Thursday, October 15, 2009

അദ്ധ്യായം 25.

നാണു നായര്‍ വിളിച്ചപ്പോഴാണ് കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ ഉണര്‍ന്നത്. നേരം വല്ലാതെ വൈകിയിരിക്കുന്നു. ഈശ്വരാ, പാടത്ത് കന്നോ മാടോ ഇറങ്ങിയിട്ടുണ്ടാവുമോ? പിടഞ്ഞെണീറ്റ് പോവാനൊരുങ്ങി.

' എവെടെക്കാ നിങ്ങള് തുറുക്കം പിടിച്ച് പായാന്‍ നിക്കിണത് ' എന്ന് നാണു നായര്‍ ചോദിച്ചു. 'പാടത്ത് കന്നോ മാടോ വല്ലതും ഇറങ്ങിയിട്ടുണ്ടോ എന്ന് നോക്കണം, തൊഴുത്തിലുള്ള കന്നിന് വെള്ളവും വൈക്കോലും കൊടുക്കണം. അങ്ങിനെ നൂറ്കൂട്ടം പണികള്‍ ചെയ്യാന്‍ കിടക്കുന്നുണ്ട് അതൊന്നും ആലോചിക്കാതെ ഞാന്‍ കിടന്നുറങ്ങി 'എഴുത്തശ്ശന്‍ പറഞ്ഞു ' പോയിട്ട് ഇതൊക്കെ ഒന്ന് വെക്കം തീര്‍ക്കട്ടെ. അതൊക്കെ കഴിഞ്ഞ് പിന്നെ വന്ന് കണ്ടോളാം'.

നാണു നായര്‍ അതിന്ന് സമ്മതിച്ചില്ല. ഉണ്കഴിഞ്ഞിട്ടേ പോകാവൂ എന്ന് ശഠിച്ചു. എഴുത്തശ്ശന്‍ എതിരൊന്നും പറഞ്ഞില്ല. കിണ്ടിയില്‍ നിന്ന് വെള്ളമെടുത്ത്കയ്യും മുഖവും കഴുകി. നായരുടെ പുറകെ ഇടന്നാഴിയിലേക്ക് ചെന്നു. സരോജിനി നാക്കിലയില്‍ ചോറ് വിളമ്പി. ഉള്ളി സാമ്പാറും, കായയും ചേനയും കൂടിയുള്ള മെഴുക്കുപുരട്ടിയും , നാരങ്ങ ഉപ്പിലിട്ടതും , പപ്പടവും ഒക്കെക്കൂടി സമൃദ്ധമായ ഉണ് രണ്ടുപേരും കഴിച്ചു. ആണുങ്ങള്‍ ഊണ്കഴിച്ച് എഴുന്നേറ്റപ്പോള്‍ സരോജിനി ഉണ്ണാനിരുന്നു. എഴുത്തശ്ശന്‍റെ പേര്പറഞ്ഞിട്ടാണെങ്കിലും വളരെ നാളുകള്‍ക്ക് ശേഷം ഇന്നാണ് രുചിയോടെ വല്ലതും തിന്നുന്നത്.

'അപ്പഴേ നിങ്ങള് എന്നോട്പറഞ്ഞ കാര്യം മറന്ന്വോ' എന്ന് നായര്‍ ചോദിച്ചു. കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍
ഒന്നും മിണ്ടിയില്ല. നായര്‍ എന്ത് പറയുമെന്ന ആലോചനയില്‍ ആയിരുന്നു അയാളും. ഇത്പോലെയുള്ള ഒരു അവസ്ഥ ഇതിന്ന് മുമ്പ് ഉണ്ടായിട്ടില്ല. കുടുംബത്തില്‍ തന്നെയാണ് കുഴപ്പം. പോറ്റി വളര്‍ത്തിയ മകന് വേണ്ടെങ്കില്‍ പിന്നെ ആരെ കാത്തിരിക്കണം. കെഞ്ചി കൊണ്ട് പിന്നാലെ പോവാനൊന്നും ആവില്ല. അതിലും ഭേദം ഈ ജീവന്‍ വേണ്ടെന്ന് വെക്കുന്നതാണ്.

'ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ തെറ്റിദ്ധരിക്കരുതേ' എന്നും പറഞ്ഞാണ് നാണു നായര്‍ തുടങ്ങിയത്. കാര്യം നിങ്ങടെ മകനാണെങ്കിലും അവരൊക്കെ വലിയ വലിയ ആള്‍ക്കാരാണ്. നമ്മളെ പോലെ ഒരു വെറും അശു അവരുടെ അടുത്ത് മദ്ധ്യസ്ഥം പറയാന്‍ ചെന്നാല് കണ്ണില്‍ പിടിക്ക്വോ. ഒക്കെ തരത്തിന് ചേര്‍ന്നവര്‍ തമ്മില്‍ സംസാരിച്ചാലല്ലേ കാര്യം മുറിയൂ . നമ്മടെ ദേശത്തില് ഇപ്പോള്‍ കിട്ടുണ്ണി മാഷോ രാഘവനോ ഒക്കെ അല്ലേ വലിയ ആള്‍ക്കാര്. നമുക്ക് അവരെക്കൊണ്ട് വേലായുധന്‍
കുട്ടിയോട് ഒന്ന് സംസാരിപ്പിച്ചാലോ?

എഴുത്തശ്ശന്‍ ഒന്നും പറഞ്ഞില്ല. താന്‍ പറഞ്ഞത് തെറ്റായോ എന്ന് നാണു നായര്‍ക്ക് തോന്നി. 'എന്താ നിങ്ങള് ഒരക്ഷരം
മിണ്ടാത്തത് 'എന്ന് നാണു നായര്‍ ചോദിച്ചു. ബാക്കി കൂടി പറഞ്ഞു കൊള്ളാന്‍ എഴുത്തശ്ശന്‍ ആവശ്യപ്പെട്ടു. 'നിങ്ങടെ വണ്ടീം മൂരീം ഒന്നും അവര്‍ക്ക് അങ്ങിട്ട് തീരെ പറ്റിണിണ്ടാവില്യാ. നമക്കതങ്ങിട്ട് വേണ്ടാന്ന് വെച്ചൂടെ?' നായര്‍ അടുത്ത നിര്‍ദ്ദേശവും വെച്ചു.

'അപ്പൊ എന്‍റെ ഇഷ്ടത്തിന്ന് ഞാന്‍ നിറുത്തിയ വണ്ടിയും കാളയും വില്‍ക്കണം. എന്നിട്ട് അവന്‍റേയും അവളുടേയും കാലില് ചെന്ന് വീഴണം. അതിനും അന്യന്‍റെ മദ്ധ്യസ്ഥത വേണം 'എഴുത്തശ്ശന്‍ ചോദിച്ചു' ഇതൊക്കെയല്ലേ നിങ്ങള്പറഞ്ഞോണ്ട് വരുന്നത്'.

നാണു നായര്‍ ഒന്നും മിണ്ടിയില്ല. വേണ്ടായിരുന്നു എന്ന് അയാള്‍ക്ക് തോന്നി.

'കൂട്ടീം കിഴിച്ചും നോക്കുമ്പൊ നിങ്ങള് പറഞ്ഞതന്ന്യാ ശരി. അവരുടെ ദേഷ്യം തീര്‍ക്കാന്‍ ചെലപ്പൊ അതൊക്കെ വേണ്ടിവരും. എന്നാലും എന്തൊ എനിക്ക് അതങ്ങിട്ട് ബോധിക്കുന്നില്ല 'എഴുത്തശ്ശന്‍ പറഞ്ഞു' അതിന് തക്ക തെറ്റൊന്നും
ഞാന്‍ ചെയ്തിട്ടില്ല '.

അവര്‍ക്കിടയില്‍ മൂന്നാമനായി നിശബ്ദത കടന്ന് വന്നു. മൂടിക്കെട്ടിയ അന്തരീക്ഷം വേവും ചൂടും ഉയര്‍ത്തി. അട മഴ തുടങ്ങാറായി. അതിന് മുമ്പ് ചിലതെല്ലാം ചെയ്തു തീര്‍ക്കാനുണ്ട്. 'എന്നിട്ട് എന്താ നിങ്ങളുടെ തീരുമാനം' എന്ന് നായര്‍ ആരാഞ്ഞു. 'ഇന്നലെ രാത്രി തന്നെ എന്ത് ചെയ്യണം എന്ന് ഞാന്‍ ആലോചിച്ച് വെച്ചിട്ടുണ്ട്. അത് ചെയ്യുന്നതിന്ന് മുമ്പ് നിങ്ങളോടൊന്ന് ചോദിച്ചൂന്നേ ഉള്ളു' എഴുത്തശ്ശന്‍ പറഞ്ഞു' ആരോടും ഒരുവാക്ക് ചോദിക്കാതെ തന്നിഷ്ടം പോലെ ചെയ്തൂന്ന് നാളെ എനിക്ക് തോന്നാന്‍ പാടില്ലല്ലോ.'

കൂട്ടുകാരനോട് എഴുത്തശ്ശന്‍ മനസ്സ് തുറന്നു. ഒന്നേ ഉള്ളുവെങ്കില്‍ ഒലക്ക കൊണ്ട് തല്ലി വളര്‍ത്തണം എന്നാണ് പഴമക്കാര് പറയാറ്. അത് ചെയ്തില്ല. തള്ളയില്ലാത്ത കുട്ടിയല്ലെ എന്ന് കരുതി മകനെ ലാളിച്ചു. മുതിര്‍ന്നപ്പോള്‍ അവന്‍റെ എല്ലാ ഇഷ്ടങ്ങള്‍ക്കും വഴങ്ങി. ഇനി പറഞ്ഞിട്ട് കാര്യമില്ല.

അന്യന്‍റെ പാടം പാട്ടത്തിന് എടുത്ത് കൊത്തീം കിളച്ചും പണിതു. എന്നും അരിഷ്ടിച്ച് കഴിഞ്ഞത് കാരണം പത്ത് കാശ് കയ്യില്‍ വെക്കാന്‍ ഉണ്ടായി. ഈശ്വരന്‍ വിചാരിച്ച് നിയമം മാറിയപ്പോള്‍ പത്തമ്പത് പറ കൃഷിഭൂമി കയ്യില്‍ വന്നു. പുഴവക്കത്ത്
തരിശായി കിടന്ന സ്ഥലം ചുളുവിലയ്ക്ക് കിട്ടിയപ്പോള്‍ വാങ്ങി. പുഴയില്‍ നിന്ന് ഒറ്റക്ക് കൊടത്തില്‍ വെള്ളം
ഏറ്റികൊണ്ടു വന്ന് നനച്ച് വളര്‍ത്തിയതാണ് തെങ്ങിന്‍ തൈകള്‍ ഒക്കെയും. ഇന്നവിടെ ഇല്ലാത്ത വല്ലതും ഉണ്ടോ. പല ജാതി മാവുകള്‍, പ്ലാവ്, പുളി, പറങ്കി മൂച്ചി, നെല്ലി ഒക്കെ ഉണ്ട്. വീട്ടാവശ്യം കഴിഞ്ഞ് ബാക്കി വിറ്റ് പണമാക്കും. ഒക്കെ മകന് വേണ്ടിയാണ് ഉണ്ടാക്കി കൂട്ടിയത്.

സമ്പാദിച്ചത് മകന്‍ ധൂര്‍ത്ത് അടിച്ച് കളഞ്ഞു എന്നൊന്നും പറയാന്‍ പറ്റില്ല. ഒരു നെല്ലരവ് മില്ല് അവന് ഉണ്ടാക്കി കൊടുത്തു. അതില്‍ നിന്ന് അവന്‍ പൊങ്ങി. അരിക്ക് ക്രാക്കി വന്നപ്പോള്‍ കരിഞ്ചന്തയില്‍ കൂടി അവനും സമ്പാദിച്ചു കൂട്ടി. പക്ഷെ അതിന് അസ്ഥിവാരം ഇട്ടത് ആരാണ്. അങ്ങിനത്തെ അച്ഛനെ മകന് വേണ്ടാതായി. പോണത് പോട്ടെ. അതിനെ കുറിച്ച് സങ്കടപ്പെടാന്‍ ഇല്ല. തോര്‍ത്ത് എടുത്ത് ഇറങ്ങാന്‍ ഒരുങ്ങി. പടി വരെ പോയി അയാള്‍ മടങ്ങി വന്നു.

' നോക്കിന്‍ നാണ്വാരെ, നിങ്ങളേക്കാള്‍ ഒന്നൊന്നര വയസ്സിന്ന് മൂത്തതാണ് ഞാന്‍. ഇന്ന് വരെ കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍
ആരുടേങ്കിലും മുമ്പില്‍ തല കുമ്പിട്ട് നിന്നതായി കേട്ടിട്ടുണ്ടോ 'എന്ന് ചോദിച്ചു. ഇല്ലെന്ന് നാണുനായര്‍ തലയാട്ടി.

'പോയ മാനം ആര്‍ക്കും കയറിട്ട് വലിച്ച് കൊണ്ടു വരാന്‍ പറ്റില്ല. അത് പോയത് തന്നെ 'എഴുത്തശ്ശന്‍ പറഞ്ഞു' ഇനി എന്തായാല്‍ എന്താ. വാലില്ലാത്ത മൂരിക്ക് പ്രിക്ക കടി ഇല്ലല്ലോ. അപ്പോള്‍ ചിലതൊക്കെ ഞാനും നിശ്ചയിച്ചിട്ടുണ്ട്. ഒരുത്തന്‍റെ കാലും ഞാന്‍ പിടിക്കാന്‍ പോണില്ല. വണ്ടിപ്പുര പൊളിച്ചെടുത്ത് ഞാന്‍ കറ്റക്കളത്തില്‍ കെട്ടും. നാഴി അരി അവീടെ വെച്ച് തിളപ്പിച്ച് കഴിച്ച് ഞാന്‍ ഒറ്റക്കങ്ങിട്ട് കഴിയും. മകനും കുടുംബവും വീട്ടില്‍ വന്ന് ഇരിക്ക്വോ, ഇരിക്കാതിരിക്ക്വോ എന്താ വേണ്ടച്ചാല്‍ ചെയ്തോട്ടെ. ഞാനൊന്നും ചോയ്ക്കാനും പോണില്ല പറയാനും പോണില്ല'.

'എന്താ നിങ്ങള് പറയിണത് 'നായര്‍ ചോദിച്ചു' നടുപ്പാടത്ത് വണ്ടിപ്പുരയും തൊഴുത്തും ഉണ്ടാക്കി അതില്‍ താമസിക്ക്യേ. തല നരച്ച പാമ്പുണ്ട് അവടൊക്ക്യെ '.

'ഒരു പാമ്പും ചേമ്പും എന്നെ ഒന്നും ചെയ്യില്ല' എഴുത്തശ്ശന്‍ പറഞ്ഞു' അങ്ങിന്യാ എന്‍റെ യോഗം എന്നു വെച്ചാല്‍ അങ്ങിട്ട് പോട്ടെ . സങ്കടപ്പെടാന്‍ എനിക്ക് ഈ ഭൂമീല് ആരും ഇല്ലല്ലോ'.

നാണു നായര്‍ അസ്വസ്ഥനായി. രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, മാളിക മുകളേറിയ മന്നന്‍റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍ എന്ന വരികള്‍ അയാള്‍ തന്‍റെ മനസ്സില്‍ ഓര്‍ത്തു. ഭഗവാനെ വല്ലാതെ കണ്ട് പരീക്ഷിക്കാതെ എന്നെ കൊണ്ടു പോവണേ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.

'എനിക്ക് നിങ്ങളെക്കൊണ്ട് ഒരു സഹായം കൂടി വേണം' എഴുത്തശ്ശന്‍ പറഞ്ഞു' നമ്മടെ വിശ്വനാഥന്‍ വക്കീലിനെ ഒന്ന് കാണണം. ഒരു പ്രമാണം ഉണ്ടാക്കണം. അദ്ദേഹത്തിന്ന് എന്നെ നന്നായി അറിയും. മൂപ്പരുടെ ഭാര്യ കിട്ടുണ്ണി മാഷടെ പെങ്ങളില്ലേ. അവരുടെ പാട്ടക്കണ്ടം അല്ലേ ഇപ്പൊ എന്‍റെ കൈവശത്തില്‍'.

'എന്താ ഇപ്പൊ ഇത്ര തിരക്കിട്ട് ഒരു പ്രമാണം ഉണ്ടാക്കാന്‍' എന്ന് നായര്‍ ചോദിച്ചു.

'എന്തു സാധനവും അതിനെ ഇഷ്ടപ്പെടാത്തവര്‍ക്ക് കൊടുക്കരുത്. അവര്‍ക്കതില്‍ താല്‍പ്പര്യം കാണില്ല. മകനും കുടുംബത്തിനും
കൃഷീച്ചാല്‍ അത്തൂം ചതുര്‍ത്ഥീം ആണ്. അതുകൊണ്ട് ഒരു തരി മണ്ണ് അവര്‍ക്ക് കൊടിക്കുന്നില്ല. ഞാനത് എനിക്ക് ഇഷ്ടപ്പെട്ട ആരക്കെങ്കിലും കൊടുക്കും ' എന്നായി എഴുത്തശ്ശന്‍. നിങ്ങള് ഇപ്പൊ വേണ്ടാത്തതിനൊന്നും നിക്കണ്ടാ, ഒരു കോപം കൊണ്ട് അങ്ങോട്ട് ചാടിയാല്‍ ഇരു കോപം കൊണ്ട് ഇങ്ങോട്ട് ചാടാമോ എന്ന് കേട്ടിട്ടില്ലേ എന്നൊക്കെ നാണു നായര്‍ പറഞ്ഞു നോക്കി. അതൊന്നും എഴുത്തശ്ശനില്‍ ഏറ്റില്ല.

'ഞാന് എന്‍റെ കൃഷീം തോട്ടൂം ഒക്കെ നിങ്ങടെ പേരില് എഴുതാനാ പോണത്' എഴുത്തശ്ശന്‍ പറഞ്ഞു' എനിക്കിപ്പൊ വേണ്ടപ്പെട്ടതായിട്ട് നിങ്ങള് ഒരാള് മാത്രേ ഉള്ളു'.

നാണു നായര്‍ക്ക് തന്‍റെ ചെവികളെ വിശ്വസിക്കാനായില്ല. ഇക്കണ്ട സ്വത്ത് മുഴുവന്‍ തന്‍റെ പേരിലാക്കുകയോ. ഒരു ജീവിത കാലം മുഴുവന്‍ കഷ്ടപ്പെട്ട് കഴിഞ്ഞു. അന്നൊന്നും അന്യന്‍റെ മുതലിന്ന് ആശ തോന്നിയിട്ടില്ല. ഇനി കണ്ണടയാന്‍ നേരത്ത് ആരാന്‍റെ ഒന്നും തനിക്ക് വേണ്ടാ. കൂടെ നടന്ന് പറ്റിച്ചു എന്ന ദുഷ്പ്പേരും വരില്ലല്ലോ. അയാള്‍ എഴുത്തശ്ശന്‍റെ നേരെ കൈകൂപ്പി. ' ഒന്നും തോന്നരുത് ' അയാള്‍ വിക്കി ' അര്‍ഹതയില്ലാത്ത ഒരു മുതലും എനിക്ക് വേണ്ടാ. നാളെ മേലാലുക്ക് അത് ഒരു വിനശ്ചതി ആവും '.

'ശരി' എഴുത്തശ്ശന്‍ ഒന്ന് ഇരുത്തി മൂളി' നിങ്ങക്ക് വേണ്ടെങ്കില്‍ വേണ്ടാ. ഞാന്‍ അതൊക്കെ അയ്യപ്പന്‍ കാവിലേക്ക് എഴുതി വെക്കും. ഭഗവാന്‍റെ നേദ്യത്തിന്ന് അരിക്ക് മുട്ട് വരില്ലല്ലോ'.

പടി കടന്ന് വെയിലിലേക്ക് ഇറങ്ങിയപ്പോള്‍, കുറച്ച് അലുമിനിയം പാത്രങ്ങള്‍ വാങ്ങണമെന്നും തൊഴുത്തും വണ്ടിപ്പുരയും
പൊളിച്ച് കറ്റക്കളത്തില്‍ കെട്ടാന്‍ പണിക്കാരെ ഏര്‍പ്പാടാക്കണമെന്നും എഴുത്തശ്ശന്‍ നിശ്ചയിച്ചു.

1 comment: