Sunday, December 27, 2009

അദ്ധ്യായം 34

കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ പുതിയ പാര്‍പ്പിടത്തിലേക്ക് താമസം മാറ്റിയതിന്‍റെ പിറ്റേന്ന് കിട്ടുണ്ണി മാഷും രാഘവനും കൂടി അയാളെ
കാണാന്‍ ചെന്നു. കാലത്തെ അമ്പല കുളത്തിലുള്ള കുളിയും അയ്യപ്പനെ തൊഴലും പാടം നോക്കലും കഴിഞ്ഞ് എത്തി ആഹാരം 
കഴിക്കാനിരുന്ന നേരം.

' ഒറ്റയ്ക്ക് കഴിക്കാനൊന്നും നോക്കണ്ടാ. ഞങ്ങള്‍ രണ്ട് വിരുന്നുകാരും ഉണ്ടേ എന്നും പറഞ്ഞ് അവര്‍ അകത്തേക്ക്കയറി .
കയ്യിലെടുത്ത ഓലക്കിണ്ണം എഴുത്തശ്ശന്‍ താഴെ വെച്ചു. തോളിലെ തോര്‍ത്തു കൊണ്ട് കുത്തുപടി തുടച്ച് അതിഥികളെ ഇരിക്കാന്‍ 
ക്ഷണിച്ച് രണ്ടടി പുറകോട്ട് മാറി നിന്നു. ' ഇത് പറ്റില്ല. വയസിന് മൂത്ത നിങ്ങള് നില്‍ക്കുമ്പോള്‍ ഞങ്ങള്‍ ഇരിക്കുന്നത് ശരിയല്ല ' എന്ന് കിട്ടുണ്ണി മാഷ് പറഞ്ഞപ്പോള്‍ എഴുത്തശ്ശന്‍ തൂണില്‍ ചാരി നിലത്ത് കുന്തിച്ചിരുന്നു.

രാഘവനാണ് കാര്യത്തിലേക്ക് കടന്നത്. ' ഞങ്ങള് ഏതാണ്ടൊക്കെ പറഞ്ഞ് കേട്ടു, എന്താന്ന് അന്വേഷിക്കാന്‍ വേണ്ടി വന്നതാ '. എഴുത്തശ്ശന്‍ ഒന്നും മിണ്ടിയില്ല. വേലായുധന്‍ കുട്ടിക്ക് വേണ്ടി സന്ധി പറയാന്‍ വന്നതാണ്. അവര്‍ക്ക് പറയാനുള്ളത് മുഴുവന്‍ 
കേട്ടിട്ട് മറുപടി പറഞ്ഞാല്‍ മതിയല്ലോ. ' ഞങ്ങള് ചോദിച്ചതിന്ന് മറുപടി ഒന്നും പറഞ്ഞില്ല ' എന്ന് രാഘവന്‍ വിഷയം 
ഓര്‍മ്മിപ്പിച്ചു.

' അതിന് നിങ്ങളെന്താ കേട്ടത് എന്ന് എനിക്ക് അറിയില്ലല്ലോ ' എന്നും പറഞ്ഞ് എഴുത്തശ്ശന്‍ ഒഴിവായി. രാഘവനും കിട്ടുണ്ണി
മാഷും മുഖത്തോട് മുഖം നോക്കി. ആര് തുടങ്ങണം എന്ന സംശയത്തിലായി അവര്‍.

കിട്ടുണ്ണി മാഷ് മെല്ലെ പറഞ്ഞു തുടങ്ങി. എന്തോ നിസ്സാരകര്യത്തിന്ന് മരുമകളെ എഴുത്തശ്ശന്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു എന്നും
വിവരം അന്വേഷിച്ച് ചെന്ന മകനോടും വീട് വിട്ട് പോവാന്‍ പറഞ്ഞു എന്നും നാട്ടില് മുഴുവന്‍ പാട്ടായിട്ടുണ്ട്. കുടുംബത്തിനാകെ
പേര്ദോഷം വരുത്തുന്ന പണിയാണ് ഇതൊക്കെ. ഒരേ ഒരു പേരക്കുട്ടി ഉള്ളതിന് കല്യാണം കഴിച്ച് ഒരു പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരാനുള്ള പ്രായമായി. നടന്ന കാര്യം പുറത്ത് അറിഞ്ഞാല്‍ നല്ല ഒരു കുടുംബത്തില്‍ നിന്ന് അവന് ഒരു പെണ്ണ് കിട്ടില്ല.

മാധവിയുടെ ആങ്ങളമാര്‍ നല്ല ആളുകളായത് നന്നായി, ഇല്ലെങ്കില്‍ അവര് ശേഷം ചോദിക്കാന്‍ വന്നേനെ എന്ന് രാഘവനും 
പറഞ്ഞു. ആ പറഞ്ഞത് എഴുത്തശ്ശന്ന് ഒട്ടും ഇഷ്ടപ്പെട്ടില്ല.

' ഒരുത്തനും ന്യായം പറയാന്‍ എന്‍റെ മുമ്പില്‍ വരില്ല ' എഴുത്തശ്ശന്‍ പറഞ്ഞു ' പെണ്ണുങ്ങളെ വളര്‍ത്തേണ്ട പോലെ വളര്‍ത്തണം. അതല്ലാത്തതിന്‍റെ കുറ്റം കൊണ്ടാണ് ഇതൊക്കെ നടന്നത് '. കുറച്ച് കാലമേ രുഗ്മിണി കൂടെ കഴിഞ്ഞുള്ളു. അന്നൊന്നും അച്ഛന്‍റെ മുമ്പില്‍ അവള്‍ നേരെ നിന്ന് വര്‍ത്തമാനം പറഞ്ഞിട്ടില്ല. അതാ പെണ്ണുങ്ങള്. ഈ സാധനം കല്യാണം 
കഴിഞ്ഞ് വന്ന ശേഷം ഒരൊറ്റ ദിവസം മര്യാദക്ക് പെരുമാറിയിട്ടില്ല. ഏതോ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങി വന്ന ഉര്‍വശിയാണെന്നാ
അവളുടെ ഭാവം കണ്ടാല്‍ . സ്നേഹൂം ബഹുമാനൂം ഒന്നും ഒട്ടും വേണ്ടാ. പുച്ഛത്തോടെ പെരുമാറാതിരുന്നാല്‍ മതിയായിരുന്നു. അവളത് ചെയ്തില്ല.

രാഘവനും കിട്ടുണ്ണി മാഷും ഒന്നും പറഞ്ഞില്ല. നിമിഷങ്ങള്‍ കടന്നു പോയി. ' ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല,
കഴിഞ്ഞത് കഴിഞ്ഞു ' രാഘവന്‍ പറഞ്ഞു ' ഇനി അങ്ങോട്ട് എന്താ വേണ്ടത് എന്ന് ആലോചിക്കുകയാണ് ഇപ്പൊ ചെയ്യേണ്ടത് '.

' എന്താ വേണ്ടത് എന്ന് നിങ്ങളന്നെ പറഞ്ഞോളിന്‍ ' എഴുത്തശ്ശന്‍ പറഞ്ഞു ' പറയിണ കാര്യം എനിക്കും കൂടി ബോധിക്കണം.
എന്നാലേ ഞാനത് കേള്‍ക്കൂ '.

' ഒരു കാര്യം ചെയ്യിന്‍ ' കിട്ടുണ്ണി മാഷ് നിര്‍ദ്ദേശിച്ചു ' തെറ്റും ശരിയും ഒന്നും നോക്കിയിട്ട് കാര്യമില്ല. അതൊക്കെ അങ്ങിട്ടും
ഇങ്ങിട്ടും പറയാനുണ്ടാവും. നിങ്ങള് മരുമകളോട് കടന്ന് പോവാന്‍ പറഞ്ഞത് വലിയൊരു തെറ്റ് തന്നെ. അതുകൊണ്ട് നിങ്ങളന്നെ ചെന്ന് അവരോട് വരാന്‍ പറയണം. അതില്‍ മാനക്കേടൊന്നും ഇല്ല'.

മനസ്സില്‍ തികട്ടി വന്ന ദേഷ്യം എഴുത്തശ്ശന്‍ കടിച്ചമര്‍ത്തി. മദ്ധ്യസ്ഥം പറയാന്‍ വന്നവരെ താന്‍ അപമാനിച്ചു എന്ന് വരുത്തരുതല്ലോ.

അടുത്ത ഊഴം രാഘവന്‍റെ ആയിരുന്നു.' നിങ്ങള്‍ക്ക് വയസ്സും പ്രായവും ഒക്കെ ആയി. ഇനി തരുന്നത് വാങ്ങിക്കഴിച്ച് ' രാമ, രാമ' എന്ന് ജപിച്ച് കഴിയുന്നതാണ് നല്ലത്. പത്ത് ദിവസം കിടന്നാല്‍ നോക്കാന്‍ മകനും ഭാര്യയും പേരമക്കളും മാത്രമേ ഉണ്ടാവൂ.
ബാക്കി എല്ലാവര്‍ക്കും  നോക്കി നിക്കാനേ കഴിയൂ. നിങ്ങള് മരിച്ചാലും വേണ്ടതൊക്കെ ചെയ്യാന്‍ അവര് വേണം. കേറി
ചെല്ലുമ്പോള്‍ മരുമകളുടെ വീട്ടുകാര്‍ മുഖത്തടിച്ച മാതിരി വല്ലതും പറയാതെ വേലായുധന്‍ കുട്ടി നോക്കിക്കോളും'.

അതോടെ എഴുത്തശ്ശന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു. ' ഞാന്‍ ചെന്ന് അവരുടെ കാല്പിടിക്കണം എന്നാണോ നിങ്ങള്‍ പറയുന്നത് '
എന്നയാള്‍ ചോദിച്ചു. അതല്ല തങ്ങള്‍ ഉദ്ദേശിച്ചതെന്നും മകനും കുടുംബത്തിനും ഉണ്ടായ മനോവിഷമം തീര്‍ക്കാന്‍ പറ്റിയ മാര്‍ഗ്ഗം 
പറഞ്ഞതാണെന്നും ഇരുവരും പറഞ്ഞു.

എഴുത്തശ്ശന്‍ മുറ്റത്തേക്ക് ഒന്ന് നീട്ടി തുപ്പി. ' എനിക്കതിന് മനസ്സില്ലെങ്കിലോ, പോയി ആ ആണും പെണ്ണും കെട്ടവനോടും ആ മൂധേവിയോടും കുപ്പന്‍ കുട്ടി കഴിയുന്നത് അവരെ ഒന്നും നമ്പിയിട്ടല്ല എന്ന് പറഞ്ഞോളിന്‍. ശങ്കരനെഴുത്തശ്ശന്‍റെ മകന്‍ ആണായിട്ട് പിറന്നു, ആണായിട്ട് വളര്‍ന്നു, ആണായിട്ട് ചാവും ചെയ്യും '

ഒന്ന് നിര്‍ത്തിയിട്ട് അയാള്‍ വീണ്ടും പറഞ്ഞു' എല്ലാവരും ഇറങ്ങി പോയ ദിവസം ഞാനൊന്ന് പതറി, അത് സത്യം. പിന്നെ ആലോചിച്ചപ്പോള്‍ അതിലൊന്നും ഒരു കാര്യമില്ലെന്ന്ബോദ്ധ്യായി. ജനിക്കുന്നതും ഒറ്റക്കാണ്, ചാവുന്നതും ഒറ്റക്കാണ്. പിന്നെ എടേല് ഉള്ള കാലം ഒറ്റക്ക് തന്നെ കഴിഞ്ഞാലെന്താ '.

രാഘവനും കിട്ടുണ്ണി മാഷക്കും എന്താണ് പറയേണ്ടത് എന്ന് അറിയാത്ത മട്ടായി. ഇരുവരും മുഖത്തോട് മുഖം നോക്കി.
' ഇത്തിരീം കൂടി എനിക്ക് പറയാനുണ്ട് ' എഴുത്തശ്ശന്‍ തുടര്‍ന്നു ' ചത്താല്‍ എന്താ ചെയ്യാ എന്ന് ചോദിച്ചല്ലോ. കെട്ടി പൊതിഞ്ഞ് കൊണ്ടുപോവാന്‍ നാല്മൊഴം ജഗന്നാഥന്‍ വേണം. ഞാന്‍ അതിനുള്ള പണം മക്കു രാവുത്തരുടെ കയ്യില്‍
ഏല്‍പ്പിച്ചിട്ടുണ്ട്. കുഴി വെട്ടി ഇട്ട് മൂടാന്‍ ചാമിയേയും എടവാടാക്കിയിട്ടുണ്ട്. അവനോ, അവളോ, അവരുടെ ആരെങ്കിലും 
ആള്‍ക്കാരോ ഞാന്‍ ചത്താല്‍ വരും ചെയ്യരുത് കാണും ചെയ്യരുത്. ദേഹത്തിന് വയ്യാതായി കിടന്നാല്‍ എന്താ ചെയ്യേണ്ടത് എന്നും  നന്നായി ആലോചിച്ചിട്ടുണ്ട്. ഒരു കുപ്പി എന്‍ഡ്രിന്‍ ഞാന്‍ വാങ്ങി കരുതിയിട്ടുണ്ട്. കിടപ്പിലാവുംന്ന് തോന്ന്യാല്‍ അന്ന് അത് എടുത്ത് കുടിക്കും . അത്രേന്നെ '.

കിട്ടുണ്ണി മാഷും രാഘവനും എഴുന്നേറ്റു. ' ഞങ്ങള്‍ ഇറങ്ങ്വാ ' മാഷ് പറഞ്ഞു ' വേലായുധന്‍ കുട്ടിയോട് വല്ലതും 
പറയണോ '.

' ചോദിച്ച അവസ്ഥക്ക് പറയാം ' എഴുത്തശ്ശന്‍ തുടര്‍ന്നു ' വീട് നില്‍ക്കുന്ന സ്ഥലം എന്‍റെ പേരിലാണ്. എന്നാലും അവന്‍ അതില്‍
കുറെ കാശ് ഇറക്കിയിട്ടുണ്ട്. അതോണ്ട് വീട് അവന്‍ എടുത്തോട്ടെ. പക്ഷെ അതും പൂട്ടി താക്കോല്പൂട്ടിലും തിരുകി വെച്ച്
ഇറങ്ങി പോയതാണ്. നാളെ അത് കണ്ടില്ല, ഇത് കണ്ടില്ല എന്നൊന്നും പറയാന്‍ പറ്റില്ല. അതോണ്ട് സാധനങ്ങളെല്ലാം കിട്ടി
ബോധിച്ചൂന്ന് ഒരു കച്ചീട്ട് എഴുതി ഒപ്പിട്ട് നിങ്ങള് രണ്ട് സാക്ഷികളും ഒപ്പിട്ടു തന്നാല്‍ താക്കോല് ഞാന്‍ തരാം. അല്ലാതെ എനിക്ക്
ആരോടും ഒന്നും പറയാനും ഇല്ല, കേള്‍ക്കാനും ഇല്ല '.

അങ്ങിനെ ആവട്ടെ എന്നും പറഞ്ഞ് മദ്ധ്യസ്ഥര്‍ മടങ്ങി. എഴുത്തശ്ശന്‍ കഞ്ഞി വിളമ്പി കുടിക്കാന്‍ ഇരുന്നു.

***********************************************************************************************

തോട്ടത്തില്‍ ഒരു മൂച്ച് കിള കഴിഞ്ഞു. ഒരാഴ്ചയിലേറെയായി തെങ്ങിന്‍ തടങ്ങള്‍ തുരന്ന് തൂപ്പും തോലും നിറക്കലാണ് പണി. ഇടക്ക് പാടത്ത് ഒന്ന് കണ്ണോടിക്കണം. വല്ല കന്നോ മാടോ വന്ന് ഇറങ്ങിയാല്‍ കാണില്ല. കൈക്കോട്ട് തെങ്ങിന്‍ ചുവട്ടില്‍ തന്നെയിട്ട് ചാമി പുറപ്പെട്ടു. തോട്ടത്തിന്‍റെ പടി അടച്ചു വഴിയിലേക്ക് ഇറങ്ങി.

പൂഴി മണല്‍ വാരിപ്പൂശിയ വഴിയുടെ ഇരുവശവും കമ്മ്യൂണിസ്റ്റ് പച്ച മുളച്ച് പൊങ്ങി തുടങ്ങി. പച്ചക്കര മുണ്ട് നെയ്യാന്‍ 
കൈക്കോളന്‍ നൂല് പാവിട്ട പോലെ വഴി നീണ്ടു കിടന്നു. പാടത്തും വരമ്പിലും കുളമ്പിന്‍റെ അടയാളം കാണാനുണ്ട്. ആരോ
പാടത്ത് കന്നിനെ ഇറക്കിയിട്ടുണ്ട്. കയത്തം കുണ്ട് വരെ ചെന്നു. പുഴമ്പള്ളയില്‍ കൂളന്മാരെ മേയാന്‍ വിട്ട് പിള്ളേര്‍ വെള്ളത്തില്‍
നീന്തി തുടിച്ച് രസിക്കുകയാണ്. നല്ല ഒന്നാന്തരം തെറി ചാമിയുടെ നാവില്‍ നിന്ന് ഉയര്‍ന്നു പൊങ്ങി.

നീന്തല്‍ നിര്‍ത്തി പിള്ളേര്‍ കരക്ക് കയറി. കൂട്ടത്തില്‍ മുതിര്‍ന്നവന്‍റെ ചെവിക്ക് കയറിപിടിച്ചു. ' ഇനി നീയൊക്കെ കന്നിനെ വിട്ട്
കളിക്കാന്‍ പോയാല്‍ തല കീഴായി പിടിച്ച് ഞാന്‍ കയത്തില്‍ മുക്കും ' എന്നൊരു താക്കീതും കൊടുത്ത് ' ആട്ടി കൊണ്ട്
പോവിനെടാ ' എന്ന ഒരു കല്പനയും നല്‍കി. നനഞ്ഞ വേഷത്തോടെ കന്നുകളേയും ആട്ടി പിള്ളേര്‍ പോയി.

ചാമി തിരിച്ചു നടന്നു. ചേരിന്‍റെ പടിഞ്ഞാറോട്ടുള്ള വരമ്പ് നിറയെ പയര്‍ കുത്തിയിട്ടിട്ടുണ്ട്. അതെങ്ങാനും കന്ന് കടിച്ചുവോ എന്ന് നോക്കി. ഭാഗ്യത്തിന്ന് ഇങ്ങോട്ട് കന്നുകള്‍ വന്നിട്ടില്ല. പയറിന്‍റെ ഇല വലിച്ചു കൊണ്ടുവരാന്‍ കുറച്ച് ദിവസമായി കല്യാണി
പറയാന്‍ തുടങ്ങിയിട്ട്. പയറിന്‍റെ ഇല നന്നായി കൊത്തി അരിഞ്ഞ് വേവിച്ച് അരിപ്പൊടിയിട്ട് ഉപ്പേരി ഉണ്ടാക്കാനാണ്. കഞ്ഞിക്ക്
പയറിന്‍റെ ഇല ഉപ്പേരി വെച്ചത് നല്ല കൂട്ടാണ്. തോര്‍ത്ത് അഴിച്ച് നിലത്ത് വിരിച്ചു. പറിച്ചെടുത്ത ഇലകള്‍ അതില്‍ ഇട്ടു.

വേനല്‍ പള്ളം വെച്ചതില്‍ അഞ്ചാറ് വെണ്ടയും വഴുതിനയും ബാക്കി നില്‍പ്പുണ്ട്. കായ കുറഞ്ഞെങ്കിലും ചിലപ്പോള്‍ വല്ലതും
കിട്ടും. കുട്ടി അതോണ്ട് കൂട്ടാന്‍ വെച്ചോട്ടെ.

കായകള്‍ വലിച്ച് തോര്‍ത്തില്‍ കെട്ടി ചാമി ബീഡിക്ക് തീ കൊടുത്തു. അപ്പോഴാണ് ദൂരെ നിന്ന് വേലപ്പന്‍ വരുന്നത് കണ്ടത്. നല്ല വെശയിലാണ് നടപ്പ്. എന്താപ്പൊ ഇത്ര തിടുക്കപ്പെട്ട് വരാന്‍ എന്ന് ആലോചിച്ച് ചേരിന്‍ ചോട്ടിലേക്ക് നടന്നു.

' നിന്‍റെ മൊതലാളന്മാര് ഇന്നലെ ഇങ്ങോട്ട് വന്നിരുന്നോ ' വന്നപാടെ വേലപ്പന്‍ ചോദിച്ചു.

' ആ ' ചാമി കൈ മലര്‍ത്തി.

' എന്നിട്ടാണോ ആ മൂത്താര് മൊതലാളിമാര് വരുന്ന വിവരം നെന്നോട് പറഞ്ഞൂന്നും , അതിന് മോരൊഴിച്ച് വിളക്ക് വെക്കണോന്ന് നീ കേട്ടൂന്നും അയാള്‍ കല്യാണിയോട് പറഞ്ഞത് '.

' ഓ, ആരോ വന്നോട്ടെ പൊയ്ക്കോട്ടെ, നമുക്കെന്താ. ഇവിടെ പണി എടുക്കണം കൂലി വാങ്ങണം. അത്രേന്നെ '.

' ഇതൊക്കെ കേക്കുമ്പൊ എനിക്ക് നല്ല ഈറ വരുണുണ്ട്. നീ മൂത്തതായി പോയില്ലേ. ഇല്ലെങ്കില്‍ ചെകിട് അടിച്ച് മൂളിച്ചെന്നെ '.

' അതിനെന്താ, നീ തൊട്ട് തലേ വെച്ച് രണ്ട് തല്ല് തന്നോ. ഞാന്‍ തല കാട്ടി തരാം '.

' എന്നാലും നെനക്ക് മര്യാദക്ക് പെരുമാറി കൂടാ അല്ലേ '.

' അതൊന്നും സാരോല്യാ. ഇനി വരുമ്പൊ കണ്ടാപ്പോരേ, നീ ആ അരിവാള് ഇങ്ങിട്ട് താ. ഞാന്‍ പുല്ല് അരിഞ്ഞ് തരാം  '.

' വേണ്ടാ, ഞാന്‍ തന്നെ അരിഞ്ഞോളാം എന്ന് വേലപ്പന്‍ പറഞ്ഞുവെങ്കിലും ' നായ കിതക്കുന്ന പോലെ നീ കിതക്കുന്നുണ്ട്, മിണ്ടാണ്ടെ ഒരിടത്ത് ഇരിക്ക് ' എന്നും പറഞ്ഞ് ചാമി അരിവാള് വാങ്ങി പുല്ലരിയാന്‍ തുടങ്ങി.

Saturday, December 19, 2009

അദ്ധ്യായം 33

ഒരാഴ്ചയിലേറെയായി വീട്ടില്‍ നിന്ന് ഇറങ്ങി വന്നിട്ട്. ഇതിനകം അച്ഛന്‍ തിരക്കി വരുമെന്ന് വേലായുധന്‍ കുട്ടി കരുതിയിരുന്നതാണ്. ഇടക്കിടക്ക് മാധവി ഓരോ കുത്തുവാക്ക് പറയും. വയസ്സായ അച്ഛനെ നേരാമാര്‍ഗ്ഗം നടത്താന്‍ കഴിവില്ലാതെ ഇരിക്കുന്ന വീടും വിട്ട് പെണ്ണിന്‍റെ വീട്ടില്‍ സുഖ താമസത്തിന്ന് വന്നിരിക്കുകയാണെന്ന് അവള്‍ പറയുമ്പോള്‍ നാണക്കേടുകൊണ്ട് ഒരക്ഷരം മറുത്ത് പറയാന്‍ പറ്റാതായി. ഭാഗ്യമെന്നേ പറയേണ്ടു ഈ തവണ അളിയന്മാര്‍ ഒന്നും പറയുന്നില്ല. രാധാകൃഷ്ണന്‍ 
ഉണ്ടെങ്കില്‍ അവനോടെങ്കിലും സങ്കടം പറയാമായിരുന്നു.

വേലായുധന്‍ കുട്ടി അന്ന് രാവിലെ പുറത്തേക്ക് ഇറങ്ങാന്‍ ഒരുങ്ങി. ഇത്രയും ദിവസം മില്ലില്‍ ചെന്നിട്ടില്ല. അവിടുത്തെ കാര്യങ്ങള്‍
എന്തൊക്കെയാണോ ആവോ. എങ്ങിനെ നാട്ടുകാരുടെ മുഖത്ത് നോക്കും എന്ന വിഷമത്തിലായിരുന്നു ഇതുവരെ. മില്ലില്‍ നിന്ന് മേസ്ത്രി ഇടക്ക് വരും . നിത്യവും ഫോണ്‍ ചെയ്യാറുമുണ്ട്. വീട്ടിലെ കാര്യങ്ങള്‍ ചോദിക്കണമെന്നുണ്ടായിരുന്നു. എങ്ങിനെയാണ് പണിക്കാരനോട് നില വിട്ട് ഇത്തരം കാര്യങ്ങള്‍ ചോദിക്കുന്നത്. നാട്ടില്‍ നിന്നും വന്നതേ തെറ്റി. ഭാര്യയെ സമാധാനിപ്പിക്കാന്‍ 
അതല്ലാതെ മാര്‍ഗ്ഗം ഉണ്ടായിരുന്നില്ലല്ലൊ.

ആഹാരം കഴിഞ്ഞ് വേഷം മാറി പുറപ്പെടുമ്പോള്‍ എങ്ങോട്ടാണെന്ന് മാധവി തിരക്കി. മില്ലില്‍ പോവുന്ന കാര്യം പറഞ്ഞപ്പോള്‍
' ആ വഴിക്ക് ചെന്ന് അച്ഛനെ ഒന്ന് കണ്ടിട്ട് വന്നോളീന്‍, ഇത്ര ദിവസം കാണാതെ കണ്ണ് പൊരിയുന്നുണ്ടാവും ' എന്ന് അവള്‍ പറഞ്ഞത് കേട്ടില്ലെന്ന് നടിച്ചു. രണ്ടു കയ്യും കൂടി തല്ലിയാലല്ലേ ശബ്ദം ഉണ്ടാവൂ.

കാറ് ഷെഡ്ഡില്‍ കയറ്റി നിര്‍ത്തി. ഓഫീസിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ മുറ്റത്ത് പുഴുങ്ങിയ നെല്ല് ഉണക്കാനിട്ടത് ചിക്കിക്കൊണ്ടിരുന്ന സ്ത്രീകള്‍ എന്തോ അടക്കം പറഞ്ഞ് ചിരിക്കുന്നത് പോലെ തോന്നി. അച്ചിക്കോന്തന്‍ എന്ന് പറയുകയായിരിക്കും. കാണാത്ത ഭാവത്തില്‍ കയറി ചെന്നു.

കണക്കുപിള്ള ശിവന്‍ മുമ്പില്‍ കൊണ്ടുവന്നുവെച്ച നെല്ലിന്‍റെ വരവും അരിയുടെ വില്‍പ്പനയും എഴുതിയ റജിസ്റ്ററുകളിലൂടെ
അലസമായി ഒന്ന് കണ്ണോടിച്ചു. ഒന്നിലും മനസ്സ് നില്‍ക്കുന്നില്ല.പിണങ്ങി പോന്നതാണെങ്കിലും അച്ഛന്‍റെ വിവരങ്ങള്‍ അറിയണമെന്നുണ്ട്. ഒന്ന് നേരിട്ട് ചെന്ന് അന്വേഷിച്ചാലോ. അല്ലെങ്കില്‍ വേണ്ടാ. മാധവി എങ്ങിനെയെങ്ങാനും അത് അറിഞ്ഞാല്‍ 
മതി. പിന്നെ അതിനാവും കുറ്റപ്പെടുത്തല്‍.  

ഫോണ്‍ബെല്ല് അടിച്ചപ്പോള്‍ എടുത്തു. മറുവശത്ത് രാഘവനാണ്. ' പിള്ളേരുടെ വല്ല വിവരവും ഉണ്ടോ 'എന്നാണ് അയാള്‍ ആദ്യം തന്നെ ചോദിച്ചത്. രാധാകൃഷ്ണനോടൊപ്പം ചെന്നത് രാഘവന്‍റെ മകന്‍ സുകുമാരനാണ്. ഇല്ല എന്നറിയിച്ചു.

' താന്‍ അച്ഛനോട് പിണങ്ങി വീട് വിട്ട് ഇറങ്ങി എന്നറിഞ്ഞു. അത് പോട്ടെ. നാട്ടുകാരോട് മുഴുവന്‍ അലോഹ്യത്തിലാണോ. ഒന്ന് ഫോണ്‍ ചെയ്യാമായിരുന്നില്ലേ തനിക്ക്. വീട്ടിലെ വിവരങ്ങള്‍ എന്തൊക്കെയാണ്? '

ഇതു തന്നെ പറ്റിയ സന്ദര്‍ഭമെന്ന് വേലായുധന്‍ കുട്ടി കണക്കാക്കി. വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം അവിടുത്തെ കാര്യങ്ങള്‍ ഒന്നും 
തന്നെ അറിഞ്ഞിട്ടില്ലെന്നും വിവരങ്ങള്‍ അന്വേഷിച്ച് അറിയിക്കണമെന്നും അയാള്‍ രാഘവനോട് ആവശ്യപ്പെട്ടു. ഒരു മണിക്കൂറിനകം
വിവരം തരാമെന്നും പറഞ്ഞ് രാഘവന്‍ ഫോണ്‍ വെച്ചു.

*************************************************************************************

നാല് ദിവസത്തെ താമസത്തിന്നു ശേഷം വേണു തിരിച്ചു പോന്നു. വൈകീട്ട് എത്തുമ്പോള്‍ കിട്ടുണ്ണി വീട്ടിലില്ല. സന്ധ്യയോടെയാണ് അയാള്‍ വന്നത്.

' ഏട്ടന്‍ കൃഷിയും കളപ്പുരയും നോക്കാന്‍ അവരോടൊപ്പം വന്നൂന്ന് അറിഞ്ഞു. എന്തേ അവരെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരാത്തത് ' എന്നായി ആദ്യത്തെ ചോദ്യം.

താന്‍ വിളിച്ചുവെന്നും ഓപ്പോള്‍ വരില്ല എന്ന് ശാഠ്യം പിടിച്ചതാണെന്നും വേണു അറിയിച്ചു.

' അതെങ്ങന്യാ , ഇവിടുന്ന് ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് മൂളി കേള്‍ക്കും , അവിടെ അവര് എന്തെങ്കിലും പറഞ്ഞാല്‍
അതിനും ഒന്ന് മൂളും. അല്ലാതെ ഏട്ടന് ആരോടെങ്കിലും കാര്യം പറയാന്‍ അറിയ്വോ '.

തന്നോട് പെങ്ങള്‍ക്കുള്ള അലോഹ്യം കുറച്ചെങ്കിലും കുറഞ്ഞുവോ എന്നു മാത്രമേ കിട്ടുണ്ണിക്ക് അറിയേണ്ടതായിട്ടുള്ളു. അത് ഇല്ല എന്ന് അറിഞ്ഞതോടെ കക്ഷി പിന്നീടൊന്നും ചോദിച്ചില്ല. പെങ്ങളുടെ വിശേഷങ്ങള്‍ കിട്ടുണ്ണി അന്വേഷിക്കുമെന്ന് വേണു കരുതിയത് വെറുതെയായി.

പിറ്റേന്ന് രാത്രി ഭക്ഷണം കഴിഞ്ഞ് ഉമ്മറത്ത് ഇരിക്കുമ്പോള്‍ ' കല്യാണക്കാര്യത്തില്‍ ഏട്ടന്‍ എന്തെങ്കിലും തീരുമാനം എടുത്തുവോ '
എന്ന് കിട്ടുണ്ണി വേണുവിനോട് ചോദിച്ചു. ഇല്ല എന്ന മറുപടി അയാളെ ചൊടിപ്പിച്ചു.

' അതേയ്. വേണങ്കിലും വേണ്ടെങ്കിലും പെട്ടെന്നൊരു മറുപടി തരണം. എനിക്ക് മര്യാദക്കരുടെ അടുത്ത് നീട്ടി നീട്ടി പറയാന്‍ 
പറ്റില്ല '.

' എന്‍റെ കാര്യോക്കെ നിനക്ക് അറിയാലോ, ഇനി ഈ വയസ്സാന്‍ കാലത്ത് എനിക്ക് പെണ്ണും പിടക്കോഴീം ഒന്നും വേണ്ടാ ' എന്ന്
വേണു തീര്‍ത്ത് പറഞ്ഞു.

' വേണ്ടെങ്കില്‍ വേണ്ടാ, എനിക്കൊന്നൂല്യാ. വയ്യാതെ കിടപ്പിലായാല്‍ ആര് നോക്കുംന്ന് വിചാരിച്ചിട്ടാ. ഇവിടെ ഒരുത്തി ഉള്ളതിന് അവനവന്‍റെ കാര്യം നോക്കാനെ വയ്യാ. അല്ലെങ്കിലും അന്യ പുരുഷന്മാരുടെ കാര്യങ്ങളൊക്കെ ഏതെങ്കിലും സ്ത്രീകള്‍ നോക്ക്വോ '.

സ്വരത്തില്‍ നിറഞ്ഞ ഇഷ്ടക്കേട് വേണു തിരിച്ചറിഞ്ഞു. താന്‍ ഇവിടെ ഒരു അധികപറ്റാണ്. ഇവിടെ നിന്ന് ഇറങ്ങിയാല്‍ ഓപ്പോളുടെ അടുത്ത് ചെല്ലാം. പക്ഷെ അതും എത്ര ദിവസത്തേക്ക്. അവര്‍ക്കും നീരസം തോന്നിക്കൂടാ എന്നില്ലല്ലൊ. എന്തായാലും സ്വന്തമായി ഒരു താവളം ഉണ്ടായേ മതിയാവൂ.

രാത്രി കിടക്കുമ്പോള്‍ വേണു അതേക്കുറിച്ചു തന്നെ ആലോചിച്ച് കിടന്നു. മദിരാശിയിലേക്കു തന്നെ തിരിച്ചു പോയാലോ എന്ന് തോന്നി. അപ്പോഴാണ് വയസ്സുകാലത്ത് അവനവന്‍റെ നാട്ടില്‍ തന്നെ കഴിഞ്ഞു കൂടണം എന്ന മാരിമുത്തുവിന്‍റെ വാക്കുകള്‍ ഓര്‍ത്തത്.
തനിക്ക് പ്രിയപ്പെട്ട തന്‍റെ കളപ്പുരയിലേക്ക് എത്രയും പെട്ടെന്ന് താമസം മാറണമെന്ന് വേണു ഉറപ്പിച്ചു.

' കൃഷിയൊക്കെ ചെന്ന് നോക്കീതല്ലേ,എങ്ങനീണ്ട് ' എന്ന് കാപ്പി കുടിക്കാനിരിക്കുമ്പോള്‍ കിട്ടുണ്ണി ചോദിച്ചു,

തരക്കേടില്ല എന്ന ഒറ്റ വാക്കില്‍ മറുപടി ഒതുക്കി.

' ഏട്ടന്‍ ഒരു കാര്യം ചെയ്യൂ, അതൊക്കെ അങ്ങോട്ട് വില്‍ക്കൂ ' കിട്ടുണ്ണി പറഞ്ഞു ' അവിടെ പുഴ കടന്ന് പോകാനൊക്കെ പാടാണ്. ശരിക്ക് നോട്ടം കിട്ടില്ല. നമുക്ക് ഇക്കരെ എന്‍റെ സ്ഥലത്തിന്‍റെ അടുത്ത് കുറച്ച് കൃഷി വാങ്ങാം. എന്നാല്‍ പിന്നെ എനിക്ക് എളുപ്പം നോക്കി നടത്താലോ ?'

വേണു എതിരൊന്നും പറഞ്ഞില്ല.' എനിക്ക് ഇന്നന്നെ ഓപ്പോളുടെ അടുത്തൊന്ന് പോകണ' മെന്ന് അയാള്‍ പറഞ്ഞു നിര്‍ത്തി.

Saturday, December 12, 2009

അദ്ധ്യായം - 32

എഴുത്തശ്ശനെ സഹായിക്കാനെന്ന മട്ടില്‍ കാലവര്‍ഷം തിരശ്ശീലക്ക് പിന്നില്‍ തന്നെ ഒളിച്ചിരുന്നു. മകീരത്തില്‍ മതി മറന്ന് പെയ്യും
എന്നാണ് ചൊല്ല്. ഞാറ്റുവേല പകുതി ആവാറായി. വിതച്ച് മുള പൊട്ടി വന്ന നെല്‍ചെടികളുടെ അറ്റം കരിവാളിച്ച് തുടങ്ങി.

' ഇനീപ്പൊ മഴ പെയ്താലും ഒരു വിരോധോല്യാ ' ഒരു ദിവസം എഴുത്തശ്ശന്‍ അമ്പലക്കടവില്‍ വെച്ച് നാണു നായരോട്
പറഞ്ഞു ' തൊഴുത്തും വണ്ടിപ്പുരയും  മേഞ്ഞു കഴിഞ്ഞു. ബാക്കി കല്ലോണ്ട് ചുറ്റും  ഒന്ന് മറക്കണം, അത് മഴ
പെയ്താലും ചെയ്യാലോ '.

നാണു നായര്‍ക്കും കുറച്ച് ദിവസമായി ഒരു തൊഴിലായി. രാവിലെ കുളിച്ച് തൊഴുത് വന്നതും മൂപ്പര്‍ കൂട്ടുകാരന്‍ പണി
ചെയ്യിക്കുന്ന സ്ഥലത്തേക്ക് തിരിക്കും. എഴുത്തശ്ശന്നുള്ള ഭക്ഷണം കയ്യില്‍ കരുതും. ഉച്ചക്ക് പണിക്കാര്‍ ജോലി അവസാനിപ്പിച്ചാല്‍ 
രണ്ടുപേരും കൂടി ഉണ്ണാന്‍ വീട്ടിലെത്തും. സരോജിനി കൊടുത്ത ആഹാരം കഴിച്ചു കഴിഞ്ഞാല്‍ ' നാണ്വാരേ, നിങ്ങള്
ഇത്തിരി കിടന്നോളിന്‍ ' എന്നും പറഞ്ഞ് സുഹൃത്ത് മടങ്ങി പോവും.

ആറേഴ് ദിവസം കൊണ്ട് പണി പൂര്‍ത്തിയായി. ഇനി കിടപ്പും കൂടി പുതിയ സ്ഥലത്തേക്ക് മാറ്റുകയേ വേണ്ടു. തൊഴുത്ത് പൊളിച്ച അന്ന് മുതല്‍ കന്നിനെ കുറ്റിയടിച്ച് കെട്ടിയിട്ടതാണ്. അവറ്റ കാറ്റും വെയിലും കൊണ്ട് നില്‍ക്കുകയാണ്. പുതിയ തൊഴുത്തില്‍ മൂരികളെ ഒട്ടും വൈകാതെ കയറ്റണം.

' നാളെക്ക് നാളെ ഇങ്ങോട്ട് മാറിയാലോ എന്നാ ഞാന്‍ വിചാരിക്കുന്നത് ' എഴുത്തശ്ശന്‍ നാണു നായരോട് പറഞ്ഞു ' മഴ
എപ്പൊഴാ താഴത്തേക്ക് വീഴണ്ടത് എന്നും പറഞ്ഞാ നില്‍ക്കുന്നത് '.

' അങ്ങനെ അങ്ങിട്ട് ചെയ്യാന്‍ പാട്വോ ' നായര്‍ പറഞ്ഞു ' ഇതിനൊക്കെ നാളും ദിവസൂം നോക്കണ്ടേ '.

' എന്നാ ചാവുണത് എന്നും കാത്ത് ഇരിക്യാണ്ഞാന്‍ . വാണ് വര്‍ദ്ധിച്ച് കുട്ടീം മക്കളും ആയി ഇരിക്കണം ച്ചാലല്ലേ നാളും
നക്ഷത്രവും ഒക്കെ നോക്കേണ്ടതുള്ളു' എന്ന് എഴുത്തശ്ശന്‍ പറഞ്ഞുവെങ്കിലും, ജോത്സ്യനെ കാണാനുള്ള ചുമതല കൂട്ടുകാരനെ തന്നെ
ഏല്‍പ്പിച്ചു.

ഉച്ച ഭക്ഷണം കഴിഞ്ഞ് എഴുത്തശ്ശന്‍ പോയി. നാണു നായര്‍ ഒന്ന് നടു നിവര്‍ത്തി. നാല് മണിക്ക് മുമ്പ് അയാള്‍ എഴുന്നേറ്റു. ' ഞാന്‍ ഇപ്പൊ വരാം ' എന്ന് മകളോട്പറഞ്ഞ് അയാള്‍ മുറ്റത്തേക്കിറങ്ങി.

' അച്ഛന്‍ ഈ നേരത്ത് എവിടേക്കാ പോണത് ' എന്ന് മകള്‍ ആരാഞ്ഞു. പുതിയ താമസ സ്ഥലത്തേക്ക് എഴുത്തശ്ശന്ന്
താമസം മാറുന്നതിന്ന് നല്ല ദിവസം നോക്കാന്‍ പണിക്കരെ കാണാന്‍ പോവുകയാണെന്ന് അയാള്‍ മറുപടി നല്‍കി.

' അച്ഛന്‍ ഒരു മിനുട്ട് നില്‍ക്കൂട്ടോ ' എന്നും പറഞ്ഞ് സരോജിനി അകത്തേക്ക് ചെന്നു. മരത്തിന്‍റെ പെട്ടിയില്‍ 
സൂക്ഷിച്ചിട്ടുള്ള തന്‍റെ തലക്കുറിപ്പ് അവള്‍ കടലാസ്സില്‍ പൊതിഞ്ഞ് എടുത്തു. ഉമ്മറത്ത് കത്ത് നിന്ന അച്ഛന്‍റെ കയ്യില്‍ അവള്‍ അത് കൊടുത്തു.

' എന്താ ഇത് ' എന്ന് നാണു നായര്‍ തിരക്കി. തന്‍റെ ജാതകക്കുറിപ്പാണ് പൊതിയില്‍ ഉള്ളതെന്നും ജോത്സ്യനെ കൊണ്ട്
അത് കൂടി ഒന്ന് നോക്കിക്കണമെന്നും സരോജിനി പറഞ്ഞു.

അതും വാങ്ങി പടി കടന്ന് പോകുമ്പോള്‍ ' എന്താ ഈ പെണ്ണിന് പറ്റിയത് ' എന്ന് നാണു നായര്‍ ചിന്തിച്ചു.

അമ്പതാം വയസ്സിന്‍റെ പടിക്കല്‍ എത്തിയ തനിക്ക് ഒരു ജാതകം എഴുതിച്ച് തരാന്‍ കൂടി വീട്ടുകാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ജനന സമയം കുറിച്ച തലക്കുറിവെച്ചാണ് വല്ലപ്പോഴും ഫലം നോക്കിച്ചിട്ടുള്ളത്. ഇരുപത് വയസ്സ് മുതല്‍ 
കേള്‍ക്കാന്‍ തുടങ്ങിയതാണ് ആറു മാസത്തിന്നുള്ളില്‍ അല്ലെങ്കില്‍ ഒരു കൊല്ലത്തിനകം കല്യാണം നടക്കുമെന്ന്. പണിക്കര് പറഞ്ഞ
പോലെ ഒന്നും നടന്നില്ല. കഴിഞ്ഞത് കഴിഞ്ഞു. ഇനിയെങ്കിലും ജീവിതത്തില്‍ ഒരു മേല്‍ഗതി ഉണ്ടാവില്ലേ ? അത്തരം ഒരു പ്രവചനവും കാത്ത് സരോജിനി ഇരുന്നു.

*************************************************************************************

പിറ്റേന്ന് തന്നെ വേണുവിന്‍റെ വക കൃഷിയും സ്ഥലങ്ങളും നോക്കി കാണാന്‍ എല്ലാവരും കൂടി ചെന്നു. വിശ്വനാഥന്‍ വക്കീലും 
പത്മിനിയമ്മയും വേണുവും ഡ്രൈവറും കൂടിയാണ് ചെന്നത്. കാര്യസ്ഥന്‍ രാമന്‍ നായരോട് വൈകുന്നേരം തന്നെ പറഞ്ഞ് ശട്ടം 
കെട്ടിയിരുന്നു.

പുഴ വക്കത്ത് കാര്‍ നിര്‍ത്തി എല്ലാവരും ഇറങ്ങി. ' മുട്ടിന്ന് മേപ്പോട്ട് വെള്ളം ഉണ്ട് ' എന്ന് അവിടെ കാത്തു നിന്ന രാമന്‍ നായര്‍ പറഞ്ഞു. ' എന്നാല്‍ ഞാന്‍ വരുന്നില്ല ' എന്നു പറഞ്ഞ് പത്മിനി ഒഴിവാകാന്‍ നോക്കി. ' അതൊന്നും 
സാരമില്ലാടോ, താനും വാ ' എന്നു പറഞ്ഞ് വക്കീല്‍ നിര്‍ബന്ധിച്ചതോടെ പത്മിനിയും പുഴയിലേക്കിറങ്ങി.

മുളച്ച് വന്ന നെല്‍ചെടികള്‍ മണ്ണിനെ പച്ച ചേല ഉടുപ്പിച്ചിരിക്കുന്നു. എല്ലാ വയല്‍ വരമ്പുകളും ചെത്തി വൃത്തിയാക്കിയിട്ടുണ്ട്.
ആകപ്പാടെ കാണാന്‍ ഒരു ഐശ്വര്യം തോന്നി. ' ഇന്നെന്താ പണി ഒന്നും ഇല്ലേ ' എന്ന് പത്മിനി ചോദിച്ചു. കര്‍ഷക
തൊഴിലാളികളുടെ സമ്മേളനം ആയതിനാല്‍ പണിക്കാരെല്ലാം  അതിന്ന് പോയിരിക്കുകയാണെന്ന് രാമന്‍ നായര്‍ അറിയിച്ചു.
വേണുവിന്ന് അത്ഭുതം തോന്നി. കൃഷിപ്പണിക്ക് വരുന്നവര്‍ക്കും സംഘടനയും ജാഥയും സമ്മേളനവും ഒക്കെയുണ്ടെന്ന് അയാള്‍
ആദ്യമായി അറിയുകയാണ്.

' ആരാ ഇപ്പൊ പണിക്കാരുടെ തലവനായിട്ട് ' എന്ന് വക്കീല്‍ ആരാഞ്ഞു. ' ചാമീന്ന് പേരുള്ള ഒരു വിദ്വാനുണ്ട് ' രാമന്‍
നായര്‍ പറഞ്ഞു ' ഇങ്ങിട്ട് വിളിച്ചാല്‍ അങ്ങോട്ട് പോകും. അത്ര നല്ല സ്വഭാവം. കള്ള് കുടിക്കാനും തമ്മില്‍തല്ല് കൂടാനും മാത്രേ അവന് നേരൂള്ളൂ. ' ഒന്ന് നിര്‍ത്തി അയാള്‍ തുടര്‍ന്നു ' ഞാന്‍ കൂട്ടി പറയാണെന്ന് തോന്നരുത്. മുതലാളിമാര് ഇങ്ങിട്ട് കാണാന്‍ 
വരുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ , അതിന്ന് ഞാന്‍  മോര് പാര്‍ന്ന് നാല്തിരിയിട്ട വിളക്ക് കത്തിച്ച് കൂട്ടിക്കോണ്ട് വരാന്‍
നിക്കണോ എന്നാ തിരിച്ച് ചോദിച്ചത്. '

എത്രയോ കാലങ്ങള്‍ക്ക് ശേഷം വേണു പാടങ്ങള്‍ മുഴുവനും ചുറ്റിക്കണ്ടു, അതും തികഞ്ഞ നിസ്സംഗതയോടെ. അതൊക്കെ
തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന തോന്നല്‍ അയാളില്‍ ഉണ്ടായില്ല. കേവലമൊരു കാഴ്ചക്കാരനെ പോലെ അയാള്‍
എല്ലാവരുടേയും ഒപ്പം നടന്നു.

' ഇതൊക്കെ നിന്‍റെ മുതലാണ്. ഞങ്ങള്‍ വെറും നോക്കി നടത്തിപ്പുകാരാണേ ' എന്ന് പത്മിനി അയാളോട് പറഞ്ഞു.

' എനിക്കെന്തിനാ ഓപ്പോളേ ഇതൊക്കെ ' എന്നായി വേണു.

' ഇതാ ഇപ്പോ നന്നായത്, അവനവന്‍റെ സ്വത്ത് എന്തിനാണെന്ന് ഒരാള് പറയുന്നത് ആദ്യമായിട്ടാണ് ഞാന്‍ കേള്‍ക്കണത്.
ഇതെങ്ങാനും ആ കിട്ടുണ്ണി കേള്‍ക്കണം, ഇരു ചെവി അറിയും മുമ്പ് ആ മഹാന്‍ ഇതൊക്കെ കൈക്കലാക്കും 'എന്ന് പത്മിനിയും പറഞ്ഞു .

നിറയെ കായ്ച്ച് നില്‍ക്കുന്ന തെങ്ങുകളും,  ഇടക്കോരോ കവുങ്ങും വേലിയോരത്ത് പല വിധത്തിലുള്ള ഫലവൃഷങ്ങളും
ഒക്കെക്കൂടിയുള്ള തോട്ടം  വേണുവിന്‍റെ കണ്ണ് കുളിര്‍പ്പിച്ചു. ഇതെല്ലാം നോക്കി എത്ര നേരം വേണമെങ്കിലും രസിച്ചിരിക്കാമെന്ന്
വേണു ചിന്തിച്ചു.

തോട്ടത്തില്‍ നിന്നും ഇറങ്ങി അവര്‍ കളപ്പുരയിലേക്ക് നടന്നു. രാമന്‍ നായര്‍ തന്‍റെ കയ്യിലെ തുണിസ്സഞ്ചിയില്‍ നിന്നും 
താക്കോലെടുത്ത് പടി തുറന്നു. കളപ്പുരക്ക് മുന്നിലെ ഷെഡ്ഡില്‍ കരിയും നുകവും കൈക്കോട്ടുകളും സൂക്ഷിച്ച് വെച്ചിരിക്കുന്നു.

കുട്ടിക്കാലത്ത് ചില ഒഴിവു ദിവസങ്ങളില്‍ പാടത്തെ പണി നോക്കാന്‍ ചെല്ലും . കന്ന് പൂട്ട് നടക്കുന്ന സമയങ്ങളില്‍ 
പണിക്കാരുടെ സമ്മതത്തോടെ കയ്യില്‍ ഒരു മുടിയന്‍ കോലുമായി കരിയില്‍ പിടിച്ചുകൊണ്ട് കന്നുകളുടെ പുറകില്‍ നടക്കും .
ഭൂതകാലത്തിലെ ആ നല്ല നിമിഷങ്ങള്‍ വേണുവിന്‍റെ മനസ്സില്‍ എത്തി. അറിയാതെ അയാള്‍ കലപ്പയുടെ പിടിയിലൊന്ന് തൊട്ടു
നോക്കി.

' അതൊക്കെ വെറുതെ വെച്ചിരിക്കുകയാണ്. ഒന്നും ഉപയോഗിക്കാറില്ല, ഇപ്പോള്‍ എല്ലാവരും ട്രാക്ടര്‍ കൊണ്ടല്ലേ പൂട്ടുന്നത് '
എന്ന് രാമന്‍ നായര്‍ പറഞ്ഞു. കളപ്പുരയും പരിസരവും എല്ലാം വേണുവിന്ന് ഇഷ്ടപ്പെട്ടു. അന്നത്തെ കളപ്പുരയല്ല ഇന്നുള്ളത്. പഴയത് നിലം പൊത്തിക്കാണും. മണ്‍ചുമരുകളും ഓലമേഞ്ഞ മേല്‍കൂരയും ആയിരുന്നു പഴയതിന്ന്. ഇത് വെട്ടുകല്ലില്‍ കെട്ടി
പ്പൊക്കി ചെത്തി തേക്കാതെയുള്ളതാണ്. വക്കീലും ഭാര്യയും രാമന്‍ നായരോടൊപ്പം പുരക്ക് അകത്തേക്ക് കയറിപ്പോയി. വേണു
കോലായില്‍ തന്നെയിരുന്നു.

പത്മിനി ഓപ്പോളും കിട്ടുണ്ണിയും പണ്ടും ഇങ്ങോട്ട് അധികം വരാറില്ല. പശുക്കളെ മേയ്ക്കാന്‍ പറഞ്ഞാല്‍ അവര്‍ പുസ്തകം
എടുക്കും. മാടുകളേയും കൊണ്ട് ഒറ്റക്കാണ് ഇങ്ങോട്ട് വരാറ് . കളപ്പുര തൊടിയില്‍ അവയെ മേയാന്‍ വിട്ട് പിള്ളക്കോലായയില്‍
മനോരാജ്യം കണ്ട് കിടക്കും. എല്ലാ ദുഃഖങ്ങളും അതോടെ ഇല്ലാതാവും. ഇതാണ് സ്വര്‍ഗ്ഗം എന്ന് അന്നൊക്കെ തോന്നിയിരുന്നു.
ഇവിടെ തന്നെ സ്ഥിര താമസം ആക്കിയാലോ എന്ന ചിന്ത പെട്ടെന്ന് അയാളുടെ മനസ്സില്‍ ഉദിച്ചു. വിശ്വേട്ടന്‍ പറഞ്ഞത് പോലെ
ഈ പുര ഓട് മേയുകയൊന്നും വേണമെന്നില്ല. വെയിലും മഴയും കൊള്ളാതെ കിടക്കാന്‍ ഇതൊക്കെ തന്നെ ധാരാളം.
ഓപ്പോളോട് ഈ കാര്യം സൌകര്യം പോലെ പറയണമെന്ന് വേണു ഉറപ്പിച്ചു.

പുഴ വക്കത്ത് വരെ കാര്യസ്ഥന്‍ വന്നു. യാത്ര തിരിക്കും മുമ്പ് വേണു പത്മിനിയുടെ അടുത്ത് ചെന്നു.

' ഓപ്പോളെ, ഞാന്‍ ഒരു കാര്യം പറയട്ടെ ' വേണു ചോദിച്ചു.

'ങും' പത്മിനി അയാളെ നോക്കി.

' നമ്മള്‍ ഇതുവരെ വന്നതല്ലേ ' വേണു പറഞ്ഞു ' നമുക്ക് കിട്ടുണ്ണിയുടെ വീട്ടിലൊന്ന് ചെന്നാലോ'

' എന്നെക്കൊണ്ടൊന്നും പറയിക്കേണ്ടാ ' പത്മിനി ക്ഷോഭിച്ചു ' മിണ്ടാതെ കാറില്‍ കയറിക്കോ '.

പൊടി പറത്തി കാര്‍ മുന്നോട്ട് പാഞ്ഞു.

Tuesday, December 1, 2009

അദ്ധ്യായം - 31

' ഇനി നമുക്ക് നാളെ രാവിലെ സംസാരിക്കാം ' പത്മിനി പറഞ്ഞു ' വേണു ദാ ഉറക്കം തൂങ്ങാന്‍ തുടങ്ങി , അല്ലെങ്കിലും
അത്താഴം ഉണ്ടിട്ട് ഒരു കാര്യം നിശ്ചയിച്ചാല്‍ അക്കാര്യം നാടക്കില്ലാന്നാ പഴേ ആള്‍ക്കാര്പറയാറ്.'

കാര്യം ശരിയാണ്. ഉറക്കം കണ്‍പോളകളില്‍ ഇടം തേടി കഴിഞ്ഞു. ' എന്നാല്‍ അങ്ങിനെ ചെയ്യാം ' എന്നും പറഞ്ഞ്
വക്കീലും എഴുന്നേറ്റു. രാവിലെ കാണിച്ച മുറിയിലേക്ക് വേണു ചെന്നു. സ്ഥലം മാറി കിടന്നാല്‍ ഉണ്ടാവുന്ന ഉറക്ക കുറവൊന്നും അയാള്‍ക്ക് തോന്നിയില്ല. വാസ്തവത്തില്‍ വേണു പതിവിലും നന്നായി ഉറങ്ങി.

ഉച്ചഭാഷിണിയിയിലൂടെ ഒഴുകിയെത്തിയ ഭക്തിഗാനം കേട്ട് ഉണര്‍ന്നു. അധികം ദൂരെയല്ലാത്ത ശിവ ക്ഷേത്രത്തില്‍ നിന്നാണ് അത്.
മുമ്പ് ഒരിക്കല്‍ അവിടെ പോയ ഓര്‍മ്മയുണ്ട്. ഭഗവാനെ ഒന്നു ചെന്ന് തൊഴുതാലോ എന്ന് മനസ്സില്‍ തോന്നി. പെട്ടെന്ന് പല്ലുതേപ്പും
കുളിയും കഴിച്ച് ഉമ്മറത്തെത്തി. വിശ്വേട്ടന്‍ പത്രം നോക്കി ഇരിക്കുന്നു. ' അല്ലാ, താന്‍ എങ്ങോട്ടാ കാലത്ത് ഇത്ര നേരത്തെ
ഒരുങ്ങി പുറപ്പെട്ടിട്ട് ' എന്ന് വേണുവിനോട് അയാള്‍ ചോദിച്ചു.

' അമ്പലത്തില്‍ ചെന്ന് തൊഴാനാണ് ' വേണു മറുപടി നല്‍കി.

' അത് നന്നായി, തന്നോട് ചില കാര്യങ്ങള്‍ പറയാനുണ്ട് ' വക്കീല്‍ പറഞ്ഞു ' ഇനി തൊഴുത് വന്നിട്ടാകാം അതൊക്കെ '.

വക്കീലിന്നുള്ള ചായയുമായി പത്മിനി എത്തി. ' നീ എഴുന്നേറ്റത് അറിഞ്ഞില്ല. ഇരിക്ക് ചായ കൊണ്ട് വരാം' എന്ന് അവര്‍ 
പറഞ്ഞുവെങ്കിലും ' തൊഴുത് വന്നിട്ടാകാം ' എന്നും പറഞ്ഞ് വേണു അമ്പലത്തിലേക്ക് പോവാന്‍ ഒരുങ്ങി. പത്മിനി അയാള്‍ക്ക് ക്ഷേത്രത്തിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു.

പൂജക്കാരന്‍ ഒരു വൃദ്ധനാണ്. തീര്‍ഥവും പ്രസാദവും നല്‍കി ദക്ഷിണയായി വെച്ച പണത്തില്‍ തൊട്ട് അദ്ദേഹം വേണുവിന്‍റെ
നേരെ കൈകള്‍ ഉയര്‍ത്തി ആശീര്‍വദിച്ചു.

' എവിടുന്നാ, ആരാന്ന് മനസ്സിലായില്ല, മുമ്പ് കണ്ട ഓര്‍മ്മ തോന്നുന്നില്ല ' എന്ന് അദ്ദേഹം പറഞ്ഞു.

താന്‍ ആരാണെന്ന് വേണു അറിയിച്ചു. വിശ്വേട്ടന്‍റെ പേര് കേട്ടതും തിരുമേനി അകത്തേക്ക് നോക്കി ഒന്ന് തൊഴുതു. ' ശംഭൊ, മഹാദേവാ ' എന്ന് ഉറക്കെ പറയുകയും ചെയ്തു.

ക്ഷേത്രത്തില്‍ നടവരവ് തീരെ ഇല്ലെന്നും , പൂജ മുടങ്ങാതെ നടക്കുന്നത് വക്കീലിന്‍റെ ഔദാര്യം കൊണ്ടാണെന്നും , മാസം തോറും 
തനിക്ക് ശമ്പളം തരുന്നത് അദ്ദേഹമാണെന്നും , തിരുമേനി പറഞ്ഞു. പൂജ കഴിഞ്ഞേ പോകാവൂ എന്നും പറഞ്ഞ് അദ്ദേഹം 
ശ്രീകോവിലിലേക്ക് കയറി.

തൊഴാന്‍ ആളില്ലെങ്കിലും പൂജ വിസ്തരിച്ച് തന്നെയാണ്. ഇങ്ങോട്ട് വരുമ്പോള്‍ വേഗം തിരിച്ച് ചെല്ലാമെന്നാണ് കരുതിയിരുന്നത്. ഇനി നട തുറന്നേ പോകാനാവൂ. സമയം ഇഴഞ്ഞ് നീങ്ങി. വേണു ശ്രീകോവിലിന്ന് മുമ്പില്‍ കൈ കൂപ്പി കാത്ത് നിന്നു.

തിരിച്ചെത്തുമ്പോള്‍ വക്കീലാപ്പീസിന്നു മുന്നില്‍ ധാരാളം ആളുകള്‍. വിശ്വേട്ടനും മരുമകനും കക്ഷികളുമായി കേസ് കാര്യങ്ങള്‍
ആലോചിക്കുകയാണ്. വേണു അകത്തേക്ക് ചെന്നു.

' നെന്നേം കാത്ത് ഇത്തറ നേരം വിശ്വേട്ടന്‍ ഇരുന്നു. കോടതീല് ചെല്ലുന്നതിന്ന് മുമ്പ് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു
കൊടുക്കാനുള്ളതാണ് ' പത്മിനി പറഞ്ഞു ' ഇനി കാത്തിരുന്നാല്‍ പറ്റില്ല എന്നും പറഞ്ഞ് ദാ ഇപ്പൊ എറങ്ങീതേ ഉള്ളു '.

ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ പത്മിനി തീരുമാനങ്ങള്‍ വിശദീകരിച്ചു. ഇനി മുതല്‍ വേണു കൃഷിസ്ഥലത്ത് ഇടക്കൊക്കെ
ചെല്ലണം . എപ്പോഴും പണിക്കാരോടൊപ്പം നില്‍ക്കണമെന്നല്ല.കാര്യസ്ഥന്‍ രാമന്‍ നായരെ ഒഴിവാക്കുകയൊന്നുമില്ല. അയാള്‍
എല്ലാം നോക്കി നടത്തിക്കോളും. ഉടമസ്ഥനായിട്ട് വല്ലപ്പോഴും ചെന്നാല്‍ മതി. ഒരു കളപ്പുരയുള്ളത് പനമ്പട്ട മേഞ്ഞതാണ്. അത് മാറ്റി ഓടാക്കിക്കും. അത്യാവശ്യം സൌകര്യങ്ങളും അവിടെ ഉണ്ടാക്കും. വല്ലപ്പോഴും ഒന്ന് നടു ചായ്ക്കണമെന്ന് തോന്നിയാല്‍ ദൂരെ പോകാതെ കഴിഞ്ഞല്ലോ. നാളെ വിശ്വേട്ടന്ന് ഒഴിവാണ്. മഴ പെയ്ത് പുഴയില്‍ വെള്ളം കൂടിയില്ലെങ്കില്‍ എല്ലാവരും കൂടി
അവിടെയെല്ലാം ഒന്നു ചെന്ന് നോക്കിയിട്ട് വരാം.

വേണു എല്ലാം മൂളി കേട്ടു.

***********************************************************************************************

വെള്ളിയാഴ്ചകളില്‍ മക്കു രാവുത്തര്‍ കച്ചവടത്തിന്ന് പോകാറില്ല. അന്ന് വീട്ടിലിരിക്കും. ഉച്ചക്ക് പള്ളി വരെ ഒന്ന് ചെല്ലും. അതിനാല്‍ ആ ദിവസങ്ങളില്‍ എഴുന്നേല്‍ക്കുന്നത് അല്‍പ്പം വൈകിയാണ്.

അങ്ങിനെ വൈകി എഴുന്നേറ്റ് പ്രഭാത കര്‍മ്മങ്ങള്‍ കഴിച്ച് ആഹാരത്തിന്നായി ഒരുങ്ങുമ്പോള്‍ അകലെ മുളക്കൂട്ടവും കഴിഞ്ഞ് ഇടവഴിയിലൂടെ കിട്ടുണ്ണി മാഷ് വരുന്നത് മക്കുരാവുത്തരുടെ ശ്രദ്ധയില്‍ പെട്ടു. ഒപ്പം കബീറും. സ്ഥലം വാങ്ങുന്നതിന്നും 
വില്‍ക്കുന്നതിന്നും ബ്രോക്കറായി നില്‍ക്കുകയാണ് അവന്‍റെ തൊഴില്‍. ' ഈ ചങ്ങാതിമാര് ആരെ കാണാനാണപ്പാ ഈ വഴിക്ക് വരുന്നത് 'എന്ന് അത്ഭുതം തോന്നി.

പടിക്കല്‍ നിന്ന് കബീര്‍ അകത്തേക്ക് എത്തി നോക്കി. രാവുത്തരെ കണ്ടതും ' ആള് ഉമ്മറത്ത് തന്നെയുണ്ട് ' എന്ന് അവന്‍ 
പറഞ്ഞു. കിട്ടുണ്ണി മാഷ് അവനോടൊപ്പം നന്നായി ഒന്ന് ചിരിച്ചും കൊണ്ട് അകത്തേക്ക് കയറി വന്നു. തോളിലെ തോര്‍ത്ത് എടുത്ത് പ്ലാസ്റ്റിക്ക് മെടഞ്ഞ കസേല തുടച്ച് രാവുത്തര്‍ മാഷെ ഇരിക്കാന്‍ ക്ഷണിച്ചു. ' എന്താപ്പൊ രണ്ടാളും കൂടി ഇങ്ങോട്ടേക്കൊക്കെ ' എന്ന് അയാള്‍ ചോദിച്ചു.

' നിങ്ങളെ കാണാന്‍ വരാന്‍ പ്രത്യേകിച്ച് കാരണം വല്ലതും വേണോ ' മാഷ് പറഞ്ഞു ' ഉപകാരം ഉള്ള ഒരു കാര്യം
ചെയ്യാന്‍ പറ്റുമ്പൊ വേണ്ടപ്പെട്ടവര്‍ക്കല്ലേ അത് ചെയ്യേണ്ടത് '

രാവുത്തര്‍ക്ക് ഒന്നും മനസ്സിലായില്ല. അയാള്‍ വിവരം തെളിച്ച് പറയാന്‍ ആവശ്യപ്പെട്ടു.

' മാഷ് ഒരു സ്ഥലം കൊടുക്കാനുള്ള വിവരം പറഞ്ഞപ്പോള്‍ പിടിച്ച പിടിയാലെ ഞാന്‍ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നതാ 'ണെന്ന്
കബീര്‍ പറഞ്ഞു. ' മുമ്പൊരിക്കല്‍ നിങ്ങള് പാകം പോലെ വല്ല സ്ഥലവും കൊടുക്കാനുണ്ടെങ്കില്‍ പറയാന്‍ ഏല്‍പ്പിച്ചതല്ലേ ' എന്ന് അവന്‍ രാവുത്തരോട് ചോദിക്കുകയും ചെയ്തു.

ബാക്കി കാര്യങ്ങള്‍ കിട്ടുണ്ണി മാഷാണ്സംസാരിച്ചത്. മുരുക മലയുടെ താഴത്ത് കിഴക്ക് മാറി കുറെയേറെ സ്ഥലം കിടപ്പുണ്ട്.
നല്ല ഒന്നാന്തരം മണ്ണ്. കൊത്തും കിളയും ഏല്‍ക്കാതെയുള്ള ആ സ്ഥലം വെടുപ്പാക്കിയാല്‍ പൊന്ന് വിളയിക്കാം. വളരെ
വേണ്ടപ്പെട്ട ആളുടേതാണ് ആ സ്ഥലം. താന്‍ ഒരു വാക്ക് പറഞ്ഞാല്‍ അയാള്‍ അത് തട്ടി കളയില്ല. ആ ബന്ധം വെച്ച് തീരെ ചുളുവിന് കച്ചോടം നടത്തി തരാം. പിന്നെ കൊടുക്കുന്ന പണത്തിന്‍റെ നൂറിന്ന് അഞ്ച് വെച്ച് കമ്മിഷന്‍ തരണം.
കബീറിന്നുള്ളത് വേറെയും കാണണം .

അപ്പോള്‍ അതാണ് സംഗതി. നേരം വെളുത്തപ്പോള്‍ പത്ത് കാശ് ഉണ്ടാക്കാനുള്ള പരിപാടിയും ആയിട്ടാണ് വരവ്. ഇയാള്‍ക്ക്
എന്തിന്‍റെ കുഴപ്പമാണ്. ഇട്ട് മൂടാനുള്ള സ്വത്തുണ്ട്. എന്നിട്ടും പണത്തിനോടുള്ള ആക്രാന്തം തീരുന്നില്ല.

രാവുത്തരുടെ ഭാര്യ ചായയുമായി വന്നു. അത് ഊതി കുടിച്ചുകൊണ്ട് മാഷ് തുടര്‍ന്നു. ഇനി വിസ്തരിച്ച് പറഞ്ഞു തരാം. നിങ്ങള് ഇരുപത്തയ്യായിരോ അമ്പതിനായിരോ എത്ര്യാണെച്ചാല്‍ അത് മുന്‍കൂര്‍ കൊടുത്തിട്ട് കരാറാക്ക്വാ. ആറു മാസോ, ഒരു
കൊല്ലോ എത്ര വേണമെങ്കിലും പ്രമാണം ഉണ്ടാക്കാന്‍ കാലാവധി വെക്കാം. എന്നിട്ട് അതില്‍ നല്ല ഒന്നാന്തരം തേക്കും പലജാതി
മരങ്ങളും ഉണ്ട്. അത് മുഴുവന്‍ മുറിച്ച് വില്‍ക്ക്വാ. ഭൂമിടെ വില അതോടെ മുതലാവും. പിന്നെ കിട്ടുന്നതൊക്കെ ലാഭം.

കേട്ടപ്പോള്‍ തരക്കേടില്ലെന്ന് രാവുത്തര്‍ക്ക് തോന്നി. പക്ഷെ ഇതിനൊക്കെ ഇറങ്ങിയാല്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ
എന്ന് ഉള്ളിലൊരു ഭയം. അയാളത് മറച്ചു വെച്ചില്ല.

' ഒരു പ്രശ്നൂം വരാനില്ല. നമ്മള് പാസ്സൊക്കെ വാങ്ങി മര്യാദക്ക് മരം മുറിക്കാന്‍ ചെന്നാല്‍ നടന്നില്ലാന്ന് വരും. ഫോറസ്റ്റ്കാരക്ക്
വല്ല കൈമടക്കും കൊടുത്ത് മുറിച്ച് മാറ്റിയാല്‍ ഒരു കുഴപ്പൂം വരില്ല ' എന്ന് മാഷ് പരിഹാരം കണ്ടെത്തി.

എന്താണ് വേണ്ടത് എന്ന ആശയക്കുഴപ്പത്തിലായി രാവുത്തര്‍. എന്നാല്‍ അത് അധികം നേരം നീണ്ടു നിന്നില്ല.

' പിന്നെ ഒരു കാര്യം പറഞ്ഞില്ലാന്ന് വേണ്ടാ. ഫോറസ്റ്റുകാര് ആ സ്ഥലം വനഭൂമിയാണെന്ന് പറഞ്ഞ് ഉടമസ്ഥനുമായി ഒരു കേസുണ്ട്. അതൊന്നും പേടിക്കാനില്ല. ഏതെങ്കിലും കേസില്‍ ഗവര്‍മ്മെണ്ട് ജയിച്ചിട്ടുണ്ടോ ' എന്ന കിട്ടുണ്ണി മാസ്റ്ററുടെ
വാക്കുകള്‍ രാവുത്തരെ ആ ഇടപാടില്‍ നിരുത്സാഹപ്പെടുത്തി.

ആലോചിച്ച് വിവരം തരാമെന്നു പറഞ്ഞ് അയാള്‍ അവരെ തിരിച്ചയച്ചു.