Monday, January 11, 2010

അദ്ധ്യായം 37

മിഥുന മാസം അവസാനിക്കാന്‍ മൂന്നേ മൂന്ന് ദിവസമേ ബാക്കിയുള്ളു. അന്ന് വരെ വേണു എത്തിയിട്ടില്ല. കര്‍ക്കിടകമാസം
തുടങ്ങിയാല്‍ താമസം മാറാന്‍ പാടില്ല. ഈശ്വര കാര്യങ്ങള്‍ക്കൊക്കെ കര്‍ക്കിടകം വിശേഷമാണ്. കര്‍ക്കിടക സംക്രാന്തിക്ക്
ചേട്ടയെ കളയും. പിറ്റേന്ന് മുതല്‍ കാലത്ത് ശിവോതിയെ വെക്കും. ഒരു മാസം കൊണ്ട് രാമായണം വായിച്ച് കാലം കൂട്ടും. എന്നിരുന്നാലും, ഗൃഹപ്രവേശം, വിവാഹം തുടങ്ങിയ കര്‍മ്മങ്ങളൊന്നും കര്‍ക്കിടക മാസത്തില്‍ നടത്താറില്ല.

' തിടുക്കപ്പെട്ട് താമസം മാറ്റണം എന്നും പറഞ്ഞ് മദിരാശിയിലേക്ക് പോയവന്‍ ആ കാര്യം മറന്നൂന്ന് തോന്നുന്നു. ഇനി വന്നിട്ട് എപ്പഴാ കളപ്പുരയിലേക്ക് മാറുണത്. സമയത്തിന്ന് വന്നില്ലെങ്കില്‍ ചിങ്ങമാസത്തില്‍ മാറിക്കോട്ടേ, അപ്പഴാണെങ്കില്‍ മഴക്കാലൂം
തീര്വോലോ ' എന്ന് പത്മിനി തീരുമാനിച്ചു.

ഉച്ചയോടെ വേണു എത്തി. തല മുണ്ഡനം ചെയ്തിരിക്കുന്നു. വന്നപാടെ ' ഇതെന്താ ഇങ്ങിനെ ഒരു വേഷം. എന്തേ ഇത്ര ദിവസം
വൈകീത് ' എന്നൊകെ ഓപ്പോള്‍ അന്വേഷിച്ചു. കൂടെ പണിയെടുത്ത ചിലരോടൊപ്പം താന്‍ തിരുപ്പതിയില്‍ പോയിരുന്നുവെന്നും 
അതാണ് വരാന്‍ വൈകാനും തല മൊട്ടയടിക്കാനും കാരണമെന്നും വേണു അറിയിച്ചു. ' നിന്‍റെ ഓരോ ഇതേ ' എന്ന് പത്മിനി പറയുകയും ചെയ്തു.

താന്‍ കളപ്പുരയിലേക്ക് എപ്പോഴാണ് താമസം മാറേണ്ടത് എന്ന് വൈകുന്നേരം വേണു അന്വേഷിച്ചു. ' ഇതാപ്പൊ നന്നായത്. എപ്പൊഴാ പോണ്ടതെന്ന് നീയല്ലേ നിശ്ചയിക്കേണ്ടത് ' പത്മിനി പറഞ്ഞു ' പക്ഷെ ഒരു കാര്യം ഉണ്ട്ട്ടോ. ഈ മാസം ഇനി രണ്ടേ രണ്ട് ദിവസ്സേ ബാക്കീള്ളു. കര്‍ക്കിടകമാസം പിറന്നാല്‍ പോവാന്‍ പറ്റില്ല. പിന്നെ ചിങ്ങ മാസത്തിലേ താമസം മാറുന്ന കാര്യം
ആലോചിക്കേണ്ടു '.

എങ്കില്‍ നാളെ തന്നെ കളപ്പുരയിലേക്ക് മാറുന്നൂ എന്ന് വേണു പറഞ്ഞു. ' എനിക്ക് ഒന്നും പറയാനാവില്യേ, എന്താച്ചാല്‍ നീ
ചെയ്തോ ' എന്ന ഒരു അര്‍ദ്ധസമ്മതം വേണുവിന് കിട്ടി. പോവും മുമ്പ് തനിക്ക് ഒരു സ്റ്റൌവ്, കുറച്ച് പഞ്ചസാര, കാപ്പി
പ്പൊടി,പാല്‍പ്പൊടി എന്നിവയൊക്കെ വാങ്ങാനുണ്ടെന്ന് വേണു അറിയിച്ചു. കാലത്ത് ഒരു കാപ്പി കുടിക്കുന്ന ശീലമുണ്ട്.

' എന്നിട്ട് നീ ഇവിടെ വന്നതില്‍ പിന്നെ കപ്പി കുടിച്ചിട്ടേ ഇല്ലല്ലോ. എപ്പഴും ചായ തരും . നീ അത് വാങ്ങി കുടിക്കും ചെയ്യും '.

ഒരു സ്ഥലത്ത് ചെന്നാല്‍ അവിടുത്തെ സൌകര്യത്തിന്ന് ഒത്ത് ജീവിക്കണമെന്നും , സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അവീടെ സ്ഥാനം 
കൊടുക്കാന്‍ പാടില്ലെന്നും തോന്നലുള്ളതുകൊണ്ടാണ് ഒന്നും പറയാതിരുന്നത്. ഒലവക്കോട് വന്ന് വണ്ടി ഇറങ്ങി ഒരു കപ്പ് കാപ്പി
കുടിച്ച ശേഷം പിന്നെ തിരിച്ച് പോവുമ്പോഴാണ് കാപ്പി കുടിച്ചതെന്ന് വേണു പറഞ്ഞു.

' എന്നാലും സ്വന്തം പെങ്ങളുടെ വീട് അന്യ സ്ഥലമായി നീ കണക്കാക്കിയല്ലോ ' എന്ന് പത്മിനി പരിഭവം പറഞ്ഞു.

പിറ്റേന്ന് തന്നെ വേണു കളപ്പുരയിലേക്ക് പുറപ്പെട്ടു. ' ഒരു ചെറിയ നിലവിളക്കും കൂടി കൊണ്ടു പൊയ്ക്കോ. സന്ധ്യക്ക് കത്തിച്ച് വെക്കാലോ ' എന്ന് പത്മിനി പറഞ്ഞു. ഉള്ളില്‍ സദാ ഒരു ദീപം എരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മറ്റൊന്ന് വേണോ എന്ന് ചിന്തിച്ചുവെങ്കിലും വേണു അത് പറഞ്ഞില്ല.

*************************************************************************************
വേണു മദിരാശിയിലേക്ക് പോയ ശേഷം രാമന്‍ നായരെ കാണുമ്പോഴൊക്കെ ' എന്നാ മുതലാളി ഇങ്ങിട്ട് വര്വാ ' എന്ന് ചാമി ചോദിക്കാന്‍ തുടങ്ങി. കൃഷി സ്ഥലം കാണാന്‍ ഇങ്ങോട്ട് വരുന്ന കാര്യം പറഞ്ഞപ്പോള്‍ തര്‍ക്കുത്തരം പറഞ്ഞവനാണ്. ഇനി മനസ്സില്‍ എന്ത് കണ്ടിട്ടാണാവോ ഈ അന്വേഷണം.

'അയാള് സൌകര്യൂള്ളപ്പോള്‍ വരട്ടെടാ, നമുക്കെന്താ ' എന്ന് നായര്‍ ചോദിച്ചത് ചാമി കേട്ടില്ലെന്ന് നടിച്ചു. ഇനി അതിനെ കുറിച്ച് ഒന്നും രണ്ടും പറഞ്ഞ് വാക്ക് തര്‍ക്കം ഉണ്ടാക്കണ്ടാ. തന്‍റെ സ്വഭാവ ഗുണം മുതലാളി അറിയരുത്.

പണി മാറി കുറച്ച് നേരത്തെ പോകാമെന്ന് കരുതി. മക്കളും കുട്ട്യേളും ഒന്നും ഇല്ലാത്ത പാറുവമ്മ പനി പിടിച്ച് കിടപ്പാണ്. ഒരു മനുഷ്യന്‍ തിരിഞ്ഞു നോക്കാനില്ല. എന്തെങ്കിലും മരുന്നും കുറച്ച് കഞ്ഞിടെ വെള്ളൂം അതിന് കൊണ്ടു കൊടുക്കണം. ലക്ഷ്മിക്കുട്ടി മോന്ത്യാവുമ്പോഴേക്ക് കഞ്ഞി വെച്ചിട്ടുണ്ടാവും.

കൈക്കോട്ട് കളപ്പുരയില്‍ വെച്ച് തിരിയുമ്പോള്‍ രാമന്‍ നായര്‍ നില്‍ക്കുന്നു. ഉച്ചക്ക് മടങ്ങി പോയ ആളാണ്. ' ഇപ്പൊന്താ ഇയാള് ഇവിടെ ' എന്ന് ആലോചിച്ചു.

' മൊതലാളി താമസം ആക്കാന്‍ വന്നിട്ടുണ്ട്. കൊറെ സാധനങ്ങളൊക്കെ കൊണ്ടു വന്നിട്ടുണ്ട്. വേഗം പുഴക്കരേല് കാറ് നില്‍ക്കുന്ന സ്ഥലത്ത് ചെന്ന് അതൊക്കെ ഇങ്ങിട്ട് എടുത്തും കൊണ്ടു വാ.

ചാമിയുടെ സിരകളിലൂടെ പുതിയ ഒരു ഊര്‍ജ്ജം ഒഴുകി. അവന്‍ പുഴക്കരയിലേക്ക് ഓടി.

കാറിന്നടുത്ത് നില്‍ക്കുന്ന വേണുവിനെ ചാമിക്ക് പെട്ടെന്ന് മനസ്സിലായില്ല. ഇതേതാ ഒരു മൊട്ടത്തലയന്‍ എന്ന് വിചാരിച്ചു. സൂക്ഷിച്ച് നോക്കിയപ്പോഴാണ് ആളെ മനസ്സിലായത്.

' തിരുപ്പതീല്‍ പോയിട്ടുണ്ടായിരുന്നു. അവിടെ മുടി ഇറക്കിയതാണ് ' എന്ന് വേണു പറഞ്ഞു.

' അത് നന്നായി ' ചാമി ഉറക്കെ ചിരിച്ചു ' ഇപ്പൊ മൊതലാളീം പണിക്കാരനും ഒരുപോലായി '.

മിനുട്ട് വെച്ച് സാധനങ്ങള്‍ ചാമി കളപ്പുരയിലെത്തിച്ചു. ചൂലെടുത്ത് അടിച്ചു വാരി. എല്ലാം ഒരു വിധം ഓരോ സ്ഥാനത്ത് അടുക്കി വെച്ചു.

' ഞാന്‍ നാളെ മുതല്‍ മേലന്വേഷണത്തിന്ന് വരണോ ' എന്ന് രാമന്‍ നായര്‍ ചോദിച്ചു.

' അതെന്താ അങ്ങിനെ ചോദിച്ചത് '

' ഇത്ര കാലം ഉടമസ്ഥനില്ലാതെ കിടന്നതാണ്. ഇപ്പൊ ആളായില്ലേ '.

' ഞാന്‍ വന്നതുകൊണ്ട് വരാതിരിക്കേണ്ടാ. ഇത് വരെ കഴിഞ്ഞ പോലെ ഒക്കെ ചെയ്തോളൂ. അല്‍പ്പം വിശ്രമമൊക്കെയായി
ഇവിടെ കൂടാനാണ് ഞാന്‍ വന്നത് '.

രാമന്‍ നായര്‍ ഒന്ന് തൊഴുത് ഇറങ്ങിപ്പോയി. ' മൂപ്പര് പണി പോവ്വോ എന്ന ബേജാറിലാണ് ' എന്ന് ചാമി പറഞ്ഞു.

' എന്തിനാ ബേജാറാവുന്നത്. ഞാന്‍  കൃഷിയൊക്കെ ചെയ്ത് കുറെ പണം ഉണ്ടാക്കണം എന്ന് വിചാരിച്ച് വന്നതല്ല. വെറുതെ 
ഒരു വിരുന്നുകാരനെപ്പോലെ ഇങ്ങോട്ട് വന്നതാണ്. സത്യത്തില്‍ ഇങ്ങിനെ കുറച്ച് സ്ഥലം എന്‍റെ പേരില്‍ ഉണ്ട് എന്ന് ഇവിടെ വന്ന ശേഷമാണ് അറിയുന്നത് തന്നെ '.

' അപ്പൊ പണി എടുപ്പിക്കാനൊന്നും വരില്ല '.

' ഇല്ല. ചിലപ്പൊള്‍ ചാമിക്ക് തുണ വരും. അത്ര തന്നെ '.

ചാമിക്ക് തന്‍റെ കാതുകളെ വിശ്വസിക്കാനായില്ല. ഇതെന്താ ഇങ്ങിനെ ഒരു മനുഷ്യന്‍. ഇങ്ങിനേയും ആളുകളുണ്ടോ. അവന്‍റെ മനസ്സില്‍ സ്നേഹമോ ബഹുമാനമോ എന്തൊക്കേയോ വന്ന് നിറഞ്ഞു.

മക്കളൊന്നും ഇല്ലാത്ത തള്ളയ്ക്ക് മരുന്നും കഞ്ഞീം കൊടുത്തിട്ട് ഓടി വരാമെന്ന് പറഞ്ഞ് ചാമി പോയി.

കിടക്കാനുള്ള പായയും പുതപ്പുമായിട്ടാണ് തിരികെ വന്നത്. ' മേലാല്‍ കിടപ്പ് ഇവിടെയാണ്. മുതലാളിയെ ഒറ്റക്ക് ഇവിടെ വിട്ട് ഞാന്‍ എങ്ങോട്ടും പോവില്ല ' എന്ന് വേണുവിനോട് അവന്‍ പറഞ്ഞു.

കയത്തം കുണ്ടിന്നടുത്തുള്ള ചേരുമരത്തിലിരുന്ന് ഒരു കൂമന്‍ അത് കേട്ട മട്ടില്‍ ഒന്നു മൂളി.

1 comment:

  1. കയത്തം കുണ്ടിന്നടുത്തുള്ള ചേരുമരത്തിലിരുന്ന് ഒരു കൂമന്‍ അത് കേട്ട മട്ടില്‍ ഒന്നു മൂളി.

    ReplyDelete