Wednesday, July 14, 2010

നോവല്‍ - അദ്ധ്യായം - 79.

ഇത്തിരീശ്ശെ പുഴുക്കേട് ഉണ്ടല്ലോടാ ചാമ്യേ ' പാടം നോക്കാനിറങ്ങിയ എഴുത്തശ്ശന്‍ ചാമിയോട് പറഞ്ഞു.' നല്ലോണം
ആവുമ്പഴക്ക് മരുന്ന് അടിച്ചാലോ '.

' കൂടാണ്ട് കഴിയില്ല. പഞ്ച ഒന്ന് ചിനച്ച് പൊങ്ങുമ്പഴയ്ക്കും മുടിപ്പിക്കാനായിട്ട് പണ്ടാരം വന്നോളും  '.

വേണുവിന്ന് അത് പുതുമയായിരുന്നു. പുഴുക്കേട് എന്നാല്‍ എന്താണെന്നോ അതിന്ന് അടിക്കുന്ന മരുന്ന് എന്താണെന്നോ അയാള്‍ക്ക് അറിയില്ലായിരുന്നു.

' എന്താ അമ്മാമേ ഈ പുഴുക്കേടും മരുന്നും ഒക്കെ ' അയാള്‍ ചോദിച്ചു.

' മനുഷ്യന്ന് സൂക്കട് വരില്ലേ. അത് മാതിരി നെല്ലിന്ന് വരുന്ന കേടാണ് ഇത്. നന്നെ ചെറിയ പ്രാണികളാണ് നെല്ലിനെ കേട് വരുത്തുന്നത്. സമയത്തിന്ന് മരുന്ന് അടിച്ച് അവറ്റകളെ നശിപ്പിക്കണം . അല്ലെങ്കില്‍ കൊയ്യാന്‍ കണ്ടത്തില്‍  നെല്ലൊന്നും
ഉണ്ടാവില്ല '.

ബാക്കി വിശദീകരിച്ചത് ചാമിയാണ്.

' പുഴൂനെ കൊല്ലാന്‍ ഒറ്റ മരുന്നേ ഉള്ളു. എന്‍ഡ്രിന്‍ . അതൊരു കുപ്പി വാങ്ങീട്ട് ബക്കറ്റിലെ വെള്ളത്തില്‍ കലക്കി
കുറ്റിപ്പമ്പില്‍ നിറച്ചിട്ട് ഒറ്റ അടി. പുഴു മാത്രോല്ല അതിന്‍റെ അപ്പനും കൂടി ചാവും '.

എഴുത്തശ്ശന്‍ ചിരിച്ചു.

' നീ പുഴന്‍റെ അപ്പനെ കണ്ടിട്ടുണ്ടോടാ ചാമ്യേ ' അയാള്‍ ചോദിച്ചു.

ചാമി ഒന്നും പറഞ്ഞില്ല.

' ഒന്ന് ശരിയാണ് ' എഴുത്തശ്ശന്‍ പറഞ്ഞു ' പാടത്തിലെ സകല ഞണ്ടും ഞവുഞ്ഞും എല്ലാം അതോടെ ചാവും. അതിനെ
കൊത്തി തിന്നുന്ന പരുന്തും കൊറ്റിയും ഒക്കെ ചത്തോളും  '.

ചേരിന്‍റെ ചുവട്ടില്‍ മൂവരും നിന്നു. എഴുത്തശ്ശന്‍റെ മനസ്സില്‍ പഴയ കാലത്തെ കൃഷിരീതികള്‍ കടന്നു വന്നു.

' പണ്ടൊക്കെ ഇന്നത്തെ പോലെ അത്ര കണ്ട് പുഴുക്കേട് ഉണ്ടാവാറില്ല ' എഴുത്തശ്ശന്‍ തുടര്‍ന്നു ' നെല്ലില് പാല് ഉണ്ടാവുന്ന
കാലത്ത് ചാഴിക്കേട് ഉണ്ടാവും. അവറ്റ വന്ന് പെട്ടാല്‍ ചണ്ടേ ബാക്കി കിട്ടൂ '.

' ചാഴിക്ക്  മരുന്ന് അടിക്കാറുണ്ടോ ' വേണു ചോദിച്ചു.

' അന്ന് കാലത്ത് എവിട്യാ മരുന്ന്. കാടത്തുണികൊണ്ട് ചാക്ക് പോലെ ഒരു സഞ്ചി തുന്നും. അതിന്‍റെ വായടെ ഭാഗം
തുന്നാതെ പൊളിച്ച് വെക്കും. വായടെ രണ്ട് ഭാഗത്തും ഒരോ കമ്പ് വെച്ച് കെട്ടി പാടത്ത് ഇറങ്ങി അത് വീശി ചാഴിയെ
പിടിച്ച് കൊല്ലും. കുട്ടിക്കാലത്ത് നീയും  അത് കണ്ടിട്ടുണ്ടാവും. ഓര്‍മ്മ കിട്ടാഞ്ഞിട്ടാണ് '.

' ഇങ്ങിനെ വിഷം അടിക്കുന്നത് കേടല്ലേ '.

' ഒക്കെ അകത്ത് ചെന്നാല്‍ കേടന്നെ. ഞങ്ങളുടെ നല്ല കാലത്ത് പാടത്ത് സള്‍ഫേറ്റോ യൂറിയോ ഒന്നും എറിയില്ല. നല്ലോണം
തൂപ്പും തോലും വെട്ടിയിടും. പിന്നെ ചാണകൂം. ആ കാലത്ത് ഇന്നത്തെ മാതിരി വിഷം അടിക്കാറില്ല. അതോണ്ടാ ഈ പ്രായത്തിലും തടിക്ക് കേടൊന്നും ഇല്ലാത്തത് '.

' നമുക്ക് നാണുമാമടെ അടുത്ത് ചെന്നാലോ. വര്‍ത്തമാനം പറയാന്‍ ആളില്ലാതെ വിഷമിക്കുന്നുണ്ടാവും '.

' പണിക്കാരുടെ അടുത്ത് ലച്ചറിന്ന് നിന്ന് പണി മെനക്കെടുത്ത്വോ എന്നാ എന്‍റെ പേടി '.

' ചോറ് വാങ്ങാന്‍ ചെല്ലുമ്പോള്‍ എന്തെങ്കിലും കൊണ്ടു പോണോ ' എഴുത്തശ്ശനോട് ചാമി ചോദിച്ചു.

' അത്യാവശ്യം വല്ല കൂട്ടാന്‍ വെക്കാനോ അരിയോ കൊണ്ടു പോയാല്‍ മതി. പത്ത് ദിവസത്തിനുള്ളില്‍ അവര് ഇങ്ങോട്ട് വരും.
വേണ്ടാണ്ടെ കൊണ്ടു പോയി നിറച്ചാല്‍ അപ്പൊ ഇങ്ങിട്ടും നീ തന്നെ ഏറ്റെണ്ടി വരും '.

അവര്‍ കയറി ചെല്ലുമ്പോള്‍ ഉമ്മറതിണ്ടില്‍ പഴയ വാതില്‍ പലക നിവര്‍ത്തി വെച്ച് നാണു നായര്‍ അതില്‍ 
സുഖമായി കിടന്ന് ഉറങ്ങുകയാണ്.

' ഇയാള്‍ക്ക് എപ്പോഴും ഉണ്ട് ഒരു ഉറക്കം ' എന്നും പറഞ്ഞ് എഴുത്തശ്ശന്‍ ചെന്ന് കൂട്ടുകാരനെ കുലുക്കി വിളിച്ചു. നാണു
നായര്‍ കണ്ണും  തിരുമ്മി എഴുന്നേറ്റു.

' എന്താ ഹേ. ഇതെന്താ നട്ടപാതിരയാണോ കിടന്നുറങ്ങാന്‍ ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഉമ്മറത്ത് നല്ല കാറ്റ് ' നാണു നായര്‍ പറഞ്ഞു ' കുറച്ച് നേരം ഇവിടെ ഇരുന്നാല്‍ മതി. തന്നെ കണ്ണടഞ്ഞ് പോകും '.

എഴുത്തശ്ശനും വേണുവും അകത്ത് കടന്ന് നോക്കി. ചവിട്ടി കുഴച്ച മണ്ണ് ചുമരില്‍ തേച്ച് പിടിപ്പിക്കുകയാണ്.

' മാറി നിന്നോളിന്‍ ' തേപ്പ് പണിക്കാരന്‍ പറഞ്ഞു ' ഇല്ലെങ്കില്‍ മേത്ത് മണ്ണാവും '.

' ഇനി എത്ര ദിവസം വേണ്ടി വരും ' എഴുത്തശ്ശന്‍ ചോദിച്ചു.

' അങ്ങിനെ പറയാന്‍ പറ്റില്ല. ചെയ്ത് തീരണ്ടേ. എന്നാലും ഈ ആഴ്ച പണി തീര്‍ത്ത് പോണംന്നാ മുതലാളി പറഞ്ഞത്. ഒന്ന് രണ്ട് അര്‍ജന്‍റ് പണികള്‍ തീര്‍ക്കാനുണ്ട് '.

അവര്‍ പുറത്ത് ഇറങ്ങി. നാണു നായര്‍ കൊടുവാള്‍ കൊണ്ട് വേലിയ്ക്കലുള്ള മഞ്ഞപ്പാവിട്ട വെട്ടുകയാണ്.

' വെറുതെ കയ്യോ കാലോ വെട്ടി മുറിക്കാന്‍ നിക്കണ്ടാ ' എഴുത്തശ്ശന്‍ പറഞ്ഞു ' അത് അവിടെ നിന്നാല്‍ നിങ്ങക്കെന്താ
കുഴപ്പം '.

' ഒരു ഗുണം ഇല്ലാത്ത മരമാണ് ഇത്. വെട്ടിയിട്ട് ഉണങ്ങിയാല്‍ വിറകിന് പറ്റും '.

' നിങ്ങള് ഒരു ഭാഗത്ത് വന്നിരിക്കിന്‍. ചാമി വരട്ടെ. അവനെക്കൊണ്ട് മുറിപ്പിക്കാം '.

വാതില്‍ പലകയില്‍ മൂന്ന് പേരും ഇരുന്നു.

' ഇന്നലെ വൈകുന്നേരം അമ്മിണിയമ്മ വന്നിരുന്നു ' നാണു നായര്‍ പറഞ്ഞു.

' ഏത് അമ്മിണിയമ്മ ' എഴുത്തശ്ശന്ന് ആളെ മനസ്സിലായില്ല.

' സ്ഥലം വില്‍ക്കുന്ന കാര്യം സംസാരിക്കാന്‍ നിങ്ങളുടെ അടുത്ത് വന്നില്ലേ. അവരന്നെ '.

അപ്പോഴാണ് അന്ന് വര്‍ത്തമാനം പറഞ്ഞിരുന്നിട്ടും പേര് ചോദിച്ചില്ല എന്ന് ഓര്‍ക്കുന്നത്.

' അവരെന്താ പറഞ്ഞത് '.

' അവരുടെ സന്തോഷം ഒന്നും പറയാന്‍ പറ്റില്ല. ഇങ്ങിനത്തെ നല്ല ആള്‍ക്കാരേ ആദ്യായിട്ട് കാണ്വാണത്രേ അവര്. മൂപ്പത്ത്യാര്‍
മകളേം മരുമകനേം കണ്ടിരിക്കുന്നു. അവര്‍ക്കൊക്കെ നിങ്ങളെയൊക്കെ ഇഷ്ടായീന്ന് പറഞ്ഞു. ഇന്ന് അവരൊക്കെ ഇങ്ങോട്ട് വരുണുണ്ട് '.

' എന്നിട്ട് ഈ കാര്യം എന്തേ ഇത്ര നേരം  പറഞ്ഞില്ല '.

' ഓരോന്ന് ആലോചിച്ച് ഞാനത് മറന്നു '.

' നിങ്ങളെ പറഞ്ഞിട്ട് കാര്യൂല്യാ. അരണക്കാളിടെ ജന്മാണ് നിങ്ങടെ '.

അല്‍പ്പനേരം കൂടി അവര്‍ അവിടെ നിന്നു. പിന്നെ കളപ്പുരയിലേക്ക് മടങ്ങി.

*************************

' എന്താഹേ നിങ്ങടെ ആള്‍ക്കാരെ കാണാത്തത്. വരില്യാന്ന് ഉണ്ടാവ്വോ ' നേരം നാല് മണിയായിട്ടും അമ്മിണിയമ്മയേയും 
കുടുംബത്തിനേയും കാണാഞ്ഞപ്പോള്‍ എഴുത്തശ്ശന്‍ ചോദിച്ചു.

' വരും. വരാതിരിക്കില്ല '.

' എന്താ അനുഗ്രഹിക്ക്യാണോ. അന്ന് ഉച്ചക്ക് ഉണ്ണുന്ന നേരത്താ ആ സ്ത്രി വന്നത്. ഇപ്പൊ സമയം എത്രയായീന്ന് അറിയ്യോ '.

' നിങ്ങള് പൊരിച്ചില് കൂട്ടണ്ടാ. അവര്‍ക്ക് മകളൊക്കെ വന്നിട്ട് വേണ്ടേ വരാന്‍ '.

പറഞ്ഞിരിക്കുമ്പോഴേക്കും വെള്ളപ്പാറ കടവ് കടന്ന് അമ്മിണിയമ്മ വരുന്നത് കണ്ടു. കൂടെ ഒരു ചെറുപ്പക്കാരനും.

' അതാ അവര് വരുന്നുണ്ട് ' വേണു പറഞ്ഞു ' അയമ്മയും ഒരു ചെറുപ്പക്കാരനും മാത്രേ ഉള്ളു '.

' ഞാന്‍ പറഞ്ഞില്ലേ വരാതിരിക്കില്യാന്ന് ' നാണു നായര്‍ക്ക് സമാധാനമായി.

' ചാമ്യേ ഇത്തിരി ചായക്ക് വെള്ളം തെളപ്പിക്കടാ. അന്നേ അയമ്മക്ക് ഒന്നും കൊടുത്തില്ല '.

' കടിക്കാന്‍ എന്തെങ്കിലും വാങ്ങിപ്പിക്കണോ ' നാണു നായര്‍ക്ക് അതാണ് അറിയേണ്ടത്.

' പഴംപൊരിയും വടയും കാരാസാമാനൂം വാങ്ങീട്ടുണ്ട് ' ചാമി എല്ലാം മുന്‍കൂട്ടി ചെയ്തു കഴിഞ്ഞു.

അമ്മിണിയമ്മ മുമ്പ് കണ്ട സമയത്തേക്കാള്‍ പ്രസന്നവതിയാണ്.

' ഇതാണ് മരുമകന്‍ ' അവര്‍ പറഞ്ഞു.

ഇളം നീല ഷര്‍ട്ടും കാപ്പി കളറില്‍ പാന്‍റും ഇട്ട ചെറുപ്പക്കാരന്‍. വലിയ തടിയോ പൊക്കമോ ഇല്ല. ഇരു നിറമാണെങ്കിലും 
ആളൊരു സുമുഖനാണ്.

' അപ്പൊ മകള് '.

' തലേലെ മുടിയൊക്കെ പോയതോണ്ട് വെളിയിലേക്ക് ഇറങ്ങാന്‍ അവള്‍ക്ക് നാണക്കേടാ. അതാ കൂടെ വരാഞ്ഞത് '.

' മോന്‍, എവിട്യാ നിന്‍റെ വീട് ' എഴുത്തശ്ശന്‍ ചെറുപ്പക്കരനോട് ചോദിച്ചു.

' അങ്ങ് എരുമേലിക്കടുത്താ. ശബരിമലയ്ക്ക് ആ വഴിയാ അയ്യപ്പന്മാര്‍ പോകാറ് '.

' വിവരം ഒക്കെ ഇവര് പറഞ്ഞിരുന്നു. ഇവിടെ ഉള്ളത് നല്ല മണ്ണാ. വെള്ളത്തിനും ബുദ്ധിമുട്ടില്ല. ഞങ്ങടെ ഒപ്പം കൂടുന്നോ '.

മറുപടി അമ്മിണിയമ്മയാണ് പറഞ്ഞത്.

കല്യാണത്തിന്ന് ശേഷം മകളും മരുമകനും വാടകക്ക് താമസിച്ചിരുന്നു. ആ കാലത്ത് ആരൊക്കേയോ പല തവണ അവിടെ ചെന്ന് അവരെ ഭീഷണിപ്പെടുത്തി. നല്ല തറവാട്ടില്‍ പിറന്ന കുട്ടിയെ സംബന്ധം ചെയ്ത് ഈ നാട്ടില്‍ കഴിയാന്‍ സമ്മതിക്കില്ലാ എന്ന് പറയ്വേണ്ടായി. പേടിച്ചിട്ടാ മലമ്പള്ളയിലേക്ക് താമസം മാറ്റ്യേത്.

' എന്താ ഇനിയത്തെ ഉദ്ദേശം '.

' കൂനന്‍ പാറടെ അപ്പുറത്ത് മലഞ്ചോട്ടില്‍ കുറെ സ്ഥലം ഭാഗം വെച്ച് കിട്ടീന്ന് പറഞ്ഞു. ഞങ്ങള് അവിടെ താമസ്സിച്ചാലോ എന്ന് വിചാരിച്ചിരുന്നതാണ് '.

' ആന ഇറങ്ങുന്ന സ്ഥലോല്ലേ അത്. സമാധാനത്തോടെ അവിടെ കഴിയാന്‍ സാധിക്ക്വോ '.

' നാട്ടിലെ മനുഷ്യരെക്കാളും ഭേദം ആനകള് തന്നെ. അവ വല്ലപ്പോഴും മാത്രമേ ഉപദ്രവിക്കൂ. മനുഷ്യന്മാരെ പോലെ എന്നും
വന്ന് ശല്യം ചെയ്യില്ല '.

' എന്നിട്ട് അങ്ങോട്ട് പോവാനാ വിചാരിക്കുന്ന് '.

' അപ്പഴാ അമ്മ വന്ന് നിങ്ങളൊക്കെ സഹായിക്കുംന്ന് പറഞ്ഞത്. എന്നാല്‍ ഇവിടെ കൂടാന്ന് വിചാരിച്ചു '.

' അത് നന്നായി. ഇവിടെ ആരുടേം ശല്യം ഉണ്ടാവില്ല '.

' ഞങ്ങള്‍ ആര്‍ക്കും ഒരു ഉപദ്രവവും കൂടാതെ ഒതുങ്ങി കഴിഞ്ഞോളാം '.

' അതൊന്നും ചോദിച്ചില്ലല്ലോ. ആളും മനുഷ്യനും നിറഞ്ഞ് ഇവിടം  നല്ലൊരു സ്ഥലം ആവണം. ഞങ്ങള്‍ക്ക് അത്രേ ഉള്ളു. ആട്ടെ
മലഞ്ചുവട്ടിലെ ഭൂമി എന്താ ചെയ്യണത് '.

' നാട്ടില് വിവരം കൊടുത്താല്‍ ആരെങ്കിലും വന്ന് ആ സ്ഥലം വാങ്ങിച്ചോളും. വീട് പണിയാനുള്ള പണം അതിന്ന് കിട്ടും '.

' അത് വരെ എവിടെ കഴിയും എന്ന് ഞാന്‍ ആലോചിച്ചിട്ട് ഒരു എത്തും പിടീം കിട്ടുണില്ല ' അമ്മിണിയമ്മ പറഞ്ഞു ' തറവാട് ഭാഗത്തില്‍ കിട്ടിയ കൂട്ടര് അത് പൊളിച്ച് വില്‍ക്കുംന്നാ കേട്ടത് '.

' അത് ആലോചിച്ച് ബേജാറാവണ്ടാ. എനിക്ക് ഇവിടെ തന്നെ ഒരു വണ്ടിപ്പുര ഉണ്ട്. പേരന്നേ ഉള്ളു. ഇപ്പൊ വണ്ടീം
ഇല്യാ മൂരീം ഇല്ല. വേണു വന്നതില്‍ പിന്നെ ഞങ്ങള് മൂന്നാളും കൂടി ഇവിടെ തന്ന്യാ കൂടുണത്. പുര പണിയുന്നത് വരെ നിങ്ങള് അവിടെ കൂടിക്കോളിന്‍ '.

എഴുത്തശ്ശന്‍റെ ഉദാരമായ സമീപനം അവരുടെ മനസ്സിലെ വിഷമതകളെല്ലാം  അകറ്റി. ചായ കുടി കഴിഞ്ഞ് എല്ലാവരും കൂടി അമ്മിണിയമ്മക്ക് വീതത്തിലുള്ള കൃഷിസ്ഥലങ്ങള്‍ ചെന്ന് നോക്കി.

' ഇപ്പോള്‍ കൃഷിയിട്ടത് കൊയ്തിട്ടേ ഞങ്ങള്‍ക്ക് പാടത്ത് എന്തെങ്കിലും ചെയ്യാന്‍ പാടൂന്ന് പറയുന്നു ' അമ്മിണിയമ്മ പറഞ്ഞു.

' ഭാഗിച്ച് കിട്ട്യേതല്ലെ. പിന്നെന്താ '.

' ഓരോ കൊല്ലത്തേക്ക് കൃഷി ചെയ്തോളാന്‍ ലേലം ചെയ്ത് കൊടുക്കുന്നതാ. ഇട്ട വിളവ് കൊയ്യുന്നത് വരെ കൃഷിസ്ഥലം
ലേലം വിളിച്ച ആളടെ കയ്യിലാണ് '.

' പറമ്പോ '.

' അത് ലേലം ചെയ്തിട്ടില്ല '.

' നന്നായി. പുര പണിയണച്ചാല്‍ ചെയ്യാലോ '.

പാടത്ത് നിന്ന് മടങ്ങി വരുമ്പോള്‍ അമ്മിണിയമ്മ കളപ്പുരയിലേക്ക് കയറിയില്ല. പടിക്കലെത്തിയപ്പോള്‍ ' ഇനി ഇപ്പൊ
കേറുണില്ലാ. ഇരുട്ടാവുമ്പോഴേക്ക് ഞങ്ങള് പോട്ടെ ' എന്നും പറഞ്ഞ് അവര്‍ പുറപ്പെട്ടു.

അപ്പോള്‍ അമ്പലത്തില്‍ നിന്ന് ശംഖൊച്ച കേട്ടു.

2 comments:

  1. വായനതുടരുന്നു

    ReplyDelete
  2. brahmana sthreeyum amminiyammayum kudumbavum ellaakoodi venu oru valiya kudumba naadhan aavukayaano. atho makkal upekshicha ezhuthassanaano ellarudeyum koottu kittuka..? aakaamkshayode kaathirikkunnu...

    ReplyDelete