Friday, July 2, 2010

നോവല്‍ - അദ്ധ്യായം - 76.

' ഇങ്ങിനെ പിടിവാശി വേണ്ടാ ഓപ്പോളേ ' പത്മിനിയോട് വേണു കെഞ്ചി.

കിട്ടുണ്ണിയും കുടുംബവും മകന്‍റെ കല്യാണത്തിന്ന് വരാനിടയില്ലെന്നും , അവന്‍ ആവശ്യപ്പെട്ട രീതിയില്‍ അവസരം നടക്കുമ്പോള്‍ അവനെ മുമ്പില്‍ നിര്‍ത്തി പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം  നാട്ടുകാരുടെ മുമ്പില്‍ കുറച്ചില്‍ ആവുമെന്നും ഉള്ള
കാര്യങ്ങള്‍ പത്മിനിയെ അറിയിക്കാനും കിട്ടുണ്ണിയോട് അവര്‍ക്കുള്ള അലോഹ്യം സംസാരിച്ച് തീര്‍ക്കുന്നതിന്നും വേണ്ടി എത്തിയതാണ് അയാള്‍.

' അവന് വാശി ആവാം, എനിക്ക് പാടില്ല. അതെന്ത് ന്യായം. അവനല്ലേ ഇളയവന്‍. എന്നിട്ട് ഞാന്‍ അവന്‍റെ കാല് പിടിക്കണം
എന്നാ മോഹംച്ചാല്‍ അത് നടക്കില്ല '.

' ആരും താണുപോവും വേണ്ടാ, അവനോന്‍റെ നില കളയും വേണ്ടാ. പത്താള് കൂടുന്ന സമയത്ത് ഒന്നിച്ച് നില്‍ക്കാന്‍ ഒരു വിട്ടു
വീഴ്ച. അത്രേ ഞാന്‍ പറയുന്നുള്ളു '.

' എന്‍റെ സമ്മതം നോക്കണ്ടാ. പക്ഷെ വിശ്വേട്ടന്ന് വിരോധം ഉണ്ടെങ്കില്‍ ഒരു യോജിപ്പും  ഉണ്ടാവില്ല. അവന്‍ ഇവിടെ വന്ന്
പറഞ്ഞതൊന്നും മൂപ്പര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല '.

' ഓപ്പോള് സമ്മതം മൂളിയാല്‍  മതി. വിശ്വേട്ടനെ ഞാന്‍ പറഞ്ഞ് സമ്മതിപ്പിച്ചോളാം '.

' ഞാന്‍ ഒന്നും പറയാന്‍ വരില്ല. നീ ആയി അളിയനായി. എന്താ വേണ്ടത്ച്ചാല്‍ ചെയ്തോളിന്‍ '.

' വിശ്വേട്ടന്‍ വരാന്‍ വൈകുന്നേരം ആവില്യേ '.

' ഇന്ന് ഉച്ചയ്ക്ക് എത്തുംന്ന് പറഞ്ഞിരുന്നു '.

വക്കീല്‍ വരുന്നതും കാത്ത് വേണു ഇരുന്നു, കല്യാണത്തിന്‍റെ ഒരുക്കങ്ങള്‍ വിസ്തരിച്ച് പത്മിനിയും.

' കല്യാണത്തിന്നും വിരുന്ന് കൂട്ടി വരുന്നതിന്നും നിനക്ക് കസവ് മുണ്ടും ജുബ്ബയും മതീന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. നിനക്ക്
ഇഷ്ടാവില്യേ '.

വേണു ഒന്ന് ചിരിച്ചു.

' നല്ല ഭംഗീണ്ടാവും. പള്ളത്തില്‍ കായ്കറിക്ക് കണ്ണ് തട്ടാതിരിക്കാന്‍ നിര്‍ത്താം. കരിങ്കണ്ണാ നോക്കണേ എന്ന് ബോര്‍ഡ് എഴുതിച്ച്
കഴുത്തില്‍ തൂക്കിയിട്ടാല്‍ മതി '.

' അത്ര മോശം പറയാനൊന്നൂല്യാ. എപ്പൊ നോക്കിയാലും നരച്ച ഒരു പാന്‍റ് ഉണ്ട്. അത് ഊരി വെച്ചാല്‍ കാവി മുണ്ടും. നല്ല
ഒരു വേഷത്തില്‍ നിന്നെ കണ്ടിട്ടില്ലാ '.

' സൌകര്യം നോക്കി ഇടുന്നതാണ്. അല്ലാതെ മറ്റൊന്ന്വോല്ല '.

കാറ് ഗേറ്റ് കടന്നു വന്ന് മുറ്റത്ത് നിന്നു. വക്കീല്‍ ഇറങ്ങി വന്നു.

' താന്‍ എത്ത്യോ. ഒന്ന് കാണണംന്ന് വിചാരിച്ചിരുന്നതാ '.

മൂന്ന് പേരുടേയും മനസ്സില്‍ ഒരേ വിഷയം നിറഞ്ഞു നിന്നിരുന്നു. എങ്കിലും ഉണ് കഴിക്കുമ്പോള്‍ ആരും ഒന്നും സംസാരിച്ചില്ല.
എങ്ങിനെ തുടങ്ങണം എന്ന ആലോചനയിലായിരുന്നു വേണു. ആദ്യം തന്നെ എതിര്‍പ്പ് പറഞ്ഞാല്‍ സംഗതി എളുപ്പമാവില്ല. കൈ
കഴുകി മൂന്നുപേരും ഉമ്മറത്തെത്തി.

' വിശ്വേട്ടന്‍ എന്നെ കാണണംന്ന് വിചാരിച്ചൂന്ന് പറഞ്ഞു ' വേണു തുടക്കമിട്ടു.

' ഉവ്വ്. അതിന് മുമ്പ് വേണു വന്നത് എന്തിനാണെന്ന് പറയൂ ' .

പത്മിനിയോട് ആവശ്യപ്പെട്ടതെല്ലാം വേണു ഒന്നു കൂടി ആവര്‍ത്തിച്ചു.

' കിട്ടുണ്ണി വേണൂനെ വല്ലതും പറഞ്ഞ്വോ '.

' ഏയ്. കാര്യായിട്ട് ഒന്നും പറഞ്ഞില്ല '.

വക്കീല്‍ ഒന്ന് ചിരിച്ചു.

' എന്തിനാ വേണു നടന്ന കാര്യങ്ങള്‍ മറച്ചു വെക്കുന്നത്. അവിടെ കഴിഞ്ഞതൊക്കെ രാമന്‍ നായര്‍ ഫോണ്‍ ചെയ്ത് പറഞ്ഞു.
കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ സര്‍വ്വതും പറഞ്ഞിട്ട് എന്നെ ഉടനെ വിവരം അറിയിക്കണംന്ന് പറഞ്ഞതാത്രേ '.

വേണു വല്ലാതായി. ' എല്ലാം പറഞ്ഞിട്ട് അലോഹ്യം ഒന്നും കൂടി കൂട്ടണ്ടാ എന്ന് വെച്ചിട്ടാ പറയാഞ്ഞത് ' അയാള്‍ സ്വയം
ന്യായീകരിച്ചു.

' എന്താ അവിടെ ഉണ്ടായത് എന്ന് തനിക്ക് അറിയണോ ' വക്കീല്‍ ഭാര്യയുടെ നേരെ തിരിഞ്ഞു. നടന്ന സംഭവങ്ങള്‍ ഒന്നൊഴിയാതെ സകലതും വെളിവാക്കപ്പെട്ടു.

പത്മിനി കൈ കൊട്ടി ഉറക്കെ ചിരിച്ചു.

' നീ ചെന്ന് നിന്‍റെ പണിക്കാരനെ ഇങ്ങോട്ട് അയയ്ക്ക്. അവന്ന് ഒരു ഓണപുടവ കൊടുക്കണം  '.

' വേണൂ ' വക്കീല്‍ വിളിച്ചു ' താന്‍ തീരെ പാവമാണെന്ന് പണ്ടേ എനിക്ക് അറിയാം . പക്ഷെ ഇത്രക്ക് സാധുവാണെന്ന് കണക്കാക്കിയില്ല. തന്‍റെ മനസ്സ് വളരെ വലുതാണ്. എന്നാല്‍ ഞങ്ങളുടെ കാര്യം അതല്ല. കിട്ടുണ്ണി ചെയ്തത് കേട്ടപ്പോള്‍ ഞാനും
അയാളെ വെറുത്തു. പത്മിനി പറഞ്ഞതുപോലെ ആ വിദ്വാന്‍ വേണ്ടാ '.

വക്കീല്‍ അറത്ത് മുറിച്ച് പറഞ്ഞതോടെ വേണുവിന്‍റെ പ്രതീക്ഷകള്‍ വാടി. മനസ്സില്‍ ഒരു വിങ്ങലുമായി അയാള്‍ തിരിച്ച് പോന്നു.

************************************

നാണു നായര്‍ വീണ്ടും അമ്പലത്തിലേക്ക് വന്നു തുടങ്ങി. സ്ഥലം സരോജിനിയുടെ പേരിലാക്കിയതിന്‍റെ ആധാരം ' ആ വിവരം കെട്ട നായരുടെ കയ്യില്‍ കൊടുത്താല്‍ ഇതും കളഞ്ഞു കുളിക്കും ' എന്നും പറഞ്ഞ് എഴുത്തശ്ശന്‍ വേണുവിനെയാണ് ഏല്‍പ്പിച്ചത്.

പുരപണിക്ക് പഴയ സാധനങ്ങള്‍ പോരെ എന്ന് സ്വാമിനാഥന്‍ ചോദിച്ചതിന്ന് ' ധാരാളം ' എന്ന ഒറ്റ വാക്കില്‍ എഴുത്തശ്ശന്‍ സമ്മതം 
മൂളിയിരുന്നു.

' നാണ്വാരേ. അടുത്ത ആഴ്ച മുതല്‍ ദിവസൂം രാവിലെ ഇവിടെ എത്തിക്കോളണം ' എഴുത്തശ്ശന്‍ കല്‍പ്പന പുറപ്പെടുവിച്ചു 'വീട്
പണിയുന്നത് നിങ്ങള്‍ക്ക് പാര്‍ക്കാനാണ്. ഞങ്ങള്‍ രണ്ടാള്‍ക്കും പാടത്ത് പിടിപ്പത് പണിയുണ്ട്. അതിന്‍റെ എടേല്‍ വീട് പണി നോക്കി നില്‍ക്കാന്‍ നേരം കിട്ടീന്ന് വരില്ല '.

' ഞാന്‍ എന്ത് വേണച്ചാലും ചെയ്തോളാം. സാധനങ്ങള്‍ കടത്താനോ എടുത്ത് കൊടുക്കാനോ മറ്റൊ വേണങ്കില്‍ സരോജിനിയെ വരാനും പറയാം '.

' താനെന്താ ആ കുട്ട്യേ കൂലി പണിക്ക് വിടാന്‍ പോവ്വാണോ '.

' അല്ല. ആളാല്‍ കഴിയുന്നത് ചെയ്യാലോ എന്ന് വെച്ചിട്ടാ '.

' എന്നാലെ തന്നോട് പറഞ്ഞത് ചെയ്താല്‍ മതി. ആ കുട്ടിയെ ഇതിലേക്ക് ഇഴുത്ത് വലിക്കണ്ടാ '.

' ഞാന്‍ നേരം വെളുക്കുമ്പൊ ഇക്കരക്ക് വന്നാല്‍ ഇരുട്ടായിട്ടേ മടങ്ങി പോവൂ. അത് പോരെ '.

അന്ന് ദീപാരാധന കഴിഞ്ഞാണ് നാണു നായര്‍ മടങ്ങി പോയത്. ചാമി അയള്‍ക്ക് അകമ്പടി സേവിച്ചു.

രണ്ടുപേരും മാത്രമായപ്പോള്‍ ഇതേ പറ്റി എഴുത്തശ്ശന്‍ വേണുവിനോട് സംസാരിച്ചു.

' നാണു നായരോട് കുട്ടിക്കാലം മുതല്‍ക്കുള്ള ചങ്ങാതിത്തരം ആണ്. കൊയമ്പത്തൂര്‍ മില്ലിലെ പണി വിട്ട് വന്ന ശേഷം നിത്യവും 
രണ്ടാളും കാണും. വണ്ടിപ്പുര പണിയാന്‍ തുടങ്ങിയത് മുതല്‍ക്ക് പകല് മുഴുവന്‍ ആ വിദ്വാന്‍ എന്‍റൊപ്പം ആയിരുന്നു. അത് കഴിഞ്ഞ ഉടനെ അമ്പലത്തിന്‍റെ കാര്യം തുടങ്ങി. അപ്പഴും എന്‍റെ കൂടെ തന്നെ. മൂപ്പര് നാട്ടു വര്‍ത്തമാനം പറഞ്ഞോണ്ടിരുന്നാല്‍
നേരം പോണ കഥ അറിയില്ല. കുറച്ചായിട്ട് നായര് ഇങ്ങോട്ട് വരാതായപ്പോള്‍ എന്തോ ഒരു വിഷമം. മനുഷ്യന്ന് അന്യോന്യം
വിഷമങ്ങള്‍ പറയാനും ആശ്വാസം കൊടുക്കാനും ആരെങ്കിലും വേണ്ടെ. ഒരേ പ്രായക്കാരാവുമ്പോള്‍ അതിനൊക്കെ ഒരു സുഖം 
ഉണ്ട്. അതാണ് അയാളോട് നിത്യം ഇവിടെ വന്ന് പണി നോക്കി നില്‍ക്കണംന്ന് പറയാന്‍ കാരണം. ഒന്നും ഇല്ലെങ്കിലും കാണാനും
വര്‍ത്തമാനം പറയാനും ആളാവില്ലേ '.

സൌഹൃദത്തിന്‍റെ രീതികള്‍ ഓര്‍ത്ത് വേണു മനസ്സില്‍ പുഞ്ചിരിച്ചു. പിറ്റേന്ന് തന്നെ നാണു നായര്‍ എത്തി. എഴുത്തശ്ശന്‍ പാടത്തെ
പണിയും നോക്കി ചേരിന്‍ ചുവട്ടിലാണ്. വേണു പുസ്തകവുമായി കളപ്പുരയിലും. നാണു നായര്‍ കൂട്ടുകാരനെ തേടിയെത്തി.

' തമ്പ്രാക്കന്മാരുടെ ഭാഗക്കേസ് തീര്‍ന്നൂന്നാ കേട്ടത്. ഭാഗിച്ച് കിട്ടുന്ന സ്ഥലം ഒക്കെ ഓരോരുത്തരും പെട്ട വിലക്ക് വിറ്റ് തുലയ്ക്കും
' താന്‍ കേട്ട വാര്‍ത്ത നാണു നായര്‍ കൂട്ടുകാരനെ അറിയിച്ചു.

' പത്ത് ഇരുപത് കൊല്ലം കേസ്സ് നടന്നതല്ലേ. പലര്‍ക്കും മടുത്തിട്ടുണ്ടാവും ' എന്ന് എഴുത്തശ്ശനും പറഞ്ഞു.

' ഒരു ചക്കചുളയുടെ പേരില്‍ തുടങ്ങിയ കേസ്സാണ് ' നാണു നായര്‍ക്ക് തന്‍റെ അറിവ് വെളിപ്പെടുത്തിയേ പറ്റു 'അതൊന്ന് തീര്‍ന്ന്
കിട്ടാന്‍ ഓരോരുത്തര് ഈശ്വരനെ വിളിച്ചിട്ടുണ്ട് '.

' എന്താദ് സംഗതി '.

തറവാട് തൊടിയില്‍ നിന്ന് കോടി കായ്ച്ച പഴച്ചക്ക ജോലിക്കാരന്‍ കൊണ്ടു വന്നതാണ്. പണിക്കാരികള്‍ അത് മുറിച്ചപ്പോള്‍ ഒരു
കുട്ടി അതില്‍ നിന്ന് ഒരെണ്ണം എടുത്തു. മറ്റൊരു തായ് വഴിയില്‍ പെട്ട കുട്ടി അത് തട്ടിയെടുത്തു. അവനെ ആദ്യത്തെ കുട്ടിയുടെ അമ്മ
ഒന്ന് തല്ലി.

കുട്ടികള്‍ തമ്മിലുണ്ടായ പ്രശ്നം തറവാട്ടിലെ സ്ത്രീകള്‍ ഏറ്റെടുത്തു, അവരില്‍ നിന്ന് പുരുഷന്മാരും. നേരത്തെ ഒളിഞ്ഞ് കിടന്നരുന്ന
അഭിപ്രായ വ്യത്യാസങ്ങള്‍ കൂടിയായപ്പോള്‍ സംഗതികള്‍ ചൂട് പിടിച്ചു. കേസ്സ് ആരംഭിച്ചതും ഭരണം റിസീവറുടെ കയ്യിലായി. ആഡംബരത്തോടെ ജീവിച്ചവര്‍ പട്ടിണിയിലേക്ക് നീങ്ങി. എന്നിട്ടും വീറിനും വാശിക്കും കുറവുണ്ടായില്ല. ഒരു കൂട്ടര്‍ ഒരു
കോടതിയില്‍ ജയിച്ചാല്‍ ഉടനെമറു വിഭാഗം  അപ്പീല്‍ പോകും. ഈ പോരിന്നിടയില്‍ മഹാലക്ഷ്മി പടിയിറങ്ങി പോയത് ആരും
അറിഞ്ഞില്ല. ഭൂരി ഭാഗം സ്വത്തുക്കളും നഷ്ടപ്പെട്ടു. ഭാഗിക്കാറാവുമ്പോഴേക്കും മുമ്പുണ്ടായിരുന്നതിന്‍റെ നേര്‍ പകുതിയായി സ്വത്ത്.

' അത് അങ്ങിന്യേ വരൂ. എവിടെ കലഹത്തിന്‍റെ വിത്ത് കുത്തിയിട്ടോ അവിടെ ഉണ്ടായിരുന്നത് മുച്ചൂടും പോയി അപ്പയും
തൃത്താവും മുളക്കും '.

' കുറെ ഭൂമി നിങ്ങളുടെ സ്ഥലത്തിന്‍റെ അടുത്താണ്. അത് ആരാ വാങ്ങ്വാന്ന് അറിയില്ല '.

' പോക്കണം കെട്ട വല്ലോനും വാങ്ങ്യാ നമ്മക്ക് പെഴപ്പാവും . എപ്പഴും അയല് നന്നാവണം. അല്ലെങ്കില്‍ മനസ്സമാധാനം കിട്ടില്ല '.

ആ സ്ഥലത്തിന്‍റെ ആള്‍ക്കാരോട് എന്താ ചെയ്യാന്‍ പോണേന്ന് ചോദീക്കണോ '.

' ചോദിക്കാം. എന്താ അവരുടെ ഉദ്ദേശംന്ന് അറിയാലോ '.

ആ ദൌത്യവുമായി നാണു നായര്‍ മടങ്ങി.

4 comments:

 1. ഉണ്ണിയേട്ടന്,
  നോവല്‍ പൂര്‍ണമായും വായിക്കാതെ അഭിപ്രായം
  പറയാന്‍ വയ്യല്ലോ, വായിച്ചിടത്തോളം തരക്കേടില്ല.
  നോവലുകളിലും സിനിമകളിലും ഏറെ വന്ന വിഷയമാണെങ്കിലും
  ആഖ്യാനം വ്യത്യസ്തമാണ്. ആശംസകള്‍ .
  ബന്ധപ്പെടാന്‍ പ്രൊഫൈലില്‍ ഇമെയില്‍ കാണുന്നില്ല.

  ReplyDelete
 2. ശ്രി. ബഷീര്‍,

  ഇന്നാണ് ഞാന്‍ കമന്‍റ് കാണുന്നത്. എന്‍റെ ഇ. മെയില്‍ താഴെ ചേര്‍ക്കുന്നു.

  keraladasanunni@gmail.com

  സ്നേഹത്തോടെ,
  കേരളദാസനുണ്ണി.

  ReplyDelete
 3. വായനതുടരുന്നു

  ReplyDelete
 4. മനുഷ്യന്ന് അന്യോന്യം
  വിഷമങ്ങള്‍ പറയാനും ആശ്വാസം കൊടുക്കാനും ആരെങ്കിലും വേണ്ടെ. valare shariyaanu.
  എവിടെ കലഹത്തിന്‍റെ വിത്ത് കുത്തിയിട്ടോ അവിടെ ഉണ്ടായിരുന്നത് മുച്ചൂടും പോയി അപ്പയും
  തൃത്താവും മുളക്കും '. pazhaya tharavaadukal mudinjathu ithe poleyaanu.

  ReplyDelete