Monday, March 14, 2011

നോവല്‍ - അദ്ധ്യായം - 127.

ധനുമാസം മകര മാസത്തിന്ന് വഴി മാറാന്‍ ഒരുങ്ങി. കാലാവസ്ഥ ആകപ്പാടെ മാറി. പകല്‍ സമയത്തെ ചൂട് കൂടി വന്നു. സായം സന്ധ്യകളില്‍ പടിഞ്ഞാറന്‍ ചക്രവാളം നിറങ്ങള്‍ വാരിപ്പൂശി സുന്ദരി ചമഞ്ഞു. രാത്രിയോടൊപ്പം മഞ്ഞും തണുപ്പും വിരുന്നിനെത്തി. പുഴവെള്ളത്തെ തട്ടി മാറ്റി മണല്‍ തിട്ട് സ്ഥലം കയ്യേറി കൊണ്ടിരുന്നു. ഇത്രയും കാലം വെള്ളത്തിന്നടിയില്‍ ഒളിച്ചിരുന്ന പാറക്കെട്ടുകള്‍ മെല്ലെ ശിരസ്സ് പൊങ്ങിച്ചു തുടങ്ങി. മരച്ചില്ലകളെ വിറപ്പിച്ച് രാവും പകലും ഒരുപോലെ കാറ്റ് വീശി.

' മേല് മൊളിഞ്ഞിട്ട് നീറാന്‍ തുടങ്ങി. എന്തൊരു കാറ്റാണപ്പാ ' നാണു നായര്‍ പരാതിപ്പെട്ടു.

' അതേയ്. ഒരോ കാലത്ത് കാറ്റും തണുപ്പും മഴയും വെയിലും ഒക്കെ ഉണ്ടാവും. ശരിക്കുള്ള കാറ്റ് വരാന്‍ പോണേ ഉള്ളു. മകരത്തില്‍ മരം പൊളിക്കും. കുംഭത്തില്‍ കുടം ഉരുട്ടും എന്നല്ലേ പറയാറ്. നമ്മള് അതാത് കാലത്തിന്ന് യോജിച്ച മട്ടില് കഴിയണം. എന്നാല്‍ ഏത് കാലത്തും ഒരു കുഴപ്പൂം ഉണ്ടാവില്ല ' എഴുത്തശ്ശന്‍ കൂട്ടുകാരനെ ഉപദേശിച്ചു.

' അതെന്താണാവോ '.

' നിങ്ങള് എന്‍റെ ദേഹത്തൊന്ന് നോക്കിന്‍. എനിക്ക് വയസ്സ് എണ്‍പത്താറ് ആയീന്ന് ആരെങ്കിലും പറയ്യോ. ഒരു ചുളിവ് ഇല്ല എന്‍റെ ശരീരത്തില്. ദിവസൂം സന്ധ്യ കഴിഞ്ഞാല്‍ മേല് മുഴുവന്‍ നല്ലെണ്ണ പുരട്ടി ഞാന്‍ കുറെ നേരം നില്‍ക്കും . തെങ്ങിന്‍റെ ചോട്ടില് ഒരു കുട്ടകം നിറച്ച് വെള്ളം കോരി വെക്കും. ചെറുപയറ് അരച്ചെടുത്തത് തേച്ച് മിഴുക്കെളക്കി അതങ്ങന്നെ ഞാന്‍ മേലില് പാര്‍ന്ന് കഴുകി കളയും. നിങ്ങടെ മാതിരി ഞാന്‍ സോപ്പൊന്നും തേക്കാറില്ല '.

' ഇതെ ഉള്ളൂച്ചാല്‍ ഞാനും അതൊന്ന് ചെയ്ത് നോക്കട്ടെ '.

' ഒന്നും കൂടി പറഞ്ഞു തരാം. ചിലരക്ക് മഞ്ഞു കാലം തുടങ്ങിയാല്‍ കാലിന്നടീല് വിള്ളിച്ച വരും. അതിനും മരുന്നുണ്ട്. വേപ്പിന്‍റെ ഇലേം പച്ച മഞ്ഞളും കൂടി മയത്തില്‍ അരച്ച് ആവണക്കെണ്ണയില്‍ ചാലിച്ച് പുരട്ടണം. വിള്ളിച്ച മാറും '.

' ഇതും പ്രയാസം ഉള്ളതൊന്ന്വല്ല. എനിക്കും വിള്ളിച്ച വന്നിട്ടുണ്ട്. ഇന്നന്നെ അത് ചെയ്യണം '.

' വായേക്കൊണ്ട് പറഞ്ഞാ മാത്രം പോരാ. ഇതൊക്കെ ഒരു ശീലം ആവണം. കേട്ട പാപത്തിന് നിങ്ങള് രണ്ട് ദിവസം ചെയ്യും. പിന്നെ മുടക്കും ചെയ്യും. അങ്ങിനെ പാടില്ല '.

' ഏതായാലും നിങ്ങള് വൈദ്യം പഠിപ്പിക്ക്യല്ലേ. ഒന്നും കൂടി ചോദിച്ചോട്ടെ. സരോജിനിക്ക് ഇടക്കിടയ്ക്ക് ചെക്കിട് വേദന വരാറുണ്ട്. അതിന് എന്താ ചെയ്യണ്ടത് '.

' വിപ്പരത്തി എണ്ണ സ്പൂണിലെടുത്ത് ചൂടാക്കി ഒറ്റിക്കണം. അതും അല്ലെങ്കില്‍ കപ്പല് മുളകിന്‍റെ കുരൂം ഞെട്ടീം കളഞ്ഞ് ഉള്ളില് വെളിച്ചെണ്ണ ഒഴിച്ച് നില വിളക്കിന്‍റെ നാളത്തില്‍ കാട്ടി ചൂടാക്കി ആറിച്ച ശേഷം ചെവീല് ഒറ്റിക്കണം. വേദന പമ്പ കടക്കും '.

' നിങ്ങളെ സമ്മതിക്കണം. എവിടുന്നേ ഇതൊക്കെ പഠിച്ചത് '.

' പത്മാവതിക്ക് ദീനം വന്ന മുതല് എന്നും വൈദ്യന്‍മാരെ കാണലന്നേ പണി. അവരുടെ അടുത്തുന്ന് ഓരോന്നൊക്കെ ഞാന്‍ ചോദിച്ചു പഠിച്ചു '.

' നിങ്ങളെ കുപ്പന്‍കുട്ടിവൈദ്യരേ എന്ന് വിളിച്ചാലോ എന്നാ എന്‍റെ ആലോചന '.

ഒരു കൂട്ടച്ചിരി ഉയര്‍ന്നു. എഴുത്തശ്ശന്‍ ഒന്നും പ്രതികരിച്ചില്ല. കടന്നു പോയ നാളുകള്‍ അയാളുടെ മനസ്സില്‍ നിറഞ്ഞു. ഒരു മകള്‍ക്കായി പത്മാവതി എത്ര കൊതിച്ചതാണ്. എന്നിട്ടോ. രണ്ടാമത്തെ ഗര്‍ഭം അലസിയതോടെ തുടങ്ങിയ സുഖക്കേട് ഒടുവില്‍ അവളുടെ മരണത്തില്‍ അവസാനിച്ചു. പിന്നീട് മകനെ വളര്‍ത്താന്‍ പാട് പെട്ടതും ഒറ്റയ്ക്ക് എല്ലാ ദുഖങ്ങളും കടിച്ചമര്‍ത്തി കഴിഞ്ഞതും ഇന്നലെ എന്ന പോലെ തോന്നുന്നു.

' എന്താഹേ നിങ്ങള് മേപ്പട്ടും നോക്കി ഇരിക്കിണത് ' നാണു നായര്‍ കൂട്ടുകാരനെ ഉണര്‍ത്തി.

' ഒന്നൂല്യാ. എന്താച്ചാല്‍ പറഞ്ഞോളിന്‍ '.

' പുഴേലെ വെള്ളം പോയി തുടങ്ങീന്ന് പറയുണൂ. ഇപ്പൊ തന്നെ ഇങ്ങന്ന്യാണച്ചാല്‍ മഴക്കാലം വരുണത് വരെ എങ്ങിനെ കഴിഞ്ഞു കൂടും എന്ന് അറിയില്ല ' നാണു നായര്‍ അടുത്ത പരാതി പുറത്തെടുത്തു.

' പേടിക്കണ്ടാ മൂത്താരെ. നമുക്ക് കടവില് ഒരു കെട കെട്ടാം ' എന്ന് ചാമി ആശ്വസിപ്പിച്ചു.

' അതൊന്നും വേണ്ടാടാ. കയത്തം കുണ്ട് ഉള്ളോടത്തോളം കാലം നമുക്കൊന്നും വെള്ളത്തിന്ന് പഞ്ഞം വരില്ല ' എന്ന് എഴുത്തശ്ശനും പറഞ്ഞു.

*******************************************

കളപ്പുരയിലെ സഭ കൂടുതല്‍ സജീവമായി മാറിയിരുന്നു. മൂപ്പ് കുറഞ്ഞ വിത്ത് ആയതുകൊണ്ട് കൊയ്ത്ത് നേരത്തെ കഴിഞ്ഞു. വൈക്കോല്‍ പണിയും ഏകദേശം കഴിയാറായി. പാടത്തേക്ക് ചാണകം കടത്തിക്കുന്ന പണിയേ ബാക്കിയുള്ളു. ഇനിയുള്ള രണ്ട് മൂന്ന് മാസക്കാലത്തേക്ക് കാര്യമായ പണികളൊന്നുമില്ല. നാട്ടില്‍ ഉത്സവങ്ങളും ആഘോഷങ്ങളും ആരംഭിക്കാറായി.

' അല്ല കുപ്പന്‍കുട്ട്യേ, അടുത്ത വ്യാഴാഴ്ച വെളുത്ത വാവല്ലേ. അന്നാണ് തൈപ്പൂയൂം തേരും പള്ളിനേര്‍ച്ചയും. ഇക്കുറി പള്ളി നേര്‍ച്ചക്ക് പോണില്ലേ നിങ്ങള് ' നാണു നായര്‍ അന്വേഷിച്ചു.

മകര മാസത്തിലെ പൂയം നക്ഷത്രം പഴനിയിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ വളരെ പ്രധാനമാണ്. അന്നു തന്നെയാണ് പാലക്കട് കൊടുമ്പിലെ തേരും . പല്ലഞ്ചാത്തനൂരിലെ തെരുവത്തെ പള്ളിനേര്‍ച്ചയും ആ ദിവസം തന്നെയാണ്. തങ്ങള്‍ക്കുള്ള അപ്പപ്പെട്ടിയുമായി നാനാ ദിക്കുകളില്‍ നിന്നും സംഘങ്ങളായി അന്ന് ആളുകളെത്തും. നെറ്റിപ്പട്ടം കെട്ടിയ ആനപ്പുറത്താണ് പലരും നേര്‍ച്ച കൊണ്ടു വരിക. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നും സവാരി വണ്ടികള്‍ അവിടേക്ക് പ്രവഹിക്കും. എഴുത്തശ്ശന്‍ മുടങ്ങാതെ കൊല്ലം തോറും സ്വന്തം കാളവണ്ടിയില്‍ അവിടെ എത്താറുള്ളതാണ്.

' പോണംന്ന് മോഹംണ്ട്. എന്നാലും ഇക്കുറി പോണില്ല '.

' അതെന്താ അങ്ങിനെ '.

' ഒന്നാമത് ഇവന്‍ ഇവിടെ വയ്യാണ്ടെ കിടക്കുമ്പോള്‍ പോവാന്‍ എനിക്ക് മനസ്സ് വരിണില്ല ' എഴുത്തശ്ശന്‍ പറഞ്ഞു ' അതും പോരാത്തതിന് വണ്ടീം കാളേം വില്‍ക്കും ചെയ്തു '.

' അമ്മാമ പോണച്ചാല്‍ പൊയ്ക്കോളൂ ' വേണു പറഞ്ഞു 'ചാമിടെ അടുത്ത് പറഞ്ഞ് പോവാന്‍ വേണ്ട സൌകര്യം ചെയ്യാം'.

' ഒന്നും വേണ്ടാ. ജീവനോടെ ഇരുന്നാല്‍ അടുത്ത കൊല്ലം നമുക്ക് എല്ലാരുക്കും കൂടി പോവാം '.

' മകര ചൊവ്വയ്ക്ക് എന്താ ചാമ്യേ വിചാരിച്ചിരിക്കിണത് ' നാണു നായരുടെ ചോദ്യം ചാമിയോടായി.

' ചൊവ്വായൂട്ട് ഉണ്ട്. അല്ലാണ്ടെ ഒന്നൂല്യാ '.

' മുമ്പൊക്കെ തൈപ്പൂയത്തിന്ന് ആണ്ടിയൂട്ട് ഉണ്ടാവും 'നാണു നായര്‍ പറഞ്ഞു ' നമ്മടെ മാധവേട്ടന്‍ ഉള്ള കാലത്ത് ഗംഭീരായി നടത്താറുണ്ട്. സകല പണ്ടാരന്മാരേം വരുത്തി ശാപ്പാട് കൊടുക്കും. വറുത്തരങ്ങിയ കൊള്ളും ചക്കര പാനീം കൂടി ഒരു പ്രഥമന്‍ വെക്കാനുണ്ട്. പറഞ്ഞാല്‍ തീരില്ല അതിന്‍റെ രുചി. രണ്ട്മൂന്ന് കൊല്ലം ഞാനും മൂപ്പര് വിളിച്ചിട്ട് ചെന്നിട്ടുണ്ട് '.

' നിങ്ങള് എത്താത്ത എടം വല്ലതും ഉണ്ടോഹേ. തിപ്പിലി ഇല്ലാത്ത കഷായം ഇല്ല എന്ന് കേട്ടിട്ടില്ലേ. അത് പോലാ നിങ്ങളടെ കാര്യം '.

' ഈ ഭൂമീല് എത്ര കാലം നമ്മള് ഉണ്ടാവും എന്ന് ആര്‍ക്കാ അറിയ്യാ. പറ്റുമ്പോഴല്ലേ ഓരോന്ന് ചെയ്യാനാവൂ. പിന്നീടുള്ള കാലത്ത് അതൊക്കെ നിനച്ചിരികുന്നത് സന്തോഷം ഉള്ള കാര്യോല്ലേ '.

' ചെയ്യുന്ന കാര്യങ്ങള്‍ മനുഷ്യന് ഗുണം വരുന്നതാവണം എന്നും കൂടിണ്ട് '.

എഴുത്തശ്ശന്‍റെ വാക്കുകളോടെ നാണുനായര്‍ അടങ്ങി.

+++++++++++++++++++

പാഞ്ചാലി മരിച്ച ശേഷം ചാമായി ആളാകെ മാറി. പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതനുസരിച്ച് പോയ ശേഷം അയാള്‍ പിന്നീട് വീട്ടിലേക്ക് മടങ്ങി വന്നില്ല.

സ്റ്റേഷനില്‍ നിന്ന് തിരിച്ചെത്തിയ ആണുങ്ങള്‍ ആദ്യം അന്വേഷിച്ചത് ചാമായിയെയായിരുന്നു.

' അവന്‍ വന്നില്ല ' ദേവൂട്ടി പറഞ്ഞു.

' ഞങ്ങളെ സംശയം ഉണ്ടോന്ന് ഇന്‍സ്പെക്ടര്‍ അയാളോട് ചോദിച്ചതാ ' കണ്ണന്‍ പറഞ്ഞു ' പഴി വാങ്ങാന്‍ വേണ്ടി ഉണ്ട് എന്ന് പറയും എന്ന് വിചാരിച്ചു. പക്ഷെ ഞങ്ങള് അത് ചെയ്യില്ലാ എന്ന് അയാള് പറഞ്ഞു. ഇല്ലെങ്കില്‍ ഇപ്പഴും അഴി എണ്ണി കിടക്കുന്നുണ്ടാവും ' കണ്ണന്‍ പറഞ്ഞു നിര്‍ത്തി.

' കള്ള് കുടിച്ച മപ്പില്‍ പറഞ്ഞതായിരിക്കും '.

' അല്ല തള്ളേ. നല്ല ബോധത്തോടെ പറഞ്ഞതാ. ലോക്കപ്പിന്‍റെ മുമ്പില്‍ വന്ന് ഞങ്ങളോട് ഞാന്‍ സത്യം
പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞിട്ടാ പോയത് '.

' എന്നിട്ടെന്താ ഇങ്ങിട്ട് വരാത്തത് '.

' ആവോ. ആരുക്കാ അറിയ്യാ. എന്തായാലും നമുക്ക് അന്വേഷിക്കണം '.

അന്നും പിറ്റേന്നും ചാമായി എത്തിയില്ല.

' മൂന്നാം പക്കം ഇറങ്ങി പോയില്ലെങ്കില്‍ പുര കത്തിക്കുംന്ന് പറഞ്ഞതല്ലേ. പേടിച്ച് പോയതായിരിക്ക്യോ 'ദേവൂട്ടി സംശയം പ്രകടിപ്പിച്ചു.

' അതാവില്ല. മൂന്ന് ദിവസം കഴിഞ്ഞിട്ടും അവര് ഇരുന്നില്ലേ. പിന്നെയല്ലേ പെണ്ണ് ചത്തത് '.

' അവന്‍ വല്ല വിഷം കുടിക്ക്യേ തൂങ്ങി ചാവ്വേ ചെയ്തിട്ടുണ്ടാവ്വോ '.

' ഒന്നും പറയാന്‍ പറ്റില്ല. എന്തായാലും ഇനി കാത്തിരിക്കിണില്ല. നാളെ നേരം വെളുത്തതും അയാളെ തിരയാന്‍ ഇറങ്ങും '.

പിറ്റേന്ന് വഴിയില്‍ വെച്ചേ വിവരം അറിഞ്ഞു. പാലക്കാടിന്ന് കുറച്ച് പടിഞ്ഞാറ് മാറി ഏതോ ഒരു ചെറിയ സ്കൂളിന്‍റെ തൊട്ടടുത്ത് പൂട്ടി കിടക്കിണ വീടിന്‍റെ പടിപ്പുരയില്‍ ചാമായി കിടക്കുന്നുണ്ട്. പേപ്പറും പഴയ സാധനങ്ങളും വിലയ്ക്ക് വാങ്ങാന്‍ നടക്കുന്ന അദ്രമാന്‍ അയാളെ അവിടെ വെച്ച് കണ്ടിരുന്നു.

' ഇയാളെന്തിനാ അവിടെ ചെന്നിരിക്കിണത് ' ശിവരാമന്‍ ചോദിച്ചു ' അവിടെ അയാളുക്ക് ബന്ധുക്കാര് വല്ലോരും ഉണ്ടോ '.

ആര്‍ക്കും അതൊന്നും അറിയില്ല. നല്ല കാലത്ത് ചാമായി അയല്‍പക്കത്തുള്ളവരോട് എന്നും കലഹിച്ചു കഴിഞ്ഞു. മകള്‍ മുതിര്‍ന്ന് ചീത്തപ്പേരുണ്ടാക്കാന്‍ തുടങ്ങിയതോടെ എല്ലാവരും അച്ഛനേയും മകളേയും അകറ്റി നിര്‍ത്തി. അവരുടെ കാര്യങ്ങളൊന്നും ആരും അന്വേഷിക്കാറുണ്ടായിരുന്നില്ല.

ഏതായാലും ചെറുപ്പക്കാര് നാലഞ്ചാളുകള്‍ ഒരു ജീപ്പ് വിളിച്ച് ഇറങ്ങി. അറിഞ്ഞതും വെച്ച് ചെന്നപ്പോള്‍ ചാമായി പറഞ്ഞു കേട്ട സ്ഥലത്ത് കിടപ്പുണ്ട്. മുഷിഞ്ഞ വസ്ത്രവും ചെറിയൊരു ഭാണ്ഡക്കെട്ടും നീളന്‍ വടിയും ഒക്കെയായി അയാള്‍ ഒരു ഭ്രാന്തന്‍റെ മട്ടിലായിരുന്നു.

' എന്താ നിങ്ങള് ഇവിടെ കിടക്കുന്നത് ' കണ്ണന്‍ ചോദിച്ചു.

' എനിക്ക് പോകാനായിട്ട് വേറെ ഇടം ഇല്ല '.

' നിങ്ങള്‍ക്ക് ഒരു പുര ഇല്ലേ. അവിടെ കഴിഞ്ഞൂടെ '.

' ഞങ്ങള്‍ അവിടം വിട്ട് പോണം ഇല്ലെങ്കില്‍ പുര കത്തിക്കും എന്ന് നിങ്ങള് പറഞ്ഞതല്ലേ '.

' നിങ്ങടെ മകള് ഞങ്ങളെ വേണ്ടാത്തത് കേപ്പിച്ചപ്പൊ പറഞ്ഞതല്ലേ. അതുവരെക്ക് ഞങ്ങള്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ '.

' എന്തായാലും അവള് പോയി. എനിക്ക് ഇനി ആരാണ് '.

' അത് നിങ്ങള് പറയണ്ടാ. നിങ്ങളക്ക് ഞങ്ങള്‍ എല്ലാരും ഉണ്ട് '.

ചാമായി ഒന്നും പറഞ്ഞില്ല. അയാള്‍ എന്തോ ആലോചിച്ചിരുന്നു.

' നിങ്ങള് പുറപ്പെടിന്‍. നമുക്ക് വീട്ടിലേക്ക് പോവാം ' ആരോ പറഞ്ഞു.

' ഞാന്‍ വന്നിട്ട് എന്താ ചെയ്യാ. കഴിഞ്ഞു കൂടാന്‍ എനിക്ക് എന്താ മാര്‍ഗ്ഗം '.

' അത് നിങ്ങള് അറിയണ്ടാ. നേരത്തിനും കാലത്തിനും ഞങ്ങള്‍ വല്ലതും കഴിക്കുന്നുണ്ടെങ്കില്‍ അതില്‍ ഒരു ഓഹരി നിങ്ങക്കും ഉണ്ടാവും '.

ജീപ്പ് വന്നു നിന്നതും പെണ്ണുങ്ങള്‍ അടുത്തെത്തി.

' എന്തിനാടാ ചാമായേ നീ പോയത്. നിനക്ക് ഞങ്ങളില്ലേ ' ദേവൂട്ടി അയാളുടെ കയ്യില്‍ പിടിച്ചു.

എല്ലാവരും അകത്തേക്ക് കയറി.

' വേഗം കുളിച്ചിട്ട് വാ. കഞ്ഞി കുടിക്കാം '.

സന്ധ്യക്ക് ശിവരാമന്‍ ഒരു കുപ്പി ചാരായവുമായി ചാമായിയെ സമീപിച്ചു.

' നിങ്ങക്ക് ഇത് പതിവുള്ളതല്ലേ. കഴിച്ചോളിന്‍ ' അവന്‍ പറഞ്ഞു.

' വേണ്ടാ ' ചാമായി പറഞ്ഞു ' എന്‍റെ മകളെ കൊലക്ക് കൊടുത്തത് ഞാനാണ്. കള്ള് കുടിച്ച് വട്ടത്തിരിഞ്ഞ് നടക്കാതെ ഞാന്‍ മകളെ നോക്കി വളര്‍ത്ത്യാല്‍ അവള്‍ക്ക് ഈ ഗതി വരില്ല '.

' ആരാ അവളെ കൊന്നത് എന്ന് നിങ്ങക്കറിയ്യോ '.

' അറിയാഞ്ഞിട്ടല്ല. നമ്മള് കൂട്ട്യാല്‍ കൂടില്ല. അവരൊക്കെ വലിയ ആള്‍ക്കാരാണ് '.

' നമ്മള് വല്ലതും ചെയ്യണോ '.

' ഒന്നും വേണ്ടാ. മുകളില്‍ എല്ലാം കണ്ടോണ്ട് ഒരാളുണ്ട്. മൂപ്പര് വേണ്ട മാതിരി കൊടുത്തോളും '.

ആ ആശ്വാസത്തില്‍ അവര്‍ ഇരുന്നു.


5 comments:

  1. വളരെ നന്നായിട്ടുണ്ട്. എല്ലാവിധ ആശംസഗളും നേരുന്നു.

    ReplyDelete
  2. കുറേ നാട്ടറിവുകൾ പകർന്നു തന്നു ഈ അധ്യായം.

    ReplyDelete
  3. പതിവുപോലെ ഇതും വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  4. Manickethaar,
    പ്രോത്സാഹനത്തിന്ന് നന്ദി.

    രാജഗോപാല്‍ ,
    കര്‍ഷകത്തൊഴിലാളികളുടെ ജീവിതത്തിനെക്കുറിച്ച് അടുത്തതിലുണ്ട്.

    Typist, എഴുത്തുകാരി,
    വളരെ നന്ദി.

    ReplyDelete
  5. ആദ്യ പാരഗ്രാഫിലെ പ്രകൃതി വര്‍ണന എനിക്കിഷ്ടായി..
    പാവം ചാമായി മകള്‍ പോയപ്പോള്‍ സ്വന്തം കുറവുകള്‍ മനസിലാക്കുന്നു.?

    ReplyDelete