Thursday, October 15, 2009

അദ്ധ്യായം - 24

എന്തൊരു വലിയ ഊണുമുറി. ചെറിയൊരു സദ്യതന്നെ ഇതിനകത്ത് നടത്താം എന്ന് വേണു മനസ്സില്‍ കണക്കാക്കി. നല്ല ഭംഗിയുള്ള ഊണ്‍മേശയും കസേലകളും. വിശ്വേട്ടന്‍റെ അവസ്ഥക്ക് എന്തു കൊണ്ടും യോജിച്ചത് തന്നെ.

പത്മിനിയും വേണുവിനോടൊപ്പം ഉണ്ണാനിരുന്നു. പണിക്കാരികളാണ് വിളമ്പിയത്. ഇല നിറയെ വിഭവങ്ങള്‍. ഇന്നെന്താ വല്ല വിശേഷ ദിവസമാണോ? 'നീ മത്സ്യോ മാംസോ ഒക്കെ കഴിക്കാറുണ്ടോ' എന്ന് പത്മിനി ചോദിച്ചു. ഇല്ലെന്ന് വേണു തലയാട്ടി. 'ഇവിടേയും അങ്ങിനെ തന്ന്യാ' പത്മിനി പറഞ്ഞു 'മുമ്പൊക്കെ ഞാന്‍ കഴിച്ചിരുന്നു. വിശ്വേട്ടന്‍ കഴിക്കാറില്ല. അതോടെ
ഞാനും നിര്‍ത്തി. ഇപ്പോള്‍ എനിക്ക് അതിന്‍റെ നാറ്റം മതി ഛര്‍ദ്ദിക്കാന്‍ .'

ഭക്ഷണം കഴിഞ്ഞ് മുറ്റത്തിറങ്ങി വേണു ഒരു സിഗററ്റ് കത്തിച്ചു. മുമ്പ് 'ഓപ്പോളേ' എന്നേ വിളിക്കാന്‍ പാടുള്ളു. ഇല്ലെങ്കില്‍ പത്മിനി ദേഷ്യപ്പെടും. 'ഞാനല്ലെടാ മൂത്തത്' എന്ന് പറയും. എല്ലാം ഇന്നലെ കഴിഞ്ഞപോലെ.

'വലിച്ച് കേറ്റിക്കോ. ആരോഗ്യത്തിന്ന് ഇത് ബഹു വിശേഷാണ് എന്നാ ഞാന്‍ കേട്ടിട്ടുള്ളത് ' എന്നും പറഞ്ഞ് പത്മിനി എത്തി. വേണു പാതി വലിച്ച കുറ്റി നിലത്തിട്ട് കാലുകൊണ്ട് ചവിട്ടി കെടുത്തി. പത്മിനി വല്ലാതായി. 'എന്തിനാ അത് കളഞ്ഞത്. വലിക്കായിരുന്നു. ഞാന്‍ വെറുതെ പറഞ്ഞതല്ലേ ' എന്ന് അവര്‍ പറഞ്ഞു. 'സാരമില്ല' എന്ന് വേണുവും.

ഉച്ചയുറക്കം പതിവില്ലെങ്കില്‍ ഉമ്മറത്ത് ഇരുന്ന് എന്തെങ്കിലും സംസാരിക്കാമെന്ന് പത്മിനി പറഞ്ഞു. വേണു സമ്മതിച്ചു. കിട്ടുണ്ണി ഏല്‍പ്പിച്ച കാര്യം അവതരിപ്പിക്കാന്‍ പറ്റിയ സന്ദര്‍ഭമാണ് വന്നിരിക്കുന്നത്. എത്രയായാലും അവര്‍ രണ്ടുപേരും ഒരേ വയറ്റില്‍ കിടന്നവരാണ്. സ്ഥിരമായ പിണക്കം അവര്‍ തമ്മില്‍ പാടില്ല.

വിശ്വേട്ടന്‍റെ ജോലി തിരക്കുകളും, ഭര്‍ത്താവിനോടൊപ്പം ഇംഗ്ലണ്ടില്‍ കഴിയുന്ന മകളുടേയും പേരക്കുട്ടിയുടേയും വിശേഷങ്ങളും പത്മിനി വര്‍ണ്ണിച്ചു, ഒപ്പം പേരക്കുട്ടിയെ കൊതി തീര്‍ന്ന് കാണാന്‍ കഴിയാത്തതിലുള്ള വിഷമവും. പത്മിനിയുടെ സംഭാഷണം മകന്‍ മുരളിധരന്‍റെ കാര്യത്തിലെത്തി. അച്ഛന്‍റെ പാത പിന്‍തുടര്‍ന്ന് അവനും വക്കീലായിരിക്കുന്നു. വിശ്വേട്ടന്‍റെ കീഴിലായിരുന്നു ആദ്യമൊക്കെ പ്രാക്ടീസ്. ഇപ്പോള്‍ സ്വന്തമായി പ്രാക്ടീസ് ചെയ്യുന്നു. നല്ല പേരാണ് അവനും, ഇഷ്ടം പോലെ കേസും.

മകന്‍റെ കല്യാണം ആഗ്രഹിച്ച വിധത്തില്‍ നടത്താന്‍ പറ്റാത്തതിലുള്ള വിഷമം പത്മിനി മറച്ചു വെച്ചില്ല.' എന്‍റെ മകന് എന്തിന്‍റെ കുറവ് ഉണ്ടായിട്ടാണ് അവന്‍റെ മകള്‍ക്ക് അവന്‍ പോരാ എന്ന് ആ പ്രമാണി കണക്കാക്കിയത്. അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധ രാത്രിക്കും കുട പിടിക്കും. അതന്നെ 'പത്മിനി പറഞ്ഞു' വേറെ നല്ല പെണ്‍കുട്ടികള് ഇല്ലാഞ്ഞിട്ടല്ല. പക്ഷെ കുട്ടിക്കാലത്തേ പറഞ്ഞ് പറഞ്ഞ് അവന്‍റെ ഉള്ളില്‍ ആ പെണ്ണിനെ കുറിച്ചുള്ള നിനവാണ്. അവളുടെ കല്യാണം കഴിഞ്ഞിട്ട് മതി ആലോചന എന്നാണ് ഇപ്പോള്‍ അവന്‍ പറയുന്നത് .'

കിട്ടുണ്ണിയോട് തനിക്കുള്ള വിദ്വേഷം മുഴുവന്‍ പത്മിനിയുടെ വാക്കുകളില്‍ നിറഞ്ഞു നിന്നു. ഇവിടെ നിന്നിട്ടാണ് അവന്‍ ട്രെയിനിങ്ങിന്ന് പോയി സ്കൂള്‍ മാഷ് ആയത്. ഭാഗം കഴിഞ്ഞ് അമ്മയുടെ വീതം കയ്യില്‍ കിട്ടുന്നത് വരെ ആ ദ്രോഹി അമ്മയെ കൂടെ നിര്‍ത്തി. അത് കഴിഞ്ഞ് അമ്മക്ക് തീരെ വയ്യാതായപ്പോള്‍ 'ഇനി നീ നോക്കിക്കോ' എന്നും പറഞ്ഞ് ഇവിടെ എത്തിച്ചു. പറഞ്ഞിട്ട് കാര്യമില്ല അമ്മക്ക് അങ്ങിനെ തന്നെ വേണം. അതു പോലത്തെ പണിയാണ് അമ്മ ചെയ്തത്. 'താന്താന്‍ നിരന്തരം ചെയ്തുള്ള കര്‍മ്മങ്ങള്‍ താന്താന്‍ അനുഭവിച്ചീടുകെന്നേ വരൂ 'എന്ന് നീ കേട്ടിട്ടില്ലേ?'

'അതിന് ചെറിയമ്മ അത്രക്ക് വലിയ പാപം ഒന്നും ചെയ്തിട്ടില്ലല്ലോ' എന്ന് വേണു പറഞ്ഞു. 'നിന്നെ പറഞ്ഞിട്ട് കാര്യമില്ല. നീ അന്നും ഇന്നും തനിച്ച് പൊട്ടനാണ്. ആരൊക്കെ എന്തൊക്കെ ചെയ്താലും മനസ്സിലാവില്ല. കണ്ടാലും കൊണ്ടാലും അറിയാത്ത സാധനം' പത്മിനി പറഞ്ഞു. 'അമ്മ നിനക്ക് ചെയ്ത ദ്രോഹം ആലോചിച്ചാല്‍ നീ അവരെ പറ്റി ഒറ്റ നല്ല വാക്ക് പറയില്ല '.

കുടുംബ സ്വത്തില്‍ അമ്മക്കും ഞങ്ങള്‍ രണ്ട് മക്കള്‍ക്കും ഉള്ള അത്ര ഓഹരി നിനക്ക് ഒറ്റക്ക് കിട്ടേണ്ടതാണ്. എന്നിട്ട് പഠിപ്പിക്കാന്‍ കയ്യില്‍ പണമില്ലെന്ന് പറഞ്ഞ് കുട്ടിയിലേ നിന്നെ അന്യ നാട്ടിലേക്ക് ആട്ടി വിട്ടു. അവിടെ നീ പണി ചെയ്ത് സമ്പാദിച്ചത് മുഴുവന്‍ അമ്മയും മകനും കൂടി ഓരോ ആവശ്യം പറഞ്ഞ് തട്ടി പറിച്ചു. നിനക്ക് വേണ്ടി ഇവര് എന്തെങ്കിലും ചെയ്ത്വോ.
ഒന്ന് ആലോചിച്ച് നോക്ക്. അമ്മക്ക് അവനെ മാത്രമേ ഇഷ്ടമായിരുന്നുള്ളു. എന്നെ കൂടി അത് കുറച്ചേ ഉണ്ടായിരുന്നുള്ളു.

ഭാഗത്തിന്‍റെ സമയത്ത് നിനക്ക് നല്ല സ്ഥിതിയല്ലേ, അവനല്ലേ ബുദ്ധിമുട്ട്, നിന്‍റെ വക അവന് കൊടുക്ക് എന്ന് അമ്മ എന്നോട് പറഞ്ഞിരുന്നു. വിശ്വേട്ടന്‍ അതിന്ന് എതിരൊന്നും പറഞ്ഞില്ല. പക്ഷെ നിനക്കുള്ളത് സൂത്രത്തില്‍ കൈക്കലാക്കാന്‍ നോക്കിയപ്പോള്‍ വിശ്വേട്ടന്‍ സമ്മതിച്ചില്ല. അങ്ങിനെയാണെങ്കില്‍ ഭാഗം തന്നെ നടക്കില്ല എന്ന് മൂപ്പര് പറഞ്ഞപ്പോള്‍ നിവര്‍ത്തിയില്ലാതെ സ്വത്തില്‍ വലിയമ്മക്കും നിനക്കും ഉള്ള വീതം നിന്‍റെ പേരിലാക്കി.

അത് കിട്ടുണ്ണിയെ നോക്കാന്‍ എല്‍പ്പിച്ചില്ല. എന്നാല്‍ അവന്‍ അതും കൂടി ശാപ്പിട്ടിട്ടുണ്ടാവും. ഞങ്ങള് ഒരു മേസ്ത്രിയെ വെച്ച് കൃഷി നോക്കിക്കും. ചിലവ് എഴുതി വെക്കും. കൊയ്ത് നെല്ല് വിറ്റാല്‍ ചിലവ് കഴിച്ച് ബാക്കി പണം നിന്‍റെ പേരിലിടും. എന്നെങ്കിലും വരുമ്പോള്‍ എല്‍പ്പിക്കാനാണെന്ന് വിചാരിച്ചാണ് അതൊക്കെ ചെയ്യുന്നത്.' ആ വിദ്വാന്‍ തനി പാവമാണ്. അതിനെ തെണ്ടാന്‍ വിടാന്‍ പാടില്ല ' എന്നാണ് വിശ്വേട്ടന്‍ പറയാറ്.

വേണുവിന് അതൊന്നും വലിയ കാര്യമായി തോന്നിയില്ല. എത്രയോ പണം ഈ കൈകളിലൂടെ വന്നു പോയി. അന്നൊന്നും സ്വത്തിനോട് തോന്നാത്ത താല്‍പ്പര്യം ഇനിയിപ്പോള്‍ എന്തിനാണ്. തന്നെ ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. തന്‍റെ വാക്കുകള്‍ കൊണ്ട് വിദ്വേഷത്തിന്‍റെ കൊടുമുടി ഉരുകി തീര്‍ന്നാലോ. കരിഞ്ഞു പോയ സ്നേഹത്തിന്‍റെ നാമ്പുകള്‍
ഒരിക്കല്‍ കൂടി തളിര്‍ത്താലോ. അതിന്ന് തയ്യാറെടുത്ത് വേണു പതുക്കെ 'ഓപ്പോളേ' എന്ന് പത്മിനിയെ വിളിച്ചു.

1 comment: