Wednesday, July 14, 2010

നോവല്‍ - അദ്ധ്യായം - 80.

നാണു നായര്‍ പണിസ്ഥലത്തേക്ക് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് മക്കു രാവുത്തര്‍ കടന്ന് വരുന്നത്.

' ഇന്നലെയാണ് ഞാന്‍ വിവരങ്ങള്‍ അറിഞ്ഞത് ' രാവുത്തര്‍ പറഞ്ഞു ' ഒടുവില്‍ മരുമകന്‍ നിങ്ങള് രണ്ടാളേം പാത
പള്ളേലിക്ക് ഇറക്കി വിട്ടു അല്ലേ '.

നാണു നായര്‍ കണ്ണ് തുടച്ചു.

' ആരെന്ത് ചെയ്താലും പടച്ചോന്‍ കൈ വിട്ടില്ലല്ലോ. അത് മതി. ആ ഹറാം പെറന്നോന്‍ കാരണം ആരോടും സമാധാനം
പറയണ്ടാത്ത വേറൊരു പുര ഇരിക്കാനായില്ലേ '.

' ഒക്കെ എഴുത്തശ്ശനും വേണൂം കൂടി ചെയ്ത സഹായം. അയ്യപ്പന്‍ അവര്‍ക്കത് തോന്നിച്ചു '.

' മനുഷ്യന്ന് എല്ലാ കാലൂം ഒരുപോലെ ഇരിക്കില്ല. കുറെ കാലം കഷ്ടപ്പെടുമ്പോള്‍ അള്ളാ ഒരു വഴി കാണിച്ച് തരും '.

നാണു നായര്‍ തല കുലുക്കി സമ്മതിച്ചു.

' എന്താ കുറച്ച് ആയിട്ട് ഈ വഴിക്കൊന്നും കാണാത്തത്. ഓണത്തിന്ന് തുണിയും തന്ന് പോയതല്ലേ '.

' അത് കഴിഞ്ഞതും നോമ്പ് തുടങ്ങി. വാപ്പ നോമ്പ് പിടിച്ചിട്ട് സൈക്കിള്‍ ചവിട്ടി പോണ്ടാന്ന് പിള്ളര് എഴുതി. അവര്‍ക്ക് വെഷമം തോന്നണ്ടാന്ന് ഞാനും വിചാരിച്ചു. പെരുന്നാളിന്ന് പിള്ളര് വരും ചെയ്തു '.

' അത് പറ്റി. അപ്പൊ ഇക്കൊല്ലത്തെ പെര്നാള് കെങ്കേമം ആയിട്ടുണ്ടാവും '.

' എല്ലാം അള്ളാവിന്‍റെ കൃപ '.

നാണു നായര്‍ വീട് പണിയുടെ കാര്യം വിശദീകരിച്ചു.

' ഒരു മുറീം അടുക്കളയും ആയാല്‍ ധാരാളം മതി. വേണുവിനാണ് അത് പോരാത്തത്. അത്യാവശ്യം സൌകര്യം ഇല്ലാഞ്ഞാല്‍ 
പറ്റില്ലാന്ന് അവന്ന് ഒരേ നിര്‍ബന്ധം '.

' നല്ല മനസ്ഥിതി ഉള്ള ആളാണ് ആ മൂപ്പര്. ഒറ്റ പ്രാവശ്യം കണ്ടപ്പഴേക്കും  എനിക്കത് മനസ്സിലായി, അന്ന് എന്‍റെ മനസ്സില്‍
ഒരു മോഹം തോന്ന്യേതാ.

' എന്താദ് '.

' അയാളെക്കോണ്ട് നിങ്ങടെ മകളുടെ പുടമുറി കഴിപ്പിച്ചാലോന്ന് '.

' ഞങ്ങള്‍ക്ക് മോഹം ഇല്ലാഞ്ഞിട്ടല്ല. ഇങ്ങോട്ട് എന്തെങ്കിലും പറയാതെ കേറിക്കെട്ടി എന്‍റെ മകളെ കല്യാണം കഴിക്ക് എന്ന്
പറയാന്‍ പാട്വോ '.

' അതിന്ന് നിങ്ങള്‍ നേരിട്ട് പറയണ്ടാ. മൂപ്പരോട് പറയാന്‍ പറ്റിയ ആരെങ്കിലും പറയട്ടെ '.

' അതിന്ന് അരാ എനിക്ക് ഉള്ളത് '.

' നിങ്ങടെ കൂട്ടുകാരന്‍ എഴുത്തശ്ശനില്ലേ. അയാള് പറയട്ടെ '.

' ഞാനിത് എഴുത്തശ്ശനോട് എങ്ങന്യാ പറയ്യാ. അയള്‍ക്ക് വല്ലതും തോന്ന്യാലോ '.

' ഇങ്ങിനെ വിചാരിച്ചോണ്ട് ഇരുന്നാല്‍ മകള് വീട്ടിലും ഇരിക്കും. അയാള് അയാളുടെ പെരേലും  '.

നാണു നായര്‍ക്ക് മറുപടി ഇല്ലാതായി.

' നിങ്ങള്‍ക്ക് വയ്യെങ്കില്‍ പറയിന്‍. ഞാന്‍ മൂപ്പരോട് ചോദിച്ചോളാം ' രാവുത്തര്‍ ദൌത്യം ഏറ്റെടുക്കാന്‍ തയ്യാറായി.

' അയ്യോ അതൊന്നും വേണ്ടാ. അവന് വല്ലതും തോന്നും. പറ്റുംച്ചാല്‍ എഴുത്തശ്ശനോട് ഒന്ന് സൂചിപ്പിക്കിന്‍ '.

രാവുത്തര്‍ അങ്ങിനെ ചെയ്യാമെന്ന് സമ്മതിച്ചു.

' ആട്ടെ, എന്നെക്കാ പുതിയ വീട്ടില്‍ താമസം തൊടങ്ങുണത് '.

' വീട് പണി ഏതാണ്ട് തീര്‍ന്നു. നെലം സിമന്‍റും ചൊമന്ന കാവീം കൂടി തേച്ച് മിനുപ്പിക്കലാണ്. അതും കൂടി കഴിഞ്ഞാല്‍ 
പിറ്റേന്ന് മാറും '.

' നമുക്ക് ഒരു ഇല ചോറ് ഉണ്ടാവില്ലേ '.

' എന്താ സംശയം. ആദ്യം വിളിക്കുന്നത് നിങ്ങളേയല്ലേ '.

സരോജിനി രണ്ട് ഗ്ലാസ്സ് ചായയുമായി എത്തി. നാണുനായര്‍ ഒരെണ്ണം വാങ്ങി രാവുത്തര്‍ക്ക് കൊടുത്തു. ഒന്ന് വാങ്ങി
ഇരിക്കുന്നതിന്ന് അടുത്തും വെച്ചു.

' പുതിയ വീട്ടില്‍ താമസം ആക്കാന്‍ പോണൂ അല്ലേ ' രാവുത്തര്‍ കുശലം ചോദിച്ചു. സരോജിനി ഒന്ന് ചിരിച്ചതേയുള്ളു. വര്‍ത്തമാനം കേള്‍ക്കാന്‍ നില്‍ക്കാതെ അവള്‍ അകത്തേക്ക് പോയി.

' നമ്മക്കും പുതിയൊരു വീട് പണിയണംന്ന് ഉണ്ട് 'രാവുത്തര്‍ പറഞ്ഞു.

' നിങ്ങക്കെന്താ പ്രയാസം. പെട്ടിയോട് ചോദിച്ചാല്‍ പോരെ '.

' കാശിന് ബുദ്ധിമുട്ട് ഉണ്ടായിട്ടല്ല. പാകത്തിന് ഒരു സ്ഥലം കിട്ടണ്ടേ '.

' അപ്പൊ വീട് നില്‍ക്കുന്ന സ്ഥലോ '.

' അതല്ലേ കുഴപ്പം. ധനു മാസം തുടങ്ങ്യാല്‍ കിണറ്റില് വെള്ളം കാണില്ല. പിന്നെ എടവപ്പാതി ആവണം വെള്ളത്തിന്. അതു
വരെ അര നാഴിക ദൂരത്തിന്ന് സൈക്കിളില്‍ വെള്ളം കടത്തണം. പറ്റിയ ഒരു സ്ഥലം കിട്ട്യാല്‍ അവിടെ രണ്ട് ചെക്കന്മാര്‍ക്കും
ഓരോ പുര വെച്ച് കെട്ടണംന്ന് ഉണ്ട് '.

' വല്ല സ്ഥലൂം കണ്ട് വെച്ചിട്ടുണ്ടോ '.

' പാകത്തിന് ഒന്നും കാണാനില്ല '.

' ഞാന്‍ ഒരു കാര്യം പറയട്ടെ. നിങ്ങള് ഞങ്ങളുടെ അടുത്ത് കൂടുന്നോ. അവിട്യാണെങ്കില്‍ ഇഷ്ടം പോലെ സ്ഥലം ഉണ്ട്. വെള്ളത്തിനും പഞ്ചം ഇല്ല '.

' സംഗതി തെറ്റില്ല. പക്ഷെ നമ്മള് മുസ്ലിം അല്ലേ. നിങ്ങളുടെ എടേല്‍ കഴിയാന്‍ സമ്മതിക്ക്വോ '.

' മിണ്ടാണ്ടിരിക്കിന്‍. ഏതെല്ലാം കൂട്ടക്കാരാ നമ്മുടെ നാട്ടില് ഉള്ളത്. എല്ലാരും ഒന്നിച്ച് കഴിയിണില്യേ. അതു പോലെ അവിടെ
എല്ലാ കൂട്ടക്കാരേം ഒന്നിച്ച് കൂട്ടണംന്നാ മേനോനും വേണൂം എഴുത്തശ്ശനും ഒക്കെ പറയുണത് '.

' അങ്ങിന്യാച്ചാല്‍ നിങ്ങള് ഭൂമി ഏര്‍പ്പാടാക്കിന്‍. കുറച്ച് കൃഷീം ആയ്ക്കോട്ടെ. പിള്ളരുക്ക് അങ്ങിനെ ഒരു മോഹം കൂടി
ഉണ്ട് '.

' ശരി നോക്കട്ടെ ' എന്ന് നാണു നായര്‍ ഏറ്റു.

*********************************************

' എല്ലാരും കൂടി എന്നെ ഒറ്റയ്ക്കാക്കി ' കിട്ടുണ്ണി രാധയോട് സങ്കടം  പറഞ്ഞു.

' എന്തേ അങ്ങിനെ തോന്നാന്‍ '.

' എനിക്ക് ആ പത്മിനി തമ്പുരാട്ടിയുടെ അഹങ്കാരം ഒന്ന് തീര്‍ക്കണംന്ന് മോഹം ഉണ്ടായിരുന്നു '.

' ഏടത്ത്യേ പറ്റിയാ പറയുന്നത് എന്ന് ഓര്‍മ്മീണ്ടോ '.

' ഒരു ഏടത്തി വെച്ചിരിക്കുന്നു അവളെ ഒരു പാഠം പഠിപ്പിക്കണംന്ന് വിചാരിച്ചതാ. എല്ലാവരും ഒന്നിച്ച് കല്യാണത്തിന്ന് മാറി നിന്ന് അവറ്റകളെ നാറ്റിക്കണം . അതിനെങ്ങിനെ എല്ലാരും ഒപ്പം നില്‍ക്കണ്ടേ '.

' ആരാ കൂടെ നില്‍ക്കാത്തത്. നിങ്ങള് പോവാന്‍ പാടില്ലാന്ന് പറഞ്ഞു. ഞാന്‍ എതിര് പറഞ്ഞ്വോ '.

' അതല്ലടോ. ഈ കാര്യം ഞാന്‍ ഏട്ടനോട് പറഞ്ഞു. അയാള്‍ക്ക് അവരെ വിട്ട് നില്‍ക്കാന്‍ പറ്റില്ലാത്രേ '.

' ഏട്ടനും ഏടത്തിയും തമ്മില്‍ വിരോധം ഒന്നൂല്യല്ലോ. പിന്നെ എന്തിനാ മാറി നില്‍ക്കുന്നത് '.

' അതെന്ന്യാ പറഞ്ഞത്. കാര്യം വന്നപ്പോള്‍ ഞാന്‍ ഒറ്റയ്ക്കായി '.

' വേണ്ടാണ്ടെ ഓരോ കാര്യം പറഞ്ഞിട്ടല്ലേ. അവര് അവരടെ മര്യാദയ്ക്ക് വിളിച്ചു. കല്യാണത്തിന്ന് ചെന്ന് ചടങ്ങും കൂടി ഊണും  കഴിച്ച് ഇറങ്ങിയാല്‍ മതിയായിരുന്നല്ലോ. അപ്പൊ ഞാനാ പ്രമാണി എന്ന് കാട്ടാന്‍ പറ്റില്ലല്ലോ '.

' തനിക്ക് വേണച്ചാല്‍ പോയി നക്കി തിന്നിട്ട് പോന്നോ '.

' എനിക്ക് അത്രക്ക് അരിശയൊന്നും ഇല്ല. വേണച്ചാല്‍ ഞാന്‍ ഉണ്ടാക്കി കഴിച്ചോളും '.

' അവരടെ ജോഡിക്ക് പറ്റിയ ആളാ താനും. ഗുണം പിടിക്കാത്ത വക '.

' ഇതെന്ത് കൊടുമയാണ്. വഴിയില്‍ പോണ ശണ്ഠേ വാരി കെട്ടെടി മുണ്ടേ എന്ന് പറഞ്ഞ മാതിരി '.

രാധയ്ക്ക് ശുണ്ഠി വന്നു. പിന്നെ കിട്ടുണ്ണി ഒന്നും പറഞ്ഞില്ല.

2 comments:

  1. വായനതുടരുന്നു

    ReplyDelete
  2. ഇതെന്ത് കൊടുമയാണ്. വഴിയില്‍ പോണ ശണ്ഠേ വാരി കെട്ടെടി മുണ്ടേ എന്ന് പറഞ്ഞ മാതിരി '.
    paalakkad bhasha aavaam alle.

    ReplyDelete