Friday, July 2, 2010

നോവല്‍ - അദ്ധ്യായം - 77.

എഴുത്തശ്ശന്‍ ചോറില്‍ കൈ വെച്ചതേയുള്ളു.

' ഇവിടെ ആരൂല്യേ ' മുറ്റത്ത് നിന്ന് ഒരു വിളി കേട്ടു. വേണു എഴുന്നേറ്റ് ചെന്നപ്പോള്‍ ഉമ്മറത്ത് ഒരു സ്ത്രീ. പൊക്കം കുറഞ്ഞ കൃശഗാത്രി. മുടി മിക്കവാറും നരച്ചിട്ടുണ്ട്. മുണ്ടും ജാക്കറ്റുമാണ് വേഷം. ഒരു തോര്‍ത്ത് മുണ്ട് മേത്ത് ഇട്ടിട്ടുണ്ട്.

' ആരാ, എന്താ വേണ്ടത് ' വേണു ചോദിച്ചു.

' കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ ഉണ്ടോ ഇവിടെ '.

' അമ്മാമ ഭക്ഷണം കഴിക്കുന്നു '.

' ശരി കഴിയട്ടെ. ഞാന്‍ കാത്ത് നില്‍ക്കാം '.

തിണ്ണയില്‍ ഇരുന്നോളാന്‍ വേണു പറഞ്ഞത് കേള്‍ക്കാതെ അവര്‍ മുറ്റത്തെ വേപ്പിന്‍ തണലില്‍ ചെന്ന് നിന്നു. എഴുത്തശ്ശന്‍ കിണ്ണം 
മോറി കൈ കഴുകി വരുന്നത് വരെ അവര്‍ ഒരേ നില്‍പ്പായിരുന്നു.

' ഇങ്ങിട്ട് വരിന്‍ ' എഴുത്തശ്ശന്‍ അവരെ ക്ഷണിച്ചു. ചെറുതായൊന്ന് ചിരിച്ച് അവര്‍ മുന്നോട്ട് വന്നു.

' ആരാ, എവിടുന്നാ, എന്താ വന്നത് ' ചോദ്യങ്ങളെല്ലാം ഒന്നിച്ചായി.

' നാണു നായര് പറഞ്ഞിട്ട് വന്നതാണ് '.

 എഴുത്തശ്ശന്ന് കാര്യം പിടി കിട്ടിയില്ല.

' എന്താ കാര്യം ' അയാള്‍ ചോദിച്ചു.

' സ്ഥലം വില്‍ക്കുന്ന കാര്യം പറയാനാണ് '.

' വന്ന കാലില്‍ തന്നെ നില്‍ക്കാതെ ഇങ്ങിട്ട് കേറി ഇരിക്കിന്‍ ' എഴുത്തശ്ശന്‍ ക്ഷണിച്ചു. മടിച്ച് മടിച്ച് അവര്‍ തിണ്ടിന്‍റെ ഒരറ്റത്ത്
ഇരുന്നു.

' ഇനി പറയിന്‍, എന്താ ഞാന്‍ ചെയ്യേണ്ടത് '.

' കുറച്ച് സ്ഥലം ഭാഗിച്ച് കിട്ടിയിട്ടുണ്ട്, നിങ്ങളുടെ കണ്ടത്തിന്‍റെ തൊട്ടതാണ്. ഇവിടെ വന്ന് പറഞ്ഞാല്‍ വാങ്ങുംന്ന് നാണു നായര്‍ 
പറഞ്ഞു.

എഴുത്തശ്ശന്‍ ഉറക്കെ ചിരിച്ചു. ' ചാവാറാവുമ്പഴാ ഞാന്‍ ഇനി സ്ഥലം വാങ്ങാമ്പോണത് '.

അവര്‍ വല്ലാതായി.

' എന്നാല്‍ ഞാന്‍ പോട്ടെ ' അവര്‍ എഴുന്നേറ്റു.

' ഒരു കാര്യം സംസാരിക്കാന്‍ വന്നിട്ട് മുഴുവനാക്കാതെ പോവ്വാണോ ' എഴുത്തശ്ശന്‍ പറഞ്ഞു ' എനിക്ക് വേണ്ടെങ്കിലും പറ്റിയ ഒരാളെ ഏര്‍പ്പാടാക്കി തന്നാല്‍ പോരെ '.

' എടുത്തടിച്ച പോലെ വേണ്ടാന്ന് പറഞ്ഞപ്പോള്‍ ഇനി നിന്നിട്ട് കാര്യൂല്യാ എന്ന് വിചാരിച്ചു '.

' എത്ര സ്ഥലം ഉണ്ട് കൊടുക്കാന്‍ '.

' അത് എനിക്കറിയില്ല. ഭാഗം കഴിഞ്ഞതേയുള്ളു. കടലാസ്സ് കയ്യില്‍ കിട്ടീട്ടില്യാ '.

' ആരാ നിങ്ങളുടെ കാര്യം നോക്കാന്‍ ഉള്ളത് '.

ആ സ്ത്രീ ദൈന്യതയോടെ ഒന്ന് ചിരിച്ചു. എന്നിട്ട് മുകളിലേക്ക് നോക്കി.

' ദാ അവിടേണ്ട്. ഈശ്വരന്‍ '.

' അതെന്തേ ഭര്‍ത്താവോ ആങ്ങളരോ ഒന്നൂല്യേ നിങ്ങള്‍ക്ക് '.

' ഒരു മൂത്ത ആങ്ങള ഉണ്ടായിരുന്നു. എനിക്ക് പത്ത് പതിനെട്ട് വയസ്സുള്ളപ്പോള്‍ മരിച്ചു. രാത്രി ഉറങ്ങാന്‍ കിടന്ന ആളാ.
രാവിലെ മരിച്ച് കിടക്കുന്നതാ കണ്ടത്. പിന്നെ ഉള്ളത് അമ്മയാണ്. ഏട്ടന്‍ മരിച്ച് കൊല്ലം തികയുമ്പോഴേക്കും അമ്മയും പോയി.
നാടടക്കം അമ്മ ദെണ്ണം വന്നതില്‍ അമ്മയും പെട്ടു '.

' ഭര്‍ത്താവ് '.

' അമ്മ മരിച്ച് തൊണ്ണൂറ് കഴിഞ്ഞതും കുടുംബത്തിലെ കാരണവര്‍ എന്നെ ഒരു സംബന്ധക്കാരന്ന് പിടിച്ച് കൊടുത്തു. പത്തമ്പത് വയസ്സ് പ്രായം ഉള്ള  ഒരാള്‍. പോലീസിലായിരുന്നു ജോലി. എന്‍റെ കോലത്തിന്ന് നല്ല ആലോചനയൊന്നും വരില്ലാന്ന് പറഞ്ഞിട്ടാ
അങ്ങിനെ ചെയ്തത്. ആ മൂപ്പര് ആദ്യ കാലത്ത് വല്ലപ്പഴും വരും. ചിലപ്പൊ വല്ലതും തരും. ഉണ്ണാനും ഉടുക്കാനും തറവാട്ടില്‍ 
ഉള്ളതോണ്ട് ഒന്നും തന്നില്ലെങ്കിലും എനിക്ക് വിഷമം തോന്നിയില്ല. പക്ഷെ ഒരു കുട്ടി ഉണ്ടായ ശേഷം അയാള് തിരിഞ്ഞ് നോക്കീട്ടില്ല '.

' കുട്ടി '.

' മകളായിരുന്നു '.

' എന്തേ ഇപ്പോഴില്ലേ '.

' ഉണ്ട്. പക്ഷെ അവള് ഒരു അബദ്ധം കാട്ടി '

അവര്‍ ആ കഥ വര്‍ണ്ണിച്ചു. പഠിക്കാന്‍ വലിയ മിടുക്കിയൊന്നുമല്ലെങ്കിലും മകള്‍ പത്താം ക്ലാസ്സ് പാസ്സായി. തറവാട് ഭാഗക്കേസ്സില്‍. ഒരു ഓട്ട മുക്കാല് കയ്യില്‍ എടുക്കാനില്ല.പിന്നെ എങ്ങിനെ പഠിപ്പിക്കും. ഒന്ന് രണ്ട് കല്യാണാലോചന വന്നു. വെറും കയ്യുകൊണ്ട്
മുഴം വെക്കാന്‍ പറ്റില്ലല്ലോ. ഭാഗം കഴിഞ്ഞതും തങ്ങള്‍ക്ക് കിട്ടുന്നത് മുഴുവന്‍ തരാം. കല്യാണത്തിന്ന് വേണ്ട പണം തന്ന്
സഹായിക്കണമെന്ന് പറഞ്ഞ് തറവാട്ടിലെ എല്ലാവരോടും കെഞ്ചി. ആരും സഹായിച്ചില്ല .

അവര്‍ കണ്ണീരൊപ്പി.

' മകള്‍ക്ക് എന്താ പറ്റിയത് എന്ന് പറഞ്ഞില്ല '.

കുറച്ച് കഴിഞ്ഞപ്പോള്‍ മകള്‍ ചര്‍ക്ക ക്ലാസ്സില്‍ ചേര്‍ന്ന് നൂലുണ്ടാക്കാന്‍ പോയി തുടങ്ങി. അതിന്‍റെ എടേല്‍ ഒരാളെ കണ്ടു കൂടി.
റജിസ്റ്റര്‍ കല്യാണം കഴിച്ച് അവള്‍ അവന്‍റെ കൂടെ പോയി.

' അപ്പോള്‍ നിങ്ങള്‍ക്ക് മകളും മരുമകനും ഒക്കെ ഉണ്ട്. അവര് നിങ്ങളുടെ അടുത്ത് വരില്ലേ '.

' അതെങ്ങന്യാണ്. അവന്‍ സ്വജനം അല്ല. കൃസ്ത്യാനി ചെക്കനാണ്. തെക്ക് ഏതോ നാട്ടിന്ന് റബ്ബറ് വെട്ടാന്‍ വന്ന ആളാ '.

' അവര് ഇപ്പൊ എവിടേയാ '.

' കുറച്ച് കാലം സ്കൂളിന്‍റെ അടുത്ത് ഒരു വാടക വീട് എടുത്ത് അവിടെ ആയിരുന്നു. പിന്നെ പണത്തിന്ന് ബുദ്ധിമുട്ടായപ്പോള്‍ വീട് ഒഴിഞ്ഞു കൊടുത്തു. ഇപ്പൊ മലമ്പള്ളടെ ചോട്ടില്‍ പാത വക്കത്ത് കുടില് കെട്ടി കഴിയുണു '.

' മക്കളൊന്നും ആയില്യേ '.

' ഒന്ന് പെറ്റു. തൊണ്ണൂറ് തികയുന്നതിന്ന് മുമ്പ് കുട്ടി പോയി '.

അവര്‍ കണ്ണ് തുടച്ചു.

' അവള്‍ക്ക് ഒന്നും കൊടുക്കാന്‍ എനിക്കായില്യാ. കല്യാണം ആരേയും അറിയിക്കാതെ നടത്തി. അവളെ ചെന്ന് കണ്ടൂന്ന് കേട്ടാല്‍
വീട്ടിന്ന് അടിച്ചിറക്കും എന്ന് തറവാട്ടിലെ ആണുങ്ങള്‍ പറഞ്ഞാല്‍  ഞാനെന്താ ചെയ്യാ. എന്നാലും പെറ്റ വയറല്ലേ. എന്‍റെ മകള് ആസ്പത്രീല് പെറ്റ് കിടക്കുന്നതറിഞ്ഞിട്ട് ഞാന്‍ ചെന്നു. ആകെ ഉണ്ടായിരുന്നത് കമ്മലാണ്. കാല് പൊട്ടി അത് ഇടാറും ഇല്ല. അത്
ഞാനവള്‍ക്ക് കൊടുത്തു '.

സ്വരം താഴ്ത്തി ' അവന് വരുമ്പടി കമ്മ്യാണ്. പ്രസവ ചിലവിന്ന് ഉപകാരം ആയിക്കോട്ടെ എന്ന് കരുതി ' എന്ന് അടക്കം 
പറഞ്ഞു നിര്‍ത്തി.

വേണുവിന്ന് വല്ലാത്ത സങ്കടം തോന്നി. ഓരോരുത്തര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ എന്തെല്ലാമാണ്. ചിലരെ തിരഞ്ഞ് പിടിച്ച് ലോകത്തിലെ സര്‍വ്വ ദുഃഖങ്ങളും ഏല്‍പ്പിക്കുന്നതാണോ.

' സ്ഥലം വിറ്റിട്ട് കിട്ടുണത് മകള്‍ക്ക് കൊടുക്കണം. പിന്നെ ഒരു കടം ബാക്കീണ്ട്. അതും വീട്ടണം '.

' അതെന്താ '.

' കുട്ടി മരിച്ച് കുറച്ച് കഴിഞ്ഞതും മകള്‍ കിടപ്പിലായി. മൊലേല് പാല് നിറഞ്ഞ് നീരു വന്നതാ. സന്നി കേറി. ഇങ്ങിട്ട് കിട്ടുംന്ന് കരുത്യേത് അല്ല. വല്ലതും കൊടുത്ത് സഹായിക്കാന്ന് വെച്ചാല്‍ എന്‍റേല്‍ വല്ലതും ഉണ്ടോ '.

അവര്‍ ഇടക്കിടെ മൂക്ക് ചീറ്റുകയും കണ്ണ് തുടക്കുകയും ചെയ്തുകൊണ്ടിരുന്നു.

' ആകെ സങ്കടം പറയാറ് നാണു നായരുടെ മകള്‍ സരോജിനിയോടാണ്. കുളത്തില്‍ കുളിക്കാന്‍ ചെല്ലുന്ന സമയത്ത് കണ്ടിട്ടുള്ള പരിചയം മാത്രേ ഉള്ളു. അവര്‍ക്കും അത്രയ്ക്ക് മാത്രം കഴിവടം ഒന്നും ഇല്ല. എന്നിട്ടും തിരിച്ച് കിട്ട്വോന്ന് ഒരു ഉറപ്പും ഇല്ലാതെ 
എന്നെ സഹായിച്ചു '.

അടുത്ത വാക്കുകള്‍ക്കായി വേണു കാതോര്‍ത്തു.

' നാണു നായരുടെ ഭാര്യ മരിച്ച ദിവസം  അവരുടെ കഴുത്തില്‍ നിന്നും ഊരി എടുത്ത് വെച്ച താലിമാല ഞാന്‍ മരിക്കുന്നത് വരെ
ഇത് കളയില്ലാ എന്നും പറഞ്ഞ് അവര് സൂക്ഷിച്ചിരുന്നു. ഇത് വിറ്റിട്ട് നിങ്ങടെ മകളെ ചികിത്സിച്ചോളിന്‍ എന്നും പറഞ്ഞ് അതെടുത്ത് എന്‍റെ കയ്യില്‍ തന്നു. ഞാനും സരോജിനിയും കൂടിയാണ് അത് വിറ്റ് പണം ഉണ്ടാക്കി മരുമകന്‍റെ കയ്യില്‍ 
കൊടുത്തത് '.

വീണ്ടും ആ സ്ത്രീ ഏതോ ആലോചനകളില്‍ മുഴുകി.

' വീട്ട്യാലും വീടാത്ത കടമാണ് അത്. പക്ഷെ കയ്യില്‍ കാശ് കിട്ടുമ്പോള്‍ അത് മടക്കി കൊടുക്കണ്ടേ '.

നാണു നായര്‍ ചെയ്തതില്‍ ഇരുവര്‍ക്കും എന്തൊന്നില്ലാത്ത സന്തോഷം തോന്നി. പട്ടിണി കിടന്ന സമയത്തും ഒരു സ്മാരകം പോലെ സൂക്ഷിച്ചത് അന്യന്‍റെ സങ്കടം മാറ്റാന്‍ ദാനം ചെയ്തിരിക്കുന്നു.

' എത്ര ചന്തം ഉള്ള കുട്ടിയായിരുന്നു എന്‍റെ മകള്. ഇപ്പൊ മുടിയൊക്കെ മൊട്ടയടിച്ച് മെലിഞ്ഞ് കോലം കെട്ടു ' ആ സ്ത്രീ
വിതുമ്പി.

' നിങ്ങള് കരയണ്ടാ ' എഴുത്തശ്ശന്‍ ആശ്വസിപ്പിച്ചു ' ഒക്കെ ശരിയാവും.

' ഇത്തിരി വെള്ളം കുടിക്കാന്‍ തര്വോ ' എന്ന അവരുടെ ചോദ്യമാണ് മറ്റുള്ളവരെ ഉണര്‍ത്തിയത്. വേണു കൊടുത്ത വെള്ളം ഒറ്റ വീര്‍പ്പിന്ന് അവര്‍ അകത്താക്കി.

' കേസ്സ് നീട്ടി നീട്ടി പോയതോണ്ടല്ലേ ഉള്ള മുതല് കുറെ പോയത്. നിങ്ങള്‍ക്ക് അത് തീര്‍ക്കണം എന്ന് പറയായിരുന്നില്ലേ '.

' നല്ല കഥയായി. ഞാനോ വലുത് നീയോ വലുത് എന്ന മട്ടിലായിരുന്നു രണ്ട് കൂട്ടരും. അതിന്‍റെ എടേല്‍ ഗതിയില്ലാത്ത
ഞങ്ങളാല്‍ ചിലര് പെട്ടു. വല്യേമ്മടെ താവഴിക്കാര് കേസ്സ് കൊടുക്കാന്‍ നേരത്ത് എന്നോട് കടലാസ്സില്‍ ഒപ്പിടാന്‍ പറഞ്ഞു.
അങ്ങിനെ എന്തെങ്കിലും ചെയ്താല്‍ ആട്ടി പുറത്താക്കും എന്ന് അമ്മാമന്‍. പേടിച്ചിട്ട് ഒപ്പിട്ടില്ല. അതോടെ വലിയമ്മടേ മക്കളും 
മിണ്ടാതായി '.

' വല്ലാത്ത ആള്‍ക്കാരാ നിങ്ങളുടെ കുടുംബക്കാര്. മനുഷ്യത്വം ഇല്ലാത്ത വക '.

' ഞാന്‍ സഹിച്ച ദുരിതത്തിന്ന് കണക്കില്ല. ഭാഗകേസ്സ് കൊടുത്തതില്‍ പിന്നെ തറവാട്ടില്‍ വെപ്പും തീനും വെവ്വേറെയായി.
കഴിവുള്ളവരൊക്കെ വയറ് നിറച്ച് ആഹാരം കഴിച്ച് കിടക്കുമ്പോള്‍ അതേ തറവാട്ടിലെ ഞാന്‍ മാത്രം പട്ടിണി കിടന്നിട്ടുണ്ട്. പക്ഷെ അതൊന്ന്വല്ല സങ്കടം. അറിഞ്ഞും കൊണ്ട് ഞാന്‍ ആര്‍ക്കും ഒരു ദ്രോഹം  ചെയ്തിട്ടില്ല. എന്നിട്ടും കുടുംബക്കാരില്‍ നിന്ന് ഇത്ര കാലം നല്ലൊരു വാക്ക് കേട്ടിട്ടില്ല. ബുദ്ധി വെച്ച മുതല്‍ കുള്ളി, ഉറുണ്ണാസ്സ് എന്നൊക്കെയാണ് എല്ലാരും വിളിച്ചു കേട്ടത്. പിന്നെ
പൊട്ടി, പ്രാന്തത്തി എന്നൊക്കെയായി വിളിക്കല്. ചോദിക്കാനും പറയാനും ആളും നാഥനും ഇല്ലാത്തോരടെമേത്ത് എല്ലാര്‍ക്കും
കാറി തുപ്പാം '.

' അത് അങ്ങിനെ തന്ന്യാണ്. എളുപ്പം കണ്ടാല്‍ മനുഷ്യര് ചവിട്ടി പൂത്തും '.

' അവരൊക്കെ പറയണ പോലെ ഞാനൊരു പൊട്ടാക്കാളിയോന്ന്വല്ല. മൂന്നാം ക്ലാസ്സേ പഠിപ്പുള്ളൂച്ചാലും ആളേം ആള്‍ത്തരൂം ഒക്കെ
അറിയും. അത് കണ്ടിട്ടേ നില്‍ക്കാറുള്ളു. ബുദ്ധിയും വകതിരിവും ഉണ്ടേന്ന് കണ്ടാല്‍ ഒറ്റക്കാര്‍ക്ക് ശത്രുക്കള് കൂടും. അത് കൂടാതെ കഴിഞ്ഞല്ലോ '.

അവരുടെ പ്രായോഗിക ബുദ്ധിയില്‍ വേണുവിന്ന് മതിപ്പ് തോന്നി.

' പെണ്ണുങ്ങളായാല്‍  നാഥനുണ്ടാവണം. അല്ലെങ്കില്‍ എന്‍റെ ഗതിയാവും. ഒരു മരം ഇല്ലാതെ വള്ളിക്ക് മേപ്പട്ട് കേറി പോവാന്‍ 
ആവ്വോ. അത് നിലത്ത് പടര്‍ന്ന് വരുന്നോന്നോന്‍റേം  പോവുന്നോന്നോന്‍റേം ചവിട്ട് കൊള്ളണ്ടി വരില്ലേ ' അവര്‍ ഒരു തത്ത്വം 
പറഞ്ഞു.

' കഴിഞ്ഞത് വിടിന്‍. ഇനി മേപ്പട്ടുള്ള കാര്യം ആലോചിക്കാം ' എഴുത്തശ്ശന്‍ പറഞ്ഞു ' എന്തിനാ സ്ഥലം വില്‍ക്കണത്.
ഇവിടെ താമസം ആക്കിക്കൂടേ '.

' അയ്യോ, അതെങ്ങന്യാ നടക്ക്വാ. എനിക്ക് ഒറ്റയ്ക്ക് കഴിയാനൊന്നും ആവില്ല '.

' നിങ്ങള് മകളേം മരുമകനേം കൂട്ടീട്ട് ഇവിടെ വന്ന് കുടുംബായിട്ട് കഴിയിന്‍ '.

' അതിന് മരുമകന്‍ വേറെ ജാതീല് പെട്ട ആളായില്ലേ.  അമ്പലൂം ഈശ്വരനും ഒക്കെ ആയി നടക്കുന്ന നിങ്ങളുടെ എടേല്‍ അവനെ
താമസിക്കാന്‍ സമ്മതിക്ക്വോ '.

' ഈശ്വരനേം ദൈവത്തേം ഒക്കെ ഉണ്ടാക്കീത് നമ്മള് മനുഷ്യന്മാരാ. ഇന്ന ആളെ കൂടെ പാര്‍പ്പിക്ക് എന്നോ അങ്ങിനെ പാടില്ലാന്നോ
ഒരു ദൈവൂം പറയില്ല. അതൊക്കെ മനുഷ്യര് ഉണ്ടാക്കുന്ന നിയമങ്ങളാ '.

' അപ്പൊ നിങ്ങളുടെ കൂട്ടത്തില്‍ എന്‍റെ മകളെ കൂട്ട്വോ '.

' എന്താ സംശയം. ഇവിടെ ഒറ്റ ജാത്യേള്ളൂ. മനുഷ്യ ജാതി '.

' ഹാവൂ. സമാധാനം ആയി. എല്ലാം വിറ്റ് മകള്‍ക്ക് കൊടുത്തിട്ട് ഈ ജീവിതം വേണ്ടാന്ന് വെക്കണം എന്ന് കരുത്യേതാ. നിങ്ങളെ മാതിരിള്ള നല്ല ആള്‍ക്കാരുടെ സഹായം കിട്ടുംച്ചാല്‍ അങ്ങിനെ ഒരു മഹാപാപം ചെയ്യാതെ കഴിയും  '.

ഭാഗപത്രത്തിന്‍റെ പകര്‍പ്പ് വാങ്ങി വരാന്‍ വേണു അവരെ ഉപദേശിച്ചു. ജീവനുള്ള കാലം വേണ്ട സഹായം നല്‍കാമെന്ന്
എഴുത്തശ്ശനും ഏറ്റു.

ആ സ്ത്രീ എഴുന്നേറ്റു.

' കടലാസും കൊണ്ട് വരുമ്പോള്‍ മകളേം  മരുമകനേം  കൂടെ കൊണ്ടു വരിന്‍  ' എഴുത്തശ്ശന്‍ പറഞ്ഞു ' ഞങ്ങള്‍ക്ക്
അവരെ ഒന്ന് കാണാലോ '.

അവര്‍ പടി കടന്ന് പോയതും എഴുത്തശ്ശന്‍ നെടുവീര്‍പ്പിട്ടു. അതിന്‍റെ പ്രതിദ്ധ്വനി വേണുവിന്‍റെ ഹൃദയത്തില്‍ നിന്ന് ഉയര്‍ന്നു.

2 comments:

 1. ഓരോരുത്തര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ എന്തെല്ലാമാണ്. ചിലരെ തിരഞ്ഞ് പിടിച്ച് ലോകത്തിലെ സര്‍വ്വ ദുഃഖങ്ങളും ഏല്‍പ്പിക്കുന്നതാണോ.

  പെണ്ണുങ്ങളായാല്‍ നാഥനുണ്ടാവണം. അല്ലെങ്കില്‍ എന്‍റെ ഗതിയാവും. ഒരു മരം ഇല്ലാതെ വള്ളിക്ക് മേപ്പട്ട് കേറി പോവാന്‍
  ആവ്വോ. അത് നിലത്ത് പടര്‍ന്ന് വരുന്നോന്നോന്‍റേം പോവുന്നോന്നോന്‍റേം ചവിട്ട് കൊള്ളണ്ടി വരില്ലേ ' അവര്‍ ഒരു തത്ത്വം
  പറഞ്ഞു.

  ethra shariyaanu ee vaakkukal.....

  ReplyDelete