Friday, October 2, 2009

അദ്ധ്യായം - 20

പശുവിനെ നോക്കാനായി മന്ദാടിയാരുടെ കൂടെ ചെല്ലുമ്പോഴും വേലപ്പന്‍റെ മനസ്സ് നിറയെ ചാമിയെ കുറിച്ചുള്ള ചിന്തകളായിരുന്നു. ഇന്ന് എവിടേയും പോവുന്നില്ലെന്ന് നിനച്ചതാണ്. പക്ഷെ രാവിലെ മകളുടെ കയ്യില്‍ കൈ വെച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോള്‍ സമാധാനമായി. ഒരിക്കലും  അവളെ പിടിച്ച് സത്യം ചെയ്തിട്ട് അത് തെറ്റിക്കാന്‍ നിക്കില്ല. ചാമിക്ക് കുട്ടിയെ അത്രക്ക് വാത്സല്യമാണ്.

മാടിനെ വാങ്ങിക്കുന്നത് മന്ദാടിയാര്‍ക്ക് വേണ്ടിയല്ല. മകളെ കെട്ടിച്ച് വിട്ട വീട്ടിലേക്കാണ്. കൂടെ പോയി ആളായി നിന്ന് മാടിനെ നോക്കി വാങ്ങി കൊടുക്കണം എന്നേ അയാള്‍ക്കുള്ളു. മരുമകന്‍ നല്ലൊരു മാടിനെ നോക്കി വെച്ചിട്ടുണ്ട്. അവന്‍റെ കൂട്ടുകാരന്‍റെ ബന്ധുവീട്ടിലുള്ളത്. തമ്മില്‍ തമ്മില്‍ വില പറയാന്‍ മടിയാണ്. അതുകൊണ്ട്പാകത്തിന് സംസാരിച്ച് കച്ചവടം
മുറിക്കണം. തരകുകാരെ മന്ദാടിയാര്‍ക്ക് തീരെ വിശ്വാസമില്ല. പത്ത് ഉറുപ്പിക വെച്ച്നീട്ടിയാല്‍ അവറ്റടെ സ്വഭാവം മാറും. കാശിന്ന് വേണ്ടി എന്ത് ചതിപ്പണിയും ചെയ്യും. ചാമി അങ്ങിനത്തെ ചെറ്റത്തരം കാട്ടില്ലാന്ന് നാട്ടില്‍ എല്ലാവര്‍ക്കും അറിയാം. 

മന്ദാടിയാരുടെ മരുമകന്‍ ചെക്കന്‍ ജീപ്പ് ഡ്രൈവറാണ്. യാത്ര അവന്‍റെ ജീപ്പിലായതിനാല്‍ പെട്ടെന്ന് തോലനൂരില്‍ എത്തി. നാട്ടില്‍ നിന്നും ഇങ്ങോട്ട് നേരിട്ട് ബസ്സ് ഇല്ല. രണ്ടോ മൂന്നോ ബസ്സ് മാറി കേറി സ്ഥലത്ത് എത്തുമ്പോള്‍ ഒരു നേരം ആവും. ഇതായതിനാല്‍ സംഗതിഎളുപ്പം നടന്നു. രാവിലെ മന്ദാടിയാര്‍ വന്ന് വിളിക്കുമ്പോള്‍ ഒന്നും കഴിച്ചിരുന്നില്ല. യാത്രയുടെ കാര്യം 
നേരത്തെ അറിഞ്ഞില്ല. അല്ലെങ്കില്‍ കല്യാണി വല്ലതും ഉണ്ടാക്കി വെച്ചേനെ. മന്ദാടിയാര്‍ വഴിക്ക് ജീപ്പ് നിര്‍ത്തിച്ചു. ചായപ്പീടികയില്‍ കയറി എല്ലാവര്‍ക്കും ചായയും പലഹാരവും വാങ്ങി തന്നു. അതുകൊണ്ട് വിശപ്പില്ല. ആകെക്കൂടി ചാമിയെ പറ്റിയുള്ള വേവലാതി മാത്രമാണ് മനസ്സില്ഒരു കരടായി കിടക്കുന്നത്.

ജീപ്പ്നിര്‍ത്തി ഇറങ്ങി ചെല്ലുമ്പോഴേക്കും വീട്ടുകാരന്‍ മുറ്റത്തെത്തി. 'എന്തേ ഇത്ര വൈകിയത്. കാത്തിരുന്ന്മുഷിഞ്ഞു. കാണാതായപ്പോള്‍ കറക്കാന്‍ തുടങ്ങി ' അയാള്‍ പറഞ്ഞു. എല്ലാവരും തൊഴുത്തിലേക്ക് നടന്നു.

വീടിന്‍റെ പരിയംപുറത്താണ് തൊഴുത്ത്. നാലഞ്ച് മാടുകളും ഒരു ജോഡി മൂരികളും ഉണ്ട്. ഒരു സ്ത്രി ചെറിയൊരു മൊന്തയില്‍ പാല് കറക്കുന്നു. പുറകിലായി തമലയില്‍ കറന്ന പാല് ഒഴിച്ചു വെച്ചിട്ടുണ്ട്. ഇടങ്ങഴി ഒന്നര പാല് കാണുമെന്ന് വേലപ്പന്‍ കണക്ക് കൂട്ടി. നല്ല വെള്ള മാട്. കുട്ടിയും വെളുപ്പാണ്. കാണാന്‍ തന്നെ ഒരു ചെതമുണ്ട്. വെറുതെയല്ല ചെക്കന്‍ ഇതിനെ വാങ്ങണമെന്ന് മോഹിച്ചത്.

കൂടെ വന്നവര്‍ ബീഡിയും വലിച്ച് വര്‍ത്തമാനം പറഞ്ഞ് നില്‍ക്കുമ്പോള്‍ , വേലപ്പന്‍റെ ശ്രദ്ധ കറക്കുന്നതിലായിരുന്നു . മൂന്ന് മുലകള്‍ മാത്രമേ ആ സ്ത്രി കറക്കുന്നുള്ളു. പിന്നാപ്പുറത്തെ വലത്തേ മുലയില്‍ തൊട്ടിട്ടേ ഇല്ല. പാല് കറന്ന് എഴുന്നേറ്റപ്പോള്‍ ഒരു മുല എന്താ കറക്കാത്തത് എന്ന് തിരക്കി. അത് കുട്ടിക്ക് വിട്ട് കൊടുത്തതാണത്രേ. ചിലര്‍ അങ്ങിനെ ചെയ്യും. കുട്ടിക്ക് വാട്ടം തട്ടാതിരിക്കാനാണ് അത് ചെയ്യുന്നത്.

പാല് കുടിക്കാന്‍ അഴിച്ചു വിട്ടപ്പോള്‍ കുട്ടിയും ആ മുല കുടിക്കുന്നില്ലെന്ന് കണ്ടു. വേലപ്പന്‍റെ മനസ്സില്‍ സംശയം കടന്നു. മെല്ലെ തൊഴുത്തിനകത്ത് കടന്നു. എല്ലാ മുലകളും പീച്ചി നോക്കി. സംശയം തോന്നിയതില്‍ നിന്ന് മാത്രം  ഒന്നും വരുന്നില്ല. കാമ്പ് അടഞ്ഞതാണെന്ന് ഉറപ്പായി. കറവയുള്ള പശുക്കള്‍ക്ക് ചിലപ്പോള്‍ മുലയില്‍ നീര്‍ക്കെട്ട് വരും. നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍
മുലക്കണ്ണ് അടയും. പിന്നീട് അതില്‍ നിന്ന് പാല് വരില്ല. ഇത് ആ കേസാണ്.

മന്ദാടിയാരെ വിളിച്ച് കാര്യം പറഞ്ഞു. ഇനി തീരുമാനിക്കേണ്ടത് അവരാണ്. വേണമെങ്കിലല്ലേ വില പറയേണ്ടു. സംഘം തൊഴുത്തിന്‍റെ പിന്നിലേക്ക് നീങ്ങി. കൂടിയാലോചന നടക്കുകയാണ്. വേലപ്പന്‍ മാറി നിന്നു. അപ്പോഴാണ് വീട്ടുകാരന്‍ വിളിക്കുന്നത്. അങ്ങോട്ട് ചെന്നു. 'വല്ലതും പറഞ്ഞുണ്ടാക്കി കച്ചവടം തകരാറാക്കരുതെന്നും പാകം പോലെ കച്ചോടം മുറിച്ചാല്‍ അറിഞ്ഞ് തരാമെന്നും ' അയാള്‍ പറഞ്ഞു. അതിന്ന് എന്നെ കാക്കണ്ടാ എന്നും പറഞ്ഞ് പിന്മാറി.

വീട്ടുകാരന്ന് കാര്യം മനസ്സിലായി. അയാള്‍ ഒരക്ഷരം പറഞ്ഞില്ല. പിന്നെ അധിക നേരം അവിടെ നിന്നില്ല. മന്ദാടിയാരും
 വേലപ്പനും മുന്നില്‍ നടന്നു. ജീപ്പിന്‍റെ അടുത്തെത്തിയപ്പോള്‍ മരുമകന്‍റെ കൂട്ടുകാരന്‍  ' എന്നെ തെറ്റിദ്ധരിക്കരുതേ, ഈ കേടുള്ളത് എനിക്ക് അറിയില്ല ' എന്ന് പറഞ്ഞിട്ട് ആ വീട്ടിലേക്ക് തന്നെ തിരിച്ച് പോയി.

തിരിച്ച് പോരുമ്പോള്‍ ' അറിയുന്നോരെ തന്നെ പറ്റിക്കാന്‍ നോക്കുന്ന വക ' എന്ന് മന്ദാടിയാര്‍ കുറ്റപ്പെടുത്തി. 'വേലപ്പേട്ടന്‍
 വന്നത് കാരണം ചതി പറ്റിയില്ല ' എന്ന് മരുമകനും പറഞ്ഞു. ചാമി വല്ല കുഴപ്പവും കാണിച്ചിട്ടുണ്ടാവുമോ എന്ന് മാത്രമാണ് വേലപ്പന്‍ ചിന്തിച്ചത്.

*************************************************************************************
ചാമി പെട്ടിക്കടയിലേക്ക് ചെന്നു. ' ഇനി എപ്പഴാ അവന്‍ വണ്ടിയും കൊണ്ട് മടങ്ങി വര്വാ ' എന്ന് ചോദിച്ചു. കടക്കാരന്‍ ചാമിയെ തുറിച്ച് നോക്കി. അടിപിടി കഴിഞ്ഞ് പോയിട്ട് അധികം നേരമായിട്ടില്ല. വീണ്ടും ശണ്ഠ കൂടാന്‍
 വന്നിരിക്കുന്നു. ഇങ്ങിനെയുണ്ടോ ഒരു ജന്മം. മറുപടി കിട്ടാത്തതിനാല്‍ ചാമി വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. ' എന്തിനാ ഇനീം തല്ല് കൂടാനാണോ ' എന്ന് പീടികക്കാരന്‍ ചോദിച്ചു.

ചാമി ബെഞ്ചിലിരുന്നു. തന്‍റെ ഉദ്ദേശം വെളിപ്പെടുത്തി. 'ഇത് നല്ല കൊടുമ. വയറ് നെറയെ കൊടുത്തിട്ട് നെഞ്ചത്ത് നാല് ഇടി കൊടുക്കും എന്ന് കേട്ടിട്ടുണ്ട് ' പീടികക്കാരന്‍ പറഞ്ഞു 'നിങ്ങള് അടി കൊടുത്തതിന്ന് പിന്നാടിയാണോ പണം കൊടുക്കാന്‍ 
പോണത്. 'ചാമി ഒന്നും മിണ്ടിയില്ല. തപ്പ് പറ്റേണ്ടത് പറ്റി. ഇനി പറഞ്ഞിട്ട് കാര്യമില്ല. പറയുന്നത് ഒക്കെ കേള്‍ക്കുക തന്നെ. മൂന്നര മണി കഴിഞ്ഞാലേ വണ്ടിക്കാരന്‍ വരാറുള്ളു എന്നും അഞ്ചോ പത്തോ മിനുട്ടിന്‍റെ വ്യത്യാസമേ ഉണ്ടാവൂ എന്നും 
പീടികക്കാരന്‍ പറഞ്ഞു. എത്ര വൈകിയാലും കണ്ടിട്ടേ പോകൂ എന്ന് ചാമി നിശ്ചയിച്ചു.

കമ്പനിയില്‍ നിന്ന് മൂന്നും നാലും അഞ്ചും ഒക്കെ അടിച്ചിട്ടും വണ്ടിക്കാരനെ കണ്ടില്ല. ചാമിക്ക് ആകെ കൂടി വേവലാതി ആയി. അവന്ന് വല്ലതും പറ്റിയോ എന്‍റെ ഈശ്വരന്മാരേ എന്ന് മനസ്സില്‍ ഓര്‍ത്തു. ഇരുന്നാല്‍ ഇരിക്ക കൊള്ളാത്ത അവസ്ഥ. കുറെ നേരം പാതയിലൂടെ തെക്കും വടക്കും നടക്കും. ഇടക്കിടക്ക്ബീഡി വലിക്കും. ബെഞ്ചില്‍ ഇരിക്കും. പിന്നെയും
 പാതയിലേക്ക്നോക്കി നില്‍ക്കും. 'നിങ്ങളെന്താ കൂട്ടില്‍ കെടക്കിണ വെരുകിനെ പോലെ വെറുതെ അങ്ങിട്ടും ഇങ്ങിട്ടും 
നടക്കുന്നത് ' പീടികക്കാരന്‍ പറഞ്ഞു ' അതോ വല്ല വെതറു കടീം പിടിച്ചോ. '

മണി ആറര കഴിഞ്ഞു. ' നിങ്ങള് ഇനി പൊയ്ക്കോളിന്‍ . അവന്‍ ചിലപ്പൊ വഴി മാറി പോയി പൊള്ളാച്ചീല് എത്തീട്ടുണ്ടാവും ' എന്ന് കടക്കാരന്‍ പറഞ്ഞു. മനമില്ലാ മനസ്സോടെ എഴുന്നേറ്റ് നടന്നു. ഷാപ്പിലേക്കാണ് കാലുകള്‍ നീങ്ങിയത്. മനസ്സിലെ ഭാരം മുഴുവന്‍ ഒഴിയുന്നത് വരെ കുടിക്കണമെന്ന് ചാമി ഉറപ്പിച്ചു.

നേരം നല്ലവണ്ണം ഇരുട്ടിയിട്ടാണ് ഷാപ്പില്‍ നിന്ന് ഇറങ്ങിയത്. കാലുകള്‍ പാറി പോവുന്നത് പോലെ ചാമിക്ക് തോന്നി. ചുണയുള്ള ആണുങ്ങള്‍ ഉണ്ടെങ്കില്‍ ഇറങ്ങി വാടാ എന്ന് ഉറക്കെ പറഞ്ഞു. ആരും വരുന്നില്ല. ഒക്കെ പേടി കൊടലന്മാര്‍. ചാമിക്ക് ഒരുത്തനേയും പേടിക്കാനില്ല. ഒരുത്തന്‍റെ ചിലവിലുമല്ല കഴിയുന്നത്. പിന്നെ എന്തിന് ആരെ പേടിക്കണം. എന്തൊക്കേയോ പുലമ്പിക്കൊണ്ട് ചാമി നടന്നു.

വഴി പിരിയുന്ന ഇടത്ത് കുറച്ച് നേരം നിന്നു. വീട്ടിലേക്ക് പോകണോ , അതോ? പാടത്തിന്‍റെ വടക്ക് വെളിച്ചം കണ്ടു. കാളുക്കുട്ടിയുടെ വീട്ടിലേതാണ്. അവള്‍ ഉറങ്ങിയിട്ടില്ല. ഏതായാലും അവിടെ ചെന്നിട്ട്മതി വീട്ടിലേക്ക്. വേലിക്കല്‍
 നിന്ന്നീളത്തിലൊരുശിമക്കൊന്നയുടെ കൊമ്പ് പൊട്ടിച്ചു. അതും കയ്യില്‍ പിടിച്ച് തപ്പി തടഞ്ഞ് വരമ്പിലൂടെ നടന്നു. ഓരോരോ മഴത്തുള്ളികള്‍ അയാളെ അകമ്പടി സേവിച്ചുകൊണ്ടിരുന്നു.

അടച്ച ഇല്ലിപ്പടിയില്‍ കൈ വെച്ചപ്പോഴേ മുറ്റത്ത് കിടന്നിരുന്ന ചാവാളിപ്പട്ടി ഒന്ന് മുരണ്ടു. ശവം. എണീറ്റ് നില്‍ക്കാന്‍ കെല്‍പ്പില്ല.
എന്നിട്ടാണ് അതിന്‍റെ ഒരു,, റാന്തലിന്‍റെ തിരി ഒന്ന് കൂടി നീണ്ടു. 'ആരാത്' എന്ന ശബ്ദം പൊങ്ങി. 'ഇത് ഞാനാ, ചാമി 'എന്നും പറഞ്ഞ് പടി തുറന്ന് മുറ്റത്തേക്ക് ചെന്നു. അതു വരെ മുരണ്ടിരുന്ന പട്ടി വാലാട്ടി നിന്നു. കാളുക്കുട്ടിക്ക്പറ്റിയ തുണ എന്ന്ചാമി മനസ്സില്‍ കരുതി.

ആദ്യം തന്നെ ' ഇങ്ങോട്ടുള്ള വഴിയൊക്കെ ഓര്‍മ്മയുണ്ടോ ' എന്ന പരിഭവമാണ്ചാമി കേട്ടത്. സകല ദേഷ്യവും ഒന്നിച്ച് വന്നു. ' എന്താടി നീ അങ്ങിനെ ചോദിച്ചത് ' എന്ന്തിരിച്ച് ചോദിച്ചു. ചാമിയുടെ വാക്കുകളില്‍ ദേഷ്യം മുറ്റി നിന്നു.

' ഇപ്പൊ കൊമരിപെണ്ണുങ്ങളാണ് നിങ്ങളുടെ കൂടെ എന്ന് പറയുന്നത് കേട്ടു. എനിക്കൊക്കെ ചോര വറ്റി തുടങ്ങിയില്ലേ ' എന്നായി കാളുക്കുട്ടി. ' മുണ്ടാതെ അവിടെ കുത്തിരുന്നോ, എനിക്ക് ഇഷ്ടമുള്ളവരുടെ അടുത്ത് ഞാന്‍ പോകും, അത് ചോദിക്കാന്‍ നീ ആരാടി എന്‍റെ കെട്ടിയവളോ ' എന്നും പറഞ്ഞ്ചാമി തട്ടി കയറി. ' കെട്ട്യോളല്ലെങ്കില്‍ പിന്നെ എന്തിനാ രാത്രീം പകലും ഒന്നും നോക്കാതെ ഇങ്ങോട്ട് കേറി വരുണത് ' എന്നായി കാളുക്കുട്ടി. ചാമിക്ക് ഈറ തോന്നി. 'ഞാന്‍ 
നിന്‍റെ അടുത്ത് വന്നിട്ടുണ്ടെങ്കില്‍ കൈ നിറയെ കാശും തന്നിട്ടുണ്ട്. ഓശാരത്തിനൊന്നും അല്ല '.

വാക്ക് തര്‍ക്കം മൂത്തു. ചാമിയുടെ നാവ് അസഭ്യങ്ങള്‍ വര്‍ഷിച്ച് തുടങ്ങി.' രാത്രി നേരത്ത് വീട്ടില്‍ കയറി വന്ന് തോന്ന്യാസം പറഞ്ഞാല്‍ ചോദിക്കാനും പറയാനും എനിക്കും ഈ നാട്ടില്‍ ആള്‍ക്കാരുണ്ട് ' എന്ന് കാളുക്കുട്ടി പറഞ്ഞു.

'നെനക്ക് തോന്ന്യാസം കാണിക്കാം, ഞാന്‍ പറഞ്ഞതാ തെറ്റ് ' എന്നായി ചാമി. അതോടെ കാളുക്കുട്ടിക്കും വാശി കൂടി. ഒരു മടിയും കൂടാതെ അവള്‍ ചാമിയോട് ' കടന്ന് പോടാ 'എന്ന് പറഞ്ഞു. ചാമി കയ്യില്‍ ഉള്ള വടി അവളുടെ നേര്‍ക്ക് ആഞ്ഞുവീശി. കാളുക്കുട്ടി ഒഴിഞ്ഞ് മാറി. വടി മേത്ത് കൊണ്ടില്ലെങ്കിലും റാന്തല്‍ വിളക്കില്‍ കൊണ്ട് അതിന്‍റെ ചില്ല് ഉടഞ്ഞു. അതോടെ വിളക്ക് കെട്ട് ഇരുട്ടായി.

'ഈ പണ്ടാരക്കാലനെ ഒറ്റമുളയില്‍ കെട്ടി എടുക്കണേ ഭഗവതി' എന്ന് അവള്‍ ഉറക്കെ പ്രാകി. 'നീ പോടി തേവിടിശ്ശീ. ഒരു ശീലാവതി ചമഞ്ഞ് വന്നിരിക്കുന്നു ' എന്നും പറഞ്ഞ് ചാമി ഇറങ്ങി നടന്നു.

മഴക്ക് ശക്തി കൂടി. ഇരുട്ടത്ത് വരമ്പ് കാണുന്നില്ല. അടി തെറ്റി പാടത്തേക്ക് വീണു. അവിടെ നിന്ന്പിടഞ്ഞെണീറ്റു. പൊത്തി പിടിച്ച് വരമ്പില്‍ കയറി. ഒറ്റ അടി വെച്ച് പാതയിലേക്ക് നടന്നു. വീണ്ടും കുറ്റബോധം മനസ്സില്‍ കടന്നുകൂടി. ആ പെണ്ണിനോട് വെറുതെ പിണങ്ങേണ്ടിയിരുന്നില്ല. എത്രയായാലും  കുറെ കാലം കൊണ്ടു നടന്നതല്ലേ. ചിലപ്പോള്‍ അവളുടെ മനസ്സില്‍ സ്നേഹം
ഉണ്ടെങ്കിലോ. ഇപ്പൊള്‍ കലി മൂത്ത് ഇരിക്കുന്നുണ്ടാവും. രാവിലെ അവളെ ചെന്ന് കാണണം. എന്തെങ്കിലും കൊടുത്ത് തപ്പ് പറ്റി എന്ന് പറയണം. അതോടെ അവളുടെ പിണക്കം മാറും.

ചാമിയുടെ മനസ്സിലെ ചൂട് കെട്ടടങ്ങി. കോരി ചൊരിയുന്ന മഴയും നനഞ്ഞ് അയാള്‍ തന്‍റെ ഒറ്റ മുറി വീടും തേടി ഇരുട്ടത്ത് നടന്നു.

1 comment: