാന്‍ തുടങ്ങും. ശര്‍ക്കരപ്പാവ് ഒഴിച്ച് നാളികേരം
ചിരകിയിട്ട കൂവനൂറും ചെറുപഴവും പപ്പടവും കഴിച്ചതിന്‍റെ രുചി നാവിന്‍തുമ്പത്തുണ്ട്. ഉച്ചയ്ക്ക് കഞ്ഞിയും പുഴുക്കുമാണ് ഉണ്ടാവുക. ചേമ്പും കാവുത്തും ചെറുകിഴങ്ങും വെള്ളപ്പയറും ഒക്കെ ചേര്‍ത്ത പുഴുക്ക് ഏറെ ഇഷ്ടമായിരുന്നു. ചിലപ്പോള്‍
ചെറു കിഴങ്ങ് കുഴിച്ചെടുത്ത് ചപ്പില കൂട്ടിചുട്ട് തിന്നും. നാവില്‍ തരിപ്പാണ് അപ്പോള്‍ തോന്നുക.

കുറച്ച് മുതിര്‍ന്നപ്പോള്‍ ക്ഷേത്രത്തിലേക്ക് ഒറ്റയ്ക്കേ ചെല്ലാറുള്ളു. വീട്ടിലുള്ളവര്‍ തിരിച്ചെത്തിയ ശേഷമാണ് പുറപ്പെടാറ്. ഉങ്ങിന്‍റെ ചുവട്ടില്‍ കണ്ണെഴുതി പൊട്ടും തൊട്ട് പാവാടയും ജാക്കറ്റുമായി ഒരു കൊച്ചു സുന്ദരി കാത്ത് നില്‍പ്പുണ്ടാവും. വേണുവിന്‍റെ മാലതി.

അമ്പലത്തിനകത്തേക്ക് വേണു ചെല്ലാറില്ല.

' എന്താ മഹേശ്വരനുമായി പിണങ്ങീട്ടാ ' അവള്‍ ചോദിക്കും.

' തിരുവാതിര ദിവസം രാവിലെ പെണ്ണുങ്ങളാണ് തൊഴാന്‍ ചെല്ലേണ്ടത്. ഞാന്‍ ദീപാരാധനയ്ക്ക് തൊഴുകാം. അപ്പോഴേക്കും
അദ്ദേഹം എങ്ങോട്ടും എണീറ്റ് പോവില്ല '.

ചിരിച്ചു കൊണ്ട് അവള്‍ അകത്തേക്ക് ചെല്ലും.

പൂങ്കിനാവിന്‍റെ നീര്‍പ്പോളയിലൊരു വര്‍ണ്ണച്ചിത്രം തെളിയാന്‍ തുടങ്ങി. വേണു അമ്പല മതില്‍ക്കെട്ടിന്ന് പുറത്ത് ആല്‍ത്തറയിലാണ്. തൊഴുത് പ്രസാദവുമായി മാലതി ഇറങ്ങി വരുന്നു. ഇളം പച്ച ജാക്കറ്റും അതേ നിറത്തില്‍ കരയുള്ള സെറ്റ് മുണ്ടും
ധരിച്ചിട്ടുണ്ട്. നെറ്റിയില്‍ അതേ വര്‍ണ്ണത്തിലുള്ള ചാന്തുക്കുറിയും. ആ ചുണ്ടുകളില്‍ വിരിഞ്ഞ മന്ദസ്മിതത്തിന്‍റെ ലഹരിയിലാണ്
വേണു. മന്ദം മന്ദം അവള്‍ നടന്നടുക്കുകയാണ്. കൂവളത്തിലയുടെ നീരില്‍ കാച്ചിയെടുത്ത വെളിച്ചെണ്ണയുടേയും ചന്ദനസോപ്പിന്‍റേയും
സുഗന്ധം അയാള്‍ക്ക് അനുഭവപ്പെട്ടു തുടങ്ങി.

' നിയെന്താ വേണ്വോ ഇരുന്നൊറങ്ങ്വാ ' ശബ്ദം കെട്ട് കണ്ണ് മിഴിച്ചപ്പോള്‍ നാണുമാമ.

' കാറ്റ് കൊണ്ടിരുന്നപ്പോള്‍ തന്നെ കണ്ണടഞ്ഞു പോയി '.

കൈ വീശി കാണിച്ച് അപ്സരസ്സ് മനസ്സില്‍ നിന്ന് മറഞ്ഞു.

' എഴുത്തശ്ശനും ചാമിയും എവിടെ ' നാണു നായര്‍ ചോദിച്ചു.

' വണ്ടിപ്പുരയിലേക്ക് പോയി. കൂവ പുഴക്കാനുണ്ടത്രേ '

' എന്നാല്‍ ഞാനും പോണൂ ' നാണു നായര്‍ നടന്നകന്നു. വേണു ട്രാന്‍സിസ്റ്റര്‍ കയ്യിലെടുത്ത് ട്യൂണ്‍ ചെയ്തു.

' സൌ സാല് പഹലേ മുഛേ തും സെ പ്യാര് ഥാ 'അതിനകത്ത് നിന്ന് ഒലിച്ചിറങ്ങിയ ഗാനവീചികള്‍ അന്തരീക്ഷത്തില്‍
അലിഞ്ഞു.

Thursday, September 9, 2010

നോവല്‍ - അദ്ധ്യായം - 94.

' അടുത്ത ചൊവ്വാഴ്ച കാര്‍ത്തിക വിളക്കല്ലേ ' കളപ്പുരയിലെ സദസ്സില്‍ വെച്ച് നാണുനായര്‍ ചോദിച്ചു ' നമ്മടെ അമ്പലത്തില്
അന്ന് വല്ല ആഘോഷൂം ഉണ്ടോ '. വൃശ്ചിക കുളിരില്‍ ഉണരാന്‍ മടി പിടിച്ച് ആലസ്യത്തിലാണ് ഭൂമി. മഞ്ഞിന്‍റെ മറയ്ക്ക് പിന്നില്‍ കയത്തം കുണ്ട് ഒളിഞ്ഞു നിന്നു.

' ഇത് വരെ ഇല്ലാത്തതൊന്നും തുടങ്ങി വെക്കണ്ടാ ' എഴുത്തശ്ശന്‍ ഉടനെ മറുപടി പറഞ്ഞു ' മേലാലിക്ക് അത് വെഷമം
ഉണ്ടാക്കും '.

'അല്ലേ , ഞാന്‍ ഒന്നും പറഞ്ഞില്ലേ. വൃശ്ചികത്തിലെ കാര്‍ത്തിക നക്ഷത്രം ലോകം മുഴ്വോനും നിറഞ്ഞ് നില്ക്കിണ ദിവസാണ്. അന്നേ ദിവസം എല്ലാ വീട്ടിലും സന്ധ്യക്ക് മണ്‍ചെരാതില്‍ നിരനിരയായി ദീപം തെളിക്കും. ദൂരേന്ന് കാണാന്‍ തന്നെ ബഹു ജോറാണ്. പിന്നെ ഒരു വിധം അമ്പലത്തിലൊക്കെ കാര്‍ത്തിക ദിവസം ആഘോഷം ഉണ്ടാവും. പാട്ടു കച്ചേരിയോ, ഓട്ടന്‍ തുള്ളലോ, കഥകളിയോ അങ്ങിനെ എന്തെങ്കിലും നടത്തും. അതൊക്കെ ആലോചിച്ച് പറഞ്ഞതാണ് '.

' അതന്ന്യാ നായരേ ഞാനും പറയിണത്. ഇതൊക്കെ നടത്തണച്ചാല്‍ വെള്ളക്കുട്ടി രാവുത്തര് മുമ്പില് ഇറങ്ങണം. എന്‍റേലോ
നിങ്ങടേലോ മടീല് അത് സൂക്ഷിച്ച് വെച്ചിട്ടുണ്ടോ. പിരിച്ചിട്ടാണ് നമ്മള് ഇവിടെ ഓരോന്നൊക്കെ ചെയ്യിണത്. അത്താഴത്തിനോ പൊത്തും പിടി, വെള്ളച്ചോറ് കൊണ്ടുവാ കൂത്തച്ച്യേ എന്ന മാതിരിയാണ് നിങ്ങളുടെ പറച്ചില്‍ '.

' കുപ്പ്വോച്ചോ അന്നന്നെല്ലേ നമ്മടെ മലമ്പള്ളേലെ അമ്പലത്തില് തേര് ഉണ്ടാവാറ് '.

' അതെ '.

തേര് എന്ന് കേട്ടതും വേണുവിന്ന് ഉത്സാഹമായി.

' അമ്മാമേ, നമുക്കൊന്ന് പോയി കണ്ടാലോ ' അയാള്‍ ചോദിച്ചു.

' മിണ്ടാതിരിക്ക്. നീ വിചാരിച്ച മാതിരി ഉള്ള തേരൊന്ന്വല്ല അത്. കള്ളും കുടിച്ച് തേര് വലിച്ച് ഒരിക്കല്‍ മറിച്ചിട്ട സ്ഥലാ. ആളും മനുഷ്യനും ചെല്ലാത്ത ഇടം. നിനക്കൊന്നും അത് ഇഷ്ടാവില്ലാ '.

' എന്തൊക്ക്യാ അവിടുത്തെ വാണിഭം എന്ന് അറിയ്യോ നിനക്ക് ' നാണു നായര്‍ ബാക്കി അവതരിപ്പിച്ചു ' പൂള കിഴങ്ങ് ഉപ്പും മഞ്ഞളും ഇട്ട് വേവിച്ചത്, ചക്കരക്കിഴങ്ങും പനങ്കൂമ്പും പുഴുങ്ങ്യേത് ഇതൊക്കെയാണ് അവിടെ വില്‍ക്കാന്‍ വെക്കാറ് '.

' ഒരു കാര്യം ചെയ്യാം ' മേനോന്‍ തന്‍റെ നിലപാട് വ്യക്തമാക്കി ' മറ്റൊന്നും ചെയ്യണ്ടാ. നമുക്ക് ചുറ്റ് വിളക്ക് വെക്കാം. വേണച്ചാലോ മതിലിന്ന് മുകളില്‍ കുറെ ദീപം വെക്കാം '.

ആ നിര്‍ദ്ദേശം ആരും എതിര്‍ത്തില്ല.

ഞാന്‍ പാടത്ത് ചെന്ന് നോക്കിയിട്ട് വരട്ടെ എന്നും പറഞ്ഞ് ചാമി ഇറങ്ങി.

' വ്യക്തിപരമായി ഞാന്‍ അമ്മാമയുടെ അഭിപ്രായക്കാരനാണ് ' മേനോന്‍ പറഞ്ഞു ' ഉത്സവങ്ങള്‍ ജനങ്ങളെ ഒന്നിച്ച് നിര്‍ത്താനുള്ള ഒരു ഉപാധിയാണ്. പക്ഷെ അതിന്ന് ചിലവഴിക്കുന്ന പണം  ജനോപകാരപ്രദമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ അതായിരിക്കും ശ്രേഷ്ഠമായ കാര്യം  '.

ആരും ഒന്നും പറഞ്ഞില്ല.

' കുന്നിന്‍ മുകളില്‍ വിഷ്ണു മഹേശ്വരന്മാരുടെ സാന്നിദ്ധ്യമുണ്ടെന്ന് അറിഞ്ഞിട്ടും നിത്യ പൂജ ഒഴിവാക്കി കൊല്ലം തോറും
മണ്ഡലമാസം ഒന്നാം തിയ്യതി മാത്രം അവിടെ പൂജ നടത്തിയാല്‍ മതി എന്ന് തീരുമാനിച്ചില്ലേ. നാട്ടുകാര്‍ക്കും അതാ സൌകര്യം. എത്ര ഭംഗിയായി അന്ന് ചടങ്ങുകള്‍ നടന്നു '.

പാടത്ത് നിന്നും ചാമിയുടെ ഉച്ചത്തിലുള്ള സംഭാഷണം കേട്ടു. ആരോടൊ ലഹള കൂടുകയാണ്.

' എന്താ അവിടെ ഒരു ബഹളം. അവന്‍ തല്ലും അടിയും ഉണ്ടാക്കും മുമ്പ് ചെന്ന് നോക്ക്വാ ' എന്നും പറഞ്ഞ് എഴുത്തശ്ശന്‍ 
എഴുന്നേറ്റു. പുറകെ മറ്റുള്ളവരും.

തൊട്ടടുത്ത പാടത്തിലെ കൃഷിക്കാരനോട് ചാമി കയര്‍ക്കുകയാണ്.

' എന്താണ്ടാ സംഗതി ' എഴുത്തശ്ശന്‍ ചോദിച്ചു.

' കുപ്പ്വോച്ചോ, ഇ പൊലയാടി മകന്‍ കമ്പീം കൊണ്ട് വരമ്പ് തുളച്ച് നമ്മള് കഷ്ടപ്പെട്ട് പാടത്ത് പമ്പടിച്ച് നിറച്ച വെള്ളം ചോര്‍ത്തീരിക്കുന്നു '.

നോക്കുമ്പോള്‍ സംഗതി ശരിയാണ്. വറ്റി വരണ്ടു കിടന്നിരുന്ന പാടത്ത് വെള്ളം നിറഞ്ഞിരിക്കുന്നു.

' എന്ത് പണിയാടാ നീ കാട്ട്യേത് ' എഴുത്തശ്ശന്‍ ചോദിച്ചു ' തല്ല് വില കൊടുത്ത് വാങ്ങാനാണോ ഉദ്ദേശം  '.

' അയ്യോ അങ്ങിനെയല്ല ' പ്രതി കൈകുപ്പി ' ഞണ്ട് പോട്ടില്‍ കൂടി വെള്ളം കിനിഞ്ഞ് എറങ്ങ്യേതാണ് '.

' മുഖത്ത് നോക്കി നുണ പറഞ്ഞാല്‍ ഒറ്റ അടിക്ക് നിന്‍റെ കണ്ണിന്‍റെ സില്‍പ്പറ് ഞാന്‍ തെറിപ്പിക്കും ' എഴുത്തശ്ശന്‍ ചൂടായി
' മര്യാദയ്ക്ക് പറഞ്ഞാല്‍ ഞാന്‍ തന്നെ വേണ്ടത് ചെയ്ത് തരില്ലേ '.

' ഒരു തെറ്റ് പറ്റി. മാപ്പാക്കണം. ഇനി ഇങ്ങനെ ഉണ്ടാവില്ലാ ' അയാള്‍ തല കുനിച്ച് നിന്നു.

' അതിന് ഈ സ്ഥലം ഇനി നിനക്ക് പാട്ടത്തിന്ന് കിട്ടില്ലല്ലോ. അതിന്‍റെ ഉടമസ്ഥന്മാര് കൃഷി ചെയ്തോളും '.

' ഈ രണ്ടു പറ കണ്ടം കൃഷി ചെയ്താല്‍ രണ്ട് പൂവലും കൂടി ഒരു വണ്ടി നെല്ല് കിട്ടും. അതോണ്ടാ ഞങ്ങളുടെ പിഴപ്പ്. ഇനി എന്താ വേണ്ടത് എന്ന് അറിയില്ല '.

' അത് നിന്‍റെ കാര്യം. മേലാല്‍ ഇമ്മാതിരി കാട്ട്യാല്‍ നീ നടന്ന് കുടീല് എത്തില്ല '.

' ഞാന്‍ പറഞ്ഞില്ലേ ഇനി ഉണ്ടാവില്ലാന്ന്. വെള്ളം എടുത്തതിന്ന് എന്താ വേണ്ടേച്ചാല്‍ തരാം '.

' പൊയ്ക്കോ നിന്‍റെ കാശുംകൊണ്ട് എന്‍റെ മുമ്പിന്ന് '.

സംഘം കളപ്പുരയിലേക്ക് തിരിച്ചു.

' കൃഷിക്കാരുടെ എടേല് ഇതൊക്കെ പതിവാണ് ' എഴുത്തശ്ശന്‍ പറഞ്ഞു ' ചിലപ്പോള്‍ കൈക്കോട്ട് തായ ഊരി തല്ലെണ്ടീം
വരും '.

' കൃഷിക്കാരുടെ ഓരോ കഷ്ടപ്പാടേ ' എന്ന് നാണു നായര്‍ സഹതപിച്ചു

***************************************************

' ഹൈസ്ക്കൂള്‍ മാനേജര്‍ തന്നയച്ച എഴുത്താണ് ' ഒരു കത്തുമായി ഒരാള്‍ മുറ്റത്ത് എത്തി. കിട്ടുണ്ണി കൈ നീട്ടി അത് വാങ്ങി.
മേശപ്പുറത്ത് നിന്ന് കണ്ണട എടുത്ത് അയാള്‍ അത് വായിച്ചു.

ഏട്ടന്ന് വേണ്ടി മുമ്പ് ഒരു കല്യാണാലോചന പറഞ്ഞുറപ്പിച്ചതാണ്. ആ സ്ത്രീയുടെ ആങ്ങളയുടെ കത്താണ്. വയസ്സാന്‍ കാലത്ത്
ഏട്ടനെ നോക്കാന്‍ ഒരാളായി, പോരാത്തതിന്ന് ഒരു ഹൈസ്ക്കൂള്‍ കയ്യില്‍ വരും ചെയ്യും . അതൊക്കെ ചിന്തിച്ച് വാക്ക് കൊടുത്തതാണ്. പക്ഷെ സന്യസിക്കാനാണ് ഏട്ടന്‍റെ ഭാവം എന്ന് അറിയാതെ പോയി.

' തുലാമാസത്തില്‍ കല്യാണം നടത്താമെന്ന് വാക്ക് തന്നതാണ്. ഇപ്പോള്‍ വൃശ്ചികമായി. വേണമെങ്കിലൊ അതല്ല വേണ്ടെങ്കിലോ
ആ വിവരം തരിക. ആളെ വള്ളി കെട്ടി വിടുന്ന പരിപാടിയാണ് നിങ്ങളുടേത് എന്ന് തോന്നുന്നു. മര്യാദക്കാര്‍ക്ക് പറ്റിയ ഏര്‍പ്പാടല്ല ഇത്. എന്തായാലും രണ്ട് ദിവസത്തിനുള്ളില്‍ എന്നെ വിവരം അറിയിക്കണം '

കത്ത് വായിച്ച് കിട്ടുണ്ണി വിഷണ്ണനായി. കൂനിന്മേല്‍ കുരു പോലെ ഓരോ പ്രശ്നങ്ങള്‍ പൊങ്ങി വരുന്നു. എന്തെങ്കിലും 
വിവരം കൊടുക്കാതെ വയ്യാ.

' മറ്റന്നാള്‍ ഞാന്‍ അങ്ങോട്ട് വരുന്നുണ്ട് ' എന്നും പറഞ്ഞ് ദൂതനെ തിരിച്ചയച്ചു. കിട്ടുണ്ണി കസേലയില്‍ ചാരി കിടന്നു. പണിക്ക് ആരും വരാത്ത ദിവസമാണ്. ഏകാന്തതയില്‍ ചിന്ത അയാള്‍ക്ക് കൂട്ടായി.

ഏട്ടനെ സമ്മതിപ്പിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. മറ്റാരേയെങ്കിലും കണ്ടെത്തിയാലും പെണ്‍വീട്ടുകാര്‍ സമ്മതിക്കുമെന്ന് ഉറപ്പില്ല.
അവര്‍ക്ക് യോജിച്ച തറവാട്ടുകാര്‍ വേണം. പറ്റിയ ആരെങ്കിലുമുണ്ടോ എന്ന് മനസ്സില്‍ പരതി. രാധ ഉണ്ടായിരുന്നുവെങ്കില്‍ 
പറ്റിയ വല്ല ആളേക്കുറിച്ച് പറഞ്ഞു തന്നേനെ. കഴുവേറി ദേഷ്യപ്പെട്ട് ബന്ധം വേണ്ടാ എന്നു പറഞ്ഞ് പോയിരിക്കുന്നു.

പെട്ടെന്ന് മനസ്സില്‍ ഒരു ആശയം ഉടലെടുത്തു. ഏട്ടന്ന് പകരക്കാരനായിട്ട് താന്‍ തന്നെ ചെന്നാലോ. ഒരു വെടിക്ക് രണ്ട് പക്ഷി.
അനുസരിക്കാത്ത ഭാര്യയെ ഒരു പാഠം പഠിപ്പിച്ച പോലെ ആയി, അതോടൊപ്പം താന്‍ മോഹിച്ച സൌഭാഗ്യം കയ്യില്‍ വരികയും
ചെയ്യും.

പക്ഷെ സംഗതി വിചാരിച്ച അത്ര എളുപ്പമല്ല. കേസ്സും കൂട്ടവും ഒക്കെ ഉണ്ടാവും. അതിന് വഴിയുണ്ടാക്കാം. നാട്ടുകാര്‍ 
പറഞ്ഞ് നടക്കും. അവരുടെ ചിലവിലൊന്നുമല്ലല്ലോ കഴിഞ്ഞ് കൂടുന്നത്. മക്കള്‍ എതിര്‍ത്താലോ. ഒരു മൂധേവിയെ മനസ്സില്‍
നിന്ന് പടിയിറക്കി പിണ്ഡം വെച്ചു. വേറൊന്ന് അകലെയാണ്. അവളാണെങ്കിലോ ഒന്നിനും അഭിപ്രായം പറയാത്ത ജാതി. പക്ഷെ ചെറിയ മകള്‍. ഇന്നത്തെ നിലയ്ക്കും വിലയ്ക്കും അവളും കാരണക്കാരിയാണ്. അവളെ വെറുപ്പിക്കാനാവില്ല.

തല്‍ക്കാലം എന്തെങ്കിലും പറഞ്ഞ് നീട്ടിക്കൊണ്ട് പോവാം. പിന്നീട് വല്ല വഴിയും തെളിയും. കിട്ടുണ്ണി സ്വയം ആശ്വസിച്ചു.

നോവല്‍ - അദ്ധ്യായം - 93.

പിണ്ണാക്കും പരുത്തിക്കൊട്ടയും വാങ്ങാനായി കല്യാണി പീടികയില്‍ ചെന്നതാണ്. തിരിച്ച് പോരുമ്പോള്‍ പിന്‍വിളി കേട്ടു. തിരിഞ്ഞു നോക്കുമ്പോള്‍ പാഞ്ചാലി.

' എന്താണ്ടീ തലേല് ഒരു ചുമട് ' എന്ന് ചോദിച്ചും കൊണ്ട് അവള്‍ അടുത്തെത്തി.

' ഇതില് കടലപിണ്ണാകും പരുത്തിക്കൊട്ടേം ആണ്. സഞ്ചീല് മുളകും മല്ലീം സാമാനങ്ങളും. പിന്നെ ജാനു മുത്തിക്ക് ഒരു
കെട്ട് ബീഡീം തീപ്പെട്ടീം '.

' ഛി, തള്ളടെ ഓരോ ശീലേ. എന്നിട്ട് നിനക്കൊന്നും  വാങ്ങീലേ '.

' അതിന് എനിക്കിപ്പൊ ഒന്നും വാങ്ങാനില്ലല്ലോ '.

' ഒരു പെണ്ണായാല്‍ കണ്‍മഷ്യോ, ചാന്തോ, പൌഡറോ എന്തെങ്കിലും വാങ്ങാനുണ്ടാവില്ലേ '.

കണ്‍മഷി ഉണ്ടാക്കാന്‍ വീട്ടില് മെയോട് ഉണ്ട്. അതില് എണ്ണ പുരട്ടി നിലവിളക്കില്‍ കാട്ട്യാല്‍ നല്ല മെയ്യ് കിട്ടും. അതോണ്ട് കണ്ണും എഴുതും നെറ്റീല് പൊട്ടും കുത്തും. മുഖത്ത് കുമ്മായം പൂശണ്ടാ എന്ന് പറഞ്ഞ് അപ്പന്‍ പൌഡറ് ഇടാന്‍
സമ്മതിക്കില്ല. മുഖത്ത് നെറയെ കുരു വര്വോത്രേ '.

' പൊട്ടിക്കാളി, നിന്‍റെ അപ്പന്‍ പൈസ ചിലവാക്കാന്‍ മടിച്ചിട്ട് പറയുന്നതാണ് അതൊക്കെ '.

അപ്പന്‍ പറ്റിച്ചതാണോ എന്ന് കല്യാണി സംശയിച്ചു. അങ്ങിനെ ആവില്യാ. പെണ്ണുങ്ങളുടെ മുഖത്ത് കുരു വന്നാല്‍ നല്ല ചെക്കന്മാരെ കിട്ടില്ലാത്രേ. തനിക്ക് വരുന്ന ചെക്കന്‍ വെളുത്ത് ചന്തം ഉള്ള ആളാവണം. അത് ഓര്‍ത്തപ്പോള്‍ കല്യാണിക്ക് നാണം വന്നു.

' നീ അറിഞ്ഞോടീ, നമ്മടെ പങ്കജത്തിന്ന് വന്ന ആലോചന വേണ്ടാന്ന് വെച്ച്വോവേ '.

' അതെന്താ മുടങ്ങ്യേത് ' കല്യാണിക്ക് അല്‍പ്പം വിഷമം തോന്നി. പങ്കജത്തിന്ന് പത്തിരുപത് വയസ്സ് ആവും. കാണാനും ചെതം
പോരാ. ഇന്നാളും കൂടി കണ്ടപ്പോള്‍ അവള് കുറച്ച് സങ്കടം പറഞ്ഞു. നല്ല പ്രായത്തില്‍ പെണ്‍കുട്ടികള്‍ക്ക് കല്യാണം ആവണം.
ഇല്ലെങ്കില്‍ മൂത്ത് നരച്ച് ഇരിക്കും.

' അവര് മൂന്ന് പവനും മൂവ്വായിരം ഉറുപ്പികേം സ്ത്രീധനം കേട്ട്വോവേ. അത് കൊടുക്കാന്‍ വേണ്ടേ. അതോടെ ആലോചന മുടങ്ങി '.

ഇല്ലാത്ത വീട്ടില്‍ പിറന്നാല്‍ പെണ്‍കുട്ടികള്‍ക്ക് എന്നും വെഷമം തന്നെ. ആണുങ്ങള്‍ക്ക് ഒന്നൂല്യാ. അവര്‍ക്ക് എവിടുന്നെങ്കിലും
പെണ്ണ് കിട്ടും. പുലര്‍ത്താനുള്ള പ്രാപ്തി മതി. പെണ്ണുങ്ങള്‍ക്ക് പണ്ടൂം പണൂം വേണം.

' എന്താ നീ ഇത്ര കണ്ട് ആലോചിക്കുന്നത് 'പാഞ്ചാലി ചോദിച്ചു ' നിനക്ക് തരാനുള്ള മുതല് നിന്‍റെ അപ്പന്‍ ഉണ്ടാക്കി
വെച്ചിട്ടുണ്ടാവും. മൂപ്പര് കന്നും മാടും കച്ചോടം ചെയ്ത് ഉണ്ടാക്കി കൂട്ടുണത് നിനക്കല്ലേ '.

' എന്തോ എനിക്കറിയില്ല '.

പുറകില്‍ നിന്ന് കാറിന്‍റെ ശബ്ദം കേട്ടു. അടുത്ത് എത്തിയപ്പോള്‍ വേഗം കുറച്ച് ' വരുന്നോ ' എന്നൊരു ചോദ്യം.

കല്യാണി തിരിഞ്ഞു നോക്കിയപ്പോള്‍ പാഞ്ചാലി ചിരിച്ചു കൊണ്ട് കാറിന്ന് നേരെ കൈ വീശുന്നു.

' നമ്മടെ രാഘവന്‍ മുതലാളിടെ മകനാ. നല്ല ആളാ. എന്നെ വലിയ ഇഷ്ടാ മൂപ്പര്‍ക്ക് 'പാഞ്ചാലി പറഞ്ഞു.

' എഴുത്തശ്ശന്മാരുടെ മില്ലില് എപ്പഴും കാണുണ ആളല്ലേ. ഞാന്‍ കണ്ടിട്ടുണ്ട് ' എന്ന് കല്യാണിയും പറഞ്ഞു.

ഇടവഴി പാതയില്‍ ചേരുന്ന ദിക്കില്‍ ജാനു മുത്തി കാത്ത് നില്‍ക്കുന്നത് ദൂരെ നിന്നേ കണ്ടു.

' നീ പൊയ്ക്കോ ' പാഞ്ചാലി പറഞ്ഞു ' ആ തള്ള കണ്ടാല്‍ എന്നെ വല്ലതും പറയും '.

' എന്തേടി ഇത്ര നേരം ' മുത്തിത്തള്ള ചോദിച്ചു ' നേരം ഇരുട്ടാവാറായില്ലെ '.

' കടേല് തിരക്കായിരുന്നു '.

' ആരാടീ നിന്‍റെ കൂട്ടത്തില്. ചാമായിയുടെ മകള്‍ പാഞ്ചാലി അല്ലേ '.

' അതെ '.

' തനിച്ചൊരു കൊണ്ടിയാണ് ആ പെണ്ണ്. കണ്ണും കയ്യും കാട്ടീട്ട് ആണുങ്ങളെ പിടിക്കും. കുടിക്കാന്‍ കാശ് കൊടുത്താല്‍ അവളുടെ
അപ്പന്‍ ഒരക്ഷരം മിണ്ടില്ല. അങ്ങിന്യാ അവറ്റ കഴിയിണത് '.

' എനിക്കതൊന്നും അറിയില്ല '.

' നീ അവളുടെ കൂടെ നടക്കണ്ടാ. ആ ചാമ്യേങ്ങാനും അറിഞ്ഞാല്‍ ഒറ്റ വെട്ടിന് നിന്‍റെ കഥ കഴിക്കും '.

അപ്പന്‍ വേണച്ചാല്‍ വക്കാണിക്കും. പക്ഷെ വലിയപ്പന്‍ പൂഴി നുള്ളി മേത്ത് ഇടില്ല എന്ന് കല്യാണി മനസ്സില്‍ പറഞ്ഞു.

' നീ ബീഡി വാങ്ങ്യോടീ '.

' ഞാന്‍ ബീഡീം വാങ്ങീലാ, തീപ്പെട്ടീം വാങ്ങീലാ ' കല്യാണിയുടെ വാക്കുകളില്‍ പരിഭവം നിഴലിച്ചു.

' എന്‍റെ മകള്‍ മുത്തിടടുത്ത് പെണങ്ങ്യോ. നീ നന്നാവാനല്ലേ മുത്തി ഇതൊക്കെ പറയിണത് '.

കല്യാണി ഒന്നും പറഞ്ഞില്ല.

' എന്‍റെ കുട്ടി തെറ്റ് ചെയ്യില്യാന്ന് മുത്തിക്ക് അറിയില്ലേ. തമ്പിരാന്‍ കുട്ട്യേ പോലെ ഒരുത്തന്‍ വരില്ലേ എന്‍റെ കുട്ട്യേ കെട്ടിക്കൊണ്ട് പോവാന്‍ '.

കല്യാണിയുടെ മനസ്സ് പൂത്തുലഞ്ഞു. എന്തൊക്കെ പറഞ്ഞാലും മുത്തിക്ക് നല്ല ഇഷ്ടം ഉണ്ട്.

' മുത്ത്യേ, ബീഡീം തീപ്പെട്ടീം ഒക്കെ സഞ്ചീല് ഉണ്ട്. കുടീലെത്ത്യാല്‍ തരാട്ടോ '.

' വാങ്ങീട്ടുണ്ടാവുംന്ന് എനിക്കറിയില്ലേ. എന്‍റെ മോള് പെറ്റ് കിടക്കുമ്പോള്‍ മുത്ത്യല്ലേ വെള്ളം കാച്ചി തര്വാ '.

പെണ്‍കുട്ടി നാണം കൊണ്ട് ചെന്താമര കൂമ്പിയത് പോലെയായി .

നോവല്‍ - അദ്ധ്യായം - 92.

' ഒന്നാം തിയ്യതി രാത്രി ഒരു യാത്ര പോയതാ ഞാന്‍. ഇന്ന് പുലര്‍ച്ചെയാണ് വീട്ടില്‍  തിരിച്ചെത്തിയത് ' കാലത്തേ
കളപ്പുരയിലെത്തിയ മേനോന്‍ പറഞ്ഞു. കറുപ്പ് മുണ്ടിന്‍റെ കോന്തല കൊണ്ട് അയാള്‍ മുഖം തുടച്ചു.

' എവടക്ക്യാ സ്വാമി പോയത് ' കയ്യിലെ പേപ്പര്‍ താഴെ വെച്ച് വട്ട കണ്ണട ഊരി തുടച്ചു നാണു നായര്‍ ചോദിച്ചു.

' പഴനി, മധുര, രാമേശ്വരം ഒക്കെ ഒന്ന് ചുറ്റി '.

' അതെന്താ പോവുന്ന വിവരം ഞങ്ങളോടൊന്നും പറയാഞ്ഞത് '.

' മുന്‍കൂട്ടി തീരുമാനിച്ചതല്ല. വീടെത്തുമ്പോള്‍ മൂന്ന് നാല് കൂട്ടുകാര്‍ കാറുമായി കാത്ത് നില്‍ക്കുന്നു. പിടിച്ച പിടിയാലെ കൂട്ടിക്കൊണ്ട് പോയതാണ് '.

' ഭാഗ്യവാന്‍. പുണ്യസ്ഥലങ്ങളൊക്കെ കാണാനും വേണം കുറച്ച് ഭാഗ്യം ' നാണു നായര്‍ പറഞ്ഞു ' കിണറ്റിലെ തവളേ പോലെ കഴിയാനാ ഞങ്ങളുടെയൊക്കെ യോഗം. ഒരു ദിക്കിലും പോവാനും യോഗോല്യാ, ഒന്ന്വോട്ടും കാണാനും യോഗോല്യാ '.

' അങ്ങിനെയൊന്നൂല്യാ. വേണംന്ന് വെച്ചാല്‍ ആര്‍ക്കും എവിടേക്കും ചെല്ലാം ' മേനോന്‍ പറഞ്ഞു ' ആട്ടെ, ഇവിടുത്തെ ആള്‍ക്കാരൊക്കെ എവിടെ '.

' എഴുത്തശ്ശനും ചാമീം കൂടി പമ്പ് അടിക്കുന്നത് നോക്കാന്‍ പോയി. വേണു അമ്പലത്തില്‍ നിന്ന് വന്നിട്ടില്ല '.

' എന്നാല്‍ ഞാനും ചെല്ലട്ടെ '.

' എന്നാ നമുക്ക് മലയ്ക്ക് പോണ്ടത് '

' പത്ത് ദിവസം കൂടി കഴിഞ്ഞോട്ടെ. സ്വാമിനാഥനും നമ്മുടെ കൂടെ വരുന്നുണ്ട്. അയാളുടെ ഒഴിവ് നോക്കി നിശ്ചയിക്കാം '.

' അമ്മിണിയമ്മയും കുടുംബൂം താമസം തുടങ്ങ്യേത് നല്ല ഒരു സമാധാനമായി. നമ്മള്‍ മലയ്ക്ക് പോയാല്‍ സരോജിനിക്ക്
കാവലിന്ന് ഒരു ആളായല്ലോ '.

മേനോന്‍ അമ്പലത്തിലെത്തുമ്പോള്‍ വേണു ഉമ്മറത്ത് നില്‍പ്പുണ്ട്.

' വാര്യരും പൂജക്കാരനും അന്വേഷിച്ചു '.

' വിശേഷിച്ച് വല്ലതും ഉണ്ടോ '.

' രണ്ടാളും ഇവിടെ താമസം തുടങ്ങുന്നൂ എന്ന് പറഞ്ഞു '.

കെട്ടിടം പണിതിട്ട് ആരും അതില്‍ താമസിക്കാത്തതില്‍ സ്വാമിനാഥന്‍ നീരസം പ്രകടിപ്പിച്ചിരുന്നു. അന്ന് വൈകുന്നേരം ജീവനക്കാരോട് മേനോന്‍ ആ വിഷയം സംസാരിക്കുകയുണ്ടായി. ഇപ്പോഴത്തെ തീരുമാനം അതിന്‍റെ ഫലമായിട്ടായിരിക്കണം.

' പൂജ കഴിഞ്ഞോ '.

' ഉവ്വ് '.

' വാര്യര് എവിടെ '.

' പടപ്പാത്രം കഴുകാന്‍ കുളത്തിലേക്ക് പോയി. ഇപ്പൊ വരും '.

മേനോന്‍ തൊഴാന്‍ ചെന്നു. തീര്‍ത്ഥവും പൂവും കൊടുത്തശേഷം പൂജക്കാരന്‍ താഴെയിറങ്ങി.

' ഒരു കാര്യം പറയാനുണ്ട് '.

' പറഞ്ഞോളൂ '.

' എനിക്ക് പി. എസ്. സി. അഡൈസ് മെമ്മൊ കിട്ടി. അധികം വൈകാതെ ജോലിക്ക് ചേരാന്‍ ഓര്‍ഡര്‍ കിട്ടും '.

' ശരിക്കുള്ള അദ്ധ്യാപകനാവാന്‍ ഇനി ദിവസങ്ങളേയുള്ളു അല്ലേ '.

' സ്കൂള്‍ മാഷായിട്ടല്ല. എല്‍. ഡി. സി ആണ് '.

' അതും നല്ലതന്നെ. ദൂരെ എവിടേങ്കിലും പോവേണ്ടി വര്വോ '.

' ആരേയെങ്കിലും പിടിച്ച് അധികം ദൂരെ അല്ലാത്ത ഒരു സ്ഥലം  തരപ്പെടുത്തണം '.

' ഞങ്ങള്‍ വേറൊരാളെ നോക്കാറായി എന്നര്‍ത്ഥം '.

' ആ കാര്യം പറയാനാ വന്നത്. ഇവിടുത്തെ ശാന്തിപ്പണി വേണ്ടാന്ന് വെക്കില്ല. അച്ഛന്‍ അത് ചെയ്യാന്ന് പറഞ്ഞു. ജോലിക്ക് പോവുന്നത് വരെ ഞാന്‍ ഉണ്ടാവും. വൈകുന്നേരം വന്നാലും ഞാന്‍ നോക്കാം '.

' ഞങ്ങള്‍ക്കതില്‍ സന്തോഷം തന്നെ ഉള്ളൂ '

' ദിവസൂം രണ്ട് നേരം അങ്ങോട്ടും ഇങ്ങോട്ടും പോയി വരാന്‍ അച്ഛന്ന് വയ്യ. ഞങ്ങള് ഇവിടേക്ക് താമസം മാറാന്‍ 
ആലോചിക്കുന്നു '.

' അപ്പോള്‍ നിങ്ങളുടെ വീടോ '.

' തല്‍ക്കാലം പൂട്ടിയിടും. പറ്റിയ പോലെ വല്ലോരും വന്നാല്‍ വാടകയ്ക്ക് കൊടുക്കും '.

' എന്നാല്‍ ഒട്ടും വൈകിക്കണ്ടാ '.

' ഇല്ല '

മേനോനെ കാത്ത് വാര്യര്‍ മുറ്റത്ത് നില്‍പ്പാണ്.

' എന്തേ '.

' രണ്ട് ദിവസത്തെ ഒഴിവ് വേണം '.

' എന്തിനാ '.

' നാട്ടില്‍ ഒന്ന് പോവാനുണ്ട്. കുടുംബത്തെ കൂട്ടീട്ട് വരാനാ '.

' അത് ശരി. വാരരുക്ക് കുടുംബം ഒക്കെ ഉണ്ടല്ലേ. ഞങ്ങളാരും ഇത് വരെ ചോദിച്ചിട്ടില്ല , നിങ്ങള് ആ കാര്യം പറഞ്ഞിട്ടൂം 
ഇല്ല '.

' വകേല് ഒരു അമ്മാമന്‍റെ മകളാണ്. മൂപ്പര്‍ക്ക് നാട്ടില് ഒരു അമ്പലത്തിലെ കഴകം ഉണ്ട്. അവര്‍ക്ക് മറ്റാരും ഇല്ല. കുട്ടീല് എനിക്ക് കുറെ അന്നം തന്ന ആളാ. മകള്ക്ക് പൊക്കം തീരെ ഇല്ല. ഇതാ ഇത്രേ ഉള്ളു ' വാരിയര്‍ തന്‍റെ അരക്കെട്ടിന്ന് മുകളിലായി കൈപ്പടം വെച്ച് കാണിച്ചു.

' കല്യാണപ്രായം ആയപ്പൊ അവളെ കല്യാണം കഴിക്ക്വോ എന്ന് ചോദിച്ചു. ഞാന്‍ സമ്മതിക്കും ചെയ്തു. കടം വീട്ട്യേതാണ് എന്ന് തോന്ന്വായിരിക്കും. അതൊന്നും അല്ലാട്ടോ. എനിക്ക് അമ്മാമന്‍ സങ്കടപ്പെടുന്നത് കാണാന്‍ വയ്യാ. അതാ ഒന്നും 
ആലോചിക്കാതെ സമ്മതിച്ചത് '.

' എന്നിട്ടെന്തേ ഭാര്യയെ കൂടെ കൊണ്ടു വന്ന് പാര്‍പ്പിക്കാഞ്ഞത് '.

' രണ്ട് കാരണം ഉണ്ട്. ഒന്ന് ഒരു വീട് വാടകക്ക് എടുക്കാനുള്ള വരുമാനം ഇവിടുന്ന് കിട്ടിയിരുന്നില്ല. ഒരു
പീടിക മുറിയില്‍ ഒറ്റയ്ക്കാണ് എന്‍റെ താമസം. ഭാര്യയെ കൂട്ടി എങ്ങിന്യാ അവിടെ കഴിയ്യാ '.

' അത് ശരിയാണ് '.

' പിന്നെ അമ്മാമന്ന് ഒരു സഹായി അവളേ ഉള്ളു. വയസ്സ് കാലത്ത് മൂപ്പരെ ഒറ്റയ്ക്ക് ആക്കി കൂട്ടിക്കൊണ്ട് വരാന്‍ 
പറ്റില്ലല്ലോ. കൊല്ലത്തില്‍ ഒരു തവണ നാട്ടില്‍ പോവും. പിശുക്കി പിടിച്ച് കുറച്ചെന്തെങ്കിലും മാസം തോറും അയച്ച് കൊടുക്കും '.

' അമ്മാമനെ ഇങ്ങോട്ട് കൊണ്ടു വരുന്നുണ്ടോ '.

' മൂപ്പര് മരിച്ചിട്ട് കൊല്ലം തികയാറായി. ഇവിടെ താമസ സൌകര്യം ആയപ്പോള്‍ അവളെ കൂട്ടീട്ട് വരണംന്ന് വിചാരിച്ചതാണ്. ആരെങ്കിലും ഒരു കൂട്ടര് കൂടി വരട്ടെ എന്ന് കാത്ത് നിന്നതാ '.

' വേണച്ചാല്‍ ഇന്നന്നെ പൊയ്ക്കോളൂ '.

' വേണ്ടാ. ഒന്നാം തിയ്യതി കഴിഞ്ഞിട്ട് മതി. ശമ്പളം കിട്ട്യാലേ പോവാന്‍ വഴീള്ളൂ '.

' നട അടച്ച് കഴിഞ്ഞാല്‍ കളപ്പുരയിലേക്ക് വരൂ. ഞാന്‍ അവിടെ ഉണ്ടാവും. എന്താ വേണ്ടത് എന്ന് വെച്ചാല്‍ തരാം  '.

വാരിയര്‍ കൈ കൂപ്പി. ദേവന്‍റെ കാര്യം നിറവേറ്റുന്ന തിരക്കില്‍ ഇവരുടെ ആവശ്യങ്ങള്‍ അറിഞ്ഞില്ലല്ലോ എന്ന കുറ്റബോധം
മേനോന്‍റെ മനസ്സില്‍ ഉയര്‍ന്നു.
 

Monday, September 6, 2010

നോവല്‍ - അദ്ധ്യായം - 91.

കയത്തം കുണ്ടിലെ പുല്‍ത്തിട്ടില്‍ വെച്ച പമ്പ് സെറ്റ് ഡീസല്‍ കുടിച്ച് പുക തുപ്പി തുടങ്ങി. പുകക്കുഴലിന്ന് മുന്നിലെ പുല്‍കൊടികള്‍ വിറ കൊണ്ടു. മേല്‍വരമ്പില്‍ ഉണ്ടാക്കിയ ചാല് വരെ നീണ്ടു കിടക്കുന്ന പൈപ്പിന്‍റെ തലയ്ക്കല്‍ നിന്നും 
വെള്ളം കുതിച്ച് ചാടുന്നത് നോക്കാന്‍ ചാമി ചെന്നു. ഏതാനും മിനുട്ടുകള്‍ കഴിഞ്ഞിട്ടും വെള്ളം എത്തിയില്ല.

' കുപ്പ്വോച്ചോ, വെള്ളം വരിണില്യാ ' അവന്‍ വിളിച്ച് പറഞ്ഞു. എഴുത്തശ്ശന്‍ പമ്പ് നിര്‍ത്തി.

' ഇങ്ങിട്ട് വാ, കൊഴലില്‍ വെള്ളം ഉണ്ടാവില്ല ' അയാള്‍ പറഞ്ഞു.

ചാമി പമ്പിനടുത്ത് എത്തി.

' കുട്ടിമാളു കേട് വന്നിട്ടുണ്ടാവും ' അവന്‍ പറഞ്ഞു ' ഞാന്‍ നെറച്ച് വെള്ളം ഒഴിച്ചതാ '.

' എന്താ ഈ കുട്ടിമാളു ' വേണുവിന്ന് അത് മനസ്സിലായില്ല.

' വെള്ളത്തിന്‍റെ അടീല്‍ കെടക്കിണ മൊന്ത പോലത്തെ സാധനം ' ചാമി വിശദീകരിച്ചു.

വേണുവിന്ന് ചിരി വന്നു.

' ചാമി, അതിന്ന് ഫുട് വാള്‍വ് എന്നാണ് പറയണ്ടത് '

' എന്ത് കുന്തോ ആവട്ടെ. വെള്ളം എടുക്കാന്‍ തുടങ്ങ്യാല്‍ മതി '.

' നീ പോയി ഒരു കുട്ട ചാണകം കൊണ്ടുവാ ' എഴുത്തശ്ശന്‍ പറഞ്ഞു ' അത് വെള്ളത്തില്‍ കലക്കി വളവെള്ളം 
കൊഴലില്‍ ഒഴിച്ചാല്‍ മതി. ഏത് പമ്പും വെള്ളം എടുക്കും '.

ചാണകത്തിന്നായി ചാമി പോയി.

' നമ്മടെ കണ്ടത്തിന്‍റെ അപ്പറത്തുള്ള സ്ഥലം മുഴ്വോനും രാവുത്തര് വാങ്ങും. അയാളുടെ മക്കള്‍ക്ക് അവിടെ
പൊറ്റക്കണ്ടത്തില്‍ പുര പണിയണംന്ന് മോഹംണ്ട്. വെണ്‍മാടം വേണംന്നാ ചെക്കന്മാരുടെ മോഹം. കറണ്ട്
കിട്ട്വോന്ന് ചോദിച്ചു '.

' എന്താ കിട്ടാതെ. പുഴയുടെ അക്കരെ വരെ കറണ്ട് ഉണ്ടല്ലോ. മൂന്ന് നാല് പോസ്റ്റ് ഇട്ടാല്‍ പോരെ '.

' പറഞ്ഞ് പറഞ്ഞ് ഈ സ്ഥലം ടൌണുപോലെ ആവുംന്ന് തോന്നുണു. ഒന്നൂല്യാത്തോടത്ത് നാലഞ്ച് വീട് ആയി.
സാമിനാഥന്‍റെ വക സ്കൂള്‍ വരാന്‍ പോണു. മേനോന്‍സ്വാമി ഡോക്ടറെ കൊണ്ടുവരും ആസ്പത്രി തുടങ്ങും എന്നൊക്കെ പറയുണുണ്ട്. കറണ്ടും കൂടി വന്നാല്‍ എല്ലാം തികഞ്ഞു '.

' അങ്ങിനെയല്ലേ അമ്മാമേ ഒരോ സ്ഥലം നന്നാവുന്നത് '.

' അതേയതേ. എപ്പൊ അയ്യപ്പന്‍റെ അമ്പലം നന്നാക്കാന്‍ ഒരുങ്ങ്യോ അന്ന് ഈ സ്ഥലത്തിന്‍റെ കേട് തീര്‍ന്നു '.

ചാമി ചാണകവുമായി എത്തി. മണ്‍കുടത്തില്‍ ചാണകവെള്ളം കലക്കി കുഴല് നിറച്ചു. പമ്പ് ഓടിച്ചതോടെ വെള്ളം കുതിച്ച് ചാടി.

' ഞാന്‍ പറഞ്ഞില്ലേ. ഇത്രേള്ളു സൂക്കട്. ചാമി പറഞ്ഞ കുട്ടിമാളൂന്‍റെ ഉള്ളില് തോലിന്‍റെ ഒരു സാധനം  ഉണ്ട്. പഴകുമ്പൊ അതിന്‍റെ ശക്തി കെടും. ഒഴിച്ച വെള്ളം അടീല്‍ കൂടി ഒഴുകി പോവും ചെയ്യും .  ആരോ അതിന്ന് കണ്ടു പിടിച്ച സൂത്രാ
ഇത് '.

പൈപ്പിലൂടെ വരുന്ന പരല്‍ മത്സ്യങ്ങളെ പിടിക്കാനായി കന്ന് മേക്കാന്‍ എത്തിയ പിള്ളേര്‍ ചാലിലിറങ്ങി.

' ചാടി കളിച്ച് ചാലിന്‍റെ തിണ്ട് പൊട്ടിച്ചാല്‍ നിങ്ങടെ കയ്യും കാലും തല്ലി ഒടിക്കും ' ചാമി ഭീഷണി മുഴക്കി.

തോളത്തിട്ട തോര്‍ത്ത് മുണ്ട് വെള്ളത്തില്‍ മുക്കി പിഴിഞ്ഞ് എഴുത്തശ്ശന്‍ മേല് മുഴുവന്‍ തുടച്ചു.

' എന്താ ഒരു വെയില്. തീ പോലെ പൊള്ളുണു ' അയാള്‍ പറഞ്ഞു.

' ആദ്യം പാറക്കുളം നിറക്ക്യെല്ലേ ' ചാമി ചോദിച്ചു ' എന്നിട്ട് പോരെ പഞ്ച നനയ്ക്കാന്‍ '.

' അതാ നല്ലത്. അപ്പൊ രണ്ട് പമ്പും ഒന്നിച്ച് ഓടിക്കാം. ഒറ്റ അടിക്ക് എല്ലാ പാടത്തും വെള്ളം പരത്താനും പറ്റും '.

' ചാമ്യേട്ടോ, കുളത്തിലാ വെള്ളം ചാടുണത് ' ചാലിലൂടെ നടന്ന പിള്ളേരില്‍ മുതിര്‍ന്നവന്‍ വിളിച്ചു പറഞ്ഞു
' കണ്ടത്തിലിക്ക് തുറക്കണോ '.

' നീ മിണ്ടാണ്ടെ പോയാ മതി. അതൊക്കെ ഞങ്ങള് നോക്കിക്കോളാം  '.

മൂന്ന് പേരും മെല്ലെ നടന്നു. ചേരിന്‍റെ തണലില്‍ അവര്‍ നിന്നു.

' വയ്യാ. കയ്യും കാലും കൊഴയുന്നു ' എഴുത്തശ്ശന്‍ കിതച്ചു.

' നമുക്ക് കളപ്പുരയില്‍ ചെന്ന് കുറച്ച് വിശ്രമിക്കാം ' വേണു പറഞ്ഞു.

' അതൊന്നും വേണ്ടാ. മിഷ്യന്‍ ഓടുമ്പൊ എവിടേങ്കിലും പോയി കിടക്കാന്‍ പാടില്ല. ഇടക്കിടക്ക് ചെന്ന് നോക്കണം '.

' ഞാന്‍ ഇവിടെ നിന്നോളാം. നിങ്ങള് രണ്ടാളും പൊയ്ക്കോളിന്‍  ' എന്ന് ചാമി ചുമതലയേറ്റു.

' അവിടെ ചെന്നാലും ഇതന്ന്യാവും മനസ്സില്‍ നെനവ്. കിടന്നാല്‍ കിടക്ക കൊള്ളില്ല '.

' എന്നാല്‍ ഒരു കസേല ഇങ്ങോട്ട് കൊണ്ടു വരട്ടെ ' വേണു ചോദിച്ചു.

' അയ്യേ. എന്തിനാ അത്. ഞാന്‍ ഇവിടെ ഇരുന്നോളാം ' എഴുത്തശ്ശന്‍ വെറും നിലത്ത് പടിഞ്ഞിരുന്നു.

' മുണ്ടില്‍ പൊടി ആവില്ലേ അമ്മാമേ '.

' ഓ, കറുപ്പ് മുണ്ടില്‍ എന്തായാലെന്താ '.

അകലെ നിന്ന് വിമാനത്തിന്‍റെ ഇരമ്പല്‍ കേട്ടു തുടങ്ങി.

' ചാമ്യേ. നീ സരോജിനിടെ അടുത്ത് പോയി ഇത്തിരി സംഭാരം വാങ്ങീട്ട് വാ '.

ചാമി പോയി.

' നല്ല മനസ്സുള്ള ചെക്കനാ അവന്‍. ഇത്ര കാലം തെണ്ട്യോപ്പി ആയി നടന്നതാ. നിന്‍റെ കൂടെ കൂട്യേ പിന്ന്യാ അവന്‍ 
മരാദ്യക്കാരനായത് '.

' അമ്മാമ പറയാറുള്ള പോലെ നന്നാവാനും കേട് വരാനും ഒരോ സമയം ഉണ്ട് അല്ലേ '.

' എന്താ സംശയം. എല്ലാറ്റിനും ഓരോ സമയം ഉണ്ട്. നിന്‍റെ കാര്യത്തിലും ചിലതൊക്കെ എന്‍റെ മനസ്സില്‍ ഉണ്ട്. സമയം ആവട്ടെ പറയാന്‍ എന്ന് വെച്ചിട്ട് ഇരിക്ക്യാണ് '.

' എന്താ അമ്മാമേ , എന്തായാലും പറഞ്ഞോളൂ. മടിക്കണ്ടാ '.

' ഇപ്പൊ അതിന്നുള്ള സമയം ആയിട്ടില്ല. നമ്മള് മലയ്ക്ക് പോയി വരട്ടെ. എന്നിട്ടാവാം '.

കയ്യിലൊരു തൂക്കുപാത്രവുമായി ചാമി വരുന്നത് കണ്ടു. ഒപ്പം നാണു നായരും.

' വയ്യാണ്ടെ ഇരിക്കിണൂന്ന് ചാമി പറഞ്ഞു, എന്തേ പറ്റിയത് ' നാണു നായരുടെ വാക്കുകള്‍ക്ക് പതര്‍ച്ച തോന്നി.

' ഒന്നൂല്യാ. വെയില് കൊണ്ടപ്പൊ ഒരു തളര്‍ച്ച '.

' മിണ്ടാണ്ടെ ഒരു ഭാഗത്ത് ഇരുന്നൂടെ നിങ്ങള്‍ക്ക്. വയസ്സായത് ഓര്‍മ്മ വേണം '.

' ആരക്കാടോ വയസ്സായത്. പ്രായം ആവുമ്പൊ ദേഹത്തിന്ന് വയ്യായ തോന്നും. അതും കരുതി ഒരു ഭാഗത്ത് ചടഞ്ഞിരുന്നാല്‍ പിന്നെ കിടപ്പിലാവാന്‍ ഏറെ സമയം വേണ്ടാ. ഞാന്‍ ഇങ്ങിനെയൊക്കെ നടക്കും. അതിന്‍റെ എടേല്‍
ഒരു ദിവസം കാറ്റും നില്‍ക്കും. വേണച്ചാല്‍ നോക്കിക്കോളിന്‍  '.

' അതിന് ഞാന്‍ ഇരുന്നിട്ട് വേണ്ടേ '.

' അപ്പൊ എന്‍റെ മുമ്പേ പോവാനാണോ ഉദ്ദേശം. അങ്ങിന്യാച്ചാല്‍ ചെല്ലുന്നോടത്ത് എനിക്കും കൂടി ഇത്തിരി സ്ഥലം 
കണ്ടു വെച്ചോളിന്‍ '.

' എന്നിട്ട് വേണം ഇവിടുന്ന് കേട്ടതിന്‍റെ ബാക്കി ചീത്ത അവിടുന്ന് കേള്‍ക്കാന്‍ '.

കൂട്ടുകാര്‍ ഉറക്കെ ചിരിച്ചു. ചാമിക്കും വേണുവിനും അതില്‍ പങ്ക് ചേരാതിരിക്കാന്‍ ആയില്ല.

***************************************

' പൊള്ളാച്ചിക്കുള്ള വരവ് ഇന്നത്തോടെ കഴിഞ്ഞു ' തിരിച്ച് പോരുമ്പോള്‍ കാറിന്‍റെ പിന്‍ സീറ്റില്‍ ചാരി കിടന്ന് കിട്ടുണ്ണി ഉറക്കെ ആത്മഗതം ചെയ്തു.

ഡ്രൈവര്‍ കുഞ്ഞുമോന്‍ പ്രതികരിച്ചില്ല. എന്തെങ്കിലും പറഞ്ഞാല്‍ ചിലപ്പോള്‍ രസിച്ചു എന്ന് വരില്ല. ' വണ്ടി ഓടിക്കലാണ് നിന്‍റെ പണി. അത് ചെയ്താല്‍ മതി ' എന്ന് മുഖത്തടിച്ചപോലെ പറയും.

' എന്താടോ ഞാന്‍ പറഞ്ഞത് കേട്ടില്ലേ '.

' ഉവ്വ് '.

' പിന്നെന്താ ഒന്നും പറയാഞ്ഞത് '.

' മാഷ് പറയുംന്ന് വിചാരിച്ചു '.

' എന്നാലും നിനക്ക് ചോദിക്കാന്‍ വയ്യ '.

കാര്‍ ടൌണിലേക്ക് കയറി. ചെറിയൊരു പട്ടണമാണ്.

' എന്തെങ്കിലും വാങ്ങാനുണ്ടോ ' കുഞ്ഞുമോന്‍ ചോദിച്ചു.

' നല്ല ഹോട്ടലിന്‍റെ മുമ്പില്‍ കാറ് നിര്‍ത്ത്. വല്ലതും കഴിച്ചിട്ട് പോവാം '.

സാധാരണ ഇതല്ല പതിവ്. രാവിലെ എത്തിയാല്‍ വൈകുന്നേരമേ പുറപ്പെടൂ. ഉച്ചയ്ക്കുള്ള ഭക്ഷണവും വൈകുന്നേരത്തെ
കാപ്പിയും മകളുടെ അടുത്താണ്. ഇടയ്ക്ക് മകളേയും കൂട്ടി ടൌണിലെ കടകളില്‍ കയറി പലതും വാങ്ങിക്കൂട്ടും. ഇന്ന്
ഉണ്ണാന്‍ കൂടി നിന്നില്ല.

കിട്ടുണ്ണി ഒഴിഞ്ഞൊരു കോണില്‍ ഇരുന്നു. കുഞ്ഞുമോന്‍ വേറൊരിടത്തും. ഒപ്പത്തിനൊപ്പം ഇരിക്കുന്നത് മാഷക്ക് ഇഷ്ടമല്ല.

ഊണ് കഴിഞ്ഞ് വാഹനം പുറപ്പെട്ടു.

' നീ വാപ്പ പറഞ്ഞത് കേട്ട് നടക്കാറുണ്ടോ, അതോ അത് തട്ടി കളയാറാണോ പതിവ് ' ഓര്‍ക്കാപ്പുറത്തായിരുന്നു
ആ ചോദ്യം. കുഞ്ഞുമോന്‍ ഒന്ന് പതറി.

' എടോ, നിന്നോടാ ചോദിച്ചത് '.

' വാപ്പ പറഞ്ഞ പടിക്കാണ് നടക്കാറ് '.

' അങ്ങിനെ വേണം. എന്നാലേ നന്നാവൂ. ഉണ്ടാക്ക്യേ തന്ത കഴിഞ്ഞേ പെറ്റ തള്ളയുള്ളു. മനസ്സിലായോ നിനക്ക് '.

' ഉവ്വ് '.

' ഞാന്‍ എന്‍റെ മകളെ എത്ര കണ്ട് സ്നേഹിച്ചിരുന്നൂ എന്ന് നിനക്ക് അറിയാലോ. ഇവിടെ വന്നാല്‍ അവള്‍ക്ക് വേണ്ടതൊക്കെ വാങ്ങി കൊടുത്തിട്ടല്ലേ ഞാന്‍ വീട്ടിലേക്ക് മടങ്ങാറുള്ളു. അതൊക്കെ നിനക്ക് അറിയില്ലേ '.

' ഉവ്വ് '.

' എന്നിട്ട് ഞാന്‍ ഒരു കാര്യം പറഞ്ഞപ്പോള്‍ അവള്‍ക്കത് വയ്യാ. ഭര്‍ത്താവിന്ന് ഇഷ്ടമാവില്ലാത്രേ. പത്തിരുപത് കൊല്ലം പോറ്റി വളര്‍ത്തി കെട്ടിച്ചു വിട്ട അച്ഛനേക്കാളും വലുതാണ് അവള്‍ക്ക് ഭര്‍ത്താവ്. എങ്കില്‍ അങ്ങിനെ ആയിക്കോട്ടെ. അങ്ങിനത്തെ ഒരു മകളില്ലാന്ന് ഞാനും കരുതും '.

കുഞ്ഞുമോന്‍ മൌനം തുടര്‍ന്നു.

' മനസ്സിലായോ നിനക്ക് '.

' മനസ്സിലായി '.

' ഒരാളുടെ മുമ്പിലും കൃഷ്ണനുണ്ണി മാഷ് തല കുനിക്കില്ലാ എന്ന് ഓര്‍ത്തോ '.

' ശരി '.

പാലം കടന്ന് കാര്‍ മുന്നോട്ട് പാഞ്ഞു.

Thursday, September 2, 2010

നോവല്‍ - അദ്ധ്യായം - 90.

' ചാമ്യേ, മഴ പോയതോടെ വെള്ളം വലിഞ്ഞല്ലോ. എന്താണ്ടാ ഇനി ചെയ്യാ 'പാടത്തേക്ക് നോക്കി എഴുത്തശ്ശന്‍ സങ്കടപ്പെട്ടു.

' കനാല് തൂര്‍ന്നത് നേരാക്കി രണ്ടാം പഞ്ചയ്ക്ക് വെള്ളം വിടുംന്നാ പറയിണത് '.

' ഇത് കേക്കാന്‍ തുടങ്ങീട്ട് കാലം ഇശ്ശി ആയില്ലേ. കരുണാകര മേനോന്‍ കനാലിന്‍റെ എഞ്ചിനീയറെ കാണാന്‍ പോയീന്ന് അയാളുടെ പോര്‍ത്തിക്കാരന്‍ കുട്ടമണി പറയ്യേണ്ടായി. മലയിടിഞ്ഞ് കനാലില്‍ വീണ മണ്ണ് തോണ്ടി കളഞ്ഞൂത്രേ. കനാല് വരുന്ന വഴീലെ ഒരു കുന്നില്‍ന്ന് മറ്റേകുന്നിലിക്ക് വെള്ളം കടത്താന്‍ പാലം കെട്ടി മോളില്‍ കൂടി ചാല് ഉണ്ടാക്കീട്ടുണ്ട്. അത് വിണ്ടിട്ട് വെള്ളം ചോരുന്നു , ചോര്‍ച്ച നേരാക്ക്യേതും വെള്ളം വിടും എന്നൊക്കെ അവന്‍ പറഞ്ഞു '.

' അതും കാത്ത് ഇരുന്നാല്‍ പഞ്ച ഉണങ്ങി പോവ്വേള്ളു '.

' പിന്നെന്താ നമ്മള് ചെയ്യാ '.

' നമുക്ക് രണ്ട് ഇഞ്ചന്‍ വാടകക്ക് കൊണ്ടു വരാം. ഒന്ന് കയത്തം കുണ്ടില് വെച്ച് അടിക്കാം. അതോണ്ട് പാറ കുളത്തില്
വെള്ളം നിറച്ചിട്ട് അവിടുന്ന് മേല്‍ പാടത്തേക്ക് പമ്പ് ചെയ്യാം '.

' ഉപായപ്പെട്ട പണിയാണോടാ ഇതൊക്കെ. ആരേ കൊണ്ടാവും മല്ലുക്കെട്ടാന്‍ '.

' കൂടാണ്ടെ കഴിയ്യോ. മുമ്പ് കുപ്പ്വോച്ചന്ന് ഒരു പമ്പ് ഉണ്ടാര്‍ന്നല്ലോ '.

' ഒക്കെ വാങ്ങി കൂട്ടി. മുടക്കാ ചരക്കാണെന്നും പറഞ്ഞ് അത് പെട്ട വിലയ്ക്ക് വിറ്റു. സാധനം പടി കടന്ന് പോയിട്ടാണ് ഞാന്‍
അറിഞ്ഞത് '.

' അത് ഉണ്ടെങ്കില്‍ എത്ര ഉപകാരം ആയേനെ '.

' ഇനി പറഞ്ഞിട്ട് കാര്യൂല്ലല്ലോ '.

ഇരുവരും നടന്ന് ചേരിന്‍ ചുവട്ടിലെത്തി.

' കുപ്പ്വോച്ചോ, ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ '.

' എന്താ പറയ് '.

' മകന് വയ്യാ എന്ന് കേട്ടിട്ട് നിങ്ങക്ക് ഒന്നും തോന്നുണില്യേ '.

' ഇതെന്ത് ചോദ്യാണ്. മക്കള്‍ക്ക് സുഖൂല്യാന്ന് കേട്ടാല്‍ ആരക്കാണ്ടാ സങ്കടം ഇല്ലാണ്ടിരിക്ക്യാ '.

' എന്നാ പിന്നെ പോയി നിങ്ങക്ക് ഒരു കണ്ണ് കണ്ടൂടേ '.

' അത് വേണ്ടാ. എന്‍റെ കൈവാട് വിട്ടപ്പഴേ എനിക്ക് അധികാരം ഇല്യാണ്ടായി. ആരോ അവനെ സ്വൊന്താക്കി വെച്ചോട്ടെ. നന്നായി നടക്കുണൂന്ന് കേട്ടാല്‍ മതി. എനിക്ക് അത്രേള്ളു മോഹം '.

' എന്നാലും സ്വൊന്തം ചോരേല് പിറന്ന മകനല്ലേ '.

' നിന്നോട് പറയാലോ, അവന്‍റെ സ്ഥാനത്താ ഞാന്‍ നമ്മടെ വേണൂനെ കാണുണത് '.

' മൊതലാളിക്കും എനിക്കും കുപ്പ്വോച്ചന്‍റെ സ്നേഹം നല്ലോണം അറിയാം. ഞങ്ങള് അത് കൂട്ടം കൂടാറുണ്ട് '.

' വാസ്തവം പറഞ്ഞാല് അവന്‍റെ സ്വഭാവഗുണത്തിന്ന് നല്ലൊരു പെണ്ണും കെട്ടി കുട്ടീം കുടുംബൂം ആയി കഴിയണ്ടതാ. അവന് അതിന് യോഗം ഇല്ലാണ്ടെ പോയി '.

' ഇന്നാള് വേലപ്പന്‍ ഒരു കാര്യം പറഞ്ഞു. ഞാന്‍ അവനെ അതിന് വക്കാണിക്കും ചെയ്തു '.

' എന്താത് '.

' നാണു നായരുടെ മകളെ മുതലാളിയെ കൊണ്ട് കെട്ടിച്ചാലെന്താന്ന് അവന്‍ ചോദിച്ചു '.

' അതില്‍ തെറ്റൊന്നൂല്യാ. ഒരു വാക്ക് വായിന്ന് വീഴണ്ട താമസം നാണ്വാര് നൂറ് വട്ടം സമ്മതിക്കും. പക്ഷെ അവന്‍റെ മനസ്സിലിരുപ്പ് ഒട്ടും പിടി കിട്ടിണില്യാ '.

' കുപ്പ്വോച്ചന്‍ ഒന്ന് ചോദിക്കിന്‍ '.

' എങ്ങിനെയാടാ ഞാന്‍ അത് ചോദിക്ക്യാ. അവന്‍റെ തണ്ടിക്കാരാനാണെങ്കില്‍ ശരി. ആ മേനോനെക്കൊണ്ട് ചോദിപ്പിക്കണംന്ന് വിചാരിച്ചിരിക്യാണ് ഞാന്‍. ഏതായാലും നമ്മള് മലയ്ക്ക് പോയി വരട്ടെ '.

' അതിന് ഇനി എത്ര ദിവസം ഉണ്ട് '.

' എന്താ നിനക്ക് കള്ള് കുടിക്കാന്‍ തിടുക്കായോ '.

' അയ്യേ. മുതലാളിടെ കൂടെ കൂടിയതിന്ന് ശേഷം ഒറ്റ പ്രാവശ്യേ ഞാന്‍ കുടിച്ചിട്ടുള്ളു. പിന്നെ ആ വഴിക്ക് തിരിഞ്ഞ് നോക്കീട്ടില്ല '.

' സംസര്‍ഗ്ഗ ഗുണംന്ന് പറയിണത് ഇതാണ്. ചന്ദനം ചാര്യാല്‍ ചന്ദനം മണക്കും. ചാണകം ചാര്യാല്‍ ചാണകം മണക്കും '.

' മൊതലാളി നേരം വെളുക്കുമ്പഴയ്ക്കും പോയല്ലോ. ഉച്ചയ്ക്ക് ഉണ്ണാനെത്ത്വോ '.

' തോന്നുണില്യാ. മാലയിട്ടതല്ലേ. ഓപ്പോളെ ഒന്ന് കണ്ടിട്ട് വരട്ടെ എന്നേ പറഞ്ഞുള്ളു '.

' മോന്ത്യാവുമ്പഴക്ക് എത്താണ്ടിരിക്കില്ല '.

വണ്ടിപ്പുരയുടെ മുമ്പില്‍ അമ്മിണിയമ്മ വിറക് വെട്ടുന്നത് കണ്ടു.

' ചാമ്യേ, എന്താണ്ടാ അയമ്മ വിറക് വെട്ടുന്നത്. മരുമകന്‍ ചെക്കന് അതൊന്ന് വെട്ടി കൊടുത്തൂടെ '.

' നേരം വെളുക്കുമ്പഴയ്ക്ക് അവന്‍ പോകും. കിട്ട്യേ സ്ഥലത്ത് റബ്ബറിന്ന് കുഴി വെട്ടുണുണ്ടത്രേ. ഒറ്റയ്ക്കാണ് പണി എടുക്കുന്നത് '.

' മനുഷ്യന്‍ ചെല്ലാത്ത ഇടത്ത് റബ്ബര്‍ വെച്ചിട്ട് എന്താ കാര്യം '.

' വലുതായി കഴിഞ്ഞാല്‍ വിറ്റാ നല്ല വില കിട്ടുംന്നാ അഭിപ്രായം '.

' ചെക്കന്‍ മിടുക്കനാണല്ലോ '.

' പട്ട് പണി തുടങ്ങുമ്പൊ അവന്‍ ഇവിടുത്തെ പണിക്ക് നിക്കും . അപ്പഴയ്ക്കേ ഇവിടെ പണി തുടങ്ങാന്‍ അവരക്ക്
അധികാരം കിട്ടൂന്നാ പറഞ്ഞത്. പോന്ന് പോരാത്തത് പറഞ്ഞു തരണംന്ന് എന്നോട് പറഞ്ഞു. നെല്ല് ഉണ്ടാക്കി പരിചയം
ഇല്ലാത്രേ '.

' അപ്പൊ അവന്‍ പാടുപെട്ട് കുടുംബം പുലര്‍ത്തും '.

പാടം നോക്കി ഇരുവരും കളപ്പുരയിലേക്ക് മടങ്ങുമ്പോള്‍ അമ്മിണിയമ്മ അടുത്തേക്ക് വന്നു.

' രാവുത്തര്‍ക്ക് സ്ഥലം വേണംന്ന് പറഞ്ഞില്ലേ. അതിന്‍റെ ആള്‍ക്കാര് കാണാന്‍ വരുന്നുണ്ട് '.

' എപ്പഴാ വര്വാ. മുന്‍കൂട്ടി പറഞ്ഞാല്‍ രാവുത്തരോട് വരാന്‍ പറയാംന്ന് വെച്ചിട്ടാ '.

' മറ്റന്നാള്‍ രാവിലെ വരും '.

' ശരി വരട്ടെ. നിങ്ങള്‍ക്ക് ഇവിടെ വെഷമം ഒന്നൂല്യല്ലോ '.

' ഒന്നൂല്യാ. നല്ല ആള്‍ക്കാരാ ഇവിടെ ഉള്ളോര് എന്ന് മരുമകന്‍ പറഞ്ഞു '.

' എന്താ അവന്‍റെ പേര്. അത് ചോദിക്ക്വേണ്ടായില്ല '.

' ഇത്തിരി നീട്ടം ഉള്ള പേരാ. എന്‍റെ തൊള്ളേല്‍ കൊള്ളില്ല. അതോണ്ട് ഞാന്‍ അപ്പുക്കുട്ടാന്നാ വിളിക്കാറ് '.

' അവനെ നമ്മടെ കൂട്ടത്തില്‍ കൂട്ടീന്ന് അര്‍ത്ഥം '.

അമ്മിണിയമ്മയുടെ മുഖത്ത് ഒരായിരം പൂക്കള്‍ വിടര്‍ന്നു. മുകളിലൂടെ വിമാനം പറന്നുപോയി.

***************************************************

' സ്വാമിയേ ശരണമയ്യപ്പാ ' ശരണം വിളി കേട്ട് രാധാകൃഷ്ണന്‍ തലയുയര്‍ത്തിയപ്പോള്‍ ഓഫീസ് മുറിയുടെ വാതില്‍ക്കല്‍ 
സുകുമാരന്‍.

' ശരണമയ്യപ്പാ ' രാധാകൃഷ്ണന്‍ പ്രത്യഭിവാദ്യം ചെയ്തു.

മേശയുടെ മറുഭാഗത്ത് നിരത്തിയിട്ട കസേലകളില്‍ ഒന്നില്‍  സുകുമാരന്‍ ഇരുന്നു

' നീയാണോ മില്ലിലെ കാര്യങ്ങള്‍ നോക്കുന്നത് '.

' കുറച്ച് ദിവസായിട്ട് '.

' അപ്പോള്‍ കരാറ് പണി ആരാ നോക്ക്വാ '.

' അത് വേണ്ടാന്ന് വെക്കാന്‍ പോവ്വാണ്. കുറച്ച് ബില്ലുകള്‍ പാസ്സാക്കി കിട്ടാനുണ്ട്. അത് കിട്ട്യാല്‍ നിര്‍ത്തും '.

' നിന്‍റെ അച്ഛനെവിടെ '.

' വീട്ടിലുണ്ട് '.

' ഞാന്‍ ചിലതൊക്കെ കേട്ടു '.

രാധാകൃഷ്ണന്‍ ഒന്നും പറഞ്ഞില്ല.

' എന്‍റടുത്ത് നീ സത്യം മറച്ച് വെച്ചു. പക്ഷെ സംഗതി നാട്ടിലൊക്കെ പാട്ടാണ് '.

അതിന്നും മറുപടി ഉണ്ടായില്ല.

' നീ ചെയ്തത് ഒട്ടും ശരിയായില്ല '.

' പിന്നെന്താ, എന്‍റെ അച്ഛന്ന് പ്രാന്താണെന്ന് ചെണ്ടീം കൊട്ടി ഞാന്‍ നാട്ടില് പാടിക്കൊണ്ട് നടക്കണോ '.

മുഖത്തടിച്ചത് പോലുള്ള ആ മറുപടി സുകുമാരന്‍ പ്രതീക്ഷിച്ചിരുന്നില്ല. കുറച്ച് നേരം അയാള്‍ മൌനം അവലംബിച്ചു.

' നമ്മള്‍ എങ്ങിനെ ജീവിച്ചതാണ്. കഴിഞ്ഞതൊക്കെ നീ മറന്നു ' അയാളുടെ വാക്കുകളില്‍ ദുഃഖം നിഴലിച്ചു.

' അങ്ങിനെയല്ല. കഴിഞ്ഞ കാലത്ത് ചെയ്തു പോയ തെറ്റുകള്‍ ഞാന്‍ തിരിച്ചറിഞ്ഞൂന്ന് മാത്രം '.

' ഞാന്‍ നിന്നെക്കൊണ്ട് തെറ്റ് ചെയ്യിക്ക്യായിരുന്നോ '.

' ഒരിക്കലുമല്ല. എനിക്ക് പറ്റിയ തെറ്റുകള്‍ക്ക് ഞാന്‍ മാത്രമാണ് ഉത്തരവാദി '.

' നിനക്ക് തെറ്റുകള്‍ പറ്റിയപ്പോള്‍ തിരുത്താന്‍ മിനക്കെടാതെ ഞാന്‍ നോക്കിക്കൊണ്ടിരുന്നു '.

' അങ്ങിനെയല്ല. നമ്മള് രണ്ടാളും ഒരേ പ്രായക്കാരാണ്. ഒരാള്‍ക്ക് പറ്റുന്ന തെറ്റ് മറ്റെയാള്‍ക്ക് മനസ്സിലാവില്ല. നമ്മളേക്കാള്‍
പ്രായവും അനുഭവവും ഉള്ള ആളുകള്‍ക്കേ നമ്മുടെ തെറ്റ് കണ്ടെത്താനും തിരുത്തിക്കാനും കഴിയൂ '.

' ആശ്വാസം. ഞാനായിട്ട് നീ കേട് വന്നു എന്ന് പറഞ്ഞില്ലല്ലോ '.

' വല്ലാത്ത മനപ്രയാസത്തിലാണ് ഞാനിപ്പോള്‍. വെറുതെ ഓരോന്ന് പറഞ്ഞ് നമ്മള്‍ പിണങ്ങണ്ടാ. എനിക്ക് അന്നും ഇന്നും
സുകുമാരനെ ഇഷ്ടമാണ് '.

' അത് മതി. നിനക്ക് എന്ത് വേണമെങ്കിലും എന്നോട് പറയാം. അതിനൊന്നും  മടിക്കണ്ടാ. എന്നെക്കൊണ്ട് ആവുന്നത് എപ്പോഴും നിനക്ക് ചെയ്യും '.

' ആ ബോദ്ധ്യം എനിക്കുണ്ട് '.

വേലായുധന്‍ കുട്ടിയുടെ ചികിത്സയെ സംബന്ധിച്ച കാര്യങ്ങള്‍ ഇരുവരും സംസാരിച്ചു.

' ഞാന്‍ ഇടയ്ക്ക് വരാം ' ഇറങ്ങുന്ന നേരത്ത് സുകുമാരന്‍ പറഞ്ഞു.

' വരണം ' രാധാകൃഷ്ണന്‍ പുഞ്ചിരിച്ചു.

നോവല്‍ - അദ്ധ്യായം- 89.

മുറ്റമടിച്ചിരുന്ന പണിക്കാരി വന്ന് ' അനുജന്‍ എത്തിയിട്ടുണ്ട് ' എന്ന് പറഞ്ഞപ്പോള്‍ പത്മിനി ഉമ്മറത്തേക്ക് വന്നു.
നോക്കുമ്പോള്‍ വേണു കറുപ്പ് മുണ്ട് ഉടുത്തിരിക്കുന്നു.

' എന്നേ നീ മാലയിട്ടത് ' അവര്‍ ചോദിച്ചു.

' ഇന്നലെ '.

' കാലിന്ന് സ്വാധീനം ഇല്ലാത്തോടത്ത് മലയ്ക്ക് പുറപ്പെടേണ്ട വല്ല കാര്യൂം ഉണ്ടോ നിനക്ക് '.

' അതൊക്കെ ഭഗവാന്‍ കാത്തോളും. ദേഹബലം ഉള്ളതോണ്ട് ഭഗവാനെ ദര്‍ശനം നടത്താനാവുമെന്ന് പറയാന്‍ 
സാധിക്ക്യോ '.

' അത് ശരിയാണ്. ഞാന്‍ ഭഗവാനെ നിന്ദിച്ചു എന്ന് തോന്നരുത് കേട്ടോ. നിന്‍റെ കാലിലെ വിഷമം ഓര്‍ത്ത് പറഞ്ഞതാ '.

' വിശ്വേട്ടന്‍ എവിടെ '.

' അച്ഛനും മകനും കൂടി പുലര്‍ച്ചെ നാട്ടിലിക്ക് പോയതാ. മണ്ഡലകാലം അല്ലേ. തറവാട് വക അമ്പലത്തില്‍ തൊഴുകണോത്രേ
മൂപ്പര്‍ക്ക് . എന്നീം വിളിച്ചു. അത്ര നേരത്തെ വയ്യാന്ന് പറഞ്ഞ് ഞാന്‍ പോയില്ല. കാപ്പി കുടിക്കാറാവുമ്പോഴേക്കും അവര് എത്തും '.

വേണു പേപ്പര്‍ എടുത്തു.

' പണിക്കാരികള് കുളിച്ചിട്ടുണ്ടോന്ന് ചോദിക്കട്ടെ. നീ മലയ്ക്ക് പോണതല്ലേ. കുളിക്കാതെ വെച്ചുണ്ടാക്കി തരണ്ടാ '.

ഏറെ വൈകാതെ അവര്‍ കാപ്പിയുമായി എത്തി.

' ഒരു വിശേഷം കേക്കണോ ' പത്മിനി ചോദിച്ചു ' രാധ ഇവിടെ വന്നിരുന്നു '.

' ഉവ്വോ. എപ്പൊ വന്നു '.

' രണ്ടീസം ആയി. വിശ്വേട്ടനും മോനും കോടതീലിക്ക് പോയി കഴിഞ്ഞ ശേഷം. കണ്ടപ്പൊ എനിക്ക് കലിയാ വന്നത്. പിന്നെ അവളുടെ വര്‍ത്തമാനം കേട്ടപ്പൊ അവളുടെ ഭാഗത്ത് തെറ്റൊന്നും ഇല്യാന്ന് തോന്നി. ഞാന്‍ 
വൈകുന്നേരമാണ് അവളെ പറഞ്ഞയച്ചത് '.

' അത് നന്നായി. രാധ കിട്ടുണ്ണിയുമായി പിണങ്ങി വീട്ടിലേക്ക് പോയിരിക്ക്യാണ് '.

' അതൊക്കെ പറഞ്ഞു. ആ കുരുത്തംകെട്ടോന്‍റെ കൂടെ ആരാ കഴിച്ചു കൂട്ട്വാ. ഇത്ര കാലം കഴിഞ്ഞത് തന്നെ അവളുടെ സ്വഭാവഗുണം കൊണ്ടാണ് '.

' രണ്ട് കൂട്ടരോടും സംസാരിച്ച് അവരുടെ പിണക്കം  പറഞ്ഞ് തീര്‍ക്കണംന്ന് ഞാന്‍ വിചാരിച്ചതാ '.

' കഷ്ടം. നിനക്ക് തോന്നുന്നുണ്ടോ നീ പറഞ്ഞാല്‍ അവന്‍ കേള്‍ക്കുംന്ന്. ഒറ്റ കൊമ്പിലിരിക്കുന്ന കുരങ്ങനെ പോലെ അവന്‍
ആരൂല്യാതെ കഴിയട്ടെ. നെഗളിപ്പോണ്ടല്ലേ ഇങ്ങിനെ വന്നത് '.

' എന്നാലും '.

' ഒരു എന്നാലൂല്യാ. നീ നിന്‍റെ പാട് നോക്കി ഇരുന്നാല്‍ മതി '.

' രാധടെ അടുത്ത് മക്കള്‍ പറഞ്ഞാല്‍ തിരിച്ച് പോരില്ലേ. എനിക്ക് ആ കുട്ടികളെ അത്ര പരിചയം പോരാ. അല്ലെങ്കില്‍ 
പറഞ്ഞ് നോക്കായിരുന്നു'.

' നടന്ന പോലെത്തന്നെ. മക്കള്‍ നിര്‍ബന്ധം പറഞ്ഞാല്‍ മരിക്കുംന്നാ രാധ പറഞ്ഞത്. അതിന്ന് പുറപ്പെടണോ നിനക്ക് '.

' അയ്യോ, അത്ര വാശി ഉണ്ടെന്ന് എനിക്കറിയില്ല '.

' കല്യാണത്തിന്ന് അവള്‍ വരും. അപ്പൊ നേരില്‍ കാണാലോ '.

' അമ്പലത്തില്‍ വന്ന് എന്നെ കണ്ടിരുന്നു. കുറച്ചൊക്കെ പറയും ചെയ്തു '.

' കിട്ടുണ്ണി പറഞ്ഞത് കേള്‍ക്കാതെ അമ്പലത്തില്‍ ചെന്നതിനാണ് അവളെ ഇറക്കി വിട്ടത് '.

' ഓപ്പോള് ഒരു കാര്യം ചെയ്യൂ. രാധയ്ക്ക് കാശോ പണോ വേണച്ചാല്‍ കൊടുക്കൂ. ഞാന്‍ തരാം '.

' എങ്ങിന്യാടാ വന്ന് കയറിയപാടെ അവളുടെ കയ്യില് കാശുണ്ടോ എന്ന് ചോദിക്ക്യാ. ഇനി വരുമ്പോള്‍ എന്തെങ്കിലും  കൊടുക്കാം. നീ തര്വോന്നും വേണ്ടാ '.

സംസാരിച്ചിരിക്കുമ്പോഴേക്കും വക്കീലും മകനും എത്തി.

' അത് ശരി. താന്‍ മലയ്ക്ക് പോവാന്‍ ഒരുങ്ങി ഇരിക്ക്യാണ് അല്ലേ. മകരവിളക്കിന്ന് മുമ്പ് മരുമകന്‍റെ കല്യാണം ഉണ്ട് എന്ന് അറിയാലോ ' വക്കില്‍ ചോദിച്ചു.

' തിരക്ക് ആവുമ്പോഴേക്കും പോയിട്ട് വരണം. ഡിസമ്പര്‍ ആദ്യം പോണം എന്നാണ് ഉദ്ദേശം '.

' മലേന്ന് വന്നാല്‍ നേരെ ഇങ്ങോട്ട് പോര്വാ. കല്യാണം കഴിഞ്ഞിട്ടേ പിന്നെ പോകാവൂ '.

വേണു തലയാട്ടി.

' രാധ വന്ന കാര്യം ഞാന്‍ പറഞ്ഞു '.

' താന്‍ പറയാതിരിക്കില്ല എന്ന് എനിക്കറിയില്ലേ '.

' ഇവന് അവരുടെ പെണക്കം തീര്‍ക്കണംന്ന് മോഹം ഉണ്ടായീത്രേ '.

' അത് അയാളുടെ ശീലം. ഞാന്‍ പറഞ്ഞില്ലേ നാളെ അവര് ഭാര്യയും ഭര്‍ത്താവും ഒന്നാവും. മറ്റുള്ളവര്‍ വല്ലതും പറഞ്ഞാല്‍ 
അതേ ബാക്കിയാവൂ '.

' ഇവിടെ നിങ്ങളുടെ അടുത്ത് പറഞ്ഞൂന്ന് വിചാരിച്ച് മറ്റുള്ളോരുടെ അടുത്ത് ഞാന്‍ പറയാന്‍ പോവ്വാണോ '.

' കൃഷിയൊക്കെ എങ്ങിനീണ്ട് '.

' തെറ്റില്ല. ചാമി വേണ്ടപോലെ ചെയ്യുന്നുണ്ട് '.

' അവനെ പത്ത് ദിവസത്തേക്ക് ഇവിടേക്ക് അയയ്ക്ക് ' പത്മിനി പറഞ്ഞു ' പുറം പണി കുറെ ചെയ്യാനുണ്ട്. ഇപ്പൊ വേണംന്നല്ല. കല്യാണത്തിന്ന് കുറച്ച് മുമ്പ് മതി '.

വേണു സമ്മതിച്ചു.

നോവല്‍ - അദ്ധ്യായം 88.

അന്ന് അമ്മിണിയമ്മയോടൊപ്പം മകളും എത്തി. കളപ്പുരയില്‍ ആരും ഇല്ലാത്ത നേരം. അമ്പലത്തില്‍ പ്രത്യേക പൂജകള്‍ ഉള്ള ദിവസമാണ് അന്ന്. നേരം പുലര്‍ന്നത് മുതല്‍ എഴുത്തശ്ശനും വേണുവും അവിടെ തന്നെയാണ്. ഗുരു സ്വാമി പോലും കുറച്ച്
കഴിഞ്ഞേ എത്തിയുള്ളു.

കുറച്ച് നേരം അമ്മയും മകളും കാത്ത് നിന്നു. ആരേയും കാണാത്തതിനാല്‍ നാണു നായരുടെ വീട്ടിലേക്ക് അവര്‍  ചെന്നു.

സരോജിനി പ്രാതല്‍ തയ്യാറാക്കുന്ന തിരക്കിലാണ്. പടി തുറന്ന് മുറ്റത്ത് എത്തിയ അമ്മിണിയമ്മ ' ഇവിടെ ആരൂല്യേ ' എന്ന് ചോദിച്ചു. പുറത്ത് വന്ന സരോജിനി ഹൃദ്യമായ ഒരു ചിരിയോടെ അവരെ അകത്തേക്ക് ക്ഷണിച്ചു.

' നാണ്വേട്ടന്‍ എവിടെ പോയി ' അവര്‍ ചോദിച്ചു.

അമ്പലത്തില്‍ വിശേഷാല്‍ പൂജകള്‍ ഉണ്ടെന്നും അതിനാല്‍ അങ്ങോട്ട് ചെന്നതാണെന്നും സരോജിനി അറിയിച്ചു.

' ഞങ്ങള് കളപ്പുരയിലേക്ക് ചെന്നു. അവടീം ആരൂല്യാ. അവരും അമ്പലത്തില്‍ പോയിട്ടുണ്ടാവും അല്ലേ '.

കുറച്ച് കഴിയുമ്പോഴേക്കും എല്ലാവരും എത്തുമെന്ന് സരോജിനി പറഞ്ഞു.

' നാളെ ഇങ്ങോട്ട് താമസം മാറ്റിയാലോന്ന് ഒരു ആലോചന. അവരോട്അത് പറയാംന്ന് കരുതി പോന്നതാണ് ' അമ്മിണിയമ്മ പറഞ്ഞു.

' അത് നന്നായി ചേച്ചി. എനിക്കും മിണ്ടാനും പറയാനും ആളായല്ലോ ' സരോജിനി തന്‍റെ സന്തോഷം മറച്ചു വെച്ചില്ല.

' ഞങ്ങള്‍ക്കും അങ്ങിനെ തന്നെ. ഞങ്ങളെ മനുഷ്യരായിട്ട് കരുതുന്നോരടെ അടുത്ത് താമസിക്കുന്നതാണ് ഞങ്ങള്‍ക്കും സന്തോഷം '.

' ചേച്ചീം മോളും അടുക്കളേലിക്ക് വരിന്‍. എനിക്ക് പണിയും ചെയ്യാം. തിന്നാന്‍ ഉണ്ടാക്കും ചെയ്യാം '.

മൂവരും അടുക്കളയിലെത്തി.

' എന്തിനാ നിങ്ങള്‍ അച്ഛനും മകള്‍ക്കും കൂടി ഇത്ര തോനെ ഇഡ്ഡലി ഉണ്ടാക്കി കൂട്ടുണത് ' അമ്മിണിയമ്മയ്ക്ക് അത് അറിയില്ല.

സരോജിനി കാര്യങ്ങള്‍ വിശദീകരിച്ചു.

' അതെന്തായാലും നന്നായി. അവര്‍ക്ക് അത് ഒരു ഉപകാരം. നിങ്ങള്‍ക്ക് ഒരു വരുമ്പടീം. പോത്തിന്‍റെ കടീം മാറി, കാക്കയുടെ വിശപ്പും തീര്‍ന്നു എന്ന് പറയുമ്പോലെ '.

സരോജിനിക്ക് ആ ഫലിതം ഇഷ്ടപ്പെട്ടു.

' ചേച്ചി പറഞ്ഞതാ ശരി. ഒരു നിവര്‍ത്തി മാര്‍ഗ്ഗൂം ഇല്ലാതെ കഷ്ടപ്പെടുന്ന നേരത്ത് ഈശ്വരന്‍ കാണിച്ചു തന്ന വഴിയാണ്. അതോണ്ട് നേരത്തിന്ന് കഞ്ഞീം ചിറീം തമ്മില്‍ കാണുണുണ്ട് '.

സരോജിനി കൊടുത്ത ചായ രണ്ടാളും കുടിച്ചു.

' ഞാനൊന്ന് കുളിക്കട്ടെ. എന്നിട്ട് നമുക്ക് അമ്പലത്തില്‍ തൊഴാന്‍ പോവാം. വന്നിട്ട് മതി കാപ്പീം പലഹാരൂം '.

' ഞാന്‍ വരുണില്യാ ' അമ്മിണിയമ്മയുടെ മകള്‍ പറഞ്ഞു.

' എന്താ സുശീലേ, നിനക്ക് പോന്നാല്‍ '.

' ചേച്ചീ, ഞാന്‍ അമ്പലത്തില്‍ കേറി അശുദ്ധാക്കീന്ന് ആരെങ്കിലും പറഞ്ഞാലോ '.

' അതൊന്നും ഉണ്ടാവില്യാ. അയ്യപ്പന്ന് ജാതീം മതൂം ഒന്നൂല്യാ. നെനക്ക് അത് അറിയില്യേ '.

' എന്തായാലും ഇപ്പൊ വേണ്ടാ. പിന്നെ എപ്പഴങ്കിലും വരാം '.

പിന്നീടവള്‍ നിര്‍ബന്ധിച്ചില്ല. പൂജ കഴിയാറായപ്പോഴാണ് അവര്‍ അമ്പലത്തില്‍ എത്തിയത്. തൊഴുത് കഴിഞ്ഞതും എല്ലാവരും 
നാണു നായരുടെ വീട്ടിലേക്ക് തിരിച്ചു.

' നാളെ ഇങ്ങോട്ട് മാറിയാലോന്ന് ആലോചിക്ക്യാണ് ' അമ്മിണിയമ്മ പറഞ്ഞു.

' എപ്പൊ വേണച്ചാലും പോന്നോളിന്‍. ഇവിടെ എന്താ ബുദ്ധിമുട്ട് '.

ആണുങ്ങള്‍ വരാന്തയിലിരുന്ന് ആഹാരം കഴിച്ചു തുടങ്ങി, പെണ്ണുങ്ങള്‍ അടുക്കളയിലും. പാടത്തു നിന്ന് ചാമി എത്തിയിട്ടില്ല.
ആഹാരം കഴിച്ച് എല്ലാവരും എഴുന്നേറ്റിട്ടാണ് അവന്‍ എത്തിയത്.

' ചാമിയെക്കൊണ്ട് ഇന്നന്നെ അവിടം ചെത്തിക്കോരി വെടുപ്പാക്കി വെപ്പിക്കാം ' എഴുത്തശ്ശന്‍ പറഞ്ഞു ' നാളെ കാലത്ത് ഇങ്ങിട്ട് പോന്നോളിന്‍ '.

' താക്കോല് ഇപ്പൊ വാങ്ങണോ, അതോ അപ്പൊ മതിയോ ' അമ്മിണിയമ്മ ചോദിച്ചു.

' അവിടെ താക്കോലും പൂട്ടും ഒന്നൂല്യാ. ഇന്നേവരെ ഞാന്‍ ഒറ്റ സാധനം പൂട്ടി വെച്ചിട്ടില്യാ, കള്ളന്മാര് വന്ന്
എന്‍റെ ഒന്നും എടുത്തിട്ടൂല്യാ '.

' എന്താ ഞങ്ങള് വാടക തരണ്ടത് '.

എഴുത്തശ്ശനൊന്ന് ചിരിച്ചു. ' വണ്ടിപ്പുര വാടകക്ക് കൊടുത്ത് സമ്പാദിക്കാന്ന് ഞാന്‍ കരുതീട്ടില്ല. നിങ്ങക്ക് ഒരു പുര പണിയിണത് വരെ അവിടെ കൂടിക്കോട്ടേന്നേ ഞാന്‍ വിചാരിച്ചിട്ടുള്ളു '.

' അറിയാന്‍ പാടില്ലാണ്ടെ ചോദിച്ചതാ, ഒന്നും തോന്നരുതേ ' എന്ന് അമ്മിണിയമ്മ പറഞ്ഞു.

പടി വരെ സരോജിനി അവരെ അനുഗമിച്ചു. വരമ്പ് കടന്ന് വെള്ളപ്പാറ കടവിലേക്ക് അമ്മയും മകളും നടന്നു.

************************************************************

രാധാകൃഷ്ണന്‍ തിരിച്ചെത്തുമ്പോള്‍ വേലായുധന്‍കുട്ടി പൂമുഖത്ത് ചാരുകസേലയില്‍ ഇരിപ്പാണ്. തുറന്നിട്ട വാതിലിലൂടെ ചക്രവാളത്തെ നോക്കുകയാണെന്ന് തോന്നും. മകന്‍ എത്തിയതൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ല.

' അച്ഛാ ' അരികത്ത് ചെന്ന് രാധാകൃഷ്ണന്‍ വിളിച്ചു. ഒന്ന് തിരിഞ്ഞ് നോക്കിയതല്ലാതെ മറ്റ് യാതൊരു പ്രതികരണവും ഉണ്ടായില്ല.

' അച്ഛന്‍ വല്ലതും കഴിച്ചോ '.

ഉത്തരം മൌനമായിരുന്നു.

' വരൂ. നമുക്ക് ആഹാരം കഴിക്കാം ' രാധാകൃഷ്ണന്‍ അച്ഛന്‍റെ കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചു.

മേശപ്പുറത്ത് ആഹാരപ്പാത്രം വെച്ച് പണിക്കാരി മാറി നിന്നു.

' അമ്മ ആഹാരം കഴിച്ച്വോ ' .

' ഉവ്വ് '.

' എന്നിട്ടെവിടെ '.

' ആരോ ഫോണില്‍ വിളിക്കുന്നത് കേട്ടു. ഡ്രൈവറോട് കാര്‍ എടുക്കാന്‍ പറഞ്ഞ് പോവുന്നത് കണ്ടു '.

ഇതുപോലെ പണിയും തൊരവും ഇല്ലാത്ത ഏതെങ്കിലും പെണ്ണുങ്ങള്‍ വിളിച്ചിട്ടുണ്ടാവും. കാലത്ത് തന്നെ പരദൂഷണം പറയാന്‍
സംഘം ചേര്‍ന്ന് കാണും.

വേലായുധന്‍ കുട്ടി യാന്ത്രികമായി ആഹാരം കഴിച്ചു തുടങ്ങി.

' അച്ഛാ, ഇന്നൊരു കാര്യം ഉണ്ടായി '.

വേലായുധന്‍കുട്ടി അനങ്ങിയില്ല.

' ഞാനിന്ന് മുത്തശ്ശനെ കണ്ടു '.

വേലായുധന്‍കുട്ടി മുഖമുയര്‍ത്തി. ആ കണ്ണുകളില്‍ വല്ലാത്തൊരു തിളക്കം ഉണ്ടായി.

' സത്യം ' രാധാകൃഷ്ണന്‍ തുടര്‍ന്നു ' കണ്ടൂന്ന് മാത്രം അല്ല, മുത്തശ്ശനോട് സംസാരിക്കും ചെയ്തു '.

അവിശ്വസനീയമായതെന്തോ കേട്ട മട്ടില്‍ വേലായുധന്‍കുട്ടി തരിച്ചിരുന്നു. ഗേറ്റിന്നപ്പുറത്ത് കാര്‍ വന്ന് നിന്നതായി തോന്നി. രാധാകൃഷ്ണന്‍റെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു.

' അച്ഛന്‍ എന്താ പറഞ്ഞത് '.

' ഈശ്വരനെ വിചാരിച്ച് മലയ്ക്ക് പൊയ്ക്കോ, ഒരു കേടും വരില്ലാ എന്ന് പറഞ്ഞു '.

' ദേഷ്യം കാട്ട്യോ '.

' അയ്യേ '. അച്ഛന്‍ മൌനവ്രതം അവസാനിപ്പിച്ച് പ്രതികരിച്ച് തുടങ്ങി എന്ന സത്യം രാധാകൃഷ്ണന്‍ തിരിച്ചറിഞ്ഞു.

' അത് ശരി. അപ്പോ പ്രാന്തും പിത്തൂം ഒന്നും അല്ലാ ' വാതില്‍ക്കല്‍ നിന്ന് മാധവിയുടെ ശബ്ദം ഉയര്‍ന്നു ' അച്ഛനെ
കാണാഞ്ഞിട്ടുള്ള കോലാഹലം ആണ് ഇത്ര ദിവസം കാട്ട്യേത് അല്ലേ '.

വേലായുധന്‍കുട്ടിയുടെ മുഖം മങ്ങിയത് രാധാകൃഷ്ണന്‍ ശ്രദ്ധിച്ചു.

' ഇനി ഒരക്ഷരം നിങ്ങള് പറഞ്ഞാല്‍ ' അവന്‍റെ സ്വരം ഉയര്‍ന്നു ' ഒറ്റ ചവിട്ടിന്ന് ഞാന്‍ പണി തീര്‍ക്കും '.

ആ മുഖത്തെ രൌദ്രഭാവം മാധവിയെ പേടിപ്പിച്ചു. ഒരക്ഷരം പറയാതെ അവര്‍ അകത്ത് ചെന്ന് എന്തോ എടുത്ത് വന്ന പോലെ തിരിച്ച് പോയി.

നോവല്‍ - അദ്ധ്യായം - 87.

നീണ്ട കാത്തിരിപ്പിന്ന് ശേഷം മുത്തശ്ശനെ കാണാറായപ്പോള്‍ രാധാകൃഷ്ണന്ന് വല്ലാത്തൊരു സംഭ്രമം. കൂടെ ഗുരുസ്വാമി ഉണ്ട് എന്നത് മാത്രമാണ് ഏക ആശ്വാസം.

ശബരി മലക്ക് മാലയിടാനുള്ള തയ്യാറെടുപ്പോടെ കാലത്തെ ഇറങ്ങി. അച്ഛന്‍റെ കാല് തൊട്ടു വന്ദിച്ചു. അമ്മ പേപ്പറും വായിച്ച് ചാരുകസേലയില്‍ കിടപ്പാണ്. അടുത്ത് വെച്ച ചായയില്‍ നിന്ന് ആവി പറക്കുന്നു. പല്ല് തേക്കാതെയാണ് ചായകുടി. പെണ്ണുങ്ങളായാല്‍ ഐശ്വര്യമുണ്ടാവുന്ന പ്രവര്‍ത്തികള്‍ ചെയ്യണം. ഇവര്‍ക്ക് അതിലൊന്നും താല്‍പ്പര്യമില്ല. അതെങ്ങിനെ. മദിരാശിയിലും ബോമ്പേയിലും കല്‍ക്കത്തയിയിലും ആയികഴിഞ്ഞ കുട്ടിക്കാലത്ത് ജീവിച്ച രീതികളില്‍ അഭിമാനം കൊള്ളുകയാണ്
ഇന്നും.

ഒരു നിമിഷം ആലോചിച്ചു. നല്ലൊരു കാര്യത്തിന്ന് പുറപ്പെടുകയാണ്. ഗുരുത്വക്കേടോടെ പുറപ്പെട്ടു കൂടാ. ചാരു കസേലക്ക്
സമീപത്ത് ചെന്നു അമ്മയുടെ കാല്‍ക്കല്‍ ഒന്ന് തൊട്ടു. മാധവി ഞെട്ടി കാല്‍ വലിച്ചു.

' എന്തെടാ കാലില്‍ പിടിച്ച് വലിച്ച് താഴത്തിട്വോ ' അവര്‍ ക്ഷോഭിച്ചു.

' ഞാന്‍ മലക്ക് മാല ഇടാന്‍ പോവ്വാണ് '.

' മലക്കോ കാട്ടിലിക്കോ എവിടേക്ക് വേണച്ചാലും പൊയ്ക്കോ. എനിക്കെന്താണ് '.

ഇവരോട് കൂടുതല്‍ സംസാരിച്ചിട്ട് കാര്യമില്ല. ചിലപ്പോള്‍ തമ്മില്‍ തല്ലി ഇറങ്ങേണ്ടി വരും. അത് കൂടാതെ കഴിക്കണം.

ബുള്ളറ്റ് വെള്ളപ്പാറ കടവില്‍ നിര്‍ത്തി. കറുപ്പ് മുണ്ടും മാലയും അടങ്ങുന്ന സഞ്ചി എടുത്ത് രാധാകൃഷ്ണന്‍ നടന്നു.
പുഴയ്ക്കക്കരെ നെല്ലി ചുവട്ടില്‍ രാജന്‍ മേനോന്‍ കാത്ത് നില്‍പ്പുണ്ട്.

' എല്ലാം ഞാന്‍ പറഞ്ഞപോലെ ' മേനോന്‍ പറഞ്ഞു ' ദേഷ്യം  കാട്ടിയാലും കണ്ടൂന്ന് നടിക്കരുത്. ക്രമേണ എല്ലാം 
ശരിയാവും '.

കളപ്പുര വരെ ആരും ഒന്നും മിണ്ടിയില്ല. മേനോന്‍ മുമ്പില്‍ നടന്നു. കളപ്പുരയുടെ തിണ്ണയില്‍ എഴുത്തശ്ശന്‍ ഇരിപ്പുണ്ട്.

' അമ്മാമേ, കുട്ടി വന്നിട്ടുണ്ട്. അവനെ അനുഗ്രഹിയ്ക്കൂ '.

മേനോന്‍ കണ്ണ് കാണിച്ചതോടെ രാധാകൃഷ്ണന്‍ മുമ്പിലേക്ക് നീങ്ങി. എഴുത്തശ്ശന്‍ എഴുന്നേറ്റു നിന്നു. ആ കാല്‍ക്കല്‍  അവന്‍ 
നമസ്കരിച്ചു. എഴുത്തശ്ശന്‍ വലത്ത് കൈ മൂര്‍ദാവില്‍ വെച്ച് അനുഗ്രഹിച്ചു.

' എന്‍റെ തെറ്റുകള്‍ മുഴുവന്‍ ക്ഷമിക്കണം ' അവന്‍ പറഞ്ഞു.

എഴുത്തശ്ശന്‍ ഒന്നും പറഞ്ഞില്ല.

' ചെയ്തു പോയ തെറ്റുകള്‍ ഓര്‍ത്ത് എന്‍റെ മനസ്സ് നീറുന്നുണ്ട്. ക്ഷമിച്ചൂ എന്ന വാക്ക് കേട്ടാലേ എനിക്ക് സമാധാനമാകൂ ' രാധാകൃഷ്ണന്‍ വീണ്ടും പറഞ്ഞു.

' ഞാന്‍ ഒന്നും മനസ്സില്‍ കരുതീട്ടില്ല. ഇന്ന് വരെ ഉള്ളില്‍ തട്ടി ആരേയും  പ്രാകിയിട്ടും ഇല്ല. നിങ്ങളൊക്കെ നന്നായി കഴിയുന്നൂ എന്ന് കേട്ട് കണ്ണടഞ്ഞാല്‍ മതി. അതേ ദൈവത്തോട് പ്രാര്‍ത്ഥിക്കാറുള്ളു '.

ആ നിമിഷം രാധാകൃഷ്ണന്‍ കൊച്ചു കുട്ടികളെ പോലെ പൊട്ടി കരഞ്ഞു.

' ഈ സ്നേഹം ഞാന്‍ അറിയാതെ പോയി ' അവന്‍ പറഞ്ഞു.

' കരയണ്ടാ. കണ്ണ് തുടയ്ക്ക്. ഈശ്വരനെ നന്നായി പ്രാര്‍ത്ഥിച്ച് മാലയിട്ടോ. ഒരു പൂപ്പ് കേടും കൂടാതെ അദ്ദേഹം 
കാത്തോളും '.

' ഞാന്‍ വേഗം ചായ കൂട്ടാം. കയറി ഇരിയ്ക്കൂ ' എന്ന് വേണു പറഞ്ഞു.

' ഇപ്പോള്‍ വേണ്ടാ. അമ്പലത്തില്‍ ചെന്ന് മാലയിടട്ടെ. അത് കഴിഞ്ഞു മതി ' രാധാകൃഷ്ണന്‍ മേനോന്‍റെ പിന്നാലെ  ഇറങ്ങി നടന്നു. ആ രംഗം കണ്ടു നിന്ന വേണുവിന്‍റെ കണ്ണ് നനഞ്ഞു.

' അമ്മാമേ. ശബരി മലയ്ക്ക് പോണംന്ന് തോന്നുന്നുണ്ടോ ' കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു.

' നിങ്ങളൊക്കെ ഉണ്ടെങ്കില്‍ ഞാനും ഉണ്ട് '.

' എന്നാല്‍ ഞാനും വരും ' ചാമിയും പുറപ്പെട്ടു.

രാധാകൃഷ്ണനും മേനോനും തിരിച്ച് പോരാന്‍ സമയം കുറെ എടുത്തു.

' മാലയിടാന്‍ പത്തമ്പത് പേരുണ്ട്. അതാ വൈകിയത് ' മേനോന്‍ പറഞ്ഞു ' ബാക്കി കുറെ സ്വാമിമാര്‍ വൈകുന്നേരത്തെ
മാലയിടുന്നുള്ളു '.

ഇരുവരും വരാന്തയിലെ ബെഞ്ചിലിരുന്നു. വേണു ചായയുമായെത്തി.

' മുത്തശ്ശന്‍ ഇവിടെ കഴിയണ്ടാ. എന്‍റെ കൂടെ പോരൂ ' രാധാകൃഷ്ണന്‍ പറഞ്ഞു ' ഇനി ഒരു കുറവും വരാതെ ഞാന്‍
നോക്കിക്കോളാം '.

' അതൊന്നും വേണ്ടാ. എന്‍റെ ആയുസ്സ് ഒടുങ്ങാറായി. ഇപ്പൊപടുതിരി കത്തിക്കൊണ്ടിരിക്കുകയാണ്. എന്ന് വേണച്ചാലും 
കെടും. ഇവിടെ ആണച്ചാല്‍ കയത്തിന്‍റെ അടുത്ത് കുഴിച്ചിടാന്‍ കുറച്ച് ദൂരം ഏറ്റിയാല്‍ മതി '.

എഴുത്തശ്ശന്‍ എന്തോ ആലോചിച്ചിരുന്നു.

' ജീവിതത്തില്‍ ഇത്തിരി സമാധാനമായി കഴിയുന്നത് ഇപ്പോഴാണ്. ഇവരുടെ കൂടെ കഴിയുന്നതാണ് എനിക്ക് സന്തോഷം '.

പിന്നെ ആരും ഒന്നും പറഞ്ഞില്ല.

' ഞാന്‍ പൊയ്ക്കോട്ടെ. ഇന്ന് കുറെ പണിയുണ്ട് ' രാധാകൃഷ്ണന്‍ എഴുന്നേറ്റു. അയാള്‍ പടി കടന്ന് പോയി.

' കുപ്പ്വോച്ചന്‍റെ പേരക്കുട്ടി ആള് പാവാണെന്ന് തോന്നുണൂ ' എന്ന് ചാമി അഭിപ്രായം എഴുന്നളിച്ചു.

പുഴുങ്ങി ഉണങ്ങാനിട്ട നെല്ല് കൊത്തിത്തിന്നാന്‍ എത്തിയ കാക്കക്കൂട്ടം അത് ശരിവെച്ചുകൊണ്ട് കലപില കൂട്ടി.

*******************************************************

രാധ പിണങ്ങിപ്പോയിട്ട് ദിവസം നാല് കഴിഞ്ഞു. കിട്ടുണ്ണിയുടെ ജീവിതത്തെ രാധയുടെ അസാന്നിദ്ധ്യം കുറേശ്ശയായി ബാധിച്ചു
തുടങ്ങി. തൊട്ടതിനും പിടിച്ചതിനും ഭാര്യയെ ആശ്രയിച്ചിരുന്നതാണ്. അതാണ് ഇല്ലാതായത്.

കിടപ്പ് മുറിയുടെ മൂലയില്‍ നാല് ദിവസത്തെ മുഷിഞ്ഞ വസ്ത്രങ്ങള്‍ കിടപ്പുണ്ട്. ഇങ്ങിനെ വസ്ത്രങ്ങള്‍ മുഷിഞ്ഞ് കിടക്കാറില്ല. രാധ ഓരോ ദിവസവും തലേ ദിവസം ഇട്ട വസ്ത്രങ്ങള്‍ അലക്കി ഉണക്കാനിടും. ഡ്രൈവര്‍ വന്നാല്‍ ഈ തുണികള്‍ അലക്കുകാരന്ന് കൊടുക്കാന്‍ ഏല്‍പ്പിക്കണം.

മാവിന്‍റെ ഇല വീണ് മുറ്റം മുഴുവന്‍ കുപ്പ കെട്ടി കിടക്കുന്നു. അടിച്ചു വാരാന്‍ ആളില്ലാത്തതിന്‍റെ ദോഷം . പാടത്ത് പണിക്ക് വരുന്ന ഏതെങ്കിലും പെണ്ണിനെ രാവിലെ വന്ന് മുറ്റമടിക്കാന്‍ ഏര്‍പ്പാടാക്കണം.

വായിച്ച് പൂമുഖത്ത് ഇട്ട പത്രങ്ങള്‍ അവിടവിടെ ചിതറി കിടപ്പാണ്. കിട്ടുണ്ണി അതെല്ലാം പെറുക്കിയെടുത്തു. പഴയ പത്രങ്ങള്‍ എവിടെയാണ് വെക്കാറ് എന്നറിയില്ല. തല്‍ക്കാലം അലമാറിയുടെ മുകളില്‍ ഇരിക്കട്ടെ.

ഡ്രൈവര്‍ കാലത്തേക്കുള്ള ആഹാരവുമായി എത്തി. രാധ പോയതിന്ന് ശേഷം അതാണ് പതിവ്. ഉച്ച നേരത്ത് പുറത്ത് എവിടെയെങ്കിലുമാവും. അപ്പോള്‍ ഹോട്ടലില്‍ നിന്ന് കഴിക്കും.

ഊണു മേശയില്‍ ആഹാരത്തിന്ന് മുമ്പില്‍ ഇരിക്കുമ്പോള്‍ കിട്ടുണ്ണി രാധയെ ഓര്‍ത്തു. ഇക്കണ്ട ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി വെച്ച് പോയിരിക്കുന്നു. അതിന്ന് മാത്രം എന്താണ് ഇവിടെ ഉണ്ടായത്. താന്‍ ചെല്ലാത്ത സ്ഥലത്ത് പോവരുത് എന്ന് അവളോട് പറഞ്ഞു.
അതിലെന്താ തെറ്റ്. അല്ലെങ്കിലും ഭര്‍ത്താവിന്ന് ഇഷ്ടമില്ലാത്ത കാര്യം 
ഭാര്യ ചെയ്യാന്‍ പാടുണ്ടോ.

നടന്ന കാര്യം മക്കളോട് പറഞ്ഞാല്‍ അവര്‍ ഇടപെടും. അച്ഛനെ ഒറ്റയ്ക്കാക്കി ഇറങ്ങി പോയതിന്ന് അമ്മയെ അവര്‍  കുറ്റപ്പെടുത്തും. വീട്ടിലേക്ക് തിരിച്ച് വരാന്‍ നിര്‍ബന്ധിക്കും. അത് വേണ്ടാ. അവിടെ തന്നെ ഇരുന്ന് മതി വരട്ടെ.
ആങ്ങളാരുടെ ഭാര്യമാര്‍ മുഷ്ക്ക് കാട്ടി തുടങ്ങുമ്പോള്‍ ഇങ്ങോട്ടന്നെ പോരും. അപ്പോള്‍ വീട്ടില്‍ കേറ്റണോ വേണ്ടയോ
എന്നതേ ആലോചിക്കാനുള്ളു.

വീടായാല്‍ ഒരു പെണ്ണ് വേണം. എങ്കിലേ കാര്യങ്ങള്‍ ഭംഗിയായി നടക്കൂ. ഏതെങ്കിലും മകള്‍ വന്നിരുന്നാല്‍ മതി. മൂത്ത മകള്‍
അധികം ദൂരത്തല്ല താമസം . അവള്‍ക്ക് ഇവിടെ വന്ന് നില്‍ക്കാവുന്നതേയുള്ളു. ചെറിയ കുട്ടികള്‍ മൂന്നെണ്ണം ഉണ്ടെങ്കിലും ഒരു പണിക്കാരിയെ വെച്ചാല്‍ അവള്‍ക്ക് എല്ലാം നോക്കി നടത്താന്‍ പറ്റും . പക്ഷെ അവളുടെ ഭര്‍ത്താവ് ശരിയല്ല. വയസ്സായ അച്ഛനമ്മമാരേ വിട്ടിട്ട് വരാന്‍ പറ്റില്ല എന്നും പറഞ്ഞ് ഇങ്ങോട്ട് വരാറേ ഇല്ല. ആ കണക്കിന്ന് സ്ഥിരമായി ഇവിടെ താമസിക്കുന്ന കാര്യം ഉണ്ടാവില്ല.

രണ്ടാമത്തെ മകള്‍ പൊള്ളാച്ചിയില്‍ ഭര്‍ത്താവിന്‍റെ കൂടെയാണ്.  ഏതോ കമ്പനിയുടെ റെപ്രസെന്‍റ്റേറ്റീവ് ആണ് അവന്‍. എന്നും 
യാത്രയുള്ളവന്‍. മിക്കവാറും മകള്‍ ഒറ്റയ്ക്കായിരിക്കും. ഇവിടെ വന്ന് താമസിച്ചാല്‍ അവള്‍ക്കും തുണയാവും. മരുമകന്‍ ഇവിടെ
നിന്നും പോയി വരട്ടെ. കത്തയച്ചാലോ, ഫോണ്‍ ചെയ്താലോ ശരിയാവില്ല. നേരില്‍ ചെന്ന് വിളിച്ച് കൂട്ടി വരണം.

ഭക്ഷണം കഴിച്ച് പുറത്ത് വന്നപ്പോള്‍ ഡ്രൈവര്‍ കാറ് കഴുകിക്കൊണ്ടിരിക്കുകയാണ്.

' അപ്പുക്കുട്ടാ ' കിട്ടുണ്ണി വിളിച്ചു ' നമുക്ക് പൊള്ളാച്ചി വരെ ഒന്ന് പോണം '.