Saturday, April 24, 2010

അദ്ധ്യായം - 62.

ഉച്ച തിരിഞ്ഞതും എത്തിക്കൊള്ളാമെന്ന് ഉറപ്പ് പറഞ്ഞിട്ടാണ് യോഗം കഴിഞ്ഞ ശേഷം എല്ലാവരും പിരിഞ്ഞത്. വേണുവും 
എഴുത്തശ്ശനും നാണുനായരും മേനോനും കളപ്പുരയിലേക്ക് നടന്നു.

വരമ്പത്തേക്ക് എത്താറായപ്പോള്‍ പുറകില്‍ ഒരു ഒച്ച. ആരോ കൈ കൊട്ടുന്നതാണ്. എല്ലാവരും നിന്നു. പുറകിലായി
സ്വാമിനാഥന്‍ വേഗത്തില്‍ വരുന്നു.

' എന്തേ വല്ലതും മറന്ന്വോ ' എഴുത്തശ്ശന്‍ ചോദിച്ചു.

' മറന്നിട്ടൊന്ന്വോല്ലാ. ഇത്തിരി നേരം നിങ്ങളോട് സംസാരിച്ചിരിക്കണം എന്ന് തോന്നി '.

അഞ്ചു പേരും കളപ്പുരയില്‍ എത്തി.

' എന്താ കുടിക്കാനെടുക്കേണ്ടത് '.

' ഓ, അങ്ങിനെ ഒന്നൂല്യാ. സ്നേഹത്തോടെ എന്ത് കിട്ടിയാലും കുടിക്കും '.

' ഇവിടെ ഇഷ്ടം പോലെ തരാന്‍ സ്നേഹം മാത്രേയുള്ളു ' വേണു പറഞ്ഞു.

' അത് എനിക്ക് മനസ്സിലായി. മറ്റെല്ലാ സാധനവും പണം കൊടുത്താല്‍ കിട്ടും. ആത്മാര്‍ത്ഥമായ സ്നേഹം മാത്രേ വാങ്ങാന്‍ 
കിട്ടാത്തതായിട്ടുള്ളു '.

വേണു അകത്തേക്ക് ചെന്നു. വെള്ളം തിളയ്ക്കാന്‍ വെച്ച് തിരിച്ചു വന്നു.

' സത്യം പറഞ്ഞാല്‍ ' സ്വാമിനാഥന്‍ പറഞ്ഞു ' നിങ്ങളെയൊക്കെ കാണാന്‍ തുടങ്ങിയതോടെ മനസ്സില്‍ എന്തോ ഒരു ഇത്.
വളരെ മുമ്പേ പരിചയപ്പെടേണ്ടതായിരുന്നുവെന്ന് ഒരു തോന്നല്‍ '.

' ഇതന്യാ ഞങ്ങള്‍ക്കും പറയാനുള്ളത്. പൊതു കാര്യത്തിന്ന് ഇറങ്ങുന്ന പലരും കയ്യിട്ട് വാരണം എന്ന ഉദ്ദേശം
മനസ്സിലുള്ളവരായിട്ടാണ് കണ്ടു വരാറുള്ളത്. ആ സ്ഥാനത്ത് സ്വാമിനാഥന്‍ ആവശ്യപ്പെടാതെ തന്നെ കയ്യയച്ച് പണം 
ചിലവഴിക്കുന്നത് കണ്ടിട്ട് അത്ഭുതം തോന്നിയിട്ടുണ്ട് '.

' അതൊന്നും അത്ര കാര്യാക്കണ്ടാ. ഭഗവാന്‍ അറിഞ്ഞ് തന്നതില്‍ നിന്ന് കുറെയൊക്കെ നല്ല കാര്യത്തിന്ന് ചിലവാക്കുന്നൂന്ന് കരുതിയാല്‍ മതി '.

' ഒരു കാര്യം ചോദിച്ചാല്‍ എന്തെങ്കിലും തോന്ന്വോ ' നാണു നായര്‍ ചോദിച്ചു.

' എന്തായാലും ചോദിച്ചോളൂ '.

' പഴയ കെട്ടിടം പൊളിക്കുന്ന സമയത്ത് നിധി കിട്ടിയിട്ടുണ്ട്, അതാണ് ഇത്ര കാശ് ചിലവാക്കുന്നത് എന്ന് പറഞ്ഞ്
കേള്‍ക്കുന്നതില്‍ വാസ്തവം ഉണ്ടോ '.

' ആനക്കാര്യത്തിന്‍റെ എടേലാ ഒരു ചേനക്കാര്യം. ഒരു കാര്യം പറഞ്ഞോണ്ടിരിക്കുന്നതിന്‍റെ എടേല് കേറി വേണ്ടാത്ത
ഓരോന്ന് പറയാന്‍ നില്‍ക്കണ്ടാ ' എന്ന് എഴുത്തശ്ശന്‍ ശാസിച്ചുവെങ്കിലും സ്വാമിനാഥന്‍ ഒന്ന് ചിരിച്ചതേയുള്ളു.

' പഴയ തറവാടുകള്‍ പൊളിക്കുന്ന സമയത്ത് ചിലര്‍ക്കൊക്കെ നിധി കിട്ടിയിട്ടുണ്ട് എന്ന് ഞാനും പറഞ്ഞു കേട്ടിട്ടുണ്ട് '
അയാള്‍ പറഞ്ഞു ' ഒരു മന പൊളിച്ചപ്പോള്‍ തട്ട് പലകക്ക് മീതെ ഒരു നൂല് കനത്തില്‍ ചെമ്പ് പലക ഇട്ടിരുന്നത് കിട്ടി
എന്നും അതോടെ മന പൊളിക്കാനായി വാങ്ങിയ ആള്‍ കോടീശ്വരനായി എന്നും വേറൊരു ശ്രുതിയും ഉണ്ട്.
അങ്ങിനെയൊന്നും എനിക്ക് കിട്ടിയിട്ടില്ല. എന്നാലോ ഒട്ടും പ്രതീക്ഷിക്കാതെ ചിലതൊക്കെ കയ്യില്‍ തടഞ്ഞിട്ടുണ്ട് '.

' അപ്പൊ നിങ്ങള്‍ക്കും എന്തോ കാര്യായിട്ട് കിട്ടി ഇല്ലേ ' എന്നായി നാണു നായര്‍.

' ഞാന്‍ പറഞ്ഞില്ലേ, എനിക്ക് നിധിയൊന്നും കിട്ടിയിട്ടില്ല. വലുതായിട്ടൊന്നും കിട്ടില്ല എന്ന് വിചാരിച്ച് ചുരുങ്ങിയ കാശിന്ന് വാങ്ങിയ ഒരു പുരയില് മുഴുവന്‍ നല്ല കരി വീട്ടിടെ സാധനങ്ങളായിരുന്നു. അന്ന് അസ്സലൊരു കോളാണ് ഒത്തത്. പിന്നെ
ഒരിക്കല്‍ കൊത്തു പണിയുള്ള ഒരു വാതില് കൊടുത്തപ്പോള്‍ മൊത്തം വീടിന്ന് കൊടുത്തതിനേക്കാളും പണം കിട്ടി. ചിലപ്പോള്‍ അങ്ങിനെയൊക്കെ കൈ കൂടും  '.

' കാശ് ഉള്ളതോണ്ട് മാത്രം എന്താ കാര്യം. ചിലവാക്കാനും തോന്നണ്ടേ. എന്തൊക്കെ പേരും പെരുമയും കിട്ടും എന്ന്
വെച്ചാലും പലരും കയ്യിന്ന് തുട്ട് ഇറക്കാന്‍ മടിക്കും ' എഴുത്തശ്ശന്‍  പറഞ്ഞു.

' അവിടെയാണ് തെറ്റ് പറ്റിയത്. എനിക്കൊരു പബ്ലിസിറ്റി കിട്ടാന്‍ വേണ്ടി ചെയ്യുന്നതല്ല ഒന്നും . ഒക്കെ എന്‍റെ അമ്മയ്ക്ക്
വേണ്ടി സമര്‍പ്പിക്കുന്നതാണെന്നേ കരുതുന്നുള്ളു '.

ഏതോ ആലോചനകളിലേക്ക് അയാള്‍ കൂപ്പ് കുത്തി. ആ മുഖത്ത് എന്തൊക്കെയോ ഭാവങ്ങള്‍ മിന്നി മറഞ്ഞു. കര്‍ചീഫെടുത്ത്
അയാള്‍ കണ്ണ് തുടച്ചു.

' എന്താദ്. എന്താ പറ്റീത് ' എഴുത്തശ്ശന്‍ ചോദിച്ചു.

കുറച്ച് നേരത്തേക്ക് മറുപടിയൊന്നും  ഉണ്ടായില്ല. മേനോന്‍ എഴുന്നേറ്റ് സ്വാമിനാഥന്‍റെ അടുത്ത് ചെന്നു. അയാളുടെ വലത്തു
കൈ സ്വാമിനാഥന്‍റെ തോളില്‍ വിശ്രമിച്ചു.

' അമ്മയെ കുറിച്ച് ഓര്‍മ്മ വന്നാല്‍ ഇന്നും എന്‍റെ മനസ്സ് തേങ്ങും ' സ്വാമിനാഥന്‍റെ ചുണ്ടുകള്‍ വിറച്ചു.

' അമ്മയെ കഴിഞ്ഞേ മറ്റൊരു ദൈവമുള്ളു '.

' ഇന്നത്തെ കാലത്ത് അങ്ങിനെ ആലോചിക്കുന്നവര് നന്നെ കമ്മിയാണ് ' എഴുത്തശ്ശന്‍ പറഞ്ഞു ' ഇന്ന് അമ്മയേയും അച്ഛനേയും
മക്കള്‍ക്ക് വേണ്ടാത്ത കാലമാണ്. എന്‍റെ കാര്യം തന്നെ നോക്കിന്‍. എനിക്ക് എണ്‍പത്താറ് വയസ്സായി. ഇപ്പോള്‍ മകനും
കുടുംബത്തിനും എന്നെ വേണ്ടാ. എനിക്ക് അതിലൊട്ട് സങ്കടൂം ഇല്യാ '.

' ചിന്തിക്കാന്‍ കഴിവില്ലാത്തവരേ അങ്ങിനെ പെരുമാറൂ. ലോകത്ത് പെറ്റ അമ്മയെ കഴിഞ്ഞേ മറ്റൊന്നുള്ളു ' സ്വാമിനാഥന്‍ 
പറഞ്ഞു ' ഒരിക്കലും ആരും ആരുടേയും അമ്മയെ നിന്ദിക്കരുത്. ഈ അമ്പലകമ്മിറ്റിയില്‍ എന്‍റെ അമ്മയെ ആക്ഷേപിച്ച്
നിങ്ങളോട് സംസാരിച്ച ചിലര്  ഉണ്ടായിരുന്നതായി എനിക്കറിയാം . തരം കിട്ടുന്ന ഇടത്തൊക്കെ അതും വിളമ്പിക്കൊണ്ട്
നടക്കലാ അവരുടെ പണി '.

കുറച്ച് നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. സ്വാമിനാഥന്‍റെ ചുണ്ടുകളില്‍ നിന്ന് വാക്കുകള്‍ മെല്ലെ ഉതിര്‍ന്ന് വീണു.

' നാല് ആണുങ്ങള്‍ക്ക് ഭാര്യയായി ഇരുന്നവള്‍ , നാണൂം മാനൂം ഇല്ലാത്ത ജാതി. എന്‍റെ അമ്മയെ പറ്റി ഇതൊക്കെയല്ലേ അവര്‍ 
പറഞ്ഞിട്ടുണ്ടാവുക. വാസ്തവത്തില്‍ എന്‍റെ അമ്മ എന്ത് തെറ്റാണ് ചെയ്തത്. മുമ്പ് കാലത്ത് ഞങ്ങളുടെ സമുദായത്തില്‍ അതാണ്
രീതി. അത് അനുസരിച്ച് ജീവിച്ചു എന്നതോ തെറ്റ് '.

' അതൊരു കുറവായി ഞങ്ങളാരും കാണുന്നില്ല ' മേനോന്‍ ആശ്വസിപ്പിച്ചു.

' അത് നിങ്ങളുടെ മനസ്സിന്‍റെ നന്മ ' സ്വാമിനാഥന്‍ പറഞ്ഞു ' കുട്ടിക്കാലം മുതലേ ഇതിന്‍റെ പേരില്‍ പലരും കളിയാക്കിയത്
ഞാന്‍ സഹിച്ചിട്ടുണ്ട്. അമ്മയോട് വെറുപ്പാണ് അപ്പോഴൊക്കെ ഉള്ളില്‍ തോന്നിയിരുന്നത്. പിന്നീട് മുതിര്‍ന്നപ്പോള്‍ ആ വെറുപ്പ്
ആദരവിന്ന് വഴി മാറി '.

' അതെന്താ അങ്ങിനെ ഒരു മനം മാറ്റം വരാന്‍ ' നാണു നായര്‍ ചോദിച്ചു.

' അറിവും വിവരവും കൂടി. കാര്യങ്ങള്‍ മനസ്സിലായി. അതന്നെ '.

സ്വാമിനാഥന്‍ എന്താണ് പറയുന്നത് എന്നറിയാന്‍ മറ്റുള്ളവര്‍ കാതോര്‍ത്തിരുന്നു.

' നമ്മള്‍ ആണുങ്ങള്‍ക്ക് ഒരു ദൂഷ്യം ഉണ്ട്. എല്ലാം കൊണ്ടു നടക്കുന്നത് നമ്മളാണെന്ന് ഒരു തോന്നല്‍. എന്നാല്‍ പെണ്ണുങ്ങളുടെ കാര്യം ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ. അടുക്കളയില്‍ നിന്ന് ഉമ്മറത്തേക്കും തിരിച്ച് അകത്തേക്കും ഒരു ദിവസം എത്ര ചാല്
നടക്കണം. കുറച്ച്  കൃഷീം കന്നും കൂടി ഉണ്ടെങ്കിലോ. ഒരു ദിവസം അച്ചാലും പിച്ചാലും നടക്കുന്ന ദൂരം ഒന്നിച്ച് കൂട്ടിയാല്
കൊയമ്പത്തൂരിലെത്തും '.

'അത് ശരിയാണ് '.

' അത് മാത്രാണോ. വീട്ടിലെ സകല ആളുകളുടേയും മുണ്ടും തുണിയും തിരുമ്പണം , അവര്‍ക്കൊക്കെ വെച്ച് വിളമ്പണം. കുട്ട്യേള് ഉണ്ടെങ്കില്‍ അവറ്റെ നോക്കണം. എന്നിട്ട് കൂട്ടാനില് ഇത്തിരി ഉപ്പോ മുളകോ കൂട്യാല്‍ അതിന്ന് കുറ്റം പറച്ചിലും
കേള്‍ക്കണം . ചിലര് വീട്ടുകാരിയെ കുറ്റം പറയാന്‍ എന്തെങ്കിലും കാരണം നോക്കി നടക്കും  '.

' ഈ പറഞ്ഞത് അപ്പിടി സത്യമാണ് ' നാണു നായര്‍ പറഞ്ഞു ' എന്‍റെ നല്ല കാലത്ത് ഞാനും ഭാര്യയെ നല്ലോണം ചീത്ത പറഞ്ഞിട്ടുണ്ട്. അവള് പോയപ്പോള്‍ ചെയതൊക്കെ തെറ്റായി എന്ന് ബോധ്യം വന്നു. കണ്ണുള്ളപ്പോള്‍ ആരും കണ്ണിന്‍റെ വില അറിയില്ല '.

' ഒരു ആണിന്‍റെ ഇഷ്ടത്തിന്ന് ഒത്തു പോവാന്‍ തന്നെ പെണ്ണിന്ന് ഒരു പാട് പ്രയാസം അനുഭവിക്കേണ്ടി വരും. അപ്പോള്‍ നാല്
ആണുങ്ങളെ ഒരു പോലെ വെറുപ്പിക്കാതെ ഒന്നിച്ച് നിര്‍ത്താന്‍ എന്‍റെ അമ്മ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവണം. മഹാ ഭാരതത്തിലെ പാഞ്ചാലിക്ക് ഒപ്പമാണ് ഞാന്‍ അമ്മയെ കാണാറ് '.

വേണു ഒരു പ്ലേറ്റില്‍ ചായ ഗ്ലാസുകളുമായി എത്തി. എല്ലാവര്‍ക്കും കൊടുത്ത് ഒരു കപ്പ് ചായ കയ്യില്‍ വെച്ച് ചുവരും ചാരി
തിണ്ണയിലിരുന്നു. സ്വാമിനാഥന്‍റെ സങ്കടം മറ്റുള്ളവര്‍ ഉള്‍ക്കൊള്ളുകയായിരുന്നു.

' എന്താ ഇനിയത്തെ പരിപാടി ' മേനോന്‍ ചോദിച്ചു.

' പോണം. വൈകുന്നേരത്ത് നേരത്തെ എത്തേണ്ടതല്ലേ '.

അയാള്‍ എഴുന്നേറ്റു. കൂടെ മറ്റുള്ളവരും. പടിക്കലെത്തിയപ്പോള്‍ സ്വാമിനാഥന്‍ ഒന്ന് നിന്നു.

' ഗോപി നായരും കൃഷ്ണ തരകനും ഇവിടെ വന്ന വിവരം ഞാന്‍ അറിഞ്ഞു. അവര് എന്താ പറഞ്ഞിട്ടുണ്ടാവുക എന്ന് എനിക്ക്
ഊഹിക്കാനാവും . അപ്പോള്‍ മുതല്‍ തുടങ്ങിയതാണ് മനസ്സില്‍ ഒരു വിങ്ങല് . ഇപ്പൊ അത് മാറി '.

' ആ രണ്ടെണ്ണത്തിന്നും പിടിപ്പത് കൊടുത്തിട്ടാണ് ഇവിടുന്ന് പറഞ്ഞയച്ചത് ' എഴുത്തശ്ശന്‍ പറഞ്ഞു.

' എന്നാല്‍ അതായിരിക്കും ഇപ്പോള്‍ ഇങ്ങോട്ടൊന്നും കാണാത്തത്. ഞാന്‍ ഒരു കാര്യം പറയട്ടെ. കൊടുത്തത് പാടിക്കൊണ്ട്
നടക്കുന്നു എന്ന് തോന്നരുത് '.

' എന്താ സംഗതി ' മേനോന്‍ തിരക്കി.

' തരകന്‍റെ മകന് പഠിക്കാന്‍ വകയില്ലാതെ സഹായം ചോദിച്ച് വന്നിരുന്നു. കോളേജിലെ പഠിപ്പ് കഴിയുന്നത് വരെ എല്ലാ ചിലവും
ഞാന്‍ ചെയ്യാമെന്ന് ഏറ്റതാണ്. കുറച്ച് കാലം കൊടുക്കുകയും ചെയ്തു. അപ്പോഴേക്കും എന്തോ കുരുത്തക്കേട് കാട്ടിയതിന്ന് ആ
ചെക്കനെ കോളേജില്‍ നിന്ന് പുറത്താക്കി. ഗോപി നായരുടെ മകന് ഒരു പണി വാങ്ങി കൊടുക്കണം എന്ന് അയാള്‍ പുറകെ നടന്ന്
പറഞ്ഞപ്പോള്‍ എനിക്ക് വേണ്ടപ്പെട്ട ഒരാളുടെ സ്ഥാപനത്തില്‍ ഞാന്‍ ജോലി തരപ്പെടുത്തി കൊടുത്തു. അവിടുന്ന് കുറെ പണം 
തട്ടിച്ചിട്ട് അവന്‍ മുങ്ങി. മകളുടെ കല്യാണത്തിന്ന് സഹായം ചോദിച്ച് വന്നപ്പോള്‍ ഞാന്‍ നായരോട് ഈ കാര്യം സംസാരിച്ചു. മകന്‍റെ
ഭാഗത്ത് തെറ്റില്ല, കല്‍പ്പിച്ച് കൂട്ടി പറഞ്ഞുണ്ടാക്കിയതാണ് എന്നൊക്കെ പറഞ്ഞ് ദേഷ്യപ്പെട്ടിട്ടാണ് അയാള്‍ പോയത്. അതിന്ന് ശേഷം 
കുറ്റം പറഞ്ഞ് നടപ്പാണ് രണ്ടും കൂടി '.

' അവറ്റകളെ പോവാന്‍ പറയിന്‍. അന്യനെ കുറ്റം പറയാന്‍ പറ്റിയ യോഗ്യന്മാര് ' എഴുത്തശ്ശന്‍ പറഞ്ഞു.

' എന്നാല്‍ ഞാന്‍ ഇറങ്ങട്ടെ. എല്ലാ കാര്യത്തിനും ഞാന്‍ നിങ്ങളുടെ ഒപ്പം ഉണ്ടാവും കേട്ടോ '.

അയാള്‍ പോവുന്നതും നോക്കി മറ്റുള്ളവര്‍ നിന്നു.

*********************************************************************

' ഞാന്‍ അപ്പഴും പറഞ്ഞു ഇതൊക്കെ ഒരു തരം പറ്റിക്കലാണെന്ന് ' കിട്ടുണ്ണി രാധ കേള്‍ക്കെ പറഞ്ഞു. പ്രതികരണത്തിന്ന് കാത്തിട്ട് ഒന്നും കാണുന്നില്ല.

' നൂറ്റൊന്നാളുകള് കുളിച്ച് ഈറനുടുത്ത് നാമം ചൊല്ലിക്കൊണ്ട് ചുടലക്കുന്നിലേക്ക് പോയി. കത്തിച്ച നിലവിളക്കും പിടിച്ച് കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ മുമ്പില് '.

ഇത്തവണ രാധ ശ്രദ്ധിക്കുന്നുണ്ടോ എന്നൊരു സംശയം.

' ഊണും ഉറക്കവും ഇല്ലാതെ സ്വയം മറന്ന് കഴിയുന്ന ആളെ കുന്നില് കാണുംന്നാണത്രേ ജോത്സ്യത്തില്‍ പറഞ്ഞത്. വല്ല മഹര്‍ഷിയോ
മറ്റൊ കുന്നിറങ്ങി വന്ന് അനുഗ്രഹിക്കുംന്നാ ഭോഷന്മാര് കരുതീത് '.

' എന്നിട്ട് ആരേയും കണ്ടില്ലേ '

' ഉവ്വ്. എല്ലാവരും പ്രാര്‍ത്ഥിച്ച് നില്‍ക്കുമ്പോള്‍ കുന്നിറങ്ങി വരുന്നു ഒരു മഹാന്‍ '.

' ആരാ അത് '.

' ആ പ്രാന്തന്‍ മായന്‍കുട്ടി '.

' സ്വബോധം ഉള്ളോര്‍ക്കല്ലേ അങ്ങോട്ട് പോവാന്‍ പേടിയുള്ളത്. ബുദ്ധിസ്ഥിരത ഇല്ലാത്തോന്ന് എവടെ വേണച്ചാലും  ചെല്ലാലോ.
ഒന്നാലോചിച്ചാല്‍ പ്രശ്നത്തില്‍ പറഞ്ഞതും ശരിയായി. ഊണും ഉറക്കവും ഇല്ലാതെ എല്ലാം മറന്നു നടക്കുന്നോനല്ലേ അവന്‍ '.

' വേണച്ചാല്‍ അങ്ങനീം വ്യാഖ്യാനിക്കാം. വീണത് വിദ്യ എന്നല്ലേ ' എന്തോ കിട്ടുണ്ണി എതിര്‍ത്തൊന്നും പറഞ്ഞില്ല.

1 comment: