Monday, January 18, 2010

അദ്ധ്യായം. 42

വൈകുന്നേരം അഞ്ച് മണി കഴിഞ്ഞപ്പോള്‍ ചാമി ഇരുട്ടാവുമ്പോഴേക്കും എത്താമെന്ന് പറഞ്ഞ് പുറപ്പെട്ടു. ഭക്ഷണം വാങ്ങാനായി വേണു കൊടുത്ത പണം പിന്നെ വാങ്ങാമെന്നും പറഞ്ഞ് കൈപറ്റിയില്ല.

ചാമി പോയതോടെ പെട്ടെന്ന് ഒറ്റപ്പെട്ടപോലൊരു തോന്നല്‍ വേണുവിനുണ്ടായി. നിരവധി കൊല്ലങ്ങളായി ജനത്തിരക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ കഴിഞ്ഞ് കൂടിയത് കൊണ്ടാകണം ഏകാന്തമായ ഈ ചുറ്റുപാട് അസ്വസ്ഥത ഉളവാക്കുന്നത്.

അമ്പലകുളത്തില്‍ ചെന്ന് കാലും മുഖവും കഴുകി അയ്യപ്പനെ ഒന്ന് തൊഴുത് വരാം. രാവിലെ തന്നെ നട അടച്ചത് കാരണം
തൊഴാനൊത്തില്ല. അയയില്‍ നിന്ന് തോര്‍ത്ത് എടുത്ത് തോളിലിട്ട് വേണു ഇറങ്ങി. പടി കടന്ന് നോക്കുമ്പോള്‍ മുരുക മലയില്‍
മേയാനിറങ്ങിയ ആട്ടിന്‍കൂട്ടത്തെ പോലെ മേഘങ്ങള്‍ ചിതറി വീണ് കിടപ്പുണ്ട്. മഴ പെയ്തേക്കാം. തിരിച്ച് വന്ന് കുടയുമായി പുറപ്പെട്ടു.

അമ്പല കുളത്തിലെ കല്‍പ്പടവുകള്‍ ഉച്ച് പിടിച്ച് കിടപ്പുണ്ട്. ശരിക്ക് ശ്രദ്ധിച്ച് ഇറങ്ങിയില്ലെങ്കില്‍ വഴുതി വീഴും. വേണു പടവില്‍ ഇരുന്ന് ഓരോ പടിയായി പിടിച്ച് ഇറങ്ങി. നനഞ്ഞ തോര്‍ത്ത് തോളിലിട്ട് വേണു അമ്പലത്തിലേക്ക് നടന്നു. ചുമരില്‍
കാറ്റില്‍ അടിച്ചു കയറിയ ചെമ്മണ്ണ് ചായം പൂശിയിട്ടുണ്ട്. ചുണ്ണാമ്പ് തേച്ചത് പലയിടത്തും അടര്‍ന്ന് വീണു പോയിരിക്കുന്നു. കാലത്തിന്‍റെ കരങ്ങള്‍ ക്ഷേത്രത്തിന്ന് വാര്‍ദ്ധക്യം പകര്‍ന്ന് നല്‍കിയിട്ടുണ്ട്.

അകത്ത് കത്തിച്ച് വെച്ചിരിക്കുന്ന ദീപം വാതില്‍ക്കല്‍ നിന്നു തന്നെ കാണാനുണ്ട്. കുട വാതിലിന്നരുകില്‍ വെച്ചു. നടക്കല്‍ 
നിന്ന് കണ്ണടച്ച് ഭഗവാനെ ധ്യാനിച്ചു. പല ദിക്കുകളിലായി അനവധി കാലം കഴിച്ചു കൂട്ടി. ആ കാലത്തും ഇടക്കൊക്കെ
തിരുസന്നിധി മനസ്സില്‍ ഓടിയെത്തും. അന്നത്തെ പ്രൌഡിയെവിടെ, ഇന്നത്തെ ജീര്‍ണാവസ്ഥയെവിടെ .

കണ്ണ് മിഴിച്ച് നോക്കുമ്പോള്‍ ശ്രീകോവിലില്‍ നിന്നും എട്ട് പത്ത് വയസ്സുള്ള ഒരു കുട്ടി ഇറങ്ങി വന്നു. ഇത്ര ചെറിയ കുട്ടിയാണോ ഇവിടുത്തെ പൂജക്കാരന്‍. പ്രദക്ഷിണം വെച്ച് എത്തുമ്പോള്‍ ഉണ്ണി നമ്പൂരി തീര്‍ത്ഥവും ചന്ദനവും തരാന്‍
തയ്യാറായി നില്‍ക്കുന്നു. വേണു കൈ നീട്ടി പ്രസാദം വാങ്ങി. ദക്ഷിണയായി നല്‍കിയ ചില്ലറയില്‍ തൊട്ട് ഉണ്ണി കയ്യ് ഉയര്‍ത്തി അനുഗ്രഹം ചൊരിഞ്ഞു.

' ഇവിടെ വേറെ ആരും ഇല്ലേ ' എന്ന് വേണു ചോദിച്ചു.

വാരിയര്‍ വന്നിട്ട് അമ്പലം തുറന്ന് തന്ന് പോയതാണെന്നും ഇപ്പോള്‍ എത്തുമെന്നും ഉണ്ണി പറഞ്ഞു. വേണു ചുറ്റും നടന്ന് കണ്ണോടിച്ചു. ഓട് പൊട്ടി വെള്ളം ഒലിച്ചിറങ്ങി മണ്ഡപം ഏകദേശം നശിച്ച മട്ടിലാണ്. തിടപ്പിള്ളി ഒടിഞ്ഞ് വീണ് കിടപ്പണ്. വീഴാന്‍ ബാക്കിയുള്ള ഒരു ഓരത്ത് കല്ലുകള്‍ കൊണ്ട് ഒരു അടുപ്പ് കൂട്ടിയിരിക്കുന്നു. സംരക്ഷിക്കാന്‍ ആളില്ലാത്ത അവസ്ഥ പ്രകടമാണ്.

ചെറിയ ഒരു കെട്ട് വിറകുമായി വാരിയര്‍ എത്തി. വിറക് തിടപ്പള്ളിയില്‍ ഇട്ടിട്ട് അയാള്‍ വേണുവിന്‍റെ അടുത്ത് എത്തി.

' എവിടുന്നാ ഇതിന്ന് മുമ്പ് കണ്ടിട്ടില്ലല്ലോ ' അയാള്‍ ചോദിച്ചു.

താന്‍ കുറെ കാലമായി മദിരാശിയിലായിരുന്നുവെന്നും ഇപ്പോഴാണ് ഇങ്ങോട്ട് താമസം മാറിയതെന്നും വേണു പറഞ്ഞു.

' അത് ഒട്ടും നന്നായില്ല. അത്ര നല്ല ദിക്കില്‍ നിന്ന് ഇത് പോലെ നശിച്ച ഒരിടത്തേക്ക് ആരെങ്കിലും വര്വോ '.

വേണു വിഷയം മാറ്റി. എന്താണ് ക്ഷേത്രം ഇങ്ങിനെ കേടു വന്ന് കിടക്കുന്നതെന്നും , പൂജക്ക് ഒരു ചെറിയ കുട്ടിയെ നിര്‍ത്തിയിരിക്കുന്നതെന്നും അന്വേഷിച്ചു.

' പറയാനാണച്ചാല്‍ ഇശ്ശി ഉണ്ട് ' വാരിയര്‍ പറഞ്ഞു തുടങ്ങി. മനസ്സില്‍ സൂക്ഷിച്ച് വെച്ച പ്രയാസങ്ങള്‍ ആരോടെങ്കിലും 
പറയാന്‍ കാത്തിരുന്നത് പോലെ തോന്നി.

സ്ഥിരം ശാന്തിക്കാരന്‍ പ്രായം ചെന്ന ഒരാളാണ്. മഴയും തണുപ്പും വന്നപ്പോള്‍ അദ്ദേഹത്തിന്ന് തീരെ വയ്യാതായി. ഇപ്പോള്‍ കിടപ്പിലാണ്. മുട്ടുശ്ശാന്തിക്ക് വിളിച്ചാല്‍ ആരും വരില്ല. നടവരവ് ഇല്ലാത്ത ദിക്കില്‍ ആരാണ് ശാന്തിക്ക് നില്‍ക്കുക. വിളക്ക്
വെക്കല്‍ മുടക്കരുതല്ലോ എന്ന് വെച്ചിട്ട് ഒരു ഇല്ലത്തില്‍ ചെന്ന് കാല് പിടിച്ചിട്ടാണ് ഈ ഉണ്ണിയെ തന്നെ കിട്ടിയത്.

നാളെ കര്‍ക്കിടകം ഒന്നാം തിയ്യതിയല്ലേ, ഒരു പായസം വഴിപാട് വന്നിട്ടുണ്ട്. എങ്ങിനേയാ വയ്യാ എന്ന് പറയുക. ഇവിടെയാണെങ്കില്‍ ഒരു കരട് വിറക് ഇല്ല. അടുത്ത പറമ്പില്‍ ചെന്ന് പെറുക്കിയിട്ട് വന്നതാ. നനഞ്ഞിട്ടുണ്ട്, കത്ത്വോ എന്ന് അറിയില്ല.

' അതെന്താ ക്ഷേത്രത്തിന്ന് സ്വത്തും മുതലും ഒന്നൂല്യേ ' എന്ന് വേണു തിരക്കി.

' ഇല്യേന്നോ ' വാരിയര്‍ പറഞ്ഞു ' അയ്യായിരം പറ നെല്ല് പാട്ടം കിട്ടിയിരുന്നതാ. ഒക്കെ പോയില്ലേ '

ഭൂപരിഷ്കരണ നിയമം വന്നതോടെ ദേവസ്വം ഭൂമികള്‍ പാട്ടക്കരുടെ കയ്യിലായി. അതോടെ ക്ഷേത്രത്തിലേക്കുള്ള വരുമാനം
നിലച്ചു. എന്നാണ് ഇത് വീണ് നശിക്കാന്‍ പോണതെന്ന് അറിയില്ല.

' രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, മാളികമുകള്‍ ഏറിയ മന്നന്‍റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍ , എന്ന് കേട്ടിട്ടില്ലേ . അത് മനുഷ്യരുടെ കാര്യമാണെന്നാ ഞാന്‍ നിരീച്ചിരുന്നത്. ദൈവത്തിന്നും അതൊക്കെ
ബാധകമാണെന്ന് ഇപ്പഴാ മനസ്സിലായത് '.

' തിടപ്പള്ളി വീണു. മണ്ഡപം വീഴാറായി. ഒക്കെക്കൂടി എന്നാ തലക്ക് മറിയുക എന്ന് അറിയാന്‍ പാടില്ല 'ചുറ്റും ചൂണ്ടി
കാണിച്ച് വാരിയര്‍ പറഞ്ഞു.

വേണുവിന്ന് വിഷമം തോന്നി. ഈ നാട്ടില്‍ ഇത്ര ആളുകള്‍ ഉണ്ടായിട്ട് ഇതൊന്ന് നേരാക്കാന്‍ ആരും ശ്രമിക്കാത്തതില്‍ 
അത്ഭുതവും തോന്നി. അത് അയാള്‍ വാരിയരോട് പറയുകയും ചെയ്തു.

' ശ്രമിക്കാഞ്ഞിട്ടൊന്നും അല്ലാട്ടോ ' വാരിയര്‍ പറഞ്ഞു ' രാഘവനെ ഞാന്‍ ചെന്ന് കണ്ടു വിവരം പറഞ്ഞു. നന്നായി. എല്ലാ അമ്പലങ്ങളും പള്ളികളും വീണ് തുലഞ്ഞ് പോണം  , എന്നാലേ ലോകത്ത്മനുഷ്യര് തമ്മില്‍  തല്ലാതെ ജീവിക്കൂ എന്നാണ് ആ മഹാന്‍ പറഞ്ഞത് '.

വേണു അന്തം വിട്ട പോലെ നിന്നു.

' പിന്നെ ഉള്ളത് കിട്ടുണ്ണ്യാരാണ്. അയാളേം ചെന്നു കണ്ടു. മൂപ്പര് പുതിയ ഒരു അമ്പലം പണി ചെയ്യിക്കുന്ന തിരക്കിലാ.
നാട്ടില് പണീം തൊരൂം ഇല്ലാത്ത സകല ആപ്പകൂപ്പകളും കൂടെ കൂടീട്ടുണ്ട്. ഭക്തി ഉള്ളത് കൊണ്ടൊന്നുമല്ല ഇതിന്ന് ഇറങ്ങീത് എന്നാ നാട്ടില് ജന സംസാരം '.

വാരിയര്‍ ചുറ്റും കണോടിച്ചു ' ചുമരിനെ കൂടി പേടിക്കേണ്ട കാലാണേയ്. ഒന്നിന് രണ്ട് കൂട്ടി പറഞ്ഞ് കൂട്ടം ഉണ്ടാക്കാന്‍ 
മിടുക്കന്മാരാ എല്ലാരും. എന്നാലും പറയാതെ പറ്റില്ലല്ലോ. മൂപ്പരുടെ ഒരു ഏട്ടന്‍ എവിടേയോ ഉണ്ടത്രേ . അയാള് ധാരാളം
സമ്പാദിച്ച് അയച്ചിട്ടുണ്ട്. അതോണ്ട് മലടെ ചോട്ടില് ഇഷ്ടം പോലെ ഭൂമി വാങ്ങി കൂട്ടീട്ടുണ്ട്. അമ്പലം പണി തീര്‍ത്ത് റോഡും
നന്നാക്കി ബസ്സും വരുത്തിയാല്‍ സ്ഥലത്തിന്ന് ഒന്നിന്ന് പത്ത് വെച്ച് കിട്ടും. അതാ മൂപ്പരുടെ ലാക്ക് '.

അതോടെ വേണുവിന്ന് മതിയായി. പിന്നെ കാണാമെന്ന് പറഞ്ഞ് അയാള്‍ ഇറങ്ങി നടന്നു.

*************************************************************************************

' ' ആ ചെക്കന്‍ എന്തെങ്കിലും  കഴിച്ചിട്ടുണ്ടോ ആവോ , കിട്ടുണ്ണിയുടെ അവിടുന്ന് വല്ലതും കൊടുത്തിട്ടുണ്ടോ എന്നും
അറിയില്ല ' രാത്രി ഉണ്ണാനിരുന്നപ്പോള്‍ പത്മിനി പറഞ്ഞു.

' ഇത്ര കാലം അയാള് കഴിഞ്ഞില്ലേ, നമ്മളാരെങ്കിലും അന്വേഷിച്ചോ, അതുപോലെ കഴിഞ്ഞോളും ' എന്ന് വക്കീലും പറഞ്ഞു.

' കുറെയായിട്ട് കണ്ടിട്ടില്ലല്ലോ അവനെ. ഇപ്പൊ മുമ്പില് വന്ന് കണ്ടതല്ലേ. ചോറില്ലാതെ കഷ്ടപ്പെടുന്നൂന്ന് വിചാരിക്കുമ്പൊ '

' ഇപ്പൊന്താ ഇങ്ങിനെ തോന്നാന്‍ '.

' നോക്കി സംരക്ഷിക്കാന്‍ ഭാര്യയും മക്കളും ഒന്നും ഇല്ലല്ലോ അവന്. അതാ ഇത്ര ഖേദം '.

' അയാളന്നെ വേണ്ടാന്ന് വെച്ചിട്ടല്ലേ '.

' അതൊക്കെ നമുക്ക് പറയാം. മാലതി മരിച്ച ശേഷം ആരെങ്കിലും അവനെ നിര്‍ബന്ധിച്ചോ. ഇല്യാ. കല്യ്യാണം കഴിഞ്ഞാല്‍
അവന്‍റെ വരുമ്പടി നിലക്കും എന്ന് കണ്ടിട്ട് ആരും ആ കാര്യം പറഞ്ഞില്ല '.

മൌനം ഊണുമേശയിലെ മറ്റൊരു വിഭവമായി മാറി.

' പന്ത്രണ്ടാമത്തെ വയസ്സില്‍ കൊയമ്പത്തൂരില് പണിക്ക് ചെന്നതാ. പേപ്പറ് വില്‍കലാണ് പണി. മാസം തികഞ്ഞ് നാണു നായരുടെ
കൂടെ വരുമ്പോള്‍ കയ്യില്‍ ഒരു പൊതി. ഓപ്പോളക്കാണെന്നും പറഞ്ഞ് തന്നു. തുറന്നപ്പൊ ഒരു പാവാടത്തുണി. അങ്ങിനെ സ്നേഹിച്ചതാ അവന്‍ '.

പത്മിനിയുടെ കണ്ണില്‍ നിന്ന് വെള്ളം ഉതിര്‍ന്നു.

' അയ്യേ, താനെന്താ കുട്ടികളെ പോലെ ' എന്നും പറഞ്ഞ് വക്കീല്‍ അവരുടെ മുതുകില്‍ കൈ വെച്ചു.

5 comments:

 1. അഭിപ്രായം അറിയിക്കണേ,

  Palakkattettan.

  ReplyDelete
 2. എല്ലാ അധ്യായങ്ങളും ഒറ്റ അടിക്കു വായിച്ചു. കഥ മുറുകി വരുന്നു.. ബാക്കി കൂടി പോരട്ടെ..ആശംസകള്‍..

  ReplyDelete
 3. ശ്രി. മൂലന്‍,
  വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയത്തിന്ന് നന്ദി.

  Palakkattettan.

  ReplyDelete
 4. വായനതുടരുന്നു

  ReplyDelete