Monday, April 18, 2011

നോവല്‍ - അദ്ധ്യായം - 132.

' ആ ചെക്കന്‍ മുതലാളിയെ നടക്കാന്‍ കൂട്ടീട്ട് പോയിട്ടുണ്ടാവും. ഇനി എപ്പഴാ വര്വാന്ന് അറിയില്ല ' കല്യാണി ജാനു മുത്തിയോട് പറഞ്ഞു ' അവന്‍ എത്തുമ്പഴക്കും മില്ല് അടയ്ക്കും. ഇന്ന് അവിടുന്ന് തവിട് കിട്ടുംന്ന് തോന്നുണില്ല '.

'ഇന്നെക്ക് കൊടുക്കാന്‍ ഉണ്ടോടി ഇവിടെ ' ജാനു മുത്തി ചോദിച്ചു ' നമുക്ക് നാളെ ചെക്കനെക്കൊണ്ട് വാങ്ങിക്കാം '.

' ഒരു തരി തവിടില്ല ഇവിടെ. കറക്കിണ മാടിന്ന് കൊടുക്കാതിരിക്കാനും പറ്റില്ല '.

' അപ്പന്‍ കൊടുങ്ങല്ലൂരിലേക്ക് പോവും മുമ്പ് നിനക്ക് പറയായിരുന്നില്ലേ '.

' അതെങ്ങിനെ. മായന്‍കുട്ടി വാങ്ങിത്തരും എന്നല്ലേ കരുത്യേത് '.

' എന്‍റെ മകള് ഒരു കാര്യം ചെയ്യ്. ഇരുട്ടാവുമ്പഴക്ക് തുമ്മന്ന് ചെന്ന് തവിട് വാങ്ങീട്ട് വാ '.

കല്യാണി പൈസയും ചാക്കും എടുത്തു. വിളക്ക് വെക്കാന്‍ എണ്ണയില്ല. അപ്പന്‍ കൊടുങ്ങല്ലൂരിന്ന് വരുന്നത് വരെ സന്ധ്യക്ക് വിളക്ക് വെക്കണം. കാലിക്കുപ്പി കൂടിയെടുത്ത് കല്യാണി ഇറങ്ങി. ആലിന്‍റെ മുകളില്‍ നിന്ന് തോട്ടിന്‍റെ വക്കത്തേക്ക് പറന്നു പോയ കഴുകന്‍റെ നിഴല്‍ അവളുടെ മുന്നില്‍ വീണു.

ചത്ത കന്നിനെ ആരെങ്കിലും തോട്ടു വക്കത്ത് കൊണ്ടുപോയി ഇട്ടിട്ടുണ്ടാവുമെന്ന് അവള്‍ കരുതി.

******************************************************

മില്ലിനകത്ത് മതിലിനോട് ചേര്‍ന്നുള്ള മരച്ചുവട്ടില്‍ ലാംബ്രട്ട നിര്‍ത്തി സുകുമാരന്‍ ഇറങ്ങി ചെന്നു. വരാന്തയില്‍ നിന്ന് അകത്തോട്ട് കയറുന്ന പടിയില്‍ കാര്‍ത്ത്യായിനി ഇരിക്കുന്നത് കണ്ടു. ഓഫീസ് പൂട്ടിയിരിക്കുകയാണ്.

' ഏടത്ത്യേ, ഇന്നെന്താ ആരൂല്യേ ഇവിടെ ' അയാള്‍ ചോദിച്ചു.

മില്ല് ആരംഭിച്ച കാലം മുതല്‍ക പണി ചെയ്തു വരുന്ന ആളാണ് കാര്‍ത്ത്യായിനി. കുട്ടിക്കാലം തൊട്ടേ രാധാകൃഷ്ണനെ കാണാന്‍ സുകുമാരന്‍ മില്ലില്‍ വരാറുണ്ട്. അന്നു മുതലുള്ള അടുപ്പവും സ്നേഹവുമാണ് അവരോട്.

' ഒന്നും പറയണ്ടാ എന്‍റെ കുട്ട്യേ ' കാര്‍ത്ത്യായിനി പറഞ്ഞു ' കൊടുങ്ങല്ലൂര് ഭരണിക്ക് പോകാനായിട്ട് കുറെ ആളുകള് ലീവാക്കി. പിന്നെ കുറച്ച് ആളുകള് പോണോരെ വഴിക്കൂട്ടാനും നിന്നു. പുഴുങ്ങിയ നെല്ല് കുറച്ച് ഉണക്കാന്‍ ഉണ്ടായിരുന്നു. ഉണക്ക് ശരിയായില്ലെങ്കില്‍ പൊടിയും. അതോണ്ടാ ഞാന്‍ വന്നത്. ഉച്ച വരെ ഒരു പെണ്ണും കൂടി ഉണ്ടായിരുന്നു. കുട്ടിയെ ഡോക്ടറെ കാണിക്കണം എന്നും പറഞ്ഞ് അവള്‍ പോയി '.

' നിങ്ങളുടെ മുതലാളിമാര് എവിടെ '.

' വലിയ മുതലാളി ഇന്നിങ്ങിട്ട് വന്നിട്ടേയില്ല. ചെറിയ ആള് പാലക്കാട്ടേക്ക് പോവും ചെയ്തു. നാല് മണിക്ക് എത്താന്നാ എന്‍റടുത്ത് പറഞ്ഞത്. ഇത്ര നേരം ആയിട്ടും കാണാനില്ല ' മുറുക്കാന്‍ വായില്‍ തിരുകിയ ശേഷം അവര്‍ പറഞ്ഞു ' എനിക്കാണച്ചാല്‍ ഇന്ന് ഇത്തിരി നേരത്തെ പോണ്ടതാണ് '.

' ഏടത്തി പൊയ്ക്കോളിന്‍. രാധാകൃഷ്ണന്‍ വരുന്നത് വരെ ഞാന്‍ ഇരുന്നോളാം '.

' അത് വേണ്ടാ. എന്നെ വക്കാണിക്കും '.

'അത് വിചാരിച്ച് വിഷമിക്കണ്ടാ. ഞാന്‍ പറഞ്ഞിട്ടാ പോയത് എന്ന് പറയാം. പിന്നെ ഒരക്ഷരം പറയില്ല '.

കാര്‍ത്ത്യായിനി പിന്നേയും മടിച്ചു നിന്നു.

'ധൈര്യായിട്ട് പൊയ്ക്കോളിന്‍ ' സുകുമാരന്‍ പറഞ്ഞു. അതോടെ അവര്‍ അകത്തു ചെന്ന് ചോറ്റുപാത്രം എടുത്തു വന്നു.

' ഇന്നെന്താ കാറ് കാണാത്തത് ' അവര്‍ ചോദിച്ചു.

'എന്‍റെ കാറ് അച്ഛന്‍ ഒരാള്‍ക്ക് ഗുരുവായൂര് പോവാന്‍ കൊടുത്തു. അതാ ഞാന്‍ അച്ഛന്‍റെ സ്കൂട്ടറില്‍ വന്നത് '.

കാര്‍ത്ത്യായിനി ഗെയിറ്റ് കടന്നു പോയി. വരാന്തയിലെ സ്റ്റീല്‍ കസേലയില്‍ രാധാകൃഷ്ണനേയും കാത്ത് സുകുമാരന്‍ ഇരുന്നു.

*************************************************

പഞ്ചായത്ത് പാത കഴിഞ്ഞ് റോഡിലേക്ക് കയറിയപ്പോള്‍ തവിട് വാങ്ങേണ്ട കാര്യം മായന്‍കുട്ടിക്ക് ഓര്‍മ്മ വന്നു.

' മൂത്താരേ ' അവന്‍ വിളിച്ചു ' നിങ്ങള് മെല്ലെ നടന്ന് വര്വോ. ഞാന്‍ ഓടി ചെന്ന് മില്ലിന്ന് ഒരു ചാക്ക് തവിട് വാങ്ങി വെക്കട്ടെ '.

' അതിന് ചാക്ക് എടുത്തിട്ടില്ലല്ലോ '.

' സാരൂല്യാ. നാളെ കൊണ്ടു പോയി കൊടുക്കാന്ന് പറഞ്ഞ് അവിടുന്ന് മേടിക്കാം '.

' എന്നാല്‍ ചെന്നോളൂ '.

മായന്‍കുട്ടി വേഗത്തില്‍ നടന്നു.

****************************************************

കല്യാണി വരുന്നത് കണ്ടപ്പോള്‍ സുകുമാരന്ന് തോന്നിയ ആഹ്ലാദത്തിന്ന് അളവില്ല. എത്ര കാലമായി ഒറ്റയ്ക്കൊന്ന് കാണാന്‍ കൊതിച്ചു തുടങ്ങിയിട്ട്. ഭാഗ്യത്തിന്ന് ഒരു മനുഷ്യജീവി അടുത്തൊന്നുമില്ല.

മില്ല് തുറന്നിട്ടുണ്ടെങ്കിലും സുകുമാരനല്ലാതെ മറ്റാരേയും കാണാനില്ല. കല്യാണിക്ക് നേരിയ ഭയം തോന്നി. ഇയാള് അത്ര നല്ല ആളല്ല.

' എന്താ കുട്ടി ' സുകുമാരന്‍ ചോദിച്ചു. ആ വാക്കുകളിലെ മര്യാദ അവള്‍ക്ക് കുറച്ചൊരു ധൈര്യം നല്‍കി.

' ആരൂല്യേ ഇവിടെ ' അവള്‍ ചോദിച്ചു.

' ഞാന്‍ ഇരിക്കുന്നത് കാണുന്നില്ലേ ' അയാള്‍ ചിരിച്ചു ' കുട്ടിക്ക് എന്താ വേണ്ടത് '.

' തവിട് '.

' എവിടേയാ ഉള്ളത് എന്നറിയ്യോ '.

അവള്‍ തലയാട്ടി.

' എന്നാല്‍ പോയി എടുത്തോളൂ '.

കല്യാണി ചാക്കുമായി അകത്തേക്ക് നടന്നു.

***********************************

മില്ലിലേക്ക് പോയ മായന്‍കുട്ടി ഓടി വരുന്നതാണ് വേണു കണ്ടത്.

' മൂത്താരേ, വേഗം വരിന്‍ ' അവന്‍ വിളിച്ചു പറഞ്ഞു ' രാഘവന്‍ മുതലാളിടെ മകന്‍ നമ്മടെ കല്യാണിയെ കേറി പിടിച്ചിരിക്കുന്നു. പിടീം വലീം ആണ് അവിടെ '.

' അവര് എവിടെയുണ്ട് ' വേണു ചോദിച്ചു.

' മില്ലില് '. ഇരുവരും നടത്തത്തിന്ന് വേഗത കൂട്ടി.

' എന്നിട്ടെന്താ തടയാന്‍ ചെല്ലാതെ മായന്‍കുട്ടി ഓടി വന്നത് '.

' അയാളുടെ കയ്യില്‍ തോക്ക് ഉണ്ടാവും. അതോണ്ട് എന്നെ വെടി വെക്കും '.

' എന്താ അങ്ങിനെ തോന്നാന്‍ '.

' സ്കൂളില്‍ പോണ കാലത്ത് അവന്‍റെ അച്ഛനാണ് എന്‍റെ അപ്പന്‍ എന്ന് കുട്ടികള് പറഞ്ഞ് കേട്ടിരുന്നു. കുറച്ച് വലുതായപ്പോള്‍ അത് ചോദിക്കണമെന്ന് തോന്നി. ചെന്നപ്പൊ തോക്കും എടുത്തോണ്ടാ അവന്‍ വന്നത് '.

മായന്‍കുട്ടിയുടെ ഒപ്പമെത്താന്‍ വേണുവിന്ന് ആയില്ല.

*************************************************

മതിലിന്ന് പുറത്ത് പാതയോരത്ത് കാര്‍ നിര്‍ത്തി രാധാകൃഷ്ണന്‍ ഇറങ്ങി. മില്ല് പൂട്ടി വേഗം വീട്ടിലേക്ക് പോണം. നോക്കുമ്പോള്‍ മുന്‍ ഭാഗത്തെ വാതില്‍ അടച്ചിട്ടില്ല. കാവല്‍ ഏല്‍പ്പിച്ച കാര്‍ത്ത്യായിനിയമ്മയെ കാണാനുമില്ല. മരച്ചുവട്ടില്‍ സുകുമാരന്‍റെ അച്ഛന്‍റെ സ്കൂട്ടര്‍ നില്‍ക്കുന്നു. രാധാകൃഷ്ണന്‍ മില്ലിലേക്ക് നടന്നു.

അകത്തു നിന്ന് ഏതോ ഒരു പെണ്ണിന്‍റെ കരച്ചില്‍ കേള്‍ക്കാനുണ്ട്. ധൃതിയില്‍ അങ്ങോട്ട് ചെന്നു. തവിട് സൂക്ഷിക്കുന്ന മുറിയില്‍ നിന്നാണ് കരച്ചില്‍. വാതില്‍ തള്ളിത്തുറന്ന് കടന്നപ്പോള്‍ കണ്ട കാഴ്ച അയാളെ അമ്പരപ്പിച്ചു. കല്യാണി മിക്കവാറും വിവസ്ത്രയാക്കപ്പെട്ടു കഴിഞ്ഞു. അവളെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിലാണ് സുകുമാരന്‍. രണ്ടുപേരും തമ്മില്‍ മല്‍പ്പിടുത്തം നടക്കുകയാണ്. രാധാകൃഷ്ണന്‍റെ ക്ഷമയുടെ നെല്ലിപ്പടി ഇളകി. കാക്കയേ ആട്ടാന്‍ വെച്ച വടി അയാള്‍ കയ്യിലെടുത്തു.

പിന്നീട് നടന്നതൊന്നും സ്വബോധത്തോടെയായിരുന്നില്ല. വടി നിരവധി തവണ സുകുമാരന്‍റെ ദേഹത്ത് പതിഞ്ഞു. അയാള്‍ പറഞ്ഞതൊന്നും രാധാകൃഷ്ണന്‍റെ ചെവിയിലെത്തിയില്ല. ഏതോ ഒരു നിമിഷത്തില്‍ സുകുമാരന്‍ വടിയില്‍ കേറി പിടിച്ചു. പിന്നീട് ശരിക്കും കയ്യാങ്കളിയായി. കല്യാണി പേടിച്ചരണ്ട് ഒരു മൂലയില്‍ തേങ്ങി കരഞ്ഞുകൊണ്ട് നിന്നു.

***********************************************

മായന്‍കുട്ടി വാതില്‍ക്കല്‍ നിന്നു. വേണു കയറി ചെല്ലുമ്പോള്‍ പൊരിഞ്ഞ അങ്കമാണ്. രണ്ടുപേരേയും പിടിച്ചു മാറ്റാനായി അയാള്‍ ഇടയ്ക്ക് കയറി. ഉന്തും തള്ളിന്നുമിടയില്‍ വേണു അടുക്കി വെച്ച ചാക്ക് കെട്ടിലേക്ക് മറിഞ്ഞുവീണു. കയ്യിലുള്ള ഊന്നുവടി തെറിച്ചു പോയി. വടിയില്‍ നിന്ന് ഊരി വീണ വാള്‍ സുകുമാരന്‍റെ കണ്ണില്‍ പ്പെട്ടു. അയാള്‍ പെട്ടെന്ന് അത് കരസ്ഥമാക്കി. രാധാകൃഷ്ണനോടുള്ള അമര്‍ഷം
പുകഞ്ഞു നില്‍ക്കുകയാണ്. വാളുമായി അയാള്‍ പ്രതിയോഗിയെ നേരിടാനൊരുങ്ങി.

വേണു നോക്കുമ്പോള്‍ സുകുമാരന്‍ രാധാകൃഷ്ണനെ ആക്രമിക്കാന്‍ ഒരുങ്ങുകയാണ്. വരാന്‍ പോവുന്ന ആപത്ത് അയാളെ ചകിതനാക്കി. എങ്ങിനെയെങ്കിലും രാധാകൃഷ്ണനെ ആപത്തില്‍ നിന്ന് രക്ഷിക്കണം. അയാള്‍ അവര്‍ക്കിടയിലേക്ക് കയറി.

വയറ്റിലൂടെ എന്തോ തുളഞ്ഞ് കയറുന്നതായി വേണുവിന് അനുഭവപ്പെട്ടു. കൈ കൊണ്ട് വയറ്റിലമര്‍ത്തി അയാള്‍ നോക്കുമ്പോള്‍ സുകുമാരന്‍ വെട്ടാന്‍ ആയുകയാണ്. ഒരു വട്ടം കൂടി വേണു രാധാകൃഷ്ണന്ന് രക്ഷാകവചം ഒരുക്കി. തലയുടെ ഇടത്തു ഭാഗത്ത് വെട്ടേറ്റതും അയാള്‍ വീണു. കല്യാണിയുടെ കരച്ചില്‍ ഉച്ചത്തിലായി.

രാധാകൃഷ്ണന്‍ വേണുവിനെ കടന്നു പിടിച്ചു. മുറിവായിലൂടെ ചുടുചോര ഒഴുകുകയാണ്. ഒരു നിമിഷം അയാളൊന്ന് പതറി. സുകുമാരന്‍ വാള്‍ വലിച്ചെറിഞ്ഞു. രക്ഷപ്പെടുവാനുള്ള വെമ്പലായിരുന്നു അയാളുടെ മനസ്സ് മുഴുവന്‍. അയാള്‍ പുറത്തേക്കോടി.

മായന്‍കുട്ടി ഒന്നേ നോക്കിയുള്ളു. അവന്‍റെ മൂത്താര് ചോരയില്‍ മുങ്ങി കിടക്കുകയാണ്. ചോര അവനെ അസ്വസ്ഥനാക്കി. തലയ്ക്കകത്ത് നൂറുനൂറ് പാമ്പുകള്‍ ഇഴയുന്നതുപോലെ. വതില്‍ക്കല്‍ നിന്ന തന്നെ തള്ളി മാറ്റി ഓടുന്ന സുകുമാരനെ അവന്‍ കണ്ടു. ഫോട്ടൊയില്‍ കണ്ട, ഉണ്ണികൃഷ്ണന്‍ തലയില്‍ കയറി നില്‍ക്കുന്ന അഞ്ചു തലയുള്ള പാമ്പ് ഇഴഞ്ഞു പോവുന്നതായി അവന്ന് തോന്നി.

****************************************************
രാധാകൃഷ്ണന്‍ വേണുവിനെ കാറില്‍ കയറ്റി പാലക്കാട്ടേക്ക് വിട്ടു. സഹായത്തിന്ന് ബഹളം കേട്ട് ഓടി കൂടിയ രണ്ടു മൂന്ന് പേരെ കൂടെ കൂട്ടി. രാജന്‍ മേനോന്‍റെ വീട്ടിനടുത്തെത്തിയപ്പോള്‍ അയാളെ വിവരം അറിയിക്കണമെന്ന് അവന് തോന്നി. സന്ധ്യാ ദീപം തെളിയിച്ചു വെച്ച പൂമുഖത്ത് മേനോന്‍ ഇരിപ്പുണ്ട്.

' അങ്കിള്‍ ' രാധാകൃഷ്ണന്‍ വിളിച്ചു ' ഇപ്പൊ തന്നെ ഷര്‍ട്ട് ഇട്ട് എന്‍റെ ഒപ്പം ഇറങ്ങൂ '.

' എന്താ ' മേനോന്‍ ചോദിച്ചു.

'സംസാരിച്ചു നില്‍ക്കാന്‍ സമയമില്ല. വേണു അങ്കിളിനെ പെട്ടെന്ന് ആസ്പത്രിയിലെത്തിക്കണം '.

കാറില്‍ കയറിയ ശേഷമാണ് മേനോന്‍ വിവരം അറിഞ്ഞത്. അയാള്‍ നോക്കിയപ്പോള്‍ വേണു ഉച്ചത്തില്‍ ശ്വാസം വലിക്കുകയാണ്. ബോധം നഷ്ടപ്പെട്ടിരിക്കുന്നു. മുറിവുകളിലൂടെ രക്തം കുതിച്ചൊഴുകി പിന്നിലെ സീറ്റില്‍ ഇരുന്നവരുടെ വസ്ത്രങ്ങളെ കുതിര്‍ത്തിട്ടുണ്ട്.

' തലയിലും വയറ്റിലും ഉള്ള മുറിവുകള്‍ രണ്ടും വളരെ ഗുരുതരമാണ് ' മേനോന്‍ പറഞ്ഞു
' വേണുവിനെ ആസ്പത്രിയില്‍ എത്തിച്ചതും വേണ്ടപ്പെട്ടവരെ അറിയിക്കണം '.

******************************************
കാറ് നീങ്ങിയതും ആരോ ഓടിച്ചെന്ന് സ്വാമിനാഥനെ വിവരം അറിയിച്ചു. കളപ്പുരയിലേക്കും വിവരം പറയാന്‍ ആള് പോയി.

വക്കീലിന്‍റെ വീട്ടിലേക്ക് ഫോണ്‍ വിളിച്ച് വിവരം അറിയിച്ച ശേഷം കുറെ പണവുമെടുത്ത് സ്വാമിനാഥന്‍ ഇറങ്ങി.

' പറ്റുന്നോര് എന്‍റെ കൂടെ വരിന്‍ ' അയാള്‍ പറഞ്ഞു ' ചിലപ്പോള്‍ ചോരടെ ആവശ്യം വരും '.

ആരൊക്കെയോ കാറില്‍ തിക്കി കയറി.

***********************************************************

' എന്‍റെ മകള് കരയണ്ടാ ' ജാനുമുത്തി കല്യാണിയെ ആശ്വസിപ്പിച്ചു ' നിനക്ക് ഒന്നും പറ്റീലല്ലോ '.

' എന്നാലും ഞാന്‍ എങ്ങിനെ മനുഷ്യന്മാരുടെ മുഖത്ത് നോക്കും ' പെണ്‍കുട്ടി തേങ്ങിക്കരഞ്ഞു.

' നീ അവനെ എതിര്‍ത്ത് നിന്നില്ലേ. അത് മതി ' മുത്തി പെണ്‍കുട്ടിയെ ആശ്വസിപ്പിച്ചു ' എന്‍റെ ചാമി കൊടുങ്ങല്ലൂരിന്ന് ഇങ്ങിട്ട് വരട്ടെ. കൊത്തി കഷ്ണാക്കും അവനെ '.

പെണ്‍കുട്ടിക്കും അതായിരുന്നു ഏക ആശ്വാസം.

( അടുത്ത അദ്ധ്യായത്തോടെ ഈ നോവല്‍ അവസാനിക്കുന്നു ).
16 comments:

 1. This comment has been removed by the author.

  ReplyDelete
 2. നോവൽ മുഴുവൻ വായിക്കണം (ഇൻഷാ അല്ലാഹ്)
  ദീർഘദൂരം യാത്രയായത് കൊണ്ട് നേരത്തെ ഇറങ്ങി. പലരെയും കാണ്ട് യാത്ര പറയണമെന്നുണ്ടായിരുന്നു. ദൈവം അനുഗ്രഹിക്കുമെങ്കിൽ ഇനിയും കണ്ട്മുട്ടും.

  ReplyDelete
 3. ശ്രി സാദ്ദിക്ക്,

  തീര്‍ച്ചയായും ഇനിയും നമ്മള്‍ എവിടേയെങ്കിലും വെച്ച് കണ്ടു മുട്ടും.

  സ്നേഹത്തോടെ
  കേരളദാസനുണ്ണി.

  ReplyDelete
 4. ഇപ്പോഴാണ് മാഷേ ഈ നോവല്‍ കണ്ടത് , ബ്ലോഗു മീറ്റ് ന്യൂസ്‌ പിന്തുടര്‍ന്ന് എത്തിയതാണ് , മുമ്പേ കാണാന്‍ കഴിയാത്തതില്‍ ഒത്തിരി കുണ്ടിതം തോന്നുന്നു ..എന്തായാലും വായന തുടങ്ങട്ടെ .

  ReplyDelete
 5. അങ്ങനെ ഈ ഭാഗവും വായിച്ചു.
  ആശംസകള്‍ മാഷേ!!

  ReplyDelete
 6. ഇപ്പോള്‍ വായന തുടങ്ങിയതേയുള്ളു 6 അധ്യായങ്ങളേ ആകെ വായിച്ചുള്ളു. ഇതുടന്‍ പുസ്തകമായിറങ്ങുമല്ലോ അല്ലേ.

  ReplyDelete
 7. പാവത്താന്‍,

  ചില പ്രസാധകര്‍ പബ്ലിഷ് ചെയ്യാന്‍ താല്‍പ്പര്യം കാട്ടിയിട്ടുണ്ട്. താമസിയാതെ പുസ്തകമാവും.

  ReplyDelete
 8. ഞാന്‍ : ഗന്ധര്‍വ്വന്‍ ,

  നന്ദി. അടുത്ത അദ്ധ്യായത്തിന്‍റെ അവസാനത്തില്‍ ഒരു തിരനോട്ടം ഉണ്ട്. ശ്രദ്ധിക്കുമല്ലോ.

  ReplyDelete
 9. ആദ്യം തൊട്ട് വായിച്ചുവരുന്നു. ആശംസകള്‍ !!!

  ReplyDelete
 10. കണ്ണൂരാന്‍ വൈകിയോ!
  ലാസ്റ്റ്‌ ബസ്സിനു എത്തിയതാണ്.
  വായിക്കാന്‍ ശ്രമിക്കാം.
  ആശംസകള്‍

  ReplyDelete
 11. അവസാനഭാഗത്തിന്വേണ്ടി കാത്തിരിക്കുന്നു. പുസ്തകമായി പ്രസിദ്ധീകരിക്കുമ്പോള്‍ ഒരു കോപ്പി വാങ്ങിക്കോളാം. :)
  ആശംസകള്‍

  ReplyDelete
 12. നന്ദു I naNdu ,

  വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ.

  Kannuraan - കണ്ണുരാന്‍ ,

  വൈകിയാലും എത്തിയല്ലോ. വായിച്ചു നോക്കൂ.

  ഞാന്‍ : ഗന്ധര്‍വ്വന്‍,

  അവസാനഭാഗം ഉടന്‍ വായിക്കാനാവും. പുസ്തകം ആയതും വിവരം നല്‍കാം.

  ReplyDelete
 13. അവസാനഭാഗത്തിന്വേണ്ടി കാത്തിരിക്കുന്നു. .
  ആശംസകള്‍.....

  സ്നേഹത്തോടെ

  ReplyDelete
 14. നോവല്‍ അവസാനിക്കുന്നു എന്ന് അറിയുമ്പോള്‍ വിഷമം,
  പുതിയ നോവലും ഉടനെ പ്രതീക്ഷിക്കുന്നു.
  ഞാന്‍ ഒരു പോസ്ട് ഇട്ടിട്ടുണ്ട്, നോവലിനെക്കുറിച്ച്..

  ReplyDelete
 15. Manickethaar,

  താമസിയാതെ അടുത്ത നോവലുമായി ഞാനെത്തും.

  ponmalakkaran I പൊന്മളക്കാരന്‍,

  പോസ്റ്റ് വായിച്ചു. അടുത്ത നോവല്‍ ഏറെ വൈകാതെ ആരംഭിക്കും.

  ReplyDelete
 16. ഞാന്‍ പറഞ്ഞില്ലേ എന്തോ ദുരന്തം കാത്തിരിക്കുന്നു എന്ന്.. കല്യാണിയുടെ നേരെ നീണ്ട കഴുകനെ യായിരുന്നോ അവള്‍ വഴിയില്‍ കണ്ടത്..?

  ReplyDelete