Tuesday, April 12, 2011

നോവല്‍ - അദ്ധ്യായം - 131.

മിണ്ടാതെ കുത്തിയിരുന്ന് നിങ്ങള് സമ്പാദിച്ചു കൊണ്ടു വരുന്നതിന്ന് ഓഹരി പറ്റി തിന്നാന്‍ മടീണ്ട് ' ഒരു ദിവസം സന്ധ്യക്ക് എല്ലാവരോടുമായി ചാമായി പറഞ്ഞു.

' അതെന്താ, ഞങ്ങളാരെങ്കിലും നിന്നോട് മുഖക്കറുപ്പ് കാട്ട്യോ ' ദേവൂട്ടി ചോദിച്ചു.

' അയ്യോ. ഇല്ലാത്തത് പറയാന്‍ പാടില്ല. ഇന്നേവരെ ഒരാളും ഒന്നും പറയും കാട്ടും ഉണ്ടായിട്ടില്ല ' ചാമായി പറഞ്ഞു ' വെറുതെ ഇരിക്കാന്‍ എനിക്കൊരു മടി '.

' നിങ്ങക്ക് പണിക്ക് പോവാന്‍ വയ്ക്കോ ' കണ്ണന്‍ ചോദിച്ചു ' അതിനുള്ള കാലോക്കെ കഴിഞ്ഞില്ലേ '.

' എന്നാലും ആവുന്നത് ചെയ്യണംന്ന് തോന്നുണുണ്ട് '.

' എന്താ നിങ്ങക്ക് വയ്ക്കാ '.

' നിങ്ങളൊക്കെ പണിക്ക് പോയാല്‍ ഇവിടത്തെ മുറ്റം അടിച്ച് വാരാം. പാത്രങ്ങള് മോറാം. തോണ്ടിപ്പാനി തന്നാല്‍ വെള്ളം കോരി നിറയ്ക്കാം. പണി മാറി വരുമ്പൊ പെണ്ണുങ്ങള്‍ക്ക് ഒരു കയ്യാക്കം കിട്ടില്ലേ '.

' ആവൂ. എന്തോന്ന് വിചാരിച്ചു ' ദേവൂട്ടി പറഞ്ഞു ' നാളെ മുതല് നീ ആവുന്നതൊക്കെ ചെയ്തോ '.

അതിന്ന് ചാമായി ഒന്നും പറഞ്ഞില്ല. അയാള്‍ എന്തോ ആലോചിച്ചുകൊണ്ടിരുന്നു.

' എന്താ നീ ഒന്നും മിണ്ടാത്തത് ' ദേവൂട്ടി അന്വേഷിച്ചു.

' ഒരു വഴിപാട് ബാക്കീണ്ട്. പാഞ്ചാലി നേര്‍ന്നതാ '.

' എന്താന്ന് പറ '.

ചാമായിയുടെ മനസ്സിലൂടെ ആ രംഗങ്ങള്‍ കടന്നു പോയി. ഒരു രാത്രി കഞ്ഞി കുടിക്കാനിരുന്നതാണ്. വേണ്ടത്ര ചാരായം കിട്ടാത്തതിന്‍റെ വിഷമം മനസ്സ് നിറച്ചുണ്ട്. അതിനിടയിലാണ് മകള്‍ സംഭാഷണം
തുടങ്ങിയത്.

'അപ്പാ, നമുക്ക് എവിടെക്കെങ്കിലും പോവാം ' അവള്‍ പറഞ്ഞു' ഇവിടെ നമ്മളെ സഹായിക്കാന്‍ ആരൂല്യാ. എവിടേങ്കിലും ചെന്ന് ഞാന്‍ പണീ ചെയ്ത് അപ്പനെ നോക്കിക്കോളാം '.

' തലയും മുലയും ഉള്ളതോണ്ട് കാരൂല്യാ. പെണ്ണുങ്ങളായാല്‍ സാമര്‍ത്ഥ്യം വേണം. നിനക്ക് അതില്ല '
അപ്പോള്‍ വായില്‍ വന്നത് അതാണ്.

' എന്തൊക്ക്യാ നിങ്ങള് പറയിണത് '.

' ഞാന്‍ പറയും. നീ വേണ്ട മട്ടില് നടന്നാല്‍ എനിക്ക് കുപ്പിക്കണക്കില്‍ മുന്തിയത് കിട്ടും. ഇപ്പൊഴോ. ഒരു വസ്തൂന് കൊള്ളാത്ത ചാരായം. അതും തൊണ്ട നനയാന്‍ തികയില്ല '.

' നിങ്ങളുടെ കള്ളു കുടി നിന്നാല്‍ കൊടുങ്ങല്ലൂരമ്മയ്ക്ക് ഞാന്‍ അഞ്ചുറുപ്പിക വഴിപാട് എത്തിക്കാം ' കണ്ണ് തുടച്ചുകൊണ്ടാണ് അവള്‍ പറഞ്ഞത്.

' ചത്ത് മണ്ണിന്‍റെ അടീല്‍ പുഴുവരിച്ച് കിടക്കുന്ന എന്‍റെ മകളുടെ പേരില്‍ ദൈവത്തിന്ന് ഒരു കടം വേണ്ടാ ' ചാമായി പറഞ്ഞു നിര്‍ത്തി.

' അതിന് വഴിയുണ്ട് ' കണ്ണന്‍ പറഞ്ഞു ' നാളെ മറ്റന്നാളായിട്ട് ആളുകള് ഭരണിക്ക് പോകാന്‍ തുടങ്ങും. നമുക്ക് ആരുടേങ്കിലും കയ്യില്‍ കൊടുത്ത് വിടാം '.

**********************************************

' താനാരം തന്നാരം ദേവി, താനാരം തന്നാരോ '.

ചെറു സംഘങ്ങളായി പാതയിലൂടെ പോയിരുന്ന കൊടുങ്ങല്ലൂര്‍ ഭരണിക്കാരുടെ പാട്ട്, മുളങ്കോലു കൊണ്ടുള്ള കൊട്ടലിന്‍റേയും , വെളിച്ചപ്പാടന്മാരുടെ അരമണിയുടേയും ചിലങ്കകളുടേയും വാളുകളിലെ മണികളുടേയും ഒച്ചയോടുമൊപ്പം വെള്ളപ്പാറ കടവും കടന്നെത്തി.

' ആളുകള് ഭരണിക്ക് പോയി തുടങ്ങി. നീ എപ്പഴാ ചാമ്യേ പോണത് ' നാണു നായര്‍ അന്വേഷിച്ചു.

' നാളെ ഉച്ച തിരിഞ്ഞിട്ട് പുറപ്പെടും ' അവന്‍ മറുപടി നല്കി.

' ആരൊക്കെ ഉണ്ടെടാ നിന്‍റെ കൂടെ ' എഴുത്തശ്ശന്ന് അറിയേണ്ടത് അതാണ്.

' ഞാന്‍ ഇക്കുറി ഇവിടുത്തെ ആളുകളുടെ ഒപ്പം പോണില്ല ' ചാമി പറഞ്ഞു ' അപ്പന്‍റെ ചെറിയ പെങ്ങളെ കണ്ണാടിക്ക് കെട്ടിച്ചു കൊടുത്തിട്ടുണ്ട്. മൂപ്പത്ത്യാര് വെളിച്ചപ്പാടാണ്. അവരുടെ കൂടെയാണ് കൊല്ലാവധി നമ്മടെ വേലപ്പന്‍ പോവാറ്. ഞാനും അവരടെ കൂടെ പോവും '.

' ഇവിടുന്ന് വിട്ട് ഞങ്ങളുടെ കണ്ണ് തപ്പിച്ചാല്‍ കുടിച്ച് ബോധം കെട്ട് പാത ചാലില്‍ കിടക്ക്വോടാ നീയ്യ് ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഇല്ല ' ചാമി പറഞ്ഞു ' ഒറപ്പായിട്ടും ഇല്ല. ഒരു പുത്തിമോശത്തിന്ന് തപ്പ് പറ്റണ്ടാന്ന് കരുതീട്ടാണ് ഞാന്‍
ഇവിടുത്തെ ആള്‍ക്കാരെ വിട്ട് വേലപ്പന്‍റെ കൂടെ പോണത് '.

പിറ്റേന്ന് പത്ത് മണിയോടെ ചാമി ഒരുങ്ങി പുറപ്പെട്ട് എത്തി. മരുമകന്‍റെ കല്യാണത്തിന്ന് ഇടാന്‍ വേണു വാങ്ങിക്കൊടുത്ത വെള്ള ഷര്‍ട്ടും മുണ്ടുമാണ് വേഷം.

'പ്രാന്ത കുപ്പണ്ണാ ' എഴുത്തശ്ശന്‍ പറഞ്ഞു ' ഇമ്മാതിരി വെള്ളമുണ്ടും ഷര്‍ട്ടും ആയിട്ട് ആരെങ്കിലും ഭരണിക്ക്
പോവ്വോടാ. മടങ്ങി വരുമ്പഴയ്ക്ക് മഞ്ഞപ്പൊടീം പൂഴീം ആയിട്ട് അതൊക്കെ നാനായിധാവും '.

' എന്‍റെ ഒരു മോഹം ആണ് 'ചാമി പറഞ്ഞു ' മുതലാളി തന്നത് ഇട്ടിട്ട് പോണംന്ന് '.

വേണു നൂറിന്‍റെ രണ്ട് നോട്ടുകള്‍ ചാമിക്ക് കൈമാറി. അത് വാങ്ങി കണ്ണില്‍ തൊടുവിച്ച് അവന്‍ ബെല്‍ട്ടിലെ പേഴ്സില്‍ ഇട്ടു.

' നടക്കട്ടെ. വേലപ്പന്‍ കാത്ത് നിക്കുണുണ്ടാവും. ഞാന്‍ ചെന്നിട്ട് വേണം കണ്ണാടിക്ക് പോകാന്‍ '.

' നിക്ക് ' എഴുത്തശ്ശന്‍ മടിശ്ശീലയില്‍ നിന്ന് പത്തുറുപ്പിക എടുത്ത് വേണുവിന്‍റെ തലയ്ക്ക് ചുറ്റും ഉഴിഞ്ഞ് ചാമിയുടെ നേരെ നീട്ടി ' ഇത് തൃപ്പടീമ്പില് വെക്കണം '.

ചാമി അത് വാങ്ങി. ' ഇനി വന്നിട്ട് കാണാം ' അവന്‍ നടന്നകന്നു.

' നല്ല സ്ഥായീള്ള ചെക്കനാണ് അവന്‍ ' നാണു നായര്‍ പറഞ്ഞു ' എന്നാലും ഇത്ര തോനെ പണം നീ അവന് കൊടുക്കേണ്ടിയിരുന്നില്ല '.

' നാണുമാമേ, ഞാന്‍ സമ്പാദിക്കുന്നത് കാത്തിരിക്കാന്‍ എനിക്ക് ആരാ ഉള്ളത് ' വേണു പറഞ്ഞു ' അപ്പോള്‍ എന്‍റെ കയ്യിലുള്ളത് എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കുന്നു. അതിലെന്താ തെറ്റ് '.

ഉച്ച ഭക്ഷണം കഴിഞ്ഞതും എഴുത്തശ്ശന്‍ തിണ്ടില്‍ തോര്‍ത്ത് വിരിച്ചു കിടന്നു. അകത്ത് പുസ്തകം വായിച്ചു കിടന്ന വേണുവും ക്രമേണ മയക്കത്തിലേക്ക് വഴുതി വീണു. അയാളുടെ മനസ്സിലേക്ക് എന്തെല്ലാമോ കടന്നു ചെല്ലുകയാണ്

വേണുവും ചാമിയും യാത്രയിലാണ്. ഇടയ്ക്ക് എവിടേയോ വെച്ച് ചാമിയെ കാണുന്നില്ല. വേണു ഒറ്റയ്ക്ക് യാത്ര തുടരുകയാണ്. അപരിചിതമായ ഇടങ്ങളിലൂടെയാണ് അയാള്‍ നടക്കുന്നത്. തെങ്ങിന്‍ തോപ്പുകളും, നെല്‍പ്പാടങ്ങളും കടന്ന് അയാള്‍ നീങ്ങി. വെട്ടുകല്ലില്‍ തീര്‍ത്ത മതിലുകളും , മനയ്ക്കലെ കുളവും അയാള്‍ കാണുന്നുണ്ട്. വെള്ളാരന്‍ കല്ലുകളും മണലും നിറഞ്ഞ അടിഭാഗത്തിന്ന് മുകളിലായി കുളത്തിലെ തെളിഞ്ഞ വെള്ളം. കുളത്തിന്‍റെ നടുവിലൊരു ആമ്പല്‍പൂവ് വിരിഞ്ഞ് നില്‍പ്പുണ്ട്. മേല്‍ത്തട്ടില്‍ എഴുത്തശ്ശന്‍ ചാതികള്‍ വരയ്ക്കുന്ന വൃത്തങ്ങളെ തെളിനീരിന്നടിയിലൂടെ നീന്തുന്ന ചെറുമീനുകള്‍ അനക്കുന്നില്ല.

ഇപ്പോള്‍ കാഴ്ച മാറി. തീരെ ചെറിയൊരു പുഴയിലെ വെള്ളത്തിലൂടെ വേണു നടക്കുകയാണ്. ഒഴുക്കിന്ന് ഒപ്പമാണ് അയാള്‍ നടന്നു നീങ്ങുന്നത്. പുഴയുടെ ഇരുവശങ്ങളിലുമുള്ള തെങ്ങുകളുടെ നിഴല്‍ തെളിഞ്ഞ വെള്ളത്തില്‍ പെരുമ്പാമ്പുകളെ പോലെ ഇഴയുന്നത് കാണാം. ക്രമേണ വെള്ളത്തിന്‍റെ നിറം ചുവപ്പായി മാറി തുടങ്ങി. ഒടുവിലത് രക്തവര്‍ണ്ണമായി പരിണമിച്ചു. ആര്‍ത്തലച്ച് ഒഴുകുന്ന ചോരപ്പുഴ. കാണുന്നതെല്ലാം ചുവപ്പ് നിറം പൂണ്ടു. പരിഭ്രമത്തോടെ വേണു എഴുന്നേറ്റു. ആകെ വിയര്‍ത്തു കുളിച്ചിരിക്കുന്നു.

ഉമ്മറത്ത് അമ്മാമയും നാണുമാമയും സംസാരിക്കുന്നത് കേള്‍ക്കാനുണ്ട്. വേണു അങ്ങോട്ട് ചെന്നു.

' എന്താ വല്ലാണ്ടെ ഇരിക്കിണ്. വയ്യായ വല്ലതും തോന്നുണുണ്ടോ ' എഴുത്തശ്ശന്‍ ചോദിച്ചു.

വേണു താന്‍ കണ്ട സ്വപ്നം വിവരിച്ചു.

' ചോപ്പ് നിറം സ്വപ്നം കണ്ടാല്‍ ചോര കാണും ' നാണു നായര്‍ പറഞ്ഞു.

' ഓരോന്ന് പറഞ്ഞ് മനുഷ്യനെ പേടിപ്പിക്കാണ്ടെ മിണ്ടാണ്ടിരിക്കിനേ ' എഴുത്തശ്ശന്‍ ശാസിച്ചു ' അല്ലെങ്കിലേ മനസ്സമാധാനം ഇല്ലാണ്ടെ ഇരിക്ക്യാണ് '.

പടി കടന്ന് മായന്‍കുട്ടി എത്തി.

' നടക്കാന്‍ പോവ്വല്ലേ ' അവന്‍ ചോദിച്ചു.

' ഈ പൊരി വെയിലത്തോ ' എഴുത്തശ്ശനാണ് മറുപടി പറഞ്ഞത്.

' എനിക്ക് ഇത് കഴിഞ്ഞിട്ടു വേണം മില്ലില്‍ ചെന്ന് തവിട് വാങ്ങാന്‍ '.

' ലേശം നേരം നില്‍ക്ക് ' നാണു നായര്‍ പറഞ്ഞു ' ചായ കുടി കഴിഞ്ഞതും പൊയ്ക്കോളിന്‍ '.

' ഞാന്‍ പോയി ചായ വാങ്ങീട്ട് വരണോ '.

എഴുത്തശ്ശന്‍ സമ്മതിച്ചു. മായന്‍കുട്ടി ചായ വാങ്ങാന്‍ പുറപ്പെട്ടു.

***********************************************

രാധാകൃഷ്ണന്‍ എത്തുമ്പോഴും കാറിന്‍റെ പണി കഴിഞ്ഞിരുന്നില്ല. ബോണറ്റ് തുറന്നു വെച്ച് മെക്കാനിക്ക് രാമേട്ടന്‍ എന്തോ ചെയ്യുകയാണ്.

' ഇനിയും കഴിഞ്ഞില്ലേ ' രാധാകൃഷ്ണന്‍ ചോദിച്ചു.

' അഞ്ച് മിനുട്ട്. ഇപ്പൊ തരാം '.

രാധാകൃഷ്ണന് വല്ലാത്തൊരു അസ്വസ്ഥത തോന്നി. മില്ലില്‍ പണിക്കാരാരും ഇല്ല. കൊടുങ്ങല്ലൂരിലേക്ക് പോവാനും പോവുന്നവരെ യാത്രയയയ്ക്കാനുമായി എല്ലാവരും ലീവിലാണ്. വാച്ച്‌മാന്‍ പൊന്നുമണി രണ്ടു ദിവസമായി വന്നിട്ട്. അയാളുടെ മരുമകന്‍റെ അനുജന്‍, പടക്കം ഉണ്ടാക്കുമ്പോള്‍ തീ പിടിച്ച് അത്യാസന്ന നിലയില്‍ ആസ്പത്രിയിലാണ്. കാണാന്‍ പോയ അയാള്‍ എന്ന് വരുമെന്ന് ഒരു ഉറപ്പും ഇല്ല. നാലു മണിക്ക് മുമ്പ് ഞാന്‍ എത്താം, അതുവരെ ഉമ്മറത്തിരിക്കണം എന്ന് കാര്‍ത്ത്യായനിയേടത്തിയെ പറഞ്ഞ് ഏല്‍പ്പിച്ച് പോന്നതാണ്. ആ തള്ളയ്ക്ക് സന്ധ്യക്ക് മുമ്പ് വീടെത്തണം . മില്ല് പുട്ടിയിട്ട് വന്നാല്‍ മതിയായിരുന്നു. എങ്കില്‍ സൌകര്യം പോലെ തിരിച്ചു പൊയാല്‍ മതി.

അഞ്ച് മണിക്കുള്ള സൈറണ്‍ മുഴങ്ങിയിട്ടേ കാറ് കിട്ടിയുള്ളു. രാധാകൃഷ്ണന്‍ ചവിട്ടി പിടിച്ചു.









4 comments:

  1. കൊടുങ്ങല്ലൂര്‍ ഭരണി.......നന്നായിട്ടുണ്ട്‌...വായനതുടരുന്നു

    ReplyDelete
  2. നോവൽ കഴിയാറായി. അല്ലേ?

    ReplyDelete
  3. Manickethaar,

    വളരെ നന്ദി.

    Typist I എഴുത്തുകാരി,

    അതെ. എന്നിട്ടുവേണം അടുത്തത് ആരംഭിക്കാന്‍.

    ReplyDelete
  4. എന്തോ ദുരന്ത വാര്‍ത്തയിലേക്ക് കൊണ്ട് പോകും പോലെ തോന്നുന്നല്ലോ ഏട്ടാ.. മനസ്സില്‍ ഒരു ഭീതി തല നീട്ടുന്നു.. ഇതില്‍ എല്ലാരും ഇപ്പോള്‍ എന്‍റെയും സ്വന്തക്കാര്‍ ആയല്ലോ അത് കൊണ്ടാവും...

    ReplyDelete