Tuesday, March 29, 2011

നോവല്‍ - അദ്ധ്യായം - 129.

ഒന്നര മാസത്തെ വിശ്രമം കഴിഞ്ഞ് ഡോക്ടറെ ചെന്നു കണ്ടപ്പോള്‍ എല്ലാം ശരിയായി എന്നാണ് അയാള്‍ വേണുവിനോട് പറഞ്ഞത്.

' ദിവസവും കുറച്ച് ദൂരം നടക്കണം. എന്തെങ്കിലും പ്രയാസം തോന്നുന്നുണ്ടെങ്കില്‍ എന്നെ വന്ന് കാണണം. ഊന്നി നടക്കാന്‍ ഒരു വാക്കിങ്ങ് സ്റ്റിക്ക് കയ്യില്‍ വെച്ചോളൂ ' ഡോക്ടര്‍ പറഞ്ഞു.

' നമുക്ക് രണ്ടാള്‍ക്കും കൂടി ദിവസവും വൈകുന്നേരം കുറെ ദൂരം നടക്കാം ' മേനോന്‍ പറഞ്ഞു
' ഓരോന്ന് സംസാരിച്ച് നടക്കുമ്പോള്‍ മുഷിപ്പോ വേദനയോ തോന്നില്ല '.

പക്ഷെ ചാമി അത് സമ്മതിച്ചില്ല. മുതലാളിയുടെ കൂടെ താന്‍ നടക്കാം എന്ന് അവന്‍ ശാഠ്യം പിടിച്ചു.

' എന്തായാലും അമ്മ്യാര് മനസ്സറിഞ്ഞ മാതിരി ഒരു ഊന്നുവടി തന്നിട്ടുണ്ട്. അതും കുത്തി നടന്നോ ' എന്ന് എഴുത്തശ്ശനും പറഞ്ഞു.

ഞായറാഴ്ച വക്കീലും പത്മിനിയും മകനും മരുമകളും കളപ്പുരയിലെത്തി.

' നീ അങ്ങോട്ട് വന്നില്ല. അപ്പൊ ഇവിടെ വന്ന് കണ്ടോളാം എന്ന് കരുതി ' പത്മിനി പരിഭവം പറഞ്ഞു.

' ഇടയ്ക്കൊക്കെ വേദന തോന്നുന്നുണ്ട്. നല്ലോണം ഭേദായിട്ട് കുറച്ചു ദിവസം ഞാന്‍ ഓപ്പോളുടെ അടുത്ത് വന്ന് താമസിക്കുന്നുണ്ട് ' വേണു പറഞ്ഞു.

' അന്ന് വെള്ളക്കാക്ക മലര്‍ന്ന് പറക്കും '.

' നോക്കിക്കോളൂ. ഒരു മാസം കഴിഞ്ഞാല്‍ ഞാന്‍ അവിടെ എത്തും '.

' നീയൊന്ന് നടക്ക്. ഞാനൊന്ന് കാണട്ടെ ' പത്മിനി പറഞ്ഞു.

വേണു വടിവാള്‍ ഊന്നി മുറ്റത്ത് നടന്നു. പത്മിനിയും മറ്റുള്ളവരും അത് നോക്കി നിന്നു.

' നടുക്കുമ്പൊ വലത്തെ കാലിന്‍റെ ചതുക്ക് ഒന്നും കൂടി കൂടിയിട്ടുണ്ടോന്ന് എനിക്കൊരു സംശയം ' പത്മിനി പറഞ്ഞു.

' എന്ത് വിഡ്ഡിത്തരമാണ് താനീ പറയുന്നത്. നടന്ന് നടന്ന് കാല് ശരിയാവണം. അതിന് മുമ്പ് കേറി ഓരോന്ന് എഴുന്നള്ളിക്കണ്ടാ ' വക്കീലിന്ന് ഭാര്യ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല.

' വേഗം ഭേദാവാന്‍ ഗുരുവായൂരപ്പന്ന് വെള്ളിടെ ഒരു കാല് ഞാന്‍ വഴിപാട് നേര്‍ന്നിട്ടുണ്ട് ' പത്മിനി പറഞ്ഞു ' എന്‍റെ പ്രാര്‍ത്ഥന ഭഗവാന്‍ കേക്കാണ്ടിരിക്കില്ല '.

കുറച്ച് കഴിഞ്ഞപ്പോള്‍ വിരുന്നുകാര്‍ പോവാനൊരുങ്ങി.

' ഇത്തിരി സുഖം തോന്നിയാല്‍ അങ്ങോട്ട് വാ. ഞാന്‍ കാറ് അയക്കാം ' പോവുമ്പോള്‍ പത്മിനി പറഞ്ഞു.

വേണു തല കുലുക്കി.

നാല് നാലര മണിയാവുമ്പോഴേക്കും വേണുവിനെ നടക്കാന്‍ കൊണ്ടു പോവാനായി ചാമി ഒരുങ്ങി നില്‍ക്കും. ആദ്യമൊക്കെ കളപ്പുരയില്‍ നിന്ന് അമ്പലം വരെ പോയി തിരിച്ചു പോരുകയായിരുന്നു പതിവ്. പിന്നെ പിന്നെ വെള്ളപ്പാറ കടവ് കടന്ന് പഞ്ചായത്ത് പാതയിലൂടെ റോഡ് വരെ നടക്കും. ചാമിക്ക് പീടികയില്‍ നിന്ന് വല്ലതും വാങ്ങാനുണ്ടാവും. വേണുവിന് പാക്കറ്റ് കണക്കില്‍ സിഗററ്റുകളും.

ആ നടപ്പിന്നിടയില്‍ ചാമി പല കാര്യങ്ങളും പറയും. വേണു അതെല്ലാം മൂളി കേള്‍ക്കും.

' തെരുവത്തെ പള്ളിനേര്‍ച്ചയ്ക്ക് കുപ്പ്വോച്ചാന്‍ ഒരു നിവൃത്തി ഉണ്ടെങ്കില്‍ പോകാണ്ടിരിക്കില്ല. മുതലാളിക്ക് വയ്യാത്തതോണ്ടാണ് പോവാഞ്ഞത് ' ഒരു ദിവസം അവന്‍ പറഞ്ഞു.

' അമ്മാമടെ അടുത്ത് പൊയ്ക്കോളാന്‍ ഞാന്‍ പറഞ്ഞതായിരുന്നു ' വേണു പറഞ്ഞു ' എല്ലാവര്‍ക്കും കൂടി അടുത്ത കൊല്ലം പോകാമെന്നാണ് അമ്മാമ പറഞ്ഞത് '.

' എനിക്കും അതാ സന്തോഷം . മുതലാളിക്ക് വേലയ്ക്കും പൂരത്തിന്നും പോവാന്‍ ഇഷ്ടാണോ '.

വേണു ' അതെ 'യെന്ന് പറഞ്ഞു.

' പൂരം കാണണച്ചാല്‍ തൃശ്ശൂര്‍ പൂരം കാണണം. കുടമാറ്റൂം മേളവും ആനകളും വെടിക്കെട്ടും ഒക്കെ കൂടി എന്താ പറയണ്ട്, കണ്ടാല്‍ മതിയാവില്ല '.

' ചാമി പൂരത്തിന്ന് പോയിട്ടുണ്ടോ '.

' പിന്നില്ലാണ്ടെ. പക്ഷെ ഇത്തിരി കഴിച്ചിട്ട് ഞാന്‍ എവിടെയെങ്കിലും കിടക്കും. ചിലപ്പൊ വെടി പൊട്ട്യാലെ എണീക്കൂ '.

' അത് നന്നായി ' വേണു ചിരിച്ചു ' പിന്നെ എവിടെയൊക്കെ ചെല്ലും '.

' പുതുശ്ശേരി വെടിക്ക് പോവാറുണ്ട്. ഇക്കൊല്ലത്തെ വെടി കഴിഞ്ഞു. പിന്നെ കാവശ്ശേരി പൂരത്തിന്നും
നെന്മാറ വേലയ്ക്കും പോവും. നെന്മാറവേലയ്ക്ക് രണ്ടു കൂട്ടരുടേം ആനപ്പന്തലൊക്കെ കാണണ്ട കൂട്ടത്തിലാണ് '.

' എപ്പൊഴാ ആ വേല '.

' മീനമാസത്തിലാ. എന്നാന്ന് അറിയില്ല ' ഒരു നിമിഷം ആലോചിച്ച ശേഷം ' മുതലാളി ഇക്കൊല്ലം വേല കാണാന്‍ വര്വോ ' അവന്‍ ചോദിച്ചു.

' എനിക്ക് കാണണം എന്ന് മോഹമുണ്ട് ' വേണു പറഞ്ഞു ' തിരക്കില്‍ ചെല്ലാനാ മടി '.

' അത് സാരൂല്യാ. എത്ര തിരക്കിലും ഞാന്‍ കൂട്ടീട്ട് പോവാം '.

'' അപ്പോഴേക്കും കാലിലെ അസുഖം മാറില്ലേ '.

' എന്താ സംശയം ' ചാമി പറഞ്ഞു ' ഇക്കുറി വടക്കന്തറ കാവില് വേലയുണ്ട്. അതിന് പോണം. വേണച്ചാല്‍ മണപ്പുള്ളിക്കാവിലെ വേലയ്ക്കും പറക്കോട്ട് കാവിലെ താലപ്പൊലിക്കും പോവാം '.

' കാറ് വിളിച്ച് എല്ലാവര്‍ക്കും കൂടി ഇതൊക്കെ ചെന്ന് കാണണം . നാട്ടില്‍ ഇരുന്നിട്ട് ഒന്നും കണ്ടില്ലെങ്കില്‍
മോശമല്ലേ '.

' അതന്ന്യാ എനിക്കും പറയാനുള്ളത് ' ചാമി പറഞ്ഞു ' ഇനീം എന്തൊക്കെ കാണാന്‍ കെടക്കുണൂ. കണ്യാര്‍
കളിണ്ട്, പൊറാട്ടും കളിണ്ട്, മാരിയമ്മടെ കോവിലില് കുംഭക്കളീണ്ട്. മോഹം ഉണ്ടെങ്കില്‍ നമുക്ക് അതൊക്കെ ചെന്ന് കാണാം '.

' നോക്കട്ടെ.അമ്മാമ എന്താ പറയുക എന്ന് അറിയില്ല '.

' മുതലാളി വിളിച്ചാല്‍ കുപ്പ്വോച്ചന്‍ തലേല്‍ കെട്ടി ആദ്യം ഇറങ്ങും. മൂപ്പരുക്ക് മുതലാളിയെ അത്ര ഇഷ്ടാ '.

വേണു ചിരിച്ചു.

' മുതലാളിക്ക് വയ്യാത്തതോണ്ട് എന്താ വേണ്ടത് എന്ന് അറിയില്ല. കൊല്ലാവധി കൊടുങ്ങല്ലൂര് ഭരണിക്ക് പോണ പതിവുണ്ട് എനിക്ക് '.

' ചാമി പൊയ്ക്കോളൂ ' വേണു പറഞ്ഞു ' എനിക്ക് കുറെ ഭേദം ആയല്ലോ. പോരാത്തതിന് കല്യാണി എന്‍റെ പേരില് കൊടുങ്ങല്ലൂരമ്മയ്ക്ക് വഴിപാട് നേര്‍ന്നിട്ടുണ്ടല്ലോ '.

' അപ്പൊ രണ്ട് ദിവസം ആരാ നടക്കാന്‍ തുണയ്ക്ക് വര്വാ '.

' ആരെങ്കിലും ഉണ്ടാവും. നമ്മുടെ മേനോന്‍റെ അടുത്ത് പറയാം '.

' മൂപ്പരെ ബുദ്ധിമുട്ടിക്കണ്ടാ. ഞാന്‍ മായന്‍കുട്ട്യേ ഏര്‍പ്പാടാക്കാം. അവന്‍ വന്ന് കൂട്ടിക്കൊണ്ട് പോവും '.

വേണു അത് സമ്മതിച്ചു.

************************************************

കിഴക്കോട്ട് പോവുന്ന വിമാനത്തിന്‍റെ ശബ്ദം കേട്ടപ്പോള്‍ വേണു വായന നിര്‍ത്തി. സമയം അറിയാനുള്ള ഒരു ഉപാധിയായി വിമാനത്തിന്‍റെ ശബ്ദം മാറിയിരിക്കുന്നു. ഇനി കുറെ നേരം കാറ്റുംകൊണ്ട് ഉമ്മറത്തിരിക്കലാണ് പതിവ്.

വേണുവിന്‍റെ കാലിലെ തകരാറ് ഭേദപ്പെട്ട ശേഷം എഴുത്തശ്ശന്‍ കാലത്തെ ആഹാരം കഴിഞ്ഞാല്‍
പുറത്തേക്ക് ഇറങ്ങും. പുരകള്‍ പണിയുന്ന ദിക്കില്‍ ചെന്നിരിക്കും. ഉച്ച ഊണിനേ പിന്നെ വരാറുള്ളു.

' എത്ര നേരം എന്നു വെച്ചിട്ടാ ഇങ്ങിനെ മിണ്ടാണ്ടെ കുത്തിരിക്ക്യാ ' അയാള്‍ പറയും.

കൊയ്ത്ത് കഴിഞ്ഞ പാടത്ത് കന്നുമേക്കാന്‍ എത്തിയ പിള്ളേര്‍ പൊരി വെയില്‍ വക വെക്കാതെ കുട്ടിയും
പുള്ളും കളിക്കുന്നതും നോക്കി ഇരുന്നു. ഇടയ്ക്ക് വെച്ച് കളി നിര്‍ത്തി പിള്ളേര്‍ കളപ്പുര മുറ്റത്തെത്തി.

' കുറച്ച് വെള്ളം തര്വോ ' ഒരുത്തന്‍ ചോദിച്ചു.

വേണു അകത്ത് നിന്ന് ഒരു പാത്രം കൊണ്ടു വന്നു കൊടുത്തു.

' ഇത് പോരാ ' കൂട്ടത്തില്‍ വലിയവന്‍ പറഞ്ഞു ' ഞങ്ങള് എല്ലാരുക്കും നല്ല ദാഹംണ്ട് '.

അരിക് കോലായില്‍ മണല്‍ വിരിച്ച് അതിന്ന് മീതെ മണ്‍കൂജയില്‍ കുടിവെള്ളം വെച്ചിട്ടുണ്ട്. എത്ര ചൂടുള്ള കാലത്തും മണ്‍കൂജയിലെ വെള്ളം തണുത്തിരിക്കും. വേണു അത് എടുത്തു കൊള്ളാന്‍ പറഞ്ഞു. വെള്ളം കുടി കഴിഞ്ഞതും പിള്ളേര്‍ തൊടിയില്‍ പരതാന്‍ തുടങ്ങി.

' പിന്നാലെ സീതാരങ്ങ പഴുത്ത് നിക്കുണുണ്ട്. ഞങ്ങള് പൊട്ടിച്ച് തിന്നോട്ടെ ' അടുത്ത ആവശ്യവും
വേണു അംഗീകരിച്ചു. സീതാരങ്ങയും കൊയ്യക്കായയും വലിച്ച് സംഘം കലപില കൂട്ടി പുറത്തേക്ക് പോയി.

വേണു തന്നിലേക്ക് തന്നെ വലിഞ്ഞു. മൂന്നര പതിറ്റാണ്ടിന്ന് മുമ്പ് ജീവിതത്തിന്ന് സ്വയം തിരശീല വലിച്ചിട്ട മാലതി മനസ്സില്‍ എത്തുകയായി.

വേണു ഉമ്മറത്ത് പുസ്തകം വായിച്ച് ഇരിക്കുകയാണ്. കളപ്പുരയുടെ മുന്നിലെ ആലയുടെ സ്ഥാനത്ത് വിവിധ തരം പൂച്ചെടികളുള്ള പൂന്തോട്ടമാണ് ഉള്ളത്. സ്കൂള്‍ കഴിഞ്ഞ് വരുന്ന മാലതി ടീച്ചറുടെ നെറ്റിയിലൂടെ വിയര്‍പ്പ് ചാലുകള്‍ ഊര്‍ന്ന് ഇറങ്ങുന്നുണ്ട്.

" എന്താ വേണ്വോട്ടാ ഇത് ' മാലതിയുടെ ശബ്ദത്തില്‍ അല്‍പ്പം പരിഭവമുണ്ടോ?

' എന്തേ ' വേണു പുസ്തകത്തില്‍ നിന്ന് തലയുയര്‍ത്തി.

' ഇത് കണ്ട്വോ. പൂച്ചെടികള്‍ മുഴുവന്‍ ആട് തിന്നു ' അവര്‍ പറഞ്ഞു ' ഓരോ ദിക്കിന്ന് എത്ര കഷ്ടപ്പെട്ട് ഞാന്‍ കൊണ്ടു വന്ന് വെച്ചതാ. ഒന്ന് നോക്കായിരുന്നില്ലേ '.

' കന്ന് മേക്കുന്ന കുട്ടികള്‍ പടി തുറന്നിട്ടതാവും ' വേണു പറഞ്ഞു.

' നാളെ അവിറ്റ വന്നാല്‍ നാല് പൂശ കൊടുക്കണം ' മാലതിക്ക് അരിശം തീരുന്നില്ല. അപ്പോള്‍ വേണുവിന്ന് ഒരു തമാശ തോന്നി.

' ബെഞ്ചിന്‍റെ മീതെ കേറ്റി നിര്‍ത്ത്യാല്‍ പോരെ ' അയാള്‍ ചോദിച്ചു.

' അത് എന്നെ കളിയാക്കിയതാണ് ' മാലതി പറഞ്ഞു ' വയറില് പിടിച്ചിട്ട് ഇങ്ങിനെ തിരുമ്പ്വാ വേണ്ടത് '.

മാലതി വേണുവിന്‍റെ വയറ്റില്‍ ചെറുതായൊന്ന് പിടിച്ചു. അയാള്‍ക്ക് ഇക്കിളി തോന്നി. ചുണ്ടില്‍ ചിരി പൊട്ടി. ആ സന്തോഷത്തിന്നിടയിലാണ് നാണു നായര്‍ കടന്നു വന്നത്.

' എന്താ നീ ഒറ്റയ്ക്കിരുന്ന് ചിരിക്കിണത് ' അയാള്‍ ചോദിച്ചു.

'ഒന്നൂല്യാ നാണുമാമേ ' വേണു എഴുന്നേല്‍ക്കാനൊരുങ്ങി.

' വേണ്ടാ. നീ അവിടെ ഇരുന്നോ ' നാണു നായര്‍ പറഞ്ഞു ' എന്‍റെ കൂടെ ആരാ വന്നിട്ടുള്ളത് എന്ന് നിനക്ക് അറിയ്യൊ '.

വേണു നോക്കുമ്പോള്‍ കറുത്ത് തടിച്ച് മുഴുവന്‍ കഷണ്ടിയായ ഒരാള്‍ നാണു നായരുടെ പുറകിലുണ്ട്. ആളെ അയാള്‍ക്ക് മനസ്സിലായില്ല.

' ഓര്‍മ്മ വരുന്നില്ല ' വേണു പറഞ്ഞു.

ആഗതന്‍ മുറിക്കയ്യന്‍ ഷര്‍ട്ടിന്‍റെ കയ്യ് ഒന്നു കൂടി മേല്‍പ്പോട്ടാക്കി. പൊള്ളലേറ്റതിന്‍റെ വടു നീളത്തില്‍
കിടപ്പുണ്ട്.

' സുന്ദരന്‍ ' വേണു പറഞ്ഞു.

' അപ്പൊ ഓര്‍മ്മയുണ്ട് '.

എങ്ങിനെ മറക്കാനാവും. ബാല്യകാലത്തെ ഏറ്റവും അടുത്ത കൂട്ടുകാരന്‍. പുഴയില്‍ മുങ്ങി മരിക്കാറായ ദിവസം. വിവരം അറിഞ്ഞ പാടെ സുന്ദരന്‍റെ അമ്മ കാണാന്‍ ഓടിയെത്തിയതാണ്. ക്ഷോഭിച്ച് നില്‍ക്കുന്ന ചെറിയമ്മയ്ക്ക് അവര്‍ കാണാനെത്തിയതൊന്നും ഇഷ്ടപ്പെട്ടില്ല.

' മകന്‍ പുഴയില്‍ മുക്കി കൊല്ലാന്‍ നോക്കി. അമ്മ ചത്ത്വോന്ന് നോക്കാന്‍ വന്നതാണോ ' എന്നാണ്
ചെറിയമ്മ ചോദിച്ചത്. അപമാനിതയായി മടങ്ങി പോയ അവര്‍ ചട്ടുകം അടുപ്പിലിട്ട് എന്നെന്നേക്കും
ഓര്‍ക്കാനുള്ള ഒരു സമ്മാനം മകന്ന് നല്‍കി.

' അച്ഛന്‍ പൊയ്‌ക്കോളൂ ' സുന്ദരന്‍ പറഞ്ഞു ' ഞങ്ങള് കുറച്ച് നേരം സംസാരിച്ചിരിക്കട്ടെ '.

' ഞാന്‍ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് ആവിണില്യേ ' അയാള്‍ പോയി.

' എത്ര കൊല്ലായി നമ്മള് കണ്ടിട്ട് ' സുന്ദരന്‍ പറഞ്ഞു ' താന്‍ നാട് വിട്ട ശേഷം പഠിച്ച് വലിയ ആളായി എന്ന് കേട്ടു. ബാക്കിയൊന്നും അറിയില്ല '.

' പല വേഷങ്ങള്‍ കെട്ടി നോക്കി ' വേണു പറഞ്ഞു ' മോഹിച്ചതൊന്നും കിട്ടിയില്ല. ആഗ്രഹിക്കാത്ത പലതും
കിട്ടുകയും ചെയ്തു '.

' അതന്ന്യാടോ ജീവിതം. വിചാരിച്ച മാതിരി കഴിയാന്‍ പറ്റിയാല്‍ മനുഷ്യന്‍ ഈശ്വരനെ ഓര്‍ക്ക്വോ '.

സംഭാഷണത്തിന്‍റെ ചുരുള്‍ അഴിഞ്ഞുകൊണ്ടേ ഇരുന്നു.

' മോഹിച്ചിട്ടല്ല ' സുന്ദരന്‍ പറഞ്ഞു ' എനിക്കും നാട്ടിന്ന് മാറി താമസിക്കേണ്ടി വന്നു '.

' പട്ടാളത്തില്‍ നിന്ന് പിരിഞ്ഞു വന്നതും സുന്ദരന്‍റെ ചുറ്റുപാടുകളുമൊക്കെ നാണുമാമ പറഞ്ഞിരുന്നു '.

' വയസ്സായ അച്ഛനേയും പെങ്ങളേയും ഉപേക്ഷിച്ച് ഞാന്‍ ദൂരെ ചെന്ന് സുഖിച്ച് കഴിയുന്നു എന്ന് തനിക്ക് തോന്നിയോ '.

' ഇല്ല. എല്ലാ പ്രാരബ്ധങ്ങള്‍ക്കിടയിലും താന്‍ വല്ലതുമൊക്കെ കൊടുത്ത് സഹായിക്കാറുണ്ടെന്ന് നാണുമാമ പറഞ്ഞിരുന്നു. വീട്ടിലുള്ള അവകാശം ഒഴിമുറി വെച്ച് കൊടുത്തത് കൂടി പറഞ്ഞിട്ടുണ്ട് '.

' ഒഴിമുറി വെച്ച് കൊടുത്തതല്ല. നിര്‍ബന്ധിച്ച് എഴുതി വാങ്ങിയതാണ് '.

സുന്ദരന്‍ കടന്നുപോയ കാലത്തിലേക്ക് തിരിഞ്ഞു. പട്ടാളത്തില്‍ കൂടെ ജോലിക്ക് ചേര്‍ന്ന ആളാണ് ശങ്കരന്‍ കുട്ടി. അച്ഛന്‍ മരിച്ചു പോയി. അമ്മയും ഒരു അനുജത്തിയും മാത്രമേ ബന്ധുക്കളായിട്ടുള്ളു. താമസിക്കാന്‍ നല്ലൊരു വീടുപോലുമില്ല. ജോലി ചെയ്ത് സമ്പാദിച്ച് വേണം എല്ലാം ഉണ്ടാക്കാന്‍, എന്നിട്ടു വേണം പെങ്ങളെ നല്ലൊരാള്‍ക്ക് കല്യാണം കഴിച്ചു കൊടുക്കാന്‍. ഏറെ മോഹങ്ങളുണ്ടായിരുന്നു അവന്. ഞാന്‍ പറഞ്ഞില്ലേ , ആഗ്രഹിക്കുന്നതൊന്നും കിട്ടി എന്ന് വരില്ലാന്ന്. അത് തന്നെ പറ്റി അവനും. ഒരു പനി വന്നതാണ് തുടക്കം. മെല്ലെമെല്ലെ ശങ്കരന്‍ കുട്ടി മരണത്തിലേക്ക് കടന്നു പോയി.

' സുന്ദരാ, എന്‍റെ പെങ്ങളു കുട്ടി ' അതായിരുന്നു അവന്‍റെ അവസാന വാക്കുകള്‍.

അടുത്ത ലീവിന്ന് വന്നപ്പോള്‍ ശങ്കരന്‍ കുട്ടിയുടെ വീട്ടില്‍ പോയി. കേട്ടതിലും വെച്ച് കഷ്ടമായ ചുറ്റുപാട്. പിന്നെ ആലോചിച്ചില്ല. ആ കുട്ടിയെ കല്യാണം കഴിക്കാന്‍ നിശ്ചയിച്ചു.

അച്ഛന്ന് എതിര്‍പ്പ് ഉണ്ടായിരുന്നില്ല. പക്ഷെ അമ്മ സമ്മതിച്ചില്ല. ഭേദപ്പെട്ട വീട്ടില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ സ്ത്രീധനം വാങ്ങി എന്നെ ക്കൊണ്ട് കല്യാണം കഴിപ്പിക്കണമെന്നായിരുന്നു അമ്മയുടെ മോഹം. അതിന്ന് ഞാന്‍ സമ്മതിച്ചില്ല. ലീവ് കഴിഞ്ഞ് പോകുന്നതിന്ന് മുമ്പ് അവളെ കെട്ടി. അതോടെ വീട്ടില്‍ നിന്ന് അകന്നു. വീടിന്‍റെ അവകാശം പെണ്ണുങ്ങള്‍ക്കാണ് എന്നും പറഞ്ഞ് ഒട്ടും സ്വൈരം തരാതായി. ഒടുവില്‍
ഞാന്‍ എന്‍റെ ഓഹരി വിട്ടു കൊടുത്തു.

' ആ വീടിന്‍റെ കാര്യം അറിഞ്ഞില്ലേ '.

' ഉവ്വ്. ഒന്നും ആലോചിക്കാതെ അച്ഛന്‍ ഓരോന്ന് ചെയ്യും. ശാന്തയ്ക്ക് കല്യാണാലോചന വന്നപ്പോള്‍ ഞാന്‍ അന്വേഷിച്ചു. കയ്യിരിപ്പ് നന്നല്ലാത്ത ആളാണ് എന്നാ കേട്ടത്. വിവരം പറഞ്ഞപ്പോള്‍ നീ നിന്‍റെ കാര്യം നോക്കി നടന്നാല്‍ മതി എന്ന് അമ്മ പറഞ്ഞു. അച്ഛന്‍ അത് മൂളി കേട്ടു. ഞാന്‍ സരോജിനിക്ക് എന്‍റെ ഒരു കൂട്ടുകാരന്‍റെ ആലോചന കൊണ്ടു വന്നതാണ്. പട്ടാളക്കാരന്‍ പറ്റില്ലാ എന്നും പറഞ്ഞ് അന്നത് വേണ്ടെന്ന് വെച്ചു. നമ്മളുടെ സ്ഥിതിയ്ക്ക് കലക്ടര്‍ വരും എന്ന് വിചാരിച്ചിട്ടുണ്ടാവും. ഓഹരി വേണ്ടാന്ന് എഴുതി കൊടുത്തത് ശരി തന്നെ. അതോണ്ട് എന്തെങ്കിലും ചെയ്യും മുമ്പ് ഒരു അഭിപ്രായം
ചോദിക്കാന്‍ പാടില്ലാന്ന് ഉണ്ടോ '.

' അതൊക്കെ പോട്ടെ ' വേണു പറഞ്ഞു ' ഇപ്പോള്‍ ഒരു ആലോചന ഒത്തു വന്നിട്ടുണ്ട്. എന്താ അഭിപ്രായം '.

' സന്തോഷം. വൈകിയാണെങ്കിലും അവള്‍ക്ക് ഒരു ജീവിതം കിട്ടുന്നത് നല്ലതന്നെ. പോരാത്തതിന്ന് രാമൂനെ പണ്ടേക്ക് പണ്ടെ അറിയാലോ. പക്ഷെ ഒന്നുണ്ട് ' സുന്ദരന്‍ ഒന്ന് നിര്‍ത്തി.

' എന്താ പറയൂ '.

' കല്യാണത്തിന്ന് എന്തെങ്കിലും തന്ന് സഹായിക്കാന്‍ എനിക്ക് കഴിവില്ല. മോഹം ഇല്ലാഞ്ഞിട്ടല്ല '.

' അതൊരു പ്രശ്നം ആക്കണ്ടാ. അവള് എന്‍റേയും പെങ്ങളാണ്. ആ കാര്യം ഞാന്‍ നോക്കിക്കോളാം '.

' എന്നാല്‍ അടുത്ത പടിയിലേക്ക് കടക്കാം '.

' നാണു മൂത്താരുടെ മകന്‍ വന്നൂന്ന് കേട്ടു ' ചാമി ഉമ്മറത്ത് പ്രത്യക്ഷപ്പെട്ടു.

' ഇതുതന്നെ ആള് ' വേണു പരിചയപ്പെടുത്തി.

' നിങ്ങളും കൂടി ഇങ്ങിട്ട് പോരിന്‍ ' ചാമി ക്ഷണിച്ചു ' നമുക്ക് ഒന്നിച്ച് കൂടാലോ '.

സുന്ദരന്‍ ചിരിച്ചു.

' ചാമി, സരോജിനിയോട് ചായ ഉണ്ടാക്കാന്‍ പറയ്യോ '.

' ഇപ്പൊ തന്നെ പറയാം. എന്നിട്ട് വേണം കുപ്പ്വോച്ചനോട് മൂപ്പര് വന്ന വിവരം പറയാന്‍ ' ചാമി പോയി.

' കേട്ടില്ലെ ചാമി പറഞ്ഞത് '.

' എനിക്കും അവിടെ നിന്ന് മാറണം എന്നുണ്ട് '.

സുന്ദരന്‍ മനസ്സിലുള്ള പരിപാടികള്‍പറഞ്ഞു. ജോലിയിലുള്ളപ്പോള്‍ ഒരു വീട് ഉണ്ടാക്കിയതെ മുതല് എന്ന് പറയാനുള്ളു. അന്ന് കൈനീട്ടം കാശിന്ന് സ്ഥലം കിട്ടി. ഇപ്പോള്‍ ചുറ്റുപാടും നിറയെ പീടികകളും
പെട്രോള്‍ പമ്പും സിനിമാ തിയേറ്ററും ഒക്കെ ആയി. മോഹ വിലയ്ക്ക് അത് വാങ്ങാന്‍ ആളുണ്ട്. ഉള്ള സമ്പാദ്യം കൊണ്ട് രണ്ട് പെണ്‍മക്കളെ കല്യാണം കഴിപ്പിച്ച് അയച്ചു. ഇനി ഒന്നുള്ളതിനെ പറഞ്ഞയക്കാന്‍
വീട് വില്‍ക്കണം . കല്യാണ ചിലവ് കഴിച്ച് മിച്ചം കൊണ്ട് വേറെ എവിടേക്കെങ്കിലും മാറി താമസിക്കണം. പറ്റുമെങ്കില്‍ വില കുറവുള്ള സ്ഥലത്ത് കുറച്ച് ഏറെ ഭൂമി കിട്ടിയാല്‍ എന്തെങ്കിലും കൃഷി ചെയ്യാം. പെന്‍ഷന്‍ കിട്ടുന്നതുകൊണ്ട് ഒന്നിനും മതിയാകുന്നില്ല. ഒന്ന് രണ്ട് ദിക്കില്‍ രാത്രി വാച്ച്‌മാനായി നിന്നു. കളവ് കൂടുതലായപ്പോള്‍ ഒറ്റയ്ക്ക് രണ്ട് സ്ത്രീകളെ വീട്ടിലാക്കി പോവാന്‍ ഭയം. ഇപ്പോള്‍ സിനിമാ തിയേറ്ററില്‍ ടിക്കറ്റ് കീറാന്‍ നില്‍ക്കുന്നുണ്ട്. അതായതോണ്ട് പത്ത് മണിക്ക് മുമ്പ് വീടെത്താം.

' എന്നാല്‍ ഇങ്ങോട്ട് വരൂ ' വേണു പറഞ്ഞു ' ബാക്കീയുള്ള ജീവിതം നമുക്കൊക്കെ ഒന്നിച്ച് കഴിയാം '.

സുന്ദരന്‍ സമ്മത ഭാവത്തില്‍ തലയാട്ടി. ചാമി ചോറ്റു പാത്രത്തില്‍ ചായയുമായി എത്തി , പുറകെ നാണു നായരും എഴുത്തശ്ശനും .

Tuesday, March 22, 2011

നോവല്‍ - അദ്ധ്യായം -128.

മില്ലിന്‍റെ മുറ്റത്ത് കാര്‍ നിര്‍ത്തി സുകുമാരന്‍ ഇറങ്ങി. ഓഫീസ് മുറിയില്‍ കയറിയപ്പോള്‍ രാധാകൃഷ്ണന്ന് പകരം വേലായുധന്‍കുട്ടിയാണ്.

' മാമാ. രാധാകൃഷ്ണന്‍ എവിടെ ' അവന്‍ ചോദിച്ചു.

' ബാങ്കില്‍ പോയി. കൊടുത്ത ഒരു ചെക്ക് മടക്കാന്‍ വെച്ചിട്ടുണ്ട് എന്ന് മാനേജര്‍ വിളിച്ചു പറഞ്ഞു. ഞങ്ങളുടെ കണക്ക് പ്രകാരം അക്കൌണ്ടില്‍ പണം ഉണ്ട്. അത് അന്വേഷിക്കാന്‍ ചെന്നതാ '.

കൂടുതല്‍ സംഭാഷണത്തിന്ന് സുകുമാരന്‍ മുതിര്‍ന്നില്ല.

' എങ്കില്‍ ഞാന്‍ പോട്ടെ. എനിക്കും ബാങ്കില്‍ ചെല്ലാനുണ്ട്. അവിടെ വെച്ച് കാണാം 'അയാള്‍ പറഞ്ഞു.

സുകുമാരന്‍ വഴിക്കുവെച്ചു തന്നെ രാധാകൃഷ്ണനെ കണ്ടു. ഇരുവരും കാറുകള്‍ തണുപ്പത്ത് നിര്‍ത്തി പുറത്തിറങ്ങി.

' പെണ്ണ് കാണാന്‍ പോവുന്നു എന്ന് പറഞ്ഞിട്ടെന്തായി ' സുകുമാരന്‍ ചോദിച്ചു.

' പോയി കണ്ടു '.

' എന്നിട്ട് '.

' ഒന്നും തീരുമാനിച്ചില്ല '.

' അതെന്തേ '.

' അച്ഛനും അമ്മയും അഭിപ്രായമൊന്നും പറഞ്ഞില്ല '.

' നിനക്കെന്താ തോന്നിയത് '.

' തെറ്റില്ലാ എന്ന് '.

' അത് മതി. ഇനി മുന്നോട്ട് നീങ്ങ് '

' ഞാന്‍ മാത്രം വിചരിച്ചാല്‍ പോരല്ലോ ' കൂടുതല്‍ എന്തെങ്കിലും അതിനെക്കുറിച്ച് പറയാന്‍ ഒരു വിഷമം. അയാള്‍ വിഷയം മാറ്റി ' നിന്‍റെ കാര്യം മുടങ്ങീന്ന് കേട്ടു '.

' മുടങ്ങിയതല്ല. യോജിക്കില്ല എന്ന് തോന്നിയതുകൊണ്ട് വേണ്ടാന്ന് വെച്ചതാണ് '.

' വേറേയും ചിലതൊക്കെ കേട്ടു ' രാധാകൃഷ്ണന്‍ പറഞ്ഞു ' ആ പെണ്ണിനെ നിങ്ങളാ കൊല്ലിച്ചതെന്ന് '.

' ആര്‍ക്കും വെട്ടി പൊളിച്ച വായകൊണ്ട് എന്തും പറയാലോ. നൂറ് ഉറുപ്പിക കാണിച്ചാല്‍ വാലാട്ടി പിന്നാലെ വരുന്ന സാധനത്തിനെ കൊല്ലിച്ചിട്ട് കേസ്സില്‍ ചെന്ന് ചാടാന്‍ ആരെങ്കിലും മിനക്കെട്വോ '.

' അതും ശരിയാണ് ' രാധാകൃഷ്ണന്‍ സംഭാഷണം ദീര്‍ഘിപ്പിക്കാന്‍ നിന്നില്ല ' അച്ഛന് പോവാന്‍ സമയം ആയി. ഞാന്‍ പോട്ടെ '

കാറുകള്‍ എതിര്‍ ദിശകളിലേക്ക് നീങ്ങി.

***********************************************

' വാടിയോ, പഴുത്ത്വോ ' എഴുത്തശ്ശന്‍ ചോദിച്ചത് രാധാകൃഷ്ണന്ന് മനസ്സിലായില്ല. അയാള്‍ മിഴിച്ചു നിന്നു.

' മേപ്പട്ട് നോക്കി നിക്കണ്ടാ. ഇന്നലെ പെണ്ണ് കാണാന്‍ പോണൂന്ന് പറഞ്ഞില്ലേ. അതിന്‍റെ കാര്യം ചോദിച്ചതാ '.

' കാണാന്‍ പോയി '.

' എന്നിട്ട് എന്തായി '.

' ഒന്നും തീരുമാനിച്ചിട്ടില്ല '.

' അതെന്താ. കുട്ടി കാണാന്‍ നന്നല്ലേ '.

' കാണാന്‍ നന്ന്. പഠിപ്പും ഉണ്ട്. കുടുംബവും തെറ്റില്ല '.

' പിന്നെന്താ കുറവ് '.

' പെണ്‍കുട്ടിക്ക് ഒരു ഏട്ടനുണ്ട്. കാല് രണ്ടും മെലിഞ്ഞ് നടക്കാന്‍ പറ്റാത്ത ആള്‍. സംസാരിക്കാനും പറ്റില്ല '.

' പിറവീലേ അങ്ങിന്യാണോ '.

' അല്ല. മൂന്നാമത്തെ വയസ്സില്‍ ഒരു പനി വന്നു. അതിന്ന് ശേഷം ആയതാ '.

" അത് കാരണം വേണ്ടാന്ന് വെച്ച്വോ '.

' അമ്മയ്ക്ക് പിടിച്ചില്ല. നാലാളുടെ മുമ്പില്‍ അളിയനാണ് എന്നു പറഞ്ഞ് എങ്ങിനെ കാണിക്കും എന്നാ ചോദിക്കുന്നത് '.

' ഞാന്‍ ഒരു കാര്യം പറയട്ടെ ' എഴുത്തശ്ശന്‍ ചോദിച്ചു.

' മുത്തശ്ശന്‍ പറഞ്ഞോളൂ '.

' നിനക്കാണ് ഇത് വന്നതെങ്കിലോ. അത് കാരണം നിന്‍റെ പെങ്ങളുടെ കല്യാണം മുടങ്ങിയാല്‍ നിനക്കെത്ര സങ്കടം വരും '.

' അത് ശരിയാണ് '.

' നിനക്ക് കുട്ടിയും ചുറ്റുപാടും ഇഷ്ടായീച്ചാല്‍ ' ഇത് മതി ' എന്ന് തുറന്ന് പറയണം. അതാണ് ആണത്തം . പിന്നെ ഒരു കാര്യം എപ്പഴും മനസ്സിലുണ്ടാവണം '.

' എന്താ അത് '.

' ശരീരത്തിന്ന് കോട്ടവും കുറവും ഉണ്ടാവുന്നത് ഒരു തെറ്റല്ല. അതൊക്കെ ആര്‍ക്കും എപ്പഴും വരാം. നമ്മള് മരിക്കുന്നത് വരെ നമ്മടെ കയ്യോ കാലോ കണ്ണോ ദേഹത്തില്‍ തന്നെ ഉണ്ടാവും എന്ന് ഉറപ്പുണ്ടോ '.

' ഇല്ല '.

' അതാ പറഞ്ഞത്. കെട്ടുന്ന പെണ്ണിന്ന് കേടൊന്നും ഇല്ല. അത് മതി. അതിനപ്പുറത്തേക്ക് പോണ്ടാ. പിന്നെ ദേഹത്തിന്ന് വയ്യാത്ത ആളാണ് എന്ന പരിതാപം കൊണ്ട് നീ അവന്‍റെ പെങ്ങളെ കെട്ടണ്ടാ. നാളെ മേലില്‍ അത് വിഷമം ഉണ്ടാക്കും. അവനെ സ്വന്തം ആളായി നിനക്ക് സ്നേഹിക്കാന്‍ പറ്റുംന്ന് ഉറപ്പുണ്ടെങ്കില്‍ നീ ആ പെണ്ണിനെ കെട്ടണം. മനുഷ്യന്‍റെ സ്നേഹൂം ഈശ്വരന്‍റെ അനുഗ്രഹൂം അപ്പൊ നിനക്ക് കിട്ടും '.

രാധാകൃഷ്ണന്‍ മനസ്സിലാവാത്ത മട്ടില്‍ നിന്നു.

' മനുഷ്യന്‍റെ സ്നേഹം എന്ന് പറഞ്ഞത് എന്താന്ന് നിനക്ക് മനസ്സിലായോ. സുഖം ഇല്ലാത്ത ആ ചെക്കന്‍റെ ബന്ധുക്കളെ ഒന്ന് ആലോചിക്ക്. ആ കുറവ് കണക്കിലെടുക്കാതെ പെണ്ണിനെ കെട്ടാന്‍ തെയ്യാറായ നിന്നെ അവര് മനസ്സുകൊണ്ട് പൂവിട്ട് പൂജിക്കും '.

ആ വാക്കുകള്‍ രാധാകൃഷ്ണന്‍റെ മനസ്സില്‍ തട്ടി.

' മുത്തശ്ശന്‍ പറഞ്ഞതാണ് ശരി ' അവന്‍ പറഞ്ഞു ' ഞാനും അത് ആലോചിക്കാത്തതല്ല. എന്താ വേണ്ടത് എന്നൊരു സംശയം ഉണ്ടായി. ഇപ്പൊ അത് തീര്‍ന്നു '.

' മുത്തശ്ശന്‍ പറഞ്ഞൂന്ന് വെച്ചിട്ട് ആവരുത്. നിനക്കും കൂടി ബോദ്ധ്യാവണം '.

' എനിക്ക് ബോധിച്ചു. ഞാന്‍ എന്‍റെ അഭിപ്രായം പറയാം '.

തിരിച്ചു പോരുമ്പോള്‍ എഴുത്തശ്ശന്‍ പറഞ്ഞതാണ് അയാളുടെ മനസ്സില്‍. ആലോചന കൊണ്ടു വരുമ്പോഴേ മേനോനങ്കിള്‍ ഈ കാര്യം പറഞ്ഞിരുന്നതാണ്. അപ്പോള്‍ അതത്ര കാര്യമാക്കിയില്ല. അമ്മ ഭവിഷ്യത്തുകള്‍ പറഞ്ഞപ്പോഴാണ് ആശയക്കുഴപ്പം ഉണ്ടായത്. അത് നീങ്ങി. ഇനി അടുത്ത പടി.

മോട്ടോര്‍ സൈക്കിള്‍ മെയിന്‍ റോഡിലെത്തി.

++++++++++++++++++++++++++++++++++++++++

മകര ചൊവ്വ ദിവസം എഴുത്തശ്ശന്‍ ചങ്കരനെ കണ്ടു. ചൊവ്വായൂട്ടിന്ന് എത്തിയതായിരുന്നു അവന്‍.

' നിന്‍റെ അപ്പന്‍ രക്കന്‍ ഇപ്പഴും ഉണ്ടോടാ ' എഴുത്തശ്ശന്‍ അവനെ വിളിച്ച് ചോദിച്ചു.

' ഉണ്ട്. നിങ്ങളാല്‍ ചിലരുടെ കുരുത്തം കൊണ്ട് കേടില്ലാതെ അങ്ങിനെ പോണൂ '.

' ഇപ്പൊ എവിട്യാ അവന്‍റെ താമസം '.

' ഒടുക്കത്തെ അനിയന്‍ രാമന്‍റെ കൂടെ ഒലവക്കോടാണ് '.

' ആ ചെക്കന് റെയില്‍വെയിലല്ലേടാ പണി '.

' അതെ. ഗ്യാങ്ങിലാണ് '.

' രക്കന്‍ ഇങ്ങോട്ടൊക്കെ വരാറുണ്ടോടാ. ഇശ്ശി കാലം ആയി കണ്ടിട്ട്. കാണണംന്ന് ഒരു മോഹം '.

' കുറെയായി അപ്പന്‍ ഇങ്ങിട്ട് വന്നിട്ട്. രാമന്‍റെ മകള്‍ക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട്. ആ കാര്യം സംസാരിക്കാന്‍ ഈ ഞായറാഴ്ച അവന്‍ വരും. അന്ന് അപ്പനും കൂടെ ഉണ്ടാവും '.

' വന്നാല്‍ വിവരം താ. ഞാന്‍ വന്ന് കണ്ടോളാം '.

' അയ്യോ. അതൊന്നും വേണ്ടാ. അപ്പന്‍ ഇങ്ങിട്ട് വരും '.

' ഞാന്‍ കളപ്പുരേല് ഉണ്ടാവും ' എഴുത്തശ്ശന്‍ പറഞ്ഞു നിര്‍ത്തി.

പറഞ്ഞതു പോലെ ഞായറാഴ്ച രക്കന്‍ കളപ്പുരയില്‍ എത്തി. വാസ്തവത്തില്‍ എഴുത്തശ്ശന്‍ അയാളെ കാത്തിരിക്കുകയായിരുന്നു.

പടിക്കല്‍ എത്തിയ രക്കനെ എഴുത്തശ്ശന്‍ ചെന്ന് സ്വീകരിച്ചു.

' ഞാന്‍ ഉച്ചയാവുമ്പോ വരാം ' എന്നും പറഞ്ഞ് ചങ്കരന്‍ പോവാനൊരുങ്ങി.

' നീ ഉച്ചക്കൊന്നും വരണ്ടാ. വൈകുന്നേരത്തെ ഞാന്‍ ഇവനെ പറഞ്ഞയക്കൂ ' എഴുത്തശ്ശന്‍ പറഞ്ഞു.

രക്കനെ ഉമ്മറത്തിണ്ടിലിരുത്തി എഴുത്തശ്ശന്‍ പ്രാതല്‍ വിളമ്പി.

' ഇപ്പൊന്നും വേണ്ടാ. ഞാന്‍ കഴിച്ചതാണ് ' രക്കന്‍ ഭക്ഷണം വേണ്ടെന്ന് പറഞ്ഞു.

' നീ കഴിച്ചിട്ടൊക്കെ ഉണ്ടാവും. പക്ഷെ നിന്‍റെ കൂടെയിരുന്ന് ഇത്തിരി കഞ്ഞിയെങ്കിലും കുടിക്കണം എന്ന് എന്‍റെ മനസ്സില് ഒരു മോഹം '.

' അത് ഇല്ലാണ്ടിരിക്ക്യോ ' രക്കന്‍റെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു ' കാവല്‍ ചാളേല് ഒന്നിച്ചിരുന്ന് എത്ര കഞ്ഞി കുടിച്ചതാ നമ്മള് രണ്ടാളും '.

' അന്നത്തെ കാര്യം ഒന്നും പറയണ്ടാ. എനിക്ക് പത്ത് മുപ്പത്തി രണ്ട് വയസ്സ് ഉണ്ടാവും. നിനക്ക് ഇരുപതോ ഇരുപത്തൊന്നോ. രണ്ടാളടേം കല്യാണം കഴിഞ്ഞിരുന്നു. എന്നിട്ടും രാത്രിയാവാന്‍ കാത്തിരിക്കും, കാവല്‍ ചാളേല് ഒത്തു കൂടാന്‍. അവിടെ എത്ത്യാല്‍ നിന്‍റെ ഒരു പാട്ടുണ്ട്. എത്ര കേട്ടാലും മതിയാവില്യാ '.

' ഇന്നത്തെ കുട്ട്യേളക്ക് അത് വല്ലതും അറിയ്യോ. നിങ്ങള് കഥ പറയും. ഞാന്‍ അതും കേട്ടോണ്ട് നേരം വെളുക്കും വരെ ഇരിക്കും '.

' ഉറക്കം എന്നത് ഉണ്ടാവില്ല '.

' ഉറങ്ങാന്‍ പാട്വോ. പന്നി വന്നാല്‍ അറിയണ്ടേ '.

ആഹാരം കഴിഞ്ഞ് രണ്ടുപേരും എഴുന്നേറ്റു. എഴുത്തശ്ശന്‍ രക്കനെ അകത്തേക്ക് കൂട്ടിച്ചെന്ന് വേണുവിന്ന് പരിചയപ്പെടുത്തി.

' വേണ്വോ, ഇതാണ് ഞാന്‍ നിന്നോട് പറഞ്ഞ രക്കന്‍. വന്നിട്ട് കുറച്ച് നേരായി. നീ മയങ്ങ്വാണോന്ന് തോന്നീട്ട് വിളിക്കാതിരുന്നതാ '.

വേണു രക്കനെ കൈകൂപ്പി അഭിവാദ്യം ചെയ്തു.

' ഈ കളപ്പുരടെ ഉടമസ്ഥനാണ്. ഞാന്‍ ഇവിടെ കൂടുന്നു എന്നേയുള്ളു ' എഴുത്തശ്ശന്‍ പറഞ്ഞു.

' അപ്പൊ നിങ്ങടെ വീട് '.

എഴുത്തശ്ശന്‍ എല്ലാ വിവരങ്ങളും പറഞ്ഞു.

' മക്കള് നോക്കാന്‍ ഭാഗ്യം തന്നെ വേണം ' രക്കന്‍ പറഞ്ഞു ' ഈ വീട്ടില് പിന്നെ ആരാ ഉള്ളത് '.

' ഞാനും പണിക്കാരന്‍ ചാമിയും. പിന്നെ ഒരു മേനോനുണ്ട്. മൂപ്പര് ഇന്ന് ഒരു വഴിക്ക് പോയതാണ് '.

' അപ്പൊ കെട്ട്യോളും കുട്ട്യേളും ' വേണുവിനെ ഉദ്ദേശിച്ച് രക്കന്‍ ചോദിച്ചു.

ഒന്നുമില്ലെന്ന് എഴുത്തശ്ശന്‍ ആംഗ്യം കാട്ടി.

' ഞങ്ങള് വെളീല് പോയി നിന്ന് ഇത്തിരി പഴമ്പുരാണം പറഞ്ഞോട്ടെ ' അയാള്‍ വേണുവിനോട് ചോദിച്ചു.

' ഇവിടെ ഇരുന്ന് പറഞ്ഞോളൂ. എനിക്കും കേക്കാലോ'.

' രക്കാ, നീ ആ വാതില്‍ പടീല് ഇരുന്നോ ' എഴുത്തശ്ശന്‍ പറഞ്ഞു ' ഇവന്‍ ഒറ്റയ്ക്ക് ഇരുന്ന് മടുക്കണ്ടാ '.

രക്കന്‍ വാതിലും ചാരി നിലത്ത് ഇരുന്നു. പുല്ലുപായ നാലായി മടക്കി നിലത്തിട്ട് എഴുത്തശ്ശനും ഇരുന്നു.

' നിന്‍റെ കെട്ട്യോള് പെട്ടയ്ക്ക് വിശേഷിച്ച് വയ്യായ ഒന്നും ഇല്ലല്ലോടാ 'എഴുത്തശ്ശന്‍ കുടുംബവിശേഷം അന്വേഷിച്ചു.

' സുഖായിട്ട് കഴിയുണൂ. ചെക്കന്‍ പണിക്ക് പോണ്ടാന്നൊക്കെ പറയും. കേക്കില്ല. രാവിലെ നേരത്തെ ഒരു വീട്ടില് പാത്രം മോറാനും മുറ്റം അടിക്കാനും പോവും. കൊയ്യാനും കറ്റ പിടിക്കാനും ഒന്നും അവള്‍ക്ക് വയ്യ. എന്നാലും നടീലിനും കള വലിയ്ക്കാനും പോവും '.

' നല്ല കാലത്ത് എങ്ങിനെ പണി ചെയ്ത ആളാ അവള്. ഇപ്പഴും ആ നെനവായിരിക്കും '.

' അതൊന്നും ആലോചിച്ചാല്‍ അന്തം കിട്ടില്ല. ആ കാലത്ത് നേരം വെളുക്കും മുമ്പ് അവള് എണീക്കും. ചപ്പോ ചവറോ അടിച്ചു കൂട്ട്യേത് കത്തിച്ച് കഞ്ഞി വെക്കും. കുട്ട്യേളെക്ക് കൊടുത്ത് കഴിച്ചൂ കഴിച്ചില്ലാ എന്ന് മട്ടില് ഇത്തിരി മോന്തി നേരത്തിന് പണിക്കെത്താന്‍ ഒറ്റ ഓട്ടാണ്. അതേ പോലെ മോന്ത്യാമ്പൊ പണി കഴിഞ്ഞ് കൂലി കിട്ട്യാല്‍ അതും കൊണ്ട് മാറ്റം വാങ്ങാന്‍ പീടീലിക്ക് ഒരു പോക്കുണ്ട് '.

' അതെന്താ അമ്മാമേ മാറ്റം വാങ്ങുക എന്ന് പറഞ്ഞാല്‍ '.

' ഇന്നത്തെപ്പോലെ അന്ന് കൂലി പണമായിട്ട് കിട്ടില്ല. നെല്ലേ കിട്ടൂ. അതില്‍ നിന്ന് രണ്ടോ നാലോ നാഴി നെല്ല് പീടികയില്‍ കൊടുത്ത് വെറ്റില മുറുക്കാനും മല്ലീം മുളകും ചിലപ്പൊ ഉണക്ക നങ്കി മീനും വാങ്ങും. അതിനാ മാറ്റം വാങ്ങ്വാ എന്ന് പറയിണത് '.

' അതും കഴിഞ്ഞ് തോട്ടിലോ പുഴേലോ ഒന്ന് മുങ്ങീട്ട് വീടെത്തുമ്പൊ ഇരുട്ടാവും ' രക്കന്‍ തുടര്‍ന്നു ' എന്നിട്ട് വേണം അന്ന് കിട്ട്യേ നെല്ല് വറത്ത് കുത്തി അരിയാക്കി കഞ്ഞി വെക്കാന്‍ . അത് കുടിച്ച് കിടക്കുമ്പൊ നേരം പാതിര ആവും '.

മുമ്പുകാലത്ത് കര്‍ഷകതൊഴിലാളി സ്ത്രീകള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ കുറച്ചൊന്നുമല്ലെന്ന് വേണു ഓര്‍ത്തു. അയാളത് പറയുകയും ചെയ്തു.

' നിനക്കറിയണോ ' എഴുത്തശ്ശന്‍ പറഞ്ഞു 'ഇതിനും പുറമെയാണ് ഒന്നും രണ്ടും കൊല്ലം കൂടുമ്പോള്‍ ഉണ്ടാവാറുള്ള പ്രസവങ്ങള്‍. പണിക്ക് വന്ന ദിക്കില്‍ നിന്ന് പേറ്റുനോവ് തുടങ്ങുമ്പൊ പുരയിലേക്ക് ഓടി ചെന്ന് അവര് പ്രസവിക്കും. കുറച്ച് ദിവസം കഴിഞ്ഞാല്‍ പണിക്ക് പോവാനും തുടങ്ങും '.

' ആണുങ്ങള്‍ക്കെന്താ കഷ്ടപ്പാടിന്ന് കമ്മി. നേരം പുലരുമ്പൊ പണിക്ക് എത്ത്യാല്‍ ഇരുട്ടാവുന്നത് വരെ പണിയാണ്. അതിന്നും പുറമെ വെള്ളം തേവാനും കാവല് കിടക്കാനും ചെല്ലണം ' രക്കന് പുരുഷന്മാര്‍ അനുഭവിച്ച കഷ്ടതകളെ കുറച്ച് കാണാന്‍ വയ്യ.

' നിനക്ക് ഓര്‍മ്മ ഉണ്ടോടാ നമ്മള് തോട്ടിലും പുഴേലും കെട കെട്ടി വെള്ളം തേകി നനച്ചത് 'എഴുത്തശ്ശന്‍ ചോദിച്ചു.

' പിന്നില്ലാണ്ടെ. എട്ടടി പത്തടി നീട്ടത്തിലുള്ള മുളകള്‍ മണ്ണില്‍ അടിച്ചെറക്കും. പിന്നെ തൂപ്പും തോലും വെട്ടി അതിന്ന് മുമ്പില് അടുക്കും. ഒരു ഭാഗത്ത് കൂടി വെള്ളം പോവാന്‍ വഴി വിട്ടിട്ട് നന്നായിട്ട് ചേറ് പൊതിയും. ഒടുക്കം വെള്ളം പോണ വഴി അടയ്ക്കും '.

ആ നാടന്‍ എഞ്ചിനീയറിങ്ങ് രീതി വേണുവിന്ന് നന്നെ പിടിച്ചു.

' പിന്നെ വെള്ളം തേക്കാണ്. കുണ്ടു മുറത്തിന്‍റെ രണ്ടു ഭാഗത്തും ഓരോ മുളക്കഷ്ണം കെട്ടി ഉറപ്പിച്ച് വെക്കും . അതില് ഈരണ്ട് കയറ് രണ്ട് ഭാഗത്തും ഇടും. രണ്ടാള് അതില്‍ പിടിച്ചിട്ട് വെള്ളം തേക്കും. ഒരു പമ്പും വരില്ല അതിന്‍റെ അടുത്ത് ' എഴുത്തശ്ശന്‍ പോയ കാലത്തെ പണികള്‍ അനുസ്മരിച്ചു.

' കുട്ട്യേ കേക്കണോ ' രക്കന്‍ വേണുവിനോട് പറഞ്ഞു ' ഒരു തേക്ക് കൊട്ടയ്ക്ക് നാലാള് ഉണ്ടാവും. രണ്ടാളുടെ കയ്യ് തളര്‍ന്നാല്‍ പിന്നത്തെ രണ്ടാള് തേകാന്‍ തുടങ്ങും. ഒരു നാഴിക രണ്ടു നാഴിക കഴിയുമ്പൊ വയ്യാണ്ടാവും. നമ്മടെ ഈ മൂപ്പരക്ക് ക്ഷീണം എന്നൊന്ന് ഇല്ല. ആര് കയറ് മാറ്റിയാലും മൂപ്പര് മാറില്ല '.

എഴുത്തശ്ശന്‍ ചിരിച്ചു ' പറഞ്ഞിട്ടെന്താ കാര്യം. ആ കാലോക്കെ പോയില്ലേ '.

' അന്നത്തെപ്പോലത്തെ കൃഷിക്കാര് വല്ലോരും ഇന്നു കാലത്തുണ്ടോ. എന്തിനാ പറയിണത് അന്നത്തെ വല്ല ചടങ്ങും ഇന്ന് കാലത്ത് ഉണ്ടോ '.

' അത് ശരിയാ ' എഴുത്തശ്ശന്‍ പറഞ്ഞു ' മുമ്പൊക്കെ വിഷു ദിവസം ചാലിടും. കണ്ടത്തിന്‍റെ മൂലയ്ക്കലാ പൂജ. അവിലും പൊരീം പഴൂം വെല്ലൂം ഒക്കെ പൂജയ്ക്ക് വെക്കും. പണിക്കാരില്‍ മൂത്ത ആളാണ് പൂജ ചെയ്യുക. പൂജ കഴിഞ്ഞാല്‍ വിത്ത് വിതയ്ക്കും. ചിലര് കുറച്ച് ദൂരും കന്ന് പൂട്ടും. പടക്കം പൊട്ടിക്കും. ആക്കപ്പാടെ കാണണ്ട കൂട്ടത്തിലാ ചാലിടല് '.

' അത് പോലെത്തന്ന്യാ നീറയും പുത്തിരീം. വാവ് കഴിഞ്ഞ ഞായറാഴ്ച നിറക്കാനും അമ്മാമന്‍റെ മകളെ സംബന്ധം ചെയ്യാനും നാളും മുഹൂര്‍ത്തം നോക്കണ്ടാന്ന് പറയും ' രക്കന്‍റെ ഓര്‍മ്മയില്‍ പഴയ കാലത്തെ ചടങ്ങുകള്‍ എത്തി.

' നെല്ലിന്‍റെ വിളഞ്ഞ കതിര് മുറിച്ച് ഉഴിഞ്ഞ വള്ളിടെ ഒപ്പം നാക്കിലയില്‍ വെച്ച് പണിക്കാരന്‍ പടിക്കല്‍ കൊണ്ടു വന്നു വെക്കും . അവിടെ വെച്ച് നാളികേരം ഉടച്ച് കതിരില്‍ വെള്ളം ഒഴിക്കും . നിലവിളക്ക് കത്തിച്ച് പിടിച്ച് വീട്ടുകാരി മുമ്പില്‍ നടക്കും. കാരണോര് നാക്കില തലയിലേറ്റി ഒപ്പം നടക്കും. അതിന്‍റെ പിന്നാലെ എല്ലാരും കൂടി നിറ നിറ പൊലി പൊലി എന്നും പറഞ്ഞ് കതിര് വീട്ടിന്‍റെ ഉള്ളിലേക്ക് കൊണ്ടുവരും. പീഠത്തില്‍ അത് വെച്ച് പൂജിക്കും. വാതിലില്‍ അരിമാവുകൊണ്ട് അണിയും. എന്നിട്ട് ഒരോ കതിര്ചാണകം വെച്ച് ഒട്ടിക്കും ' എഴുത്തശ്ശന്‍ വിവരിച്ചു ' അതുപോലെ ചെറു പുത്തിരീം വലിയ പുത്തിരീം ഉണ്ടാവും '.

' എന്തിനാ പറയിണത്. ഉച്ചാറല് കഴിഞ്ഞില്ലേ ഇന്നാള്. വല്ലോരും അറിഞ്ഞ്വോ. ഉച്ചാറല്‍ ദിവസം വിത്തും നെല്ലും കയ്യോണ്ട് തൊട്വോ 'രക്കന്ന് അതായിരുന്നു സങ്കടം.

' പണ്ടൊക്കെ ഉച്ചാറലിന്ന് എണ്ണപ്പൊതി ഉണ്ടാക്കും ' എഴുത്തശ്ശന്‍ പറഞ്ഞു ' എന്തൊരു സ്വാദാ അതിന്. അരി മാവും നാളികേരപൂളും ചക്കര പാനീം കൂടി ഇളക്കി വാഴയില കുമ്പിള്‍ കുത്തി അതില്‍ ഒഴിച്ച് ആവിയില്‍ വേവിക്കും. അങ്ങിനെയാണ് എണ്ണപ്പൊതി ഉണ്ടാക്കാറ്. ചിലര് ചക്കരയ്ക്ക് പകരം വെല്ലം ഉരുക്കി ഒഴിച്ച് ഉണ്ടാക്കും '.

' പാലക്കാടിന്ന് പടിഞ്ഞാട്ട് ചെന്നാല് ഈ മാസം കതിര്‍ വേല എന്നൊരു പതിവുണ്ട് ' രക്കന്‍ പറഞ്ഞു ' നെല്ലിന്‍റെ കതിര് വട്ടത്തില്‍ മെടഞ്ഞ് കതിര്‍ക്കുലയും പനമ്പട്ട കൊണ്ട് കൂടും ഉണ്ടാക്കും. വേല കഴിഞ്ഞ് കൊണ്ടു വരുന്ന കതിര്‍ക്കുലയും കൂടും അവിടുത്തെ തമ്പ്‌രാന്‍ വീടുകളില് കെട്ടി തൂക്കും '.

' അതൊക്കെ ഒരു ഐശ്വര്യം തന്നെയാണേ ' എഴുത്തശ്ശന്‍ പറഞ്ഞു ' പത്മാവതിടെ വീട്ടില് ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ന് കതിര് മെടയാന്‍ അറിയിണ വല്ലോരും നാട്ടിലുണ്ടോ '.

ഉമ്മറത്ത് ശബ്ദം കേട്ടപ്പോള്‍ രക്കന്‍ നോക്കി. അയാള്‍ക്ക് വന്ന ആളെ മനസ്സിലായില്ല.

' ആരാന്ന് മനസ്സിലായില്ല ' അയാള്‍ പറഞ്ഞു. എഴുത്തശ്ശന്‍ ചെന്നു നോക്കിയപ്പോള്‍ ചാമിയാണ്.

' എന്താടാ നിന്‍റെ തോര്‍ത്തില് ' അയാള്‍ ചോദിച്ചു.

' തൊവരയ്ക്കയാണ് ' ചാമി പറഞ്ഞു.

' നല്ലോണം വേവുണ ചേന പറിച്ചതുണ്ട്. അതും തുവരമണീം കൂടി മിഴുക്ക് പുരട്ടി ഉണ്ടാക്കാന്‍ പറ. ഇന്ന് ഉച്ചയ്ക്ക് ഉണ്ണാന്‍ ഒരാളും കൂടീണ്ട് '.

' ആരാ വന്നിരിക്കിണത് '.

' അതൊക്കെ പറയാടാ. നീ അത് കൊണ്ടുക്കൊടുത്ത് എളുപ്പം വാ '.

ചാമി നാണു നായരുടെ വീട്ടിലേക്ക് നടന്നു.

'ഉമ്മറത്ത് നല്ല തണുവുണ്ട് ' രക്കന്‍ പറഞ്ഞു ' വെയിലിന്‍റെ ചൂട് അറിയിണില്ല '.

' ഇത് പട്ടപ്പുര ആയിരുന്നു ' എഴുത്തശ്ശന്‍ പറഞ്ഞു ' അപ്പൊ വീട്ടിന്‍റെ ഉള്ളിലും അസ്സല് തണുപ്പുണ്ടായിരുന്നു. ഇന്നാളാണ് മേപ്പുര പൊളിച്ച് ഓടിട്ടത് '.

' പണ്ടത്തെ ഞങ്ങടെ കൂട്ടക്കാരുടെ ചാള ഓര്‍മ്മീണ്ടോ. അധികം ഉയരം ഉണ്ടാവില്ല. ഉമ്മറത്തിന്ന് നോക്കിയാല്‍ വാതില്‍ക്കല് നിക്കുന്നോരെ കൂടി കാണില്ല. എന്നാലും ഒരു ഗുണം ഉണ്ട്. ഇടിയും മഴയും കാറ്റും വെയിലും ഒന്നും ചാളടെ ഉള്ളില്‍ അറിയില്ല. പോരാഞ്ഞിട്ട് അകത്ത് എപ്പഴും നല്ല തണുവായിരിക്കും '.

' അത് നിലത്തിന്‍റെ ഗുണം കൊണ്ടാണ് '.

' അധികം ആള്‍ക്കാരും നിലം ചാണകം മെഴുകും. ചിലര് ചുണ്ണാമ്പ് നീറ്റിയതും ചിരട്ടക്കരീം കൂടി കലക്കി ഒഴിച്ച് മിനുസ്സൂള്ള കല്ലോണ്ട് ഉരച്ച് മിനുപ്പിക്കും. കാവി ഇടുന്നോരും ഉണ്ട് '.

' ഒക്കെ പോയി അല്ലേടാ രക്കാ '.

' സിമിന്‍റ് വന്നതോടെ എല്ലാം മാറി. സിമിന്‍റിട്ട നിലത്തില് ചവിട്ടി നടന്നിട്ട് മനുഷ്യന് വാത കടച്ചില് മാറിയ നേരം ഇല്ല '.

' കാലം മാറുമ്പൊ കോലൂം മാറും. അല്ലാണ്ടെന്താ '.

വിമാനത്തിന്‍റെ ശബ്ദം അകലെ നിന്ന് കേട്ടു തുടങ്ങി.


Monday, March 21, 2011

ഏഴാം നമ്പര്‍ 

ഇന്ന് മാര്‍ച്ച് മാസം 21. മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേ ദിവസമാണ് ഞാന്‍ വിവാഹിതനായത്. യാദൃശ്ചികമെന്നോണം ഞാന്‍ എഴുതി വരുന്ന " ഓര്‍മ്മതെറ്റ് പോലെ " എന്ന നോവല്‍ ഇന്ന് മുഴുമിക്കാനായി. ആകെ 133 അദ്ധ്യായങ്ങള്‍. രണ്ട് സംഖ്യകളുടേയും തുക 7 ( 1+3+3,3+4).

സപ്തസ്വരങ്ങങ്ങള്‍ സപ്തവര്‍ണ്ണങ്ങങ്ങള്‍ എന്നൊക്കെ പറയുന്നതുപോലേ ഏഴിന്‍റെ ഒരു കളി.

Monday, March 14, 2011

നോവല്‍ - അദ്ധ്യായം - 127.

ധനുമാസം മകര മാസത്തിന്ന് വഴി മാറാന്‍ ഒരുങ്ങി. കാലാവസ്ഥ ആകപ്പാടെ മാറി. പകല്‍ സമയത്തെ ചൂട് കൂടി വന്നു. സായം സന്ധ്യകളില്‍ പടിഞ്ഞാറന്‍ ചക്രവാളം നിറങ്ങള്‍ വാരിപ്പൂശി സുന്ദരി ചമഞ്ഞു. രാത്രിയോടൊപ്പം മഞ്ഞും തണുപ്പും വിരുന്നിനെത്തി. പുഴവെള്ളത്തെ തട്ടി മാറ്റി മണല്‍ തിട്ട് സ്ഥലം കയ്യേറി കൊണ്ടിരുന്നു. ഇത്രയും കാലം വെള്ളത്തിന്നടിയില്‍ ഒളിച്ചിരുന്ന പാറക്കെട്ടുകള്‍ മെല്ലെ ശിരസ്സ് പൊങ്ങിച്ചു തുടങ്ങി. മരച്ചില്ലകളെ വിറപ്പിച്ച് രാവും പകലും ഒരുപോലെ കാറ്റ് വീശി.

' മേല് മൊളിഞ്ഞിട്ട് നീറാന്‍ തുടങ്ങി. എന്തൊരു കാറ്റാണപ്പാ ' നാണു നായര്‍ പരാതിപ്പെട്ടു.

' അതേയ്. ഒരോ കാലത്ത് കാറ്റും തണുപ്പും മഴയും വെയിലും ഒക്കെ ഉണ്ടാവും. ശരിക്കുള്ള കാറ്റ് വരാന്‍ പോണേ ഉള്ളു. മകരത്തില്‍ മരം പൊളിക്കും. കുംഭത്തില്‍ കുടം ഉരുട്ടും എന്നല്ലേ പറയാറ്. നമ്മള് അതാത് കാലത്തിന്ന് യോജിച്ച മട്ടില് കഴിയണം. എന്നാല്‍ ഏത് കാലത്തും ഒരു കുഴപ്പൂം ഉണ്ടാവില്ല ' എഴുത്തശ്ശന്‍ കൂട്ടുകാരനെ ഉപദേശിച്ചു.

' അതെന്താണാവോ '.

' നിങ്ങള് എന്‍റെ ദേഹത്തൊന്ന് നോക്കിന്‍. എനിക്ക് വയസ്സ് എണ്‍പത്താറ് ആയീന്ന് ആരെങ്കിലും പറയ്യോ. ഒരു ചുളിവ് ഇല്ല എന്‍റെ ശരീരത്തില്. ദിവസൂം സന്ധ്യ കഴിഞ്ഞാല്‍ മേല് മുഴുവന്‍ നല്ലെണ്ണ പുരട്ടി ഞാന്‍ കുറെ നേരം നില്‍ക്കും . തെങ്ങിന്‍റെ ചോട്ടില് ഒരു കുട്ടകം നിറച്ച് വെള്ളം കോരി വെക്കും. ചെറുപയറ് അരച്ചെടുത്തത് തേച്ച് മിഴുക്കെളക്കി അതങ്ങന്നെ ഞാന്‍ മേലില് പാര്‍ന്ന് കഴുകി കളയും. നിങ്ങടെ മാതിരി ഞാന്‍ സോപ്പൊന്നും തേക്കാറില്ല '.

' ഇതെ ഉള്ളൂച്ചാല്‍ ഞാനും അതൊന്ന് ചെയ്ത് നോക്കട്ടെ '.

' ഒന്നും കൂടി പറഞ്ഞു തരാം. ചിലരക്ക് മഞ്ഞു കാലം തുടങ്ങിയാല്‍ കാലിന്നടീല് വിള്ളിച്ച വരും. അതിനും മരുന്നുണ്ട്. വേപ്പിന്‍റെ ഇലേം പച്ച മഞ്ഞളും കൂടി മയത്തില്‍ അരച്ച് ആവണക്കെണ്ണയില്‍ ചാലിച്ച് പുരട്ടണം. വിള്ളിച്ച മാറും '.

' ഇതും പ്രയാസം ഉള്ളതൊന്ന്വല്ല. എനിക്കും വിള്ളിച്ച വന്നിട്ടുണ്ട്. ഇന്നന്നെ അത് ചെയ്യണം '.

' വായേക്കൊണ്ട് പറഞ്ഞാ മാത്രം പോരാ. ഇതൊക്കെ ഒരു ശീലം ആവണം. കേട്ട പാപത്തിന് നിങ്ങള് രണ്ട് ദിവസം ചെയ്യും. പിന്നെ മുടക്കും ചെയ്യും. അങ്ങിനെ പാടില്ല '.

' ഏതായാലും നിങ്ങള് വൈദ്യം പഠിപ്പിക്ക്യല്ലേ. ഒന്നും കൂടി ചോദിച്ചോട്ടെ. സരോജിനിക്ക് ഇടക്കിടയ്ക്ക് ചെക്കിട് വേദന വരാറുണ്ട്. അതിന് എന്താ ചെയ്യണ്ടത് '.

' വിപ്പരത്തി എണ്ണ സ്പൂണിലെടുത്ത് ചൂടാക്കി ഒറ്റിക്കണം. അതും അല്ലെങ്കില്‍ കപ്പല് മുളകിന്‍റെ കുരൂം ഞെട്ടീം കളഞ്ഞ് ഉള്ളില് വെളിച്ചെണ്ണ ഒഴിച്ച് നില വിളക്കിന്‍റെ നാളത്തില്‍ കാട്ടി ചൂടാക്കി ആറിച്ച ശേഷം ചെവീല് ഒറ്റിക്കണം. വേദന പമ്പ കടക്കും '.

' നിങ്ങളെ സമ്മതിക്കണം. എവിടുന്നേ ഇതൊക്കെ പഠിച്ചത് '.

' പത്മാവതിക്ക് ദീനം വന്ന മുതല് എന്നും വൈദ്യന്‍മാരെ കാണലന്നേ പണി. അവരുടെ അടുത്തുന്ന് ഓരോന്നൊക്കെ ഞാന്‍ ചോദിച്ചു പഠിച്ചു '.

' നിങ്ങളെ കുപ്പന്‍കുട്ടിവൈദ്യരേ എന്ന് വിളിച്ചാലോ എന്നാ എന്‍റെ ആലോചന '.

ഒരു കൂട്ടച്ചിരി ഉയര്‍ന്നു. എഴുത്തശ്ശന്‍ ഒന്നും പ്രതികരിച്ചില്ല. കടന്നു പോയ നാളുകള്‍ അയാളുടെ മനസ്സില്‍ നിറഞ്ഞു. ഒരു മകള്‍ക്കായി പത്മാവതി എത്ര കൊതിച്ചതാണ്. എന്നിട്ടോ. രണ്ടാമത്തെ ഗര്‍ഭം അലസിയതോടെ തുടങ്ങിയ സുഖക്കേട് ഒടുവില്‍ അവളുടെ മരണത്തില്‍ അവസാനിച്ചു. പിന്നീട് മകനെ വളര്‍ത്താന്‍ പാട് പെട്ടതും ഒറ്റയ്ക്ക് എല്ലാ ദുഖങ്ങളും കടിച്ചമര്‍ത്തി കഴിഞ്ഞതും ഇന്നലെ എന്ന പോലെ തോന്നുന്നു.

' എന്താഹേ നിങ്ങള് മേപ്പട്ടും നോക്കി ഇരിക്കിണത് ' നാണു നായര്‍ കൂട്ടുകാരനെ ഉണര്‍ത്തി.

' ഒന്നൂല്യാ. എന്താച്ചാല്‍ പറഞ്ഞോളിന്‍ '.

' പുഴേലെ വെള്ളം പോയി തുടങ്ങീന്ന് പറയുണൂ. ഇപ്പൊ തന്നെ ഇങ്ങന്ന്യാണച്ചാല്‍ മഴക്കാലം വരുണത് വരെ എങ്ങിനെ കഴിഞ്ഞു കൂടും എന്ന് അറിയില്ല ' നാണു നായര്‍ അടുത്ത പരാതി പുറത്തെടുത്തു.

' പേടിക്കണ്ടാ മൂത്താരെ. നമുക്ക് കടവില് ഒരു കെട കെട്ടാം ' എന്ന് ചാമി ആശ്വസിപ്പിച്ചു.

' അതൊന്നും വേണ്ടാടാ. കയത്തം കുണ്ട് ഉള്ളോടത്തോളം കാലം നമുക്കൊന്നും വെള്ളത്തിന്ന് പഞ്ഞം വരില്ല ' എന്ന് എഴുത്തശ്ശനും പറഞ്ഞു.

*******************************************

കളപ്പുരയിലെ സഭ കൂടുതല്‍ സജീവമായി മാറിയിരുന്നു. മൂപ്പ് കുറഞ്ഞ വിത്ത് ആയതുകൊണ്ട് കൊയ്ത്ത് നേരത്തെ കഴിഞ്ഞു. വൈക്കോല്‍ പണിയും ഏകദേശം കഴിയാറായി. പാടത്തേക്ക് ചാണകം കടത്തിക്കുന്ന പണിയേ ബാക്കിയുള്ളു. ഇനിയുള്ള രണ്ട് മൂന്ന് മാസക്കാലത്തേക്ക് കാര്യമായ പണികളൊന്നുമില്ല. നാട്ടില്‍ ഉത്സവങ്ങളും ആഘോഷങ്ങളും ആരംഭിക്കാറായി.

' അല്ല കുപ്പന്‍കുട്ട്യേ, അടുത്ത വ്യാഴാഴ്ച വെളുത്ത വാവല്ലേ. അന്നാണ് തൈപ്പൂയൂം തേരും പള്ളിനേര്‍ച്ചയും. ഇക്കുറി പള്ളി നേര്‍ച്ചക്ക് പോണില്ലേ നിങ്ങള് ' നാണു നായര്‍ അന്വേഷിച്ചു.

മകര മാസത്തിലെ പൂയം നക്ഷത്രം പഴനിയിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ വളരെ പ്രധാനമാണ്. അന്നു തന്നെയാണ് പാലക്കട് കൊടുമ്പിലെ തേരും . പല്ലഞ്ചാത്തനൂരിലെ തെരുവത്തെ പള്ളിനേര്‍ച്ചയും ആ ദിവസം തന്നെയാണ്. തങ്ങള്‍ക്കുള്ള അപ്പപ്പെട്ടിയുമായി നാനാ ദിക്കുകളില്‍ നിന്നും സംഘങ്ങളായി അന്ന് ആളുകളെത്തും. നെറ്റിപ്പട്ടം കെട്ടിയ ആനപ്പുറത്താണ് പലരും നേര്‍ച്ച കൊണ്ടു വരിക. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നും സവാരി വണ്ടികള്‍ അവിടേക്ക് പ്രവഹിക്കും. എഴുത്തശ്ശന്‍ മുടങ്ങാതെ കൊല്ലം തോറും സ്വന്തം കാളവണ്ടിയില്‍ അവിടെ എത്താറുള്ളതാണ്.

' പോണംന്ന് മോഹംണ്ട്. എന്നാലും ഇക്കുറി പോണില്ല '.

' അതെന്താ അങ്ങിനെ '.

' ഒന്നാമത് ഇവന്‍ ഇവിടെ വയ്യാണ്ടെ കിടക്കുമ്പോള്‍ പോവാന്‍ എനിക്ക് മനസ്സ് വരിണില്ല ' എഴുത്തശ്ശന്‍ പറഞ്ഞു ' അതും പോരാത്തതിന് വണ്ടീം കാളേം വില്‍ക്കും ചെയ്തു '.

' അമ്മാമ പോണച്ചാല്‍ പൊയ്ക്കോളൂ ' വേണു പറഞ്ഞു 'ചാമിടെ അടുത്ത് പറഞ്ഞ് പോവാന്‍ വേണ്ട സൌകര്യം ചെയ്യാം'.

' ഒന്നും വേണ്ടാ. ജീവനോടെ ഇരുന്നാല്‍ അടുത്ത കൊല്ലം നമുക്ക് എല്ലാരുക്കും കൂടി പോവാം '.

' മകര ചൊവ്വയ്ക്ക് എന്താ ചാമ്യേ വിചാരിച്ചിരിക്കിണത് ' നാണു നായരുടെ ചോദ്യം ചാമിയോടായി.

' ചൊവ്വായൂട്ട് ഉണ്ട്. അല്ലാണ്ടെ ഒന്നൂല്യാ '.

' മുമ്പൊക്കെ തൈപ്പൂയത്തിന്ന് ആണ്ടിയൂട്ട് ഉണ്ടാവും 'നാണു നായര്‍ പറഞ്ഞു ' നമ്മടെ മാധവേട്ടന്‍ ഉള്ള കാലത്ത് ഗംഭീരായി നടത്താറുണ്ട്. സകല പണ്ടാരന്മാരേം വരുത്തി ശാപ്പാട് കൊടുക്കും. വറുത്തരങ്ങിയ കൊള്ളും ചക്കര പാനീം കൂടി ഒരു പ്രഥമന്‍ വെക്കാനുണ്ട്. പറഞ്ഞാല്‍ തീരില്ല അതിന്‍റെ രുചി. രണ്ട്മൂന്ന് കൊല്ലം ഞാനും മൂപ്പര് വിളിച്ചിട്ട് ചെന്നിട്ടുണ്ട് '.

' നിങ്ങള് എത്താത്ത എടം വല്ലതും ഉണ്ടോഹേ. തിപ്പിലി ഇല്ലാത്ത കഷായം ഇല്ല എന്ന് കേട്ടിട്ടില്ലേ. അത് പോലാ നിങ്ങളടെ കാര്യം '.

' ഈ ഭൂമീല് എത്ര കാലം നമ്മള് ഉണ്ടാവും എന്ന് ആര്‍ക്കാ അറിയ്യാ. പറ്റുമ്പോഴല്ലേ ഓരോന്ന് ചെയ്യാനാവൂ. പിന്നീടുള്ള കാലത്ത് അതൊക്കെ നിനച്ചിരികുന്നത് സന്തോഷം ഉള്ള കാര്യോല്ലേ '.

' ചെയ്യുന്ന കാര്യങ്ങള്‍ മനുഷ്യന് ഗുണം വരുന്നതാവണം എന്നും കൂടിണ്ട് '.

എഴുത്തശ്ശന്‍റെ വാക്കുകളോടെ നാണുനായര്‍ അടങ്ങി.

+++++++++++++++++++

പാഞ്ചാലി മരിച്ച ശേഷം ചാമായി ആളാകെ മാറി. പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതനുസരിച്ച് പോയ ശേഷം അയാള്‍ പിന്നീട് വീട്ടിലേക്ക് മടങ്ങി വന്നില്ല.

സ്റ്റേഷനില്‍ നിന്ന് തിരിച്ചെത്തിയ ആണുങ്ങള്‍ ആദ്യം അന്വേഷിച്ചത് ചാമായിയെയായിരുന്നു.

' അവന്‍ വന്നില്ല ' ദേവൂട്ടി പറഞ്ഞു.

' ഞങ്ങളെ സംശയം ഉണ്ടോന്ന് ഇന്‍സ്പെക്ടര്‍ അയാളോട് ചോദിച്ചതാ ' കണ്ണന്‍ പറഞ്ഞു ' പഴി വാങ്ങാന്‍ വേണ്ടി ഉണ്ട് എന്ന് പറയും എന്ന് വിചാരിച്ചു. പക്ഷെ ഞങ്ങള് അത് ചെയ്യില്ലാ എന്ന് അയാള് പറഞ്ഞു. ഇല്ലെങ്കില്‍ ഇപ്പഴും അഴി എണ്ണി കിടക്കുന്നുണ്ടാവും ' കണ്ണന്‍ പറഞ്ഞു നിര്‍ത്തി.

' കള്ള് കുടിച്ച മപ്പില്‍ പറഞ്ഞതായിരിക്കും '.

' അല്ല തള്ളേ. നല്ല ബോധത്തോടെ പറഞ്ഞതാ. ലോക്കപ്പിന്‍റെ മുമ്പില്‍ വന്ന് ഞങ്ങളോട് ഞാന്‍ സത്യം
പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞിട്ടാ പോയത് '.

' എന്നിട്ടെന്താ ഇങ്ങിട്ട് വരാത്തത് '.

' ആവോ. ആരുക്കാ അറിയ്യാ. എന്തായാലും നമുക്ക് അന്വേഷിക്കണം '.

അന്നും പിറ്റേന്നും ചാമായി എത്തിയില്ല.

' മൂന്നാം പക്കം ഇറങ്ങി പോയില്ലെങ്കില്‍ പുര കത്തിക്കുംന്ന് പറഞ്ഞതല്ലേ. പേടിച്ച് പോയതായിരിക്ക്യോ 'ദേവൂട്ടി സംശയം പ്രകടിപ്പിച്ചു.

' അതാവില്ല. മൂന്ന് ദിവസം കഴിഞ്ഞിട്ടും അവര് ഇരുന്നില്ലേ. പിന്നെയല്ലേ പെണ്ണ് ചത്തത് '.

' അവന്‍ വല്ല വിഷം കുടിക്ക്യേ തൂങ്ങി ചാവ്വേ ചെയ്തിട്ടുണ്ടാവ്വോ '.

' ഒന്നും പറയാന്‍ പറ്റില്ല. എന്തായാലും ഇനി കാത്തിരിക്കിണില്ല. നാളെ നേരം വെളുത്തതും അയാളെ തിരയാന്‍ ഇറങ്ങും '.

പിറ്റേന്ന് വഴിയില്‍ വെച്ചേ വിവരം അറിഞ്ഞു. പാലക്കാടിന്ന് കുറച്ച് പടിഞ്ഞാറ് മാറി ഏതോ ഒരു ചെറിയ സ്കൂളിന്‍റെ തൊട്ടടുത്ത് പൂട്ടി കിടക്കിണ വീടിന്‍റെ പടിപ്പുരയില്‍ ചാമായി കിടക്കുന്നുണ്ട്. പേപ്പറും പഴയ സാധനങ്ങളും വിലയ്ക്ക് വാങ്ങാന്‍ നടക്കുന്ന അദ്രമാന്‍ അയാളെ അവിടെ വെച്ച് കണ്ടിരുന്നു.

' ഇയാളെന്തിനാ അവിടെ ചെന്നിരിക്കിണത് ' ശിവരാമന്‍ ചോദിച്ചു ' അവിടെ അയാളുക്ക് ബന്ധുക്കാര് വല്ലോരും ഉണ്ടോ '.

ആര്‍ക്കും അതൊന്നും അറിയില്ല. നല്ല കാലത്ത് ചാമായി അയല്‍പക്കത്തുള്ളവരോട് എന്നും കലഹിച്ചു കഴിഞ്ഞു. മകള്‍ മുതിര്‍ന്ന് ചീത്തപ്പേരുണ്ടാക്കാന്‍ തുടങ്ങിയതോടെ എല്ലാവരും അച്ഛനേയും മകളേയും അകറ്റി നിര്‍ത്തി. അവരുടെ കാര്യങ്ങളൊന്നും ആരും അന്വേഷിക്കാറുണ്ടായിരുന്നില്ല.

ഏതായാലും ചെറുപ്പക്കാര് നാലഞ്ചാളുകള്‍ ഒരു ജീപ്പ് വിളിച്ച് ഇറങ്ങി. അറിഞ്ഞതും വെച്ച് ചെന്നപ്പോള്‍ ചാമായി പറഞ്ഞു കേട്ട സ്ഥലത്ത് കിടപ്പുണ്ട്. മുഷിഞ്ഞ വസ്ത്രവും ചെറിയൊരു ഭാണ്ഡക്കെട്ടും നീളന്‍ വടിയും ഒക്കെയായി അയാള്‍ ഒരു ഭ്രാന്തന്‍റെ മട്ടിലായിരുന്നു.

' എന്താ നിങ്ങള് ഇവിടെ കിടക്കുന്നത് ' കണ്ണന്‍ ചോദിച്ചു.

' എനിക്ക് പോകാനായിട്ട് വേറെ ഇടം ഇല്ല '.

' നിങ്ങള്‍ക്ക് ഒരു പുര ഇല്ലേ. അവിടെ കഴിഞ്ഞൂടെ '.

' ഞങ്ങള്‍ അവിടം വിട്ട് പോണം ഇല്ലെങ്കില്‍ പുര കത്തിക്കും എന്ന് നിങ്ങള് പറഞ്ഞതല്ലേ '.

' നിങ്ങടെ മകള് ഞങ്ങളെ വേണ്ടാത്തത് കേപ്പിച്ചപ്പൊ പറഞ്ഞതല്ലേ. അതുവരെക്ക് ഞങ്ങള്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ '.

' എന്തായാലും അവള് പോയി. എനിക്ക് ഇനി ആരാണ് '.

' അത് നിങ്ങള് പറയണ്ടാ. നിങ്ങളക്ക് ഞങ്ങള്‍ എല്ലാരും ഉണ്ട് '.

ചാമായി ഒന്നും പറഞ്ഞില്ല. അയാള്‍ എന്തോ ആലോചിച്ചിരുന്നു.

' നിങ്ങള് പുറപ്പെടിന്‍. നമുക്ക് വീട്ടിലേക്ക് പോവാം ' ആരോ പറഞ്ഞു.

' ഞാന്‍ വന്നിട്ട് എന്താ ചെയ്യാ. കഴിഞ്ഞു കൂടാന്‍ എനിക്ക് എന്താ മാര്‍ഗ്ഗം '.

' അത് നിങ്ങള് അറിയണ്ടാ. നേരത്തിനും കാലത്തിനും ഞങ്ങള്‍ വല്ലതും കഴിക്കുന്നുണ്ടെങ്കില്‍ അതില്‍ ഒരു ഓഹരി നിങ്ങക്കും ഉണ്ടാവും '.

ജീപ്പ് വന്നു നിന്നതും പെണ്ണുങ്ങള്‍ അടുത്തെത്തി.

' എന്തിനാടാ ചാമായേ നീ പോയത്. നിനക്ക് ഞങ്ങളില്ലേ ' ദേവൂട്ടി അയാളുടെ കയ്യില്‍ പിടിച്ചു.

എല്ലാവരും അകത്തേക്ക് കയറി.

' വേഗം കുളിച്ചിട്ട് വാ. കഞ്ഞി കുടിക്കാം '.

സന്ധ്യക്ക് ശിവരാമന്‍ ഒരു കുപ്പി ചാരായവുമായി ചാമായിയെ സമീപിച്ചു.

' നിങ്ങക്ക് ഇത് പതിവുള്ളതല്ലേ. കഴിച്ചോളിന്‍ ' അവന്‍ പറഞ്ഞു.

' വേണ്ടാ ' ചാമായി പറഞ്ഞു ' എന്‍റെ മകളെ കൊലക്ക് കൊടുത്തത് ഞാനാണ്. കള്ള് കുടിച്ച് വട്ടത്തിരിഞ്ഞ് നടക്കാതെ ഞാന്‍ മകളെ നോക്കി വളര്‍ത്ത്യാല്‍ അവള്‍ക്ക് ഈ ഗതി വരില്ല '.

' ആരാ അവളെ കൊന്നത് എന്ന് നിങ്ങക്കറിയ്യോ '.

' അറിയാഞ്ഞിട്ടല്ല. നമ്മള് കൂട്ട്യാല്‍ കൂടില്ല. അവരൊക്കെ വലിയ ആള്‍ക്കാരാണ് '.

' നമ്മള് വല്ലതും ചെയ്യണോ '.

' ഒന്നും വേണ്ടാ. മുകളില്‍ എല്ലാം കണ്ടോണ്ട് ഒരാളുണ്ട്. മൂപ്പര് വേണ്ട മാതിരി കൊടുത്തോളും '.

ആ ആശ്വാസത്തില്‍ അവര്‍ ഇരുന്നു.


Monday, March 7, 2011

നോവല്‍ - അദ്ധ്യായം - 126.

മറ്റെല്ലാ മോഹഭംഗങ്ങളേയും അവഗണിച്ചതുപോലെ കുട്ടിക്ക് ആഭരണം സമ്മാനിക്കാന്‍ കഴിയാഞ്ഞതിലുള്ള സങ്കടവും എഴുത്തശ്ശന്‍ മനസ്സിനുള്ളില്‍ കുഴിച്ചു മൂടി. ഒരാഴ്ചയോളം കടന്നു പോയി. ഒരു വൈകുന്നേരം രാധാകൃഷ്ണന്‍ കളപ്പുരയിലെത്തി. വേണുവിനോട് അസുഖത്തെക്കുറിച്ച് അന്വേഷിച്ച ശേഷം അയാള്‍ എഴുത്തശ്ശന്‍റെ അടുത്ത് ചെന്നു.

' മുത്തശ്ശാ ' അയാള്‍ വിളിച്ചു ' വരൂ. നമുക്ക് ഇത്തിരി നടക്കാം '.

തോര്‍ത്തെടുത്ത് തോളിലിട്ട് എഴുത്തശ്ശന്‍ പേരക്കുട്ടിയോടൊപ്പം നടന്നു.

' മറ്റന്നാള്‍ മകര മാസം ഒന്നാം തിയ്യതിയാണ്. പിറ്റേന്ന് ഞാന്‍ പെണ്ണ് കാണാന്‍ പോവും '.

' അപ്പൊ ഇത്ര ദിവസം നീ പോയില്ലേ '.

' പോയാല്‍ ഞാന്‍ വിവരം പറയില്ലേ. ധനു മാസം എന്‍റെ ജന്മ മാസം ആണ് . പെണ്ണു കാണല്‍ ചടങ്ങൊന്നും പാടില്ലാ എന്ന് പറയുന്നതോണ്ട് പോയില്ല '.

' ഞാന്‍ വിചാരിച്ചു കണ്ടിട്ട് പറ്റാത്തതോണ്ട് പറയാതിരുന്നതാണെന്ന് '.

' എന്തായാലും ഞാന്‍ മുത്തശ്ശനോട് പറയാതിരിക്ക്വോ ' അവന്‍ പറഞ്ഞു ' ഇഷ്ടപ്പെട്ടാല്‍ മേട മാസത്തില്‍ ഉറപ്പിക്കും '.

' എന്തിനാ അത്രയ്ക്കങ്ങിട്ട് നീട്ടുണ് '.

' പെങ്ങള് പോയിട്ടല്ലേയുള്ളു. അവള്‍ക്ക് ഇപ്പൊ തന്നെ വരാന്‍ പറ്റില്ല. കുംഭമാസത്തില്‍ ചടങ്ങ് നടത്താനും പാടില്ല. മീന മാസം പെണ്‍കുട്ടിടെ ജന്മ മാസം ആണ്. അതാ നീട്ടുന്നത് '.

' അപ്പൊ പെങ്ങള് വിഷുവിന്ന് എത്ത്വോ '.

' എത്തും. അപ്പോള്‍ മുത്തശ്ശന്‍റെ മോഹം സാധിക്കും ചെയ്യാം '.

' മോഹോ. എനിക്കോ. എന്താദ് '.

' എനിക്കറിയാ മുത്തശ്ശാ, കുട്ടിക്ക് ചങ്ങലയും വളയും വാങ്ങിക്കൊടുക്കണം എന്ന് മുത്തശ്ശന്‍ ആഗ്രഹിച്ചത്. അതിന്‍റെ കൂടെ ഒരാള്‍ക്കും കൂടി ഉണ്ടാക്കിക്കോളൂ '.

' നിന്‍റെ പെണ്‍കിടാവിനല്ലേ. അത് ഞാന്‍ ചെയ്യുണുണ്ട് ' എഴുത്തശ്ശന്‍ പറഞ്ഞു ' ആട്ടെ, ആരാ നിന്നോട് ഈ കാര്യം പറഞ്ഞത് '.

' ആരോ ആവട്ടെ. സമ്മാനം കൊടുക്കേണ്ടത് ഞാന്‍ കെട്ടാന്‍ പോണ പെണ്ണിനല്ല, മുത്തശ്ശന്‍റെ പേരമകള്‍ക്കാണ് '.

' അതിന് അവരൊക്കെ എന്‍റെ കയ്യിന്ന് വല്ലതും വാങ്ങ്വോ '.

' നോക്കിക്കോളൂ. അവള്‍ മുത്തശ്ശനെ കാണാനെത്തും. ഞാന്‍ കൂട്ടിക്കൊണ്ട് വരും'.

ആ പറഞ്ഞത് വിശ്വസിക്കാനാവാതെ എഴുത്തശ്ശന്‍ നിന്നു.

*******************************************************

' കേസ്സ് പോയ വഴി കണ്ടോ ' നാണു നായര്‍ കേട്ട കാര്യം അവതരിപ്പിക്കാനൊരുങ്ങി.

' എന്താടോ സങ്ങതി ' എഴുത്തശ്ശന്‍ ചോദിച്ചു.

' പാഞ്ചാലി മരിച്ച കേസ്സേ. അവളുടെ ബന്ധുക്കള് ചെക്കന്മാരെ പോലീസ് കൊണ്ടു പോയി നന്നായി തല്ലി ചതച്ചു. അപ്പോഴാണ് പെണ്ണ് ചാവുന്നതിന്‍റെ തലേ ദിവസം രാഘവന്‍റെ വീട്ടില്‍ ചെന്ന് ചില കൊശമശക്ക് ഉണ്ടാക്കിയ വിവരം പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങിയത് '.

' പോലീസ് അവരെ ചോദ്യം ചെയ്തോ ' വേണു ചോദിച്ചു.

' നല്ല കഥ. പണത്തിന്‍റെ മീതെ പരുന്തും പറക്കില്ല എന്ന് പറയിണത് വെറുതെയാണോ '.

' എന്നിട്ട് എന്തായീന്ന് പറയിന്‍. അരയ്ക്ക് താഴെ വെള്ളത്തില്‍ ആ പെണ്ണ് മുങ്ങി ചത്തൂന്ന് എഴുതി കേസ്സ് ഒതുക്കി തീര്‍ത്തോ ' എഴുത്തശ്ശന്ന് കാര്യങ്ങള്‍ പരത്തി പറയുന്നത് അത്ര ഇഷ്ടമല്ല.

' അപ്സ്മാരം ഇളകീട്ട് പെണ്ണ് വെള്ളത്തില്‍ വീണ് ചത്തതാണെന്ന് പറഞ്ഞ് കേസ്സ് വിട്ടു '.

' അതിന് അവള്‍ക്ക് അപസ്മാരം ഉണ്ടായിരുന്നോ '.

' അതൊന്നും അറിയില്ല. പെണ്ണിന്‍റെ അപ്പന്‍ ചാമായി പെണ്ണിന്ന് ദെണ്ണെളക്കം ഉണ്ടെന്ന് പറഞ്ഞൂത്രേ '.

' ആ കൊശവന് നല്ലോണം വാങ്ങി കൊടുത്ത് പറയിച്ചതാവും '.

' എങ്ങിനെ ആയാലും ആ പെണ്ണിന്‍റെ കഥ കഴിഞ്ഞു. അതല്ലേ പറയണ്ടൂ '.

***************************************************

എഴുത്തശ്ശന്‍ ചാമിയോടൊപ്പം വേഗത്തില്‍ നടന്നു. ഉച്ചയ്ക്ക് മുമ്പ് ശവം അടക്കം ചെയ്യും എന്നാണ് വിവരം പറയാന്‍ വന്നവന്‍ അറിയിച്ചത്. മരിച്ചത് ചാമിക്ക് നേരിട്ട് പരിചയം ഇല്ലാത്ത ആളാണ് . എഴുത്തശ്ശന്ന് തുണ പോന്നതാണ് അവന്‍.

മരിച്ച വീട്ടില്‍ ധാരാളം ആളുകള്‍ ഉണ്ടാവുമെന്നാണ് നായര്‍ തറയിലെത്തുന്നത് വരെ അവര്‍ കരുതിയിരുന്നത്. വീട്ടിലേക്കുള്ള വഴി വക്കത്ത് ആരേയും കാണാനില്ല. പഴകി ദ്രവിച്ച മുള്ളുവേലി പല ഭാഗത്തും പൊളിഞ്ഞ് ഇല്ലാതായിട്ടുണ്ട്. ഇല്ലിപ്പടി മലര്‍ക്കെ തുറന്നിരിക്കുന്നു. മുറ്റത്ത് മൂന്ന് നാല് ചെറുപ്പക്കാര്‍ നില്‍ക്കുന്നു. ഉമ്മറത്തിണ്ടില്‍ നാലഞ്ച് കാരണവന്മാര്‍ ഇരിക്കുന്നുണ്ട്.

" കുപ്പന്‍കുട്ട്യേ , അങ്ങിനെ നമ്മടെ ചിന്നമണി നായരും പോയി " ശബ്ദം കേട്ട് നോക്കുമ്പോള്‍ വെളുത്തേടത്തെ കേശവന്‍.

" ഞാന്‍ ഒന്ന് നോക്കീട്ട് വരാം " എഴുത്തശ്ശനും ചാമിയും അകത്തേക്ക് ചെന്നു.

കാറയിട്ട് മിനുപ്പിച്ച നിലം മിക്കവാറും പൊട്ടി പൊളിഞ്ഞ് കിടപ്പാണ്. പഴന്തുണികള്‍ വാരിക്കെട്ടി വെച്ചത് പോലെ കടക്കുന്ന ഇടവഴിയുടെ ഒരു ഓരത്ത് ഏതാനും ഭാണ്ഡക്കെട്ടുകള്‍ കിടക്കുന്നു. എഴുത്തശ്ശന്‍ മെല്ലെ മുറിയിലേക്ക് കയറി. കത്തിച്ചു വെച്ച നിലവിളക്കിന്‍റെ വെളിച്ചം ചുണ്ണാമ്പ് അടര്‍ന്ന ചുമരുകള്‍ അപഹരിച്ചതു പോലെ മങ്ങിയിരിക്കുന്നു. തലയ്ക്കല്‍ നിലവിളക്കിന്ന് സമീപം ഇടങ്ങഴി നെല്ലിന്ന് മീതെ നാഴിയരി വെച്ചിട്ടുണ്ട്. അതില്‍ , കുത്തി വെച്ച ചന്ദനത്തിരികളുടെ ചാരം വീണിട്ടുണ്ട്. ഭസ്മം കൊണ്ട് ചുറ്റോടും വരച്ചതിനകത്ത് ചിന്നമണി നായര്‍ ശാന്തനായി കിടക്കുന്നു. എഴുത്തശ്ശന്‍ കുറച്ച് നേരം നോക്കി നിന്നു. വളരെക്കാലം ഒന്നിച്ച് കൃഷി ചെയ്തിട്ടുള്ള ആളാണ്. ഒന്നും നേടാന്‍ പറ്റാത്ത ഭാഗ്യദോഷി.

എഴുത്തശ്ശന്‍ പുറത്ത് വരുമ്പോള്‍ കേശവന്‍ കാത്ത് നില്‍പ്പാണ്.

"കുറച്ച് ദിവസായി മൂപ്പര് കിടപ്പിലായിട്ട്. മകളുടെ കെട്ട്യോന്‍ നല്ല മനസ്സുള്ള ആളായതോണ്ട് കടം വാങ്ങീട്ടൊക്കെ അവന്‍ കുറെ ചികിത്സിച്ചു. മാറില്ലാന്ന് ബോദ്ധ്യായപ്പൊ ഒരാഴ്ച മുമ്പ് ഇങ്ങിട്ട് കൊണ്ടു വന്നു ' കേശവന്‍ വിവരിച്ചു.

' എന്തായിരുന്നു സൂക്കട് ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഒരു വലിവ്. അതന്നെ ഉണ്ടായിരുന്നുള്ളു '.

ഏറെ വൈകാതെ സംസ്കാരത്തിന്നുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

മുറ്റത്ത് തെക്കു വടക്കായി വെച്ച നാക്കിലയിലേക്ക് കുളിച്ച് ഈറന്‍ ചുറ്റിയ ചെറുപ്പക്കാര്‍, കാട തുണിയില്‍ പൊതിഞ്ഞ ശവം കൊണ്ടുവന്ന് വെച്ചു. മാവിന്‍ തോലും മഞ്ഞളും ഇടിച്ചത് കലക്കിയ വെള്ളം മണ്‍പാനിയില്‍ നിന്ന് മൂന്ന് പ്രാവശ്യമായി ഇണങ്ങന്‍ അതിലേക്ക് ഒഴിച്ചു. ചിന്നമണി നായരുടെ മകള്‍ മൃതദേഹത്തിനെ മൂന്ന് വലം ചുറ്റി ചുവന്ന പട്ട് മുകളിലിട്ടു.

" അച്ചേ, എനിക്കിനി ആരുണ്ട് ' അവളുടെ കരച്ചില്‍ ഉയര്‍ന്നു.

കുന്നിന്നപ്പുറത്ത് പുഴമ്പള്ളയിലെ ശ്മശാനത്തിലേക്ക് ശവം എടുക്കുന്നത് വരെ എഴുത്തശ്ശന്‍
നോക്കി നിന്നു.

' അയളുക്ക് കെട്ടിയവളില്ലേ ' തിരിച്ച് പോരുമ്പോള്‍ ചാമി ചോദിച്ചു.

' ഉണ്ടായിരുന്നു ' എഴുത്തശ്ശന്‍ പറഞ്ഞു ' വേണ്ടാന്ന് വെച്ച് അവര് വേറൊരാളെ കല്യാണം കഴിച്ചു '.

' അതെന്താ അങ്ങിനെ പറ്റീത് '.

' പോറ്റാന്‍ ഗതിയില്ലാത്ത നായരെ വേണ്ടാന്ന് അയമ്മക്ക് തോന്നി. പെണ്ണിന് വേണ്ടെങ്കില്‍ സംബന്ധം വേണ്ടാന്ന് വെക്കുന്നത് പണ്ടൊക്കെ പതിവുള്ളതാ '.

' അയമ്മ ചെയ്തത് കുറെ കടന്ന കയ്യന്ന്യാണ് ' ചാമി പറഞ്ഞു ' എന്നാലും ആ മൂപ്പര് എന്താ പണിയെടുത്ത് കുടുംബം പുലര്‍ത്തിയില്ല എന്നാ എനിക്ക് തിരിയാത്തത് '.

' നിനക്ക് അറിയാഞ്ഞിട്ടാണ്. എന്‍റൊപ്പം ചിന്നമണി നായര്‍ക്കും പാട്ട കൃഷി ഉണ്ടായിരുന്നു. ഞാന്‍ കടിച്ചു പിടിച്ച് നിന്നു. ഒടുവില്‍ നിയമം വന്നപ്പൊ എനിക്ക് ഭൂമി കിട്ടി. പക്ഷെ അയാള്‍ക്ക് അതിന് കഴിഞ്ഞില്ല '.

' അപ്പപ്പൊ കിട്ടുണത് പൊലിച്ച് പാടീട്ടുണ്ടാവും'.

' അതിന് മാത്രം വരുമ്പടിയൊന്നും അന്നത്തെ കാലത്ത് കിട്ടീരുന്നില്ല. നിനക്ക് കേക്കണോ ' എഴുത്തശ്ശന്‍ പറഞ്ഞു തുടങ്ങി.

പട്ടു പണി തുടങ്ങാറാവുമ്പൊ കുടിയാന്മാര് കെട്ടിയ പെണ്ണിന്‍റെ കയ്യിലും കഴുത്തിലും ഉള്ളത് പണയം വെച്ച് ഓരര കന്നും വിത്തും വാങ്ങും. എന്നിട്ടാ പണി തുടങ്ങ്വാ. പോരാത്ത പണം അപ്പപ്പൊ കടം വാങ്ങും. കൊയ്താല്‍ പാട്ടം അളക്കണം. ജന്മിയുടെ മുറ്റത്ത് നെല്ല് കൊണ്ടു പോയി ഇട്ട് ഉണക്കി ചണ്ട് കളഞ്ഞിട്ട് വേണം പാട്ടം അളക്കാന്‍. ഒന്നാം പഞ്ച കൊയ്താല്‍ കുറെ പാട്ടം അളക്കും. ബാക്കി വിറ്റ് കടം വീട്ടും. രണ്ടാം പഞ്ച കൊയ്താല്‍ പാട്ട ബാക്കി നിര്‍ത്താന്‍ പാടില്ല. അത് അളന്ന് കഴിയുമ്പൊ കാര്യായിട്ട് ഒന്നും ഉണ്ടാവില്ല. പിന്നെ എന്താണ്. ബാക്കി നെല്ലും വില്‍ക്കും കന്നിനീം വില്‍ക്കും. എന്നിട്ട് പണയം വെച്ച മുതല് എടുക്കും. കുറച്ച് കാശുള്ളതും കൊണ്ട് ഗുരുവായൂരിലിക്കോ, പഴനിക്കോ ഒരു യാത്ര പോവും. അതോടെ അക്കൊല്ലത്തെ സമ്പാദ്യം തീര്‍ന്നു. അടുത്ത കൊല്ലം ആദ്യേ ഒന്നേന്ന് തുടങ്ങണം.

' എന്നിട്ട് മൂപ്പരുടെ പാട്ടകൃഷി എന്തായി '.

' പാട്ട ബാക്കി വന്നപ്പൊ ജന്മി ഒഴിപ്പിച്ചു. കുറച്ച് കാലം ഒരു മനയ്ക്കല് ഇലമുറി കാര്യസ്ഥനായിട്ട് കഴിഞ്ഞു. അതും പറ്റാണ്ടെ വന്നപ്പൊ ഭാര്യ അവരുടെ വഴിക്ക് പോയി. ഒരു ചായപ്പീടിക തുടങ്ങി. ആറ് മാസംകൊണ്ട് അത് പൂട്ടി. പയ്യിനേം എരൂമേം കെട്ടിക്കറന്നിട്ടായി പിന്നത്തെ ജീവിതം. എന്തോ ഒരു മകളുള്ളതിന് ഉണ്ടാക്കിയ തന്തയെ വേണംന്ന് തോന്ന്യേതോണ്ട് ചാവാന്‍ കാലത്ത് വെള്ളം കിട്ടി '.

' ഓരോരുത്തരുടെ തലേല് ഓരോന്ന് എഴുതി വിടും. അത് മാതിരിയല്ലേ വരുള്ളു 'പതിഞ്ഞ ശബ്ദത്തില്‍ ചാമി പറഞ്ഞു.

' ഒന്നിനേം കണക്കാക്കി ഇരിക്കാന്‍ പാടില്ലാന്ന് അതാ പറയിണത് '.

പുഴക്കരയില്‍ പാത അവസാനിച്ചു. ഇരുവരും താഴെ ഇറങ്ങി. വെള്ളപ്പാറ കടവിലെ വെള്ളം വെയിലേറ്റ് ചൂട് പിടിച്ചിരുന്നു.





Tuesday, March 1, 2011

നോവല്‍ - അദ്ധ്യായം - 125.

' നീ ആ വലത്തെ കയ്യിങ്ങിട്ട് നീട്ട് ' വേണുവിനോട് പത്മിനി പറഞ്ഞു. കയ്യില്‍ സൂക്ഷിച്ച പൊതി തുറന്ന് അവര്‍ അതില്‍ നിന്ന് ഒരു കറുത്ത ചരട് പുറത്തെടുത്തു. കുറെ കെട്ടുകളുള്ള ഭസ്മം പുരണ്ട ആ ചരട് വേണുവിന്‍റെ കൈത്തണ്ടയില്‍ കെട്ടി.

' കളപ്പാടത്തെ തിരുമേനിയെക്കൊണ്ട് നിനക്ക് ഒരു രക്ഷ എഴുതാന്‍ ഞാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. നാല്‍പ്പത്തിയൊന്ന് ദിവസത്തെ പൂജ കഴിഞ്ഞേ അത് കിട്ടു. അതു വരെക്ക് ഉള്ളതാ ഈ ചരട് ' അവര്‍ പറഞ്ഞു.

' മഹാ കേമനാണ് അദ്ദേഹം. അത്ര എളുപ്പത്തില്‍ ഒരാള്‍ക്കും തിരുമേനിയെ കാണാന്‍ തരാവില്ല ' കേട്ടു നിന്ന നാണു നായര്‍ പറഞ്ഞു.

' ആ കാര്യം ഒന്നും പറയണ്ടാ. അദ്ദേഹത്തിന്‍റെ മനക്കലെ ഏതോ ഒരു കേസ്സ് പണ്ട് വിശ്വേട്ടന്‍ ശരിയാക്കി കൊടുത്തിട്ടുണ്ട്. ആ സ്നേഹം ഉള്ളതോണ്ടാ ഫോണില്‍ പറഞ്ഞതും ചെന്നോളാന്‍ സമ്മതിച്ചത് '.

' മകനും മരുമകളും വീട്ടിലില്ലേ ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഇവന്‍ ഇങ്ങോട്ട് വരുന്നതിന്ന് മുമ്പ് രണ്ടാളും കൂടി യാത്ര പോയതാ. ഇന്ന് രാത്രി എത്തും. നാളെ ഞാനും വിശ്വേട്ടനും അവരേം കൂട്ടി വരുണുണ്ട് '.

' നാളെ ഉച്ചയ്ക്കുള്ള ആഹാരം ഇവിടെ ഏര്‍പ്പാടാക്കട്ടെ ' വേണു ചോദിച്ചു.

' ഒന്നും വേണ്ടാ. വയ്യാത്തോടത്ത് നീ മിണ്ടാണ്ടെ ഒരു ഭാഗത്ത് കിടന്നോ. സദ്യീം സല്‍ക്കാരൂം ഒക്കെ പിന്നെ എപ്പഴങ്കിലും മതി '.

' അതിനൊന്നും ഇവിടെ യാതൊരു വൈഷമ്യൂം ഇല്ല. പോരാത്തതിന്ന് നടാടെ ഒരു പെണ്‍കുട്ടിയെ വീട്ടില് കൂട്ടിക്കൊണ്ട് വന്നിട്ട് കൈ നനയ്ക്കാതെ അയക്കാന്‍ പാടില്ല ' നാണു നായര്‍ പറഞ്ഞു.

' അതൊക്കെ ബുദ്ധിമുട്ടാവും '.

' ഞങ്ങള്‍ അന്യരാണെന്ന് മാത്രം കരുതരുത് ' എഴുത്തശ്ശന്‍ പറഞ്ഞു ' ഒരു വീട്ടിലെ ആളുകളെ മാതിരിയാണ് ഞങ്ങള്‍ ഇവിടെ കഴിയിണത് '.

' അത് എനിക്ക് അറിയാലോ. ആ സമാധാനത്തിലല്ലേ ഞാന്‍ അവിടെ ഇരിക്കുന്നത് '.

' എന്നാല്‍ ഇനി വേറെ കൂട്ടൂല്യാ. നാളെ ഉച്ചയ്ക്കുള്ളത് ഇവിടെ ശരിയാക്കി വെക്കും '.

' കിട്ടുണ്ണി എത്തീലേ ' അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ പത്മിനി ചോദിച്ചു.

' ഇന്നലീം കൂടി അന്വേഷിച്ചു. വീട് പൂട്ടി കിടക്കുന്നൂ എന്നാ അറിഞ്ഞത് '.

' എവിടേക്കാ ആരേം അറിയിക്കാതെ രണ്ടാളും കൂടി പോയത് '.

' ആര്‍ക്കും ഒന്നും അറിയില്ല ഓപ്പോളേ '.

' അവരുടെ ഓരോ മാതിര്യേ '.

ചാമി ഇളന്നീര്‍ ചെത്തി കൊണ്ടു വന്നു. മേനോന്‍ ഒരു പ്ലേറ്റില്‍ വാഴപ്പഴം നിരത്തി.

' ഇപ്പൊ ഒന്നും വേണംന്ന് തോന്നുന്നില്ല. വരുമ്പൊ ചായ കുടിച്ചതാ ' എന്ന് പറഞ്ഞുവെങ്കിലും പത്മിനി ഇളനീരെടുത്തു.

' കൊയ്ത്തും പണിടേം തിരക്ക് കഴിഞ്ഞാല്‍ നാല് ദിവസം അങ്ങോട്ട് വരണം ' അവര്‍ ചാമിയോട് പറഞ്ഞു.

' എപ്പൊ വേണച്ചാലും വരാം ' എന്ന് അവനും പറഞ്ഞു.

' കിട്ടുണ്ണ്യാരുടെ ഭാര്യ വരുണുണ്ട്. നൂറ്റൊന്ന് ആയുസ്സാണ്. അവരുടെ കാര്യം ഇപ്പൊ നമ്മള് പറഞ്ഞതേയുള്ളു ' എഴുത്തശ്ശന്‍ പറഞ്ഞു.

' കടവില് കാറ് നില്‍ക്കുന്നത് കണ്ടു. അപ്പൊഴേ ആലോചിച്ചു വന്നിട്ടുണ്ടാവും എന്ന് ' രാധ പത്മിനിയോട് പറഞ്ഞു.

' എവിടെ ആയിരുന്നു ഇത്ര ദിവസം. കിട്ടുണ്ണി എവിടെ ' പത്മിനിയുടെ ചോദ്യങ്ങള്‍ ഒന്നിച്ചായി.

' ഒന്നും പറയണ്ടാ. ഒരു ദിവസം വൈകുന്നേരം വന്നിട്ട് പറയുണൂ, അന്ന് രാത്രി പുണ്യ സ്ഥലങ്ങള്‍ കാണാന്‍ പുറപ്പെടുന്നൂന്ന്. ബസ്സില് സീറ്റൊക്കെ ഏര്‍പ്പാടാക്കീട്ടാ പറച്ചില്. വയിച്ചിട്ടൊന്നും അല്ല. ഇനി അതിന്ന് തല്ല് കൂടണ്ടാന്ന് വിചാരിച്ച് ചെന്നു. ഇന്നലെ അര്‍ദ്ധ രാത്രിയിലാ മടങ്ങി എത്ത്യേത്. കൃഷ്ണനുണ്ണിയേട്ടന്‍ ഇന്ന് പുലര്‍ച്ചെ എറണാകുളത്തേക്ക് പോവും ചെയ്തു. ഏട്ടന്‍ മരത്തിന്ന് വീണതൊന്നും മൂപ്പര് അറിഞ്ഞിട്ടില്ല. ഞാന്‍ തന്നെ കുറച്ച് മുമ്പ് തെയ്യുണ്ണ്യാര് വന്ന് പറഞ്ഞിട്ടാ അറിഞ്ഞത് '.

രാധ വേണുവിനോട് വിവരങ്ങള്‍ അന്വേഷിച്ചു.

' കഷ്ടകാലത്തിന്‍റെ ഊക്ക് എന്നല്ലാതെ എന്താ പറയണ്ട് ' രാധ പറഞ്ഞു ' വരാനുള്ളത് വഴീല്‍ തങ്ങില്ല '.

രാധ യാത്രാനുഭവങ്ങള്‍ വര്‍ണ്ണിച്ചു തുടങ്ങി.

' ഇപ്പോ നിങ്ങള് തമ്മില്‍ പ്രശ്നം ഒന്നും ഇല്ലല്ലോ രാധേ ' വേണു അന്വേഷിച്ചു.

' ഒന്ന് തീരുമ്പോഴേക്ക് മറ്റൊന്ന്. മകളാണ് ഇപ്പോഴത്തെ തൊയിരക്കേട് '.

' ഏത് മകള്‍ '.

' ഓമനപ്പുത്രി തന്നെ. മൂന്നാമത്തെ സന്തതി '.

' എന്താ അവള്‍ക്ക് ' പത്മിനി ചോദിച്ചു.

'അമേരിക്കയില്‍ കൂടെ പണിയുള്ള ഒരാളോട് സ്നേഹത്തിലാണെന്നും അയാളെ കല്യാണം കഴിക്കണം എന്നും പെണ്ണ് പറഞ്ഞൂത്രേ. കല്യാണം കഴിഞ്ഞൂന്നും പറയുണുണ്ട്. എനിക്കത്ര നിശ്ചയം പോരാ. പണ്ടേ ഒന്നും മുഴുവനും പറയില്ലല്ലോ '.

' അതിനെന്താടീ ഇത്ര കുഴപ്പം. ആള് ഡോക്ടറാണോ. അതോ ജോലീല് താഴെയാണെന്നുണ്ടോ '.

' അതല്ലാ ചേച്ചി. അവന്‍ നമ്മടെ ജാതീല്‍ പെട്ട ആളല്ല. കൃഷ്ണനുണ്ണിയേട്ടന്‍ പറഞ്ഞത് ചെക്കന്‍ കൃസ്ത്യാനി ആണെന്നാ . പോരാത്തതിന്ന് കറുത്ത നിറൂം . സായിപ്പ് ആണെങ്കില്‍ കൂടി വേണ്ടില്ലാ എന്നാ കൃഷ്ണനുണ്ണിയേട്ടന്‍റെ അഭിപ്രായം '.

' നന്നായി. ഞാന്‍ അന്നേ വിചാരിച്ചതാ, തല മറന്ന് എണ്ണ തേച്ചാല്‍ ഇങ്ങിനെയൊക്കെ വരുംന്ന് ' പത്മിനി ഉറക്കെ ചിരിച്ചു ' എന്‍റെ മനോപ്രാക്ക് അത്രക്ക് വാങ്ങീട്ടുണ്ട് '.

' എന്താ ഓപ്പോളേ ഇത്. അവര്‍ക്ക് ഒരു പ്രയാസം ഉണ്ടാവുമ്പോള്‍ ഇങ്ങിനെ പറയാന്‍ പാട്വോ '.

'നീ മിണ്ടാണ്ടെ കിടന്നോ. മനസ്സില്‍ ഒന്ന് വെച്ചിട്ട് പുറത്തേക്ക് വേറൊന്ന് കാട്ടാന്‍ എനിക്കറിയില്ല. ഉള്ളത് ഉള്ള പോലെ ഞാന്‍ പറയും '.

' എന്നാലും ഇനി ഇങ്ങിനെയൊന്നും പറയരുത്. കിട്ടുണ്ണി കേട്ടാല്‍ അവന് വിഷമമാകും ' വേണു പറഞ്ഞു.

' എനിക്ക് അതില്‍ വിഷമം ഒട്ടൂല്യാ ' രാധ പറഞ്ഞു ' ചേച്ചിടെ സ്ഥാനത്ത് ഞാനാണെങ്കിലും ഇതന്നെ പറയൂ '.

' പിള്ളരുടെ കല്യാണം നടത്തണം എന്നു പറഞ്ഞ് നൂറ് തവണ ഞാന്‍ കെഞ്ചി. കേട്ടില്ല. നിങ്ങളുടെ വിലയ്ക്കും വിലയ്ക്കും ഞങ്ങള് പോരല്ലോ '.

' മുരളിക്ക് കല്യാണം കഴിപ്പിച്ച് കൊടുക്ക്വേ വേണ്ടൂ എന്നാ ഇപ്പൊ പറയുന്നത് '.

' ഇത്തിരീം കൂടി കഴിഞ്ഞിട്ട് പറഞ്ഞാല്‍ മതി '.

" പെണ്ണിനും കല്യാണം കഴിഞ്ഞ് നാട്ടില്‍ കൂടണം എന്നായിരുന്നു മോഹം. അവള്‍ക്ക് പ്രാക്ടീസും ഇഷ്ടം പോലെ ഉണ്ടായിരുന്നു. എന്‍റെ മകള് പുത്തി കട്ടയാണ്. അവള് അമേരിക്കയില്‍ ചെന്നാല് അതൊരു പേരാണ് എന്നും പറഞ്ഞ് കൃഷ്ണനുണ്ണിയേട്ടന്‍ അവളെ ഉന്തിത്തള്ളി പറഞ്ഞയച്ചതാ '

' അതോണ്ടെന്താ. അവന് നല്ല ഒരു പെണ്ണിനെ കിട്ടി. എല്ലാം കൊണ്ടും നിങ്ങളുടെ നെലേലും വെച്ച് വലുതന്ന്യാണേ '.

' ഓപ്പോളേ, ഒരു വിധം അലോഹ്യം തീര്‍ന്നിട്ടേയുള്ളു. ഇനി ഓരോന്ന് പറഞ്ഞ് വീണ്ടും കണ്ടാല്‍ മിണ്ടാത്ത അവസ്ഥ വരുത്തരുത് '.

അതോടെ ആ വിഷയം അവസാനിച്ചു.

' ഇനി ഞാന്‍ ഇറങ്ങിക്കോട്ടെ ' പത്മിനി എഴുന്നേറ്റു.

' ഞാനും പോണൂ. കൃഷ്ണനുണ്ണിയേട്ടന്‍ വന്നതും ഞങ്ങള് രണ്ടാളും കൂടി വരാം ' രാധയും പോവാനൊരുങ്ങി.

' എവിടെ ഇവിടെ ഉള്ളോര് ' പത്മിനി ഉറക്കെ ചോദിച്ചു.

' ഞങ്ങള്‍ ഇവിടെത്തന്നെയുണ്ട് ' പടിക്കപ്പുറത്ത് നിന്ന് മറുപടി കേട്ടു.

' കുടുംബക്കാര് സംസാരിക്കുമ്പൊ എടേല് വേണ്ടാന്ന് വെച്ച് പുറത്തേക്ക് മാറി നിന്നതാ ' എഴുത്തശ്ശന്‍ പറഞ്ഞു.

' അതിന് ഞങ്ങള് രഹസ്യം ഒന്നും പറഞ്ഞില്ലല്ലോ ' എന്ന് പത്മിനി പറഞ്ഞു.

നാത്തൂന്മാര്‍ ഒന്നിച്ചിറങ്ങി. പടിക്കല്‍ നിന്ന് ഡ്രൈവറും കൂടെ കൂടി.

+++++++++++++++++++++++++++++++++++

സന്ധ്യയോടു കൂടി രാധ കിട്ടുണ്ണിയോടൊപ്പം വീണ്ടും എത്തി.

' എന്തിനാ ഏട്ടാ വേണ്ടാത്ത പണിക്ക് പോയത് ' കിട്ടുണ്ണി പറഞ്ഞു ' എപ്പൊ നോക്ക്യാലും ഒരുകാര്യസ്ഥന്‍ ഉള്ളത് ഇവിടെ തന്നെയാണ്. എന്നിട്ടും ഒരു പിടി മുരിങ്ങടെ ഇല വലിക്കാന്‍ ഏട്ടന്‍ തന്നെ കേറണ്ടി വന്നു അല്ലേ '.

ആ പറഞ്ഞതിലെ ദുസ്സൂചന വേണുവിന്ന് മനസ്സിലായി.

' ആരും ചെയ്യാഞ്ഞിട്ടല്ല. ഒരു രസത്തിന്ന് ഞാന്‍ കയറി നോക്കിയതാണ് '.

' ഇപ്പൊ രസം എന്തായി. കാലൊടിഞ്ഞ് മുക്കില്‍ കിടക്കാറായില്ലേ '.

' എന്തിനാ വേണ്ടാത്തതൊക്കെ പറഞ്ഞ് വേണ്വോട്ടനെ വിഷമിപ്പിക്കുന്നത് 'രാധ ചോദിച്ചു.

' ഞാന്‍ അത്ര ആലോചിച്ചില്ല '.

' പോട്ടെ. സാരൂല്യാ ' വേണു പറഞ്ഞു.

ചികിത്സയെ കുറിച്ചൊക്കെ കിട്ടുണ്ണി അന്വേഷിച്ചു.

' ഏട്ടന് ഏടത്തിടെ വീട്ടില്‍ കൂടായിരുന്നു. ഡോക്ടറെ കാണാനൊക്കെ അതാ എളുപ്പം. അവര്‍ക്ക് ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞിട്ടുണ്ടാവും അല്ലേ '.

വീണ്ടും ശങ്കരന്‍ തെങ്ങിന്‍ മുകളില്‍ തന്നെ എന്ന് വേണു ഓര്‍ത്തു.

' ഓപ്പോള് ഒരു പാട് നിര്‍ബന്ധിച്ചതാ. ഞാന്‍ വേണ്ടാന്ന് പറഞ്ഞിട്ടാണ് '.

' അല്ലെങ്കിലും അതാ നല്ലത്. അവനവന്‍റെ വീട്ടിലെ സ്വാതന്ത്രം മുറ്റുള്ള ദിക്കില്‍ കിട്ടില്ല '.

കുറച്ച് നേരത്തേക്ക് ആരും ഒന്നും പറഞ്ഞില്ല. കിട്ടുണ്ണി എക്സ്റേ ഫിലിമും പ്രിസ്ക്രിപ്ഷനും എടുത്ത് നോക്കിക്കൊണ്ടിരുന്നു.

' ഇത് അത്രയ്ക്കൊന്നും ഇല്ലല്ലോ ' എല്ലാം അറിയുന്ന മട്ടില്‍ അയാള്‍ പറഞ്ഞു.

' ഡോക്ടറും അങ്ങിനെയാണ് പറഞ്ഞത് '.

' എന്താ മുഷിഞ്ഞ തുണിയൊക്കെ മുക്കിലിട്ടിരിക്കുന്നത് 'ചുറ്റുപാടും കണ്ണോടിച്ച് കിട്ടുണ്ണി ചോദിച്ചു.

' മണ്ണാത്തി തിരുമ്പാന്‍ വന്നിട്ട് രണ്ട് ദിവസായി '.

' ഇതാ ഞാന്‍ അന്ന് പറഞ്ഞത്. ആണായാല്‍ ഒരു പെണ്ണ് വേണം. നല്ല ഒരു ആലോചന ഞാന്‍ കൊണ്ടു വരും ചെയ്തു. കേട്ടില്ലല്ലോ '.

' മിണ്ടാണ്ടിരിക്കിന്‍ ' രാധ ഇടപെട്ടു ' കാലൊടിഞ്ഞ് കിടക്കുമ്പഴാ ഒരു കല്യാണം '.

' നല്ലോണം ഇരുട്ടായി. ഞങ്ങള്‍ ഇറങ്ങട്ടെ ' കിട്ടുണ്ണിയും രാധയും പടി കടന്നു പോയി.

' നായിന്‍റെ വാല് പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും കുഴലിന്ന് ഊരിയാല്‍ വളഞ്ഞന്നേ ഇരിക്കൂ ' എഴുത്തശ്ശന്‍ പറഞ്ഞു.

' എനിക്ക് വന്ന ഈറയ്ക്ക് കണക്കില്ല. ഒക്കെ അടക്കി ഇരുന്നതാ ' നാണു നായര്‍ പറഞ്ഞു ' വല്ലതും വായിന്ന് വീണാല്‍ തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ '.

' പിന്നെപ്പിന്നെ. നിങ്ങള് വായ തുറന്ന് വല്ലതും പറയ്യോഹേ ' എഴുത്തശ്ശന്‍ പറഞ്ഞതും എല്ലാവരും
ഉറക്കെ ചിരിച്ചു.